Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / ലക്ഷ്യമുണ്ടെങ്കിൽ വിജയമുണ്ട്
പങ്കുവയ്ക്കുക

ലക്ഷ്യമുണ്ടെങ്കിൽ വിജയമുണ്ട്

ലക്ഷ്യമുണ്ടെങ്കിൽ വിജയമുണ്ട്

ചേരി തുറക്കലിലെ ‘സൈനാസിൽ’ ഇപ്പോഴും ബഹളമയം. മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ ഒന്നാം റാങ്ക് ഇത്തവണ പടികയറി വന്നത് ഈ വീട്ടിലേക്കാണ്. ആഹ്ലാദ നിറവിലാണ് റാങ്കുകാരിപി. ഹിബ.

എസ്.എസ്.എൽ.സി. പരീക്ഷയുടെ വിജയഭേരിക്കു പിന്നാലെ എത്തിയ പ്ലസ്ടു പരീക്ഷാഫലവും മലപ്പുറത്തിന് പൊൻതിളക്കമാണ് ചാർത്തിയത്. തൊട്ടുപിറകെ എത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയിലും ജില്ലയുടെ വിജയത്തിന് പത്തരമാറ്റാണ്. ആദ്യ പത്തു റാങ്കുകാരിൽ മൂന്നുപേരും മലപ്പുറത്തു നിന്നുള്ളവരാണ്. എസ്.സി. വിഭാഗത്തിൽ ഒന്നാം റാങ്കും ജില്ലയിലെ പള്ളിക്കൽ ചൈത്രം വീട്ടിൽ നിർമൽ കൃഷ്ണനാണ് സ്വന്തമാക്കിയത്. ആദ്യത്തെ നൂറ് റാങ്കുകാരിൽ കൂടുതലും ജില്ലയിൽ നിന്നുതന്നെ. 15 പേർ. ആദ്യത്തെ ആയിരം റാങ്കുകാരിലും മലപ്പുറത്തിനുതന്നെ മിടുക്ക്. 154 പേരാണ് ഈ പട്ടികയിൽ ഇടംനേടിയ മലപ്പുറം ജില്ലക്കാർ.

106873 വിദ്യാർത്ഥികൾ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയപ്പോൾ അതിൽ ഒന്നാമതെത്തിയത് മഞ്ചേരി തുറക്കലിലെ പരേതനായ ഹൈദർമാൻ കുട്ടിയുടെയും സൈനബയുടെയും രണ്ടാമത്തെ മകൾ ഹിബയാണ്. റാങ്കിന്റെ തിളക്കത്തിലും അതിലേക്കുള്ള നാൾവഴികളെക്കുറിച്ചും പുതിയ പ്രതീക്ഷകളെക്കുറിച്ചും ഹിബ പൂങ്കാവനത്തോട് സംസാരിക്കുന്നു.

ചോദ്യം: അഭിമാനകരമായ അംഗീകാരം നേടിയതിന് ആദ്യമേ അഭിനന്ദനങ്ങൾ. ഈ ബഹുമതി സ്വന്തമാക്കുന്നതിന് സ്വീകരിച്ച വഴികളും പഠന രീതികളും ഒന്നു വ്യക്തമാക്കാമോ?

ഉത്തരം: ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ്. മറ്റുള്ളവർക്കില്ലാത്ത പ്രത്യേകതകളൊന്നും എനിക്കില്ല. ഇടത്തരം വീട്ടിൽ ജനിച്ചു. മോശമില്ലാതെ പഠിച്ചു. താഴ്ന്ന ക്ലാസുകളിൽ നിന്നേ നന്നായി പഠിച്ചിരുന്നു. ഒരു ലക്ഷ്യം അന്നേ ഉണ്ടായിരുന്നു. അതെത്തിപ്പിടിക്കാൻ പരിശ്രമിച്ചു. പത്താം ക്ലാസ് കഴിയുമ്പോൾ തന്നെ അങ്ങനെ ഒരു ലക്ഷ്യബോധമുണ്ടെങ്കിൽ മെഡിക്കൽ പ്രവേശന പരീക്ഷ ഒരു ബാലികേറാമലയൊന്നുമല്ല. പഠനത്തിന് കൃത്യമായ ചിട്ടയും ക്രമവും ഉണ്ടെങ്കിൽ ആർക്കും സാധിക്കാവുന്നതേയുള്ളൂ അത്. അങ്ങനെയാണ് എനിക്കും അതിന് സാധിച്ചത്.

ചോദ്യം: അങ്ങനെ പറയുമ്പോഴും പഠനത്തിന് തിരഞ്ഞെടുക്കുന്ന സമയം. എത്ര സമയം പഠിക്കും? സെമസ്റ്റർ തിരിച്ചുള്ള പ്ലാൻ ഇവയൊക്കെ വ്യക്തമാക്കാമോ?

ഉത്തരം: വ്യക്തമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു രീതിയിലായിരുന്നു എന്റെ പഠനം. ടെൻഷനില്ലാതെ പഠനത്തെ സമീപിക്കുക. ടെൻഷനില്ലാതെ പരീക്ഷയെ സമീപിക്കുക. അങ്ങനെയെങ്കിൽ ഈസിയായി വിജയിക്കാം. പരിശ്രമം മാത്രം മതി. അതിരാവിലെ എഴുന്നേറ്റ് പഠിക്കാനിരിക്കുന്നതല്ല എന്റെ രീതി. രാത്രിയിലാണ് പഠനം. ഉറക്കം വരുംവരെ വായിക്കും. 12 മണിവരെയെങ്കിലും ഇതു തുടരും. മറ്റു സമയങ്ങളിൽ അപ്പോഴത്തെ മാനസികാവസ്ഥ പോലെയും വായിക്കും. അതോടൊപ്പം മറ്റു കാര്യങ്ങൾക്കും സമയം കണ്ടെത്തും. എന്തൊക്കെയായാലും ഊണിലും ഉറക്കിലും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തന്നെയായിരുന്നു ഞാനെപ്പോഴും.

പഠനസമയത്തെക്കുറിച്ച് പലർക്കും പല കൺസെപ്റ്റാണ്. ചിലർ കാലത്തെഴുന്നേറ്റ് പഠിക്കുന്നു. വേറെ ചിലർ പകലിൽ ഇതിനായി തിരഞ്ഞെടുക്കുന്നു. അതിരാവിലെ പഠിക്കാനിരിക്കുന്നവർക്ക് നല്ലൊരു ഉറക്കം കഴിഞ്ഞ് മനസ്സ് വളരെ പ്രസന്നമായിരിക്കുന്നതിനാൽ ഏകാഗ്രത കൂടുമെന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ എന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്.

ചോദ്യം: വീട്ടുകാരുടെ ഇടപെടൽ. സമ്മർദ്ദത്തിലാകുന്ന രക്ഷിതാക്കൾ. റാങ്കും എപ്ലസുകളും നേടാനായി അവർ ഏതെങ്കിലും തരത്തിൽ വിഷമിപ്പിച്ചിരുന്നോ?

ഉത്തരം: ഉപ്പയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ ഡോക്ടറാക്കുക എന്നത്. എന്നാൽ, അത് കാണാൻ ഉപ്പക്ക് ഭാഗ്യമുണ്ടായില്ല. മുന്നു വർഷം മുമ്പാണ് ഉപ്പ ഞങ്ങളെ വിട്ടുപോയത്. എനിക്ക് എൻജിനീയറിംഗിനോടായിരുന്നു താൽപര്യം. പക്ഷെ ഉപ്പയുടെ സ്വപ്നത്തിന് പിന്നീട് പ്രാധാന്യം നൽകി. എന്നാൽ ഒരിക്കൽപോലും ഉപ്പയോ ഉമ്മയോ സഹോദരിയോ പഠനത്തിന്റെ പേരിൽ വഴക്കുപറഞ്ഞിട്ടില്ല. പറയാറുമില്ല. ഏതു നേരവും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞ് ആരും സമ്മർദ്ദത്തിലാക്കാറുമില്ല. എന്റെ ലക്ഷ്യത്തിലേക്ക് ഞാനെത്തിച്ചേരുമെന്ന് അവർക്കറിയാമായിരുന്നു. കഴിഞ്ഞ വർഷം എൻജിനീയറിംഗ് പരീക്ഷയും എഴുതിയിരുന്നു. 429-ാം റാങ്ക് നേടി. എന്നാൽ അതിൽ തൃപ്തി പോരാഞ്ഞപ്പോൾ മെഡിക്കൽ എൻട്രൻസിന് പഠനം തുടങ്ങി. കഴിഞ്ഞ വർഷം ഏറെ പിന്നിലായിരുന്നു. അതുകൊണ്ടാണ് രണ്ടാമതും എഴുതിയത്.

ചോദ്യം: വീട്ടുകാരെക്കുറിച്ച്, ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നതിനെക്കുറിച്ച്?

ഉത്തരം: ഉപ്പ 2012-ലാണ് കാൻസർ ബാധിച്ച് മരിച്ചത്. അതോടെ ഞങ്ങൾ തളർന്നുപോയി. എങ്കിലും അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാൽകരിക്കാൻ ഞങ്ങൾക്ക് ജീവിച്ചല്ലേ പറ്റൂ. മഞ്ചേരിയിലെ ഒരു സ്ഥാപനത്തിൽ ഉമ്മക്ക് ജോലി ഉണ്ടായിരുന്നു. കമ്പനി പൂട്ടിയതോടെ അതും നഷ്ടമായി. ഉമ്മ ഏറെ കഷ്ടപ്പെട്ടു. ബന്ധുക്കളുടെ സഹായമുണ്ടായത് എന്നും തുണയായി.

അർബുദം ബാധിച്ച് ഉപ്പ തളർന്നു കിടന്നതോടെയാണ് ആതുര സേവനമാണ് എന്റെ വഴിയെന്ന് തീർച്ചപ്പെടുത്തിയത്.  പിന്നെ അതിനുള്ള കഠിന ശ്രമം ആരംഭിച്ചു. മഞ്ചേരി എൻ.എസ്.എസ്. ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടാനായി. മഞ്ചേരി ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് പ്ലസ്ടുവിനും എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. അതിനുശേഷം മെഡിക്കൽ എൻട്രൻസ് പരീക്ഷക്കുള്ള കഠിന പ്രയത്‌നവും ആരംഭിച്ചു.

ഏക സഹോദരി ആദില ബി.ബി.എ. പഠനം പൂർത്തിയാക്കി. ഏക സഹോദരൻ മഞ്ചേരി ഗവ: ബോയ്ഡ് ഹയർസെക്കണ്ടറി സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു.

ചോദ്യം: റാങ്ക് പ്രതീക്ഷിച്ചിരുന്നോ?

ഉത്തരം: കഴിഞ്ഞ തവണത്തെ പരീക്ഷയിലെ കാര്യം പറഞ്ഞുവല്ലോ. അതുകൊണ്ട് ഇത്തവണ മികച്ച വിജയമായിരുന്നു ലക്ഷ്യം. മെഡിസിന് 3121-ാം റാങ്കായിരുന്നു കഴിഞ്ഞ തവണ. അവിടെനിന്നാണ് ഒന്നാമതെത്തിയത്. ഒരിക്കലും പ്രതീക്ഷിച്ചതല്ല. പരീക്ഷ കഴിഞ്ഞ് ഉത്തരങ്ങൾ ഒത്തുനോക്കിയിരുന്നു. ബയോളജിയിൽ ഒരു ചോദ്യവും തെറ്റിയിട്ടില്ലെന്ന് ഉറപ്പായി. രസതന്ത്രത്തിലും ഭൗതിക ശാസ്ത്രത്തിലും ഓരോ ഉത്തരങ്ങൾ തെറ്റിയിരുന്നു. എന്നാൽ ഈ ചോദ്യാവലിയിൽ നിന്ന് ഒരു ചോദ്യം ഒഴിവാക്കിയതായി പിന്നീട് പ്രഖ്യാപനമുണ്ടായി. എനിക്ക് തെറ്റിയ ഉത്തരമാണ് ഒഴിവാക്കിയതെന്നും മനസ്സിലായി. എന്തായാലും (950/960) മാർക്കു വരെ ലഭിക്കാം എന്നും കണക്കുകൂട്ടിയിരുന്നു. അതാണ് ഫലം വന്നപ്പോൾ 954.7826  എന്ന സ്‌ക്വാറിൽ ഒന്നാം റാങ്കായത്. രണ്ടാം റാങ്കു നേടിയ കുട്ടിക്ക് എന്നേക്കാൾ പത്ത് മാർക്കിന്റെ കുറവുണ്ട്.

ചോദ്യം: എവിടെ തുടർന്ന് പഠിക്കാനാണ് ആഗ്രഹിക്കുന്നത്?

ഉത്തരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഓൾ ഇന്ത്യാ പ്രവേശന പരീക്ഷയുടെ ഫലംകൂടി അറിയട്ടെ. അതിനുശേഷം തീരുമാനമെടുക്കും.

*****

അധ്വാനത്തിന്റെ ഫലം മധുരിക്കണമെങ്കിൽ വിത്തും വേരും കായ്ക്കുന്നത് തന്നെയാകണം. വിജയത്തിന് കുറുക്കുവഴികളില്ല. പരിശ്രമം മാത്രം. കൃത്യമായ ലക്ഷ്യവും വ്യക്തമായ ഉന്നവും ഉണ്ടെങ്കിൽ ആർക്കും കയ്യെത്തിപ്പിടിക്കാവുന്നതു തന്നെയാണ് ഉയർച്ചയുടെ ഓരോ പടവുകളും. ഹിബയുടെ വിജയം തരുന്ന സന്ദേശം അതുതന്നെയാണ്. പാഠമാകട്ടെ ഈ പത്തരമാറ്റ് വിജയം മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും.

കടപ്പാട് :ഫാതിഹ ബിഷർ

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top