অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ലിക്വിഡ് മിറര്‍ ടെലിസ്കോപ്പ്

.

ദ്രാവക ലെന്‍സുള്ള ടെലസ്കോപ്പ്


ഇനി ഇന്ത്യക്കും സ്വന്തമായി ലിക്വിഡ് മിറര്‍ ടെലസ്കോപ്പ്. ഉത്തരാഞ്ചലിലെ ദേവസ്ഥലില്‍ അടുത്തവര്‍ഷം സ്ഥാപിക്കുന്ന ദ്രാവക ലെന്‍സുള്ള ടെലസ്കോപ്പ് സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ദൂരദര്‍ശിനിയാണ്. ഇന്റര്‍നാഷണല്‍ ലിക്വിഡ് മിറര്‍ ടെലസ്കോപ്പ്(ILMT) എന്ന ദൂരദര്‍ശിനിയിലെ മിറര്‍ മറ്റു പ്രതിഫലന ദൂരദര്‍ശിനികളുടേതുപോലെ ഖരപദാര്‍ഥമല്ല. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സംഭരണിയില്‍ നിറച്ച ദ്രാവക ലോഹമായ മെര്‍ക്കുറിയാണ് ഇവിടെ ദര്‍പ്പണത്തിന്റെ ധര്‍മം നിര്‍വഹിക്കുന്നത്.
ഉയര്‍ന്ന പ്രതിഫലനശേഷിയുള്ള ദ്രാവകമാണ് മെര്‍ക്കുറി. കറങ്ങുന്ന സംഭരണിയിലുള്ള ദ്രാവകത്തിന്റെ ഉപരിതലം ഒരു പരാബൊളയുടെ ആകൃതി സ്വീകരിക്കുകയും മെര്‍ക്കുറിയുടെ പ്രതിഫലനശേഷി കാരണം ദര്‍പ്പണത്തിന്റെ ജോലി ചെയ്യുകയുമാണ് ലിക്വിഡ് മിറര്‍ ടെലസ്കോപ്പില്‍ സംഭവിക്കുന്നത്. മറ്റ് പ്രതിഫലന ദൂരദര്‍ശിനികളെ അപേക്ഷിച്ച് നിര്‍മാണച്ചെലവ് വളരെ കുറവാണ് ലിക്വിഡ് മിറര്‍ ടെലസ്കോപ്പിന്.
എന്നാല്‍ സാധാരണ ദര്‍പ്പണം ഉപയോഗിക്കുന്ന ദൂരദര്‍ശിനികളെപ്പോലെ വളയ്ക്കാനും തിരിക്കാനുമൊന്നും കഴിയില്ലെന്ന പരിമിതിയും ഈ ടെലസ്കോപ്പിനുണ്ട്. ആകാശത്തിന്റെ ലംബവീക്ഷണം മാത്രമേ ഇപ്പോഴുള്ള സാങ്കേതികവിദ്യയില്‍ ലിക്വിഡ് മിറര്‍ ടെലസ്കോപ്പ് ഉപയോഗിച്ച് സാധ്യമാവുകയുള്ളൂ. 
ടൈം ഡിലേയ്ഡ് ഇന്റഗ്രേഷന്‍ TDI എന്ന സങ്കേതം ഉപയോഗിച്ചാണ് ഇത്തരം ദൂരദര്‍ശിനികളില്‍ വാനനിരീക്ഷണം നടത്തുന്നത്. ദേവസ്ഥലില്‍ സ്ഥാപിക്കുന്ന ദൂരദര്‍ശിനി അഞ്ചുവര്‍ഷമാണ് വാനനിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് പിക്സലുകളായി സിഡിയില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ അപഗ്രഥിച്ചാണ് ഐഎല്‍എംടി പ്രപഞ്ചദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നത്.
ബല്‍ജിയം യൂണിവേഴ്സിറ്റിയും ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സര്‍വേഷണല്‍ സയന്‍സസും തമ്മിലുള്ള ധാരണ പ്രകാരമാണ് ഐഎല്‍എംടി നിര്‍മിക്കുന്നത്.  നാലു മീറ്റര്‍ വിസ്താരമുള്ള ഡിഷാണ് ദേവസ്ഥലില്‍ സ്ഥാപിക്കുന്ന ദൂരദര്‍ശിനിയുടേത്. ഇത്തരത്തിലുള്ള വലിയ ദൂരദര്‍ശിനി കനഡയിലെ വാന്‍കൂവറില്‍ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ സ്ഥാപിച്ച ആറു മീറ്റര്‍ വ്യാസമുള്ള ലിക്വിഡ് മിറര്‍ ടെലസ്കോപ്പാണ്. ഇത്രയും വലുപ്പമുള്ള ഒരു സ്ഫടികദര്‍പ്പണമുള്ള ദൂരദര്‍ശിനിയുടെ നിര്‍മാണച്ചെലവിന്റെ നൂറിലൊന്നു മാത്രമേ ലിക്വിഡ് മിറര്‍ ടെലസ്കോപ്പിനുണ്ടാകൂ.ലിക്വിഡ് മിറര്‍ ദൂരദര്‍ശിനിയുടെ പരിപാലനവും താരതമ്യേന എളുപ്പമാണ്. ദേവസ്ഥലിലെ ലിക്വിഡ് മിറര്‍ ടെലസ്കോപ്പിന്റെ നിര്‍മാണച്ചെലവ് ഒന്നരക്കോടി രൂപയാണ്. ഇതേ വലുപ്പമുള്ള സാധാരണ പ്രതിഫലന ദൂരദര്‍ശിനിയാണ് നിര്‍മിക്കുന്നതെങ്കില്‍ ചെലവ് 150 കോടിക്ക് മുകളിലാകും.
ഒരു ദൂരദര്‍ശിനിയുടെ മുഖ്യദര്‍പ്പണമാണ് ഖഗോള വസ്തുക്കളില്‍നിന്നുള്ള പ്രകാശം പിടിച്ചെടുക്കുന്നത്. മുഖ്യദര്‍പ്പണത്തിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് പ്രകാശം പിടിച്ചെടുക്കുന്നതിനുള്ള  കഴിവും വര്‍ധിക്കും. എന്നാല്‍ ഇത്തരം വലിയ ദര്‍പ്പണങ്ങള്‍ ഉണ്ടാക്കുന്നത് വളരെ ചെലവുള്ള സംഗതിയാണ്. കൂടാതെ അവയുടെ ഉപരിതലം ഉരച്ച് പരാബൊള (അനുവൃത്തം)രൂപത്തിലാക്കുന്നതും പോളിഷ് ചെയ്യുന്നതും ചെലവ് പിന്നെയും വര്‍ധിപ്പിക്കും. പരാബൊള ആകൃതിയിലുള്ള ദര്‍പ്പണങ്ങള്‍ക്കാണ് പ്രകാശത്തെ ഒരു ബിന്ദുവിലേക്ക് ഫോക്കസ് ചെയ്യാന്‍ കഴിവുകൂടുതലുള്ളത്. ഒരു ലിക്വിഡ് മിറര്‍ ടെലസ്കോപ്പില്‍ സ്ഥിരപ്രവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന അനുവൃത്ത ഡിഷിനുള്ളിലെ മെര്‍ക്കുറി സ്വാഭാവികമായി പാരാബൊള ആകൃതി പ്രാപിക്കുന്നതുകൊണ്ട് സാധാരണ സ്ഫടികദര്‍പ്പണത്തെപ്പോലെ ഉരയ്ക്കുകയോ പോളിഷ് ചെയ്യുകയോ വേണ്ട ആവശ്യമില്ല.

എന്താണ് ലിക്വിഡ് മിറര്‍ ടെലസ്കോപ്പ്

ദര്‍പ്പണങ്ങള്‍ പ്രതിഫലനസ്വഭാവമുള്ള ദ്രാവകങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ദൂരദര്‍ശിനികളാണ് ലിക്വിഡ് മിറര്‍ ടെലസ്കോപ്പുകള്‍. സാധാരണയായി മെര്‍ക്കുറിയാണ് ഉപയോഗിക്കുന്നത്. ഗാലിയത്തിന്റെ ധാതുക്കളും ഉപയോഗിക്കാറുണ്ട്.ദ്രാവകലോഹവും അത് നിറച്ചിരിക്കുന്ന സംഭരണിയും നിശ്ചിത വേഗത്തില്‍ ചുറ്റിക്കൊണ്ടിരിക്കുന്നതുകൊണ്ട് ദ്രാവകത്തിന്റെ ഉപരിതലം പരാബൊള ആകൃതിയിലാവുകയും പ്രതിഫലന സ്വഭാവമുള്ള ദ്രാവകലോഹം ദര്‍പ്പണമായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഖരാവസ്ഥയിലുള്ള ദര്‍പ്പണങ്ങള്‍ ഉപയോഗിക്കുന്ന ദൂരദര്‍ശിനികളെ അപേക്ഷിച്ച് നിര്‍മാണത്തിനും പരിപാലനത്തിനും ചെലവു കുറവാണ്  ലിക്വിഡ് മിറര്‍ ടെലസ്കോപ്പുകള്‍ക്ക്. വര്‍ നാനോ പാര്‍ട്ടിക്കിളുകള്‍ എന്നിവ എഥിലിന്‍ ഗ്ളൈക്കോളുമായി സംയോജിപ്പിച്ച് ദൂരദര്‍ശിനിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്. 
ലിക്വിഡ് മിറര്‍: നൂറ്റാണ്ടുകള്‍ക്കുമുമ്പേ അന്വേഷണം
ലിക്വിഡ് മിറര്‍ ദൂരദര്‍ശിനികളുടെ സാധ്യതയെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ശാസ്ത്രജ്ഞര്‍ക്ക് അറിയുമായിരുന്നു.ലിക്വിഡ് മിറര്‍ ടെലസ്കോപ്പ് എന്ന ആശയം ഐസക് ന്യൂട്ടന് അറിയാമായിരുന്നെങ്കിലും അത് പ്രയോഗികമാക്കുന്നതില്‍ കൂടുതല്‍ മുന്നേറ്റമുണ്ടായത് 1850 കളിലായിരുന്നു. നേപ്പിള്‍സ് ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞനായ ഏണസ്റ്റോ കപോച്ചിയായിരുന്നു അതിനു പിന്നില്‍. എന്നാല്‍ ഒരു ദൂരദര്‍ശിനി നിര്‍മിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒടുവില്‍ 1872ല്‍ ന്യൂസിലന്‍ഡുകാരനായ ഹെന്റി സ്കീ ആണ് ആദ്യത്തെ ലിക്വിഡ് മിറര്‍ ടെലസ്കോപ്പ് നിര്‍മിച്ചത്. നിര്‍മാണത്തിനും പരിചരണത്തിനും ചെലവ് വളരെ കുറവാണെന്നതാണ് ലിക്വിഡ് മിറര്‍ ടെലസ്കോപ്പുകളുടെ ഏറ്റവും വലിയ മികവ്. എന്നാല്‍ മുകളിലേക്ക് ലംബമായി മാത്രമേ നിരീക്ഷണം നടത്താന്‍ കഴിയുകയുള്ളൂ എന്നതാണ് ഇത്തരം ദൂരദര്‍ശിനികളുടെ ഏറ്റവും വലിയ പരിമിതി. തിരിക്കാനും ചെരിക്കാനും കഴിയുന്ന ലിക്വിഡ് മിറര്‍ ടെലസ്കോപ്പുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മെര്‍ക്കുറിലോഹവും,ലോഹബാഷ്പവും ആരോഗ്യത്തിന് ഹാനികരമാണെന്ന ദോഷവും ഇത്തരം ദൂരദര്‍ശിനികള്‍ക്കുണ്ട്. ഇതിനു പ്രതിവിധിയായി ഗാലിയം ഉപയോഗിക്കാന്‍കഴിയും. എന്നാല്‍ ഗാലിയത്തിന് വില വളരെ കൂടുതലാണ്. ഇരുമ്പ്, സില്‍വര്‍ നാനോ പാര്‍ട്ടിക്കിളുകള്‍ എന്നിവ എഥിലിന്‍ ഗ്ളൈക്കോളുമായി സംയോജിപ്പിച്ച് ദൂരദര്‍ശിനിയില്‍ ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞര്‍.

കടപ്പാട്-http://madhuramscience.blogspot.in/

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate