Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഫോസിലുകൾ

ഫോസിലുകൾ ഉണ്ടാകുന്നത് എങ്ങനെ?

ഫോസിലുകൾ ഉണ്ടാകുന്നത്.

ജീവികൾ ജലത്തിലോ ചതുപ്പിലോ  ചത്തുവീഴുന്നു. മാംസളമായ ഭാഗങ്ങൾ അതിവേഗം അളിഞ്ഞുപോകുന്നു. തുടർന്ന് അസ്തിപഞ്ചരത്തിനുള്ളിലേക്ക് ചുറ്റുപാടുമുള്ള മണ്ണും ചെളിയും അടിഞ്ഞുകൂടുന്നു. മേല്ക്കുമേൽ അടിഞ്ഞുകൂടുന്ന പ്രക്രിയ ലക്ഷക്കണക്കിനുവർഷങ്ങളോളം തുടരുന്നു. ഇതിന്റെ ഫലമായി അടിയിലെ ഭാഗങ്ങൾ അമർന്ന് കട്ടിയായിത്തീരുന്നു. ഇതില്പ്പെട്ട ജീവികളുടെ അവശിഷ്ടങ്ങൾ ലക്ഷക്കണക്കിന്‌ വർഷങ്ങൾക്കുശേഷം ഫോസിലുകളായി നമുക്ക് ലഭിക്കുന്നു. ഇങ്ങനെ കണ്ടെത്തിയിട്ടുള്ള 2.5 ലക്ഷത്തോളം ഫോസിലുകൾ നമുക്കുണ്ട്. കൂടാതെ അവയുടെ കൃത്യമായ കാലവും ഇന്ന് ലഭ്യമാണ്‌. ഇതിൽ മനുഷ്യനെ കാണുന്നത് എപ്പോഴാണെന്നതാണ്‌ മുഖ്യവിഷയം.

ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ഫോസിൽ  Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoonaഎന്ന സ്ഥലത്തുനിന്നുമാണ്‌ അവ കിട്ടിയിട്ടുള്ളത്. ഈ ഫോസിലുകളുടെ പ്രായം 350 കോടി വർഷമാണ്‌ അതുപോലെ ദക്ഷിണാഫ്രിക്കയിലെ Fig tree ഫോസിൽ ഗ്രൂപ്പിൽ പെട്ട Cyanobacteria യുടെ ഫോസിലിന്റെ പ്രായം 340 കോടി വർഷം.

ബാക്റ്റീരിയയ്ക്കും ജീവനുണ്ട്, മനുഷ്യനും ജീവനുണ്ട്. രണ്ടുപൊരെയും സൃഷ്ടിച്ചത് ഒരേ ദൈവംതമ്പുരാൻ. സൃഷ്ടിവാദമനുസരിച്ച് ഇവരുടെ സൃഷ്ടി നടന്നത് വെറും  6 ദിവസത്തിനുള്ളിൽ. ഇത് സത്യമാണെങ്കിൽ രണ്ട് പേരുടെയും അവശിഷ്ടങ്ങൾ ഒരേ ഫോസിൽ അടരിൽതന്നെ കാണേണ്ടതാണ്‌. അതായത് Warrawoona ഫോസിൽ ഗ്രൂപ്പിൽ കാണുന്ന 350 കോടി വർഷം പഴക്കമുള്ള Cyanobacteria ഫോസിലിനോടൊപ്പം ഒരു മനുഷ്യന്റെ ഫോസിലും കാണെണ്ടതുണ്ട്. അവിടെനിന്നും ഒരു മനുഷ്യന്റെ ഫോസിൽ പൊക്കിയെടുക്കാൻ സൃഷ്ടിവാദികൾക്ക് കഴിഞ്ഞാൽ അതോടെ പരിണാമവാദം തകർന്ന് തരിപ്പണമാകും. പരിണാമവാദികളുടെയും യുക്തിവാദികളുടേയും വായ അടപ്പിക്കാൻ ഇതിലും നല്ലൊരു മരുന്ന് വേറെ കിട്ടാനില്ല. എന്നാൽ സൃഷ്ടിവാദികളുടെ ദൗർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, മനുഷ്യന്റേത് പോയിട്ട് ഒരു ചെറുമീനിന്റെ പോലും ഫോസിൽ ഇവിടെനിന്ന് കിട്ടില്ല. കാരണം ഏകകോശജീവിയായ ബാക്റ്റീരിയയിൽനിന്ന് സങ്കീർണജീവിയായ മനുഷ്യനിലെത്താൻ ഇനിയും ബില്യൻ (നൂറ്‌ കോടി)കണക്കിന്‌ വർഷത്തെ പരിണാമം നടക്കണം. ഈ ഒരൊറ്റ പോയിന്റിൽ തന്നെ സൃഷ്ടിവാദത്തിന്റെ കാറ്റ് പോവുകയാണ്‌.

ജീവന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാലഘട്ടാമാണ്‌ കാംബ്രിയൻ യുഗം. കഴിഞ്ഞ 54.5 കോടി വർഷം മുതൽ കഴിഞ്ഞ 49 കോടി വർഷം വരെയുള്ള കാലഘട്ടമാണിത്. ശരിയായ അർത്ഥത്തിലുള്ള ജീവികൾ(കൈ, കാൽ, കണ്ണ്‌, തല, വാൽ)പ്രത്യക്ഷപ്പെടുന്നത് ഈ കാലയളവിലാണ്‌. കാംബ്രിയനുമുമ്പത്തെ യുഗമായ വെന്റിയ(60 കോടി മുതൽ 54.5 കോടിവരെ വർഷം)നിൽ കാണാത്ത ജീവികളെ നമ്മൽ ഇവിടം മുതൽ കണ്ട് തുടങ്ങുകയാണ്‌. ആന പോലുള്ള ജീവികളൊന്നുമല്ല, ഏതാനും ഇഞ്ചുകൾ മാത്രം വലിപ്പമുള്ള ജീവികളാണിവ. Trilobites(2), Hallucigenia, odaria, eldonia, എന്നിവയാണ്‌ പ്രധാനപ്പെട്ട ജീവികൾ. കാനഡായിലെ Burges Shale ഫോസിൽ ശേഖരം, ചൈനയിലെ Chengsiang ഫോസിൽ ശേഖരം എന്നിവിടങ്ങളിൽനിന്ന് ഇവയുടെ ധാരാളം ഫോസിലുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതായ ഒരു സംഭവമുണ്ട്. ആദ്യകാല പരിണാമശാസ്ത്രകാരന്മാർക്ക് കാംബ്രിയനിൽ മുമ്പില്ലാത്തവിധം ജീവികൾ ഫോസിലിൽ പ്രത്യക്ഷപ്പെട്ടതിന്റെ പിന്നിലെ “ഗുട്ടൻസ്”ശരിയാംവണ്ണം വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ചിലർ ഇതിനെ കാംബ്രിയൻ എക്സ്പ്ലോഷൻ-Cambrian explosion(പെട്ടെന്നുള്ള പ്രത്യക്ഷപ്പെടൽ) എന്നും വേറെ ചിലർ കാമ്പ്രിയനിൽ ഈ ജീവികളെ “ആരോ കൊണ്ടുവെച്ചതുപോലെ” എന്നൊക്കെ വിശദീകരിച്ചു. ( Cambrian explosion-നെപറ്റി പിന്നീട് വിശദമായി പറയുന്നതാണ്.) ഈ നിരീക്ഷണങ്ങൾ സൃഷ്ടിവാദികൾക്ക് പ്രോൽസാഹനമായി. പ്രശ്നം സൃഷ്ടിവാദികൾ ഏറ്റുപിടിച്ചു. കാമ്പ്രിയൻ യുഗത്തിൽ കാണുന്ന ജീവികളെ ദൈവം സൃഷ്ടിച്ചതാണ്‌, അവയ്ക്ക് പൂർവ്വരൂപങ്ങളില്ല, ദൈവം അവയെ ശൂന്യതയിൽ നിന്നും സൃഷ്ടിച്ചതാണ്‌, ഇതാണ്‌ കാമ്പ്രിയൻ എക്സ്പ്ലോഷന്‌ കാരണം, ഇതുതന്നെയാണ്‌ ദൈവാസ്തിത്വത്തിനു തെളിവ് എന്നെല്ലാം അവർ കാച്ചിവിട്ടു. പിന്നീടവർ കാമ്പ്രിയൻ പ്രശ്നത്തെ ഉൽസവമാക്കി പരിണാവാദികളെ ഒതുക്കാൻ പരമാവധി ഉപയോഗിച്ചു. ചാൾസ് ഡാർവിൻ പോലും അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തത്തിനെതിരായ ഏറ്റവും വലിയ ഒരേയൊരു അപവാദമായി ജീവികളുടെ ഈ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലിനെ കണ്ടു. 

എന്നാൽ, ഇന്ന് എന്തുകൊണ്ട് കാംബ്രിയനിൽ ഇങ്ങനെ സംഭവിച്ചു എന്ന് വളരെ കൃത്യമായി വിശദീകരിക്കപ്പെട്ടുകഴിഞ്ഞു. കാംബ്രിയൻ ജീവികൾക്ക് പൂർവ്വങ്ങളുണ്ടെന്ന് കണ്ടുപിടിക്കുകയും ചെയ്തു. എന്നിട്ടും സൃഷ്ടിവാദികൾ അവരുടെ പഴയ പല്ലവി തുടരുകയാണ്‌. ഇവരുടെ വാദം സത്യമാണെങ്കിൽ അത് അംഗീകരിക്കുന്നതിന്‌ യാതൊരു മടിയുമില്ല; കാംബ്രിയൻ ജീവികളുടെ കൂട്ടത്തിൽ ഒരു മനുഷ്യന്റെ ഫോസിലും കൂടി കണ്ടെത്തിലാൽ. സൃഷ്ടിവാദികൾക്ക് മരുന്നിനെങ്കിലും ഒരെണ്ണം കാണിച്ചുതരുവാൻ സാധിക്കുമോ? എവിടുന്ന് കിട്ടാൻ? ഈ യുഗത്തിൽ ഒരു കുഞ്ഞുമീനിന്റെ ഫോസിൽ പോലും കിട്ടില്ല; എന്നിട്ടല്ലേ മനുഷ്യൻ! സൃഷ്ടിവാദമനുസരിച്ച് ട്രൈലോബൈറ്റും മനുഷ്യനും തമ്മിൽ സൃഷ്ടിയുടെ കാര്യത്തിൽ വെറും ആറു ദിവസത്തെ വ്യത്യാസമല്ലേയുള്ളു? അതുകൊണുതന്നെ ഇവർ രണ്ടുകൂട്ടരുടെയും ഫോസിലുകൾ ഒരേ ഫോസിൽ അടരിൽ തന്നെ കാണേണ്ടതാണ്‌. വിഷയം ഇവിടെയും തീരുന്നില്ല. 350 കോടി വർഷം തൊട്ടുകാണുന്ന Cyanobacteria യെ സൃഷ്ടിച്ചത് ദൈവമാണെന്ന് കരുതുക. പ്രശ്നം ഇനിയും താഴോട്ട് പോകും. ഇതല്ല ആദ്യത്തെ ദൈവരൂപം. ഗ്രീൻലന്റിൽ നിന്നും കിട്ടിയ ജൈവാംശങ്ങളടങ്ങിയ  ഫോസിൽ പാറകളുണ്ട്.ഇവയുടെ പ്രായം 385 കോടി വർഷമാണ്‌(3). അപ്പോൾ അതിലും താഴെയാണ്‌ ജീവന്റെ ആരംഭഘട്ടം. ഏതാണ്ട് 400 കോടി വർഷത്തിനുമപ്പുറം.(ഉരുകിത്തിളച്ചുകൊണ്ടിരുന്ന ഭൂമി 400 കോടി വർഷം തൊട്ട് തണുക്കാൻ തുടങ്ങിയതിനു ശേഷമാണ്‌ ജീവന്റെ ആരംഭം.)  

ജീവൻ ആവിർഭവിച്ചതായിട്ടാണ്‌ പരിണാമശാസ്ത്രജ്ഞന്മാർ പറയുന്നത്. എന്നാൽ നമ്മൾ ശരിയായ അർത്ഥത്തിലുള്ള ജീവികളെ കാണുന്നതോ കാംബ്രിയൻ യുഗത്തിലും. അതായത് 345.5 കോടി വർഷങ്ങൾ കഴിഞ്ഞിട്ട്! ദൈവമാണ്‌ സൃഷ്ടി നടത്തിയതെങ്കിൽ എന്തേ ഇത്ര കാലതാമസം? ബാക്റ്റീരിയയെ സൃഷ്ടിച്ചതിനു ശേഷം ദൈവം ഉറങ്ങിയോ? സൃഷ്ടിവാദത്തിന്‌ ഈ പ്രശ്നത്തിന്‌ ഉത്തരമില്ല.; ഇതു വിശദീകരിക്കാൻ പരിണാമശാസ്ത്രത്തിനേ കഴിയൂ.

എവിടെ വെച്ചാണ്‌ നമുക്കൊരു ഫോസിൽ മനുഷ്യനെ കാണാനാവുക? ഫോസിൽ ചരിത്രത്തിലെ പ്രധാനപ്പെട്ട ഡെവോണിയൻ(കഴിഞ്ഞ 41.7 കോടി വർഷം മുതൽ 36.2 കോടി വർഷം വരെ)യുഗത്തിലാണ്‌.  ഈ കാലഘട്ടത്തിലാണ്‌ ജീവികൾ കരയിലേക്ക് പ്രവേശിക്കുന്നത്.കഴിഞ്ഞ 400 കോടി വർഷം തൊട്ട് 37.5 കോടി വർഷം വരെ ജീവൻ കഴിഞ്ഞിരുന്നത് ജലത്തിൽ തന്നെയായിരുന്നു. (സർവ്വശകതന്റെ ഓരോരോ തമാശ നോക്കണേ) 37.5 കോടി വർഷം മുതൽ ജീവികൾ കരയിലേക്ക് കയറാൻ തുടങ്ങുന്നു. ദൈവസഹായത്താൽ ഒരു ദിവസം രാവിലെ കയ്യും കാലും വെച്ച് ചാടിക്കയറിയതൊന്നുമല്ല. ലക്ഷക്കണക്കിന്‌ വർഷങ്ങളിലൂടെ നടന്ന ഒട്ടേറെ മ്യൂട്ടേഷനുകളുടെ ഫലമായിട്ടാണ്‌ ഇത് സംഭവിച്ചത്. ഈ കാലഘട്ടത്തിലെ ജീവികൾ മുമ്പ് കണ്ട കാംബ്രിയനിലെ ട്രൈലോബൈറ്റുകളേക്കാൾ വലിപ്പമേറിയവയാണ്‌. അത്തരം ജീവികളുടെ വളരെയധികം ഫോസിലുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ്‌Tiktalic, Ichtyostega, Accantostega തുടങ്ങിയവ. വാസ്തവത്തിൽ ഇവ ഇടക്കണ്ണികളാണ്‌. നട്ടല്ലികളായ മത്സ്യങ്ങൾക്കും ഉഭയജീവികൾക്കും ഇടയ്ക്കുള്ളവ. ഇവയിൽ നടന്ന പരിണാമമാണ്‌ ഇന്ന് കരയിൽ കാണുന്ന ഇത്രയേറെ നട്ടെല്ലുള്ള ജീവികളുടേ വ്യത്യസ്ത രൂപങ്ങൾ ഉണ്ടാകുന്നതിനു കാരണം.

3 അടിയോളം വലിപ്പമുള്ള Tiktalicന്റെയും മറ്റും ഫോസിലുകൾ കിട്ടിയിട്ടുണ്ടെങ്കിലും ഒരു മനുഷ്യന്റെ ഫോസിൽ കിട്ടുന്നില്ല. മേമ്പൊടിയായി ഒരു തുടയസ്ഥിയെങ്കിലും. Tiktalic നെയും നമ്മളെയും സൃഷ്ടിച്ചത് ഒരേ ‘സൃഷ്ടികർത്താവ്’. അതും 6 ദിവസത്തിനുള്ളിൽ. ആ നിലയ്ക്ക് രണ്ട് പേരുടെയും ഫോസിലുകൾ ഒരേ അടരിൽ കാണണം. ആർട്ടിക് മേഖലയിൽ നിന്നാണ്‌ ഈ ഫോസിലുകൾ കിട്ടിയിട്ടുള്ളത്. സൃഷ്ടിവാദികളെ നിങ്ങൾക്ക് അവിടെപോയി ഒരു മനുഷ്യന്റെ അസ്ഥിക്കഷണം തപ്പിയെടുത്തുതരാമോ? അതോടെ പരിണാമവാദികളുടെയും യുക്തിവാദികളുടെയും വായ അടയും. പിന്നെ നിങ്ങൾക്ക് അർമാദിക്കാം. 

ഡെവോണിയൻ യുഗം വിട്ട് ട്രയാസിക് (കഴിഞ്ഞ 24.5 കോടി വർഷം മുതൽ 20.8 കോടി വർഷം വരെയുള്ള കാലം)യുഗത്തിലെ ഫോസിലുകളിൽ മനുഷ്യനുണ്ടൊ എന്ന് പരിശോധിക്കാം. ഉരഗജീവികൾക്ക് പ്രാമുഖ്യമുള്ള കാലഘട്ടമാണിത്.3 മീറ്റർ വരെ വലിപ്പമുള്ള ജീവികൾ. അവയിൽ പ്രധാനികളാണ്‌ Rhynchosaur, Actosaur, Phytosaur എന്നിവ. ട്രയാസിക് ഫോസിൽ ശേഖരത്തിലേക്ക് സൂക്ഷിച്ചുനോക്കിയിട്ട് കാര്യമില്ല സുഹൃത്തേ, അവിടെയൊന്നും താങ്കൾക്ക് മനുഷ്യനെ കണ്ടെത്താനാവില്ല. കാരണം വ്യക്തം. അതിനിനിയും കോടിക്കണക്കിന്‌ വർഷങ്ങൾ കഴിയണം.

നമുക്കിനി ജൂറാസിക് (കഴിഞ്ഞ 20.8 കോടി വർഷം മുതൽ 14.5 കോടി വർഷം വരെ) യുഗത്തിലേക്ക് വരാം.നമുക്കെല്ലാം അറിയാവുന്നതുപോലെ ഇത് ഡിനോസറുകളുടെ കാലമാണ്‌.ചെറുതും വലുതുമായി ഒട്ടേറെ ഡിനോസറുകൾ. ഇതിൽ സസ്യഭുക്ക് വിഭാഗത്തിലെ Brachiosaurന്‌ 25 മീറ്റർ നീളവും 55 ടൺ ഭാരവുമുണ്ടായിരുന്നു.അതുപോലെ മാംസഭുക്ക് വിഭാഗത്തിലെ Tyrannosaur Rex ന്‌ 14 മീറ്റർ നീളവും 17 ടൺ ഭാരവുമുണ്ടായിരുന്നു. ഇവനാണ്‌ ഭൂമിയിൽ ഇന്നോളം ജീവിച്ച ജീവികളിൽ വെച്ച് ഏറ്റവും ഭീകരൻ. ഇവന്റെ അറക്കവാൾ പോലത്തെ പല്ലുകളിൽ നിന്ന് ഒരു ജീവിക്കും രക്ഷപ്പെടാ​നാ‍വില്ല. ഇത്രയും വലിപ്പമേറിയതും ഭീമാകാരന്മാരുമായ ജീവികളെ സൃഷ്ടിച്ച സ്രഷ്ടാവ് ഈ കാലയളവിൽ മനുഷ്യനെ സൃഷ്ടിച്ചില്ല. ലോകമെമ്പാടുമുള്ള Natural Museum ങ്ങളിൽ ജൂറാസിക് കാലഘട്ടത്തിലെ ഡിനോസർ ഫോസിലുകളുണ്ട്. എന്നിരുന്നാലും ഈ കാലത്ത് ഡിനോസറുകൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ അവയിലൊന്നും ഇല്ല. സൃഷ്ടിവാദമനുസരിച്ച് അങ്ങനെയുണ്ടാകാൻ വഴിയുണ്ടല്ലോ? കാരണം 6 ദിവസത്തെ വ്യത്യാസമല്ലേ രണ്ട് ജീവികളും തമ്മിലുള്ളു? സത്യത്തിൽ സൃഷ്ടിവാദം പറയുന്നത് കളവാണ്‌. ഡിനോസറുകൾക്കൊപ്പം മനുഷ്യനില്ല. ഇത് സത്യമാണെങ്കിലും ഡിനോസറുകളെക്കുറിച്ച് നമ്മുടെ പുരാണകർത്താക്കൾ മനസ്സിലക്കാതെ പോയത് കഷ്ടമായിപ്പോയി. അറിഞ്ഞിരുന്നെങ്കിൽ ഇതിനെപ്പിറ്റിച്ച് ഏതെങ്കിലും ദൈവത്തിന്റെ വാഹനമാക്കിയേനെ. എലിയെപ്പിടിച്ച് വാഹനമാക്കിയവർക്കുണ്ടോ ഡിനോസറിനെപ്പിടിച്ച് വാഹനമാക്കാൻ ബുദ്ധിമുട്ട്? നമ്മുടെ ഏതെങ്കിലും ഒരു പുരാണദൈവം പട്ടുടുപ്പിട്ട് കിരീടവും ചൂടി വാള്‌, കുന്തം, കൊടച്ചക്രം ഇത്യാദി ആയുധങ്ങളുമായി ഡിനോസറിന്റെ പുറത്തുകയറി യാത്രചെയ്യുന്ന ചിത്രം ഒന്ന് സങ്കല്പിച്ചുനോക്കൂ. ഡിനോസറിനെപ്പിടിച്ച് തനിക്ക് ബലിനല്കാൻ ഒരു ദൈവവും ആവശ്യപ്പെടതായും അറിവില്ല

ജൂറാസിക് യുഗം വിട്ട് അടുത്ത യുഗമായ ക്രിറ്റേഷ്യസിലേക്ക് (കഴിഞ്ഞ 14.5 കോടി വർഷം മുതൽ കഴിഞ്ഞ 6.5 കോടി വർഷം വരെയുള്ള കാലം) വരാം. ഈ യുഗവും ഡിനോസറുകളുടെ കാലഘട്ടമാണ്‌. ജൂറാസിക്കിലും ക്രിറ്റേഷ്യസിലുമായി 14 കോടി വർഷങ്ങൾ ഇവരായിരുന്നു ഭൂമിയിലെ പ്രബല ജീവിവിഭാഗങ്ങൾ. അങ്ങനെ ഡിനോസറുകൾ മദിച്ചുപുളച്ചുനടക്കവെ ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം ഒരു Extinction-ജീവവിഭാഗങ്ങളുടെ കൂട്ട വിനാശം -സംഭവിക്കുന്നു. ജീവന്റെ ചരിത്രത്തിൽ ഇടയ്ക്കിടെ സംഭവിക്കുന്ന ഒരു ദാരുണ സംഭവമാണ്‌ Extinction. ഇങ്ങനെ സംഭവിക്കുമ്പോൾ ജീവികൾ കൂട്ടത്തോടെ ചത്തൊടുങ്ങും. അങ്ങനെ ക്രിറ്റേഷ്യനിലെ കൂട്ടവിനാശത്തിൽ ഡിനോസറുകളും അന്നത്തെ വലിയ ജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങി. ഇവയെയെല്ലാം സൃഷ്ടിച്ചത്‌ ഒരു ദൈവമാണെങ്കിൽ, സ്വന്തം സൃഷ്ടികളെ കൂട്ടത്തോടെ നശിപ്പിക്കുന്നവൻ കരുണാമയനും നീതിമാനുമൊന്നുമാകില്ലല്ലോ. ഒരു ഉല്ക്കാപതനം വഴിയാണ്‌ ഈ Extinction സംഭവിച്ചത് എന്ന് ഇന്ന്‌ വ്യക്തമായിട്ടുണ്ട്. 56% ജീവികൾ ഈ കൂട്ടവിനാശത്തിൽ ചത്തൊടുങ്ങി. 6.5 വർഷം തൊട്ടുള്ള ഫോസിൽ രേഖകളിൽ ഇത് ദൃശ്യമാണ്‌. ഇപ്പോഴും നമ്മൾ ഡിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തുന്നു; എന്നിട്ടും ഡിനോസറുകൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ കണ്ടുകിട്ടുന്നില്ല. ഇത് സൂചിപ്പിക്കുന്നത് 6.5 കോടി വർഷങ്ങൾക്കുമുമ്പും ഭൂമിയിൽ മനുഷ്യനില്ല എന്നാണ്‌. സൃഷ്ടിവാദികളുടെ പടച്ചതമ്പുരാൻ ‘സൃഷ്ടിച്ച’ പല പ്രധാനപ്പെട്ട ജീവികളും ഇപ്പോൾ ഫോസിലുകളിലൂടെ കടന്നുപോയല്ലോ; എന്നിട്ടുമെന്തേ ഇവയ്ക്കെല്ലാം ‘മേധാവിയായി’ ദൈവം രൂപം കൊടുത്ത മനുഷ്യനെ കാണാത്തത്!

കഴിഞ്ഞ 6.5 കോടി വർഷം മുതൽ ഇന്നോളം വരുന്ന കാലമാണ്‌ സീനോസോയിക്. ഈ കാലയളവ് സസ്തനികളുടേതാണ്‌. ഡിനോസറുകൾ അപ്രത്യക്ഷരായി അധികം വൈകാതെ സസ്തനികളുടെ വിപുലീകരണം സംഭവിക്കുന്നു. അതിനു കാരണം, ഡിനോസറുകൾ ഇട്ടേച്ചുപോയ ജീവിതപരിസരങ്ങളിലേക്ക്‌ സസ്തനികൾക്ക് അതിവേഗം വ്യാപിക്കാനായി എന്നതാണ്‌. സീനോസോയിക്കിന്‌ 6 വിഭാഗങ്ങൾ ഉണ്ട്.

ഇതിൽ ആദ്യത്തെ കാലമാണ്‌ പാലിയോസിൽ-കഴിഞ്ഞ 6.5 കോടി വർഷം  തൊട്ടുതുടങ്ങി കഴിഞ്ഞ 5.4 കോടി വർഷം വരെ- ഈ യുഗത്തിൽ ഇന്നത്തെ കുതിര, കഴുത, കണ്ടാമൃഗം ഇന്നിവയുൾക്കൊള്ളുന്ന Mammalian, order perissodactyla വിഭാഗത്തിലെ പൂർവ്വജീവികൾ പ്രത്യക്ഷപ്പെടുന്നു. എന്നിരുന്നാലും ഈ കാലത്തും മനുഷ്യഫോസിൽ കിട്ടുന്നില്ല. ഇനി അടുത്ത യുഗമായ ഇയോസിനിലേക്ക്(5.4 കോടി വൃഷം മുതൽ 3.5 കോടി വർഷം വരെ) നോക്കാം. ഇന്നത്തെ വ്യത്യസ്തങ്ങളായ സസ്തനവിഭാഗ(order)ങ്ങൾ ഈ കാലത്ത് രംഗത്ത് വരുന്നതുകാണാം. കുതിരവംശത്തിന്റെ പൂർവ്വജീവിയായ ഇയോഹിപ്പസ്-മിഡിൽ ഇയോസിൻ, കണ്ടാമൃഗത്തിന്റെ പൂർവ്വജീവിയായ Hyrachyus അതുപോലെ പശു, ഒട്ടകം, മാൻ, ജിറാഫ്, പന്നി(Artiodactyla) എന്നിവയുടെ പൂർവ്വരൂപങ്ങളുടെ ഫോസിലുകൾ ഈ യുഗത്തിൽ കാണാം. കന്നുകാലികൾ, കുതിര, ഒട്ടകം, പന്നി എന്നിവപോലെ മനുഷ്യജീവിതത്തിലെ പ്രധാനപ്പെട്ട ജീവിയാണ്‌ ആന (order; probhoscidea) ആനയുടെ പൂർവ്വജീവിയായ Moeritherium മിഡിൽ ഇയോസിനിൽ പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഈ ജീവികളെയെല്ലാം ‘ഉപയോഗിക്കപ്പെടുത്തേണ്ട’ മനുഷ്യൻ ഇയോസിൻ യുഗത്തിൽ ജീവിച്ചിരുന്നോ എന്നതാണ്‌ ചോദ്യം. സൃഷ്ടിവാദക്കാർക്ക് ഇതിനെന്ത് ഉത്തരമാണുള്ളത്? അനേകവർഷം പരിണാമശാസ്ത്രത്തിനെതിരെ ഗവേഷണം നടത്തി തെളിവുകൾ ശേഖരിച്ച സൃഷ്ടിവാദത്തിന്റെ തലതൊട്ടപ്പന്മാരെവിടെ? സൃഷ്ടിവാദകളേ, നിങ്ങൾക്ക് ആത്മാർത്ഥതയുടെ അല്പം കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ, ഇയോസിൽ യുഗത്തിൽ, സസ്തനികൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ കൊണ്ടുവരൂ. എന്നിട്ട് പരിണാമവാദികളുടെയും യുക്തിവാദികളുടെയും മുഖത്തേക്ക്‌ വലിച്ചെറിയൂ. അതോടെ അവരുടെ വായടയും. ഇങ്ങൾക്ക് അത് സാധിക്കില്ല എന്ന് ഞങ്ങളേക്കാളും നന്നായി നിങ്ങൾക്കറിയാം. കാരണം മനുഷ്യന്റെ ഫോസിൽ ഫോസിൽ കിട്ടാൻ ഇനിയും കോടിക്കണക്കിന്‌ വർഷങ്ങൾ കഴിയണം, അതുതന്നെ.

സൃഷ്ടിവാദികൾ പരിണാമശാസ്ത്രത്തോട് എതിരിട്ട് ഉത്തരം മുട്ടുമ്പോൾ അലമുറയിട്ടുവാദിക്കുന്ന ഒരു ചോദ്യമുണ്ട്. “എവിടെ ഇടക്കണ്ണികൾ” എന്ന്. പ്രിയപ്പെട്ട സൃഷ്ടിവാദക്കാരാ, താങ്കൾ ഇയോസിൻ ഫോസിൽ ശേഖരത്തിലേക്ക് ഒന്നു നോക്കൂ. ഇവിടെവെച്ച് ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ജീവി, തിമിംഗലം പരിണമിക്കുന്നത് കാണാം. തിമിംഗലം ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും ദൈവം 'ഉണ്ടാകൂ' എന്ന് പറഞ്ഞപ്പോൾ ഉണ്ടായതൊന്നുമല്ല. ഒരു വിഭാഗം സസ്തനികളിലെ പരിണാമമാണ്‌ ലക്ഷക്കണക്കിന്‌ വർഷങ്ങളിലൂടെ തിമിംഗലത്തിലെത്തിച്ചേർന്നത്. ഇയോസിൻ യുഗത്തിലാണ്‌ ഇതിന്റെ ആരംഭം.(4.5 കോടി വർഷം തൊട്ട്) ഹിപ്പോപൊട്ടൊമസിന്റെ തൊട്ടടുത്ത ബന്ധുവിൽനിന്നാണ്‌ ആ പരിണാമം തുടങ്ങുന്നത്. ഇതുസംബന്ധമായി ഒട്ടേറെ ഫൊസിലുകൾ പാകിസ്ഥാനിൽനിന്നും ആഫ്രിക്കയിൽ നിന്നും കിട്ടിയിട്ടുണ്ട്.Pakicetus, Ambulocetus, Basilosaurus, Dorudon  എന്നിവ ഈ വിഭാഗത്തിലെ പ്രധാനപ്പെട്ട ഫൊസിലുകളാണ്‌.

ഫോസിൽ കഥ അധികം വലിച്ചുനീട്ടേണ്ടതില്ല. ആധുനിക മനുഷ്യൻ, അതായത് നമ്മൾ ഹോമോസാപിയൻസ് 1450 ക്യുബിക് സെന്റീമീറ്റർ തലച്ചോറുമായി ആദ്യമായി ഫോസിലിൽ പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷമാണ്‌. നമുക്ക് കിട്ടിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ആധുനിക മനുഷ്യന്റെ ഫോസിലിന്റെ പ്രായം 1,95,000 വർഷമാണ്‌. എത്യോപ്യയിലെ ഓമോ കിബിഷ് എന്ന സ്ഥലത്തുനിന്നാണ്‌ അത് കിട്ടിയിട്ടുള്ളത്. എന്നാൽ ഈ കാലയളവിൽ ആധുനിക മനുഷ്യൻ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതൊന്നുമല്ല. മനുഷ്യപരിണാമം കഴിഞ്ഞ 70-60 ലക്ഷം തൊട്ടാരംഭിക്കുന്നു. (മിയോസിൻ യുഗം കഴിഞ്ഞ2.3 കോടി വർഷം മുതൽ 53 ലക്ഷം വർഷം വരെ)അവിടം മുതൽ ആധുനിക മനുഷ്യൻ പ്രത്യക്ഷപ്പെടുന്നതുവരെയുള്ള മനുഷ്യപൂർവ്വികരെ സംബന്ധിക്കുന്ന ഒട്ടേറെ ഫോസിലുകൾ-ഇടക്കണ്ണികൾ- നമുക്ക് കിട്ടിയിട്ടുണ്ട്. ആ പ്രക്രിയയുടെ പരിണിതരൂപമായിട്ടാണ്‌ കഴിഞ്ഞ 2 ലക്ഷം വൃഷങ്ങൾക്കുശേഷം ആധുനിക മനുഷ്യനെ നമ്മൾ ഫോസിലിൽ കാണുന്നത്. അതായത് 1450 ക്യുബിക് സെന്റീമീറ്റർ തലച്ചോർ, പൂർണമായ നിവർന്ന നടത്തം, ഉപകരണങ്ങൾ നിർമിക്കാനുള്ള കഴിവ് ഇത്യാദി കഴിവുകളുള്ള ആധുനിക മനുഷ്യന്റെ ആദ്യത്തെ പതിപ്പ്. ഈ കാലത്തുനിന്നും താഴോട്ട് പോകുംതോറും തലച്ചോറിന്റെ അളവിലും ഉപകരണങ്ങൾ നിർമിക്കാനുള്ള കഴിവിലും കുറവുകാണുന്നു. അപ്പോൾ കോടിക്കണക്കിനു വർഷങ്ങൾക്കുമുമ്പത്തെ ഫോസിലുകളിൽ മനുഷ്യനെ തപ്പിനോക്കിയിട്ട് കാര്യമില്ലെന്നും വളരെ പില്കാലത്തുമാത്രമേ മനുഷ്യനെ നോക്കേണ്ടൂ എന്നുമാണ്‌ ഫോസിൽ ചരിത്രം പറയുന്നത്.

ഫോസിലുകൾ നല്കുന്ന തെളിവുകൾ പരിണാമശാസ്ത്രത്തിന്റെ അപ്രമാദിത്തം വെളിവാക്കുന്നു. പരിണാമശാസ്ത്രത്തിനെതിരെ സൃഷ്ടിവാദികൾ കെട്ടിപ്പൊക്കിയെന്നവകാശപ്പെടുന്ന കളിമൺ കൊട്ടാരങ്ങൾ ഫോസിലുകളുടെ പ്രളയത്തിൽ കുത്തിയൊലിച്ചുപോകുന്നു. 'മഹത്തായ സൃഷ്ടിയായ' മനുഷ്യനുവേണ്ടി ദൈവം സൃഷ്ടിച്ചതെന്നവകാശപ്പെടുന്ന ഈ ഭൂമിയിൽ പ്രീകാംബ്രിയനിലെ(കഴിഞ്ഞ 460 കോടി വർഷം മുതൽ കഴിഞ്ഞ 54.5 കോടി വർഷം വരെ നീണ്ടുനിന്ന കാലത്തെ മൊത്തം പറയുന്ന പേര്‌) മനുഷ്യനെ കാണിച്ചുതരാൻ കഴിയുന്നില്ലെന്നതോ പോകട്ടെ, ജൂറാസിക് യുഗത്തിൽ ഡിനോസറുകൾക്കൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ ഫോസിൽ കാണിച്ചുതരാൻ പോലും സൃഷ്ടിവാദത്തമ്പുരാക്കന്മാർക്ക് കഴിയുന്നില്ല. അതിനവർക്ക് സാധിച്ചാൽ പരിണാമശസ്ത്രം പൊളിയും. സൃഷ്ടിവാദം സത്യമാകും. നിരീശ്വരവാദികൾക്കും പരിണാമവാദികൾക്കും മനം മാറ്റമുണ്ടാകും. അവർക്കെല്ലാം സ്രഷ്ടാവിനെ അംഗീകരിക്കേണ്ടിവരും. ലോകത്തിലെ പല യൂണിവേഴ്സിറ്റികളും കോടിക്കണക്കിനുരൂപയാണ്‌ പരിണാമഗവേഷണങ്ങൾക്കായി ചെലവഴിക്കുന്നത്. പരിണാമത്തെ പൊളിച്ചടുക്കിയാൽ ആ തുകയെല്ലാം മതപഠനത്തിന്‌ ഉപയോഗിക്കുകയും ചെയ്യാം. 
പരിണാമശാസ്ത്രത്തെ അങ്ങനെ എളുപ്പത്തിൽ പൊളിക്കാനാകില്ല എന്ന് സൃഷ്ടിവാദികൾക്ക് നന്നായറിയാം. സൃഷ്ടിവാദത്തിന്‌ വിശ്വാസമാണ്‌ പിൻബലമെങ്കിൽ പരിണാമത്തിന്‌ തെളിവുകളാണ്‌ പിൻബലം.Cyanobacteria യുടെ ഫോസിൽ കിട്ടി, പിന്നീട് 350 കോടി വർഷം കഴിഞ്ഞിട്ടാണ്‌ മനുഷ്യന്റെ ഫൊസിൽ കിട്ടുന്നത്, ഇതിനിടയിലുള്ള കാലങ്ങളിൽ വ്യത്യസ്തങ്ങളായ ജിവികളുടെ ഫോസിലുകളും കിട്ടുന്നുണ്ട്. അപ്പോൾ ഇവിടെ നടന്നത് സൃഷ്ടിയല്ല, പരിണാമമാണ്‌ എന്നല്ലേ ഇത് തെളിയിക്കുന്നത്? മാത്രമല്ല, ഫോസിൽ തെളിവുകളുടെ മുന്നിൽ ഇവരുടെ സ്ഥിരതാവാദവും പൊളിയുന്നു. ദൈവം ജീവികളെ സൃഷ്ടിച്ചതിനു ശേഷം അവയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അന്നത്തെപോലെ ഇന്നും നിലനില്ക്കുന്നു എന്നതാണ്‌ സ്ഥിരതാവാദത്തിന്റെ കാതൽ. എങ്കിൽ ഏറ്റവും കുറഞ്ഞത് കാംബ്രിയൻ തൊട്ട് ഇന്നോളം വരെയുള്ള ഫോസിൽ രേഖകളിൽ ഒരേതരം ജീവികളെതന്നെ കാണേണ്ടതാണ്‌. അതായത് ഇന്നത്തെ ജീവികൾ ആന, മയിൽ, ഒട്ടകം, കുതിര, കൂടെ പാമ്പ്, തവള മത്സ്യം ഒപ്പം നമ്മളും ഇവരുടെയെല്ലാം ഫോസിലുകൾ കാംബ്രിയൻ തൊട്ടുള്ള ഫോസിൽ ശേഖരങ്ങളിൽ നിരന്തരമായി കിട്ടിക്കൊണ്ടിരിക്കണം. എന്നാൽ അങ്ങനെയല്ല ഫോസിൽ രേഖകളെന്ന് നമ്മൾ കണ്ടതാണ്‌. അത് ലളിതമായ ജൈവരൂപങ്ങളിൽനിന്ന്‌ സങ്കീർണമായ ജൈവരൂപങ്ങൾക്കിലേക്ക് നിരന്തരം രൂപം മാറിക്കൊണ്ടിരിക്കയായിരുന്നു; പരിണമിക്കുകയായിരുന്നു. കഴിഞ്ഞ 400 കോടി വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ആ പ്രക്രിയയുടെ ഇന്നത്തെ പതിപ്പാണ് മനുഷ്യൻ. സ്ഥിരതാവാദമുയർത്തുന്ന സൃഷ്ടിവാദികൾ ആദ്യം ചെയ്യേണ്ടത് കാംബ്രിയനിലെ ട്രൈലോബൈറ്റിനെ ഇന്നത്തെ ഏതെങ്കിലും പുഴയിലോ, കുളത്തിലോ കടലിൽതന്നെയോ മുങ്ങിത്തപ്പി കാണിച്ചുതരികയാണ്

കാംബ്രിയൻ ഘട്ടത്തിൽ ആദ്യം കാണുന്നത് നട്ടെല്ലില്ലാത്ത ജീവികളെയാണ്‌. മധ്യകാംബ്രിയനിൽ എത്തുമ്പോഴേക്കും നട്ടെല്ലുള്ള ജീവികളുടെ പൂർവ്വരൂപങ്ങളെ കണ്ടുതുടങ്ങുന്നു. ഇനി നട്ടെല്ലികളുടെ മാത്രം പരിണാമപ്രക്രിയ എടുത്താൽ സലൂറിയനിൽ (43.8 കോടി വർഷം മുതൽ 41.7 കോടി വർഷം വരെ) എത്തുമ്പോഴേക്കും മത്സ്യവിഭാഗങ്ങളെ കണ്ടുതുടങ്ങുന്നു. ഇത് പിന്നീട് ഡേവോനിയനിൽ എത്തുമ്പോൾ ഉഭയജീവികളിലേക്ക് പരിണമിക്കുന്നു. പെർമിയനിൽ (കഴിഞ്ഞ 29 കോടി വർഷം മുതൽ കഴിഞ്ഞ 24.5 കോടി വർഷം വരെ) ഉരഗങ്ങളെ നമ്മൾ കാണുന്നു. ഉരഗപരിണാമം പിന്നീട് 20 കോടി വർഷങ്ങൾക്കു മുമ്പ് രണ്ടായി തിരിയുന്നു. ഒരു ശാഖ ഡിനോസറുകളിലേക്കും ഒരു ശാഖ സസ്തനികളിലേക്കും നീങ്ങുന്നു. എന്നാൽ പ്രകൃതിനിദ്ധാരണം ഡിനോസറുകൾക്ക് അനുകൂലമായതിനാൽ അവ വംശനാശമടയുന്നതുവരെ, സസ്തനികൾ ഒരരികിലേക്ക് ഒതുക്കപ്പെട്ടു. 6.5 കോടി വർഷം മുതൽ-ഡിനോസർ വിനാശത്തിനുശേഷം- സസ്തനികൾ വ്യപിക്കുന്നു. 4.5 കോടി വർഷം തൊട്ട് സസ്തനികളിൽ പ്രൈമേറ്റുകൾ രൂപം കൊള്ളുന്നു. പ്രൈമേറ്റ് പരിണാമം 70-60 വർഷം മുതൽ മനുഷ്യനിലേക്ക് നീങ്ങുന്നു. അങ്ങനെ കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷം മനുഷ്യൻ പരിണമിക്കുന്നു. അങ്ങനെ മനുഷ്യജന്മം കിട്ടിയവർ തന്നെയാണ്‌ വന്നവഴി നിഷേധിച്ചുകൊണ്ട് ഇല്ലാത്ത ദൈവത്തിന്റെ പിടലിക്ക് സൃഷ്ടിയുടെ ഉത്തരവാദിത്വം കെട്ടിയേല്പിക്കുന്നത്. കപടമായ സൃഷ്ടിവാദം എന്തുതന്നെ കെട്ടിയെഴുനെള്ളിച്ചാലും മനുഷ്യൻ തേച്ചാലും കുളിച്ചാലും പോകാത്ത ഒന്നുണ്ട്. അത് നമ്മുടെ DNAയിൽ രേഖപ്പെടുത്തപെട്ടതാണ്‌. കടുത്ത ദൈവവിശ്വാസിയുടെയും പക്കാ നാസ്തികന്റെയും DNAയിൽ അവർ വന്നവഴിയെക്കുറിച്ച് വ്യക്തമായ രേഖകളുണ്ട്. നമ്മുടെ DNAയിൽ കോടിക്കണക്കിൻ വർഷത്തെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. DNAയിലെ ഫോസിൽ ജീനുകളാണ്‌ നമ്മുടെ ആവിർഭാവത്തെപ്പറ്റി വ്യക്തമായ തെളിവുകൾ നല്കുന്നത്. ഫോസിൽ ജീനുകൾ:പ്രകൃതിനിർധാരണം വഴി നിർവീര്യമാക്കപ്പെട്ട ജീനുകൾ.  ഈ ജീനുകൾ നമ്മുടെ പൂർവികജീവികൾക്ക് ആവശ്യമായിരുന്നു. എന്നാൽ നമുക്ക് ആവശ്യമില്ല, അതുകൊണ്ട് ഫോസിലാക്കപ്പെട്ടു. ഇത്തരം ജീനുകളുടെ ശവപ്പറമ്പാണ് നമ്മുടെ ജൈനോം. ഈ ജീനുകളിൽ നടന്ന പഠനം പരിണാമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൽ ലഭ്യമാക്കിയിരിക്കുന്നു.

മനുഷ്യൻ സൃഷ്ടിവാദക്കാർ പറയുന്നതുപോലെ ദൈവസൃഷ്ടിയല്ല, മറിച്ച് പരിണാമത്തിലൂടെയാണ്‌ രൂപപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ഒരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. മനുഷ്യനും ചിമ്പാൻസിയും തമ്മിൽ കാഴ്ചയ്ക്ക് യാതൊരു സാമ്യവുമില്ല. മനുഷ്യൻ രണ്ട് കാലിൽ നിവർന്ന് നടക്കുന്ന, വികസിതമായ തലച്ചോറുള്ള, ഉപകരണങ്ങൾ നിർമിക്കുന്ന, സംസ്കാരങ്ങൾ സൃഷ്ടിച്ച വിശിഷ്ടജീവി. ചിമ്പാൻസിയോ ഏതാനും ചുവടുകൾ മാത്രം ഇരുകാലിൽ നടക്കുവാൻ കഴിയുന്ന, മനുഷ്യന്റെ മൂന്നിലൊന്ന് മാത്രം തലച്ചോറുള്ള, സർവാംഗം രോമമുള്ള ഒരു ജീവി. എന്നാൽ കാഴ്ചയിലുള്ള ഈ വ്യത്യാസത്തെ അപ്രസക്തമാക്കുന്ന അപാരമായ സാമ്യം ഈ രണ്ട് ജീവികൾ തമ്മിലുണ്ട്. അതായത്‌ നമ്മളും ചിമ്പാൻസിയും തമ്മിൽ ജനിതകതലത്തിൽ 98.5% തുല്യമാണ്‌. എന്നുവെച്ചാൽ ഒരു മനുഷ്യനെ രൂപപ്പെടുത്തുന്ന ജീനുകളും ഒരു ചിമ്പാൻസിയെ രൂപപ്പെടുത്തുന്ന ജീനുകളും 98.5 % ഒന്നാണ്‌. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വന്തം രൂപത്തിൽ തന്നെയാണെന്ന് മതങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്‌ മറ്റുജീവികളിൽ നിന്ന് വ്യത്യസ്തമായ ഒരു ജനിതകഘടന ഉണ്ടകേണ്ടതുണ്ട്‌. അതെ, മനുഷ്യന്റെ ജനിതകഘടാന മറ്റൊരു ജീവിയുടെ ജൈനോമുമായി ഒത്തുപോകാൻ പാടില്ല. എന്നാൽ ഇവിടെ നമ്മൾ കാണുന്നതോ, കാഴ്ചയ്ക്ക് വ്യത്യസ്തരായ രണ്ട് ജീവികൾ തമ്മിൽ ജീൻ തലത്തിൽ അമ്പരപ്പിക്കുന്ന സാമ്യം. വെറും 1.5 % ജീനുകൾ തമ്മിലുള്ള വ്യത്യാസം കണ്ടിട്ടാണ്‌ ജെറീദ്ഡായമണ്ട് മനുഷ്യനെ മൂന്നാം ചിമ്പാൻസിയെന്ന് വിളിച്ചത്. മനുഷ്യൻ ജീൻ തലത്തിൽ ഇതര മനുഷ്യക്കുരങ്ങുകളുമായും ഗണ്യമായവിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു. ഇത് വിളിച്ചുപറയുന്നത്, മനുഷ്യന്റെ ഉല്പത്തി ഈ ജന്തുലോകത്തുനിന്നുതന്നെയാണെന്നാണ്‌. ഇത് മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല, ഭൂമിയിലെ സകലമാന ജീവികളുംജനിതകമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഇതൊരു പ്രാപഞ്ചിക സത്യമാണ്‌. ദൈവത്തെ നിഷേധിക്കുന്ന അനിഷേധ്യമായ തെളിവുകൾ.

ദൈവമെന്ന ആശയം ഭൂമിയിൽ പ്രത്യക്ഷപ്പെടാൻ, ജീവൻ ആവിർഭവിച്ചതിനുശേഷം 400 കോടി വർഷങ്ങൾ കഴിയേണ്ടിവന്നു. ഇതിനിടയിലെ സുദീർഘമായ കാലയളവിൽ ഒരു ജീവിയും ദൈവത്തെ സൃഷ്ടിച്ചില്ല.അതിനുകാരണം, ദൈവമെന്ന ആശയത്തെ അവതരിപ്പിക്കാൻ തികച്ചും intelligent ആയ ജീവി ഉല്ഭവിക്കണം. അതാണ്‌ മനുഷ്യൻ. അവൻ ഭംഗിയായി ദൈവത്തെ ഡിസൈൻ ചെയ്തു. അതെ ജീവലോകത്തെ intelligent designer മനുഷ്യനാണ്‌. അവനില്ലെങ്കിൽ ഭൂമിയിൽ ദൈവവുമില്ല.

3.24390243902
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top