অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിസംരക്ഷണ അറിവുകള്‍ - 1

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

പനിക്കൂര്‍ക്ക നട്ടു വളര്‍ത്താം

പണ്ടൊക്കെ തറവാട് വീടുകളുടെ മുറ്റത്തിനരികില്‍ അലങ്കരിച്ചിരുന്ന സസ്യമായിരുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തിനുമുള്ള ഒറ്റമൂലിയായിരുന്നു അത്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്‍ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂര്‍ക്ക. ദഹനശക്തിക്കും ഉപയോഗിച്ചിരുന്നു. കുട്ടികളിലുണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്നങ്ങള്‍ക്കും പ്രതിവിധികൂടിയാണ് ഈ സസ്യം.

പ്ലാനേറ്റേ സാമ്രാജ്യത്തിലെ പ്ലെക്‌ട്രാന്തസ് ജനുസ്സില്‍പ്പെട്ട ലാമിയേസിയേ കുടുംബക്കാരനാണ് കോളിയസ് അരോമാറ്റിക്കസ് എന്ന ശാസ്ത്രനാമമുള്ള നമ്മുടെ പനിക്കുര്‍ക്ക. ഏകദേശം 30-40 സെമീ ഉയരത്തിനപ്പുറത്തേക്ക് വളരാത്ത, കുറഞ്ഞ തോതില്‍ പടര്‍ന്നു വളരുന്ന സ്വഭാവം കാണിക്കുന്ന വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഔഷധിയാണിത്. ഇലകളിലും തണ്ടിലും നിറയെ നേരത്ത ലോമികകള്‍ കണ്ടുവരുന്നു.

അധികവും ലൗ ചിഹ്നത്തിന്‍റെ ആകൃതിയിലാണ് ഇലകള്‍ കണ്ടുവരുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ വൃത്താകാരവും കാണാറുണ്ട്. ഇലകള്‍ക്ക് 8 സെമീ നീളവും 5 സെന്‍റീ മീറ്ററില്‍ കൂടുതല്‍ വീതിയുമുണ്ടാകും. അനവധി ശാഖകളായി പൊട്ടിപ്പൊട്ടിയാണ് വളരുക. ശാഖകളുടെ അറ്റത്ത് പൂക്കള്‍ കുലകളായി കാണപ്പെടുന്നു. ചെറിയ പൂക്കള്‍ക്ക് പര്‍പ്പിള്‍ നിറമായിരിക്കും. ചെടിയുടെ ഇളംതലകളാണ് നുള്ളിയെടുത്ത് ഉപയോഗിക്കുന്നത്. തലനുള്ളിക്കഴിഞ്ഞാല്‍ ഇലകള്‍ക്കിടയില്‍നിന്ന് പുതു തലകള്‍ ഉണ്ടായിവരും. തണ്ടും ഇലകളുമാണ് ഔഷധമായി ഉപയോഗിക്കുന്നത്.

പണ്ട് നമ്മുടെ വീട്ടുവളപ്പിലെ പ്രധാന ഔഷധസസ്യമായിരുന്ന കഞ്ഞിക്കൂര്‍ക്കയുടെ ആയുര്‍വേദപരവും ശാസ്ത്രീയവും വ്യാവസായികവുമായുമുള്ള മൂല്യങ്ങള്‍ മനസ്സിലാക്കിയ കാര്‍ഷികലോകം അതിനെ വ്യാവസായികമായി കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ദേശീയ മിഷന്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്‍റ്സിന്‍റെ സഹായത്തോടെയാണിതിന് തുടക്കം.

കൃഷിരീതി

നമ്മുടെ പുരയിടങ്ങളില്‍ തണ്ടുകള്‍ ഒടിച്ചു നട്ടാണ് പുതിയത് മുളപ്പിക്കുന്നത്. ചെടിയുടെ തണ്ടുകള്‍ക്ക് വെള്ളകലര്‍ന്ന പച്ചനിറമോ പര്‍പ്പിള്‍ നിറം കലര്‍ന്ന പച്ചനിറമോ ആയിരിക്കും. ചാണകവും ഗോമൂത്രം നേര്‍പ്പിച്ചതുമാണ് വളമായി നല്‍കാവുന്നത്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചൊഴിച്ചുകൊടുക്കുന്നതും നല്ലതാണ്.

നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് തണ്ടുകള്‍ പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. പതിനഞ്ചു ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചെടി തഴച്ചുവളരാന്‍ യൂറിയയും നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടി മൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ഒരു ദിവസം ഇടവിട്ട് നനയ്ക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം. നല്ല പ്രതിരോധശേഷിയുള്ള ചെടിയാണ് പനിക്കൂര്‍ക്ക. എന്നാലും ചിലപ്പോള്‍ ചില ചെടികള്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്. കീടങ്ങള്‍ ഇവയെ സാധാരണഗതിയില്‍ ആക്രമിക്കാറില്ല. വേരുചീയലാണ് പ്രധാനമായും കണ്ടുവരുന്ന രോഗം. തടത്തില്‍ കൂടുതല്‍ വെള്ളം നിര്‍ത്താതിരിക്കലാണ് പ്രതിവിധി.


ഔഷധഗുണവും ഉപയോഗവും

കുട്ടികളുള്ള വീട്ടില്‍ ഒരു മുരട് പനിക്കൂര്‍ക്ക നിര്‍ബന്ധമായിരുന്നു. കാര്‍വക്രോള്‍ എന്ന രാസവസ്തുവുള്ള ബാഷ്പശീല തൈലമാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. സിര്‍സിമാരിറ്റിന്‍, സിറ്റോസ്റ്റൈറോള്‍, ഗ്ളക്കോസൈഡ്, ഒലിയാനോലിക്, ഡിഹൈഡ്രോക്സി ഒലീന്‍, പാമോലിക്, ടോര്‍മെന്റിക്, ക്രേറ്റീജനിക് എന്നിവ ഇവയില്‍ അടങ്ങിയിരിക്കുന്നു.

മൂത്രവിരേചിയായ ഇത് മൂത്രവസ്തിയെ ശുദ്ധമായി സംരക്ഷിക്കുന്നു. വെള്ളപോക്കിനെ ശമിപ്പിക്കാനും ഇത് സഹായകമാണ്. കുട്ടികള്‍ക്കുണ്ടാകുന്ന വിവിധരോഗങ്ങള്‍ക്ക് ശമനം നല്‍കുന്നതാണ് പനിക്കൂര്‍ക്കയുടെ ഇല. ഇതിന്‍റെ ഇല ചൂടാക്കി ഞെക്കിപ്പിഴിഞ്ഞെടുത്ത നീര് മൂന്നുനേരം മൂന്നുദിവസമായാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. വയറിളക്കാന്‍ ത്രിഫലയുടെ കൂടെ ഇതിന്‍റെ  ഇല അരച്ചത് കഴിച്ചാല്‍ കൃമി മുഴുവനും പുറത്തുപോവും.

ഗ്രഹണിരോഗത്തിന് മറ്റ് ആഹാരങ്ങളുടെ കൂടെ ഇതിന്‍റെ ഇല അല്പാല്പം ചേര്‍ത്ത് കഴിച്ചാല്‍ മതി.. പണ്ട് കോളറ രോഗം ശമിക്കുന്നതിന് പനിക്കൂര്‍ക്കയുടെ ഇലചേര്‍ത്ത വെള്ളം തിളപ്പിച്ചാറ്റി കഴിക്കുമായിരുന്നു.

ലോകവ്യാപകമായി ഇതിന്‍റെ ഗുണങ്ങളെക്കുറിച്ച്‌ ഒട്ടേറെ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ആയുര്‍വേദത്തില്‍ വലിയ രാസ്നാദിക്കഷായം, വാകാദിതൈലം, ഗോപിചന്ദനാദിഗുളിക, പുളിലേഹ്യം എന്നിവയില്‍ പനിക്കൂര്‍ക്ക ചേര്‍ക്കാറുണ്ട്. ഇതിലടങ്ങിയിരിക്കുന്ന കാര്‍വക്രോള്‍ നല്ലൊരു ആന്‍റി ബയോട്ടിക്കാണ്. ഇനി മുതല്‍ പറിച്ചുമാറ്റിയ പനിക്കൂര്‍ക്ക നട്ടുവളര്‍ത്താന്‍ തുടങ്ങാം.

രോഗശാന്തിയേകും കറ്റാര്‍വാഴ

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍ , അമിനോ ആസിഡുകള്‍ , ഇരുമ്പ് , മാംഗനീസ് , കാത്സ്യം , സിങ്ക് , എന്നിവയും അടങ്ങിയിട്ടുണ്ട്.

വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകളിലെയും മോയിസ്ചറൈസറുകളിലെയും മറ്റ് ലേപനങ്ങളിലെയും പ്രധാനഘടകമാണ് കറ്റാര്‍ വാഴ. ആന്‍റി ഓക്സിഡന്‍റ് കൂടിയാണ് ഇത്. രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുവാനും പൂപ്പല്‍ , ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.

സൌന്ദര്യസംരക്ഷണത്തില്‍ കറ്റാര്‍വാഴ

മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികള്‍ മാറാന്‍ അല്‍പ്പം കറ്റാര്‍വാഴ നീര്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ്നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചുമിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ലി മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കമ്പ്യൂട്ടര്‍ ജോലിചെയ്യുന്നവര്‍ക്ക് ഇതു നല്ലതാണ്.

കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും .

ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരിമഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.
കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

രോഗശാന്തിയേകും കറ്റാര്‍വാഴ

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി.

പച്ചമഞ്ഞള്‍ കറ്റാര്‍വാഴ നീരില്‍ അരച്ച് പുരട്ടുന്നത് വ്രണങ്ങള്‍ , കുഴിനഖം എന്നിവ ഇല്ലാതാക്കും.

ഷേവ് ചെയ്ത ശേഷം കറ്റാര്‍വാഴ ജെല്ലി തടവുന്നത് റേസര്‍ അലര്‍ജി, മുറിപ്പാടുകള്‍ ഇവ ഇല്ലാതാക്കും.

നോനി അഥവാ മഞ്ഞണാത്തി

വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ഇന്ന് നമ്മുടെ നാട്ടില്‍അന്യംനിന്നു പോകാന്‍സാധ്യതയുള്ള മഞ്ഞണാത്തി എന്ന നോനി.  ആയുര്‍വേദ -സിദ്ധ - യുനാനിമരുന്നുകളുടേയും ഒരു പ്രധാന ചേരുവയാണ് ഈ സസ്യം.  മൊറിന്‍ഡാസിട്രിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്‍റെ  ജന്മദേശം തെക്ക് കിഴക്കേ ഏഷ്യയാണ്. 
വേര്, തണ്ട്, ഇല, പൂവ്, കായ് എന്നീ ഭാഗങ്ങളെല്ലാം ഉപയോഗപ്രദമായ ഈ സസ്യം ആയുര്‍വേദം, സിദ്ധ യുനാനി എന്നീ ചികിത്സാ രീതികളിലും നിരവധി ഔഷധങ്ങളുടെ പ്രധാനചേരുവയാണ്.

ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്രരോഗങ്ങള്‍, മസ്തിഷ്ക രോഗങ്ങള്‍, വൃക്കരോഗം, ഹൃദ് രോഗങ്ങള്‍, ശ്വാസകേശരോഗങ്ങള്‍, കൊളസ്ട്രോള്‍, തൈറോയിഡ് രോഗങ്ങള്‍, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, ആസ്തമ, തളര്‍ച്ച, വിളര്‍ച്ച, അപസ്മാരം, അസ്ഥിരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്ഷയം , ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍ , ആര്‍ത്തവ പ്രശ്നങ്ങള്‍, വന്ധ്യത,  എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം ഈ സസ്യത്തിന് ഉണ്ടത്രെ.  ചെടിയുടെ വിവിധ അവശിഷ്ടങ്ങള്‍ ജൈവ കീടനിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോര്‍മോണുകളായും ഇത് പ്രവര്‍ത്തിച്ച് വരുന്നു.

ആരോഗ്യ പാനീയമായ നോനിയുടെ വിവിധ ഉല്പന്നങ്ങള്‍ കമ്പോളങ്ങളില്‍ ലഭ്യമാണ്.നോനിചായ , നോനി സോപ്പ്, നോനി സൌന്ദര്യ വര്‍ദ്ധകങ്ങള്‍ , വാര്‍ധക്യനിയന്ത്രണ പാനീയങ്ങള്‍ ലഭിച്ചു വരുന്നു.

പ്രൗഢിയോടെ രാജമല്ലി

ഇടക്കാലത്ത് മലയാളികളുടെ വീട്ടുമുറ്റങ്ങളിൽ നിന്നും പൂന്തോട്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായ രാജമല്ലി വീണ്ടും വസന്തം തീർക്കുന്നു. റോസയും ഓർക്കിഡും ആന്തുറിയവും ഉൾപ്പെടെയുള്ള പൂച്ചെടികൾക്കൊപ്പം ഇപ്പോൾ മലയാണ്‍മയുടെ പ്രതീകം പോലെ രാജമല്ലിയും വീട്ടുമുറ്റങ്ങളിൽ പൂത്തു വിടരുന്നു. 
മുന്‍പ്  നാട്ടിൻപുറങ്ങളിലെ  വീടുകളിലും വഴിയരികിലും പൂച്ചാർത്തുമായി നിന്നിരുന്ന രാജമല്ലിയെ നഗരങ്ങളിലെ ആഡംബര വീട്ടുമുറ്റത്തെ ഉദ്യാനങ്ങളിലും പലരും അഭിമാനപൂർവം പ്രതിഷ്ഠിക്കുന്നു. ഗൃഹാതുരമായ ഒരോർമ കൊണ്ടാണ് രാജമല്ലികൾ വീട്ടിൽ നടുന്നതെന്നു പറയുന്ന നഗരവാസികളുമുണ്ട്. വീട്ടുമുറ്റങ്ങളിൽ സൗന്ദര്യവും ഐശ്വര്യവും വാരിവിതറി നിന്നിരുന്ന രാജമല്ലിയെ ഈ ഒരു നൊസ്റ്റാജിയ കാരണം മടക്കി കൊണ്ടു വരികയാണ് മലയാളികൾ. ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലാണ് പൊതുവെ രാജമല്ലികൾ കാണപ്പെടുന്നത്. പല നിറങ്ങൾ ചേർന്ന മിക്സഡ് ഇനവുമുണ്ട്. സൗന്ദര്യം മാത്രമല്ല, വീടിനു പോസിറ്റീവ് തരംഗങ്ങൾ ഉണ്ടാക്കാനും രാജമല്ലി സഹായ കമാണെന്ന് വാസ്തു ശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
സീസൽ പീനീയ പൾച്ചറിമ എന്ന ശാസ്ത്രനാ മത്തിൽ അറിയപ്പെടുന്നു രാജമല്ലി. രാജമല്ലി പൂക്കളുടെ വർണാഭകൊ ണ്ടാകാം ഇവ പീക്കോക്ക് ഫ്ളവർ (മയിൽപ്പൂവ്) മെക്സിക്കൻ ബേർഡ ഓഫ് പാരഡൈസ് എന്നീ പേരുകളിലും അറിയപ്പെടു ന്നത്. സ്വർഗത്തിലെ പക്ഷി എന്നൊക്കെയുള്ള വിശേഷണ ങ്ങൾ ചേർക്കപ്പെടുന്നതും ഇതിന്‍റെ ഒരു പ്രത്യേക ഭംഗിയും ആകൃതി യും കൊണ്ടാണ് കേരളത്തിന്‍റെ ഒരു നാട്ടുചെടി എന്ന രീതിയി ലാണ് രാജമല്ലി പൊതുവെ അറിയ പ്പെടുന്നത്. എന്നാൽ നമ്മുടെ നാടിന്‍റെ സ്വന്തമല്ല രാജമല്ലി. അമേരിക്ക, വെസ്റ്റിൻഡീസ് തുട ങ്ങിയ പാശ്ചാത്യരാജ്യങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഈ പുച്ചെടിയുടെ ജന്‍മദേശം ഏതാണെന്നുറപ്പില്ല. ബാർബഡോസ് എന്ന കരീബിയ ദ്വീപിലെ ദേശീയപുഷ്പമാണ് രാജമല്ലി. 
ചൂടിൽ പൂത്തു തളിർക്കുന്ന രാജമല്ലിക്കു ശീതകാലം തീരെ പ്രീയമല്ല. തണുപ്പേറിയ കാലാവസ്ഥയിൽ രാജമല്ലി നിലനിൽക്കുകയില്ല. എന്നാൽ കേരളത്തിലെ കാലാവസ്ഥ വളരെ അനുയോ ജ്യമാണ്. പൊതുവെ വർഷം മുഴുവൻ പൂക്കൾക്കാണും. ഉണങ്ങിയവിത്തു കിളിർപ്പിച്ചാണ് പുതിയ തൈ ഉണ്ടാക്കുന്നത്. സ്വദേശം വിദേശമാണെങ്കിലും മലയാളത്തിന്‍റെ സ്വന്തം പൂവായി രാജമല്ലി എന്നേ മാറിക്കഴിഞ്ഞു.

ഔഷധഗുണമുള്ള കടുക്ക

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളില്‍വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബര്‍ മുതല്‍ജനുവരി വരെ മാസങ്ങളില്‍ കായുണ്ടാകുന്നു. പൂവുകള്‍ക്ക് ഇതളുകളില്ല.
കടുക്ക (ടെര്‍മിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്

1. വലിപ്പവും കനവും കട്ടിയും കൂടിയതും, രണ്ട് ഇഞ്ചോളം നീളമുള്ളതും, മഞ്ഞകലര്‍ന്ന തവിട്ടു നിറത്തോടും, മഞ്ഞയോ കടും തവിട്ടു നിറമോ ഉള്ള കഴമ്പും കുരുവും ചേര്‍ന്നത്. ചവര്‍പ്പ് രുചി. ആയൂര്‍ വേദത്തില്‍ ഒരു പ്രധാനപ്പെട്ട വിരേചനൌഷധമാണിത്.

2. വരകള്‍ കുറഞ്ഞതും ഒരിഞ്ചോളം വലിപ്പമുള്ളതും, പുറന്തോട്, കഴമ്പ്, പരിപ്പ് മഞ്ഞ നിറമുള്ളതും, ചവര്‍പ്പ് ആദ്യത്തേതിലും കുറവ്.

3. കടുത്ത തവിട്ടു/കറുപ്പ് നിറം. ആദ്യ രണ്ട് തരത്തിലും വലിപ്പം കുറവ്.കഴമ്പിന് ഇരുണ്ട നിറം, കുരു ഉണ്ടാവുകയില്ല. ആയൂര്‍ വേദത്തില്‍ അതിസാരചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

4. എല്ലാറ്റിലും ചെറുത്. മറ്റെല്ലാം മൂന്നമത്തെ തരം പോലെ. ഇതില്‍  റ്റാന്നിക്ക് അമ്ലവും ഗാല്ലിക്ക് അമ്ലവുംഅടങ്ങിയിരിക്കുന്നു. ആയൂര്‍ വേദത്തില്‍ പഴുക്കാത്ത കായ വിരേചനൌഷധമായുപയോഗിക്കുന്നു.
അഭയാരിഷ്ടം, നരസിംഹചൂര്‍ണം, ദശമൂലഹരിതകി എന്നിവയില്‍ കടുക്ക ഒരു ഘടകമാണ്
വെള്ളത്തില്‍ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേര്‍ത്താല്‍ മഞ്ഞച്ചായംകിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേര്‍ത്താല്‍ കറുത്ത മഷി കിട്ടും.

ആദായത്തിനും കീടരോഗ പ്രതിരോധത്തിനും ചെണ്ടുമല്ലി

അന്യസംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് ഓരോ വര്‍ഷവും നമ്മുടെ നാട്ടില്‍ എത്തുന്നത്. ഓണക്കാലത്ത് ഇങ്ങനെ ഒഴുകിയെത്തുന്ന പൂക്കളില്‍ അലങ്കാരാവശ്യങ്ങള്‍ക്കും പൂക്കളമൊരുക്കുന്നതിനും ഒന്നാമനാണ് ചെണ്ടുമല്ലി. നമ്മുടെ മണ്ണും കാലാവസ്ഥയും ചെണ്ടുമല്ലിക്കൃഷിക്ക് തീര്‍ത്തും അനുയോജ്യമാണെങ്കിലും ഓണത്തിനുവേണ്ട പൂക്കള്‍  അന്യസംസ്ഥാനത്തുനിന്നുതന്നെ വേണമെന്ന് നമ്മള്‍ എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്? പൂക്കള്‍ക്കുവേണ്ടി മാത്രമല്ല, പച്ചക്കറിക്കൃഷിയിലെ കീടരോഗങ്ങളെ  പ്രതിരോധിക്കുന്നതിനും ചെണ്ടുമല്ലിക്ക് അപാരമായ കഴിവുണ്ട്. നിമവിരമുതല്‍ മണ്ഡരിവരെയുള്ള കീടങ്ങളെ  ആകര്‍ഷിച്ച് നശിപ്പിക്കുക എന്നതാണ് കീടനിയന്ത്രണത്തിലെ ചെണ്ടുമല്ലിയുടെ നയം.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവും ചെണ്ടുമല്ലിക്ക് നിര്‍ബന്ധമാണ്. കഴിയുന്നതും പച്ചക്കറി നടുന്നതിനു മുമ്പുതന്നെ ചെണ്ടുമല്ലിക്കൃഷിയിറക്കണം. പച്ചക്കറിത്തോട്ടത്തിനു ചുറ്റുമായി ഒരുവലയം ചെണ്ടുമല്ലിയാകണം. അതാണ് ഈ സുന്ദരി കാവലാളിന് നല്‍കേണ്ട സ്ഥാനം.

പ്രോട്രേയിലോ നേഴ്സറിയിലോ വിത്തുപാകി പുതയിടണം. ദിവസവും നന നിര്‍ബന്ധമാണ്. 25 സെന്‍റ് സ്ഥലത്തെ ചെണ്ടുമല്ലിക്കൃഷിക്ക് 150 ഗ്രാം വിത്ത് മതി. വിത്ത് മുളച്ചാല്‍ പുത മാറ്റാം. ഒരുമാസം പ്രായമായ തൈകളാണ് പറിച്ചുനടാന്‍ അനുയോജ്യം. വാരങ്ങളില്‍ രണ്ടടി അകലത്തില്‍ തൈകള്‍ പറിച്ചുനടാം. നട്ട് ഒന്നരമാസമാകുമ്പോള്‍ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ പഞ്ചിങ് ചെയ്താല്‍ വശങ്ങളില്‍നിന്ന് ധാരാളം ശാഖകള്‍ വളര്‍ന്ന് കൂടുതല്‍ പൂവുണ്ടാകും. സെന്‍റൊന്നിന് 80 കി.ഗ്രാം ചാണകം അടിവളമാക്കാം. സെന്‍റൊന്നിന് ഒരുകിലോഗ്രാം യൂറിയയും ഒന്നേകാല്‍ കി.ഗ്രാം എല്ലുപൊടിയും അര കി.ഗ്രാം പൊട്ടാഷും ചേര്‍ത്താല്‍ പൂക്കളുടെ എണ്ണം കൂടും.

ചെണ്ടുമല്ലിപ്പൂക്കള്‍ വിടര്‍ന്നുവരുന്നത് മിത്രപ്രാണികള്‍ക്കുള്ള പ്രിയഭക്ഷണവുമായാണ്. തേനും പൂമ്പൊടിയും മിത്രപ്രാണികളുടെ എണ്ണംകൂട്ടുന്നതാണ് കീടങ്ങള്‍ക്കുള്ള അറസ്റ്റ് വാറന്‍റ്. ചെണ്ടുമല്ലിയുടെ പ്രത്യേക മണം നിമാവിരകളുടെ സ്വപ്നങ്ങള്‍ തല്ലിത്തകര്‍ക്കും. ഗ്രോബാഗില്‍ പച്ചക്കറി ചെയ്യുന്നവര്‍ ഒന്നോ രണ്ടോ ബാഗില്‍ ചെണ്ടുമല്ലി ചെയ്യുന്നതാവും ഉചിതം.

പൂമ്പാറ്റച്ചെടി

പൂവിടാക്കാലത്തും ചെടി ഉണങ്ങി നിൽക്കുമ്പോൾ പോലും ചിത്രശലഭങ്ങൾ ധാരാളമായി വന്നെത്തുന്ന ചെടിയാണ് പൂമ്പാറ്റച്ചെടി . നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന, മഞ്ഞപ്പൂക്കളുള്ള കിലുക്കാംപെട്ടിച്ചെടിയുടെ മറ്റൊരു വകഭേദമാണ് ഈ കാട്ടുചെടി. ഇംഗ്ലിഷിൽ റാറ്റിൽ വീഡ് എന്നുപേരുള്ള ഈ പൂച്ചെടിയുടെ ശാസ്ത്രനാമം ക്രോട്ടലേറിയ റെട്ട്യൂസ. ഈ ചെടിയുടെ ഇലകളിലും തണ്ടിലും മറ്റും അടങ്ങിയിട്ടുള്ള പൈറോളിസിഡിൻ ആൽക്കലോയി‍‍ഡ് ഗണത്തിൽപ്പെട്ട മോണോ കോട്ടാലിൽ എന്ന പദാർഥം ആൺപൂമ്പാറ്റകളില്‍ ഫിറോമോൺ ഉൽപാദിപ്പിക്കാൻ ആവശ്യമായ ഘടകമാണ്. അതുകൊണ്ടു തന്നെ ആൺചിത്രശലഭങ്ങളാണ് ഈ ചെടിയിൽ വന്നെത്തുന്നതിലേറെയും. ചെടിയുടെ ഉണങ്ങിയ ഇലകളിൽ നിന്നും മുറിവുകളിൽനിന്നും ഊറി വരുന്ന ദ്രാവകത്തിൽ ഈ ആൽക്കലോയി‍‍ഡ് അടങ്ങിയിട്ടുണ്ട്. പെൺ പൂമ്പാറ്റകൾ ചെടിയിൽ മുട്ടയിടുകയും മുട്ട വിരിഞ്ഞു വരുന്ന ക്യാറ്റർപില്ലർ ഇലകൾ തിന്ന് വളരുകയും ചെയ്യുന്നു.  വിത്തു വഴി വേഗത്തിൽ വളരുന്ന സ്വഭാവമുള്ള പൂമ്പാറ്റച്ചെടി പരമാവധി രണ്ടടിയേ ഉയരം വയ്ക്കാറുള്ളൂ. ചെറിയ ചെടിയായിരിക്കുമ്പോൾ മുതൽ പൂമ്പാറ്റകൾ വിരുന്നെത്തും. നന്നായി വെയിൽ കിട്ടുന്നിടത്താണ് ഈ ചെടി വളർത്തേണ്ടത്. വനങ്ങളിൽ സ്വാഭാവികമായി വളരുന്ന പൂമ്പാറ്റച്ചെടിക്ക് ഇന്നു നല്ല ഡിമാൻഡാണുള്ളത്. ചെടിയുടെ കായ്കൾ വിളഞ്ഞാൽ കറുപ്പുനിറമാണ്. കായ്കൾ സ്വമേധയാ പൊട്ടിത്തുറന്ന് വിത്തുകൾ മണ്ണിൽ വീണു കിളിർത്തു വരും  ഇവ അടുത്ത സീസണിൽ മറ്റൊരു കൂട്ടം ചെടികളായി വളർന്നുകൊള്ളും.

ഔഷധമരമായ വേങ്ങ

വേങ്ങ വളരെയധികം  വംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധമരമാണ്. കിനോ എന്ന ഔഷധം വേങ്ങയിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. വേങ്ങപ്രമേഹം നിയന്ത്രിക്കുനതിനുള്ള ഒരു ഔഷധം ആയി ഉപയോഗിക്കുന്നു. 30 മീറ്ററോളം ഉയരത്തിൽ വളരുന്ന  വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു. 1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഇവ, ഹിമലയം മുതൽ കന്യാകുമരിവരെയുള്ള  പ്രദേശങ്ങളിലെ പർവ്വതഭാഗങ്ങളിൽ കാണാം നൈസർഗ്ഗികമായി വളരുന്നു.

വേങ്ങ എന്ന വൻ വൃക്ഷം 20 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇതിന്‍റെ മരപ്പട്ടക്ക് നല്ല കട്ടിയുണ്ട്. ഇതിന്‍റെ  തടിക്കു ചാര നിറമാണ്‌. മുറിച്ചാൽ ചുവന്ന നിറത്തിലുള്ള കറ ഊറി വരും. തടിക്കു നല്ല ചുവപ്പ് നിറവും ഉറപ്പുമാണ്. കാതൽ, തൊലി, കറ എന്നിവയാണ് വേങ്ങയുടെ ഔഷധയോഗ്യമായ ഭാഗം. പ്രമേഹത്തിനു വേങ്ങയുടെ ഫലപ്രാപ്തി ആധുനിക കാലത്തും ഗവേഷകർ ശരിവച്ചിട്ടുണ്ട്. രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് നിയന്ത്രിക്കുന്നതിനും വേങ്ങയിലടങ്ങിയ ഘടകങ്ങൾക്ക് സാധിക്കും. അണുനാശക ശക്തിയും വേങ്ങയ്ക്കുണ്ട്.

വേങ്ങാ കാതൽ 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച്, പകുതിയാക്കിയത് , 50 മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി സേവിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും.  വേങ്ങാ തടികൊണ്ടുണ്ടാക്കിയ കപ്പിൽ വെള്ളം വച്ച് ഒരു രാത്രി കഴിഞ്ഞശേഷം അല്പമായി രണ്ടു നേരം കുടിച്ചാലും പ്രമേഹത്തിനു നല്ലതാണ്.

ഔഷധഗുണമുള്ള അകിൽ

അകിൽ ആയുർവേദത്തിലെ ഒരു ഔഷധ സസ്യമാണ്. തടി,എണ്ണ എന്നിവയാണ് ഇതിന്‍റെ ഔഷധയോഗ്യമായ ഭാഗം. ഇതിന്‍റെ എണ്ണ വൃണം, വിഷം, കുഷ്ഠം, ചൊറി,അരിമ്പാറ, ആണിരോഗം എന്നീ അസുഖങ്ങൾക്കു ഔഷധമായി ഉപയോഗിക്കുന്നു.ഇതിന്‍റെ തടിപൊടിച്ചെടുത്ത ചൂർണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്.പല തരത്തിലുള്ള അകിലുകൾ ഉണ്ടെങ്കിലും കറുത്ത അകിലാണ് സാധാരണയായി ഔഷധത്തിന് ഉപയോഗിക്കുന്നത്.ഇത് കൂടൂതലായും ത്വക്ക് രോഗങ്ങളുടെ ശമനത്തിനായും വാതത്തിന്‍റേയും കഫത്തിന്‍റെയും ദോഷങ്ങൾ അകറ്റുന്നതിനായി ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ നേത്രരോഗങ്ങൾക്കും കർണ്ണരോഗങ്ങൾക്കും സാധാരണ ഉപയോഗിക്കുന്നു.കൂടാതെ തകരയുടെ വേര്‌ അകിലെണ്ണയിൽ അരച്ച് നെറ്റിയിൽ തേച്ചുപിടിപ്പിച്ചാൽ തലവേദന മാറുന്നതായി ആയുർവേദത്തിൽ പറയുന്നു.ഇതിന്‍റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂർണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്.

അകിൽ പലതരമുണ്ട്. അതിൽ കറുത്ത അകിലിനാണ് ഗുണം കൂടുതൽ. ഉഷ്ണവീര്യമാണ്. കയ്പും എരിവും കലർന്ന രസം. കറുത്ത അകിൽ വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ താണുപോകും. ഭൂട്ടാനിലും ഇന്ത്യയിൽ ഹിമാലയ പ്രദേശങ്ങളിലും ആസ്സാമിലും കേരളത്തിന്‍റെ ചില ഭാഗങ്ങളിൽ , പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിലും സാധാരണ കാണപ്പെടുന്നു. ഇത് വളരെ വലിയ മരമായി വളരുന്ന ഒരു സസ്യമായി കാണപ്പെടുന്നു. വർഷം മുഴുവൻ പൂക്കൾ ഉണ്ടാവുകയും കായ്ക്കുകയും ചെയ്യുന്ന ഈ മരത്തിൽ കാലപ്പഴക്കം മൂലം കാതൽ ഉണ്ടാവുകയും ചെയ്യുന്നു. ഇതിന്‍റെ കാതലിന്‌ ചെറിയ തോതിൽ തേനിന്‍റേയും ചന്ദനത്തിന്‍റെയും സുഗന്ധമായിരിക്കും ഉണ്ടാവുക.ശാഖകൾ കനം കുറഞ്ഞ് കാണാപ്പെടുന്ന ഇവയുടെ ഇലയ്ക്ക് ഏകദേശം 3\"(മൂന്ന് ഇഞ്ച്) വീതിയുണ്ടാവും. കൂടാതെ പൂവിനും കായകൾക്കും വെളുത്ത നിറവും ആയിരിക്കും. അകിൽ ഗന്ധവർഗത്തിൽപ്പെട്ട ദ്രവ്യമായിട്ടാണ് ആയുർവേദത്തിൽ കണക്കാക്കുന്നത്

ബോണ്‍സായി വീട്ടിലെങ്ങനെ വളര്‍ത്താം

വീടിനകത്തും പൂന്തോട്ടത്തിലും ഒഴിച്ചുകൂടാത്ത ഒന്നായി ബോണ്‍സായി ഇനത്തിലെ അലങ്കാര ചെടികള്‍ മാറിക്കഴിഞ്ഞു. പുരാതനകാലത്ത് ചൈനയിലും ജപ്പാനിലുമുള്ളവരുടെ കുള്ളന്‍ മരപ്രേമമാണ് വലിയ വൃക്ഷങ്ങളെ ചട്ടിയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ബോണ്‍സായ് വിപ്ലവത്തിലേക്ക് എത്തിച്ചത്.

ബോണ്‍സായി ചരിത്രം

ബോണ്‍സായി എന്ന വാക്കിന്റെ അര്‍ത്ഥം തളികയിലെ സസ്യം എന്നാണ്. ഇതിന് പ്രധാനമായും വേണ്ടത് ക്ഷമയാണ്. ബോണ്‍സായി വളര്‍ത്തുന്നതിന് പല രീതികളും ഉപയോഗിക്കുന്നുണ്ട്. നേര്‍ലംബരീതി(ചൊക്കന്‍), ചുരുളന്‍ രീതി (കിയോക്കു), ചരിഞ്ഞ രീതി (ഷാക്കന്‍), വളഞ്ഞു പിരിയന്‍ രീതി (ഹാങ്കര്‍), ചാഞ്ഞുവളരുന്ന രീതി (കെങ്കായി), പാറമേന്‍ വളര്‍ത്തുന്ന രീതി എന്നിവയാണ് പ്രധാനമായിട്ടുമുള്ളത്. ഏകദേശം 15 മുതല്‍ 20 വര്‍ഷം വരെ ഒരു ബോണ്‍സായി ചെടിയുണ്ടാകുവാന്‍ ആവശ്യമാണ് എന്നത് തന്നെ ക്ഷമയുടെ പ്രാധാന്യം സൂചിപ്പിക്കുന്നു. ആദ്യത്തെ എട്ട് മുതല്‍ 10 വര്‍ഷം വരെ തിരഞ്ഞെടുക്കുന്ന ചെടിയുടെ തൈകള്‍ ചെടിച്ചട്ടിയില്‍ സ്വതന്ത്രമായി നട്ട് വളര്‍ത്തുന്നു.അതിന് ശേഷമാണ് അവയെ നിയന്ത്രിക്കുവാന്‍ ആരംഭിക്കുന്നത്.

ബോണ്‍സായി എങ്ങനെ വളര്‍ത്തും

ബോണ്‍സായി ഉണ്ടാക്കുവാന്‍ വേണ്ട വൃക്ഷങ്ങളുടെ തൈകള്‍ക്ക് ചില പൊതു സ്വഭാവ സവിശേഷതകള്‍ ആവശ്യമാണ്. ധാരാളം ശാഖയോടുകൂടി വളരുക, പെട്ടന്ന് വേരുപൊട്ടി കിളുര്‍ക്കുക,എതു പ്രതികൂല അവസ്ഥകളെയും അതിജീവിക്കാനുള്ള കഴിവ് ആവശ്യമാണ്. അരയാല്‍, പേരാല്‍, വാളന്‍പുളി, വാക,കശുമാവ്, ഓറഞ്ച്, പ്ലാവ്, മാവ് എന്നിങ്ങനെ വന്‍ വൃക്ഷമായി മാറുന്ന എന്തിനേയും ബോണ്‍സായിയാക്കിമാറ്റം. ഫലവൃക്ഷങ്ങളും പൂക്കളും ഉണ്ടാകുന്നവയും ബോണ്‍സായിയായി വളര്‍ത്താം എന്നാല്‍ ഇവയ്ക്ക് മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ എല്ലാം ഉണ്ടാകണമെന്നു മാത്രം.
രണ്ടു ഘട്ടങ്ങളായിട്ടാണ ബോണ്‍സായി ഉണ്ടാക്കുന്നത്. അദ്യഘട്ടത്തില്‍ ചെടിയുടെ തായ് വേര് മുറിച്ചുമാറ്റി ചട്ടികളില്‍ നടുകയാണ് വേണ്ടത്. ഈ ചട്ടികളില്‍ തുല്യഅളവില്‍ മണ്ണും ജൈവവളവും ചേര്‍ത്തുവേണം തൈകള്‍ നടുവാന്‍. ഇവയ്ക്ക് സാധാരണ രീതിയില്‍ ജലസേചനവും വളവും നല്‍കി വളര്‍ത്തുക.

ബോണ്‍സായി നടുമ്പോള്‍

ചെടി അധികം ഉയരം വയ്ക്കാതെ വ്യാപിച്ച്‌ വളരുകയോ ചെയ്യാതെ ശാഖമുറിച്ച്‌ നിയന്ത്രിക്കണം. ഏകദേശം എട്ട് 10 വര്‍ഷത്തിന് ശേഷം ബോണ്‍സായി രണ്ടാം ഘട്ടം ആരംഭിക്കണം. ഇത് തീരുമാനിക്കേണ്ടത് ചെടികളുടെ വളര്‍ച്ച പരിശോധിച്ചാണ്.തൈകള്‍ക്ക് ആവശ്യത്തിന് വേരും ശാഖകളും വരുന്നതും ശ്രദ്ധിക്കണം. വളര്‍ച്ച തൃപ്തികരമെങ്കില്‍ ആദ്യത്തെ ചട്ടിയില്‍ നിന്നും തൈകള്‍ ഇളക്കിയെടുക്കണം.
പരന്ന് അധികം ഉയരമില്ലാത്ത ചട്ടികളില്‍ മൂന്ന് നാല് വെള്ളം ഒഴുകിപ്പോകുവാനുള്ള സുഷിരങ്ങള്‍ ഉണ്ടാകണം. ഇത്തരത്തിലുള്ള ചട്ടിവേണം തിരഞ്ഞെടുക്കുവാന്‍. തൈയ്യുടെ വേരുകള്‍ ഇറങ്ങി നശിക്കാത്തവിധം ചട്ടികള്‍ ആവശ്യമാണ് ഇത്തരം ചട്ടികള്‍ വിപണിയില്‍ ലഭിക്കും. ചെടിയുടെ തായ്ത്തടിയുടെ വണ്ണം ചട്ടിയുടെ വലിപ്പത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.

ചെടിയുടെ വളര്‍ച്ച നിയന്ത്രിക്കേണ്ടത് ചെറിയ നൂല്‍കമ്പികള്‍ ഉപയോഗിച്ചാണ്. ചട്ടിയുടെ അടിഭാഗത്തുള്ള ചെറിയ സുഷിരങ്ങളിലൂടെ അലുമിനിയം കമ്പിയോ ചെമ്പ്കമ്പിയോ ലംബമായി കടത്തിവിടുക. ശേഷം കമ്പിടെ സുക്ഷിരങ്ങള്‍ ചെറിയ പ്ലാസ്റ്റിക് വലകഷണങ്ങള്‍ ഉപയോഗിച്ച്‌ അടയ്ക്കുക. പഴയ ചട്ടിയില്‍ നിന്നെടുത്ത ചെടി അതിന്റെ വേരുകള്‍ പകുതിയോളം ചെത്തിമിനുക്കി പുതിയ ചട്ടിയില്‍ കൊള്ളുന്ന വിധത്തിലാക്കുക. അതിന് ശേഷം ചട്ടിയുടെ ചുവട്ടില്‍ ചരല്‍ നിറഞ്ഞ കട്ടിയുള്ള മണ്ണ് നിരത്തുക. ചെടിഅതിലേക്ക് ഉറപ്പിച്ച്‌ നിറുത്തണം. ആവശ്യമില്ലാത്ത തളിരിലകളും ചില്ലകളും വെട്ടി മാറ്റണം. ശേഷം ലംബമായി നില്‍ക്കുന്ന കമ്പികൊണ്ട് ചെടിയുടെ തായ് തടി വരിഞ്ഞുമുറുക്കുക. ശാഖകള്‍ ആവശ്യമുള്ള രീതിയില്‍ കമ്പികൊണ്ട് കെട്ടി നിയന്ത്രിക്കണം.

ചട്ടിയുടെ ബാക്കിയുള്ള സ്ഥലത്ത് ചാണകപ്പൊടി,മണല്‍ എന്നിവ നിറയ്ക്കാം. തണലിനും അലങ്കാരത്തിനുമായി ഇതിന് മുകളില്‍ പായല്‍ നിരത്തണം. അദ്യത്തെ രണ്ട് ആഴ്ച തണലില്‍ വെച്ച്‌ നനച്ചതിന് ശേഷം പിന്നീട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക. ഒപ്പം നനയ്ക്കുകയും വളപ്രയോഗവും നടത്താം. ചെടിയുടെ ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതിനു നല്ലത് സ്പ്രേയര്‍ ഉപയോഗിച്ച്‌ ഇലകള്‍ നനയ്ക്കുന്നതാണ്.ഇങ്ങനെ 10 മുതല്‍ 20 വര്‍ഷം വരെ ചെടിയെ നിയന്ത്രിച്ച്‌ വളര്‍ത്തണം. ഓരോ വര്‍ഷം കഴിയുമ്പോഴും ചെടിയുടെ ഭംഗി കൂടി വരുകയെയുള്ളു. വളര്‍ച്ചയ്ക്ക് അനുസരിച്ച്‌ കമ്പി അഴിച്ചുകെട്ടണം.

20 സെന്റിമീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണ ബോണ്‍സായി ചെടിക്കുള്ളത്. എന്നാല്‍ പലവലുപ്പത്തിലും ആകൃതിയിലും ബോണ്‍സായി ചെടികള്‍ ഉണ്ട്. ചൈനക്കാര്‍ ബോണ്‍സായിയുടെ ആകൃതിയെക്കാള്‍ ഉയരത്തിനായിരുന്നു പ്രധാന്യം കൊടുക്കുന്നത്. ബോണ്‍സായിയായി നട്ടുവളര്‍ത്തുന്ന ചെടികളില്‍ നിന്നു തന്നെ അതിന്റെ വംശഗുണമുള്ള പുതിയ ചെടികള്‍ സൃഷ്ടിച്ചെടുക്കാം. ലെയറിങ്ങാണ് ഇതിനായി നടത്തുന്നത്. ലെയറിങ്ങിനായി ചെടിയുടെ അഞ്ച് സെന്റിമീറ്റര്‍ വലുപ്പത്തില്‍ തൊലിമാറ്റിയ ശേഷം ഇവിടെ വളര്‍ച്ച ഹോര്‍മോണുകള്‍ തേച്ചുപിടിപ്പിക്കുക.ഈ ഭഗത്ത് ഒരു പ്ലാസ്റ്റിക് കവറിലിട്ട് അടിഭാഗം കെട്ടി പ്ലോട്ടിങ്ങ് മിശ്രിതം നിറയ്ക്കണം. കൂടിന്റെ മുകള്‍ ഭാഗം കെട്ടി ചെറിയ തുളകള്‍ ഇട്ട് നനയ്ക്കണം. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം വേരുകള്‍ ഉണ്ടാകും. അപ്പോള്‍ ചെടിയുടെ അടിഭാഗം മുറിച്ച്‌ ഇവയെ പുതിയ ചെടിയാക്കിമാറ്റം. ബോണ്‍സായികള്‍ വളരുംതോറുമാണ് ഭംഗി വര്‍ദ്ധിക്കുന്നത്. ആല്‍ത്തറകളും ആല്‍വൃക്ഷങ്ങളും അതേരീതിയില്‍ ഉണ്ടാക്കുവാന്‍ കഴിയും. 500 രൂപ മുതല്‍ 15000 രൂപ വരെയാണ് ഇതിന് വില ലഭിക്കുക.

പഞ്ചസാരയ്ക്ക് പകരമായി മധുരതുളസി

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്‍റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ഇതോടെ മധുര തുളസി കൃഷി ചെയ്യുന്നവരെ കാത്തിരുന്നത് ആഹ്ലാദത്തിന്‍റെ നാളുകളാണ്. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്‍റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞറിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും.

മധുരതുളസിയുടെ ഗുണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു: പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.  പ്രമേഹ നിയന്ത്രണത്തിന് മധുരതുളസി ചായയാണ് ഉപയോഗിക്കേണ്ടത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും: ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. അതേസമയം ഒന്നു രണ്ടു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാത്രമെ ഫലം കണ്ടു തുടങ്ങുകയുള്ളു. പ്രമേഹത്തിന്‍റെ കാര്യത്തിലെന്നപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മധുര തുളസി ചായയായാണ് കുടിക്കേണ്ടത്.

താരനും മുഖക്കുരവും ഇല്ലാതാക്കും: മധുരതുളസിയുടെ മറ്റൊരു വലിയ ആരോഗ്യഗുണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി-ബാക്ടീരിയല്‍, ആന്‍റി-ഫംഗല്‍, ആന്‍റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. മുടികൊഴിച്ചില്‍ തടയാനും, മധുരതുളസിയുടെ പച്ചയില ഏറെ ഫലപ്രദമാണ്.

ശരീരഭാരം കുറയ്ക്കാന്‍: : ശരീരഭാരം കുറയ്ക്കാന്‍ മധുര തുളസി ഉത്തമമായ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

മുറിവുകള്‍ വേഗം ഭേദമാക്കും  : മുറിവുകള്‍ ഇന്‍ഫെക്ഷനാകാതെ തടയാന്‍ മധുരതുളസി സഹായിക്കും. മുറിവുകളില്‍ ബാക്ടീരിയകള്‍ വളരുന്നത് മധുര തുളസി പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്‍റി-ബാക്ടീരിയല്‍ ഘടകങ്ങളാണ് മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നത്.

അത്ഭുതവൃക്ഷമെന്നറിയപ്പെടുന്ന അണലിവേഗം

ഭം­ഗി­യു­ള­ള ഇ­ല­ക­ളോ­ടു കൂ­ടി­യ­തും വെ­ളു­ത്ത പൂ­ക്കൾ കു­ല­ക­ളാ­യി ഉ­ണ്ടാ­വു­ന്ന­തു­മാ­യ ചെ­റു­വൃ­ക്ഷ­മാ­ണ്‌ അ­ണ­ലി­വേ­ഗം. ചു­വ­ട്ടിൽ നി­ന്നു മു­കൾ­ഭാ­ഗം വ­രെ ശാ­ഖ­ക­ളു­ണ്ടാ­യി നി­റ­യെ ഇ­ല­ക­ളും പൂ­ക്ക­ളു­മാ­യി ന­യ­നാ­ന­ന്ദ­ക­ര­മാ­യി പ­ടർ­ന്നു നിൽ­ക്കു­ന്ന വൃ­ക്ഷ­മാ­ണ്‌ ഇ­ത്‌. ഇ­തു പ­ല­യി­ന­ങ്ങ­ളു­ള­ള­താ­യി പ­റ­യ­പ്പെ­ടു­ന്നു. പൊ­തു­വെ അ­റി­യ­പ്പെ­ടു­ന്ന ഇ­നം വെ­ളു­ത്ത പൂ­ക്ക­ളു­ണ്ടാ­വു­ന്ന­താ­ണ്‌..

ചു­വ­ന്ന അ­ണ­ലി­വേ­ഗം എ­ന്നൊ­രി­ന­വും പ്ര­ചാ­ര­ത്തി­ലു­ണ്ട്‌. സ­സ്യശാ­സ്‌­ത്ര­പ­ര­മാ­യി ഇ­വ ര­ണ്ടും വ്യ­ത്യസ്‌­ത­ജാ­തി­യിൽ­പ്പെ­ട്ട­വ­യാ­ണ്‌. ഇ­ത്‌ ഒ­രു അ­ത്ഭു­ത സ­സ്യമാ­യാ­ണ്‌ അ­റി­യ­പ്പെ­ടു­ന്ന­ത്‌.

ദ­ക്ഷി­ണേന്ത്യയി­ലെ മി­ക്ക­വാ­റും ഇ­ല­പൊ­ഴി­യും കാ­ടു­ക­ളി­ലും അ­ണ­ലി­വേ­ഗ­മ­ര­ത്തെ ക­ണ്ടു­വ­രു­ന്നു. ഇ­തി­ന്‍റെ ഇ­ല­കൾ­ക്ക്‌ നാ­ലി­ഞ്ചോ­ളം നീ­ളം­കാ­ണും. ഒ­രി­ഞ്ചിൽ താ­ഴെ വീ­തി­യേ ഇ­ല­കൾ­ക്കു കാ­ണു­ക­യു­ള­ളു. ഇ­ല­യു­ടെ അ­റ്റം കൂർ­ത്ത­താ­ണ്‌. അ­രി­കു­കൾ ത­രം­ഗ­രൂ­പ­ത്തിൽ കാ­ണ­പ്പെ­ടു­ന്നു. ഇ­ല­ക­ളോ ക­മ്പോ മു­റി­ച്ചാൽ വെ­ളു­ത്ത ക­റ ഊ­റി വ­രു­ന്നു.
ശാ­ഖാ­ഗ്ര­ങ്ങ­ളി­ലാ­ണ്‌ പൂ­ക്കൾ കു­ല­ക­ളാ­യി ക­ണ്ടു­വ­രു­ന്ന­ത്‌. ഇ­തി­ന്‍റെ കാ­യ്‌­കൾ മൂ­ന്നി­ഞ്ചു നീ­ള­ത്തിൽ ഉ­രു­ണ്ട്‌ വ­ണ്ണം കു­റ­ഞ്ഞ­വ­യാ­ണ്‌. മൂ­പ്പെ­ത്തു­മ്പോൾ കാ­യ്‌­കൾ നെ­ടു­കെ പൊ­ട്ടി വി­ത്തു­കൾ പു­റ­ത്തു­വ­രു­ന്നു. ഒ­രു കാ­യിൽ അ­നേ­കം വി­ത്തു­ക­ളു­ണ്ടാ­വും. ഈ വി­ത്തു പാ­കി­യോ ക­മ്പു മു­റി­ച്ചു ന­ട്ടോ വം­ശ­വർ­ധ­ന ന­ട­ത്താ­വു­ന്ന­താ­ണ്‌.


ക­മ്പു­കൾവേ­രു­പി­ടി­ക്കു­ന്ന വി­ധം

മേൽ­മ­ണ്ണ്‌, ആ­റ്റു­മ­ണൽ എ­ന്നി­വ തു­ല്യ അ­നു­പാ­ത­ത്തിൽ ക­ലർ­ത്തി­യ മി­ശ്രി­തം14 X10 സെ.­മീ. വ­ലി­പ്പ­ത്തി­ലു­ള­ള ക­റു­ത്ത പോ­ളി­ത്തീൻ ബാ­ഗു­ക­ളിൽ നി­റ­യ്‌­ക്കു­ക (ചാ­ണ­കം ചേർ­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. ചാ­ണ­കം ചേർ­ത്താൽ ക­മ്പു­കൾ അ­ഴു­കി പോ­കു­ന്ന­താ­യി ക­ണ്ടി­ട്ടു­ണ്ട്‌). ഇ­നി അ­ണ­ലി­വേ­ഗ­ത്തി­ന്‍റെ പെൻ­സിൽ വ­ണ്ണ­മു­ള­ള ക­മ്പു­ക­ളോ ത­ല­പ്പു­ക­ളോ ഒ­രു ചാൺ നീ­ള­ത്തിൽ മു­റി­ച്ച ശേ­ഷം ഇ­ല­കൾ ഞെ­ട്ടു­മാ­ത്രം നിർ­ത്തി ബാ­ക്കി­ഭാ­ഗം ബ്ളേ­ഡു­കൊ­ണ്ട്‌ മു­റി­ച്ചു ക­ള­യു­ക. അ­തി­നു­ശേ­ഷം ഏ­തെ­ങ്കി­ലും ഹോർ­മോൺ പൗ­ഡ­റിൽ മു­ക്കി­യ­ശേ­ഷം നേ­രി­ട്ട്‌ ത­യ്യാ­റാ­ക്കി വ­ച്ചി­രി­ക്കു­ന്ന ക­വ­റു­ക­ളിൽ ന­ടു­ക. ക­വ­റു­കൾ നി­ര­നി­ര­യാ­യി അ­ടു­ക്കി­വ­ച്ച്‌ ജ­ല­സേ­ച­നം നൽ­കു­ക. ജ­ലം അ­ധി­ക­മാ­വാ­തി­രി­ക്കാൻ പ്ര­ത്യേ­കം ശ്ര­ദ്ധി­ക്ക­ണം. ഒ­രു മാ­സം കൊ­ണ്ട്‌ വേ­രു­കൾ പി­ടി­ച്ചു തു­ട­ങ്ങും. ര­ണ്ടു­മാ­സം പ്രാ­യ­മാ­യാൽ തൈ­കൾ തോ­ട്ട­ങ്ങ­ളിൽ ന­ടു­ന്ന­തി­നാ­യി ഉ­പ­യോ­ഗി­ക്കാം.


വി­ത്തു­കൾസം­ഭ­രി­ക്കു­ന്ന വി­ധം

അ­ണ­ലി­വേ­ഗ­ത്തി­ന്‍റെ വി­ള­ഞ്ഞു­പാ­ക­മാ­യി പ­റി­ച്ചെ­ടു­ത്ത കാ­യ്‌­കൾ ര­ണ്ടു മൂ­ന്നു ദി­വ­സം ന­ന്നാ­യി വെ­യി­ലിൽ ഉ­ണ­ക്കു­ക. അ­പ്പോൾ വി­ത്തു­കൾ പു­റ­ത്തു­വ­രും. ഈ വി­ത്തു­കൾ ഈർ­പ്പം ക­ട­ക്കാ­ത്ത പാ­ത്ര­ങ്ങ­ളിൽ സൂ­ക്ഷി­ച്ചു വെ­യ്‌­ക്കാ­വു­ന്ന­താ­ണ്‌. ഇ­പ്ര­കാ­രം 15 ദി­വ­സം സൂ­ക്ഷി­ച്ച വി­ത്തു­കൾ പാ­കു­ന്ന­തി­നാ­യി ഉ­പ­യോ­ഗി­ക്കാം.

വി­ത്തു­പാ­കു­ന്ന വി­ധം

മാർ­ക്ക­റ്റിൽ നി­ന്നും ല­ഭി­ക്കു­ന്ന പ്ളാ­സ്റ്റി­ക്‌ ട്രേ­ക­ളിൽ ര­ണ്ടി­ഞ്ചു ക­ന­ത്തിൽ മ­ണൽ നി­റ­യ്‌­ക്കു­ക. അ­തി­നു­ശേ­ഷം അ­ണ­ലി­വേ­ഗ­ത്തി­ന്‍റ വി­ത്തു­കൾ വി­ത­റി കൊ­ടു­ക്കു­ക. വി­ത്തു­ക­ളു­ടെ മു­ക­ളിൽ അ­ര­യി­ഞ്ചു ക­ന­ത്തിൽ വീ­ണ്ടും മ­ണൽ നി­ര­ത്തു­ക. ഇ­നി നി­യ­ന്ത്രി­ത ജ­ല­സേ­ച­നം ന­ട­ത്തു­ക.

ട്രേ­കൾ­ക്ക്‌ ജ­ല­നിർ­ഗ്ഗ­മ­ന­ത്തി­നാ­യി ആ­വ­ശ്യത്തി­നു­ള­ള ദ്വാ­ര­ങ്ങൾ ഉ­ണ്ടാ­യി­രി­ക്ക­ണം. ജ­ല­സേ­ച­ന­ത്തി­നു ശേ­ഷം മ­ഴ കൊ­ള­ളാ­ത്ത­തും എ­ന്നാൽ സൂ­ര്യപ്ര­കാ­ശം ല­ഭി­ക്കു­ന്ന­തു­മാ­യ ഗ്രീൻ ഹൗ­സു­ക­ളിൽ ട്രേ­കൾ സൂ­ക്ഷി­ക്കു­ക. 15 മു­തൽ 20 ദി­വ­സം കൊ­ണ്ട്‌ വി­ത്തു­കൾ മു­ള­ച്ചു തു­ട­ങ്ങും.

ചി­ല വി­ത്തു­കൾ മു­ള­യ്‌­ക്കു­ന്ന­തി­ന്‌ ഒ­രു മാ­സം വ­രെ സ­മ­യം എ­ടു­ത്തേ­ക്കാം. ഇ­നി മു­ള­ച്ച വി­ത്തു­കൾ­ക്ക്‌ ര­ണ്ടി­ല വീ­തം വി­ട­രു­മ്പോൾ പോ­ളീ­ബാഗി­ലേ­യ്‌­ക്ക്‌ മാ­റ്റി ന­ടേ­ണ്ട സ­മ­യ­മാ­യി.

14X 10 സെ.­മീ. വ­ലി­പ്പ­ത്തി­ലു­ള­ള പോ­ളീ­ബാ­ഗു­ക­ളിൽ മേൽ­മ­ണ്ണും മ­ണ­ലും തു­ല്യ അ­നു­പാ­ത­ത്തിൽ ക­ലർ­ത്തി­യ മി­ശ്രി­തം നി­റ­ച്ച ശേ­ഷം മ­ഴ­യേൽ­ക്കാ­ത്ത­തും സൂ­ര്യപ്ര­കാ­ശം ല­ഭി­ക്കു­ന്ന­തു­മാ­യ പ­ന്ത­ലു­ക­ളിൽ നി­ര­യാ­യി അ­ടു­ക്കി­വ­ച്ച ശേ­ഷം മു­ക­ളിൽ പ­റ­ഞ്ഞ രീ­തി­യിൽ ത­യ്യാ­റാ­ക്കി­യി­ട്ടു­ള­ള തൈ­കൾ ഓ­രോ­ന്നു വീ­തം ഓ­രോ ക­വ­റു­ക­ളിൽ ന­ടു­ക. ഇ­നി നി­യ­ന്ത്രി­ത ജ­ല­സേ­ച­നം നൽ­കി മൂ­ന്നു മാ­സം സൂ­ക്ഷി­ച്ച തൈ­കൾ വേ­രു­പി­ടി­ച്ച്‌ അ­ര­യ­ടി­യോ­ളം വ­ളർ­ന്നി­രി­ക്കും. ഈ തൈ­കൾ തോ­ട്ട­ങ്ങ­ളിൽ ന­ടു­ന്ന­തി­നാ­യി ഉ­പ­യോ­ഗി­ക്കാം.

ന­ടീൽ രീ­തി
ഒ­ര­ടി സ­മ­ച­തു­ര­വും അ­ത്ര­യും ത­ന്നെ ആ­ഴ­വു­മു­ള­ള കു­ഴി­ക­ളെ­ടു­ത്ത്‌ അ­തിൽ പ­കു­തി­ഭാ­ഗം അ­ഴു­കി­യ ഇ­ല­ക­ളും കം­പോ­സ്റ്റും കൊ­ണ്ടു നി­റ­ച്ച­ശേ­ഷം ഒ­രു കു­ട്ട മ­ണ­ലും ചേർ­ത്ത്‌ മേൽ­മ­ണ്ണ്‌ ഇ­ടി­ച്ച്‌ മു­കൾ­ഭാ­ഗം അൽ­പം ഉ­യർ­ത്തി മൂ­ടു­ക. ഇ­തി­നു മു­ക­ളിൽ ചെ­റി­യ കു­ഴി­കു­ത്തി പോ­ളീ­ബാ­ഗ്‌ നീ­ക്കം ചെ­യ്‌­ത­ശേ­ഷം ഓ­രോ തൈ­വീ­തം ന­ടു­ക. ക­ടു­ത്ത മ­ഴ­ക്കാ­ല­മോ ക­ടു­ത്ത വേ­നൽ­ക്കാ­ല­മോ അ­ല്ലാ­ത്ത സ­മ­യ­മാ­യി­രി­ക്ക­ണം അ­ണ­ലി­വേ­ഗം ന­ടു­ന്ന­തി­നാ­യി തെ­ര­ഞ്ഞെ­ടു­ക്കേ­ണ്ട­ത്‌. ഇ­നി ക്ര­മ­മാ­യ ക­ള­യെ­ടു­ക്ക­ലും വർ­ഷ­ത്തി­ലൊ­രി­ക്ക­ലു­ള­ള ജൈ­വ­വ­ള­പ്ര­യോ­ഗ­വും മ­തി­യാ­വും. അ­ണ­ലി­വേ­ഗം ആദ്യവർ­ഷം ത­ന്നെ പൂ­വി­ട്ടു തു­ട­ങ്ങും. ന­ല്ല ഭം­ഗി­യു­ള­ള ഒ­രു പൂ­മ­ര­മാ­യ­തി­നാൽ മു­റ്റ­ത്തി­ന്‍റെ അ­രി­കു­ക­ളി­ലോ പൂ­ന്തോ­ട്ട­ത്തി­ലോ ഇ­തി­നെ വ­ളർ­ത്താം.

ഉ­പ­യോ­ഗം
ആ­ധു­നി­ക ആ­യുർ­വേ­ദ ശാ­സ്‌­ത്ര­ത്തിൽ അ­ണ­ലി­വേ­ഗം ഉ­പ­യോ­ഗി­ച്ചു­ള­ള ചി­കി­ത്സാ­വി­ധി­കൾ ഒ­ന്നും ത­ന്നെ കാ­ണു­ന്നി­ല്ല. എ­ന്നാൽ ആ­ദി­വാ­സി­കൾ പാ­മ്പു­വി­ഷ­ത്തി­ന്‌ പ്ര­തി­വി­ധി­യാ­യി ഇ­തി­ന്‍റെ തൊ­ലി ഉ­പ­യോ­ഗി­ച്ചു­വ­രു­ന്നു. പ­ഴു­താ­ര, തേൾ, കു­ള­വി മു­ത­ലാ­യ­വ ക­ടി­ച്ചാൽ മു­റി­വിൽ ഇ­തി­ന്‍റെഇ­ല­യും മ­ഞ്ഞ­ളും ചേർ­ത്ത­ര­ച്ച്പു­ര­ട്ടി­യാൽ ഗു­ണം കി­ട്ടും.

നീലയമരി കൃഷി ചെയ്യാം

ഔഷധസസ്യങ്ങളില്‍ വളരെയധികം വാണിജ്യപ്രാധാന്യമുള്ള ഒരു സസ്യമാണ് നീലയമരി.  ഇന്‍റിഗോ എന്ന് അറിയപ്പെടുന്ന പയര്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന കുറ്റിച്ചെടിയാണിത്.  ഒന്നര മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഇതിന് നിരവധി ശാഖകളും അതില്‍ നിറയെ പച്ചയിലകളുമുണ്ടാകും.  തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലയമരി ഇല. കേശതൈലങ്ങള്‍ക്ക് പുറമെ ആസ്തമ, അപസ്മാരം, പ്രമേഹം, ത്വഗ്രോഗങ്ങള്‍, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു.

പാമ്പ്, തേള്‍, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാല്‍ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേര്‍ത്തോ ഉപയോഗിക്കാറുണ്ട്. ഞരമ്പുരോഗങ്ങള്‍ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാം. പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. നീലയമരിവേര്, ഉങ്ങിന്‍വേര് ഇവകൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാല്‍ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നു.

ഈ ചെടിയുടെ ഇലകളില്‍ നിന്നാണ് പണ്ട് നീലം എടുത്തിരുന്നത്. അതുകൊണ്ട് നീലച്ചെടി എന്നും വിളിക്കും. കൃത്രിമനീലം ഉത്പാദിപ്പിച്ചതോടെ അമരിക്കൃഷി വന്‍തോതില്‍ നടത്തുന്നത് ലാഭകരമല്ലാതായി. ഏഷ്യയാണ് നീലച്ചെടിയുടെ ജന്മദേശം. ഇലയും വേരുമാണ് മരുന്നിനുപയോഗിക്കുന്നത്.

കൃഷിരീതി

വിത്ത് പാകിയാണ് നീലയമരി നടുക. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് വിത്ത് വിതയ്ക്കാന്‍ അനുയോജ്യം. വളരെ ചെറിയ വിത്താണ് ഇതിന്‍റേത്. ഒരു സെന്‍റിന് ഏകദേശം 12 ഗ്രാം വിത്ത് വേണ്ടി വരും. തീരദേശമൊഴികെ എല്ലായിടത്തും ഇവ കൃഷിചെയ്യാം.നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചാ സൗകര്യവുമുള്ള ഏതു മണ്ണിലും നന്നായി വളരും. ഉയര്‍ന്ന ചെങ്കല്‍ പ്രദേശമാണ് ഏറ്റവും അനുയോജ്യം.

വളരെ കട്ടിയുള്ള വിത്തായതിനാല്‍ മുളപ്പിക്കുന്നതിന് മുമ്പ് വിത്ത് മണലുമായി ചേര്‍ത്ത് പതുക്കെ ഉരസണം. അല്ലെങ്കില്‍ തിളച്ച വെള്ളത്തില്‍ ഒരു സെക്കന്‍റ് നേരം മുക്കണം. മൂന്നിരട്ടി മണല്‍ ചേര്‍ത്താണ് വിത്ത് വിതയ്‌ക്കേണ്ടത്. നീളത്തില്‍ ദീര്‍ഘ ചതുരാകൃതിയില്‍ തറനിരപ്പില്‍ നിന്ന് ഒരടി ഉയരത്തില്‍ മണലും ചാണകപ്പൊടിയും ചേര്‍ത്ത് നടാനുള്ള തറകള്‍ തയാറാക്കാം. വിതച്ച് രണ്ടാഴ്ചയ്ക്കകം വിത്തുകള്‍ മുളയ്ക്കും ശരാശരി 12 സെ.മീ വളര്‍ച്ചയെത്തുമ്പോള്‍ പോളിത്തീന്‍ കവറുകളിലേക്കോ കൃഷിസ്ഥലത്തോക്കോ മാറ്റി നടാം.ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത് മൂന്നടി അകലത്തില്‍ തൈകള്‍ നടാം. ഏകദേശം ഒന്നരയടി ആഴവും അത്രയും വ്യാസവുമുള്ള കുഴികളില്‍ ഒരു കുട്ട ചാണകവും പച്ചിലയും മേല്‍മണ്ണും ചേര്‍ത്ത് കുഴി കൂനകൂട്ടി ഓരോന്നിലും മൂന്നു തൈകള്‍ വീതം നടാം.

നട്ട് രണ്ടു മൂന്നു മാസം കഴിയുമ്പോള്‍ ചെടികള്‍ പൂക്കാന്‍ തുടങ്ങും. പൂവിടുന്നതോടെ വിളവെടുക്കാം. ചെടിയുടെ ചുവട്ടില്‍ നിന്നും ഒന്നരയടി ഉയരത്തിലുള്ള ചെറുകമ്പുകള്‍ ഇലകളോടെ വെട്ടിയെടുക്കുകയാണ് വിളവെടുപ്പ് രീതി. വിളവെടുത്ത ശേഷം നനയ്ക്കണം. ഒന്നരരണ്ട് മാസം കഴിഞ്ഞാല്‍ അടുത്ത വിളവെടുപ്പ് നടത്താം. വളര്‍ച്ചയനുസരിച്ച് വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ വിളവെടുക്കാം. കമ്പുകള്‍ വെട്ടുന്നതിന് രണ്ടാഴ്ച മുമ്പ് ജൈവവളമിട്ട് ചെടിക്ക് മണ്ണുകയറ്റുന്നതു നന്ന്. വിത്തിനു വേണ്ടി മാറ്റി നിര്‍ത്തുന്ന ചെടികളില്‍ നിന്നും ഇല വെട്ടരുത്. നല്ല കാലാവസ്ഥയും മണ്ണുമാണെങ്കില്‍ ചെടിയില്‍ നിന്നും മൂന്നു വര്‍ഷം വരെ ഇലയെടുക്കാം. അതിനു ശേഷം വേരിനോളം തൂക്കം കുറ്റിയും ചേര്‍ത്ത് വില്‍ക്കാം.

ഔഷധഗുണമുള്ള ആവണക്ക്

ആവണക്ക് കേരളത്തിലും തമിഴ്നാട്ടിലും കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ്. ചിറ്റാവണക്ക് എന്ന പേരിലും  ഈ ഔഷധസസ്യം അറിയപ്പെടുന്നു. ഇന്ത്യയിലുടനീളം കണ്ടുവരുന്ന ഈ ഔഷധ സസ്യം എണ്ണക്കുരുവിനു വേണ്ടി കൃഷി ചെയ്യപ്പെടുന്നു. എണ്ണക്കുരുവിൽ നിന്നും എണ്ണ വേർതിരിച്ചെടുക്കുന്നു. വേർതിരിച്ചെടുക്കുന്ന ഈ എണ്ണയെ ആവണക്കെണ്ണ എന്ന് വിളിക്കുന്നു. ഈ എണ്ണക്ക് വളരെയധികം ഔഷധ ഗുണമുണ്ട്. ഇതിന്‍റെ  വിത്തിലെ പ്രധാനപ്പെട്ട ക്രിയശീല ഘടകം റിസിൻ ആണ്. ഇത് ശരീരത്തിൽ എത്തിയാൽ ശരീരത്തിലെ പ്രോട്ടീൻ ഉല്പാദനശേഷിയെ തകർക്കുകയും 72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യുന്നു. ആയതിനാൽ ഈ വിത്ത് കഴിക്കുന്നത്‌ നിഷിദ്ധമാണ്. എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ആവണക്കിന്‍റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗം. ആവണക്ക് മൂന്നു വിധമുണ്ട്, അവ വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നിവയാണ്.വെളുത്ത  ആവണക്കിന്‍റെ വേര്  കഷായം വെച്ച്  പാലൊഴിച്ചു കഴിക്കുന്നത്‌ വയറു വീർപ്പിനു ഔഷധമായി ഉപയോഗിക്കാവുന്നതാണ്. നേത്രരോഗങ്ങൾ,തലയിലെ ത്വക്ക് രോഗങ്ങൾ, ആർത്തവസംബന്ധമായ വേദന, വാതസംബന്ധ വേദന എന്നിവയ്ക്കും ഫലപ്രദമായ ഒരു ഔഷധമാണ് .

പഴം- പച്ചക്കറി കൃഷി

ഞാവല്‍ കൃഷി

കേരളത്തില്‍ പല നിരത്തുകള്‍ക്കരികിലും ഏപ്രില്‍ മാസമാവുമ്പോഴേക്കും പഴുത്ത് പൊഴിഞ്ഞ് ഈച്ചയാര്‍ക്കുന്നൊരു കറുത്ത നിറത്തിലുള്ള ഫലം നിറയെ ഉണ്ടാകുന്ന ഒരു മരമുണ്ട്. ആരും ശ്രദ്ധിക്കാതെ പാഴായിപ്പോവുന്ന ആ കായകള്‍ക്ക് മാര്‍ക്കറ്റിലെ വിലകേട്ടാല്‍ നാം ഞെട്ടും. കിലോയ്ക്ക് 500-600 രൂപയാണ് വില. പ്രമേഹത്തിനും രക്താദിസമ്മര്‍ദത്തിനും കൊളസ്ട്രോളിനും മികച്ച ഔഷധമെന്നു പേരുകേട്ട ഞാവലാണ് ആ അത്ഭുതഫലം.

ജംബൂഫലമെന്ന് പുരാതന ഭാരതത്തില്‍ പുകള്‍പെറ്റ ഒട്ടേറെ അദ്ഭുത സിദ്ധികളുള്ള ഇടത്തരം വൃക്ഷമാണ് ഞാവല്‍. ശ്രീരാമനും സീതയും ലക്ഷ്മണനും തങ്ങളുടെ വനവാസക്കാലത്ത് കഴിച്ചിരുന്ന ഫലങ്ങളില്‍ പ്രധാനപ്പെട്ടത് ഞാവല്‍ പഴമായിരുന്നു എന്ന സൂചന രാമായണത്തിലുള്ളതിനാല്‍ ഹിന്ദുക്കളുടെ ദൈവ വൃക്ഷമായും ഞാവല്‍ ആരാധിച്ചുവരുന്നു. ഗണപതിപൂജയ്ക്ക് പലയിടങ്ങളിലും ഇതിന്റെ കായകളും ഇലകളും ഉപയോഗിച്ചുവരുന്നു.

അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും വളര്‍ന്നു വരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവല്‍. 20-30 ഇരുപത്-മുപ്പത്  മീറ്ററോളം പൊക്കം വെക്കുന്ന ഇതിന് പച്ചനിറമുള്ള നല്ല സമൃദ്ധമായ ഇലച്ചാര്‍ത്താണുണ്ടാവുക. ഇലയുടെ കനത്താല്‍ മിക്ക ഞാവല്‍ മരത്തിന്‍റെയും ശിഖരങ്ങള്‍ കനം തൂങ്ങിയാണ് നില്‍ക്കുന്നത്. പല ഹൈവേ നിരത്തുകളിലും തണല്‍ മരമായി തിരഞ്ഞെടുക്കുന്ന മരമാണ് ഞാവല്‍. വേരുപിടിച്ചു കഴിഞ്ഞാല്‍ പിന്നീട് അധികം പരിചരണം ആവശ്യമില്ലാത്തതിനാലാണ് എല്ലാവരും തണല്‍ മരമായി ഞാവലിനെ തിരഞ്ഞെടുക്കുന്നത്.

മറ്റ് തണല്‍മരങ്ങളെ അപേക്ഷിച്ച്‌ നല്ല ദീര്‍ഘായുസ്സുള്ള മരമാണ് ഞാവല്‍. 100-12 നൂറ് നൂറ്റിയിരുപത് വര്‍ഷം വരെയാണ് അതിന്‍റെ ആയുസ്സ്. ഓരോവര്‍ഷം കഴിയുന്തോറും ഇതിന്‍റെ  തൊലിക്ക് കട്ടി കൂടിക്കൂടി വരുന്നു. പുല്‍വര്‍ഗത്തില്‍ മുളയെപ്പോലെ വളരെവേഗം വളരുന്ന വൃക്ഷമാണ് ഞാവല്‍.  കേവലം രണ്ടുവര്‍ഷം കൊണ്ടുതന്നെ 45 മീറ്റര്‍ നീളം വെക്കുന്നതാണിത്. മുറിച്ച്‌ കുറ്റിയാക്കി മാറ്റിയാലും പൊടിച്ച്‌ വളര്‍ച്ച കാണിക്കും. നിറയെ ശാഖകളുണ്ടാകും. ചെറുപ്രായത്തില്‍ മിനുസമാര്‍ന്ന കാണ്ഡം പ്രായമാവുന്തോറും അടര്‍ന്നു വീഴുന്ന രീതിയിലേക്ക് മാറുന്നു. ഇലകള്‍ക്ക് 10-12 സെ.മീ.നീളവും 478 സെമീ.വരെ വീതിയുമുണ്ടാകും. വെള്ളം കൃത്യമായി ലഭിക്കാത്തിടത്ത് വളരുന്ന ചെടികള്‍ കടുത്ത വേനലില്‍ ഇലപൊഴിക്കുന്നതായിക്കാണാറുണ്ട്. പൊഴിയുന്നതിനുമുമ്പ് ഇല മങ്ങിയ ചുവപ്പുനിറം കാണിക്കും

തൈകള്‍ തയ്യാറാക്കലും കൃഷിയും

നന്നായി മൂത്തുവിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചാണ് ഞാവല്‍ തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. കേരളത്തില്‍ എല്ലായിടത്തും ഞാവല്‍ നന്നായി കായ്ക്കുന്നുണ്ട്. തമിഴ്നാടില്‍ വ്യാപകമായി ഞാവല്‍ മരങ്ങളുണ്ട്. അവിടങ്ങളിലെ ഞാവല്‍ തൈകള്‍ നല്ല കായ് ഫലവും നല്‍കാറുണ്ട്. നന്നായി മൂത്തകായകളില്‍ ഓരോന്നിലും ആറ് വിത്തുകള്‍ വരെ കാണും. അവ ശേഖരിച്ചെടുത്ത് ഉടന്‍തന്നെ പോളിത്തീന്‍ കവറുകളില്‍ നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാല്‍ത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയ്ക്കുന്നതിനുള്ള ശേഷിയും നഷ്ടപ്പെടുന്നു.

മുളച്ചുപൊന്തിയ തൈകള്‍ മൂന്ന്-നാലു മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം. പതിവെച്ചു മുളപ്പിച്ചും കമ്പുനട്ട് വേരുപിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം. ചെടിയുടെ ആദ്യകാലത്ത് വളര്‍ത്തിയെടുക്കാന്‍ കുറച്ച്‌ ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല.

ഉദ്യാനങ്ങളില്‍ നടുമ്പോള്‍ 10-15 മീറ്റര്‍ അകലം പാലിക്കാം. എന്നാല്‍ കാറ്റിനെ പ്രതിരോധിക്കുന്ന ഞാവല്‍, പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാ ബാധിച്ചാല്‍ത്തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ ഞാവല്‍ സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചിലപ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നുതീര്‍ക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട്.  രണ്ടുവര്‍ഷം കൊണ്ടു തന്നെ 46 മീറ്റര്‍ ഉയരം വെക്കുന്ന ഇത് നാലുവര്‍ഷം കൊണ്ട് പുഷ്പിക്കും.  മരം മുറിച്ചു മാറ്റിയാല്‍ത്തന്നെപിന്നെയും നല്ല വളര്‍ച്ച കാണിക്കും.

ഗുണവും ഉപയോഗവും

ശീതവീര്യമുള്ളതെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്ന ഇതിന്‍റെ പാകമായ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം രൂക്ഷമാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, തയാമിന്‍, റൈബോ ഫ്ളവിന്‍, നയാസിന്‍, പാന്‍റോത്തൈനിക് അമ്ലം, വിറ്റാമിന്‍ ബി6, സി, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ സമ്പുഷ്ടമായ തോതില്‍ അടങ്ങിയിരിക്കുന്നു. ഔഷധമായി നന്നായി ഉപയോഗിക്കപ്പെടുന്ന വൃക്ഷത്തിന്‍റെ കായ, ഇല, കമ്പ് എന്നിവ ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ഞാവല്‍ കായയുടെ കുരു ഉണക്കിപ്പൊടിച്ചത് പ്രമേഹത്തിന്റെ മരുന്നാണ്. വിത്തിലടങ്ങിയിരിക്കുന്ന ചില ആല്‍ക്കലോയ്ഡുകള്‍ അന്നജത്തെ പഞ്ചസാരയായി മാറാതെ തടയുന്നതുകൊണ്ടാണിത്. തണ്ടും ഇലയും ആന്‍റിബയോട്ടിക് ശേഷി കാണിക്കുന്നതിനാല്‍ ഇവ വാറ്റിക്കിട്ടുന്ന സത്ത് ഫിലിപ്പീന്‍സിലും മറ്റ് പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും വയറുവേദനയ്ക്കും വയറിളക്കത്തിനും മരുന്നായി സേവിക്കുന്നു.

പോഷകമൂല്യം കൂടുതലുള്ള നീലചിപ്പിക്കൂണ്‍

ചിപ്പിക്കൂണിലെ ഇനമാണ് നീലചിപ്പിക്കൂണ്‍. . സാധാരണ ചിപ്പിക്കൂണുകളെ അപേക്ഷിച്ച് വിളവും പോഷകമൂല്യവും ഇവയ്ക്ക് കൂടുതലാണ്. ഹിപ്‌സിസൈഗസ് അള്‍മേരിയസ് എന്ന് ശാസ്ത്രനാമം. ശൈത്യരാജ്യങ്ങളില്‍ കണ്ടുവരുന്നു.

കൂണ്‍ മുകുളങ്ങള്‍ക്കാണ് നീലനിറം. പൂര്‍ണ വളര്‍ച്ചയെത്തുന്നതോടെ ഇവ ഇളംവെള്ള നിറമായി മാറും. മറ്റു ചിപ്പിക്കൂണുകളെപ്പോലെ തന്നെ വയ്‌ക്കോല്‍,റബ്ബര്‍,മരപ്പൊടി മുതലായ കാര്‍ഷികാവശിഷ്ടങ്ങളില്‍ ഇവ കൃഷി ചെയ്യാം. 35 മുതല്‍ 37 ദിവസം കൊണ്ട് നീല ചിപ്പിക്കൂണുകളുടെ ആദ്യ വിളവെടുപ്പ് നടത്താം.

ഒരു കൂണ്‍തടത്തില്‍ നിന്നും ഒന്നര കിലോഗ്രാം വരെ വിളവു ലഭിക്കുന്ന ഈ കൂണുകള്‍ അന്തരീക്ഷാവസ്ഥയില്‍ കൂടുതല്‍ നേരം കേടാകാതെ സൂക്ഷിക്കാം. കേരളത്തിലെ കാലാവസ്ഥയില്‍ ഇവ ജൂണ്‍ മുതല്‍ ഫെബ്രുവരി വരെ കൃഷി ചെയ്യാമെന്ന് വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

നെന്‍മണികളില്‍ തയ്യാറാക്കുന്ന വിത്തുപയോഗിച്ച് മറ്റു ചിപ്പിക്കൂണുകളെപ്പോലെ പോളിത്തീന്‍ കവറുകളില്‍ ഇവ വളര്‍ത്താം. മികച്ച വിളവിന് അനുയോജ്യമായ കാലാവസ്ഥ അത്യന്താപേക്ഷിതമാണെന്നതിനാല്‍ വേനല്‍ക്കാല കൃഷിക്ക് നീലചിപ്പിക്കൂണുകള്‍ യോജിച്ചതല്ല.

ഒരു പായ്ക്കറ്റ് കൂണ്‍ വിത്തും 2 കിലോ വൈക്കോലും ഉപയോഗിച്ച് കൃഷി ചെയ്താല്‍ 2-2.5 കിലോ കൂണ്‍ വിളവെടുക്കാം. നല്ല വലിപ്പവും ആകര്‍ഷണീയവുമായ നീല ചിപ്പിക്കൂണുകള്‍ക്ക് കമ്പോളത്തില്‍ ആവശ്യക്കാരേറെയാണ്.

കാര്‍ഷിക വാര്‍ത്തകള്‍

ഇഞ്ചിയുടെ മാഹാത്മ്യം

നമ്മുടെ നാട്ടില്‍ വിദേശികളെത്താനും ഇവിടെ വ്യാപാരം കൊഴുപ്പിക്കാനും കാരണമായ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. പച്ച ഇഞ്ചിയുടെ രൂപത്തിലുള്ളതിനെക്കാളും ഉപയോഗം ഉണക്കിയെടുക്കുന്ന ചുക്കിന്‍റെ രൂപത്തിലാണ്. പോര്‍ച്ചുഗീസുകാരെയും സ്പെയിന്‍കാരെയും ഡച്ചുകാരെയും പിന്നീട് ഇംഗ്ലീഷുകാരെയും ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കാനും മിക്ക വന്‍കരകളിലേക്കും കുടിയേറാനും പ്രേരിപ്പിച്ചതില്‍ കറുത്തപൊന്നിനെപ്പോലെത്തന്നെയുള്ള പങ്ക് ഇഞ്ചിക്കും ചുക്കിനുമുണ്ട്.

ഇഞ്ചി ശരിക്കുമൊരു ചൈനക്കാരനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ഇന്ത്യയിലും ചില ആഫ്രിക്കന്‍ നാടുകളിലും കരീബിയന്‍ നാടുകളിലും നന്നായി കൃഷിചെയ്തുവരുന്നുണ്ട്. കേരളത്തില്‍ വയനാടാണ് ഇഞ്ചികൃഷിക്ക് പേരുകേട്ട സ്ഥലം. പിന്നിട് കുടകിലേക്കും ഇപ്പോള്‍ ഒഡിഷയുടെ ചില ഭാഗങ്ങളിലേക്കും ഇഞ്ചികൃഷി വ്യാപിച്ചുകൊണ്ടിരിക്കുന്നു.

പച്ചയ്ക്ക് നല്ല ചവര്‍പ്പു കാണിക്കുന്ന ഇനമാണിത്. ചെടിയുടെ ഭൂകാണ്ഡത്തെയാണ് നാം ഉപയോഗിക്കുന്നത്. ആയുര്‍വേദത്തിലെ മിക്ക ഔഷധത്തിലും ഇഞ്ചിയുടെ ഉപോത്പന്നമായ ചുക്ക് ഉപയോഗിച്ചുവരുന്നു. \'ചുക്കില്ലാത്ത കഷായമില്ല\' എന്ന ചൊല്ല് നാം സാധാരണ പറയാറുള്ളതാണ്. സിഞ്ചിബറേസി(ഹരിദ്ര) കുടുംബത്തില്‍പ്പെട്ട ഇഞ്ചിയുടെ ശാസ്ത്രീയനാമം സിഞ്ചിബര്‍ ഒഫിസിനേല്‍ എന്നാണ്.

ചൈനക്കാര്‍ക്ക് മത്സ്യ, മാംസ ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണിത് ഒരുതരം കാന്‍ഡിയും അവര്‍ ഇഞ്ചികൊണ്ട് നിര്‍മിക്കുന്നു. നമ്മുടെ ഇഞ്ചിമിഠായിപോലെ. കരീബിയന്‍ ദ്വീപുകളില്‍ ബിയറും വൈനും നിര്‍മിക്കാന്‍ ഇഞ്ചിയുപയോഗിക്കുന്നു. ദക്ഷിണേന്ത്യയില്‍ വ്യാപകമായും ബംഗാള്‍പോലെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൃഷിചെയ്തുവരുന്നു. ഒരുചിരസ്ഥായി സസ്യമാണിത്. കൂടിയത് ഒരു മീറ്റര്‍ വരെ വളര്‍ന്നുവരുന്ന ഇവയുടെ ഇലയ്ക്ക് അഞ്ച് സെമി വീതിയും ഒരടിനീളവും കാണാറുണ്ട്. ഇലയുടെ അറ്റം കൂര്‍ത്തമുനയുള്ളതാണ്. പൂക്കുലകള്‍ക്ക് പത്തു സെ.മീ.നീളം കാണാം. പൂക്കള്‍ക്ക് മഞ്ഞനിറഞ്ഞ പച്ചനിറവും ചെറിയ വയലറ്റ് നിറവുമുണ്ടാകും. മണ്ണിനു മുകളിലുള്ള ഭാഗം വേനല്‍ക്കാലത്ത് നശിച്ചുപോകുമെങ്കിലും അടിയിലെ കിഴങ്ങ് വിണ്ടും വളര്‍ന്നുവരുന്നു. കിഴങ്ങിന് പ്രത്യേകതരം എരിവും വാസനയുമുണ്ട്. തൊലികളഞ്ഞു പ്രത്യേകരീതിയില്‍ വെയിലത്തുണക്കി ചുക്കാക്കിമാറ്റുന്നു.

കൃഷിയിടമൊരുക്കല്‍: : കൂറേക്കാലമായി കൃഷിചെയ്യാതെയിട്ടിരിക്കുന്ന നല്ലജൈവപുഷ്ടിയുള്ള മണ്ണാണ് ഇഞ്ചി കൃഷിക്ക് ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച്‌ 1500 മീറ്റര്‍വരെ ഇഞ്ചികൃഷിചെയ്യാം. എന്നാല്‍ 400-1000 മീറ്ററിലാണ് വിളവ് കൂടുതല്‍ കിട്ടുന്നതായി കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനില്‍ക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്‍റെ അമ്ലക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ നന്ന്. അമ്ലഗുണം കൂടിയമണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്‍റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കംപോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് ഒരടി ഉയരത്തില്‍ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് കിഴങ്ങുകള്‍ നടേണ്ടത്.

വിത്തുകള്‍ തമ്മില്‍ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വേനല്‍മഴ കിട്ടി സാധാരണയായി ഏപ്രില്‍ മാസത്തിലെ ആദ്യവാരങ്ങളിലാണ് ഇഞ്ചി നടുന്നത്. വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ ചാറല്‍ മഴ നല്ലതാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങള്‍ തമ്മില്‍ കുറഞ്ഞത് കാല്‍മീറ്റര്‍ അകലവും തടത്തിന്റെ ഉയര്‍ച്ച കുറഞ്ഞത് കാല്‍ മീറ്ററെങ്കിലും ഉണ്ടായിരിക്കുകയും വേണം. ചരിഞ്ഞ സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 30 സെമീ അകലത്തില്‍ തടമെടുക്കാം. ഇവിടങ്ങളില്‍ താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്.

വിത്തുകള്‍ തിരഞ്ഞെടുക്കാം: വിളവെടുക്കുന്ന കിഴങ്ങുകള്‍ തന്നെയാണ് നടീല്‍വസ്തുക്കളായി ഉപയോഗിക്കുന്നത്. നന്നായി മൂപ്പെത്തിയതും എന്നാല്‍ രോഗകീടബാധതീരെയില്ലാത്തതുമായ ഇഞ്ചി വിത്തായി മാറ്റിവെക്കാം. ഇങ്ങനെ മാറ്റി വെക്കുന്നത് വിളവെടുക്കുന്നതിനുമുമ്ബ് ഡിസംബര്‍,നവംബര്‍ മാസങ്ങളില്‍ത്തന്നെ അടയാളപ്പെടുത്തിവെക്കണം. ജനുവരി അവസാനത്തോടെ വിളവെടുത്ത് സൂക്ഷിക്കണം. തണുപ്പുള്ള ഷെഡ്ഡില്‍ കുഴിയുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത്. ഇങ്ങനെ തരംതിരിച്ചെടുക്കുന്ന വിത്തുകള്‍ കുമിള്‍നാശിനിയിലോ കീടനാശിനിയിലോ മുക്കിയെടുത്തു സൂക്ഷിച്ചാല്‍ കേടാകാതെയിരിക്കും. ലായനിയില്‍മുക്കിയെടുത്ത് വെള്ളം വാര്‍ത്തതിനുശേഷം തണലത്ത് ഉണക്കിയെടുത്ത് കുഴികളില്‍ ഈര്‍ച്ചപ്പൊടിയോ മണലോ നിരത്തി അതിനുമുകളില്‍പരത്തി അതിനുമുകളില്‍ പാണലിലകൊണ്ട് മൂടിയിടുന്നത് ഇഞ്ചി ചുരുങ്ങിപ്പോകാതിരിക്കാനും കീടങ്ങള്‍ ആക്രമിക്കാതിരിക്കാനും നല്ലതാണ്.

വിത്തിനങ്ങള്‍ക്കായി നമ്മള്‍ നാടന്‍, വയനാടന്‍ വൈവിധ്യങ്ങളെത്തെയാണ് ആശ്രയിക്കുന്നത്. കാര്‍ഷികസര്‍വകലാശാലകള്‍ വളര്‍ത്തിയെടുത്ത മികച്ച സങ്കരയിനങ്ങളുടെ അഭാവം തന്നെയാണിതിന് കാരണം. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്‌ വികസിപ്പിച്ചെടുത്ത വരദ, രജത, മഹിമ എന്നിവ ചുക്ക് നിര്‍മാണത്തിനുപയോഗിക്കാവുന്ന മുന്തിയ ഇനങ്ങളാണ്. പച്ച ഇഞ്ചിക്കായി റിയോഡി ജനൈറൊ, ചൈനയിനം, വയനാട് ലോക്കല്‍ എന്നിവ തന്നെ ഉപയോഗിക്കാം.

ഇഞ്ചിവിത്തുകള്‍ നടുമ്പോള്‍ ആദ്യം അതിനെ ഒന്നോ രണ്ടോ മുകുളങ്ങളുള്ള കുറഞ്ഞത് 15 ഗ്രാമെങ്കിലും തൂക്കമുള്ള കഷണങ്ങളായി മുറിച്ചെടുത്ത് സ്യൂഡോമോണസ് ലായനിയിലോ പച്ചച്ചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം. വിത്ത് നടുന്നതിനു മുമ്പ് ട്രൈക്കോഡര്‍മ സമ്പുഷ്ട ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം കുഴികളിലിട്ട് മൂടിയാല്‍ മണ്ണിലൂടെ പകരുന്ന പൂപ്പല്‍ രോഗങ്ങള്‍, വിരകള്‍, ചീയല്‍രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാം.

ചെടിയുടെ പരിപാലനവും വളപ്രയോഗവും: സുഗന്ധവ്യഞ്ജനങ്ങളില്‍ ഏറ്റവുമധികം മൂലകങ്ങളെ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി. കാലിവളത്തിനു പുറമേ പൊട്ടാഷ്, യൂറിയ, ഫോസ്ഫറസ് എന്നിവ ആനുപാതികമായി ഉപയോഗിച്ചാണ് രാസകൃഷി നടത്തുന്നത്. എന്നാല്‍ ജൈവകൃഷിയില്‍ പച്ചിലവളവും ചാണകവും ചാരവും തന്നെയാണ് പ്രധാനമായും ഉപയോഗിക്കുക. ഏറ്റവുമധികം പരിപാലനം ആവശ്യമുള്ള വിളയാണ് ഇഞ്ചി. എല്ലാദിവസവും കൃഷിക്കാരന്‍റെ കണ്ണെത്തേണ്ടതുണ്ട്. നന്നായി പച്ചിലകള്‍കൊണ്ട് പുതയിടണം. നടീല്‍കഴിഞ്ഞ ഉടനെത്തന്നെ പച്ചിലകള്‍ തടത്തിനു മുകളില്‍ വിരിക്കുന്നത് തടത്തിലെ ഈര്‍പ്പം നഷ്ടപ്പെടാതെ കാക്കാന്‍ സാധിക്കും. വിത്ത്മുളപ്പിച്ച്‌ വളര്‍ത്തി വെട്ടിയെടുത്ത് പുതയായി ഉപയോഗിക്കുന്നവരുമുണ്ട്.

രോഗങ്ങളും കീടങ്ങളും: സാധാരണ കിഴങ്ങുവര്‍ഗ വിളകള്‍ക്കു വരുന്ന രോഗങ്ങളും കീടങ്ങളും തന്നെയാണ് ഇഞ്ചിയെയും ബാധിക്കുന്നത്. തണ്ടുതുരപ്പന്‍പുഴുവാണ് ഇഞ്ചിയെ ബാധിക്കുന്ന പ്രധാന കീടം. വേരുചീയല്‍ രോഗം, മൊസെക്ക്രോഗം, മൃദുചീയല്‍, ബാക്ടീരിയല്‍വാട്ടം, പൂപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങള്‍. മണ്ണില്‍ വസിക്കുന്ന രോഗാണുക്കള്‍ പടര്‍ത്തുന്ന രോഗങ്ങളാണ് ബാക്ടീരിയല്‍ വാട്ടം, മൃദുചീയല്‍ എന്നിവ.

മൃദുചീയല്‍ : ഇഞ്ചിക്കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാനകുമിള്‍ജന്യരോഗമാണ് മൃദുചീയല്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മഴമാസങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുത്. ഇഞ്ചിയെ ഈ രോഗം ബാധിച്ചാല്‍ തണ്ടുകള്‍ അഴുകി മഞ്ഞനിറമാവുകയും ഇല മഞ്ഞളിച്ച്‌ ഒടിഞ്ഞുവീഴുകയും ചെയ്യുന്നു. മാത്രമല്ല കിഴങ്ങുകള്‍ അഴുകി നശിക്കുകയും ചെയ്യും. രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി രോഗം മറ്റുള്ളവയിലേക്ക് പടരുന്നത് തടയുക എന്നതാണ് ആദ്യമായിചെയ്യണ്ടത്. രോഗബാധയേല്‍ക്കാത്ത നടീല്‍ വസ്തുക്കള്‍ ശേഖരിക്കുക, നടുന്നതിനുമുമ്പ് ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കിയ നടീല്‍വസ്തുക്കള്‍ ഉപയോഗിക്കുക, തടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്താതിരിക്കുക, ആവര്‍ത്തനകൃഷി ഒഴിവാക്കുക, കുമിള്‍നാശിനി പ്രയോഗിക്കുക, സ്യൂഡോമോണസ്, വെര്‍ട്ടിസിലിയം ലായനി എന്നിവ തടത്തില്‍ തളിക്കുക മുതലായ കാര്യങ്ങളിലൂടെ രോഗത്തെ പ്രതിരോധിക്കാനാകും.

ബാക്ടീരിയല്‍ വാട്ടം: സാധാരണ വഴുതിന വര്‍ഗവിളകളില്‍ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്.  പക്ഷേ, ഇഞ്ചികൃഷിയെ മാരകമായി ബാധിക്കുന്ന രോഗവുമാണിത്. ഈ രോഗം വളരെപ്പെട്ടെന്ന് പടരും. വിത്തിഞ്ചി കീടനാശിനിയില്‍ മുക്കിവെച്ച്‌ നടുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ഇല പച്ചയായിരിക്കുമ്പോള്‍ത്തന്നെ വാടുക, ഇലകള്‍ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടുപോവുക എന്നിവയാണിതിന്‍റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെത്തന്നെ കോപ്പര്‍ ഓക്സിക്ലോറൈഡ് വെള്ളത്തില്‍ കലക്കി(ഒരു ലിറ്ററിന് 10 ഗ്രാം തോതില്‍) ഒഴിച്ചുകൊടുക്കാം.

മൊസൈക്ക് രോഗം: മൊസൈക്ക് രോഗമാണ് ഇഞ്ചിയെ ബാധിക്കുന്ന മറ്റൊരു പ്രധാനരോഗം. ഇത് പിടിപെട്ടാല്‍ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാര്‍ഗമുള്ളൂ. ഇലകള്‍ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കിഴങ്ങ് ശുഷ്കിച്ചുപോവുകയു മാണിതിന്‍റെ ലക്ഷണം. രോഗം ബാധിച്ച ചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നുമാത്രം വിത്തിഞ്ചി ശേഖരിക്കുക, വേപ്പധിഷ്ഠിത കീടനാശിനികളുടെ ഉപയോഗം, ആവണക്കെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം: ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞ പോലെയുള്ളപാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്‍റെ ലക്ഷണം. പിന്നിട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച്‌ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധം സമൂലം തളിക്കുകയുമാണിതിന്‍റെ പ്രതിരോധമാര്‍ഗങ്ങള്‍.

ഔഷധഗുണങ്ങള്‍ :ഉഷ്ണവീര്യമുള്ള ഇത് ശരീരാഗ്നിയെ വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു, വിസര്‍ജ്യത്തെ ഇളക്കുന്നു. കഫത്തെ ഇല്ലാതാക്കി. വാതത്തെ വരുതിയിലാക്കി വായയെയും കണ്ഠത്തെയും ശുദ്ധമാക്കാന്‍ ഇഞ്ചിക്കു കഴിയുന്നു. ആയുര്‍വേദ വിധിപ്രകാരം കുഷ്ഠം, പാണ്ഡ്, മൂത്രച്ചൂട്, നീര്‍ക്കെട്ട്, രക്തപിത്തം, വ്രണങ്ങള്‍ എന്നിവയെ സാന്ത്വനിപ്പിക്കുന്നു. കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, സോഡിയം, എന്നീമൂലകങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ., വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ബി6, അന്നജം, കൊഴുപ്പ്, നാരുകള്‍, എന്നിവയുടെയും മികച്ച കലവറയാണ് ഇഞ്ചി.

മഴക്കാല റബ്ബറിലെ രോഗങ്ങള്‍

മഴക്കാലം റബ്ബറിന് രോഗങ്ങളുടെ കാലമാണ്. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ കുമിള്‍രോഗങ്ങള്‍ കൂടുതലായി പരക്കുന്നതുകൊണ്ടാണിത്. ഇതില്‍ പലരോഗങ്ങളും റബ്ബറിന്റെ വളര്‍ച്ചയെയും ഉത്പാദനത്തെയും സാരമായി ബാധിക്കുന്നവയാണ്.

1. അകാലിക ഇലകൊഴിച്ചില്‍: ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഉണ്ടാകുന്ന ഇലകൊഴിച്ചില്‍ കുമിള്‍രോഗംമൂലമാണ്. കായ്കളെയാണ് രോഗം ആദ്യം ബാധിക്കുന്നത്. തുടര്‍ന്ന് ഇലകളെബാധിച്ച് അവ പച്ചയായോ പഴുത്ത് ചെമ്പുനിറമായോ കൊഴിയുന്നു. കൊഴിയുന്ന ഇലകളുടെ തണ്ടില്‍ ഒരു കറുത്തപാടും അതിനുനടുവില്‍ ഒരു ചെറുതുള്ളി റബ്ബര്‍പാല്‍ കട്ടപിടിച്ച് പൊട്ടുപോലെയും കാണപ്പെടും. ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രമോ അല്ലെങ്കില്‍ കോപ്പര്‍ഓക്‌സിക്ലോറൈഡ് സ്‌പ്രേഓയിലില്‍ കലര്‍ത്തിയതോ (1:5 എന്ന അനുപാതത്തില്‍) തളിച്ച് ഈ രോഗം വരുന്നതു തടയാം.

2. കൂമ്പുചീയല്‍: ചെറുതൈകളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ഇളം കൂമ്പുകളും തളിരിലകളും അഴുകിപ്പോകുന്നു. തുടക്കത്തില്‍തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ തണ്ടിലേക്കും രോഗം വ്യാപിച്ച് വളര്‍ച്ച മുരടിക്കുന്നതിനും അങ്ങനെ അപക്വകാലഘട്ടം കൂടുന്നതിനും ഇടയാകും. ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രമോ കോപ്പര്‍ഓക്‌സിക്ലോറൈഡ് 0.125 ശതമാനം വീര്യത്തില്‍ വെള്ളത്തില്‍ കലര്‍ത്തിയതോ (വിപണിയില്‍ 50 ശതമാനം വീര്യത്തില്‍കിട്ടുന്ന കുമിള്‍നാശിനി, രണ്ടര ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍) തളിച്ച് ഈ രോഗം നിയന്ത്രിക്കാം. 
മഴക്കാലത്ത്, ഇടയ്ക്ക് വെയില്‍ കിട്ടുമ്പോള്‍ മരുന്നടിക്കണം. തളിരിലകളില്‍ മുകളിലും താഴേയും നന്നായി പറ്റിപ്പിടിക്കത്തക്കവിധം വേണം മരുന്നുതളിക്കാന്‍. കാര്‍ഷികാവശ്യത്തിനുപയോഗിക്കുന്ന ഏതെങ്കിലും പശകൂടി മരുന്നില്‍ ചേര്‍ത്ത് തളിക്കുന്നത് ഇലകളില്‍ നന്നായി പറ്റിപ്പിടിക്കുന്നതിന് സഹായിക്കും.

3. ചീക്ക് അഥവാ പിങ്കുരോഗം: തായ്ത്തടി, ശിഖരങ്ങള്‍, കവരഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പട്ടയെ ബാധിക്കുന്ന രോഗമാണിത്. തുടക്കത്തില്‍ വെളുത്ത പൂപ്പല്‍പോലെ കാണപ്പെടുകയും തുടര്‍ന്ന് ഈ ഭാഗത്ത് റബ്ബര്‍പാല്‍ പൊട്ടിയൊലിക്കുകയും ചെയ്യും. പൂപ്പല്‍ ക്രമേണ പിങ്കുനിറമാകുന്നു. പട്ട ചീഞ്ഞുപോകുന്നതുമൂലം രോഗംബാധിച്ച ഭാഗത്തിന് മുകളിലുള്ള ഇലകളും തണ്ടുകളും ഉണങ്ങുന്നു. മരത്തില്‍ രോഗംവരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രം സ്‌പ്രേ ചെയ്യുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. രോഗംവന്ന മരങ്ങളില്‍ പത്തുശതമാനം വീര്യമുള്ള ബോര്‍ഡോകുഴമ്പ് പുരട്ടി ഈ രോഗം നിയന്ത്രിക്കാം.

4. പട്ട ചീയല്‍: ടാപ്പുചെയ്യുന്ന മരങ്ങളുടെ വെട്ടുപട്ടയില്‍ ഉണ്ടാകുന്ന ഒരു കുമിള്‍രോഗമാണിത്. രോഗംമൂലം പട്ട ചീയുകയും പാല്‍ ഇല്ലാതാകുകയും ചെയ്യും. രോഗംബാധിച്ചഭാഗം ചുരണ്ടിനോക്കിയാല്‍ തടിയില്‍ നെടുകെ കറുത്ത ചെറിയവരകള്‍ കാണാം. മഴക്കാലത്ത് ടാപ്പുചെയ്യുമ്പോള്‍ ആഴ്ചയിലൊരിക്കല്‍ (ടാപ്പു ചെയ്യുന്നതിന്റെ പിറ്റേന്ന്) വെട്ടുപട്ട 0.375 ശതമാനം വീര്യത്തില്‍ മാങ്കോസെബ് (വിപണിയില്‍ 75 ശതമാനം വീര്യത്തില്‍ കിട്ടുന്ന കുമിള്‍നാശിനി, അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍) ഉപയോഗിച്ചുകഴുകുന്നത് ഈ രോഗം വരാതിരിക്കാന്‍ സഹായിക്കും.

കുളമ്പുരോഗത്തെ അകറ്റാന്‍ പ്രതിരോധ കുത്തിവെയ്പ്പ്‌ നൽകാം

കുളമ്പുരോഗ വിമുക്ത കേരളം ലക്ഷ്യംവെച്ചുകൊണ്ട്‌ കേന്ദ്ര സഹായത്തോടെ കേരള സർക്കാർ മൃഗസംരക്ഷണവകുപ്പ്‌ നടപ്പിലാക്കുന്ന ഗോരക്ഷ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധകുത്തിവയ്പിന്‍റെ അടുത്ത ഘട്ടം ഈ മാസം 26 വരെ നടക്കുന്നു. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്‌ നിയമാനുസൃതം നിർബന്ധമെന്നു മാത്രമല്ല കന്നുകാലികളെ കുളമ്പുരോഗമെന്ന മാരക രോഗത്തിൽ നിന്ന്‌ രക്ഷപ്പെടുത്തി നമ്മുടെ കന്നുകാലി സമ്പത്ത്‌ സംരക്ഷിക്കാനും അനിവാര്യമാണ്‌.

ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ്‌ രോഗമാണിത്‌. പശു, എരുമ, പന്നി, ആട്‌, ചെമ്മരിയാട്‌ തുടങ്ങിയവയിൽ രോഗബാധ കാണപ്പെടുന്നു. കുതിരകളിൽ ഈ വൈറസ്‌ രോഗമുണ്ടാക്കുന്നില്ല. പിക്കോർണ വൈറിഡേ എന്ന കുടുംബത്തിൽപ്പെട്ട ആഫ്തോ വൈറസ്‌ ജാനസ്സിൽ ഉള്ള ഏഴ്‌ വൈറസുകളാണ്‌ ആഗോളതലത്തിൽ രോഗമുണ്ടാക്കുന്നത്‌. അവയിൽ മൂന്നുതരം വൈറസുകളും, ഉപവിഭാഗങ്ങളുമാണ്‌ നമ്മുടെ സംസ്ഥാനത്ത്‌ രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്‌. രോഗകാരികളുടെ ഇത്തരത്തിലുള്ള വൈവിധ്യവും വ്യതിയാനങ്ങളുമാണ്‌ രോഗനിയന്ത്രണം ദുഷ്കരമാക്കുന്നത്‌. ഓരോ ഇനത്തിനും അവരവരുടേതായ രീതിയിൽ രോഗം ഉണ്ടാക്കാനുള്ള ശേഷിയുള്ളതിനാൽ രോഗനിയന്ത്രണത്തിനുള്ള പ്രതിരോധ മരുന്നിലും ഇവയെ ഉൾപ്പെടുത്തിയാലേ സമ്പൂർണ്ണ സുരക്ഷ ലഭ്യമാകൂ.

വായുവിലൂടെയും തീറ്റ, വെള്ളം, പുല്ല്‌ എന്നിവയിലൂടെയും രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നു. ശക്തമായ പനിയാണ്‌ ആദ്യ ലക്ഷണം. മൂക്കൊലിപ്പ്‌, ഉമിനീരൊലിപ്പ്‌, തീറ്റ തിന്നാതിരിക്കൽ, അയവെട്ടാതിരിക്കൽ, പാൽ കുറയൽ എന്നിവയാണ്‌ മറ്റ്‌ പ്രാരംഭ ലക്ഷണങ്ങൾ. 2-3 ദിവസത്തിനകം വായ, നാക്ക്‌, മൂക്ക്‌, മോണകൾ, അകിട്‌, ഈറ്റം എന്നിവിടങ്ങളിലും കുളമ്പുകൾക്കിടയിലും കുമിളകൾ പ്രത്യക്ഷപ്പെടുന്നു. ഈ പോളകൾ പൊട്ടി വ്രണങ്ങളായിത്തീരുന്നു. വ്രണങ്ങളിൽ പുഴുശല്യം ഉണ്ടാകാം. പശുക്കൾ കാലുകൾ ഇടയ്ക്കിടെ കുടയുകയും ചില അവസരങ്ങളിൽ മുടന്തും, കുളമ്പ്‌ ഊരി പോകുന്ന അവസ്ഥയും ഉണ്ടാകും.

തീവ്രമായ രോഗബാധയിൽ വായിലെയും മൂക്കിലെയും വ്രണങ്ങൾ മൂലം ശ്വാസതടസ്സമുണ്ടാകാം. വൈക്കോൽ പോലെയുള്ള കട്ടിയാഹാരം കഴിക്കാൻ കഴിയാതെ വരുന്നു. ചെനയുള്ള ഉരുക്കളിൽ ഗർഭമലസൽ സാധ്യതയുണ്ട്‌. കറവമാടുകളിൽ അകിടിലെ വ്രണങ്ങൾ അകിടുവീക്കത്തിനു കാരണമാകുന്നു. കന്നുകുട്ടികളിൽ രോഗം ഹൃദയപേശികളെ ബാധിക്കുന്നതിനാൽ മരണമുണ്ടാകും. വലിയ പശുക്കളിൽ മരണം കുളമ്പുരോഗബാധ മൂലമുണ്ടാകുന്നില്ലെങ്കിലും പാർശ്വ അണുബാധമൂലം കാലികൾ ചത്തുപോകാറുണ്ട്‌.

വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന അസുഖമാണ്‌ കുളമ്പുരോഗം. സാംക്രമികശക്തി കൂടുതലായതിനാൽ മൃഗങ്ങൾ തമ്മിലുള്ള നേരിട്ടും നേരിട്ടല്ലാതെ മനുഷ്യരിലൂടെയുമുള്ള സമ്പർക്കം വഴിയും വായുമാർഗ്ഗവും അണുസംക്രമണം നടക്കും. രോഗബാധയുള്ള മൃഗങ്ങളുടേയോ, അവയുടെ വിസർജ്ജ്യവസ്തുക്കൾ, സ്രവങ്ങൾ, പാൽ, മാംസം എന്നിവയുമായുള്ള സമ്പർക്കം മൂലമോ രോഗം പടരാം. തീറ്റ സാധനങ്ങൾ, തൊഴുത്തിലെ മറ്റു വസ്തുക്കൾ, പാൽപാത്രങ്ങൾ, ജോലിക്കാർ, വാഹനങ്ങൾ, മറ്റു മൃഗങ്ങൾ എന്നിവയൊക്കെ വാഹകരാകാം. വെള്ളം, കാറ്റ്‌ എന്നിവ വഴിയും രോഗം പടർന്നു പിടിക്കാം. രോഗം മാറിയ പശുവിന്‍റെ ശരീരത്തിൽ നിന്നും ഒരു മാസത്തിലധികം സമയംവരെ രോഗാണുബാധ പടരാവുന്നതാണ്‌. ശരിയായ പരിചരണത്തിലൂടെ 10-15 ദിവസങ്ങൾകൊണ്ട്‌ രോഗം പൂർണ്ണമായി മാറുമെങ്കിലും ഭാവിയിൽ കിതപ്പ്‌, വന്ധ്യത, ഉത്പാദനം കുറയൽ, അമിത രോമ വളർച്ച തുടങ്ങിയ പ്രശ്നങ്ങൾ കാണിച്ചേക്കാം.

രോഗം വരാതിരിക്കാനും വന്നാൽ പടർന്നു പിടിക്കാതിരിക്കാനും ഏറെ മുൻകരുതലുകൾ വേണ്ടി വരുന്നു. ഫാമിനകത്തേക്കും പുറത്തേക്കും രോഗാണുക്കൾ കടക്കാതെ തടയാനുള്ള എല്ലാ വഴികളും നോക്കണം. രോഗബാധയുണ്ടായാൽ വിവരം മൃഗാശുപത്രിയിൽ അറിയിക്കണം. രോഗം വന്നവയെ മാറ്റിപാർപ്പിക്കണം. രോഗം വന്നവയെ പരിപാലിക്കുന്നവർ മറ്റു മൃഗങ്ങളെ കൈകാര്യം ചെയ്യാൻ പാടില്ല. രോഗമുള്ളവയുടെ കാര്യങ്ങൾ ചെയ്തതിനുശേഷം മാത്രം രോഗമില്ലാത്തവയെ ശുശ്രൂക്ഷിക്കുക. പരിചാരകർ ഓരോ തവണ ഷെഡിൽ കയറുമ്പോഴും പോരുമ്പോഴും കൈകാലുകൾ അണുനാശിനിയിൽ മുക്കി അണുവിമുക്തമാക്കണം. ഫാമിന്‍റെ ഗെയിറ്റിനു മുമ്പിൽ അണുനാശിനി ചാക്കിൽ നനച്ചോ ചെറിയ ടാങ്കുകളിലോ നിറച്ച്‌ വച്ച്‌ മനുഷ്യരേയും വാഹനങ്ങളേയും ഇവയിൽ കഴുകി വേണം പ്രവേശിപ്പിക്കാൻ. 4 ശതമാനം വീര്യമുള്ള അലക്കുകാര ലായനി, 2 ശതമാനം വീര്യമുള്ള കാസ്റ്റിക്‌ സോഡ, 2 ശതമാനം വീര്യമുള്ള ഫോർമാലിൻ ഇവ ഉപയോഗിച്ച്‌ ഷെഡുകളും, വസ്തുക്കളും അണുവിമുക്തമാക്കാം.

വായ്ക്കുള്ളിലെ വ്രണങ്ങൾ പൊട്ടാസ്യം പെർമാംഗനേറ്റ്‌ ലായനി ഉപയോഗിച്ച്‌ കഴുകിയശേഷം ബോറിക്‌ ആസിഡ്‌ തേനിലോ ഗ്ലിസറിനിലോ ചാലിച്ച്‌ പുരട്ടുക. കാൽപാദത്തിലെ വ്രണങ്ങൾ 2 ശതമാനം വീര്യമുള്ള അലക്കുകാര ലായനിയിലോ, തുരിശു ലായനിയിലോ കഴുകി ആന്‍റിസെപ്റ്റിക്ക്‌ ലേപനങ്ങൾ പുരട്ടി കൊടുക്കുക. രോഗലക്ഷണമായ പനി കുറയാനുള്ള മരുന്നുകളും പാർശ്വ അണുബാധ തടയാൻ ആന്‍റിബയോട്ടിക്കുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകാം. വൈറസ്‌ രോഗമായതിനാൽ പ്രത്യേക ചികിത്സയില്ല.

രോഗം നാട്ടിൽ പടരുന്ന സമയത്ത്‌ ഫാമിൽ സന്ദർശകരെ പൂർണ്ണമായി ഒഴിവാക്കണം. വായുവിലൂടെ രോഗം പകരുമെന്നതിനാൽ രോഗം വന്നവയെ തീറ്റകൊടുക്കാൻ പുറത്തേക്ക്‌ കൊണ്ടുപോകരുത്‌. രോഗമുള്ള പശുക്കളുടെ പാൽ കഴിയുന്നതും പുറത്തുകൊണ്ടുപോകരുത്‌. അത്യാവശ്യമെങ്കിൽ തിളപ്പിച്ചതിനുശേഷം മാത്രം കൊണ്ടുപോകുക. രോഗം പടർന്നു പിടിക്കുന്ന അവസരങ്ങളിൽ കാലികളെ വിൽക്കാനോ, വാങ്ങുവാനോ പാടില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നവ ഒരു മാസം മുൻപെങ്കിലും പ്രതിരോധ കുത്തിവെയ്പ്‌ നൽകിയവയാകണം. പക്ഷികളും, മറ്റു മൃഗങ്ങളും തൊഴുത്തിൽ കയറാതെ നോക്കണം.

പശുവിനെ നോക്കുന്നവർ മറ്റു ഫാമുകളിൽ പോകരുത്‌. പുല്ലും, വൈക്കോലും രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന്‌ കൊണ്ടുവരരുത്‌. തൊഴുത്തിൽ നിന്നുള്ള മാലിന്യങ്ങളും ചത്ത പശുക്കളുടെ ജഡവും കൃത്യമായി മറവ്‌ ചെയ്യണം. ഇവ തോടുകളിലോ, പുഴയിലോ നിക്ഷേപിക്കുന്നത്‌ രോഗബാധ വ്യാപിപ്പിക്കും. കാലി പ്രദർശനങ്ങൾ, ചികിത്സാ ക്യാമ്പുകൾ ഇവ ഒഴിവാക്കണം.

പ്രതിരോധ കുത്തിവെയ്പ്‌ (വാക്സിനേഷൻ) നൽകുകയാണ്‌ രോഗ പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗ്ഗം. നാലുമാസം പ്രായത്തിൽ താഴെയുള്ള കിടാവുകളേയും ഏഴുമാസത്തിനു മുകളിൽ ചെനയുള്ള പശുക്കളേയും ഒഴിവാക്കണം. പശു, എരുമ, പന്നി എന്നിവയ്ക്ക്‌ കുത്തിവെയ്പ്‌ നൽകണം. കറവയുള്ള പശുക്കളിൽ കുത്തിവെയ്പിനുശേഷം താൽക്കാലികമായി ഏതാനും ദിവസം പാൽ കുറഞ്ഞേക്കുമെങ്കിലും പൂർവ്വസ്ഥിതി അതിവേഗം പ്രാപിക്കുന്നതാണ്‌. ആരോഗ്യാവസ്ഥയിലുള്ള ഉരുക്കളാണ്‌ കുത്തിവെയ്പിന്‌ വിധേയമാകേണ്ടത്‌. വിരബാധയോ മറ്റു രോഗങ്ങളോ ഉള്ളവയിൽ ചില അവസരങ്ങളിൽ പാർശ്വഫലങ്ങൾ കാണുന്നു. രോഗം പടരുന്ന സമയത്ത് കന്നുകാലികൾ കൂട്ടം കൂടുന്ന പ്രദർശനങ്ങളിലോ ക്യാമ്പുകളിലോ കൊണ്ടുപോയി പ്രതിരോധ കുത്തിവെയ്പ്‌ നൽകുന്നത്‌ നന്നല്ല. കാരണം രോഗാണു ശരീരത്തിൽ കടന്നാൽ 2-7 ദിവസത്തിനകം രോഗമുണ്ടാകുന്നു. എന്നാൽ കുത്തിവെയ്പ്‌ നടത്തിയതിന്‍റെ ഫലമായുള്ള പ്രതിരോധശക്തി രൂപപ്പെടാൻ 14-21 ദിവസമെടുക്കുന്നു.

അടുത്ത സംസ്ഥാനങ്ങളിൽ രോഗബാധയുണ്ടാകുന്നത്‌ കേരളത്തിന്‌ ഭീഷണിയാണ്‌. പ്രതിവർഷം 10 ലക്ഷം കാലികളാണത്രേ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ നമ്മുടെ സംസ്ഥാനത്തെ അറവുശാലകളിലെത്തുന്നത്‌. അശ്രദ്ധമായി ഇത്തരം മൃഗങ്ങളെ കൈകാര്യം ചെയ്താൽ രോഗം എളുപ്പം നമ്മുടെ നാട്ടിലെത്തുകയും ചെയ്യും. നമ്മുടെ സംസ്ഥാനത്തെ കുളമ്പുരോഗ നിയന്ത്രിത സംസ്ഥാനമാക്കാനുള്ള ബ്രുഹത്‌ പദ്ധതിയായ ഗോരക്ഷ പദ്ധതി വഴി നടത്തി വരുന്ന കുത്തിവെയ്പുകളുമായി എല്ലാ കർഷകരും സഹകരിച്ചാൽ മാത്രമേ കുളമ്പുരോഗത്തെ വരുതിയിൽ നിർത്താൻ നമുക്ക്‌ കഴിയൂ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ യജ്ഞങ്ങൾക്ക്‌ നൽകുന്ന സഹകരണം ദീർഘകാലത്തേക്ക്‌ ഗുണകരമാകുമെന്ന്‌ തീർച്ച.

ഇടവപ്പാതി തുടങ്ങുന്നതോടെ വിത്തുതേങ്ങകള്‍ പാകാം

ഇടവപ്പാതി തുടങ്ങുന്നതോടെ വിത്തുതേങ്ങകള്‍ പാകാം. വെള്ളം കെട്ടി നില്‍ക്കാത്ത വിധത്തില്‍ തറനിരപ്പില്‍ നിന്നുയര്‍ന്ന തവാരണകളുണ്ടാക്കി വിത്തുതേങ്ങകള്‍ പാകുക. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ളയിടങ്ങളില്‍ ചാലുകള്‍ കീറി നീര്‍വാര്‍ച്ചയ്ക്ക് സൗകര്യമുണ്ടാക്കണം

മണ്ണിന്‍റെ പുളിരസം കുറയ്ക്കാന്‍ കുമ്മായം

കേരളത്തിലെ മിക്കവാറും ജില്ലകളിലെ മണ്ണിലും അമ്ലത്വം കൂടുതലായി കാണുന്നുണ്ട്. തെങ്ങുകള്‍ക്ക് കുമ്മായം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു, മൂന്നു കനത്ത മഴ ലഭിച്ചു കഴിഞ്ഞാല്‍ തടം തുറന്ന് ഒരു തെങ്ങിന് 1 കി.ഗ്രാം വീതം കുമ്മായം തടത്തില്‍ വിതറുക. കുമ്മായത്തിന് പകരം ഡോളമൈറ്റായാലും മതി.

തടം തുറന്ന് തെങ്ങുകള്‍ക്ക് വളം ചേര്‍ക്കാം

തെങ്ങിനു ചുറ്റും 2 മീറ്റര്‍ വ്യാസത്തില്‍ തടംതുറന്ന് തടത്തില്‍ വേണം വളം ഇടാന്‍. കുമ്മായം ചേര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞ് ജൈവവളങ്ങളും രാസവളങ്ങളും തെങ്ങിന് ചേര്‍ക്കാന്‍ പറ്റിയ സമയമാണ്. വിവിധതരം ജൈവവളങ്ങളായ ചാണകം, എല്ലുപൊടി, ചാരം, മീന്‍വളം, ബയോഗ്യാസ് സ്ലറി, മണ്ണിര കമ്പോസ്റ്റ്, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ത്ത് കൊടുക്കാം. കായ്ക്കുന്ന ഒരു തെങ്ങിന് ഒരു വര്‍ഷം 25.50 കി.ഗ്രാം ജൈവവളം ലഭ്യത അനുസരിച്ച്‌ ചേര്‍ത്ത് കൊടുക്കാം. വേണ്ടത്ര ജൈവവളം ചേര്‍ത്തതിനുശേഷം രാസവളം ചേര്‍ക്കുന്നതാണ് നല്ലത്.

തെങ്ങൊന്നിന് 1 കി.ഗ്രാം യൂറിയ, 2 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 2 കി.ഗ്രാം പൊട്ടാഷ് ഇവയാണ് ഒരു വര്‍ഷം ചേര്‍ത്തുകൊടുക്കേണ്ട രാസവളം. ഇത് രണ്ട് ഗഡുക്കളായി കൊടുക്കുന്നതാണ് നല്ലത്. അതായത് മൊത്തവളത്തിന്‍റെ മൂന്നില്‍ ഒരു ഭാഗം ഈ മഴക്കാലത്തും മൂന്നില്‍ രണ്ടുഭാഗം സെപ്തംബര്‍--, ഒക്ടോബര്‍ മാസത്തിലും ചേര്‍ത്ത് കൊടുക്കണം.

കൂടാതെ മഞ്ഞളിപ്പുള്ള തെങ്ങുകള്‍ക്ക് തെങ്ങൊന്നിന് 1/2 കി.ഗ്രാം എന്ന തോതില്‍ മഗ്നീഷ്യം സള്‍ഫേറ്റ് എന്ന വളം ചേര്‍ത്തുകൊടുക്കണം. കരപ്രദേശങ്ങളില്‍ നില്‍ക്കുന്ന കായ്ക്കുന്ന തെങ്ങിന് കൂടുതല്‍ വെള്ളയ്ക്ക വീഴാന്‍ മഴക്കാലത്ത് 1 കി.ഗ്രാം എന്ന തോതില്‍ കറിയുപ്പ് ഇട്ടുകൊടുക്കുന്നതും നല്ലതാണ്. മണ്ണില്‍ നല്ല ഈര്‍പ്പമുള്ളപ്പോള്‍ അതായത്, മഴക്കാലത്ത് മാത്രമേ ഉപ്പ് ചേര്‍ക്കാവു.

ചെമ്പന്‍ചെല്ലിയുടെ ഉപദ്രവമുള്ള തെങ്ങുകളില്‍ തടിയില്‍ നിന്നും ചുവന്ന ദ്രാവകം ഒലിയ്ക്കുന്നതായും തടിയിലുള്ള സുഷിരങ്ങളിലൂടെ ചണ്ടി പുറത്തേയ്ക്ക് വരുന്നതായും കാണാം. ഏറ്റവും മുകളില്‍ കാണപ്പെടുന്ന സുഷിരമൊഴിയെ മറ്റെല്ലാം കളിമണ്ണോ സിമന്‍റോ കൊണ്ടടച്ചതിനുശേഷം അതിലൂടെ ഒരു ശതമാനം വീര്യമുള്ള കാര്‍ബാറില്‍ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആ സുഷിരവും അടയ്ക്കുക. ചെമ്പന്‍ചെല്ലിയെ നിയന്ത്രിക്കുവാന്‍ ഫിറമോണ്‍ കെണികളും ഫലപ്രദമാണ്. പക്ഷേ, ഒരു പ്രദേശത്തെ കര്‍ഷകര്‍ ഒരുമിച്ച്‌ ചേര്‍ന്ന് കെണികള്‍ വയ്ക്കണമെന്നു മാത്രം.

കൂമ്പുചീയല്‍/ മണ്ടചീയല്‍ രോഗത്തിനെതിരെ ജാഗ്രത

മഴക്കാലത്ത്, തെങ്ങിനെ ബാധിക്കുന്ന ഒരു മാരകരോഗമാണിത്. ഈ രോഗം ആദ്യം ബാധിക്കുന്നത് കൂമ്പോലയുടെ ഏറ്റവും അടിഭാഗത്താണ്. തുടര്‍ന്ന് കൂമ്പോലകള്‍ ചേരുന്ന മണ്ടയുടെ മുകള്‍ഭാഗത്തുള്ള മാര്‍ദ്ദവമേറിയ ഭാഗങ്ങളും കുമിള്‍ബാധയേറ്റ് അഴുകുന്നു. അതോടെ മണ്ട മറിഞ്ഞും തെങ്ങ് നശിക്കുന്നു.

രോഗം കാണുന്ന ആദ്യഘട്ടത്തില്‍ അഴുകിയ കൂമ്പ്മുറിച്ചുമാറ്റി അഴുകിയ ഭാഗം മുഴുവനും ചെത്തിമാറ്റി കളയണം. അതിനുശേഷം ആ ഭാഗത്ത് ബോര്‍ഡോ കുഴമ്പ്പുരട്ടി ഒരു പോളിത്തീന്‍ ഷീറ്റുകൊണ്ട് പൊതിഞ്ഞു വയ്ക്കുക. കൂടാതെ രോഗം വരാതിരിക്കുവാനായി മഴക്കാല ആരംഭത്തോടെ ഏറ്റവും മുകളിലത്തെ കൂമ്പോലയില്‍ ഇന്‍ഡോഫിന്‍ എം 45 എന്ന കുമിള്‍നാശിനി രണ്ടു ഗ്രാം എടുത്ത് ചെറിയ സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കവറില്‍ നിറച്ച്‌ കെട്ടിയിടുക. മഴ വരുമ്പോള്‍ ഇത് മണ്ടയില്‍ ലയിച്ച്‌ കൂമ്പോലകളുടെ ചുവട്ടില്‍ എത്തുകയും കുമിള്‍ മൂലം അഴുകല്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യും

മഴക്കാലത്ത് കൂണ്‍ കൃഷി ഗംഭീരമാക്കാം

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ്‌വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്.

കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍ പ്ല്യൂറോട്ടസ് (ചിപ്പിക്കൂണ്‍), കാലോസൈവ (പാല്‍ക്കൂണ്‍), വോള്‍വേറിയെല്ല (വൈക്കോല്‍ കൂണ്‍) )എന്നിവയാണ്. ഇവ മൂന്നും കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്. തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25 മുതല്‍ 35 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവില്‍ സമൃദ്ധമായി വളരും. നല്ല കട്ടിയുള്ള മാംസളമായ തണ്ടും തണ്ടിന്‍റെ അറ്റത്ത് മാംസളമായ കുടയുമാണ് ഇതിനുള്ളത്. മറ്റ് കൂണുകളെപ്പോലെ പാല്‍ക്കൂണുകളിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

പാല്‍ക്കൂണ്‍ കൃഷിക്ക് അനുയോജ്യമായ മാധ്യമം തയാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വൈക്കോല്‍ മാത്രമോ, 10 ശതമാനം തവിടുകൂടി ചേര്‍ത്തോ മാധ്യമം തയാറാക്കാം. ഇവ 16 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ടു കുതിര്‍ക്കണം. പിന്നീട് ഇവ മുക്കാല്‍ മണിക്കൂറോളം സമയം തിളപ്പിക്കണം. തവിട് പ്രത്യേകം കവറുകളില്‍ പ്രഷര്‍കുക്കറില്‍ ഇട്ട് അണുവിമുക്തമാക്കാവുന്നതാണ്. ഇവയില്‍നിന്നു വെള്ളം വാര്‍ന്ന് 70 ശതമാനം വരെ ഈര്‍പ്പം നില്‍ക്കുന്ന അവസ്ഥയില്‍ ബെഡ് തയാറാക്കാം.

പാകപ്പെടുത്തിയ മാധ്യമത്തെ നാലോ, അഞ്ചോ തട്ടുകളാക്കി പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. കവറ് വൃത്തിയുള്ളതും മൂന്നോ നാലോ സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. ഓരോ തട്ട് ബെഡ് വച്ചശേഷം കൂണ്‍വിത്തുകള്‍ ഇടണം. ഇപ്രകാരം അഞ്ച് ബെഡും വച്ചശേഷം കവറിന്‍റെ  അറ്റം കെട്ടി ഇരുട്ടുമുറിയിലേക്കു മാറ്റണം. ഈ മുറി അണുവിമുക്തമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇപ്രകാരം ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം വളര്‍ച്ചയ്ക്കായി ഇരുട്ടുമുറിയില്‍ വയ്ക്കണം. പിന്നീട് ഈ ബെഡുകളുടെ മുകള്‍ഭാഗത്തെ പോളിത്തീന്‍ കവര്‍ വൃത്താകൃതിയില്‍ മുറിച്ച് മാറ്റിയശേഷം പുതയിടണം. പുത തയാറാക്കുന്നതിനു വേണ്ടി ചാണകപ്പൊടിയും മണലും തുല്യ അളവില്‍ എടുത്ത് 30 ശതമാനം ഈര്‍പ്പവും നല്‍കണം.

ഇവ പിന്നീട് ഒരു മണിക്കൂറോളം ആവികൊള്ളിക്കണം. ഇതു മിശ്രിതത്തിലെ രോഗാണുക്കള്‍ നശിക്കുന്നതിന് സഹായകമാകും. മിശ്രിതം തണുത്തശേഷം കവറിന്‍റെ  മുകള്‍ഭാഗത്ത് മുക്കാല്‍ ഇഞ്ച് കനത്തില്‍ പുതയിടാവുന്നതാണ്.

പുതയിട്ട ബെഡുകള്‍ ഈര്‍പ്പം നഷ്ടമാകാതെ പോളിത്തീന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ചു 10 മുതല്‍ 12 വരെ ദിവസം സൂക്ഷിക്കണം. ഈര്‍പ്പം നഷ്ടമാകാതെ ഈ ബെഡുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കണം. ചെറിയ മുളകള്‍ ബെഡില്‍ കണ്ടുതുടങ്ങിയാല്‍ പുത മാറ്റി ദിവസവും വെള്ളം നല്‍കണം. ബെഡില്‍ നിന്നും ഏഴോ എട്ടോ ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയും. ഈസമയം ബെഡുകളെ വായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റാം. പാകമെത്തിയ കൂണുകള്‍ ഓരോന്നിനും 100-150 ഗ്രാം വരെ തൂക്കമുണ്ടാകും. ആദ്യ വിളവെടുത്താല്‍ നന തുടരണം. എട്ട് ദിവസം ഇടവിട്ട് രണ്ടോ മൂന്നോ ദിവസം കൂടി ഒരു ബെഡില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate