অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാറ്റ്വേക്കോ ഫാമിംഗ്

പഠിക്കാം, നാറ്റ്വേക്കോ ഫാമിംഗ്

വ്യത്യസ്തവും വിഭിന്നവുമായ ഒട്ടേറെ കൃഷിരീതികളെ കുറിച്ച് നമുക്കറിയാം. ഓരോ കാലഘട്ടത്തിലും വിവിധ ദേശങ്ങളിലെ ജനങ്ങൾ കാലാവസ്‌ഥക്കും പ്രകൃതിക്കും ഇണങ്ങുന്ന പുതിയ കണ്ടെത്തലുകൾ നടത്തി, കാർഷിക വൃത്തിയിൽ വേറിട്ട വഴികളിലൂടെ മുന്നേറി. സമ്പൂർണ ജൈവകൃഷി നടപ്പാക്കുന്ന നറ്റ്വേക്കോ ഫാമിംഗ് രീതി തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ കർഷകർ ആവേശത്തോടെ ഇതു നടപ്പിലാക്കുന്നു. 

എസ്. ഒബോൽക്കർ എന്ന ഗണിതശാസ്ത്രജ്‌ഞൻ തന്റെ നാൽപതു വർഷത്തെ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ ശാസ്ത്രീയ കൃഷി ദർശനമാണ് നറ്റ്വേക്കോ ഫാമിംഗ്. ഇദ്ദേഹം ഗണിതശാസ്ത്രജ്‌ഞൻ എന്നതിലുപരി സസ്യശാസ്ത്രജ്‌ഞൻ, പരിസ്‌ഥിതി പ്രവർത്തകൻ, കൃഷി വിദഗ്ധൻ, എന്നീ നിലകളിലൊക്കെ ഒട്ടേറെ കണ്ടത്തലുകൾ നടത്തി.

ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതാണ് നാറ്റ്വേക്കോഫാമിംഗ്. ഓർഗാനിക് ഫാമിംഗ്, പ്രകൃതി സൗഹൃദ കൃഷി എന്നിവ പോലെ തന്നെ ഇതും കർഷകർക്ക് ഏറെ ആത്മവിശ്വാസം നൽകുന്നു.

ചെടികളുടെ വളർച്ച

സൂര്യപ്രകാശത്തെ ചെടികളിലേക്ക് ആഗിരണം ചെയ്യിക്കുകയും, ഇതിന് ആവശ്യമായശേഷി ചെടിക്ക് ഉണ്ടാക്കിയെടുക്കുകയുമാണ് ആദ്യപടി. ചെടിയുടെ എല്ലാവിധ ആന്തരീക പ്രവർത്തനങ്ങളും നടക്കുന്നത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലാണ്. നാറ്റ്വേക്കോ ഫാമിം ഗിൽ ചെടികളുടെ വളർച്ചയെ അഞ്ചു ഘട്ടങ്ങളായി തിരിക്കുന്നു.

  1. വളർച്ചയുടെ ആരംഭം (രണ്ടിലപ്രായം)
  2. കരുത്തോടെയുള്ള വളർച്ച
  3. പൂവിടൽഘട്ടം
  4. വിളവെടുപ്പ്
  5. അനാരോഗ്യാവസ്‌ഥ.



മേൽപറഞ്ഞ എല്ലാഘട്ടങ്ങൾക്കും ഏകദേശം ഒരേ കാലയളവാണുള്ളത്. കായ്പിടുത്തം കുറഞ്ഞ് ചെടി അനാരോഗ്യകരമായ അവസ്‌ഥയിലേക്ക് പോകുന്ന ഘട്ടത്തിൽ യാതൊരുവിധ വളപ്രയോഗത്തിന്റെയും ആവശ്യമില്ല. ഈ ഘട്ടത്തിൽ ജലസേചനം മാത്രം മതിയാവും. വിത്തുമുളച്ച് ആദ്യ 15–20 ദിവസം ചെടിയിൽ പോഷണം ആഗിരണം ചെയ്യുന്ന വേരുകൾ വളരില്ല. ഈ സമയം വളപ്രയോഗത്തിന്റെ ആവശ്യമില്ല. അടുത്തഘട്ടത്തിൽ പുതുനാമ്പുകൾ വളരുകയും ശിഖരങ്ങൾ ഉണ്ടാവുകയും ആദ്യ ഇലകൾ പൊഴിയുകയും ചെയ്യുന്നു. തുടർന്നുള്ള വളർച്ചാഘട്ടത്തിൽ വേരുകൾ മണ്ണിലേക്ക് പടർന്നിറങ്ങും. ഈ അവസരത്തിൽ ചെടിക്കാവശ്യമായ പോഷകങ്ങൾ മണ്ണിൽ സമൃദ്ധമായിരിക്കണം. ഇത് ചെടിയുടെ കരുത്തറ്റ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.

ചെടികൾ കരുത്തോടെ വളരുന്നതിന് രണ്ടു കാര്യങ്ങൾ ചെയ്യ ണം. ചെടിയുടെ തണ്ടിന് മുകളിലെ ഭാഗങ്ങളിൽ (മണ്ണിന് മുകൾഭാഗം) ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കുകയും എന്നാൽ ചെടിയുടെ ചുവട്ടിൽ (തടം) സൂര്യപ്രകാശം ഒട്ടും ഏൽക്കാതിരിക്കുകയും വേണം. മണ്ണിൽ വസിക്കുന്ന കോടാനുകോടി സൂക്ഷ്മ ജീവികളുടെ സമ്പന്നതയാണ് കൃഷിയിടത്തെ ജീവനുള്ളതാക്കുന്നത്.

നമ്മുടെ ചുറ്റുവട്ടത്തുള്ള മണ്ണിൽ ലയിച്ചു ചേരുന്ന ഏതു പാഴ്വസ്തുക്കളും കൃഷിസ്‌ഥല ത്ത് നിക്ഷേപിക്കുമ്പോൾ സൂക്ഷമജീവികളുടെ പ്രവർത്തനഫലമായി വിഘടിച്ച് മണ്ണിൽ ലയിക്കുന്നു. ഇത് ചെടികളുടെ വളർച്ചക്ക് ആവശ്യമായ ഊർജ്‌ജം നൽകുന്നു. വേരുപടലങ്ങളിൽ കാണപ്പെടുന്ന നാരുകൾ മണ്ണിൽ നിന്ന് യഥേഷ്ടം മൂലകങ്ങളെ ആഗിരണം ചെയ്ത് ചെടിയെ കരുത്തോടെ വളർത്തുന്നു. വലിപ്പവും കരുത്തുമുള്ള ഇലകൾ കൂടുതൽ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയും പ്രകാശ സംശ്ലേഷണ പ്രവർത്തനങ്ങൾ കൂട്ടുക വഴി ഉത്പാദനം കൂട്ടുകയും ചെയ്യുന്നു. സൗരോർജത്തിന്റെ നേരിട്ടുള്ള ലഭ്യതയാണ് കൃഷിയുടെ വിജയത്തിനടിസ്‌ഥാനം. ഇലകളിൽ പതിക്കുന്ന സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതിനുള്ള കരുത്തുണ്ടാ ക്കിയെടുക്കുന്നത് ഏറെ പ്രധാന്യമർഹിക്കുന്നു.

ഓരോ ചെടിയും കൃത്യമായി വളരുന്നതിന് ചെടികൾ തമ്മിലുള്ള അകലം കൃത്യമായിരിക്കണം. ശിഖരങ്ങൾ വളരുമ്പോൾ ഇലകൾ വിസ്തൃതമാകും. സൂര്യപ്രകാശം ഇലകളിൽ പൂർണമായും പതിക്കണം. സൂര്യപ്രകാശത്തെ കൂടുതൽ ആഗിരണം ചെയ്യാൻ ശേഷിയുണ്ടാകുന്നത് പൂർണ വളർച്ചയെത്തിയ ഇലകൾക്കാണ്. കുരുന്നിലകളും പ്രായമായ ഇലകളും പൂർണമായും സൂര്യപ്രകാശം ആഗിരണം ചെയ്യാൻ ശേഷിയില്ലാത്തവയാണ്. പൂർണവളർച്ചയെത്തിയ ഇലകൾക്ക് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കൂടുതൽ പ്രകാശ സംശ്ലേഷണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

അധിക വിളവിനും കൂടുതൽ ഉത്പാദനമുണ്ടാവുന്നതിനും കൃഷിലാഭകരമാകുന്നതിനും മണ്ണിനെ ജീവസുറ്റതാക്കണം. കാർബൺ ഡൈ ഓക്സൈഡ്, ഓക്സിജൻ, നൈട്രജൻ, ധാതുസമ്പുഷ്ടമായ മണ്ണ്, ജലം ഇവ കൃത്യമാക്കിയെടുത്തുകൊണ്ട് കൃഷി ആദായകരമാക്കാം. മണ്ണിലെ ധാതുക്കളുടെ ലഭ്യതയും ജൈവാംശവും തുല്യമാക്കുകയാണ് കൃഷിയുടെ അടിസ്‌ഥാനം. ജൈവവസ്തുക്കൾ ജീർണിച്ച് മണ്ണിൽ ലയിച്ചു ചേരുകയും, ധാതുക്കൾ വിഘടിച്ച് വാതകാവസ്‌ഥയിൽ മണ്ണിൽ ചേരുകയും ചെയ്യുമ്പോൾ ജൈവ വ്യവസ്‌ഥ സമ്പൂർണമാകുന്നു.

ചെടികളുടെ ഹരിതവർണവും കാർബോഹൈഡ്രേറ്റും സംയോജിച്ച് പ്രകൃതിദത്തമായ ഭക്ഷ്യ ശൃംഗല രൂപപ്പെടുന്നു. ജൈവാവശിഷ്ടങ്ങൾ അഴുകിച്ചേർന്ന് സൂക്ഷ്മ ജീവികളുടെ പ്രവർത്തനഫലമായി വ്യത്യസ്‌ഥങ്ങളായ മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും മണ്ണിലും അന്തരീക്ഷത്തിലും ഉണ്ടാവുന്നു. ഈ പ്രക്രിയകളെല്ലാം തന്നെ പ്രകൃതിയിൽ സ്വാഭാവികമായിനടക്കുന്ന താണ്. എന്നാൽ പ്രസ്തുത പ്രവർത്തനത്തെ വേഗത്തിലാക്കുന്നതിന് മനുഷ്യപ്രയത്നം ആവശ്യമാണ്. പകൃതിദത്തമായ എന്തിനെയും സംയോജിപ്പിച്ച് മണ്ണിന്റെ ജൈവഘടനയെ വളരെ വേഗത്തിൽ പുഷ്ടിപ്പെടുത്തും.

നാറ്റ്വേക്കോ ഫാമിംഗ്

ഒരുചെടി കരുത്തോടെ വളർന്ന് പൂവും കായുമൊക്കയായി നിറയുന്നതിന് 104 മൂലകങ്ങൾ ആവശ്യമാണെന്ന് നാറ്റ്വേക്കോ ഫാമിംഗ് പഠിപ്പിക്കുന്നു. ഇതിൽ നാലു മൂലകങ്ങൾ ചെടി ഏറ്റവും കൂടുതലായി ആഗിരണം ചെയ്യുന്നു. കാർബൺ, ഓക്സിജൻ, നൈട്രജൻ, ഹൈഡ്രജൻ എന്നിവയാണ് ഇവ. അന്തരീക്ഷത്തിൽ നിന്നാണ് ഈ മൂലകങ്ങൾ വലിച്ചെടുക്കുന്നത്. ശേഷിക്കുന്ന 100 മൂലകങ്ങൾ ചെടി മണ്ണിൽ നിന്ന് സ്വീകരിക്കുന്നവയാണ്.

ചെടിയുടെ വളർച്ചയിൽ 98ശതമാനം ആദ്യത്തെ നാലു മൂലകങ്ങളാണ് ഇതിൽ കാർബൺ 48 ശതമാനം, ഓക്സിജൻ 44 ശതമാനം, നൈട്രജൻ രണ്ടു മുതൽ നാലു ശതമാനം വരേയും ഹൈഡ്രജൻ ആറു ശതമാനവും എന്ന് കണക്കാക്കുന്നു. 100 ശതമാനം വരുന്ന മറ്റു മൂലകങ്ങൾ രണ്ടു ശതമാനം മാത്രമാണ് ചെടി പ്രയോജനപ്പെടുത്തുന്നത്. എന്നാൽ മണ്ണിലൂടെ വലിച്ചെടുക്കുന്ന രണ്ടു ശതമാനം മൂലകങ്ങളാണ് ചെടിയുടെ വളർച്ച തന്നെ നിശ്ചയിക്കുന്നത്.

സാധാരണ കൃഷിരീതിയിൽ രാസവള പ്രയോഗത്തിലൂടെ മൂലകങ്ങൾ ചെടിക്ക് ലഭ്യമാകുന്നു. എന്നാൽ നാറ്റ്വേക്കോ ഫാമിംഗിൽ ചെടിക്ക് ലഭ്യമാക്കേണ്ട മുലകങ്ങൾ പ്രകൃതിയിൽ നിന്ന് യഥേഷ്ഠം ലഭ്യമാക്കുന്നു. വ്യത്യസ്‌ഥ ചെടികളുടെ കരുന്ന് ഇലകൾ, പ്രായമായ ഇലകൾ, ശിഖരങ്ങൾ, പൂവുകൾ, തണ്ട്, വേര്, ഉണങ്ങിയ ഇലകൾ, എന്നിവ മണ്ണിൽ ചേർത്തു കൊടുക്കുമ്പോൾ, സൂക്ഷ്മജീവികളുടെ പ്രവർത്തനഫലമായി മൂലകങ്ങൾ ചെടിക്കു ലഭ്യമാകുന്നു.

ജലം

മണ്ണിൽ സമൃദ്ധമായ മൂലകങ്ങളെ ലയിപ്പിച്ച് ജലത്തോടൊപ്പം വേരുകളിലൂടെ ചെടികൾ വലിച്ചെടുത്ത്, ചെടിയുടെ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ ചെടിയെ തണുപ്പിക്കുന്നതിനും, പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ജലം ചെടി പ്രയോജനപ്പെടുത്തുന്നത്.

നാറ്റ്വേക്കോ ഫാമിംഗിൽ പക്ഷി മൃഗാദികളും മറ്റു ചെറു ജീവികളും മണ്ണിനെ ജീവനുള്ളതാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. എലിവർഗ ത്തിൽപ്പെട്ട ജീവികൾ (മണ്ണിൽ മാളങ്ങൾ ഉണ്ടാക്കുന്നവ) മണ്ണിൽ മാളങ്ങൾ ഉണ്ടാവുന്നതിനും ജലാംശം പിടിച്ചു നിർത്തുന്നതിനുമുള്ള സാഹചര്യം ഉണ്ടാക്കുന്നു. മൃഗങ്ങൾ പച്ചിലകളും പുല്ലുകളും തിന്നുകയും, വിസർജ്യത്തിലൂടെ മണ്ണിൽ ഒട്ടനവധി മൂലകങ്ങൾ ലഭ്യമാവുകയും ചെയ്യും. മൂത്രത്തിലൂടെ നെട്രെജൻ, ആസിഡ്, ഉപ്പ്, എന്നിവയും വിസർജ്യത്തിലൂടെ പൊട്ടാസ്യം, നൈട്രജൻ, സൂക്ഷ്മ മൂലകങ്ങൾ, സൂക്ഷ്മജീവികൾ എന്നിവയും മണ്ണിനെ പരിപോക്ഷിപ്പിക്കുന്നു. മണ്ണിരകൾ മണ്ണിനടിയിൽ നിന്നും ധാതുക്കൾ ഭൂമിയുടെ ഉപരിതലത്തിലെത്തിക്കുന്നു. ഇത് ചെടിയിൽ മൂലകങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും, മണ്ണിൽ വായൂപ്രവാഹം ഉണ്ടാക്കുന്നതിനും എൻസൈമുകൾ, മിത്രബാക്ടീരികൾ ഇവ ചെടിയുടെ വളർച്ചക്കും കാരണമാവുന്നു. പക്ഷികൾ–ചെറുപ്രാണികളെയും കീടങ്ങളെയും ഭക്ഷണമാക്കുന്നതിനാൽ കീടബാധ കുറയുന്നു.

കൃഷിസ്‌ഥലത്ത് തെക്കുവടക്ക് ദിശയിൽ തടങ്ങളെടുത്ത് ചെടികൾ നടുമ്പോൾ കൂടുതൽ സൂര്യപ്രകാശത്തെ ഉൾക്കൊള്ളുവാൻ ചെടികൽക്കാവുന്നു. കരുത്തോടെ വളരുകയും ഉത്പാദനം കൂടുകയും ചെയ്യും. കൃഷിസ്‌ഥലത്തിന് കിഴക്കുഭാഗത്തുനിന്ന് താഴെക്ക് ചരിവ് ഉണ്ടാകുന്ന രീതിയിൽ കൃഷിനടപ്പിലാക്കുന്നത് ജലസേചനം സൗകര്യപ്രദമാക്കി കുറഞ്ഞ ചെലവിൽ നടപ്പാക്കാനുപകരിക്കുന്നു.

രണ്ടുരീതിയിലുള്ള വളക്കൂട്ടുകൾ

അമൃത് ജാൽ (ജീവാമൃതം)
ജലം, ശർക്കര, ചാണകം, ഗോമൂത്രം, ഇവയാണ് അമൃത് ജാലിന്റെ പ്രധാന ചേരുവകൾ. സൂക്ഷ്മാണുക്കളെ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ ദൗത്യം. മണ്ണിന്റെ രാസപ്രക്രിയയും ജീവാപചയപ്രവർത്തനങ്ങളും വർധിപ്പിക്കുകയും ജൈവ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. കുറഞ്ഞ ചെലവിൽ ഈ വളക്കൂട്ടു നിർമിക്കാം. ഒരു കിലോ പച്ചചാണകം, ഒരു ലിറ്റർ ഗോമൂത്രം, 110 ലിറ്റർ ജലം, അരക്കിലോ ശർക്കര എന്നിവയാണ് ചേവുകൾ.
തയാറാക്കുന്ന വിധം
ഒരു ബക്കറ്റിൽ ചാണകവും ഗോമൂത്രവും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരക്കിലോ ശർക്കര നന്നായി ഇളക്കി ചേർക്കുക. ഇത് 10 ലിറ്റർ ജലവുമായി നന്നായി കലർത്തി, ഘടികാരസൂചി കറങ്ങുന്ന ദിശയിൽ 12 പ്രാവശ്യം നന്നായി ഇളക്കുക. എതിർ ദിശയിലേക്കും ആവർത്തിക്കുക. തുടർന്ന് പാത്രം നന്നായി അടച്ചുവയ്ക്കുക. ദിവസം മൂന്നുപ്രാവശ്യം നേരത്തേ ചെയ്തതുപോലെ ഇളക്കുക. മൂന്ന് ദിവസം കഴിയുമ്പോൾ സൂക്ഷ്മാണുക്കൾ പെരുകും. നാലാം ദിവസം കൂട്ട് 100 ലിറ്റർ ജലവുമായി കലർത്തി കൃഷിയിടത്തിൽ ഉപയോഗിച്ചു തുടങ്ങാം. ഒരു സ്ക്വയർ ഫീറ്റിൽ ഒരു ലിറ്റർ എന്ന കണക്കിൽ കൃഷിയിടത്തിൽ പ്രയോഗിക്കണം. മണ്ണിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്താനും ശ്രദ്ധിക്കണം. ആദ്യവർഷം 15 പ്രാവശ്യം ഈ കൂട്ട് കൃഷിയിടത്തിൽ പ്രയോഗിക്കണം.

അമൃത് മിട്ടി

ജൈവവസ്തുക്കളെ മണ്ണിൽ വിഘടിപ്പിച്ചു ചേർക്കുകയും ചെടിയുടെ വേരുകൾക്ക് ആഗിരണം ചെയ്യാൻ പാകത്തിന് അവയെ മാറ്റിയെടുക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് അമൃത് മിട്ടി. ഒട്ടനവധി മൂലകങ്ങളെ വിഘടിപ്പിച്ച് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. അമൃത് മിട്ടി തയാറാക്കുന്നതിന് 12 ഃ 5 സ്‌ഥലം ആവശ്യമാണ്.

ആവശ്യമായ വസ്തുക്കൾ

400 ലിറ്റർ അമൃത്ജാൽ, ജൈവവസ്തുക്കൾ (ഉണങ്ങിയ പച്ച ഇലകൾ, ചെടിയുടെ അവശിഷ്ടങ്ങൾ, വൈക്കോൽ മുതലായവ) 85 കിലോ. മണ്ണ് 45 കിലോ, മണൽ 10 കിലോ വിത്തുകൾ 300 ഗ്രാം.

തയാറാക്കുന്ന വിധം

85 കിലോ ജൈവവസ്തുക്കൾ വെട്ടിനുറുക്കുക, ഇത് 24 മണിക്കൂർ അമൃത് ജാലിൽ മുക്കിവെയ്ക്കുക. നേരത്തേ തയാറാക്കിയ സ്‌ഥലത്ത് ഇവ വിരിച്ചിടുക. ഇതിനുമുകളിൽ കാൽ ഇഞ്ച് ഘനത്തിൽ മണ്ണു വിതറുക. ഈ രീതി ആറു പ്രാവശ്യം ആവർത്തിക്കുക. ബെഡ്ഡിന്റെ ആറു ലയറിനു മുകളിൽ ഘനം കുറച്ച് മണൽ വിതറുക. 

മുപ്പതു ദിവസം കഴിഞ്ഞ് രണ്ടിഞ്ചു ഘനത്തിൽ മണ്ണ് വിരിക്കുക. അമൃത് ജാൽ ഈർപ്പം നിലനിർത്തുന്നതിന് ഇടക്ക് തളിച്ചു കൊടുക്കുക. ആയുർവേദവിധി പ്രകാരമുള്ള ആറു രസങ്ങളോടുകൂടിയ വിത്തുകൾ തയാറാക്കിയ തടത്തിൽ വിതറണം. മധുരം, എരിവ്, ചവർപ്പ്, കുത്തൽ, കയ്പ്, ഉപ്പു രസം ഇവ യഥാക്രമം പയർ വർഗത്തിനുള്ള വിത്തുകൾ, മുളക്, പാവൽ, ടൊമാറ്റോ, ആര്യവേപ്പിൻ കുരു, ചീരയരി, എന്നിവയാകാം. അമൃത് ജാൽ ലായനികൊണ്ട് ബെഡ് നന്നായി നനയ്ക്കുക. അമൃത്ജാലിൽ നനച്ചെടുത്ത ജൈവവസ്തുക്കൾ ബെഡിൽ പുതയിടുക. ഈർപ്പം നഷ്ടപ്പെടാത്ത വിധത്തിൽ ബെഡ്ഡുകൽ നനയ്ക്കുക. വിത്തുകൾ മുളക്കുന്ന സമയം പുതമാറ്റുക. വിത്ത് മുളച്ച് 42 ദിവസം കഴിഞ്ഞ് വളർന്നു വരുന്ന ചെടിയുടെ മുകളിൽ നിന്ന് താഴെക്ക് 25 ശതമാനം മുറിച്ചെടുക്കുക. ഇത് നേരത്തെ കൂട്ടിയിട്ടിരിക്കുന്ന ചപ്പ് ചവറുകളുമായി കലർത്തുക തുടർന്ന് 63–ാം ദിവസം പൂവിടൽ ഘട്ടത്തിൽ ചെടികൾ മുറിച്ച് നേരത്തേയുള്ള ജൈവവസ്തുക്കളുമായി കലർത്തി ഇവ അമൃത് ജാലിൽ നനച്ച് നാലു മണിക്കൂർ വയ്ക്കണം. ഈ ജൈവ വേസ്റ്റുകൾ നേരത്തേയുള്ള ബെഡ്ഡിൽ ചേർത്ത് ആഴ്ചയിൽ ഒരുപ്രാവശ്യം വീതം ഇളക്കിക്കൊടുക്കുക. 140–150 ദിവസം കഴിയുമ്പോൾ കൃഷിയിടത്തിൽ ഉപയോഗിക്കത്തക്കവണ്ണം അമൃത് മിട്ടി തയാറായിരിക്കും. ഒരു സ്ക്വയർഫീറ്റ് സ്‌ഥലത്ത് രണ്ടു കിലോ അമൃത് മീട്ടി ഉപയോഗിക്കാം.

ആദ്യം ബെഡ്ഡിൽ വിതച്ച വിത്തുകൾ മുളച്ചു വരുമ്പോൾ മുറിച്ചെടുത്ത് ജൈവവേസ്റ്റിൽ ചേർത്തു കൊടുക്കുന്ന പ്രക്രിയകൊണ്ട് ചെടിയുടെ ഇളം നാമ്പുകളിൽ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്ഫേറ്റ്, ബോറോൺ, മോളിബിനം എന്നീ മൂലകങ്ങൾ വേസ്റ്റിൽ ലയിച്ചു ചേരുന്നു. തുടർന്ന് ചെടി വീണ്ടും വളർച്ച പ്രാപിക്കുമ്പോൾ രണ്ടാമതും മുറിച്ചെടുത്ത് ജൈവവേസ്റ്റുമായി കലർത്തുമ്പോൾ പൊട്ടാസ്യം, നൈട്രജൻ എന്നിവയും തുടർന്ന് 63–ാം ദിവസം ചെടികൾ മുറിച്ചെടുത്ത് വേസ്റ്റുമായി കലർത്തുമ്പോൾ കാൽസ്യം, സിലിക്ക, അയേൺ, മാഗനീസ് എന്നീ മൂലകങ്ങളും ലഭ്യമാകുന്നു. നാറ്റ്വേക്കോ ഫാമിംഗിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വളക്കൂട്ടുകൾ കൃഷിയിടത്തിൽ ഉപയോഗിച്ചാൽ ശുദ്ധ ഭക്ഷണ സംസ്കാരത്തെ തിരികെ കൊണ്ടുവരാൻ നമുക്കു സാധിക്കും.
ഫോൺ: ഹരിഹരൻ–9048002625.

കടപ്പാട് : www.deepika.com

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate