Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വയനാട് ജില്ല

കേരള സംസ്ഥാനത്തിലെ 12മത് ജില്ലയാണ് വയനാട്

വയനാട് ജില്ല


11.605° N 76.083° E

ഭൂമിശാസ്ത്ര പ്രാധാന്യം

ജില്ല

രാജ്യം

ഇന്ത്യ

സംസ്ഥാനം

കേരളം

ആസ്ഥാനം

കൽപറ്റ

വിസ്തീർണ്ണം

2131ചതുരശ്ര കിലോമീറ്റർ

ജനസാന്ദ്രത

383/ച.കി.മീ

സാക്ഷരത

89.32 %

സമയമേഖല

UTC +5:30

കേരള സംസ്ഥാനത്തിലെ 12 ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്

വയനാട്-ഒറ്റനോട്ടത്തില്‍

വിസ്തീര്‍ണത്തില്‍ പന്ത്രണ്ടാം സ്ഥാനം
ജില്ലാ രൂപീകരണം 1980 നവംബര്‍ 1
ജില്ലാ ആസ്ഥാനം കല്‍പ്പറ്റ
വിസ്തീര്‍ണം 2,131 ച.കി.മീ.
നിയമസഭാ മണ്ഡലങ്ങള്‍ (കല്‍പ്പറ്റ, മാനന്തവാടി (എസ്.ടി.), സുല്‍ത്താന്‍ ബത്തേരി (എസ്.ടി.)
റവന്യൂ ഡിവിഷനുകള്‍ 1
താലൂക്കുകള്‍ 3 (സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി)
വില്ലേജുകള്‍ 49
നഗരസഭകള്‍ 1 (കല്‍പ്പറ്റ)
ബ്ലോക്ക് പഞ്ചായത്തുകള്‍ 4
ഗ്രാമപഞ്ചായത്തുകള്‍ 25
ജനസംഖ്യ (2011) 8,16,558
പുരുഷന്മാര്‍ 4,01,314
സ്ത്രീകള്‍ 4,15,244
ജനസാന്ദ്രത 383/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം 1,035/1000
സാക്ഷരത 89.32%
പ്രധാന നദികള്‍ കബനി (കിഴക്കോട്ട് ഒഴുകുന്നു), പനമരം, മാനന്തവാടി, ബാവലി പുഴ)

ചരിത്രം

വയല്‍നാട്, വഴിനാട്, വനനാട്, വേയ് (മുള)നാട് എന്നിവയില്‍ നിന്നാണ് "വയനാട്' എന്ന പേര് വന്നതെന്നാണ് പറയുന്നത്. വയലുകളും കാടും നിറഞ്ഞ സ്ഥലം എന്ന അര്‍ഥത്തിലാണ് വയല്‍നാട്, വനനാട് എന്ന പേര് ഉണ്ടായതെന്നും ഒരുവിഭാഗം പേര്‍ക്ക് അഭിപ്രായം ഉണ്ട്. എന്നാല്‍ വേയ് അഥവാ മുള ധാരാളം ഉള്ളതിനിടാന്‍ "വേയനാട്'ല്‍ നിന്നും പേര് ഉണ്ടായതെന്നും അതല്ല മൈസൂറിനേയും മലബാറിനേയും യോജിപ്പിക്കുന്ന പ്രദേശം എന്ന നിലയില്‍ "വഴിനാട്' ആണ് പിന്നീട് വയനാട് ആയതെന്നും വാദങ്ങള്‍ ഉയരുന്നു. വയനാടിന്റെ ഗതകാലചരിത്രം പരിശോധിച്ചാല്‍ ഇതിലെല്ലാം അല്പസ്വല്പം കാര്യങ്ങള്‍ ഉണ്ടെന്ന് കാണാം.


സഹ്യാദ്രിയില്‍ ഒറ്റപ്പെട്ട ഭൂഖണ്ഡത്തെപ്പോലെ, മാനംമുട്ടി നില്‍ക്കുന്ന മാമലകളും തോളുരുമി കടന്നുപോകുന്ന കുന്നുകളും കോടമഞ്ഞും കാട്ടുമൃഗങ്ങളും തേയില തോട്ടങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നിറഞ്ഞ വയനാട് കേരളത്തിന്റെ മനോഹരമായ ജില്ലയാണ്. മാനത്തേയ്ക്ക് കയറാനുള്ള ഏണിപ്പടികള്‍ പോലെയുള്ള ഇവിടത്തെ ചുരങ്ങള്‍ സഞ്ചാരികള്‍ക്ക് കൗതുകം നല്‍കുന്ന കാഴ്ചയാണ്. വയനാട് യൂറോപ്പിലായിരുന്നുവെങ്കില്‍ അതൊരു മനോഹരമായ ഉല്ലാസകേന്ദ്രമാകുമായിരുന്നുവെന്ന് ഒരിക്കല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം സന്ദര്‍ശിച്ച മദ്രാസ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത് ശരിയാണ്. ഇന്നും അതിമനോഹരമാണ് വയനാട്. കേരളത്തിലെ ഗോത്രസംസ്കാരത്തിന്റെയും ചരിത്രത്തിന്‍റേയും സംഗമഭൂമിയാണ് വയനാട്. വിവിധ ജാതിയില്‍പ്പെട്ട ആദിവാസികള്‍ വൈവിധ്യമാര്‍ന്ന അവരുടെ കലയും സംസ്കാരവും ആചാരങ്ങളും വച്ചുപുലര്‍ത്തുന്നത് വയനാട്ടിലെങ്ങും കാണാന്‍ കഴിയും. കോടമഞ്ഞും മലമ്പനിയും നിറഞ്ഞ വയനാട് ഒരുകാലത്ത് പുറംലോകത്തിന് ഭയമായിരുന്നു. എന്നാല്‍ ഈ സ്ഥലത്തിന്റെ പ്രാധാന്യം ആദ്യം മനസ്സിലാക്കിയത് കേരളവര്‍മ്മ പഴശ്ശിരാജയായിരുന്നു. കോട്ടയം ഭരണത്തിന്റെ കീഴിലായിരുന്നു അന്ന് വയനാട്. മൈസൂര്‍ ആക്രമണകാലത്ത് ടിപ്പുസുല്‍ത്താനെതിരെ ഇംഗ്ലീഷുകാരെ സഹായിക്കാന്‍ പഴശ്ശിരാജ തയ്യാറായതു തന്നെ ഭാവിയില്‍ വയനാട് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ടിപ്പുസുല്‍ത്താന്റെ മരണത്തിനു ശേഷം വയനാട് കൈക്കലാക്കാനും അതിനെ രണ്ടായി ഭാഗിക്കാനും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തയ്യാറായപ്പോള്‍ പഴശ്ശിരാജ അവരോട് അന്തിമസമരത്തിന് തയ്യാറായി. "വയനാട് എന്റെയോ നിങ്ങളുടെയോ' എന്ന ചോദ്യവുമായി രംഗത്തിറങ്ങിയ പഴശ്ശി തന്റെ ഒളിത്താവള കേന്ദ്രമാക്കിയത് വയനാടന്‍ കാടുകളാണ്. "ഇംഗ്ലീഷുകാര്‍ എത്ര വലിയ ശക്തിയായാലും ഞാന്‍ അവരെ എതിര്‍ക്കും' എന്ന പ്രഖ്യാപനവുമായി അന്ത്യംവരെ അദ്ദേഹം പോരാടി വീരചരമം പ്രാപിച്ചു.

മാനന്തവാടിയില്‍ ആണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്തിട്ടുള്ളത്. പഴശ്ശിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ സൈന്യാധിപന്മാരായ ഇടച്ചനക്കുങ്കന്‍റേയും തലയ്ക്കല്‍ ചന്തുവിന്‍റേയും എല്ലാം സ്മരണ വയനാടന്‍ മണ്ണില്‍ നിറഞ്ഞുനില്‍ക്കുന്നു. തേയില, കാപ്പി, ഏലം, ഇഞ്ചി എന്നിവയുടെ വന്‍ കൃഷിസ്ഥലമാണ് വയനാട്. ഇവിടത്തെ "ജീരകശാല', "ഗന്ധകശാല' തുടങ്ങിയ നെല്ലുകള്‍ ഇന്നും പ്രിയങ്കരമാണ്. വയനാടിന്റെ ഓരോ മുക്കിലും മൂലയിലും ചരിത്രം തുടികൊട്ടുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ചില പ്രധാന കെട്ടിടങ്ങളും പള്ളികളും വയനാട്ടില്‍ കാണാം.

കുടിയേറ്റക്കാരുടെ സംഗമഭൂമിയാണ് വയനാട്. ആധുനിക വയനാടിന്റെ തുടക്കത്തിനു കാരണം കുടിയേറ്റമാണ്. ഇന്ത്യയിലെ ഏറ്റവും പ്രാചീനാവശിഷ്ടമായ എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍, മാനന്തവാടിക്കു സമീപത്തുള്ള വള്ളൂര്‍ക്കാവ് ക്ഷേത്രം, പുല്പള്ളിയിലെ സീതാദേവി ക്ഷേത്രം, കബനിനദിയിലെ ചെറുദ്വീപായ "കുറുവ', ഒരുകാലത്ത് ഏറ്റവും മഴ പെയ്യുന്നതില്‍ രണ്ടാം സ്ഥാനം ഉണ്ടായിരുന്ന ലക്കിടി, അതിനടുത്തുള്ള പൂക്കോട് തടാകം, തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി, അവിടേക്ക് പോകുന്ന വഴിയിലുള്ള ത്രിശ്ശിലേരി ക്ഷേത്രം, അമ്പലവയലിലെ ഹെറിറ്റേജ് മ്യൂസിയം, സുല്‍ത്താന്‍ ബത്തേരിയിലെ ആന പരിശീലന കേന്ദ്രം, കല്പറ്റയിലെ പുളിയാര്‍മലയുടെ സമീപത്തുള്ള ജൈനക്ഷേത്രവും ഗാന്ധി മ്യൂസിയവും, പുത്തനങ്ങാടിയിലെ ജൈനക്ഷേത്രം, എടവകയിലെ പള്ളിക്കല്‍ പള്ളി, മേപ്പാടിയിലെ സെന്‍റ് ജോസഫ്സ് ഷറൈന്‍, പള്ളിക്കുന്നിലെ ലൂര്‍ദ് മാതാ ദേവാലയം തുടങ്ങിയവയെല്ലാം വയനാട്ടിലാണ്.

വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധനങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ‍ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്.

കോഴിക്കോട് സർ‌വ്വകലാശാലയിലെ ഡോ രാഘവ വാര്യർ കുപ്പക്കൊല്ലിയിൽ നടത്തിയ ഉദ്ഖനനത്തിൽ വിവിധരതം മൺപാത്രങ്ങളും (കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ, ചാരനിറമുള്ള കോപ്പകൾ ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളിൽ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രൻ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ മെഡീറ്ററേനിയൻ വർഗ്ഗത്തിൽ പെട്ടവരാണെന്നും അവർ ക്രി.മു. 500 ലാണ്‌ ദക്ഷീണേന്ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ക്രിസ്റ്റോഫ് വോൺ ഫൂറെർഹൈമെൻഡ്ഡോഫ് സിദ്ധാന്തിക്കുന്നുണ്ട്. വയാനാട്ടിൽ നിന്നും ലഭിച്ച മൺ പാത്രങ്ങളുടെ നിർമ്മാണരീതിക്ക് വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പൻ സംസ്കാരത്തിനു മുൻപുള്ള മൺപാത്രനിർമ്മാണവുമായി അവക്ക് ബന്ധമുണ്ട്

എടക്കൽ ശിലാ ലിഖിതങ്ങൾ

സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയിൽ കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന നൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നർത്ഥത്തിൽ; ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കൽ എന്നാണ്‌ അറിയപ്പെടുന്നത്. 1896 ൽ ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾനവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു.

1890-ൽ കോളിൻ മെക്കൻസി സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗ കാലത്തെ ശിലായുധങ്ങളും 1901-ൽ ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. എടക്കൽ ഗുഹാ ചിതങ്ങൾ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീൽ ഈ തെളിവുകളാണ്‌. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കൽ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങൾ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയിൽ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങൾ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകൾ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ചരിവിലും, ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരത്തിന്റെ സമൃദ്ധമായ ഒരു തുടർച്ച വയനാട്ടിൽ നിലനിന്നിരുന്നു എന്നാണ്‌.

ക്രിസ്തുവിനു മുന്ന് മൂന്നാം നൂറ്റാണ്ടാണ്‌ എടക്കൽ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളർ അഭിപ്രായപ്പെടുന്നു. ആറായിരം വർഷങ്ങൾക്ക് ശേഷമാണ്‌ ലിപി നിരകൾ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയും; പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടിൽനറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയിൽ എഴുതപ്പെട്ട "ശാക്യമുനേ ഒവരകോ ബഹുദാനം" എന്ന വരികൾ ബുദ്ധമതം വയനാട്ടിൽ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അർത്ഥം ബുദ്ധന്റെ ഒവരകൾ(ഗുഹകൾ) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങൾക്ക് പള്ളി എന്ന പേർ ചേർന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.

എടക്കലിലെ സ്വസ്തികം ഉൾപ്പെടെയുള്ള അഞ്ച് ചിഹ്നങ്ങൾക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.

തൊവരിച്ചിത്രങ്ങൾ

എടക്കൽ ചിത്രങ്ങളുടെ രചനയെ തുടർന്ന് അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങൾ രചിക്കപ്പെട്ടത്. എടക്കലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ്‌ തൊവരി മലകൾ. എടക്കലിൽ ഉപയോഗിച്ചതിനേക്കാൾ കൂർത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് ഡോ. രാഘവ വാര്യർ അവകാശപ്പെടുന്നു.

പ്രധാന പെട്ട  സ്ഥലങ്ങൾ

ചെമ്പ്ര കൊടുമുടി

കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി.മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.

കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.

പൂക്കോട്

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലായാണ് തടാകത്തിന്റെ സ്ഥാനം. ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്. തടാകത്തിൽ നിറയേ നീല ഇനത്തിൽ പെട്ട ആമ്പലുകൾ കാണാം.

പൂക്കോട് തടാകത്തിൽ മാത്രം കാണപെടുന്ന പരൽ മത്സ്യം ആണ് പൂക്കോടൻ പരൽ.

വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. ഒരു മീൻ വളർത്തൽ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാൻ കിട്ടും. 13 ഏക്കറാണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

അടുത്തകാലത്തായി ടൂറിസത്തെ മുൻ‌നിർത്തി നിർമ്മിച്ച മിനുക്കുപണികൾ തടാകത്തിന്റെ വന്യ സൗന്ദര്യം നശിപ്പിച്ചു എന്ന് ആരോപണമുണ്ട്.

കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോൾ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. തടാകത്തിനടുത്തു തന്നെ ഒരു ശ്രീ നാരായണ ഗുരുകുലം ഉണ്ട്. മനോഹര വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്നിടമാണിവിടം

എടക്കൽ ഗുഹ

കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ എന്നറിയപ്പെടുന്നത്. ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൽ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്‌. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.

പേരിനു പിന്നിൽ

ഇടക്കൽ എന്നും ഭാഷാന്തരം ഉണ്ട്. പാറകൾക്കിടയിലെ, അഥവാ പാറയുടെ നടുവിൽ ഉണ്ടായ വിള്ളലിലേക്ക് ഇടയിലേക്ക് മുകളിൽ നിന്ന് വീണു കിടക്കുന്ന ഒരു വലിയ കല്ലാണ്‌ പേരിന്നാധാരം. 98 അടി നീളവും 22 അടി വീതിയുമുള്ള ഈ വിള്ളലാണ്‌ ഗുഹയെ രൂപപ്പെടുത്തുന്നത്, ഇതിന്‌ മുപ്പതടിയോളം ഉയരവുമുണ്ട്.

ചരിത്രം

1894-ൽ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫോസെറ്റാണ്‌ ദക്ഷിണേന്ത്യൻ ചരിത്രരചനയിൽ വഴിത്തിരിവുണ്ടാക്കിയ എടക്കൽ ഗുഹകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.  ആദിവാസികളായ മുള്ളുക്കുറുമരുടേയുംപണിയരുടേയും സഹായത്തോടെ കാടുവെട്ടി വഴിയുണ്ടാക്കിയാണ്‌ അദ്ദേഹം ഇവിടേക്കെത്തിയത്. ഫോസെർ അക്കാലത്ത് നിരവധി തവണ ഗുഹകളെപ്പറ്റി പഠനം നടത്തുകയുണ്ടായി. അദ്ദേഹത്തിനു ശേഷം ആർ. സി. ടെമ്പിൾ (1896) ബ്രൂസ്ഫൂട്ട് (1897) ഡോ. ഷൂൾറ്റ്സ് (1896) കോളിൻ മെക്കൻസി എന്നിവർ എടക്കലിനെക്കുറിച്ചും സമീപത്തുള്ള പുരാതന പരിഷ്കൃതിയെപ്പറ്റിയും പഠനങ്ങൾ നടത്തി.എടക്കൽ ഗുഹാചിത്രങ്ങൾ പ്രാചീനശിലായുഗത്തിന്റെ അന്ത്യത്തിലുള്ള ചെറു ശിലായുഗത്തിലാണ്‌ ഉണ്ടയത്. ദക്ഷിണേന്ത്യയിൽ ഇത് ക്രി.മു. 10000 മുതൽ 4000 വരെയാണ്‌.

നീലിമല


വയനാടിന്റെ തെക്കുകിഴക്കേ ഭാഗത്തു സ്ഥിതി ചെയ്യുന്ന നീലിമലയിലേക്ക് കല്‍പ്പറ്റയില്‍ നിന്നോ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നോ എത്തിച്ചേരാം.
ട്രക്കിംഗിനുള്ള നിരവധി കാനന പാതകള്‍ ഇവിടെയുണ്ട്. നീലിമലയുടെ മുകളില്‍ നിന്നും മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം.

ബാണാസുര സാഗർ അണക്കെട്ട്

കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. 1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽആണ് ഈ അണക്കെട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത് . ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം. ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം

അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണക്കെട്ട് പദ്ധതി പ്രദേശത്ത് ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്

ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം

കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല,കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ക്ഷേത്രത്തിലെ വാർഷികോത്സവം ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങളിലായി നടക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണുആണ്. ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം.പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായി ഉള്ള വടക്കൻ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം.മലയാള മാസങ്ങൾ ആയകർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ പൗർണമി ദിവസങ്ങളിൽ ആണ് ബലി ഇടുക.

ചരിത്രം

തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രാധാന്യം ചേര രാജാക്കന്മാരാ‍യ ഭാസ്കര രവിവർമ്മൻ I, II എന്നിവരുടെ ചെമ്പ് ആലേഖനങ്ങളിൽകാണാം. തിരുനെല്ലി ഗ്രാമത്തിൽ നിന്ന് പുരാവസ്തു ഗവേഷകർ ഈ ചെമ്പുതകിടുകൾ കുഴിച്ചെടുത്തിട്ടുണ്ട്. എ.ഡി. 9-ആം നൂറ്റാണ്ട് വരെ ഈ ചെമ്പുതകിടുകൾക്ക് പഴക്കം ഉണ്ട്. ചരിത്ര രേഖകൾ അനുസരിച്ച് തിരുനെല്ലി 16-ആം നൂ‍റ്റാണ്ടുവരെ തെക്കേ ഇന്ത്യയിലെ ഏറ്റവും സമൃദ്ധമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു.ഭാസ്കര രവിവർമ്മന്റെ കാലത്ത് ഈ ക്ഷേത്രം ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായിരുന്നു. അന്നത്തെ നാണയം ആയ 12 ‘രാശി‘കൾ ഉപയോഗിച്ച് കൊത്തുപണിചെയ്ത കല്ലുകൾ ഇവിടെ നിന്നും കുഴിച്ചെടുത്തിട്ടുണ്ട്.

ഈ ക്ഷേത്രത്തിന്റെ ചരിത്രം കാസർഗോഡ് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാ‍ജാക്കന്മാരും ആയും ബന്ധപ്പെട്ടു കിടക്കുന്നു. കൂർഗ്ഗിലെ രാജാക്കന്മാരും ആയും ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് അടുത്തായി ഉള്ള ചില കൽ‌പ്രതിമകളുടെ അവശിഷ്ടങ്ങൾ കൂർഗ്ഗ് രാജാക്കന്മാർ നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. പാപനാശിനി ഗ്രാമം, പഞ്ചതീർത്ഥ ഗ്രാമം എന്നീ രണ്ടു ഗ്രാമങ്ങൾ ഇവിടെ നിലനിന്നിരുന്നു. അജ്ഞാതമായ ചില കാരണങ്ങളാൽ (മിക്കവാറും ഒരു പകർച്ചവ്യാധിയാൽ) ഈ ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. ജനങ്ങൾ മാനന്തവാടിക്ക് അടുത്തുള്ള സ്ഥലങ്ങളിലേക്ക് അഭയം തേടി. മാനന്തവാടിയിലെ ചില കുടുംബങ്ങൾ തങ്ങളുടെ തായ്‌വഴികൾ ഈ ഗ്രാമങ്ങളിൽ നിന്ന് ആണെന്നു പറയുന്നു.

ഐതിഹ്യം

ഈ ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിനു സമർപ്പിച്ചു എന്നും ചതുർഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് ഐതിഹ്യം. അതുകൊണ്ടാണ് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നത് എന്നും പറയപ്പെടുന്നു. മൈസൂരിലേക്ക് തീർത്ഥയാത്ര പോയ മൂന്നു മലയാളി നമ്പൂതിരിമാർക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോൾ ഇവർ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നിൽക്കുന്നത് കണ്ടു. അതിനടുത്തായി നിറയെ നെല്ലിക്കയുള്ള ഒരു നെല്ലിമരം കണ്ട് അവർ തങ്ങളുടെ പൈദാഹങ്ങൾ അകറ്റി. ഇതിനാൽ ഇവർ ഈ സ്ഥലം തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളിൽ നെല്ലിമരങ്ങൾ ധാരാ‍ളമായി കാണാം. തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കുവച്ച്, പാപനാശിനിയിൽ ബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽവിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.

പാ‍പനാശിനി

ഈ ക്ഷേത്രത്തിൽ നിന്ന് അൽ‌പം അകലെയാണ് പാ‍പനാശിനി എന്ന അരുവി. പാപനാശിനിയിലെ പുണ്യജലത്തിൽ ഒന്നു മുങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാവും എന്നാണ് വിശ്വാസം.

ഈ അരുവിക്ക് എല്ലാ പാപങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന തിരുനെല്ലി പ്രകൃതിമനോഹരമായ ഒരു സ്ഥലം ആണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് വടക്കുകിഴക്കായി കർണാടകത്തിലെ നാഗർഹോളെ, ബന്ദിപ്പൂർ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും തെക്കു കിഴക്കായി തമിഴ്‌നാട്ടിലെ മുതുമലയും സ്ഥിതിചെയ്യുന്നു. വളരെ ജൈവ വൈവിധ്യം ഉള്ള ഈ വന്യജീവി സംരക്ഷണ കേന്ദ്രംനീലഗിരി ബയോ റിസർവിന്റെ ഒരു പ്രധാന ഭാ‍ഗം ആണ്. നാനാവിധത്തിലുള്ള സസ്യ-ജീവിജാലങ്ങളെ ഇവിടെ കാണാം.

സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമായ പക്ഷിപാതാളം ഇവിടെ നിന്നും 7 കിലോമീറ്റർ അകലെയാണ്. കടൽനിരപ്പിൽ നിന്നും 1740 മീറ്റർ ഉയരമുള്ള ഇവിടെ എത്തുവാൻ കേരള വനം വകുപ്പിൽ നിന്ന് മുൻ‌കൂർ അനുമതി വാങ്ങണം.

ക്ഷേത്രം മാനന്തവാടിക്ക് 30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കോഴിക്കോട്, 138 കിലോമീറ്റർ അകലെ.
  • ബാംഗ്ലൂർ നിന്നും ബാംഗ്ലൂർ-ഹുൻസുർ-നാഗർഹോളെ-കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്റർ ആണ് ഇവിടേയ്ക്ക് ഉള്ള ദൂരം.[1]
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം,കോഴിക്കോട്. 166 കിലോമീറ്റർ അകലെ.

പക്ഷിപാതാളം

 

 

 

കേരളത്തിലെ വയനാട് ജില്ലയിലെ കന്യാവനങ്ങൾക്കു നടുവിലുള്ള ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപാതാളം. തിരുനെല്ലിയിലെബ്രഹ്മഗിരികളിൽ ആണ് പക്ഷിപാതാളം. കടൽനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലുള്ള പക്ഷിപാതാളം ഒരു മനോഹരമായ പക്ഷിനിരീ‍ക്ഷണ കേന്ദ്രമാണ്. ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽ പെട്ട പക്ഷികളുടെ വാസസ്ഥലമാണ്. കർണ്ണാടക അതിർത്തിയോട് തൊട്ടടുത്താണ് ഈ സ്ഥലം. ബ്രഹ്മഗിരിയുടെ വടക്കേ അറ്റത്ത് മലമുകളിലുള്ള വലിയ പാറ ഗുഹകളിൽ ധാരാളം പക്ഷികളും വന്യമൃഗങ്ങളും വസിക്കുന്നു. ഭീമാകാരങ്ങളായ അനേകം ഉരുളൻ കല്ലുകളാൽ രൂപപ്പെട്ട ഈ ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്ക് ഇറങ്ങാം. താഴെഭാഗത്ത് വവ്വാലുകൾ കൂട്ടം കൂട്ടമായി തൂങ്ങിക്കിടക്കുന്ന ഒരു ഗുഹ കാണാൻ സാധിക്കും. വിവിധയിനം ദേശാടനപക്ഷികൾ കൂടുകൂട്ടുന്ന മറ്റ് ഗുഹകളും പണ്ടുകാലത്ത് സന്യാസിമാർ തപസ്സിന് ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഒരു പുരാതന ഗുഹയുംഇവിടെ ഉണ്ട്.

കാട്ടിലൂടെ 7 കിലോമീറ്റർ സഞ്ചരിച്ചാൽ പക്ഷിപാതാളത്ത് എത്താം. പക്ഷിപാതാളത്ത് പോകുവാൻ വനം വകുപ്പിൽ നിന്ന് അനുമതി വാങ്ങണം. പക്ഷിപാതാളത്തേക്ക് വനം വകുപ്പ് അധികാരപ്പെടുത്തിയിട്ടുള്ള വഴികാട്ടികളെയും (ഗൈഡ്) ഇവിടെനിന്നും ലഭിക്കും. കർണ്ണാടകത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളും മറുവശത്തു കൂടി ഇവിടേക്ക് എത്തുന്നു.


മീന്‍മുട്ടി


നീലിമലയ്ക്കു തൊട്ടടുത്തായി കാണപ്പെടുന്ന മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് വയനാടിനെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയില്‍ നിന്ന് 2 കി.മീ ദൂരം മാത്രമേ ഉള്ളു. 300 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ഈ വെള്ളച്ചാട്ടം മൂന്നു തട്ടുകളായാണ് താഴേക്കു പതിക്കുന്നത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് മീന്‍മുട്ടി.

ചെതലയം

വയനാടിന്റെ വടക്കന്‍ ഭാഗത്ത് സുല്‍ത്താന്‍ ബത്തേരിക്ക് സമീപമാണ് ചെതലയം വെള്ളച്ചാട്ടം കാണപ്പെടുന്നത്. മീന്‍മുട്ടിയുമായി താരതമ്യപ്പെടുത്തിയാല്‍ ചെതലയം ചെറിയ വെള്ളച്ചാട്ടമാണ്. പക്ഷിനിരീക്ഷകരുടെയും ട്രക്കിംഗ് പ്രിയരുടെയും ഇഷ്ട സ്ഥലമാണ.് ചെതലയത്തിന്റെ പരിസര പ്രദേശങ്ങള്‍.

വേലിയമ്പംകോട്ട ശിവക്ഷേത്രം

ചരിത്രാന്വേഷികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും കൗതുകം കാത്തുവെച്ച് നൂറ്റാണ്ടുകളുടെ പഴക്കംപേറുന്ന വേലിയമ്പംകോട്ട ശിവക്ഷേത്രം പാതിരി സൗത്ത് സെക്ഷനിലെ നെയ്ക്കുപ്പ നിബിഡവനത്തിലാണ് 2,000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വയനാട് ആധിപത്യംപുലര്‍ത്തിയിരുന്ന കുടുംബിയില്‍ രാജവംശത്തിന്റെ പിന്‍തലമുറക്കാരായ വേടരാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്നു ഈ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. പരശുരാമനാണ് ക്ഷേത്രം നിര്‍മിച്ചതെന്നും വിശ്വാസമുണ്ട്.

പില്‍ക്കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാെത ഉപേക്ഷിക്കപ്പെട്ട ക്ഷേത്രം 1965-ലാണ് വീണ്ടും വിശ്വാസികളുടെ സംരക്ഷണത്തിന് കീഴിലാകുന്നത്. കേരളത്തില്‍ പടിഞ്ഞാറേക്ക് ദര്‍ശനമുള്ള അത്യപൂര്‍വമായ ക്ഷേത്രങ്ങളിലൊന്നാണിത്.
ശിവരാത്രിയാണ് ഇവിടുത്തെ പ്രധാനആഘേഷം. പൂര്‍ണമായും വനത്തിനുള്ളിലുള്ള ഈ ക്ഷേത്രത്തിന് രണ്ടുഭാഗങ്ങളുണ്ട്, മേലേകാവും താഴെക്കാവും. താഴെക്കാവ് ഭഗവതിക്ഷേത്രമാണ്. ഇവിടെനിന്ന് ഒട്ടേറെ ശിലാശാസനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ താഴേക്കാവ് ശാസനങ്ങള്‍ എന്ന് അറിയപ്പെടുന്നു.

മേലേക്കാവ് ക്ഷേത്രം ഗജപൃഷ്ടാകൃതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. വെണ്ണക്കല്ലിലാണ് ഇതിന്റെ നിര്‍മിതി. ഈ ക്ഷേത്രപരിസരത്തുനിന്ന് അതിപുരാതനങ്ങളായ പൂജാസാമഗ്രികളും ആരാധനാമൂര്‍ത്തികളുടെ ആടയാഭരണാവശിഷ്ടങ്ങളും ശിവന്റെവാഹനമായ നന്തിയുടെ ശിലാരൂപങ്ങളും ചിത്രലിപികളോടുകൂടിയ ക്ഷേത്രബന്ധിതമായ ശിലാഫലകങ്ങളും ലഭിച്ചിട്ടുണ്ട്. ഇവ ഇപ്പോള്‍ അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയത്തിലാണ്.

ഇതൊരു ജൈനക്ഷേത്രമായിരുന്നു എന്നും വാദമുഖമുണ്ട്. ചരിത്രമുറങ്ങുന്ന ഈ ക്ഷേത്രത്തിനായി കാലം ചില മറക്കാനാകാത്ത കാഴ്ചകള്‍ നല്‍കുന്നു. എന്നാല്‍ ഇവിടുത്തെ നൂറ്റാണ്ടുകളുടെ ചരിത്രം വ്യക്തമായി അനാവരണമായിട്ടില്ല. ചില ഒറ്റപ്പെട്ട അന്വേഷണങ്ങള്‍മാത്രമാണ് മുന്നിലുള്ളത്

2.87692307692
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top