অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നമ്മുടെ ബാപ്പുജി.

അഹിംസയുടെ ആള്‍രൂപമാണ് നമ്മുടെ ബാപ്പുജി. എല്ലാം ഉണ്ടായിട്ടും പാവപ്പെട്ടവരുടെ കണ്ണീരൊപ്പി ഇല്ലാത്തവനായി ജീവിച്ച് ഒടുവില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന മഹാത്മാവ്. അദ്ദേഹത്തിന്‍െറ 142ാം ജന്മദിനമാണ് ഒക്ടോബര്‍ 2. എല്ലാവരും ഗാന്ധിയുടെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായാണ് 2007 മുതല്‍ ഐക്യരാഷ്ട്ര സംഘടന ഗാന്ധിജയന്തിദിനം അന്താരാഷ്ട്ര അഹിംസാ ദിനം കൂടിയായി ആചരിക്കുന്നത്.

ജനനം

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. 1883ല്‍ കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിച്ചു.

ദക്ഷിണാഫ്രിക്കന്‍ ജീവിതം

ദക്ഷിണാഫ്രിക്കയില്‍ വക്കീല്‍ പഠനത്തിനുപോയ ഗാന്ധി തന്‍െറ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടത്തെ മാറ്റി. ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം തുടങ്ങി. 1906ല്‍ ഗാന്ധിജി തന്‍െറ സത്യഗ്രഹത്തെ പ്രായോഗികതലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമന്‍ഡ്മെന്‍റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യഗ്രഹം നടത്തി.

1893-ൽ ഗാന്ധി വീണ്ടുംദക്ഷിണാഫ്രിക്കയിൽ നാറ്റാളിൽ എത്തി. എന്നാൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനംഅദ്ദേഹത്തിന്റെ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. വെള്ളക്കാർ മറ്റെല്ലാ ആളുകളേയും അധമരായാണ് കണക്കാക്കിയിരുന്നത്. തീവണ്ടിയിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരേയോ കറുത്ത വർഗ്ഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളിൽ നിന്ന് വെള്ളം കുടിച്ചാൽ പോലും അക്കൂട്ടർക്ക് കടുത്ത ശിക്ഷ നൽകപ്പെട്ടിരുന്നു.

ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു.

പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടിൽ പോലും ഇത്തരം അനാചാരങ്ങൾ ഇല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു. ഇന്ത്യാക്കാരുടെ വിദ്യാഭ്യാസമില്ലായ്മയും ശുചിത്വക്കുറവുമാണ് ഇതിനു കാരണം എന്നു വിശ്വസിച്ച്, അവ പരിഹരിക്കാനുള്ള നടപടികൾ അദ്ദേഹം ആസൂത്രണം ചെയ്തു. തീവണ്ടികളിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി ഗാന്ധി കത്തിടപാടുകൾ നടത്തി. ഇന്ത്യാക്കാരുടെ സാമ്പത്തിക-സാമൂഹികനിലവാരത്തെക്കുറിച്ച് അദ്ദേഹം പഠിക്കാൻ ആരംഭിച്ചു. മതപരവും ആദ്ധ്യാത്മികവുമായ വളരെ ഗ്രന്ഥങ്ങൾ അദ്ദേഹം ഇക്കാലത്ത് പഠിച്ചു. അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി. ഇതിന്റെ ഭാഗമായി, സുഹൃത്തുക്കളുമൊത്ത് നറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇത് ഇന്ത്യാക്കാരുടെ അവകാശബോധത്തിൽ കാതലായ മാറ്റം ഉണ്ടാക്കി. നറ്റാളിലെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ‘ഗാന്ധിജി’ എന്ന് അറിയപ്പെടാൻ തുടങ്ങി 1896-ൽ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൊണ്ടുവരാനായി നാട്ടിലേക്ക് ഹ്രസ്വസന്ദർശനം നടത്തി. രാജ്‌കോട്ടിലെത്തിയ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ നില വിവരിച്ചുകൊണ്ട് ലഘുലേഖകളും പത്രപ്രസ്താവകളും ഇറക്കുകയും ജസ്റ്റീസ് റാനഡേ, ജസ്റ്റീസ് ബദറുദ്ദീൻ തയ്ബാജി, സർ ഫിറോസ് ഷാ മേത്ത എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ഇതിനിടക്ക് മുംബൈയിൽ പ്ലേഗ് പടർന്നപ്പോൾ ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. പൂനെയിൽ ‘ലോകമാന്യ‘ ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരെ സന്ദർശിച്ചു.

1896-ൽ ഡർബനിലെ പാർലമെന്റ്, വോട്ടവകാശം കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യാക്കാർക്കും വിലക്കിക്കൊണ്ട് നിയമം കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ ഇതിനെതിരായി പോരാടാൻ അവിടത്തുകാർ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു. പാർലമെൻറ് അടച്ചതിനാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്തതിനാലാണ് അദ്ദേഹം നാട്ടിലേക്ക് വന്നത്. എന്നാൽ പാർലമെൻറ് ജനുവരിയിൽ തുടങ്ങുമെന്നും അടിയന്തരമായി തിരിച്ചു വരണമെന്നുമുള്ള സന്ദേശം അദ്ദേഹത്തിന് ലഭിച്ചപ്പോൾ, രണ്ടു മക്കൾ, വിധവയായ സഹോദരിയുടെ പുത്രൻ, ഭാര്യ കസ്തൂർബാ, എന്നിവരോടൊപ്പം 1897 ഡിസംബർ ആദ്യവാരം ഗാന്ധി ഡർബനിലേയ്ക്ക് യാത്രയായി. തിരിച്ചെത്തിയ‍ അദ്ദേഹത്തെ വെള്ളക്കാരായ ഒരു കൂട്ടം ആളുകൾ ആക്രമിച്ച് പരിക്കേല്പിച്ചു. എന്നാൽ അദ്ദേഹം അവർക്കെതിരായി വ്യവഹാരം നടത്താൻ ഇഷ്ടപ്പെട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തിപരമായ പീഡനങ്ങൾക്ക് കോടതിയിൽ പകരം ചോദിക്കുന്നത് തനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യം കാണിക്കുന്ന ആദ്യത്തെ സംഭവങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നറ്റാൾ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നിഷ്ഠുരമായ കരടുബില്ലുകൾക്കെതിരായി അദ്ദേഹം നിരവധി പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. കോളോണിയൽ സെക്രട്ടറിക്ക് നിവേദനവും നൽ‌കി. ഇതിനിടക്ക് ബോവർ യുദ്ധത്തിൽ ഒരു സന്നദ്ധസേവകനായും അദ്ദേഹം പങ്കെടുത്തു. യുദ്ധസമയത്ത് രോഗികളെ ശുശ്രൂഷിക്കാൻ ഇന്ത്യൻ ആംബുലൻസ് കോർപ്സ് എന്ന സംഘടനയിൽ ചേർന്നതിന് പിന്നീട് അദ്ദേഹം ആദരിക്കപ്പെടുകയുണ്ടായി.

ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ കൂടി പിറന്നു. രാംദാസ് ഗാന്ധിയും (1897) ദേവ്ദാസ് ഗാന്ധിയും(1900). 1901 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കുകയായിരുന്നു ലക്‌ഷ്യം. 1901 ഡിസംബർ 27 ന് ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സിൽ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുറച്ചുകാലം ഗോഖലെയുടെഅതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.

തുടർന്ന് 1903 ഫെബ്രുവരി 14-ന് ട്രാൻസ്‍വാൾ സുപ്രീം കോടതിയിൽ വക്കീൽ പണി ആരംഭിച്ചു. ജോഹന്നാസ്ബർഗിലായിരുന്നുതാമസം. ഇന്ത്യക്കാർക്കെതിരായ കരിനിയമങ്ങൾ പിൻ‍വലിക്കണമെന്ന് അദ്ദേഹം അവിടെ മേയ് 6-നു കൂടിയ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂൺ 4-ന് ഗാന്ധി ‘ഇന്ത്യൻ ഒപ്പീനിയൻ‘ എന്ന പത്രം ആരംഭിച്ചു. ആ വർഷം അവസാനം ഡർബനിൽ നിന്ന് 14 മൈൽ അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിക്കുകയും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. ആശ്രമത്തിനായി അന്തേവാസികൾ ഒരോരുത്തരും അവരവരുടെ പ്രയത്നം സംഭാവനം ചെയ്യണം എന്ന ആശയം അദ്ദേഹം പ്രാവർത്തികമാക്കി. റസ്കിന്റെ “അൺ‍ ടു ദിസ് ലാസ്റ്റ്” എന്ന പുസ്തകമായിരുന്നു ഇതിനാധാരം.

ദക്ഷിണാഫ്രിക്കായിലേക്കുള്ള അദ്ദേഹത്തിന്റെ ഈ മൂന്നാം വരവിലാണ് സത്യാഗ്രഹം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്.1906-ൽ അദ്ദേഹം ബ്രഹ്മചര്യം ജീവിതവ്രതമാക്കി. ഇതിനിടെ നാട്ടിലായിരുന്ന കസ്തൂർബായേയും കുട്ടികളേയും വിളിച്ചുവരുത്തി ടോൾസ്റ്റോയ് വിഭാവനം ചെയ്ത രീതിയിലുള്ള ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചു അതിൽ മാതൃകാ കൂട്ടുകുടുംബസങ്കല്പം പരീക്ഷിച്ചു നോക്കി.

ട്രാൻസ്‍വാൾ പ്രവിശ്യാ സർക്കാരിനെതിരായി 1907 മാർച്ച് 22-ന് ഗാന്ധി സത്യാഗ്രഹസമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷൻ കാർഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെൻഡ്മെൻറ് ഓർഡിനൻസ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം. ഈ രജിസ്ട്രേഷൻ കാർഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. 1908-ജനുവരി 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു. എങ്കിലും താമസിയാതെ ജനറൽ സ്മട്സിന്റെ നിർദ്ദേശപ്രകാരം മോചിപ്പിച്ചു. വീണ്ടും അദ്ദേഹത്തെ 1913 നവംബർ 6-ന് അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നവംബർ 25-ന് നറ്റാളിൽ യോഗം ചേർന്നവർക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഗാന്ധിജിയെ ഒൻപതു മാസത്തേയ്ക്ക് ജയിലിലടച്ചു. പിന്നീട് പുറത്തിറങ്ങിയ ഗാന്ധി, ഇന്ത്യാക്കാർ അവരവർ താമസിക്കുന്ന പ്രവിശ്യ വിട്ട് പുറത്ത് പോകാൻ പാടില്ല എന്ന നിയമത്തിനെതിരായി, 2037 പുരുഷന്മാരും 129 സ്ത്രീകളും 57 കുട്ടികളുമായി ട്രാൻസ്‍വാളിലേയ്ക്ക് ഒരു മാർച്ച് നടത്തി. അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു. 1914 ജൂൺ 30-ന് സർക്കാർ ഒത്തു തീർപ്പുകൾക്ക് തയ്യാറായി.

പുസ്തകങ്ങള്‍

ഗാന്ധിജി ദക്ഷിണാഫ്രിക്കന്‍ ജീവിതത്തില്‍ മികച്ച ഒരു വായനക്കാരനായി മാറി. അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പുസ്തകം ജോണ്‍ റസ്കിന്‍െറ അണ്‍ടു ദ ലാസ്റ്റ് ആയിരുന്നു. എന്നാല്‍, ടോള്‍സ്റ്റോയ് ആണ് ഗാന്ധിജിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. 1910ല്‍ ജൊഹാനസ് ബര്‍ഗില്‍ ടോള്‍സ്റ്റോയ്ഫാം തുടങ്ങി.

ജയില്‍വാസം

ഗാന്ധിജിയുടെ ആദ്യ ജയില്‍വാസം ദക്ഷിണാഫ്രിക്കയില്‍നിന്നായിരുന്നു. കറുത്ത വര്‍ഗക്കാരുടെ നീതിനിഷേധത്തിനെതിരെയാണ് ഗാന്ധിജി ആദ്യമായി ശബ്ദമുയര്‍ത്തിയത്. ജൊഹാനസ് ബര്‍ഗില്‍വെച്ചായിരുന്നു ആദ്യ ജയില്‍ വാസം അനുഷ്ഠിച്ചത്

പ്രവാസി ദിനം

ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് 1915 ജനുവരി ഒമ്പതിനാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിവന്നത്. അതിനാല്‍, ജനുവരി ഒമ്പത് പ്രവാസി ദിനമായി ആചരിക്കുന്നു. 1915ല്‍തന്നെ അഹ്മദാബാദിനടുത്ത് കൊമ്മ്റാബില്‍ ആദ്യ സത്യഗ്രഹ ആശ്രമം സ്ഥാപിച്ചു.

രാഷ്ട്രീയത്തിലേക്ക്

ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കൊള്ളരുതായ്മക്കെതിരെ പോരാടാനുള്ള ഉറച്ച മനസ്സുമായാണ് ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതം സജീവമായത്. 1917 ചമ്പാരന്‍ സമരം നടത്തി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹമായിരുന്നു ചമ്പാരന്‍. നീലം കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ ചമ്പാരന്‍ സത്യഗ്രഹം വലിയ കോളിളക്കങ്ങളുണ്ടാക്കി. ചമ്പാരന്‍ ഇപ്പോള്‍ ബിഹാര്‍ സംസ്ഥാനത്താണ്.

ആദ്യ നിരാഹാരം

ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം 1918ലാണ്. അഹ്മദാബാദിന്‍െറ മില്‍ സമരവുമായി ബന്ധപ്പെട്ടായിരുന്നു. തുടര്‍ന്ന് ഖേഡ സത്യഗ്രഹവും നടത്തി. 1917ലാണ് ഗാന്ധിജിയെ ഇന്ത്യയില്‍ ആദ്യമായി അറസ്റ്റ് ചെയ്തത്.

ബഹുമതി വേണ്ട
പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ 1919 ഏപ്രില്‍ 13ന് നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഗാന്ധിജിയെ ഏറെ വേദനിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയ കൈസര്‍-ഇ-ഹിന്ദ് ബഹുമതി അവര്‍ക്കുതന്നെ തിരിച്ചുനല്‍കി.

നിസ്സഹകരണം
ബ്രിട്ടീഷുകാരുടെ എല്ലാ നടപടികളോടും സഹകരിക്കാതിരിക്കാന്‍ ഗാന്ധിജി കണ്ടെത്തിയ സമരമാര്‍ഗമായിരുന്നു നിസ്സഹകരണം. രാജ്യവ്യാപകമായി വന്‍ സ്വീകാര്യതയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 1922ല്‍ നടന്ന ചൗരിചൗരാ സംഭവത്തെ തുടര്‍ന്ന് നിസ്സഹകരണ സമരം ഗാന്ധിജി പിന്‍വലിച്ചു.

ഗാന്ധിജിയും കേരളവും

ഗാന്ധിജി ആകെ അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. 1920ല്‍ കോഴിക്കോടാണ് ആദ്യ പ്രസംഗം നടന്നത്. ഗാന്ധിജി ഇടപെട്ട ആദ്യ സത്യഗ്രഹ സമരം 1924ലെ വൈക്കം സത്യഗ്രഹമായിരുന്നു. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തെ ‘ആധുനിക കാലത്തെ അദ്ഭുത സംഭവം’ എന്നു വിശേഷിപ്പിച്ചതും ഗാന്ധിജിയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍

കര്‍ണാടകയിലെ ബെല്‍ഗാമില്‍ 1924ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഗാന്ധിജി പ്രസിഡന്‍റായത്. ഗാന്ധിജി അധ്യക്ഷത വഹിച്ച ആദ്യ സമ്മേളനവും ബെല്‍ഗാമിലായിരുന്നു.

ദണ്ഡിയാത്ര

1930 മാര്‍ച്ച് 12നാണ് ഗാന്ധിജി തന്‍െറ ദണ്ഡിയാത്ര ആരംഭിച്ചത്. ഗാന്ധിജിയുടെ 61ാം വയസ്സിലായിരുന്നു ഈ സമരം. 78 അനുയായികള്‍ ഈ യാത്രയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 1930 ഏപ്രില്‍ ആറിന് ദണ്ഡി കടപ്പുറത്ത് ഉപ്പുനിയമം ലംഘിച്ച് ഉപ്പ് കുറുക്കി. 1931ല്‍ ഗാന്ധി-ഇര്‍വിന്‍ സന്ധി നടന്നു.

വട്ടമേശ സമ്മേളനങ്ങള്‍

1930, 31, 32 വര്‍ഷങ്ങളിലായി മൂന്ന് വട്ടമേശ സമ്മേളനങ്ങളാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍െറ അധ്യക്ഷതയില്‍ ലണ്ടനില്‍ നടന്നത്. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ഇന്ത്യക്കാരന്‍ ബി.ആര്‍. അംബേദ്കറായിരുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധി പങ്കെടുത്തത്. വട്ടമേശ സമ്മേളനത്തിന് ലണ്ടനിലെത്തിയപ്പോള്‍ ഗാന്ധിജി സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമനായിരുന്നു.

പ്രസിദ്ധീകരണങ്ങള്‍

എന്‍െറ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകമാണ് ഗാന്ധിജിയുടെ ആത്മകഥ. ഗുജറാത്തി ഭാഷയിലാണ് ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. മഹാദേവ് ദേശായി ഇത് ഇംഗ്ളീഷിലേക്ക് മൊഴി മാറ്റി. ബാല്യം മുതല്‍ 1920 വരെയുള്ള കാലഘട്ടമാണ് ആത്മകഥയില്‍ പ്രധാനമായും ഉള്ളത്. യേര്‍വാഡ ജയിലില്‍ വെച്ചാണ് ആത്മകഥ എഴുതിത്തുടങ്ങിയത്. നവജീവന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചത്.

വിശേഷണങ്ങള്‍

ഗാന്ധിജിയെ ‘മഹാത്മാ’ എന്ന് വിശേഷിപ്പിച്ചത് രബീന്ദ്രനാഥ ടാഗോറായിരുന്നു. ഗാന്ധിജി ടാഗോറിനെ ഗുരുദേവ് എന്നും വിശേഷിപ്പിച്ചു. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധി സുഭാഷ് ചന്ദ്രബോസിനെ വിളിച്ചു.

ഗാന്ധിയും കൂട്ടരും

ഗോപാലകൃഷ്ണഗോഖലെയാണ് ഗാന്ധിജിയുടെ രാഷ്ട്രീയഗുരു. നെഹ്റു ഗാന്ധിയുടെ രാഷ്ട്രീയ ശിഷ്യനും വിനോബ ഭാവെ ആത്മീയ ശിഷ്യനുമായിരുന്നു. സി. രാജഗോപാലാചാരിയാണ് ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. മെഡ്ലിന്‍ സ്ളാഡ് എന്ന മീരാബഹനാണ് ഗാന്ധിശിഷ്യ. ഭഗവത്ഗീത തന്‍െറ അമ്മയാണെന്ന് ഗാന്ധിജി പറഞ്ഞു.

മറ്റു ഗാന്ധിമാര്‍

കെ. കേളപ്പന്‍ -കേരള ഗാന്ധി
ഐ.കെ. കുമാരന്‍-മയ്യഴി ഗാന്ധി
കെന്നത്ത് കൗണ്ട-ആഫ്രിക്കന്‍ ഗാന്ധി
മാര്‍ട്ടിന്‍ ലൂതര്‍ കിങ്-അമേരിക്കന്‍ ഗാന്ധി
രാജേന്ദ്രപ്രസാദ്-ബിഹാര്‍ ഗാന്ധി
ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍-അതിര്‍ത്തിഗാന്ധി
നെല്‍സണ്‍ മണ്ടേല-ദക്ഷിണാഫ്രിക്കന്‍ ഗാന്ധി
ഓങ്സാന്‍ സൂചി-ബര്‍മിസ് ഗാന്ധി
അഹമ്മദ് സുകാര്‍നോ-ഇന്തോഷ്യേന്‍ ഗാന്ധി
ബാബാ ആംതെ-ആധുനിക ഗാന്ധി

‘ഗാന്ധി’ സിനിമ
റിച്ചാര്‍ഡ് ആറ്റന്‍ ബറോ സംവിധാനം ചെയ്ത സിനിമയാണ് ‘ഗാന്ധി’. ഇതില്‍ ഗാന്ധിജിയുടെ വേഷം അഭിനയിച്ചത് ബെന്‍കിങ്സിമിക്കാണ്. മഹാത്മാ എന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്തത് വിതല്‍ ഭായ് ജാവേരിയാണ്.

‘ഗാന്ധി’ പുസ്തകങ്ങള്‍

ഐ ഫോളോ ദി മഹാത്മാ-കെ.എം. മുന്‍ഷി
ലൈഫ് ഓഫ് ഗാന്ധി -ലൂയി ഫിഷര്‍
ഇന്‍സെര്‍ച് ഓഫ് ഗാന്ധി -റിച്ചാര്‍ഡ് ആറ്റന്‍ബറോ
വെയിറ്റിങ് ഓഫ് ദി മഹാത്മാ -ആര്‍.കെ. നാരായണ്‍

 

ഗാന്ധിയുടെ തടവുകാരന്‍

ഗാന്ധിജി തന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ക്ക് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയില്‍ പലതവണ ജയിലില്‍ കഴിഞ്ഞവരാണ് അദ്ദേഹത്തിന്റെ നാലാണ്‍മക്കളില്‍ ആദ്യത്തെ രണ്ടുപേരായ ഹരിലാലും മണിലാലും. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അതേ പ്രാധാന്യം ആഫ്രിക്കന്‍ സ്വാതന്ത്ര്യത്തിനും ഗാന്ധിജി കല്‍പ്പിച്ചിരുന്നു. ഹരിലാല്‍ അച്ഛനുമായി തെറ്റിപ്പിരിഞ്ഞ് ഇന്ത്യയിലേക്കുമടങ്ങി. മണിലാല്‍ അച്ഛന്റെ ഇംഗ്ലീഷിലും ഗുജറാത്തിയിലുമായി പ്രസിദ്ധപ്പെടുത്തിവന്ന ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന വാരികയുടെ പത്രാധിപരായി ദക്ഷിണാഫ്രിക്കയില്‍ തുടര്‍ന്നു.

ഇന്ത്യന്‍ ഒപ്പീനിയന്‍ തികച്ചും ഒരു ബദല്‍ പ്രസിദ്ധീകരണമായിരുന്നു. പരസ്യങ്ങള്‍ സ്വീകരിച്ചിരുന്നില്ല. പത്രാധിപര്‍ക്കും പ്രസില്‍ പണിയെടുക്കുന്നവര്‍ക്കും ശിപായിക്കുമെല്ലാം ഒരേ ശമ്പളം. എല്ലാവരും എല്ലാ പണിയും ചെയ്യും.അടിമത്തം പഠിപ്പിക്കുന്ന ഇംഗ്ലീഷ് സ്കൂളുകളിലയക്കാതെ മക്കളെ സ്വയം പഠിപ്പിക്കുകയാണ് ഗാന്ധിജി ചെയ്തത്. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ മാതൃക. ദക്ഷിണാഫ്രിക്കയിലെ രണ്ട് ആവാസകേന്ദ്രങ്ങളായ ഫീനിക്സിലും ടോള്‍സ്റ്റോയ് ഫാമിലും കമ്യൂണ്‍ ജീവിതം നയിക്കാനാരംഭിച്ച ഗാന്ധിജി ഒരു പുതിയ ജീവിതരീതി പരീക്ഷിക്കുകയായിരുന്നു.

രണ്ടാശ്രമങ്ങളിലൊന്ന് തന്റെ സ്വന്തം സമ്പാദ്യത്തില്‍നിന്ന് വാങ്ങിയത്. മറ്റൊന്ന് ജൂതനായ ശിഷ്യന്‍ കല്ലന്‍ബാക്ക് സംഭാവന ചെയ്തത്. ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് കരുത്തുപകരാന്‍ ഗോഖലെയുടെ നിര്‍ദേശപ്രകാരം ഗാന്ധി സകുടുംബം ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും നാലുവര്‍ഷത്തിനുശേഷം മണിലാലിനെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചയച്ചു. തന്റെ ആദര്‍ശത്തിനുസരിച്ച് മാസിക നടത്താനും തെരുവുസമരം നടത്തി ജയിലില്‍പോകാനുമായിരുന്നു അത്. ഗാന്ധിജിയുടെ ആഗ്രഹമനുസരിച്ച് മകന്‍ മണിലാല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആധികാരികമായ വിവരങ്ങള്‍ ശേഖരിച്ച് മണിലാലിന്റെ ചെറുമകള്‍ ഉമ ധുപാലിയ ഒരു പുസ്തകമെഴുതിയിട്ടുണ്ട്.  (ഗാന്ധിയുടെ തടവുകാരന്‍ ? -ഗാന്ധിയുടെ മകന്‍ മണിലാലിന്റെ ജീവിതം) എന്നാണ് പുസ്തകത്തിന്റെ പേര്. ഗാന്ധിജിയുടെ സമരം സംബന്ധിച്ച ഒട്ടേറെ പുതിയ വിവരങ്ങള്‍ ഇതിലൂടെ പുറത്തുവരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ ചരിത്രാധ്യാപികയായ ഉമാ ധുപാലിയ മക്കളെ രാജ്യസേവനത്തിനായി മെരുക്കിയെടുക്കാന്‍ ശ്രമിച്ച ഗാന്ധിയുടെ ആഗോള പ്രശസ്തിക്ക് ഈ രചനയിലൂടെ പുതിയ മാനം നല്‍കുന്നു.

എം കെ ഗാന്ധി - ദക്ഷിണാഫ്രിക്കയിലെ ഒരിന്ത്യന്‍ ദേശാഭിമാനി എന്ന പേരില്‍ ഇംഗ്ലീഷുകാരനായ ജെ എം ഡോക്കാണ് ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. ഒടുവില്‍ തുഷാര്‍ ഗാന്ധിയുടെ നമുക്ക് ഗാന്ധിയെ വധിക്കാം വരെ നൂറുകണക്കിന് ഗാന്ധിചരിത്രങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. അവയില്‍നിന്നെല്ലാം ഉമയുടെ പുസ്തകം വ്യത്യസ്തമാകുന്നു.

രാഷ്ട്രപിതാവ് തന്റെ അവിശ്വസനീയമായ ആജ്ഞാശക്തിയാല്‍ സ്വന്തം കുടുംബത്തെയും രാജ്യത്തിനായി വളര്‍ത്തി. നാടകീയതയിലാണ് എല്ലാം തുറന്നുപറയുന്ന ഈ പുസ്തകം സ്തോഭജനകമാകുന്നത്.തന്റേതല്ലാത്ത ഒരു നാട്ടില്‍ തിരക്കുപിടിച്ച പൊതുജീവിതം നയിക്കുന്ന ഒരാള്‍ കുടുംബനാഥന്‍ എന്ന നിലയിലനുഭവിക്കുന്ന തീവ്രമായ സംഘര്‍ഷങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥം കല്യാണം കഴിച്ചാലും സഹോദരീസഹോദരന്മാരായി കഴിയണമെന്ന ഗാന്ധിയന്‍ പ്രമാണത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്നു. മക്കളുടെ വിവാഹം യോജിച്ച ഇണയെ മാതാപിതാക്കളുടെ സമ്മതത്തോടെ കണ്ടെത്തുംവരെ നീട്ടിക്കൊണ്ടുപോയതും എല്ലാവര്‍ക്കും സ്വാതന്ത്ര്യംകിട്ടിയശേഷം മതി കല്യാണം എന്ന ഉപദേശവും ഗാന്ധിജിയുടെ സങ്കീര്‍ണ വ്യക്തിത്വത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന സംഭവങ്ങളാണ്.

ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി, ആശ്രമജീവിയായി ഒപ്പം താമസിക്കുന്ന മണിലാലിനെ ഖദര്‍ നെയ്യുന്ന പണി പഠിക്കാന്‍ മദിരാശിക്കയക്കുകയായിരുന്നു. പിതാവിന്റെ മേല്‍വിലാസമുപയോഗിച്ച് വ്യാപാരിയാകാന്‍ പോയ മൂത്തമകനെ സൂക്ഷിക്കണമെന്ന് അവന് പണം കടംകൊടുത്ത കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പുനല്‍കാന്‍ പത്രപ്രസ്താവന നടത്താനും ഗാന്ധിജിയുടെ സത്യനിഷ്ഠ തയ്യാറായി. മൂന്നാമത്തെ മകന്‍ രാംദാസ് അച്ഛന്റെ സല്‍പ്പേര് കളങ്കപ്പെടുത്താതിരിക്കാന്‍ റെയില്‍വേ പോര്‍ട്ടറായും തുണിക്കടയില്‍ വസ്ത്രം എടുത്തുകൊടുക്കുന്ന തൊഴിലാളിയായും ജോലിചെയ്തു."നീ എന്റെ തടവുകാരനല്ല, സ്വന്തം മകനാണെ'ന്ന് മണിലാലിനെ ഗാന്ധിജി ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ തന്റെ പ്രതിപുരുഷനായി വളര്‍ത്തിയെടുക്കാന്‍, സ്വപ്രയത്നത്തിലൂടെ ആത്മവിശ്വാസം ഉണ്ടാക്കാനായിരുന്നു ആ ഉപദേശങ്ങള്‍.എന്നും ചര്‍ക്കതിരിച്ച് നൂലുണ്ടാക്കുന്ന, ഭാര്യയോട് ഒന്നിലേറെ സാരി ആര്‍ഭാടമാണെന്നും പറയുന്ന, അര്‍ധനഗ്നനെ അനുസരിക്കാനേ സാധുവായ മണിലാലിന് കഴിഞ്ഞുള്ളൂ. അച്ഛനെ വെല്ലുവിളിക്കാന്‍ മതം മാറിയ ജ്യേഷ്ഠന്റെ കാല്‍പ്പാടുകള്‍ പിന്തുടരാനുള്ള ധാര്‍ഷ്ട്യം മണിലാലിന് അന്യമായി. ബോംബെ സിയോണ്‍ ആശുപത്രിയില്‍ അജ്ഞാതശവമായൊടുങ്ങുകയായിരുന്നു ഗാന്ധിജിയുടെ മൂത്തമകന്‍ ഹരിലാല്‍. രാഷ്ട്രപിതാവിന്റെ കുടുംബചരിത്രം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഹരിലാലിന്റെ കഥ വന്ദേമാതരം എന്ന നോവലിലൂടെ പുനരാവിഷ്കരിക്കാന്‍ പ്രേരണയായതും ഈ താല്‍പ്പര്യമാണ്.മഹാന്മാരുടെ മക്കളായി പിറക്കുന്നത് പലപ്പോഴും മഹാദുരിതമായിരിക്കും.

ദക്ഷിണാഫ്രിക്കയില്‍ ജയിലിലേതിനേക്കാള്‍ കൂടുതല്‍ പിതാവിന്റെ തടവിലായിരുന്നുവെന്ന് മണിലാല്‍ വേദനിക്കുന്നത് വെറുതെയല്ല. താന്‍ ഇന്ത്യന്‍ ഒപ്പീനിയനില്‍ വല്ലതുമെഴുതിയാല്‍പിതാവും ഇംഗ്ലീഷുകാരായ സുഹൃത്തുക്കളും അതിനെ നിശിതവിമര്‍ശനത്തിനിരയാക്കുന്നതായി മണിലാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. "ഒരു യുവാവിന്റെ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല. എപ്പോഴും ഞാന്‍ സംശയാലുവായിരുന്നു. അപ്രാപ്തനും ഒന്നിനുംകൊള്ളാത്തവനുമെന്ന തോന്നല്‍ എന്നില്‍ വളര്‍ന്നുകഴിഞ്ഞിരുന്നു' എന്നൊക്കെ ആത്മവിമര്‍ശനം നടത്തിയിട്ടുള്ള മണിലാല്‍ പക്ഷേ നിഷ്കരുണമായ വിമര്‍ശനംകേട്ട് സ്വയം വളര്‍ന്നപ്പോള്‍ തന്നെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യം ഗാന്ധിജി നല്‍കിയിരുന്നു. "മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍ താല്‍പ്പര്യമെടുക്കുന്ന അച്ഛന്‍ ഞങ്ങളെ വിറകുവെട്ടാന്‍ നിയോഗിച്ചു' എന്ന മണിലാലിന്റെ പരാതിയോട് ഒരു ചെറുചിരികൊണ്ട് മാത്രം പ്രതികരിക്കുകയാണ് രാജ്യസ്നേഹത്തേക്കാള്‍ പിതൃസ്നേഹമില്ലാതിരുന്ന ഗാന്ധിജി ചെയ്തത്.മൂന്നാംതലമുറയിലെത്തിയപ്പോള്‍ ബെല്‍ബോട്ടം ഗാന്ധിയന്മാരായി മാറിയ മണിലാലിന്റെയും സഹോദരന്റെയുമടക്കം ധാരാളം ചിത്രങ്ങളും ഇതിലുണ്ട്. ഒരു നോവലിന്റെ പാരായണസുഖമുള്ള ഈ ഹൃദയസ്പര്‍ശിയായ ജീവചരിത്രം ദക്ഷിണാഫ്രിക്കയിലെ ക്വേല ബുക്സാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

ഗാന്ധിയുടെ മരണം

1948 ജനുവരി 30നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്. അന്ന് വെള്ളിയാഴ്ചയായിരുന്നു. നാഥൂറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തനാണ് അദ്ദേഹത്തെ കൊന്നത്. 79ാം വയസ്സിലായിരുന്നു അത്. ആ ദിവസം രക്തസാക്ഷി ദിനമായി ആചരിക്കുന്നു. ഗാന്ധി വധക്കേസിലെ പ്രതികളെ 1949ല്‍ തൂക്കിക്കൊന്നു. അംബാല ജയിലില്‍വെച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ആത്മാചരണ്‍ അഗര്‍വാള്‍ എന്ന ന്യായാധിപനാണ് ഗാന്ധി വധക്കേസിലെ വിധി പ്രസ്താവിച്ചത്.
ഇന്ത്യയുടെ പ്രകാശമാണ് ഗാന്ധിജി. ഗാന്ധിജി തെളിച്ച മാനവസൗഹാര്‍ദമെന്ന പാതയാണ് നാം ഓരോരുത്തരും പിന്തുടരേണ്ടത്. അക്രമങ്ങള്‍ പെരുകിവരുന്ന പുതിയ കാലത്ത് ഈ അഹിംസാദിനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഗാന്ധിജിയുടെ പാത സ്വീകരിച്ച് രാഷ്ട്രത്തിന്‍െറ നല്ല കെട്ടുറപ്പിനായി കൂട്ടുകാര്‍ കൈകോര്‍ക്കണം.

ഗാന്ധി മാര്‍ഗം വിജയവും പരാജയവും

 

 

 

വിരലിലെണ്ണാവുന്ന ദേശസ്‌നേഹികളുടെയും ആധുനിക വിദ്യാഭ്യാസം നേടിയ എണ്ണപ്പെട്ട ചിലരുടേയും ചട്ടപ്പടി ഇടപെടല്‍ മാത്രമായിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അടിമത്തത്തിന്റെ യഥാര്‍ഥ നുകംപേറുന്ന കോടിക്കണക്കിന് ദരിദ്രനാരായണന്മാരുടെ ബഹുജന പ്രസ്ഥാനമാക്കി വളര്‍ത്തി വിജയിപ്പിക്കുകയും ലോകത്തുടനീളമുള്ള നിസ്സഹായ ജനതക്ക് വിമോചനപ്പോരാട്ടത്തിന്റെ ലളിതവും ഫലപ്രദവുമായ പുതിയ വഴി എന്നെന്നേക്കുമായി തെളിയിച്ചുകൊടുക്കുകയും ചെയ്ത യുഗപുരുഷന്‍ എന്ന നിലയിലാണ് മഹാത്മാഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ചരിത്രത്തില്‍ വിലയിരുത്തപ്പെടുന്നത്. ഒരുഭാഗത്ത് അവതാര ജന്മത്തോളം പോന്ന അപദാനങ്ങളും സ്വഭാവ വൈശിഷ്ട്യങ്ങളുടെ സ്തുതിഘോഷങ്ങളും, മറുഭാഗത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ജനകീയ വിപ്ലവത്തിന്റെ യഥാര്‍ഥ വഴികളില്‍നിന്ന് വഴിതിരിച്ചുവിട്ട വിപ്ലവ വിരോധിയും ഒറ്റുകാരനും തുടങ്ങി മറ്റ് വ്യക്തിദൂഷിത ആരോപണങ്ങളും വരെ ഒരുപോലെ ഏറ്റുവാങ്ങുമ്പോഴും, ചരിത്രത്തില്‍ അപ്രസക്തരായിപ്പോയ യഥാര്‍ഥ'വിപ്ലവകാരികള്‍ക്കും, വാഴ്ത്തപ്പെട്ട മാര്‍ഗത്തിനൊടുവിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങള്‍ക്കായി ഇന്നും പഠനം തുടരുന്ന സ്വന്തം അനുയായികള്‍ക്കും മുകളില്‍ ലോകമെങ്ങുമുള്ള ജനാധിപത്യപ്പോരാട്ടങ്ങള്‍ക്ക് വഴികാട്ടിയാകുന്നു എന്നതുതന്നെയാണ് തീര്‍ച്ചയായും ഗാന്ധിജിയുടെയും ഗാന്ധിസത്തിന്റെയും ചരിത്രപരമായ പ്രസക്തിയും. സത്യം, ത്യാഗം, സ്‌നേഹം, അക്രമരാഹിത്യം എന്നിങ്ങനെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന സുഭാഷിതങ്ങളിലൂടെ ഗാന്ധിജി തെളിയിച്ചുകൊടുത്ത ആത്മാഭിമാനത്തിന്റെയും ആത്മത്യാഗത്തിന്റേതുമായ സമരായുധം ഫലപ്രദമായി പ്രയോഗിച്ച്, ലോകത്തെമ്പാടുമുള്ള മര്‍ദ്ദിത ജനകോടികള്‍ ചൂഷകരും ദുഷ്ടരുമായ സ്വന്തം ഭരണാധികാരികളെ കെട്ടുകെട്ടിക്കുകയും അടിയറവ് പറയിക്കുകയും ചെയ്യുന്ന ചരിത്രമുഹൂര്‍ത്തങ്ങളില്‍ മാത്രമല്ല, ജനാധിപത്യ സമൂഹങ്ങളിലെ മധ്യവര്‍ഗസമരങ്ങള്‍ മുതല്‍, ഫാഷിസ്റ്റ് പിന്തിരിപ്പന്‍ ശക്തികളുടെ ഗൂഢതന്ത്രങ്ങളില്‍ വരെ ഗാന്ധിമാര്‍ഗം പ്രധാന കര്‍മപരിപാടിയായി മാറുമ്പോള്‍ ഈ ചരിത്ര പ്രസക്തി സവിശേഷ ശ്രദ്ധ അര്‍ഹിക്കുകയും ചെയ്യുന്നു.

എന്നാല്‍, പരാജയപ്പെട്ട സകല ആധുനിക വിപ്ലവങ്ങള്‍ക്കുശേഷവും ജനലക്ഷങ്ങളുടെ വിധി നിര്‍ണയിക്കുന്ന പുതിയ വിമോചന പ്രസ്ഥാനങ്ങളും വിപ്ലവകാരികളും ചരിത്രത്തില്‍നിന്ന് ഒരു പാഠവുമുള്‍ക്കൊള്ളാതെയും തള്ളാതെയും പഴയ ഭാഗങ്ങള്‍ തന്നെ പാഠഭേദമെന്നോണം വീണ്ടുമുരുവിട്ട് ചരിത്രത്തെ പുതിയ ദുരിതങ്ങളിലൂടെയും സാമൂഹിക ദുരന്തങ്ങളിലൂടെയും ആവര്‍ത്തന വിരസമാക്കുന്ന ഒരു കാലഘട്ടത്തില്‍ പരാജയപ്പെട്ടതും പരാജയമടയാത്തതുമായ പൊതുദര്‍ശനങ്ങളും വഴിയടഞ്ഞതും കാലഹരണപ്പെട്ടതുമായ അവയുടെ പ്രത്യയശാസ്ത്ര രീതിശാസ്ത്രങ്ങളും താത്ത്വികവും ശാസ്ത്രീയവുമായ പുനഃപരിശോധനകള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഭരണവര്‍ഗ ചൂഷണങ്ങള്‍ക്കും ഭരണകൂട മര്‍ദനങ്ങള്‍ക്കും ഇരയാകുവാന്‍ എന്നും വിധിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആത്യന്തികമായി പുതിയ നാളേയെക്കുറിച്ചുള്ള സ്വപ്നത്തിലും അതിനു വേണ്ടിയുള്ള ത്യാഗപൂര്‍ണമായ സമരങ്ങളിലും അവയുടെ നേതൃത്വത്തിലും മാത്രമല്ല, ആത്മാര്‍ഥമായ അവകാശ സമരങ്ങളില്‍പ്പോലും വിശ്വാസം നഷ്ടപ്പെട്ട് സകല സാമൂഹിക തിന്മകളോടും ദുര്‍ഭരണങ്ങളോടും അവര്‍ രാജിയാകുന്ന സാമൂഹിക ദുരന്തത്തിലേക്ക് വഴിയൊരുക്കുക മാത്രമായിരിക്കും ഫലം.

സത്യാഗ്രഹ മാര്‍ഗത്തിലെ കൃത്യതയും ദുരന്തപൂര്‍ണമായ അന്ത്യവും

നീണ്ട വിദേശ വാസത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തി ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കെത്തുമ്പോഴേക്കും സത്യാഗ്രഹ സമരത്തെ സംബന്ധിച്ച വ്യക്തവും വിശദവുമായ രൂപം ഗാന്ധിജിയില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. സംഭവ ബഹുലമായ ദക്ഷിണാഫ്രിക്കന്‍ ജീവിതം 'സത്യാഗ്രഹം എന്ന ജീവിത/ സമര ദര്‍ശനത്തെ ഏതുവിധം രൂപപ്പെടുത്തിയെന്ന് വിശദമായി പ്രതിപാദിക്കുന്ന ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹവും, ഗാന്ധിദര്‍ശനം വിഭാവനം ചെയ്യുന്ന രാഷ്ട്ര വ്യവസ്ഥയുടെ സ്വഭാവവും അതിന് ആധുനിക വികസന സങ്കല്‍പ്പങ്ങളോടുള്ള സമീപനവും കൃത്യമായ പ്രത്യയശാസ്ത്ര വീക്ഷണകോണുകളിലൂടെ അതിമനോഹരമായി വിവരിക്കുന്ന ഹിന്ദ് സ്വരാജും പോലുള്ള ഗാന്ധിജിയുടെ കൃതികള്‍ ഇതാണ് വ്യക്തമാക്കുന്നത്. ഇവ്വിധം വ്യക്തമായ ഉള്‍ക്കാഴ്ചയോടെയുള്ള പ്രത്യയശാസ്ത്ര നിലപാടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ സ്വാതന്ത്ര്യസമരത്തിലുടനീളവും, ഗാന്ധിജിതന്നെ അഭിപ്രായപ്പെടുന്നതുപോലെ അതിന്റെ ദുരന്തപൂര്‍ണമായ' പര്യവസാനത്തിനുശേഷം സ്വന്തം രാഷ്ട്രീയ അനുയായികളില്‍ നിന്നും മാനസികമായി അകന്നു ജീവിച്ചു തീര്‍ത്ത ആ സമരജീവിതത്തിലെ അവസാന നിമിഷവും വരെ തന്റെ വിശ്വാസ പ്രമാണങ്ങളില്‍ അടിയുറച്ചുനിന്നു എന്നത് തന്നെയാണ് ഗാന്ധിജി എന്ന സമരനായകനെ സമകാലികരായ ഇതര ജനനേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ജനകീയ മുന്നേറ്റമായ ചൗരിചൗരാ സമരത്തില്‍നിന്നുള്ള അപ്രതീക്ഷിത പിന്മാറ്റവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുതല്‍, സ്വന്തം അനുയായികളടക്കമുള്ളവരുടെ സങ്കുചിത രാജ്യസ്‌നേഹത്തിനുമപ്പുറത്തേക്ക് ജീവിതസായാഹ്നത്തില്‍ അദ്ദേഹത്തെ നയിച്ച അവസാന സത്യാഗ്രഹസമരം വരെ ഗാന്ധിജി സ്വീകരിച്ച കൃത്യവും സുചിന്തിതവുമായ നിലപാടുകള്‍ സ്വന്തം ജീവിത ദര്‍ശനത്തോട് ഗാന്ധിജി പുലര്‍ത്തിയ സത്യസന്ധതയും പ്രതിബദ്ധതയും തന്നെയാണ് വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ഗാന്ധി ജീവിതത്തിലേയും അവസാന നാളുകള്‍ കാണുക. അക്രമരാഹിത്യത്തിന്റെ മാര്‍ഗത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും അതിനെത്തുടര്‍ന്ന് 1947 ആഗസ്റ്റ് 15-നു നടന്ന അധികാരക്കൈമാറ്റവും അതുവരെ ലോകത്ത് നടന്നിട്ടുള്ള വിപ്ലവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ജനകീയ വിജയമായിരുന്നു' എന്നും 'ഇത്ര മഹത്തായ ഒരു സംഭവം ഇത്ര കുറച്ചു രക്തച്ചൊരിച്ചിലോടും അക്രമത്തോടും കൂടി ഇതിനു മുമ്പ് സമീപകാല ചരിത്രത്തില്‍ പരിസമാപ്തിയിലെത്തിയിട്ടില്ല എന്നും, മഹാത്മജിയുടെ ആവേശപ്രചോദകമായ നേതൃത്വത്തിന്റെ ഫലമായാണ് ഇതു സാധിച്ചത് എന്നുമെല്ലാം കോണ്‍ഗ്രസ്സ് നേതൃത്വം സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ നാളില്‍ തന്നെ അവകാശവാദമുന്നയിച്ചിരുന്നു.

എന്നാല്‍, ഗാന്ധിജിയെ സംബന്ധിച്ചേടത്തോളം ഇത്തരം അവകാശവാദങ്ങള്‍ പോകട്ടെ സ്വാതന്ത്ര്യലബ്ധിയില്‍ ഒരു സാധാരണ ഇന്ത്യക്കാരനുണ്ടാകുന്ന സന്തോഷം പോലും സംഭവിച്ചിരുന്നില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. പരാജയമടഞ്ഞ പോരാളിയുടേതിനേക്കാള്‍ തകര്‍ന്നടിഞ്ഞ ഒരു സാധാരണ മനുഷ്യന്റെ മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. മരണം വരേയും ആ നിരാശബോധം അദ്ദേഹത്തെ വേട്ടയാടുകയും ചെയ്തിരുന്നു. ഞാന്‍ ശൂന്യമായിപ്പോയി, സ്വാതന്ത്ര്യലബ്ധിയുമായി ബന്ധപ്പെട്ട് പൊതുസന്ദേശത്തിനായി സമീപിച്ച വാര്‍ത്താവിതരണ വകുപ്പിലെ ഉദ്യോഗസ്ഥനോടുള്ള ഗാന്ധിജിയുടെ ആദ്യ പ്രതികരണമതായിരുന്നു. സന്ദേശങ്ങളൊന്നും തരാതിരിക്കുന്നത് മോശമാകുമെന്ന് ഓര്‍മപ്പെടുത്തിയ ഉദ്യോഗസ്ഥനോട് 'യാതൊരു സന്ദേശവുമില്ല, അത് മോശമാണങ്കില്‍ അങ്ങനെ ആയിക്കൊള്ളട്ടെ' എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇന്ത്യാ ചരിത്രത്തില്‍ അത് വരെ കാണാതിരുന്ന സാമുദായിക ഭ്രാന്തിന് രാജ്യം അടിമപ്പെട്ട നാളുകളില്‍ തന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും തകര്‍ന്നടിയപ്പെട്ടതായി ഗാന്ധിജി തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ്സ് ലീഗ് നേതാക്കള്‍ ബ്രിട്ടീഷ് പ്രതിനിധികളുമായി അധികാരക്കൈമാറ്റ ചര്‍ച്ചകളില്‍ മുഴുകുന്ന സമയത്ത് ഇന്ത്യന്‍ അതിര്‍ത്തികളില്‍ പരസ്പരം കൊന്നുമുന്നേറുന്ന മുസ്‌ലീംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ മുറിവേറ്റ ഹൃദയവുമായി അക്ഷരാര്‍ഥത്തില്‍ ഓടിനടക്കുകയായിരുന്നു രാഷ്ട്ര പിതാവ്. അന്നേക്കും ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നായ ഇന്ത്യന്‍ പട്ടാളം തോറ്റുപോയ ഇരുവശങ്ങളിലേയും രാജ്യാതിര്‍ത്തികളിലേക്ക് ഗാന്ധിയെന്ന ഒറ്റയാള്‍ പട്ടാളത്തെ അയച്ച് വൈസ്രോയ് മൗണ്ട്ബാറ്റണ്‍ കലാപം ശമിപ്പിക്കുന്നതിന്റെ അത്ഭുതകരമായ ചിത്രം സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന കൃതിയില്‍ ലാരി കോളിന്‍സും ഡൊമിനിക്ക് ലാപിയറും ഹൃദയസ്പൃക്കാംവിധം വിവരിക്കുന്നുണ്ട്.

തന്റെ പ്രസ്ഥാനത്തിനും രാജ്യത്തിനും സ്വാതന്ത്ര്യലബ്ധിയോടെ നേരിട്ട ദുരന്തത്തില്‍ അഗാധ ദുഃഖിതനായിരുന്ന ഗാന്ധിജി, മൂന്ന് ദശാബ്ദത്തിലേറെ താന്‍ പ്രചരിപ്പിച്ച അക്രമരഹിത തത്ത്വസംഹിതകളുടെ പരിപൂര്‍ണ പരാജയം തുറന്ന് സമ്മതിച്ചുകൊണ്ട് ചരിത്രത്തോട് നീതിപുലര്‍ത്താനുള്ള അത്യപൂര്‍വ സത്യസന്ധതയും സ്വജീവിതത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. താന്‍ വിഭാവനം ചെയ്ത രാഷ്ട്രത്തിന്റെ അസ്ഥിവാരം തകര്‍ക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളായി ഹിന്ദു മുസ്‌ലിം ബന്ധങ്ങളിലെ അസ്വാരസ്യങ്ങളെയും, രാഷ്ട്ര പുനര്‍നിര്‍മാണ ദൗത്യം അര്‍പ്പിക്കപ്പെട്ട കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനു സംഭവിച്ച അധഃപതനത്തെയും തിരിച്ചറിഞ്ഞ ഗാന്ധിജി അവസാന നാളുകളില്‍ കാതലായ ഈ പ്രശ്‌നത്തിലേക്ക് രാജ്യത്തിന്റെയും ജനങ്ങളുടേയും ശ്രദ്ധ ക്ഷണിക്കുന്നതിന് തന്നാലാവുന്നവിധം അങ്ങേയറ്റം പരിശ്രമിക്കുകയുണ്ടായി. സ്‌നേഹമയനായ ഏകദൈവത്തില്‍ വിശ്വസിച്ച സനാതന ഹിന്ദുവായ ഗാന്ധി സകല സങ്കുചിത സാമുദായിക താല്‍പ്പര്യങ്ങള്‍ക്കെതിരെയും, ഹിന്ദുമുസ്‌ലിം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെയും സ്വന്തം മനസ്സാക്ഷിക്കനുസൃതമായി നടത്തിയ സമരത്തില്‍ തന്റെ അവസാന ശ്വാസം വരെ ഉറച്ചു നില്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിലെ മറ്റു നേതാക്കളില്‍ നിന്നും ഇതര ബൂര്‍ഷ്വാ വിപ്ലവകാരികളില്‍നിന്നും ഗാന്ധിജിയെ വ്യതിരിക്തനാക്കുന്ന ഏറ്റവും വലിയ സവിശേഷതയും വ്യക്തിമാഹാത്മ്യവും ഇതു തന്നെയായിരുന്നു എന്ന് ഗാന്ധിയും ഗാന്ധിസവും എന്ന ഗ്രന്ഥത്തില്‍ ഇ.എം.എസ് വിലയിരുത്തുന്നുണ്ട്.

എന്നാല്‍ ദുഷിച്ച സാമുദായികതക്കെതിരെ പ്രായോഗികതലത്തില്‍ ശക്തമായ സമരം നടത്തുമ്പോഴും അതിന്റെ യഥാര്‍ഥ കാരണങ്ങള്‍ തിരിച്ചറിയുന്നതിനോ ശരിയായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനോ കഴിയാനാകാത്ത, ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകള്‍: ''നൂറ്റിരുപത്തഞ്ച് വര്‍ഷം ജീവിക്കാന്‍ ആഗ്രഹിക്കുകയോ അല്ലങ്കില്‍ ഇപ്പോള്‍ത്തന്നെ മരിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നതല്ല നിസ്സംശയമായും ഉത്തമമായ കാര്യം. ദൈവേഛക്ക് പരിപൂര്‍ണമായും സമര്‍പ്പിതമായ ഒരവസ്ഥയായിരിക്കണം എന്റേത്... നൂറ്റിയിരുപത്തഞ്ച് വര്‍ഷം ജീവിക്കാനുള്ള ആഗ്രഹം പരസ്യമായി പ്രഖ്യാപിക്കാന്‍ തക്ക ഔദ്ധത്യം എനിക്കുണ്ടായിരുന്നെങ്കില്‍, മാറിയ സാഹചര്യങ്ങളില്‍ ആ ആഗ്രഹം പരസ്യമായി ഉപേക്ഷിക്കുന്നതിനുള്ള വിനയവും എനിക്കുണ്ടായിരിക്കണം. അപരിഷ്‌കൃതനായിത്തീര്‍ന്ന മനുഷ്യന്‍  അവന്‍ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ അതല്ല മറ്റേതെങ്കിലും പേരോ സ്വയം വിളിക്കാനുള്ള ചങ്കൂറ്റം കാട്ടിയാലും മനുഷ്യക്കശാപ്പുകളുടെ കാപാലികനായി മാറുന്ന സാഹചര്യത്തില്‍ എന്നെ നിസ്സഹായനായ സാക്ഷിയാക്കുന്നതിനുപകരം, ഈ കണ്ണീര്‍ക്കടലില്‍ നിന്നും എന്നെ കരകയറ്റുന്നതിനായി സര്‍വവ്യാപിയായ ആ മഹാ ശക്തിയുടെ സഹായത്തെ ഞാന്‍ ആവാഹിക്കുകയാണ്.'' തന്റെ അവസാന ജന്മദിനത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ഗാന്ധിജി വ്യക്തമാക്കി (മഹാത്മ, ഡി.ജി ടെണ്ടുല്‍ക്കര്‍ വാല്യം 8, പേജ് 176). രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഭീകരമായ മതഭ്രാന്തിന്റെ സാഹചര്യങ്ങളില്‍ സാമുദായിക ഐക്യത്തിനുവേണ്ടി പരിശ്രമിക്കുന്ന ഏതൊരാളും ഇരുവശത്തുമുള്ള യാഥാസ്ഥിതികരുടെ വെറുപ്പ് സമ്പാദിക്കുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന ഗാന്ധിജി ജനുവരി 28-ാം തിയതി രാജ്കുമാരി അമൃത്കൗറുമായി നടക്കുന്ന സംഭാഷണത്തിനിടയില്‍ 'ഭ്രാന്തുപിടിച്ച ഒരു മനുഷ്യന്റെ വെടിയുണ്ടകളേറ്റു മരിക്കാന്‍ താനിഷ്ടപ്പെടുന്നുവെന്നും, അങ്ങനെ സംഭവിക്കുന്നപക്ഷം പുഞ്ചിരിതൂകിക്കൊണ്ട് താന്‍ മരിക്കുമെന്നും' തന്റെ അന്ത്യത്തെക്കുറിച്ച് ദീര്‍ഘവീക്ഷണം ചെയ്യുന്നുമുണ്ട്. ഒടുവില്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഉപാധികള്‍ അനുസരിച്ച് പാകിസ്താന്‍ എന്ന സഹോദര രാജ്യത്തിനു നല്‍കാന്‍ ബാധ്യസ്ഥമായ സ്ഥാവര ജംഗമ സ്വത്തുവഹകള്‍ കൊടുക്കാനാവില്ലെന്ന് ശാഠ്യം പിടിച്ച സ്വതന്ത്ര ഇന്ത്യയുടെ അഭ്യന്തരമന്ത്രിയും പ്രിയ അനുയായിയുമായ വല്ലഭായ് പട്ടേലിന്റെ നിലപാടിനെതിരെ നീതിയുടെ പക്ഷത്ത് ശക്തമായി നിലയുറച്ച് തന്റെ ജീവിതത്തിലെ അവസാനത്തെ സത്യാഗ്രഹത്തിലൂടെ അന്തിമ പോരാട്ടം പ്രഖ്യാപിച്ച ഗാന്ധിജി ഹിന്ദു തീവ്രവാദി വിഭാഗത്തിന്റെ ആത്യന്തിക ശത്രുതക്കിരയാവുകയും അവരുടെ തന്നെ കൈകളാല്‍ വധിക്കപ്പെടുകയും ചെയ്തു.

അഗാധമായ ദൈവബോധവും മനുഷ്യനിലും അവന്റെ നന്മയിലുമുള്ള അടിയുറച്ച വിശ്വാസവുമായിരുന്നു ഗാന്ധിയന്‍ ജീവിതദര്‍ശനത്തിന്റെ കാതല്‍. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ തൊഴിലാളികളും കര്‍ഷകരുമായ സാധാരണക്കാര്‍ പ്രകടിപ്പിച്ച ത്യാഗബുദ്ധിയും സമര്‍പ്പണവുമാണ് നന്മയിലധിഷ്ഠിതമായ ജനകീയസമരത്തിന്റെ യഥാര്‍ഥ ശക്തിയെ തിരിച്ചറിയുന്നതിന് തന്നെ സഹായിച്ചതെന്നും സ്വന്തം അസ്തിത്വവുമായി ബന്ധപ്പെട്ട ഒരു അവകാശപ്പോരാട്ടത്തെ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ദൈവവിശ്വാസത്തിനുള്ള പങ്കും പ്രാധാന്യവും ഒരു സാധാരണ ദൈവവിശ്വാസിയില്‍ നിന്നും ഒരുഞെട്ടലോടെ' താന്‍ തിരിച്ചറിയുന്നത് അവിടെ നിന്നാണെന്നും'ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹത്തില്‍ ഗാന്ധിജി വിശദമായി വിവരിക്കുന്നുണ്ട്. ഇത്തരത്തില്‍ ത്യാഗവും അക്രമരാഹിത്യവും ദൈവവിശ്വാസവും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ജനകീയ വിമോചനപ്പോരാട്ടത്തിന്റെ വിശാല വേദിയെന്ന നിലയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ഗാന്ധിജി അതിനെ ഏഴുലക്ഷം ഇന്ത്യന്‍ ഗ്രാമങ്ങളിലെ പാവപ്പെട്ട ഗ്രാമീണ ജനതയുടെ വന്‍മുന്നേറ്റമാക്കി പരിവര്‍ത്തിപ്പിക്കുന്നതിലും ഭരണകൂടത്തെ വിറപ്പിക്കുന്നതിലും അത്ഭുതകരമായി വിജയിക്കുകയും ചെയ്തു. എന്നാല്‍ അത്തരമൊരു സ്‌നേഹസമരത്തിന്റെ പരിസമാപ്തിയില്‍ മൂന്നുപതിറ്റാണ്ടോളം അക്രമ രാഹിത്യത്തിന്റേയും ത്യാഗത്തിന്റെയും സത്യത്തിന്റെയും പാതയിലൂടെ താന്‍ മുന്നോട്ട് നയിച്ച അതേ ജനവിഭാഗം സകല നന്മകളും കൈവിട്ട് പരസ്പരം കൊന്നുതള്ളുന്നതിന്റെ യഥാര്‍ഥ കാരണങ്ങള്‍ വിശദീകരിക്കാനാവാതെ അമ്പരന്നുപോകുന്ന ഗന്ധിജിയേയാണ് അവസാന നാളുകളില്‍ ലോകം കാണുന്നത്. മഹാത്മാഗാന്ധി എന്ന മനുഷ്യസ്‌നേഹിയായ വിപ്ലവകാരിയുടെ ജീവിതാന്ത്യം ഇത്തരമൊരു അനിവാര്യ ദുരന്തത്തിലെത്തിച്ചേര്‍ന്നതിന്റെ പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ മാര്‍ക്‌സിയന്‍ വീക്ഷണകോണിലൂടെ ഇ.എം.എസ് വിശദീകരിക്കുന്നത് ചരിത്രത്തിന്റെ ഇങ്ങേതലക്കല്‍നിന്നുകൊണ്ട് പരിശോധിക്കുന്നത് കൗതുകകരമായ ഒരനുഭവമാണ്.

''അസ്വാസ്ഥ്യജനകമായ ഈ സംഭവവികാസങ്ങള്‍ക്ക് അദ്ദേഹത്തിന്(ഗാന്ധിജിക്ക്) കാണാന്‍ കഴിഞ്ഞ ഏക കാരണം ഇതായിരുന്നു. മനുഷ്യന്‍, അക്രമരഹിത സമരത്തിന്റെ തത്ത്വവും പ്രയോഗവും ആരുടെ സാന്മാര്‍ഗികമായ പുനരുത്ഥാനത്തെ ലക്ഷ്യമാക്കിക്കൊണ്ട് താന്‍ വളര്‍ത്തിയെടുത്തുവോ ആ മനുഷ്യന്‍, ഭ്രാന്തനായിത്തീര്‍ന്നിരിക്കുന്നു. സ്‌നേഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും സുവിശേഷം മൂന്ന് ദശാബ്ദക്കാലം പ്രസംഗിച്ചതിനുശേഷവും ഭ്രാന്തനായ മനുഷ്യന്‍ സ്ഥിരബുദ്ധിയുള്ള മനുഷ്യനായി മാറുകയല്ല, നേരെ മറിച്ചാണ് സംഭവിച്ചത് എന്നതിനു എന്താണ് കാരണം? ഈ ചോദ്യം അദ്ദേഹത്തെ അത്യധികം അമ്പരപ്പിച്ചു. അതുകൊണ്ട് ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഗാന്ധിജിയുടെ മാഹാത്മ്യത്തിന്റെ പരിമിതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ കാഴ്ച്ച ബൂര്‍ഷ്വാസിയുടെ ലോകവീക്ഷണം കൊണ്ട് പരിമിതമാക്കപ്പെട്ടിരുന്നതിനാല്‍, സമുദായിക ബന്ധങ്ങള്‍ വഷളായിത്തീര്‍ന്നതും, അധികാരക്കൈമാറ്റത്തിനു തൊട്ടുമുമ്പും അതിനു ശേഷവും ആയി കോണ്‍ഗ്രസ്സ് അധഃപതിച്ചതും യാദൃഛികമല്ലെന്നും സാമൂഹിക വികസനത്തിന്റെ ചില നിയമങ്ങളുടെ പ്രവര്‍ത്തന ഫലമാണെന്നും കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതുകാണാന്‍ സാധിച്ചിരുന്നെങ്കില്‍ ഹിന്ദു മുസ്‌ലിം സംഘട്ടനങ്ങള്‍ ഉണ്ടാകുന്നത് സാധാരണക്കാരായ ഹിന്ദുക്കളിലും മുസ്‌ലിംകളിലും ഒളിഞ്ഞുകിടക്കുന്ന എന്തോ തകരാറുകൊണ്ടല്ലെന്നും അവരെ തമ്മിലടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യക്തമായ ചില സാമൂഹിക ശക്തികള്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും അദ്ദേഹം മനസ്സിലാക്കുമായിരുന്നു. എങ്കില്‍ ഹിന്ദു-മുസ്‌ലിം ബഹുജനങ്ങളുടെ വിധി ദൈവത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിക്കാതെ കലാപങ്ങള്‍ കുത്തിപ്പൊക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക ശക്തികള്‍ക്കെതിരായി അദ്ദേഹം പോരാടുമായിരുന്നു'' (ഗാന്ധിയും ഗാന്ധിസവും, അധ്യായം 12, പേജ് 156, 157). അത്രയും നന്ന്. എന്നാല്‍ ബൂര്‍ഷ്വാസിയുടെ ലോകവീക്ഷണംകൊണ്ട് പരിമിതമാക്കപ്പെടാത്ത ഒരു പ്രത്യയശാസ്ത്രവും പ്രസ്ഥാനവും, വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കതീതമയി എന്നും നിലകൊ(ള്ളേ)ണ്ട അതിന്റെ നേതൃത്വവും, സാമുദായികതയും അഴിമതിയും വര്‍ഗീയതതയുമടക്കമുള്ള സകല സാമൂഹിക തിന്മകളും കൂടുതല്‍ സങ്കീര്‍ണവും രൂക്ഷമായ പുതിയ കാലഘട്ടത്തില്‍ അവയുടെ യഥാര്‍ഥ കാരണങ്ങള്‍ കാണാതെ പോകുന്നതിന്റെയും, മൂലകാരണമായ മുതലാളിത്തത്തോട് നിരന്തരം രാജിയാവേണ്ടിവരുന്നതിന്റെയും പ്രത്യയശാസ്ത്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി സത്യസന്ധമായി വിശകലനം ചെയ്യപ്പെടേണ്ടതായി വന്നിരിക്കുന്നു.

എന്തായാലും ദരിദ്രരും അടിച്ചമര്‍ത്തപ്പെടുന്നവരുമായ ജനങ്ങളുടെ വിമോചനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച രണ്ട് യഥാര്‍ഥ വിപ്ലവകാരികള്‍ എന്ന നിലയില്‍ കാള്‍ മാര്‍ക്‌സിനും കരംചന്ദ് ഗാന്ധിക്കുമിടയിലുള്ള സമാനതകള്‍ എടുത്തു പറയപ്പെടേണ്ടതാണ്. ഗാന്ധിജിയെപ്പോലെ മാര്‍ക്‌സും അന്യവല്‍ക്കരണത്തെയാണ് സാമൂഹിക തിന്മകളുടെയെല്ലാം മൂലകാരണമായി കണ്ടത്. എല്ലാറ്റിനുമുപരി മനുഷ്യനിലുള്ള അടിയുറച്ച വിശ്വാസം തന്നെയായായിരുന്നു ഇരുദര്‍ശനങ്ങളുടെയും ചാലക ശക്തിയും. എന്നാല്‍ പുസ്തകക്കൂമ്പാരങ്ങള്‍ക്കിടയിലിരുന്നുകൊണ്ട് അഗാധമായ പാണ്ഡിത്യത്തിന്റെയും കൊടിയ ദാരിദ്ര്യത്തിന്റെയും സ്വാനുഭവതലത്തില്‍ മനുഷ്യരാശിയുടെ വേദനകളെ സ്വാംശീകരിച്ച കാള്‍ മാര്‍ക്‌സ് മനുഷ്യനെന്ന പ്രതിഭാസത്തെക്കുറിച്ച് പുലര്‍ത്തിയ യാഥാര്‍ഥ്യബോധം പോലും സധാരണക്കാര്‍ക്കിടയിലേക്ക് അക്ഷരാര്‍ഥത്തില്‍ ഇറങ്ങിച്ചെന്ന് അവരെ നേരിട്ടറിഞ്ഞ് അവര്‍ക്കിടയില്‍ ജീവിച്ച ഗാന്ധിജിക്കില്ലാതെ പോയി എന്നത്, പ്രായോഗികമതിയായ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ കഴിവു തെളിയിച്ച വ്യക്തി എന്ന സവിശേഷ സാഹചര്യത്തില്‍ പ്രത്യേകിച്ചും, ഇ.എം.എസ് നിരീക്ഷിക്കുന്നതുപോലെ, അദ്ദേഹത്തെ നയിച്ച സാമൂഹിക വീക്ഷണത്തിന്റെയും ജീവിതദര്‍ശനത്തിന്റെയും പോരായ്മയായി മാത്രമേ വിലയിരുത്തുവാനാകൂ. എന്നാല്‍ സകല സൈദ്ധാന്തിക വിശകലനങ്ങള്‍ക്കുമപ്പുറം മനുഷ്യസ്വരൂപത്തെ സമഗ്രമായി തിരിച്ചറിയുന്നതില്‍ ഇരു ദര്‍ശനങ്ങള്‍ക്കും കഴിയാതെ പോയി എന്ന യാഥാര്‍ഥ്യം വളരെ വൈകാതെ തന്നെ ചരിത്രം വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു. അതില്‍ ഏത് പ്രായോഗിക തലത്തില്‍ മനുഷ്യരോട് കൂടുതല്‍ മനുഷ്യത്വപരമായി നിലകൊണ്ടു എന്നതും അതെന്തുകൊണ്ട് എന്നതും വിശകലന വിധേയമാക്കപ്പെടേണ്ടതുണ്ട്.

പരിമിതികള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സാമാന്യജനത്തെ പോരാട്ട വീഥിയിലേക്ക് കൊണ്ടുവരുന്നതില്‍ അഭൂതപൂര്‍വമായി വിജയിച്ച ഗാന്ധിയന്‍ സമരമാര്‍ഗത്തിന്റെ വിപ്ലവാത്മക വശത്തെ അംഗീകരിക്കുമ്പോള്‍തന്നെ, അതിനു പല പരിമിതികളും ഉണ്ടായിരുന്നതായി പ്രശസ്ത ചരിത്രകാരനായ ബിപിന്‍ ചന്ദ്ര (ദേശീയത്വവും സാമ്രാജ്യത്വവും ആധുനിക ഇന്ത്യയില്‍) രേഖപ്പെടുത്തുന്നുണ്ട്.'ഇന്ത്യന്‍ ജനതയിലെ ഭൂരിഭാഗം വരുന്ന ദരിദ്ര കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ നാലണ അംഗത്വത്തിനപ്പുറം ജനങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതിനോ, രാഷ്ട്രീയപ്രവര്‍ത്തനം വളരെ കണിശമായി മുകളില്‍ നിന്നു നിയന്ത്രിക്കപ്പെട്ട ഒന്നായിരുന്നതിനാല്‍ ഒരു സ്വതന്ത്ര രഷ്ട്രീയശക്തി എന്ന നിലയില്‍ ജനശക്തിയെ പരിവര്‍ത്തിപ്പിക്കുന്നതിനോ, സമരത്തിനു നേതൃത്വം നല്‍കിയിരുന്ന ബുദ്ധിജീവികളും ജനങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നതിനോ ഗാന്ധിജിയുടെ നേതൃത്വത്തിനു കഴിഞ്ഞില്ല എന്നീ കാര്യങ്ങളാണ് ഗാന്ധിയന്‍ സമരത്തിന്റെ പ്രധാന ദൗര്‍ബല്യങ്ങളായി ബിപിന്‍ചന്ദ്ര എടുത്തു പറയുന്നത്. സമരത്തിന്റെ പരിണതിയോ ഗതിയോ നിയന്ത്രിക്കാന്‍ തക്കതായ ഒരു തന്ത്രത്തിന്റെ അല്ലെങ്കില്‍ ദിശയുടെ പൂര്‍ണ അഭാവത്തില്‍ അല്ലെങ്കില്‍ രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങളുടെ തീര്‍ത്തും പരിമിതമായ കീഴ്‌പ്പെടുന്ന പങ്കിലാണ് ഈ ദൗര്‍ബല്യം ഇരിക്കുന്നതെന്നും അദ്ദേഹം അതിന്റെ കാരണമായി വിശദീകരിക്കുന്നു. പോലീസ്, സര്‍ക്കാര്‍ ഓഫീസുകള്‍ ആശുപത്രികള്‍, കോടതികള്‍, കോളേജുകള്‍, പട്ടാളം, സ്‌കൂള്‍ തുടങ്ങി ആധുനികമായ സകല സംവിധാനങ്ങളെയും നിരാകരിച്ചുകൊണ്ട് നിലവിലുള്ള വ്യവസ്ഥിതിക്കെതിരേയും സര്‍ക്കാരിനെതിരേയും സമരത്തിലേര്‍പ്പെടുമ്പോഴും, പുതിയ അധികാരം കൈയാളുന്നതിനാവശ്യമായ ശക്തിതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുവാനോ ഒരു ബദല്‍ സാമൂഹിക സംവിധാനമോ പ്രാഥമികമായ ഒരധികാര സംവിധാനം പോലുമോ സൃഷ്ടിക്കുവാനോ ഗാന്ധിസത്തിന് കഴിയുന്നില്ല എന്ന വിമര്‍ശനവും ബിപിന്‍ ചന്ദ്ര ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അധികാരികളായി അവരുടെ ഭാഗധേയം നിശ്ചയിക്കാന്‍ ഊറ്റമുള്ളവരായിരുന്നുവെങ്കില്‍ ഇന്ത്യയുടെ കാലികാവസ്ഥ തീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു എന്നത് തര്‍ക്കമറ്റതാണ് എന്നു സമ്മതിച്ചു കൊണ്ട് 'ഗാന്ധിയന്‍ സമരങ്ങള്‍ ഇന്ത്യന്‍ ജനതയിലെ കര്‍ഷക ബഹുഭൂരിപക്ഷത്തെ സമരമുഖത്തേക്ക് കൊണ്ട് വന്ന് സജീവ പങ്കാളികളാക്കുന്നതില്‍ വിജയിച്ചില്ല എന്ന ബിപിന്‍ചന്ദ്രയുടെ വാദങ്ങള്‍ പുതിയ കാലത്തില്‍ ആഴമേറിയ ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ടതാണ് എന്ന അഭിപ്രായമാണ് ബിപിന്‍ചന്ദ്രയുടെ വിമര്‍ശനങ്ങളോട് വലിയൊരു പരിധിവരെ യോജിച്ചുകൊണ്ട് പ്രമുഖ ഗാന്ധിയന്‍ ബുദ്ധിജീവിയായ ഡോ. കെ. അരവിന്ദാക്ഷന്‍ പ്രകടിപ്പിക്കുന്നത് (ഗാന്ധിയുടെ ജീവിതദര്‍ശനം, അധ്യായം അഞ്ച്, പേജ്:175).

എന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാതെ പോയ ഒരു സാമൂഹ വിപ്ലവദര്‍ശനം എന്ന നിലയില്‍ ഗാന്ധിസത്തിന്റെയും അതിന്റെ രീതിശാസ്ത്രത്തിന്റെയും പരിമിതികളും പോരായ്മകളും എന്തൊക്കെയായിരുന്നാലും അധികാരവും അഴിമതിയും ഭരണകൂടഭീകരതയുമെല്ലാം ആഗോളവല്‍ക്കരിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ സകല തിന്മകളും ഒന്നു ചേര്‍ന്ന് ഭീകര രൂപംപൂണ്ട അധികാര സ്വത്വത്തിനു മുന്നില്‍ നിസ്സഹായരായിപ്പോകുന്ന സാധാരണ ജനങ്ങള്‍ക്ക് തങ്ങളോട് ഒരു കൂറുമില്ലാത്ത ഭരണകൂടങ്ങളെയൊന്നാകെ നിഷ്പ്രഭമാക്കുവാന്‍ പ്രാപ്തമാക്കുന്നതും, പതിറ്റാണ്ടുകളായി വേരുറച്ച ഏകാധിപത്യ വടവൃക്ഷങ്ങളെപ്പോലും ആധുനികവും ശാസ്ത്രീയവുമായി' മറിച്ചിടുവാന്‍ പര്യാപ്തമാക്കുന്നതും, ലോകത്തിലെ എത്രശക്തമായ സൈനികശക്തിയേയും നിര്‍വീര്യമാക്കുവാന്‍ പോന്നതുമായ ഏറ്റവും ഫലപ്രദമായ ആയുധമെന്ന നിലയില്‍ ഗാന്ധിയന്‍ സമരമുറകളുടെ പ്രായോഗികതയും പ്രത്യയശാസ്ത്രവും ശക്തി ദൗര്‍ബല്യങ്ങളുമെല്ലാം പഠനവിധേയമാക്കുക എന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ജനകീയ പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ ദൗത്യമാണ്.

അവസാനം പരിഷ്കരിച്ചത് : 1/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate