Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധതരം സ്കോളര്‍ഷിപ്പുകള്‍

വിവിധതരം സ്കോളര്‍ഷിപ്പുകള്‍

സ്കോളര്‍ഷിപ്പുകള്‍

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക സഹായമാണ് സ്കോളര്‍ഷിപ്പുകള്‍. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. പണമില്ലാത്തതിന്റെ പേരില്‍ അര്‍ഹാരായവര്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നില്ല സ്കോളര്‍ഷിപ്പുകളേതെല്ലാമെന്ന് അറിയുകയും കൃത്യസമയത്ത് അപേക്ഷിക്കാന്‍ മറക്കാതിരിക്കുകയും ചെയ്‌താല്‍ മതി. പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ അര്‍ഹമായ സ്കോളര്‍ഷിപ്പുകളുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശത്ത് പോയി പഠിക്കാനും സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. മിക്ക സ്കോളര്‍ശിപ്പുകള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ അനുബന്ധ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. വിവിധയിനം സ്കോളര്‍ഷിപ്പുകളുടെ തുടര്‍ലഭ്യത ഉറപ്പാക്കുന്നതിന് കാലാകാലങ്ങളില്‍ പുതുക്കല്‍ പ്രക്രിയയും അനിവാര്യമാണ്. സര്‍ക്കാര്‍ മേഖലകളിലെ സ്കോളര്‍ഷിപ്പുകള്‍ക്ക് ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ആവശ്യമായതിനാല്‍ ഒരു ദേശസാല്‍കൃത ബാങ്കില്‍ ജോയിന്‍റ്/സിങ്കിള്‍ അക്കൌണ്ട് തുടങ്ങുവാനും ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ യൂസര്‍നെയിമും പാസ്വേഡും ഓര്‍മ്മിച്ച് വയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ അവസാന തിയ്യതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും ചെയ്യുന്നതാണുത്തമം. ഓണ്‍ലൈന്‍ സംബന്ധമായ ര്പശ്നങ്ങള്‍ കുറയ്ക്കുവാന്‍ അത് ഉപകരിക്കും. സ്കോളര്‍ഷിപ്പുകള്‍ ഉന്നതപഠനത്തിനുള്ള പ്രോത്സാഹനം കൂടിയാണ്.

പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

ന്യൂനപക്ഷ സമുദായക്കാര്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര ഗവര്‍മെന്റിന്റെ സഹായത്തോടെ നടപ്പാക്കി വരുന്ന സ്കോളര്‍ഷിപ്പാണിത്. ഒന്നാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പ് നല്‍കുക. രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. രണ്ടുമുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം. മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ്‌ ലഭിച്ചവര്‍ റിന്യൂവല്‍ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്യണം. ഒരു കുടുംബത്തില്‍ പരമാവധി രണ്ട് കുട്ടികള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.

വെബ്സൈറ്റ് : www.bcdd.kerala.gov.in

ഫോണ്‍ : 0471 2727379

പോസ്റ്റ്‌ മെട്രിക് സ്കോളര്‍ഷിപ്പ്‌

ന്യൂനപക്ഷ സമുദായത്തിനുള്ള പോസ്റ്റ്‌ മെട്രിക് സ്കോളര്‍ഷിപ്പ്‌

പ്ലസ്വണ്‍, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പി.എച്ച്.ഡി എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, സിക്ക്, പാഴ്സി വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര ഗവര്‍മെന്റിന്റെ മൈനോരിറ്റി അഫയേഴ്സ് ഏര്‍പ്പെടുത്തി സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന സ്കോളര്‍ഷിപ്പാണിത്. ടെക്നിക്കല്‍, വൊക്കേഷണല്‍, ഐടിഐ, ഐടിസി അഫിലിയേറ്റഡ് കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും ഈ സ്കോളര്‍ഷിപ്പ്‌ ലഭ്യമാകും. വാര്‍ഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ അമ്പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുണ്ടായിരിക്കണം. ഒരു കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ക്ക് ഈ സ്കോളര്‍ഷിപ്പ്‌ ലഭിക്കുകയില്ല. മറ്റ് സ്കോളര്‍ഷിപ്പോ സ്റ്റൈപ്പന്റോ വാങ്ങുന്നവരാകരുത്. പോസ്റ്റ്‌ മെട്രിക് സ്കോളര്‍ഷിപ്പുകള്‍ വര്‍ഷാവര്‍ഷം പുതുക്കണം.

വെബ്സൈറ്റ് : www.dcescholarship.kerala.gov.in
പിന്നോക്ക സമുദായക്കാര്‍ക്ക് വിദേശപഠനത്തിനുള്ള സ്കോളര്‍ഷിപ്പും ലഭ്യമാണ്
ഫോണ്‍ : 0471 2306580

മെറിറ്റ്‌ സ്കോളര്‍ഷിപ്പ്

മുന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ്‌ സ്കോളര്‍ഷിപ്പ്

ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പ്രൊഫഷണല്‍ / നോണ്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പാണിത്. സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ നല്‍കുന്ന ഈ സ്കോളര്‍ഷിപ്പിന് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കിന് പ്ലസ്ടു വിജയിച്ചിരിക്കണം. വാര്‍ഷിക വരുമാനം ആദായ നികുതി പരിധിക്ക് താഴെയാവണം. ദേശീയ നിലവാരത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ (NLSIU), തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും പരിഗണിക്കുന്നതാണ്.

വെബ്സൈറ്റ് : www.kswcfc.org
ഫോണ്‍ : 0471 2311215

നാഷണല്‍ മെറിറ്റ്‌ കം മീന്‍സ് സ്കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. സംസ്ഥാനതല പ്രതിഭാനിര്‍ണ്ണയ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഹയര്‍ സെക്കണ്ടറി തലം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

വെബ്സൈറ്റ് : www.scert.kerala.gov.in
ഫോണ്‍ : 0471 2341883

ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ്

യുവപ്രതിഭകളെ കണ്ടെത്തുന്നതിന് സംസ്ഥാന ഗവേഷണ പരിശീലന കൗണ്‍സില്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രതിഭാനിര്‍ണ്ണയ പരീക്ഷയാണിത്. സമര്‍ത്ഥരായ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം. ദേശീയ തലത്തില്‍ യോഗ്യത ആയിരത്തോളം കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ വീതം സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ വിജ്ഞാപനം SCET, NCERT എന്നീ ഔദ്യോഗിക ഏജന്‍സികള്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.

വെബ്സൈറ്റ് : www.scert.kerala.gov.in , www.ncert/nic.in

ഫോണ്‍ : 0471 2340323

സി.എച്ച് മുഹമ്മദ്‌ കോയ സ്കോളര്‍ഷിപ്പ്‌

ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ആദ്യവര്‍ഷ ബിരുദ/ബിരുദാനന്തര കോഴ്സുകളില്‍ പഠിക്കുന്ന മുസ്ലീം, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവരേയും പരിഗണിക്കും. ബിരുദ കോഴ്സുകളില്‍ പഠിക്കുന്ന 3000 പേര്‍ക്ക് 4000 രൂപ വീതവും ബിരുദാനന്തര കോഴ്സില്‍ പഠിക്കുന്ന 1000 പേര്‍ക്ക് 5000 രൂപ വീതവും പ്രൊഫഷണല്‍ കോഴ്സുകളിലെ 1000 പേര്‍ക്ക് 6000 നിരക്കിലുമാണ് വാര്‍ഷിക സ്കോളര്‍ഷിപ്പ്‌ ലഭിക്കുക. ഹോസ്റ്റല്‍ സ്റ്റൈപ്പന്റായി 2000 പേര്‍ക്ക് പ്രതിവര്‍ഷം 12000 രൂപ ലഭിക്കുന്നതാണ്. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം നാലര ലക്ഷത്തിന് താഴെയാകണം.

വെബ്സൈറ്റ് : www.dcescholarshi.kerala.gov.in
ഫോണ്‍ : 0471 3270202

ഒറ്റ പെണ്‍കുട്ടിക്ക് സ്കോളര്‍ഷിപ്പ്‌

ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന കുടുംബത്തിലെ ഒറ്റപെണ്‍കുട്ടിക്ക് ലഭിക്കുന്ന സിബിഎസ്ഇ സ്കോളര്‍ഷിപ്പാണിത്.

വെബ്സൈറ്റ് : www.cbse.nic.in

ബിരുദാനന്തര കോഴ്സുകള്‍ ചെയ്യുന്ന ഒറ്റപെണ്‍കുട്ടിക്ക് ലഭിക്കുന്ന മറ്റൊരു സ്കോളര്‍ഷിപ്പാണ് ഇന്ദിരാഗാന്ധി പോസ്റ്റ്‌ ഗ്രാജുവേറ്റ് സ്കോളര്‍ഷിപ്പ്.

വെബ്സൈറ്റ് : www.ugc.ac.in/sgcl

ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്‌

ഗവര്‍മെന്റ് എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലും യൂണിവേഴ്സിറ്റി വകുപ്പുകളിലും ഒന്നാം വര്‍ഷം പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടപ്പാക്കി വരുന്ന ഈ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കോടെയും മറ്റു വിഷയങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്കോടെയും വിജയിച്ചിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 25 സ്ഥതമാനം തുക അധികം ലഭിക്കും.

വെബ്സൈറ്റ് : www.kshc.kerala.gov.in

ഡിസ്ട്രിക്റ്റ് മെറിറ്റ്‌ സ്കോളര്‍ഷിപ്പ്

സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കി വരുന്ന സ്കോളര്‍ഷിപ്പാണിത്. എസ്.എസ്.എല്‍.സി കേരള ബോര്‍ഡ് എക്സാമിനേഷനില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഹയര്‍ സെക്കണ്ടറി/വിഎച്ച്എസ്സി/ഐടിഐ/പോളിടെക്നിക്കില്‍ പഠിക്കുന്നവര്‍ക്കാണ് ഈ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. 1250 രൂപയാണ് വാര്‍ഷിക സ്കോളര്‍ഷിപ്പ്‌.

വെബ്സൈറ്റ് : www.dcescholarship.gov.in

പട്ടികജാതി, പട്ടികവര്‍ഗ്ഗ സ്കോളര്‍ഷിപ്പുകള്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. എസ്.എസ്.എല്‍.സി ക്ക് 750 രൂപ, പ്ലസ്ടു, ടിടിസി, പോളിടെക്നിക് 1000രൂപ, പിജി, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 2000 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. അതത് ജില്ല പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

3.09677419355
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top