অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പരിസ്ഥിതി അന്യം നിന്നുപോകുന്ന വസ്തുതകള്‍

പരിസ്ഥിതി അന്യം നിന്നുപോകുന്ന വസ്തുതകള്‍

അന്തരീക്ഷ മലിനീകരണവും ഉയരുന്ന മരണനിരക്കും

വികസ്വര രാജ്യങ്ങളിൽ അന്തരീക്ഷ മലിനീകരണം വൻതോതിൽ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയും ചൈനയുമാണ്‌ അന്തരീക്ഷ മലിനീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്‌. വ്യാവസായിക നഗരങ്ങളിലാണ്‌ ഇത്‌ കൂടുതൽ അനുഭവപ്പെടുന്നത്‌. കഴിഞ്ഞ പത്ത്‌ വർഷത്തിനിടെ വായു മലിനീകരണം കാരണം മരണനിരക്ക്‌ നാലിരട്ടിയായാണ്‌ വർധിച്ചത്‌. ഇന്ത്യയിൽ മരണകാരണങ്ങളിൽ അഞ്ചാംസ്ഥാനം അന്തരീക്ഷ മലിനീകരണം മൂലമാണെന്ന്‌ എൻവയോൺമെന്റൽ സയൻസ്‌ ആൻഡ്‌ ടെക്നോളജി ജേണൽ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയും അന്തരീക്ഷ മലിനീകരണവും

ഇന്ത്യയിൽ പ്രതിവർഷം 2.6 കോടി ജനങ്ങൾ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക്‌ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്‌. ഇന്ത്യയിൽ ശ്വാസകോശ രോഗങ്ങൾക്ക്‌ പ്രധാനകാരണം വായുമലിനീകരണമാണ്‌. ഇതിൽ പ്രധാനം അർബുദമാണ്‌. കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ നമ്മുടെ രാജ്യത്ത്‌ അന്തരീക്ഷ മലിനീകരണം മൂലമുള്ള രോഗങ്ങൾ ബാധിച്ച്‌ 35,000 പേർക്കാണ്‌ ജീവൻ നഷ്ടപ്പെട്ടത്‌. തലസ്ഥാന നഗരമായ ഡൽഹിയിൽ ഇങ്ങനെ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്‌. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഡൽഹി യഥാർഥത്തിൽ വായുമലിനീകരണംമൂലം വിങ്ങുകയാണ്‌. വാഹനങ്ങൾ വർധിക്കുന്നത്‌ അന്തരീക്ഷമലിനീകരണത്തിന്‌ ഒരു പ്രധാനകാരണമാണ്‌. വ്യവസായശാലകളിൽ നിന്നും പുറത്തേക്ക്‌ തള്ളുന്ന പുകയും പൊടിയും അന്തരീക്ഷം അശുദ്ധമാക്കുന്നു. രോഗകാരണം അന്തരീക്ഷമലിനീകരണമാണെന്ന്‌ പലരും അറിയുന്നില്ല. വ്യാപകമായ വനനശീകരണം വായുമലിനീകരണത്തിന്റെ തോത്‌ വർധിപ്പിക്കുകയാണ്‌. ഒരു മണിക്കൂറിൽ 13.5 കിലോ ഓക്സിജൻ ഒരു മനുഷ്യന്‌ ശ്വസിക്കാനായി ആവശ്യമുണ്ട്‌. അന്തരീക്ഷമലിനീകരണം ഇത്‌ അസാധ്യമാക്കുന്നു. പലവിധ രോഗങ്ങളുടെയും ഉറവിടം ഇവിടെ നിന്നാണ്‌. ഓക്സിജന്റെ കുറവ്‌ മനുഷ്യരക്തത്തെ മലിനീകരിക്കുന്നു. ആസ്മപോലുള്ള അലർജി രോഗങ്ങൾ വളരെ ചെറുപ്രായത്തിലെ ബാധിക്കുന്നു. മണിക്കൂറിൽ മൂന്ന്‌ പേർ ഇന്ത്യൻ നാഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം മൂലം മരണത്തിന്‌ വിധേയമാവുകയാണ്‌. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എല്ലാവർഷവും പുറത്തുവിടുന്ന റിപ്പോർട്ടുകളിൽ ഇത്‌ കൂടിവരുന്നതായാണ്‌ കാണിക്കുന്നത്‌.

കേരളവും വായു മലിനീകരണവും

കേരളത്തിലെ വായുമലിനീകരണം ഞെട്ടിപ്പിക്കുന്നതാണ്‌. വായുവിലെ സൾഫർഡൈ ഓക്സൈഡ്‌, നൈട്രജൻ ഓക്സൈഡുകൾ, പൊടിപടലങ്ങൾ എന്നിവയാണ്‌ വായുവിന്റെ നിലവാരം നിശ്ചയിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ്‌ അളക്കുന്നത്‌. കേരളത്തിലെ മുപ്പത്‌ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ വായു വളരെ മലിനീകരിക്കപ്പെട്ടിരിക്കുന്നതായാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഏറ്റവും വില്ലൻ പൊടിപടലങ്ങളാണ്‌. ഒരു ഘനമീറ്റർ വായുവിൽ 60 മൈക്രോഗ്രാം വരെ പൊടിപടലങ്ങൾ അനുവദനീയമാണ്‌. എന്നാൽ 104 മൈക്രോഗ്രാം വരെ പലേടത്തും കാണുന്നുണ്ട്‌. എറണാകുളത്തെ ഇരുമ്പനത്താണ്‌ ഏറ്റവും കൂടുതൽ. ഇവിടെ 104 മൈക്രോഗ്രാമാണ്‌ പൊടിപടലം. ഏലൂരിൽ എഴുപതും കളമശേരിയിൽ അറുപത്തിയാറും മൈക്രോഗ്രാമുമാണുള്ളത്‌. കോട്ടയത്തെ നാഗമ്പടം, വടവാളർ, കണ്ണൂരിലെ മങ്ങാട്ട്പറമ്പ്‌ എന്നിവിടങ്ങളിലും വായുമലിനീകരണം പരിധിക്കും പുറത്താണ്‌. എന്നാൽ അത്ഭുതമെന്ന്‌ പറയട്ടെ വ്യവസായ മേഖലയായിട്ടും പാലക്കാട്‌ കഞ്ചിക്കോട്‌ വായുമലിനീകരണം വളരെ കുറവായും കാണപ്പെട്ടു.

കേരളത്തിൽ വർധിച്ച്‌ വരുന്ന വാഹനങ്ങളുടെ പെരുപ്പമാണ്‌ വായുമലിനീകരണത്തിന്‌ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. കഴിഞ്ഞ എട്ട്‌ വർഷത്തിനിടയിൽ 123 ശതമാനമാണ്‌ സംസ്ഥാനത്ത്‌ വാഹനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായത്‌. ഇന്ന്‌ 2014 വരെയുള്ള കണക്ക്‌ പ്രകാരം 85,47,966 വാഹനങ്ങളാണുള്ളത്‌. കേരളത്തിൽ 60 ലക്ഷം കൂടുംബങ്ങളാണന്നാണ്‌ ഏറ്റവും പുതിയ സെൻസസിൽ പറയുന്നത്‌. കുടുംബങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ വാഹനങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്‌. 1000 ചതുരശ്ര കിലോമീറ്ററിൽ 6,567 വാഹനങ്ങൾ ദിവസവും ഓടിക്കൊണ്ടിരിക്കുന്നു. മറ്റ്‌ സംസ്ഥാനങ്ങളിൽ ഇത്‌ 1,671 വാഹനങ്ങൾ മാത്രമാണ്‌. ഒരുദിവസം മാത്രം പുതിയതായി 3,171 വാഹനങ്ങൾ കേരളത്തിലെ നിരത്തുകളിൽ ഇറങ്ങുന്നു.

വാഹനാപകടങ്ങളും മരണനിരക്കും അതിഭീമമായി വർധിക്കുന്നതോടൊപ്പം മനുഷ്യന്‌ ശ്വസിക്കാനുള്ള വായുവും ഞെട്ടിപ്പിക്കുന്നതരത്തിൽ മലിനീകരിക്കപ്പെടുന്നതും അതുമൂലമുള്ള മരണനിരക്ക്‌ വർധിക്കുന്നതും ആരും അത്ര ഗൗരവമായി എടുത്തതായി തോന്നുന്നില്ല. സാധാരണ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽ വ്യവസായ നഗരങ്ങളിലാണ്‌ വായു കൂടുതൽ മലിനീകരിക്കപ്പെടുന്നതായി കണ്ട്‌ വരുന്നത്‌. എന്നാൽ കേരളത്തിലെ വ്യവസായ നഗരമായ കാഞ്ചിക്കോടിന്റെ അനുഭവം അതല്ല കാണിക്കുന്നത്‌. മാത്രമല്ല വ്യവസായ നഗരമായ ഏലൂരും കളമശേരിയിലും വ്യവസായങ്ങളില്ലാത്ത മറ്റ്‌ നഗരങ്ങളെ അപേക്ഷിച്ച്‌ വായു മലിനീകരിക്കപ്പെട്ടിട്ടുമില്ല. ഇതിൽ നിന്നും മനസിലാക്കുന്നത്‌ കേരളത്തിലെ അന്തരീക്ഷ മലിനീകരണത്തിൽ പ്രധാന വില്ലൻ പുകയും പൊടിയും പുറത്തേക്ക്‌ തള്ളുന്ന വാഹനങ്ങൾ തന്നെയാണെന്നാണ്‌. വ്യവസായങ്ങൾ തള്ളുന്ന രാസവസ്തുക്കളേക്കാൾ പൊടിപടലങ്ങളും പെട്രോളിയം മാലിന്യങ്ങളുമാണ്‌ കേരളത്തിലെ അന്തരീക്ഷത്തിൽ കൂടുതലുള്ളത്‌.

ഒരു ദിവസം അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന രോഗങ്ങൾ കാരണം കേരളത്തിൽ പത്തോളം പേർ മരിക്കുന്നതായാണ്‌ കണക്കാക്കപ്പെടുന്നത്‌. ശ്വാസകോശ അലർജിയുടെ പ്രധാന വില്ലൻ വായുമലിനീകരണമാണ്‌. കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിൽ ഗണ്യമായ ഭാഗം ഇത്തരം രോഗങ്ങൾ പിടിപെടുന്നവരാണ്‌. ഇന്നത്തെ രീതി തുടർന്നാൽ സമീപഭാവിയിൽ ഓക്സിജൻ പാർലറുകൾ പാതയോരങ്ങളിൽ തുടങ്ങേണ്ട അവസ്ഥയാണുള്ളത്‌. ആശുപത്രികളിൽ എത്തുന്നവരിൽ മുഖ്യരോഗഹേതു അന്തരീക്ഷമലിനീകരണമാണെന്ന്‌ കണ്ടുപിടിക്കുവാനുള്ള പ്രത്യേക സംവിധാനങ്ങളിവിടെയില്ല.

 

കർഷകന്റെ നിലവിളി ഭൂമിയുടേതും

കർഷകർക്ക്‌ ഏറെ നിരാശ തരുന്ന വാർത്തയാണ്‌ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്‌. രാജ്യത്തെ 44 ശതമാനം ജില്ലകൾക്കും ആവശ്യത്തിന്‌ മഴ ലഭിക്കാൻ സാധ്യതയില്ലെന്നാണ്‌ കാലാവസ്ഥ കേന്ദ്രം സൂചിപ്പിക്കുന്നത്‌. മൊത്തമുള്ള 640 ജില്ലകളിൽ 283 ജില്ലകൾ ആവശ്യത്തിന്‌ മഴ ലഭിക്കാത്തതുകാരണം കടുത്ത വരൾച്ച നേരിടും. ഇത്‌ കൃഷിയെ വളരെ പ്രതികൂലമായി ബാധിക്കും. ഈ ജില്ലകളിൽ 20 മുതൽ 90 ശതമാനം വരെ കുറവായാണ്‌ മഴയിൽ അനുഭവപ്പെടുന്നത്‌. പഞ്ചാബിലെ 22 ജില്ലകളിൽ 14 ലിലും ഹരിയാനയിലെ 21 ജില്ലകളിൽ 18 ലും ഉത്തർപ്രദേശിലെ 75 ൽ 54 ജില്ലകളിലുമാണ്‌ വരൾച്ച രൂക്ഷമായി അനുഭവപ്പെടാൻ പോകുന്നത്‌. ഇതിൽ പഞ്ചാബിലെയും ഉത്തർപ്രദേശിലെയും 13 ജില്ലകൾ കൊടും വരൾച്ച നേരിടാൻ പോകുന്നു. രാജ്യത്തെ മൊത്ത ധാന്യ ഉൽപ്പാദനത്തിൽ 34 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്‌ ഉൽപ്പാദിപ്പിക്കപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ഭക്ഷ്യസുരക്ഷ എന്നത്‌ വിദൂര സ്വപ്നമായി മാറും. കൃഷി നശിക്കുന്നത്‌ മാത്രമല്ല, ആടുമാടുകളെ വളർത്തി ഉപജീവനം നയിക്കുന്ന ജനതയുടെ ജീവിത താളവും ഇതോടെ തെറ്റും. കുടിവെള്ളം, ജലസേചനത്തിന്‌ ആവശ്യമായ വെള്ളം, പുല്ലും മറ്റും വളരാൻ ആവശ്യമായ വെള്ളം എന്നിവ ഇല്ലാതാകുന്നതോടെ രാജ്യത്തെ കാർഷികമേഖലയിൽ ഉണ്ടാകാൻ പോകുന്ന അനിശ്ചിതത്വവും തകർച്ചയും തിട്ടപ്പെടുത്താനാകാത്തത്രയായിരിക്കും.
കാലാവസ്ഥ വ്യതിയാനങ്ങൾക്ക്‌ കാരണമാകുന്ന കൃഷിഭൂമി നികത്തൽ, വനനശീകരണം, മരം മുറിക്കൽ, മണൽ വാരൽ, പാറ പൊട്ടിക്കൽ എന്നിവ യഥേഷ്ടം നടക്കുമ്പോൾ വസന്തകാലവും വർഷകാലവും ശിശിരകാലവും വഴിമാറി നടക്കുമെന്ന പ്രപഞ്ചസത്യം ഭരണകൂടം തിരിച്ചറിയാതെ പോകുന്നു. ഭൂമിയുടെ നിലവിളി കേൾക്കാൻ ഇവർ എന്ന്‌ തയ്യാറാകും?

ഓസോൺ: ഭൂമിദേവിയുടെ സ്വന്തം സൺസ്ക്രീൻ

ഓസോൺ പാളിയുടെ ശോഷണം തടയുന്നതിനായുള്ള വിയന്ന കൺവൻഷന്റെ 30-ാ‍ം വാർഷികമാണ്‌ 2015 ൽ ആചരിക്കുന്നത്‌. ഇതു സംബന്ധിച്ച മോൺട്രീൽ പ്രോട്ടോകോളിന്റെ സ്മരണയ്ക്കായി സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഏറ്റവും ഫലപ്രദമായ അന്താരാഷ്ട്ര കരാർ വിയന്ന കൺവൻഷനിൽ രൂപപ്പെട്ടതും ഒപ്പുവച്ചതും 1985 മാർച്ച്‌ 22നാണ്‌. 197 രാജ്യങ്ങൾ ഒപ്പുവച്ച പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിയന്ന കരാർ 1988 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു.
ഭൂമി ദേവിയുടെ സ്വന്തം സൺസ്ക്രീൻ ആണ്‌ ഓസോൺ. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 20 -30 കിലോമീറ്റർ ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിൽ ആണ്‌ ഓസോൺ പാളിയുടെ സ്ഥാനം. സൂര്യ രശ്മിയിലുള്ള ദോഷകാരിയായ അൾട്രാവയലറ്റ്‌ കിരണങ്ങളെ ഭൗമാന്തരീക്ഷത്തിലേക്ക്‌ കടത്തിവിടാതിരിക്കുക എന്നതാണു ഓസോൺ പാളിയുടെ ദൗത്യം. 99 ശതമാനം അൾട്രാവയലറ്റ്‌ കിരണങ്ങളെയും ഭൂമിയിലേക്ക്‌ കടത്തിവിടാതെ അതിശക്തമായ പ്രതിരോധം തീർക്കുകയാണു ഓസോൺ പാളി.
അൾട്രാ വയലറ്റ്‌ രശ്മിയുടെ അളവ്‌ ഭൂമിയുടെ ഉപരിതലത്തിൽ കൂടുന്നത്‌ മനുഷ്യരുടെ ആരോഗ്യത്തിനു ഹാനികരമാണ്‌. അൾട്രാവയലറ്റ്‌ കിരണങ്ങൾ മൂലം കണ്ണിനു തിമിരവും ചർമ്മത്തിനു മാരകമായ കാൻസറും ബാധിക്കാം. മാത്രമല്ല ഭൂമിയിലെ ജൈവവൈവിധ്യത്തെയും സാരമായി ബാധിക്കും. ഹരിത ഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡിനെ വലിയ അളവിൽ ആഗിരണം ചെയ്യുന്ന കടലിലെ ഏകകോശ ജീവികളായ ഫയിറ്റോപ്ലാങ്ങ്ടനു ഉന്മൂലനാശം സംഭവിക്കാം. ഇത്‌ ആഗോള താപനത്തിനു ആക്കം കൂട്ടുകയും ചെയ്യും. ഹാലോകാർബണുകൾക്ക്‌ ആഗോളതാപന ശേഷി കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 2000 മടങ്ങാണ്‌. ആയതിനാൽ ഓസോൺ പാളിയുടെ സുസ്ഥിരത ഭൂമിയിലെ ജീവന്റെ സുരക്ഷയ്ക്ക്‌ അത്യന്താപേക്ഷിതമാണ്‌.
ഓസോൺ നീല നിറമുള്ള വാതകമാണ്‌. മൂന്ന്‌ ഓക്സിജൻ ആറ്റം ചേർന്നാണു ഓസോൺ തന്മാത്ര ഉണ്ടാകുന്നത്‌. ഓസോൺ, അൾട്രാ വയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുകയും സ്വയം വിഘടിച്ച്‌ ഓക്സിജൻ തന്മാത്രയും ഓക്സിജൻ ഫ്രീറാഡിക്കലും ഉണ്ടാകുകയും ചെയ്യുന്നു. ഇപ്രകാരം അൾട്രാ വയലറ്റ്‌ കിരണങ്ങളെ ഭൗമാന്തരീക്ഷത്തിലേക്ക്‌ കടത്തിവിടാതെ സ്വയം എരിഞ്ഞ്‌ അണയുന്ന ഓസോൺ, പ്രതിപ്രവർത്തന ശേഷി വളരെയേറെയുള്ള ഓക്സിജൻ ഫ്രീറാഡിക്കലിന്റെ സഹായത്തോടെ പുനർജ്ജനിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാണു സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ സന്തുലിതാവസ്ഥ നിലനിർത്തുന്നത്‌. ഓസോൺ പുനഃസൃഷ്ടിക്കപ്പെടുമ്പോൾ ഊർജ്ജം ബഹിർഗമിക്കുന്നു. ഇങ്ങനെ ഉപരി സ്ട്രാറ്റോസ്ഫിയർ കൂടുതൽ താപം ഉള്ളതായി കാണുന്നു.
1974 ൽ അന്തരീക്ഷത്തിൽ ഓസോണിന്റെ സാന്ദ്രത ശരാശരി 315 ഡോബ്സൺ യൂണിറ്റ്‌ ആയിരുന്നു. ഡോബ്സൺ ഓസോൺ സ്പെക്ടോമീറ്റർ ഉപയോഗിച്ച്‌ ഷാങ്ക്ലിൻ, ബ്രിയാൻ, ജോ ഫാർമൻ എന്നീ ശാസ്ത്രജ്ഞർ 1985 ൽ അന്റാർട്ടിക്കയിൽ നടത്തിയ പഠനത്തിൽ ഓസോൺ സാന്ദ്രത 220 ഡിയു ആയി കുറഞ്ഞിട്ടുള്ളതായി കണ്ടു. ഇതാണ്‌ ഓസോൺ സുഷിരമായി വിശേഷിപ്പിച്ചിട്ടുള്ളത്‌.
1970 ൽ തന്നെ ഭൗമോപരിതലത്തിലെ അൾട്രാവയലറ്റ്‌ ഇൻഡക്സ്‌ കൂടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്‌. എന്നാൽ എൺപതുകളിലാണു അൾട്രാവയലറ്റ്‌ ഇൻഡക്സിന്റെ വർദ്ധനവും ഓസോൺ പാളിയുടെ ശോഷണവും ആയതിനുള്ള കാരണവും വ്യക്തമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞത്‌. ഈ കാലഘട്ടതിൽ മനുഷ്യ നിർമ്മിതമായ ഇഎഇ, ഹാലോൺ എന്നീ ഹാലോകാർബണുകളുടെ സാന്നിധ്യം ബഹിരാകാശത്ത്‌ കണ്ടെത്തുകയുണ്ടായി. ഇവ നിരവധി വ്യാവസായിക ആവശ്യങ്ങൾക്കുള്ള രാസപദാർഥങ്ങൾ ആണ്‌. അഗ്നിശമനി, റഫ്രിജറന്റ്‌, ഏറോസോൾ, ഇൻഡസ്ടിയൽ സോൾവന്റ്‌, അഗ്രോ കെമിക്കൽ എന്നീ ആവശ്യങ്ങൾക്കാണ്‌ ഹാലോകാർബണുകൾ ഉപയോഗിക്കുന്നത്‌. അന്തരീക്ഷത്തിൽ കലരുന്ന ഇഎഇ, ഹാലോൺ എന്നീ രാസപദാർഥങ്ങൾ 10 മുതൽ 100 വർഷങ്ങൾ വരെ വിഘടിക്കാതെ നിൽക്കും.
ബഹിരാകാശത്ത്‌ ഇഎഇ, ഹാലോൺ മുതലായവ അൾട്രാ വയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്ത്‌ വിഘടിച്ച്‌ ഹാലജൻ ഫ്രീറാഡിക്കൽ ഉണ്ടാകും. ഇവ അതീവ പ്രവർത്തനശേഷി ഉള്ളതാണ്‌. ഒരു ഹാലജൻ ഫ്രീറാഡിക്കലിനു അനേകം മടങ്ങ്‌ ഓസോൺ തന്മാത്രകളെ അതിവേഗം വിഘടിപ്പിക്കുവാൻ കഴിയും. ഓസോൺ പാളിയുടെ ശോഷണത്തിനു വഴിവയ്ക്കുന്ന പദാർഥങ്ങളെ ഓസോൺ ഡിപ്ലീറ്റിംഗ്‌ സബ്സ്റ്റൻസസ്‌ (ഒഡിഎസ്‌) എന്നാണ്‌ അറിയപ്പെടുന്നത്‌.
1987 സെപ്റ്റംബർ 16 നു ഇരുപത്തിനാലു രാജ്യങ്ങൾ മോ്ര‍ൺട്രീലിൽ സമ്മേളിച്ച്‌ ഒഡിഎസ്‌ വരുത്തിവയ്ക്കാവുന്ന വിനാശത്തെക്കുറിച്ച്‌ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയുണ്ടായി. ഒഎസ്ഡി യുടെ ഉത്പാദനവും ഉപഭോഗവും സമയബന്ധിതമായി നിയന്ത്രിക്കാനും അവസാനിപ്പിക്കാനും മാർഗ്ഗരേഖ പുറപ്പെടുവിക്കയും ചെയ്തു. ഇതാണു മോൺട്രീൽ പ്രോട്ടോകോൾ. 2030 ഓടുകൂടി ഒഎസ്ഡി യുടെ ഉൽപ്പാദനം പൂർണ്ണമായി അവസാനിപ്പിക്കാനാണ്‌ മാർഗനിർദ്ദേശമുള്ളത്‌.1994 ൽ യു എൻ പൊതുസഭ സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ പ്രഖ്യാപിക്കയും 1995 മുതൽ ഓസോൺ ദിനം ആചരിച്ചു വരികയും ചെയ്യുന്നു.
മോൺട്രീൽ പ്രോട്ടോകോൾ പ്രാവർത്തികമാക്കിയതിന്റെ ഫലമായി ഹാലോകാർബണിന്റെ ഉൽപാദനം പൂർണ്ണമായി അവസാനിപ്പിച്ചു. ആയതിനാൽ ഓസോൺ സാന്ദ്രത പൂർവ്വസ്ഥിതി പ്രാപിക്കുന്നതായി കാണുന്നു. 1993 ൽ അന്റാർട്ടിക്കയിൽ ഹാലോകാർബണിന്റെ സാന്ദ്രത 3.6 പിപിബി (പാർട്ട്സ്‌ പർ ബില്യൺ) ആയിരുന്നു. ഇതു ഗണ്യമായി കുറച്ചു കൊണ്ടുവരുവാൻ മോൺട്രീൽ പ്രോട്ടോകോൾമൂലം കഴിഞ്ഞിട്ടുണ്ട്‌. ഇപ്രകാരം ഒഡിഎസ്‌ നിയന്ത്രണ വിധേയമായിരുന്നില്ലായെങ്കിൽ 2030 ൽ ഹാലോ കാർബൺ സാന്ദ്രത കൂടുമായിരുന്നു.ഓസോൺ ഹോൾ 2030 ഓടെ 40 ശതമാനം വർധിക്കുമായിരുന്നു. ഭൗമോപരിതലത്തിലെ അൾട്രാവയലറ്റ്‌ ഇൻഡക്സ്‌ പത്ത്‌ ഇരട്ടി കൂടുമായിരുന്നു. ത്വക്ക്‌ കാൻസർ പ്രതിവർഷം 14 ശതമാനം കൂടി 2030 ഓടെ രണ്ട്‌ ദശലക്ഷം പേർ രോഗബാധിതർ ആകുമായിരുന്നു.
ഓസോൺ ശോഷണം മൂലമുള്ള വർധിച്ച ആഗോള താപനവും അനുബന്ധ പാരിസ്ഥിതിക പ്രശ്നങ്ങളും ജൈവ വൈവിധ്യ ശോഷണവും ഭൂമിയിലെ ജീവന്റെ സുസ്ഥിരതയെ സാരമായി ബാധിക്കുമായിരുന്നു. മോൺട്രീയൽ പ്രോട്ടോകോൾ ഈ പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടു. ഏഴ്‌ ദശ ലക്ഷം സ്വപ്നങ്ങൾക്ക്‌ ഒരേ ഒരു ഭൂമിയാണുള്ളത്‌.

പവിഴം പൂക്കും കാലം അസ്തമിക്കുന്നു

പവിഴപ്പുറ്റുകൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ താമസിയാതെ അവ ഭൂമിയിൽ നിന്നുതന്നെ നിഷ്കാസിതമാകും; ഒപ്പം സമുദ്രജൈവവൈവിധ്യങ്ങൾ പലതും
സർവചരാചരങ്ങളുടേയും വാസസ്ഥാനമായ പ്രപഞ്ചത്തിന്റെ മാസ്മരികത പൂർണമായും കണ്ടെത്താൻ മനുഷ്യനാൽ സാധ്യമല്ല. കണ്ടെത്തലുകൾ എല്ലാം തന്നെ സർവനാശം വിതയ്ക്കുന്നു എന്നത്‌ മറ്റൊരുകാര്യം.
നിഗൂഢതകൾ പേറുന്ന മലകളും കടലും ആകാശവും കാത്തുസൂക്ഷിക്കുന്ന അക്ഷയഖനികൾ ഉറവ വറ്റാത്തവയല്ല എന്ന തിരിച്ചറിവ്‌ മനുഷ്യനുണ്ടാകുമ്പോൾ മാത്രമാണ്‌ പ്രപഞ്ചം സംരക്ഷിക്കപ്പെടുന്നത്‌.
അയ്യായിരം വർഷങ്ങൾക്ക്‌ മേലെയായി മനുഷ്യൻ പറിച്ചെടുക്കുന്ന പവിഴപ്പുറ്റുകളുടെ ഇന്നത്തെ അവസ്ഥ ഇതിനൊരുദാഹരണമാണ്‌. വിലപിടിപ്പുള്ള ആഭരണങ്ങൾ നിർമിക്കുന്നതിനായി പവിഴപ്പുറ്റുകൾ ദിനംപ്രതി കവർന്നെടുക്കുകയാണ്‌. ചുവപ്പും പിങ്കും നിറുള്ള പവിഴങ്ങൾക്കാണ്‌ ആഭരണ ലോകത്ത്‌ ഏറ്റവുമധികം മാർക്കറ്റുള്ളത്‌.
പവിഴം എന്നത്‌ ഒരു ചെടിയല്ല അതൊരു ചെറിയ കടൽജീവിയാണ്‌. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രങ്ങളിലാണ്‌ ഇവ കൂട്ടം കൂട്ടമായി കാണപ്പെടുന്നത്‌. ഇവയുടെ കോളനികൾ തന്നെ പല സമുദ്രങ്ങളിലുമുണ്ട്‌. പലവിധത്തിലുള്ള വിലപിടിപ്പേറിയ സമുദ്രജീവജാലങ്ങളുടെ വിളനിലം കൂടിയാണ്‌ ഈ കോളനികൾ.
എന്നാൽ അനിയന്ത്രിതമായ പവിഴപ്പുറ്റുശേഖരണം കാരണം ഇവയുടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. പവിഴം പൊതുവെ വളരെ പതുക്കയെ പ്രത്യുൽപാദനം നടത്താറുള്ളു. മാത്രമല്ല അവ പൂർണ വളർച്ചയെത്താൻ കൂടുതൽ കാലമെടുക്കുകയും ചെയ്യും.
ഇറ്റലി, ഫ്രാൻസ്‌, സ്പെയിൻ എന്നീ രാജ്യങ്ങളുടെ സമുദ്രതീരങ്ങളിൽ നിന്നും പവിഴപ്പുറ്റുകൾ പൂർണമായും അപ്രത്യക്ഷമായിക്കഴിഞ്ഞു. അത്ര വേഗത്തിലാണ്‌ ഇവ ഇവിടങ്ങളിൽ നിന്നും ശേഖരിച്ച്‌ കൊണ്ടുപോയത്‌. പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ പവിഴപ്പുറ്റുകൾ കണ്ടെത്തി അഞ്ചുവർഷത്തിനകം അവ പൂർണമായും നശിപ്പിക്കപ്പെട്ടുകഴിഞ്ഞു.
പവിഴപ്പുറ്റുകൾ ഇത്തരത്തിൽ വ്യാപാരാവശ്യങ്ങൾക്കായി ശേഖരിക്കുന്നതിനെതിരെ കർശന നിയന്ത്രണമുണ്ടാകണമെന്ന ആവശ്യം അന്താരാഷ്ട്ര തലത്തിൽ ഉയർന്നുകഴിഞ്ഞു. ഇവ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ താമസിയാതെ പവിഴപ്പുറ്റുകൾ ഭൂമിയിൽ നിന്നുതന്നെ നിഷ്കാസിതമാകും. ഒപ്പം സമുദ്രജൈവവൈവിധ്യങ്ങൾ പലതും.
ആഢ്യത്വത്തിന്റെ ചിഹ്നമായി പവിഴാഭരണങ്ങൾ അണിഞ്ഞുനടക്കുന്നവർ ഓർക്കുക, നിങ്ങൾ നശിപ്പിക്കുന്നത്‌ പ്രപഞ്ചത്തിലെ വലിയൊരു ആവാസവ്യവസ്ഥയെയാണ്‌

വേണം വൃക്ഷനയം

നമ്മുടെ നാട്ടിൽ ദശാബ്ദങ്ങളായി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന ഉത്സവങ്ങൾ ധാരാളമായി അരങ്ങേറാറുണ്ട്‌. കൂടുതലും പുതിയ തലമുറകളായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ്‌ നടക്കുന്നത്‌. ലക്ഷക്കണക്കിന്‌ പുതിയ മരച്ചെടികൾ എല്ലാവർക്കും വിതരണം നടത്തിവരുന്നുണ്ട്‌. മത്സര മനോഭാവത്തോടെ മാധ്യമങ്ങളും മറ്റ്‌ സാമൂഹിക സംഘടനകളും ഇതിൽ ഭാഗഭാക്കാകുന്നുണ്ട്‌. വിദ്യാർഥികൾക്ക്‌ ഡയറി വരെ കൊടുത്ത്‌ അവരോട്‌ ചെടിയുടെ വളർച്ച രേഖപ്പെടുത്തുവാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതൊക്കെയായാലും വർഷം തോറും വിതരണം ചെയ്യുന്ന മരച്ചെടികളിൽ 70% എന്ത്‌ വൃക്ഷച്ചെടികളാണ്‌ കൊണ്ടുപോകുന്നത്‌ എന്നുപോലും അറിയില്ല പലർക്കും. നമ്മുടെ നാടിന്റെ ആവശ്യത്തിന്‌ ഏതെല്ലാം മരച്ചെടികൾ എവിടെല്ലാം നടണം, ഓരോന്നിന്റേയും ഗുണകണങ്ങൾ എന്തെല്ലാമാണ്‌ എന്നത്‌ ആരും അന്വേഷിക്കുന്നില്ല. ഇങ്ങനെ വർഷങ്ങളായി നൽകി പോരുന്ന മരച്ചെടികളിൽ എത്ര വളർന്നു എന്നതിന്റെ ആഡിറ്റ്‌ ആരും നോക്കിയിട്ടുമില്ല. സർക്കാരിന്‌ എത്രകോടി രൂപാ ചെലവായി എന്നതും വ്യക്തമല്ല.
വൃക്ഷച്ചെടികൾ നടുന്നത്‌ ആഗോള താപനത്തിന്റേയും, കാലാവസ്ഥാ വ്യതിയാനത്തിന്റേയും മറുപടിയാണെന്ന്‌ മുൻ വനം വകുപ്പ്‌ മന്ത്രി ബിനോയി വിശ്വം പറഞ്ഞിട്ടുണ്ട്‌. അദ്ദേഹത്തിന്റെ വാദം വളരെ ശരിയാണ്‌, കാരണം കാർബൺ വലിച്ചെടുക്കുന്നത്‌ മരങ്ങളാണല്ലോ. കൂടാതെ പ്രാണവായു നൽകാൻ കഴിവുള്ളത്‌ തീരെചെറിയ പച്ചപ്പുള്ള നാമ്പുകൾ മുതൽ വലിയ മരങ്ങൾക്കുമാണ്‌.
നമ്മുടെ നാട്ടിൽ എല്ലാവരും പറയുന്നത്‌ ഒരു വലിയ മരം വെട്ടിമാറ്റിയാൽ പത്ത്‌ മരച്ചെടികൾ വയ്ക്കാം എന്നാണ്‌. അതുമല്ലെങ്കിൽ മരങ്ങൾ വെട്ടിമാറ്റുന്ന പദ്ധതികൾക്ക്‌ പ്രാധാന്യം നൽകുമ്പോൾ പകരം വനവൽക്കരണം എന്ന തന്ത്രവും കൊണ്ടുവരാറുണ്ട്‌. ഒരു വലിയ ആരോഗ്യമുള്ള മരം ചെയ്യുന്ന സേവനം ഉടൻ നട്ടുപിടിപ്പിക്കുന്ന പത്ത്‌ ചെടികൾ എങ്ങനെ ചെയ്യാനാണ്‌. ഇക്കാര്യം ആരും ആലോചിക്കുന്നുപോലുമില്ല. ഒരു ചെടി നട്ട്‌ ചുരുങ്ങിയത്‌ പതിനഞ്ച്‌ വർഷം കഴിഞ്ഞാലേ ഒരു മരത്തിന്‌ ഏകദേശം സേവനം ചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ട്‌ വികസനത്തിനുവേണ്ടി മരം മുറിക്കുമ്പോൾ പകരം വയ്ക്കുന്നവ വളർന്ന്‌ നിശ്ചിത കാലാവധി ആയതിനുശേഷമേ നിലവിലുള്ള മരം മുറിച്ചുമാറ്റാവൂ എന്ന തീരുമാനത്തിൽ നാം എത്തണം. ഇപ്പോൾ തന്നെ കെ.എസ്‌.ഡി.പി വർക്കുകളുടെ ഭാഗമായും പുതിയ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായും കഴിഞ്ഞ ഒരു വർഷക്കാലം നൂറുവർഷത്തിന്‌ മുകളിൽ പഴക്കമുള്ള പതിനാലായിരത്തിൽപ്പരം മരങ്ങളാണ്‌ വെട്ടിമാറ്റിയിട്ടുള്ളത്‌. മാത്രവുമല്ല ജൂണിൽ കോതമംഗലത്ത്‌ മരം വീണ്‌ കുട്ടികൾ മരിക്കാൻ ഇടയായ സാഹചര്യത്തെ തുടർന്ന്‌ ജില്ലാ ട്രീ അതോറിറ്റികളെ നോക്കുകുത്തികളാക്കി പതിനായിരക്കണക്കിന്‌ മരങ്ങളാണ്‌ കേരളത്തിൽ ഇപ്പോഴും മുറിച്ച്‌ മാറ്റപ്പെടുന്നത്‌.

വൃക്ഷസംരക്ഷണം എവിടെ തുടങ്ങണം

മരങ്ങൾ നടുന്നതുതന്നെ വളരെ ആലോചിച്ചു ചെയ്യേണ്ട കർമ്മ പരിപാടിയാണ്‌. റോഡിന്റെ സൈഡുകളിൽ ആണെങ്കിൽ തണൽ മരങ്ങൾ തിരഞ്ഞെടുക്കണം. വഴിയരുകിൽ നാട്ടുമാവ്‌, പ്ലാവ്‌, പുളി, വേപ്പ്‌, ഞാവൽ മരോട്ടി, പെൽട്ടാ ഫാറം ഇവ നടാവുന്നതാണ്‌. ഇലയ്ക്ക്‌ വലിപ്പവും ഘനവുമുള്ളതും നടാതിരിക്കുന്നതാണ്‌ അഭികാമ്യം. ഇലകൾ പൊടിപൊടി ചെറുതായിരിക്കുന്നത്‌ മരം വലുതാകുമ്പോൾ വായൂമലിനീകരണവും, ശബ്ദ മലിനീകരണവും തടയുന്നത്‌ സഹായിക്കും. നടുന്ന ചെടികൾക്ക്‌ അനുസൃതമായി കുഴികൾ നിർമ്മിക്കണം. ചുരുങ്ങിയത്‌ 1 1/2 അടി ക്യൂബ്‌ ആയിരുന്നാൽ നന്നായിരിക്കും. വേരുകൾ കീഴോട്ട്‌ ഇറങ്ങുന്നതിന്‌ സൗകര്യം വേണം. നട്ടമരങ്ങൾക്ക്‌ പുറമേ നിന്നും ഉപദ്രവം ഇല്ലാതാക്കുന്നതിന്‌ ട്രീ ഗാർഡുകൾ വച്ചിരിക്കണം. നടുന്ന മണ്ണിൽ അൽപം ജൈവ വളം നൽകുന്നത്‌ വളർച്ചയെ സഹായിക്കും. പിടിപ്പിച്ചെടുത്ത തൈകളാണ്‌ കൂടുതൽ നല്ലത്‌. നട്ട മരങ്ങളെ പിന്നീട്‌ മറന്ന്‌ പോകരുത്‌. അവയെ യഥാർത്ഥ സമയങ്ങളിൽ ചുറ്റും കൂടുന്ന വസ്തുക്കൾ മാറ്റിയും, പുല്ല്‌ മാറ്റിയും ചെറിയ രീതിയിൽ വളം നൽകുന്നതിന്‌ ഇളക്കി കൊടുത്ത്‌ ഒരു വർഷം വരെ ശുശ്രൂഷിക്കണം. വീടുകളിലും, വീട്ടുവളപ്പിലും, പൊതുസ്ഥലങ്ങളിലും മരച്ചെടികൾ നടുന്നതിന്‌ മുമ്പ്‌ സ്ഥല പരിശോധന നന്നായിരിക്കും. മറ്റ്‌ മരങ്ങളുടെ ചോലകളിൽ വെയിൽ ലഭിക്കാത്ത ഇടങ്ങളിൽ മരതൈകൾ നടുന്നത്‌ അഭികാമ്യമല്ല. ഇടതൂർന്ന വനഭംഗി തരുന്നതിന്‌ മരച്ചെടികൾക്ക്‌ ശുശ്രൂഷ അനിവാര്യമാണ്‌.വൃക്ഷതൈകൾ വെറുതെ കിട്ടുന്നു എന്നതുകൊണ്ട്‌ കൂടിളക്കി തൈമാത്രമായി നടുന്നതിനായി കൊണ്ടുപോകുന്ന കാഴ്ചയും നാം കാണാറുണ്ട്‌.

വളർന്നു വലുതായ മരങ്ങളുടെ സംരക്ഷണം
നാം കാണുന്ന വിവിധ ഇനം മരങ്ങൾക്ക്‌ ആയൂർദൈർഘ്യം പലതരത്തിലാണ്‌. സാധാരണയായി നടുന്ന ഫലവൃക്ഷങ്ങൾ, തണൽ മരങ്ങൾ, ഘനമരങ്ങൾ, 50 മുതൽ 400 വർഷങ്ങൾ വരെ ആയൂർ ദൈർഘ്യമുള്ളവയാണ്‌. ഉദാഹരണത്തിന്‌ മഹാഗണിയുടെ ആയുസ്സ്‌ 400 വർഷമാണ്‌. എന്നാൽ നമ്മുടെ റോഡരികത്ത്‌ കാണുന്ന കാക്കപ്പഴം (ചെറി) ഇതിന്റെ ആയുസ്സ്‌ പരമാവധി 6 വർഷം മാത്രമേയുള്ളൂ.

വലിയ മരങ്ങളെ എങ്ങനെ സംരക്ഷിക്കാം
ഒരു വലിയ മരം നൽകുന്ന ഓക്സിജൻ, തണൽ, ജലസംരക്ഷണം, ആവാസ വ്യവസ്ഥ എന്നിവ ഒന്നിന്‌ പകരം ആയിരം എണ്ണം നട്ടാലും പകരമാവുകയില്ല. അതുകൊണ്ട്‌ വലിയ മരങ്ങളെ പരമാവധി സംരക്ഷിക്കുന്ന വികസന നയമാണ്‌ നാം കൈക്കൊള്ളേണ്ടത്‌. ചുവട്ടിലെ വേരുകൾ പുറത്ത്‌ വരുന്ന സാഹചര്യത്തിൽ തറകെട്ടി, മണ്ണ്‌ ആവശ്യത്തിന്‌ നൽകി ബലപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനായി ഫണ്ട്‌ വകകൊള്ളിക്കണം. ഇത്തിക്കണ്ണികൾ പോലെ ഉള്ളവ വളർന്ന്‌ പൊതുസ്ഥലങ്ങളിലേയും, കാമ്പസുകളിലേയും മരങ്ങൾക്ക്‌ ഭീക്ഷണിയാകാറുണ്ട്‌. അതുകൊണ്ട്‌ ആരംഭത്തിൽ തന്നെ അവ കണ്ടെത്തുവാനും അവ ഇളക്കി മാറ്റുന്നതിനുള്ള നടപടിയും കൈക്കൊള്ളണം. നമ്മുടെ നാട്ടിൽ നാടനും, മറുനാടനുമായി നിരവധി വള്ളിച്ചെടികളുണ്ട്‌. ഇവയിൽ ചിലവ നമ്മുടെ മരങ്ങളെ ധൃതരാഷ്ട്ര ആലിംഗനം നടത്തി ശ്വാസം മുട്ടിച്ച്‌ മരങ്ങളെ ഉണക്കാറുണ്ട്‌. വൃക്ഷസംരക്ഷണത്തിൽ ഈ വള്ളികളെ തുടക്കത്തിൽ കണ്ടെത്തി നശിപ്പിക്കണം. മഴക്കാലത്ത്‌ പലയിടത്തും മരങ്ങൾ മറിഞ്ഞ്‌ വീണ്‌ അപകടങ്ങൾ ഉണ്ടാകാറുണ്ട്‌. ഇങ്ങനെ അപകടം സംഭവിച്ചാൽ അതിന്റെ പേരിൽ പല സ്ഥലങ്ങളിലും മരങ്ങൾ വ്യാപകമായി വെട്ടിമാറ്റുന്നതിന്‌ കാരണമാകുന്നു. ഇതിന്‌ പ്രതിവിധിയായി മരങ്ങളുടെ ഘനമേറിയ മുകൾ ഭാഗങ്ങൾ വെട്ടിമുറിച്ച്‌ ഇലകളുടെ ഭാരം ലഘൂകരിക്കണം. ഇതിനെ പ്രൂണിംഗ്‌ എന്ന്‌ വിളിക്കാം. തന്മൂലം മരങ്ങളുടെ ഇലകളിൽ വെള്ളം പിടിച്ച്‌ ഘനം കൂടുന്ന പ്രവണതയും ഒഴിവാക്കാൻ പറ്റും.
ലോകത്ത്‌ എല്ലാ വൻ നഗരങ്ങളിലും റോഡുകളുടെ ഇരുവശങ്ങളിലും ഗ്രീൻ ബൽറ്റായി മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്‌. എന്നാൽ കേരളത്തിൽ കെ.എസ്‌.ഇ.ബി തലങ്ങും വിലങ്ങുമായി ഇലക്ട്രിക്‌ ലൈനുകൾ വലിക്കുന്നതുമൂലം മരങ്ങൾ വ്യാപകമായി വെട്ടിമാറ്റുന്നു. ഇലക്ട്രിക്‌ ലൈൻ കടന്നുപോകുന്ന സ്ഥലത്ത്‌ ആ ഭാഗം സ്ലീപ്കൊടുത്ത്‌ ഇൻസുലേറ്റ്‌ ചെയ്ത്‌ മരങ്ങളേയും ഇലക്ട്രിസിറ്റി ലൈനിനേയും സംരക്ഷിക്കുകയാണ്‌ ചെയ്യേണ്ടത്‌. ബോർഡ്‌ ഇതിനായി പ്രത്യേക ഫണ്ട്‌ കണ്ടെത്തണം. റോഡുവികസനത്തിന്റെ പേരിലാണ്‌ അശാസ്ത്രീയമായി മരങ്ങൾ വെട്ടിമാറ്റുന്നത്‌. അതുപോലെ തന്നെ പൊതു സ്ഥലങ്ങളിൽ സർക്കാർ നിർമ്മിത കെട്ടിടങ്ങൾ ഉയരുമ്പോഴും മരങ്ങൾ ആരും സംരക്ഷിക്കുന്നില്ല. എന്നാൽ നമ്മുടെ നിർമ്മാണ ഘട്ടത്തിലെ പ്ലാനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പല മരങ്ങളേയും സംരക്ഷിക്കാൻ സാധിക്കും.

മരങ്ങൾ നടാതെ മരങ്ങളേയും വനത്തേയും സംരക്ഷിക്കാം
മരങ്ങളുടെ പൾപ്പ്‌ ഉപയോഗിച്ചാണ്‌ കടലാസ്‌ നിർമ്മിക്കുന്നത്‌. അതിനാൽ കടലാസിന്റെ ഉപയോഗം ബോധപൂർവ്വം നാം കുറയ്ക്കണം. അങ്ങനെ ഉപയോഗിച്ചാൽ നിരവധി മരങ്ങളെ നമുക്ക്‌ സംരക്ഷിക്കാൻ സാധിക്കും. കടലാസിന്റെ ധൂർത്ത്‌ ഒഴിവാക്കി ഇരുവശങ്ങളും ഉപയോഗപ്രദമാക്കി ഫോട്ടോ സ്റ്റാറ്റ്‌ രണ്ട്‌ വശങ്ങളിലുമെടുത്ത്‌ വിദ്യാർത്ഥികൾ ഈ പരിപാടിക്ക്‌ മാതൃക കാണിക്കണം. ഇപ്പോൾ എഴുതിയതും അച്ചടിച്ചതുമായ എല്ലാ കടലാസുകളും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഡി ഇങ്ക്‌ ചെയ്ത്‌ പൾപാക്കി വീണ്ടും കടലാസാക്കി മാറ്റാം. ഒരു കിലോ പൾപ്പ്‌ ഇങ്ങനെ ഉണ്ടാക്കുമ്പോൾ നമുക്ക്‌ 15 രൂപയുടെ വൈദ്യുതി ലാഭിക്കാം. നൂറുകണക്കിന്‌ മരങ്ങൾ സംരക്ഷിക്കാം. വായുവിലെ കാർബണിന്റെ അളവ്‌ കുറയ്ക്കാം, ഖരമാലിന്യം കുറയ്ക്കാം. ഇതും ഒരു വികസനമാണ്‌. ഇത്രയൊക്കെയായാലും കേരളത്തിൽ പൊതുഇടങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനും, പരിപാലിക്കുന്നതിനും നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ്‌. ആയതുകൊണ്ടുതന്നെ വ്യാപകമായ മരംമുറിക്കലാണ്‌ കേരളത്തിൽ നടക്കുന്നത്‌. ഹരിത കേരളം നിലനിർത്തുന്നതിനും ആവാസ വ്യവസ്ഥയിൽ ഇന്നുണ്ടായിട്ടുള്ള ദൂഷ്യഫലങ്ങൾ കുറക്കുന്നതിലേയ്ക്കും കേരളത്തിൽ വൃക്ഷനയം അനിവാര്യമാണ്‌. അതിനായിപ്രകൃതി സ്നേഹികളും, ജനപ്രതിനിധികളും, ഭരണകൂടവും മുന്നിട്ടിറങ്ങണം.
(ലേഖകൻ വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റാണ്‌.)

കഴുകന്മാർ മൺമറയുന്നുവോ?


ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ച്‌ അന്താരാഷ്ട്ര കഴുകൻ ദിനമായി ലോകമെമ്പാടും ആചരിക്കുകയുണ്ടായി. കഴുകനും ഒരു ദിനമോ എന്ന്‌ സംശയം തോന്നിയേക്കാം. ഇന്ത്യയിലേയും തെക്കൻ ഏഷ്യയിലേയും കഴുകന്മാർ ഇന്ന്‌ കടുത്ത വംശനാശഭീഷണി നേരിടുന്ന പക്ഷികളാണ്‌. ഈ കഴുകന്മാരിൽ ഇന്ത്യയിലെ ഇരപിടിയൻ പക്ഷികളിൽ ഏറ്റവും വലിപ്പമുള്ള ചുട്ടികഴുകന്റെ നിലനിൽപ്‌ കടുത്ത ഭീഷണിനേരിടുന്നു.
1990 കളിൽ പതിനായിരക്കണക്കിന്‌ കഴുകന്മാരാണ്‌ ഇന്ത്യയിൽ ഉണ്ടായിരുന്നത്‌. ഉത്തരേന്ത്യയിലെ തുറസായ ഇടങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിച്ചിട്ടുള്ളവർ എന്നും ഓർമിക്കുന്ന പക്ഷിയായിരുന്നു കഴുകൻ. വെളിമ്പ്രദേശത്ത്‌ വലിച്ചെറിയുന്ന കന്നുകാലികളുടെ മൃതശരീരങ്ങൾ കൊത്തിവലിക്കുന്ന കഴുകന്മാരുടെ ദൃശ്യം നമുക്ക്‌ അവയോട്‌ ഒരു ഭീതി ഉണ്ടാക്കിയിരുന്നു. എന്നാൽ പ്രകൃതിയിലെ ഏറ്റവും സവിശേഷതയുള്ള തോട്ടിക്കാരന്റെ ധർമമാണ്‌ കഴുകന്മാർ നിർവഹിച്ചിരുന്നത്‌. അറവുശാലകൾക്കരികിലും കുപ്പത്തൊട്ടികൾക്കരികിലും ഇവ കൂട്ടം കൂടി ഇരതേടിയിരുന്നു.
തൊണ്ണൂറുകളുടെ മധ്യത്തോടെ പൊടുന്നനേ ഈ കാഴ്ചയ്ക്ക്‌ മാറ്റം വന്നുതുടങ്ങി. ഡൽഹിയിലെ ചുവന്ന കോട്ടയിലും ആഗ്രയിലെ താജ്മഹലിലും മുംബൈയിലെ ചരിത്രഗോപുരങ്ങളിലും ഒക്കെ സുലഭമായി കണ്ടിരുന്ന കഴുകന്മാർ ഒന്നടങ്കം പൊടുന്നനേ അപ്രത്യക്ഷരായി. കഴുകന്മാർ കൂട്ടത്തോടെ ചത്തുവീഴാൻ തുടങ്ങി. തുറസായ സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പട്ട കന്നുകാലികളുടെ ശവശരീരങ്ങൾ ചീഞ്ഞുനാറാൻ തുടങ്ങി. വളരെ സുലഭമായിരുന്ന കഴുകന്മാർക്ക്‌ എന്തു സംഭവിച്ചു എന്ന അന്വേഷണം ആരംഭിച്ചു. ശാസ്ത്രജ്ഞന്മാർക്കും ഗവേഷകർക്കും തുടക്കത്തിൽ കഴുകന്മാരുടെ തിരോധാനത്തിന്‌ പിന്നിലുള്ള കാരണം കണ്ടെത്തുവാൻ കഴിഞ്ഞില്ല. അവർ കുറച്ചേറെ ഇരുട്ടിൽ തപ്പിത്തടഞ്ഞു.
കഴുകന്മാർ ഭക്ഷണമാക്കുന്നത്‌ മൃതശരീരങ്ങളെയാണ്‌. മൃതശരീരങ്ങൾ കൊത്തിവലിച്ച്‌ ഭക്ഷണമാക്കുന്ന ഇവ പ്രകൃതിയുടെ ഏറ്റവും സവിശേഷതകളുള്ള തോട്ടികളാണ്‌. ഇവ ആഹാരമാക്കുന്ന ജന്തുക്കളുടെ മൃതശരീരങ്ങളിൽ അടങ്ങിയ വിഷാംശം ഉള്ളിൽ ചെന്നാകണം കഴുകന്മാർ ചത്തൊടുങ്ങുന്നത്‌ എന്നൊരു പ്രാഥമികനിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിച്ചേർന്നു. ഇതിനോടകം ഇന്ത്യയിൽ കാണുന്ന കഴുകന്മാരിൽ ചുട്ടി കഴുകൻ, ചെന്തലയൻ കഴുകൻ, ചുണ്ടൻ കഴുകൻ എന്നിവ കടുത്തവംശനാശഭീഷണി നേരിടുകയും ചെയ്തു.
കഴുകന്മാരെക്കുറിച്ച്‌ 1992 മുതൽ 2007 വരെ നടന്ന പഠനത്തിൽ ചെന്തലയൻ കഴുകന്റെയും ചുണ്ടൻ കഴുകന്റെയും എണ്ണത്തിൽ 97 ശതമാനം കുറവാണ്‌ കണ്ടെത്തിയത്‌. എന്നാൽ ചുട്ടി കഴുകന്റെ എണ്ണം 99.9 ശതമാനം കുറഞ്ഞതായിട്ടാണ്‌ കണ്ടെത്തിയത്‌. ഇവയുടെ നിലനിൽപുതന്നെ അപകടത്തിലായിരുന്നു. കഴുകന്മാർ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന്റെ കാരണം അപ്പോഴും അജ്ഞാതമായി തുടർന്നു. കഴുകന്മാരുടെ കുലം മുടിക്കുന്നതിന്‌ കാരണംതേടി ചെന്ന ശാസ്ത്രജ്ഞരെ ഞെട്ടിച്ച വിവരങ്ങളായിരുന്നു പുറത്തുവന്നത്‌. കന്നുകാലികളുടെ പ്രതിദിന പ്രവർത്തനങ്ങൾക്കും അവയ്ക്ക്‌ രോഗപ്രതിരോധത്തിനും ഉത്തേജനം നൽകുന്നതിനുമായി നൽകിയിരുന്ന ‘നോൺസ്റ്റിറോയിഡൽ ആന്റി-ഇൻഫ്രമെറ്ററി ഡ്രഗ്‌’ ‘ഡൈക്ലോഫിനാക്‌’ ആണ്‌ കഴുകന്മാരുടെ കൂട്ടമായ നാശത്തിന്‌ ഹേതുവായി തീർന്നത്‌. ‘ഡൈക്ലോഫിനാക്‌’ നൽകുന്ന കന്നുകാലികളിൽ ഇവ കലർന്നിരിക്കുന്നു. ഇവ ചാകുമ്പോൾ വലിച്ചെറിയുന്ന മൃതശരീരം കഴുകന്മാർ ഭക്ഷണമാക്കുന്നു. കന്നുകാലികളുടെ മാംസത്തിൽ കലർന്ന ‘ഡൈക്ലോഫിനാക്‌’ കഴുകന്മാർക്ക്‌ മാരകമായി ഭവിക്കുന്നു. ‘ഡൈക്ലോഫിനാക്‌’ കലർന്ന മാംസം ഭക്ഷിക്കുന്ന കഴുകന്റെ കിഡ്നി പ്രവർത്തനങ്ങൾ സ്തംഭനത്തിലാക്കുന്നു. ഇതേ തുടർന്ന്‌ യൂറിക്‌ ആസിഡിന്റെ ക്രമാതീതമായ ഉൽപാദനം ഉണ്ടാകുന്നു. ഇത്‌ അവയുടെ ശരീരത്തിലും മജ്ജയിലും യുറാറ്റിക്‌ ക്രിസ്റ്റലുകൾ നിറയ്ക്കുന്നു. ഇതുമൂലം കോശങ്ങൾ നശിച്ചുപോകുകയും ഒന്നോ രണ്ടോ ദിവസത്തിനകം കഴുകൻ മരണപ്പെടുകയും ചെയ്യുന്നു.
കഴുകന്മാർ പ്രകൃതിയിലെ ഏറ്റവും സവിശേഷമായ തോട്ടികളാണ്‌ എന്ന്‌ നേരത്തേ പറഞ്ഞുവല്ലോ. കന്നുകാലികളുടേയും മറ്റു ജന്തുക്കളുടേയും മാംസം കൊത്തിവലിച്ച്‌ കഴുകൻ ഭക്ഷിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന ബാക്ടീരിയകളേയും വൈറസുകളേയുമെല്ലാം നിർജീവമാക്കുമായിരുന്നു. അതുപോലെ ചീയലിനിടയിൽ മാരകമായേക്കാവുന്ന സൂക്ഷ്മാണുക്കളേയും പ്രതിരോധിക്കുവാൻ കഴുകന്‌ കഴിയുമായിരുന്നു. കഴുകന്മാർ കൂട്ടത്തോടെ ഇല്ലാതായതോടെ പ്രകൃതിയുടെ തന്നെ ഈ സ്വാഭാവിക ശുദ്ധികർമം നടക്കുവാൻ കഴിയാതെയായി. ഫലമോ, മാംസത്തിൽ അടങ്ങിയ പലതരം അണുക്കൾ അന്തരീക്ഷത്തിൽ കലരുകയും കന്നുകാലികൾക്കുണ്ടാകുന്ന ആന്ത്രാക്സ്‌, ക്ഷയം തുടങ്ങിയ രോഗങ്ങളുടെ അണുക്കൾ അന്തരീക്ഷത്തിൽ സജീവമാകുകയും ചെയ്തു. കഴുകന്മാർ ഇല്ലാതായതോടെ തെരുവുനായ്ക്കളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവും അത്‌ പേവിഷബാധയ്ക്കും അതുമൂലമുണ്ടാകുന്ന കെടുതികൾക്കും കാരണമായി.
കേരളത്തെ സംബന്ധിച്ചാണെങ്കിൽ നമുക്ക്‌ തുറസായ പ്രദേശങ്ങൾ കുറവായതുകൊണ്ടും കന്നുകാലികളുടെ മൃതശരീരങ്ങൾ തുറസായ സ്ഥലങ്ങളിൽ ഉപേക്ഷിക്കാതെ കുഴിച്ചിടുന്നതുകൊണ്ടുമാകാം കഴുകന്മാരുടെ സാന്നിധ്യം വളരെ കുറച്ചുള്ള ഒരു സംസ്ഥാനമാണ്‌ കേരളം. കേരളത്തിൽ വയനാട്‌ മാത്രമാണ്‌ ചുട്ടികഴുകന്റെയും ചെന്തലയൻ കഴുകന്റെയും സാന്നിധ്യമുള്ളത്‌. വയനാട്‌ തോൽപ്പെട്ടി, മുത്തങ്ങ, പുൽപ്പള്ളി, സുൽത്താൻബത്തേരി, ഒട്ടിപ്പാറ എന്നിവിടങ്ങളിലാണ്‌ ചുട്ടികഴുകനെ കാണാറുള്ളത്‌. വയനാട്‌ വന്യജീവി സങ്കേതത്തിൽ ഇവ പ്രജനനം നടത്തുന്നുമുണ്ട്‌. വന്യജീവി സങ്കേതത്തിനുള്ളിൽ ആയതിനാൽ അവ ഭക്ഷിക്കുന്നത്‌ വന്യജീവികളുടെ മൃതശരീരങ്ങളാണ്‌. അവയിൽ ‘ഡൈക്ലോഫിനാക്‌’ ഇല്ലാത്തത്‌ മഹാഭാഗ്യം എന്നേ പറയേണ്ടു.
ഉത്തരാഖണ്ഡിലെ റാംനഗറിലെ ഒരു ഗ്രാമത്തിൽ പക്ഷി നിരീക്ഷണം നടത്തുമ്പോൾ തലയ്ക്കുമുകളിൽ വട്ടമിട്ടു പറക്കുന്ന ഇരുപത്തഞ്ചോളം ചുട്ടി കഴുകന്മാരെ കണ്ടു. ആദ്യമായിട്ടാണ്‌ ഇത്രയും എണ്ണമടങ്ങുന്ന സംഘത്തെ കാണുന്നത്‌. അടുത്തുള്ള മരങ്ങളിൽ അവയുടെ കൂടുകളും കാണുകയുണ്ടായി. കഴുകന്മാർ പുതതലമുറയ്ക്കായി അടയിരിക്കുകയായിരുന്നു. ഇവിടെ കഴുകന്മാർ ധാരാളമുണ്ടല്ലോ എന്ന ചോദ്യത്തിന്‌ ഉത്തരാഖണ്ഡിലെ സ്നേഹിതൻ നൽകിയ മറുപടി ഇവിടെ ‘ഡൈക്ലോഫിനാക്‌’ ഇല്ലല്ലോ എന്നായിരുന്നു.
കഴുകന്മാരുടെ കൂട്ടമരണത്തിന്‌ കാരണക്കാരൻ ‘ഡൈക്ലോഫിനാക്‌’ എന്ന്‌ കണ്ടെത്തിയതോടെ 2006 ൽ കന്നുകാലികൾക്ക്‌ ഈ മരുന്ന്‌ നൽകുന്നത്‌ നിരോധിക്കുകയുണ്ടായി. നിരോധനം ആദ്യം പരിപൂർണമല്ലാതിരുന്നതിനാൽ കഴുകന്മാരുടെ തിരോധാനവും തുടർന്നു. ഇപ്പോൾ സമ്പൂർണ നിരോധനം ഫലവത്തായി തുടരുന്നതിനാൽ കഴുകന്മാർ തിരിച്ചുവരവിന്റെ പാതയിലാണെന്ന്‌ കാണുന്നു.
വംശനാശത്തിന്റെ വക്കിൽ നിന്നും തിരിച്ചുവരവിന്റെ പാതയിലായിരിക്കുന്ന ഈ പക്ഷികളെ സംരക്ഷിച്ചു നിലനിർത്തപ്പെടേണ്ടതാണ്‌. വെറും ഒരു വ്യാഴവട്ടത്തിനുള്ളിൽ വൻതോതിൽ ചത്തൊടുങ്ങി വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവർഗം വേറെയുണ്ടാകും എന്നു തോന്നുന്നില്ല. പ്രകൃതിയെ നാം വിഷമയമാക്കുമ്പോൾ പ്രകൃതി നമ്മെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നത്‌ ഇത്തരം നഷ്ടങ്ങളിലൂടെയാണ്‌.
പ്രകൃതിയെ വിഷമയമാക്കാതെ പ്രകൃതിയിലെ സവിശേഷ തോട്ടികളായ കഴുകന്മാരെ സംരക്ഷിച്ചു നിലനിർത്തുന്നതാകട്ടെ ഈ കഴുകൻ ദിനത്തിലെ നമ്മുടെ പ്രതിജ്ഞ.

അമേരിക്ക പാഴാക്കുന്ന ഭക്ഷണം 40 ശതമാനം

നാലരക്കോടി ജനങ്ങൾ അമേരിക്കയിൽ പട്ടിണിയിൽ കഴിയുമ്പോൾ അവർ ഭക്ഷണത്തിന്റെ 40 ശതമാനം പാഴാക്കി കളയുന്നു. ഒരമേരിക്കക്കാരൻ ശരാശരി 9 കിലോ ഭക്ഷണം ഒരു മാസം വലിച്ചെറിയുന്നുണ്ട്‌. അമേരിക്ക ആസ്ഥാനമായ നാഷണൽ റിസോഴ്സ്‌ ഡിഫൻസ്‌ കൗൺസിൽ എൻഎച്ച്‌ആർഡിസിയുടെ റിപ്പോർട്ടിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌. 2010 ൽ 161 ബില്യൺ ഡോളർ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്‌ അമേരിക്കക്കാർ പാഴാക്കി കളഞ്ഞത്‌. ഏതാണ്ട്‌ 60 മില്യൺ ടൺ ഭക്ഷണ പദാർഥം, ഇത്‌ മൊത്തം ആഹാരത്തിന്റെ 31 ശതമാനമായിരുന്നു. ഇന്നത്‌ 40 ശതമാനമായി ഉയർന്നിരിക്കുന്നു.
പാഴാക്കുന്ന ആഹാരപദാർഥങ്ങൾ ഭൂമി നികത്തുന്നതിനും സ്ഥലങ്ങൾ മൂടുന്നതിനുമാണ്‌ ഉപയോഗിക്കുന്നത്‌. ഇതിന്റെ ഫലമായി മീതേൻ വാതകം കൂടുതലായി മണ്ണ്‌ പുറത്തുവിടുന്നു. അമേരിക്കയിൽ പടരുന്ന മീതേൻ വാതകത്തിന്റെ 16 ശതമാനം ഈ ജൈവവസ്തുക്കളിൽ നിന്നും ഉണ്ടാകുന്നതാണ്‌. ലോകത്തെ ഏറ്റവും മാരകമായ വാതകമാണ്‌ മീതേൻ. എൻഎച്ച്‌ആർഡിസിയുടെ കണക്കനുസരിച്ച്‌ ഏഷ്യയിലും മറ്റുമുള്ള മനുഷ്യരുടേതിനേക്കാൾ പത്തിരട്ടിയാണ്‌ അമേരിക്കൻ പൗരന്റെ ഉപഭോഗാവശ്യം. ഭക്ഷണം പാഴാക്കുകവഴി അവയിൽ നിന്നും 350 കിലോ കാർബൺ പുറത്തുവിടുമ്പോൾ ആഫ്രിക്കയിൽ ഇത്‌ 25 കിലോ മാത്രമാണ്‌.
2020 നകം ഭക്ഷണം പാഴാക്കുന്നത്‌ 50 ശതമാനമായി കുറയ്ക്കാൻ യൂറോപ്യൻ പാർലമെന്റ്‌ 2012 ൽ തീരുമാനിക്കുകയുണ്ടായി. 2014 ഇതിനുള്ള വർഷമായി ആചരിക്കുകയും ചെയ്തു. ബ്രിട്ടനിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഭക്ഷണം പാഴാക്കുന്നത്‌ 18 ശതമാനമായി കുറച്ചു. ജപ്പാൻ 3 വർഷം കൊണ്ട്‌ 14 ശതമാനം കുറച്ചു. ഡെൻമാർക്ക്‌ 50 ശതമാനമാക്കി ലക്ഷ്യം കൈവരിച്ചു.
എന്നാൽ ഏറ്റവുമധികം വിഷവായു പുറത്തുവിട്ടുകൊണ്ട്‌ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർത്തുകൊണ്ടിരിക്കുന്ന അമേരിക്ക കാലാവസ്ഥ വ്യതിയാനത്തിനും വിഷവാതകം പുറംതള്ളുന്നതിനുമെതിരെ അണിചേരാൻ ലോകരാഷ്ട്രങ്ങളോട്‌ ആഹ്വാനം ചെയ്യുന്നു! അന്തരീക്ഷ മലിനീകരണത്തിനെതിരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഇന്ത്യയിൽ പുകയടുപ്പ്‌ കത്തിക്കുന്നതുകൊണ്ടാണ്‌ ലോകത്ത്‌ മലിനീകരണം കൂടുന്നതെന്ന്‌ ആരോപിക്കുന്നു. യാഥാർഥ്യം അംഗീകരിക്കാൻ അമേരിക്ക തയ്യാറാകുന്നില്ല, എന്നതാണ്‌ വസ്തുത.

കാവുകളുടെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും

പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംസ്കാരവും പൈതൃകവുമാണ്‌ നമുക്കുള്ളത്‌. അതിന്റെ മികച്ച ദൃഷ്ടാന്തമാണ്‌ നാട്ടിൻപുറങ്ങളിൽ സർവ്വ സാധാരണമായി കണ്ടുവന്നിരുന്ന കാവുകൾ. എന്നാൽ കൂട്ടുകുടുംബങ്ങളുടെ സ്ഥാനത്ത്‌ അണുകുടുംബങ്ങൾ രൂപപ്പെടുകയും മലയാളിക്ക്‌ ഭൂമി തികയാതെ വരികയും ചെയ്തതോടെ കാവുകൾ പരക്കെ വെട്ടിത്തെളിക്കപ്പെട്ടു. ഇന്ന്‌ നാട്ടിൻ പുറങ്ങളിൽനിന്നുപോലും കാവുകൾ അപ്രത്യക്ഷമായിക്കഴിഞ്ഞു.
ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ്‌ നിലനിർത്തുന്നവയാണ്‌ അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ. ജൈവവൈവിധ്യം ഏറെയുള്ള ജീൻകലവറയാണവ. മൂന്നിനം ഉഭയജീവികൾ, പത്തിനം ഉരഗങ്ങൾ, എഴുപത്തി ഏഴിനം പക്ഷികൾ, ഇരുപത്തി ഒന്നിനം സസ്തനങ്ങൾ, അറുപത്തിയാറിനം ചിത്രശലഭങ്ങൾ, നിരവധിയിനം സസ്യങ്ങൾ തുടങ്ങിയവയെല്ലാം കാവുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. നിത്യഹരിത വനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും. ചുരുക്കിപ്പറഞ്ഞാൽ നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ്‌ ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളായ കാവുകൾ.
പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ്‌ പണ്ടുമുതലേ ഭാരതത്തിൽ നിലനിന്നിരുന്നു. പ്രത്യേകിച്ചും ദ്രാവിഡർക്കിടയിൽ. സ്ത്രീ ദേവതകളായിരുന്നു ദ്രാവിഡ രീതിയിലുള്ള ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ. കാവുകൾ എന്നാണ്‌ ഇവ അറിയപ്പെട്ടിരുന്നത്‌. ചെറിയൊരു നിബിഢവനം ഈ ക്ഷേത്രങ്ങളോടു ചേർന്നുണ്ടായിരുന്നു.
വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന ആദിമ മനുഷ്യൻ കാവുകളെ പുണ്യസ്ഥലമായി കണ്ടിരുന്നു. അങ്ങനെ മെല്ലെ മെല്ലെ കാവു സംരക്ഷണം ഒരു ആചാരമായി. ഓരോ വീടിനോടു ചേർന്നും സൃഷ്ടിക്കപ്പെട്ട കാവുകൾ നമ്മുടെ പരിസ്ഥിതിയെ സന്തുലനം ചെയ്തുപോന്നു. വനം ഊർജ്ജത്തിന്റെ കലവറയാണ്‌. അവിടുത്തെ പക്ഷികളുടെയും ചീവീടുകളുടെയും മറ്റുജീവികളുടെയും ശബ്ദം, ഓക്സിജൻ നൽകുന്ന ഊർജ്ജവും ഉന്മേഷവും, പ്രകൃതിയും മനുഷ്യനും ഒന്നെന്ന സത്യമറിയാൻ മേറ്റ്ന്താണ്‌ മനുഷ്യന്‌ വേണ്ടത്‌.
കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, നാഗം, ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെയാണ്‌ കാവുകൾ എന്ന്‌ പറയുന്നത്‌. ശിവൻ, വിഷ്ണു മുതലായ ദൈവങ്ങൾ കുടികൊള്ളുന്ന സ്ഥലം അമ്പലം എന്നാണ്‌ പറയുക. വടക്കൻ കേരളത്തിൽ കാവുകൾക്ക്‌ കണ്ണങ്കാട്‌, മുച്ചിലോട്ട്‌, മുങ്ങിയ, കോട്ടം, പള്ളിയറ എന്നീ പേരുകളുമുണ്ട്‌.
പ്രകൃതിയിലെ മറ്റു ജീവികൾക്കുകൂടി ജീവിക്കാൻ ആവാസവ്യവസ്ഥ ഒരുക്കികൊടുക്കുകയെന്നത്‌ കർത്തവ്യമായി നമ്മുടെ പൂർവികർ കണ്ടിരുന്നു. തത്വം പറഞ്ഞുകൊടുത്താൽ പൊതുവേ അനുസരിക്കാത്തവരാണല്ലോ നമ്മൾ. അതുകൊണ്ട്‌ വിവരമുള്ള ആരോ ഈ ആവാസവ്യവസ്ഥക്ക്‌ ദൈവത്തിന്റെ പരിവേഷം നൽകി. അങ്ങനെ രൂപംകൊണ്ടതാണ്‌ സർപ്പക്കാവ്‌ എന്ന സങ്കൽപം. പേര്‌ സർപ്പക്കാവ്‌ എന്നാണെങ്കിലും പാമ്പുകൾ മാത്രമല്ല നാനാവിധ പക്ഷിമൃഗാദികളും അവിടെ വസിക്കുമായിരുന്നു. ഒരു ചെറിയ വനം എന്ന നിലയിൽ ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥയായിരുന്നു ഓരോ സർപ്പക്കാവും. ഇലഞ്ഞിപ്പൂ, മഞ്ചാടിക്കുരു, കുന്നിക്കുരു, ഓടപ്പഴം എന്നിവയൊക്കെ അവിടെ സുലഭമായിരുന്നു. കാവുകളിൽ കണ്ടുവന്നിരുന്ന പേരുപോലുമറിയാത്ത പലവിധ മരങ്ങളും ചെടികളും പക്ഷികളും പക്ഷെ ഇന്ന്‌ നമ്മുടെ നാട്ടിൽനിന്ന്‌ മിക്കവാറും അപ്രത്യക്ഷമായിരിക്കുന്നു.
വെറുക്കപ്പെടേണ്ടതായ ഒരുജീവിയും പ്രകൃതിയിലില്ല. ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം എല്ലാജീവികൾക്കുമുണ്ട്‌. എന്നുമാത്രമല്ല എല്ലാജീവികളും പ്രകൃതിയിൽ ഉണ്ടെങ്കിൽ മാത്രമേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കൂ. ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്‌ മനുഷ്യൻ മാത്രമല്ല സർവ്വചരാചരങ്ങളും ആവ്യശ്യമാണ്‌. ഈ തത്വമാണ്‌ കാവുകളെ മഹത്വപൂർണ്ണമാക്കുന്നത്‌. പക്ഷെ ആധുനിക ജീവിതസാഹചര്യത്തിൽ വെട്ടിപ്പിടുത്തവും അധിനിവേശവും ആവേശമാക്കിയ മനുഷ്യൻ എല്ലാംതച്ചുടച്ച്‌ ഒന്നൊന്നായി സ്വന്തമാക്കി. ഫലമോ അതിന്റെ ഭവിഷ്യത്തുകൾ അവനും അവന്റെ പിൻതലമുറയും അനുഭവിക്കുന്നു. ഈ ലോകത്തെ എങ്ങിനെ നശിപ്പിച്ചാലും സ്വർഗ്ഗത്തിൽ തങ്ങൾക്കിടമുണ്ടെന്നു ചിന്തിക്കുന്ന മൂഢബുദ്ധികൾ പ്രകൃതിയെ നശിപ്പിക്കുന്നു.
ഇരിക്കുന്ന കൊമ്പു മുറിക്കുന്നതു പോലെയാണത്‌. ആകാശത്തെവിടെയോ ഒരു ദൈവമുണ്ട്‌; സ്വർഗ്ഗമുണ്ട്‌ എന്നൊക്കെ സ്വപ്നം കണ്ടു ജീവിക്കാൻ മനുഷ്യനെ പഠിപ്പിച്ച മതങ്ങൾ എല്ലാ അധിനിവേശങ്ങൾക്കും എക്കാലവും കൂട്ടുനിന്നു എന്നതാണ്‌ ചരിത്രം. കേവല ചിന്താശക്തിയും ബുദ്ധിയുമില്ലാതെ വെറുതെ സ്വർഗ്ഗം സ്വപ്നംകണ്ടു ജീവിക്കുന്നവർക്ക്‌ അധിനിവേശം എന്നും ലഹരിയായിരുന്നുവല്ലോ.

മലിനീകരണ നിയന്ത്രണത്തിന്‌ ഹരിത രസതന്ത്രം

“വ്യവസായശാലകള്‍ എവിടെയുണ്ടോ അവിടെ മലിനീകരണം ഉണ്ടാകും” എന്നുപറയുന്നത്‌ ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണ്‌. മരുന്നുകള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, തുണി വ്യവസായം, നിറങ്ങള്‍ നല്‍കുന്ന രാസപദാര്‍ത്ഥങ്ങള്‍, പോളിമര്‍, ഔഷധങ്ങള്‍, പേപ്പര്‍, പെയിന്റ്‌, പ്ലാസ്റ്റിക്‌, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാര്‍ഷിക രംഗത്ത്‌ ഉപയോഗിക്കുന്ന രാസവളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിന്‌ രാസപദാര്‍ത്ഥങ്ങളും രാസപ്രവര്‍ത്തനങ്ങളും അത്യന്താപേക്ഷിതമാണ്‌. സുഖസൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ രാസപദാര്‍ത്ഥങ്ങളുടെ അളവും ഭൂമുഖത്ത്‌ വര്‍ധിക്കുന്നു. നമ്മുടെ ആവശ്യങ്ങള്‍ വര്‍ധിക്കുകയാണ്‌. 
ജീവിതരീതികള്‍, ശൈലികള്‍ എല്ലാം തന്നെ മാറുകയാണ്‌. അതോടൊപ്പം ആവശ്യങ്ങളും വര്‍ധിക്കുന്നു. കാല്‍ക്കുലേറ്റര്‍ ഉപയോഗം കമ്പ്യൂട്ടര്‍ യുഗത്തിലേക്ക്‌ മാറിയപ്പോള്‍ നാം കൂടുതലായി ഉപയോഗിക്കുന്ന ഘനലോഹങ്ങളും മാലിന്യ സാധ്യതകളും ഏറി എന്ന സത്യം പലപ്പോഴും നാം വിസ്മരിക്കയാണ്‌. പേജര്‍ പോയി സെല്‍ഫോണായി. ചാണകം മെഴുകിയ വീടുകളുടെ ഫ്ലോറിംഗ്‌ വിട്രിഫൈഡ്‌ ടെയിലുകള്‍ക്ക്‌ വഴിമാറി. മരപ്പലകകള്‍ പ്ലൈവുഡിന്‌ മാറിക്കൊടുത്തു. ഫാന്‍ എസികള്‍ക്കായി മാറി, ഓയിലുകളും എണ്ണകളും ഭക്ഷ്യ എണ്ണകളും സുഗന്ധ-സൗന്ദര്യോല്‍പ്പന്നങ്ങളും എല്ലാം മാറി മാറി പ്രയോഗിക്കാന്‍ മനുഷ്യന്‍ വെമ്പല്‍ കാട്ടുന്നു. അതനുസരിച്ച്‌ പുതിയ വ്യവസായങ്ങളും രാസപദാര്‍ത്ഥങ്ങളും അന്തരീക്ഷത്തെ മാലിന്യപൂരിതമാക്കി. ഓസോണ്‍ പാളികള്‍ക്ക്‌ വിള്ളല്‍ വരുത്തുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ ഫ്രയോണ്‍ വാതകത്തിന്‌ വഴിമാറി. കിണര്‍ വെള്ളം കുപ്പിവെള്ളത്തിന്‌ മാറിക്കൊടുത്തു. വികസനത്തിന്റെ പേരില്‍ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കയാണ്‌. ഒപ്പം പുതിയ പുതിയ രാസപദാര്‍ത്ഥങ്ങളുടെ സ്രോതസ്സുകളും. 
ഭോപ്പാലില്‍ 1984 ല്‍ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയില്‍നിന്ന്‌ ചോര്‍ന്ന മീഥേന്‍ ഐസോ സൈനേറ്റ്‌ കൊന്നത്‌ 2500 പേരെയും അസുഖബാധിതരാക്കിയത്‌ ഒന്നരലക്ഷത്തിലധികം പേരെയുമാണ്‌. എന്നതാണ്‌ ഔദ്യോഗിക കണക്കിതാണെങ്കിലും മരണസംഖ്യ 10000 കവിഞ്ഞെന്നാണ്‌ കണക്കാക്കുന്നത്‌. മലേറിയ പരത്തുന്ന കൊതുകിനെ തുരത്താന്‍ ഉപയോഗിച്ച ഡിഡിറ്റിയും മനുഷ്യകുലത്തിന്റെ അന്തകരോഗമായ കാന്‍സര്‍ വര്‍ദ്ധിപ്പിച്ചതില്‍ വലിയ പങ്കുവഹിച്ചതായി ലോകശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. പുഴകളുടെ തീരത്തുള്ള ഫാക്ടറികള്‍ ശരിയായ രീതിയില്‍ ശരിയായ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ മലിനജലം ട്രീറ്റ്‌ ചെയ്യാത്തതിനാല്‍ കുടിവെള്ള സ്രോതസ്സുകളും ഭൂഗര്‍ഭജലവും കടലും കായലും രാസമാലിന്യങ്ങള്‍ കലര്‍ന്ന്‌ ജല ജീവികളെ സമൂല നാശത്തിലേയ്ക്ക്‌ തള്ളിവിടുകയാണ്‌. മലിനീകരണനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നതിനാല്‍ ജീവികളുടെ ഭക്ഷ്യ ശൃംഖലാ ജാലത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ കുന്നുകൂടുകയാണ്‌. പാലിലും മുട്ടയിലും പച്ചക്കറികളിലും വിത്തുകളിലും ഫലങ്ങളിലും ഭക്ഷ്യവസ്തുക്കളിലും മാരകമായ രാസപദാര്‍ത്ഥങ്ങള്‍ സുലഭമായിരിക്കയാണ്‌. പേരറിയാത്ത പുതിയ രോഗങ്ങള്‍ സര്‍വസാധാരണമായിരിക്കുന്നു. 
രാസപദാര്‍ത്ഥങ്ങളുടെ അപകട ഭീഷണി ക്രമാതീതമായി വര്‍ധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിലും നിര്‍മിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഒരു ഹരിത രസതന്ത്രം പരീക്ഷിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. 
ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ മനുഷ്യന്റെയും ജീവജാലങ്ങളുടേയും ആരോഗ്യപരിപാലനത്തിന്‌ വേണ്ടി ഉപയോഗിക്കപ്പെടേണ്ടതുണ്ട്‌. അതുകൊണ്ട്‌ ഹരിതരസതന്ത്രത്തിന്‌ പ്രാധാന്യവും പ്രസക്തിയും വളരെയേറെയാണ്‌. 1991 ല്‍ അമേരിക്കന്‍ രസതന്ത്രജ്ഞന്‍ ഡോ.പോള്‍ അനാസ്‌ സ്റ്റാസാണ്‌ ഇത്തരത്തിലുള്ള രസതന്ത്രശാഖയ്ക്ക്‌ ജന്മം നല്‍കിയത്‌. അതുകൊണ്ടുതന്നെ ഡോ.പോള്‍ അനാസ്‌ സ്റ്റാസിനെ ഹരിത രസതന്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു. ഹരിത രസതന്ത്രത്തില്‍ രാസപദാര്‍ത്ഥങ്ങളുടെ മാരകശേഷി കുറയ്ക്കുകയും ഒഴിവാക്കുകയും പ്രായോഗിക ഉപയോഗത്തില്‍ മലിനീകരണം ഒഴിവാക്കുകയെന്ന തത്വവുമാണ്‌ അടിസ്ഥാനമായി ആശ്രയിക്കുന്നത്‌. ഹരിതരസതന്ത്രം 1990 മുതല്‍ അമേരിക്ക, യുകെ, ജര്‍മ്മനി, ജപ്പാന്‍ എന്നിവിടങ്ങളില്‍ പരീക്ഷിച്ചുവരുന്നുണ്ട്‌. ഹരിതരസതന്ത്രത്തില്‍ പരിസ്ഥിതി സൗഹൃദ രാസപ്രവര്‍ത്തനങ്ങള്‍, ഉപയോഗം എന്നതിനേക്കാള്‍ രാസപദാര്‍ത്ഥത്തിന്റെ ഗുണനിലവാരവും ഉപയോഗശേഷിയും പ്രയോജനപ്പെടുത്തുന്നതിലാണ്‌ ഊന്നല്‍ നല്‍കുന്നത്‌. അതുകൊണ്ടുതന്നെ രാസപദാര്‍ത്ഥങ്ങളുടെ പകരക്കാരായ വിഷാംശം കുറഞ്ഞതും മാരകശേഷി ഇല്ലാത്തതുമായ രാസപദാര്‍ത്ഥങ്ങള്‍ക്ക്‌ ഹരിതരസതന്ത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. 
ഡോ.പോള്‍ അനാസ്സ്റ്റാസ്‌, ഡോ.ജോണ്‍ സി.വാര്‍ണര്‍ എന്നിവര്‍ ചേര്‍ന്ന്‌ 1997 ല്‍ ഹരിതരസതന്ത്രത്തില്‍ 12 പ്രധാന തത്വങ്ങള്‍ക്ക്‌ രൂപം കൊടുത്തു. 1) പാഴ്‌വസ്തുക്കളുടെ ഉല്‍പ്പാദനം തടയുക, രാസപ്രവര്‍ത്തനങ്ങളില്‍ പാഴ്‌വസ്തുക്കളഉം മാലിന്യങ്ങളും ഉപഉല്‍പ്പന്നങ്ങളും ഉണ്ടാവാതെ നോക്കിയാല്‍ ഊര്‍ജ്ജവും ധനവും അവയുടെ സംസ്ക്കരണത്തിനുവേണ്ടി ചെലവാക്കുന്നതില്‍നിന്നും മോചനം നേടാനാകും (2) പരമാണു മിതവ്യയം: ഓരോ ഉല്‍പ്പന്നത്തിന്റെയും ഉല്‍പ്പാദന പ്രക്രിയയില്‍ മാറ്റം വരുത്തി രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സിംഹഭാഗവും അവസാനഘട്ട ഉല്‍പ്പന്നത്തിന്റെ ഭാഗമാക്കുക. (3) മാരകമായ കൃത്രിമ രാസപ്രവര്‍ത്തന രീതികള്‍ കുറയ്ക്കുക. ജീവജാലങ്ങള്‍ക്ക്‌ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസപ്രവര്‍ത്തനങ്ങളും രാസപദാര്‍ത്ഥങ്ങളും കഴിവതും ഒഴിവാക്കിയുള്ള ഉല്‍പ്പാദന രീതികള്‍ക്ക്‌ പ്രാമുഖ്യം നല്‍കുക. (4)അപകടരഹിതമായ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം ഉറപ്പാക്കുക. ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനോടൊപ്പം രാസപദാര്‍ത്ഥത്തിന്‌ മാരകശേഷി ഇല്ലെന്ന്‌ ഉറപ്പാക്കുകയും വേണം (5) അപകടരഹിതമായ ലായകങ്ങളുടെ ഉപയോഗം ഉറപ്പാക്കുക. രാസപദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ലായകങ്ങള്‍ വിഷരഹിതമാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (6) ഊര്‍ജ്ജകാര്യ കാര്യക്ഷമത രാസപ്രവര്‍ത്തനങ്ങളില്‍ പരമാവധി ഉറപ്പാക്കണം. എല്ലാ രാസപ്രവര്‍ത്തനങ്ങളുടെയും ഊര്‍ജ്ജ ആവശ്യം പരമാവധി കുറയ്ക്കണം. (7) അസംസ്കൃത വസ്തുക്കള്‍ പാരമ്പര്യേതര സ്രോതസ്സുകളില്‍നിന്നാകുവാന്‍ ശ്രദ്ധിക്കണം.
തുടര്‍ച്ചയായ ഉപയോഗം പ്രകൃതി വിഭവങ്ങളുടെ സമൂലനാശത്തില്‍ കലാശിക്കാതിരിക്കുവാന്‍ ഇത്‌ അത്യന്താപേക്ഷിതമാണ്‌. (8) ആവശ്യത്തിലധികം രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും മാലിന്യ ഉല്‍പ്പാദനം കുറയ്ക്കുന്നതിനും ഇടയ്ക്കുണ്ടാകുന്ന രാസഉല്‍പ്പന്ന ഉല്‍പ്പാദനം നിയന്ത്രിക്കണം. ഇത്‌ ഇടയ്ക്ക്‌ വച്ച്‌ രാസവസ്തുക്കളുടെ രാസപ്രവര്‍ത്തനം തടയാതിരിക്കുന്നതിനും താല്‍ക്കാലിക വ്യതിയാനങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇടവരുത്തുന്നു. (9) രാസപ്രവര്‍ത്തനങ്ങളുടെ ശക്തിയും വേഗതയും വര്‍ധിപ്പിക്കാന്‍ കാറ്റലിസ്റ്റുകളെ കൂടുതലായി ഉപയോഗിക്കുക. (10) ഉല്‍പ്പാദനത്തിനുശേഷം ധൃതഗതിയില്‍ വിഘടിക്കുവാന്‍ കെല്‍പ്പുള്ള രാസപദാര്‍ത്ഥങ്ങളും രാസസംയുക്തങ്ങളും ഉണ്ടാക്കുക. (11) മലിനീകരണ നിയന്ത്രണത്തിനുള്ള രാസപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക അതുമൂലം രാസപദാര്‍ത്ഥങ്ങളുടെ മലിനീകരണം കുറയ്ക്കാനാകും. (12) പൊട്ടിത്തെറി, അഗ്നി, വായു മാലിന്യങ്ങള്‍ എന്നിവ ഒഴിവാക്കിയുള്ള രാസപദാര്‍ത്ഥങ്ങളുടെ റിയേക്ഷന്‍ വിഭാവനം ചെയ്ത്‌ നടപ്പാക്കുക. ഇത്‌ രാസാപകടങ്ങള്‍ കുറയ്ക്കും. 
ഹരിതരസതന്ത്രം പ്രായോഗികമാകണമെങ്കില്‍ ഈ തത്വങ്ങള്‍ പരമാവധി പാലിക്കപ്പെടണം. അതിമാരകമായ ലായകങ്ങളായ ബെന്‍സീന്‍, ടൊളുവീന്‍, ക്ലോറോഫോം, കാര്‍ബണ്‍റൈട്രാക്ലോറൈഡ്‌, പെര്‍ക്ലോറോ എത്തിലീന്‍, മെത്തിനീല്‍ ക്ലോറൈഡ്‌ എന്നിവ ഒഴിവാക്കി ഹരിതലായകങ്ങളായ ഐയോണിക്‌ ലായനികളും സൂപ്പര്‍ ക്രിട്ടിക്കല്‍ കാര്‍ബണ്‍ഡൈയോക്സൈഡും സൂപ്പര്‍ ക്രിട്ടിക്കല്‍ വെള്ളവും ജലം രാസപ്രവര്‍ത്തന ലായകമായും മറ്റും ഉപയോഗിക്കുന്ന തരത്തില്‍ റിയേക്ഷനുകള്‍ ഡിസൈന്‍ ചെയ്ത്‌ നടപ്പാക്കിയാല്‍ മാത്രമേ ഹരിതരസതന്ത്രം പ്രായോഗികമാകൂ. ഇന്ന്‌ ഉപയോഗിക്കുന്ന ഊര്‍ജ്ജം സ്രോതസ്സുകളായ പെട്രോള്‍, മണ്ണെണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയ്ക്ക്‌ പകരം ബയോമാസ്‌ ഉപയോഗം കൂട്ടണം. പ്രതിവര്‍ഷം 170 ശതലക്ഷം ടണ്‍ ബയോമാസ്‌ ലോകത്ത്‌ സസ്യങ്ങള്‍ക്ക്‌ നല്‍കാനാകുമെന്നാണ്‌ കണക്ക്‌. പോളിമറുകളും ഡൈകള്‍ കാര്‍ഷിക രാസപദാര്‍ത്ഥങ്ങള്‍ കുറച്ച്‌ താപം ഉല്‍പ്പാദിപ്പിക്കുവാന്‍ മൈക്രോവെയ്സ്‌, അള്‍ട്രാ സൗണ്ട്‌ എന്നീ ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്‌. അള്‍ട്രാ സൗണ്ട്‌ തരംഗങ്ങള്‍ക്ക്‌ ലായനികളെ 500 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപം ഉയര്‍ത്താനാകുമത്രെ. 18 മുതല്‍ 20 മണിക്കൂര്‍വരെ നീളുന്ന രാസപദാര്‍ത്ഥങ്ങളെക്കൊണ്ട്‌ നടത്തുന്ന ഹൈഡ്രോളിസിസ്‌ മൈക്രോ വെയ്‌വ്‌ കൊണ്ട്‌ 12 മിനിറ്റില്‍ പൂര്‍ത്തിയാക്കാമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഈ രാസപ്രവര്‍ത്തനം മൂലം ഉണ്ടാകുമായിരുന്ന മലിനീകരണവും മാരകമാലിന്യം ഉല്‍പ്പാദിപ്പിക്കുമായിരുന്ന രാസപ്രവര്‍ത്തനങ്ങളും ഒരുപരിധിവരെ ഒഴിവാക്കാനാകുമെന്നതു തന്നെയാണ്‌ ഹരിതരസതന്ത്രത്തിന്റെ പ്രസക്തി. 
കഴിഞ്ഞ ഇരുപതു വര്‍ഷമായിട്ടാണ്‌ ഹരിത രസതന്ത്രത്തില്‍ അല്‍പ്പമെങ്കിലും പുരോഗതിയുണ്ടായിട്ടുള്ളത്‌. ഹരിതരസതന്ത്രം ഒരു സംസ്ക്കാരമായി മാറണം. ചെറിയ ഒരു രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ പോലും ആരോഗ്യത്തിന്‌ ഹാനികരമായ വാതകങ്ങളും മലിനജലവും ഉല്‍പ്പാദിപ്പിക്കപ്പെടുകയാണ്‌. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥിസമൂഹവും പ്രാണവായുവിലൂടെ ഈ വായു മാലിന്യങ്ങള്‍ വലിച്ചുകയറ്റുകയും ആരോഗ്യപ്രശ്നങ്ങളാല്‍ കഷ്ടപ്പെടുന്ന തലത്തിലേയ്ക്ക്‌ മാറുകയും ചെയ്യുന്നു. വ്യവസായങ്ങള്‍ തൊഴില്‍ സാധ്യത നല്‍കുന്ന സ്ഥാപനങ്ങളാണ്‌. രാജ്യ പുരോഗതിയ്ക്കും വ്യവസായ സ്ഥാപനങ്ങള്‍ മുതല്‍ക്കൂട്ടാണ്‌. എന്നാല്‍ മലിനീകരണത്തിന്റെ പേരില്‍ തങ്ങളുടെ ചെറിയ സമ്പാദ്യത്തില്‍നിന്നും മരുന്നുവാങ്ങുവാനും ആരോഗ്യം സംരക്ഷിക്കുവാനും വന്‍തുകകള്‍ മാറ്റിവെയ്ക്കേണ്ടിവരുന്ന സാധാരണക്കാരുടെ ഇന്നത്തെ അവസ്ഥ ഹരിതരസതന്ത്രത്തിലൂടെ ഒരുപരിധിവരെ ഒഴിവാക്കാനാകുമെങ്കില്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടണം. 
പിഞ്ചുകുഞ്ഞുങ്ങള്‍ കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുമ്പോഴും ആളുകള്‍ ദാഹം തീര്‍ക്കാന്‍ കുപ്പിവെള്ളം കുടിയ്ക്കുമ്പോഴും തട്ടുകടയില്‍നിന്ന്‌ എണ്ണയില്‍ പൊരിച്ച ഭക്ഷണം കഴിക്കുമ്പോഴും രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത്‌ രുചികൂട്ടി തരുന്ന ഭക്ഷണ സാധനങ്ങള്‍ തിന്നുമ്പോഴും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ വായു മലിനീകരണം മൂലം വിഷവായു അകത്തു കയറുമ്പോഴും വ്യവസായശാലകളില്‍നിന്നും പുകക്കുഴലിലൂടെ പുറത്തുവരുന്ന കറുത്ത വെളുത വിഷപുക ശ്വസിക്കുമ്പോഴു ജീവികളുടെ ശരീരത്തില്‍ കയറുന്നത്‌ രാസപ്രവര്‍ത്തനത്തിലൂടെ പുറത്തുവരുന്ന വിഷമാലിന്യങ്ങളാണെന്ന്‌ തെളിഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ ഹരിത രസതന്ത്രത്തിന്‌ അതീവ പ്രാധാന്യം നല്‍കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. വിദ്യാലയങ്ങളിലെ പ്രാക്ടിക്കല്‍ ലാബുകളില്‍നിന്നും ടെസ്റ്റിങ്‌ ലാബുകളില്‍നിന്നും പുറത്തുവരുന്ന രാസമാലിന്യങ്ങള്‍ നിയന്ത്രിക്കുവാന്‍ ഹരിതരസതന്ത്രത്തിന്‌ കഴിയുമെന്നതില്‍ തര്‍ക്കമില്ല. ശാസ്ത്രം വളരുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ മലിനീകരണ നിയന്ത്രണങ്ങള്‍ക്ക്‌ യുദ്ധകാലാടിസ്ഥാനത്തില്‍ ഉപയോഗിക്കാനായെങ്കില്‍ മാത്രമേ മാരകമായ രാസമാലിന്യങ്ങളില്‍നിന്നും മാനവരാശിയെ രക്ഷിക്കാനാകൂ.
ഡോ.സി.എം.ജോയി

അപകടകാരികളായ പുത്തന്‍ മാലിന്യങ്ങള്‍

വ്യവസായവികസനവും നഗരവത്‌കരണവും വരുത്തിവച്ച വിനയായി ലോകം മലിനീകരണത്തെ കാണുന്നു. നവസാങ്കേതികവിദ്യയുടെ ഫലമായി ഉടലെടുത്ത മാലിന്യങ്ങളെ അപകടകാരിയായ മാലിന്യങ്ങള്‍ (Hazardous Waste) എന്നാണ്‌വിവക്ഷിക്കാറുളളത്‌. സ്വാഭാവികമാലിന്യത്തെക്കാളും വളരെ ഉയര്‍ന്നശതമാനത്തിലാണ്‌ ഇത്തരം മാലിന്യങ്ങള്‍ ഭൂമുഖത്ത്‌ അടിഞ്ഞു കൂടികൊണ്ടിരിക്കുന്നത്‌. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ തന്നെ ഇവ പതിന്മടങ്ങ്‌ അപകടകാരികളുമാണ്‌. പരിസ്ഥിതിയേയും സസ്യജീവജാലങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഭൌതിക-രാസസ്വഭാവം ഉളള ഇത്തരം മാലിന്യങ്ങളുടെ സംസ്കരണവും പുനരുപയോഗവും അതീവസങ്കീര്‍ണമായ പ്രക്രിയയാണ്‌. ന്യൂക്ലിയര്‍ മാലിന്യം, ബയോ മെഡിക്കല്‍ മാലിന്യം, ഇ-മാലിന്യം തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു.

  • ന്യൂക്ലിയര്‍ മാലിന്യം

ഖനിജ ഇന്ധനങ്ങള്‍ ഏറെക്കാലത്തെ ഉപയോഗത്തിന്‌ അവശേഷിച്ചിട്ടില്ലന്ന വസ്തുതയുടെ വെളിച്ചത്തില്‍ ആശവോര്‍ജ്ജവാദികള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട മേഖലയാണ്‌ ന്യൂക്ലിയര്‍വേസ്റ്റ്‌ അഥവാ ആണവമാലിന്യങ്ങള്‍ ‍. ഉല്പാദനത്തിന്റെ ഘട്ടത്തിലും അതിനുശേഷവും ഏറെ അപകടമുണ്ടാക്കാന്‍ സാദ്ധ്യതയുളളതാണ് ഈ ആണവഇന്ധനം.വൈദ്യുതോര്‍ജ്ജത്തില്‍ വന്‍കമ്മി നേരിടുന്ന സാഹചര്യത്തില്‍ ആണവനിലയങ്ങളെ ഊര്‍ജ്ജാവശ്യത്തിനായി ആശ്രയിക്കാനുളള സാദ്ധ്യത ഇന്നത്തെ സാഹചര്യത്തില്‍ കൂടുതലാണ്‌. വൈദ്യുതോല്പാദനശേഷം പുറന്തള്ളുന്ന മാലിന്യത്തില്‍ റേഡിയോആക്ടീവതയുളള പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്തരം അവശിഷ്ടങ്ങളുടെ കൈകാര്യം ചെയ്യലിന്‌ വിശ്വസനീയമായ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഉരുത്തിരിഞ്ഞിട്ടില്ല. ഫ്രാന്‍സ്‌ അവരുടെ ഊര്‍ജ്ജ ആവശ്യങ്ങളുടെ മുഖ്യപങ്കും ആണവഇന്ധനം വഴിയാണ്‌ സാധിച്ചെടുക്കുന്നത്‌. പക്ഷേ 1979ല്‍ അമേരിക്കയിലെ ത്രീ മൈല്‍ ഐലന്റിലും 1986 ല്‍ റഷ്യയിലെ ചെര്‍ണോബിലിലും സംഭവിച്ച അപകടം മാനവരാശിയെ ഞെട്ടിപ്പിച്ചിരുന്നു. 31ആളുകള്‍ മരണപ്പെട്ട ചെര്‍ണോബില്‍ അപകടത്തിന്റെ ദുരന്തഫലം 50 വര്‍ഷത്തോളം ആ ഭാഗത്ത്‌ തുടരുമെന്ന്‌ ഭയക്കുന്നു. ആണവറിയാക്ടറിനു വേണ്ടിയുള്ള ഇന്ധനം നിര്‍മ്മിക്കുന്ന വേളയിലും മലിനീകരണത്തോത്‌ വളരെയധികമാണ്‌. ആണവറിയാക്ടറില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ പഴുതുകളില്ലാത്തതുമായ സംവിധാനം വിശ്വസനീയമായ രീതിയില്‍ രൂപപ്പെടുന്നതുവരെ ആപദ്ഘട്ടത്തിലാണ്‌ ജീവിക്കുന്നത്‌ എന്നു പറയേണ്ടിവരും. ഒരു ട ണ്‍ യുറേനിയത്തില്‍ 1000 ടണ്‍ കല്ക്കരിയില്‍ നിന്നും ലഭിക്കുന്നതിനെക്കാള്‍കൂടിയ അളവില്‍ ഊര്‍ജ്ജം ലഭിക്കുമെങ്കിലും, ആയിരം ടണ്‍ കല്ക്കരി സൃഷ്ടിക്കുന്ന ആഘാതത്തിന്റെ എത്രയൊ ഇരട്ടി ആഘാതം ഒരു നിമിഷാര്‍ദ്ധത്തെ ആണവക്കൈപ്പിഴക്ക്‌ സാധിക്കുമെന്നത്‌ ഭീതിയോടെ മാത്രമേചിന്തിക്കാന്‍ സാധിക്കുകയുളളൂ.

  • ബയോമെഡിക്കല്‍ മാലിന്യം

ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ ലാബുകളില്‍ നിന്നും പുറന്തളളുന്ന മാലിന്യങ്ങള്‍ നഗരമാലിന്യങ്ങള്‍ക്കൊപ്പം സംസ്ക്കരിക്കുന്നതാണ്‌ പരക്കെകണ്ടു വരുന്ന രീതി. ചെറിയൊരളവിലാണ്‌ നഗരമാലിന്യങ്ങളില്‍ ബയോമെഡിക്കല്‍ അവശിഷ്ടം എത്തുന്നതെങ്കില്‍ പോലും ഗുരുതരമായആരോഗ്യപ്രത്യാഘാതങ്ങളുണ്ടാക്കും. ശസ്ത്രക്രിയയ്ക്ക്‌ ഉപയോഗിക്കുന്ന കത്തി , ഇഞ്ചക്ഷന്‍ , മരുന്നിന്റെ സ്ഫടികക്കുപ്പി , മുറിവ്‌ തുന്നിക്കെട്ടിയശേഷമുളള അവശിഷ്ടങ്ങള്‍ ‍, ശസ്ത്രക്രിയാനന്തരം മുറിച്ചുമാറ്റപ്പെട്ട ശരീരഭാഗങ്ങള്‍ ‍, പരിശോധനക്കായി ശേഖരിക്കുന്ന രക്തസാമ്പിളുകള്‍ ‍, സിറിഞ്ച്‌ , ബ്ലഡ്‌ബാഗുകള്‍ എന്നിവ ബയോമെഡിക്കല്‍ മാലിന്യത്തില്‍പ്പെടുന്നു. മാലിന്യം നീക്കുന്ന / ശേഖരിക്കുന്ന തൊഴിലാളികള്‍ക്ക്‌ ശരീരം മുറിവേല്ക്കാനും , ഗുരുതരമായ അസുഖങ്ങള്‍ പിടിപെടാനും ഇത്തരം അപകടകരമായ മാലിന്യങ്ങള്‍ കാരണമാകും . ഹെല്‍ത്ത്‌ സര്‍വീസ്‌ ഡയറക്ടര്‍ ജനറലിന്റെ 1993ലെ കണക്ക്‌ പ്രകാരം തന്നെ ഇന്ത്യയില്‍ പ്രതിവര്‍ഷം 54000 ടണ്‍ ബയോമെഡിക്കല്‍ മാലിന്യം പുറംതളളുന്നു എന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. 1993 ന്‌ ശേഷം ആശുപത്രികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന തന്നെയുണ്ടായി . ഒരു കിടക്ക പ്രതിദിനം ശരാശരി 150 മുതല്‍ 500ഗ്രാം വരെ ബയോമെഡിക്കല്‍ മാലിന്യം സൃഷ്ടിക്കുന്നുണ്ട്‌ . ആശുപത്രിയുടെ വലിപ്പത്തിനും സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും അനുസരിച്ച്‌ ഈ കണക്ക്‌ വ്യത്യാസപ്പെടാം. 150 ഗ്രാം എന്ന തോതില്‍ കണക്കാക്കിയാല്‍ തന്നെ 400കിടക്കയുളള ആശുപത്രി പ്രതിദിനം 60 കി.ഗ്രാം മാലിന്യമാണ്‌ കുന്നുകൂട്ടുന്നത്‌. പ്രതിവര്‍ഷം 21900 കി.ഗ്രാം. ഇതോടൊപ്പം ആധുനിക മെഡിക്കല്‍ ഉപകരണവും മറ്റൊരു തരത്തില്‍ മാലിന്യമാകുന്നുണ്ട്‌. മെഡിക്കല്‍ ഇലക്‍ട്രോണിക്സ് മേഖലയിലെ ദ്രുതഗതിയിലുളള വളര്‍ച്ച ദിനംപ്രതി പുതിയ ഉപകരണങ്ങള്‍ ആരോഗ്യപരിപാലനത്തിനായി വിപണിയിലിറക്കുന്നുണ്ട്‌. ഒരു മെഷീന്‍ ഇറങ്ങിയാല്‍ അതിന്റെ തന്നെ കൂടുതല്‍ നവീകരിച്ച സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വകഭേദം കുറഞ്ഞകാലത്തിനുളളില്‍ വിപണിയില്‍ എത്തും. ഇത്‌ ആശുപത്രികളെ പുതിയവയിലേക്ക്‌ മാറാന്‍ നിര്‍ബന്ധിതരാക്കും. പഴയ ഉപകരണം പൊടിപിടിച്ച്‌ മൂലയിലേക്ക്‌ മാറ്റപ്പെട്ടിരിക്കും. കൂടാതെ മെഡിക്കല്‍ ഉപകരണങ്ങള്‍അറ്റകുറ്റപണി നടത്താനുളള ശരിയായ സാങ്കേതിക വിദഗ്ദ്ധരുടെ അഭാവവും മെഡിക്കല്‍ ഉപകരണങ്ങളെ ഇലക്‍ട്രോണിക്‍ മാലിന്യമാക്കി മാറ്റും. മിക്ക ഉപകരണങ്ങളിലും ആരോഗ്യത്തിന്‌ ഹാനികരമായേക്കാവുന്ന ലെഡ്‌, കാഡ്‌മിയം , മെര്‍ക്കുറി , ആഴ്‌സനിക്ക്‌, പ്ലാസ്റ്റിക്ക്‌ എന്നിവ അടങ്ങിയിട്ടുണ്ട്‌.

ഇ-മാലിന്യം?

 

ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിച്ച ഇലക്‍ട്രിക്‌ / ഇലക്‍ട്രോണിക്‌ ഉപകരണത്തേയോ ഭാഗത്തേയോ ഇ-മാലിന്യം അല്ലെങ്കില്‍ 'ഇ-വേസ്റ്റ്‌' എന്നുപറയാം. ടെലിവിഷന്‍ ‍, കമ്പ്യൂട്ടര്‍ ‍, ടേപ്പ്‌റെക്കോര്‍ഡര്‍ ‍- പ്ലെയര്‍ ‍, വിസിആര്‍ ‍, മോബൈല്‍ ഫോണ്‍ തുടങ്ങി ഹൈടെക്‍ കളിപ്പാട്ടങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ടെലിവിഷന്‍ ‍- കംപ്യൂട്ടര്‍ മോണിറ്ററുകളും ബാറ്ററിയുമാണ്‌ ഇ-മാലിന്യത്തില്‍ അപകടത്തിലും അളവിലും ഏറെ മുന്നില്‍ ‍. പ്രവര്‍ത്തനരഹിതമായാല്‍ അറ്റകുറ്റപ്പണി നടത്തുന്നതിനേക്കാള്‍ ഭേദം' എക്‌സ്‌ചേഞ്ച്‌' ചെയ്യുന്നതാണെന്ന വിപണിചിന്തയും, കൂടുതല്‍ ആകര്‍ഷകമായ' യൂട്ടിലിറ്റികള്‍ ‍' ഉള്‍പ്പെടുത്തിയ ഉപകരണങ്ങള്‍ കുത്തൊഴുക്കെന്നപോലെ വിപണിയില്‍ എത്തുന്നതും ഇ-മാലിന്യത്തിന്റെ ആക്കം കൂട്ടുന്നു. 1990 ന്റെ തുടക്കം മുതലാണ്‌ ഇ-മാലിന്യത്തിന്റെ ഗൌരവം ബോദ്ധ്യപ്പെട്ടുതുടങ്ങിയത് ‌. അമേരിക്ക , ജപ്പാന്‍ ‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ഇ-മാലിന്യസംസ്ക്കരണത്തിന്‌ ശക്തമായ നിയന്ത്രണസംവിധാനങ്ങളും നിയമങ്ങളുമുണ്ട് ‌. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന്‌ ടണ്‍ ഇ-മാലിന്യമാണ്‌ സൃഷ്ടിക്കപ്പെടുന്നത് ‌. അതോടൊപ്പം ഗൌരവമായ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതായി 2005 ലെ യു . എന്‍ ‍.ഇ . പി. റിപ്പോര്‍ട്ട്‌ എടുത്തു പറയുന്നു . പുതിയ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളും ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്കുള്ള നവീകരിച്ച ഉപകരണങ്ങളും വിപണിയിലേക്കെത്തുന്നത്‌ പെട്ടെന്നാണ്‌. ഉപകരണത്തിന്റെ വലിപ്പം കുറയുന്നതും പ്രവര്‍ത്തനശേഷി ഉയരുന്നതും പ്രവചനാതീതമായ വേഗത്തിലാണെന്ന്‌ പറയാം. അതോടോപ്പം ഇപ്പോള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ പഴഞ്ചനായി പിന്നാമ്പുറത്തേക്ക്‌ എത്താനുള്ള സാദ്ധ്യത കൂടുതലാണ്‌. ഇതര എന്‍ജിനീയറിങ്‌ ശാഖകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇലക്‍ട്രോണിക്സ്‌ മേഖലയിലാണ്‌ പ്രായോഗക്ഷമതയുള്ള ഉപകരണങ്ങള്‍ പോലും ഉപേക്ഷിക്കുന്ന സ്ഥിതിയില്‍ എത്തിക്കുന്നത്‌. എന്നാല്‍ ഇത്തരത്തില്‍ പുറംതള്ളുന്ന ഇലക്‍ട്രോണിക്‍ വസ്തുക്കള്‍ക്ക്‌ എന്ത്‌ സംഭവിക്കുന്നു? സാധാരണക്കാരന്റെ പോലും ചിന്തയ്ക്കും സ്വപ്നത്തിനും അതീതമായ ഇലക്‍ട്രോണിക്‍ ഉപകരണങ്ങള്‍ പ്രാപ്യമായപ്പോള്‍ മറുവശത്ത്‌ നമ്മെത്തന്നെ കാത്തിരിക്കുന്നത്‌ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളാണ്‌. കമ്പ്യൂട്ടര്‍ ‍/ ടെലിവിഷന്‍ മോണിറ്ററില്‍ രണ്ട്‌ കിലോഗ്രാമോളം ലെഡ്‌ (ഈയം) അടങ്ങിയിട്ടുണ്ട്‌. ഇതു കൂടാതെ കാഡ്‌മിയം, ക്രോമിയം, ടിന്‍ ‍, മെര്‍ക്കുറി, ആഴ്സനിക്‍ ‌, കോബാള്‍ട്ട്‌, നിക്കല്‍ തുടങ്ങി 100ലേറെ അപകടകരമായ മൂലകങ്ങളോ സംയുക്തങ്ങളോ ഇ-മാലിന്യത്തില്‍ അടങ്ങിയിരിക്കുന്നു. ഇവ ശ്വാസകോശം, തലച്ചോറ്‌, ആമാശയം എന്നിവയ്ക്ക്‌ കടുത്ത രോഗഭീഷണി ഉയര്‍ത്തുന്നു, മാത്രമല്ല, അര്‍ബുദത്തിന്‌ വരെ വഴി മരുന്നിടാം. പ്ലാസ്റ്റിക്ക്‌ കത്തിക്കുമ്പോള്‍ പുറത്തുവരുന്ന ഡയോക്‍സിന്‍ അര്‍ബുദത്തിന്‌ കാരണമാകുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ചെറിയോരളവില്‍ ശരീരത്തിലെത്തിയാല്‍ തന്നെ ലെഡ്‌ നാഡീവ്യൂഹത്തിനും രക്തചംക്രമണത്തിനും കിഡ്‌നിക്കും സാരമായ കേടുപാടുകള്‍ സൃഷ്ടിക്കും. കുട്ടികളുടെ ബുദ്ധിവികാസത്തേയും ഇത്‌ പ്രതികൂലമായി ബാധിക്കുന്നു. 1997 മുതല്‍ 2007 വരെയുള്ള കാലയളവില്‍ അമേരിക്കയില്‍ മാത്രം 50 കോടി കമ്പ്യൂട്ടറുകള്‍ ഇ-മാലിന്യമാകുമെന്ന്‌ സിലിക്കോണ്‍വാലി ടോക്സിക്കിന്റെ പഠനത്തില്‍ പറയുന്നു. 75 കോടി കി.ഗ്രാമിലേറെ ലെഡ്‌ ഇത്രയും മാലിന്യത്തില്‍ നിന്നും മാത്രം ഭൂമുഖത്തെത്തും. ഇലക്‍ട്രോണിക്‍ മാലിന്യം പ്രാധാനമായും ഉപയോഗശൂന്യമായ ഇലക്‍ട്രിക്ക് ‌/ ഇലക്‍ട്രോണിക്‌ ഉപകരണങ്ങളുടെ ബാഹുല്യവുമായി ബന്ധപ്പെട്ടതാണ്‌. അതോടോപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടതാണ്‌ ഇലക്‍ട്രോണിക്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന പരിസരമലിനീകരണം. ചിപ്പ്‌ നിര്‍മ്മാണത്തില്‍ ലോകവിപണിയുടെ സിംഹഭാഗവും കയ്യടക്കിവച്ചിരിക്കുന്ന ഇന്റല്‍ കോര്‍പ്പറേഷന്‍ അമേരിക്കയിലെ ന്യൂമെക്സിക്കോ സംസ്ഥാനത്ത്‌ സ്ഥാപിച്ച ചിപ്പ്‌ നിര്‍മ്മാണകേന്ദ്രം വന്‍പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇലക്‍ട്രോണിക്‌ ഉപകരണങ്ങളുടെ നിര്‍മ്മാണവേളയില്‍ തന്നെ മലിനീകരണം വളരെക്കൂടുതലാണ്‌. ആറിഞ്ച്‌ വലിപ്പമുള്ള ചിപ്പ്‌ (6 inch wafer of semi conducter chip) നിര്‍മ്മാണവേളയില്‍ പലഘട്ടങ്ങളായി 3200 ഘനഅടി വാതകം പുറന്തള്ളുന്നു. ഇതില്‍ 22 ഘന അടി വിഷവാതകങ്ങളാണ്‌. കൂടാതെ 2275 ഗ്യാലന്‍ ഡീഅയണൈസ്‌ഡ്‌ ജലം, 10 കി.ഗ്രാം രാസപദാര്‍ത്ഥങ്ങള്‍ 285 യൂണിറ്റ്‌ വൈദ്യുതിയും ഉപയോഗിക്കുന്നു .

  • ഇ-മാലിന്യം എങ്ങനെ ഉണ്ടാകുന്നു
മറ്റുള്ള ഏത്‌ സാങ്കേതികവിദ്യയുമായി താരതമ്യപ്പെടുത്തിയാലും ഇലക്‍ട്രോണിക്‌ ഉപകരണങ്ങള്‍ക്ക്‌ തന്നെയാണ്‌ ഏറ്റവും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗിന്റെ ഗണത്തിലുള്ള മോട്ടോര്‍കാറിന്റ ജീവിതകാലം 15 വര്‍ഷത്തിലേറെയാണ്‌ എന്നാല്‍ ആധുനിക കംപ്യൂട്ടറിന്റ പ്രവര്‍ത്തനകാലം ഏകദേശം 6 വര്‍ഷമായിട്ടാണ്‌ കണക്കാക്കുന്നത്‌. കാറിന്‌ സെക്കന്റ്‌ഹാന്‍ഡ്‌ വിപണിയും സജീവമാണ്‌എന്നാല്‍ കമ്പ്യൂപ്യൂട്ടര്‍ ‍/ഇലക്‍ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ മാറ്റണമെന്ന്‌ തോന്നിയാല്‍ മിക്കവരും ഉപേക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. അതായത്‌ അകാലചരമം വിധിക്കപ്പെടുന്നു. പുതിയ കമ്പ്യൂട്ടറോ, മൊബൈല്‍ ഫോണോ മാര്‍ക്കറ്റിലിത്തിയാല്‍ ആദ്യഉപഭോക്താക്കള്‍ ഇപ്പോള്‍ തന്നെ പഴയമോഡല്‍ ഉപയോഗിക്കുന്നവരായിരിക്കും. ഇത്തരത്തില്‍ സാങ്കേതികവിദ്യയുടെ പ്രഭാപൂരത്തില്‍ നാം സ്വാംശീകരിക്കുന്ന നവജീവിതശൈലിയില്‍ തന്നെയാണ്‌ ഭാവിദുരന്തത്തിന്റെ വിത്തുകള്‍ ഒളിഞ്ഞിരിക്കുന്നത്‌. സാങ്കേതികവിദ്യയുടെ ലക്കുംലഗാനുമില്ലാത്ത വളര്‍ച്ച ഇ-മാലിന്യ കൂമ്പാരത്തിന്‌ രാസത്വരകമായി വര്‍ത്തിക്കുന്നുവെന്ന്‌ പറയാം. ഇന്നലത്തെ ആഡംബരം ഇന്നത്തെ ആവശ്യവും നാളത്തെ അത്യാവശ്യവുമാകും എന്നതാണല്ലോ ഇതുവരെയുളള അനുഭവം. ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധവസ്തുക്കളെയും ഇ-മാലിന്യമെന്ന്‌ പറയാം. ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.

 

1. സാങ്കേതികമായ പ്രചാരലുപ്തത (Technical Obsolescence): പഴക്കം ഒരു കാരണമാകാറുണ്ട്‌. ക്രമരഹിതമായ പ്രവര്‍ത്തനമോ കേടുപാട്‌ തീര്‍ക്കാന്‍പറ്റാത്തതോ ആയ ഉപകരണങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകും. കേവലം ഒരു ഭാഗത്തിനു മാത്രം സംഭവിക്കുന്ന പ്രശ്നം ഉപകരണത്തെ പൂര്‍ണ്ണമായിത്തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.

2 രൂപകല്പനയിലെ അപാകം: തുറന്ന്‌ അറ്റകുറ്റപ്പണി നടത്താന്‍ പറ്റാത്ത രൂപകല്പന ഉപകരണത്തെ പ്രതികൂലമായി ബാധിക്കും. ചിലപ്പോള്‍ കേവലം 50 പൈസമാത്രം വിലവരുന്ന ഒരു റസിസ്റ്ററിന്റെ മരണമാകാം ഉപകരണത്തിന്റെ മൊത്തത്തിലുള്ള ചരമക്കുറിപ്പെഴുതിയത്‌. വിപണിയിലെ വാണിജ്യപരമായ കിടമത്സരങ്ങളാണ്‌ നിര്‍മ്മാതാക്കളെ ഇത്തരത്തിലുള്ള രൂപകല്പനയ്ക്ക്‌ പ്രേരിപ്പിക്കുന്നത്‌.

3. താരതമ്യേന വിലകുറഞ്ഞ ഉപകരണങ്ങളുടെ ബാഹുല്യം: 1992ല്‍ 20000രൂപയ്ക്ക്‌ വാങ്ങിയിരുന്ന ടെലിവിഷന്‍ ഇന്ന്‌ 10000 താഴെ രൂപയ്ക്ക്‌ ലഭ്യമാണെന്നിരിക്കെ പിക്ച്ചര്‍ട്യൂബ്‌ മാറ്റം തുടങ്ങിയ പണച്ചിലവുളള റിപ്പയറിങ്ങിന്‌ ആരും ശ്രമിക്കില്ല.

4. നവസാങ്കേതികവിദ്യ: പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി , കളര്‍ ടി .വിയ്ക്ക്‌ വഴിമാറിക്കൊടുത്തതും അതേ കളര്‍ ടി.വി ഇന്ന്‌എല്‍ ‍.സി. ഡി /പ്ലാസ്‌മാ ടി.വി തുടങ്ങിയ പുതിയ തലമുറയ്ക്ക്‌ വഴിതുറന്ന്‌ കൊടുക്കുന്നതും ഉത്തമ ദൃഷ്ടാന്തം.

5 ഊര്‍ജലാഭം: ലോകമൊട്ടാകെ വൈദ്യുതിയുടെ വില ഏറിവരുകയാണ്‌ അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ്‌ ഉപഭാക്താക്കള്‍ക്ക്‌ പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്ജുകള്‍ ഇന്ന്‌ ഇ വേസ്റ്റ്‌ കൂനയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാകും.

6. കാഴ്‌ചയിലെ മാറ്റം: ഉപഭോക്തൃഭ്രമത്തില്‍പ്പെട്ട്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലം, കൂടുതല്‍ നയനാന്ദകരമായ രൂപകല്പന , ഭാരക്കുറവ്‌, പരസ്യംവഴിയുളള സ്വാധീനം തുടങ്ങിയ കാരണങ്ങളാല്‍ പുതിയ ഉപകരണത്തിലേക്ക്‌ മാറാം. 1995ല്‍ നമ്മുടെ നാട്ടില്‍ അവതരിച്ച ഏറെ വലുപ്പവും ഒപ്പം ഭാരവുമുള്ള മോബൈല്‍ ഫോണ്‍ ഇത്തരത്തിലെ മാറ്റത്തിനകപ്പെട്ട്‌ ഇ-മാലിന്യക്കൂനയിലേക്ക്‌ എത്തിയവയില്‍ പെടുന്നു.

7. വിപണിപരമായ മത്സരം: ഉപകരണനിര്‍മ്മാതാക്കള്‍ തമ്മിലുള്ള രൂക്ഷമായ മത്സരം ഉപഭോക്താവിനെ ഒരു എക്സേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.

ഇതിനൊക്കെ പുറമേ വൈകാരികമായ കാരണങ്ങള്‍ ‍, ജീവിതശൈലിയിലെ മാറ്റം, വൈദ്യുതവോള്‍ട്ടേജിലെ ക്രമരാഹിത്യം എന്നിവയും ഉപകരണത്തിന്റെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു .ഉപകരണത്തിന്റെ ഉപയോഗത്തിനാവശ്യമായ വസ്തുക്കളും ഇ-മാലിന്യക്കൂട്ടത്തിലെ മുഖ്യപങ്കുകാരാണ്‌. കമ്പ്യൂട്ടറിന്‌ ഫ്ലോപ്പി ഡിസ്ക്‌ / സിഡി റോം ,പ്രിന്ററിന്‌ ടോണര്‍ ‍/കാറ്റ്‌റിഡ്ജ്‌, മൊബൈല്‍ ഫോണ്‍ ‍, യു.പി.എസ്‌ എന്നിവയ്ക്ക്‌ ബാറ്ററി എന്നിവ ചിലതു മാത്രം. ഒരു കമ്പ്യൂട്ടറിന്റെ ആയുസ്സ് ആറു വര്‍ഷമായി കണക്കാക്കാമെങ്കില്‍ ഫ്ലോപ്പി ഡിസ്ക്കിന്റേത്‌ കേവലം 30ദിവസത്തില്‍ താഴെയാകാം. ഇപ്രകാരം കുന്നുകൂടുന്ന ഇ-മാലിന്യത്തിന്റെ അളവിനേക്കാളും ആശങ്കയുണര്‍ത്തുന്നത്‌ ഇവയിലടങ്ങിയിരിക്കുന്ന അപകടകരമായ രാസപദാര്‍ത്ഥങ്ങളാണ്‌. ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും വൈദ്യുതി വിതരണത്തിലെ അപാകത ഉപകരണങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. സ്ഥിരമായി നിശ്ചിത വോള്‍ട്ടേജ്‌ വൈദ്യുതി സുഗമമായി ലഭിക്കുകയാണെങ്കില്‍ ഗുണനിലവാരമുള്ള വൈദ്യുതിയാണെന്ന്‌ പറയാം. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വളരെ ഉയര്‍ന്ന വോള്‍ട്ടേജ് ‌/ അല്ലെങ്കില്‍ വളരെ താഴ്ന്ന വോള്‍ട്ടേജ്‌ ഉപകരണത്തിന്റെ പ്രവര്‍ത്തനകാലം ഗണ്യമായി കുറക്കും. ശരാശരി 8000 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട സി.എഫ്‌.എല്‍ ‍5000 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാതെ കണ്ണടക്കുന്നതിന്‌ പിന്നിലെ ഒരുകാരണം ഇതു തന്നെയാണ്‌. ഇലക്‍ട്രോണിക്‌ ഉപകരണങ്ങളില്‍ നൂറുകണക്കിന്‌ രാസപദാര്‍ത്ഥങ്ങളടങ്ങിയിട്ടുണ്ട്‌. വിലപിടിപ്പുള്ളതും വിഷമയങ്ങളായ മൂലകങ്ങളും ഇതില്‍പ്പെടും. സ്വര്‍ണം, പ്ലാറ്റിനം, വെള്ളി, ചെമ്പ്‌ എന്നീ ലോഹങ്ങള്‍ വ്യത്യസ്ഥ അളവുകളില്‍ ഇലക്‍ട്രോണിക്‌ ഉപകരണങ്ങളില്‍ കാണപ്പെടുന്നു. ഒരു ഗ്രാമില്‍ താഴെയളവില്‍ സ്വര്‍ണം ഒരു കമ്പ്യൂട്ടര്‍ മദര്‍ബോഡില്‍ നിന്നും വേര്‍തിരിച്ചെടുക്കാനാകും. ഒരു ഗ്രാം സ്വര്‍ണമെന്ന പ്രലോഭനമാണ്‌ നഗരങ്ങളിലെ ചേരിപ്രദേശങ്ങളില്‍ ഇലക്‍ട്രാണിക്‌ സര്‍ക്യൂട്ട്‌ ബോര്‍ഡുകള്‍ കൂട്ടിയിട്ട്‌ കത്തിക്കാനും, ആസിഡ്‌ലായനിയില്‍ മുക്കി മൂലകങ്ങളെ വേര്‍തിരിക്കാനും പാവപ്പെട്ട പണിക്കാര്‍ ശ്രമിക്കുന്നത്‌. അവിദഗ്ദ്ധരും നിരക്ഷരരുമായ തൊഴിലാളികളാണ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇ-മാലിന്യസംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. ഇലക്‌ട്രോണിക്‍ മാലിന്യസംസ്ക്കരണം അവര്‍ക്ക്‌, പല ഭാഗങ്ങളാക്കി പൊളിച്ചുമാറ്റി കത്തിക്കുക എന്ന ലളിതപ്രക്രിയയാണ്‌. ലോഹഭാഗങ്ങള്‍ വേര്‍തിരിച്ച ശേഷം ബാക്കി വരുന്ന ഭാഗങ്ങള്‍ കുഴിച്ചുമൂടും. കത്തിക്കുന്നതിനിടയില്‍ അവരുടെ ശരീരത്തിലേക്കും അന്തരീക്ഷത്തിലേക്കും പുകയായെത്തുന്നത്‌ മാരകമായ രാസപദാര്‍ത്ഥങ്ങളാണെന്ന്‌ പാവങ്ങള്‍ തിരിച്ചറിയുന്നില്ല. അഥവാ തിരിച്ചറിഞ്ഞാല്‍ തന്നെ വൈകുന്നേരം കിട്ടുന്ന 75 രൂപയേക്കാള്‍ വലുതെന്തുണ്ട്‌ അവരുടെ ജീവിതത്തില്‍ ‍. ലോകജനസംഖ്യയുടെ ഇരുപത്‌ ശതമാനം വരുന്ന സമ്പന്നരാണ്‌ മൊത്തം ജി.എന്‍ ‍.പിയുടെ എണ്‍പത്തിയാറ്‌ ശതമാനവും ഉപയോഗിക്കുന്നത്‌. ഊര്‍ജ്ജ ഉറവിടത്തിന്റെ സിംഹഭാഗവും ഉപയോഗിച്ച്‌ തീര്‍ക്കുന്നതും ഈ ന്യൂനപക്ഷമാണ്‌. ആകെ ടെലഫോണ്‍ലഭ്യതയുടെ എഴുപത്തിനാല്‌ ശതമാനവും ഇവര്‍ക്കാണ്‌ പ്രാപ്യമായിട്ടുള്ളത്‌. മറ്റൊരു തലത്തിലേക്ക്‌ മേല്‍വിവരിച്ച സ്ഥിതിവിവരകണക്കുകളെ മാറ്റിയാല്‍ ‍; ലോകത്തിലെ ഇലക്‍ട്രോണിക്‌ മാലിന്യത്തിന്റെ 80ശതമാനവും അമേരിക്ക, കാനഡ, ജപ്പാന്‍ ‍, സിംഗപ്പൂര്‍ ‍, യു.കെ തുടങ്ങിയ വന്‍ശക്തികളാണ്‌ ഉണ്ടാക്കുന്നത്‌. ഇവിടെയൊക്കെ ഇ -മാലിന്യസംസ്‌ക്കരണത്തിന്‌ ശക്തമായ നിയമങ്ങളും നിലവിലുണ്ട്‌. 1997 നും 2004 നും ഇടയില്‍ അമേരിക്കയില്‍ മാത്രം 315 ദശലക്ഷം കമ്പ്യൂട്ടറുകള്‍ ഉപയോഗശൂന്യമായെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നും ഭൂമുഖത്തേക്കെത്തുന്ന ലെഡിന്റെ അളവു മാത്രം 600 ദശലക്ഷം കി.ഗ്രാം വരും. വികസിത രാജ്യങ്ങളില്‍ നിലവിലുള്ള നിയമപ്രകാരം ഇലക്‌ട്രോണിക്‍ ‌മാലിന്യങ്ങളെ ശാസ്ത്രീയമായ റീ സൈക്ലിംഗിന്‌ വിധേയമാക്കേണ്ടതുണ്ട്‌. എന്നാല്‍ റീ സൈക്ലിംഗ്‌ എന്ന പേരില്‍ സമ്പന്ന രാജ്യങ്ങളില്‍ അരങ്ങേറുന്നത്‌, ഏഷ്യന്‍ രാജ്യങ്ങളിലേക്ക്‌ മൊത്തമായി ഇ -മാലിന്യങ്ങളെ കയറ്റുമതി ചെയ്യുന്നതാണ്‌. അമേരിക്ക സൃഷ്ടിക്കുന്ന ഇലക്‍ട്രോണിക്‌ മാലിന്യം കണ്ടെയ്‌നറുകളിലാക്കി ഇന്ത്യ, ചൈന, പാകിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റി അയയ്ക്കുകയാണ്‌. ഈ രാജ്യങ്ങളിലെ വര്‍ദ്ധിച്ച അളവിലുള്ള തൊഴിലില്ലായ്മയും കുറഞ്ഞ കൂലിയും ഒപ്പം ദുര്‍ബ്ബലമായ പരിസ്ഥിതി നിയമങ്ങളും ഇത്തരം മാലിന്യ ഇറക്കുമതിക്ക്‌ ആക്കം കൂട്ടുന്നുവെന്ന്‌ സിലിക്കോണ്‍ വാലി ടോക്‍സിക്സ്‌ കോയലിഷന്റെ പഠനത്തില്‍ വ്യക്തമായ കണക്കുകളോടെ പറയുന്നുണ്ട്‌. അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (EPA) യുടെ അനുമാനത്തില്‍ പാഴായ കംപ്യൂട്ടറുകളില്‍ 11 ശതമാനം മാത്രമാണ്‌ റിസൈക്കിളിംഗിന്‌ വിധേയമാക്കുന്നത്‌. 2005 വരെ അമേരിക്കയില്‍ 130 ദശലക്ഷം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായി . ഇതുണ്ടാക്കിയ മാലിന്യം മാത്രം 65,000 ടണ്‍ വരും. അമേരിക്കയില്‍ റീ സൈക്ലിംഗ്‌ നടത്തുന്ന മാലിന്യങ്ങളില്‍ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നത്‌ തടവുകാരെ കൊണ്ടാണെന്ന വസ്‌തുതയും ഇതിനിടയില്‍ പുറത്തുവന്നു കഴിഞ്ഞു. തടവുകാര്‍ക്ക്‌ അമേരിക്കന്‍ ഫെഡറല്‍ ആരോഗ്യസുരക്ഷാനിയമങ്ങള്‍ ബാധകമല്ല എന്ന `അറിവാണ്‌' വന്‍സ്ഥാപനങ്ങള്‍ ആയുധമാക്കിയത്‌. ഫ്ലോറിഡയിലും ന്യൂജഴ്‌സിയിലുമാണ്‌ തടവുകാരെ വ്യാപകമായി ഈ രംഗത്ത്‌ ഉപയോഗിക്കുന്നത്‌. ഇവരാകട്ടെ കറുത്തവര്‍ഗക്കാരുമാണ്‌.

  • എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം

സമൂഹത്തിന്റെ സര്‍വ മണ്ഡലങ്ങളിലും വ്യാപിച്ച്‌ കഴിഞ്ഞ ഇലക്‍ട്രോണിക്‌ ഉപകരണങ്ങളെ പൂര്‍ണമായി ഒഴിവാക്കുക എന്നത്‌ ഒരു തുഗ്ലക്ക്‌പരിഷ്‌ക്കാരമായി ഭവിക്കും. ഉപയോഗിക്കാതിരിക്കുക എന്നതില്‍ നിന്നുപരിയായി എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതാണ്‌ മുഖ്യം. തീര്‍ച്ചയായും മുന്‍സാങ്കേതിക വിദ്യയെ അപേക്ഷിച്ച്‌ വിവരസാങ്കേതികവിദ്യ മനുഷ്യന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെ അത്യന്തം ലഘൂകരിക്കുകയും പ്രവര്‍ത്തനവേഗത അവിശ്വസനീയമാംവിധം മാറ്റുകയും ചെയ്തിട്ടുണ്ട്‌. ഇന്റര്‍നെറ്റിന്റെ വരവോടെ സ്ഥലകാലസീമകള്‍ അലിഞ്ഞില്ലാതെയായി. ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തം മാനവരാശിയെഎങ്ങനെ സ്വാധീനിച്ചുവോ അതിലും എത്രയോ ഇരട്ടി സ്വാധീനം കമ്പ്യൂട്ടര്‍വ്യൂഹങ്ങളും ഇന്റര്‍നെറ്റും സൃഷ്‌ടിച്ചു കഴിഞ്ഞു. ഉപയോഗിച്ച ഇലക്‍ട്രോണിക്‌ വസ്തുക്കള്‍ ശാസ്‌ത്രീയമായി സംസ്ക്കരിക്കുന്നത്‌ ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മാലിന്യസംസ്കരണം ഒരു വ്യവസായസാദ്ധ്യത കൂടിയാണ്‌. സ്വിറ്റ്‌സര്‍ലണ്ട് ‌, യു.എസ്‌.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ``അപകടകരമായ വസ്തു''ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ സംസ്ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍ മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട്‌ വെയ്ക്കുന്നു. ഇലക്‍ട്രോണിക്‌ ഉപകരണം നല്കിയ സ്ഥാപനം തന്നെ ഉപയോഗകാലദൈര്‍ഘ്യത്തിനുശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ്‌ ഉപഭോക്താവിന്‌ നല്കണം. ആദ്യം ഒരു തുക ഉല്പന്ന വിലയോടൊപ്പം ഉപഭോക്താവില്‍ നിന്ന്‌ ഈടാക്കുക . തിരികെഏല്പിക്കുമ്പോള്‍ ഈ തുക മടക്കി നല്കിയാല്‍ മതിയാകും. വലിച്ചെറിയാന്‍ സാദ്ധ്യതയുള്ള ഉപകരണങ്ങള്‍ പണത്തെ ഓര്‍ത്തെങ്കിലും തിരികെ എത്തിക്കും .ഇങ്ങനെ ശേഖരിക്കുന്ന മാലിന്യമായ ഉപകരണങ്ങളെ ശാസ്‌ത്രീയമായി സംസ്കരിക്കാനും സാധിക്കും. രൂപകല്പനയില്‍ സമൂലമായ മാറ്റം വരുത്തുക.

മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള നിര്‍മ്മാണപ്രക്രിയയും ഉല്പന്നവും വികസിപ്പിച്ചെടുക്കാന്‍ ഗവേഷണവികസനമേഖലയും നിര്‍മ്മാതാക്കളും തയ്യാറാകണം. ഘട്ടംഘട്ടമായെങ്കിലും ലെഡ്‌, കാഡ്‌മിയം, മെര്‍ക്കുറി എന്നിവ ഒഴിവാക്കി കൊണ്ടുള്ള നിര്‍മ്മാണത്തിലേക്ക്‌ ശ്രദ്ധ പതിപ്പിക്കുക. സോണി കോര്‍പ്പറേഷന്‍ ലെഡ്‌ രഹിമായ സോള്‍ഡറിംഗ്‌ പ്രക്രിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഐ.ബി.എം. 100% റീ സൈക്കിള്‍ ചെയ്യാവുന്ന റെസിന്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഫിലിപ്സിന്റെ ബാറ്ററി ഉപയോഗിക്കേണ്ടാത്ത റേഡിയോ ഇവയൊക്കെ ഉത്തമമാതൃകകളാണ്‌. ശാസ്ത്രീയമായി ഇ -മാലിന്യം സംസ്ക്കരിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക. ബാംഗ്ലൂരില്‍ ഇ -പരിസര എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്‌. വര്‍ഷാന്ത്യമുള്ള എനര്‍ജി ഓഡിറ്റിംഗില്‍ ഇ-മാലിന്യസംസ്ക്കരണവും ഉള്‍പ്പെടുത്തുക. അശാസ്ത്രീയമായ ഇ -മാലിന്യസംസ്ക്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെ നിരോധിക്കുകയും വേണം. അപകടകരമായ ഇത്തരം മാലിന്യങ്ങളുടെ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തുക. ഉപകരണങ്ങളുടെ പുറത്ത്‌ ഒരു ലേബലിംഗ്‌ സമ്പ്രദായം നടപ്പാക്കുക. എത്രമാത്രം അപകടകരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു , ഉപയോഗത്തിന്‌ ശേഷം ആരെ ഏല്പിക്കണം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ലേബല്‍ ഉപകരണത്തിന്റെ മുന്‍ഭാഗത്ത്‌ കാണാനാവുന്ന വിധത്തില്‍ തന്നെ പതിയ്ക്കാം. പുതിയ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഏറെക്കാലം പ്രവര്‍ത്തിക്കുന്നവ തിരഞ്ഞെടുക്കുക. ഒരേതരം ഉപകരണം വിവിധ നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്നുണ്ട്‌. ഇവയുടെ പ്രവര്‍ത്തനകാലം (Lifetime)താരതമ്യപ്പെടുത്തുക. ഭാവിയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള കൂട്ടിചേര്‍ക്കലുകള്‍ക്ക്‌ ഉപകരണം സപ്പോര്‍ട്ട്‌ ചെയ്യുമോ എന്ന്‌ചോദിച്ചറിയുക. ഉദാ: കമ്പ്യൂട്ടറില്‍ ഭാവിയില്‍ കൂടുതല്‍ മെമ്മറി (RAM)കൂട്ടിയിണക്കാന്‍ കഴിയുക .കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമുള്ള ഉപകരണങ്ങള്‍ മിക്കതും കുറഞ്ഞ അന്തരീക്ഷമലിനീകരണമേ സൃഷ്ടിക്കുകയുള്ളു. ഇ -മാലിന്യത്തില്‍ പിക്ചര്‍ട്യൂബുകളാണല്ലോ വില്ലന്‍ ‍. ഇതിന്‌ പകരക്കാരനായുള്ള എല്‍ ‍.സി. ഡി. മോണിറ്ററുകള്‍ വളരെ കുറഞ്ഞ വൈദ്യുതിയെ ഉപയോഗിക്കുന്നുള്ളു. വില അല്പം കൂടുതലാണെങ്കിലും, ഒരു വര്‍ഷത്തെ വൈദ്യുതചാര്‍ജ്‌ കൂടിചേര്‍ത്ത്‌ നോക്കുമ്പോള്‍ ആദായകരമാണെന്ന്‌ ബോദ്ധ്യമാകും. മാലിന്യത്തോതും റേഡിയേഷനും സി.ആര്‍ ‍.ടി മോണിറ്ററുകളെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌.

സോഫ്ട്‌വെയര്‍ വ്യവസായത്തിലെ പ്രവണതകള്‍ ഇ -മാലിന്യത്തിന്‌കാരണമാകുന്നുണ്ട്‌. നമ്മുടെ ആവശ്യത്തിലും അധികമായുള്ള യൂട്ടിലിറ്റി ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്ട്‌വെയര്‍ വാങ്ങാന്‍ പ്രലോഭിപ്പിക്കുകയാണ്‌. പുതിയ സോഫ്ട്‌വെയറുകള്‍ക്ക്‌ തക്ക ഹാര്‍ഡ്‌വെയറും സംഘടിപ്പിക്കണമല്ലോ. ഇപ്പോഴത്തെ ഹാര്‍ഡ്‌വെയര്‍ ഇ-മാലിന്യമാകുമെന്ന്‌ പറയേണ്ടതില്ല. വേര്‍ഡ്‌ പ്രോസസിംഗ്‌ മാത്രം ഉപയോഗമുള്ള സ്ഥലങ്ങളിലും ഏറ്റവും കൂടിയ ശേഷിയുള്ള കമ്പ്യൂട്ടറുകളാണ്‌ വാങ്ങികൂട്ടുന്നത്‌. ഇനി ഇങ്ങനെ മാറ്റാന്‍ നിര്‍ബന്ധിതമാകുന്ന കമ്പ്യൂട്ടര്‍ നിങ്ങള്‍ ഒരു സ്ക്കൂളിന്‌ സംഭാവനയായി നല്കുന്നു എന്ന്‌ കരുതുക. നിലവിലുള്ള നിയമപ്രകാരം പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഓഫീസ്‌ പാക്കേജും വിപണിയില്‍ നിന്ന്‌ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഏഴായിരത്തിലധികം രൂപ മുതല്‍മുടക്കണം. . അല്ലെങ്കില്‍ `മൈക്രോസോഫ്‌ട്‌ പൊലീസ്‌' സോഫ്ട്‌വെയര്‍ പകര്‍പ്പവകാശ ലംഘനത്തിന്‌ സ്ക്കൂളധികൃതരെ പിടികൂടിയേക്കാം. ഇവിടെയാണ്‌ സ്വതന്ത്രസോഫ്ട്‌വെയറുകളുടെ പ്രസക്തി. സ്വതന്ത്ര സോഫ്ട്‌വെയറുകള്‍ ഹാര്‍ഡ്‌വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്തുകയും എന്നാല്‍ സാമ്പത്തികമായ ബാദ്ധ്യതകള്‍ ഉണ്ടാക്കുകയുമില്ല എന്ന നേട്ടവുമുണ്ട്‌.

മാറിയ സമ്പദ്‌വ്യവസ്ഥയില്‍ കനത്ത വേതനം പറ്റുന്ന എന്‍ജീനിയര്‍മാരും ശാസ്ത്രജ്ഞരും ആഗോള കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളുടെ അവിഭാജ്യഘടകമാണ്‌. ഈ കൂട്ടായ്മ തന്നെയാണ്‌ പുതിയ ഉല്പന്നങ്ങള്‍ സൃഷ്‌ടിക്കുന്നതും. ഇതിന്റെ വാണിജ്യ സാദ്ധ്യതകള്‍ മുന്‍കൂട്ടി കാണുന്ന സംരംഭകര്‍ വന്‍ലാഭം കൊയ്യുകയും ചെയ്യും. എന്നാല്‍ ഇവരുടെ പ്രാവീണ്യത്തിന്റെയും ബുദ്ധിവൈഭവത്തിന്റെയും ചെറിയ ഒരംശമെങ്കിലും ഇവര്‍ തന്നെ സമ്മാനിച്ച ഇ-മാലിന്യത്തിന്റെ സംസ്ക്കരണത്തിന്‌ വിനിയോഗിക്കുന്നില്ല എന്നത്‌ ദുഃഖകരമായ വസ്തുതയാണ്‌.

2002-ല്‍ മാത്രം 12.75 ദശലക്ഷം യൂണിറ്റ്‌ കമ്പ്യൂട്ടറുകള്‍ അമേരിക്കയില്‍നിന്ന്‌ റീസൈക്ലിഗ്‌ ഏജന്‍സിക്ക്‌ നല്കി. ഇതില്‍ ഏകദേശം 80% ത്തോളം ഏഷ്യന്‍രാജ്യങ്ങളിലേക്ക്‌ കയറ്റി അയച്ചു. അതായത്‌ 10.2 ദശലക്ഷം യൂണിറ്റ്‌. ഒരേക്കര്‍ പാദവിസ്‌തീര്‍ണ്ണമുള്ള ചതുരം 674 അടി പൊങ്ങിയാല്‍ എത്രവരും അത്രത്തോളം ഇ-മാലിന്യം എന്ന്‌ പ്രതികാത്മകമായി പറയാം. ഇത്‌ കേവലം ഒരു രാജ്യത്തുനിന്ന്‌ ഒരു വര്‍ഷം കൊണ്ട്‌ പുറം തള്ളിയ ഇ-മാലിന്യകണക്കാണ്‌. അമേരിക്കയിലെ സ്റ്റാച്ച്യൂ ഓഫ്‌ ലിബര്‍ട്ടിയ്‌ക്ക്‌വെറും 306 അടി പൊക്കം മാത്രമാണ്‌ ഉള്ളതെന്ന്‌ ഓര്‍ക്കുക.ഏഷ്യന്‍രാജ്യങ്ങളുടെ ദുര്‍ബ്ബലപ്രദേശങ്ങള്‍ക്ക്‌ അസ്വാതന്ത്ര്യം വിധിക്കുന്നതിന്റെ പൊക്കം 674 അടി.

പരിസ്ഥിതി സംരക്ഷണമെന്നാല്‍ വികസനത്തിന്റെ എതിര്‍പദമാണെന്ന്‌ എങ്ങനെയോ ധരിച്ചു വച്ചിരിക്കുന്നു. ഇതുമൂലം പരിസ്ഥിതിവാദികള്‍ വികസനത്തിന്റെ ശത്രുക്കളാണെന്ന ധാരണ സമൂഹത്തില്‍ ബലപ്പെട്ടു കഴിഞ്ഞു. ഏതൊരു വികസനപ്രക്രിയയും സ്വാഭാവികപ്രകൃതിക്ക്‌ പരിക്കേല്പിക്കുമെന്നതില്‍ സംശയമില്ല. അതോടൊപ്പം മാനവരാശിയുടെ പുരോഗതിക്ക്‌ വികസനം അത്യന്താപേക്ഷിതവുമാണ്‌. വികസനത്തെ തടസ്സപ്പെടുത്താത്ത പരിസ്ഥിതിസംരക്ഷണവും ഒപ്പം പരിസ്ഥിതിനാശത്തിനിടവരുത്താത്ത വികസനവുമാണ്‌ നമുക്കാവശ്യം. ഇന്നുവരെയുള്ള വികസനം പ്രകൃതി രഹസ്യങ്ങള്‍ മനസ്സിലാക്കിയതിന്റെയും വിഭവചൂഷണത്തിന്റെയും കൂടി വികസനമാണെന്ന്‌ പറയാം. ഇവിടെയാണ്‌ സുസ്ഥിരവികസനത്തിന്റെ പ്രസക്തിയും പ്രാധാന്യവും. ഭാവിതലമുറയില്‍ നിന്നും കടം വാങ്ങിയ ഭൂമിയാണിതെന്നും അത്‌ സുരക്ഷിതമായി തിരിച്ചേല്പിക്കാനുള്ള ധാര്‍മ്മികബാദ്ധ്യത നമുക്കുണ്ടെന്ന്‌ ഓരോ പൌരനും ചിന്തിക്കണം. സുസ്ഥിരവികസനം ഇന്ന്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. നിലനില്ക്കുന്ന വികസനമെന്നും സ്ഥായിയായ വികസനമെന്നും വിളിക്കപ്പെടുന്ന ഈആശയം , പ്രകൃതിയുടെ സഹിക്കാവുന്ന പരിധിക്കകത്തു നിന്നുകൊണ്ട്‌ മനുഷ്യജീവിതത്തിന്റെ വികസനം മെച്ചപ്പെടുത്താനുള്ള സമഗ്ര ആശയമാണ്‌. വികസനവും വികസനം പ്രകൃതിക്ക്‌ സൃഷ്ടിക്കുന്ന ആഘാതവും ഒന്നായി കാണുന്നു. കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ള, കുറഞ്ഞ മലിനീകരണമുണ്ടാക്കുന്ന ഒപ്പം ഏറെക്കാലം നിലനില്ക്കുന്ന ഉല്പന്നങ്ങളിലേക്ക്‌ മടങ്ങാം. മെച്ചപ്പെട്ട സാങ്കേതികവിദ്യകൊണ്ട്‌ ഉയര്‍ന്ന ഉല്പാദനവും ലാഭവും ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ ‍/സമൂഹങ്ങള്‍ അധികസമ്പത്ത്‌ സൃഷ്ടിച്ചിട്ടുണ്ട്‌. എന്നാല്‍ സാങ്കേതികവിദ്യ ഒരു സാമൂഹികോല്പന്നമാണെന്നും അതു വഴി ലഭിക്കുന്ന അധികസമ്പത്തിന്റെ ഒരു ഭാഗമെങ്കിലും വ്യവസായത്തിന്റെ ഉപോല്പന്നമായ മലിനീകരണത്തിന്റെ നിവാരണത്തിനും ഉപയോഗിക്കണമെന്നും നിഷ്കര്‍ഷിച്ചാല്‍ ഒരു പരിധിവരെ പരിഹാരം കാണാം. ഇന്ന്‌ നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക്‍ വസ്തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. ഇ -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന്‌ പറയാം. അതുകൊണ്ട്‌ പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്മാര്‍ട്ട്‌ സിറ്റി വഴിയും ടെക്നോപാര്‍ക്ക്‌ രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്‍ട്രോണിക്‌ മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു

അവസാനം പരിഷ്കരിച്ചത് : 7/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate