Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം - വിശദ വിവരങ്ങൾ

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം

ബ്രിട്ടിഷാധിപത്യത്തിൽനിന്നും മോചനം നേടുന്നതിനുവേണ്ടി ഇന്ത്യയിൽ നടന്ന വിവിധ സമരസംരംഭങ്ങളെ മൊത്തത്തിൽ ഇന്ത്യന്‍സ്വാതന്ത്യ്രസമരം എന്നു വിശേഷിപ്പിക്കാം. വാണിജ്യം ലക്ഷ്യമാക്കി ഇന്ത്യയിലെത്തിയ ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഉദ്ദേശ്യം ആരംഭത്തിൽ ഇന്ത്യയുടെ ഭരണം കൈക്കലാക്കൽ ആയിരുന്നില്ല. പിന്നീടുള്ള അനുകൂല സാഹചര്യങ്ങള്‍ ചൂഷണം ചെയ്‌ത്‌ വാണിജ്യം വികസിപ്പിക്കുകയും അതിന്റെ തണലിൽ ഭരണം പിടിച്ചെടുക്കുകയുമാണ്‌ അവർ ചെയ്‌തത്‌. ആദ്യകാലങ്ങളിൽ ഇന്ത്യന്‍ ജനതയെ അടിച്ചമർത്തുന്നതിൽ അവർക്കു താത്‌പര്യമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഇന്ത്യയുടെയും ഇന്ത്യാക്കാരുടെയും പ്രശ്‌നങ്ങളിൽ ഒരു പരിധിവരെ ഉദാരമായ ഒരു സമീപനം സ്വീകരിക്കുകകൂടി ചെയ്‌തിരുന്നു. 1813, 1833 എന്നീ വർഷങ്ങളിലെ ചാർട്ടർ നിയമങ്ങള്‍ ഇതിനു തെളിവാണ്‌. ബ്രിട്ടീഷ്‌ഭരണം ഭദ്രമായി പ്രതിഷ്‌ഠാപിതമായതിനുശേഷം ഉത്‌കടമായ ദേശീയബോധവും അദമ്യമായ സ്വാതന്ത്യ്രാഭിവാഞ്‌ഛയും ഇന്ത്യന്‍ ജനതയിൽ പ്രകടമായി. 19-ാം ശതകത്തിന്റെ ആരംഭത്തിൽ ഉരുണ്ടുകൂടിയ പാരതന്ത്യ്രചിന്ത ഇന്ത്യാക്കാരെ വിമോചനയത്‌നങ്ങളിലേക്കു തള്ളിവിട്ടു. ഇതിന്റെ പരിണതഫലമാണ്‌ വിഭിന്നഘട്ടങ്ങളിലൂടെ നടന്ന ഇന്ത്യന്‍ സ്വാതന്ത്യ്രസമരം.

ആദ്യകാലസ്‌ഫോടനങ്ങള്‍.

"ശിപായിലഹള' എന്നു ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച 1857-ലെ ഇന്ത്യന്‍ കലാപത്തിനു മുമ്പുതന്നെ നാടിന്റെ പലഭാഗങ്ങളിലും പല തരത്തിലുള്ള സായുധസമരയത്‌നങ്ങള്‍ ഉണ്ടായിരുന്നു. സാമൂഹികവും സാമ്പത്തികവുമായ അടിമത്തത്തിൽനിന്നുള്ള വിമോചനം ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴും രാഷ്‌ട്രീയക്കോയ്‌മയ്‌ക്കെതിരായ ഏറ്റുമുട്ടലുകളുടെ രൂപം കൈക്കൊണ്ടിരുന്നു എന്നതാണ്‌ വാസ്‌തവം. പൗരജനവിപ്ലവങ്ങള്‍, കാർഷികപ്രക്ഷോഭങ്ങള്‍, ഗോത്രവർഗകലാപങ്ങള്‍ തുടങ്ങിയ പല പന്ഥാക്കളിലൂടെയും ജനങ്ങളുടെ പ്രതിഷേധത്വര ബഹിർഗമിക്കുകയുണ്ടായി. ഈസ്റ്റിന്ത്യാക്കമ്പനി കരംപിരിവിന്റെ പേരിൽ സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ളവരെ നിരന്തരമായി ചൂഷണംചെയ്യുവാനൊരുമ്പെട്ടപ്പോള്‍ അതിനെതിരായി ജനങ്ങള്‍ പല സന്ദർഭങ്ങളിലും പ്രതിഷേധസ്വരമുയർത്തിയിട്ടുണ്ട്‌. സ്വത്തും പദവിയും നഷ്‌ടപ്പെട്ട സെമീന്ദാരന്മാരും പിരിച്ചുവിടപ്പെട്ട പട്ടാളക്കാരും സ്വന്തം വീടുകളിൽനിന്ന്‌ ആട്ടിപ്പായിക്കപ്പെട്ട സാധാരണ കർഷകരും കമ്പനിഭരണത്തിന്റെ ആദ്യകാലങ്ങളിൽത്തന്നെ മേൽക്കോയ്‌മക്കെതിരായി ബംഗാളിലും ബിഹാറിലും ഒറീസ്സയിലും ആയുധമെടുത്തു പോരാടുവാന്‍ മടിച്ചില്ല. ടിപ്പുവിന്റെ നേതൃത്വത്തിൽ നടന്ന മൈസൂർ യുദ്ധങ്ങളും ഒരു പരിധിവരെ ബ്രിട്ടീഷ്‌ശക്തിയെ എതിർക്കുന്നതിനുള്ള ധീരസംരംഭങ്ങളായിരുന്നു. 1794-ൽ ദക്ഷിണേന്ത്യയിൽ വിജയനഗരം രാജാവും 1801-ൽ ആന്ധ്രാകടലോരങ്ങളിലും മലബാറിന്റെ ചില ഭാഗങ്ങളിലും ജന്മിമാരും നാടുവാഴികളും വിമോചനസമരങ്ങള്‍ക്കു നേതൃത്വം നല്‌കി. ഇക്കൂട്ടത്തിൽ ഒളിപ്പോരു സംഘടിപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ച കേരളവർമപഴശ്ശിരാജാവിന്റെ ത്യാഗോജ്ജ്വലചരിതം പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. 1809-ലാണ്‌ തിരുവിതാംകൂറിലെ വേലുത്തമ്പിദളവയുടെ പ്രസിദ്ധമായ കുണ്ടറ വിളംബരമുണ്ടാകുന്നത്‌. 1814-ൽ അലിഗഡിലെ സെമീന്ദാരന്മാരും 1816 മുതൽ 1832 വരെ സൗരാഷ്‌ട്രയിലെ ഗോത്രവർഗത്തലവന്മാരും 1816-49 കാലത്ത്‌ മഹാരാഷ്‌ട്ര-ഗുജറാത്ത്‌ പ്രദേശങ്ങളിലെ നാടുവാഴികളും 1842-ൽ ജബൽപൂരിലെ ബുന്ദേലന്മാരും ബ്രിട്ടീഷുകാർക്ക്‌ എതിരായി നടത്തിയ സമരങ്ങളുടെ പ്രധാന പശ്ചാത്തലം സ്വാതന്ത്യ്രാഭിവാഞ്‌ഛ തന്നെയായിരുന്നു.

ഒന്നാം സ്വാതന്ത്ര്യസമരം.

ബ്രിട്ടീഷ്‌ മേല്‌ക്കോയ്‌മയിൽനിന്നും മോചനം നേടാനുള്ള ഭാരതീയജനതയുടെ ആദ്യത്തെ സംഘടിതസംരംഭമാണ്‌ 1857-ലെ ഒന്നാം സ്വാതന്ത്യ്രസമരം. രാഷ്‌ട്രീയം, സാമ്പത്തികം, സൈനികം, സാമൂഹികം, മതപരം എന്നിങ്ങനെ വിവിധ കാരണങ്ങളാണ്‌ ഈ സമരത്തിന്‌ വഴിതെളിച്ചത്‌.

ഈസ്റ്റിന്ത്യാക്കമ്പനിപ്പടയിലെ ഇന്ത്യന്‍ പട്ടാളക്കാരുടെ കലഹത്തോടെയാണ്‌ സമരം ആരംഭിച്ചത്‌. വിദേശഭരണത്തിന്നെതിരെ ജനങ്ങളുടെ ആവലാതികള്‍ ഘനീഭവിച്ചുകൊണ്ടിരുന്ന അക്കാലത്ത്‌ കലാപം വിവിധ ജനവിഭാഗങ്ങളിലേക്കു പടർന്നുപിടിച്ചു. ഭൂനികുതിനിയമം നിമിത്തം ഭൂവുടമകളിൽ പലരുടെയും ഭൂമി നഷ്‌ടപ്പെട്ടിരുന്നൂ. മാത്രമല്ല ഉദ്യോഗസ്ഥന്മാരുടെ പീഡനമുറകള്‍ സാധാരണക്കാർക്കു ദുസ്സഹമായിത്തീർന്നിരുന്നു. കമ്പനി നല്ല ശമ്പളമുള്ള ഉദ്യോഗങ്ങളിൽനിന്നും നാട്ടുകാരെ ഒഴിച്ചുനിർത്തിയത്‌ അവരുടെ അമർഷം ആളിക്കത്തുന്നതിന്‌ ഇടയാക്കി. നാട്ടുരാജാക്കന്മാരുടെയും സെമീന്ദാരന്മാരുടെയും അധികാരം നഷ്‌ടപ്പെട്ടതോടെ, അവരെ ആശ്രയിച്ചു കഴിഞ്ഞുപോന്ന പുരോഹിതന്മാരും മൗലവിമാരും നിരാധാരരായിത്തീർന്നു. 1856-ൽ ബ്രിട്ടീഷുകാർ "അവധ്‌' എന്ന രാജ്യം കൈവശപ്പെടുത്തിയ നടപടി പ്രദേശത്തുകാരായ കമ്പനിപ്പടയാളികളെ രോഷാകുലരാക്കി. ബ്രിട്ടീഷ്‌ വൈസ്രായി ഡൽഹൗസി പ്രഭു പിന്തുടർന്ന "അറ്റാലടക്കൽനയം'(Doctrine of Lapse) നാട്ടുരാജ്യങ്ങളിലെ മിക്ക നാടുവാഴികളിലും പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. കമ്പനിയുടെ ആശ്രിതരായ നാട്ടുരാജ്യങ്ങളിൽ അനന്തരാവകാശികളായി രാജകുടുംബാംഗങ്ങളില്ലെങ്കിൽ ആ രാജ്യങ്ങള്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിൽ ലയിപ്പിക്കുന്ന നയമായിരുന്നു അത്‌. വിദേശമേൽക്കോയ്‌മയോടുള്ള പരിപൂർണ വിധേയത്വവും അതിനോടു കൂറുപ്രഖ്യാപിക്കുന്ന അപമാനകരമായ പ്രഖ്യാപനങ്ങളും തങ്ങളുടെ നിലനില്‌പ്‌ ഉറപ്പുവരുത്തുകയില്ലെന്ന്‌ അവർക്ക്‌ ബോധ്യപ്പെട്ടു. ഈ പിടിച്ചെടുക്കൽ നയമാണ്‌ നാനാസാഹിബിനേയും ബഹദൂർഷായേയും ഝാന്‍സിറാണിയേയും ബ്രിട്ടീഷ്‌ഭരണത്തിന്റെ കടുത്ത ശത്രുകളാക്കി മാറ്റിയത്‌. കമ്പനിപ്പടയാളികള്‍ (ശിപായികള്‍) തങ്ങള്‍ക്കു ലഭിച്ചുവന്നിരുന്ന തുച്ഛശമ്പളത്തിലും തങ്ങളോടുള്ള അവഹേളനാപരമായ പെരുമാറ്റത്തിലും ഉള്ളിലൊതുങ്ങാത്ത അതൃപ്‌തിയിൽ കഴിയുകയായിരുന്നു. ഇന്ത്യന്‍ ശിപായിമാരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു സംഭവവികാസംകൂടി ഇക്കാലത്ത്‌ ഉണ്ടായത്‌ സൈനികരുടെ ഇടയിൽനിന്നുതന്നെ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു കാരണമായി. കൊഴുപ്പു പുരട്ടിയ വെടിത്തിരകളെ ആസ്‌പദമാക്കിയാണ്‌ അസ്വസ്ഥത ആരംഭിച്ചത്‌. പുതിയ എന്‍ഫീൽഡു തോക്കുകളിലെ വെടിത്തിരയിൽ കൊഴുപ്പു പുരട്ടിയ കടലാസുമൂടി ഉണ്ടായിരുന്നു. മൂടിയുടെ അറ്റം കടിച്ചുമുറിച്ചിട്ടായിരുന്നു തോക്കിൽ വെടിമരുന്നു നിറയ്‌ക്കേണ്ടിയിരുന്നത്‌. ഇതിലേക്ക്‌ പശുവിന്റെയും പന്നിയുടെയും കൊഴുപ്പാണ്‌ ഉപയോഗിച്ചിരുന്നത്‌ എന്ന പേരിൽ ഹിന്ദു-മുസ്‌ലിം സൈനികർ രോഷാകുലരായി.

ബംഗാളിലെ ബാരക്‌പൂരിലും ബർഹാംപൂരിലുമാണ്‌ ലഹള ആരംഭിച്ചത്‌ (ഫെബ്രുവരി 1857). അവയെല്ലാം അമർത്തപ്പെട്ടു; കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്‌തു. (മംഗള്‍പാണ്ഡെ എന്ന ശിപായിയാണ്‌ കലാപത്തിന്‌ മുന്നിട്ടിറങ്ങിയത്‌). 1857 മേയ്‌ 10-നു മീററ്റിൽ ലഹള ആരംഭിച്ച ഇന്ത്യന്‍ സൈനികർ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുകയും ചില യൂറോപ്യന്‍ ഉദ്യോഗസ്ഥന്മാരെ വധിക്കുകയും ചെയ്‌തു. കലാപകാരികള്‍ ദില്ലി പിടിച്ചടക്കി ബഹദൂർ ഷാ കകനെ ചക്രവർത്തിയായി അവരോധിച്ചു. ബ്രിട്ടീഷുകാർ ദില്ലി തിരിച്ചുപിടിക്കാന്‍ നടപടികള്‍ കൈക്കൊള്ളുന്നതിനു മുമ്പ്‌ ഗംഗാതടങ്ങളിലും മധ്യേന്ത്യയിലെ ചില ഭാഗങ്ങളിലും കലാപങ്ങള്‍ തലപൊക്കിയിരുന്നു. രാജപുട്ടാണയിലെ നാസിറാബാദ്‌, രോഹിൽഖണ്ഡിലെ ബറേലി, ഉത്തർപ്രദേശിലെ കാണ്‍പൂർ, ലഖ്‌നൗ, വാരാണസി, ബിഹാറിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ലഹളകളുടെ അലകള്‍ ഇളകിമറിഞ്ഞു.

ലഹളക്കാർ ന. 27, 28 തീയതികളിൽ കാണ്‍പൂർ കീഴടക്കിയെങ്കിലും ഇന്ത്യന്‍ ആർമി ചീഫായ കോളിന്‍ കാംബെൽ ഡി. 6-നു കാണ്‍പൂർ നഗരം തിരിച്ചുപിടിച്ചു. ദില്ലി വീണ്ടെടുക്കുകയെന്നത്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ഗൗരവമേറിയ പരിഗണനയ്‌ക്കു വിഷയമായി. മീററ്റിലുള്ള സൈന്യവും അംബാലയിൽനിന്നു വന്ന സൈന്യവും ഒത്തുചേർന്ന്‌ ജൂണ്‍ 8-നു ബാദ്‌ലിസാരിയിലെ ലഹളക്കാരുടെ ഒരു സൈന്യത്തെ പരാജയപ്പെടുത്തി. ദില്ലി അതിർത്തിയിൽവച്ച്‌ ഈ ബ്രിട്ടീഷ്‌സൈന്യവുമായി ചേരുന്നതിന്‌ സിക്കുകാർ ഉള്‍പ്പെടെയുള്ള ഒരു സഹായസേനയെ ജോണ്‍ ലോറന്‍സ്‌ (പഞ്ചാബ്‌ ചീഫ്‌ കമ്മീഷണർ) പഞ്ചാബിൽനിന്ന്‌ അയച്ചുകൊടുത്തു. 1857 സെപ്‌. 20-നു ബ്രിട്ടീഷ്‌സൈന്യം ദില്ലി തിരിച്ചുപിടിച്ചു; ബഹാദൂർ ഷാ കകനെ ബർമ(മ്യാന്മർ)യിലേക്കു നാടുകടത്തി; അദ്ദേഹത്തിന്റെ പുത്രപൗത്രന്മാരെ മുഴുവന്‍ കൊന്നൊടുക്കിയതോടെ മുഗള്‍രാജപരമ്പര അവസാനിച്ചു.

അവധിലും രോഹിൽഖണ്ഡിലും ഉയർന്നുവന്ന പ്രക്ഷോഭണങ്ങള്‍ അടിച്ചമർത്തുന്നതിന്‌ കോളിന്‍ കാംബെൽ നടപടികള്‍ കൈക്കൊണ്ടു. ഒരു ഗൂർഖാസേനയുടെ സഹായത്തോടെ 1858 മാ. 21-നു ലഖ്‌നൗ നഗരത്തെ ബ്രിട്ടീഷ്‌ നിയന്ത്രണത്തിലാക്കുവാന്‍ സാധിച്ചു. രോഹിൽഖണ്ഡിലെ ബറേലി കീഴടക്കിയതോടെ അവധിലെ താലൂക്ക്‌ദാർമാരും പരാജിതരായി. മധ്യേന്ത്യയിലെ ലഹളക്കാരുടെ നേതാവ്‌ താന്തിയാതോപ്പിയായിരുന്നു. കാണ്‍പൂരിലെത്തിയ താന്തിയാതോപ്പിയുടെ സൈന്യത്തെ കോളിന്‍ കാംബെൽ 1857 ഡി. 6-നു പരാജയപ്പെടുത്തുകയും നഗരത്തിൽനിന്ന്‌ പുറന്തള്ളുകയും ചെയ്‌തു. തുടർന്ന്‌ താന്തിയാതോപ്പി ഝാന്‍സിയിലെ റാണി ലക്ഷ്‌മീഭായിയുമായി കൂട്ടുചേർന്ന്‌ മധ്യേന്ത്യയിൽ വീറോടെ പൊരുതി. ഇക്കാലത്തിനിടയിൽ ലഹളപ്രദേശങ്ങളുടെ ദക്ഷിണകേന്ദ്രമായ ബുന്ദേൽഖണ്ഡിൽ ഫീൽഡ്‌ മാർഷൽ ഹ്യൂഗ്‌ റോസിന്റെ നേതൃത്വത്തിൽ പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. സാഗറിലെ കാവൽസേനയെ മോചിപ്പിച്ചശേഷം ഹാഥ്‌ഗഡ്‌ പിടിച്ചെടുത്ത റോസ്‌ ബേത്‌വാ നദീതീരത്തുവച്ച്‌ താന്തിയാതോപ്പിയെ പരാജയപ്പെടുത്തി. ഏ. 8-നു റോസ്‌ ഝാന്‍സി ആക്രമിച്ചതോടെ അവിടത്തെ കോട്ട വിട്ടിറങ്ങിയ റാണി ലക്ഷ്‌മീഭായി കല്‌പിയിലേക്കു പ്രയാണം ചെയ്‌തു. മേയ്‌ 22-നു ഇംഗ്ലിഷുകാർ കല്‌പി കൈവശമാക്കിയ സാഹചര്യത്തിൽ റാണിയും താന്തിയാതോപ്പിയും ഗ്വാളിയറിലേക്കു മാർച്ചുചെയ്‌തു. മൊറാറിലെയും കോട്ടായിലെയും ആക്രമണങ്ങളെ പരാജയപ്പെടുത്തിയശേഷം റോസ്‌ ഗ്വാളിയർ കീഴടക്കി. 1858 ജൂണ്‍ 17-നു നടന്ന യുദ്ധത്തിൽ ഝാന്‍സിറാണി വധിക്കപ്പെട്ടു. 1859 ഏപ്രിലിൽ ഗ്വാളിയറിലെ സിന്ധ്യയുടെ സാമന്തനായ മാന്‍സിങ്‌ താന്തിയാതോപ്പിയെ ബ്രിട്ടീഷുകാർക്ക്‌ കൈമാറി. നാനാസാഹിബ്‌ നേപ്പാളിലെ വനാന്തരങ്ങളിലേക്ക്‌ പലായനം ചെയ്‌തു. അങ്ങനെ ആദ്യത്തെ സ്വാതന്ത്യ്രസമരം പരാജയപ്പെടുകയാണുണ്ടായതെങ്കിലും 1857-58 കാലങ്ങളിൽ കത്തിജ്ജ്വലിച്ചുനിന്ന അത്യുഗ്രമായ സ്വാതന്ത്ര്യബോധവും ദേശീയാവേശവും പില്‌ക്കാലത്തുണ്ടായ സ്വാതന്ത്യ്രസമരമുന്നേറ്റങ്ങളെ പൂർവാധികം ത്വരിതപ്പെടുത്തുവാന്‍ സഹായകമായിത്തീർന്നു. ഇതിന്റെ ഫലമായുണ്ടായ 1858-ലെ "ഇന്ത്യാഗവണ്‍മെന്റ്‌ നിയമ'വും വിക്‌ടോറിയാ ചക്രവർത്തിനിയുടെ വിളംബരവും വേണ്ടിവന്നാൽ ബ്രിട്ടീഷ്‌ മേൽക്കോയ്‌മ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുമെന്ന വിശ്വാസം ഭാരതീയരിൽ വളർത്തി.

മറ്റു പ്രക്ഷോഭണങ്ങള്‍.

19-ാം ശതകത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഇന്ത്യയുടെ മിക്കഭാഗങ്ങളിലും ഗോത്രവർഗക്കാർ തങ്ങളുടെ അമ്പും വില്ലും കോടാലിയുമായി മർദകരായ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്മാർക്ക്‌ എതിരെ എച്ചമറ്റ ലഹളകള്‍ അഴിച്ചുവിട്ടു. ഗോത്രവർഗക്കാരെ പാട്ടിലാക്കാന്‍ ബ്രിട്ടീഷ്‌ഭരണകൂടം പണം കടംകൊടുപ്പുകാരെയും കച്ചവടക്കാരെയും മറ്റും നിയോഗിച്ചതിന്‌ എതിരായാണ്‌ ഇവരുടെ രോഷം പൊട്ടിപ്പുറപ്പെട്ടത്‌; പക്ഷേ, പരിഷ്‌കൃത യുദ്ധായുധങ്ങളുടെ മുന്നിൽ അനേകം പേർക്ക്‌ ജീവാഹുതി ചെയ്യേണ്ടിവന്നു. ഇന്ത്യയിലെ ഗോത്രജനങ്ങളായ കോൽ, സന്ഥാൽ, മുണ്ഡാ എന്നിവർ ബ്രിട്ടീഷ്‌സേനകളെ പല പ്രാവശ്യം നേരിടുകയുണ്ടായി. 1820 മുതൽ 1901 വരെയുണ്ടായ സംഘട്ടനങ്ങളിൽ ആയിരക്കണക്കിനു ഗോത്രജനത മരിച്ചുവീണു.

വിദേശതോട്ടമുടമകളും അവരോടൊട്ടിനിന്ന സ്വദേശി സെമീന്ദാരന്മാരും അടിച്ചേല്‌പിച്ച അടിമത്തത്തിനെതിരായി സാധാരണ കർഷകത്തൊഴിലാളികള്‍ ആയുധമേന്തിയ പല സംഭവങ്ങളും ഈ കാലത്തുണ്ടായിട്ടുണ്ട്‌. ഇവയിൽ ഏറ്റവും പ്രസിദ്ധിയാർജിച്ചത്‌ 1859-60 കാലത്ത്‌ ബംഗാളിൽ നടന്ന "നീലക്കലാപം' ആയിരുന്നു. ഇതിന്റെ അലയടികള്‍ 1870-നു ശേഷവും ബംഗാള്‍-അസം ഭൂവിഭാഗങ്ങളിൽ തുടർന്നുകൊണ്ടിരുന്നു. നോ. നീലക്കലാപം

1870-തോടുകൂടി മഹാരാഷ്‌ട്ര-ഗുജറാത്ത്‌ പ്രദേശങ്ങളിൽ വ്യാപകമായ കാർഷികകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മലബാറിലെ കർഷകർ 1836-54 കാലത്ത്‌ ഇത്തരം 22 സമരങ്ങള്‍ നടത്തിയതായി രേഖകളുണ്ട്‌.

നവോത്ഥാനപ്രസ്ഥാനങ്ങള്‍.

19-ാം ശതകത്തിന്റെ ഉത്തരാർധം ഇന്ത്യയിൽ ദേശീയബോധം തിളച്ചുമറിയുന്നതിനും സംഘടിത രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ മുളപൊട്ടിവരുന്നതിനും സാക്ഷ്യം വഹിച്ചു. ഭാരതീയ ബുദ്ധിജീവികളുടെ നേതൃത്വത്തിൽ ഇക്കാലത്ത്‌ രൂപംകൊണ്ട സാംസ്‌കാരിക-സാമൂഹിക പ്രസ്ഥാനങ്ങളും സംഘടനകളുമാണ്‌ ആധുനിക രാഷ്‌ട്രീയ പ്രവർത്തനശൈലിക്ക്‌ ബീജാവാപം ചെയ്‌തത്‌. പക്ഷേ, സാധാരണക്കാരന്‍ രാഷ്‌ട്രീയ ബോധം ഉള്ളവനായിത്തീരുന്നതിന്‌ പിന്നേയും കുറെക്കാലം കാത്തിരിക്കേണ്ടിവന്നു.

ആംഗലവിദ്യാഭ്യാസത്തിന്റെയും പാശ്ചാത്യസംസ്‌കാരത്തിന്റെയും സന്തതികളെന്നനിലയിൽ ഒരു പുതിയ തലമുറ ഈ കാലത്ത്‌ രൂപംപ്രാപിച്ചുവരുകയായിരുന്നു. പുതിയ മതവിശ്വാസങ്ങളും മനോഭാവങ്ങളും യുവജനങ്ങളെ പരിവർത്തനം ചെയ്യുന്ന കാഴ്‌ച രാജ്യത്ത്‌ ഉടനീളം കാണപ്പെട്ടു. ഈ പുതിയ പ്രതിഭാസത്തിനെതിരായി ഭാരതീയ പാരമ്പര്യരക്ഷണത്തിൽ ദത്താവധാനന്മാരായ ചിലരുടെ ചേതനകള്‍ ചലിച്ചതിന്റെ ഫലമായാണ്‌ 1828-ൽ കൽക്കത്തയിൽ ബ്രഹ്മസമാജം ഉടലെടുത്തത്‌. രാഷ്‌ട്രീയപരിഷ്‌കാരങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭണം ആരംഭിച്ച ആദ്യത്തെ ശ്രദ്ധേയനായ ഭാരതീയ നേതാവ്‌ ഇതിന്റെ സമുൽഘാടകനായ രാജാറാംമോഹന്‍റോയ്‌ ആയിരുന്നു. മതപരവും സാമൂഹികവും സാംസ്‌കാരികവുമായ മാലിന്യങ്ങളെ നിർമാർജനം ചെയ്‌ത്‌ നിത്യശുദ്ധമായ ആർഷസിദ്ധാന്തങ്ങളിൽ അടിയുറച്ച ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ബ്രഹ്മസമാജത്തിന്റെ സ്ഥാപനം കുറിച്ചത്‌.

നവോത്ഥാനസ്‌ഫുലിംഗങ്ങള്‍ പ്രസരിപ്പിച്ച ബ്രഹ്മസമാജം, സ്വാമിദയാനന്ദസരസ്വതി(1824-83)യുടെ ആര്യസമാജം, മഹാരാഷ്‌ട്രയിലെ പരമഹംസ സഭ (1849), കേശവചന്ദ്രസെന്നിന്റെ പ്രാർഥനാസമാജം (1867), ശ്രീരാമകൃഷ്‌ണനും (1836-86) വിവേകാനന്ദനും (1863-1902) കൂടി ഇന്ത്യയെ ആകെ ഉത്തരംഗിതമാക്കിയ പുതിയ സന്ന്യാസപ്രസ്ഥാനം (ശ്രീരാമകൃഷ്‌ണമിഷന്‍) തുടങ്ങിയവ മൗലികമായി അരാഷ്‌ട്രീയങ്ങളായിരുന്നെങ്കിലും ആത്യന്തിക വിശകലനത്തിൽ ഇവയുടെ ഉദ്‌ബോധനങ്ങളുടെ പരിണതഫലം ജനഹൃദയങ്ങളിൽ ആത്മാഭിമാനത്തിന്റെയും ദേശാഭിമാനത്തിന്റെയും കത്തിജ്ജ്വലിക്കലായിരുന്നു.

രാഷ്‌ട്രീയ സംഘടനകള്‍.

ആദ്യം ബംഗാളിലും ക്രമേണ ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും രാഷ്‌ട്രീയലക്ഷ്യത്തിന്റെ സഫലീകരണത്തിനായി ചില ചെറുസംഘടനകളും രൂപംപൂണ്ടു. ഹെന്‌റി വിവിയന്‍ ഡൊറോസി എന്ന ഒരു ആംഗ്ലോ-ഇന്ത്യന്‍ അധ്യാപകന്റെ കീഴിൽ ശിക്ഷണം ലഭിച്ച ഏതാനും ബംഗാളിയുവാക്കള്‍ ഡൊറോസിയന്മാർ എന്ന പേരിൽ ആശയസമരപ്രചാരണത്തിനു സന്നദ്ധരായി. ഫ്രഞ്ച്‌ വിപ്ലവം തുടങ്ങിയ പ്രസ്ഥാനങ്ങളിൽനിന്നു നേടിയെടുത്ത നൂതനാശയങ്ങള്‍ ദേശഭക്തിയും സ്വാതന്ത്യ്രപ്രമവും ഇവരിൽ ഉജ്ജ്വലിപ്പിച്ചു. ഇവരുടെ ചിന്താവിപ്ലവം പ്രചരിപ്പിക്കുന്നതിനായി ഏതാനും പത്രങ്ങളും മറ്റ്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവരുടെ നേതൃത്വത്തിൽത്തന്നെ പ്രകാശിതങ്ങളായിത്തുടങ്ങുകയും ചെയ്‌തു.

കൽക്കത്തയിൽ നേരത്തെ സ്ഥാപിത(1837)മായിരുന്ന ഭൂവുടമാസംഘം (Landholders Association), ബംഗാള്‍-ബ്രിട്ടീഷിന്ത്യന്‍ സൊസൈറ്റി (1843), ബ്രിട്ടീഷിന്ത്യന്‍ അസോസിയേഷന്‍ (1857), മദ്രാസ്‌ നേറ്റീവ്‌ അസോസിയേഷന്‍ (1852) തുടങ്ങിയ സംഘടനകള്‍ വർഗപരമായ അവശതകള്‍ക്കുള്ള പരിഹാരം രാഷ്‌ട്രീയലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിൽ മാത്രമാണെന്നു മനസ്സിലാക്കി പ്രവർത്തിച്ചു. ഇന്ത്യയുടെ ദാരിദ്ര്യത്തിനും സാമ്പത്തികാവശതകള്‍ക്കും കാരണം രാജ്യത്തിലെ വിഭവശേഷിയെ വിദേശീയർ ചൂഷണം ചെയ്യുന്നതാണെന്നും, അതിനു പരിഹാരം കാണുമ്പോള്‍ അവശതകള്‍ സ്വയം അവസാനിച്ചുകൊള്ളുമെന്നും സ്ഥിതിവിവരക്കണക്കുകള്‍ നിരത്തിക്കാണിച്ചുകൊണ്ട്‌ ദാദാബായ്‌ നവറോജി ഊന്നിപ്പറഞ്ഞു. ഇത്തരം കാര്യങ്ങളെപ്പറ്റി പരിചിന്തിക്കുന്നതിനായി അദ്ദേഹം ഈസ്റ്റിന്ത്യന്‍ അസോസിയേഷന്‍ എന്നൊരു സംഘടന 1866-ൽ ലണ്ടനിൽ സ്ഥാപിക്കുകയുണ്ടായി. മസ്സീനിയുടെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ ഒരു ഐക്യഭാരതം എന്ന സങ്കല്‌പത്തിൽ അധിഷ്‌ഠിതമായ ഇന്ത്യന്‍ അസോസിയേഷന്‍ സുരേന്ദ്രനാഥബാനർജിയുടെ നേതൃത്വത്തിൽ 1876 ജൂല. 26-നു കൽക്കത്തയിലും ഉടലെടുത്തു. ഐ.സി.എസ്‌. പരീക്ഷയ്‌ക്കു ചേരാനുള്ള പ്രായപരിധി 21-ൽനിന്ന്‌ 19 ആയി കുറവുചെയ്‌തത്‌ ഇന്ത്യാക്കാരെ അതിൽനിന്നൊഴിവാക്കാനുള്ള തന്ത്രപരമായ ഒരു നീക്കമാണെന്നു മനസ്സിലാക്കിയ ബാനർജി അതിനെതിരായി രാജ്യവ്യാപകമായ പ്രക്ഷോഭണങ്ങള്‍ സംഘടിപ്പിക്കുകയും ലാഹോർ, അമൃതസർ, മീററ്റ്‌, ആഗ്ര, അലഹാബാദ്‌, ദില്ലി, കാണ്‍പൂർ, ലഖ്‌നൗ, അലിഗഡ്‌ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പര്യടനം നടത്തി വമ്പിച്ച പൊതുയോഗങ്ങള്‍ വിളിച്ചുകൂട്ടി ഉജ്ജ്വലപ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്‌തു. തത്‌ഫലമായി ഒടുവിൽ പരീക്ഷയ്‌ക്കുള്ള പ്രായപരിധി മുമ്പത്തെ നിലയിൽ ഉയർത്താന്‍ ഗവണ്‍മെന്റ്‌ നിർബന്ധിതമായിത്തീർന്നു. "ബ്രിട്ടീഷ്‌ഭരണത്തിന്റെ കീഴിൽ ഇദംപ്രഥമമായി വിവിധവർഗങ്ങളും മതവിഭാഗങ്ങളുമടങ്ങിയ ഭാരതത്തെ പൊതുവായ ഒരു സംയുക്തലക്ഷ്യത്തിന്‌ ഒരൊറ്റ വേദിയിൽ അവതരിപ്പിക്കാന്‍ സാധിച്ചു' എന്ന്‌ ബാനർജിതന്നെ ഈ പ്രക്ഷോഭണത്തിന്റെ ഫലത്തെ വിലയിരുത്തിയിട്ടുണ്ട്‌. ഐ.സി.എസ്‌. പരീക്ഷയെക്കുറിച്ചുള്ള ഇന്ത്യന്‍ അസോസിയേഷന്റെ നിവേദനം ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനും കോമണ്‍സഭയ്‌ക്കും സമർപ്പിക്കാനായി കൽക്കത്തയിലെ ഒരു ബാരിസ്റ്ററും ഉജ്ജ്വലപ്രഭാഷകനുമായ ലാൽമോഹന്‍ ഘോഷിനെ ബാനർജി ലണ്ടനിലേക്കയച്ചു.

വൈസ്രായി ലിറ്റണ്‍ പ്രഭുവിന്റെ(Lytton) ആയുധനിയമം (Arms Act), നോട്ടുഭാഷാപത്രനിയമം (Vernacular Press Act), തേുടങ്ങിയവയ്‌ക്കെതിരായി നടന്ന പ്രക്ഷോഭണത്തിന്റെ സിരാകേന്ദ്രവും സുരേന്ദ്രനാഥ ബാനർജി തന്നെയായിരുന്നു. ഈ പ്രക്ഷോഭണങ്ങളുടെ ചെലവിലേക്കായി ഒരു അഖിലേന്ത്യാ ദേശീയനിധി (All India National Fund)സ്വരൂപിക്കുകയും ഈ ശ്രമങ്ങളുടെയെല്ലാം വിജയപരിസമാപ്‌തിയെക്കുറിച്ചുകൊണ്ട്‌ ഭാരതത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള പ്രതിനിധികളടങ്ങിയ ഇന്ത്യന്‍ നാഷണൽ കോണ്‍ഫറന്‍സ്‌ 1883-ൽ കൽക്കത്തയിൽ സമ്മേളിക്കുകയും ചെയ്‌തു.

ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌.

അനവധി ദശകങ്ങളായി ഒറ്റപ്പെട്ടും സംയുക്തമായും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി രൂപംകൊണ്ടുവന്ന ദേശീയാഭിലാഷങ്ങളുടെ പരിണതരൂപമാണ്‌ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌. ഭാരതീയരുടെ "മാനസികവും ധാർമികവും സാമൂഹികവും രാഷ്‌ട്രീയവുമായ പുനർജന്മത്തിനു' വേണ്ടി ഒരു സമാജം സംഘടിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റി ഔദ്യോഗിക രക്ഷാധികാരത്തോടുകൂടി പെന്‍ഷന്‍പറ്റിപ്പിരിഞ്ഞ ഒരു ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായ അലന്‍ ഒക്‌ടോവിയന്‍ ഹ്യൂം കൽക്കത്താ സർവകലാശാലയിലെ ബിരുദധാരികള്‍ക്ക്‌ അയച്ച ഒരു "തുറന്ന കത്താണ്‌' പില്‌ക്കാലത്ത്‌ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌ എന്ന പേരിൽ വളർന്നു പടർന്നു പന്തലിച്ച മഹാപ്രസ്ഥാനത്തിന്റെ അടിത്തറയായി ഭവിച്ചത്‌. ഭാരതീയജനതയുടെ "യഥാർഥാഭിപ്രായങ്ങളെന്തൊക്കെയാണെന്നു മനസ്സിലാക്കാന്‍ താന്‍ വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവണ്‍മെന്റിന്‌ അവയെക്കുറിച്ചറിയാന്‍ ഉത്തരവാദിത്തബോധമുള്ള ഒരു സംഘടന ഉണ്ടായാൽ നന്നായിരിക്കു'മെന്നും വൈസ്രായി ഡഫറിന്‍ പ്രഭു തന്നെ ഹ്യൂമിനോട്‌ പറഞ്ഞിരുന്നതായി അദ്ദേഹം പ്രസ്‌താവിച്ചിട്ടുണ്ട്‌.

1885 ക്രിസ്‌മസ്‌ കാലത്ത്‌ കൽക്കത്തയിലെ ഒരു പ്രമുഖ ബാരിസ്റ്ററായ ഡബ്ലിയു.സി. ബാനർജിയുടെ അധ്യക്ഷതയിൽ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനം ബോംബൈയിൽ കൂടിക്കൊണ്ടിരിക്കവേതന്നെ, മുന്‍നിശ്ചയിച്ചപ്രകാരം സുരേന്ദ്രനാഥബാനർജിയുടെ ഇന്ത്യന്‍ അസോസിയേഷന്‍ കൽക്കത്തയിലും സമ്മേളിക്കുകയുണ്ടായി. ഒരേ ലക്ഷ്യവും ഒരേ പരിപാടിയുമാണ്‌ രണ്ടു സംഘടനകള്‍ക്കുമുള്ളതെന്ന വസ്‌തുത ഇരുക്കൂട്ടർക്കും ബോധ്യമായപ്പോള്‍ ഇന്ത്യന്‍ അസോസിയേഷനെ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിൽ ലയിപ്പിച്ചുകൊണ്ട്‌ പൊതുലക്ഷ്യത്തിനുവേണ്ടി പൊരുതുവാന്‍ തുടങ്ങി. അതുപോലെ മദ്രാസ്‌ മഹാജനസഭയും (1883) ബോംബെ പ്രസിഡന്‍സി അസോസിയേഷനും (1885) അധികം താമസിയാതെ തങ്ങളുടെ സ്വതന്ത്യ്രസത്ത അവസാനിപ്പിച്ച്‌ കോണ്‍ഗ്രസ്സിന്റെ ഭാഗമായിത്തീർന്നു. ഗവണ്‍മെന്റിന്റെ നയങ്ങളെ മിതമായതോതിൽ വിമർശിക്കുകയും ചില ഭരണപരിഷ്‌കാരങ്ങള്‍ക്കുവേണ്ടുന്ന നിർദേശങ്ങള്‍ സമർപ്പിക്കുകയും മാത്രമേ കോണ്‍ഗ്രസ്‌ ആദ്യകാലങ്ങളിൽ ചെയ്‌തിരുന്നുള്ളു. കോണ്‍ഗ്രസ്‌ രൂപം നല്‌കിയ ദേശീയപ്രസ്ഥാനത്തെ ഗവണ്‍മെന്റ്‌ അനുഭാവപൂർവം വീക്ഷിക്കുകയും അതിന്റെ പരിപാടികളെ പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. മാത്രവുമല്ല, സർക്കാരുദ്യോഗസ്ഥന്മാരെ ആദ്യകാലസമ്മേളനങ്ങളിൽ സജീവമായി പങ്കുകൊള്ളുന്നതിന്‌ അനുവദിച്ചുമിരുന്നു. ഡഫറിന്‍പ്രഭു കൽക്കത്താ സമ്മേളനത്തിലും (1836) മദ്രാസ്‌ ഗവർണർ മദ്രാസിൽക്കൂടിയ സമ്മേളനത്തിലും (1887) പങ്കുകൊണ്ടതും ഉദ്യാനവിരുന്നുകള്‍ക്ക്‌ പ്രതിനിധികളെ ക്ഷണിച്ച്‌ ആദരിച്ചതും ഈ പ്രസ്ഥാനത്തോടുള്ള താത്‌പര്യത്തിനുദാഹരണമായി പറയാം.

എന്നാൽ ഈ ഔദ്യോഗികമനോഭാവത്തിനു വളരെവേഗം മാറ്റം വന്നു. 1886-ൽ ഡഫറിന്‍പ്രഭു ഉദ്യോഗത്തിൽനിന്നു വിരമിച്ച്‌ ഇന്ത്യയോട്‌ വിടവാങ്ങിയ അവസരത്തിൽ ചെയ്‌ത ഒരു പ്രസംഗത്തിൽ അധികാരിവർഗങ്ങളുടെ ഈ വിപ്രതിപത്തി പ്രകടമായി കണ്ടു. കോണ്‍ഗ്രസ്സിന്റെ നയപരിപാടികളെ ഗവണ്‍മെന്റിന്‌ അംഗീകരിക്കാനാവില്ല എന്ന്‌ അദ്ദേഹം പ്രഖ്യാപിക്കുകയും അഭ്യസ്‌തവിദ്യരായ ഭാരതീയർ കേവലം വിരലില്ലെച്ചാവുന്ന ഒരു ന്യൂനപക്ഷം മാത്രമാണെന്ന്‌ സൂചിപ്പിക്കുകയും ചെയ്‌തു. ഇന്ത്യയുടെ അഭിപ്രായത്തെ പ്രതിനിധാനം ചെയ്യാന്‍ ഈ ചെറുന്യൂനപക്ഷത്തിന്‌ ഒരുവിധത്തിലുമുള്ള അർഹതയും അവകാശവും അധികാരവും ഇല്ലെന്നുള്ള വൈസ്രായിയുടെ അഭിപ്രായപ്രകടനത്തിന്റെ പൊരുള്‍ മറ്റ്‌ ഉദ്യോഗസ്ഥന്മാരും മനസ്സിലാക്കി. അതനുസരിച്ച്‌ അവരുടെ പ്രവർത്തനങ്ങളുടെ രൂപഭാവങ്ങള്‍ വ്യത്യാസപ്പെടാന്‍ അധികകാലം വേണ്ടിവന്നില്ല.

ഇതിനിടയ്‌ക്ക്‌ ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ ഹ്യൂം കോണ്‍ഗ്രസ്സിന്റെ ലക്ഷ്യങ്ങള്‍ക്ക്‌ അവിടെയും അംഗീകാരം നേടാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. "ഗവണ്‍മെന്റിനെ കാര്യം പറഞ്ഞ്‌ മനസ്സിലാക്കാന്‍ കോണ്‍ഗ്രസ്‌ യത്‌നിക്കുകയാണ്‌. പക്ഷേ, യഥാർഥ വസ്‌തുതകള്‍ മനസ്സിലാക്കേണ്ട എന്നാണ്‌ ഗവണ്‍മെന്റിന്റെ നിശ്ചയം' എന്നു പറഞ്ഞുകൊണ്ട്‌ 1888-ൽ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ ബ്രിട്ടിഷ്‌ കമ്മിറ്റി എന്ന സംഘടന ഹ്യൂമിന്റെയും ചില സുഹൃത്തുക്കളുടെയും ആഭിമുഖ്യത്തിൽ ലണ്ടനിൽ സ്ഥാപിതമാകുകയും ഇന്ത്യ എന്ന പേരിൽ ഒരു വാരിക പ്രസിദ്ധീകൃതമാകുകയും ചെയ്‌തു.

1904-ൽ ബോംബെയിൽ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തിൽ സ്വയംഭരണാവകാശമുള്ള കോളനികളുടെ സ്ഥാനത്തേക്ക്‌ ഇന്ത്യ ഉയർത്തപ്പെടണമെന്നാണ്‌ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം എന്ന്‌ പ്രഖ്യാപിക്കപ്പെട്ടു. ലാഹോർ കോണ്‍ഗ്രസ്സിൽ, പൂർണ സ്വാതന്ത്ര്യമാണ്‌ ഇന്ത്യയുടെ ലക്ഷ്യം എന്ന പ്രമേയം പാസ്സാക്കുന്നതുവരെ ഇതായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിതലക്ഷ്യം. 1905-ലെ ബംഗാള്‍ വിഭജനം, 1919-ലെ ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല എന്നിവ ബ്രിട്ടീഷ്‌ വിരുദ്ധവികാരം പ്രാജ്ജ്വലമാക്കുന്നതിനു കാരണമായി. ഗാന്ധിജിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽനടന്ന ആദ്യത്തെ ബഹുജന പ്രസ്ഥാനമായിരുന്നു 1920-22-ലെ നിസ്സഹകരണ പരിപാടി. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പുരോഗതിയിലെ മറ്റൊരു നിർണായക ഘട്ടമായിരുന്നു 1939-ലെ നിയമലംഘന പ്രസ്ഥാനം. കോണ്‍ഗ്രസ്‌ നയിച്ച പ്രക്ഷോഭണങ്ങളിൽ ഏറ്റവും ശക്തവും ബഹുജനരോക്ഷം വ്യാപകമായി അക്രമാസക്തമാവുകയും ചെയ്‌ത ജനകീയസമരമായിരുന്നു 1942-ലെ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭണം. ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസ്സഹകരണം, നിയമനിഷേധം, നിരാഹാരസത്യാഗ്രഹം തുടങ്ങിയ പ്രക്ഷോഭണായുധങ്ങള്‍ ലോകചരിത്രത്തിലാദ്യമായി പ്രയോഗിച്ചത്‌ കോണ്‍ഗ്രസ്സായിരുന്നു.

1947 ആഗ. 14-15 അർധരാത്രിയിൽ പരിപൂർണസ്വാതന്ത്യ്രം എന്ന കേന്ദ്രബിന്ദുവിൽ ചെന്ന്‌ വിലയം പ്രാപിക്കുന്നതുവരെയുള്ള ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ നേതൃത്വംവഹിച്ചത്‌ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌ തന്നെയാണ്‌.

ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌

ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്‌ട്രീയകക്ഷി. ലോകത്തെ ഏറ്റവും പഴക്കംചെന്ന രാഷ്‌ട്രീയപ്രസ്ഥാനങ്ങളിൽ ഒന്നായ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ ചരിത്രം ഇന്ത്യയിലെ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്‌. ദേശീയ വിമോചനപോരാട്ടത്തിന്റെ മുഖ്യഉപാധികളെന്ന നിലയിൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നിസ്സഹകരണം, നിരാഹാരം, നിയമനിഷേധം തുടങ്ങിയ നൂതന സമരരീതികള്‍ ലോകചരിത്രത്തിൽ ആദ്യമായി വിജയകരമായി പ്രയോഗിച്ചത്‌ കോണ്‍ഗ്രസ്സായിരുന്നു. ആറു പതിറ്റാണ്ടുകാലത്തെ സ്വതന്ത്ര ഇന്ത്യയുടെ ഭരണചരിത്രത്തിൽ, ഏറ്റവുമധികംകാലം കേന്ദ്രത്തിൽ അധികാരത്തിലിരുന്നത്‌ കോണ്‍ഗ്രസ്‌ പാർട്ടിയാണ്‌. ഒരു പരിധിവരെ ആധുനിക ഇന്ത്യയുടെ ചരിത്രവുമായി കോണ്‍ഗ്രസ്‌ ചരിത്രം ബന്ധപ്പെട്ടുകിടക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ക്ക്‌ ദേശീയതയുടെ മാനം നൽകിയത്‌, രാഷ്‌ട്രീയ നയങ്ങള്‍ക്ക്‌ സമവായം നേടിയെടുക്കൽ, ജനാധിപത്യ ഭരണവ്യവസ്ഥയുടെ രൂപീകരണം, ബഹുലവും വിപുലവുമായ ഒരു പാർട്ടിയുടെ സംഘാടനം, ഭിന്നസ്വഭാവമുള്ള വിവിധ സാമൂഹിക ഘടകങ്ങളുടെ ഉള്‍ക്കൊള്ളൽ, ഭരണപങ്കാളിത്തം തുടങ്ങിയവ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ ചരിത്രപഥത്തിലെ സവിശേഷ ഘട്ടങ്ങളാണ്‌.

പശ്ചാത്തലം

19-ാം ശതകത്തിന്റെ പ്രാരംഭദശകങ്ങള്‍ മുതൽതന്നെ ബ്രിട്ടീഷുകാരിൽനിന്നുള്ള വിമോചനത്തിനുവേണ്ടി-ചിലപ്പോള്‍ ഭരണാധികാരത്തിൽ കൂടുതൽ പങ്കാളിത്തത്തിനുവേണ്ടിയും-അത്രതന്നെ സുസംഘടിതമല്ലാത്ത നിരവധി പ്രാദേശിക പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. രാജ്യത്തിന്റെ തെക്കേഅറ്റത്ത്‌ വേലുത്തമ്പിദളവയുടെയും കേരളവർമ പഴശ്ശി രാജാവിന്റെയും നേതൃത്വത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളും, പടിഞ്ഞാറ്‌ പഞ്ചാബ്‌ മുതൽ കിഴക്ക്‌ ബർമാ അതിർത്തിവരെ വ്യാപിച്ച സ്വാതന്ത്യ്ര വാഞ്‌ഛാ സ്‌ഫോടനങ്ങളും 1857-ലെ സ്വാതന്ത്യ്രസമരവും മറ്റും സൈനികശക്തിയുപയോഗിച്ച്‌ അടിച്ചമർത്തപ്പെടുകയുണ്ടായി. ഈ രാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ക്കു സമാന്തരമായി ഓരോ കാലത്ത്‌ രൂപംകൊണ്ട ഗൗഢീയസമാജം (1823), ബ്രഹ്മസമാജം (1828), ധർമസഭ (1830), ബ്രിട്ടീഷ്‌ ഇന്ത്യാ സൊസൈറ്റി (1843), ദേശഹിതൈഷിണിസഭ (1841), ബ്രിട്ടീഷ്‌ ഇന്ത്യന്‍ അസോസിയേഷന്‍ (1851), ഡക്കാണ്‍ അസോസിയേഷന്‍ (1852), സാർവജനിക്‌സഭ (1870), ആര്യസമാജ്‌ (1875) തുടങ്ങിയ സംഘടനകളും, രാജാറാംമോഹന്‍ റോയ്‌, ദ്വാരകാനാഥടാഗൂർ, രാമഗോപാലഘോഷ്‌, ജാംഷെഡ്‌ജി ജീജിഭായ്‌, ജഗന്നാഥശങ്കർ സേഠ്‌, ദാദാബായ്‌ നവറോജി, ആനന്ദമോഹന്‍ ബോസ്‌, സുരേന്ദ്രനാഥബാനർജി, മഹാദേവ്‌ ഗോവിന്ദറാനഡേ, കെ.ടി. ടെലാങ്‌ തുടങ്ങിയ സാമൂഹ്യപരിഷ്‌കർത്താക്കളും നേതാക്കളും വിദേശീയാധിപത്യത്തിനെതിരെ ഭാരതീയരുടെ ചേതനയെ ഉണർത്താന്‍ സാരമായ പങ്കുവഹിച്ചിട്ടുണ്ട്‌. ദേശീയവും ദേശാഭിമാനപരവുമായ ഭാരതീയ നവോത്ഥാനത്തിന്‌ 19-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ രൂപം നല്‌കിയവരിൽ എ.ഒ. ഹ്യൂം, വെഡർബണ്‍ തുടങ്ങിയ ഇംഗ്ലീഷുകാരും സാരമായ സംഭാവനകള്‍ ചെയ്‌തവരാണ്‌.

ഉദ്‌ഭവം

1876 മുതൽ 80 വരെ വൈസ്രായിയായിരുന്ന ലിറ്റന്റെ പ്രതിലോമകരമായ നടപടികള്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആക്കം വർധിപ്പിച്ചു. വിദ്യാഭ്യാസപരമായ യോഗ്യതകള്‍ നേടിയ ഇന്ത്യാക്കാരെ സംബന്ധിച്ച്‌ ഭരണത്തിൽ പങ്കാളിത്തം ലഭിക്കുന്നതിനുള്ള ആദ്യത്തെ പടിയായിരുന്നു ഇന്ത്യന്‍ സിവിൽ സർവീസിൽ (ഐ.സി.എസ്‌) പ്രവേശനം നേടുക എന്നത്‌. ഐ.സി.എസ്സിനു ചേരുന്ന ഇന്ത്യാക്കാരുടെ സംഖ്യ കുറയ്‌ക്കുന്നതിനുവേണ്ടി പരീക്ഷയ്‌ക്കു ചേരുന്നതിനുള്ള പ്രായപരിധി 21-ൽ നിന്നും 19 ആക്കി വെട്ടിക്കുറച്ച ലിറ്റന്റെ നടപടി ഇന്ത്യയിൽ വന്‍ പ്രതിഷേധമുളവാക്കി. രാഷ്‌ട്രീയ പ്രശ്‌നങ്ങളിൽ പൊതുജനതാത്‌പര്യം വളർത്തുന്നതിനും പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിനും മുഖ്യ ഉപകരണമായ നാട്ടുഭാഷാപത്രങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടി ഇദ്ദേഹം ഭാഷാപത്രനിയമം പാസ്സാക്കിയതും കോളനി വാഴ്‌ചയോടുള്ള ജനങ്ങളുടെ വെറുപ്പ്‌ തീവ്രമാക്കി. സർക്കാരിന്റെ നയങ്ങളെ വിമർശിക്കുകവഴി യഥാർഥ പ്രതിപക്ഷമായി വർത്തിച്ച പത്രങ്ങളുടെ വായ്‌മൂടിക്കെട്ടിയ ഭാഷാപത്രനിയമം, ബ്രിട്ടീഷ്‌ ഭരണത്തിന്റെ കൊളോണിയൽ സ്വഭാവം പുറത്തു കൊണ്ടുവന്നു. വിദേശഭരണത്തിനെതിരെ ജനങ്ങളിൽ ഉറഞ്ഞുകൂടിയിരുന്ന അമർഷം പ്രക്ഷോഭത്തിന്റെ പാതയിലേക്കു നീങ്ങിയതിന്‌ ലിറ്റന്‍ പ്രഭുവിന്‌ വലിയൊരുപങ്കുണ്ട്‌. ലിറ്റനുശേഷം വൈസ്രായി ആയ (1880) റിപ്പണ്‍ പ്രഭു ഒരു ലിബറൽ ചിന്താഗതിക്കാരനായിരുന്നു. അദ്ദേഹം ആവിഷ്‌കരിച്ച തദ്ദേശീയസ്വയംഭരണപദ്ധതി ഇന്ത്യന്‍ നേതാക്കള്‍ സ്വാഗതം ചെയ്‌തു. ഭാഷാപത്രനിയമം പിന്‍വലിച്ചതും ഇന്ത്യന്‍ ജുഡീഷ്യൽ ഉദ്യോഗസ്ഥന്മാർക്ക്‌ യൂറോപ്യന്‍ പ്രജകളെ വിസ്‌തരിക്കാന്‍ അനുമതികൊടുക്കുന്ന ഇൽബർട്ട്‌ ബിൽ അവതരിപ്പിച്ചതും (1883) റിപ്പണിന്റെ പുരോഗമനപരമായ ചിന്താഗതിക്ക്‌ ഉദാഹരണങ്ങളാണ്‌. ഇൽബർട്ട്‌ ബില്ലിന്റെ അവതരണത്തെ ഇന്ത്യയിലെ യൂറോപ്യന്‍ സമൂഹം എതിർത്തതുകൊണ്ട്‌ അത്‌ നിയമസഭയിൽ അതേപടി അവതരിപ്പിക്കാന്‍ സാധിച്ചില്ല. യൂറോപ്യരുടെ ഇൽബർട്ട്‌ ബിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ വിജയത്തിനു പിന്നിൽ അവരുടെ കൂട്ടായ്‌മയാണ്‌ എന്ന തിരിച്ചറിവ്‌, സംഘടിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച്‌ ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തി. ജനങ്ങളുടെ രാഷ്‌ട്രീയ പ്രബുദ്ധതയുടെ പ്രതീകങ്ങളായി നിരവധി സംഘടനകളുണ്ടായിരുന്നെങ്കിലും വിശാലമായ രാഷ്‌ട്രീയലക്ഷ്യങ്ങളോടു കൂടിയ അഖിലേന്ത്യാ സംഘടന എന്ന ആശയത്തിന്‌ മൂർത്തമായ രൂപം നല്‌കിയത്‌ എ.ഒ. ഹ്യൂം എന്ന ഇംഗ്ലീഷുകാരനായിരുന്നു. ഇന്ത്യയിലെ സമുന്നത വ്യക്തികളുമായി കൂടിക്കാഴ്‌ചകള്‍ നടത്തിയ ഹ്യൂം അവരുടെ സഹകരണത്തോടെ സംഘടനയുടെ ഒരു ദേശീയ സമ്മേളനം പൂണെയിൽ വച്ചു നടത്താനും സംഘടനയുടെ പേര്‌ കോണ്‍ഗ്രസ്‌ എന്നാക്കാനും തീരുമാനിച്ചു. അഖിലേന്ത്യാതലത്തിൽ ഇന്ത്യന്‍ ദേശീയതയുടെ ആദ്യത്തെ സംഘടിത രൂപമായിരുന്നു കോണ്‍ഗ്രസ്‌. പൂണെ നഗരത്തിൽ കോളറ വ്യാപിച്ചതുകൊണ്ട്‌ ബോംബെയിലാണ്‌ കോണ്‍ഗ്രസ്‌ കൂടിയത്‌. 1885 ഡി. 28-ന്‌ ബോംബെയിലെ ഗോകുലദാസ്‌ തേജ്‌പാൽ സംസ്‌കൃതകോളജിന്റെയും ട്രസ്റ്റിന്റെയും കെട്ടിടങ്ങളിൽവച്ച്‌ കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനം ആരംഭിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 72 പേർ പങ്കെടുത്ത ഈ സമ്മേളനത്തിൽ വച്ച്‌ ഡബ്ല്യു.സി. ബാനർജി കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ ഐക്യത്തിന്റെയും ദേശീയതയുടെയും ചിന്ത ഇന്ത്യാക്കാരിൽ വളർത്തുക, ജനങ്ങളുടെ പൊതു ആവശ്യങ്ങള്‍ ഗവണ്‍മെന്റിനു മുമ്പാകെ അവതരിപ്പിക്കുക എന്നിവയായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. അധ്യക്ഷ പ്രസംഗത്തിൽ കോണ്‍ഗ്രസ്സിന്റെ പ്രഥമ പ്രസിഡന്റ്‌ കോണ്‍ഗ്രസ്സിനെ ഇന്ത്യയുടെ ദേശീയ അസംബ്ലിയെന്നാണ്‌ വിശേഷിപ്പിച്ചത്‌. എക്കാലവും ഇന്ത്യയിൽ ബ്രിട്ടീഷ്‌ ഭരണം തുടരണമെന്ന്‌ തീവ്രമായ ആഗ്രഹമാണ്‌ കോണ്‍ഗ്രസ്സുകാർക്കുള്ളതെന്നും രാഷ്‌ട്രീയാധികാരത്തിൽ ഒരു പങ്ക്‌ കിട്ടണമെന്ന ലക്ഷ്യത്തിനായാണ്‌ അവർ പ്രയ്‌തനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യത്തെ കോണ്‍ഗ്രസ്‌ സമ്മേളനം പാസ്സാക്കിയ പ്രമേയങ്ങളിൽ ഇന്ത്യയിലെ ഭരണത്തെപ്പറ്റി പഠിക്കുവാന്‍ ഒരു റോയൽക്കമ്മിഷന്‍ ഏർപ്പെടുത്തുക, സെക്രട്ടറി ഒഫ്‌ സ്റ്റേറ്റിന്റെ കൗണ്‍സിൽ നിർത്തലാക്കുക, നിയമസഭകളിലേക്ക്‌ ഇന്ത്യാക്കാരെ തിരഞ്ഞെടുക്കുന്നതിന്‌ ഉതകുന്ന വിധത്തിൽ അവയുടെ ഘടന പരിഷ്‌കരിക്കുക, ഐ.സി.എസ്സിലേക്കുള്ള മത്സരപ്പരീക്ഷകള്‍ ഇന്ത്യയിലും ഇംഗ്ലണ്ടിലും ഒരേസമയം നടത്തുക എന്നിവ പ്രത്യേക ശ്രദ്ധ നേടി. പ്രാദേശിക-ജാതി-മതവികാരങ്ങള്‍ക്ക്‌ അതീതമായി ഇന്ത്യാക്കാരെ ഒന്നിപ്പിച്ച്‌ അവരിൽ ദേശീയ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ്‌ സമ്മേളനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറിമാറി നടത്തുവാനും പ്രഥമ സമ്മേളനം തീരുമാനിച്ചു.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ രാഷ്‌ട്രീയ പ്രവർത്തകർക്ക്‌ ഒരുമിച്ച്‌ ചേർന്ന്‌ രാഷ്‌ട്രീയ പ്രവർത്തനങ്ങള്‍ നടത്താനുമുള്ള ഒരു പൊതു വേദി ഉണ്ടാക്കുക എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ മറ്റൊരു പ്രധാനലക്ഷ്യം. ജനാധിപത്യാടിത്തറയിൽ പാർലമെന്ററി രൂപത്തിലാണ്‌ തുടക്കം മുതൽ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌ സംഘടിക്കപ്പെട്ടിരുന്നത്‌. അതുകൊണ്ടുതന്നെ ജനാധിപത്യ രീതിയിൽ, സംവാദങ്ങള്‍, ചർച്ചകള്‍, വോട്ടെടുപ്പ്‌ എന്നിവയിലൂടെയാണ്‌ തീരുമാനങ്ങള്‍ എടുത്തിരുന്നത്‌. അങ്ങനെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിൽ പുത്തന്‍ പ്രവണതകള്‍ക്ക്‌ കോണ്‍ഗ്രസ്‌ തുടക്കം കുറിച്ചു.

ആരംഭകാലത്ത്‌ ആഢ്യവർഗത്തിന്റെ കൂട്ടായ്‌മയായി നിലകൊണ്ടു എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനപരമായ ദൗർബല്യം. മുസ്‌ലിം ജനസാമാന്യത്തെ ആകർഷിക്കാന്‍ കഴിയാത്തതും മറ്റൊരു ന്യൂനതയായി വിലയിരുത്തപ്പെട്ടു. കോണ്‍ഗ്രസ്സിനെതിരെ അതിശക്തമായ വിമർശനമുയർത്തിയ സയ്യിദ്‌ അഹമ്മദ്‌, മുസ്‌ലിങ്ങള്‍ കോണ്‍ഗ്രസ്സിൽനിന്നും അകന്നു നില്‌ക്കേണ്ടതാണ്‌ എന്ന്‌ ആഹ്വാനം ചെയ്‌തു. മുസ്‌ലിം താത്‌പര്യത്തിനു എതിരായ മുഖ്യലക്ഷ്യങ്ങളുള്ള ഒരു ഹിന്ദുസംഘടനയാണ്‌ കോണ്‍ഗ്രസ്‌ എന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. ഇന്ത്യയിൽ പ്രാതിനിധ്യസ്വഭാവമുള്ള ജനാധിപത്യസർക്കാർ വരുന്ന പക്ഷം, ഭൂരിപക്ഷക്കാർ എന്ന നിലയിൽ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ക്കുമേൽ ആധിപത്യം സ്ഥാപിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്‌ത്രത്തിന്റെ കാതൽ. ഇതിനുള്ള മറുപടിയായി 1888-ലെ കോണ്‍ഗ്രസ്‌ സമ്മേളനം, ഹിന്ദുക്കളുടെയോ മുസ്‌ലിങ്ങളുടെയോ മഹാഭൂരിപക്ഷത്തിന്റെ എതിർപ്പിന്‌ വിധേയമാകുന്ന ഒരു പ്രമേയവും പാസ്സാക്കരുതെന്ന നിയമം കൊണ്ടുവന്നു. മുസ്‌ലിങ്ങളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിമായ ബദറുദ്ദീന്‍ ത്യാബ്‌ജിയെ കോണ്‍ഗ്രസ്‌ പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും ഈ നീക്കങ്ങളൊന്നുംതന്നെ മുസ്‌ലിങ്ങളുടെ ആശങ്കകളെ ദൂരീകരിക്കുന്നതിന്‌ ഫലപ്രദമായില്ല.

19-ാം ശതകത്തിന്റെ അന്ത്യത്തിൽ കോണ്‍ഗ്രസ്‌ പ്രധാനമായും ഗവണ്‍മെന്റ്‌ നയങ്ങളുടെ വിമർശനത്തിലും ഭരണപരിഷ്‌കരണത്തിനുള്ള അവകാശവാദത്തിലുമാണ്‌ ശ്രദ്ധകേന്ദ്രീകരിച്ചത്‌. 1892-ലെ കൗണ്‍സിൽ നിയമം കോണ്‍ഗ്രസ്സിന്റെ നിവേദനങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു. നിയമസഭകളിൽ ഇന്ത്യാക്കാർക്ക്‌ പ്രാതിനിധ്യം നല്‌കിത്തുടങ്ങി. "രാജ്യദ്രാഹപരമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന സംഘടന' എന്ന്‌ മുദ്രചാർത്തപ്പെടാതിരിക്കാന്‍ ഗവണ്‍മെന്റിനെ വിമർശിക്കുമ്പോള്‍ മിതത്വവും അന്തസ്സും പാലിക്കാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതേ സമയം രാജ്യദ്രാഹികളായ ശ്രീമാന്മാർ, കലാപകുതുകികളായ ബ്രാഹ്മണർ, അക്രമകാരികളായ വില്ലന്മാർ എന്നീ വിശേഷണങ്ങളാണ്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥർ കോണ്‍ഗ്രസ്സുകാർക്ക്‌ നല്‌കിയത്‌.

മിതവാദികളും തീവ്രവാദികളും

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചൂഷക സ്വഭാവത്തെക്കുറിച്ച്‌ ആദ്യകാല ദേശീയവാദികള്‍ ബോധവാന്മാരായിരുന്നെങ്കിലും ബ്രിട്ടീഷ്‌ ഭരണം അവസാനിപ്പിക്കണമെന്ന്‌ അവർ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യയെ ആധുനികവത്‌കരിക്കാനുള്ള ഒരു ദൈവിക നിയോഗമായിട്ടാണ്‌ അവർ ബ്രിട്ടീഷ്‌ ഭരണത്തെ കണ്ടത്‌. ബ്രിട്ടനുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്‌ ആത്മഹത്യാപരമായിരിക്കുമെന്ന നിലപാട്‌ സ്വീകരിച്ച ഇക്കൂട്ടർ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനുള്ളിൽ ആസ്റ്റ്രലിയ, കാനഡ എന്നീ കോളനികളെപ്പോലെ സ്വയംഭരണം വേണമെന്ന ആവശ്യം മാത്രമാണ്‌ തുടക്കത്തിൽ ഉന്നയിച്ചത്‌. ആദ്യകാല ദേശീയവാദികളുടെ രാഷ്‌ട്രീയ പ്രവർത്തനമാർഗങ്ങള്‍ അവർക്ക്‌ മിതവാദികളെന്ന പേരു നേടിക്കൊടുത്തു. നിയമാനുസൃതമായ പ്രക്ഷോഭത്തിൽ മാത്രമാണ്‌ അവർ വിശ്വസിച്ചത്‌. നിവേദനങ്ങളിലൂടെയും ഹർജികളിലൂടെയും ഗുണപരമായ ദിശയിലേക്കു ബ്രിട്ടീഷ്‌ ഭരണത്തെ പരിവർത്തിപ്പിക്കാം എന്ന പ്രത്യാശയാണ്‌ അവരെ മുന്നോട്ടുനയിച്ചത്‌. എന്നാൽ സൗജന്യങ്ങള്‍ക്കുവേണ്ടിയും ആവലാതികള്‍ പരിഹരിച്ചു കിട്ടുന്നതിനായും നടത്തിയ നിയമാനുസൃത പ്രക്ഷോഭങ്ങള്‍ക്കൊടുവിൽ "അപ്പത്തിനുപകരം കല്ലാ'ണ്‌ അവർക്കു ലഭിച്ചത്‌. വെറും നിവേദനങ്ങളും പ്രമേയങ്ങളും അധികാരികളിൽ പരിവർത്തനമുണ്ടാക്കില്ലെന്ന്‌ മിക്ക കോണ്‍ഗ്രസ്സുകാർക്കും ബോധ്യമായിത്തുടങ്ങി. 1903-ൽ മദ്രാസിൽ നടന്ന കോണ്‍ഗ്രസ്സിൽ ലാൽമോഹന്‍ഘോഷ്‌ തന്റെ അധ്യക്ഷ പ്രസംഗത്തിൽ മിതവാദി നേതൃത്വത്തെ വിമർശിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ്‌ പാർട്ടി നേതൃത്വം പരസ്യമായി വിമർശിക്കപ്പെട്ടത്‌. 1904-ൽ ബോംബെയിൽ നടന്ന കോണ്‍ഗ്രസ്സ്‌ സമ്മേളനത്തിൽ സ്വയംഭരണാവകാശമുള്ള കോളനികളുടെ സ്ഥാനത്തേക്ക്‌ ഇന്ത്യ ഉയർത്തപ്പെടണമെന്നാണ്‌ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം എന്ന്‌ സർ ഹെന്‌റി കോട്ടന്‍ പ്രഖ്യാപിച്ചു. ലാഹോർ കോണ്‍ഗ്രസ്സിൽ, പൂർണ സ്വാതന്ത്യ്രമാണ്‌ ഇന്ത്യയുടെ ലക്ഷ്യം എന്ന പ്രമേയം പാസ്സാക്കുന്നതുവരെ ഇതായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം. ഓരോ വർഷവും തങ്ങള്‍ ഗവണ്‍മെന്റിന്‌ സമർപ്പിക്കുന്ന വിനയാന്വിതമായ ഹർജികള്‍ ചവറ്റുകുട്ടയിലേക്ക്‌ വീഴുന്നതുകണ്ട്‌ മനംമടുത്ത കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം, സമാധാനപരമായ പ്രരണകള്‍കൊണ്ട്‌ കാര്യമില്ലെന്നും ധീരവും സമരോത്സുകവുമായ പ്രവർത്തനമാണ്‌ ആവശ്യമെന്നും സംഘടനയിൽ വാദിച്ചു. തീവ്രവാദികള്‍ (Extremists)എന്ന പേരിലാണ്‌ ഇവർ അറിയപ്പെട്ടത്‌. ബിപിന്‍ ചന്ദ്രപാൽ, ബാലഗംഗാധര തിലക്‌, ലാലാ ലജ്‌പത്‌ റായ്‌ എന്നിവരായിരുന്നു തീവ്രവാദികള്‍ക്കിടയിലെ ഏറ്റവും സമുന്നതരായ നേതാക്കള്‍ (ലാൽ, പാൽ, ബാൽ). 20-ാം ശതകത്തിന്റെ തുടക്കത്തോടെ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കൂടുതൽ രൂക്ഷമായി. ""കോണ്‍ഗ്രസ്‌ അന്ത്യശ്വാസം വലിച്ചു തുടങ്ങിയിരിക്കുന്നു. തികച്ചും സമാധാനപൂർണമായ ഒരു മരണത്തിലേക്ക്‌ അതിനെ ആനയിക്കുക എന്നത്‌ എന്റെ വലിയ അഭിലാഷങ്ങളിലൊന്നാണ്‌ എന്ന്‌ വൈസ്രായി കഴ്‌സണ്‍ പ്രഖ്യാപിച്ചത്‌ ഈ പശ്ചാത്തലത്തിലാണ്‌. എന്നാൽ മൃതപ്രായമായി എന്ന്‌ കഴ്‌സണ്‍ വിലയിരുത്തിയ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിച്ചതും അദ്ദേഹത്തിന്റെ നയങ്ങളായിരുന്നു എന്നത്‌ ചരിത്രത്തിലെ വിരുദ്ധോക്തിയായി മാറി. പ്രാദേശിക സ്വയംഭരണം, വിദ്യാഭ്യാസ സ്വയംഭരണം, പത്രസ്വാതന്ത്യ്രം എന്നിവയെ പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ നിയമ നിർമാണമായിരുന്നു (legislations) കൂടുതൽ വിപ്ലവകരമായ രാഷ്‌ട്രീയത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ ദേശീയവാദികളെ പ്രരിപ്പിച്ചത്‌. കൽക്കത്ത കോർപ്പറേഷനിലെ ഇന്ത്യാക്കാരുടെ എച്ചം കുറച്ചതും, ഇന്ത്യന്‍ സർവകലാശാലകളുടെ മേലുള്ള ഔദ്യോഗിക നിയന്ത്രണം കർശനമാക്കിയതും, പത്രസ്വാതന്ത്യ്രം നിയന്ത്രിതമാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ ഒഫിഷ്യൽ സീക്രട്ട്‌സ്‌ ആക്‌റ്റ്‌ പാസ്സാക്കിയതും ജനങ്ങളുടെ രാഷ്‌ട്രീയ അവകാശങ്ങള്‍ക്കുമേലുള്ള ആക്രമണമായിട്ടാണ്‌ ഇന്ത്യാക്കാർ കണ്ടത്‌. ഈ പരമ്പരയിൽ അവസാനമായി വന്ന ബംഗാള്‍ വിഭജന പദ്ധതി ഇന്ത്യയിലെ സമരോത്സുക ദേശീയതയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുക എന്നതായിരുന്നു വിഭജനത്തിന്റെ പ്രഖ്യാപിതലക്ഷ്യമെങ്കിലും, ബ്രിട്ടീഷ്‌ ഭരണത്തിന്റെ ശക്തമായ എതിരാളികളായ ബംഗാളികളെ ഭിന്നിപ്പിക്കുക എന്ന ഗൂഢലക്ഷ്യവും, വിഭജനത്തിനുപിന്നിൽ പ്രവർത്തിച്ചിരുന്നു (നോ. ബംഗാള്‍ വിഭജനം). ബംഗാളിനെ വിഭജിക്കാനുള്ള കഴ്‌സണിന്റെ തീരുമാനം അവിടെ പ്രതിഷേധത്തിന്റെ വേലിയേറ്റമുളവാക്കി. ഹർജികള്‍, നിവേദനങ്ങള്‍, പ്രസംഗങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയ മിതമായ പരിപാടികളെയാണ്‌ ബംഗാള്‍ വിഭജനം റദ്ദാക്കുന്നതിനായി കോണ്‍ഗ്രസ്സുകാർ ആരംഭത്തിൽ ആശ്രയിച്ചിരുന്നത്‌. എന്നാൽ ഈ സമ്മർദമുറകളെ നിരാകരിച്ചുകൊണ്ടു വിഭജന പദ്ധതിയുമായി കഴ്‌സണ്‍ മുന്നോട്ടുപോയത്‌ കൂടുതൽ തീക്ഷ്‌ണമായ മാർഗങ്ങള്‍ അവലംബിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തി. വിഭജനത്തിനെതിരെയുള്ള സമരായുധമായി ബഹിഷ്‌കരണം എന്ന ആശയം ബംഗാളിൽ ആദ്യമായി അവതരിപ്പിച്ചത്‌ ലാൽ മോഹന്‍ ഘോഷാണ്‌. വിദേശ ഉത്‌പന്ന ബഹിഷ്‌കരണം മുഖ്യ പരിപാടിയായ സ്വദേശി പ്രസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്‌ 1905 ആഗസ്റ്റ്‌ 7-ന്‌ കൽക്കത്ത ടൗണ്‍ ഹാളിൽ ചേർന്ന ഒരു യോഗത്തിൽവച്ചായിരുന്നു. സ്വദേശി-ബഹിഷ്‌കരണ നയങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമായി മിതവാദികളും രംഗത്തുണ്ടായിരുന്നെങ്കിലും അതു ബംഗാളിൽ മാത്രം ഒതുങ്ങിനില്‌ക്കണം എന്ന നിലപാടാണ്‌ അവർ സ്വീകരിച്ചത്‌. അനീതിക്ക്‌ എതിരെ പോരാടുന്നതിനുള്ള ഒരു പ്രത്യേക നടപടിയായിട്ടാണ്‌ സുരേന്ദ്രനാഥബാനർജി ബഹിഷ്‌കരണത്തെ കണ്ടത്‌. വിഭജനം റദ്ദാക്കപ്പെടുന്നതോടെ ബഹിഷ്‌കരണവും അവസാനിക്കുമെന്ന്‌ അദ്ദേഹം പ്രതീക്ഷിച്ചു. എന്നാൽ വിഭജനത്തെ ചെറുക്കുക എന്ന ഏറ്റവും ചെറുതും സങ്കുചിതവുമായ രാഷ്‌ട്രീയ ലക്ഷ്യത്തിൽ ഒതുങ്ങാന്‍ തീവ്രവാദികള്‍ തയ്യാറായില്ല. സ്വരാജ്‌ എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവരെ സംബന്ധിച്ച്‌ ബംഗാള്‍ വിഭജനമെന്ന പ്രശ്‌നം രണ്ടാംസ്ഥാനത്താവുകയും "സ്വരാജ്‌' ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ മുഖ്യ ലക്ഷ്യമാവുകയും ചെയ്‌തു.

"സ്വരാജ്‌' എന്ന ലക്ഷ്യം

വ്യത്യസ്‌ത രീതികളിലാണ്‌ തീവ്രവാദികള്‍ സ്വരാജിന്‌ വ്യാഖ്യാനം നല്‌കിയത്‌. ബ്രിട്ടനുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ രാജ്യത്തെ ഭരണം പൂർണമായും ഇന്ത്യാക്കാരിൽ നിക്ഷിപ്‌തമാക്കുക എന്നതായിരുന്നു "സ്വരാജി'ലൂടെ തിലക്‌ ലക്ഷ്യമാക്കിയത്‌. എന്നാൽ ബ്രിട്ടനിൽ നിന്നുള്ള പൂർണസ്വാതന്ത്യ്രം- എന്നാണ്‌ "സ്വരാജിന്‌' ബിപിന്‍ ചന്ദ്രപാലും ഘോഷും നൽകിയ വ്യാഖ്യാനം. സ്വയംഭരണം എന്ന നിലയിലാണ്‌ പൊതുവേ സ്വരാജ്‌ വിവക്ഷിക്കപ്പെട്ടത്‌. സ്വരാജ്‌ എന്ന ലക്ഷ്യത്തിനായി ബഹിഷ്‌കരണത്തോടൊപ്പം സൗമ്യമായ പ്രതിരോധത്തിനും തീവ്രവാദികള്‍ ആഹ്വാനം നൽകി. ഗവണ്‍മെന്റ്‌ ഉദ്യോഗങ്ങള്‍, കോടതികള്‍, ഗവണ്‍മെന്റ്‌ വിദ്യാലയങ്ങള്‍, ലെജിസ്ലേറ്റീവ്‌ കൗണ്‍സിലുകള്‍ എന്നിവ ബഹിഷ്‌കരിച്ചുകൊണ്ട്‌ ഭരണം അസാധ്യമാക്കാനും അവർ ജനങ്ങളോട്‌ ആവശ്യപ്പെട്ടു.

ഉദാരവാദിയായ മോർലി സെക്രട്ടറി ഒഫ്‌ സ്റ്റേറ്റ്‌ ആയി നിയമിക്കപ്പെട്ടത്‌ മിതവാദികളിൽ പ്രത്യാശയുളവാക്കി. മോർലിയുടെ രാഷ്‌ട്രീയ ഇടപെടലുകള്‍ ഇന്ത്യാക്കാർക്ക്‌ അനുകൂലമാകുമെന്ന്‌ അവർ കരുതി. എന്നാൽ ബംഗാള്‍ വിഭജനം റദ്ദാക്കാന്‍ ഇദ്ദേഹം വിസമ്മതിച്ചത്‌ അവർക്ക്‌ തിരിച്ചടിയായി. മിതവാദികളും തീവ്രവാദികളും തമ്മിലുള്ള ആശയപരമായ അകലം വർധിച്ചതോടെ കോണ്‍ഗ്രസ്സിന്റെ നേതൃത്വം മിതവാദികളിൽനിന്നും പിടിച്ചെടുക്കണമെന്ന അഭിപ്രായം തീവ്രവാദികളിൽ പ്രബലമായി. ഈ പശ്ചാത്തലത്തിൽ സമ്മേളിച്ച 22-ാമത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിൽ തിലകിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുവാനുള്ള തീവ്രവാദികളുടെ പദ്ധതിയെ നയപരമായി പ്രതിരോധിക്കുവാന്‍ മിതവാദികള്‍ക്കു കഴിഞ്ഞു; പ്രസിഡന്റ്‌ സ്ഥാനത്തേക്കു മിതവാദികള്‍ നിർദേശം ചെയ്‌ത വന്ദ്യവയോധികനായ നവറോജിയുടെ സ്ഥാനാർഥിത്വത്തെ എതിർക്കാന്‍ തീവ്രവാദികള്‍ വിമുഖത കാട്ടിയത്‌ മിതവാദികള്‍ക്കു തുണയായി. ദാദാഭായ്‌ നവറോജിയുടെ അധ്യക്ഷതയിൽ നടന്ന ഈ സമ്മേളനത്തിൽവച്ച്‌ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം സ്വരാജ്‌ ആണെന്ന്‌ പ്രഖ്യാപിക്കപ്പെട്ടു (1906). "സ്വരാജ്‌' എന്ന പദം ആദ്യമായി കോണ്‍ഗ്രസ്സിൽ പരാമർശിക്കപ്പെട്ടത്‌ ഈ സമ്മേളനത്തിൽ വച്ചാണ്‌; എന്നാൽ "സ്വരാജിന്‌' നല്‌കപ്പെട്ട അവ്യക്തമായ നിർവചനം തീവ്രവാദികളും മിതവാദികളും തമ്മിലുള്ള അകലം വർധിക്കുന്നതിനു പ്രധാന കാരണമായി.

1907-ലെ സൂറത്ത്‌ സമ്മേളനത്തിൽ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള മത്സരം മൂർധന്യാവസ്ഥയിലെത്തി. ലജ്‌പത്‌റായിയെ അധ്യക്ഷനാക്കണമെന്ന നിലപാടാണ്‌ തീവ്രവാദികള്‍ ഈ സമ്മേളനത്തിൽ സ്വീകരിച്ചത്‌. രാഷ്‌ബിഹാരീഘോഷിനെയാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കു മിതവാദികള്‍ നിർദേശിച്ചത്‌. ലജ്‌പത്‌റായി മത്സരിക്കാന്‍ വിസമ്മതിച്ചെങ്കിലും തീവ്രവാദികള്‍ ഘോഷിന്റെ നോമിനേഷന്‍ എതിർക്കുകയുണ്ടായി. തുടർന്നുണ്ടായ സംഭവങ്ങളുടെ ഫലമായി പൊലീസിനെ വിളിക്കുകയും ഇരുപത്തിമൂന്നാമത്തെ കോണ്‍ഗ്രസ്‌ സമ്മേളനം ബഹളത്തിനിടയിൽ പിരിയുകയും ചെയ്‌തു. മിതവാദികളും തീവ്രവാദികളും ഇതിനുശേഷം പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ചുകൂട്ടുകയും കോണ്‍ഗ്രസ്‌ പിളരുകയും ചെയ്‌തു. തികച്ചും വ്യവസ്ഥാപിതമായ രീതിയിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനുള്ളിൽനിന്നുകൊണ്ട്‌ സ്വയംഭരണത്തിനുവേണ്ടി പരിശ്രമിക്കുവാനാണ്‌ മിതവാദികള്‍ ആഗ്രഹിച്ചത്‌; എന്നാൽ തീവ്രവാദികള്‍ സ്വദേശി, ബഹിഷ്‌കരണം, ദേശീയ വിദ്യാഭ്യാസം, സ്വയംഭരണം എന്നീ ലക്ഷ്യങ്ങളെയാണ്‌ ഉയർത്തിപ്പിടിച്ചത്‌. കോണ്‍ഗ്രസ്സിലെ പിളർപ്പ്‌ ദേശീയ പ്രസ്ഥാനത്തിന്‌ ആഘാതമാവുമെന്ന്‌ തിരിച്ചറിഞ്ഞ തിലക്‌, ഐക്യം പുനഃസ്ഥാപിക്കുവാന്‍ ശ്രമിച്ചെങ്കിലും, തീവ്രവാദികളെ കോണ്‍ഗ്രസ്സിൽ നിന്നും പുറത്താക്കാനുള്ള നിലപാടിൽ ഫിറോസ്‌ ഷാ മേത്ത ഉറച്ചു നിൽക്കുകയാണുണ്ടായത്‌. "കോണ്‍ഗ്രസ്സുമായുള്ള തീവ്രവാദികളുടെ ബന്ധം, ആരോഗ്യപൂർണമായ ശരീരത്തെ കാർന്നുതിന്നുന്ന വ്രണബാധിതമായ അവയവം പോലെയാണ്‌. ഒരേയൊരു പരിഹാരം ശസ്‌ത്രക്രിയയിലൂടെയുള്ള മുറിച്ചുമാറ്റൽ മാത്രമാണ്‌. അങ്ങനെ മാത്രമേ കോണ്‍ഗ്രസ്സിന്‌ ദുഷിതരക്തംമൂലമുള്ള മരണം ഒഴിവാക്കാനാവൂ" എന്നാണ്‌ മിതവാദിയായ എച്ച്‌.എ. വാഡ്യ പ്രതികരിച്ചത്‌. ഭിന്നിപ്പിന്റെ ഫലമായി ദേശീയപ്രസ്ഥാനം മൊത്തത്തിൽ പിന്നോട്ടടിക്കപ്പെട്ടു. തീവ്രവാദികള്‍ ശിഥിലീകരിക്കപ്പെട്ടു. ആത്മാവ്‌ നഷ്‌ടപ്പെട്ട ഒരു ചങ്ങാതിക്കൂട്ടമായി അധഃപതിച്ച കോണ്‍ഗ്രസ്സിലെ ഭൂരിഭാഗം മിതവാദി നേതാക്കളും താന്താങ്ങളുടെ മേഖലകളിലേക്ക്‌ ഉള്‍വലിഞ്ഞു.

മിതവാദികള്‍ മാത്രം പങ്കെടുത്ത 1908-ലെ കോണ്‍ഗ്രസ്‌ ബ്രിട്ടീഷ്‌രാജിനോട്‌ കൂറ്‌ ആവർത്തിച്ച്‌ പ്രഖ്യാപിക്കുകയും 1909-ലെ മിന്റോ-മോർലി പരിഷ്‌കാരങ്ങളെ ഇച്ഛാഭംഗത്തോടെയാണെങ്കിലും സ്വാഗതം ചെയ്യുകയും ചെയ്‌തു. മിന്റോയ്‌ക്കുശേഷം വൈസ്രായിയായിവന്ന ഹാർഡിന്‍ജ്‌ പ്രഭുവിന്റെ (1910) നയപരിപാടികള്‍ മിതവാദികള്‍ക്ക്‌ തൃപ്‌തി ഉളവാക്കത്തക്കവയായിരുന്നു. 1911-ൽ ഡൽഹിയിൽ നടന്ന ഡർബാറിൽ ബ്രിട്ടീഷ്‌ രാജാവും രാജ്ഞിയും സംബന്ധിക്കുകയും ബംഗാളിന്റെ വിഭജനം റദ്ദാക്കുകയും ചെയ്‌തു. ഇതെല്ലാം മിതവാദികള്‍ തങ്ങളുടെ വിജയമാണെന്ന്‌ അവകാശപ്പെട്ടു. ആനിബസന്റിന്റെ മധ്യസ്ഥശ്രമങ്ങളുടെ ഫലമായി തിലകിനെയും മറ്റു തീവ്രവാദികളെയും കോണ്‍ഗ്രസ്സിലേക്കു തിരികെ ക്കൊണ്ടുവരാന്‍ 1915-ലെ കോണ്‍ഗ്രസ്സിൽ തീരുമാനമായി. ലോകയുദ്ധം, പ്രമുഖരായ മിതവാദിനേതാക്കന്മാരുടെ നിര്യാണം, ഇന്ത്യന്‍ രാഷ്‌ട്രീയരംഗത്തേക്കുള്ള ആനിബസന്റിന്റെയും ഗാന്ധിജിയുടെയും പ്രവേശനം തുടങ്ങിയവയുടെ ഫലമായി മിതവാദികളുടെ ശക്തി ക്ഷയിച്ചുതുടങ്ങി. 1916 മുതൽ കോണ്‍ഗ്രസ്‌ തീവ്രവാദികളുടെ നേതൃത്വത്തിലായി. 1917-ൽ ആനിബസന്റ്‌ ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു; ഹോംറൂള്‍ ലീഗ്‌ എന്ന ഒരു സംഘടനയും സ്ഥാപിച്ചു. അവരെ അറസ്റ്റുചെയ്‌തത്‌ (1917 ജൂണ്‍) വമ്പിച്ച പ്രതിഷേധപ്രകടനങ്ങള്‍ക്ക്‌ കാരണമായി. 1917-ലെ കൽക്കത്താ കോണ്‍ഗ്രസ്‌ ആനിബസന്റിന്റെ അധ്യക്ഷതയിലാണ്‌ സമ്മേളിച്ചത്‌. ബാലഗംഗാധരതിലക്‌, ഗാന്ധിജി, സി.ആർ. ദാസ്‌ എന്നിവരാണ്‌ ഇക്കാലത്ത്‌ കോണ്‍ഗ്രസ്സിന്‌ നേതൃത്വം കൊടുത്തത്‌.

മഹാത്മാഗാന്ധിയുടെ ആഗമനം

ദക്ഷിണാഫ്രിക്കയിൽനിന്ന്‌ മടങ്ങിയെത്തിയപ്പോള്‍ ഗാന്ധിജി ഇന്ത്യയിലെ നിരവധി നേതാക്കന്മാരിൽ ഒരാള്‍ മാത്രമായിരുന്നു; തിലക്‌, ലജ്‌പത്‌റായി, ആനിബസന്റ്‌ എന്നിവരെല്ലാം അന്ന്‌ നേതൃനിരയിലെ മുന്‍നിരക്കാരായിരുന്നു; എന്നാൽ 1919-ൽ ഗാന്ധിജി ഇന്ത്യന്‍ ദേശീയത്വത്തിന്റെ ഏറ്റവും പ്രമുഖനായ നേതാവായിത്തീർന്നു. ആ വർഷത്തിൽ പൗരസ്വാതന്ത്യ്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള റൗലറ്റ്‌ നിയമങ്ങള്‍ക്ക്‌ എതിരായി സത്യഗ്രഹം ആരംഭിക്കാന്‍ ഗാന്ധിജി നിർദേശിച്ചു. ഈ സത്യഗ്രഹവും ഹർത്താലും ബ്രിട്ടീഷ്‌ ഭരണത്തിന്‌ എതിരായ ആദ്യത്തെ വമ്പിച്ച ദേശീയ പ്രകടനമായിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ ഏപ്രിലിൽ 13-ന്‌ ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല നടന്നത്‌. നിരോധനം ലംഘിച്ച്‌ യോഗം നടത്തിയ ആള്‍ക്കൂട്ടത്തിന്റെനേരെ ഒരു ബ്രിട്ടീഷ്‌ സൈനികോദ്യോഗസ്ഥനായ ജനറൽ ഡയറുടെ നേതൃത്വത്തിലുള്ള പട്ടാളം മുന്നറിയിപ്പില്ലാതെ തുരുതുരാ വെടിവയ്‌ക്കുകയായിരുന്നു. കോണ്‍ഗ്രസ്‌ നിയമിച്ച ഒരു കമ്മിറ്റിയുടെ കണക്കനുസരിച്ച്‌ അറുനൂറിൽപ്പരം പേർ മരിക്കുകയും അനേകം ആളുകള്‍ക്ക്‌ പരിക്കുപറ്റുകയും ചെയ്‌തു. ഇന്ത്യയിലെ ജനങ്ങളെ ആകമാനം ഞെട്ടിച്ച സംഭവമായിരുന്നു ഇത്‌.

ഖിലാഫത്ത്‌ പ്രസ്ഥാനം

ഒന്നാം ലോകയുദ്ധത്തിൽ തുർക്കിയെ പരാജയപ്പെടുത്തുന്നതിലും തുർക്കി സാമ്രാജ്യം ഛിന്നഭിന്നമാക്കുന്നതിലും ബ്രിട്ടന്‍ വഹിച്ച പങ്ക്‌ മുസ്‌ലിം മത വികാരത്തെ വ്രണിതമാക്കി. ഈ സാഹചര്യത്തിൽ അലി സഹോദരന്മാർ സംഘടിപ്പിച്ച ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്‌ ഗാന്ധിജി പൂർണ പിന്തുണ നല്‌കി. ജാലിയന്‍വാലാബാഗ്‌ സംഭവം, ഖിലാഫത്ത്‌പ്രശ്‌നം എന്നിവയെ ആധാരമാക്കി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സ്‌ ആരംഭിച്ച അക്രമരഹിത നിസ്സഹകരണ പരിപാടി ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ അഖിലേന്ത്യാതലത്തിൽ ഉയർന്നുവന്ന ആദ്യത്തെ ബഹുജനപ്രസ്ഥാനമായിമാറി. കോടതി ബഹിഷ്‌കരണം, വിദേശവസ്‌ത്രദഹനം, തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണം, വിദ്യാലയ ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളോടുകൂടിയ ഉജ്ജ്വല ബഹുജന മുന്നേറ്റമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. 1920 ഡിസംബറിൽ നാഗ്‌പൂരിൽ ചേർന്ന കോണ്‍ഗ്രസ്സാണ്‌ നിസ്സഹകരണ പ്രമേയം അംഗീകരിച്ചത്‌. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സിനെ സജ്ജമാക്കുന്നതിനുവേണ്ടി സംഘടനയുടെ ലക്ഷ്യങ്ങളിലും ചട്ടക്കൂടിലും പല നിർണായക മാറ്റങ്ങള്‍ വരുത്തിയത്‌ ഈ സമ്മേളനമാണ്‌. ദൈനംദിന കാര്യങ്ങള്‍ നിർവഹിക്കുന്നതിന്‌ ഒരു പതിനഞ്ചംഗപ്രവർത്തക സമിതി രൂപീകരിക്കാനും പ്രാദേശിക ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യാസമിതികളും ഗ്രാമ-വാർഡ്‌ (മൊഹല്ല) സമിതികളും രൂപീകരിക്കാനും തീരുമാനിച്ചത്‌ കോണ്‍ഗ്രസ്സിന്റെ ഈ സമ്മേളനമാണ്‌. അവിചാരിതമായി യു.പിയിലെ ചൗരിചൗരയിൽ രോഷാകുലരായ ജനങ്ങള്‍ പൊലീസ്‌സ്റ്റേഷന്‌ തീയിട്ട്‌ അനവധി പൊലീസുകാരെ കൊന്ന പശ്ചാത്തലത്തിലാണ്‌ നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിക്കാന്‍ ഗാന്ധിജി തീരുമാനിച്ചത്‌.

നിയമസഭാ പ്രവേശനം

നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചത്‌ കോണ്‍ഗ്രസ്സുകാരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അവർക്കിടയിലെ ഭിന്നിപ്പിന്‌ കാരണമാവുകയും ചെയ്‌തു. ഗാന്ധിയന്‍ രീതിക്കും നിയമസഭാബഹിഷ്‌കരണത്തിനും തുടർന്നും പ്രാധാന്യം നല്‌കിയ കോണ്‍ഗ്രസ്സുകാർ "മാറ്റ വിരോധികള്‍' എന്നും നിയമസഭാപ്രവേശനത്തിനെ അനുകൂലിച്ച കോണ്‍ഗ്രസ്സുകാർ "മാറ്റ അനുകൂലികള്‍' എന്നും അറിയപ്പെട്ടു. സി.ആർ. ദാസ്‌, മോത്തിലാൽ നെഹ്‌റു എന്നിവരുടെ കീഴിൽ സംഘടിച്ച ഭരണഘടനാവാദികള്‍ ""സ്വരാജ്‌ പാർട്ടി രൂപീകരിച്ചു. കോണ്‍ഗ്രസ്സിനുള്ളിലെ ഒരു വിഭാഗമായി പ്രവർത്തിക്കാനാണ്‌ ഈ പാർട്ടി തീരുമാനിച്ചത്‌. തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച്‌ കഴിയുന്നിടത്തോളം സീറ്റുകള്‍ കരസ്ഥമാക്കി ഗവണ്‍മെന്റിനെതിരായുള്ള സമരം നിയമസഭയ്‌ക്കുള്ളിൽക്കൂടി നടത്തുക എന്നതായിരുന്നു സ്വരാജ്‌ കക്ഷിയുടെ പരിപാടി. 1923-ൽ ഈ കക്ഷി ബംഗാളിലും സെന്‍ട്രൽ പ്രാവിന്‍സുകളിലും വലിയ വിജയം നേടി. കേന്ദ്ര അസംബ്ലിയിലെ ഏറ്റവും പ്രമുഖകക്ഷിയും സ്വരാജ്‌പാർട്ടി തന്നെയായിരുന്നു. 1923 സെപ്‌തംബറിൽ ഡൽഹിയിൽ മൗലാനാ അബ്‌ദുൽകലാം ആസാദിന്റെ അധ്യക്ഷതയിൽ കൂടിയ കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനം നിയമസഭകളിലേക്കു തെരഞ്ഞെടുപ്പിനു നില്‌ക്കാനും വോട്ടുചെയ്യാനും ആഗ്രഹമുള്ള കോണ്‍ഗ്രസ്സുകാർക്ക്‌ അതിനുള്ള സ്വാതന്ത്യ്രം കൊടുക്കുന്ന ഒരു പ്രമേയം പാസ്സാക്കി.

സൃഷ്‌ടിപര പ്രവർത്തനങ്ങള്‍

കോണ്‍ഗ്രസ്സിന്റെ അടുത്ത സമ്മേളനം (1923) കാകിനടയിൽവച്ച്‌ മൗലാനാമുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്നു. നിയമസഭാപ്രവേശനത്തിന്‌ എതിരായി പ്രസംഗങ്ങള്‍ നടന്നുവെങ്കിലും ഡൽഹിപ്രമേയം റദ്ദാക്കിയില്ല. സ്വരാജ്‌പക്ഷക്കാരുമായി ഗാന്ധിജി വിയോജിച്ചുവെങ്കിലും നിയമസഭകളിൽ പ്രവർത്തിക്കാന്‍ അവർക്ക്‌ കോണ്‍ഗ്രസ്‌ സ്വാതന്ത്യ്രംകൊടുത്തിട്ടുള്ള വസ്‌തുത അദ്ദേഹം ചൂണ്ടിക്കാട്ടി; കേരളീയനായ ടി.കെ. മാധവന്റെ സമ്മർദത്തെത്തുടർന്ന്‌ "അയിത്തോച്ചാടനം' കോണ്‍ഗ്രസ്സിന്റെ പരിപാടിയിൽ ഉള്‍പ്പെടുത്തിയത്‌ കാകിനട സമ്മേളനമാണ്‌. കേരളത്തിലെ വൈക്കം സത്യഗ്രഹത്തിന്റെ ആവിർഭാവത്തിൽ കാകിനട പ്രമേയത്തിന്‌ നിർണായക പങ്കുണ്ട്‌. 1924-ലെ ബെൽഗാം കോണ്‍ഗ്രസ്സിന്റെ അധ്യക്ഷന്‍ മഹാത്മാഗാന്ധിയായിരുന്നു. ഗാന്ധിജിയും സ്വരാജ്‌കക്ഷിക്കാരുമായി ഒരു ഒത്തുതീർപ്പിൽ എത്തിയത്‌ ബെൽഗാമിൽവച്ചാണ്‌. നിയമസഭകളിലെ പ്രവർത്തനം ഗാന്ധിജി മാനിച്ചു. അതേസമയം ഗാന്ധിജിയുടെ സൃഷ്‌ടിപരമായ പരിപാടികളോടു സ്വരാജുകാരും സഹകരിച്ചു. സ്വരാജ്‌ സമ്പാദനത്തിനുള്ള സൃഷ്‌ടിപരമായ പരിപാടികള്‍ ചർക്ക, ഹിന്ദു-മുസ്‌ലിം ഐക്യം, അസ്‌പൃശ്യതാനിർമാർജനം എന്നിവയാണെന്ന്‌ ഗാന്ധിജി പ്രഖ്യാപിക്കുകയുണ്ടായി.

സൈമണ്‍ കമ്മിഷന്‍

1927 ന. 8-ന്‌ ഇന്ത്യയിൽ ഭരണഘടനാപരമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനെപ്പറ്റി നിർദേശങ്ങള്‍ സമർപ്പിക്കാന്‍ ജോണ്‍ സൈമന്റെ അധ്യക്ഷതയിൽ ഒരു കമ്മിഷന്‍ നിയമിക്കപ്പെട്ടു. സൈമണ്‍ കമ്മിഷനിലെ അംഗങ്ങളായിരുന്ന ഏഴു പേരും ബ്രിട്ടീഷുകാരായിരുന്നു. സൈമണ്‍ കമ്മിഷനിൽ അംഗമാകാന്‍ ഇന്ത്യാക്കാർക്ക്‌ യോഗ്യതയില്ല എന്ന ബ്രിട്ടീഷ്‌ നിലപാട്‌ ഇന്ത്യയിലെ രാഷ്‌ട്രീയ സ്ഥിതിയെ പ്രക്ഷുബ്‌ധമാക്കി. മദ്രാസിൽ 1927-ൽ എം.എ. അന്‍സാരിയുടെ അധ്യക്ഷതയിൽച്ചേർന്ന കോണ്‍ഗ്രസ്‌ സൈമണ്‍ കമ്മിഷനെ ബഹിഷ്‌കരിക്കണമെന്നു തീരുമാനിച്ചു. കമ്മിഷന്‍ ബോംബെയിൽ എത്തിയ ദിവസം രാജ്യമൊട്ടാകെ ഹർത്താൽ ആചരിക്കപ്പെട്ടു. ലാഹോറിൽ പ്രകടനം നയിച്ച ലജ്‌പത്‌ റായിക്ക്‌ പൊലീസുകാരുടെ കഠിന മർദനം ഏല്‌ക്കേണ്ടിവന്നു. അലഹബാദിലെ പ്രകടനത്തിനു നേതൃത്വം നല്‌കിയ ജവാഹർലാൽ നെഹ്‌റുവും പൊലീസ്‌ മർദനത്തിനിരയായി.

എം.എ. അന്‍സാരിയുടെ അധ്യക്ഷതയിൽ 1928 മേയിൽ ബോംബെയിൽച്ചേർന്ന അഖിലകക്ഷിസമ്മേളനം ഇന്ത്യയ്‌ക്ക്‌ ഒരു ഭരണഘടന എഴുതി ഉണ്ടാക്കാന്‍ മോത്തിലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിച്ചു. ഭരണഘടന എഴുതിയുണ്ടാക്കാന്‍ ഇന്ത്യാക്കാർ പ്രാപ്‌തരല്ലെന്ന ബ്രിട്ടീഷുകാരുടെ നിലപാടിനോടുള്ള ഒരു വെല്ലുവിളിയായിരുന്നു ഈ സമിതിയുടെ നിയമനം. ഇന്ത്യയ്‌ക്ക്‌ ഡൊമിനിയന്‍പദവി എന്ന അടിസ്ഥാനത്തിൽ കമ്മിറ്റി ഒരു ഭരണഘടന തയ്യാറാക്കി; ഇതാണ്‌ പ്രസിദ്ധമായ "നെഹ്‌റു റിപ്പോർട്ട്‌'. മുസ്‌ലിംലീഗ്‌ ഒഴികെയുള്ള പ്രമുഖ രാഷ്‌ട്രീയകക്ഷികള്‍ ഈ റിപ്പോർട്ട്‌ അംഗീകരിക്കുകയുണ്ടായി. ഈ സമ്മേളനത്തിൽവച്ച്‌ ജവാഹർലാൽ നെഹ്‌റുവും സുഭാഷ്‌ചന്ദ്രബോസും പൂർണസ്വാതന്ത്യ്രം വേണെമന്നുള്ള ഭേദഗതികള്‍ "നെഹ്‌റു റിപ്പോർട്ടി'ൽ അവതരിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിലെ പഴയ നേതൃത്വവും പുതിയ നേതൃത്വവും തമ്മിലുള്ള ആദർശപരമായ സംഘട്ടനത്തെയാണ്‌ ഈ ഭേദഗതികള്‍ പ്രതിനിധാനം ചെയ്‌തത്‌. ഒടുവിൽ രണ്ടുകൂട്ടരെയും തൃപ്‌തിപ്പെടുത്തുന്ന രീതിയിലുള്ള പ്രമേയം അംഗീകരിക്കപ്പെട്ടു. "നെഹ്‌റു റിപ്പോർട്ട്‌' അംഗീകരിക്കുകയില്ലെങ്കിൽ പൂർണസ്വാതന്ത്യ്രത്തിനായി കോണ്‍ഗ്രസ്‌ സിവിൽനിയമലംഘനത്തിലേക്ക്‌ വീണ്ടും തിരിഞ്ഞേക്കുമെന്ന ഒരു മുന്നറിയിപ്പും കോണ്‍ഗ്രസ്‌ അംഗീകരിച്ച പ്രമേയത്തിൽ അടങ്ങിയിരുന്നു.

പൂർണ സ്വാതന്ത്യ്രവും സോഷ്യലിസവും

ഇംഗ്ലണ്ടിൽവച്ച്‌ ഇന്ത്യയിലെ ഭരണഘടനാപ്രശ്‌നങ്ങള്‍ ചർച്ച ചെയ്യുന്നതിന്‌ ഒരു വട്ടമേശസമ്മേളനം വിളിച്ചുകൂട്ടാമെന്നും ഡൊമിനിയന്‍ പദവിയാണ്‌ (പുത്രികാരാജ്യപദവി) ഇന്ത്യയിലെ ബ്രിട്ടീഷ്‌ ലക്ഷ്യമെന്നും ഇർവിന്‍ പ്രഭു പ്രഖ്യാപിച്ചിരിക്കുന്നു. സൈമണ്‍ കമ്മിഷന്റെ റിപ്പോർട്ട്‌ വരുംമുമ്പ്‌ ഇർവിന്‍ പ്രഭു പുത്രികാരാജ്യപദവി അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്‌ ഇംഗ്ലണ്ടിൽ വന്‍ പ്രതിഷേധമുളവാക്കി. നിരവധി മതങ്ങളുടെയും സമുദായങ്ങളുടെയും സങ്കലനമായ ഇന്ത്യയെ സംബന്ധിച്ച്‌ പുത്രികാരാജ്യപദവി ഒരു വിദൂര സാധ്യതയാണെന്ന സമവായം ബ്രിട്ടനിൽ രൂപപ്പെട്ടതോടെ പുത്രികാരാജ്യപദവി നല്‌കാന്‍ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ തയ്യാറാണെന്ന ഉറപ്പ്‌ കോണ്‍ഗ്രസ്സിനു നൽകുന്നതിൽ ഇർവിന്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ പൂർണ സ്വാതന്ത്യ്രമാണ്‌ ഇന്ത്യയുടെ ലക്ഷ്യമെന്ന്‌ ചരിത്രപ്രസിദ്ധമായ പ്രമേയം 1929-ലെ ലാഹോർ കോണ്‍ഗ്രസ്‌ പാസ്സാക്കി. "നെഹ്‌റു റിപ്പോർട്ട്‌' കാലഹരണപ്പെട്ടുപോയതായി കരുതണമെന്നും കോണ്‍ഗ്രസ്സുകാരെല്ലാം പൂർണസ്വാതന്ത്യ്രത്തിനുവേണ്ടി യത്‌നിക്കണമെന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു. നെഹ്‌റുവിന്റെ അധ്യക്ഷപ്രസംഗത്തിൽ സോഷ്യലിസം ഒരു ലക്ഷ്യമായി പ്രഖ്യാപിച്ചതും കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കുന്നതായിരുന്നു.

നിയമലംഘന പരിപാടി ആരംഭിക്കുവാന്‍ കോണ്‍ഗ്രസ്‌ അഖിലേന്ത്യാക്കമ്മിറ്റിയെയാണ്‌ അധികാരപ്പെടുത്തിയതെങ്കിലും, പരിപാടിയുടെ വക്താവും പ്രയോക്താവുമെല്ലാം ഗാന്ധിജിയായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവത്തിന്റെ പേരിൽ പ്രസ്ഥാനം നിർത്തിവയ്‌ക്കില്ല എന്ന ഗാന്ധിജിയുടെ ഉറപ്പും ജനങ്ങളിൽ ആവേശമുണർത്തി. ഗാന്ധിജിയിൽ നിന്നുള്ള അടുത്ത നീക്കം പ്രതീക്ഷിച്ചിരിക്കവേ, താന്‍ ഉന്നയിക്കുന്ന പതിനൊന്ന്‌ ആവശ്യങ്ങള്‍ ഗവണ്‍മെന്റ്‌ അംഗീകരിക്കുന്ന പക്ഷം നിയമലംഘന പ്രസ്ഥാനം നിർത്തിവയ്‌ക്കാമെന്നും വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും ഗാന്ധിജി വൈസ്രായിയെ അറിയിച്ചു (നോ. നിയമലംഘനപ്രസ്ഥാനം). എന്നാൽ ഈ പതിനൊന്ന്‌ ആവശ്യങ്ങളും ഗവണ്‍മെന്റ്‌ തള്ളിക്കളഞ്ഞതോടെ നിയമനിഷേധം എന്ന തീരുമാനത്തിൽ ഗാന്ധിജി എത്തി. ഈ ആവശ്യങ്ങളിൽ ഒന്നായ ഉപ്പുനികുതി നീക്കം ചെയ്യുക എന്ന പ്രശ്‌നത്തിന്റെ പേരിൽ ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു (നോ. ഉപ്പുസത്യഗ്രഹം). ഇതിനെത്തുടർന്ന്‌ ഗാന്ധിജി അറസ്റ്റുചെയ്യപ്പെട്ടു. ഇന്ത്യ ഒട്ടാകെ സത്യഗ്രഹ പരിപാടികള്‍ വ്യാപിച്ചു. ഇത്രയും വമ്പിച്ച തോതിലുള്ള സിവിൽനിയമലംഘനപ്രസ്ഥാനം ഇന്ത്യ അതുവരെ ദർശിച്ചിട്ടില്ലായിരുന്നു. ഉപ്പുസത്യഗ്രഹത്തിന്റെ പിന്നിലുള്ള വമ്പിച്ച ജനകീയമുന്നേറ്റത്തെ വിഗണിക്കുന്നതിന്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ സാധ്യമല്ലാതെ വന്നു. 1931 ജനുവരിയിൽ കോണ്‍ഗ്രസ്‌ പ്രവർത്തകസമിതിയംഗങ്ങളെ വിട്ടയയ്‌ക്കുകയും ഫെബ്രുവരിയിൽ ഗാന്ധിജി വൈസ്രായിയെ സന്ദർശിക്കുകയും ചെയ്‌തു. ഈ സംഭാഷണങ്ങളുടെ ഫലമായി ഗാന്ധി-ഇർവിന്‍സന്ധി (നോ. ഗാന്ധി-ഇർവിന്‍ സന്ധി) എന്ന പേരിൽ ഒരു കരാർ ഒപ്പുവയ്‌ക്കപ്പെട്ടു. ഇതോടുകൂടി രാഷ്‌ട്രീയത്തടവുകാരെ വിട്ടയയ്‌ക്കാനും സിവിൽനിയമ ലംഘനപ്രസ്ഥാനം നിർത്തിവയ്‌ക്കാനും തീരുമാനമായി. രണ്ടാം വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കാമെന്ന്‌ കോണ്‍ഗ്രസ്‌ സമ്മതിച്ചു. ഗാന്ധി-ഇർവിന്‍ സന്ധിയെ കോണ്‍ഗ്രസ്‌ അംഗീകരിച്ചതോടൊപ്പം കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം പൂർണസ്വരാജാണ്‌ എന്ന്‌ ആവർത്തിക്കപ്പെടുകയുണ്ടായി. വട്ടമേശസമ്മേളനത്തിലേക്ക്‌ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി ഗാന്ധിജി നിയോഗിക്കപ്പെട്ടു.

വട്ടമേശസമ്മേളനം

ഗാന്ധി-ഇർവിന്‍ സന്ധി നടന്നപ്പോള്‍ തൊഴിലാളികക്ഷിയായിരുന്നു ബ്രിട്ടന്‍ ഭരിച്ചിരുന്നത്‌. വട്ടമേശസമ്മേളനത്തിന്റെ സമാപ്‌തിയായപ്പോഴേക്കും യാഥാസ്ഥിതികർക്ക്‌ ഭൂരിപക്ഷമുള്ള ഒരു ദേശീയഗവണ്‍മെന്റ്‌ ബ്രിട്ടനിൽ രൂപംകൊണ്ടുകഴിഞ്ഞിരുന്നു. ഭരണഘടനാപരിഷ്‌കാരങ്ങളെ സംബന്ധിച്ച്‌ ഒരു സമവായത്തിലെത്താന്‍ വട്ടമേശ സമ്മേളനത്തിലെ പ്രതിനിധികള്‍ക്കു കഴിയാത്തതിനാൽ സമ്മേളനം പരാജയപ്പെട്ടു.

സാമുദായികവിധി

ഇർവിന്‍ പ്രഭുവിനെത്തുടർന്ന്‌ വൈസ്രായിയായി നിയമിതനായ വെല്ലിങ്‌ടണ്‍ പ്രഭു ദേശീയ പ്രസ്ഥാനത്തെ അടിച്ചമർത്താനുള്ള നടപടികളുമായി മുന്നോട്ടുപോയതോടെ സിവിൽ നിയമലംഘന പ്രസ്ഥാനം വീണ്ടും തുടങ്ങാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. ഇതിനോടകംതന്നെ ഗാന്ധിയും മറ്റുനേതാക്കളും വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. സാമുദായിക പ്രശ്‌നം പരിഹൃതമായതിനുശേഷം മാത്രം സ്വാതന്ത്യ്രം എന്ന ആവശ്യം പരിഗണനയ്‌ക്കെടുത്താൽ മതി എന്ന നിലപാടാണ്‌ ഭൂരിപക്ഷം പ്രതിനിധികളും വട്ടമേശസമ്മേളനത്തിൽ സ്വീകരിച്ചത്‌. മുസ്‌ലിങ്ങള്‍ക്കനുവദിച്ചിരുന്ന സമുദായ പ്രാതിനിധ്യം അധഃകൃതവർഗക്കാർക്കും ലഭിക്കുന്നതിനായി പ്രത്യേക നിയോജകമണ്ഡലങ്ങള്‍ സ്ഥാപിക്കണമെന്ന വാദം ഡോ. അംബേദ്‌കറും രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. അങ്ങനെ സാമുദായിക പ്രശ്‌നങ്ങള്‍ പരിഹൃതമാകാതെ അവശേഷിച്ച സന്ദർഭത്തിലാണ്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാക്‌ഡൊണാള്‍ഡ്‌ അധഃകൃതവർഗക്കാർക്കും പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ഏർപ്പെടുത്തിയ കമ്യൂണൽ അവാർഡ്‌ പ്രഖ്യാപിച്ചത്‌. ഈ അവാർഡിനെതിരായി ഗാന്ധിജി നിരാഹാര സത്യഗ്രഹം ആരംഭിച്ചു. അംബേദ്‌കർ, എം.സി. രാജ എന്നിവരുള്‍പ്പെടെയുള്ള നേതാക്കന്മാർ പൂണെയിൽ സമ്മേളിച്ച്‌ ഒരു ഒത്തുതീർപ്പു ഫോർമുല അംഗീകരിക്കുകയും ഗാന്ധിജി ഉപവാസം അവസാനിപ്പിക്കുകയും ചെയ്‌തു. അതിന്റെ ഫലമായുണ്ടായ പൂനാക്കരാർ അധഃകൃതവർഗക്കാർക്കു നീക്കിവച്ച സ്ഥാനങ്ങളുടെ എച്ചം ഇരട്ടിയാക്കി; പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ഇല്ലാതെയാക്കി പകരം സംവരണം ഏർപ്പെടുത്തി. നിയമലംഘന പ്രസ്ഥാനം ക്രമേണ ക്ഷയിച്ചുവന്ന സാഹചര്യത്തിൽ 1934 മേയിൽ കോണ്‍ഗ്രസ്‌ സമരം പിന്‍വലിച്ചു. കോണ്‍ഗ്രസ്‌ സംഘടനയിൽനിന്നുകൊണ്ടുതന്നെ സോഷ്യലിസ്റ്റ്‌ ചിന്താഗതി പ്രചരിപ്പിക്കുന്നതിനായി കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി നിലവിൽ വന്നത്‌ 1934-ലാണ്‌.

1935-ലെ നിയമവും അധികാര സ്വീകാരവും

1932-ൽ നടന്ന വട്ടമേശസമ്മേളനത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണ ഘടനാപരിഷ്‌കരണത്തെപ്പറ്റി ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഒരു ധവളപത്രം പ്രസിദ്ധപ്പെടുത്തി. ഇതിലടങ്ങിയിരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ 1935-ലെ ഇന്ത്യാഗവണ്‍മെന്റ്‌ നിയമം രൂപപ്പെട്ടത്‌. ഈ നിയമത്തെ കോണ്‍ഗ്രസ്‌ അംഗീകരിച്ചില്ല. എങ്കിലും ഏറെ തർക്കവിതർക്കങ്ങളുടെ ഒടുവിൽ ഇതിന്റെ ചുവടുപിടിച്ചുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. ഈ നിയമം എത്രമാത്രം ജനവിരുദ്ധമാണെന്ന്‌ തുറന്നു കാണിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. ഇതു പ്രകാരം 1937-ൽ പ്രവിശ്യകളിൽ തിരഞ്ഞെടുപ്പുകള്‍ നടക്കുകയും ആറുപ്രവിശ്യകളിൽ കോണ്‍ഗ്രസ്സിന്‌ ഭൂരിപക്ഷം ലഭിക്കുകയും ചെയ്‌തു; അസമിലും വടക്കു പടിഞ്ഞാറന്‍ അതിർത്തി സംസ്ഥാനത്തിലും കോണ്‍ഗ്രസ്‌ ഏറ്റവും പ്രബലകക്ഷിയായിരുന്നു. കോണ്‍ഗ്രസ്‌ മന്ത്രിപദം സ്വീകരിക്കരുതെന്ന അഭിപ്രായക്കാരനായിരുന്നു ജവാഹർലാൽ നെഹ്‌റു. ഒടുവിൽ ഗവർണർമാർ അവരുടെ പ്രത്യേകാധികാരങ്ങള്‍ ഉപയോഗിക്കുകയില്ല എന്ന ഉറപ്പുകൊടുത്താൽ മന്ത്രിസ്ഥാനം സ്വീകരിക്കാമെന്നുള്ള ഗാന്ധിജിയുടെ നിർദേശം നെഹ്‌റുവും അംഗീകരിക്കുകയുണ്ടായി. ഇന്ത്യയിൽ ആകെയുള്ള 11 പ്രവിശ്യകളിൽ എട്ടിലും കോണ്‍ഗ്രസ്‌ മന്ത്രിസഭകള്‍ അധികാരത്തിൽ വന്നത്‌ ഇന്ത്യയുടെ ചരിത്രത്തിൽ വഴിത്തിരിവായി. പ്രവിശ്യാഭരണത്തെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ്‌ ഇന്ത്യയിലെ ഭരണകക്ഷിയായിത്തീർന്നു. പുരോഗമനപരമായ പല പരിഷ്‌കാരങ്ങളും പ്രകടനപത്രികയിലുണ്ടായിരുന്നു. മദ്യനിരോധനം മുതലായ പരിപാടികളും നടപ്പിലാക്കുന്നതിന്‌ കോണ്‍ഗ്രസ്‌ മന്ത്രിസഭകള്‍ക്കു സാധിച്ചു.

ഹരിപുര, ത്രിപുര സമ്മേളനങ്ങള്‍

1938-ൽ ഹരിപുര കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി സുഭാഷ്‌ ചന്ദ്രബോസ്‌ തിരഞ്ഞെടുക്കപ്പെട്ടു. നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ഒരു ആസൂത്രണസമിതി രൂപവത്‌കൃതമായത്‌ ഇക്കാലത്താണ്‌. ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിൽ കോണ്‍ഗ്രസ്‌ നേരിട്ട്‌ പ്രവർത്തിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചെങ്കിലും പല നാട്ടുരാജ്യങ്ങളിലും ഉത്തരവാദഭരണത്തിനുവേണ്ടി സമരം ചെയ്യുന്ന ജനകീയസംഘടനകള്‍ രൂപംകൊണ്ടുതുടങ്ങി. മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതും പ്രവിശ്യകളിലെ മന്ത്രിസഭാരൂപവത്‌കരണത്തിനു ശേഷമാണ്‌. തിരുവിതാംകൂർ, മൈസൂർ തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ ഉത്തരവാദഭരണപ്രക്ഷോഭണങ്ങള്‍ ആരംഭിച്ചത്‌ 1938-ലാണ്‌. 1939-ലെ ത്രിപുര കോണ്‍ഗ്രസ്സിൽ അധ്യക്ഷപദത്തിന്‌ സുഭാഷ്‌ചന്ദ്രബോസും പട്ടാഭി സീതാരാമയ്യയും തമ്മിൽ മത്സരം നടന്നു. മൗലാനാ അബ്‌ദുൽകലാം ആസാദ്‌ അധ്യക്ഷനാകണമെന്നാണ്‌ ഗാന്ധിജി ആഗ്രഹിച്ചത്‌; എന്നാൽ അദ്ദേഹം സ്ഥാനാർഥിയാകാന്‍ വിസമ്മതിച്ചതിനെത്തുടർന്ന്‌ പട്ടാഭി സീതാരാമയ്യ ഗാന്ധിജിയുടെ ആശിസ്സുകളോടെ സ്ഥാനാർഥിയായി. തിരഞ്ഞെടുപ്പിൽ സുഭാഷ്‌ ചന്ദ്രബോസ്‌ വിജയിച്ചു. പട്ടാഭിയുടെ പരാജയം തന്റെ പരാജയമായിട്ടാണ്‌ ഗാന്ധിജി ഗണിച്ചത്‌. ഇതിന്റെ പ്രതികരണമെന്ന നിലയിൽ അദ്ദേഹത്തിന്റെ അനുയായികളായ പട്ടേൽ, രാജേന്ദ്രപ്രസാദ്‌, മൗലാനാ ആസാദ്‌ എന്നിവർ പ്രവർത്തകസമിതിയംഗത്വം രാജിവച്ചു. ബ്രിട്ടീഷുകാർക്ക്‌ ആറുമാസത്തെ കാലാവധി വച്ച്‌ അന്ത്യശാസനം നല്‌കണമെന്നും ആ കാലാവധി കഴിഞ്ഞ്‌ സിവിൽ നിയമലംഘനം രാജ്യമൊട്ടാകെ സംഘടിപ്പിക്കണമെന്നുമുള്ള ബോസിന്റെ നിർദേശം ഗാന്ധിജിക്ക്‌ സ്വീകാര്യമായിരുന്നില്ല; ബോസ്‌ സന്നിഹിതനാകാതിരുന്ന രണ്ടാം ദിവസത്തെ സമ്മേളനം ഗാന്ധിജിയുടെ നയപരിപാടികളെ അംഗീകരിച്ചു പ്രമേയം പാസ്സാക്കുകയാണ്‌ ചെയ്‌തത്‌. സമ്മേളനം കഴിഞ്ഞ്‌ ബോസ്‌ ഗാന്ധിജിയെ കണ്ടെങ്കിലും അവർക്കിടയിലെ അഭിപ്രായവ്യത്യാസം വളരെ ആഴത്തിലുള്ളതായിരുന്നു. ബോസ്‌ അധ്യക്ഷപദം രാജിവയ്‌ക്കുകയും ഫോർവേഡ്‌ ബ്ലോക്ക്‌ എന്ന ഒരു പുതിയ കക്ഷി രൂപവത്‌കരിക്കുകയും ചെയ്‌തു. ബോസിനു പകരം രാജേന്ദ്രപ്രസാദ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ്സും രണ്ടാം ലോകയുദ്ധവും

1939 സെപ്‌. 3-ന്‌ ബ്രിട്ടന്‍ ജർമനിക്ക്‌ എതിരായി യുദ്ധപ്രഖ്യാപനം നടത്തി. ഈ യുദ്ധപ്രഖ്യാപനത്തെത്തുടർന്ന്‌ വൈസ്രായി ലിന്‍ലിത്‌ഗോപ്രഭു ഇന്ത്യയും ജർമനിയുമായി യുദ്ധത്തിലേർപ്പെട്ടതായി പ്രഖ്യാപിച്ചു. സെപ്‌. 14-ന്‌ കൂടിയ കോണ്‍ഗ്രസ്‌ പ്രവർത്തകസമിതി പൊതുജനാഭിപ്രായം ആരായാതെ ഇന്ത്യ യുദ്ധത്തിൽ പങ്കാളിയായതിൽ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ മന്ത്രിസഭകള്‍ ഒന്നടങ്കം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു. ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ അതിന്റെ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഇന്ത്യന്‍ സ്വാതന്ത്യ്രത്തെപ്പറ്റിയുള്ള കാഴ്‌ചപ്പാട്‌ വ്യക്തമാക്കണമെന്നും പ്രവർത്തകസമിതി ആവശ്യപ്പെട്ടു. ഈ നിർദേശമനുസരിച്ച്‌ മന്ത്രിസഭകള്‍ രാജിവയ്‌ക്കുകയും വീണ്ടും കോണ്‍ഗ്രസ്സും ബ്രിട്ടീഷ്‌ ഗവണ്‍മെന്റും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്‌തു. നാസിസത്തോടും ഫാസിസത്തോടുമുള്ള എതിർപ്പിൽ കോണ്‍ഗ്രസ്‌ സഖ്യകക്ഷികളുടെ കൂടെയായിരുന്നു; എന്നാൽ ബ്രിട്ടീഷ്‌ സാമ്രാജ്യപ്രഭുത്വത്തെ പിന്താങ്ങി യൂറോപ്യന്‍ ഫാസിസത്തോട്‌ എതിരിടാന്‍ കോണ്‍ഗ്രസ്‌ തയ്യാറായിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്യ്രപ്രസ്ഥാനത്തോട്‌ ഏറ്റവും കൂടുതൽ വിരോധമുണ്ടായിരുന്ന ചർച്ചിൽ 1940-ൽ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായി; എൽ.എസ്‌. ആമറി ഇന്ത്യന്‍ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി ഒഫ്‌ സ്റ്റേറ്റുമായി.

വ്യക്തിസത്യഗ്രഹം

ഈ പശ്ചാത്തലത്തിൽ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിൽനിന്നും അനുകൂലമായ ഒരു പ്രതികരണവും പ്രതീക്ഷിക്കാനില്ലായെന്നു തിരിച്ചറിഞ്ഞ ഗാന്ധിജി, വ്യക്തിസത്യഗ്രഹത്തിന്‌ ആഹ്വാനം നല്‌കി. ആദ്യത്തെ സത്യഗ്രഹിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ വിനോബാഭാവെയായിരുന്നു. ഏറെത്താമസിയാതെ വിനോബാഭാവെ അടക്കമുള്ള കോണ്‍ഗ്രസ്സിലെ പ്രമുഖനേതാക്കന്മാരെല്ലാം തടങ്കലിലാക്കപ്പെട്ടു. ഇതിനിടയ്‌ക്ക്‌ ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ്‌ പാകിസ്‌താന്‍ വിഭാവന ചെയ്‌തുകൊണ്ടുള്ള ലാഹോർപ്രമേയം 1940-ൽ പാസ്സാക്കുകയുണ്ടായി. അതോടെ ഇന്ത്യയുടെ വിഭജനം സജീവമായ ഒരു രാഷ്‌ട്രീയപ്രശ്‌നമായിത്തീർന്നു.

ക്രിപ്‌സ്‌ ദൗത്യം

രണ്ടാംലോകയുദ്ധകാലത്ത്‌ മലയ, ബർമ (മ്യാന്മർ) എന്നീ പ്രദേശങ്ങള്‍ ജപ്പാന്‍ അധീനപ്പെടുത്തിയതോടെ ഇന്ത്യയുടെ അതിർത്തികളും നേരിട്ടുള്ള ഭീഷണിക്കിരയായി. ജപ്പാന്റെ മുന്നേറ്റം തടയുന്നതിന്‌ മാത്രമല്ല യുദ്ധ യത്‌നങ്ങള്‍ക്ക്‌ ഇന്ത്യയുടെ സഹകരണം ലഭിക്കുന്നതിന്‌ ഭാവിയിലേക്ക്‌ ചില ഉറച്ച വാഗ്‌ദാനങ്ങള്‍ അനുവദിക്കേണ്ടതാണെന്നും ബ്രിട്ടനു തോന്നി. ഇതനുസരിച്ച്‌ ക്രിപ്‌സിനെ ഒരു കരടു പ്രഖ്യാപനവുമായി ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഇന്ത്യയിലേക്കയച്ചു; യുദ്ധം കഴിഞ്ഞാൽ ഡൊമിനിയന്‍ പദവിയും ഒരു ഭരണഘടനാനിർമാണ സമിതിയും എന്ന ക്രിപ്‌സിന്റെ വാഗ്‌ദാനത്തെ കോണ്‍ഗ്രസ്സും ലീഗും തള്ളിക്കളഞ്ഞു (നോ. ക്രിപ്‌സ്‌ ദൗത്യം). അമേരിക്കന്‍ പൊതുജനാഭിപ്രായത്തെ തൃപ്‌തിപ്പെടുത്താനാണ്‌ ചർച്ചിൽ ക്രിപ്‌സിനെ നിയോഗിച്ചത്‌. ആ ദൗത്യം വിജയത്തിൽ കലാശിക്കണമെന്ന്‌ അദ്ദേഹത്തിന്‌ ആഗ്രഹമില്ലായിരുന്നു. അടുത്ത മുപ്പതു വർഷക്കാലത്തേക്കെങ്കിലും ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കണമെന്ന ദൃഢമായ അഭിപ്രായമായിരുന്നു വൈസ്രായി ലിന്‍ലിത്‌ഗോ പ്രഭുവിന്‌ ഉണ്ടായിരുന്നത്‌.

"ക്വിറ്റ്‌ ഇന്ത്യാ' സമരം

ക്രിപ്‌സ്‌ ദൗത്യത്തിന്റെ പരാജയത്തെത്തുടർന്ന്‌ ബ്രിട്ടീഷുകാർ ഉടന്‍തന്നെ ഇന്ത്യ വിട്ടുപോകണമെന്ന ആവശ്യവുമായി (ക്വിറ്റ്‌ ഇന്ത്യാ) രാജ്യവ്യാപകമായി അക്രമരഹിത സമരം സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. കോണ്‍ഗ്രസ്‌ നയിച്ച പ്രക്ഷോഭങ്ങളിൽ ഏറ്റവും ശക്തവും ബഹുജനരോഷം വ്യാപകമായി അക്രമാസക്തമാവുകയും ചെയ്‌ത ജനകീയ സമരമായിരുന്നു ക്വിറ്റ്‌ ഇന്ത്യാപ്രക്ഷോഭം. ഏതാനും മാസങ്ങള്‍ക്കുശേഷം സമരത്തിന്റെ തീ കെട്ടണഞ്ഞുവെങ്കിലും 1934-നുശേഷം സിവിൽനിയമലംഘനപ്രസ്ഥാനത്തിൽനിന്നു പിന്തിരിഞ്ഞ കോണ്‍ഗ്രസ്സിനെ ഒരു ബഹുജനസംഘടനയായി പുനരുജ്ജീവിപ്പിച്ചത്‌ "ക്വിറ്റ്‌ ഇന്ത്യാ' സമരമായിരുന്നു. നോ. ക്വിറ്റ്‌ ഇന്ത്യാ സമരം

സിംലാ കൂടിയാലോചനകള്‍

ഇന്ത്യയിലെ രാഷ്‌ട്രീയ പ്രതിസന്ധിക്ക്‌ പരിഹാരം കാണുന്നതിന്‌ ഒരു ഇടക്കാല ഗവണ്‍മെന്റ്‌ സ്ഥാപിക്കാനുള്ള പദ്ധതി വേവൽപ്രഭു ആവിഷ്‌കരിച്ചു. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്യ്രമോ പുത്രികാരാജ്യപദവിയോ നൽകുന്നതിനു മുമ്പുള്ള ഒരു താത്‌കാലിക സംവിധാനമായിട്ടാണ്‌ വേവൽ ഇത്‌ വിഭാവന ചെയ്‌തത്‌. ഇടക്കാല ഗവണ്‍മെന്റിൽ അഥവാ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലിൽ വൈസ്രായിയും സർവസൈന്യാധിപനും ഒഴികെ മറ്റെല്ലാ അംഗങ്ങളെയും ഇന്ത്യന്‍ രാഷ്‌ട്രീയ സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കണമെന്നായിരുന്നു പദ്ധതിയുടെ പ്രധാന വ്യവസ്ഥ. ചർച്ചിൽ മന്ത്രിസഭയുടെ അനുമതിയോടുകൂടി വേവൽപ്രഭു തയ്യാറാക്കിയ ഈ ഇടക്കാലഗവണ്‍മെന്റ്‌ പദ്ധതി ചർച്ചചെയ്യുവാന്‍ സിംലയിൽ ഇന്ത്യന്‍ നേതാക്കന്മാരുമായി കൂടിയാലോചനകള്‍ നടന്നു (1946). വൈസ്രായിയുടെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലിലെ എല്ലാ മുസ്‌ലിം അംഗങ്ങളെയും മുസ്‌ലിംലീഗ്‌ നോമിനേറ്റ്‌ ചെയ്യണമെന്ന നിർദേശമാണ്‌ ജിന്ന മുന്നോട്ടുവച്ചത്‌; മുസ്‌ലിങ്ങളെ എന്നും ഉള്‍ക്കൊണ്ടിരുന്ന ദേശീയ സംഘടനയായ കോണ്‍ഗ്രസ്സിന്‌ ഈ വാദം അംഗീകരിക്കാന്‍ സാധ്യമല്ലായിരുന്നു. അങ്ങനെ സിംലാചർച്ചകള്‍ പരാജയത്തിൽ കലാശിച്ചു.

ക്യാബിനറ്റ്‌ മിഷന്‍

1946-ൽ ബ്രിട്ടനിൽ നടന്ന തിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ യാഥാസ്ഥിതികകക്ഷി പരാജയപ്പെടുകയും വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി ലേബർകക്ഷി അധികാരത്തിൽ വരികയും ചെയ്‌തു. ഇന്ത്യയ്‌ക്ക്‌ പൂർണസ്വാതന്ത്യ്രം നല്‌കുന്നതിനെപ്പറ്റി ആലോചിച്ചു തീരുമാനമെടുക്കുവാന്‍ ലേബർ ഗവണ്‍മെന്റ്‌ 1946-ൽ ഇന്ത്യയിലേക്ക്‌ ഒരു ക്യാബിനറ്റ്‌ ദൗത്യസംഘത്തെ അയയ്‌ക്കുകയുണ്ടായി. ഇന്ത്യന്‍ നേതാക്കളുമായി ചർച്ച ചെയ്‌ത്‌ അവർക്കുകൂടി സ്വീകാര്യമായ രീതിയിൽ ഭരണഘടന രൂപീകരിക്കുക, ഭരണഘടനാനിർമാണവേളയിൽ ഇന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഇടക്കാല ഗവണ്‍മെന്റിനു രൂപം നൽകുക, എന്നീ പ്രധാന നിർദേശങ്ങളാണ്‌ മിഷന്‍ മുന്നോട്ടുവച്ചത്‌. പ്രതിരോധം, വിദേശകാര്യം, ഗതാഗതം എന്നീ വകുപ്പുകള്‍മാത്രം കൈകാര്യം ചെയ്യുന്ന ഫെഡറൽ ഗവണ്‍മെന്റും, എ, ബി, സി എന്ന ഗ്രൂപ്പുകളായി ചേരാന്‍ പ്രവിശ്യകള്‍ക്ക്‌ സ്വാതന്ത്യ്രമനുവദിക്കുന്ന ഒരു ഭരണസംവിധാനവും അവരുടെ നിർദേശത്തിൽ ഉള്‍പ്പെട്ടിരുന്നു. എന്നാൽ പ്രവിശ്യാസംയോജനത്തെ(grouping)പ്പറ്റിയുള്ള കോണ്‍ഗ്രസ്‌ വ്യാഖ്യാനം സ്വീകരിക്കാന്‍ മുസ്‌ലിംലീഗ്‌ തയ്യാറായില്ല. പ്രശ്‌നം ഫെഡറൽ കോടതിയുടെ തീരുമാനത്തിനു വിടാനും അവർക്കു സമ്മതമില്ലായിരുന്നു.

ഇടക്കാല ഗവണ്‍മെന്റ്‌

ഇടക്കാല ഗവണ്‍മെന്റിൽ മുസ്‌ലിംലീഗ്‌ പങ്കുചേരാന്‍ വിസമ്മതിച്ചതുകൊണ്ട്‌ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല ഗവണ്‍മെന്റ്‌ 1946 സെപ്‌. 12-ന്‌ രൂപവത്‌കരിക്കപ്പെട്ടു. രണ്ടു മാസത്തിനകം വൈസ്രായി വേവൽപ്രഭു മുസ്‌ലിംലീഗിനെക്കൂടി ഇടക്കാല ഗവണ്‍മെന്റിൽകൊണ്ടുവന്നു; അതേസമയം ഭരണഘടനാനിർമാണസഭയിൽ ചേരുവാന്‍ മുസ്‌ലിംലീഗ്‌ വിസമ്മതിക്കുകയും ചെയ്‌തു. ഇടക്കാല ഗവണ്‍മെന്റിൽ കോണ്‍ഗ്രസ്സുമായി സഹകരിച്ച്‌ ഭരണം നടത്താന്‍ ലീഗ്‌ അംഗങ്ങള്‍ കാട്ടിയ വിമുഖതയും കൽക്കത്ത, നവഖാലി, ബിഹാർ, പഞ്ചാബ്‌ എന്നീ പ്രദേശങ്ങളിൽനടന്ന വർഗീയലഹളകളും വിഭജനത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കുകയാണുണ്ടായത്‌.

1946 ഡിസംബറിൽ ഭരണഘടനാനിർമാണസഭയുടെ ആദ്യസമ്മേളനം നടന്നു. എന്നാൽ മുസ്‌ലിംലീഗ്‌ അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനാൽ ഭരണഘടനാ നിർമാണസഭ കേവലം കോണ്‍ഗ്രസ്‌ അസംബ്ലിയായിമാറി. കോണ്‍ഗ്രസ്‌-മുസ്‌ലിംലീഗ്‌ സംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ ഭരണം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ വിഷമമായി. 1948 ജൂണിനകം ഇന്ത്യാക്കാരിലേക്ക്‌ അധികാരം കൈമാറ്റംചെയ്യുമെന്ന്‌ 1947 ഫെബ്രുവരിയിൽ ബ്രിട്ടന്‍ പ്രഖ്യാപിച്ചു. വേവൽപ്രഭുവിനെ തിരിച്ചുവിളിക്കുകയും മൗണ്ട്‌ബാറ്റണ്‍പ്രഭുവിനെ വൈസ്രായിയായി നിയമിക്കുകയും ചെയ്‌തു (1947 മാ.). ഇന്ത്യയുടെ വിഭജനത്തിനുള്ള മൗണ്ട്‌ബാറ്റണ്‍പദ്ധതി കോണ്‍ഗ്രസ്സും ലീഗും അംഗീകരിക്കുകയുണ്ടായി. ഇന്ത്യയുടെ വിഭജനം ശരിയായ നടപടിയല്ല എന്ന്‌ ഗാന്ധിജിക്ക്‌ ബോധ്യമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ തീരുമാനത്തെ അദ്ദേഹം ചോദ്യംചെയ്‌തില്ല. 1947 ജൂല. 18-ന്‌ ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസ്സാക്കിയ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്‌ ബിൽ നിയമമായി. ആഗസ്റ്റ്‌ 15-ന്‌ ഇന്ത്യയെന്നും പാകിസ്‌താനെന്നും രണ്ട്‌ ഡൊമിനിയനുകള്‍ നിലവിൽ വരണമെന്നായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥ.

കോണ്‍ഗ്രസ്സും സ്വതന്ത്രഭാരതവും

1947 ആഗ. 14-ന്‌ അർധരാത്രി കോണ്‍സ്റ്റിറ്റുവന്റ്‌ അസംബ്ലി സമ്മേളിക്കുകയും ജവാഹർലാൽ നെഹ്‌റു അംഗങ്ങളെ അഭിസംബോധനചെയ്‌ത്‌ ചരിത്രപ്രധാനമായ ഒരു പ്രസംഗം നടത്തുകയും ചെയ്‌തു. ആഗസ്റ്റ്‌ 15-ന്‌ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തു.

ഏകദേശം മുപ്പതുവർഷം കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്ന ഗാന്ധിജിയുടെ വധം (1948 ജനു. 30) രാജ്യത്തെ പിടിച്ചുകുലുക്കി. ഇന്ത്യയിൽ നടന്ന ഹിന്ദു-മുസ്‌ലിം ലഹളകള്‍ക്ക്‌ വിരാമമിട്ടത്‌ ഗാന്ധിജിയുടെ ആത്മബലിയാണ്‌. 1948 മേയിൽ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്‌ വിടുകയും സോഷ്യലിസ്റ്റുകക്ഷി എന്ന ഒരു പ്രത്യേക രാഷ്‌ട്രീയകക്ഷി രൂപവത്‌കരിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്‌ സംഘടനയെ സംബന്ധിച്ചിടത്തോളം ഇത്‌ പ്രധാനപ്പെട്ട ഒരു സംഭവവികാസമായിരുന്നു.

കോണ്‍ഗ്രസ്സിന്റെ 57-ാം സമ്മേളനം ദില്ലിയിൽവച്ച്‌ ജവാഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിലാണ്‌ നടന്നത്‌. ഈ കോണ്‍ഗ്രസ്‌ ആദ്യത്തെ പഞ്ചവത്സരപദ്ധതി അംഗീകരിച്ചു. 1952-ൽ പ്രായപൂർത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വമ്പിച്ച വിജയം നേടി. 1953-ൽ ഹൈദരാബാദിൽവച്ചു നടന്ന കോണ്‍ഗ്രസ്സിന്റെ 58-ാം സമ്മേളനം ആന്ധ്രാസംസ്ഥാനം രൂപവത്‌കരിക്കാനുള്ള ഗവണ്‍മെന്റ്‌ തീരുമാനം ശരിവച്ചു.

സോഷ്യലിസത്തിലേക്ക്‌

1954-ൽ അതേ വർഷം നെഹ്‌റുവിന്റെ അധ്യക്ഷതയിൽ കല്ല്യാണിൽവച്ചു നടന്ന കോണ്‍ഗ്രസ്‌ സമ്മേളനം സംസ്ഥാന പുനഃസംഘടനയ്‌ക്ക്‌ ഒരു കമ്മിഷനെ നിയമിച്ചത്‌ സ്വാഗതം ചെയ്‌തിരുന്നു. സോഷ്യലിസ്റ്റുമാതൃകയിലുള്ള ഭരണസമ്പ്രദായം സൃഷ്‌ടിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ഔപചാരികമായി ആവശ്യപ്പെട്ടത്‌ ആവഡിയിൽവച്ചാണ്‌ (1955).

കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം സോഷ്യലിസ്റ്റ്‌ സഹകരണാത്മകമായ ഒരു കോമണ്‍വെൽത്ത്‌ സ്ഥാപിക്കുകയാണ്‌ എന്ന പ്രമേയം 1957-ലെ ഇന്‍ഡോർ കോണ്‍ഗ്രസ്‌ പാസ്സാക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ ഭരണഘടനയിൽത്തന്നെ സോഷ്യലിസം ഒരു ലക്ഷ്യമായി പ്രഖ്യാപിച്ചത്‌ ഇന്‍ഡോർ കോണ്‍ഗ്രസ്സിന്റെ നേട്ടങ്ങളിൽ ഒന്നാണ്‌. 1957-ൽ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിൽ കേരളമൊഴികെ കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ വിജയിച്ച്‌ അധികാരത്തിൽവന്നു. കേരളത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ്റ്‌മന്ത്രിസഭ അധികാരത്തിൽ വരികയും കോണ്‍ഗ്രസ്‌ പ്രതിപക്ഷമായിത്തീരുകയും ചെയ്‌തു. 1959-ലെ നാഗ്‌പൂർകോണ്‍ഗ്രസ്‌ പാസ്സാക്കിയ പ്രമേയങ്ങളിൽ ഏറ്റവും പ്രധാനം കാർഷികമേഖലയിലെ സംവിധാനത്തെപ്പറ്റിയായിരുന്നു. ഭാവിയിൽ കാർഷികമേഖലയിലെ സംവിധാനം സഹകരണാടിസ്ഥാനത്തിലുള്ള കൂട്ടുകൃഷി സമ്പ്രദായമായിരിക്കണമെന്നതിനുപുറമേ കാർഷികഭൂമിക്ക്‌ പരിധി ഏർപ്പെടുത്തണമെന്നും അതിനുള്ള നിയമനിർമാണങ്ങള്‍ വളരെ വേഗത്തിൽ പൂർത്തിയാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പഞ്ചശീലതത്ത്വങ്ങള്‍ അനുസരിച്ചായിരിക്കണം വിദേശകാര്യങ്ങള്‍ നടത്തേണ്ടത്‌ എന്ന്‌ കോണ്‍ഗ്രസ്‌ നിർദേശിച്ചു.

1959 മാർച്ചിൽ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബോംബെ സംസ്ഥാനത്തെ മഹാരാഷ്‌ട്രയും ഗുജറാത്തുമായി വിഭജിച്ചതും കേരളത്തിൽ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയ്‌ക്ക്‌ എതിരായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിൽ ഒരു സമരം നടത്തുകയും പ്രസിഡന്റ്‌ ഭരണം ഏർപ്പെടുത്തുകയും ചെയ്‌തതും ഇന്ദിരാഗാന്ധിയുടെ ആധ്യക്ഷ്യ കാലത്തെ പ്രധാനപ്പെട്ട സംഭവവികാസങ്ങളായിരുന്നു. ചൈന, ഇന്ത്യയുടെ അതിർത്തിയിൽ കൈയേറ്റങ്ങള്‍ നടത്തിയതായി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ചൈനയോടുള്ള പ്രതിഷേധാത്മകമായ ഉറച്ചനയം ബാംഗ്ലൂരിൽ നടന്ന കോണ്‍ഗ്രസ്സിന്റെ 65-ാം സമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ടു.

1962-ൽ നടന്ന ഇന്ത്യയിലെ മൂന്നാമത്തെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്‌ വിജയം നേടി. പൊതുതിരഞ്ഞെടുപ്പിനുശേഷം ഡി. സഞ്‌ജീവയ്യ കോണ്‍ഗ്രസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപദത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദലിത്‌ എന്ന മേന്മയും ശ്രീ സഞ്‌ജീവയ്യയ്‌ക്കുതന്നെ ലഭിക്കുന്നു.

കാമരാജ്‌പദ്ധതി

കോണ്‍ഗ്രസ്‌ സംഘടനയിൽ ഇക്കാലത്തുണ്ടായ ഒരു പ്രധാന സംഭവവികാസം 1963-ൽ പ്രവർത്തകസമിതി കാമരാജ്‌പദ്ധതി അംഗീകരിച്ചു എന്നതാണ്‌. ദീർഘകാലം മന്ത്രിപദത്തിൽ വാണരുളിയവർ സംഘടനാരംഗത്തേക്കു പോകേണ്ടതാണ്‌ എന്ന്‌ നിർദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ പദ്ധതി. ജവാഹർലാൽ നെഹ്‌റു ഈ പദ്ധതി അനുസരിച്ച്‌ പ്രധാനമന്ത്രിപദം രാജിവയ്‌ക്കാന്‍ സന്നദ്ധനായെങ്കിലും പ്രവർത്തകസമിതി അത്‌ അംഗീകരിക്കാന്‍ വിസമ്മതിച്ചു. എ.ഐ.സി.സി. കാമരാജ്‌പദ്ധതിയെ സ്വാഗതം ചെയ്യുകയും രാജിവയ്‌ക്കേണ്ടവരാരാണെന്ന്‌ തീരുമാനിക്കുവാന്‍ നെഹ്‌റുവിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. നെഹ്‌റുവിന്റെ തീരുമാനമനുസരിച്ച്‌ കേന്ദ്രമന്ത്രിമാരായ മൊറാർജിദേശായ്‌, ജഗ്‌ജീവന്‍റാം, എസ്‌.കെ. പാട്ടീൽ, ലാൽ ബഹാദൂർ ശാസ്‌ത്രി, ബി. ഗോപാലറെഡ്ഡി, ഡോ. കെ.എൽ. ശ്രീമാലി എന്നിവരും സംസ്ഥാന മുഖ്യമന്ത്രിമാരായ കാമരാജ്‌, സി.ബി. ഗുപ്‌ത, പട്‌നായിക്‌, മണ്ഡലോയ്‌, ബിനോദാനന്ദ്‌ ഝാ, ബക്ഷിഗുലാം മുഹമ്മദ്‌ എന്നിവരും രാജിവയ്‌ക്കുകയുണ്ടായി.

നെഹ്‌റുവിന്റെ നിര്യാണം

1964 മേയ്‌ 27-ന്‌ ജവാഹർലാൽ നെഹ്‌റു നിര്യാതനായി. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഒരു യുഗത്തിന്റെ അവസാനമായിരുന്നു ഇത്‌. നെഹ്‌റുവിന്റെ നിര്യാണംമൂലം സംജാതമായ സ്ഥിതിവിശേഷത്തെ കാമരാജിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ സംഘടന തന്റേടത്തോടും അതിവിദഗ്‌ധമായും കൈകാര്യം ചെയ്‌തു. ലാൽ ബഹാദൂർ ശാസ്‌ത്രിയെ ഐകകണ്‌ഠ്യേന കോണ്‍ഗ്രസ്‌ പാർലമെന്ററി കക്ഷിയുടെ നേതാവായി തെരഞ്ഞെടുത്തു. കാമരാജിന്റെ നയതന്ത്ര വൈദഗ്‌ധ്യംകൊണ്ടാണിതു സാധ്യമായത്‌. ശാസ്‌ത്രി പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. 1965 സെപ്‌തംബറിൽ പാകിസ്‌താന്‍ ഇന്ത്യയെ ആക്രമിക്കുകയും യുദ്ധത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്‌തു. 1966 ജനുവരിയിൽ താഷ്‌കെന്റിൽവച്ച്‌ ശാസ്‌ത്രി നിര്യാതനായി. കോണ്‍ഗ്രസ്‌ പ്രസിഡന്റായ കാമരാജിന്റെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും പിന്തുണയോടുകൂടി ഇന്ദിരാഗാന്ധി കോണ്‍ഗ്രസ്‌ പാർലമെന്ററി കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ടു; മൊറാർജി ദേശായി മത്സരിച്ചെങ്കിലും പരാജിതനായി. അങ്ങനെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1967-ൽ നടന്ന നാലാമത്തെ പൊതുതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌ ലോക്‌സഭയിൽ ഭൂരിപക്ഷകക്ഷിയായെങ്കിലും അംഗങ്ങളുടെ സംഖ്യയിൽ ഗണ്യമായ കുറവുവന്നു. ബംഗാള്‍, ബിഹാർ, പഞ്ചാബ്‌, ഒഡിഷ, തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ്സിതരകക്ഷികള്‍ അധികാരത്തിൽവന്നു. കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ പാർലമെന്ററി കക്ഷി ഇന്ദിരാഗാന്ധിയെ വീണ്ടും നേതാവായി തിരഞ്ഞെടുത്തു. അവർ, മൊറാർജിദേശായിയെ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി നിയമിച്ചുകൊണ്ട്‌ തന്റെ ഗവണ്‍മെന്റ്‌ രൂപവത്‌കരിച്ചു.

പാർട്ടിയിലെ പിളർപ്പ്‌

1968 ജൂലായിൽ ബാംഗ്ലൂരിൽക്കൂടിയ എ.ഐ.സി.സി. സമ്മേളനത്തിൽ ഇന്ദിരാഗാന്ധി അവതരിപ്പിച്ച പത്തിന സാമ്പത്തിക പരിപാടി പാർട്ടിയിലെ ഉന്നതതലങ്ങളിൽ ആശയസംഘട്ടനത്തിനു വഴിതെളിച്ചു. രാഷ്‌ട്രപതിയായ ഡോ. സാക്കീർ ഹുസൈന്‍ നിര്യാതനായതിനെത്തുടർന്നുണ്ടായ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിർദേശാവസരത്തിലും തുടർന്നും കോണ്‍ഗ്രസ്സിന്റെ എല്ലാതലങ്ങളിലും ആശയപരമായി ഭിന്നിപ്പുണ്ടായി. ജൂലായ്‌ 12-ന്‌ നടന്ന കോണ്‍ഗ്രസ്‌ പാർലമെന്ററി ബോർഡ്‌യോഗത്തിൽ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ്‌ സ്ഥാനാർഥി ആയി ഇന്ദിരാഗാന്ധി ജഗ്‌ജീവന്‍ റാമിന്റെ പേരാണ്‌ നിർദേശിച്ചത്‌. ഇതിനെതിരായി സഞ്‌ജീവറെഡ്ഡിയുടെ പേരും നിർദേശിക്കപ്പെട്ടു. നിജലിംഗപ്പ, വൈ.ബി. ചവാന്‍, എസ്‌.കെ. പാട്ടീൽ, മൊറാർജി ദേശായ്‌, കാമരാജ്‌ എന്നിവരടങ്ങിയ ഭൂരിപക്ഷം റെഡ്ഡിയെ അനുകൂലിച്ചപ്പോള്‍ ഇന്ദിരാഗാന്ധി, ഫക്രുദീന്‍ അലി അഹമ്മദ്‌ എന്നിവർ മാത്രം ജഗ്‌ജീവന്‍ റാമിന്റെ സ്ഥാനാർഥിത്വത്തെ അനുകൂലിച്ചു. ഇന്ദിര പിന്തുണച്ച ജഗജീവന്‍ റാം ഒറ്റ വോട്ടിനാണ്‌ പരാജയപ്പെട്ടത്‌. "സിന്‍ഡിക്കേറ്റ്‌' എന്ന പേരിൽ അറിയപ്പെട്ട കാമരാജും അനുയായികളും ഏല്‌പിച്ച ആഘാതത്തിനു മറുപടിയായി ഇന്ദിര ജൂലായ്‌ 16-ന്‌ മൊറാർജിദേശായിയിൽനിന്ന്‌ ധനകാര്യവകുപ്പ്‌ ഏറ്റെടുക്കുകയും പതിനാല്‌ വന്‍കിട ബാങ്കുകള്‍ ദേശസാത്‌കരിക്കുകയും ചെയ്‌തു. ലക്ഷക്കണക്കിന്‌ കൃഷിക്കാർ, കൈവേലക്കാർ, മറ്റ്‌ സ്വയംതൊഴിൽ ചെയ്യുന്ന കൂട്ടർ എന്നിവർക്ക്‌ വായ്‌പ നല്‌കിയ ദേശസാത്‌കരണത്തോട്‌ രാജ്യത്ത്‌ വമ്പിച്ച അനുകൂല വികാരമാണ്‌ നിലനിന്നത്‌; ഇന്ത്യന്‍ സമ്പദ്‌ഘടനയെ ഉടച്ചുവാർത്ത വിപ്ലവമെന്നാണ്‌ ദേശസാത്‌കരണം വിശേഷിക്കപ്പെട്ടത്‌. ഇതിനിടെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്ത്‌ എത്തിയ വി.വി. ഗിരിയെ പിന്തുണയ്‌ക്കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചു. കോണ്‍ഗ്രസ്‌ സ്ഥാനാർഥിയായ സഞ്‌ജീവറെഡ്ഡിക്ക്‌ വോട്ടുചെയ്യണം എന്ന്‌ നിർദേശിച്ചുകൊണ്ട്‌ ഒരു "വിപ്പ്‌' അയയ്‌ക്കാന്‍ ഇന്ദിരാഗാന്ധി വിസമ്മതിച്ചു. മാറിയ പരിതഃസ്ഥിതികളിൽ ഓരോരുത്തർക്കും മനഃസാക്ഷി അനുസരിച്ച്‌ വോട്ടുചെയ്യാവുന്നതാണെന്ന നിലപാട്‌ അവർ സ്വീകരിച്ചു. തിരഞ്ഞെടുപ്പിൽ വി.വി. ഗിരി ജയിക്കുകയും സഞ്‌ജീവറെഡ്ഡി പരാജയപ്പെടുകയും ചെയ്‌തു. തിരഞ്ഞെടുപ്പിലെ ഇന്ദിരയുടെ ഈ പങ്ക്‌ കോണ്‍ഗ്രസ്സിലെ ഭിന്നിപ്പിനെ ഒരു തുറന്ന പിളർപ്പാക്കിമാറ്റി. കോണ്‍ഗ്രസ്സിലെ ഈ പിളർപ്പ്‌ അത്യുന്നതസമിതികള്‍ മുതൽ ഏറ്റവും താഴെയുള്ള പ്രാദേശികഘടകങ്ങള്‍വരെ വ്യാപിക്കുകയുണ്ടായി. നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ "സംഘടനാകോണ്‍ഗ്രസ്‌' എന്ന പേരിൽ അറിയപ്പെട്ടു.

കോണ്‍ഗ്രസ്സിലെ പിളർപ്പിന്‌ പല കാരണങ്ങളും ഉണ്ടായിരുന്നു. ഒന്നാമത്തെ കാരണം യാഥാസ്ഥിതിക വിഭാഗവും പുരോഗമനശക്തികളുമായുള്ള സംഘട്ടനം ആയിരുന്നു. രണ്ടാമത്തെ കാരണം "സിന്‍ഡിക്കേറ്റ്‌' എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ്സിലെ ഒരുകൂട്ടം സംസ്ഥാനനേതാക്കന്മാർ സംഘടനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്‌തതാണ്‌. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ സംഘട്ടനത്തിലൂടെ തന്റെ നേതൃത്വം ഉറപ്പിക്കുകയും ഒരു പുതിയ കോണ്‍ഗ്രസ്സിന്‌ ജീവന്‍ കൊടുക്കുകയും ചെയ്‌തതാണ്‌ ഇതിന്റെ മുഖ്യഫലം. ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ്‌ കോണ്‍ഗ്രസ്സ്‌ (R) എന്ന പേരിലാണറിയപ്പെട്ടത്‌. ജനസംഘം, സ്വതന്ത്ര എന്നീ കക്ഷികള്‍ സംഘടനാകോണ്‍ഗ്രസ്സുമായി യോജിച്ചുപ്രവർത്തിക്കുന്ന ഒരു സ്ഥിതിവിശേഷം സംജാതമായത്‌ മറ്റൊരു ഫലമായി പറയാം. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ ഇടതുപക്ഷത്തോടുള്ള ചായ്‌വ്‌ കൂടുതലായി വ്യക്തമാക്കി. ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ യഥാർഥനേതൃത്വം പ്രധാനമന്ത്രിക്കാണ്‌ എന്ന്‌ ഈ വടംവലി അവിതർക്കിതമായി തെളിയിച്ചു.

1970 ഡിസംബറിൽ ലോക്‌സഭ പിരിച്ചുവിടുകയും 1971 മാർച്ചിൽ തിരഞ്ഞെടുപ്പ്‌ നടക്കുകയും ചെയ്‌തു. ഈ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും പരിപാടികള്‍ക്ക്‌ വമ്പിച്ച ജനകീയ പിന്തുണ ലഭിച്ചു. മൂന്നിൽ രണ്ടിൽക്കൂടുതൽ ഭൂരിപക്ഷത്തോടുകൂടി കോണ്‍ഗ്രസ്‌ ലോക്‌സഭയിലേക്ക്‌ തിരിച്ചുവന്നു. പ്രിവി പഴ്‌സ്‌ നിർത്തലാക്കൽ, ജനറൽ ഇന്‍ഷ്വറന്‍സ്‌ ദേശസാത്‌കരണം എന്നിവ ഇക്കാലത്താണ്‌ നടപ്പിലാക്കിയത്‌. പ്രിവി പഴ്‌സ്‌ നിർത്തലാക്കിയത്‌ സമൂഹത്തിന്റെ ജനാധിപത്യവത്‌കരണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്‌പായി വിശേഷിക്കപ്പെട്ടു.

1971-ലെ തിരഞ്ഞെടുപ്പുവിജയം ഒരു "നവ രാഷ്‌ട്രീയ ക്രമ'ത്തിനു തുടക്കം കുറിച്ചു. പിന്നോക്ക വിഭാഗങ്ങള്‍, അധഃസ്ഥിതർ, മുസ്‌ലിങ്ങള്‍ എന്നീ വിഭാഗങ്ങളുടെ പിന്തുണയാർജിക്കുന്നതിനായി ഭൂപ്രഭുവിഭാഗങ്ങളെ ഒഴിവാക്കിയതായിരുന്നു ഈ പുതിയ രാഷ്‌ട്രീയ ക്രമത്തിന്റെ പ്രധാന സവിശേഷത. ഈ നയം ഒരു നവ ജനപ്രിയ സർവാധിപത്യത്തിനു വഴി ഒരുക്കിയതായി വിലയിരുത്തപ്പെട്ടു. കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം ഇന്ദിരാഗാന്ധിയുടെ വ്യക്തിപ്രഭാവത്തിലധിഷ്‌ഠിതമായി. ഇതിന്റെ ഫലമായി കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനം ദുർബലമായി എന്നുമാത്രമല്ല, സംഘടനയ്‌ക്കുള്ളിൽ വിമർശനങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി എല്ലാ തലത്തിലുമുള്ള ഭാരവാഹികളെ മുകളിൽനിന്നു നാമനിർദേശം ചെയ്യുന്ന രീതിയും ഇന്ദിര അവലംബിച്ചു.

1972-ഓടെ കോണ്‍ഗ്രസ്സിലെ ആന്തരിക ദൗർബല്യങ്ങള്‍ക്കു പുറമേ, ഭരണവ്യവസ്ഥയിലെ അഴിമതിയും കെടുകാര്യസ്ഥതയും കൂട്ടക്കുഴപ്പങ്ങള്‍ക്കാണ്‌ വഴിവച്ചത്‌. മാത്രമല്ല 1973-ൽ മണ്‍സൂണ്‍ പരാജയപ്പെട്ടതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാവുകയും വിലക്കയറ്റം അനിയന്ത്രിതമാവുകയും ചെയ്‌തു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, അഴിമതി എന്നിവയ്‌ക്കെതിരെയുള്ള ജയപ്രകാശ്‌ നാരായണന്റെ സമ്പൂർണ വിപ്ലവം അരങ്ങേറുന്നത്‌ ഈ സാഹചര്യത്തിലാണ്‌. സമ്പൂർണ വിപ്ലവം ശക്തി പ്രാപിക്കവേയാണ്‌ അലഹബാദ്‌ ഹൈക്കോടതി ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽനിന്നുള്ള പാർലമെന്റിലേക്കുള്ള ഇന്ദിരയുടെ തിരഞ്ഞെടുപ്പ്‌ അസാധുവായി പ്രഖ്യാപിച്ചത്‌ (ജൂണ്‍ 12, 1975). പ്രധാനമന്ത്രി രാജി വയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ നിരസിച്ച ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണുണ്ടായത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ പ്രധാനരാഷ്‌ട്രീയ നേതാക്കളെ ജയിലിലടച്ചതിനു പുറമേ, എല്ലാ പൗരസ്വാതന്ത്യ്രങ്ങളും റദ്ദാക്കുകയും പത്ര സെന്‍സർഷിപ്പ്‌ പ്രാബല്യത്തിൽ വരുത്തുകയും ചെയ്‌തു. ജെ.പി. പ്രസ്ഥാനത്തിന്റെയും പ്രതിവിപ്ലവശക്തികളുടെയും ഭരണഘടനേതരമായ വെല്ലുവിളിയെ ഭരണഘടനാപരമായി നേരിടാനായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌ എന്നായിരുന്നു ഇന്ദിരയുടെ ന്യായീകരണം.

ഇന്ദിരാഗാന്ധി ഏകപക്ഷീയമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ വിമർശിക്കാനോ തടയാനോ മുതിരാത്തത്‌ കോണ്‍ഗ്രസ്‌ എന്ന രാഷ്‌ട്രീയപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരാധീനതയായി ചൂണ്ടിക്കാണിക്കപ്പെട്ടു. അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം 1977-ലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിനു ഭരണാധികാരം നഷ്‌ടമായി. 30 വർഷത്തെ കോണ്‍ഗ്രസ്‌ ഭരണത്തിനു വിരാമമിട്ടുകൊണ്ട്‌ ആദ്യമായി കേന്ദ്രത്തിൽ ഒരു കോണ്‍ഗ്രസ്സിതര ഗവണ്‍മെന്റ്‌ അധികാരത്തിൽവന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ സഞ്‌ജയ്‌ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ചേരി നിർമാർജനവും നിർബന്ധിത കുടുംബാസൂത്രണവും കോണ്‍ഗ്രസ്സിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന രണ്ടു വിഭാഗങ്ങളെ, ദരിദ്രരെയും മുസ്‌ലിങ്ങളെയും കോണ്‍ഗ്രസ്സിൽ നിന്നും അകറ്റിയത്‌ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായി. അധികാരത്തിൽനിന്നും ഇന്ദിര നിഷ്‌കാസിതയായിക്കഴിഞ്ഞ വേളയിലാണ്‌ കോണ്‍ഗ്രസ്‌ രണ്ടാമതും പിളർന്നത്‌. ഇന്ദിരയും അനുയായികളും ചേർന്ന്‌ രൂപവത്‌കരിച്ച പാർട്ടി കോണ്‍ഗ്രസ്‌ (ഐ) എന്നും (ഐ. എന്നത്‌ ഇന്ദിര എന്നതിന്റെ ആദ്യാക്ഷരം) സ്വരണ്‍സിങ്‌ നയിച്ച പാർട്ടി കോണ്‍ഗ്രസ്‌ (എസ്സ്‌) എന്നും അറിയപ്പെട്ടു.

ജനതാഗവണ്‍മെന്റിന്റെ പതനത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ (1980) 542 സീറ്റിൽ 360 നേടിക്കൊണ്ട്‌ ഇന്ദിരയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ്‌ ഭൂരിപക്ഷ കക്ഷിയായി അധികാരത്തിൽ തിരിച്ചെത്തി. ഇന്ദിര വധിക്കപ്പെട്ടതിനുശേഷം കോണ്‍ഗ്രസ്‌ പാർട്ടിയെ നയിച്ചത്‌ രാജീവ്‌ഗാന്ധിയാണ്‌. ഇന്ദിരയുടെ സ്‌മരണകള്‍ നിറഞ്ഞ 1984-ലെ തിരഞ്ഞെടുപ്പിൽ പാർലമെന്റുസീറ്റുകളുടെ 80 ശതമാനം കോണ്‍ഗ്രസ്‌ പിടിച്ചടക്കി. കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും വലിയ തിരഞ്ഞെടുപ്പ്‌ വിജയമായിരുന്നു ഇത്‌. ഇന്ദിരാഗാന്ധിയുടെ വധം സൃഷ്‌ടിച്ച സഹതാപതരംഗം കോണ്‍ഗ്രസ്സിന്റെ വിജയത്തെ സ്വാധീനിച്ച സുപ്രധാന ഘടകമായിരുന്നു.

സമന്വയത്തിന്റെയും സമവായത്തിന്റെയും വക്താവായാണ്‌ രാജീവ്‌ഗാന്ധി തന്റെ രാഷ്‌ട്രീയ പ്രവർത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. പഞ്ചാബ്‌, മിസോറം, അസം എന്നിവിടങ്ങളിലെ കോണ്‍ഗ്രസ്സിതര രാഷ്‌ട്രീയ കക്ഷികളുമായി എത്തിച്ചേർന്ന സമവായത്തിന്റെ അടിസ്ഥാനത്തിലാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം അവിടങ്ങളിൽ തിരഞ്ഞെടുപ്പ്‌ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോയത്‌. മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിതര പാർട്ടികളാണ്‌ അധികാരത്തിലെത്തിയതെങ്കിലും, രാജീവ്‌ഗാന്ധി രാഷ്‌ട്രത്തിന്റെ സദ്‌ഭാവന മൂന്നു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കു ലഭ്യമാക്കിയതായി പരക്കെ അംഗീകരിക്കപ്പെട്ടു. പാർട്ടിയെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി അധികാരവികേന്ദ്രീകരണത്തിനും ജനാധിപത്യവത്‌കരണത്തിനും ഇടംനൽകാനുള്ള രാജീവിന്റെ ശ്രമം തുടക്കത്തിൽ പ്രതീക്ഷയ്‌ക്കുവകനൽകിയെങ്കിലും ക്രമേണ പാർട്ടി പഴയ പ്രവർത്തനശൈലിയിലേക്ക്‌ മടങ്ങുകയായിരുന്നു.

ലോകത്തെ ഏറ്റവും കർശനമായ ക്രമീകരണങ്ങളുള്ള സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരുന്നു ഇന്ത്യയിലേത്‌. ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ ഉദാരവത്‌കരണത്തിനു തുടക്കം കുറിച്ചത്‌ രാജീവ്‌ഗാന്ധിയായിരുന്നു. ഇറക്കുമതിക്കുമേലുണ്ടായിരുന്ന അമിത ഡ്യൂട്ടിയും നിയന്ത്രണങ്ങളും ഒരളവുവരെ കുറയ്‌ക്കാനും നികുതിഘടന യുക്തിസഹമാക്കാനും സ്വകാര്യമേഖലയ്‌ക്കു മേലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കാനും ശ്രമിച്ച ഇദ്ദേഹം, സമ്പദ്‌ഘടനയുടെ ആധുനിക വികാസത്തെ തടസ്സപ്പെടുത്തിയിരുന്ന "ലൈസന്‍സ്‌ രാജി'നു അന്ത്യം കുറിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. ഈ മാറ്റങ്ങള്‍ ഉത്‌പാദന വർധനയ്‌ക്കും മത്സരക്ഷമതാവർധനയ്‌ക്കും വഴിതെളിക്കുകയുണ്ടായി. കണ്‍സ്യൂമർ ഡ്യൂറബിള്‍ ഇനങ്ങളുടെ വിപണി വികസ്വരമായി; എന്നു മാത്രമല്ല കച്ചവടസ്ഥാപനങ്ങളും വ്യവസായങ്ങളും തഴച്ചുവളർന്നു.

കൂട്ടുകക്ഷിഭരണം

രാജീവ്‌ മന്ത്രിസഭയിലെ ധന-പ്രതിരോധ മന്ത്രിയെന്ന നിലയിൽ സ്വീകരിച്ച ശക്തമായ നടപടികളുടെ പേരിൽ സംശുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട വി.പി. സിങ്‌ 1980-കളുടെ അന്ത്യത്തിൽ കോണ്‍ഗ്രസ്‌ വിരുദ്ധ തരംഗത്തിന്റെ കേന്ദ്രബിന്ദുവായി മാറി. ഇദ്ദേഹം രൂപവത്‌കരിച്ച ജനതാദള്‍ പിന്നീട്‌ പ്രാദേശിക കക്ഷികളുമായി ചേർന്ന്‌ ഒരു ദേശീയമുന്നണി സൃഷ്‌ടിച്ചു. 1989-ലെ പൊതു തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌ 197 സീറ്റുകള്‍ നേടിക്കൊണ്ട്‌ ഏറ്റവും വലിയ കക്ഷിയായെങ്കിലും ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാന്‍ രാജീവ്‌ഗാന്ധി തയ്യാറായില്ല. 1989-ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികളുടെയും ബി.ജെ.പി.യുടെയും പുറത്തുനിന്നുള്ള പിന്തുണയോടെ വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണിയാണ്‌ അധികാരത്തിൽ വന്നത്‌. ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍ഗ്രസ്സേതര മന്ത്രിസഭയായിരുന്നു ഇത്‌. ഏതെങ്കിലും ഒരു പാർട്ടിക്ക്‌ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു 1989-ലേത്‌. ന്യൂനപക്ഷ ഗവണ്‍മെന്റും കൂട്ടുകക്ഷി ഗവണ്‍മെന്റുമായി കേന്ദ്രഗവണ്‍മെന്റ്‌ മാറുന്നതും ഈ തിരഞ്ഞെടുപ്പോടുകൂടിയായിരുന്നു. ദേശീയ മുന്നണി സർക്കാരിന്റെ പതനത്തിനുശേഷം നടന്ന 1991-ലെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയാണ്‌ രാജീവ്‌ ഗാന്ധി കൊല്ലപ്പെടുന്നത്‌. രാജീവിന്റെ മരണശേഷം സോണിയാഗാന്ധിയെ കോണ്‍ഗ്രസ്‌ പ്രസിഡന്റാക്കാന്‍ ശ്രമമുണ്ടായെങ്കിലും അവർ രാഷ്‌ട്രീയത്തിൽനിന്നും വിട്ടുനിൽക്കാനുള്ള തീരുമാനമാണ്‌ സ്വീകരിച്ചത്‌. ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാന്‍ നിയുക്തനായത്‌ ഇന്ദിരയുടെയും രാജീവിന്റെയും കീഴിൽ വിദേശകാര്യ മന്ത്രിയായ നരസിംഹറാവു ആയിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു നരസിംഹറാവു. നരസിംഹറാവു നടപ്പിലാക്കിയ സാമ്പത്തിക ഉദാരവത്‌കരണ നയങ്ങള്‍ കോണ്‍ഗ്രസ്‌ പിന്തുടർന്നുവന്ന നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ്‌ പാരമ്പര്യത്തിൽ നിന്നുള്ള അടിസ്ഥാനപരമായ വിച്ഛേദമായിരുന്നു. അരനൂറ്റാണ്ടായി നിലനിൽക്കുന്ന സോഷ്യലിസ്റ്റ്‌ ചട്ടക്കൂട്‌ സാമ്പത്തിക വളർച്ചയ്‌ക്കു വിഘാതമാണെന്നു വിലയിരുത്തിയ നരസിംഹറാവു ഗവണ്‍മെന്റ്‌ അതു തകർക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. സംരംഭകത്വത്തിനു പ്രതികൂലമായ ഉദ്യോഗസ്ഥ നിയന്ത്രണങ്ങള്‍ പലതും ഇല്ലാതാക്കിയ ഗവണ്‍മെന്റ്‌ സ്വകാര്യ നിക്ഷേപത്തെയും സ്വകാര്യവത്‌കരണത്തെയും പ്രാത്സാഹിപ്പിക്കുകയും ഇന്ത്യന്‍ സംരംഭകന്‌ ആഗോള സമ്പദ്‌ഘടനയിൽ സ്വതന്ത്രമായി ഇടപെടുന്നതിനുള്ള സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്‌തു. ഈ നടപടികളുടെ ഫലമായി സമ്പദ്‌ഘടനയിൽ സുസ്ഥിരവും ഗണ്യവുമായ വളർച്ചയുണ്ടായെങ്കിലും ദരിദ്ര വിഭാഗങ്ങള്‍ക്കുമേൽ കൂടുതൽ ആഘാതമേല്‌പിക്കും വിധം സമ്പത്തിന്റെ വിതരണം കൂടുതൽ അസമമാവുകയും ചെയ്‌തു. സ്വയം പര്യാപ്‌തതയിലധിഷ്‌ഠിതമായ പരമ്പരാഗത സാമ്പത്തിക നയത്തെ കോണ്‍ഗ്രസ്‌ അട്ടിമറിച്ചുവെന്ന ആക്ഷേപം ബി.ജെ.പി.യും ഇടതു പാർട്ടികളും ഉന്നയിക്കുകയുണ്ടായി. വിദേശനയത്തിലെ നെഹ്‌റുവിയന്‍ പാരമ്പര്യത്തിൽ നിന്നുള്ള ദിശാമാറ്റം സംഭവിക്കുന്നതും നരസിംഹറാവുവിന്റെ ഭരണകാലത്താണ്‌. ചേരിചേരാ നയത്തെ ശക്തിപ്പെടുത്തുന്നതും, ബഹുധ്രുവലോകത്തിൽ അധിഷ്‌ഠിതവുമായ വിദേശ നയത്തിൽനിന്നും അമേരിക്കയുടെ മേൽക്കോയ്‌മയിലുള്ള ഏകധ്രുവ വ്യവസ്ഥയിലേക്കുള്ള പരിവർത്തനം നടക്കുന്നത്‌ 1990-കളിലാണ്‌. 1996-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന്‌ 140 സീറ്റുകള്‍ മാത്രമാണ്‌ ലഭിച്ചത്‌. തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടതിനെത്തുടർന്ന്‌ നരസിംഹറാവു പാർട്ടി അധ്യക്ഷസ്ഥാനം രാജിവയ്‌ക്കുകയുണ്ടായി.

1998 മാർച്ചിലാണ്‌ സോണിയാഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്‌. തുടർച്ചയായ തിരഞ്ഞെടുപ്പ്‌ പരാജയങ്ങളിലൂടെ ദുർബലമായ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുന്നതിനും 2004-ൽ അധികാരത്തിൽ തിരിച്ചുകൊണ്ടുവരുന്നതിനും സോണിയാഗാന്ധിയുടെ മാർഗദർശിത്വവും നേതൃത്വപാടവവും സഹായകമായി എന്ന്‌ വിലയിരുത്തപ്പെട്ടു. 2004-ൽ നടന്ന 14-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യം (യു.പി.എ.) ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ്‌ അധികാരത്തിലേറിയത്‌. "ഇന്ത്യ തിളങ്ങുന്നു' തുടങ്ങിയ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ്‌ മുദ്രാവാക്യങ്ങളെ തിരസ്‌കരിച്ചുകൊണ്ടാണ്‌ ജനങ്ങള്‍ കോണ്‍ഗ്രസ്സിന്‌ അധികാരം കൈമാറിയത്‌. കേന്ദ്രത്തിൽ ഒരു മതേതര സർക്കാർ വരണമെന്ന ആഗ്രഹമായിരുന്നു ഈ വിധിയെഴുത്തിൽ പ്രതിഫലിച്ചത്‌ എന്ന്‌ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തി. സോണിയാഗാന്ധി പ്രധാനമന്ത്രി പദം നിരസിച്ചതിനെത്തുടർന്ന്‌ ഡോ. മന്‍മോഹന്‍സിങ്‌ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. നരസിംഹറാവുവിന്റെ കീഴിൽ കോണ്‍ഗ്രസ്‌ തുടങ്ങിവച്ച സാമ്പത്തിക നയത്തിന്റെ തുടർച്ചയാണ്‌ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. പിന്തുടരുന്നത്‌.

അമേരിക്കയുമായി ധാരണയിലെത്തിയ ആണവക്കരാർ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവ മുഖ്യചർച്ചാവിഷയമായിരുന്നു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പി.എ.യ്‌ക്ക്‌ കേവല ഭൂരിപക്ഷം തികയ്‌ക്കാനായില്ലെങ്കിലും 258 സീറ്റുകള്‍ നേടിക്കൊണ്ട്‌ കോണ്‍ഗ്രസ്‌ മുന്നണിയായ യു.പി.എ. വീണ്ടും അധികാരത്തിലെത്തി. സുസ്ഥിരവികസനം, സാമ്പത്തിക വളർച്ച, ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം, വിദ്യാഭ്യാസ അവകാശ നിയമം എന്നിവ കോണ്‍ഗ്രസ്സിന്റെ മികച്ച നേട്ടങ്ങളായിരുന്നു. അതേ സമയം പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വർധന എന്നിവയും 2010-ലെ കോമണ്‍വെൽത്ത്‌ ഗെയിംസിനു പിന്നിലെ സാമ്പത്തിക ക്രമക്കേട്‌, സഖ്യകക്ഷിയായ ഡി.എം.കെ. നേതൃത്വം നൽകിയ ടെലികോം മന്ത്രാലയത്തിനുകീഴിലെ അഴിമതി തുടങ്ങിയവ കോണ്‍ഗ്രസ്സിന്റെ പ്രതിച്ഛായയ്‌ക്ക്‌ മങ്ങലേല്‌പിച്ചിട്ടുണ്ട്‌. 2013-ൽ രാഹുൽഗാന്ധി കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റായി. കോണ്‍ഗ്രസ്സിൽ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ്‌ വഴി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന രീതിക്ക്‌ ഇദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്‌. 126 വർഷത്തെ സുദീർഘമായ ചരിത്രത്തിനിടയിൽ, കോണ്‍ഗ്രസ്സിന്‌ ഇത്തരം അപചയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ ശക്തിയായി ഇന്നും ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌ തുടരുന്നു.

3.26666666667
Alifna Dec 03, 2019 03:40 PM

Kalapathinte parajaya karanam enthann ezhuthamo?

Anonymous Nov 18, 2017 07:43 PM

എന്റെ സങ്കല്പത്തിലെ ഇന്ത്യ എന്ന വി‍ഷയത്തില്‍ ഒരു ലേഖനം എഴുതാമോ?

അബ്ദുസലാം പി എൻ Sep 10, 2017 08:15 PM

കിറ്റ് ഇന്ത്യാ സമരത്തിന്റെ നായിക ആരാണ്?

പ്രസാദ് Apr 02, 2016 03:06 PM

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചാരമത്തെ സഹായിക്കാനാണ് താൻ ഇന്ത്യയിൽ വന്നത് ആരുടെ വാക്കുകൾ

shabna.k Nov 18, 2015 12:37 PM

ഇന്ത്യ ചരിത്രത്തെ കുറിച്ചും സ്വാതന്ത്രസമരത്തെ കുറിച്ചും കൂടുതൽ അറിയാൻ കഴിഞ്ഞു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top