অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പരിസ്ഥിതി അറിവുകൾ

സുസ്ഥിര ജലസുരക്ഷ

ഇന്ന്‌ കുടിവെള്ളത്തെ വിലയുള്ള ഒരു കമ്പോളച്ചരക്ക്‌ ആക്കി ലോക വ്യവസായ ഭീമന്മാർ മാറ്റിയിക്കുന്നു. വിലയുള്ളതെല്ലാം വിൽപ്പനയ്ക്ക്‌ ഉള്ളതാണെന്നുള്ള വ്യവസായ പ്രമാണം കുടിവെള്ളത്തിനും ബാധകമാക്കിയിരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യവും അവകാശവുമായ കുടിവെള്ളം തങ്ങളുടെ രാജ്യത്തിലെ ജനങ്ങളിലേയ്ക്ക്‌ എത്തിക്കേണ്ടത്‌ അതാത്‌ ഗവൺമെന്റിന്റെ പ്രാഥമിക കർത്തവ്യമാണ്‌ എന്ന തത്വം മാറ്റി മറിക്കപ്പെട്ടിരിക്കുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും ദുർലഭമായ അവശ്യവസ്തുവായി ജലം മാറിയതോടെ കുടിവെള്ളത്തിന്റെ കച്ചവടമൂല്യം പലമടങ്ങായി വർധിച്ചതായി ആഗോള മുതലാളിത്തം മനസിലാക്കിയിരുന്നു. കുടിവെള്ള മേഖലയിലെ ഭീമന്മാരായ യുണൈറ്റഡ്‌ ലിമിറ്റഡ്‌, എന്റോൺ, വിവെൻഡി ബോയ്ഹ്യൂസ്‌, തെയിംസ്‌ വാട്ടർ എന്നീ കമ്പനികളാണ്‌ ലോക കുടിവെള്ള കച്ചവടം നിയന്ത്രിക്കുന്നത്‌. ഇവരുടെ ഏകദേശ ലാഭം മാത്രം 800 ബില്യൺ ഡോളറാണെന്നാണ്‌ കണക്ക്‌.
ഇന്ത്യയിൽ വർധിച്ചു വരുന്ന ജനസംഖ്യയും ദാരിദ്ര്യവും തത്വദീക്ഷിയില്ലാത്ത നഗരവൽക്കരണവും, അശാസ്ത്രീയമായ ജലവിതരണ മാനേജുമെന്റുമെല്ലാം, വരുന്ന 10-20 കൊല്ലത്തിനുള്ളിൽ ഈ രാജ്യങ്ങളിൽ രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ്‌ കണക്ക്‌.
ഇന്ത്യയിൽ ഇന്ന്‌ 1730 ഘനമീറ്റർ ജലം വീതം ആളോഹരി ലഭ്യമാണെന്നാണ്‌ കണക്ക്‌. 2030-ൽ ഇത്‌ 1000 ഘനമീറ്ററായി കുറയും എന്നാണ്‌ ലോകബാങ്കിന്റെ പഠനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്‌.
ഇന്ത്യയിൽ മൊത്തം ജലശേഖരം 1900 ബില്യൺ ക്യൂബിക്ക്‌ മീറ്ററാണ്‌. ഇതിന്റെ 525 ബില്യൺ ക്യൂബിക്‌ മീറ്റർ ജലവും ഹിമാലയത്തെ ആശ്രയിക്കുന്ന ഗംഗയിലും, 5858 ബില്യൺ ക്യൂബിക്ക്‌ മീറ്റർ ജലം ബ്രഹ്മപുത്രയിലുമാണ്‌. അതായത്‌ 58.50% ജലം ഈ നദിയിൽ നിന്നുമാത്രമാണ്‌. ഇൻഡ്യയിലെ മറ്റു നദികളിൽ മഴയുടെ ലഭ്യതയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. മഴക്കുറവും ആഗോളതാപനവും ഈ നദികളെയും കാലക്രമേണ ഇല്ലാതാക്കും, കൂടിവരുന്ന ചൂട്‌ ഹിമാലയൻ നദികളിൽ ജലത്തിന്റെ നിലവിൽ ഒഴുക്ക്‌ കൂട്ടുമെങ്കിലും കാലക്രമേണ ഹിമാലയത്തിലെ മഞ്ഞുരുകി തീരുമ്പോൾ ഈ നദികളും മഴയെ ആശ്രയിച്ചാവും എന്നാണ്‌ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്‌. ഇതിനകം തന്നെ ഗംഗ ഉപയോഗ യോഗ്യമല്ലാത്ത തരത്തിൽ മാലിന്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. മഴവെള്ളം നദികളെയും, ഭൂഗർഭ ജലത്തെയും ആശ്രയിച്ച്‌ കൃഷി ചെയ്യുന്ന 58% വരുന്ന കർഷകർ ഭാവിയിൽ രൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിവരും.
നഗരമേഖലയിൽ പബ്ലിക്‌ പ്രൈവറ്റ്‌ പാർട്ടിസിപ്പേഷനിലൂടെയും സ്വകാര്യവൽക്കരണത്തിലൂടെയും ജലവിതരണ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നു. ഇൻഡ്യയിൽ 34186 ബില്യൺ രൂപ 2012-30, കാലഘട്ടത്തിൽ പിപിപി മോഡലിൽ സമാഹരിച്ച്‌ ജലവിതരണ ശൃംഖലകൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്‌. ഈ മേഖലയിൽ ഇത്തരം സ്വകാര്യവൽക്കരണം നടപ്പിലാക്കിയാൽ സാധാരണക്കാരനും പാവപ്പെട്ടവനും ശുദ്ധമായ ജലം അന്യമാകും എന്ന കാര്യത്തിൽ സംശയം ഉണ്ടാകേണ്ടതില്ല. കേരളത്തിൽ സിയാൽ മോഡൽ പദ്ധതിയിലൂടെ ജലവിതരണം നടത്താനുള്ള ശ്രമം നടന്നിരുന്നു. കുടിവെള്ള മേഖലയിൽ നടന്ന ശക്തമായ ചെറുത്ത്‌ നിൽപ്പ്‌ ഇത്‌ താൽക്കാലികമായെങ്കിലും തടഞ്ഞിരിക്കുകയാണ്‌.
കേരളം ജലസമൃദ്ധിയാൽ സംപുഷ്ടമായ സംസ്ഥാനമാണെന്നുള്ള ധാരണ നിലവിലുണ്ട്‌. എന്നാൽ യാഥാർഥ്യം ഇതിൽ നിന്ന്‌ വിഭിന്നമാണ്‌.
കേരളത്തിൽ 40 ലക്ഷത്തോളം കിണറുകളും, കുളങ്ങളും, തോടുകളും, 44 നദികളും ഉണ്ടെന്നാണ്‌ കണക്ക്‌. ഒറ്റനോട്ടത്തിൽ ഈ ജലശേഖരം സംസ്ഥാനത്തെ ജനതയുടെ ആവശ്യത്തിന്‌ അധികമാണെന്ന്‌ തോന്നാം. എന്നാൽ യാഥാർഥ്യം വളരെ ദൂരെയാണ്‌ മേൽ സൂചിപ്പിച്ച സ്രോതസുകൾ പുറമെയാണ്‌ ഇറിഗേഷൻ, ജലഅതോറിറ്റി, ജലനിധി, ഭൂഗർഭ ജലവകുപ്പ്‌, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളുടെ ശാസ്ത്രീയ ജലവിതരണം. എന്നിട്ടും ഓരോ വേനൽക്കാലത്തും ജനങ്ങൾ കുടിവെള്ളത്തിനായി ടാങ്കർ ലോറികൾക്കു ചുറ്റും കുടവുമായി നിൽക്കേണ്ട അവസ്ഥ വരുന്നു.
ഇന്ന്‌ കുടിവെള്ള വിതരണ മേഖലയിൽ പ്രധാനമായും രംഗത്തുള്ള ജലഅതോറിറ്റിയും, ഗ്രാമീണ മേഖലയിൽ വേരുറപ്പിച്ച ജലനിധിയും, തദ്ദേശ സ്വയംഭരണത്തിന്‌ കീഴിലുള്ള ജലവിതരണ പദ്ധതികളുടെ സംവിധാനവും ഒരു കുടക്കീഴിൽകൊണ്ടുവരിക എന്നതാവും ഇന്ന്‌ അഭികാമ്യം. അല്ലാത്തപക്ഷം മൂന്ന്‌ സംവിധാനങ്ങളും ഒരേ ലക്ഷ്യത്തിനായി മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ്‌ ഒരേ ഭൂവിഭാഗത്തിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടം നമുക്ക്‌ താങ്ങാനാകില്ല.
സാധാരണയായി ഒരു ജലവിതരണ പദ്ധതി വിഭാവനം ചെയ്യുമ്പോൾ ഒരാൾ 150-200 ലിറ്റർ ജലം ഒരുദിവസം ഉപയോഗിക്കും എന്ന കണക്കിലെടുക്കാറുണ്ട്‌. ഇത്‌ വിവിധ ആവശ്യങ്ങളും കൂടി മുൻ നിറുത്തിയാണ്‌. എന്നാൽ ഒരാൾക്ക്‌ 40 ലിറ്റർ ജലമുണ്ടെങ്കിൽ ആവശ്യത്തിന്‌ ജലമുപയോഗിച്ച്‌ ജീവിക്കാനാകും. ഈ കണക്കിന്‌ സുസ്ഥിരമായ ജലസുരക്ഷയുമായി ബന്ധമുണ്ട്‌. കേരളത്തിലെ ഓരോ വ്യക്തിക്കും 40 ലിറ്റർ ജലം പൈപ്പിലൂടെയോ, കിണറിലൂടെയോ കുളങ്ങളിലൂടെയോ, ഉപയോഗയോഗ്യമായ ജലം, ശുദ്ധതയോടെ, വളരെ ചിലവു കുറഞ്ഞോ സൗജന്യമായോ ലഭിക്കുമെങ്കിൽ ഇത്‌ സുസ്ഥിരമായ ജലസുരക്ഷയാണ്‌ എന്ന്‌ വ്യാഖ്യാനിക്കാം. കേരളത്തിലെ മൂന്നര കോടി ജനതയ്ക്കും പൈപ്പിലൂടെ ജലമെത്തിക്കാനാകും എന്നത്‌ ഇന്ന്‌ പ്രസക്തമല്ല. കാരണം വൻ സാമ്പത്തിക ചെലവും പ്രയത്നവും ഇതിനായി വേണ്ടിവരും. 2000-ൽ എല്ലാവർക്കും കുടിവെള്ളം എന്ന മുദ്രാവാക്യം ജലവിതരണ മേഖലയിലെ സ്ഥാപനങ്ങൾ ഉയർത്തിയെങ്കിലും 2016 ആയിട്ടും 19 ലക്ഷം വാട്ടർ കണക്ഷനുകൾ നൽകാനേ വാട്ടർ അതോറിറ്റിക്കുപോലും കഴിഞ്ഞുള്ളൂ. ജലവിതരണക്കുഴലിലൂടെയുള്ള ജലവിതരണം വ്യാപിക്കുന്നതോടൊപ്പം തന്നെ കുറഞ്ഞത്‌ 40 ലിറ്റർ ജലം ഓരോ പൗരനും നൽകുന്ന പ്രവർത്തി സമാന്തരമായി നിർവ്വഹിക്കപ്പെടണം. ഈ സാഹചര്യത്തിലാണ്‌ നെൽവയൽ സംരക്ഷണം, നീർത്തട സംരക്ഷണ നിയമങ്ങളുടെ പ്രസക്തി. ഇപ്പോൾതന്നെ ശോഷിച്ചുകൊണ്ടിരിക്കുന്ന ഭൂജലനിരപ്പ്‌ ഈ നിയമങ്ങളിലൂടെ പരിരക്ഷിച്ചില്ലെങ്കിൽ കുളങ്ങളും, ജലാശയങ്ങളും, പ്രധാനകുടിവെള്ള സ്രോതസായ കിണറുകളിലും ജലം ലഭ്യമല്ലാതെവരും. സുസ്ഥിരമായ ജലസുരക്ഷ സാധ്യമാകണമെങ്കിൽ ഈ നിയമങ്ങൾ ശക്തമായിതന്നെ പ്രാബല്യത്തിൽ വരേണ്ടിയിരിക്കുന്നു. ഇതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ്‌ ജൈവാധിഷ്ഠിത കൃഷിരീതിയും. ഇന്നത്തെ നിലയിൽ കീടനാശിനികളുടെ അധികപ്രയോഗം ഭൂഗർഭജലത്തെ ദോഷകരമായി ബാധിക്കുന്നതാണ്‌.
ജലവിതരണവുമായി നേരിട്ടുതന്നെ ബന്ധപ്പെടുന്നതാണ്‌ സ്വീവറേജ്‌ സംവിധാനം. ഒരാൾക്ക്‌ ലഭിക്കുന്ന ജലത്തിന്റെ 80 ശതമാനത്തിനുമേൽ ഉപയോഗശേഷം സ്വീവറേജ്‌ ആയും, മറ്റു മലിനജലവുമായി മാറുന്നു. ഈ ജലം വീണ്ടും ഭൂമിയിൽ കിണറുകളിലും കുളങ്ങളുമുൾപ്പെട്ട ഭൂഗർഭസ്രോതസ്സുകളിലും, ഭൂതലസ്രോതസുകളിലും കലരുന്നു. ഇതുമൂലം ഇതിനകംതന്നെ കുറഞ്ഞുവരുന്ന ശുദ്ധജലം ഉപയോഗയോഗ്യമല്ലാതാവുന്നു. ഇന്ന്‌ തിരുവനന്തപുരത്ത്‌ കോർപ്പറേഷൻ പരിധിയിൽ അൻപതുശതമാനം പ്രദേശത്ത്‌ മാത്രമേ സ്വീവറേജ്‌ സംവിധാനമുള്ളൂ. ഗുരുവായൂരും കോഴിക്കോടും നിർമ്മാണഘട്ടത്തിലാണ്‌. കൊച്ചിയിൽ അഞ്ചുശതമാനം പ്രദേശത്ത്‌ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ. ഈ അവസ്ഥ തുടർന്നാൽ വിദൂരമല്ലാത്ത ഭാവിയിൽ കേരളത്തിലുള്ള മുഴുവൻ ജലാശയസ്രോതസുകളും മാലിന്യവൽക്കരിക്കപ്പെടും. കേരളത്തിലുടനീളം സ്വീവറേജ്‌ സംവിധാനം സ്ഥാപിക്കുകയാണ്‌ ഇതിനുള്ള പോം വഴി. ഖരമാലിന്യത്തേക്കാൾ ഭീകരമായ “ലിക്വുഡ്‌ വെയിസ്റ്റ്‌” ആരും ശ്രദ്ധിക്കാതെ പോകുന്നത്‌ അപകടമാണ്‌.
ഈ വർഷത്തെ ഐക്യരാഷ്ട്രസംഘടനയുടെ ജലദിന സന്ദേശം പ്രസക്തമാണ്‌, ജലവിതരണവും തൊഴിലും. ഈ മേഖലയിൽ 1.50 ബില്യൺ തൊഴിലാളികൾ നേരിട്ടും, അല്ലാതെയും ജോലി ചെയ്യുന്നുവെന്നും, ഇവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇത്‌ ഈ മേഖലയെ തന്നെ ദോഷകരമായി ബാധിക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌.
ഭൂമിയിൽ ആവശ്യത്തിനു ജലമില്ലാത്തല്ല, നമ്മുടെ പ്രശ്നം. ജലത്തിനെ യുക്തിപരമായി വിതരണം ചെയ്യുകയും ഉപയോഗിക്കുന്ന രീതിയും വളർത്തിക്കൊണ്ടുവരണം. ജലം ലാഭമുണ്ടാക്കാനുള്ള ഉൽപന്നമാണ്‌ എന്ന ധാരണ തിരുത്തണം. അതിനായി താഴെ പറയുന്ന പ്രധാന ലക്ഷ്യങ്ങൾ കൈവരുത്തണം.
1. ജലം ഭൂമിയുടെയും എല്ലാ ജീവജാലങ്ങളുടെയും പൊതുസ്വത്താകുന്നു. അതുകൊണ്ട്‌ ജലത്തെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം തെറ്റാണ്‌.
2. കുടിവെള്ളം മനുഷ്യന്റെ മൗലികാവകാശമാണ്‌. അതുകൊണ്ട്‌ ജലത്തിന്റെ ഉടമസ്ഥാവകാശം സാമൂഹികമായിരിക്കണം.
3. ജലസ്രോതസ്സുകളുടെ സംരക്ഷണം ഈ ഭൂമിയിലെ ഏതൊരു സർക്കാരിന്റെയും കർത്തവ്യമായി കരുതണം.
4. ജനങ്ങൾക്ക്‌ കുടിവെള്ളം ലഭ്യമാക്കാനുള്ള ലോകരാജ്യങ്ങളുടെ പ്രതിശീർഷ ബഡ്ജറ്റ്‌ വിഹിതം വർധിപ്പിക്കുക.
5. ജലനയത്തിൽ സർക്കാരിനൊപ്പം ജനങ്ങൾക്കും നിർണ്ണായക സ്വാതന്ത്ര്യം വേണം.
6. ശുദ്ധജല ലഭ്യത ജനങ്ങൾക്ക്‌ പരമാവധി ഉറപ്പുവരുത്തുന്നതിന്‌ ഭരണകൂടം മുന്തിയ പരിഗണന നൽകണം.
7. കുടിവെള്ള വിതരണത്തിന്റെ ചുമതല പൊതുമേഖല വ്യവസ്ഥിതിയിൽതന്നെ നിക്ഷിപ്തമാക്കുകയും പൊതുജനസേവനത്തിനായി അതിനെ കണക്കാക്കുകയും വേണം.
8. ഏതൊരു രാജ്യവും/നാടും അതിന്റെ ജലവിഭവത്തെക്കുറിച്ച്‌ പഠനം നടത്തുകയും ജലവിഭവത്തിന്റെ പരിമിതിയറിഞ്ഞ്‌ ജീവിക്കുകയും ചെയ്യണം.
9. ജലവിഭവ മാനേജ്മെന്റിന്‌ സമഗ്രമായ നയം രുപീകരിക്കുകയും ശക്തമായ സംവിധാനങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്യുക.
10. രാജ്യത്തെ ജലവിഭവത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ ലോകവ്യാപാരസംഘടനയുടെ വാണിജ്യനയങ്ങൾക്ക്‌ അധീനമാക്കരുത്‌.
മുകളിൽ ഉന്നയിച്ച ലക്ഷ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാതിരുന്നാൽ ഈ തലമുറയും വരുംതലമുറകളും നേരിടാൻ പോകുന്നത്‌ ജനത്തിനുവേണ്ടിയുള്ള രൂക്ഷയുദ്ധങ്ങളായിരിക്കും.

കാടുണ്ടാക്കാനും കഴിയണം


ആഗോളതാപനകാലത്ത്‌ കാടുകളുണ്ടാവേണ്ട ആവശ്യകതയെക്കുറിച്ച്‌ ജനങ്ങൾ കൂടുതൽ ബോധവാന്മാരായിക്കൊണ്ടിരിക്കുന്നു. എങ്കിലും ഇപ്പോഴും കാട്‌ സംരക്ഷണവും മരം നടലും പ്രകൃതി സ്നേഹികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും മാത്രം കാര്യമായി മാറുന്നുണ്ട്‌. ഒരുവശത്ത്‌ കാടിനുവേണ്ടിയുള്ള മുറവിളി നടക്കുമ്പോൾ മറുവശത്ത്‌ കാട്‌ വെട്ടി നശിപ്പിച്ച്‌ കുന്നുകൾ ഇടിച്ചുനിരത്തി വികസനത്തിന്റെ മറവിൽ പാറ ഖാനന-തടി മാഫിയകളും കോർപ്പറേറ്റുകളും താണ്ഡവമാടുകയാണ്‌. ആദിവാസി ഗോത്രസമൂഹം അതേസമയം കാടിന്റെ അവകാശികളും സംരക്ഷകരും എന്ന നിലയിൽ ഈ കൊടും ക്രൂരതകൾക്കെതിരെ ശക്തമായ പ്രതിരോധനിര തീർക്കുന്നുണ്ട്‌. അവരെ പിന്തുണയ്ക്കുന്ന പൊതുസമൂഹത്തിനുനേരെ ഭരണകൂട ഭീകരത നടമാടുന്ന കാഴ്ചയാണ്‌ എന്നാൽ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. ഒഡീഷയിലെ പോസ്കോ സമരത്തെയും മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ മഹാൻ സമരത്തെയും മറ്റും ഇത്തരത്തിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ നേരിട്ടതിന്റെ ഭീകരത നമുക്ക്‌ മുമ്പിലുണ്ട്‌.
ഭൂമി കയ്യേറുന്നതിനെതിരെയും കാട്‌ നശിപ്പിക്കുന്നതിനെതിരെയും തണ്ണീർത്തടങ്ങളും വയലുകളും നികത്തുന്നതിനെതിരെയും നിയമങ്ങൾ അനവധിയാണ്‌ നമ്മുടെ നാട്ടിൽ. എന്നാൽ ഏത്‌ നിയമ സംവിധാനത്തെയും ഭരണകൂടത്തെതന്നെയും വിലക്കെടുക്കാനും അട്ടിമറിക്കാനും ശേഷിയുള്ള ഭൂമാഫിയകളും കോർപ്പറേറ്റുകളും പ്രമാണികളാകുമ്പോൾ നിയമവും ഭരണവും നടപടികളുമൊക്കെ അവർ അനുശാസിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും വനങ്ങൾ വേണമെന്ന ചിന്തയ്ക്ക്‌ ഇന്ത്യയിൽ പ്രാമുഖ്യം ഏറിവരികയാണ്‌. സ്കൂൾ കുട്ടികൾ മുതൽ സന്നദ്ധസംഘടനകളും പരിസ്ഥിതി പ്രവർത്തകരുമടക്കം നിരവധിപേർ ഇക്കാര്യത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്‌. കേരളത്തിൽ ചലച്ചിത്ര നടൻ ശ്രീനിവാസൻ, മമ്മൂട്ടി തുടങ്ങി പല കലാ-സാംസ്കാരിക പ്രവർത്തകരും മാതൃകയെന്നോളം കൃഷിയേയും വൃക്ഷം നടലിനേയും പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. എന്നാൽ മൃഗവേട്ട ഹരമാക്കിയ ബോളിവുഡ്‌ താരങ്ങളെപ്പറ്റി ധാരാളം വാർത്തകൾ വരുമ്പോൾ അവിടെ നിന്നും ശുഭകരമായ ഒരു വാർത്ത ഈ വനദിനത്തിൽ പുറത്തുവരികയുണ്ടായി. ഹിന്ദി ചലച്ചിത്ര സംവിധായകനായ അഭിഷേക്‌ റെ ഗാനങ്ങളിൽ നിന്നുമുള്ള തന്റെ വരുമാനം കൊണ്ട്‌ നശിച്ചുകൊണ്ടിരിക്കുന്ന ഒരു കുന്ന്‌ വിലയ്ക്കുവാങ്ങി അതി മനോഹര വനമായി മാറ്റിയിരിക്കുന്നു. കോർബ ദേശീയ ഉദ്യാനത്തിന്‌ സമീപമാണ്‌ അഭിഷേക്‌ കുന്ന്‌ സ്വന്തമാക്കി വനമാക്കി മാറ്റിയത്‌.
മൃഗസ്നേഹിയും പ്രകൃതിസ്നേഹിയുമൊക്കെ ആയിരുന്ന അഭിഷേകിന്‌ ഇതിന്‌ പ്രോത്സാഹനമായ സംഭവം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു. ഒരു നിലാവുള്ള രാത്രിയിൽ അഭിഷേക്‌ തന്റെ സ്വന്തം എസ്റ്റേറ്റിലൂടെ സഞ്ചരിക്കുമ്പോൾ പുല്ലിൽ അലസമായി കിടക്കുന്ന കടുവയെ കണ്ടു. നിലാവിൽ ശാന്തമായാണ്‌ കടുവ കിടന്നിരുന്നത്‌. പതിയെ ക്യാമറയുമായി കടുവയെ സമീപിച്ച അഭിഷേകിനെ ആദ്യം സംശയത്തോടെ ഒന്ന്‌ നോക്കിയെങ്കിലും അത്‌ പുല്ലിൽ അലസമായി കിടന്നു. കടുവയുടെ അപൂർവമായ ഫോട്ടോകൾ ഒരു ഭയവും കൂടാതെ എടുക്കാൻ അഭിഷേകിന്‌ ഇത്‌ പ്രേരണ നൽകി. ഏതാണ്ട്‌ അരമണിക്കൂർ ഫോട്ടോയെടുത്ത്‌ ചിലവഴിച്ചപ്പോഴേക്കും കടുവ തിരിഞ്ഞു കിടന്നു. ഒരിക്കലും ഒരു മനുഷ്യന്റെ മുമ്പിൽ ഈ മൃഗങ്ങൾ ഇത്ര അലസമായി പെരുമാറാറില്ല. അഭിഷേകിൽ കടുവ കാണിച്ച വിശ്വാസം അയാളെ ഇരുത്തി ചിന്തിപ്പിച്ചു. മൃഗങ്ങൾക്ക്‌ സ്വച്ഛന്ദം വിഹരിക്കാനുള്ള അവരുടെ വാസസ്ഥലമാണ്‌ കാടെന്ന തിരിച്ചറിവ്‌ മനുഷ്യനുണ്ടാകുന്നില്ല എന്നതാണ്‌ പല പ്രശ്നങ്ങൾക്കും ആധാരം. കാട്‌ വെട്ടിവെളുപ്പിക്കുമ്പോൾ ആഹാരം തേടി മൃഗങ്ങൾ നാട്ടിലേയ്ക്കിറങ്ങും. അപ്പോൾ അവയെ ആക്രമണകാരിയാക്കി മാറ്റി മനുഷ്യൻ വെടിവെച്ചോ, തല്ലിയോ കൊല്ലും.
അഭിഷേക്‌ തന്റെ സമ്പാദ്യത്തിൽ നല്ലൊരു പങ്ക്‌ ചെലവിട്ട്‌ കാടുണ്ടാക്കാൻ തീരുമാനിച്ചത്‌ ഈ തിരിച്ചറിവിൽ നിന്നാണ്‌. ഇന്ന്‌ സീതാബനി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ അധിപനാണ്‌ അഭിഷേക്‌. കടുവ, പുലി എന്നിവയെ സംരക്ഷിക്കുന്നതിൽ അഭിഷേക്‌ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
കുട്ടിയായിരിക്കുമ്പോൾ തന്നെ കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങൾ അഭിഷേകിനെ അസ്വസ്ഥനാക്കിയിരുന്നു. മൃഗങ്ങൾ അവരുടെ ആവാസമേഖലകളിൽ സ്വച്ഛമായി വിഹരിക്കുന്നത്‌ കാണാൻ അഭിഷേക്‌ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ്‌ രൻത്തംബോറിലെ ദേശീയോദ്യാനത്തിലെ ഡോ. ജി വി റെഡ്ഡിയിൽ നിന്നും മൃഗങ്ങളെയും അവരുടെ പ്രത്യേകതകളെയും കുറിച്ചും മനസിലാക്കുന്നത്‌. വന്യമൃഗങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ ധാരാളമായി വായിച്ചു തുടങ്ങിയതും ഇക്കാലത്താണ്‌. പിന്നീട്‌ അവയെ നിരീക്ഷിക്കാൻ തുടങ്ങി. വന്യജീവി ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഈ നിരീക്ഷണം തുടർന്നുകൊണ്ടിരുന്നു.
ബോളിവുഡിൽ അഞ്ച്‌ സിനിമകളിലെ ഗാനങ്ങൾ ഹിറ്റായതോടെ വന്യജീവികൾക്കു വേണ്ടിയുള്ള തന്റെ സ്വപ്നം നടപ്പിലാക്കാനാവുമെന്ന പ്രതീക്ഷ വന്നു. ആദ്യം സ്ഥലം സ്വന്തമാക്കാനുള്ള ശ്രമം നടത്തി. അവിടെ പ്രകൃതിദത്തമായ നീരുറവകളും ചോലകളും സൃഷ്ടിച്ചു. മരങ്ങൾ ധാരാളമുള്ള ആ ഭൂമിപ്രദേശം ഒരു കുന്നായിരുന്നതുകൊണ്ടുതന്നെ വന്യജീവി കേന്ദ്രമെന്ന തന്റെ പ്രതീക്ഷയ്ക്ക്‌ ഇത്‌ ആക്കം കൂട്ടി. അത്‌ ഇന്നു കാണുന്ന കാടാക്കി മാറ്റുന്നതിന്‌ പിന്നിൽ ഏറെ നാളത്തെ ശ്രമകരമായ അധ്വാനമുണ്ടായിരുന്നു. സഹായിക്കാനും പിന്തുണ നൽകാനും കുടുംബവും സുഹൃത്തുക്കളും ഉണ്ടായി എന്നുള്ളതാണ്‌ ഏറ്റവും വലിയ നേട്ടം.
ഇപ്പോൾ 600 ൽപ്പരം പക്ഷികളും ധാരാളം മൃഗങ്ങളും ആ വന്യജീവി സങ്കേതത്തിലുണ്ട്‌. അവയെല്ലാം സ്വച്ഛമായി വിഹരിക്കുന്നു. ഒരു ഭ്രാന്തൻ സ്വപ്നത്തിന്റെ പിറകേയുള്ളയാത്ര സഫലമായ നിർവൃതിയിലാണ്‌ ഈ ഗാനസംവിധായകൻ. കാടിന്റെ താളവും സംഗീതവും തന്റെ ഗാനങ്ങളിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്നാണ്‌ അഭിഷേക്‌ വിശ്വസിക്കുന്നത്‌. അതൊരു പ്രപഞ്ച നിയമമാണെന്നുകൂടി അഭിഷേക്‌ പറയുന്നു-സംഗീതം പ്രകൃതിയിൽ നിന്നും ഒഴുകിവരുന്ന നിർഝരിയാണെന്നതുകൊണ്ടുതന്നെ.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി


2011 മുതൽ 2015 വരെയുള്ള ആഗോളതാപനവർധനവ്‌ ചർച്ച ചെയ്ത്‌ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) നവംബർ 30 മുതൽ ഡിസംബർ 10 വരെ പാരിസിൽ ലോക കാലാവസ്ഥ ഉച്ചകോടി നടത്തുകയാണ്‌. (സിഒപി-21 എന്നറിയപ്പെടുന്ന ഈ ലോക കാലാവസ്ഥാ ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം ഹരിതഗൃഹവാതകങ്ങൾ എങ്ങനെ കുറച്ചുകൊണ്ടുവരാം എന്നതുതന്നെയാണ്‌.
കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങൾ അതിരുക്ഷമായ രീതിയിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. കടുത്ത വേനലും താളം തെറ്റിയ മഴയും സാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങളായിരിക്കുന്നു. നാൾക്കുനാൾ ചൂട്‌ വർധിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങൾ പലതരത്തിലും അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. പുറത്തിറങ്ങിയാൽ അസഹനീയമായ ചൂട്‌. വിവിധ മേഖലയിലെ തൊഴിലാളികൾ ജോലിസ്ഥലത്ത്‌ ചൂട്‌ അസഹനീയമായതിനെ തുടർന്ന്‌ തണൽ തേടി ഓടിപോകുന്നു. ഭൂമി ചുട്ടുപഴുക്കുന്നു. എന്താണിതിന്റെ കാരണം. ഇതിനെകുറിച്ച്‌ ചിന്തിക്കാനും കാരണം കണ്ടെത്താനും ശാശ്വതപരിഹാരം നിർദ്ദേശിക്കാനും സമയം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ അനുഭവപ്പെടുന്ന അതിവേഗത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക്‌ പ്രധാനകാരണം മനുഷ്യപ്രവർത്തനങ്ങളാണെന്ന്‌ സമൂഹം തിരിച്ചറിയുന്നുണ്ടോ? ‘ഹോ എന്തൊരു ചൂട്‌” സഹിക്കാൻ പറ്റുന്നില്ല’, ‘ഇതുവരെ ഇങ്ങനെയൊരു ചൂട്‌ അനുഭവിച്ചിട്ടില്ല’ തുടങ്ങിയ അഭിപ്രായപ്രകടനങ്ങളിൽ മാത്രം ഒതുങ്ങുന്നു സാധാരണ ജനങ്ങളുടെ പ്രതികരണം.
പ്രശസ്ത അന്തരീക്ഷ സമുദ്ര പഠനഗവേഷണ കേന്ദ്രമായ നോവയുടെ പഠന റിപ്പോർട്ട്‌ പ്രകാരം ഏറ്റവും ചൂടേറിയ വർഷങ്ങൾ 2000ന്‌ ശേഷമാണ്‌ കാണപ്പെട്ടത്‌. ഇവരുടെ റിപ്പോർട്ട്‌ പ്രകാരം ഒരുപാട്‌ വർഷങ്ങൾക്ക്‌ ശേഷം 2015 സെപ്റ്റംബറിലാണ്‌ താപനില ഏറ്റവും ഉയർന്നത്‌.
കാലാവസ്ഥാമാറ്റത്തിന്റെ കാരണങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെ കുറിച്ചും ജനങ്ങൾ ശാസ്ത്രീയമായ അറിവുകൾ നേടിയാലേ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ഭരണകൂടങ്ങളെ നിർബന്ധിക്കാൻ സാധിക്കുകയുള്ളു.
കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ആഗോള ശരാശരി താപനില മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ റെക്കോർഡ്‌ വർധനവാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. 125 വർഷങ്ങൾക്ക്‌ ശേഷം 20-ാ‍ം നൂറ്റാണ്ട്‌ കണ്ട ഏറ്റവും ചൂടേറിയ മാസങ്ങളായിരുന്നു 2015 ഓഗസ്റ്റ്‌, സെപ്റ്റംബർ തുടങ്ങിയവ. ആഗോള താപനിലയിൽ 0.9 ഡിഗ്രി സെൽഷ്യസിന്റെ വർധനവാണ്‌ ഈ മാസങ്ങളിൽ ഉണ്ടായത്‌. കരയിലുണ്ടായ താപനിലയിലാണ്‌ വർധനവ്‌. ഇത്‌ സമുദ്രോപരിതലത്തിലും അനുഭവപ്പെടുന്നുവെന്നത്‌ ആശങ്കാജനകമാണ്‌. സമുദ്രോപരിതല താപനില കഴിഞ്ഞ സെപ്റ്റംബറിൽ 16 ഡിഗ്രി സെൽഷ്യസിൽ നിന്നുയർന്ന്‌ 80 ഡിഗ്രി സെൽഷ്യസ്‌വരെ എത്തിയിരിക്കുന്നു.
ആഗോളതാപനം മൂലം സമുദ്രനിരപ്പിലെ താപം വർധിക്കുമ്പോൾ സമുദ്രജലവിതാനം ഉയരാൻ ഇടയാകുന്നു. 2014 അന്താരാഷ്ട്ര ചെറുദ്വീപുകളുടെ സംരക്ഷണ വർഷമായി ആചരിക്കാൻ പ്രധാനകാരണം ടുവാല, ഇന്തോനേഷ്യ തുടങ്ങിയവയുടെ സംരക്ഷണത്തിനുവേണ്ടിയായിരുന്നു. ഇങ്ങനെ ഓരോ വർഷവും ആഗോളതാപനം വർധിക്കുമ്പോൾ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകൾ ഉരുകുകയും തന്മൂലം ജലവിതാനം ഉയരുകയും ചെയ്യും. തീരപ്രദേശങ്ങളെയും ദ്വീപ്‌രാജ്യങ്ങളെയും ഇത്‌ ഗുരുതരമായി ബാധിക്കും കേരളത്തിൽ കുട്ടനാട്‌ പോലുള്ള താഴ്‌ന്ന കായൽ പ്രദേശങ്ങൾ ചുരുങ്ങിയ വർഷത്തിനുള്ളിൽ മുങ്ങിപ്പോകാൻ സാധ്യതയുണ്ട്‌. ഹിമാലയം, ആൽപ്സ്‌, കിളിമഞ്ജാരോ തുടങ്ങിയ ഉയരം കൂടിയ പർവതനിരകളിലെ ഹിമാനികൾ അന്തരീക്ഷ താപം വർധിക്കുന്നതുകാരണം ശോഷിച്ചുവരികയാണ്‌. ഉത്തരേന്ത്യയിലെ സിന്ധു, ഗംഗ, ബ്രഹ്മപുത്ര, ചൈനയിലെ യാങ്ങ്റ്റ്സി, തായ്‌ലാന്റിലെ മെക്കോൻ, മ്യാൻമറിലെ ഇരാവതീൻ എന്നീ നദികളെല്ലാം ഹിമാലയൻ ഹിമാനികളിലെ വെള്ളംകൊണ്ടാണ്‌ വറ്റാതിരിക്കുന്നത്‌.
എങ്ങനെയാണ്‌ ഭൗമോപരിതലത്തിൽ ചൂട്‌ വർധിക്കുന്നത്‌? സൂര്യനിൽ നിന്ന്‌ ഭൂമിയിലേക്ക്‌ പതിക്കുന്ന ചൂട്‌ തിരിച്ച്‌ സൂര്യനിലേക്ക്‌ തന്നെ വികിരണം ചെയ്യാൻ ഭൂമി ശ്രമിക്കുന്നുണ്ട്‌. സൂര്യകിരണങ്ങളുടെ ഊർജ്ജം കൂടുതലായതിനാൽ അവയ്ക്ക്‌ അന്തരീക്ഷത്തിലൂടെ എളുപ്പം കടന്നുപോകാൻ കഴിയും. എന്നാൽ ഭൂമിയിൽ നിന്ന്‌ തിരിച്ച്‌ വികിരണം ചെയ്യപ്പെടുന്ന കിരണങ്ങൾക്ക്‌ തരംഗദൈർഘ്യം കുറവായതിനാൽ അവ വായുമണ്ഡലത്തിൽ തങ്ങിനിൽക്കുന്നു. ഇതുകൊണ്ടാണ്‌ ഭൂമി തണുത്തുറയാതെ ഇന്നത്തെ താപനിലയിൽ നിലനിൽക്കുന്നത്‌. ഇങ്ങനെയാണ്‌ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന്‌ ആവശ്യമായ ശരാശരി താപനില നിലനിൽക്കുന്നത്‌. എന്നാൽ അന്തരീക്ഷത്തിൽ കാർബൺഡൈഓക്സൈഡിന്റെ അളവ്‌ കൂടിയതോടുകൂടി അന്തരീക്ഷം ഭൂതലത്തിൽ നിന്നു മുകളിലോട്ട്‌ പോകുന്ന താപവികിരണത്തെ തടസപ്പെടുത്തുന്നു. ഭൗമോപരിതലത്തിലെ താപനില വർധിക്കുന്നത്‌ ഇങ്ങനെയാണ്‌. ഇതാണ്‌ ഗ്രീൻ ഹൗസ്‌ ഇഫെക്ട്‌.
വ്യാവസായിക വിപ്ലവ കാലഘട്ടത്തിൽ നിന്നു ഈ നൂറ്റാണ്ട്‌ വരെയുള്ള കാലഘട്ടത്തിൽ അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ്‌ 270 പിപിഎം (പാർട്ട്സ്‌ പർ മില്യൺ) നിന്നും 330 പിപിഎം ആയി വർധിച്ചു. ഇത്‌ അന്തരീക്ഷത്തിലെ ശരാശരി താപനില .6 ഡിഗ്രി സെൽഷ്യസ്‌ വർധിക്കാൻ കാരണമായി. ഈ അവസ്ഥ തുടർന്നാൽ മാനവരാശിക്ക്‌ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നകാര്യത്തിൽ യാതൊരു സംശയവുമില്ല. പകൽ സമയങ്ങളിൽ പുറത്ത്‌ ഇറങ്ങാൻ പറ്റാത്തവിധം അസഹനീയമായ ചൂട്‌ സമൂഹത്തെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരിക്കുന്നു.
കാലാനസ്ഥ മാറ്റത്തിന്റെ ദോഷഫലങ്ങൾ ഏറ്റവും അധികം ബാധിക്കുക ഇന്ത്യയെപോലുള്ള വികസ്വര രാജ്യങ്ങളിലാണ്‌. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യുവാനുള്ള സാമ്പത്തിക ശേഷിയും സാങ്കേതിക ശേഷിയും വികസ്വര രാജ്യങ്ങളിൽ തുലോം കുറവാണ്‌. ഈ കൊടും ചൂട്‌ നമ്മുടെ ഉൽപ്പാദന പ്രക്രിയയെയും വിഭവവിതരണത്തെയും ബാധിക്കും. അതേസമയം മുതലാളിത്ത രാജ്യങ്ങളിലെ വമ്പിച്ച ഉൽപ്പാദനം മാലിന്യവിസർജ്ജനത്തിലേക്ക്‌ നയിക്കും. ഇത്‌ ലോക ജനതയെ രണ്ട്‌ തട്ടുകളിലേക്ക്‌ നയിക്കും.
അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങളുടെ വിസർജനം കുറയ്ക്കാൻ ഗാർഹിക ഇന്ധനമുൾപ്പെടെയുള്ള ഇന്ധന ഉപഭോഗം കുറയ്ക്കണം. വൈദ്യുതിയുടെ ഉപഭോഗം പരമാവധി കുറച്ച്‌ പെട്രോളിയം നിലയങ്ങളുടെ വൈദ്യുതോൽപ്പാദനം കുറച്ചുകൊണ്ട്‌ വരണം. താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം പരമാവധി കുറച്ച്‌ സോളാർ ജലവൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കണം. ഭൂമിയുടെ അവസാനകാലംവരെ എടുത്താലും തീരാത്തതും നാം വെറുതെ കളയുന്നതുമായ സൗരോർജ്ജം ചെലവ്‌ കുറഞ്ഞ രീതിയിൽ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയാൽ ഊർജ്ജപ്രതിസന്ധിയും അതോടൊപ്പം ആഗോളതാപനവും കുറച്ചുകൊണ്ടുവരാം. ഊർജ്ജം കൂടുതൽ ഉൽപ്പാദിപ്പിക്കുക കൂടുതൽ ഉപയോഗിക്കുക എന്ന ജീവിതശൈലി മാറണം. അതോടൊപ്പം പിന്നാക്ക രാജ്യങ്ങളിലെ ജനസംഖ്യ കുറച്ചുകൊണ്ട്‌ വരുകയും വേണം. വാഹനങ്ങളുടെ അമിതോപയോഗം കുറയ്ക്കണം. അമിതമായി ഇലക്ട്രോണിക്ക്‌ ഉപകരണങ്ങളെ ഉപയോഗിക്കുന്ന ശീലം മാറ്റണം. ആവാസവ്യവസ്ഥയിൽ മനുഷ്യന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കണം. മരങ്ങളും സസ്യങ്ങളും വെച്ച്‌ പിടിപ്പിച്ച്‌ പരിസ്ഥിതിയെ പരിപോഷിപ്പിക്കണം.
കഴിഞ്ഞ 150 വർഷത്തോളമായി ഭൂഗർഭത്തിൽ സുരക്ഷിതമായി വച്ചിരിക്കുന്ന കാർബൺ, മനുഷ്യൻ അവന്റെ തെറ്റായ പ്രവർത്തനങ്ങളിലൂടെ അതിവേഗം പുറത്ത്‌ വിട്ട്‌ മനുഷ്യന്റെ സ്വഭാവിക ജീവിതത്തെ തകിടം മറിച്ചിരിക്കുകയാണ്‌. സ്കൂളുകളിലും സ്ഥാപനങ്ങളിലും എന്റെ മരം പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കണം. ജീവജാലങ്ങൾക്ക്‌ ഹാനികരമായ അൾട്രാവയലറ്റ്‌ രശ്മികൾ ഭൂമിയിലെത്താതെ തടഞ്ഞുനിർത്തുന്ന ഓസോൺ പാളിയെ സംരക്ഷിക്കണം. എയർ കണ്ടീഷനറുകൾ, റെഫ്രിജറേറ്ററുകൾ എന്നിവയുടെ ഉപയോഗം കുറച്ച്‌ ക്ലോറോഫ്ലൂറോ കാർബൺ വാതകത്തിന്റെ പ്രസരണത്തെ ഇല്ലായ്മ ചെയ്യണം. ആഗോളതാപനത്തെ ലഘൂകരിച്ച്‌ ഭൂമിയെ രക്ഷിക്കാനും പരിസ്ഥിതി സന്തുലനം നിലനിർത്താനും നമുക്കോരോരുത്തർക്കും ബാധ്യതയുണ്ടെന്ന്‌ മറക്കാതിരിക്കുക.

പരിസ്ഥിതി ശോഷണവും ആശുപത്രി വ്യവസായവും


ഉദ്ദേശം നാൽപത്‌ വർഷം വരെ ഒരു രോഗി ചികിത്സാർഥം, വർഷത്തിൽ ശരാശരി രണ്ട്‌ അല്ലെങ്കിൽ മൂന്ന്‌ തവണ മാത്രമാണ്‌ ഒരു ഡോക്ടറെ കാണേണ്ടിവരുന്നത്‌. തൊണ്ണൂറുകൾക്ക്‌ ശേഷം പ്രത്യേകിച്ചും നവ ഉപഭോഗ ലിബറൽ സംസ്കാരത്തിന്റെ ആഗമനത്തിന്‌ ശേഷം വർഷത്തിൽ ശരാശരി അഞ്ച്‌ മുതൽ ആറ്‌ തവണയെങ്കിലും ചികിത്സക്കായി ഡോക്ടറെ/ആശുപത്രിയെ സമീപിക്കേണ്ടി വരുന്നു. ഓരോ ദശകം അഥവാ വർഷങ്ങൾ പിന്നിടുംതോറും ചികിത്സക്കുവേണ്ടി ഡോക്ടറെ കാണുന്ന ഇടവേള കുറഞ്ഞ്‌ കുറഞ്ഞ്‌ വരികയും, ഇന്ന്‌ മാസത്തിൽ ഒരു തവണയെങ്കിലും 30 കഴിഞ്ഞ വ്യക്തി ചികിത്സക്ക്‌ വേണ്ടി ഡോക്ടറെ സമീപിക്കേണ്ടി വരികയും ചെയ്യുന്നു. വർദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങളും അതിനേക്കാൾ ഉപരി ചികിത്സാ മനോഭാവത്തിനുവന്ന മാറ്റവും വരുമാനത്തിൽ വന്ന വളർച്ചയും കൂടാതെ മരുന്ന്‌ കമ്പനികളും ഡോക്ടർമാരും ഹെൽത്ത്‌ ഇൻഷുറൻസ്‌ കമ്പനികളും നടത്തുന്ന വിപണന തന്ത്രത്തിൽ വരുത്തിയ മാറ്റങ്ങളും ഇതിന്‌ കാരണമായി കരുതാം. വരുമാനത്തിന്റെ 30 ശതമാനവും (ശാസ്ത്ര സാഹിത്യ പരിഷത്ത്‌ സർവേ) കേരളത്തിൽ മരുന്നിനും ചികിത്സക്കും വേണ്ടി ചെലവിടുമ്പോൾ നാം അറിഞ്ഞോ അറിയാതെയോ ഡോക്ടർ-മരുന്നു കമ്പനി കൂട്ടുകെട്ടിനെ സഹായിക്കുകയും അവരെ കൊണ്ടുതന്നെ നമ്മളെ കൂടുതൽ ചൂഷണം ചെയ്യുന്നതിന്‌ സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്ന ഒരു പഴഞ്ചൊല്ലിൽ പറയുന്നതുപോലെ വീടും കിടപ്പാടവും വിറ്റും ഉറ്റവരുടെ പ്രാണൻ രക്ഷിക്കുന്നതിനുവേണ്ടിയുള്ള മനോഭാവവും സർക്കാർ ആശുപത്രികളിലെ സൗകര്യക്കുറവും മരുന്നിന്റെ അപര്യാപ്തതയും മറയാക്കി രോഗികളെ പരമാവധി പിഴിയുന്നതിന്‌ ഈ കൂട്ടുകെട്ട്‌ സഹായിക്കുന്നു. കേരളത്തിൽ അന്താരാഷ്ട്രമരുന്ന്‌ കമ്പനികൾ പലതും അവരുടെ വ്യവസായത്തിന്റെ വൻ മാർക്കറ്റായി കാണുന്നത്‌ ഈ ഡോക്ടർ-ആശുപത്രി കൂട്ടുകെട്ടാണ്‌.
ഓരോ ആശുപത്രികളിലേയും ചികിത്സാഫീസ്‌ ആശുപത്രി നടത്തിപ്പുകാരന്റെ മനോധർമ്മനുസരിച്ച്‌ തീരുമാനിക്കുന്നതാണ്‌ ഇന്നത്തെ രീതി. സ്വകാര്യ ആശുപത്രികൾക്ക്‌ അവരുടെ സേവനങ്ങൾക്കോ മരുന്നുകൾക്കോ വില തീരുമാനിക്കുന്നതിനുള്ള സ്വതന്ത്രമായ അധികാരമുള്ളതിനാൽ ഓരോ ആശുപത്രികളിലും വിവിധ നിരക്കുകളിലാണ്‌ ഡോക്ടർമാരുടെ ഫീസും നഴ്സിങ്‌ ചാർജ്ജും മറ്റും തീരുമാനിക്കുന്നത്‌. ഹൃദ്രോഗികൾക്ക്‌ ഓപ്പറേഷൻ ചെയ്യുന്നതിന്‌ ആവശ്യമായ സ്റ്റെന്റിന്റെ വില 30000 മുതൽ 40000 രൂപ വരെ മാത്രമെയുള്ളൂ. ഈ വിലയ്ക്കുവാങ്ങിയ സാധനം ഒരു ലക്ഷം മുതൽ രണ്ട്‌ ലക്ഷം രൂപ വില ഈടാക്കിയാണ്‌ രോഗികൾക്ക്‌ ഉപയോഗിക്കുന്നത്‌. പുറത്തുനിന്നുവാങ്ങാൻ ഇത്തരം ശസ്ത്രക്രിയ ഉപകരണങ്ങൾ കിട്ടില്ല. ഡോക്ടർമാർ തന്നെ നേരിട്ട്‌ ഇത്തരം ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുമ്പോൾ ഒരു നിശ്ചിതശതമാനം കമ്മീഷനായി ഡോക്ടർക്കും ആശുപത്രിക്കും ലഭിക്കുന്നു. നാം വാങ്ങിക്കൊടുക്കുന്ന ഇത്തരം ഉപകരണങ്ങൾ എത്രതന്നെ ഗുണമേന്മയുള്ളതാണെങ്കിലും അവ ഒരു കാരണവശാലും ഉപയോഗിക്കാൻ ആശുപത്രിയോ ഡോക്ടറോ സമ്മതിക്കാത്തതും ആവശ്യക്കാരന്‌ നേരിട്ട്‌ വാങ്ങാൻ പറ്റാത്തതും ഡോക്ടർ-മരുന്നു മാഫിയാ കൂട്ടുകെട്ടിന്റെ ഫലമാണ്‌.
ചില ശസ്ത്രക്രിയ ഉപകരണങ്ങൾക്കും ചില കമ്പനികളുടെ മരുന്നുകൾക്കും 10 മുതൽ 100 ശതമാനം വരെ ഓഫർ കൊടുക്കുന്ന മരുന്നുകമ്പനികളുണ്ട്‌. അതായത്‌ 10 മരുന്നുകൾ വാങ്ങിയാൽ 10 എണ്ണം ‘ഫ്രീ’ ആയി ഹോസ്പിറ്റിലിനു ലഭിക്കുന്നു എന്നർത്ഥം. വാങ്ങിയ വിലയേക്കാൾ 100 ഇരട്ടി വാങ്ങുക മാത്രമല്ല ഫ്രീ ആയി കിട്ടുന്ന മരുന്നുകൾ പോലും ഉയർന്ന വിലയ്ക്ക്‌ രോഗികളെക്കൊണ്ട്‌ വാങ്ങിപ്പിക്കൽ സ്വകാര്യ ആശുപത്രികൾ സ്വീകരിക്കുന്ന ഒരു ബിസിനസ്സ്‌ തന്ത്രമാണ്‌. ബ്രയിൻ സ്ട്രോക്ക്‌ വന്നാൽ അതിന്‌ നൽകുന്ന ഇഞ്ചക്ഷന്‌ 50000 രൂപ ഈടാക്കിയാണ്‌ രോഗിക്ക്‌ നൽകുന്നത്‌. ജർമ്മനിയിലെ ബോറിംങ്കർ കമ്പനിയുടെ മരുന്ന്‌ മാത്രമാണ്‌ ഇന്ത്യയിലും കേരളത്തിലും മൊത്തമായി ഉപയോഗിക്കുന്നത്‌. അതിന്റെ യഥാർത്ഥ മാർക്കറ്റ്‌ വില 20000 ത്തിൽ കുറവായിരിക്കും. ബോറിംങ്കർ എന്ന കമ്പനി ഇറക്കുന്ന ഇത്തരം മരുന്നുകൾക്ക്‌ പകരമായി വെറും 10000 രൂപക്ക്‌ ഉത്പാദിപ്പിക്കാവുന്ന മരുന്നുകമ്പനികൾ ഉണ്ടെങ്കിലും അവക്ക്‌ യാതൊരു അനുവാദവും സർക്കാർ നൽകുന്നില്ല. ഇത്തരം മരുന്നുകമ്പനികൾ സർക്കാറിനെ സ്വാധീനിച്ച്‌ രോഗികളെ ചൂഷണം ചെയ്യുന്നത്‌ വിദേശരാജ്യങ്ങളിൽ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അവ ഇപ്പോഴും നടക്കുന്നത്‌ സർക്കാറിന്റെ പോരായ്മയാണ്‌. മോളിക്യുർ റിസർച്ചിന്റെ പേരിൽ ഈടാക്കുന്ന ഈ വൻതുക സ്ട്രോക്കിന്‌ കൊടുക്കുന്ന മരുന്നിന്‌ മാത്രമല്ല. ഹൃദ്രോഗികൾക്ക്‌ കൊടുക്കുന്ന എല്ലാ മരുന്നിന്റേയും 90 ശതമാനം ഉത്പാദനവും വിതരണവും ഭീമ ബഹുരാഷ്ട്ര മരുന്നുകമ്പനിയാണ്‌.
വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും പുറം തള്ളുന്ന മാരക വിഷ വസ്തുക്കളായ കാർബൺ ഡൈഓക്സൈഡ്‌, കാർബൺ മോണോക്സൈഡ്‌, സൾഫർ ഡൈഓക്സൈഡ്‌, ഓസോൺ തുടങ്ങിയവ വാതകങ്ങൾ മനുഷ്യൻ ശ്വസിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി ആശുപത്രിയെ സമീപിക്കേണ്ടി വരികയും ചെയ്യുന്നു. വായുമലിനീകരണവും അതുവഴിയുണ്ടാകുന്ന രോഗങ്ങളും ആശുപത്രിവ്യവസായത്തിൽ കൂടുതൽ ലാഭമുണ്ടാക്കുന്നതിനും അവ നിർബാധം കൂണുകൾ പോലെ മുളച്ചുവരുന്നതിനും ഇടയാക്കുന്നു. കാലാവസ്ഥ ട്രാൻസിഷൻ കാലയളവിൽ ഉണ്ടാകുന്ന ചെറിയ രോഗങ്ങൾ കൊണ്ടുതന്നെ മഴക്കാലം തുടങ്ങുമ്പോൾതന്നെ ആശുപത്രികളിൽ തിരക്കനുഭവപ്പെടുന്നു. ഇതിന്റെ മെച്ചം കൂടുതലായി സ്വകാര്യ ആശുപത്രികളാണ്‌ അനുഭവിക്കുന്നത്‌. ലോക കാലാവസ്ഥ സമ്മേളനത്തിൽ പരിസ്ഥിതി മാലിന്യ പ്രേരിതരോഗങ്ങളെ ചികിത്സിക്കുന്നതിനും അവർക്ക്‌ ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനും 100 ബില്ല്യൻ ഡോളർ നൽകുന്നതിന്‌ ഉടമ്പടി ഉണ്ടാക്കിയത്‌ വൻകിട മലിനീകരണ രാഷ്ട്രങ്ങളുമായിട്ടാണ്‌. കാലാവസ്ഥ ദുരിതങ്ങളെ സന്തോഷപൂർവം സ്വീകരിക്കുകയും അവ വ്യവസായത്തിന്‌ അനുകൂലമായിട്ടുള്ള ഒരു അസംസ്കൃത വസ്തുവായി കാണുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികളുടെ വരുമാനത്തിൽ നിന്ന്‌ ഹരിത നികുതി ചുമത്താവുന്നതാണ്‌.

ഊർജ്ജ സംരക്ഷണം പ്രകൃതി സംരക്ഷണം


രാജ്യത്തിന്റെ പുരോഗതിക്ക്‌ ഊർജ്ജത്തിന്റെ പങ്ക്‌ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. വൈദ്യുതി ഉപയോഗത്തിന്റെ അളവിൽ ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയ്ക്ക്‌ ആറാം സ്ഥാനവും വൈദ്യുതി ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ നാലാം സ്ഥാനവുമാണ്‌ ഉള്ളത്‌. 1947 ൽ എല്ലാ ഊർജ്ജ ഉറവിടങ്ങളിൽ നിന്നുമായി 1362 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഭാരതത്തിൽ ഉത്പാദനം ഉണ്ടായിരുന്നത്‌. 2015 ൽ ഉത്പാദനശേഷി 2,75,912 മെഗാവാട്ടായി ഉയർന്നിട്ടുണ്ട്‌. രാജ്യത്തെ ഊർജ്ജ ആവശ്യകത 12 വർഷം കൂടുമ്പോൾ ഇരട്ടിക്കുന്നു.
ഗാർഹിക, കാർഷിക, വ്യാവസായിക മേഖലകളിൽ വൈദ്യുതിയുടെ ആവശ്യകത വളരെയധികം കൂടി വരുകയാണ്‌. 2030 ആകുമ്പോഴേക്കും രാജ്യത്ത്‌ 5 ലക്ഷത്തിലധികം മെഗാവാട്ട്‌ വൈദ്യുതിയുടെ ആവശ്യകതയുണ്ടാകും. ആകെ ഊർജ്ജ ഉത്പാദനത്തിന്റെ 69.47 ശതമാനം കൽക്കരി ഉപയോഗിച്ചും 15.22 ശതമാനം ജലവൈദ്യുതി നിലയങ്ങളിൽ നിന്നും 13.22 പാരമ്പര്യേതര ഊർജ്ജ ഉറവിടങ്ങളിൽ നിന്നും 2.09 ശതമാനം ആണവനിലയങ്ങളിൽ നിന്നുമാണ്‌. പീക്ക്‌ സമയത്ത്‌ 20 ശതമാനം വൈദ്യുതി ദൗർലഭ്യം രാജ്യം നേരിടുന്നു. ശരിയായ രീതിയിൽ ഊർജ്ജ സംരക്ഷണപ്രവർത്തനം നടത്തുകയാണെങ്കിൽ പീക്ക്‌ സമയത്തെ വൈദ്യുതി കമ്മി ഇല്ലായ്മ ചെയ്യാനാവുന്നതാണ്‌.
രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന്‌ പൊതുമേഖലയിൽ ഊർജ്ജ ഉത്പാദനത്തിന്‌ സർക്കാർ തന്നെ ശ്രമിക്കേണ്ടതാണ്‌. 1990 മുതൽ ഊർജ്ജ മേഖലയിൽ കേന്ദ്രസർക്കാർ വരുത്തിയിട്ടുള്ള വിനാശകരമായ പരിഷ്ക്കാരങ്ങൾ ഈ മേഖലയെ തളർത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. ഉയർന്ന വൈദ്യുതി ആവശ്യകതയുടെ അരികിൽ പോലും വൈദ്യുതോത്പാദനത്തിന്‌ എത്താൻ കഴിഞ്ഞിട്ടില്ല. സർക്കാർ ഊർജ്ജ ഉത്പാദനമേഖലയിൽ നിന്നും പിന്മാറികൊണ്ടിരിക്കുന്നതായിട്ടാണ്‌ ഉത്പാദന കണക്കുകൾ വ്യക്തമാക്കുന്നത്‌. ഇക്കാലയളവിൽ സ്വകാര്യമേഖലയിൽ 106225.67 മെഗാവാട്ട്‌ വൈദ്യുതി ഉത്പാദിപ്പിച്ച്‌ വൻവിലയ്ക്ക്‌ സംസ്ഥാനങ്ങൾക്ക്‌ വിൽക്കുവാനുള്ള അവസരമാണ്‌ കേന്ദ്ര ഗവൺമെന്റ്‌ ഒരുക്കിയിട്ടുള്ളത്‌.
കേന്ദ്രസർക്കാറിന്‌ ഇക്കാലയളവിൽ 73671.15 മെഗാവാട്ട്‌ വൈദ്യുതിയും സംസ്ഥാനങ്ങൾക്ക്‌ ആകെ ഉത്പാദനത്തിന്റെ 96014.80 മെഗാവാട്ട്‌ വൈദ്യുതിയും മാത്രമേ ഇതുവരെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇത്‌ സൂചിപ്പിക്കുന്നത്‌, വൈദ്യുതി മേഖലയെ പൂർണമായും സ്വകാര്യമേഖലയിലേക്ക്‌ കൈമാറാനുള്ള പരിഷ്കരണ നടപടികളുമായിട്ടാണ്‌ കേന്ദ്ര സർക്കാർ വൈദ്യുതി നിയമം 2003 ലൂടെയും അതിൽ ഇപ്പോൾ വരുത്താൻ ഉദ്ദേശിക്കുന്ന ഭേദഗതിയിലൂടെയും ലക്ഷ്യം വയ്ക്കുന്നത്‌. വൈദ്യുതി വിതരണമേഖല വീണ്ടും കീറിമുറിച്ച്‌ മൂന്നാക്കി സ്വകാര്യസപ്ലെയിലൈസൻസികൾക്ക്‌ യഥേഷ്ടം ലാഭമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽ പരിഷ്കരിക്കുന്നതിനും സർക്കാർ വെമ്പൽ കൊള്ളുകയാണ്‌.
ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക്‌ തടസം കൂടാതെ ചുരുങ്ങിയ നിരക്കിൽ വൈദ്യുതി വിതരണം ചെയ്യുന്നതിന്‌ സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സംരഭങ്ങൾക്ക്‌ മാത്രമേ കഴിയുകയുള്ളു. സ്വകാര്യമേഖലയിലേക്ക്‌ വൈദ്യുതി മേഖലയെ കൊണ്ടെത്തിക്കുന്നതിനുള്ള അപകടകരമായ പരിഷ്കാരങ്ങൾ നാടിന്റെ സമ്പദ്ഘടനയേയും നാടിന്റെ പുരോഗതിയെയും ദോഷകരമായി ബാധിക്കു. അതുകൊണ്ടു തന്നെ പൊതുമേഖലയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും അതിനെ സൂക്ഷ്മതയോടുകൂടെ ഉപയോഗിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
വിതരണലൈനിൽ വൈദ്യുതി നഷ്ടം വ്യാപകമാണ്‌. വൈദ്യുതി വിതരണ ട്രാൻസ്ഫോർമറുകളിൽ നിലവാരമില്ലാത്ത കമ്പികൾ ഉപയോഗിക്കുന്നതുകാരണം ട്രാൻസ്ഫോർമറുകൾ വൻതോതിൽ കേടാവുകയും 400 മില്യൺ യൂണിറ്റ്‌ വൈദ്യുതി പ്രതിവർഷം നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന്‌ 1995 ലെ നാഷണൽ കമ്മിറ്റി ഓൺ ഡിസ്ട്രിബ്യൂഷൻ കണക്കാക്കിയിട്ടുണ്ട്‌. ഊർജ്ജക്ഷമതയുള്ള ഹൈടെമ്പറേച്ചർ സൂപ്പർ കണ്ടക്ടറുകൾ ഉപയോഗിച്ച്‌ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്‌.
സാങ്കേതിക രംഗത്തെ വളർച്ച നവീനമായ നിരവധി ഊർജ്ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങൾ ഇപ്പോൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്‌. കുറച്ചു വൈദ്യുതികൊണ്ട്‌ കൂടുതൽ പ്രയോജനകരമായ പ്രവൃത്തികൾ ചെയ്യുന്ന ഉപകരണങ്ങളെ ഉപഭോക്താക്കൾക്ക്‌ പരിചയപ്പെടുത്തുന്നതിനും മറ്റ്‌ ഇതര മാർഗ്ഗങ്ങളിൽക്കൂടി ഇങ്ങനെ പാഴാകുന്ന ഊർജ്ജം സംരക്ഷിക്കാമെന്നും ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്‌ പ്രാധാന്യം കൊടുത്താണ്‌ എല്ലാവർഷവും ഡിസംബർ 14 ന്‌ ഊർജ്ജ സംരക്ഷണദിനം ആചരിക്കുന്നത്‌. 2001 ലെ കേന്ദ്ര ഊർജ്ജ സംരക്ഷണനിയമം അനുശാസിക്കുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കുന്നതിന്‌ ബ്യൂറോ ഓഫ്‌ എനർജി എഫിഷ്യൻസി കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. കേരളത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കായി സർക്കാർ എനർജിമാനേജ്മെന്റ്‌ സെന്റർ എന്ന സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്‌. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക്‌ വൻ സാദ്ധ്യത ഉള്ളപ്പോൾ എനർജി മാനേജ്മെന്റ്‌ സെന്ററിനെ സർക്കാർ വേണ്ടവിധത്തിൽ സഹായിച്ച്‌ ഇനിയും ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. പരിമിതമായ സാഹചര്യത്തിലും എനർജിമാനേജ്മെന്റ്‌ സെന്റർ നടത്തിവരുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ മുഖാന്തരം നാടിന്‌ ഉണ്ടാകുന്ന നേട്ടത്തിന്റെ ഒരംശമെങ്കിലും എനർജിമാനേജ്മെന്റ്‌ സെന്ററിന്റെ പ്രവർത്തനങ്ങളെ വിപുലപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും വിനിയോഗിച്ചാൽ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ സർക്കാരിന്‌ നാടിന്‌ ചെയ്യാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും.
ഇന്ത്യാഗവൺമെന്റ്‌ 1977 ൽ പെട്രോളിയം കൺസർവേഷൻ റിസർച്ച്‌ അസ്സോസിയേഷൻ സ്ഥാപിച്ച്‌ ഊർജ്ജക്ഷമത കൈവരിക്കുന്നതിനും ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ ജനങ്ങളുടെയിടയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിനും വേണ്ട ഗുണകരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. സംസ്ഥാന വൈദ്യുതി ബോർഡിലും രാജ്യത്ത്‌ ആദ്യമായി ഒരു ഊർജ്ജ സംരക്ഷണ വിഭാഗവും (എസ്കോട്ട്‌) പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിവരുന്നു. ഗാർഹിക ഉപഭോക്താക്കളിലും, വ്യാവസായിക ഉപഭോക്താക്കളിലും കാർഷിക ഉപഭോക്താക്കളിലും, ഐസ്‌ പ്ലാന്റുകളിലും വിതരണ ലൈനുകളിലുമുള്ള ഊർജ്ജ നഷ്ടം ഒഴിവാക്കി ഊർജ്ജ സംരക്ഷണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞു. രാജ്യത്ത്‌ തന്നെ മാതൃകാ പ്രവർത്തനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്‌ 2014 ലെ കേന്ദ്ര – സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾക്കർഹമായത്‌. തുടർന്നും അവാർഡുകൾ ലഭിക്കുന്നതിനും വൈദ്യുതി ബോർഡിന്റെ ഊർജ്ജകാര്യക്ഷമതയ്ക്കും ഇതിനകം നടത്തിയിട്ടുള്ള ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർ പ്രവർത്തനങ്ങൾ കേന്ദ്രീകൃതമായി ചിട്ടയായി നടത്തേണ്ടതുണ്ട്‌. സംസ്ഥാന വൈദ്യുതി ബോർഡ്‌ ആ വഴിക്ക്‌ കൂടുതൽ സഞ്ചരിച്ച്‌ ഊർജ്ജ സംരക്ഷണത്തിലൂടെ ബോർഡിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഒരു കൈത്താങ്ങാകും എന്ന്‌ കരുതുന്നു.
ഊർജ്ജ സംരക്ഷണവും പ്രകൃതി സംരക്ഷണവുമായി വളരെയധികം ബന്ധമുണ്ട്‌. വൈദ്യുതി ഉത്പാദനത്തിന്‌ പ്രധാനമായും ഫോസിൽ ഫ്യൂവൽസും ക്രൂഡ്‌ ഓയിലും, കൽക്കരിയും, പ്രകൃതിവാതകവും തുടങ്ങിയ പ്രകൃതിവിഭവങ്ങൾ ക്രമാതീതമായി ഉപയോഗിച്ചു വരുമ്പോൾ അവ വളരെ വേഗം തന്നെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും. ഇവ വൈദ്യുതി ഉത്പാദനത്തിന്‌ ഉപയോഗിക്കുമ്പോൾ അന്തരീക്ഷത്തിൽ പുറംതള്ളുന്ന വൻതോതിലുള്ള ഹരിതഗൃഹ വാതകങ്ങൾ ഓസോൺ പാളിയെ തകർത്ത്‌ ഭൂമിയിലെ ജീവനുകൾക്ക്‌ ഭീഷണിയാകുന്നു. ഓരോയൂണിറ്റ്‌ വൈദ്യുതി നാം സംരക്ഷിക്കുമ്പോഴും ഭൂമിയിൽ ജീവിക്കാനുള്ള സാഹചര്യം നിലനിർത്തുവാനുള്ള പ്രവർത്തനമായി പരിണമിക്കുന്നു.
ഓരോ ഊർജ്ജ സംരക്ഷണദിനത്തിലും സർക്കാരിനും വൈദ്യുതി ബോർഡിനും ഉപഭോക്താക്കൾക്കും കൈകോർത്ത്‌ ചെയ്യാവുന്നത്‌ ഊർജ്ജക്ഷമതയില്ലാത്ത ഉപകരണങ്ങളെ ഉപേക്ഷിക്കുവാനും പകരം സ്റ്റാർ റേറ്റഡ്‌ ആയ ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങളും, എൽ.ഇ.ഡി. ബൾബുകളും കൂടുതൽ ഉപയോഗത്തിൽ കൊണ്ടുവരുവാനും ആവശ്യമില്ലാത്ത വൈദ്യുതാലങ്കാരങ്ങൾ ഒഴിവാക്കുന്നതിനും ആളില്ലാത്തപ്പോൾ ഫാനുകൾ കറങ്ങാതിരിക്കുന്നതിനും ലൈറ്റുകൾ അണയ്ക്കുന്നതിനും പ്രത്യേകം ശ്രദ്ധിയ്ക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാമെന്നുള്ളതാണ്‌. പ്രകൃതി ദത്തമായ വായുവും പ്രകാശവും പരമാവധി പ്രയോജനപ്പെടുത്തി പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം ഊർജ്ജവും സംരക്ഷിക്കാം.
ബൾബുകളിലെ തിളക്കമെറിയ പ്രകാശത്തിനു പകരം പ്രകൃതിദത്തമായ കാറ്റും വെളിച്ചവും ഉപയോഗിച്ചാൽ ജോലിസ്ഥലത്ത്‌ അനുഭവപ്പെടുന്ന പിരിമുറുക്കം, തലവേദന, രക്തസമ്മർദ്ദം അതിക്ഷീണം, ജോലി ചെയ്യുന്നതിനുള്ള കാര്യക്ഷമത ഇല്ലായ്മ എന്നിവ ഒഴിവാക്കാമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്‌. ഉത്പാദന വർദ്ധനവിനും ജീവനക്കാരുടെ കാര്യക്ഷമതയ്ക്കും ഊർജ്ജ ഉപയോഗത്തിൽ കുറവ്‌ വരുത്തുന്നതിനും പ്രകൃതി ചൊരിയുന്ന പ്രകാശത്തിന്‌ കഴിയുന്നു. കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ കാറ്റും വെളിച്ചവും സുഗമമായി പ്രവേശിക്കുന്നതിനു വേണ്ട വാതിലുകളും ജനാലകളും ഉണ്ടാക്കുന്നത്‌ നല്ലതാണ്‌.
(ലേഖകൻ, അഖിലേന്ത്യ ഫെഡറേഷൻ പ്രവർത്തകസമിതി അംഗമാണ്‌)

മൊബെയിൽ ഫോൺ ദുരുപയോഗം മണ്ണിനെ വിഷമയമാക്കും


ഇലക്ട്രോണിക്‌ മാലിന്യങ്ങൾ മിക്കവയും മണ്ണിനും മനുഷ്യനും ഒരുപോലെ അപകടം വരുത്തുന്നവയാണ്‌. ഒരു കമ്പ്യൂട്ടറിൽ നൂറിലേറെ മാരകമായ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്‌. ഒരു ടിവിയിലും അത്രയും തന്നെ വിഷപദാർഥങ്ങളുണ്ട്‌. സർക്യൂട്ട്‌ ബോർഡുകൾ വിളക്കിചേർക്കാൻ ഉപയോഗിക്കുന്ന ലെഡ്‌ (ഈയം) വലിയ വിഷ മാലിന്യമാണ്‌. ഇവ മണ്ണിൽ കലരുന്നത്‌ മണ്ണിന്റെ ഉൽപാദനക്ഷമത ഇല്ലാതാക്കും. വിളകൾക്ക്‌ നാശമുണ്ടാകും. ഒരു കമ്പ്യൂട്ടറിന്റെ ആയുസ്‌ ശരാശരി ആറ്‌ വർഷമായാണ്‌ കണക്കാക്കിയിരിക്കുന്നത്‌. വൈദ്യുതി വിതരണത്തിലെ അപാകതകൾ ഇതിന്റെ ആയുർദൈർഘ്യം ഇതിലും കുറയ്ക്കും. അപ്പോൾ നന്നാക്കാൻ ആവാത്തത്‌ ഉപേക്ഷിക്കുന്നു. ഒരു ടിവിയുടെ ആയുസ്‌ ശരാശരി പത്ത്‌ വർഷമായാണ്‌ കണക്കുകൂട്ടിയിരിക്കുന്നത്‌. അതിനിടെ ഉപഭോക്താവ്‌ അത്‌ മാറ്റും. ടെലിവിഷനിൽ ഉദ്ദേശം രണ്ട്‌ കിലോ ലെഡ്‌ ഉളളതായി കണക്കാക്കുന്നു. ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയിൽ കുമിഞ്ഞുകൂടുന്നു. മണ്ണിനെയും വെളളത്തിനെയും ഇത്‌ മലിനപ്പെടുത്തും.
ഇ-വേസ്റ്റുകൾ ഏറെ പുറന്തളളുന്ന രാജ്യമാണ്‌ ചൈന. പ്രതിവർഷം പത്ത്‌ കോടി കമ്പ്യൂട്ടറുകളും നാല്‌ കോടി ടെലിവിഷനുകളും ഇവിടെ ഉപേക്ഷിക്കുന്നു. ലോകത്താകമാനം വർഷംതോറും ഏഴരക്കോടി ഇലക്ട്രോണിക്‌ ഉപകരണങ്ങൾ മാലിന്യക്കൂമ്പാരത്തിലേയ്ക്ക്‌ തളളപ്പെടുന്നുണ്ട്‌. യുഎൻ റിപ്പോർട്ടനുസരിച്ച്‌ 2014ൽ ഇ-മാലിന്യത്തിന്റെ 30 ശതമാനം ചൈനയിലും അമേരിക്കയിലുമാണ്‌. അമേരിക്കയ്ക്കാണ്‌ ഒന്നാംസ്ഥാനം. ആളോഹരി ഇ-മാലിന്യോൽപാദനത്തിൽ മുന്നിൽ നിൽക്കുന്നത്‌ യൂറോപ്യൻ രാജ്യങ്ങളായ നോർവെ, സ്വിറ്റ്സർലൻഡ്‌, ഐസ്ലാൻഡ്‌, ഡെന്മാർക്ക്‌, യുകെ എന്നിവയാണ്‌. ഏറ്റവും കുറവ്‌ ആഫ്രിക്കൻ രാജ്യങ്ങളുമാണ്‌. ഇന്ത്യയും ഒട്ടും പിന്നിലല്ല. ഇ-മാലിന്യത്തിൽ ലോകത്ത്‌ അഞ്ചാം സ്ഥാനത്താണ്‌ ഇന്ത്യ. പ്രതിവർഷം 13 ലക്ഷം മെട്രിക്‌ ടൺ ഉപകരണങ്ങളാണ്‌ നാം വലിച്ചെറിയുന്നത്‌. മുംെ‍ബെ, ഡൽഹി, ബംഗളൂരു, ചെന്നൈ പോലുളള വൻകിട നഗരങ്ങൾ ഒരു ലക്ഷത്തോളം മെട്രിക്‌ ടൺ ഇ-മാലിന്യമാണ്‌ വർഷംതോറും പുറന്തളളിക്കൊണ്ടിരിക്കുന്നത്‌. ഇവയെല്ലാം മണ്ണിൽ കുമിഞ്ഞുകൂടുന്നു. ലോകത്ത്‌ ഇ-വേസ്റ്റിൽ 68 ശതമാനം കമ്പ്യൂട്ടറുകളാണ്‌. ഇവ മണ്ണിനും മനുഷ്യനും തീർക്കുന്ന കേടുപാടുകൾ വിവരണാതീതമാണ്‌. എന്നാൽ അടുത്തകാലംവരെ ഇ-മാലിന്യത്തിൽ മുന്നിൽ ടിവിയും കമ്പ്യൂട്ടറുകളുമാണെന്നാണ്‌ കരുതിയിരുന്നത്‌. ഇപ്പോൾ മൊബെയിൽ ഫോണുകളാണ്‌ ഇ-മാലിന്യം സൃഷ്ടിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്‌. 2000-ൽ മൊബെയിൽ ഫോൺ മാലിന്യം ഏഴ്‌ ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത്‌ അമ്പത്‌ ശതമാനമായി വർധിച്ചിരിക്കുന്നു.
മൂന്ന്‌ കോടി മൊബെയിൽ ഫോണുകളാണ്‌ പ്രതിവർഷം ഇന്ത്യയിൽ ചവറ്റുകുട്ടയിലെത്തുന്നത്‌. കഴിഞ്ഞ വർഷം 130 ദശലക്ഷം മൊബെയിൽ ഹാൻഡ്സെറ്റുകൾ ഇന്ത്യയിലെത്തി. ഇവയിൽ പകുതിയും പുതിയ ഉപഭോക്താവിന്റെ കൈയിലേയ്ക്കല്ല പോയത്‌. മൊബെയിൽ ഫോണിലെ ഏറ്റവും വലിയ വില്ലൻ അതിന്റെ ബാറ്ററിയാണ്‌. ചീത്തയായ ബാറ്ററി പുറത്തെറിയുമ്പോൾ അതിലെ മാരകമായ വിഷം പരിസ്ഥിതിയിൽ കലരുന്നു. ഇതിലെ കാഡ്മിയം എന്ന രാസവസ്തു മനുഷ്യന്റെ അസ്ഥിക്കും വൃക്കകൾക്കും കരളിനും മാരകമായ വിപത്തുകളായിരിക്കും സൃഷ്ടിക്കുക. ക്യാൻസർ മനുഷ്യകോശങ്ങളിൽ സൃഷ്ടിക്കാൻ എളുപ്പത്തിൽ ഇവയ്ക്കാകും.
മൊബെയിൽ ഫോൺ സാന്ദ്രത ഏറ്റവും വർധിച്ച കേരളം പോലുളള സംസ്ഥാനങ്ങളിൽ ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത്‌ ഭയാനകമായിരിക്കും. കാഡ്മിയം കൂടാതെ മാരകങ്ങളായ മെർക്കുറി തുടങ്ങിയ മൂലകങ്ങളും സംയുക്തങ്ങളും ഏറിയും കുറഞ്ഞും മിക്ക മൊബെയിൽ ഫോണുകളിലുമുണ്ട്‌. ജീവജാലങ്ങളുടെ ശ്വാസകോശത്തെയും ദഹനേന്ദ്രിയങ്ങളെയും ഇവ സാരമായി ബാധിക്കുന്നു.
മൊബെയിൽ ഫോൺ പ്രവർത്തിക്കുന്നവ തന്നെ ഉപേക്ഷിക്കുന്നത്‌ അഭിമാനമായി കാണുന്നവരാണ്‌ ഭൂരിഭാഗം ഉപഭോക്താക്കളും. സാങ്കേതിക വിദ്യയുടെ പുതിയ മാറ്റങ്ങൾ ഹാൻഡ്സെറ്റ്‌ മാറ്റാൻ ഉപഭോക്താവിനെ നിർബന്ധിതമാക്കും. ആദ്യകാലത്ത്‌ വന്ന ഫോണുകൾക്ക്‌ ഒരു ചെറിയ ഇഷ്ടികയുടെ വലിപ്പവും ഭാരവും ഉണ്ടായിരുന്നു. അവ സാങ്കേതികമായി ഇപ്പോഴും ഉപയോഗിക്കാമെങ്കിലും ആരും ഉപയോഗിക്കാറില്ല. ഇത്തര ഉപേക്ഷിക്കലുകൾ അനിവാര്യമാണ്‌. പക്ഷേ ഇന്ത്യയിലെ സ്ഥിതി അതല്ല. ഒന്നര വർഷമാണ്‌ മൊബെയിൽ ഫോൺ മാറുന്നതിന്റെ സമയ ദൈർഘ്യം. ഇത്‌ അപകടകരമായ സ്ഥിതിവിശേഷമാണ്‌. പ്രത്യേക കാരണങ്ങളില്ലാതെ ഫോൺ മാറുന്നതോടൊപ്പം സാങ്കേതികവിദ്യയുടെ മാറ്റത്തിന്റെ ഭാഗമായി 3ജി, 4ജി സേവനങ്ങൾ കൂടുതൽ സെറ്റുകൾ പുതിയതായി മാറ്റപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. ഇതുമൂലം ഇ-മാലിന്യം വൻതോതിൽ കൂടുവാനായിരിക്കും സാധ്യത. ചുരുക്കത്തിൽ കമ്പ്യൂട്ടറും ടെലിവിഷനോടൊപ്പം മൊബെയിൽ ഫോണും മണ്ണിനെ മലിനീകരിക്കും എന്നതിൽ സംശയമില്ല. അതുവഴി നമ്മുടെ ആരോഗ്യവും അപകടത്തിലാകും.

 

അവസാനം പരിഷ്കരിച്ചത് : 6/4/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate