Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഇടുക്കി ജില്ല

ഇടുക്കി ജില്ല-ചരിത്രം

ഇടുക്കി ജില്ല

കേരളസംസ്ഥാനത്തിലെ പതിനാലു ജില്ലകളിലൊന്ന്‌. 1972 ജനു. 26-ന്‌ രൂപവത്‌കൃതമായി. വിസ്‌തീർണത്തിൽ (4358 ച.കി.മീ.) കേരളത്തിലെ ജില്ലകളിൽ രണ്ടാം സ്ഥാനമാണിതിനുള്ളത്‌. ജനസാന്ദ്രത ച.കി.മീറ്ററിന്‌ 259. ജനസംഖ്യ 11,29,221 (2001). തലസ്ഥാനം പൈനാവ്‌. കോട്ടയം ജില്ലയിലുള്‍പ്പെട്ടിരുന്ന ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്‌ എന്നീ താലൂക്കുകളും എറണാകുളം ജില്ലയിൽപ്പെട്ടിരുന്ന തൊടുപുഴ താലൂക്കിലെ കല്ലൂർക്കാട്‌ വില്ലേജും, മഞ്ഞള്ളൂർ വില്ലേജിലെ മഞ്ഞള്ളൂർ, കല്ലൂർക്കാട്‌ എന്നീ പഞ്ചായത്തുകളിൽപ്പെട്ട ഭാഗങ്ങളും ഒഴിച്ചുള്ള പ്രദേശവും ചേർത്താണ്‌ ഇടുക്കി ജില്ല രൂപീകരിച്ചത്‌. സഹ്യന്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന മലയോരപ്രദേശമായ ഇടുക്കിയുടെ വടക്കെ അതിരുകള്‍ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കും, തമിഴ്‌നാട്ടിലെ പൊള്ളാച്ചി, ഉഡുമൽപേട്ട താലൂക്കുകളുമാണ്‌. കിഴക്ക്‌ തമിഴ്‌ നാട്ടിലെ കൊഡൈക്കനാൽ, ഉത്തമപാളയം, ശ്രീവള്ളിപുത്തൂർ എന്നീ താലൂക്കുകളും തെക്ക്‌ പത്തനംതിട്ട താലൂക്കും, പടിഞ്ഞാറ്‌ കാഞ്ഞിരപ്പള്ളി, മീനച്ചിൽ, മൂവാറ്റുപുഴ, കുന്നത്തുനാട്‌ എന്നീ താലൂക്കുകളും സ്ഥിതി ചെയ്യുന്നു. ഇടുക്കി ജില്ല വ. അക്ഷാ. 9ബ്ബ 15' മുതൽ 10ബ്ബ 21' വരെയും കി. രേഖാ. 76ബ്ബ 37' മുതൽ 77ബ്ബ 25' വരെയും വ്യാപിച്ചുകിടക്കുന്നു.

പൊതുവിവരങ്ങള്‍

ജില്ല
:
ഇടുക്കി
വിസ്തീര്‍ണ്ണം
:
5019 ച. കി മീ
വാര്‍ഡുകളുടെ എണ്ണം
:
16
ജനസംഖ്യ
:
1128605 (2001 സെന്‍സസ്)
പുരുഷന്‍മാര്‍
:
566405 (2001 സെന്‍സസ്)
സ്ത്രീകള്‍
:
562200 (2001 സെന്‍സസ്)
ജനസാന്ദ്രത
:
215
സ്ത്രീ : പുരുഷ അനുപാതം
:
975
മൊത്തം സാക്ഷരത
:
87
സാക്ഷരത (പുരുഷന്‍മാര്‍)
:
91
സാക്ഷരത (സ്ത്രീകള്‍)
:
83

ഭൂപ്രകൃതി

ഒട്ടുമുക്കാലും നിമ്‌നോന്നതപ്രദേശങ്ങളായ ഈ ജില്ലയെ ഭൂപ്രകൃതിയനുസരിച്ച്‌ രണ്ടായി തിരിക്കാം: (1) പർവതനിരയോടുചേർന്ന്‌ 75 മീറ്ററിലേറെ ഉയരത്തിലുള്ള മലനാട്‌ (High lands). (2) 75 മെീ.-ൽ താഴെ ഉയരമുള്ള ഇടനാട്‌. സമതലപ്രദേശങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ജില്ലയുടെ പടിഞ്ഞാറരികിൽ തൊടുപുഴ താലൂക്കിന്റെ ഭാഗങ്ങളിൽ മാത്രമാണ്‌ ഇടനാട്‌ പ്രദേശമുള്ളത്‌; മൊത്തം വിസ്‌തീർണത്തിന്റെ 96 ശ.മാ.-വും മലമ്പ്രദേശങ്ങളാണ്‌. തൊടുപുഴ താലൂക്കൊഴിച്ചുള്ള ഭാഗങ്ങള്‍ ഏറിയകൂറും 300 മീ.-ലേറെ ഉയരമുള്ള ഹൈറേഞ്ച്‌ (Highrange) പ്രദേശങ്ങളാണ്‌. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ഭാഗമായ ആനമുടി (2,817 മീ.) ഈ ഭാഗത്താണ്‌. മലകളും, അവയ്‌ക്കിടയിലായുള്ള താഴ്‌വരകളും, സാനുക്കളിലൂടെ ഒഴുകിനീങ്ങുന്ന നദികളും അവയുടെ തടപ്രദേശങ്ങളും ചേർന്ന്‌ അത്യന്തം സങ്കീർണമാണ്‌ ഹൈറേഞ്ചിലെ ഭൂപ്രകൃതി. ഇവിടെയുള്ള മലകളിൽ പ്രധാനപ്പെട്ടവ എരവിമല, കാത്തുമല, ചെന്തവര, കുമരിക്കൽ, കരിങ്കുളം, ദേവിമല, പെരുമാള്‍, ഗൂഡൂർ, കബുല, ദേവികുളം, അഞ്ചനാട്‌, ശബരിമല, കരിമല എന്നിവയാണ്‌. മുക്കോണായി ചരിഞ്ഞിറങ്ങുന്ന മട്ടിലാണ്‌ ഹൈറേഞ്ചുമലകളുടെ സ്ഥിതി. വടക്കുകിഴക്ക്‌ അഞ്ചനാട്‌ താഴ്‌വരയും, തെക്ക്‌ ഏലമലകളെത്തുടർന്ന്‌ പീരുമേട്‌ താഴ്‌വരയും, പടിഞ്ഞാറ്‌ കണ്ടന്‍പാറ താഴ്‌വരയും കാണാം. ഇവയിൽ തെക്കോട്ടുള്ള ചരിവിൽ ഏതാണ്ട്‌ 100 കി.മീ. നീളവും 30 കി.മീ. വീതിയുമുള്ള ഒരു പീഠസമതലമുണ്ട്‌; ഇതിന്റെ ശ.ശ. ഉയരം 1,500 മീ. ആണ്‌. ഏകദേശം 600 മീ. ഉയരത്തിൽ 8 കി.മീ. നീളവും 3-5 കി.മീ. വീതിയുമുള്ള പീഠപ്രദേശമാണ്‌ അഞ്ചനാട്‌. പടിഞ്ഞാറുള്ളത്‌ ചെങ്കുത്തായ ചരിവാണ്‌; പെരിയാറിന്റെ പോഷകനദികളായ കാടമ്പാറ-ഇടമല ആറുകളുടെ പ്രഭവസ്ഥാനമാണിവിടം.

കാലാവസ്ഥ

കേരളത്തിൽ പൊതുവേയുള്ള കാലാവസ്ഥ, ഉയരത്തിനനുസരിച്ചുളവാകുന്ന വ്യത്യാസങ്ങളോടെ ഇടുക്കി ജില്ലയിലും അനുഭപ്പെടുന്നു. ഡി. മുതൽ ഫെ. വരെയുള്ള മഞ്ഞുകാലം, മാ. മുതൽ മേയ്‌ വരെയുള്ള വേനല്‌ക്കാലം, ജൂണ്‍ മുതൽ സെപ്‌. വരെയുള്ള മഴക്കാലം (തെ.പ. മണ്‍സൂണ്‍), ഒ.-ന. മാസങ്ങളിലെ മഴക്കാലം (വ.കി. മണ്‍സൂണ്‍) എന്നീ ക്രമത്തിലാണ്‌ കാലാവസ്ഥ. 900 മീ.-ലേറെ ഉയരമുള്ള പ്രദേശങ്ങളിൽ മഞ്ഞുകാലത്ത്‌ കടുത്ത തണുപ്പനുഭവപ്പെടുന്നു. ഹൈറേഞ്ചിൽ പകൽസമയത്തെ താപനില നന്നേ താണതാണ്‌; രാത്രികാലങ്ങളിൽ താപനില 0ബ്ബ-യിലും താഴാറുണ്ട്‌. ഉയരംകുറഞ്ഞ സ്ഥലങ്ങളിൽ സുഖകരവും ഉന്മേഷപ്രദവുമായ കാലാവസ്ഥയാണുള്ളത്‌. വേനല്‌ക്കാലത്ത്‌ ജില്ലയൊട്ടാകെയും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. സംസ്ഥാനത്തെ ഇതരഭാഗങ്ങളിൽ നിന്നും ഇക്കാലത്ത്‌ ധാരാളം പേർ സുഖവാസാർഥം തേക്കടി, പീരുമേട്‌, മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിച്ചേരാറുണ്ട്‌. വേനല്‌ക്കാലത്ത്‌ ജില്ലയുടെ പശ്ചിമഭാഗങ്ങളിൽ മറ്റുഭാഗങ്ങളെ അപേക്ഷിച്ച്‌ കൂടുതൽ ചൂട്‌ അനുഭവപ്പെടുന്നു. മേയ്‌ അവസാനത്തോടെ തെക്കു പടിഞ്ഞാറന്‍ കാലവർഷക്കാറ്റുകള്‍ മഴ പെയ്യിക്കുന്നു. ഇടവപ്പാതി എന്നറിയപ്പെടുന്ന ഈ മഴ കൂടുതൽ ശക്തിയാർജിക്കുന്നത്‌ ജൂണ്‍, ജൂലായ്‌ മാസങ്ങളിലാണ്‌. മൂന്നാർ, പീരുമേട്‌ എന്നീ ഭാഗങ്ങളിൽ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിൽനിന്നുള്ള മഴയുടെ തോത്‌ ആണ്ടിൽ 300 സെ.മീ. ആണ്‌. അതേസമയം സഹ്യന്റെ കിഴക്കതിരിലുള്ള മറയൂർ, ശാന്തന്‍പാറ, കുമിളി എന്നീ പ്രദേശങ്ങളിലെ ശ.ശ. തോത്‌ 50-80 സെ.മീ. മാത്രമാണ്‌. തുലാവർഷ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) കാലത്തും ശ.ശ. 40-70 സെ.മീ. മഴ ലഭിക്കുന്നു.

ചരിത്രം

“ഇടുക്ക്” എന്ന വാക്കില്‍ നിന്നാണ് “ഇടുക്കി” എന്ന പേരുണ്ടായതെന്ന് പ്രബലമായൊരു അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. മലയിടുക്കുകള്‍ നിറഞ്ഞ ഒരു ജില്ലയെന്ന നിലയില്‍ ഇടുക്കിയെ സംബന്ധിച്ചിടത്തോളം യുക്തിസഹമാണ് ഈ വാദം. ഇടുക്കി ഏറെക്കാലം കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന പദവി അലങ്കരിച്ചിരുന്നു. പത്തനംതിട്ട ജില്ലയുടെ രൂപീകരണകാലത്ത് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിന്റെ കുറെ ഭാഗങ്ങള്‍ വിട്ടുകൊടുക്കേണ്ടിവന്നിരുന്നു. പില്‍ക്കാലത്ത് മാങ്കുളം പഞ്ചായത്ത് എറണാകുളം ജില്ലയുടെ ഭാഗമാക്കിയതോടെയാണ് ഇടുക്കി വിസ്തൃതിയില്‍ പാലക്കാട് ജില്ലയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്താകുന്നത്. 1972 ജനുവരി 26-നാണ് ഇടുക്കി ജില്ല രൂപീകൃതമായത്. വടക്കുഭാഗത്ത് തൃശ്ശൂര്‍ ജില്ല, തമിഴ്നാട് എന്നിവിടങ്ങള്‍ വരേയും, കിഴക്കുഭാഗത്ത് തമിഴ്നാട് വരേയും, തെക്കുഭാഗത്ത് പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകള്‍ വരേയും, പടിഞ്ഞാറുഭാഗത്ത് പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകള്‍ വരേയും അതിരുകള്‍ വ്യാപിച്ചുകിടക്കുന്ന ഇടുക്കി ജില്ലയ്ക്ക് 4358 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അടിമാലി, ദേവികുളം, നെടുംകണ്ടം, ഇളംദേശം, ഇടുക്കി, കട്ടപ്പന, തൊടുപുഴ, അഴുത എന്നിങ്ങനെ 8 ബ്ളോക്കുപഞ്ചായത്തുകളാണ് ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 8 ബ്ളോക്കുകളിലായി 53 ഗ്രാമപഞ്ചായത്തുകളും 65 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. തൊടുപുഴ ആണ് ഇടുക്കി ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ഇടുക്കി ജില്ലാപഞ്ചായത്തില്‍ ആകെ 16 ഡിവിഷനുകളുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ഇടുക്കി ജില്ലയെ മലകള്‍, മലഞ്ചെരിവുകള്‍, താഴ്വരകള്‍, ചതുപ്പുനിലങ്ങള്‍, കാടുകള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ ആറായി തരംതിരിക്കാം. ചരലും ഉരുളന്‍കല്ലുകളും ചേര്‍ന്ന ചുവന്ന പശിമരാശി മണ്ണ്, വനപ്രദേശങ്ങളിലുള്ള കറുത്ത ജൈവാംശം കലര്‍ന്ന വനമണ്ണ് എന്നിവയാണ് ഇവിടെ കണ്ടുവരുന്ന പ്രധാന മണ്ണിനങ്ങള്‍. മണ്ണിന്റെ പ്രത്യേകത കണക്കിലെടുത്ത് മണക്കാട് ഇനം, ചീനിക്കുഴി ഇനം, തൊമ്മന്‍കുത്ത് ഇനം, വെണ്‍മണി ഇനം, മറയൂര്‍ ഇനം, പാമ്പാടും പാറ ഇനം, ആനമുടി ഇനം എന്നിങ്ങനെയും തരം തിരിക്കാം. ഇടുക്കി ജില്ലയില്‍ 260907 ഹെക്ടര്‍ വനഭൂമിയുണ്ട്. ഭൂവിസ്തൃതി കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലകളിലൊന്നാണെങ്കിലും ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ജില്ല കൂടിയാണ് ഇടുക്കി. സംസ്ഥാനത്തെ ജനസംഖ്യയുടെ 3.71% മാത്രമാണ് ഇടുക്കി ജില്ലയിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ കുമിളി ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും രണ്ടര കിലോമീറ്ററിലധികം ഉയരമുള്ളതും തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയുമായ ആനമുടി സ്ഥിതി ചെയ്യുന്നതും ഇടുക്കി ജില്ലയിലാണ്.

സാമൂഹ്യ-സാംസ്കാരിക ചരിത്രം

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മാനവസംസ്കാരങ്ങള്‍ നിലനിന്നിരുന്ന നിരവധി പ്രദേശങ്ങള്‍ ഇടുക്കി ജില്ലയിലുണ്ട്. ജില്ലയിലെ കുരങ്ങു പട്ടട, വലിയാര്‍വീട്, കുറുമ്പന്‍കോട്ട, മുനിയറ, നന്നങ്ങാടി, പാണ്ടുകുഴി, പഞ്ചപാണ്ഡവര്‍ മഠങ്ങള്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നും ഇരുപതാംനൂറ്റാണ്ടിലാണ് ശിലായുഗ സംസ്കാരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായത്. തൊപ്പിക്കല്ല്, കുടക്കല്ല്, നാട്ടുകല്ല്, ഒറ്റക്കല്ല്, സംസ്ക്കാര പേടകം, ചുട്ടെടുത്ത പേടകങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങി നവീനശിലായുഗത്തിനു ശേഷമുള്ള ലോഹയുഗസംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പുരാവസ്തുശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍ പ്രകാരം ബി.സി 10000-നു മേല്‍ പഴക്കവും പഴമയും കല്‍പ്പിക്കപ്പെടുന്നതും ഗുഹാചിത്രങ്ങള്‍ ഉള്ളതുമായ മറയൂര്‍ ഗുഹകള്‍, വെള്ളപ്പാറ ശിലായുഗ അറകള്‍, മംഗളാദേവിക്ഷേത്രസമുച്ഛയം, അറക്കുളം പൊട്ടന്‍മുടി മലനിരകളിലെ വിശാലമായ ഗുഹാചിത്രങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. പ്രാചീനമായ ചേരസാമ്രാജ്യത്തില്‍ ഉള്‍പ്പെടുന്നതാണ് ഇന്നത്തെ കേരള സംസ്ഥാനം. ചേരരാജ്യത്തെ വേണാട്, കൂര്‍ക്കനാട്, കുട്ടനാട്, കുടനാട്, പുഴിനാട് എന്നിങ്ങനെ അഞ്ചു നാടുകളായി അക്കാലത്ത് വിഭജിച്ചിരുന്നു. ഇന്നത്തെ ഇടുക്കി ജില്ലയുടെ ബഹുഭൂരിഭാഗം പ്രദേശങ്ങളും അന്നത്തെ കൂര്‍ക്കനാട്ടില്‍ ഉള്‍പ്പെട്ടിരുന്നു. ചേരസാമ്രാട്ടിന്റെ കാലത്ത് ചേരരാജ്യത്തെ 14 നാട്ടുരാജ്യങ്ങളായി വിഭജിച്ചിരുന്നതില്‍ “കീഴ്വൈ മലൈനാട്” എന്ന നാട്ടുരാജ്യം ഇന്നത്തെ തൊടുപുഴ താലൂക്കാണ്. കാരിക്കോട് കോട്ടക്കകത്ത് രണ്ട് പൌരാണിക ക്ഷേത്രങ്ങളും ഒരു മുസ്ളീം ദേവാലയവും സ്ഥിതി ചെയ്യുന്നു. അണ്ണാമലൈക്ഷേത്രം തമിഴ് വാസ്തുശില്‍പകലകളുടെ ഉത്തമോദാഹരണമാണ്. ഈ ക്ഷേത്രത്തിലെ പൂജാ സാമഗ്രികളായ വിളക്ക്, മണി തുടങ്ങിയവ ഏറെ പഴക്കം കല്‍പിക്കപ്പെടുന്നവയാണ്. സംഘകാലത്ത് നിര്‍മ്മിക്കപ്പെട്ടതും രാജപരമ്പരകളുടെ “ഭരദേവത” ക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനത്തുള്ളതുമാണ് മംഗളാദേവി ക്ഷേത്രം. കണ്ണകി ആണിവിടുത്തെ പ്രതിഷ്ഠ. തിരുവിതാംകൂറില്‍ സ്വാതന്ത്ര്യസമരം ശക്തമായതോടെ ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ഒട്ടനവധിയാളുകള്‍ ഈ ജില്ലയിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും മുന്നോട്ടു വരികയുണ്ടായി. നിയമനിഷേധ സമരത്തില്‍ തൊടുപുഴ മേഖലയില്‍ ആദ്യം അറസ്റ്റുവരിച്ചത് രാമനത്താളി കുഞ്ഞിരാമന്‍ വൈദ്യരായിരുന്നു. ജില്ലയില്‍ നിന്നും വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജിയോടൊപ്പം 40 നാള്‍ നീണ്ടു നിന്ന നിരാഹാരവ്രതം അനുഷ്ഠിച്ച “ശങ്കര്‍ജി” ഇടുക്കി ജില്ലയിലെ അരിക്കുഴ നിവാസിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് തിരുവിതാംകൂര്‍ മേഖലയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ പ്രസ്ഥാനം വളര്‍ത്തുവാന്‍ നേതൃത്വപരമായ പങ്കുവഹിച്ചവരില്‍ പ്രമുഖരായിരുന്നു ഈ ജില്ലയില്‍ നിന്നുള്ള അഡ്വ.അഗസ്റ്റ്യന്‍ വഴതനപ്പിള്ളി, കെ.എം.ജോര്‍ജ്ജ്, യു.ഐ.വര്‍ക്കി, പി.വാവച്ചന്‍ തുടങ്ങിയവര്‍. സമരമുഖത്ത് അറസ്റ്റ് വരിച്ച് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നരായിരുന്നു മേല്‍പ്പറഞ്ഞവരെല്ലാം. അക്കാലത്ത് ട്രേഡ് യൂണിയനുകളും ദേശീയ പ്രസ്ഥാനത്തോടൊപ്പം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന മാത്യു.ജി.വലിയകാല 1940-കളുടെ മധ്യത്തില്‍ കോളിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് തൊടുപുഴ മേഖലയില്‍ തൊഴിലാളിസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. പീരുമേടു ഭാഗത്തെ തേയിലത്തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പൊട്ടംകുളം കെ.വി.മത്തായിയുടെ നേതൃത്വത്തിലായിരുന്നു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഇവിടെ സജീവമായി നടന്നിരുന്നു. ആതുര ശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ രംഗത്തും മിഷനറിപ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നു ആദ്യകാലം മുതല്‍ മുന്‍പന്തിയിലുള്ളത്. 19-ാം നൂറ്റാണ്ടില്‍ തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ഇംഗ്ളീഷ് മീഡിയം സ്ക്കൂളും, ഒരു എല്‍.പി.സ്ക്കൂളും ഇവിടെ നിലവില്‍ വന്നിരുന്നു. ജില്ലയിലെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനം തൊടുപുഴ ന്യൂമാന്‍ കോളേജാണ്. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിഗ് കോളേജ്, ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍, ഇടുക്കിയിലെ മോഡല്‍ പോളിടെക്നിക്, പീരുമേട് പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്നിവയാണ് ഇന്നു സാങ്കേതിക വിദ്യാഭ്യാസരംഗത്തുള്ള പ്രമുഖ സ്ഥാപനങ്ങള്‍. 1917-ലാണ് ജില്ലയിലെ ആദ്യ ഗ്രന്ഥശാല നിലവില്‍ വന്നത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന ശുഭാനന്ദസ്വാമികള്‍ കരുന്തരുവി മലയില്‍ സ്ഥാപിച്ച “ആത്മബോധന സംഘം” ഇവിടുത്തെ സാംസ്കാരികമണ്ഡലത്തെ ധന്യമാക്കി. ജില്ലയിലൂടെ ദേശീയപാത-49 കടന്നുപോകുന്നു. പുനലൂര്‍-മൂവാറ്റുപുഴ റോഡ്, കോട്ടയം-കുമിളി റോഡ് എന്നിവയാണ് പ്രധാന സംസ്ഥാന ഹൈവേകള്‍. ചെറുകിട-ഇടത്തര വ്യവസായരംഗങ്ങളില്‍ മുന്‍കാല സ്ഥിതിവിശേഷങ്ങളില്‍ നിന്നും കാതലായ മാറ്റങ്ങള്‍ ഇന്നുണ്ടായിട്ടുണ്ട്. ജില്ലയില്‍ പട്ടുനൂല്‍ വളര്‍ത്തലിനും, മള്‍ബറികൃഷിക്കും വമ്പിച്ച സാധ്യതകളുണ്ട്. ഏറ്റവും കൂടുതല്‍ മലഞ്ചരക്കു വ്യാപാരം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇടുക്കി. ജില്ലയില്‍ 7-ല്‍ പരം ജലവൈദ്യുത പദ്ധതികളുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 80% ഉല്‍പാദിപ്പിക്കുന്നതും ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളില്‍ നിന്നാണ്. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രം, ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രം, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മാട്ടുപ്പെട്ടി എന്നിവ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഇടുക്കി അണക്കെട്ട് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ആണ്.

അപവാഹം

ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം അപവാഹഗതി പൊതുവേ പടിഞ്ഞാറോട്ടാണ്‌; അഞ്ചനാട്‌ താഴ്‌വരയിൽ മാത്രം ചരിവ്‌ വടക്കുകിഴക്കുദിശയിലാവുകയാൽ, ബെന്‍മൂർ എസ്റ്റേറ്റിൽ ഉദ്‌ഭവിക്കുന്ന പാമ്പാർ മറയൂരിലൂടെ ഒഴുകി കാവേരിയിൽ ലയിക്കുന്നു. കേരളത്തിലെ പ്രധാന നദികളിൽപ്പെടുന്ന പെരിയാറ്‌, മീനച്ചിലാറ്‌, മൂവാറ്റുപുഴയാറ്‌, മണിമലയാറ്‌ എന്നിവ ഈ ജില്ലയിൽനിന്നാണ്‌ ഉദ്‌ഭവിക്കുന്നത്‌. പമ്പാനദി ജില്ലയുടെ തെക്കരികിലൂടെ ഒഴുകുന്നു. എന്നാൽ ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം ഗണ്യമായ പ്രാധാന്യം പെരിയാറിനു മാത്രമാണുള്ളത്‌. ഇടുക്കിയുടെ തെക്കു കിഴക്കുഭാഗത്തുള്ള ശിവഗിരിയിൽനിന്ന്‌ ഉദ്‌ഭവിക്കുന്ന പെരിയാർ ജില്ലയെ കുറുകെ മുറിച്ച്‌ വടക്കുപടിഞ്ഞാറ്‌ ദിശയിൽ ഒഴുകി എറണാകുളം ജില്ലയിൽ കടക്കുന്നു. പ്രഭവസ്ഥാനത്തുനിന്നും മലയിടുക്കുകളിലൂടെ 17 കി.മീ. ഒഴുകി മുള്ളയാറുമായി യോജിക്കുന്നതോടെയാണ്‌ പെരിയാർ പൂർണമാകുന്നത്‌. ഇതിന്‌ 11 കി.മീ. താഴെയാണ്‌ പെരിയാർ അണക്കെട്ട്‌. ഇവിടെ സംഭരിക്കപ്പെടുന്ന ജലം തമിഴ്‌നാട്ടിലെ ജലസേചനത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്‌. തുടർന്നുള്ള പ്രയാണത്തിലാണ്‌ പെരുന്തുറ, കട്ടപ്പന, ചെറുതോണി എന്നീ പോഷകനദികളുമായി ഒത്തുചേരുന്നത്‌. ചെറുതോണിനദിയുടെ സംഗമത്തിനു മുകളിലായാണ്‌ ഇടുക്കി അണക്കെട്ട്‌ നിർമിച്ചിരിക്കുന്നത്‌ (നോ: ഇടുക്കിപദ്ധതി). പെരിഞ്ചാണ്‍കുട്ടി ആറും മുതിരപ്പുഴ ആറുമാണ്‌ പെരിയാറിന്റെ മറ്റു പ്രധാന പോഷകനദികള്‍. ഇവയിൽ മുതിരപ്പുഴയാറ്റിലാണ്‌ കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ; ചെങ്കുളം, പന്നിയാർ, നേരിയമംഗലം എന്നീ പദ്ധതികളും ഈ നദിയിലാണ്‌. ഭൂതത്താന്‍കെട്ടിനു സമീപം പ്ലാച്ചോട്ടിൽ പെരിയാറിനു കുറുകെ അണകെട്ടി ജലസേചനപദ്ധതികള്‍ പ്രാവർത്തികമാക്കിയിരിക്കുന്നു.

സസ്യജാലം

250 സെ.മീ.-ൽ കുറയാതെ മഴ ലഭിക്കുന്ന 1,200 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ നിത്യഹരിതങ്ങളായ മഴക്കാടുകളാണുള്ളത്‌. സസ്യനിബിഡങ്ങളായ ഈ വനങ്ങളിലെ പ്രധാനവൃക്ഷങ്ങള്‍ പുന്ന, പാലി, വെള്ളകിൽ, ആഞ്ഞിലി, വയില, തെള്ളി, തമ്പകം, പെരുമരം, കുളമാവ്‌, ചുരുളി, ചെങ്കുറിഞ്ഞി, ചുവന്നകിൽ എന്നിവയാണ്‌. ഈറ, ചൂരൽ എന്നിവയും സമൃദ്ധമായി വളരുന്നു. മലകളുടെ വാതപ്രതിമുഖ(leeward)വശങ്ങളിലെ താരതമ്യേന മഴക്കുറവുള്ള ഭാഗങ്ങളിൽ പത്രപാതിവനങ്ങളാണുള്ളത്‌. ഈയിനം വനങ്ങളിലെ, വേനല്‌ക്കാലത്ത്‌ ഇലകൊഴിക്കുന്ന മരങ്ങളിൽ 35 മീ.-ലേറെ ഉയരത്തിൽ വളരുന്ന ധാരാളം തടിത്തരങ്ങള്‍ ഉള്‍പ്പെടുന്നു; തേക്ക്‌, ഈട്ടി, വെന്തേക്ക്‌, പുല്ലമരുത്‌, ഇലവ്‌, വേങ്ങ തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. ജില്ലയുടെ വടക്കുകിഴക്കന്‍ അതിർത്തിയിൽ മറയൂർ ഭാഗത്താണ്‌ ഇമ്മാതിരി വനങ്ങള്‍ ധാരാളമായുള്ളത്‌. ഈ ഭാഗത്ത്‌ ചന്ദനമരം സമൃദ്ധമായി വളരുന്നു. കണിക്കൊന്ന, തേക്ക്‌, വേങ്ങ, കരിമരുത്‌, തേമ്പാവ്‌ തുടങ്ങിയവയാണ്‌ പത്രപാതിവനങ്ങളിലെ മറ്റിനം വൃക്ഷങ്ങള്‍. മഴക്കാടുകള്‍ക്കും പത്രപാതിവനങ്ങള്‍ക്കും ഇടയ്‌ക്കുള്ള സീമാന്തപ്രദേശങ്ങളിൽ അർധ-പത്രപാതി വനങ്ങളാണുള്ളത്‌. 750 മീ. ഉയരംവരെയുള്ള ഭാഗങ്ങളിലേ ഇമ്മാതിരി വനങ്ങള്‍ കാണപ്പെടുന്നുള്ളൂ. തമ്പകം, തെള്ളി, നീർകടമ്പ്‌, ഞാറ, വെള്ളകിൽ, പുന്ന, മരുത്‌, പാതിരി, പൂപ്പാതിരി, വെണ്‍കോട്ട, ആഞ്ഞിലി, കനല തുടങ്ങിയ വൃക്ഷങ്ങളും മുളങ്കൂട്ടങ്ങളും വള്ളിപ്പടർപ്പുകളും ഈ വനങ്ങളിൽ തഴച്ചുവളരുന്നു. 1,200 മീ.-ലധികം ഉയരത്തിലുള്ള ഒറ്റപ്പെട്ട ഗിരിശൃംഗങ്ങളിൽ ഉപോഷ്‌ണമേഖലാ മാതൃകയിലുള്ള നിത്യഹരിതവനങ്ങളാണ്‌; ഇവയിൽത്തന്നെ അങ്ങിങ്ങായി തുറസ്സായ പുൽമേടുകളുമുണ്ട്‌. ഈ ഭാഗങ്ങള്‍ യൂക്കാലിപ്‌റ്റസ്‌ കൃഷിക്ക്‌ അത്യുത്തമമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ജന്തുവർഗങ്ങള്‍

നാണ്യവിളകള്‍ കൃഷിചെയ്യുന്നതിനായി മലഞ്ചരിവുകളിലെ കാടുകള്‍ ഏറിയകൂറും നശിപ്പിക്കപ്പെടുകയും മനുഷ്യാധിവാസം വർധിക്കുകയും ചെയ്യുകമൂലം വന്യമൃഗങ്ങള്‍ ഒട്ടുമുക്കാലും ലുപ്‌തമായിത്തീർന്നിരിക്കുന്നു. ഇപ്പോഴും ശേഷിച്ചിട്ടുള്ള ദുർഗമവും നിബിഡവുമായ വനങ്ങള്‍ ആന, കടുവ, കാട്ടുപോത്ത്‌, പുലി തുടങ്ങിയവയുടെ സങ്കേതങ്ങളാണ്‌. ഹരിണ, വാനരവർഗങ്ങളും, മുയൽ, വരയാട്‌, കീരി, അച്ചാന്‍ തുടങ്ങിയവയും വിവിധയിനം പാമ്പുകളും ധാരാളമായി കണ്ടുവരുന്നു.

മച്ചും ധാതുദ്രവ്യങ്ങളും

പൊതുവെ രണ്ടിനം മച്ചാണ്‌ ഇവിടെ കാണപ്പെടുന്നത്‌: മണൽക്കല്ലുകളും മറ്റും വിഘടിച്ചുണ്ടായിട്ടുള്ള ചെമ്മച്ചും, ജൈവാംശത്തിന്റെ ആധിക്യമുള്ള വനപ്രദേശങ്ങളിലെ മച്ചും. കല്ലും മച്ചും ധാരാളമായി കലർന്നുള്ള ചെമ്മച്ചിന്‌ ജലസംഭരണശേഷി വളരെ കുറവാണ്‌; നൈട്രജന്‍, ക്ഷാരങ്ങള്‍, കുമ്മായം, ഫോസ്‌ഫറസ്‌, ജൈവാംശങ്ങള്‍ എന്നിവയുടെ അഭാവംമൂലം ഉർവരത കുറഞ്ഞതുമാണ്‌. ജില്ലയുടെ പടിഞ്ഞാറുഭാഗത്തുള്ള ഇടനാടുപ്രദേശത്താണ്‌ ഇമ്മാതിരി മച്ചുള്ളത്‌. മലമ്പ്രദേശത്തെ മച്ചിന്റെ പ്രത്യേകത ജൈവാംശങ്ങളുടെ സമൃദ്ധിയാണ്‌. എന്നാൽ മച്ചൊലിപ്പ്‌ ഈ ഭാഗത്തെ വളക്കൂറുനിറഞ്ഞ മേൽമച്ചിനെ ശോഷിപ്പിക്കുന്നുവെന്നത്‌ വലിയൊരു ശാപമാണ്‌. ഇടുക്കിജില്ലയിൽ ഏതെങ്കിലും ധാതുവിന്റെ സമ്പന്നനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടില്ല.

ചരിത്രം

ഇടുക്കിജില്ലയുടെ പ്രാചീന ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്ന വ്യക്തമായ രേഖകള്‍ കുറവാണ്‌. പ്രാചീനശിലായുഗ(Palaeolithic age)കാലത്ത്‌ ഇവിടെ മനുഷ്യവാസം ആരംഭിച്ചിരുന്നോ ഇല്ലയോ എന്നതിന്‌ കാര്യമായ തെളിവുകളില്ലെങ്കിലും ശിലായുഗത്തെ അനുസ്‌മരിപ്പിക്കുന്ന ചില സ്‌മാരകശിലകള്‍ (Dolmens) ദേവികുളം താലൂക്കിലെ അഞ്ചനാട്‌ താഴ്‌വരയിൽനിന്നു കണ്ടുകിട്ടിയിട്ടുണ്ട്‌. ചരിത്രപ്രസിദ്ധമായ മറൈയൂർ (ഇന്നത്തെ മറയൂർ) അഞ്ചനാട്‌ താഴ്‌വരയിലാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. 1947-48 കാലത്ത്‌ കേരളത്തിലെ ആർക്കിയോളജി വകുപ്പുകാർ ഉത്‌ഖനന ഗവേഷണങ്ങള്‍ നടത്തിയതിന്റെ ഫലമായി മൂന്ന്‌ സ്‌മാരകശിലകള്‍ കണ്ടെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. മഹാശിലായുഗത്തിലെ ഏതാനും ശവകുടീരങ്ങളും തൂക്കായുള്ള സ്‌മാരകശിലകളും (Menhir) ഉടുമ്പന്‍ചോലയിലെ കല്ലാർപട്ടം കോളനിയിൽ കണ്ടെടുക്കുകയുണ്ടായി. ഹൈറേഞ്ചിലെ വണ്ടിപ്പെരിയാറിനടുത്തായുള്ള തേങ്ങക്കൽ എന്ന സ്ഥലത്ത്‌ ഉത്‌ഖനനം നടത്തിയപ്പോഴും ഈ അഭ്യൂഹത്തിനുപോദ്‌ബലകങ്ങളായ വസ്‌തുതകള്‍ ലഭിക്കുകയുണ്ടായി. ഇവയെല്ലാം ഇടുക്കിയിലെ ചരിത്രാതീതകാല സംസ്‌കാരത്തെക്കുറിച്ച്‌ ഏകദേശ വിവരം നല്‌കുവാനുതകുന്ന സാമഗ്രികളാണ്‌. ഇന്നത്തെ ഉടുക്കിജില്ലയിൽപ്പെട്ട ഹൈറേഞ്ച്‌ പ്രദേശങ്ങളിലെ തേക്ക്‌, ചന്ദനം, കുരങ്ങ്‌, മയിൽ തുടങ്ങിയവ പ്രാചീനകാലം മുതലേ വിദേശങ്ങളിലേക്ക്‌ കയറ്റി അയച്ചിരുന്നതായി വ്യക്തമാക്കുന്ന പല ചരിത്രരേഖകളും ലഭ്യമായിട്ടുണ്ട്‌. മറയൂർ ഇന്നത്തെപ്പോലെതന്നെ പഴയകാലത്തും ഉയർന്നതരം ചന്ദനത്തടികള്‍ക്കു പ്രസിദ്ധമായിരുന്നു.

സംഘകാലത്തെ ചേരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന "കുഴുമൂർ' ഇന്നത്തെ പീരുമേടുതാലൂക്കിലെ കുമിളി ആയിരിക്കാമെന്ന്‌ ചരിത്രകാരന്മാർ അഭ്യൂഹിക്കുന്നു. കുലശേഖരസാമ്രാജ്യത്തിൽപ്പെട്ട (എ.ഡി. 800-1102) നന്തുഴിനാട്ടിൽ മീനച്ചിൽ താലൂക്കിന്റെ ചില ഭാഗങ്ങളും ഹൈറേഞ്ച്‌ മുഴുവനും ഉള്‍പ്പെട്ടിരുന്നതായി കരുതേണ്ടിയിരിക്കുന്നു. കുറച്ചുകാലം തെക്കുംകൂർ രാജവംശം ഈ പ്രദേശങ്ങള്‍ കൈയടക്കിയിരുന്നു. തെക്കുംകൂർ രാജാക്കന്മാരുടെ തലസ്ഥാനങ്ങളിൽ ഒന്നായ വെച്ചിമല ഇന്നത്തെ ഇടുക്കി ജില്ലയിൽപ്പെട്ടിരുന്നു എന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. വടക്കുംകൂർ രാജ്യത്തിലെ തൊടുപുഴ-മൂവാറ്റുപുഴ പ്രദേശങ്ങള്‍ പഴയ കീഴുമലൈനാട്‌ എന്ന ചെറുരാജ്യത്തിന്റെ ഭാഗമായിരുന്നു. കരിക്കോട്‌ ഇന്നത്തെ തൊടുപുഴയ്‌ക്ക്‌ സമീപമായിരുന്നു. എ.ഡി. 1600-ഓടുകൂടി ഈ പ്രദേശങ്ങള്‍ വടക്കുംകൂർ രാജവംശത്തിനധീനമായി. തെക്കുംകൂർ-വടക്കുംകൂർ എന്നീ രാജ്യങ്ങള്‍ കീഴ്‌പ്പെടുത്തിയ രാമയ്യന്‍ദളവ തിരുവിതാംകൂറിന്റെ അതിർത്തി ഇടുക്കി ജില്ലയിലുള്‍പ്പെടുന്ന കൊണ്ടൂർവരെ വ്യാപിപ്പിച്ചു. മാർത്താണ്ഡവർമ കീഴടക്കിയ അവസാനത്തെ ദേശവഴി (Principality) ആയിരുന്നു മീനച്ചിൽ.

മീനച്ചിൽ താലൂക്കിലെ ഒരു ഗ്രാമമായ പൂഞ്ഞാർ കേന്ദ്രമാക്കി, മാനവിക്രമ കുലശേഖരപ്പെരുമാള്‍ സ്ഥാപിച്ചതാണ്‌ പൂഞ്ഞാർ രാജവംശം. ഇടുക്കി ജില്ലയിലെ പല പ്രദേശങ്ങളും പൂഞ്ഞാർ രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. മാനവിക്രമന്‍ തെക്കുംകൂർ രാജാവിന്റെ പക്കൽനിന്നും ഇന്നത്തെ മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ പ്രദേശവും ഹൈറേഞ്ച്‌ എന്നറിയപ്പെടുന്ന മലമ്പ്രദേശങ്ങളും എഴുതിവാങ്ങിച്ചു. 1749-50 കാലത്ത്‌ മാർത്താണ്ഡവർമ പൂഞ്ഞാർ തിരുവിതാംകൂറിനോട്‌ ചേർത്തു; എങ്കിലും തിരുവിതാംകൂറിനു വിധേയമായ ഒരു ദേശവഴിസമ്പ്രദായം പൂഞ്ഞാർ രാജാക്കന്മാർക്കു പ്രത്യേകം അനുവദിച്ചുകൊടുത്തിരുന്നു. 19-ാം ശ.-ത്തിൽ ഹൈറേഞ്ച്‌ മലമ്പ്രദേശങ്ങള്‍ പൂഞ്ഞാർരാജാവ്‌ യൂറോപ്യന്‍ തോട്ടമുടമകള്‍ക്ക്‌ ചില വ്യവസ്ഥകള്‍ അനുസരിച്ച്‌ ദാനം ചെയ്‌തു. ഈ പ്രദേശമാണ്‌ പിന്നീട്‌ സമൃദ്ധിയേറിയ തേയിലത്തോട്ടങ്ങളായി രൂപാന്തരപ്പെട്ടത്‌. 1877 ജൂല. 11-ന്‌ പൂഞ്ഞാർ വലിയ രാജാവായ കേരളവർമയും ഒരു ബ്രിട്ടീഷ്‌ തോട്ടമുടമയായ ജോണ്‍ ഡാനിയൽ മണ്‍റോയും തമ്മിൽ ചെയ്‌ത ഒരു കരാറനുസരിച്ച്‌ സുപ്രസിദ്ധമായ കച്ചന്‍ദേവന്‍ ഹിൽ പ്രഡ്യൂസ്‌ കമ്പനി നിലവിൽവന്നു. തുടർന്ന്‌ മണ്‍റോ നോർത്ത്‌ട്രാവന്‍കൂർ ലാന്‍ഡ്‌പ്ലാന്റിങ്‌ ആന്‍ഡ്‌ ആഗ്രിക്കള്‍ച്ചറൽ സൊസൈറ്റി സ്ഥാപിച്ചു. സൊസൈറ്റിയിലെ അംഗങ്ങള്‍ ഹൈറേഞ്ചിൽ അവരവരുടേതായ എസ്റ്റേറ്റുകള്‍ സ്ഥാപിച്ചു. കാപ്പി, ഏലം തുടങ്ങി പല വിളകളും പരീക്ഷിച്ചതിനുശേഷമാണ്‌ ഏറ്റവും അനുയോജ്യം തേയിലക്കൃഷിയാണെന്നുകണ്ടെത്തിയത്‌. ഇടതൂർന്ന വനം വെട്ടിത്തെളിച്ച്‌ എ.എച്ച്‌. ഷാർപ്പാണ്‌ പാർവതിയിൽ ആദ്യമായി തേയിലക്കൃഷി തുടങ്ങിയത്‌. തുടർന്ന്‌ വിവിധ കമ്പനികള്‍ അവിടെ തേയിലത്തോട്ടങ്ങള്‍ സ്ഥാപിച്ചു. ഇത്‌ പ്രദേശത്തിന്റെ വികസനം ത്വരിതപ്പെടുത്തി. റോഡുകള്‍ വെട്ടി. ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെട്ടു. കെട്ടിടങ്ങളും ഫാക്‌ടറികളും ഉയർന്നുവന്നു. തേയില ഉത്‌പാദനം ക്രമാനുഗതമായി കൂടിവന്നു. തേയില ഉത്‌പാദകരിൽ ടാറ്റാ ഫിന്‍ലേ കമ്പനിയുടെ പ്രവർത്തനം ശ്രദ്ധേയമാണ്‌. തൊഴിൽ സാധ്യതകള്‍ മെച്ചപ്പെട്ടതോടുകൂടി കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള തൊഴിലാളികള്‍ ഇവിടേക്കു കുടിയേറാന്‍ തുടങ്ങി. 1971-81 കാലഘട്ടത്തിൽ ജില്ലയിലെ ജനസംഖ്യയിൽ 27 ശ.മാ. വർധനയുണ്ടായി. ഇടുക്കി ജലവൈദ്യുതപദ്ധതി പ്രാവർത്തികമായതോടെ ജനസംഖ്യയിൽ ഗണ്യമായ വർധനയുണ്ടായി.

ജനങ്ങള്‍

കേരളത്തിലെ മറ്റുജില്ലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇടുക്കിജില്ലയിൽ ജനസാന്ദ്രത വളരെ കുറവാണ്‌. എന്നാൽ ജനവർധനവിന്റെ തോത്‌ താരമ്യേന കൂടുതലുമാണ്‌. ഇപ്പോള്‍ ഇടുക്കി ജില്ലയായി വേർതിരിക്കപ്പെട്ടിരിക്കുന്ന പ്രദേശത്ത്‌, 1901-ലെ മൊത്തം ജനസംഖ്യ 47,686 ആയിരുന്നത്‌ 1971-ൽ 16 മടങ്ങായി വർധിച്ചിരിക്കുന്നു. 1961-71 കാലത്തുമാത്രം ജനസംഖ്യ 31.95 ശ.മാ. കൂടുകയുണ്ടായി. 2001-ലെ സെന്‍സസ്‌ അനുസരിച്ച്‌ ജില്ലയിലെ ജനസംഖ്യ 11,29,221 ആണ്‌. ഇതിൽ 5,66,682 പുരുഷന്മാരും 5,62,539 സ്‌ത്രീകളും ഉള്‍പ്പെടുന്നു. ജനസാന്ദ്രത 259. സ്‌ത്രീ പുരുഷാനുപാതം 993. സാക്ഷരതയിൽ (88.69%) കേരളത്തിലെ ജില്ലകളിൽ പിന്നിലാണ്‌ ഇടുക്കി. ജില്ലയിലെ ജനങ്ങളിൽ 15 ശ.മാ.-ത്തോളംവരുന്ന പട്ടികജാതി-പട്ടിക വർഗങ്ങള്‍ സാക്ഷരതയിൽ തുലോം പിന്നാക്കമാണ്‌.

ജില്ലയിലെ ജനങ്ങളിൽ 5,66,744 ഹിന്ദുക്കളും 4,80,108 ക്രിസ്‌ത്യാനികളും, 81,222 മുസ്‌ലിങ്ങളുമാണ്‌. ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരും ഈ ജില്ലയിൽ വസിക്കുന്നുണ്ട്‌. ജില്ലയിലെ ജനങ്ങളിൽ ഭൂരിപക്ഷവും മലയാളികളാണ്‌; എന്നാൽ തോട്ടപ്പണിക്കാരിൽ ഗണ്യമായ ഒരു വിഭാഗം തമിഴരാണ്‌. ഇടുക്കി ജില്ലയിലെ ജനങ്ങളിൽ പട്ടികജാതികളിൽപ്പെടുന്ന 1,59,362 പേരും, പട്ടികവർഗക്കാരായ 50,973 പേരും ഉള്‍പ്പെടുന്നു (2001). പട്ടികജാതിക്കാർ അയ്യനവർ, ഭരതർ, ബോയന്‍, ചക്കിലിയന്‍, ഡോബന്‍, കക്കാലന്‍, കൂഡന്‍, കണക്കന്‍ (പടന്ന), കുറവന്‍ (സിദ്ധനർ), മന്നാന്‍, നായാടി, പള്ളന്‍, പള്ളുവന്‍, പാണന്‍, പരവന്‍, പറയന്‍ (സാംബവർ), പതിയന്‍, പെരുമന്നാന്‍, പുലയന്‍, (ചേരമർ), തണ്ടാന്‍, ഉള്ളാടന്‍, ഊരാളി, വള്ളോന്‍, വള്ളുവന്‍, വച്ചാന്‍, വേലന്‍, വേടന്‍, വേട്ടുവന്‍ എന്നീ വിഭാഗങ്ങളിൽപ്പെടുന്നു. ഇവരിൽ പറയന്‍, വള്ളോന്‍, പുലയന്‍, ചക്കിലിയന്‍ എന്നീ വിഭാഗങ്ങളിലോരോന്നിലും അയ്യായിരത്തിലേറെ ജനസംഖ്യ വരും. മൂന്നാർ, മറയൂർ, ചിന്നക്കനാൽ, വണ്ടിപ്പെരിയാർ, പീരുമേട്‌ എന്നീ പഞ്ചായത്തുകളിലാണ്‌ പട്ടികജാതിക്കാർ കൂടുതലായി വസിക്കുന്നത്‌. കാടന്‍, കാണിക്കാരന്‍, മലമ്പണ്ടാരം, മലവേടന്‍, മലങ്കുറവന്‍, മലയന്‍, മലയരയന്‍, മന്താന്‍, മുതുവന്‍, പള്ളേയന്‍, പള്ളിയന്‍ തുടങ്ങിയവരാണ്‌ ഇവിടത്തെ പ്രധാന പട്ടികവർഗങ്ങള്‍. കുട്ടമ്പുഴ, കാന്തല്ലൂർ, വട്ടവട, വെള്ളിയാമറ്റം, കുടയത്തൂർ എന്നിവയാണ്‌ പട്ടികവർഗക്കാർ കൂടുതലുള്ള പഞ്ചായത്തുകള്‍.

സ്ഥിരമായി പാർപ്പുറപ്പിക്കുകയോ, പരിഷ്‌കൃതസമൂഹങ്ങളുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യുവാന്‍ കൂട്ടാക്കാത്ത ധാരാളം പട്ടികവർഗക്കാർ ഇടുക്കിയിലെ ജനങ്ങളിൽപ്പെടുന്നു. ഇക്കൂട്ടരെ പുനരധിവസിപ്പിക്കുന്നതിനുള്ള വ്യാപകമായ ശ്രമം നടന്നുപോരുന്നു. മുള്ളരിങ്ങാട്ട്‌ രണ്ടും, കൽക്കൂന്തലിലും ഹരിജന്‍ കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്‌. പട്ടികവർഗക്കാരുടെ ഉന്നമനത്തിനായി അടിമാലി, പാട്ടുപള്ളി, കുമിളി എന്നിവിടങ്ങളിൽ തൊഴിൽപരിശീലനകേന്ദ്രങ്ങളും പൂമലയിൽ ഒരു മാതൃകാ ക്ഷേമപരിശീലന കേന്ദ്രവും പ്രവർത്തിച്ചുവരുന്നു. പട്ടികവർഗക്കാർക്കുവേണ്ടി മാത്രമായി ചാമ്പക്കാട്‌, പിണവൂർകുടി, കുരുതിക്കളം, കാഞ്ചിയാർ, നളിയാനി, മന്നാംകണ്ടം എന്നിവിടങ്ങളിലായി ആയുർവേദ ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

പൊതുവേ ജനവാസം കുറവാണെങ്കിലും ഓരോ മതവിഭാഗക്കാർക്കും അവരവരുടേതായ ദേവാലയങ്ങളും ആരാധനാസ്ഥാനങ്ങളുമുണ്ട്‌. എന്നാൽ ഉത്സവാഘോഷങ്ങളിൽ നാനാജാതിമതസ്ഥരായ ജനങ്ങള്‍ കൂട്ടായി പങ്കെടുക്കുന്നു. മൂന്നാർ പട്ടണത്തിന്റെ മധ്യത്തിൽ ഒരേനിരയിൽ തൊട്ടുതൊട്ടു സ്ഥിതിചെയ്യുന്ന ക്രിസ്‌ത്യന്‍-മുസ്‌ലിം പള്ളികളും മുരുകക്ഷേത്രവും ജില്ലയിലെ മതസൗഹാർദത്തിന്റെ പ്രതീകമാണെന്നു പറയാം. ദേവികുളത്തുനിന്ന്‌ 5 കി.മീ. കിഴക്ക്‌ മലമുകളിലായി ഒരു ചെറുതടാകവും അല്‌പം അകലെയായി ഒരു കുളവും ഉണ്ട്‌. ഈ തടാകത്തിൽ "ദേവിയമ്മന്‍' പതിവായി സ്‌നാനകർമങ്ങളനുഷ്‌ഠിച്ചുപോന്നിരുന്നു എന്നും, ദേവി കുളിച്ച കുളം എന്ന അർഥത്തിലാണ്‌ ഈ സ്ഥലത്തിന്‌ ദേവികുളം എന്ന പേർ സിദ്ധിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

പീരുമേട്‌ താലൂക്കിൽ കുമിളിക്ക്‌ തെക്കുകിഴക്കായുള്ള ഒരു മലമുകളിൽ പുരാതനമായ ഒരു ക്ഷേത്രമുണ്ട്‌. "മംഗളാദേവീക്ഷേത്രം' എന്നറിയപ്പെടുന്ന ഇവിടത്തെ പ്രതിഷ്‌ഠ തമിഴ്‌ കാവ്യമായ ചിലപ്പതികാരത്തിലെ നായികയായ കച്ചകിയുടേതാണ്‌. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ നിലനിന്നിരിക്കാവുന്ന ഭരണക്രമത്തിലേക്ക്‌ വെളിച്ചംവീശുന്ന വസ്‌തുതയാണിത്‌. പീരുമേട്‌ താലൂക്കിന്റെ തെക്കു കിഴക്കരികിലാണ്‌ പ്രസിദ്ധമായ ശബരിമലക്ഷേത്രം (നോ: അയ്യപ്പന്‍). പീരുമേടിലെ ശ്രീകൃഷ്‌ണക്ഷേത്രവും ദേവികുളത്തെ ധർമശാസ്‌ത്രാക്ഷേത്രവും ഇടുക്കിയിലെ പ്രധാനപ്പെട്ട മറ്റു രണ്ട്‌ ഹൈന്ദവക്ഷേത്രങ്ങളാണ്‌.

മറ്റുവിവരങ്ങൾ

ഇടുക്കി കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഇടുക്കി ജില്ല. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല(ഏറ്റവും വലിയ ജില്ല പാലക്കാട് ജില്ല). ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇത് (മറ്റതു വയനാട്). ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട് എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയാണ് ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, ഇടമലക്കുടി എന്ന കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി 2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ്‌ അടർത്തി മാറ്റിയാണ് ഇടമലക്കുടി രൂപീകരിക്കപ്പെട്ടത്. ദേവികുളം,അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ( Arch dam) ഇടുക്കി അണക്കെട്ട് ഇവിടെയാണ്. ഇതു ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്.

വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷതകേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. അവയിൽ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി, മൂന്നാർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.
എരവിമല, കാത്തുമല, ചെന്തവര, കുമരിക്കൽ, കരിങ്കുളം, ദേവിമല, പെരുമാൾ, ഗുഡൂർ, കബുല, ദേവികുളം, അഞ്ചനാട്, കരിമല, എന്നിവയാണ് പ്രധാന മലകൾ.

ഗതാഗതസൗകര്യങ്ങള്‍

ഇടുക്കി ജില്ലയിലെ ഗതാഗതസംവിധാനം തികച്ചും അപര്യാപ്‌തമാണ്‌. റോഡുകളാണ്‌ പ്രധാന ഗതാഗതമാർഗങ്ങള്‍; എന്നാൽ ഒന്നാംതരം റോഡുകള്‍ ഇല്ലെന്നുതന്നെ പറയാം. നിമ്‌നോന്നതമായ ഭൂപ്രകൃതിമൂലം വളഞ്ഞുപുളഞ്ഞ്‌ കയറ്റിറക്കങ്ങള്‍ നിറഞ്ഞുള്ള ഇവിടത്തെ പാതകള്‍ കനത്തമഴയെ തുടർന്നുള്ള വെള്ളപ്പാച്ചിലിന്റെയും മച്ചിടിച്ചിലിന്റെയും ഫലമായി ആവർത്തിച്ചുള്ള കേടുപാടുകള്‍ക്കിരയാകുന്നു. മിക്ക റോഡുകളും മഴക്കാലത്ത്‌ സഞ്ചാരയോഗ്യമല്ലാതായിത്തീരുന്നു. ജില്ലയിൽ മൊത്തം 8000 കി.മീ. റോഡുകളാണുള്ളത്‌. ആലുവ-മൂന്നാർ, മൂന്നാർ-ഉദുമൽപേട്ട, മൂന്നാർ-കുമിളി, മൂന്നാർ-ടോപ്‌സ്റ്റേഷന്‍, കോട്ടയം-കുമിളി, ഏലപ്പാറ-കട്ടപ്പന, തൊടുപുഴ-ഇടുക്കി, കട്ടപ്പന-പുളിയാമല, തൊടുപുഴ-പാലാ, തൊടുപുഴ-മൂവാറ്റുപുഴ എന്നിവയാണ്‌ പ്രധാനറോഡുകള്‍. എന്‍.എച്ച്‌. 49 ദേശീയപാത ജില്ലയിലൂടെ കടന്നുപോകുന്നു.

ഇടുക്കി ജില്ലയിലെ പ്രധാന അധിവാസകേന്ദ്രങ്ങളെയെല്ലാംതന്നെ കോട്ടയം, മൂവാറ്റുപുഴ, എറണാകുളം എന്നീ പട്ടണങ്ങളുമായും തമിഴ്‌നാട്ടിലെ മധുര, കോയമ്പത്തൂർ, പഴനി എന്നീ പട്ടണങ്ങളുമായും ബന്ധിപ്പിക്കുന്ന ബസ്‌ സർവീസുകള്‍ നിലവിലുണ്ട്‌. ഇടുക്കി ജില്ലയിൽ റയിൽഗതാഗതം ആരംഭിച്ചിട്ടില്ല. കോട്ടയം-കുമിളി റോഡ്‌ കൂടുതൽ ഗതാഗതക്ഷമമാക്കുന്നതിനും, ആലുവ-മൂന്നാർ റോഡിനെ ആനമലയുമായി ബന്ധിപ്പിക്കുന്നതിനും, കൊച്ചി-മധുരറോഡ്‌ നാഷണൽ ഹൈവേകളിൽപ്പെടുത്തി വികസിപ്പിക്കുന്നതിനും സംസ്ഥാനഗവണ്‍മെന്റ്‌ നടപടിയെടുത്തിട്ടുണ്ട്‌. നെയ്യാറ്റിന്‍കര-കാസർഗോഡ്‌ ഹിൽഹൈവേ ഇടുക്കിജില്ലയിലൂടെയാണ്‌ കടന്നുപോകുന്നത്‌.

വാർത്താവിനിമയരംഗത്തും ആശാസ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്‌. 290 പോസ്റ്റ്‌ ഓഫീസും 73 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും ജില്ലയിലുണ്ട്‌. ഇന്റർനെറ്റ്‌ സൗകര്യവുമുണ്ട്‌. പദ്ധതികേന്ദ്രങ്ങളിലേക്കും വന്‍കിടത്തോട്ടങ്ങളിലേക്കും ടെലിഫോണ്‍ബന്ധം നീട്ടിയിരിക്കുന്നു. ഇടുക്കിജില്ലയിലെ എല്ലാ ജനപദങ്ങളിലും തന്നെ വൈദ്യുതസൗകര്യങ്ങള്‍ ലഭ്യമാണ്‌.

വിദ്യാഭ്യാസം

ഇടുക്കിയിലെ വിദ്യാഭ്യാസസൗകര്യങ്ങള്‍, അയൽജില്ലകളിലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ തുലോം പരിമിതമാണ്‌. ജില്ലയിൽ 471 സ്‌കൂളുകളും 64 ഹയർ സെക്കന്‍ഡറി സ്‌കൂളുകളും 16 വൊക്കേഷണൽ ഹയർസെക്കന്‍ഡറി സ്‌കൂളുകളും 10 ഇആടഋ സ്‌കൂളുകളും 4 കഇടഋ സ്‌കൂളുകളും ഒരു ജവാഹർ നവോദയ വിദ്യാലയവുംഉണ്ട്‌. കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, തൊടുപുഴ, മൂലമറ്റം എന്നിവിടങ്ങളിൽ കോളജുകളുണ്ട്‌.

പൊതുജനാരോഗ്യം

വന്‍കിടത്തോട്ടങ്ങളോട്‌ അനുബന്ധിച്ചു സ്ഥാപിതമായ ഡിസ്‌പെന്‍സറികളാണ്‌ ജില്ലയിലെ ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍. തൊടുപുഴയിലും ചിത്തിരപുരത്തും ഗവണ്‍മെന്റ്‌ ആശുപത്രികളുണ്ട്‌. അടിമാലി, പുറപ്പുഴ, മുട്ടം, ഉപ്പുതറ എന്നിവിടങ്ങളിൽ പ്രമറി ഹെൽത്ത്‌ സെന്ററുകളുമുണ്ട്‌. ഇവകൂടാതെ ഡിസ്‌പെന്‍സറികളും, കുടുംബക്ഷേമകേന്ദ്രങ്ങളും ജില്ലയുടെ വിവിധഭാഗങ്ങളിലായി പ്രവർത്തിച്ചുവരുന്നു. സ്വകാര്യതലത്തിൽ ആയുർവേദവൈദ്യശാലകളും, ഹോമിയോ ചികിത്സാലയങ്ങളുമുണ്ട്‌. ആരോഗ്യരക്ഷാസംവിധാനങ്ങളിൽ ജില്ലയുടെ ഇപ്പോഴത്തെനില തികച്ചും തൃപ്‌തികരമല്ല. ദേവികുളം താലൂക്കിലെ വട്ടവട, കോട്ടക്കൊമ്പൂർ, ഉടുമ്പന്‍ചോലത്താലൂക്കിലെ ചതുരംഗപ്പാറ, ചക്കുപള്ളം, പീരുമേടു താലൂക്കിലെ മ്ലാപ്പാറ എന്നീ വില്ലേജുകളിൽ ചികിത്സാസൗകര്യം കുറവാണ്‌. വെള്ളത്തൂവൽ, കീഴാനൂർ, കാന്തല്ലൂർ, കരികുളം, പതുപ്പാറ എന്നീ വില്ലേജുകളിലെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെ. ക്ഷയം, അനീമിയ, ഗുഹ്യരോഗങ്ങള്‍ എന്നിവ ഈ ജില്ലയിലെ തൊഴിലാളികളിൽ പരക്കെ കണ്ടുവരുന്നു. ആരോഗ്യപരിപാലനം, ശുചിത്വം, കുടുംബക്ഷേമം എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ ഈ തൊഴിലാളികള്‍ക്കിടയിൽ വ്യാപകമാക്കാനുള്ള ശ്രമം നടന്നുവരുന്നു. മൃഗചികിത്സയ്‌ക്കായി ഇടുക്കി ജില്ലയിൽ ഏതാനും മൃഗാശുപത്രികളും ഡിസ്‌പെന്‍സ്‌റികളും ഒരു കൃത്രിമഗർഭാധാനകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്‌.

ഭരണവ്യവസ്ഥ

തൊടുപുഴ, പീരുമേട്‌, ഉടുമ്പന്‍ചോല, ദേവികുളം എന്നീ നാലു താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഇടുക്കി ജില്ലയെ ഭരണസൗകര്യാർഥം രണ്ടു റെവന്യുഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. 64 റെവന്യു വില്ലേജുകളും ഒരു മുനിസിപ്പാലിറ്റിയുമാണ്‌ ജില്ലയിലുള്ളത്‌. 51 പഞ്ചായത്തുകളും 8 വികസനബ്ലോക്കുകളും ഉണ്ട്‌. വിവരസാങ്കേതിക വിദ്യയുടെ സ്വാധീനം എല്ലാ മേഖലകളിലുമെത്തിയിട്ടുണ്ട്‌.

സമ്പദ്‌ഘടന

കൃഷി

നാണ്യവിളകള്‍ വളരെയേറെ വികസിച്ചിട്ടുള്ള ഒരു ജില്ലയാണിത്‌. ഇടുക്കിയുടെ സമ്പദ്‌ഘടന പ്രധാനമായും കൃഷിയെ ആശ്രയിച്ചിരിക്കുന്നു. കൃഷിയുത്‌പന്നങ്ങളിൽ പ്രധാനം ഏലം, തേയില, മരച്ചീനി, കാപ്പി, നെല്ല്‌, തെങ്ങ്‌, ചന്ദനം, റബ്ബർ, കരിമ്പ്‌, പച്ചക്കറികള്‍, ഇഞ്ചി മുതലായവയാണ്‌. കാലിത്തീറ്റ ധാരാളമുള്ളതിനാൽ മൃഗപരിപാലനവും വികസിച്ചിട്ടുണ്ട്‌. കർഷകരും കൃഷിത്തൊഴിലാളികളുമാണ്‌ ജനസംഖ്യയിൽ ഭൂരിഭാഗവും. തോട്ടങ്ങളിൽ ജോലിയെടുക്കുന്നവർ ജനസംഖ്യയുടെ പത്തുശതമാനം വരും.

കേരളത്തിലെ ഏലം ഉത്‌പാദനത്തിന്റെ 70 ശ.മാ. ഇടുക്കിയിലാണ്‌. 23,415 ഹെക്‌ടറിൽ തേയില കൃഷിചെയ്യുന്നു. ദേവികുളം, പീരുമേട്‌ താലൂക്കുകളിലാണ്‌ തോട്ടങ്ങളധികവും. മൂന്നാറിലെ തോട്ടങ്ങള്‍ വന്‍കമ്പനികളുടെ അധീനതയിലാണ്‌. പീരുമേട്ടിലും വണ്ടന്‍മേട്ടിലുമുള്ള തേയിലത്തോട്ടങ്ങള്‍ വ്യക്തികള്‍ സംരക്ഷിക്കുന്നു. ദേവികുളം താലൂക്കിലെ കച്ചന്‍ ദേവന്‍ തേയിലത്തോട്ടവും പീരുമേട്ടിലെ മലയാളം പ്ലാന്റേഷന്‍സുമാണ്‌ ജില്ലയിലെ ഏറ്റവും വലിയ തേയിലത്തോട്ടങ്ങള്‍. ഇപ്പോള്‍ ടാറ്റാ റ്റീ കമ്പനിയാണ്‌ കച്ചന്‍ ദേവന്‍ തോട്ടത്തിന്റെ ഉടമസ്ഥർ. ജില്ലയിൽ 7246 ഹെക്‌ടറിൽ മരച്ചീനി കൃഷിചെയ്യുന്നുണ്ട്‌. മരച്ചീനിയിലകളിൽ പട്ടുനൂൽവളർത്തൽ വ്യാപകമാണ്‌. 3640 ഹെക്‌ടറിൽ നെല്ലും 9389 ഹെക്‌ടറിൽ കാപ്പിയും കൃഷിചെയ്യുന്നു. 1600 ഹെക്‌ടറിലാണ്‌ ചന്ദനം കൃഷിചെയ്യുന്നത്‌. മറയൂർ ചന്ദനത്തിനും കരിമ്പിനും പ്രസിദ്ധമാണ്‌. കേരളത്തിൽ വെളുത്തുള്ളി ഉല്‌പാദിപ്പിക്കുന്ന ഏകജില്ലയാണ്‌ ഇടുക്കി. ഇടുക്കി ജില്ലയിലെ കൃഷിയുടെ ഉന്നമനത്തിനായി പലപാക്കേജുകളും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്‌.

1864-ൽ അന്നത്തെ തിരുവിതാംകൂർ സർക്കാർ തേയിലക്കൃഷി പരീക്ഷണാർഥം ആരംഭിച്ചതാണ്‌ ഈ ജില്ലയിലെ ആദ്യത്തെ തോട്ടം. 1877-ൽ പൂഞ്ഞാർ രാജാവിന്റെ പക്കൽനിന്നും 540 ച.കി.മീ. വിസ്‌തീർണമുള്ള കച്ചന്‍ദേവന്‍ കുന്നുകള്‍ വിലയ്‌ക്കുവാങ്ങിയ ജെ.ഡി. മണ്‍റോ തേയിലക്കൃഷി വികസിപ്പിച്ചു. ഇപ്പോള്‍ ഈ ജില്ലയിൽ വലുതും ചെറുതുമായി നൂറിലേറെ തേയിലത്തോട്ടങ്ങളുണ്ട്‌. 300 മീ.-ലധികം ഉയരമില്ലാത്ത മലഞ്ചരിവുകളിലും കുന്നിന്‍പുറങ്ങളിലുമാണ്‌ റബ്ബർകൃഷി ചെയ്യപ്പെടുന്നത്‌. ദേവികുളം, ഉടുമ്പന്‍ചോല എന്നീ താലൂക്കുകളിൽ ഇഞ്ചിക്കൃഷി വിപുലമായി നടന്നുവരുന്നു. ലോകവിപണിയിൽ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഈ ജില്ലയിലെ നാണ്യവിളത്തോട്ടങ്ങളെ പ്രത്യക്ഷമായും, അവയെ ആശ്രയിച്ചുകഴിയുന്ന ജനലക്ഷങ്ങളെ പരോക്ഷമായും ബാധിക്കാറുണ്ട്‌. ഇറക്കുമതി രാജ്യങ്ങളുമായി ദീർഘകാലക്കരാറുകളുണ്ടാക്കുകയും ഉത്‌പന്നങ്ങള്‍ ഏറ്റുവാങ്ങി കയറ്റുമതിയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യാന്‍ സർക്കാർതലത്തിൽ പദ്ധതികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ചെറുകിടകർഷകർക്ക്‌ വായ്‌പാസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്‌. പാമ്പാടുംപാറയിൽ ഏലക്കൃഷിയുടെ വികസനത്തെ സഹായിക്കുവാന്‍ ഒരു ഗവേഷണകേന്ദ്രം ആരംഭിച്ചിട്ടുണ്ട്‌. ഏലംബോർഡ്‌, റബ്ബർബോർഡ്‌, കോഫിബോർഡ്‌, പ്ലാന്റേഷന്‍ കോർപ്പറേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ നാണ്യവിളകളെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഏർപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഇടുക്കി ജില്ലയിൽ ഭൂരഹിതരായ കർഷത്തൊഴിലാളികളുടെ അനുപാതം മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച്‌ കുറവാണ്‌. എന്നാൽ തോട്ടത്തൊഴിലാളികളിൽ നല്ലൊരു സംഖ്യ ഭാഗികമായി തൊഴിലില്ലായ്‌മ അനുഭവിക്കുന്നവരാരാണ്‌.

വനസമ്പത്ത്‌

ഇടുക്കിജില്ലയിലെ വനങ്ങള്‍ സമ്പത്‌പ്രധാനങ്ങളായ ധാരാളമിനം തടികള്‍ ഉള്‍ക്കൊള്ളുന്നു. ഇവിടത്തെ വനങ്ങളിൽ കടലാസ്‌, തീപ്പെട്ടി, പ്ലൈവുഡ്‌ തുടങ്ങിയ വ്യവസയാങ്ങള്‍ക്കാവശ്യമായ കടുപ്പംകുറഞ്ഞ തടിത്തരങ്ങള്‍ സമൃദ്ധമായുണ്ട്‌: യൂക്കാലിപ്‌റ്റസ്‌ പോലുള്ള വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനു വേണ്ടുന്ന സൗകര്യവുമുണ്ട്‌. മുള, ഈറ, ചൂരൽ തുടങ്ങിയ ഉത്‌പന്നങ്ങളും സുലഭമാണ്‌. ജില്ലയിലെ വനങ്ങളുടെ ശാസ്‌ത്രീയമായ സംരക്ഷണം ഇനിയും സാധ്യമായിട്ടില്ല.

വ്യവസായങ്ങള്‍

അസംസ്‌കൃതവസ്‌തുക്കളും കായികശക്തിയും വൈദ്യുതോർജവും ധാരാളമായി ലഭ്യമാകുന്ന അവസ്ഥയാണുള്ളതെങ്കിലും ഇടുക്കി ജില്ല വ്യാവസായികമായി നന്നേ പിന്നാക്കാവസ്ഥയിലാണ്‌. പ്രതിവർഷം 30 ടണ്‍ ഉത്‌പാദനശേഷിയുള്ള ഒരു സ്വകാര്യ കഫീന്‍ ഫാക്‌ടറിയാണ്‌ ജില്ലയിൽ ആദ്യമായുണ്ടായ വ്യവസായസ്ഥാപനം; തേയിലപാക്കിങ്‌, കാനിങ്‌, പ്ലൈവുഡ്‌ നിർമാണം, തീപ്പെട്ടിനിർമാണം തുടങ്ങിയ ചെറുകിടവ്യവസായങ്ങള്‍ ജില്ലയിലുണ്ട്‌. ചന്ദനത്തൈലം, ഏലസത്ത്‌ എന്നിവയുടെ നിർമാണവും വികസിപ്പിക്കാവുന്നതാണ്‌. മാട്ടുപ്പെട്ടിയിലും കോലാഹലമേട്ടിലും കന്നുകാലി സംരക്ഷണത്തിനും ഗുണവർധനവിനും വേണ്ടി പ്രവർത്തിച്ചു പോരുന്ന ഊർജിതപ്രാജക്‌ടുകള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍ എന്നിവ ജില്ലയിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. (നോ: ഇന്തോ-സ്വിസ്‌ പ്രാജക്‌ട്‌) ഗവ്യവ്യവസായങ്ങള്‍ക്കുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്‌.

വികസനപദ്ധതികള്‍

കേരളത്തിൽ വൈദ്യുതോത്‌പാദനത്തിന്റെ തുടക്കംകുറിച്ചത്‌ ഇടുക്കി ജില്ലയിലുള്‍പ്പെടുന്ന മൂന്നാർ പ്രദേശത്തായിരുന്നു. 20-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങളിൽ മൂന്നാറിലെ കച്ചന്‍ദേവന്‍ ഹിൽ പ്രാഡ്യൂസ്‌കമ്പനി വ്യാവസായികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിസംഭരണം ലക്ഷ്യമാക്കി, 200 കി.വാട്ട്‌ ക്ഷമതയുള്ള ഒരു വൈദ്യുത ജനറേറ്ററിന്റെ പ്രവർത്തനമാരംഭിച്ചു. ഇതേത്തുടർന്ന്‌ അന്നത്തെ തിരുവിതാംകൂർ ഗവണ്‍മെന്റ്‌ വിദ്യുച്ഛക്തി ഉത്‌പാദനത്തിനുള്ള സാധ്യതകള്‍ പരിഗണിക്കുകയും 1940-ൽ പള്ളിവാസലിൽ ആദ്യത്തെ ജലവൈദ്യുതകേന്ദ്രം ആരംഭിക്കുകയും ചെയ്‌തു. ആദ്യഘട്ടത്തിൽ 4,500 കി.വാട്ട്‌ ഉത്‌പാദനക്ഷമതയുള്ള മൂന്ന്‌ യൂണിറ്റുകളാണ്‌ ഉദ്ദേശിച്ചിരുന്നത്‌. എന്നാൽ പിന്നീട്‌ പദ്ധതി വികസിപ്പിച്ച്‌ കുണ്ടളയിലും മാട്ടുപ്പെട്ടിയിലും രണ്ട്‌ അണക്കെട്ടുകള്‍ നിർമിച്ച്‌ ജലസംഭരണം നടത്തുവാനും അങ്ങനെ ജലനിർഗമനത്തിൽ ക്രമീകരണമേർപ്പെടുത്തുവാനും തീരുമാനിക്കപ്പെട്ടു. കുണ്ടള അണക്കെട്ട്‌ 1946-ൽ പൂർത്തിയായി; ഇതിന്‌ 259 മീ. നീളവും 32 മീ. ഉയരവും ഉണ്ട്‌. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ്‌ അണക്കെട്ടാണ്‌ മാട്ടുപ്പെട്ടിയിലേത്‌; 85 മീ. ഉയരമുള്ള ഇതിന്റെ നീളം 238 മീ. ആണ്‌; റിസർവോയറിന്റെ വ്യാപ്‌തം 64,35,000 ഘ.മീറ്ററും. 1956-ൽ നവീകരണം പൂർത്തിയായ പള്ളിവാസൽ പദ്ധതിയുടെ ഇപ്പോഴത്തെ ഉത്‌പാദനക്ഷമത 32.5 മെ.വാ. ആണ്‌.

പള്ളിവാസലിനു താഴെയാണ്‌ ചെങ്കുളം വൈദ്യുതോത്‌പാദനകേന്ദ്രം. പള്ളിവാസൽ പദ്ധതിയിൽ ഉപയോഗം കഴിഞ്ഞ്‌ ബഹിർഗമിക്കുന്ന ജലംകൂടി ചെങ്കുളം പദ്ധതിയിൽ പ്രയോജനപ്പെടുത്തുന്നു. ചെങ്കുളം അണക്കെട്ടിന്റെ ഉയരം 19 മീറ്ററും നീളം 144 മീറ്ററുമാണ്‌; റിസർവോയറിന്റെ വ്യാപ്‌തം 8,25,000 ഘ.മീറ്ററും. ഈ വൈദ്യുതകേന്ദ്രത്തിൽ 1,200 കി.വാട്ട്‌ ഉത്‌പാദനക്ഷമതയുള്ള നാല്‌ ജനററ്റേറുകള്‍ പ്രവർത്തിച്ചുവരുന്നു.

മുതിരപ്പുഴയിൽത്തന്നെയുള്ള മൂന്നാമത്തെ വൈദ്യുതോത്‌പാദനസംവിധാനമാണ്‌ നേരിയമംഗലം പദ്ധതി. ഇതിന്റെ ഭാഗമായി കല്ലാർകുട്ടിയിലുള്ള അണക്കെട്ടിന്‌ 31 മീ. ഉയരവും 184 മീ. നീളവുമുണ്ട്‌. റിസർവോയറിന്റെ വ്യാപ്‌തം 7,59,000 ഘ.മീറ്ററാണ്‌; 15,000 കി. വാട്ട്‌ ഉത്‌പാദനക്ഷമതയുള്ള മൂന്ന്‌ ജനറേറ്റുകള്‍ പ്രവർത്തിക്കുന്ന ഈ പദ്ധതി 1961-ലാണ്‌ പൂർത്തിയായത്‌. ഇപ്പോള്‍ 45 മെ. വാ. വൈദ്യുതി ഉല്‌പാദിപ്പിക്കുന്നു. ഈ പ്രദേശത്തുള്ള മറ്റൊരു ജലവൈദ്യുതപദ്ധതിയാണ്‌ പന്നിയാർ. ആനയിറങ്കൽ, പൊന്മുടി എന്നിവിടങ്ങളിൽ നിർമിച്ചിട്ടുള്ള 59.4 ലക്ഷം ഘ.മീ. സംഭരണക്ഷമതയുള്ള റിസർവോയറുകളെ ആശ്രയിച്ചാണ്‌ പന്നിയാർ വൈദ്യുതകേന്ദ്രം പ്രവർത്തിക്കുന്നത്‌. 1963-ൽ പൂർത്തിയായി. ഇപ്പോള്‍ 30 മെ. വാ. ആണ്‌ ഉല്‌പാദനശേഷി.

ഈ ജില്ലയിലെയെന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്‌ ഇടുക്കി പദ്ധതി. പെരയാറ്റിലെയും അതിന്റെ പോഷകനദിയായ ചെറുതോണിയിലെയും ജലൗഘങ്ങളെ അണക്കെട്ടി ഏകോപിപ്പിച്ചാണ്‌ ഈ പദ്ധതി പ്രാവർത്തികമാക്കിയിട്ടുള്ളത്‌. സാങ്കേതിക രീതികളുടെ ആധുനികതയിൽ ഏഷ്യയിലെ ഒന്നാം സ്ഥാനം അർഹിക്കുന്ന ഒരു ജലവൈദ്യുതി പദ്ധതിയാണിത്‌ (നോ: ഇടുക്കി പദ്ധതി). ലോവർ പെരിയാർ ജലവൈദ്യുതപദ്ധതിയിൽ 180 മെ.വാ. വൈദ്യുതി ഉല്‌പാദിപ്പിക്കുന്നു. ഇപ്പോള്‍ കേരളത്തിലെ ഊർജോത്‌പാദനത്തിന്റെ 80 ശ.മാ. വും ഈ ജില്ലയിൽ വ്യാപിച്ചു കിടക്കുന്ന ചെറുതും വലുതുമായ ജല വൈദ്യുതപദ്ധതികളിൽനിന്നാണ്‌.

ടൂറിസം

പ്രകൃതിരമണീയമായ ഈ മലനാട്‌ ജില്ലയിൽ വിഖ്യാതങ്ങളായ പല സുഖവാസകേന്ദ്രങ്ങളും ഉണ്ട്‌; ഇവയിൽ മൂന്നാർ, പീരുമേട്‌, തേക്കടി എന്നിവ പ്രാധാന്യമർഹിക്കുന്നു. ജില്ലയിലെ ധനാഗമമാർഗങ്ങളിൽ ടൂറിസത്തിന്‌ മികച്ച സ്ഥാനമാണുള്ളത്‌. കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങളിലൊന്നായ തേക്കടി കോട്ടയം നഗരത്തിന്‌ 115 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്നു; കൊച്ചിയിൽനിന്ന്‌ 200 കി.മീറ്ററും, തിരുവനന്തപുരത്തിനിന്ന്‌ 270 കി.മീറ്ററും ദൂരത്താണ്‌ തേക്കടി. വടക്കും തെക്കും തമിഴ്‌നാട്‌ അതിർത്തിയോടു തൊട്ടുകിടക്കുന്ന തേക്കടിയുടെ ഇതരഭാഗങ്ങളിൽ സംരക്ഷിതവനങ്ങളും സ്വകാര്യ ഉടമയിലുള്ള ഏലത്തോട്ടങ്ങളുമാണ്‌. പെരിയാർതടാകത്തിനു ചുറ്റുമുള്ള കാടുകളാണ്‌ വന്യജീവിസംരക്ഷണകേന്ദ്രമായി മാറിയിരിക്കുന്നത്‌. സമുദ്രനിരപ്പിൽനിന്ന്‌ 900-1,800 മീ. ഉയരത്തിൽ നിമ്‌നോന്നതമായിക്കിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ മൊത്തം വിസ്‌തീർണം 777 ച.കി.മീ. ആണ്‌. വിവിധയിനങ്ങളിൽപ്പെട്ട ധാരാളം വന്യജീവികളുടെ വിഹാരരംഗമാണിവിടം; ആനകളാണ്‌ എച്ചത്തിൽ കൂടുതൽ. 1934-ൽ റോബിന്‍സണ്‍ എന്ന ബ്രിട്ടീഷുകാരന്റെ ഉപദേശപ്രകാരം അന്നത്തെ തിരുവിതാംകൂർ ഗവണ്‍മെന്റ്‌ സ്ഥാപിച്ച നെല്ലിക്കാംപട്ടി വന്യമൃഗകേന്ദ്രം 1950-ൽ പെരിയാർ വന്യജീവിസരംക്ഷണകേന്ദ്രമായി മാറി ഇന്നിത്‌ പെരിയാർ ടൈഗർ റിസർവ്‌ ഫോറസ്റ്റ്‌ ആയി അറിയപ്പെടുന്നു.

വനത്തിന്റെ മധ്യഭാഗത്തുള്ള പെരിയാർ തടാകത്തിന്റെ വിസ്‌തീർണം 26 ച.കി.മീ. ആണ്‌. ആഴം ജലവ്യാപ്‌തത്തെ ആശ്രയിച്ച്‌ 46 മുതൽ 32 വരെ മീ. ആയി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. സന്ദർശകരുടെ പാർപ്പിട സൗകര്യാർഥം ആരണ്യനിവാസ്‌, പെരിയാർഹൗസ്‌, എടപ്പാളയം കൊട്ടാരം (ലേക്ക്‌ പാലസ്‌) എന്നീ ഹർമ്യങ്ങള്‍ പണിയിച്ചിരിക്കുന്നു. മണക്കവല, മുല്ലക്കുടി, താന്നിക്കുടി എന്നിവിടങ്ങളിലെ വനഗേഹങ്ങളിൽ വന്യമൃഗങ്ങളെ അടുത്തു കാണുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌; രാത്രികാലങ്ങളിൽ വന്യജീവിനിരീക്ഷണം അഭിലഷിക്കുന്നവർക്കായി പ്രത്യേകം നിരീക്ഷണമേടകളും നിർമിച്ചിട്ടുണ്ട്‌. സന്ദർശകർക്ക്‌ പെരിയാർ തടാകത്തിലൂടെ ബോട്ടിൽ ചുറ്റിനടന്ന്‌ കാനനഭംഗി ആസ്വദിക്കാനുതകുന്ന ഏർപ്പാടുകളുണ്ട്‌. തേക്കടിയിലെ നൈസർഗിക ഉപവനം അത്യന്തം മനോഹരമാണ്‌. തേക്കടിയിൽനിന്നു 15 കി.മീ. തെക്കുമാറി തടാകതീരത്തുള്ള കുന്നിൽ സ്ഥിതിചെയ്യുന്ന ലേക്‌പാലസ്‌ മുമ്പ്‌ തിരുവിതാംകൂർ രാജാവിന്റേതായിരുന്നുവെങ്കിലും ഇപ്പോള്‍ ഒരു ടൂറിസ്റ്റ്‌ ബംഗ്ലാവായി തീർന്നിരിക്കുന്നു.

സമുദ്രനിരപ്പിൽനിന്ന്‌ 1,500 മീറ്ററിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പരിഷ്‌കൃതരീതിയിലുള്ള പട്ടണമാണ്‌ മൂന്നാർ. രണ്ടുമൂന്ന്‌ മലകള്‍ക്കിടയ്‌ക്ക്‌, ചുറ്റിയൊഴുകുന്ന കാട്ടാറിന്റെ പരിസരത്താണ്‌ ഈ പട്ടണം; മുതിരപ്പുഴ, നല്ലതച്ചി, കുണ്ടള എന്നീ ആറുകള്‍ മലകളിൽനിന്ന്‌ ഒഴുകിയിറങ്ങി, ടൗണിന്റെ പരിസരത്തുവച്ച്‌ ഒത്തുചേർന്ന്‌ "മൂന്നാർ' ആയി ഒഴുകുന്നു. തേയിലത്തോട്ടങ്ങളുടെ നാടായ മൂന്നാറിൽ എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുന്നു. നവീന രീതിയിലുള്ള വിനോദവിഹാരങ്ങള്‍ക്കു വകനല്‌കുന്ന ഹൈറേഞ്ച്‌ ക്ലബ്ബ്‌ ഇവിടെ പ്രവർത്തിച്ചുവരുന്നു. ഇടുക്കി പദ്ധതിയോടനുബന്ധിച്ച്‌ 60 ച.കി.മീ. വിസ്‌തൃതിയുള്ള കൃത്രിമ തടാകത്തിൽ ബോട്ടുയാത്രയ്‌ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്‌. റോപ്‌വേകള്‍ നിർമിച്ച്‌ വിനോദ സഞ്ചാരികളെ തടാകമധ്യത്തുള്ള തുരുത്തുകളിലേക്ക്‌ എത്തിക്കുന്നതിനുമുള്ള സംവിധാനമുണ്ടാക്കിവരുന്നു. കട്ടപ്പനയ്‌ക്കും കുളമാവിനുമിടയ്‌ക്ക്‌ ജലഗതാഗതം ഏർപ്പെടുത്തുവാനും പദ്ധതിയുണ്ട്‌. അന്തർദേശീയവിനോദസഞ്ചാര ഭൂപടത്തിൽ ഇടുക്കി പ്രാധാന്യമേറിയ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്‌.

മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രമുഖമാണ്‌ മംഗളാദേവിക്ഷേത്രം, വണ്ടിപ്പെരിയാർ, തൊടുപുഴ, മാട്ടുപ്പെട്ടി, ഇരവികുളം ദേശീയോദ്യാനം, നീലക്കുറിഞ്ഞി പൂക്കുന്ന രാജമല, മറയൂർ, ചിന്നാർ വൈൽഡ്‌ ലൈഫ്‌ സാങ്‌ച്വറി, രാമക്കൽമേട്‌, നാടുകാണി ടവർ തുടങ്ങിയവ.

3.16071428571
സുനിൽ സുരേന്ദ്രൻ Apr 01, 2017 12:47 PM

ജില്ലയിലെ പീരുമേട് താലൂക്കിൽ പെരുവന്താനം പഞ്ചായത്തിലെ റ്റി ആർ&റ്റി കമ്പനിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ആദിവാസി ക്ഷേത്രമായിരുന്ന വള്ളിയാംങ്കാവ് ദേവീക്ഷേത്രം (ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ്) ഇടുക്കിയിലെ ചരിത്രത്തിൽ രേഖപ്പെടുത്തുവാൻ താല്പര്യപ്പെടുന്ന്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top