অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിജയ കഥകള്‍

മുന്തിരിക്കുല പോലെ 'തെക്കേല്‍' കുരുമുളക്

കറുത്തപൊന്ന് തേടി പാശ്ചാത്യര്‍ കടലിനക്കരയ്ക്ക് യാത്രതിരിച്ചെങ്കില്‍ ഇടുക്കിയിലൊരു കര്‍ഷകന്‍ മികച്ചയിനം കുരുമുളകു തേടി കാടുകയറി. അന്വേഷണങ്ങള്‍ക്കൊടുവില്‍ കാട്ടില്‍നിന്നു കണ്ടെത്തിയ അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളകിനം മാറ്റിയെഴുതിയത് ഇടുക്കി ജില്ലയില്‍ കാഞ്ചിയാര്‍ തെക്കേല്‍ വീട്ടില്‍ റ്റി. റ്റി. തോമസിന്‍റെ ജീവിതത്തെയാണ്. പെപ്പര്‍ തെക്കേല്‍ അഥവാ തെക്കേല്‍ കുരുമുളക് എന്ന പേരില്‍ പ്രശസ്തമായ കുരുമുളകിനം കണ്ടെത്തിയ കഥ വിസ്മയിപ്പിക്കുന്നതാണ്.

കാര്‍ഷിക ഗവേഷണങ്ങളില്‍ തല്‍പരനായ തോമസ് യാത്രകള്‍ക്കിടയില്‍ തിരയുന്നത് വിശേഷപ്പെട്ടൊരു വിളയിനത്തെയായിരിക്കും. ഇത്തരമൊരു യാത്രയ്ക്കിടയിലാണ് ഇടുക്കി ഡാം റിസര്‍വോയറിന്‍റെ കിഴക്കിന്‍ അതിര്‍ത്തിയായ കാഞ്ചിയാര്‍ അഞ്ചുരുളി വനമേഖലയില്‍നിന്ന് തെക്കേല്‍ കുരുമുളകിന്‍റെ മാതൃസസ്യത്തെ തോമസ് കണ്ടെത്തിയത്. ഇതിന്‍റെ തല ശേഖരിച്ച് തന്‍റെ കൃഷിയിടത്തിലെത്തിച്ച തോമസ് നീണ്ട 25 വര്‍ഷത്തെ പരീക്ഷണത്തിനൊടുവിലാണ് അത്യുല്‍പ്പാദനശേഷിയുള്ള തെക്കേല്‍ കുരുമുളക് വികസിപ്പിച്ചെടുത്തത്.

സാധാരണ കുരുമുളകിനേക്കാള്‍ ഏറെ സവിശേഷതകളുള്ള ഇനമാണിത്. ശാഖകളുള്ള തിരികളാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം. ഇതിന്‍റെ പ്രധാന തിരിയിലും ശാഖകളിലും മുന്തിരിക്കുലകള്‍പോലെ കുരുമുളകുമണികള്‍ പിടിക്കുന്നു. സാധാരണ കുരുമുളകിലേതുപോലെ ആദ്യം ഒരു തിരിയുണ്ടാകുകയും അതു പിന്നീട് ശാഖകളായി വളരുകയുമാണ് ചെയ്യുന്നത്. സാധാരണയിനങ്ങളില്‍ തിരിയൊന്നിന് ശരാശരി അമ്പതില്‍താഴെ കുരുമുളകുമണികള്‍ കാണുമ്പോള്‍  തെക്കേല്‍ കുരുമുളകിന്‍റെ തിരിയിലും ശാഖകളിലുമായി ഇതിന്‍റെ ഇരട്ടിയോളം മണികള്‍ കാണപ്പെടുന്നു. അത്യുല്‍പ്പാദനശേഷിക്കൊപ്പം വിളവെടുക്കാനുള്ള സൗകര്യവും ഇതിനെ കര്‍ഷകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നു.


കൊടിനട്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ തെക്കേല്‍ കുരുമുളക് കായ്ച്ചുതുടങ്ങും. നനവുള്ള മണ്ണില്‍ ഈയിനം നന്നായി വളരും. സ്ഥിരമായി കായ്ക്കുന്ന ഒരു കൊടിയില്‍നിന്നും പ്രതിവര്‍ഷം ശരാശരി പത്തുകിലോയിലധികം ഉണക്കക്കുരുമുളക് ലഭിക്കും. ഹെക്ടറിന് 8650 കിലോ വിളവെന്നതാണ് തോമസിന്‍റെ കണക്ക്.

ദ്രുതവാട്ടം പോലെ കുരുമുളകിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളില്‍നിന്നെല്ലാം ഈയിനത്തിന് പ്രതിരോധശക്തിയുണ്ട്. തീക്ഷ്ണമായ എരിവും ഇതിന്‍റെ സവിശേഷതയാണ്. സാധാരണ കുരുമുളകിനങ്ങള്‍ ഉണക്കുമ്പോള്‍ പച്ചക്കുരുമുളകിന്‍റെ 33 ശതമാനം ഉണക്കക്കുരുമുളക് ലഭിക്കുമ്പോള്‍ തെക്കേല്‍ കുരുമുളകില്‍ അതു 44 ശതമാനമാണ്.

തികച്ചും ജൈവരീതിയിലാണ് തോമസ് ഈയിനത്തെ സംരക്ഷിച്ചുപോരുന്നത്. ഉണക്കിപ്പൊടിച്ച ചാണകം, എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവയുടെ മിശ്രിതം മാത്രമാണ് വളമായി നല്‍കുന്നത്. കൂടാതെ, മഴക്കാലത്തിനുമുമ്പ് ബോര്‍ഡോമിശ്രിതം ഇലകളിലും ചെടികളിലും തളിച്ചുകൊടുക്കുകയും ചെയ്യും. കുരുമുളക് തിരിയിടുന്ന സമയത്ത് ചാറ്റല്‍ മഴയില്ലെങ്കില്‍ തുള്ളിനന സമ്പ്രദായത്തിലൂടെ വള്ളിയുടെ മുകളില്‍നിന്നും നനച്ചുകൊടുക്കാറുണ്ട്.

കാട്ടുപത്രിയുടെ ഇലയരച്ച് ഏലത്തിന്‍റെ ചുവട്ടിലിട്ടുകൊടുത്ത് നിമാവിരകളെ നിയന്ത്രിക്കാമെന്ന് കണ്ടെത്തിയ തോമസിനെത്തേടി 2000ലെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍റെ സാന്ത്വനം അവാര്‍ഡെത്തി.  തെക്കേല്‍ കുരുമുളകിനത്തിന്‍റെ കണ്ടെത്തലിനു 2012ല്‍ ഇതേ ഫൗണ്ടേഷന്‍റെ ദേശീയ അവാര്‍ഡും തോമസിനു ലഭിച്ചു. തെക്കേല്‍ കുരുമുളകിന്‍റെ ഖ്യാതി കടല്‍കടന്ന് അക്കരയെത്തുന്നതിനായി നമുക്ക് കാത്തിരിക്കാം.

റ്റി. റ്റി. തോമസ്, തെക്കേല്‍, കാഞ്ചിയാര്‍, ഇടുക്കി

മഴവെള്ളത്തെ മെരുക്കിയ വക്കച്ചന്‍

പറമ്പില്‍ വീണ് പാഴായിപ്പോകുന്ന മഴവെള്ളത്തെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം? കുടിവെള്ളത്തിന്‍റെ ആവശ്യത്തിനു മുതല്‍ കൃഷിക്കും മല്‍സ്യംവളര്‍ത്തലിനുമൊക്കെ ചെലവൊട്ടുമില്ലാതെ മഴവെള്ളത്തെ ഉപയോഗപ്പെടുത്താമെന്ന് തെളിയിക്കുകയാണ് ഇടുക്കി ജില്ലയില്‍ കൊക്കയാര്‍ മുക്കുളം ഈസ്റ്റ് പുല്ലുരത്തില്‍ വീട്ടില്‍ പി.ജെ. വര്‍ഗീസ് എന്ന വക്കച്ചന്‍. വക്കച്ചന്‍സ് റെയിന്‍ പോണ്ട് എന്ന പേരില്‍ ആരംഭിച്ച ഈ സംരംഭം ഇദ്ദേഹത്തിനു നേടിക്കൊടുത്തത് നാഷണല്‍ ഇന്നവേഷന്‍ പുരസ്കാരമാണ്.


കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കുടുംബസ്വത്തായി ലഭിച്ച അധികം ഫലഭൂയിഷ്ഠമല്ലാത്ത കൃഷിയിടത്തില്‍ അല്ലറചില്ലറ കൃഷികളുമായി ഒതുങ്ങിക്കൂടിയ ശരാശരി കര്‍ഷകന്‍ മാത്രമായിരുന്നു വക്കച്ചന്‍. ഒരിക്കല്‍ പറമ്പില്‍ കൂട്ടിയിട്ടിരുന്ന പഴയ പ്ലാസ്റ്റിക് ഷീറ്റുകളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളം ശ്രദ്ധിച്ചതാണ് ഇദ്ദേഹത്തിന്‍ ഇത്തരമൊരു ആശയത്തിനു തിരികൊളുത്തിയത്. എങ്കിലും, മനസില്‍ തോന്നിയ ആശയം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന കാര്യത്തില്‍ വക്കച്ചന് അത്ര നിശ്ചയമില്ലായിരുന്നു. അതിനാല്‍, വിവിധതരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ യുവി സ്റ്റെറിലൈസ് ചെയ്ത സില്‍പോളിന്‍ ഷീറ്റുപയോഗിച്ചുള്ള മാതൃക നിര്‍മ്മിച്ചു. അവിടെനിന്നാണ് വക്കച്ചന്‍റെ വിജയയാത്ര ആരംഭിക്കുന്നത്.


ആദ്യപരീക്ഷണം സ്വന്തം പറമ്പില്‍തന്നെ നടത്തി. കൃഷിയിടത്തിലേക്കാവശ്യമായ വെള്ളം സംഭരിക്കുന്നതിനു മുപ്പതുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വലിയ കുളം നിര്‍മ്മിച്ചു. മീന്‍വളര്‍ത്തലില്‍ കമ്പമുണ്ടായിരുന്നതിനാല്‍ വിവിധതരത്തിലുള്ള മല്‍സ്യങ്ങളെയും ഈ കുളത്തില്‍ വളര്‍ത്തി. കൃഷിക്കൊപ്പം ഇവയും വരുമാനമാര്‍ഗമായി. അതോടെ, മീന്‍വളര്‍ത്തലിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് സ്വന്തമായി മല്‍സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാനും തുടങ്ങി. അലങ്കാരമല്‍സ്യങ്ങളെയും ഭക്ഷ്യമല്‍സ്യങ്ങളെയും ഇത്തരത്തില്‍ ധാരാളമായി ഉല്‍പാദിപ്പിച്ചു വിപണനം നടത്തി. ഇതു വന്‍വിജയമായതോടെ കൃഷിയിടത്തില്‍ മൂന്നു സംഭരണികള്‍ കൂടി ഇതേയാവശ്യത്തിനായി നിര്‍മ്മിച്ചു. അപ്പോഴേക്കും ഇതേ മാതൃകയില്‍ സംഭരണികള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യവുമായി നിരവധിപേരെത്തി. അപ്പോഴാണ് ഈ മേഖലയിലെ സാധ്യതയെപ്പറ്റി ഇദ്ദേഹം ആലോചിച്ചത്.


പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ആദ്യം മഴവെള്ളം സംഭരിക്കുന്നതിനുള്ള കുളങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്. അവരുടെ പിന്തുണയോടെയാണ് മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്ഥാപനമെന്ന ആശയം ഇദ്ദേഹം പ്രാവര്‍ത്തികമാക്കുന്നത്. തന്‍റെ സംരംഭത്തെ പരമാവധി ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ ഇന്‍റര്‍നെറ്റുള്‍പ്പടെയുള്ള എല്ലാത്തരം നൂതനമാര്‍ഗങ്ങളെയും ഇദ്ദേഹം പ്രയോജനപ്പെടുത്തി. www.vakkachansrainpond.com  എന്ന വെബ്സൈറ്റിലൂടെ നിരവധി ആവശ്യക്കാരാണ് ഇദ്ദേഹത്തെ സമീപിച്ചത്. ഇതിനോടകം ഇരുന്നൂറിലധികം മഴവെള്ള സംഭരണികള്‍ ഇദ്ദേഹത്തിന്‍റെ സ്ഥാപനം കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചുനല്‍കിക്കഴിഞ്ഞു. മഴക്കാലത്ത് വെറുതേ പാഴായിപ്പോകുന്ന മഴവെള്ളം സംഭരണിയില്‍ ശേഖരിച്ചുവച്ചു വേനല്‍ക്കാലത്തേക്ക് ഉപയോഗിക്കുന്നതിനാല്‍ വരള്‍ച്ചയെ വിദഗ്ധമായി നേരിടാന്‍ സാധിക്കുന്നു.

സാധാരണക്കാരായ കര്‍ഷകര്‍ മുതല്‍ കോവളം ടൂറിസ്റ്റ് വില്ലേജ്, ആലുവ യു.സി. കോളേജ്, പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജ് തുടങ്ങിയ പ്രമുഖര്‍ വരെ നീളുന്ന നിരവധി സംതൃപ്തരായ ഉപഭോക്താക്കളാണ് ഇദ്ദേഹത്തിന്‍റെ വിജയരഹസ്യം. ഏറ്റവും ചെലവു കുറഞ്ഞ മഴവെള്ള സംഭരണി എന്നാണ് ഇദ്ദേഹം തന്‍റെ സംരംഭത്തെ വിശേഷിപ്പിക്കുന്നത്. പത്തു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള സംഭരണിക്ക് ഒരു ലിറ്ററിനു എണ്‍പതു പൈസമുതല്‍ ഒരു രൂപവരെ മാത്രമാണ് നിര്‍മാണച്ചെലവ്. സില്‍പോളിന്‍ ഷീറ്റാണ് സാധാരണയായി ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മ്മിക്കുന്നവയ്ക്ക് ചെലവു കൂടുതലാണ്.

കുടിവെള്ളത്തിന്‍റെ ആവശ്യത്തിനും കൃഷി, മീന്‍വളര്‍ത്തല്‍ എന്നിവയ്ക്കുമാണ് ഇത്തരം സംഭരണികള്‍ ഏറ്റവും പ്രയോജനപ്പെടുക. സംഭരണിയുടെ നിര്‍മാണോദ്ദേശ്യമനുസരിച്ചാണ് ഇതിന്‍റെ അടിത്തട്ടൊരുക്കുന്നത്. ഫ്രെയിമുള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു കുളത്തിന്‍റെ മേല്‍ഭാഗം മൂടുകയും ചെയ്യും. സൂര്യപ്രകാശത്തില്‍ നിന്നു വെള്ളത്തെ സുരക്ഷിതമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

സംഭരണി നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം കാണിച്ചുകൊടുക്കുക മാത്രമേ ആവശ്യക്കാര്‍ ചെയ്യേണ്ടതുള്ളൂ. ബാക്കിയെല്ലാം വക്കച്ചനും കൂട്ടരും ചെയ്തുകൊള്ളും. സ്ഥലത്തിന്‍റെ പ്രത്യേകതയനുസരിച്ചാണ് കുളത്തിന്‍റെ ആകൃതി നിശ്ചയിക്കുന്നത്. നിര്‍മാണശേഷം സംഭരണിക്കുണ്ടാകുന്ന അറ്റകുറ്റപ്പണികളും ഇദ്ദേഹം ഏറ്റെടുത്തു ചെയ്തുകൊടുക്കും. മീന്‍വളര്‍ത്തലില്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ വിവിധയിനം മീനുകളെയും ലഭ്യമാക്കാറുണ്ട്. തൊഴില്‍രഹിതമായ ചെറുപ്പക്കാര്‍ക്ക് സംഭരണിനിര്‍മ്മാണത്തില്‍ പരിശീലനവും സംഘടിപ്പിക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. തന്‍റേത് ഒരു തുറന്ന ആശയമായി നിലനില്‍ക്കണമെന്നതിനാല്‍ പേറ്റന്‍റിനായി അപേക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇദ്ദേഹം.

പി.ജെ. വര്‍ഗീസ്
പുല്ലുരത്തില്‍ ഹൗസ്, മുക്കുളം ഈസ്റ്റ്, കൊക്കയാര്‍, ഇടുക്കി
ഫോണ്‍: 9447086191

ലാഭം കൊയ്യാന്‍ അലങ്കാരറാണി

പുഷ്പവിപണിയിലെ റാണിയായ ഹെലിക്കോണിയ സമ്മാനിച്ച വിജയമാണ് കോട്ടയം ജില്ലയില്‍ പാലാ കൊല്ലപ്പള്ളി നടുവിലേക്കുറ്റ് വീട്ടില്‍ സാജു ഇഗ്നേഷ്യസിന്‍റേത്. രണ്ടരയേക്കറോളം വരുന്ന സ്ഥലത്ത് വിപണി ലക്ഷ്യമാക്കി വിപുലമായാണ് ഇദ്ദേഹം ഹെലിക്കോണിയ കൃഷിചെയ്യുന്നത്. നീളം കൂടിയ ഇലകളും ലത്തണ്ടുകളുമുള്ള ഉയരത്തില്‍ വളരുന്ന വിദേശയിനം അലങ്കാരസസ്യമാണ് ഹെലിക്കോണിയ. പൂവാഴ, തോട്ടവാഴ എന്നൊക്കെയാണ് കേരളത്തില്‍ ഇതിന്‍റെ വിളിപ്പേരുകള്‍. ഈ ചെടിക്ക് വാഴയോടുള്ള സാമ്യമാണ് ഈ പേരുകള്‍ക്ക് കാരണം. പൂക്കള്‍ക്ക് പൊതുവേ ചുവപ്പുനിറമാണ്. മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലും കാണപ്പെടുന്നുണ്ട്. ചിലയിനങ്ങളുടെ ഇതളുകളുടെ അരികുകളില്‍ പച്ചകലര്‍ന്ന മഞ്ഞനിറവുമുണ്ട്. ഏകദേശം ഒന്നുമുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഹെലിക്കോണിയയുടെ കിഴങ്ങാണ് നടീല്‍വസ്തുവായി ഉപയോഗിക്കുന്നത്.

ചെറുപ്പംമുതല്‍ സാജുവിനൊപ്പം കൂടിയതാണ് പുഷ്പകൃഷിയോടുള്ള ഇഷ്ടം. വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പകൃഷി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വിപണിയില്‍ ലാഭം തരാവുന്ന ചെടിയെക്കുറിച്ചാലോചിച്ചു. ഏറ്റവുമാദ്യം മനസ്സിലേക്കോടിയെത്തിയത് ഹെലിക്കോണിയയാണ്. വിപണിയില്‍ ഇതിനുള്ള ഡിമാന്‍റ് തന്നെയായിരുന്നു പ്രധാനകാരണം.

ഈ ചെടിക്ക് സ്ഥിരമായി ഭാഗികമായ തണല്‍ ആവശ്യമാണ്. അതിനാല്‍, തെങ്ങിനും വാഴയ്ക്കും ഇടയിലാണ് ഇവ കൃഷിചെയ്യുന്നത്. നനയുടെ കാര്യത്തിലും ഒട്ടും വിട്ടുവീഴ്ചയില്ല. ഹെലിക്കോണിയ ചെടികള്‍ നട്ടിരിക്കുന്നതിന്‍റെ ഇടയിലൂടെ നനയ്ക്കുള്ള പൈപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഏഴെട്ടു മാസംകൊണ്ട് ഹെലികോണിയ പൂവിടാന്‍ തുടങ്ങും. ജൈവവളങ്ങളാണ് ഇതിന്‍റെ കൃഷിക്കായി ഇദ്ദേഹം കൂടുതലായി ഉപയോഗിക്കുന്നത്. ഇവയ്ക്കൊപ്പം മിതമായ തോതില്‍ രാസവളങ്ങളും നല്‍കാറുണ്ട്. കോഴിവളം, ചാണകം, പച്ചിലക്കമ്പോസ്റ്റ്, പൊട്ടാഷ് എന്നിവയൊക്കെയാണ് സാജു ഹെലിക്കോണിയ കൃഷിക്കായി ഉപയോഗിക്കുന്നത്.


ഹെലികോണിയയ്ക്ക് നമ്മുടെ നാട്ടില്‍ പൊതുവേ വിപണിമൂല്യം കുറവാണ്. എന്നാല്‍, ഈ പ്രതിസന്ധിയെ തന്‍റെ നിശ്ചയദാര്‍ഢ്യം കൊണ്ട് സാജു മറികടന്നു. തന്‍റെ കൃഷിയിടത്തില്‍ നിന്നുള്ള ഹെലിക്കോണിയ പൂക്കള്‍ക്ക് ഡല്‍ഹിയില്‍ വിപണി കണ്ടെത്താന്‍ സാധിച്ചതോടെ ഇവയില്‍ നിന്നും മികച്ച വരുമാനം ലഭിക്കാന്‍ തുടങ്ങി. കല്യാണമണ്ഡപങ്ങള്‍ ഒരുക്കുന്നതിന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഹെലിക്കോണിയ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ആഴ്ചയില്‍ എല്ലാ ദിവസവും തന്നെ പൂച്ചെടി മുറിച്ചെടുക്കാനുണ്ടാകും. തണ്ടോടുകൂടിയാണ് ഇതു മുറിച്ചെടുക്കുന്നത്. അതിനുശേഷം പൂത്തണ്ട് ചെറിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു പൊതിഞ്ഞ് കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ നന്നായി പായ്ക്ക് ചെയ്തു ട്രെയിനിലാണ് ഡല്‍ഹിക്ക് അയയ്ക്കുന്നത്. ഡല്‍ഹിയിലുള്ള സാജുവിന്‍റെ ബന്ധുവാണ് അവിടെയെത്തുന്ന പൂക്കള്‍ ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കുന്നത്. ഡല്‍ഹിയിലെ വിപണിയില്‍ ഒരു ഹെലിക്കോണിയ പൂവിനു ശരാശരി അമ്പതു രൂപവരെ ലഭിക്കും.  രണ്ടുമൂന്നു ദിവസം കഴിഞ്ഞാലും വാടിപ്പോകുകയില്ലെന്നതാണ് ഹെലിക്കോണിയയുടെ മെച്ചം.

തെങ്ങിന്‍റെ ഇടവിളയായി തുറന്ന അന്തരീക്ഷത്തിലാണ് ഹെലിക്കോണിയ കൃഷിചെയ്യുന്നത്. തണല്‍ കിട്ടാത്തപക്ഷം ചെടികള്‍ ഉണങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏകദേശം 15000 പൂക്കളെങ്കിലും ഇദ്ദേഹം വിപണിയിലെത്തിച്ചിട്ടുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍നിന്ന് പുഷ്പകൃഷിത്തുള്ള ധനസഹായമായി 15,000 രൂപ സാജുവിന് ലഭിച്ചിരുന്നു. കാര്‍ഷികമേഖലയില്‍ വ്യത്യസ്തമായൊരു മേഖല തിരഞ്ഞെടുത്ത് വിജയംകൊയ്ത സാജു ഇഗ്നേഷ്യസിനെത്തേടി നിരവധി അംഗീകാരങ്ങളുമെത്തി. 2011-12 വര്‍ഷത്തില്‍ ബ്ലോക്കുതലത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഇദ്ദേഹത്തിനാണ് ലഭിച്ചത്. കുറഞ്ഞ മുതല്‍മുടക്കില്‍നിന്ന് മികച്ച വരുമാനം നേടുന്ന സാജുവിനു ഗുജറാത്ത് സര്‍ക്കാരിന്‍റെ വൈബ്രന്‍റ് ഗുജറാത്ത് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വിപണി വാഴുന്ന വിവിധതരത്തിലുള്ള പൂച്ചെടികളില്‍നിന്ന് ഹെലിക്കോണിയ തിരഞ്ഞെടുത്തു കൃഷിചെയ്തു വിജയംനേടാന്‍ സാജു കാണിച്ച ചങ്കൂറ്റവും വിപണി കണ്ടെത്തുന്നതില്‍ കാണിച്ച ഉല്‍സാഹവുമാണ് ഇദ്ദേഹത്തെ മറ്റു പുഷ്പകര്‍ഷകരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്.

സാജു ഇഗ്നേഷ്യസ്
നടുവിലേക്കുറ്റ്
കൊല്ലപ്പള്ളി, പാലാ, കോട്ടയം
ഫോണ്‍: 9446859854

ഗൗരാമിയിൽ ജയന്‍റ് വിജയം

മലയോരങ്ങളില്‍ ചാകര തീര്‍ക്കുന്ന കൃഷിയിലൂടെ പുതുസാധ്യതകളുടെ തീരത്ത് വലയെറിഞ്ഞിരിക്കുകയാണ് പൂഞ്ഞാര്‍ തെക്കേക്കര കൃഷിഭവന്‍റെ പരിധിയില്‍ വരുന്ന കിഴക്കേക്കര വീട്ടില്‍ അരുണ്‍.കെ.ജാന്‍സ്. ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തില്‍ നിന്ന് തൊട്ടടുത്ത കടപ്പുറത്തേക്ക് നൂറോളം കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലെന്ത്, മീനച്ചില്‍ താലൂക്കിന്‍റെ അതിര്‍ത്തി തീര്‍ക്കുന്ന ചെങ്കല്‍മലനിരകളുടെ ഭാഗമായ കുന്നോന്നിയില്‍ പിടയ്ക്കുന്ന മീന്‍ ആണ്ടുവട്ടം മുഴുവന്‍ സുലഭം. കുടിവെള്ളത്തിനു തന്നെ ക്ഷാമം നേരിടുന്ന മലയോരമേഖലയിലാണ് അരുണ്‍ ഈ നേട്ടം കൈവരിക്കുന്നത്. വിവിധ വലിപ്പത്തില്‍ നിര്‍മിച്ചിരിക്കുന്ന പടുതാക്കുളങ്ങളിലാണ് അരുണിന്‍റെ മല്‍സ്യക്കൃഷി. മഴക്കാലത്ത് ശേഖരിക്കുന്ന വെള്ളം പടുതാക്കുളങ്ങളില്‍ സൂക്ഷിക്കുന്നു. മൂവായിരം ലിറ്റര്‍ മുതല്‍ മൂന്നുലക്ഷം ലിറ്റര്‍ വരെ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള കുളങ്ങളാണ് ഈ യുവാവിന്‍റെ കൃഷിയിടത്തിലുള്ളത്.

മല്‍സ്യകൃഷിയിലേക്ക് കാലൂന്നിയപ്പോള്‍ മറ്റു കര്‍ഷകരെപ്പോലെ കട്ല, രോഹു തുടങ്ങിയ മല്‍സ്യങ്ങളെ വളര്‍ത്തുകയായിരുന്നു അരുണും ചെയ്തത്. എന്നാല്‍, വെള്ളം മാറ്റുമ്പോഴും മറ്റും കുളങ്ങളിലുണ്ടാകുന്ന വെള്ളത്തിന്‍റെ ഘടനാമാറ്റം ഇത്തരം മല്‍സ്യങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമുണ്ടാക്കുകയും അവ കൂട്ടത്തോടെ ചത്തൊടുങ്ങാനും തുടങ്ങി. ഈ പ്രതിസന്ധിഘട്ടത്തിലാണ് മറ്റു മല്‍സ്യങ്ങള്‍ക്കൊപ്പം അരുണ്‍ വളര്‍ത്തിയിരുന്ന 'ജയന്‍റ് ഗൗരാമി' മല്‍സ്യങ്ങള്‍ തുണയായത്. ഒട്ടുമിക്ക പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നതിന് ഈ മല്‍സ്യത്തിനുള്ള കഴിവ് അല്‍ഭുതപ്പെടുത്തുന്നതാണ്. അതോടെ, പലയിനം മീനുകളെ വളര്‍ത്തുന്നതിനുപകരം പ്രതികൂല സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്ന ഒരിനത്തിനെ മാത്രം വളര്‍ത്തുക എന്ന പുതിയ കാഴ്ചപ്പാടിലേക്ക് അരുണ്‍ മാറി. അതോടെ ഏകദേശം പന്ത്രണ്ടു വര്‍ഷം മുമ്പ് ഇദ്ദേഹം ജയന്‍റ് ഗൗരാമിയുടെ കൃഷിയിലേക്ക് മാത്രം ശ്രദ്ധതിരിച്ചു.

വെള്ളത്തില്‍നിന്നെന്നപോലെ അന്തരീക്ഷത്തില്‍നിന്നും നേരിട്ടു ശ്വസിക്കാന്‍ കഴിയുമെന്നതാണ് ജയന്‍റ് ഗൗരാമിയുടെ പ്രത്യേകത. ഈ പ്രത്യേകത തന്നെയാണ് ഇവയെ മല്‍സ്യകര്‍ഷകരുടെ ഇഷ്ടയിനമാക്കുന്നതും.  ജയന്‍റ് ഗൗരാമിയെ വളര്‍ത്തുന്ന പടുതാക്കുളങ്ങളില്‍ ഒരിക്കലും വെള്ളം മാറ്റേണ്ടതില്ല. ചെതുമ്പലോടുകൂടിയതും മുള്ളുകള്‍ തീരെ കുറവായതുമായ ഈ മല്‍സ്യത്തിന് രോഗങ്ങള്‍ മൂലമുള്ള മരണനിരക്കും വളരെ കുറവാണ്. കരിമീന്‍പോലെ ഏറെ രുചിയുള്ള മാംസവുമുണ്ട്. കുളങ്ങളില്‍ വളര്‍ത്തുന്ന കരിമീനിന് ഒരു വര്‍ഷം 250-300 ഗ്രാം വരെ തൂക്കമുണ്ടാകുമ്പോള്‍ ജയന്‍റ് ഗൗരാമി ശരാശരി ഒരു കിലോയോളം തൂക്കം വയ്ക്കുന്നു. ചേമ്പില, കപ്പയില തുടങ്ങിയ ഇലകളാണ് ഇവയുടെ ഇഷ്ടഭക്ഷണം. ചക്കപ്പഴത്തോടും ഏറെ പ്രിയമുണ്ട്. ആട്ടിന്‍കാഷ്ഠം മുതല്‍ ചോറുവരെ എന്തും ഇവയ്ക്കു കൊടുക്കാവുന്നതാണ്. നാട്ടിന്‍പുറമായതിനാല്‍ ചേമ്പില ധാരാളം ലഭിക്കുന്നതിനാല്‍ ഇവയുടെ തീറ്റക്കാര്യത്തില്‍ വലിയ ചെലവുണ്ടാകുന്നില്ല. ഒട്ടുമിക്ക ഭക്ഷണവും നല്‍കാമെന്നതിനാല്‍ പരിപാലനച്ചെലവ് വളരെ കുറവാണ്.

കരിമീനിന്‍റേതുപോലെ സ്വാഭാവികമായ പ്രജനനരീതിയാണ് ഗൗരാമിക്കും. അതിനാല്‍ മല്‍സ്യക്കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവാണ് ഗൗരാമിവളര്‍ത്തലില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാല്‍, ഇതില്‍ ഒളിഞ്ഞിരിക്കുന്ന സാധ്യതയെ തിരിച്ചറിയാന്‍ സാധിച്ചത് അരുണിന്‍റെ കൃഷിയില്‍ വഴിത്തിരിവായി. കഴിഞ്ഞ നാലുവര്‍ഷമായി ഇദ്ദേഹം തന്‍റെ പടുതാക്കുളങ്ങളില്‍ വ്യാപകമായി ഗൗരാമിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചു വില്‍പ്പന നടത്തിവരുന്നു. പടുതാക്കുളങ്ങളില്‍ പ്രജനനം സാധിക്കുകയില്ല എന്നു കരുതിയിടത്താണ് വരമ്പുകളില്‍ പുല്ലുകള്‍ പിടിപ്പിച്ച് സ്വാഭാവികമായ സാഹചര്യമൊരുക്കി കുഞ്ഞുങ്ങളെ ധാരാളമായി ഉല്‍പാദിപ്പിക്കുന്നത്. സ്വാഭാവികസാഹചര്യങ്ങളില്‍ രണ്ടു മുട്ടയിടീല്‍ സീസണ്‍ മാത്രമുണ്ടാകുമ്പോള്‍ പടുതാക്കുളങ്ങളില്‍ ഇടയ്ക്കിടെ വെള്ളം പമ്പു ചെയ്തു കൊടുക്കുന്നതുവഴി ആറു പ്രജനന സീസണ്‍ വരെ അരുണിന്‍റെ കൃഷിക്ക് ലഭിക്കുന്നു. ഒരു ജയന്‍റ് ഗൗരാമി മല്‍സ്യം ഒരുപ്രാവശ്യം 3000-5000 വരെ മുട്ടകളിടുന്നുണ്ടെങ്കിലും അഞ്ഞൂറില്‍ താഴെ കുഞ്ഞുങ്ങളെ മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് പ്രധാന പ്രശ്നം. കുഞ്ഞുങ്ങളുടെ ലഭ്യത കൂട്ടാനുള്ള പരീക്ഷണങ്ങളിലാണ് അരുണ്‍ ഇപ്പോള്‍ .

ഒരുവര്‍ഷം കൊണ്ട് ഒരു കിലോയോളം വരെ തൂക്കം വയ്ക്കുന്ന ജയന്‍റ് ഗൗരാമി ഏറെ ആയുര്‍ദൈര്‍ഘ്യമുള്ള മല്‍സ്യമാണ്. 39 വര്‍ഷം പ്രായമുള്ള മല്‍സ്യങ്ങള്‍ വരെ ഈയിനത്തില്‍ ഉണ്ടെന്നു പറയപ്പെടുന്നു. അരുണിന്‍റെ പടുതാക്കുളങ്ങളില്‍ പതിനാറു വര്‍ഷം വരെ പ്രായമുള്ള ജയന്‍റ് ഗൗരാമി മല്‍സ്യങ്ങളുണ്ട്.  മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതനുസരിച്ചാണ് മല്‍സ്യങ്ങളുടെ വില്‍പന. പ്രമുഖ കാര്‍ഷിക മാസികകളില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴിയാണ് അരുണിനെത്തേടി മല്‍സ്യക്കുഞ്ഞുങ്ങളുടെ ആവശ്യക്കാരെത്തുന്നത്. ഒരിഞ്ചു വലിപ്പമുള്ള ജയന്‍റ് ഗൗരാമിക്കുഞ്ഞിനു 2 രൂപയാണ് വില. വലിയ മല്‍സ്യങ്ങള്‍ തേടിയെത്തുന്നവരും കുറവല്ല. കിലോയ്ക്ക് ഏകദേശം 350 രൂപ മുതലാണ് ഇവയുടെ വില. ജോഡി മല്‍സ്യങ്ങളെയും വാങ്ങുന്നവരുണ്ട്.

അടുക്കളക്കുളങ്ങളില്‍ ജയന്‍റ് ഗൗരാമി വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിച്ചാല്‍ കേരളത്തിന്‍റെ മല്‍സ്യമേഖലയിലെ വലിയൊരു വിപ്ലവത്തിനാവും തുടക്കം കുറിക്കുന്നതെന്ന് അരുണ്‍ പറയുന്നു. 20 അടി നീളവും 10 അടി വീതിയും 5 അടി താഴ്ചയുമുള്ള ഒരു പടുതാക്കുളത്തില്‍ 250 മീന്‍കുഞ്ഞുങ്ങളെവരെ വളര്‍ത്താം.  ഇവയ്ക്ക് അടുക്കളയിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൊടുത്തു വളര്‍ത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് ശരാശരി 200 കിലോ മല്‍സ്യം ലഭിക്കും. പടുതയില്‍ വെയിലടിക്കാതെ സൂക്ഷിച്ചാല്‍ വര്‍ഷങ്ങളോളം ഈടുനില്‍ക്കുകയും ചെയ്യും. ഇതിനു തെളിവായി താന്‍ നിര്‍മ്മിച്ച പന്ത്രണ്ടു വര്‍ഷമായ പടുതാക്കുളങ്ങള്‍ യാതൊരു കേടുപാടുമില്ലാതെ നില്‍ക്കുന്നത് അരുണ്‍ ചൂണ്ടിക്കാട്ടുന്നു. നന്നായി ഇണങ്ങുന്നതിനാല്‍ ജയന്‍റ് ഗൗരാമിയെ അരുമ മല്‍സ്യമായി ചിലര്‍ ഫിഷ് ടാങ്കുകളില്‍ വളര്‍ത്തുന്നുമുണ്ട്. അരുമയായി വളര്‍ത്തുന്നവര്‍ അതിനെ അങ്ങനെ പരിപാലിക്കുക, ഭക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആ രീതിയില്‍ വളര്‍ത്തി ഭക്ഷിക്കുക എന്നതാണ് അരുണിന്‍റെ പക്ഷം.

അരുണ്‍ കെ. ജാന്‍സ്
കിഴക്കേക്കര, കുന്നോന്നി, പൂഞ്ഞാര്‍, കോട്ടയം
ഫോണ്‍: 9447850299

തളരാത്ത വിജയം

ഇവിടെ രോഗം നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ കീഴടങ്ങുന്നു. ആറാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നപ്പോഴും കണ്ണൂര്‍ ജില്ലയില്‍ കോട്ടപ്പാറ മണിപ്പാറ വാണിയക്കിഴക്കേല്‍ ഷാജി മാത്യുവിന്‍റെ മനസ് തളര്‍ന്നില്ല. മറിച്ച്, പൂര്‍ണ ആരോഗ്യമുള്ളവര്‍പോലും പലപ്പോഴും തോറ്റു പിന്മാറുന്ന കൃഷിയുടെ ലോകമാണ് ഇദ്ദേഹം ഉപജീവനത്തിനായി തിരഞ്ഞെടുത്തത്. വിധിയെ പഴിച്ച് ജീവിതം പാഴാക്കാതെ ഒന്നാം ക്ലാസില്‍ വച്ച് മുടങ്ങിപ്പോയ പഠനം പൂര്‍ത്തീകരിച്ചശേഷം  കര്‍ഷകനായിരുന്ന അച്ഛന്‍റെ വഴിയിലേക്ക് ഷാജിയും എത്തി. അച്ഛന്‍ നടത്തിയിരുന്ന നഴ്സറിയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി ഇടപെട്ടുകൊണ്ടായിരുന്നു തുടക്കം. ബഡ്ഡിങും ഗ്രാഫ്റ്റിങും ലെയറിംഗുമൊക്കെ ഈ മനക്കരുത്തിനു മുന്നില്‍ വേഗത്തില്‍ വഴങ്ങി. നഴ്സറി നടത്തിപ്പിനു പുറമേ സ്വന്തമായി അധ്വാനിച്ച് മികച്ചൊരു കൃഷിയിടവും ഷാജി ഒരുക്കിയെടുത്തു.

ഇപ്പോള്‍ മൂന്നു പതിറ്റാണ്ടിലേറെയായി കാര്‍ഷികമേഖലയില്‍ ഇദ്ദേഹം സജീവമാണ്. കുടുംബസ്വത്തായി ലഭിച്ച അഞ്ചേക്കറിലധികം വരുന്ന കൃഷിയിടത്തില്‍ ഒട്ടുമിക്ക വിളകളുമുണ്ട്. നാണ്യവിളകള്‍ മുതല്‍ പഴവര്‍ഗങ്ങള്‍ വരെ ആദായമാര്‍ഗമൊരുക്കുന്നു. ഇതിനു പുറമേ സുഗന്ധവിളകളും ഔഷധച്ചെടികളും ഈ കൃഷിയിടത്തിലുണ്ട്. ഇടവിളകളായി
വാഴയും ചേനയും കാച്ചിലും മരച്ചീനിയുമൊക്കെ കൃഷിചെയ്യുന്നുമുണ്ട്. കൃഷിക്കു പുറമേ പശുവളര്‍ത്തലും തേനീച്ചവളര്‍ത്തലുമൊക്കെയുണ്ട്. പശുവിനുള്ള തീറ്റപ്പുല്ലും സ്വന്തമായി കൃഷിചെയ്യുകയാണ് ചെയ്യുന്നത്.


ഇതിനിടെ സ്വന്തമായി ഒരു നഴ്സറിയും ഷാജി ആരംഭിക്കുന്നതിനും ഷാജി സമയം കണ്ടെത്തി. നഴ്സറി നടത്തിപ്പില്‍ അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ കൃഷിയറിവുകളാണ് ഷാജിക്ക് ഏറെ പ്രയോജനപ്പെട്ടത്. ഇതിനുപുറമേ, ഇതുമായി ബന്ധപ്പെട്ട മാസികകളും ലേഖനങ്ങളുമൊക്കെ വായിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി ചെറിയ രീതിയില്‍ ഒരു നഴ്സറി ആരംഭിച്ചു. ഷാജിയുടെ കൈയില്‍നിന്നു വാങ്ങുന്ന തൈകള്‍ നല്ല ഫലം തരുമെന്നൊരു വിശ്വാസം നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായതോടെ നഴ്സറി വിജയമായി. പിന്നീട് പതിയെ രണ്ടേക്കറോളം സ്ഥലത്തായി നഴ്സറി വ്യാപിപ്പിച്ചു. കൃഷിവകുപ്പിന്‍റെ അംഗീകാരവും നേടിയ ഷാജിയുടെ നഴ്സറിയില്‍നിന്നും കൃഷിഭവനുകള്‍വഴി വിതരണം ചെയ്യുന്നതിനാവശ്യമായ കുരുമുളകുവള്ളികളും തെങ്ങിന്‍തൈകളും കൊണ്ടുപോകാറുണ്ട്. തൈകളുടെ നിര്‍മ്മാണത്തില്‍ പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഷാജിയുടെ പ്രധാന ഹോബി. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്തതാണ് 'വാണിയക്കിഴക്കേല്‍ ജാതി' എന്നയിനം തൂക്കം കൂടുതലുള്ള ജാതിക്കായ. നൂറു കായ്കള്‍കൊണ്ടുതന്നെ ഒരു കിലോ തികയ്ക്കാം. ഇതിന്‍റെ ജാതിപത്രിക്കു പോലും മൂന്നുഗ്രാം തൂക്കമുണ്ടാകും.


ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ന്യൂസിലാന്‍റ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് ഇദ്ദേഹത്തിന്‍റെ കാര്‍ഷകജീവിതത്തില്‍ വഴിത്തിരിവായി. കൃഷി ആധുനികവല്‍ക്കരിക്കണമെന്ന ആശയം ലഭിക്കുന്നത് ഈ യാത്രയ്ക്കിടയിലാണ്. പത്തുസെന്‍റില്‍ പോളിഹൗസ് കൃഷി തുടങ്ങിയാണ് ഇതിനു തുടക്കമിട്ടത്. ആറുലക്ഷംരൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പോളിഹൗസില്‍ പയറും സാലഡ് വെള്ളരിയുമാണ് കൃഷിചെയ്യുന്നത്. കുറഞ്ഞ സ്ഥലത്ത് കുറച്ച് അധ്വാനത്തിലൂടെ കൂടുതല്‍ വിളവുണ്ടാക്കാമെന്നതാണ് പോളിഹൗസിന്‍റെ മെച്ചം. മാത്രമല്ല, പോളിഹൗസ് ഒരിക്കല്‍ നിര്‍മ്മിച്ചാല്‍ പിന്നീട് വര്‍ഷങ്ങളോളം ഉപയോഗിക്കുകയും ചെയ്യാം.


പക്ഷേ, കൃത്യമായ കൃഷിരീതികള്‍ ഇക്കാര്യത്തില്‍ പാലിക്കേണ്ടുതുണ്ടെന്ന് ഷാജി ഓര്‍മിപ്പിക്കുന്നു. ചെറിയൊരു അശ്രദ്ധപോലും കൃഷി നഷ്ടത്തിലാക്കും. പോളിഹൗസിലെ ചെടികളുടെ പരിചരണത്തിനായി ദിവസവും സമയം മാറ്റിവയ്ക്കാനുണ്ടെങ്കില്‍ മാത്രമേ ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുകയുള്ളുവെന്നും ഇദ്ദേഹം ഓര്‍മിപ്പിക്കുന്നു. കൃത്യമായ തോതിലുള്ള കാറ്റും ചൂടും വെളിച്ചവും പോളിഹൗസ് കൃഷിയില്‍ പ്രധാനമാണ്. വെള്ളവും വളവും ഡ്രിപ്പ് സംവിധാനത്തിലൂടെയാണ് നല്‍കുന്നതിനുള്ള ക്രമീകരണം ഷാജി ഒരുക്കിയിട്ടുണ്ട്. ശ്രദ്ധയോടെയുള്ള പരിചരണം പോളിഹൗസില്‍ നിന്നും മികച്ച ആദായം നേടുന്നതിനു വഴിയൊരുക്കുമെന്ന് ഇദ്ദേഹം തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നു. വിധിയോടു പൊരുതി നേടിയ ഈ വിജയത്തിനു പത്തരമാറ്റിന്‍റെ തിളക്കം.

ഷാജി മാത്യു
വാണിയക്കിഴക്കേല്‍, മണിപ്പാറ, കോട്ടപ്പാറ, കണ്ണൂര്‍
ഫോണ്‍: 9447684986

മൂന്നാമൂഴത്തില്‍ കൃഷിയിലേക്ക്

ഔദ്യോഗിക ജീവിതത്തില്‍ നിന്നുള്ള വിരമിക്കലിനുശേഷം വിശ്രമജീവിതം മാത്രമായി കഴിയുന്നവര്‍ക്കു മുന്നില്‍ മറ്റൊരു മാതൃകയൊരുക്കുകയാണ് കണ്ണൂര്‍ ജില്ലയില്‍ ചെമ്പേരി താന്നിക്കാക്കുഴിയില്‍ ജോസഫ്. വര്‍ഷങ്ങള്‍ നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചശേഷം വ്യവസായത്തിലും ഇപ്പോള്‍ കൃഷിയിലുമായി തിരക്കുകള്‍ക്ക് നടുവിലാണിദ്ദേഹം. സ്റ്റോണ്‍ ക്രഷറിന്‍റെ നിര്‍മ്മാണവും വിപണനവും ഉള്‍പ്പെട്ട ബിസിനസിലേക്ക് തിരിയുന്നതിനാണ് ജോലിയില്‍നിന്ന് വിരമിച്ചത്. പത്തുവര്‍ഷത്തിലധികം ആ മേഖലയില്‍ തന്നെ തുടര്‍ന്നു. അതിനുശേഷമാണ് കൃഷിയിലേക്കു തിരിയുന്നത്. പച്ചപ്പിന്‍റെ ലോകത്തെ മൂന്നാമൂഴത്തിന് ഇപ്പോള്‍ എട്ടുവര്‍ഷത്തെ അനുഭവസമ്പത്ത്.


ബിസിനസില്‍നിന്നുള്ള ലാഭമുപയോഗിച്ചാണ് നല്ല വളക്കൂറുള്ള ഇപ്പോഴത്തെ കൃഷിസ്ഥലം വാങ്ങിയത്. ബിസിനസ് കാലത്തെ ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍നിന്നു ആസ്വാദ്യകരമായ ജീവിതചര്യയിലേക്കുള്ള ചുവടുമാറ്റം കൂടിയാണ് കൃഷിയിലേക്ക് തിരിഞ്ഞതിലൂടെ ജോസഫിനു ലഭിച്ചത്. ഏഴരയേക്കര്‍ വരുന്ന കൃഷിയിടത്തിലായി തന്നാലാവുന്ന വിധത്തിലുള്ള സകലകൃഷികളും ഇദ്ദേഹം ചെയ്യുന്നുണ്ട്. കരനെല്‍കൃഷിയും പച്ചക്കറിക്കൃഷിയുമാണു പ്രധാനം. ഇവയ്ക്കൊപ്പം വാഴയും റബ്ബറും തെങ്ങും കവുങ്ങും ജാതിയുമൊക്കെയുണ്ട്.

തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായാണ് വാഴക്കൃഷി ചെയ്യുന്നത്. നേന്ത്രനാണ് കൂടുതല്‍. പൂവനും ഞാലിപ്പൂവനും ചുണ്ടില്ലാപൂവനും റോബസ്റ്റയുമൊക്കെയായി അറുന്നൂറിലധികം വാഴകള്‍ സ്വാദിന്‍റെ കലവറയൊരുക്കുന്നു. ജൈവരീതിയില്‍ മാത്രം കൃഷിചെയ്യുന്ന ഈ വാഴകള്‍ക്ക് തടമൊരുക്കുമ്പോള്‍ വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും കുമ്മായവും അടിവളമായി നല്‍കും. വാഴ വളര്‍ന്ന് ഒരുവിധം മൂപ്പെത്തിക്കഴിയുമ്പോള്‍ സ്വന്തമായി തയാറാക്കിയ പഞ്ചഗവ്യം ചുവട്ടില്‍ ഒഴിച്ചുകൊടുക്കും. തോട്ടത്തിലെ സാധാരണയേക്കാള്‍ വലിപ്പമുള്ള വാഴക്കുലകളുടെ രഹസ്യം പഞ്ചഗവ്യമാണെന്ന് ഇദ്ദേഹം പറയുന്നു. വിവിധതരത്തിലുള്ള പഴങ്ങളോട് എന്നും പ്രിയമുള്ളതിനാല്‍ ഫലവൃക്ഷങ്ങളുടെ നല്ലൊരു ശേഖരവും ഇദ്ദേഹം തന്‍റെ കൃഷിയിടത്തില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നു. വിവിധയിനത്തിലുള്ള നാടന്‍ പഴങ്ങള്‍ മുതല്‍ വിദേശികളായ റംബുട്ടാനും പുലാസനും മങ്കോസ്റ്റീനും കായ്ക്കാറായി നില്‍ക്കുന്ന ആപ്പിള്‍ മരങ്ങളുമൊക്കെ പഴത്തോട്ടത്തിലുണ്ട്. കൊക്കോയും ജാതിയുമാണ് റബ്ബറുമൊക്കെയായി നാണ്യവിളകള്‍ക്കും ഈ കൃഷിയിടത്തില്‍ സ്ഥാനമുണ്ട്. റീപ്ലാന്‍റ് ചെയ്ത രണ്ടരയേക്കര്‍ റബ്ബര്‍തോട്ടത്തില്‍ ചേമ്പും കപ്പയും മഞ്ഞളും കാച്ചിലും ഇഞ്ചിയുമൊക്കെ ഇടവിളയായി കൃഷിചെയ്യുന്നുമുണ്ട്.

അരിഭക്ഷണത്തിന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലെത്തുക എന്ന ആഗ്രഹംകൊണ്ടാണ് കരനെല്‍കൃഷിക്കായി കൃഷിയിടത്തിലെ അരയേക്കര്‍ സ്ഥലം നീക്കിവച്ചിരിക്കുന്നത്. സാധാരണരീതിയില്‍ നെല്ല് കൃഷിചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള വയല്‍പ്രദേശമല്ലാത്തതിനാലാണ് കരനെല്‍കൃഷി കരനെല്‍കൃഷി തെരഞ്ഞെടുത്തത്. ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷിചെയ്യുന്നത്. ആദ്യത്തെ മൂന്നുവര്‍ഷത്തോളം നെല്‍കൃഷിയില്‍നിന്ന് കാര്യമായ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും പോരായ്മകള്‍ പരിഹരിച്ചു കൃഷിചെയ്യാന്‍ ശ്രമിച്ചതോടെ നാലാം വര്‍ഷം മുതല്‍ പിന്നീടിങ്ങോട്ട് നെല്‍കൃഷി വിജയമായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. പുതുമഴയ്ക്കു തൊട്ടുമുമ്പായി മേയ്മാസത്തോടെയാണ് വിത്ത് വിതയ്ക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ വിളവെടുക്കാം. കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന നെല്ല് മുഴുവന്‍ വീട്ടിലെ ആവശ്യത്തിനു തന്നെയാണ് എടുക്കുന്നത്. പൂര്‍ണമായും ജൈവകൃഷിരീതികള്‍ മാത്രം നെല്ലിന്‍റെ കാര്യത്തിലും പിന്തുടരുന്നതിനാല്‍ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ സാധിക്കുന്നു.

ഒക്ടോബര്‍മാസത്തോടെ നെല്‍കൃഷി അവസാനിപ്പിച്ചു പച്ചക്കറികൃഷി ചെയ്യാന്‍ തുടങ്ങും. കാബേജും കോളിഫ്ളവറും മുള്ളങ്കിയും പോലുള്ള ശീതകാലപച്ചക്കറികളാണ് ആദ്യം കൃഷിചെയ്യുന്നത്. മൂന്നുമാസത്തിനുള്ളില്‍ ഇവയുടെ വിളവെടുപ്പ് നടത്താം. അതിനുശേഷമാണ് മീറ്റര്‍പയറും വെണ്ടയും പാവലും വഴുതനയും ചീരയും കക്കിരിയും പീച്ചിലും വെള്ളരിയുമൊക്കെ നടുന്നത്. തന്‍റെ കൃഷിയിടത്തില്‍ വ്യത്യസ്തതയും വൈവിധ്യവും വേണമെന്ന ഇദ്ദേഹത്തിന്‍റെ ആഗ്രഹത്തിന്‍റെ ഫലമാണ് ഇവിടെ വിളയുന്ന പാലക്ചീരയും ബീറ്റ്റൂട്ടുമൊക്കെ.


വടക്കേ ഇന്ത്യക്കാരുടെ കുത്തകയായ കടുകിലും ജോസഫ് ഒരുകൈ നോക്കിയിട്ടുണ്ട്. തൊഴിലാളികളിലൊരാളായ ബംഗാളി യുവാവാണ് കടുകിന്‍റെ വിത്ത് എത്തിച്ചുകൊടുത്തത്. അഞ്ചുസെന്‍റ് സ്ഥലം കടുകുകൃഷിക്കായി നീക്കിവച്ചു. കരനെല്ലിന്‍റേതിനു സമാനമായ കൃഷിരീതിയാണ് കടുകിനും. അധികം മണ്ണിളക്കാതെ നിലം കിളച്ചുമറിക്കണം. അതിനുശേഷമാണ് വിത്ത് വിതയ്ക്കുന്നത്. ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കുമൊക്കെ വളമായി ഉപയോഗിക്കാവുന്നതാണ്. വിളവെടുപ്പിനു പാകമാകുമ്പോള്‍ ചുവട്ടില്‍നിന്നു ചെടി വെട്ടിമാറ്റും. അതു വെയിലത്തുണക്കി തല്ലിയാണ് കടുക് ശേഖരിക്കുന്നത്. കിട്ടുന്ന കടുക് വീട്ടിലെ ആവശ്യത്തിനായി ഉപയോഗിക്കുന്നു.

ചിലവൊട്ടുമില്ലാതെ ജൈവകൃഷി മുന്നോട്ടുകൊണ്ടുപോകുന്നതിനായി ചാണകത്തിന്‍റെ ആവശ്യത്തിനായി നാലു പശുക്കളെയും വളര്‍ത്തുന്നുണ്ട്. വെച്ചൂര്‍പശുവും കാസര്‍ഗോഡ് ഡ്വാര്‍ഫും ഹോള്‍സ്റ്റൈന്‍ ഫ്രീഷനും ജേഴ്സിയുമാണ് നിലവിലുള്ള ഇനങ്ങള്‍. വെച്ചൂര്‍ പശുവിന്‍റെ ചാണകവും മൂത്രവും ഉപയോഗിച്ച് തയാറാക്കുന്ന പഞ്ചഗവ്യം തന്‍റെ വിളകള്‍ക്കെല്ലാം ജോസഫ് നല്‍കാറുണ്ട്. എല്ലുപൊടിയും മുയല്‍കാഷ്ഠവും കോഴികാഷ്ഠവും മണ്ണിരക്കമ്പോസ്റ്റുമാണ് ഇദ്ദേഹം തന്‍റെ കൃഷിയിടത്തിലുപയോഗിക്കുന്ന മറ്റു ജൈവവളങ്ങള്‍.

2011-ല്‍ എരുവേശ്ശി പഞ്ചായത്തിലെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് ജോസഫിനാണ് ലഭിച്ചത്. വിശ്രമജീവിതം എങ്ങനെ ഫലപ്രദമായി ചെലവഴിക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കു മുന്നില്‍ മൂന്നാമൂഴത്തിലും വിജയം ആവര്‍ത്തിച്ചുകൊണ്ട് ഈ കര്‍ഷകന്‍ മറുപടിയാകുന്നു.

ജോസഫ് താന്നിക്കാക്കുഴിയില്‍
താന്നിക്കാക്കുഴിയില്‍, ചെമ്പേരി, കണ്ണൂര്‍
ഫോണ്‍: 9447684656

ഒരു പോളിഹൗസ് വിജയഗാഥ

മനസില്‍ തന്‍റെ മുന്‍തലമുറയില്‍പ്പെട്ടവര്‍ നടത്തിവന്ന കൃഷിയോടുള്ള താല്‍പര്യവുമായി ബിസിനസിന്‍റെ ലോകത്തേക്കിറങ്ങിയ ചെറുപ്പക്കാരനായിരുന്നു തിരുവല്ല മുത്തൂര്‍ പ്രസന്നാലയത്തില്‍ പ്രസന്നകുമാര്‍. പിന്നീട് അത് തന്‍റെ മേഖലയല്ലെന്നു മനസിലായപ്പോള്‍ കൃഷിയിലേക്കുതന്നെ ഇദ്ദേഹം തിരിച്ചെത്തി. ഇത് മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥ. ഇന്ന് കൃഷിയുടെ ലോകത്ത് പുതുമയെ കൂട്ടുപിടിച്ച് വിജയത്തിന്‍റെ ഉയരങ്ങള്‍ കയറുകയാണു പ്രസന്നന്‍ എന്ന അമ്പതുകാരന്‍.

1983-ന് ശേഷമായിരുന്നു പ്രസന്നന്‍ എന്ന ബിസിനസുകാരന്‍ കൃഷിക്കാരന്‍റെ റോള്‍ ഏറ്റെടുക്കുന്നത്. പാരമ്പര്യമായിക്കിട്ടിയ നെല്‍പ്പാടങ്ങളില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ ഈ കര്‍ഷകന്‍ 1996 വരെ നെല്‍കൃഷിയില്‍ മാത്രമാണ് ശ്രദ്ധവച്ചത്. പിന്നീട് അനുകൂലമല്ലാത്ത കാലാവസ്ഥയും വിപണനത്തിനുള്ള ബുദ്ധിമുട്ടും മറ്റും ഈ മേഖലയില്‍നിന്ന് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചു. പിന്നീട് പതിന്നാലു വര്‍ഷങ്ങള്‍ക്കുശേഷം 2010ലാണ് പ്രസന്നന്‍ വീണ്ടും കൃഷിയിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, ഇക്കുറി പുതുമയെ ഒപ്പം കൂട്ടാനായിരുന്നു തീരുമാനം. ഒരു മാസികയില്‍ വായിച്ച പോളിഹൗസിനെക്കുറിച്ചുള്ള ലേഖനമാണ് ഹൈടെക് കൃഷിയുടെ സാധ്യതകളെക്കുറിച്ച് ഇദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. ഇതിന്‍റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചുമെല്ലാം ശാസ്ത്രീയമായി തന്നെ മനസിലാക്കി. ആദ്യകൃഷിയില്‍ തന്നെ മുടക്കുമുതല്‍ തിരിച്ചു കിട്ടണമെന്നാഗ്രഹിക്കുന്നവര്‍ പോളിഹൗസ് കൃഷിയിലേക്കു കടന്നുവരരുതെന്നാണ് ഇദ്ദേഹത്തിന്‍റെ പക്ഷം.

ദിവസവും കുറഞ്ഞതു പത്തു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് പോളിഹൗസിന് ഏറ്റവും അനുയോജ്യം. ആദ്യഘട്ടങ്ങളില്‍ ലാഭമുണ്ടാക്കാനായില്ലെങ്കില്‍പ്പോലും ചിട്ടയായ കൃഷിരീതികള്‍ പിന്തുടര്‍ന്നാല്‍ ഭാവിയില്‍ ഇതില്‍നിന്നും മികച്ച വരുമാനം തന്നെ ലഭിക്കും. ആദ്യഘട്ടത്തില്‍ 1300 സ്ക്വയര്‍ ഫീറ്റ് സ്ഥലത്തായിരുന്നു പ്രസന്നന്‍ പോളിഹൗസ് നിര്‍മിച്ചത്. പോളിഹൗസിനുള്ളില്‍ കൃഷിചെയ്യാന്‍ സാധിക്കുന്ന വിളകള്‍ക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. സ്വയം പരാഗണം നടത്താന്‍ കഴിവുള്ളവയായിരിക്കണം ഇവ. പോളിഹൗസിനുള്ളില്‍ പരാഗണത്തെ സഹായിക്കുന്ന പ്രാണികളൊന്നുമില്ലാത്തതാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ സാലഡ് വെള്ളരി, വള്ളിപ്പയര്‍ എന്നിവയാണ് കന്നികൃഷിക്കായി പ്രസന്നന്‍ തിരഞ്ഞെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ആദ്യകൃഷി വന്‍വിജയമായതോടെ പിന്നീട് തക്കാളി, കാപ്സിക്കം, ചീര തുടങ്ങിയവയും കൃഷിചെയ്യാന്‍ തുടങ്ങി. വര്‍ഷത്തില്‍ നാലുതവണ വരെ പോളിഹൗസിനുള്ളില്‍ കൃഷിചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഓണം, വിഷു പോലെയുള്ള പ്രത്യേകവിപണിയെ ലക്ഷ്യമാക്കിയും കൃഷിചെയ്യാന്‍ സാധിക്കും.

ജൈവവളങ്ങളാണ് പോളിഹൗസ് കൃഷിയില്‍ ഇദ്ദേഹം ഉപയോഗിക്കുന്നത്. ചാണകപ്പൊടി, ചകിരിച്ചോറ്, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവ വളമായി നല്‍കുന്നു. വെള്ളവും വളവും ദ്രാവകരൂപത്തിലാണ് നല്‍കുന്നത്. നട്ട് പതിനഞ്ചുദിവസം വരെ മൂന്നുദിവസം കൂടുമ്പോള്‍ 19:19:19 ചേര്‍ത്തുകൊടുക്കാറുണ്ട്. കായ്കളുണ്ടാകുന്ന സമയത്ത് പൊട്ടാസ്യം നൈട്രേറ്റും നല്‍കും. കൂടാതെ, സൂക്ഷ്മമൂലകങ്ങളായ ബോറോണ്‍, സിങ്ക്, കോപ്പര്‍, മഗ്നീഷ്യം, കാല്‍സ്യം സള്‍ഫേറ്റ് എന്നിവയും കുറഞ്ഞ അളവില്‍ ചെടികള്‍ക്ക് നല്‍കാറുണ്ട്. പോളിഹൗസിന്‍റെ മേല്‍ക്കൂരകള്‍ വര്‍ഷത്തിലൊരിക്കല്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും ഇദ്ദേഹം പറയുന്നു. അല്ലാത്തപക്ഷം, പക്ഷികാഷ്ഠവും പായലും പൂപ്പലും നിറഞ്ഞ മേല്‍ക്കൂരകള്‍ സൂര്യപ്രകാശം പോളിഹൗസില്‍ എത്തുന്നതിനു തടസമുണ്ടാക്കുകയും അതുവഴി പോളിഹൗസ് കൃഷി നഷ്ടത്തിലാകുകയും ചെയ്യും.

പന്ത്രണ്ടുലക്ഷം രൂപയാണ് പോളിഹൗസ് കൃഷിക്കായി ഇതുവരെ ചെലവഴിച്ചത്. ഇതില്‍ ആറുലക്ഷത്തിമുപ്പതിനായിരം രൂപ സബ്സിഡിയായി ലഭിച്ചു. എന്നാല്‍, സബ്സിഡി മാത്രം പ്രതീക്ഷിച്ച് വായ്പയെടുത്ത് പോളിഹൗസ് നിര്‍മിച്ചാല്‍ അതു വലിയ കടക്കെണിയിലെത്തിക്കാമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ചെലവുകള്‍ കണക്കുകൂട്ടി കൃത്യമായ ആസൂത്രണത്തിലൂടെ മുന്നോട്ടുപോയാല്‍ മാത്രമേ  പോളിഹൗസ് കൃഷി വിജയിക്കുകയുള്ളൂ. ചിട്ടയായ കൃഷിരീതികള്‍ പിന്തുടര്‍ന്നാല്‍ വര്‍ഷത്തില്‍ മൂന്നുലക്ഷത്തിനുമേല്‍ വരുമാനം നേടാന്‍ പോളിഹൗസ് കൃഷിയിലൂടെ സാധിക്കും.

പോളിഹൗസ് കൃഷിയെക്കുറിച്ചുള്ള തന്‍റെ അറിവുകളും നിര്‍മാണരീതിയുമൊക്കെ മറ്റു കര്‍ഷകരുമായി പങ്കുവയ്ക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. പോളിഹൗസുകളുടെ നിര്‍മാണവും ഇദ്ദേഹം ഏറ്റെടുത്ത് നടത്തിക്കൊടുക്കാറുണ്ട്. ഇക്കൂട്ടര്‍ക്ക് കൃഷിയിറക്കുന്നതു മുതല്‍ വിപണിയില്‍ പച്ചക്കറികള്‍  എത്തിക്കുന്നതുവരെ പ്രസന്നന്‍റെ സഹായമുണ്ടാകും.

കെ.സി. പ്രസന്നകുമാര്‍
പ്രസന്നാലയം, മുത്തൂര്‍ പി.ഒ, തിരുവല്ല, പത്തനംതിട്ട
ഫോണ്‍: 9847794903

നാവു കീഴടക്കുന്ന പഴച്ചാറുകള്‍

എല്ലാവരും പഴങ്ങളില്‍ കണ്ണുവയ്ക്കുമ്പോള്‍ വിലാസിനി കണ്ണുവയ്ക്കുന്നത് പഴച്ചാറിലാണ്. ഏതിനം പഴത്തില്‍ നിന്നും ഈ വീട്ടമ്മ സ്ക്വാഷ് നിര്‍മിക്കും. ഇലന്തൂര്‍ പ്രദേശത്ത് മന്ത്രിമാരോ സിനിമാതാരങ്ങളോ പോലെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം അവര്‍ക്കു മുന്നിലെത്തുന്നത് വിലാസിനിയുടെ കൈപ്പുണ്യം നിറഞ്ഞ പഴച്ചാറുകളാണ്. പത്തനംതിട്ട ജില്ലയില്‍ ഇലന്തൂര്‍ ഇടപ്പരിയാരം ലക്ഷ്മി വിലാസത്തില്‍ ഇ.കെ. വിലാസിനിയെന്ന ഈ വീട്ടമ്മയെ ഇവര്‍ തയാറാക്കുന്ന പഴച്ചാറുകളുടെ പേരിലാണ് നാടറിയുന്നത്. കാര്‍ഷികമേഖലയില്‍ പുതുവഴി വെട്ടിത്തുറന്ന് വ്യത്യസ്തയായ ഈ വീട്ടമ്മ നിര്‍മിക്കുന്ന പഴച്ചാറുകള്‍ തേടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യക്കാരെത്തുന്നു.


ചാമ്പയ്ക്ക, ഓറഞ്ച്, പേരയ്ക്ക, ലവ്ലിക്ക, മുന്തിരി തുടങ്ങിയ പഴങ്ങളൊക്കെ ആവശ്യം കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍വച്ചും പിന്നീട് പുറത്തെറിഞ്ഞു കളയുകയുമൊക്കെയാണ് മിക്കവരുടെയും പതിവ്. ഇവര്‍ പക്ഷേ, ഇക്കാര്യത്തില്‍ വ്യത്യസ്തയാണ്. ഇത്തരം പഴങ്ങളില്‍നിന്ന് വിവിധതരത്തിലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിറ്റ് വരുമാനമുണ്ടാക്കുകയാണിവര്‍ ചെയ്യുന്നത്. വെറും ഇരുപത്തയ്യായിരം രൂപ മുതല്‍മുടക്കിലാണ് സ്ക്വാഷും സിറപ്പുമൊക്കെയുണ്ടാക്കുന്ന യൂണിറ്റ് ഇവര്‍ ആരംഭിച്ചത്.

ഒന്നിലധികം പഴങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് പുതുരുചികളും ഇവര്‍ തയാറാക്കുന്നുണ്ട്. ചാമ്പയ്ക്കയും ഓറഞ്ചും പഞ്ചസാരയും ചേര്‍ന്നാല്‍ നല്ലൊന്നാന്തരം സ്ക്വാഷ് റെഡി. ലവ്ലിക്കയും മുന്തിരിയും അതല്ലെങ്കില്‍ പപ്പായയും കൈതച്ചക്കയും ചേര്‍ന്നാല്‍ മറ്റൊരു വ്യത്യസ്ത സ്വാദായി. ഇത്തരത്തില്‍ ഇവര്‍ തയാറാക്കുന്ന സ്ക്വാഷുകള്‍ ഒരു വര്‍ഷം വരെ കേടാകാതെയിരിക്കും. കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെയും മറ്റും നിര്‍ദേശങ്ങളനുസരിച്ചാണ് പഴങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നതിനെപ്പറ്റി ഇവര്‍ ആദ്യമായി ചിന്തിച്ചത്. ശാസ്ത്രീയമായി ഇതിന്‍റെ നിര്‍മാണത്തില്‍ പരിശീലനവും നേടിക്കഴിഞ്ഞതോടെ ഈ രംഗത്തേക്കിറങ്ങി. കഴിവതും സ്വന്തം കൃഷിയിടത്തില്‍ നിന്നുതന്നെയുള്ള പഴങ്ങളാണ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്. ഗുണമേന്മ ഉറപ്പുവരുത്താന്‍ ഇതു സഹായിക്കുമെന്ന് ഇവര്‍ പറയുന്നു.

ഉപയോഗിക്കുന്ന പഴത്തിന്‍റെ സ്വഭാവമനുസരിച്ച് വേവിച്ചോ വേവിക്കാതെയോ ആണ് ഇവ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. പഴത്തില്‍ നിന്നു ലഭിക്കുന്ന സത്തിന്‍റെ അളവിന് ഇരട്ടിയോളം പഞ്ചസാരയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് തിളപ്പിക്കുന്നു. നന്നായി കുറുകിയ ഈ പഞ്ചസാരമിശ്രിതത്തിലേക്ക് പതിനഞ്ചു മി.ലിറ്റര്‍ സിട്രിക്ക് ആസിഡോ നാരങ്ങാനീരോ ചേര്‍ക്കുന്നു. വേവിക്കാത്ത പഴങ്ങളാണെങ്കില്‍ ചൂടോടെയും വേവിച്ചതാണെങ്കില്‍ ചൂടാറിയശേഷവുമാണ് ഇത്തരത്തില്‍ തയ്യാറാക്കിയ പഞ്ചസാര ലായനി ചേര്‍ക്കുന്നത്. കൂടുതല്‍ നാള്‍ സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ ഒരു നുള്ള് പൊട്ടാസ്യം ബൈ സള്‍ഫേറ്റ് കൂടി ചേര്‍ക്കാറുണ്ട്. അതിനുശേഷം, ജ്യൂസ് അരിച്ചെടുത്ത് തണുപ്പിച്ച് കുപ്പിയിലാക്കി വിപണനം നടത്തുന്നു.

കുട്ടികള്‍ക്കു കൂടി ഉപയോഗിക്കേണ്ടതാണെന്നതിനാല്‍ യാതൊരുവിധ രാസവസ്തുക്കളും ഇതില്‍ ചേര്‍ക്കാറില്ല. ഓര്‍ഡറുനസരിച്ചാണ് പഴച്ചാറുകള്‍ കൂടുതലായും തയാറാക്കുന്നത്. ഗുണമേന്മയുടെ കാര്യത്തില്‍ യായൊരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കാത്തതാണ് വിലാസിനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്രയധികം ആരാധകരുണ്ടാകുന്നതിന്‍റെ പ്രധാന കാരണം. തയാറാക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ മേളകളിലും കാര്‍ഷികമേളകളിലുമാണ് പ്രധാനമായും വിറ്റഴിക്കുന്നത്. ബിസിനസ് എന്നതിലുപരി ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ തന്‍റെ പങ്ക് ചെയ്യുന്നു എന്ന മനോഭാവമാണ് ഇത്തരം സംരംഭകരില്‍നിന്ന് ഈ വീട്ടമ്മയെ വ്യത്യസ്തയാക്കുന്നത്. സ്ക്വാഷ്, സിറപ്പ് എന്നിവയ്ക്കു പുറമേ വിവിധതരത്തിലുള്ള അച്ചാറുകളും ഇവര്‍ തയാറാക്കി വിപണനം നടത്തുന്നുണ്ട്. നെല്ലിക്ക, പാവയ്ക്ക എന്നു തുടങ്ങി ഉപ്പിലിടാവുന്ന എന്തു ഭക്ഷ്യവസ്തുക്കള്‍കൊണ്ടും ഇവര്‍ അച്ചാറുകള്‍ നിര്‍മിക്കാറുണ്ട്. ഇവ വെയിലത്തുണക്കിയെടുത്ത ശേഷമാണ് അച്ചാറിടുന്നത്. വിനാഗിരി പോലും അച്ചാറുകളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കാറില്ല.

ഇവയ്ക്കെല്ലാമൊപ്പം കൃഷിക്കും പ്രാധാന്യം കൊടുക്കുന്ന അറുപത്തഞ്ചുകാരിയായ ഈ റിട്ടയേര്‍ഡ് നഴ്സറി അധ്യാപിക പുതുമയുള്ളതെന്തും തന്‍റെ കൃഷിയിടത്തില്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. മണി മുളക്, കര്‍ണാടകയില്‍നിന്നുള്ള വര്‍ഷംമുഴുവന്‍ കായ്ക്കുന്ന പ്ലാവ് എന്നിവയൊക്കെ ഇത്തരത്തില്‍ കൃഷിയിടത്തില്‍ ഇടംപിടിച്ചവയാണ്. കൂടാതെ, വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും അഞ്ഞൂറോളം ഏത്തവാഴകളുമൊക്കെ തികച്ചും ജൈവരീതിയില്‍ ഇവര്‍ കൃഷിചെയ്യുന്നുണ്ട്. ഇരുപത്തഞ്ച് വര്‍ഷത്തോളമായി കാര്‍ഷികമേഖലയില്‍ സജീവമായ ഇവര്‍ പുതുമയുടെ വഴികളിലൂടെ മുന്നോട്ടുപോകുന്നു.

ഇ.കെ. വിലാസിനി
ലക്ഷ്മി വിലാസം, ഇടപ്പരിയാരം, ഇലന്തൂര്‍, പത്തനംതിട്ട
ഫോണ്‍: 9947341925

ചിപ്പിപോലെ വിരിയുന്ന വിജയം

കൂണ്‍കൃഷിയിലൂടെ ജീവിതം തന്നെ മാറ്റിയെഴുതിയ നിരവധി വനിതകള്‍ ഇന്നു കേരളത്തിലുണ്ട്. ഇവര്‍ക്ക് ഉത്തമ ഉദാഹരണമാണ് ഇടുക്കി ജില്ലയില്‍ കരിമണ്ണൂര്‍ മുല്ലശ്ശേരി വീട്ടില്‍ സുധ ശശി. ഒന്നരവര്‍ഷത്തോളമായി സുധ ചിപ്പിക്കൂണ്‍ കൃഷിരംഗത്തേക്ക് എത്തിയിട്ട്. കൂണ്‍കൃഷിയെക്കുറിച്ച് കൃഷിഭവന്‍  സംഘടിപ്പിച്ച ക്ലാസില്‍ പങ്കെടുത്തതാണ് ഈ രംഗത്തേക്ക് തിരിയാന്‍ സുധയെ പ്രേരിപ്പിച്ചത്. വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ആവശ്യമായ വിത്തുകള്‍ വാങ്ങി അമ്പതു ബെഡുകളുമായാണ് ഇവര്‍ കൃഷി ആരംഭിക്കുന്നത്.


സാധാരണഗതിയില്‍ വൈക്കോലാണ് പൊതുവേ കൂണ്‍കൃഷിയില്‍ മാധ്യമമായി ഉപയോഗിക്കുന്നത്. എന്നാല്‍, ഇവര്‍ തികച്ചും വ്യത്യസ്തമായി അറക്കപ്പൊടിയാണ് കൂണ്‍വളര്‍ത്തല്‍ മാധ്യമമായി തിരഞ്ഞെടുത്തത്. ചിപ്പിക്കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം അറക്കപ്പൊടി തന്നെയാണെന്നും ഇതില്‍ത്തന്നെ റബ്ബര്‍ത്തടി മുറിക്കുമ്പോഴുള്ള അറക്കപ്പൊടിയാണ് ഏറ്റവും മികച്ചതെന്നും അനുഭവത്തിന്‍റെ വെളിച്ചത്തില്‍ സുധ പറയുന്നു. പച്ചത്തടി അറുത്തെടുക്കുമ്പോള്‍ കിട്ടുന്ന പൊടി എത്രയും പെട്ടെന്ന് തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.


അറക്കപ്പൊടി ഇരുപതു മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്തിട്ടശേഷമാണ് ഉപയോഗിക്കുന്നത്. വെള്ളം മുഴുവന്‍ പിഴിഞ്ഞുകളഞ്ഞശേഷം കട്ടിയുള്ള തുണിയിലോ ചാക്കിലോ കിഴികെട്ടിയെടുത്ത് കഴിയുന്നത്ര വെള്ളം പിഴിഞ്ഞുകളയണം. ഇങ്ങനെ തയ്യാറാക്കിയ അറക്കപ്പൊടി ഒരു മണിക്കൂര്‍ സമയം ആവിയില്‍ പുഴുങ്ങിയെടുക്കുന്നു. അതിനുശേഷം വൃത്തിയുള്ള തുണിയിലോ ഷീറ്റിലോ നിരത്തിയിട്ട് അമ്പതു ശതമാനം ഈര്‍പ്പത്തിലേക്കെത്തിച്ച് ബെഡ് തയാറാക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.

ആദ്യഘട്ടത്തില്‍ തയാറാക്കിയ അമ്പതു കൂണ്‍തടങ്ങളില്‍ നിന്ന് മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ ഈ സംരംഭവുമായി മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിച്ചു. ആദ്യമൊന്നും കൂണ്‍കൃഷിക്ക് പ്രത്യേക സ്ഥലം കണ്ടെത്തിയിരുന്നില്ല. പിന്നീട്, സമീപത്തുള്ള കെട്ടിടം വാടകയ്ക്കെടുത്താണ് കൂണ്‍കൃഷി തുടര്‍ന്നത്. അമ്പതു ബെഡ്ഡുകളില്‍ തുടങ്ങിയ കൂണ്‍വളര്‍ത്തല്‍ ഇന്ന് അഞ്ഞൂറു ബെഡ്ഡുകളിലെത്തി നില്‍ക്കുന്നു. 300-350 രൂപ നിരക്കില്‍ ഒന്നരക്കിലോ കൂണിന്‍റെ പായ്ക്കറ്റുകളായാണ് വില്‍ക്കുന്നത്. നാട്ടില്‍ തന്നെ നിരവധി ആവശ്യക്കാരുള്ളതിനാല്‍ ഇതുവരെ വിപണനത്തിനു ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ലെന്ന് സുധ സന്തോഷത്തോടെ പറയുന്നു.

വിത്ത്, മികച്ച മാധ്യമം, അനുയോജ്യമായ കാലാവസ്ഥ, ആവശ്യത്തിന് ജലലഭ്യത, കൃഷിയോടുള്ള താല്‍പര്യം എന്നീ അഞ്ചു കാര്യങ്ങളുണ്ടെങ്കില്‍ കൂണ്‍കൃഷി വിജയിക്കുമെന്ന കാര്യത്തില്‍ ഈ വീട്ടമ്മയ്ക്കു സംശയമില്ല. ഇതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഗുണമേന്മയുള്ള വിത്താണ്. ശുദ്ധമായ, കൃത്യമായ മൂപ്പുള്ള, പുതിയ വിത്ത് മാത്രമേ കൃഷിക്കുപയോഗിക്കാവൂ. മാതൃവിത്തില്‍നിന്ന് രണ്ടുമൂന്നു പ്രാവശ്യത്തില്‍ കൂടുതല്‍ പകര്‍ത്തിയ വിത്ത് കൃഷിക്ക് അനുയോജ്യമല്ല. ഏതുതരം ജൈവവസ്തുക്കളിലും ചിപ്പിക്കൂണ്‍ വളരുമെന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത. എന്നാല്‍, പ്രാദേശികമായി പെട്ടെന്നു ലഭ്യമായതും പരമാവധി വിളവു ലഭിക്കുന്നതുമായ മാധ്യമം തിരഞ്ഞെടുക്കണമെന്നു മാത്രം. കരിമണ്ണൂര്‍ പ്രദേശത്ത് അറക്കപ്പൊടി വളരെയധികം ലഭ്യമായതുകൊണ്ടാണ് സുധ കൂണ്‍കൃഷിക്ക് മാധ്യമമായി അറക്കപ്പൊടി തിരഞ്ഞെടുത്തത്.

വളരെയധികം ഔഷധഗുണമുള്ളതാണ് ചിപ്പിക്കൂണുകള്‍. ചിപ്പിക്കൂണിന് കരളിനെ സംരക്ഷിക്കുന്നതിനും റേഡിയേഷനില്‍നിന്നും സംരക്ഷണം നല്‍കുന്നതിനുള്ള കഴിവുമുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. റേഡിയേഷന്‍ ചികില്‍സയിലേര്‍പ്പെട്ടിരിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് ചിപ്പിക്കൂണ്‍ കഴിക്കുന്നതു വഴി റേഡിയേഷന്‍റെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. ചിപ്പിക്കൂണ്‍ സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, കരള്‍വീക്കം എന്നിവയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പറയപ്പെടുന്നു.


ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്നതിനായി വെളുത്തനിറത്തിലുള്ള, കട്ടിയേറിയതും 60ഃ30 സെന്‍റിമീറ്റര്‍ വലിപ്പമുള്ളതുമായ പ്ലാസ്റ്റിക് കവറുകളാണ് അനുയോജ്യം. കവറിന്‍റെ അടിവശം നന്നായി കെട്ടിയശേഷം, പുഴുങ്ങിയുണക്കി അണുരഹിതമായി സൂക്ഷിച്ചിരിക്കുന്ന അറക്കപ്പൊടി കവറിന്‍റെ അടിഭാഗത്തായി നിരത്തുന്നു. അതിനുമീതെ വശങ്ങളില്‍ കൂണ്‍വിത്ത് വിതറിയശേഷം വീണ്ടും നിരയായി അറക്കപ്പൊടി നിരത്തുന്നു. നാലോ അഞ്ചോ നിര ഇത്തരത്തില്‍ ക്രമീകരിക്കാവുന്നതാണ്. അതിനുശേഷം കവറിന്‍റെ മുകള്‍ഭാഗം ചരടുപയോഗിച്ച് നന്നായി കെട്ടിവയ്ക്കുന്നു. പിന്നീട്, ഈ കവറുകളില്‍ എല്ലാവശങ്ങളിലും സുഷിരങ്ങളിട്ടു കൊടുക്കുന്നു. ഇത്രയുമായാല്‍ കൂണ്‍കൃഷിക്കുള്ള ബെഡ് തയാറായി. ദിവസവും രണ്ടുനേരം വീതം കുറേശ്ശേ വെള്ളം തളിച്ചുകൊടുത്താല്‍ രണ്ടുമൂന്നു ദിവസത്തിനകംതന്നെ ഇതളുകള്‍ വിടര്‍ന്ന് പതിയെ വിളവെടുപ്പിനു പാകമാകും. ഒരു കൂണ്‍ബെഡില്‍നിന്ന് മൂന്നുനാലു പ്രാവശ്യത്തില്‍ കൂടുതല്‍ വിളവെടുക്കാറില്ല.

കൂണ്‍കൃഷിക്കു പുറമേ ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവയും ഇവര്‍ കൃഷിചെയ്യുന്നുണ്ട്. വീട്ടുജോലികള്‍ ചെയ്തുകഴിഞ്ഞ് മിച്ചംവരുന്ന സമയം ഫലപ്രദമായി ഉപയോഗിച്ച് വരുമാനം നേടുന്ന ഇവരെപ്പോലെയുള്ള വീട്ടമ്മമാരെ നമുക്കും മാതൃകയാക്കാം.

 

സുധ ശശി
മുല്ലശ്ശേരി ഹൗസ്, കിളിയറ, കരിമണ്ണൂര്‍, ഇടുക്കി ജില്ല
ഫോണ്‍: 9400962988

 

കടപ്പാട് -കാര്‍ഷികരംഗം.കോം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate