Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / വായിച്ചാലേ വളരൂ
പങ്കുവയ്ക്കുക

വായിച്ചാലേ വളരൂ

വായിച്ചാലേ വളരൂ

എട്ടാം ക്ലാസിൽ പുതിയ അധ്യാപകൻ വന്നപ്പോൾ കുട്ടികളുടെ വിവരം ഒന്നു പരിശോധിക്കാമെന്ന് വച്ചു. ഒരു സിമ്പിൾ ചോദ്യമെയ്തു; ‘ആരാണ് നമ്മുടെ രാജ്യത്തിന്റെ പ്രസിഡണ്ട്?’ ഒരു കുട്ടിക്കും ഉത്തരമില്ല. എങ്ങനെ ഈ കുട്ടികളെ പഠിപ്പിക്കും എന്ന് ചിന്തിക്കുമ്പോഴാണ് ഒരു കുട്ടൻ ഉത്തരവുമായി എണീറ്റത്: ‘ഞാൻ പറയാം സാർ’. ഹാവൂ സമാധാനമായി. വിവരമുള്ളവൻ ഒരുത്തനെങ്കിലുമുണ്ടല്ലോ. അവൻ പറഞ്ഞു: ‘വേലായുധേട്ടൻ’. അന്ധാളിച്ചു നിൽക്കുമ്പോൾ അവൻ വീണ്ടും: ‘എന്റെ അയലത്തെ വേലായുധേട്ടനാണ് പ്രസിഡണ്ട്. ഉറപ്പായിട്ടും ആണ് സാർ.’ ശരിയാണ്; സ്‌കൂളിലെ പി.ടി.എ പ്രസിഡണ്ട് വേലായുധേട്ടൻ തന്നെയാണ്. കുട്ടിക്ക് അത്രേ അറിയൂ. ഇന്ത്യാ മഹാരാജ്യത്തിന് ഒരു പ്രസിഡണ്ടും പ്രധാന മന്ത്രിയുമുണ്ടെന്ന കാര്യം അറിഞ്ഞിട്ടെന്താ ഞങ്ങൾക്ക് കാര്യം എന്ന് കുട്ടികൾ ചോദിക്കാതിരുന്നത് ഭാഗ്യം.

ഇന്നത്തെ തലമുറയുടെ മൊത്തം സ്ഥിതിയാണിത്.  വാട്ട്‌സപ്പ് വിവരമല്ലാതെ മറ്റൊന്നും പഠിക്കാൻ നേരമില്ല. പുസ്തകങ്ങൾ ഇന്ന് ഇന്റർനെറ്റിലും ലഭ്യമാണ്. എന്നാലും അത് വായിച്ച് സമയം വെയ്‌സ്റ്റാക്കുന്നതെന്തിനെന്നാ ഇവരുടെ ചോദ്യം. മൊബൈൽ വന്നതിനു ശേഷം ഓർമ ശക്തി തന്നെ കുറഞ്ഞുപോയി.  ഒരു നമ്പറും കാണാതെ അറിയുന്നില്ല. ഒന്നും കാണാതെ പഠിക്കേണ്ട കാര്യമില്ലാതായി. ഒരു മനക്കണക്കും അറിയണ്ട. കൂട്ടാനും കിഴിക്കാനും മൊബൈൽ റെഡിയാണ്. മുമ്പു കാലത്ത് ഒന്ന് കൂട്ടാനും കിഴിക്കാനും കൈയിലേയും കാലിലേയും വിരലുകൾ തികയില്ലായിരുന്നു. ഇന്ന് മൊബൈലുണ്ടെങ്കിൽ ഒറ്റ വിരല് കൊണ്ട് മല മറിക്കാം.  മൊബൈലില്ലെങ്കിൽ ഇന്ന് ലൈഫുണ്ടോ?

ചൊല്ലാനുള്ളതൊക്കെ ഇപ്പോൾ മൊബൈലിലാക്കി വച്ചിരിക്കയാണ്. കാണാതെ പഠിക്കാതെ കാര്യം നേടാനാണ് തിടുക്കം. പരീക്ഷക്ക് വരെ എല്ലാം മൊബൈലിൽ പകർത്തിപ്പോവുകയാണ്. ഇപ്പോൾ ഒരു ഇലക്‌ട്രോണിക് വാച്ചുണ്ടത്രേ. അത് കണ്ടാൽ വാച്ചാണ്. വാച്ചിൽ ഒന്ന് സ്പർശിച്ചാൽ അത് മെബൈൽ പോലെയാണ്. ഒരായിരം ഉത്തരങ്ങൾ അതിൽ ഫീഡ് ചെയ്ത് വച്ചിരിക്കും. മെെൈബൽ വാങ്ങി വച്ചാലും നമ്മുടെ കുട്ടികൾ ഇതുപയോഗിച്ച്  കോപ്പിയടിക്കും. അവരെ പറഞ്ഞിട്ടെന്താ,. പഠിച്ചതൊന്നും തലയിൽ കേറുന്നില്ല.

പഠിക്കാത്ത മതക്കാരും രാഷ്ട്രീയക്കാരും വെയ്‌സ്റ്റായി മാറുന്നതും വികാര ജീവികളായിത്തീരുന്നതും ഇതു കൊണ്ടാണ്. ഇത്തരക്കാർക്ക് മതമറിയില്ല. രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയവും.  പഠിച്ചാലേ  വിവേകം വരൂ. വിവേകമുണ്ടെങ്കിൽ പഠിക്കാത്തതും നമുക്ക് അറിയാനാവും. പഠിപ്പും പരിചയവും വേണം.  പാചക പുസ്തകം മുന്നിൽ വച്ച് പെട്ടെന്നൊരു പലഹാരമുണ്ടാക്കണമെന്ന് വച്ചാൽ സംഗതി നടക്കില്ല. മുമ്പേ പരിചയം വേണം. പാചക പരിചയമുള്ളവർക്ക്  എന്തുണ്ടാക്കാനും ഇഷ്ടമായിരിക്കും. അങ്ങനെയുള്ളവർക്ക് വിരുന്നുകാർ വന്ന് കിട്ടാൻ കൊതിയായിരിക്കും. അവരുടെ പാചക മേൻമ നാലാളെ അറിയിക്കുകയും ചെയ്യാം. പാചക പരിചയമില്ലെങ്കിലോ വിരുന്നുകാർ വരാതിരിക്കട്ടേ എന്ന് തേടും. പഠിപ്പും പരിചയവുമില്ലാത്തവരെ വീട്ടിൽ കേറ്റാൻ കൊള്ളില്ലാ എന്ന് കാരണവൻമാർ പറയുന്നത് ഇതുകൊണ്ടാണ്.

സാമാന്യ വിവരം എല്ലാവർക്കും വേണം. പത്രങ്ങൾ വായിക്കണം. പത്രം വായിക്കുമ്പോൾ വിരവമുണ്ടാക്കണമെന്ന് വച്ച് വായിക്കണം.  ചീഞ്ഞുനാറുന്ന റിപ്പോർട്ടുകളും കഥകളും വായിച്ച് സമയം വെയ്‌സ്റ്റാക്കരുത്. വലിയ അഴിമതിക്കഥകൾ വായിച്ച് വെറുതെ ഞെട്ടി സമയം കളയണ്ട. നാളെ അഴിമതിക്കാരനെ വെറുതെ വിട്ടെന്ന് കേൾക്കാം. ഞെട്ടിയതൊക്കെ വെറുതെയാവും.

ലോകത്തെ സംഭവ വികാസങ്ങളും മാറ്റങ്ങളും നമുക്കിഷ്ടമില്ലെങ്കിലും വായിച്ചറിയണം. കേരളത്തിൽ ഇന്ദിരാ ഗാന്ധി വന്ന കാലത്ത് ഒരു എം. എൽ.എ സ്വാഗത പ്രസംഗത്തിൽ ഇന്ദിരയെ വാഴ്ത്തിയതിങ്ങനെ:  ‘മഹാനായ ഗാന്ധിയുടെ മഹതിയായ പുത്രി.’ ഇന്ദിരാ ഗാന്ധിക്ക് മലയാളം അറിയാത്തത് കൊണ്ട്  രക്ഷപ്പെട്ടു. പക്ഷേ എം.എൽ.എയുടെ വിവരം നാട്ടുകാരറിഞ്ഞു.

‘വിദ്യ കൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്ന് നടിക്കുന്നൂ ചിലർ’ എന്ന് പൂന്താനം പാടിയല്ലോ? വിവരം സ്വയം ഉണ്ടാക്കണം. മറ്റുള്ളവർക്ക് വിവരം നൽകാൻ യത്‌നിക്കുകയും വേണം. സമ്പാദ്യത്തിലൊരു പങ്ക് സമൂഹത്തിന്റെ വിദ്യാ വികസനത്തിനായി മാറ്റി വച്ചോളൂ.

കടപ്പാട് :എ.കെ. അബ്ദുല്‍ മജീദ്

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top