Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / വിദ്യാഭ്യാസം: ഗുണപ്രദമായ മാറ്റങ്ങള്‍ - ആമുഖം
പങ്കുവയ്ക്കുക

വിദ്യാഭ്യാസം: ഗുണപ്രദമായ മാറ്റങ്ങള്‍ - ആമുഖം

വിദ്യാഭ്യാസം: ഗുണപ്രദമായ മാറ്റങ്ങള്‍ - ആമുഖം

കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലര്‍ത്തുന്നുവെന്നു പറയാം. എന്നാല്‍ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ത്ഥിയില്‍ നിന്നാവശ്യപ്പെടുന്ന കഴിവുകള്‍ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കന്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കന്പ്യൂട്ടററിയാത്തവര്‍ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ വിദ്യഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല; പ്രത്യുത പുഴ പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്. കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം ഈ ചലനാത്മകതയെ അടയാളപ്പെടുത്തുന്നു എന്നത് അഭിമാനാര്‍ഹമായ സംഗതിയാണ്, മാറ്റങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാമെങ്കിലും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടിയാണ് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം കേരളത്തിന്റെ മണ്ണില്‍ വേരോടിത്തുടങ്ങുന്നത്. അതിനു മുമ്പ് സവര്‍ണര്‍ക്കിടയില്‍ പരിമിതമായ ഗുരുകുല സമ്പ്രദായത്തിലുള്ള വേദ പഠനത്തില്‍ ഒതുങ്ങുന്നതായിരുന്നു വിദ്യാഭ്യാസം. ചില രാജാക്കന്മാരുടെ മുന്‍കൈയില്‍ അങ്ങിങ്ങായി ചില എഴുത്തു പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്നു എന്നു മാത്രം. നായര്‍ വിഭാഗത്തിന് തങ്ങളുടെ കുലധര്‍മമായ യുദ്ധമുറകള്‍ അഭ്യസിക്കുന്നതിന് കളരികള്‍ സ്ഥാപിക്കപ്പെട്ടു. താഴ്ന്ന ജാതിക്കാര്‍ക്ക് അച്ഛനമ്മമാരോടൊപ്പം കുലത്തൊഴില്‍ അഭ്യസിക്കുക എന്നതു തന്നെയായിരുന്നു വിദ്യാഭ്യാസം. ഭരണ നവീകരണം ലക്ഷ്യമിട്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുമായി സഹകരിച്ച് ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. മിഷണറി സംഘങ്ങളാണ് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തിയത്. അയിത്ത ജനവിഭാഗങ്ങളുടെ ഉണര്‍വ് വിദ്യാഭ്യാസം സാര്‍വത്രികമാവുന്നതില്‍ സാരമായ പങ്കു വഹിച്ചു. ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് സ്തുത്യര്‍ഹമായ പങ്കുണ്ട്. വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം വഴി ബ്രിട്ടീഷുകാരുടെ ലക്ഷ്യം തങ്ങള്‍ക്കാവശ്യമുള്ള കണക്കപ്പിള്ളമാരെ (ഭരണ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരെ) വാര്‍ത്തെടുക്കുക എന്നതായിരുന്നെങ്കിലും അവരുദ്ദേശിക്കാത്ത ഫലങ്ങളും അതുകൊണ്ടുണ്ടായി. കോളനി വിരുദ്ധ സമരങ്ങളിലേക്ക് ഒരു കൂട്ടം ആളുകളെ തിരിച്ചുവിട്ടത് ഇംഗ്ലീഷ് വിദ്യാഭ്യാസമാണെന്ന് വിധിവൈപരീത്യമായി തോന്നാം.
സ്വാതന്ത്ര്യാനന്തരം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനു വേണ്ട ഭരണപരമായ ശ്രമങ്ങള്‍ പുരോഗമിച്ചു. മുന്‍തലമുറയെ അപേക്ഷിച്ച് പുതുതലമുറയില്‍ സ്കൂളിന്റെ പടി കാണാത്തവര്‍ അപൂര്‍വമോ അപൂര്‍വത്തില്‍ അപൂര്‍വമോ ആണ്. വിദ്യാഭ്യാസം അത്രമേല്‍ ജനകീയവും അതിജീവനത്തിന്റെ ആവശ്യോപാധിയുമായിരുന്നു. ഒരു ദശകം മുമ്പു വരെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് മതിയാക്കുന്നവര്‍ ഏറെയായിരുന്നു. പഠനം തുടരുന്നവരില്‍ തന്നെ വലിയ ഭൂരിപക്ഷം പത്താം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണതക്കായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ വ്യക്തിഗത പഠനത്തിന്റെ സ്വാഭാവികമായ അതിര്‍ത്തി ഹയര്‍സെക്കണ്ടറിയോ ബിരുദമോ എങ്കിലുമായി വികസിച്ചതായി കാണാം. ഇത് പൊതുസമൂഹത്തിന് വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തില്‍ വന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയായെടുക്കാം. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ വിദ്യാഭ്യാസപരമായി ശാക്തീകരിക്കപ്പെട്ടതാണ് സമീപകാലത്തെ വിസ്മയകരമായ മാറ്റം. പഴയ തലമുറയില്‍ ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളിലായിരുന്നു നിരക്ഷരത കൂടുതല്‍. ഇന്നാകട്ടെ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള പെണ്‍കുട്ടികള്‍ക്ക് തത്തുല്യ യോഗ്യതകളുള്ള ആണ്‍കുട്ടികളെ വരന്മാരായി കിട്ടുക താരതമ്യേനെ ദുഷ്കരമായിത്തീര്‍ന്നിരിക്കുന്നു. എല്ലാ മതജന വിഭാഗങ്ങളിലും ഈ മാറ്റം ദൃശ്യമാണ്.
ഉള്ളടക്കവും രീതിശാസ്ത്രവും മാറ്റത്തിന്റെ വഴികള്‍
വിദ്യാഭ്യാസം മുഖ്യമായും ഒരു ഭരണവര്‍ഗ സ്ഥാപനമായിരിക്കുമ്പോള്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സാംസ്കാരികവും സാമൂഹികവുമായ സാഹചര്യമൊരുക്കലും അതിനൊത്തവിധം മനുഷ്യവിഭവം പാകപ്പെടുത്തലും വിദ്യാലയ ധര്‍മമായിത്തീരുന്നു. അധീന വര്‍ഗ ആശയങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിനാണ് പാഠപുസ്തകങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊളോണിയല്‍ യുക്തികള്‍ക്കനുസൃതമായ ഉള്ളടക്കമാണ് ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ സ്കൂള്‍ കരിക്കുലത്തിനുണ്ടായിരുന്നത്. ബ്രിട്ടീഷ് വാഴ്ചയെ അത് മഹത്വവല്‍കരിച്ചു. സ്വാതന്ത്ര്യാനന്തരം പരസ്യമായ കോളനീസ്തുതികള്‍ അപ്രത്യക്ഷപ്പെട്ടുവെങ്കിലും നവ കൊളോണിയലസത്തിന്റെ സ്വാധീനത്തില്‍ നിന്നും മുക്തമാണ് നമ്മുടെ വിദ്യാഭ്യാസ രംഗം എന്നു പറഞ്ഞുകൂടാ. യൂറോ കേന്ദ്രിതമായ ജ്ഞാന വ്യവസ്ഥയില്‍ നിന്നുത്ഭവംകൊണ്ട ശാസ്ത്രമാനവിക ശാസ്ത്ര പാഠ വരികളാണ് സ്കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ നാം പിന്തുടരുന്നത്. പരിണാമവാദം ഒരു വാദം എന്നതില്‍ കവിഞ്ഞ ശാസ്ത്രീയ സത്യം എന്ന നിലയ്ക്ക് പഠിപ്പിക്കപ്പെടുന്നത് ഉദാഹരണം. വിജ്ഞാനത്തിന്റെ വിദാതാക്കള്‍ യൂറോപ്യരും വെള്ളക്കാരുമാണെന്ന അസത്യം നമ്മുടെ ചരിത്ര പാഠപുസ്തകങ്ങള്‍ ചരിത്ര സത്യം എന്ന വ്യാജേനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യാ വര്‍ധനവാണ് നാമനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങള്‍ക്കെല്ലാം മൂലഹേതു എന്ന മട്ടിലുള്ള പാഠപുസ്തക പ്രസ്താവനകള്‍ കൊളോണിയല്‍ യുക്തികളില്‍ നിന്നു നാം മോചിതരല്ല എന്നതിനുള്ള മറ്റൊരുദാഹരണമാണ്.
പാശ്ചാത്യ മാതൃകയിലുള്ള ആധുനിക വിദ്യാഭ്യാസം അഭ്യസ്തവിദ്യരെ പിറന്ന നാടിന്റെ സംസ്കാരത്തില്‍ നിന്നും അകറ്റുകയും അധ്വാനത്തോടു വിമുഖതയുള്ളവരാക്കുകയും ചെയ്തു എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മെക്കാളെ സായ്പ് ആഗ്രഹിച്ചതുപോലെ ‘ബ്രൗണ്‍ സായ്പു’മാര്‍ക്കാണ് ആധുനിക വിദ്യാഭ്യാസം ജന്മം നല്‍കിയത്. പാശ്ചാത്യ വല്‍കരിക്കപ്പെട്ട മനസ്സിന്റെ ഉടമകളാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരില്‍ ഭൂരിപക്ഷവും. ‘വൈറ്റ് കോളര്‍’ ജോലി സമ്പാദിക്കുന്നതിനുള്ള ഉപാധി മാത്രമായാണ് ആധുനിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്. മഹാത്മാഗാന്ധിജിയും സക്കീര്‍ ഹുസൈനും ഇന്ത്യയ്ക്കു വേണ്ടി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏട്ടിലെ പശുവായി ഇപ്പോഴും തുടരുന്നു. വിദ്യാര്‍ത്ഥികളെ ‘കരിയറിസ്റ്റുക’ളായി രൂപാന്തരപ്പെടുത്തുന്നതിലാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിമാനം കൊള്ളുന്നത്. ഭാഷാസാഹിത്യ പഠനവും മാനവിക വിഷയങ്ങളും വിദ്യാലയത്തിന്റെ പടിക്കു പുറത്താവുന്നതാണ് ഉപരി വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത. ആഗോള വിപണിക്കാവശ്യമായ ‘പ്രഫഷനലുകളെ’ ഉല്‍പാദിപ്പിക്കുകയാണ് നവ കൊളോണിയല്‍ കാലത്തെ വിദ്യാഭ്യാസ ധര്‍മം. വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം ചര്‍ച്ചാവിഷയമാവുമ്പോള്‍ ഇതവഗണിക്കാനാവില്ല. ഐ.ടി. വിദ്യാഭ്യാസത്തിനു നല്‍കിവരുന്ന അമിത പ്രാധാന്യം ആഗോള വിപണിക്കു വേണ്ട പണിയാളുകളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള ആവേശത്തിന്റെ പ്രകടന പത്രികയാകുന്നു. വിപണിയാണ് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തീരുമാനിക്കുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയുടെ സര്‍വതോന്‍മുഖമായ വ്യക്തിത്വ വികാസം എന്ന ഏറെ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യം പഴങ്കഥയാണെന്നര്‍ത്ഥം.
പരിമിതികളെല്ലാം ഉള്ളപ്പോഴും വിദ്യാഭ്യാസത്തിലെ ബദല്‍ ചിന്തകളെക്കൂടി കണക്കിലെടുത്ത് ചില പടംപൊഴിക്കലുകള്‍ക്ക് നമ്മുടെ ഔപചാരിക വിദ്യാഭ്യാസം മുതിര്‍ന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. ‘സ്കൂള്‍ നിരാസം’ എന്ന ഇവാന്‍ ഇല്ലിച്ചിന്റെ ആശയം കണക്കിലെടുത്ത് വാതില്‍പ്പുറ പഠനങ്ങള്‍ക്ക് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നല്‍കാന്‍ നമുക്കു സാധിച്ചു. സ്രോതസ്സുകളില്‍ നിന്നു നേരിട്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. യഥാര്‍ത്ഥ പഠനം വിദ്യാലയത്തിന്റെ അടച്ചിട്ട മുറികള്‍ക്കകത്തല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ മാറ്റം സാധ്യമായത്. പൗലോഫ്രയറുടെ ‘വിദ്യാഭ്യാസം വിമോചന’ത്തിന് എന്ന ആശയം കടമെടുത്ത് പ്രശ്നോന്നിത വിദ്യാഭ്യാസം പരീക്ഷിക്കാനും നാം ശ്രമിക്കുകയുണ്ടായി. സാമൂഹിക പ്രശ്നങ്ങള്‍ ക്ലാസ് റൂമുകളില്‍ ചര്‍ച്ചാവിഷയമാകുന്നതിനും പരിസ്ഥിതി, യുദ്ധം, സാമൂഹിക വിവേചനങ്ങള്‍ ആദിയായ പ്രശ്നങ്ങളില്‍ കുട്ടികളില്‍ പ്രതികരണ ബോധം വളര്‍ത്തുന്നതിനും ഇതുമൂലം സാധിച്ചു. എന്നാല്‍ ഭരണവര്‍ഗ താല്‍പര്യങ്ങള്‍ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമങ്ങള്‍ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയുണ്ടായി. കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രാപ്തിയുള്ളവരാക്കുക എന്ന വ്യാജ മേല്‍വിലാസമാണ് പാഠപുസ്തക ഉള്ളടക്കത്തെ ‘സമ്മിതി നിര്‍മാണ’ത്തിനുള്ള ഉപകരണമാക്കാന്‍ ശ്രമം നടക്കുന്നത്. വിചിത്രമാണ് ഈ വൈരുധ്യം.
ബോധന രീതിശാസ്ത്രത്തില്‍ സമീപ ദശകങ്ങള്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. അധ്യാപക കേന്ദ്രിത സമ്പ്രദായത്തില്‍ നിന്ന് പഠനം ഒരളവോളം വിദ്യാര്‍ത്ഥി കേന്ദ്രിതമായി മാറി. ആദ്യം പൊതുവിദ്യാലയങ്ങളിലും ഈയിടെയായി സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും ഉണ്ടായ ഈ മാറ്റം കുട്ടിക്ക് സ്വയം പഠനത്തിനുള്ള അവസരം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ നൂതന ചിന്താധാരകളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. ഈ മാറ്റങ്ങളെ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.
ഒന്ന്
കുട്ടിക്ക് ഒന്നും അറിയില്ലെന്നും ‘സര്‍വജ്ഞനായ’ അധ്യാപകന്‍ കുട്ടിയെ ‘പൊള്ള’യായ ‘തലമണ്ട’യിലേക്ക് വിവരങ്ങള്‍ കോരി ഒഴിച്ചു കൊടുക്കുകയാണെന്നുമുള്ള ‘ബിഹേവിയറിസ്റ്റ്’ കാഴ്ചപ്പാടില്‍ നിന്ന് കുട്ടിയുടെ ഉള്ളില്‍ അറിവിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അവയെ ജ്വലിപ്പിക്കാന്‍ സഹായിക്കുക മാത്രമാണ് അധ്യാപകന്റെ ധര്‍മമെന്നും സിദ്ധാന്തിക്കുന്ന ‘കണ്‍സ്ട്രക്റ്റിവിസ്റ്റ്’ ചിന്താഗതിയിലേക്കുള്ള മാറ്റം ലോകവ്യാപകമായി തന്നെ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും ഉടച്ചു വാര്‍ത്തു. കുട്ടിയുടെ ഉള്ളില്‍ നിന്നു വരുന്ന പ്രചോദനമാണ് പഠനത്തിനു സഹായിക്കുന്നത്. അല്ലാതെ നേരത്തെ സങ്കല്‍പിക്കപ്പെട്ടിരുന്നതുപോലെ, പുറത്തു നിന്നുള്ള പ്രലോഭനമോ ഭീഷണിയോ അല്ല എന്ന തിരിച്ചറിവ് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. തല്ലിയും ചൊല്ലിയുമുള്ള പഠിപ്പില്‍ നിന്ന് ചെയ്തും പരസ്പരം സഹകരിച്ചുമുള്ള പഠനം നിലവില്‍ വന്നു. കുട്ടികള്‍ സ്വയം അന്വേഷിച്ചറിഞ്ഞും കണ്ടെത്തിയും സ്വയം പരീക്ഷണങ്ങള്‍ നടത്തിയും പ്രവര്‍ത്തിച്ചും പഠിക്കുന്ന സമ്പ്രദായം നടപ്പായി. പഠനം വ്യക്തിനിഷ്ഠമായ അനുഷ്ഠാനം എന്നതില്‍ നിന്ന് സാമൂഹികമായ പ്രക്രിയയായി വളര്‍ന്നു. സംഘപഠനം എന്ന ആശയം പ്രബലപ്പെട്ടു.
രണ്ട്
കുട്ടിയും അധ്യാപകനും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വന്നു. അധ്യാപകന്‍ വിവരങ്ങള്‍ നല്‍കുന്നയാളും കുട്ടി അവ സ്വീകരിക്കുന്ന ആളും എന്നതില്‍ നിന്നു മാറി ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ആശയ വിനിമയം നടത്തി കുട്ടിയെ താനുള്ള അറിവിന്റെ പടിയില്‍ നിന്ന് അടുത്ത പടിയിലേക്ക് കയറാന്‍ സഹായിക്കുന്ന സഹായിയും മിത്രവുമായി അധ്യാപകന്‍ മാറി. കുട്ടിയും അധ്യാപകനും തമ്മിലുള്ള ‘അകലം’ കുറഞ്ഞു.
മൂന്ന്
ക്ലാസ് മുറികള്‍ മരണ വീട്ടിലെ ‘ശാന്തത’യില്‍ നിന്ന് കല്യാണ വീട്ടിലെ ‘ബഹള’മയമായ അന്തരീക്ഷത്തിലേക്ക് വഴിമാറി. ചെറിയ ക്ലാസുകളില്‍ പ്രത്യേകിച്ചും ഈ മാറ്റം ഇപ്പോള്‍ പ്രകടമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ആഘോഷമായി പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കാഴ്ചയാണ് ക്ലാസ് റൂമുകളില്‍ ഇപ്പോഴത്തെ കാഴ്ച. ഏതു നിമിഷവും ഏതു ദിക്കില്‍ നിന്നും പുറത്തോ തുടയിലോ പാറി വീണേക്കാവുന്ന ചൂരലിന്റെ ഭയപ്പെടുത്തുന്ന സാന്നിധ്യം പുതിയ ക്ലാസ് മുറികളിലില്ല. ശിക്ഷാ ഭയമല്ല അറിയുന്നതിന്റെ ആന്തരിക ആഹ്ലാദമാണ് പഠനത്തെ സഹായിക്കുന്നത് എന്ന നടേ സൂചിപ്പിച്ച കാഴ്ചപ്പാടിനാണ് ഈ മാറ്റത്തിനു നന്ദി പറയേണ്ടത്.
നാല്
ബഹുമുഖ ബുദ്ധിയെക്കുറിച്ചുള്ള അറിവ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ക്കു വഴി തുറന്നു. ഓരോ കുട്ടിയിലും പ്രമുഖമായി നില്‍ക്കുന്ന ഒന്നോ രണ്ടോ അതിലധികമോ ബുദ്ധിഘടകങ്ങളുണ്ടാവും. എല്ലാവരിലും എല്ലാ ഘടകങ്ങളും ഒരേ അളവില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലര്‍ പാട്ടു പാടുന്നതിലും പാട്ടോ കവിതയോ എഴുതുന്നതിലും പുതിയ ഈണങ്ങള്‍ കണ്ടെത്തുന്നതിലുമെല്ലാം മിടുക്കരായിരിക്കും. ചിലര്‍ക്ക് ഇഷ്ടം കണക്കും യുക്തിപരമായ കാര്യങ്ങള്‍ ചെയ്യുന്നതിലുമായിരിക്കും. മറ്റൊരു കൂട്ടം കുട്ടികള്‍ക്ക് കായികമായ അധ്വാനത്തിലും കായിക വിനോദങ്ങളിലുമൊക്കെയായിരിക്കും വാസന കൂടുതല്‍. ചിലര്‍ക്ക് പ്രസംഗകല, എഴുത്ത് എന്നിങ്ങനെ ഭാഷ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലാവും പ്രതിഭ. ഇങ്ങനെ ഒമ്പത് ബുദ്ധിമേഖലകള്‍ ഉണ്ടെന്ന് ഹൊവാര്‍ഡ് ഗാര്‍ഡ്നര്‍ എന്ന മനഃശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചു. ‘കണക്കറിയാത്തവരെല്ലാം മണ്ടന്മാരാണ്’ എന്ന കാഴ്ചപ്പാട് ശരിയല്ല എന്ന് ഇതോടെ സ്ഥാപിക്കപ്പെട്ടു. ക്ലാസ് റൂമില്‍ അധ്യാപകന്റെ ചുമതല തന്റെ മുമ്പിലിരിക്കുന്ന കുട്ടികള്‍ ഏതേത് ബുദ്ധി മേഖലയില്‍ ഉള്‍പ്പെടുന്നവരാണെന്ന് കണ്ടെത്തി ആ മേഖലകളില്‍ വളരാന്‍ ആവശ്യമായ സാഹചര്യം അവര്‍ക്കൊരുക്കിക്കൊടുക്കുകയാണ് എന്ന് വന്നു.
ഒരു പാഠഭാഗം പഠിപ്പിക്കുമ്പോള്‍ വിവിധ ബുദ്ധിമേഖലകളിലുള്ളവരെ തൃപ്തിപ്പെടുത്തുന്നവിധം ക്ലാസ് ചിട്ടപ്പെടുത്താന്‍ പുതിയ തലമുറയിലെ അധ്യാപകര്‍ ശ്രമിക്കുന്നു. ക്ലാസ്റൂം പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും മനസ്സറിഞ്ഞ് പങ്കെടുക്കാന്‍ പറ്റുന്നവിധം വൈവിധ്യമുള്ളതായിരിക്കണം എന്ന നിഷ്ക്കര്‍ഷയുള്ളവരാണ് പുതിയ അധ്യാപക സമൂഹം. മുമ്പ് ഈ സാധ്യത വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
അഞ്ച്
ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കും എന്ന തിരിച്ചറിവും വിദ്യാഭ്യാസത്തില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കി. പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണ് മനുഷ്യന്‍ അറിവു നേടുന്നത് എന്നു പ്രസിദ്ധം. എന്നാല്‍ ഓരോ മനുഷ്യനും അറിവു സമ്പാദിക്കുന്നതിന് ഏത് സംവേദനേന്ദ്രിയത്തെയാണ് ആശ്രയിക്കുന്നത് എന്നത് ആ മനുഷ്യന്റെ പഠന രീതിയെ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. കേട്ടു പഠിക്കുന്നതായിരിക്കും ചിലര്‍ക്ക് കൂടുതല്‍ പ്രിയം. മറ്റു ചിലര്‍ കണ്ടുപഠിക്കുന്നതില്‍ ഉത്സുകരാവുന്നു. കണ്ടു പഠിക്കുന്നതില്‍ താല്‍പര്യമുള്ള കുട്ടിക്ക് അതിനുള്ള അവസരം ക്ലാസില്‍ ലഭിക്കണം. സദാ ‘പറഞ്ഞു’ കൊണ്ടിരിക്കുന്ന അധ്യാപകന് കേട്ടു പഠിക്കുന്നതില്‍ താല്‍പര്യമുള്ള കുട്ടികളുടെ ആവശ്യത്തെ മാത്രമേ നിറവേറ്റിക്കൊടുക്കാനാവുകയുള്ളൂ. ചില കുട്ടികള്‍ക്ക് സദാ ഒരിടത്ത് ഇരുന്നു പഠിക്കാനാവുകയില്ല. ചലന പ്രിയരായിരിക്കും അവര്‍. സംഘ പ്രവര്‍ത്തനങ്ങളിലൂടെ അത്തരം കുട്ടികളുടെ പഠനാവശ്യത്തെ പരിഗണിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കും.
ആറ്
ചെവി കേള്‍ക്കാത്തവര്‍, മന്ദബുദ്ധികള്‍, സംസാര വൈകല്യമുള്ളവര്‍, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവരെ ‘പൊട്ടന്മാര്‍’ എന്ന് മുദ്രകുത്തി വെളിയിലേക്കു തള്ളുകയായിരുന്നു പരമ്പരാഗത വിദ്യാലയങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. സമീപ കാലത്ത് ഇതില്‍ വലിയ മാറ്റം സംഭവിച്ചു. ‘പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍’(ഇവശഹറൃലി ംശവേ ുെലരശമഹ ിലലറ)െ എന്നാണ് ഇത്തരം കുട്ടികളെ വിശേഷിപ്പിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പദം. ഓരോ കുട്ടിക്കും അവന്റെ/അവളുടെ ആവശ്യത്തിനും ഉള്‍ക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങള്‍ മിക്കവാറും സ്കൂളുകളില്‍ നടപ്പാക്കിക്കഴിഞ്ഞു. പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെ സഹായത്തിനായി നിയമിക്കുകയും ചെയ്തുവരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സമീപ ദശകങ്ങള്‍ ദര്‍ശിച്ച ഗുണകരമായ മാറ്റമാണിതെന്നതില്‍ തര്‍ക്കമുണ്ടാവില്ല.
ഏഴ്
അവസാനമായി, പരീക്ഷ (മൂല്യനിര്‍ണയം)യില്‍ വന്ന മാറ്റങ്ങളെക്കുറിച്ചു കൂടി സൂചിപ്പിക്കേണ്ടതുണ്ട്. വര്‍ഷാവസാനം ഒരെഴുത്തു പരീക്ഷയിലൂടെ കുട്ടികളുടെ എല്ലാ കഴിവുകളും അളന്നു തിട്ടപ്പെടുത്തി ‘മാര്‍ക്കിട്ടു’കളയാം എന്ന് പണ്ടേ തന്നെ ആര്‍ക്കും അഭിപ്രായമുണ്ടായിരുന്നില്ല. പക്ഷെ പ്രായോഗികമായി അതാണു നടന്നുവന്നിരുന്നത് എന്നു മാത്രം. കുട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിലയിരുത്തി, ഒരു മേഖലയിലല്ലെങ്കില്‍ മറ്റൊരു മേഖലയിലെ കഴിവു കൂടി കണക്കിലെടുത്ത് ഗ്രേഡ് നിശ്ചയിക്കുന്ന ‘സമഗ്രവും നിരന്തരവുമായ മൂല്യ നിര്‍ണയ’ രീതിയാണ് സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള സ്കൂളുകളില്‍ ഇപ്പോള്‍ പിന്തുടര്‍ന്നു വരുന്നത്. കുറ്റമറ്റതാണെന്നു പറഞ്ഞുകൂടെങ്കിലും പഴയ സമ്പ്രദായത്തെ അപേക്ഷിച്ച് ചില മേന്മകള്‍ ഈ രീതിക്കുണ്ടെന്ന് ഇതിനകം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
വിദ്യാലയങ്ങള്‍: മാറുന്ന മുഖച്ഛായ
ലോകം കീഴ്മേല്‍ മറിഞ്ഞാലും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാറ്റമൊന്നും സംഭവിക്കുകയില്ല എന്നായിരുന്നു പൊതുവെയുള്ള ധാരണ. നൂറ്റൊന്നു കൊല്ലം നിദ്രയിലാണ്ട ഒരു വാധ്യാര്‍ ഉറക്കമുണര്‍ന്നാല്‍ താന്‍ ഏതു നാട്ടുകാരനാണെന്ന് അയാള്‍ക്ക് മനസ്സിലാവണമെങ്കില്‍ അയാളെ താന്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്ത പള്ളിക്കൂടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാല്‍ മതിയാവും എന്നൊരു തമാശ പറഞ്ഞുവരാറുണ്ടായിരുന്നു. സ്കൂളുകള്‍ മാത്രമാണ് അവ നിര്‍മിക്കപ്പെട്ട അവസ്ഥയില്‍ നിന്ന് യാതൊരുവിധ മാറ്റവും കൂടാതെ നിലനില്‍ക്കുക എന്നും പ്രദേശത്തെ വീടുകളും കടകളുമെല്ലാം നിരന്തരം പുനര്‍നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നാണ് ഈ തമാശ പ്രകാശിപ്പിക്കുന്ന ആശയം. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ പഴയ സര്‍ക്കാര്‍ വിദ്യാലയങ്ങളെല്ലാം അവയുടെ സ്ഥിരമായ ദൈന്യഭാവം ഉപേക്ഷിച്ചു അന്തസാര്‍ന്ന സൗധങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നതായി കാണാം.
പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സമീപ ദശകങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക മുടക്കിയാണ് ‘സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരു കാലത്തും ഗുണം പിടിക്കുകയില്ല’ എന്ന സാമാന്യ ധാരണയെ തിരുത്തിയെഴുതിയത്. ഇന്ന് ഏറ്റവും സൗകര്യമുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളാണെന്ന് പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. കുടിവെള്ള സൗകര്യം, ടോയ്ലറ്റ് സൗകര്യം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ക്കു പുറമെ സൗജന്യ ഉച്ചഭക്ഷണവും സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ലഭ്യമാണ്.
അധ്യയന നിലവാരത്തിലും ഈ സ്കൂളുകള്‍ മുന്നിട്ടു നില്‍ക്കുന്നു എന്നത് വാസ്തവമാണ്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഈ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യത്തെയെന്നപോലെ പഠന മികവിനെയും മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. പഠന പ്രക്രിയയില്‍ പുതുവഴികള്‍ വെട്ടുന്നതില്‍ നേതൃത്വപരമായ പങ്കാണ് പൊതുവിദ്യാലയങ്ങള്‍ ഇന്നു വഹിക്കുന്നത്. ഇതും സമീപ ദശകങ്ങളില്‍ മാത്രം ദൃശ്യമായ മാറ്റമാണ്.
വര്‍ഷാവര്‍ഷം സ്കൂളുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. സ്കൂളുകള്‍ ശിശു സൗഹൃദപരം (ഇവശഹറ ളൃശലിറഹ്യ) ആയിരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ‘ഒന്നാം ക്ലാസ് ഒന്നാന്തരം’ എന്ന മുദ്രാവാക്യം പൊതു വിദ്യാലയങ്ങളെ നവാഗത ഹൃദയങ്ങളെ ആകര്‍ഷിക്കുംവിധം അണിയിച്ചൊരുക്കുന്നതിനുള്ള ആഹ്വാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ഈ ലക്ഷ്യം ഒരു പരിധിവരെ നിറവേറ്റുകയുണ്ടായി. ഇന്ന് പണ്ടേപ്പോലെ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി അകറ്റുന്നില്ല.
രക്ഷാകര്‍ത്താക്കളുടെ പങ്കാളിത്തം
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും മനോഭാവ നിര്‍മിതിയിലും രക്ഷാകര്‍ത്താക്കള്‍ക്കുള്ള പങ്ക് സുവിദിതമാണ്. എന്നിരുന്നാലും ഔപചാരിക വിദ്യാഭ്യാസത്തില്‍ തങ്ങളുടെ പങ്ക് തുലോം പരിമിതമാണെന്ന ധാരണയാണ് സമീപകാലം വരെ സാധാരണക്കാരായ രക്ഷിതാക്കള്‍ക്കു പൊതുവെ ഉണ്ടായിരുന്നത്. അധ്യാപകരക്ഷാ കര്‍തൃ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്ന രക്ഷിതാക്കളുടെ എണ്ണം അടുത്ത കാലം വരെ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് പ്രതിമാസ ക്ലാസ് പി.ടി.എ കളില്‍ വരെ സ്ഥിരമായി പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകിച്ചും അമ്മമാര്‍ ഉത്സാഹം കാണിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ നിദര്‍ശനമാണിത്.
പുതിയ കരിക്കുലവും സിലബസും പഠന പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന പ്രക്രിയയില്‍ രക്ഷിതാക്കളുടെ പങ്ക് ഊന്നിപ്പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് ജീവിതാനുഭവങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ പാഠപുസ്തകങ്ങള്‍ പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല ഇത്. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ കൃത്യമായി ഇടപെടേണ്ടതുണ്ട് എന്ന തിരിച്ചറിവും ഇതിനു പ്രേരകമാണ്. ഇപ്പോഴത്തെ രക്ഷിതാക്കള്‍ അഭ്യസ്ത വിദ്യരാണ്. തങ്ങളുടെ കുട്ടികളെ ജീവിതത്തിന്റെ മത്സരയോട്ടത്തില്‍ മുന്നിലെത്തിക്കേണ്ടതുണ്ട് എന്ന് ഓരോ രക്ഷിതാവും മനസ്സിലാക്കുന്നു. കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും വിദ്യാലയങ്ങളില്‍ നിന്ന് അവര്‍ക്കര്‍ഹമായത് ലഭിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തല്‍ തങ്ങളുടെ ബാധ്യതയാണെന്ന് രക്ഷിതാക്കള്‍ക്കറിയാം. അതിനാല്‍ അവരുടെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഇടപെടലുകള്‍ ഇന്നുണ്ടാവുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള ജാഗ്രത അധികമായി ആവശ്യപ്പെടുന്നുണ്ട് എന്നുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളും മൊബൈല്‍, നെറ്റ് തുടങ്ങിയ പുത്തന്‍ ആശയ വിനിമയോപാധികളും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തിക്തഫലങ്ങള്‍ ദിനേനെ നാം അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടുപോവുന്ന ഗൂഢ സംഘങ്ങള്‍ സജീവമാണ്. രക്ഷിതാക്കളുടെ നിരന്തരം ജാഗ്രത ആവശ്യമാക്കുന്ന സാമൂഹിക സാഹചര്യമാണിത്.
കുട്ടികളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യനിഷ്ഠമല്ലാത്ത അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന നല്ലൊരു ശതമാനം രക്ഷിതാക്കളുണ്ട്. അവര്‍ തങ്ങള്‍ക്ക് നേടാന്‍ സാധിക്കാതെ പോയത് തങ്ങളുടെ മക്കളിലൂടെ നേടണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള തത്രപ്പാടില്‍ കുട്ടികളുടെ മനോവികാസത്തെ തടസ്സപ്പെടുത്തുന്ന അമിതാവേശ പ്രവൃത്തികളില്‍ അഭയം തേടുകയും ചെയ്യുന്നു. കുട്ടികളുടെ പ്രകൃതത്തെസ്സംബന്ധിച്ചോ കഴിവുകളെസ്സംബന്ധിച്ചോ ശരിയായ ധാരണയില്ലാത്തവരാണ് കുട്ടികളെ ഡോക്ടറോ എഞ്ചിനീയറോ ആക്കിയേ അടങ്ങൂ എന്ന വാശിയില്‍ കുട്ടികളെ നശിപ്പിക്കുന്നത്. കുട്ടിയുടെ അഭിരുചി കണക്കിലെടുക്കാതെയുള്ള ‘വിദ്യാഭ്യാസ പീഡനം’ വിപരീത ഫലമേ ഉളവാക്കൂ എന്ന് രക്ഷിതാക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പതുക്കെയാണെങ്കിലും ആളുകള്‍ ഇതു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്.
നാളേക്കുള്ള കരുതലും നിക്ഷേപവും മൂലധനവുമായി വിദ്യാഭ്യാസത്തെ അധിക രക്ഷിതാക്കളും മനസ്സിലാക്കുന്നുണ്ടെങ്കിലും തൊഴില്‍ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിക്കൊണ്ടാണ് പലരും തങ്ങളുടെ ധാരണകളെ കരുപ്പിടിപ്പിക്കുന്നത് എന്നത് വലിയൊരു പരിമിതിയായി ശേഷിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വിമോചന മൂല്യം വേണ്ടത്ര മനസ്സിലാക്കപ്പെടുന്നില്ല എന്നതാണ് നേര്. ‘അറിവ് എന്ന തിരിച്ചറിവില്‍ നിന്നാവണം വിദ്യാഭ്യാസത്തിന്റെ മൂല്യം രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളാന്‍. അറിവു നേടുന്നതിലൂടെ തന്റെ കുട്ടി അധികാരത്തില്‍ പങ്കാളിയാകുകയാണ് എന്ന പ്രാധാന്യം രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയെ അന്ധകാരങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനുതകുന്നതാകണം വിദ്യ. പഠിക്കാന്‍ മാത്രമല്ല ചിന്തിക്കാന്‍ കൂടിയാണ് വിദ്യാലയത്തില്‍ പോവുന്നതെന്ന് വിദ്യാര്‍ത്ഥിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്കു സാധിക്കണം. തന്റെ കാലത്തെ അറിയാന്‍, തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാന്‍, ഈ മണ്ണിനെയും അതിലെ മനുഷ്യരെയും നന്മയിലേക്കു നയിക്കാന്‍ തങ്ങളുടെ മക്കള്‍ വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലേക്കു കൂടി രക്ഷിതാക്കള്‍ വരുംനാളുകളില്‍ ഉയരും എന്നു നമുക്ക് പ്രത്യാശിക്കാം.

കടപ്പാട് : എ.കെ. അബ്ദുല്‍ മജീദ്

1.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top