Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മലപ്പുറം ജില്ല

മലപ്പുറം ജില്ല ചരിത്രവും കൂടുതൽ വിവരങ്ങളും

ഒറ്റനോട്ടത്തില്‍

വിസ്തൃതിയില്‍ മൂന്നാം സ്ഥാനം
ജില്ലാ രൂപീകരണം 1969 ജൂണ്‍ 16
വിസ്തീര്‍ണം 3,550 ച.കി.മീ.
നിയമസഭാ മണ്ഡലങ്ങള്‍ 16 (മഞ്ചേരി, കൊണ്ടോട്ടി, തിരൂരങ്ങാടി, മലപ്പുറം, പെരിന്തല്‍മണ്ണ, താനൂര്‍, പൊന്നാനി, മങ്കട, തിരൂര്‍, വണ്ടൂര്‍ (എസ്.സി.), നിലമ്പൂര്‍, ഏറനാട്, വള്ളിക്കുന്ന്, വേങ്ങര, കോട്ടയ്ക്കല്‍, തവന്നൂര്‍)
റവന്യൂ ഡിവിഷനുകള്‍ 2
താലൂക്കുകള്‍ 6 (നിലമ്പൂര്‍, ഏറനാട്, തിരൂരങ്ങാടി, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി)
വില്ലേജുകള്‍ 135
നഗരസഭകള്‍ 7 (മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, നിലമ്പൂര്‍, കോട്ടയ്ക്കല്‍)
ബ്ലോക്ക് പഞ്ചായത്തുകള്‍ 15
ഗ്രാമപഞ്ചായത്തുകള്‍ 100
ജനസംഖ്യ (2011) 41,10,956
പുരുഷന്മാര്‍ 19,61,014
സ്ത്രീകള്‍ 21,49,942
ജനസാന്ദ്രത 1,158/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം 1,096/1000
സാക്ഷരത 93.55%
പ്രധാന നദികള്‍ ചാലിയാര്‍, കടലുണ്ടി, ഭാരതപ്പുഴ, തിരൂര്‍പ്പുഴ

മലയും കുന്നും ഉള്ളതുകൊണ്ടാണ് ഈ ജില്ലയ്ക്ക് ആ പേര് ലഭിക്കാന്‍ കാരണമെന്ന് പറയുന്നു.

കോഴിക്കോട് ജില്ലയുടെ ഏറനാട്, തിരൂര്‍ താലൂക്കുകളിലേയും പാലക്കാട്ടെ പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളുടേയും ഭാഗങ്ങള്‍ ചേര്‍ത്താണ് മലപ്പുറം ജില്ലാ രൂപീകരിച്ചത്. ബ്രിട്ടീഷുകാരെ വിറപ്പിച്ച ഏറനാടന്‍ കലാപങ്ങള്‍ ഇന്ന് ചരിത്രകാരന്മാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. മലബാര്‍ കലാപം എന്നും ഇത് ചരിത്രത്തില്‍ അറിയപ്പെടുന്നു. മലബാര്‍ കലാപം കാര്‍ഷിക കലാപം ആണെന്നും, അതല്ല മതഭ്രാന്ത് നിറഞ്ഞ കലാപം ആണെന്നും തര്‍ക്കം തുടരുന്നു. എന്നാല്‍ ജന്മിത്വത്തിനും ഇംഗ്ലീഷുകാര്‍ക്കും എതിരായ വികാരം ഈ കലാപത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ഈ കലാപം ശമിപ്പിക്കാന്‍ മലബാറിലേക്ക് തിരിച്ച ഗാന്ധിജിയെ വാള്‍ട്ടയറില്‍ വച്ച് ബ്രിട്ടീഷ് പോലീസ് തടഞ്ഞു. ഇതുകാരണം അദ്ദേഹത്തിന് കലാപപ്രദേശങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ സന്ദര്‍ശനത്തിലാണ് അദ്ദേഹം "അര്‍ധനഗ്നനായ ഫക്കീര്‍' ആയി മാറിയത്. പിന്നീട് ലോകം, മുട്ടോളം വസ്ത്രം ധരിച്ചും തല മുണ്ഡനം ചെയ്ത് വടി ഊന്നി നടക്കുന്ന ഗാന്ധിജിയെയാണ് കണ്ടത്. മലബാര്‍ കലാപത്തിലെ വാഗണ്‍ ട്രാജഡിയെ ഓര്‍മ്മിപ്പിക്കുന്ന തിരൂരിലെ സ്മാരകം, കേരളത്തിലെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനി, ലോകത്ത് ഏറ്റവും വലിയ തേക്കുമരങ്ങളുള്ള നിലമ്പൂരും അവിടത്തെ തേക്ക് മ്യൂസിയവും, പ്രസിദ്ധ ആയുര്‍വേദ ചികിത്സാകേന്ദ്രമായ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല, മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ജന്മസ്ഥല്‍മായ തുഞ്ചന്‍ പറമ്പ്, പൂന്താനത്തിന്റെ ഇല്ലമായ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂര്‍, മാപ്പിള കവിയായ മൊയ്തീന്‍ കുട്ടി വൈദ്യരുടേയും ചാക്കീരി മൊയ്തീന്റേയും കര്‍മ്മഭൂമി, മാമാങ്കം നടന്നിരുന്ന തിരുനാവായ് തുടങ്ങിയവയെല്ലാം മലപ്പുറത്താണ്.

തൃക്കാവൂര്‍ ക്ഷേത്രം, കേരളാധീശ്വരം ക്ഷേത്രം, കുന്നത്തുകാവ് ക്ഷേത്രം, തിരുമാന്ധാക്കുന്ന് ഭഗവതിക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, തിരൂരിലെ ശിവക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം തുടങ്ങിയ പ്രധാനക്ഷേത്രങ്ങളും, മലപ്പുറം നേര്‍ച്ച, കൊണ്ടോട്ടി നേര്‍ച്ച, നിലമ്പൂര്‍ പാട്ടുത്സവം, തിരുവാന്ധകുന്നുപുരം, മമ്പ്രം നേര്‍ച്ച തുടങ്ങിയവ ജില്ലയിലെ വലിയ ഉത്സവങ്ങളാണ്. ഇംഗ്ലീഷുകാര്‍ക്ക് എതിരേ വയനാട്ടില്‍ പഴശ്ശിരാജ ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് മലപ്പുറം ജില്ലയുടെ ഭാഗങ്ങളില്‍ നിന്നാണ്. പഴശ്ശിയുടെ സഹായിയായി മാറിയ അത്തന്‍ കുരുക്കളുടേയും ചെമ്പന്‍ പോക്കറുടേയും എല്ലാം ചരിത്രത്തിന് മറക്കാന്‍ കഴിയില്ല.

നിലമ്പൂര്‍

കോവിലകം

തുഞ്ചന്‍ പറമ്പ്

തിരൂരങ്ങാടിപള്ളി

തിരൂരങ്ങാടിയിലെ

ലഹളയുടെ സ്മാരകം

മലപ്പുറം

മലപ്പുറം ജില്ല രൂപീകൃതമായത് 1969 ജൂണ്‍ 16-ാം തിയതിയാണ്. കേരളത്തിലെ ജില്ലകളില്‍ വിസ്തൃതിയില്‍ മൂന്നാംസ്ഥാനമുള്ളതും ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്ളതുമായ ജില്ലയാണ് മലപ്പുറം. പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണ, പൊന്നാനി എന്നീ താലൂക്കുകളും, കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍ താലൂക്കുകളും ചേര്‍ത്തുകൊണ്ടാണ് മലപ്പുറം ജില്ലയ്ക്കു രൂപം നല്‍കിയത്. 1991-ല്‍ അഡ്വ.എം.പി.എം ഹസ്സന്‍ മഹ്മൂദ് കുരിക്കള്‍ പ്രസിഡന്റായി നിലവില്‍ വന്ന മലപ്പുറം ജില്ലാ കൌണ്‍സിലാണ് ജില്ലയുടെ രൂപീകരണത്തിന് ശേഷമുണ്ടായ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമതി. വടക്കുഭാഗത്ത് കോഴിക്കോട്, വയനാട് ജില്ലകള്‍, തമിഴ്നാട് സംസ്ഥാനം എന്നിവിടങ്ങള്‍ വരേയും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനം, പാലക്കാട് ജില്ല എന്നിവിടങ്ങള്‍ വരേയും, തെക്കുഭാഗത്ത് പാലക്കാട്, തൃശ്ശൂര്‍ ജില്ലകള്‍ വരേയും, പടിഞ്ഞാറുഭാഗത്ത് അറബിക്കടല്‍ വരേയും വ്യാപിച്ചുകിടക്കുന്ന മലപ്പുറം ജില്ലയ്ക്ക് 3550 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. നിലമ്പൂര്‍, കൊണ്ടോട്ടി, വണ്ടൂര്‍, അരീക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, കുറ്റിപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, പെരുമ്പടപ്പ് എന്നിങ്ങനെ 14 ബ്ളോക്കുപഞ്ചായത്തുകളാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 14 ബ്ളോക്കുകളിലായി 100 ഗ്രാമപഞ്ചായത്തുകളും 137 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. മലപ്പുറം, മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, കോട്ടക്കല്‍, നിലമ്പൂര്‍ ‍എന്നിങ്ങനെ 7 മുനിസിപ്പാലിറ്റികള്‍ മലപ്പുറം ജില്ലയിലുണ്ട്. പെരിന്തല്‍മണ്ണ, പൊന്നാനി, ഏറനാട്, തിരൂര്‍, തിരൂരങ്ങാടി, നിലമ്പൂര്‍ എന്നിങ്ങനെ അഞ്ചു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. മലപ്പുറം ജില്ലാപഞ്ചായത്തില്‍ ആകെ 32 ഡിവിഷനുകളുണ്ട്. പടിഞ്ഞാറ് അറബിക്കടലിനേയും കിഴക്കന്‍ അതിര്‍ത്തിയായ തമിഴ്നാടിനേയും സ്പര്‍ശിച്ചുകിടക്കുന്ന ചുരുക്കം ചില ജില്ലകളിലൊന്നാണ് മലപ്പുറം. കിഴക്കുനിന്നും പടഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയാണ് മലപ്പുറം ജില്ലയ്ക്കുള്ളത്. മണല്‍ കലര്‍ന്ന പശിമയുള്ള മണ്ണും പശിമയുള്ള ചെങ്കല്‍മണ്ണുമാണ് ഈ ജില്ലയില്‍ കൂടുതലായി കാണപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്നും 7.5 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടനാട് പ്രദേശത്ത് ചെങ്കല്‍മണ്ണാണ് പൊതുവെ കാണപ്പെടുന്നത്. അതിലും കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളില്‍ വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ ലാറ്ററേറ്റ് മണ്ണാണ് കാണപ്പെടുന്നത്.

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ഉരുക്കുനിര്‍മ്മാണം യൂറോപ്പിന് പോലും അജ്ഞാതമായിരുന്ന കാലത്ത് വാളും, ചട്ടികളും ഉള്‍പ്പെടെയുള്ള ഉരുക്കുസാമഗ്രികള്‍ ഈജിപ്ത്, റോം, തുര്‍ക്കി, ഗ്രീസ്, ദമാസ്ക്കസ് എന്നിവിടങ്ങളിലേക്ക് പുരാതനകാലം മുതല്‍ ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു. ഒന്നാം ചേര സാമ്രാജ്യ കാലത്തെ തുറമുഖമായിരുന്ന തുണ്ടിസ് (കടലുണ്ടി) മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിപ്രദേശമാണ്. നാലായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രം ജില്ലയിലെ ഏറ്റവും പുരാതനമായ ആരാധനാലയമാണ്. വെട്ടത്തു നാട്ടില്‍ (തിരൂര്‍) പതിനേഴാം നൂറ്റാണ്ടിലാണ് ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ ജനിച്ചത്. കേരളത്തിന്റെ പുരാതനവും ആധുനികവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകമായി മാറിയ സംഭവങ്ങള്‍ അരങ്ങേറിയ ഒട്ടനവധി പ്രദേശങ്ങള്‍ മലപ്പുറം ജില്ലയിലുണ്ട്. പ്രാചീന കേരളത്തിലെ അതിശക്തനായ ഭരണാധികാരിയായിരുന്ന പെരുമാളിന്റെ അധീശാധികാരങ്ങള്‍ അംഗീകരിക്കുന്നതിനായി ഓരോ പന്ത്രണ്ടു വര്‍ഷം കൂടുമ്പോഴും കേരളത്തിലെ മുഴുവന്‍ നാട്ടുകൂട്ടങ്ങളും തിരുനാവായയില്‍ ഒത്തുകൂടിയിരുന്ന മഹോത്സവമായിരുന്നു മാമാങ്കം. പെരുമാളിനു ശേഷം മാമാങ്കത്തിന്റെ രക്ഷാപുരുഷനായ വള്ളുവക്കോനാതിരിയെ പുറത്താക്കിക്കൊണ്ട് കോഴിക്കോട് സാമൂതിരി യുദ്ധം പ്രഖ്യാപിച്ചു. സാമൂതിരിയെ ചെറുത്തു തോല്‍പ്പിക്കാനായില്ലെങ്കിലും മാമാങ്കദിവസം ചാവേര്‍പ്പടയായി വള്ളുവക്കോനാതിരിദേശത്തെ യുവജനങ്ങള്‍ അണിനിരക്കുക പതിവായിരുന്നു. പുരാതന രാജവാഴ്ചകളായിരുന്ന നെടിയിരിപ്പ്, പെരുമ്പടപ്പ്, നിലമ്പൂര്‍ കോവിലകം എന്നീ സ്വരൂപങ്ങളുടെ കേന്ദ്രസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. 1507-ല്‍ പൊന്നാനിയിലെത്തിയ പോര്‍ച്ചുഗീസുകാരെ തുരത്താന്‍ മാപ്പിളമാര്‍ ശക്തമായി ചെറുത്തുനിന്നു. 1524-ല്‍ സര്‍വസന്നാഹവുമായി പോര്‍ച്ചുഗീസുകാര്‍ പൊന്നാനി ആക്രമിച്ചു. 1574-ല്‍ പോര്‍ച്ചുഗീസുകാര്‍ പരപ്പനങ്ങാടി ആക്രമിക്കുകയും കൊള്ളയും കൊള്ളിവെപ്പും നടത്തുകയും ചെയ്തു. 1663-ല്‍ ഡച്ചുകാരുടെ ആക്രമണത്തിനും പൊന്നാനി വിധേയമായി. 1766-ലാണ് ഹൈദരാലിയുടെ ആക്രമണം മലബാറിനു നേരെയുണ്ടാകുന്നത്. അതോടെ ഈ പ്രദേശങ്ങള്‍ മൈസൂര്‍ സുല്‍ത്താന്റെ ഭരണപ്രവിശ്യകളായി മാറി. മൈസൂര്‍ സൈന്യവും, ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി മലബാറില്‍ നടന്ന പ്രധാന ഏറ്റുമുട്ടലുകളിലൊന്ന് തിരൂരിനടുത്തുള്ള മംഗലത്ത് വച്ചായിരുന്നു. 1799-ല്‍ ടിപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ പൂര്‍ണ്ണ അധികാരത്തിന്‍ കീഴിലാവുകയും ചെയ്തു. 1792-മുതല്‍ 1921-വരെ മാപ്പിളമാരുടെ നേതൃത്വത്തില്‍ രൂക്ഷമായ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടില്‍, മമ്പുറം സയ്യിദ് അലവി തങ്ങള്‍ “അസ്സയ്ഫുല്‍ബത്യാര്‍” എന്ന സ്വന്തം കൃതിയിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധസജ്ജരാകാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യക്കാരില്‍ നിന്ന് നികുതി പിരിക്കാനുള്ള ബ്രിട്ടീഷ് അധികാരത്തെ ആദ്യവര്‍ഷം തന്നെ മാപ്പിളമാര്‍ ചോദ്യം ചെയ്തു. എളുമ്പിലാശ്ശേരി ഉണ്ണിമൂസയും, മഞ്ചേരി അത്തന്‍കുരിക്കളും പോരാട്ടത്തിന് നേതൃത്വം നല്‍കി. നികുതി നിഷേധ സമരത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തിയ വെളിയങ്കോട് ഉമര്‍ഖാസിയെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന കലാപത്തില്‍ പലരും രക്തസാക്ഷികളായി. ഒരുപാട് ആള്‍ക്കാരെ ആസ്ത്രേലിയയിലേക്കും, ഇന്ത്യാസമുദ്രത്തിലെ വിജനമായ ദ്വീപുകളിലേക്കും നാടുകടത്തി. മമ്പുറം സയ്യിദ് ഫസല്‍ തങ്ങളേയും 57 അനുയായികളേയും അറേബ്യയിലേക്ക് നാടുകടത്തി. ഏറനാട്, വള്ളുവനാട് എന്നീ പ്രദേശങ്ങളില്‍ ഒരുപാട് പേരുടെ മരണത്തിനുത്തരവാദിയായിരുന്ന മലബാര്‍ ജില്ലാകളക്ടര്‍ കനോലിയെ (1855) തടവ് ചാടിയ മൂന്ന് മാപ്പിളമാര്‍ കോഴിക്കോട്ടെ ബംഗ്ളാവില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി. 1921 ആഗസ്റ്റ് 20-ന് ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി തീവച്ചു. തിരൂരങ്ങാടിയിലെ തീവെയ്പിലും കൊള്ളയിലും നേതാക്കന്മാരുടെ അറസ്റ്റിലും പ്രതിഷേധിച്ച് 1921 ആഗസ്റ്റ് 26-നു നടന്ന കലാപമാണ് “പൂക്കോട്ടൂര്‍ യുദ്ധം” എന്ന പേരില്‍ ബ്രിട്ടനു നേരിടേണ്ടി വന്ന ഏകയുദ്ധമായി ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖപ്പെടുത്തിയിട്ടുള്ളത്. 420-ലധികം ആളുകള്‍ ഈ കലാപത്തില്‍ രക്തസാക്ഷികളാവുകയുണ്ടായി. ആഗസ്റ്റ് 29-ന് ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 25-ന് മലപ്പുറം മേല്‍മുറിയിലെ വീടുകള്‍ പട്ടാളം വളയുകയും വൃദ്ധന്മാരും കുട്ടികളുമടക്കം 246 പേരെ വെടിവച്ചുകൊല്ലുകയും ചെയ്തു. എം.എസ് എം.എല്‍.വി 1711 എന്ന നമ്പര്‍ വാഗണില്‍ കലാപത്തില്‍ പിടിക്കപ്പെട്ടവരെ കുത്തിനിറച്ച് 1921 നവംബര്‍ 20-ന് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട തീവണ്ടിയില്‍ ശ്വാസം മുട്ടിയും മരണവെപ്രാളത്തില്‍ മുറിപ്പെട്ടും ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ഈ ദാരുണസംഭവം “വാഗണ്‍ ട്രാജഡി” എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. 1861-ല്‍ ബേപ്പൂര്‍-പട്ടാമ്പി റിയല്‍വേ ലൈനും, 1927-ല്‍ ഷോര്‍ണ്ണൂര്‍-നിലമ്പൂര്‍ റയില്‍വേ ലൈനും ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചു. “നാരായണീയം” എന്ന കൃതിയുടെ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി, “ജ്ഞാനപ്പാന”യുടെ കര്‍ത്താവായ പൂന്താനം നമ്പൂതിരി, മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍, മാപ്പിള കവി മോയിന്‍കുട്ടി വൈദ്യര്‍, ഉറൂബ്, കഥകളി ആചാര്യന്‍ വാഴേംകട കുഞ്ചുനായര്‍ തുടങ്ങിയ ഒട്ടേറെ പ്രഗത്ഭ വ്യക്തികള്‍ ജനിച്ച സ്ഥലങ്ങള്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയുടെ പടിഞ്ഞാറു ഭാഗം കടലായതിനാല്‍ മത്സ്യബന്ധനമാണ് ഇവിടുത്തെ പ്രധാന ഉപജീവനമാര്‍ഗ്ഗം.സ്റ്റേറ്റ് ഹൈവേയും, നാഷണല്‍ ഹൈവേയും ഈ ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. കിഴക്ക് നീലഗിരി മലനിരകളും, 70 കിലോമീറ്റര്‍ നീളത്തില്‍ അറബിക്കടലോരവും ഈ ജില്ലയ്ക്കുണ്ട്. നെടുങ്കയം കനോലി പ്ളാന്റേഷന്‍, കൂട്ടായി അഴിമുഖം, ബിയ്യം കായല്‍, ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമായി മാറിയ കടലുണ്ടി, പുറത്തൂര്‍ പ്രദേശങ്ങള്‍, സാഹസികയാത്രയ്ക്ക് പറ്റിയ ആഡ്യന്‍ പാറ, കൊടികുത്തിമല, മമ്പാട് ഒലി, ഈരകം മല തുടങ്ങിയ ട്രക്കിംഗ് പാത്തുകള്‍, എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബിയ്യം-കീഴുപറമ്പ് ജലോത്സവങ്ങള്‍, മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരങ്ങള്‍ എന്നിവയെല്ലാം വിനോദസഞ്ചാരികളേയും ചരിത്രകുതുകികളേയും ഒരുപോലെ ആകര്‍ഷിച്ചുവരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല ആയുര്‍വ്വേദ ചികിത്സാരംഗത്ത് ലോകപ്രശസ്തമാണ്. തിരൂരിലെ തുഞ്ചന്‍പറമ്പ് മലയാളഭാഷാപിതാവിന്റെ സ്മാരകവും ഗവേഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. കോഴിക്കോട് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം, കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍, പൂങ്കുടില്‍മന മാനസികരോഗ ആയുര്‍വേദചികിത്സാ കേന്ദ്രം, ശാന്തപുരം ജാമിയ നൂറിയ അറബിക് കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നതും മലപ്പുറം ജില്ലയിലാണ്.

2.85454545455
അബ്ദുൽ ബാരി Nov 02, 2018 03:06 AM

ജില്ല തമ്മിലുള്ള ദൂരം എത്ര?

നു നു Sep 18, 2018 11:41 AM

വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top