অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിലെ സാമൂഹ്യ ഘടനയും രൂപാന്തരണവും

പ്രാചീനഗോത്രസമൂഹം.

പ്രാചീനശിലായുഗത്തിന്റെ അവസാന കാലഘട്ടം മുതല്‍ പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പശ്ചിമഘട്ടത്തിനും മധ്യേസ്ഥിതിചെയ്യുന്ന മനുഷ്യാധിവാസത്തിന് വിധേയമായിട്ടുള്ള ഭൂപ്രദേശമാണ് കേരളം. ഊഷ്മളമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ഇതര പ്രകൃതിവിഭവങ്ങളുടെ ലഭ്യതയുമായിരിക്കാം ആദിമമനുഷ്യനെ ഇവിടേക്ക് ആകര്‍ഷിച്ചത്. പ്രാചീന ശിലായുഗമനുഷ്യന്‍ കേരളത്തില്‍ അധിവസിച്ചിരുന്നില്ല എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. എന്നാല്‍ 1863-ല്‍ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രാചീന ശിലായുഗത്തിലെയും നവീനശിലായുഗത്തിലെയും ചരിത്രാവശിഷ്ടങ്ങള്‍ പ്രത്യേകിച്ചും ശിലായുധങ്ങളും ശവപ്പറമ്പുകളും കണ്ടെത്തിയതോടെ ദക്ഷിണേന്ത്യയും പ്രാചീനശിലായുഗത്തിന്റെ കണ്ണിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഈ കാലഘട്ടങ്ങളില്‍ മനുഷ്യന്‍ വേട്ടയാടുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന മിനുസപ്പെടുത്താത്തതും അല്ലാത്തതുമായ ആയുധങ്ങള്‍ കേരളത്തില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. കേരളത്തിലെ കാടുകളില്‍ ഇപ്പോഴും നിവസിക്കുന്ന ഗോത്രവര്‍ഗക്കാരുടെ മുന്‍ഗാമികളാണ് കേരളത്തില്‍ പ്രാചീനശിലായുഗസംസ്കാരത്തിന് തുടക്കം കുറിച്ചതെന്നു കരുതുന്നു. ഏഷ്യയും ആഫ്രിക്കയും ആസ്റ്റ്രേലിയയും ഒരുമിച്ചുകൂടി ചേര്‍ന്നുകിടന്നിരുന്ന ഭൂവിജ്ഞാനീയ കാലഘട്ടത്തിലായിരിക്കാം നെഗ്രിറ്റോയ്ഡ്, പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വിഭാഗങ്ങളില്‍പ്പെട്ട ആദിമ ഗോത്രവംശജര്‍ ഇവിടെയെത്തിയത്. വനാന്തരങ്ങളില്‍ അലഞ്ഞുതിരിഞ്ഞിരുന്ന ഇക്കൂട്ടര്‍ പരുക്കന്‍ ശിലകളും മൃഗങ്ങളുടെ അസ്ഥികളും ആയുധമാക്കി വേട്ടയാടിയും ഫലമൂലാദികള്‍ ഭക്ഷിച്ചും ശിലാഗുഹകളിലും മറ്റും അന്തിയുറങ്ങിയുമായിരുന്നു അതിജീവനം സാധ്യമാക്കിയിരുന്നത്.

ആദ്യമെത്തിയത് നെഗ്രിറ്റോയ്ഡ് വംശജരാണെന്ന് കരുതുന്നു. തെക്കേ ഇന്ത്യയില്‍ സഹ്യപര്‍വതനിരകളുടെ പൂര്‍വഭാഗത്ത് ആരംഭിച്ച മനുഷ്യവാസം പിന്നീട് മാത്രമാണ് പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഭാഗത്തേക്ക് വ്യാപിച്ചത്. ഇവര്‍ക്ക് പിന്നാലെ എത്തിയ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജര്‍ നെഗ്രിറ്റോയ്ഡ് വംശജരുമായി കൂടിക്കലര്‍ന്നും അല്ലാതെയും ശിലായുഗസംസ്കാരത്തെ വികസിപ്പിച്ചു. മിനുസപ്പെടുത്തിയ ശിലായുധങ്ങളും സൂക്ഷ്മശിലായുധങ്ങളും ഈ കാലഘട്ടത്തിന്റെ സംഭാവനയാണെന്ന് കരുതുന്നു. കറുത്തനിറം, പൊക്കംകുറഞ്ഞ ശരീരപ്രകൃതി, പതിഞ്ഞ മൂക്ക്, ചുരുണ്ട മുടി തുടങ്ങിയവ നെഗ്രിറ്റോയ്ഡ് വംശജരുടെ പ്രത്യേകതകളാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കാടുകളില്‍ നായാടികളായി ജീവിതം നയിക്കുന്ന കാടര്‍, തോടര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയ ആദിവാസി ഗോത്രവിഭാഗങ്ങള്‍ നെഗ്രിറ്റോയ്ഡ് വംശജരുടെ ശാരീരിക സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നവരാണെന്ന് നരവംശശാസ്ത്രജ്ഞര്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പരിവര്‍ത്തനപ്രക്രിയയില്‍ നിന്നും പിന്തള്ളപ്പെട്ടുപോയവരാണ് ഇക്കൂട്ടര്‍. നെഗ്രിറ്റോയ്ഡ് വംശജരുമായി കൂടിക്കലര്‍ന്നും വേറിട്ടുനിന്നും ജീവിതം നയിച്ച പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജര്‍ നവീന ശിലായുഗത്തിന്റെ കാലഘട്ടത്തോടെ ആഹാരംതേടി നടക്കുന്നവരുടെ നിലയില്‍നിന്നും സ്ഥിരതാമസത്തിലേക്ക് മാറിയതായി കരുതുന്നു. സൂക്ഷ്മശിലായുധങ്ങളും അമ്പും വില്ലും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. ലഘുശിലായുധങ്ങളായിരുന്നു അമ്പിന്റെ കൂര്‍ത്തമുനയായി ഉപയോഗിച്ചിരുന്നത്. ഇത് നായാട്ട് അനായാസമാക്കിത്തീര്‍ത്തു. കൊച്ചിക്കടുത്ത് നിന്ന് ലഘുശിലായുധങ്ങളുടെ ഒരു നിര്‍മാണശാലയും കോഴിക്കോടിനടുത്ത് നിന്നും ഏതാനും ലഘുശിലായുധങ്ങളും പുരാതത്വഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. മധ്യശിലായുഗത്തിന്റെ അന്ത്യത്തിലാണ് ലഘുശിലായുധങ്ങള്‍ പ്രചാരത്തില്‍ വന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ അധിവസിക്കുന്ന ഗോത്രവര്‍ഗക്കാരില്‍ ഭൂരിഭാഗവും മധ്യശിലായുഗത്തിന്റെ അന്ത്യഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവര്‍ നവീനശിലായുഗത്തിന്റെയും താമ്രശിലായുഗത്തിന്റെയും കാലഘട്ടത്തില്‍ ജീവിക്കുന്നവരുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യയിലെയും സിലോണിലെയും ഭൂരിഭാഗം ഗോത്രവര്‍ഗക്കാരും ഇപ്പോഴും അമ്പും വില്ലും ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ആദിവാസികള്‍ ഇപ്പോഴും അമ്പും വില്ലും ഉപയോഗിക്കുന്നതിനാലും ഭക്ഷ്യസംഭരണവും വേട്ടയാടലും മുഖ്യതൊഴിലായി സ്വീകരിക്കുന്നവരായതിനാലും ഇവര്‍ മധ്യശിലായുഗത്തിന്റെ അവസാനത്തെ കണ്ണിയെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന് അനുമാനിക്കപ്പെടുന്നു.

മധ്യശിലായുഗത്തില്‍ കേരളത്തിലെ ആദിമനിവാസികള്‍ ഗോത്രങ്ങളായാണ് താമസിച്ചിരുന്നത്. ഗോത്രങ്ങള്‍ ചേര്‍ന്ന് ഗണങ്ങള്‍ക്കും ജന്മം നല്‍കിയിരുന്നു. ഓരോ ഗണവും പ്രത്യേകം ഗണചിഹ്നവും സ്വീകരിച്ചിരുന്നു. വൃക്ഷങ്ങളോ മൃഗങ്ങളോ ഒക്കെയായിരുന്നു ഗണചിഹ്നങ്ങള്‍. ഇവര്‍ക്കുപിന്നാലെ വന്ന ദ്രാവിഡരും ഗണപാരമ്പര്യവും ഗണചിഹ്നങ്ങളും അനുവര്‍ത്തിച്ചിരുന്നു. ഗോത്രത്തലവന്മാര്‍ ഗണങ്ങളുടെ പ്രത്യേകതയായിരുന്നു. കേരളത്തിലെ ആദിവാസികള്‍ ഇപ്പോഴും ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്. വിവിധതരം ഗണചിഹ്നങ്ങള്‍ സ്വീകരിച്ചിരുന്ന ഗോത്രങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നതായി സംഘംകൃതികള്‍ സൂചന നല്‍കുന്നു. സമ്പത്ത് (മിക്കപ്പോഴും വിഭവങ്ങള്‍) പൊതുസ്വത്തായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ആയുധങ്ങള്‍, പാത്രങ്ങള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ സ്വകാര്യസ്വത്തിന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചിരുന്ന രക്തബന്ധമായിരുന്നു ഗോത്രങ്ങളിലെ അംഗങ്ങള്‍ തമ്മിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍ണയിച്ചിരുന്നത്. അമ്മവഴി ഗോത്രബന്ധം നിര്‍ണയിക്കുന്ന സമ്പ്രദായം കേരളത്തിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ദ്രാവിഡര്‍ക്ക് മുമ്പുണ്ടായിരുന്ന ആദിമനിവാസികളുടെ ആചാരങ്ങള്‍ക്ക് കേരളത്തിന്റെ മാതൃപാരമ്പര്യ വളര്‍ച്ചയില്‍ ഭാഗികമായി പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും ഈഴവര്‍, നായര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ അടുത്തകാലംവരെ ഈ പാരമ്പര്യം നിലനിന്നിരുന്നു. ചുരുക്കത്തില്‍ കേരളത്തിലെ ആദിമനിവാസികളുടെ പ്രാക്തന സംസ്കാരത്തില്‍ നിന്നും കേരളീയര്‍ ആര്‍ജിച്ച ഒന്നാണ് മാതൃപാരമ്പര്യസമ്പ്രദായം. ബാഹ്യഗോത്രവിവാഹം, മുറപ്പെണ്ണിനെ വിവാഹം കഴിക്കല്‍, പെണ്‍കുട്ടി പ്രായമാവുമ്പോള്‍ പുല ആചരിക്കല്‍, ശവം മറവുചെയ്യുകയും പരേതാത്മാക്കളെയും പ്രകൃതിയെയും പ്രകൃതിശക്തികളെയും ആരാധിക്കല്‍, ജ്യേഷ്ഠന്‍ മരിച്ചാല്‍ അനുജന്‍ ജ്യേഷ്ഠന്റെ ഭാര്യയെ വിവാഹം ചെയ്യല്‍, ശവം മറവുചെയ്യുമ്പോള്‍ പരേതന്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ശവശരീരത്തോടൊപ്പം അടക്കം ചെയ്യല്‍, ശവപ്പറമ്പില്‍ സ്മാരകശിലകള്‍ (വീരക്കല്ല്, പുലച്ചിക്കല്ല്) നാട്ടല്‍ തുടങ്ങിയ ആചാരങ്ങള്‍ ചിരപുരാതനംകാലം മുതല്‍ ഇവിടെ നിവസിച്ചുപോരുന്ന ആദിമനിവാസികളില്‍ നിന്നാണ് കേരളീയര്‍ സ്വായത്തമാക്കിയത് എന്നു കരുതുന്നു.

ദ്രാവിഡരുടെ ആഗമനം.

സിന്ധുനദീതടസംസ്കാരത്തിന്റെ സൃഷ്ടാക്കളും മെഡിറ്ററേനിയന്‍ വംശജരുമായ ദ്രാവിഡര്‍ സിന്ധുനദീതടസംസ്കാരത്തിന്റെ പതനത്തോടെയാണ് ഇന്ത്യയിലുടനീളം വ്യാപിക്കുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ സിന്ധുനദീതട സംസ്കാരത്തിന്റെ കാലഘട്ടത്തില്‍ത്തന്നെ വ്യതിരിക്തമായൊരു സംസ്കാരം (ദ്രാവിഡസംസ്കാരം) വികസിപ്പിച്ചെടുക്കാന്‍ ദ്രാവിഡര്‍ക്കു കഴിഞ്ഞിരുന്നു. മാത്രമല്ല ഉത്തരേന്ത്യയിലെ ജനവിഭാഗങ്ങളുമായി, പ്രത്യേകിച്ചും സിന്ധുനദീതടപ്രദേശത്തെ പരിഷ്കൃത ജനതയുമായി സാംസ്കാരിക വാണിജ്യബന്ധങ്ങള്‍ നിലനിര്‍ത്താനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു. ആധുനിക നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ മെഡിറ്ററേനിയന്‍ വംശജരുടെയും ആസ്റ്റ്രലോയ്ഡ് വംശജരുടെയും മിശ്രിതവംശമാണ് ദ്രാവിഡര്‍. ബി.സി. 4-ാം സഹസ്രാബ്ദത്തോടെ ബലൂചിസ്താന്‍വഴി ഇന്ത്യയില്‍ എത്തിയ മെഡിറ്ററേനിയന്‍ വംശജര്‍ ഇവിടെ നേരത്തേ ഉണ്ടായിരുന്ന ആസ്റ്റ്രലോയ്ഡ് വംശജരുമായി കൂടിക്കലരുകയും തത്ഫലമായി മധ്യശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍ ഒരു സ്വതന്ത്രനരവംശം-ദ്രാവിഡര്‍ ഇവിടെ രൂപംകൊള്ളുകയും ചെയ്തു. ദ്രാവിഡരെ പിന്തുടര്‍ന്നെത്തിയ ആര്യന്മാരുടെ സംസ്കാരം തെക്കേ ഇന്ത്യയില്‍ വികസിക്കുന്നതിനും ആധിപത്യം നേടുന്നതിനും വളരെ മുമ്പുതന്നെ ദ്രാവിഡര്‍ പ്രാകൃതത്വമുപേക്ഷിച്ച് പുരോഗതിയുടെ പാതയില്‍ ബഹുദൂരം മുന്നേറുകയും കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയില്‍ വ്യതിരിക്തമായൊരു സംസ്കാരം വികസിപ്പിച്ചെടുക്കുകയും ചെയ്തു. സമാധാനത്തിലും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലും അധിഷ്ഠിതമായിരുന്നു ദ്രാവിഡ സംസ്കാരം. ഇവര്‍ ഗോത്രങ്ങളായി ജീവിക്കുകയും ഊര്‍ക്കൂട്ടങ്ങള്‍ നിലനിര്‍ത്തുകയും അതിലൂടെ അവരുടെ ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോന്നു.

സിന്ധുനദീതടപ്രദേശങ്ങളില്‍ ദ്രാവിഡര്‍ക്ക് ഒരു നാഗരികപരിഷ്കൃതി വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും കഴിഞ്ഞിരുന്നെങ്കിലും ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ തെക്കേയിന്ത്യയില്‍ അത്തരമൊരു നാഗരിക പരിഷ്കൃതി വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇവിടെ അവര്‍ കന്നുകാലി വളര്‍ത്തലിനാണ് കൂടുതല്‍ പ്രാമുഖ്യം നല്കിയത്. എന്നാല്‍ കുറേക്കഴിഞ്ഞപ്പോള്‍ അവര്‍ കൃഷിക്ക് പ്രാമുഖ്യം നല്കിയതായി സൂചനയുണ്ട്. സംഘകാലമായപ്പോഴേക്കും ദ്രാവിഡര്‍ ഒരു കാര്‍ഷിക സമൂഹമായി വികസിച്ചിരുന്നെന്ന് ആ കാലഘട്ടത്തില്‍ എഴുതപ്പെട്ട സാഹിത്യകൃതികള്‍ സൂചന നല്‍കുന്നുണ്ട്.

ഒരിനം നാടോടിക്കൃഷിയാണ് ദ്രാവിഡര്‍ ആദ്യം പരിപാലിച്ചിരുന്നത്. നെല്ലും കരിമ്പും ചോളവുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. വേട്ടയാടലും കന്നുകാലിമേയ്ക്കലും പുരുഷന്മാരുടെ തൊഴിലായിരുന്നു; ഭക്ഷ്യശേഖരണം, കൃഷി എന്നിവ സ്ത്രീകളുടെ തൊഴിലും. എന്നാല്‍ കലപ്പ ഉപയോഗിച്ചുള്ള കൃഷിയാരംഭിച്ചതോടെ കൃഷിയില്‍ പുരുഷന്മാര്‍ ആധിപത്യം നേടി. 'കുഴിവടി' എന്നയിനം ആയുധമാണ് ആദ്യം മണ്ണ് തുളയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. പിന്നെയാണ് കലപ്പ പ്രചാരത്തില്‍ വന്നത്. കന്നുകാലികളെ ഉപയോഗിച്ച് സ്ഥിരമായി കൃഷി ചെയ്യുന്ന സമ്പ്രദായം നിലവില്‍ വന്നതോടെ നിലമൊരുക്കല്‍, വിതയ്ക്കല്‍, കൊയ്ത്ത്, മെതി, ധാന്യസംഭരണം എന്നീ രംഗത്തും പുരോഗതിയുണ്ടായി. ഇതിന്റെയെല്ലാം പരിണതഫലമായി സ്ഥിരമായി താമസിക്കുന്ന സമ്പ്രദായം നിലവില്‍ വരികയും ചെയ്തു. ഇത് കെട്ടിടനിര്‍മാണത്തിലേക്കും ചക്രങ്ങള്‍ ഘടിപ്പിച്ച വണ്ടികള്‍ നിര്‍മിക്കുന്നതിലേക്കും ദ്രാവിഡരെ നയിച്ചു. കാലാവസ്ഥാ പ്രവചനം നടത്താനും ആയതിന്റെ അടിസ്ഥാനത്തില്‍ കൃഷിയിറക്കാനും ഈ കാലഘട്ടത്തില്‍ ദ്രാവിഡര്‍ പരിജ്ഞാനം നേടിയിരുന്നു. ദ്രാവിഡഭാഷയായ തമിഴിനും തമിഴ് സാഹിത്യത്തിനും (സംഘസാഹിത്യം) അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തില്‍ത്തന്നെ.മൃഗരോമവും സസ്യനാരുകളും ഉപയോഗിച്ച് വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതും ഈ കാലഘട്ടത്തില്‍ത്തന്നെ.

കാര്‍ഷികവൃത്തിയിലേക്ക് പ്രവേശിച്ച കുടുംബങ്ങള്‍ മന്റംങ്ങള്‍ ഉപേക്ഷിച്ച് കുടികളില്‍ താമസമാക്കി. ഉഴവര്‍ എന്ന കര്‍ഷക വിഭാഗമാണ് പുതിയ രീതിയിലുള്ള കൃഷിയില്‍ ഏര്‍പ്പെട്ടത്. ഉഴവര്‍ സമൂഹത്തിലെ ഒരു സമ്പന്ന വിഭാഗമായി മാറി. 'കുലമഹിമയും സ്ഥാനവലുപ്പവും ഗണിക്കാതെ' വിത്തും കലപ്പകളും എടുപ്പിച്ച് ഉഴവര്‍ കാളകളോടുകൂടി വയലില്‍ ഇറങ്ങി പണിയെടുത്തിരുന്നു (പതിറ്റുപ്പത്ത് VIII. 6). ഉഴവര്‍ക്ക് കുലമഹിമയും സ്ഥാനവലുപ്പവും കല്പിച്ചിരുന്നുവെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. പൊന്‍വളകളും ആടയാഭരണങ്ങളുമണിഞ്ഞ ഉഴവയുവതികള്‍ കള്ളുകുടിച്ച് കൂട്ടുകൂടി പാട്ടുപാടി വയലുകളില്‍ പറവകളെ ആട്ടിയോടിക്കുന്ന ദൃശ്യങ്ങളും സംഘം കൃതികള്‍ വരച്ചുകാട്ടുന്നു (പതിറ്റുപ്പത്ത് 111. 7). ഉഴവരുടെ കുടികള്‍ താരതമ്യേന നല്ല വീടുകളായിരുന്നു. 'ഭംഗികെട്ട തറയും പല കാവുകളുമുള്ള മന്റത്തില്‍' താമസിക്കുന്നവര്‍ കലപ്പകൊണ്ട് ഉഴുതു ജീവിക്കുന്നവരുടെ വലിയ കുടികളില്‍' ചെന്ന് ആഹാരം യാചിക്കുന്നതായി ഒരു കവി പ്രസ്താവിക്കുന്നു (പുറനാനൂറ്, 375). മാന്‍മാംസം നിറച്ച കുടവുമായി ആയര്‍ സ്ത്രീകളും ഉഴവരുടെ 'വലിയ ഭവന'ത്തില്‍ ചെന്ന് നെല്ലു വാങ്ങുന്നത് സാധാരണ സംഭവമായിരുന്നു (പുറ. 33). ഇത്തരം ഉത്പന്നക്കൈമാറ്റം പ്രവൃത്തിവിഭജനത്തിന് തെളിവാണ്. പ്രവൃത്തി വിഭജനം വര്‍ഗവിഭജനത്തിനു വഴി തെളിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഉത്പാദനോപകരണങ്ങളും ഉത്പാദനരീതിയും ഉഴവരുടെ അധീനത്തിലായിരുന്നതുകൊണ്ട് കൂടുതല്‍ ധനം സമ്പാദിക്കുവാനും മെച്ചപ്പെട്ട ജീവിതം നയിക്കുവാനും അവര്‍ക്കു കഴിഞ്ഞു. കരിമ്പും നെല്ലുമാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്. കാര്‍ഷികവൃത്തിയില്‍ത്തന്നെ പ്രവൃത്തിവിഭജനമുണ്ടായിരുന്നു. ഉഴവുമൃഗങ്ങളും (കാളകളും പോത്തുകളും) കലപ്പ തുടങ്ങിയ പണിയായുധങ്ങളും ചില സമ്പന്ന കുടുംബങ്ങളുടെ അധീനതയിലായിരുന്നു. നിലത്തിന്റെ കൈവശാവകാശവും ഈ കുടുംബങ്ങള്‍ക്കായിരുന്നു. ഇവര്‍ സ്വയം കൃഷിപ്പണിയില്‍ ഏര്‍പ്പെടുകയും ഉത്പന്നത്തിന്റെ ഒരോഹരി പ്രതിഫലമായി നല്‍കി വേലക്കാരെക്കൊണ്ട് ജോലി ചെയ്യിക്കുകയും ചെയ്തിരുന്നു. ഞാറുനടുക, കൊയ്യുകയും മെതിക്കുകയും ഉണക്കുകയും ചെയ്യുക ആദിയായ പ്രവൃത്തികളെല്ലാം വേലക്കാരാണ് ചെയ്തിരുന്നത്. ഇവരെക്കൂടാതെ വയലിന്റെ സംരക്ഷകന്മാരായ മറ്റൊരു വിഭാഗവും ഉണ്ടായിരുന്നു. അവര്‍ പറകൊട്ടി പറവകളെയും കാട്ടുമൃഗങ്ങളെയും ഓടിക്കുകയും കന്നു പൂട്ടുന്നവര്‍ക്കും ഞാറുനടുന്നവര്‍ക്കും കൃഷിപ്പണി അനായാസമാക്കുവാന്‍ താളത്തോടുകൂടി കൊട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. കൃഷിക്കാരില്‍ത്തന്നെ ഒരു വിഭാഗം പനചെത്തുന്നതില്‍ ഏര്‍പ്പെട്ടു.

ദ്രാവിഡര്‍ പൊതുവെ പിതൃപാരമ്പര്യമാണ് പിന്തുടര്‍ന്നിരുന്നത്. സമ്പദ്വ്യവസ്ഥ ആരുടെ തൊഴിലിന്റെ അടിസ്ഥാനത്തിലാണോ അവര്‍ക്കായിരുന്നു മേധാവിത്വം. അപ്രകാരം നായാട്ടും കാലിമേയ്ക്കലും പ്രധാനതൊഴിലാക്കിയവര്‍ പിതൃപാരമ്പര്യക്കാരും കൃഷി തൊഴിലാക്കിയവര്‍ മാതൃപാരമ്പര്യക്കാരുമായി. പ്രകൃതിയെ അമ്മയായി കരുതി ആരാധിച്ചിരുന്ന സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നായിരിക്കാം മാതൃപാരമ്പര്യം വികസിച്ചതെന്നു കരുതുന്നു. അമ്മയെ(പ്രകൃതിയെ)യാണ് ദ്രാവിഡര്‍ പ്രധാനമായും ആരാധിച്ചിരുന്നത്. കൊറ്റവൈ ദ്രാവിഡരുടെ കുലദേവതയായിരുന്നു. സംഘകാലമായപ്പോഴേക്കും മായോനും ചേയോനും ദ്രാവിഡരുടെ ആരാധനാമൂര്‍ത്തികളായിത്തീര്‍ന്നു.

ദ്രാവിഡരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന അവരുടെ ഭാഷയാണ്. പതിമൂന്നോളം ഭാഷകള്‍ ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പ്രത്യേക ലിപിയും സാഹിത്യവും കൊണ്ട് പ്രാധാന്യം നേടിയിട്ടുള്ളത് തെലുഗു, കന്നഡ, മലയാളം, തുളു, തമിഴ് എന്നിങ്ങനെ അഞ്ചു ഭാഷകളാണ്. ആദിദ്രാവിഡഭാഷയില്‍ നിന്നും ആദ്യം സ്വതന്ത്രമായത് തെലുഗുവും പിന്നീട് കന്നഡയുമാണ്. ഏറ്റവും അവസാനമാണ് തമിഴ്-മലയാളങ്ങള്‍ സ്വതന്ത്രമായത്. ദ്രാവിഡഭാഷയ്ക്ക് മെഡിറ്ററേനിയന്‍ ഭാഷയുമായും സൈന്ധവ ലിപിയുമായുള്ള ബന്ധം ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

വിദേശവ്യാപാര ബന്ധങ്ങള്‍.

ദ്രാവിഡര്‍ക്ക് സിന്ധുനദീതട സംസ്കാരത്തിന്റെ കാലം മുതല്‍ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധമുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ കുടിയേറിയ ദ്രാവിഡരും ആ പാരമ്പര്യം നിലനിര്‍ത്തി. ലോകത്തിലെ പരിഷ്കാരകേന്ദ്രങ്ങളായിരുന്ന ഈജിപ്ത്, ഗ്രീസ്, റോം, ചൈന എന്നീ രാജ്യങ്ങളുമായാണ് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ ദ്രാവിഡര്‍ വ്യാപാരബന്ധം സ്ഥാപിച്ചിരുന്നത്. കേരളത്തില്‍ അക്കാലത്ത് സുലഭമായിരുന്ന സുഗന്ധവ്യഞ്ജനങ്ങളായിരുന്നു വിദേശികളെ ഇങ്ങോട്ട് ആകര്‍ഷിച്ചത്.

സംഘകാലമായപ്പോഴേക്കും കടല്‍വഴിയുള്ള വിദേശവ്യാപാരം ശക്തിപ്പെട്ടു. ചേരരാജാക്കന്മാര്‍ ഈ വ്യാപാരത്തെ അഭിവൃദ്ധിപ്പെടുത്തി. വിദേശവ്യാപാരം പ്രധാനമായും രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഒരു വിഭാഗം ആളുകള്‍ രാജാവിനെ സഹായിച്ചുകൊണ്ടുതന്നെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. ചരക്കുകയറ്റിപ്പോകുന്ന കപ്പലുകളില്‍ 'കടല്‍വണിക്കുകള്‍' യാത്രചെയ്തിരുന്നതായി സംഘംകൃതികള്‍ പ്രസ്താവിക്കുന്നുണ്ട്. ധാന്യക്കച്ചവടക്കാരെ പൊതുവെ 'കൂലവണികള്‍' എന്നു വിളിച്ചിരുന്നു. ഫൊണീഷ്യരും ജൂതന്മാരുമായി കേരളത്തിലുണ്ടായിരുന്ന വ്യാപാരബന്ധത്തിന് ഭാഷാശാസ്ത്രപരമായ തെളിവുകള്‍ തന്നെയുണ്ട്. കുരുമുളകിനു പുറമേ ഏലം, ചുക്ക്, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളും തേക്ക്, വീട്ടി, ചന്ദനം, കരുന്താളി തുടങ്ങിയ മേല്‍ത്തരം തടികളുമാണ് ഇവിടെനിന്നും കയറ്റി അയച്ചിരുന്നത്. അഞ്ജനം, സിന്ദൂരം തുടങ്ങിയ സൗന്ദര്യസംവര്‍ധകസാമഗ്രികള്‍, പിത്തള, ഈയം തുടങ്ങിയ അപൂര്‍വലോഹങ്ങള്‍, സ്ഫടികസാധനങ്ങള്‍, മദ്യം തുടങ്ങിയവയായിരുന്നു പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. മുസിരിസ്, കണ്ണൂര്‍, തിണ്ടിസ് എന്നിവ കേരളതീരത്തെ അക്കാലത്തെ പ്രധാന തുറമുഖങ്ങളായിരുന്നു. നൂറ്റാണ്ടുകളോളം നീണ്ടുനിന്നിരുന്ന ഈ വിദേശവ്യാപാരബന്ധം കേരളത്തിന്റെ അക്കാലത്തെ സാമ്പത്തികവ്യവസ്ഥയെ പരിപോഷിപ്പിച്ചതോടൊപ്പം സാംസ്കാരികവിനിമയത്തിനും സമന്വയത്തിനും നിര്‍ണായകമായ പങ്കുവഹിച്ചു. നമ്മുടെ ഭാഷയിലും സാഹിത്യത്തിലും ജീവിതശൈലിയിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസത്തിലും ഈ സ്വാധീനം ഇപ്പോഴും പ്രതിഫലിച്ചു കാണുന്നുണ്ട്.

മറ്റൊരു സമ്പന്നവിഭാഗം കച്ചവടക്കാരായിരുന്നു. വിദേശവ്യാപാരം പ്രധാനമായും രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഒരു വിഭാഗം ആളുകള്‍ രാജാവിനെ സഹായിച്ചുകൊണ്ടുതന്നെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. ചരക്കുകയറ്റിപ്പോയിരുന്ന കപ്പലുകളില്‍ 'കടല്‍വണിക്കുകള്‍' യാത്ര ചെയ്തിരുന്നതായി സംഘം കൃതികള്‍ പ്രസ്താവിക്കുന്നു (പതിറ്റുപ്പത്ത് VIII. 6). ആഭ്യന്തര വ്യാപാരത്തിലെ ഒരു പ്രധാന ഇനം ഉപ്പുകച്ചവടമായിരുന്നു. ഉപ്പുകച്ചവടം നടത്തുന്ന 'ഉമണരെ' പ്പറ്റിയും അവരുടെ മാളികകളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. മറ്റൊരു വിഭാഗം കച്ചവടക്കാര്‍ 'എണ്‍വകധാന്യങ്ങ' ളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടവരാണ്. ധാന്യക്കച്ചവടക്കാരെ പൊതുവില്‍ 'കൂലവണികര്‍' എന്നു വിളിച്ചിരുന്നു. വണികര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനത്തെപ്പറ്റി തൊല്ക്കാപ്പിയത്തില്‍ പല സ്ഥലത്തും പരാമര്‍ശങ്ങളുണ്ട്. 'ഏനോര്‍' (ഉയര്‍ന്നവര്‍) എന്ന വിഭാഗത്തിലാണ് വണികര്‍ ഉള്‍പ്പെട്ടിരുന്നത്. അവര്‍ക്ക് തലയിലും കഴുത്തിലും മാല ധരിക്കുവാന്‍ അര്‍ഹതയുണ്ടായിരുന്നു (തൊല്ക്കാപ്പിയം, പൊരുള്‍ 624). നല്ല കൃഷിയും സജ്ജനങ്ങളും അതിരറ്റ ധനപുഷ്ടിയോടുകൂടിയ വണികരും താമസിക്കുന്ന നാടാണ് ഒരു മാതൃകാപരമായ നാടെന്ന് തിരുവള്ളുവര്‍ പ്രസ്താവിച്ചിട്ടുണ്ട് (തിരുക്കുറള്‍, 731).

ക്രിസ്തുവര്‍ഷം ആദ്യശതകങ്ങളില്‍ എഴുതപ്പെട്ടതോ സമാഹരിക്കപ്പെട്ടതോ ആയ സംഘംകൃതികളില്‍ നിന്നും അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും മനസ്സിലാക്കാവുന്നതാണ്. സംഘംകൃതികളില്‍ പലതും കേരളീയരെക്കുറിച്ചെഴുതിയതോ കേരളീയരായ കവികള്‍ എഴുതിയിട്ടുള്ളതോ ആകുന്നു. സംഘകാലഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ ദ്രാവിഡര്‍ പ്രബല രാഷ്ട്രീയ ശക്തിയായി വികസിച്ചതായി സംഘംകൃതികള്‍ സൂചന നല്കുന്നു. അക്കാലത്ത് തമിഴകം-തൊണ്ടൈനാട്, ചോളനാട്, പാണ്ടിനാട്, ചേരനാട് എന്നിങ്ങനെ നാല് പ്രധാന സാമ്രാജ്യങ്ങളും നിരവധി ചെറുരാജ്യങ്ങളുമായി വിഭജിക്കപ്പെട്ടിരുന്നു. ഇതില്‍ ചേരനാട് (ചേരളം) ആയിരുന്നു ഇന്നത്തെ കേരളത്തിന്റെ ഭൂവിസ്തൃതിയുടെ സിംഹഭാഗത്തെയും പ്രതിനിധീകരിച്ചിരുന്നത്. സംഘകാലഘട്ടത്തില്‍ മൂന്നു രാഷ്ട്രീയശക്തികളാണ് കേരളത്തില്‍ നിലനിന്നിരുന്നത്. തെക്ക് ആയ് രാജ്യം, അതിന് വടക്ക് ചേരരാജ്യം, വടക്കേയറ്റത്ത് ഏഴിമലരാജ്യം. പമ്പാനദിമുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരുന്ന ആയ്രാജ്യത്തിന്റെ കിഴക്കേ അതിര് സഹ്യപര്‍വതവും പടിഞ്ഞാറേ അതിര് അറബിക്കടലുമായിരുന്നു. ആയ് രാജ്യത്തിന് വടക്ക് കുട്ടനാടു മുതല്‍ വടക്കേയറ്റത്ത് ഏഴിമല (കണ്ണൂര്‍) വരെയായിരുന്നു ചേരസാമ്രാജ്യം വ്യാപിച്ചിരുന്നത്. പുറം വിഭാഗത്തിലെ പ്രധാനകൃതിയായ പതിറ്റുപ്പത്ത് പത്ത് ചേരരാജാക്കന്മാരുടെ വരാപദാനങ്ങളുടെ പ്രതിപാദനമാണ്. ചേരരാജാക്കന്മാര്‍ ദ്രാവിഡരായിരുന്നു. ചേരസാമ്രാജ്യത്തിനും വടക്ക് സ്ഥിതിചെയ്തിരുന്ന ഏഴിമലയുടെ വ്യാപ്തി കര്‍ണാടകം വരെ എത്തിയിരുന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ പതനകാലം വരെ (എ.ഡി. 8-ാം ശ.) ചേരന്മാരുടെ നാട് എന്ന അര്‍ഥത്തില്‍ ചേരളം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഭൂപ്രദേശം-ആര്യവത്കരണത്തിന്റെ പരിണതഫലമായാണ് കേരളം, പരശുരാമക്ഷേത്രം എന്നീ പേരുകളില്‍ അറിയപ്പെട്ടു തുടങ്ങുന്നത്. 64 ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ കുടിയിരുത്തി പെരുമാക്കന്മാരുടെ ഭരണം നടപ്പിലാക്കി എന്ന് ഉദ്ഘോഷിക്കുന്ന പരശുരാമകഥയും അനുബന്ധ ഐതിഹ്യങ്ങളും മറ്റും സംഘകാലഘട്ടത്തിന്റെ ആരംഭത്തില്‍ കേരളത്തിലുണ്ടായ ആര്യന്മാരുടെ കുടിയേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

സംഘകാലഘട്ടത്തില്‍ ദ്രാവിഡര്‍ക്കിടയില്‍ ക്രമീകൃതവും സ്ഥിരവാസത്തോടുകൂടിയതുമായ കുടുംബജീവിതം ആരംഭിച്ചിരുന്നു. കൃത്യമായ ജാതിവ്യവസ്ഥയോ സാമൂഹികമായ വേര്‍തിരിവുകളോ സംഘകാലത്ത് നിലനിന്നിരുന്നില്ല. എങ്കിലും സമ്പന്നരും ദരിദ്രരുമായ ജനങ്ങള്‍ സാമൂഹികസമത്വത്തിലും സ്വാതന്ത്ര്യത്തിലും കഴിഞ്ഞുകൂടി. ദ്രാവിഡസംസ്കാരത്തിന്റെ ജീവന്‍ തന്നെ ജാതിയില്ലായ്മയായിരുന്നു. തൊഴിലിന്റെയും വാസസ്ഥലത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനം മാത്രമേ അക്കാലത്ത് നിലനിന്നിരുന്നുള്ളു. കുറിഞ്ഞി (കുന്നും മലയും നിറഞ്ഞ പ്രദേശം) നിലത്തുള്ളവന്‍ കുറവന്‍, മുല്ലൈ(മേച്ചില്‍സ്ഥലങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഇടനാടന്‍പ്രദേശം) നിലത്തുള്ളവന്‍ ഇടയന്‍, മരുത (പുഴകളും വയലേലകളും നിറഞ്ഞ പ്രദേശം) നിലത്തുള്ളവന്‍ ഉഴവന്‍, നെയ്തല്‍ (തീരപ്രദേശം) നിലത്തുള്ളവന്‍ വലയന്‍. ഐന്തിണവാസികള്‍ ഓരോ തിണയിലും ഗോത്രത്തലന്മാരുടെ (വെപ്പന്‍ അഥവാ വടല) കീഴില്‍ ഗോത്രങ്ങളായാണ് ജീവിച്ചിരുന്നത്. ഗോത്രത്തലവന്മാരാല്‍ നിയന്ത്രിതമായ ഇത്തരം ഭരണസംവിധാനത്തിന്റെ വികസിതരൂപമായിട്ടായിരിക്കാം പില്ക്കാല ഗോത്രരാജവംശങ്ങളും ഗോത്രസാമ്രാജ്യങ്ങളും രൂപംകൊള്ളുന്നത്. അധ്വാനത്തിന്റെ മഹത്ത്വം എവിടെയും അംഗീകരിക്കപ്പെട്ടിരുന്നു. കുറവര്‍, വേടര്‍, മറവര്‍, പാണര്‍ മുതലായവര്‍ അക്കാലത്തെ സാംസ്കാരിക നായകന്മാരായിരുന്നു. അവര്‍ രാജസദസ്സുകളില്‍പ്പോലും ആദരിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ ഐശ്വര്യത്തിന് കാരണക്കാരായ കൃഷിക്കാര്‍ പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു. സ്ത്രീ-പുരുഷസമത്വം നിലനിന്നിരുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം അനുവദിക്കപ്പെട്ടിരുന്ന ജാതിവ്യവസ്ഥയുടെ കാലഘട്ടത്തില്‍ താഴ്ത്തപ്പെട്ട ജനവിഭാഗങ്ങളായ പാണര്‍, പറയര്‍, കുറവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ അക്കാലത്തെ പണ്ഡിതന്മാരും കവികളുമായിരുന്നു. പരണര്‍, കപിലര്‍ തുടങ്ങിയ കവികള്‍ പാണന്മാരായിരുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഉന്നത പദവി നല്കിയിരുന്നു. വിദ്യാഭ്യാസമുള്‍പ്പെടെ എല്ലാ സാമൂഹികസ്വാതന്ത്ര്യവും സ്ത്രീകള്‍ അനുഭവിച്ചിരുന്നു. ഔവ്വയാറെപ്പോലുള്ള നിരവധി കവയത്രികളും അക്കാലത്ത് ഉണ്ടായിരുന്നു. സംഘംകൃതികളിലെ പാട്ടുകാരില്‍ നല്ലൊരു ശതമാനം സ്ത്രീകളായിരുന്നു എന്നത് അക്കാലത്ത് സ്ത്രീകള്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന ഔന്നത്യത്തിന്റെ നിദര്‍ശനമാണ്. വിവാഹത്തിന് പെണ്‍പണം കൊടുക്കുന്ന പതിവ് അന്ന് നിലനിന്നിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ക്ക് വരന്‍ പണമോ ധാന്യമോ മറ്റു പാരിതോഷികങ്ങളോ നല്കുകയായിരുന്നു പതിവ്. വിവാഹത്തിന് വരന്‍ വധുവിനെ താലി അണിയിക്കുന്ന പതിവും ഉണ്ടായിരുന്നു. പൊതുവേ സ്ത്രീകളുടെ സന്മാര്‍ഗനിഷ്ഠ ഉയര്‍ന്നതായിരുന്നു. അവര്‍ ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്തിരുന്നു. കൃഷിപ്പണിയിലും തുന്നല്‍പ്പണിയിലും വ്യാപാരത്തിലും ഏര്‍പ്പെടുന്നവര്‍ ധാരാളമായിരുന്നു. സ്ത്രീകള്‍ പലതരത്തിലുള്ള ആഭരണങ്ങള്‍ പ്രത്യേകിച്ചും ഓല, തഴ തുടങ്ങിയ കര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. ആദിദ്രാവിഡരെപ്പോലെ ദ്രാവിഡരും ശവം മറവു ചെയ്യുകയായിരുന്നു പതിവ്. ശവം കുഴിച്ചിടുന്നതിനുപുറമേ കല്ലറ കൊണ്ട് അറയുണ്ടാക്കി അടക്കം ചെയ്യുക, താഴികുഴിച്ച് ശവം അതിനുള്ളിലാക്കി മൂടുക എന്നിങ്ങനെയുള്ള ശവസംസ്കാരരീതികളും പ്രചാരത്തിലുണ്ടായിരുന്നു. ശവം കല്ലറകളില്‍ അടക്കം ചെയ്യുന്ന രീതി വ്യാപകമായിരുന്നു.

ആഹാരസാധനങ്ങളെക്കുറിച്ചും വീട്ടുപകരണങ്ങളെക്കുറിച്ചും സംഘംകൃതികളില്‍ പരാമര്‍ശമുണ്ട്. ചോറായിരുന്നു പ്രധാന ആഹാരം. മത്സ്യവും മാംസവും ധാരാളമായി ഉപയോഗിച്ചിരുന്നു. നാടന്‍ മദ്യവും പാശ്ചാത്യനാടുകളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന മദ്യവും ഉപയോഗിച്ചിരുന്നെങ്കിലും സാധാരണക്കാര്‍ പനങ്കള്ളു മുതലായ നാടന്‍മദ്യമാണ് ഉപയോഗിച്ചിരുന്നത്. സ്ത്രീകളും നാടന്‍ മദ്യം ഉപയോഗിച്ചിരുന്നു. സാധാരണക്കാര്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചപ്പോള്‍ സമ്പന്നര്‍ വെള്ളിപ്പാത്രങ്ങളും സ്വര്‍ണപ്പാത്രങ്ങളും ഉപയോഗിച്ചിരുന്നു. ഇരുമ്പായുധങ്ങള്‍ ഈ കാലഘട്ടത്തില്‍ വ്യാപകമായി പ്രചാരം നേടിയിരുന്നു.

സമ്പന്ന വിഭാഗത്തിന്റെ ജീവിതം സുഖസമ്പൂര്‍ണമായിരുന്നു; ഇറച്ചി ചേര്‍ത്തു പാകപ്പെടുത്തിയ 'ഊന്‍ചോറും' നെയ്മണമുള്ള കറികളും മത്സ്യക്കറികളും കള്ളും സുഭിക്ഷമായി കഴിച്ച് കൂത്തും പാട്ടുമായി അവര്‍ ജീവിച്ചു. 'ധനപുഷ്ടിയുള്ള കുടികളില്‍ പിറന്നവര്‍ മിഴാവിന്റെ വടിവുള്ള ചക്കച്ചുളകള്‍ തിന്നും മുളംകുഴലുകളില്‍ അടച്ചുവച്ചു മത്തു പിടിപ്പിച്ച കള്ള് വേണ്ടുവോളം കുടിച്ചും ആനന്ദലഹരിയില്‍ ലയിച്ച് ആരാവാരത്തോടെ വാഴുന്ന'തായി പതിറ്റുപ്പത്തില്‍ പറഞ്ഞിരിക്കുന്നു (IX.1). ഇങ്ങനെ ഒരു വിഭാഗം ജനങ്ങള്‍ ഐശ്വര്യപൂര്‍ണമായ ജീവിതം നയിച്ചപ്പോള്‍, മറ്റൊരു വിഭാഗം ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമാണ് കഴിഞ്ഞിരുന്നത്. കീറിപ്പറിഞ്ഞ വസ്ത്രവുമായി ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ഗൃഹസ്ഥരുടെ ഭവനങ്ങളില്‍ അവര്‍ യാചകരായി നടന്നിരുന്നു (പുറ. 385). 'ധനമില്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല ഈ ലോകം' എന്ന് തിരുവള്ളുവരെക്കൊണ്ട് പറയിപ്പിക്കത്തക്കവിധം ദയനീയമായിരുന്നു നിസ്വരുടെ നില. അങ്ങനെ, സ്ഥിതിസമത്വത്തില്‍ കഴിഞ്ഞിരുന്ന ഗോത്രസമൂഹത്തിന്റെ സ്ഥാനത്ത് ധനികരും ദരിദ്രരുമുള്ള വര്‍ഗസമുദായമായി സമൂഹം രൂപാന്തരപ്പെട്ടു.

'കീഴോര്‍' എന്നിങ്ങനെയുള്ള വര്‍ഗവിഭജനത്തെപ്പറ്റി സംഘം കൃതികള്‍ പരാമര്‍ശിക്കുന്നു. 'ഏനോര്‍' 'ഉയര്‍ന്തോര്‍' എന്നീ മേലോര്‍ വിഭാഗത്തെക്കുറിച്ചും 'അടിയോര്‍', 'വിനൈഞര്‍' എന്നീ അധഃസ്ഥിതവിഭാഗത്തെക്കുറിച്ചും തൊല്‍കാപ്പിയത്തില്‍ വിവരിക്കുന്നുണ്ട്. സ്വകാര്യസ്വത്തിന്റെ ഉടമകള്‍ക്കും പണ്ഡിതന്മാര്‍ക്കും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമാണ് ഉണ്ടായിരുന്നത്; സ്വത്തൊന്നുമില്ലാതെ തങ്ങളുടെ അദ്ധ്വാനശക്തി മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്തി ജീവിച്ചവര്‍ക്ക് സമൂഹത്തില്‍ താഴ്ന്ന സ്ഥാനവും. 'വിനൈഞര്‍' എന്നു വിളിക്കപ്പെട്ടിരുന്ന വേലക്കാര്‍ വിശാലമായ നിലങ്ങളില്‍ കന്നുമേയ്ക്കുകയും വിളഞ്ഞു നില്‍ക്കുന്ന കതിര്‍മണികള്‍ കൊയ്യുകയും മറ്റും ചെയ്തിരുന്നവരാണ്. 'അടിയോര്‍' അവരേക്കാള്‍ താഴ്ന്നവരായിരുന്നു. ആഹാരവും വസ്ത്രവും മാത്രം പ്രതിഫലം പറ്റി അടിമവേല ചെയ്യുന്നവരായിരുന്നു അവര്‍. മൃഗങ്ങളെപ്പോലെയും ഉത്പന്നങ്ങളെപ്പോലെയും അവരെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ചെല്‍വകടുങ്കോവഴിയാതന്‍ എന്ന ചേരരാജാവ് അദ്ദേഹത്തെ സ്തുതിച്ചു പാടിയ കവിക്കു ദാനം ചെയ്ത വസ്തുക്കളുടെ കൂട്ടത്തില്‍ അടിമകളായ വേലക്കാരും ഉള്‍പ്പെട്ടിരുന്നു (പുറ. 387). അടിമകളെ അന്യനാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.

മിച്ചോത്പാദനവും വാണിജ്യപരമായ അഭിവൃദ്ധിയുമായിരുന്നു ഈ കാലഘട്ടത്തിലെ സാമ്പത്തികസ്ഥിതിയുടെ രണ്ടു പ്രത്യേകതകള്‍. വിനൈഞര്‍, അടിയോര്‍ തുടങ്ങിയവരെക്കൊണ്ട് വേല ചെയ്യിക്കുവാന്‍ കാര്‍ഷികോപകരണങ്ങളുടെ ഉടമസ്ഥന്മാരെ പ്രാപ്തരാക്കിയത് മിച്ചോത്പാദനമാണ്. കുടുംബത്തിന്റെ ഭക്ഷ്യാവശ്യം കഴിഞ്ഞ് മിച്ചം ഉത്പാദിപ്പിക്കുവാന്‍ കന്നുകളെ പൂട്ടിയുള്ള പുതിയതരം കൃഷിസമ്പ്രദായം കൊണ്ട് സാധ്യമായിത്തീര്‍ന്നു. ഉത്പാദനശക്തികളുടെ വളര്‍ച്ച പുതിയതരം ഉത്പാദന ബന്ധത്തിന് വഴിതെളിക്കുകയും ചെയ്തു. ഇതേ കാലയളവില്‍ തന്നെയാണ് അഭൂതപൂര്‍വമായ തോതില്‍ വിദേശവ്യാപാരം അഭിവൃദ്ധിപ്പെട്ടത്. 45-ല്‍ ഹിപ്പാലസ് എന്ന ഗ്രീക്ക്നാവികന്‍ കാലവര്‍ഷക്കാറ്റുകളുടെ സഹായത്തോടെ അറബിക്കടല്‍ മുറിച്ചുകടന്ന് മുസിരിസ്സിലേക്ക് (കൊടുങ്ങല്ലൂര്‍) നേരിട്ട് കപ്പലുകള്‍ ഓടിക്കുവാനുള്ള മാര്‍ഗം കണ്ടുപിടിച്ചു. ഇത് കേരളവും (പൊതുവേ ദക്ഷിണേന്ത്യയും) പശ്ചിമേഷ്യയുമായുള്ള വ്യാപാരത്തെ എളുപ്പമാക്കിത്തീര്‍ത്തു. കേരളത്തിലെ മുഖ്യ കാര്‍ഷികോത്പന്നമായിരുന്ന കുരുമുളകിന് പാശ്ചാത്യനാടുകളില്‍ വമ്പിച്ച പ്രിയമായിരുന്നു. കുരുമുളകു വ്യാപാരത്തിനായി ഗ്രീക്കുകാരും റോമാക്കാരും മുസിരിസ്സിലും മറ്റു ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളിലും ധാരാളമായി എത്തിച്ചേര്‍ന്നു. ഒന്നാം നൂറ്റാണ്ടില്‍ പ്ലിനിയും പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും രണ്ടാം നൂറ്റാണ്ടില്‍ ടോളമിയും ഈ വര്‍ധിച്ചുവരുന്ന വ്യാപാരത്തെപ്പറ്റി പ്രതിപാദിക്കുന്നു. സംഘസാഹിത്യത്തിലും ഇതു സംബന്ധമായി ധാരാളം പരാമര്‍ശങ്ങളുണ്ട്. കച്ചവടത്തിന്റെ അഭിവൃദ്ധിയും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ വമ്പിച്ച മാറ്റം വരുത്തി. മേല്‍പ്പറഞ്ഞ രണ്ടു ഘടകങ്ങളും- വര്‍ഗവിഭജനവും സാമ്പത്തികാഭിവൃദ്ധിയും-ശക്തമായ രാജവാഴ്ചയ്ക്ക് കളമൊരുക്കി. ഗണമുഖ്യരുടെ (tribal chieftains) ആധിപത്യത്തിന്റെ സ്ഥാനത്ത് രാജവാഴ്ച പ്രതിഷ്ഠാപിതമായി. ഒരു സ്ഥിരസൈന്യത്തെ നിര്‍ത്തുവാനുള്ള തീരുമാനം രാജാക്കന്മാര്‍ക്ക് വിദേശവാണിജ്യത്തില്‍ നിന്നു ലഭ്യമായി. വിദേശവാണിജ്യം രാജാക്കന്മാരുടെ കുത്തകയായിരുന്നു. കാട്ടുവള്ളികളില്‍ ധാരാളമായി ഉണ്ടായിരുന്ന കുരുമുളകിന്റെ സംഭരണവും വിനിമയവും ക്രമീകരിക്കല്‍ രാജാവിന്റെ ചുമതലയായി. കുരുമുളകു വള്ളികള്‍ ധാരാളമായി വളരുന്ന പ്രദേശങ്ങള്‍ തന്റെ രാജ്യപരിധിയില്‍ ഒതുക്കിനിര്‍ത്തുകയും കുരുമുളക് ശേഖരിക്കുന്നവരെയും ധനാഢ്യരെയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു രാജാവിന്റെ മുഖ്യകടമ. ചേരരാജാക്കന്മാരുടെ നേട്ടങ്ങളായി രണ്ടു കാര്യങ്ങളാണ് സംഘകവി കപിലര്‍ എടുത്തുപറഞ്ഞിരിക്കുന്നത്: 'ഒന്നാമതായി നാട്ടിലെ നിലങ്ങളില്‍ വിളവു വര്‍ധിപ്പിച്ചു; മറ്റൊന്ന് നാലു ദിക്കുകളിലായി വേര്‍പെട്ടുനിന്നിരുന്ന ദേശങ്ങളെ ഒന്നിച്ചു ചേര്‍ത്ത് ഒരു സാമ്രാജ്യം സൃഷ്ടിച്ചു' (പതിറ്റു. VII. 1). 'എണ്‍വക ധാന്യങ്ങളെ വിക്രയം ചെയ്യുന്ന വാണികര്‍ക്കും അടിയാരെ കാക്കുന്ന മേലാളര്‍ക്കും അങ്ങ് സഹായമരുളി' എന്നാണ് നെടുംചേരലാതനെ പ്രകീര്‍ത്തിച്ചുകൊണ്ട് കുമട്ടൂര്‍ കണ്ണനാര്‍ പാടിയത്. 'ചാന്റോര്‍ മെയ്മറൈ' (മദ്യഹാരകന്മാരുടെ-മാന്യന്മാരുടെ എന്നും അര്‍ഥമുണ്ട്-സംരക്ഷക) എന്നും 'വില്ലോര്‍ മെയ്മറൈ' (മറവര്‍, മഴവര്‍ തുടങ്ങിയ വില്ലോര്‍മാരുടെ സംരക്ഷക) എന്നുമാണ് സംഘകാല കവികള്‍ ചേരരാജാക്കന്മാരെ പലപ്പോഴും അഭിസംബോധന ചെയ്തിരുന്നത്. 'ചാന്റോര്‍ പെരുമകന്‍' എന്നുപോലും ഒരു ചേരരാജാവിനെ കപിലര്‍ സംബോധന ചെയ്യുന്നുണ്ട് (പതിറ്റു. VII.6). 'ഉഴവ' എന്നു സംബോധന ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങളുമുണ്ട് (പതിറ്റു. III.4). ചാന്റോര്‍, വില്ലോര്‍, വാണികര്‍, ഉഴവര്‍ എന്നിവരുടെ സംരക്ഷകന്മാരായിരുന്നു ചേരരാജാക്കന്മാര്‍. വര്‍ഗസമുദായത്തില്‍ ഉയര്‍ന്ന ശ്രേണിയിലെത്തുന്നതിനുവേണ്ടിയാണ് രാജാധികാരം ഉപയോഗപ്പെടുത്തുക. ചേരരാജാക്കന്മാരുടെ വര്‍ഗസ്വഭാവം സംഘംകൃതികളില്‍ കലവറയില്ലാതെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

സംഘകാലത്തെ രാജവാഴ്ചയുടെ മറ്റൊരു പ്രത്യേകത ഇളംകൂര്‍ രാജാക്കന്മാരെ രാജപ്രതിനിധികളായി പല കേന്ദ്രങ്ങളിലും വാഴിച്ചിരുന്നു എന്നുള്ളതാണ്. തൊണ്ടി (കൊയിലാണ്ടി), മാന്തൈ (മംഗലാപുരം), കരുവൂര്‍ എന്നിവിടങ്ങളിലെല്ലാം ഇങ്ങനെ ചേരരാജാക്കന്മാരുടെ ഇളംമുറക്കാര്‍ വന്നിട്ടുണ്ട്. കരുവൂര്‍ ശാഖ പ്രധാന ചേരവംശത്തെപ്പോലെ തന്നെ സ്വതന്ത്രരാജവംശത്തിന്റെ പദവി ആര്‍ജിക്കുകയുണ്ടായി. കരുവൂരും വഞ്ചിയും (ചേരവംശത്തിന്റെ തലസ്ഥാനം) ഒന്നുതന്നെയാണെന്ന തെറ്റിദ്ധാരണയ്ക്ക്, പില്‍ക്കാലത്ത് ഇത് ഇടനല്‍കി. കരുവൂര്‍ എന്ന സ്ഥലനാമം തന്നെ (കരുവൂര്‍ എന്നാല്‍ പുതിയ പട്ടണം എന്നര്‍ഥം) അത് വഞ്ചിമൂതൂര്‍ (പഴയ പട്ടണമായ വഞ്ചി) അല്ലെന്ന് വിളിച്ചറിയിക്കുന്നുണ്ട്. ചേരരാജാക്കന്മാര്‍ മക്കത്തായികളായിരുന്നുവെന്നും സംഘം കൃതികളില്‍ നിന്നു മനസ്സിലാക്കാം.

ബുദ്ധ-ജൈനമതങ്ങളുടെ സ്വാധീനം.

സംഘകാലത്ത് ജനങ്ങളില്‍ ഭൂരിപക്ഷത്തിനും പ്രത്യേക മതമൊന്നുമുണ്ടായിരുന്നില്ല. ദ്രാവിഡാചാരങ്ങളായിരുന്നു പൊതുവേ പ്രചാരത്തിലുണ്ടായിരുന്നത്. പ്രധാനമായും പ്രകൃതിയെയും പ്രകൃതിശക്തികളെയും പൂര്‍വികരെയും വൃക്ഷങ്ങളെയും ആരാധിച്ചിരുന്നു. കൊറ്റവൈ ദ്രാവിഡരുടെ സമരദേവതയായിരുന്നു. മദ്യവും മാംസവും കൊണ്ടായിരുന്നു കൊറ്റവൈയെ പ്രീതിപ്പെടുത്തിയിരുന്നത്. സംഘകാലഘട്ടത്തിനു മുമ്പ് തമിഴകത്തില്‍ പ്രചാരം നേടിക്കൊണ്ടിരുന്ന ബുദ്ധ-ജൈനമതങ്ങളും ജനങ്ങളെ ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരുന്നു. ചേരരാജാക്കന്മാരില്‍ ചിലര്‍ ബുദ്ധമതം സ്വീകരിക്കുകയോ ബുദ്ധമതത്തിന്റെ പ്രചാരകരായി മാറുകയോ ചെയ്തതോടെ ബുദ്ധമതത്തിന് ദക്ഷിണേന്ത്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി.

പില്ക്കാലത്ത് ദ്രാവിഡരുടെ സാമൂഹികവ്യവസ്ഥയെയും സാംസ്കാരിക അവബോധത്തെയും ദാര്‍ശനികമണ്ഡലത്തെയും വികസിപ്പിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും നിര്‍ണായകമായ സ്വാധീനം ചെലുത്തിയ രണ്ടു മതങ്ങളായിരുന്നു ദക്ഷിണേന്ത്യയില്‍ പ്രചാരത്തില്‍ വന്ന ബുദ്ധ-ജൈന മതങ്ങള്‍. ഈ മതങ്ങള്‍ വിഭാവനം ചെയ്ത ജാതിരഹിത-വര്‍ണരഹിത സാമൂഹിക സങ്കല്പങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്ന ഒരു സാമൂഹിക വ്യവസ്ഥയാണ് ദ്രാവിഡര്‍ക്കിടയില്‍ നിലനിന്നിരുന്നതിനാല്‍, വളരെപ്പെട്ടെന്ന് തന്നെ ഈ മതങ്ങള്‍ക്ക് കേരളം ഉള്‍പ്പെടെയുള്ള തമിഴകത്ത് വളര്‍ന്നു പന്തലിക്കാന്‍ കഴിഞ്ഞു. അശോകചക്രവര്‍ത്തിയുടെ കാലഘട്ടത്തിനു മുമ്പുതന്നെ ബുദ്ധമതാശയങ്ങള്‍ കേരളം ഉള്‍പ്പെടുന്ന തമിഴകത്തില്‍ പ്രചരിച്ചിരുന്നതായി സിംഹളഭാഷയില്‍ എഴുതിയ മഹാവംശം എന്ന ബുദ്ധമതചരിത്രഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്. ഇതു ശരിയാണെങ്കില്‍ ശ്രീബുദ്ധന്റെ കാലഘട്ടത്തില്‍ത്തന്നെ ബുദ്ധമതാശയങ്ങള്‍ ദക്ഷിണേന്ത്യയില്‍ പ്രചരിച്ചിരിക്കണം. അശോകചക്രവര്‍ത്തിയുടെ കാലഘട്ടമായപ്പോഴേക്കും ചേര, ചോള, പാണ്ഡ്യദേശങ്ങളില്‍ ബുദ്ധമതം ശക്തമായി പ്രചരിച്ചിരുന്നതായും അവിടങ്ങളിലെ ജനങ്ങള്‍ ബുദ്ധമതാശയങ്ങള്‍ക്കനുസൃതമായി തങ്ങളുടെ സാമൂഹികജീവിതം വികസിപ്പിച്ചിരുന്നതായും അശോകശാസനങ്ങള്‍ (ഗിര്‍ണാര്‍ ശാസനങ്ങള്‍) തന്നെ സൂചന നല്കുന്നുണ്ട്. ദ്രാവിഡര്‍ക്കിടയില്‍ നിലനിന്നിരുന്ന സമഭാവനയും വിശാലകാഴ്ചപ്പാടും സര്‍വോപരി ഉയര്‍ന്ന സാമൂഹിക-സാംസ്കാരിക അവബോധവുമായിരുന്നു അവരെ ബുദ്ധമതാശയങ്ങളോട് അടുപ്പിച്ചത്. ശ്രീബുദ്ധന്റെ സ്നേഹം, കരുണ, മൈത്രി, അഹിംസ തുടങ്ങിയ ആശയങ്ങളില്‍ ആകൃഷ്ടരായ ദ്രാവിഡര്‍ ബുദ്ധമതാശയങ്ങള്‍ സ്വീകരിക്കുകയും തങ്ങളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി വിളക്കിച്ചേര്‍ക്കുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ കാര്‍ഷികവൃത്തിയുടെ വികസനത്തിന് ബുദ്ധമതം നല്കിയ സംഭാവനയും നിര്‍ണായകമായിരുന്നു. കലപ്പയുടെ ഉപയോഗം കേരളത്തില്‍ പ്രചരിപ്പിച്ചത് ബുദ്ധഭിക്ഷുക്കളാണെന്ന് കരുതുന്നു. കേരളത്തില്‍ സാക്ഷരതയും വിദ്യാഭ്യാസവും സാര്‍വത്രികമാക്കുന്നതിലും ദാര്‍ശനികതയെ വികസിപ്പിക്കുന്നതിലും, ആയുര്‍വേദചികിത്സാ സമ്പ്രദായത്തെ വ്യാപകമാക്കുന്നതിലും ബുദ്ധമതം നിര്‍ണായക സംഭാവന നല്കി. ബുദ്ധവിഹാരങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങളും (പള്ളികള്‍) ആതുരശാലകളും ആരംഭിക്കുന്ന സംസ്കാരത്തിന് കേരളത്തില്‍ തുടക്കംകുറിച്ചത് ബുദ്ധഭിക്ഷുക്കളായിരുന്നു. ഈ സമ്പ്രദായം വിദ്യാഭ്യാസത്തെ സാര്‍വത്രികമാക്കി. ഹിന്ദുക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന കെട്ടുകാഴ്ചകളും രഥോത്സവങ്ങളും ആനയെഴുന്നള്ളത്തും ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നിയതാര്‍ഥത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കതീതമായി നിലനിന്നിരുന്ന ദ്രാവിഡസംസ്കാരത്തിന്റെ പരിപോഷണവും വികാസവും ബുദ്ധ-ജൈനമതങ്ങളുടെ കടന്നുവരവോടെ കരുത്താര്‍ജിക്കുകയാണുണ്ടായത്. ബുദ്ധമതത്തിനു മുമ്പ് കേരളത്തില്‍ എത്തിയ ജൈനമതത്തിന് പക്ഷേ ബുദ്ധമതത്തോളം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല.

സംഘകാലത്തേതില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല ഇക്കാലത്തെ സാമൂഹിക ബന്ധങ്ങളെന്ന് വ്യക്തമാണ്. മണിമേഖല, ചിലപ്പതികാരം എന്നീ കൃതികളില്‍ പ്രതിഫലിക്കുന്ന ജീവിതം അതാണ് സൂചിപ്പിക്കുന്നത്. വണികരും കൃഷിക്കാരും സുഖസമൃദ്ധിയില്‍ ജീവിച്ചിരുന്നു. നൃത്തവിദഗ്ധകളായ വേശ്യകള്‍ക്ക് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആദരണീയമായ സ്ഥാനം ഉണ്ടായിരുന്നു. ഗൃഹസ്ഥന്മാരായ ധനികന്മാര്‍ വേശ്യാസ്ത്രീകളെ പ്രാപിക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. സ്ത്രീകളുടെ ചാരിത്ര്യം വിലമതിക്കപ്പെട്ടിരുന്നു. പക്ഷേ, സ്ത്രീകള്‍ക്കു സംഘകാലത്തെക്കാള്‍ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകള്‍ സ്വാതന്ത്ര്യം കുറവായിരുന്നു എന്നു വേണം കരുതാന്‍. സംഘകാലത്ത് പ്രേമവിവാഹത്തിനുണ്ടായിരുന്ന പ്രാധാന്യം ഈ കാലഘട്ടത്തില്‍ കാണുന്നില്ല. ജീവിതത്തിന്റെ പല രംഗങ്ങളിലും സ്ത്രീപുരുഷന്മാര്‍ തുല്യനിലയില്‍ പെരുമാറിയിരുന്ന അന്തരീക്ഷവും ഇക്കാലത്തുണ്ടായിരുന്നില്ല. മണിമേഖല മതതത്ത്വങ്ങള്‍ പഠിക്കുവാന്‍ പുരുഷവേഷം ധരിച്ച് വഞ്ചി നഗരത്തിലെ മതപണ്ഡിതന്മാരെ സമീപിക്കുവാന്‍ അരവണ അടികള്‍ അവളെ ഉപദേശിക്കുന്നുണ്ട്. സ്ത്രീകളെ മതപഠനത്തില്‍ നിന്നു ഒഴിച്ചുനിര്‍ത്തുവാന്‍ തുടങ്ങിയിരുന്നു എന്ന് ഇതില്‍ നിന്ന് ഊഹിക്കാം. 'അടിയാ'രുടെ സാമൂഹിക പദവിയും അധഃപതിച്ചതായി കരുതാം. സംഘകാലത്ത് ഭൂമി കൈമാറ്റം ചെയ്യുന്നതോടൊപ്പം അടിയാരെയും കൈമാറ്റം ചെയ്തിരുന്നു. എന്നാല്‍ അടിമക്കച്ചവടം (വിദേശീയരായ അടിമകളെ ഒഴികെ) ഉണ്ടായിരുന്നില്ല. നാലും അഞ്ചും നൂറ്റാണ്ടുകളില്‍ അടിമക്കച്ചവടം നിലവില്‍ വന്നുവെന്ന് കരുതാന്‍ ന്യായമുണ്ട്. അതുകൊണ്ടാകണമല്ലോ മണിമേഖലയ്ക്ക് അഷ്ടാംഗമാര്‍ഗം ഉപദേശിക്കുമ്പോള്‍, പഞ്ചശീലങ്ങളുടെ കൂട്ടത്തില്‍ 'അടിമക്കച്ചവടം അരുത്' എന്നുകൂടി പറയുന്നത്.

ബ്രാഹ്മണരുടെ കുടിയേറ്റവും ജാതിവ്യവസ്ഥയും.

ബ്രാഹ്മണരുടെ കുടിയേറ്റത്തോടെയാണ് കേരളത്തില്‍ ജാതിവ്യവസ്ഥയും ജന്മിത്വവും രൂപംകൊള്ളുന്നത്. സംഘകാലഘട്ടത്തില്‍ കേരളത്തില്‍ ജാതിവ്യവസ്ഥ രൂപപ്പെട്ടിരുന്നില്ല. അധിവാസകേന്ദ്രങ്ങളുടെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്നെങ്കിലും സവര്‍ണര്‍ എന്നോ അവര്‍ണരെന്നോ ഉള്ള വിഭജനം സമൂഹത്തില്‍ നിലനിന്നിരുന്നില്ല. ബ്രാഹ്മണന്‍ എന്ന പദംപോലും സംഘകൃതികളില്‍ കാണുന്നില്ല. എന്നാല്‍ പില്ക്കാലത്ത് വടക്കേയിന്ത്യയില്‍ നിന്നും ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറാന്‍ ആരംഭിച്ചതോടെയാണ് ഇവിടെ ജാതികേന്ദ്രീകൃതമായൊരു സമൂഹം രൂപം കൊള്ളുന്നത്. സംഘകാലഘട്ടത്തിന്റെ ആരംഭത്തില്‍ത്തന്നെ കേരളത്തില്‍ ബ്രാഹ്മണരുടെ കുടിയേറ്റം ആരംഭിച്ചിരുന്നതായി സംഘംകൃതികള്‍ സൂചന നല്കുന്നുണ്ട്. വൈദികപാരമ്പര്യത്തില്‍ അഭിരമിച്ചിരുന്ന ബ്രാഹ്മണര്‍ രാജാക്കന്മാരുടെയും ധനികരുടെയും ഐശ്വര്യത്തിനു വേണ്ടി യാഗാദികര്‍മങ്ങള്‍ നടത്തിക്കൊണ്ടായിരുന്നു സമൂഹത്തില്‍ അവരുടെ ആധിപത്യം സ്ഥാപിച്ചെടുത്തത്. ആര്യന്മാരുടെ തെക്കോട്ടുള്ള വരവ് ആദ്യം വളരെ പരിമിതമായ തോതിലായിരുന്നു. ചെറിയ സംഘങ്ങളായി ഇന്ത്യയുടെ കിഴക്കേതീരം വഴി തെക്കോട്ടുള്ള ആ കുടിയേറ്റം നാല് തലമുറകളിലൂടെയാണ് സംഭവിച്ചത്.

ക്രിസ്തുവര്‍ഷത്തിന് മൂന്നോ നാലോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചെറിയതോതില്‍ കുടിയേറ്റം ആരംഭിച്ച ബ്രാഹ്മണര്‍ ക്രിസ്തുവര്‍ഷം എട്ടുമുതല്‍ പന്ത്രണ്ടുവരെ നൂറ്റാണ്ടുകളില്‍ ജാതിവ്യവസ്ഥയ്ക്കു വിത്തുപാകി കേരളീയ സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ചതിന്റേതാണ് കേരളത്തിന്റെ പില്ക്കാലചരിത്രം. 8-ാം നൂറ്റാണ്ടില്‍ ഒന്നാം ചേരസാമ്രാജ്യത്തിനുണ്ടായ പതനവും ബ്രാഹ്മണരുടെ പ്രതിനിധികളായ പെരുമാക്കന്മാര്‍ ഭരണാധികാരികളായിത്തീര്‍ന്നതും സമൂഹത്തില്‍ ബ്രാഹ്മണരുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും, തദ്ദേശീയരായ ദ്രാവിഡ-ഗോത്രവിഭാഗങ്ങളെക്കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള ചാതുര്‍വര്‍ണ്യ കേന്ദ്രീകൃതമായൊരു സാമൂഹിക വ്യവസ്ഥ ഇവിടെ നടപ്പിലാക്കുന്നതിനും ബ്രാഹ്മണരെ സഹായിച്ചു. വൈദികപാരമ്പര്യത്തിന്റെ വക്താക്കളായ ബ്രാഹ്മണര്‍ക്ക് ഈ സാമൂഹിക വ്യവസ്ഥയുടെ ഏറ്റവും മുകള്‍ത്തട്ടില്‍ സ്ഥാനം ലഭിച്ചതോടെ അവര്‍ക്ക് വളരെപ്പെട്ടെന്ന് ഒരു സാമ്പത്തിക ശക്തിയായി വികസിക്കാനും ഭരണാധികാരികള്‍ക്കുമേല്‍ സ്വാധീനം ചെലുത്താനും നിയമവ്യവസ്ഥയെ പുനര്‍നിര്‍വചിക്കാനും വ്യാഖ്യാനിക്കാനും അവസരം ലഭിച്ചു. ബ്രാഹ്മണമതം അനുവദിച്ചു നല്കിയിരുന്ന പൗരോഹിത്യ മേല്ക്കോയ്മയും ക്ഷേത്രഭരണത്തിലെ ആധിപത്യവുമായിരുന്നു ഇതിന് പിന്നിലെ ചാലകശക്തിയായി വര്‍ത്തിച്ചത്. ദേവസ്വം, ബ്രഹ്മസ്വം, ചേരിക്കല്‍ എന്നിങ്ങനെ ഭൂമി മൂന്നായി വിഭജിക്കപ്പെടുകയും ദേവസ്വം, ബ്രഹ്മസ്വം ഭൂമിയുടെ അവകാശം ബ്രാഹ്മണരില്‍ നിക്ഷിപ്തമാകുകയും കൂടി ചെയ്തതോടെ ബ്രാഹ്മണര്‍ സാമ്പത്തികഘടനയിലും ആധിപത്യം നേടി. ഇത് കേരളത്തില്‍ ജന്മിത്തത്തിന് വിത്തുപാകി. 8-ാം നൂറ്റാണ്ടില്‍ കേരളത്തിലുടനീളം ക്ഷേത്രങ്ങള്‍ നിലവില്‍ വന്നതും, ഭരണാധികാരികള്‍ ക്ഷേത്രങ്ങളിലേക്ക് വ്യാപകമായി ഭൂമിയുള്‍പ്പെടെയുള്ള സമ്പത്ത് ദാനം ചെയ്യാന്‍ തുടങ്ങിയതും ക്ഷേത്രങ്ങളെ സമാന്തരഭരണകേന്ദ്രങ്ങള്‍ ആക്കാനും ബ്രാഹ്മണാധിപത്യത്തെയും ജന്മിത്തത്തെയും പതിന്മടങ്ങ് ശക്തിപ്പെടുത്താനും വഴിതെളിച്ചു.

ബ്രാഹ്മണര്‍ കേരളത്തില്‍ സ്ഥാപിച്ച ജാതിവ്യവസ്ഥയില്‍ ജാതികളും ഉപജാതികളുമായി 64 എണ്ണം ഉണ്ടായിരുന്നു. ബ്രാഹ്മണര്‍-8, ന്യൂനവര്‍ഗം-2, ആന്തരാള ജാതി-12, ശൂദ്രന്‍-18, ശില്പി-6, പതിതന്‍-1, താണജാതി-8 എന്നിങ്ങനെയാണ് ആ തരംതിരിവ്. മറ്റൊരു കണക്കനുസരിച്ച് ജാതികളും ഉപജാതികളും കൂടി 420-ഓളം വരും. കേരളത്തില്‍ രൂപംകൊണ്ട ജാതിവ്യവസ്ഥ ആചാരക്രമമനുസരിച്ചും സ്വജാതിയില്‍ വിവാഹം, തീണ്ടല്‍, തൊടീല്‍, ആഹാരക്രമം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു. അയിത്താചാരമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ മറ്റൊരു പ്രത്യേകത. തദ്ദേശീയരായ ദ്രാവിഡ-ഗോത്ര വിഭാഗങ്ങളില്‍ നിന്നും ബുദ്ധ-ജൈന മതങ്ങളില്‍ നിന്നും ജാതിവ്യവസ്ഥയുടെ അടിത്തട്ടില്‍ കണ്ണിചേര്‍ക്കപ്പെട്ടവരെയായിരുന്നു അയിത്തജാതിക്കാരായി കണക്കാക്കിയിരുന്നത്. ജാതിവ്യവസ്ഥ അതിന്റെ മുകള്‍ത്തട്ടില്‍പ്പെട്ട സവര്‍ണവിഭാഗങ്ങള്‍ക്ക് അധികാരവും സമ്പത്തും പദവിയും ചൂഷണം ചെയ്യാന്‍ അവസരം സൃഷ്ടിച്ചപ്പോള്‍ അടിത്തട്ടുകാര്‍ക്ക് അടിസ്ഥാന പൗരാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ടുകൊണ്ടാണ് നിലനിന്നത്. അടിത്തട്ടുകാരുടെ സാമീപ്യം പോലും അശുദ്ധിയുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍, സഞ്ചാരസ്വാതന്ത്ര്യം പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു.

കേരളത്തില്‍ ബ്രാഹ്മണര്‍ സ്ഥാപിച്ച ജാതിവ്യവസ്ഥയില്‍ ക്ഷത്രിയരും വൈശ്യരും ഉണ്ടായിരുന്നില്ല. ബ്രാഹ്മണരുടെ കുടിയേറ്റ കാലത്ത് അവരുടെ പൗരോഹിത്യവും ഉപദേശവും സ്വീകരിക്കാനും അവരുടെ വൈദിക പാരമ്പര്യം അംഗീകരിക്കാനും തയ്യാറായ ഭരണാധികാരികളെ പില്ക്കാലത്ത് ബ്രാഹ്മണന്‍ ക്ഷത്രിയപദവി നല്കി അധികാരത്തില്‍ പുനഃപ്രതിഷ്ഠിക്കുകയായിരുന്നെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

രാജവാഴ്ചയുടെയും ജന്മിത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയും ആധിപത്യകാലഘട്ടത്തില്‍ ജാതിവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുകയും രാജാക്കന്മാരും ദേശവാഴികളും നാടുവാഴികളും അവരുടെ സാമന്തന്മാരും ഉള്‍പ്പെട്ട ഭരണവര്‍ഗവും സവര്‍ണരുംജാതിവ്യവസ്ഥയുടെ പരിപാലകരും സംരക്ഷകരുമായി വര്‍ത്തിക്കുകയും ചെയ്തു. ജാതിനിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതില്‍ ഇവര്‍ ബദ്ധശ്രദ്ധരായിരുന്നു. ജാതിനിയമങ്ങള്‍ സമൂഹത്തെ ലംബദിശയില്‍ സവര്‍ണരെന്നും അവര്‍ണരെന്നും രണ്ടായി വിഭജിക്കുക മാത്രമല്ല അധികാരം, സമ്പത്ത്, പദവി എന്നിവ സവര്‍ണര്‍ക്ക് ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുകയും അവര്‍ണരെ നീചജാതികളായി ചിത്രീകരിച്ച് അവരുടെ പൗരാവകാശങ്ങള്‍പോലും നിഷേധിക്കുകയും ചെയ്തുപോന്നു. ബ്രാഹ്മണ-ക്ഷത്രിയ, ശൂദ്ര വിഭാഗങ്ങളായിരുന്നു സവര്‍ണരെ പ്രതിനിധീകരിച്ചിരുന്നതെങ്കില്‍ ഈഴവര്‍, നാടാര്‍, പറയര്‍, കുറവര്‍, പുലയര്‍, കമ്മാളര്‍ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളായിരുന്നു അവര്‍ണരായി ചിത്രീകരിക്കപ്പെട്ടിരുന്നത്. വൈശ്യര്‍ കേരളത്തില്‍ ഉണ്ടായിരുന്നതേയില്ല. അക്കാലത്ത് കേരളത്തില്‍ വ്യാപാരത്തിലും കൃഷിയിലും വ്യാപൃതരായിരുന്ന ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായിരുന്നു വൈശ്യരുടെ സ്ഥാനം അലങ്കരിച്ചിരുന്നത്. കൊച്ചിയില്‍ ക്രിസ്ത്യാനികള്‍ക്കും മലബാറില്‍ മുസ്ലിങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ ഉന്നതപദവി ലഭിച്ചിരുന്നു. കൊച്ചിയില്‍ ആക്കദിയാക്കോന്‍ ആയിരുന്നു സ്ഥാനാരോഹണചടങ്ങില്‍ കിരീടം യുവരാജാവിന് കൈമാറിയിരുന്നത്. വൈദേശിക ക്രിസ്ത്യാനികള്‍ക്ക് രാജാവിനോടുള്ള അടുപ്പവും സാമ്പത്തികശേഷിയും, ഉയര്‍ന്ന ജാതിയില്‍ നിന്നുമാത്രം മതംമാറ്റം അനുവദിച്ചിരുന്ന അവസ്ഥയും, ജാതിയവ്യവസ്ഥയില്‍ അവരുടെ സ്ഥാനം ഉയര്‍ന്ന തലങ്ങളില്‍ നിര്‍ണയിക്കാന്‍ സഹായകമായി.

നായന്മാരായിരുന്നു ശൂദ്രരെ പ്രതിനിധാനം ചെയ്തിരുന്നത്. വൈശ്യരുടെ അഭാവത്തില്‍ ഒരു പടികൂടി ഉയര്‍ത്തിയുള്ള അവരുടെ സ്ഥാനനിര്‍ണയം അവര്‍ക്ക് ഭരണസംവിധാനത്തിലും സാമ്പത്തികവ്യവഹാരത്തിലും ഉന്നതപദവി നല്കി. അവര്‍ ക്ഷത്രിയരുടെ സഹായികളായി രാജ്യസേവനം ചെയ്തു. കൃഷികാര്യങ്ങളില്‍ നമ്പൂതിരിമാരെയും ക്ഷേത്രങ്ങളെയും സഹായിച്ചുപോന്ന ഇവര്‍ ബ്രഹ്മസ്വം, ദേവസ്വം, ചേരിക്കല്‍ ഭൂമികള്‍ പാട്ടത്തിനെടുത്ത് വെറും പാട്ടക്കാരെ നിയമിച്ച് കൃഷി ചെയ്തു. നായരും-നമ്പൂതിരിയും തമ്മില്‍ അന്യോന്യം ഉപകാരപ്രദമായ ഒരു ബന്ധം (സംബന്ധം) അക്കാലത്ത് നിലനിന്നിരുന്നു. നമ്പൂതിരി ഇല്ലങ്ങളിലെ ഇളംതലമുറക്കാരായിരുന്നു നായര്‍ സ്ത്രീകളുമായി സംബന്ധത്തിലേര്‍പ്പെട്ടിരുന്നത്. ഈ ബന്ധം പക്ഷേ കാലക്രമേണ മരുമക്കത്തായ സമ്പ്രദായത്തിന്റെ പ്രചാരത്തോടെ അവസാനിച്ചു. ഭൂവുടമസ്ഥാവകാശം ഇല്ലാത്ത നായന്മാര്‍ ഈ ബന്ധത്തിലൂടെ നമ്പൂതിരിമാരില്‍ നിന്നും കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുക പതിവായിരുന്നു. ഫ്യൂഡലിസത്തിന്റെ കാലഘട്ടത്തില്‍ നായന്മാര്‍ കായികായോധന കലയില്‍ (കളരി) പ്രാവീണ്യം നേടുകയും, പ്രാദേശികതലത്തില്‍ പ്രത്യേക സായുധ കൂട്ടങ്ങളെ സംഘടിപ്പിക്കുകയും ചെയ്തുപോന്നു. രാജാക്കന്മാര്‍ക്കും ദേശവാഴികള്‍ക്കുംവേണ്ടി സൈനികസേവനം നടത്തിയിരുന്നതും നായന്മാരായിരുന്നു. നമ്പൂതിരി സ്ത്രീകള്‍ അപഥസഞ്ചാരത്തില്‍ വീണുപോയാല്‍ സ്മാര്‍ത്തവിചാരം നടത്തി പിണ്ഡം വയ്ക്കുന്ന ഒരു സമ്പ്രദായവും അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്നു. ബ്രാഹ്മണര്‍ക്കിടയിലെ ജാതിബോധത്തെ നിലനിര്‍ത്തുന്നതിനുവേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.

 

ഭൂവുടമക്കാര്യത്തില്‍ നായന്മാര്‍ക്കുള്ള സ്ഥാനം ബ്രാഹ്മണര്‍ക്കും നാടുവാഴികള്‍ക്കും തൊട്ടുതാഴെയായിരുന്നു. ജന്മിസമ്പ്രദായം വളര്‍ച്ച പ്രാപിച്ചപ്പോള്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയില്‍ നിന്നുമുള്ള ഉത്പാദനത്തിന് അവകാശികള്‍ ക്ഷേത്രങ്ങളും ബ്രാഹ്മണരും നാടുവാഴികളുമായി തീര്‍ന്നു. നായന്മാര്‍ കാണക്കുടിയാന്മാരായി അവരോധിക്കപ്പെട്ടു. കാണക്കുടിയാന്മാര്‍ ഭൂമിയില്‍ നേരിട്ട് അധ്വാനിക്കുന്നവരായിരുന്നില്ല. കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നത്തിന്റെ ഒരു ഓഹരിക്ക് കാണക്കുടിയാന്മാര്‍ക്കും അവകാശം സിദ്ധിച്ചു. അങ്ങനെ കായികാധ്വാനം കൂടാതെ ഉത്പാദനഫലത്തില്‍ പങ്കു പറ്റിയിരുന്നവരാണ് ബ്രാഹ്മണര്‍, നാടുവാഴികള്‍, നായന്മാര്‍ എന്നിവരെല്ലാം.

നായന്മാര്‍ക്ക് കേരള ബ്രാഹ്മണന്മാരോടുള്ള ബന്ധം കൂടുതല്‍ ദൃഢമായിത്തീര്‍ന്നത് 'സംബന്ധ' വിവാഹത്തില്‍ കൂടിയാണ്. കേരള ബ്രാഹ്മണ ഇല്ലങ്ങളിലെ മൂത്ത പുത്രന്‍ മാത്രമേ സജാതീയ വിവാഹം ചെയ്തിരുന്നുള്ളൂ. ഇളമുറക്കാരെല്ലാം നായര്‍സ്ത്രീകളെയോ ക്ഷത്രിയസ്ത്രീകളെയോ 'സംബന്ധം' ചെയ്യുക എന്ന പതിവാണ് ഉണ്ടായിരുന്നത്. സംബന്ധ വിവാഹത്തിലൂടെ ഭാര്യയായിത്തീരുന്ന സ്ത്രീയെയോ മക്കളെയോ പുലര്‍ത്തുവാനുള്ള യാതൊരു ബാധ്യതയും ഭര്‍ത്താവിന് ഉണ്ടായിരുന്നില്ല. ഇതിന് സഹായകമായ മറ്റൊരു ആചാരവും നിലവിലുണ്ടായിരുന്നു. 'താലികെട്ടുകല്യാണം' എന്നാണ് ഈ ആചാരത്തെ പറയുന്നത്. നായര്‍ തറവാടുകളില്‍ പന്ത്രണ്ടുവയസ്സില്‍ താഴെ പ്രായമായ പെണ്‍കുട്ടികളെ ഒന്നിച്ചിരുത്തി ഒരു ബ്രാഹ്മണയുവാവിനെക്കൊണ്ട് താലികെട്ടിക്കുക എന്ന സാമൂഹികമായ ആചാരമുണ്ടായിരുന്നു. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഒരു ചടങ്ങായിരുന്നു അത്. താലികെട്ടു നടന്നുകഴിഞ്ഞാല്‍ ഈ പെണ്‍കുട്ടികള്‍ക്ക് വിവാഹിതരായ സ്ത്രീകളുടെ പദവി ലഭിക്കുന്നു. പക്ഷേ, ഈ പെണ്‍കുട്ടികള്‍ക്കും താലികെട്ടുന്ന ബ്രാഹ്മണ യുവാവിനും തമ്മില്‍ ഭാവിയില്‍ ഭാര്യാഭര്‍ത്തൃബന്ധം ഉണ്ടാകണമെന്നില്ല. 'വിവാഹിതരായ' പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളവരുമായി ലൈംഗികവേഴ്ച നടത്തുവാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നു. താലികെട്ടു കല്യാണം ബ്രാഹ്മണരുമായി യാതൊരു വേഴ്ചയുമില്ലാത്ത പല ജാതിക്കാര്‍ക്കിടയിലും ഉണ്ടായിരുന്നു (ഉദാ. ഈഴവര്‍). അതിനാല്‍ താലികെട്ടു കല്യാണം കേരളബ്രാഹ്മണര്‍ ഉണ്ടാക്കിയതാണെന്ന് കരുതാന്‍ ന്യായമില്ല. ചില ഗോത്രങ്ങള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഈ ആചാരത്തെ കേരള ബ്രാഹ്മണര്‍ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് അനുമാനിക്കാം. താലികെട്ടു നടന്നുകഴിഞ്ഞ നായര്‍യുവതികളെ 'സംബന്ധ' വിവാഹത്തിനായി ബ്രാഹ്മണര്‍ സമീപിക്കുന്നു. നായന്മാരായ പുരുഷന്മാരുമായും നായര്‍ സ്ത്രീകള്‍ 'സംബന്ധ' വിവാഹമാണ് നടത്തിയിരുന്നത്. 'സംബന്ധ' വിവാഹത്തില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീക്കും അനേകം പേരുമായി 'സംബന്ധ' വിവാഹം നടത്താന്‍ തടസ്സമുണ്ടായിരുന്നില്ല. അങ്ങനെ പുരുഷന്മാര്‍ക്കിടയില്‍ ബഹുഭാര്യാത്വവും (polygamy) സ്ത്രീകള്‍ക്കിടയില്‍ ബഹുഭര്‍ത്തൃത്വവും (polygandry) സര്‍വസാധാരണമായിരുന്നു. ഈ സമ്പ്രദായത്തിന്റെ ഫലമായി കേരള ബ്രാഹ്മണരും നായര്‍ സമുദായവും തമ്മില്‍ രക്തബന്ധം വളര്‍ന്നുവരികയും, ബ്രാഹ്മണ-നായര്‍ സമുദായങ്ങള്‍ തമ്മില്‍ അഭേദ്യമായ അടുപ്പം ഉണ്ടാവുകയും ചെയ്തു. ജാതിവ്യത്യാസംകൊണ്ട് സാമൂഹികമായി അകല്‍ച്ചയും ശൈഥില്യവും സംഭവിക്കേണ്ട സ്ഥാനത്ത്, സാമൂഹിക സംവിധാനത്തിന് കെട്ടുറപ്പും പവിത്രതയും നല്‍കുവാന്‍ ബ്രാഹ്മണ-നായര്‍ സമുദായങ്ങള്‍ തമ്മിലുള്ള ഈ പ്രത്യേകതരം വേഴ്ച ഉപകരിച്ചു.

കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയിലെ മറ്റൊരു വിഭാഗമാണ് അന്തരാളര്‍ അഥവാ അമ്പലവാസികള്‍. അവരുടെ സ്ഥാനം ക്ഷത്രിയര്‍ക്ക് താഴെ നായന്മാര്‍ക്ക് മുകളിലാണ്. ചാക്യാര്‍, നമ്പ്യാര്‍, പിഷാരടി, വാര്യര്‍, മാരാര്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ജോലികളാണ് ഇവരുടേത്. ക്ഷേത്രങ്ങളില്‍ പൂജാദികര്‍മങ്ങള്‍ക്കാവശ്യമായ പരികര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് ഇവരാണ്. നായന്മാര്‍ക്കും ഉയര്‍ന്ന ജാതിക്കാര്‍ക്കുമിടയില്‍ രണ്ടു കൂട്ടരുമായി തീണ്ടലും തൊടീലിലും ഉള്‍പ്പെടാത്തവരായിരുന്നു ഇവര്‍.

കേരളീയ സമൂഹത്തില്‍ പരമ്പരാഗതമായി കള്ളുചെത്തും വൈദ്യവും കുലത്തൊഴിലായി സ്വീകരിച്ചിരുന്നവരാണ് ഈഴവര്‍ (മലബാര്‍-തീയ്യര്‍, കൊച്ചി-ചോവന്‍). ബി. സി. 3-ാം നൂറ്റാണ്ടില്‍ തന്നെ ഈഴവര്‍ എന്ന പദം ഇവിടെ പ്രയോഗിച്ചിരുന്നതായി ടി. കെ. രവീന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. അരിട്ടപ്പട്ടി ലിഖിതത്തിലാണ് ഈ പദം ആദ്യമായി കാണുന്നതെന്നും അദ്ദേഹം പറയുന്നു. അക്കാലത്ത് അതൊരു ജാതിനാമമായിരുന്നില്ല. ഈഴത്ത് നിന്ന് (ശ്രീലങ്കയില്‍ നിന്ന്) വന്നവര്‍ എന്ന അര്‍ഥത്തിലാണ് അത് ആദ്യം പ്രയോഗിച്ചിരുന്നത്. ബുദ്ധമതാനുയായികളെയാണ് ഈഴവര്‍ എന്നു പറഞ്ഞിരുന്നത്. ബുദ്ധമതം കാര്‍ഷികമായ അഭിവൃദ്ധിക്ക് എത്രമാത്രം പ്രാധാന്യം കൊടുത്തിരുന്നുവെന്ന് മുകളില്‍ പ്രസ്താവിച്ചിട്ടുണ്ട്. സ്വാഭാവികമായും ബുദ്ധമതാനുയായികള്‍ കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞു. ഈഴവര്‍ എന്നു ചേര്‍ത്താല്‍ മാത്രമേ ബ്രാഹ്മണ ജന്മിയും നായര്‍ ജന്മിയും ഭൂമി കൃഷിചെയ്യാന്‍ കൊടുത്തിരുന്നുള്ളുവെന്ന് എഡ്ഗാര്‍ തഴ്സ്റ്റണ്‍ പ്രസ്താവിക്കുന്നു. തരിസാപ്പള്ളി ശാസനത്തില്‍ നിന്നും ഈഴവര്‍ കൃഷിക്കാരായിരുന്നുവെന്ന് കാണാം. അവരുടെ നെല്ല് വണ്ടികളിലാക്കി അങ്ങാടിയില്‍ കൊണ്ടുപോകാനുള്ള അവകാശത്തെപ്പറ്റിയും തെങ്ങുകയറ്റത്തിന് ഏണി ഉപയോഗിക്കുവാനുള്ള അവകാശത്തെപ്പറ്റിയും അതില്‍ സൂചനകളുണ്ട്. ലോഗന്‍ ഇവരെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു: "ജില്ലയിലെ ഹിന്ദുക്കളില്‍ ഏറ്റവും വലിയ ജനവിഭാഗമായ തീയര്‍ (planters) അഥവാ ഈഴവര്‍ (Islangers), രാഷ്ട്രശരീരത്തില്‍ വ്യക്തമായ ചുമതലയോടു കൂടിയ ഒരു സംഘടിത ജാതി ആയിരുന്നുവെന്ന് സിറിയന്‍ രേഖയില്‍ നിന്നു മനസ്സിലാക്കാം. മലബാറിലേക്ക് ജാതി എന്ന രാഷ്ട്രീയ സമ്പ്രദായത്തെ കൊണ്ടുവന്ന ബ്രാഹ്മണര്‍, ആദിവാസികളില്‍പ്പെട്ട ഭരണവര്‍ഗത്തെപ്പോലും ആര്യന്മാരുടെ ക്ഷത്രിയ വര്‍ഗത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തുവാന്‍ ഇഷ്ടപ്പെട്ടില്ലെന്നതാണ് വസ്തുതയെന്ന് തോന്നുന്നു... (മലബാര്‍ മാന്വല്‍) അതേ സമയത്തുതന്നെ ഭരണകൂടത്തിന് സംരക്ഷകന്മാരെ അതായത് ക്ഷത്രിയരെ ആവശ്യമായിരുന്നു. ഈ പ്രശ്നത്തിന് അവര്‍ പരിഹാരം കണ്ടത്, സംരക്ഷകന്മാരായി ഒരു പുതിയ ജാതിയെ-നായന്മാരെ - സൃഷ്ടിച്ചുകൊണ്ടാണ്. എങ്കിലും അവര്‍ക്ക് ശൂദ്രരുടെ (സേവകജാതിയുടെ) പദവിമാത്രം അനുവദിക്കുകയും ചെയ്തു. ഇപ്രകാരം, യഥാര്‍ഥ കൃഷിക്കാരില്‍ വെള്ളാളര്‍ (ഇവരില്‍ നിന്നാണ് നായന്മാരെ സൃഷ്ടിച്ചതെന്ന് തോന്നുന്നു) ഒഴികെയുള്ള മറ്റെല്ലാവരെയും അവര്‍ണരായി ഗണിക്കുകയും ചെയ്തു'. ആദിമനിവാസികളില്‍പ്പെട്ട ഭരണവര്‍ഗമായിരുന്നു കൃഷിക്കാരെന്നും ബ്രാഹ്മണര്‍ ജാതിസമ്പ്രദായം ഏര്‍പ്പെടുത്തിയപ്പോള്‍ ഈ കര്‍ഷകവിഭാഗത്തെ അവര്‍ണരായി പുറംതള്ളുകയാണ് ചെയ്തതെന്നും ഉള്ള ലോഗന്റെ അഭിപ്രായം ആധുനിക സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ കൂടുതല്‍ കൂടുതലായി അംഗീകരിച്ചു വരുന്നുണ്ട്. ബ്രാഹ്മണമേധാവിത്വവും ജാതിവ്യവസ്ഥയുമാണ് കര്‍ഷകവിഭാഗങ്ങളെ തരംതാഴ്ത്തിയതെന്ന കാര്യത്തില്‍ സംശയമില്ല. കൃഷിയോടൊപ്പംതന്നെ തെങ്ങുചെത്തും ഈഴവരുടെ തൊഴിലായിരുന്നു.

സാമൂഹിക പദവിയില്‍ താണവരായിട്ടാണ് കണക്കാക്കിയിരുന്നതെങ്കിലും ഈഴവര്‍ക്കിടയില്‍ വൈദ്യന്മാരും ജ്യോത്സ്യന്മാരുംസംസ്കൃതപണ്ഡിതന്മാരും ധാരാളമായി ഉണ്ടായിരുന്നു. ഈഴവരുടെ ബൗദ്ധപാരമ്പര്യമാണ് ഇതിനു കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബൗദ്ധപണ്ഡിതന്മാരില്‍ പലരെയും പിണക്കാതെ ഇണക്കി എടുക്കുവാന്‍ ബ്രാഹ്മണര്‍ ശ്രദ്ധിച്ചു. ബ്രാഹ്മണരുടെ ഈ തന്ത്രത്തിന് വിധേയരാകാതെ നിന്നവര്‍ ഈഴവരായി തുടര്‍ന്നു. ബ്രാഹ്മണരുമായി ഇണങ്ങിയവരെ ജാതിശ്രേഷ്ഠരായി അംഗീകരിച്ചു.

ബൗദ്ധനായ വാഗ്ഭടന്റെ അഷ്ടാംഗഹൃദയവും ബൗദ്ധനായ അമരസിംഹന്റെ അമരകോശവും ജൈനനായ വരാഹമിഹിരന്റെ ജ്യോതിഷഗ്രന്ഥവും ബ്രാഹ്മണര്‍ തങ്ങളുടെയും ശാസ്ത്ര ഗ്രന്ഥങ്ങളായി അംഗീകരിച്ചു. എന്നിരുന്നാലും ശിഷ്ടരായ പല വൈദ്യശിരോമണികളും മറ്റു ശാസ്ത്രപാരംഗതന്മാരും ബ്രാഹ്മണാജ്ഞയ്ക്ക് വഴങ്ങാതെ ബൗദ്ധരായി തുടരുകയാണുണ്ടായത്. അവരില്‍ നിന്നാണ് പ്രശസ്തരായ ഈഴവവൈദ്യന്മാരുടെയും സംസ്കൃതപണ്ഡിതന്മാരുടെയും കണ്ണികള്‍ തുടര്‍ന്നുപോന്നത്.

ജാതിവ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിലുള്ളവരെ അടിമജാതികള്‍ അഥവാ അടിയാളര്‍ എന്നാണ് കണക്കാക്കിയിരുന്നത്. പുലയര്‍, ചെറുമര്‍, പറയര്‍, വേട്ടുവര്‍ തുടങ്ങിയവരെ അടിമജാതികള്‍ എന്നു പറഞ്ഞിരുന്നു. പാടങ്ങളിലെ ഭാരിച്ച കാര്‍ഷികവൃത്തികളെല്ലാം ഈ അടിമജാതികളെക്കൊണ്ടാണു ചെയ്യിച്ചിരുന്നത്. ബാര്‍ത്തലോമ്യാ, ബുക്കാനന്‍ തുടങ്ങിയ സഞ്ചാരികള്‍ അടിമജാതികളുടെ ദുരന്തപൂര്‍ണമായ ജീവിതത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. മലബാറിലെ പുലയര്‍ അടിമജാതികളാണെന്നും അവരുടെ സേവനം വളരെ വിലപ്പെട്ടതാണെന്നും ബാര്‍ത്തലോമ്യാ പ്രസ്താവിക്കുന്നു: "അവര്‍ ഭൂമിയിലെ വിളവുകള്‍ സംരക്ഷിക്കുകയും പോത്തുകളെക്കൊണ്ട് നിലം ഉഴുകയും കൊയ്യുകയും മെതിച്ച് നെന്മണികള്‍ വേര്‍പ്പെടുത്തുകയും മറ്റു ഭാരിച്ച കൃഷിപ്പണികള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ഈ ഹതഭാഗ്യരെപ്പറ്റി ബുക്കാനന്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. "പാടത്തെ ഏറിയ പങ്കും ജോലികള്‍ ചെയ്തുതീര്‍ക്കുന്നത് അടിമകള്‍ അഥവാ ചെറുമര്‍ ആകുന്നു. അവരുടെമേല്‍ യജമാനന് പൂര്‍ണമായ ഉടമാവകാശമുണ്ട്. അവരെക്കൊണ്ട് യജമാനന് ഇഷ്ടമുള്ള തൊഴില്‍ ചെയ്യിക്കാം. അവര്‍ മണ്ണിനോടു ബന്ധപ്പെട്ട അടിമകളാണ്. അവരെ ഇഷ്ടമുള്ള രീതിയില്‍ വില്ക്കുകയോ കൈമാറ്റംചെയ്യുകയോ ആവാം. ഭര്‍ത്താവിനെയും ഭാര്യയെയും വേറെ വേറെ വില്ക്കുവാന്‍ പാടില്ലെന്നു മാത്രം. എന്നാല്‍ കുട്ടികളെ രക്ഷിതാക്കളില്‍ നിന്നു വേര്‍പെടുത്താം. സഹോദരീ സഹോദരന്മാരെയും വേര്‍പെടുത്താം. പറയന്‍, വള്ളുവന്‍, കണക്കന്‍, ഊരാളി തുടങ്ങിയ പേരിലുള്ള അടിമജാതികളുണ്ട്. ഈ ഓരോ ജാതിയിലെയും വിവാഹസമ്പ്രദായത്തിന്റെ പ്രത്യേകത അനുസരിച്ച് അടിമകളിലുണ്ടാകുന്ന കുട്ടികളുടെ മേല്‍ യജമാനുള്ള അവകാശത്തില്‍ ഗണ്യമായ വ്യത്യാസങ്ങളുണ്ട്. തൊഴില്‍ ചെയ്യാന്‍ ആരോഗ്യമുള്ള കാലത്ത് അടിമകളായ പുരുഷനും സ്ത്രീക്കും അലവന്‍സ് നല്‍കാന്‍ യജമാനന്‍ ബാധ്യസ്ഥനാണ്. ഇത് ആഴ്ചയില്‍ രണ്ടിടങ്ങഴി നെല്ലാണ്. ഏതു പ്രായത്തിലുള്ള മനുഷ്യനും ന്യായമായി നല്കേണ്ടതിന്റെ ഏഴില്‍ രണ്ടു ഓഹരി മാത്രമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. കുട്ടികള്‍ക്കും തൊഴില്‍ ചെയ്യാന്‍ കഴിയാത്ത വൃദ്ധന്‍മാര്‍ക്കും ഇതിന്റെ പകുതി മാത്രം നല്കുന്നു. ശിശുക്കള്‍ക്ക് ഒന്നും കൊടുക്കുകയില്ല. ജീവിക്കാന്‍ ഇത് ഒട്ടും പര്യാപ്തമല്ല. എന്നാല്‍ കൃഷിയില്‍ ശ്രദ്ധിക്കുന്നതിനുവേണ്ടി വിളവിന്റെ ഇരുപത്തിയൊന്നില്‍ ഒരു ഭാഗം അടിമകള്‍ക്കായി നല്‍കുന്നു. പുരുഷനായ അടിമയ്ക്ക് ഒരു വര്‍ഷത്തില്‍ 7 മുഴം തുണി ലഭിക്കും; സ്ത്രീക്ക് 14 മുഴവും. വലിയ കുട്ടയെക്കാള്‍ വലുതല്ലാത്ത കുടിലുകളിലാണ് അവര്‍ താമസിക്കുന്നത്. കൊയ്ത്തുകഴിയുന്നതുവരെ പാടത്തിന്റെ വരമ്പിലായിരിക്കും അവരുടെ സ്ഥാനം. മെതിക്കുന്ന കാലത്ത് ഈ കുടിലുകള്‍ കളത്തിന്റെ അരികിലേക്കു മാറ്റി വയ്ക്കപ്പെടും.

കേരളത്തില്‍ ഈ കാര്‍ഷിക അടിമസമ്പ്രദായം എന്ന് ആരംഭിച്ചുവെന്നു വ്യക്തമായി പറയാന്‍ സാധ്യമല്ല. സംഘകാലത്തും സംഘാനന്തരകാലത്തും അടിമത്തവ്യവസ്ഥ ഉണ്ടായിരുന്നില്ല. അന്ന് ദാസ്യവൃത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജാതിസമ്പ്രദായം സാമൂഹികനീതിയായിത്തീരുകയും സാമ്പത്തികമായും രാഷ്ട്രീയമായും മാത്രമല്ല, മതത്തിന്റെ പിന്തുണയോടെ മാനസികമായും മനുഷ്യനെ അടിമപ്പെടുത്തുവാന്‍ കഴിഞ്ഞ കാലയളവിലാണ് ഇത്തരത്തിലുള്ള അടിമത്തം ശക്തിപ്രാപിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ വീരരാഘവപട്ടയത്തില്‍, 'ഐങ്കന്മാളരെയും അടിമ കുടുത്തോം' എന്ന് വ്യക്തമായിത്തന്നെ പറഞ്ഞിരിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അടിമകളായി കൊടുക്കുന്ന സമ്പ്രദായം അക്കാലമായപ്പോഴേക്കും വ്യാപകമായിത്തീര്‍ന്നിട്ടുണ്ടാകണം. അടിമകളുടെ എണ്ണം പല വിധത്തില്‍ പെരുകിക്കൊണ്ടിരുന്നു. പണമോ ധാന്യമോ കടം വാങ്ങിയതു തിരിച്ചുകൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ ഉത്തമര്‍ണന്റെ അടിമകളായിത്തീര്‍ന്നിരുന്നു. ക്ഷാമകാലങ്ങളിലും പ്രകൃതികോപങ്ങള്‍മൂലം നാശനഷ്ടങ്ങള്‍ സംഭവിക്കുമ്പോഴും ഉപജീവനത്തിനു നിവൃത്തിയില്ലാതെ ഭൂവുടമസ്ഥരില്‍ നിന്ന് പണവും ധാന്യവും കടം വാങ്ങി അടിമകളായി തീരുന്നവരുടെ എണ്ണവും ധാരാളമായിരുന്നു. പുലയര്‍, പറയര്‍, വേട്ടുവര്‍, ഉള്ളാടര്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അടിമകള്‍ ഉണ്ടായിത്തീര്‍ന്നത്. ഈഴവര്‍, മുക്കുവര്‍, മുസ്ലിങ്ങള്‍ തുടങ്ങിയവരില്‍ നിന്നും അടിമകള്‍ ഉണ്ടായിരുന്നു.

അടിമകളില്‍ ഭൂരിഭാഗത്തെയും കാര്‍ഷികവൃത്തിക്കുവേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. പാടങ്ങളിലും പറമ്പുകളിലും പണിയെടുക്കാന്‍ ധനാഢ്യര്‍ അടിമകളെ വാങ്ങി നിലനിര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെ വകയായും ധാരാളം അടിമകളുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ ഭൂമികളില്‍ ജോലിചെയ്യുന്നതിനുവേണ്ടിയാണ് അവരെ പ്രധാനമായും നിയോഗിച്ചിരുന്നതെന്നും വാര്‍ഡും കോണറും പ്രസ്താവിക്കുന്നു. സ്വകാര്യവ്യക്തികള്‍ക്ക് ഈ അടിമകളെ പാട്ടത്തിനു കൊടുക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നുവത്രേ. അനന്തരാവകാശികളില്ലാതെ മരിക്കുന്ന പ്രഭുക്കന്മാരില്‍ നിന്നാണ് പലപ്പോഴും സര്‍ക്കാരിലേക്ക് അടിമകളെ കിട്ടിയിരുന്നത്. സര്‍ക്കാരില്‍ നിന്നു അടിമയെ പാട്ടത്തിനു കൊടുക്കുമ്പോള്‍ സാധാരണയായി ഒരു കൊല്ലത്തേക്ക് 10 പറ നെല്ലായിരുന്നു പാട്ടം (അതായത് 2 രൂപയില്‍ താഴെ). സ്ത്രീകള്‍ക്കു പാട്ടം ഇതിനെക്കാള്‍ കുറവും.

അടിമകളുടെ സ്ഥിതിയെപ്പറ്റി വാര്‍ഡും കോണറും ഇങ്ങനെ പ്രസ്താവിക്കുന്നു: കാര്‍ഷികാടിസ്ഥാനത്തില്‍ കഴിയുന്നതുവരെ പൊതുവേ ചെറുമക്കള്‍ എന്നാണു പറയുന്നത്; വെറുപ്പോടും അറപ്പോടും കൂടിയാണ് അവരുടെ പേര് പറയാറുള്ളത്; ഉയര്‍ന്ന ജാതിക്കാര്‍ അവരുടെ സാന്നിധ്യത്തെ ഭയത്തോടും വെറുപ്പോടും കൂടിയാണ് വീക്ഷിച്ചിരുന്നത്. പട്ടണങ്ങളും അങ്ങാടികളും അവരുടെ സാമീപ്യത്തില്‍ അശുദ്ധമായിത്തീരുമെന്നു കരുതപ്പെട്ടിരുന്നു. ഭൂമിയോട് ബന്ധിക്കപ്പെട്ടവരാണ് ചെറുമക്കള്‍. കന്നുകാലികളും ചെറുമക്കളും ഒരേ ബന്ധനത്താല്‍ ഏകോപിക്കപ്പെട്ടവരാണ്. എന്നാല്‍ ചെറുമക്കള്‍ക്കു കന്നുകാലിയോളം വിലയില്ല. കന്നുകാലികളെക്കാള്‍ വളരെ നിന്ദ്യമായ നിലയാണ് അവര്‍ക്കുണ്ടായിരുന്നത്. അനുകമ്പാര്‍ഹമായ അടിമത്തത്തിലാണ് അവര്‍ കഴിഞ്ഞിരുന്നതെങ്കിലും ഏറ്റവും ക്രൂരമായ അടിമത്തമല്ല അവര്‍ അനുഭവിച്ചിരുന്നത്. ഒരുതരം അവഗണനയെന്നോ കാര്‍ക്കശ്യമെന്നോ പറയാവുന്ന തരത്തിലുള്ളതാണ് അവരോടുള്ള സമീപനം. നായന്മാരുടെ പക്ഷപാതമനോഭാവമാണ് ഇതിനു മുഖ്യ കാരണം. ക്രിസ്ത്യാനികള്‍ക്കും ഇതേ പക്ഷപാതമനോഭാവം തന്നെയാണുള്ളത്. അവരെ സംബന്ധിച്ചിടത്തോളം ജാതിയുടെ പേരിലുള്ള ന്യായീകരണത്തിന് ന്യായം കാണുന്നില്ലെങ്കിലും മുന്‍കാലങ്ങളില്‍ അടിമകളെ കൊല്ലുന്നത് കുറ്റകരമായി കരുതിയിരുന്നില്ല. അടിമയെ വില്‍ക്കുന്ന പട്ടയത്തില്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു. 'അവനെ അല്ലെങ്കില്‍ അവളെ നിങ്ങള്‍ക്ക് വില്‍ക്കുകയോ കൊല്ലുകയോ ചെയ്യാം'. ഇതില്‍ അവസാനം പറഞ്ഞ അവകാശം പിന്നീട് ഇല്ലാതായി. ചെറുമക്കളെ കൃഷിപ്പണിക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്... അവര്‍ക്ക് പ്രതിഫലം നല്‍കുന്നത് ധാന്യമായിട്ടാണ്. ഒരു പുരുഷന് മൂന്ന് അളവു നെല്ലും സ്ത്രീക്ക് രണ്ടും കുട്ടിക്ക് ഒന്നുമാണ് കൊടുക്കുക. ഇതു കൃത്യമായി കൊടുക്കാറുണ്ടായിരുന്നു. ജോലിയില്ലാത്ത ദിവസം ഇതിന്റെ പകുതി വീതവും നല്‍കിയിരുന്നു. എന്തെങ്കിലും അനുസരണക്കേട് അനുഭവപ്പെട്ടാല്‍ ഇതു കൊടുക്കാതിരിക്കുകയും ചെയ്യും. കൊയ്ത്തുകാലം താരതമ്യേന അവര്‍ക്കു സുഭിക്ഷതയുടെ കാലമാണ്. അവരുടെ അവശവും മലീമസവുമായ രൂപം അവരുടെ ഭക്ഷണക്കുറവിനെയും കടുത്ത ക്ലേശങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അവരുടെ തൊഴിലൊഴികെ മറ്റൊന്നിനെക്കുറിച്ചും അവര്‍ക്കു നിശ്ചയമില്ല. യജമാനന്മാരോട് അവര്‍ ഒരിക്കലും അക്രമം പ്രവര്‍ത്തിച്ചിട്ടില്ല. മാത്രമല്ല, അവര്‍ അനുസരണശീലരാണെന്നും പറയപ്പെടുന്നു. നിശ്ശബ്ദമായി എന്തും സഹിക്കുക എന്ന സ്വഭാവം നിമിത്തം സ്വന്തം ജീവിതസാഹചര്യങ്ങളുടെ ശോചനീയാവസ്ഥയെപ്പറ്റി അവര്‍ ചിന്തിക്കാറേയില്ല.

കാര്‍ഷികാടിമകളുടെ എണ്ണം കാലം ചെല്ലുന്തോറും വര്‍ധിച്ചുകൊണ്ടേ ഇരുന്നു. മലബാറില്‍ മാത്രം 1835-ലെ സെന്‍സസ് പ്രകാരം 1,44,000 അടിമകള്‍ ഉണ്ടായിരുന്നു. 1842-ല്‍ ഇത് 1,59,000 ആയി വര്‍ധിച്ചു എന്ന് ലോഗണ്‍ കണക്കാക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദിയില്‍ തിരുവിതാംകൂറിലെ ജനസംഖ്യ 9,06,587 ആയിരുന്നപ്പോള്‍ കാര്‍ഷിക അടിമകളുടെ എണ്ണം 98,974 ആയിരുന്നു. കൊച്ചിയിലാകട്ടെ ജനസംഖ്യയുടെ 15 ശതമാനം കാര്‍ഷികാടിമകളായിരുന്നു. എന്നിരുന്നാലും അന്നത്തെ സമ്പദ്വ്യവസ്ഥയെ അടിമസമ്പ്രദായം എന്നു വിളിക്കാന്‍ നിര്‍വാഹമില്ല. ഫ്യൂഡല്‍ ബന്ധങ്ങളായിരുന്നു സമ്പദ്വ്യവസ്ഥയിലെ നിര്‍ണായക ഘടകം. ഭൂമിയില്‍ അധികവും നമ്പൂതിരിമാരുടെ ജന്മമായി മാറിയിരുന്നു; ഗണ്യമായ വിഭാഗം ക്ഷേത്രങ്ങളുടെ ഉടമയിലും. ധനികരും ഇടത്തരക്കാരുമായ കൃഷിക്കാര്‍ അടിമകളെ വച്ചു നിലം കൃഷിചെയ്തുണ്ടാക്കിയാല്‍ വിളവിന്റെ നല്ലൊരു ഭാഗം ജന്മിക്കു പാട്ടവും വാരവുമായി കൊടുക്കേണ്ടിയിരുന്നു. ചെറുകിട കൃഷിക്കാരായിരുന്നു അധികവും. കൃഷിപ്പിഴവു സംഭവിച്ചാലും മറ്റു വിധത്തില്‍ വിളവു മോശമാവുകയോ നശിക്കുകയോ ചെയ്താലും കുടിയാന്‍ ജന്മിക്കു കൊടുക്കേണ്ട പാട്ടം അളക്കണം. ഉത്പാദന മിച്ചം പാട്ടമായിട്ടാണ് ജന്മികളുടെ കരങ്ങളില്‍ എത്തിയിരുന്നത്. അങ്ങനെ അടിമസമ്പ്രദായം തിയോക്രാറ്റിക് ഫ്യൂഡലിസത്തിന്റെ ഭാഗം മാത്രമായിരുന്നു.

കൃഷിക്കാര്‍-കൈത്തൊഴിലുകാര്‍.

കേരളത്തിലെ ജാതി-ജന്മിനാടുവാഴി വ്യവസ്ഥയിലെ ഉപരിവിഭാഗങ്ങളില്‍നിന്നും വ്യത്യസ്തമായി, കായികമായി അധ്വാനിക്കുകയും ഫ്യൂഡല്‍ മര്‍ദനങ്ങളും ജാതിമര്‍ദനങ്ങളും അനുഭവിക്കുകയും ചെയ്തുവന്നിരുന്ന പല ജനവിഭാഗങ്ങളും കേരളത്തില്‍ ഉണ്ടായിരുന്നു. നാടുവാഴികളും മറ്റു ജന്മിമാരും കാണക്കുടിയാന്മാരായ നായന്മാരും ഭൂമിയില്‍ അധ്വാനിച്ചിരുന്നില്ല. ക്ഷേത്രോപജീവികളായിരുന്ന അമ്പലവാസികളെയും ഈ ഗണത്തില്‍ പെടുത്താം. അവരെല്ലാവരും സവര്‍ണരും ജാതി സോപാനത്തിന്റെ മുകള്‍ത്തട്ടിലുള്ളവരും ആയിരുന്നുവെന്ന കാര്യവും പരിഗണിക്കേണ്ടതാണ്. ഉത്പാദനം നടത്തിയിരുന്നതു ഭൂമി കൈവശക്കാരായ കൃഷിക്കാരായിരുന്നു. ഇവര്‍ പാട്ടക്കുടിയാന്മാരും ചെറുകിട കൃഷിക്കാരുമായിരുന്നു. ഈഴവര്‍, തീയര്‍, വെള്ളാളര്‍ തുടങ്ങിയ വിഭാഗങ്ങളാണ് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. ആദ്യകാലങ്ങളില്‍ അവര്‍ ഭൂമി കൈവശക്കാരെന്ന നിലയില്‍ ഭൂവുടമകളായിരുന്നു. പിന്നീട് രാജാക്കന്മാരും നാടുവാഴികളും കൃഷിക്കാര്‍ തന്നെയും നടത്തിയ ഭൂദാനങ്ങളിലൂടെ അവരുടെ ഭൂമിയുടെ ജന്മാവകാശം ബ്രാഹ്മണാദികള്‍ക്ക് ലഭിക്കുകയാണ് ഉണ്ടായത്. ജന്മാവകാശം പാട്ടം പിരിക്കുവാനുള്ള അവകാശമായിരുന്നു. രാജാവിന് അവകാശപ്പെട്ട രാജഭോഗത്തിന് തുല്യമായ ഓഹരി മാത്രമായിരുന്നു പാട്ടം. തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള തളിക്ഷേത്രത്തിലേക്ക് ഏതാനും ഭൂമികളുടെ ജന്മാവകാശം ദാനം ചെയ്തുകൊണ്ട് കോതൈ ഇരവിയും (917-947) ഇന്തുക്കോതൈയും (947-962) കൊത്തിവച്ചിട്ടുള്ള രേഖകളില്‍ നിന്ന് ഈ വസ്തുത വെളിപ്പെടുന്നതാണ്. ആദ്യകാലത്ത് പാട്ടം വിളവിന്റെ ആറിലൊന്നായിരുന്നു. ഇതായിരുന്നു രാജഭോഗത്തിന്റെ വിഹിതവും. പിന്നീട് 'കോപ്പതിവാരം' 'പതിപ്പതവാരം' തുടങ്ങിയ പേരുകളില്‍ അഞ്ചിലൊന്നു 'മേലൊടി' ഈടാക്കുവാന്‍ തുടങ്ങി. പിന്നീടത് നാലിലൊന്നും മൂന്നിലൊന്നുമായി മാറി. ഇങ്ങനെ നിശ്ചയിച്ച പാട്ടം കൊടുക്കുന്നതില്‍ മുടക്കം വരുത്തിയാല്‍ കാരാളനെ തടഞ്ഞുവച്ചു നിര്‍ബന്ധമായി പണം വസൂലാക്കുന്നതാണെന്ന വ്യവസ്ഥകള്‍ ബ്രാഹ്മണര്‍ ഉള്‍ക്കൊള്ളിച്ചു. കൊ. വ. 359 ധനുവില്‍ (1183) തിരുവമ്പാടി ക്ഷേത്രത്തിലേക്ക് നല്‍കിയ ഒരു ഭൂദാനരേഖയില്‍ ഒരു തവണ പാട്ടനെല്ല് മുടങ്ങിപ്പോയാല്‍ ആ നിലവും കാരാളന്റെ മറ്റു പുരയിടങ്ങളും കൃഷിചെയ്യാന്‍ അനുവദിക്കാതെ തടഞ്ഞുവച്ച്, വിലക്കൂരായ്മയും കെട്ടി (അറസ്റ്റ് ചെയ്ത്) പണം വസൂലാക്കുന്നതാണെന്ന് പറഞ്ഞിരിക്കുന്നു. പിന്നീട് നിലം ഒഴിഞ്ഞുകൊടുക്കുവാന്‍ കാരാളനെ നിര്‍ബന്ധിക്കുന്ന വ്യവസ്ഥകളും ഉണ്ടായി. ഇങ്ങനെ പഴയ കാരാളനെ മാറ്റി പുതിയ കാരാളനെ നിശ്ചയിക്കുമ്പോള്‍ പലപ്പോഴും പാട്ടം വര്‍ധിപ്പിക്കുകയും പതിവായിരുന്നു. ഇതിനൊരു ക്രമീകരണം വരുത്തുവാന്‍ വേണ്ടിയാണ് 12 വര്‍ഷം കൂടുമ്പോഴുള്ള പൊളിച്ചെഴുത്തു സമ്പ്രദായം ഏര്‍പ്പെടുത്തിയത്. കുടിയാനില്‍ നിന്ന് ഒരു സംഖ്യ ജന്മി മുന്‍കൂറായി വാങ്ങുകയും കുടിയാന്‍ കൊടുക്കേണ്ട പാട്ടത്തിന് ആ സംഖ്യ ജാമ്യമായി നിര്‍ത്തുകയും ചെയ്യുന്നു. കുടിയാന്‍ ക്രമമായി പാട്ടം കൊടുത്തുകൊണ്ടിരുന്നാല്‍ പൊളിച്ചെഴുത്തെന്നത് കേവലം ഒരു ചടങ്ങു മാത്രമായിരിക്കും. പാട്ടം കൊടുക്കുന്നതില്‍ മുടക്കം വരുത്തുകയോ സമയനിഷ്ഠ പാലിക്കാതിരിക്കുകയോ ചെയ്താല്‍ പൊളിച്ചെഴുത്തു വേളയില്‍ ജന്മിക്കു കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.

മധ്യകാല കേരളത്തിലെ മറ്റു രണ്ടു സമുദായങ്ങള്‍/മതവിഭാഗങ്ങള്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതം കേരളത്തില്‍ പ്രചാരം നേടിയിരുന്നു. എ.ഡി. 52-ല്‍ തോമസ് പുണ്യവാളന്‍ ഏതാനും അനുചരന്മാരോടൊപ്പം കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്നു എന്നും കൊടുങ്ങല്ലൂര്‍, പറവൂര്‍, പാലയൂര്‍, കൊക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ഏഴുപള്ളികള്‍ സ്ഥാപിച്ചു എന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. എ.ഡി. 68-ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ ജൂതന്മാര്‍ സൂക്ഷിച്ചിട്ടുള്ള വിവരണങ്ങളില്‍ അക്കാലത്ത് കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്ന ക്രൈസ്തവസമുദായത്തെപ്പറ്റി പരാമര്‍ശമുണ്ട്. 345-ല്‍ കാനായി തൊമ്മന്റെ നേതൃത്വത്തില്‍ ബാഗ്ദാദ്, ജെറൂസലേം എന്നിവിടങ്ങളില്‍ നിന്നായി 72 കുടുംബങ്ങളില്‍പ്പെട്ട നൂറോളം ക്രിസ്ത്യാനികള്‍ കേരളത്തില്‍ എത്തിയതായും ഇവരുടെ സന്തതിപരമ്പരകളിലൂടെ കേരളത്തിലെ ക്രിസ്ത്യാനികളുടെ എണ്ണം വര്‍ധിച്ചതായും കരുതപ്പെടുന്നുണ്ട്. എ.ഡി. 325-ല്‍ സ്ഥാപിതമായ കുറവിലങ്ങാടുപള്ളിയും 375-ല്‍ സ്ഥാപിതമായ ഇടപ്പള്ളിയും 450-ല്‍ സ്ഥാപിതമായ അങ്കമാലി പഴയ പള്ളിയും അക്കാലത്ത് കേരളത്തില്‍ ക്രിസ്തുമതത്തിനുണ്ടായ വളര്‍ച്ചയുടെ സാക്ഷ്യപത്രമായി ഇന്നും അവശേഷിക്കുന്നു.

ഇപ്രകാരം കേരളത്തില്‍ പ്രചരിച്ച ക്രിസ്തുമതം കേരളീയരുടെ സാംസ്കാരിക പാരമ്പര്യത്തെ മാറ്റിമറിക്കാതെ ഇവിടത്തെ ജീവിതശൈലിയും സാമൂഹിക കീഴ്വഴക്കങ്ങളുമായി സമരസപ്പെട്ടുകൊണ്ടാണ് വളര്‍ന്നത്. ചുരുക്കത്തില്‍ മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഭിന്നരായിരുന്നെങ്കിലും അവരും കേരളീയ സമൂഹത്തിന്റെ ഭാഗമായാണ് നിലനിന്നിരുന്നത്. 16-ാം ശതകത്തിന്റെ ആരംഭംവരെ, പോര്‍ച്ചുഗീസുകാരുടെ ആഗമനകാലംവരെ ഇതായിരുന്നു അവസ്ഥ. 1599-ല്‍ നടന്ന ഉദയംപേരൂര്‍ സുന്നഹദോസ് മുതല്ക്കാണ് ഇതിന് മാറ്റം വരുന്നത്. തുടര്‍ന്ന് പല സഭകളിലൂടെ ക്രൈസ്തവ സമൂഹം കേരളത്തില്‍ വളര്‍ന്നുപന്തലിച്ചു.

ആദ്യകാലങ്ങളില്‍ സവര്‍ണവിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളായിരുന്നു ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കൃഷിയിലും വ്യവസായത്തിലും വാണിജ്യത്തിലും ശ്രദ്ധകേന്ദ്രീകരിച്ച ഇവര്‍ വളരെവേഗം ജാതിശ്രേണിയിലെ ഉയര്‍ന്ന വിഭാഗക്കാരുടേതിന് സമാനമായൊരു പദവി കേരളീയസമൂഹത്തില്‍ നേടിയെടുത്തു. സവര്‍ണഹിന്ദുക്കളോടുതുല്യമായ രീതിയിലാണ് അക്കാലത്ത് ഭരണാധികാരികള്‍ ക്രിസ്ത്യാനികളോട് പെരുമാറിയത്. രാജാക്കന്മാരില്‍ നിന്നും ദേശവാസികളില്‍നിന്നും പലവിധത്തിലുള്ള അവകാശങ്ങളും അധികാരങ്ങളും അവര്‍ക്കു ലഭിച്ചിരുന്നു.

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഹിന്ദുമതത്തിലെ കീഴാളവിഭാഗക്കാര്‍ ക്രിസ്തുമതത്തില്‍ ആകൃഷ്ടരാവുന്നത്. ജാതിജടിലമായ ഹിന്ദുമതത്തിലെ വിവേചനങ്ങളെയും അടിച്ചമര്‍ത്തലുകളെയും പ്രതിരോധിക്കാനും സാമൂഹികപരിവര്‍ത്തനത്തിന്റെ ഉപാധിയുമായാണ് അധഃസ്ഥിതവിഭാഗങ്ങള്‍ ക്രിസ്തുമതം ആശ്ലേഷിക്കുന്നത്. ഇപ്രകാരം ക്രിസ്തുമതം സ്വീകരിച്ച അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ അവരുടെ സ്വത്വം പുനഃപ്രതിഷ്ഠിക്കാന്‍ കഴിഞ്ഞെങ്കിലും ജാതീയമായ വേര്‍തിരിവുകള്‍മൂലം സവര്‍ണ ക്രിസ്ത്യാനികള്‍ ആര്‍ജിച്ച സാമൂഹിക പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല.

കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും കേരളത്തിലെ ക്രിസ്തീയസമൂഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. കാര്‍ഷിക, വ്യവസായ, വാണിജ്യരംഗങ്ങളില്‍ ക്രൈസ്തവ സമൂഹം ആര്‍ജിച്ച നേട്ടം ശ്രദ്ധേയമാണ്. വിദ്യാഭ്യാസരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ്. എല്‍.എം.എസ്., സി.എം.എസ്., ബാസല്‍മിഷന്‍ ഇവയുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. കൂടാതെ അച്ചടിവിദ്യയ്ക്കും പത്രമാസികാ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ കേരളത്തില്‍ തുടക്കംകുറിച്ചു. കേരളീയസംസ്കാരവുമായി ഇഴുകിച്ചേര്‍ന്നു വളര്‍ന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ വര്‍ത്തമാനകാലഘട്ടത്തില്‍ സാമൂഹികക്ഷേമം, രാഷ്ട്രീയം, കല തുടങ്ങിയ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപൃതരാണ്.

കേരളീയസമൂഹവുമായി ഇഴുകിച്ചേര്‍ന്നുകൊണ്ടു കേരളീയ സംസ്കാരത്തിന്റെ വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും നിര്‍ണായകസംഭാവനകള്‍ നല്‍കിയ മറ്റൊരു മതവിഭാഗമാണ്/സമുദായമാണ് മുസ്ലിങ്ങള്‍. പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തുതന്നെ ഹിജ്റ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ (എ.ഡി. 611-634) ഇസ്ലാംമതം കേരളത്തില്‍ എത്തിയെന്നു കരുതുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങളും നിലവിലുണ്ട്. മധ്യകാലഘട്ടത്തില്‍ കേരളം സന്ദര്‍ശിച്ച വിദേശസഞ്ചാരികളില്‍ പലരും അക്കാലത്ത് ഇവിടെ ഉണ്ടായിരുന്ന ജനവിഭാഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൂട്ടത്തില്‍ മുസ്ലിങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ക്രിസ്തുമതത്തെപ്പോലെ കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കുന്നതിന് പല അനുകൂലഘടകങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു. അക്കാലത്ത് ഇവിടെ നിലനിന്നിരുന്ന സാമൂഹികവ്യവസ്ഥിതിയുടെ സമ്മര്‍ദവും ക്രൈസ്തവ- ഇസ്ലാംമതങ്ങള്‍ ഉദ്ഘോഷിക്കുന്ന വര്‍ഗവ്യത്യാസത്തിന്റെ അഭാവവും ആ മതങ്ങള്‍ക്ക് ഇവിടെ പ്രചാരം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രവാചകന്റെ കാലഘട്ടത്തില്‍ കേരളത്തില്‍ എത്തിയ അറബി വ്യാപാരികളായിരിക്കാം ഇവിടെ ആദ്യം പ്രവാചകന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കരുതുന്നു. ഭരണകര്‍ത്താക്കളുടെ പ്രോത്സാഹനവും നിര്‍ണായകമായിരുന്നു. കോഴിക്കോട് സാമൂതിരിമാര്‍ മുസ്ലിം സമുദായവുമായി മൈത്രിയിലായിരുന്നു. നാവികസൈന്യത്തിന്റെ അംഗബലം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഇസ്ലാംമതം സ്വീകരിക്കാന്‍ അവര്‍ താഴ്ന്ന ജാതിക്കാരെ പ്രേരിപ്പിച്ചു. സാമൂതിരിയെ ഒരു പ്രബല ശക്തിയായി ഉയര്‍ത്തുകയും പോര്‍ച്ചുഗീസുകാരും കൊച്ചിയുമായുള്ള ഏറ്റുമുട്ടലില്‍ ഫലപ്രദമായി ചെറുത്തുനില്‍ക്കാന്‍ സമൂതിരിയെ പ്രാപ്തമാക്കുകയും ചെയ്തത് കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള നാവികസൈന്യമായിരുന്നു. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് മലബാറില്‍, താഴ്ന്ന ജാതിക്കാരില്‍നിന്നും നല്ലൊരു ശതമാനംപേര്‍ ഇസ്ലാംമതം സ്വീകരിക്കുകയുണ്ടായി. ഇത് അവിടത്തെ കീഴാളവിഭാഗങ്ങള്‍ക്ക് പുതിയൊരു സാമൂഹികജീവിതം വിഭാവനം ചെയ്യുകയുണ്ടായി.

എന്നാല്‍ 16-ാം ശതകത്തിന്റെ ആരംഭത്തില്‍ പാശ്ചാത്യശക്തികളുടെ വരവോടെ കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് പലതരത്തിലുള്ള പ്രതിബന്ധങ്ങളെ നേരിടേണ്ടിവന്നു. പോര്‍ച്ചുഗീസുകാരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സമുദ്രവാണിജ്യത്തില്‍ അറബികള്‍ക്കുണ്ടായിരുന്ന ആധിപത്യം തകര്‍ന്നതായിരുന്നു പ്രധാനകാരണം. ഹൈദരാലിയുടെയും ടിപ്പുവിന്റെയും കാലത്ത് മുസ്ലിങ്ങളുടെ ദുരിതത്തിന് കുറച്ചൊരു ശമനമുണ്ടായി. 20-ാം ശതകത്തിന്റെ ആദ്യപാദം മലബാറിലെ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളംദുരിതപൂര്‍ണമായിരുന്നു. മതത്തിന്റെ പരിവേഷം ആരോപിക്കപ്പെട്ട മലബാര്‍ കലാപമായിരുന്നു കാരണം. മലബാര്‍ കലാപവും ബ്രിട്ടീഷ് ഭരണകൂടം അതിനെ നേരിട്ട രീതിയും മുസ്ലിങ്ങളുടെ പുരോഗതി മന്ദഗതിയിലാക്കി. തുടര്‍ന്ന് 1930-40 കാലഘട്ടങ്ങളിലാണ് മുസ്ലിം സമുദായത്തെ സംഘടിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നത്. സമുദായത്തിന്റെ സാമൂഹിക രാഷ്ട്രീയ പുരോഗതി ലക്ഷ്യമാക്കിയിട്ടുള്ള നിരവധി പ്രസ്ഥാനങ്ങള്‍ ഈ കാലഘട്ടത്തില്‍ രൂപംകൊണ്ടതോടെ മുസ്ലിങ്ങളും ഇതരസമുദായങ്ങള്‍ക്കൊപ്പം സാമൂഹിക പുരോഗതിയിലേക്കും രാഷ്ട്രീയവത്കരണത്തിലേക്കും കുതിച്ചുചാട്ടം നടത്തി.

നികുതികള്‍.

കൃഷിക്കാര്‍, കൈത്തൊഴിലുകാര്‍, മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ എന്നിവരെല്ലാം ഫ്യൂഡല്‍ സംവിധാനത്തില്‍ കഠിനമായ ചൂഷണത്തിനു വിധേയരായിരുന്നു. ബ്രാഹ്മണരെയും ക്ഷത്രിയരെയും ഭൂനികുതിയില്‍ നിന്നു പൂര്‍ണമായും ഒഴിവാക്കിയിരുന്നു. അതേ സമയം തന്നെ സാധാരണക്കാര്‍ ഏര്‍പ്പെട്ടിരുന്ന എല്ലാ തൊഴിലുകള്‍ക്കും പലവിധ നികുതികള്‍ ഏര്‍പ്പെടുത്തി. കുലശേഖരന്മാരുടെ കാലം മുതല്‍ തന്നെ'ഏണിക്കാണം', 'തളക്കാണം, 'മേനിപ്പൊന്ന്', 'പൊലിപ്പൊന്ന്', 'മുലൈവില', 'തലൈവില' തുടങ്ങിയ നികുതികള്‍ ചുമത്തിയിരുന്നതായി കാണാം. തെങ്ങ്, പന ഇവയില്‍ കയറി മദ്യമുണ്ടാക്കുന്നതിനു കൊടുത്തിരുന്ന നികുതികളാണ് ഏണിക്കാണവും തളക്കാണവും. പൊന്നാഭരണം അണിയുന്നതിന് കൊടുത്തിരുന്ന കരമാണു മേനിപ്പൊന്ന്. വിവാഹത്തിനുള്ള അടിയറയായിരുന്നു പൊലിപ്പൊന്ന്. തൊഴിലാളി സ്ത്രീകള്‍ക്കു ചുമത്തിയിരുന്ന കരമാണു മുലൈവില. താണജാതിക്കാരില്‍ നിന്ന് ആളെണ്ണി പിരിവു നടത്തിയിരുന്നതിനെ തലൈവില എന്നും പറഞ്ഞുവരുന്നു. ഇവയെക്കൂടാതെ പില്ക്കാലത്തു മറ്റു പല നികുതികളും ഏര്‍പ്പെടുത്തി. രണ്ടു കക്ഷികള്‍ തമ്മില്‍ തര്‍ക്കം തീര്‍ക്കുന്നതിന് അങ്കം വെട്ടാനായി രാജാവിന് 'അങ്കക്കിഴി' നല്കേണ്ടതുണ്ടായിരുന്നു. ചരക്കുഗതാഗതത്തിന് 'ചുങ്കം' എന്ന നികുതി ചുമത്തിയിരുന്നു. മത്സ്യം പിടിക്കുന്നവരില്‍ നിന്ന് 'വലപ്പണ' വും, തുറമുഖത്ത് വള്ളങ്ങളില്‍ നിന്ന് 'തുറ' യും പിരിച്ചിരുന്നു. മണ്‍പാത്രം ഉണ്ടാക്കുന്നവര്‍ 'ചെക്കിറ' യും തുണിനെയ്ത്തുകാര്‍ 'തറിക്കടമ' യും അലക്കുകാര്‍ 'വണ്ണാരപ്പറ' യും സ്വര്‍ണപ്പണിക്കാര്‍ 'തട്ടാരപ്പാട്ട' വും കൊടുക്കേണ്ടിയിരുന്നു. മീന്‍പിടിക്കാനുള്ള കുത്തകാവകാശത്തിന് ചുമത്തിയിരുന്ന നികുതിയാണു 'മീന്‍പാട്ടം' . കൃഷിക്കാരില്‍ നിന്ന് അവകാശപ്പെട്ട ഓഹരിയാണ് 'രക്ഷാഭോഗം' . വീടു മേയുവാനും പടിപ്പുര കെട്ടുവാനും കല്യാണത്തിനു പന്തലിടുവാനും വാദ്യഘോഷങ്ങള്‍ ഏര്‍പ്പെടുത്തുവാനും രാജസന്നിധിയില്‍ ഏല്പിക്കേണ്ട ദ്രവ്യത്തിന് 'രാജഭോഗം' എന്നും പറയും. ഇവയെക്കൂടാതെ 'തുലാക്കൂലി' (തുലാസ് ഉപയോഗിച്ച് കച്ചവടം നടത്താനുള്ള കരം), 'നിറക്കൂലി' (അളവുപാത്രങ്ങള്‍ ഉപയോഗിച്ചു കച്ചവടം നടത്താനുള്ള കരം), 'കുടത്തിനു നാഴി' (എണ്ണയ്ക്കുള്ള വില്പന നികുതി), 'കലത്തിന് ഉഴക്ക്' (ഉപ്പിനുള്ള വില്പന നികുതി) ഇങ്ങനെ വേറെയും നികുതികള്‍ ഉണ്ടായിരുന്നു. ഇവയ്ക്കെല്ലാം പുറമേ, അടിയന്തരഘട്ടങ്ങളില്‍ താണജാതിക്കാരില്‍ നിന്നു കൂടുതല്‍ നികുതികള്‍ ഈടാക്കിയിരുന്നു. യുദ്ധച്ചെലവുകള്‍ക്കായി 1754-ല്‍ ചാന്നാന്മാരില്‍ നിന്നും 1787-ല്‍ സിറിയന്‍ ക്രിസ്ത്യാനികളില്‍ നിന്നും തലയെണ്ണി നികുതി പിരിച്ചതായി റവ. സാമുവല്‍ മാറ്റിയര്‍ രേഖപ്പെടുത്തുന്നു. ഈ നികുതി പിരിവുകളെ സംബന്ധിച്ച് റവ. മാറ്റിയരുടെ പരാമര്‍ശം ശ്രദ്ധേയമാണ്: "കൗതുകപൂര്‍വമായ ഈ പട്ടിക പരിശോധിച്ചാല്‍ രാജ്യത്തിന്റെ മുന്‍കാലത്തെ സ്ഥിതിയെക്കുറിച്ചും വ്യാപാരം, വ്യവസായം, സാമൂഹികസ്വാതന്ത്ര്യം, കുടുംബക്ഷേമം എന്നിവയില്‍ എന്തുമാത്രം ദയനീയമായി ഇടപെട്ടിരുന്നു എന്നതിനെക്കുറിച്ചും ശരിയായ സൂചന ലഭിക്കും: നികുതി പിരിക്കാവുന്ന എല്ലാറ്റിലും മേലും നികുതി ചുമത്തിയിരുന്നു; ഓരോ വിശേഷാവസരവും അധ്വാനിക്കുന്ന വിഭാഗങ്ങളില്‍ നിന്ന് അവര്‍ ക്ലേശിച്ചുണ്ടാക്കിയ ആദായം പിഴിഞ്ഞെടുക്കാനുള്ള സന്ദര്‍ഭമായി ഉപയോഗിക്കുകയും ചെയ്തു; തലയെണ്ണിയുള്ള നികുതി, തൊഴിലുപകരണങ്ങളിന്മേലുള്ള നികുതി എന്നീ രൂപത്തില്‍ കടുത്ത വിദ്രോഹനികുതികള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ചെറിയ വരുമാനം ഉണ്ടാക്കുവാന്‍ മാത്രമേ ഈ നയം ഉപകരിച്ചുള്ളൂ; ഈ നികുതികളില്‍ നിന്നുള്ള വരുമാനമാകട്ടെ ബ്രാഹ്മണര്‍ക്കുവേണ്ടിയും ക്ഷേത്രങ്ങള്‍ക്കുവേണ്ടിയും ആഘോഷങ്ങള്‍ക്കുവേണ്ടിയും പൊടിപൂരമായി ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ (1865) തിരുവിതാംകൂറില്‍ ഇത്തരം 110 നികുതികള്‍ നിര്‍ത്തലാക്കികൊണ്ട് വിളംബരമുണ്ടായി.

ജന്മിസമ്പ്രദായത്തിന്റെ വളര്‍ച്ച.

രാജാക്കന്മാര്‍ തങ്ങളെ സ്തുതിച്ചു പാടുന്നവര്‍ക്കും ദേവാലയങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും കൃഷിഭൂമി ദാനം ചെയ്യുന്ന പതിവ് പുരാതനകാലം മുതല്‍ക്കേ ഉണ്ടായിരുന്നു. ഉത്പാദന ശക്തികള്‍ (കൃഷിഭൂമിയും കാര്‍ഷികോപകരണങ്ങളും) വര്‍ധിച്ചതോടെ ഉത്പാദനമിച്ചവും വര്‍ധിച്ചു. ഈ മിച്ചോത്പാദനം സമൂഹത്തിലെ പ്രബലശക്തികള്‍ (പുരോഹിതന്മാരും മതസ്ഥാപനങ്ങളും ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും) പങ്കുവയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് കൃഷിഭൂമി ദാനം ചെയ്യുക എന്ന സമ്പ്രദായം വര്‍ധിച്ചുവന്നത്. 'ബ്രാഹ്മദേയ' മായി ഭൂമിദാനം ചെയ്യുന്ന പ്രക്രിയ കൌടല്യന്റെ കാലത്തു (ബി.സി. നാലാം നൂറ്റാണ്ട്) തന്നെ ആരംഭിച്ചതാണ്. രാജാവിന് വേണ്ടി നികുതി പിരിക്കുവാന്‍ ഒന്നോ പത്തോ ഇരുപതോ നൂറോ ആയിരമോ ഗ്രാമങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രതിഫലമായി ഭൂമി ദാനം ചെയ്യേണ്ടതാണെന്ന് മനുസ്മൃതിയില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഹുയാന്‍സാങ് രേഖപ്പെടുത്തിയിരിക്കുന്നത് ഭരണച്ചുമതല വഹിച്ചിരുന്ന ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, മജിസ്റ്റ്രേട്ടന്മാര്‍, മറ്റ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കെല്ലാം ജീവിതച്ചെലവിനുവേണ്ടി ഭൂമി ദാനം ചെയ്തിരുന്നു എന്നാണ്. നാളന്ദയിലെ ബൗദ്ധാശ്രമത്തിന് 200 ഗ്രാമങ്ങള്‍ ദാനമായി നല്‍കിയിരുന്നു. ഒരു സൈനിക നടപടിക്കു പുറപ്പെടുമ്പോള്‍ ഹര്‍ഷന്‍ 100 ഗ്രാമങ്ങളില്‍ 1,000 ഹലം (1,000 കലപ്പ കൊണ്ട് ഉഴുവാന്‍ കഴിയുന്നത്ര, അതായത് 10,000 ഏക്കറോളം) ഭൂമി ബ്രാഹ്മണര്‍ക്കു ദാനം ചെയ്തതായി ഹര്‍ഷചരിതത്തില്‍ പറയുന്നു. ഇങ്ങനെ ദാനം ചെയ്യപ്പെടുന്ന ഭൂമി കൃഷിഭൂമി ആയിരുന്നില്ലെന്നും, ദാനം കിട്ടിയവര്‍ അതിനെ കൃഷിയോഗ്യമാക്കി മാറ്റുകയാണ് ചെയ്തിരുന്നതെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. ആദ്യകാലങ്ങളില്‍ ബ്രാഹ്മണരെ കൊണ്ടുവന്നു കുടിയിരുത്തിയത് ഈ ഉദ്ദേശ്യത്തോടെയാണെന്നും അവര്‍ വാദിക്കുന്നു. 'ദാനം' ലഭിച്ചവര്‍ക്ക് ഇളവു ചെയ്തു കൊടുത്ത നികുതികളുടെയും ബാധ്യതകളുടെയും നീണ്ട പട്ടിക ഇതെല്ലാം കന്നിനിലങ്ങളായിരുന്നുവെന്ന് അനുമാനിക്കാന്‍ വക നല്‍കുന്നില്ല എന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. രാജാവിന് അവകാശപ്പെട്ട വരുമാനത്തിന്റെ ദാനമാണ് യഥാര്‍ഥത്തില്‍ രാജാക്കന്മാരുടെ ഭൂദാനത്തിന്റെ അര്‍ഥമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ കൈവശംവച്ചു കൃഷി ചെയ്യുന്ന ഭൂമിയില്‍ നിന്നുള്ള രാജഭോഗം ഉപേക്ഷിക്കാന്‍ രാജാവ് സന്നദ്ധനാവുകയും അത്രയും ആദായം കൈപ്പറ്റാന്‍ ദാനം സ്വീകരിച്ച വ്യക്തിയെയോ സ്ഥാപനത്തെയോ അധികാരപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ 'ഭൂമിദാനം' വര്‍ധിച്ചുവരികയും, മിച്ചോത്പാദനത്തിന്റെ ഉപഭോക്താക്കള്‍ മുഖ്യമായും ബ്രാഹ്മണരും മതസ്ഥാപനങ്ങളും ആയിത്തീരുകയും ചെയ്തു. ഭൂപ്രഭുക്കന്മാരുടെ വര്‍ഗത്തെ സൃഷ്ടിക്കുക എന്ന പ്രക്രിയ രാജ്യമെങ്ങും അസന്തുലിതമായ നിലയിലാണ് വളര്‍ച്ച പ്രാപിച്ചത്. മഹാരാഷ്ട്രയില്‍ ക്രിസ്തു വര്‍ഷാരംഭത്തോടുകൂടി തന്നെ ഇത് ആദ്യമായി അനുഭവപ്പെട്ടു. നാലും അഞ്ചും നൂറ്റാണ്ടില്‍ ഇന്നത്തെ മധ്യപ്രദേശില്‍ വലിയൊരു ഭാഗം ഭൂമി ഇങ്ങനെ ദാനം ചെയ്യപ്പെട്ടിരുന്നു. പശ്ചിമബംഗാളിലും ബംഗ്ലാദേശിലും അഞ്ചും ആറും നൂറ്റാണ്ടില്‍ ഇതു പ്രാബല്യത്തില്‍ വന്നിരുന്നു. ആറും ഏഴും നൂറ്റാണ്ടില്‍ ഒഡിഷയിലും ഏഴാം നൂറ്റാണ്ടില്‍ അസമിലും എട്ടാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലും ഒമ്പതും പത്തും നൂറ്റാണ്ടില്‍ കേരളത്തിലും ഇത് സാര്‍വത്രികമായിരുന്നതായി പഠനങ്ങള്‍ വെളിവാക്കുന്നു.

ഇന്ത്യന്‍ ഫ്യൂഡലിസത്തെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ കേരളത്തിലെ ജന്മിത്തത്തെക്കുറിച്ച് മനസ്സിലാക്കുവാനും സഹായകമാണ്. അതേ പ്രക്രിയ തന്നെയാണ് കേരളത്തിലും സംഭവിച്ചത്. കേരളത്തില്‍ ജന്മിസമ്പ്രദായത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കു വഹിച്ചത് ക്ഷേത്രങ്ങളാണ്. കൊല്ലവര്‍ഷം ആദ്യശതകങ്ങളില്‍ കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ സിരാകേന്ദ്രങ്ങളായിത്തീര്‍ന്ന ക്ഷേത്രങ്ങള്‍ കേവലം ആരാധനാകേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. വിദ്യയും കലയും മതബോധവും വളര്‍ത്തുന്നതില്‍ ക്ഷേത്രങ്ങള്‍ കാര്യമായ പങ്കുവഹിച്ചു. തിരുമരുതൂര്‍ (തിരുനെല്ലിക്കടുത്ത്), മൂഴിക്കളം, തിരുവല്ല, കാന്തളൂര്‍, പാര്‍ഥിവപുരം, കന്യാകുമാരി തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളോടനുബന്ധിച്ച് ആതുരശാലകളും കലാശാലകളും നിലനിന്നിരുന്നു. ക്ഷേത്രങ്ങളില്ലാതെ മറ്റു സ്ഥലങ്ങളില്‍ നൃത്തവും നാട്യവും മറ്റും നടത്താന്‍ പാടില്ലെന്ന സ്ഥിതിയും വന്നുചേര്‍ന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ആവശ്യമായ സമ്പത്തു ലഭ്യമാക്കുവാനായി രാജാക്കന്മാരും നാടുവാഴികളും ക്ഷേത്രങ്ങള്‍ക്കു ഭൂമി ദാനം ചെയ്യുവാന്‍ തുടങ്ങി. ഒമ്പതാം നൂറ്റാണ്ടു മുതല്‍ ഇങ്ങനെ ഭൂമി ദാനം ചെയ്തിട്ടുള്ളതിന്റെ വളരെയധികം രേഖകള്‍ ലഭിച്ചിട്ടുണ്ട്. കരുനന്തടക്കന്‍ എന്ന ആയ് രാജാവ് 866-ല്‍ ഉഴക്കുടിവിളൈ എന്ന സ്ഥലത്ത് പാര്‍ഥവപുരം ക്ഷേത്രം പണികഴിപ്പിക്കുകയും ക്ഷേത്രത്തിലെ നിത്യദാനച്ചെലവുകള്‍ക്കും ഉത്സവാഘോഷങ്ങള്‍ക്കും 95 ബ്രാഹ്മണവിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനും മറ്റുമുള്ള ചെലവുകള്‍ക്കായി അനേകായിരം 'കലംപാട്' നിലം ദാനമായി നല്കിയിരുന്നു. ഇതിനെക്കാള്‍ വലിയ ദാനമാണ് തിരുവല്ലാ ക്ഷേത്രത്തിലേക്ക് ബ്രാഹ്മണഭോജനത്തിനും നന്താവിളക്കിനും നിവേദ്യത്തിനും മറ്റുമായി നല്കപ്പെട്ടത്. അനേകലക്ഷപ്പറ നിലവും അനേകായിരം ഏക്കര്‍ തോട്ടവും തിരുവല്ലാക്ഷേത്രത്തിനും തിരുവല്ലാശാലയ്ക്കുമായി നല്കപ്പെട്ടു. രാജാക്കന്മാരും നാടുവാഴികളും നല്കിയിരുന്ന ഭൂദാനങ്ങള്‍ക്കു പുറമേ, കൃഷിക്കാര്‍ തന്നെ ക്ഷേത്രങ്ങള്‍ക്കും (ദേവസ്വം) ബ്രാഹ്മണര്‍ക്കും (ബ്രഹ്മസ്വം) ഭൂമി ദാനം ചെയ്തതായ രേഖകളും കണ്ടുകിട്ടിയിട്ടുണ്ട്. ഇങ്ങനെ ദാനം ചെയ്യപ്പെട്ട ഭൂമിയില്‍ നിന്ന് ദാനം സ്വീകരിച്ചവര്‍ക്ക് കൃഷിക്കാര്‍ നല്കിവന്ന പ്രതിഫലത്തിന് 'പാട്ടം' എന്നാണ് പറഞ്ഞിരുന്നത്. 'പാട്ടം' എന്ന പദത്തിന് പതിയുടെ (ഭരണാധികാരിയുടെ) വാരം (ഉത്പാദനത്തിന്റെ ഓഹരി) എന്നാണ് അര്‍ഥമെന്ന് ലോഗന്‍ നല്കിയ വ്യാഖ്യാനം ശരിയാണെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. അങ്ങനെ ക്ഷേത്രങ്ങളും നാടുവാഴികളും ബ്രാഹ്മണരും ചേര്‍ന്ന്, ഭരണാധികാരിക്കു ലഭിക്കേണ്ടതായ ഓഹരിയുടെ (ഭൂനികുതിയുടെ) അവകാശികളായിത്തീര്‍ന്നു. കേരളത്തില്‍ ഭൂനികുതി ഉണ്ടായിരുന്നില്ല എന്ന് വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ അര്‍ഥം ഇതാണ്.

ക്ഷേത്രങ്ങളുടെ ഭരണം ഊരാളന്മാരുടെ നിയന്ത്രണത്തിലായിരുന്നു. ഊരാളസമിതിയിലെ അംഗങ്ങള്‍ മിക്കവാറും ബ്രാഹ്മണരായിരുന്നു. ഊരാളരുടെ കൈയേറ്റങ്ങളെ നിയന്ത്രിക്കുന്നതിനാണു മൂഴിക്കളംകച്ചം ഏര്‍പ്പെടുത്തിയതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നിട്ടും ക്ഷേത്രം വക സ്വത്ത് കാലക്രമത്തില്‍ അപഹരിക്കപ്പെട്ടു. അങ്ങനെ ദേവസ്വം ഭൂമികള്‍ വളരെയധികം ബ്രഹ്മസ്വം ഭൂമികളായി മാറി. കേരളത്തിലെ ജന്മികളില്‍ വലിയൊരു പങ്ക് ബ്രാഹ്മണരായിത്തീര്‍ന്നതിന്റെ അടിസ്ഥാനം ഇതാണ്. പാഴ്ഭൂമി കൃഷിചെയ്യുന്നതില്‍ ബ്രാഹ്മണര്‍ നേതൃത്വപരമായ പങ്കു വഹിച്ചതുകൊണ്ടാണ് ബ്രാഹ്മണര്‍ ജന്മികളായി തീര്‍ന്നതെന്നും അവരുടെ ജന്മാവകാശം 'സ്വയംഭൂവാ' യി ഉണ്ടായതെന്നും ചരിത്രകാരന്മാര്‍ പറയുന്നു. ഏതായാലും മധ്യകാലങ്ങളില്‍ ജന്മിസമ്പ്രദായം കേരളത്തില്‍ വേരൂന്നി.

ആര്യന്മാരുടെ കുടിയേറ്റത്തോടെ കേരളത്തില്‍ രൂപംകൊണ്ട ജാതികേന്ദ്രീകൃത സാമൂഹികവ്യവസ്ഥയും പ്രസ്തുത സാമൂഹികവ്യവസ്ഥയുടെ സൃഷ്ടിയായ ജന്മിത്തവും സാമൂഹിക സാമ്പത്തിക അസമത്വങ്ങളും വിവേചനങ്ങളും 19-ാം ശ.-ത്തിന്റെ അവസാനംവരെ കേരളത്തില്‍ ശക്തമായിത്തന്നെ നിലനിന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനത്തില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ ഉണ്ടായ വിദ്യാഭ്യാസപുരോഗതിയും സാമൂഹികരംഗത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയ ഇടപെടലുകളും സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും എല്ലാമായിരുന്നു 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി വരെ ജാത്യാധിഷ്ഠിതമായിരുന്ന കേരളീയസമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ വിത്തുപാകിയത്. ഈ കാലഘട്ടത്തില്‍ സാമ്പത്തികരംഗത്തും തൊഴില്‍രംഗത്തുമുണ്ടായ മാറ്റവും റോഡ് നിര്‍മാണത്തിന്റെ വ്യാപനവും സാമൂഹികമുന്നേറ്റങ്ങളുടെ സമ്മര്‍ദത്തില്‍ നിയമനിര്‍മാണരംഗത്തുണ്ടായ പരിഷ്കാരങ്ങളും ഈ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തി. അച്ചടിമാധ്യമങ്ങളുടെ പ്രചാരവും പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ വ്യാപനവുമായിരുന്നു ഈ പരിവര്‍ത്തനത്തെ സ്വാധീനിച്ച ഇതരഘടകങ്ങള്‍. ഈ പരിവര്‍ത്തന ശക്തികള്‍ കേരളത്തില്‍ നിലനിന്നിരുന്ന ജാതിമേധാവിത്വത്തിനും ബ്രാഹ്മണിസത്തിനും സര്‍വോപരി ജന്മിത്തത്തിനും രാജവാഴ്ചയ്ക്കുമെതിരെ കലഹിച്ചുകൊണ്ട് ജനാധിപത്യമൂല്യങ്ങളില്‍ കേന്ദ്രീകൃതമായൊരു സമൂഹസൃഷ്ടിയിലേക്ക് കേരളീയരെ നയിച്ചു.

18-ാം നൂറ്റാണ്ടിന്റെ അവസാനംവരെ കേരളത്തില്‍ വിദ്യാഭ്യാസം സവര്‍ണരുടെ (ഉയര്‍ന്ന ജാതിക്കാര്‍) കുത്തകയായിരുന്നു അവര്‍ണര്‍ക്ക് (അധഃസ്ഥിതര്‍) ഇവിടെ നിലനിന്നിരുന്ന പരമ്പരാഗത വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു അഥവാ അവരെ ഈ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനൊരു മാറ്റം വരുത്തിയത് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളായിരുന്നു. മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ അധഃസ്ഥിതവിഭാഗങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയാകര്‍ഷിക്കാന്‍ ഒരുപോലെ പര്യാപ്തമായിരുന്നു. 1806 മുതല്‍ത്തന്നെ ക്രിസ്ത്യന്‍ മിഷണറിമാര്‍ കേരളത്തില്‍ സാമൂഹികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയുണ്ടായി. നൂറ്റാണ്ടുകളായി, ആടുമാടുകളെപ്പോലെ അടിമകളായി അജ്ഞതയില്‍ കഴിഞ്ഞിരുന്ന അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം തെളിച്ചുകൊടുത്തത് പാശ്ചാത്യക്രിസ്ത്യന്‍ മിഷണറിമാരായിരുന്നു. കേരളത്തിന് ലോകസംസ്കാരത്തിലേക്കുള്ള വഴിതുറന്നുകൊടുത്തതും മറ്റാരുമായിരുന്നില്ല.

1806-ല്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തനം നടത്തിവന്ന റവ. റിംഗില്‍ ടാബ് എന്ന മിഷണറി ആദ്യമായും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് ആറു സ്കൂളുകള്‍ സ്ഥാപിച്ചു. കേരളത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപകനും ഇദ്ദേഹമായിരുന്നു. 1816-ല്‍ ചര്‍ച്ചു മിഷന്‍കാര്‍ കോട്ടയത്ത് ഒരു കോളജ് ആരംഭിച്ചു- ഇന്നത്തെ സി.എം.എസ്. കോളജിന്റെ ആദ്യരൂപം. ഇന്ത്യയിലെ പ്രഥമ ഇംഗ്ലീഷ് സ്കൂളും ഇതുതന്നെയാണ്. ലണ്ടന്‍ മിഷന്‍സൊസൈറ്റി പ്രവര്‍ത്തകനായ റവ. മീഡ് 1918-ല്‍ നാഗര്‍കോവില്‍ ഒരു സിമനാരി ആരംഭിച്ചു. തിരുവിതാംകൂറില്‍ സ്ത്രീവിദ്യാഭ്യാസം നടപ്പാക്കിയതും തൊഴില്‍ സ്കൂളുകള്‍ ആരംഭിച്ചതും ഇദ്ദേഹമാണ്. 1836 ഡി. 13-ന് റവ. റോബര്‍ട്ട്സ് ആരംഭിച്ച ഇംഗ്ലീഷ് സ്കൂള്‍ ആണ് പില്‍ക്കാലത്ത് തിരുവനന്തപുരത്തെ രാജാസ് ഫ്രീ സ്കൂള്‍ ആയതും അനന്തരം മഹാരാജാസ് കോളജായി തീര്‍ന്നതും. 1817-ല്‍ കൊച്ചിയിലും 1848-ല്‍ ബാസല്‍മിഷന്‍കാര്‍ മലബാറിലും ഇംഗ്ലീഷ് സ്കൂളുകള്‍ ആരംഭിച്ചു. ഇവയുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചതും അന്നോളം സാധാരണജനങ്ങള്‍ക്ക് പ്രത്യേകിച്ചും അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വിലക്കപ്പെട്ടിരുന്ന വിജ്ഞാനം പ്രദാനം ചെയ്തതും. 1817-ലെ രാജവിളംബരത്തിലൂടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് നിഷ്കര്‍ഷിക്കപ്പെട്ടു. അന്നത്തെ റസിഡന്റായ സര്‍ തോമസ് മണ്‍റോയുടെ പിന്‍ബലവും ഈ വിളംബരത്തിനുണ്ടായിരുന്നു. ഈ വിളംബരമാണ് തിരുവിതാംകൂറില്‍ പില്ക്കാലത്ത് മോഡല്‍ സ്കൂളുകള്‍ക്ക് ബീജാവാപം നല്കിയത്. കേരളത്തില്‍ മിഷണറിമാരുടെ പ്രവേശനവും വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ ആരംഭംകുറിച്ച വിദ്യാഭ്യാസം അധഃസ്ഥിതര്‍ക്കിടയിലേക്കും വ്യാപിച്ചു. മുന്‍കാലങ്ങളില്‍ ക്രിസ്തുമതപരിവര്‍ത്തനം ഉയര്‍ന്ന ജാതിയില്‍ നിന്നും അനുവദനീയമായ ഒന്നായിരുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ ആഗമനത്തോടെ കീഴാളവിഭാഗങ്ങളും വ്യാപകമായി ക്രിസ്തുമതം സ്വീകരിച്ചുതുടങ്ങി. ക്രിസ്തുമതം സ്വീകരിച്ച കീഴാളവിഭാഗക്കാര്‍ വിദ്യാഭ്യാസത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയും തദ്വാരാ അവര്‍ തങ്ങളുടെ പൗരാവകാശങ്ങളെപ്പറ്റി കൂടുതല്‍ കൂടുതല്‍ ബോധവാന്മാരാവുകയും ചെയ്തുകൊണ്ടിരുന്നു. വിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിയ ഇടപെടലുകള്‍ അധഃസ്ഥിതവിഭാഗങ്ങളെ തട്ടിയുണര്‍ത്തുകയും തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ അവരെ കര്‍മോത്സുകരാക്കുകയും ചെയ്തു. തമിഴ് ഭാഷാമാധ്യമങ്ങള്‍ക്കുപകരം മലയാളം പ്രധാന അധ്യയനഭാഷയായി മാറി. പദ്യഭാഷയില്‍ നിന്നും ഗദ്യത്തിലേക്കുള്ള പ്രയാണം ഈ ദിശയ്ക്കായിരുന്നു. മുദ്രണസമ്പ്രദായം, പത്രപ്രവര്‍ത്തനം എന്നിവയുടെ വികാസവും വ്യാപനവും മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് വഴിതുറന്നിട്ടു. ചെറിയതോതിലെങ്കിലും സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നു. ഉയര്‍ന്ന ജാതികളോട് സമാനത കല്പിച്ച് ഉന്നതശ്രേണിയില്‍ കഴിഞ്ഞിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ മിഷണറിമാരുടെ കടന്നുവരവോടെ ആധുനികവിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചു. പതിയെപ്പതിയെ അധഃസ്ഥിതര്‍ ഒഴികെയുള്ള ഇതരസമുദായങ്ങളും വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നു. കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് 1957-ല്‍ പാസ്സാക്കിയ വിദ്യാഭ്യാസ ബില്‍ ആധുനികകേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിന്റെ മുഖഛായതന്നെ മാറ്റി. വിദ്യാഭ്യാസരംഗത്ത് കേരളം അനുവര്‍ത്തിച്ച ഈ പാരമ്പര്യം വര്‍ത്തമാനകാലഘട്ടത്തില്‍, പൊതുവിദ്യാഭ്യാസ രംഗത്തും പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും സാങ്കേതികവിദ്യാഭ്യാസരംഗത്തും കേരളത്തെ ഇതരസംസ്ഥാനങ്ങളുടെ മുന്നില്‍ എത്തിച്ചിരിക്കുന്നു.

1811-ല്‍ മലയാളക്കരയ്ക്ക് ആദ്യമായി ഒരു മുദ്രണാലയം നല്‍കിയത്, ആദ്യത്തെ മലയാള നിഘണ്ഡുവിന്റെ കര്‍ത്താവായ റവ. ബഞ്ചമിന്‍ ബെയ്ലിയാണ്. ഇങ്ങനെ കേരളക്കരയിലെ സാധാരണക്കാരുടെ-അധഃസ്ഥിതരുടെ- ഇടയില്‍ എഴുത്തും, വായനയും പ്രചരിപ്പിച്ചതോടൊപ്പം 'ജനനന്മയ്ക്കുവേണ്ടി' വര്‍ത്തമാനപ്പത്രങ്ങളും മിഷണറിമാരാണ് ആരംഭിച്ചത്. 1847 ജൂണില്‍ രാജ്യസമാചാരം, 1847 ഒക്ടോബറില്‍ പശ്ചിമതാരക, 1848-ല്‍ ജ്ഞാനനിക്ഷേപം എന്നീ പത്രങ്ങള്‍ എല്ലാം മിഷണറിമാരാണ് തുടങ്ങിയത്. അധ്യാത്മബോധം-ക്രിസ്തീയ ബോധം സാധാരണക്കാരുടെ ഇടയില്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു രാജ്യസമാചാരത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. 'പശ്ചിമോദയത്തിന്റെ ഉദ്ദേശം', 'നവീന ശാസ്ത്രം മലയാളികളെ മനസ്സിലാക്കുക', 'കാലദേശാവസ്ഥകളുടെ സൂക്ഷ്മജ്ഞാനം നിദാനിച്ചറിഞ്ഞു' മലയാളികളെ പഠിപ്പിക്കുക എന്നതായിരുന്നു. ജ്ഞാനനിക്ഷേപം അതേസമയം 'സ്വദേശവര്‍ത്തമാനങ്ങളും പരദേശവര്‍ത്തമാനങ്ങളും അതാതു ദിക്കുകളില്‍ ഉണ്ടാകുന്ന വസ്തുക്കളുടെ വിവരവും, അവിടങ്ങളിലെ കുടിയന്മാരുടെ വിധങ്ങളും മര്യാദകളും' കേരളീയരെ പഠിപ്പിക്കുക എന്നതായിരുന്നു; അതായത് കേരളീയരില്‍ ഒരു സാര്‍വദേശീയ വീക്ഷണം വികസിപ്പിക്കുക എന്നതായിരുന്നു.

ഈ കാലത്തുതന്നെ, അതായത് 1840-കളില്‍ സര്‍ക്കാരിനോടുള്ള വെല്ലുവിളിയും നേര്‍ത്ത സ്വരത്തിലാണെങ്കിലും ആരംഭിക്കുകയുണ്ടായി. അത്, ഒരു ഡസനിലേറെ ഇംഗ്ലീഷ് മിഷണറിമാരുടെ സംഘടന സ്ഥാപിതമാകുകയും, താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയ മാര്‍ഗങ്ങള്‍ തുറന്നുകിട്ടുകയും ചെയ്തതോടെയാണ് ആരംഭിച്ചത്. അടിമത്തം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരമായിരുന്നു ആദ്യത്തേത്. അവര്‍ണരുടെ അവകാശവാദങ്ങളെ അടിച്ചമര്‍ത്താനും പൂര്‍വസ്ഥിതി നിലനിര്‍ത്താനുമായിരുന്നു സവര്‍ണ സര്‍ക്കാരും സില്‍ബന്തികളും പ്രവര്‍ത്തിച്ചിരുന്നത്. 1847 മാ. 19-ന് നാലു സി.എം.എസ്സുകാരും എട്ട് എല്‍.എം.എസ്സുകാരും ഉള്‍പ്പെടെ 12 മിഷണറിമാര്‍ ഒപ്പിട്ട് എല്ലാത്തരം അടിമത്തവും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹര്‍ജി ഗവര്‍മെണ്ടിനു സമര്‍പ്പിച്ചു-ജനകീയാവശ്യത്തിനുവേണ്ടി ഗവര്‍മെണ്ടിനു സമര്‍പ്പിക്കുന്ന ആദ്യത്തെ മെമ്മോറിയല്‍. 1848-ല്‍ മിഷണറിമാര്‍ വീണ്ടും ബ്രിട്ടീഷ് ഇന്ത്യയില്‍ അടിമത്തം അവസാനിപ്പിച്ചുകൊണ്ട് 1843-ലെ അഞ്ചാം ആക്റ്റനുസരിച്ചുള്ള ഒരു മാര്‍ഗം തിരുവിതാംകൂര്‍ ഗവര്‍മെണ്ടും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി സമര്‍പ്പിച്ചു. ഈ മിഷണറിമാരുടെ അവിരാമമായ പ്രവര്‍ത്തനങ്ങളുടെ, പ്രക്ഷോഭങ്ങളുടെ ഫലമായി 1854 ഒക്ടോബറില്‍ 'തിരുവിതാംകൂറിലെ എല്ലാ അടിമകളെയും സ്വതന്ത്രരാക്കുന്നതിന് മദ്രാസ് ഗവര്‍മെണ്ട്, തിരുവിതാംകൂര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു'. ഇതിന്റെ ഫലമായി 1855 ഏപ്രിലില്‍ കൊച്ചിയിലും തുടര്‍ന്ന് തിരുവിതാംകൂറിലും അടിമത്തം അവസാനിപ്പിച്ചുകൊണ്ടുള്ള വിളംബരങ്ങള്‍ പുറപ്പെടുവിച്ചു.

വിദ്യാഭ്യാസരംഗത്തുണ്ടായ ഈ പുത്തന്‍ ഉണര്‍വിന്റെ സ്വാധീനം സമൂഹത്തില്‍ പ്രതിഫലിക്കപ്പെട്ടത് സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ രൂപത്തിലായിരുന്നു. നൂറ്റാണ്ടുകളോളം ജാതിവ്യവസ്ഥയുടെ കീഴ്ത്തട്ടില്‍ അയിത്തജാതിക്കാരും കീഴാളരുമായി കണക്കാക്കപ്പെട്ടിരുന്ന നാടാര്‍, ഈഴവര്‍, ദലിതര്‍, അരയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട സാമുദായിക പരിഷ്കരണപ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും സാമൂഹികസമത്വത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരംഭിച്ചതോടെ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളും നവോത്ഥാനത്തിലേക്ക് നീങ്ങുകയും അങ്ങനെ കേരളീയസമൂഹത്തില്‍ ഒന്നാകെ സമഗ്രമായൊരു പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ദൃശ്യമാവുകയും ചെയ്തു.

ഹിന്ദുമതത്തിലെ അധഃസ്ഥിതവിഭാഗങ്ങള്‍ക്കിടയിലുണ്ടായ നവോത്ഥാനം, ആ മതത്തിലെ സവര്‍ണരെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരുപോലെ സ്വാധീനിക്കുകയുണ്ടായെന്നു സൂചിപ്പിച്ചുവല്ലോ. തത്ഫലമായി ഈ വിഭാഗങ്ങളും സാമൂഹികപരിഷ്കരണത്തിലേക്കും അവകാശപോരാട്ടങ്ങളിലേക്കും നീങ്ങി. 1829-ല്‍ തെക്കന്‍തിരുവിതാംകൂറിലെ ചാന്നാന്മാര്‍ (നാടാര്‍) നടത്തിയ മേല്‍ശീല കലാപമായിരുന്നു തുടക്കം. ക്രിസ്തുമതം സ്വീകരിച്ച നാടാര്‍ സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി ക്രിസ്ത്യന്‍ മിഷണറിമാരുടെ പിന്തുണയോടെ നടത്തിയ കലാപം ഒടുവില്‍ വിജയംകണ്ടു. ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് 1888-ല്‍ നാരായണഗുരു അരുവിപ്പുറത്ത് നടത്തിയ ശിവലിംഗപ്രതിഷ്ഠ ആ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. തുടര്‍ന്ന് 1893-ല്‍ മഹാത്മാ അയ്യന്‍കാളി നടത്തിയ സഞ്ചാരസ്വാതന്ത്ര്യസമരവും വിജയിച്ചു. ഇതോടെ തിരുവിതാംകൂറിലെ അധഃസ്ഥിതവിഭാഗങ്ങള്‍ ഒന്നാകെ തങ്ങളുടെ പൗരാവകാശങ്ങള്‍ക്കുവേണ്ടി സമരസജ്ജരാവുകയും സാമുദായിക പ്രസ്ഥാനങ്ങള്‍ക്ക് രൂപംനല്‍കുകയും ചെയ്തു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് ബ്രാഹ്മണേതര സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് 1891-ലും 96-ലും യഥാക്രമം സമര്‍പ്പിക്കപ്പെട്ട മലയാളി, ഈഴവ മെമ്മോറിയലുകള്‍ ബ്രാഹ്മണര്‍ ഒഴികെയുള്ള ജനവിഭാഗങ്ങളുടെ അധികാരപങ്കാളിത്തം സജീവചര്‍ച്ചാവിഷയമാക്കി മാറ്റുകയും നിരവധി ഭരണപരിഷ്കാരങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അടുത്ത ജനമുന്നേറ്റം നിവര്‍ത്തനപ്രക്ഷോഭമായിരുന്നു. ശ്രീചിത്തിരതിരുനാളിന്റെ കാലത്ത് നിയമസഭ ശ്രീമൂലം അസംബ്ലിയും ശ്രീചിത്രകൗണ്‍സിലുമായി വിഭജിച്ചപ്പോള്‍ അതിലെ ഉപരിമണ്ഡലത്തിലേക്ക് ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച ഈ സമുദായങ്ങള്‍ 'സാമൂഹ്യ രാഷ്ട്രീയ സമിതി' എന്ന സംഘടനയ്ക്ക് രൂപം നല്കിക്കൊണ്ട് ആരംഭിച്ചതാണ് നിവര്‍ത്തനപ്രക്ഷോഭം. ഈ ജനകീയമുന്നേറ്റത്തിന്റെ പരിണതഫലമായി എല്ലാവിഭാഗങ്ങള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യം അനുവദിച്ചു. ഈ സമിതി പിന്നീട് സാമൂഹ്യ രാഷ്ട്രീയ കോണ്‍ഗ്രസ് എന്ന പേരില്‍ വിപുലീകരിക്കപ്പെടുകയും എല്ലാ സമുദായങ്ങള്‍ക്കും ആനുപാതികമായി നിയമസഭ, പബ്ലിക് സര്‍വീസ് കമ്മിഷന്‍ എന്നിവയില്‍ പ്രാതിനിധ്യം, പ്രായപൂര്‍ത്തി വോട്ടവകാശം തുടങ്ങിയവ നേടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആവിര്‍ഭാവത്തിന് വഴിതെളിച്ചു. ഈ പ്രസ്ഥാനം പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി കേരളത്തിലെ രാഷ്ട്രീയനവോത്ഥാനത്തിന് ശക്തി പകര്‍ന്നു. ഉപജാതി ബോധങ്ങള്‍ക്കതീതമായി ഈഴവ-നായര്‍ വിഭാഗങ്ങള്‍ സാമുദായിക ഏകീകരണത്തിലേക്ക് നീങ്ങിയതും ദേശീയപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായതും കേരളത്തിലെ പ്രബല ഹിന്ദുസമുദായങ്ങള്‍ക്കൊപ്പം ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ ശക്തമായ രാഷ്ട്രീയവത്കരണത്തിന് വിധേയമാവുന്നതും ഈ കാലഘട്ടത്തില്‍ത്തന്നെ. ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണവും ഈ രാഷ്ട്രീയവത്കരണപ്രക്രിയയെ ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയപ്രസ്ഥാനങ്ങളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിനും ജനങ്ങളുടെ രാഷ്ട്രീയബോധത്തെ വികസിപ്പിക്കുന്നതിനും വഴിതെളിച്ചു. ഈ മുന്നേറ്റം രാജവാഴ്ചയുടെയും നാടുവാഴിത്തത്തിന്റെയും ശക്തി ക്ഷയിപ്പിക്കുകയും കേരളീയസമൂഹത്തിന്റെ ജനാധിപത്യവ്യവസ്ഥയിലേക്കുള്ള പ്രയാണത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. അതുവരെയും രാഷ്ട്രീയതീരുമാനങ്ങള്‍ ഉന്നതജാതിക്കാരുടെ അവകാശമായിരുന്നു. എന്നാല്‍ കേരളത്തിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ സന്നിവേശിപ്പിച്ച ജനാധിപത്യ ആശയങ്ങള്‍ എല്ലാ ജാതിമതസ്ഥര്‍ക്കും തുല്യപരിഗണന വാഗ്ദാനം ചെയ്യുന്ന ഒരു സാമൂഹികവ്യവസ്ഥ വിഭാവനം ചെയ്തു. നേതൃത്വം തുടര്‍ന്നും ഉന്നതജാതിക്കാര്‍ കൈയടക്കിയെങ്കിലും അധികാരം കൈയാളാന്‍ താഴെത്തട്ടിലുള്ളവരുടെയും സഹകരണം ആവശ്യമായിരുന്നു. കേരളത്തിലെ എല്ലാ മേഖലകളും രാഷ്ട്രീയവത്കരണത്തിന് വിധേയമായതോടെ അധികാരം, ഉന്നതസമുദായങ്ങളില്‍ മാത്രം നിക്ഷിപ്തമായിരുന്ന അവസ്ഥയ്ക്ക് മാറ്റം വന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും സമുദായസംഘടനകളും കൈകോര്‍ത്തുപിടിച്ച് ജനാധിപത്യം നടപ്പാക്കുന്ന അവസ്ഥയിലേക്കുനീങ്ങി. നവോത്ഥാനപ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായി നായര്‍, ക്രിസ്ത്യന്‍, ഈഴവ സമുദായങ്ങള്‍ക്കിടയില്‍ നടന്ന രാഷ്ട്രീയവത്കരണം അധികാരശ്രേണിയിലെ ബ്രാഹ്മണ-ക്ഷത്രിയ ആധിപത്യത്തെ മറികടക്കാനും പുതിയ വ്യവസ്ഥയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും ഈ സമുദായങ്ങളെ പര്യാപ്തമാക്കി. എന്നാല്‍ അധഃസ്ഥിതവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ രാഷ്ട്രീയവത്കരണം ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടില്ല.

ഇപ്രകാരം വിവിധ സമുദായങ്ങള്‍ സംഘടിതമുന്നേറ്റങ്ങള്‍ക്കും ആഭ്യന്തരപരിഷ്കരണങ്ങള്‍ക്കും തയ്യാറായതോടെ ജാതിവ്യവസ്ഥയുടെ അധികാരഘടനയ്ക്കും മാറ്റം സംഭവിച്ചു. അധഃസ്ഥിതവിഭാഗങ്ങള്‍ക്കിടയിലുണ്ടായ നവോത്ഥാനത്തിന്റെ ഫലമായി തൊട്ടുകൂടാത്തവര്‍ എന്ന നിലയില്‍ നിന്നും പട്ടികജാതി, പട്ടികഗോത്രം, പിന്നോക്കസമുദായം തുടങ്ങിയ പേരുകളില്‍ ഔദ്യോഗികമായി ഇവരുടെ സ്വത്വം പുനര്‍നിര്‍വചിക്കപ്പെട്ടു. നിഷേധാത്മകമായ സ്ഥാനത്തുനിന്നും അവര്‍ ഉയര്‍ന്ന് സാമൂഹികജീവിതത്തിന്റെ എല്ലാ തുറകളിലും രാഷ്ട്രീയ തുല്യാവകാശം നേടിയെടുത്തു. നീണ്ടകാലത്തെ പ്രക്ഷോഭണങ്ങള്‍ക്കുശേഷം ക്ഷേത്രപ്രവേശനം, സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസസ്വാതന്ത്ര്യം എന്നിവയും സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യവും അധഃസ്ഥിതവിഭാഗങ്ങള്‍ നേടിയെടുത്തു. വസ്ത്രധാരണരീതി, ആഭരണങ്ങളുടെ ഉപയോഗം, ജീവിതശൈലി എന്നിവയില്‍ ജാതിവ്യവസ്ഥ അടിച്ചേല്പിച്ചിരുന്ന വിലക്കുകളില്‍ നിന്നും വിമുക്തരായി മറ്റു സാധാരണ പൗരന്മാരെപ്പോലെ അംഗീകാരം സമൂഹത്തില്‍ അവര്‍ക്കും ലഭിച്ചു.

ജന്മിസമ്പ്രദായത്തിന്റെ ശൈഥില്യം കൂട്ടുകുടുംബസമ്പ്രദായത്തിലും ഭൂവുടമാസമ്പ്രദായത്തിലും മാറ്റങ്ങള്‍ വരുത്തി. ക്ഷേത്രങ്ങളും നമ്പൂതിരി ഇല്ലങ്ങളുമായിരുന്നു ജന്മിത്തത്തിന്റെ കാലഘട്ടത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശക്കാര്‍. മറ്റുള്ളവര്‍ എല്ലാം തന്നെ നേരിട്ടോ പരോക്ഷമായോ ഇവരില്‍ നിന്നും അവകാശം ദാനമായി സമ്പാദിച്ച് കൈവശം വച്ചുപോന്നു. ഭൂമി ഉള്‍പ്പെടെയുള്ള സമ്പത്ത് നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ നമ്പൂതിരി സമുദായത്തിലെ മൂത്തപുത്രന്‍ മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളൂ; താഴെയുള്ളവര്‍ നായര്‍ കുടുംബവുമായി സംബന്ധത്തില്‍ ഏര്‍പ്പെടുകയായികുന്നു പതിവ്. നായര്‍ കുടുംബങ്ങള്‍ മരുമക്കത്തായ കുടുംബങ്ങളായിരുന്നു. ജന്മിത്തവ്യവസ്ഥയില്‍ നമ്പൂതിരിയുടെ മക്കത്തായക്രമവും നായന്മാര്‍ക്കിടയിലെ മരുമക്കാത്തായ ക്രമവും അന്യോന്യം സമരസപ്പെട്ടാണ് നിലനിന്നിരുന്നത്. നമ്പൂതിരിയുടെ ഭൂമി നായര്‍ തറവാടുകള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. നമ്പൂതിരിയുമായുള്ള ബന്ധത്തിലൂടെ നായര്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തികനേട്ടം ലഭിച്ചു. കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയോടെയാണ് ഈ ഭൂവുടമാസമ്പ്രദായത്തിന് മാറ്റം സംഭവിക്കുന്നത്. വിദ്യാഭ്യാസവും അതിലൂടെയുള്ള ജോലിസാധ്യതകളും, സ്വന്തം നാട്ടിനു പുറത്ത് ജോലി ചെയ്യേണ്ട സാഹചര്യവും ഭൂമിയോടുള്ള കെട്ടുപാടുകള്‍ ശിഥിലമാക്കി. പുതിയ സാഹചര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് കൈവന്ന മാന്യത സ്വന്തമായി ഭൂമി കൈവശം വയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. കൂട്ടുകുടുംബങ്ങള്‍ ശിഥിലമായപ്പോള്‍ ഉന്നതജാതികള്‍ ഭൂമി വില്ക്കാനും തയ്യാറായി. അതുവരെ ഭൂമി കൈവശം വയ്ക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട ക്രിസ്ത്യന്‍, ഈഴവ, മുസ്ലിം വിഭാഗങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തി ഭൂമി വാങ്ങിക്കൂട്ടി. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലെ നാട്ടുരാജാക്കന്മാര്‍ കൂട്ടുകുടുംബത്തെ സംബന്ധിച്ചും പുതിയ ഭൂമി ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും നിയമങ്ങള്‍ പാസ്സാക്കി.

ഈ കാലഘട്ടത്തില്‍ പ്രാബല്യത്തില്‍വന്ന 1912-ലെ ഒന്നാം തിരുവിതാംകൂര്‍ ആക്റ്റ് പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ സമ്പാദിച്ച വസ്തുവകകളുടെ പകുതി തങ്ങളുടെ ആണ്‍മക്കള്‍ക്കും പകുതി തങ്ങളുടെ സഹോദരീപുത്രിമാര്‍ക്കുമായി വീതിക്കണമെന്നും നിര്‍ദേശിച്ചു. 1925-ലെ രണ്ടാം നായര്‍ ആക്റ്റ് തലയെണ്ണി ഭാഗം വയ്ക്കണമെന്ന് നിര്‍ദേശിച്ചു. 1925-ലെ തന്നെ ഈഴവ ആക്റ്റ് പ്രകാരം ബഹുഭൂരിപക്ഷം ഈഴവരും മക്കത്തായികളായി മാറി. 1929-ലെ നാഞ്ചിനാട് വെള്ളാള ആക്റ്റ്, വെള്ളാള വിഭാഗക്കാരെയും മരുമക്കത്തായ ക്രമത്തില്‍ നിന്നും മക്കത്തായക്രമത്തിലേക്ക് മാറ്റി. കൊച്ചി നായര്‍ ആക്റ്റ് (1920) നായര്‍ വിവാഹത്തിന് നിയമസാധുത്വം നല്കി. ഇത് ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ട ചുമതല പുരുഷനില്‍ നിക്ഷിപ്തമാക്കി. തുടര്‍ന്നുവന്ന നായര്‍ ആക്റ്റ്(1937-38) കാരണവരുടെ ഭരണത്തില്‍ നിന്നും കൂട്ടുകുടുംബങ്ങള്‍ക്ക് മോചനം നല്കി. മലബാറില്‍ മദ്രാസ് മാര്യേജ് ആക്റ്റ് (1896), മദ്രാസ് മരുമക്കത്തായ ആക്റ്റ് (1933) എന്നീ ആക്ടുകള്‍ മലബാറിലെ സവര്‍ണരുടെ കുടുംബഘടനയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇത് കൂട്ടുകുടുംബങ്ങള്‍ ശിഥിലമാവുന്നതിനും അണുകുടുംബങ്ങള്‍ ആവിര്‍ഭവിക്കുന്നതിനും വഴിതുറക്കുന്നതിനു മാത്രമല്ല സംബന്ധത്തിലൂടെ ഭൂസ്വത്ത് പരമ്പരാഗതമായി കൈമാറുന്ന സമ്പ്രദായത്തിനും ബഹുഭര്‍ത്തൃത്വ സമ്പ്രദായത്തിനും വിരാമംകുറിച്ചു.

ഈ കാലഘട്ടത്തില്‍ തിരുവിതാംകൂറിലും കൊച്ചിയിലും ഭരണതലത്തില്‍ ശ്രദ്ധേയമായ നിരവധി പരിഷ്കാരങ്ങളും ഉണ്ടായി. സമൂഹത്തിലെ താഴെത്തട്ടുകാരുടെ അടിസ്ഥാന പൗരാവകാശങ്ങള്‍ പരിമിതമായെങ്കിലും അംഗീകരിക്കാന്‍ തയ്യാറായ ഭരണകൂടങ്ങള്‍ ഈ വിഭാഗങ്ങളുടെ പ്രതിനിധികള്‍ക്ക് തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിയമനിര്‍മാണസഭകളിലേക്ക് ഇദംപ്രദമായി പ്രവേശനം അനുവദിക്കുകയും ചെയ്തു. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശാബ്ദങ്ങളില്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണകൂടങ്ങള്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരോട് കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിച്ചതിന്റെ ഫലമായി സര്‍ക്കാര്‍ അധീനതയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഈ വിഭാഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കപ്പെടുകയും ചെയ്തത് സാമൂഹിക പരിവര്‍ത്തനപ്രക്രിയയെ ശക്തിപ്പെടുത്താന്‍ പര്യാപ്തമായിരുന്നു. ഈഴവര്‍ ഉള്‍പ്പെടെയുള്ള അധഃസ്ഥിതവിഭാഗങ്ങള്‍ ഹിന്ദുമതത്തിലുള്ളില്‍ നിലനിന്നിരുന്ന ജാതീയമായ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദുമതം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മുന്നേറ്റം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനകള്‍ നടത്തിക്കൊണ്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ഇതിന് മുമ്പുതന്നെ സാമൂഹികപുരോഗതിയും അവസരസമത്വവും ലക്ഷ്യമാക്കി അധഃസ്ഥിതവിഭാഗങ്ങളായ പുലയര്‍, കുറവര്‍, അയ്യനവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. ഈയൊരു സാഹചര്യത്തില്‍ ഹിന്ദുമതത്തിലെ അയിത്താചാരം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തിരുവിതാംകൂര്‍ ഭരണകൂടം 1936 ന. 12-ന് നടത്തിയ ക്ഷേത്രപ്രവേശവിളംബരം ഹിന്ദുമതത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും ജാതിഭേദമെന്യേ ക്ഷേത്രപ്രവേശനസ്വാതന്ത്ര്യം യാഥാര്‍ഥ്യമാക്കി. തിരുവിതാംകൂറിനുപിന്നാലെ കൊച്ചിയിലും എല്ലാഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടു. സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങള്‍ സന്നിവേശിപ്പിച്ച നവോത്ഥാനത്തിന്റെ ആശയധാരകളുമായി സമരസപ്പെട്ടുകൊണ്ട് ദേശീയ പ്രസ്ഥാനവും പിന്നാലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കേരളത്തില്‍ ശക്തിപ്പെട്ടതോടെ സാമൂഹികപരിഷ്കരണത്തോടൊപ്പം രാഷ്ട്രീയനവോത്ഥാനത്തിലേക്കും കേരളീയസമൂഹം നീങ്ങി. ഒടുവില്‍ സ്വാതന്ത്ര്യാനന്തരം 1956 ന. 1-ല്‍ കേരളസംസ്ഥാനം നിലവില്‍ വന്നതോടെ ഈ രാഷ്ട്രീയനവോത്ഥാനം ലക്ഷ്യപ്രാപ്തിയിലെത്തുന്നത്.

നവോത്ഥാനപ്രസ്ഥാനങ്ങളുടെ കാലഘട്ടത്തോടെ കേരളത്തില്‍ ആരംഭിക്കുന്ന സാമൂഹികപരിഷ്കരണ-പരിവര്‍ത്തനസംരംഭങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950 ന. 26-ന് പുതിയ ഭരണഘടന നിലവില്‍വന്നതോടെയാണ് കേരളത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജാതിരഹിത-വര്‍ഗരഹിത-മതേതര-ജനാധിപത്യ-ആദര്‍ശ സമൂഹത്തിന്റെ സൃഷ്ടിയില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് ഒന്നാകെ അനുകരിക്കാവുന്ന നിരവധി മാതൃകകളുടെ ഭൂമികയായി സ്വാതന്ത്ര്യാനന്തര കേരളസമൂഹം മാറി. വര്‍ത്തമാനകേരളസമൂഹം അനുവര്‍ത്തിക്കുന്ന മതേതര-ജനാധിപത്യ കാഴ്ചപ്പാട് ഉത്തമോദാഹരണമാകുന്നു. സൂക്ഷ്മവും സ്ഥൂലവുമായി സാമ്പത്തിക അസമത്വങ്ങളും സാമൂഹിക വിവേചനങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും വര്‍ത്തമാനകേരളീയസമൂഹത്തിലെ വിവിധ സമുദായങ്ങള്‍ പരസ്പര സൗഹൃദത്തോടും സഹവര്‍ത്തമനോഭാവങ്ങളോടും കൂടിയാണ് ഇവിടെ നിലകൊള്ളുന്നത്.

സാര്‍വത്രികവിദ്യാഭ്യാസത്തിനുപുറമേ 1957-ല്‍ കാര്‍ഷികമേഖലയില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍, വിദ്യാഭ്യാസരംഗത്തുണ്ടായ അഭൂതപൂര്‍വമായ പുരോഗതി, വാര്‍ത്താവിനിമയ-ഗതാഗതസൗകര്യങ്ങളുടെ വളര്‍ച്ച, പുതിയ തൊഴില്‍മേഖലകളുടെ വളര്‍ച്ച, നിര്‍മാണരംഗത്തും വ്യവസായരംഗത്തും ഉണ്ടായ പുരോഗതി; ചെറുകിട വ്യവസായങ്ങള്‍, തോട്ടക്കൃഷി എന്നീ മേഖലകളുടെ വളര്‍ച്ച, പൊതുവിതരണസമ്പ്രദായത്തിന്റെ ശാക്തീകരണം, പൗരാവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കുംവേണ്ടിയുള്ള നവസാമൂഹിക മുന്നേറ്റങ്ങളുടെ ആവിര്‍ഭാവം തുടങ്ങിയ ഘടകങ്ങളും 1956-നുശേഷമുള്ള കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ നിര്‍ണായകമാംവിധം സ്വാധീനം ചെലുത്തിയിട്ടുള്ള ഘടകങ്ങളാണ്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തിന്റെ സാമൂഹികമാറ്റത്തിന് ആക്കംകൂട്ടിയ പ്രധാനഘടകങ്ങളില്‍ ഒന്നായിരുന്നു 1970-ല്‍ ഇവിടെ നടപ്പിലാക്കിയ ഭൂപരിഷ്കരണം. നിരവധി ന്യൂനതകളുണ്ടെങ്കിലും ഭൂപരിഷ്കരണത്തിലൂടെ ജന്മി-കുടിയാന്‍ വ്യവസ്ഥയെ പൂര്‍ണമായി അവസാനിപ്പിക്കാനും കൃഷിഭൂമി ഇടത്തരം കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും കഴിഞ്ഞു. എന്നാല്‍ നൂറ്റാണ്ടുകളായി കൃഷിഭൂമിയില്‍ കൃഷിപ്പണി ചെയ്യുന്ന കര്‍ഷകതൊഴിലാളികള്‍ക്ക് കൃഷിഭൂമി പ്രദാനം ചെയ്യുന്നതില്‍ കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണം പരാജയപ്പെട്ടതിനാല്‍ അവര്‍ വീണ്ടും ചെറു ഭൂവുടമകളുടെ കീഴില്‍ കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികളായിത്തന്നെ തുടരേണ്ടിവന്നത് അവരുടെ സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്തി. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി എന്ന മുദ്രാവാക്യം ഇപ്പോഴും ഒരു സങ്കല്പമായിത്തന്നെ നിലനില്‍ക്കുന്നു. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളുടെയും ആദിവാസികളുടെയും എണ്ണം ഇപ്പോഴും വളരെ കൂടുതലാണ്.

കേരളത്തിലെ ജനസംഖ്യയില്‍ ഇന്നും നിര്‍ണായകഘടകം കര്‍ഷകര്‍ തന്നെയാണ്. ഇത്രയേറെ സ്വതന്ത്രകര്‍ഷകരുള്ള സംസ്ഥാനം ഇന്ത്യയില്‍ വേറെയില്ല. കര്‍ഷകര്‍ രണ്ടുതരം സംസ്കാരത്തിന്റെ പ്രതിനിധികളാണ്. ഒരുവശത്ത് അവര്‍ പഴയ ജാതിസംസ്കാരത്തെ വച്ചുപുലര്‍ത്തുന്നു. മറുവശത്ത് മുതലാളിത്ത വിപണിയുടെ കറക്കത്തില്‍പ്പെട്ടു ധനാര്‍ജനസംസ്കാരത്തെ പുണരുകയും ചെയ്യുന്നു. കേരളം ഒരു സങ്കീര്‍ണമായ സാമൂഹികവ്യവസ്ഥയുടെ സ്വഭാവം ഉള്‍ക്കൊള്ളുന്നത് കര്‍ഷകരുടെ ഈ പ്രത്യേകതമൂലമാണ്.

സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെങ്കിലും നിര്‍ണായകപ്രാധാന്യമുള്ള വിഭാഗമാണ് തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും. അവര്‍ ഉത്പാദനവുമായി നേരിട്ടു ബന്ധപ്പെട്ടവരാണ്. വ്യവസായത്തൊഴിലാളികള്‍ സംഘടിതവിഭാഗമായിത്തീര്‍ന്നിട്ടുണ്ട്. ട്രേഡ് യൂണിയനുകള്‍ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ മുഖ്യമായ പങ്കുവഹിക്കുന്നു. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, തൊഴില്‍സ്ഥിരത ഉറപ്പുവരുത്തുക, വേതനവര്‍ധനയും ബോണസ്സും മറ്റ് അവകാശങ്ങളും നേടിയെടുക്കുക എന്നിങ്ങനെ സ്വന്തം വര്‍ഗത്തിന്റെ അവകാശസംരക്ഷണത്തിനു പുറമേ, രാഷ്ട്രത്തിന്റെ ജനാധിപത്യം കാത്തുസൂക്ഷിക്കുക തുടങ്ങിയ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനും അവര്‍ ധീരവും സജീവവുമായ പങ്കുവഹിക്കുന്നുണ്ട്. കര്‍ഷകത്തൊഴിലാളികളും ഇന്ന് സംഘടിതരാണ്.

പൊതുജീവിതത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്നത് ഇടത്തരക്കാരാണ്. ചെറുകിടകച്ചവടക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ആധുനിക വ്യവസായങ്ങളിലെ ഉയര്‍ന്ന വരുമാനക്കാരായ ജീവനക്കാര്‍ എന്നിവരെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

വ്യാവസായികരംഗത്തെ പിന്നോക്കാവസ്ഥയും സാമൂഹികപുരോഗതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വ്യാവസായിക വികസനത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കു പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. 1960-61 മുതല്‍ 1965-66 വരെ 4.37 ശതമാനമായിരുന്നു വ്യാവസായിക ഉത്പാദന വളര്‍ച്ചാനിരക്ക്. തുടര്‍ന്നുള്ള ആറ് വര്‍ഷം ഇത് 9.37 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ 1973-74 മുതല്‍ 1986-87 വരെയുള്ള വര്‍ഷങ്ങളില്‍ ഗതി കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. 2004-05, 2008-09 വര്‍ഷങ്ങളില്‍ വ്യാവസായിക മേഖല 8.11 ശതമാനം വീതമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. പക്ഷേ സേവനമേഖലയെക്കാള്‍ താഴ്ന്ന വളര്‍ച്ചയാണ് വ്യവസായമേഖലയിലുള്ളത്. 1961-62 വരെയും സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വരുമാനത്തില്‍ നേര്‍പകുതിയിലധികം കാര്‍ഷികമേഖലയില്‍ നിന്നും മാത്രമായിരുന്നു. അടുത്തവര്‍ഷം മുതല്‍ കൃഷിയ്ക്കുള്ള മേധാവിത്വം ഇടിയുകയും സേവനമേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുകയും ചെയ്തു. 2004-05, 2008-09 കാലയളവില്‍ സേവനമേഖലയില്‍ പ്രതിവര്‍ഷം 12.6 ശതമാനം വീതം വളര്‍ച്ച രേഖപ്പെടുത്തുകയുണ്ടായി. മാത്രവുമല്ല, ദേശീയവരുമാനത്തില്‍ വ്യവസായ ഉത്പാദനത്തിന്റെ വിഹിതം 16.1 ശതമാനം വരുമ്പോള്‍ കേരളത്തിലേക്ക് 7.8 ശതമാനമേ വരുന്നുള്ളൂ. കേരളത്തിലെ ആഭ്യന്തര വരുമാനം ദേശീയവരുമാനത്തിന്റെ 4.18 ശതമാനം വരുമ്പോള്‍ ദേശീയ വ്യവസായോത്പാദനത്തില്‍ കേരളത്തിന്റെ വിഹിതം 2.02 ശതമാനം മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ.

തൊഴിലില്ലായ്മയാണ് വ്യാവസായിക പിന്നോക്കാവസ്ഥക്കൊപ്പം വര്‍ത്തമാന കേരളസമൂഹം നേരിടുന്ന മറ്റൊരു പ്രതിസന്ധി. കേരളത്തില്‍ തൊഴിലില്ലായ്മ പ്രശ്നം നേരിടുന്നത് പൊതുവിഭാഗത്തിലെ വിദ്യാസമ്പന്നര്‍ മാത്രമല്ല, മറിച്ച് വിദഗ്ധ പ്രൊഫഷണലുകള്‍, അര്‍ധവിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍ എന്നിവരും ഈ പ്രശ്നം നേരിടുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തോഴിലില്ലായ്മ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണ്. പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ തൊഴിലില്ലായ്മയും തൊഴിലിന്റെ കുറവും ആശങ്കാജനകമാണ്. ഇക്കൂട്ടരില്‍ ഒരു പ്രബല വിഭാഗം പരമ്പരാഗത കര്‍ഷക തൊഴിലാളികളാണ്. ഒപ്പം ഏതാണ്ട് 2008-09 കാലം മുതല്‍ക്ക് ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കേരളത്തിന്റെ നിര്‍മാണമേഖലയില്‍ വ്യാപിച്ചതോടെ പഴയ കൃഷിയിടങ്ങളും പുതിയ നിര്‍മാണ മേഖലയും ഒരേപോലെ അവര്‍ക്ക് അന്യമായിത്തീര്‍ന്നു. സ്വാതന്ത്ര്യ‌ത്തിനുമുമ്പ് കാര്‍ഷിക അടിമകളായിരുന്ന ഇക്കൂട്ടര്‍ സ്വാതന്ത്ര്യാനന്തരം ആശ്രിതജനതയായി ശേഷിക്കുന്നു.

2004-05-ലെ സര്‍വേ പ്രകാരം പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 21.1 ശതമാനമായിരുന്നത് 2009-10 കാലയളവില്‍ 12.9 ശതമാനമായി കുറഞ്ഞതായി സംസ്ഥാനസര്‍ക്കാരിന്റെ ആസൂത്രണബോര്‍ഡ് പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടി(2012)ല്‍ രേഖപ്പെടുത്തിയിരുന്നു. നഗരപ്രദേശങ്ങളില്‍ പുരുഷന്മാരിലെ തൊഴിലില്ലായ്മാ നിരക്ക് 17.4 ശതമാനത്തില്‍ നിന്നും 5 വര്‍ഷം കൊണ്ട് 12.1 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടെ കാര്യത്തില്‍ തൊഴിലില്ലായ്മാനിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 34.6 ശതമാനത്തില്‍ നിന്ന് 27.4 ശതമാനമായും നഗരപ്രദേശങ്ങളില്‍ 42.3 ശതമാനത്തില്‍ നിന്ന് 21.3 ശതമാനമായും കുറയുകയുണ്ടായി. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീപ്രസ്ഥാനം തുടങ്ങിയവയുടെ ശക്തമായ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണിത്.

2000 ഡിസംബറിലെ കണക്കുപ്രകാരം കേരളത്തില്‍ പൊതുമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ആകെ എണ്ണം 6.51 ലക്ഷമായിരുന്നു. 2005-ല്‍ ഇത് 6.09 ലക്ഷമായി കുറയുകയും തുടര്‍ന്ന് 2009-ല്‍ 6.15 ലക്ഷമായി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ 2010 ഡിസംബറില്‍ ഇത് വീണ്ടും 6.08 ലക്ഷമായി കുറയുകയുണ്ടായി. ഇതില്‍ 60,000 പേര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും 2.64 ലക്ഷംപേര്‍ കേരള സര്‍ക്കാര്‍ ജീവനക്കാരും 2.58 ലക്ഷം പേര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാരും 26,000 പേര്‍ പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാരുമാണ്.

 

സംസ്ഥാന സര്‍ക്കാരില്‍ ജോലി നോക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ കുറവാണ്. 2011 മാ. 31-ലെ കണക്കനുസരിച്ച് സംസ്ഥാന സര്‍ക്കാരില്‍ ജോലി നോക്കുന്നവരില്‍ 36.57 ശതമാനം മാത്രമേ സ്ത്രീകളുള്ളൂ. അതുപോലെ 2010 ഡി. 31-ലെ കണക്കനുസരിച്ച് സംഘടിതമേഖലയില്‍ പണിയെടുക്കുന്ന ആകെ 11 ലക്ഷം പേരില്‍ 39.91 ശതമാനം പേര്‍ സ്ത്രീകളാണ്. പൊതുമേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏകദേശം 31.3 ശതമാനമുണ്ട്. അതേസമയം സ്വകാര്യമേഖലയില്‍ ഇത് 50.6 ശതമാനമാണ്.

വ്യാവസായിക പിന്നോക്കാവസ്ഥ, കാര്‍ഷികമേഖലയുടെ തകര്‍ച്ച, പരമ്പരാഗത തൊഴിലിടങ്ങളുടെ തിരോധാനം, തോട്ടം മേഖലകളുടെ നിശ്ചലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ എല്ലാത്തരത്തിലുമുള്ള ജനസമൂഹങ്ങള്‍ക്കിടയിലും മാറ്റങ്ങള്‍ സംജാതമാക്കി. ഇത് മെച്ചപ്പെട്ട തൊഴിലും ജീവിതസാഹചര്യവും കണ്ടെത്താന്‍ എല്ലാ വിഭാഗം മലയാളികളെയും നിര്‍ബന്ധിതരാക്കി. ഈ സാമൂഹിക പശ്ചാത്തലമാണ് 70-കളിലെ മലയാളികളുടെ ഗള്‍ഫ് കുടിയേറ്റത്തിന് വഴിയൊരുക്കിയത്.

കേരളത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇന്ത്യ സ്വാതന്ത്ര്യം കൈവരിക്കുന്നതിനു വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. ശ്രീലങ്ക, മലേഷ്യ, ഫിജി, ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതിന് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം കൊണ്ടുപോയവരാണ് ഇവരില്‍ അധികംപേരും. സ്വാതന്ത്ര്യത്തിനു ശേഷം അന്താരാഷ്ട്ര കുടിയേറ്റങ്ങളുടെ രണ്ടു ധാരകള്‍ വളര്‍ന്നുവന്നു. ഒന്ന് ബ്രിട്ടന്‍, അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്; രണ്ട് ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള കുടിയേറ്റമാണ്. ഇവരില്‍ ആദ്യത്തെ വിഭാഗം ഉന്നത വിദ്യാഭ്യാസമുള്ളവരും വിദഗ്ധ പരിശീലനം നേടിയവരുമാണ്. അവര്‍ പിന്നീട് തൊഴില്‍ ചെയ്യുന്ന രാജ്യങ്ങളില്‍ തന്നെ താമസമാക്കി. രണ്ടാമത്തെ വിഭാഗം താത്കാലിക തൊഴിലാളികളായിരുന്നു. അവര്‍ ഏതാനും വര്‍ഷങ്ങള്‍ പുറം നാടുകളില്‍ ജോലി ചെയ്തശേഷം സ്വന്തം നാടുകളിലേക്ക് തിരിച്ചുവന്നു. ഇതില്‍ ആദ്യത്തെ രൂപത്തിലുള്ള കുടിയേറ്റം ഇന്നും തുടരുന്നു. വിദൂര പൂര്‍വരാജ്യങ്ങളില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇപ്പോള്‍ കുടിയേറ്റം നടക്കുന്നുണ്ട്. എങ്കിലും മൊത്തം കുടിയേറ്റത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ഇതു പ്രതിനിധാനം ചെയ്യുന്നുള്ളൂ.

1970-കളില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് തൊഴിലന്വേഷകരുടെ കുത്തിയൊഴുക്ക് സംജാതമായി. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ പകുതിയും മലയാളികളായിരുന്നു. ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം 1976-ല്‍ കേവലം 5,000 ആയിരുന്നത് 1993-ല്‍ 4.38 ലക്ഷമായും 2000-ല്‍ 30 ലക്ഷമായും വര്‍ധിക്കുകയുണ്ടായി. 2011-ല്‍ കുടിയേറ്റക്കാരില്‍ 90 ശതമാനവും (22.8 ലക്ഷത്തിന്റെ 90 ശതമാനം) ഗള്‍ഫ് രാജ്യങ്ങളിലാണ് താമസിച്ചുവരുന്നത്. ഇതില്‍ 40 ശതമാനം യു.എ.യിലും 25 ശതമാനം സൗദി അറേബ്യയിലുമാണ്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ 2011-ല്‍ നടത്തിയ കേരളാ മൈഗ്രേഷന്‍ സര്‍വേ പ്രകാരം 2011-ല്‍ 22.8 ലക്ഷം മലയാളികള്‍ വിദേശത്തു താമസിക്കുന്നതായി കണ്ടെത്തി. 2008-ലെ പഠനത്തില്‍ ഇത് 21.90 ലക്ഷവും 2003-ല്‍ 18.4 ലക്ഷവും 1998-ല്‍ 7.4 ലക്ഷവുമായിരുന്നു. കേരളത്തിനു പുറത്തു താമസമാക്കിയിട്ടുള്ള മലയാളികളുടെ ആകെ എണ്ണം 2011-ല്‍ 34.3 ലക്ഷമാണ്. 2008-ല്‍ ഇത് 33.5 ലക്ഷവും 2003-ല്‍ 27.3 ലക്ഷവും 1998-ല്‍ 21.0 ലക്ഷവുമായിരുന്നു.

അതേസമയം കേരളത്തില്‍ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുള്ളവരുടെ എണ്ണത്തില്‍ കാലാകാലങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. 1998-ല്‍ 6.91 ലക്ഷമായിരുന്നത് 2003-ല്‍ 11.15 ലക്ഷമായി വര്‍ധിക്കുകയും 2008-ല്‍ 9.14 ലക്ഷമായി കുറയുകയും 2011-ല്‍ വീണ്ടും 9.31 ലക്ഷമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റത്തിനു പകരം വിദേശ കുടിയേറ്റത്തിനാണ് മലയാളികള്‍ കൂടുതല്‍ താത്പര്യം കാണിച്ചുവരുന്നത്.

സാമ്പത്തിക താത്പര്യമാണ് കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പ്രേരണ. ഉയര്‍ന്ന വരുമാനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും പ്രതീക്ഷിച്ചാണ് മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിയത്. പ്രവാസി മലയാളികള്‍ 2008-ല്‍ 43,288 കോടി രൂപ കേരളത്തിലേക്ക് അയച്ചപ്പോള്‍ 2011-ല്‍ ഇത് ഏതാണ്ട് 50,000 കോടി രൂപയായി വര്‍ധിച്ചു. കേരളത്തില്‍ 14 ജില്ലകളില്‍ മലപ്പുറം ജില്ലയിലേക്കാണ് ഏറ്റവും കൂടുതല്‍ വിദേശ സമ്പാദ്യം എത്തിയിട്ടുള്ളത്; 9040 കോടി രൂപ. അതേസമയം ആഗോളസാമ്പത്തിക പ്രതിസന്ധിയും അതു സൃഷ്ടിച്ച തൊഴില്‍മാന്ദ്യവും വിദേശമലയാളികളെ തൊഴില്‍ നഷ്ടത്തിന്റെ രൂപത്തിലും വരുമാന നഷ്ടത്തിന്റെ രൂപത്തിലും ബാധിക്കുകയുണ്ടായി. ഇതിന്റെ ഫലമായി പ്രതിവര്‍ഷം ഒരുലക്ഷം പേരെങ്കിലും തിരിച്ചുവരുന്ന സ്ഥിതിയുണ്ടായി. കുടിയേറ്റ നിയമം കര്‍ശനമാക്കുന്നതിന്റെയും തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കുന്നതിന്റെയും ഫലമായി ഈ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിച്ചിരിക്കുകയാണ്.

രാഷ്ട്രീയാവബോധം, പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത എന്നീ രംഗങ്ങളില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനമായിട്ടും പരിവര്‍ത്തനോന്മുഖമായ ലോക സാഹചര്യങ്ങള്‍ക്കനുസൃതമായ സാമൂഹിക-ഭൗതിക അന്തരീക്ഷം ഇന്നും കേരളത്തില്‍ സംജാതമായിട്ടില്ല. ജാത്യാധിഷ്ഠിതമായ അയിത്തവും വിവേചനങ്ങളും പ്രത്യക്ഷമായി ഇന്ന് നിലവിലില്ലെങ്കിലും ജാതി-മത ശക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിലെ ഓരോ ചലനത്തെയും; നയപരിപാടികളെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഈ വിഭാഗീയാത്മവത്ത പഴയ സാമൂഹികഘടനയുടെ തുടര്‍ച്ചയാണ്. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് അവയുടെ പരമ്പരാഗത രീതിയില്‍ ഇനി അധികകാലം തുടരാനാവില്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്. കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന പാരിസ്ഥിതിക അവബോധം അനിവാര്യമാക്കുന്ന കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങളും സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധിയും വ്യാവസായിക വളര്‍ച്ചാരംഗത്തെ മുരടിപ്പും വളരെയേറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. ഇതാകട്ടെ ഭാവിതലമുറയുടെ തൊഴില്‍ സുരക്ഷിതത്വം പ്രതിസന്ധിയിലാക്കുകയും സാമൂഹികപുരോഗതിയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

പൊതുവില്‍ വര്‍ത്തമാന കേരളത്തിന്റെ സാമൂഹിക ജീവിതനിലവാരം മെച്ചമാണെങ്കിലും ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും തുരുത്തുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ദലിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഇന്നും മുഖ്യധാരയില്‍ നിന്നും അകലെയാണ്. എങ്കിലും പരിമിതമായ വ്യാവസായിക വളര്‍ച്ചയിലും, ആളോഹരിവരുമാനം കുറവായിട്ടും വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിലും സാമൂഹിക സുരക്ഷിതത്വത്തിന്റെ കാര്യത്തിലും നിര്‍ണായകനേട്ടങ്ങള്‍ കൈവരിക്കാനും തദ്വാര ഉയര്‍ന്ന ജീവിതനിലവാരം ആര്‍ജിക്കാനും കേരളസമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഹിന്ദുമതംആവിര്‍ഭാവം

ആര്യ, പ്രാഗ് ദ്രാവിഡാചാരവിശ്വാസങ്ങളുടെ സമാഹാരമാണ് കേരളത്തിലെ ഹിന്ദുമതം. ആര്യന്മാര്‍ കേരളമുള്‍പ്പെടെയുള്ള തമിഴകത്തു കുടിയേറുന്നതിനു മുമ്പുതന്നെ പ്രാഗ്ദ്രാവിഡരും ദ്രാവിഡരുമായ പൂര്‍വനിവാസികളുടെ ആചാരവിശ്വാസങ്ങള്‍ ഇവിടെ നിലവിലിരുന്നു; മലദൈവങ്ങളും ശിവനും മുരുകനും കാളിയും മറ്റും അവരുടെ ആരാധനാമൂര്‍ത്തികളായിരുന്നു; ക്ഷേത്രാരാധനയും അന്നുണ്ടായിരിക്കാം. അങ്ങനെ ഹിന്ദുമതത്തിന്റെ പുരാതനരൂപം ചരിത്രാതീതകാലത്തുതന്നെ കേരളത്തിലും നിലവില്‍ ഇരുന്നിരിക്കാന്‍ ഇടയുണ്ട്. പിന്നീട് ആര്യന്മാരുടെ ആഗമനത്തോടെ സനാതനധര്‍മമെന്ന് അറിയപ്പെട്ടിരുന്ന ഹൈന്ദവധര്‍മം കേരളത്തില്‍ പ്രതിഷ്ഠ നേടിയിരിക്കണം.

ആര്യന്മാര്‍ കേരളത്തില്‍ പലപ്പോഴായിട്ടായിരിക്കണം കുടിയേറിപ്പാര്‍ത്തത്. പല സ്ഥലങ്ങളില്‍ പലപ്പോഴായി അധിവാസം നടത്തിയ ആര്യബ്രാഹ്മണരുടെ കുലനാമങ്ങളും പല ലിഖിതങ്ങളിലെ പ്രസ്താവനകളും ഈ അഭിപ്രായത്തിന് ഉപോദ്ബലകമാണ്.

ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടില്‍ ദക്ഷിണഭാരതത്തിലുണ്ടായ ചില സംഭവവികാസങ്ങള്‍ ബ്രാഹ്മണരുടെ ആഗമനത്തെ സൂചിപ്പിക്കുന്നവയാണ്. കദംബരാജാവായ മയൂരവര്‍മന്‍ ബ്രാഹ്മണരെ അഹിച്ഛത്രത്തില്‍ നിന്നും കൊണ്ടുവന്നതായി ഒരു ലിഖിതത്തില്‍ കാണുന്നു. ഈ അഹിച്ഛിത്രത്തിനു ഭൃഗുകച്ഛമെന്നും പേരുണ്ട്. ഭൃഗുകച്ഛം മുതല്‍ കന്യാകുമാരി വരെയുള്ള പശ്ചിമതീരം പരശുരാമന്റെ സാഹസികകഥയുമായി ബന്ധപ്പെട്ടതാണെന്ന് രാധാകമല്‍ മുഖര്‍ജി അഭിപ്രായപ്പെടുന്നു. നാലാം നൂറ്റാണ്ടോടുകൂടി കേരളത്തില്‍ ബ്രാഹ്മണരുടെ കുടിയേറ്റം ആരംഭിച്ചുകഴിഞ്ഞതായാണ് മയൂരവര്‍മലിഖിതം സൂചിപ്പിക്കുന്നത്. ഇത്തരം കുടിയേറ്റക്കാരുടെ നേതാക്കന്മാരില്‍ ഒരാളായിരുന്നുവത്രെ മേഴത്തോള്‍ അഗ്നിഹോത്രി. ഇദ്ദേഹത്തിന്റെ കാലത്തെ സൂചിപ്പിക്കുന്ന കലിദിനസംഖ്യയെക്കുറിക്കുന്ന വാക്യം 'യജ്ഞസ്ഥാനം സംരക്ഷ്യം' എന്നതാണെന്നും അത് നാലാം ശതകത്തിലെ ഒരു വര്‍ഷത്തെയാണ് സൂചിപ്പിക്കുന്നതെന്നും പ്രൊഫ. കെ.ആര്‍. പിഷാരൊടി അഭിപ്രായപ്പെടുന്നു.

കുടിയേറ്റക്കാരുടെ നേതൃത്വം ബ്രാഹ്മണര്‍ക്കായിരുന്നുവെങ്കിലും അനുയായികളായി ക്ഷത്രിയന്മാരും മറ്റും ആ സംഘങ്ങളില്‍ ഉള്‍പ്പെട്ടിരിക്കാന്‍ ഇടയുണ്ട്. ആര്യന്മാര്‍ ഭാരതത്തില്‍ കുടിയേറിപ്പാര്‍പ്പു തുടങ്ങിയ പൂര്‍വവൈദികകാലത്തുതന്നെ തദ്ദേശീയരായ ദ്രാവിഡരെയും മറ്റും ദാസന്മാരാക്കി പണിയെടുപ്പിച്ചിരുന്നു. ആ ദാസന്മാര്‍ ദസ്യുക്കളായും പിന്നീടു ശൂദ്രരായും ഗണിക്കപ്പെട്ടിരിക്കാമെന്നാണ് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത്. കേരളത്തില്‍ കുടിയേറിയ സംഘങ്ങളില്‍ ആര്യന്മാരോടൊപ്പം ശൂദ്രരും വന്നിരിക്കണം. എന്നാല്‍ കച്ചവടം മുതലായ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന വൈശ്യന്മാര്‍ക്ക് കേരളത്തില്‍ സ്ഥിരപ്രതിഷ്ഠ ലഭിച്ചില്ല. ഇവിടത്തെ കച്ചവടം മിക്കവാറും വിദേശീയരുടെ കുത്തകയായിരുന്നതാകാം ഇതിനു കാരണം. അതിനാല്‍ ബ്രാഹ്മണരും ക്ഷത്രിയരും ശൂദ്രരും ഉള്‍പ്പെട്ട സംഘങ്ങള്‍ പലപ്പോഴായി കേരളത്തിലും മറ്റും വന്നു താമസമുറപ്പിച്ചുവെന്ന് വിശ്വസിക്കാവുന്നതാണ്. കുടിയേറ്റക്കാരായ ബ്രാഹ്മണര്‍ മനുസ്മൃതിയിലെ വ്യവസ്ഥകളെ പാലിച്ചിരുന്നുവെന്നും കാണുന്നു.

ഫ്യൂഡലിസത്തിന്റെ ഉദയത്തോടുകൂടി കേരളത്തിലും ജാതിവ്യവസ്ഥ ഉടലെടുത്തു. പരിഷ്കൃതജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ പ്രവൃത്തിവിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തു പലയിടത്തും തൊഴില്‍വിഭജനം ഉദയംകൊണ്ടത്. ഈജിപ്തിലും പ്രാചീന ഗ്രീസിലും തൊഴില്‍ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ ഉദ്ഭവിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് ഈ വിഭജനം ജാതിവ്യവസ്ഥയിലൂടെ വേരുറച്ചത്. ഋഗ്വേദത്തിലെ പുരുഷസൂക്തത്തില്‍ ചാതുര്‍വര്‍ണ്യത്തിന്റെ പരാമര്‍ശം കാണുന്നു. മൂവായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കം ഭാരതത്തിലെ ഈ ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കുണ്ടെന്നു ഇതില്‍ നിന്നു മനസ്സിലാക്കാം. ഭാരതത്തില്‍ കടന്നുവന്ന ആര്യന്മാരും പൂര്‍വനിവാസികളും ഒന്നിച്ചുചേര്‍ന്നുള്ള ജീവിതം ആരംഭിച്ചതോടുകൂടിയാണ് വര്‍ണവ്യത്യാസം ആരംഭിച്ചതെന്ന മാക്സ്വേബര്‍ എന്ന ജര്‍മന്‍ സാമൂഹിക ശാസ്ത്രജ്ഞന്റെ അഭിപ്രായമാണ് ഇന്ന് പ്രായേണ അംഗീകരിക്കപ്പെടുന്നത്. പൂര്‍വനിവാസികള്‍ ദാസന്മാരും ദസ്യുക്കളും ശൂദ്രരുമായി മാറിയെന്നും ആര്യന്മാരുടെയും പൂര്‍വനിവാസികളുടെയും നിറവ്യത്യാസത്തെ അടിസ്ഥാനമാക്കി വര്‍ണവ്യത്യാസം രൂപമെടുത്തുവെന്നും പ്രൊഫ. കൊസാംബിയും മറ്റും അഭിപ്രായപ്പെടുന്നു. ആര്യന്മാരും ദ്രാവിഡരുമായി വംശസങ്കരവും ഇതിനിടയില്‍ സംഭവിച്ചിരിക്കണം. അങ്ങനെ 'ഇന്തോ-ആര്യന്‍' വംശവും രൂപമെടുത്തു. അതോടെ പുരോഹിതവര്‍ഗമായ ബ്രാഹ്മണരും ഗണസംരക്ഷണത്തിനായി ആയുധമെടുത്ത പോരാളികളായ ക്ഷത്രിയരും കൃഷിവാണിജ്യാദികളില്‍ ഏര്‍പ്പെട്ടിരുന്ന വൈശ്യരും ചേര്‍ന്ന ത്രൈവര്‍ണികവര്‍ഗം സംജാതമായി. ദാസവൃത്തി സ്വീകരിച്ച ദസ്യുക്കള്‍ ശൂദ്രരുമായതോടെ ചാതുര്‍വര്‍ണ്യവും ഉടലെടുത്തു. ഇന്ത്യയിലെ ഗ്രാമസമുദായ വ്യവസ്ഥ, വൈദികമതം കൈക്കൊണ്ട തത്ത്വചിന്താസരണി, ബ്രാഹ്മണാധിപത്യം എന്നിവ ഒരു ജാതിയില്‍ ജനിച്ചവന്റെ മറ്റൊരു ജാതിയിലേക്കുള്ള പരിവര്‍ത്തനം അസാധ്യമാക്കി; ചാതുര്‍വര്‍ണ്യം ജാതിയായി പരിണമിച്ചു.

മേല്‍പ്പറഞ്ഞ ചരിത്രപശ്ചാത്തലത്തിലാണ് കേരളത്തിലെ ജാതിവ്യവസ്ഥയെപ്പറ്റി ചിന്തിക്കേണ്ടത്. ബൗദ്ധപ്രഭാവകാലത്തിന്റെ അവസാനത്തോടുകൂടിയാണ് കേരളത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ജാതിവ്യവസ്ഥയായി മാറിയത്. അതിന് മുമ്പ് പാണന്‍, പറയന്‍, പരതന്‍, ആയന്‍ എന്നും മറ്റും അറിയപ്പെട്ടിരുന്നത് തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ജനവിഭാഗങ്ങളാണ്. കുടിയേറിപ്പാര്‍ത്ത് പ്രത്യേക സമൂഹമായി ജീവിച്ചിരുന്ന ബ്രാഹ്മണരും മേല്‍പ്പറഞ്ഞ ജനവിഭാഗങ്ങളും തമ്മില്‍ അയിത്തമോ ഉച്ചനീചത്വമോ ഉണ്ടായിരുന്നില്ല. രാജസഭയില്‍ വിദ്വാനായ ബ്രാഹ്മണനോടൊപ്പം വിദ്വാനായ പാണനും ആദരിക്കപ്പെട്ടിരുന്നു. 'പറയിപെറ്റ പന്തിരുകുല'ത്തെ സംബന്ധിച്ച ഐതിഹ്യവും ഈ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഏഴും എട്ടും നൂറ്റാണ്ടുകാലത്തെ ശൈവ വൈഷ്ണവ ഭക്തി പ്രസ്ഥാനങ്ങളുടെ കാലത്തും ജാതി രൂഢമൂലമായിരുന്നില്ല. ശൈവ-വൈഷ്ണവന്മാരില്‍ പലരും ജാതിമേന്മ നടിച്ചിരുന്നില്ല. ഉച്ച-നീചഭാവന കൂടാതെ ശിവഭക്തന്മാര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നു. വേടനായിരുന്ന കണ്ണപ്പനും പുലയനായിരുന്ന നന്ദനും ഉയര്‍ന്ന ബ്രാഹ്മണ നായനാര്‍മാരെന്നപോലെ ആദരിക്കപ്പെട്ടിരുന്നു. നഹനന്ദിയും തിരുജ്ഞാനസംബന്ധരും മറ്റും ജാതിമേന്മ നടിച്ചിരുന്നുവെന്നും അവര്‍ക്കുണ്ടായ ചില അദ്ഭുതാനുഭവങ്ങളുടെ ഫലമായി ജാതിഭേദത്തിന്റെ അര്‍ഥശൂന്യത അവര്‍ക്ക് ബോധ്യമായെന്നും കാണിക്കുന്ന ചില കഥകളില്‍ നിന്നും ചിലര്‍ അക്കാലത്തും ജാതിമേന്മ നടിച്ചിരുന്നുവെന്നു മനസ്സിലാക്കാം.

കേരളത്തിലെത്തിയ ബ്രാഹ്മണര്‍ സംഘടിതരായിരുന്നുവെന്നും തന്നിമിത്തം ഇവിടെ ജാതിഭേദം വളരെ വേഗം രൂഢമൂലമായിയെന്നും ഒമ്പതാം ശതകത്തിന്റെ ആരംഭത്തോടെ ബ്രാഹ്മണര്‍ രാഷ്ട്രീയത്തില്‍പ്പോലും സ്വാധീനത ചെലുത്തിത്തുടങ്ങിയെന്നും അതോടെ ജാതി വ്യവസ്ഥയും സമാരബ്ധമായി എന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 32 ഗ്രാമങ്ങളിലായി താമസിച്ചിരുന്ന മലയാള ബ്രാഹ്മണര്‍ നാലു കഴകങ്ങളായി തിരിയുകയും തളിയാതിരിമാരുടെ കീഴില്‍ സംഘടിച്ച് 12 വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചുകൂടി സമുദായകാര്യങ്ങളും രാഷ്ട്രീയകാര്യങ്ങളും ചര്‍ച്ചചെയ്തു തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്തിരുന്നു. മലയാള ബ്രാഹ്മണരില്‍ നല്ലൊരു വിഭാഗം തദ്ദേശീയരായിരുന്നു. ക്രമേണ ഇവര്‍ കേരളത്തിന് അനുയോജ്യമായൊരു ജീവിതശൈലി വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഇക്കാലത്ത് വടക്കേ ഇന്ത്യയില്‍ നിന്നും വന്ന ബ്രാഹ്മണരുമായി ചേര്‍ന്നു പുതിയ ബ്രാഹ്മണവിഭാഗമായിത്തീര്‍ന്നു; ഭട്ടതിരി, പോറ്റി, നമ്പൂതിരി എന്നും മറ്റും പില്ക്കാലത്ത് അവര്‍ അറിയപ്പെടാന്‍ ഇടയായി. ഇവര്‍ കേരളാചാരങ്ങള്‍-മുന്‍കുടുമാ അനുലോമ വിവാഹബന്ധം, നാഗാരാധന മുതലായവ സ്വീകരിച്ചു തനി കേരളീയരായി മാറി; നാടിന്റെ ജീവിതധാരയുമായി ഇഴുകിച്ചേര്‍ന്ന് കൂടുതല്‍ ജനസ്വാധീനതയും നേടി.

അദ്വൈത വേദാന്ത ദര്‍ശനത്തിന്റെ വ്യഖ്യാനവും വ്യവസ്ഥാപകനുമായ ശ്രീശങ്കരന്‍ ഇന്ത്യയൊട്ടാകെ വൈദികമതത്തിന്റെ പുനരുത്ഥാനത്തിന് വഴിതെളിച്ചു. ആയിരത്തിലധികം വര്‍ഷം ഭാരതത്തില്‍ പ്രമുഖ മതമായി പ്രചരിച്ചിരുന്ന ബുദ്ധമതവും ക്രമേണ നിഷ്കാസിതമായി; ജൈനമതം നഷ്ടപ്രായമാവുകയും ഹിന്ദുമതത്തിന്റെ ഒരു ശാഖയെന്നോണം രൂപാന്തരപ്പെടുകയും ചെയ്തു. ശൈവ വൈഷ്ണവാദി മതങ്ങളും വേദാന്തദര്‍ശനത്തിന്റെ മേധാവിത്വത്തിന് വിധേയമായി. ഭാരതത്തിലുടനീളമുണ്ടായ ഈ പരിവര്‍ത്തനം കേരളത്തിലും പ്രകടമായി. വേദാന്തദര്‍ശനം കൈവരിച്ച വിജയം കേരളത്തില്‍ ബ്രാഹ്മണവിജയമായി മാറി. വേദോപനിഷത്തുകള്‍ പഠിക്കുവാനുള്ള അധികാരം ബ്രാഹ്മണര്‍ക്കായിരുന്നുവല്ലോ. ക്ഷത്രിയരും വൈശ്യരും കേരളത്തില്‍ ഗണനീയ സമുദായമായിരുന്നില്ല. ബ്രാഹ്മണരും നായരായി ഗണിക്കപ്പെടുന്ന ശൂദ്രരും ആയിരുന്നു ഇവിടത്തെ പ്രബലവിഭാഗം. അങ്ങനെ വേദാന്തദര്‍ശനത്തിന്റെയും വേദാന്തധര്‍മത്തിന്റെയും അധികാരിയെന്നനിലയില്‍ ബ്രാഹ്മണവര്‍ഗം മേധാവിത്വം പുലര്‍ത്തുവാനിടയായി.

ബ്രാഹ്മണരും അവരോടൊത്തവരും ഒരു ചേരിയായി; ബ്രാഹ്മണമതത്തെ എതിര്‍ത്തവര്‍ മറ്റോരു ചേരിയിലും. അങ്ങനെ കേരളീയജനത രണ്ടായി വിഭജിക്കപ്പെട്ടു. ശൈവ വൈഷ്ണവ ഭക്തിപ്രസ്ഥാനക്കാര്‍ ബ്രാഹ്മണരോടൊത്തുകൂടി. ജൈന ബൗദ്ധമതാനുയായികള്‍ ബ്രാഹ്മണമതത്തെ എതിര്‍ത്തവരില്‍ പ്രമുഖരായിരുന്നു. ബ്രാഹ്മണമതാനുയായികള്‍ ഹിന്ദുക്കളായും മറ്റേക്കൂട്ടര്‍ ഹിന്ദുമത ബാഹ്യരുമായി ഗണിക്കപ്പെട്ടു. ഹിന്ദുമതാനുയായികളെ വര്‍ണങ്ങളായി തിരിച്ചു. വൈശ്യവിഭാഗം ഇവിടെ വേരോടിയില്ല. ബ്രാഹ്മണക്ഷത്രിയശൂദ്രന്മാര്‍ സവര്‍ണരായി. ബുദ്ധമതം ക്ഷയിച്ചതോടെ ശേഷിച്ച ബൌദ്ധന്മാരും ഹിന്ദുമതം സ്വീകരിച്ചു. ഹിന്ദുമതം സ്വീകരിച്ച ആ ബൗദ്ധരെ തീണ്ടല്‍ജാതിക്കാരായി മാറ്റിനിര്‍ത്തി.

ജാതിശ്രേഷ്ഠന്‍ വൃത്തിനോക്കി സ്വയം കീഴ്

ജാതിക്കാരായ് ബൗദ്ധരെച്ചേര്‍ത്തതുവേറെ

പാതിത്യക്കാര്‍ മട്ടു തീണ്ടിക്കുളിക്കും

ചേതിക്കാക്കി നീചവൃത്തിവ്രജത്തെ

(കേരളം, 5-ാം സ. ശ്ലോ. 144) എന്ന് കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. ബൗദ്ധരില്‍ വിദ്വാന്മാരെ ബ്രാഹ്മണരായി സ്വീകരിച്ചുവെന്നും തമ്പുരാന്‍ തുടര്‍ന്ന് പറയുന്നു. ജാതിവ്യവസ്ഥയും അയിത്താചാരവും ചിട്ടപ്പെടുത്തുന്ന തീരുമാനം മാമാങ്ക സദസ്സില്‍ കൈക്കൊണ്ടിരുന്നുവെന്ന് ഗവേഷകന്മാര്‍ അനുമാനിക്കുന്നു. തൊഴിലിനെ ആസ്പദമാക്കിയും മറ്റും രൂപംകൊണ്ടിരുന്ന ജാതികള്‍ക്ക് ഉച്ചനീചത്വവും അയിത്തവും മറ്റും കല്പിച്ചു നടപ്പാക്കിയത് ഈ മാമാങ്ക സഭയാണത്രേ.

ഇന്നു കേരളത്തിലെ പ്രബല സമുദായങ്ങളായ നായര്‍, ഈഴവര്‍ എന്നിവരെക്കുറിച്ചുള്ള പരാമര്‍ശം 8-ാം ശതകത്തിന് മുമ്പുള്ള സാഹിത്യങ്ങളിലും മറ്റും കാണുന്നില്ല. ആ കാലഘട്ടത്തോടടുപ്പിച്ച് ഇവര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തതായും കാണുന്നില്ല. ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നവരായിരിക്കാം ഈ രണ്ടു വിഭാഗക്കാരുംഎന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. 9-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ വിജയരാഗദേവന്റെ തിരുക്കടിസ്ഥാനം ലിഖിതത്തിലാണ് 'നായര്‍' എന്ന പരാമര്‍ശം കാണുന്നത്. സ്ഥാണുരവിയുടെ അഞ്ചാം ഭരണവര്‍ഷത്തിലെ തരിസാപ്പള്ളി ശാസനത്തില്‍ ഈഴവരെക്കുറിച്ചും പരാമര്‍ശിച്ചു കാണുന്നു. 'ഈഴവര്‍' എന്നത് തൊഴിലുമായി ബന്ധപ്പെട്ട ജാതിപ്പേരായി രാജരാജചോളന്റെ തഞ്ചാവൂര്‍ ശാസനത്തിലും നിര്‍ദേശിച്ചു കാണുന്നുണ്ട്. സംഘകാലം മുതല്‍ ബുദ്ധമതം സ്വീകരിച്ചിരുന്ന ഗണങ്ങളാണ് ഈഴവരായി രൂപാന്തരപ്പെട്ടതെന്ന അഭിപ്രായവും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിക്കാണുന്നു. ചാന്റോര്‍ എന്നറിയപ്പെട്ടിരുന്ന ചാന്നാന്മാരും ഈഴവരില്‍ ലയിച്ച ജനവിഭാഗമാണ്. ചാന്റോര്‍ സംഘകാലത്ത് ഉന്നതപദവിയില്‍ ആയിരുന്നുവെന്നും അവര്‍ മദ്യഹാരകന്മാരായിരുന്നുവെന്നും പറയപ്പെടുന്നു. ചേകോനും ചോവനും സേവകനില്‍ നിന്ന് നിഷ്പന്നമായ രൂപമാകാം. ചേകോന്മാര്‍ അങ്കം വെട്ടുന്നതില്‍ വിരുതന്മാരായിരുന്നു. അവര്‍ ഈഴവരില്‍ ലയിച്ചുചേര്‍ന്ന വില്ലോര്‍മാരുടെ അനന്തരഗാമികളാകാമെന്നാണ് ഊഹം.

ഗോത്രത്തിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ സംഘകാലത്തുണ്ടായിരുന്ന വിഭജനത്തില്‍ നിന്നും പുലയന്‍, പറയന്‍, വേട്ടുവന്‍, അരയന്‍, വാലന്‍, ആശാരി, കൊല്ലന്‍ മുതലായ ജാതികള്‍ ഉദ്ഭവിച്ചു. പുലങ്ങളില്‍ (വിശാലമായ നിലങ്ങളില്‍) ജോലി ചെയ്തിരുന്നവര്‍ പുലയരും കുന്നിന്‍മേടുകളില്‍ താമസിച്ചിരുന്നവന്‍ (പൊറൈയന്‍) പറയനുമായിത്തീര്‍ന്നുവത്രേ. ദരിദ്രരായിരുന്ന ഇവര്‍ സമൂഹത്തിലെ ഏറ്റവും താഴ്ന്ന ജാതിക്കാരായി ഗണിക്കപ്പെട്ടു. ഇങ്ങനെ കേരളത്തില്‍ രൂപംകൊണ്ട ജാതിവ്യവസ്ഥ സമ്പൂര്‍ ണവും കര്‍ക്കശവുമായിത്തീര്‍ന്നു. ഹിന്ദുക്കളുടെ കര്‍മസിദ്ധാന്തത്തെ ആധാരമാക്കി മതത്തിന്റെ അധികാര ശക്തിയുടെ പിന്‍ബലത്തോടെ ഹിന്ദുമതത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ നിന്നുകൊണ്ടാണ് ഈ ജാതിവ്യവസ്ഥ നടപ്പിലാക്കിയത്. 'ദുര്‍ജനത്തിന്‍ കരബലകല്പിതമായ ജാതിഭേദം കേരളത്തില്‍' തിയോക്രാറ്റിക് ഫ്യൂഡലിസത്തിന്റെ സന്തതിയാണെന്ന് പറയാം. 'ജാതിപരമായ അകറ്റി നിര്‍ത്തല്‍' ഹിന്ദുസമൂഹത്തിന്റെ അനൈക്യത്തിനും ശിഥിലീകരണത്തിനും വഴിയൊരുക്കുകയാണുണ്ടായത്. ഈ ജാതിവ്യവസ്ഥയുടെ പേരിലുള്ള അവശത പതിനാറാം നൂറ്റാണ്ടിന് വളരെ മുമ്പുതന്നെ പൂര്‍ണരൂപത്തില്‍ നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഭാരതത്തിലും കേരളത്തിലും സാമൂഹിക പരിഷ്കര്‍ത്താക്കളായ ആചാര്യന്മാരുടേയും പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തോടുകൂടി ജാതിയുടെ പേരിലുള്ള ചൂഷണം ഒരു പരിധിവരെ ക്ഷയോന്മുഖമായിത്തീര്‍ന്നു.

കടപ്പാട്- സര്‍വ്വവിജ്ഞാനകോശം വെബ് എഡിഷന്‍

അവസാനം പരിഷ്കരിച്ചത് : 4/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate