Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / സർക്കാർ ഉദ്യോഗസ്ഥന്മാരും അടിസ്ഥാന വർഗവും
പങ്കുവയ്ക്കുക

സർക്കാർ ഉദ്യോഗസ്ഥന്മാരും അടിസ്ഥാന വർഗവും

സർക്കാർ ഉദ്യോഗസ്ഥന്മാരും അടിസ്ഥാന വർഗവും

ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ഏറ്റവും വലിയ പോരായ്മ, അതെപ്പോഴും ന്യൂനപക്ഷത്തിന്റെ ഭരണകൂടമായിരിക്കുമെന്നതാണ്. അതായത് ഭൂരിപക്ഷം വരുന്നവർ പുറത്തുനിൽക്കുമ്പോഴാണ് ന്യൂനപക്ഷം ഭരണം കയ്യാളുന്നത്. പല രാഷ്ട്രീയ കക്ഷികൾ ഭിന്നിച്ചു നിൽക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിൽ ലോകത്തെവിടെയും ജനാധിപത്യത്തിന്റെ ദുർവിധിയാണത്. നരേന്ദ്രമോഡി അധികാരത്തിലിരിക്കുന്നത് 39% ജനതയുടെ പിന്തുണ കൊണ്ടുമാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഭരണകൂടം നടപ്പിൽ വരുത്തുന്ന നിയമങ്ങൾ, നിയമ പരിഷ്‌കാരങ്ങൾ തുടങ്ങി ജനതയുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാവിധ വ്യവഹാരങ്ങൾക്കും ഭൂരിപക്ഷത്തിന്റെ പിൻതുണ ഉണ്ടായിരിക്കണമെന്നില്ല. പ്രതിപക്ഷത്തിരിക്കുന്നവർ അധികാരത്തിൽ വരുമ്പോഴും ഇതേ പ്രതിസന്ധി നിലനിൽക്കുന്നതായി കാണാം. ഈയൊരു അസാധാരണത്വം ജനാധിപത്യ സമ്പ്രദായത്തിൽ നിലനിൽക്കുന്നത് തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്വിസ്റ്റർലാന്റിൽ, ഭരണത്തിലിരിക്കുന്നവൻ ജനവിരുദ്ധനായി മാറുമ്പോൾ അവനെ തിരിച്ചുവിളിക്കാനുള്ള അവകാശം അന്നാട്ടിൽ നിലവിൽ വന്നത്. കാലാവധി പൂർത്തിയാക്കാതെ തന്നെ അവിടെ അധികാരം വിട്ടൊഴിയേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഭരിക്കുന്നവൻ ഉള്ള കാലം ജനക്ഷേമകരമായ കാര്യങ്ങൾ നടപ്പിൽ വരുത്താനുള്ള ശ്രമത്തിലാവും.

ഇത്രയും കുറിക്കേണ്ടിവന്നത്, കേരള സർക്കാർ പത്താം ശമ്പള പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ്. കേരളത്തിലെ  മൊത്തം വരുന്ന സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും അല്ലാതെ പെൻഷൻ പറ്റി ശിഷ്ടകാലം സമാധാന ജീവിതം നയിക്കുന്ന പെൻഷനേഴ്‌സിനും വേണ്ടിയാണ് സർക്കാറിന്റെ റവന്യൂ വരുമാനത്തിന്റെ നാൽപ്പത് ശതമാനത്തിലേറെ ഇന്ന് ചിലവഴിക്കുന്നത്. ഭീമമായ ഈ തുക ഓരോ വർഷവും ഖജനാവിൽ നിന്ന് നീക്കിവെക്കേണ്ടിവരുമ്പോൾ, മറ്റാവശ്യങ്ങൾക്കുവേണ്ടി സർക്കാർ ശ്രദ്ധ കൊടുക്കേണ്ട അവശ്യ സർവീസുകളെ പാടെ അവഗണിക്കേണ്ടി വരികയോ, മാറ്റിവയ്‌ക്കേണ്ടിവരികയോ ചെയ്യുന്ന അവസ്ഥയിലാണ്. നിലവിലുള്ള സാമ്പത്തിക സ്ഥിതിയെ പാടെ മാറ്റിമറിക്കുന്ന അവസ്ഥയിലേക്ക് പുതിയ ശമ്പള കമ്മീഷൻ റിപ്പോർട്ട് മാറുമ്പോൾ, പുറത്ത് നിൽക്കുന്ന പരശ്ശതം സാധാരണക്കാരന്റെ നികുതിപ്പണം എവിടേക്ക് ഒഴുകിപ്പോവുന്ന എന്നു തിരിച്ചറിയുക കൂടി വേണം.

സംസ്ഥാന ജീവനക്കാർ എന്നു പറയുന്നത് അധ്യാപകരടക്കമുള്ള വിവിധ തട്ടുകളിൽ ജോലി ചെയ്യുന്നവരാണ്. ആനുപാതിക ക്രമപ്രകാരം 2000 മുതൽ 12,000 രൂപ വരെയാണ് ശമ്പള വർധന ആവശ്യപ്പെടുന്നത്. മാത്രവുമല്ല, ശമ്പളത്തിന് 2014 ജൂലായ് ഒന്നു മുതൽ പ്രാബല്യമുണ്ടായിരിക്കണമെന്നും കമ്മീഷൻ പറയുന്നു. സർക്കാറിന് 5,277 കോടി അധിക ബാധ്യത ഉണ്ടാക്കുന്നതാണ് പുതിയ നിർദേശങ്ങളെന്ന് സർക്കാർ തലങ്ങളിൽ നിന്നുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം പെൻഷൻ പ്രായം കൂട്ടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സർവീസിൽനിന്ന് പെൻഷൻ പറ്റി വിശ്രമ ജീവിതം നയിക്കുന്ന പെൻഷനേഴ്‌സിന്റെയും കുറഞ്ഞ പെൻഷൻ 8500 ഉം കൂടിയത് 60,000വും ആക്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ സർവീസ് സമൂഹത്തിനു കിട്ടാതിരിക്കുമ്പോൾ, അയാൾക്കെന്തിന് കൂടുതൽ ആനുകൂല്യമെന്നത് അപ്രസക്തമായ ചോദ്യമാണെന്ന് പറയുന്നവരുണ്ട്.

അധ്വാനിക്കുന്ന വർഗത്തിന് ജീവിക്കാൻ തക്ക വരുമാനം ഉണ്ടെങ്കിൽ മാത്രമേ, അയാൾക്കും അയാളുടെ തണൽപറ്റി ജീവിക്കുന്നവർക്കും മുന്നോട്ടു പോകാൻ കഴിയൂ. അതുകൊണ്ട് ശമ്പള പരിഷ്‌കരണത്തെ എതിർക്കുന്നത് അന്യായമാണെന്ന് വേണമെങ്കിൽ പറയാം. അപ്പോഴും അത് എത്രമാത്രം എന്നതാണ് അന്വേഷിക്കേണ്ടത്. താഴെ തട്ടിൽ ജീവിക്കുന്നവനും ഉയർന്ന വരുമാന സ്രോതസ്സുള്ളവനും ഒരേപോലെ കേരളത്തിൽ നികുതി അടയ്ക്കാൻ ബാധ്യസ്ഥനാണ്. ഭൂനികുതിയായും, കെട്ടിട നികുതിയായും, തൊഴിൽ നികുതിയായും സർക്കാർ ഇത് ഈടാക്കുന്നുണ്ട്. ഈ കൃഷിക്കാരൻ ഒരു വർഷത്തെ നികുതി കുടിശ്ശിക അടയ്ക്കാൻ പിഴവു വരുത്തിയാൽ അതിന് പിഴ ചുമത്തി ഈടാക്കാൻ മിടുക്കരാണ് ഉദ്യോഗസ്ഥന്മാരും സർക്കാറും. കോടികൾ നികുതി തട്ടിപ്പ് നടത്തുന്ന വൻ ലോബികളെ ഇവർ കണ്ടെന്നും വരില്ല. സാധാരണക്കാരന്റെ നികുതിപ്പണംകൊണ്ട് വേണം, സർക്കാറിന് ആരോഗ്യ രംഗത്തും ഗതാഗത രംഗത്തും ചിലവഴിക്കാൻ. നമ്മുടെ കേരളത്തിന്റെ ആരോഗ്യ രംഗത്തെയും, ഗതാഗത രംഗത്തെയും ശോച്യാവസ്ഥയ്ക്ക് കാരണം നികുതിപ്പണത്തിന്റെ വലിയൊരു ശതമാനം സർക്കാർ ശമ്പളയിനത്തിലേക്ക് മാറ്റിവെക്കപ്പെടുന്നതുകൊണ്ടാണ്.

എങ്കിലും സാധാരണക്കാരന് ഈ സർക്കാർ ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ തുലോം പരിമിതമെന്നു മാത്രമല്ല, അവഗണന കൂടിയാണ്. പലരും ഓഫീസിൽ എത്തിച്ചേരുന്നത് തന്നെ പത്ത് മണിക്ക് ശേഷമത്രെ! ഒരു ദിവസത്തിലെ ജോലി സമയത്തിൽ ചെറിയൊരു ശതമാനം മാത്രമാണ് ഈ സർക്കാർ ഉദ്യോഗസ്ഥൻ ആവശ്യവുമായി വരുന്നവന്റെ പരാതികൾക്ക് കാത് കൊടുക്കുന്നുള്ളൂ എന്നു കാണാം. ഒരു കാര്യത്തിനുവേണ്ടി പല തവണ ഓഫീസിന്റെ പടികൾ കയറിയിറങ്ങേണ്ട ഗതികേടും ഇവർക്കുണ്ട്. തീർത്തും ജനപക്ഷമാകേണ്ട ഇത്തരം സ്ഥാപനങ്ങൾ ജനവിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് തിരിച്ചറിയാൻ ഒരു വില്ലേജ് ഓഫീസിലോ, കൃഷി ഓഫീസിലോ നേരിട്ട് ചെന്നാൽ മതി. തന്റെ മുന്നിൽ നിൽക്കുന്ന പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ടാണ് താൻ മൂന്നു നേരവും മൃഷ്ടാന്നം ഭക്ഷിക്കുന്നതെന്ന വിചാരം ഒരംശംപോലും ഈ സർക്കാർ സേവകന്റെ അകത്ത് ഉണ്ടായിരിക്കുകയില്ല. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാത്തിടത്തോളം ശമ്പള പരിഷ്‌കരണം കൊണ്ടു മാത്രം മുന്നോട്ടു പോകാൻ കഴിയാത്തതാണ് ഭരണകൂട പരിഷ്‌കരണം.

അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. സർക്കാർ ജീവനക്കാരേക്കാൾ എത്രയോ മടങ്ങ് താഴെ തട്ടിൽ ജീവിക്കുന്നവരായി നമ്മുടെ സമൂഹത്തിലുണ്ട്. ഇവരാണ് അടിസ്ഥാന വർഗം. പലപ്പോഴും അസംഘടിത മേഖലകളിൽ രാപ്പകൽ ഭേദമില്ലാതെ തൊഴിൽ ചെയ്യുന്നവർ. തൊഴിൽ വിദഗ്ധരും അല്ലാത്തവരും ഈ കൂട്ടത്തിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ലഭിക്കുന്ന തൊഴിൽ സുരക്ഷിതത്വമോ, ബോണസോ, പെൻഷനോ ഒന്നും ലഭിക്കാത്തവരാണിവർ. ഒരു ഭരണകൂടവും ഇവരുടെ തൊഴിൽ പ്രശ്‌നങ്ങളിലേക്ക് കണ്ണെറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. അടിക്കടിയുണ്ടാവുന്ന വിലക്കയറ്റവും മറ്റും ഈ വിഭാഗമെങ്ങനെ തുച്ഛമായ വരുമാനംകൊണ്ട് മറികടക്കുന്നു എന്ന് ആരും ആഴത്തിൽ ചിന്തിച്ചിട്ടുണ്ടാവില്ല. പത്തും ഇരുപതും വർഷങ്ങൾക്ക് മുമ്പ് ലഭിച്ചിരുന്ന മാസവരുമാനത്തിൽ ഒട്ടും മാറ്റം വരാതെ ഇന്നും തൊഴിൽ ചെയ്യുന്നവർ ഉണ്ടെന്നത് കാണാതിരുന്നു കൂടാ. ഇവരും ഇവിടെ ജനിച്ചവരാണെന്ന ബോധ്യം തെല്ലെങ്കിലും ഉണ്ടായാൽ നന്ന്.

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആത്മഹത്യാ പ്രവണതയ്ക്ക് ഏറ്റവും വലിയ കാരണമായിത്തീരുന്നത് സാമ്പത്തിക അസന്തുലിതാവസ്ഥ തന്നെയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി യോജിപ്പിക്കാൻ കഴിയാതെ ഒടുക്കം മരണത്തെ കൂട്ടുപിടിക്കുന്നവരാണിവർ. സ്ത്രീകളും കുട്ടികളും മാത്രമല്ല, വൃദ്ധന്മാർ വരെ ആത്മഹത്യാ പ്രവണത കാണിക്കുന്നതാണ് കേരളത്തിന്റെ പുത്തൻ സാമൂഹിക സാമ്പത്തികാവസ്ഥ. ഇതിനെക്കൂടി മറികടക്കുന്നതാവണം ഏതൊരു ജനോപകാരപ്രദമായ സർക്കാറിന്റെയും മുഖ്യ അജണ്ട.

കടപ്പാട് :എ.കെ. അബ്ദുല്‍ മജീദ്

2.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top