অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പാതാള തവളകൾ

പാതാള തവളകൾ

1200 ലക്ഷം വര്‍ഷം മുമ്പ് ഉണ്ടായത് എന്ന് കരുതപ്പെടുന്ന,  കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പാതാളത്തവളകൾ വര്‍ഷത്തിൽ ഒരിക്കല്‍ മാത്രമേ മണ്ണിൻെറ അടിയില്‍ നിന്നും പുറത്തുവരൂ, അതും പ്രജനനത്തിനായി മണ്‍സൂണിന് മുമ്പുള്ള മഴക്കാലത്ത്. വേനലില്‍ വറ്റി, പുതുമഴയില്‍ പുനര്‍ജനിക്കുന്ന നീരൊഴുക്കിനു വേണ്ടി വർഷത്തിലെ 364 ദിവസവും മണ്ണിൻെറ അടിയില്‍ 1.5 മീറ്റര്‍ വരെ ആഴത്തിൽ കാത്തിരിക്കുന്ന പാതാളത്തവളകൾ മേയ് പകുതിക്കു ശേഷമേ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ. ഇണയെ ആകര്‍ഷിക്കാനുള്ള പ്രത്യേക കരച്ചിലാണ് ഈ സമയത്ത് ആദ്യം തുടങ്ങുക. കരച്ചില്‍ കേട്ട് എത്തുന്ന പെൺതവള ആണിനേയും ചുമന്ന് കൊണ്ട് തുരങ്കത്തിലൂടെ മണ്ണിന് മുകളിലേക്ക് വരും. ഉള്ളില്‍ 2000 മുതല്‍ 4000 വരെ മുട്ടകളുമായി രാത്രി മണ്ണിന് മുകളിലെത്തുന്ന പെൺതവളകൾ സുരക്ഷിതമായ ഒരിടം കണ്ടെത്തി പുറത്തുവിടുന്ന മുട്ടകളില്‍ ആണ്‍തവള ബീജം വീഴ്ത്തുന്നതോടെ പ്രജനനം നടക്കും. 7 ദിവസംകൊണ്ട് മുട്ടകള്‍ വിരിഞ്ഞ് രൂപപ്പെടുന്ന വാല്‍മാക്രികൾ 110 ദിവസംകൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തി അന്നു തന്നെ മണ്ണിനടിയിലേക്കു പോകും. പിന്നീട് ഒരു വർഷം കഴിഞ്ഞേ വംശം നിലനിര്‍ത്താൻ ഇണയുമായി ഇവ പുറത്തു വരൂ. ചിതൽ പ്രധാന ആഹാരമായ പാതാളത്തവളയിലെ ആണിന് 5 സെൻറീമീറ്ററും, പെണ്ണിന് 10 സെൻറീമീറ്ററും നീളമുണ്ടാകും. ലണ്ടൻ സുവോളജിക്കല്‍ സൊസൈറ്റിയുടെ, വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ 3മത്തെ സ്ഥാനക്കാരായ നാസിക്കാബട്ടറാക്കസ് സഹ്യാദ്രന്‍സ് എന്ന ശാസ്ത്ര നാമമുള്ള പാതാളത്തവള പുറത്തു വരുന്ന ദിവസം മഴ പെയ്യുന്നു എന്നത് ഗവേഷകര്‍ക്ക് ഇപ്പോഴും വിസ്മയമുളവാക്കുന്ന കാര്യമാണ്.

കേരളത്തില്‍ എല്ലായിടത്തും കാണപ്പെടുന്ന അപൂര്‍വ ഇനം തവളയാണ് പാതാളത്തവള. ശാസ്ത്രനാമം–Nasikabatrachus sahyadrensis അപൂര്‍വം എന്നു പറയുമ്പോള്‍ എണ്ണത്തില്‍ കുറവാണെന്നു ധരിക്കരുത്. മഴക്കാലത്ത് ഇവ ഉള്ള സ്ഥലത്തു ചെന്നാല്‍ ആയിരക്കണക്കിന് തവളകള്‍ ഒരുമിച്ചു കരയുന്നതു കേള്‍ക്കാം. പക്ഷേ, സ്വഭാവം കൊണ്ട് ഇവയെ കാണാന്‍ കിട്ടാറില്ല. മിക്കവാറും മണ്ണിനടയിലായിരിക്കും– അതുകൊണ്ട് അപൂര്‍വം എന്നു വിളിക്കാം. പതാൾ, കുറവൻ, കുറത്തി, കൊട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയെ കേരളത്തിൽ അഗസ്ത്യമലനിരകൾ തുടങ്ങി കണ്ണൂർ വരെ, ആലപ്പുഴ ഒഴികെ ഉള്ള എല്ലാ ജില്ലകളിലും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രദേശങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ബന്ധുക്കള്‍ ആഫ്രിക്കയില്‍
ആഫ്രിക്കയുടെയും ഇന്ത്യയുടെയും ഇടയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ്‌ രാഷ്ട്രമായ സീഷെൽസിലുള്ള സൂഗ്ലോസ്സിഡെ എന്നയിനം തവളകള്‍ ഇവയുടെ അടുത്ത ബന്ധുക്കളാണ്. കടലിലൂടെയോ ആകാശത്തിലൂടെയോ സഞ്ചരിക്കാന്‍ കഴിയാത്ത ഈ ഉഭയജീവികളുടെ വരവ് കരയിലൂടെ തന്നെയാകണം എന്ന് അനുമാനിക്കാം. അതുകൊണ്ടുതന്നെ ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്നാ ഗോണ്ട്വാന സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളിൽ ഒന്നായി പാതാള തവളയെ കണക്കാക്കുന്നു.
വര്‍ഷത്തില്‍ ഒരു വരവ്
മണ്ണിനടിയിൽ ഇരുന്നു കൊണ്ട് മഴയുടെ അളവും അരുവിയിലെ ജലത്തിന്റെ അളവും ഒക്കെ ഇവ കൃത്യമായി മനസ്സിലാക്കും. മുട്ടയിടാന്‍ സാഹചര്യങ്ങളെല്ലാം സജ്ജമായി എന്നു മനസ്സിലായാല്‍ മണ്ണിനടിയില്‍ നിന്നു പുറത്തുവന്ന് മുട്ടകളിടും. ഒരു സമയം നാലായിരം വരെ മുട്ടകളിടാറുണ്ട്. മുട്ടയിട്ട ശേഷം തിരിച്ച് മണ്ണിനടിയിലേക്കു മടങ്ങും. പിന്നെ അടുത്ത കൊല്ലം മുട്ടയിടാന്‍ മാത്രമേ പുറത്തുവരൂ.
ഒരാഴ്ചയ്ക്കുള്ളില്‍ മുട്ടകൾ വിരിഞ്ഞു സക്കർ മീനുകളെ പോലെ ഒഴുക്കുള്ള വെള്ളത്തിൽ പറ്റിപ്പിടിച്ചു നിൽക്കാന്‍ സാധിക്കുന്ന വാൽമാക്രികൾ ആകും. ഈ സമയത്തിനുള്ളിൽ വലിയ മഴ പെയ്താൽ മുട്ടകൾ മുഴുവൻ നശിച്ചു പോകും. അതുപോലെ തന്നെ മഴ വൈകിയാലും ചൂടിൽ മുട്ടകൾ വരണ്ടുണങ്ങിപ്പോകും. 100–110 ദിവസങ്ങൾക്കുളിൽ വാൽമാക്രികൾ വിരിഞ്ഞു തവളക്കുഞ്ഞുങ്ങള്‍ ആയി അവയും മണ്ണിനടിയിലേക്കു പോകും. IUCN (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ചുവപ്പ് പട്ടികപ്രകാരം Endangered വിഭാഗത്തിൽ ഉള്ള ഇവ നേരിടുന്ന ഭീഷണികൾ പലതാണ്. ആവാസവ്യവസ്ഥയുടെ നാശം ഇവയെ സാരമായി ബാധിക്കുന്നു. പുറത്തിറങ്ങുന്ന തവളകൾ ഇപ്പോൾ വാഹനങ്ങൾ കയറി ചാകുന്നതു സാധാരണ സംഭവമായിരിക്കുന്നു. അരുവികളിലെമാലിന്യങ്ങള്‍, കൃഷിയിടങ്ങളിൽ നിന്ന് ഒഴുകി വരുന്ന രാസവളങ്ങളും കീടനാശിനികളും, കാലാവസ്ഥാ വ്യതിയാനം, ഔഷധഗുണമുണ്ടെന്ന പേരില്‍ നടക്കുന്ന വേട്ട ഇവയെല്ലാം പാതാള തവളകളുടെ നാശത്തിനു കാരണമാകുന്നുണ്ട്.
വംശനാശഭീഷണിയുള്ള പന്നിമൂക്കന്‍ തവളയെ (പര്‍പ്പിള്‍ ഫ്രോഗ്) ഇടുക്കി ജില്ലയിലെ  മുണ്ടക്കയത്തു   2017 ൽ കണ്ടെത്തിയിരുന്നു.. വേലനിലം അമ്മഞ്ചേരില്‍ ലാലിച്ചന്റെ വീട്ടുമുറ്റത്താണ് തവളയെ കണ്ടത്. .
ജൈവവൈവിധ്യകലവറയായ സഹ്യപര്‍വതനിരകളിലെ തെക്കുഭാഗത്തുമാത്രം കാണപ്പെടുന്നതാണ് പന്നിമൂക്കന്‍ തവള.  സൂഗ്ലോസ്സിഡെ കുടുംബത്തില്‍പ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസില്‍ ആയി കണക്കാക്കപ്പെടുന്നു.
പ്രായപൂര്‍ത്തിയായാല്‍ ഇവയ്ക്ക് കടുംപാടലവര്‍ണമായിരിക്കും. ഏകദേശം ഏഴുസെന്റിമീറ്റര്‍വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ് ജീവിതത്തിന്റെ മുഖ്യഭാഗവും െചലവഴിക്കുന്നത്. 12 അടിയോളം താഴ്ചയില്‍ മാളങ്ങളുണ്ടാക്കിയാണു ജീവിക്കുന്നത്. ചിതലുകളാണ് മുഖ്യാഹാരം.
നാസികാ ബത്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പാതാളിനെ മുമ്പ് ഇടുക്കി ജില്ലയിലും കോതമംഗലം, എരുമേലി, സൈലന്റ് വാലി, പട്ടിക്കാട്, തൃശ്ശൂര്‍, തമിഴ്‌നാട്ടില്‍ ശങ്കരന്‍കുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തിയിരുന്നു.
സംസ്‌കൃതവാക്കായ നാസിക, ഗ്രീക്കുപദമായ തവള എന്നര്‍ഥമുള്ള ബത്രക്കസ്, ഇവയെ കണ്ടുവരുന്ന സഹ്യാദ്രി എന്നീ പദങ്ങളില്‍നിന്നാണ് നാസികാ ബത്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്രീയനാമം ഉണ്ടായത്.
പെരിയാർ കടുവ സങ്കേതത്തിലും പാതാളതവളയെ കാണാം.
കേരളത്തിലെ തന്നെ ഏറ്റവും വലിയ സംരക്ഷിത പ്രദേശമായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ നടത്തിയ ഉഭയ-ഉരഗ ജീവികളുടെ സര്‍വേയില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട നിരവധി ജീവികളെ കണ്ടെത്തി.2017  ജൂലൈ 20 മുതല്‍ 23 വരെയായിരുന്നു ഉഭയ ജീവികളുടെയും, ഉരഗങ്ങളുടെയും ആദ്യഘട്ട സര്‍വേ നടത്തിയത്. പെരിയാര്‍ കടുവാ സങ്കേതത്തിലെ നിത്യ ഹരിത വനങ്ങളും, ഇല പൊഴിയും കാടുകളും, പുഴയോര കാടുകളും, ഉയരം കൂടിയ പുല്‍മേടുകളും, ഷോലകളും അടങ്ങുന്ന വ്യത്യസ്ത ആവാസ വ്യവസ്ഥകളില്‍ 21 ഇടങ്ങളിലായി പകലും രാത്രിയും ഒരേ സമയം നാലുപേരടങ്ങുന്ന ടീമുകള്‍ വീതമായി നടത്തിയ സര്‍വേയില്‍ 62 ഇനം ഉഭയജീവികളെയും 63 ഉരഗങ്ങളെയുമാണ് കണ്ടെത്തിയത്.
ലോക ഉഭയജീവി ഭൂപടത്തില്‍ ഇന്ത്യക്ക് മുന്തിയ പ്രാധാന്യം നേടിക്കൊടുക്കുന്ന തരത്തില്‍ ജീവിച്ചിരിക്കുന്ന ഫോസിലെന്നു വിശേഷിപ്പിക്കുന്ന പാതാള തവളയുടെ ആവാസവ്യവസ്ഥയും (Purple Frog-Nasikabatrachus sahyadrensis), ഐയുസിഎന്‍(IUCN) ചുവപ്പു പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള വംശനാശഭീഷണി നേരിടുന്ന(Critically Endangered) വിഭാഗത്തിപ്പെടുന്നതും മലമുകളിലെ അരുവികളില്‍ കാണുന്ന പച്ചചോല മരത്തവള(Star-eyed Tree Frog), വലിയ ചോലമരത്തവള (Large Ghat Tree Frog),13 മില്ലിമീറ്ററോളം വലുപ്പം വരുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ തവളകളിലൊന്നായ ആനമല രാത്തവള(Anamala Night Frog) അടുത്തിടെ കണ്ടെത്തിയ മഞ്ഞക്കണ്ണി ഈറ്റത്തവള (Yellow-eyed Bush Frog), തുടങ്ങി 16 ഇനം തവളകളെ മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളില്‍ വ്യത്യസ്തമായി പെരിയാര്‍ കടുവാ സങ്കേതത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞു.
കേരളത്തില്‍ 151 ഇനം ഉഭയജീവികള്‍ ഉള്ളതില്‍ 62 എണ്ണവും പെരിയാര്‍ കടുവാ സങ്കേതത്തില്‍ കാണുന്നുവെന്നത് സൂചിപ്പിക്കുന്നത് കടുവകള്‍ക്കും മറ്റു വലിയ ജീവികള്‍ക്കുമൊപ്പം ചെറു ജീവികള്‍ക്കും പെരിയാര്‍ കടുവാ സങ്കേതം സംരക്ഷണ പ്രദേശമാകുന്നുവെന്നതിനു തെളിവാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തവണത്തെ സര്‍വേയില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉഭയജീവികളുടെയും ഉരഗങ്ങളുടെയും ഡേറ്റാബാങ്ക് തയാറാക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും പെരിയാര്‍ കടുവാ സങ്കേതവും ചേർന്ന് നടത്തിയ സര്‍വ്വേയില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുളള​വർ പങ്കെടുത്തു. കൂട്, റ്റി.എന്‍.എച്ച് എസ്, എം.എൻ.എച്ച്.എസ്, വിംങ്‌സ് ഓഫ് നേച്ചര്‍, തുടങ്ങിയ സന്നദ്ധ സംഘടനകളില്‍ നിന്നും കേരള വനഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ വെല്‍ഡ് ലൈഫ് സ്റ്റഡീസ് പൂക്കോട് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും വനംവകുപ്പ് ഉദ്യോഗസ്ഥരും നാച്ചുറലിസ്റ്റുകളുമടക്കം നൂറ്റിയിരുപതോളം പേരാണ് സര്‍വേയിൽ പങ്കാളികളായത്.
പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി.കുമാര്‍ ഐഎഫ്എസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാാരായ ജ്യോതിഷ്, എന്‍.പി.സജീവന്‍, എം.ജി.വിനോദ്കുമാര്‍, സുരേഷ്, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് പ്രമോദ്, ഇക്കോളജിസ്റ്റുകളായ രമേഷ് ബാബു, പാട്രിക് ഡേവിഡ്, കേരള വനഗവേഷണ കേന്ദ്രത്തിലെ (കെ എഫ് ആർ ഐ) ഗവേഷകരായ സന്ദീപ് ദാസ്, രാജ്‌കുമാര്‍ എന്നിവരാണ് സര്‍വേയ്ക്കു നേതൃത്വം നല്‍കിയത്.
2009 ൽ സഹ്യാദ്രിയിൽ നിന്ന്    ഇന്ത്യക്കാരനായ എസ്. ഡി. ബിജു, ബെല്‍ജിയം കാരനായ ഫ്രാങ്കി ബോസ്സുയ്റ്റ്‌ എന്നീ ശാസ്ത്രജ്ഞര്‍ ആണ് നമ്മുടെ സഹ്യാദ്രി യില്‍ നിന്ന് വിചിത്രരൂപിയായ പാതാളതവളയെ ആദ്യമായി       കണ്ടെത്തിയത്. പര്‍പിള്‍ നിറവും ഏക ദേശം 7 സെന്റീമീറ്റര്‍ നീളവും ഉള്ള തടിച്ച ഇവന്‍ ചില്ലറക്കാരനല്ല എന്നാണ് ജനിതക പരിശോധനയില്‍ തെളിഞ്ഞത്. കാരണം ഇവന്റെ പൂര്‍വികര്‍ 175 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസര്‍കള്‍ക്കൊപ്പം ചാടി ചാടി നടന്നവര്‍ ആണത്രേ. ഇതിന്റെ അടുത്ത ബന്ധുക്കള്‍ ഇന്ത്യയില്‍ നിന്ന് വളരെ അകലെ മടഗാസ്‌കറിന് അടുത്ത് സീഷെല്‍സ് ദ്വീപില്‍ ആണ് ഉള്ളത് എന്നത് കൌതുകകരമായ വസ്തുതയാണ് .. 70 വര്‍ഷങ്ങള്‍ക്കു ശേഷമാണു ജന്തുലോകം തവള വർഗ്ഗത്തിൽപ്പെട്ട ഒരു ഇനത്തെ പുതിയതായി കണ്ടെത്തുന്നത്. ഈ നൂറ്റാണ്ടിന്റെ കണ്ടുപിടുത്തം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
കേരളത്തിലെ ജൈവവൈവിധ്യ മേഖലയിൽ പഠനവും ഗവേഷണവും നടത്തുന്നവർക്ക് എന്നും ഒരു കൗതുകമാണ് പാതാള തവളയുടെ സാന്നിദ്ധ്യം.
കടപ്പാട്:സി.വി.ഷിബു. മലയാളനാട്

അവസാനം പരിഷ്കരിച്ചത് : 8/29/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate