অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വനമേഖലയിലെ കൃഷി ആസൂത്രണം

ആമുഖം

കേരളത്തിൽ ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളുടേയും കിഴക്കേ അതിര് പശ്ചിമഘട്ടമലകളിലെ നിത്യഹരിത വനങ്ങളാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 30 ശതമാനം വരുമിത്. ഈ ചോലവനങ്ങളാണ് ഭാരതത്തിന്റെ 25 ശതമാനം ജൈവവൈവിധ്യം കാക്കുന്നത്. 140 ഇനം സസ്തനികളും 260 ഇനം ഉരഗങ്ങളും 180 ഓളം ഉഭയജീവികളും 510 ഇനം പക്ഷികളുമെല്ലാം 1.60 ലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന കേരള വനങ്ങളിലുണ്ട്. കേരളത്തിലെ കർഷകർ ഭൂരിഭാഗവും ജീവിക്കുന്നത് പശ്ചിമഘട്ടത്തിന്റെ താഴ്വാരങ്ങളിലുള്ള ഈ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമാണ്. സാങ്കേതിക വിദ്യ എത്ര മുന്നേറിയിട്ടും ഇന്നും വന്യമൃഗശല്യം മലയോരജനങ്ങളെ പൊറുതിമുട്ടിക്കുന്നു. എന്നു മാത്രമല്ല, ഓരോ ദിവസം ചെല്ലുന്തോറും ഇത് വഷളാകുകയും ചെയ്യുന്നു. ഇത്തരത്തിൽ വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിനുള്ള കാരണങ്ങളും ഇതിനുള്ള പരിഹാരവും വിശകലനം ചെയ്യുകയാണിവിടെ.

വർധിക്കുന്ന ജനസംഖ്യ

ഭാരതത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പോരാത്തതിന് നമ്മുടെ സംസ്ഥാനം മുഴുവനായി തന്നെ അണുകുടുംബ വ്യവസ്ഥയിലേക്ക് മാറിയിരിക്കുന്നു. രണ്ടു മക്കളുണ്ടെങ്കിൽ രണ്ടാൾക്കും വെവ്വേറെ സ്ഥലവും വീടും എന്നായിട്ടുണ്ടല്ലോ. ആഹാരം, പാർപ്പിടം എന്നിവയ്ക്കെല്ലാം മനുഷ്യൻ കാടുകയറുന്ന സാഹചര്യം ഇന്നുണ്ട്. പോരാത്തതിന് വനത്തിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ ആടുമാടുകളെ മേയ്ക്കാൻ വിടുന്നതും ഇന്നു സാധാരണമാണ്. വനത്തിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം കൂണുപോലെയാണ് പൊട്ടിമുളയ്ക്കുന്നത്. മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിക്കുമ്പോൾ അവർ ആഹാരവും വെള്ളവും തേടി ചുറ്റുമുള്ള നാട്ടിലേക്കിങ്ങുന്നത് സ്വാഭാവികം മാത്രം.

തീറ്റ, ജലദൗർലഭ്യം

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും തിക്ത ഫലങ്ങളായ വരൾച്ച, ജല ക്ഷാമം എന്നിവയൊക്കെ വനങ്ങളിലാണ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.

വനത്തിന്റെ ഹരിതാഭ തന്നെ തകർക്കുന്നതാണ് കാട്ടുതീ. വേനൽക്കാലത്താണ് കാട്ടുതീ കൂടുതൽ ശല്യക്കാരനാകുന്നത്. മനഃപൂർവം തീപ്പെട്ടിക്കൊള്ളി കത്തിച്ചിടുക, സിഗരറ്റിന്റെയും ബീഡിയുടെയും കുറ്റികൾ കെടുത്താതെ കാട്ടിൽ അലക്ഷ്യമായി വലിച്ചെറിയുക, വനംകൈയേറ്റം പിടിക്കപ്പെടാതിരിക്കാൻ മനഃപൂർവം തീയിടുക തുടങ്ങിയവയൊക്കെയാണ് 99 ശതമാനം കാട്ടുതീയും ഉണ്ടാകുന്നതിനു പിന്നിൽ. ഇപ്രകാരം വനത്തിനുള്ളിൽ തീറ്റയും വെള്ളവും കിട്ടാതെ വരുമ്പോഴാണ് മൃഗങ്ങൾ കാടു വിട്ട് നാട്ടിലേക്കിറങ്ങുന്നത്. മനുഷ്യൻ കുറച്ചൊന്നു ശ്രദ്ധിച്ചാൽ വന്യ മൃഗങ്ങളുടെ നാട്ടിലേക്കുള്ള പലായനം ഒഴിവാക്കാൻ സാധിക്കും.

ഏകവിളനയംപ്രതികൂലമാകുന്നു

1970കളിൽ നടപ്പിലാക്കിയ സാമൂഹ്യ വനവത്കരണ നയപ്രകാരം, വനത്തിനുള്ളിലെ പ്ലാവും, മാവും പോലെത്തെ ഫലവൃക്ഷങ്ങളെല്ലാം വെട്ടി, അക്കേഷ്യയും യൂക്കാലിപ്റ്റസും പോലത്തെ ഏകവിളകൾ നട്ടുപിടിപ്പിച്ചു. ഇതിന്റെ ദോഷഫലം വലുതാണ്. ചക്കയിലും മാങ്ങയിലും എളുപ്പം ദഹിക്കുന്ന ധാന്യകം ധാരാളമുണ്ടായിരുന്നു. ഇത് വന്യമൃഗങ്ങൾക്ക് ലഭിക്കാത്ത സാഹചര്യം വന്നു. ധാന്യകമുള്ള ഏതൊരു ഭക്ഷ്യപദാർഥവും മൃഗങ്ങൾക്കിഷ്ടമാണ്. വാഴപ്പഴം മാത്രമല്ല, വാഴയുടെ ഏതു ഭാഗവും ആനയ്ക്കിഷ്ടമാണ്. പുന്നെല്ലിന്റെ സുഗന്ധം ലഭിച്ചാൽ കിലോമീറ്ററുകൾ അകലെ നിന്നു പോലും ആന വരും. അതിനാൽ ധാന്യകമുള്ള ഇത്തരം വിളകൾ ലഭ്യമല്ലാത്ത വനത്തിൽ നിന്നും സുലഭമായിട്ടുള്ള നാട്ടിലേക്ക് മൃഗങ്ങളെത്തും.

വനത്തിൽ ഇരതേടാനാവാത്ത അവസ്ഥ

പ്രായാധിക്യം, ശക്തൻമാരായ മറ്റു മൃഗങ്ങളുമായുണ്ടാകുന്ന ഏറ്റുമുട്ടലിൽ ഏൽക്കുന്ന പരിക്കുകൾ, പ്രായാധിക്യം മൂലം പല്ല്, നഖങ്ങൾ എന്നിവയ്ക്കേൽക്കുന്ന ക്ഷതങ്ങൾ, വേഗവും കരുത്തും കുറയൽ മുതലായ കാരണങ്ങളാൽ പുലിയും കടുവയും പോലുള്ള ഹിംസ്ര ജന്തുക്കൾക്ക് വനത്തിനുള്ളിൽ ഇരതേടിപ്പിടിക്കാൻ വയ്യാതെയാവുന്നു. പ്രായമേറുമ്പോൾ വരുന്ന രോഗങ്ങളും അവരെ കൂടുതൽ തളർത്തുന്നു. ഇത്തരത്തിൽ വനത്തിൽ വേട്ടയാടാനാവാത്ത മൃഗങ്ങൾ നാട്ടിലേക്കിറങ്ങും. വളർത്തുമൃഗങ്ങളെ തൊഴുത്തിൽ കെട്ടിയിട്ടും കൂട്ടിലിട്ടുമൊക്കെയാണ് വളർത്തുന്നത്. അതിനാൽ ഇരതേടിയെത്തുന്ന ഹിംസ്രജന്തുക്കളുടെ ജോലി കൂടുതൽ എളുപ്പമാകുന്നു. ഇത്തരത്തിൽ വളർത്തുമൃഗങ്ങളുടെ ചോര കുടിച്ച് അവയുടെ മാംസത്തിന്റെ രുചി പിടിച്ച് കടുവയും പുലിയുമെല്ലാം പിന്നെയും പിന്നെയും നാട്ടിലിറങ്ങുന്നു. ആകസ്മികമായാനെങ്കിലും ചിലപ്പോഴൊക്കെ മുമ്പിൽവന്നുപെടുന്ന മനുഷ്യരക്തത്തിന്റെ രുചിപിടിച്ച് കടുവയും പുലിയുമെല്ലാം പിന്നെ മനുഷ്യരെത്തീനികളായി മാറുന്നു.

മനുഷ്യന്റെ തോന്ന്യവാസം

കാടുകളുടെ ഭാഗത്തെത്തുന്നവർക്ക് "കുരങ്ങൻമാർക്കു തീറ്റ കൊടുക്കരുത്' എന്നൊരു ബോർഡു കാണാം. വിനോദസഞ്ചാരികൾ നൽകുന്ന ആഹാരസാധനങ്ങൾ കിട്ടി സുഖം പിടിച്ച കുരങ്ങൻമാർ പിന്നീട് ഏതു മനുഷ്യനെക്കണ്ടാലും ഇതു പ്രതീക്ഷിക്കും. കിട്ടിയില്ലെങ്കിൽ നമ്മുടെ കയിലുള്ള സഞ്ചിയെല്ലാം പിടിച്ചു പറിക്കും. ചിലപ്പോൾ ആക്രമിക്കുകയും ചെയ്യും. ഇങ്ങനെ മനുഷ്യഭക്ഷണത്തിന്റെ രുചിപിടിച്ച കുരങ്ങൻമാരും കാടുവിട്ട് നാടുതേടുകയാണ്. കാട്ടിലുള്ളതിനേക്കാൾ കുരങ്ങന്മാർ ഇപ്പോൾ വയനാട്ടിലെ നാട്ടിലുണ്ട്. തെങ്ങിലുണ്ടാകുന്ന കരിക്കും തേങ്ങയും കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും ഇവർ ഭക്ഷണമാക്കും. എന്തിനേറെ വെയിലത്തുണങ്ങാനിടുന്ന വസ്ത്രങ്ങൾ പോലും ഇവർ നശിപ്പിക്കും.

കാലഹരണപ്പെട്ടനിയമങ്ങൾ

കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നി, പൂർണ ഗർഭിണിയാണെങ്കിൽ അതിനെ വെടിവയ്ക്കാൻ പറ്റില്ലെന്നുള്ള നിയമം കാലഹരണപ്പെട്ടതും ഒട്ടും പ്രായോഗികമല്ലാത്തതുമാണ്. കൃഷി നശിപ്പിക്കാൻ പാഞ്ഞടുക്കു ന്ന കാട്ടുപന്നിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ പോലും പലപ്പോഴും സമയം കിട്ടില്ല. പിന്നല്ലേ, ഇത് ആണാണോ പെണ്ണാണോ എന്നു നോക്കലും പെണ്ണാണ്ങ്കിൽ അത് പൂർണഗർഭിണിയാണോ എന്നു പരിശോധിച്ചുറപ്പിക്കാൻ വെറ്ററിനറി ഡോക്ടറെ വിളിക്കലുമൊക്കെ. വെറ്ററിനറി ഡോക്ടർ എത്തിക്കഴിയുന്നതിനു വളരെ മുമ്പു തന്നെ, കൃഷിയൊക്കെ നശിപ്പിച്ച് കാട്ടു പന്നിസ്ഥലം വിട്ടിട്ടുണ്ടാകും.

പരിഹാര മാർഗങ്ങൾ

വന്യജീവിശല്യത്തിനു പെട്ടെന്നൊരു പരിഹാരം നിർദ്ദേശിക്കുക അസാധ്യമാണ്. കാരണം പാർലമെന്റ് പാസാക്കിയ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങളെ വേട്ടയാടുന്നതും കൊല്ലുന്നതുമെല്ലാം ജാമ്യംപോലും ലഭിക്കാത്ത കുറ്റമാണ്. 1998 ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരിൽ പ്രശസ്ത സിനിമാതാരം സൽമാൻ ഖാനെതിരേ ഇപ്പോഴും നടക്കുന്ന കേസുതന്നെ ഉത്തമ ഉദാഹരണം. അതിനാൽ, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രായോഗിക പരിഹാരമാർഗങ്ങൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.

  1. വനഭൂമിയിലേക്കുകടന്നു കയറാതിരിക്കുക

2016 -17 ലെ കണക്കനുസരിച്ച് കേരളത്തിലെ വനഭൂവിസ്തൃതി 2977.47 ഹെക്ടറാണ്. മനുഷ്യർ വനം കൈയേറുന്നതും വന്യമൃഗങ്ങളെ വേട്ടയാടുന്നതും വനത്തിനുള്ളിൽ കാലികളെ മേയ്ക്കുന്നതും കർശനമായി തടയണം.

കാട്ടുതീ തടയുക

വനം സംരക്ഷിക്കാനും കാട്ടുതീ തടയാനും വനത്തിനോട്ചേർന്നു കിടക്കുന്ന ഗോത്ര വിഭാ|ഗങ്ങളിലെ യുവാക്കളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് വനസംരക്ഷണ സേന (വി.എസ്.എസ്). കാട്ടുതീ പടരുന്നതു തടയാൻ ശീമക്കൊന്ന പോലത്തെ വൃക്ഷവിളകൾ ഉപയോഗിച്ച് വേലി നിർമിക്കുന്നതു വളരെ നല്ലതാണ്.

  1. കൃഷി രീതിയിൽമാറ്റം വരുത്തുക

വനപ്രദേശങ്ങളിലെ കൃഷി എളുപ്പം ദഹിക്കുന്ന ധാന്യകമുള്ള ചക്ക, വാഴ, കപ്പ, നെല്ല് എന്നിവ വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ കൃഷിചെയ്യാതിരുന്നാൽ വന്യജീവിശല്യം കുറയ്ക്കാം. പ്രത്യേകിച്ചും ആന,കാട്ടു പന്നി എന്നിവയുടെ ശല്യം ഗണ്യമായി കുറയും. വന്യജീവി സങ്കേതങ്ങൾക്കടുത്തുള്ള പ്ലാവുകളിലെ ചക്ക പഴുക്കുന്നതിനു മുമ്പ് വിളവെടുക്കുന്നത് വന്യജീവികൾ ഇവതേടിയെത്തുന്നത് ഒഴിവാക്കും.

  1. വനത്തിനുള്ളിൽ ബഹുവിള

വനത്തിനുള്ളിലെ ഏക വിളകളായ അക്കേഷ്യയും യൂക്കാലിപ്റ്റസും വെട്ടിമാറ്റി, പ്ലാവും മാവുമെല്ലാമടങ്ങുന്ന ബഹുവിളകൾ വച്ചുപിടിപ്പിക്കുകയാണെങ്കിൽ വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിറങ്ങുന്നത് ഗണ്യമായി കുറയും. ഇതിനു പക്ഷേ സർക്കാർ തലത്തിൽ നയരൂപീകരണം ഉണ്ടാകേണ്ടിയിരിക്കുന്നു.

  1. വന അതിർത്തിയിൽ തടസങ്ങൾ സൃഷ്ടിക്കുക

വനാതിർത്തിയിൽ ആഴത്തിലുള്ള കിടങ്ങുകൾ നിർമിച്ചും വേലികെട്ടിയുമൊക്കെ വന്യ ജീവി ശല്യംകുറയ്ക്കാം. സോളാർ പാനലുകൾ സ്ഥാപിച്ച് അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ചെറിയ വോൾട്ടേജിൽ വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന കമ്പിവേലികളിൽക്കൂടി കടത്തിവിടാം. ഇങ്ങനെയുള്ള കമ്പിവേലി മറികടക്കാൻ വന്യമൃഗങ്ങൾ ശ്രമിക്കുമ്പോൾ ചെറിയ ഷോക്കുണ്ടാകുകയും അവ കാട്ടിലേക്ക് പിന്തിരിയുകയും ചെയ്യും. പക്ഷേ സോളാർ വേലിക്ക് കൃത്യമായി അറ്റകുറ്റപ്പണി നടത്തണം. ഇല്ലെങ്കിൽ കാര്യക്ഷമത കുറയുകയും വന്യമൃഗങ്ങൾ നിഷ്പ്രയാസം വേലി കടക്കുകയും ചെയ്യും. വനാതിർത്തിയിൽ തടസങ്ങൾ സൃഷ്ടിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം റെയിൽവേലികൾ നിർമിക്കലാണ്. ഒരു റെയിൽവേ പാളത്തിന്റെ ശരാശരി ആയുസ് 20 വർഷമാണ്. തിരുവനന്തപുരം മുതൽ മംഗലാപുരം വരെ റെയിൽപ്പാളങ്ങൾ മാറ്റി, അറ്റകുറ്റപ്പണി നടക്കുകയാണ്. ഉപയോഗശൂന്യമായ റയിൽപ്പാളങ്ങളാണ് വനാതിർത്തിയിൽ തടസങ്ങൾ തീർക്കാൻ ഏറ്റവും യോജിച്ചത്. വനത്തിനോടുചേർന്ന കൃഷിയിടങ്ങളിൽ തേനീച്ച വളർത്തിയാൽ ആന ശല്യം  കുറയ്ക്കാൻ സാധിക്കുമെന്ന് ആസാമിൽനിന്നുള്ള പഠനങ്ങൾ തെളിയിക്കുന്നു. ഒരു പ്രാവശ്യം തേനീച്ചയുടെ കുത്തേറ്റാൽ പിന്നീട് ആഭാഗത്തേക്ക് ആന വരാൻ ഭയപ്പെടുമത്രേ, ഇത് നമ്മുടെ വനാതിർത്തിയിലും പരീക്ഷിക്കാവുന്നതാണ്.-

വികസിത-വിദേശ രാജ്യങ്ങളിൽ വന്യമൃഗങ്ങളുടെ വരവ് തിരിച്ചറിയുന്ന സെൻസറുകളും, വന്യമൃഗങ്ങളെ തുരത്തിയോടിക്കാൻ സഹായകമാവുന്ന അൾട്രാസോണിക് തരംഗങ്ങളും ലേസർ രശ്മികളും പുറപ്പെടുവിക്കുന്ന യന്ത്രങ്ങൾ വനാതിർത്തിക്കുള്ളിൽ സ്ഥാപിക്കുന്ന മാതൃക ഭാവിയിലെങ്കിലും നമുക്കും പരീക്ഷിക്കാവുന്നതാണ്.'

മൃഗങ്ങൾക്ക് റേഡിയോകോളറുകൾ

ഏതാനും മാസങ്ങൾക്കു മുമ്പ് വയനാട്ടിലെ പ്രശ്നക്കാരനായി വടക്കനാട് കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോകോളർ കഴുത്തിൽ ഘടിപ്പിച്ച് വീണ്ടും വനത്തിലേക്ക് വിടുകയായിരുന്നു. ഇത്തരത്തിൽ കഴുത്തിൽ തൊലിക്കു തൊട്ടുതാഴെ ഘടിപ്പിച്ചിരിക്കുന്ന കോളർ എന്നത് സെൻസറുകൾ അടങ്ങിയിട്ടുള്ള മൈക്രോചിപ്പ് ആണ്. ഇതിൽ നിന്നു പ്രസരിക്കുന്ന സിഗ്നലുകൾ ഉപയോഗിച്ച് ആന എവിടെ എത്തി എന്നും കാട്ടിൽനിന്നും നാട്ടിലേക്ക് വനംവകുപ്പു ജീവനക്കാർക്ക് അറിയാൻ കഴിയും. ഇങ്ങനെകിട്ടുന്ന വിവരം, വനം വകുപ്പുകാർ എസ്എംഎസ് മുഖേന വനത്തിനോടു ചേർന്നു കിടക്കുന്ന ആൾക്കാരെ അറിയിക്കും. അവർക്ക് പ്രതിരോധം തീർക്കാനും സാധിക്കും.

  1. വനത്തിനുള്ളിൽ ജലസ്രോതസുകൾ നിർമിക്കുക

വനത്തിനുള്ളിൽ വേനൽക്കാലം തുടങ്ങുന്നതിനു മുമ്പ് വിവിധസ്ഥലങ്ങളിൽ കുളങ്ങളും ജലാശയങ്ങളും നിർമിക്കാം. ഇത്തരത്തിൽ വനത്തിനുള്ളിൽ തന്നെ വെള്ളം ലഭിക്കുമ്പോൾ വെള്ളം തേടി വന്യമൃഗങ്ങൾ കാട്ടിൽനിന്ന് നാട്ടിലേക്കിറങ്ങുന്നത് ഒഴിവാകും.

  1. മനുഷ്യന്റെ തോന്നിയവാസം അവസാനിപ്പിക്കുക

അടിക്കാടുകൾക്കു തീയിടുക, കുരങ്ങൻമാർക്കു തീറ്റ കൊടുക്കുക മുതലായ മനുഷ്യന്റെ അശാസ്ത്രീയ രീതികൾ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  1. കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കുക

കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നി, പൂർണ ഗർഭിണിയാണന്നുറപ്പു വരുത്തിയതിനു ശേഷമേ അതിനെ വെടിവയ്ക്കാവു തുടങ്ങിയ കാലഹരണപ്പെട്ടതും അപ്രായോഗികവുമായ നിയമങ്ങൾ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മനുഷ്യനും വന്യജീവികളുമെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്. പ്രകൃതിയുടെ അനിവാര്യതയാണ് രണ്ടും, ഒന്നില്ലാതെ മറ്റൊന്നു മാത്രം ഉണ്ടായാൽ നിലനിൽപ്പില്ല. അതിനാൽ മനുഷ്യനും വന്യജീവികൾക്കും കോട്ടം തട്ടാതെയുള്ള ഒരു സമഗ്രസമീപനം സ്വീകരിക്കുന്നതിലൂടെ മാത്രമേ ഇനി മനുഷ്യരാശിക്കു നിലനിൽപ്പുള്ളു.

ഡോ. ബിജു ചാക്കോ,

അസിസ്റ്റന്റ്റ് പ്രോഫസ്സര്‍

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അനിമല്‍ ന്യൂട്രീഷന്‍

വെറ്ററിനറി കോളജ്, പൂക്കോട്, വയനാട്

കടപ്പാട്: കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate