Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തൂലികാചിത്രങ്ങള്‍

തൂലികാചിത്രങ്ങള്‍ - വിശദ വിവരങ്ങൾ

തൂലികാചിത്രങ്ങള്‍

 

വ്യക്തികളെക്കുറിച്ചുള്ള ലഘു ചിത്രീകരണങ്ങള്‍. വാക്കുകള്‍ കൊണ്ട് ഒരു വ്യക്തിയെ ചിത്രീകരിച്ചു കാണിക്കല്‍ എന്നര്‍ഥം. ഇത് ജീവചരിത്രത്തിന്റെ വര്‍ഗത്തില്‍ ഉള്‍പ്പെടുന്നു. കഥാസാഹിത്യത്തില്‍ ചെറുകഥയ്ക്കും നാടകസാഹിത്യത്തില്‍ ഏകാങ്ക നാടകത്തിനും ഉള്ള സ്ഥാനം ജീവചരിത്രസാഹിത്യത്തില്‍ തൂലികാ ചിത്രത്തിനും കല്പിക്കാം. എന്നാല്‍ ആത്മകഥ, ജീവചരിത്രം, നോവല്‍ തുടങ്ങിയ ഇതര സര്‍ഗാത്മക സാഹിത്യ വിഭാഗങ്ങളോളം വളര്‍ച്ചയോ പ്രചാരമോ ഇല്ലാതെപോയ ഒരു വിഭാഗമാണ് തൂലികാചിത്രങ്ങള്‍. എങ്കിലും ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലും തൂലികാചിത്രങ്ങള്‍ വളരെയേറെ ഉണ്ടായിട്ടുണ്ട്.

തൂലികാചിത്രവും ജീവചരിത്രവും.

ജീവചരിത്രകാരനെപ്പോലെ വിശാലമായ ഒരു ക്യാന്‍വാസില്‍ വ്യക്തിജീവിത ചിത്രം വരയ്ക്കുകയല്ല തൂലികാചിത്രകാരന്‍ ചെയ്യുന്നത്. ഒരു വ്യക്തിയെ സംബന്ധിച്ചും അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ചും കിട്ടാവുന്നിടത്തോളം രേഖകള്‍ ശേഖരിച്ച് കിട്ടിയ രേഖകളെ വിശകലനം ചെയ്ത് എഴുത്തുകാരന്റെ ഭാവനാവിലാസം അലിഞ്ഞുചേര്‍ന്ന ഭാഷയില്‍ അവതരിപ്പിക്കുമ്പോഴാണ് ഒരു ജീവചരിത്രമായിത്തീരുന്നത്. തൂലികാചിത്രകാരന്റെ മുമ്പിലും വ്യക്തിയുടെ ജീവിതരേഖകളെല്ലാം ആവശ്യമാണ്. എന്നാല്‍ ആ രേഖകളെ മുന്‍നിര്‍ത്തി പരത്തിപ്പറയാനല്ല, എത്രയും എളുപ്പത്തില്‍ വ്യക്തിയെ സംബന്ധിക്കുന്ന ഒരു ലഘു ചിത്രം ഉണ്ടാക്കുക എന്നതാണ് തൂലികാചിത്രകാരന്‍ ലക്ഷ്യമാക്കുന്നത്. രചനയും സംവിധാനവും എത്ര സത്യസന്ധമായാലും ജീവചരിത്രകാരന്റെ മനോധര്‍മവും ഇംഗിതവും വിശ്വാസവും ജീവചരിത്രത്തിന് ആസ്പദമായ വ്യക്തിയോടു കാണിക്കുന്ന താത്പര്യവും അനുസരിച്ച് ജീവചരിത്രത്തിന്റെ ഗതി മാറിമാറി വരും. ഒരു വ്യക്തിയെ രണ്ട് ജീവചരിത്രകാരന്മാര്‍ രണ്ട്വിധത്തില്‍ വ്യാഖ്യാനിക്കുകയും അവതരിപ്പിക്കുകയും ചെയ്യും. ഉദാഹരണമായി പ്രജകളോട് വളരെയേറെ ക്രൂരകൃത്യങ്ങള്‍ കാണിച്ച സ്വാര്‍ഥലോലുപനായ ഒരു ഭരണാധികാരിയുടെ ജീവചരിത്രം നിര്‍മിക്കുന്നയാള്‍ ആ വ്യക്തിയുമായി വളരെയേറെ വിധേയത്വം പുലര്‍ത്തുന്ന ഒരാളാണെങ്കില്‍ പ്രജാക്ഷേമ തത്പരനെന്നും നിസ്വാര്‍ഥനായ ജനസേവകനെന്നും വാഴ്ത്തിപ്പാടും. സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ജീവചരിത്രങ്ങള്‍ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. എന്നാല്‍ തൂലികാചിത്രങ്ങളില്‍ ഇത്തരത്തിലുള്ള വ്യക്തിതാത്പര്യങ്ങള്‍ക്കോ വിധേയത്വത്തിനോ ഭാവനയുടെ നിറംപൂശലുകള്‍ക്കോ സ്ഥാനമില്ല. നായകനെ സംബന്ധിക്കുന്ന രേഖകള്‍കൊണ്ട് എത്രയും വേഗം ഒരു ലഘുചിത്രം പൂര്‍ത്തിയാക്കി അവതരിപ്പിക്കുക എന്നതാണ് തൂലികാചിത്രകാരന്റെ ലക്ഷ്യം.

തൂലികാചിത്രവും ചരിത്രവും. വിദഗ്ധമായ ഒരു തൂലികയ്ക്ക് ഏതൊരു വ്യക്തിയുടെയും ജീവിതം ഒരു കലാസൃഷ്ടിയുടെ മികവോടെ ആവിഷ്കരിക്കാന്‍ കഴിയും. അതേസമയം ഒരു ചരിത്രകാരന്റെ സമീപനമായിരിക്കില്ല തൂലികാചിത്രകാരന്റേത്. പലര്‍ക്കും ദ്വിമുഖവ്യക്തിത്വമുണ്ട്: ഒന്ന് ബാഹ്യ വ്യക്തിത്വം മറ്റേത് ആന്തരിക വ്യക്തിത്വം. ബാഹ്യ വ്യക്തിത്വം എല്ലാവരും അറിയുന്നതാണ്. അതിന്റെ പിന്‍ബലത്തോടുകൂടിയാണ് ചരിത്രം രൂപംകൊള്ളുന്നത്. എന്നാല്‍ തൂലികാചിത്രകാരന്‍ ആന്തരിക സത്യത്തെക്കൂടി പുറത്തുകൊണ്ടുവരുന്നു. വീട്ടിലും പുറത്തുമുള്ള ജീവിതങ്ങളെ പഠിച്ചും വ്യക്തിയുടെ മനസ്സറിഞ്ഞും ആയിരിക്കണം തൂലികാചിത്രം പൂര്‍ത്തിയാക്കുവാന്‍. 'നല്ലവണ്ണം രചിക്കപ്പെട്ട ഒരു ജീവിതം നല്ലവണ്ണം ജീവിക്കപ്പെട്ട ജീവിതത്തെക്കാള്‍ എത്രയോ അപൂര്‍വമാണ് 'എന്ന് ആധുനിക ജീവചരിത്രകാരനായ ആന്ദ്രേമൌര്‍വ രേഖപ്പെടുത്തിയ അഭിപ്രായം തൂലികാചിത്രകാരനും ഓര്‍ക്കേണ്ടതാണ്.

തൂലികാചിത്രങ്ങള്‍ ഇന്ന്

ഇന്ന് തൂലികാചിത്രങ്ങള്‍ക്ക് പ്രചാരം വര്‍ധിച്ചിട്ടുണ്ട്. റീഡേഴ്സ് ഡൈജസ്റ്റ് എന്ന അമേരിക്കന്‍ മാസികയില്‍ എല്ലാ ലക്കങ്ങളിലും ലഘു ജീവചരിത്രങ്ങളോ തൂലികാചിത്രങ്ങളോ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ സര്‍വകലാശാലകളില്‍ തൂലികാചിത്രങ്ങള്‍ പഠനവിഷയമാക്കിയിട്ടുമുണ്ട്. മാത്രമല്ല, മഹാന്മാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തൂലികാചിത്രങ്ങള്‍ ഇന്ന് ലോകമെമ്പാടുമുള്ള ഭാഷാപത്രങ്ങളില്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

തൂലികാചിത്രം - പൂര്‍വരൂപങ്ങള്‍

ബൈബിളിലെ ജോസഫിന്റേയും ശിംശോന്റേയും കഥകള്‍ തൂലികാചിത്രങ്ങളുടെ പൂര്‍വരൂപങ്ങളാണ്. അതുപോലെ യേശുവിന്റെ ജീവിതചിത്രവും സോക്രട്ടീസിനെ പറ്റി ക്സിനോഫോണ്‍, പ്ലേറ്റോ എന്നിവര്‍ തയ്യാറാക്കിയ ലിഖിതങ്ങളും ഇക്കൂട്ടത്തില്‍പ്പെടുത്താം. 3-ാം ശ.-ത്തില്‍ യവനഭാഷയില്‍ ലേര്‍ഷ്യസ് സമാഹരിച്ച 'ദാര്‍ശനികന്മാരുടെ ജീവിത'വും (Lives of Philosophers) ലാറ്റിന്‍ ഭാഷയില്‍ കൊര്‍ണീലിയസ് നീപ്പോസ് എഴുതിയ 'വിശിഷ്ട വ്യക്തിക'ളും (Illustrious Men) തൂലികാചിത്രങ്ങളുടെ പൂര്‍വ മാതൃകകളാണ്. എ.ഡി.120-ല്‍ 'പന്ത്രണ്ട് സീസറന്മാരുടെ ജീവിതങ്ങള്‍' എന്നൊരു കൃതി സ്യൂട്ടോണിയസ് തയ്യാറാക്കിയിട്ടുണ്ട്. ഇറ്റാലിയന്‍ ഭാഷയില്‍ വെസ് പാസിയാനോ ബിസ്റ്റിക്കി 'സമകാലികരുടെ ചരിത്രങ്ങള്‍' എന്ന കൃതി പ്രസിദ്ധം ചെയ്തത് 15-ാം നൂറ്റാണ്ടിലാണ്. അതേ കാലഘട്ടത്തില്‍ തന്നെ ജിയോജിയോ വസാരി 'കലാകാരന്മാരുടെ ജീവിതം' എന്നൊരു മനോഹരമായ തൂലികാചിത്രം പ്രസിദ്ധം ചെയ്തിട്ടുണ്ട്. 14-ാം ശ.-ത്തില്‍ ഫെര്‍ണന്‍ പെറിസ് ഡി ഗുസ്മാന്‍ എന്നൊരാള്‍'തലമുറകളും രൂപസാദൃശ്യങ്ങളും' (Generations and Likenesses) എന്ന തൂലികാചിത്രസമാഹാരം സ്പാനിഷ് ഭാഷയില്‍ പ്രസിദ്ധം ചെയ്തിരുന്നു.

തൂലികാചിത്രം - ഇംഗ്ലീഷില്‍.

ഇംഗ്ലീഷില്‍ തൂലികാചിത്രങ്ങളുടെ പൂര്‍വരൂപങ്ങള്‍ പലതുണ്ടെങ്കിലും എ.ഡി.735-ല്‍ ബീഡ് (Bede) എന്ന എഴുത്തുകാരനാണ് ആദ്യമായി ലക്ഷണമൊത്ത തൂലികാചിത്രങ്ങള്‍ രചിച്ചത്. വീരചരിതങ്ങള്‍ക്കായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയത്. അതിനുശേഷം ഇംഗ്ലീഷില്‍ ധാരാളം ജീവചരിത്രങ്ങളുണ്ടായിട്ടുണ്ടെങ്കിലും നല്ല തൂലികാചിത്രം ലഭിക്കുന്നത് 17-ാം നൂറ്റാണ്ടിലാണ്. 1651-ല്‍ തോമസ് ഫുള്ളര്‍ പ്രസിദ്ധം ചെയ്ത 'ആധുനിക ദിവ്യന്മാരുടെ ജീവിതമരണങ്ങള്‍' എന്ന കൃതി ഇവയില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. 18-ാം നൂറ്റാണ്ടില്‍ ജോണ്‍ ഓബ്രേ പ്രസിദ്ധം ചെയ്ത 'പലവക' (Miscellanies) ശ്രദ്ധേയമായ തൂലികാചിത്രങ്ങളാണ്. ഡോക്ടര്‍ ജോണ്‍സന്റെ 'കവികളുടെ ജീവിതങ്ങള്‍' (Lives of Poets) തൂലികാചിത്രശാഖക്ക് നല്കിയ മികച്ച സംഭാവനയാണ്. അന്‍പത്തിരണ്ട് കവികളുടെ ജീവിത ചിത്രങ്ങള്‍ അതിലുണ്ട്. ഡോ. ജോണ്‍സന്റെ ജീവചരിത്രം തയ്യാറാക്കിയ ബോസ്വലും തൂലികാചിത്രശാഖക്ക് മികച്ച സംഭാവന നല്‍കിയിട്ടുണ്ട്.

20-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ഭാഷയില്‍ ധാരാളം തൂലികാചിത്ര ങ്ങളുണ്ടായി. ലിറ്റണ്‍ സ്ട്രാച്ചി എന്ന എഴുത്തുകാരന്റെ 'ചിത്രകാരന്മാരുടെ ജീവിതചിത്രങ്ങള്‍' (Lives of Painters) ഈ വിഭാഗത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. അമേരിക്കക്കാരനായ ഗമാലിയേല്‍ ബ്രാഡ് ഫോര്‍ഡ് യൂണിയന്‍ പോര്‍ട്രയിറ്റ്സ്, പോര്‍ട്രയിറ്റ്സ് ഒഫ് വിമന്‍, ഡാമേജ്ഡ് സോള്‍സ് തുടങ്ങിയ മനോഹരമായ തൂലികാചിത്രസമാഹാരങ്ങള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. തൂലികാചിത്രങ്ങളുടെ ഒരു വകഭേദമെന്നു പറയാവുന്ന 'സൈക്കോഗ്രാഫി'യെപ്പറ്റി കൂടുതല്‍ വിശദീകരിച്ച എഴുത്തുകാരനും ബ്രാഡ് ഫോര്‍ഡാണ്. വ്യക്തിസ്വഭാവത്തിന്റെ ഉജ്ജ്വലങ്ങളും സൂക്ഷ്മങ്ങളുമായ പ്രവണതകള്‍ മനസ്സിലാക്കി വേണ്ടതുപോലെ നിറം കൂട്ടിയും കുറച്ചും സമഗ്രമായ ഒരു ചിത്രസമാഹാരം ചമയ്ക്കുകയാണ് സൈക്കോഗ്രാഫി എന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ജീവചരിത്രത്തിന്റെ ഒരു സാര സംഗ്രഹമായും അതിനെ കാണാവുന്നതാണ്. നീണ്ട ജീവചരിത്രങ്ങള്‍ എഴുതി പ്രശസ്തി നേടിയ എമില്‍ലുഡ്വിഗ് മനോഹരങ്ങളായ പല തൂലികാചിത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ജീവചരിത്രത്തിന്റെ സാങ്കേതിക രീതിയില്‍ തന്നെയായിരുന്നു അവയുടെ രചനയും.

തൂലികാചിത്രം - മലയാളത്തില്‍.

വടക്കന്‍പാട്ട്, തെക്കന്‍പാട്ട് തുടങ്ങിയ നാടോടിപ്പാട്ടുകളിലാണ് മലയാളത്തിലെ തൂലികാചിത്രങ്ങളുടെ പ്രഥമാങ്കുരങ്ങള്‍ കാണപ്പെടുന്നത്. കൊ.വ. 1070-ല്‍ 107 മഹാന്മാരുടെ ജീവിതചിത്രങ്ങളുള്ള മരച്ചരിത സംഗ്രഹം കേരളവര്‍മ വലിയകോയിത്തമ്പുരാനും മറ്റു ചില പണ്ഡിതന്മാരും കൂടി ഇംഗ്ലീഷില്‍ നിന്നും തര്‍ജുമ ചെയ്ത് പ്രസിദ്ധം ചെയ്തു. തൂലികാചിത്രങ്ങള്‍ക്ക് മലയാളത്തില്‍ തുടക്കം കുറിച്ചത് ഈ കൃതിയിലൂടെയാണെന്നു പറയാം. എ.ഡി.1889-ല്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ 108 സംസ്കൃത ശ്ളോകങ്ങളിലൂടെ വിക്ടോറിയാ രാജ്ഞിയുടെ ഒരു തൂലികാചിത്രം വരച്ചിട്ടുണ്ട്. ഇതിന് ഇദ്ദേഹം തന്നെ മലയാളത്തില്‍ തര്‍ജുമയും രചിച്ചു. ഇതിനെ അനുകരിച്ച് മറ്റു ചില തൂലികാചിത്രങ്ങളും പദ്യത്തിലുണ്ടായിട്ടുണ്ട്. 1893-ല്‍ സഖാ രാമരായര്‍ ലക്ഷ്മണരായര്‍ എന്നൊരാള്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ റ്റി.മാധവരായരുടെ തൂലികാ ചിത്രം എഴുതുകയുണ്ടായി. ഈ രീതിയിലുള്ള മറ്റൊരു കൃതിയാണ് ദേവ്ജി ഭീമ്ജിയെ കുറിച്ച് എം.ടി.കുഞ്ഞുണ്ണി എഴുതിയ ചിത്രീകരണം.

20-ാം നൂറ്റാണ്ടിലാണ് മലയാളത്തില്‍ എണ്ണത്തിലും ഗുണത്തി ലും മികച്ച തൂലികാചിത്രങ്ങളുണ്ടായത്. ഇവയില്‍ വിദ്യാര്‍ഥികള്‍ ക്കുവേണ്ടി രചിക്കപ്പെട്ട കൃതികള്‍ ശ്രദ്ധേയങ്ങളാണ്. നാരായണ മേനോന്‍ പ്രകാശിപ്പിച്ചഇന്ത്യയിലെ മഹതികള്‍, എസ്.വി.നായരുടെ ഇന്ത്യയിലെ വീരാത്മാക്കള്‍, ടി.കെ.കൃഷ്ണമേനോന്റെ ഇന്ത്യയിലെ മഹാന്മാര്‍, വള്ളത്തോള്‍ ഗ്രന്ഥാലയം പ്രകാശിപ്പിച്ച ഇന്ത്യയിലെ മുസ്ലീം മഹാറാണിമാര്‍, കൈനിക്കര കുമാരപിള്ളയുടെ കെടാവിളക്കുകള്‍, പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്റെ നമ്മുടെ സാഹിത്യകാരന്മാര്‍ (13ഭാ.), കെ.പി.കരുണാകരമേനോന്റെ പ്രശസ്ത വ്യക്തികള്‍, ജി.രാമകൃഷ്ണപിള്ളയുടെ ലോകമഹാന്മാര്‍, പി.കെ.കൃഷ്ണപിള്ളയുടെശാസ്ത്രലോകത്തിലെ മണിപ്രദീപങ്ങള്‍, ഡോ.ആര്‍. കേശവന്‍ നായരുടെ ശാസ്ത്രശില്പികള്‍, ഉള്ളാട്ടില്‍ ഗോവിന്ദന്‍ കുട്ടി മേനോന്റെ സംസ്കൃത പണ്ഡിതന്മാര്‍, കെ.നാരായണ മേനോന്റെ സുചരിതകള്‍ തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

തോമസ് പോള്‍ എന്ന പ്രസാധകന്‍ 'സാഹിത്യപ്രണയികള്‍' എന്ന പേരില്‍ പ്രസിദ്ധം ചെയ്ത ഗ്രന്ഥപരമ്പരയില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, ഒ.ചന്തുമേനോന്‍, കൈക്കുളങ്ങര രാമവാര്യര്‍, ഡോ.ഗുണ്ടര്‍ട്ട്, കുമാരനാശാന്‍, കെ.സി.കേശവപിള്ള, കോട്ടയം കേരളവര്‍മ, വിദ്വാന്‍ കോയിത്തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ഒടുവില്‍ കുഞ്ഞിക്കൃഷ്ണ മേനോന്‍, കാത്തുള്ളില്‍ അച്യുതമേനോന്‍, കവിതിലകന്‍ ശാമു മേനോന്‍, ചാത്തുക്കുട്ടി മന്നാടിയാര്‍, നടുവത്ത് അച്ഛന്‍ നമ്പൂതിരി, എ.ആര്‍.രാജരാജ വര്‍മ, മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍ തുടങ്ങിയവരുടെ സാമാന്യം ദീര്‍ഘമായ തൂലികാചിത്രങ്ങളുണ്ട്. വെങ്കുളം പരമേശ്വരന്റെജീവചരിത്രസഞ്ചിക, കൈരളീ ചില്‍ഡ്രന്‍സ് ട്രസ്റ്റിന്റെ മഹച്ചരിതമാല എന്നിവയും പരിഗണന അര്‍ഹിക്കുന്ന കൃതികളാണ്.

ആധുനിക കാലത്ത് മിക്കവാറും എല്ലാ ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകളിലും ശ്രദ്ധേയമായ തൂലികാ ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. സാമൂഹികമോ രാഷ്ട്രീയമോ സാംസ്കാരികമോ വിദ്യാഭ്യാസപരമോ ആയ പ്രശസ്തിയോ പുരസ്കാരലബ്ധിയോ ഉന്നത പദവികളോ ലഭിക്കുന്നവരെപ്പറ്റിയെല്ലാം ഇത്തരം തൂലികാചിത്രങ്ങള്‍ പ്രസിദ്ധം ചെയ്തുവരുന്നു. ആ നിലയില്‍ നോക്കുമ്പോള്‍ മലയാളത്തിലെ ആത്മകഥാസാഹിത്യത്തിനും ജീവചരിത്ര സാഹിത്യത്തിനും ഒപ്പമെത്തുവാനുള്ള വൈപുല്യം തൂലികാ ചിത്രങ്ങള്‍ക്കും കൈവന്നിട്ടുണ്ടെന്നു പറയാം.

3.18421052632
ടോജോ മാത്യു Nov 16, 2015 03:32 PM

വായനക്കാർക്ക്‌ ഇഷ്ട്ടപെടും

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top