Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / സ്‌കൂൾ തുറക്കുന്നു… പഠനം മെച്ചപ്പെടുത്താൻ 10 വഴികൾ
പങ്കുവയ്ക്കുക

സ്‌കൂൾ തുറക്കുന്നു… പഠനം മെച്ചപ്പെടുത്താൻ 10 വഴികൾ

സ്‌കൂൾ തുറക്കുന്നു… പഠനം മെച്ചപ്പെടുത്താൻ 10 വഴികൾ

വിദ്യാഭ്യാസ രംഗത്ത് അനുദിനം മത്സരം വർദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രാഥമിക തലം മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള മിക്ക വിദ്യാർത്ഥികളുടെയും പഠന രീതികൾ ശാസ്ത്രീയമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പഠനം ഏറെ സങ്കീർണ്ണമായ ഒരു മാനസിക പ്രക്രിയയായതിനാൽ ഉൽകൃഷ്ടമായ  ശൈലികൾ തന്നെ സ്വീകരിക്കുമ്പോഴാണ്  പഠന മുന്നേറ്റം സാധ്യമാവുന്നത്. അതിനു സഹായകമായ പത്തു വഴിൾ:

1) പഠന സമയം ക്രമീകരിക്കുക

ഒരു ദിവസം ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ എന്തെല്ലാമാണെന്ന് മുൻകൂട്ടിക്കണ്ട് ഓരോന്നിനും വേണ്ട സമയം കൃത്യമായി നിശ്ചയിച്ച് തയാറാക്കുന്ന ടൈം ടേബിൾ  സമയ ക്രമീകരണത്തിന്  അനിവാര്യമാണ്. ഒരു കെട്ടിടം  നിർമിക്കുന്നതിനുമുമ്പ് തന്നെ അതിന്റെ പ്ലാൻ തയ്യാറാക്കുന്നത് പോലെ പഠിക്കാനിരിക്കുന്നതിനു മുമ്പ് അതിന്റെ പ്ലാനും തയ്യാറാക്കണം. ശരിയായ സമയക്രമീകരണത്തിലൂടെയാണ് ഏറ്റവും മികച്ച വിജയം കരസ്ഥമാക്കാൻ  സാധിക്കുക.  പാഠഭാഗങ്ങൾ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാതെ പഠിച്ച് തീർക്കുകയും പ്രയാസമുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകുകയും വേണം. കടുപ്പമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയവും എളുപ്പമുള്ള വിഷയങ്ങൾക്ക് കുറഞ്ഞ സമയവും അനുവദിക്കുന്ന വിധത്തിലാകണം ടൈംടേബിൾ. ഏറ്റവും ഊർജ്ജസ്വലമായ സമയമാണ് കടുപ്പമുള്ള വിഷയങ്ങൾ പഠിക്കാനായി തിരഞ്ഞെടുക്കേണ്ടത്. അതിപ്രധാനമായ കാര്യങ്ങൾ തുടക്കത്തിലും അപ്രധാനമായവ ഒടുക്കത്തിലും വരുന്ന രീതിയിലാവുകയും വേണം പഠനം. അതോടെ പഠിക്കാൻ സമയം കിട്ടുന്നില്ലെന്ന പരിഭവം സ്വയം ഇല്ലാതായിക്കൊള്ളും.

2) നല്ല പഠനാന്തരീക്ഷം ഉണ്ടാക്കുക

പഠിക്കാൻ വേണ്ടി പ്രത്യേകം സ്ഥലം ഉണ്ടാവുന്നത് നല്ലതാണ്. കാറ്റും വെളിച്ചവുമുള്ളതും അതേസമയം മറ്റുള്ളവരുടെ ശല്യമില്ലാത്തതുമായ മുറിയാണ് പഠനത്തിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. പഠനമുറിയുമായി ആത്മബന്ധം ഉണ്ടാക്കിയെടുത്താൽ പഠനത്തിനുള്ള  അനുകൂല മനോഭാവം ഉണ്ടായിത്തീരും. വെളിച്ചത്തിനു നേരെ താഴെയോ അഭിമുഖമായോ ഇരിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇടതു തോളിന്റെ ഭാഗത്തുനിന്നും വെളിച്ചം വരുന്ന വിധമാണ് ഇരിക്കേണ്ടത്. അതേ സമയം എഴുതാൻ വേണ്ടി ഇടതുകൈ ഉപയോഗിക്കുന്നവർ വെളിച്ചം വലതു തോളിന്റെ ഭാഗത്ത് നിന്ന് വരുന്ന വിധത്തിലും ഇരിക്കണം.  അടുക്കും ചിട്ടയുമുള്ള സ്ഥലമായിരിക്കണം അത്. പഠനത്തിനാവശ്യമായ പേന, പുസ്തകങ്ങൾ, പഠനസഹായികൾ എന്നിവയെല്ലാം കയ്യെത്തും ദൂരത്തുണ്ടാവണം. പഠനസാമഗ്രികൾ എവിടെയാണുള്ളതെന്ന് കൃത്യമായി അറിഞ്ഞിരിക്കുകയും അവ ഉപയോഗിക്കേണ്ടി വന്നാൽ ആവശ്യം കഴിഞ്ഞതിനു ശേഷം അതേസ്ഥാനത്ത് തിരിച്ച് വെക്കുകയും വേണം. രാത്രി പഠനത്തിനുശേഷം മുഴുവൻ ക്രമീകരണങ്ങളും നടന്നിട്ടാണ് ഉറങ്ങാൻ കിടക്കുന്നതെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷവും അല്ലെങ്കിൽ അലസതയുമാണ് അനുഭവപ്പെടുക. പഠനവേളയിൽ ഉറക്കം വരുമ്പോൾ ചെറിയ വ്യായാമങ്ങൾ ചെയ്തും നടന്ന് പഠിച്ചും സ്ഥലം മാറിയിരുന്നും എഴുതിപ്പഠിച്ചും ഉറക്കം മാറ്റണം. മാപ്പ്, ചാർട്ട് എന്നീ രൂപത്തിൽ പഠനഭാഗങ്ങൾ ക്രമീകരിച്ച് പഠിക്കുന്ന രീതിയും ഏറെ പ്രയോജനകരമാണ് .

3) ആവർത്തിച്ച് വായിക്കുക

ആവർത്തനമാണ് ഓർമ ശക്തി വർദ്ധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. പഠനത്തിനിടയിൽ ഓരോ അധ്യായത്തിലെയും പ്രധാന ഭാഗങ്ങളുടെ ലഘുക്കുറിപ്പ് തയ്യാറാക്കുകയും പഠനം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ് ഒരു തവണയെങ്കിലും കുറിപ്പുകൾ വായിക്കുകയും  ചെയ്യണം.  ഓരോ വ്യക്തിക്കും ഹൃസ്വകാല ഓർമ(ടവീൃ േലേൃാ ാലാീൃ്യ), മധ്യകാല ഓർമ(ങലറശൗാ ലേൃാ ാലാീൃ്യ), ദീർഘകാല ഓർമ(ഘീിഴ  ലേൃാ ാലാീൃ്യ) എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഓർമ്മശക്തിയാണല്ലോ ഉള്ളത.് ഓരോ ദിവസവും ക്ലാസിൽ പഠിക്കുന്ന കാര്യങ്ങൾ വൈകീട്ട് വീട്ടിലിരുന്ന് വായിക്കുമ്പോൾ ഹൃസ്വകാല ഓർമ്മ നേടുന്നു. രാവിലെ കൂടി വായിക്കുമ്പോൾ അത് ദൃഢമാവുകയും ചെയ്യുന്നു. പിന്നീട് ഓരോ ശനിയാഴ്ചയും ആ ആഴ്ചയിൽ പഠിച്ച കാര്യങ്ങൾ വീണ്ടും പഠിക്കുമ്പേൾ മധ്യകാല ഓർമ്മയും ശേഷം ഓരോ രണ്ടാം ശനിയാഴ്ചയും അതുവരെ പഠിച്ചവ പുനർപഠനം നടത്തുമ്പോൾ ദീർഘകാല ഓർമ്മയും നേടാനാവുന്നു.

4) കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുക

ഉത്സാഹജനകമായ അന്തരീക്ഷം, സമയ ക്രമം പാലിക്കുന്നതിനുള്ള സഹായം, പാഠ്യേതര വായനക്കും മറ്റു ഹോബികൾക്കുമുള്ള പ്രചോദനം തുടങ്ങിയവയെല്ലാം കുടുംബത്തിൽ നിന്ന് കുട്ടികൾക്ക് ലഭിക്കണം. സംതൃപ്തമായ കുടുംബ ബന്ധവും അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സാഹചര്യങ്ങളും പഠന പ്രക്രിയയെ സുഖകരമാക്കും. പരീക്ഷയടുക്കുമ്പോൾ മാതാപിതാക്കൾക്ക് ഉത്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അവ കുട്ടികളിലേക്ക്  പകരാതിരിക്കാൻ ബദ്ധ ശ്രദ്ധ വേണം.  (ചിലരുടെയെങ്കിലും പെരുമാറ്റം കണ്ടാൽ രക്ഷിതാക്കളാണ് പരീക്ഷയെഴുതുന്നതെന്ന് തോന്നാറുണ്ട്). കുട്ടികൾ ആവശ്യപ്പെടാത്ത പക്ഷം അവരുടെ പഠനത്തിൽ ഇടപെടാനോ അതിനു മേൽനോട്ടം വഹിക്കാനോ രക്ഷിതാക്കൾ മുതിരരുത്. കഴിഞ്ഞ പരീക്ഷയുടെ ചോദ്യപ്പേപ്പർ വിശകലനം ചെയ്ത് അവരെ ബുദ്ധിമുട്ടിക്കുന്നതിന് പകരം അടുത്ത പരീക്ഷക്ക് മനസ്സമാധാനത്തോടെ പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത്. ശാസനകൾ, വഴക്കുകൾ, ടെൻഷനുണ്ടാക്കുന്ന ചോദ്യങ്ങൾ എന്നിവ ഒഴിവാക്കി പഠിക്കാനുള്ള സാഹചര്യമൊരുക്കുകയും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും വേണം. കുട്ടികളുടെ പഠന സമയങ്ങളിൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും വിനോദോപാധികളിൽ ഏർപ്പെടാതിരിക്കാനും സഹകരിക്കണം.

5) സ്‌കൂൾ അന്തരീക്ഷം മെച്ചപ്പെടുത്തുക

സമാധാനപരമായി പഠിക്കാനുള്ള അവസരമുണ്ടാവുക, മുഴുവൻ കുട്ടികൾക്കും തുല്യ പരിഗണന നൽകുക, അത്യാവശ്യമുള്ള വിദ്യാർത്ഥികൾക്ക് അധിക ക്ലാസ് സംഘടിപ്പിക്കുക, പിന്നാക്കമുള്ള വിഷയങ്ങളിൽ മാത്രം സ്‌പെഷൽ ക്ലാസ് നൽകുക എന്നിവയെല്ലാം കൂടുതൽ ഗുണകരമാണ്.

6) നന്നായി ഉറങ്ങുക

ഉറക്കം സുഗമമായ പഠനത്തിനു വേണ്ട പ്രധാനമായ ഘടകമാണ്. ഒരു വ്യക്തിയുടെ ഊർജ്ജവും ആരോഗ്യവുമെല്ലാം ഉറക്കത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കുട്ടികൾ നിർബന്ധമായും എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. ഓർമ്മശേഷി വർദ്ധിക്കുവാൻ ഉറക്കം ഏറെ  സഹായകമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.ഉറങ്ങുമ്പോൾ തലച്ചോറിനുള്ളിലെ നാഡീകോശങ്ങൾ തമ്മിൽ രൂപപ്പെടുന്ന പ്രത്യേകതരം ബന്ധമാണ് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതെന്ന് ന്യൂയോർക്ക് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോക്ടർ ബെൻ ബയോഗാൻ പരീക്ഷണത്തിലൂടെ തെളിയിക്കുകയുണ്ടായി. കാര്യങ്ങൾ പഠിക്കാനും നടന്നകാര്യങ്ങൾ വീണ്ടും ഓർമ്മിക്കാനും അവ തമ്മിൽ പൊരുത്തപ്പെടുത്തി മനസ്സിലുറപ്പിക്കാനും ഉറക്കം അത്യാവശ്യമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

7) അനാവശ്യമായ പരീക്ഷാ ഭീതി ഒഴിവാക്കുക

പരീക്ഷയുടെ ഫല പ്രഖ്യാപനത്തിൽ റാങ്കുകൾ ഒഴിവാക്കിയതും പകരം ഗ്രേഡുകൾ നിലവിൽ വന്നതും പരീക്ഷപ്പേടിയിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും പരീക്ഷക്കാലം പലർക്കും ഇപ്പോഴും ഭീതിയുടെ കാലം തന്നെയാണ്. മാതൃകാ ചോദ്യങ്ങൾ ഉപയോഗപ്പെടുത്തിയും മോഡൽ പരീക്ഷകൾ ആസൂത്രണം ചെയ്തും പരീക്ഷാഭീതി ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. എന്നാൽ പരീക്ഷക്കാലമെന്ന് കരുതി ദിനചര്യകളിൽ വലിയ മാറ്റങ്ങൾ വരുത്താതിരിക്കലാണ് അഭികാമ്യം.

8) വ്യായാമത്തിനു വേണ്ടി സമയം കണ്ടെത്തുക

മനസ്സിന് അയവും മയവും വരാനും അതുമൂലം പഠന പ്രക്രിയ പുരോഗതിപ്പെടാനും വ്യായാമം സഹായകമാണ്. മികച്ച ആരോഗ്യം നിലനിർത്താനും ശരീരഭംഗി കാത്തു സൂക്ഷിക്കാനും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുമെല്ലാം വ്യായാമം അനിവാര്യമായതു പോലെ പഠനനിലവാരം ഉയർത്താനും ഇത് ആവശ്യമാണ്. വ്യായാമം ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് കുട്ടികളുടെ പഠനപ്രക്രിയയെ സഹായിക്കുമെന്ന് സെന്റർ ഹോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി.

9) ആത്മ വിശ്വാസമുണ്ടാവുക

വലിയ ലക്ഷ്യം മുന്നിൽക്കണ്ട് പഠനം ആരംഭിക്കുകയാണ് വേണ്ടത.് പിന്നീട് ആ ലക്ഷ്യത്തോട് വിശ്വസ്തത പുലർത്തി മുന്നേറുക കൂടി ചെയ്താൽ എല്ലാവിഷയത്തിലും എ പ്ലസ് നേടി വിജയിക്കാൻ എല്ലാവർക്കും സാധിക്കും. നിങ്ങൾ ആരാവണമെന്ന് നിങ്ങൾ മനസ്സിൽ വിചാരിക്കുന്നുവോ അത് നിങ്ങൾ ആയിത്തീരുമെന്നാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി  പറഞ്ഞത്. പാതി വഴിയിൽ തളർന്നിരിക്കുന്നവർക്ക് ഒരിക്കലും വിജയികളാവാൻ സാധിക്കില്ല. സ്ഥിരമായി അധ്വാനിക്കുന്ന മനസ്സും തന്റേടവും പരിശീലനത്തിലൂടെ നേടിയെടുക്കുക തന്നെ വേണം.സ്വന്തം കഴിവിലും സിദ്ധിയിലും വിശ്വസിച്ച് കഠിനാധ്വാനം ചെയ്യുമ്പോഴാണ് പരിശ്രമങ്ങളുടെ ഉദ്ദിഷ്ട ഫലം കരഗതമാകുന്നത്. ജീവിതത്തിൽ വിജയങ്ങൾ സ്വന്തമാക്കണമെന്ന അദമ്യമായ ആഗ്രഹമാണ് പ്രധാനം. നെഗറ്റീവായ ചിന്തകളുണ്ടാകുമ്പോൾ അവയെ പിഴുതെറിയുകയും ശുഭപ്രതീക്ഷയുള്ള ചിന്തകളാൽ മനസ്സു നിറക്കുകയും വേണം. ആത്മവിശ്വാസത്തിനുണ്ടാകുന്ന കുറവ് വ്യക്തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ദോഷകരമായി ബാധിക്കും. നീന്തൽ, നടത്തം, ഓട്ടം തുടങ്ങിയവയെല്ലാം മനസ്സിന്റെ ഭാരം കുറക്കുകയും ആത്മവിശ്വാസം ഉയർത്തുകയും ചെയ്യുന്ന കാര്യങ്ങളാണ്.

10) കൗൺസലിങ് നടത്തുക

പഠനത്തിൽ പിന്നാക്കമുള്ള വിദ്യാർത്ഥികളെ നിരന്തരം വിമർശിക്കുന്നതിനു പകരം പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരത്തിന് ശ്രമിക്കുകയാണ്  വേണ്ടത്. പഠന പാഠ്യേതര വൈകാരിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള കൗൺസലിങ് നടപടികൾ വ്യാപകമാക്കുന്നത് ഈ മേഖലകളിലുള്ള വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

കടപ്പാട് :സൈനുദ്ധീൻ ഇർഫാനി മാണൂർ

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top