অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉപഭോക്തൃ നയം

ഉണരണം ഉപഭോക്താക്കള്‍

ഉത്പാദിപ്പിക്കുന്നതിലല്ല,വാങ്ങിക്കൂട്ടുന്നത്തിലാണ് നമ്മളില്‍ പലര്‍ക്കും താല്‍പര്യം. എന്തും അങ്ങടിയില്‍നിന്നും വാങ്ങി ഉപയോഗിക്കുക എന്നതാണ് നമ്മുടെ ശീലം. ഉപഭോക്തൃ സമൂഹമായി മലയാളികള്‍ മാറിക്കഴിഞ്ഞു .കച്ചവട തന്ത്രങ്ങളിലും പരസ്യ പൊങ്ങച്ചങ്ങളിലും മയങ്ങി വീഴുന്ന വഞ്ചിക്കപ്പെടുന്ന ഉപഭോക്താവാണ് നമ്മള്‍.

ഉപഭോക്താവ്‌ വഞ്ചിക്കപ്പെടുന്നത് പലവിധത്തിലാണ്.മായം കലര്‍ത്തല്‍, ഒരു സാധനം കാണിച്ചു മറ്റൊരു സാധനം നല്‍കല്‍ ,അളവില്‍ കുറവ് , പരസ്യതട്ടിപ്പ് ഇങ്ങനെ പോകുന്നു വഞ്ചനയുടെ പട്ടിക .ഉപഭോക്താവ്‌ എന്നാ നിലയില്‍ വ്യക്തിക്കുള്ള അവകാശങ്ങള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനുള്ള ആഹ്വാനമാണ് ഉപഭോക്തൃ ദിനം നല്‍കുന്നത്.

മാര്‍ച്ച്‌ 15 ഉപഭോക്തൃ ദിനമാണ്.

ഉപഭോക്താവ്‌

വില നല്‍കിയോ നല്‍കാമെന്ന കരാറിലോ ഏതെങ്കിലും ഉത്‌പന്നമോ സേവനമോ സ്വീകരിക്കുന്ന വ്യക്തിയാണ് ഉപഭോക്താവ്‌.കടയില്‍ നിന്ന് ഒരു പേനയോ പുസ്തകമോ വാങ്ങുന്നയാള്‍ ഉപഭോക്താവാണ്.പണം കൊടുത്തു വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും പ്രതിഫലം കൊടുത്തു ചികിത്സ നേടുമ്പോഴും നാം ഉപഭോക്താവാണ്.

വാങ്ങുന്ന ഉല്പന്നതിനോ നേടുന്ന സേവനത്തിനോ ഏതെങ്കിലും വിധത്തിലുള്ള തകരാറുകളോ അപാകതയോ ഉണ്ടാവുക ,ഗുണം , ശുദ്ധി , അളവ് എന്നിവയില്‍ കുറവ് സംഭവിക്കുക ,വിലയിലെ കൃത്രിമങ്ങള്‍ , ഉചിതമല്ലാത്ത രീതിയിലുള്ള വിപണന തന്ത്രങ്ങള്‍ എന്നിവയെല്ലാം ഉപഭോക്താവ്‌ അനുഭവിക്കാനിടയുള്ള പ്രശ്നങ്ങളാണ്.

ഉപഭോക്തൃ ദിനം

അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ജോണ്‍ എഫ് കെന്നഡിയാണ് ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് ആദ്യമായി നിയമ നിര്‍മാണ സഭയില്‍ സംസാരിച്ചത്.1963 മാര്‍ച്ച് 15 നായിരുന്നു വിഖ്യാതമായ ഈ പ്രസംഗം. ആ ദിനമാണ് അന്താരാഷ്ട്ര ഉപഭോക്തൃ ദിനമായി ആചരിച്ചു വരുന്നത് .നമ്മുടെ രാജ്യം ഉപഭോക്തൃ ദിനമായി നിശ്ചയിച്ചിരിക്കുന്നത് ഡിസംബര്‍ 24 ആണ്. 1986ല്‍ ഈ ദിനത്തിലാണ് ഉപഭോക്തൃനിയമം നിലവില്‍ വന്നത്. 1930ലെ സാധന വില്പന നിയമം ,1940 ലെ ഔഷധ സൗന്ദര്യ വര്‍ധക നിയമം ,മായം ചേര്‍ക്കല്‍ നിരോധന നിയമം ,അളവ് തൂക്ക മാനക നിയമം എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമം രൂപപ്പെടുത്തിയത്.

ഉപഭോക്താവിന്‍റെ അവകാശങ്ങള്‍

പുതിയ കാലത്ത് രാജ്യങ്ങള്‍ നിയമത്തിലൂടെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട് .സ്വാമി വിവേകാനന്ദന്‍ ഉപഭോക്താവിനെ ‘രാജാവായും’ മഹാത്മാഗാന്ധി ‘അതിഥി’യായുമാണ് വിശേഷിപ്പിച്ചത്‌. നമ്മളെല്ലാം ഉപഭോക്താക്കള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്.

ഒരിക്കലും എംആര്‍പിക്ക് (പരമാവധി ചില്ലറ വില്പന വില –MAXIMUM RETAIL PRICE) അപ്പുറം നല്‍കി സാധനങ്ങള്‍ വാങ്ങരുത്. പരമാവധി വിലയേക്കാള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ കിട്ടാന്‍ അവകാശമുള്ളതിനാല്‍ വില പേശാനും മടിക്കേണ്ട. സാധനങ്ങല്‍ക്കൊപ്പം അവയുടെ ബില്ല് കൂടി ചോദിച്ചു വാങ്ങിയാല്‍ രണ്ടു കാര്യമുണ്ട്.സര്‍ക്കാരിനു ലഭിക്കേണ്ട നികുതി ഉറപ്പാക്കാം. പിന്നെ സാധനങ്ങളെയും സേവനത്തെയും സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതുന്നയിക്കാനുള്ള തെളിവുമായി. ഉല്പന്നത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ അറിയുന്നതിനുള്ള അവകാശം നമുക്കുണ്ട്.ജീവനോ സ്വത്തിനോ ദോഷം ചെയ്യുന്ന വിപണനത്തില്‍ നിന്നുള്ള രക്ഷയും ഉത്പന്നത്തിന്‍റെയും സേവനത്തിന്‍റെയും പൂര്‍ണമായ വിവരങ്ങള്‍ അറിയുന്നതിനും അവകാശമുണ്ട്. ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും ഉപഭോക്തൃ വിദ്യാഭ്യാസത്തിനുമുള്ള അവസരവും ഉപഭോക്താവിനു ഉണ്ടാകണം.

ഗുണമേന്മയുടെ അടയാളം

വാങ്ങുന്ന സാധനം ഗുനനിലവാരമുള്ളതാണോ എന്നറിയാന്‍ നമ്മെ സഹായിക്കുന്ന അടയാളമാണ് ISI. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭിക്കുന്നതിനും ഉപഭോക്താവിന്‍റെ താത്പര്യം സംരക്ഷിക്കുന്നതിനും ഗവണ്‍മെന്‍റ് സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (BIS) ആണ് ISI മുദ്ര ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നത്. ബിഐഎസ് ഓരോ ഉല്പന്നതിനും വേണ്ട ഗുണനിലവാരത്തിന്‍റെ മാനദണ്ഡത്തെ നിശ്ചയിച്ചു നല്‍കുന്നതിനെയാണ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷന്‍ എന്ന് പറയുന്നത്. വ്യാപാര തന്ത്രങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കി ഉല്പന്നങ്ങളുടെ ഗുണമേന്മ, അളവ് ,വില , പരിശുദ്ധി എന്നിവയെക്കുറിച്ച് അറിവ് നല്കാന്‍ ISI മുദ്ര സഹായിക്കുന്നു. വ്യാജ മുദ്ര പതിച്ചു ഉത്പന്നങ്ങള്‍ വില്പന നടത്തുന്നവര്‍ ശിക്ഷിക്കപ്പെടും.

സാധനങ്ങള്‍ വാങ്ങുമ്പോള്‍

പരസ്യത്തെ അടിസ്ഥാനമാക്കി സാധനങ്ങള്‍ വാങ്ങരുത്. പ്രചാരണ തന്ത്രം എന്ന നിലയില്‍ പരസ്യത്തെ കാണുക . ഏതു സാധനം വാങ്ങുമ്പോഴും ബില്‍ വാങ്ങുക. വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല എന്ന പ്രസ്താവന ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു ഉറപ്പു വരുത്തുക. പായ്ക്ക് ചെയ്ത സാധനങ്ങള്‍ വങ്ങുമ്പോള്‍ പുറത്തെ രേഖപ്പെടുത്തലുകള്‍ പരിശോധിക്കുക. ഉല്പന്നത്തിന്‍റെ പേര് , പായ്ക്ക് ചെയ്ത തിയതി, വിലാസം , തൂക്കം, കാലാവധി കഴിയുന്ന തിയതി ,പരമാവധി ചില്ലറ വില്പന വില എന്നിവ തൃപ്തികരമാണെങ്കില്‍ മാത്രം വാങ്ങുക . അളവ് ,തൂക്കം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവ ശരിയാണെന്ന് ഉറപ്പു വരുത്തുക.

ഉപഭോക്തൃ ക്ലബ്ബുകള്‍

ഉപഭോക്താവ്‌ എന്ന നിലയില്‍  അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളില്‍ ഉപഭോക്തൃ ക്ലബ്ബുകള്‍ തുടങ്ങിയിട്ടുണ്ട്. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ പ്രാധാന്യവും ലക്ഷ്യവും വിദ്യാര്‍ഥികളില്‍ എത്തിക്കുന്നതിനും നിയമം ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമാണ്‌ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്തൃ ദിനാചരണം, മായം ചേര്‍ക്കല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്താനും സാമൂഹ്യാവബോധം വളര്‍ത്താനും ഉപഭോക്തൃ ക്ലബ്ബുകള്‍ക്ക് ആകും.

അവസാനം പരിഷ്കരിച്ചത് : 2/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate