Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / നയങ്ങളും പദ്ധതികളും / ഹരിതകാന്തി (സമഗ്രമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി)
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹരിതകാന്തി (സമഗ്രമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി)

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

കേരളം സംസ്ഥാനം രൂപീകരിച്ചതിന്‍റെ വജ്രജൂബിലി ആഘോഷിക്കുന്ന വേളയില്‍ കേരളത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നവകേരളമിഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഹരിതം, ആര്‍ദ്രം, ലൈഫ്, സമഗ്രവിദ്യാഭ്യാസപരിപാടി എന്നീ പേരുകളില്‍ നാലു വ്യത്യസ്ത മേഖലകളില്‍ 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികളാണിവ.

സമഗ്ര മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യം വെക്കുന്ന ഹരിതം പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഒരു സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കപ്പെട്ട ശുചിത്വസമിതി ഈ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചും നിരവധി യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്തും ആള്‍ കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍റെ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുമാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. പഞ്ചായത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍, പ്ലാസ്റ്റിക്, ഇ-വെയ്സ്റ്റ് പുനരുപയോഗമില്ലാത്ത മറ്റ് മാലിന്യങ്ങള്‍ എന്നിവ മാലിന്യത്തിന്‍റെ ശേഖരണ കേന്ദ്രങ്ങളില്‍ നിന്നും കൊണ്ട് പൊയ്കൊള്ളാമെന്ന് ആള്‍ കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍റെ ഭാരവാഹികള്‍ സമ്മതിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിലവിലുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം എന്തിന് ?

വര്‍ത്തമാനകാലത്ത് നമുക്ക് ഒഴിവാക്കാനാവാത്ത ഒരു വസ്തുവായി പ്ലാസ്റ്റിക് മാറി. എന്നാല്‍ ഈ നിശബ്ദ കൊലയാളി ഉണ്ടാക്കുന്ന ആരോഗ്യപരമായ പ്രശ്നങ്ങള്‍, പ്രകൃതിയുടെ സംതുലനാവസ്ഥ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍, എന്നിവ കേരളത്തില്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു ഇനിയെങ്കിലും ഈ സാമൂഹ്യ വിപത്തിനെ  പ്രതിരോധിക്കുക എന്നത് മണ്ണിനെയും, മനുഷ്യനെയും പ്രകൃതിയേയും സ്നേഹിക്കുന്ന മുഴുവന്‍ മനുഷ്യരുടേയും കടമയാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇന്നത്തെ സ്ഥിതി പരിശോധിക്കുമ്പോള്‍ പ്ലാസ്റ്റിക് മാത്രമല്ല  മാലിന്യങ്ങളും, കുപ്പിചില്ലുകളും, പുനരുപയോഗം സാധ്യമല്ലാത്ത തെര്‍മോകോള്‍ അടക്കമുള്ള മറ്റ് ഒട്ടേറെ അജൈവമാലിന്യങ്ങളും കേരളത്തിന്‍റെ പരിസ്ഥിതിയുടെ സംതുലനാവസ്ഥയെ തകിടം മറിച്ചുകൊണ്ടും മണ്ണും, ജലവും, അന്തരീക്ഷവും മലിനമാക്കികൊണ്ടും കേരളത്തിലെ തെരുവോരങ്ങള്‍ കയ്യടക്കിയിരിക്കുന്നു. ഈ സ്ഥിതിക്ക് മാറ്റം വന്നേ തീരു. മലിനമാക്കപ്പെട്ട ഭൂമിയെ നമുക്ക് തിരികെ കൊണ്ടുവരണം. മണ്ണും, ജലവും,വായുവും അതിന്‍റെ ആത്യന്തികമായ പരിശുദ്ധിയില്‍ നമുക്ക് വീണ്ടെടുക്കണം. അത്തരം ഒരു ചിന്തയാണ്  ഒരു സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് രൂപം കൊടുക്കുന്നതിന് പ്രേരിപ്പിച്ചത്.

എങ്ങനെ നടപ്പാക്കാം?

പഞ്ചായത്ത് ഭരണസമിതി മുന്നിട്ടിറങ്ങി കുടുംബശ്രീ പ്രസ്ഥാനം, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമുദായിക സംഘടനകള്‍, ലൈബ്രറികള്‍, ക്ലബ്ബുകള്‍, യുവജനസംഘടനകള്‍, തൊഴിലാളി സംഘടനകള്‍, വ്യാപാരികള്‍ തുടങ്ങി എല്ലാ സംഘടനാ സംവിധാനങ്ങളേയും പദ്ധതിയുടെ പ്രചാരകരാക്കി മാറ്റിയെടുക്കുന്ന തരത്തില്‍ ബോധവത്കരണ പ്രവര്‍ത്തനം സംഘടിപ്പിക്കണം. അസംഘടിത ജനവിഭാഗങ്ങളെ ബോധവത്കരിക്കുന്നതിന് കുടുംബശ്രീ സംവിധാനത്തെ ഫലപ്രദമാക്കി ഉപയോഗിക്കാം.

ڇഎന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വംڈ എന്ന ശുചിത്വമിഷന്‍റെ പ്രഖ്യാപിത നയം തന്നെയാണ് ഈ പദ്ധതിയുടേയും മുദ്രാവാക്യം. മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കുന്നതിന് മുഴുവന്‍ പൊതുജനങ്ങളേയും പ്രേരിപ്പിക്കുക. സംസ്കരണ സാധ്യമല്ലാത്ത അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും, നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും പഞ്ചായത്ത് സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ സമഗ്രമായ നിര്‍വ്വഹണത്തിന് വിവിധ തലങ്ങളില്‍ ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന രീതിയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

ബോധവത്കരണം എങ്ങനെ?

പഞ്ചായത്തിലെ മുഴുവന്‍ സംഘടനാസംവിധാനങ്ങളേയും ഉപയോഗിച്ച് ഒറ്റക്കും, കൂട്ടായും ബോധവത്കരണ പ്രവര്‍ത്തനം നടത്തുക. അസംഘടിത ജന വിഭാഗങ്ങളെ വീടുകളില്‍ കയറി ബോധവത്കരിക്കുന്നതിനുള്ള ചുമതല, കുടുംബശ്രീ പ്രസ്ഥാനത്തെ മുന്നില്‍ നിര്‍ത്തി നടപ്പിലാക്കുക. ചര്‍ച്ചകള്‍, സെമിനാറുകള്‍, പരിശീലന കളരി എന്നിവ സംഘടിപ്പിക്കുക. ദ്യശ്യശ്രവ്യ മാധ്യമങ്ങള്‍  എന്നിവ ഉപയോഗിച്ച് പദ്ധതിക്ക് പരമാവധി പ്രചാരണം കൊടുക്കുക.

സ്ഥാപനങ്ങള്‍, സംഘടനകള്‍, അസംഘടിത വിഭാഗങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ പറയും പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്നു. മാലിന്യങ്ങളുടെ  ശേഖരണവും, സംസ്കരണവും ഓരോ വ്യകതിയുടേയും ഉത്തരവാദിത്വമാണെന്ന ബോധം സൃഷ്ടിച്ച് ജനങ്ങളില്‍ ഒരു പുതിയ സംസ്കാരിക അവബോധം വളര്‍ത്തിയെടുക്കുക.

പ്രധാനമായും അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് കുടുംബശ്രീ വാളണ്ടിയര്‍മാരേയും, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളേയും ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, അസംഘടിത വിഭാഗങ്ങള്‍ എന്നിവര്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍

 1. പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധിച്ച വിജ്ഞാപനം പുറപ്പെടുവിക്കണം.
 2. സമഗ്രമായ പ്രോജക്ട് തയ്യാറാക്കി ഡി.പി.സി അംഗീകാരം വാങ്ങണം. ഈ പദ്ധതിക്ക് ഹരിത കാന്തി  എന്ന് പേരിടണം.
 3. ശുചിത്വവുമായി ബന്ധപ്പെട്ട് നവകേരളമിഷന്‍റെ ഭാഗമായ ഹരിതം പദ്ധതിയുടെ നിബന്ധനകള്‍ക്ക് വിധേയമായി വേണം പദ്ധതികള്‍ തയ്യാറാക്കേണ്ടത്.
 4. പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കുടംബശ്രീ സംവിധാനങ്ങള്‍, സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാമൂഹ്യസാംസ്കാരിക സംഘടനകള്‍, എന്നിവരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം.
 5. പദ്ധതിയെ സംബന്ധിച്ച വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കണം.
 6. പദ്ധതി നടത്തിപ്പിന് കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. സമയബന്ധിതമായി പരിപാടികള്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കണം.
 7. പഞ്ചായത്തിന്‍റെ ദൈനംദിന പരിപാടികളിലും , പഞ്ചായത്ത് ഓഫീസിലും, വിട്ടു കിട്ടിയ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
 8. കുടുംബശ്രീ സംവിധാനങ്ങള്‍, ജലിധി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ മുഖേന നടപ്പാക്കുന്ന പദ്ധതികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കണം.
 9. പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങളില്‍ നടക്കുന്ന പൊതുപരിപാടികള്‍, ഭവനങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍, ഗൃഹപ്രവേശം, മതപരമായ ചടങ്ങുകള്‍ (50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന മുഴുവന്‍ പരിപാടികളും) എന്നിവക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം ഇറക്കണം.
 10. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യസാംസ്കാരിക സംഘടനകള്‍ എന്നിവര്‍ നടത്തുന്ന പൊതുപരിപാടികള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കണം.
 11. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുകയും പ്ലാസ്റ്റിക് ശേഖരണത്തിന് പദ്ധതി ആവിഷ്കരിക്കുന്നതിന് വേണ്ട  നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
 12. ഗ്രാമസഭകള്‍ വിളിച്ച് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുക. പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് ഗ്രാമസഭയുടെ അംഗീകാരം വാങ്ങുക.
 13. പഞ്ചായത്ത് തലത്തില്‍ നടക്കുന്ന പൊതുപരിപാടികള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍, ഭരണസമിതി യോഗങ്ങള്‍, മറ്റ് യോഗങ്ങള്‍ എന്നിവയ്ക്ക് ഫ്ളക്സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ ഗ്ലാസ്സുകള്‍, പ്ലെയിറ്റുകള്‍ എന്നിവ ഒഴിവാക്കുക, വാഴയിലകള്‍, ചില്ല് ഗ്ലാസ്സുകള്‍, സ്റ്റീല്‍ ഗ്ലാസ്സുകള്‍ എന്നിവ ഉപയോഗിക്കുക.
 14. പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കുക.
 15. പഞ്ചായത്ത് തലത്തിലും, വാര്‍ഡ് തലത്തിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് രണ്ട് തലത്തിലും ഹരിത കര്‍മ്മ സേനക്ക് രൂപം നല്‍കണം.
 16. പഞ്ചായത്ത് പരിധിയില്‍ നടത്തുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രസ്തുത വിവാഹം ഗ്രീന്‍ പ്രോട്ടോകോള്‍  പ്രകാരമാണ് നടന്നത് എന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് വിജ്ഞാപനം ചെയ്യുകയും അത്തരത്തില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് അംഗീകാര സാക്ഷ്യപത്രം നല്‍കുകയും ചെയ്യുക.
 17. പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. വ്യാപാര സ്ഥാപനങ്ങളിലെ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സംവിധാനം ഒരുക്കിയവര്‍ക്ക് മാത്രം ലൈസന്‍സ് നല്‍കി. അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിനും, വാളണ്ടിയര്‍മാര്‍ വരുമ്പോള്‍ ഏല്‍പിച്ചു കൊടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കുക.
 18. പഞ്ചായത്ത് ഓഫീസിലും പരിസരത്തും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമാക്കിയിരിക്കുന്നുവെന്ന അറിയിപ്പ് ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ സ്ഥാപിക്കൂക.

കുടുംബശ്രീ സംവിധാനം സി.ഡി.എസ് തലത്തിലും, എഡി.എസ് തലത്തിലും നടപ്പാക്കേണ്ട കാര്യങ്ങള്‍.

(ഹരിത കാന്തി പദ്ധതിക്ക് കുടുംബശ്രീയുമായി ബന്ധപ്പെട്ട് സി.ഡി.എസ് തലത്തിലും, എ.ഡി.എസ് തലത്തിലും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍)

 1. വാര്‍ഡ് തലത്തില്‍ വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് വാളണ്ടിയര്‍മാരെ തിരഞ്ഞെടുക്കണം.
 2. കുടുംബശ്രീ സ്വാശ്രയസംഘങ്ങള്‍ നടത്തുന്ന ടൈലറിംഗ് യൂണിറ്റുകള്‍ സജീവമാക്കി  പഴയ സാരികള്‍ ഉപയോഗിച്ച് സഞ്ചി തുന്നി മാര്‍ക്കറ്റ് ചെയ്യണം.
 3. വാളണ്ടിയര്‍മാര്‍ക്കുള്ള ഇന്‍സെന്‍റീവും, ടൈലറിംഗ് യൂണിറ്റുകള്‍ക്കുള്ള ധനസഹായം പ്രോജക്ടില്‍ വകയിരുത്തി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുന്നതാണ്.
 4. പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍, ഉപയോഗശൂന്യമായ ഗ്ലാസുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തരം തിരിച്ച് ശേഖരിക്കുന്നതിന് വാളണ്ടിയര്‍മാര്‍ക്ക്  പ്ലാസ്റ്റിക് ശേഖരണത്തിന് നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ പരിശീലനം നല്‍കണം.
 5. പ്ലാസ്റ്റിക് മാലിന്യങ്ങളും, മറ്റ് മാലിന്യങ്ങളും പ്രത്യേക ചാക്കുകളില്‍ ശേഖരിക്കുന്നതിനും, ജൈവമാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷമാവാതെ സംസ്കരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണവും വോളണ്ടിയര്‍മാരെ ഉപയോഗിച്ച് നടത്തണം.
 6. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് യൂണിറ്റ് യോഗങ്ങളില്‍ ഹരിത കാന്തി പദ്ധതി ഒരു അജണ്ടയായി തീരുമാനിച്ച് ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുകയും പോരായ്മകള്‍ പരിഹരിക്കാന്‍ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുകയും വേണം.

സര്‍ക്കാര്‍ ഓഫീസുകള്‍ പൊതു സ്ഥാപനങ്ങള്‍  എന്നിവിടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍

 1. എല്ലാ ഓഫീസുകളിലും, പൊതുസ്ഥാപനങ്ങളിലും, ദൈനംദിന പ്രവര്‍ത്തനങ്ങളിലും, പൊതുചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണം.
 2. ഓഫീസ് തലത്തില്‍ ജീവനക്കാരുടെ  പ്രത്യേക  യോഗം വിളിച്ച് ചേര്‍ത്ത് പദ്ധതി കാര്യക്ഷമമായി നടത്തുന്നതിന് തീരുമാനമെടുക്കണം-പദ്ധതി പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ ഓഫീസ് തല ശുചിത്വകമ്മിറ്റികള്‍ രൂപീകരിക്കണം.
 3. ഓഫീസിലുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ വെയ്സ്റ്റ് പിറ്റുകള്‍ നിര്‍മ്മിക്കണം. അജൈവമാലിന്യങ്ങള്‍ (പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ വസ്തുക്കള്‍, ബോള്‍പേനകള്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍, പൊട്ടിയ ഗ്ലാസ്സുകള്‍ എന്നിവ) തരം തിരിച്ച് വൃത്തിയാക്കി പ്രത്യേകം വെയ്സ്റ്റ് പിറ്റുകള്‍ സൂക്ഷിച്ച് മാലിന്യശേഖരണത്തിനായി  പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന കുടുംബശ്രീ വോളണ്ടിയര്‍മാരെ ഏല്‍പിക്കണം.
 4. ഈ ഓഫീസിലും, പരിസരത്തും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് പൊതുജനങ്ങളേയും, ഓഫീസിലെ ജീവനക്കാരേയും അറിയിക്കുന്ന അറിയിപ്പ് ബോര്‍ഡുകള്‍ ഓഫീസില്‍ പൊതുജനങ്ങള്‍ കാണത്തക്കവിധത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം.
 5. ജീവനക്കാരെ മഷിപേനകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കണം. ബോള്‍പോയിന്‍റ് പേനകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
 6. ഫ്ളക്സ് ബോര്‍ഡുകള്‍, ഡിസ്പോസിബിള്‍ ഗ്ലാസ്സുകള്‍, പ്ലെയിറ്റുകള്‍, പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍, കാരിബാഗുകള്‍, കുപ്പിവെള്ളം തുടങ്ങി പുനരുപയോഗം ഇല്ലാത്ത എല്ലാ സാധനങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണം.

വിദ്യാലയങ്ങളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍

 1. പഞ്ചായത്ത് എഡ്യുക്കേഷന്‍ കമ്മിറ്റി, പ്രത്യേക അജണ്ട വെച്ച് പഞ്ചായത്ത് നടപ്പാക്കുന്ന ഹരിത കാന്തി പദ്ധതിയിലെ നിര്‍ദ്ദശങ്ങള്‍ ചര്‍ച്ച ചെയ്യുക.
 2. വിദ്യാലയങ്ങളില്‍ നടക്കുന്ന പൊതുപരിപാടികള്‍, അസംബ്ലികള്‍, പി.ടി.എ അടക്കമുള്ള യോഗങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടപ്പാക്കുക.
 3. പുനരുപയോഗമല്ലാത്ത സാധനങ്ങള്‍ (പ്ലാസ്റ്റിക് ക്യാരിബാഗ്, കുപ്പിവെള്ളം, ഡിസ്പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ്സ്, ഫ്ളക്സ് ബോര്‍ഡുകള്‍ തുടങ്ങിയവ) പൂര്‍ണ്ണമായും ഉപേക്ഷിക്കുക.
 4. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മിഠായി കൊടുക്കുന്ന ശീലം ഉപേക്ഷിക്കുക. പകരം പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറികള്‍ക്ക് സംഭാവന നല്‍കുന്ന രീതി പ്രോത്സാഹിപ്പിക്കുക.
 5. ആഴ്ചയില്‍ ഒരിക്കല്‍ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് സ്കൂളില്‍ എത്തിച്ച് പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുക. സ്കൂളിലും, പരിസരത്തും ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, മറ്റ് മാലിന്യങ്ങളും, ശേഖരിക്കുന്നതിനും അന്നേ ദിവസം നിര്‍ദ്ദേശം നല്‍കുക.
 6. വേസ്റ്റ്പേപ്പറുകള്‍ ചുരുട്ടിക്കളയാതെ വൃത്തിയായി ശേഖരിക്കുന്നതിന് ക്ലാസ് തലത്തിലും, സ്കൂള്‍ തലത്തിലും ക്രമീകരണം ഏര്‍പ്പെടുത്തുക.
 7. എല്ലാ സ്കൂളുകളിലും ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് വെയ്സ്റ്റ് പിറ്റുകള്‍ സ്ഥാപിക്കുക. ജൈവമാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.
 8. സ്കൂള്‍ തലത്തില്‍ രൂപീകരിക്കുന്ന ശുചിത്വകമ്മിററി (വിദ്യാര്‍ത്ഥികളും, അധ്യാപകരും,രക്ഷിതാക്കളും ഉള്‍ക്കൊള്ളുന്നതാവണം കമ്മിറ്റി) മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. പോരായ്മകള്‍ പരിഹരിച്ച് പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോകണം. സ്ഥാപനതലത്തില്‍ പരിഹരിക്കാന്‍ പറ്റാത്ത വിഷയങ്ങള്‍ പഞ്ചായത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരണം.
 9. സ്കൂളില്‍ നടക്കുന്ന എല്ലാ യോഗങ്ങളിലും ഹരിത കാന്തി പദ്ധതി ഒരജണ്ടയായി നിശ്ചയിച്ച് ചര്‍ച്ച ചെയ്യണം.
 10. സ്കൂള്‍ തലത്തില്‍ ജൈവമാലിന്യങ്ങള്‍ തരം തിരിക്കുന്നതിന് പരിശീലനം സിദ്ധിച്ച വിദ്യാര്‍ത്ഥികളുടെ സംഘം രൂപീകരിക്കണം. (ഹൈസ്കൂള്‍ തലത്തില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാരെ ഉപയോഗിക്കാം)
 11. മേല്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു നോട്ടീസ് ബോര്‍ഡ് രൂപത്തില്‍ തയ്യാറാക്കി പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കണം.

വ്യാപാരികള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍

 1. വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നതിന് നിഷ്കര്‍ശിച്ച ലൈസന്‍സുകള്‍ നിശ്ചിത സമയത്ത് ഫീസടച്ച് പഞ്ചായത്തില്‍ നിന്ന് കരസ്ഥമാക്കുകയും പൊതുജനങ്ങള്‍ കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുക.
 2. പഞ്ചായത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും, ചെറുകിട വ്യവസായ സംരംഭങ്ങളും ഹരിത കാന്തി പദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം.
 3. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക. പകരം തുണിസഞ്ചി ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ  പ്രേരിപ്പിക്കുക.
 4. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുക. വ്യാപാര സ്ഥാപനങ്ങളോട് ചേര്‍ന്നോ അതുമല്ലെങ്കില്‍ ടൗണില്‍ തന്നെ എവിടെയെങ്കിലും പൊതുവായ സ്ഥലത്തോ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് വെയ്സ്റ്റ് പിറ്റുകള്‍ സ്വന്തം ചിലവില്‍ ഉണ്ടാക്കി ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി ഉറവിടത്തില്‍ സംസ്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക.
 5. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മറ്റ് അജൈവ മാലിന്യങ്ങള്‍ പുനരുപയോഗം സാധ്യമല്ലാത്ത  പൊട്ടിയ ഗ്ലാസ്സുകള്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍, സാധനങ്ങള്‍ പായ്ക് ചെയ്തു വരുന്ന കവറുകള്‍, പാല്‍കവറുകള്‍, തുടങ്ങിയവ തരംതിരിച്ച് വൃത്തിയാക്കി പ്രത്യേകം ചാക്കുകളില്‍ സൂക്ഷിക്കുകയും, മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വരുന്ന കുടുംബശ്രീ വാളണ്ടിയറെ ഏല്‍പിക്കുകയും ചെയ്യുക. വാളണ്ടിയര്‍മാര്‍ നല്‍കുന്ന സമ്മാനകൂപ്പണുകള്‍ സ്വീകരിച്ച്  നിശ്ചയിച്ച തുക നല്‍കുക. വ്യാപാരസ്ഥാപനങ്ങളുടെ പ്രചരണാര്‍ത്ഥം സമ്മാനകൂപ്പണില്‍ പറഞ്ഞിരിക്കുന്ന സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത് പഞ്ചായത്തുമായി പദ്ധതി  പ്രവര്‍ത്തനത്തില്‍ സഹകരിക്കുക.
 6. വ്യാപാരസ്ഥാപനങ്ങളും, പരിസരവും വൃത്തിയായി സൂക്ഷിക്കുക.
 7. പകര്‍ച്ച വ്യാധിയുള്ള സെയില്‍സ്മാന്‍മാരെ നിയോഗിക്കാതിരിക്കുക.
 8. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് പഞ്ചായത്ത് രാജ് നിയമം അനുശാസിക്കുന്ന പിഴ ചുമത്തുന്നതായിരിക്കും.
 9. ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത്  വ്യാപാര സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും, നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് കാണത്തക്കരീതിയില്‍ ലൈസന്‍സിനോടൊപ്പം പ്രദര്‍ശിപ്പിക്കണം.
 10. മത്സ്യക്കച്ചവടം ചെയ്യുന്ന സ്റ്റാളുകള്‍ മത്സ്യം  ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന ചെറിയ കണ്ടെയ്നറുകള്‍ ഉപയോഗിക്കാം. വാഹനങ്ങളില്‍ കൊണ്ടുപോയി മത്സ്യക്കച്ചവടം ചെയ്യുന്നവര്‍ മത്സ്യത്തിന്‍റെ ബോക്സില്‍ നിന്നും മലിനജലം റോഡിലൂടെ വീഴാന്‍ ഇടയാക്കരുത്. വീടുകളില്‍ നിന്നും മത്സ്യം വാങ്ങാന്‍ വരുന്നവരോട് മത്സ്യം വാങ്ങുന്നതിന് പാത്രം കൊണ്ടുവരാന്‍ പ്രേരിപ്പിക്കണം.
 11. റെന്‍റല്‍ സര്‍വ്വീസ് നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന ഗ്ലാസ്സുകള്‍, പ്ലെയിറ്റുകള്‍ എന്നിവ വാടകക്ക് നല്‍കുന്നതിന് വേണ്ടി വാങ്ങി സൂക്ഷിക്കുക., കല്ല്യാണങ്ങള്‍, ഗൃഹപ്രവേശം മറ്റ് പൊതുചടങ്ങുകള്‍ എന്നിവക്ക് സാധനങ്ങള്‍ വാടകക്ക് നല്‍കുമ്പോള്‍  പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍ ഫ്ളക്സ് നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. തുണിയിലോ, പേപ്പറിലോ നിര്‍മ്മിച്ച അലങ്കാര വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക. വാഴ ഇല സപ്ലൈ ചെയ്യുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട് വാഴയിലകള്‍ വാങ്ങി സ്റ്റോക്ക് ചെയ്ത് കല്ല്യാണം പോലെയുള്ള ചടങ്ങുകള്‍ക്ക് നല്‍കുക.

മതസ്ഥാപനങ്ങള്‍ ചെയ്യേണ്ടത്

 1. മതപരമായ ആഘോഷങ്ങളും, ആരാധനകളും, പ്രദക്ഷിണങ്ങളും, പൊതുസ്ഥലങ്ങളിലും ആരാധന ആലയങ്ങളിലും നടത്തുമ്പോള്‍ പ്ലാസ്റ്റിക് തോരണങ്ങള്‍ മറ്റ് പുനരുപയോഗം സാധിക്കാത്ത വസ്തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. തുണി കൊണ്ടും, പേപ്പര്‍ കൊണ്ടും നിര്‍മ്മിച്ച തോരണങ്ങള്‍, കുരുത്തോലകള്‍ എന്നിവ അലങ്കാര വസ്തുക്കളായി ഉപയോഗിക്കാവുന്നതാണ്.
 2. ആരാധനാലയങ്ങളില്‍ നടത്തുന്ന മതപ്രഭാഷണങ്ങളില്‍, പൊതുവായ കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്‍റെ പ്രാധാന്യം കൂടി ഉള്‍പ്പെടുത്താന്‍  ശ്രദ്ധിക്കണം.
 3. മതപരമായ ആചാരങ്ങളോടെ ആരാധനാലയങ്ങളിലും, കമ്മ്യൂണിറ്റി ഹാളിലും, വീടുകളിലും നടക്കുന്ന വിവാഹങ്ങള്‍, മറ്റ് ആരാധനകള്‍, ഗൃഹപ്രവേശം തുടങ്ങി 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് വിശ്വാസികളോട് നിര്‍ദ്ദേശിക്കാന്‍ മുസ്ലിം, ക്രിസ്ത്യന്‍, മതമേലധ്യക്ഷന്‍മാര്‍, ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍  എന്നിവര്‍ നിരന്തരം ഉദ്ബോധനം നടത്തണം.
 4. മതപരമായ ചടങ്ങുകളുടേയും, മതസ്ഥാപനങ്ങളുടേയും,സാമുദായിക സംഘടനകളുടേയും അംഗീകാരത്തോടെ നടക്കുന്ന മുഴുവന്‍ വിവാഹങ്ങളും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സാക്ഷ്യപത്രം  നല്‍കുമ്പോള്‍ വിവാഹചടങ്ങുകള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് നടത്തിയത് എന്ന വസ്തുത കൂടി സാക്ഷ്യപത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
 5. സണ്‍ഡേസ്കൂളുകള്‍, മദ്രസകള്‍, മറ്റ് മതപാഠശാലകള്‍ എന്നിവിടങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കണം.
 6. ഈ ആരാധനാലയത്തിന്‍റെ ദൈനം ദിനപ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് നടത്തുന്നതെന്ന അറിയിപ്പ് ബോര്‍ഡ് വിശ്വാസികള്‍ കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കണം

രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജനസംഘടനകള്‍, സാമുദായിക സംഘടനകള്‍, സാംസ്കാരിക സംഘടനകള്‍, ലൈബ്രറികള്‍, ക്ലബ്ബുകള്‍ തുടങ്ങിയ സംഘടനാ സംവിധാനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

 1. പൊതു യോഗങ്ങള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍, തുടങ്ങിയ പൊതുസ്ഥലങ്ങളിലും, ഹാളുകളിലും നടക്കുന്ന എല്ലാ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക. തോരണങ്ങള്‍, ബാനറുകള്‍, എന്നിവ തയ്യാറാക്കുന്നതിന് പ്ലാസ്റ്റിക്, ഫ്ളക്സ് തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം തുണി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഭക്ഷണം വിളമ്പുന്നതിനും കഴിക്കുന്നതിനും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഗ്ലാസ്സുകള്‍ പുനരുപയോഗം സാധ്യമല്ലാത്ത മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്ന ശീലം പൂര്‍ണ്ണമായും ഉപേക്ഷിക്കുക.
 2. പൊതുസ്ഥലത്ത് സെമിനാറുകള്‍, പൊതുയോഗങ്ങള്‍ എന്നിവ നടത്തിക്കഴിഞ്ഞതിന് ശേഷം ടി.ആവശ്യത്തിന്  സ്ഥാപിച്ച കൊടി, തോരണങ്ങള്‍ മുതലായവ അഴിച്ചു മാറ്റി സമ്മേളന സ്ഥലവും, പരിസരവും വൃത്തിയാക്കുക.
 3. രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍ എന്നിവയുടെ കമ്മിറ്റികളില്‍ മറ്റ് അജണ്ടകളോടൊപ്പം ഹരിത കാന്തി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുക.
 4. ലൈബ്രറികള്‍, ക്ലബ്ബുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവ ഹരിത കാന്തി പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന്‍റെ ആവശ്യകത സംബന്ധിച്ച് ചര്‍ച്ചകളും, സെമിനാറുകളും സംഘടിപ്പിക്കണം. കലാപരിപാടികള്‍ കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. വായനശാലകളില്‍ പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കണം. യോഗങ്ങളില്‍ പദ്ധതി ഒരജണ്ടയായി നിശ്ചയിച്ച് ചര്‍ച്ച ചെയ്യണം.

ഭവനങ്ങളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍

 1. വീടുകളിലെ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന്  വെയ്സ്റ്റ് പിറ്റുകള്‍ ഓരോ വീട്ടിലും നിര്‍മ്മിക്കണം. വെയ്സ്റ്റ് പിറ്റ് നിര്‍മ്മിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നതായിരിക്കും.
 2. അജൈവമാലിന്യങ്ങള്‍, പ്ലാസ്റ്റിക്, വെയ്സ്റ്റ്, ഇ-വെയ്സ്റ്റ്, കുപ്പിച്ചില്ലുകള്‍ എന്നിവ തരം തിരിച്ച് വൃത്തിയാക്കി സൂക്ഷിക്കുകയും, പ്ലാസ്റ്റിക് കളക്ഷന് നിര്‍ദ്ദേശിക്കപ്പെട്ട വാളണ്ടിയര്‍മാര്‍ വരുമ്പോള്‍ നല്‍കുകയും ഈ കാര്യത്തില്‍ വാളണ്ടിയര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ വീട്ടമ്മമാരും, ഗൃഹനാഥന്‍മാരും കര്‍ശനമായി പാലിക്കുകയും വേണം.
 3. ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന്  പൈപ്പ് കമ്പോസ്റ്റ്കളൊ, പോര്‍ട്ടബിള്‍ കമ്പോസ്റ്റ് ടാങ്കോ ഓരോ വീട്ടിലും സ്ഥാപിക്കണം.
 4. വീടുകളിലെ പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. എലി നശീകരണത്തിനും, കൊതുക് നിര്‍മ്മാര്‍ജ്ജനത്തിനും വിവിധ വകുപ്പുകള്‍ നല്‍കിയിരിക്കുന്ന നടപടികളില്‍ സഹകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും വേണം.
 5. വീടുകളില്‍ വെയ്സ്റ്റ് കളക്ഷനു വരുന്ന വാളണ്ടിയര്‍മാരില്‍  നിന്നും 50 രൂപ നല്‍കി  സമ്മാനകൂപ്പണുകള്‍ കരസ്ഥമാക്കണം. 3 മാസത്തിലൊരിക്കല്‍ നറുക്കിട്ട് വിജയിക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
 6. വീടുകളില്‍ നടക്കുന്ന കല്ല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങിയ 50 ആളുകളില്‍ അധികം പേര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന ഗ്രീന്‍ പ്രോട്ടോകോള്‍ അനുവദിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. മലിന ജലം പൊതുറോഡിലേക്കൊ, പൊതുവഴിയിലേക്കൊ ഒഴുക്കി വിടരുത്. വെയ്സ്റ്റ് പിറ്റ് നിര്‍മ്മിച്ച് അതില്‍ സംഭരിക്കണം.
 7. 150 മീറ്റര്‍ സ്ക്വയറിന് മുകളിലേക്ക് പണിയുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധമായും സ്ഥാപിക്കണം.
 8. വീടുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നു എന്ന് വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ സ്ഥാപിക്കണം.

കടപ്പാട് : പ്രദീപ്‌ മാസ്റ്റര്‍

എടവക ഗ്രാമപഞ്ചായത്ത്

3.83333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top