অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിരല്‍ത്തുമ്പിലെ കേരവിജ്ഞാനം ഇ-കല്പ

വിരല്‍ത്തുമ്പിലെ കേരവിജ്ഞാനം ഇ-കല്പ

വിരല്‍ത്തുമ്പിലെ കേരവിജ്ഞാനം ഇ-കല്പ

ഐ.സി.എ.ആര്‍. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കര്‍ഷകര്‍ക്കായി രൂപകല്‍പന ചെയ്ത ആന്‍ഡ്രോയ്ട് ഫോണുകളില്‍ ലഭ്യമായ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് ഇ-കല്പ.

കേരകൃഷിമേഖലയിലെ വിവരവിജ്ഞാന സാങ്കേതികവിദ്യകളുടെ ഉപയോഗം സംബന്ധിച്ച് 2016 ലെ ഒരു പഠനം സൂചിപ്പിച്ചത് ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിവയിലെ കാർഷികഗ്രൂപ്പുകൾക്കിടയിൽപ്പോലും കേരകർഷകരുടെ പങ്കാളിത്തവും വിവരങ്ങൾ പങ്കുവയ്ക്കുന്ന തോതും മറ്റു കൃഷികളെ അപേക്ഷിച്ച് തുലോം കുറവാണെന്നാണ്.

എന്തുകൊണ്ട് വിവരവിജ്ഞാന സാങ്കേതികവിദ്യകൾ കേരകർഷകർ ഉപയോഗിക്കണമെന്ന് നോക്കാം. തെങ്ങുകൃഷിയുള്ള പ്രധാന സംസ്ഥാനങ്ങളിൽ മൊബൈൽഫോണുകളുടെ സാന്ദ്രതയും ഉപയോഗവും കുടുതലാണ്. ട്രായിയുടെ 2016 ലെ കണക്കനുസരിച്ച് കേരളം (102.3%), തമിഴ്നാട് (118.1%), കർണാടക (101,9%), മഹാരാഷ്ട (98.9%) എന്നിങ്ങനെയാണ് ഫോണുകളുടെ ലഭ്യതാ സാന്ദ്രത. അതിനാൽ മൊബൈൽഫോൺ വഴിയുള്ള വിജ്ഞാനവ്യാപനത്തിന് സാദ്ധ്യതകൾ വളരെയാണ്. അതേസമയം വിവരവിജ്ഞാന സാങ്കേതികവിദ്യകളുടെ ഉപയോഗം കേരകർഷകർക്കിടയിൽ വളരെ കുറവാണ്. കേരളത്തിൽ തെങ്ങുകൃഷി പൊതുവെ ചെറുകിട നാമമാത്ര കർഷകരുടെ കൃഷിയാണ്. അതിനാൽ ഓരോ കർഷകനെയും നേരിട്ട് ബന്ധപ്പെട്ട് ചെയ്യുന്ന വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾക്ക് പ്രസക്തിയും പ്രായോഗികതയും കുറവായിരിക്കും.

ഇന്നത്തെ കാലത്ത് വിജ്ഞാന വിവരങ്ങളുടെ സ്രോതസ്സും അളവും വളരെ കൂടുതലാണ്.

കാർഷിക മാസികകൾ, വിജ്ഞാനവ്യാപന പ്രസിദ്ധീകരണങ്ങൾ, ഇ-ബുക്കുകൾ, പുസ്തകങ്ങൾ, പത്രങ്ങൾ, ശബ്ദശകലങ്ങൾ, വീഡിയോകൾ, യൂട്യൂബ്, റേഡിയോ, ടെലിവിഷൻ, ഇൻറ്റർനെറ്റ്, വിവിധ വകുപ്പുകൾ, ഗവേഷണ കേന്ദ്രങ്ങൾ, കാർഷിക സർവകലാശാലകൾ, വ്യക്തികൾ, കൂട്ടായ്മകൾ എന്നിങ്ങനെ അവയുടെ പട്ടിക നീളുന്നു. അതുകൊണ്ടു തന്നെ സമഗ്രവും ലളിതവുമായ പ്രാഥമിക സ്രോതസ്സ് കർഷകർക്ക് ഏറെ പ്രയോജനകരമാണ്.

കൃഷിയിടങ്ങളിലെ കാർഷിക പ്രശ്നങ്ങൾ, വളപ്രയോഗരീതികൾ, നടീലും, പരിചരണവും, രോഗകീടബാധ തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശങ്ങൾ കർഷകർക്ക് നിത്യവും ആവശ്യകത

ഉള്ളവയാണ്. അവയ്ക്ക് വിദഗ്ദ്ധരിൽ നിന്നും നേരിട്ട് പരിഹാരങ്ങൾ കിട്ടിയാൽ, കർഷകകരുടെ ആത്മവിശ്വാസവും അറിവും ഏറെയാകുമെന്നതിൽ സംശയമില്ല.

ഒരു കേരകർഷകൻ തെങ്ങ് മാത്രമാകില്ല കൃഷിചെയ്യുന്നത്. വിവിധ വിളകളും മറ്റു കാർഷിക സംരംഭങ്ങളും ഒത്തൊരുമിക്കുന്ന സമഗ്രകൃഷിയാകും കൂടുതലും പിന്തുടർന്നു വരുന്നത്. അതിനാൽ വിളവൈവിധ്യങ്ങളുടെ പ്രാഥമിക സാങ്കേതികവിവരങ്ങൾ ഒപ്പം ലഭ്യമാക്കുന്നത് കർഷകർക്ക് വളരെ പ്രയോജനകരമായിരിക്കും.

പരിശീലനങ്ങളിലൂടെ മൊബൈല്‍ ഉപയോഗിച്ചുള്ള വിജ്ഞാനവ്യാപനം പ്രയോജനപ്പെടുത്താൻ കർഷകരെ പ്രാപ്തമാക്കാവുന്നതെയുള്ളു.

എന്താണ് ഇ-കല്പ (e-kalpa)?

ഐ.സി.എ.ആർ. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കർഷകർക്കായി രൂപകല്പന ചെയ്ത, ആൻഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമായ ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ് ഇ-കല്പ.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കർഷകർക്ക് ഈ കല്പ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

  • ഈ മൊബൈൽ ആപ്പ് ഒരിക്കൽ ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഓഫ് ലൈനായും ഓൺലൈനായും തിരഞ്ഞെടുത്ത് ഉപയോഗിക്കാം.
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ ഭാഷകളിൽ അവരവർക്ക് അനുയോജ്യമായ ഭാഷ തിരഞ്ഞെടുക്കാം. ബംഗാളി, തമിഴ് എന്നീ ഭാഷകളിൽ വിവരങ്ങൾ വൈകാതെ ലഭ്യമാക്കുന്നതുമാണ്.

ഈ മൊബൈൽ ആപ്പിൽ ഉള്ള സേവന/വിജ്ഞാന വിവരങ്ങൾ

  • സാങ്കേതികവിദ്യകളുടെ വിജ്ഞാന സമാഹാരം

ഇതിൽ തെങ്ങ്, കമുക്, കൊക്കോ എന്നിവയുടെ കൃഷി ഉല്പന്ന വൈവിധ്യവല്ക്കരണം എന്നിവ ചിത്രങ്ങൾ സഹിതം വിവിധ ഭാഷകളിൽ നല്കിയിട്ടുണ്ട്. തെങ്ങിന്റെ രോഗകീടങ്ങളും പരിപാലനമുറകളും, ഇനങ്ങൾ, സംസ്കരണം, ജൈവകൃഷിരീതികൾ തുടങ്ങി ആവശ്യമായ വിവരങ്ങളൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവരങ്ങൾ വേണ്ട വിഷയത്തിൽ വിരൽ തൊട്ടാൽ മതി, വിശദമായ വിജ്ഞാന വിവരങ്ങൾ തെളിയാൻ.

വിളവിവരങ്ങൾ

ഇതിൽ തെങ്ങിൻതോപ്പുകളിൽ ക്യഷിചെയ്യുന്ന ലഘുപാനീയ വിളകൾ, ധാന്യങ്ങൾ, ശൈത്യകാല പച്ചക്കറികൾ, പുഷ്പവിളകൾ, തീറ്റപ്പുല്ല്, പഴവർഗങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങി 70 ഓളം വിളകളുടെ നടീൽ അകലം, വിത്തിന്റെ തോത്, നടീൽ സമയം, വളപ്രയോഗം എന്നിവ ലളിതമായി പട്ടിക രൂപത്തിൽ നൽകിയിട്ടുണ്ട്. ഇത് കർഷകർ, വിജ്ഞാനവ്യാപന പ്രവർത്തകർ എന്നിവർക്കൊക്കെ വളരെ പ്രയോജനകരമാണ്.

ഇൻപുട്ട് കാൽക്കുലേറ്റർ

തെങ്ങിന്റെ വിവിധ പ്രായത്തിലുള്ള വളപ്രയോഗം കണക്കാക്കാനുള്ള എളുപ്പവും കൃത്യവുമായ കാൽക്കുലേറ്ററാണിത്. കർഷകർക്ക് അവരവരുടെ പുരയിടത്തിലുള്ള വിവിധ പ്രായത്തിലുള്ള തെങ്ങുകളുടെ എണ്ണം കൃത്യമായി അറിയാമല്ലോ. നട്ട് ഒരു വർഷത്തിന് താഴെയുള്ളവ, ഒരു വർഷം കഴിഞ്ഞവ, 2 വർഷം കഴിഞ്ഞവ, 3 വർഷവും അതിനു മുകളിലുള്ളവ എന്നിവയുടെ എണ്ണം ടൈപ്പ് ചെയ്താല്‍ മാത്രം മതി ഒരു വർഷത്തേക്കു എല്ലാ തെങ്ങുകൾക്കും ആവശ്യമായ ജൈവവളം, കുമ്മായം/ഡോളാമെറ്റ്, രാസവളങ്ങൾ, തടത്തിൽ വിതയ്ക്കേണ്ട പയറുവിത്തിന്റെ അളവ്, വള പ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിവരങ്ങൾ ലഭ്യമാകും.

മേൽ കൊടുത്ത എല്ലാ വിവരങ്ങളും ഒരിക്കൽ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്താൽ ഇന്റർനെറ്റില്ലാതെ ഓഫ്ലൈനായി കിട്ടുന്നതാണ്.

പ്രശ്നപരിഹാരത്തിനും ഇ-കല്പ

കർഷകന്റെ പുരയിടത്തിലെ തെങ്ങുകൃഷി സംബന്ധിച്ച പ്രശ്നങ്ങൾക്ക് ആദ്യം ഇ-കല്പയിലെ വിജ്ഞാനസമാഹാരം നോക്കുക. പ്രശ്നപരിഹാരത്തിനുള്ള ശാസ്ത്രീയ നിർദ്ദേശങ്ങൾ വിജ്ഞാന സമാഹാരത്തിൽ നിന്നും തന്നെ ലഭ്യമാകുന്നതാണ്. അങ്ങനെ ലഭ്യമാകാത്ത പ്രശ്നങ്ങൾ മാത്രം സന്ദേശങ്ങളോ ചിത്രങ്ങളോ എടുത്ത് അപ്ലോഡ് ചെയ്യാം. ശാസ്ത്രജ്ഞരുടെ നേരിട്ടുള്ള സേവനം ഇ-കല്പയിലൂടെ കേരകർഷകർക്ക് ലഭ്യമാകുന്നു എന്നത് മികച്ച പ്രതികരണമാണ് കർഷകരിൽ ഉണ്ടാക്കിയിട്ടുള്ളത്.

കൃഷിയിടത്തിലെ തെങ്ങിന്റെ പ്രശ്നങ്ങൾ സ്വന്തം കൃഷിയിടത്തിൽ നിന്നുതന്നെ സി, പി.സി.ആർ.ഐ യിലെ ശാസ്ത്രജ്ഞർക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. നൊടിയിടനേരം കൊണ്ടുതന്നെ കൃഷിയിടത്തിൽ നിന്നുമയക്കുന്ന ചിത്രങ്ങൾ, വീഡിയോ ക്ലിപ്പുകൾ, സന്ദേശങ്ങൾ എന്നിവ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർക്ക് പ്രാപ്യമാകുന്നതാണ്. അതിനുള്ള പ്രശ്നപരിഹാരവും എത്രയും പെട്ടെന്ന് ലഭ്യമാകും.

വളരെ ലളിതമായി ഇത് ചെയ്യാം.

  • ആദ്യം ഫോൺ ഓൺലൈനാക്കുക.
  • അപ്പോൾ കർഷകസഹായി എന്ന വിഭാഗം കാണാം. അതിൽ വിരൽ തൊടുക.
  • പ്രശ്നം അവതരിപ്പിക്കുന്നതിനുള്ള സൗകര്യം കാണാവുന്നതാണ്. അതിൽ ക്യാമറയുടെ ചിഹ്നത്തിൽ വിരൽ തൊട്ടാൽ ഓണാകും.
  • പ്രശ്നങ്ങളുടെ ചിത്രമെടുത്ത് ചിഹ്നത്തിൽ തൊടുക. അയച്ച ലളിതമായ കാർഷിക (പശ്നങ്ങൾ ശാസ്ത്രജ്ഞർക്ക് നിർദ്ദേശങ്ങൾ നല്കാനായി സെക്കന്റുകൾക്കുള്ളിൽ ലഭ്യമാകും.

ഇ-കല്പ QR കോഡ് മുഖേന ഡൗൺലോഡ് ചെയ്യാവുന്നതാണ്. (പയോജനകരമായ സി.പി. സി ആർ ഐ യുടെ ഇ-കല്പ മൊബൈൽ ആപ്പ് കർഷകർ ആൻഡ്രോയ്ഡ് ഫോണിൽ ഉപയോഗപ്പെടുത്തുന്നതു മറ്റു കർഷകർക്ക് ഇത് പരിചയപ്പെടുത്തി കൊടുക്കുന്നതും ഉചിതമായിരിക്കും. ഈ ആപ്ലിക്കേഷനിൽ വരുന്ന മാറ്റങ്ങൾ, പുതുതായി ഉൾക്കൊള്ളിക്കുന്ന ഘടകങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള അറിയിപ്പുകളും ഫോണിന്റെ നോട്ടിഫിക്കേഷനുള്ളിൽ എത്തുന്നതാണ്. കൃഷിവകുപ്പിലെ വിജ്ഞാന വ്യാപന ഓഫീസർമാർ, നാളികേര ഉത്പ്പാദക സംഘങ്ങൾ, നാളികേര ഉത്പ്പാദക ഫെഡറേഷനുകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർക്കൊക്കെ ഉപയോഗപ്രദമായ വിവരങ്ങൾ ഇ-കല്പയിലുണ്ട്. ഒരു ചെറുവിരൽ തുമ്പിൽ നിന്നും കേരക്ക്യഷി വിജ്ഞാനം കൃഷിയിടങ്ങളിലെത്തട്ടെ!  ശാസ്തീയകൃഷിയിലൂടെ വരുമാനവും വിളവും വർദ്ധിക്കട്ടെ! അറിവുകൾ കൃഷിയുടെ ആധാരം തന്നെയല്ലേ.

പ്രിൻസിപ്പൽ സയന്റിസ്റ്റ്,

കേന്ദ്ര തോട്ടവിള ഗവേഷണ

സ്ഥാപനം, കായംകുളം,

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate