Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വരള്‍ച്ച

ജാഗ്രതാ നിര്‍ദേശങ്ങള്‍

വരള്‍ച്ച

ജീവന്‍റെ നിലനില്‍പ്പിനാധാരമായ പരമപ്രധാനമായ പ്രകൃതി വിഭവമാണ് ജലം. ഭൂമിയുടെ ജലസ്രോതസ്സ് കാലാകാലം ലഭിക്കുന്നത് മഴമൂലമാണ്. നാല്പ്പത്തിനാല് നദികളും, 29 തടാകങ്ങളും, വിശാലമായ വയലുകളും ശരാശരി മൂവായിരം മില്ലിമീറ്റര്‍ വര്‍ഷപാതവും കൊണ്ട് സമ്പന്നമായ ഹരിതാഭമായ ദൈവത്തിന്‍റെ സ്വന്തം നാടായിരുന്നു കേരളം. എന്നാല്‍ ഇന്ന് പുഴകളും തടാകങ്ങളും ശോഷിച്ചിരിക്കുന്നു. വയലുകള്‍ അപ്രത്യക്ഷമാകുന്നു. മഴയുടെ ലഭ്യത ഭീതിജനകമായ തോതില്‍ കുറയുന്നു. ലഭ്യമായ ജലസ്രോതസ്സുകള്‍ മലിനീകരണം മൂലം ഉപയോഗശൂന്യമാകുന്നു. വര്‍ഷപാതത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് ഭൗമോപരിതലത്തിലെ ജലലഭ്യത കുറയ്ക്കുന്നു. ഈ പ്രതിഭാസമാണ് വരള്‍ച്ച. വിളനാശം, പകര്‍ച്ചവ്യാധി, ജീവനാശം, ഇവയൊക്കെ വരള്‍ച്ചയോടനുബന്ധിച്ച ദുരിതങ്ങളാണ്. ജനപങ്കാളിത്തത്തോടെയുള്ള പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാം.

വരള്‍ച്ച പ്രതിരോധമാര്‍ഗങ്ങള്‍

 • നീര്‍ത്തട വികസന പദ്ധതികള്‍ നടപ്പിലാക്കുക.
 • മഴവെള്ള സംഭരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക.
 • ഭൂജലപരിപോഷണ രീതികള്‍ സ്വീകരിക്കുക.
 • തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക.
 • ജലസ്രോതസ്സുകള്‍ മലിനമാക്കാതിരിക്കുക.
 • പുഴയോരങ്ങളിലെ മണ്ണെടുപ്പും മണ്ണിടിച്ചിലും തടയുക.
 • മണ്ണ്-ജലസംരക്ഷണം ഉറപ്പാക്കുന്ന കൃഷി രീതി അവലംബിക്കുക.
 • ജല വിനിയോഗത്തില്‍ മിതത്വം പാലിക്കുക.
 • വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക.

ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍

കുളിമുറി/ശൗചാലയം

 • വീടുകളിലുള്ള പൈപ്പുകള്‍, വാല്‍വുകള്‍, പൈപ്പുകളുടെ ജോയിന്റുകള്‍ എന്നിവിടങ്ങളില്‍ ചോര്‍ച്ച രഹിതമെന്ന് ഉറപ്പുവരുത്തുക.
 • കുളിമുറികളില്‍ ധാരയ്ക്ക് (ഷവര്‍) പകരം ബക്കറ്റും കപ്പും ഉപയോഗിച്ച് ജലമെടുക്കുക.
 • പല്ല്തേക്കുമ്പോഴും, താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പില്‍ വെള്ളമെടുത്ത് ഉപയോഗിക്കുക.
 • ഫ്ലഷ് ടാങ്കുകള്‍ ഉപയോഗിക്കുന്നുവെങ്കില്‍, നിയന്ത്രിതമായ അളവില്‍ ആവശ്യത്തിനു മാത്രം വെള്ളം ഫ്ലഷ് ചെയ്യുക.
 • കക്കൂസുകളില്‍ താരതമ്യേന ചെറിയ കപ്പുകളും ബക്കറ്റുകളും ഉപയോഗിക്കുക.
 • വലിയ ഫ്ലഷ് ടാങ്കുകളില്‍ ഉപയോഗിക്കുന്ന ജലത്തിന്‍റെ അളവ് നിയന്ത്രിക്കുവാന്‍ സജ്ജീകരണങ്ങള്‍ ഇല്ലെങ്കില്‍ ഒരു പ്ലാസ്റ്റിക്‌ കുപ്പി നിറയെ വെള്ളമെടുത്ത് അടച്ച്, അത് ഫ്ലഷ് ടാങ്കില്‍ നിക്ഷേപിക്കുക. ഇത് ഫ്ലഷ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുവാന്‍ സഹായിക്കും.
 • സോപ്പ്, ഷാമ്പൂ എന്നിവ ഉപയോഗിക്കുമ്പോള്‍ അനാവശ്യമായി വെള്ളം തുറന്ന് വിടാതിരിക്കുക.

അടുക്കളയിലും വസ്ത്രം അലക്കുമ്പോഴും

 • പാത്രങ്ങള്‍ കഴുകുവാനുള്ള ഡിഷ്‌ വാഷര്‍, വസ്ത്രങ്ങള്‍ അലക്കുവാനുള്ള വാഷിംഗ് മെഷീന്‍ എന്നിവ, അതില്‍ അനുവദനീയമായ പരമാവധി അളവില്‍ പാത്രങ്ങളും വസ്ത്രങ്ങളും നിറച്ച് മാത്രം പ്രവര്‍ത്തിപ്പിക്കുക.
 • അനുവദനീയമായ കുറഞ്ഞ അളവിലുള്ള വെള്ളം മാത്രം ഇവയില്‍ ഉപയോഗിക്കുക.
 • പാത്രങ്ങളും വസ്ത്രങ്ങളും കഴുകുമ്പോള്‍ പൈപ്പുകള്‍ തുറന്നിടാതിരിക്കുക.
 • വാഷിംഗ് മെഷീനുകള്‍ വെള്ളത്തിന്റെ ഉപഭോഗം കുറയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുക.
 • വസ്ത്രം അലക്കുവാന്‍ ഉപയോഗിക്കുന്ന സോപ്പുപൊടിയുടെ അളവില്‍ കുറവ് വരുത്തേണ്ടതുണ്ട്. ഇത് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നതിന് സഹായകരമാകും.
 • പഴങ്ങളും പച്ചക്കറികളും കഴുകുമ്പോള്‍ പൈപ്പ് തുറന്നിട്ട്‌ കഴുകുന്നതിന്‌ പകരം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് കഴുകാവുന്നതാണ്. ഉപയോഗിച്ച ഈ വെള്ളം ചെടികള്‍ നനയ്ക്കുവാന്‍ ഉപയോഗിക്കാവുന്നതാണ്.

വീടിനു പുറത്ത്

 • പൈപ്പുകള്‍ക്ക് (long house) സ്വയം അടയുന്ന സംവിധാനം (Nozzle) ഉപയോഗിക്കുക.
 • വീടും വാഹനങ്ങളും കഴുകുന്നത് പരമാവധി കുറച്ച്, പകരം തുണി നനച്ച് തുടയ്ക്കുക.
 • നടപ്പാതകളും റോഡുകളും, അടിച്ചുവാരുക, വെള്ളമൊഴിച്ച് കഴുകരുത്.
 • വേനല്‍ക്കാലത്ത് പൂന്തോട്ടത്തിലെ ചെടികള്‍ക്ക് വളപ്രയോഗമോ കളനാശിനി പ്രയോഗമോ നടത്തരുത്.
 • വേനല്‍ക്കാലത്ത് ശാഖകള്‍ (ഉണങ്ങിയവയൊഴിച്ച്) മുറിച്ച് മാറ്റരുത് (pruning).
 • വരള്‍ച്ചയെ ചെറുത്തുനില്‍ക്കുന്ന തദ്ദേശീയങ്ങളായ ചെടികള്‍ക്ക് പ്രാധാന്യം നല്‍കുക.
 • പൂന്തോട്ടം നനയ്ക്കുന്നത് പ്രഭാതത്തിലോ പ്രദോഷത്തിലോ മാത്രമാക്കുക. ഒരു കാരണവശാലും കടുത്ത വെയിലില്‍ ചെടികള്‍ നനയ്ക്കരുത്. നനയ്ക്കുന്ന വെള്ളത്തിന്റെ 90% ആവിയായി പോകുവാന്‍ ഇത് കാരണമാകും.

ജലസംരക്ഷണം നിത്യജീവിതത്തില്‍

 • വാട്ടര്‍ ബില്ല് തുക കുറയ്ക്കുന്നതിനാവശ്യമായ ഒരു നടപടി എങ്കിലും എല്ലാ ദിവസവും കൈക്കൊള്ളുക.
 • മോട്ടോര്‍ ഉപയോഗിച്ച് വീട്ടിലെ ടാങ്ക് നിറയ്ക്കുമ്പോള്‍ കവിഞ്ഞ് ഒഴുകുന്നത് ഒഴിവാക്കുക.
 • സ്വന്തം കുടുംബത്തെയും, സുഹൃത്തുക്കളെയും, അയല്‍ക്കാരെയും ജലസംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക.
 • വരള്‍ച്ചാകാല രോഗങ്ങളെക്കുറിച്ച് ശ്രദ്ധാലുക്കളാകുക.

മുറ്റത്തൊരു വറ്റാത്ത കിണര്‍

കിണര്‍ അമൂല്യമായ ശുദ്ധജലസ്രോതസ്സാണ്. ഭൂമിയില്‍ ഊര്‍ന്നിറങ്ങുന്ന മഴവെള്ളം മഴവെള്ളം ശുദ്ധീകരിച്ച് ഊറ്റിത്തരുന്ന ജലസംഭരണികളാണ് കിണറുകള്‍. ഗ്രാമീണ മേഖലയില്‍ കിണര്‍ ആണ് കുടിവെള്ളത്തിന് ആശ്രയം. ശുദ്ധജലം സമൃദ്ധമായി ഉറപ്പാക്കാന്‍ കിണറുകള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിരക്ഷയും ആവശ്യമാണ്‌.

കിണര്‍ വറ്റാതിരിക്കാന്‍

 • മഴക്കുഴികള്‍ തീര്‍ത്ത് പുരയിടത്തിലൂടെ ഒഴുകി വരുന്ന മഴവെള്ളം മണ്ണില്‍ താഴ്ത്താം. മഴവെള്ളം മണ്ണില്‍ താഴ്ത്തിയാല്‍ ഫലം അത്ഭുതാവഹമാണ്. മഴ നിന്നാലും, വേനല്‍ വന്നാലും ജലം ഊറി ഉറവയായി കിണറിലെത്തും.
 • മഴനീര്‍ക്കുഴികളും കാനകളും കാലവര്‍ഷത്തിനു മുമ്പും തുലാവര്‍ഷാരംഭത്തിലും പുതുക്കാം.
 • ഉപയോഗ ശൂന്യമായ കിണറുകളില്‍ വെള്ളം താഴ്ത്താം. അതിലൂടെ അടുത്തുള്ള കിണറുകളില്‍ വെള്ളം കൂട്ടാം.
 • പുരപ്പുറത്തെ വെള്ളം നേരിട്ട് ശേഖരിച്ച് ശുദ്ധീകരിച്ച് കിണറുകളില്‍ നിറയ്ക്കാം.
 • പുരയിടങ്ങളില്‍ ബഹുവിളകളും ഇടവിളകളും ആവരണവിളകളും കൃഷി ചെയ്യണം.
 • മണ്ണിന് വെള്ളം കൊടുത്താലേ മണ്ണ് നമുക്ക് വെള്ളം തരികയുള്ളൂ.

കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴയുടെ ലഭ്യതയില്‍ കഴിഞ്ഞ മണ്‍സൂണ്‍ കാലയളവുകളില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയും അതു നമ്മുടെ ഭൂഗര്‍ഭജലവിതാനം താഴ്ത്തുകയും കാര്‍ഷിക കാര്‍ഷികേതര, ഗാര്‍ഹിക മേഖലകളെ വളരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.

പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പദ്ധതികളോട് അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാകുകയും ഓരോ പ്രദേശത്തെയും ആളുകള്‍ മുന്‍കൈയെടുത്തത് കൊണ്ട് ജലസ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടുകയും പുനരുജ്ജീവിപ്പിക്കുകയും മലിനീകരണ മുക്തമാക്കുകയും വേണം. കൂടാതെ ലഭ്യമാകുന്ന വേനല്‍മഴയിലെ ജലം മഴവെള്ള സംഭരണികളില്‍ സംഭരിക്കുകയും വേഗത്തില്‍ ഒഴുകിപോകാതെ ഭൂമിയില്‍ ആഴ്ന്നിറങ്ങുവാന്‍ അനുവദിക്കുകയും ചെയ്യണം.

മഴവെള്ള സംഭരണികളുടെ ഉപയോഗം കേരളത്തില്‍ അനിവാര്യമാണ്

വീട്ടിലും മഴവെള്ള സംഭരണികള്‍ ഉണ്ടെങ്കില്‍ മാത്രമെ വരള്‍ച്ചയെ അതിജീവിക്കുവാന്‍ കഴിയൂ. സ്വന്തമായി സംഭരണി ഉണ്ടാക്കുവാന്‍ കഴിയാത്ത നാലോ അഞ്ചോ കുടുംബങ്ങള്‍ ചേര്‍ന്ന് മാതൃകാപരമായ രീതിയില്‍ ഒരു സംഭരണിയെ ആശ്രയിക്കുന്ന രീതിയും ഇന്ന് നിലവിലുണ്ട്.

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അനുസരിച്ച് പുതുതായി പണിയുന്ന വീടുകള്‍ക്ക് മാത്രമേ മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളൂ. നിലവിലുള്ള വീടുകളിലും കെട്ടിടങ്ങളിലും കൂടി മഴവെള്ള സംഭരണികള്‍ ഉണ്ടാക്കിയെങ്കില്‍ മാത്രമേ വരള്‍ച്ചയെ നേരിടുന്നതിന് ഒരു ചുവടെങ്കിലും നമുക്ക് മുന്നോട്ടുവെക്കുവാന്‍ കഴിയൂ. ഒരു വീട്ടില്‍ ഒരു മഴവെള്ള സംഭരണി എന്ന രീതിയില്‍ മുന്നോട്ടു പോയാല്‍ മാത്രമേ ശുദ്ധജല ലഭ്യതയുടെ കാര്യത്തില്‍ അല്പമെങ്കിലും സ്വയം പര്യാപ്തമാകാന്‍ നമുക്ക് സാധിക്കൂ.

കടപ്പാട് : കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍റ് & ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്

3.16
ഉദയശ്രീ Nov 27, 2018 03:43 PM

ഉപകാരപ്രദം

ഉദയശ്രീ Nov 27, 2018 03:12 PM

ഉപകാരപ്രദം

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top