অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൌമുദി ടീച്ചര്‍

കൌമുദി ടീച്ചര്‍

കൌമുദി ടീച്ചര്‍ 1920-ല്‍ ജനിച്ചു. പതിനാലാം വയസ്സില്‍ സ്വന്തം സ്വര്‍ണ്ണാഭരണങ്ങള്‍ മഹാത്മാഗാന്ധിക്ക് സമര്‍പ്പിക്കുക വഴി ഇവര്‍ ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നു. കടത്തനാട്ട്, രാജാസ് ഹൈസ്കൂള്‍, വടകര ബി.ഇ.എം. ഹൈസ്കൂള്‍, മംഗലാപുരം സെന്റ് ആഗ്നസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍ മഹാത്മാഗാന്ധിയുടെ നിര്‍ദേശാനുസരണം ഹിന്ദി അധ്യാപനം സ്വന്തം കര്‍മമേഖലയായി തെരഞ്ഞെടുത്തു. കണ്ണൂര്‍ ഗേള്‍സ് ഹൈസ്കൂള്‍, കല്യാശ്ശേരി, പെരളശ്ശേരി എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ അധ്യാപികയായിരുന്നു. റിട്ടയര്‍ ചെയ്തശേഷം കുറെനാള്‍ തിരുവനന്തപുരം വിനോബാനികേതനില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സര്‍വോദയപ്രവര്‍ത്തനങ്ങള്‍, ഗിരിവര്‍ഗോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സാധ്വിയായിരുന്നു ഇവര്‍. സ്വാതന്ത്യസമരപ്രവര്‍ത്തകനായിരുന്ന പിതാവിന്റെ കൂടെ സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ആചാര്യവിനോബഭാവെ, സെന്‍ഗുപ്താ പ്രകാശ്, മിസ്സിസ്സ് പാവമണി എന്നിവരുടെകൂടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

അനന്തരം കൌമുദി എന്ന പെണ്‍കുട്ടി മാല, വള, കമ്മല്‍  എന്നിവ ഓരോന്നായി ഊരി ഗാന്ധിജിക്കു കൊടുത്തു. അദ്ദേഹം അതിശയത്തോടെ അവരെ നോക്കുന്നുണ്ടായിരുന്നു. ശേഷം ഒാട്ടോഗ്രാഫില്‍  എഴുതി, 'തുമാര ത്യാഗ് തുമാര ഭൂഷണ്‍ ഹേ !..' അമൂല്യമെന്നു കരുതിപ്പോന്നവ പലതും സമൂഹം സൌകര്യത്തിനനുസരിച്ചു മറന്നുകളയുമ്പോള്‍ കൌമുദി ടീച്ചര്‍ക്കും ചിലതൊന്നും ഒാര്‍മിക്കാന്‍ കഴിയുന്നില്ല, താല്‍പ്പര്യവുമില്ല. നവതിയുടെ നിറവില്‍ ആത്മബലത്തിന്റെ ഗാന്ധിയന്‍ മന്ത്രങ്ങളും ഉരുക്കഴിച്ചിരിക്കുകയാണവര്‍.  കൌമുദിയുടെ പരിത്യാഗം പുതിയ തലമുറയ്ക്ക് അന്യമാണ്. ഇടക്കാലത്ത് അതു പാഠപുസ്തങ്ങളില്‍നിന്നു മറയുകയും ചെയ്തു. ത്യാഗത്തിന്റെയും സത്യസന്ധതയുടെയും ഗന്ധമേല്‍ക്കാത്തവരെക്കുറിച്ചുള്ള ദീര്‍ഘവിവരണങ്ങള്‍ക്കിടയില്‍ അത് അധികപ്പറ്റാണെന്ന് അധികൃതര്‍ക്കു തോന്നിയിരിക്കാം. അല്ലെങ്കിലും ഒാര്‍മിക്കാനും ആഘോഷിക്കാനുംമാത്രം താനെന്തുചെയ്തുവെന്നുതന്നെയാണു ടീച്ചറും ചോദിക്കുന്നത്.  ധീരരായ സമരഭടന്മാരുടെ തലമുറയില്‍ അവശേഷിക്കുന്ന അടയാളംപോലെ തൊണ്ണൂറിലും ചൈതന്യം പ്രസരിപ്പിച്ചു നില്‍ക്കുകയാണ് ഖാദിയില്‍ പൊതിഞ്ഞ ആ ജീവിതം. തൊട്ടും തലോടിയും ആശ്വസിപ്പിച്ചും കടന്നുപോകുന്ന ഇളംകാറ്റുപോലെയാണു സാമീപ്യം. തന്നെ പുകഴ്ത്തിയെഴുതുന്നവരോടു മന്ദഹസിക്കുന്നു.  പൊക്കത്തിലിക്കുന്നവരുടെ മാനാഭിമാന പ്രശ്നങ്ങള്‍ക്കിടയില്‍ ഇതെത്ര നിസ്സാരം എന്നു ചോദിക്കുന്നു. അഹിംസ, പരിത്യാഗം, ബ്രഹ്മചര്യം, നിര്‍ഭയത, അയിത്തോച്ചാടനം, സഹിഷ്ണുത, വിനയം, വ്രതനിഷ്ഠ  ടീച്ചറെ കേള്‍ക്കുമ്പോള്‍ ഇതൊക്കെയാണ് അനുഭവിക്കാന്‍ കഴിയുന്നത്.  ത്യാഗത്തെ വിപണനത്തിന് ഉപയോഗിക്കാത്ത, പ്രത്യയശാസ്ത്രങ്ങളുടെ ഭാരങ്ങളൊന്നും പേറാത്ത ലളിതമായൊരു ജീവിതം. 15ാമത്തെ വയസ്സില്‍ പൊതുവേദിയില്‍വച്ചു തന്റെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഗാന്ധിജിക്കു നല്‍കി ചരിത്രത്തിലെ തിളങ്ങുന്ന കണ്ണിയായ വനിത. എന്നിട്ടും വിളിച്ചുപറയാന്‍മാത്രം എന്തുചെയ്തുവെന്ന ഭാവത്തിനുമുന്‍പില്‍ തലകുനിക്കാനേ കഴിയൂ. ''അന്നും ഇന്നും അതു വലിയ സംഭവമായി തോന്നിയിട്ടില്ല  അവര്‍ പറഞ്ഞു. കണ്ണൂര്‍ കാടാച്ചിറ ഹൈസ്കൂളിനുസമീപം ഉദയപുരം വീട്ടില്‍ പ്രായത്തിന്റെ ചില്ലറ അസ്ക്യതകളുമായി ആങ്ങള പ്രഭാകരന്‍ നമ്പ്യാര്‍ക്കും നാത്തൂന്‍ പ്രഭാവതിക്കുമൊപ്പമാണു ടീച്ചറുടെ താമസം.  ചിറക്കല്‍ വലിയരാജാവിന്റെ മകള്‍ ദേവകി കെട്ടിലമ്മയുടെയും ഗാന്ധിയനും സ്വാതന്ത്യ്രസമര സേനാനിയുമായ കടത്തനാട്ടു രാമവര്‍മരാജയുടെയും മകളായി ചിറക്കലിലായിരുന്നു ജനനം. വളര്‍ന്നതും പഠിച്ചതും വടകര പുറമേരിയില്‍. വടകര ഹൈസ്കൂളിലെ പഠനത്തിനുശേഷം മംഗലാപുരം സെന്റ് ആഗ്നസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. വീടുവിട്ടുനിന്നുള്ള ശീലമില്ലായ്മ മനസ്സിനെയും ശരീരത്തെയും ബാധിച്ചു. ആരോഗ്യപ്രശ്നമുണ്ടായതോടെ പഠനം നിര്‍ത്തി മടങ്ങുകയായിരുന്നു. വീട്ടിലെത്തിയിരുന്ന സമരഭടന്മാരില്‍നിന്നു കേട്ടുകൊണ്ടിരുന്ന ധീരമായ വാക്കുകള്‍, പ്രഖ്യാപനങ്ങള്‍. അച്ഛനും മകള്‍ക്കും പ്രദേശത്തെക്കുറിച്ചു പലതും പറഞ്ഞുകൊടുക്കുമായിരുന്നു. എ.വി. കുട്ടിമാളുവമ്മ വീട്ടില്‍ താമസിച്ചു കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഗാന്ധിജി ആരംഭിച്ച സംരംഭങ്ങള്‍ക്കു രാജ്യം മുഴുവന്‍ പിന്‍തുണ പ്രഖ്യാപിക്കുന്ന സംഭവങ്ങള്‍. ദരിദ്രരായ സ്ത്രീകള്‍ നിത്യച്ചെലവിനുള്ള കരുതിവച്ചിരുന്ന പണംപോലും മഹാത്മാവിനു നല്‍കിയെന്ന വാര്‍ത്തകളും കേട്ടു. അതിനെക്കാള്‍ ഭേദമല്ലേ ഞാന്‍, എന്നിട്ടും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ജീവിതംകൊണ്ടെന്തു ഗുണമെന്നായിരുന്നു തോന്നല്‍. വല്ലാത്തൊരു ഉള്‍വിളിയായിരുന്നു ആ ദിവസങ്ങളില്‍. ഗാന്ധിജിയെ നേരിട്ടു കണാനുള്ള ആഗ്രഹവും ശക്തമായി. അങ്ങനെയിരിക്കെയാണ് ആ സന്തോഷവാര്‍ത്ത കേട്ടത്  ഹരിജന്‍ സഹായനിധി സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഗാന്ധിജി വകടരയിലെത്തുന്നു. അച്ഛനോടു പറയാന്‍ പേടിതോന്നി. പക്ഷേ, പറഞ്ഞപ്പോള്‍ മുന്‍ധാരണകളെല്ലാം വെറുതെയായി. ബാപ്പുജിയെ കാണാന്‍ വടകരയില്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍ മകളെ അഭിനന്ദിക്കുകയായിരുന്നു. അച്ഛനും അമ്മയും കൂടെ വരാമെന്നും പറഞ്ഞു. 1934 ജനുവരി 13  വടകര മൈതാനിയില്‍ ആബാലവൃന്ദം ജനം തടിച്ചുകൂടിയിരിക്കുകയാണ്. ''ഗാന്ധിജിയുടെ അന്നത്തെ പ്രസംഗത്തിന്റെ ഒരോ വാക്കും ഞാനിപ്പോഴും ഒാര്‍ക്കുന്നു. അത് അവസാനിച്ചപ്പോള്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനു സംഭാവനകള്‍ നല്‍കുകയാണ്. അച്ഛനമ്മമാരുടെ പക്കല്‍നിന്നു ഞാന്‍ മെല്ലെ മുന്നോട്ടു നീങ്ങി. ശരീരം വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. വേദിയിലെത്തി മറ്റുള്ളവര്‍ക്കിടയില്‍ നിന്നു. പിന്നെ മാല, വള, കമ്മല്‍ എന്നിവ ഓരോന്നായി ഊരി ഗാന്ധിജിക്കു കൊടുത്തു. അദ്ദേഹം അതിശയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ശേഷം ഒാട്ടോഗ്രാഫില്‍ ഗാന്ധിജിയുടെ ഒപ്പുവാങ്ങി. ''തുമാര ത്യാഗ് തുമാര ഭൂഷണ്‍ ഹേ' എന്ന് അതില്‍ എഴുതിയിരുന്നു. ''കേവലമൊരു ഒപ്പിനുവേണ്ടി നിന്റെ സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി നല്‍കണമോ? എന്നായിരുന്നു മഹാത്മാവിന്റെ ചോദ്യം. ഹരിജനങ്ങള്‍ക്കുവേണ്ടിയുള്ള ചെറിയ സഹായമെന്നു പറഞ്ഞപ്പോള്‍ ഗാന്ധിജി നിശ്ശബ്ദനായി നിന്നു. പിന്നെ തിരക്കിനിടയില്‍ അധികമൊന്നും പറയാന്‍ കഴിയാതെ അദ്ദേഹം നടന്നുനീങ്ങി.  സഹനത്തിന്റെ കണക്കുകള്‍ നിരത്തി ടീച്ചര്‍ തിരഞ്ഞെടുപ്പിനൊന്നും നിന്നില്ല. എംഎല്‍എയും പഞ്ചായത്ത് അംഗവും ആയിത്തീരാന്‍ മോഹിച്ചില്ല. ത്യാഗവും കര്‍മവും ഇല്ലാത്തവര്‍ പദവികള്‍കൊണ്ടു കാലം കഴിക്കുമ്പോള്‍ സ്വാതന്ത്യ്രസമരസേനാനിയുടെ പെന്‍ഷന്‍പോലും ഉപേക്ഷിച്ചവരാണിവര്‍. ഹിന്ദിപ്രചാരകരെ സ്വാതന്ത്യ്രസമര സേനാനികളായി അംഗീകരിച്ചു സര്‍ക്കാര്‍ പെന്‍ഷന്‍ പ്രഖ്യാപിച്ചെങ്കിലും അതിന് അപേക്ഷിച്ചില്ല. അതിനുമാത്രമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു നിലപാട്. അധ്യാപികയായി ജോലി ചെയ്തതിനു ലഭിക്കുന്ന പെന്‍ഷന്‍മാത്രം മതിയെന്നാണു തീരുമാനം. വടകരയില്‍ വന്നതിന്റെ മൂന്നാംദിവസം ഗാന്ധിജി കോഴിക്കോട്ട് വള്ളിക്കുന്ന് ബംഗാവില്‍ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുക്കുന്നതായി അറിഞ്ഞു. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടു മതിയായിരുന്നില്ല. അച്ഛനൊപ്പം കോഴിക്കോട്ടു പോയി. കേളപ്പജിയെയാണ് ആദ്യം കണ്ടത്. കൌമുദിയെ ഗാന്ധിജി തിരക്കിയിരുന്നുവന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഗാന്ധിജി മൌനവ്രതത്തിലായിരുന്നു. കുറച്ചുനേരം മുന്‍പില്‍ പ്രാര്‍ഥനാപൂര്‍വമിരുന്നു. ''സംസാരിച്ചു തൃപ്തിയായിട്ടില്ല, മൌനവ്രതത്തിലാണ്. നാളെ രാവിലെ വരാന്‍ പറയണം. നേരിട്ടു വര്‍ത്തമാനം പറയാനുണ്ട് എന്ന് അദ്ദേഹം കേളപ്പജി മുഖേന എഴുതി അറിയിച്ചു. എനിക്കും വളരെ സന്തോഷമായി. കൌമുദി ഹിന്ദി പഠിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷമെന്നും പ്രത്യേകം അറിയിച്ചിരുന്നു.  ഹരിജനില്‍ കൌമുദിയെക്കുറിച്ചു ഗാന്ധിജി ഒരു ലേഖനം എഴുതുന്നുണ്ട്. അതു പൂര്‍ത്തിയാക്കണമെങ്കില്‍ കുട്ടിയെക്കുറിച്ചു കുറച്ചുകാര്യങ്ങള്‍കൂടി അറിയണം. മാതാപിതാക്കള്‍ക്കൊപ്പം നാളെ വരണമെന്ന് കേളപ്പജി പിന്നീട് പ്രത്യേകം ഒാര്‍മിപ്പിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം പിറ്റേദിവസം ഗാന്ധിജിയെ കണ്ടു.  'ആഭരണം മുഴുവന്‍ സംഭാവന ചെയ്ത നിനക്ക് ഇനിയും അതണിയാന്‍ ആഗ്രഹമുണ്ടോ? എന്നാണ് ആദ്യം ചോദിച്ചത്. ഇല്ലെന്നു പറഞ്ഞു.  ''ഹിന്ദി ഭാഷയില്‍ പ്രാവീണ്യം നേടണം. അതു പ്രചരിപ്പിക്കണം. ജനുവരി മാസത്തെ ഹരിജനില്‍ ''കൌമുദി കി ത്യാഗ്' എന്ന തലക്കെട്ടില്‍ ഗാന്ധിജി ലേഖനം പ്രസിദ്ധീകരിച്ചു. പിന്നീട് ലെറ്റര്‍ ടു വുമണില്‍ ഒരു പേജു നീണ്ട ലേഖനവും എഴുതിയിരുന്നു. ജോലി കിട്ടുന്നതിനു മുന്‍പ് സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട ചില സമ്മേളനങ്ങളിലും പ്രചാരണങ്ങളിലും കൌമുദി പങ്കെടുത്തിരുന്നു. കുട്ടിമാളുവമ്മ, കാര്‍ത്യായനിയമ്മ, ഷാരോണ്‍ എന്നിവരായിരുന്നു പ്രധാനികള്‍. കസ്തൂര്‍ബാഗാന്ധിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടത്തിയ മിശ്രഭോജനത്തില്‍ സി.ആര്‍. ദാസിന്റെ പെങ്ങള്‍ ഊര്‍മിളാദേവിയുമൊത്തു സജീവമായി ഉണ്ടായിരുന്നു.  ''രാഷ്ട്രീയമേഖല ആകെ അക്രമങ്ങളായിരിക്കുന്നു. ഖാദിയുടെ കാര്യമോര്‍ക്കുമ്പോഴാണു വല്ലാതെ വിഷമം വരുന്നത്. പുറത്തുനിന്നുള്ളതെന്തും നല്ലതും മികച്ചതുമെന്ന വിചാരം. നേതാക്കളും രക്ഷിതാക്കളും അധ്യാപകരും എല്ലാവരും അതിന് ഉത്തരവാദികളാണ്. കുട്ടികളില്‍ അഭിമാനബോധമുണ്ടാക്കേണ്ട ചുമതല ഇവര്‍ക്കാണ്. നേതാക്കന്മാരെക്കുറിച്ച് ഒന്നും പറയാനില്ല. ആരുമായും ബന്ധമില്ല. അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയിട്ടില്ല. കേളപ്പജിയും എ.വി. കുട്ടിമാളുവമ്മയുമൊക്കെയാണ് ഇപ്പോഴും മനസ്സുനിറയെ. ചിലര്‍ പറയുന്നതുപോലെ കാലത്തിനൊത്തു മാറാത്തതുകൊണ്ടാകാം അങ്ങനെയൊക്കെ ചിന്തിക്കുന്നത്.  ചെറുപ്പംമുതല്‍ ആശ്രമജീവിതത്തോടു മനസ്സിനൊരു ചായ്വുണ്ടായിരുന്നു. അതുകൊണ്ടാകാം അത്ര വലിയ അസ്വസ്ഥതകളൊന്നും അനുഭവിച്ചിട്ടില്ല. അല്ലെങ്കിലും മിക്ക പ്രശ്നങ്ങളും മനസ്സിന്റെ സൃഷ്ടിയാണല്ലോ. ഹിന്ദി ഭാഷയോടു വലിയ അടുപ്പമായിരുന്നു. അതില്‍ വിദ്വാന്‍ പരീക്ഷ വിജയിച്ചു. ഗാന്ധിജിയായിരുന്നു അതിനു പ്രചോദനം. 1938 മുതല്‍ ഹിന്ദി പഠിപ്പിക്കാന്‍ ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മദിരാശി സംസ്ഥാനത്തെ ആദ്യത്തെ ഹിന്ദി അധ്യാപികയാണു കൌമുദി ടീച്ചര്‍. കണ്ണൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളിലായിരുന്നു ആദ്യ നിയമനം. ജോലിയായതോടെ പുറമേരിയില്‍നിന്നു താമസം കണ്ണൂരിലായി. അച്ഛനും അമ്മയും മരിച്ചതിനുശേഷം ആങ്ങളയും കുടുംബവുമാണ് കൂട്ടിന്. 1972ല്‍ കല്യാശേരി മോഡല്‍ ഗവ. ഹൈസ്കൂളില്‍നിന്നു വിരമിച്ചു. എന്നാലും ഹിന്ദി പഠിപ്പിക്കല്‍ തുടര്‍ന്നു. കാടാച്ചിറയിലെ വീട്ടില്‍ നിരവധി കുട്ടികള്‍ക്കു സൌജന്യമായി പരിശീലനം നല്‍കിയിരുന്നു. ''വയ്യാണ്ടായപ്പോള്‍ നിര്‍ത്തി. എന്നാലും ചില കുട്ടികള്‍ വരാറുണ്ട്. ജോലിയില്‍നിന്നു വിരമിച്ചതിനുശേഷം വിനോബാ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തില്‍ സജീവമായിരുന്നു. പദയാത്രയില്‍ പങ്കെടുത്തു. ആറുവര്‍ഷം തിരുവനന്തപുരം മലയടിയിലെ വിനോബാ നികേതന്‍ ആശ്രമത്തില്‍ സര്‍വേദയ പ്രവര്‍ത്തനത്തില്‍ മുഴുകി. ഉത്തരേന്ത്യയിലെ പലയിടത്തുംപോയെങ്കിലും സബര്‍മതിയിലെത്താനായില്ല. പൌനാറില്‍വച്ച് ഇന്ദിരാഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്കു തര്‍ജമചെയ്തു. മദിരാശിയില്‍ ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയില്‍ 1946ലാണ് ഗാന്ധിജിയെ അവസാനമായി കണ്ടത്. ഏഴു ദിവസമായിരുന്നു ആഘോഷം. കുട്ടിമാളുവമ്മയും ഒന്നിച്ചുണ്ടായിരുന്നു. മനു, ആഭ, ദേവദാസ് ഗാന്ധി, സുമിത്രാഗാന്ധി എന്നിവരെയൊക്കെ അടുത്തറിയാം. കേളപ്പജിയൊക്കെ പിന്നീടും വീട്ടില്‍ വരുമായിരുന്നു.  ഗാന്ധിജിയുടെ മരണം. ആദ്യം അതു മനസ്സു സമ്മതിച്ചുകൊടുത്തില്ല. ആ ദിവസം മുഴുവന്‍ പട്ടിണികിടന്നു.
'വയസ്സു 90 ആയി വയ്യാണ്ടായി രണ്ടുമാസം മുന്‍പ് കുളിമുറിയില്‍ വീണ് ഇടതുകൈക്കു പൊട്ടലുണ്ടായി.അത്രയ്ക്കങ്ങു വായിക്കാനും കഴിയുന്നില്ല, പത്രങ്ങളുടെ തലക്കെട്ടുകള്‍ നോക്കും. യാത്രയ്ക്കും വയ്യ, മുറ്റത്തിറങ്ങുന്നതുതന്നെ കഷ്ടി.  നവതിക്ക് ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കിലും സ്വന്തം നക്ഷത്രം ഒാര്‍ത്തിരിക്കാനൊന്നും താല്‍പര്യമില്ല. സ്വാതന്ത്യ്രത്തിന്റെ അറുപതു വര്‍ഷങ്ങള്‍. ജീവിതത്തിന്റെ 90 വര്‍ഷങ്ങളും. ''ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഏറ്റവും സന്തോഷിച്ചതും സമാധാനിച്ചതും ഗാന്ധിജിയുടെ സാമീപ്യത്തിലായിരുന്നു. ഒരു രൂപയുടെ ഒരു തപാല്‍ കവര്‍. അതില്‍  ഒരു കട്ടിയുള്ള കടലാസ്. അതിനുമേല്‍ പതിച്ച കടലാസുകള്‍ മുറിഞ്ഞുവീണുകൊണ്ടിരിക്കുന്നു. ഇംഗീഷില്‍ വലുപ്പത്തിലെഴുതിയ വരികള്‍ അവ്യക്തമായി കാണാം. ഗാന്ധിജിയെഴുതിയ ഒാട്ടോഗ്രാഫാണത്. ആരൊക്കെയോ നോക്കിയും പരിശോധിച്ചും നാശമാക്കിയ പേജ് നഷ്ടപ്പെടാതിരിക്കാന്‍ കട്ടിക്കടലാസില്‍ ഒട്ടിച്ചതായിരുന്നു.അതിപ്പോഴും നിധിപോലെ കാത്തുപോരുന്നു. കോഴിക്കോട്ടുവച്ചു രണ്ടാംതവണ ഗാന്ധിജിയെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു:''ഭാവിയില്‍ വിവാഹാലോചനകള്‍ വരുമ്പോള്‍ ആഭരണ സന്യാസം കൌമുദിക്ക് പ്രശ്നമുണ്ടാക്കില്ലേ? ''ആഭരണഭ്രമമില്ലാത്തവരെ മാത്രമേ ഭര്‍ത്താവായി സ്വീകരിക്കൂ എന്നായിരുന്നു മറുപടി. അതൊരു ശപഥംപോലെയായിരുന്നു. ആഭരണങ്ങള്‍ ഊരിക്കൊടുത്തതില്‍ പിന്നെ സ്വര്‍ണം അണിഞ്ഞിട്ടില്ല. വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. വിവാഹം കഴിക്കാത്തതുകൊണ്ട് ഒരു അപൂര്‍ണതയും അനുഭവപ്പെട്ടിട്ടില്ലെന്നു ടീച്ചര്‍ പറഞ്ഞു. ബിഹാറില്‍ ഭൂകമ്പമുണ്ടായ സമയം. കെടുതികളില്‍ മനുഷ്യര്‍ പട്ടിണികൊണ്ടു മരിക്കുകയാണ്. വിഷമം സഹിക്കവയ്യാതെ കൌമുദി ഗാന്ധിജിക്കു കത്തയച്ചു.  ബിഹാറിനുവേണ്ടി എനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നതായിരുന്നു ഉള്ളടക്കം.''നീ എല്ലാം നല്‍കിക്കഴിഞ്ഞു ഇനിയെന്തു തരാനാണ്? (തും നെ  സബ് കുഛ് ദേ ദിയാ ഹെഫിര്‍ ക്യാ ദേന ഹേ) ഗാന്ധിജി ഉത്തരം അതായിരുന്നു.

അവസാനം പരിഷ്കരിച്ചത് : 4/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate