অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാലാവസ്ഥയും കൃഷിയും - ഭാഗം 2

കാലാവസ്ഥയും കൃഷിയും - ഭാഗം 2

കാലവർഷവും തുലാവർഷവും

ജൂൺ മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്നതാണ് കേരളത്തിലെ മഴക്കാലം. വളരെ നീണ്ട മഴക്കാലം നമുക്കുണ്ടെങ്കിലും മൊത്തം പെയ്ത്തിന്‍റെ ഭൂരിഭാഗവും കിട്ടുന്നത് ജൂൺ മുതൽ സെപ്തംബർ വരെയുള്ള ഇടവപ്പാതി കാലത്താണ്. കാലവർഷമെന്നും നാം വിളിക്കുന്ന ഈ മഴയുടെ ചുവടൊന്ന് പിഴച്ചാൽ മതി, കർഷകന്‍റെ കണക്കൊക്കെ തെറ്റാൻ.

കാലാവസ്ഥ എന്ന അർത്ഥം വരുന്ന 'മൗസിം' എന്ന അറബി വാക്കിൽ നിന്നാണ് മൺസൂൺ എന്ന പദത്തിന്‍റെ ഉൽഭവം. നൂറ്റാണ്ടുകൾക്കുമുൻപ് അറബിക്കടലിലൂടെ കേരളതീരത്ത് കച്ചവടത്തിനായി എത്തിച്ചേരാറുണ്ടായിരുന്ന വിദേശകച്ചവടക്കാർ കാലവർഷക്കാറ്റുകളെപ്പറ്റി ബോധവാൻമാരായിരുന്നു. കാലവർഷം ഉണ്ടാകുന്നതിന്‍റെ അടിസ്ഥാനകാരണം കരയും കടലും ചൂടാകുന്നതിന്‍റെയും തണുക്കുന്നതിന്‍റെയും നിരക്കിലുണ്ടാവുന്ന വ്യത്യാസമാണ്.

വേനൽമാസങ്ങളിലെ ഉയർന്ന സൂര്യതാപം മൂലം ഭൂഗോളത്തിൻറെ വടക്കേ പകുതിയിലെ അന്തരീക്ഷത്തിൽ മർദ്ദം തീരെ കുറഞ്ഞ ഒരു മേഖല രൂപപ്പെടുന്നു. ഇവിടേയ്ക്ക് കൂടിയ മർദ്ദത്തിന്‍റെ മേഖലയായ ദക്ഷിണാർധഗോളത്തിൽ നിന്നും നീരാവി നിറഞ്ഞ കാറ്റ് വീശുന്നു. ഭൂഗോളത്തിന്‍റെ തെക്കൻ പകുതിയിൽ നിന്നുള്ള ഈ തെക്കുകിഴക്കൻ 'വാണിജ്യവാതങ്ങൾ' ഭൂമധ്യരേഖ കടക്കുന്നതോടെ തെക്കുപടിഞ്ഞാറൻ ദിശയിൽ വീശാൻ തുടങ്ങുന്നു. ഈ തെക്കുപടിഞ്ഞാറൻ കാറ്റുകളാണ് നമ്മുടെ കാലവർഷക്കാറ്റുകൾ. ചിലപ്പോൾ ശക്തിപ്രാപിക്കുകയും മറ്റു ചിലപ്പോൾ ദുർബലമാവുകയും ചെയ്യുന്ന ഈ കാറ്റുകൾ ജൂൺ ഒന്നാം തീയതിയാടെ കേരളത്തിലെത്തുകയും ജൂലൈ 15-)൦ തീയതിയോടെ രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്യുന്നു. ഈ കാറ്റുകൾ എത്തിച്ചേരുന്നതിനനുസരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സമയത്താണ് കാലവർഷം ആരംഭിക്കുന്നത്.

കാലവർഷാരംഭം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ

ഇന്ത്യയിലേക്ക് കാലവർഷക്കാറ്റുകൾ കടക്കുന്നത് കേരളത്തിലൂടെയാണ്. അതുകൊണ്ടാണ് കേരളത്തെ “മൺസൂണിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കുന്നത്. കേരളത്തിൽ പ്രവേശിക്കുന്ന കാലവർഷം 24-36 മണിക്കൂറിനകം സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്നു. സാധാരണഗതിയിൽ കേരളത്തിന്‍റെ തെക്കൻ ജില്ലകളിലാണ് കാലവർഷം ആരംഭം കുറിക്കുന്നതെങ്കിലും, അത്യപൂർവ്വമായി കേരളത്തിൻറെ വടക്കൻ മേഖലയിൽ കാലവർഷാരംഭം ഉണ്ടായിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോൾ ശക്തിപ്രാപിക്കുകയും മറ്റു ചിലപ്പോൾ ദുര്‍ബലമാവുകയും ചെയ്യുന്ന കാലവർഷക്കാറ്റുകൾ രാജ്യം മുഴുവൻ വ്യാപിക്കുന്നതിന് ഏകദേശം 45 ദിവസത്തോളം വേണം. ഇവ എത്തിച്ചേരുന്നതിനനുസരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ഥ സമയത്താണ് കാലവർഷം ആരംഭിക്കുന്നത്.

കാലവർഷത്തിന്റെ പ്രധാന സവിശേഷതകൾ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് കാലവർഷം ആരംഭം കുറിക്കുന്നത്. അതിനുശേഷം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്കും വടക്കു കിഴക്കേ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. വടക്കു കിഴക്കേ ഇന്ത്യയിലേക്ക് പോകുന്ന കാലവർഷക്കാറ്റുകൾ പർവ്വതസാന്നിധ്യം മൂലം സിന്ധു ഗംഗാ സമതലങ്ങളിലേക്കും വ്യാപിക്കുന്നു. നൂറു മുതൽ നൂറ്റി ഇരുപത് ദിവസം വരെയാണ് സാധാരണഗതിയിൽ കാലവർഷക്കാലം. വടക്കു പടിഞ്ഞാറെ ഇന്ത്യയിൽനിന്ന് സെപ്തംബർ ആദ്യത്തോടെ വിടവാങ്ങൽ ആരംഭിക്കുന്നു. ഇന്ത്യയിൽ ലഭിക്കുന്ന ശരാശരി വാർഷിക മഴയുടെ 76 ശതമാനവും കാലവർഷത്തിന്‍റെ സംഭാവനയാണ്. വടക്കുപടിഞ്ഞാറെ ഇന്ത്യയിലാണ് ഏറ്റവും കുറവ് മൺസൂൺ മഴ ലഭിക്കുന്നത്. കാലവർഷക്കാറ്റുകൾ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് തെക്കു പടിഞ്ഞാറൻ ദിശയിൽ നിന്നാണ്. ഈ തെക്കു പടിഞ്ഞാറൻ കാലവർഷക്കാറ്റുകൾ വടക്കേ ഇന്ത്യയിൽ വേനൽമാസങ്ങളിൽ രൂപം കൊണ്ട്, സിന്ധു ഗംഗാ സമതലം വരെ നീണ്ടുകിടക്കുന്ന മൺസൂൺ പാത്തിയെ (Monsoon trough) ലക്ഷ്യമാക്കി നീങ്ങുന്നു.

കാലവർഷം കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യയുടെ വടക്കേ മുനമ്പ്, ചൈന, ജപ്പാൻ, വടക്കുപടിഞ്ഞാറൻ ആസ്ട്രേലിയ, ആഫ്രിക്കയുടെ കിഴക്കും പടിഞ്ഞാറും മേഖലകൾ, തെക്കുകിഴക്കേ അമേരിക്കൻ ഐക്യനാടുകൾ, ബ്രസീൽ എന്നീ രാജ്യങ്ങളിലും കാലവർഷം അനുഭവപ്പെടുന്നു. തങ്ങളുടെ സാമ്പത്തികസ്ഥിതിയെ വലിയൊരളവു വരേ സ്വാധീനിക്കുമെന്നുള്ളതിനാൽ കാലവർഷത്തിന്‍റെ സ്വഭാവരീതികളെക്കുറിച്ച് മനസ്സിലാക്കുന്നതിൽ ഈ രാഷ്ട്രങ്ങൾ ഏറെ തൽപരരാണ്.

കേരളത്തിലെ മഴക്കാലം

ജൂൺ മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്ന താരതമ്യേന ദീർഘമായ മഴക്കാലമാണ് കേരളത്തിനുള്ളത്. ഈ മഴക്കാലത്തിന് രണ്ട് പ്രധാനഘട്ടങ്ങൾ ഉണ്ട്. ജൂൺ മുതൽ സെപ്തംബർ വരെയുളള കാലവർഷവും, ഒക്ടോബർ മുതൽ നവംബർ വരെയുളള തുലാവർഷവും. ഇടവം മധ്യത്തോടെ ആരംഭിക്കുന്നതിനാൽ കാലവർഷം കേരളത്തില്‍ പരക്കെ ഇടവപ്പാതി എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുകൂടി മെയ്-ജൂൺ മാസം മുതൽ വീശുന്ന കടൽക്കാറ്റിനെ കേരളത്തിന്‍റെ കിഴക്ക് ഭാഗത്ത് തെക്ക്-വടക്കായി സ്ഥിതിചെയ്യുന്ന സഹ്യപർവ്വതനിരകൾ തടഞ്ഞുനിർത്തുന്നു. തൽഫലമായി ഈർപ്പസമ്പുഷ്ടമായ ഈ വായു     `പ്രവാഹം മേലോട്ടുയർന്ന് കനത്ത മഴ വാർക്കുന്നു. ഇതാണ് 'ഇടവപ്പാതി' എന്നറിയപ്പെടുന്നത്. ജൂൺ-ജൂലൈ മാസങ്ങളിൽ ശക്തമായും ആഗസ്ത്-സെപ്തംബർ മാസങ്ങളിൽ തെല്ലൊന്ന് ശക്തി കുറഞ്ഞും ഒക്ടോബർ-നവംബർ ആകുമ്പോഴേയ്ക്ക് വീണ്ടും ശക്തി കൂടിയും കാണപ്പെടുന്നു. ഒക്ടോബർ-നവംബർ മാസത്തിൽ ലഭിക്കുന്ന മഴയെ "തുലാവർഷം' എന്നുപറയുന്നു.

കാലവർഷാരംഭം കേരളത്തിൽ

കേരളത്തിൽ സാധാരണയായി കാലവർഷാരംഭം ജൂൺ ഒന്നിനാണ്. ഏഴ് ദിവസം വരെ നേരത്തെയും ഏഴ് ദിവസം വരെ വൈകിയോ ആയാലും അത് സാധാരണരീതിയിൽ ആരംഭിച്ച കാലവർഷമായാണ് പരിഗണിക്കുന്നത്.

ലഭ്യമായ സ്ഥിതിവിവരക്കണക്കുവെച്ച് കേരളത്തിൽ ഏറ്റവും നേരത്തെ കാലവർഷം ആരംഭിച്ചത് 1918ൽ ആണ്. മെയ് 11ന്. മൺസൂൺ ഏറ്റവും വൈകി ആരംഭിച്ചതായി അറിവുളളത് 1972ലും - ജൂൺ 18ന്. കഴിഞ്ഞ ഒന്നര ദശകത്തോളം ഉളള കാലവർഷാരംഭ തീയതികൾ പരിശോധിച്ചാൽ മിക്കവാറും വർഷങ്ങളിൽ ജൂൺ ഒന്നിനുശേഷമാണ് ആരംഭിച്ചതെന്നുകാണാം. 1870 മുതൽ 2008 വരെയുള്ള കാലവർഷാരംഭ തീയ്യതികൾ നോക്കിയാൽ ഏകദേശം 28 ശതമാനം വർഷങ്ങളിൽ മാത്രമാണ് മെയ് 25നു മുൻപോ അഥവാ ജൂൺ 8നു ശേഷമോ കാലവർഷം ആരംഭിച്ചതായി കണ്ടിട്ടുളളത്.

ഏറ്റവും കൂടുതൽ തവണ കാലവർഷം ആരംഭിച്ചതായി കണ്ടിട്ടുളളത് മെയ് 30നും ജൂൺ 3നും ഇടയ്ക്കാണ്. മെയ് 25നു മുമ്പ് തുലോം വിരളമായി മാത്രമാണ് കാലവർഷം ആരംഭിച്ചതായി കാണപ്പെട്ടിട്ടുള്ളത്‌. കാലവർഷം ആരംഭിച്ചതായി കാണപ്പെട്ടിട്ടുള്ളത് (4.6 ശതമാനം വർഷങ്ങളിൽ). അതുപോലെ കാലവർഷം ജൂണ്‍ 13നു ശേഷം ആരംഭിച്ച വർഷങ്ങളും അപൂർവ്വമാണ് (3.7 ശതമാനം). 71.8 ശതമാനം വർഷങ്ങളിലും കാലവർഷാരംഭം തീയതികൾ മേയ് 25നും ജൂൺ 8നും ഇടക്ക് വരുന്നവയാണ്.

കേരളത്തിൽ മൺസൂൺ മഴയുടെ ലഭ്യതയും ആരംഭവും

കഴിഞ്ഞ 139 വർഷങ്ങളിൽ (1870-2008) ആകെ 17 തവണ മാത്രമാണ് മൺസൂൺ മെയ് 25 ന് മുമ്പ് ആരംഭിച്ചത്. 1969ൽ മെയ് 17ന് കാലവർഷം ആരംഭിച്ചു. തുടർന്ന് 20 വർഷത്തിനുശേഷം 1990ലാണ് കാലവർഷം നേരത്തെ ആരംഭിച്ചത് - മെയ് 19ന്. ഈ രണ്ട് വർഷങ്ങളിലും സാധാരണ ലഭിക്കതിനേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചത്. മൺസൂൺ നേരത്തെ ആയേ കുറഞ്ഞ മഴയാണ് ലഭിച്ചത്. മൺസൂൺ നേരത്തെ ആരംഭിക്കുന്ന വർഷങ്ങളിൽ ആ കുറഞ്ഞേക്കാം എന്ന നിഗമനത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

മൺസൂൺ നേരത്തെ എത്തിയ വർഷങ്ങളിൽ 80 ശതമാനം വർഷങ്ങളിലും മഴക്കുറവോ അഥവാ സാധാരണതോതിലുള്ള മഴയോ ആണ് ലഭിച്ചത്. അടുത്തകാലത്തായി കാലവര്‍ഷം നേരത്തെ ആരംഭിച്ച 2001 ലും 2004 ലും മഴക്കുറവ് തന്നെയായിരുന്നുവെന്നത് ഈ നിഗമനത്തെ സാധൂകരിക്കുന്നു.

മണ്‍സൂണ്‍ വൈകിയെത്തിയ വര്‍ഷങ്ങളെ സംബന്ധിച്ചിടത്തോളം മഴയുടെ അളവിലോ വിതരണത്തിലോ പ്രത്യേക പ്രവണതകളൊന്നും തന്നെ കാണപ്പെട്ടിട്ടില്ല.

കേരളത്തില്‍ കാലവര്‍ഷമഴയുടെ പ്രതിമാസ വിതരണം

കേരളത്തില്‍ കാലവര്‍ഷ മഴയുടെ പ്രതിമാസ വിതരണത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലെ മഴയുടെ അളവില്‍ കുറവ് വരുന്നതിനുള്ള പ്രവണതയും ആഗസ്റ്റ്‌-സെപ്തംബര്‍ മാസങ്ങളില്‍ മഴ വര്‍ദ്ധിക്കുന്നതിനുള്ള പ്രവണതയും കാണപ്പെട്ടു. കേരളത്തില്‍ ലഭിക്കുന്ന കാലവര്‍ഷമഴയുടെ 36 ശതമാനം ജൂണ്‍ മാസത്തില്‍ പെയ്തൊഴിയുമ്പോള്‍ 33 ശതമാനം ജൂലൈയിലും പെയ്യുന്നു. ആഗസ്റ്റ്‌-സെപ്തംബര്‍ മാസങ്ങളില്‍ ഇത് യഥാക്രമം 19 ശതമാനവും 12 ശതമാനവുമാണ്.

കേരളത്തില്‍ കാലവര്‍ഷ മഴയുടെ വിതരണം

കേരളത്തിന്‍റെ ശരാശരി വാര്‍ഷികവര്‍ഷപാതം ഏകദേശം 3000 മി.മീ. ഉം ശരാശരി വാര്‍ഷിക മഴ ദിവസം 126 ഉം ആണ്. തെക്കന്‍ ജില്ലകളിലാണ് കാലവർഷം നേരത്തെ  ആരംഭിക്കുന്നതെങ്കിലും തീരപ്രദേശത്ത് നിന്ന് വടക്കോട്ട് പോകുന്തോറും മഴയുടെ അളവ് വർധിക്കുന്നു. തെക്ക് പാറശാലയിൽ ലഭിക്കുന്ന വാർഷിക വർഷപാതം ഏകദേശം 1480 മി.മീ. വടക്ക് ഹോസ്ദുർഗിൽ ഇത് ഏകദേശം 3600 മി.മീ. ആണ്. കേരളത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന താലൂക്കും ഹോസ്ദുര്‍ഗാണ്. കേരളത്തിൽ പ്രതിമാസം ലഭിക്കുന്ന മഴയുടെ അളവെടുത്താൽ തെക്കൻ മേഖലകളിൽ (പൊന്നാനി മുതൽ തിരുവനന്തപുരം വരെ) ജൂൺ മാസത്തിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. എന്നാൽ വടക്കൻ ജില്ലകളിൽ ജൂലൈ ആണ് ഏറ്റവുമധികം മഴ ലഭിക്കുന്ന മാസം. കേരളത്തിന്‍റെ ദക്ഷിണാർദ്ധത്തിൽ സ്ഥിതിചെയ്യുന്ന അധിവർഷമേഖലകളാണ് എറണാകുളം ജില്ലയിലെ നേര്യമംഗലവും (5884 മി.മീ) ഇടുക്കി ജില്ലയിലെ പീരുമേടും (3770 മി.മി). കേരളത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്നത് നേര്യമംഗലത്താണ്. വടക്കൻ ജില്ലകളിൽ കുറ്റ്യാടിയിലും (3360 മി.), വയനാട് ജില്ലയിലെ വൈത്തിരി മേഖലയിലും (3530 മി.മീ.) കൂടുതൽ മഴ ലഭിക്കുന്നു. എന്നാൽ കേരളത്തിൽ ഉത്തര-ദക്ഷിണഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ഈ അധിവർഷ മേഖലകൾക്കിടയിൽ കിടക്കുന്ന പാലക്കാട് ചുരത്തോട് തൊട്ടുകിടക്കുന്ന ദേശങ്ങളിലും ചുരം മുതൽ പടിഞ്ഞാറോട്ട് നീണ്ട് കിടക്കുന്ന മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളിലും താരതമ്യേന കുറഞ്ഞ മഴയേ ലഭിക്കുന്നുള്ളൂ എന്നതും എടുത്തുപറയേണ്ടതാണ്. വൃഷ്ടിദിനങ്ങളുടെ വിതരണക്രമവും ഇതിൽനിന്ന് വ്യത്യസ്തമല്ല. മഴയുടെ ലഭ്യത ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് ഹൈറെഞ്ചുകളിലാണ്. ഉയരം കൂടുന്നതിനനുസരിച്ച് മഴയുടെ അളവും ശക്തിയും ഒരു പരിധിവരെ കൂടുന്നു. എന്നാൽ പശ്ചിമ പർവ്വത ഘട്ടത്തിലെ വിവിധ പ്രദേശങ്ങളിൽ എത്ര ഉയരം വരെയാണ് മഴ ലഭ്യത കൂടുന്നതെന്നും ഏത് രീതിയിലാണ് കുറയുന്നുവെന്നുമുള്ളതിന് വ്യക്തമായ കണക്കുകൾ ഇനിയും ലഭ്യമല്ല. പാലക്കാടൻ ചുരത്തിന്റെ സാന്നിദ്ധ്യം മൂലം കാലവർഷക്കാറ്റുകളുടെ (വായു പ്രവാഹത്തിന്‍റെ) മുകളിലോട്ടുള്ള ഒഴുക്ക് നടക്കാത്തതിനാൽ ഈ പ്രദേശത്ത് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് മഴ കുറവാണ്. കേരളത്തിൽ തീരദേശങ്ങളെ അപേക്ഷിച്ച് അറബിക്കടൽ ദ്വീപുകളില്‍ മഴ വളരെ കുറവാണ്. പർവ്വത പ്രഭാവത്തിന്റെ പ്രാധാന്യം ഇതില്‍ നിന്ന് വ്യക്തമാണല്ലോ.

ഇടുക്കി, പാലക്കാട് ജില്ലകളിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന സഹ്യാദ്രിയുടെ ആ പ്രദേശങ്ങളിലുള്ള ഉയരക്കുറവ് മൂലമാണ്. കേരളത്തിൽ ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശമാണ് ഇടുക്കിയിലെ ചിന്നാർ (651 മി.മി). ആഗസ്ത് സെപ്തംബർ മാസങ്ങളിൽ കാലവർഷം പെട്ടെന്ന് കുറയുന്നതായി കാണുന്നു. ഈ മാസങ്ങളിൽ മഴ ഏറ്റവും കുറവ് ലഭിക്കുന്നത് തിരുവനന്തപുരത്തും ഏറ്റവും കൂടുതൽ കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ്.

മൺസൂണിന്റെ താൽക്കാലിക വിരാമം

(Break in monsoon)

വേനല്‍ മാസങ്ങളിൽ വടക്കേ ഇന്ത്യയിൽ അനുഭവപ്പെടുന്ന സൂര്യതാപം മൂലം ഒരു നീചമർദ്ദമേഖല വടക്കേ ഇന്ത്യയിൽ ഉടലെടുക്കുന്നു. മൺസൂണിന്റെ ആരംഭത്തോടുകൂടി ഈ നീചമർദ്ദമേഖല ഇന്ത്യയുടെ പൂർവ്വഭാഗത്തേക്ക് നീളുവാൻ ആരംഭിക്കുന്നു. തൽഫലമായി ഹിമാലയൻ പർവ്വത നിരകൾക്ക് സമാന്തരമായി കിഴക്കു പടിഞ്ഞാറൻ ദിശയിൽ ഒരു സുദീർഘമായ നീചമർദ്ദമേഖല രൂപം പ്രാപിക്കുന്നു. ഇതാണ് 'മൺസൂൺ ട്രഫ് അഥവാ മൺസൂൺ പാത്തി', ഇത് എല്ലായ്പ്പോഴും ഒരു സ്ഥാനത്തുതന്നെ സ്ഥിതിചെയ്യണമെന്നില്ല. കാലാകാലങ്ങളിൽ ഈ നീചമർദ്ദപാത്തി അതിൻറെ സ്വാഭാവിക സ്ഥാനത്തുനിന്ന് തെക്കോട്ടോ വടക്കോട്ടോ നിങ്ങാറുണ്ട്. നീചമർദം ഹിമാലയ പർവ്വതനിരകളുടെ ഭാഗത്തേക്ക് നീങ്ങുന്ന അവസരങ്ങളിൽ തദനുസ്യതമായി ഇന്ത്യയിലൊട്ടാകെ ലഭിക്കുന്ന മഴയുടെ അളവിലും വിതരണത്തിലും മാറ്റം സംഭവിക്കുന്നു. ഹിമാലയൻ പർവ്വതപ്രാന്തങ്ങളിൽ കനത്തമഴയും എന്നാൽ വടക്കേ ഇന്ത്യയിൽ മഴ നിലയ്ക്കുകയും ചെയ്യുന്നു. ഇതിനെയാണ് താൽക്കാലിക മൺസൂൺ വിരാമമെന്ന് പറയുന്നത്. ചില സന്ദർഭങ്ങളിൽ മൺസൂൺ പാത്തി ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയും പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശങ്ങളിൽ മഴ നൽകുകയും ചെയ്യുന്നു. മൺസൂൺപാത്തി തെക്കോട്ടാണ് നീങ്ങുന്നതെങ്കിൽ മധ്യേന്ത്യയിലും ഗംഗാ സമതലങ്ങളിലും കനത്ത മഴ ലഭിക്കുന്നു. കാലവർഷം ലഭിക്കുന്ന പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം കാലവർഷക്കാലത്തിനിടയ്ക്ക് മഴ നിൽക്കുന്ന ഇടവേളകൾ നിലനിൽക്കുകയാണെങ്കിൽ അത് കാലവർഷക്കാലത്ത് അനുഭവപ്പെടുന്ന വരൾച്ചയ്ക്ക് വഴി തെളിയിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരം സുദീർഘമായ തൽക്കാലിക മൺസൂൺ വിരാമങ്ങൾ മൂലം രൂക്ഷമായ വരൾച്ച അനുഭവപ്പെടാറുള്ളത്. കേരളത്തിൽ മൺസൂണിൻറ താൽക്കാലിക വിരാമംമൂലം ഉണ്ടാവുന്ന മഴക്കുറവ് എടുത്തുപറയത്തക്ക രീതിയിൽ അനുഭവപ്പെടാറില്ല. ഒന്നോ രണ്ടോ ആഴ്ചയോളം, ജൂലൈ-ആഗസ്ത് മാസങ്ങളിൽ, മഴ വിട്ട് നിൽക്കാറുണ്ടെങ്കിലും ഏറെക്കുറെ സമമായ അളവിലും വിതരണത്തിലുമാണ് കേരളത്തിൽ കാലവർഷമഴ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കാലവർഷക്കാലത്തുണ്ടാകുന്ന വരൾച്ച കേരളത്തെ സംബന്ധിച്ച് അത്ര പ്രകടമാകാറില്ല. ഇത്തരം വരൾച്ച വേളകൾ തോട്ടവിളകളെ ബാധിക്കാറില്ലെങ്കിലും കാലവർഷാശ്രിത വിളയായ വിരിപ്പ് കൃഷിയെ സംബന്ധിച്ച് പ്രതികൂലഫലമുളവാക്കും.

കാലവർഷം കേരളത്തിൽ

കേരളത്തിൽ ഒരു വർഷം ആകെ ലഭിക്കുന്ന മഴയുടെ 68 ശതമാനവും ലഭിക്കുന്നത് കാലവർഷ മഴയിൽ നിന്നാണ്. ഒരു വർഷം കേരളത്തിൽ ലഭിക്കുന്ന മഴ 2814 മി.മീ. ആണ്. ഇതിൽ കാലവർഷക്കാലത്ത് ലഭിക്കുന്ന ശരാശരി മഴ ഏകദേശം 1914 മി.മി, ആണ് ഇതിൽനിന്നും 370 മി.മീ. കൂടുതലോ കുറവോ ആയാലും സാധാരണ കാലവർഷമഴയായാണ് കണക്കാക്കുക. കേരളത്തെ സംബന്ധിച്ച് വ്യത്യസ്ത വർഷങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവിൽ വലിയ ഏറ്റക്കുറച്ചിലുകളൊന്നും കാണപ്പെടാറില്ല. കാലവർഷമഴയുടെ വ്യതിയാനഗുണാങ്കം (Coefficient of variation) 19.1 ശതമാനം മാത്രമാണ്.

കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നത് ശൈത്യകാലത്താണ്. 65 മില്ലീമീറ്റർ. 138 വര്‍ഷത്തെ സ്ഥിതിവിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ശരാശരി മഴയിൽ നിന്നും കൂടുതലായും കുറവായും മഴ ലഭിച്ച വർഷങ്ങളുടെ എണ്ണം ഏറെക്കുറെ തുല്യമായിരുന്നു. 138 വർഷങ്ങളിൽ 43 വർഷങ്ങളിൽ ലഭിച്ച മഴ ശരാശരിയിൽ നിന്നും കൂടുതലോ കുറവോ ആയിരുന്നു. ശരാശരിയിൽ നിന്നും മൺസൂൺ മഴ കൂടുതൽ ലഭിച്ച വർഷങ്ങളിൽ ലഭിച്ച മഴയുടെ അളവും ശരാശരിയും തമ്മിലുള്ള അന്തരം കൂടുതലായി കാണപ്പെട്ടു. എന്നാൽ കുറവ് മൺസൂൺ മഴ ലഭിച്ച വർഷങ്ങളിൽ മഴയുടെ അളവും ശരാശരിയും തമ്മിലുള്ള അന്തരം തുലോം കുറവായിരുന്നു. കഴിഞ്ഞ രണ്ട് ദശകത്തിനിടയ്ക്ക് അധിവൃഷ്ടി ലഭിച്ചത് 1981ലും 2007ലും  മാത്രമായിരുന്നു. അതേസമയം മഴക്കുറവ് അനുഭവപ്പെടുന്ന വർഷങ്ങളുടെ എണ്ണം വർധിച്ചു വരികയും, ചെയ്യുന്നു. ശരാശരി ലഭിക്കേണ്ടുന്ന മഴയിലും തദനുസ്യതമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ദീര്‍ഘകാല ശരാശരിയായ 1914 മില്ലീമീറ്റർ മഴയില്‍നിന്ന് 6.8 ശതമാനം വരെ മഴ കുറവായാണ് അടുത്തകാലത്തായി രേഖപ്പെടുത്തിയിട്ടുള്ളത്.

കാലവർഷമഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന ജൂൺ-ജൂലൈ മാസങ്ങളിലാണ് ഈ കുറവ് ഏറ്റവും പ്രകടം. ശ്രദ്ധേയമായ മറ്റൊരു വസ്തുത, ശരാശരി മഴയിലുണ്ടാകുന്ന ഈ കുറവ് തെക്കന്‍ കേരളത്തിലാണ് ഏറെ പ്രസക്തം എന്നതാണ്. കേരളത്തിൽ വേനൽമാസങ്ങളിൽ കടുത്ത ജല ദൗർലഭ്യവും വരൾച്ചയും അടുത്തകാലത്തായി രൂക്ഷമായിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. തെക്കൻ കേരളത്തിൽ ലഭിക്കുന്ന ശരാശരി വാർഷിക മഴയുടെ 50-60 ശതമാനം കാലവർഷമഴയിൽ നിന്നാണ്. എന്നാൽ തുലാവർഷമഴ താരതമ്യേന ദുർബലമായ വടക്കൻ കേരളത്തിലാകട്ടെ ഒരു വർഷം ആകെ പെയ്യുന്ന മഴയുടെ 80-85 ശതമാനവും കാലവർഷമഴയിൽ നിന്നാണ്.

കേരളത്തിൽ കാലവർഷം ആരംഭം കുറിക്കുന്നത് തെക്കാണെങ്കിലും ലഭിക്കുന്ന മഴയുടെ ശക്തിയും അളവും തെക്കൻ ജില്ലകളിൽ കുറവാണ്. വടക്കോട്ട് പോകുന്തോറും കാലവർഷം ശക്തിപ്രാപിക്കുകയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കൂടുതൽ മഴ നൽകുകയും ചെയ്യുന്നു.

തെക്കൻ ജില്ലകളിൽ ജൂൺമാസത്തിലാണ് കാലവർഷമഴ കൂടുതലും പെയ്യുന്നത്; എന്നാൽ ഉത്തരകേരളത്തിൽ ജൂലൈ ആണ് കൂടുതൽ മഴ കിട്ടുന്ന മാസം. കാലവർഷക്കാലത്ത് താരതമ്യേന കുറവ് മഴയെ പാലക്കാട് ജില്ലയിൽ കിട്ടുന്നുള്ളൂ. ജില്ലയിലെ ചുരത്തിന്‍റെ പ്രഭാവമാവാം ഇതിന് കാരണം. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കാസറഗോഡാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ഈ ജില്ലയിൽ കാലവർഷക്കാലത്ത് താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലാവുന്നത് സാധാരണമാണ്. ഏറ്റവും കൂടുതൽ മഴയും, നദികളാൽ സമ്പുഷ്ടവുമായ അത്യുത്തര കേരളം ഏറ്റവുമധികം വരൾച്ചയെ അഭിമുഖീകരിക്കുന്ന പ്രദേശവും കൂടിയാണ്. ഈ ഭൂവിഭാഗങ്ങളിൽ ലഭിക്കുന്ന മഴയുടെ വിതരണക്രമമാണിതിന് കാരണം.

വാർഷിക വർഷപാത ലഭ്യതയുടെ കാര്യത്തിലും വടക്കൻ ജില്ലകൾ തന്നെയാണ് മുന്നിൽ; തുലാമഴയിൽ ഗണ്യമായ കുറവുണ്ടായിട്ടുകൂടി കേരളത്തിൽ ശൈത്യമാസങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവ് തുലോം കുറവാണ്. പ്രതിമാസം ലഭിക്കുന്ന മഴയുടെ കണക്കെടുത്താൽ ജൂൺ മാസത്തിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്; ശക്തിയേറിയ കാലവർഷമഴ ജൂലൈ മാസത്തിൽ വടക്കൻ ജില്ലകളിൽ ലഭ്യമാകുന്നുണ്ടെങ്കിലും. മഴയുടെ കാര്യത്തിൽ ജൂലെ തൊട്ടുതാഴെ നിൽക്കുന്നു. ആഗസ്ത് മാസത്തിൽ മഴയുടെ അളവിൽ പ്രകടമായ കുറവാണ് കാണുന്നത്. സെപ്തംബർ മാസത്തോടെ വീണ്ടും ശക്തി കുറയുന്ന മഴ, ഒക്ടോബറിൽ തുലാവർഷത്തോടെ ശക്തി കൂടി നവംബറിൽ വീണ്ടും കുറയുന്നു.

കാലവർഷവും കേരളത്തിലെ കാർഷിക വിളകളും

കാർഷിക കേരളത്തെ സംബന്ധിച്ചിടത്തോളം "വിളവിന്‍റെ തലവര' തന്നെയാണ് കാലവർഷം. ഒട്ടുമിക്ക കാർഷിക വിളകളും കാലവർഷാശ്രിതങ്ങളാണ്. പ്രധാന ഭക്ഷ്യവിളയായ നെല്ലിന്റെ വിരിപ്പ് കൃഷി കാലവർഷത്തെ മാത്രം ആശ്രയിച്ചാണ്. ജലലഭ്യതയനുസരിച്ച് കേരളത്തിൽ ഒരാണ്ടിൽ മൂന്ന് തവണ വരെ നെൽകൃഷിയിൽ വിളവെടുപ്പ് നടത്താറുണ്ട്. വിരിപ്പ് അഥവാ ഒന്നാം വിള ഏപ്രിൽ/മെയ് തുടങ്ങി സെപ്റ്റംബർ ഒക്ടോബർ വരെയും മുണ്ടകൻ അഥവാ രണ്ടാം വിള സെപ്തംബർ-ഒക്ടോബർ മുതൽ ഡിസംബർ/ജനുവരി വരേയും പുഞ്ച അഥവാ മൂന്നാം വിള ഡിസംബർ/ജനുവരി മുതൽ മാർച്ച് ഏപ്രിൽ വരെയുമാണ് നടത്തപ്പെടുന്നത്. ലഭിക്കുന്ന വിളവിന്‍റെ അളവ് നടീൽ സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു; പ്രത്യേകിച്ചും പ്രകാശസംവേദനത്വം (photo sensitive) കാണിക്കുന്ന ഇനങ്ങളിൽ. ഭൂപ്രകൃതി, ജലലഭ്യത, നെല്ലിനം എന്നിവയുടെ അടിസ്ഥാനത്തിൽ വിരിപ്പ്-മുണ്ടകൻ-പുഞ്ച കൃഷി സമയങ്ങളിൽ പ്രാദേശികമായി മാറ്റം ഉണ്ടാകാം. ഉദാഹരണമായി ഓണാട്ടുകരയിൽ മുണ്ടകൻ കൃഷി ആരംഭിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം ആഗസ്റ്റ് ആദ്യവാരമോ രണ്ടാംവാരമോ ആണ്. കുട്ടനാട്ടിലാവട്ടെ മൂന്നാം വിള ക്യഷിയായ പുഞ്ച ഒക്ടോബർ -ജനുവരി മാസങ്ങളിലാണ് നടത്തപ്പെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പുഞ്ചകൃഷി സമയത്ത് ഓരുവെളളം കയറുന്നതുമൂലം കുട്ടനാട്ടിൽ കൃഷിനഷ്ടം ഉണ്ടാകുന്നതായി കാണുന്നു. മഴക്കുറവും പുഞ്ചകൃഷി സമയത്ത് വേണ്ടത്ര ജലസേചന സൗകര്യം ലഭിക്കാത്തതും ഇതിന് കാരണമാണ്.

വിരിപ്പ് കൃഷിക്ക് സാധാരണഗതിയിൽ ജലസേചനം ആവശ്യമായി വരാറില്ല. എന്നാൽ കടുത്ത ഈർപ്പക്കമ്മി നേരിടുന്ന മാസങ്ങളിലാണ് മുണ്ടകൻ-പുഞ്ച കൃഷികൾ നടത്തപ്പെടുന്നത്. വേണ്ടത്ര ജലസേചന സൗകര്യം ഉറപ്പാക്കിയില്ലെങ്കിൽ വിള നശിക്കാനും മതി. ഉത്തര കേരളത്തിലിത് വളരെ സാധാരണമാണ്. തെക്കൻ കേരളത്തിൽ തുലാവർഷത്തെ ആശ്രയിച്ചും രണ്ടാംവിള കൃഷി നടത്താറുണ്ട്. താരതമ്യേന മഴ കുറഞ്ഞ ഡിസംബർ-മെയ് മാസങ്ങളിൽ തോട്ടവിളകൾക്ക് ജലസേചനം നൽകുന്നത് ഗുണകരമാണ്.

എന്നാൽ കനത്ത കാലവർഷമഴ, താഴ്ന്ന പ്രദേശങ്ങളിലും ഇടനാടുകളിലും വെള്ളക്കെട്ടിന് ഇടയാക്കുന്നു. സംസ്ഥാനത്തെ നെൽകൃഷിയെ വെള്ളക്കെട്ട് പ്രതികൂലമായി ബാധിക്കാറുണ്ട്. കനത്ത മഴയും മേഘാവൃതമായ ആകാശവും ബാഷ്പ-സ്വേദനത്തിൻറ അളവിൽ കാര്യമായ കുറവ് വരുത്താറുണ്ട്. അതുവഴി വിളകളിലെ പോഷകാഗിരണവും അസന്തുലിതാവസ്ഥയിൽ ആകുന്നു. കാലവർഷകാലത്തെ ഉയർന്ന ആപേക്ഷിക ആർദ്രത കൃമി-കീട-രോഗബാധയ്ക്ക് ഏറ്റവും അനുയോജ്യമായ ഘടകമാണ്. മൺസൂൺ കാലത്തെ കനത്ത മഴയും, സൂര്യപ്രകാശ കുറവും, വേനൽകാലത്തെ കുറഞ്ഞ മഴയും സുലഭമായ സൂര്യപ്രകാശവുമാണ് കേരളത്തെ സംബന്ധിച്ച് കാലാവസ്ഥയിലെ സവിശേഷതകള്‍.

തുലാവർഷം

ഇന്ത്യയിൽ കാലവർഷം ജൂലൈ മധ്യത്തോടെ തന്നെ പരക്കെ എത്തുമെങ്കിലും, ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും പടിഞ്ഞാറൻ ഭാഗത്തുനിന്ന് സെപ്തംബർ ആദ്യം തന്നെ വിടവാങ്ങാൻ തുടങ്ങുന്നു. ഘട്ടംഘട്ടമായാണ് ഈ വിടവാങ്ങൽ. ഡിസംബർ ആദ്യവാരം തന്നെ ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്ന് കാലവർഷം പൂർണ്ണമായി വിടവാങ്ങുന്നു.

കാലവർഷത്തിന്റെ ഈ വിടവാങ്ങൽ കാലത്തിനെയാണ് നാം 'തുലാവർഷം' എന്ന് വിളിക്കുന്നത്. ഇതാണ് നമ്മുടെ രണ്ടാം മഴക്കാലം. മിന്നലിൻറയും ഇടിയുടേയും അകമ്പടിയോടെ മഴപെയ്യുന്ന കാലം. ഒക്ടോബർ-നവംബർ മാസങ്ങളിൽ കാലവർഷത്തോളം പോന്നതല്ലെങ്കിലും സാമാന്യം മഴ ലഭിക്കുന്നു. കേരളത്തിൽ തുലാവർഷമഴയുടെ സംഭാവന 16 ശതമാനത്തിൽ താഴെ മാത്രമേ വരൂ (വടക്കൻ കേരളത്തിൽ 8 ശതമാനവും). എന്നാൽ നമ്മുടെ അയൽ സംസ്ഥാനമായ സഹ്യാദ്രിക്ക് കിഴക്ക് കിടക്കുന്ന തമിഴ്നാട്ടിൽ ഈ മാസങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുന്നത് (48 ശതമാനത്തോളം). കാലവർഷ മഴയുടെ അളവിൽ തെക്കുനിന്ന് വടക്കോട്ട് പോകുന്തോറും വർദ്ധനവ് രേഖപ്പെടുത്തുമ്പോൾ തുലാവർഷക്കാലത്ത് നേരെ തിരിച്ചാണ്; വടക്കുനിന്ന് തെക്കോട്ട് കൂടുതൽ മഴ ലഭിക്കുന്നു. തെക്കൻ കേരളത്തിൽ ഈ കാലയളവിൽ ഏതാണ്ട് 500 മി.മി. മഴയും വടക്ക് ഏതാണ്ട് 300 മി.മീ. മഴയും ലഭിക്കുന്നു.

ഇക്കാലത്തെ മറ്റൊരു പ്രത്യകത, സഹ്യാദ്രിയിൽ മഴ ലഭിക്കുകയും അതിന്‍റെ രണ്ട് ഭാഗത്തേയ്ക്കും പോരുമ്പോൾ മഴയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കൊല്ലത്തും ഏറ്റവും കുറവ് കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ്. കാലവർഷത്തെപ്പോലെ തന്നെ തുലാവർഷത്തിലും ശക്തിയായി മഴ ലഭിക്കുന്ന അധിവർഷമേഖലകളുണ്ട്. തെക്കൻ ജില്ലകളിൽ നേര്യമംഗലം (1010 മി.മീ.), പുനലൂർ (700 മി.മീ.), പത്തനംതിട്ട(710 മി.മി.), വടക്ക് മണ്ണാർക്കാട് (550 മി.മീ.), കുറ്റ്യാടി (620 മി.മീ.) എന്നിവയുമാണിവ. സെപ്തംബര്‍ മാസത്തോടെ ശക്തി ക്ഷയിക്കുന്ന മഴ ഒക്ടോബറിൽ തുലാവർഷാരംഭത്തോടെ വീണ്ടും ശക്തി പ്രാപിക്കുകയും തുടർന്ന് നവംബറിൽ വീണ്ടും ശക്തി കുറയുകയും ചെയ്യുന്നു. തുലാവർഷത്തിന്റെ തുടക്കത്തിൽ വർഷപാതം ഉൾപ്രദേശത്ത് മാത്രമായി ഒതുങ്ങി നിൽക്കുന്നു. ഈ സമയത്ത് ഉച്ച തിരിഞ്ഞും വൈകുന്നേരവും മാത്രമാണ് മഴ ലഭിക്കുന്നത്. ഇത്തരം മഴകൾ ഇടിയോട് കൂടിയതായിരിക്കും. തുലാവര്‍ഷം വ്യവസ്ഥാപിതമായി കഴിഞ്ഞാല്‍ വര്‍ഷപാതം തീരപ്രദേശങ്ങളില്‍ ദൃശ്യമാകുന്നു. തീരപ്രദേശങ്ങളില്‍ അതിരാവിലെയും ഇടിയോടുകൂടിയ മഴ ലഭിക്കാറുണ്ട്. ഇത് പ്രധാനമായും കരക്കാറ്റിന്‍റെയും കടല്‍ക്കാറ്റിന്‍റെയും പ്രതിപ്രവര്‍ത്തനഫലമാണ്. തുലാവര്‍ഷമഴ പെയ്യുന്നത് സാധാരണ വൈകിട്ടോ അതിരാവിലെയോ ആണ്. ഈ കാലയളവില്‍ ബംഗാള്‍ ഉള്‍ക്കടലിലോ, അറബിക്കടലിലോ ന്യൂനമർദ്ദം രൂപപ്പെട്ടാൽ അതിന്റെ ഫലമായി തുടർച്ചയായി രണ്ട് മൂന്ന് ദിവസം നിന്നുപെയ്യുന്ന ശക്തിയായ മഴ ലഭിക്കുക സാധാരണയാണ്. ന്യൂനമർദ്ദമേഖലയുടെ സ്ഥാനം, ശക്തി, നീങ്ങുന്ന ദിശ, വേഗത ഇവ മഴയുടെ ലഭ്യത, തീവ്രത, കാലയളവ് എന്നിവയെ സ്വാധീനിക്കുന്നു. സീസണിൽ ഒന്നോ അധിലധികമോ ന്യൂനമർദ്ദവ്യൂഹങ്ങൾ രൂപപ്പെടാറുണ്ട്. ന്യൂനമർദ്ദവ്യൂഹങ്ങൾ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് അറബിക്കടലിൽ പ്രവേശിച്ച് അവിടെവെച്ച് വീണ്ടും ശക്തിപ്രാപിക്കുന്നവയോ ആകാം. ഈ കാലയളവിൽ അറബിക്കടലിലും ചില അവസരങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെടാറുണ്ട്. ഏറ്റവും കൂടുതൽ ന്യൂനമർദ്ദവ്യൂഹങ്ങൾ ബംഗാൾ ഉൾക്കടലിലാണ് രൂപം പ്രാപിക്കുന്നതെന്ന കാര്യം എടുത്തുപറയേണ്ടതാണ്. എന്തായാലും ഒന്നോ, രണ്ടോ ന്യൂനമർദവ്യൂഹങ്ങൾ കേരളത്തിൽ, പ്രത്യേകിച്ച് നവംബർ മാസത്തിൽ, പരക്കെ ശക്തിയേറിയ മഴ ലഭിക്കുന്നതിന് സഹായകമാവാറുണ്ട്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ബംഗാൾ ഉൾക്കടലിൽ തെക്ക് പടിഞ്ഞാറൻ കാലവർഷക്കാലത്ത് രൂപം പ്രാപിക്കുന്ന ന്യൂനമർദ്ദവ്യൂഹങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് കാണപ്പെട്ടിട്ടുണ്ട്. എന്നാൽ തുലാവർഷക്കാലത്ത് രൂപം പ്രാപിക്കുന്ന ന്യൂനമർദവ്യൂഹങ്ങളുടെ എണ്ണത്തിലാകട്ടെ ഈ കുറവ് അനുഭവപ്പെട്ടിട്ടില്ല. മുൻകാലത്ത്, കാലവർഷക്കാലത്ത് ശരാശരി 6 ന്യൂനമർദ്ദവ്യൂഹങ്ങൾ വരെ രൂപംകൊളളാറുണ്ടായിരുന്നത്, 1971നുശേഷമുള്ള 30 വർഷങ്ങളിൽ ശരാശരി മൂന്നായി ചുരുങ്ങിയതായി കാണുന്നു. കാലവർഷക്കാലത്ത് ലഭിക്കുന്ന കനത്ത മഴയ്ക്ക് ഹേതുവാകുന്നത് ഇത്തരം ന്യൂനമർദ്ദങ്ങളാണ്. തുലാവർഷക്കാലത്ത് രൂപം കൊള്ളുന്ന ന്യൂനമർദ്ദങ്ങളാകട്ടെ, അതിവൃഷ്ടി മൂലമുള്ള കെടുതികൾക്ക് കാരണമാകാറുണ്ട്. ഇന്ന് ഭാരതീയ കാലാവസ്ഥാ വകുപ്പിൻറെ കീഴിൽ ചുഴലിക്കാറ്റിനെക്കുറിച്ച് മുൻകൂട്ടി വിവരം തരാൻ റഡാറുകളും സാറ്റലൈറ്റ് സംവിധാനങ്ങളുമുണ്ട്. ന്യൂനമർദ്ദം രൂപപ്പെടുമ്പോൾ തന്നെ ഉപഗ്രഹചിത്രങ്ങളുടെയും റഡാറിൻറയും സഹായത്തോടെ വിശകലനം ചെയ്ത് മനസ്സിലാക്കാനുള്ള സാങ്കേതികജ്ഞാനം നാം നേടിയിട്ടുണ്ട്. ഇന്ത്യയിൽ കൽക്കട്ട, പാരദ്വീപ്, വിശാഖപട്ടണം, മച്ചിലിപട്ടണം, ചെന്നൈ, കാരയ്ക്കൽ, കൊച്ചി, ഗോവ, മുംബൈ,  ഭുജ് എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് നിരീക്ഷണ വിധേയമാക്കാനുള്ള റഡാർ സൗകര്യങ്ങൾ ഉണ്ട്. കരയിൽ നിന്നും 400 കി.മീ. വരെ ദൂരത്തിലുള്ള ചുഴലിവാതങ്ങളുടെ തീവ്രതയും ഗതിയും ഇത്തരം റഡാറുകൾ വഴി ലഭ്യമാകും. 400 കി.മീ. പരിധിക്കപ്പുറമുള്ളത് ഉപഗ്രഹസഹായത്തോടെയും നിരീക്ഷണവിധേയമാക്കുന്നു. ചുഴലിവാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ കൽക്കട്ട, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലുള്ള പ്രാദേശിക ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിൽ നിന്നും വിശാഖപട്ടണം, ഭുവനേശ്വർ, അഹമ്മദാബാദ് കേന്ദ്രങ്ങളിൽ നിന്നും നൽകുന്നു. ഡോപ്ളർ റഡാറുകളുടെ വരവോടുകൂടി ചുഴലിക്കാറ്റിന്‍റെ ഗതി, ശക്തി, തിരമാലകളുടെ ഉയരം, വായുമർദം തുടങ്ങിയ ഘടകങ്ങൾ വ്യക്തമായി പ്രവചിക്കുവാൻ നമ്മുടെ കാലാവസ്ഥാ വകുപ്പിന് കഴിയും. എന്നിരിക്കിലും പ്രകൃതിയുടെ ഇത്തരം പ്രതിഭാസങ്ങളെ നിയന്ത്രണ വിധേയമാക്കുവാൻ ശാസ്ത്ര സമൂഹത്തിന് ഇതുവരേയും കഴിഞ്ഞിട്ടില്ല.

വടക്കൻ കേരളത്തിൽ പൊതുവെ അശക്തമാണ് തുലാമഴ. മധ്യ തെക്കൻ ജില്ലകളിലെ കാർഷികോൽപ്പാദനത്തിൽ തുലാമഴയും ഇടമഴയും (വേനൽമഴ) ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. തുലാവർഷത്തിന്‍റെ വിതരണം അൽപ്പമൊന്ന് തെറ്റിയാൽ അത് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തിലെ കാർഷിക മേഖലയെയായിരിക്കും. താരതമ്യേന കുറഞ്ഞ തോതിലേ മഴ ലഭിക്കുന്നുള്ളുവെങ്കിലും, ഈ മാസങ്ങളിൽ ലഭിക്കുന്ന മഴയാണ് മണ്ണിൽ ഊർന്നിറങ്ങി മണ്ണിന്‍റെ ജലസമ്പത്ത് പുഷ്ടിപ്പെടുത്തുന്നതിന് സഹായകമാകുന്നത്. അതുകൊണ്ട് തന്നെ ഒക്ടോബർ, നവംബർ മാസങ്ങളിൽ ലഭിക്കുന്ന മഴയെങ്കിലും ഒഴുകി പോകാതെ മണ്ണിൽ ഊർന്നിറങ്ങുന്നതിനുവേണ്ട ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന്, നാം ശ്രദ്ധിക്കണം.

വടക്കൻ കേരളത്തിലെ വാർഷിക ശരാശരി വർഷപാതം കൂടുതലാണെങ്കിലും, തെക്കൻ ജില്ലകളിൽ അനുഭവപ്പെടുന്ന രണ്ട് മഴക്കാലത്തിൻറെ സ്വാധീനം മൂലം ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന മഴയുടെ അളവ് താരതമ്യേന കൂടുതലാണ്. പൊന്നാനി മുതൽ തിരുവനന്തപുരം വരെ (ദേവികുളം ഒഴിച്ച്) മഴയുടെ വിതരണത്തിൽ, കാലവർഷമഴയുടേയും, തുലാവർഷമഴയുടേയും സ്വാധീനം മൂലം ദ്വിത്വ ഭാവം (bimodel) പ്രകടമാണ്. എന്നാൽ വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ മഴയുടെ വിതരണം ഫലത്തിൽ ഏകഭാവം(Unimodel) മാത്രമേ പ്രകടിപ്പിക്കുന്നുളളു. വടക്കൻ കേരളത്തിൽ തുലാമഴയുടെ ശക്തി തുലോം കുറവാണെന്നതുകൊണ്ടാണിത്. ഇടമഴ പെയ്യാത്ത വർഷങ്ങളിൽ ഈ പ്രദേശങ്ങൾ നീണ്ട വരൾച്ച അനുഭവിക്കാറുണ്ട്.

വരൾച്ച

സമൂഹത്തിൻറെ നിലനിൽപ്പിന് എന്നും ഭീഷണി ഉയർത്തുന്ന പ്രകൃതിയുടെ പ്രതിഭാസങ്ങളിലൊന്നാണ് വരൾച്ച. മനുഷ്യവർഗ്ഗത്തിന്‍റെ മാത്രം ചരിത്രമെടുത്താൽ തന്നെ, കൂട്ടത്തോടെയുളള പാലായനം, കടുത്ത ഭക്ഷ്യക്ഷാമം, തുടങ്ങിയവയ്ക്ക് വരൾച്ച ഹേതുവായിട്ടുണ്ട്. 21-)൦ നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോൾ പോലും, വരൾച്ചയെ ഫലപ്രദമായി നേരിടാനുള്ള മാർഗ്ഗങ്ങൾ അന്യമാണ്. ഇന്ത്യ ഇന്നേവരെ നേരിടേണ്ടി വന്നിട്ടുള്ള കടുത്ത ഭക്ഷ്യക്ഷാമങ്ങളിൽ പലതും വരൾച്ച മൂലമായിരുന്നു. വരൾച്ചയുടെ പ്രത്യാഘാതങ്ങൾ ചിലപ്പോൾ ഉടനടി അനുഭവപ്പെട്ടേക്കാം. മറ്റു ചിലപ്പോഴാകട്ടെ പടിപടിയായി സാമ്പത്തിക വ്യവസ്ഥിതിമേൽ പിടിമുറുക്കുന്ന തരത്തിലുള്ളതുമാകാം. കടുത്ത, വ്യാപകമായ വരൾച്ച മിക്കവാറും മാരകഫലങ്ങൾ ഉളവാക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ സാമ്പത്തിക വ്യവസ്ഥ മാത്രമല്ല തകരുന്നത്; ജനജീവിതം കൂടിയാണ്. വരൾച്ചയ്ക്ക് സാർവത്രികമായ ഒരു നിർവ്വചനം ഇല്ലതന്നെ. വേണ്ടത്ര അളവിൽ വർഷപാതം ലഭിക്കാതെ വരുന്നതുമൂലം മണ്ണിൽ ഈർപ്പത്തിന്‍റെ അളവ് അമിതമായി കുറയുന്ന അവസ്ഥയാണ് വരൾച്ച എന്ന് പൊതുവെ പറയാം. മഴക്കുറവ് മാത്രമല്ല, വർദ്ധിച്ച സസ്യസ്വേദനം, ഉയർന്ന അന്തരീക്ഷതാപനില, മണ്ണിന്‍റെ കുറഞ്ഞ ഈർപ്പഗ്രാഹകശേഷി, തുലാവർഷത്തിൻറ വൈകൽ, കാലവർഷത്തിനിടയ്ക്ക് മഴ നിലക്കുന്ന "സുദീർഘമായ ഇടവേളകൾ' (Monsoon break) എന്നിവയും വരൾച്ചയ്ക്ക് കാരണമാകാം.

വിവിധയിനം വരൾച്ചകൾ

  • കാലാവസ്ഥാപരമായ വരൾച്ച (Meteorological drought)

ഒരു സ്ഥലത്ത് ലഭിക്കേണ്ട ശരാശരി മഴയുടെ 25 ശതമാനത്തിലേറെ കുറവ് സംഭവിച്ചാൽ ഉണ്ടാകുന്ന വരൾച്ച ഈ പേരിലറിയപ്പെടുന്നു. മഴക്കുറവ് 26 ശതമാനം മുതൽ 50 ശതമാനം വരെയാകുമ്പോൾ അതിനെ മിതമായ വരൾച്ചയെന്നും, അൻപത് ശതമാനത്തിലേറെയാകുമ്പോൾ അതിനെ കഠിനമായ വരൾച്ചയെന്നും വിളിക്കുന്നു.

  • ജലസ്രോതസ്സുകളുടെ വരൾച്ച (Hydrological drought)

കാലാവസ്ഥാപരമായ വരൾച്ച തന്നെ നീണ്ടുനിൽക്കുകയാണെങ്കിൽ അത് ജലസ്രോതസ്സുകളുടെ വരൾച്ചയായി മാറുന്നു. ഉപരിതല ജലസ്രോതസ്സുകൾ വരണ്ട് ജലസംഭരണികളും തടാകങ്ങളും നിർജലമാവുകയും ഭൂഗർഭജലവിതാനം അമിതമായി താഴുകയും ചെയ്യുന്നത് ഇത്തരത്തിലുള്ള വരൾച്ചയുടെ പ്രത്യേകതകളാണ്. പ്രകൃത്യാ ഉള്ളതും അല്ലാത്തതുമായ ധാരാളം ജലസ്രോതസ്സുകളുള്ള കേരളവും വരൾച്ചയുടെ പിടിയിൽ നിന്നും വിമുക്തമല്ല. പ്രകൃത്യാ ഉള്ള ജലസ്രോതസ്സുകൾ മലിനമാക്കുന്നത് കൂടാതെ, കിണർ, കുളം തുടങ്ങിയ മനുഷ്യനിർമ്മിത ജലസ്രോതസ്സുകൾ വൃത്തിയായി പരിപാലിക്കുന്നതിലും ജനങ്ങൾ വൈമുഖ്യം കാണിക്കുന്നു. പൊതുജലവിതരണ സംവിധാനങ്ങളെയാണ് ഇന്ന് ജനങ്ങൾ ഏറെയും ആശ്രയിക്കുന്നത്. ജലസ്രോതസുകളായോ അഥവാ ജലസംഭരണികളായോ ഉപയോഗിക്കാവുന്ന കിണറുകളും കുളങ്ങളും നാമാവശേഷമാകുന്നതും ഭൂഗര്‍ഭജലവിതാനം കുറയുന്നതിന് ഒരു പരിധിവരെ കാരണമായിട്ടുണ്ട്. ജലവൈദ്യുത ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തുക വഴി കൃഷിയെ മാത്രമല്ല വ്യവസായ മേഖലകളേയും ഇത്തരം വരള്‍ച്ച പ്രതികൂലമായി ബാധിക്കുന്നു.

  • കാർഷിക വരൾച്ച (Agricultural drought)

വിളയുടെ സുപ്രധാന വളർച്ചാഘട്ടങ്ങളിൽ ആവശ്യത്തിന് ജലം ലഭ്യമാകാതെ വരുമ്പോൾ 'കാർഷിക വരൾച്ച' ഉണ്ടാകുന്നു. മണ്ണിലെ ഈർപ്പമാനവും വർഷപാതവും അതിയായി കുറയുമ്പോഴാണ് കാർഷിക വരൾച്ച ഉണ്ടാകുന്നത്. തൽഫലമായി വിളകളെ ഉണക്ക് ബാധിക്കുന്നു. ലോകത്തിലെ വിവിധ പ്രദേശങ്ങളിലെ കാർഷിക മേഖലകൾക്ക് വൻ ഭീഷണിയാണ് ഇത്തരത്തിലുള്ള വരൾച്ച. നാല് വിഭാഗത്തിൽപ്പെട്ട കാർഷിക വരൾച്ച നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

  • സ്ഥിരമായ കാർഷിക വരൾച്ച (Permanent Agricultural drought)

പ്രകൃത്യാ വരണ്ട പ്രദേശങ്ങളിലാണ് ഇത്തരം വരൾച്ച കാണപ്പെടുന്നത്. വേണ്ടത്ര അളവിൽ ലഭിക്കാത്ത മഴ മൂലം വിളകൾക്ക് ആദ്യഘട്ടം മുതൽ വിളവെടുപ്പ് വരെ ജലസേചനത്തെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം സ്ഥലങ്ങളിൽ വേഗം മൂപ്പെത്തുന്നതും അധികം ജലം ആവശ്യമില്ലാത്തതുമായ വിളകളാണ് അനുയോജ്യം. എങ്കിൽപോലും, കാലവർഷമഴയുടെ ക്രമരാഹിത്യം മൂലം നല്ല വിളവ് കിട്ടുമെന്ന് ഉറപ്പിക്കുക സാധ്യമല്ല.

  • കാലിക വരൾച്ച (Seasonal drought)

സുവ്യക്തമായ മഴക്കാലവും, വേനൽക്കാലവുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാലിക വരൾച്ച അനുഭവപ്പെടുന്നത്. ഈ വരൾച്ചയാകട്ടെ, അന്തരീക്ഷത്തിലെ പര്യയനത്തിൽ (circulation) ഉണ്ടാകുന്ന കാലിക വ്യതിയാനങ്ങൾ മൂലം, വർഷം തോറും ഉണ്ടാകുന്നതുമാണ്. ഇത്തരം വരൾച്ചാ പ്രദേശങ്ങളിൽ മഴക്കാലത്തൊഴിച്ച് മറുകാലങ്ങളിൽ ജലസേചനസൗകര്യം ഉപയോഗിച്ച് കൃഷിചെയ്യാവുന്നതാണ്. കാലിക വരൾച്ച, കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ സർവസാധാരണമാണ്. കാലവർഷക്കാലത്ത് ലഭിക്കുന്ന ഉയർന്ന വർഷപാതവും തുടർന്നുള്ള സുദീർഘമായ വരള്‍ച്ചാ വേളകളും ഈ വരൾച്ചയുടെ പ്രത്യേകതകളാണ്.

  • ആകസ്മിക വരൾച്ച (Contingent drought)

ആര്‍ദ്രോഷ്ണ മേഖലകളുടെയും അതിന്‍റെ ഉപമേഖലകളുടെയും സവിശേഷതയാണ് ആകസ്മിക വരൾച്ച. വര്‍ഷപാതം ആകസ്മികമായി നില്ക്കുമ്പോഴാണ് ഇത്തരത്തിലുള്ള വരള്‍ച്ച ഉണ്ടാകുന്നത്. പ്രവചനാതീതമായ സ്വഭാവം മൂലം ഇത്തരം വരള്‍ച്ച കാർഷിക മേഖലയ്ക്ക് വമ്പിച്ച നഷ്ടം വരുത്തിവെക്കാറുണ്ട്. കാലവർഷക്കാലത്ത് സംഭവിക്കുന്ന വരൾച്ചാവേളകൾ ഉദാഹരണം. ഇത്തരം വരള്‍ച്ചകൾ കാലവർഷാരംഭത്തിന് ശേഷമോ കാലവർഷത്തിനിടയ്ക്കോ ആവാം. കാലവർഷത്തിന്റെ അവസാനത്തോടടുത്തും വരൾച്ച സംഭവിക്കാം (terminal drought). കാലവർഷത്തോടനുബന്ധിച്ചു മാത്രം ഉണ്ടാകുന്നുവെന്നതാണ് ഇത്തരം വരൾച്ചയുടെ പ്രത്യകത.

  • പ്രകട വരൾച്ച' (Apparent drought)

കാർഷിക വരൾച്ചയുടെ തന്നെ മറ്റൊരു വിഭാഗമാണ് പ്രകട വരൾച്ച അഥവാ പ്രത്യക്ഷ വരൾച്ച. മരുപ്രദേശങ്ങളിലോ, അർധപ്രദേശങ്ങളിലും സാധാരണമാണ് ഈയിനം വരൾച്ച. പ്രസ്തുത പ്രദേശങ്ങളിൽ കുറച്ചുവെളളം മാത്രം, വേണ്ടിവരുന്ന വിളകളാണ് കൃഷി ചെയ്യാൻ തെരഞ്ഞെടുക്കുന്നത്. ഉയർന്ന ജല ആവശ്യകതയുള്ള വിളകൾ പ്രസ്തുത സ്ഥലങ്ങളിൽ യോജിച്ചവയല്ല. ശരിയായ രീതിയിലുള്ള വിള തെരഞ്ഞെടുക്കുന്നതുമൂലം ഇത്തരം വരൾച്ചയെ അതിജീവിക്കാം.

  • ഘടനാപരമായ വരൾച്ച (Physiological drought)

ജലദൗർലഭ്യം മൂലമോ അഥവാ ജല ആധിക്യം മൂലമോ സസ്യത്തിന് സംഭവിക്കുന്ന വരൾച്ചയാണിത്. മറ്റുതരത്തിൽപ്പെട്ട വരൾച്ചകളിൽനിന്നും വ്യത്യസ്തമായി ജലത്തിന്‍റെ ആധിക്യം കൊണ്ടും ഇത് സംഭവിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കാലവർഷക്കാലത്ത് കേരളത്തിലെ തെങ്ങിൻതോപ്പുകളിൽ ഇത്തരം വരൾച്ച സാധാരണമാണ്. തെങ്ങിൻതടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം മൂലം വേരുകൾക്ക് വൈകല്യം സംഭവിക്കുകയും തൻമൂലം വേണ്ടത്ര ജലവും പോഷകങ്ങളും ആഗിരണം ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്നു. ഈ അവസ്ഥ സസ്യശരീരത്തിന്റെ ഘടനാപരമായ വരൾച്ചയിലേക്ക് നയിക്കുന്നു.

  • അന്തരീക്ഷ വരൾച്ച (Atmospheric drought)

വിളകളിലോ അന്തരീക്ഷത്തിന്റെ താഴെപാളിയിലോ ബാഷ്പമർദ്ദത്താൽ ഉണ്ടാകുന്ന പോരായ്മ അടിസ്ഥാനമാക്കിയാണ് അന്തരീക്ഷ വരൾച്ചയെ നിർവ്വചിക്കുന്നത്. ബാഷ്പമർദ്ദത്തിൽ അനുഭവപ്പെടുന്ന പോരായ്മ ദീർഘകാലത്തേക്ക് മഴ പെയ്യാതിരിക്കാനും കാരണമാകാം. അന്തരീക്ഷം വരണ്ടിരിക്കുമ്പോഴോ, വരണ്ട കാറ്റ് വീശുമ്പോഴോ, ജലസേചനം നൽകിയാൽപോലും സസ്യങ്ങള്‍ ഉണങ്ങിയേക്കാം. അന്തരീക്ഷമണ്ഡലങ്ങളുടെ തിരശ്ചീനമായ ചലനം മൂലമാണ് ഇങ്ങിനെ സംഭവിക്കുന്നത്.

വരൾച്ച കേരളത്തിൽ

സാധാരണഗതിയിൽ ലഭിച്ചേക്കാവുന്ന മഴയെ ആശ്രയിച്ചാണ് രാജ്യത്തെ കൃഷി രീതികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഴയെ മാത്രം ആശ്രയിച്ച് കൃഷി നടത്തുന്ന പ്രദേശങ്ങളിൽ, വർഷപാതം ശരാശരിയില്‍നിന്ന് താഴേക്ക് പോരുന്ന അവസ്ഥയിൽ കാർഷിക മേഖല ആകെ പ്രതിസന്ധിയെ അഭിമുഖീകരിക്കാറുണ്ട്. വിതക്കുന്ന സമയത്ത് കാലവർഷമഴ ആരംഭിക്കുവാൻ വൈകുകയോ, അഥവാ ആരംഭിച്ചശേഷം താൽക്കാലികമായി നിലയ്ക്കുകയോ ചെയ്യുന്നത് വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കടുത്ത വരൾച്ച അനുഭവപ്പെട്ട 1987ലേയും, 2002-ലേയും സ്ഥിതിഗതികൾ പരിശോധിച്ചാൽ ജൂലൈ-ആഗസ്ത് മാസങ്ങളിൽ ലഭിക്കുന്ന കാലവർഷമഴ ഭക്ഷ്യധാന്യ ഉൽപ്പാദനത്തെ സംബന്ധിച്ചിടത്തോളം എത്രയേറെ നിർണ്ണായകമാണെന്ന് മനസിലാക്കാം. പ്രസ്തുത വർഷങ്ങളിൽ കാലവർഷം പെയ്യാൻ മടിച്ചതുമൂലം ഉണ്ടായ വ്യാപകമായ വരൾച്ച രാജ്യത്തിന്റെ 20 ശതമാനത്തിലേറെ വിസ്തീർണത്തെയും ബാധിച്ചു. നൂതന സാങ്കേതിക വിദ്യകളെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട്, ഈ വരൾച്ചയുടെ ഫലമായി കാർഷികോൽപ്പാദനം കുത്തനെ ഇടിഞ്ഞു. 1987ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം തൊട്ടടുത്ത വർഷം ലഭിച്ചതിനേക്കാൾ 34 ദശലക്ഷം ടൺ കുറവായിരുന്നു. സമാനസ്വഭാവമുള്ള വരൾച്ചയാണ് 2003-04ലും ഉണ്ടായത്.

കാലവർഷക്കാലത്തെ മഴക്കുറവ് മൂലമാണ് ഈ രണ്ട് വരൾച്ചകളും ഉണ്ടായത്. 1871 മുതൽ 2002 വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി 26 വരൾച്ചകളാണ് അനുഭവപ്പെട്ടത്.

കേരളത്തിലെ ഒന്നാം വിളകൃഷി കാലവർഷത്തെമാത്രം ആശ്രയിച്ച് നടത്തുന്ന ഒന്നാണ്. കാലവർഷം ഉറപ്പായി ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിൽ തോട്ടവിളകളെ സംബന്ധിച്ചിടത്തോളം വേനൽമഴയാണ് നിർണ്ണായകം. മണ്ണിലെ ഈർപ്പം, വർഷം മുഴുവൻ നിലനിൽക്കുകയെന്നത് ദീർഘകാലവിളകളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. 2002-ലെ മൺസൂൺ കാലത്ത് കേരളത്തിൽ ലഭിച്ച വർഷപാതം സാധാരണ ഗതിയിൽ ലഭിക്കേണ്ടതിനേക്കാൾ 35 ശതമാനം കുറവായിരുന്നു. ഏറ്റവും കുറവ് കാലവർഷം ലഭിച്ച വർഷങ്ങളിലൊന്നായിരുന്നു 2002. കേരളത്തിലെ ജലവൈദ്യുത ഉൽപ്പാദനമേഖലയിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. രണ്ടാംവിളയും മൂന്നാം വിളയും ആവശ്യത്തിന് ജലം ലഭിക്കാതിരുന്നത് മൂലം ഭാഗികമായി നശിച്ചു. ഒന്നാം വിളയിൽ 20 ശതമാനം ഉൽപ്പാദനനഷ്ടം സംഭവിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. 1987-ലേയും 2002-ലേയും വരൾച്ചകൾ കേരളത്തിലെ തോട്ടവിളകളെ ബാധിക്കുകയുണ്ടായില്ല. എന്നാൽ, 1983ലെ അഭൂതപൂർവ്വമായ വരൾച്ചയിൽ തോട്ടവിള ഉൽപ്പാദനം മൊത്തം പ്രതികൂലമായി ബാധിക്കപ്പെട്ടു. തെങ്ങിനെപ്പോലുള്ള ദീർഘകാല വിളകൾക്ക് തുലാമഴയും വേനൽമഴയും ലഭിച്ചാൽ മികച്ച വിളവ് ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തെങ്ങിനെ സംബന്ധിച്ചിടത്തോളം വരൾച്ച എന്നത്, വേനൽ മാസങ്ങളിൽ ലഭിച്ച മഴയെയോ ആ മാസങ്ങളിൽ മണ്ണിലെ ഈർപ്പത്തെയോ അടിസ്ഥാനമാക്കി വേണം നിർവ്വചിക്കാൻ; മറിച്ച് കാലവർഷ മഴയുടെ അളവിനെയല്ല. 1987ലും 2002ലും കാലവർഷമഴ കുറവായിരുന്നിട്ടുകൂടി കേരളത്തിൽ കാലവർഷകാലത്ത് ഈർപ്പക്കമ്മി അനുഭവപ്പെടുകയുണ്ടായില്ല.

സ്ഥിരമായി മൺസൂൺ മഴ ലഭിക്കുന്ന കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലവർഷകാലത്ത് വരൾച്ച ഉണ്ടാകാനുള്ള സാദ്ധ്യത തുലോം കുറവാണ്. ഏറെക്കുറെ സ്ഥിരമായ തോതിൽ കാലവർഷമഴ ലഭിക്കുമെന്നത് തന്നെയാണിതിന് കാരണം. അതുകൊണ്ട് കേരളത്തിൽ അനുഭവപ്പെടുന്ന വരൾച്ചയെ കാലവർഷമഴയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ശരിയല്ല. മറിച്ച്, തുലാവർഷമഴക്കുറവും തുടർന്നുവരുന്ന വേനൽ മാസങ്ങളും കേരളത്തിന്‍റെ കാർഷികമേഖലയെ സംബന്ധിച്ച് ഏറ്റവും പ്രധാനകാലമാണ്. വേനൽമാസങ്ങളിൽ പെയ്യുന്ന മഴയുടെ അളവില്‍ കുറവുണ്ടാവുകയോ, വേനൽമഴ തീരെ പെയ്യാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയിൽ കേരളത്തിൽ കാർഷികവിളകളെ വരൾച്ച രൂക്ഷമായി ബാധിക്കാറുണ്ട്. തന്നെയുമല്ല, കാലവർഷക്കാലത്ത് കേരളത്തിലെ വിളകളെ ഈർപ്പക്കമ്മി ഒരിക്കലും ബാധിക്കാറുമില്ല. 2003-04 വേനലില്‍ കേരളത്തിൽ അനുഭവപ്പെട്ട രൂക്ഷമായ വരൾച്ച അത്തരത്തിലൊന്നാണ്. പല പ്രദേശങ്ങളിലും കാർഷികവിളകൾ പാടെ നശിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമൃദ്ധമായി കാലവർഷമഴ ലഭിക്കുന്ന കേരളത്തിൽ കാലവർഷക്കാലത്ത് വരൾച്ച അനുഭവപ്പെടാറില്ലെന്ന് പറഞ്ഞല്ലോ. അതുതന്നെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള പ്രധാന വ്യത്യാസം. കാലവർഷമഴയിലെ കുറവും, ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിൽ വരുന്ന ഇടിവും സുവ്യക്തമാണ്. ജൂലൈ മാസ മഴയാണ് ഇന്ത്യൻ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിന്‍റെ നട്ടെല്ല്.

നിർജലത്വവും (അരിഡിറ്റി) വരൾച്ചയും

അരിഡിറ്റി എന്നത് ഒരു പദത്തിൻറ് സ്ഥിരമായ വരൾച്ചാസ്വാഭാവത്തെയാണ് സൂചിപ്പിക്കുന്നതെങ്കിൽ മഴക്കുറവ് മൂലമുണ്ടാകുന്ന ഈര്‍പ്പക്കമ്മിയെ സൂചിപ്പിക്കാനാണ് 'വരൾച്ച' എന്ന പദം ഉപയോഗിക്കുന്നത്. എന്ന് വരികിലും, വരൾച്ചയുടെ തീവ്രതയെ സൂചിപ്പിക്കാൻ "അരിഡിറ്റി ഇൻഡക്സ്' ഉപയോഗപ്പെടുത്താം.

ഈര്‍പ്പമാന സൂചികയും കാലാവസ്ഥാ തരംതിരിവും

ചിഹ്നം

കാലാവസ്ഥാ തരം

ഈര്‍പ്പമാനസൂചിക(%)

A

അതിആര്‍ദ്രം

100നും അതിനു മുകളിലും

B4

ആര്‍ദ്രം

80-99 വരെ

B3

ആര്‍ദ്രം

60-79 വരെ

B2

ആര്‍ദ്രം

40-59 വരെ

B1

ആര്‍ദ്രം

20-39 വരെ

C2

ഉപആര്‍ദ്രം(ഈര്‍പ്പമുള്ളത്)

0-19 വരെ

C1

ഉപആര്‍ദ്രം(വരണ്ടത്)

-19 to 0 വരെ

D

അര്‍ദ്ധ-നിര്‍ജലം

-39 to -20

E

പൂര്‍ണ്ണനിര്‍ജലം

-40 നും അതിനു താഴേക്കും

മണ്ണിലടങ്ങിയിരിക്കുന്ന ജലാംശത്തെക്കാൾ, ബാഷ്പീകരണത്തിനും സ്വേദനത്തിനും വേണ്ടിവരുന്ന ജലത്തിന്റെ അളവ് കൂടുതലാവുന്ന അവസ്ഥയാണ് വരൾച്ച. വരൾച്ചയെ വരൾച്ചാ സൂചികയുടെ സഹായത്തോടെ സൂചിപ്പിക്കാവുന്നതാണ്. ഒരു സ്ഥലത്തെ മണ്ണിലെ വെള്ളക്കമ്മിയുടെയും മണ്ണിൽ നിന്നും സസ്യങ്ങളിൽ നിന്നുമുള്ള പരമാവധി ജലനഷ്ടവും തമ്മിലുള്ള അനുപാതമാണ് 'വരൾച്ചാസൂചിക'

1871 മുതൽ 2007 വരെയുള്ള 137 വർഷങ്ങളിൽ 72 എണ്ണത്തിലും കേരളം വരൾച്ചയെ നേരിട്ടു. 13 വർഷങ്ങൾ വീതം "മിതവും' 'കഠിന’വുമായ വരൾച്ചയും, 34 വർഷങ്ങൾ "അതികഠിന'വുമായ വരൾച്ചയുമായിരുന്നു കേരളത്തിൽ അനുഭവപ്പെട്ടത്.

1881-90 വരെയുള്ള ദശാബ്ദക്കാലത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെട്ടത്. 1971-80ല്‍ 7 വര്‍ഷവും വരള്‍ച്ച അനുഭവപ്പെട്ടു. എന്നാല്‍ ഏറ്റവും കൂടുതല്‍ ‘അതികഠിന’ വരള്‍ച്ച അനുഭവപ്പെട്ട ദശാബ്ദം 1981-90 ആയിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം അതികഠിന വരള്‍ച്ചകള്‍ ഉണ്ടായിട്ടുള്ള ദശവര്‍ഷം 1981-90 ആയിരുന്നു. എന്നാല്‍ ആഗോളതലത്തിലെടുക്കുമ്പോള്‍ കാലാവസ്ഥാപരമായ ദുര്‍ഘടങ്ങള്‍ ഏറ്റവുമധികം ഉണ്ടായ ദശാബ്ദം 1991-2000 ആണെന്ന് കാണാം.

ഈര്‍പ്പക്ഷമതാ സൂചികയും വരള്‍ച്ചയുടെ തീവ്രതയും

ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാര്‍ഷിക വരള്‍ച്ചയുടെ തീവ്രത

ശരാശരി ഈര്‍പ്പക്ഷമതാ സൂചിക (%)

വരള്‍ച്ച ഇല്ല

>30

മിതമായ വരള്‍ച്ച

25-30

വ്യാപകം

20-25

കഠിനം

15-20

അതികഠിനം

<15

വരൾച്ചാ പ്രവചനം സാധ്യമാണോ?

ഒരു പ്രത്യേകസ്ഥലത്തെയോ അഥവാ വിളയേയോ സംബന്ധിച്ച് വരൾച്ചാ പ്രവചനം സാധ്യമല്ലതന്നെ. വരൾച്ച പരക്കെ അനുഭവപ്പെടുന്ന ഒരു പ്രതിഭാസമാണ്. ഭാരത സർക്കാറിന്‍റെ കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ വരൾച്ചാ പഠനത്തിനുവേണ്ടിയുള്ള ഗവേഷണ യൂണിറ്റ് രാജ്യത്തെ പ്രധാന വിളകളുടെ അരിഡിറ്റി അനോമലി ചാർട്ട് തയ്യാറാക്കുന്നുണ്ട്. അതുപോലെ ഹൈദരാബാദിലെ ദേശീയ വിദൂരസംവേദന ഏജൻസിയും ഉപഗ്രഹ സഹായത്തോടെ ലഭ്യമാകുന്ന സ്ഥിതിവിവരങ്ങൾ ഉപയോഗിച്ച് വരൾച്ചാ സാഹചര്യം നിരീക്ഷിക്കുന്നു. വിളകളുടെ സ്ഥലകാലവിതരണവും വരൾച്ച ബാധിക്കപ്പെട്ട വിളകളുടെ വിസ്തീർണ്ണവും ഉപഗ്രഹസഹായത്തോടെ കണക്കാക്കാം. എന്നുവരികിലും ഇതെല്ലാം കഴിഞ്ഞുപോയ വരൾച്ചാ സാഹചര്യങ്ങൾ മനസ്സിലാക്കാൻ മാത്രമേ ഉപകരിക്കൂ. വരൾച്ചയുടെ പ്രവചനത്തിന് ഈ സാങ്കേതികവിദ്യയും ഉപയോഗപ്രദമല്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വരൾച്ചാസംബന്ധമായ ഒട്ടനവധി പഠനങ്ങൾ നടന്നുവരുന്നുണ്ട്. എന്നാൽ കുറ്റമറ്റ രീതിയിൽ വരൾച്ചാ പ്രവചനം നടത്താനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

കാലാവസ്ഥാ പ്രവചനം

കാർഷിക വിളകളുടെ വളർച്ച, അവയിൽ നിന്നുള്ള വിളവ് എന്നിവ നിർണ്ണയിക്കുന്നതിൽ പ്രമുഖ സ്ഥാനമാണ് കാലാവസ്ഥയ്ക്കുളളത്. ഇന്ത്യയിലെ കാർഷിക മേഖലയാകട്ടെ, കാലവർഷത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് തന്നെ. അതിനാൽ കാർഷികവൃത്തികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും കാലാവസ്ഥാ പ്രവചനത്തിന് ഏറെ പങ്കാളിത്തമുണ്ട്. കാലാവസ്ഥയെപ്പറ്റി മുൻകൂട്ടി അറിയേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും കാർഷിക മേഖലയിൽ അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഭാരതത്തിലെ ഗ്രാമീണകർഷകർ പുരാതനകാലം മുതലേ ബോധവാൻമാരായിരുന്നു. ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ രാജ്യതന്ത്രജ്ഞനായിരുന്ന കൗടില്യൻ, മികച്ച കൃഷി പരിപാലനത്തിന് കാലാവസ്ഥാ നിരീക്ഷണം, അപഗ്രഥനം എന്നിവയുടെ ആവശ്യകതയെപ്പറ്റി "അർത്ഥശാസ്ത്ര'ത്തിൽ ഊന്നിപ്പറയുന്നുണ്ട്. വൃതൃസ്ഥ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന കാലാവസ്ഥാ സേവനങ്ങൾക്കുപരി നാട്ടറിവുകളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയാണ് ഇന്നും പല കർഷകരും കാർഷികവൃത്തി നടത്തുന്നത്. "പഞ്ചാംഗ'ങ്ങൾക്ക് ഇന്നും ലഭിക്കുന്ന സാർവ്വത്രികമായ പ്രചാരം സൂചിപ്പിക്കുന്നത് ഇതുതന്നെ. ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതികളാണ് ഉൾനാടുകളിൽ ഇന്നും തുടർന്നുപോരുന്നത്. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന പ്രവചനാതീതമായ മാറ്റങ്ങൾ പലപ്പോഴും ദുരന്തകാരകങ്ങളാണ്. കാലാവസ്ഥാമാറ്റങ്ങൾ മൂലമുള്ള ദുരന്തങ്ങൾ വളരെ ബൃഹത്തും വ്യാപകവുമാണ്. അവയെ തീർത്തും ഒഴിവാക്കാനാവില്ലെങ്കിൽപോലും നാശനഷ്ടങ്ങളുടെ വ്യാപ്തി കുറക്കാനെങ്കിലും പ്രവചനങ്ങൾ സഹായിക്കും. മാത്രമല്ല, കൃഷി വ്യവസായമേഖലകൾക്ക് അനുയോജ്യമായ കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നതെങ്കിൽ അതിനെ കഴിയുന്നത്ര ഉപയോഗപ്പെടുത്തുവാനും ബന്ധപ്പെട്ടവർക്ക് സാധിക്കും. വിദൂര സംവേദന-വിവര സാങ്കേതിക വിദ്യകളുടെ വികസനത്തോടെ ഇന്ന് കാലാവസ്ഥാ പ്രവചനത്തിന്റെ വിശ്വാസ്യത ഏറെ വർദ്ധിച്ചിട്ടുണ്ട്.

1875ൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായി. കാലാവസ്ഥാ നിരീക്ഷണം, പഠനം, ഗവേഷണം, എന്നിവയിലൂടെ പ്രവചനം എന്ന ലക്ഷ്യത്തോടെ ഈ മേഖലയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്ഥാപനമാണ് കാലാവസ്ഥാ വകുപ്പ്. ലഭിക്കുന്ന മഴയുടെ വിതരണത്തിലും സ്വഭാവസാദൃശ്യത്തെ അടിസ്ഥാനമാക്കി ഇന്ത്യയെ 36 കാലാവസ്ഥാ ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഈ ഉപവിഭാഗങ്ങളിലെ കാലാവസ്ഥ മുൻകൂട്ടി നിർണയിച്ച് ബന്ധപ്പെട്ട ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് കാലാവസ്ഥാവകുപ്പിന്റെ കർത്തവ്യങ്ങളിൽ ഒന്ന്. കാലാവസ്ഥാവകുപ്പിന് ന്യൂഡൽഹി, മുംബൈ, നാഗ്പൂർ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ കൂടിയുണ്ട്. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കാലാവസ്ഥാവകുപ്പിന്റെ കേന്ദ്രങ്ങളും ഉണ്ട്. സംസ്ഥാനങ്ങളുടെ പ്രത്യേകമായ ആവശ്യങ്ങളും കൂടി കണക്കിലെടുത്ത് കൃഷിക്കാർക്ക് കാലാവസ്ഥാ ബുള്ളറ്റിനുകൾ ഇറക്കുന്നത് ഈ കേന്ദ്രങ്ങളാണ്.

കാർഷിക മേഖലയും കാലാവസ്ഥാ പ്രവചനവും

വിത്ത്, മണ്ണ്, പരിചരണം, കാർഷിക സാങ്കേതിക വിദ്യകൾ, കാലാവസ്ഥ എന്നിവയുടെ ആകെത്തുകയാണ് വിളവ്. ഈ ഘടകങ്ങളിൽ മനുഷ്യന് നിയന്ത്രണാധീനമല്ലാത്ത ഘടകം കാലാവസ്ഥ മാത്രമാണ്. വിളവിൽ അൻപത് ശതമാനം വരെ ഏറ്റക്കുറച്ചിലുണ്ടാക്കാൻ കാലാവസ്ഥക്ക് കഴിയും. വിശ്വസനീയമായ കാലാവസ്ഥാ പ്രവചനം വഴി വിളനഷ്ടം ഒരു പരിധിവരെ ഒഴിവാക്കാനാവും. ശരിയായ സമയത്ത് നൽകുന്ന കാലാവസ്ഥാ പ്രവചനം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുക വഴി ഉൽപ്പാദനം വർധിപ്പിക്കുവാനോ അഥവാ വിളവിനെ നേരിടുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുവാനോ സാധ്യമാണ്. മാത്രമല്ല, കൃഷിയെ ബാധിക്കുന്ന പല കീടങ്ങളും രോഗങ്ങളും ചില പ്രത്യേക കാലാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവക്കെതിരെ തക്കസമയത്ത് പ്രതിരോധ നടപടികൾ സ്വീകരിക്കുവാനും ശരിയായ സമയത്ത് നൽകപ്പെടുന്ന കാലാവസ്ഥാ പ്രവചനം മുഖേന കഴിയും. പ്രവചനങ്ങൾ നൽകുക മാത്രമല്ല, വിവിധ കാലാവസ്ഥാഭേദങ്ങളിൽ (climate change) അനുവർത്തിക്കേണ്ട കൃഷിമുറകളെക്കുറിച്ച് കർഷകർക്ക് അവഗാഹം നൽകാൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കേണ്ടതും അത്യാവശ്യമാണ്. "ക്യഷി കാലാവസ്ഥയ്ക്കനുസരിച്ച്” എന്ന ആശയം കർഷകരിലെത്തിക്കാനും അവരിലൂടെ പ്രായോഗികമാക്കാനും ഇത്തരം പ്രവചനങ്ങൾ വഴിയും പരിശീലനപരിപാടികൾ വഴിയും സാധിക്കും.

വിവിധതരം പ്രവചന രീതികൾ

നാല് തരം കാലാവസ്ഥാ പ്രവചനരീതികളാണ് നിലവിലുള്ളത്. കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം ഈ നാല് വൃതൃസ്ത പ്രവചനരീതികളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പ്രയോജനകരമാണ്. ഇന്ന് ലഭ്യമാകുന്ന കാലാവസ്ഥാ പ്രവചന രീതികൾക്ക്ചില പരിമിതികൾ ഉള്ളതായി കാണാം. പ്രവചിക്കപ്പെടെണ്ട കാലയളവിന്‍റെ ദൈർഘ്യം കൂടുന്നതിനനുസരിച്ച്, കൃത്യത കുറയുന്നതായി കാണപ്പെടുന്നു. മറ്റൊന്ന്, ഇപ്പോൾ വികസിപ്പിച്ചെടുത്തിട്ടുള്ള പ്രവചനമോഡലുകൾ പ്രാദേശികതലത്തിൽ തൃപ്തികരമായ ഫലം നൽകുന്നില്ല.

  • തൽസമയപ്രവചനം (Nowcasting)

6 മുതൽ 12 വരെ മണിക്കൂറുകൾക്കുള്ളിൽ മാത്രം ഉണ്ടാകാവുന്ന കാലാവസ്ഥാവ്യതിയാനങ്ങളെപ്പറ്റി പ്രവചിക്കാനാണ് ഇത്തരം രീതി ഉപയോഗിക്കുന്നത്. ഇടിയോടുകൂടിയ മഴ, പൊടിക്കാറ്റ്, ചുഴലിക്കാറ്റ്, അന്തരീക്ഷതാപനിലയിൽ ഉണ്ടായേക്കാവുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങൾ എന്നിവ പ്രവചിക്കുവാൻ തൽസമയപ്രവചനം ഉപയോഗിക്കുന്നു.

  • ഹ്രസ്വകാലപ്രവചനം (Shortrange forecasting)

ഇത്തരം പ്രവചനങ്ങളുടെ സാധുത 36 മണിക്കൂർ വരെയുള്ള കാലദൈർഘ്യമാണ്. മേഘവിന്യാസം, മഴയുടെ വിതരണം, കനത്ത മഴ, താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, ന്യൂനമർദ്ദം, ചുഴലിക്കാറ്റ്, ആലിപ്പഴം വീഴ്ച, ഇടിയോടുകൂടിയുള്ള മഴ, മഞ്ഞ്, മൂടൽമഞ്ഞ്, കാറ്റിന്‍റെ വേഗത തുടങ്ങിയവയെക്കുറിച്ച് ഈ രീതിയിലുള്ള പ്രവചനത്തിലൂടെ മുന്നറിയിപ്പ് ലഭിക്കുന്നു. സ്ഥിതിഗതികൾക്കനുസരിച്ച് ഹ്രസ്വകാലപ്രവചനം ദിവസത്തിൽ രണ്ട് തവണ വരെ പുറപ്പെടുവിക്കാറുണ്ട്. കാലാവസ്ഥാനിയന്ത്രിതമായ കാർഷികപ്രവർത്തനങ്ങൾക്ക് പ്രയോജനകരമാണെങ്കിലും, മുൻകരുതലുകളെടുക്കാൻ കർഷകർക്ക് ലഭിക്കുന്ന സമയം വളരെ ഹ്രസ്വമാണെന്നുള്ളതാണ് ഈ രീതിയുടെ പോരായ്മ.

  • മധ്യകാല പ്രവചനം (Mediumrange forecasting)

മൂന്ന് മുതൽ പത്ത് ദിവസങ്ങൾക്കുള്ളിൽ വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ഈ രീതിയുപയോഗിച്ച് പ്രവചിക്കാം. മേഘമാനം, കാറ്റിന്‍റെ ദിശയും വേഗതയും, മഴയുടെ അളവ്, താപനിലയിൽ പ്രതിദിനമുണ്ടാകുന്ന ഉയർച്ച-താഴ്ച്ചകൾ എന്നിവയാണ് ഇത്തരം പ്രവചനരീതിയുടെ പരിധിയിൽ വരുന്നത്. വളരെ സങ്കീർണമായ കണക്കുകൂട്ടലുകൾ ആവശ്യമായി വരുന്ന പ്രവചനരീതിയാണിത്. നോയിഡയിൽ സ്ഥാപിതമായിരിക്കുന്ന ദേശീയ മധ്യദൂര കാലാവസ്ഥാ പ്രവചനകേന്ദ്രം (NCMRWF) ആണ് ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രവചനം നൽകുന്ന സ്ഥാപനം. ഇന്ത്യയിൽ വിവിധ കാർഷിക കാലാവസ്ഥാ മേഖലകളിൽ സ്ഥിതിചെയ്യുന്ന 127 കാർഷിക കാലാവസ്ഥാഫീൽഡ് യൂണിറ്റുകളിലേക്ക് ഈ കേന്ദ്രത്തിൽനിന്നുള്ള പ്രവചനം ലഭ്യമാണ്.

  • ദീർഘകാല പ്രവചനം (Longrange forecasting)

പത്ത് ദിവസം മുതൽ ഒരു മാസം വരേയോ, അല്ലെങ്കിൽ ഒരു സീസൺ വരെയോ ഉള്ള കാലയളവിലേക്കാണ് ഇത്തരം പ്രവചനം നൽകുന്നത്. ഏപ്രിൽ മാസം പകുതിയാടുകൂടിയാണ് ഇത്തരം പ്രവചനം ഇന്ത്യൻ കാലാവസ്ഥാവകുപ്പ് പുറപ്പെടുവിക്കുന്നത്. കാലവർഷമഴയുടെ ലഭ്യതയെയും വിതരണത്തേയും ആസ്പദമാക്കി ഭക്ഷ്യധാന്യ ഉൽപ്പാദനം മുൻകൂട്ടി കണക്കാക്കാൻ ഇത്തരം പ്രവചനരീതി സഹായിക്കും. മെച്ചപ്പെട്ട കാലവർഷമഴ ലഭിക്കുന്ന വർഷങ്ങളിൽ ഭക്ഷ്യധാന്യോൽപ്പാദനം കൂടുകയും തൽഫലമായി വില കുറയുകയും ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ ധാന്യം സംഭരിക്കാനും പിന്നീട് വിലക്കയറ്റ സമയത്ത് സംഭരിച്ച ധാന്യങ്ങൾ വിതരണം ചെയ്യാനും ഭരണകൂടത്തിന് സാധിക്കും. വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിർത്താൻ സഹായിക്കുന്നുവെന്നതാണ് ഇത്തരം പ്രവചനരീതികൊണ്ടുള്ള ഒരു മേൻമ. ഭക്ഷ്യധാന്യങ്ങളുടെ വിലനിലവാരം പിടിച്ചുനിർത്തുക, സംഭരിക്കപ്പെട്ട ഭക്ഷ്യധാന്യങ്ങൾ കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യുക, കയറ്റുമതി ഇറക്കുമതി നയങ്ങളെ നിർണ്ണയിക്കുക എന്നിവ ഈ പ്രവചനരീതികൊണ്ടുള്ള ഗുണങ്ങളാണ്.

  • കാർഷിക കാലാവസ്ഥാ പ്രവചനം (Agroclimatice forecasting)

ചുരുങ്ങിയത് 30 മുതൽ 50 വരേ വർഷങ്ങളുടെ സ്ഥിതിവിവരക്കണക്കുകളുപയോഗിച്ച്, വർഷപാതത്തിലുണ്ടാകാവുന്ന പ്രവണതകൾ, വിതരണക്രമം, വ്യതിയാനങ്ങൾ, എന്നിവ ഈ രീതി വഴി കണ്ടെത്താം. മഴയെ മാത്രം ആശ്രയിച്ച് കൃഷിചെയ്യുന്നവർക്കാണ് ഇത്തരം പ്രവചനരീതി കൂടുതൽ ഗുണം ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾ കാർഷികോൽപ്പാദനത്തിൽ വരുത്താവുന്ന സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കാനും ഈ പ്രവചനരീതി കൊണ്ട് സാദ്ധ്യമാണ്. സദ്യശ്യമായ മുൻകാല റെക്കാർഡുകൾ ഉപയോഗിച്ച് ഒരു പ്രത്യേക പ്രദേശത്ത് വ്യത്യസ്ത കാലാവസ്ഥകളിൽ അനുഭവപ്പെടുന്ന വെള്ളക്കമ്മി, അധികജലം എന്നിവ കണക്കാക്കാനും തദനുസൃതമായ മുൻകരുതലെടുക്കുവാനും ഈ രീതി സഹായിക്കുന്നു. വരൾച്ചാ വേളകളിൽ ജലസേചനരീതികൾ ആസൂത്രണം ചെയ്യാനും ജലാധിക്യം കൃഷിയിടങ്ങളിൽ കെട്ടിക്കിടക്കുന്ന അവസരങ്ങളിൽ ഒഴുക്കിവിടാനുള്ള സംവിധാനങ്ങൾ സ്വീകരിക്കാനും ഇപ്രകാരം സാധിക്കുന്നതാണ്. കാലവർഷം ഏറെക്കുറെ സ്ഥിരസ്വഭാവം കാണിക്കുന്ന കേരളം പോലുള്ള ആർദ്രോഷ്ണമേഖലാ പ്രദേശങ്ങളിൽ, സദൃശ്യമായ മുൻകാലവിവരങ്ങൾ ഉപയോഗിച്ച് പ്രതിദിനം ലഭിക്കാവുന്ന മഴയെ പ്രവചിക്കാനാവും. ജൂലൈ അവസാനത്തോടെ ആഗസ്തിലും സെപ്തംബറിലും ലഭിക്കുന്ന കാലവർഷമഴ തിട്ടപ്പെടുത്താനും ഈ രീതികൊണ്ട് സാധ്യമാണ്.

കാലാവസ്ഥാ പ്രവചനത്തിന്‍റെ രീതികൾ

  • സിനോപ്റ്റിക് രീതി

ഒരു പ്രത്യേക പ്രദേശത്ത് പ്രത്യേക സമയത്ത് നിലനില്‍ക്കുന്ന അന്തരീക്ഷസ്ഥിതി വിശദമാക്കാൻ വേണ്ടിയുള്ളതാണ് ഇത്തരം രീതി. ഭൗമോപരിതലത്തിലും, അന്തരീക്ഷത്തിനും ഉപരിമണ്ഡലത്തിലും തത്സമയം നിലനിൽക്കുന്ന താപനില, വർഷപാതം, അന്തരീക്ഷമർദ്ദം തുടങ്ങിയ കാലാവസ്ഥാഘടകങ്ങൾ രേഖപ്പെടുത്തുന്നു. ഈ ഡാറ്റകൾ ഉപയോഗിച്ചുണ്ടാക്കുന്ന ചാർട്ടുകളാണ് സിനോപ്റ്റിക് ചാർട്ടുകൾ. ഈ വസ്തുതകൾ സമാനമായ സ്ഥിതിവിവരങ്ങൾ ഉൾക്കൊളളുന്ന മുൻകാല റെക്കാർഡുകളുമായി താരതമ്യം ചെയ്തുകൊണ്ട് അന്തരീക്ഷസ്ഥിതി പ്രവചിക്കുന്നു. പ്രവചനം നടത്തുന്നയാളിന്‍റെ ഓർമ്മശക്തിയും, അനുഭവജ്ഞാനവും ഉപയോഗപ്പെടുത്തിയാണ് മുൻകാലങ്ങളിൽ ഇത്തരം പ്രവചനങ്ങൾ നൽകിയിരുന്നത്. എന്നാൽ ഇന്ന്, കമ്പ്യൂട്ടറുകളുടെ വരവോടുകൂടി സമാന റെക്കാർഡുകൾ കണ്ടെത്തുന്നതിലും വിലയിരുത്തുന്നതിലും ഏറെ വേഗതയും വസ്തുനിഷ്ഠതയും കൈവരിച്ചിരിക്കുന്നു. ഉപഗ്രഹചിത്രങ്ങൾ വഴി ലഭിക്കുന്ന മേഘവിതാനത്തെ സംബന്ധിച്ച വിവരങ്ങളുപയോഗിച്ച് (ഹസ്വകാലപ്രവചനം നടത്താനും ഈ രീതിയിൽ പ്രവചനം നടത്തുന്നയാളിന് സാധിക്കും. ഉയർന്ന വിശ്വാസ്യതയുള്ള പ്രവചനം നൽകുന്നു എന്നതാണ് ഈ രീതിയുടെ ഗുണം.

  • സ്ഥിതിവിവരാധിഷ്ഠിത രീതി (Statistical method)

ഈ രീതി പ്രധാനമായും ദീർഘകാല കാലാവസ്ഥാപ്രവചനത്തിനും നിയതകാലിക കാലാവസ്ഥാ പ്രവചനത്തിനുമാണ് (Seasonal forecasting) ഉപയോഗിക്കുന്നത്.

ഏതൊരു കാലാവസ്ഥാ പ്രതിഭാസമാണോ പ്രവചിക്കപ്പെടേണ്ടത് (predictant), അതുമായി അഭേദ്യബന്ധമുള്ള അന്തരീക്ഷഘടകങ്ങളെ (predictors) അപഗ്രഥിച്ച് റിഗ്രഷൻ സമവാക്യങ്ങൾ രൂപപ്പെടുത്തുക അഥവാ സങ്കീർണ്ണങ്ങളായ സ്ഥിതിവിവരക്കണക്കുകളിലധിഷ്ഠിതമായ ബന്ധങ്ങൾ കണ്ടെത്തുക എന്നിവയടങ്ങിയതാണ് ഈ രീതി. സാധാരണഗതിയിൽ പ്രവചിക്കപ്പെടേണ്ട വസ്തുതയുമായി ഭൗതീക ബന്ധമുള്ള അന്തരീക്ഷ ഘടകങ്ങളാണ് പ്രവചനസഹായികൾ (Predictors) ആയി തെരഞ്ഞെടുക്കുന്നത്. ഇത്തരം രീതി ഹ്രസ്വകാല/ദീർഘകാല പ്രവചനത്തിന് ഉപയോഗപ്രദമാണ്. മധ്യദൂരപ്രവചനത്തിന് ഈ രീതി പരീക്ഷിച്ചെങ്കിലും വിചാരിച്ചത്ര വിജയം കണ്ടിട്ടില്ല. ഇത്തരം രീതി ഉപയോഗിച്ച് ഇന്ത്യൻ മൺസൂൺ മഴയുടെ അളവ് പ്രവചിക്കുന്നതിന് 16 ചരങ്ങളുൾക്കൊള്ളുന്ന ഒരു രീതി 1988 ൽ വികസിപ്പിച്ചെടുത്തിരുന്നു. ഈ രീതി ഉപയോഗിച്ചാണ് 1988 മുതൽ 2002 വരെ കാലവർഷപ്രവചനം നടത്തിയിരുന്നത്. കാലവർഷമഴയുടെ അളവും പ്രകൃതിയും മെയ് 25 ന് തന്നെ പ്രവചിച്ചിരുന്നു. വർഷത്തിൽ ഒറ്റത്തവണ മാത്രമേ ഇത്തരത്തിലുള്ള പ്രവചനം നൽകിയിരുന്നുള്ളൂ. ഈ രീതിയുപയോഗിച്ചുള്ള പ്രവചനമോഡൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചുവെങ്കിലും 2002ൽ പാടേ പിഴച്ചു. പ്രവചിക്കപ്പെട്ട മഴയേക്കാൾ 20 ശതമാനം കുറവായിരുന്നു യഥാർത്ഥ്യത്തിൽ ആ വർഷം കിട്ടിയ മഴ.

രാജ്യത്തെ മൊത്തം കാലവർഷമഴയുടെ അളവും പ്രകൃതിയും അറിയുന്നതിനല്ലാതെ, സംസ്ഥാന തലത്തിലോ പ്രാദേശിക തലത്തിലോ ലഭിക്കാവുന്ന മഴ പ്രവചിക്കുന്ന കാര്യത്തിൽ അത്രയൊന്നും കൃത്യത കാട്ടിയിരുന്നില്ല ഈ മോഡൽ. 2002ലെ പ്രവചനത്തിലെ പാളിച്ചയ്ക്ക് ശേഷം കാലാവസ്ഥാവകുപ്പ് 2003 മുതൽ 8/10 ചരങ്ങളുള്ള ഒരു നവീകരിച്ച മോഡൽ വികസിപ്പിച്ചെടുത്തത് വഴിയാണ് പ്രവചനം നടത്തുന്നത്. ഈ മോഡൽ ഉപയോഗിച്ച് ഏപ്രിൽ 16ന് ആദ്യഘട്ട പ്രവചനവും ജൂലൈ മദ്ധ്യത്തിൽ മറ്റൊരു പ്രവചനവും കാലാവസ്ഥാവകുപ്പ് നടത്തുന്നു.

  • സംഖ്യാധിഷ്ഠിത കാലാവസ്ഥാ പ്രവചനം(Numerical weather prediction)

അന്തരീക്ഷത്തിന്‍റെ സ്വഭാവം, ഒരു കൂട്ടം ഭൗതിക നിയമങ്ങളാൽ നിർവ്വചിക്കപ്പെട്ടിരിക്കുന്നതിനാൽ, അന്തരീക്ഷചലനങ്ങളെ ചില ഭൗതിക ഗണിത സമവാക്യങ്ങളാൽ സൂചിപ്പിക്കാം. ആത്യന്തികമായി സൂര്യനിൽനിന്ന് ലഭിക്കുന്ന വികിരണങ്ങളാണ് അന്തരീക്ഷത്തിലെ ചലനങ്ങളുടെ സ്വഭാവം നിയന്ത്രിക്കുന്നത്. എന്നാൽ വായുവിന്‍റെ ചലനം മറ്റു പല ഘടകങ്ങളാലും നിയന്ത്രിതവുമാണ്. ഭൂഭ്രമണം മൂലമുള്ള കോറിയോലിസ് ബലം, രണ്ട് സ്ഥലത്തെ മർദ്ദവ്യത്യാസത്തിന്‍റെ ഫലമായി ഉണ്ടാകുന്ന മർദ്ദവ്യത്യാസ ബലം, അപകേന്ദ്ര ബലം, വായുവിന്‍റെ ഘർഷണ ബലം തുടങ്ങിയ ബലങ്ങൾ അന്തരീക്ഷ വായുവിന്റെ ചലനത്തെ സ്വാധീനിക്കുന്നു. ഈ ബലങ്ങളെയെല്ലാം ഭൗതിക ശാസ്ത്രത്തിലെ ചില സുപ്രധാന നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭൗതിക ഗണിത സമവാക്യങ്ങളുടെ രൂപത്തിൽ അവതരിപ്പിക്കാൻ കഴിയും. ഈ സമവാക്യങ്ങളുടെ ഏകോപിത രൂപമാണ് “അന്തരീക്ഷമോഡൽ', അന്തരീക്ഷത്തിന്റെ ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക് ഉള്ള പരിണാമം വിശദീകരിക്കാനും ഈ മോഡൽ ഉപയോഗിച്ച് സാധിക്കും.

ഒരു പ്രദേശത്തെ വിവിധ സ്ഥലങ്ങളിലെ അന്തരീക്ഷസ്ഥിതി ഈ സമവാക്യങ്ങളുപയോഗിച്ച് തികച്ചും ഗണിതശാസ്ത്രപരമായി പ്രവചിക്കാൻ കഴിയും. അതുകൊണ്ടാണ് ഇതിനെ സംഖ്യാധിഷ്ഠിതമായ കാലാവസ്ഥാ പ്രവചനം എന്ന് പറയുന്നത്. ലോകത്ത് ആദ്യമായി ഇത്തരത്തിലുള്ള പ്രവചനം നടത്തിയത് 1922 ൽ പ്രശസ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ എൽ.എഫ്. റിച്ചാർഡ്സൺ ആണ്. ഇന്ത്യയിൽ, ഇന്ന് ഇത്തരം പ്രവചനം നൽകുന്നത് നോയിഡയിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ മധ്യകാലപ്രവചനകേന്ദ്രത്തിൽ നിന്നാണ്. CRAY-XMP എന്ന സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 3 മുതൽ 5 വരെ ദിവസവും സമശീതോഷ്ണമേഖലയിൽ 10 ദിവസം വരെയുമാണ് ഇത്തരം പ്രവചനങ്ങളുടെ പരിധി. പൂനെയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻറ സംഖ്യാധിഷ്ഠിത കാലാവസ്ഥാ പ്രവചനകേന്ദ്രത്തിൽ (ഹസ്വകാല പ്രവചനത്തിനുവേണ്ടി ഈ രീതി പ്രയോഗിച്ചുവരുന്നുണ്ട്.

കർഷകർക്കുള്ള കാലാവസ്ഥാ സർവീസുകൾ

നിലമൊരുക്കുന്നത് മുതൽ വിപണനം വരെയുള്ള കാർഷികവൃത്തികൾ ആസൂത്രണം ചെയ്യുവാൻ വിശ്വസനീയമായ (ഹസ്വകാല മധ്യകാല പ്രവചന രീതികൾ ആവശ്യമാണ്. 1945 മുതലാണ് ഇന്ത്യയിൽ കാലാവസ്ഥാ നിരീക്ഷണവകുപ്പ് കർഷകർക്കുവേണ്ടി പതിവായി കാലാവസ്ഥാ ബുള്ളറ്റിനുകൾ പുറപ്പെടുവിക്കുവാനാരംഭിച്ചത്. പിന്നീട്. ഈ പ്രവർത്തനം ന്യൂഡൽഹി, ബോംബൈ, കൊൽക്കത്ത, മദ്രാസ്, നാഗ്പൂർ എന്നീ പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങൾക്ക് കൈമാറി. ഇത്തരം കാലാവസ്ഥാ ബുള്ളറ്റിനുകളിൽ അടുത്ത 36 മണിക്കൂറിനുള്ളിൽ സംഭവിക്കാവുന്ന അന്തരീക്ഷ സ്ഥിതിയുടെ പ്രവചനവും, പിന്നീടുള്ള രണ്ട് ദിവസത്തേക്ക് കൂടിയുള്ള കാലാവസ്ഥാ അവലോകനവും ഉൾക്കൊള്ളുന്നു. ക്രമേണ സംസ്ഥാന തലസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന കാലാവസ്ഥാ കേന്ദ്രങ്ങളും കർഷകർക്കുള്ള കാലാവസ്ഥാ ബുള്ളറ്റിനുകൾ പുറപ്പെടുവിക്കാനാരംഭിച്ചു. ആകാശവാണി ഈ ബുള്ളറ്റിനുകൾ ദിവസേന രണ്ട് പ്രാവശ്യം പ്രാദേശിക ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്. കർഷകരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലുള്ളതായിരുന്നില്ല പരിമിതമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരം ബുള്ളറ്റിനുകൾ. മുൻപൊക്കെ കാലാവസ്ഥാ വകുപ്പ് രാജ്യത്തെ പ്രധാന വിളകളുടെ വിള-കാലാവസ്ഥാ കലണ്ടർ തയ്യാറാക്കിയിരുന്നു. വിള-കാലാവസ്ഥാ കലണ്ടറുകളിലും പരിമിതമായ വിവരങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഇപ്പോൾ ഇത് പ്രചാരത്തിലില്ല. കാർഷിക കാലാവസ്ഥാ നിർദ്ദേശക സർവീസുകൾ ആരംഭിക്കുന്നത് 1977 മുതലാണ്. ഇത്തരം സർവീസുകളുടെ ഉപയോഗം വളരെ പരിമിതമായിരുന്നു. കാലാവസ്ഥാ നിർദ്ദേശ സർവ്വീസുകളിലെ പോരായ്മകൾ പരിഹരിക്കാനും കർഷകർക്ക് കുറേക്കൂടി നൽകാനുമായി ന്യൂഡൽഹിയിൽ ദേശീയ മദ്ധ്യകാലകാലാവസ്ഥാ പ്രവചനകേന്ദ്രം 1988 ൽ സ്ഥാപിതമായി. ഈ സ്ഥാപനം ഇപ്പോൾ ഫലവത്തായ രീതിയിൽ കാലാവസ്ഥാ നിർദ്ദേശ സർവ്വീസുകൾ യു.പി.യിലെ നോയിഡയിലേക്ക് മാറ്റി സ്ഥാപിച്ചു.

കാലാവസ്ഥാ നിർദ്ദേശക സർവ്വീസുകൾ

3 മുതൽ 10 ദിവസം വരെ മുൻകൂട്ടിയുള്ള മദ്ധ്യകാല കാലാവസ്ഥാ പ്രവചനം, ദേശീയ മദ്ധ്യകാല കാലാവസ്ഥാ പ്രവചനകേന്ദ്രത്തിൽനിന്നും പുറപ്പെടുവിക്കാനാരംഭിച്ചത് 1991 മാർച്ച് 23 നാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, കാലാവസ്ഥാവകുപ്പ്, കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പ്, വാർത്താവിതരണവകുപ്പ്, ഇലക്ട്രോണിക്സ് വകുപ്പ്, സംസ്ഥാന കാർഷിക സർവ്വകലാശാലകൾ തുടങ്ങി വിവിധ വകുപ്പുകൾ ഇതുമായി സഹകരിക്കുന്നുണ്ട്. രാജ്യത്തെ കാർഷിക കാലാവസ്ഥാ വിഭാഗങ്ങളിലും കാർഷിക കാലാവസ്ഥാ ഫീല്‍ഡ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് ദേശീയ മദ്ധ്യകാല കാലാവസ്ഥാ കേന്ദ്രത്തിന്റെ പദ്ധതി. ഇതുവരെ, 123 കാർഷിക കാലാവസ്ഥാ വിഭാഗങ്ങളിൽ ഫീൽഡ് യൂണിറ്റുകൾ സ്ഥാപിതമായിട്ടുണ്ട്. ഈ കാർഷിക കാലാവസ്ഥാ വിഭാഗങ്ങളാകട്ടെ ദേശീയ കാർഷിക ഗവേഷണ പദ്ധതിയുടെ കീഴിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ തരംതിരിച്ചിട്ടുള്ളതാണ്. ഇതിൽ തന്നെ കേരള കാർഷിക സർവ്വകലാശാല ഉൾപ്പെടെ രാജ്യത്തെ 12 കാർഷിക കാലാവസ്ഥാ ഫീൽഡ് യൂണിറ്റുകൾ വിവിധ വിളകളിൽ കാർഷിക കാലാവസ്ഥാ നിർദ്ദേശക സർവ്വീസുകളുടെ സ്വാധീനം പഠനവിധേയമാക്കിയിട്ടുണ്ട്.

ദേശീയ മദ്ധ്യകാല കാലാവസ്ഥാ പ്രവചനകേന്ദം, എല്ലാ ചൊവ്വാഴ്ച്ചയും വെള്ളിയാഴ്ച്ചയും മദ്ധ്യകാല കാലാവസ്ഥാ പ്രവചനം പൂനെയിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ കാർഷിക കാലാവസ്ഥാ വിഭാഗത്തിലേക്ക് തയ്യാറാക്കി നൽകുന്നു. അവിടെ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് നൽകുന്ന മധ്യദൂര കാലാവസ്ഥ പ്രവചനം അതേ ദിവസം തന്നെ വിവിധ കാർഷിക കാലാവസ്ഥാ ഫീൽഡ് യൂണിറ്റുകളിലേക്ക് എത്തിക്കുന്നു, 2008 ജൂൺ മുതൽ ജില്ലാതലത്തിലുള്ള മധ്യദൂര കാലാവസ്ഥാ പ്രവചനമാണ് കാലാവസ്ഥാവകുപ്പ് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കാർഷിക കാലാവസ്ഥാ ഫീൽഡ് യൂണിറ്റുകൾ, കാർഷിക കാലാവസ്ഥാ നിർദ്ദേശക ബുള്ളറ്റിനുകൾ തയ്യാറാക്കുന്നു. ഇത്തരം നിർദ്ദേശക ബുള്ളറ്റിനുകൾക്ക് മൂന്ന് വിഭാഗങ്ങളുണ്ട്. പ്രവചനത്തിന്റെ നാൾവഴികളിലുണ്ടായിട്ടുള്ള ഈ നേട്ടം കുറച്ചു കാണാനാകില്ല. കേരളത്തിൽ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത കാർഷിക ഗവേഷണ കേന്ദ്രങ്ങളും കൃഷിവിജ്ഞാനകേന്ദ്രങ്ങളും ഈ ബൃഹത് പദ്ധതിയിൽ സജീവമായി പങ്കുചേരുന്നുണ്ട്.

ഒന്നാമത്തെ ഭാഗത്തിൽ മുൻ വാരത്തിലെ കാലാവസ്ഥാസംബന്ധമായ വിവരണങ്ങളും വരാൻ പോകുന്ന മൂന്ന് ദിവസത്തേക്കുള്ള കാറ്റിന്റെ ശരാശരി വേഗത, ദിശ, ഉയർന്ന താപനില, താഴ്ന്ന താപനില, കാലാവസ്ഥാ പ്രവചനവും ഉൾക്കൊള്ളുന്നു. മേഘമാനം, വർഷപാതം, പ്രതിവാരം ലഭിക്കുന്ന മൊത്തം മഴ എന്നീ അന്തരീക്ഷഘടകങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് ഈ പ്രവചനത്തിൽ ഉൾക്കൊള്ളുന്നത്. വിളകളുടെ ഇനം, സ്ഥിതി, വളർച്ചാഘട്ടം. അനുവർത്തിച്ചുവരുന്ന പരിചരണമുറകൾ, ക്യമി-കീട-രോഗബാധകളെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മൂന്നാമത്തെ ഭാഗത്തിലാണ് കാർഷിക കാലാവസ്ഥാ നിർദ്ദേശങ്ങൾ സമീപപ്രദേശങ്ങളിലെ കൃഷിവകുപ്പുദ്യോഗസ്ഥരും കാർഷിക സർവ്വകലാശാലയിലെ വിവിധ ശാസ്ത്രജ്ഞൻമാരും ഉൾക്കൊളളുന്ന കാർഷിക കാലാവസ്ഥാ നിർദ്ദേശക ബോര്‍ഡും ചേർന്നാണ് ബുളറ്റിനുകൾ തയാറാക്കുന്നത്. ഇംഗ്ലീഷിലും പ്രദേശിക ഭാഷയിലും തയ്യാറാക്കുന്ന ബുളളറ്റിനുകൾ കർഷകരിലേക്ക് നേരിട്ടോ, മാധ്യമങ്ങൾ വഴിയോ എത്തിക്കുന്നു. ഇന്ന്, ഈ ബ്രഹത് പദ്ധതി നടപ്പിലാക്കിവരുന്ന കേന്ദ്രങ്ങളിൽ നിന്ന് ആഴ്ചതോറും അല്ലെങ്കിൽ ആഴ്ചയിൽ രണ്ട് (പാവശ്യമോ ഇത്തരം ബുള്ളറ്റിനുകൾ തയ്യാറാക്കി കർഷകരിൽ എത്തിക്കുന്നുണ്ട്.

ഇതുകൂടാതെ കാലാവസ്ഥാ വകുപ്പ്, സംസ്ഥാന തലസ്ഥാനത്തെ കാലാവസ്ഥാ കേന്ദ്രങ്ങളിൽ കാർഷിക കാലാവസ്ഥാ സർവീസ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹ്രസ്വകാല കാലാവസ്ഥാ പ്രവചനത്തിന്‍റെ അടിസ്ഥാനത്തിൽ ഈ യൂണിറ്റുകൾ എല്ലാ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും കാർഷിക കാലാവസ്ഥാ നിർദ്ദേശങ്ങൾ പുറത്തിപ്പെടുവിക്കുന്നു. സംസ്ഥാനത്തെ പോയവാരത്തെ അന്തരീക്ഷസ്ഥിതി, അടുത്ത 48 മണിക്കൂർ പരിധിക്കുളളിൽ പെയ്യാവുന്ന മഴ തുടങ്ങിയവയും തൊട്ടടുത്ത 2 ദിവസത്തേക്കുള്ള കാലാവസ്ഥാ അവലോകനവും ഇതിൽ ഉൾക്കൊള്ളുന്നു. സംസ്ഥാന സർക്കാറിന്‍റെ കൃഷിവകുപ്പിൽ നിന്ന് വിളകളെ പറ്റിയുള്ള വിവരവും ലഭിക്കുന്നു.

കാർഷിക കാലാവസ്ഥാ ബുള്ളറ്റിനുകളുടെ പ്രചാരണം

ആഴ്ചതോറുമോ, ആഴ്ചയിൽ രണ്ട് തവണ വീതമോ (ചൊവ്വ, വെളളി) തയാറാക്കപ്പെടുന്ന കാർഷിക കാലാവസ്ഥാ നിർദേശക ബുളളറ്റിനുകൾ അതേദിവസമോ, തൊട്ടടുത്ത ദിവസമോ തിരഞ്ഞെടുത്ത കർഷകർക്ക് പ്രത്യേക ദൂതൻ വശം എത്തിക്കുന്നു. കൂടാതെ ആകാശവാണി, ദൂരദർശൻ, പത്രമാധ്യമങ്ങൾ വഴിയും കർഷകരുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു. ഇത്തരം സംവിധാനം രാജ്യത്തിൻറ വിവിധ മേഖലകളിലെ കാർഷിക കാലാവസ്ഥാ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. മൊത്തമുള്ള 127 കാർഷിക കാലാവസ്ഥാവിഭാഗങ്ങളിലും വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനതലസ്ഥാനത്തുള്ള കാലാവസ്ഥാ കേന്ദ്രങ്ങൾ തയ്യാറാക്കുന്ന ബുള്ളറ്റിനുകൾ ആകാശവാണിയുടെ കൃഷിപംക്തി പരിപാടിയിലൂടെ പ്രക്ഷേപണം ചെയ്യുന്നതിന് അയച്ചുകൊടുക്കുന്നു. കാലാവസ്ഥാ വകുപ്പിന്റെ തന്നെ പൂനെയിലെ കാർഷിക കാലാവസ്ഥാ വിഭാഗത്തിലേക്കും പ്രസ്തുത ബുള്ളറ്റിൻ അതേ ദിവസം തന്നെ ലഭ്യമാക്കുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന ഇത്തരം കാർഷിക കാലാവസ്ഥാ നിർദ്ദേശക ബുള്ളറ്റിനുകൾ സംയോജിപ്പിച്ച ഒരു സംക്ഷിപ്ത റിപ്പോർട്ട് തയ്യാറാക്കുന്നു. ഇത് ഡൽഹിയിലെ കാലാവസ്ഥാ വിഭാഗത്തിൽ തൊട്ടടുത്ത ദിവസം തന്നെ ലഭ്യമാക്കുന്നു.

വിവിധ കാർഷിക കാലാവസ്ഥാ മേഖലകളിൽ സ്ഥിതിചെയ്യുന്ന കാർഷിക സർവ്വകലാശാലകളിൽ വികസിപ്പിച്ചെടുത്ത വിളകളുടെ ‘പാക്കേജ് ഓഫ് പ്രാക്ടീസസ് റെക്കമെൻഡേഷൻസ്’ അടിസ്ഥാനമാക്കിയാണ് ആ പ്രദേശത്തിന് വേണ്ടിയുള്ള കാർഷിക കാലാവസ്ഥാ ബുള്ളറ്റിനുകൾ തയ്യാറാക്കുന്നത്. കാർഷിക കാലാവസ്ഥാ സംബന്ധമായി നടത്തിയ പഠനങ്ങളിലൂടെ ഉരുത്തിരിച്ചെടുത്ത പ്രത്യേക ശുപാർശകൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ വിളകളുടെ “പാക്കേജ് ഓഫ് പ്രാക്ടീസസ് റെക്കമെൻഡഷൻസ്" എന്ന പ്രസിദ്ധീകരണം വളരെ പ്രായോജനകരമാണ്. കാർഷിക നിർദ്ദേശക സർവീസുകളുടെ ആത്യന്തിക ലക്ഷ്യം, കാലാവസ്ഥാ (പവചനത്തെക്കുറിച്ച് കർഷകരുടെ ഇടയിൽ ബോധവത്ക്കരണം നടത്തുകയും, ദൈനീക കാർഷിക വൃത്തിയിൽ ഉപദേശം നൽകുകയും അതുവഴി കാർഷികോൽപ്പാദനത്തിലെ സുസ്ഥിരത കൈവരിക്കുകയും ചെയ്യുക എന്നതാണ്. വിളകളും അവയുടെ വിവിധ ഘട്ടങ്ങളും വളർച്ചയും, വൃതൃസ്ഥ കാലാവസ്ഥാഘടകങ്ങളും തമ്മിലുള്ള വ്യക്തമായ ബന്ധങ്ങൾ മനസിലാക്കിയാൽ മാത്രമേ ഇതിന് കഴിയൂ. നിലവിലുളള വ്യത്യസ്ത വിളകളുടെ കൃഷി-കാലാവസ്ഥാ മോഡലുകൾ പുനർനിർണയം ചെയ്യുകയും, പുതിയ ക്യഷി-കാലാവസ്ഥാ മോഡലുകൾ വികസിപ്പിച്ചെടുക്കുകയും ചെയ്യാനായാൽ വിവിധ അന്തരീക്ഷ ഘടകങ്ങൾ വിളയുടെ വളർച്ചയിലും ഉത്പാദനത്തിലും എന്ത് സ്വാധീനമാണുണ്ടാക്കുന്നതെന്ന് മനസ്സിലാക്കുവാനും അതുവഴി ഉൽപ്പാദനത്തിൽ കൂടുതൽ മികവ് കൈവരിക്കാനും കഴിഞ്ഞേക്കും. വിവിധ വിളകളിലെ കൃമി -കീട രോഗബാധയ്ക്ക് മോഡലുകൾ വികസിപ്പിച്ചെടുക്കേണ്ടതും ഏറെ ആവശ്യമായി വന്നിരിക്കുന്നു. വിവിധ മേഖലകളിൽ പ്രവൃത്തിക്കുന്ന ശാസ്ത്രജ്ഞൻമാർ ഒരുമിച്ച് ഇത്തരം വെല്ലുവിളികൾ ഏറ്റെടുത്ത് നടത്തേണ്ടതുണ്ട്. എല്ലാ കാർഷിക കാലാവസ്ഥാ ഫീൽഡ് യൂണിറ്റുകളിലുമുള്ള ഗവേഷണ വികസന പ്രവർത്തനങ്ങൾ ബലപ്പെടുത്തുകയും അഖിലേന്ത്യാ കാർഷിക കാലാവസ്ഥാ ഏകോപന പദ്ധതിയുടെ കീഴിൽ നടന്നുവരുന്ന ഗവേഷണ പരിപാടികളിൽ കാലികമായ മാറ്റം വരുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതിലേക്കായി മധ്യകാല കാലാവസ്ഥാ പ്രവചനകേന്ദ്രവും ഇന്ത്യൻ കാർഷിക ഗവേഷണകൗൺസിലും, സംസ്ഥാനകാർഷിക സർവ്വകലാശാലകളും ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണമാണ് ലക്ഷ്യമാക്കേണ്ടത്. ഇന്ന് ലഭ്യമാകുന്ന മധ്യകാല പ്രവചനത്തിന്റെ വിശ്വാസ്യത വളരെ കുറവാണ്. അത് മാറണം. മധ്യകാല പ്രവചനത്തെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഇത്തരം അഡ്വൈസറികളുടെ ഉപയോഗം വർധിക്കണമെങ്കിൽ പ്രവചന പ്രാപ്തി (forecasting skill) വർധിപ്പിക്കുകയും ബുള്ളറ്റിനുകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയുമാണ് വേണ്ടത്.

കാലാവസ്ഥാ പ്രവചനത്തിലെ വെല്ലുവിളികൾ

ഒരു പ്രത്യേക ഭൂവിഭാഗത്തിനോ, അതിൽതന്നെ ഒരു പ്രത്യേക സ്ഥലത്തിനോ കാലാവസ്ഥാ പ്രവചനം പലപ്പോഴും കൃത്യമായി വരാറില്ല എന്നുള്ളതാണ് കാലാവസ്ഥാ പ്രവചനത്തിന്‍റെ ഏറ്റവും വലിയ പോരായ്മ. മാത്രമല്ല മധ്യകാല പ്രവചനങ്ങള്‍ (3 മുതല്‍ 10 ദിവസം വരെ മുന്‍കൂട്ടി നല്‍കുന്നത്) പലപ്പോഴും വേണ്ടത്ര നിലവാരത്തിലേക്ക് ഉയരുന്നുമില്ല. അന്തരീക്ഷത്തിലെ ഭൌതീക ഘടകങ്ങള്‍ തമ്മിലുള്ള ബന്ധം സൂപ്പര്‍ കംപ്യൂട്ടറിന്‍റെ വരവോടുകൂടി മുമ്പത്തേതിനേക്കാളും എളുപ്പത്തില്‍ നിര്‍ധാരണം ചെയ്യാന്‍ ഇന്ന് സാധിക്കുന്നുണ്ടെങ്കില്‍ പോലും മധ്യകാല പ്രവചനത്തിന്‍റെ കാര്യത്തില്‍ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്നത് ഇന്നും ഒരു ചോദ്യമായിത്തന്നെ അവശേഷിക്കുന്നു. ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലെ അപാകതകൾ മൂലം ഉണ്ടാകുന്ന പിഴവുകളും, സുപ്രധാന മേഖലകളിൽ നിന്നുള്ള സ്ഥിതിവിവരങ്ങൾ ലഭിക്കാതിരിക്കുന്നതും കണക്കിലെടുക്കേണ്ട വസ്തുതകൾ തന്നെയാണ്. ഇതിനുപുറമെ, ഇന്ത്യയെപ്പോലെയുള്ള ഒരു ഉഷ്ണമേഖലാ രാജ്യത്തിലെ അന്തരീക്ഷ പര്യയനത്തെ വർഷപാതം വളരെയേറെ മാറ്റിമറിക്കുന്നു. വർഷപാതം എങ്ങിനെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അന്തരീക്ഷ പര്യയനത്തെ ബാധിക്കുന്നുവെന്ന് വിശദീകരിക്കുവാൻ ഇന്നുള്ള അറിവ് പരിമിതമാണ്.

കടപ്പാട്: സി.എസ്.ഗോപകുമാര്‍

കെ.എന്‍.കൃഷ്ണകുമാര്‍

എച്ച്.വി.പ്രസാദറാവു

 

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate