অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്റ്റാര്‍ട്ടപ് യാത്ര'

സ്റ്റാര്‍ട്ടപ് യാത്ര'

സംരംഭകത്വത്തില്‍ അഭിനിവേശമുള്ളവരെ കണ്ടെത്തുന്നതിനും അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകുവാനും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ എസ് യു എം ) സ്റ്റാര്‍ട്ടപ് ഇന്ത്യയുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി  നടത്തുന്ന പ്രത്യേക പരിപാടിയാണ്   'സ്റ്റാര്‍ട്ടപ് യാത്ര' .
സംസ്ഥാനത്തെ നഗര ഗ്രാമപ്രദേശങ്ങളിലൂടെ ആയിരം കിലോമീറ്റര്‍ താണ്ടുന്ന ഒരു മാസത്തെ യാത്ര  നവംബര്‍ ഒന്ന് വ്യാഴാഴ്ച തലസ്ഥാനത്ത് മുഖ്യമന്ത്രി  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട്ട് അവസാനിക്കുന്ന യാത്രക്കിടയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തും. യാത്രയുടെ ഗ്രാന്‍ഡ് ഫിനാലെക്ക് നവംബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരം പാര്‍ക്ക് സെന്‍റര്‍ വേദിയാകും.
നൂതനത്വത്തിലൂടെയും രൂപകല്‍പ്പനയിലൂടെയും സ്റ്റാര്‍ട്ടപ്പുകളുടെ ശാക്തീകരണം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ സുപ്രധാന സംരംഭമാണ് സ്റ്റാര്‍ട്ടപ് ഇന്ത്യ. സംസ്ഥാനത്തെ ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭകത്വ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് കെ എസ് യു എം .
സംസ്ഥാനത്തിലെ ചെറിയ പട്ടണങ്ങളില്‍നിന്നു പോലും സംരംഭകരാകാന്‍ താല്പര്യമുള്ളവരെ  കണ്ടെത്തുന്നതിനും  അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും പ്രമുഖ സ്ഥാപനങ്ങളില്‍നിന്ന് മാര്‍ഗനിര്‍ദേശവും  ഇന്‍കുബേഷനും ലഭ്യമാക്കുകയാണ് സ്റ്റാര്‍ട്ടപ് യാത്രയുടെ ലക്ഷ്യം.
കാഞ്ഞിരപ്പള്ളിയില്‍ നവംബര്‍ 3ന് നടക്കുന്ന ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ ഉച്ചകോടി 2018 (ഐഇഡിസി) ആണ് സ്റ്റാര്‍ട്ടപ് യാത്രയുടെ ശ്രദ്ധാകേന്ദ്രം. സംരംഭക പ്രിയരെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന ഉച്ചകോടിക്ക് അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് വേദിയാകും. ഐഇഡിസിയുടെ മൂന്നാമത്തെ ഈ പതിപ്പ് കേരളത്തിലെ കോളജ് വിദ്യാര്‍ഥികളുടെ ബൃഹത്തായ സമ്മേളനമാക്കാനാണ് കെഎസ്യുഎം തയാറെടുക്കുന്നത്. കേരള പുനഃസൃഷ്ടി പ്രമേയമാക്കി നവംബര്‍ 16, 17 തീയതികളില്‍ കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന ടൈക്കോണ്‍ കേരള 2018 ലും  സ്റ്റാര്‍ട്ടപ് യാത്ര എത്തും.
എട്ട് ബൂട്ട് ക്യാംപുകളും 14 വാന്‍ സ്റ്റോപ്പുകളും ഉള്‍പ്പെടുത്തി രണ്ടു തരത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വത്തെക്കുറിച്ച് അറിവു പകരാനായി  ആശയാധിഷ്ഠിത ശില്‍പശാലകളും ആശയ പിച്ചിംഗ് വെഷനുകളും ബൂട്ട് ക്യാംപിന്‍റെ ഭാഗമായി നടത്തും. സംരംഭക പ്രിയര്‍ക്ക്  തങ്ങളുടെ ആശയങ്ങള്‍ വിദഗ്ധ സമിതിക്കു മുന്നില്‍ അവതരിപ്പിക്കാം. മികച്ച ആശയദാതാക്കള്‍ക്ക് ദ്വിദിന ആക്സിലറേഷന്‍ പരിപാടയില്‍ മുന്‍നിര ഇന്‍കുബേറ്ററിനൊപ്പം പങ്കെടുക്കാം. ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്ന ആശയദാതാക്കള്‍ക്ക് ഇന്‍കുബേറ്ററുകളുടെ ഓഫറുകളും സംസ്ഥാനസര്‍ക്കാരിന്‍റെ പ്രചോദനവും ലഭ്യമാക്കുന്നതിനുള്ള അവസരവും ഉണ്ട്.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളേജ്, പാല സെന്‍റ് ജോസഫ് കോളേജ്, എറണാകുളം സെന്‍റ് തെരേസ കോളേജ്, തൃശൂര്‍ സഹൃദയ കോളേജ്, കോഴിക്കോട് എന്‍ഐടി, വയനാട്ടിലെ മീനങ്ങാടി പോളീടെക്നിക് , കോസര്‍കോട് എല്‍ബിഎസ് കോളേജ് എന്നിവിടങ്ങളാണ് ബൂട്ട് ക്യാംപിന് വേദിയാകുക.
യാത്രയുടെ വിശദ പരിപാടികളും രജിസ്ട്രേഷന്‍ ഫോമും വാന്‍ സ്റ്റോപ്പുകളുടേയും ബൂട്ട് ക്യാംപുകളുടേയും വിവരങ്ങള്‍ക്ക്  https://goo.gl/forms/KzCL4q5771AQzDVi1 സന്ദര്‍ശിക്കുക.
കടപ്പാട്:സി.വി.ഷിബു

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate