অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യയുടെ ഭൗതിക ഭൂപടം

ഇന്ത്യൻ ഭൗതിക ഭൂപടം രാജ്യത്തിൻറ ഭൗതിക ഖണ്ഡങ്ങൾ കാണിക്കുന്നു. രാജ്യത്തിൻറെ ഭൂപ്രകൃതി വളരെ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. വിജ്ഞാന ദായകവും ഉന്നത ഗുണനിലവാരം പുലർത്തുന്നതുമായ ഈ ഭൂപടം ഇന്ത്യയുടെ ഭൂമിശാശ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കാൻ സഹായിക്കുന്നു. മലകളും പുഴകളും കുന്നുകളും വനങ്ങളും മരുഭൂമികളും പീഠഭൂമികളും കടൽത്തീരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഈ രാജ്യം. ഈ മാപ്പിൽ ഇന്ത്യയുടെ ഭൂമിശാശ്ത്ര പരമായ ഒരു വിവരവും നിങ്ങൾക്ക് കിട്ടാതിരിക്കുകയില്ല. ഇന്ത്യൻ ഭൗതിക മാപ്പു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ ഉപകാര പ്രദമാണ്. ഇത് ഡൌൺലോഡ് ചെയ്തു ഓഫ്‌ലൈനായി സൂക്ഷിക്കുകയോ പ്രിന്റു ചെയ്തു അടയാളപ്പെടുത്താനായി ഉപയോഗിക്കുകയോ ചെയ്യാം. ഇത് ഭൂമിശാസ്ത്ര പരമായ നിങ്ങളുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കുവാൻ സഹായിക്കും.ഇന്ത്യൻ ഭൂമിശാശ്ത്ര ഭൂപടത്തിന്റെ സഹായത്തോടെ നിങ്ങള്ക്ക് താഴെ പറയുന്ന ഭൗതിക പ്രദേശങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും:

  • ഹിമാലയ പർവത മേഖല (ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവത മേഖല)
  • കാരക്കോറം പർവത നിരകൾ (Karakoram Ranges)
  • ഇന്ത്യൻ ഉപദ്വീപ് (Peninsula)
  • ഗംഗാ നദീതട മേഖല (Indo Gangetic Plains)
  • താർ മരുഭൂമി (The Great Indian Thar Desert)
  • പശ്ചിമ-പൂർവ്വ ഘട്ട പർവതനിരകൾ (Western and Eastern Ghats)

ഇവ കൂടാതെ ഈ ഭൂപടം പ്രധാന നദികളായ യമുന, ഗംഗ, സത്‌ലജ്, ഝലം, സിന്ധു, ഗോദാവരി എന്നീ നദികളും പ്രമുഖമാക്കി കാണിച്ചിട്ടുണ്ട്. ഭൂഭൗതികശാസ്ത്ര പരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ പ്രധാന വകഭേദങ്ങളും ഭൗമ ഭൂപടം ഇപ്രകാരം എടുത്തു കാട്ടുന്നു.

  • ദ്വീപുകൾ/ ദ്വീപ സമൂഹങ്ങൾ
  • തീരദേശ സമതലങ്ങൾ
  • പീഡഭൂമികൾ (The peninsular plateau)
  • താർ മരുഭൂമി (The Great Indian Desert)
  • വടക്കൻ സമതലപ്രദേശം
  • ഹിമാലയ പർവതനിരകൾ

വടക്കേ ഇന്ത്യയിലെയും വടക്കുകിഴക്കൻ ഭാരതത്തിലെയും ഒട്ടുമിക്ക സംസ്ഥാനങ്ങളും ഹിമാലയ പർവതത്തിന്റെ ഭാഗങ്ങളോ അതിന്റെ സമതല പ്രദേശങ്ങളോ അതിൽനിന്നും പുറപ്പെടുന്ന നദികളാൽ ഉർവ്വരമാക്കപ്പെടുന്നവയോ ആണ്. മഹത്തായ ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്ന താർ മരുഭൂമി ലോകത്തിലെതന്നെ ഒരു പ്രധാനപ്പെട്ട മരുഭുമിയാണ്. അതിന്റെ മിക്കവാറും ഭൂവിസ്തൃതി രാജസ്‌ഥാൻ സംസ്ഥാനത്തിലാണ്. ഗംഗാനദി അതിന്റെ സമതലങ്ങളായ വടക്ക്, വടക്കുകിഴക്ക്‌ സംസ്ഥാനങ്ങളെയും മധ്യ ഇന്ത്യയിലെ പ്രധാന ഭാഗങ്ങളെയും ഫലപുഷ്ടമാക്കുന്നു. ഇന്ത്യൻ ഉപദ്വീപിലെ (തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ) ഭൂരിപക്ഷം പ്രദേശങ്ങളും ഡെക്കാൻ പീഠഭൂമിയാൽ നിറഞ്ഞിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും ഉയരമുള്ളതും ലോകത്തിലെ തന്നെ രണ്ടാമത്തെ ഉയരമുള്ളതുമായ കാഞ്ചൻജംഗ കൊടുമുടി ഇന്ത്യൻ ഭൗതിക ഭൂപടത്തിൽ ദൃശ്യമാണ്. പശ്ചിമഘട്ട പർവതനിരകളും നീലഗിരിക്കുന്നുകളും ഭൗതിക മാപ്പിൽ കൃത്യമായി ആലേഖനം ചെയ്തിരിക്കുന്നു. പ്രധാന നദികളായ താപി, നർമദാ, ഗോദാവരി, മഹാനദി, കാവേരി കൃഷ്ണ, സോൺ, ബ്രഹ്മപുത്ര, ചമ്പൽ, കർണാലി (Ghaghara) എന്നിവയും ഈ മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഇവ കൂടാതെ കിഴക്കും പടിഞ്ഞാറും തെക്കും സ്ഥിതിചെയ്യുന്ന ബംഗാൾ ഉൾക്കടൽ, അറേബ്യൻ സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവയും ഭൗതിക മാപ്പിൽ ആലേഖനം ചെയ്തിരിക്കുന്നു.

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം

ഇന്ത്യ

ഇന്ത്യൻ റിപ്പബ്ലിക്ക് 29 സംസ്ഥാനങ്ങളും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളുംഉൾപ്പെടുന്ന സ്വതന്ത്ര പരമാധികാര രാജ്യമാണ്.ജനസംഖ്യയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഇന്ത്യക്ക് മൊത്തം 7517 കിലോമീറ്റർ സമുദ്രതീരമുള്ളതിൽ 5423 കി.മീ. വൻകരയെ ചുറ്റിയും 2094 കി.മീ. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ ദ്വീപസമൂഹങ്ങളെ വലയം ചെയ്തുമിരിക്കുന്നു. തീരമേഖലയിൽ ഏകദേശം 43% മണൽ തിട്ടകളും 46% ചെളിനിറഞ്ഞ ചതുപ്പുനിലവും 11% പാറക്കെട്ടുകളുള്ള തീരവുമാണ്.

ഇന്ത്യയിലെ പ്രധാന മേഖലകൾ

സാമൂഹ്യ ശാസ്ത്രപരമായും ഭൂമിശാശ്ത്രപരമായും ഇന്ത്യയെ പൂർവ ഇന്ത്യ, പശ്ചിമ ഇന്ത്യ, ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, മധ്യേന്ത്യ,വടക്കുകിഴക്കൻ പ്രദേശം എന്നിങ്ങനെ ആറു മേഖലകളായി വർഗീകരിച്ചിരിക്കുന്നു. ഈ മേഖലകൾക്ക് സാംസ്കാരികവും ജീവിതശൈലീപരവുമായ തനതു സ്വഭാവ വിശേഷങ്ങളുണ്ട്.

പൂർവ ഇന്ത്യ (Eastern India)

ബീഹാർ, ജാർഖണ്ഡ്, ഒറീസ്സ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ നികോബാറും ഉൾപ്പെടുന്നതാണ് പൂർവ്വ ഇന്ത്യ. 418,323 ചതുരശ്ര കി.മീ. വ്യാപ്തിയുള്ള ഈ പ്രദേശങ്ങളുടെ ജനസംഖ്യ 226,925,195 ആണ്. പശ്ചിമ ബംഗാളിന്റെ പ്രമുഖ ഭാഷ ബംഗാളിയാണ്. ഒറിയ, ഹിന്ദി എന്നിവ യഥാക്രമം ഒറീസ്സയുടെയും ജാർഖണ്ടിന്റെയും പ്രഥമ ഭാഷകളാണ്. ഇംഗ്ലീഷ്, മൈഥിലി,ഭോജ്പുരി, നേപ്പാളി, ഉറുദു എന്നീ ഭാഷകളും കിഴക്കേ ഇന്ത്യയിൽ സംസാരിക്കുന്നു.

പശ്ചിമ ഇന്ത്യ (Western India)

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും ദാമൻ-ഡിയു, ദാദ്ര-നഗർ ഹവേലി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന പശ്ചിമേന്ത്യയ്ക്ക് (Western India) 508,052 ചതുരശ്ര കി.മീ. വിസ്തൃതിയുണ്ട്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്ന അറിയപ്പെടുന്ന മുംബൈ (Mumbai) മഹാരാഷ്ട്രയുടെ തലസ്ഥാനം കൂടിയാണ്. പശ്ചിമേന്ത്യൻ സംസ്ഥാനങ്ങൾ പൊതുവിൽ സാമ്പത്തികമായി മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വികസിതവും മെച്ചപ്പെട്ട ജീവിത നിലവാരമുള്ളതുമാണ്. ഗുജറാത്തി, മറാത്തി,കൊങ്കണി എന്നിവ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളും ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നു.

ഉത്തര മേഖല (Northern India)

ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ദേശീയ തലസ്ഥാനമായ ഡൽഹിയും (National Capital Territory of Delhi) കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡും ഉൾപ്പെടുന്നതാണ് ഉത്തരേന്ത്യ. വടക്കെ ഇന്ത്യ സാമ്പത്തികമായി അതിവേഗം വളരുന്ന ഒരു പ്രദേശമാണ്. ന്യൂഡൽഹി, ജയ്‌പൂർ, ലക്നൗ, കാൺപൂർ,ചണ്ഡീഗഡ് എന്നിവ ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളാണ്. പഞ്ചാബിൽ പഞ്ചാബിയും മറ്റു സംസ്ഥാനങ്ങളിൽ ഹിന്ദിയുമാണ് വടക്കേ ഇന്ത്യയുടെ പ്രധാന ഭാഷകൾ. ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ് എന്നിവ ഔദ്യോഗിക ഭാഷകളാണ്. രാജസ്ഥാനി, മാർവാറി ഹരിയാൻവി എന്നീ ഭാഷകൾ യഥാക്രമം രാജസ്ഥാനിലേയും ഹരിയാനയിലെയും സംസാര ഭാഷകളാണ്.

ദക്ഷിണ ഇന്ത്യ (Southern India)

തമിഴ്നാട്, കർണാടകം, കേരളം, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുശ്ശേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും അടങ്ങുന്നതാണ് ദക്ഷിണേന്ത്യ. ഇന്ത്യയുടെ മൊത്തം വിസ്തീർണത്തിന്റെ 19.31% ഈ പ്രദേശങ്ങളിലാണ്.കർണാടകത്തിന്റെ തലസ്ഥാനവും പ്രധാന വിവര സാങ്കേതികവിദ്യ വികസന മേഖലയുമായി ബാംഗ്ലൂർ ഇന്ത്യയുടെ 'സിലിക്കോൺ താഴ്വര' എന്നറിയപ്പെടുന്നു. ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കോയമ്പത്തൂർ, കൊച്ചി, മൈസൂർ എന്നിവയാണ് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങൾ. തമിഴ്നാട്ടിൽ തമിഴും കർണാടകയിൽ കന്നഡയും ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിൽ തെലുങ്കും ഔദ്യോഗിക ഭാഷകളാണ്.

വടക്കുകിഴക്കൻ ഇന്ത്യ (North-Eastern India)

വടക്കുകിഴക്കൻ ഇന്ത്യയിൽ സിക്കിം, അരുണാചൽ പ്രദേശ്, ബംഗാളിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവ ഉൾപ്പെട്ട ഹിമാലയൻ പ്രദേശവും ഇടത്തരം കുന്നിൻ പ്രദേശങ്ങളും സമതലങ്ങളും ഉൾപ്പെട്ട മേഘാലയ, ത്രിപുര, മിസോറം, മണിപ്പൂർ, നാഗാലാ‌ൻഡ് എന്നിവയും ഉൾപ്പെടുന്നു. ഏഴു സഹോദരിമാർ എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശ്, അസം, മേഘാലയ, ത്രിപുര, മിസോറം, മണിപ്പുർ,നാഗാലാ‌ൻഡ് എന്നിവയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ലോകത്തിലെ തന്നെ ഗോത്ര വൈവിധ്യങ്ങളുടെ ഒരു പറുദീസയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. വിശ്വാസങ്ങൾ, ജീവിതരീതികൾ, തൊഴിലുകൾ എന്നിവയിലെല്ലാം വൈവിധ്യം നിലനിൽക്കുന്നു.

മധ്യ ഇന്ത്യ (Central India)

മധ്യ പ്രദേശും ഛത്തിസ്ഗഡും ഉൾപ്പെട്ടതാണ് മധ്യ ഇന്ത്യ. ഭോപ്പാൽ, ഇൻഡോർ, റായ്പ്പൂർ എന്നിവ പ്രധാന നഗരങ്ങളാണ്.

ഇന്ത്യൻ നദികളുടെ ഭൂപടം

ഇന്ത്യൻ നദീവ്യവസ്ഥയെ പൊതുവിൽ ഹിമാലയൻ നദികൾ, ഉപദ്വീപ നദികൾ, തീരദേശ നദികൾ, ഉൾനാടൻ ജലാശയങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ നദിയായ ഗംഗാനദി വടക്ക് ഹിമാലയ പർവ്വതത്തിൽനിന്നും തെക്ക് വിന്ധ്യാ പർവ്വതത്തിൽനിന്നും ജലം സ്വീകരിക്കുന്നു. ഗംഗ, യമുന, ഘഗ്രാ, ഘന്ദക്, കോസി എന്നീ നദികൾ ഗംഗാതടത്തിൻറെ പ്രധാന ഘടകങ്ങളാണ്. ഇന്ത്യൻ നദികളിൽവച്ച് ഏറ്റവും കൂടുതൽ ജലമുൾക്കൊള്ളുന്നത് ബ്രഹ്മപുത്രയിലാണ്. സിന്ധു, സത്‌ലജ് എന്നീ ജലാശയങ്ങളുടെ സ്രോതസായ ബ്രഹ്മപുത്ര അരുണാചൽ, ആസ്സാം എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. ഒറീസ്സ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടിയാണ് മഹാനദി. ഏകദേശം 900 കി.മീ. ദൂരം സാവധാനത്തിൽ ഒഴുകുന്ന മഹാനദി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവുമധികം എക്കൽ നിക്ഷേപിക്കുന്ന ജലാശയമാണ്. ഗോദാവരി ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള നദിയാണ്. തീർത്ഥാടന കേന്ദ്രങ്ങളായ നാസിക്, ത്ര്യംബക്, ഭദ്രാചലം എന്നിവ ഗോദാവരി നദിയുടെ തടങ്ങളിലാണ്. 1300 കി.മീ.നീളമുള്ള കൃഷ്ണാ നദി രാജ്യത്തെ ഏറ്റവും നീളമുള്ള നദികളിൽ മൂന്നാമത്തെതാണ്. പശ്ചിമ ഘട്ട മലനിരകളിൽ ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. കാവേരി നദി പശ്ചിമ ഘട്ടത്തിൽ ഉത്ഭവിക്കുന്നു. ശിംശ, ഹേമാവതി, അർകാവതി, കപില,ഹൊന്നുഹൊളെ, ലക്ഷ്മണതീർത്ഥ, കബനി,

ലോകപാവനി. ഭവാനി, നൊയ്‌യൽ, അമരാവതി എന്നിങ്ങനെ നിരവധി ഉപനദികളുള്ള കാവേരി കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ പ്രധാന ജലസേചന സ്രോതസാണ്. രാജ്യത്തെ നദീജല തർക്കങ്ങളിൽ ഏറ്റവും സങ്കീർണമായ കാവേരി നദീജല തർക്കം ഈ നദിയെ സംബന്ധിക്കുന്നതാണ്. വിന്ധ്യാ നിരകളിൽ ഉത്ഭവിക്കുന്ന നദികളിൽ പടിഞ്ഞാറോട്ടു ഒഴുകി അറബിക്കടലിൽ പതിക്കുന്ന രണ്ടു നദികളാണ് നർമദയും താപി നദിയും. മധ്യ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നർമ്മദയുടെ ദൈർഖ്യം 1312 കി.മീ. ആണ്. ഇതിന്റെ തെക്കുമാറി സമാന്തരമായി മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽകൂടി ഒഴുകുന്ന താപി ഖംബാത് ഉൾക്കടൽ മേഖലയിൽ പതിക്കുന്നു. ഇന്ത്യൻ നദികൾ ജലസേചനത്തിനും ചെലവുകുറഞ്ഞ ഗതാഗതത്തിനും വൈദ്യുതി ഉത്പാദനം, മൽസ്യബന്ധനം, മറ്റു ഉപജീവന മാര്ഗങ്ങള് എന്നിവയ്ക്ക് ഉപകരിക്കുന്നു. നദികൾ സംസ്കാരത്തിന്റെയും മതവിശ്വാസത്തിന്റെയും ഘടകം കൂടിയാണ്.. ഇന്ത്യയിലെ നദികൾ - ഒരു അവലോകനം മിക്ക പ്രധാന നഗരങ്ങളും ഏതെങ്കിലുമൊരു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഒൻപതു പ്രധാന നദികളായ ഗംഗ, യമുന, ബ്രഹ്മപുത്ര, കാവേരി, മഹാനദി, നർമദാ, ഗോദാവരി, തപി, കൃഷ്ണ എന്നിവയും അവയുടെ ഉപനദികളും ചേർന്നാണ് ഇന്ത്യയുടെ നദീക്രമം രൂപം കൊള്ളുന്നത്. ഭൂരിപക്ഷം നദികളും ബംഗാൾ ഉൾക്കടലിലാണ് പതിക്കുന്നത് എങ്കിലും ചില നദികൾ അറേബ്യൻ സമുദ്രത്തിലും അവസാനിക്കുന്നു. സിന്ധു നദിയുടെ ഭാഗങ്ങൾ ഇന്ത്യൻ മണ്ണിൽകൂടിയാണ് ഒഴുകുന്നത്. ആരാവലി കുന്നുകളുടെ വടക്കൻ പ്രദേശം, ലഡാക് മേഖല താർ മരുഭൂമിയുടെ വരണ്ട നിലങ്ങൾ എന്നിവയിൽ ഉൾനാടൻ ജലാശയങ്ങളുണ്ട്. എല്ലാ പ്രധാന നദികൾക്കും അവയുടെ ഉപനദികൾക്കും ഉറവിടം താഴെ പറയുന്നവയിൽ ഏതെങ്കിലുമൊന്നാണ്:

  • വിന്ധ്യ സത്പുര പർവത നിരകളും ചോട്ടാനാഗ്പൂർ പീഡഭൂമിയും
  • ഹിമാലയവും കാരക്കോറം പർവത നിരകളും
  • പടിഞ്ഞാറ് പശ്ചിമഘട്ടവും സഹ്യാദ്രി നിരകളും

ഉൾനാടൻ നദികളാണ് താഴെ പറയുന്നവ

  • മുസി നദി - ഹൈദരാബാദ്
  • ഘഗർ -ഹക്ര നദി - ഹരിയാന & രാജസ്ഥാൻ
  • ഗുജറാത്തിലെ സമീർ നദി

നദികളുടെ വർഗീകരണം [Classification of Rivers] ഇന്ത്യൻ നദികളെ താഴെപറന്നുയുന്ന പ്രകാരം വിശാലമായി തരം തിരിച്ചിരിക്കുന്നു.

  • ഉപദ്വീപ നദികൾ
  • ഹിമാലയൻ നദികൾ
  • ഉൾനാടൻ നീരൊഴുക്ക് ജലാശയങ്ങൾ
  • തീരദേശ നദികൾ

ഗംഗയും അതിന്റെ ഉപനദികളായ ഗോംതി, ഘഗര, ഗണ്ഡകി, ബാഗ്മതി, കോസി, മഹാനന്ദ, ചമ്പൽ എന്നിവയും ബ്രഹ്മപുത്ര,ഗോദാവരി, മഹാനദി, കാവേരി, കൃഷ്ണ എന്നിവ ബംഗാൾ ഉൾക്കടലിൽ പതിക്കുന്നവയാണ്. സിന്ധു, താപി, നർമദാ എന്നീ നദികളും അവയുടെ ഉപനദികളും അറബിക്കടലിൽ പതിക്കുന്നു. മറ്റു നദികൾ തീരദേശ നദികളോ ഉൾനാടൻ ജലാശയങ്ങളോ ആണ്. ഹിമാലയൻ നദികൾ മഞ്ഞുരുകി ഉറവെടുക്കുന്ന വേനൽക്കാലത്തും നീരൊഴുക്കുള്ള നദികളാണ്. ഏതൊരു പ്രദേശത്തും നദികൾ തനതു സംസ്കാരത്തിന്റെയും സാമ്പത്തിക പ്രവർത്തനങ്ങളുടെയും പ്രേരകങ്ങളോ ഘടകങ്ങളോ ആണ്.

ഇന്ത്യൻ ഭൂമിശാസ്ത്ര ഭൂപടം

ഭൂവിസ്തൃതിയിൽ ഏഴാമത്തെ വലിയ രാജ്യമെന്ന ഇന്ത്യയുടെ പദവിതന്നെ അതിൻറെ ഭൂമിശാസ്ത്രപരമായ വൈവിധ്യത്തെ ധ്വനിപ്പിക്കുന്നു. ഇൻഡോ ഓസ്‌ട്രേലിയൻ പ്ലേറ്റിന്റെ വടക്കായി ഇന്ത്യൻ പ്ലേറ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ഉപഭൂഖണ്ഡത്തിന്റെ മൂന്നു വശവും വ്യത്യസ്ത ജലാശയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇത് ലോക ഭൂപടത്തിൽ ഇന്ത്യയെ വ്യക്തമായി തിരിച്ചറിയാൻ സഹായിക്കുന്നു.

ഭൂമിശാസ്ത്ര പ്രത്യേകതകൾ

മൊത്തം 3.28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രാജ്യമായ ഇന്ത്യയുടെ വൻകര അക്ഷാംശം വടക്ക് 8°4' ഡിഗ്രിക്കും 37°6' ഡിഗ്രിക്കും ഇടയിലും രേഖാംശം കിഴക്ക് 68°7' ഡിഗ്രിക്കും 97°25'ഡിഗ്രിക്കും ഇടയിലും സ്ഥിതിചെയ്യുന്നു. ഉത്തരായന രേഖ 23°30' വടക്ക് ഇന്ത്യയെ ഏതാണ്ട് രണ്ടായി വിഭജിക്കുന്നു. രാജ്യത്തിന് 15200 കി.മീ. കര അതിർത്തിയും 7517 കി.മീ. സമുദ്ര അതിർത്തിയും ഉണ്ട്.ഇന്ത്യൻ മഹാസമുദ്രത്തിലേക്കു കൂർത്തു നിൽക്കുന്ന ഉപദ്വീപ് മഹാസമുദ്രത്തെ അറബിക്കടലെന്നും ബംഗാൾ ഉൾക്കടലെന്നും രണ്ടായി വിഭജിക്കുന്നു. ഭീമാകാരൻ പര്വതനിരകളും അഗാധമായ താഴ്വരകളും വിശാലമായ സമതലങ്ങളും ബഹുതരം ദ്വീപുകളും ഇന്ത്യയുടെ ഭൂമിശാസ്ത്ര വൈവിധ്യത്തെ വ്യക്തമായ്ക്കുന്നു. ഭൂപ്രകൃതി മേഖലകൾ ഭൂപ്രകൃതി വിശേഷങ്ങളായ നിംനോന്നത പ്രകൃതി, ഭൗമശില്‍പ ചരിത്രം, ശിലാവിന്യാസം എന്നിവയുടെ അടിസ്ഥാനത്തിൽ ഭൂപ്രകൃതിയെ വിവിധങ്ങളായി വിഭജിച്ചിരിക്കുന്നു. വടക്കൻ മലനിരകൾ വടക്കും വടക്കുകിഴക്കുമായി സ്ഥിതിചെയ്യുന്ന ഹിമാലയൻ പര്വതനിരകൾ രാജ്യത്തെ ടിബറ്റൻ പീഠഭൂമിയില്നിന്ന് വിഭജിക്കുന്നു. ഹിമാലയൻ നിരകളെ പീർ പാഞ്ഞാൽ, ലഡാക്ക് റേഞ്ച്, സംസ്‌കാർ റേഞ്ച്, ധൗളാധർ റേഞ്ച്, ഈസ്റ് കാരക്കോറം റേഞ്ച് എന്നിങ്ങനെ ആന്തരികമായി വിഭജിച്ചിരിക്കുന്നു.

സിന്ധു-ഗംഗാ സമതലങ്ങൾ

ഇൻഡോ ഗാംഗേറ്റിക് പ്ലെയിൻ എന്ന് വിളിക്കുന്ന വടക്കൻ സമതലങ്ങൾ ഗംഗ, സിന്ധു, ബ്രഹ്മപുത്ര എന്നീ നദികളുടെ തീരപ്രദേശമുക്കൊള്ളുന്ന പ്രദേശമാണ്. വടക്കേ ഇന്ത്യയിലും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുമായി ഏകദേശം ഏഴു ലക്ഷം ചതുരശ്ര കി.മീ. വിസ്‌തീർണമുള്ളതാണ് ഈ പ്രദേശം.നദികളുടെ പ്രഭവ പ്രവാഹ സ്ഥാനത്തിനനുസരിച്ചു ഇൻഡോ ഗാംഗേറ്റിക് സമതലങ്ങളെ ബാബർ ബെൽറ്റ്, ടെറായി ബെൽറ്റ്, ഖാദിർ ബെൽറ്റ്, ബംഗർ ബെൽറ്റ് എന്നിങ്ങനെ നാളായി തരാം തിരിച്ചിരിക്കുന്നു.

ഉപദ്വീപ പീഠഭൂമി

ഒറ്റയൊറ്റയായ കുന്നുകളും ആഴംകുറഞ്ഞ താഴ്വരകളും പീഠാകാരമായ സമതലങ്ങളും ഉൾപ്പെടുന്ന ഇന്ത്യൻ ഉപദ്വീപിനെ ഡക്കാൻ പീഠഭൂമിയെന്നും മൽവാ പീഠഭൂമിയെന്നും ചോട്ടാ നാഗ്പുർ പീഠഭൂമിയെന്നും വീണ്ടും മൂന്നായി തരം തിരിച്ചിരിക്കുന്നു.

തീരദേശ സമതലങ്ങൾ (Coastal Plains)

കിഴക്കു ബംഗാൾ ഉൾക്കടലിനോട് ചേർന്നും പടിഞ്ഞാറു അറേബ്യൻ കടലിനോടു ചേർന്നും ഇന്ത്യക്കു സമ്പന്നമായ തീരദേശ സമതലങ്ങളുണ്ട്. പൂർവ തീരം പൂർവ ഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിൽ തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഒറീസ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. കൃഷ്ണ, കാവേരി, ഗോദാവരി, മഹാനദി എന്നീ നദികൾ ഈ തീരത്തുകൂടെ ഒഴുകുന്നു.പശ്ചിമ തീരം പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയിൽ കേരള തീരതു തുടങ്ങി വടക്കോട്ടു കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ഈ പ്രദേശത്തു വൈവിധ്യം നിറഞ്ഞ കായലുകളും നാഡികളും. ഈ തീരത്തെ മലബാർ തീരുമെന്നും കൊങ്കൺ തീരുമെന്നും വിവക്ഷിക്കുന്നു.

താർ മരുഭൂമി

താർ മരുഭൂമി ലോകത്തിലെ ഒരു പ്രധാന ഉഷ്ണ മരുഭൂമിയാണ് (Tropical Desert). ഈ മണൽക്കാട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും പാകിസ്താൻകിലും വ്യാപിച്ചു കിടക്കുന്നു.രാജസ്ഥാൻ സംസ്ഥാനത്തിന്റെ 60% ഭൂമിയും താർ മരുഭൂമിയുടെ ഭാഗമാണ്. ഗുജറാത്ത്, ഹരിയാന,പഞ്ചാബ് എന്നിവയാണ് മറ്റു ഭാഗത്തിന് സംസ്ഥാനങ്ങൾ. താർ മരുഭൂമിയുടെ പാകിസ്താനിലുള്ള ഭാഗത്തെ ചോലിസ്ഥാൻ മരുഭൂമി എന്നാണ് വിളിക്കുന്നത്. വളരെക്കുറച്ചുമാത്രം മഴ ലഭിക്കുന്ന ഈ മരുഭൂമിയെലെ ഏക നദി 'ലൂണി' യാണ്. പരുപരുത്ത പാറക്കെട്ടുകളും കാട്റ്റിനനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന മണൽത്തിട്ടകളുമാണ് മരുഭൂമിയുടെ പ്രധാന വ്യവസ്ഥ. ഉപ്പുനിറഞ്ഞ താഴ്വാരങ്ങളുമുണ്ട്. കാറ്റിന്റെ ഗതിക്കനുസരിച്ചു മണൽ സാനിധ്യം മാറിക്കൊണ്ടിരിക്കുന്നു.മിക്കവാറും ഊഷരമായ ഈ മരുഭൂമിയിൽ അങ്ങിങ്ങു പച്ചപ്പ്‌ നിറഞ്ഞ കനൽ പ്രദേശങ്ങളുമുണ്ട്.

ദ്വീപുകൾ

കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ആണ് പ്രധാനപ്പെട്ട രണ്ടു ദ്വീപ സമൂഹങ്ങൾ. ലക്ഷദ്വീപ് അറബിക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബംഗാൾ ഉൾക്കടലിലും സ്ഥിതിചെയ്യുന്നു. ലക്ഷദ്വീപിന്‌ മൊത്തം 35 ദ്വീപുകളും 32 ചതുരശ്ര കിലോമീറ്റര് വ്യാപ്തിയും ഉണ്ട്. 572 ദ്വീപുകളുള്ള ആൻഡമാൻ നിക്കോബാറിനു 8249 ചതുരശ്ര കിലോമീറ്റര് ഭൂവിസ്തൃതിയുണ്ട്. ഇവയിൽ 38 എണ്ണതിൽ ജനവാസമുണ്ട്. ഇത് കൂടാതെ ദാമൻ ഡിയു, മാജുളി,സൽസെറ്റ് ദ്വീപുകൾ, ശ്രീഹരിക്കോട്ട എന്നെ ദ്വീപുകളും, മറ്റനേകം ദ്വീപുകളുമുണ്ട്.

ഇന്ത്യയുടെ ബാഹ്യരേഖാ ഭൂപടം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യ വിസ്തീർണത്തിൽ ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ രാജ്യമാണ്. ഇന്ത്യയ്ക്ക് ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, ചൈന, മ്യാന്മാർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിർത്തിയുണ്ട്. രാജ്യത്തിന്റെ 3,287,240 ചതുരശ്ര കി.മീ. വരുന്ന മൊത്തം വിസ്തീർണത്തിൽ 7,517 ചതുരശ്ര കി.മീ. തീരദേശ അതിർത്തി അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്നു. 29 സംസ്ഥാനങ്ങളും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന റിപ്പബ്ലിക്കാണ് ഇന്ത്യ.

വളരെ വൈവിധ്യം നിറഞ്ഞ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ പാരമ്പര്യ വ്യവസായങ്ങൾ, ആധുനിക വ്യവസായങ്ങൾ, പാരമ്പര്യ ഗ്രാമീണ കൃഷിരീതികൾ, പരിഷ്കൃത കൃഷിരീതികൾ കൈത്തറികൾ, കരകൗശല നിർമാണം, ഖനനം, മത്സ്യബന്ധനം എന്നിവ ഉൾപ്പെടുന്നതാണ്. രാജ്യത്തിന്റെ ഭൂഭാഗത്തിന്റെ അതിർത്തികൾ കാണിക്കുന്ന സംക്ഷിപ്ത ഭൂപടം രാജ്യാന്തര, സംസ്ഥാന അതിർത്തികൾ മനസിലാക്കുവാൻ സഹായിക്കുന്നു.

വിദ്യാർത്ഥികൾക്ക് ഇന്ത്യയുടെ ഭൂശാസ്ത്രം, ഭൂപ്രകൃതി, വിവിധ സംസ്ഥാനങ്ങൾ, എന്നിവ അവയുടെ അതിർത്തികൾ അടയാളപ്പെടുത്തി പഠിക്കുവാൻ സഹായിക്കുന്ന വഴികാട്ടിയാണ് ഔട്ട്-ലൈൻ മാപ്പ്. അടയാളപ്പെടുത്താത്ത രേഖാഭൂപടം ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്. ഓഫ്‌ലൈൻ രേഖാഭൂപടം പ്രിന്റു ചെയ്യാവുന്നതും പഠന ആവശ്യങ്ങൾക്ക് പ്രയോജന പ്രദവുമാണ്.

ഇന്ത്യൻ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും

ഔദ്യോഗികമായി ഇന്ത്യൻ റിപ്പബ്ലിക്ക് (Republic of India) എന്നറിയപ്പെടുന്ന ഭാരതം തെക്കൻ ഏഷ്യാ പ്രദേശത്തു സ്ഥിതി ചെയ്യുന്ന രാജ്യത്തിന് 3,287,263 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഏകദേശം 1,293,057,000 ജനസംഖ്യയുള്ള ഇന്ത്യ ലോകത്തു ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. 

ലോകത്തെ ഏറ്റവും ജനങ്ങളുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യ പാർലമെൻററി ഭരണ സമ്പ്രദായത്തിൽ ഭരിക്കപ്പെടുന്ന ഫെഡറൽ ഭരണഘടനയിൽ അധിഷ്ഠിതമായ റിപ്പബ്ലിക്ക് ആണ്. 29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും രാജ്യത്തുണ്ട്. ഓരോ സംസ്ഥാനത്തിനും കേന്ദ്ര പ്രദേശത്തിനും അതാതിന്റേതായ ഭരണ-നിയമനിർമാണ-ജുഡീഷ്യൽ തലസ്ഥാനങ്ങളുണ്ട്. 

തെരെഞ്ഞെടുക്കപ്പെട്ട ഗവൺമെന്റും നിയമസഭയും എല്ലാ സംസ്ഥാനങ്ങൾക്കും, പുതുശ്ശേരി, ഡൽഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമുണ്ട്. അഞ്ചു വര്ഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഈ സംസ്ഥാനങ്ങൾക്കുണ്ട്. മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങൾ കേന്ദ്ര ഗവണ്മെന്റ് നേരിട്ടാണ് ഭരിക്കുന്നത്. 1956 ലെ സംസ്ഥാന പുനര്നിര്ണയ നിയമമനുസരിച്ച്ച്‌ ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെ വിഭജിച്ചിരിക്കുന്നത്. 

മുകളിലുള്ള ഭൂപടത്തിൽ സംസ്ഥാന ങ്ങളും അവയുടെ തലസ്ഥാനങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു. സംസ്‌ഥാനങ്ങളുടെ പേര് വലുതായും തലസ്‌ഥാനങ്ങളെ കറുത്ത ബിന്ദു ഉപയോഗിച്ചും അടയാളപ്പെടുത്തിയിരിക്കുന്നു. അന്താരാഷ്ട്ര അതിർത്തികളും അടയാളപ്പെടുത്തിയിട്ടുണ്ട്. മാപ്പിന് താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ സംസ്ഥാനങ്ങളെയും കേന്ദ്ര പ്രദേശങ്ങളെയും അവയുടെ തലസ്ഥാന നഗരങ്ങളോടൊപ്പം അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയും തലസ്ഥാനവും

രാജ്യം

തലസ്ഥാനം

ഇന്ത്യ

ന്യൂഡൽഹി


സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും

നമ്പർ

സംസ്ഥാനം

തലസ്ഥാനം

1

ആന്ധ്രാപ്രദേശ്

ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം)

2

അരുണാചൽ പ്രദേശ്

ഇറ്റാനഗർ

3

ആസ്സാം

ഡിസ്‌പൂർ

4

ബീഹാർ

പട്ന

5

ഛത്തീസ്ഗഢ്

റായ്‌പൂർ

6

ഗോവ

പനാജി

7

ഗുജറാത്ത്

ഗാന്ധിനഗർ

8

ഹരിയാന

ചണ്ഡീഗഡ്

9

ഹിമാചൽ പ്രദേശ്

ഷിംല

10

ജമ്മു-കാശ്മീർ

ശ്രീനഗർ (വേനൽക്കാലം) ജമ്മു (ശീതകാലം)

11

ജാർഖണ്ഡ്

റാഞ്ചി

12

കർണാടകം

ബാംഗ്ലൂർ

13

കേരളം

തിരുവനന്തപുരം

14

മധ്യ പ്രദേശ്

ഭോപ്പാൽ

15

മഹാരാഷ്ട്ര

മുംബൈ

16

മണിപ്പൂർ

ഇൻഫൽ

17

മേഘാലയ

ഷില്ലോങ്

18

മിസോറം

ഐസവൾ

19

നാഗാലാ‌ൻഡ്

കൊഹിമ

20

ഒഡിഷ

ഭുവനേശ്വർ

21

പഞ്ചാബ്

ചണ്ഡീഗഡ്

22

രാജസ്ഥാൻ

ജയ്‌പൂർ

23

സിക്കിം

ഗാങ്ടോക്ക്

24

തമിഴ്‌നാട്

ചെന്നൈ

25

തെലുങ്കാന

ഹൈദരാബാദ്

26

ത്രിപുര

അഗർത്തല

27

ഉത്തർ പ്രദേശ്

ലഖ് നൗ

28

ഉത്തരാഖണ്ഡ്

ഡെറാഡൂൺ

29

പശ്ചിമ ബംഗാൾ

കൊൽക്കത്ത

 

കേന്ദ്രഭരണ പ്രദേശങ്ങളും തലസ്ഥാനങ്ങളും

നമ്പർ

കേന്ദ്രഭരണ പ്രദേശം

തലസ്ഥാനം

1

ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ

പോർട്ട് ബ്ളയർ

2

ചണ്ഡീഗഡ്

ചണ്ഡീഗഡ്

3

ദാദ്ര - നഗർ ഹവേലി

സിൽവാസ

4

ദാമൻ-ദിയു

ദാമൻ

5

ഡൽഹി

ഡൽഹി

6

ലക്ഷദ്വീപ്

കവരത്തി

7

പുതുശ്ശേരി

പോണ്ടിച്ചേരി

ഇന്ത്യൻ റോഡ് ഭൂപടം

ഇന്ത്യൻ റോഡുകളുടെ ഭൂപടം രാജ്യത്തെ പാതകളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഇന്ത്യയിലെ റോഡുകളുടെ ശൃംഖല ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ ശൃംഘലയായി കണക്കാക്കപ്പെടുന്നു. രാജ്യത്തു മൊത്തം 2.059 ദശലക്ഷം മൈൽ (4.42 ദശലക്ഷം കിലോമീറ്റർ) റോഡുകളുണ്ട്. രാജ്യത്തെ ഓരോ ചതുരശ്ര കി.മീ. ഭൂമിക്കും 0.66 കി.മീ. റോഡുണ്ട്. പ്രധാന പാതകളുടെ സാന്ദ്രത അമേരിക്ക, (0.65 കി.മീ.) ബ്രസിൽ (0.20 കി.മീ.), ചൈന (0.16) എന്നീ രാജ്യങ്ങളെക്കാളും കൂടുതലുണ്ട്. 2002 ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് മൊത്തം റോഡുകളുടെ 47.3% മാത്രമാണ് ടാർ ചെയ്ത റോഡുകൾ.

ഇന്ത്യൻ റോഡ് മാപ്പുകൾ - അവലോകനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഏതാണ്ട് അരനൂറ്റാണ്ടു കാലം റോഡുവികസനത്തിനും പരിപാലനത്തിനുമായി വളരെ അപര്യാപ്തമായ ധനം മാത്രമേ വിനയോഗിച്ചിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഈ ചിത്രം മാറുകയാണ്. ഭാരത സർക്കാർ വിവിധ സ്വകാര്യ സംരംഭകരുമായി പങ്കുചേർന്ന് റോഡ്‌നാവീകരണത്തിനായും ഗതാഗത വികസനത്തിനായും വർധിച്ച പ്രാധാന്യമാണ് നൽകുന്നത്. 2016-ൽ കേന്ദ്ര ബജറ്റ് 970 മില്യൺ രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. യമുന എക്സ്പ്രെസ്സ്‌വേ, ദേശിയ പാത വികസന പദ്ധതി, മുംബൈ-പുണെ എക്സ്പ്രെസ്സ്‌വേ എന്നിവ ഈ ശതകത്തിന്റെ ആദ്യവര്ഷങ്ങളിൽ സാക്ഷാത്കരിച്ചുവെങ്കിൽ ഇന്റർ സിറ്റി എക്സ്പ്രസ്സ് വേ കളും പോർട്ട് കണക്ടിവിറ്റി ലിങ്കുകളും പുതിയ ലക്ഷ്യങ്ങളാണ്. 2011 ഇൽ ഒക്ടോബർ മാസം വരെ 14000 കി.മീ. നാലുവരി പാതകൾ പൂർത്തിയാക്കാൻ കഴിഞ്ഞു. ഈ ദേശീയ പാതകൾ രാജ്യത്തെ പ്രധാന ഉല്പാദന-വിപണന-സാംസ്‌കാരിക സമുച്ചയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. സാമ്പത്തിക വികസനത്തിന്റെ ആക്കം കൂട്ടണമെങ്കിൽ ഗോൾഡ്മാൻ സാക്‌സിന്റെ വാർഷിക റിപ്പോർട്ടിൽ സമർത്ഥിച്ചതനുസരിച്ച് അടുത്ത പത്തു വർഷത്തേക്ക് രാജ്യം ഏകദേശം 112200 ബില്യൺ രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി കണ്ടെത്തേണ്ടി വരും. ഈ ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി വിദേശ മൂലധനമുൾപ്പടെ സ്വകാര്യ പങ്കാളിത്തം റോഡ് വികസന മേഖലയിൽ കൊണ്ടുവരുന്നതിനാണ് ഭാരത സർക്കാർ മുൻ‌തൂക്കം കൊടുക്കുന്നത്. ഇതിന്റെ പ്രോത്സാഹനത്തിനുവേണ്ടി ടോൾ അവകാശമുൾപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നിക്ഷേപകർക്കും കോൺട്രാക്ടർമാർക്കും നല്കാൻ ഗവണ്മെന്റ് സന്നദ്ധമാകുന്നു.

ഇന്ത്യൻ റോഡ് ശൃംഘലയെപ്പറ്റിയുള്ള സ്ഥിതി വിവര കണക്കുകൾ

സാമാന്യമായി ബിറ്റുമെൻ ചേർത്ത ടാർ റോഡുകളാണ് രാജ്യത്തു പൊതുവിൽ നിർമിക്കുന്നത്. എന്നിരുന്നാലും ചില ദേശീയ ഹൈവേകൾ കോൺക്രീറ്റിലും നിർമിക്കുന്നുണ്ട്. കാൺപൂർ പോലെ ചില നഗരങ്ങളിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോൺക്രീറ്റിൽ നിർമിച്ച റോഡുകൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്. സിമെന്റിന്റെ ലഭ്യതക്കുറവുമൂലവും മറ്റും 1990 കാലം വരെ കോൺക്രീറ് റോഡുകൾ അത്ര പ്രചാരത്തിലില്ലായിരുന്നു. കോൺക്രീറ്റ് റോഡുകളുടെ മികച്ച ഗുണനിലവാരവും സിമെന്റിന്റെ വർധിച്ച ലഭ്യതയും മൂലം ഇപ്പോൾ കോൺക്രീറ്റ് റോഡുകൾ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നു. ഈ റോഡുകൾക്ക് ഭേദപ്പെട്ട ഉറപ്പുണ്ടെന്നതു കൂടാതെ ബിറ്റുമെൻ റോഡുകളെക്കാളും പരിപാലന ചെലവ് കുറവും ആണ്.

ഇന്ത്യൻ റോഡ് ശൃംഖല

റോഡ് വിഭാഗം

നീളം(കി.മീ)

സംസ്ഥാന ഹൈവേകൾ

128000

ദേശീയ പാതകൾ/ അതിവേഗ ഇടനാഴികൾ

66754

പ്രധാന ജില്ലാ പാതകൾ

470000

ഗ്രാമീണ റോഡുകൾ

2650000

മൊത്തം (ഏകദേശം കണക്ക്)

3314754


അതിവേഗ പാതകൾ ഇന്ത്യയിൽ (
Expressways)

2009-ൽ രാജ്യത്തിൻറെ ദേശിയ ഹൈവേ ശൃംഖലയിൽ ഇന്ത്യക്ക് ആകെ 200കി.മീ. അതിവേഗ പാത മാത്രമാണുണ്ടായിരുന്നത്. 2011 ആയപ്പോഴേക്കും ഇത് 600 കി.മീ. ആയും 2014 ആയപ്പോഴേക്കും 3530 കി.മീ.യും ആയി വർധിച്ചു. നാലുവരിയും ആറുവരിയുമായി നിർമിച്ചിരിക്കുന്ന ഈ റോഡുകളിൽ വാഹനങ്ങളുടെ തീവ്രവേഗത അനുവദനീയമാണ്. 2022 ആകുമ്പോഴേക്കും 18637 കി.മീ. എക്സ്പ്രസ്സ് പാതകൾ എന്ന ലക്ഷ്യത്തിനാണ് ഭാരത സർക്കാർ രൂപരേഖ തയാറാക്കിയിരിക്കുന്നത്. നാലോ ആറോ വരിയിൽ വാഹനമോടിക്കാവുന്ന എക്സ്പ്രസ്സ് പാതകൾ നടുവിൽ separator സ്ഥാപിച്ചവയും രണ്ടു വശത്തും ഉയർത്തിയ അതിര് സ്ഥാപിച്ചവയുമാണ്. ഇവയിൽ വാഹന ഗതാഗതം നിശ്ചിത വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മൂന്നുചക്ര, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ, കാളവണ്ടികൾ എന്നിവ അതിവേഗ പാതകളിൽ അനുവദനീയമല്ല. നിരന്തരമായ ഗതാഗതത്തിനുവേണ്ടി പാതകൾ സംഗമിക്കുന്നതും ഗതിനിയന്ത്രണ മുഴകളും ഒഴിവാക്കിയിരിക്കുന്നതിനാൽ മണിക്കൂറിൽ കുറഞ്ഞത് 75 മൈൽ മുതൽ 120 മൈൽ വേഗത്തിൽ വാഹനങ്ങൾ ഓടിക്കേണ്ടതാണ്. രാജ്യത്തെ മിക്ക എക്സ്പ്രസ്സ് പാതകളും ഇപ്പോൾ ടോൾ റോഡുകളാണ്.

ഇന്ത്യയിലെ എക്സ്പ്രസ്സ് പാതകൾ

ഇന്ത്യയിലെ അതിവേഗ പാതകൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു

പേര്

സംസ്ഥാനം

മുംബൈ-പുണെ എക്സ്പ്രസ്സ് വേ

മഹാരാഷ്ട്ര

അഹമ്മദാബാദ് വഡോദര എക്സ്പ്രസ്സ് വേ

ഗുജറാത്ത്

അലഹബാദ് ബിപാസ്സ്‌

ഉത്തർ പ്രദേശ്

ജയ്‌പൂർ കിഷൻഗഢ് എക്സ്പ്രസ്സ് വേ

രാജസ്ഥാൻ

ചെന്നൈ ബെപാസ്സ്‌

തമിഴ്നാട്

ദുർഗാപുർ എക്സ്പ്രസ്സ് പാത

ബംഗാൾ

നോയിഡ-ഗ്രെയ്റ്റർ നോയിഡ എക്സ്പ്രസ്സ്

ഡൽഹി/സ്ഉത്തർ പ്രദേശ്

ഡൽഹി ഗുഡ്ഗാവ് എക്സ്പ്രസ്സ് വേ

ഡൽഹി/ ഹരിയാന

ഡൽഹി-നോയിഡ ഡയറക്റ്റ് ഫ്‌ളൈവേ

ഡൽഹി ഉത്തർ പ്രദേശ്

കോണ എക്സ്പ്രസ്സ് വേ

ബംഗാൾ

ഹോസൂർ റോഡ് എക്സ്പ്രസ്സ് വേ

കർണാടകം

ഔട്ടർ റിങ് റോഡ് ഹൈദരാബാദ്

തെലുങ്കാന

അംബാല ചണ്ഡീഗഡ് അതിവേഗ പാത ഹരിയാന

ഹരിയാന

റായ്‌പുർ ഭിലായ് ദുർഗ് എക്സ്പ്രസ്സ് വേ

ഛത്തിസ്ഗഢ്



ഇന്ത്യയിലെ ദേശീയ പാതകൾ (
National Highways in India)

രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങൾ, സംസ്ഥാന തലസ്ഥാനങ്ങൾ, തുറമുഖങ്ങൾ, പ്രധാന വ്യാപാര കേന്ദ്രങ്ങൾ, ടൂറിസ്റ്റ് താല്പര്യമുള്ള സ്ഥലങ്ങൾ എന്നിങ്ങനെ രാജ്യത്തെ എല്ലാ പ്രധാന സ്ഥലങ്ങളെയും നെടുകെയും കുറുകെയും ബന്ധിപ്പിക്കുന്ന പാതകളാണ് ദേശിയ ഹൈവേകൾ. ദേശിയ ഹൈവേകളെ NH എന്ന സംജ്ഞയോടൊപ്പം പ്രത്യേക സംഖ്യയുണ് ചേർത്ത് നാമകരണം ചെയ്തിരിക്കുന്നു. ദേശിയ പാതകളെ അവയുടെ വാഹന ഗതാഗതം സാധ്യമായ വരികളുടെ (lane) എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിഭാഗീകരിച്ചിരിക്കുന്നു. ഒരോ lane -ഉം 1.75 മീറ്റർ ആണ്. 2011 ലെ കണക്കനുസരിച്ച്‌ രാജ്യത്ത് പുതുതായി നിർമിച്ച് പ്രവർത്തനക്ഷമമാക്കിയ ഹൈവേകൾ താഴെ പറയുന്ന പ്രകാരമാണ്.

  • കിഴക്കു-പടിഞ്ഞാറൻ ഇടനാഴി 5829 കി.മീ. 4 ലൈൻ പാത
  • ഗോൾഡൻ ചതുർഭുജ പാത 5829 കി.മീ. 4 ലൈൻ പാത
  • അന്തർ തലസ്ഥാന ഹൈവേകൾ 1342 കി.മീ. 4-ലൈൻ പാതകൾ
  • തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേകൾ 330 കി.മീ. 4 ലൈൻ പാതകൾ
  • 9-ബൈപാസുകൾ, എക്സ്റ്റൻഷനുകൾ 945 കി.മീ.

മുകളിൽ പറഞ്ഞ ഹൈവേകൾ രാജ്യത്തെ പ്രധാന ഉല്പാദന കേന്ദ്രങ്ങൾ, വ്യാപാര ഹബ്ബുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഫെബ്രുവരി 2008-ലെ കണക്കുപ്രകാരം രാജ്യത്താകമാനം ഉപയോഗത്തിലുള്ള 7000 കി.മീ. ഹൈവേയിൽ നാലോ അതിൽ കൂടുതലോ വരികളുള്ള റോഡുകൾ 14 ശതാമാനമായിരുന്നപ്പോൽ 59 ശതാമാനം റോഡുകൾ ഇരുവരി പാതകളും ശേഷിക്കുന്ന 27 ശതമാനം ദേശിയ പാതകൾ ഒറ്റവരിയുമായിരുന്നു. 2008 ഓടെ രാജ്യത്ത് ബി ഓ ടി (Build-Operate-Transfer) മാതൃകയിൽ വിവിധ റോഡുകൾ നിർമിക്കുന്നതിനുള്ള ഉടമ്പടി സ്വകാര്യ മേഖലക്ക് നൽകുകയുണ്ടായി.

ദേശിയ ഹൈവേയുടെ വര്‍ഗ്ഗീകരണം

വരികൾ

നീളം

ശതമാനം

ഇരുവരി പാതകൾ

39,079

59%

ഇടത്തരം/ ഒറ്റവരി പാതകൾ

18350

23%

നാല് /ആറ് /എട്ടു വരി പാതകൾ

9325

14%

മൊത്തം

66754

100%

 

രാജ്യത്തെ ദേശിയ പാതകളുടെ വികസനത്തിനും സംരക്ഷണത്തിനും കൈകാര്യം പ്രവർത്തനത്തിനും ദേശിയ പാതാ അതോറിറ്റി (National Highways Authority of India or NHAI) യാണ് ഉത്തരവാദപ്പെട്ട സ്ഥാപനം. അതോറിറ്റിയുടെ കീഴിൽ ദേശിയ പാത വികസന പദ്ധതിയെന്ന പ്രൊജക്റ്റ് ആരംഭിക്കുകയും നിലവിലുള്ള പാതകളുടെ വികസനവും തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകൾ നിർമിക്കുകയും ചെയ്തു.

ഇന്ത്യയിലെ സംസ്ഥാന ഹൈവേകൾ

ദേശിയ ഹൈവേകൾക്കു പുറമെ സംസ്ഥാനങ്ങൾക്കകത്തും അയൽ സംസ്ഥാനങ്ങൾ തമ്മിലും പ്രധാന പട്ടണങ്ങൾ, ജില്ലാ ആസ്ഥാനങ്ങൾ, ചെറിയ തുറമുഖങ്ങൾ, ടൂറിസം ഹബുകൾ, ദേശിയ പാതകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിച്ചു വാഹന ഗതാഗതം സുഗമമാക്കുന്നതും സംസ്ഥാന ഗോവെർന്മെന്റുകളുടെ മേല്നോട്ടത്തിലുള്ളതുമായ പാതകളാണ് സ്റ്റേറ്റ് ഹൈവേകൾ. പ്രധാന നഗരങ്ങൾ, വ്യവസായ ടൗൺഷിപ്പുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാന ഹൈവേകൾ 2014 ലെ കണക്കു പ്രകാരം രാജ്യത്തു മൊത്തം 154,522 കി.മീ. ഉണ്ട്. മുകളിൽ പ്രതിപാദിച്ച പ്രധാന പാതകൾക്കു പുറമെ സംസ്ഥാന പൊതുമരാമത്തു വകുപ്പുകൾ പരിപാലിക്കുന്ന അന്തർ ജില്ലാ റോഡുകൾ, പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ, നഗര പാതകൾ, തദ്ദേശ സ്ഥാപനങ്ങൾ പരിപാലിക്കുന്ന മുനിസിപ്പൽ റോഡുകൾ, ഗ്രാമ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള ഗ്രാമീണ റോഡുകൾ, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും നിർമിച്ചു പരിപാലിക്കുന്ന പാതകൾ എന്നിവയും രാജ്യത്തു ഉണ്ട്.

ഇന്ത്യൻ ഉപഗ്രഹ ഭൂപടം

ഒരു രാജ്യത്തിൻറെ രൂപരേഖയും അതിന്റെ അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയും കാണുവാൻ ഉപഗ്രഹ ഭൂപടം സഹായിക്കുന്നു.താഴെ കാണപ്പെടുന്ന ഉപഗ്രഹ ചിത്രം ഇന്ത്യയെയും അതിന്റെ അയാൾ രാജ്യങ്ങളെയും കാട്ടിത്തരുന്നു.

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

29 സംസ്ഥാനങ്ങളും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളുമുള്ള ഇന്ത്യക്ക് 3287263 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പാകിസ്ഥാൻ,ചൈന, അഫ്ഘാനിസ്ഥാൻ, മ്യാന്മാർ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ളാദേശ് എന്നീ ഏഴു രാജ്യങ്ങളുമായി ഇന്ത്യ അന്താരാഷ്ട്ര അതിർത്തി പങ്കുവെയ്ക്കുന്നു. പടിഞ്ഞാറ് അറേബ്യൻ കടൽ, കിഴക്ക് ബംഗാൾ ഉൾക്കടൽ, തെക്ക് ഇന്ത്യൻ മഹാസമുദ്രം എന്നിങ്ങനെ ജലസഞ്ചയം ഇന്ത്യയെ വലയം ചെയ്തിരിക്കുന്നു.

സംസ്ഥാനങ്ങളുടെ വിദേശ അതിർത്തികൾ

ഇതിനുപുറമെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നത് മനസിലാക്കുവാൻ ഉപഗ്രഹ മാപ്പ് സഹായിക്കുന്നു.

  • പഞ്ചാബ്, ജമ്മു-കാശ്മീർ, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ പാകിസ്ഥാനുമായി;
  • അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു-കാശ്മീർ എന്നിവ ചൈനയുമായി;
  • ബീഹാർ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ് എന്നിവ നേപ്പാളുമായി;
  • പശ്ചിമ ബംഗാൾ, അസം, മിസോറാം, ത്രിപുര, മേഘാലയ എന്നിവ ബാംഗ്ളാദേശുമായി
  • പശ്ചിമ ബംഗാൾ, അരുണാചൽ, സിക്കിം, അസം എന്നിവ ഭൂട്ടാനുമായി;
  • അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാ‌ൻഡ്, മണിപ്പൂർ എന്നിവ മ്യാന്മറുമായി;
  • ജമ്മു-കാശ്മീർ (പാക് അധിനിവിഷ്ട പ്രദേശം) അഫ്ഘാനിസ്ഥാനുമായും

എന്നിങ്ങനെ ഇന്ത്യൻ സംസ്ഥാനങ്ങൾ വിവിധ വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

ഇന്ത്യൻ ഉപഗ്രഹ മാപ്പിൽകൂടി സൂം ചെയ്യുന്നതിലൂടെ വിവിധ സംസ്ഥാനങ്ങൾ, നഗരങ്ങൾ, പട്ടണങ്ങൾ. ഗ്രാമങ്ങൾ, പ്രദേശങ്ങൾ,എന്നിവ വേർതിരിച്ചു കാണാൻ സാധിക്കും. മുകളിൽ ഇടതുവശത്തായി കൊടുത്തിരിക്കുന്ന "ലേബൽ" സെലക്ട് ചെയ്താൽ എല്ലാ ഘടകങ്ങളുടെയും പേര് മാപ്പിൽ കാണാൻ കഴിയും.

ലോക ഭൂപടം

വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഭൗമ ഉപരിതലത്തിലെ രേഖാ ചിത്രമാണ് ലോക ഭൂപടം. ഭൂമിയുടെ ആകൃതിയെ സംബന്ധിക്കുന്ന നമ്മുടെ ദീർഘമായ അന്വേഷണത്തിന്റെ ഫലമാണ് വിശ്വ ഭൂപടത്തിന്റെ നിർമിതി. ഭൂമി എന്ന ത്രിമാന വസ്തുവിന്റെ ദ്വിമാന പ്രതലത്തിലുള്ള ചിത്രീകരണമാണ് ലോക മാപ്പ്. വിവിധ ആവശ്യങ്ങൾ മുന്നിൽ കണ്ട് ഞങ്ങൾ ഭൂപടങ്ങൾ നിർമിക്കുന്നു. ഇവയിൽ രാജ്യങ്ങളുടെ മാപ്പ്, ഭൂഖണ്ഡങ്ങളുടെ മാപ്പ്, പ്രദേശങ്ങളുടെ മാപ്പുകൾ, നഗര മാപ്പുകൾ, സഞ്ചാര മാപ്പുകൾ, സമുദ്ര മാപ്പുകൾ, പർവത മാപ്പുകൾ, റോഡ് മാപ്പുകൾ എന്നിങ്ങനെ നിരവധി ഭൂപടങ്ങളുണ്ട്. 

വിശ്വ ഭൂപടം അവയിൽ ഏറ്റവും അമൂർത്ത രൂപമാണ്. വിശ്വ ഭൂപടങ്ങൾ പ്രാഥമികമായി ഭൗതിക മാപ്പുകൾ, രാഷ്ട്രീയ മാപ്പുകൾ എന്നിങ്ങനെയാണ് നിലവിലുള്ളത്. രാഷ്ട്രീയ ഭൂപടങ്ങൾ വിവിധ രാജ്യങ്ങളുടെ അതിർത്തികൾ കാണിക്കുമ്പോൾ ലോക ഭൗതിക ഭൂപടം ഭൂമിശാസ്ത്ര ഘടകങ്ങളായ പർവതങ്ങൾ, ഭൂമിയുടെ ഉപയുക്തത, ജലാശയങ്ങൾ, ഹരിത ഭൂമിക, മണ്ണിന്റെ സവിശേഷതകൾ എന്നിങ്ങനെ കാണിക്കുന്നു.

ഇന്ത്യയുടെ മേഖലാ ഭൂപടം

വിവിധ ഇന്ത്യൻ ഭൗതിക മേഖലകൾ പ്രത്യേകം അടയാളപ്പെടുത്തിയ ഭൂപടമാണ് ഇന്ത്യൻ മേഖലാ ഭൂപടം(ZONAL MAP OF INDIA) ഭൂപ്രകൃതി, ഭാഷകളുടെ സാമ്യം, ജീവിതരീതി എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വിവിധ മേഖലകളായി വിവക്ഷിക്കുന്ന. അവ ഇപ്രകാരമാണ്:

വടക്കേ ഇന്ത്യ (NORTHERN INDIA)

ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങൾ അടങ്ങുന്നതാണ് ഉത്തരേന്ത്യ. കാലാവസ്ഥയിലും സംസാരഭാഷകളിലും വളരെ സാമ്യമുണ്ട്. ഹിന്ദിയാണ് മുഖ്യഭാഷ.

പശ്ചിമ ഇന്ത്യ (WESTERN INDIA)

പടിഞ്ഞാറൻ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി വിവക്ഷിക്കുന്ന. അറബിക്കടലിന്റെ സാന്നിധ്യം ഈ നാലു സംസ്ഥാനങ്ങൾക്കുണ്ട്. ട്രോപ്പിക്കൽ കാലാവസ്ഥയാണ് നാലു സംസ്ഥാനങ്ങൾക്കും. താർ മരുഭൂമി, ഡെക്കാൻ പീഠഭൂമി, കൊങ്കൺ തീരപ്രദേശം എന്നിങ്ങനെ വൈവിധ്യങ്ങളുണ്ട്. ഈ നാലു സംസ്ഥാനങ്ങളിലും വ്യത്യസ്തമായ ഭാഷകളാണ് സംസാരിക്കുന്നത്.

തെക്കേ ഇന്ത്യ (SOUTH INDIA)

ദക്ഷിണേന്ത്യ, തെന്നിന്ത്യ എന്നിങ്ങനെ വിളിക്കപ്പെടുന്ന തെക്കേ ഇന്ത്യയിൽ കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളും പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശവുമുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ് എന്നിവയാണ് പ്രധാന സംസാര/ഔദ്യോഗിക ഭാഷകൾ. മൂന്നുവശം സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പടിഞ്ഞാറ് അറബിക്കടൽ, തെക്ക് ഇന്ത്യൻ സമുദ്രം, കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവ. പശ്ചിമഘട്ട മലനിരകളും പൂർവ്വഘട്ട മലനിരകളും ഡെക്കാൻ പീഠഭൂമിയും ഭൂപ്രകൃതിയുടെ പ്രത്യേകതകളാണ്.

മധ്യ ഇന്ത്യ (CENTRAL INDIA):

മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ മധ്യ ഇന്ത്യയിലാണ്. മിക്കവാറും സമതലങ്ങളും, വിന്ധ്യ സത്പുര പർവത നിരകളും ഡെക്കാൻ പീഠഭൂമിയുടെ കുറച്ചു ഭാഗങ്ങളും ഉൾപ്പെടുന്നതാണ് മധ്യ ഇന്ത്യയുടെ ഭൂമിശാസ്ത്രം. ഹിന്ദിയാണ് പൊതുഭാഷ.

പൂർവ ഇന്ത്യ (EASTERN INDIA):

കിഴക്കൻ സംസ്ഥാനങ്ങൾ ബീഹാർ, ഒറീസ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയാണ്. ഹിമാലയ പർവതത്തിന്റെ താഴ്‌വാരം, ഉപ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള പ്രദേശങ്ങൾ, കിഴക്കൻ കൊറൊമാൻഡാൽ തീരം എന്നിവയാണ് ഇവിടത്തെ ഭൂമിശാസ്ത്രം. ബംഗാളി, ഹിന്ദി, മൈഥിലി, ഭോജ്‌പുരി, ഒറിയ എന്നീ ഭാഷകളും നിരവധി ഗോത്ര ഭാഷകളും സംസാരിക്കപ്പെടുന്നു.

വടക്കുകിഴക്കൻ ഇന്ത്യ (NORTH-EAST INDIA):

വടക്കുകിഴക്കൻ ഇന്ത്യയിൽ എട്ടു സംസ്ഥാനങ്ങളാണുള്ളത്. ആസാം, സിക്കിം,അരുണാചൽ പ്രദേശ്, മിസോറാം, മണിപ്പൂർ, നാഗാലാ‌ൻഡ്, മേഘാലയ ത്രിപുര എന്നിവയാണ് ഉത്തരപൂർവ ഇന്ത്യയിൽ ഉള്ളത്. മിക്കവാറും പരുക്കനായ കുന്നുകളും താഴ്‌വരകളും ദുർഗമ വനങ്ങളും ചേർന്നതാണ് വടക്കുകിഴക്കൻ ഇന്ത്യയുടെ ഭൂപ്രകൃതി. ഇവയിൽ ഓരോ സംസ്ഥാനത്തും ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നു.

ഇന്ത്യൻ നഗരങ്ങളുടെ വർഗീകരണം

സംസ്ഥാനം/ കേന്ദ്രഭരണപ്രദേശം

X-ക്ലാസ് നഗരങ്ങൾ (TIER-1)

Y-ക്ലാസ് നഗരങ്ങൾ (TIER-2)

ആന്ധ്രപ്രദേശ്

ഹൈദരാബാദ്

വിജയവാഡ, വാറങ്കൽ, വിശാഖപട്ടണം, ഗുണ്ടുർ

ആസാം

 

ഗുവാഹത്തി

ബീഹാർ

 

പട്ന

ചണ്ഡീഗഡ്

 

ചണ്ഡീഗഡ്

ഛത്തീസ്ഗഢ്

 

ദുർഗ്-ഭിലായ്, റായ്പ്പൂർ

ഡൽഹി

ഡൽഹി

 

ഗുജറാത്ത്

 

അഹമ്മദാബാദ്, രാജ്കോട്ട്, ജാംനഗർ, വഡോദര, സൂററ്റ്

ഹരിയാന

 

ഫരീദാബാദ്

ജമ്മു കാശ്മീർ

 

ശ്രീനഗർ, ജമ്മു

ജാർഖണ്ഡ്

 

ജംഷഡ്‌പൂർ, ധൻബാദ്, റാഞ്ചി

കർണാടക

ബാംഗ്ലൂർ

ബെൽഗാം, ഹൂബ്ലി-ധാർവാഡ്, മംഗളൂരു, മൈസൂർ

കേരളം

 

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം

മധ്യ പ്രദേശ്

 

ഗ്വാളിയോർ, ഇൻഡോർ, ഭോപ്പാൽ, ജബൽപൂർ

മഹാരാഷ്ട്ര

 

അമരാവതി, നാഗ്പുർ, ഔറംഗബാദ്, നാസിക്, ഭിവാന്ദി, പൂനെ, സോളാപ്പൂർ, കൊൽഹാപ്പൂർ

ഒറീസ

 

കട്ടക്ക്, ഭുബനേശ്വർ

പഞ്ചാബ്

 

അമൃതസർ, ജലന്ധർ, ലുധിയാന

പോണ്ടിച്ചേരി

 

പോണ്ടിച്ചേരി

രാജസ്ഥാൻ

 

ബിക്കാനീർ, ജയ്‌പൂർ, ജോധ്പുർ,കോട്ടാ

തമിഴ്‌നാട്

ചെന്നൈ

സേലം, തിരുപ്പൂർ, കോയമ്പത്തൂർ, തിരുച്ചിറപ്പളി, മദുരൈ

ഉത്തർ പ്രദേശ്

 

മൊറാദാബാദ്, മീററ്റ്, ഗാസിയാബാദ്, അലിഗഡ്, ആഗ്ര, ബറേലി, ലക്നൗ, കാൺപൂർ, അലഹബാദ്, ഗോരഖ്‌പൂർ, വാരാണസി

ഉത്തരാഖണ്ഡ്

 

ടെഹ്‌റാഡൂൺ

പശ്ചിമ ബംഗാൾ

കൊൽക്കത്ത

അസൻസോൾ

 

ഇന്ത്യയിലെ ഒന്നും രണ്ടും മൂന്നും ശ്രേണി നഗരങ്ങൾ

ഇന്ത്യയിലെ നഗരങ്ങളെ അവയിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് തയാറാക്കിയ ഘടന അനുസരിച്ച് വർഗീകരിച്ചിരിക്കുന്നു. ഈ വർഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ്, പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്ക് വീട്ടുവാടക അലവൻസും മറ്റു ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്.

2008 ൽ ആറാം ശമ്പള കമ്മീഷന്റെ ശുപാര്ശകളോടെയാണ് വിവിധ ഇന്ത്യൻ നഗരങ്ങളെ സ്, യു, സ് എന്നിങ്ങനെ വർഗീകരിച്ചത്. 2006 ഒക്ടോബർ 5 നാണ് കേന്ദ്രഗവൺമെന്റ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിന് ആറാം ശമ്പള കമ്മീഷനെ നിയമിക്കുന്നത്.

അതിനുമുൻപ് വീട്ടുവാടക അലവൻസും സിറ്റി കോമ്പൻസേറ്ററി അലവൻസും നിര്ണയിച്ചിരുന്നത് മറ്റു ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. 2008 ഓടെ ഓരോ നഗരത്തിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നഗരങ്ങളെ ശ്രേണീകരിക്കുന്ന രീതി വന്നു. A-1 നഗരങ്ങളെ X Tier ആയും A, B1, B2 നഗരങ്ങളെ Tier Y ആയും C ക്ലാസ്, വർഗീകൃതമല്ലാത്ത നഗരം എന്നിവയെ Tier-Z എന്നും നാമകരണം ചെയ്തു. അതുപ്രകാരം നഗരങ്ങളെTier-I, Tier-II and Tier-III എന്നിങ്ങനെ ശ്രേണീകരിച്ചു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ Tier I നഗരങ്ങൾ 8 ഉം, Tier II നഗരങ്ങൾ 26 ഉം, 33 Tier III നഗരങ്ങൾ33 ഉം, Tier IV പട്ടണങ്ങൾ 5000 ഉം ഉണ്ട്. അതേസമയം ഇന്ത്യയിൽ ഏകദേശം 638,000 ഗ്രാമങ്ങൾ ഉണ്ട്.

ഇന്ത്യൻ കാലാവസ്ഥാ ഭൂപടം

ഇന്ത്യയുടെ കാലാവസ്ഥ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തങ്ങളായ കാലാവസ്ഥകൾ അനുഭവപ്പെടുന്നു. തെക്കും കിഴക്കും ഉഷ്ണമേഖലാ കാലാവസ്ഥ മുതൽ പടിഞ്ഞാറൻ ഇന്ത്യയിലെ വരണ്ട കാലാവസ്ഥ, മധ്യ ഇന്ത്യയിലെ സബ് ട്രോപ്പിക്കൽ കാലാവസ്ഥ, വടക്കൻ ഹിമാലയ സാനുക്കളിലെ അതിശൈത്യ കാലാവസ്ഥ എന്നിവയാണ് പ്രധാന കാലാവസ്ഥകൾ.

ശൈത്യകാലത്ത് ഉയർന്ന പ്രദേശങ്ങളിൽ തുടർച്ചയായ മഞ്ഞുവീഴ്ച ഉൾപ്പടെ അനുഭവപ്പെടുന്നു. ഹിമാലയവും താർ മരുഭൂമിയും ഇന്ത്യയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. മധ്യ ഏഷ്യയിൽ നിന്നുള്ള തണുത്ത പാർവ്വത വാതങ്ങളെ (frigid katabatic wind) തടയുന്നതിൽ ഹിമാലയം സഹായിക്കുന്നു. രാജ്യത്തിൻറെ ഏതാണ്ട് മധ്യത്തിലൂടെ കടന്നുപോകുന്ന ഭൂമധ്യരേഖയുടെ സാന്നിധ്യം ഈ മേഖലയെ ഉഷ്ണ കാലാവസ്ഥയുടെ ഭൂമികയാക്കുന്നു. ഇങ്ങനെ കാലാവസ്ഥാ വൈവിധ്യത്തിന്റെ ഒരു വലിയ കലവറയാണ് ഇന്ത്യ. ലോക ഭൂപടത്തിൽ ഇന്ത്യയെ ഒരു ഉഷ്ണമേഖലാ രാജ്യമായി കണക്കാക്കുന്നു.

വിവിധ കാലാവസ്ഥാ മേഖലകൾ

ഇന്ത്യയിൽ കാലാവസ്ഥ പ്രധാനമായും നാലു തരമുണ്ട്. 'കോപ്പെൻ' (The Köppen Climate Classification System) കാലാവസ്ഥാ വർഗ്ഗീകരണ സമ്പ്രദായമനുസരിച്ചാണ് ഇപ്രകാരം തരം തിരിച്ചിരിക്കുന്നത്.

  1. 1. ഈർപ്പമുള്ള ഉഷ്ണമേഖല

ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥാ വിഭാഗത്തെ വീണ്ടും രണ്ട് ഉപ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയെന്നും വരണ്ട ഉഷ്ണമേഖലാ കാലാവസ്ഥ (സാവന്ന) കാലാവസ്ഥയെന്നും. പശ്ചിമഘട്ട മലനിരകൾ, മലബാർ തീരം, തെക്കൻ ആസാം, ലക്ഷദ്വീപ്, ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ എന്നീ സ്ഥലങ്ങളിൽ ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് കിട്ടുന്നത്. ഈ മേഖലയിൽ മിത ഉഷ്ണം മുതൽ ഉയർന്ന ചൂടുള്ള അന്തരീക്ഷവും കാലികവും ശക്തവുമായ മഴയും ലഭിക്കുന്നു. മെയ്മാസം മുതൽ നവംബർ വരെയാണ് മൺസൂൺ മഴ ലഭിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഹരിത വളർച്ചക്ക് ഈ മഴ പറയത്തമാണ്. രാജ്യത്തിൻറെ ആന്തരിക ഉപദ്വീപ പ്രദേശമാണ് വരണ്ട ട്രോപ്പിക്കൽ കാലാവസ്ഥ നിലനിൽക്കുന്നത്. ഈ പ്രദേശങ്ങളിൽ വേനൽക്കാലം അത്യുഷ്ണവും ജൂൺ - സെപ്തംബർ മൺസൂൺ കാലത്ത് മിതമായി മഴയും ലഭിക്കുന്നു.

2. വരണ്ട ട്രോപ്പിക്കൽ കാലാവസ്ഥ

വരണ്ട ഉഷ്ണമേഖലാ കാലാവസ്ഥക്ക് മൂന്ന് ഉപവിഭജനങ്ങളുണ്ട്. (a) ഉഷ്ണമേഖലാ അർദ്ധ ഊഷര കാലാവസ്ഥ (സ്റെപ്പി) (ബി) ഉപ ഉഷ്ണമേഖലാ ഊഷര കാലാവസ്ഥ (desert) (സി) ഉപോഷ്ണമേഖലാ അർദ്ധ ഊഷരം (സ്റെപ്പി). കർണാടക, മധ്യ മഹാരാഷ്ട്ര, തമിഴ്നാടിന്റെ ചില പ്രദേശങ്ങൾ, ആന്ധ്രപ്രദേശ് എന്നീ പ്രദേശങ്ങൾ സ്റെപ്പി കാലാവസ്ഥയാണ് ലഭിക്കുന്നത്. ഈ പ്രദേശത്ത് വര്ഷപാതം തീരെ കുറവും അപ്രതീക്ഷിതവുമായിരിക്കും. മാർച്ച് മുതൽ മെയ് വരെ വരണ്ട വേനല്ക്കാലമാണ് അനുഭവപ്പെടാറ്. അപര്യാപ്തവും അപ്രതീക്ഷിതവുമായ വര്ഷപാതം, കടുത്ത വേനൽക്കാലം എന്നിവമൂലം രാജസ്ഥാൻ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ വരണ്ട കാലാവസ്ഥ ലഭിക്കുന്ന ഉപോഷ്ണ മേഖലയിലാണ്. പഞ്ചാബും ഹരിയാനയും മുതൽ സൗരാഷ്ട്രയിലെ കതിയവാർ വരെ നീളുന്ന ഉഷ്ണമേഖലാ മരുഭൂ പ്രദേശങ്ങളിൽ അർദ്ധ-ഊഷരമായ ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പകൽ താപനില പരമാവധി 45°C വരെ പോകുന്നു.

3. നനവുള്ള ഉപോഷ്ണമേഖല കാലാവസ്ഥ

പ്രധാനമായും ഉത്തരേന്ത്യ, വടക്കു കിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ ഈ കാലാവസ്ഥ അനുഭവപ്പെടുന്നു. വേനൽക്കാലം വളരെ ചൂടുള്ളതും ശൈത്യകാല താപനില 0°C വരെ താഴുന്നതുമാണ്. വേനൽക്കാലത്ത് മിതമായും എന്നാൽ ശൈത്യകാലത് കാലികമായും ചില പ്രദേശങ്ങളിൽ മഴ പെയ്യാറുണ്ട്. മെയ്, ജൂൺ മാസങ്ങൾ ഏറ്റവും ചൂടുള്ളതും ശൈത്യകാലത്ത് മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതുമാണ്‌.

ഹിമാലയ പർവത കാലാവസ്ഥ

ഹിമാലയ നിരകളിൽ ഓരോ 100 മീറ്റർ ഉയരുന്തോറും താപം 0.6°C താഴുകയും ഇത് ഉഷ്ണമേഖലയിൽ തുടങ്ങി ഗിരിശൃംഗം വരെ നിരവധി ശൈത്യ മേഖലകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.പശ്ചിമ ഹിമാലയത്തിന്റെ വടക്കൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന ട്രാൻസ് ഹിമാലയൻ ബെൽറ്റ് തണുത്തതും ഊഷരവുമാണ്. ചരിവുകളിൽ ശക്തമായ മഴ ലഭിക്കുമ്പോൾ കാട്ടുതട്ടാത്ത മടക്കുകളിൽ തീരെ കുറവ് മഴ മാത്രം ലഭിക്കുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ ശക്തിയായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു.

ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

അക്ഷാംശം (Latitude)

കർക്കടക വൃത്തം (Tropic of Cancer) ഇന്ത്യയുടെ ഏതാണ്ട് മധ്യത്തിലൂടെ കടന്നുപോകയും കിഴക്ക് മിസോറം, പടിഞ്ഞാറ് റാൻ ഓഫ് കച്ച് എന്നീ സ്ഥലങ്ങൾ വരെ പ്രഭാവം ചെലുത്തുകയും ചെയ്യുന്നു. ഇത് രാജ്യത്തെ ട്രോപ്പിക്കൽ കാലാവസ്ഥയെ പ്രഥമമായി സ്വാധീനിക്കുന്നു. ഈ ട്രോപിക് രേഖയുടെ തെക്കുവശം ഉഷ്ണമേഖലയും വടക്കുവശം ഉപോഷ്ണ മേഖലയും ആണ്. അതിനാൽ ഇന്ത്യയിൽ ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ കാലാവസ്ഥകൾ അനുഭവപ്പെടുന്നു.

ഉയരം (Altitude)

ഇന്ത്യക്ക് വടക്ക് ശരാശരി 6000 മീറ്റർ ഉയരമുള്ള പര്വതനിരകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. അതേസമയം തെക്കും കിഴക്കും ശരാശരി 30 മീറ്ററിൽ താഴെ ഉയരമുള്ള സമുദ്രതീര സമതലങ്ങൾ ഉണ്ട്. മധ്യ ഏഷ്യയിൽനിന്നുള്ള അതിശൈത്യ വാതങ്ങളെ തടഞ്ഞു നിർത്തുന്നതിൽ ഹിമാലയം സഹായിക്കുന്നു. ഇതുമൂലം മധ്യ ഏഷ്യയിലുള്ളതിനേക്കാൾ മൃദുവായ ശൈത്യമാണ് ഇന്ത്യയിൽ അനുഭവപ്പെടുന്നത്.

മൺസൂൺ വാതങ്ങൾ (കടൽക്കാറ്റ്)

മഴക്കാല വാതങ്ങൾ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്. തിരിച്ചുവീശുന്ന സമുദ്രവാതങ്ങൾ കടുത്ത വേനല്ക്കാലത്തിന്റെ മൂർദ്ധന്യത്തിൽ ശക്തിയായ മഴ പെയ്യിക്കാന് സഹായിക്കുന്നു. തെക്കുപടിഞ്ഞാറൻ കടൽക്കാറ്റ് രാജ്യത്ത് ആകമാനം മഴ ലഭിക്കുവാൻ സഹായിക്കുന്ന ഘടകമാണ്. പ്രധാനമായും അറബിക്കടലിൽ നിന്നും അടിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം അഥവാ ഇടവപ്പാതി (ജൂൺ) തുടങ്ങി ഓഗസ്റ്റ് വരെ നീളുന്ന മൺസൂൺ, ബംഗാൾ ഉൾക്കടലിൽ നിന്നും അടിക്കുന്ന തെക്കുകിഴക്കൻ കാലവർഷം അഥവാ തുലാവർഷം എന്നിങ്ങനെ രണ്ടുതരം മൺസൂൺ കാറ്റുകൾ ഇന്ത്യയിൽ മഴ പെയ്യാൻ സഹായിക്കുന്നു.

പശ്ചിമ സമ്മർദ്ദവും ഉഷ്ണമേഖലാ ചുഴലിക്കാറ്റും (Western Disturbances and Tropical Cyclones: )

ഇന്ത്യൻ ഉപദ്വീപിന്റെ സിംഹഭാഗവും മെഡിറ്ററേനിയൻ സമുദ്രമേഖലയിൽ രൂപം കൊള്ളുന്ന ഉഷ്ണമേഖലാ ചുഴലിയുടെ പ്രഭാവം സ്വീകരിക്കുന്നു. ഈ വൃത്തങ്ങൾ അറബിക്കടൽ വഴിയും ബംഗാൾ ഉൾക്കടൽ വഴിയാണ് ഇന്ത്യൻ ഉപദ്വീപിൽ പ്രവേശിക്കുന്നു. മൺസൂൺ വാദങ്ങൾ പശ്ചിമ ഹിമാലയ പർവത മേഖലയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു.

കാലാവസ്ഥാ ദുരന്തങ്ങൾ ഇന്ത്യയിൽ

കാലാവസ്ഥാ സംബന്ധിയായ ദുരന്തങ്ങൾ ജീവനും സ്വത്തിനും വലിയ തോതിൽ നാശം വിതക്കാറുണ്ട്. അത്തരം ചില പ്രധാന ദുരന്തങ്ങൾ ഇവിടെ വിവരിക്കുന്നു.

ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും.

മഴ കടക്കുന്നതോടെ കുന്നിൻ പ്രദേശങ്ങളിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും സാധാരണമാണ്. കുന്നുകളുടെ പാർശ്വങ്ങളിലുള്ള ആഴമില്ലാത്ത മണ്ണ് പാറകളുടെ ഉപരിതലത്തിലൂടെ പ്രവഹിക്കുന്ന ജലത്തിന്റെ സമ്മർദ്ദത്താൽ താഴേക്ക് തെന്നിപ്പോകുന്നതാണ് ഉരുൾ പൊട്ടൽ. ഏക്കറുകളോളം സ്ഥലം അങ്ങനെ ഒലിച്ചുപോകാറുണ്ട്. വീടുകൾ, കൃഷികൾ എന്നിവ ഇതിനൊപ്പം നഷ്ടപ്പെടുന്നു. വനനശീകരണം ഇതിന് മുഖ്യ കാരണമാണ്. ആഴത്തിൽ വേരുള്ള പ്രകൃതിദത്ത മരങ്ങൾ കാലാന്തരങ്ങളായി മലകളെ സംരക്ഷിച്ചു പോന്നിരുന്നു. മനുഷ്യപ്രവർത്തനത്താൽ മരങ്ങൾ നശിച്ചപ്പോൾ ആ സംരക്ഷണം ഇല്ലാതെയായി.

അതിവൃഷ്ടിമൂലം അധികമായി വരുന്ന ജലം ഉൾക്കൊള്ളുവാൻ നദികൾക്കും പുഴകൾക്കും കഴിയാതെ വരുമ്പോൾ ജലം കരകവിഞ്ഞൊഴുകി കരഭൂമിയിൽ നാശം വിതക്കുന്നു. അശാസ്ത്രീയമായ നഗരവൽകരണം മൂലം മണ്ണിലേക്ക് ജലം ഉൾക്കൊള്ളുന്നതിന് വിഘാതം വരുത്തുന്നതും ഓടകളും ഡ്രൈനേജുകളും ആവശ്യത്തിന് നിർമിക്കാത്തതും പ്രളയത്തിന് കാരണമാകുന്നു. ഇന്ത്യയിലെ മിക്ക പ്രദേശങ്ങളും പ്രളയ സാധ്യത ഉള്ളവയാണ്. ശക്തിയായ മഴ പെയ്യുന്ന സ്ഥലങ്ങളിൽ പ്രളയങ്ങൾ സാധാരണ കാഴ്ചയാണ്. ആഴ്ചകളോളം ജനജീവിതം തടസപ്പെടുകയും മുങ്ങി മരണങ്ങളും പകർച്ചവ്യാധികളും ദുരന്തം വിതക്കുകയും ചെയ്യുന്നു. കിഴക്കൻ ഇന്ത്യയിലെ ഇൻഡോ ഗംഗ തടങ്കലിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത്.

വരൾച്ച

മഴയുടെ കുറവും ക്രമം തെറ്റിയുള്ള മഴയും വരൾച്ചയ്ക്ക് കാരണമാകുന്നു. ഇന്ത്യയിൽ കൃഷി മഴയെ ആശ്രയിച്ചാണ് നടക്കുന്നത്. മഴ കുറയുകയോ സമയത്ത് പെയ്യാതിരിക്കുകയോ ചെയ്താൽ വരൾച്ച മൂലമുള്ള കൃഷിനാശം ഉണ്ടാകുന്നു.ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഒറീസ, മഹാരാഷ്ട്ര, കർണാടകയുടെ ചില സ്ഥലങ്ങൾ എന്നിവ വരൾച്ചാ സാധ്യതയുള്ള സ്ഥലങ്ങളാണ്.

ഉഷ്ണമേഖലാ ചുഴലികൾ

പ്രകൃതി ക്ഷോഭങ്ങളിൽ ഏറ്റവും കൂടുതൽ സംഹാരശേഷിയുള്ളത് ഉഷ്ണമേഖലാ ചക്രവാതങ്ങൾക്കാണ്. ഇന്ത്യയിൽ തീരദേശ ജനവാസ കേന്ദ്രങ്ങളും കൃഷികളും ചുഴലിക്കാറ്റിൽ പലപ്പോഴും കശക്കി എറിയപ്പെടാറുണ്ട്. ഒറീസ, പശ്ചിമബംഗാൾ, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങൾ വർഷംതോറും ചുഴലിക്കാറ്റിന്റെ കെടുതികൾ അനുഭവിക്കാറുണ്ട്. ചുഴലിക്കാറ്റിനോടൊപ്പം ശക്തമായ മഴയും അനുഭവപ്പെടുന്നു.

വിവിധ കാലാവസ്ഥാ മേഖലകൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന വിധമാണ്.

കാലാവസ്ഥാ മേഖല

സംസ്ഥാനം/ പ്രദേശം

ഉഷ്ണമേഖലാ മഴക്കാടുകൾ (Tropical Rainforest)

ആസാം, പശ്ചിമഘട്ടം, സഹ്യാദ്രി മലനിരകൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മേഘാലയ, ഒറീസയുടെ തീരമേഖല

ഉഷ്ണമേഖലാ പുൽമേടുകൾ

സഹ്യാദ്രി മലനിരകൾ, മഹാരാഷ്ട്രയുടെ ഭാഗങ്ങൾ, വടക്കുകിഴക്കൻ ഖാസി കുന്നുകൾ, നാഗാ കുന്നുകൾ.

ഉഷ്ണമേഖലാ/ ഉപോഷ്ണമേഖലാ സ്റ്റെപ്പികൾ

പഞ്ചാബിന്റെയും ഗുജറാത്തിന്റെയും ഭാഗങ്ങൾ

ഉഷ്ണമേഖലാ മരുഭൂമികൾ

രാജസ്ഥാൻ സംസ്ഥാനം

ശൈത്യവും ഈർപ്പവുമുള്ള ഉപോഷ്ണമേഖല

പഞ്ചാബിന്റെ ഭാഗങ്ങൾ, ആസാം, രാജസ്ഥാന്റെ ഭാഗങ്ങൾ

വരൾച്ചാ മേഖല

രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന

ഉഷ്ണമേഖലാ അർദ്ധ ഊഷര സ്റ്റെപ്പികൾ

തമിഴ്നാട്, മഹാരാഷ്ട്ര, തെക്കേ ഇന്ത്യയുടെ ചില ഭാഗങ്ങൾ

വർഷപാതത്തിന്റെ ഘടന

മഴയുടെ അളവ്

പ്രദേശം

തീരെ കുറവ് മഴ ലഭിക്കുന്നു (50 സെ.മീ.യിൽ കുറവ് )

പശ്ചിമ രാജസ്ഥാൻ, കശ്മീരിന്റെ വടക്കൻ പ്രദേശങ്ങൾ, ഡെക്കാൻ പീഠഭൂമി, പഞ്ചാബ്

മഴ കുറഞ്ഞ പ്രദേശങ്ങൾ (50-100 സെ.മീ.)

കിഴക്കൻ രാജസ്ഥാൻ, അപ്പർ ഗംഗാ തടങ്ങൾ, കർണാടകയിലെ ദക്ഷിണ സമതലങ്ങൾ, പഞ്ചാബ്, തമിഴ്നാട്, ആന്ധ്രപ്രദേശ്

താരതമ്യേന നല്ല മഴ ലഭിക്കുന്ന സ്ഥലങ്ങൾ (100-200 cm):

തെക്കൻ ഗുജറാത്ത്, തെക്കുകിഴക്കൻ ഉപദ്വീപ് പ്രദേശം, തമിഴ്നാടിന്റെ കിഴക്കേ തീരം, കൊങ്കൺ മഹാരാഷ്ട്ര, പശ്ചിമഘട്ടം, ഒറീസ, മധ്യപ്രദേശ്, ലോവർ ഗംഗാ തടം

അതിശക്തിയായി മഴ ലഭിക്കുന്ന സ്ഥലങ്ങൾ (200 സെ.മീ. യിൽ കൂടുതൽ )

പടിഞ്ഞാറൻ കടൽത്തീരങ്ങൾ, പശ്ചിമഘട്ടം, മേഘാലയ കുന്നുകൾ, വടക്കുകിഴക്കൻ ഇന്ത്യയിലെ ഉപ ഹിമാലയൻ പ്രദേശങ്ങൾ, പശ്ചിമബംഗാൾ, അസം, പശ്ചിമ തീരം

കടപ്പാട് :malayalam.mapsofindia.com

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate