Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / വിദ്യാഭ്യാസം / ഏതു തൊഴിലിനും മക്കളെ പ്രാപ്തരാക്കണം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഏതു തൊഴിലിനും മക്കളെ പ്രാപ്തരാക്കണം

ഏതു തൊഴിലിനും മക്കളെ പ്രാപ്തരാക്കണം

പേര്കേട്ട ഒരു സീനിയര്‍ കോളേജ്. ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്യാമ്പില്‍ ക്ലാസെടുക്കാന്‍ ചെന്നതാണ്. പരിചയപ്പെടുന്നതിനിടയില്‍ കുട്ടികളുടെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചു. ഒട്ടുമിക്കവരും പറഞ്ഞത് ഒരു സര്‍ക്കാര്‍ ജോലിയാണ് അന്തിമ ലക്ഷ്യമെന്നാണ്. അവര്‍ തെരഞ്ഞെടുത്തു പഠിക്കുന്ന വിഷയവും അവര്‍ ആഗ്രഹിക്കുന്ന കരിയറും തമ്മില്‍ പൊരുത്തമില്ലെന്ന് ബന്ധപ്പെട്ട അധ്യാപകരുടെ ശ്രദ്ധയില്‍ പെടുത്തി. എന്തു പഠിച്ചാലും വെള്ളക്കോളര്‍ ജോലി തന്നെ വേണെമെന്ന മോഹത്തിനു പിന്നിലെ പ്രചോദനം എന്തെന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതില്ലല്ലോ.

വിദ്യാലയങ്ങളിലും മറ്റും മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള ക്ലാസില്‍ ‘നിങ്ങളുടെ മക്കള്‍ ആരായിത്തീരണം’ എന്നു ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം: മകന്‍/മകള്‍ എഞ്ചിനീയറാകണം, ഡോക്ടറാകണം, കലക്ടറാകണം, പ്രൊഫസറാകണം, ടീച്ചറാകണം, നേഴ്സാകണം, മറ്റ് ഏതെങ്കിലും സര്‍ക്കാര്‍ ജോലിയുള്ളവനാകണം എന്നൊക്കെയാണ്. എല്ലാവര്‍ക്കും വേണ്ടത് വൈറ്റ് കോളര്‍ ജോബ്!

ഇതില്‍നിന്നൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നത് തൊഴിലിനെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ വികലമായിരിക്കുന്നു എന്നാണ്. പണ്ടുകാലത്ത് എന്തു പണിയെടുക്കാനും എല്ലാവരും തയ്യാറായിരുന്നു. പാടത്തും പറമ്പിലും പണിയെടുക്കാനും ചുമടു ചുമക്കാനും ആര്‍ക്കും മടിയില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്കിതിലൊന്നിനും താല്‍പര്യമില്ല. എങ്ങനെയെങ്കിലും ഒരു സര്‍ക്കാര്‍ ജോലി സന്പാദിച്ച് ജീവിതം സുരക്ഷിതമാക്കുക. അല്ലെങ്കില്‍ എങ്ങനെയും ധാരാളം പണമുണ്ടാക്കി ജീവിതം അടിപൊളിയാക്കുക. ഈ രണ്ട് ആശയങ്ങള്‍ക്ക് ആക്കം കൂടിവരികയാണ്. മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥലക്ഷ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാത്തതുകൊണ്ടുതന്നെയാണിത്തരം വികല ചിന്താഗതികള്‍ ഉടലെടുക്കുന്നത്.

മനുഷ്യന്‍ സ്വജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും എന്തെന്ന് കണ്ടെത്തണം. മാനുഷികതയുടെയും ബന്ധങ്ങളുടെയും മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം. മനുഷ്യന്‍ തന്‍റെ മഹത്വം മനസ്സിലാക്കണം. മറ്റു ജീവികള്‍ക്കില്ലാത്ത ഒരുപാട് കഴിവുകളും നന്മകളും ഉള്ളവരാണ് മനുഷ്യര്‍. ബുദ്ധിയും സ്വതന്ത്ര ചിന്തയുമുള്ള ഒരേയൊരു ജീവിയാണ് മനുഷ്യന്‍. ഈ ബുദ്ധിയും സിദ്ധിയും ദൈവം നല്‍കിയത് തന്‍റെ ഉത്തരവാദിത്തം യഥോചിതം നിര്‍വഹിക്കാന്‍ വേണ്ടിയാണ്. അത് തിരിച്ചറിയാനാണ് ആദ്യമായി ശ്രമിക്കേണ്ടത്.

സ്വതന്ത്രമായ അവസ്ഥയില്‍ മാത്രമേ മനുഷ്യന് നന്മകള്‍ വിവേചിച്ചറിയാനാകൂ. ഏതു കാര്യത്തിലുമെന്നപോലെ തിരഞ്ഞെടുക്കുന്ന കരിയറിന്‍റെ കാര്യത്തിലും വേണമിത്. അന്ധമായ തോന്നലുകള്‍ക്കോ ബാഹ്യസ്വാധീനങ്ങള്‍ക്കോ കീഴടങ്ങാതെ സ്വയം പ്രേരിതവും തങ്ങളുടെ ഉള്ളില്‍ നിന്നുതന്നെ പ്രചോദിതവുമായ അറിവോടെയായിരിക്കണമിത്. സ്വന്തം ബുദ്ധിക്കും തനിമക്കും അന്തസ്സിനുമനുസരിച്ച് തെരഞ്ഞെടുപ്പു നടത്താനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം.

ഇവിടെ നാം സ്വയം വിലയിരുത്തലിനും തയ്യാറാകണം. മക്കളെ അതിനു പ്രാപ്തരാക്കണം. മനുഷ്യജീവിതത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെന്നു തിരിച്ചറിയാനാണാദ്യം ശ്രമിക്കേണ്ടത്. മാനുഷികതയുടെ പൂര്‍ണതക്കും പൂര്‍ത്തീകരണത്തിനും ഉതകുന്ന ഒരു ജീവിതം നയിക്കുക എന്നതാണ് ഓരോരുത്തരുടെയും കടമ. ഇത് പൂര്‍ണമായി നിര്‍വഹിക്കാനുതകുംവിധം ജീവിതത്തെയും തെരഞ്ഞെടുക്കുന്ന തൊഴിലിനെയും കാണണം. ഏതു തൊഴിലാണെങ്കിലും അതു ചെയ്യാനുള്ള കഴിവ് നമ്മിലുണ്ടെങ്കില്‍ അതിനെ അവഗണിച്ചും തട്ടിത്തെറിപ്പിച്ചും എത്തിപ്പെടാന്‍ കഴിയാത്തവയെക്കുറിച്ച് സ്വപ്നം കാണുന്നതില്‍ അര്‍ത്ഥമില്ല. അത് അനൗചിത്യവും അനാരോഗ്യകരവുമാണ്.

മനുഷ്യന്‍ തൊഴില്‍ ചെയ്യാന്‍ കഴിവുള്ളവനും അതിന് വിധിക്കപ്പെട്ടവനുമാണ്. കാരണം അതിലൂടെ മാത്രമേ സ്വജീവിതത്തിനപ്പുറം സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. സ്വന്തം കുടുംബത്തിന്‍റെ ക്ഷേമത്തിനുവേണ്ടിയാണ് ഓരോരുത്തരും അധ്വാനിക്കുന്നത്. സ്വന്തം തൊഴിലിനോട് നീതി പുലര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതിന്‍റെ ചേതോവികാരവും മറ്റൊന്നല്ല.

തൊഴില്‍ ചെയ്യുന്നതിന് ശാരീരികവും മാനസികവും ആത്മീയവുമായ അര്‍പ്പണം ആവശ്യമാണ്. സ്വതന്ത്രമായും സ്വന്തം ഉത്തരവാദിത്തപരമായും ചിന്തിക്കുന്നവര്‍ക്കു മാത്രമേ ഈ അര്‍പ്പണം പൂര്‍ണമായി നടത്താനാകൂ. അതുപോലെ തൊഴില്‍ ചെയ്യുന്നതിലൂടെ തന്നെത്തന്നെ പ്രകടിപ്പിക്കാനും പ്രതിഫലിപ്പിക്കാനുമുള്ള സൗകര്യവും സാഹചര്യവും വേണം. ഇങ്ങനെ തന്നെത്തന്നെ ആ തൊഴിലിലേക്ക് സ്വയം വിട്ടുകൊടുക്കുമ്പോഴേ തൊഴില്‍ എന്ന കര്‍മം പൂര്‍ണതയിലെത്തുന്നുള്ളൂ. അതെ, ഒരാള്‍ പാടത്തു പണിയെടുക്കുമ്പോള്‍, ചുമടെടുക്കുമ്പോള്‍, വണ്ടി ഓടിക്കുമ്പോള്‍, പഠിപ്പിക്കുമ്പോള്‍, രോഗിയെ ശുശ്രൂഷിക്കുമ്പോള്‍, ഓഫീസില്‍ ഫയലുകള്‍ നോക്കുമ്പോള്‍ ഒക്കെ വ്യക്തി തന്നെത്തന്നെ ആ പ്രവര്‍ത്തനത്തിലേക്ക് സ്വയം വിട്ടുകൊടുക്കുകയാണ്. ഇതിനൊക്കെ അവനെ/അവളെ പ്രചോദിപ്പിക്കുന്നത് അവരുടെ നൈസര്‍ഗികമായ കഴിവുകളാണ്; ആ തൊഴിലിലെ വാസനയാണ്; താല്‍പര്യമാണ്. അനുയോജ്യമായ അവസരം ഉണ്ടാകുമ്പോള്‍ ഏതൊരാളും തന്‍റെ കഴിവുകളെ (സിദ്ധികളെ) ആ ജോലിയില്‍ വ്യാപരിപ്പിക്കുന്നു. അങ്ങനെ സ്വയം മറന്ന് പ്രവര്‍ത്തനനിരതരാകുന്നു. ഉന്നത ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയാലും ചിലര്‍ അവര്‍ക്കിഷ്ടപ്പെട്ട മറ്റു തൊഴിലുകള്‍ സ്വീകരിക്കുന്നതും അതില്‍ ജീവിത സായൂജ്യം കണ്ടെത്തുന്നതും ഇതുകൊണ്ടാണ്.

മക്കളെ ഭാവിയില്‍ തൊഴിലെടുക്കാന്‍ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കുമല്ല. ഇതിനാദ്യം വേണ്ടത് തൊഴിലെടുക്കാന്‍ ചെറുപ്പം മുതലേ അവരെ ശീലിപ്പിക്കുകയാണ്. വീട്ടുജോലികളില്‍ നിന്നുതന്നെ തുടങ്ങണമിത്. മക്കളെ പണിയെടുപ്പിക്കാതിരിക്കുന്നത് ഭാവിയിലവരുടെ ജീവിത പരാജയത്തിനേ ഇടവരുത്തുകയുള്ളൂ. പെണ്‍മക്കളെ അടുക്കള ജോലികളും വീട്ടിലെ അത്യാവശ്യം ജോലികളും പഠിപ്പിച്ചില്ലെങ്കില്‍ അവര്‍ക്ക് ഒരു കുടുംബം മുന്നോട്ടു നയിക്കാന്‍ കഴിയുകയില്ല. അതുപോലെ സ്വന്തം വസ്ത്രം പോലും അലക്കാനും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില്ലറ ഉത്തരവാദിത്തങ്ങളും ആണ്‍കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ അവരുടെ ഭാവി ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. ഇതൊക്കെ അടിസ്ഥാനപരമായ കാര്യങ്ങളാണ്. ഇനി മക്കളുടെ ഭാവിജീവിതത്തിനു വേണ്ട കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാം.

വ്യക്തിയില്‍ അഭിരുചികളും കഴിവുകളും ചെറുപ്രായത്തിലേ പ്രകടമാക്കാറുണ്ട്. ഇത് മനസ്സിലാക്കേണ്ടത് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളല്ലാതെ മറ്റാരുമല്ല. സ്വന്തം മക്കളുടെ അഭിരുചികളും കഴിവുകളും നിരീക്ഷിച്ച് കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കാനും അവരുടെ താല്‍പര്യമനുസരിച്ചുള്ള വിഷയത്തിലേക്ക് തിരിച്ചുവിടാനും പരിശ്രമിക്കണം. നമ്മുടെ പാഠ്യപദ്ധതിയില്‍ ഇന്നത്തെ ചുറ്റുപാടില്‍ താല്‍പര്യമുള്ള തൊഴില്‍ കണ്ടെത്തുന്നതിനുള്ള സംവിധാനമില്ല എന്നു പറയാം. കരിയര്‍ ഗൈഡന്‍സ് എന്ന പേരില്‍ വല്ലപ്പോഴും ചില ക്ലാസുകള്‍ ഉണ്ടെന്നല്ലാതെ ശരിയായ ടാലന്‍റ് എഡ്യുക്കേഷന്‍ ഇനിയും നടപ്പിലാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ട് മക്കളുടെ കഴിവുകളും പ്രത്യേക വൈഭവങ്ങളും കണ്ടുപിടിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇതില്‍ പരിചയസമ്പന്നരും കഴിവുള്ളവരുമായ അധ്യാപകരുടെ സഹായം തേടുന്നതും ഏറെ സഹായകമാകും.

കുട്ടികളുടെ അഭിരുചിയിലും കഴിവിലും പ്രായഭേദമനുസരിച്ച് മാറ്റം ഉണ്ടാകാം. നന്നേ ചെറുപ്പത്തില്‍ കാണിക്കുന്ന വൈഭവം ചിലര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ കാണിച്ചെന്നു വരില്ല. അതുപോലെ ചിലര്‍ക്ക് പ്രായമാകുന്നതനുസരിച്ച് അസാധാരണ കഴിവുകള്‍ വളര്‍ന്നുവന്നേക്കാനുമിടയുണ്ട്. അതുകൊണ്ട് കുട്ടികളുടെ പ്രായത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഇത് കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അഭിരുചികള്‍ കണ്ടെത്തുന്ന മനഃശാസ്ത്ര പരീക്ഷകളില്‍ പങ്കെടുപ്പിക്കുന്നത് ഇതിന് സഹായകമാകും. വിദ്യാഭ്യാസം ഏറെ പുരോഗമിച്ചിട്ടും അഭിരുചിയും തൊഴിലുമായി ബന്ധപ്പെട്ട പരീക്ഷകള്‍ നമ്മുടെ നാട്ടില്‍ സാര്‍വത്രികമായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

എന്തായാലും അഭിരുചികള്‍ കണ്ടെത്തിയാല്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ വേണ്ട പ്രോത്സാഹനവും സാഹചര്യവും സൃഷ്ടിക്കുന്നതുതന്നെയാകും നല്ലത്. ഇത്തരക്കാര്‍ക്കു മാത്രമേ ഭാവിയില്‍ അവരുടെ ആ തൊഴിലിനോട് ആഭിമുഖ്യവും അതില്‍ സംതൃപ്തിയും ലഭിക്കുകയുള്ളൂ. ആ തൊഴിലില്‍ നീതി പുലര്‍ത്താന്‍ കഴിയുകയുള്ളൂ.

ഇനി വേറെ ചിലരുണ്ട്, എളുപ്പത്തില്‍ കൂടുതല്‍ പണമുണ്ടാക്കുന്ന ജോലികളിലേക്ക് ഇവര്‍ ആകര്‍ഷിക്കപ്പെടുകയും എന്തു ചെയ്തും പണമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കട്ടിട്ടായാലും പിടിച്ചുപറിച്ചായാലും കൊന്നിട്ടായാലും കൈ നിറയെ കാശുണ്ടാകണം എന്ന ചിന്താഗതിക്ക് ആക്കം കൂടിയിരിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്ന ചിലര്‍ ഭീകര പ്രവര്‍ത്തനങ്ങളിലും കൊട്ടേഷന്‍ സംഘങ്ങളിലും ആകര്‍ഷിക്കപ്പെട്ട് ജീവിതത്തെ സ്വയം തകര്‍ക്കുന്നു. ചുരുക്കത്തില്‍ എങ്ങനെ ജീവിതം അടിപൊളിയാക്കാം എന്ന ആശയം അഥവാ അമിതാവേശം ഇന്നത്തെ ചെറുപ്പക്കാരെ (പെണ്‍കുട്ടികളും ഇതില്‍ കണ്ണികളാകാറുണ്ട്) പിടികൂടിയിരിക്കുന്നു. മാതാപിതാക്കള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ മക്കളെ എന്നെന്നേക്കും നഷ്ടമാകും എന്ന് മനസ്സിലാക്കിയിരിക്കുക. തൊഴിലിനെസ്സംബന്ധിച്ചും ജീവിതത്തെക്കുറിച്ചും ശരിയായ കാഴ്ചപ്പാട് മക്കളില്‍ സൃഷ്ടിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയേണ്ടതാണ്.

സ്വന്തം കഴിവും താല്‍പര്യവും ഉള്ള തൊഴില്‍ കണ്ടെത്താനും അത് സ്വീകരിച്ച് പരമാവധി കഴിവുകള്‍ അതില്‍ വിനിയോഗിക്കാനും തയ്യാറാകുകയാണു വേണ്ടത്. ആയതിന് പ്രോത്സാഹനവും സാഹചര്യവും നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അതോടൊപ്പം തൊഴിലിനെസ്സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റി യഥാര്‍ത്ഥ മഹത്വം തിരിച്ചറിയാനും കഴിയേണ്ടതാണ്.

2.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top