Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മുസ്ലിം ജീവിതം

മുസ്ലീം ജീവിതത്തെ സംബന്ധിക്കുന്ന വിവരങ്ങൾ

കുടുംബം

ദാമ്പത്യ ജീവിതം

ഒന്ന്: ഭാര്യയോടുള്ള താങ്കളുടെ പെരുമാറ്റത്തിലും ഇടപെടലിലും അങ്ങേയറ്റം ഉദാരത പുലര്‍ത്തണം. ‘ഔദാര്യശീലം ഇഹലോകത്തെയും പരലോകത്തെയും ന്യൂനതകള്‍ മറയ്ക്കും’ എന്നൊരു ചൊല്ലുണ്ടല്ലോ. പെരുമാറ്റത്തിലും സമീപനത്തിലും ഉദാരമതിയാണ് താങ്കളെങ്കില്‍ താങ്കളുടെ കുറ്റങ്ങളും കുറവുകളുമെല്ലാം അതില്ലാതാക്കുകയും നിങ്ങളുടെ ദാമ്പത്യ ജീവിത വിജയത്തില്‍ അത് പങ്കുവഹിക്കുകയും ചെയ്യും.

രണ്ട്: എല്ലാം പരീക്ഷിച്ചു നോക്കുക. പുതിയ പരീക്ഷണങ്ങള്‍ ജീവിതത്തിന് ഭിന്ന രുചി പ്രദാനം ചെയ്യും. വിവിധയിനം ഭക്ഷണങ്ങള്‍, വ്യത്യസ്ത വിധം വസ്ത്രങ്ങള്‍, നാനാ രീതിയിലുള്ള വ്യായാമങ്ങള്‍-ഇവയെല്ലാം ഭാര്യയോടൊപ്പം നിങ്ങള്‍ക്ക് പരീക്ഷിച്ചു നോക്കാം. നടന്ന് പഴകിയ പാതകള്‍ വിട്ട് പുതിയ വഴികള്‍ തെരഞ്ഞെടുക്കുന്നത് നവംനവങ്ങളായ അനുഭവങ്ങളിലേക്ക് നയിക്കും. പത്‌നി ആഇശ(റ)യോടൊപ്പം കായിക വിനോദ മത്സരങ്ങളില്‍ നബി(സ) ഏര്‍പ്പെട്ടത് പുതിയ അനുഭവങ്ങള്‍ തേടിയുള്ള പ്രയാണമായിരുന്നു.

മൂന്ന്: അഭിരുചികള്‍ കാത്തുസൂക്ഷിക്കുക. ഓരോ ആള്‍ക്കുമുണ്ട് അപരനില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിത്വവും തനിമയും. നിങ്ങളുടെ ഭാര്യയുടെ സ്വത്വത്തെ നിങ്ങള്‍ നശിപ്പിക്കുകയോ അവളുടെ വ്യക്തിത്വത്തിലെ സവിശേഷതയെ ഇല്ലാതാക്കുകയോ ചെയ്യരുത്. വ്യക്തികളിലെ സ്വഭാവ വൈജാത്യങ്ങളും രുചിഭേദങ്ങളും രൂപവ്യത്യാസങ്ങളുമെല്ലാം ജീവിതത്തിന് സൗകുമാര്യം നല്‍കുന്നതാണ്. അവള്‍ക്ക് ഒരു നിര്‍ണിത വ്യക്തിത്വം നിങ്ങള്‍ നിശ്ചയിച്ചു നല്‍കരുത്. നിങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി നിങ്ങളുടെ മുമ്പില്‍ നാട്യത്തിന് അവള്‍ക്ക് കഴിഞ്ഞേക്കാമെങ്കിലും അത് എന്നും നിലനിര്‍ത്താന്‍ സാധിക്കണമെന്നില്ല.

നാല്: നിങ്ങള്‍ക്കിടയിലെ അകലം മാനിക്കുക. ഓരോ വ്യക്തിയും അപരന്റെ സ്വകാര്യതയും സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കുമ്പോഴാണ് ബന്ധങ്ങള്‍ വിജയിക്കുക. ഉദാഹരണത്തിന്, ഓരോരുത്തര്‍ക്കുമുണ്ടാവും ഒരു ഹോബി, ഒരു വ്യായാമ ശീലം, കൂട്ടുകാരുമൊത്ത് പുറത്ത് പോകുന്ന പതിവ്, അങ്ങനെ പലതും. ഇതില്‍ ഇരുവരും അതിര് ഭേദിച്ച് കടന്നുകയറാതെ ഓരോരുത്തരെയും അവരുടെ സ്വാതന്ത്ര്യത്തിന്റെ ഇടങ്ങളില്‍ പാട്ടിന് വിട്ടേക്കാനുള്ള വിശാല മനസ്സുണ്ടായാല്‍ ദാമ്പത്യ ജീവിതത്തിന് ആയുസ്സ് കൂടും.

അഞ്ച്: പിണക്കങ്ങള്‍ വര്‍ധിപ്പിക്കരുത്. നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ പിണങ്ങുകയോ ബന്ധം മുറിക്കുകയോ ചെയ്യാതെ അതെങ്ങനെ പരിഹരിക്കാമെന്ന് പഠിക്കണം. പിണങ്ങാനും തെറ്റി നില്‍ക്കാനും ആര്‍ക്കും സാധിക്കും. ക്രമേണ അത് ദാമ്പത്യബന്ധത്തെ തകര്‍ക്കുകയും വിവാഹ ജീവിതത്തിന്റെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. ‘ആഹാരത്തില്‍ ഉപ്പ്’ എന്ന പോലെ മാത്രമേ ദമ്പതികള്‍ പിണക്കം എന്ന ചികിത്സാ ക്രമം പരീക്ഷിക്കാവൂ. ഭാര്യമാര്‍ ഒന്നിച്ച് ചെലവിനുള്ള തുക വര്‍ധിപ്പിക്കാനാവശ്യപ്പെട്ട ഒരേയൊരു സന്ദര്‍ഭത്തില്‍ മാത്രമാണ് നബി(സ) തന്റെ ജീവിതത്തില്‍ ‘പിണക്കം’ പ്രയോഗിച്ചത്. കുറുമ്പ് കാട്ടുന്ന ഭാര്യയെ ഇണക്കിയെടുക്കാനുള്ള ശിക്ഷണ നടപടിയെന്ന നിലയില്‍ ഖുര്‍ആന്‍ പിണക്കത്തെ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാനുള്ളതാണ്.

ആറ്: ഇറങ്ങിവരിക, ത്യാഗത്തിന് തയാറാവുക. ആവശ്യങ്ങളില്‍ നിന്ന് ഒരുപടി ഇറങ്ങുന്നതും അഭിപ്രായം ത്യജിക്കുന്നതും ബന്ധങ്ങള്‍ വിഘ്‌നമില്ലാതെ നിലനിര്‍ത്താനുള്ള സമര്‍ഥ രീതികളാണ്. ‘ഇറങ്ങി കൊടുത്താല്‍’ വലിയ നഷ്ടങ്ങളൊന്നും വരാതെ വിവാഹബന്ധം തടസ്സങ്ങളില്ലാതെ തുടരും.

ഏഴ്: ഇരു കുടുംബങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുക. ദമ്പതികള്‍ക്കിടയില്‍ പല പ്രശ്‌നങ്ങളുമുണ്ടായാലും ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ കുടുംബങ്ങളിലെ നന്മ ബന്ധങ്ങള്‍ തുടര്‍ന്നുപോകാന്‍ നിമിത്തമാകും. മക്കള്‍ തമ്മിലെ ബന്ധങ്ങള്‍ തകര്‍ന്നാല്‍ ഇരു കുടുംബങ്ങളുടെയും ബന്ധം അറ്റുപോകുമല്ലോ എന്ന ഭീതി, ദാമ്പത്യ ബന്ധത്തെ തകരാതെ നിലനിര്‍ത്തും.

എട്ട്: സന്തോഷവാനും ഉല്ലാസവാനുമായിരിക്കുക. ഉല്ലാസവും ആനന്ദവും മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കും. ബന്ധങ്ങളിലെ ഊഷരത ഇല്ലാതാക്കും. വിഷാദം അകറ്റുകയും ആഹ്ലാദം പകരുകയും ചെയ്യും. സര്‍വോപരി മനസ്സില്‍ സ്‌നേഹം നിറയ്ക്കും. ‘പല നേരങ്ങളില്‍ പല മനുഷ്യര്‍’ -സാഅത്തുന്‍ വ സാഅ- (ഹദീസ്) സിദ്ധാന്തം നെടുനാള്‍ മംഗല്യത്തിന് സഹായകമാണ്.

ഒമ്പത്: പ്രേമവും സ്‌നേഹവും വാക്കുകളിലൂടെ പ്രകടിപ്പിക്കുക. അത് സംസാരത്തിലൂടെയാവാം, സമ്മാനം നല്‍കിയാവാം, ജനന തീയതിയോ വിവാഹ വാര്‍ഷികമോ ഓര്‍ത്തുവെച്ച് പരസ്പരം കൈമാറുന്ന പാരിതോഷികങ്ങളിലൂടെയാവാം.

പത്ത്: പരസ്പരം സദ്‌വിചാരം വേണം. സംശയത്തില്‍ നിന്നും തെറ്റിദ്ധാരണയില്‍ നിന്നും അകന്നു നില്‍ക്കണം. ദമ്പതികള്‍ തങ്ങളുടെ കുടുംബാംഗങ്ങളിലാരെയെങ്കിലും കുറിച്ച് നടത്തുന്ന അഭിപ്രായ പ്രകടനത്തിലൂടെയാവും തര്‍ക്കത്തിന്റെ തുടക്കം. ”നിങ്ങളുടെ കൈയില്‍ പണമുണ്ടാവുമ്പോള്‍ അവരെല്ലാം അടുത്തു കൂടും. പണം ഇല്ലാതാകുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ ഒരാളും ഉണ്ടാവുകയില്ല’, ‘അവര്‍ നിങ്ങളുടെ നല്ല മനസ്സ് ചൂഷണം ചെയ്യുകയാണ്’ എന്നൊക്കെ ഭാര്യ കുറ്റപ്പെടുത്തുമ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?” – ഞാന്‍ അയാളോട് ചോദിച്ചു.

അയാള്‍: ”അത് അവരുടെ നന്മയല്ലേ എടുത്തു കാട്ടുന്നത്. എന്റെ കൈയില്‍ പണമുള്ളപ്പോഴല്ലേ അവര്‍ ചോദിച്ചത്. ഇല്ലാത്തപ്പോള്‍ ചോദിച്ച് എന്നെ വേദനിപ്പിച്ചില്ലല്ലോ.” പ്രശ്‌നത്തെ രചനാത്മകമായി സമീപിച്ച അയാളുടെ രീതിയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച് ഞാന്‍: ”ഇതാണ് ‘സദ്‌വിചാരം’ എന്ന് നാം പറഞ്ഞത്. അതില്‍ നിന്നാണ് ഹൃദയശുദ്ധി ഉണ്ടാവുന്നത്. അത് മനസ്സമാധാനത്തിന് വഴിവെക്കും. ‘അവരുടെ മനസ്സില്‍ നിന്ന് പോരും പകയും നാം എടുത്തുമാറ്റും. സഹോദരങ്ങളായിത്തീരുന്ന അവര്‍ ചാരുമഞ്ചങ്ങളില്‍ അഭിമുഖമായിരിക്കും’ (അല്‍ഹിജ്ര്‍ 47). സ്വര്‍ഗത്തിലെ സ്ഥിതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. അപ്പോള്‍ ഇത് ഭൂമിയില്‍ തന്നെ, ദാമ്പത്യ ജീവിതത്തില്‍ തന്നെ അനുഭവിക്കാന്‍ കഴിഞ്ഞാല്‍ എന്തൊരു ഭാഗ്യമാണ്, അനുഗ്രഹമാണ്! ഒന്നു കൂടി ഓര്‍ക്കുക. വിവാഹത്തിലെ ആദ്യ നാളുകള്‍ മധ്യനാളുകളെയോ അന്ത്യനാളുകളെയോ പോലെയാവില്ല. ഓരോ ഘട്ടത്തിനുമുണ്ട് അതിന്റേതായ പ്രശ്‌നങ്ങളും വെല്ലുവിളികളും. സഹനം അവലംബിക്കുക. ഈ പത്ത് വഴികളും പരീക്ഷിക്കുക. പ്രാര്‍ഥിക്കുക.”

കൗമാരക്കാരിലെ നാണം

കൗമാരക്കാരില്‍, പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ഒന്നാണ് നാണം. പലപ്പോഴും വീട്ടുകാര്‍ ഇതൊരു പ്രശ്‌നമായി പരിഗണിക്കാറില്ല. എന്നാല്‍ എപ്പോഴാണ് നാണം ഒരു പ്രശ്‌നമായി മാറുന്നത്? കൗമാരക്കാരില്‍ ചിലര്‍ സ്‌കൂളില്‍ നാണം കുണുങ്ങികളായിരിക്കുമെങ്കിലും വീട്ടില്‍ അങ്ങനെയായിരിക്കില്ല. സ്‌കൂളിലും വീട്ടിലും നാണം കുണുങ്ങികളായി മാറുമ്പോഴാണ് അതൊരു പ്രശ്‌നമാകുന്നത്. വീട്ടുകാരും അധ്യാപകരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. അവരുടെ സ്വഭാവം ഇങ്ങനെയാക്കി തീര്‍ത്ത പല കാരണങ്ങളുണ്ടാവും. അത്തരം ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്:

1) ആഹാരം, വസ്ത്രം, താമസം, വിദ്യാഭ്യാസം തുടങ്ങിയ കുട്ടിയുടെ ശാരീരിക ആവശ്യങ്ങള്‍ അവഗണിക്കപ്പെടുക. അല്ലെങ്കില്‍ സ്‌നേഹമെന്ന ആവശ്യവും അത് പ്രകടിപ്പിക്കലും അവഗണിക്കപ്പെടുന്നു. അപ്രകാരം നിര്‍ഭയത്വം, സ്വന്തത്തിന് ലഭിക്കുന്ന പരിഗണന തുടങ്ങി വിനോദം വരെയുള്ള ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നത് അതിന് കാരണമായേക്കും.
2) സാമൂഹിക ഇടപെടലുകള്‍ക്കും സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിനും കുട്ടിക്ക് പരിശീലനം ലഭിക്കാതിരിക്കല്‍. മറ്റുള്ളവരുമായി ഇടപഴകുന്നതിലുള്ള പരിശീലനം ലഭിക്കാത്ത കുട്ടി ബന്ധങ്ങളിലൂടെ സ്വന്തം വ്യക്തിത്വം രൂപീകരിക്കുന്ന കൗമാരത്തിന്റെ ഘട്ടത്തിലേക്ക് വളര്‍ന്ന് കടക്കുമ്പോള്‍ വലിയ ശൂന്യത അനുഭവപ്പെടും. മറ്റുള്ളവരുടെ സൗഹൃദം നേടിയെടുക്കുന്ന ശേഷിയില്‍ തന്റെ ദൗര്‍ബല്യം അവര്‍ മനസ്സിലാക്കുന്നു. കുടുംബത്തിന് പുറത്ത് സ്വതന്ത്രമായ ഒരു വ്യക്തിത്വമായി നിലകൊള്ളുന്നതിന് സഹായിക്കുന്ന ഘടകങ്ങളിലെ തന്റെ കുറവ് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ സ്വന്തത്തെ സംരക്ഷിക്കാനുള്ള ഒരു മറയായി അവര്‍ നാണത്തെ എടുത്തണിയുകയാണ് ചെയ്യുന്നത്.
3) അമിത ലാളനയാണ് മറ്റൊരു കാരണം. ഒരു പക്ഷേ കൗമാരക്കാരിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സന്താനപരിപാലനത്തിലെ വീഴ്ച്ചയാണിത്. കുട്ടികള്‍ നാണം കുണുങ്ങികളായി തീരുന്നതിനും അത് കാരണമാകുന്നു. അമിത ലാളന കാരണം അവര്‍ക്ക് ആവശ്യമുള്ളതെല്ലാം വീട്ടുകാര്‍ ഒരുക്കി കൊടുത്തതിനാല്‍ മറ്റുള്ളവരുമായി ഇടപെടേണ്ട ആവശ്യം അവര്‍ക്കുണ്ടാവുന്നില്ല.
4) അമിതമായ കുറ്റപ്പെടുത്തലാണ് മറ്റൊരു കാരണം. കുറ്റപ്പെടുത്തുന്നത് അവരുടെ രൂപത്തെയോ പെരുമാറ്റത്തെയോ സംസാരശൈലിയെയോ ആവാം. ഇത്തരത്തിലുള്ള കുറ്റപ്പെടുത്തല്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം തകര്‍ക്കുന്നു.
5) നാണത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വീട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നു എന്നതാണ് മറ്റൊരു കാരണം. ഒരു പെണ്‍കുട്ടിയില്‍ നാണം കുണുങ്ങിയാവുന്നതിന്റെ അടയാളങ്ങള്‍ കാണുമ്പോള്‍ രക്ഷിതാക്കള്‍ അതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. നാണം കുണുങ്ങലിനെയും ലജ്ജയും രണ്ടായി തന്നെ വേര്‍തിരിച്ച് മനസ്സിലാവേണ്ടത് പ്രധാനമാണ്. ലജ്ജ സല്‍ഗുണമാണെങ്കില്‍ നാണം കുണുങ്ങിയാവല്‍ നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്. കാരണം ഒരാളെ സാധാര ജീവിതം നയിക്കുന്നതില്‍ നിന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്നും അത് തടയുന്നു. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ ലജ്ജയുള്ളവരായിരിക്കാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം നാണം കുണുങ്ങി സ്വഭാവം ഉപേക്ഷിക്കാനുള്ള പ്രേരണയും നല്‍കണം.

ഇതിനുള്ള ചികിത്സ കുടുംബ മുഖേന നല്‍കാം. അല്ലെങ്കില്‍ സ്വയം തന്നെ മാര്‍ഗദര്‍ശിയായും ഇതിനെ ചികിത്സിക്കാം. കുടുംബത്തിന് നടത്താവുന്ന ചികിത്സകളെ കുറിച്ചാണ് വായനക്കാരുമായി പങ്കുവെക്കുന്നത്.

1) കുട്ടിയുടെ കുറവുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കുക. അവരുടെ പെരുമാറ്റം നിരീക്ഷിച്ചോ അവരോട് ചോദിച്ചോ അത് ഏതൊക്കെയാണെന്ന് മനസ്സിലാക്കാം. അവരെ നിരീക്ഷിച്ച് അത് കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കലാണ് ഏറ്റവും ഉത്തമം.
2) ആളുകളുമായി ഇടപഴകാനുള്ള പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. എങ്ങനെ ആളുകളുമായി ആശയവിനിമയം നടത്തണമെന്നും മറ്റും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. ഉമ്മയോ ഉപ്പയോ മറ്റൊരു വ്യക്തിയായി അഭിനയിച്ച് കുട്ടിക്ക് അവന്റെ ശേഷി വളര്‍ത്താം. മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ ധൈര്യം പകര്‍ന്നു നല്‍കാനത് സഹായിക്കും.
3) സ്വന്തത്തെ കുറിച്ച ബോധവും ആത്മവിശ്വാസവും കുട്ടികളില്‍ വര്‍ധിപ്പിക്കുക. ഉപദേശങ്ങളിലൂടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ശേഷികള്‍ അവരില്‍ ഉണ്ടാക്കിയെടുത്തോ ഇത് ഉണ്ടാക്കിയെടുക്കാം.
4) സ്വഭാവത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാകുമ്പോള്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുക.
കുട്ടികളിലെ നാണത്തെ ചികിത്സിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉപകരിക്കുന്ന ചില മാര്‍ഗങ്ങളാണ് ഇവയെല്ലാം.

മക്കളെ ബ്രെയ്ന്‍വാഷ് ചെയ്യുന്ന മാതാപിതാക്കള്‍

ഉപ്പ ചോദിച്ചു: എന്നെയാണോ അതോ ഉമ്മയെയാണോ നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം?
മക്കള്‍: ഞങ്ങള്‍ക്കതില്‍ വേര്‍തിരിവൊന്നുമില്ല.. നിങ്ങള്‍ രണ്ടുപേരെയും ഞങ്ങള്‍ക്ക് ഒരുപോലെ ഇഷ്ടമാണ്.
ഉപ്പ: ഞാന്‍ തുര്‍ക്കിയിലേക്ക് പോകുന്നു, ഉമ്മ ദുബൈയിലേക്കും എങ്കില്‍ നിങ്ങള്‍ എവിടേക്ക് പോകാനാണ് താല്‍പര്യപ്പെടുക?
മക്കള്‍: ഞങ്ങള്‍ ദുബൈക്ക് പോകും.
ഉപ്പ: അതയാത് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം ഉമ്മയോടാണെന്നര്‍ത്ഥം !!
മക്കള്‍: ഏയ്, അതല്ല.. ഞങ്ങള്‍ ദുബൈയില്‍ പോകാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.
ഉപ്പ: ശരി, എന്നാല്‍ ഞാന്‍ ദുബൈയില്‍ പോകുന്നു ഉമ്മ തുര്‍ക്കിയിലേക്കും, എങ്കില്‍ നിങ്ങള്‍ എന്താണ് തെരെഞ്ഞെടുക്കുക?
മക്കള്‍: ഞങ്ങള്‍ തുര്‍ക്കി തെരെഞ്ഞെടുക്കും.
ഉപ്പ: അതല്ലേ ഞാന്‍ പറഞ്ഞത്… നിങ്ങള്‍ക്ക് ഉമ്മയെയാണ് കൂടുതല്‍ ഇഷ്ടം!
മക്കള്‍: അതുകൊണ്ടല്ല, ദുബൈയില്‍ നേരത്തെ ഉമ്മയോടൊപ്പം ഞങ്ങള്‍ പോയതാണല്ലോ.. ഇതുകേട്ട് ഉപ്പ ചിരിച്ചു. അവരെ സംബന്ധിച്ചടത്തോളം കുടുംബത്തിലെ ആസ്വാദ്യകരമായ ഒരു കൂടിയിരുത്തമായിരുന്നു അത്.

ഇതിന്റെ അവസാനത്തില്‍ അല്‍പം നര്‍മം ഉണ്ടെങ്കിലും ഈ നിലപാടില്‍ സന്താനപരിപാലനത്തില്‍ വരുന്ന ഗുരുതരമായ ഒരു വീഴ്ച്ച മറഞ്ഞു കിടപ്പുണ്ട്. ഉപ്പയോടും ഉമ്മയോടുമുള്ള സ്‌നേഹത്തില്‍ ഏറ്റവ്യത്യാസത്തിന് മക്കളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പിതാവിന്റെ നിലപാടാണത്. ഇത്തരത്തിലുള്ള സംഭാഷണം ഒരു രസത്തിനോ തമാശക്കോ വേണ്ടിയാണെങ്കില്‍ പോലും രക്ഷിതാക്കള്‍ക്കിടയിലെ ബന്ധത്തിലത് വിള്ളലുകള്‍ ഉണ്ടാക്കും. അടിസ്ഥാനപരമായി ഒരു കുട്ടി മാതാപിതാക്കളോടുള്ള സ്‌നേഹത്തില്‍ വിവേചനം കാണിക്കാന്‍ പാടില്ല. കുട്ടികളുടെ വിവേചന ശക്തിയിലെയും മനസ്സിലാക്കാനുള്ള ശേഷിയുടെയും കുറവ് രക്ഷിതാക്കള്‍ ചൂഷണം ചെയ്ത് ഉമ്മയോടും ഉപ്പയോടുമുള്ള സ്‌നേഹത്തില്‍ വേര്‍തിരിവിനായി ഉപയോഗപ്പെടുത്തുകയും അരുത്. മാതാപിതാക്കളോടുള്ള സ്‌നേഹത്തില്‍ കാണിക്കുന്ന വിവേചനം വിയോജിപ്പിന്റെയും വിദ്വേഷത്തിന്റെയും തീ കത്തിക്കും. കുടുംബത്തെ ശിഥിലീകരിക്കുകയാണത് ചെയ്യുക. ഈ സ്വഭാവത്തെ നമുക്ക് ബ്രെയ്ന്‍വാഷ് (മസ്തിഷ്‌ക പ്രക്ഷാളനം)

മാതാപിതാക്കളുടെ ഭാഗത്ത് നിന്നും ബ്രെയ്ന്‍വാഷിന് വിധേയമായിട്ടുള്ള പല കേസുകളും എന്റെ മുന്നിലെത്തിയിട്ടുണ്ട്. അവരില്‍ ഒരാള്‍ക്ക് മക്കളെയും അവരുടെ സ്‌നേഹവും നേടിയെടുക്കാനും മറ്റേയാളെ വെറുക്കുന്നതിനും വേണ്ടിയായിരുന്നു അത്. തന്നെക്കാള്‍ ഉമ്മക്ക് പരിഗണന നല്‍കിയ കാരണത്താല്‍ ഭര്‍ത്താവിനെ വെറുത്ത ഒരു ഭാര്യയെ എനിക്കറിയാം. മക്കളുടെ മനസ്സ് അവരുടെ ഉപ്പയെ വെറുക്കുന്നതാക്കി മാറ്റാന്‍ സര്‍വശക്തിയും അവള്‍ ഉപയോഗിച്ചു. ഇത്തരത്തില്‍ മക്കള്‍ അദ്ദേഹത്തെ ബഹിഷ്‌കരിക്കുന്നിടത്തോളം അവളതില്‍ വിജയിക്കുകയും ചെയ്തു. മക്കളുടെ മുന്നില്‍ അവരുടെ ഉമ്മയെ വളരെ മോശമായി ചിത്രീകരിച്ച ഭര്‍ത്താവിനെയും എനിക്കറിയാം. ഭാര്യയെ വിവാഹമോചനം ചെയ്ത അയാള്‍ അവസരം കിട്ടിയപ്പോഴെല്ലാം മക്കളോട് അവരുടെ ഉമ്മയെ കുറിച്ച് പറഞ്ഞു. ഉമ്മയെ വെറുക്കുന്നതിനും പുതിയ തന്റെ ഭാര്യയെ ഇഷ്ടപ്പെടുന്നതിനും കളവും കെട്ടിച്ചമക്കലുകളും നിറഞ്ഞതായിരുന്നു ആ സംസാരം. അവരെ ബ്രെയ്ന്‍വാഷ് ചെയ്‌തെടുക്കുന്നതില്‍ അദ്ദേഹവും വിജയിച്ചു. അതിലൂടെ മാനസികമായും ബുദ്ധിപരമായും അവരെ തകര്‍ക്കുകയും ചെയ്തു.

സന്തുഷ്ടകരമായ ജീവിതം നയിച്ചിരുന്ന ദമ്പതികളെ എനിക്കറിയാം. എന്നാല്‍ ഭര്‍ത്താവിനേക്കാള്‍ ശക്തമായ വ്യക്തിത്വും ആധിപത്യ മനോഭാവവും ഉള്ളവളായിരുന്നു ഭാര്യ. അതുകൊണ്ടു തന്നെ ഭര്‍ത്താവ് മക്കളോട് പറയുന്നതിനെ അവള്‍ മാനിച്ചിരുന്നില്ല. മക്കളുടെ മുമ്പില്‍ വെച്ചു തന്നെ അദ്ദേഹത്തിന്റെ വാക്കുകളെ നിര്‍ദേശങ്ങളെയും റദ്ദാക്കി. ഇത്തരത്തില്‍ അദ്ദേഹം അവരോട് പറയുന്നതിനൊന്നും ഒരു വിലയുമില്ലാതെയായി. ഉപ്പ എന്തെങ്കിലും കല്‍പിച്ചാല്‍ അത് ചെയ്യണോ വേണ്ടയോ എന്ന് ഉമ്മയോട് അനുവാദം ചോദിക്കുന്നവരായി മക്കള്‍ മാറി. ‘നിങ്ങള്‍ക്ക് ആരെയാണ് കൂടുതല്‍ ഇഷ്ടം, ഉമ്മയെയോ ഉപ്പയെയോ?’ എന്ന് ചില ഉമ്മമാര്‍ ഒരു തമാശക്കോ ചിരിക്കുള്ള വകയുണ്ടാക്കാനോ മക്കളോട് പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. ഉമ്മയെന്ന് അവര്‍ മറുപടി പറഞ്ഞാല്‍ ചിരിച്ച് കയ്യടിക്കുകയും അവരെ കെട്ടിപ്പിടിക്കുകയും ചെയ്യും. ഇതിലൂടെ ഉമ്മയെയാണ് ഉപ്പയേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കേണ്ടത് എന്ന ധാരണയാണ് ശക്തിപ്പെടുത്തുന്നത്. എന്നാല്‍ ഇതൊരിക്കലും ആ ഉമ്മ ബോധപൂര്‍വമോ ദുരുദ്ദേശ്യത്തോടെയോ ചെയ്യുന്നതല്ല. അതോടൊപ്പം തന്നെ പിതാവിന് നന്മ ചെയ്യുകയും അദ്ദേഹത്തെ ആദരിക്കുകയും മാനിക്കുകയും ചെയ്യണമെന്ന മൂല്യത്തെ തകര്‍ക്കുകയും ചെയ്യുന്നുണ്ട്.

ഒരുപക്ഷേ ഉത്തരവാദിത്വങ്ങളും ബാധ്യതകളും നിര്‍വഹിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന ഭര്‍ത്താവായിരിക്കും. എന്നാല്‍ മക്കളില്‍ അദ്ദേഹത്തോടുള്ള വിദ്വേഷം വളര്‍ത്തുന്നതിന് അതൊരിക്കലും ന്യായീകരമായി മാറരുത്. ദമ്പതികള്‍ക്കിടയില്‍ വിയോജിപ്പുകളുണ്ടാവും അല്ലെങ്കില്‍ ഭാര്യ എല്ലാ സ്വഭാവഗുണങ്ങളും ഒത്തിണങ്ങിയവളായിരിക്കില്ല. എന്നാല്‍ അതൊരിക്കലും മക്കള്‍ക്ക് മുമ്പില്‍ അവളെ മോശമായി ചിത്രീകരിക്കുന്നതിനുള്ള ന്യായമല്ല. വ്യക്തിപരമായ വിദ്വേഷവും അത് മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കുന്നതും രണ്ടായി തന്നെ വേര്‍തിരിച്ച് കാണണം എന്നതാണ് ശരി. വിദ്വേഷം മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കുന്നത്, പ്രത്യേകിച്ചും അത് മക്കളിലേക്കാകുമ്പോള്‍ സന്താനപരിപാലനത്തില്‍ വരുന്ന ഗുരുതരമായ വീഴ്ച്ചയായിട്ടാണതിനെ കാണേണ്ടത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തോട് ഇത്തരത്തില്‍ പ്രതികരിച്ച ഒരു സ്ത്രീയെ കുറിച്ച് എനിക്കറിയാം. അതിന്റെ ഫലമായി മക്കള്‍ക്കും പിതാവിനും ഇടയില്‍ ശക്തമായ ഒരു മതില്‍ നിര്‍മിക്കപ്പെട്ടു. അതില്‍ കാര്യമായ പങ്കുവഹിച്ചത് അവരുടെ ഉമ്മ തന്നെയായിരുന്നു. കുടുംബത്തെ ശിഥിലമാക്കുന്നതിനാണ് അത് സഹായിച്ചത്. ഭാര്യയെ വിവാഹമോചനം ചെയ്ത മറ്റൊരാള്‍ ചെയ്തത് ആഴ്ച്ചയിലൊരിക്കല്‍ മക്കളുമായി അങ്ങാടിയില്‍ പോവുകയെന്നതാണ്. ആ പോക്കില്‍ സ്വഭാവദൂഷ്യങ്ങളില്ലാതാക്കാന്‍ ഉമ്മ അവര്‍ക്ക് നിഷേധിച്ചിരുന്ന വസ്തുക്കള്‍ ബോധപൂര്‍വം അവര്‍ക്കയാള്‍ വാങ്ങിക്കൊടുത്തു. അതിലൂടെ മുന്‍ഭാര്യയോടുള്ള വിദ്വേഷം കാരണം സ്വന്തം കൈകളാല്‍ മക്കളെ നശിപ്പിക്കുകയാണയാള്‍ ചെയ്യുന്നത്. അവിടെയും മക്കളെ തകര്‍ക്കുന്ന ബ്രെയ്ന്‍വാഷ് തന്നെയാണ് അയാളും ചെയ്തിട്ടുള്ളത്.

രണ്ടുതരത്തിലുള്ള ബന്ധമാണ് ഒരു കുടുംബത്തിലുണ്ടാവുക. ദാമ്പത്യബന്ധവും രക്ഷാകര്‍തൃ ബന്ധവും. ദാമ്പത്യ ബന്ധം തകരുന്നത് രക്ഷാകര്‍തൃത്വ ബന്ധം കൂടി തകരുന്നതിന് ഒരിക്കലും കാരണമായി മാറരുത്. വിവാഹ മോചനത്തിലൂടെ ദാമ്പത്യബന്ധം മാത്രമേ അവസാനിക്കുന്നുള്ളൂ, അതൊരിക്കലും മക്കള്‍ക്ക് മാതാപിതാക്കളുമായുള്ള ബന്ധത്തെ ബാധിക്കുന്നില്ല. ദമ്പതികള്‍ വേര്‍പിരിഞ്ഞാലും ഉമ്മ ഉമ്മയായും ഉപ്പ ഉപ്പയായും തന്നെ നിലനില്‍ക്കണം.

തുടക്കത്തില്‍ പറഞ്ഞ തമാശ കൂട്ടുകാരില്‍ ആരോ എന്റെ മൊബൈലിലേക്ക് അയച്ച ഒന്നായിരുന്നു. ജീവിതത്തില്‍ കടന്നു പോയ പല സംഭവങ്ങളെയും നിലപാടുകളെയും ഓര്‍മപ്പെടുത്താന്‍ അത് സഹായിച്ചു. ദേഷ്യം, പക്ഷപാതിത്വം തുടങ്ങിയ എല്ലാ കാര്യങ്ങളെയും പോലെ ഒരു കുട്ടി സ്‌നേഹവും പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. മാതാപിതാക്കളോടുള്ള സ്‌നേഹത്തില്‍ വിവേചനം കാണിക്കുന്നതിന്റെ ആറ് ഉദാഹരണങ്ങളാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ചത്. മാതാപിതാക്കളില്‍ ആരോടും വിവേചനമില്ലാതെ മക്കളെ സൂക്ഷമതയോടെ വളര്‍ത്തുന്ന എത്രയോ കുടുംബങ്ങളുടെ ഉദാഹരണങ്ങളും എന്റെ മുന്നിലുണ്ട്. സന്താനപരിപാലനത്തില്‍ ശരിയായ ബോധമുള്ളവരാണ് അവര്‍. ഒരു കുട്ടി ജനനം മുതല്‍ ആറേഴ് വയസ്സ് വരെ പ്രകൃത്യാ ഉമ്മയോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നവരായിരിക്കും, അതോടൊപ്പം പിതാവിനോടും ബന്ധമുണ്ടാകുമെന്ന് നമുക്ക് പറയാം. എന്നാല്‍ ആറോ ഏഴോ വയസ്സിന് ശേഷം പിതാവുമായി കൂടുതല്‍ അടുക്കുന്നതിനായിരിക്കും കൂടുതല്‍ താല്‍പര്യം കാണിക്കുക. എന്നാല്‍ അതില്‍ നിന്ന് അവന്‍ ഉമ്മയെ വെറുത്തിരിക്കുന്നു ഉപ്പയെയാണ് കൂടുതലിഷ്ടപ്പെടുന്നത് എന്ന് ധരിക്കരുത്. പ്രകൃത്യായുള്ള അവന്റെ ആവശ്യങ്ങളായിട്ട് മാത്രമേ ആ ബന്ധത്തെ മനസ്സിലാക്കേണ്ടതുള്ളൂ. അവരില്‍ നിന്നുള്ള സ്‌നേഹവും വാത്സല്യവും ശക്തിയും അറിവും നൈപുണ്യങ്ങളും നേടി മാനസിക സന്തുലിതത്വം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കള്‍ക്കിടയില്‍ അവന്‍ സഞ്ചരിക്കുന്നത്. ഓര്‍ക്കുക, പിതാവിന്റെ അവകാശം മഹത്തരമാണ്, മാതാവിന്റെ പുണ്യം അനിവാര്യവും.

ഇണയെ ലാളിക്കുന്നതിലെ പ്രവാചക മാതൃക

ഇസ്‌ലാമില്‍ ഭാര്യാഭര്‍തൃബന്ധം എന്നത് ദയ, സ്‌നേഹം, കാരുണ്യം എന്നിവ പരിപാലിക്കപ്പെടേണ്ട ദൃഢമായ ഒരു ഉടമ്പടിയാണ്. ഇത് കൂടുതല്‍ സാര്‍ഥകമാവുന്നത് ഭൂമിയില്‍ നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ ദൃഷ്ടാന്തമായ വിശുദ്ധഖുര്‍ആനില്‍ അല്ലാഹു സൂചിപ്പിച്ച വാക്യങ്ങളിലൂടെയാണ്. ‘അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്ക് സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.” (അര്‍റൂം: 30:21)

ജീവിതത്തിന്റെ ഏതു കോണില്‍നിന്നുനോക്കിയാലും മുസ്‌ലിം സമുദായത്തിന്റെ ആദര്‍ശമാതൃക മുഹമ്മദ് നബി(സ) തന്നെയാണ്. പ്രവാചകന്റെ ഭാര്യമാരുമായുള്ള ഇടപെടലിനെ കുറിച്ച് വായിക്കുകയാണെങ്കില്‍ ശരിക്കും വിസ്മയിച്ചുപോകും, കാരണം അത്രമാത്രം സൂക്ഷ്മതയും വിനയവും അനുകമ്പയുമെല്ലാം നല്ലപാതിയിലേക്കുകൂടി പകര്‍ന്നുകൊടുത്ത മഹാപുരുഷനാണ് പ്രവാചകന്‍. ഈ സംഗതിയില്‍ പ്രവാചകന്റെ നിര്‍ദേശങ്ങളുടെ ഏകദേശരൂപം മനസ്സിലാകണമെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഹദീസുകളിലൂടെ മാത്രം കടന്നുചെന്നാല്‍ മതിയാകും.

ഏറ്റവും നല്ല പരിചരണം അര്‍ഹിക്കുന്നവള്‍
അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം, പ്രവാചകന്‍(സ) പറഞ്ഞു: സത്യത്തില്‍ വിശ്വസിച്ചവര്‍ ഉത്തമ സ്വഭാവമുള്ളവരായിരിക്കും. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളുടെ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്. (തിര്‍മിദി)

പ്രവാചകന്‍ (സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ അവന്റെ ഭാര്യയോട് നന്നായി പെരുമാറുന്നവനാണ്. നിങ്ങളില്‍നിന്ന് ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവന്‍ ഞാനാണ്. (ഇബ്‌നുമാജ)
പ്രവാചകന്‍ അരുള്‍ചെയ്തതായി അബൂഹുറൈറ പ്രസ്താവിക്കുന്നു: വിശ്വാസിനിയായ ഒരുവളെ വിശ്വാസിയായ ഒരാള്‍ വെറുക്കുകയില്ല. അവളുടെ ഏതെങ്കിലും ഒരു സ്വഭാവം അവന്‍ വെറുക്കുകയാണെങ്കില്‍ അവനെ സന്തോഷിപ്പിക്കുന്ന മറ്റൊന്ന് അവളിലുണ്ടാകും. (മുസ്‌ലിം)
അബ്ദുല്ലാഹിബ്‌നു അംറുബ്‌നു ആസ്വ്(റ)വില്‍ നിന്ന് നിവേദനം പ്രവാചകന്‍ (സ) പറഞ്ഞിരിക്കുന്നു: പ്രപഞ്ചം (ക്ഷണികമായ) ആനന്ദമാണ്. എന്നാല്‍ ഭൂമിയിലെ ഏറ്റവും വലിയ ആനന്ദം ദൈവഭക്തയായ ഭാര്യയാണ്. (മുസ്‌ലിം)

സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്
അനസ്(റ) പറയുന്നു: പ്രവാചകന്‍ (സ)യോട് ചോദിക്കപ്പെട്ടു, ഓ, പ്രവാചകരെ, ജനങ്ങളില്‍നിന്ന് താങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ആരാണ്?
അദ്ദേഹം ഉത്തരം കൊടുത്തു: ആഇശ
അവര്‍ വീണ്ടും ചോദിച്ചു: പുരുഷന്മാരില്‍ നിന്ന് ആരെയാണ് താങ്കള്‍ക്കിഷ്ടം?
അദ്ദേഹം പറഞ്ഞു: അവളുടെ പിതാവിനെ. (ഇബ്‌നുമാജ)
ആഇശ(റ) പറയുന്നു: പ്രവാചകന്റെ ഭാര്യമാരില്‍ ഖദീജയോടൊഴിച്ച് മറ്റാരോടും എനിക്ക് അസൂയ തോന്നിയിട്ടില്ല, അവരെ ഞാനൊരിക്കലും കണ്ടിട്ടില്ലയെങ്കിലും.
അവര്‍ കൂട്ടിച്ചേര്‍ത്തു: അല്ലാഹുവിന്റെ പ്രവാചകന്‍ ആടിനെ അറുക്കുമ്പോള്‍ പറയും: ഖദീജയുടെ കൂട്ടുകാരികള്‍ക്ക് ഇതെത്തിച്ചുകൊടുക്കുക.
ഖദീജയെ(റ) കുറിച്ച് ഒരിക്കല്‍ ആഇശ(റ) നടത്തിയ പരാമര്‍ശം പ്രവാചകനില്‍ പ്രയാസമുണ്ടാക്കി. അദ്ദേഹം ആഇശയോട് പറഞ്ഞു: ഞാന്‍ എന്റെ സ്‌നേഹം അവള്‍ക്ക് വകവെച്ചുകൊടുത്തതാണ്.

സ്‌നേഹാദരവ് കാണിക്കുക
ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അവര്‍ ആര്‍ത്തവക്കാരിയായിരിക്കെ പ്രവാചകന്‍ അവര്‍ക്ക് കുടിക്കാനായി ഒരു പാത്രം നല്‍കി. അവര്‍ കുടിക്കുമ്പോള്‍ അധരങ്ങള്‍ വെച്ചയിടം ശ്രദ്ധിച്ച് അദ്ദേഹവും പാത്രത്തിന്റെ ആ ഭാഗത്തു തന്നെ ചുണ്ടുകള്‍ ചേര്‍ത്തുവെച്ചു. (നസാഈ)

അനസ്(റ) പറയുന്നു. പ്രവാചകന്(സ) നന്നായി സൂപ്പ് വെക്കുന്ന ഒരു പേര്‍ഷ്യക്കാരനായ അയല്‍വാസി ഉണ്ടായിരുന്നു. ഒരുദിവസം അദ്ദേഹം കുറച്ച് സൂപ്പുണ്ടാക്കി പ്രവാചകനെ ക്ഷണിച്ചു. ആയിശ(റ) തന്നെക്കൂടി അതിലേക്ക് ക്ഷണിക്കാന്‍ പ്രവാചകന്‍(സ) അദ്ദേഹത്തോട് ആവശ്യപ്പെടുമെന്ന് കരുതി സന്തോഷിച്ചു. എന്നാല്‍ അയല്‍വാസി അവരെക്കൂടി അതിലേക്ക് ഉള്‍പ്പെടുത്തുന്നത് നിഷേധിച്ചു. അതുകൊണ്ട് പ്രവാചകന്‍ ആ ക്ഷണം നിരസിച്ചു.
അദ്ദേഹം വീണ്ടും ഇത്തരത്തില്‍ പ്രവാചകനെ ക്ഷണിച്ചെങ്കിലും അപ്പോഴും പ്രവാചകന്‍ അത് നിരസിക്കുകയായിരുന്നു.
എന്നാല്‍ പേര്‍ഷ്യന്‍ അയല്‍വാസി മൂന്നാമതൊന്ന് ആഇശയോടൊപ്പം പ്രവാചകനെ ക്ഷണിച്ചപ്പോള്‍ പ്രവാചകന്‍ ക്ഷണം സ്വീകരിക്കുകയും ആഇശ(റ)യോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ പോവുകയും ചെയ്തു. (മുസ്‌ലിം)

അല്‍ അസ്‌വദ് ചോദിച്ചു: ഉമ്മുല്‍ മുഅ്മിനീന്‍ ആഇശാ, പ്രവാചകന്‍ വീട്ടില്‍ എന്താണ് പതിവായി ചെയ്തിരുന്നത്? അവര്‍ പറഞ്ഞു: അദ്ദേഹം പതിവായി വീട്ടുജോലികളില്‍ സഹായിച്ചിരുന്നു. എന്നാല്‍ നമസ്‌കാരത്തിന്റെ സമയമായാല്‍ അദ്ദേഹം അതിനായി പോകുമായിരുന്നു. (ബുഖാരി)

അവരുമായി തമാശകളില്‍ ഏര്‍പ്പെടല്‍
ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: മെലിഞ്ഞ ശരീരപ്രകൃതമുള്ളപ്പോള്‍ അവര്‍ യാത്രകളില്‍ പ്രവാചകനെ അനുഗമിച്ചിരുന്നു. പ്രവാചകന്‍ അനുയായികളോട് മുന്നോട്ട് നടക്കാനാവശ്യപ്പെട്ട് ആഇശയോട് അദ്ദേഹത്തോടൊപ്പം ഓടാന്‍ ആവശ്യപ്പെടും. അവര്‍ ഓടുകയും ആഇശ ഒന്നാമതെത്തുകയും ചെയ്തിരുന്നു.
പിന്നീടൊരു യാത്രാവേളയില്‍ ആഇശയോട് പ്രവാചകനോടൊപ്പം ഓടാന്‍ പറഞ്ഞെങ്കിലും ആഇശ(റ) നിഷേധിച്ചു. കാരണം അവര്‍ തടിയല്‍പം കൂടുകയും ഓട്ടമൊക്കെ മറന്നുപോവുകയും ചെയ്തിരുന്നു. ഇത്തരമൊരവസ്ഥയില്‍ ഞാനെങ്ങനെ താങ്കളോടൊപ്പം ഓടുമെന്ന് അവര്‍ ആശങ്കപ്പെട്ടു. പ്രവാചകന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ വീണ്ടും അദ്ദേഹത്തോടൊപ്പം ഓടി. ഈ സമയത്ത് പ്രവാചകനായിരുന്നു ഒന്നാം സ്ഥാനം. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: പകരത്തിനു പകരമായി.

ആഇശ(റ) പറയുന്നു: ഒരു ഈദ് ദിനത്തില്‍ എത്യോപ്യക്കാരായ കുറിച്ചാളുകള്‍ പരിചയും കുന്തവും ഉപയോഗിച്ച് കൊണ്ടും കളിക്കുകയായിരുന്നു. അത് കാണാന്‍ ഞാന്‍ അല്ലാഹുവിന്റെ ദൂതരോട് അനുമതി ചോദിച്ചതാണോ അതല്ല അദ്ദേഹമെന്നോട് കാണാന്‍ താല്‍പര്യമുണ്ടെയന്ന് അന്വേഷിച്ചതാണോ എന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. എന്തു തന്നെയായാലും ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ അതിനനുമതി നല്‍കുകയും പ്രവാചകന്റെ കവിള്‍ എന്റെ കവിളിനോട് ചേര്‍ത്തുവെച്ച് അദ്ദേഹത്തിനു പുറകിലായി എന്നെ നിര്‍ത്തുകയും ചെയ്തു. എന്നിട്ടദ്ദേഹം പറഞ്ഞു: ബനൂ അര്‍ഫദക്കാരേ (എത്യോപ്യയില്‍ നിന്നുള്ള സംഘം) തുടരുവിന്‍. ഞാന്‍ ക്ഷീണിതയായപ്പോള്‍ എനിക്ക് മതിയായോ എന്ന് ചോദിക്കുകയും ഞാന്‍ സമ്മതിച്ചുകൊണ്ട് മറുപടികൊടുക്കുകയും അങ്ങനെ തിരിച്ചുപോരുകയും ചെയ്തു.

കാലത്തെ പോലും അതിജയിക്കുന്ന സ്‌നേഹം
അനസ് ഇബ്‌നുമാലിക് (റ) പറയുന്നു: പ്രവാചകന് എന്തെങ്കിലും സാധനങ്ങള്‍ ലഭിച്ചാല്‍ അദ്ദേഹം പറയുമായിരുന്നു: ഇതെടുത്ത് ഇന്നയിന്നവര്‍ക്ക് കൊടുക്കുക. കാരണം അവര്‍ ഖദീജയുടെ കൂട്ടുകാരിയാണ്.

ആഇശ(റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഖദീജയുടെ സഹോദരി ഹാല ബിന്‍ത് ഖുവൈലിദ് പ്രവേശനാനുമതി തേടി പ്രവാചകനെ സമാപിച്ചു. അവരുടെ ഖദീജ ബീവിയുടേ അനുവാദം ചോദിക്കലിന് സദൃശ്യമായ അവരുടെ ശൈലി ഖദീജയെ കുറിച്ച ഓര്‍മകള്‍ പ്രവാചകനില്‍ തിരിച്ചുകൊണ്ടുവന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹ്, ഇത് ഹാല ബിന്‍ത് ഖുവൈലിദ് ആണല്ലോ. മരിച്ചു പോയിട്ടും നിലക്കാത്ത ഈ സ്‌നേഹം തന്നില്‍ അസൂയയുണ്ടാക്കിയെന്ന് ആഇശ(റ) തന്നെ പറയുന്നു.

രോഗിയെ സന്ദര്‍ശിക്കല്‍

രോഗിയെ സന്ദര്‍ശിക്കല്‍ മനുഷ്യന്റെ സാമൂഹിക ബന്ധങ്ങൡ പ്രധാനപ്പെട്ട ഒന്നാണ്. രോഗിക്കും രോഗിയുടെ വീട്ടുകാര്‍ക്കും വെറുപ്പുണ്ടാക്കുന്ന തരത്തിലാകാറുണ്ട് ചിലരുടെ സന്ദര്‍ശനം. ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന ഒന്നും സന്ദര്‍ശനത്തില്‍ നിന്ന് കിട്ടാതിരിക്കുകയും മനഃപ്രയാസമുള്ളത് കിട്ടുകയും ചെയ്യുന്ന സന്ദര്‍ശനമായിരിക്കും അത്.

രോഗിയുടെ മുമ്പിലിരിക്കുമ്പോഴേക്കും മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു എന്ന് കരുതുക. പിന്നെ അതിലൂടെയായി സംസാരം. അതുകഴിഞ്ഞ് രോഗിയോട് ഒന്നോ രണ്ടോ വാക്ക് സംസാരിക്കുമ്പോഴേക്കും അടുത്ത ഫോണ്‍. അതും അറ്റന്റ് ചെയ്തു. ഇങ്ങനെ അഞ്ച് മിനുട്ട് നേരത്തെ രോഗ സന്ദര്‍ശനത്തിനിടയില്‍ നാലു ഫോണ്‍ വിളി. ഇത് രോഗിയെ വെറുപ്പിക്കല്‍ മാത്രമല്ല അവഹേളിക്കല്‍ കൂടിയാണ്.

ഫോണ്‍ സൈലന്റാക്കിയ ശേഷം വേണം രോഗിയുടെ മുന്നിലേക്ക് കടക്കാന്‍. അഞ്ചോ പത്തോ മിനുട്ട് നേരത്തെ സന്ദര്‍ശനത്തിനിടയില്‍ നാലുകോള്‍ വൈബ്രേഷന്‍ കൊണ്ട് അങ്ങനെ കഴിയട്ടെ. രോഗിയോട് നല്ല വാക്കുകള്‍ പറഞ്ഞ് പുറത്തിറങ്ങിയ ശേഷം മിസ്ഡ്‌കോള്‍ നോക്കി തിരിച്ചുവിളിച്ചാല്‍ മതിയല്ലോ. തന്നെ സന്ദര്‍ശിച്ചിക്കുന്നതിനിടയിലെ ഓരോ കോളും സ്വീകരിക്കുകയാണ് തന്റെ സന്ദര്‍ശകന്‍ എന്ന് മനസ്സിലാക്കുന്ന രോഗിക്കു തോന്നുക ഈ സന്ദര്‍ശനം ഒരു ചടങ്ങുതീര്‍ക്കല്‍ മാത്രമാണെന്നും സന്ദര്‍ശകന് തന്നേക്കാള്‍ വലുത് ഫോണ്‍ വിളിക്കുന്നവരെയാണ് എന്നുമാണ്. ഇത്തരം സന്ദര്‍ശകരെ ചികിത്സിക്കുക തന്നെ വേണം. ഫോണ്‍വിളി രോഗിക്ക് ഇഷ്ടമല്ലെന്ന് അങ്ങ് തുറുന്നുപറയുക തന്നെ.

ചില സന്ദര്‍ശകര്‍ക്ക് കുറേ ചോദ്യങ്ങളുണ്ടാകും. ‘എന്താണ് അസുഖം? ആരെയാണ് കാണിച്ചത്? ഓപ്പറേഷന് എത്ര ഫീസായി?’ അങ്ങനെ നീളുന്നു ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ വേണമെങ്കില്‍ സന്ദര്‍ശനം കഴിഞ്ഞ് ബന്ധുക്കളോട് ചോദിക്കാം.

‘വല്ലാതെ ക്ഷീണിച്ച് പോയല്ലോ, കണ്ടിട്ട് ഞാന്‍ അറിഞ്ഞതേയില്ല’. ഇപ്പറഞ്ഞത് സത്യമായിരിക്കാം. പക്ഷെ, ആ സത്യം രോഗി അറിഞ്ഞിരിക്കേണ്ടതല്ല. അറിഞ്ഞതുകൊണ്ട് രോഗിക്ക് ഗുണമില്ല. അറിഞ്ഞാല്‍ അല്‍പ്പം പ്രയാസമുണ്ടായെന്നും വരും.

ഇയ്യിടെ ഒരു പ്രഗത്ഭ പണ്ഡിതനും സംഘടനാ നേതാവുമായ ഒരാള്‍ അവശനിലയിലാണെന്ന് കേട്ട് ഞാന്‍ ആശുപത്രിയില്‍ ചെന്നു. ശ്വാസതടസ്സമുണ്ട്. മൂക്കില്‍ ഓക്‌സിജന്‍ വലിക്കാനുള്ള ഫിറ്റിംഗ്‌സും ഉണ്ട്. അതുമായി ഇരുന്ന് മഗ്‌രിബ് നമസ്‌കരിക്കുകയാണദ്ദേഹം. അതുകണ്ട് എന്റെ ഉള്ളില്‍ ആശ്വാസത്തിന്റെ ഒരു ചിരി വിരിഞ്ഞു. സലാം വീട്ടിയപ്പോള്‍ മുഖത്തുനിന്ന് ആ ഫിറ്റിംഗ്‌സ് നീക്കി എനിക്ക് സലാം മടക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘എനിക്ക് സന്തോഷം തോന്നുന്നു താങ്കളെ കണ്ടിട്ട്. ശ്വാസതടസ്സമുണ്ടെങ്കിലും ഇരുന്ന് നമസ്‌കരിക്കാന്‍ കഴിയുന്നുണ്ടല്ലോ. ഓര്‍മ്മ നിലനില്‍ക്കുക എന്നത് വലിയ ഒരു ദൈവിക അനുഗ്രഹമാണ്’. അദ്ദേഹത്തിന്റെ മുഖം ഇതുകേട്ട് അല്‍പ്പം തിളങ്ങി. ബന്ധുക്കള്‍ക്കും ആശ്വാസമായതു പോലെ തോന്നി. (അത് കഴിഞ്ഞ് 33 ാം മണിക്കൂറിലാണ് അദ്ദേഹത്തിന്റെ മരണം).

സന്ദര്‍ശനം ചികിത്സകരോ ബന്ധുക്കളോ വിലക്കിയിട്ടുണ്ടെങ്കില്‍ അതുപാലിക്കണം നമ്മള്‍. ഞാനും അയാളും തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു എന്ന് പറഞ്ഞ് സ്വാതന്ത്ര്യം കാണിക്കാന്‍ ശ്രമിക്കരുത്. വലിയ അടുപ്പത്തിലാണെങ്കില്‍ ബന്ധുക്കളെ കണ്ട് അവരില്‍ നിന്ന് രോഗ വിവരമന്വേഷിക്കുകയും സഹായം വല്ലതും വേണമെങ്കില്‍ നല്‍കുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന് ധൈര്യപടെുത്തി തിരിച്ചുപോരുകയും ചെയ്യുക. മറിച്ചുള്ള എന്തും വെറുപ്പിലാകും.

സന്ദര്‍ശനം രോഗം വര്‍ധിപ്പിക്കാനിടയുള്ളതാണ് ചിലയിനം മാനസിക രോഗങ്ങള്‍. എന്തിനാണിവര്‍ വന്നത്, എനിക്കിതിനുമാത്രം വല്ല രോഗവുമുണ്ടോ എന്നായിരിക്കും മാനസിക രോഗി ചോദിക്കുക. ഒന്നുമില്ലെന്ന് വരുത്തി വല്ലവിധേയനയും മരുന്ന് കഴിപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും ബന്ധുക്കള്‍. അത്തരം അവസ്ഥയില്‍ സന്ദര്‍ശനം രോഗിക്കും കുടുംബത്തിനും പ്രയാസമുണ്ടാക്കുന്നതിനാല്‍ വെറുപ്പ് വിലക്കു വാങ്ങാതിരിക്കുക.

ഇത് സൂക്ഷിക്കേണ്ട രോഗമാണ്. എന്റെ അമ്മായിക്കും അയല്‍പക്കത്തെ മമ്മദ്കാക്കും ഇതേ രോഗമായിരുന്നു. ഒരുകൊല്ലം തികയുന്നതിന് മുമ്പേ മരിച്ചു’ എന്ന് ബന്ധുക്കളോട് പോലും പറയരുത്. പറയുന്നവര്‍ ഇക്കാലത്ത് വളരെ ചുരുക്കമാണെങ്കിലും ബോധവല്‍ക്കരണം ആവശ്യമുള്ള വിഷയം തന്നെയാണ്.

‘മുമ്പ് നിന്റെ ബാപ്പാക്കും ഇതു തന്നെയായിരുന്നല്ലോ, പാരമ്പര്യമായി വരുന്ന രോഗങ്ങളിലൊന്നാണിത്’ ഒരു സന്ദര്‍ശകന്‍ ഹൃദ്രോഗിയുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ശാസ്ത്ര ജ്ഞാനമാണിത്. ഈ ജ്ഞാനം സന്ദര്‍ശകന്‍ പറയാതെ തന്നെ രോഗി വായിച്ചറിഞ്ഞതാണ്. ആ അറിവുകൊണ്ട് ഭയപ്പെട്ടിരിക്കുകയാണയാള്‍. അതു വര്‍ധിപ്പിക്കാന്‍ മാത്രമേ സന്ദര്‍ശകന്റെ ശാസ്ത്ര ജ്ഞാനം ഉപകരിക്കുയുള്ളൂ.

രോഗി തന്നെ പാരമ്പര്യത്തെ കുറിച്ചും മറ്റും സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അതിലും ആശ്വാസത്തിന്റെ ഒരു വശം നാം ഉയര്‍ത്തിക്കാട്ടണം. അതിനങ്ങനെയാവാം. ‘പാരമ്പര്യം ഒരു ഘടകമാണെന്നത് ശരിതന്നെ. പക്ഷെ, വൈദ്യശാസ്ത്രം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ചികിത്സയും ശരിയായ ഭക്ഷണ ക്രമവും കൊണ്ട് പൂര്‍ണ സുഖം പ്രാപിച്ച ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിലൊരാളാവാന്‍ അല്ലാഹു സഹായിക്കട്ടെ!’

പ്രവാചകന്‍ കുട്ടികളെ സ്‌നേഹിച്ച വിധം

തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച്കുട്ടികള്‍ തീര്‍ത്തും അശ്രദ്ധരാണെന്ന ധാരണയാണ് ” പലര്‍ക്കുമുള്ളത്. എന്നാല്‍ ആ ധാരണ തികച്ചും തെറ്റാണ്. തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം നിരീക്ഷിക്കുകയും മനസ്സിലാക്കുകയും അത് പിന്തുടരാന്‍ ശ്രമിക്കുന്നവരുമാണ് കുട്ടികള്‍. നൈര്‍മല്യമുള്ള ചെറിയ മനസ്സിന്റെ ഉടമകളാണ് കുട്ടികളെങ്കിലും ഉയര്‍ന്ന ഓര്‍മ്മ ശേഷി അവര്‍ക്കുണ്ട്. ഒരിക്കലും മാഴ്ച്ചുകളയാനാവാത്ത സ്വാധീനം ചുറ്റുപാടുകള്‍ അവരിലുണ്ടാക്കുന്നുമുണ്ട്.

കുട്ടികളുടെ സംസ്‌കരണ പ്രക്രിയയില്‍ ഇസ്‌ലാം ഇക്കാര്യം വളരെ പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ട്. അതിനാല്‍ തന്നെ, ചെറുപ്പത്തില്‍ തന്നെ കുട്ടികളുടെ ഹൃദയത്തില്‍ പൗരുഷവും വെറുപ്പും വിദ്വേഷവും ഉണ്ടാക്കാതെ അവരുടെ മനസില്‍ സ്‌നേഹവും കാരുണ്യവും നൈര്‍മല്യവും വളര്‍ത്തി എടുക്കാനാണ് സംസ്‌കരണ പ്രക്രിയയില്‍ ഇസ്‌ലാം മുന്‍ഗണന നല്‍കുന്നത്. തലമുറകളുടെ അധ്യാപകനായ പ്രവാചകന്‍ (സ) ഇക്കാര്യത്തില്‍ കണിഷത പാലിച്ചിരുന്നു. ചെറിയ കുട്ടികളാണെങ്കില്‍ പോലും അവരെ പരിഗണിക്കുന്ന കാര്യത്തിലും അവരോട് കാരുണ്യവും അനുകമ്പയും പ്രകടിപ്പിക്കുന്ന കാര്യത്തിലും പ്രവാചകന്‍ പിശുക്ക് കാണിച്ചിരുന്നില്ല. അനസ് (റ) പറയുന്നു : ‘കുടുംബാംഗങ്ങളോട് പ്രവാചകനെപ്പോലെ കാരുണ്യത്തോടെ വര്‍ത്തിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. പ്രവാചകന്റെ മകന്‍ ഇബ്രാഹീം മദീനയിലെ കുടുംബാംഗങ്ങള്‍ക്കിടയില്‍ മുലകുടിക്കുന്ന പ്രായത്തില്‍ പ്രവാചകന്‍ മകനെ കാണാന്‍ പുറപ്പെടും, ഞങ്ങളും അദ്ദേഹത്തോടൊപ്പം പോകും, അദ്ദേഹം വീട്ടില്‍ കയറി മകനെ എടുത്ത് ചുംബിച്ച് തിരിച്ചു പോരും’ (മുസ്‌ലിം)

മക്കളെ ചുംബിക്കുന്നവരായിരുന്നില്ല അക്കാലത്തെ അധികമാളുകളും, പ്രത്യേകിച്ച് സമൂഹത്തിലെ ഉന്നതരായ ആളുകള്‍. ഒരിക്കല്‍ പ്രവാചകന്‍ തന്റെ കുഞ്ഞിനെ ചുംബിക്കുന്നത് കണ്ട് ഒരു സ്വഹാബി ചോദിച്ചു : ‘പ്രവാചകനേ, അങ്ങ് താങ്കളുടെ മക്കളെ ചുംബിക്കാറുണ്ടോ? അല്ലാഹുവാണേ, എനിക്ക് പത്ത് മക്കളുണ്ട്, ഒരാളെയും ഞാനിതുവരെ ചുംബിച്ചിട്ടില്ല.’ പ്രവാചകന്‍ ദേഷ്യത്തോടെ അദ്ദേഹത്തിന് മറുപടി നല്‍കി ‘കാരുണ്യം കാണിക്കാത്തവര്‍ കാരുണ്യത്തിന് അര്‍ഹരാകുകയില്ല’. (ബുഖാരി).

കുട്ടികളോട് അടുത്തിടപഴകിയിരുന്ന പ്രവാചകന്‍ അവരുടെ മനസ്സില്‍ കാരുണ്യവും അനുകമ്പയും വളര്‍ത്തി. മാതൃഹൃദയത്തില്‍ നിന്നുണ്ടാകുന്ന സ്‌നേഹവും കാരുണ്യവുമാണ് കുട്ടികള്‍ പ്രവാചകനില്‍ നിന്നും അനുഭവിച്ചത്. ബറാഅ് (റ) പറയുന്നു : ‘ഒരിക്കല്‍ ഞാന്‍ പ്രവാചകനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ തോളില്‍ പേരക്കുട്ടിയായ ഹസനുബ്‌നു അലിയുണ്ട്. പ്രവാചകന്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു ‘അല്ലാഹുവേ ഇവനെ ഞാന്‍ ഇഷ്ടപ്പെടുന്നു, നീയും ഇവനെ ഇഷ്ടപ്പെടേണമേ’. (ബുഖാരി)

ഇത്തരത്തില്‍ കാരുണ്യത്തോടെയും നൈര്‍മല്യത്തോടെയുമുള്ള പെരുമാറ്റങ്ങളാണ് കുട്ടികളുടെ മനസ്സില്‍ സല്‍സ്വഭാവത്തിന്റെ ആദ്യവിത്ത് പാകുക. അവരുടെ പെരുമാറ്റവും സ്വഭാവവും രൂപപ്പെടുന്നിടത്ത് അത് ഏറെ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അവരോടൊപ്പം കൂടുകയും അടുത്തിടപഴകുകയും ചെയ്യുന്നവരെയാണ് കുട്ടികള്‍ ഇഷ്ടപ്പെടുക. ദേഷ്യക്കാരും കഠിനമനസ്‌കരുമായവരെ കുട്ടികള്‍ വെറുക്കുകയും ചെയ്യുന്നു. ചെറുപ്രായത്തിലുള്ള കുട്ടികളുടെ പ്രകൃതം അറിയാവുന്ന പ്രവാചകന്‍ കുട്ടികളോട് പെരുമാറുമ്പോള്‍ അവരെ സന്തോഷിപ്പിക്കുന്ന തരത്തിലായിരുന്നു പെരുമാറിയിരുന്നത്. കുട്ടികളില്‍ സല്‍സ്വഭാവും ഉന്നത വ്യക്തിത്വവും വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന രീതിയില്‍ തമാശ കലര്‍ത്തിയും നൈര്‍മല്യത്തോടെയും അദ്ദേഹം അവരോട് സംവദിക്കും.

അബൂഹുറൈറ (റ) പറയുന്നു : ഞങ്ങള്‍ റസൂലിനോടൊപ്പം ഇശാഅ് നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രവാചകന്‍ സുജൂദിലായ വേളയില്‍ ഹസനും ഹുസൈനും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. അദ്ദേഹം തലയുയര്‍ത്തിയപ്പോള്‍ ഇരുവരെയും വളരെ പതുക്കെ പിടിച്ച് താഴെ വെച്ചു, അദ്ദേഹം വീണ്ടും സുജൂദ് ചെയ്തപ്പോള്‍ ഇരുവരും വീണ്ടും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. നമസ്‌കാരം തീരുന്നത് വരെ ഇത് തുടര്‍ന്നു. ശേഷം അദ്ദേഹം ഇരുവരെയും പിടിച്ച് തന്റെ മടിയിലിരുത്തി. അബൂഹുറൈറ പറയുന്നു : ഞാന്‍ എഴുന്നേറ്റ് ചെന്ന് പ്രവാചകനോട് ചോദിച്ചു, ഇരുവരെയും ഞാന്‍ വീട്ടിലാക്കണമോ? അപ്പോള്‍ ആകാശത്ത് ഒരു മിന്നല്‍ പിണറുണ്ടായി, പ്രവാചകന്‍ ഹസനോടും ഹുസൈനോടും പറഞ്ഞു ‘നിങ്ങള്‍ ഉമ്മയുടെ അടുത്തേക്ക് പോയിക്കൊള്ളൂ’. (അഹ്മദ്).

ചെറുപ്പം മുതല്‍ പ്രവാചന്റെ സേവകനായിരുന്ന അനസ് (റ) പറയുന്നു : ‘ഞാന്‍ പ്രവാചകനെ 9 വര്‍ഷത്തോളം സേവിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും എന്തെങ്കിലും ചെയ്തതിന്റേയോ ചെയ്യാത്തതിന്റേയോ പേരില്‍ പ്രവാചകന്‍ എന്നെ ആക്ഷേപിച്ചിട്ടില്ല.’

കുട്ടികളുടെ അടുത്തുകൂടി പ്രവാചകന്‍ നടന്നുപോകാന്‍ ഇടയായാല്‍ അവരോട് പുഞ്ചിരിക്കാതെ അവരുടെ ഹൃദയത്തില്‍ എന്നെന്നും നിലനില്‍ക്കുന്ന നന്മ നിറഞ്ഞ ഓര്‍മ്മ സമ്മാനിക്കാതെ പ്രവാചകന്‍ കടന്നുപോയിരുന്നില്ല. യഅ്‌ലാ ബിന്‍ മുര്‍റ പറയുന്നു : ഒരിക്കല്‍ ഞാന്‍ പ്രവാചകനോടൊപ്പം ഭക്ഷണം കഴിക്കാനിറങ്ങി. വഴിയില്‍ വെച്ച് ഹുസൈനുബ്‌നു അലി കളിക്കുന്നത് കണ്ട് പ്രവാചകന്‍ ഹുസൈനെ എടുക്കാന്‍ കൈ നീട്ടി, ഉടന്‍ കുട്ടികളെല്ലാം ഓടി വന്നു, പ്രവാചകന്‍ അവരോടൊപ്പം ചേര്‍ന്ന് ചിരിച്ചുകൊണ്ട് ഉസാമതുബ്‌നു സൈദിനെയും ഹസനുബ്‌നു അലിയ്യിനെയും എടുത്ത് തന്റെ തുടയില്‍ വെച്ചു, കുട്ടികളെല്ലാം അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നു. പ്രവാചകന്‍ ഇരുവരെയും ചേര്‍ത്ത്പിടിച്ച് ഇങ്ങനെ പ്രാര്‍ഥിച്ചു ‘അല്ലാഹു ഞാന്‍ ഇവരോട് കാരുണ്യം കാണിക്കുന്നു, നീയും ഇവര്‍ക്ക് കരുണ ചെയ്യേണമേ’ (ബുഖാരി).

ആരാധാനാ കര്‍മ്മങ്ങളില്‍ വരെ കുട്ടികളെ പ്രവാചകന്‍ പരിഗണിച്ചിരുന്നു. കുട്ടികള്‍ക്ക് പ്രയാസമാകാതിരിക്കാന്‍ നമസ്‌കാരം അധികം നീട്ടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരിന്നു. പ്രവാചകന്റെ മകള്‍ സൈനബിന്റെ മകള്‍ ഉമാമ ഒരിക്കല്‍ നമസ്‌കാര സമയത്ത് പ്രവാചകന്റെ അടുക്കല്‍ വന്നു. നമസ്‌കാരത്തില്‍ ഉമാമയെ തോളിലെടുത്ത് വെച്ച പ്രവാചകന്‍ റുകൂഇലായപ്പോള്‍ അവളെ നിലത്ത് വെച്ചു. വീണ്ടും എഴുന്നേറ്റപ്പോള്‍ തോളെത്ത് വെച്ചതായി ‘മുവത്വ’യില്‍ ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജാബിറുബ്‌നു സംറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : ‘ഞാന്‍ പ്രവാചകന്റെ കൂടെ നമസ്‌കരിച്ചു. ശേഷം പ്രവാചകന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു, ഞാനും അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. അപ്പോള്‍ കുറേ കുട്ടികള്‍ വന്ന് പ്രവാചകനെ സ്വീകരിച്ചു. പ്രവാചകന്‍ അവരുടെ ഓരോരുത്തരുടെയും കവിള്‍ തലോടി, എന്റെ കവിളും തലോടി. അപ്പോള്‍ എനിക്ക് തണുപ്പും നല്ല അത്തറിന്റെ സുഗന്ധവും അനുഭവപ്പെട്ടു’ (മുസ്‌ലിം)

ഇപ്രകാരമായിരുന്നു പ്രവാചകന്‍ കുട്ടികളോട് പെരുമാറിയിരുന്നതും അവരോട് സ്‌നേഹം കാണിച്ചിരുന്നതും. കുട്ടികളുടെ മജ്ജയിലും മാംസത്തിലും അവരുടെ കണ്ണീരിലും പ്രവാചകന്‍ ചേര്‍ന്നുനിന്നു. അവര്‍ അദ്ദേഹത്തിന്റെ സ്‌നേഹത്തെ അങ്ങേയറ്റം വിലയേറിയതായി കാണുകയും ചെയ്തു. ലോകത്തിന് ഈ ഉത്തമ മാതൃക കാണിച്ചു കൊടുക്കാന്‍ നമ്മള്‍ തയ്യാറാവുക.

സാമൂഹ്യ സുരക്ഷിതത്വം

സാമൂഹ്യ സുരക്ഷിതത്വം വിശുദ്ധ ഖുര്‍ആനില്‍

മനുഷ്യര്‍ അക്രമത്തിന്റെയും സേച്ഛാധിപത്യത്തിന്റെയും ചങ്ങല കെട്ടുകളില്‍ കഴിsocialjsust സാമൂഹ്യ സുരക്ഷിതത്വം വിശുദ്ധ ഖുര്‍ആനില്‍ഞ്ഞിരുന്ന സമയത്താണ് പ്രവാചകന്‍(സ) നിയോഗിതനാകുന്നത്. കാട്ടുനീതി വാഴുന്ന അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. മനുഷ്യ ജീവന് യാതൊരു പവിത്രതയും മാന്യതയും അതില്‍ കല്‍പ്പിക്കപ്പെട്ടിരുന്നില്ല. അവിടെ ലോകത്തിന് മുഴുവന്‍ കാരുണ്യമായി നിയോഗിക്കപ്പെട്ട അദ്ദേഹം സമാധാനവും നിര്‍ഭയത്വവും ഉറപ്പാക്കുന്ന അടിസ്ഥാനങ്ങള്‍ സ്ഥാപിച്ചു. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പ്രകൃതിയെയും വരെ ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. ഹിജ്‌റ ഒന്നാം വര്‍ഷം (AD 523) പ്രവാചകന്‍(സ) സമര്‍പ്പിച്ച മദീന ചാര്‍ട്ടര്‍ അതിന്റെ മികച്ച ഉദാഹരണമാണ്. 52 കാര്യങ്ങളാണ് അതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 25 കാര്യങ്ങള്‍ മുസ്‌ലിംകളുമായി മാത്രം ബന്ധപ്പെട്ടതും 27 എണ്ണം ഇതര വിഭാഗങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ളതുമാണ്. ജൂതന്‍മാരും വിഗ്രഹാരാധകരുമായിരുന്നു അക്കാലത്തെ പ്രധാന മുസ്‌ലിമേതര വിഭാഗങ്ങള്‍.

ഗോത്രപക്ഷപാതിത്വത്തില്‍ നിന്നും വിദൂരമായ ഒരു ഇസ്‌ലാമിക സമൂഹത്തെയാണത് പരിചയപ്പെടുത്തുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യ സഹകരണം അതില്‍ ആവശ്യപ്പെടുന്നു. കരാര്‍ ലംഘിക്കുന്നവരെ അത് ഭീഷണിപ്പെടുത്തുന്നു. മുസ്‌ലിംകളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നത് പോലെ തന്നെ ദിമ്മികളുടെയും (സംരക്ഷിത പ്രജ) മുസ്‌ലിംകളോടൊപ്പം കഴിയുന്ന അമുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനും അതാവശ്യപ്പെടുന്നു. അവരുടെ മതപരമായ ചടങ്ങുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും സ്വാതന്ത്ര്യവും അനുവദിക്കുന്നു. വിശ്വാസ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇസ്‌ലാം ഉറപ്പു നല്‍കുന്ന കാര്യമാണ്. എല്ലാവര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യവും അതനുവദിക്കുന്നു. രാഷ്ട്രത്തെ ദോഷകരമായ രീതിയില്‍ ബാധിക്കാത്ത സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ വരെ അതില്‍ അനുവാദം നല്‍കുന്നുണ്ട്. അക്രമത്തിനിരയാക്കപ്പെടുന്നവനെ സഹായിക്കലും ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കലും നിര്‍ബന്ധമാക്കുന്നു. (സീറത്തു ഇബ്‌നു ഹിശാം)

വിനോദത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് പോലും നബി(സ) വിലക്കിയിട്ടുണ്ട്. ‘ആരെങ്കിലും ഒരു കുരുവിയെ വെറുതെ കൊന്നാല്‍, അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ മുമ്പില്‍ കരഞ്ഞു കൊണ്ടത് വിളിച്ചു പറയും: ‘നാഥാ, ഈ വ്യക്തിയെന്നെ വെറുതെ കൊന്നു, ഒരു ആവശ്യത്തിന് വേണ്ടിയല്ല എന്നെ കൊന്നത്’. (നസാഇ) പ്രകൃതിയുടെ ഘടകങ്ങളെ സംരക്ഷിക്കാനും പ്രവാചകന്‍(സ) കല്‍പിച്ചിട്ടുണ്ട്. സൃഷ്ടികള്‍ക്കിടയിലുള്ള പരസ്പര സംന്തുലിതത്വം നിലനിര്‍ത്തുന്നത് പ്രകൃതിയാണെന്നതാണ് കാരണം. അതില്‍ നടത്തുന്ന കയ്യേറ്റം ജീവനും മനുഷ്യനും അനിവാര്യമായ പല സുപ്രധാന ഘടകങ്ങളെയും ഇല്ലാതാക്കും. പ്രവാചകന്‍(സ) പറയുന്നു : ‘ആരെങ്കിലും ഒരു ചെടി മുറിച്ചാല്‍ അല്ലാഹു അവന്റെ തല നരകത്തിലാക്കും.’ പ്രയോജനപ്രദമായ എല്ലാ പച്ചപ്പുകളെയും സംരക്ഷിക്കണമെന്നാണ് ഈ ഹദീസ് കൊണ്ടുദ്ദേശിക്കുന്നതെന്ന് അബൂദാവൂദ് വിശദീകരിച്ചിട്ടുണ്ട്. മരുഭൂമിയില്‍ യാത്രക്കാര്‍ക്കും ജീവികള്‍ക്കും തണലേകുന്ന ഒരു ചെടി അനാവശ്യമായി മുറിക്കുന്നത് നരക ശിക്ഷക്ക് കാരണമാകുമെന്ന് സുനനു അബൂദാവൂദില്‍ വിശദീകരിക്കുന്നു.

സുരക്ഷ സാമൂഹ്യ നീതിയിലൂടെ

സാമൂഹ്യ സുരക്ഷിതത്വവും വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലുള്ള സഹവര്‍ത്വിത്തവും ഇസ്‌ലാം അംഗീകരിച്ചിട്ടുള്ളതാണ്. സാമൂഹ്യ നീതിയും സമത്വവും നടപ്പാക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. അതിന് വേണ്ടിയാണ് ജനങ്ങള്‍ പരസ്പരം അക്രമിക്കുന്നത് തടഞ്ഞിരിക്കുന്നതും അവകാശങ്ങളെ പവിത്രമാക്കിയിരിക്കുന്നതും. എല്ലാവര്‍ക്കും അവസര സമത്വം ഉറപ്പാക്കുന്നതോടൊപ്പം തന്നെ പരസ്പരം സംഘര്‍ഷത്തിനുള്ള കാരണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ധനികര്‍ക്കും ദരിദ്രര്‍ക്കുമിടയിലുള്ള വിടവ് ഇസ്‌ലാം കുറക്കുന്നുണ്ട്. പക്ഷപാതിത്വും ജനങ്ങളെ വര്‍ഗത്തിന്റെയോ പ്രദേശത്തിന്റെയോ മറ്റെന്തിന്റെയെങ്കലും പേരിലോ നിന്ദിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനാവശ്യമായ വിദ്യാഭ്യാസത്തിനും തൊഴില്‍ ചെയ്യുന്നതിനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുന്നതിനും അതില്‍ സ്വാതന്ത്യമുണ്ട്. അല്ലാഹു പറയുന്നു : ‘ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു.’ (അല്‍-ഇസ്‌റാഅ് : 70) പ്രസ്തുത ആദരവിന് നേരെയുള്ള എല്ലാ കയ്യേറ്റങ്ങളും അക്രമമാണ്. എല്ലാ തരത്തിലുള്ള അക്രമങ്ങളെയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു : ‘എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (അല്‍-ബഖറ : 190) മറ്റൊരിടത്ത് അല്ലാഹു പറയുന്നു : ‘അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല.’ (ആലുഇംറാന്‍ : 57) അക്രമത്തെ വിലക്കി കൊണ്ടുള്ള നിരവധി ഹദീസുകളും നമുക്ക് കാണാവുന്നതാണ്.

അക്രമത്തെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു തൈമിയ പറയുന്നു : ‘എല്ലാ നന്മകളും നീതിയുടെ പരിധിക്കുള്ളിലാണ്. എല്ലാ തിന്മകളും അക്രമത്തിന്റെ വൃത്തത്തിലും. അതുകൊണ്ട് എല്ലാ കാര്യത്തിലും ഓരോരുത്തര്‍ക്കും നിര്‍ബന്ധമായ കാര്യമാണ് നീതി. അക്രമം എല്ലാ കാര്യത്തിലും എല്ലാവര്‍ക്കും നിഷിദ്ധമാണ്. അക്രമം കാണിക്കുന്നത് മുസ്‌ലിമോ നിഷേധിയോ ആര് തന്നെയായാലും അത് അനുവദനീയമല്ല.’ അതുകൊണ്ട് തന്നെ ഒരാളെ അന്യായമായി വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതിന് തുല്ല്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു : ‘ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.’ (അല്‍-മാഇദ : 32)

എല്ലാവര്‍ക്കും വിജ്ഞാനവും തൊഴിലും അവസരങ്ങളുമുള്ള ഒരു മനുഷ്യ സമൂഹത്തെയാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. അല്ലാഹു പറയുന്നു : ‘അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാവുക സാധ്യമാണോ?ഭ28 ബുദ്ധിയുള്ളവര്‍ മാത്രമേ ഉദ്‌ബോധനം സ്വീകരിക്കൂ.’ (39 : 9) അറിവുള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കുകയാണ് ഈ ഖുര്‍ആന്‍ സൂക്തം ചെയ്യുന്നത്. എന്നാല്‍ അതൊരിക്കലും ഏതെങ്കിലും വ്യക്തികളെയോ വിഭാഗത്തെയോ മാത്രം സവിശേഷമായി ഉദ്ദേശിച്ചുള്ളതല്ല. ‘നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്തുകൊള്ളുക,(അല്‍-ജുമുഅ : 10)

‘അവനാണ് ഭൂമിയെ നിങ്ങള്‍ക്കു മെരുക്കിത്തന്നത്. അതിന്റെ മാറിലൂടെ നടന്നുകൊള്ളുവിന്‍. ദൈവം തന്ന വിഭവം ആഹരിച്ചുകൊള്ളുവിന്‍.’ (അല്‍-മുല്‍ക് : 15) എല്ലാവര്‍ക്കും തൊഴിലെടുക്കാനും സമ്പാദിക്കാനുള്ള അവസരം ഒരുക്കുകയാണ് ഈ സൂക്തങ്ങള്‍ ചെയ്യുന്നത്.

തിന്മകളില്ലാത്ത നന്മയും ഐശ്വര്യവും കളിയാടുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു : ‘സത്യവിശ്വാസികളുടെ സമാജത്തില്‍ അശ്ലീലം പരത്താനാഗ്രഹിക്കുന്നവര്‍ ഇഹത്തിലും പരത്തിലും നോവേറിയ ശിക്ഷക്കര്‍ഹരാകുന്നു.’ (അന്നൂര്‍ : 19) വ്യക്തികളെയോ വിഭാഗങ്ങളെയോ പരസ്പരം വേര്‍തിരിക്കാത്ത സാമൂഹ്യ നീതി സ്ഥാപിക്കുന്നതിനാണ് ഇസ്‌ലാം പരിശ്രമിക്കുന്നതെന്ന് ചുരുക്കം.

അവകാശങ്ങള്‍ ആവശ്യപ്പെടുന്നത് പലപ്പോഴും security 150×150 സാമൂഹ്യ സുരക്ഷിതത്വം വിശുദ്ധ ഖുര്‍ആനില്‍സംഘട്ടനത്തിലേക്ക് നയിക്കാറുണ്ട്. അവകാശങ്ങളുമായി ബന്ധിപ്പിക്കാതെ ബാധ്യകള്‍ നിര്‍വഹിക്കണമെന്ന് ശാഠ്യം പിടിക്കുമ്പോള്‍ അക്രമത്തിനും ചൂഷണത്തിനും അത് കാരണമാകുന്നു. ഇവിടെയാണ് ഇസ്‌ലാം അവകാശങ്ങളെ ബാധ്യതകളുമായി ബന്ധിപ്പിക്കുന്നത്. ഓരോ മനുഷ്യന്റെയും ബാധ്യതകളും അവകാശങ്ങളും ഇസ്‌ലാം പരിചയപ്പെടുത്തുന്നു. ഓരോ അവകാശത്തിനും മറുവശത്ത് ഒരു ബാധ്യതയും ഉണ്ടെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ‘സ്ത്രീകള്‍ക്ക് ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ അവകാശമുള്ളതുപോലെത്തന്നെ.’ (അല്‍-ബഖറ : 228) പുരുഷന്‍മാര്‍ക്ക് സ്ത്രീകളുടെ മേല്‍ അവകാശങ്ങളുള്ള പോലെ സ്ത്രീകള്‍ക്ക് തിരിച്ച് പുരുഷന്‍മാരുടെ മേലും അവകാശങ്ങളുണ്ടെന്നാണ് ഇതിലൂടെ പഠിപ്പിക്കുന്നത്.

സമാധാനം സാമൂഹ്യ ബന്ധങ്ങളിലൂടെ

സാമൂഹ്യ ബന്ധമാണ് ഒരു സമൂഹത്തില്‍ ഒന്നിച്ചു ജീവിക്കുന്ന വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള ബാധ്യത വളരെ സൂക്ഷ്മമായി അത് പ്രതിപാദിക്കുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍, അയല്‍വാസിക്ക് നന്മ ചെയ്യല്‍, ആവശ്യക്കാരനെ സഹായിക്കല്‍, നന്മ കല്‍പിക്കല്‍ തിന്മ തടയല്‍ തുടങ്ങിയ കല്‍പനങ്ങള്‍ ഇഹത്തിലും പരത്തിലുമുള്ള നന്മ ലക്ഷ്യമാക്കിയുള്ളതാണെന്ന് ചുവടെ പറയുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.

‘അല്ലാഹു നിലനിര്‍ത്തുവാനാജ്ഞാപിച്ച ബന്ധങ്ങളെ38 നിലനിര്‍ത്തുകയും റബ്ബിനെ ഭയപ്പെടുകയും അവങ്കല്‍നിന്നു മോശമായ വിചാരണയുണ്ടാകുന്നതിനെ ഭയപ്പെടുകയും ചെയ്യുന്നവരാകുന്നു ബുദ്ധിമാന്മാര്‍.’ (13 : 21)

‘ഓര്‍ക്കുക: ഇസ്രാഈല്‍ മക്കളില്‍നിന്നു നാം ദൃഢപ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു; അല്ലാഹുവിനല്ലാതെ നിങ്ങള്‍ ഇബാദത്തു ചെയ്യരുത്, മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി വര്‍ത്തിക്കണം, ജനങ്ങളോട് നല്ലതു പറയണം.’ (2 : 83)

‘ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍. യാതൊന്നിനെയും അവന്റെ പങ്കാളിയായി കല്‍പിക്കാതിരിക്കുവിന്‍. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍. ബന്ധുക്കളായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനതയിലുള്ള ദാസിദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍.’ (4 : 36)

‘പ്രവാചകന്‍, അവരോടു പറയുക: ഭവരുവിന്‍, റബ്ബ് നിങ്ങളുടെ മേല്‍ ചുമത്തിയ നിബന്ധനകളെന്തൊക്കെയാണെന്ന് ഞാന്‍ കേള്‍പ്പിക്കാം. ഒന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക.’ (6 : 151)

‘പ്രവാചകന്‍, അവരോടു പറയുക: ഭവരുവിന്‍, റബ്ബ് നിങ്ങളുടെ മേല്‍ ചുമത്തിയ നിബന്ധനകളെന്തൊക്കെയാണെന്ന് ഞാന്‍ കേള്‍പ്പിക്കാം. ഒന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക.’ (46 : 15)

മഹാനായ ലുഖ്മാന്‍ തന്റെ മകന് നല്‍കുന്ന ഉപദേശം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക ‘മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ. നീ ആളുകളില്‍നിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയില്‍ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല. നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദംതന്നെ.’ (31 : 17-19)

മുസ്‌ലിംകളോട് മാത്രം നീതി കാണിക്കാനും നന്മയില്‍ വര്‍ത്തിക്കാനുമല്ല ഖുര്‍ആന്‍ കല്‍പിക്കുന്നത്. അല്ലാഹു പറയുന്നു ‘മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു.’ (60 : 8) അവരോട് നീതി കാണിക്കണമെന്ന് മറ്റൊരിടത്ത് ആവശ്യപ്പെടുന്നത് കാണുക : ‘അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനുവേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍ ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്.’ (5 : 8

സാമൂഹ്യ ക്ഷേമം സാക്ഷാല്‍കരിക്കുന്നതിന് മുസ്‌ലിംകളും മുസ്‌ലിംകളല്ലാത്തവരും പരസ്പരം സഹകരിച്ച് ജീവിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതിന്റെ ഗുണങ്ങള്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായിരിക്കും. ദുര്‍ബലരെയും ആവശ്യക്കാരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജാഹിലിയാ കാലത്തുണ്ടാക്കിയ ഫുദൂല്‍ ഉടമ്പടിയുടെ പ്രസക്തിയും അത് തന്നെയായിരുന്നു. അതിനെ കുറിച്ച് പ്രവാചകന്‍(സ) പറഞ്ഞതായി ത്വല്‍ഹഃ ബിന്‍ അബ്ദുല്ലാഹ് ബിന്‍ ഔഫ് റിപോര്‍ട്ട് ചെയ്യുന്നു : ‘മേത്തരം ചുവന്ന ഒട്ടകങ്ങളേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു ഉടമ്പടിക്ക് അബ്ദുല്ലാഹ് ബിന്‍ ജുദ്ആന്റെ വീട്ടില്‍ വെച്ച് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഞാന്‍ അതിലേക്ക് വിളിക്കപ്പെടുന്നത് ഇസ്‌ലാമിലായിരുന്നെങ്കിലും ഞാന്‍ അതിനുത്തരം നല്‍കുമായിരുന്നു.’

എല്ലാ തരത്തിലും സാമൂഹ്യ സുരക്ഷയെ ഇസ്‌ലാം പരിഗണിച്ചിട്ടുണ്ടെന്ന് വളരെ വ്യക്തമാണ്. പരസ്പരം വെറുപ്പും വിദ്വേഷവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഓരോ വ്യക്തിക്കും അവന്റെ മതമോ ജാതിയോ ഗോത്രമോ നാടോ നോക്കാതെ അവകാശം അനുവദിച്ചു കൊടുക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാമെന്നതില്‍ ഒരു സംശയവുമില്ല.

ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി

ആഡംബരപ്രമത്തതയും നാശവും”

എ.എസ്.ഹലവാനി

വിശ്വഹാസ്യചലച്ചിത്രനടനായ ചാര്‍ലിചാപ്ലിന്‍ തന്റെ ആത്മകഥയില്‍  ഇപ്രകാരം എഴുതി: ‘ആഡംബരസംഗതികളുമായി കെട്ടുപിണഞ്ഞുജീവിക്കുകയെന്നത് ഏറ്റവും ദുഃഖകരമായ കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു’ തത്ത്വചിന്തകനായ ഖലീല്‍ജിബ്രാന്‍ അതിനെപ്പറ്റി പറഞ്ഞത് ഇങ്ങനെ: ‘സുഖാഡംബരങ്ങളോടുള്ള ആസക്തി വീട്ടില്‍ ആദ്യം അതിഥിയെന്നോണം കടന്നുവരും . പിന്നീട് അത് ആതിഥേയനാകും. തുടര്‍ന്ന് യജമാനനും’.ചാപ്ലിന്‍ ലക്ഷ്വറിജീവിതത്തിന്റെ അപകടത്തെക്കുറിച്ചോര്‍ത്ത് ഭയപ്പെട്ടുവെങ്കില്‍ ജിബ്രാന്‍ അതെങ്ങനെ മനുഷ്യനെ കീഴ്‌പ്പെടുത്തുന്നുവെന്ന് വിശദീകരിക്കുകയായിരുന്നു. ഇത് ആഡംബരപ്രമത്തതയുടെ വ്യക്തിപരമായ ദോഷങ്ങളാണെങ്കില്‍ ഒരു രാഷ്ട്രത്തെ അത് എങ്ങനെ നശിപ്പിക്കുന്നുവെന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

എന്താണ് ആഡംബരമെന്നും അതിന്റെ പ്രകടഭാവങ്ങളെന്തെന്നും അതിന്റെ പ്രതിലോമസ്വഭാവമെന്തെന്നും ഖുര്‍ആനും സുന്നത്തും വിവരിച്ചിട്ടുണ്ട്.

‘ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്‍പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു. അങ്ങനെ, നാമതിനെ തകര്‍ത്ത് തരിപ്പണമാക്കുന്നു’.(അല്‍ ഇസ്‌റാഅ് 16) . ദേശരാഷ്ട്രങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതെന്താണെന്ന് ഖുര്‍ആന്‍ ഇവിടെ അസന്ദിഗ്ധമായി വെളിപ്പെടുത്തുന്നു. സമ്പത്തുള്ള ഒരുവിഭാഗം ആളുകള്‍ ധാരാളിത്തത്തിന്റെയും  അധമമായ ആഡംബരത്തിന്റെയും മാര്‍ഗത്തില്‍ ചരിക്കാന്‍ തുടങ്ങും. അത് കാലക്രമേണ സമൂഹത്തെ ഛിന്നഭിന്നമാക്കുകയും അനീതി നടമാടാന്‍ വഴിയൊരുക്കുകയുംചെയ്യും.

നീചവും അന്യായവുമായ മാര്‍ഗങ്ങളിലൂടെ സമ്പത്തും അധികാരവും കൈപിടിയിലൊതുക്കുന്ന ആധിപത്യമനോഭാവമുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ സത്യത്തെ പൂര്‍ണമായി അംഗീകരിക്കാന്‍ മടികാണിക്കുന്നവരായിരിക്കും. ഇത് അവരുടെ താന്‍പോരിമയെയും അധാര്‍മികവൃത്തിയെയും ഊട്ടിവളര്‍ത്തുന്നു. ഇതിന്റെ അനന്തരഫലമെന്നോണം അക്രമികളായ പ്രമാണിമാര്‍ സമൂഹത്തിലെ പരിഷ്‌കര്‍ത്താക്കള്‍ക്കെതിരെ നീങ്ങുന്നു. നന്‍മകല്‍പിക്കാനും മ്ലേച്ഛവൃത്തികള്‍വിലക്കാനും തയ്യാറായവര്‍ ക്രമേണ തങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതരാകുന്നു. അധികാരം, സമ്പത്ത്, താന്‍പോരിമ, സ്വാര്‍ഥത എന്നിവ എന്നത്തേക്കാളുമേറെ സമൂഹത്തില്‍ സ്വാധീനശക്തിയാവുകയും ആളുകള്‍ വീരാരാധന, നുണ,കാപട്യം,നിഷേധം എന്നിവയില്‍ അഭിരമിക്കുകയുംചെയ്യും. അതിനുപുറമെ, കൈക്കൂലി, ഫണ്ട് ദുരുപയോഗം, പൊതുമുതല്‍അപഹരണം, അധികാരദുര്‍വിനിയോഗം എന്നിവ സമൂഹത്തില്‍ സര്‍വസാധാരണമാകും. ആത്മീയ-ധാര്‍മികമൂല്യങ്ങള്‍ക്കൊന്നുംയാതൊരു വിലയുമില്ലാതാകും. ധാര്‍മികബോധവത്കരണത്തിനുതകുന്ന എല്ലാ മാര്‍ഗങ്ങളും കൊട്ടിയടക്കപ്പെടും. അധാര്‍മികതയും അശ്ലീലതയും സര്‍വത്ര അഴിഞ്ഞാടും. അതോടെ ആ നാടിന്റെ തകര്‍ച്ച പൂര്‍ണമാകും.

സ്‌പെയിനില്‍ മുസ്‌ലിംകള്‍ പരാജിതരായതിനും പുറത്താക്കപ്പെട്ടതിനും കാരണമായി ചരിത്രകാരനായ ജോസ് അേെന്റാാണിയോ തന്റെ ‘The Dominion of the Arabs in Spain: A History’ എന്ന പുസ്തകത്തില്‍ പറയുന്നത് ഇപ്രകാരമാണ്:’ തങ്ങളിലെ നന്‍മകള്‍ വിസ്മരിക്കുകയും അത്യധികമായി  ആഹ്ലാദരസങ്ങളില്‍ മുഴുകുകയും അധാര്‍മികവൃത്തികളില്‍ അഭിരമിക്കുകയുംചെയ്തതിനാല്‍ അറബികള്‍ പരാജിതരായി.’

ആഡംബരപ്രമത്തതയെ പണ്ഡിതനായ അല്‍ അസ്ഫഹാനി ‘അല്‍ മുഫ്‌റദാത് ഫീ ഗരീബില്‍ ഖുര്‍ആനി’ല്‍ നിര്‍വചിക്കുന്നതിപ്രകാരമാണ്: ‘ജീവിതം അത്യന്തം സുഖകരവും അനായാസവും ആക്കുന്നതിന് വേണ്ട സൗകര്യങ്ങളുടെ സമാഹരണമാണ് അത്.’ദൈവം തമ്പുരാന്‍ നമുക്ക് നിശ്ചയിച്ചുതന്നിട്ടുള്ള പ്രകൃതിപരമായ അതിര്‍വരമ്പുകളെ ലംഘിക്കുന്നതാണ് അത്തരം ജീവിതം. നബിതിരുമേനി (സ) യമനിലേക്ക് മുആദ്ബ്‌നുജബലിനെ ഗവര്‍ണറായി അയക്കുന്നവേളയില്‍ പറയുകയുണ്ടായി:’മുആദ്, സുഖലോലുപതയെ സൂക്ഷിക്കുക, അല്ലാഹുവിനെ കീഴൊതുങ്ങിജീവിക്കുന്നവര്‍ ആഡംബരജീവിതം നയിക്കുന്നവരല്ല'(അഹ്മദ്)

ആഡംബരത്തെ ഖുര്‍ആനില്‍ എട്ടിടങ്ങളില്‍  അഭിശംസിക്കുന്നുണ്ടെങ്കിലും അതിനെ വിലക്കുന്നതായി കാണുന്നില്ല. അതേസമയം അത്തരത്തില്‍ ധൂര്‍ത്തും, അമിതഭോജനവും ആര്‍ത്തിയുമായി അത് സുഖപ്രമത്തതയിലേക്ക് കടന്നുകയറുന്നതിനെ അത് വിലക്കുന്നു. അല്ലാഹു പറയുന്നത് കാണുക:’ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക.  തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ അവര്‍ക്കു മാത്രവും.'(അല്‍അഅ്‌റാഫ് 31,32) നബിപത്‌നി ആഇശ(റ)യുടെ റിപോര്‍ട്ടില്‍ ഇങ്ങനെ കാണാം:’അല്ലാഹുവിന്റെ ദൂതന് തേനും മധുരപലഹാരങ്ങളും ഇഷ്ടമായിരുന്നു'(അല്‍ ബുഖാരി)

ജീവിതത്തില്‍ ധാര്‍മികമൂല്യങ്ങളെ ഹനിക്കുന്ന, അനീതിയെ ത്വരിപ്പിക്കുന്ന, കൃതഘ്‌നതയും അഹങ്കാരവും തന്‍പ്രമാണിത്തവും അമിതഭോഗാസക്തിയും വര്‍ധിപ്പിക്കുന്ന അതിരുകവിച്ചിലിനെ ഇസ്‌ലാം അകറ്റിനിര്‍ത്തുന്നു. പരലോകത്തെയും ,സ്രഷ്ടാവിനെയും, മതവിശ്വാസത്തെയും മരണത്തെയും ഖബ്‌റിനെയും വിസ്മരിക്കുന്ന എല്ലാ സുഖസൗകര്യങ്ങളെയും അത് വെറുക്കുന്നു.

പ്രവാചകന്‍ തിരുമേനി(സ) പറഞ്ഞതായി അബൂമാലിക് അല്‍അശ്അരി എഴുതുന്നു:’എന്റെ അനുയായികളില്‍ ഒരു വിഭാഗം അവസാനനാളുകളില്‍ അവിഹിതവേഴ്ചകളെയും പട്ടുവസ്ത്രധാരണത്തെയും മദ്യസേവയെയും  സംഗീതോപകരണങ്ങളെയും ഹലാലാക്കുന്നവരായിരിക്കും.'(അല്‍ബുഖാരി)

‘എന്റെ സമുദായം എല്ലാവിധ പ്രമത്തതയോടെയും വിഹരിക്കും. പേര്‍ഷ്യയുടെയും റോമയുടെയം സന്താനങ്ങള്‍ അവരെ സേവിക്കാനുണ്ടാകും. അന്ന് സമുദായത്തിലെ അധര്‍മകാരികളായിരിക്കും സച്ചരിതരായ വിശ്വാസികളുടെമേല്‍ ആധിപത്യം വാഴുന്നത് ‘(തിര്‍മിദി)

നബിതിരുമേനി(സ)പറഞ്ഞതായി അല്‍ മിഖ്ദാമിബ്‌നുമഅ്ദികരീബ് അല്‍കിന്ദി റിപോര്‍ട്ടുചെയ്യുന്നു:’തന്റെ ആമാശയത്തെക്കാള്‍ മോശമായ പാത്രമൊന്നും ആദംസന്തതി നിറച്ചിട്ടില്ല. ആദംസന്തതിക്ക് തന്റെ നടുനിവര്‍ത്താനാവശ്യമായ ഏതാനും ഉരുളകള്‍ മതി. ഇനി അതിനേക്കാള്‍ കൂടുതല്‍ അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആമാശയത്തിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും ബാക്കി വായുവിനും നീക്കിവെച്ചുകൊള്ളട്ടെ.'(നസാഈ, തിര്‍മിദി)

ബാലലൈംഗിക പീഡനം

‘അതൊരു ദുസ്വപ്‌നം പോലെയായിരുന്നു. ഞാന്‍ തീരെ ചെറുതായിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. അന്നെനിക്ക് എത്ര വയസ്സുണ്ടെന്നു പോലും ഓര്‍മ്മയില്ല. എന്റെ മാതാപിതാക്കള്‍ എന്നെ അവരുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കുമായിരുന്നു. അവിടെ വരാറുണ്ടായിരുന്ന ഒരു അകന്ന ബന്ധു വീട്ടിലെ ഒരു ഇരുട്ടു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകും. കളിക്കുകയാണെന്നാണ് അയാള്‍ പറയുക. വളരെ വൈകിയാണ് അയാളെ മനസ്സിലാക്കാനായത്. മാതാപിതാക്കളോടു തുറന്നു പറയാന്‍ ഞാന്‍ മടിച്ചു. അതേ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാണ്.’ കുഞ്ഞു നാളില്‍ തനിക്കേറ്റ ലൈംഗിക പീഡനത്തിന്റെ കറുത്ത നൊമ്പരങ്ങള്‍ പങ്കുവയ്ക്കുകയാണ് ഒരു യുവതി. സമാനമായ അനുഭവങ്ങള്‍ നാനാ കോണില്‍ നിന്നും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്കെതിരെ മുതിര്‍ന്നവരില്‍ നിന്നുണ്ടാകുന്നു. ഇവിടെ മാതാപിതാക്കളാണ് കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടത്.

കുട്ടികള്‍ കള്ളം പറയില്ല

കുട്ടികള്‍ കള്ളം പറയില്ലെന്നത് ഒരു പൊതുതത്ത്വമാണ്. അവര്‍ ഒരു കാര്യം പറയാന്‍ ശ്രമിക്കുമ്പോള്‍  ഉദാഹരിക്കുകയും താരതമ്യം ചെയ്യുന്നതുമായ കഥകള്‍ ഭാവനകളല്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും സംഭവിച്ച കാര്യങ്ങളില്‍ നിന്നാണ് അവ വരുന്നത്. കുട്ടികള്‍ പറയുന്ന കഥകള്‍ ഭാവനയാണെന്ന് മാതാപിതാക്കള്‍ കരുതുന്നു. ശരിയാണ് കുട്ടികള്‍ക്ക് നല്ല ഭാവനയുണ്ട്. എന്നാല്‍ അവരുടെ ഭാവനകള്‍ യഥാര്‍ത്ഥ കഥകളില്‍ നിന്നും സംഭവങ്ങളില്‍ നിന്നും ഉണ്ടാകുന്നതാണ്. ഒരു തുമ്പിയെ നേരില്‍ കാണാതെ അവര്‍ ഒരിക്കലും അതെക്കുറിച്ച് വിവരിക്കില്ല. കുട്ടികള്‍ തങ്ങള്‍ കണ്ട കാര്യങ്ങളില്‍ പൊടിപ്പും തൊങ്ങലും  ചേര്‍ക്കുന്നുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തു നിന്നാണ് അവര്‍ അതിനെ കുറിച്ചു പഠിക്കുന്നത്. അതിനാല്‍ കുഞ്ഞുങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചു കേള്‍ക്കുകയും അവയില്‍ മറ്റുള്ളവരുടെ അസാധാരണമായ സാമീപ്യവും സമീപനവും പരാമൃഷ്ടമെങ്കില്‍ തീര്‍ച്ചയായും കുഞ്ഞിനെ കുറിച്ചു കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

ആരെ വിശ്വസിക്കണം ?

കുട്ടികള്‍ക്കെതിരിലുള്ള അതി സങ്കീര്‍ണ്ണമായ ആക്രമണമാണ് ലൈംഗികാതിക്രമം. തന്നെ ഉപദ്രവിച്ച ആളെ കുറിച്ചു പറയുമ്പോള്‍ തന്നെ കുട്ടിക്ക് വലിയ കുറ്റബോധവും ലജ്ജയുമുണ്ടാകാം. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ കഴിയാതെ വരാം. പ്രധാന കാര്യം, ഇത്തരം ആക്രമണങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത് നമുക്ക് നല്ല വിശ്വാസമുള്ളവരില്‍ നിന്നായിരിക്കുമെന്നതാണ്. അയാളോടുള്ള വെറുപ്പ് എല്ലാവരോടുമുള്ള വെറുപ്പും വിദ്വേഷവുമായി പരിവര്‍ത്തിക്കപ്പെട്ടേക്കാം.

ഇരകള്‍ അപലപിക്കപ്പെടുന്നു

ഇത്തരം സന്ദര്‍ഭങ്ങളില്‍ പീഡനത്തിന് ഇരകളാകുന്ന കുട്ടികള്‍ അപലപിക്കപ്പെടുന്ന പ്രവണതയുമുണ്ട്. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ കൂടിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ നിന്ദിക്കുകയോ ശകാരിക്കുന്നതിനോ പകരം അവര്‍ക്ക് വേണ്ടത്ര ആശ്വാസവും സുരക്ഷിതത്വവും നല്‍കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മാതാപിതാക്കള്‍ സന്നദ്ധരാകണം. ലൈംഗികമായ കാര്യങ്ങള്‍ കുട്ടികള്‍ പറയാന്‍ മുതിരുന്നുവെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാവുകയും അവരെ പറയാന്‍ അനുവദിക്കുകയും ചെയ്യുക. അവരുടെ മനസ്സില്‍ ഉള്ളത് പുറത്തു വരാന്‍ അനുവദിക്കുക. നടന്നുപോയ അനിഷ്ടകരമായ സംഭവത്തിന് താനാണ് ഉത്തരവാദിയെന്ന് കുട്ടിക്ക് കുറ്റബോധം ഉണ്ടാകാന്‍ അവസരം നല്‍കരുത്. അതിന്റെ പേരില്‍ കുട്ടിയെ മോശമായികാണുന്ന പ്രവണതയും ഉണ്ടാകവതല്ല.

കുട്ടിയെ പീഡിപ്പിക്കുന്നവര്‍ സ്വാഭാവികമായും അത് പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുും. അതിനാല്‍ കുട്ടി പലപ്പോഴും പറയാതിരിക്കുകയായിരിക്കും പതിവ്. എന്നാല്‍ അറിയാതെ പുറത്തുപറയുന്നകാര്യങ്ങളിലൂടെ മതാപിതാക്കള്‍ സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് എത്തിപ്പെടാനാണ് ശ്രമിക്കേണ്ടത്. തന്റെ മാതാപിതാക്കളുടെ അടുത്ത്  സുരക്ഷയുണ്ടെന്ന് വന്നാല്‍മാത്രമേ കുട്ടികള്‍ കാര്യങ്ങള്‍ തുറന്നുപറയുകയുള്ളൂ.

അനന്തര ഫലം

പീഡനത്തിരയാകുന്ന കുട്ടികള്‍ പലപ്പോഴും വിഷാദത്തിന് അടിപ്പെടാറുണ്ട്. വളരെ നേരത്തെയാണെങ്കില്‍ അവരെ രക്ഷപ്പെടുത്തിയെടുക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എല്ലാവരെയും അനാവശ്യമായി സംശയിക്കേണ്ടതില്ല. എന്നാല്‍ അന്യരോടൊപ്പം കുട്ടി തനിച്ചാകുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക.

താഴെ കാണുന്ന ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കണം

1.നടക്കാനും ഇരിക്കാനും പ്രയാസമുണ്ടാകുക

2.കുട്ടിയുടെ പ്രായത്തിന് ചേരാത്ത രീതിയില്‍ സെക്‌സിനോടു താല്‍പ്പര്യമുള്ള ചേഷ്ടകള്‍ കാണിക്കുക

3.മാതാപിതാക്കളുടെ മുമ്പില്‍ വച്ച് വസ്ത്രങ്ങള്‍ മാറാന്‍ മടികാണിക്കുക.

4.പഠനകാര്യങ്ങളില്‍ താല്‍പ്പര്യം കുറയുക.നിസ്സാരകാരണങ്ങള്‍ പറഞ്ഞ് സ്‌കൂളില്‍ പോകാതിരിക്കുക.

5.ക്ലാസില്‍ മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ അധ്യാപകന്‍ നിരന്തരം പരാതിപറയുക.

കരുണ

ഇസ്‌ലാമിക ശരീഅത്തിന്റെ ഏറ്റവും സുപ്രധാനമായ ലക്ഷ്യം പരസ്പരമുള്ള ഇണക്കവും കരുണയുമാണെന്ന് അവ പരിശോധിക്കുന്നവന് ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. പിളര്‍പ്പും ഛിദ്രതയും വിയോജിപ്പും ശത്രുതയും, വെറുപ്പും ഉപേക്ഷിക്കമെന്ന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അടിക്കടി കല്‍പിക്കുന്നുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘വ്യക്തമായ തെളിവുകള്‍ വന്നെത്തിയ ശേഷം ഭിന്നിച്ച് പല കക്ഷികളായിപ്പിരിഞ്ഞവരെപ്പോലെ നിങ്ങളാവരുത്.  അവര്‍ക്ക് കൊടിയ ശിക്ഷയുണ്ട്'(ആലുഇംറാന്‍ 105). തിരുമേനി(സ) അരുള്‍ ചെയ്യുന്നു:’നിങ്ങള്‍ ഭിന്നിക്കരുത്, നിങ്ങളുടെ ഹൃദയം ഛിദ്രിക്കാനത് കാരണമാവുന്നതാണ്’. കാരുണ്യത്തെയും, നൈര്‍മല്യത്തെയും, ലോലമനസ്‌കതയെയും പ്രശംസിച്ച് ഖുര്‍ആന്‍ പറയുന്നു:’അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും, കഠിനമനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു.  അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുക’. (ആലുഇംറാന്‍ 159).

കാണിക്കുന്നവരോടാണ് പരമകാരുണകന്‍ കരുണ ചെയ്യുകയെന്നും തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. പക്ഷെ നമ്മുടെ നിലവിലുള്ള സമൂഹം കഠിനമനസ്‌കരുടേതാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. നമ്മോട് ആരെങ്കിലും വിയോജിപ്പ് പുലര്‍ത്തിയാല്‍ നാമവരോട് വിദ്വേഷം പ്രകടിപ്പിക്കുന്നു. നാം ഭരണത്തില്‍ അക്രമം പ്രവര്‍ത്തിക്കുകയും ഇടപാടുകളില്‍ പിടിവാശിപുലര്‍ത്തുകയും  ചെയ്യുന്നു. ആരുടെയെങ്കിലും വാക്കോ പ്രവൃത്തിയോ നമുക്ക് ഇഷ്ടപ്പെടാതിരുന്നാള്‍ നാം അയാളെ കടന്നാക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. ജനങ്ങളെല്ലാവരും എല്ലാ കാര്യത്തിലും നമ്മോട് യോജിക്കണമെന്നാണോ നാം നിര്‍ബന്ധം പിടിക്കുന്നത്? അവര്‍ നമ്മെ തൃപ്തിപ്പെടുത്തി നമ്മളുമായി അനുനയത്തില്‍ നിലകൊള്ളണമന്നാണോ നാം ശാഠ്യംപിടിക്കുന്നത്? നമ്മുടെ ചിന്തകള്‍ അപ്രമാദിത്വം കല്‍പിക്കേണ്ടവിധം ആകാശത്ത് നിന്നിറങ്ങിയ ദൈവകല്‍പനകളാണോ? സത്യം എല്ലായ്‌പ്പോഴും നമ്മുടെ കൂടെയാണ് എന്ന് നമുക്ക് അവകാശവാദമുണ്ടോ? നാം മനസ്സിലാക്കേണ്ടത് അല്ലാഹുവിന്റെ കാരുണ്യം എല്ലാറ്റിനേക്കാളും വിശാലമാണ് എന്നതാണ്.

നമ്മുടെ ഇടുങ്ങിയ മനസ്സിനേക്കാള്‍ വിശാലമാണ് ഇസ്‌ലാം. പരസ്പരം ചേരാനും, പരിചയപ്പെടാനും അടുക്കാനുമാണ് ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്നത്. നാം നമ്മോടുതന്നെ കരുണ കാണിക്കുകയും, കര്‍മങ്ങള്‍ സംസ്‌കരിക്കുകയും, നിലപാടുകളെ പ്രതിരോധിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ നാം കാര്‍ക്കശ്യവും, പാരുഷ്യവുമാണ് പ്രകടിപ്പിക്കുന്നത്. നാമവരെ വിചാരണ ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ നിലപാടുകളുടെ പേരില്‍ അടച്ചാക്ഷേപിക്കുകയും ഖേദപ്രകടനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു.

ഇബ്‌നു നുഐമാന്‍ തിരുമേനി(സ)യുടെ കൂടെ ഇരിക്കുകയായിരുന്നു. ഒട്ടേറെ തവണ മദ്യപിച്ച അദ്ദേഹത്തിന് മേല്‍ ശിക്ഷ നടപ്പാക്കാന്‍ കൊണ്ടുവന്നതാണ്. അതിനിടെ ഒരാള്‍ അദ്ദേഹത്തെ ആക്ഷേപിച്ചു. അപ്പോള്‍ തിരുമേനി(സ) പറഞ്ഞു:’നിങ്ങളദ്ദേഹത്തെ ശകാരിക്കരുത്. അദ്ദേഹം അല്ലാഹുവിനെയും അവന്റെ ദൂതനെയും ഇഷ്ടപ്പെടുന്നവനാണ്’. പക്ഷെ ദുഖകരമെന്ന് പറയട്ടെ, ചിലപ്പോഴൊക്കെ നാം കുറ്റവാളിയെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കാറ്. നമ്മുടെ നിരുത്തരവാദപരമായ പെരുമാറ്റം കുറ്റവാളിയെ വീണ്ടും തെറ്റിലേക്ക് തന്നെയാണ് തള്ളിവിടുക. നമ്മുടെ കാര്യത്തില്‍ തെറ്റുചെയ്തവര്‍ക്ക് മാപ്പ് നല്‍കാന്‍ നമുക്ക് മടിയാണ്. എന്നല്ല അത്തരക്കാര്‍ക്ക് മേല്‍ കഠിനവും, ശക്തവുമായ ആക്രമണവും, ഭീഷണയും ശകാരവുമാണ് നാം അഴിച്ചുവിടാറുള്ളത്.

ഒരു തെറ്റും ചെയ്യാത്ത പ്രവാചകന്മാരോ, പരിശുദ്ധരായ മാലാഖമാരോ ആണ് നാമൊക്കെ എന്ന രീതിയിലാണ് നമ്മുടെ സമീപനങ്ങള്‍. എന്തു കൊണ്ട് നമുക്ക് നമ്മുടെ മനുഷ്യത്വത്തെയും ന്യൂനതയെയും പോരായ്മയെയും അംഗീകരിച്ചുകൂടാ? തെറ്റുചെയ്തവന് പൊറുത്തുനല്‍കുകയും നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുകയും ചെയ്താല്‍ മാത്രമെ ആരോഗ്യകരമായ ഒരു സമൂഹത്തെ നമുക്ക് നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. പ്രവാചകന്‍(സ)യുടെ കരുണ, വിട്ടുവീഴ്ച, വിവേകം തുടങ്ങിയവ പഠിച്ചാല്‍ നമുക്ക് വിസ്മയം തോന്നുന്നതാണ്. അല്ലാഹു അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് ‘തീര്‍ച്ചയായും താങ്കള്‍ ഉന്നതസ്വഭാവമുള്ളവനാണ്’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. നാം ആരോടെങ്കിലും തര്‍ക്കിച്ചാല്‍ പ്രതിയോഗിക്ക് തന്റെ ന്യായം ബോധിപ്പിക്കാനോ, സന്ധി ചെയ്യാനോ, സംവദിക്കാനോ അവസരം നല്‍കാറില്ല. മറിച്ച് കരുണയുടെ എല്ലാ പാശവും മുറിച്ചുകളയുകയും വിട്ടുവീഴ്ചയുടെയും പരസ്പരബഹുമാനത്തിന്റെയും പാലം തകര്‍ത്തുകളയുകയുമാണ് നാം ചെയ്യാറ്. നമ്മുടെ കാരുണ്യ സമൂഹം എവിടെയാണ്? നമുക്ക് ആരാണ് പാപസുരക്ഷിതത്വം പതിച്ചുനല്‍കിയത്? നാമെപ്പോഴും ശരിയാണെന്ന് വിശ്വസിക്കാന്‍ എന്തുണ്ട് ന്യായം? ഇത് തീര്‍ത്തും ധിക്കാരവും അഹങ്കാരവും മാത്രമാണ്. മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട, മണ്ണിലേക്ക് തന്നെ മടങ്ങുന്ന വെറും അടിമകളാണ് നാമെന്ന  സത്യം എന്തുകൊണ്ട് അംഗീകരിച്ചുകൂടാ?

ക്രിസ്ത്യാനിയും മുസ്‌ലിമും

ബൈബിള്‍ അടിസ്ഥാനമാക്കി ജീവിക്കുന്ന ക്രിസ്ത്യന്‍ സഹോദരനും ഖുര്‍ആന്‍ അടിസ്ഥാനമാക്കി ജീവിക്കുന്ന മുസ്‌ലിമിനും ഒന്നിക്കേണ്ട നിരവധി പ്രധാന വിഷയങ്ങള്‍ രണ്ട് ഗ്രന്ഥങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഖുര്‍ആനും ബൈബിളിന്റെ മൂല ഗ്രന്ഥമായ തൗറാത്തും ഇഞ്ചീലും ഒരേ സ്രോതസ്സില്‍ നിന്ന് അഥവാ ഈ പ്രപഞ്ചം സൃഷ്ടിച്ചവനായ അല്ലാഹുവിന്റെ പക്കല്‍ നിന്ന് മനുഷ്യന് മാര്‍ഗദര്‍ശനമായി ലഭിച്ച ഗ്രന്ഥങ്ങളായത് കൊണ്ട് അതില്‍ സാമ്യതകള്‍ ഉണ്ടാവുക സ്വാഭാവികം.

തോറ അഥവാ തൗറാത്ത് എന്ന ഗ്രന്ഥം അതിന്റെ പേരു മുതല്‍ ഉള്ളടക്കത്തില്‍ വരെ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടും ഒരുപാട് അടിസ്ഥാന കാര്യങ്ങളില്‍ ഖുര്‍ആനുമായുള്ള അതിന്റെ സാമ്യത ഇന്നും നിലനില്‍ക്കുന്നു. ഇരു കൂട്ടര്‍ക്കും ഒന്നിക്കാവുന്ന നിരവധി വിഷയങ്ങള്‍ ഉണ്ട് എന്നര്‍ഥം. ഖുര്‍ആന്‍ വേദവിശ്വാസികളെ അഭിസംബോധന ചെയ്യുന്നത് ഇങ്ങനെയാണ്: ”പ്രവാചകന്‍ പറയുക: അല്ലയോ വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്ക് വരുവിന്‍, അതായത് അല്ലാഹു അല്ലാത്ത ആര്‍ക്കും ഇബാദത്ത് ചെയ്യാതിരിക്കുക, ആരെയും അവന്റെ പങ്കാളികളാക്കാതിരിക്കുക. നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവെക്കൂടാതെ റബ്ബുകളായി വരിക്കാതിരിക്കുക” (ആലുഇംറാന്‍ 64).

വിശുദ്ധ ഖുര്‍ആനും ബൈബിളും താരതമ്യം ചെയ്യുമ്പോള്‍ യോജിപ്പിന്റെ അത്തരം മേഖലകള്‍ നമ്മുടെ മുന്നില്‍ തെളിയുന്നു.

ആരാണ് ദൈവം? അവന്‍ എത്ര? ബൈബിളില്‍ പ്രതിപാദിച്ച യഹോവയും, ഖുര്‍ആനില്‍ പറഞ്ഞ അല്ലാഹുവും ഒന്നു തന്നെയാണെന്ന് ഇരു പ്രമാണങ്ങളും ചേര്‍ത്ത് വായിച്ചാല്‍ നമുക്ക് ബോധ്യമാകും. ആറ് നാളുകള്‍ കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചവനാണ് അല്ലാഹു. യഹോവയും അങ്ങനെ തന്നെ. യഹോവയെയും അല്ലാഹുവിനെയും കുറിച്ച് ഏകന്‍ എന്ന് വിശേഷിപ്പിക്കുന്നു. അവനു തുല്യരായി ആരും ഈ പ്രപഞ്ച സംവിധാനത്തിനു പിന്നില്‍ നിലകൊള്ളുന്നില്ല. ഈ കാഴ്ചപ്പാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് ഖുര്‍ആനും ബൈബിളും. ഹീബ്രുവില്‍ യഹോവ എന്നും അറബിയില്‍ അല്ലാഹു എന്നും ആയി എന്ന് മാത്രം.

യഹോവ ആരാണ്? ”നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. കെരുബുകള്‍ക്ക് മീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ദൈവമാകുന്നു” (1 രാജാക്കന്മാര്‍ 19:15).

അല്ലാഹു ആരാണ്? ”നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശ ഭൂമികളെ സൃഷ്ടിച്ചവനാണവന്‍” (ഖുര്‍ആന്‍ 7:54).

അവന്‍ ഏകനാണ് (ബൈബിള്‍). ”ഇസ്രായേലെ കേള്‍ക്ക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ” (ആവര്‍ത്തനം 6:4).

അവന്‍ ഏകനാണ് (ഖുര്‍ആന്‍) ”പറയുക: അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ പിതാവോ പുത്രനോ അല്ല. അവന് തുല്യരായി ആരും ഇല്ല” (ഖുര്‍ആന്‍, അധ്യായം 112).

ബൈബിളും എത്ര ശക്തമായാണ് ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കുന്നത് എന്ന് നോക്കൂ: ”ഞാന്‍, ഞാന്‍ മാത്രമേയുള്ള. ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോള്‍ കണ്ടുകൊള്ളുവിന്‍. ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു, ഞാന്‍ തകര്‍ക്കുന്നു, ഞാന്‍ സൗഖ്യമാക്കുന്നു. എന്റെ കൈയില്‍ നിന്ന് വിടുവിക്കുന്നവന്‍ ഇല്ല” (ആവര്‍ത്തനം 32:39). ഖുര്‍ആനിലും ബൈബിളിലുമായി ഇനിയും നിരവധി വാക്യങ്ങള്‍ ഈ വിഷയകമായി നിരത്താന്‍ സാധ്യമാണ്.

വിഗ്രഹം/പ്രതിഷ്ഠ നിര്‍മാണം

”ഇബ്‌റാഹീം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ചതോര്‍ക്കുക: നിങ്ങള്‍ പൂജിക്കുന്ന ഈ പ്രതിഷ്ഠകള്‍ എന്താണ്? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ പൂജിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലാണ്” (ഖുര്‍ആന്‍ 21:52-54). വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ വിഗ്രഹാരാധന പാടില്ല എന്ന് പറഞ്ഞിട്ടുള്ളത് പോലെ അല്ലാഹുവിനെ അല്ലാതെ ജീവനുള്ളതോ ഇല്ലാത്തതോ ആയ ഒന്നിനെയും വിളിച്ച് പ്രാര്‍ഥിക്കരുത് എന്നും കല്‍പിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള മുഴുവന്‍ പ്രവാചകന്മാരുടെയും ആഗമനം വിഗ്രഹാരാധനയെ എതിര്‍ത്തുകൊണ്ടും സര്‍വ ശക്തനായ അല്ലാഹുവിലേക്ക് വിളിച്ചുകൊണ്ടും ആയിരുന്നു

മോസസിന് നല്‍കിയ പത്ത് കല്‍പനകളിലും മറ്റും വിഗ്രഹാരാധനയെ ബൈബിള്‍ ശക്തമായി എതിര്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ”ആകാശത്തിനു കീഴിലുള്ളതോ ഭൂമിയിലുള്ളതോ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവര്‍ത്തിക്കരുത്” (ആവര്‍ത്തനം 4:18). വിഗ്രഹമുണ്ടാക്കി പ്രാര്‍ഥിക്കരുത് എന്നു മാത്രമല്ല, വിഗ്രഹം തന്നെ ഉണ്ടാക്കരുത് എന്നാണ് ബൈബിളിന്റെ നിര്‍ദേശം. ഇസ്‌ലാമിന്റെയും അധ്യാപനം അതു തന്നെയാണ്. ”നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ മറന്നു. നിന്റെ ദൈവമായ യഹോവ നിരോധിച്ച പോലെ യാതൊന്നിന്റെയും സദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍. നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ. തീക്ഷ്ണതയുള്ള ദൈവം തന്നെ” (ആവര്‍ത്തനം 4:23,24, 5:7-9, സങ്കീര്‍ത്തനങ്ങള്‍ 115:4,8) തുടങ്ങി നിരവധി വാക്യങ്ങളിലായി ബൈബിള്‍ വിഗ്രഹ നിര്‍മാണത്തെയും വിഗ്രഹം പ്രതിഷ്ഠിക്കുന്ന സമ്പ്രദായത്തെയും എതിര്‍ക്കുന്നുണ്ട്.

”ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുത്. മീതെ സ്വര്‍ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്ക് കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്. അവയെ നമസ്‌കരിക്കുകയോ സേവിക്കുകയോ അരുത്. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. എന്നെ സ്‌നേഹിച്ചു എന്റെ കല്‍പനകളെ പ്രമാണിക്കുന്നവര്‍ക്ക് ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യുന്നു” (പുറപ്പാട് 20:3-6).

പ്രാര്‍ഥന അല്ലാഹുവോട്/ യഹോവയോട് മാത്രം

പ്രാര്‍ഥന അല്ലാഹുവോട് മാത്രമെന്ന് ഖുര്‍ആന്‍. ബൈബിളും പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രമായിരിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നു. ”പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്” (ഖുര്‍ആന്‍ 72:19). ”പറയുക: ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ച് പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്റെ പങ്കാളിയാക്കുകയില്ല” (ഖുര്‍ആന്‍ 72:20).

ഒരിക്കല്‍ ശിഷ്യന്മാര്‍ യേശുവിനോട് പറഞ്ഞു: ”യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതു പോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കേണമേ” (ലൂക്കോസ് 11:1).

യേശു അവരോട് പറഞ്ഞു: ”നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ചൊല്ലേണ്ടത്; സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോട് ക്ഷമിക്കേണമേ” (ലൂക്കോസ് 11:2-4).

തന്നെ വിളിച്ച് പ്രാര്‍ഥിക്കണമെന്ന് യേശു ഒരിടത്തും പറഞ്ഞില്ല എന്ന് മാത്രമല്ല, യഹോവയോട് വിളിച്ച് പ്രാര്‍ഥിക്കാന്‍ അദ്ദേഹം കല്‍പിക്കുകയും ചെയ്തു.

”നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അറയില്‍ കടന്ന് വാതിലടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്‍ഥിക്കുക. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും” (മത്തായി 6:6). ”നിങ്ങള്‍ ഈ വണ്ണം പ്രാര്‍ഥിക്കുക: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ… (മത്തായി 6:914).

”രണ്ട് യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും കഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പെകച്ചു മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോട് പറ്റിച്ചേര്‍ന്ന് മറ്റവനെ നിരസിക്കും. നിങ്ങള്‍ക്ക് ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല” (മത്തായി 6:24). യഹോവയെ വിളിച്ച് മാത്രം പ്രാര്‍ഥിക്കണമെന്ന് പഠിപ്പിച്ചു തരികയും തന്നെ വിളിച്ച് പ്രാര്‍ഥിക്കൂ എന്ന് പറയാതിരിക്കുകയും ചെയ്ത പ്രവാചകനാണ് യേശുക്രിസ്തു. എന്നാല്‍ നേരിട്ട് പറഞ്ഞ ഇത്തരം വാക്കുകളെ തള്ളിക്കളയുകയും പകരം ആന്തരാര്‍ഥങ്ങളുള്ള ചില വചനങ്ങളെ വളച്ചൊടിക്കുകയും ചെയ്യുകയാണ് പൗരോഹിത്യം

യേശുവിന്റെ അത്ഭുത പ്രവൃത്തി

യേശു അല്ലെങ്കില്‍ ഈസാ(അ) തന്റെ അത്ഭുത കൃത്യങ്ങള്‍ അല്ലാഹുവിന്റെ അനുമതിയോടെയും പിന്തുണയോടെയും മാത്രം ചെയ്തതാണെന്ന് ഖുര്‍ആനും ബൈബിളും സാക്ഷ്യപ്പെടുത്തുന്നു. ആദ്യമായി ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് നോക്കാം. ”ഇസ്രയേല്‍ മക്കളിലേക്ക് അവനെ ദൂതനായി നിയോഗിക്കും. അവന്‍ പറയും: ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാന്‍ അതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ദൈവഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ച് വെച്ചിട്ടുള്ളതെന്തെന്നും ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരും” (3:49).

ഇനി ബൈബിള്‍ എന്തു പറയുന്നു എന്ന് നോക്കൂ. ”ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോട് പറയുന്നു. പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രന് സ്വതേ ഒന്നും ചെയ്‌വാന്‍ കഴികയില്ല” (യോഹന്നാന്‍ 5:19). ”എനിക്ക് സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുന്നതല്ല. ഞാന്‍ കേള്‍ക്കുന്നത് പോലെ ന്യായം വിധിക്കുന്നു. ഞാന്‍ എന്റെ ഇഷ്ടം അല്ല. എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാന്‍ ഇഛിക്കുന്നത് കൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു” (യോഹന്നാന്‍ 5:30).

ഹൃദയം അല്ലാഹുവില്‍/ യഹോവയില്‍ ഏകാഗ്രമാക്കുക

ഇസ്‌ലാം ഹൃദയത്തെ പ്രവാചകന്‍ മുഹമ്മദി(സ)ല്‍ ഏകാഗ്രമാക്കാനല്ല, അല്ലാഹുവില്‍ ഏകാഗ്രമാക്കി മുന്നോട്ട് പോകാനാണ് കല്‍പിച്ചിരിക്കുന്നത്. ബൈബിളും അങ്ങനെയാണ് എന്ന് അതിന്റെ വചനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ”ആകയാല്‍ ഇന്നുള്ളത് പോലെ നിങ്ങള്‍ അവന്റെ ചട്ടങ്ങള്‍ അനുസരിച്ച് നടപ്പാനും അവന്റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയില്‍ ഏകാഗ്രമായിരിക്കട്ടെ” (1 രാജാക്കന്മാര്‍ 8:61). യഹോവയില്‍ ഏകാഗ്രമായിരിക്കാന്‍ കല്‍പിക്കപ്പെട്ട ഹൃദയം എങ്ങനെയാണ് യേശുവില്‍ ഏകാഗ്രമായിപ്പോയത്?

മദ്യത്തോട് അടുക്കരുത്

ബൈബിളും വിശുദ്ധ ഖുര്‍ആനെ പോലെ മദ്യം കഴിക്കരുതെന്ന് കല്‍പിച്ചിരിക്കുന്നു. മദ്യം കഴിക്കുക മാത്രമല്ല, അത്തരം സദസ്സില്‍ പോലും ഇരിക്കരുത് എന്ന് പഠിപ്പിച്ച പ്രവാചകന്റെ അതേ വചനങ്ങളാണ് ബൈബിളിലും കാണുന്നത്. ”ആര്‍ക്ക് കഷ്ടം? ആര്‍ക്ക് സങ്കടം? ആര്‍ക്ക് കലഹം? ആര്‍ക്ക് ആവലാതി? ആര്‍ക്ക് അനാവശ്യമായ അറിവുകള്‍? ആര്‍ക്ക് കണ്‍ചുവപ്പ്? വീഞ്ഞ് കുടിച്ച് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചി നോക്കാന്‍ പോകുന്നവര്‍ക്കും തന്നെ. വീഞ്ഞ് ചുവന്ന പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്” (സദൃശ്യ വാക്യങ്ങള്‍ 23:29,30,31). അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുന്നു എന്നും ബൈബിള്‍ നമുക്ക് പറഞ്ഞു തരുന്നു. ”ഒടുക്കം അത് സര്‍പ്പം പോലെ കടിക്കും; അണലി പോലെ കൊത്തും. നിന്റെ കണ്ണ് പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും…” (സദൃശ്യ വാക്യങ്ങള്‍ 23: 29-31).

ഇനി ഖുര്‍ആന്‍ പറയുന്നത് കാണുക: ”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛ വൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ വിരമിക്കാനൊരുക്കമുണ്ടോ?” (അല്‍മാഇദ 90,91).

ഖുര്‍ആന്റെയും ബൈബിളിന്റെയും നിലപാടുകള്‍ ഈ വിധമായിരിക്കെ, മദ്യത്തിന്റെ വിഷയത്തില്‍ ഇരുകൂട്ടരുടെയും സമൂഹത്തിലുള്ള പ്രതിനിധാനം ആത്മാര്‍ഥവും സത്യസന്ധവുമായിരുന്നെങ്കില്‍ ലോക ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഇരുകൂട്ടര്‍ക്കും ഒരുമിച്ച് നിന്ന് എത്ര വേഗത്തില്‍ സുന്ദരമായ മദ്യരഹിത ലോകം നെയ്‌തെടുക്കാമായിരുന്നു!

പന്നിമാംസ ഭോജനം

പന്നിമാംസം ഭക്ഷിക്കുന്നത് കര്‍ശനമായി വിലക്കിയ ഖുര്‍ആന്റെയും ബൈബിളിന്റെയും വാക്കുകള്‍ ശ്രദ്ധിക്കുക: ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് ഇവ മാത്രമാണ് അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത്. അഥവാ ആരെങ്കിലും നിര്‍ബന്ധിതനായാല്‍, അവന്‍ അതാഗ്രഹിക്കുന്നവനോ അത്യാവശ്യത്തിലേറെ തിന്നുന്നവനോ അല്ലെങ്കില്‍, അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു” (ഖുര്‍ആന്‍ 16:115).

”പന്നി, കുളമ്പ് പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല. അത് നിങ്ങള്‍ക്ക് അശുദ്ധം. ഇവയുടെ മാംസം തിന്നരുത്, പിണം തൊടുകയുമരുത്” (ആവര്‍ത്തന പുസ്തകം 14:8). മറ്റൊരിടത്ത് പറയുന്നു: ”പന്നി കുളമ്പ് പിളര്‍ന്നതായി കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നത് തന്നെ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അത് നിങ്ങള്‍ക്ക് അശുദ്ധം. ഇവയുടെ മാംസം നിങ്ങള്‍ തിന്നരുത്. പിണം തൊടുകയും അരുത്. ഇവ നിങ്ങള്‍ക്ക് അശുദ്ധം” (ലേവ്യ പുസ്തകം 11:7,8).

പക്ഷേ, ഇന്ന് ക്രൈസ്തവ സമൂഹങ്ങളില്‍ പന്നിയുടെ മാംസമോ കൊഴുപ്പോ ഇല്ലാത്ത ഭക്ഷണം അപൂര്‍വമായിത്തീര്‍ന്നിട്ടുണ്ട്.

ചേലാ കര്‍മം

നബി(സ) പറയുന്നു: ”ചേലാ കര്‍മം, ഗുഹ്യ രോമം ക്ഷൗരം ചെയ്യല്‍, മീശ വെട്ടല്‍, താടി വളര്‍ത്തല്‍, നഖം മുറിക്കല്‍, കക്ഷത്തിലെ രോമം നീക്കല്‍ മുതലായവ പ്രവാചക ചര്യകളില്‍ പെട്ടതാകുന്നു.” സാധാരണയായി ചേലാ കര്‍മം സുന്നത്ത് കല്യാണം അല്ലെങ്കില്‍ സുന്നത്ത് കര്‍മം ആയി അറിയപ്പെടാറുണ്ടെങ്കിലും ഇത് നിര്‍ബന്ധ കര്‍മം ആണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഇബ്‌റാഹീം (അ) പ്രവാചകന്‍ മുതലുള്ള മുഴുവന്‍ മുസ്‌ലിംകളും ഇത് ചെയ്തുപോന്നവരാണ്. നിങ്ങള്‍ ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്‍പറ്റുക എന്ന ഖുര്‍ആനിക വചനത്തിന്റെ വെളിച്ചത്തില്‍ ഇത് നിര്‍ബന്ധമായിത്തീരുന്നു.

”നിങ്ങളുടെ അഗ്ര ചര്‍മം പരിഛേദന ചെയ്യേണം; അത് എനിക്കും നിങ്ങള്‍ക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. തലമുറ തലമുറകളായി നിങ്ങളില്‍ പുരുഷപ്രജയൊക്കെയും പരിഛേദന ഏല്‍ക്കേണം. വീട്ടില്‍ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോട് വിലക്ക് വാങ്ങിയവനായാലും ശരി… അഗ്ര ചര്‍മിയായ പുരുഷപ്രജയെ പരിഛേദന ഏല്‍ക്കാതിരുന്നാല്‍ ജനത്തില്‍ നിന്ന് ഛേദിച്ചു കളയണം. അവന്‍ എന്റെ നിയമം ലംഘിച്ചിരിക്കുന്നു” (ഉല്‍പത്തി 10-14).

ഇസ്‌ലാമിനേക്കാളും പതിന്മടങ്ങ് ശക്തിയിലാണ് ബൈബിള്‍ ചേലാ കര്‍മത്തെക്കുറിച്ച് സംസാരിക്കുന്നത്.

സ്ത്രീകള്‍ തല മറക്കുക

ഗൂഗിളില്‍ കയറി യേശുവിന്റെ മാതാവായ കന്യാ മര്‍യത്തിന്റെ ചിത്രം സെര്‍ച്ച് ചെയ്തു നോക്കുക. തല മറക്കാത്ത ഒരു മര്‍യം അവിടെ പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ് വാസ്തവം. കണ്ടാല്‍ പര്‍ദ ധരിച്ച് നില്‍ക്കുന്ന ഒരു മുസ്‌ലിം വനിതയാണെന്നേ തോന്നൂ. എന്തുകൊണ്ട് എന്നു പരിശോധിക്കുമ്പോള്‍ ബൈബിളില്‍ നിന്ന് തന്നെ അതിന്റെ ഉത്തരം ലഭിക്കുന്നു. ”സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചു കളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കില്‍ മൂടുപടം ഇട്ടു കൊള്ളട്ടെ” (1 കൊറിന്ത്യര്‍ 11:6).

ഈ വചനത്തെ പലരും അതിന്റെ മുമ്പുള്ള വചനവുമായി തട്ടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. ‘മൂടുപടമില്ലാതെ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു. അത് അവര്‍ ക്ഷൗരം ചെയ്യിച്ചത് പോലെയല്ലോ’ എന്ന വചനം എടുത്തുയര്‍ത്തി പ്രാര്‍ഥനയുടെ സമയത്ത് മാത്രമാണ് സ്ത്രീ തലമറക്കേണ്ടത് എന്ന് വരുത്തിത്തീര്‍ക്കുന്നു. പക്ഷേ, ഇവിടെ ഒരു പ്രശ്‌നം ഉണ്ട്. മൂടുപടം ഇട്ടില്ലെങ്കില്‍ തല ക്ഷൗരം ചെയ്യുക എന്ന രണ്ടാമത്തെ ഓപ്ഷന്‍ സ്ഥിരമായി ഒരു ഓപ്ഷന്‍ ആണ്. പ്രാര്‍ഥിക്കുമ്പോള്‍ മാത്രം തല മറക്കുക എന്നതിന് ഒരു സ്ഥിരമായ ഓപ്ഷന്‍ ദൈവം നല്‍കുമോ? മാത്രമല്ല, പ്രാര്‍ഥിക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ തലമറക്കേണ്ടത് എന്ന് ബൈബിളില്‍ എവിടെയും പറഞ്ഞിട്ടില്ല. രണ്ടാമത് ഇത് വളരെ ഗൗരവത്തോട് കൂടി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു എന്നത്. തല മറക്കാന്‍ പറഞ്ഞാല്‍ പിന്നെ ബാക്കിയുള്ള ഭാഗം മറക്കണോ വേണ്ടയോ എന്നതു പറയേണ്ടതില്ലല്ലോ.

ഖുര്‍ആനും ഈ വിഷയം വളരെ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നു. ”സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ” (24:31).

ഏറെ മാറ്റത്തിരുത്തലുകള്‍ ഉണ്ടായിട്ടും അടിസ്ഥാനപരമായ ഇത്തരം സാമ്യതകള്‍ അവശേഷിക്കുന്നു എന്നത് കൊണ്ടാകണം ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്: ”അവരോട് പറയുക: നിങ്ങള്‍ സത്യസന്ധരെങ്കില്‍ തൗറാത്ത് കൊണ്ടുവരിക. എന്നിട്ടതില്‍നിന്നേതെങ്കിലും വചനം വായിച്ചു കേള്‍പ്പിക്കു. അതിനു ശേഷവും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നവരോ, അവരാകുന്നു യഥാര്‍ഥത്തില്‍ അക്രമികള്‍” (ആലുഇംറാന്‍ 93,94).

യഥാര്‍ഥ തൗറാത്ത് കൈയിലില്ലെങ്കിലും ഒരുപാട് കൈകളിലൂടെയും കാലങ്ങളിലൂടെയും നമ്മുടെ കൈയില്‍ എത്തിയ ബൈബിളിന്റെ ആ പഴയ നിയമത്തിലും ഒരുപാട് സത്യങ്ങള്‍ അവശേഷിക്കുന്നു.

അമൂല്യ രത്‌നങ്ങളാണ് മക്കള്‍

ഒരു സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നതിന്റെ ആദ്യ പടിയാണ് അതിലെ ചീത്ത സ്വഭാവങ്ങള്‍ മാറ്റുകയെന്നത്. ഒരു സമൂഹത്തിന് അതിന്റെ പ്രതാപവും ഉണര്‍ച്ചയും വീണ്ടെടുക്കാനും മറ്റുള്ളവയില്‍ നിന്ന് അതിനെ വ്യതിരിക്തവുമാക്കുന്ന മാറ്റമാണത്. ബാഹ്യവും ആന്തരികവുമായ ആ മാറ്റമാണ് യഥാര്‍ത്ഥവും ക്രിയാത്മകവുമായ മാറ്റം. അത് ദീനിനെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ വിശ്വാസത്തിലൂന്നിയുള്ള സന്താന പരിപാലനം അതിന്റെ പ്രേരകങ്ങളിലൊന്നാണ്. ഒരു സമൂഹത്തിന്റെ പുരോഗതിയില്‍ സുപ്രധാനമായ പ്രസ്തുത പങ്കിനെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്‍മാരായിരിക്കേണ്ടതുണ്ട്. മക്കളോടുള്ള തങ്ങളുടെ ബാധ്യത രക്ഷിതാക്കള്‍ തിരിച്ചറിയുമ്പോള്‍ മാത്രമാണ് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഒരു മാറ്റം സാധ്യമാവുകയുള്ളൂ.

വളര്‍ന്നു വരുന്ന മനസ്സുകളുടെ സംസ്‌കരണം എല്ലാവരുടെയും ഒത്തൊരമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളൂ. വീട്ടിലും സ്‌കൂളിലും അങ്ങാടിയിലും സമൂഹത്തിലും ഉള്ള എല്ലാവരും അതിനായി കൈകോര്‍ക്കണം. അറിവ് നേടുന്നതോടൊപ്പം തന്നെ സംസ്‌കാരവും സിദ്ധിക്കണം. വിദ്യാഭ്യാസത്തോടൊപ്പം സംസ്‌കരണവും അറിവിനനുസരിച്ചുള്ള പ്രവര്‍ത്തനവും ഒത്തൊരുമിക്കണം. സമൂഹത്തിലെ ഓരോ വ്യക്തിക്കും കൃത്യമായ പങ്ക് അതില്‍ നിര്‍വഹിക്കാനുണ്ട്. എന്നാല്‍ മക്കളുടെ സംസ്‌കരണത്തില്‍ രക്ഷിതാക്കളുടെ പങ്കാണ് ഏറ്റവും സുപ്രധാനം.

മക്കളുടെ സംസ്‌കരണത്തിന്റെ പ്രധാന ഉത്തരവാദിത്വം രക്ഷിതാക്കളുടെ ചുമലിലാണുള്ളത്. കുട്ടിയുടെ ആദ്യ അഭയ കേന്ദ്രം അവരാണ് എന്നത് തന്നെയാണതിന് കാരണം. അവര്‍ വളരുന്ന ജീവിത സര്‍വകലാശാലയിലെ ആദ്യ സ്‌കൂളും അധ്യാപകരും രക്ഷിതാക്കളാണ്. മുഹമ്മദ് ഖുതുബ് പറയുന്നു : ‘വീട്, അങ്ങാടി, സ്‌കൂള്‍, ചുറ്റുപാട് ഇവയെല്ലാം സംസ്‌കരണത്തിന്റെ അടിസ്ഥാനങ്ങളാണെങ്കില്‍, ഇവയില്‍ വീടാണ് ഏറ്റവും ആദ്യമായും ഏറ്റവും ശക്തമായും സ്വാധീനിക്കുന്ന ഘടകം. കാരണം കുട്ടിയെ അവന്റെ ആദ്യഘട്ടത്തില്‍ ഏറ്റുവാങ്ങുന്നത് അതാണ്. ഒരു കുട്ടി മറ്റെവിടെയും കഴിയുന്നതിനേക്കാള്‍ കാലം കഴിയുന്നതും വീട്ടിലാണ്. അതുകൊണ്ട് തന്നെ അവനെ ഏറ്റവും അധികം സ്വാധീനിക്കുക മാതാപിതാക്കളായിരിക്കും.’

അറിവുകളും സമ്പ്രദായങ്ങളും നല്ലതും ചീത്തയുമായ സ്വഭാവങ്ങളുമെല്ലാം കുടിക്കപ്പെടുന്ന ആദ്യ ഉറവയാണ് മാതാപിതാക്കള്‍. ഒരാളുടെ മതവും ആദര്‍ശവും രൂപപ്പെടുന്നതും അവിടെ വെച്ചാണ്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘ഓരോ മനുഷ്യനെയും അവന്റെ മാതാവ് ശുദ്ധ പ്രകൃതിയിലാണ് പ്രസവിക്കുന്നത്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമെല്ലാം ആക്കുന്നത്. അവരിരുവരും മുസ്‌ലിംകളാണെങ്കില്‍ അവന്‍ മുസ്‌ലിമാകുന്നു.’ (മുസ്‌ലിം)

സന്താനങ്ങളെ ഏറ്റവും നന്നായി വളര്‍ത്തുന്നതിന് ഖുര്‍ആന്‍ പ്രത്യേക പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. മക്കള്‍ക്കും കുടുംബത്തിനും നല്ല പരിചരണം നല്‍കുന്നതിന് അത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു: ‘വിശ്വസിച്ചവരേ, നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്നു രക്ഷിക്കുവിന്‍. അതിന്റെ വിറക് മനുഷ്യരും കല്ലുകളുമാകുന്നു. അതിന്മെല്‍ ക്രൂരരും ബലിഷ്ഠരുമായ മലക്കുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ കല്‍പനയെ അവര്‍ അശേഷം ധിക്കരിക്കുന്നതല്ല’ (അത്തഹ്‌രീം : 6)

പ്രസ്തുത സൂക്തത്തില്‍ ഉപയോഗിച്ച ‘അന്‍ഫുസകും’ (നിങ്ങളെ) എന്ന പദം സന്താനങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മക്കള്‍ നിങ്ങളുടെ തന്നെ ഭാഗമാണെന്നതാണ് അതിന് ന്യായം. അവനെ ഹലാല്‍-ഹറാമുകള്‍ പഠിപ്പിക്കേണ്ടതും തെറ്റുകളില്‍ നിന്ന് തടഞ്ഞു നിര്‍ത്തേണ്ടതും രക്ഷിതാക്കളാണ്. ഈ ആയത്ത് അവതരിച്ച സമയത്ത് ഉമര്‍(റ) നബി(സ)യോട് ചോദിച്ചതായി ഇമാം ഖുശൈരി റിപോര്‍ട്ട് ചെയ്യുന്നു ; ‘അല്ലാഹുവിന്റെ ദൂതരെ, ഞങ്ങളെ സംരക്ഷിച്ചിരിക്കുന്ന, ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം എങ്ങനെയാണ്? അപ്പോള്‍ പ്രവാചകന്‍(സ) മറുപടി നല്‍കി : ‘അല്ലാഹു വിലക്കിയ കാര്യങ്ങളില്‍ നിന്ന് അവരെ നിങ്ങള്‍ തടയുക. അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ അവരോട് കല്‍പിക്കുകയും ചെയ്യുക.’

നരകത്തില്‍ നിന്നും സ്വന്തത്തെ കാത്തു സൂക്ഷിക്കുന്ന ഒരു പിതാവ് അതിലൂടെ മക്കള്‍ക്ക് പിന്തുടരാനുള്ള നല്ല മാതൃക കാണിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന ആദ്യ ഉപദേശം അവരുടെ പ്രവര്‍ത്തനങ്ങളാണ്. അല്ലാഹുവിന് വഴിപ്പെട്ടു കൊണ്ട് അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ വാക്കും പ്രവര്‍ത്തിയും ഉപദേശമാണ്. ‘നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്നു രക്ഷിക്കുവിന്‍.’ ഖുര്‍ആന്‍ സൂക്തത്തെ വിശദീകരിച്ചു കൊണ്ട് മുജാഹിദ് പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ സൂക്ഷിക്കാന്‍ നിങ്ങളുടെ കുടുംബത്തെ ഉപദേശിക്കുകയും ചെയ്യുക. മക്കളെ അവര്‍ക്കും മറ്റുള്ളവര്‍ക്കും ഗുണകരമാവുന്ന തരത്തില്‍ പരിശീലിപ്പിക്കുന്ന പൂര്‍ണമായ പരിപാലനം അല്ലാഹുവെ അനുസരിക്കുന്നതിന്റെ ഭാഗമാണ്. അവനെ നേടുന്ന എല്ലാ പ്രയോജനകരമായ അറിവും, അവനെ അണിയുന്ന എല്ലാ സല്‍സ്വഭാവങ്ങളും, അവന്‍ സമൂഹത്തിലുണ്ടാക്കുന്ന എല്ലാ സംസ്‌കരണങ്ങളും, അനുവദനീയമായ സമ്പാദനത്തിന് അവന്‍ സ്വീകരിക്കുന്ന എല്ലാ പരിശ്രമങ്ങളും, ശരീരത്തിന്റെയും മനസിന്റെയും ബുദ്ധിയുടെയും സംരക്ഷണത്തിനായി അവന്‍ സ്വീകരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹുവിനുള്ള അനുസരണമാണ്.

മുമ്പ പറഞ്ഞ ഗുണങ്ങളുടെ ഉടമകളായി മക്കളെ വളര്‍ത്തിയെടുക്കല്‍ രക്ഷിതാക്കളുടെ ബാധ്യതയാണ്. ദീന്‍ തന്റെ പ്രായോഗിക ജീവിതത്തില്‍ നിന്ന് വേറിട്ട ഒന്നല്ലെന്ന് അവന് തിരിച്ചറിയുന്നവനാക്കി മാറ്റണം. നമസ്‌കാരത്തിലും മറ്റ് ആരാധനാ കാര്യങ്ങളിലും പരിമിതമായ ഒന്നല്ല ദീന്‍ എന്ന് അവന്‍ മനസിലാക്കണം. ജനങ്ങളില്‍ നിന്ന് അകന്ന് സന്യസിക്കലുമല്ല മതമെന്ന് അവന് അറിയാന്‍ കഴിയണം. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ദീന്‍. ജീവിതത്തിന്റെ സകല മേഖലകളെയും ശക്തിയോടെ മുറുകെ പിടിക്കുന്നു എന്നത് തന്നെയാണ് ഈ ദീനിന്റെ പ്രധാന സവിശേഷത. എല്ലാ ഗുണങ്ങളെയും സംയോജിപ്പിച്ച് നമുക്കതിന് മാതൃക കാണിച്ചു തന്നിരിക്കുന്നത് പ്രവാചകന്‍(സ)യാണ്. ഭൂമിയിലൂടെ നടക്കുന്ന ഖുര്‍ആനായിരുന്നു നബി തിരുമേനി(സ). ആരാധനകള്‍ നിര്‍വഹിക്കുന്നതോടൊപ്പം തന്നെ മറ്റു ജോലികളിലും അദ്ദേഹം ഏര്‍പ്പെട്ടു. സഹനശീലനായ പ്രബോധകന്‍, രാഷ്ട്രീയക്കാരന്‍, നേതാവ്, പോരാളി തുടങ്ങിയ റോളുകളെല്ലാം അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. ചുറ്റുമുള്ളവരോട് ഇടപഴകുകയും അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യുന്നവനായിരുന്നു പ്രവാചകന്‍(സ). അദ്ദേഹം നല്ല ഭര്‍ത്താവും പിതാവും മനുഷ്യനുമായിരുന്നു. അല്ലാഹു അദ്ദേഹത്തോട് കല്‍പ്പിച്ചു : ‘എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളഖിലവും എന്റെ ജീവിതവും മരണവും എല്ലാം സര്‍വലോകനാഥനായ അല്ലാഹുവിനു വേണ്ടിയാകുന്നു.’ (അല്‍-അന്‍ആം : 162) അവയെല്ലാം അല്ലാഹുവിന് മാത്രമാക്കണമെന്ന് ചുരുക്കം.

നമ്മോടൊപ്പവും നമുക്ക് ശേഷവും ഈ ദീനിന്റെ ഉത്തരവാദിത്വം വഹിക്കുന്നതിന് മക്കളെ നാം തയ്യാറാക്കേണ്ടതുണ്ട്. അത് നമ്മുടെ ബാധ്യതയായിട്ടാണ് നബി(സ) പരിചയപ്പെടുത്തിയിട്ടുള്ളത്. ഓരോരുത്തരും അവരുടെ സംരക്ഷണത്തിലുള്ളവരുടെ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മക്കളെ സംസ്‌കാരം പഠിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ നിര്‍ബന്ധ ബാധ്യതയാണ്. അന്ത്യദിനത്തില്‍ മാതാപിതാക്കളുടെ കാര്യത്തില്‍ വീഴ്ച്ച വരുത്തിയ മക്കള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പ് മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ചോദ്യം ചെയ്യപ്പെടുമെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് മക്കളില്‍ നിന്ന് അവകാശങ്ങളുള്ളത് പോലെ തിരിച്ച് മക്കള്‍ക്കും മാതാപിതാക്കളില്‍ നിന്ന് അവകാശമുണ്ട്. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കലും അവരെ സംസ്‌കാരമുള്ളവരാക്കലും രക്ഷിതാക്കളുടെ ബാധ്യതകളില്‍ പ്രധാനപ്പെട്ടതാണ്.

ഉപകാരപ്രദമായ അറിവുകളൊന്നും മക്കള്‍ക്ക് പകര്‍ന്നു നല്‍കാതെ അവരുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കുന്നത് മക്കളോട് പുലര്‍ത്തുന്ന ഏറ്റവും നീചമായ നിലപാടാണ്. മിക്ക കുട്ടികളും തെമ്മാടികളായി മാറുന്നത് അവരുടെ രക്ഷിതാക്കള്‍ ശരിയായ ദീനീ വിദ്യാഭ്യാസം നല്‍കാതെ അവഗണിക്കുന്നത് കൊണ്ടാണ്. ദീനിന്റെ അടിസ്ഥാനങ്ങളോ മര്യാദകളോ അവര്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നു. അവര്‍ വലുതാകുമ്പോള്‍ അവര്‍ക്കോ മാതാപിതാക്കള്‍ക്കോ ഉപകാരമില്ലാത്തവരായിട്ടായിരിക്കും വളരുക. ചെറുപ്പത്തില്‍ അവരോട് മാതാപിതാക്കള്‍ സ്വീകരിച്ച നിലപാട് അവര്‍ വലുതാകുമ്പോള്‍ അവരില്‍ നിന്ന് പല രക്ഷിതാക്കളും അനുഭവിക്കേണ്ടി വരും.

മക്കളെ അമൂല്യമായ രത്‌നമായിട്ടാണ് ഇമാം ഗസ്സാലി പരിചയപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നത് കാണുക : ‘ഒരു കുട്ടി അവന്റെ മാതാപിതാക്കളെ സൂക്ഷിക്കാനേല്‍പ്പിച്ചിരിക്കുന്ന സ്വത്താണ്. അവന്റെ ശുദ്ധമായ ഹൃദയം വരയും കുറിയുമേല്‍ക്കാത്ത അമൂല്യമായ രത്‌നമാണ്. അവന്‍ അതില്‍ കൊത്തിവെക്കുന്ന ഓരോന്നും അവന്‍ സ്വീകരിക്കുന്നവനാണ്. അതിനെ ചായ്ക്കുന്നിടത്തേക്കെല്ലാം ചായുന്നവനുമാണ്. നന്മ ശീലമാക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അവന്‍ അതില്‍ വളരും. ഇഹത്തിലും പരത്തിലും അവന്‍ സൗഭാഗ്യവാനുമായി. അവന് ലഭിക്കുന്ന പ്രതിഫലത്തില്‍ പിതാവിനും ഒരോഹരി ഉണ്ടാവും. അവനെ പഠിപ്പിച്ചവര്‍ക്കും സംസ്‌കരിച്ചവര്‍ക്കും അതില്‍ ഓഹരിയുണ്ടാവും. എന്നാല്‍ തിന്മയാണ് ശീലിപ്പിക്കുന്നതെങ്കില്‍, എന്നിട്ട് മൃഗങ്ങളെ പോലെ അവഗണിക്കുകയും ചെയ്തു. അവന്റെ ഭാരം അവനെ പരിശീലിപ്പിച്ചവരുടെ പിരടിയിലുമുണ്ടാകും.

സെക്‌സും ദാമ്പത്യവും

ദീനീ വിഷയങ്ങള്‍ പഠിക്കുന്നതിലും മനസിലാക്കുന്നതിലും ലജ്ജിക്കേണ്ടതില്ല. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) അന്‍സാരി സ്ത്രീകളെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിച്ചിരുന്നു. ആര്‍ത്തവം, പ്രസവരക്തം പോലുള്ള വിഷയങ്ങളെ സംബന്ധിച്ച് അവര്‍ പ്രവാചകനോട് സംശയം ചോദിച്ചിരുന്നു. നേരിട്ട് മുഖത്ത് നോക്കി കാര്യങ്ങള്‍ ചോദിക്കുന്ന രീതിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. എഴുതി ചോദിക്കുന്നതിനേക്കാളും ഫോണിലൂടെ ചോദിക്കുന്നതിനേക്കാളും പ്രയാസകരമാണ് നേരിട്ട് ചോദിക്കുകയെന്നത്. ലൈംഗിക വിദ്യാഭ്യാസം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. പ്രത്യേകിച്ചും ആധുനിക സാമൂഹികക്രമത്തില്‍. ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദുരീകരിക്കേണ്ടതുണ്ട്. അതിശയോക്തി കലരാതെ അത്തരം വിഷയങ്ങള്‍ പഠിതാക്കള്‍ക്ക് ലഭ്യമാവേണ്ടതുണ്ട്.

ദമ്പതികള്‍ക്കിടയിലെ ലൈംഗികതയുടെ ഗുണവും ദോഷവുമെല്ലാം ദാമ്പത്യ ജീവിതത്തില്‍ പ്രതിഫലിക്കുന്നതാണ്. അതിനെ പറ്റെ അവഗണിക്കുന്നതും അമിത പ്രാധാന്യം നല്‍കുന്നതും ജീവിതം ദുഷ്‌കരമാക്കും. ജീവിതത്തിലെ സുപ്രധാനമായ ഈ ഭാഗത്തെ ഇസ്‌ലാം അവഗണിച്ചിരിക്കുകയാണെന്ന് ചിലയാളുകള്‍ ധരിച്ചിട്ടുണ്ട്. ദീന്‍ എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ നിന്നൊക്കെ ശുദ്ധവും ഉന്നതവുമായ ഒന്നാണെന്ന് അവര്‍ വിലയിരുത്തുന്നു. ലൈംഗികതയെ മാലിന്യവും മൃഗീയവാസനയിലേക്ക് തരം താഴലുമായി കാണുന്ന ചില മതങ്ങളുമുണ്ട്.

ജീവിതത്തിന്റെയും കുടുംബത്തിന്റെയും സുപ്രധാനമായ ഈ വശം ഇസ്‌ലാം ഒരിക്കലും അവഗണിച്ചിട്ടില്ല. ഇവ്വിഷയകമായി ഇസ്‌ലാം ചില കല്‍പനകളും നിരോധങ്ങളും നിയമമാക്കിയിട്ടുണ്ട്. അവയില്‍ ചിലതിന് ധാര്‍മികോപദേശങ്ങളുടെ മുഖമാണെങ്കില്‍, മറ്റുള്ളവക്ക് നിര്‍ബന്ധ കല്‍പനകളുടെ തലമാണുള്ളത്. മനുഷ്യന്റെ ലൈംഗിക ചോദനകളും പ്രകൃതവും അംഗീകരിക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. അതിലെ അതിരുവിട്ട വീക്ഷണങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്നു. ലൈംഗികവികാരം എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ബ്രഹ്മചര്യവും, വന്ധീകരണവും ഇസ്‌ലാം വിലക്കിയിരിക്കുന്നു. സ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത ചില അനുചരന്‍മാര്‍ക്ക് പ്രവാചകന്‍(സ) നല്‍കിയ മറുപടി വളരെ പ്രശസ്തമാണ്. ‘നിങ്ങളേക്കാള്‍ അല്ലാഹുവെ അറിയുകയും ഭയപ്പെടുകയും ചെയ്യുന്നുവനാണ് ഞാന്‍. ഞാന്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. നോമ്പെടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യുന്നു. സ്ത്രീകളെ വിവാഹം ചെയ്തിട്ടുമുണ്ട്. എന്റെ ചര്യയെ വെറുക്കുന്നുന്നവന്‍ നമ്മില്‍ പെട്ടവനല്ല.’

നിയമപരമായി വിവാഹിതരായ ഇണകള്‍ക്ക് തങ്ങളുടെ ലൈംഗികാശ്യങ്ങള്‍ പരസ്പരം പൂര്‍ത്തീകരിക്കാവുന്നതാണ് എന്ന് മാത്രമല്ല അപ്രകാരം ചെയ്യുന്നത് പ്രതിഫലാര്‍ഹവുമാണ്. സ്വഹീഹായ ഒരു ഹദീസില്‍ പറയുന്നു: ‘നിങ്ങളുടെ ഗുഹ്യസ്ഥാനത്തിലും പ്രതിഫലമുണ്ട്.’ സ്വഹാബികള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ വികാര പൂര്‍ത്തീകരണം നടത്തുന്നതിന് പുണ്യം ലഭിക്കുമോ?’ പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങള്‍ നിഷിദ്ധമായതിലാണ് അത് വെക്കുന്നതെങ്കില്‍ അതിന് ശിക്ഷയില്ലേ, അപ്രകാരം അനുവദനീയകരമായ കാര്യത്തിലാകുമ്പോള്‍ അതിന് പ്രതിഫലവുമുണ്ട്. ദോഷം മാത്രം പ്രതീക്ഷിക്കുകയും, പ്രതിഫലം പ്രതീക്ഷിക്കാതിരിക്കുകയുമാണോ നിങ്ങള്‍?’ (മുസ്‌ലിം)

മനുഷ്യന്റെ പ്രകൃതിയും ശൈലിയും അനുസരിച്ച് പുരുഷന്‍ തന്റെ ആവശ്യം സ്ത്രീയോട് ഉന്നയിക്കുകയാണ് ചെയ്യുകയെന്ന് ഇസ്‌ലാം സൂചിപ്പിക്കുന്നു. കാരണം പുരുഷനാണ് ഈ വിഷയത്തില്‍ വികാരം കൂടുതലുള്ളവനും അതിനെ അടക്കിവെക്കാന്‍ കൂടുതല്‍ പ്രയാസപ്പെടുന്നവനും. സ്ത്രീയുടെ വികാരമാണ് പുരുഷന്റേതിനേക്കാള്‍ ശക്തമെന്ന് ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല എന്നതിന് ശരീഅത്തില്‍ തെളിവുകളും കാണാം.

1) ഭാര്യയെ ഭര്‍ത്താവ് കിടക്കയിലേക്ക് ക്ഷണിച്ചാല്‍ അവള്‍ മറുപടി നല്‍കേണ്ടതാണ്്. ന്യായമായ കാരണങ്ങളാലല്ലാതെ ഭര്‍ത്താവിന്റെ ക്ഷണം നിരസിക്കാവതല്ല എന്നാണ് ഹദീസ് പറയുന്നത്. ‘പുരുഷന്‍ തന്റെ ഭാര്യയെ തന്റെ ആവശ്യത്തിന് വിളിച്ചാല്‍, അവര്‍ അടുക്കളയിലാണെങ്കിലും അവന്റെ അരികെയെത്തട്ടെ.’
2) ഒരു പുരുഷന്‍ തന്റെ ഭാര്യയെ കിടക്കയിലേക്ക് വിളിക്കുമ്പോള്‍ ന്യായമായ കാരണമില്ലാതെ അവള്‍ വിസമ്മതിക്കുകയും അക്കാരണത്താല്‍ അവന്‍ കോപിച്ച് കിടക്കുകയും ചെയ്യുന്നതിനെ കുറിച്ച് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കുന്നു. ‘പുരുഷന്‍ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും അവള്‍ വിസമ്മതിക്കുകയും ചെയ്തു. അവളോട് കോപിച്ച് അവന്‍ കിടന്നാല്‍ നേരം പുലരുവോളം മാലാഖമാര്‍ അവളെ ശപിച്ചുകൊണ്ടിരിക്കും.’
രോഗം, രക്തവാര്‍ച്ച, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശറഈയായ കാരണങ്ങളില്ലാത്ത അവസ്ഥയില്‍ വിസമ്മതിച്ചാലാണിത്. ഇത്തരം കാരണങ്ങളെല്ലാം ഭര്‍ത്താവ് പരിഗണിക്കേണ്ടതുണ്ട്. മനുഷ്യരെ സൃഷ്ടിച്ച അല്ലാഹു അവന്റെ അവകാശങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് വിട്ടുവീഴ്ച നല്‍കിയിട്ടുണ്ടെന്നത് അവന്റെ അടിമകളും മാതൃകയാക്കേണ്ടതാണ്.
3) ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഐഛിക നോമ്പെടുക്കുന്ന ഭാര്യ അദ്ദേഹത്തിന്റെ അനുവാദം നേടിയിരിക്കണം. കാരണം സുന്നത്ത് നോമ്പിന്റെ പ്രതിഫലം നേടുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഭര്‍ത്താവിന്റെ അവകാശത്തിനാണ്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ പറയുന്നു: ‘ഭര്‍ത്താവ് അടുത്തുണ്ടായിരിക്കെ അവന്റെ അനുവാദത്തോട് കൂടിയല്ലാതെ സ്ത്രീ നോമ്പെടുക്കരുത്.’ പരസ്പര ധാരണയോട് കൂടിയായിരിക്കണം സുന്നത്ത് നോമ്പെടുക്കുന്നത് എന്ന് സാരം.

ഇസ്‌ലാം പുരുഷന്റെ വികാരങ്ങളെ പരിഗണിക്കുമ്പോള്‍ തന്നെ സ്ത്രീയുടെ വികാരങ്ങളെ ഒട്ടും തന്നെ മറന്നിട്ടില്ല. അവരുടെ പ്രകൃതിപരമായ സ്‌െ്രെതണ വികാരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. പകല്‍ നോമ്പെടുക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്ന അബ്ദുല്ലാഹിബിനു അംറിനെ പോലുള്ള അനുചരന്‍മാരോട് നബി(സ) പറഞ്ഞു: ‘നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്, നിന്റെ ഭാര്യയോട് നിനക്ക് ബാധ്യതയുണ്ട്.’

ഇമാം ഗസ്സാലി പറയുന്നു: ‘ഓരോ നാല് രാത്രി കൂടുമ്പോഴും നീ അവളുടെ അടുക്കല്‍ ചെല്ലല്‍ അനിവാര്യമാണ്. നാല് ഭാര്യമാരുണ്ടെങ്കില്‍ അതാണ് ഏറ്റവും നീതിയുക്തമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ആ പരിധിവരെ പിന്തിക്കുന്നത് ഒരാള്‍ക്ക് അനുവദനീയമാണ്. സ്ത്രീയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമനുസരിച്ച് അതില്‍ കുറവ് വരുത്തുകയോ അധികരിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. വിശുദ്ധി കാത്തുസൂക്ഷിക്കല്‍ അവന് നിര്‍ബന്ധമാണ്.’

പുരുഷന്‍ തന്റെ ഭാര്യയുടെ താല്‍പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും യാതൊരു പരിഗണനയും നല്‍കാതെ തന്റെ ആവശ്യപൂര്‍ത്തീകരണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കരുത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് പൂര്‍വ്വകേളികള്‍ക്കും ചുംബനങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന ഹദീസുകള്‍ നമുക്ക് കാണാം. കേവലം മൃഗങ്ങളുടെ ബന്ധം പോലെയാവാതിരിക്കാനാണിത്.
ഇണകളില്‍ ചിലര്‍ അശ്രദ്ധരായിരിക്കുന്ന ഇത്തരം വിഷയങ്ങളെക്കുറിച്ച് ഉണര്‍ത്തുന്നത് കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരോ ഇമാമുമാരോ അനൗചിത്യമായി മനസിലാക്കിയിരുന്നില്ല. തസവ്വുഫിന്റെയും ഫിഖ്ഹിന്റെയും ഇമാമായ അബൂ ഹാമിദുല്‍ ഗസ്സാലി ഇഹ്‌യാ ഉലൂമുദ്ദീനില്‍ സംയോഗ മര്യാദകള്‍ വിവരിക്കുന്നുണ്ട്. സൂക്ഷമതയും തഖ്‌വയും പുലര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗ പ്രവേശനത്തിനുള്ള മാര്‍ഗമായിട്ടാണദ്ദേഹം പ്രസ്തുത ഗ്രന്ഥം രചിച്ചിട്ടുള്ളത്.

അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുക എന്നത് സുന്നത്തായ കാര്യമാണ്. നബി(സ) പറയുന്നു: ‘നിങ്ങളിലാരെങ്കിലും തന്റെ ഭാര്യയെ സമീപിച്ചാല്‍ അവന്‍ പറയട്ടെ, അല്ലാഹുവേ, പിശാചിനെ എന്നില്‍ നിന്നുമകറ്റേണമേ, ഞങ്ങള്‍ക്ക് പ്രദാനം ചെയ്തവയില്‍ നിന്നും പിശാചിനെ അകറ്റേണമേ, എന്ന് ചൊല്ലിയതിന് ശേഷം ലഭിക്കുന്ന കുട്ടിയെ പിശാച് ഉപദ്രവിക്കുകയില്ല.’ അവനും ഭാര്യയും വസ്ത്രം കൊണ്ട് മൂടട്ടെ, കളികൊഞ്ചലുകളും ചുംബനങ്ങളും പങ്കുവെക്കുന്നതിനാണത്. പ്രവാചകന്‍(സ) പറഞ്ഞു: ‘നിങ്ങളിലാരും തങ്ങളുടെ ഭാര്യമാരുടെ മേല്‍ മൃഗങ്ങളെ പോലെ വീഴരുത്, അവര്‍ക്കിടയില്‍ ഒരു ദൂതന്‍ ഉണ്ടായിരിക്കണം. അപ്പോള്‍ ആരോ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെ, ഏന്താണ് ആ ദൂതന്‍? നബി(സ)പറഞ്ഞു: ചുംബനവും സംസാരവുമാണത്.’ ഒരിക്കല്‍ പ്രവാചകന്‍(സ) പുരുഷനിലെ മൂന്ന് ദൗര്‍ബല്യങ്ങളെ കുറിച്ച് സൂചിപ്പിച്ചു. പുരുഷന്‍ തന്റെ ഭാര്യയെ സമീപിക്കുകയും അവളോട് സംസാരിക്കുകയും കൊഞ്ചുകയും ഒരുമിച്ച് കിടക്കുകയും ചെയ്തതിന് ശേഷം അവളുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്റെ ആവശ്യം പൂര്‍ത്തീകരിച്ച് എഴുന്നേറ്റ് പോവുകയെന്നത് ഇവയിലൊന്നാണ്.’

ഗസ്സാലി പറയുന്നു: ‘അവന്‍ തന്റെ ആവശ്യം പൂര്‍ത്തീകരിച്ചാല്‍ തന്റെ ഭാര്യയുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നത വരെ അവന്‍ സാവധാനം കാണിക്കണം. പലപ്പോഴും അവള്‍ക്ക് സ്ഖലനം വൈകിയേക്കും. വികാരമൂര്‍ച്ചയില്‍ എത്തിനില്‍ക്കുന്ന അവസ്ഥയില്‍ അവളില്‍ നിന്ന് പിന്മാറുന്നത് അവളോട് ചെയ്യുന്ന ദ്രോഹമാണ്. സ്ഖലനത്തിലുള്ള പ്രകൃതിപരമായ വ്യത്യാസം പരസ്പര പൊരുത്തകേടുകള്‍ക്ക് കാരണമായേക്കും. ഒരേ സമയത്ത് സ്ഖലനം നടക്കുന്നതായിരിക്കും അവള്‍ക്കും കൂടുതല്‍ ആസ്വാദ്യകരമായിരിക്കുക. ഭര്‍ത്താവ് അത് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാത്തപ്പോള്‍ അവള്‍ അത് പറയാന്‍ പലപ്പോഴും ലജ്ജിക്കുന്നു.’

ഇമാം ഗസ്സാലിക്ക് ശേഷം വന്ന, വളരെ തഖ്‌വയും സൂക്ഷ്മയും പുലര്‍ത്തിയിരുന്ന ഇബ്‌നുല്‍ ഖയ്യിം തന്റെ ‘സാദുല്‍ മആദി’ല്‍ സംയോഗത്തില്‍ പ്രവാചകന്‍(സ)യുടെ മാതൃക വിവരിക്കുന്നുണ്ട്. അത് പറയുന്നത് മതപരമായി തെറ്റോ, ധാര്‍മ്മികമായി ന്യൂനതയോ അല്ല. ഇക്കാലത്ത് പലരും അങ്ങനെ ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ നമുക്കത് മനസിലാക്കാം.

‘വിവാഹത്തിലും സംയോഗത്തിലും അദ്ദേഹത്തിന്റെ(പ്രവാചകന്‍) ചര്യയാണ് ഏറ്റവും സമ്പൂര്‍ണ്ണമായിട്ടുള്ളത്. അതിലൂടെ ആരോഗ്യത്തിന് സംരക്ഷണവും മനസിന്ന് സന്തോഷവും ആനന്ദവും ലഭിക്കുന്നു. അതിലൂടെ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടികൊടുക്കുകയും ചെയ്യുന്നു. സംയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ മൂന്നെണ്ണമാണ്:
1) വംശ സംരക്ഷണം, ഓരോ വംശവും ഭൂമിയില്‍ നിലനില്‍ക്കുന്നതിനായി അല്ലാഹു ഒരുക്കിയിട്ടുള്ള സംവിധാനമാണത്.
2) ശരീരത്തില്‍ കെട്ടികിടന്നാല്‍ ദോഷം ചെയ്യുന്ന ദ്രവങ്ങളെ പുറത്ത് കളയല്‍.
3) വികാര പൂര്‍ത്തീകരണവും ആനന്ദവും ആസ്വാദനവും.

അതിന്റെ പ്രയോജനങ്ങളെ പറ്റി അദ്ദേഹം പറയുന്നു: ‘നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും മനസ്സിനെ നിയന്ത്രിക്കലും സ്ത്രീക്കും പുരുഷനും ഇഹ-പരലോകങ്ങളില്‍ പ്രയോജനം ചെയ്യുന്ന കാര്യമാണ്. ഇക്കാരണത്താല്‍ തന്നെ നബി(സ) ഇത് പ്രാവര്‍ത്തികമാക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. തന്റെ സമുദായത്തെ അദ്ദേഹമതിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘നിങ്ങള്‍ വിവാഹം ചെയ്യുക അതിലൂടെയാണ് എന്റെ ഉമ്മത്ത് വര്‍ദ്ധിക്കുക.’ ‘യുവാക്കളേ, നിങ്ങളില്‍ സാധ്യമാകുന്നവര്‍ വിവാഹം ചെയ്യട്ടെ. തീര്‍ച്ചയായും അത് കണ്ണിനെ താഴ്ത്തുന്നതും ലൈംഗികാവയവങ്ങള്‍ക്ക് സംരക്ഷണവുമാണ്.’.
ഇമാം ഇബനു ഖയ്യിം തുടരുന്നു ‘സംയോഗത്തിന് മുമ്പ് ഇണയുമായി പൂര്‍വ്വകേളികളില്‍ ഏര്‍പ്പെടുകയും ചുംബിക്കുകയും അവളുടെ നാവ് ഊമ്പുകയും ചെയ്യണം. പ്രവാചകന്‍(സ) ഭാര്യയോടൊപ്പം കേളികളിലേര്‍പ്പെടുകയും ചുംബിക്കുകയും ചെയ്യാറുണ്ടായിരുന്നു.’ ജാബിര്‍(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ പറയുന്നു: ‘പൂര്‍വ്വകേളികളിലേര്‍പ്പെടുന്നതിന് മുമ്പ് സംയോഗം നടത്തുന്നത് നബി(സ) വിലക്കിയിരിക്കുന്നു.’
ഇസ്‌ലാമിക കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ യാഥാസ്ഥികരോ അരാജകത്വ വാദികളോ ആയിരുന്നില്ലെന്ന് കുറിക്കുന്ന തെളിവുകളാണിതെല്ലാം. മറിച്ച് അവരെല്ലാം യാഥാര്‍ത്ഥ്യ ലോകത്തിന് വേണ്ടത്ര പരിഗണന നല്‍കിയവരായിരുന്നു. ചുരുക്കത്തില്‍ ദമ്പതികള്‍ക്കിടയില്‍ ലൈംഗികതക്കുള്ള സ്ഥാനം ഇസ്‌ലാം വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ രണ്ടിടങ്ങളില്‍ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. നോമ്പിനെ കുറിച്ച് വിവരിക്കുന്നിടത്താണ് അവയിലൊന്ന്. ‘നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനിമുതല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കനുവദിച്ചത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ എല്ലാം വര്‍ജിച്ച് രാവുവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.’ (അല്‍ബഖറ: 187)
‘അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും’ എന്ന വളരെ സുന്ദരവും അര്‍ത്ഥഗംഭീരവുമായ പ്രയോഗമാണ് ഖുര്‍ആന്‍ ദമ്പതികള്‍ക്കിടയിലെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചിരിക്കുന്നത്. മറക്കല്‍, സംരക്ഷണം, ചൂടില്‍ നിന്നും തണുപ്പില്‍ നിന്നുമുള്ള രക്ഷ, ഒട്ടിചേര്‍ന്ന് നില്‍ക്കല്‍, സൗന്ദര്യം, അലങ്കാരം തുടങ്ങിയ അര്‍ത്ഥങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന പ്രയോഗമാണ് ‘വസ്ത്രം’ എന്നുള്ളത്.

രണ്ടാമതായി ഖുര്‍ആന്‍ പ്രയോഗിക്കുന്നത് അശുദ്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ്. ‘ആര്‍ത്തവത്തെ സംബന്ധിച്ചും അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല്‍ ആര്‍ത്തവ വേളയില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്നകന്നു നില്‍ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര്‍ ശുദ്ധി നേടിയാല്‍ അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്‌നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു. നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ ഭാവിക്കു വേണ്ടത് നിങ്ങള്‍ നേരത്തെ തന്നെ ചെയ്തുവെക്കണം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങള്‍ അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക.'(അല്‍ബഖറ: 222)
ആര്‍ത്തവകാലത്ത് എന്തൊക്കെ കാര്യങ്ങളില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടതെന്ന് ഹദീസുകളിലൂടെ പ്രവാചകന്‍(സ) വിശദീകരിച്ചിട്ടുണ്ട്. സംയോഗത്തില്‍ നിന്നുമാത്രമാണ് വിട്ടുനില്‍ക്കാന്‍ കല്‍പ്പിച്ചിട്ടുള്ളത്. ചുംബിക്കുന്നതിനോ ആലിംഗനം ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ ഒന്നും അത് തടസ്സമല്ല. അപ്രകാരം തന്നെ സൂക്തത്തില്‍ പറയുന്ന ‘നിങ്ങളാഗ്രഹിക്കുംവിധം’ എന്നതിനെ വിശദീകരിക്കുന്നത് നിങ്ങള്‍ സ്വീകരിക്കുന്ന ഏത് രീതിയും എന്നാണ്. കൃഷിയിടം എന്നതിന്റെ വ്യാഖ്യാനം പ്രത്യേകം പഠിക്കേണ്ടതാണ്. ഇസ്‌ലാമിന്റെ ഭരണഘടനയായ വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം വിശദീകരിക്കുന്നുവെന്നത് തന്നെ അതിന്റെ പ്രാധാന്യത്തിന് മതിയായ തെളിവാണ്.

ഉപദേശിക്കാം വഷളാക്കരുത്

ഒരു വിശ്വാസി തന്റെ സഹോദരനോട് കാണിക്കേണ്ട നിര്‍ബന്ധ ബാധ്യതയാണ് ഗുണകാംക്ഷ. ഒരു വിശ്വാസി തന്റെ സഹോദരന്റെ കണ്ണാടിയായിരിക്കണം. ഗുണകാംക്ഷ അതിന്റെ മര്യാദകളും നിബന്ധനകളും പാലിച്ചു കൊണ്ടവന്‍ നിര്‍വഹിക്കണം. അതില്‍ യാതൊരു മടിയും അവനെ ബാധിക്കേണ്ടതില്ല. പ്രവാചകന്‍(സ) പറഞ്ഞു: ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോട് ആറ് കടമകളുണ്ട്? അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു: ‘അവയെന്തൊക്കെയാണ് അല്ലാഹുവിന്റെ ദൂതരേ?’ നബി(സ) പറഞ്ഞു: ‘അവനെ കണ്ടു മുട്ടിയാല്‍ സലാം പറയുക, അവന്‍ നിന്നെ ക്ഷണിച്ചാല്‍ ഉത്തരം നല്‍കുക, ഗുണകാംക്ഷ തേടിയാല്‍ ഗുണകാംക്ഷിക്കുക, അവന്‍ തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ അവന് വേണ്ടി പ്രാര്‍ഥിക്കുക, അവന്‍ രോഗിയായാല്‍ സന്ദര്‍ശിക്കുക, അവന്‍ മരിച്ചാല്‍ ജനാസയെ അനുഗമിക്കുക.’

ഗുണകാംക്ഷ തേടിയാല്‍ ഗുണകാംക്ഷിക്കുക എന്നത് ഇമാം സഅ്ദി വിശദീകരിക്കുന്നുണ്ട്. ഏതെങ്കിലും ജോലിയില്‍ നിങ്ങളോടൊപ്പം അവന്‍ പങ്കാളിയായാല്‍ എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. നിന്റെ മനസിന് എന്താണോ ഇഷ്ടപ്പെടുന്നത് അതുപോലെ അവനെ ഉപദേശിക്കുക. ചെയ്യുന്ന ജോലി എല്ലാ തരത്തിലും ഗുണകരമാണെങ്കില്‍ അതില്‍ അവനെ പ്രോത്സാഹിപ്പിക്കുക. ദോഷകരമാണെങ്കില്‍ അതിനെ കുറിച്ച് മുന്നറിയിപ്പും നല്‍കുക. പ്രയോജനത്തോടൊപ്പം ദോഷങ്ങള്‍ കൂടിയുള്ളതാണെങ്കില്‍ അവ രണ്ടും വിശദീകരിച്ചു കൊടുക്കുക. അതിന്റെ ഗുണദോഷങ്ങള്‍ താരതമ്യപ്പെടുത്തി വ്യക്തമാക്കുകയും ചെയ്യുക. ഒരു വ്യക്തിയോട് ഇടപഴകുന്നതിനെ കുറിച്ചോ അല്ലെങ്കില്‍ ഒരാളെ വിവാഹം ചെയ്യുന്നിനെ കുറിച്ചോ നിന്നോട് അന്വേഷിക്കുകയാണെങ്കില്‍ നിനക്കതിലുള്ള സത്യസന്ധമായ അഭിപ്രായം രേഖപ്പെടുത്തുക. നീ കാരണം അവന്‍ വഞ്ചിതനാകുന്നത് വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. ‘മുസ്‌ലിംകളെ വഞ്ചിക്കുന്നവന്‍ അവരില്‍ പെട്ടവനല്ല.’ കാരണം നിര്‍ബന്ധ ബാധ്യതായ ഗുണകാംക്ഷയിലാണ് നിങ്ങള്‍ വീഴ്ച്ച വരുത്തിയിരിക്കുന്നത്. എന്നാല്‍ ഗുണകാംക്ഷിക്കുന്നയാള്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിബന്ധനകളും മര്യാദകളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് തുടര്‍ന്നു പറയുന്നത്.

1) ഉപദേശിക്കുന്ന കാര്യത്തെ കുറിച്ച് അറിവുണ്ടായിരിക്കുക. ഉപദേശിക്കുന്ന ആള്‍ക്ക് വിഷയത്തെ കുറിച്ച് ശരിയായ ധാരണയും വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നുമുള്ള തെളിവുകളുമുണ്ടായിരിക്കണം. തനിക്ക് അറിവില്ലാത്ത ഒരു കാര്യത്തെ കുറിച്ച് ഉപദേശിക്കരുത്. അല്ലാഹു പറയുന്നു: ‘നിനക്ക് അറിഞ്ഞുകൂടാത്ത സംഗതികളുടെ പിന്നാലെ കൂടാതിരിക്കുക.’ (അല്‍-ഇസ്‌റാഅ് : 36)
2) സദുദ്ദേശ്യത്തോടെയായിരിക്കണം ഗുണകാംക്ഷ. ഗുണകാംക്ഷിക്കുന്ന ഒരാള്‍ അല്ലാഹുവിന്റെ പ്രീതി നേടുന്നതിനായിരിക്കണം അത് ചെയ്യുന്നത്. ലോകമാന്യം, പ്രശ്‌സ്തി പോലുള്ള ഐഹിക നേട്ടങ്ങള്‍ ലക്ഷ്യം വെച്ചായിരിക്കരുത് ഉപദേശിക്കുന്നത്. കാരണം ഓരോ പ്രവര്‍ത്തനവും വിലയിരുത്തപ്പെടുക അതിന്റെ ഉദ്ദേശ്യമനുസരിച്ചാണ്.
3) യുക്തിയോടെയും അനുകമ്പയോടെയും നല്ല ശൈലിയിലുമായിരിക്കണം ഗുണകാംക്ഷ. വെറുപ്പുളവാക്കുന്ന വാക്കുകള്‍ ഉപേക്ഷിച്ച് നല്ല വാക്കുകള്‍ തെരെഞ്ഞുടുത്തായിരിക്കണം അതിന് ഉപയോഗിക്കേണ്ടത്. അല്ലാഹു പറയുന്നു: ‘ പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക.’ (അന്നഹ്ല്‍: 125) മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു: ‘  പ്രവാചകന്‍, എന്റെ (വിശ്വാസികളായ) ദാസന്മാരോടു പറയുക. എന്തെന്നാല്‍, അവര്‍ ഏറ്റം ഉല്‍കൃഷ്ടമായത് സംസാരിക്കട്ടെ. തീര്‍ച്ചയായും ചെകുത്താന്‍ മനുഷ്യര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.’ (അല്‍-ഇസ്‌റാഅ് : 53)
4) ഒരാളെ ഉപദേശിക്കുമ്പോള്‍ അത് ഉറക്കെയാവരുത്. വളരെ രഹസ്യമായി ആ വ്യക്തിയെ അവഹേളിക്കാത്ത തരത്തിലായിരിക്കണമത്. ഉപദേശിക്കുന്നത് ആള്‍ക്കൂട്ടത്തില്‍ വെച്ച് പരസ്യമാവാതിരിക്കല്‍ യുക്തിയുടെയും അനുകമ്പയുടെയും ഭാഗമാണ്. എന്നാല്‍ ഉപദേശിക്കപ്പെടുന്നവര്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുകയും അഹന്തയെല്ലാം മാറ്റിവെച്ച് അത് സ്വീകരിച്ച് സല്‍പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. ഒരു മുസ്‌ലിം താന്‍ ഉപദേശിക്കുന്ന വ്യക്തിയെ അവഹേളിക്കുകയോ അവന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്യില്ല. ഇമാം ശാഫിഈ(റ) പറയുന്നു:  ‘രഹസ്യമായി തന്റെ സഹോദരനെ ഉപദേശിച്ചവന്‍ അവനെ ഗുണകാംക്ഷിക്കുകയും അലങ്കരിക്കുയും ചെയ്തിരിക്കുന്നു. പരസ്യമായി ഉപദേശിക്കുന്നവന്‍ വഷളാക്കുകയും വികൃതമാക്കുകയും ചെയ്തിരിക്കുന്നു.’
സുലൈമാന്‍ ബിന്‍ അല്‍-ഖവാസ് പറയുന്നു: ‘ഒരാള്‍ തന്റെ സഹോദരനെ ഉപദേശിക്കുന്നത് അവര്‍ രണ്ടു പേര്‍ക്കുമിടയിലാണെങ്കില്‍ അത് ഗുണകാംക്ഷയാണ്. ജനങ്ങള്‍ക്കിടയിലുള്ള ഉപദേശം അവനെ വഷളാക്കലാണ്.’
5) സ്വീകരിക്കണമെന്ന നിബന്ധന വെച്ചു കൊണ്ടാവരുത് ഗുണകാംക്ഷ. ഇത് ലംഘിച്ചാല്‍ നിങ്ങള്‍ ഗുണകാംക്ഷകനല്ല, മറിച്ച് അക്രമിയാണ്. സൗഹൃദത്തിന് നിരക്കുന്നതല്ല ഈ ശൈലി. ഒരു രാജാവ് പ്രജകളോടും യജമാനന്‍ അടിമകളോടും സ്വീകരിക്കുന്ന രീതിയാണത്.

3.14285714286
എഡ്വേർഡ് ജഗ്ഡിയോ Jul 18, 2017 05:25 AM

ഡോക്ടർ ഒട്ടോയ്ഡ് തന്റെ ഭാര്യയെ പുനരധിവസിപ്പിക്കാൻ സഹായിച്ചതെങ്ങനെയെന്ന് ഒരാൾ സാക്ഷിയാണെന്നറിയിച്ചപ്പോൾ ഞാൻ ഒരു വെബ്സൈറ്റിന് ഒരു അഭിപ്രായം നൽകിയിരുന്നു. എന്റെ വെബ്സൈറ്റിൽ എഴുതുന്നതിനു ശേഷം ഞാൻ എങ്ങനെ ബന്ധപ്പെടാറുണ്ടായിരുന്നു എന്നും എന്റെ പ്രശ്നം പരിഹരിച്ചതിനു ശേഷം അദ്ദേഹം എന്റെ ഭാര്യയെ

WSSS Oct 23, 2015 09:57 AM

നിര്‍ദ്ദേശത്തിനു നന്ദി..

ഫാത്തിം Oct 22, 2015 09:58 PM

പേജ് വേറെ വേറെ ആക്കുക
ഫുള്‍ ലെന്‍ത് വിഷമമാണ്... മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാന്‍ ഒക്കെ വിഷമം.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top