Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാസർഗോഡ്‌ ജില്ല

കാസർഗോഡ്‌ ജില്ല ചരിത്രവും കൂടുതൽ വിവരങ്ങളും

ഒറ്റനോട്ടത്തില്‍

കേരളത്തിന്റെ വടക്കേയറ്റത്ത്‌ സ്ഥിതിചെയ്യുന്ന ജില്ല; താലൂക്ക്‌, ജില്ല-താലൂക്ക്‌ ആസ്ഥാനപട്ടണം. കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന "കസിരക്കൂഡ്‌' എന്ന പദത്തിൽനിന്നാണ്‌ സ്ഥലനാമത്തിന്റെ ഉദ്‌ഭവമെന്നും, കാസരം (കാട്ടുപോത്ത്‌) കോട്‌ (പ്രദേശം) കാസർകോടായി പരിണമിച്ചതാണെന്നും അനുമാനിക്കപ്പെടുന്നു. 1956-ലെ സംസ്ഥാന പുനഃസംഘടനയെത്തുടർന്നാണ്‌ കർണാടകത്തിലെ തെക്കന്‍ കാനറയുടെ ഭാഗമായിരുന്ന ഈ പ്രദേശം കേരളത്തിന്റെ ഭാഗമായത്‌. 1984 വരെ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്‌ദുർഗ്‌, കാസർകോട്‌ താലൂക്കുകള്‍ ചേർന്ന്‌ 1984 മേയ്‌ 24-ന്‌ കാസർകോട്‌ ജില്ല രൂപീകൃതമായി. കാസർകോട്‌, ഹോസ്‌ദുർഗ്‌ എന്നീ രണ്ടു താലൂക്കുകളാണ്‌ കാസർകോട്‌ ജില്ലയിലുള്‍പ്പെടുന്നത്‌. കാസർകോട്‌ താലൂക്കിൽ 82-ഉം ഹോസ്‌ദുർഗിൽ 45-ഉം ഗ്രാമപഞ്ചായത്തുകള്‍ ഉണ്ട്‌ (2010). മഞ്ചേശ്വരം, കാസർകോട്‌, ഉദുമ, കാഞ്ഞങ്ങാട്‌, നീലേശ്വരം, ചെറുവത്തൂർ, പെറോള്‍ തുടങ്ങിയവ ജില്ലയിലെ പ്രധാന പട്ടണങ്ങളാണ്‌. കാസർകോട്‌ ടൗണിൽനിന്ന്‌ അഞ്ച്‌ കിലോമീറ്റർ അകലെയുള്ള ചേങ്ങല പഞ്ചായത്തിലെ വിദ്യാനഗറിലാണ്‌ സിവിൽസ്റ്റേഷന്‍ പ്രവർത്തിക്കുന്നത്‌. ജില്ലാ വിസ്‌തീർണം: 1992 ച.കി.മീ; ജനസംഖ്യ: 12,03,342 (2001); ജനസാന്ദ്രത: 604/ച.കി.മീ. (2001); സ്‌ത്രീ-പുരുഷാനുപാതം: 1047/1000; സാക്ഷരതാശതമാനം: 85.17 (2001); അതിരുകള്‍: കിഴക്ക്‌-പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌-അറേബ്യന്‍കടൽ, വടക്ക്‌-കർണാടക സംസ്ഥാനം (കാനറ ജില്ല), തെക്ക്‌- കണ്ണൂർ ജില്ല; ആസ്ഥാനം: കാസർകോട്‌ പട്ടണം; കാസർകോട്‌ താലൂക്കിന്റെ വിസ്‌തീർണം: 972.59 ച.കി.മീ.; ജനസംഖ്യ: 6,16,977 (2001). ജനസംഖ്യാടിസ്ഥാനത്തിൽ കേരളത്തിൽ 12-ാം സ്ഥാനത്തുനിൽക്കുന്ന ജില്ലയാണ്‌ കാസർഗോഡ്‌. ജനസാന്ദ്രത, സ്‌ത്രീ-പുരുഷാനുപാതം, സാക്ഷരത എന്നിവയുടെ കാര്യത്തിൽ യഥാക്രമം 10,9,13 എന്നീ സ്ഥാനങ്ങളാണ്‌ കാസർകോട്‌ ജില്ലയ്‌ക്കുള്ളത്‌.

 

വിസ്തൃതിയില്‍ പതിമൂന്നാം സ്ഥാനം
ജില്ലാ ആസ്ഥാനം കാസര്‍കോട്
വിസ്തീര്‍ണം 1992 ച.കി.മീ.
നിയമസഭാ മണ്ഡലങ്ങള്‍ 5 (മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍)
റവന്യൂ ഡിവിഷനുകള്‍ 1
താലൂക്കുകള്‍ 2 (കാസര്‍കോട്, ഹോസ്സ്ദുര്ഗ്ഗ് )
വില്ലേജുകള്‍ 75
നഗരസഭകള്‍ 3 (കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം)
ബ്ലോക്ക് പഞ്ചായത്തുകള്‍ 6
ഗ്രാമപഞ്ചായത്തുകള്‍ 38
ജനസംഖ്യ (2011) 13,02,600
പുരുഷന്മാര്‍ 6,26,517
സ്ത്രീകള്‍ 6,75,983
ജനസാന്ദ്രത 654/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം 1,079/1000
സാക്ഷരത 89.95%
പ്രധാന നദി ചന്ദ്രഗിരിപ്പുഴ

കാസര്‍കോട്

കാസരം (കാട്ടുപോത്ത്) + കോട് (പ്രദേശം) എന്നതില്‍ നിന്നാണ് "കാസര്‍കോട്' എന്ന പേര് ഉണ്ടായതെന്ന് പറയുന്നു.

കേരളത്തില്‍ ആദ്യമായി ആര്യസംസ്കാരം കടന്നുവന്നത് കാസര്‍കോട് വഴിയാണെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജൈനബുദ്ധമതങ്ങളുടെ സംഗമഭൂമിയായിരുന്നു ഒരുകാലത്ത് ഇവിടം. കുമ്പളരാജവംശത്തിന്റെ ആസ്ഥാനം ഇവിടെയായിരുന്നു വിജയനഗരസാമ്രാജ്യത്തില്‍ നിന്നും പതിനാലാം നൂറ്റാണ്ടോടുകൂടി കാസര്‍കോട് ഇക്കേരിനായ്ക്കന്മാര്‍ക്ക് ലഭിച്ചു. 1645ല്‍ അധികാരം ഏറ്റ ശിവപ്പനായക്കന്‍ തന്റെ തലസ്ഥാനം ഇക്കേരിയില്‍ നിന്നും ബെഡന്നൂര്‍ എന്ന സ്ഥലത്തേക്കും മാറ്റി. ഇതോടെ അവര്‍ ബെഡന്നൂര്‍ നായ്ക്കന്മാര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ശിവപ്പനായ്ക്ക് പണി കഴിപ്പിച്ച കോട്ടകളാണ് ചന്ദ്രഗിരി കോട്ടയും, ബേക്കല്‍ കോട്ടയും. 1763ല്‍ ഹൈദരാലി ബെഡനൂര്‍ കീഴടക്കി. പിന്നീട് ടിപ്പു അധികാരത്തില്‍ വന്നു. 1792ല്‍ ശ്രീരംഗപട്ടണം കരാറോടുകൂടിയാണ് ടിപ്പു കാസര്‍കോട് ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തത്. 1862ലാണ് കാസര്‍കോട് താലൂക്ക് രൂപംകൊണ്ടത്. കന്നട ഭാഷയുടേയും സംസ്കാരത്തിന്റേയും സ്വാധീനമുള്ള ഈ ജില്ലയില്‍ യക്ഷഗാനത്തിനും പ്രചാരമുണ്ട്. വിവിധ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അടുത്തടുത്ത് കാണാവുന്ന കാസര്‍കോടിനെ ദൈവങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധം ഉണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്ന അനന്തപുരം ജലക്ഷേത്രം കാസര്‍കോടാണ്. മല്ലികാര്‍ജുനക്ഷേത്രം, കീഴൂര്‍ ശാസ്താക്ഷേത്രം, മാലിക് ദിനാര്‍ വലിയ ജുമാഅത്ത് പള്ളി, ബേക്കല്‍ കടല്‍ത്തീരം, കാപ്പില്‍ ബീച്ച്, വലിയ പറമ്പ കായല്‍, റാണിപുരം, മായിപ്പാടി കൊട്ടാരം തുടങ്ങിയവ കാസര്‍കോടാണ്. ചന്ദ്രഗിരിപ്പുഴയാണ് നീളമുള്ള നദി. ഫിറിയ, ഉപ്പള, മഞ്ചേശ്വരം, കാര്യങ്കോട് ഇവ മറ്റ് പുഴകളാണ്.

Railway Station Kasaragod - 1926

ജില്ലയിലൂടെ

കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ ജില്ലയാണ് കാസര്‍ഗോഡ്. കണ്ണൂര്‍ ജില്ലയെ വിഭജിച്ചുകൊണ്ട് ഏറ്റവും ഒടുവിലായി രൂപം കൊണ്ട ജില്ലയാണ് കാസര്‍ഗോഡ്. കന്നടസംസ്കാരം ഏറ്റവും പ്രകടമായുള്ള ജില്ലയാണിത്. കാസര്‍ഗോഡ് എന്ന സ്ഥലനാമം കാസിരക്കോട് എന്ന പദത്തില്‍ നിന്നുണ്ടായതാണെന്ന് പറയപ്പെടുന്നു. കാസിരക്കോട് എന്നാല്‍ കാഞ്ഞിരക്കൂട്ടങ്ങളുടെ കാട് എന്നാണര്‍ത്ഥം. വടക്കും കിഴക്കും ഭാഗങ്ങളില്‍ കര്‍ണ്ണാടക സംസ്ഥാനവും, തെക്കുഭാഗത്ത് കണ്ണൂര്‍ ജില്ലയും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും അതിരുകളായുള്ള കാസര്‍ഗോഡ് ജില്ലയ്ക്കു 1992 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. മഞ്ചേശ്വരം, കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക, പരപ്പ എന്നിങ്ങനെ 6 ബ്ളോക്കുപഞ്ചായത്തുകളാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 6 ബ്ളോക്കുകളിലായി 38 ഗ്രാമപഞ്ചായത്തുകളും 75 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, നീലേശ്വരം എന്നിങ്ങനെ 3 മുനിസിപ്പാലിറ്റികള്‍ ജില്ലയിലുണ്ട്. കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്ഗ് എന്നിങ്ങനെ രണ്ടു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. കാസര്‍ഗോഡ് ജില്ലാപഞ്ചായത്തില്‍ ആകെ 16 ഡിവിഷനുകളുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ഈ പ്രദേശത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തരം തിരിക്കാം. പശ്ചിമഘട്ടവുമായി ചേര്‍ന്നു കിടക്കുന്ന മലനാട്, ജില്ലയുടെ പടിഞ്ഞാറ് കടലുമായി ചേര്‍ന്നുള്ള തീരപ്രദേശം, എന്നീ മേഖലകളുടെയിടയില്‍ മലനാട്ടില്‍ നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞാണ് ഇടനാട് സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യമേറെയുള്ള ബേക്കല്‍കോട്ടയും, ചന്ദ്രഗിരിക്കോട്ടയും കാസര്‍ഗോഡ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. സെന്‍ട്രല്‍ പ്ലാന്റേഷന്‍ ഫോര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ദേശീയസ്ഥാപനം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. യക്ഷഗാനം എന്ന പരമ്പരാഗത കലാരൂപം കാസര്‍ഗോഡ് ജില്ലയുടെ സാംസ്കാരിക സവിശേഷതയാണ്.

ചരിത്രം

ഒന്‍പതാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനുമിടയ്‌ക്ക്‌ നിരന്തരം ഈ പ്രദേശവുമായി വ്യാപാരബന്ധം പുലർത്തിയിരുന്ന അറബികള്‍ ഈ തുറമുഖപട്ടണത്തെ "ഹാർക്ക്‌ വില്ലിയ' എന്നാണ്‌ വിളിച്ചിരുന്നത്‌. പോർച്ചുഗീസ്‌ സഞ്ചാരിയായ ബാർബോസ്‌ 1514-ൽ കാസർകോടിനടുത്തുള്ള കുമ്പള സന്ദർശിച്ചപ്പോള്‍, ഇവിടെ നിന്നും അരി കയറ്റുമതി ചെയ്‌തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. വെല്ലസ്ലിപ്രഭുവിന്റെ കുടുംബഡോക്‌ടറായിരുന്ന ഡോ. ഫ്രാന്‍സിസ്‌ ബുക്കാനന്‍ 1800-ൽ ഇവിടെ എത്തി അത്തിപ്പറമ്പ്‌ കണ്ണായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിച്ചതായി തന്റെ അനുഭവങ്ങളിൽ വിവരിച്ചിട്ടുണ്ട്‌. മുമ്പ്‌ കാസർകോട്‌, കുമ്പള രാജ്യത്തിന്റെ ഭാഗമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ ചക്രവർത്തിമാരുടെ ആക്രമണസമയത്ത്‌ നീലേശ്വരം ആസ്ഥാനമാക്കി നാടുവാണിരുന്ന കോലത്തിരി രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ പ്രദേശം സാമ്രാജ്യത്തിന്റെ അപചയകാലമായ 14-ാം നൂറ്റാണ്ടിൽ ഇക്കേരി നായ്‌ക്കന്മാരുടെ കോയ്‌മയിലായിരുന്നു. 1645-ൽ ശിവപ്പ നായിക്ക്‌ നിർമിച്ചവയാണ്‌ ചന്ദ്രഗിരി-ബേക്കൽ കോട്ടകള്‍. ഹൈദരാലിയും മകന്‍ ടിപ്പുസുൽത്താനും പലപ്രാവശ്യം ഈ പ്രദേശം ആക്രമിച്ചിട്ടുണ്ട്‌. ടിപ്പുവിന്റെ മരണാനന്തരം 1799-ൽ ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. മദ്രാസ്‌ പ്രസിഡന്‍സിയുടെ കീഴിൽ 1882-ലാണ്‌ കാസർകോട്‌ താലൂക്ക്‌ ആദ്യമായി നിലവിൽ വന്നത്‌. 1956 നവംബറിൽ ഭാഷാടിസ്ഥാനത്തിലുണ്ടായ സംസ്ഥാന പുനഃസംഘടനയെത്തുടർന്ന്‌, മദ്രാസ്‌ സംസ്ഥാനത്തുള്‍പ്പെട്ടിരുന്ന ഈ പ്രദേശം കേരളത്തിൽ അന്നത്തെ മലബാർ ജില്ലയുടെ ഭാഗമാവുകയും തുടർന്ന്‌ 1957 ജനു. 1-ന്‌ കണ്ണൂർ ജില്ലയുടെ ഭാഗമാവുകയും ചെയ്‌തു. 1984-ലാണ്‌ കണ്ണൂർ ജില്ലയിലെ കാസർകോട്‌, ഹോസ്‌ദുർഗ്‌ താലൂക്കുകള്‍ ചേർന്ന്‌ കാസർകോട്‌ ജില്ല രൂപീകരിക്കപ്പെട്ടത്‌.

സാമൂഹ്യ-സാംസ്കാരിക ചരിത്രം

നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികളും പോര്‍ച്ചുഗീസുകാരും കാസര്‍ഗോഡുമായി വാണിജ്യ ബന്ധത്തിലേര്‍പ്പെട്ടിരുന്നു. 1514-ല്‍ പോര്‍ച്ചുഗീസുകാരനായ ബാര്‍ബോഡ് ഇവിടം സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിന്ന് മാലിദ്വീപുകളിലേക്ക് പോലും ധാന്യം കയറ്റിയയക്കുകയും കയര്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു എന്ന് ബാര്‍ബോഡ് രേഖപ്പെടുത്തുന്നു. 1800-ല്‍ ഇവിടം സന്ദര്‍ശിച്ച ഫ്രാന്‍സിസിന്റെ യാത്രാവിവരണത്തില്‍ ഇവിടത്തെ രാഷ്ട്രീയവും സാമൂഹികവുമായുള്ള സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചിരിക്കുന്നു. കാസര്‍ഗോഡ്, കുമ്പള പ്രദേശങ്ങള്‍ വിജയനഗര രാജാക്കന്മാര്‍ ആക്രമിച്ചിട്ടുണ്ട്. 14-ാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ഇവിടം ഇക്കരിനായകന്‍മാരുടെ കീഴിലായി. പിന്നീട് ഹൈദരാലിയും ടിപ്പുവും ഇവിടെ ആക്രമണം നടത്തുകയുണ്ടായി. ടിപ്പുവില്‍ നിന്നും ഇവിടം പിന്നീട് ബ്രിട്ടീഷുകാര്‍ കൈയ്യടക്കി. കാസര്‍ഗോഡ് എന്ന സ്ഥലനാമം കാസിരക്കോട് എന്ന പദത്തില്‍ നിന്നാണുണ്ടായതെന്ന് പറയപ്പെടുന്നു. കാസിരക്കോട് എന്നാല്‍ കാഞ്ഞിരക്കൂട്ടങ്ങളുടെ കാട് എന്നാണര്‍ത്ഥം. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്‍നിര നായകന്മാരായിരുന്ന മുഹമ്മദ് ഷേറുള്‍ സാഹിബും കണ്ടിഗെ കൃഷ്ണഭട്ടും ഇവിടത്തെ സ്വാതന്ത്ര്യസമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ ഉമേഷ റാവു, കെ.എം.കൃഷ്ണന്‍ നമ്പ്യാര്‍, ശങ്കര്‍ജി, നരന്തട്ട രാമന്‍ നായര്‍, റ്റി.ഗോപാലന്‍ നായര്‍, മേലോത്ത് നാരായണന്‍ നായര്‍, എ.എ.സി.കണ്ണന്‍ നായര്‍ എന്നിവര്‍ ഇവിടെനിന്നുള്ള പ്രമുഖ സ്വാതന്ത്ര്യ സമരപോരാളികളായിരുന്നു. ദേശീയപ്രസ്ഥാനങ്ങളുടെ ഭാഗമായി അരങ്ങേറിയ ജന്മിത്വത്തിനെതിരായുള്ള സമരങ്ങളാണ് കടക്കം സത്യാഗ്രഹം (1936), പട്ടായി കൊയ്ത്ത് നിരാഹാരസമരം, ചീമേനി എസ്റ്റേറ്റ് സമരം, കയ്യൂര്‍ കര്‍ഷകസമരം, എളേരി എസ്റ്റേറ്റ് സമരം എന്നിവ. കാസര്‍ഗോഡ് മൂന്ന് ഗവ:ആര്‍ട്സ് ആന്റ് സയന്‍സ് കലാലയങ്ങളും, ഒരു പ്രൈവറ്റ് കലാലയവും സ്ഥിതിചെയ്യുന്നു. ആസ്ട്രല്‍ വാച്ചുകമ്പനിയും, കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് ഇന്ഡസ്ട്രീസുമാണ് കാസര്‍ഗോഡുള്ള പ്രധാന വ്യവസായ കേന്ദ്രങ്ങള്‍. 1985-ലാണ് ജില്ലയിലെ ഏക കെ.എസ്.ആര്‍.ടി.സി ഡിപ്പോ കാസര്‍ഗോഡ് ടൌണില്‍ ആരംഭിച്ചത്. പ്രാചീന ശിവക്ഷേത്രമായ അടൂര്‍ക്ഷേത്രം, അജാനൂര്‍ മടിയന്‍കുളംക്ഷേത്രം, അനന്തപുരംക്ഷേത്രം, അനന്തേശ്വരക്ഷേത്രം, ബേളപള്ളി, കീഴൂര്‍ ശാസ്താക്ഷേത്രം, കുമ്പള മുസ്ലീംപള്ളി, നബലി ക്രൈസ്തവാരാധനാലയം, നെല്ലിക്കുന്ന് മുസ്ലീംപള്ളി, മല്ലികാര്‍ജ്ജുനക്ഷേത്രം, വെങ്കട്ടരാമണ ക്ഷേത്രം, പാലക്കുന്ന് ക്ഷേത്രം എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങള്‍. ചരിത്രപ്രാധാന്യമേറെയുള്ളതും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുമായ ബേക്കല്‍കോട്ടയും, ചന്ദ്രഗിരിക്കോട്ടയും കാസര്‍ഗോഡ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ചെറുവത്തൂര്‍, എടനീര്‍മുട്ട്, കമ്മട്ടംകാവ്, കണ്വാതിര്‍ത്തി ബീച്ച് റിസോര്‍ട്ട്, കാസര്‍ഗോഡ് ടൌണ്‍, കോട്ടഞ്ചേരിഹില്‍സ്, കോട്ടപ്പുറം, കുട്ലു, കുമ്പള, മായിപ്പാടി കൊട്ടാരം, മഞ്ചേശ്വരം, നീലേശ്വരം, നിത്യാനന്ദ ആശ്രമം, പൊവ്വന്‍കോട്ട, റാണിപുരം, തുളൂര്‍വനം, വലിയപറമ്പ, വീരമലഹില്‍സ് എന്നിവയാണ് മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. സെന്‍ട്രല്‍ പ്ലാന്റേഷന്‍ ഫോര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ദേശീയസ്ഥാപനം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. യക്ഷഗാനം എന്ന പരമ്പരാഗത കലാരൂപം കാസര്‍ഗോഡ് ജില്ലയുടെ സാംസ്കാരിക സവിശേഷതയാണ്.

ഭൂപ്രകൃതി

പശ്ചിമഘട്ടനിരകള്‍ക്കും അറേബ്യന്‍ കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന കാസർകോട്‌ ജില്ലയിലും കേരളത്തിലെ മറ്റു പല ജില്ലകളോടും സമാനമായ ഭൂപ്രകൃതിയാണുള്ളത്‌. സംസ്ഥാനത്തെ ഭൂപ്രകൃതിയുടെ സവിശേഷതയായ മലനാട്‌, ഇടനാട്‌, തീരദേശം എന്നീ മൂന്നു ഭൂവിഭാഗങ്ങളും ജില്ലയിൽ കാണപ്പെടുന്നു.

ഉത്തര അക്ഷാംശം 11º 18’ നും 12º 48’ നും പൂർവരേഖാംശം 74º 52’ നും 75º 26’ നും ഇടയിലാണ്‌ കാസർകോട്‌ ജില്ലയുടെ സ്ഥാനം. പശ്ചിമഘട്ട നിരകളാണ്‌ ജില്ലയുടെ കിഴക്കനതിർത്തി നിർണയിക്കുന്നത്‌. ഏതാണ്ട്‌ തുടർച്ചയായി സ്ഥിതിചെയ്യുന്ന ഈ മലനിരകളാണ്‌ ജില്ലാ ഭൂപ്രകൃതിയുടെ മുഖ്യസവിശേഷത. തീരപ്രദേശത്ത്‌ ചെറുകുന്നുകളും മണൽപ്പരപ്പുകളും ഇടവിട്ട്‌ കാണപ്പെടുന്നു. പശ്ചിമഘട്ടനിരകള്‍ക്കും തീരത്തിനും ഇടയിലായി വരുന്ന ഭൂപ്രദേശത്താണ്‌ പ്രധാനമായി കൃഷിയിടങ്ങള്‍ കാണപ്പെടുന്നത്‌. തെങ്ങിന്‍തോപ്പുകളും നെൽപ്പാടങ്ങളും ഇവിടെ സമൃദ്ധമായുണ്ട്‌. ചെങ്കൽക്കുന്നുകളാണ്‌ ഇവിടത്തെ മറ്റൊരു പ്രധാന സവിശേഷത. ജില്ലയിൽ സമൃദ്ധമായി ലഭിക്കുന്ന ചെങ്കല്ലുകള്‍ മുഖ്യ ഭവനനിർമാണോപാധികളാണ്‌.

കാലാവസ്ഥ

കേരളത്തിലെ മറ്റു പ്രദേശങ്ങളിലനുഭപ്പെടുന്നപോലെ മണ്‍സൂണ്‍ കാലാവസ്ഥയാണ്‌ ജില്ലയിലുമനുഭവപ്പെടുന്നത്‌. ഭൂപ്രകൃതിക്കനുസൃതമായ വ്യത്യാസം കാലാവസ്ഥയിൽ ദൃശ്യമാകുന്നുണ്ട്‌. തെക്കു-പടിഞ്ഞാറന്‍, വടക്കു-കിഴക്കന്‍ മണ്‍സൂണ്‍ മഴക്കാലങ്ങളിലായി സു. 3500 മില്ലിമീറ്റർ മഴ ജില്ലയിൽ ലഭിക്കുന്നു. മേയ്‌ അവസാനത്തോടെയോ ജൂണ്‍ ആദ്യവാരത്തോടെയോ ആരംഭിക്കുന്ന തെക്കു-പടിഞ്ഞാറന്‍ മഴക്കാലം സെപ്‌തംബർ വരെ നീണ്ടുനില്‌ക്കുന്നു. ഒക്‌ടോബറിലാണ്‌ വടക്കു-കിഴക്കന്‍ മണ്‍സൂണ്‍കാലം ആരംഭിക്കുന്നത്‌. ജൂണ്‍-ആഗസ്റ്റ്‌ കാലയളവിലാണ്‌ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്‌. ഡിസംബറിൽ ആരംഭിക്കുന്ന വരണ്ട കാലാവസ്ഥ ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്കു നീളുന്നു. മാർച്ച്‌-മേയ്‌ കാലയളവിൽ പൊതുവേ ചൂടുകൂടുതലാണ്‌. പരമാവധി 31.2ºC, കുറഞ്ഞതാപനില 23.6ºC.

ജലസമ്പത്ത്‌

പന്ത്രണ്ടുനദികള്‍ ഈ ജില്ലയിലൂടെ ഒഴുകുന്നു. 105 കി.മീ. നീളമുള്ള ചന്ദ്രഗിരിയാണ്‌ ഏറ്റവും വലിയപുഴ. കാരിയന്‍കോട്‌ (64 കി.മീ.), ശിരിയ (61 കി.മീ.), ഉപ്പള (50 കി.മീ.), മോഗ്രാൽ (34 കി.മീ.), ചിതാരി (25 കി.മീ.), നീലേശ്വരം (47 കി.മീ.), കണ്ണായി (23 കി.മീ.), മഞ്ചേശ്വരം (16 കി.മീ.), കുമ്പള (11 കി.മീ.), ബേക്കൽ (11 കി.മീ.), കലനാട്‌ (8 കി.മീ.) എന്നിവയാണ്‌ മറ്റുനദികള്‍. ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയാണ്‌ പയസ്വിനി. കാരിയണ്‍കോട്‌ നദിക്കു കുറുകേയാണ്‌ കക്കടവ്‌ ഡാം പണികഴിപ്പിക്കപ്പെട്ടിരിക്കുന്നത്‌.

സസ്യ-ജന്തുജാലം

സസ്യ-ജന്തുജാല സമ്പന്നമാണ്‌ കാസർകോട്‌ ജില്ല. മാലം, അടൂർ, പരപ്പ, കമ്മാടം കാവ്‌ തുടങ്ങിയ വന്യജീവി സങ്കേതങ്ങള്‍ കാസർകോട്‌ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. കമ്മാടം കാവ്‌ കേരളത്തിലെ ഏറ്റവും വലിയ കാവാണ്‌. ഉഷ്‌ണമേഖലാവനങ്ങളും പറക്കും അണ്ണാന്‍, മാന്‍, മയിൽ, വേഴാമ്പൽ, വിവിധയിനം ശലഭങ്ങള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയുംകൊണ്ട്‌ സമ്പന്നമാണ്‌ കാസർകോട്‌ ജില്ലയിലെ വന്യമൃഗസങ്കേതങ്ങള്‍. റാണിപുരം വന്യജീവിസങ്കേതം പനത്തടി റിസർവ്‌ വനത്തിലാണ്‌ ഉള്‍പ്പെടുന്നത്‌. ജില്ലയുടെ ഒരു പ്രധാന ഗിരിസങ്കേതമാണിത്‌. ജില്ലയിലെ കരിംസ്‌ ഫോറസ്റ്റ്‌ പാർക്ക്‌ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വന്യജീവിസങ്കേതമാണ്‌. നീലേശ്വരത്തുനിന്ന്‌ 30 കി.മീ. ദൂരെമാറി പുലിയന്‍കുളത്തു സ്ഥിതിചെയ്യുന്ന ഈ മനുഷ്യനിർമിതവനം 1979-ൽ അബ്‌ദുൽകരീം എന്ന വ്യക്തിയാണ്‌ സ്ഥാപിച്ചത്‌. ഇപ്പോള്‍ 32 ഏക്കർ വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിൽ മുന്നൂറിലധികം ഇനം വൃക്ഷങ്ങള്‍ ഉണ്ട്‌. പലതരം ഔഷധച്ചെടികളും അപൂർവയിനം സസ്യങ്ങളും ഇതിൽപ്പെടുന്നു. കാസർകോട്‌ ജില്ലയുടെ കിഴക്കുഭാഗത്താണ്‌ വനങ്ങള്‍ മുഖ്യമായി കാണപ്പെടുന്നത്‌. ഏതാണ്ട്‌ 5625 ച.കി.മീ. വിസ്‌തൃതി വനപ്രദേശത്തിനുണ്ട്‌. തേക്കും മറ്റുതരം വൃക്ഷങ്ങളും ജില്ലയിലെ വനങ്ങളിൽ വളരുന്നു. ചില പ്രദേശങ്ങളിൽ മരങ്ങള്‍ വെട്ടിത്തെളിച്ച്‌ റബ്ബർ, കശുവണ്ടി തുടങ്ങിയ വിളകള്‍ കൃഷിചെയ്‌തിട്ടുണ്ട്‌. മുമ്പ്‌ നദീഅഴിമുഖങ്ങളിൽ ഉണ്ടായിരുന്ന കണ്ടൽക്കാടുകള്‍ ഇപ്പോള്‍ ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ട്‌. ചിറ്റാരി, മഞ്ചേശ്വരം, മോഗ്രാൽ, ഉപ്പള, ഷിരിയ എന്നീ നദീമുഖങ്ങളിൽ കണ്ടൽക്കാടുകള്‍ കാണാം. മരവുരി, ചൂരൽ, ഏലം തുടങ്ങിയ നിരവധി ഉത്‌പന്നങ്ങള്‍ ഇവിടത്തെ വനങ്ങളിൽ നിന്നും ലഭിക്കുന്നു.

ജനങ്ങള്‍

2001-ലെ സെന്‍സസ്‌ പ്രകാരം കാസർകോട്‌ ജില്ലയിലെ മൊത്തം ജനസംഖ്യ: 12,03,342. കാസർകോട്‌ ടൗണിലെ ജനസംഖ്യ: 52,634 - 25,657 പുരുഷന്മാരും, 26,977 സ്‌ത്രീകളും. 431,523 സ്‌ത്രീകള്‍ ഉള്‍പ്പെടെ ഈ ജില്ലയിൽ 8,96,367 പേർ സാക്ഷരരാണ്‌. 2001-ലെ സെന്‍സസ്‌ പ്രകാരം ജില്ലയിലെ സാക്ഷരതാനിരക്ക്‌ 82.51 ശ.മാ. ആയിരുന്നു. എന്‍ജിനീയറിങ്‌-കാർഷിക-ആർട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌-ഫാർമസി കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ്‌ ഉന്നതവിദ്യാഭ്യാസമേഖലയിലുള്ളത്‌. ഇവ കൂടാതെ അന്ധ/ബധിര വിദ്യാലയംപോലുള്ള പ്രത്യേക വിദ്യാലയങ്ങളും ജില്ലയിലുണ്ട്‌. ഐ.റ്റി.ഐ., ഐ.റ്റി.സി., പോളിടെക്‌നിക്‌ തുടങ്ങിയ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു.

അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ ആശുപത്രികള്‍ നിലവിൽ ജില്ലയിലില്ല. ജില്ലാ-താലൂക്ക്‌ ആശുപത്രികളെക്കൂടാതെ കമ്യൂണിറ്റി ആരോഗ്യകേന്ദ്രങ്ങള്‍, പൊതു ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമകേന്ദ്രങ്ങള്‍ തുടങ്ങിയവയും ജില്ലയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നു.

150-ഓളം പ്രമുഖക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്‌. കാസർകോടിനടുത്തുള്ള അടൂരിലെ മല്ലികാർജുനക്ഷേത്രം, ഗൗഡസാരസ്വതരുടെ വെങ്കടരമണക്ഷേത്രം, ആര്യകാർത്ത്യായനീ ക്ഷേത്രം, ശ്രീ പാർഥസാരഥിക്ഷേത്രം, മധുർ അനന്തേശ്വരക്ഷേത്രം, തൃക്കരിപ്പൂർ ശ്രീ ചക്രപാണിക്ഷേത്രം, മടിയന്‍ കുലോം ക്ഷേത്രം, കോടോത്ത്‌ ശ്രീ ഭഗവതി ക്ഷേത്രം എന്നിവയാണ്‌ പ്രധാനപ്പെട്ട ഹിന്ദുദേവാലയങ്ങള്‍. ഒരു ജൈനക്ഷേത്രവും ജില്ലയിലുണ്ട്‌. മാലിക്‌ ഇബിന്‍ ദിനാർ സ്ഥാപിച്ചതായി കരുതപ്പെടുന്ന ജുമാമസ്‌ജിദ്‌, കാസർകോട്‌ ടൗണിലുള്ള തെരുവത്തു പള്ളി, നെല്ലിക്കുന്നു പള്ളി എന്നിവയാണ്‌ പ്രമുഖ മുസ്‌ലിം ആരാധനാലയങ്ങള്‍. ബഡിയഡ്‌ക്ക-മല്ലേരിയ റോഡരികിലുള്ള സെന്റ്‌ ജോണ്‍ ബ്രിട്ടോ ക്രിസ്‌തീയ ദേവാലയം 1939-ൽ സ്ഥാപിക്കപ്പെട്ടതാണ്‌.

കാസർകോടിന്‌ 12 കി.മീ. തെക്കുള്ള ബേക്കൽക്കോട്ടയാണ്‌, ടൂറിസ്റ്റുകളെ ഇവിടേക്ക്‌ ധാരാളമായി ആകർഷിക്കുന്ന പ്രധാനസ്ഥലം. ചരിത്രപരമായും പുരാവസ്‌തു എന്ന നിലയ്‌ക്കും ഈ കോട്ടയ്‌ക്ക്‌ സവിശേഷ പ്രാധാന്യമുണ്ട്‌. ചിറയ്‌ക്കൽ രാജാവും ശിവപ്പനായ്‌ക്കും ടിപ്പുസുൽത്താനും ഈസ്റ്റിന്ത്യാക്കമ്പനിയും ഭരണത്താവളമായി ഈ പുരാതനകോട്ട ഉപയോഗിച്ചിരുന്നു. കേന്ദ്ര പുരാവസ്‌തുവകുപ്പാണ്‌ ഇപ്പോള്‍ കോട്ടയുടെ മേൽനോട്ടം വഹിക്കുന്നത്‌. ഹോസ്‌ദുർഗ്‌ കോട്ട, ചന്ദ്രഗിരി, എടന്നീർമഠം, കണ്വതീർഥകടലോരസങ്കേതം തുടങ്ങിയ പ്രദേശങ്ങള്‍ക്ക്‌ വിനോദസഞ്ചാര പ്രാധാന്യമുണ്ട്‌.

മലയാള-കർണാടക സംസ്‌കൃതികളുടെ സംഗമഭൂമിയായ ഈ അതിർത്തിജില്ല അനേകം കലാകാരന്മാരെ വളർത്തിയെടുക്കുന്നതിൽ മികച്ച പങ്കു വഹിച്ചിട്ടുണ്ട്‌. ചെറുവത്തൂരിലെ കുട്ടമത്ത്‌ കുന്നിയൂർ കുടുംബം പ്രതിഭാശാലികളായ കുട്ടമത്ത്‌ കവിപരമ്പരയ്‌ക്ക്‌ ജന്മം നൽകിയിട്ടുണ്ട്‌. മഹാകവി കുട്ടമത്ത്‌ കുഞ്ഞുകൃഷ്‌ണക്കുറുപ്പ്‌ (1881-1944) ആണ്‌ ഈ പരമ്പരയിൽ ഏറ്റവും പ്രശസ്‌തന്‍. "ദേവയാനീ ചരിതം', "നചികേതസ്‌' തുടങ്ങിയ നാടകങ്ങളും കാളിയമർദനം കാവ്യവും, ശ്രീരാമകൃഷ്‌ണഗീത, മൂകാംബികപുരാണം കിളിപ്പാട്ട്‌ എന്നീ ഭക്തികാവ്യങ്ങളും ബാലഗോപാലന്‍ ആട്ടക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട്‌. കാഞ്ഞങ്ങാടിനടുത്ത്‌ ബെള്ളിക്കോത്ത്‌ ജനിച്ച മഹാകവി പി. കുഞ്ഞുരാമന്‍നായരാണ്‌ കൈരളിക്ക്‌ അർഹമായ അനേകം കാവ്യരത്‌നങ്ങള്‍ സംഭാവന ചെയ്‌ത മറ്റൊരു കാസർകോടുകാരന്‍. മാപ്പിളപ്പാട്ടിന്റെ പ്രചാരകനും അനേകം മലയാളസാഹിത്യകൃതികള്‍ കന്നഡയിലേക്കും കന്നഡ വാങ്‌മയങ്ങള്‍ ഇമ്പമുള്ള മലയാളവാണിയിലേക്കും തർജുമചെയ്‌ത ഉഭയഭാഷാ പണ്ഡിതനും ആയ റ്റി. ഉബൈദിന്റെ ജനനം കാസർകോടിലെ തളങ്ങരയിലാണ്‌. മഞ്ചേശ്വരക്കാരനായ രാഷ്‌ട്രകവി എം. ഗോവിന്ദപ്പൈ (1883-1963) കന്നഡസാഹിത്യത്തിനും കവിതയ്‌ക്കും മികച്ച സംഭാവനകള്‍ നൽകി ആസ്ഥാനകവിപ്പട്ടം അന്നത്തെ മദ്രാസ്‌ സർക്കാരിൽ നിന്ന്‌ നേടിയിട്ടുണ്ട്‌. പ്രശസ്‌ത ശില്‌പി കാനായി കുഞ്ഞിരാമന്റെ ജന്മദേശവും കാസർകോട്‌ ജില്ലയിലുള്ള കുട്ടമത്ത്‌ ആണ്‌.

തെയ്യവും തിറയും കലാരൂപമെന്ന നിലയ്‌ക്കും ആരാധനാസമ്പ്രദായമെന്ന നിലയ്‌ക്കും ഈ പ്രദേശത്ത്‌ ധാരാളമായി അരങ്ങേറിപ്പോരുന്നു. യക്ഷഗാനം, ബൊമ്മയാട്ട്‌ തുടങ്ങിയ വർണപ്പൊലിമയുള്ള നൃത്ത-നാടകരൂപങ്ങളും തിടമ്പുനൃത്തം, കോൽക്കളി, പൂരക്കളി, ഒപ്പന, പൊറാട്ട്‌, മാപ്പിളപ്പാട്ട്‌ തുടങ്ങിയ കലാരൂപങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്‌.

1970-കളിൽ കാസർകോട്‌ ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളിൽ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഹെലികോപ്‌ടർ ഉപയോഗിച്ച്‌ വ്യാപകമായി തളിച്ചിരുന്നു. ജില്ലയിൽ പലയിടത്തും റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഈ കീടനാശിനിയുടെ ഉപയോഗമാണ്‌ കാരണം എന്ന്‌ ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. കീടനാശിനി പ്രയോഗത്തിലെ വ്യവസ്ഥകളും മുന്‍കരുതലുകളും പാലിക്കാതിരുന്നതും നിമ്‌നോന്നത ഭൂപ്രകൃതിയും ആർദ്രതയും ആണ്‌ "എന്‍ഡോസള്‍ഫാന്‍ ദുരന്ത'ത്തിനിടയാക്കിയത്‌.

സമ്പദ്‌ഘടന

സഹ്യാദ്രിനിരകള്‍ക്കും അറബിക്കടലിനും ഇടയിൽ കിടക്കുന്ന ഫലഭൂയിഷ്‌ഠമായ ഈ ഭൂവിഭാഗം സമൃദ്ധമായ കാർഷികവിളകളാൽ സമ്പന്നമാണ്‌. കൃഷിയാണ്‌ ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവനമാർഗം. നെല്ല്‌, തെങ്ങ്‌, അടയ്‌ക്ക, കുരുമുളക്‌, കശുവണ്ടി, മരച്ചീനി, റബ്ബർ, മധുരക്കിഴങ്ങ്‌, ഇഞ്ചി, എണ്ണക്കുരുക്കള്‍, പുകയില എന്നിവയാണ്‌ പ്രധാനവിളകള്‍. സംസ്ഥാനത്ത്‌ പുകയില കൃഷി നടക്കുന്ന ഏക പ്രദേശമാണ്‌ കാസർകോട്‌. സു. 44 ഹെക്‌ടർ സ്ഥലത്ത്‌ ജില്ലയിൽ പുകയില കൃഷിയുണ്ട്‌. സംസ്ഥാനത്തെ മൊത്തം അടയ്‌ക്കാ ഉത്‌പാദനത്തിന്റെ 26 ശതമാനവും കശുവണ്ടിയുടെ 16 ശതമാനവും കാസർകോട്‌ ജില്ലയുടെ സംഭാവനയാണ്‌. ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ അഗ്രികള്‍ച്ചറൽ റിസർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രനാണ്യവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (CPCRI) 1970 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. മത്സ്യബന്ധനത്തിന്‌ തീരദേശ സമ്പദ്‌ഘടനയിൽ നിർണായകസ്ഥാനം ലഭിച്ചിട്ടുണ്ട്‌. വാണിജ്യപ്രാധാന്യമുള്ള തേക്ക്‌ തുടങ്ങിയ ഇനം വൃക്ഷങ്ങള്‍ ജില്ലയിലെ വനങ്ങളിൽ വളരുന്നു. വന്‍കിട വ്യവസായങ്ങള്‍ ഈ ജില്ലയിലില്ല. നിരവധി ഇടത്തരം-ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ ജില്ലയിലുടനീളം പ്രവർത്തിക്കുന്നുണ്ട്‌. റബ്ബർ ഉത്‌പന്നങ്ങള്‍, കാർഷികോത്‌പന്നങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവയിലധിഷ്‌ഠിതമായ ചെറുകിട വ്യവസായങ്ങള്‍ ആണ്‌ ജില്ലയിൽ പ്രധാനമായുള്ളത്‌.

കൊങ്കണ്‍ റെയിൽപ്പാത കാസർകോട്‌ ജില്ലയിലൂടെയാണ്‌ കടന്നുപോകുന്നത്‌.

3.32
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top