অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ നിയമസഹായങ്ങൾ

വിവിധ നിയമസഹായങ്ങൾ

  1. അവധി, ആശ്രിത നിയമനം
  2. നാട്ടാനയ്ക്കായി ചട്ടങ്ങള്‍
  3. പുനര്‍വിവാഹം കഴിച്ചാലും കുട്ടിയെ കൂടെനിര്‍ത്താമോ?
  4. ജോലിക്കിടയിലെ അപകടവും നഷ്ടപരിഹാരവും
  5. അപകടം ട്രെയിനില്‍ കയറുമ്പോഴാണെങ്കിലും നഷ്ടപരിഹാരം നല്‍കണം
  6. ജനതീയതി: ആധികാരികം സ്കൂള്‍ രേഖയും ജനസര്‍ട്ടിഫിക്കറ്റും
  7. ഗര്‍ഭച്ഛിദ്ര നിയമം
  8. ജോലിയിലിരിക്കെ വൈകല്യം വന്നാല്‍
  9. ലൈംഗികാതിക്രമങ്ങളും നിര്‍ഭയ നിയമവും
  10. സൈബര്‍ കുറ്റകൃത്യങ്ങള്‍
  11. ഫ്ളാറ്റ് വൈകിയാല്‍ നഷ്ടപരിഹാരം ആവശ്യപെടാം
  12. ജോലി തീരുന്നതെപ്പോള്‍
  13. ഒരു വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് ഇന്‍ഷുറന്‍സ് പൂര്‍ണമായും നിഷേധിക്കരുത്
  14. മരുന്നു നല്‍കുമ്പോള്‍ പാര്‍ശ്വഫലം പറയണം
  15. മതവിശ്വാസം
  16. ജോലിക്കിടയിലെ അപകടവും നഷ്ടപരിഹാരവും
  17. നിയമനത്തിന് ബാധകമാകുന്നത് അപേക്ഷിക്കുമ്പോഴത്തെ വ്യവസ്ഥ
  18. മരണമൊഴിയുടെ നിയമസാധുത

അവധി, ആശ്രിത നിയമനം

 

സർവീസ് രംഗത്തെ പറ്റിയുള്ള വിവിധ സംശയങ്ങൾ

10-5-2010 മുതല്‍ അഞ്ചുവര്‍ഷക്കാലത്തേക്ക് വിദേശത്ത് ജോലി സ്വീകരിക്കുന്നതിനായി കെഎസ്ആര്‍ അപ്പന്‍ഡിക്സ് XIIA പ്രകാരം അവധിയിലാണ്. ഇപ്പോള്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നു. ഓഫീസില്‍ തിരികെ പ്രവേശിക്കാന്‍ അനുവാദത്തിന് എഴുതിയപ്പോള്‍ അവധിക്കാലാവധി കഴിയാതെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നു പറയുന്നു. 2015 മേയ് വരെ കാത്തിരിക്കേണ്ടിവരുമോ?

കെ ആര്‍ മോഹനന്‍, ചേര്‍പ്പ്, തൃശൂര്‍.

23.8.2012ലെ GO (P) 471/12/ഫിന്‍ ഉത്തരവുപ്രകാരം വിദേശത്തുജോലി സ്വീകരിക്കുന്നതിനായി അവധിയില്‍ പ്രവേശിച്ച ജീവനക്കാരെ അവധിക്കാലയളവിനു മുമ്പ് സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശം ഭേദഗതി ചെയ്ത് അവരുടെ അനുഭവിക്കാത്ത അവധിക്കാലയളവ് റദ്ദ്ചെയ്ത് അടുത്തുവരുന്ന ഒഴിവില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ 22.10.2013ലെ GO (P)  529/13/ഫിന്‍ പ്രകാരം ഉത്തരവായിട്ടുണ്ട്. താങ്കള്‍ ഓഫീസ് മേലധികാരിവഴി അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നതാണ്.

 

ഞാന്‍ അറ്റന്‍ഡറായി വിദ്യാഭ്യാസവകുപ്പില്‍ ജോലിചെയ്യുന്നു. എന്റെ മകളുടെ വിവാഹാവശ്യത്തിലേക്കായി ക്ലാസ് കഢ ജീവനക്കാരുടെ പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിലേക്കുള്ള വായ്പയ്ക്ക് അപേക്ഷിച്ചപ്പോള്‍ അറ്റന്‍ഡറായതിനാല്‍ അര്‍ഹതയില്ലെന്നു പറയുന്നു. എനിക്ക് ഈ വായ്പയ്ക്ക് അര്‍ഹതയില്ലേ?

സി ടി മൈക്കിള്‍, ഇത്തിത്താനം, ചങ്ങനാശേരി.

അറ്റന്‍ഡര്‍ ക്ലാസ് കഢ വിഭാഗത്തില്‍പ്പെടില്ല, ക്ലാസ് കകക ആണ്. പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിലേക്കുള്ള വായ്പ ക്ലാസ് കഢ ജീവനക്കാര്‍ക്കു മാത്രമുള്ളതാണ്. ക്ലാസ് കഢ ജീവനക്കാരനെന്നാല്‍ ലാസ്റ്റ് ഗ്രേഡ് സ്പെഷ്യല്‍ റൂള്‍സില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ശമ്പള പരിഷ്കരണ ഉത്തരവിലെ ഏറ്റവും താഴ്ന്ന സ്കെയില്‍ ഓഫ് പേയിലുള്ള തസ്തികകളുമാണ്. താങ്കളുടെ തസ്തികയുടെ അനുവദനീയമായ ശമ്പള സ്കെയില്‍ ഏറ്റവും താഴെയുള്ള സ്കെയിലിലല്ലാത്തതിനാല്‍ താങ്കള്‍ ലാസ്റ്റ് ഗ്രേഡ് വിഭാഗത്തില്‍പ്പെടില്ല. അതിനാല്‍ വിവാഹവായ്പയ്ക്കുള്ള അര്‍ഹത താങ്കള്‍ക്കില്ല

.ഞാന്‍ വിവാഹിതയാണ്. എന്റെ അവിവാഹിതനായ സഹോദരന്‍ സര്‍വീസിലിരിക്കെ നിര്യാതനായി. സഹോദരന്റെ ആശ്രിത നിയമനത്തിന് അച്ഛനോ അമ്മയ്ക്കോ അര്‍ഹതയില്ല. കാരണം 56 വയസ്സു കഴിഞ്ഞു. ഏക അവകാശി ഞാനാണ്. ഞാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അധികാരികളെ സമീപിച്ചപ്പോള്‍ അര്‍ഹതയില്ലെന്ന് പറയുന്നു. വിവാഹിതയായ സഹോദരിക്ക് അര്‍ഹതയില്ലെന്നാണ് പറയുന്നത്. എന്നാല്‍ എന്റെ അറിവില്‍ത്തന്നെ അച്ഛന്‍ മരിച്ച് വിവാഹിതയായ മകള്‍ക്ക് ആശ്രിത നിയമനം ലഭിച്ചിട്ടുണ്ട്. വ്യക്തമാക്കാമോ?.

ഡി ഇന്ദിരാദേവി, ചേര്‍പ്പ്, തൃശൂര്‍.

18.11.99ലെ GO (P) 24/99/P&ARD ഉത്തരവുപ്രകാരം അവിവാഹിതനായ സര്‍ക്കാര്‍ ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ അദ്ദേഹത്തിന്റെ അവിവാഹിതരായ സഹോദരങ്ങള്‍ക്കോ, അച്ഛനോ, അമ്മയ്ക്കോ ആര്‍ക്കെങ്കിലും ഒരാള്‍ക്കോ മാത്രമേ ആശ്രിത നിയമനത്തിന് അര്‍ഹതയുള്ളു. സര്‍വീസിലിരിക്കെ മരിച്ച അച്ഛന്റെ ആശ്രിത നിയമനത്തിന് വിവാഹിതയായ മകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി അര്‍ഹതയുണ്ട്.

ഞാന്‍ വികലാംഗനായ ജീവനക്കാരനാണ്. അവധിക്കാലയളവില്‍ കണ്‍വേയന്‍സ് അലവന്‍സ് ലഭിക്കുമോ. വികലാംഗ ജീവനക്കാര്‍ക്ക് അര്‍ഹമായ സ്പെഷ്യല്‍ കാഷ്വല്‍ അവധിക്കാലത്തും കണ്‍വേയന്‍സ് അലവന്‍സിന് അര്‍ഹതയുണ്ടോ? വ്യക്തമാക്കാമോ.

ടി ആര്‍ ഗോപാലകൃഷ്ണന്‍, പൊന്‍കുന്നം, കോട്ടയം.

സാധാരണ അവധിക്കാലയളവില്‍ വികലാംഗ ജീവനക്കാര്‍ക്ക് കണ്‍വേയന്‍സ് അലവന്‍സിന് അര്‍ഹതയില്ല. ആര്‍ജിത അവധി സറണ്ടര്‍ ചെയ്യുമ്പോഴും കണ്‍വേയന്‍സ് അലവന്‍സ് കണക്കിലെടുക്കില്ല. എന്നാല്‍, കാഷ്വല്‍ അവധിക്കാലത്തും സ്പെഷ്യല്‍ കാഷ്വല്‍ അവധിക്കാലത്തും കണ്‍വേയന്‍സ് അലവന്‍സ് ലഭിക്കു. (24.9.11ലെ 24.-9.-11se GO (P) 404/11// ഫിന്‍ നമ്പര്‍ ഉത്തരവ്).

 

കടപ്പാട് :അഡ്വ. വി രാജശേഖരന്‍ നായര്‍

നാട്ടാനയ്ക്കായി ചട്ടങ്ങള്‍


ആനയുടെ ജനംമുതല്‍ മരണംവരെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. പ്രസവശുശ്രൂഷമുതല്‍ പോസ്റ്റ്മോര്‍ട്ടംവരെ എങ്ങനെ വേണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ ചട്ടങ്ങള്‍. 65 വയസ്സാകുന്ന ആനയ്ക്ക് വിരമിക്കാമെന്നും ചട്ടങ്ങള്‍ പറയുന്നു. വന്യജീവി പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് ഈ നാട്ടാന പരിപാലന ചട്ടങ്ങള്‍  രൂപപ്പെടുത്തിയിരിക്കുന്നത്. 2003ല്‍ നിലവില്‍വന്ന ചട്ടങ്ങള്‍ 2012ല്‍ ചില മാറ്റങ്ങളോടെ പുതുക്കി വിജ്ഞാപനംചെയ്തു.

ആനയുടമ ആനയെ പരിപാലിക്കാന്‍ മൂന്നുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള പാപ്പാനെ നിയമിക്കണമെന്ന് ചട്ടങ്ങള്‍ പറയുന്നു. പ്രവൃത്തിപരിചയത്തിന് സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം. വനംവകുപ്പ് നല്‍കുന്ന പരിശീലനം പാപ്പാന്മാര്‍ക്ക് ലഭിക്കുന്നുവെന്ന് ഉടമ ഉറപ്പുവരുത്തണം. പാപ്പാന് ഒരു സഹായി  യെ ഉടമ നിയമിക്കണം.

ആനയ്ക്ക് വിശ്രമിക്കാന്‍ വൃത്തിയുള്ള തൊഴുത്തുണ്ടാകണം.ആനയുടെ വലുപ്പം അനുസരിച്ചാകണം തൊഴുത്തിന്റെ വിസ്താരം. മുതിര്‍ന്ന ആനയ്ക്ക് ഒമ്പതു മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയുമുള്ള തൊഴുത്താണ് വേണ്ടത്. അടച്ചുകെട്ടിയ ഷെഡ്ഡാണെങ്കില്‍ അഞ്ചര മീറ്ററെങ്കിലും ഉയരം വേണം.ആനയെ എന്നും കുളിപ്പിക്കുന്നു എന്ന് ഉറപ്പാക്കണം. അസുഖമോ പരിക്കോ ഗര്‍ഭമോ ഉണ്ടെങ്കില്‍ പാപ്പാന്‍ ഉടമയെ അറിയിക്കണം. ഉടമ മൃഗഡോക്ടറുടെ സഹായം തേടണം. ഇടയ്ക്കിടെ മെഡിക്കല്‍ പരിശോധന നടത്തുകയും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുകയും വേണം. പാപ്പാനെയും രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയനാക്കണം. ആനയിലേക്ക് പകരാനിടയുള്ള രോഗങ്ങള്‍ പാപ്പാനില്ലെന്ന് ഉറപ്പാക്കണം.

ഉത്സവത്തിനും മറ്റും ആനയെ കൊണ്ടുപോകുമ്പോള്‍ സംഘാടകര്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ക്ക് എഴുതിനല്‍കണം. ആന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ സംഘാടകര്‍ പാലിക്കുന്നുണ്ടെന്ന് ഈ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ആനയ്ക്ക് മാരകരോഗങ്ങള്‍ വന്നാല്‍ 24 മണിക്കൂറിനകം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയോ അറിയിക്കണം. മുന്‍കൂട്ടി അനുമതിയില്ലാതെ ആനയ്ക്ക് ഒരുതരത്തിലുമുള്ള വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തരുതെന്നും ചട്ടങ്ങളിലുണ്ട്. മദപ്പാട് കണ്ടാല്‍ ഡോക്ടറെ കാണിക്കണം. ഡോക്ടര്‍ എഴുതിത്തരാതെ മദം തടയാനായി ഒരു മരുന്നും നല്‍കരുത്.മദപ്പാടുള്ളപ്പോള്‍ ആനയെ ഒരു പണിക്കും നിയോഗിക്കരുത്. 12 മാസമോ അതിലേറെയോ ഗര്‍ഭമുള്ള ആനയെ പണിക്ക് നിയോഗിക്കരുത്. അതുപോലെ ആറുമാസത്തില്‍ താഴെ പ്രായമുള്ള പാലുകുടിക്കുന്ന കുട്ടിയുള്ള ആനയെയും അഞ്ചടിയില്‍ താഴെ ഉയരമുള്ള ആനയെയും ജോലിക്ക് നിയോഗിക്കരുതെന്ന് ചട്ടങ്ങളിലുണ്ട്.

നൈലോണ്‍ കയറോ മുള്ളുകളോ കൂര്‍ത്ത ഭാഗങ്ങളോ ഉള്ള ചങ്ങലകളോ ആനയെ പൂട്ടാന്‍ ഉപയോഗിക്കരുത്. ചങ്ങലയുടെ തൂക്കം ആനയുടെ ഭാരത്തിന് അനുസൃതമാകണം. ആനയുടെ ശരീരഭാഗങ്ങളില്‍ പരിക്കോ വേദനയോ ഉണ്ടാക്കാന്‍ ഇടയുള്ളതൊന്നും ചെയ്യാന്‍പാടില്ല. ആന ചരിഞ്ഞാല്‍ 24 മണിക്കുറിനക ംഅധികൃതരെ അറിയിക്കണം. മൃഗഡോക്ടറെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കൊമ്പുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം ചീഫ് വൈല്‍ഡ്് ലൈഫ് വാര്‍ഡനെ അറിയിച്ച് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് വാങ്ങണം.

ആനയ്ക്ക് ഭക്ഷണം നല്‍കുന്നതുസംബന്ധിച്ചും ചട്ടങ്ങളില്‍ പറയുന്നു. ഉയരം അനുസരിച്ച് നല്‍കേണ്ട ഭക്ഷണത്തിന്റെ പട്ടിക ചട്ടങ്ങളിലുണ്ട്. രണ്ടേകാല്‍ മീറ്ററിലേറെ ഉയരമുള്ള വലിയ ആനയ്ക്ക് 250 കിലോ പച്ചത്തീറ്റ നല്‍കണം. കുട്ടിയാന (ഒന്നര മീറ്ററില്‍ കുറവ് ഉയരമുള്ള)യ്ക്ക് 100 കിലോയില്‍ കുറയാതെയും. ചൂടുകാലത്ത് തണുത്ത ഭക്ഷണവും ഉറപ്പാക്കണം. പുഴയില്‍നിന്നോ മറ്റോ വെള്ളവും ഉടമ ലഭ്യമാക്കണം.

ആനയെക്കൊണ്ട് ചുമപ്പിക്കാവുന്ന ഭാരവും പറയുന്നുണ്ട്. ഒന്നരമീറ്റര്‍വരെ ഉയരമുള്ള ആനയെക്കൊണ്ട് ഭാരം എടുപ്പിക്കരുത്. ഒന്നരമീറ്റര്‍മുതല്‍ 1.8 മീറ്റര്‍വരെ പാപ്പാനെയും ഭക്ഷണവും ചുമക്കാം. 2.26 മീറ്റര്‍മുതല്‍ 2.55 മീറ്റര്‍വരെയാണ് ഉയരമെങ്കില്‍ പരമാവധി 300 കിലോ ചുമടെടുപ്പിക്കാം. തടി വലിപ്പിക്കുന്നത് എത്ര കിലോവരെയാകാം എന്നും വ്യവസ്ഥയുണ്ട്. 30 കിലോമീറ്ററില്‍ കൂടുതല്‍ ഒരുദിവസം നടത്തിക്കരുത്. വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ 12 അടിയില്‍ കുറഞ്ഞ നീളമുള്ള ട്രക്കില്‍ മുതിര്‍ന്ന ആനയെ കയറ്റാന്‍പാടില്ല. ആനയുടെ വിരമിക്കല്‍പ്രായം 65 വയസ്സായി ചട്ടത്തില്‍ നിശ്ചയിക്കുന്നു. പിന്നെ ആനയെ സാധാരണ ജോലികളില്‍നിന്ന് ഒഴിവാക്കണം. ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷ ഉടമയ്ക്കു ലഭിക്കും.

ഉത്സവസംഘാടകര്‍ ശ്രദ്ധിക്കേണ്ടത്
ഉത്സവങ്ങളുടെ ഭാഗമായാണ് ആനകള്‍ പലപ്പോഴും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് ഉത്സവത്തിന് ആനയെ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രത്യേക സര്‍ക്കുലറായി വനം വന്യജീവി വകുപ്പ് ഇറക്കാറുണ്ട്. ഏറ്റവും ഒടുവില്‍ 2013 മാര്‍ച്ച് 20ന് ഇറങ്ങിയ സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ:

പകല്‍ 11നും 3.30നും ഇടയിലുള്ള സമയം ആനയെ എഴുന്നള്ളിക്കാന്‍പാടില്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാന്‍ വയ്യാത്ത ഇടങ്ങളില്‍ പന്തല്‍ കെട്ടി തണലൊരുക്കിയും, ഇടയ്ക്ക് കുടിവെള്ളം നല്‍കിയും 11നും 3.30നും ഇടയില്‍ എഴുന്നള്ളിക്കാന്‍ കലക്ടര്‍ക്ക് പ്രത്യേക അനുവാദം നല്‍കാം. ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായ എഴുന്നള്ളിപ്പിന് ഒരേ ആനയെ ഉപയോഗിക്കരുത്. അല്ലെങ്കില്‍ പരമാവധി ഒരുദിവസം രണ്ട് പ്രാവശ്യമായി നാലുമണിക്കൂര്‍വീതം എഴുന്നള്ളിപ്പിക്കാം. രാത്രി എഴുന്നള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേദിവസം പകല്‍ വീണ്ടും എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കരുത്. 2012ല്‍ ഉണ്ടായിരുന്ന പൂരങ്ങളില്‍ മാത്രമേ ഇനി ആനയെ ഉപയോഗിക്കാവൂ. ആനകളുടെ എണ്ണവും കൂട്ടരുത്.

ആനകളില്‍നിന്ന് മൂന്നുമീറ്റര്‍വരെ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാനും സഞ്ചരിക്കാനും പാടുള്ളു. ആനപാപ്പാന്മാര്‍ അല്ലാതെ മറ്റാരും ആനകളെ സ്പര്‍ശിക്കരുത്. പാപ്പാന്മാര്‍ മദ്യപിച്ച് ജോലിചെയ്യാന്‍ അനുവദിക്കരുത്. പൊലീസ് ഉദ്യോഗസ്ഥര്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പാപ്പാന്മാരെ നിര്‍ബന്ധമായും പരിശോധിക്കണം. മദ്യപിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം. ആ ആനയെയും, പാപ്പാനെയും മാറ്റണം. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളിലും ഉത്സവകമ്മിറ്റി 72 മണിക്കൂറിലേക്ക് 25 ലക്ഷം രൂപയ്ക്കെങ്കിലും ഇന്‍ഷുര്‍ ചെയ്യണം. നിര്‍ബന്ധമായും; ആനയെ ഇടച്ചങ്ങല, മുട്ടുചങ്ങല എന്നിവ കൂടാതെ എഴുന്നള്ളിപ്പിന് നിര്‍ത്തരുത്. ഒരേസമയം പതിനഞ്ചില്‍ കൂടുതല്‍ ആനയെ ഉപയോഗിച്ചു നടത്തുന്ന പൂരങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ഉണ്ടോയെന്ന് മോണിറ്ററിങ് കമ്മിറ്റി സാക്ഷ്യപ്പെടുത്തണം. ഒരേസമയം മൂന്നില്‍ കൂടുതല്‍ ആനയെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കരുത്. ഇരുപത്തഞ്ചു വര്‍ഷം മുമ്പ് ആനയോട്ടംപോലുള്ള ചടങ്ങുകള്‍ക്ക് ആനകളെ ഉപയോഗിച്ചിരുന്നിടത്തല്ലാതെ ഒരിടത്തും ഇത്തരം ചടങ്ങുകള്‍ പാടില്ല. പ്രശ്നങ്ങള്‍ സ്ഥിരമായി ഉണ്ടാക്കുന്ന ആനകളുടെ പട്ടിക ജില്ലാ മോണിറ്ററിങ് കമ്മിറ്റി തയ്യാറാക്കണം. ഈ പട്ടികയിലുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്.

പുനര്‍വിവാഹം കഴിച്ചാലും കുട്ടിയെ കൂടെനിര്‍ത്താമോ?

 

വിവാഹമോചന കേസുകളില്‍ കുട്ടി തര്‍ക്കവിഷയമാകുക സാധാരണം. കുട്ടിയെ ഒപ്പംനിര്‍ത്തുന്നതിനെപ്പറ്റി വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത വിധികള്‍ കോടതികളില്‍നിന്ന് ഉണ്ടാകുന്നു. ഇത്തരത്തില്‍ ഇടയ്ക്കിടെ കോടതിയിലെത്തുന്ന ഒരു ചോദ്യമാണ് വിവാഹമോചനത്തിനുശേഷം സ്ത്രീക്ക് സ്വന്തം കുട്ടിയെ ഒപ്പം നിര്‍ത്താന്‍ അവകാശമുണ്ടോ എന്നത്. വിവാഹമോചിതയാകുന്ന പുരുഷന്‍ പുനര്‍വിവാഹം കഴിക്കാതിരിക്കുകയും സ്ത്രീ വിവാഹിതയാകുകയും ചെയ്താല്‍ തര്‍ക്കം മുറുകും. വീണ്ടും വിവാഹംകഴിച്ച സ്ത്രീക്ക് ഇനി കുട്ടിയെ ഒപ്പം നിര്‍ത്താന്‍ അവകാശമില്ലെന്ന വാദം കോടതികളില്‍ ഉയരാറുണ്ട്. ചില കോടതികള്‍ ഇത് ശരിവച്ചിട്ടുമുണ്ട.

എന്നാല്‍ ഇത്തരത്തില്‍ പുനര്‍വിവാഹം അയോഗ്യതയായി കരുതുന്നത് തീര്‍ത്തും തെറ്റാണെന്ന് സുപ്രീം കോടതി സംശയമില്ലാത്ത വിധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2004ജനുവരി 29നുണ്ടായ വിധി ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയം.വിവാഹമോചിതയായ സ്ത്രീപുനര്‍വിവാഹം കഴിച്ചതിന്റെ പേരില്‍ ആദ്യവിവാഹത്തിലെ കുട്ടിയുടെ സംരക്ഷണാവകാശം അവര്‍ക്ക് നിഷേധിക്കരുതെന്ന് ഈ കേസില്‍ സുപ്രീം കോടതിവിധിച്ചു. എന്നാല്‍ വിവാഹമോചിതരാകുന്നദമ്പതികളുടെ കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്നുതീരുമാനിക്കുമ്പോള്‍ എപ്പോഴും അമ്മയ്ക്കൊപ്പംവിടുന്നതാണു നല്ലതെന്ന പൊതുനിഗമനം സ്വീകരിക്കരുതെന്നും കോടതി അതേ വിധിയില്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍കുംബ്ലെയുടെ ഭാര്യ ചേതനാ രാമതീര്‍ഥയ്ക്ക് ആദ്യവിവാഹത്തിലുണ്ടായ കുട്ടിയെ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച കേസിലായിരുന്നു ഈ വിധി. ചേതനയുടെ ആദ്യഭര്‍ത്താവിന്റെ ഹര്‍ജിയാണ് സുപ്രീം കോടതിപരിഗണിച്ചത്. കുമാര്‍ വി ജഹാഗിര്‍ധറാണ് ആദ്യംചേതനയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്. കുട്ടിക്ക് അപ്പോള്‍ ഒമ്പതുവയസ്സുണ്ടായിരുന്നു.ഉഭയസമ്മതപ്രകാരം ഇവര്‍ വിവാഹമോചനം നേടിവേര്‍പിരിഞ്ഞു. ചേതന അതിനുശേഷം അനില്‍ കുംബ്ലെയെവിവാഹംകഴിച്ചു.

കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്നപ്രശ്നം ആദ്യം പരിഗണിച്ചത് ബംഗളൂരുവിലെകുടുംബകോടതിയാണ്. കുംബ്ലെയെപ്പോലെ തിരക്കുള്ള ഒരുക്രിക്കറ്റ് താരത്തെ വിവാഹംകഴിച്ചതിനാല്‍ ചേതനയ്ക്ക് എപ്പോഴും യാത്രയും മറ്റും വേണ്ടിവരുമെന്ന്കുടുംബകോടതി അഭിപ്രായപ്പെട്ടു. ഇത്അച്ഛനില്‍നിന്ന് കുട്ടിയെ അകറ്റാനിടയുണ്ട്. അതിനാല്‍ കുട്ടി അച്ഛനൊപ്പം നില്‍ക്കട്ടെ. എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതല്‍ രാത്രി എട്ടുവരെചേതനയ്ക്ക് കുട്ടിയെ സന്ദര്‍ശിക്കാം. മാസത്തില്‍ രണ്ടു ഞായറാഴ്ച ഒപ്പം കൂട്ടുകയുമാവാം. ഇതായിരുന്നുകുടുംബകോടതി വിധി. ചേതന ഈ വിധിക്കെതിരെഹൈക്കോടതിയിലെത്തി. ഹൈക്കോടതി വിധി മാറ്റി. കുട്ടിയെസ്ഥിരമായി അമ്മയ്ക്കൊപ്പം വിടണമെന്നും അച്ഛനു സന്ദര്‍ശിക്കാന്‍ ശനിയും ഞായറും അവസരം നല്‍കിയാല്‍ മതിയെന്നും വെക്കേഷന്‍കാലത്ത് പകുതിദിവസംവീതം കുട്ടിയെഅച്ഛനും അമ്മയ്ക്കുമൊപ്പം വിടണമെന്നും ഹൈക്കോടതി പറഞ്ഞു.

ഇടയ്ക്കിടെ കേസിലെ കക്ഷികള്‍ ഇരുവരുംകോടതികളിലെത്തി. കുട്ടിയെ ഒപ്പംതാമസിപ്പിക്കുന്നതുസംബന്ധിച്ച് പല ഇടക്കാലഉത്തരവുകളുമുണ്ടായി. ഒരിക്കല്‍ കുംബ്ലെയ്ക്കൊപ്പം ചേതനവിദേശയാത്ര പോയപ്പോള്‍ കോടതിയുടെഅനുമതിയോടെ മകളെ കൊണ്ടുപോവുകയും ചെയ്തു. കുടുംബകോടതിയില്‍ 2002 ഏപ്രില്‍20നാണ് കേസിന് അവസാന തീര്‍പ്പായത്. ഈവിധിയിലാണ് കുട്ടിയെ അച്ഛനൊപ്പം വിടാന്‍നിര്‍ദേശമുണ്ടായത്. സ്റ്റോക്ക് ബ്രോക്കറായ അച്ഛന് കുട്ടിയെകൂടുതല്‍ ശ്രദ്ധിക്കാന്‍കഴിയുമെന്നതും, അയാള്‍ഇപ്പോഴും അവിവാഹിതനായി കഴിയുകയാണെന്നതുമാണ് കുടുംബകോടതി കണ്ട മുഖ്യ ന്യായങ്ങള്‍.

ഈ വിധിക്കെതിരെ ചേതനഹൈക്കോടതിയിലെത്തി. ഹൈക്കോടതി ജഡ്ജിമാര്‍ രണ്ടുവട്ടം കുട്ടിയുമായി സംസാരിച്ചു. അച്ഛനോടോ അമ്മയോടോ അമ്മയുടെ ഇപ്പോഴത്തെഭര്‍ത്താവിനോടോ ഒരു വിരോധവും കുട്ടിപ്രകടിപ്പിച്ചില്ല. ഈ സാഹചര്യത്തില്‍ ഒമ്പതുവയസ്സായ പെണ്‍കുട്ടിയെ, അമ്മയ്ക്കൊപ്പം വിടുന്നതാണ്നല്ലതെന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. വാരാന്തങ്ങളില്‍ അച്ഛന് കുട്ടിയെ കാണുകയുമാവാം. ഈ വിധിക്കെതിരെ കുട്ടിയുടെ അച്ഛനായ കുമാര്‍വി ജഹാഗിര്‍ധര്‍ നല്‍കിയ ഹര്‍ജിയാണ്സുപ്രീം കോടതിയിലെത്തിയത്. കുട്ടിയെ ഒപ്പംതാമസിപ്പിക്കാനുള്ള അവകാശം എപ്പോഴും അമ്മയ്ക്കുമാത്രമുള്ളതാണെന്നും മതിയായ കാരണങ്ങളില്ലാതെഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുകൂടെന്നുമുള്ള ഹൈക്കോടതിവിധിയിലെ നിഗമനത്തെയാണ്ജഹാഗിര്‍ധറിന്റെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തത്.

ഈ തെറ്റായ നിഗമനത്തില്‍ ഊന്നിയാണ്ഹൈക്കോടതി, കുടുംബകോടതി വിധിഅസാധുവാക്കിയതെന്നും വാദമുണ്ടായി. കുട്ടിയുടെക്ഷേമത്തിനായി ജഹാഗിര്‍ധര്‍ സ്വത്തു സമ്പാദിക്കുകയും കുട്ടിയുടെ പേരില്‍ത്തന്നെ പണം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ചേതനയ്ക്കും കുംബ്ലെയ്ക്കുമൊപ്പം സ്ഥിരമായി വിട്ടാല്‍ കുട്ടിയെ അവര്‍ അച്ഛനെതിരെതിരിക്കുമെന്ന് വാദമുണ്ടായി. എന്നാല്‍ ചേതനയുടെ അഭിഭാഷകന്‍ഇതൊക്കെ നിഷേധിച്ചു. കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് എല്ലാ സഹകരണവും നല്‍കുമെന്നും കുട്ടിയോട് തികഞ്ഞ സ്നേഹത്തോടെ പെരുമാറുമെന്നും കുംബ്ലെയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാംപരിഗണിച്ച സുപ്രീം കോടതി കുട്ടിയെ അമ്മയായ ചേതനയ്ക്കൊപ്പം വിടാന്‍ ഉത്തരവായി.

എന്നാല്‍ എപ്പോഴും ഒരു കുട്ടിയെസംരക്ഷിക്കാന്‍ അച്ഛനെക്കാള്‍ അവകാശം അമ്മയ്ക്കാണെന്ന ഹൈക്കോടതിയുടെ പൊതുനിഗമനം സുപ്രീം കോടതി തള്ളിക്കളഞ്ഞു.അത്തരത്തിലുള്ള സാമാന്യവല്‍ക്കരണം ശരിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പക്ഷേ ഈ ഒറ്റക്കാര്യം മാത്രം അടിസ്ഥാനമാക്കിയല്ല ഹൈക്കോടതി വിധി എന്നതിനാലാണ് വിധി തിരുത്താത്തത്. വളരുന്നപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി അച്ഛനൊപ്പംതാമസിക്കുന്നതിലും നല്ലത് അമ്മയ്ക്കൊപ്പം കഴിയുന്നതാണ്. അമ്മയുടെ പുനര്‍വിവാഹം ഇതിന് അയോഗ്യതയാവേണ്ട കാര്യമില്ല. കുട്ടിയെസന്ദര്‍ശിക്കാന്‍ അച്ഛന് അനുമതി നല്‍കിക്കൊണ്ട്അമ്മയ്ക്കൊപ്പം കുട്ടിയെ വിടാനുള്ള ഹൈക്കോടതി വിധി തികച്ചും ന്യായമാണ്- ജസ്റ്റിസ് ശിവരാജ് വി പാട്ടീലും ജസ്റ്റിസ് ഡി എം ധര്‍മാധികാരിയും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

ജോലിക്കിടയിലെ അപകടവും നഷ്ടപരിഹാരവും

ജോലിക്കിടയില്‍ തൊഴിലാളി നേരിടുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള നിയമം  നിലവില്‍വന്നിട്ട് 91 വര്‍ഷം പിന്നിടുന്നു. 1923 ലെ ഈ നിയമം ഇന്നും തൊഴിലാളിക്ക് തുണയാകുന്നുണ്ട്. എന്നാല്‍, നിയമത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കി നഷ്ടപരിഹാരം നല്‍കാതിരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. നിയമത്തിന് തൊഴിലുടമ നല്‍കുന്ന വ്യാഖ്യാനം തള്ളി കോടതി പലപ്പോഴും തൊഴിലാളിയുടെയും കുടുംബത്തിന്റെയും രക്ഷയ്ക്കെത്താറുമുണ്ട്. ഈ വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍നിന്ന് ഒമ്പതു വര്‍ഷം മുമ്പുണ്ടായ വിധി ഇന്നും ഏറെ പ്രസക്തമായി നിലനില്‍ക്കുന്നു.

ജോലിക്കിടയില്‍ തൊഴിലാളി മരിക്കുന്നത് അയാളുടെ അശ്രദ്ധകൊണ്ടാണെങ്കില്‍പ്പോലും നിയമപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ആ വിധി. ചുമടെടുക്കുന്നതിനിടയില്‍ വീണുമരിച്ച ചുമട്ടുതൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസിലായിരുന്നു 2005 ജൂലൈ ഏഴിലെ വിധി. തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഉടമയ്ക്ക് ഒഴിവാകാവുന്ന ചില സാഹചര്യങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തൊഴിലാളി മരിച്ചാല്‍ ഈ വ്യവസ്ഥകള്‍ ബാധകമാകില്ലെന്ന് ജസ്റ്റിസ് ജെ ബി കോശി, ജസ്റ്റിസ് കെ ആര്‍ ഉദയഭാനു എന്നിവരുള്‍പ്പെട്ട ബെഞ്ച് അന്നത്തെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

തലയില്‍ ചുമടുമായി പോകുന്നതിനിടയില്‍ തൊഴിലാളി പെട്ടെന്നു തളര്‍ന്നുവീണു മരിക്കുകയായിരുന്നു. അശ്രദ്ധമായി ചുമട് കൊണ്ടുപോകുമ്പോഴാണ് തൊഴിലാളി മരിച്ചതെന്നായിരുന്നു തൊഴിലുടമയുടെ ഒരു വാദം. ട്രിബ്യൂണലില്‍ കേസ് വന്നു. തൊഴിലിനിടയിലുണ്ടായ അപകടമരണമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. തൊഴിലാളിക്ക് തൊഴിലിനിടയില്‍ അപകടം പറ്റിയാല്‍ തൊഴിലുടമ നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, തൊഴിലാളി മദ്യപിച്ചിരുന്നുവെന്നോ, തൊഴില്‍സുരക്ഷ സംബന്ധിച്ച ലിഖിത വ്യവസ്ഥകള്‍ മനഃപൂര്‍വം ലംഘിച്ചാണ് ജോലിചെയ്തതെന്നോ വന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഈ വ്യവസ്ഥകളും പക്ഷേ തൊഴിലാളിക്ക് പരിക്കേല്‍ക്കുമ്പോള്‍ മാത്രം ബാധകമാവുന്നവയാണ്.

തൊഴിലാളി മരിച്ചാല്‍ നഷ്ടപരിഹാരത്തിന് ഈ വ്യവസ്ഥകള്‍ തടസ്സമല്ല. തൊഴിലാളി മരിച്ചാല്‍ അശ്രദ്ധയോടെയാണ് ജോലിചെയ്തതെന്നത് നഷ്ടപരിഹാരം നല്‍കാന്‍ തടസ്സമാകില്ല. തൊഴിലാളി ഹൃദയാഘാതംമൂലമാണ് മരിച്ചതെന്നും അതിനാല്‍ സ്വാഭാവിക മരണമാണ് ഉണ്ടായതെന്നുമായിരുന്നു തൊഴിലുടമയുടെ മറ്റൊരു വാദം. അപകടമരണമായി ഇതിനെ കണക്കാക്കാനാകില്ലെന്നും വാദമുണ്ടായി. അസുഖംമൂലമുള്ള മരണം അപകടമരണമല്ലെന്ന വാദം കോടതി ശരിവച്ചു. എന്നാല്‍, ഇവിടെ ചുമടുമായി പോയ തൊഴിലാളി തളര്‍ന്നുവീഴുകയും ഹൃദയാഘാതം വന്ന് മരിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെതന്നെ മുന്‍കാല വിധികളുണ്ട്.

ബസ് ഓടിച്ചുപോകുമ്പോള്‍ ഹൃദയാഘാതംമൂലം ഡ്രൈവര്‍ മരിച്ച കേസിലെ വിധി കോടതി ഉദ്ധരിച്ചു. ഇവിടെ തൊഴിലാളി ചുമടുമായി പോകുമ്പോഴാണു വീണത്. ഈ വീഴ്ച നിയമത്തില്‍ നിര്‍വചിക്കുന്ന തരത്തിലുള്ള അപകടംതന്നെയാണ്. തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയായിരുന്നു. അതിനാല്‍ നിയമത്തില്‍ പറയുമ്പോലെ "ജോലിക്കിടയിലും ജോലിമൂലവും (in the course of employment and arising out of employment) ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ്' തൊഴിലാളി മരിച്ചത് എന്നുതന്നെ കണക്കാക്കണം. തൊഴിലാളി താല്‍ക്കാലികക്കാരനാണ് എന്ന  വാദവും തൊഴിലുടമ ഉയര്‍ത്തി. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു വാദം.

എന്നാല്‍, താല്‍ക്കാലികമായുണ്ടായ എന്തെങ്കിലും ജോലിക്ക് നിയോഗിക്കുന്ന തൊഴിലാളിയെ മാത്രമേ നിയമത്തില്‍ താല്‍ക്കാലികക്കാരനായി കാണുന്നുള്ളൂ. തൊഴിലുടമയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നിയമവ്യവസ്ഥയില്‍നിന്ന് വ്യക്തമാണ്- വിധിയില്‍ പറഞ്ഞു. നഷ്ടപരിഹാരത്തുക നിശ്ചയിച്ചതില്‍ നഷ്ടപരിഹാര കമീഷണര്‍ക്ക് പിശകുവന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 1991ലാണ് അപകടം. നിയമത്തില്‍ 2000ല്‍ വന്ന ഭേദഗതി അനുസരിച്ചാണ് തുക കണക്കാക്കിയത്. ഇതു ശരിയല്ല. അപകടം നടന്നപ്പോഴത്തെ വ്യവസ്ഥപ്രകാരമുള്ള നഷ്ടപരിഹാരത്തിനേ അര്‍ഹതയുള്ളൂ. അതിനാല്‍ നഷ്ടപരിഹാരമായി നിശ്ചയിച്ച 1,32,822 രൂപ 88,548 രൂപയായി കോടതി കുറവുചെയ്തു. അപകടം നടന്ന തീയതിമുതല്‍ തുക നിക്ഷേപിച്ച ദിവസംവരെയുള്ള കാലത്തേക്ക് 12 ശതമാനം പലിശ നല്‍കാനും വിധിയില്‍ പറഞ്ഞു.

അപകടം ട്രെയിനില്‍ കയറുമ്പോഴാണെങ്കിലും നഷ്ടപരിഹാരം നല്‍കണം

ട്രെയിനില്‍നിന്ന് ഒരാള്‍ വീണത് അയാളുടെ കുറ്റംകൊണ്ടാണോ എന്നൊക്കെ പരിശോധിച്ചുമാത്രം നഷ്ടപരിഹാരം നല്‍കിയിരുന്ന റെയില്‍വേയുടെ നിയമവ്യാഖ്യാനങ്ങള്‍ക്ക് അന്ത്യംകുറിച്ച സുപ്രീംകോടതി വിധിക്ക് ഇടയാക്കിയത് കേരളത്തില്‍നിന്നുള്ള കേസാണ്.

1996 മേയ് 23ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍ മരിച്ച അബ്ജയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസിലായിരുന്നു ജസ്റ്റിസ് എച്ച് കെ സേമ, ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ഒരാള്‍ ട്രെയിനില്‍നിന്നു വീണുമരിക്കുകയോ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുകയോ ചെയ്താല്‍ അതിന് നഷ്ടപരിഹാരം നല്‍കുന്നതിന് യാത്രക്കാരന്റെ ഭാഗത്ത് കുറ്റമുണ്ടോ എന്ന് നോക്കേണ്ടതില്ലെന്ന് സുപ്രീം കോടതി അന്ന് വിധിയില്‍ പറഞ്ഞു.

""റെയില്‍വേ അപകടങ്ങളില്‍ പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിയമം ഒരു ക്ഷേമനിയമമാണ്. ഇതിന്റെ വ്യാഖ്യാനം അക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാകണ''മെന്നും കോടതി ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ചില്‍ അബ്ജയുടെ ഭര്‍ത്താവും അമ്മയും മകനും ചേര്‍ന്ന് ഹര്‍ജി നല്‍കിയിരുന്നു. ട്രിബ്യൂണല്‍ കേസ് തള്ളി. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ കോടതി അനുവദിച്ചു. രണ്ടുലക്ഷം രൂപയും അത് കൊടുക്കുന്ന തീയതിവരെ 12% പലിശയും നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ റെയില്‍വേ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

അബ്ജ നിയമാനുസൃതമുള്ള യാത്രക്കാരിയായിരുന്നു എന്ന കാര്യത്തില്‍ റെയില്‍വേയ്ക്ക് തര്‍ക്കമില്ല. അവരുടെ കൈയില്‍ സീസണ്‍ ടിക്കറ്റും ഐഡന്റിറ്റി കാര്‍ഡും ഉണ്ടായിരുന്നു. അപകടത്തിലേറ്റ പരിക്കുകളാണ് മരണത്തിനിടയാക്കിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്. ട്രാക്കിലേക്കു വീണ അബ്ജയ്ക്കുമേല്‍ പരശുരാം എക്സ്പ്രസ് കയറുകയായിരുന്നു.

കേസിലെ ഒരു സാക്ഷി അപകടംസംബന്ധിച്ച് ട്രിബ്യൂണലില്‍ മൊഴി നല്‍കി. ട്രെയില്‍ ഓടുമ്പോള്‍ കമ്പാര്‍ട്ട്മെന്റില്‍നിന്ന് ഒരു സ്ത്രീ വീഴുന്നതു കണ്ടതായും പിന്നീട് മരിച്ചുകിടക്കുന്നത് കണ്ടതായും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഈ മൊഴി വിശ്വസിച്ചില്ല. സ്ഥലത്തുണ്ടായിരുന്നെങ്കില്‍ മൃതദേഹം നീക്കാന്‍ സാക്ഷി സഹായിക്കേണ്ടതായിരുന്നുവെന്നും പൊലീസിന്റെ സാക്ഷിപ്പട്ടികയില്‍ വരുമായിരുന്നു എന്നുമൊക്കെയായിരുന്നു ട്രിബ്യൂണലിന്റെ നിലപാട്. എന്നാല്‍ സുപ്രീം കോടതി ഈ അഭിപ്രായം തള്ളി. നന്നായി തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാവരുടെയും മൊഴി പൊലീസ് എടുക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്റ്റേഷന്‍മാസ്റ്ററുടെ മൊഴി മറ്റുതരത്തിലായിരുന്നു. ഓടുന്ന വണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അബ്ജ വീണതെന്നായിരുന്നു ഈ മൊഴി.

റെയില്‍വേ ആക്ടിലെ "അനിഷ്ടസംഭവം' (untoward incident) എന്ന നിര്‍വചനത്തില്‍ ഈ അപകടം വരില്ലെന്നും നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് നിയമത്തിലെ നിര്‍വചനപ്രകാരം അനിഷ്ടസംഭവമാണെന്നും ട്രെയിനില്‍നിന്ന് വീണുമരിച്ചാല്‍ നല്‍കേണ്ട നഷ്ടപരിഹാരം ഈ കേസില്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം റെയില്‍വേ സുപ്രീം കോടതിയില്‍ ചോദ്യംചെയ്തു.

എന്നാല്‍ ട്രെയിനില്‍ കയറുമ്പോഴാണോ വീണത്, ട്രെയിനുള്ളില്‍നിന്നാണോ വീണത് എന്നതിന് നിയമപരമായി പ്രസക്തിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. രണ്ടുതരത്തിലാണെങ്കിലും നിയമത്തില്‍ പറയുന്നതുപോലെ ട്രെയിനില്‍നിന്നുള്ള വീഴ്ചതന്നെയാണ്. അവിടെ വീണയാളുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് നോക്കേണ്ടതില്ല. സാങ്കേതികമായി വ്യാഖ്യാനത്തിനു സാധ്യതകളുണ്ട്. പക്ഷേ റെയില്‍വേ നിയമത്തിലെ നഷ്ടപരിഹാര വ്യവസ്ഥ സഹായം നല്‍കാനുള്ള വ്യവസ്ഥയാണ്. അത് വ്യാഖ്യാനിക്കുമ്പോള്‍ നിയമത്തിന്റെ ലക്ഷ്യത്തിനാണ് മുഖ്യപരിഗണന നല്‍കേണ്ടത്. ക്ഷേമം കിട്ടേണ്ടയാളിന് അനുകൂലമായ വ്യാഖ്യാനംതന്നെയാണ് പരിഗണിക്കേണ്ടത്- സമാനമായ കേസുകളിലെ വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.

അഞ്ചുതരത്തിലുള്ള അപകടങ്ങള്‍ നഷ്ടപരിഹാരത്തിന്റെ പരിധിയില്‍ വരില്ലെന്ന് നിയമത്തിലുണ്ട്. ആത്മഹത്യാശ്രമം, സ്വയം ഏല്‍പ്പിക്കുന്ന പരിക്ക്, സ്വയം ഏര്‍പ്പെടുന്ന ക്രിമിനല്‍ കുറ്റംമൂലമുള്ള പരിക്ക്, മദ്യപിച്ച അവസ്ഥയിലോ ബുദ്ധിസ്ഥിരത ഇല്ലാതെയോ ചെയ്യുന്ന പ്രവൃത്തിമൂലമുള്ള പരിക്ക്, അപകടത്തിലുണ്ടായ പരിക്കുമൂലമല്ലാതെ മറ്റ് അസുഖങ്ങളാല്‍ ഉണ്ടാകുന്ന മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം കിട്ടില്ല. അബ്ജയുടെ കേസില്‍ അതൊന്നും ബാധകമല്ല. അതുകൊണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. റെയില്‍വേയുടെ അപ്പീല്‍ തള്ളുകയാണെന്ന് കോടതി വിധിച്ചു. 2008 മേയ് അഞ്ചിനായിരുന്നു ഈ വിധി.

ഈ വിധി മറികടക്കാന്‍കൂടി കൊണ്ടുവരുന്നതാണ് ഇപ്പോള്‍ ലോക്സഭ പരിഗണിക്കുന്ന ബില്‍ ((The Railways (Amendment) Bill, 2014 ) ബില്ലില്‍ അപകടത്തിന്റെ നിര്‍വചനം മാറ്റുകയാണ്. "വീണുണ്ടാകുന്ന അപകട'ങ്ങളുടെ നിര്‍വചനത്തില്‍നിന്ന് ഒരു ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ ഉള്ള വീഴ്ച, ഡോറിനരികല്‍ നില്‍ക്കുന്നതുമൂലമുള്ള അപകടം, ട്രെയിനിന്റെ ഫുട്ബോര്‍ഡിലോ മുകളിലോ യാത്രചെയ്യുമ്പോഴുണ്ടാകുന്ന അപകടം എന്നിവയെ ഒഴിവാക്കി 1989ലെ റെയില്‍വേ ആക്ട് ഭേദഗതിചെയ്യാനാണ് പുതിയ ബില്‍

ബില്‍ നിയമമായാല്‍ പല അപകടങ്ങളിലും നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് റെയില്‍വേ ഒഴിയുന്ന സ്ഥിതിവരുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വീഴ്ച അശ്രദ്ധമൂലമല്ലെന്ന് തെളിയിക്കേണ്ട ബാധ്യത യാത്രക്കാരന്റെ മേലാകും. മറ്റ് ഗതാഗതനിയമങ്ങളില്‍നിന്നു വ്യത്യസ്തമാകും ഇത്. ബില്‍ പരിശോധിച്ച പാര്‍ലമെന്റ് സമിതി ഇത് ചൂണ്ടിക്കാട്ടിയിരുന്നു.

ജനതീയതി: ആധികാരികം സ്കൂള്‍ രേഖയും ജനസര്‍ട്ടിഫിക്കറ്റും

 

വയസ്സിനു തെളിവാകുന്ന രേഖ ഏതെന്ന തര്‍ക്കം കോടതിയിലെത്തുക പതിവാണ്. ജോലിയുള്ളവരുടെ വിരമിക്കല്‍ തീയതി സംബന്ധമായ തര്‍ക്കങ്ങളും ക്രിമിനല്‍ക്കേസിലെ പ്രതികളുടെ പ്രായവുമാണ് മിക്കപ്പോഴും തര്‍ക്കവിഷയമാകുക. വിരമിക്കാന്‍ തീയതി അടുക്കുമ്പോള്‍ "തന്റെ ജനത്തീയതി ഇതല്ല; മറ്റൊന്നാ'ണെന്നു വാദിച്ച് ചിലര്‍ കോടതിയിലെത്തും. ചിലപ്പോള്‍ ഒരു കേസിലെ കക്ഷിക്ക് പ്രായപൂര്‍ത്തിയായെന്നും ഇല്ലെന്നുമുള്ള തര്‍ക്കമാകും കോടതിക്ക് പരിഗണിക്കേണ്ടിവരിക. ഇത്തരം തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ വയസ്സുതെളിയിക്കുന്ന രേഖകള്‍തന്നെ വേണം. എന്നാല്‍, ഈ രേഖകള്‍ ഏതൊക്കെയാകാം എന്ന ചോദ്യവും കോടതിക്കുതന്നെ തീര്‍പ്പാക്കേണ്ടിവരും. മതസ്ഥാപനത്തിലെ കത്തുമുതല്‍ ജാതകംവരെ ആധികാരിക രേഖയായി പരിഗണിക്കണമെന്ന ആവശ്യവുമായി കക്ഷികളെത്തും.

സ്കൂള്‍സര്‍ട്ടിഫിക്കറ്റിലെ വയസ്സ് ഒന്ന്, ജാതകത്തില്‍ മറ്റൊന്ന്, തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഇനിയൊന്ന്... ഇങ്ങനെയാകും ചിലപ്പോള്‍ സ്ഥിതി. കക്ഷിയുടെ താല്‍പ്പര്യത്തിനുസരിച്ച് ഇതില്‍ ഓരോന്നും ആധികാരികമാണെന്ന് വാദം ഉയരും. ഒട്ടേറെ കേസില്‍ സുപ്രീംകോടതി ഈ പ്രശ്നം തീര്‍പ്പാക്കിയിട്ടുണ്ട്.

പല കേസിലെ വിധികളിലൂടെ ഏതൊക്കെ രേഖകള്‍ വയസ്സു തെളിയിക്കാന്‍ ആധാരമാക്കാം എന്നതിന് ഇന്ന് വ്യക്തതയുണ്ട്

ജന-മരണ രജിസ്ട്രേഷന്‍ നിര്‍ബന്ധിതവും വ്യാപകവും ആയതോടെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നു നല്‍കുന്ന ജനസര്‍ട്ടിഫിക്കറ്റാണ് ജനത്തീയതിക്കായി മുഖ്യമായും ആധാരമാക്കുന്നത്.

പാസ്പോര്‍ട്ടിന് അപേക്ഷിക്കാനാണെങ്കില്‍, ഇപ്പോള്‍ 25 വയസ്സ് കഴിഞ്ഞവര്‍ക്ക് വയസ്സുതെളിയിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ്തന്നെ രേഖയായി ഹാജരാക്കണം. 1989 ജനുവരി 26നോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ടിന് പ്രായം തെളിയിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള ജനസര്‍ട്ടിഫിക്കറ്റ്തന്നെ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലൂടെ വ്യവസ്ഥചെയ്തിരിക്കുന്നതിനാലാണിത്. ഈ സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര്, അച്ഛന്റെയും അമ്മയുടെയും പേര്, ജനസ്ഥലം, ലിംഗം, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ തീയതി എന്നിവയും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകണമെന്ന് പാസ്പോര്‍ട്ട് ചട്ടങ്ങളിലുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് ഇല്ലെങ്കില്‍ പേര് വെള്ളക്കടലാസില്‍ എഴുതി അച്ഛനും അമ്മയും ഒപ്പിട്ട് അപേക്ഷയ്ക്കൊപ്പം നല്‍കണം.

1989 ജനുവരി 26നുമുമ്പ് ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ടിന് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. സ്കൂള്‍രേഖകള്‍ ആധാരമാക്കാം. വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവര്‍ (അഞ്ചാം ക്ലാസ്സിനു താഴെ മാത്രം പഠിച്ചവര്‍) മജിസ്ട്രേട്ട് സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നല്‍കണം.കുട്ടികള്‍ പ്രതികളാകുന്ന കേസില്‍ പക്ഷേ സ്കൂള്‍ രേഖയ്ക്കുതന്നെയാണ് കോടതി മുന്‍ഗണന നല്‍കുന്നത്. 2012ല്‍ മധ്യപ്രദേശില്‍നിന്നുള്ള ഒരു കേസില്‍ (Aswanikumar Saxena vs. State of M.P) സുപ്രീംകോടതി ഇക്കാര്യം വിശദമാക്കുന്നു. കേസില്‍ ഉള്‍പ്പെട്ട കുട്ടിയുടെ പ്രായം തര്‍ക്കമായാല്‍ കോടതിക്ക് വയസ്സു നിര്‍ണയിക്കാന്‍ അന്വേഷണം(Age determination enquiry)  നടത്താമെന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ പറയുന്നുണ്ട്. ഇത് എങ്ങനെ വേണമെന്നാണ് ജ. കെ എസ് രാധാകൃഷ്ണനും ജ. മദന്‍ ബി ലോക്കൂറും ഉള്‍പ്പെട്ട ബെഞ്ച് പറയുന്നത്.""കോടതിക്ക് തെളിവുകള്‍ തേടാം എന്ന് ചട്ടങ്ങളില്‍ പറയുന്നുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ സര്‍ട്ടിഫിക്കറ്റോ ലഭ്യമാണോ എന്നു നോക്കാം. ഇതില്ലെങ്കില്‍ മാത്രം ആദ്യം പഠിച്ച സ്കൂളില്‍നിന്ന് ജനത്തീയതി സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാം.

എന്നാല്‍, ഇത് പ്ലേ സ്കൂള്‍ ആകരുത്. ഈ രണ്ടുതരത്തിലുമുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടാനില്ലെങ്കില്‍ തദ്ദേശ സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനെ ആശ്രയിക്കാം. സര്‍ട്ടിഫിക്കറ്റ്തന്നെ വേണം. സര്‍ട്ടിഫിക്കറ്റിന്റെ ഉള്ളടക്കം ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം പോര. ഇതൊന്നും കിട്ടാനില്ലെങ്കില്‍ മാത്രം മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായത്തിന് കേസ് വിട്ടാല്‍ മതി. ഇതിലൊന്നും നിര്‍ണയിക്കാനാകുന്നില്ലെങ്കില്‍ ആവശ്യമെന്നു തോന്നിയാല്‍ കുട്ടിക്ക് സഹായകരമാകുന്ന വിധം കുട്ടിയുടെ പ്രായം ഒരുവര്‍ഷംവരെ കുറവുള്ളതായി കണക്കാക്കി കേസ് തീര്‍പ്പാക്കാം. ഇതിനുള്ള കാരണവും രേഖപ്പെടുത്തണം''- വിധിയില്‍ പറയുന്നു.ആദ്യം പഠിക്കാന്‍ ചേര്‍ന്ന സ്കൂളിലെ രേഖ കൂടുതല്‍ ആധികാരികമാണെന്ന് കോടതി പറയുന്നുണ്ട്. പില്‍ക്കാലത്ത് കുട്ടി കേസില്‍പ്പെടാനിടയുണ്ടെന്നു കരുതി പണ്ടേതന്നെ തെറ്റായ വയസ്സു രേഖപ്പെടുത്താനിടയില്ലല്ലോ എന്ന് കോടതി പറയുന്നു.വയസ്സുതര്‍ക്കങ്ങളില്‍ തെളിവായി ജാതകവുമായി വരുന്നവര്‍ക്ക് അനുകൂല വിധി കിട്ടുന്ന പതിവില്ല.

2005(State of Punjab vs. Mohinder Singh)  ലും 2011 (Registrar General, High Court of Madras vs. M Manickam and others)  ലും പ്രധാന വിധികള്‍ ഉണ്ടായിട്ടുണ്ട്. രണ്ടുതവണയും സുപ്രീം കോടതി ഒരുകാര്യം തീര്‍ത്തുപറഞ്ഞു: ജാതകം ഒരു ദുര്‍ബല തെളിവാണ്. സ്കൂള്‍രേഖയ്ക്കു പകരം അത് ജനത്തീയതിക്ക് തെളിവായി പരിഗണിക്കാനാവില്ല. സ്കൂള്‍ രജിസ്റ്ററിലെ വിവരങ്ങള്‍തന്നെയാണ് വയസ്സു തീരുമാനിക്കാനുള്ള ആധികാരിക രേഖ. മറ്റൊരു തെളിവും ലഭ്യമല്ലാത്തപ്പോള്‍ മാത്രമേ ജാതകം പ്രായനിര്‍ണയത്തിനു പരിഗണിക്കാന്‍ പാടുള്ളൂ. അപ്പോള്‍പോലും ഇതിന്റെ ആധികാരികത തെളിയിക്കപ്പെടണം-സുപ്രീം കോടതി വ്യക്തമാക്കി.

ഗര്‍ഭച്ഛിദ്ര നിയമം

സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന വന്ധ്യംകരണ ശസ്ത്രക്രിയപോലും കൂട്ടമരണത്തിനിടയാക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ വരുത്തുന്ന മാറ്റം ഏറെ ചര്‍ച്ചചെയ്യപ്പെട്ടേക്കും.

ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ത്തന്നെ ഭേദഗതിബില്‍ അവതരിപ്പിക്കാനാണ് നീക്കം. 1971ലെ നിയമം (The Medical Termination of Pregnancy Act)- ഇതിനായി ഭേദഗതി ചെയ്യുകയാണ്. പുതിയ നിയമത്തിന്റെ കരട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ചു. നവംബര്‍ 10 വരെ കരടിനെപ്പറ്റി അഭിപ്രായം അറിയിക്കാന്‍ സമയം നല്‍കി. ചില മാറ്റങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നിരുന്നു. അന്തിമമായി പാര്‍ലമെന്റില്‍ എത്തുന്ന ബില്ലില്‍ എതിര്‍പ്പ് മാനിച്ചുള്ള മാറ്റങ്ങള്‍ വരുത്തുമോ എന്നത് അറിയേണ്ടിയിരിക്കുന്നു.ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും സ്ത്രീക്ക് പൂര്‍ണ അവകാശമുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രത്തിന് അനിയന്ത്രിതമായ അവകാശം നിലവിലെ നിയമത്തില്‍ സ്ത്രീക്കില്ല.

ഡോക്ടര്‍മാര്‍ (Medical Practitioners)ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്നാണ് നിയമം പറയുന്നത്. ഡോക്ടര്‍മാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ടില്‍ പറയുന്ന യോഗ്യതയുള്ളവരെയാണെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. അതായത്, ആധുനിക വൈദ്യശാസ്ത്രത്തില്‍ (അലോപ്പതി) ബിരുദമുള്ളവര്‍ക്കേ ഗര്‍ഭച്ഛിദ്രം നടത്താനാകൂ. അവര്‍തന്നെ ഗൈനക്കോളജിയിലും ഒബ്സ്ട്രക്ടോളജിയിലും പരിശീലനം നേടിയവരാകണമെന്നും പറയുന്നു. ഇവിടെയാണ് കാതലായ മാറ്റം ഭേദഗതിയിലൂടെ വരുത്തുന്നത്.

ഡോക്ടര്‍മാര്‍ (Medical Practitioners) എന്നതിനുപകരം ആരോഗ്യ സേവനദാതാക്കള്‍ (Health Care Providers) എന്നാണ് ഭേദഗതിനിയമത്തിലെ വാക്ക്. ഇതിന്റെ നിര്‍വചനത്തില്‍ അലോപ്പതിക്കു പുറമെ ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ എന്നീ ശാഖകളിലെ രജിസ്റ്റര്‍ചെയ്ത ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി. ഇതുകൂടാതെ യോഗ്യതയുള്ള മിഡ്വൈഫ്, നേഴ്സ് എന്നിവരെയും ആരോഗ്യ സേവനദാതാക്കളുടെ നിര്‍വചനത്തില്‍ പെടുത്തുന്നു. നിയമം പാസായാല്‍ ഇവര്‍ക്കും ഗര്‍ഭച്ഛിദ്രം നടത്താം. അതുപോലെ നിലവില്‍ ആശുപത്രികളിലേ ഗര്‍ഭച്ഛിദ്രം നടത്താവൂ. ഭേദഗതിയില്‍ അതും മാറ്റുന്നു.ഈ വ്യവസ്ഥകളാണ് ഏറ്റവും എതിര്‍പ്പിന് ഇടയാക്കുന്നത്. കേരളത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തും ദേശീയതലത്തില്‍ ഐഎംഎ അടക്കമുള്ള വിവിധ ആരോഗ്യസംഘടനകളും ഈ നീക്കത്തിനെതിരെ രംഗത്തുണ്ട്.

വ്യാജ നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രകര്‍ക്ക് അവസരം ലഭിക്കാനേ ഇത് ഉപകരിക്കൂ എന്ന് പരിഷത്ത് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ പെണ്‍ഭ്രൂണഹത്യാനിരക്ക് ഉയരാനും ഇത് ഇടയാക്കുമെന്ന് സംഘടന പറയുന്നു. നിയമത്തിലെ മറ്റൊരു പ്രധാന മാറ്റം ഗര്‍ഭച്ഛിദ്രം അനുവദനീയമായ കാലയളവാണ്. നിലവിലെ നിയമപ്രകാരം ഒരു സാഹചര്യത്തിലും 20 ആഴ്ച കഴിഞ്ഞ ഭ്രൂണം അലസിപ്പിക്കാന്‍പാടില്ല.

എന്നാല്‍, ഭേദഗതിപ്രകാരം കാലാവധി 24 ആഴ്ചയാകും. ഈ വ്യവസ്ഥ പരക്കെ സ്വാഗതംചെയ്യപ്പെട്ടിട്ടുണ്ട്. ഗര്‍ഭച്ഛിദ്രം അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ പറയുന്നതിങ്ങനെ:ഗര്‍ഭം തുടര്‍ന്നാല്‍ അത് സ്ത്രീയുടെ ജീവന് അപകടമുണ്ടാകുമെന്ന് ഉത്തമവിശ്വാസം ഉണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രമാകാം. ഗര്‍ഭിണിയുടെ മാനസിക-ശാരീരിക ആരോഗ്യത്തെ അത് ഗുരുതരമായി ബാധിക്കുമെന്നുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രം നടത്താം.ജനിക്കുന്ന കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ വൈകല്യം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രം നിയമപരമാണ്.ബലാത്സംഗത്തിലൂടെ ഗര്‍ഭധാരണം ഉണ്ടായാല്‍ അത് ഒഴിവാക്കുന്നതിന് ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നുണ്ട്.

സന്താനിയന്ത്രണ സംവിധാനം ഉപയോഗിച്ചതിന്റെ തകരാറുമൂലമുള്ള ഗര്‍ഭവും അലസിപ്പിക്കാം.പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്തണമെങ്കില്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം വേണം. 18 വയസ്സില്‍ കൂടുതലുണ്ടെങ്കിലും മാനസികവൈകല്യമുള്ള സ്ത്രീയാണെങ്കിലും രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. എല്ലായ്പ്പോഴും ഗര്‍ഭച്ഛിദ്രത്തിന് സ്ത്രീയുടെ അനുമതി രേഖാമൂലംതന്നെ വേണം. ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ല. പന്ത്രണ്ട് ആഴ്ചയില്‍ കുറവാണ് ഗര്‍ഭകാലമെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരു ഡോക്ടര്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താം. എന്നാല്‍, 12 മുതല്‍ 24 ആഴ്ചവരെയായ ഗര്‍ഭമാണെങ്കില്‍ രണ്ടു ഡോക്ടര്‍മാര്‍ ഒരേ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം നിയമപരമാകൂ. നിയമപരമല്ലാത്ത ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

24 ആഴ്ചയും നികിത കേസും

ഗര്‍ഭച്ഛിദ്രത്തിനുള്ള അനുവദനീയ കാലാവധി 24 ആഴ്ചയാക്കുന്ന നിയമഭേദഗതിക്ക് മുംബൈ ഹൈക്കോടതിയില്‍ നടന്ന നിയമപോരാട്ടത്തിന്റെ പിന്‍ചരിത്രമുണ്ട്.ഹൃദയത്തകരാറുണ്ടെന്നു കരുതുന്ന കുഞ്ഞിനെ ഗര്‍ഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ അനുമതി തേടിയ മുംബൈയിലെ നികിതയുടെയും ഭര്‍ത്താവ് ഹരേഷ് മേത്തയുടെയും ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയത് 24 ആഴ്ചയായതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാനാകില്ലെന്ന കാരണത്താലായിരുന്നു. നിയമം 20 ആഴ്ചവരെയേ അനുവദിക്കുന്നുള്ളൂ എന്ന ന്യായം കോടതി ചൂണ്ടിക്കാട്ടി.

2008 ആഗസ്ത് നാലിനാണ് നികിതയുടെ ആവശ്യം കോടതി തള്ളിയത്. എന്നാല്‍, 10 ദിവസത്തിനുശേഷം സ്വാഭാവികമായ ഗര്‍ഭച്ഛിദ്രമുണ്ടായി. നികിതയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതുമില്ല. ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ സ്ത്രീക്ക് സ്വയം തീരുമാനിക്കാന്‍ കൂടുതല്‍ അവകാശം നല്‍കേണ്ടതല്ലേ എന്ന ചോദ്യം ഉയര്‍ത്തിയ ഈ സംഭവത്തെത്തുടര്‍ന്ന് കാലാവധി ഉയര്‍ത്തണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നു.

ജോലിയിലിരിക്കെ വൈകല്യം വന്നാല്‍

തൊഴിലിനിടയില്‍ ഒരാള്‍ക്ക് ശാരീരികവൈകല്യം ഉണ്ടായാല്‍ അയാളെ ആ കാരണം പറഞ്ഞ് പിരിച്ചുവിടാമോ?. പലപ്പോഴും കോടതികള്‍ക്കുമുന്നില്‍ ഈ ചോദ്യമെത്തും. 2008ല്‍ ഭഗവാന്‍ദാസ് ആന്‍ഡ് അനദര്‍ വേഴ്സസ് പഞ്ചാബ് ഇലക്ട്രിസിറ്റി ബോര്‍ഡ് കേസി (Bhagwan Dass and another Vs.Punjab State Electricity Board) ല്‍ സുപ്രീം കോടതിയില്‍നിന്നുണ്ടായ വിധി ഇത്തരം കേസുകളില്‍ വഴികാട്ടിയാണ്. ശാരീരിക അവശതയുള്ളവരുടെ സംരക്ഷണത്തിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ എന്തുചെയ്യണമെന്ന് കോടതി ആ വിധിയില്‍ വ്യക്തമാക്കുന്നു. ജോലിയിലിരിക്കെ ഉണ്ടായ വൈകല്യത്തിന്റെ പേരില്‍ പിരിച്ചുവിടരുതെന്ന താക്കീത് ആ വിധിയിലൂടെ കോടതി തൊഴിലുടമകള്‍ക്കു നല്‍കുന്നു.ജോലിക്കിടെ കാഴ്ച നഷ്ടപ്പെട്ട ലൈന്‍മാനെ പിരിച്ചുവിട്ട പഞ്ചാബ് സംസ്ഥാന വൈദ്യുതിബോര്‍ഡിനെതിരെയായിരുന്നു ആ വിധി.

ഇത്തരത്തില്‍ വൈകല്യങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമംതന്നെ നിലനില്‍ക്കെയാണ് ബോര്‍ഡ് ഒരു തൊഴിലാളിയോട് ക്രൂരമായി പെരുമാറിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.""ഏതെങ്കിലും സാഹചര്യത്തില്‍ നിര്‍ഭാഗ്യത്തിനിരയായി വൈകല്യം പേറേണ്ടിവരുന്നവരോട് നല്ല ആരോഗ്യത്തോടെ ജീവിക്കുന്ന നമ്മളില്‍ ചിലര്‍ സ്വീകരിക്കുന്ന ഉദാസീനവും കരുണയില്ലാത്തതുമായ സമീപനമാണിവിടെ പ്രകടമാകുന്നത്''- ജസ്റ്റിസ് ജി പി മാത്തൂരും ജസ്റ്റിസ് അഫ്ത്താബ് അലാമും ഉള്‍പ്പെട്ട ബെഞ്ച് 2008 ജനുവരി നാലിന്റെ വിധിയില്‍ പറഞ്ഞു.1981 മുതല്‍ ബോര്‍ഡിന്റെ കീഴില്‍ അസിസ്റ്റന്റ് ലൈന്‍മാനായി ജോലിചെയ്ത ഭഗവാന്‍ ദാസിന്റെ ഹര്‍ജിയാണ് കോടതിയിലെത്തിയത്. സര്‍വീസിലിരിക്കെ 1994ല്‍ ഭഗവാന്‍ ദാസിന് കാഴ്ച പൂര്‍ണമായി നഷ്ടമായി. ഒരു ജീവനക്കാരന് ഇത്തരത്തില്‍ സംഭവിച്ചാല്‍ എന്തുചെയ്യണമെന്ന് ശാരീരിക അവശതയുള്ളവരുടെ സംരക്ഷണത്തിനായുള്ള 1995ലെ നിയമ Disabilities (Equal Opportunities, Protection of Rights and Full Participation) Act)ത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നിയമത്തിന്റെ 47-ാം വകുപ്പില്‍ ഇക്കാര്യമുണ്ട്. സര്‍വീസിലിരിക്കെ അംഗവൈകല്യം നേരിടുന്ന ഒരു ജീവനക്കാരനെ പറഞ്ഞയക്കുകയോ തരംതാഴ്ത്തുകയോ ചെയ്യാന്‍പാടില്ല.

ഇപ്പോഴത്തെ തസ്തികയില്‍ ജോലിചെയ്യാനാകില്ലെങ്കില്‍ മറ്റേതെങ്കിലും തസ്തികയിലേക്ക് മാറ്റണം. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറയ്ക്കാനും പാടില്ല. പറ്റിയ തസ്തിക ഇല്ലെങ്കില്‍ അത്തരമൊരു തസ്തിക ഉണ്ടാകുന്നതുവരെ അയാളെ അധിക തസ്തികയില്‍ നിലനിര്‍ത്തണം. വൈകല്യത്തിന്റെ പേരില്‍ മാത്രം സ്ഥാനക്കയറ്റം നിഷേധിക്കരുതെന്നും നിയമം പറയുന്നു. നിയമത്തിലെ ഈ വ്യവസ്ഥകള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുമ്പും വന്ന കാര്യവും വിധിയില്‍ ചൂണ്ടിക്കാട്ടി. ജോലിയിലിരിക്കെ അംഗവൈകല്യം നേരിടുന്നയാളെ സംരക്ഷിക്കാനാണ് നിയമത്തിലെ ഈ വ്യവസ്ഥ. അതു ചെയ്യാതിരുന്നാല്‍ അയാളോടും അയാളെ ആശ്രയിച്ചു ജീവിക്കുന്നവരോടും ചെയ്യുന്ന അനീതിയാകും. നിര്‍ബന്ധമായും നടപ്പാക്കേണ്ടതാണ് ഈ വ്യവസ്ഥയെന്നും നിയമത്തിലെ വാക്കുകള്‍ വ്യക്തമാക്കുന്നുവെന്നും കോടതി മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1996ലാണ് നിയമം നടപ്പായത്. പഞ്ചാബ് വൈദ്യുതി ബോര്‍ഡും ഈ നിയമം അവരുടെ ജീവനക്കാര്‍ക്കു ബാധകമാക്കി ഉത്തരവിറക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നശേഷമാണ് ഭഗവന്‍ ദാസിനെ ബോര്‍ഡ് സര്‍വീസില്‍നിന്ന് ഒഴിവാക്കിയത്. ഇതിന് ബോര്‍ഡ് പറയുന്ന കാരണങ്ങള്‍ കോടതി പരിശോധിച്ചു.ഭഗവന്‍ ദാസ് അസുഖബാധിതനായ ശേഷം കുറേനാള്‍ അനധികൃതമായി ജോലിക്കു വന്നില്ലെന്ന് ബോര്‍ഡ് പറയുന്നു. ഇതിന് വിശദീകരണം തേടി ബോര്‍ഡ് നോട്ടീസ് അയച്ചു.

ഇതിനു നല്‍കിയ മറുപടിയില്‍ തന്നെ പിരിച്ചയച്ച് ഭാര്യക്ക് ജോലി നല്‍കണമെന്ന് ഭഗവന്‍ ദാസ് അഭ്യര്‍ഥിച്ചെന്നും അതുകൊണ്ട് പിരിയാന്‍ സമ്മതിച്ചെന്നുമാണ് ബോര്‍ഡ് വിശദീകരിച്ചത്. ഈ കത്ത് രാജിക്കത്തായി പരിഗണിച്ച് ബോര്‍ഡ് ഭഗവന്‍ ദാസിനെ പിരിച്ചുവിട്ടു. അങ്ങനെ പിരിയേണ്ടതില്ലെന്നും നിയമപരമായി തനിക്ക് സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നും ബോധ്യപ്പെട്ട ദാസ് പരാതിപ്പെട്ടെങ്കിലും ബോര്‍ഡ് അംഗീകരിച്ചില്ല.ഭഗവന്‍ ദാസ് പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചു. ആ ഹര്‍ജിയില്‍ തനിക്കു പകരം മകന് ജോലി എന്ന ആവശ്യത്തിനായിരുന്നു ഊന്നല്‍. അതുകൊണ്ട് ആ ഹര്‍ജിയും തള്ളിപ്പോയി. തുടര്‍ന്നാണ് ഭഗവന്‍ ദാസ് സുപ്രീം കോടതിയിലെത്തിയത്.ഒരു കുറ്റാരോപണ മെമ്മോ കിട്ടിയപ്പോള്‍ അതിനു നല്‍കിയ മറുപടിയിലെ ഒരു വാചകം ഉപയോഗിച്ചാണ് ബോര്‍ഡ് ഭഗവന്‍ ദാസിനെ ജോലിയില്‍നിന്നു പിരിച്ചയച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭഗവന്‍ ദാസ് ക്ലാസ് ഫോര്‍ ജീവനക്കാരനാണ്. കാഴ്ചപോയപ്പോള്‍ തനിക്ക് ഇനി ജോലിയില്‍ തുടരാനാകില്ലെന്ന് അയാള്‍ കരുതി. സംരക്ഷണ നിയമവ്യവസ്ഥയെപ്പറ്റി അറിവുണ്ടായിരുന്നില്ല.

ഇത്തരമൊരു ഘട്ടത്തില്‍ അയാള്‍ക്ക് നിയമപരമായ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കേണ്ട ഉദ്യോഗസ്ഥര്‍ അയാളുടെ ഒരു വാചകം അടര്‍ത്തിയെടുത്ത് അയാളെ ജോലിയില്‍നിന്ന് പറഞ്ഞയച്ചു. ഉപയോഗമില്ലാത്ത ഒരാള്‍ക്കുവേണ്ടി എന്തിനു പണം കളയണം എന്ന ചിന്തയിലായിരുന്നു അവര്‍. അവര്‍ തെറ്റാണ് ചെയ്തത്. ഒരാള്‍ക്ക് ലഭിക്കേണ്ട നിയമപരമായ ആനുകൂല്യം അങ്ങനെ സ്വന്തം ഇഷ്ടപ്രകാരം നിഷേധിക്കാന്‍ അവര്‍ക്ക് അധികാരമില്ല. വൈകല്യമുള്ളവരും തുല്യാവകാശമുള്ള പൗരന്മാരാണെന്ന് അവര്‍ ഓര്‍ക്കേണ്ടിയിരുന്നു. വികലാംഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഔദാര്യമല്ല; അവകാശമാണ്. അത് നിഷേധിക്കാനാകില്ല.ഈ സാഹചര്യത്തില്‍ പിരിഞ്ഞ നാള്‍മുതല്‍ സര്‍വീസില്‍ തുടരുന്നതായി കരുതി ഭഗവന്‍ ദാസിന് ആനുകൂല്യങ്ങള്‍ നല്‍കണം. തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കുകയും വേണം. പിരിഞ്ഞപ്പോള്‍ കിട്ടിയ തുക കിട്ടാനുള്ള കുടിശ്ശികയില്‍ കുറവുചെയ്യാം. ഭഗവന്‍ ദാസിന് കോടതിച്ചെലവായി ബോര്‍ഡ് 5000 രൂപയും നല്‍കണം- വിധിയില്‍ പറഞ്ഞു.

ലൈംഗികാതിക്രമങ്ങളും നിര്‍ഭയ നിയമവും

കൊള്ളയോ കവര്‍ച്ചയോ പോലുള്ള ചില കുറ്റകൃത്യങ്ങള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ നേരിടേണ്ടിവന്നേക്കും. എന്നാല്‍ സ്ത്രീ, സ്ത്രീയെന്ന നിലയില്‍ മാത്രം നേരിടേണ്ടിവരുന്ന കുറ്റങ്ങളുണ്ട്. അത് നിയമസഭയില്‍പ്പോലും ഉണ്ടാകാമെന്ന് കഴിഞ്ഞയാഴ്ച കേരള നിയമസഭയില്‍ ഉണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. അതുകൊണ്ടുതന്നെയാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പ്രത്യേക വിഭാഗമായി നിയമത്തില്‍ വേര്‍തിരിക്കപ്പെടുന്നത്. വിവിധ നിയമങ്ങളിലൂടെ ഇവയ്ക്ക് ശിക്ഷയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വം പ്രായോഗികമാക്കാന്‍ സ്ത്രീകള്‍ക്കായി പ്രത്യേക നിയമനിര്‍മാണങ്ങള്‍ ആവശ്യമാണെന്ന് ഇന്ത്യന്‍ ഭരണഘടനയും വ്യക്തമാക്കുന്നു.ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് നാടാകെ നടന്ന പ്രക്ഷോഭങ്ങളുടെകൂടി ഫലമായാണ് ക്രിമിനല്‍ നിയമ (ഭേദഗതി) നിയമം, 2013 ഏപ്രില്‍ രണ്ടിന് പാര്‍ലമെന്റ് പാസാക്കിയത്.

ആ വര്‍ഷം ഫെബ്രുവരിയില്‍ത്തന്നെ നിയമം ഓര്‍ഡിനന്‍സായി ഇറങ്ങിയിരുന്നു. "നിര്‍ഭയ' നിയമം എന്നറിയപ്പെടുന്ന ഈ നിയമനിര്‍മാണം ലൈംഗികാതിക്രമങ്ങളുടെ നിര്‍വചനം വിപുലമാക്കി കൂടുതല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കി. ഇതുവരെ ഇന്ത്യന്‍നിയമങ്ങളില്‍ ഇല്ലാതിരുന്ന ചില കുറ്റങ്ങള്‍ ക്രിമിനല്‍നിയമത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവുനിയമം, ക്രിമിനല്‍ നടപടി നിയമം എന്നീ നിയമങ്ങളില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ഒപ്പം ബലാത്സംഗത്തിന് കൂടുതല്‍ കടുത്ത ശിക്ഷ വ്യവസ്ഥചെയ്യുകയും ചെയ്തു.മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായിസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമായിരുന്നു മാറ്റങ്ങള്‍. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവ ഈ നിയമനിര്‍മാണത്തിലൂടെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തവയാണ്.

നിയമത്തിന്റെ പരിധിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം ബലാത്സംഗം മാത്രമല്ല. "ലൈംഗികാതിക്രമം'എന്ന വാക്കാണ്് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനു കീഴില്‍പ്പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. അതിക്രമത്തിനെതിരെ ശാരീരികമായ ചെറുത്തുനില്‍പ്പ് ഉണ്ടായോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ഭേദഗതി പറയുന്നു. പലപ്പോഴും ഇരയുടെ സമ്മതത്തോടെയാണ് അക്രമം നടന്നതെന്നു വരുത്താന്‍ പ്രതിഭാഗം ശ്രമിക്കുകയും ഈ പഴുതിലൂടെ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. സമ്മതത്തോടെ ലൈംഗികവേഴ്ചയ്ക്കുള്ള പ്രായപരിധി 16 എന്നതില്‍നിന്ന് 18 ആയി ഉയര്‍ത്തിയതാണ് മറ്റൊരു സാരമായ മാറ്റം.

18ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായി സമ്മതത്തോടെയുള്ള ലൈംഗികവേഴ്ച നടത്തിയാലും അത് ബലാത്സംഗമാകും.പുതുതായി ചേര്‍ത്ത കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയും നിയമത്തിലുണ്ട്. ആസിഡ് ആക്രമണത്തിന് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെ നീളാവുന്നതുമായ തടവുശിക്ഷ ലഭിക്കാം. 10 ലക്ഷം രൂപവരെ പിഴയും വിധിക്കാനാകും. ആസിഡ് ആക്രമണത്തിനുള്ള ശ്രമമാണെങ്കില്‍ അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ ജയില്‍വാസവും പിഴയും ശിക്ഷ ലഭിക്കാം. ഒളിഞ്ഞുനോട്ടത്തിന് ആദ്യതവണ ഒരുവര്‍ഷത്തില്‍ കുറയാത്ത തടവാണ് കുറഞ്ഞ ശിക്ഷ. ഇത് മൂന്നു വര്‍ഷംവരെ നീളാം, പിഴയും ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷംവരെ നീട്ടാവുന്നതുമായ തടവും പിഴയും ശിക്ഷകിട്ടാം. സ്വകാര്യമായി സ്ത്രീകളെ നിരീക്ഷിക്കുന്നത് ഒളിഞ്ഞുനോട്ടത്തിന്റെ പരിധിയില്‍വരും.

ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളുടെ ചിത്രമെടുക്കുന്നതും ശിക്ഷാര്‍ഹമാണ്. കുളിമുറിയിലെ എത്തിനോട്ടം, സ്വകാര്യമായുള്ള ലൈംഗികപ്രവൃത്തികള്‍ ഒളിഞ്ഞുനോക്കല്‍ തുടങ്ങിയവയൊക്കെ ഒളിഞ്ഞുനോട്ടത്തിന്റെ നിര്‍വചനത്തില്‍പ്പെടും. പിന്തുടര്‍ന്ന് ശല്യംചെയ്യലിന് വിപുലമായ നിര്‍വചനമാണ് നിയമം നല്‍കുന്നത്. ഒരു വ്യക്തിയുടെ പ്രകടമായ അനിഷ്ടം അവഗണിച്ച്് വ്യക്തിബന്ധം സ്ഥാപിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെ തുടര്‍ച്ചയായി പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്താല്‍ അത് നിയമപരിധിയില്‍ വരും. ഇത്തരം നീക്കം ഇരയാകുന്ന വ്യക്തിയില്‍ അതിക്രമത്തെക്കുറിച്ചുള്ള ഭയാശങ്കയും അസ്വസ്ഥതയും സൃഷ്ടിച്ചാല്‍ കുറ്റംചെയ്തതായി കണക്കാക്കും. നടന്നും വാഹനത്തിലും മറ്റുമുള്ള പിന്തുടരല്‍ മാത്രമല്ല നിയമത്തിന്റെ പരിധിയില്‍വരിക. ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയുള്ള പിന്തുടരലും നിയമത്തിലെ നിര്‍വചനത്തില്‍ വരും. ഇന്റര്‍നെറ്റോ, ഇ-മെയിലോ, മറ്റ് ഇലക്ട്രോണിക് ആശയവിനിമയ മാധ്യമങ്ങളോ ഉപയോഗിച്ച് ഈ കുറ്റം ചെയ്താലും ശിക്ഷ ലഭിക്കും.

ബലാത്സംഗത്തിനുള്ള ശിക്ഷ ഏഴുവര്‍ഷത്തില്‍ കുറയാത്തതും പരമാവധി ജീവപര്യന്തം തടവും പിഴയും ആയി നിയമം മാറ്റി. ഗുരുതരമായ സാഹചര്യങ്ങളില്‍, 10 വര്‍ഷത്തില്‍ കുറയാത്തതുമുതല്‍ ജീവപര്യന്തംവരെ തടവും പിഴയുമായി ശിക്ഷ കൂട്ടാനും വ്യവസ്ഥചെയ്തു.ലൈംഗികാതിക്രമത്തിലൂടെ ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കിയാല്‍ 20 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവുമുതല്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ട വിധത്തിലുള്ള ജീവപര്യന്തം തടവിനോ വധശിക്ഷയ്ക്കോവരെ ശിക്ഷിക്കാമെന്നും നിയമം പറയുന്നു. പിഴ ശിക്ഷയും ഉണ്ടാകും. അക്രമത്തിലൂടെ ഒരു സ്ത്രീയെ ജീവച്ഛവമാക്കിയാലും ഇതേ ശിക്ഷ ലഭിക്കാം. കൂട്ടബലാത്സംഗത്തിന് 20 വര്‍ഷത്തില്‍ കുറയാത്തതുമുതല്‍ ജീവപര്യന്തംവരെയുള്ള കഠിനതടവും നഷ്ടപരിഹാരവും വിധിക്കാമെന്നും ഭേദഗതിയിലൂടെ വ്യവസ്ഥയായി. ചികിത്സാചെലവും നഷ്ടപരിഹാരത്തില്‍ പെടുത്താം.

"ബലാത്സംഗ"ത്തിന്റെ നിര്‍വചനവും നിയമം വിപുലമാക്കുന്നുണ്ട്. ലിംഗം ഉള്ളില്‍ക്കടത്തിയുള്ള അതിക്രമം മാത്രമല്ല ഇപ്പോള്‍ ബലാത്സംഗമാകുക. മറ്റെന്തും ഉള്ളില്‍ക്കടത്തിയുള്ള അതിക്രമവും ബലാത്സംഗം ആക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സൈനികരും ജയില്‍ ഉദ്യോഗസ്ഥരും ബലാത്സംഗം ചെയ്താല്‍ കര്‍ശനശിക്ഷ വിധിക്കുന്ന പ്രത്യേക വ്യവസ്ഥകളും നിയമത്തിലുണ്ട്. അധികാരമുള്ളവരും പൊതുപ്രവര്‍ത്തകരും അവര്‍ക്കു കീഴിലുള്ളവരുടെ മേല്‍ നടത്തുന്ന അതിക്രമവും ഇത്തരത്തില്‍ പരിഗണിക്കും. അധ്യാപകനോ രക്ഷിതാവോ ബന്ധുവോ അവരില്‍ വിശ്വാസം അര്‍പ്പിക്കുന്നവരെ ബലാത്സംഗം ചെയ്താല്‍ അവര്‍ക്കും ഈ വ്യവസ്ഥകള്‍പ്രകാരം ശിക്ഷ ലഭിക്കും. വര്‍ഗീയകലാപങ്ങള്‍ക്കിടെ ബലാത്സംഗം നടത്തുന്നവരും ഇതേ രീതിയില്‍ കര്‍ശനമായി ശിക്ഷിക്കപ്പെടും. ശാരീരികവും മാനസികവുമായ അവശതയുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്കും സമാനമായ ശിക്ഷ ലഭിക്കും.

ചികിത്സയിലുള്ളവരെ ബലാത്സംഗംചെയ്യുന്ന ആശുപത്രി അധികാരികള്‍ തുടങ്ങിയ മറ്റു ചില വിഭാഗങ്ങളില്‍ പെട്ടവര്‍ക്കുകൂടി ഈ നിയമവ്യവസ്ഥപ്രകാരം ശിക്ഷ നല്‍കാം. സാധാരണ ബലാത്സംഗ കേസുകളില്‍ കുറഞ്ഞ ശിക്ഷ ഏഴുവര്‍ഷമാണെങ്കില്‍ ഇത്തരക്കാര്‍ക്ക് കുറഞ്ഞ ശിക്ഷ 10 വര്‍ഷമാണെന്ന് നിയമം പറയുന്നു. ആ ശിക്ഷ ശേഷിച്ച ജീവിതകാലംമുഴുവന്‍ നീളുന്ന തടവുവരെയാകാമെന്നും വ്യവസ്ഥചെയ്യുന്നു.ലൈംഗിക ഉദ്ദേശ്യത്തോടെ നടത്തുന്ന സ്പര്‍ശം, ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചുള്ള അഭ്യര്‍ഥന, ലൈംഗികച്ചുവയോടെയുള്ള സംസാരം, അശ്ലീലദൃശ്യങ്ങള്‍ നിര്‍ബന്ധിച്ചു കാണിക്കല്‍ തുടങ്ങിയവയൊക്കെ നിയമത്തിലെ മാറ്റത്തിലൂടെ ലൈംഗികാതിക്രമങ്ങളുടെ പട്ടികയില്‍ വന്നിട്ടുണ്ട്. ഒരുകൊല്ലംമുതല്‍ മുകളിലേക്ക് തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവ പലതും.പൊതുസ്ഥലത്ത് സ്ത്രീയുടെ വസ്ത്രം അഴിച്ചാല്‍ അതിനുള്ള ശിക്ഷയും പ്രത്യേകമുണ്ട്. മൂന്നുവര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷം വരെ നീളാവുന്നതുമായ തടവും പിഴയും ഈ കുറ്റത്തിനു ലഭിക്കാം. പുതിയ ഭേദഗതികള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ തെളിവു നിയമത്തില്‍ വരുത്താനുള്ള വ്യവസ്ഥകളും ഭേദഗതിനിയമത്തിലുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍

ഇന്ത്യയില്‍ ഏഴുവര്‍ഷത്തിനിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. പരമ്പരാഗത കുറ്റകൃത്യങ്ങളെക്കാള്‍ പ്രത്യാഘാതം ഉണ്ടാക്കുന്നതും കൂടുതല്‍ പേരിലേക്ക് എത്തുന്നതുമാണ് ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍. മുമ്പ് കംപ്യൂട്ടറിലൂടെ മാത്രം ഇന്റര്‍നെറ്റ് കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൊബൈല്‍ ഫോണുകളും ഫെയ്സ്ബുക്ക്പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും വ്യാപകമായി ഇതിനുള്ള വേദിയായി മാറി. ബിസിനസ് ആവശ്യങ്ങള്‍ക്കും നവമാധ്യമങ്ങളുടെ സാധ്യത വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ വ്യക്തികള്‍ക്കു മാത്രമല്ല, സ്ഥാപനങ്ങള്‍ക്കും ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ മാരകമായ പ്രത്യാഘാതമുണ്ടാക്കും.ഇന്ത്യയില്‍ 43 ദശലക്ഷം പേരാണ് പ്രതിവര്‍ഷം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നത്.

വ്യാജ ഇ-മെയിലോ സ്പാമോ അയക്കുന്നത് സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍വരില്ല. മെയിലുകളോടു പ്രതികരിക്കുന്നത് പലപ്പോഴും സൈബര്‍ കുറ്റകൃത്യത്തിന് ഇരയാകാനിടയാകും. ഇത്തരം മെയിലുകളോടു പ്രതികരിക്കുമ്പോള്‍ അയാളുടെ പാസ്വേഡ് ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ഹാക്ക്ചെയ്യാന്‍ തട്ടിപ്പുകാര്‍ക്കു കഴിയും. ഇവിടെ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരം വ്യാജ വിവരങ്ങളോട് പ്രതികരിക്കാതിരിക്കുക എന്നതാണ്. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന മാല്‍വെയറുകള്‍, വൈറസ്, ഹാക്കിങ്, സ്കാമുകള്‍ എന്നിവയിലൂടെ ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ നിരവധിയാണിന്ന്. ഉപഭോക്തൃമേഖലയില്‍ ഏതാണ്ട് 850 കോടി അമേരിക്കന്‍ ഡോളറിന്റെ തട്ടിപ്പുകളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ നടക്കുന്നത്. ഇതിന്റെ 58 ശതമാനവും മൊബൈല്‍ ഫോണിലൂടെ നടക്കുന്ന തട്ടിപ്പാണ്. തട്ടിപ്പ് അരങ്ങേറുന്ന വെബ്സൈറ്റുകളില്‍ 61 ശതമാനവും നിയമപരമായുള്ള സൈറ്റുകളാണ്. സൈറ്റുകളില്‍ നുഴഞ്ഞുകയറിയാണ് കുറ്റകൃത്യങ്ങള്‍ ആസൂത്രണംചെയ്യുക. ബിസിനസ്, ടെക്നോളജി, വെബ്സൈറ്റുകളാണ് ഇതിന് വ്യാപകമായി ഉപയോഗിക്കുക. ആളുകള്‍ വ്യാപകമായി കാണുന്ന സൈറ്റുകളില്‍ കൃത്രിമം കാട്ടിയാകും പലപ്പോഴും പാസ്വേഡും മറ്റും തട്ടിയെടുക്കുക.

ഇന്റര്‍നെറ്റിലൂടെയുള്ള ഭീഷണികളെക്കാള്‍ രൂക്ഷമാണ് മൊബെല്‍വഴിയുള്ള വിവരം ചോര്‍ത്തല്‍. കംപ്യൂട്ടറും ലാപ്ടോപ്പുമൊക്കെ ഇടയ്ക്കെങ്കിലും അടച്ചുവയ്ക്കുമെന്നതിനാല്‍ അത്രയും സമയമെങ്കിലും വിവരങ്ങള്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയില്ല. എന്നാല്‍, മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്യാറില്ല എന്നതിനാല്‍ എല്ലാ നേരവും വിവരങ്ങള്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയിലേക്ക് തുറന്നാണ് ഇവ ഇരിക്കുന്നത്.തന്നെയുമല്ല, മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെടാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യത ആഘാതം ഇരട്ടിയാക്കും. ഇന്ത്യയില്‍ 10ല്‍ ഏഴുപേര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഫോട്ടോ ഉള്‍പ്പടെയുള്ള വ്യക്തിഗത വിവരങ്ങളും ബിസിനസ് വിവരങ്ങളും സൂക്ഷിക്കുന്നതിനും അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ എടുക്കുന്നതിനുമൊക്കെ മൊബൈല്‍ ഉപയോഗിക്കുന്നത് സൈബര്‍തട്ടിപ്പിന് സാധ്യത വീണ്ടും വര്‍ധിപ്പിക്കുന്നു.

അപരിചിതമായ ഇ-മെയില്‍, എസ്എംഎസ്, ഫോണ്‍ വിളി എന്നിവയോട് പ്രതികരിക്കരുത്. കാരണം ഇവയോടു പ്രതികരിച്ചാല്‍ മാത്രമേ തട്ടിപ്പുകാര്‍ക്ക് നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാകു.ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ സൈന്‍ഔട്ട് ചെയ്യാന്‍ മറക്കരുത്. സൈന്‍ഔട്ട് ചെയ്തിട്ടില്ലെങ്കില്‍ സ്വന്തം വീടിന്റെ വാതില്‍ തുറന്നിട്ട് രാത്രി ഉറങ്ങുന്നതിനു തുല്യമാണ്. ആര്‍ക്കു വേണമെങ്കിലും വിവരങ്ങള്‍ ചോര്‍ത്താനാകുംമൊബൈല്‍ ഉപയോഗിക്കാത്ത വേളയില്‍ കീപാഡും സ്ക്രീനും ലോക്ക്ചെയ്യുന്നതിനായി പാസ്വേഡ് സെറ്റ്ചെയ്യണം. ഏതെങ്കിലും പിന്‍നമ്പറോ പാസ്വേഡോ ഒന്നും മൊബൈലില്‍ സേവ് ചെയ്തുവയ്ക്കരുത്.

അംഗീകാരമുള്ള മൊബൈല്‍ അപ്ലിക്കേഷനുകള്‍ മാത്രമേ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാവു. അവരുടെ നിബന്ധനകള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കുക. മൊബൈലിന് സെക്യൂരിറ്റി സോഫ്റ്റവെയറുകള്‍ ഉപയോഗിക്കുക. അത് കാലഹരണപ്പെട്ടതല്ലെന്ന് ഉറപ്പാക്കുക. പബ്ലിക് ഇന്റര്‍നെറ്റ് കഫേകളിലും മറ്റും നിങ്ങളുടെ ലാപ്ടോപ്പോ മൊബൈല്‍ ഫോണോ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ അപരിചിതരുമായുള്ള ചങ്ങാത്തം വേണ്ട. അതിലൂടെ സ്വകാര്യത ഉറപ്പാക്കണം. അപരിചിതമായ സന്ദേശങ്ങളോടും പ്രതികരിക്കരുത്. പ്രതികരിക്കുമ്പോള്‍ ക്ലിക് ചെയ്യുംമുമ്പ് അത് ഒന്നുകൂടി ഉറപ്പാക്കുക. മറ്റുള്ളവരുടെ ചിത്രങ്ങളോ വിവരങ്ങളോ പങ്കുവയ്ക്കും മുമ്പ് അവരുടെ അനുവാദം ചോദിക്കുക.

ഫ്ളാറ്റ് വൈകിയാല്‍ നഷ്ടപരിഹാരം ആവശ്യപെടാം

ഫ്ളാറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങിയ കമ്പനി പറഞ്ഞ സമയത്ത് ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാതിരുന്നാല്‍ കമ്പനിയോട് പുതിയ ഫ്ളാറ്റും നഷ്ട പരിഹാരവും ആവശ്യപ്പെടാന്‍ ഉപയോക്താവിനു കഴിയുമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ വിധിച്ചത് 2007ലാണ്. ഡല്‍ഹിയിലെ അന്‍സാല്‍ പ്രോപ്പര്‍ട്ടീസിനെതിരെയായിരുന്നു ഈ വിധി. ആറുകൊല്ലത്തിനുശേഷം 2013ല്‍ ഇതേ കമ്പനി വീണ്ടും കമീഷന്റെ ശിക്ഷയ്ക്ക് ഇരയായി. അനാവശ്യമായി അപ്പീലുമായെത്തി ഉപയോക്താവിനെ വിഷമിപ്പിച്ചതിന് ഒരുലക്ഷം രൂപ പിഴയിടുകയാണ് അന്ന് കോടതി ചെയ്തത്.

ഡല്‍ഹിയിലെ ഒരു റിട്ടയേഡ് സര്‍ക്കാര്‍ ജീവനക്കാരി നല്‍കിയ കേസിലാണ് 2007ലെ വിധി. വാഗ്ദാനംചെയ്ത വലുപ്പത്തിലുള്ള ഫ്ളാറ്റ് എട്ടാഴ്ചയ്ക്കകം നല്‍കുകയും ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നായിരുന്നു വിധി. അടച്ച തുകയും അതിനു പലിശയും നല്‍കി ഫ്ളാറ്റ് കമ്പനിയെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ദേശീയ കമീഷന്‍ വ്യക്തമാക്കി. വിലയും പലിശയും കൊണ്ട് കാര്യമില്ല. കാരണം, വായ്പയെടുത്ത് ഫ്ളാറ്റ് വാങ്ങുന്നവര്‍ക്ക് ആ തുക ബാങ്കില്‍ അടയ്ക്കാനേ തികയുകയുള്ളൂ. കമ്പനിയുടെ വീഴ്ചയ്ക്ക് നഷ്ടപരിഹാരംകൂടി ഇത്തരം കേസില്‍ ഉണ്ടാകണം- കമീഷന്‍ ചൂണ്ടിക്കാട്ടി.

അന്‍സാല്‍ പ്രോപ്പര്‍ട്ടീസിനെതിരെ വീണാ ഖന്നയാണ് പരാതി നല്‍കിയത്. 23 ലക്ഷം രൂപയ്ക്ക് ഫ്ളാറ്റ് വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ പരസ്യം. ഇതനുസരിച്ച് കമ്പനിയുമായി 1996 ജൂലൈ ഒമ്പതിന് വീണാ ഖന്ന കരാര്‍ ഒപ്പിട്ടു. '98 വരെ പല ഗഡുക്കളായി 15,12,000 രൂപയും അടച്ചു. പണി പുരോഗമിക്കുന്നില്ലെന്നു കണ്ടപ്പോള്‍ പണം അടയ്ക്കുന്നത് നിര്‍ത്തി. 1999 ജൂണ്‍ ഒന്നിനു മുമ്പ് ഫ്ളാറ്റ് തരാമെന്നായിരുന്നു കരാര്‍. പണി തീര്‍ന്നില്ല, ഫ്ളാറ്റും കിട്ടിയില്ല.അടച്ചപണം 18 ശതമാനം പലിശയടക്കം തിരികെ വേണമെന്ന് വീണ ആവശ്യപ്പെട്ടു. കമ്പനി കൊടുത്തില്ല. വീണ ഡല്‍ഹിയിലെ സംസ്ഥാന ഉപഭോക്തൃ കമീഷനില്‍ പരാതി നല്‍കി.

15 ലക്ഷം രൂപ 13 ശതമാനം പലിശയോടെ തിരിച്ചുനല്‍കാനായിരുന്നു വിധി. അപേക്ഷക 13 ശതമാനം പലിശയ്ക്ക് ബാങ്ക്വായ്പ എടുത്താണ് പണം നല്‍കിയതെന്നു വ്യക്തമായതിനാലാണ് ആ പലിശ അനുവദിച്ചത്.ഈ വിധിക്കെതിരെ വീണാ ഖന്ന ദേശീയ കമീഷനെ സമീപിക്കുകയായിരുന്നു. കാലം കഴിഞ്ഞതിനാല്‍ അന്നു പറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ ഫ്ളാറ്റ് കിട്ടില്ലെന്നും അതുകൊണ്ട് എത്രയും വേഗം ഫ്ളാറ്റ് നല്‍കാനും വൈകിയതിന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. ഫ്ളാറ്റ് നല്‍കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ വിലയ്ക്ക് ഫ്ളാറ്റ് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.സംസ്ഥാന കമീഷന്റെ വിധി, വീഴ്ചവരുത്തിയ കമ്പനിക്ക് അനുകൂലമാകുകയായിരുന്നുവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ഫ്ളാറ്റിനും സ്ഥലത്തിനും നന്നായി വില കൂടിയതിനാല്‍ കമ്പനി 15 ലക്ഷം രൂപയും പലിശയും തന്ന് രക്ഷപ്പെടുകയാണെന്നും പരാതിയില്‍ പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാരിയായിരുന്ന പരാതിക്കാരിക്ക് ഇപ്പോഴത്തെ വിപണിവിലയ്ക്ക് ഫ്ളാറ്റ് വാങ്ങാനാകില്ലെന്നും അതുകൊണ്ട് ഫ്ളാറ്റും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിടണമെന്നും വാദമുണ്ടായി. ഇത് അംഗീകരിക്കരുതെന്നായിരുന്നു കമ്പനിയുടെ ആവശ്യം. സംസ്ഥാന കമീഷനില്‍ തുക തിരിച്ചുവേണമെന്നു മാത്രമാണ് പരാതിക്കാരി ആവശ്യപ്പെട്ടതെന്ന വാദവും കമ്പനി ഉയര്‍ത്തി.അങ്ങനെയൊരു ആവശ്യം മാത്രമേ പരാതിക്കാരി ഉയര്‍ത്തിയുള്ളൂ എന്ന കാര്യം ദേശീയ കമീഷനും ശരിവച്ചു. പക്ഷേ, ആ പരാതി അഞ്ചുവര്‍ഷം കമീഷനില്‍ കിടന്നു. ഈ സമയത്ത് ഭൂമിക്കും ഫ്ളാറ്റിനും വന്‍തോതില്‍ വില കയറി. സംസ്ഥാന ഫോറം ഇക്കാര്യം പരിഗണിച്ചില്ല. ഉപഭോക്തൃകോടതികള്‍ പരാതിയിലെ ആവശ്യം മാത്രം നോക്കിയല്ല തീരുമാനമെടുക്കേണ്ടത;് വസ്തുതകള്‍ എല്ലാം പരിശോധിക്കണമായിരുന്നു.കൊടുത്ത പണം പലിശയോടെ തിരിച്ചുകൊടുക്കാനുള്ള കമീഷന്റെ വിധിയുണ്ടായി. പക്ഷേ, ഈ പണത്തിന് ഒരു റിട്ടയേഡ് സര്‍ക്കാര്‍ ജീവനക്കാരിക്ക് ഇപ്പോള്‍ ഫ്ളാറ്റ് വാങ്ങാനാകില്ല. ഈ സാഹചര്യത്തില്‍ രണ്ടു കാര്യം ചെയ്യാം. ഒന്നുകില്‍ വൈകിയതിന് നഷ്ടപരിഹാരവും നേരത്തെ ആവശ്യപ്പെട്ട സ്ഥലത്തിന് അടുത്തെവിടെയെങ്കിലും ഫ്ളാറ്റും നല്‍കണം. അല്ലെങ്കില്‍ പുതിയൊരു ഫ്ളാറ്റ് വാങ്ങാന്‍ കഴിയുംവിധത്തിലുള്ള തുക കമ്പനി നല്‍കണം. ഫ്ളാറ്റ് നല്‍കുന്നെങ്കില്‍ നേരത്തേ കരാറില്‍ പറഞ്ഞ വലുപ്പത്തിലുള്ളത് നല്‍കണം. അത് എട്ടാഴ്ചയ്ക്കകം നല്‍കുകയും വേണം. ഏഴര ലക്ഷം രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരം എന്ന നിലയിലും നല്‍കണം- കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എം ബി ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിധിച്ചു.

ഹരിയാനയിലെ സംസ്ഥാന ഉപഭോക്തൃ കമീഷന്റെ വിധിക്കെതിരെ മറ്റൊരു കേസില്‍ അപ്പീലുമായി ചെന്നപ്പോഴാണ് ഇതേ കമ്പനിക്ക് 2013ല്‍ കമീഷന്‍ ഒരുലക്ഷം രൂപയുടെ പിഴ ചുമത്തിയത്.നീതിന്യായ പ്രക്രിയക്കെതിരായ അതിക്രമമായേ കമ്പനിയുടെ അപ്പീലിനെ കരുതാനാകൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു അധ്യക്ഷന്‍ വി ബി ഗുപ്തും അംഗം രേഖാ ഗുപ്തയും അടങ്ങിയ ബെഞ്ചിന്റെ വിധി.ഡല്‍ഹിയില്‍നിന്നുള്ള നിധി ജയിന് അനുകൂലമായ വിധിക്കെതിരെയായിരുന്നു കമ്പനിയുടെ അപ്പീല്‍. 5,31.500 രൂപ മുന്‍കൂര്‍ കൈപ്പറ്റിയിട്ടും പറഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ കമ്പനി ഫ്ളാറ്റ് നല്‍കിയില്ല. അവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിനാലാണ് ഫ്ളാറ്റ് കൈമാറാന്‍ കഴിയാത്തതെന്നാണ് ദേശീയ കമീഷനില്‍ ഇതിന് കമ്പനി പറഞ്ഞ ന്യായം. ഈ വാദം കമീഷന്‍ തള്ളി.

ഹരിയാന സോനേപ്പത്ത് ജില്ലയിലെ ഈ പ്രോജക്ടിന് സര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് അവകാശപ്പെട്ടാണ് കമ്പനി പണം വാങ്ങിയത്. പ്രോജക്ടിന്റെ ബ്രോഷറില്‍തന്നെ അനുമതി കിട്ടിയതായി പറയുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ബാലിശമായ കാരണം പറഞ്ഞ് അപ്പീലുമായി വന്ന കമ്പനി ഒരുലക്ഷം രൂപ പിഴയടയ്ക്കാന്‍ കമീഷന്‍ ഉത്തരവിട്ടത്. 50,000 രൂപ പരാതിക്കാരിക്കും ബാക്കി ഉപഭോക്തൃ നിയമസഹായ നിധിയിലേക്കും നല്‍കാന്‍ 2013 ജൂലൈ അഞ്ചിന്റെ ഉത്തരവില്‍ നിര്‍ദേശിച്ചു.

ജോലി തീരുന്നതെപ്പോള്‍

തൊഴില്‍മൂലവും തൊഴിലിനിടയിലും (arising out of and in the course of employment) തൊഴിലാളിക്ക് അപകടം ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നഷ്ടപരിഹാര നിയമ (Workmen Compensation Act) മുണ്ട്. എന്നാല്‍ തൊഴില്‍ എപ്പോള്‍ തുടങ്ങി എപ്പോഴാണ് അവസാനിക്കുന്നത്. തൊഴിലാളി പണിയിടത്തിലെത്തി ജോലി തുടങ്ങുമ്പോള്‍ മാത്രമാണോ തൊഴില്‍ തുടങ്ങുന്നത്? അതുപോലെ പണിയായുധം താഴെവച്ചാല്‍ തൊഴില്‍ തീര്‍ന്നോ? നഷ്ടപരിഹാരക്കേസുകളില്‍ ഇത് പലപ്പോഴും തര്‍ക്കവിഷയമാകും. യഥാര്‍ഥത്തില്‍ സുപ്രീം കോടതി 1964ല്‍ ഒരു കേസില്‍ (Manager B.E.S.T undertaking Bombay vs. Mrs. Manju) പ്രശ്നത്തിന് തീര്‍പ്പുണ്ടാക്കിയതാണ്.

തൊഴില്‍ തുടങ്ങുന്നതും അവസാനിക്കുന്നതും എപ്പോഴെന്നത് അതത് കേസില്‍ സാഹചര്യം നോക്കി തീരുമാനിക്കണം. പണി നിര്‍ത്താന്‍ സൂചന കിട്ടുമ്പോഴോ തൊഴിലിടംവിട്ട് ഇറങ്ങുമ്പോഴോ തൊഴില്‍ തീര്‍ന്നതായി കരുതാനാകില്ല. അതുപോലെ തൊഴില്‍ ചെയ്തുതുടങ്ങുമ്പോള്‍ മാത്രമാണ് തൊഴില്‍ ആരംഭിച്ചതെന്നും പറയാനാകില്ല. തൊഴിലിനായി തൊഴിലാളി വരുന്നതും തൊഴില്‍ കഴിഞ്ഞുപോകുന്നതും തൊഴിലിന്റെ ഭാഗമായിത്തന്നെ കാണണം.അരനൂറ്റാണ്ട് മുമ്പുണ്ടായ ഈ വിധി നിലനില്‍ക്കുമ്പോഴും തൊഴിലാളിക്ക് അപകടമുണ്ടായാല്‍ അത് തൊഴിലിനിടയിലല്ലെന്ന വാദം ചില തൊഴിലുടമകള്‍ ഉയര്‍ത്തും. നഷ്ടപരിഹാരത്തില്‍നിന്ന് ഒഴിയാന്‍ തൊഴിലുടമയും ഇന്‍ഷുറന്‍സ് കമ്പനിയും ഇത് ന്യായമായി പറയും. ചില ഹൈക്കോടതികള്‍ അത് ശരിവച്ചുകൊടുക്കുകയും ചെയ്യും.

ഇത്തരത്തിലൊരു കേസ് 2014 ജൂണ്‍ 30ന് സുപ്രീം കോടതി തീര്‍പ്പാക്കി. നഷ്ടപരിഹാര കമീഷണറുടെയും ഗുവാഹത്തി ഹൈക്കോടതിയുടെയും വിധികള്‍ റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ വിധി.മബീഷ് മിയ എന്നയാളുടെ ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ സാജല്‍ സര്‍ക്കാരാണ് മരിച്ചത്. ഭാര്യ മഞ്ജുവാണ് നഷ്ടപരിഹാരം തേടിയത്. ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് അസമിലെ ധര്‍മനഗര്‍വരെയാണ് ട്രക്കുമായി സാജല്‍ സര്‍ക്കാര്‍ ഓടിയത്. കൂടെ ഒരു സഹായിയും ഉണ്ടായിരുന്നു. ധര്‍മനഗറില്‍ എഫ്സിഐ ഗോഡൗണില്‍ രാത്രി വണ്ടിയെത്തി. പോകുംവഴി വണ്ടിക്ക് യന്ത്രത്തകരാറുള്ളതായി സാജല്‍ സഹായിയോട് പറഞ്ഞതായി ഭാര്യ പരാതിയില്‍ പറയുന്നു. ഇതു പരിഹരിക്കാന്‍ ആളെ കണ്ടെത്താന്‍ സര്‍ക്കാര്‍ രാത്രിയില്‍ പുറത്തുപോയി. രാത്രിതന്നെ വരുമെന്നും സഹായിയോട് പറഞ്ഞു. പക്ഷേ വന്നില്ല. സഹായി രാവിലെ തെരഞ്ഞുപോയി. സാജല്‍ റോഡപകടത്തില്‍ മരിച്ചെന്ന് കണ്ടെത്തുകയും ചെയ്തു. ഈ മരണം തൊഴിലിന്റെ ഭാഗമല്ലെന്നാണ് ട്രക്ക് ഉടമയും ഇന്‍ഷുറന്‍സ് കമ്പനിയും വാദിച്ചത്. ട്രക്ക് ഉടമ പറഞ്ഞ കാരണങ്ങള്‍ പലതാണ്. സര്‍ക്കാര്‍ സ്ഥിരംഡ്രൈവറല്ല. സ്ഥിരംഡ്രൈവര്‍ ഇല്ലാത്തപ്പോള്‍ മാത്രം ഓടിക്കുന്നയാളാണ്. ധര്‍മനഗര്‍വരെ ലോറി എത്തിക്കുന്ന ജോലിയേ സാജലിന് ഉണ്ടായിരുന്നുള്ളു. അവിടെ വണ്ടി എത്തിയതോടെ ജോലികഴിഞ്ഞു. പിന്നീട് സ്വന്തം കാര്യത്തിനു പുറത്തുപോയതാണ്. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഹൈക്കോടതി വിധിയാണ് ശരി- ട്രക്ക് ഉടമ വാദിച്ചു. ലോറി ഓടിച്ചത് സാജല്‍ സര്‍ക്കാരാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ധര്‍മനഗര്‍വരെ ലോറി ഓടിക്കാന്‍ മാത്രമാണ് സാജല്‍ സര്‍ക്കാരിനെ നിയോഗിച്ചതെന്ന കമ്പനിയുടെ വാദം പിന്നീടുണ്ടായ ചിന്തയാണ്.

പിറ്റേന്ന് അരിയുമായി മടങ്ങേണ്ടതായിരുന്നുവെന്ന് സഹായി പൊലീസിനു നല്‍കിയ മൊഴില്‍ പറയുന്നുണ്ട്. രാത്രി വരുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായും മൊഴിയിലുണ്ട്. സര്‍ക്കാര്‍ വരാതിരുന്നപ്പോള്‍ സഹായി അന്വേഷിച്ചുപോകുകയും ചെയ്തു. ജോലി തീര്‍ന്ന ഡ്രൈവറാണെങ്കില്‍ സഹായി എന്തിന് അന്വേഷിച്ചുപോകണം- കോടതി ചോദിച്ചു. ലോറിക്ക് തകരാറുണ്ടായിരുന്നതായി എഫ്ഐആറില്‍ പറയുന്നില്ലെന്നതാണ് നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ ട്രിബ്യൂണലും ഹൈക്കോടതിയും പറഞ്ഞ കാരണങ്ങളില്‍ ഒന്ന്. സാജല്‍ ജോലിയുടെ തുടര്‍ച്ചയിലായിരുന്നുവോ എന്നതു മാത്രമാണ് പ്രസക്തമായ കാര്യം. ജോലിയുടെ ആവശ്യത്തിനായി മാത്രമാണ് സാജല്‍ ധര്‍മനഗറിലെത്തിയത്. അവിടെയാണ് അപകടമുണ്ടായി മരിച്ചത്. കീഴ്ക്കോടതിവിധികള്‍ വഴിതെറ്റിയതാണ്; നിലനില്‍ക്കുന്നവയല്ല. ഇന്‍ഷുറന്‍സ് കമ്പനിവഴി നഷ്ടപരിഹാരം നല്‍കണം. 5,08,082 രൂപയും ക്ലെയിം അപേക്ഷ നല്‍കിയ തീയതിമുതല്‍ പ്രതിവര്‍ഷം ഒമ്പതുശതമാനം നിരക്കില്‍ പലിശയും നല്‍കണം- ജസ്റ്റിസ് ടി എസ് ഠാക്കൂറും ജസ്റ്റിസ് സി നാഗപ്പനും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു

ഒരു വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് ഇന്‍ഷുറന്‍സ് പൂര്‍ണമായും നിഷേധിക്കരുത്

വാഹന ഇന്‍ഷുറന്‍സ് പോളിസി തര്‍ക്കങ്ങളില്‍ പോളിസിയിലെ വ്യവസ്ഥയുടെ ലംഘനമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ മിക്കപ്പോഴും പിടിവള്ളിയാക്കുന്നത്. പോളിസിയിലെ വ്യവസ്ഥകളിലൊന്ന് ലംഘിച്ചതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായി നിഷേധിക്കല്‍പോലും പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ പോളിസി പണം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേസില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 2010 മാര്‍ച്ച് 25ന് വിധി വന്ന അമലേന്ദു സാഹുവും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കേസ് (Amalendu Sahoo Versus Oriental Insurance Co. Ltd).

പോളിസിതുക പൂര്‍ണമായി നല്‍കിയില്ലെങ്കിലും ഒരുഭാഗം നല്‍കണമെന്ന് കോടതി ആ കേസില്‍ വിധിച്ചു.അപകടത്തില്‍പ്പെടുമ്പോള്‍ ഉടമയല്ലാതെ മറ്റൊരാള്‍ വണ്ടി വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു എന്ന കാരണംപറഞ്ഞ് ഇന്‍ഷുറന്‍സ്തുക നിഷേധിച്ച ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി റദ്ദാക്കിയായിരുന്നു ജസ്റ്റിസ് ജി എസ് സിങ്വി, ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി.

ഇന്‍ഷുറന്‍സ് കമ്പനിക്ക് അനുകൂലമായി ജില്ലാ ഉപഭോക്തൃഫോറവും സംസ്ഥാന ഉപഭോക്തൃ കമീഷനും വിധിച്ചിരുന്നു. ദേശീയ ഉപഭോക്തൃ കമീഷന്‍ ഈ വിധികള്‍ ശരിവയ്ക്കുകയും ചെയ്തു. ഇതെല്ലാം അസാധുവാക്കിയാണ് സുപ്രീം കോടതി വിധി.ഹര്‍ജിക്കാരനായ അമലേന്ദു സാഹുവിന്റെ വാദം അനുസരിച്ച് കാര്‍ അദ്ദേഹം യൂണിയന്‍ ബാങ്കിലെ ജീവനക്കാരുടെ ആവശ്യത്തിനായി ഏതാനും മണിക്കൂറിലേക്ക് വിട്ടുകൊടുത്തതാണ്. ബാങ്ക്കെട്ടിടം പ്രവര്‍ത്തിക്കുന്നത് തന്റെ കെട്ടിടത്തിലാണെന്നും ജീവനക്കാര്‍ പലരും പരിചയക്കാരാണെന്നും ഹര്‍ജിയില്‍ പറഞ്ഞു. അതുകൊണ്ട് വാടകയൊന്നും വാങ്ങിയിരുന്നില്ല. ഈ ഓട്ടത്തിനിടയിലാണ് അപകടം ഉണ്ടായത്.

അപകടസമയത്ത് ഇന്‍ഷുറന്‍സ് പോളിസി നിലവിലുണ്ട്. വാഹനം ഓടിച്ചയാള്‍ക്ക് ലൈസന്‍സും ഉണ്ടായിരുന്നു.സാഹു ഇന്‍ഷുറന്‍സ് തുക കിട്ടാനായി അപേക്ഷ നല്‍കി. എന്നാല്‍ മറ്റൊരാള്‍ക്ക് വണ്ടി വാടകയ്ക്കുകൊടുത്തത് അനധികൃതമാണെന്നും അങ്ങനെ ഉപയോഗിച്ച സമയത്തുണ്ടായ അപകടത്തിന് ഇന്‍ഷുറന്‍സ് തുക നല്‍കാനാകില്ലെന്നും കമ്പനി വാദിച്ചു. വാഹനം എങ്ങനെ ഉപയോഗിക്കണമെന്ന് പോളിസിവ്യവസ്ഥയില്‍ പറയുന്നുണ്ടെന്നും അതിനു വിരുദ്ധമായ ഉപയോഗസമയത്തെ അപകടത്തിന് ഇന്‍ഷുറന്‍സ് തുക നല്‍കാനാകില്ലെന്ന് ജില്ലാ ഉപഭോക്തൃഫോറം വിധിച്ചു.

ഇന്‍ഷുറന്‍സ് കമ്പനിയുടെ സര്‍വേയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വാഹനം വാടകയ്ക്ക് ഓടുകയായിരുന്നുവെന്നു പറയുന്നുണ്ട്. വാടക വാങ്ങിയതിന് തെളിവൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ വാടകകൂടാതെ ഒരു സ്വകാര്യവാഹനം ഓടാന്‍ വിട്ടുകൊടുത്തു എന്ന് വിശ്വസിക്കാനാകില്ലെന്നായിരുന്നു ജില്ലാ ഫോറത്തിന്റെ നിലപാട്. സംസ്ഥാന കമീഷനും ഈ വിധിയോട് യോജിച്ചു. ദേശീയ കമീഷനില്‍ നല്‍കിയ അപ്പീലും വിജയംകണ്ടില്ല. ഉപഭോക്തൃ കമീഷനുകളുടെ വിധിയോട് യോജിക്കാനാവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.പോളിസി അപകടസമയത്ത് സാധുവായിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

വാഹനം വാടകയ്ക്ക് ഓടുകയായിരുന്നു എന്നതു മാത്രമാണ് തര്‍ക്കവിഷയം.ഇത്തരം കേസില്‍ ദേശീയ ഉപഭോക്തൃ കമീഷന്റെയും സുപ്രീം കോടതിയുടെയും മുന്‍കാല വിധികളുണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി വേഴ്സസ് നിതിന്‍ ഖണ്ഡേവാള്‍ കേസില്‍ ഇന്‍ഷുറന്‍സ് പോളിസി വ്യവസ്ഥ ലംഘിച്ചെന്ന പ്രശ്നംതന്നെയാണ് കമ്പനി ഉന്നയിച്ചത്. വ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കില്‍പ്പോലും തുക നല്‍കണമെന്നാണ് ഈ കേസില്‍ സംസ്ഥാന കമീഷന്‍ വിധിച്ചത്. ദേശീയ കമീഷനും ഇത് ശരിവച്ചു.

സുപ്രീം കോടതി ഇതില്‍ ഇടപെടാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ തുക നല്‍കുന്നത് പതിവുരീതിയില്‍നിന്നു മാറി (non-standard basis)- മതിയെന്നും കോടതി നിര്‍ദേശിച്ചിരുന്നു.അപകടസമയത്ത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍ ഓടിച്ച വാഹനത്തിന്റെ കേസും ദേശീയ ഉപഭോക്തൃ കമീഷന്‍ മുമ്പ് പരിഗണിച്ചിട്ടുണ്ട്. അന്നും പതിവുരീതിയിലല്ലാതെ തുക നല്‍കാനായിരുന്നു വിധി. ഇങ്ങനെ പണം നല്‍കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും ആ വിധിയിലുണ്ട് (New India Assurance Company vs Narayan Prasad Appaprasad Pathak).

മരുന്നു നല്‍കുമ്പോള്‍ പാര്‍ശ്വഫലം പറയണം

പാര്‍ശ്വഫലം ഉള്ളതുകൊണ്ടു മാത്രം രോഗിക്ക് മരുന്നുകള്‍ നല്‍കാതിരിക്കാനാകില്ല. മരുന്നിന്റെ പാര്‍ശ്വഫലംമൂലം എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പേരില്‍ മാത്രം ഡോക്ടര്‍ക്കെതിരെ ചികിത്സയിലെ പിഴവിന് കേസെടുക്കാനാവില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.  (Martin F. D’souza vs. Mohd. Ishfaq (2009).

എന്നാല്‍ ഒരു മരുന്നിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി രോഗിക്ക് മുന്നറിയിപ്പു നല്‍കേണ്ട ഉത്തരവാദിത്തം ചികിത്സിക്കുന്ന ഡോക്ടര്‍ക്കില്ലേ? ഈ സംശയം ഒരു നിയമത്തര്‍ക്കമായി ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനില്‍ 2008ല്‍ (Dr V K Ghodekar vs. Sumitra Prahlad Korgaonkar) എത്തി. മദ്യപാനിയായ ആള്‍ക്ക് പാര്‍ശ്വഫലത്തെപ്പറ്റി മുന്നറിയിപ്പു നല്‍കാതെ പ്രമേഹത്തിന്മരുന്നു നല്‍കിയതാണ് പ്രശ്നമായത്. രോഗി മരിച്ചു. ഈ മരണത്തിന് ഇടയാക്കിയ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് അന്ന് കമീഷന്‍ വിധിച്ചു. ശിക്ഷിക്കപ്പെട്ട ഡോക്ടര്‍ ഗോവ സംസ്ഥാന ഉപഭോക്തൃഫോറത്തിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിയായിരുന്നു ഈ വിധി. മൂത്രം മാത്രം പരിശോധിച്ച് ഒരാള്‍ക്ക് പ്രമേഹമുണ്ടെന്ന തീരുമാനത്തിലെത്തിയ ഡോക്ടറുടെ നടപടി തെറ്റാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗോവയില്‍നിന്നായിരുന്നു കേസ്. മരിച്ച പ്രഹ്ലാദ് കൊര്‍ഗാവോണ്‍കറെയുടെ ഭാര്യ സുമിത്ര പ്രഹ്ലാദിന്റെ അപ്പീല്‍ പരിഗണിച്ചാണ് സംസ്ഥാന ഫോറം ഡോക്ടര്‍ക്കെതിരെ ഉത്തരവിട്ടത്. ചുമയും ജലദോഷവുമായാണ് ഭര്‍ത്താവിനെ സുമിത്ര അല്‍ഡാണ ഗ്രാമത്തിലെ ഡോക്ടറായ വി കെ ഘോടേക്കറുടെ അടുത്തെത്തിച്ചത്. ചില മരുന്നുകള്‍ നല്‍കിയ ഡോക്ടര്‍ രണ്ടുദിവസം കഴിഞ്ഞ് പരിശോധനയ്ക്ക് മൂത്രം എത്തിക്കാന്‍ പറഞ്ഞു. മൂത്രം പരിശോധിച്ചശേഷം പഞ്ചസാരയുടെ അളവ് കൂടുതലാണെന്നും ദിവസവും അഞ്ച് മില്ലിഗ്രം യൂഗ്ലൂകോണ്‍ (Euglocon) ഗുളിക കഴിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ഉപദേശം. ഗുളിക മൂന്നുദിവസം കഴിച്ചു. മൂന്നാംനാള്‍ വല്ലാതെ വിയര്‍ത്ത പ്രഹ്ലാദ് പെട്ടെന്ന് അബോധാവസ്ഥയിലായി. കുറച്ചുദിവസത്തിനുശേഷം ബോധം തെളിഞ്ഞെങ്കിലും 40 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. വീട്ടിലെത്തിയശേഷവും പ്രഹ്ലാദിനെ ആശുപത്രിയിലാക്കേണ്ടിവന്നു. ആറുമാസത്തിനുശേഷം വീണ്ടും ആശുപത്രിയിലായ പ്രഹ്ലാദ് മരിച്ചു. 45-ാം വയസ്സിലായിരുന്നു മരണം. ഭര്‍ത്താവിന് പ്രമേഹമുണ്ടോ എന്ന് ഉറപ്പാക്കാതെയാണ് ഡോക്ടര്‍ മരുന്നു നല്‍കിയതെന്നായിരുന്നു സുമിത്രയുടെ ഒരാരോപണം. വളരെ സൂക്ഷിച്ചു നല്‍കേണ്ട മരുന്നാണ് യൂഗ്ലൂകോണ്‍ എന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവു നോക്കി മരുന്നിന്റെ തോത് ക്രമീകരിക്കേണ്ടതുമാണ്. ഹൈപ്ലോഗ്ലൈസീമിയ മൂലമാണ് ഭര്‍ത്താവ് മരിച്ചതെന്നും അലക്ഷ്യമായി യൂഗ്ലൂകോണ്‍ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നും സുമിത്ര വാദിച്ചു. ആദ്യം ജില്ലാ ഉപഭോക്തൃഫോറത്തിലാണ് സുമിത്ര പരാതി നല്‍കിയത്. ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായതായി കാണുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഫോറം അപേക്ഷ തള്ളി. എന്നാല്‍ സംസ്ഥാന കമീഷന്‍ സുമിത്രയ്ക്ക് അനുകൂലമായി വിധിച്ചു. ഇതിന് കമീഷന്‍ പറഞ്ഞ കാരണങ്ങള്‍ ഇവയാണ്:

1. രോഗിക്ക് പ്രമേഹം ഉണ്ടോ എന്നുപോലും ഡോക്ടര്‍ പ്രാഥമികമായി ഉറപ്പാക്കിയില്ല.

2. അങ്ങനെ ചെയ്യാതെത്തന്നെ പ്രമേഹത്തിനുള്ള ശക്തമായ മരുന്നു നല്‍കി.

3. മദ്യപിക്കുന്ന ആളായിരുന്നു രോഗി. മരുന്നു കഴിക്കുമ്പോള്‍ മദ്യപിക്കരുതെന്നോ, ഭക്ഷണം കഴിഞ്ഞേ മരുന്നു കഴിക്കാവൂ എന്നോ പറഞ്ഞില്ല.

4. രോഗി അബോധാവസ്ഥയിലായത് മരുന്നിന്റെ പാര്‍ശ്വഫലംമൂലമാണ്.

ഇതൊക്കെ പരിഗണിച്ച് 1,09,000 രൂപയും അതിന് 18 ശതമാനം പലിശയും കോടതിച്ചെലവിന് 5000 രൂപയും നല്‍കാനായിരുന്നു സംസ്ഥാന കമീഷന്റെ വിധി.

ഈ വിധിക്കെതിരെ ഡോക്ടറാണ് ദേശീയ കമീഷനില്‍ എത്തിയത്. പ്രമേഹം കണ്ടെത്താന്‍ നടത്തുന്ന ആദ്യ ടെസ്റ്റുകളിലൊന്നാണ് മൂത്രപരിശോധന എന്ന് ഡോക്ടര്‍ വാദിച്ചു. യൂഗ്ലൂകോണിന്റെ ഏറ്റവും കുറഞ്ഞ ഡോസാണ് രോഗിക്കു നല്‍കിയത്. രോഗി മരുന്നു കഴിച്ചതിനു തെളിവില്ല. മരുന്നു കഴിച്ചതുകൊണ്ടാണ് അബോധാവസ്ഥയിലായത് എന്നും തെളിയിക്കാനായിട്ടില്ല. അബോധാവസ്ഥയില്‍ പ്രവേശിപ്പിച്ച ആശുപത്രിയിലെ രക്തപരിശോധനയില്‍ രക്തത്തില്‍ പഞ്ചസാര ഉയര്‍ന്ന അളവില്‍ കണ്ടിരുന്നു. മൂന്നു യൂഗ്ലൂകോണ്‍ കഴിച്ച് ആറുമാസത്തിനുശേഷം ഉണ്ടായ മരണം ഗുളികമൂലമെന്നു പറയാനാകില്ല തുടങ്ങിയ വാദങ്ങളാണ് ഡോക്ടര്‍ ഉയര്‍ത്തിയത്. മരിച്ച പ്രഹ്ലാദിന്റെ ഡോക്ടറായ മകനാണ് ദേശീയ ഫോറത്തില്‍ കേസ് വാദിച്ചത്. മൂത്രപരിശോധനയിലൂടെ മാത്രം പ്രമേഹം കണ്ടെത്താനാവില്ലെന്ന് അയാള്‍ ചൂണ്ടിക്കാട്ടി.

മദ്യപാനികളില്‍ പല കാരണങ്ങളാല്‍ പഞ്ചസാരയുടെ അളവ് കൂടാം. പ്രഹ്ലാദ് മദ്യപാനിയാണെന്ന് ഡോക്ടര്‍ക്ക് അറിയാമായിരുന്നു. ഡോക്ടറെ കാണുമ്പോള്‍ ചുമയും ജലദോഷവും അല്ലാതെ പ്രഹ്ലാദിന് മറ്റ് കാര്യമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ഡോക്ടറെ കണ്ട് നാലഞ്ചു ദിവസത്തിനുള്ളിലാണ് പ്രഹ്ലാദ് അബോധാവസ്ഥയിലായത്. ഇതിനു കാരണം മരുന്നു കഴിച്ചതല്ലാതെ മറ്റൊന്നുമല്ല- മകന്‍ വാദിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് ഡോക്ടറുടെ വീഴ്ചയാണ് പ്രഹ്ലാദിന്റെ മരണത്തിനിടയാക്കിയതെന്ന നിഗമനത്തില്‍ ദേശീയ കമീഷന്‍ എത്തിയത്. ചുമയുമായി വന്ന രോഗിയുടെ മൂത്രം പരിശോധിക്കാന്‍ നിര്‍ദേശിച്ചത് എന്തുകൊണ്ടാണെന്ന് പ്രതിയായ ഡോക്ടറോട് ദേശീയ കമീഷന്‍ ചോദിച്ചു.

മദ്യത്തിന്റെ മണം ഉണ്ടായിരുന്നതിനാലാണ് മൂത്രപരിശോധനയ്ക്ക് നിര്‍ദേശിച്ചതെന്നായിരുന്നു ഡോക്ടറുടെ മറുപടി. യൂഗ്ലൂകോണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചു മാത്രം നല്‍കേണ്ട മരുന്നാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ഭക്ഷണക്രമം നിയന്ത്രിച്ചും വ്യായാമംചെയ്തും ഭാരംകുറച്ചും മറ്റും പഞ്ചസാര നിയന്ത്രിക്കാനാകാതെവരുമ്പോള്‍ നല്‍കേണ്ടതാണ് മരുന്ന്. പഞ്ചസാര നോക്കി മരുന്നിന്റെ അളവും ക്രമീകരിക്കണമെന്ന് ആരോഗ്യശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നു. ഈ മരുന്ന് ചെന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയാനിടയുണ്ടെന്നും വ്യക്തമാണ്. ഭക്ഷണം കഴിഞ്ഞാലുടനെയേ മരുന്നു കഴിക്കാവൂ. മരുന്നു കഴിക്കുമ്പോള്‍ മദ്യപിക്കാനും പാടില്ല. ഈ മുന്‍കരുതലുകളൊന്നും എടുക്കാതെയാണ് അഞ്ചുദിവസം യൂഗ്ലൂകോണ്‍ കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പ്രഹ്ലാദ് രക്തത്തിലെ പഞ്ചസാര ഗണ്യമായി കുറഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടറുടെ മൊഴിയുണ്ട്.

ഗ്ലൂക്കോസ് കുത്തിവച്ചാണ് അവര്‍ പ്രഹ്ലാദിനെ ചികിത്സിച്ചത്. പ്രമേഹമില്ലാത്ത രോഗിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്ന മരുന്നു നല്‍കിയതാണ് പ്രശ്നമായതെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. ഇടവിട്ടുള്ള രക്തപരിശോധനയ്ക്കുശേഷം മാത്രമേ പ്രമേഹം നിര്‍ണയിക്കാനാവൂവെന്ന് ആധികാരിക മെഡിക്കല്‍ ഗ്രന്ഥങ്ങളും വിദഗ്ധരെയും ഉദ്ധരിച്ച് ദേശീയ കമീഷന്‍ ചൂണ്ടിക്കാട്ടി. പ്രഹ്ലാദ് മദ്യപിച്ചിരുന്നതായി ഡോക്ടര്‍ക്ക് അറിയാമായിരുന്നു. അങ്ങനെയുള്ളവരുടെ മൂത്രപരിശോധനയില്‍ പഞ്ചസാര കൂടുതലുള്ളതായി തെറ്റായ ഫലം വരാം. എന്നിട്ടും പ്രമേഹത്തിന് മരുന്നു നല്‍കുകയാണ് ഡോക്ടര്‍ ചെയ്തത്. താന്‍ നല്‍കിയ അളവിലുള്ള യൂഗ്ലൂകോണ്‍ കുഴപ്പമുണ്ടാക്കില്ലെന്ന ഡോക്ടറുടെ വാദവും ആധികാരികപഠനങ്ങള്‍ ഉദ്ധരിച്ച് ദേശീയഫോറം തള്ളി. ഈ സാഹചര്യത്തില്‍ സംസ്ഥാന ഫോറത്തിന്റെ വിധി ശരിവയ്ക്കുകയാണെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് എം ബി ഷാ, അംഗങ്ങളായ രാജ്യലക്ഷ്മി റാവു, പി ഡി ഷേണായി എന്നിവരടങ്ങിയ ബെഞ്ച് വിധിയില്‍ ചൂണ്ടിക്കാട്ടി.

മതവിശ്വാസം

മതവിശ്വാസം സംരക്ഷിക്കാം ആചാരം സംരക്ഷിക്കാനാവില്ല

"മതവിശ്വാസവും മതാചാരവും രണ്ടാണ്. മതവിശ്വാസത്തിന് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിനാകും. എന്നാല്‍, ഒരു മതാചാരം പൊതുചിട്ടകള്‍ക്കോ സദാചാരത്തിനോ സാമൂഹ്യാരോഗ്യത്തിനോ സര്‍ക്കാര്‍ നടപ്പാക്കുന്ന ഏതെങ്കിലും സാമൂഹ്യസുരക്ഷാ നടപടിക്കോ എതിരാണെങ്കില്‍ ജനങ്ങളുടെ പൊതുനന്മയെ കരുതി ആ ആചാരം വഴിമാറണം''. 1952ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം സി ഛഗ്ലയും ജസ്റ്റിസ് പി ബി ഗജേന്ദ്ര ഗാഡ്കറും ഉള്‍പ്പെട്ട ബെഞ്ചില്‍നിന്നുണ്ടായ വിധിന്യായത്തിലെ ഈ ഭാഗം 2015 ഫെബ്രുവരി ഒമ്പതിന് സുപ്രീം കോടതി ആവര്‍ത്തിച്ചുറപ്പിച്ചു. ഹിന്ദുക്കളുടെ ബഹുഭാര്യാത്വം തടഞ്ഞ് ബോംബെയില്‍ ഉണ്ടായ നിയമം ഭരണഘടനയുടെ 25-ാം വകുപ്പ് അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന വാദം തള്ളിയായിരുന്നു 1952ലെ വിധി.

ഇപ്പോള്‍ ഈ കേസിലെ വിധി കോടതിക്ക് ഉദ്ധരിക്കേണ്ടിവന്നത് മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വവുമായി ബന്ധപ്പെട്ട കേസിലാണ്. ഒരു ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് സര്‍വീസ്ചട്ട ലംഘനമാണെന്നു കണ്ടെത്തി സര്‍ക്കാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടയാളാണ് സുപ്രീം കോടതിയിലെത്തിയത്. ഉത്തര്‍പ്രദേശ് ജലസേചനവകുപ്പിലെ സൂപ്പര്‍വൈസര്‍ ഖുര്‍ഷിദ് അഹമ്മദ് ഖാനായിരുന്നു ഹര്‍ജിക്കാരന്‍. സബീനാ ബീഗമായിരുന്നു ആദ്യ ഭാര്യ. പിന്നീട് അഞ്ജും ബീഗതെ ഖുര്‍ഷിദ് വിവാഹം കഴിച്ചു. സബീനയുടെ സഹോദരി പരാതി നല്‍കി. സബീനയെ മൊഴിചൊല്ലിയെന്നാണ് ആദ്യം ഖുര്‍ഷിദ് വാദിച്ചത്. സര്‍വീസ് ബുക്കില്‍ പക്ഷേ പഴയ ഭാര്യയുടെ പേരാണ്. അത് മാറ്റാന്‍ വിട്ടുപോയെന്നായിരുന്നു വിശദീകരണം. എന്നാല്‍, അധികൃതര്‍ പൊലീസ്വഴി അന്വേഷിച്ചപ്പോള്‍ ആദ്യവിവാഹം ഒഴിയാതെയാണ് രണ്ടാം വിവാഹം കഴിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് സര്‍ക്കാര്‍ അച്ചടക്കനടപടിയെടുത്ത് ഖുര്‍ഷിദിനെ പിരിച്ചുവിട്ടു. കേസ് ഹൈക്കോടതിയിലെത്തി. തെളിവുകള്‍ അനുസരിച്ച് ആദ്യവിവാഹം ഒഴിയാതെയാണ് രണ്ടാം വിവാഹമെന്ന് ഹൈക്കോടതിയും കണ്ടു. ആദ്യ ഭാര്യ കോടതിയിലെത്തി തന്നെ ഖുര്‍ഷിദ് വിവാഹമോചനം നടത്തിയിട്ടില്ലെന്ന് മൊഴിയും നല്‍കി.

പുനര്‍വിവാഹം കഴിച്ചുവെന്ന് പറയുന്ന ഖുര്‍ഷിദ് ഒരിക്കല്‍പ്പോലും വിവാഹമോചനക്കാര്യമോ പുനര്‍വിവാഹമോ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അച്ചടക്കനടപടി കോടതി ശരിവച്ചു. സുപ്രീം കോടതിയിലെ അപ്പീലിലാണ് മതസ്വാതന്ത്ര്യ പ്രശ്നം ഖുര്‍ഷിദ് ഉയര്‍ത്തിയത്. ഇക്കാര്യം മുമ്പുതന്നെ കോടതി തീര്‍പ്പാക്കിയതാണെന്ന് 1952 മുതലുള്ള വിധികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് നാലുവരെ ഭാര്യമാരാകാം എന്ന് മുസ്ലിം വ്യക്തി നിയമത്തിലുണ്ടെന്നത് ശരിയാണ്. പക്ഷേ അതുകൊണ്ട് ഒന്നിലേറെപ്പേരെ വിവാഹം കഴിക്കാന്‍ ഇസ്ലാംമതം നിര്‍ദേശിക്കുന്നുണ്ടെന്നോ നിര്‍ബന്ധിക്കുന്നുണ്ടെന്നോ അര്‍ഥമില്ല.

ഏകഭാര്യാത്വം നിഷ്കര്‍ഷിക്കുന്ന ഒരു നിയമം അതുകൊണ്ട് ഭരണഘടന ഉറപ്പുനല്‍കുന്ന "മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള' സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാകുന്നില്ല. മതവിശ്വാസപ്രകാരം ബഹുഭാര്യാത്വംപോലുള്ള കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും ഏര്‍പ്പെടാം. പക്ഷേ അത് നിയന്ത്രിക്കാന്‍ സര്‍ക്കാരിനും അധികാരമുണ്ടാകും- കോടതി വ്യക്തമാക്കി. ഒരു ഭാര്യയുള്ളപ്പോള്‍ മറ്റൊരു വിവാഹം കഴിക്കുന്നത് സര്‍വീസ് ചട്ടത്തിന് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍വീസ് ചട്ടത്തിലും പല സംസ്ഥാനങ്ങളിലെ സര്‍വീസ് ചട്ടങ്ങളിലുമുണ്ട്. ഇത് തെറ്റാണെന്ന് ഒരു കോടതിയും ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ല- വിധിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഖുര്‍ഷിദിന്റെ പിരിച്ചുവിടല്‍ ശരിവയ്ക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു

ജോലിക്കിടയിലെ അപകടവും നഷ്ടപരിഹാരവും

ജോലിക്കിടയില്‍ തൊഴിലാളി നേരിടുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള നിയമം  നിലവില്‍വന്നിട്ട് 91 വര്‍ഷം പിന്നിടുന്നു. 1923 ലെ ഈ നിയമം ഇന്നും തൊഴിലാളിക്ക് തുണയാകുന്നുണ്ട്. എന്നാല്‍, നിയമത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കി നഷ്ടപരിഹാരം നല്‍കാതിരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. നിയമത്തിന് തൊഴിലുടമ നല്‍കുന്ന വ്യാഖ്യാനം തള്ളി കോടതി പലപ്പോഴും തൊഴിലാളിയുടെയും കുടുംബത്തിന്റെയും രക്ഷയ്ക്കെത്താറുമുണ്ട്. ഈ വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍നിന്ന് ഒമ്പതു വര്‍ഷം മുമ്പുണ്ടായ വിധി ഇന്നും ഏറെ പ്രസക്തമായി നിലനില്‍ക്കുന്നു.

ജോലിക്കിടയില്‍ തൊഴിലാളി മരിക്കുന്നത് അയാളുടെ അശ്രദ്ധകൊണ്ടാണെങ്കില്‍പ്പോലും നിയമപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ആ വിധി. ചുമടെടുക്കുന്നതിനിടയില്‍ വീണുമരിച്ച ചുമട്ടുതൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസിലായിരുന്നു 2005 ജൂലൈ ഏഴിലെ വിധി. തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഉടമയ്ക്ക് ഒഴിവാകാവുന്ന ചില സാഹചര്യങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തൊഴിലാളി മരിച്ചാല്‍ ഈ വ്യവസ്ഥകള്‍ ബാധകമാകില്ലെന്ന് ജസ്റ്റിസ് ജെ ബി കോശി, ജസ്റ്റിസ് കെ ആര്‍ ഉദയഭാനു എന്നിവരുള്‍പ്പെട്ട ബെഞ്ച് അന്നത്തെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

തലയില്‍ ചുമടുമായി പോകുന്നതിനിടയില്‍ തൊഴിലാളി പെട്ടെന്നു തളര്‍ന്നുവീണു മരിക്കുകയായിരുന്നു. അശ്രദ്ധമായി ചുമട് കൊണ്ടുപോകുമ്പോഴാണ് തൊഴിലാളി മരിച്ചതെന്നായിരുന്നു തൊഴിലുടമയുടെ ഒരു വാദം. ട്രിബ്യൂണലില്‍ കേസ് വന്നു. തൊഴിലിനിടയിലുണ്ടായ അപകടമരണമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. തൊഴിലാളിക്ക് തൊഴിലിനിടയില്‍ അപകടം പറ്റിയാല്‍ തൊഴിലുടമ നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, തൊഴിലാളി മദ്യപിച്ചിരുന്നുവെന്നോ, തൊഴില്‍സുരക്ഷ സംബന്ധിച്ച ലിഖിത വ്യവസ്ഥകള്‍ മനഃപൂര്‍വം ലംഘിച്ചാണ് ജോലിചെയ്തതെന്നോ വന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഈ വ്യവസ്ഥകളും പക്ഷേ തൊഴിലാളിക്ക് പരിക്കേല്‍ക്കുമ്പോള്‍ മാത്രം ബാധകമാവുന്നവയാണ്.

തൊഴിലാളി മരിച്ചാല്‍ നഷ്ടപരിഹാരത്തിന് ഈ വ്യവസ്ഥകള്‍ തടസ്സമല്ല. തൊഴിലാളി മരിച്ചാല്‍ അശ്രദ്ധയോടെയാണ് ജോലിചെയ്തതെന്നത് നഷ്ടപരിഹാരം നല്‍കാന്‍ തടസ്സമാകില്ല. തൊഴിലാളി ഹൃദയാഘാതംമൂലമാണ് മരിച്ചതെന്നും അതിനാല്‍ സ്വാഭാവിക മരണമാണ് ഉണ്ടായതെന്നുമായിരുന്നു തൊഴിലുടമയുടെ മറ്റൊരു വാദം. അപകടമരണമായി ഇതിനെ കണക്കാക്കാനാകില്ലെന്നും വാദമുണ്ടായി. അസുഖംമൂലമുള്ള മരണം അപകടമരണമല്ലെന്ന വാദം കോടതി ശരിവച്ചു. എന്നാല്‍, ഇവിടെ ചുമടുമായി പോയ തൊഴിലാളി തളര്‍ന്നുവീഴുകയും ഹൃദയാഘാതം വന്ന് മരിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെതന്നെ മുന്‍കാല വിധികളുണ്ട്.

ബസ് ഓടിച്ചുപോകുമ്പോള്‍ ഹൃദയാഘാതംമൂലം ഡ്രൈവര്‍ മരിച്ച കേസിലെ വിധി കോടതി ഉദ്ധരിച്ചു. ഇവിടെ തൊഴിലാളി ചുമടുമായി പോകുമ്പോഴാണു വീണത്. ഈ വീഴ്ച നിയമത്തില്‍ നിര്‍വചിക്കുന്ന തരത്തിലുള്ള അപകടംതന്നെയാണ്. തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയായിരുന്നു. അതിനാല്‍ നിയമത്തില്‍ പറയുമ്പോലെ "ജോലിക്കിടയിലും ജോലിമൂലവും (in the course of employment and arising out of employment) ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ്' തൊഴിലാളി മരിച്ചത് എന്നുതന്നെ കണക്കാക്കണം. തൊഴിലാളി താല്‍ക്കാലികക്കാരനാണ് എന്ന  വാദവും തൊഴിലുടമ ഉയര്‍ത്തി. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു വാദം.

എന്നാല്‍, താല്‍ക്കാലികമായുണ്ടായ എന്തെങ്കിലും ജോലിക്ക് നിയോഗിക്കുന്ന തൊഴിലാളിയെ മാത്രമേ നിയമത്തില്‍ താല്‍ക്കാലികക്കാരനായി കാണുന്നുള്ളൂ. തൊഴിലുടമയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നിയമവ്യവസ്ഥയില്‍നിന്ന് വ്യക്തമാണ്- വിധിയില്‍ പറഞ്ഞു. നഷ്ടപരിഹാരത്തുക നിശ്ചയിച്ചതില്‍ നഷ്ടപരിഹാര കമീഷണര്‍ക്ക് പിശകുവന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 1991ലാണ് അപകടം. നിയമത്തില്‍ 2000ല്‍ വന്ന ഭേദഗതി അനുസരിച്ചാണ് തുക കണക്കാക്കിയത്. ഇതു ശരിയല്ല. അപകടം നടന്നപ്പോഴത്തെ വ്യവസ്ഥപ്രകാരമുള്ള നഷ്ടപരിഹാരത്തിനേ അര്‍ഹതയുള്ളൂ. അതിനാല്‍ നഷ്ടപരിഹാരമായി നിശ്ചയിച്ച 1,32,822 രൂപ 88,548 രൂപയായി കോടതി കുറവുചെയ്തു. അപകടം നടന്ന തീയതിമുതല്‍ തുക നിക്ഷേപിച്ച ദിവസംവരെയുള്ള കാലത്തേക്ക് 12 ശതമാനം പലിശ നല്‍കാനും വിധിയില്‍ പറഞ്ഞു.

നിയമനത്തിന് ബാധകമാകുന്നത് അപേക്ഷിക്കുമ്പോഴത്തെ വ്യവസ്ഥ

 

 

 

ഒരു തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചശേഷം നിയമനത്തിനുള്ള യോഗ്യത മാറ്റിയാല്‍ അതിന് നിലനില്‍പ്പുണ്ടാകുമോ? ഇല്ലെന്ന് സുപ്രീം കോടതി തീര്‍പ്പാക്കിയിട്ടുണ്ട്. 2007 ആഗസ്ത് ഏഴിന്റെ ഈ വിധി ഇക്കാര്യത്തില്‍ നിയമത്തിന്റെ വഴി വ്യക്തമാക്കുന്നു.

അപേക്ഷ ക്ഷണിക്കുന്ന തീയതിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചു മാത്രമേ ആ തസ്തികയിലേക്ക് നിയമനം നടത്താന്‍ പാടുള്ളൂ എന്ന് കോടതി ആ വിധിയില്‍ ചൂണ്ടിക്കാട്ടി. അപേക്ഷ ക്ഷണിച്ചശേഷം വ്യവസ്ഥകളില്‍ വരുത്തുന്ന മാറ്റം നിയമനത്തിന് ബാധകമാകില്ല. ബാധകമാകണമെങ്കില്‍ അത്തരത്തിലൊരു മുന്‍കാല പ്രാബല്യം ആ ഉത്തരവിനുണ്ടെന്ന് അതില്‍ത്തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിക്കണം എന്നും കോടതി ചൂണ്ടിക്കാട്ടി.

ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായ സോണിയയുടെ ഹര്‍ജി തീര്‍പ്പാക്കി ജസ്റ്റിസ് തരുണ്‍ ചാറ്റര്‍ജിയും ജസ്റ്റിസ് പി കെ ബാലസുബ്രഹ്മണ്യനും ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. പട്ടികവിഭാഗക്കാരിയാണ് സോണിയ. സ്ഥാപനത്തില്‍ അസിസ്റ്റന്റായി ജോലിചെയ്യുകയായിരുന്നു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഒഴിവിലേക്ക്് കമ്പനി അപേക്ഷ ക്ഷണിച്ചപ്പോള്‍ സോണിയയും അപേക്ഷിച്ചു. പ്രൊമോഷനിലൂടെ നികത്തേണ്ട ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. തസ്തികകളില്‍ ഒന്ന് പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണംചെയ്തിരുന്നു. ആ തസ്തികയിലേക്കാണ് സോണിയ അപേക്ഷ നല്‍കിയത്. പട്ടികവര്‍ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാമെന്ന് സ്ഥാപനത്തിന്റെ പ്രൊമോഷന്‍ നയത്തില്‍ വ്യവസ്ഥയുണ്ട്.

പട്ടികവര്‍ഗക്കാര്‍ക്കുള്ള തസ്തികയില്‍ ആ വിഭാഗത്തില്‍നിന്ന് യോഗ്യരായവര്‍ ഇല്ലെങ്കില്‍ പട്ടികജാതിക്കാരെയും പട്ടികജാതിക്കാര്‍ക്കുള്ള തസ്തികയില്‍ ആ വിഭാഗത്തില്‍നിന്ന് യോഗ്യരായവര്‍ ഇല്ലെങ്കില്‍ പട്ടികവര്‍ഗക്കാരെയും നിയമിക്കാമെന്നാണ് വ്യവസ്ഥ. നിയമനത്തിന് എഴുത്തുപരീക്ഷ ഉണ്ടായിരുന്നു. എഴുത്തുപരീക്ഷയ്ക്ക് പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സ്ഥാപനം സൗജന്യ പരിശീലനവും നല്‍കി. സോണിയ പരിശീലനത്തില്‍ പങ്കെടുത്തു. എഴുത്തുപരീക്ഷയുടെ റാങ്ക്ലിസ്റ്റ് വന്നപ്പോള്‍ വിജയിച്ചവരുടെ പട്ടികയില്‍ 23-ാമതായി പേരുമുണ്ടായി. പട്ടികവര്‍ഗത്തില്‍നിന്ന് അര്‍ഹതപ്പെട്ട ആരും പട്ടികയില്‍ ഉണ്ടായിരുന്നുമില്ല. സ്വാഭാവികമായും നിയമനം പ്രതീക്ഷിച്ച സോണിയക്ക് പക്ഷേ പ്രൊമോഷന്‍ ഉത്തരവ് കിട്ടിയില്ല. നിയമനം ആവശ്യപ്പെട്ട് സോണിയ നോട്ടീസ് നല്‍കി. നിയമനം നല്‍കാനാവില്ലെന്നായിരുന്നു മറുപടി. പട്ടികവര്‍ഗത്തില്‍ അര്‍ഹതപ്പെട്ടവര്‍ ഇല്ലെങ്കില്‍ പട്ടികജാതിയില്‍നിന്ന് തിരിച്ചും നിയമനം നടത്തുന്ന രീതി അവസാനിപ്പിച്ചെന്നും ഇതുസംബന്ധമായ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മറുപടിയിലെ വിശദീകരണം.

2003 ഒക്ടോബര്‍ 30നാണ് കമ്പനി പ്രൊമോഷന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. അതേവര്‍ഷം നവംബര്‍ ആറിനാണ് തസ്തിക പട്ടികജാതി വര്‍ഗക്കാര്‍ക്കിടയില്‍ കൈമാറ്റംചെയ്തുകൂടാ എന്ന ഉത്തരവ് ഇറങ്ങുന്നത്. നിയമനം നിഷേധിച്ചതിനെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിക്കാരിയുടെ നിയമപരമായ അവകാശങ്ങളൊന്നും നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ട് ഹൈക്കോടതി ഹര്‍ജി തള്ളി. ഇതിനെതിരെയാണ് സോണിയ സുപ്രീം കോടതിയില്‍ എത്തിയത്.

നിയമനത്തിന് അപേക്ഷ ക്ഷണിച്ച സമയത്തെ വ്യവസ്ഥകളാണ് നിയമനത്തിന് ബാധകമാക്കേണ്ടതെന്ന് മുന്‍കാല വിധികള്‍കൂടി ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അപേക്ഷ ക്ഷണിച്ച ശേഷമാണ് തസ്തിക കൈമാറ്റംചെയ്യാനാവില്ലെന്ന പുതിയ വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. മുന്‍കാല നിയമനങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്ന് ഉത്തരവില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍,ആരംഭിച്ച നിയമന നടപടിയുടെ കാര്യം ഒന്നും പറയുന്നുമില്ല. എന്നുമാത്രമല്ല, ഈ ഉത്തരവിറങ്ങി മൂന്നുമാസത്തിനുശേഷം പ്രസിദ്ധീകരിച്ച പ്രൊമോഷന് അര്‍ഹരായവരുടെ റാങ്ക് ലിസ്റ്റില്‍ സോണിയയെ ഉള്‍പ്പെടുത്തിയതുമാണ്. ഈ സാഹചര്യത്തില്‍ സോണിയയെ ഇന്റര്‍വ്യുവിന് വിളിക്കാതിരുന്നത് നീതിനിഷേധമാണ്. അതിനാല്‍ സോണിയയെ ഇന്റര്‍വ്യുവിന് ക്ഷണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇന്റര്‍വ്യുവില്‍ അര്‍ഹയാണെന്നു കണ്ടാല്‍ പ്രൊമോഷന്‍ നല്‍കുകയും വേണം- ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി പറഞ്ഞു.

മരണമൊഴിയുടെ നിയമസാധുത

 

 

മരണമൊഴികള്‍ എത്രത്തോളം വിലപ്പെട്ടതാകാം, എല്ലാ മരണമൊഴിയും കോടതിക്കുമുമ്പില്‍ ഒരുപോലെ സ്വീകാര്യമാണോ, തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. യഥാര്‍ഥത്തില്‍ മരണമൊഴി}}(dying declaration) എന്ന വാക്ക് നിയമങ്ങളിലില്ല. എന്നാല്‍, തന്റെ മരണത്തിന്റെ കാരണത്തെപ്പറ്റി മരണത്തിനുമുമ്പ് ഒരാള്‍ നല്‍കുന്ന മൊഴിയെ ഇത്തരത്തില്‍ എടുക്കാം. മരണത്തിനിടയാക്കിയ സംഭവത്തിന് ദൃക്സാക്ഷി മരിച്ച വ്യക്തി മാത്രമാകുമ്പോള്‍ ഈ മൊഴി അവഗണിക്കാനേ കഴിയില്ല. മാത്രമല്ല, മരണം കാത്തുകഴിയുന്ന ഒരു വ്യക്തി നല്‍കുന്ന മൊഴിക്ക് ഒരു സത്യപ്രസ്താവനയുടെ മഹത്വമുണ്ടെന്നും കോടതി കരുതുന്നു. എല്ലാ പ്രതീക്ഷയും അസ്തമിച്ച് അങ്ങേയറ്റം എത്തിനില്‍ക്കുന്നയാളാണ് മൊഴി നല്‍കുന്നത്. കള്ളംപറയാനുള്ള ഉദ്ദേശ്യമൊന്നും അപ്പോള്‍ നിലനില്‍ക്കില്ല. സത്യം പറയണമെന്ന ഉല്‍ക്കടമായ ആഗ്രഹമാകും അപ്പോള്‍ ശക്തം.

എങ്കിലും മരണമൊഴി ആധാരമാക്കി വിധിക്കുന്ന ശിക്ഷകള്‍ ചോദ്യംചെയ്യുന്ന കേസുകള്‍ ഇടയ്ക്കിടെ സുപ്രീംകോടതിയിലുമെത്തും. മരണമൊഴി പൂര്‍ണമായും വിശ്വസിച്ച് കീഴ്ക്കോടതികള്‍ വിധിച്ച ശിക്ഷ ശരിവയ്ക്കുന്ന കേസുകളാണ് ഏറെയും. എന്നാല്‍, മരണമൊഴി വിശ്വസനീയമല്ലെന്ന് അപൂര്‍വമായെങ്കിലും സുപ്രീംകോടതി ചൂണ്ടിക്കാട്ടാറുണ്ട്. എപ്പോഴൊക്കെ മരണമൊഴികള്‍ സ്വീകരിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയ വിധികളിലൊന്നായിരുന്നു 2007 ജൂലൈ 27ലെ കേസി (Smt. Shakuntala Vs. State of Haryana) ലേത്. മരണമൊഴി അംഗീകരിച്ച് ശിക്ഷ ശരിവച്ച ഹൈക്കോടതി വിധി ഈ കേസില്‍ സുപ്രീംകോടതിയും അംഗീകരിച്ചു.ഹരിയാനയില്‍നിന്നുള്ള ഒരു സ്ത്രീധന പീഡനക്കേസായിരുന്നു അത്. അമ്മായിഅമ്മയാണ് അപ്പീലുമായെത്തിയത്.

അമ്മായിഅമ്മ മരുമകളെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുക പതിവായിരുന്നു. വഴക്കും ഉണ്ടാകും. ഒരുദിവസം പീഡനം സഹിക്കാനാകാതെ മരുമകള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. ഭയപ്പെടുത്തി അമ്മായിഅമ്മയുടെ ഉപദ്രവം നിര്‍ത്തിക്കാം എന്നേ ഉദ്ദേശിച്ചുള്ളൂ. പക്ഷേ അമ്മായിഅമ്മ മണ്ണെണ്ണയില്‍ മുങ്ങിനിന്ന മരുമകളുടെ ദേഹത്തേക്ക് തീപ്പെട്ടിക്കൊള്ളി കത്തിച്ചെറിഞ്ഞു. 100 ശതമാനം പൊള്ളലുമായി മരുമകള്‍ ആശുപത്രിയിലായി. ആശുപത്രിക്കിടക്കയില്‍നിന്നു മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയില്‍ അവര്‍ സംഭവം വിവരിച്ചു. ഈ മൊഴി അടിസ്ഥാനമാക്കി അമ്മായിഅമ്മയ്ക്ക് ശിക്ഷയും കിട്ടി. ഈ വിധിക്കെതിരെയായിരുന്നു അപ്പീല്‍.നൂറുശതമാനം പൊള്ളലേറ്റതിനാല്‍ മൊഴി നല്‍കാവുന്ന ആരോഗ്യസ്ഥിതി മരുമകള്‍ക്കില്ലായിരുന്നു എന്നായിരുന്നു മുഖ്യവാദം. എന്നാല്‍, ഇക്കാര്യത്തില്‍ ഡോക്ടറുടെ മൊഴി കോടതി സ്വീകരിച്ചു. മൊഴിനല്‍കാവുന്ന ആരോഗ്യസ്ഥിതി ഉണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

അമ്മായിഅമ്മയ്ക്ക് ഹൈക്കോടതി നല്‍കിയ ശിക്ഷ ശരിവച്ചശേഷം മരണമൊഴിയുടെ വിവിധ വശങ്ങളെപ്പറ്റി ജസ്റ്റിസ് അരിജിത് പസായത്തും പി പി നവ്ലേക്കറും ഉള്‍പ്പെട്ട ബെഞ്ച് വിവരിക്കുന്നു. മരണമൊഴിക്ക് അതീവ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെങ്കിലും ക്രോസ്വിസ്താരത്തിന് അവസരം നല്‍കാത്ത മൊഴിയാണിതെന്ന ദൗര്‍ബല്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ മരണമൊഴികള്‍ പരിഗണിക്കുമ്പോള്‍ മുഖ്യമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

1. മറ്റു തെളിവുകളുടെ പിന്‍ബലമില്ലെന്ന കാരണത്താല്‍ മരണമൊഴി തള്ളിക്കളയാനാകില്ല.

2. സ്വമേധയാ നല്‍കിയതും സത്യസന്ധവുമാണ് മൊഴിയെന്ന് കോടതിക്ക് ബോധ്യം വന്നാല്‍ മറ്റു തെളിവുകളില്ലെങ്കിലും ഈ മൊഴി ആധാരമാക്കി ശിക്ഷവിധിക്കാം.

3. ആരെങ്കിലും പഠിപ്പിച്ചു പറയിച്ചതോ ഭാവനയോ അല്ല മൊഴിയില്‍ പറയുന്ന കാര്യങ്ങളെന്ന് മൊഴി സൂക്ഷ്മമായി പരിശോധിച്ച് കോടതി ഉറപ്പുവരുത്തണം. പ്രതിയെ കാണാനും തിരിച്ചറിയാനും കഴിയുന്ന നിലയിലായിരുന്നു മരിച്ചയാളെന്നും മരണമൊഴി നല്‍കുന്ന സമയത്ത് അത് നല്‍കാനുള്ള ശേഷി ഉണ്ടായിരുന്നുവെന്നും ബോധ്യപ്പെടണം

.4. മൊഴി സംശയാസ്പദമാണെങ്കില്‍ മറ്റു തെളിവുകളുടെ പിന്‍ബലമില്ലാതെ അംഗീകരിക്കരുത്

.5. പ്രതി മൊഴിനല്‍കാന്‍ കഴിയാത്തതുപോലെ അബോധാവസ്ഥയിലായിരുന്നുവെന്നു വന്നാലും മൊഴി അസാധുവാകും.

6. പൂര്‍വാപരബന്ധമില്ലാത്തതാണ് മൊഴിയെങ്കില്‍ സ്വീകാര്യമല്ല.

7. സംഭവത്തിന്റെ വിശദാംശമില്ലെന്ന കാരണത്താല്‍ മൊഴി തള്ളരുത്.

8. മൊഴി ചുരുക്കം വാക്കുകളാണെന്ന കാരണത്താലും അവഗണിക്കരുത്. ചെറുതാണെങ്കില്‍ വിശ്വാസ്യത കൂടും.

9. മൊഴി നല്‍കാവുന്ന ശരീരസ്ഥിതി ഉണ്ടായിരുന്നുവോ എന്നു നിശ്ചയിക്കാന്‍ ഡോക്ടറുടെ മൊഴിയെ ആശ്രയിക്കാം.

10. പോസിക്യൂഷന്റെ വിവരണം മരണമൊഴിയുമായി പൊരുത്തപ്പെടുന്നതല്ലെങ്കില്‍ മൊഴി പരിഗണിക്കേണ്ടതില്ല.

11. രണ്ടു മരണമൊഴി ഉണ്ടെങ്കില്‍ ആദ്യത്തേതാണ് പരിഗണിക്കേണ്ടത്. എന്നാല്‍, ഒന്നിലേറെ മൊഴികള്‍ ഉണ്ടാകുകയും അവ വിശ്വാസയോഗ്യമാകുകയും ചെയ്താല്‍ എല്ലാം പരിഗണിക്കാം- വിധിയില്‍ ചൂണ്ടിക്കാട്ടി.മരണമൊഴി സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി വിധിച്ച കേസുകളിലൊന്ന് 2011ല്‍ ഉണ്ടായി (Surinder Kumar Vs. State of Haryana)-.. ഒക്ടോബര്‍ 21നായിരുന്നു ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് ബി എസ് ചൗഹാനും ഉള്‍പ്പെട്ട ബെഞ്ചിന്റെ വിധി.മരണമൊഴി മാത്രം ആധാരമാക്കി പ്രതിയെ ശിക്ഷിച്ചതാണ് സുപ്രീംകോടതി റദ്ദാക്കിയത്. മൊഴി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മൊഴികളില്‍ വൈരുധ്യവും ഏറെയായിരുന്നു. അതിലും പ്രധാനമായി സുപ്രീം കോടതി കണ്ടത് മറ്റൊന്നാണ്: മൊഴി എടുക്കുന്ന സമയത്ത് സാക്ഷിക്ക് ഫോര്‍ട്ട്വിന്‍ (Fortwin), പെത്തിഡിന്‍ (Pethidine)- എന്നീ മയക്കുമരുന്നുകള്‍ വേദനസംഹാരിയായി നല്‍കിയിരുന്നു. അവയുടെ സ്വാധീനത്തിലാകുമ്പോഴാണ് മൊഴിയെടുത്തത്. അതുകൊണ്ട് സാക്ഷി മാനസിക സമനിലയോടെയല്ല ഈ മൊഴി നല്‍കിയത്. അതുകൊണ്ട് മൊഴി വിശ്വസിക്കാനാകുന്നില്ല. മരണമൊഴി മാത്രം ആധാരമാക്കി നിശ്ചയിച്ച ശിക്ഷ ഒഴിവാക്കുകയാണ്- കോടതി വ്യക്തമാക്കി.


കടപ്പാട് :അഡ്വ. കെ ആര്‍ ദീപ

Email: advocatekrdeepa@gmail.com

ദേശാഭിമാനി

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate