অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സസ്യലോകം

കറിവേപ്പ്

ആയിരത്തഞ്ഞൂറ് മീറ്റർ വരെ ഉയരമുള്ള മലമടക്കുകളിൽ പോലും കാണുന്ന ഇലപൊഴിക്കുന്നതുമായ കുറ്റിച്ചെടിയാണ് കറിവേപ്പ്. ഇലകളുടെ സവിശേഷ ഗന്ധം കറിവേപ്പിന്റെ പ്രത്യേകതയാണ്. ശ്രീലങ്ക, ചൈന, ആസ്ത്രേലിയ, ആഫ്രിക്ക, പാക്കിസ്താൻ, മലേഷ്യ, വിയത്നാം എന്നിവിടങ്ങളിലും കേരളം, തമിഴ് നാട്, ആന്ധ്ര, കർണ്ണാടകം, എന്നീ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും ഗുജറാത്തിലും ഇലയ്ക്ക് വേണ്ടി വളർത്തുന്നു. സുഗന്ധമുള്ള ഇതിന്റെ ഇലകൾ കറികളിൽ പ്രധാനമായി ഉപയോഗിക്കുന്നു. കറിവേപ്പിനെ തോട്ടങ്ങളിൽ അലങ്കാര സസ്യമായി നട്ടുവളർത്താറുണ്ട്.

ശാസ്ത്ര പഠന വിഭാഗം:

കുടുംബം

:

റൂട്ടേസീ

ശാസ്ത്ര നാമം

:

മുറയാ കോയ്നിജി സ്പ്രെങ്ങ് / Murraya koenigii spreng L.

അറിയപ്പെടുന്ന പേരുകൾ:

മലയാളം

:

കറിവേപ്പ്, കരിവേപ്പ്

ഇംഗ്ളീഷ്

:

കറിലീഫ് ട്രീ (Curryleaf tree)

സംസ്കൃതം

:

കാലശകനി, കൃഷ്ണനിംബ, കൈഡര്യഃ, സുരഭിനിംബ, ശ്രീപർണ്ണികാ

ഹിന്ദി

:

കരയ് പാക്

ബംഗാളി

:

ബർസുംഗാ

തമിഴ്

:

കരുവേപ്പിലൈയ്, കരുവേമ്പു

തെലുങ്ക്

:

കരേപാകു, കറിവേപു

സസ്യ വിശേഷങ്ങൾ:

ഏകദേശം 5-6  മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമായ വളരെക്കാലം കൊണ്ട് വളരുന്ന ബഹുവർഷിയും ഇലപൊഴിക്കുന്നതുമായ കുറ്റിച്ചെടിയാണ് കറിവേപ്പ്.

  • കാണ്ഡം:

ചെറിയ ശാഖകളുള്ള ഇടത്തരം കുറ്റിച്ചെടിയാണ് കറിവേപ്പ്. കാണ്ഡത്തിലെ തൊലിക്ക് ചാരനിറം, തവിട്ട് നിറം കലർന്ന പച്ച നിറം എന്നിങ്ങനങ്ങളിൽ കാണുന്നു. ചിലനേരങ്ങളിൽ ശൽകം പൊഴിക്കാറുണ്ട്. തൊലി പൊട്ടി നിൽക്കുമ്പോൽ തടിയുടെവെള്ള കാണാവുന്നതുമാണ്. തടിക്ക് കടുപ്പവും ബലവുമുണ്ടെങ്കിലും വേഗം പൊട്ടിപ്പോകും.

  • വേര്:

തായ് വേര് പടല രീതിയിലൂള്ള വേരാണ് കറിവേപ്പിനുള്ളത്. അപൂർവ്വമായി ശാഖാ വേരുകളിൽ ചിലവ പുതിയ തൈകളായി മുളച്ച് വരാറുണ്ട്.

  • ഇല:

കറിവേപ്പിലകളുടെ വിന്യാസം ഏകാന്തരമാണ്. അസമപിച്ഛകസംയുക്തമായതും അനുപർണ്ണങ്ങളില്ലാത്തുമാണ്. ഓരോ ഇലയും  6-10 ജോടി പത്രകങ്ങൾ ഏകാന്തരമായി വിന്യസിച്സിരിക്കുന്നു. 6-15 സെ. മീറ്റർ വരെ നീളവും 1 സെ. മീ. വീതിയും ഉള്ളതും ഗന്ധം കൂടിയ കടുത്ത പച്ചയിലയുള്ളതുമാണ്. ഇവയിൽ ധാരാളം സുഗന്ധ ഗ്രന്ധികളുണ്ട്. അണ്ഡാകാരവും അഗ്രം കൂർത്തതുമാണ് പത്രകങ്ങൾ. അഗ്രത്ത് മറ്റ് പത്രകങ്ങളേക്കാൾ വലുപ്പമുള്ള ഒരുപത്രകം ഇതിന്റെ സവിശേഷതയാണ്. ഓരോ പത്രകത്തിനും ഇനമനുസരിച്ച് 2-3 വരെ നീളവും 0.5 സെ.മീ. വീതിയും ഉള്ളതും  നിറവ്യത്യാസമുള്ള നെടുവരയുള്ളതും ഗന്ധ വ്യത്യാസമുള്ളതുമായി കണ്ടുവരുന്നു.

  • പൂവ്:

ഫെബ്രുവരി മുതൽ മേയ് വരെയാണ് പൂക്കാലം. പൂക്കൾ പാനിക്കിൾ ആണ്. ഒറ്റക്കുലയിൽ 60-90 പൂക്കൾ കാണും. പൂക്കൾക്ക് സവിശേഷ ഗന്ധവും തേനും ഉണ്ട്. പൂക്കൾ കുലകളായി കാണുന്നു. പൂക്കൾ ദ്വിലിംഗികളായിക്കാണുന്നു. അവയ്ക്കു പച്ചകലർന്ന വെള്ളപ്പൂക്കളാണ്. ബാഹ്യദളങ്ങൾ, ദളങ്ങൾ എന്നിവ 5 വീതം. കേസരങ്ങൾ അഞ്ചുവീതം മേയ് മാസത്തിൽ കൂടുതൽ പൂവിടുന്നു.

  • ഫലം:

കറിവേപ്പ് കായ്കൾ അണ്ഡാകൃതിയിലുള്ള ബെറിയാണ്. ഒക്ടോബർ മാസത്തിൽ വിളയും. കായ്കൾ ആദ്യം പച്ചയും വിളയുമ്പോൾ കറുത്ത ചുവപ്പ് നിറത്തിലും തിളങ്ങുന്ന ഉപരിതലത്തോടും കാണുന്നു. ഒരുകുലയിൽ 30-80 വരെ കായ്കൾ കാണാറുണ്ട്. കായ്ക്കുള്ളിൽ ഒന്നുരണ്ട് വിത്ത് കാണും. പക്ഷികൾ വിത്തുപൊതിഞ്ഞുകാണുന്ന പൾപ്പ് ഭക്ഷിക്കാറുണ്ട്. അണ്ഡാശയം ഊർധ്വവർത്തിയാണ്.

  • വിത്ത്:

കറിവേപ്പിന്റെ വിത്തിന് പച്ചനിറമാണ്. സ്വാഭാവിക പുനരുത്ഭവം കുറവെങ്കിലും ഉണങ്ങിയ വിത്തുകൾ ഉപയോഗിച്ച് പുതിയ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.

ഉപയോഗങ്ങൾ:

  • ഇല:

കറികളിൽ ഉപയോഗിക്കുന്നു. കൂടാതെ കറികൾ അലങ്കരിക്കാനും പ്രയോജനപ്പെടുത്തുന്നു. പ്രമേഹത്തിനെതിരായി പ്രവർത്തിക്കുന്നതിനാൽ ആയൂഃവേദത്തിൽ ഉപയോഗിക്കുന്നു.

രാസഘടകങ്ങൾ:

  • ഇല:

കറിവേപ്പില കൂവളത്തില തൈലത്തോട് സാമ്യമുള്ള ബാഷ്പശീലമുള്ള തൈലം ഇലകളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്ളൂക്കാസൈഡ്, റെസിൻ എന്നിവയും അടങ്ങിയിരിക്കുന്നു.

ആ‍യുഃവേദ പ്രയോഗങ്ങൾ:

ഇല,വേര്,മരത്തൊലി എന്നിവ ഔഷധഭാഗമാണ്.

രസ ഘടകങ്ങൾ:

രസം

:

തിക്തം, കടു, മധുരം

ഗുണം

:

ഗുരു,  രൂക്ഷം

വീര്യം

:

ഉഷ്ണം

വിപാകം

:

കടു

  • കറിവേപ്പില ദഹന ശക്തി വർദ്ധിപ്പിക്കുന്നു.അതിസാരം, വയറുകടി ഇവ കൂറയ്ക്കുന്നു. മലബന്ധം ഉണ്ടാക്കുന്നു.
  • കറിവേപ്പില വിഷബാധ ഒഴിവാക്കുന്നു. വായു ശമിപ്പിക്കുന്നു. വായ്ക്ക് രുചി വർധിപ്പിക്കുന്നു.

വിവിധ ഇനങ്ങൾ :

കറിവേപ്പ് സധാരണയായി മൂന്ന് തരത്തിലാണുള്ളത്. ഇലയുടെ വലുപ്പം, സുഗന്ധം, വളർച്ച എന്നിവയിലാണ് ഇനങ്ങൾ തമ്മിൽ വ്യത്യാസമുള്ളത്.

  • സാധാരണ കറിവേപ്പ്:

കേരളത്തിലും തമിഴ് നാട്ടിലും വ്യാപകമായി കണ്ടുവരുന്ന ഇനമാണ്. ഇലകൾ പാകമാകുമ്പോൾ കടുത്ത പച്ച നിറവും കൂടുതൽ സുഗന്ധവും കാണും. ഇലഞരമ്പുകൾക്ക് മഞ്ഞ നിറമാണ്. അറ്റത്തെ പത്രകം മറ്റ് പത്രകങ്ങളേക്കാൾ വലുതാണ്. ഈ ഇനം വളരെ വേഗത്തിലും ഉയരത്തിലും വളരാറുണ്ട്. ഗുണവും സുഗന്ധവും കൂടുതലാണ്.

  • കുറിയ ഇനം കറിവേപ്പ്:

അലങ്കാരത്തിനായി ചെടിത്തോട്ടങ്ങളിൽ വ്യാപകമായി വളർത്തുന്ന ഇനമാണിത്. ഇലകൾ പാകമാകുമ്പോൾ ഇളം പച്ച നിറവും കുറഞ്ഞ സുഗന്ധവും കാണും. ഇലഞരമ്പുകൾക്ക് ചുവപ്പ് നിറമാണ്. എല്ലാ പത്രകങ്ങളും ഒരേ വലുപ്പവും സാധാരണ കറിവേപ്പിനേക്കാൾ വളരെ ചെറുതുമാണ്. ഈ ഇനം വളരെ സാവധാനത്തിലാണ് വളരുന്നത്. ഗുണവും സുഗന്ധവും കുറവാണ്.

  • ഗന്ധി:

കമ്പോള ആവശ്യങ്ങൾക്കായി വ്യാപകമായി വളർത്തുന്ന പുതിയ ഇനമാണിത്. ഇലകൾ പാകമാകുമ്പോൾ പച്ച നിറവും കുറഞ്ഞ അതിയായ സുഗന്ധവും കാണും. എല്ലാ പത്രകങ്ങളും ഒരുപോലുള്ള ഇവയുടെ പത്രകങ്ങളെല്ലാം വലുതാണ്. ഈ ഇനം വളരെ സാവധാനത്തിലാണ് വളരുന്നത്. സുഗന്ധവും സാധാരണയിനത്തേക്കാൾ കൂടുതലാണ്.

പരാഗണവും വിതരണവും :

  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • പക്ഷികൾ വിത്തുപൊതിഞ്ഞുകാണുന്ന പൾപ്പ് ഭക്ഷിക്കാറുണ്ട്. ഭക്ഷണ ശേഷമുള്ള വിത്ത് വിതരണം നടക്കുന്നു.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:

  • വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:

കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ 17-20 വിത്തുകൾ. അവയിൽ പലതിനും പുനരുത്ഭവ ശേഷി കുറവാണ്. വിത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്തിന്റെ കട്ടിയുള്ള കവചം ഒഴിവാക്കി നട്ടാൽ വളരെവേഗം മുളയ്ക്കുന്നതാണ്. നനവുണ്ടെങ്കിൽ പോലും താമസിച്ച് മുളപൊട്ടുകയും വളരുകയും ചെയ്യും. ചെറുമുറ്റുള്ള ശാഖ ഇലയോടൊടിച്ച് മിസ്റ്റ് ഹൌസുകളിൽ നട്ടും തൈകൾ ഉണ്ടാക്കിവരുന്നു. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം. ചെറിയ ഇലകളെ കീടങ്ങൾ ആക്രമിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ആക്രമണം കൂടിയാൽ ചെടിത്തൈകൾക്ക് നാശം വരെ സംഭവിക്കാം.

  • മണ്ണൊരുക്കലും, നടീൽ രീതിയും:

മേയ്- ജൂൺ മാസങ്ങളിലാണ് തൈകൾ നടേണ്ടത്. 40 സെ. മീ. നീളം, 40 സെ. മീ. വീതി, 40 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 2 മീറ്റർ അകലത്തിലാണ് കറിവേപ്പ് തൈകൾ നടേണ്ടത്.

  • വളപ്രയോഗം, ജലസേചനം:

ആറുമാസം കഴിയുമ്പോൽ വേരിന് ക്ഷതം വരാതെ അരമീറ്റർ അകൽത്തിൽ മരത്തിനെ ചുറ്റി കുഴിയെടുത്ത് അതിൽ കമ്പോസ്റ്റ്, ചാണകം, 250 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. പിന്നീടുള്ള കാലയളവുകളിൽ വളം വളർച്ചാ നിരക്കിനനുസരിച്ച് നൽകാവുന്നതാണ്.

രണ്ടുമാസത്തിനുള്ളിൽ 2-3 ദിവസത്തിലൊരിക്കൽ ചെറിയ കറിവേപ്പുക്കൾക്ക് നനയ്ക്കേണ്ടതുണ്ട്. മൺസൂൺ മഴയ്ക്ക്ശേഷം ജല ലഭ്യതയ്ക്കനുസരിച്ച് നനയ്ക്കാവുന്നതാണ്. നനയ്ക്കുന്നത് ചുരുക്കാൻ തൈത്തടങ്ങളിൽ പുതയിടുന്നതോ തുള്ളിനനരീതി അവലമ്പിക്കുന്നതോ നന്നാണ്. തടങ്ങളിൽ പുതയായി ഉമിയോ കച്ചിലോ കരിമ്പിൻ ചണ്ടിയോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവുന്നതാണ്. രണ്ടുവർഷത്തിലൊരിക്കൽ പൂക്കൾ, ഇലകൾ എന്നിവ നുള്ളിമാറ്റുകയോ ചെയ്താൽ ശാഖകൾക്ക് വളർച്ച ത്വരിതപ്പെടും. ഡിസംബർ അവസാനത്തോടെ ശാഖകൾ കോതി നിർത്തുകയും, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റുകയും വേണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും വേരുകൾക്ക് ക്ഷതമേൽക്കാതെ സംരക്ഷിച്ചും ജലലഭ്യത ശ്രദ്ധിക്കുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും. 5-6 വർഷത്തിനുള്ളിൽ 4-6 മീറ്റർ ഉയരമെത്തുഅകയും ചെയ്യും.

  • വിളവ് ലഭ്യത:

ആദ്യവർഷം മുതൽ ശാഖ കോതുന്നത് ഉപശാഖകൾ കൂടുതൽ പുഷ്ടിയോടെ വളരാൻ കാരണമാകും. സാധാരണയായി തൈകൾ ഒറ്റശാഖകളായാണ് കാണുന്നത്. തലപ്പ് നുള്ളി പുതുശാഖകൾ സൃഷ്ടിക്കാവുന്നതാണ്. വളർച്ചയ്ക്കനുസരിച്ച് ഇലകൾ ഇറുത്തെടുക്കുന്നതിന് പകരം ഇലക്കൂട്ടങ്ങൾ ഉൾപ്പെടുന്ന തലപ്പ് ഭാഗം ഒടിക്കുന്നതാണ് നന്ന്. ഈ രീതിയിൽ കൂടുതൽ വിളവ് ലഭിക്കും. ആരോഗ്യമുള്ള കീടബാധയില്ലാത്ത ഇലകൾക്ക് വിപണി ലഭ്യത കൂടുതലുണ്ടാകും.

രോഗങ്ങളും രോഗ നിവാരണവും :

  • രോഗം:            മൊസൈക് രോഗം (Mosaic virus)

ലക്ഷണം:       വെള്ളീച്ച എന്ന കീടമാണ് രോഗവാഹി. ഇവ പരത്തുന്ന മൊസൈക് വൈറസ് ആക്രമണത്താൽ ചെടികളുടെ ഇലഞരമ്പുകളുടെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞ നിറമാകുന്നു. ഇലകൊഴിയുകയും പിന്നീടുള്ളവ വളർച്ച മുരടിക്കുകയും ചെയ്യുന്നു.

പ്രതിവിധി:       മൊസൈക് ബാധിച്ച ചെടികൾ വേരേടെ നശിപ്പിക്കലാണ് ഏറ്റവും നല്ല മാർഗ്ഗം. രോഗം വരാതിരിയ്ക്കാൻ വേപ്പെണ്ണ എമൽഷൻ അടക്കമുള്ള കീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. വേപ്പിൻ കായ മിശ്രിതം, പെരുവല മിശ്രിതം, വെളുത്തുള്ളി - മുളകു പ്രയോഗം  എന്നിവയുടെ പ്രയോഗത്താൽ വെള്ളീച്ചയെ തുരത്താവുന്നതാണ്.

  • രോഗം:            ഇലപ്പുള്ളി രോഗം

ലക്ഷണം:       ഇലകളിൽ വെളുത്ത നിറത്തിലുള്ള പൊട്ടുകൾ കാണപ്പെടുത്തതാണിതിന്റെ ലക്ഷണം

പ്രതിവിധി:       ഇലപ്പുള്ളി വരാതിരിയ്ക്കാൻ മഞ്ഞൽപ്പൊടി മിശ്രിതം തളിക്കലാണ് പ്രകൃതിദത്തമായ ഒരു മാർഗ്ഗം. 2% വീര്യത്തിൽ സ്യൂഡോമോണസ് ലായനി തളിച്ചും ഇവയെ നിയൻത്രിക്കാവുന്നതാണ്.

കീടങ്ങളും കീട നിവാരണവും :

  • കീടം: ഇലപ്പേൻ

ലക്ഷണം:  കറിവേപ്പിലയുടെ ഇലകൾ, ഇളം തണ്ട്  എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട്  എന്നിവ വാടിയതായി കാണുന്നു.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: ശൽക്ക കീടം

ലക്ഷണം: ഇളം കറിവേപ്പ് മരങ്ങളേയാണ് കൂടുതൽ ആക്രമിക്കുന്നത്. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, ചെറുശാഖകൾ ഉണങ്ങൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

നിവാരണം: 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. കൂടാതെ ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.

  • കീടം: ഇലതീനിപ്പുഴുക്കൾ

ലക്ഷണം:  കറിവേപ്പിന്റെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്ന ശലഭപ്പുഴുക്കളാണ്. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്ന് നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

മറ്റ് വിശേഷങ്ങൾ :

  • കറിക്കൂട്ടുകളിലെ സുഗന്ധവ്യഞ്ജനമായി മാത്രമല്ല; സോപ്പ് നിർമ്മാണത്തിനും ശരീരത്തിലുപയോഗിക്കുന്ന ലോഷനുകൾ, സുഗന്ധക്കൂട്ട്, സെന്റുകൾ, എയർ ഫ്രഷ്നറുകൾ, ശരീരത്തിന് നറുമണം നൽകുന്ന വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, കുളിക്കുന്നതിനും തടവുന്നതിനുമുള്ള എണ്ണ എന്നിവയിൽ കറിവേപ്പിലെ രാസഘടകങ്ങൾ ഉപയോഗിക്കുന്നു.
  • ഏഷ്യൻ രാജ്യങ്ങളിൽ പച്ചക്കറി – മത്സ്യ – മാംസ വിഭവങ്ങൾക്കും കടൽ വിഭവങ്ങൾക്കും, തേങ്ങ ഉപയോഗിക്കുന്ന കറികൾക്കും സ്റ്റ്യൂവിനും സൂപിനും ചട്ണിയ്ക്കും (ചമ്മന്തി) കറിവേപ്പില ഒഴിവാക്കാനാകാത്തതാണ്.
  • കറിവേപ്പ് തോട്ടങ്ങളിൽ അലങ്കാര സസ്യമായി നട്ടുവളർത്താറുണ്ട്.
  • തുളസിയുടെ അഭാവത്തിൽ പൂജകൾക്കായി കറിവേപ്പിലകൾ ഉപയോഗിക്കാറുണ്ട്.
  • തൈകൾക്കായി വിത്ത് നടുമ്പോൾ വിളഞ്ഞതും പുതിയതുമായ വിത്തുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
  • വിത്തു തൈകൾ 2-3 വർഷമെങ്കിലും പാകമായ ശേഷമേ ഇലകൾ ഉപയോഗിച്ചു തുടങ്ങാവൂ.
  • ഇലകൾ നുള്ളിയും പ്രൂൺ ചെയ്തും ധാരാളം ശാഖകൾ ഉണ്ടാക്കുക വഴി കൂടുതൽ ഇല ലഭ്യമാകും.
  • പ്രൂൺചെയ്യാൻ ഡിസംബർ - ജനുവരി മാസമാണ് (മഞ്ഞുകാലാരംഭത്തിൽ) കൂടുതൽ അനുയോജ്യം. ഇക്കാലത്ത് ഇലകൾ മഞ്ഞിച്ചുതുടങ്ങിയാൽ ഇലപൊഴിക്കാൻ തുടങ്ങും. ഈ സമയം പ്രൂണിംഗിനും കമ്പുകോതലിനും അനുയോജ്യമാണ്.
  • തുടർച്ചയായ വർഷങ്ങളിൽ ഒരേപോലെ പ്രൂണിംഗ് നടത്തിയാൽ കൂടുതൽ വിളവുണ്ടാകുന്നതായി കണ്ടുവരുന്നു.
  • കറിവേപ്പില മരങ്ങൾക്ക് മഞ്ഞുകാലത്ത് കൂടുതൽ നന പാടില്ല.
  • കറിവേപ്പ് തൈകൾക്കുണ്ടാകുന്ന ഇരുമ്പ് അപര്യാപ്തതതയ്ക്ക് അയൺ സൾഫേറ്റ് 2 ടേബിൾ സ്പൂൺ 20% നേർപ്പിച്ച് ചെടികൾക്ക് നൽകാവുന്നതാണ്.
  • വീടിനുള്ളിൽ അലങ്കാരത്തിന് വളർത്തുന്ന ചെടികൾക്ക് അനുയോജ്യമായ ചെടിച്ചട്ടികളും മണ്ണും അനിവാര്യമാണ്. ആയതിന്റെ പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതുമാണ്.
  • പാകമായ കറിവേപ്പിൻ കായ്കൾ ചുവപ്പ് നിറമാകും ആയതിന്റെ പൾപ്പ് ഭക്ഷ്യയോഗ്യമാണ്. എന്നാൽ വിത്തിൽ നേരിയ വിഷാംശമുള്ളത് ശ്രദ്ധിക്കേണ്ടതുമാണ്.
  • ചൂടാക്കിയ തേങ്ങാപ്പാലിൽ ഉപ്പും ചതച്ച കറിവേപ്പിലയും ചേർത്ത് കഴിച്ചാൽ കരൾ രോഗത്തിന് ശമനമുണ്ടാകും.
  • കറിവേപ്പ് ചെടികൾക്ക് കാത്സ്യം അപര്യാപ്തത ഉണ്ടാകാതിരിക്കാൻ മുട്ടത്തോട് പൊടിച്ച് ചെടികളുടെ ചുവട്ടിൽ നിക്ഷേപിച്ചാൽ മതിയാകും.
  • പഠനങ്ങളിൽ കറിവേപ്പില വിഷഹാരിയും കൊളസ്റ്ററോൾ, പ്രമേഹം, മറവിരോഗം, അനീമിയ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് ഔഷധവുമാണ്.
  • നൈട്രജൻ വളങ്ങളും കമ്പോസ്റ്റും കറിവേപ്പ് ചെടികളുടെ വളർച്ച വർദ്ധിപ്പിക്കും.

സീതപ്പഴ മരം

സീതപ്പഴ മരം – Sugar apple tree

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഫലസസ്യമാണ് സീതപ്പഴം. വെസ്റ്റിൻഡീസിൽ നിന്നും പോർച്ചുഗീസുകാരാണ് ഇവിടെ എത്തിച്ചെന്ന് കരുതപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ഇവ ഇന്ത്യ കൂടാതെ ബംഗ്ളാദേശ് പാകിസ്താൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ധാരാളമായിക്കാണുന്നു. ഇന്ത്യയിൽ തമിഴ്നാട്, ആസ്സാം, ഉത്തരാഞ്ചൽ എന്നിവിടങ്ങളിൽ കൃഷി ചെയ്തുവരുന്നു.

ശാസ്ത്ര പഠന വിഭാഗം:

കുടുംബ

:

അനോനേസീ

ശാസ്ത്ര നാമം

:

അനോന സ്ക്വാമോസ / Annona squamosa L.

അറിയപ്പെടുന്ന പേരുകൾ:

മലയാളം

:

സീതപ്പഴം, ആത്തിച്ചക്ക

ഇംഗ്ളീഷ്

:

ഷുഗർ ആപ്പിൾ(Sugar Apple), കസ്റ്റാർഡ് ആപ്പിൾ(Custard Apple), സ്വീറ്റ് സോപ്(Sweet Sop)

സംസ്കൃതം

:

സീതാ ഫല, ബഹുബീജഃ, കൃഷ്ണബീജഃ, ഗണ്ഡഗാത്ര

ഹിന്ദി

:

സീതാഫൽ, ആത്

ബംഗാളി

:

ആത, ലൂണ

തമിഴ്

:

ആത്ത്, സീതപ്പളം

തെലുങ്ക്

:

സീതാഫലമു, ഗണ്ഡഗാത്രമു

സസ്യ വിശേഷങ്ങൾ:

ഏകദേശം 2-8 മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമായ ബഹുവർഷിയായ കുറ്റിച്ചെടിയാണ് സീതപ്പഴമരം. മുള്ളാത്ത, രാമപ്പഴം എന്നിവയോട് ചേർന്നു നിൽക്കുന്നു. ഇവയേക്കാൾ വലുപ്പത്തിൽ ചെറുതും ധാരാളം ചെറു ശാഖകൾ ഉള്ളതുമാണ്. മുള്ളാത്തഫലം പോലെ പച്ച നിറവും മാംസള ഭാഗം വെളുപ്പും, കറുത്ത വിത്തുമാണുള്ളത്. മറ്റ് ആത്തകളേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 20 വർഷത്തോളം  ആയുസ്സുണ്ട്.

  • കാണ്ഡം:

ഏകദേശം 2-7 മീറ്റർ വരെ നീളമുള്ളതും ചെറിയ ശാഖകളുള്ള ഇടത്തരം കുറ്റിച്ചെടിയാണ് സീതപ്പഴ മരം.  ശാഖാവിന്ന്യാസം ക്രമ രഹിതമാണ്. തടിക്ക് കടുപ്പമോ ബലമോ ഇല്ല. തടിയ്ക്ക് ഇളം തവിട്ട് നിറമാണുള്ളത്. ഇലപ്പാട് ശാഖകളിലും പ്രധാന തടികളിലും കാണാറുണ്ട്. മഞ്ഞ നിറത്തിലുള്ള തടിയാണുള്ളത്. ചെറുശാഖകൾക്ക് പുള്ളിക്കുത്തുള്ള തവിട്ട് നിറമാണുള്ളത്.

  • വേര്:

തായ് വേര് പടല രീതിയിലൂള്ള വേരാണ് സീതമരത്തിനുള്ളത്.

  • ഇല:

സീതപ്പഴയിലകളുടെ വിന്യാസം ഏകാന്തരമാണ്. അനുപർണ്ണങ്ങളില്ലാത്ത ലഘുപത്രമാണ്. ഇലയ്ക്ക്  5-17 വരെ സെ.മി. നീളവും 2-5 വരെ സെ. മീ. വീതിയുമുണ്ട്. ഇലകൾ ദീർഘാകാരമാ‍ണ്. ഇലകളുടെ അഗ്രങ്ങൾ കൂർത്തതുമാണ്. ഇലാസിരകൾ നന്നേ തെളിഞ്ഞതും മധ്യസിര തടിച്ചതുമാണ്. ഇലയുടെ അടിവശം മിനുസമുള്ള രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഇലഞെട്ട് 4 മില്ലി മീറ്റർ നീളമുള്ളതും പച്ചനിറമാർന്നതുമാണ്.

  • പൂവ്:

സീതപ്പഴപ്പൂക്കൾ ഇലയുടെ കക്ഷങ്ങളിൽ നിന്നും മൂന്നെണ്ണം ഉൾപ്പെടുന്ന ചെറുകുലകളായോ ഒറ്റയ്ക്കോ കാണുന്നു. 3 ബാഹ്യ ദളപുടങ്ങൾ വളരെ ചെറുതും ആറ് എണ്ണം ദളങ്ങൾ വലുതുമായിക്കാണുന്നു. പൂക്കൾ ദ്വിലിംഗികളായിക്കാണുന്നു. പുറത്തെ മൂന്നു ദളങ്ങൾ മഞ്ഞകലർന്ന പച്ചനിറവും തടിച്ചതുമാണ്. 2.5 സെ. മി. നീളവും 1 സെ.മീ വീതിയും ഉണ്ട്. അകവശത്തെ ദളങ്ങൾ 0.5 സെ. മി. യിൽ കൂടുതൽ നീളം വരുന്നു. കേസരങ്ങൾ ധാരാളം. ജനിപുടത്തിൽ ധാരാളം ബീജാണ്ഡപർണങ്ങളും അതിൽ ഓരോ ബീജാണ്ഡവുമുണ്ട്. ഊർധ്വവർത്തി അണ്ഡാശയമാണുള്ളത്. മേയ്- ജൂൺ മാസം പൂക്കാലമാണ്. നിറ്റിഡൂലിഡ് വണ്ടുകൾ പരാഗണം നടത്താറുണ്ട്.

  • ഫലം:

സീതപ്പഴത്തിന്റെ ഫലം ബെറിയും ഗോളാകൃതിയും ഇടത്തരം ആപ്പിൾ വലുപ്പമുള്ളതുമാണ്. ഉപരിതലം ഉയർച്ചതാഴ്ച്ചകളുണ്ട്. ഫലം വിളയുമ്പോൾ പുറം പച്ചനിറം മാറി മഞ്ഞകലർന്ന പച്ചനിറവുമാകും. നല്ല വിളവാകുമ്പോൾ ഉപരിതലത്തിൽ പൌഡർ പൂശിയപോലെ കാണാറുണ്ട്. സ്തരങ്ങളാൽ വേർതിരിവില്ലാത്ത വെളുത്ത അല്ലികളാൽ കാണപ്പെടുന്ന മാസള ഭാഗത്തിന് നടുക്കായി വിത്തുകാണും. വെളുത്ത വെളുത്ത മാംസള ഭാഗത്തിന് മാധുര്യമേറും.

  • വിത്ത്:

സീതപ്പഴ വിത്തിന് 1.5 സെ.മീ നീളവും 0.5 സെ. മീ. വീതിയുമുണ്ട്. ഉപരിതലം നല്ല തിളക്കമാർന്നതും കറുപ്പ് നിറമുള്ളതുമാണ്. വിഷ സ്വഭാവമുണ്ട്. ഒരു പഴത്തിൽ 10- 15 വരെ വിത്തുകൾ കാണാറുണ്ട്.

ഉപയോഗങ്ങൾ:

  • ഫലം:

വിളഞ്ഞ സീതപ്പഴഫലം മധുരമേറിയ ആഹാരമായി ഉപയോഗിക്കുന്നു. ആയൂർവേദമരുന്നുകളിൽ വിളയാത്തകായ് സന്ധിവാദം, വയറിളക്കം എന്നിവയ്ക് ഔഷധമായി ഉപയോഗിക്കുന്നു. തലമുടിക്കുള്ള ടോണിക്ക് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. പൊള്ളലുള്ളഭാഗത്ത് ഫലകഞ്ചുകം തേച്ചുപിടിപ്പിച്ചാൽ ചുട്ടെരിച്ചിൽ മാ‍റും. പഞ്ചസാര വൈൻ നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണ്.

  • കാണ്ഡം:

സീതപ്പഴത്തടിക്ക് കാഠിന്യമോ ബലമോ ഇല്ല്. വിറകായി ഉപയോഗിക്കുന്നു.

  • തൊലി:

സീതപ്പഴമരത്തൊലി ചരട്, കയർ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ആയൂർവേദമരുന്നുകളിൽ രക്താതിസാരം, പ്രമേഹം എന്നിവയ്ക് ഔഷധമായി ഉപയോഗിക്കുന്നു.

  • ഇല:

രൂക്ഷ ഗന്ധമുള്ള സീതപ്പഴയിലകൾ ആയൂർവേദമരുന്നുകളിൽ സന്ധിവാദം, വയറിളക്കം, രക്താതിസാരം എന്നിവയ്ക് ഔഷധമായി ഉപയോഗിക്കുന്നു.

  • വിത്ത്:

സീതപ്പഴവിത്ത് വിഷകാരിയാണ്. വിത്ത് പ്രകൃതിദത്ത കീടനാശിനിയായി ഉപയോഗിക്കുന്നു. തലയിലെ താരൻ, പേൻ എന്നിവയ്കെതിരെ പ്രയോഗിക്കാനും ഉപയോഗപ്പെടുത്താവുന്നതാണ്. കണ്ണിൽ വീഴാനിടയായാൽ കാഴ്ചശക്തിയെ ബാധിക്കുകയോ, അന്ധതയ്ക്ക് കാർഅണമാവുകയോ ചെയ്യാം. വിത്തിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന എണ്ണ സോപ്പ് നിർമ്മാണത്തിനുപയോഗിക്കുന്നു. ശുദ്ധീകരിച്ച എണ്ണ പാചകയെണ്ണയായി ഉപയോഗിക്കുന്നുണ്ട്.

രാസഘടകങ്ങൾ:

  • ഫലം:

സിംഹഭാഗവും ജലവും ശേഷിച്ച ഭാഗം പഞ്ചസാരയും ഉണ്ട്.

  • വിത്ത്:

തൈലം, റെസിൻ എന്നിവ അടങ്ങിയിട്ടുണ്ട്.

  • ഇല:

ഇലയിൽ അനോനെയിൻ, ഹൈഡ്രോസയനിക്ക് അമ്ളവും അടങ്ങിയിട്ടുണ്ട്.

ആ‍യുഃവേദ പ്രയോഗങ്ങൾ:

ഫലം, ഇല എന്നിവ ഔഷധഭാഗമാണ്.

രസ ഘടകങ്ങൾ:

രസം

:

മധുരം

ഗുണം

:

ഗുരു

വീര്യം

:

ശീതം

വിപാകം

മധുരം

  • സീതപ്പഴ ഫലം ശരീര ശക്തി വർദ്ധിപ്പിക്കുന്നു.
  • സീതപ്പഴം ക്ഷയരോഗത്തിനു ഔഷധമാണ്.
  • സീതപ്പഴം ഹൃദ്രോഗികളിൽ രക്ത സമ്മർദ്ദം കുറയ്ക്കുന്നു.
  • പനി, ആത്സ്മ എന്നിവയ്ക്ക് സീതപ്പഴം ഔഷധമാണ്.
  • ഹിസ്റ്റീരിയ, മയക്കം എന്നിവയ്ക്ക് സീതപ്പഴത്തിന്റെ ഇല മണപ്പിച്ചാൽ മതി.

വിവിധ ഇനങ്ങൾ :

സീതപ്പഴം സധാരണയായി കാണുന്ന തരത്തിലാണുള്ളത്. സാധാരണ ഇനം കൂടാതെ ബഡ്ഡ് തൈകളും കാ‍ണാറുണ്ട്.

  • സാധാരണ സീതപ്പഴം:

സാധാരണ സീതപ്പഴം ഏകദേശം 8 മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നു. മുള്ളാത്ത, രാമപ്പഴം എന്നിവയേക്കാൾ വലുപ്പത്തിൽ ചെറുതും ധാരാളം ചെറു ശാഖകൾ ഉള്ളതുമാണ്. മുള്ളാത്തഫലം പോലെ പച്ച നിറവും മാംസള ഭാഗം വെളുപ്പും, കറുത്ത വിത്തുമാണുള്ളത്. മറ്റ് ആത്തകളേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 20 വർഷത്തോളം  ആയുസ്സുണ്ട്.

  • സീതപ്പഴം - ബഡ്ഡിനം:

സീതപ്പഴം ഏകദേശം 6 മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നു. സധാരണ സീതപ്പഴ മരത്തിന്റെ വലുപ്പത്തിൽ ചെറുതും ധാരാളം ചെറു ശാഖകൾ ഉള്ളതുമാണ്. മറ്റ് ആത്തകളേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 15-20 വർഷത്തോളം  ആയുസ്സുണ്ട്.

പരാഗണവും വിതരണവും :

  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • നിറ്റിഡൂലിഡ്, സ്റ്റാഫിലിനിഡെ എന്നീ കുടുംബത്തിൽ പെടുന്ന വണ്ടുകൾ, ക്രൈസോമിലിഡെ കുടുംബത്തിലുള്ള ഇലവണ്ട്, കുർക്കുല്യോനിഡെ കുടുംബത്തിലുള്ള ശൽക്കകീടം, സ്കാറബിഡെ കുടുംബത്തിലുള്ള ചാണക വണ്ട് എന്നിവയുടെ സഹായത്താൽ  പരാഗണം നടത്താറുണ്ട്.
  • കൃത്രിമ പരാഗണം നടത്തിയും വിത്തുകൾ ഉണ്ടാക്കാവുന്നതാണ്.
  • പക്ഷികൾ മുഖേനെ വിത്ത് വിതരണം നടക്കുന്നു.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:

  • വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:

സീതപ്പഴത്തിന്റെ കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത് അവയ്ക്ക് പുനരുത്ഭവ ശേഷി കൂടുതലാണ്. ഒരു പഴത്തിൽ 10- 15 വരെ വിത്തുകൾ കാണാറുണ്ട്. നല്ല വലുപ്പമുള്ള വിത്ത് തെരഞ്ഞെടുത്ത വിത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്ത് നട്ടാൽ വളരെവേഗം മുളയ്ക്കുന്നതാണ്. സാധാരണ നിലയിൽ നനവുണ്ടെങ്കിൽ പോലും താമസിച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുകയാണ് പതിവ്. ചെറുമുറ്റുള്ള ശാഖ ഇലയോടൊടിച്ച് മിസ്റ്റ് ഹൌസുകളിൽ നട്ടും തൈകൾ ഉണ്ടാക്കിവരുന്നു. ഓഗസ്റ്റ് - സെപ്തംബർ മാസത്തിലോ ഡിസംബർ - ജനുവരി മാസത്തിലോ മാതൃ വൃക്ഷത്തിന്റെ മുറ്റിയ ശാഖകളിൽ എയർ ലെയറിംഗ് നടത്തുകയും മൂന്നുനാല് മാസത്തിനുശേഷം ആയത് മുറിച്ച് ചെറു പോളിത്തീൻ കവറിൽ ഒന്നുരണ്ട്മാസം നനച്ച് സൂക്ഷിച്ച ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം.

  • മണ്ണൊരുക്കലും, നടീൽ രീതിയും:

ഏതുസമയത്തും സീതപ്പഴത്തൈകൾ നടാമെങ്കിലും മഴക്കാല ആരംഭത്തിൽ നട്ടാൽ നനയ്ക്കൽ കാര്യമായി ഒഴിവാക്കാം. 40 സെ. മീ. നീളം, 40 സെ. മീ. വീതി, 40 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 3 മീറ്റർ അകലത്തിലാണ് സീതപ്പഴ തൈകൾ നടേണ്ടത്.

  • വളപ്രയോഗം, ജലസേചനം:

ആറുമാസം കഴിയുമ്പോൽ വേരിന് ക്ഷതം വരാതെ അരമീറ്റർ അകൽത്തിൽ മരത്തിനെ ചുറ്റി കുഴിയെടുത്ത് അതിൽ കമ്പോസ്റ്റ്, ചാണകം, 250 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. പിന്നീടുള്ള കാലയളവുകളിൽ വളം വളർച്ചാ നിരക്കിനനുസരിച്ച് നൽകാവുന്നതാണ്.

കാര്യമായ ജലസേചനം വേണ്ടാത്ത മരമാണ് സീതപ്പഴം. തടങ്ങളിൽ പുതയായി ഉണങ്ങിയ ഇലകളോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവുന്നതാണ്. വർഷത്തിലൊരിക്കൽ പ്രത്യേകിച്ച് മഞ്ഞുകാലത്ത് ശാഖകൾ കോതി നിർത്തുകയും, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റുകയും വേണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും വേരുകൾക്ക് ക്ഷതമേൽക്കാതെ സംരക്ഷിച്ചും നിർത്തുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും. 4-5 വർഷത്തിനുള്ളിൽ 5-7 മീറ്റർ ഉയരമെത്തുകയും ചെയ്യും.

  • വിളവ് ലഭ്യത:

ആദ്യവർഷം മുതൽ ശാഖ കോതുന്നത് ഉപശാഖകൾ കൂടുതൽ പുഷ്ടിയോടെ വളരാൻ കാരണമാകും. സാധാരണയായി തൈകൾ ഒറ്റശാഖയാണ് കാണുന്നത്. തലപ്പ് നുള്ളി പുതുശാഖകൾ സൃഷ്ടിക്കാവുന്നതാണ്. വളർച്ചയ്ക്കനുസരിച്ച് പ്രൂൺ ചെയ്യുന്നത് നല്ലതാണ്. ഈ രീതിയിൽ കൂടുതൽ വിളവ് ലഭിക്കും. കേടില്ലാത്തതും വലുപ്പമുള്ളതുമായ കായ്കൾക്ക് വിപണി ലഭ്യത കൂടുതലുണ്ടാകും. അഞ്ചു വർഷം പഴക്കമുള്ള സീതപ്പഴ മരങ്ങളിൽ നിന്നും 50 കായ്കൾ വരെ വർഷത്തിൽ ലഭിക്കും.

രോഗങ്ങളും രോഗ നിവാരണവും :

  • രോഗം:      ഇലപ്പൊട്ട് രോഗം (ആന്ത്രക്നോസ്)

ലക്ഷണം:       തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യും ഇളം കായ്കളിലും ആദ്യം കാണുന്നു. പിന്നീട് ഇലയും കായും ചീയുകയും കൊഴിയുകയും ചെയ്യും. സീതപ്പഴം വ്യാവസായികമായി കൃഷിചെയ്യുമ്പോൾ രോഗം വളരെ വേഗം പടർന്ന് കാർഷിക നാശം ഉണ്ടാക്കുന്നു.

പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം. രോഗ ബാധയേറ്റ ഇലകൾ, കായ്കൾ എന്നിവ പെറുക്കി നശിപ്പിക്കുന്നത് രോഗപ്പകർച്ചയെ നിയന്ത്രിക്കാവുന്നതാണ്.

  • രോഗം:      ഇലപ്പുള്ളി രോഗം

ലക്ഷണം: മഴക്കാലത്തോടെ സീതപ്പഴ മരങ്ങളുടെ ഇലകളിലും കായ്കളിലും മഞ്ഞനിറമാർന്ന കുത്തുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ കുത്തുകൾ വലുതാവുകയും കുത്തുകളുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേരുന്നതു ഇലകളിലെങ്കിൽ അത് ഒടിഞ്ഞുതൂങ്ങുകയും കായ്കളാണെങ്കിൽ അഴുകുകയും ചെയ്യുന്നു.

പ്രതിവിധി: രോഗബാധയുള്ള കായ്കൾ യഥാസമയം നശിപ്പിക്കണം. കൂടാതെ രോഗബാധയുള്ള ഇലകളുണ്ടെങ്കിൽ അവ മുറിച്ചുമാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതും ഉചിതമാണ്.

  • രോഗം:      കായ് കറുക്കൽ

ലക്ഷണം: സീതപ്പഴ മരങ്ങളുടെ കായ്കളിൽ വയലറ്റ് നിറമാർന്ന പാടുകൾ ആദ്യം കാണപ്പെടുകയും പിന്നീട് കറുത്ത നിറത്തിലാവുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. പാടുകൾ വലുതാവുകയും ആയതിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങും. (കായ്കൾ മുറിച്ചാൽ പാടിനകത്ത് കറുത്ത് കട്ടിയായി കാണപ്പെടും.) ക്രമേണ കറുത്ത ഭാഗത്ത് പൊട്ടലുണ്ടാകുകയും ചെയ്യും

പ്രതിവിധി: രോഗബാധയുള്ള കായ്കൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം നശിപ്പിക്കണം.

  • രോഗം:      കായ് ചീയൽ

ലക്ഷണം: തണുപ്പ് കാലങ്ങളിൽ സീതപ്പഴ മരങ്ങളുടെ കായ്കളുടെ പുറത്ത് കറുത്ത നിറത്തിലുള്ള പാടുകൾ കാണുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. പാടുകൾ വലുതാവുകയും തൊലിയുടെ കട്ടികുറയുകയും ചെയ്യും. കായ്ക്കുള്ളിലെ കഞ്ചുകം കൂടുതൽ മഞ്ഞനിരത്തിലാകുകയും അഴുകുകയും ചെയ്യുന്നു.

പ്രതിവിധി: രോഗബാധയുള്ള കായ്കൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം നശിപ്പിക്കണം.

  • രോഗം:        കൊമ്പുണക്കം (ഡൈ ബാക്ക്)

ലക്ഷണം: സീതമരത്തിന്റെ മരച്ചില്ലകൾക്ക് ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.

പ്രതിവിധി: ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.

കീടങ്ങളും കീട നിവാരണവും :

  • കീടം: തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)

ലക്ഷണം: സീതമരത്തിന്റെ കാണ്ഡഭാഗത്ത് തണ്ടുതുരപ്പൻ പുഴുസുഷിരങ്ങൾ ഉണ്ടാക്കുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നത് ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ കീടാക്രമണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

  • കീടം: മീലിമൂട്ട (സിനോകോക്കസ് അനാന്റെലി)

ലക്ഷണം: മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.

നിവാരണം: മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം: കായീച്ച / പഴയീച്ച

ലക്ഷണം: കായീച്ച പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് സീതപ്പഴ കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ പഴുക്കുന്നതും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.

നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം: ഇലതീനിപ്പുഴു

ലക്ഷണം: ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകൾ തിന്നു നശിപ്പിക്കുന്നു.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: നിമാ വിര:

ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പുളിമരങ്ങളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.

നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. തൈ നടുന്ന കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ നല്ലൊരു പരിഹാരമാണ്.

മറ്റ് വിശേഷങ്ങൾ :

  • വിത്ത് കീടനാശിനിയായി ഉപയോഗിക്കുന്നു.
  • വിത്ത് വിഷകരമാണ്. കഴിച്ചാൽ പനി, ഛർദ്ദി എന്നിവ ഉണ്ടാകും.
  • നീറുറുമ്പുകളുടെ കോളനികൾ സീതപ്പഴ മരത്തിൽ ധാരാളം കണ്ടുവരാറുണ്ട്.
  • വേരുകളിൽ കാണുന്ന ഉറുമ്പുകൾ മീലിമൂട്ടകളുടെ വാഹകരായി വർത്തിക്കാറുണ്ട്.
  • വേരുകൾ ആടുമാടുകൾ ഭക്ഷിക്കാനിടയായാൽ അവയുടെ ഗർഭം അലസാനിടയാ‍കും.

അകത്തി

അകത്തി – Agastta tree

അഗസ്ത്യമുനിക്ക് പ്രിയമുള്ള സസ്യമായതിനാൽ അഗസ്തി എന്നും മുനിദ്രുമം എന്നും അറിയപ്പെടുന്നു. വളരേ വേഗം വളരുന്ന മരമായ അകത്തി രുദ്രമന്ദാരം എന്നും അറിയപ്പെടുന്നു. ജന്മദേശം ഇന്തോനേഷ്യയാണെന്ന് കരുതുന്നു. 5-6 വർഷം ആയുസ്സുള്ള ഈ മരം ദക്ഷിണേന്ത്യയിലും ഗുജറാത്ത് പോലുള്ള വരണ്ട സംസ്ഥാനങ്ങളിലും കൃഷിചെയ്യുന്നു. പൂവിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും ചുവന്ന അകത്തിയും വെള്ള അകത്തിയും രണ്ടിനങ്ങളായി കണ്ടുവരുന്നു. സൂര്യപ്രകാശം കൂടുതലുള്ള സ്ഥലങ്ങളിൽ നന്നായി വളരുന്നു. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, അമേരിക്ക എന്നിവിടങ്ങളിൽ സമൃദ്ധമായി കൃഷിചെയ്തുവരുന്നു. വിവിധ ഇനങ്ങൾ പാതവക്കിൽ തണൽ-അലങ്കാര വൃക്ഷമായും വളർത്തിവരുന്നു. നെൽപാടങ്ങളിൽ വരമ്പിൽ നട്ടു അധിക താപം കുറയ്ക്കാനും ഉപയോഗിച്ചുവരുന്നു.

ശാസ്ത്ര പഠന വിഭാഗം :

കുടുംബം

:

ഫാബേസീ (ഉപകുടുംബം- പാപ്പിലിയോണേസീ)

ശാസ്ത്ര നാമം

:

സെസ്ബാനിയ ഗ്രാൻഡിഫ്ളോറ / Sesbania grandiflora P

അറിയപ്പെടുന്ന പേരുകൾ :

മലയാളം

:

അകത്തി, അഗസ്തി, അകത്തിച്ചീര, രുദ്രമന്ദാരം

ഇംഗ്ളീഷ്

:

അഗസ്റ്റ (Agastta tree)

സംസ്കൃതം

:

അഗസ്തിഃ, അഗസ്തിദ്രു, മുനിതരുഃ, വംഗസേനകഃ

ഹിന്ദി

:

ഹഥിയ, ഹടയാ

ബംഗാളി

:

ബുക്കോ, ബാക്

തമിഴ്

:

അഗത്തി

തെലുങ്ക്

:

അഗഥിയോ

സസ്യ വിശേഷങ്ങൾ :

ഔഷധ പ്രാധാന്യമുള്ള പയറുവർഗ്ഗ സസ്യമാണ് അകത്തി. ഏകദേശം 5-9  മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമായ 5-6 വർഷം ആയുസ്സുള്ള ബഹുവർഷി സസ്യമാണ് അകത്തി. ഇലയും പൂവും ആഹരമായി ഉപയോഗിക്കപ്പെടുന്ന വൃക്ഷം.

  • കാണ്ഡം:

ഏകദേശം 5-9  മീറ്റർ വരെ നീളമുള്ളതും ചെറിയ ശാഖകളുള്ള ഇടത്തരം മരമാണ് അകത്തി. പയറുവർഗ്ഗ സസ്യമാണ് അകത്തി. കാണ്ഡത്തിലെ തൊലി ഇളം ചാരനിറവും ചെറിയ അപശൽക്കന സ്വഭാവമുണ്ട്. തടിക്ക് കടുപ്പവും ബലവും കുറവാണ്. കോർക്ക് സ്വഭാവമുള്ള തടിക്ക് വെള്ളകലർന്ന നിറവുമുണ്ട്.

  • വേര് :

തായ് വേര് പടല രീതിയിലൂള്ള വേരാണ് അകത്തിക്കുള്ളത്. വേരിൽ ബാക്ടീരിയാ വാസമുണ്ട്.

  • ഇല:

അകത്തിയിലകളുടെ വിന്യാസം ഏകാന്തരമാണ്. സമപിച്ചക സംയുക്തമാണ് ഇലകൾ. അനുപർണ്ണങ്ങളുള്ള ഓരോ ഇലയും  15-30 സെ. മീറ്റർ നീളമുള്ളതും 10-20 ജോടി പത്രകങ്ങൾ സമുഖമായി വിന്യസിച്ചിരിക്കുന്നതുമാണ്. പത്രങ്ങൾക്ക് ആയതാകാരവും 3 സെ. മീറ്റർ നീളവുമുണ്ട്. പത്രസീമാന്തം അഖണ്ഡമാണ്. ചെറിയരീതിയിൽ ഇലപൊഴിക്കാറുണ്ട്.

  • പൂവ് :

പൂക്കാലം ശരത് കാലമാണ്. പൂങ്കുല ഇലക്കക്ഷങ്ങളിലാണ് ഉണ്ടാകുന്നത്. 2-4 വരെ പൂക്കളടങ്ങിയതാണ് പൂങ്കുല. പൂവിന് 7-10 സെ. മീറ്റർ നീളമുണ്ടാകും. പൂമൊട്ടിന് അരിവാൾ ആകൃതിയാണുള്ളത്. വിരിഞ്ഞ പൂക്കൾ പയറിന്റെ പൂവിനെപ്പോലാണുള്ളത്. പൂക്കൾ ദ്വിലിംഗികളായിക്കണുന്നു. അഞ്ച് ബാഹ്യദളങ്ങളിൽ ഒരുദളം വലുതും (പതാകദളം) അകത്തുള്ള രണ്ട് ദളങ്ങളെ (പക്ഷദളം) മൂടിക്കാണുന്നു. ഏറ്റവും ഉള്ളിൽ രണ്ട് ചെറിയ ദളങ്ങളൂം (കീൽദളം) കാണുന്നു.10 കേസരങ്ങളിൽ 9 എണ്ണം ഒരു കറ്റയായി കാണുന്നു. പൂക്കൾ ഇനമനുസരിച്ച് വെള്ളനിറത്തിലോ ചെമന്ന നിറത്തിലോ കാണപ്പെടുന്നു. എല്ലാക്കലത്തും പൂവിടുമെങ്കിലും ഫെബ്രുവരി- മാർച്ചിൽ കൂടുതൽ പൂവിടുന്നു.

  • ഫലം:

അകത്തിയുടെ ഫലം പോഡാണ്. കായ്കൾ മുരിങ്ങയോളം നീളവും വണ്ണം തീരെക്കുറവുമാണ്. 30-45 സെ. മീറ്റർ നീളവുമുണ്ടാകും. കായിൽ 17-20 വിത്തുകൾ കാണുന്നു. അരിവാളാകൃതിയാണ് വിത്തുകൾ. പുനരുൽഭവ ശേഷിയുള്ള മെച്ചപ്പെട്ട വിത്തുകൾ ഉപയോഗിച്ച് പുതിയ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.

ഉപയോഗങ്ങൾ :

  • ഇല:

ഇലക്കറിയായി ഉപയോഗപ്പെടുത്താവുന്ന സസ്യമാണ് അകത്തി. മൂത്രവിസർജ്ജനം ത്വരിതപ്പെടുത്തുന്നതിനും, വിരേചനത്തിനും ഔഷധമായി ഉപയോഗിക്കുന്നു. വായയ്ക്കും, തൊണ്ടയ്ക്കും പൊട്ടലുണ്ടാകുമ്പോൾ രോഗാണുനാശിനിയായും ഉപയോഗിക്കുന്നു.

  • പൂവ് :

അകത്തിപ്പൂവ് അഹാരമായി ഉപയോഗിക്കുന്നു. കറികളിലും സലാഡുകളിലും ഉപയോഗിക്കാറുണ്ട്. ഔഷധാവശ്യങ്ങൾക്ക് പൂവ് ഉപയോഗിക്കാറുണ്ട്.

  • കാണ്ഡം:

അകത്തി കാണ്ഡം പൾപ്പിന് ഉപയോഗിക്കുന്നു. ആയുർവേദ- സിദ്ധ വൈദ്യങ്ങളിൽ ഉപയോഗിക്കുന്നു.

  • വിത്ത്:

അകത്തിയുടെ മുളപ്പിച്ചവിത്തിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

  • വേര്:

അകത്തിവേര് ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

രാസഘടകങ്ങൾ :

  • തൊലി:

അകത്തിയുടെ തൊലിയിൽ ടാ‍നിൻ, ചെമന്ന നിറത്തിലുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്.

  • വിത്ത് :

അകത്തിവിത്തിൽ വൈറ്റമിൻ സി ധാരാളമുണ്ട്. കൂടാതെ പ്രോട്ടീനും കൊഴുപ്പും അന്നജവും ഒലിയാനോലിക് അമ്ളവും കാംഫിറോളും അടങ്ങിയിട്ടുണ്ട്.

  • ഇല:

അകത്തിയിലയിൽ വൈറ്റമിൻ എ,ബി,സി എന്നിവ ധാരാളമുണ്ട്. സാപോനിൻ ഒലിയാനോലിക് അമ്ളവും ഗ്ളൂക്കോറിനിക് അമ്ളവും അസ്പാർട്ടിക് അമ്ളവും കൂടാതെ പ്രോട്ടീൻ, കാത്സ്യം, ഫോസ്ഫറസ്, എന്നിവയും അടങ്ങിയിട്ടുണ്ട്.

  • പൂവ് :

അകത്തിപ്പൂവിൽ വൈറ്റമിൻ ബി, സി  എന്നിവയും മീഥൈൽ ഒലിയാനോലിക് അമ്ളവും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

ആ‍യുഃവേദ പ്രയോഗങ്ങൾ:

അകത്തിയുടെ ഇല,പൂവ്,ഇളം കായ്,മരത്തൊലി എന്നിവ ഔഷധഭാഗമാണ്.

രസ ഘടകങ്ങൾ

രസം

:

തിക്തം

ഗുണം

ലഘു,  രൂക്ഷം

വീര്യം

:

ശീതം

വിപാകം

:

തിക്തം, മധുരം

  • പിത്തം, കഫം എന്നിവ ശമിപ്പിക്കും. പീനസം, ജ്വരം, തലവേദന എന്നിവ അകറ്റാൻ അകത്തി അത്യുത്തമം.
  • അകത്തിപ്പൂക്കൾ തലവേദന, കാഴ്ച്ചക്കുറവ്, പീനസം, കഫം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
  • അകത്തിക്കായ്കൾ പനി, വേദന, ചുമ, വിളർച്ച, മുഴകൾ, സന്ധിവേദന, എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നതോടൊപ്പം വിഷ ചികിത്സയ്ക്കും ഉപയോഗിക്കുന്നു.
  • അകത്തി മരത്തൊലി ടോണിക് നിർമ്മാണത്തിനും വയറിളക്കം, മണ്ണൻ എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കുന്നു.
  • വേരുകൾ സന്ധിവേദന, കഫം, വേദനയോടുള്ള പൊള്ളലുകൾ, കാഴ്ച്ചക്കുറവ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

വിവിധ ഇനങ്ങൾ :

പൂവിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇനങ്ങൾ തിരിച്ചിരിക്കുന്നത്. മരത്തിന്റെ ഇല, തടി, വളർച്ച എന്നിവയിൽ സാധാരണ വ്യത്യാസങ്ങൾ കാണാറില്ല. സാധാരണയായി രണ്ട് തരത്തിലുള്ള അകത്തിയാണ് കൂടുതൽ കണ്ടുവരുന്നത്. വെള്ള നിറത്തിലും ചുവപ്പ് നിറത്തിലുമാണുള്ളത്. ഇവ കൂടാതെ രണ്ടിനങ്ങൾകൂ‍ടിയുണ്ട്.

  • വെള്ള അകത്തി:

സാധാരണ അടുക്കളത്തോട്ടത്തിൽ വളർത്തിയെടുക്കുന്ന ഇനമാണ്. വെള്ള പൂക്കളാണുള്ളത്. പൂക്കാലത്ത് ധാരാളം പൂവുണ്ടാകും.ഇലകൾക്കും നട്ടുവളർത്താറുണ്ട്. തമിഴ്നാട്ടിൽ കൃഷിയിടങ്ങളിൽ പ്രത്യേകിച്ച് നെൽ വയലുകളിൽ തണൽ മരമായി വരമ്പുകളിൽ നടാറുണ്ട്. കമ്പോളങ്ങളിൽ വെള്ള അകത്തിപ്പൂക്കൾക്ക് വിപണി മൂല്യം കൂടുതലാണ്.

  • ചുവപ്പ് അകത്തി:

നാട്ടിൻപുറങ്ങളിൽ കാണുന്ന മറ്റൊരിനമാണ് ചുവന്ന അകത്തി. പൂവിന് ചുവപ്പ് നിറമാണുള്ളത്. വെള്ള കലർന്ന ചുവപ്പ് പൂക്കളും ചിലപ്പോൾ കാണാറുണ്ട്. ചെടിത്തോട്ടങ്ങളിൽ അലങ്കാര പുഷ്പവൃക്ഷമായും ഈ ഇനത്തെ വളർത്താറുണ്ട്. അടുക്കള തോട്ടത്തിൽ പൂവിനും ഇലയ്ക്കുമായും കൃഷിചെയ്തുവരുന്നു.

  • മഞ്ഞ അകത്തി:

അപൂർവ്വമായി കണ്ടുവരുന്ന ഇനമാണിത്. പൂക്കൾക്ക് മഞ്ഞ നിറമാണുള്ളത്. മഞ്ഞ മന്ദാര പൂക്കളേപ്പോലെ ആകർഷകവുമാണ്. ചെടിത്തോട്ടങ്ങളിൽ അലങ്കാര പുഷ്പവൃക്ഷമായും ഈ ഇനത്തെ വളർത്താറുണ്ട്.

  • നീല അകത്തി:

അപൂർവ്വമായി കണ്ടുവരുന്ന മറ്റൊരിനം അകത്തിയാണ് നീല അകത്തി. പൂക്കൾക്ക് നീല നിറമാണുള്ളത്. ചെടിത്തോട്ടങ്ങളിൽ അലങ്കാര പുഷ്പവൃക്ഷമായും ഈ ഇനത്തെ വളർത്താറുണ്ട്.

പരാഗണവും വിതരണവും :

  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • സ്വഭാവികമായ വിതരണം കൂടാതെ പക്ഷികൾ, വാവലുകൾ, എലി, അണ്ണാൻ എന്നിവ മുഖേനെയും വിത്തുവിതരണം നടക്കുന്നു.

ഉത്പാദനവും വളപ്രയോഗവും :

  • വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:

കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ 17-20 വിത്തുകൾ. അവയിൽ പലതിനും പുനരുത്ഭവ ശേഷി കുറവാണ്. മുഴുപ്പുള്ള വിത്ത് നട്ടാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത്. വിത്തുകൾ നടുന്നതിന് മുൻപുള്ള ഒരു രാത്രി തണുത്ത വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി വെയിൽ മാഞ്ഞ ശേഷം വൈകിട്ട് വിത്ത് നടാവുന്നതാണ്. നനവുള്ളതിനാൽ ഉടൻ മുളപൊട്ടുകയും വളരുകയും ചെയ്യും, ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം.

  • മണ്ണൊരുക്കലും, നടീൽ രീതിയും:

ഒക്ടോബർ-ജനുവരി മാസങ്ങളിലാണ് നിലമൊരുക്കാൻ പറ്റിയ സമയം. നിലമൊരുക്കിയ ശേഷം ഏതുകാലത്തും തൈ നടാമെങ്കിലും മേയ്- ജൂൺ മാസങ്ങളിലാണ് തൈകൾ നടുന്നതാണുത്തമം. 40 സെ. മീ. നീളം, 40 സെ. മീ. വീതി, 40 സെ. മീ. താഴ്ച ഉള്ള കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. കാറ്റിൽ തൈകൾക്ക് ഉലച്ചിലുണ്ടാകാതിരിക്കാൻ താങ്ങ് കമ്പ് പിടിപ്പിക്കുകയും വേണം. തൈകൾക്ക് വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുറച്ച് ദിവസം തണൽ നൽകുന്നതും നന്ന്. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 2-3 മീറ്റർ അകലത്തിലാണ് അകത്തി നടേണ്ടത്.

ആദ്യ വർഷങ്ങളിൽ ശ്രദ്ധയും പരിചരണവും കൂടുതൽ ആവശ്യമാണ്. ഇക്കാലത്ത് കീടബാധ, കൊമ്പുണക്കം, അമിതമായ ചൂട്, ക്ഷതങ്ങൾ എന്നിവ ഉണ്ടായാൽ തൈകൾ നശിച്ചുപോകാൻ സാധ്യത കൂടുതലാണ്. കന്നുകാലികൾക്ക് നല്ല ഭക്ഷണമായതിനാൽ അവയുടെ ആക്രമണത്തിൽ നിന്നും ഒഴിവാക്കുകയും വേണം.

  • വളപ്രയോഗം, ജലസേചനം:

പയറുവർഗ സസ്യമായതിനാൽ സാധാരണ നിലയിൽ വേരുകളിൽ കാണുന്ന ബാക്ടീരിയകളുടെ സഹായത്താൽ വളം നിർമ്മിക്കാറുണ്ട്. ചുവടുമാറി വൃത്താകൃതിയിലുള്ള  കുഴിയെടുത്ത് അതിൽ ചാണകപ്പൊടി, ഇലപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് കുഴി നിറയ്ക്കണം.

ചൂട് കൂടിയ ദിവസങ്ങളിൽ ദിവസത്തിലൊരിക്കൽ വീതം ചെറിയ അകത്തിത്തൈകൾക്ക് നനയ്ക്കേണ്ടതുണ്ട്. മൺസൂൺ മഴയ്ക്ക്ശേഷം ആവശ്യമെങ്കിൽ നനയ്ക്കാവുന്നതാണ്.

  • വിളവ് ലഭ്യത:

ആദ്യ വർഷം പൂവും ഇലകളും കുറവായിരിക്കുകയും പരിചരണം കൂടുതലായിരിക്കുകയും ചെയ്യും. എന്നാൽ ഇലകൾക്ക് വലുപ്പം അൽപ്പം കൂടുതലുമായിരിക്കും. ഒറ്റശാഖയായി വളരുകയും ചെയ്യും. രണ്ടാംവർഷം വശങ്ങളിൽ ശാ‍ഖകൾ പ്രത്യക്ഷപ്പെടുകയും കാണ്ഡം വണ്ണിക്കാൻ തുടങ്ങുകയും ചെയ്യും. മുഖ്യ മുകുളം ശ്രദ്ധാപൂർവം നുള്ളിയാൽ ശാഖാ മുകുളങ്ങൾ കരുത്തോടെ വളരുകയും വിളവ് കൂടുകയും ചെയ്യും. ഇക്കാലയളവിൽ പൂവിന്റെയും ഇലകളുടേയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്യുന്നു.

രോഗങ്ങളും രോഗ നിവാരണവും :

  • രോഗം:            ഇലപ്പൊട്ട് രോഗം (Gray leaf spot- Pseudocercospora sesbaniae)

ലക്ഷണം:       ആദ്യകാലത്ത് വെള്ള നിറത്തിലും പിന്നീട് പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യും കാണുന്നു. പിന്നീട് ഇല കൊഴിയുകയോ ചീയുകയോ ചെയ്യും.

പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.

  • രോഗം:            മൊസൈക് രോഗം (Mosaic virus)

ലക്ഷണം:       വെള്ളീച്ച എന്ന കീടമാണ് രോഗവാഹി. ഇവ പരത്തുന്ന മൊസൈക് വൈറസ് ആക്രമണത്താൽ ചെടികളുടെ ഇലഞരമ്പുകളുടെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞ നിറമാകുന്നു. ഇലകൊഴിയുകയും പിന്നീടുള്ളവ വളർച്ച മുരടിക്കുകയും ചെയ്യുന്നു.

പ്രതിവിധി:       മൊസൈക് ബാധിച്ച ചെടികൾ വേരേടെ നശിപ്പിക്കലാണ് ഏറ്റവും നല്ല മാർഗ്ഗം. രോഗം വരാതിരിയ്ക്കാൻ വേപ്പെണ്ണ എമൽഷൻ അടക്കമുള്ള കീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. വേപ്പിൻ കായ മിശ്രിതം, പെരുവല മിശ്രിതം, വെളുത്തുള്ളി - മുളകു പ്രയോഗം  എന്നിവയുടെ പ്രയോഗത്താൽ വെള്ളീച്ചയെ തുരത്താവുന്നതാണ്.

കീടങ്ങളും കീട നിവാരണവും :

  • കീടം: ഇലതീനിപ്പുഴു(Leef feeder)

ലക്ഷണം: ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകൾ തിന്നു നശിപ്പിക്കുന്നു.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: ഇലച്ചാടി

ലക്ഷണം: പുൽച്ചാടി വർഗ്ഗത്തിൽപ്പെട്ട ഇവ ഇളം ഇലകൾ കരണ്ട് തിന്നു ൻഅശിപ്പിക്കാറുണ്ട്. ഇലതീനിപ്പുഴുക്കളേപ്പോലെ കൂട്ടമായി ആക്രമിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ മറ്റു രോഗങ്ങളുടെ രോഗവാഹികളാകാറുമുണ്ട്.

നിവാരണം:    ജൈവ കീടനാശിനിയായ പെരുവല പ്രയോഗം, വെളുത്തുള്ളി-മുളക് പ്രയോഗം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. 100 ഗ്രാം വെളുത്തുള്ളി, 100 ഗ്രാം മുളക് 100 ഗ്രാം ഇഞ്ചി എന്നിവ വെള്ളത്തിൽ കുതുർത്ത് അരച്ചശേഷം അരിച്ച് ആവശ്യാനുസരണം നേർപ്പിച്ച് ഉപയോഗിക്കാം.  0.1% കാർബാറിൻ, 0.05% ഡൈമെത്തയേറ്റ് എന്നിവ സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: ഇലപ്പുഴു (Leaf Webber)

ലക്ഷണം:       സസ്യങ്ങൾ അവയുടെ രൂപപ്രകൃതിക്ക് / സ്വാഭാവിക സവിശേഷതകൾക്ക് മാറ്റം വരുന്നതാണ് ലക്ഷണം. ഇലചുരുളൽ, നിറം മാ‍റ്റം, എന്നിവയും ഇലകൾ ചുരുട്ടി വലവയ്ക്കൽ ഇവയൊക്കെ പ്രധാന ലക്ഷണങ്ങളാണ്.

പ്രതിവിധി:       ചെറിയ സസ്യങ്ങളിലാണെങ്കിൽ കണ്ടെത്തി നശിപ്പിക്കൽ, കൃത്രിമമോ (ഉദാ: ബോർഡോ മിശ്രിതം) , പ്രകൃത്യാലുള്ളതോ (ഉദാ: വേപ്പിൻ കായ മിശ്രിതം, പെരുവല മിശ്രിതം, വെളുത്തുള്ളി - മുളകു പ്രയോഗം)  ആയ കീടനാശിനി പ്രയോഗമോ നടത്തി രോഗ നിവാരണം നടത്താം.

  • കീടം: തണ്ടുതുരപ്പൻ പുഴു (Stem borer- Azygophleps scalaris)

ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൽ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ദ്വാരങ്ങളിൽ മണ്ണെണ്ണ ഒഴിച്ചോ ഇവയെ നശിപ്പിക്കാം. മരുന്ന് പ്രയോഗിച്ചശേഷം മണ്ണുപയോഗിച്ച് ദ്വാരം അടയ്ക്കാവുന്നതാണ്.

  • കീടം: വിത്ത് തീനി കടന്നൽ (Seed Chalcid- Bruchophagus mellipes)

ലക്ഷണം: പാകമാകാത്ത കാ‍യകളിലെ വിത്തു തിന്നുന്ന ചെറിയ കടന്നൽ വിഭാഗമാ‍ണ് വിത്ത് തീനി കടന്നൽ. കായ്കൾ വിളയുമ്പോൾ ആകൃതിയില്ലാതാവുകയും വിത്തുകളിൽ സുഷിരം കാണുകയും ചെയ്യുന്നു. ഇത്തരം വിത്തുകൾക്ക് പുനരുത്ഭവ ശേഷി കുറവായിരിക്കും,

നിവാരണം: പൂക്കാലം കഴിയുമ്പോൾ ഇവയുടെ സാന്നിദ്യം ശ്രദ്ധയിൽപ്പെട്ടാൽ; കൃത്രിമമോ (ഉദാ: ബോർഡോ മിശ്രിതം), പ്രകൃത്യാലുള്ളതോ (ഉദാ: വേപ്പിൻ കായ മിശ്രിതം, പെരുവല മിശ്രിതം, വെളുത്തുള്ളി - മുളകു പ്രയോഗം)  ആയ കീടനാശിനി പ്രയോഗമോ നടത്തി രോഗ നിവാരണം നടത്താം.

  • കീടം: നിമാ വിര (Root-knot nematode- Melodogyne incognita)

ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം അകത്തികളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ ഇല, പൂവ്, കായ് എന്നിവ കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.

നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം അകത്തി നടുന്നതിനുമുൻപ് മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. തൈക്കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ എന്നിവയും കുഴികളിൽ തൈനട്ട ശേഷം തകര, ഗുണ്ടുമല്ലി, എന്നിവ നടുകയോ ചെയ്താലും നിമവിരകളെ ഒഴിവാക്കാം.

മറ്റുപ്രത്യേകതകൾ:

  • പയറുവർഗ്ഗ സസ്യങ്ങളിലെ ഏറ്റവും വലിയ പൂവുള്ള സസ്യമാണ് അകത്തി.
  • കുരുമുളക് വെറ്റിലച്ചെടി എന്നിവയ്ക്ക് താങ്ങായി അകത്തി വച്ചുപൊടിപ്പിക്കാറുണ്ട്.
  • അകത്തിയുടെ വേരിൽ റൈസോബിയം ബാക്ടീരിയയുടെ അധിവാസമുള്ളതിനാൽ മണ്ണിൽ നൈട്രജൻ സന്നിദ്ധ്യം കൂടുതലാണ്.
  • ഇലകളും കായകളും കൂടുതൽ ലഭ്യമാകുന്നതിന് ശാഖകൾ കോതുന്നത് നല്ലതാണ്.
  • മുഖ്യശാഖ കോതുകയോ മുറിവേൽക്കുകയോ ചെയ്താൽ അകത്തി നശിക്കാറുണ്ട്.
  • പുതിയ ഇനം അകത്തികൾ അലങ്കാരത്തിനായി പൂന്തോട്ടങ്ങളിൽ വച്ചുപിടിപ്പിക്കാറുണ്ട്.
  • വെയിലുള്ള അടുക്കള തോട്ടങ്ങളിൽ വച്ചുപിടിപ്പിക്കാവുന്നതാണ്. ചെറു ചെടികൾക്ക് ചെറുതണൽ ലഭ്യമാകും.
  • ഫെൻസ് ലൈനുകൾ, പാടങ്ങളുടെ അതിര്, നെൽപ്പാ‍ട ബണ്ടുകൾ, കനാൽ തിട്ടകൾ എന്നിവിടങ്ങളിൽ സമൃദ്ധമായി വളർത്താവുന്നതാണ്.
  • റോഡ്, സ്റ്റേഡിയം എന്നിവിടങ്ങളിൽ തണൽ വൃക്ഷമായി നടാവുന്നതാണ്.
  • 5-8 വർഷം വരെ വളർച്ച്യുള്ള മരങ്ങൾ തടിപ്പണികൾക്കും കരകൌശലപ്പണികൾക്കും ഉപയോഗിക്കാം.
  • ചെറുതടികൾ, ശാഖകൾ എന്നിവ വിറകിനാ‍യി ഉപയോഗിക്കാവുന്നതാണ്.
  • കന്നുകാലികൾക്ക് ഒന്നാന്തരം ഇലയാഹാ‍രമാണ്.
  • ഇല, പൂവ്, പാകമാകാത്ത കായ്കൾ എന്നിവ ഏഷ്യൻ വിപണികളിലെ സുലഭമായ പച്ചക്കറികളാണ്.
  • ഏഷ്യൻ ഭക്ഷ്യശാലകളിൽ അകത്തിയുപയോഗിച്ച് സ്റ്റ്യൂ, സൂപ്പ്, വിവിധയിനം കറികൾ എന്നിവ ഉണ്ടാക്കുന്നു.
  • അകത്തിയില ഉപ്പ് ചേർക്കാതെ വേവിച്ച് കഴിക്കുന്നത് വൈറ്റമിൻ എ യുടെ കുറവുകൊണ്ടുള്ള നേത്രരേഗം ശമിപ്പിക്കും.
  • അകത്തിയിലക്കറിയായി കുട്ടികൾക്ക് നൽകിയാൽ എല്ലുവളർച്ചയ്ക്ക് നന്നാണ്.

രാമപ്പഴ മരം – Netted custard apple tree

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഫലസസ്യമാണ് രാമപ്പഴം.  മുള്ളാത്ത, സീതപ്പഴം എന്നിവയോട് ചേർന്നു നിൽക്കുന്നു. ധാരാളം ചെറു ശാഖകൾ ഉള്ള ഫലസ്യമാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ഇവ ഇന്ത്യ കൂടാതെ ബംഗ്ളാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ്, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിൽ ധാരാളമായിക്കാണുന്നു. ഫലം പച്ചയും ഇളംചുവപ്പും ഇടകലർന്ന നിറവും മാംസള ഭാഗം വെളുപ്പും, കറുത്ത വിത്തുമാണുള്ളത്. ജന്മ സ്ഥലം മധ്യ അമേരിക്ക, വെസ്റ്റിൻഡീസ് എന്നിവിടങ്ങളാണെന്ന് കരുതപ്പെടുന്നു.

ശാസ്ത്ര പഠന വിഭാഗം:

കുടുംബ

:

അനോനേസീ

ശാസ്ത്ര നാമം

:

അനോന റെറ്റിക്കുലേറ്റ  / Annona reticulata L.

അറിയപ്പെടുന്ന പേരുകൾ:

മലയാളം

:

രാമപ്പഴം, ആത്തിച്ചക്ക, പറങ്കിച്ചക്ക

ഇംഗ്ളീഷ്

:

ബുള്ളക്ക് ഹാർട്ട് (Bullock heart), ബുൾസ് ഹാർട്ട് (Bull’s heart), നെറ്റെഡ് കസ്റ്റാർഡ് ആപ്പിൾ (Netted custard apple)

സംസ്കൃതം

:

രാമ ഫലഃ, ലവണി, കൃഷ്ണബീജഃ

ഹിന്ദി

:

രാമഫൽ, ആത്

ബംഗാളി

:

ആത, നോണ

തമിഴ്

:

രാമചിത്ത, രാമപ്പളം

തെലുങ്ക്

:

രാമഫലമു

സസ്യ വിശേഷങ്ങൾ:

ഏകദേശം 6-10 മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമായ ബഹുവർഷിയായ കുറ്റിച്ചെടിയാണ് രാമപ്പഴ മരം. മുള്ളാത്ത, സീതപ്പഴം എന്നിവയോട് ചേർന്നു നിൽക്കുന്നു. ഏതാണ്ട് 20 വർഷത്തോളം  ആയുസ്സുണ്ട്.

  • കാണ്ഡം:

ഏകദേശം 6-10 മീറ്റർ വരെ നീളമുള്ളതും ചെറിയ ശാഖകളുള്ള ഇടത്തരം കുറ്റിച്ചെടിയാണ് രാമപ്പഴ മരം.  ശാഖാവിന്ന്യാസം ക്രമ രഹിതമാണ്. തടിക്ക് കടുപ്പമോ ബലമോ ഇല്ല. തടിയുടെ നിറം തവിട്ടാണ്.

  • വേര്:

തായ് വേര് പടല രീതിയിലൂള്ള വേരാണ് രാമപ്പഴ മരത്തിനുള്ളത്. തായ് വേര് ഇല്ലെങ്കിലും ഇവ വളരാറുണ്ട്.

  • ഇല:

രാമപ്പഴ മരത്തിന്റെ ഇലകളുടെ വിന്യാസം ഏകാന്തരമാണ്. അനുപർണ്ണങ്ങളില്ലാത്ത ലഘുപത്രമാണ് ഇവയ്ക്കുള്ളത്. ഇലയ്ക്ക്  10-17 വരെ സെ.മി. നീളവും 2-7 വരെ സെ. മീ. വീതിയുമുണ്ട്. ദീർഘാകാരമാ‍ണ്. അഗ്രങ്ങൾ കൂർത്തതുമാണ്. പത്രസീമാന്തം അഖണ്ഡവും പത്രവൃന്തം തടിച്ചതുമാണ്. സിരകൾ നന്നേ തെളിഞ്ഞതും മധ്യസിര തടിച്ചതുമാണ്. ഇലകൾ കടുത്ത പച്ചയാണ്. തളിരിലകൾ രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. മുറ്റിയ ഇലയുടെ അടിവശം മിനുസമുള്ള രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.

  • പൂവ്:

രാമപ്പഴ മരപ്പൂക്കൾ ഇലയുടെ കക്ഷങ്ങളിൽ നിന്നും കൂട്ടമായോ ഒറ്റയ്ക്കോ കാണുന്നു. 3 ബാഹ്യ ദളപുടങ്ങൾ വളരെ ചെറുതും ആറ് എണ്ണം ദളങ്ങൾ വലുതുമായിക്കാണുന്നു. പൂക്കൾ ദ്വിലിംഗികളായിക്കാണുന്നു. പുറത്തെ മൂന്നു ദളങ്ങൾ മഞ്ഞകലർന്ന പച്ചനിറവും തടിച്ചതുമാണ് പുറം വശത്ത് ഇരുണ്ട ചുവപ്പ് നിറത്തിലുള്ള പുള്ളികൾ കാണാം. 2.5 സെ. മി. നീളവും 1 സെ.മീ വീതിയും ഉണ്ട്. അകവശത്തെ ദളങ്ങൾ 0.5 സെ. മി. യിൽ കൂടുതൽ നീളം വരുന്നു. കേസരങ്ങൾ ധാരാളം. മുകളിലേക്കു ഉന്തി നിൽക്കുന്ന പുഷ്പാസനമുണ്ട്. ജനിപുടത്തിൽ ധാരാളം ബീജാണ്ഡപർണങ്ങളും അതിൽ ഓരോ ബീജാണ്ഡവുമുണ്ട്. ഊർധ്വവർത്തി അണ്ഡാശയമാണുള്ളത്. മേയ്- ജൂൺ മാസം പൂക്കാലമാണ്.

  • ഫലം:

രാമപ്പഴം ബെറിയും ഹൃദയാകാരവും ആപ്പിളിനേക്കാൾ വലുപ്പമുള്ളതുമാണ്. ബെറികൾ പുഷ്പാസനവുമാ‍യി യോജിച്ചാണ് കാണുന്നത്. ഫലം വിളയുമ്പോൾ പുറം മഞ്ഞകലർന്ന ചുവപ്പ് നിറമാകും. ഉള്ളിൽ വെളുത്ത മാംസള ഭാഗം ഉണ്ട്. വെളുത്ത മാംസള ഭാഗത്തിന് പഞ്ചസാര പോലെ തരികളും മധുരവുമേറും. വിളയാത്ത രാമപ്പഴത്തിൽ ധാരാളം ടാനിൻ ഉണ്ടാകും.

  • വിത്ത്:

രാമപ്പഴ വിത്തിന് 1.5 സെ.മീ നീളവും 0.5 സെ. മീ. വീതിയുമുണ്ട്. വിത്തിന് ഇളം കറുപ്പോ കറുപ്പ് കലർന്ന തവിട്ടോ നിറമാണുള്ളത്. വിത്തിന് വിഷ സ്വഭാവമുണ്ട്.

ഉപയോഗങ്ങൾ :

  • ഫലം:

വിളഞ്ഞ് പഴുത്ത രാമപ്പഴ കായോടുചേർന്ന തണ്ട് വൃത്താകൃതിയിൽ കറക്കിയാൽ അതിന്റെ കൂഞ്ഞിലോടെ ഇളകി വരും. മൃദുലമായ തിലിക്കുള്ളിൽ നീരും കഴമ്പും ഉണ്ടായിരിക്കും. ഇതിന് നല്ല മധുരമുണ്ട്. ആയതിനാൽ മധുരമേറിയ ആഹാരമായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ മിൽക്ക് ഷേക്ക്, ഐസ്ക്രീം എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.

രാസഘടകങ്ങൾ:

  • ഫലം:

രാമപ്പഴത്തിന്റെ സിംഹഭാഗവും ജലവും ശേഷിച്ച ഭാഗം പഞ്ചസാരയും (അന്നജം) ഉണ്ട്. പച്ച ഫലത്തിൽ അടങ്ങിയിട്ടുള്ള ടാനിൻ അണുനാശിനിയായി ഉപയോഗിക്കാവുന്നതാണ്.

  • ഇല:

രാമപ്പഴ മരത്തിന്റെ ഇലയിലടങ്ങിയിരിക്കുന്ന ടാനിൻ അണുനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഇല ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് പേൻ നാശിനിയാണ്.

  • വിത്ത്:

തൈലം, റെസിൻ എന്നിവ രാമപ്പഴ വിത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിത്തിലടങ്ങിയിരിക്കുന്ന തൈലം വിഷകാരിയാണ്.

  • കാണ്ഡം:

രാമപ്പഴ കാണ്ഡത്തിലെ മുറിവുകളിൽ നിന്നും ഊറിവരുന്ന സ്രവത്തിന് കണ്ണിന്റെ പ്രവർത്തനത്തെ ബാധിക്കാനും ശരീരത്തിൽ പ്രവേശിച്ചാൽ പക്ഷാഘാതത്തിന് കാരണമാകും.

ആ‍യുഃവേദ പ്രയോഗങ്ങൾ:

രാമപ്പഴത്തിന്റെ ഫലം, ഇല എന്നിവ ഔഷധഭാഗമാണ്.

രസ ഘടകങ്ങൾ

രസം

:

മധുരം

ഗുണം

ഗുരു

വീര്യം

:

ശീതം

വിപാകം

:

മധുരം

  • രാമപ്പഴം ശരീര ശക്തി വർദ്ധിപ്പിക്കുന്നു.
  • രാമപ്പഴ വിത്ത് വിഷകരമാണ്. കഴിച്ചാൽ പനി, ഛർദ്ദി എന്നിവ ഉണ്ടാകും.
  • രാമപ്പഴവേരിൻ കഷായം പനിക്കുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്.
  • രാമപ്പഴത്തിന്റെ വേരിൻ തൊലി ചതച്ച് മോണയിൽ വച്ചാൽ പല്ലുവേദന ശമിക്കും.
  • രാമപ്പഴ വേരിൻ കഷായം വയറിളക്കം, രക്താതിസാരം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
  • രാമപ്പഴ ഇലക്കഷായം വിര നശീകാരിയായി ഉപയോഗിക്കാവുന്നതാണ്.
  • ചതച്ചരച്ച രാമപ്പഴ ഇല പഴുപ്പ് നിറഞ്ഞ വീക്കം, പൊള്ളലുകൾ എന്നിവ മാറുന്നതിന് ഉപയോഗിക്കാവുന്നതാണ്.
  • പാകമാകാത്ത ഉണങ്ങിയ രാമപ്പഴ കായ് തിളപ്പിച്ച വെള്ളം വയറിളക്കം, രക്താതിസാരം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

വിവിധ ഇനങ്ങൾ :

രാമപ്പഴം സധാരണയായി കാണുന്ന തരത്തിലാണുള്ളത്. സാധാരണ ഇനം കൂടാതെ ബഡ്ഡ് തൈകളും കാ‍ണാറുണ്ട്.

  • സാധാരണ രാമപ്പഴം:

സാധാരണ രാമപ്പഴം ഏകദേശം 6-10 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നു. മുള്ളാത്തയേക്കാൾ വലുപ്പമുള്ളതുമാണ്. മുള്ളാത്ത, സീതപ്പഴം എന്നിവയുടേത് പോലെ ഫലം പച്ച നിറം ഉണ്ടാവില്ല. ഇളം കായ് പച്ചനിറവും വിളഞ്ഞുപഴുക്കുമ്പോൾ മഞ്ഞ കലർന്ന ചുവന്ന നിറവും പുറത്ത് വെളുത്ത പൊടി പൂശിയതുപോലെ കാണപ്പെടും. അകത്തെ മാംസള ഭാഗം വെളുപ്പും, കറുത്ത വിത്തുമാണുള്ളത്. മറ്റ് ആത്തകളേക്കാൾ കുറച്ച് ഫലമേ ലഭിക്കൂ. ഏതാണ്ട് 20 വർഷത്തോളം  ആയുസ്സുണ്ട്.

  • രാമപ്പഴം - ബഡ്ഡിനം:

രാമപ്പഴം ഏകദേശം 6-8 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമാണ്. സധാരണ രാമപ്പഴ മരത്തിന്റെ വലുപ്പത്തേക്കാൾ ചെറുതും ധാരാളം ശാഖകൾ ഉള്ളതുമാണ്. സധാരണ രാമപ്പഴമരത്തേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 15-20 വർഷത്തോളം  ആയുസ്സുണ്ട്.

പരാഗണവും വിതരണവും :

  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • പക്ഷികൾ, അണ്ണാൻ, കുരങ്ങ് എന്നിവ മുഖേനെ വിത്ത് വിതരണം നടക്കുന്നു.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:

  • വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:

രാമപ്പഴത്തിന്റെ കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത് അവയ്ക്ക് പുനരുത്ഭവ ശേഷി കൂടുതലാണ്. ഒരു പഴത്തിൽ 15- 20 വരെ വിത്തുകൾ കാണാറുണ്ട്. നല്ല വലുപ്പമുള്ള വിത്ത് തെരഞ്ഞെടുത്ത വിത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്ത് നട്ടാൽ മുളയ്ക്കുന്നതാണ്. സാധാരണ നിലയിൽ നനവുണ്ടെങ്കിൽ പോലും താമസിച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുകയാണ് പതിവ്. ചെറുമുറ്റുള്ള ശാഖ ഇലയോടൊടിച്ച് മിസ്റ്റ് ഹൌസുകളിൽ നട്ടും തൈകൾ ഉണ്ടാക്കിവരുന്നു. ഓഗസ്റ്റ് - സെപ്തംബർ മാസത്തിലോ ഡിസംബർ - ജനുവരി മാസത്തിലോ മാതൃ വൃക്ഷത്തിന്റെ മുറ്റിയ ശാഖകളിൽ എയർ ലെയറിംഗ് നടത്തുകയും മൂന്നുനാല് മാസത്തിനുശേഷം ആയത് മുറിച്ച് ചെറു പോളിത്തീൻ കവറിൽ ഒന്നുരണ്ട്മാസം നനച്ച് സൂക്ഷിച്ച ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം.

  • മണ്ണൊരുക്കലും, നടീൽ രീതിയും:

ഏതുസമയത്തും രാമപ്പഴത്തൈകൾ നടാമെങ്കിലും മഴക്കാല ആരംഭത്തിൽ നട്ടാൽ നനയ്ക്കൽ കാര്യമായി ഒഴിവാക്കാം. 40 സെ. മീ. നീളം, 40 സെ. മീ. വീതി, 40 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 3 മീറ്റർ അകലത്തിലാണ് സീതപ്പഴ തൈകൾ നടേണ്ടത്.

  • വളപ്രയോഗം, ജലസേചനം:

ആറുമാസം കഴിയുമ്പോൽ വേരിന് ക്ഷതം വരാതെ അരമീറ്റർ അകൽത്തിൽ മരത്തിനെ ചുറ്റി കുഴിയെടുത്ത് അതിൽ കമ്പോസ്റ്റ്, ചാണകം, 250 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. പിന്നീടുള്ള കാലയളവുകളിൽ വളം വളർച്ചാ നിരക്കിനനുസരിച്ച് നൽകാവുന്നതാണ്.

കാര്യമായ ജലസേചനം വേണ്ടാത്ത മരമാണ് രാമപ്പഴം. തടങ്ങളിൽ പുതയായി ഉണങ്ങിയ ഇലകളോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവുന്നതാണ്. വർഷത്തിലൊരിക്കൽ പ്രത്യേകിച്ച് മഞ്ഞുകാലത്ത് ശാഖകൾ കോതി നിർത്തുകയും, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റുകയും വേണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും വേരുകൾക്ക് ക്ഷതമേൽക്കാതെ സംരക്ഷിച്ചും നിർത്തുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും. 4-5 വർഷത്തിനുള്ളിൽ 7-9 മീറ്റർ ഉയരമെത്തുകയും ചെയ്യും.

  • വിളവ് ലഭ്യത:

ആദ്യവർഷം മുതൽ രാമപ്പഴ മരത്തിന്റെ ശാഖ കോതുന്നത് ഉപശാഖകൾ കൂടുതൽ പുഷ്ടിയോടെ വളരാൻ കാരണമാകും. സാധാരണയായി തൈകൾ ഒറ്റശാഖയാണ് കാണുന്നത്. തലപ്പ് നുള്ളി പുതുശാഖകൾ സൃഷ്ടിക്കാവുന്നതുമാണ്. വളർച്ചയ്ക്കനുസരിച്ച് പ്രൂൺ ചെയ്യുന്നത് നല്ലതാണ്. ഈ രീതിയിൽ കൂടുതൽ വിളവ് ലഭിക്കും. കേടില്ലാത്തതും വലുപ്പമുള്ളതുമായ കായ്കൾക്ക് വിപണി ലഭ്യത കൂടുതലുണ്ടാകും. അഞ്ചു വർഷം പഴക്കമുള്ള രാമപ്പഴ മരങ്ങളിൽ നിന്നും 30 കായ്കൾ വരെ വർഷത്തിൽ ലഭിക്കും.

രോഗങ്ങളും രോഗ നിവാരണവും :

  • രോഗം:      ഇലപ്പൊട്ട് രോഗം (ആന്ത്രക്നോസ്)

ലക്ഷണം:       തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യും ഇളം കായ്കളിലും ആദ്യം കാണുന്നു. പിന്നീട് ഇലയും കായും ചീയുകയും കൊഴിയുകയും ചെയ്യും. രാമപ്പഴം വ്യാവസായികമായി കൃഷിചെയ്യുമ്പോൾ രോഗം വളരെ വേഗം പടർന്ന് കാർഷിക നാശം ഉണ്ടാക്കുന്നു.

പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം. രോഗ ബാധയേറ്റ ഇലകൾ, കായ്കൾ എന്നിവ പെറുക്കി നശിപ്പിക്കുന്നത് രോഗപ്പകർച്ചയെ നിയന്ത്രിക്കാവുന്നതാണ്.

  • രോഗം:      ഇലപ്പുള്ളി രോഗം

ലക്ഷണം: മഴക്കാലത്തോടെ രാമപ്പഴ മരങ്ങളുടെ ഇലകളിലും കായ്കളിലും മഞ്ഞനിറമാർന്ന കുത്തുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ കുത്തുകൾ വലുതാവുകയും കുത്തുകളുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേരുന്നതു ഇലകളിലെങ്കിൽ അത് ഒടിഞ്ഞുതൂങ്ങുകയും കായ്കളാണെങ്കിൽ അഴുകുകയും ചെയ്യുന്നു.

പ്രതിവിധി: രോഗബാധയുള്ള കായ്കൾ യഥാസമയം നശിപ്പിക്കണം. കൂടാതെ രോഗബാധയുള്ള ഇലകളുണ്ടെങ്കിൽ അവ മുറിച്ചുമാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതും ഉചിതമാണ്.

  • രോഗം:      കായ് കറുക്കൽ

ലക്ഷണം: രാമപ്പഴ മരങ്ങളുടെ കായ്കളിൽ വയലറ്റ് നിറമാർന്ന പാടുകൾ ആദ്യം കാണപ്പെടുകയും പിന്നീട് കറുത്ത നിറത്തിലാവുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. പാടുകൾ വലുതാവുകയും ആയതിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങും. (കായ്കൾ മുറിച്ചാൽ പാടിനകത്ത് കറുത്ത് കട്ടിയായി കാണപ്പെടും.) ക്രമേണ കറുത്ത ഭാഗത്ത് പൊട്ടലുണ്ടാകുകയും ചെയ്യും

പ്രതിവിധി: രോഗബാധയുള്ള കായ്കൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം നശിപ്പിക്കണം.

  • രോഗം:      കായ് ചീയൽ

ലക്ഷണം: തണുപ്പ് കാലങ്ങളിൽ രാമപ്പഴ മരങ്ങളുടെ കായ്കളുടെ പുറത്ത് കറുത്ത നിറത്തിലുള്ള പാടുകൾ കാണുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. പാടുകൾ വലുതാവുകയും തൊലിയുടെ കട്ടികുറയുകയും ചെയ്യും. കായ്ക്കുള്ളിലെ കഞ്ചുകം കൂടുതൽ മഞ്ഞനിരത്തിലാകുകയും അഴുകുകയും ചെയ്യുന്നു.

പ്രതിവിധി: രോഗബാധയുള്ള കായ്കൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം നശിപ്പിക്കണം.

  • രോഗം:        കൊമ്പുണക്കം (ഡൈ ബാക്ക്)

ലക്ഷണം: രാമപ്പഴമരത്തിന്റെ മരച്ചില്ലകൾക്ക് ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.

പ്രതിവിധി: ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.

കീടങ്ങളും കീട നിവാരണവും :

  • കീടം: തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)

ലക്ഷണം: രാമപ്പഴമരത്തിന്റെ കാണ്ഡഭാഗത്ത് തണ്ടുതുരപ്പൻ പുഴുസുഷിരങ്ങൾ ഉണ്ടാക്കുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നത് ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ കീടാക്രമണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

  • കീടം: മീലിമൂട്ട (സിനോകോക്കസ് അനാന്റെലി)

ലക്ഷണം: മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. രാമപ്പഴ മരത്തിന്റെ വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.

നിവാരണം: മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം: കായീച്ച / പഴയീച്ച

ലക്ഷണം: കായീച്ച രാമപ്പഴ പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ പഴുക്കുന്നതും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.

നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം: ഇലതീനിപ്പുഴു

ലക്ഷണം: രാമപ്പഴ മരത്തിന്റെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ് ഇലതീനി. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകൾ തിന്നു നശിപ്പിക്കുന്നു.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: നിമാ വിര:

ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം രാമപ്പഴ മരങ്ങളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.

നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. തൈ നടുന്ന കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ നല്ലൊരു പരിഹാരമാണ്.

മറ്റുപയോഗങ്ങൾ:

  • വിത്ത് കീടനാശിനിയായി ഉപയോഗിക്കുന്നു.
  • ഇലകൾ സംസ്കരിച്ചെടുത്ത് കറുപ്പും നീലയും ചായം നിർമ്മിക്കാ‍ൻ ഉപയോഗിക്കുന്നു.
  • കട്ടിയുള്ള രാമപ്പഴത്തൊലി സവിശേഷമായ ചരട് നിർമ്മാണത്തിനുപയോഗിക്കുന്നു.
  • രാമപ്പഴത്തടി നുകം പണിയുന്നതിനുപയോഗിക്കുന്നു.

നെല്ലി – Indian gooseberry

ഇന്ത്യയിലെ ഇലകൊഴിയും കാടുകളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന മരമാണ് നെല്ലി. ഇന്ത്യയിലുടനീളവും ശ്രീലങ്ക, ബർമ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും നെല്ലിമരം സമൃദ്ധമായിക്കാണുന്നു. വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ഏതു രീതിയിൽ പാകം ചെയ്താലും അതിലെ വൈറ്റമിൻ സി നഷ്ടപ്പെടില്ല. നെല്ലിക്ക ത്രിഫലകളിൽ ഒന്നാണ്. നെല്ലിക്ക് ചൂടും തണുപ്പും പ്രതിരോധിക്കാൻ കഴിയുന്നു. നെല്ലിക്കായ് കഴിച്ചശേഷം വെള്ളം കുടിച്ചാൽ മധുരം അനുഭവപ്പെടും

ശാസ്ത്ര പഠന വിഭാഗം:

കുടുംബം

:

യൂർഫേബിയേസീ

ശാസ്ത്ര നാമം

:

ഫില്ലാന്തസ് എംബ്ലിക്ക / Phyllanthus emblica

എംബ്ലിക്ക  ഒഫീഷിനാലിസ് / Emblica officinalis

അറിയപ്പെടുന്ന പേരുകൾ:

മലയാളം

:

നെല്ലി

ഇംഗ്ളീഷ്

:

ഇന്ത്യൻ ഗൂസ്ബെറി (Indian gooseberry)

സംസ്കൃതം

:

അമൃതാ, ആമലകഃ, വയസ്ഥഃ, വൃക്ഷഃ, ധാത്രീ, ധാത്രീഫലഃ, ശിവം

ഹിന്ദി

:

ആമ്ലാ

ബംഗാളി

:

ആമ്ലകി

തമിഴ്

:

നെല്ലിക്കായ്

തെലുങ്ക്

:

നെല്ലി, ആമ്ലകമു

സസ്യ വിശേഷങ്ങൾ :

ഏകദേശം 10-20 മീറ്റർ വരെ നീളമുള്ളതും ശാഖകളുള്ളതുമായ  ബഹുവർഷി സസ്യമാണ് നെല്ലിമരം. വേനൽക്കാലത്ത് ഇലകളോടൊപ്പം ശാഖകളും പൊഴിക്കാറുണ്ട്. വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ത്രിഫലകളിൽ (നെല്ലിക്ക, താന്നിക്ക, കടുക്ക) ഒന്നാണ്.

  • കാണ്ഡം:

10-20 മീറ്റർ വരെ ഉയരമുള്ള ശാഖകളുള്ള ഇടത്തരം മരമാണ് നെല്ലി. ചാര നിറമുള്ള കാണ്ഡത്തിലെ തൊലിക്ക് അപശൽക്കന സ്വഭാവമുണ്ട്. തെലി അടർന്ന പാട് കാണ്ഡത്തിൽ കാണാവുന്നതാണ്. തൊലിയുടെ ഉൾഭാഗം ചുവപ്പാണ്. തടിക്ക് ചുവപ്പ് നിറവും കടുപ്പവും ബലവുമുണ്ട്.

  • വേര് :

കട്ടിയുള്ള തായ്‌വേര് വിന്യാസമാണുള്ളത്. ചുവടോട് ചേർന്ന വേരുകൾ തറയിൽ നിന്നും അൽപ്പം ഉയർന്ന് നിൽക്കാറുണ്ട്.

  • ഇല:

നെല്ലിയിലയ്ക്ക് 8-10 വരെ സെ.മീ. നീളമുണ്ട്. ഇവ ശാഖകളിൽ ഇരുവശത്തുമായി രണ്ട് നിരയായി വിന്യസിച്ചിരിക്കുന്നു. പത്രസീമാന്തം അഖണ്ഡമാണ്. ലഘുവായ ഇലയ്ക്കു ചെറിയ അനുപർണ്ണങ്ങളുണ്ട്. ശാഖകളിൽ ഇലകളുടെ രണ്ട് നിരകൾ കാണുന്നു. ഇലയുടെ നിറം മഞ്ഞ കലർന്ന പച്ചനിറമാണ്. വേനലിൽ ഇലപൊഴിക്കുന്നു.

  • പൂവ് :

ശിശിരകാലാന്ത്യത്തിൽ (ജനുവരി- മാർച്ച്) പൂക്കളുണ്ടാകുന്നു. ദ്വിലിംഗ പൂക്കൾ ചെറുതും ധാരാളവും ഉണ്ടാകും. പച്ചകലർന്ന മഞ്ഞനിറമാണുള്ളത്. ദളങ്ങളില്ലാത്ത ഇവയ്ക്ക് 5-6 ബാഹ്യദളങ്ങൾ ഉണ്ട്. 3 സംയുക്തകേസരങ്ങളുണ്ട്. അണ്ഡാശയത്തിന് മൂന്ന് അറകളും ആറ് ബീജാണ്ഡങ്ങളുമുണ്ട്.

  • ഫലം :

നെല്ലിയ്ക്ക ഡ്രൂപ്പാണ്. വസന്തകാലത്ത് (ഓഗസ്റ്റ്- സെപ്തംബർ) ഫലം വിളവെടുക്കാവുന്നതാണ്. ഇളം കായ്കൾക്ക് മങ്ങിയ പച്ചനിറവും, വിളഞ്ഞകായ്കൾക്ക് മഞ്ഞ നിറവുമാണ്. ചെറുതായി കടുപ്പമുള്ളതും ഗോളാകൃതിയുള്ളയ്ഹുമായ കായ്കളുടെ ഉപരിതലം തിളങ്ങുന്നതും നെടുകെ ആറോളം വേർതിരിക്കലിമുണ്ട്. വിത്തുകൾ പുതിയ തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്. ആധുനിക പൂന്തോട്ട രീതികൾ ഉപയോഗിച്ച് മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.

ഉപയോഗങ്ങൾ :

  • കായ്:

കായ്കളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ചൂടിൽ നശിക്കാത്ത വൈറ്റമിൻ സി ആയതിനാൽ അച്ചാറുകൾക്കും ഉപയോഗിക്കാം, ഉണക്കിയാലും ഉപ്പിലിട്ടാലും വൈറ്റമിൻ സി നഷ്ടപ്പെടാറില്ല. ജാം, കാൻഡി, സ്ക്വാഷുകൾ എന്നിവയ്ക്കായി നെല്ലിക്ക ഉപയോഗിച്ചുവരുന്നു. ഔഷധമേഖലകളിൽ നെല്ലിക്കയുടെ പ്രാധാന്യമേറേയാണ്. ച്യവനപ്രാസത്തിലും, രസായനങ്ങളിലും, ചൂർണ്ണങ്ങളിലും മുഖ്യചേരുവയായി ഉൾപ്പെടുത്താറുണ്ട്. മഷി, മുടിനരയ്ക്കുള്ള ഡൈ, ഷാമ്പൂ, തല്യിൽ തേക്കുന്ന എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.

  • ഇല:

വിളവെടുപ്പിനുശേഷം കൊമ്പുകോതുമ്പോൾ ഇലകൾ കന്നുകാലികൾക്ക് ആഹാരമായി നൽകാറുണ്ട്. ഏലത്തിന് പുതയിടുന്നതിന് നെല്ലിയില ഉപയോഗിക്കുന്നു.

  • തടി:

കാർഷിക ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. വെള്ളം ശുദ്ധീകരിക്കാൻ കിണറുകളിൽ നെല്ലിപ്പലക ഉപയോഗിക്കാറുണ്ട്. തടി വിറകിനായും ഉപയോഗിക്കുന്നു.

രാസഘടകങ്ങൾ:

  • ഫലം:

100 ഗ്രാം നെല്ലിക്കയിൽ 720-900 മില്ലി ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.  നെല്ലിക്കയിൽ പെക്ടിൻ, ഇരുമ്പ്, കാത്സ്യം എന്നിവയും ഗൈനിക്, ടാനിക് എന്നീ പഞ്ചസാര, അന്നജം, റെസിൻ പ്രൊട്ടീൻ, സെല്ലുലോസ്, സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ലൂപ്പിനോൾ, ക്വർസെറ്റിൻ, കൊരിലാജിൻ എന്നിവയും ഗ്ലൂക്കോഗാലിക്, ചെബുലാജിക്, എല്ലജിക് എന്നീ അംമ്ളങ്ങളും അടങ്ങിയിട്ടുണ്ട്.

ആ‍യുഃവേദ പ്രയോഗങ്ങൾ:

കായ്, വേര്, തൊലി എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്.

രസ ഘടകങ്ങൾ

രസം

തിക്തം, മധുരം, കഷായം, അമ്ളം

ഗുണം

ഗുരു, രൂക്ഷം

വീര്യം

:

ശീതം

വിപാകം

:

മധുരം

  • വാത പിത്ത കഫ രോഗങ്ങൾ കുറയ്ക്കുന്നു. ധാതുപുഷ്ഠിയ്ക്കും ശുക്ളവർദ്ധനയ്ക്കും ഉത്തമമാണ്.
  • രക്തപിത്തം, അമ്ള പിത്തം രക്തദുഷ്ടി, ജ്വരം, പ്രമേഹം, മുടികൊഴിച്ചിൽ എന്നിവ ശമിപ്പിക്കും.
  • കാഴ്ചവർദ്ധനയ്ക്കും നാഡികൾക്ക് ബലം നൽകുന്നതിനും അത്യുത്തമം.
  • രുചിയും ദഹനവും വർധിപ്പിക്കും.
  • ആയുർവേദത്തിൽ നെല്ലിയുടെ കായ്കൾ കൂടാതെ ഇല, വേര്, തൊലി എന്നിവയും ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • ച്യവനപ്രാശം, രസായനം, ആസവം എന്നിവയിലെ പ്രധാന ചേരുവയാണ് നെല്ലിക്ക.

വിവിധ ഇനങ്ങൾ :

ഫലത്തിനായും, ഔഷധ നിർമ്മാണത്തിനായും നെല്ലി ഇനങ്ങൾ കൃഷി ചെയ്തുവരുന്നു. നാടൻ ഇനങ്ങൾ കൂടാതെ ബനാറസി, ഫ്രാൻസിസ് (ഹാതിഝൂൽ), ചക്കൈയ്യ, കാഞ്ചൻ (എൻ.എ.-4) , എൻ.എ.-4, എൻ.എ.-6, എൻ.എ.-7, ആനന്ദ്-1, ആനന്ദ്-2, ആനന്ദ്-3 എന്നിവയാണ് പ്രധാന ഇനങ്ങൾ.

  • നാടൻ നെല്ലി:

ശാഖോപശാഖകളായി വരുന്ന ഈ ഇനം കേരളത്തിൽ വീട്ടുവളപ്പിൽ സാധാരണ കാണാറുണ്ട്. ഇറ്റത്തരം വലുപ്പമുള്ള മരത്തിൽ ധാരാളം കായ്കൾ ഉണ്ടാകും. കായ്കൾ ചെറുതും അണ്ഡാകൃതിയുമാണ്. പാകമാകുമ്പോൾ തിളങ്ങുന്ന മഞ്ഞ നിറത്തിൽ തൊലിയും, ആയതിനു പുറത്തെ വരകൾ കൂടുതൽ തെളിഞ്ഞും കാണുന്നു. അച്ചാർ വിഭവങ്ങളുണ്ടാക്കുന്നതിന് കൂടുതൽ ഉപയോഗിച്ചുവരുന്നു.

  • ബനാറസി:

വളരെപ്പെട്ടെന്ന് കായ്ഫലം ലഭിക്കുന്ന ഇനമാണ് ബനാറസി. ചില്ലകൾ കോതുന്ന രീതിയിൽ ധാരാളം കായ്കൾ ഉണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ ഇടത്തരം വലുപ്പവും നാരടങ്ങിയതുമാണ്. അണ്ഡാകൃതിയുള്ള കായ്കൾക്ക് വെള്ളകലർന്ന നിറവും പച്ചയും കലർന്ന അടയാളവുമുണ്ട്. കായ്കളുടെ സൂക്ഷിപ്പ് ഗുണം കുറവാണ്.

  • ഫ്രാൻസിസ്:

ഈ ഇനം ഹാത്തിഝൂൽ എന്ന പേരിലും അറിയപ്പെടുന്നു. പ്രത്യേക ആകൃതിയില്ലാത്ത കായ്കൾ ഇടത്തരം ഫലം ലഭിക്കുന്നു. മഞ്ഞ നിറമാണ് കായ്കൾക്കുള്ളത്.

  • ചക്കൈയ്യ:

വളരെ താമസിച്ച് കായ്ഫലം ലഭിക്കുന്ന ഇനമാണ് ചക്കൈയ്യ. ചില്ലകൾ കോതുന്ന രീതിയിൽ ധാരാളം കായ്കൾ ഉത്പാദിപ്പിക്കുന്ന ഇനമാണ്. മറ്റുമരങ്ങളുമായി പരാഗണനത്തിനുപയോഗിക്കുന്ന ഇനം കൂടിയാണിത്.

  • എൻ എ- 4:

കാഞ്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഇനമാണ് എൻ എ- 4. ചക്കൈയ്യ ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ്. ഇടത്തരം വലുപ്പമുള്ള കായ്കൾ ഉത്പാദിപ്പിക്കുന്ന ഈ ഇനത്തിൽ ധാരാളം നാരടങ്ങിയിട്ടുണ്ട്. മറ്റുമരങ്ങളുമായി പരാഗണനത്തിനുപയോഗിക്കുന്ന ഇനം കൂടിയാണിത്. മാംസളതകൂടുതളുള്ള ഈ ഇനത്തിന് വിപണി മൂല്യം കൂടുതലാണ്.

  • എൻ എ- 5:

കൃഷ്ണ എന്ന പേരിൽ അറിയപ്പെടുന്ന ഇനമാണ് എൻ എ- 5. ബനാറസി ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ്. വളരേ നേരത്തേ കായ്ഫലം ലഭിക്കുന്ന ഇനമായ ഈ ഇനത്തിൽ നിന്നും 40-50 ഗ്രാം ഭാരമുള്ള കായ്കൾ ലഭിക്കുന്നു. ആകർഷകവും ഉരുണ്ടതും ചുവന്ന കുത്തുകൾ കാനപ്പെടുന്നതുമായ കായ്കൾ ഉത്പാദിപ്പിക്കുന്നു. ഈ ഇനത്തിന്റെ ഫലത്തിൽ നാരു സാന്നിദ്യമില്ല. ബനാറസി ഇനത്തേക്കാൾ കൂടുതൽ കായ്ഫലം ലഭിക്കുന്നു.

  • എൻ എ- 6:

ചക്കൈയ്യ ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ് എൻ എ- 6. ഇടത്തരം വലുപ്പമുള്ള കായ്കൾ ഉത്പാദിപ്പിക്കുന്ന ഈ ഇനം കൂടുതൽ കായ്കൾ ഉത്പാദിപ്പിക്കുന്നു. മാംസളതകൂടുതളുള്ള ഈ ഇനത്തിൽ നാരുകുറവായതിനാൽ സൂക്ഷിക്കാനും കാൻഡി ഉത്പാദനത്തിനും ഉപയോഗിക്കുന്നു.

  • എൻ എ- 7:

ഫ്രാൻസിസ് ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ് എൻ എ- 7. ഇടത്തരം വലുപ്പമുള്ള കായ്കൾ ഉത്പാദിപ്പിക്കുന്ന ഈ ഇനം കൂടുതൽ കായ്കൾ ഉത്പാദിപ്പിക്കുന്നു. വിപണന മേഖലകളിൽ പ്രിയമേറിയ ഈ ഇനം കൂടുതൽ ആവശ്യങ്ങൾക്ക് ഉപയോഗ്ഗിക്കുന്നു.

  • ഹിമാലയൻ നെല്ലി:

പടിഞ്ഞാറൻ ഹിമാലയസാനുക്കളിൽ കാണുന്ന വന്യമായ ഇനമാണ് ഹിമാലയൻ നെല്ലി. ഇവ തണുപ്പും ഉയരമേറിയ കുന്നുകളിലും നന്നായി വളരും. നെല്ലിക്ക വളരെ ചെറുതും സമൃദ്ധമായും കാണുന്നു.  ഔഷധമൂല്യം കൂടുതലായതിനാൽ വിപണന മേഖലകളിൽ ഈ ഇനത്തിന്റെ കായ്കൾ വൻ വിലയ്ക്ക് വിൽക്കാറുണ്ട്. തണുപ്പുള്ളയിടങ്ങളിൽ വളർത്താൻ അനുയോജ്യം.

  • കാട്ടുനെല്ലി / വനനെല്ലി:

സഹ്യപർവ്വത സാനുക്കളിലും പ്രത്യേകിച്ച് കേരള വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിൽ അപൂർവ്വമായും കാണുന്ന ഇനമാണിത്. കായ്കൾ ഹിമാലയൻ നെല്ലിയുടേതിന് സമാനമാണ്. വളരെ ചെറിയ കായ്കൾക്ക് പച്ചകലർന്ന ചുവപ്പ് നിറം കാണാം. കഞ്ചുകം കുറവാണ്. വിത്തുഭാഗം കൂടുതലുള്ള ഈ ഇനം ഔഷധമൂല്യം കൂടുതലായതിനാൽ വിപണന മേഖലകളിൽ ഈ ഇനത്തിന്റെ കായ്കൾ വൻ വിലയ്ക്ക് വിൽക്കാറുണ്ട്.

  • എൻ എ- 6:

നരേന്ദ്ര- 6 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 6. ചക്കൈയ്യ ഇനത്തിന്റെ സങ്കരയിനമാണ്. ഫലം വലുപ്പമേറിയതും ആകർഷകമായ തിളക്കമാർന്നതുമാണ്. നാരുകൾ കുറവാണ്. മരത്തിൽ നന്നായി കായ്ഫലമുണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ ജാം, കാൻഡി, മധുര പലഹാരങ്ങൾ എന്നിവയ്ക്കുപയോഗിക്കാറുണ്ട്.

  • എൻ എ- 7:

നരേന്ദ്ര- 7 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 7. ഫ്രാൻസിസ് ഇനത്തിന്റെ സങ്കരയിനമാണ്. സീസണിന്റെ മധ്യകാലത്ത് ഫലം പാകമാകും. ഫലം വലുപ്പമേറിയതും ആകർഷകമായ തിളക്കമാർന്നതുമാണ്. നാരുകൾ എൻ എ- 6 നേക്കാൾ കൂടുതലാണ്. വർഷത്തിൽ നന്നായി കായ്ഫലമുണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ ച്യവനപ്രാശം, ചട്ണി, അച്ചാറുകൾ, ജാം, സ്ക്വാഷ്  എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കാറുണ്ട്.

  • എൻ എ- 9:

നരേന്ദ്ര- 9 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 9. സീസണിന്റെ ആദ്യകാലത്ത് ഫലം പാകമാകുന്നതിനാൽ നല്ല വിപണന മൂല്യം ലഭിക്കുന്നു. മറ്റ് ഇനങ്ങളേക്കാൾ വൈറ്റമിൻ- സി വളരെക്കൂടുതൽ ഈ ഇനത്തിനുണ്ടെന്ന് എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഫലം പാകമാകുന്നത് ഒക്ടോബർ മാസം മധ്യ കാലം മുതൽ നവംബർ മാസം ആദ്യം വരെ യുള്ള കാലയളവിലാണ്.

  • എൻ എ- 10:

നരേന്ദ്ര- 10 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 10. ബനാറസ് ഇനത്തിന്റെ സങ്കരയിനമാണ്. സീസണിന്റെ ആദ്യകാലത്ത് ഫലം പാകമാകും. ഫലം വലുപ്പമേറിയതും അൽപ്പം പരന്നതുമാണ്. വർഷത്തിൽ നന്നായി കായ്ഫലമുണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ അച്ചാറുകളുടെ നിർമ്മാണത്തിനും ഉണക്കി സൂക്ഷിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.

  • ബി എസ് ആർ- 1:

ഭവാനി സാഗർ - 1 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് ബി എസ് ആർ- 1. തമിഴ്നാട് കാർഷിക സർവകലാശാലയുടെ കോയമ്പത്തൂർ ഭവാനി സാഗർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഇനമാണിത്.  മറ്റിനങ്ങളേക്കാൾ കൂടുതൽ നാരടങ്ങിയിട്ടുണ്ട്. ഫലത്തിൽ വൈറ്റമിൻ- സി കൂടുതലുണ്ട്. ആയതിനാൽ ആയൂർവേദ ഔഷധ നിർമ്മാണത്തിന് കൂടുതലുപയോഗിക്കുന്നു. ഇളം മഞ്ഞകലർന്ന നിറത്തിൽ കാണുന്ന ഈ ഇനത്തിന്റെ കായ്കൾ ഓരോന്നിനും 27 ഗ്രാം വീതം കാണുന്നു. ഉരുണ്ട ആകൃതിയുള്ളതും അറ്റം പരന്നതുമായ കായ്കൾ കയ്പേറിയതാണ്.

പരാഗണവും വിതരണവും :

  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • പക്ഷികൾ, അണ്ണാൻ, വാവലുകൾ എന്നിവയുടെ സഹായത്താലാണ് വിതരണം നടത്തുന്നത്.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:

  • വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:

സാധാരണ രീതിയിൽ വിത്തു നട്ടാണ് തൈകൾ ഉണ്ടാ‍ക്കുന്നത്. ജനുവരി-ഫെബ്രുവരി മാസത്തിൽ ലഭിക്കുന്ന നല്ല നെല്ലിക്കായിലെ വിത്തുകൾ ഉണക്കി വിത്തുകൾക്കയി തെരഞ്ഞെടുക്കാം. സ്വാഭാവിക വിത്തുമുളയ്ക്കൽ പ്രയാസമാണ്. കായ്പൊട്ടി വിത്ത് പുറത്തുവന്നാലേ മുളപ്പ് സാദ്ധ്യമാകൂ. ഉണക്കിയ മേൽത്തരം കായ്കൾ പൊട്ടിച്ച് നട്ട് തൈകൾ ഉത്പാദിപ്പിക്കാം.തടങ്ങളിലോ കവറുകളിലോ മണ്ണ്, ചാ‍ണകപ്പൊടി, ഇലപ്പൊടി എന്നിവയിൽ അര ഇഞ്ച് താഴ്ത്തി വിത്ത് ചേർത്ത് മുളപ്പ് വരുന്നതുവരെ രണ്ട്നേരം നനച്ച് മുളപ്പിക്കാവുന്നതാണ്.

വിത്തുകളുടെ പുനരുത്ഭവശേഷിക്കുറവായതിനാൽ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് രീതികൾ അവലംബിക്കാവുന്നതാണ്. തൊലി വെട്ടി ബഡ്ഡ് ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. മാതൃ സസ്യനിർമ്മാണത്തിന് (സ്റ്റോക്ക്) നല്ല വിത്തുകൾ തെരഞ്ഞെടുക്കണം. വെള്ളത്തിൽ ഉണക്ക വിത്തിട്ടാൽ താഴ്ന്നുപോകുന്ന വിത്ത് ഉണക്കിയശേഷം വിത്ത് തടത്തിൽ വിതയ്ക്കാനുപയോഗിക്കാം. ഗിബ്ബെർലിക് ആസിഡ് അനുയോജ്യമായ രീതിയിൽ ചേർത്ത വിത്തുകൾക്ക് അങ്കുരണ ശേഷികൂടുതലാണ്. സ്റ്റോക്കിന്റെ മുകള ഭാഗത്ത് ഒട്ടിക്കുന്നതിന്  ഇതേ വലുപ്പമുള്ള നല്ല ഇനത്തിലും ആരോഗ്യത്തിലുമുള്ള കൂടുതൽ കായ്ഫലമുള്ള വൃക്ഷശിഖരത്തിന്റെ മുകുളമുള്ള ഒട്ടുകമ്പായി (സയോൺ) ഉപയോഗിക്കാം. സ്റ്റോക്കിന്റെ ചുവടുഭാഗത്തിനുമുകളിൽ 20 സെ. മീറ്റർ അകലത്തിലുള്ള ഭാഗത്തെ മുകുളമുൾപ്പടെ തൊലി നീക്കിയശേഷം സയോണിലെ മുകുളമുൾപ്പെടുന്ന തൊലി ചേർത്തുവച്ച് കെട്ടിയശേഷം പോളിത്തീൻ ടേപ്പ് ചുറ്റുന്നു. സയോൺ മുകുളം മൂന്ന് നാ‍ല് ആഴ്ചയ്ക്ക് ശേഷം മുളയ്ക്കുകയും മുളപ്പിന് മുകളിൽ രണ്ട് മൂന്ന് ഇഞ്ച് ഉയരത്തിൽ വച്ച് മുറിച്ച് തൈയായി മാറ്റാവുന്നതാണ്. ആറുമാസം മുതൽ ഒരുവർഷം വരെ പ്രായമായ വിത്തുതൈകളാണ് സ്റ്റോക്കിനുപയോഗിക്കേണ്ടത്.

  • മണ്ണൊരുക്കലും, നടീൽ രീതിയും:

മേയ്- ജൂൺ മാസങ്ങളിലാണ് തൈകൾ നടേണ്ടത്. ഒരു ഘന മീറ്റർ (1 മീ. നീളം, 1 മീ. വീതി, 1 മീ. താഴ്ച) ഉള്ള കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. കാറ്റിൽ ഒട്ടിപ്പിന് ഉലച്ചിലുണ്ടാകാതിരിക്കാൻ താങ്ങ് കമ്പ് പിടിപ്പിക്കുകയും വേണം. തൈ വളരുന്നതനുസരിച്ച് ഗ്രാഫ്റ്റിന് താഴേയുണ്ടാകുന്ന പൊടിപ്പുകൾ നീക്കം ചെയ്യേണ്ടതും ഗ്രാഫ്റ്റിന് മുകളിൽ മണ്ണ് വരാതിരിക്കേണ്ടതുമാണ്. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 4.5 മീറ്റർ അകലത്തിലാണ് നെല്ലി നടേണ്ടത്.

  • വളപ്രയോഗം, ജലസേചനം:

ഒരു ഘന മീറ്റർ (1 മീ. നീളം, 1 മീ. വീതി, 1 മീ. താഴ്ച) ഉള്ള കുഴിയെടുത്ത് അതിൽ മൂന്നു നാല് കുട്ട വളക്കൂറുള്ള മണ്ണും, 1 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, 500 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. ആയതിൽ മധ്യ ഭാഗത്താണ് തൈകൾ നടേണ്ടത്. പിന്നീടുള്ള വർഷങ്ങളിൽ 10 കി. ഗ്രാം സാധാ വളം, 100:50:100 ഗ്രാം എൻ പി കെ മിശ്രിതം എന്നിവ 10 വർഷം വരെ നൽകാവുന്നതാണ്.

15 ദിവസത്തിലൊരിക്കൽ ചെറിയ നെല്ലികൾക്ക് നനയ്ക്കേണ്ടതുണ്ട്. മൺസൂൺ മഴയ്ക്ക്ശേഷം 25 മുതൽ 30 വരെ ലിറ്റർ ജലം മരമൊന്നിന് ദിവസവും ലഭ്യമാക്കണം. നനയ്ക്കുന്നത് ചുരുക്കാൻ തൈത്തടങ്ങളിൽ പുതയിടുന്നതോ തുള്ളിനനരീതി അവലമ്പിക്കുന്നതോ നന്നാണ്. തടങ്ങളിൽ പുതയായി കച്ചിലോ കരിമ്പിൻ ചണ്ടിയോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവിന്നതാണ്.  ഡിസംബർ അവസാനത്തോടെ തടിച്ചുവട്ടിൽ നിന്നും മുക്കാ‍ൽ മീറ്റർ ഉയരത്തിലുള്ള 4-9 വരെ ശാഖകൾ നിർത്തി, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും ജലൽഭ്യതയും ശ്രദ്ധിക്കുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും.

  • വിളവ് ലഭ്യത:

സാധാരണ ഇനങ്ങളുടെ ഫലത്തിന്റെ നിറം മഞ്ഞയിൽ നിന്നും തവിട്ട് നിറത്തിലേക്ക് മാറുമ്പോൾ വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. എന്നാൽ മൂപ്പെത്തിയ കായ്കൾ മരത്തിൽ നിന്നും ശേഖരിച്ചില്ല എങ്കിൽ അവ താനേകൊഴിയുകയും പിന്നീടുള്ള വർഷത്തിൽ ഫലത്തേ ബാധിക്കുകയും ചെയ്യും. ബനാറസി, ഫ്രാൻസിസ് ഇനങ്ങൾ ഇത്തരത്തിൽ പ്രതികരിക്കാറുണ്ട്.

സാധാരണ ഇനങ്ങൾ 6-8 വർഷം കൊണ്ട് കായ്ക്കുമ്പോൾ ബഡ്ഡ്/ഗ്രാഫ്റ്റിനം 3 വർഷംകൊണ്ട് കായ്ഫലം ലഭ്യമാക്കുന്നു. 10-12 വർഷങ്ങൾക്കുശേഷം നല്ല രീതിയിൽ കായ്ച്ചുതുടങ്ങിയാൽ

രോഗങ്ങളും രോഗ നിവാരണവും :

  • ഇലപ്പൂപ്പ്:

രോഗാണു: ഫംഗസ് (റവേനിലിയ എംബ്ളിക്കേ)

ലക്ഷണം: ഇലകളിലും കായ്കളിലും തവിട്ട് നിറത്തിലുള്ള പൂപ്പൽ പ്രത്യക്ഷപ്പെടുന്നു. പിന്നീട് കടുത്ത തവിട്ട് നിറത്തിലോ കറുത്തനിറത്തിലോ ആകുന്നു. പാകമെത്താതെ കായും ഇലകളും കൊഴിയുകയും ചെയ്യുന്നു. സാധാരണ സെപ്തംബർ മാസത്തെ മൺസൂൺ മഴയ്ക്ക് ശേഷമാണ് രോഗം കണ്ടുവരാറുള്ളത്.

പ്രതിവിധി: സെപ്തംബർ മാസം ആദ്യ 10-15 ദിവസങ്ങൾക്കുള്ളിൽ 0.3% ഡയത്തീൻ എം-45 അല്ലെങ്കിൽ ഇന്തോഫിൽ എം-45 മൂന്നുഗ്രാം പ്രതി ലിറ്റർ എന്നകണക്കിന് കായ്കളിൽ തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.

  • കായ് ചൊട്ടൽ:

ലക്ഷണം: ബോറോണിന്റെ അഭാവത്താലുണ്ടാകുന്ന അപര്യാപ്തതാരോഗമാണിത്. വിത്തുഭാഗത്തെ കലകൾ തവിട്ട് നിറത്തിലും പിന്നീട് കറുപ്പ് നിറത്തിലുമാകും. ആയതിനുശേഷം  കായ്ക്കുള്ളിൽ വ്യാപിച്ച് ആകൃതിക്ക് വ്യത്യാസമുണ്ടാകുന്നു.

പ്രതിവിധി: സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ 0.6% ബൊറാക്സ് 10-15 ദിവസങ്ങൾക്കുള്ളിൽ മൂന്നു തവണ കായ്കളിൽ തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.

  • കായ്പ്പുള്ളി:

രോഗാണു: ഫംഗസ്

ലക്ഷണം: വെള്ള സാന്നിധ്യമുള്ള കുമിളകൾ കായ്കളിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് കുമിളകൾ വലുതാവുകയും മഞ്ഞ, തവിട്ട്, കറുപ്പ് നിറമാറ്റത്തിലെത്തുകയും ചെയ്യുന്നു. പിന്നീട് കുമിള പരന്ന് കറുത്ത പുള്ളികളാവുകയും കായ്കൾ അഴുകുകയും ചെയ്യുന്നു.

പ്രതിവിധി: രോഗം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യമേ മരുന്ന് പ്രയോഗിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്. 0.1-0.5 % ബൊറാക്സോ കറിയുപ്പോ കായ്കളിൽ തളിച്ച് രോഗാണുക്കളെ നിയന്ത്രിക്കാവുന്നതാണ്.

  • തണ്ട് മുഴ:

ലക്ഷണം: സസ്യത്തിന്റെ കാണ്ഡത്തിലും ചെറുശാഖകളിലും മുഴകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് വളർച്ച മുരടിക്കുകയും ചെയ്യുന്നതാണിതിന്റെ ലക്ഷണം.

പ്രതിവിധി: രോഗ ഭാഗങ്ങൾ നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. കാലാകാലങ്ങളിൽ കൊമ്പുകോതുന്നത് (പ്രൂൺ ചെയ്യുന്നത്) തണ്ട് മുഴ സാധ്യത ഒഴിവാക്കാൻ സാധിക്കും.

കീടങ്ങളും കീട നിവാരണവും :

  • കീടം: തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)

ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൾ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ദ്വാരങ്ങളിൽ മണ്ണെണ്ണ ഒഴിച്ചോ ഇവയെ നശിപ്പിക്കാം. മരുന്ന് പ്രയോഗിച്ചശേഷം മണ്ണുപയോഗിച്ച് ദ്വാരം അടയ്ക്കാവുന്നതാണ്.

  • കീടം: തണ്ടുതുരപ്പൻ ഗാളീച്ച (ബെട്ടൂസ സ്റ്റൈലോഫൂറ)

ലക്ഷണം:       മൺസൂൺ കാലത്തേത്തുടർന്ന് ഇളം കാണ്ഡഭാഗത്ത് സുഷിരങ്ങൾ ഉണ്ടാക്കി അകത്തു മുട്ടയിട്ട് ലാർവകളെ വിരിയിക്കുന്നു. ഈ ലാർവകൾ അകവശം തിന്നുന്നതോടൊപ്പം മുഴകൾ ഉണ്ടാക്കുകയും ചെയ്യും. ഈ മുഴകൾക്ക് താഴെ ചില പുതുശാഖകൾ മുളയ്ക്കാറുമുണ്ട്.

നിവാരണം: ലാർവ്വ ഉളപ്പടെയുള്ള മുഴഭാഗങ്ങൾ നീക്കം ചെയ്യുകയും ലാർവകളെ നശിപ്പിക്കുകയുമാണ് ഇതിനുള്ള പ്രധാന പരിഹാരം. മഴയ്ക്ക് ശേഷം 0.05% മോണോക്രോട്ടോഫോസ് തളിക്കുന്നത് ഗാളീച്ചയെ തുരത്തി കീടനിയന്ത്രണത്തിലാക്കാം.

മറ്റ് വിശേഷങ്ങൾ :

  • മഹാരാഷ്ട്രയാണ് നെല്ലിക്കയുത്പാദനത്തിലും വിതരണത്തിലും ഇന്ത്യയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം.
  • നെല്ലിക്കായ്കളിൽ വൈറ്റമിൻ സി ധാരാളമുണ്ട്.
  • ചൂടിൽ നശിക്കാത്ത വൈറ്റമിൻ സി നെല്ലിക്കായുടെ പ്രത്യേകതയാണ്.
  • നെല്ലിക്ക ഭക്ഷിക്കുന്നവരിൽ കാത്സ്യാഗിരണ തോത് കൂടുതലുള്ളതിനാൽ അസ്ഥികളുടെ ആരോഗ്യം വർദ്ധിക്കുന്നു.
  • നെല്ലിക്കയിൽ ധാരാളം പ്രോട്ടീനുകളുള്ളതിനാൽ കോശവളർച്ചയ്ക്കും പേശീവളർച്ചയ്ക്കും ശാരീരികാവയവങ്ങളുടെ വളർച്ചയേയും ത്വരിതപ്പെടുത്തുന്നു.
  • നെല്ലിക്കായ്കൾ മഷി, തുണിത്തരങ്ങൾക്കുള്ള ചായം, ഷാമ്പൂ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്നു.
  • നെല്ലിയില ഏലത്തിന് പുതയിടാൻ ഉത്തമമാണ്.
  • ഭരണി നക്ഷത്രക്കാരുടെ നക്ഷത്ര വൃക്ഷം നെല്ലിയാണ്.
  • പാലാഴി മഥനത്തിനുശേഷമുള്ള ദേവാസുരയുദ്ധത്തിനിടയിൽ ഭൂമിയിൽ വീണ അമൃത് തുള്ളികളിൽ നിന്നാണ് നെല്ലിയുണ്ടായതെന്ന് ഹൈന്ദവർ കരുതിപ്പോരുന്നു.
  • ബുദ്ധ സംഘങ്ങൾക്ക് അശോക ചക്രവർത്തി അവസാനമായി നൽകിയ ഭിക്ഷ നെല്ലിക്കയാണെന്ന് ബുദ്ധമത വിശ്വാസികൾ വിശ്വസിച്ചു പോരുന്നു.
  • ശ്രീ ശങ്കരാചാര്യരെപ്പറ്റി കവിയും തത്വചിന്തകനുമായ രവി തേജ യെലമഞ്ചിലി എഴുതിയ പുസ്തകത്തിന്റെ പേരാണ് ‘ആമ്ലകി’. ആമ്ലകി എന്നത് നെല്ലിക്കായുടെ മറ്റൊരു പേരാണ്.
  • തമിഴ് സംഘകാല കവയിത്രിയായ അവ്വയാർക്ക് പാണ്ഡ്യരാജാവ് അത്തിയമൻ നെല്ലിക്ക പവിത്രവും അമൂല്യവുമായി കണക്കാക്കി ദാനമായി നൽകിയിട്ടുണ്ടെന്ന് അക്കാല കൃതികളിൽ പരാ‍മർശിച്ചിട്ടുണ്ട്.
  • ഇന്ത്യയിൽ നെല്ലിക്കാ കൂടുതലും ഉപ്പ്, എണ്ണ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവ ചേർത്ത് അച്ചാറുകളാക്കി ഉപയോഗിക്കുന്നു.
  • ഉത്തരേന്ത്യയിൽ നെല്ലിക്കയും പഞ്ചസാര പാണിയും ചേർത്ത് സംസ്കരിച്ചെടുത്ത സത്ത് രാത്രികാല ആ‍ഹാരശേഷം ഉപയോഗിക്കുന്നു.
  • ദക്ഷിണേന്ത്യയിൽ നെല്ലിക്കയും കരിപ്പട്ടി പാണിയോ ചെറുതേനോ ചേർത്ത് സംസ്കരിച്ചെടുത്ത സത്ത് രാത്രികാല ആ‍ഹാരശേഷം ഉപയോഗിക്കുന്നു. നെല്ലിക്ക- തേൻ സത്ത് നേത്രജന്യ രോഗങ്ങൾക്ക് ഔഷധമാണ്.
  • കേരളത്തിലെ കിണറുകളിൽ നെല്ലിയുടെ പലക വിരിക്കാറുണ്ട്. ജലശുദ്ധീകരണത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
  • നെല്ലിയ്ക്ക് ഇടവിളയായി പഴവർഗ്ഗ സസ്യങ്ങളായ പേര, വാഴ, ജാമ്പ, നാരകം എന്നിവ നടാവുന്നതാണ്.
  • നെല്ലിയ്ക്ക് ഇടവിളയായി പച്ചക്കറി വർഗ്ഗ സസ്യങ്ങളായ പടവലം, പാവൽ, പയർ, വെള്ളരിവർഗ്ഗങ്ങൾ എന്നിവ നടാവുന്നതാണ്.
  • നെല്ലിയ്ക്ക് ഇടവിളയായി കിഴങ്ങ് വർഗ്ഗ സസ്യങ്ങളായ മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ എന്നിവ നടാവുന്നതാണ്.
  • നെല്ലിയ്ക്ക് ഇടവിളയായി ചീര, മുളക്, കത്തിരി, തക്കാളി, കുറ്റിപ്പയർ, വഴുതന, വെണ്ട എന്നിവ നടാവുന്നതാണ്.
  • നെല്ലിയ്ക്ക് ഇടവിളയായി ഗുണ്ടുമല്ലി( മാരിഗോൾഡ്), തുളസി, മല്ലി, പുതിന എന്നിവ നടാവുന്നതാണ്.
  • ഗുജറാത്ത് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദനശേഷിയുള്ള നെൽലിയിനങ്ങളാണ് ആനന്ദ്-1, ആനന്ദ്- 2, ആനന്ദ്- 3 എന്നിവ.

പപ്പായ – Papaw

അമേരിക്കയിൽ ജന്മം കൊണ്ട പപ്പായ ഇന്ത്യയിലുടനീളം തോട്ടവിളയായും അല്ലാതെയുംകൃഷിചെയ്തു വരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം കാണപ്പെടുന്നു. മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്ക, ഓസ്ട്രേലിയ, മലേഷ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ പപ്പായ കൃഷിചെയ്തുവരുന്നു. പപ്പായ അല്ലെങ്കിൽ ഓമക്ക മരം കേരളത്തിൽ സമൃദ്ധമായിക്കാണുന്നു. ജലസാമീപ്യമുള്ള എല്ലായിടത്തും പപ്പായ നന്നായി വളരും. പപ്പായ ദ്രുത വളർച്ചയുള്ള സസ്യമാണ്. ഫലങ്ങളിൽ വാഴപ്പഴം, ഓറഞ്ച്, മാങ്ങ എന്നിവ കഴിഞ്ഞാൽ ലോകത്തിൽ നാലാം സ്ഥാനമാണ് പപ്പായയ്ക്കുള്ളത്.

ശാസ്ത്ര പഠന വിഭാഗം:

കുടുംബം

:

കാരിക്കേസീ

ശാസ്ത്ര നാമം

:

കാരിക്ക പപ്പായ / Carica papaya L.

അറിയപ്പെടുന്ന പേരുകൾ:

മലയാളം

:

പപ്പായ, ഓമയ്ക്ക, കപ്പയ്ക്ക, കപ്പളങ്ങ, കർമൂസ്സ്, പപ്പാളി, കർമത്തി

ഇംഗ്ളീഷ്

:

പപൌ(Papaw), പാപാ(Pawpaw)

സംസ്കൃതം

:

ഏരണ്ടകർക്കടി

ഹിന്ദി

:

പപീത

ബംഗാളി

:

പേപേ

തമിഴ്

:

പപ്പയ്യ

തെലുങ്ക്

:

ബോപ്പയി

സസ്യ വിശേഷങ്ങൾ :

ദ്രുത വളർച്ചയുള്ളതും ഏകദേശം 5-10  മീറ്റർ വരെ നീളമുള്ളതും മിക്കവാറും ഒറ്റത്തടിയായും ഉള്ളിലാതെ പൊള്ളയായും കാണപ്പെടുന്നതുമായ ബഹുവർഷി സസ്യമാണ് പപ്പായമരം. മുഖ്യകാണ്ഡത്തിന് എന്തെങ്കിലും നാശമുണ്ടായാൽ ഒന്നിലധികം കാണ്ഡങ്ങളുണ്ടാകുന്നു. പപ്പായ ഇനങ്ങൾ പൂവുകൾ ഉണ്ടാകുന്ന തരത്തിൽ മൂന്നുതരമുണ്ട്. ആൺ, പെൺ എന്നീ തരത്തിലുള്ള ഏകലിംഗങ്ങളും ദ്വിലിംഗവുമാണത്. ആൺ പൂക്കളുള്ള മരങ്ങൾക്ക് കാര്യമായ ഉപയോഗങ്ങളില്ല. പപ്പായയുടെ ഏതുഭാഗം മുറിച്ചാലും വെളുത്ത നിറമുള്ള കറ ഒഴുകും.

  • കാണ്ഡം:

മിക്കവാറും ഒറ്റത്തടിയായി കാണുന്ന ഇതിന്റെ കാണ്ഡത്തിൽ ഇലപ്പാടുകൾ വ്യക്തമായിക്കാണാം. മുഖ്യകാണ്ഡത്തിന് എന്തെങ്കിലും നാശമുണ്ടായാൽ ഒന്നിലധികം കാണ്ഡങ്ങളുണ്ടാകുന്നു. കാണ്ഡം ഉരുണ്ടതും വെളുപ്പ് കലർന്ന പച്ചനിറമുള്ളതുമാണ്. ചിലയിനങ്ങൾക്ക് അൽപ്പം ഇരുണ്ടനിറം കാണുന്നു. ഉൾഭാഗം പൊള്ളയും ജലസാന്നിദ്യമുള്ളതുമാണ്. ബാക്കിഭാഗം നാരുനിറഞ്ഞതുമാണ്.

  • വേര്:

തായ്‌ വേരുപടലമാണ് ഇവയ്ക്കുള്ളത്. തണ്ടിന്റേത് പോലെ ജലസാന്നിദ്യമുള്ള വെളുത്ത വേരുകളാണ് ഇവയ്ക്കുള്ളത്.

  • ഇല:

പപ്പായയിലകൾ വളരെ 70 സെ. മീറ്റർ വരെ വ്യാപ്തിയിൽ വലുതും കടും പച്ചനിറമുള്ള കൈയുടെ ആകൃതിയുള്ള (ഹസ്താകാരം) വേർപിരിയാത്ത ഇലഭാഗങ്ങളുണ്ട്. ഓരോ വേർപിരിയാത്ത ഇലഭാഗങ്ങളിൽ ചേർന്ന് വേർതിരിയാത്ത ചെറു ഇലഭാഗ രൂപങ്ങളുണ്ട്. പത്ര ഫലകത്തിന് കടുത്ത പച്ച നിറമാണുള്ളത്. ഇലയോടുചേർന്നു ഏകദേശം 0.5-1 മീറ്റർ നീളമുള്ള കുഴൽപോലുള്ള പത്രവൃന്തം കാണുന്നു.

  • പൂവ്:

വർഷം മുഴുവനും പൂക്കാലമാണെന്നത് ഇതിന്റെ പ്രത്യേകതയാണ്. പൂക്കൾ ഏകലിംഗികളാണ് പത്രകഷങ്ങളിൽ നിന്നും ഉണ്ടാകുന്നു. പൂവിന്റെ തരത്തിൽ ആൺ, പെൺ, ഉഭയലിംഗ പപ്പായ മരങ്ങൾ കാണുന്നു. ആൺ പൂക്കൾക്കു നീളമേറിയ ദളപുട നാളിയും അഞ്ചെണ്ണം കേസരങ്ങളും കാണുന്നു. പെൺ പൂക്കൾ വലുപ്പം കൂടുതലും പുഷ്പദളങ്ങളുടെ അറ്റം പിരിഞ്ഞും സുഗന്ധത്തോടെയും കാണുന്നു. പൂക്കൾ വെള്ളനിറത്തിലോ ഇളം മഞ്ഞ നിറത്തിലോ കാണപ്പെടുന്നു. ആൺ പൂക്കളുള്ളവയിലെ പൂക്കൾ അരമീറ്ററോളം നീളമുള്ള കുഴലിന്റെ അറ്റത്തായികാണുന്നു.പൂവിനു 5 വീതം മാംസളമായ ബാഹ്യ ദളങ്ങളും, ആന്തരിക ദളങ്ങളുമുണ്ട്. കടും മഞ്ഞ നിറമുള്ള 5 കേസരങ്ങളുണ്ട്.

  • ഫലം:

പപ്പായയുടെ ഫലം ബെറിയാണ്. ഫലത്തിന്റെ മദ്ധ്യഭാഗം പൊള്ളയും ഫലത്തിന്റെ അകഭാഗം വിത്തുകൾ നിറഞ്ഞതുമാണ്. ചെറിയകായ്കൾക്ക് പച്ചയും വിളയുമ്പോൾ പച്ചകലർന്ന മഞ്ഞ, മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ കാണും. ഇളം ഫലവിത്തുകൾ വെളുത്ത മുത്തുപോലെയും മൂപ്പെത്തിയ ഫലത്തിന്റെ വിത്തുകൾ ഇരുണ്ട നിറവുമാണ്.  വിത്തുകൾ ഈർപ്പമുള്ള സ്തരത്തിനുള്ളിൽ കാണപ്പെടുന്നു. വിത്തുകൾ പുതിയ തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്.

ഉപയോഗങ്ങൾ:

  • കായ്:

പപ്പായ ഫലങ്ങൾ ഏത് രീതിയിലും പ്രയോജനപ്പെടുത്താം. പച്ച ഫലങ്ങൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. പച്ചക്കായയിലാണ് വെളുത്ത നിറത്തിലുള്ള പപ്പയിൻ കൂടുതലാ‍യി കാണുന്നത്. പപ്പയിന്റെ വ്യപാരമൂല്യം കൂടുതലായതിനാൽ പപ്പയിനുവേണ്ടി മാത്രവും കൃഷിചെയ്യുന്നു. പച്ചക്കായ ഉദരകൃമി നാ‍ശത്തിന് ഉത്തമമാണ്. പച്ചക്കറിയായും അച്ചാറിനും പപ്പായ ഉപയോഗിക്കാം. പഴുത്ത കായ്കൾ പഴവർഗ്ഗമായി ഉപയോഗിക്കാം. അധികം പഴുക്കാത്ത പഴം കൂടുതൽ ആസ്വാദ്യകരമാണ്. ജാം, ജ്യൂസ്, ജെല്ലി, കാൻഡി എന്നിവയ്ക്ക് പപ്പായ ഉപയോഗിക്കാവുന്നു. ലവണങ്ങൾ, പ്രോട്ടീൻ, കൊഴുപ്പ്, പെക്റ്റിൻ, അന്നജം എന്നിവയടങ്ങിയ പൌഡർ നിർമ്മാണത്തിനും ഫലകഞ്ചുകം പ്രയോജനപ്പെടുത്തുന്നു. ഈ പൌഡർ വിവിധ ഭഷ്യവസ്ഥുക്കളിലും സൌന്ദര്യ വർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നു.

  • വിത്ത്:

പപ്പായ ഫലത്തിലെ വിത്ത് കരൾ, പ്ളീഹ, ദഹന വ്യവസ്ഥ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

  • തണ്ടിലെ നീര് :

പപ്പായയുടെ തണ്ടിലെ നീര് ഔഷധമായി ഉപയോഗിക്കുന്നു.

  • ഇല:

പപ്പായ ഇല താറാവ്, കോഴി, മുയൽ എന്നീ വളർത്ത് മൃഗങ്ങൾക്ക് ഭക്ഷണമായി നൽകിവരുന്നു.

രാസഘടകങ്ങൾ:

  • ഫലം:

പപ്പായയുടെ ഫലത്തിൽ പ്രോട്ടിയോലിറ്റിക് അമ്ളമായ പപ്പയിൻ ധാരാളം അടങ്ങിയിരിയ്ക്കുന്നു.  പെക്ടിനും സിട്രിക്, മാലിക് എന്നീ അമ്ളങ്ങളും അടങ്ങിയിട്ടുണ്ട്. പ്രധാന വൈറ്റമിനുകളായ  വൈറ്റമിൻ-എ, വൈറ്റമിൻ-ബി, വൈറ്റമിൻ-സി എന്നിവയുടെ കലവറയാ‍ണ്. ആൽക്കലോയ്ഡുകൾ, ഗ്ളൈക്കൊസ്റ്റെഡുകൾ, ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പായയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. ബീറ്റാകരോട്ടിൻ അടങ്ങിയിരിക്കുന്ന പപ്പായ അർബുദ രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടവുമാണ്.

  • വിത്ത് :

പപ്പായ ഫലവിത്തിൽ കാരിസിൻ എന്ന എണ്ണയുണ്ട്.

  • ഇല:

ഇലയിൽ കാർപ്പയിൻ എന്ന ആൽക്കലോയ്ഡും, ടാനിൻ, ആൻട്രാക്വിനോൺ,  കാർഡിനോലൈഡ്സ്, ഫിനോളുകൾ, ഗ്ളൈക്കോസൈഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകളായ വൈറ്റമിൻ- വൈറ്റമിൻ-സി, വൈറ്റമിൻ-ഡി, വൈറ്റമിൻ-ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.

ആ‍യുഃവേദ പ്രയോഗങ്ങൾ:

ഫലം, കറ, വിത്ത് എന്നിവ ഔഷധഭാഗമാണ്.

രസ ഘടകങ്ങൾ

പച്ച ഫലം

രസം

:

കടു, തിക്തം

ഗുണം

:

ലഘു, തീക്ഷ്ണം, രൂക്ഷം

വീര്യം

:

ഉഷ്ണം

വിപാകം

:

കടു

പഴുത്ത ഫലം

രസം

:

മധുരം

ഗുണം

:

ഗുരു, രൂക്ഷം

വീര്യം

:

ശീതം

വിപാകം

:

മധുരം

  • പച്ച പപ്പായ  ഉദരകൃമി നാ‍ശത്തിന് ഉത്തമമാണ്.
  • പഴുത്ത പപ്പായ ദഹനത്തെ സഹായിക്കുന്നു.
  • പപ്പായയുടെ കറയിൽ നിന്നും വിവിധ ആയുഃവേദ ഔഷധങ്ങൾ ഉണ്ടാക്കുന്നു.
  • പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽവൃണം എന്നിവ കുറയുന്നതാണ്.
  • ഡങ്കിപ്പനിയ്ക്ക് പപ്പായ ഇലയിലെ രാസഘടകകങ്ങൾ ഉപയോഗിക്കാമെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

വിവിധ ഇനങ്ങൾ :

ഫലത്തിനായും, പപ്പയിൻ കറയ്ക്കായും പപ്പായ ഇനങ്ങൾ കൃഷി ചെയ്തുവരുന്നു. നാടൻ ഇനങ്ങൾ കൂടാതെ റെഡ് ലേഡി, വാഷിങ്ങ്ടൺ, ഹണി ഡ്യൂ‍, കൂർഗ് ഹണി ഡ്യൂ, സോളോ, പൂസർ വാർഫ്, പൂസൻഹാ, പൂസ ജയന്റ്, സെലക്ഷൻ-1, സി.ഓ-1, സി.ഒ-2, സി.ഒ-5 എന്നിവയാണ് പ്രധാന ഇനങ്ങൾ.

  • നാടൻ ഇടത്തരം:

ഇലക്കൈകൾക്ക് പിങ്ക് നിറമുള്ള ഈ ഇനം കേരളത്തിൽ വീട്ടുവളപ്പിൽ സാധരണ കാണാറുണ്ട്. ചെറിയ മരത്തിൽ ധാരാളം കായ്കൾ ഉണ്ടാകും. കായ്കൾ ചെറുതും അണ്ഡാകൃതിയുമാണ്. പാകമാകുമ്പോൾ അങ്ങിങ്ങ് പച്ചനിറം കലർന്ന മഞ്ഞ നിറത്തിൽ തൊലിയും, ഓറഞ്ച് നിറത്തിൽ ഫലകഞ്ചുകവും കാണപ്പെടും. വിത്തുകൾ ധാരാളമുണ്ടാകും.

  • നാടൻ നെടിയത്:

ഇലക്കൈകൾക്ക് ഇളം മഞ്ഞ നിറമുള്ള ഈ ഇനവും കേരളത്തിൽ വീട്ടുവളപ്പിൽ സാധരണ കാണാറുണ്ട്. ഉയരമുള്ള മരത്തിൽ ധാരാളം കായ്കൾ ഉണ്ടാകും. കായ്കൾ നീളമേറിയതും ഏകദേശം സിലിണ്ടർ ആകൃതിയുമാണ്. പാകമാകുമ്പോൾ അങ്ങിങ്ങ് പച്ചനിറം കലർന്ന മഞ്ഞ നിറത്തിൽ തൊലിയും, ഓറഞ്ച് നിറത്തിൽ ഫലകഞ്ചുകവും കാണപ്പെടും. വിത്തുകൾ ധാരാളമുണ്ടാകും.

  • വാഷിംങ്ങ്ടൺ:

ഇലക്കൈകൾക്ക് പിങ്ക് നിറമാണ്. ശാഖകൾക്ക് പിങ്ക് നിറവും പൂക്കൾക്ക് മഞ്ഞ നിറവുമാണ്. ഫലങ്ങൾ ഉരുണ്ടതോ അണ്ഡാകൃതിയോ ആണ്. നല്ല ആസ്വാദ്യകരമായ രുചിയും മധുരവും മണവുമുണ്ട്. വിത്തുകൾ കുറവുമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ വ്യാവസായികമായി കൃഷി ചെയ്തുവരുന്നു.

  • ഹണി ഡ്യൂ / മധുബിന്ദു:

ഹണി ഡ്യൂ, മധുബിന്ദു എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ഇനം പേരുപോലെ ആസ്വാദ്യകരമായ മധുരവും രുചിയുമുണ്ട്. പൊക്കം കുറഞ്ഞ പപ്പായയിനമാണ് ഹണി ഡ്യൂ  ഫലത്തിനായി വ്യാവസായികമായി കൃഷി ചെയ്തുവരുന്നു. ആയതിനാൽ എളുപ്പത്തിൽ വിളവെടുക്കാ‍നാ‍കും. ഒന്നു മുതൽ രണ്ടര കിലോ തൂക്കമുള്ള വലുതും നീളമേറിയതുമായ കായ്കൾ വിളയുമ്പോൾ ഇളം മഞ്ഞനിറത്തിലാകും കാണുന്നത്. കായ്കളിൽ വിത്തുകൾ കുറവാണ്.  വിപണന മൂല്യം കൂടുതലാണ്. ഇന്ത്യയിലുടനീളം കൃഷിചെയ്തുവരുന്ന ഇനമായ ഇതിന് ആൺ പെൺ വൃക്ഷങ്ങൾ വെവ്വേറെയാണ്.

  • കൂർഗ് ഹണി ഡ്യൂ

ഹണി ഡ്യൂ ഇനവുമായി അഭേദ്യബന്ധമുള്ള ഈ ഇനം പേരുപോലെ ആസ്വാദ്യകരമായ മധുരവും രുചിയുമുള്ളതാണ് കൂർഗ്ഗ് ഹണി ഡ്യൂ. രണ്ട് മുതൽ മൂന്നര കിലോ തൂക്കമുള്ള വലുതും അണ്ഡാകൃതിയുള്ളതുമായ കായ്കൾ വിളയുമ്പോൾ പച്ചകലർന്ന മഞ്ഞ നിറത്തിലും ഫലകഞ്ചുകം ഓറഞ്ച് നിറത്തിലാകും കാണുന്നത്. ആൺ പപ്പായ വൃക്ഷങ്ങൾ ഈ ഇനത്തിന് കാണില്ല. ഇന്ത്യയിലെ വടക്ക്- കിഴക്കൻ പ്രദേശത്ത് കൃഷിചെയ്തുവരുന്ന ഇനമാണ്.

  • റെഡ് ലേഡി:

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നതും കേരളത്തിൽ അപൂ‍ർവ്വമായി കണ്ടുവരുന്ന പപ്പായയിനമാണ് റെഡ് ലേഡി. എഫ്-1 ഹൈബ്രിഡ് ഇനത്തിൽപ്പെടുന്ന ഈ ഇനത്തിന്റെ ജന്മദേശം തായ്ലന്റാണ്. നട്ടുകഴിഞ്ഞ് 8 മാസത്തിനുള്ളിൽ കായ്കൾ പാകമാകും. കായൊന്നിന് ശരാശരി നാലു കിലോ തൂക്കവുമുണ്ടാകും. ഫലത്തിന് സൂക്ഷിപ്പുകാലം കൂടുതലാണ്. മരമൊന്നിനു 50-80 കിലോ ഫലം വർഷത്തിൽ ലഭ്യമാകും. മരത്തിന് പൊക്കം കുറവാണ്. വട്ടപ്പുള്ളി രോഗ ത്തെ കാര്യമായി ചെറുക്കുന്ന ഈ ഇനത്തിന്റെ ഫലത്തിന് 1.5-2 കിലോ തൂക്കവും കാണും. ഫലകഞ്ചുകം കട്ടിയും ചുവപ്പ് നിറവും 13% പഞ്ചസാരയും ആസ്വാദ്യകരമായ മണവുമുണ്ട്.

  • സോളോ:

ഹവായി ദ്വീപുകളിൽ നിന്നെത്തിയ പ്രശസ്തയിനമായ സോളോ ആന്ധ്രാപ്രദേശിൽ വ്യാപകമായി കൃഷിചെയ്യുന്നു. പഴങ്ങൾ ചെറുതും പിയറിന് സമാനവുമാണ്. കായ്കൾ 0.5-1 കിലോ വരെ വലുപ്പമുണ്ടാകും. ഈ ഇനത്തിന് ആൺ ചെടികൾ ഉണ്ടാകാറില്ല. പൊക്കം കുറഞ്ഞ ഈ ഇനത്തിന്റെ കായ്കൾ പാകമാകുമ്പോൾ മഞ്ഞകലർന്ന പച്ചനിറവും പഴുക്കുമ്പോൾ മഞ്ഞകലർന്ന ഓറഞ്ച് നിറമോ, പിങ്ക് നിറമോ ഉണ്ടാകും. നല്ല മധുരമുള്ള ഫലം ലഭ്യമാക്കുന്ന ഈ ഇനത്തിന് കാമിയ, സൺ റൈസ് സോളോ, സൺ സെറ്റ് സോളോ, വിസ്റ്റ സോളോ, വൈമനലൊ സോളോ (എക്സ്-77) എന്നീ ഉപവിഭാഗ ഇനങ്ങളുമുണ്ട്. മിതമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്നു.

  • റാഞ്ചി സെലക്ഷൻ:

ബീഹാറിലെ കർഷകർ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഇനമാണ് റാഞ്ചി. തെക്കേ ഇന്ത്യയിലും വ്യാപകമായി കാണുന്നു. ഇടത്തരം ഉയരമുള്ള ഈ ഇനത്തിന് വലിയ ഫലമുണ്ടാകുന്നു. പഴങ്ങൾ ഗോളാകൃതിയും ഫലകഞ്ചുകത്തിന് കടുത്ത മഞ്ഞ നിറവും ആസ്വാദ്യകരമായ മധുരവുമുണ്ട്. ഇക്കാരണത്താൽ നല്ല വിപണി മൂല്യമുണ്ട്. ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.

  • സി. ഒ.-1:

കോയമ്പത്തൂരിലെ തമിഴ് നാട് കാർഷിക സർവ്വകലാശാ‍ല വികസിപ്പിച്ചെടുത്ത സങ്കര ഇനമാണ് സി. ഒ.-1. ആന്ധ്രാപ്രദേശിൽ ഈ ഇനംവ്യാപകമായി കൃഷിചെയ്യുന്നു. കുള്ളൻ ഇനമായ ഇത് വ്യവായികമായി കൃഷിചെയ്തു വരുന്നു. റാഞ്ചി ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഈ ഇനം പ്രധാനമായും ഫലത്തിനായി കൃഷിചെയ്തുവരുന്നു. തറനിരപ്പിൽ നിന്നും 60-75 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. കായ്കൾ ഇടത്തരം വലുപ്പവും ഗോളാകൃതിയുമാണ്. പാകമായ പഴതിന്റെ തൊലി മഞ്ഞകലർന്ന പച്ചയും, ഫലകഞ്ചുകം ഓറഞ്ചുകലർന്ന മഞ്ഞയുമാണു. സൂക്ഷിപ്പുഗുണം കൂടുതലുള്ള ഇവയിൽ പപ്പയിൻ സാന്നിദ്യം കുറവാണ്.

  • സി. ഒ.-2:

കോയമ്പത്തൂരിലെ തമിഴ് നാട് കാർഷിക കോളേജും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇനമാണ് സി. ഒ.-2. കുള്ളൻ ഇനമായ ഇത് വ്യവായികമായി കൃഷിചെയ്തു വരുന്നു. നാടൻ ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഈ ഇനം പ്രധാനമായും പപയിൻ ലഭിക്കുന്നതിനായി കൃഷിചെയ്തുവരുന്നു. കായ്കൾ ഇടത്തരം വലുപ്പവും അണ്ഡാകൃതിയുമാണ്. പാകമായ പഴതിന്റെ തൊലി മഞ്ഞകലർന്ന പച്ചയും, ഫലകഞ്ചുകം ചുവന്ന നിറത്തിലും, മൃദുവും, ആസ്വാദ്യകരവുമാണ്. സൂക്ഷിപ്പുഗുണം കൂടുതലുള്ള ഇവയിൽ പപ്പയിൻ സാന്നിദ്യം കൂടുതലാണ്. ഒരു ഹെക്ടർ പ്രദേശത്ത് നിന്നും വർഷത്തിൽ 250-300 കായ്കൾ ലഭ്യമാകും. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.

  • സി. ഒ.-3:

സി. ഒ.-2, സൺ റൈസ് സോളോ എന്നീ ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഇനമാണ് സി. ഒ.-3. പ്രധാനമായും ഫലം ലഭിക്കുന്നതിനായി കൃഷിചെയ്തുവരുന്നു. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു. ഉയർമുള്ള ഈ ഇനം സോളോയുമായി അഭേദ്യ ബന്ധമുണ്ട്. കായ്കൾ ഇടത്തരം വലുപ്പവും 1-1.5 കി. ഗ്രാം ഭാരവുമുണ്ട്.. സൂക്ഷിപ്പുഗുണം കൂടുതലാണ്. ഒരു മരത്തിൽ  നിന്നും രണ്ടാം വർഷത്തിൽ 100-120 കായ്കൾ ലഭ്യമാകും.

  • സി. ഒ.-5:

വാഷിങ്ങ്ടൺ ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഈ ഇനം പ്രധാനമായും പപയിൻ ലഭിക്കുന്നതിനായി കൃഷിചെയ്തുവരുന്നു. ഇവയിൽ പപ്പയിൻ സാന്നിദ്യം കൂടുതലാണ്. ഒരുകായിൽ നിന്നും 14-15 ഗ്രാം പപൈൻ ലഭിക്കും. ഒരു മരത്തിൽ  നിന്നും രണ്ടാം വർഷത്തിൽ 75-80 കായ്കൾ ലഭ്യമാകും. ഒരു ഹെക്ടർ പ്രദേശത്ത് നിന്നും വർഷത്തിൽ 1500-1500 കി. ഗ്രാം പപൈൻ ലഭ്യമാകും

  • പൂസ ഡ്വാർഫ്:

പേരുപോലെ കുള്ളൻ/കുറുകിയ ഇനമാണ് പൂസ ഡ്വാർഫ്. ഇടത്തരം വലുപ്പമുള്ള ഫലമാണ് ലഭിക്കുന്നത്. അണ്ഡാകൃതിയിലുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 1-2 കിലോ ഗ്രാം ഭാരമുണ്ടാകും. തറനിരപ്പിൽ നിന്നും 25-30 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ കൃഷി ചെയ്തുവരുന്നു.

  • പൂസ ജയന്റ്:

പേരുപോലെ വലുപ്പം കുറഞ്ഞ ഇനമാണ് പൂസ ഡ്വാർഫ്. കുള്ളൻ/കുറുകിയ ഇനമായ ഈ ഇനത്തിൽ നിന്നും വലുപ്പമുള്ള ഫലമാണ് ലഭിക്കുന്നത്. അണ്ഡാകൃതിയിലുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 2.5-3 കിലോ ഗ്രാം ഭാരമുണ്ടാകും. തറനിരപ്പിൽ നിന്നും 35-40 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ ഈ ഇനം കൂടുതൽ കൃഷി ചെയ്തുവരുന്നു. ടിന്നിലടച്ച് വിപണിയിലെത്തിക്കാൻ സവിശേഷപ്പെട്ടതാണ്.

  • പൂസ മെജസ്റ്റി:

പൂസ മജസ്റ്റി വൈറസ് രോഗങ്ങൾ, നിമാ വിര എന്നിവയുടെ ആക്രമണം ചെറുക്കുന്ന ഇനമാണ്. കായ് ഉത്പാദനത്തിൽ സി. ഓ.-2 മായി സാദൃശ്യമുള്ള ഈ ഇനം പപയിൻ ഉത്പാദനത്തിനാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇടത്തരം വലുപ്പമുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 1-1.5 കിലോ ഗ്രാം ഭാരവും ഉരുണ്ട ആകൃതിയുമുണ്ടാകും. സൂക്ഷിപ്പ് ഗുണം കൂടുതലുള്ള ഈ ഇനം നട്ട് 146 ദിവസത്തിനുള്ളിൽ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ നന്നാണ്.

  • പൂസ ഡെലിഷ്യസ്:

ഇടത്തരം പൊക്കമുള്ള ഇനമായ പൂസാ ഡെലീഷ്യസ് 8 മാസം മുതൽ കായ്ച്ചുതുടങ്ങും. കായ്കൾ ഇടത്തരം വലുപ്പവും 1-2 കി. ഗ്രാം ഭാരവുമുണ്ട്. പാകമായ പഴതിന്റെ ഫലകഞ്ചുകം ഓറഞ്ച് നിറവും നല്ല സുഗന്ധവുമുണ്ട്. സൂക്ഷിപ്പുഗുണം കൂടുതലുള്ള ഈ ഇനത്തെ പ്രധാനമായും ഫലത്തിനായി വളർത്തുന്നു. ഝാർഖണ്ഡ്, ഒഡീഷ, കേരളം, കർണ്ണാടക എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.

  • പൂ‍സ നൻഹ:

വലുപ്പം കുറഞ്ഞ ഇനമാണ് പൂസ നൻഹ. കുള്ളൻ/കുറുകിയ ഇനമായ ഈ ഇനത്തിൽ നിന്നും വലുപ്പമുള്ള ഫലമാണ് ലഭിക്കുന്നത്. ഗോളാകൃതിയിലുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 2.5-3 കിലോ ഗ്രാം ഭാരമുണ്ടാകും. തറനിരപ്പിൽ നിന്നും 35-40 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ ഈ ഇനം കൂടുതൽ കൃഷി ചെയ്തുവരുന്നു. പാകമായ ഫലത്തിലെ ഫലകഞ്ചുകം മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിലും വിത്തുകൾ കുറഞ്ഞും കാണുന്നു. ഝാർഖണ്ഡ്, ഒഡീഷ, കേരളം, കർണ്ണാടക, എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.

  • ഐ. ഐ. എച്ച്. ആർ.-39&54:

ഐ. ഐ. എച്ച്. ആർ., ബംഗലൂരു വികസിപ്പിച്ച ഇനമാണ് ഐ. ഐ. എച്ച്. ആർ.-39&54. ഇടത്തരം വലുപ്പമുള്ള ഫലം ഉത്പാദിപ്പിക്കുന്ന ഈ ഇനം ഇടത്തരം പൊക്കമുള്ളതുമാണ്. നല്ല മധുരമുള്ള ഈ ഇനത്തിന്റെ ഫലം കൂടുതൽ കാലം സൂക്ഷിക്കാവുന്നതുമാണ്.

  • തൈവാൻ-785:

കുറിയ/കുള്ളൻ ഇനമാണ് തൈവാൻ-785. തൈ നട്ട് 60-75 സെ. മീറ്റർ ഉയരമാകുമ്പോൾ ആദ്യഭലം ലഭിച്ചുതുടങ്ങും. ഉരുണ്ട കായ്കൾ പാകമാകുമ്പോൾ ഫലകഞ്ചുകത്തിന് നല്ല ചുവപ്പുകലർന്ന ഓറഞ്ച് നിറവും മധുര രസവുമുണ്ടാകും. പഴത്തിനായി കൃഷിചെയ്തുവരുന്ന ഇനമാണിത്. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു. വർഷത്തിൽ 100-125 കായ്കളുണ്ടാകും. രോഗങ്ങളെ നന്നായി പ്രതിരോധിക്കുന്നു.

  • തൈവാൻ-785:

കുറിയ/കുള്ളൻ ഇനമാണ് തൈവാൻ-785. തൈ നട്ട് 100 സെ. മീറ്റർ ഉയരമാകുമ്പോൾ ആദ്യഭലം ലഭിച്ചുതുടങ്ങും. ഉരുണ്ട കായ്കൾ പാകമാകുമ്പോൾ ഫലകഞ്ചുകത്തിന് മധുര രസവും കുറച്ചു മാത്രം വിത്തുമുണ്ടാകും. പഴത്തിനായി കൃഷിചെയ്തുവരുന്ന ഇനമാണിത്. കായ്കൾക്ക് 1-3 കിലോ ഭാരവുമുണ്ട്. സൂക്ഷിപ്പ് ഗുണം കൂടുതലാണ്. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.

  • ബർവാനി:

മദ്ധ്യേന്ത്യയിൽ കൃഷി ചെയ്തുവരുന്ന പപ്പായ ഇനമാണ് ബർവാനി. ഇൻഡോറിൽ വ്യാപകമായി കർഷകർ കൃഷിചെയ്യുന്നു. വലുപ്പമുള്ള കായ്കളാണ് ഈ ഇനത്തിലുള്ളത്. ഇലചുരുളൽ വൈറസ് രോഗം കാര്യമായി ചെറുക്കാൻ കഴിയാത്തത് ഈ ഇനത്തിന്റെ കോട്ടമാണ്.

  • ഗോൾഡൻ പപ്പായ:

പുതിതായി വിപണിയിൽ കണ്ടുവരുന്ന ഇനമാണ് ഗോൾഡൻ പപ്പായ. ഇടത്തരം വലുപ്പമുള്ള ഈ ഇനത്തിന്റെ ഫലത്തിന് സ്വർണ്ണ വർണ്ണമോ ഇളം മഞ്ഞ നിറമോ ആയിരിക്കും. ഇളം കായ്കൾക്കും പാകമായതിനും ഒരേ നിറം തന്നെയാണ്. വിത്തു വളരെ കുറഞ്ഞ ഫലത്തിന്റെ ഫലകഞ്ചുകത്തിന് ഓറഞ്ച്ചുകലർന്ന മഞ്ഞ നിറമാണ്. കായ്കൾ നീളമേറിയതും വലുപ്പമുള്ളതുമാണ്.

പരാഗണവും വിതരണവും :

  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • പക്ഷികൾ, അണ്ണാൻ, വാവലുകൾ എന്നിവയുടെ സഹായത്താലാണ് വിതരണം നടത്തുന്നത്.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:

  • വിത്ത് തെരഞ്ഞെടുക്കൽ:

കുറഞ്ഞ മുതൽ മുടക്കും കുറഞ്ഞ കൃഷിച്ചെലവുമുള്ള കാർഷികവിളയാണ് പപ്പായ കൃഷി. നല്ല പരിചരണവും ശ്രദ്ധയുമുണ്ടെങ്കിൽ ചുരുങ്ങിയ മാസം കൊണ്ട് വിളവെടുക്കാമെന്നത് പപ്പായകൃഷിയുടെ മികച്ചനേട്ടമാണ്. കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ അനേകം വിത്തുകൾ മുതൽ ചില അപൂർവ്വ ഇനങ്ങളിൽ കുറഞ്ഞ എണ്ണം വിത്തുകളും കാണുന്നു. വിത്ത് നട്ടാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത് എങ്കിലും ഗ്രൌണ്ട് ലെയറിംഗ് രീതിയിലും പുതിയ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്. നല്ല വെയിലും വെള്ളവും പപ്പായ കൃഷിക്ക് അനുയോജ്യം. ഫബ്രുവരി മാർച്ച് മാസമാണ് തൈകൾ മുളപ്പിക്കാൻ അനുയോജ്യം. പാകമായ പപ്പായ ഫലത്തിൽ നിന്നും വിത്തെടുത്ത് കഴുകി വഴുവഴുപ്പ് മാറ്റി ഉണക്കിയ ശേഷം ചാരം ചേർത്ത് തണലിൽ ഉണക്കി പാകാവുന്നതാണ്. പപ്പായ വിത്തുകൾ കൂടുതൽ നാൾ സൂക്ഷിക്കുമ്പോൾ പുനരുത്ഭാവ ശേഷി കുറയുന്നതിനാൽ കാലതാമസം ഒഴിവാക്കി  നടേണ്ടതാണ്.

  • മണ്ണൊരുക്കലും, നടീൽ രീതിയും:

രണ്ട് മീറ്റർ നീളവും, ഒരു മീറ്റർ വീതിയിൽ അരയടി പൊക്കത്തിൽ പണകൾ ഒരുക്കി വിത്തുപാകിയോ, പോളി ബാഗുകളിൽ വിത്തു പാകിയോ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്. തൈകൾ 3 മാസം കഴിയുമ്പോൾ മാറ്റി നടാവുന്നതുമാണ്. വൻ തോതിൽ കൃഷി ചെയ്യുമ്പോൾ 10 പെൺ തൈകൾക്ക് ഒരാൺ തൈ എന്ന രീതിയിൽ നടാവുന്നതാണ്. ബാക്കി ആൺ തൈകൾ നശിപ്പിക്കാവുന്നതാണ്. പൂവിട്ടുതുടങ്ങുമ്പോൾ ആൺ ചെടികൾ കണ്ടെത്തി ആവശ്യത്തിനുള്ളവയെ നിർത്തി ബാക്കിയുള്ളവ നശിപ്പിക്കാവുന്നതാണ്. ചെറുതൈകൾ വൈകുന്നേരങ്ങളിൽ നടുന്നതാണ് കൂടുതൽ അനുയോജ്യം. 75 സെ. മീറ്റർx75 സെ. മീറ്റർx75 സെ. മീറ്റർ നീളംxവീതിxതാഴ്ച്ച എന്ന അളവിലാണ് കുഴിയെടുക്കേണ്ടത്. തൈകൾ തമ്മിലുള്ള അകലം രണ്ടര മീറ്റർ അകലത്തിലുമായിരിക്കണം.

  • വളപ്രയോഗം, ജലസേചനം:

കുഴികളിൽ മേൽമണ്ണും ചാണക/ കമ്പോസ്റ്റ് പൊടിയും അൽപ്പം കുമ്മായവും ചേർത്ത ശേഷം കുഴിയുടെ മധ്യ ഭാഗത്ത് തൈ നടാവുന്നതാണ്. തൈ നട്ടാൽ തുടർച്ചയായ ദിവസങ്ങളിൽ നനയ്ക്കണം. രണ്ടോ മൂന്നോ ഇലകൾ വന്നശേഷം രണ്ടു മൂന്നു ദിവസത്തിൽ ഒരിക്കൽ വീതം നനയ്ക്കാവുന്നതാണ്. ചെടികളുടെ ചുവട്ടിൽ വെള്ളം കൊട്ടാതെ ശ്രദ്ധിക്കേണ്ടതും, കളകൾ യഥാ സമയം നീക്കേണ്ടതും അത്യാവശ്യമാണ്. വർഷത്തിൽ രണ്ടു പ്രാവശ്യം അരക്കിലോ വീതം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാണകം/ കമ്പോസ്റ്റ്/ കോഴിവളം എന്നിവ നൽകിയാൽ നല്ല വിളവുലഭിക്കും. മണ്ണിന്റെ അമ്ളഗുണം നോക്കി ഇടയ്ക്കിടെ കുമ്മായം വിതറുന്നത് നല്ലതാണ്.

  • വിളവ് ലഭ്യത:

തൈകൾ നട്ട് ആറാം മാസം മുതൽ വിളവു ലഭിച്ചു തുടങ്ങും. വീട്ടാവശ്യത്തിനുള്ള മരങ്ങൾ 10-15 വർഷം വരെ സംരക്ഷിച്ച് നിർത്താവുന്നതാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്ന ഇനങ്ങളെ 2-5 വർഷം വളർത്തുന്നതാണ് ആധായകരം. നല്ലയിനം പപ്പായമരത്തിൽ നിന്നും വർഷത്തിൽ 60-150 കിലോ പപ്പായ ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഒരേക്കറിൽ 1000-2000 ചെടികൾ നടാവുന്നതാ‍ണ്.

രോഗങ്ങളും രോഗ നിവാരണവും :

  • തണ്ട് ചീയൽ:

രോഗാണു: ഫംഗസ് (ലീവെല്ലുല റ്റൂറിക്ക)

ലക്ഷണം:       സസ്യത്തിന്റെ കാണ്ഡത്തിലും ഇലകളിലും പൌഡർ പൂശിയപോലെ വിതറിയോ കട്ടിയായോ കാണപ്പെടുന്നു. ഇവയുടെ കോളനി രൂപത്തിലെ കൂട്ടത്തിനനുസരിച്ച് വ്യാപിക്കാറുണ്ട്. ഇലകളും ശാഖകളും ക്രമേണെ ചീഞ്ഞ് നശിച്ചു പോകുന്നു.

പ്രതിവിധി:       രോഗ ഭാഗങ്ങൾ നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. ബോർഡോ മിശ്രിതം(തുരുശ്ശ് ലായനി) മരപ്പട്ടയിൽ തേയ്ച്ചോ രോഗാണു നിയന്ത്രിക്കവുന്നതാണ്.

  • ഇലപ്പുള്ളി രോഗം:

ലക്ഷണം: മഴക്കാലത്തോടെ പപ്പായയിലകളിൽ മഞ്ഞനിറമാർന്ന വരകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ വരകളുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേർന്ന് ഇലകൾ ഒടിഞ്ഞ് തൂങ്ങുകയും ചെയ്യുന്നു.

പ്രതിവിധി: രോഗബാധയുള്ള ഇലകൾ മുറിച്ചുമാറ്റുന്നതാണ് ഉചിതം.

  • രോഗം:         പൊടിപ്പൂപ്പ് (പൌഡറി മൈൽഡ്യൂ)

ലക്ഷണം:       മഞ്ഞു കാലത്ത് ഇലകളിലും ചെറു ശാഖകളിലും പൊടിപോലെ കാണുകയും പിന്നീട് നിറം മാറി ഇലമുഴുവൻ കരിഞ്ഞ് നശിക്കുകയും ചെയ്യുന്നു.

പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.

  • രോഗം:            ഇലപ്പൊട്ട് രോഗം (ആന്ത്രക്നോസ്)

ലക്ഷണം:       തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യും കായ്കളിലും ആദ്യം കാണുന്നു. പിന്നീട് ഇലയും തണ്ടും കായ്കളും ചീയുന്നു.

പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.

  • രോഗം:            കൊമ്പുണക്കം (ഡൈ ബാക്ക്)

ലക്ഷണം:       മരച്ചില്ലകൾക്കും വലിയ ശാഖകൾക്കും ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.

പ്രതിവിധി:       ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.

  • രോഗം:            കരിമ്പൂപ്പ് (ബ്ളാക്ക് മോൾഡ്)

ലക്ഷണം:       ഇലകളിലും ചെറു ശാഖകളിലും കറുത്ത പൊടിപോലെ കാണുകയും പിന്നീട് ഇലയുടെ സ്വാഭാവിക നിറം മാറി ഇലമുഴുവൻ കരിഞ്ഞ് നശിക്കുകയും ചെയ്യുന്നു.

പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.

  • രോഗം:            വളയപ്പൊട്ട് (വൈറസ്)

ലക്ഷണം:       ഇളം ഇലകൾ നാരുതെളിഞ്ഞ് മഞ്ഞനിറം ആകുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. പിന്നീട് ഇലകൾ കട്ടികുറഞ്ഞ് നേർത്തുവന്നശേഷം വൃത്താകൃതിയിലോ c-ആകൃതിയിലോ പുള്ളികളോടുള്ള പച്ചനിറം വ്യാപിക്കുന്നു. ഹരിതകം ഇലകളിൽ കുറഞ്ഞും വളർച്ച കുറഞ്ഞും ഉത്പാദനത്തെ ബാധിക്കും രോഗശേഷം കായ്കളുടെ രുചി കുറയുമെന്നതും ശ്രദ്ധേയമാണ്.

പ്രതിവിധി:       രോഗ ബാധയേറ്റ മരങ്ങൾ ഉടൻ തന്നെ വെട്ടിമാറ്റി തീയിട്ടുനശിപ്പിക്കലാണ് ഏക പ്രതിവിധി. ഈ രോഗത്തിനെതിരെ പ്രതികരിക്കുന്ന് ജനിതക മാറ്റം വരുത്തിയ ഇനങ്ങൾ കൃഷിചെയ്ത് ഈ രോഗത്തിൽ നിന്നും രക്ഷനേടാം.

  • രോഗം:            മൊസൈക്ക് രോഗം (വൈറസ്)

ലക്ഷണം:       ഇളം ഇലകളിലും കായ്കളിലും രോഗസാന്നിദ്യം ആദ്യം കാണുന്നു. ഇലകൾ കട്ടികുറഞ്ഞ് നേർത്തുവന്നശേഷം  ആകൃതി നഷ്ടപ്പെട്ട് പച്ചനിറത്തിലുള്ള വരകൾ സിരകൾക്ക് സമീപം വ്യാപിക്കുന്നു. വിളവെത്തിയ കായ്കളിലും രോഗം ബാധിക്കാറുണ്ട്. പച്ചനിറത്തിലുള്ള വളയങ്ങൾ പ്രത്യക്ഷപ്പെട്ട ശേഷം പുള്ളികളില്ലാത്ത വളയങ്ങളായി തുടരുന്നു. ഹരിതകം ഇലകളിൽ കുറഞ്ഞും വളർച്ച കുറഞ്ഞും ഉത്പാദനത്തെ ബാധിക്കും രോഗശേഷം കായ്കളുടെ രുചി കുറയുമെന്നതും ശ്രദ്ധേയമാണ്.

പ്രതിവിധി:       രോഗ ബാധയേറ്റ മരങ്ങൾ ഉടൻ തന്നെ വെട്ടിമാറ്റി തീയിട്ടുനശിപ്പിക്കലാണ് ഏക പ്രതിവിധി. ഈ രോഗത്തിനെതിരെ പ്രതികരിക്കുന്ന് ജനിതക മാറ്റം വരുത്തിയ ഇനങ്ങൾ കൃഷിചെയ്ത് ഈ രോഗത്തിൽ നിന്നും രക്ഷനേടാം.

  • രോഗം:            തടി ചീയൽ

ലക്ഷണം:       ചെടിത്തടത്തിൽ വെള്ളം വലിഞ്ഞുപോകാതെ കെട്ടിനിൽക്കുന്നത് തടിചീയലിന് കാരണമാകാറുണ്ട്. കായ്ഫലമാകാത്ത പപ്പായ തൈകളിലാണ് സാധാരണ രീതിയിൽ തടി ചീയൽ കാണാറുള്ളത്.  മഴക്കാലത്താണ് ഇത് പ്രധാനമായും കണ്ടുവരുന്നു. ചെടിയുടെ ചുവടുഭാഗം ഇളം മഞ്ഞ നിറത്തിലാവുകയും കൂടുതൽ മൃദുവാകുകയും ചെയ്യുന്നു. കുറച്ചു ദിവസങ്ങൾക്കകം കാണ്ഡം അഴുകി ചെടി നശിക്കുകയും ചെയ്യും.

പ്രതിവിധി:       തണ്ടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം. വെള്ളം കെട്ടാത്ത രീതിയിൽ പണകോരിയോ, വെള്ളക്കെട്ടു സാധ്യതയുണ്ടെങ്കിൽ വെള്ളം വലിയാവുന്ന രീതിയിൽ തടമെടുത്തും ചെടിയെ സംരക്ഷിക്കാം.

കീടങ്ങളും കീട നിവാരണവും :

  • കീടം: നിമാ വിര

ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പപ്പായകളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.

നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം പപ്പായ നടുന്നതിനുമുൻപ് മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. നിമാവിര ആക്രമണമില്ലാത്തിടത്തെ വിത്തു തൈകൾ ഉപയോഗിക്കുന്നത് വിരകളുടെ ആക്രമണത്തെ ചെറുക്കാം. തൈക്കുഴികളിൽ പപ്പായനട്ട ശേഷം തകര, ഗുണ്ടുമല്ലി, എന്നിവ നടുകയോ ചെയ്താലും നിമവിരകളെ ഒഴിവാക്കാം.

  • കീടം: ഇലപ്പേൻ

ലക്ഷണം:  പപ്പായയെ ബാധിക്കുന്ന മാരക രോഗങ്ങളായ കുറുനാമ്പ് / മണ്ടയടപ്പ്  പരത്തുന്ന വാഹകജീവിയാണ് വാഴപ്പേൻ / ഏഫിഡ്. ഇവ ഇലക്കവിളിൽ കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. കുറുനാമ്പ് / മണ്ടയടപ്പ് എന്നിവ ഇതിന്റെ സാന്നിദ്യമറിയിക്കുന്നു.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: ഇലതീനിപ്പുഴുക്കൾ

ലക്ഷണം:  പപ്പായയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്ന ശലഭപ്പുഴുക്കളാണ്. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: കായീച്ച / പഴയീച്ച

ലക്ഷണം: കായീച്ച പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ മഞ്ഞനിറമായും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.

നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം: വെള്ള ഈച്ച (വൈറ്റ് ഫ്ളൈ)

ലക്ഷണം: പപ്പായത്തൈകളെ ആക്രമിക്കുന്ന കീടമാണ് വെള്ള ഈച്ച. ഈച്ചയും അതിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളും ചെടിയുടെ ഇലയുടെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്യും. രോഗകാരികളായ വൈറസുകളുടെ വാഹകരുമാണിത്.

നിവാരണം: മഞ്ഞ ചായം പൂശിയ കടലാസോ, പ്ളാസ്റ്റിക്ക് കഷണമോ, ടിന്നോ എടുത്ത് അതിന്റെ ഉപരിതലത്തിൽ ആവണക്കെണ്ണ പുരട്ടി ഈച്ചകളെ ആകർഷിച്ച് എണ്ണയിൽ കുടുക്കി അവയെ നശിപ്പിക്കാവുന്നതാണ്. ആഴ്ച്ചയിലൊരിക്കൽ ഇത് ആവർത്തിച്ച് കീടത്തെ നിയന്ത്രിക്കാം. നാറ്റൻ പ്രയോഗമായ വെളുത്തുള്ളി, ബാർസോപ്പ്, വേപ്പെണ്ണ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചും കീടത്തെ നിയന്ത്രിക്കാം

  • കീടം: ചാഴി (മൈറ്റ്സ്)

ലക്ഷണം: പപ്പായത്തൈകളെയും, പപ്പായ മരത്തിന്റെ ഇളം കായ്കൾ തലപ്പ് ഭാഗം എന്നിവിടങ്ങളിലെ മൃദുവായ ഭാഗങ്ങളിൽ നിന്നും നീരൂറ്റിക്കുടിക്കുന്ന ഷഡ്പദ വിഭാഗത്തിലെ കീടമാണ് ചാഴി. നീരൂറ്റിക്കുടിക്കുന്നതിനാൽ ഇളം പപ്പായച്ചെടികൾ പെട്ടെന്നു നശിക്കുന്നതിനോ, മരത്തിന്റെ മൃദുഭാഗമെങ്കിൽ വളർച്ചമുരടിക്കുന്നതിനോ, കായ്കളിൽ ആകൃതിക്ക് വ്യത്യാസമുണ്ടാകുന്നതിനോ കാരണമാകുന്നു.

നിവാരണം: ചാഴിക്കെതിരേ ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. ചാളമീൻ അഴുക്കിയ വെള്ളം ആവശ്യത്തിന് നേർപ്പിച്ച് ഇലകളിലും തണ്ടു ഭാഗത്തും, ഇളം കായ്കളിലും സ്പ്രേചെയ്ത് ഇവയെ നശിപ്പിക്കാവുന്നതാണ്.

  • കീടം: ശൽക്ക കീടം

ലക്ഷണം: ഇളം പപ്പായമരങ്ങളേയാണ് കൂടുതൽ ആക്രമിക്കുന്നത്. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, ചെറുശാഖകൾ ഉണങ്ങൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

നിവാരണം: 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. കൂടാതെ ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.

  • കീടം: ആഫ്രിക്കൻ ഒച്ച്

ലക്ഷണം: ചെറുതും വലുതുമായ എല്ലാത്തരം പപ്പായമരങ്ങളേയും കൂടുതൽ ആക്രമിക്കുന്നു. ഇലകൾ, ചെറുശാഖകൾ, കായ്കൾ എന്നിവ വളരേ വേഗം തിന്നുതീർക്കുമെന്നതാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വലിപ്പക്കൂടുതലുള്ള ഇവ കൂട്ടമായോ ഒറ്റയ്ക്കോ ആക്രമിക്കാറുണ്ട്. സന്ധ്യാനേരങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലായി വരുന്നത്.

നിവാരണം: നനഞ്ഞ ചാക്കിൽ കൊത്തിയരിഞ്ഞ പപ്പായ ഇലകൾ ചേർത്ത് അവയെ കൂടുതൽ കാണുന്നിടത്തുവച്ചാൽ ഇലയുടെ ഗന്ധത്തിൽ ആകൃഷ്ടരായെത്തുന്ന ഒച്ചിനെ കെണിയിലാക്കി അവയിൽ ഉപ്പ് തളിച്ച് നിയന്ത്രിക്കാം. ഇത് തുടരെയുള്ള ദിവസങ്ങളിൽ നടത്തേണ്ടതുമാണ്.

മറ്റ് വിശേഷങ്ങൾ:

  • സമുദ്രസഞ്ചാരിയായൈരുന്ന ക്രിസ്റ്റഫർ കൊളംബസ് തന്റെ പ്രിയ ഭക്ഷണമായ പപ്പായയെ വിശേഷിപ്പിച്ചത് മാലാഖമാരുടെ ഭക്ഷണം എന്നായിരുന്നു.
  • പൂവിന്റെ തരത്തിൽ ആൺ, പെൺ, ഉഭയലിംഗ പപ്പായ മരങ്ങൾ പോളിഗാമോ ഡയീഷ്യസ് വിഭാഗത്തിൽപ്പെടുന്നു.
  • കറയിലെ പപ്പയിൻ ഔഷധ നിർമ്മാണത്തിനും, ഷാമ്പൂ, സോപ്പ് എന്നിവയുടെ നിർമ്മാണത്തിനും പപ്പായ മരം ഉപയോഗിക്കുന്നു.
  • പപ്പായയിലെ പപ്പയിൻ ത്വക്ക് മൃദുവാക്കുന്നതിനും, വടുക്കൾ മാറ്റുന്നതിനും സൌന്ദര്യ വർദ്ധക വസ്ഥുക്കളിൽ ഉപയോഗിക്കുന്നു.
  • ആരോഗ്യരംഗങ്ങളിൽ പപ്പയിൻ ആമാശയ അൾസർ, ഡിഫ്തീരിയ, കാൻസർ എന്നിവയ്ക്ക് ചികിത്സയ്ക്കായും ഉപയോഗിക്കുന്നു.
  • മദ്യ വ്യവസായത്തിലും ച്യൂയിംഗം നിർമ്മാണത്തിലും പപ്പയിൻ ഉപയോഗിച്ചുവരുന്നു.
  • ഭഷ്യമേഖലകളിൽ മാംസത്തെ മൃദുവാക്കാൻ പാചകവേളകളിൽ; പപ്പയിൻ സാന്നിദ്യമുള്ളതിനാൽ പച്ചപ്പപ്പായ ഉപയോഗിക്കുന്നു.
  • ഡങ്കിപ്പനിക്ക് പ്ളേറ്റ്ലറ്റ് എണ്ണം വർദ്ദിപ്പിക്കാൻ പപ്പായയുടെ ഇളം ഇലകൾ ഉപയോഗിച്ചുവരുന്നു.
  • പച്ച പപ്പായക്കായ ഉപയോഗിച്ച് പച്ചടി, കിച്ചടി, തോരൻ എന്നീ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.
  • മിക്ക രാജ്യങ്ങളിലും പഴുത്ത പപ്പായ ഫലമാണുപയോഗിക്കുന്നത്. ആയതുപയോഗിച്ച് ഐസ്ക്രീമുകളും ബേക്കറി ഉത്പന്നങ്ങളും ഉണ്ടാക്കുന്നു.
  • ബേക്കറികളിൽ ഉപയോഗിക്കുന്ന ടൂട്ടി ഫ്രൂട്ടി എന്ന വിഭവം പച്ചപ്പപ്പായ ചെറുകഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ചുണ്ടാക്കുന്നതാണ്.
  • പപ്പായ ഫലത്തിലെ ആന്റി ഓക്സീകരണ ഗുണം രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയുമെന്ന് ഗവേഷണ ഫലമുണ്ട്.
  • പപ്പായ ഫലത്തിലടങ്ങിയിരിക്കുന്ന കരോട്ടിൻ, ബീറ്റാകരോട്ടിൻ എന്നിവ അർബുദ രോഗത്തെ പ്രതിരോധിക്കുന്നു.
  • നാരുകൾ ധാരാളം പപ്പായയിൽ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രിയയ്ക്ക് നന്നാണ്.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നാരുകൂടുതലുള്ളതിനാൽ കൊളസ്റ്ററോൾ നിയന്ത്രിക്കാനും പപ്പായയ്ക്ക് കഴിയുന്നു.
  • പപ്പായയിലെ കലോറി അളവ് കുറവായതിനാൽ പ്രഭാത ഭക്ഷണത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്.
  • പപ്പായ ഫലങ്ങൾ മൂർച്ചയുള്ള കത്തിയുപയോഗിച്ച് ഞെട്ട് താഴ്ത്തി മുറിച്ച് പേപ്പർ കൊണ്ട് പൊതിഞ്ഞ് തല കീഴായി വയ്ച്ചാൽ കറ പോകാനും കാ‍യ്കൾ തട്ടി കേടുവരാതിരിക്കാനും നന്നാണ്.
  • പപ്പായ കായയുടെ പാകം കൂടുന്നതിനനുസരിച്ച് പപ്പയിന്റെ അളവ് കുറഞ്ഞ് വരുന്നു.
  • പപ്പായയുടെ തടി കയർ നിർമ്മാണത്തിനുപയോഗിക്കുന്നു.
  • പപ്പായയുടെ ചിലയിനം പഴങ്ങൾ ഉണക്കിയും സൂക്ഷിക്കാറുണ്ട്.
  • കന്നുകാലികൾക്ക് പപ്പായയുടെ ഇല, കായ്കൾ എന്നിവ ഭക്ഷണമായി നൽകാറുണ്ട്.

വാളൻപുളി മരം – Tamarind tree

വാളൻപുളി മരത്തിന്റെ ഫലമായ വാളൻ പുളി ഭക്ഷണത്തിൽ ദിവസേന ഉൾപ്പെടുത്തുന്നു. ഇന്ത്യയുടെ ബന്ധം സൂചിപ്പിക്കുന്ന ഇൻഡിക്ക എന്ന പദമുണ്ടെങ്കിലും ഉത്ഭവമായി കണക്കാക്കുന്നത് ആഫ്രിക്കയാണ്. നാട്ടിൽ മാത്രമല്ല കാട്ടിലും പുളിമരത്തിന്റെ സന്നിദ്ധ്യമുണ്ട്. പുളിയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇന്ത്യാക്കാരുടെ നിത്യേനെയുള്ള ആഹാരത്തിലെ പ്രധാന കറിക്കൂട്ടുകളിലെല്ലാം പുളി അടങ്ങിയിട്ടുണ്ട്. . പുളിമരച്ചുവട്ടിൽ അമ്ളതകൂടുതലായതിനാൽ മറ്റുചെടികൾ കാണാറില്ല. കളിമണ്ണ്, മണൽ, അമ്ളത അന്നിവയുടെ സാന്നിദ്യമുള്ള മണ്ണിൽ വളരുന്നു. വരൾച്ചയേയും ഉപ്പിനേയും പ്രതിരോധിക്കുന്നു. 50-80 വർഷം വരെ കായ്ഫലത്തോടെ വളരുന്നു.

ശാസ്ത്ര പഠന വിഭാഗം:

കുടുംബം

:

ഫാബേസീ (ഉപ കുടുംബം- സിസാൽപീനിയേസീ)

ശാസ്ത്ര നാമം

:

ടമറിൻഡസ് ഇൻഡിക്ക / Tamarindus indica

അറിയപ്പെടുന്ന പേരുകൾ:

മലയാളം

:

നാട്ടുപുളി, വാളൻ പുളി, നാടൻ പുളി

ഇംഗ്ളീഷ്

:

ടമരിന്റ് ട്രീ (Tamarind tree)

സംസ്കൃതം

:

അമ്ളികാ, ചിഞ്ചാ, തിന്തിഡഃ

ഹിന്ദി

:

ഇമലി, അമ്ളി

ബംഗാളി

:

തേതുൽ

തമിഴ്

:

ആംബിലം

തെലുങ്ക്

:

ചീന്ത

സസ്യ വിശേഷങ്ങൾ :

ഏകദേശം 25-30  മീറ്റർ വരെ ശാഖകളായി പടർന്നു പന്തലിച്ച് വളരുന്ന ബഹുവർഷി സസ്യമാണ് വാളൻ പുളിമരം. പൂക്കൂടയുടെ ആകൃതിയിൽ വളർന്ന് കാണുന്ന ഇവ വളരെ പതിയേയാണ് വളരുന്നത്.  ഇന്ത്യയിലുടനീളം സമൃദ്ധമായി കാണപ്പെടുന്നു. ഇലപൊഴിക്കുന്ന സസ്യം കൂടിയാണിത്

  • കാണ്ഡം:

കാണ്ഡം ചാരനിറത്തിലും ഉള്ളിൽ കറുത്ത് കട്ടിക്കാതലുമുണ്ട്. പുറന്തൊലിയ്ക്ക് വിണ്ടുകീറലുണ്ട്. വെള്ളയ്ക്കും കാഠിന്യമുണ്ട്. പുറംതൊലി പരുക്കനും കടുത്ത ചാരനിറത്തിലും കാണപ്പെടുന്നു. കൂടാതെ നെടുകേ വീതികുറഞ്ഞ നീളത്തിലുള്ള വിള്ളലുകളുണ്ട്. ശാഖകൾ പ്രധാന ശാഖകൾക്ക് സമാന്തരമായി വളരുന്നു. ശാഖകൾ കാഠിന്യമേറിയതും കാറ്റിനെ പ്രതിരോധിക്കുന്നതുമാണ്. തടിയുടെ വെള്ളയുടെ നിറം ഇളം മഞ്ഞനിറമാണുള്ളത്. കാതൽ വളരെകുറച്ചുമാത്രം കാണുന്നതും കടുത്ത ബ്രൌൺ നിറവുമാണുള്ളത്. പുളിത്തടി കാഠിന്യവും വലുപ്പവും ബലമേറിയതും പ്രാണികളുടെ ആക്രമണം ചെറുക്കുന്നവയുമാണ്.

  • വേര് :

തായ് വേര് പടല വേരുകളാണ്. കാഠിന്യമേറിയ കാതലുള്ള വേരുകളാണ് പുളിമരത്തിനുള്ളത്. ഭൂമിക്കു ഉപരിതലത്തിൽ വൻ വേരുകൾ എഴുന്ന് കാണാറുണ്ട്.

  • ഇല:

പുളിയിലകൾ നിത്യഹരിതവും പിച്ഛാകാരസംയുക്തങ്ങളുമാണ്. ഏകാന്തര വിന്യാസത്തിലുള്ള ഇലകൾ നീളം 5 -10 സെ.മീ. വരെയുണ്ട്. സമുഖമായ 10-20വരെ ജോഡി പത്രകങ്ങളുണ്ട്. ആ‍യതാ(അണ്ഡാകൃതി)കൃതിയിലുള്ള പത്രങ്ങൾക്ക് ഞെട്ടില്ല. തളിരിലകൾക്ക് ഇളം പച്ചനിറവും പുളിരുചിയുമുണ്ട്. രാത്രികാലങ്ങളിൽ ഇലകൾ കൂമ്പാറുണ്ട്.

  • പൂവ് :

8-10 വർഷം വരെ പ്രായമായ പുളിമരങ്ങളിൽ ശിശിരകാലാന്ത്യത്തിൽ (ഫെബ്രുവരി-മാർച്ച്) പൂക്കൾ കുലകളായി പ്രത്യക്ഷപ്പെടും. പൂക്കൾ മഞ്ഞ കലർന്ന ചുവന്ന നിറത്തോട് കൂടിയ ദ്വിലിംഗ പൂങ്കുലകളാണ്. ബാഹ്യ ദളങ്ങൾ നാലും ദളങ്ങൾ മൂന്ന് വീതവുമുണ്ട്. പൂങ്കുലയിൽ സയുക്തങ്ങളായ പൂർണ്ണവളർച്ചയെത്തിയ 3 കേസരങ്ങളുണ്ട്.

  • ഫലം:

പുളിയുടെ ഫലം പോഡാണ്. ഏപ്രിൽ- മേയ് മാസങ്ങളിലാണ് കായ്കൾ വിളയുന്നത്. കായ്കൾ 10 മുതൽ 15 സെ.മീറ്റർ നീളത്തിൽ അരിവാൾ രൂപത്തിൽ താഴേക്ക് തൂങ്ങിയ രീതിയിലാണ്. കായ്കൾ പരന്നതും പയറുപോലുള്ളതും ക്രമരഹിതമായി വളഞ്ഞുമാണ് കാണുന്നത്. കായ്കളിൽ ഉയന്നുകാണുന്ന 1 മുതൽ 6 വിത്തുകൾ കായ്കളിൽ കാണുന്നു. വിളവാകാത്ത കായ്കൾക്ക് സ്വർണ്ണ വർണ്ണമുള്ള പച്ചനിറമുള്ള തൊലിയും അൽപ്പം കാഠിന്യവുമുണ്ട്. വിളഞ്ഞ് പഴുക്കുമ്പോൾ ഇവയുടെ വിത്തിനെ പൊതിഞ്ഞ്  തവിട്ട് (കറുവപ്പട്ടയുടെ) നിറത്തിൽ കുഴമ്പ് രൂപത്തിൽ പുളിയോട് (അമ്ളതയോടുള്ള) കൂടിയ കഴമ്പുമുണ്ട്. ഒട്ടിപ്പിടിക്കുന്ന പൾപ്പിനെ പൊതിഞ്ഞ് സമാന്തരമായും എളുപ്പം എടുത്തുമാറ്റാവുന്ന നാരുകൾ കാണുന്നു. വിത്തിന്റെ മുഴപ്പ് കാണാവുന്ന ആകൃതിയാണ് വിളഞ്ഞ കായ്കൾക്ക് ഉള്ളത്. മൂപ്പെത്തുമ്പോൾ പെട്ടെന്നു പൊട്ടുന്നതാണ് ഇതിന്റെ പുറമ്പാളി. പുളിക്കുള്ളിലെ വിത്ത് പുതിയ തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്. പ്രതിവർഷം 200-250 കി.ഗ്രാം വാളൻപുളി പ്രതിവർഷം ലഭിക്കുന്നു.

ഉപയോഗങ്ങൾ:

  • കായ് :

പുളിയുടെ വിളഞ്ഞുപഴുത്ത കായ്ക്കുഴമ്പിന് മധുരവും പുളിയുമുണ്ട്.  പുളിച്ചാറ് കറികളിൽ ഉൾപ്പെടുത്തി ആഹാരമായി ഉപയോഗിക്കുന്നു. ബുദ്ധമതക്കാരും ഹിന്ദുക്കളും വീടുകലിലേയും ക്ഷേത്രങ്ങളിലേയും പിച്ചള, ചെമ്പ്, ഓട് നിർമ്മിതമായ പാത്രങ്ങളും വിളക്കുകളും മറ്റ് ആരാധനാ ഉപകരണങ്ങളിലെ ക്ളാവ് നീക്കി തിളക്കമുള്ളതാക്കാൻ പുളിക്കുഴമ്പ് ഉപയോഗിക്കുന്നു. മധുരപ്പുളിക്കുഴമ്പും പഞ്ചസാരയും ചേർത്ത് കാൻഡി, മിഠായികൾ എന്നിവ നിർമ്മിക്കുന്നു.

കാണ്ഡം:

പുളിത്തടി ഉരൽ, ചക്ക്, പണിയായുധങ്ങൾ, കട്ടിളകൾ, ഫർണിച്ചർ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. പുളിവിറക് ഒന്നാന്തരം വിറകാണ്. കരി വെടിക്കോപ്പുകളിൽ ഉപയോഗിക്കുന്നു.

രാസഘടകങ്ങൾ:

ഇല:

പുളി ഇലയിൽ ടാർടാറിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

പുളി  :

വിളഞ്ഞ വാളൻപുളിയിൽ വൈറ്റമിൻ ബി, പഞ്ചസാര, ധാരാളമുണ്ട്., ടാർടാറിക്, സിട്രിക്, അസെറ്റിക്, മാലിക് എന്നീ അമ്ളങ്ങളും സുക്രോസ് എന്നിവയും കാർബൊഹൈഡ്രേറ്റും കാത്സ്യവും കൊഴുപ്പും, പെക്ടിനും അടങ്ങിയിട്ടുണ്ട്.

ആ‍യുഃവേദ പ്രയോഗങ്ങൾ:

ഇല, പൂവ്, ഫലമജ്ജ, വിത്ത് എന്നിവയാണ് ഔഷധ യോഗ്യമായ സസ്യ ഭാഗങ്ങൾ.

രസ ഘടകങ്ങൾ

രസം

:

അമ്ളം

ഗുണം

:

ഗുരു, രൂക്ഷം

വീര്യം

:

ഉഷ്ണം

വിപാക

:

അമ്ളം

  • പുളിക്കുഴമ്പു വാതം, ദാഹം എന്നിവ ശമിപ്പിക്കും.
  • പുളി കഫം, പിത്തം എന്നിവ വർധിപ്പിക്കും. ദഹനം വർധിക്കും. മലബന്ധം മാറും.

വിവിധ ഇനങ്ങൾ :

ചുവന്ന പുളി, മഞ്ഞപ്പുളി, മധുരപ്പുളി എന്നീ ഇനങ്ങൾ സാധാരണ കാണുന്നു.

  • ചുവന്ന പുളി:

പുളിയുടെ ഫലം വിളയുമ്പോൾ കടുത്ത ചുവന്ന നിറത്തിലാകുകയും ക്രമേണെ കറുക്കുകയും ചെയ്യുന്നു. നാട്ടിൻപുറങ്ങളിൽ കാണുന്ന സാധാരണയിനം വാളൻ പുളികൾ ഏറിയ ഭാഗവും ഈ ഇനത്തിൽപ്പെടുന്നു. പുളി കാലം കൂടുന്തോറും കറുക്കുകയും പുളി കൂടുകയും ചെയ്യുന്നു. കറികളിൽ ഉപയോഗിക്കാൻ ഉത്തമമായതിനാൽ വിപണിമൂല്യം കൂടുതലാണ്. കിഴക്കൻ മേഖലയിൽ കാണുന്നവയ്ക്ക് 6-12 വരെ കുരുകൾ കാണുന്ന വലിയ വാളൻപുളി ഉണ്ടാകുന്നു. പശ്ചിമ മേഖലയിൽ 2-4 വരെ കുരുവുള്ള ചെറിയ ഇനം വാളൻ പുളിയാണ്.

  • മഞ്ഞപ്പുളി:

പുളിയുടെ നിറം മഞ്ഞ കലർന്നതാണ്. അപൂർവ്വമായി നാട്ടിൻപുറങ്ങളിൽ കാണുന്ന ഇവയുടെ രൂപപ്രകൃതിയെല്ലാം ചുവന്ന വാളൻ പുളി മരത്തിന്റേതുതന്നെ. പുളിരുചി കുറവാ‍യ ഈ ഇനത്തിന് വിപണി മൂല്യം കുറവാണ്.

  • മധുരപ്പുളി:

‘സ്വീറ്റ് തമരിൻഡ്’ എന്ന പേരിൽ വിപണിയിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഇനം പുളിക്ക് മധുരരസം കൂടുതലമാണ്. പഴമായും കാൻഡിയായും ഉപയോഗിക്കാവുന്നതും വിപണി മൂല്യം കൂടുതലുള്ളതുമാണ്. കറിയ്ക്കുപയോഗിക്കാൻ സാധിക്കില്ല.

  • പെരിയകുളം-1:

തമിഴ് നാട് കാ‍ർഷിക സർവ്വകലാ ശാല പുറത്തിറക്കിയ അത്യുൽപ്പാദനശേഷിയുള്ള ഗ്രാഫ്റ്റ് ഇനമാണ് പെരിയകുളം-1. അധികം സ്ഥലം അപഹരിക്കാതെ വീട്ടുവളപ്പിൽ നടാവുന്ന ഇനമാണിത്. 15 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ ഇനത്തിന് നിറയേ ശാഖോപശാഖകളുണ്ട്. നട്ട് നാലാം വർഷം മുതൽ കായ്കൾ ലഭിക്കുമെന്നത് എടുത്തുപറയാവുന്ന മേന്മയാണ്. ഒരുകുലയിൽ 4-7 വരെ കായ്കളുള്ള ഈ ഇനം മറ്റുവിളകളെക്കാൾ 60 ശതമാനം വിളവുലഭിക്കുന്നു. വരൾച്ചയെ അതിജീവിക്കാൻ കഴിയുന്ന ഈ ഇനം ഏതിനം മണ്ണിലും നന്നായി വളരുന്നു. ഈ ഇനത്തിന്റെ വിത്ത് തൈകളേക്കാൾ മികച്ചത് ഒട്ടുതൈകളാണ്. 150-200 കിലോ ഗ്രാം പുളി ലഭിക്കാറുണ്ട്.

പരാഗണവും വിതരണവും :

  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താൽ പരാഗണം നടക്കുന്നു.
  • അണ്ണാൻ, കുരങ്ങ്, വാവലുകൾ, പക്ഷികൾ എന്നിവ സഹായത്താലാണ് വിതരണം നടത്തുന്നത്.

ഉത്പാദനവും വളപ്രയോഗവും :

  • കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ സാധാരണ ഇനങ്ങളിൽ 6 മുതൽ 12 വരെ വിത്തുകൾ കാണുന്നു. വിത്തുകൾ നട്ട് പുതിയ തൈകൾ വളർത്തിയെടുക്കലാണ് സാധാരണ പതിവ്.
  • ഗ്രാഫ്റ്റ് തൈകൾ പകുതിക്കാലമാകുമ്പോൾ വിളവു നൽകുന്നതോടൊപ്പം കൂടുതൽ ഫലം ലഭ്യമാക്കുകയും ചെയ്യുന്നു.
  • വിത്തു തൈകൾ സാധാരണ കായ്ക്കുവാൻ 10 വർഷമെടുക്കുമ്പോൾ ഒട്ടുതൈകൾ 4-5 വർഷംകൊണ്ട് കായ്ക്കുന്നു.
  • 1 മീറ്റർ സമചതുരവും അത്രയും ആഴവുമുള്ള (1x1x1മീ. നീളംxവീതിxആഴം) കുഴികളെടുത്ത് അതിന്റെ മുക്കാൽ ഭാഗം ജൈവവളം, മണൽ, മേൽമണ്ണ് ഇവ നിറച്ച് കുഴി മൂടുക.ജൂൺ മാസം മഴയ്ക്കുമുൻപ് തൈ നടാവുന്നതാണ്. ഒട്ടുതൈയാണെങ്കിൽ ഒട്ടുമുളപ്പ് മണ്ണിൽ നിന്നും ഉയർന്ന് നിൽക്കണം. ആവശ്യമെങ്കിൽ താങ്ങ കെട്ടുകയും വേണം.
  • ഒട്ടുകമ്പ് (സയോണിൽ) അല്ലാത്ത മുളപ്പുകൾ കണ്ടാൽ അവയെ നീക്കണം. അല്ലെങ്കിൽ ഒട്ടുശാഖകളൂടെ വളർച്ചയെ ബാധിക്കും.
  • രാസവളപ്രയോഗം ആവശ്യമില്ലെങ്കിലും 5 വർഷം വരെ 50 കിലോ ഗ്രാം ജൈവവളം ഒരു മീറ്റർ ചുവടുമാറ്റി വൃത്തകൃത്തിയിൽ താഴ്ത്തി വളവിടാവുന്നതാണ്.
  • 3 മീറ്റർ ഉയരം വരുമ്പോൾ തലപ്പ് നുള്ളുമ്പോൾ പടർന്ന് പന്തലിക്കുന്ന ശാഖകൾ വളരാൻ കാരണമാകുകയും വിളവെടുപ്പിന് സഹായകമാകുകയും ചെയ്യുന്നു.
  • ഒട്ടുതൈകൾ ആദ്യകൊല്ലം തന്നെ പൂക്കുമെങ്കിലും 3 വർഷം വരെയുള്ള പൂക്കൾ നുള്ളി ഒഴിവാക്കുന്നത് നല്ലതാണ്.
  • T-ബഡ്ഡിംഗ്, ലെയറിംഗ് എന്നിവ നടത്തി മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.

രോഗങ്ങളും രോഗ നിവാരണവും :

  • ഇലപ്പുള്ളി രോഗം:

ലക്ഷണം: മഴക്കാലത്തോടെ പുളിയിലകൾ മഞ്ഞനിറമാർന്ന് പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞൈലയുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേർന്ന് ഇലകൾ കറുക്കുകയും കൊശ്ഴിയുകയും ചെയ്യുന്നു.

പ്രതിവിധി: രോഗബാധയുള്ള ഇലകൾ ഉൾപ്പെടുന്ന ചെറു ശാഖകൾ മാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതാണ് ഉചിതം.

കീടങ്ങളും കീട നിവാരണവും :

  • കീടം: മീലിമൂട്ട

ലക്ഷണം: മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.

നിവാരണം: മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കാവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം: വെള്ളമൂട്ട

ലക്ഷണം: പുളിത്തൈകളെ ആക്രമിക്കുന്ന കീടമാണ് വെള്ളമൂട്ട. ചെടിയുടെ വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി മീലിമൂട്ടയേക്കാൾ കൂടിതലും  ആക്രമണം വളരെ വേഗതയിലുമാണ്. വേരുകളിൽ നിന്നും നീരൂറ്റിക്കുടിക്കുന്നതിനാൽ വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.

നിവാരണം: വെള്ളമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കാവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • നിമാ വിര:

ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പുളിമരങ്ങളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.

നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. തൈ നടുന്ന കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ നല്ലൊരു പരിഹാരമാണ്.

  • കീടം: ഇലപ്പേൻ

ലക്ഷണം:  പുളിയുടെ ഇളം  ഇലകൾ, ഇളം തണ്ട്  എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട്  എന്നിവ വാടിയതായി കാണുന്നു. ഇളം തൈകളേയാണു ആക്രമിക്കാറുള്ളത്.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: ഇലതീനിപ്പുഴുക്കൾ

ലക്ഷണം:  പുളിയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്. ഇളം തൈകളേയാണു ആക്രമിക്കാറുള്ളത്.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: കായീച്ച / പഴയീച്ച

ലക്ഷണം: കായീച്ച പുളിയുടെ പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ കൂടുതൽ വളഞ്ഞ് കാണുന്നതും, പെട്ടെന്ന് കൊഴിയുന്നതും  ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.

നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചുംകായീച്ച / പഴയീച്ചയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

മറ്റ് വിശേഷങ്ങൾ :

  • സൂര്യരശ്മിയോടൊപ്പമുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികൾ പുളി കൂടുതൽ ആഗിരണം ചെയ്യുന്നു.
  • പുളിരസക്കുറവും മധുരരസം കൂടുതലുള്ളയിനം വാളൻപുളി കറിക്കൂട്ടുകളിൽ സാധാരണ ഉപയോഗിക്കാറില്ല.
  • പുളിരസക്കൂടുതലും മധുരരസം വളരെകുറവുമുള്ളയിനം പുളിയാണ് കറിക്കൂട്ടുകളിൽ സർവ്വ സാധാരണമായി ഉപയോഗിക്കുന്നത്.
  • മദ്യലഹരി കുറയ്ക്കാൻ പുളിവെള്ളം കുടിപ്പിക്കാറുണ്ട്.
  • സുഗന്ധ ദ്രവ്യങ്ങളിൽ അഞ്ചാം സ്ഥാനം പുളിക്കാണ്.
  • നീരിനും വേദനയ്ക്കും പുളിയില വെള്ളത്തിലരച്ച് പുരട്ടുന്നത് നല്ലതാണ്.
  • കരുപ്പെട്ടിയും പുളീയും ഏലവും ചുക്കും അൽപ്പം ചെറുനാ‍രങ്ങയും ചേർത്ത ‘പാനകം’ ചില ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകാറുണ്ട്.
  • കിണർ കുഴിച്ചാലോ വറ്റിച്ചാലോ അതിനുശേഷം ലഭിക്കുന്ന ജലം ശുദ്ധിയാക്കാൻ പുളിയും ഉപ്പും വെള്ളത്തിൽ ചേർക്കാറുണ്ട്.
  • കേരളത്തിലും തമിഴ് നാട്ടിലും പുളിമരത്തിന്റെ എണ്ണം കാര്യമായി കുറയുന്നു. പുളിവിറകിനുള്ള പ്രിയവും, താഴ്ന്ന വളർച്ചാനിരക്കും അമിതമായ കൂലിയുമാണിതിന് കാരണം.
  • വിപണിയിൽ പുളിയിൽ കല്ല്, കുരു എന്നിവ ചേർത്താണ് പുളിയിൽ മായം ചേർക്കുന്നത്.
  • പുളി രുചിചുനോക്കിയാണ് ഗുണം മനസിലാക്കുന്നത്. പുളിരുചിയും കറുപ്പ് നിറവും കൂടുതലുള്ള പുളിക്കാണ് വിപണിമൂല്യം കൂടുതൽ.
  • പഴയകാല തലമുറ പുളിയിലെ കരടുകൾ, തോട്, പുളിങ്കുരു, പുളിനാര് എന്നിവ മാറ്റി വൃത്തിയാക്കിയ ശേഷം കടലുപ്പ്ചേർത്ത് വെയിലിൽ ഉണക്കി വലിയ ഉരുളകളാക്കി പനയോലകളിൽ പൊതിഞ്ഞു അധികനാളുകളായി സൂക്ഷിക്കാറുണ്ട്.
  • വീട്ടാവശ്യത്തിന് വാങ്ങുന്ന പുളിയിലെ കരടുകൾ, പുളിങ്കുരു, പുളിനാര്, തോട് എന്നിവ മാറ്റി വൃത്തിയാക്കിയ ശേഷം ഉപ്പ് പരൽ വിതറി ചേർത്ത് ഉണക്കി ഭരണികളിൽ ഗോളാകൃതിയിൽ അടുക്കി ദീർഘനാളുപയോഗിക്കാം.
  • പ്ളൈവുഡ് വ്യവസായത്തിനും വിറകിനുമായും പുളിമരം ഉപയോഗിക്കുന്നു.
  • പുളിത്തൈ ബോൺസായി മരങ്ങളാക്കി വീട്ടിനകത്ത് അലങ്കാരമായി വയ്ക്കാറുണ്ട്.
  • കന്നുകാലികൾക്കും ആടുകൾക്കും പുളിയില ഭക്ഷണമായി നൽകാറുണ്ട്.
  • ആഫ്രിക്കയിൽ പട്ടുനൂൽ ഉൽപ്പാദനത്തിന് വ്യാവസയികമായി പുളിവെള്ളം ഉപയോഗിക്കാറുണ്ട്.
  • പുളിയില, പൂവ് എന്നിവ മഞ്ഞ നിറത്തിലുള്ള കളർ പൊടികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ആ‍യതുപയോഗിച്ച് കമ്പിളികൾക്ക് ചുവപ്പും, സിൽക്കിന് പച്ചനിറവും ലഭ്യമാക്കുന്നു.
  • പുളിയില വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം അതിൽ പനയോലയിട്ട് തണുപ്പിച്ചശേഷം സവിശേഷമായ പനയോലത്തൊപ്പി നിർമ്മിക്കുന്നു.
  • പുളി കാർഷിക വിളയായി നടുന്ന തോട്ടങ്ങളിൽ തേനീച്ച വളർത്താവുന്നതാണ്. പുളിപ്പൂക്കളിൽ നിന്നും ലഭിക്കുന്ന പൂന്തേന് സ്വർണ്ണ വർണ്ണവും അംമ്ള രസവും മധുരമേറിയതുമാണ്.
  • പുളിത്തടി കാഠിന്യമേറിയതായതിനാൽ പോളിഷ് ജോലികൾക്കും, പാനലിംഗിനും ഫർണിച്ചർ നിർമ്മാണത്തിൽ വൻ തോതിൽ ഉപയോഗിച്ചുവരുന്നു. ചക്രങ്ങൾ, ആക്സിലുകൾ, മില്ലുകളിലെ ഗിയറുകൾ, വള്ളങ്ങളുടെയും ബോട്ടുകളുടേയും കിണറുകളിലേയും വശങ്ങളിലെ പലക, കൊട്ടുവടി, ചുറ്റിക, കത്തി എന്നിവയുടെ കൈപിടി, ധാന്യം പൊടിപ്പിക്കുന്ന ചക്കുകൾ, ഉരൽ, ഉലക്ക,സിമന്റ് പണിക്കുള്ള പലകകൾ എന്നിവ നിർമ്മിക്കുന്നതിനും പുളിയുടെ തടി ഉപയോഗിക്കുന്നു.
  • ചെങ്കൽ ചൂള, വിറകടുപ്പ് എന്നിവയിൽ വിറകായും വിറകുകരി വെടിക്കോപ്പുകളിൽ പൌഡർ നിർമ്മിക്കാനും ഉപയോഗിക്കുന്നു. ചെമ്മരിയാടിന്റെ രോമം പുതുതായി വരുന്നതിന് ത്വക്കിൽ തേയ്ച്ച് പിടിപ്പിക്കാറുണ്ട്.
  • പുളിയുടെ ഇളം തണ്ടും വേരും ഉപയോഗിച്ച് പ്രത്യേക രീതിയിൽ ‘വാക്കിംഗ് സ്റ്റിക്ക് ‘(ഊന്നു വടി) തയ്യാറാക്കാറുണ്ട്.

മുരിങ്ങ –Drumstick Tree

മുരിങ്ങ ഔഷധമാ‍യും ഭക്ഷണമായും ഉപയോഗിക്കുന്നു. മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗസംഹാരിയായി ഉപയോഗിക്കുന്നു. പ്രധാന പച്ചിലക്കറിയായി ഉപയോഗിക്കുന്ന മുരിങ്ങയില വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ്. വളരേ വേഗം വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതുമായ സസ്യമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചരുവാണ് ജന്മദേശമായി കണക്കാക്കുന്നത്. സിംഗപ്പൂർ, പാകിസ്താൻ, ശ്രീലങ്ക, മലേഷ്യ, ക്യൂബ, ജമൈക എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു. ഇന്ത്യയിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കൃഷി ചെയ്തുവരുന്നു. ഭക്ഷണം, ഔഷധം, ജലശുദ്ധീകരണം എന്നിവയ്ക്കായി മുരിങ്ങ കൃഷിചെയ്തുവരുന്നു.

ശാസ്ത്ര പഠന വിഭാഗം:

കുടുംബ

:

മൊരിങ്ങേസീ

ശാസ്ത്ര നാമം

:

മൊരിങ്ങ ഒലീഫെറ / Moringa oleifera

അറിയപ്പെടുന്ന പേരുകൾ:

മലയാളം

:

മുരിങ്ങ, മൊരിങ്ങ

ഇംഗ്ളീഷ്

:

മൊരിങ്ങ (Moringa), ഡ്രംസ്റ്റിക്ക് ട്രീ (Drumstick Tree)

സംസ്കൃതം

:

അക്ഷിവഃ, തീക്ഷ്ണഗന്ധഃ, മോചകഃ, ശോഭാഞ്ജനഃ, ശിഗ്രു, ശിഗ്രുജം

ഹിന്ദി

:

സേഞ്ജൻ

ബംഗാളി

:

ശജിന

തമിഴ്

:

മുരുംഗൈയ്

തെലുങ്ക്

:

മുനാഗാ

സസ്യ വിശേഷങ്ങൾ:

ഏകദേശം 10 മീറ്റർ വരെ വളരുന്ന ബഹുവർഷി സസ്യമാണ് മുരിങ്ങ ഇന്ത്യയിലുടനീളം സമൃദ്ധമായി കാണപ്പെടുന്നു. നനവാർന്ന പ്രദേശങ്ങളിൽ നന്നായി വളരുന്ന ഇവയുടെ കാണ്ഡം ദുർബ്ബലമാണ്. കൊടും തണുപ്പും ചൂടും താങ്ങില്ല.

  • കാണ്ഡം:

10 മീറ്റർ വരെ വളരുന്ന മുരിങ്ങയുടെ കാണ്ഡം ചാര കലർന്ന ഇളം മഞ്ഞ നിറത്തിലാണുള്ളത്. ശാഖോപശാഖകളുള്ള മുരിങ്ങയുടെ കാണ്ഡം ജലസാന്നിദ്യമുള്ളതും ദുർബ്ബലവുമാണ്. തൊലിക്ക് കാണ്ഡത്തേക്കാൾ കട്ടികൂ‍ടുതലാണ്. കായുണ്ടാകുമ്പോൾ അവയുടെ ഭാരം കൊണ്ട്തന്നെ കാണ്ഡം ഒടിയുക പതിവാണ്.

  • വേര് :

സാധാരണ വേരുകളാണ് മുരിങ്ങയ്ക്കുള്ളത്. തായ്‌വേര് രീതിയില്ല. എളുപ്പം വേരുണ്ടാകുന്നത് പ്രത്യേകതയാണ്. തീക്ഷ്ണ ഗന്ധവും ബാഷ്പശീലവുമുള്ള എണ്ണ വേരിൽ അടങ്ങിയിരുപ്പുണ്ട്.

  • ഇല:

അരമീറ്ററോളം നീളമുള്ള സംയുക്ത ത്രിപിച്ഛക ഇലയാണിതിനുള്ളത്. ഇലകൾ ആയതാകൃതിയാണ്. ഇലകൾ സമുഖമായി വിന്യസിച്ചിരിക്കുന്നു. വേനലിൽ ഇലകൾ പൊഴിക്കാറുണ്ട്. ഇലകളുടെ മുകൾ ഭാഗം കടുത്ത പച്ചയും അടിഭാഗം മഞ്ഞകലർന്ന ഇളം പച്ചനിറവുമാണ്.

  • പൂവ്:

വർഷത്തിൽ ചെറുതും വലുതുമായ പൂക്കാലങ്ങൾ പലതുണ്ട്. പൂക്കൾ വെള്ള നിറത്തോടും തേനോടും കൂടിയ ദ്വിലിംഗ പൂങ്കുലകളാണ്. ഇവ ഇളം തണ്ടിന്റെ മുകൾ ഭാഗത്തോ മുകൾ ഭാഗത്തെ ഇലക്കക്ഷങ്ങളിലോ കാണുന്നു. പൂക്കൾക്ക് ബാഹ്യ ആന്തരിക ദളങ്ങൾ അഞ്ചു വീതം. വന്ധ്യ കേസരങ്ങളുൾപ്പടെ പത്തോളം കേസരങ്ങളുണ്ട്. ബീജാണ്ഡപർണ്ണങ്ങൾ മൂന്ന് വീതം. തണുപ്പുള്ളിടങ്ങളിൽ വർഷത്തിൽ ഒരുപ്രാവശ്യവും മഴയും ചൂടും ഒരുപോലുള്ളിടത്ത് രണ്ടോ വർഷം മുഴുവനുമായോ പൂക്കാറുണ്ട്.

  • ഫലം:

മുരിങ്ങക്കായ്കൾ മൂന്നുവശമുള്ളതും 15 മുതൽ 1മീറ്റർ നീളത്തിൽ താഴേക്ക് തൂങ്ങിയതുമായ രീതിയിലാണ്. ഇവയ്ക്ക് പച്ച കലർന്ന ബ്രൌൺ നിറമുണ്ടാകും. 5-15 വിത്തുകൾ കാണാറുണ്ട്. വിത്തിന്റെ മുഴപ്പ് കാണാവുന്ന ആകൃതിയാണുള്ളത്. മൂപ്പെത്തിയ കായ്കൾ പൊട്ടിയാൽ കടലാസ് പോലുള്ള ബ്രൌൺ നിറമുള്ള കടലാസ് പോലുള്ള മൂന്ന് വശങ്ങളുള്ള അരികുകളുള്ള ചിറകുമുണ്ട്.

ഉപയോഗങ്ങൾ:

മുരിങ്ങയുടെ ഇലയും പൂവും കായയും ആഹാരമായി സർവ്വ സാധാരണമായി ഉപയോഗിക്കുന്നു.

  • കായ് :

മുരിങ്ങക്കായ ആഹാരമായി ഉപയോഗിക്കുന്നു. കായിലെ വിത്ത് ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

  • ഇല:

ഇലയിൽ ധാരാളം ഫൈബറും ചവർപ്പ് രുചിയുമുണ്ട്. ഇലക്കറികളിൽ ചീരയ്ക്കൊപ്പം പരിചിതമായ ചീര കർക്കിടക മാസത്തിൽ ഒഴിവാക്കാറുണ്ട്.

  • പൂവ്:

പൂവ് ആഹാരമായി ഉപയോഗിക്കുന്നു.

  • വിത്ത്:

വിത്തിൽ നിന്നും സവിശേഷമായ എണ്ണ ലഭിക്കുന്നു. ഭക്ഷ്യാവശ്യത്തിനും, മുടിയിലും തൊലിയിലും തേയ്ക്കാനും, സൌന്ദര്യ വസ്തുക്കൾ നിർമ്മിക്കാനും എണ്ണ ഉപയോഗിക്കുന്നു.

  • വേര് :

വേരിൽ ദുർഗ്ഗന്ധത്തോടും ബാഷ്പശീലവുമുള്ള തൈലമുണ്ട്.

രാസഘടകങ്ങൾ:

  • ഇല:

മുരിങ്ങയുടെ ഇലകളിൽ വൈറ്റമിൻ- എ,ബി,സി,കെ എന്നിവയും കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

  • മുരുങ്ങാക്കായ:

മുരിങ്ങാക്കായയിൽ വൈറ്റമിൻ- സി, ഇ എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്  എന്നീ ധാതുക്കളും ഭക്ഷ്യനാരുകളും അടങ്ങിയിട്ടുണ്ട്.

  • വിത്ത്:

വിത്തിൽ നിന്നും ലഭിക്കുന്ന സവിശേഷമായ എണ്ണയിൽ ബെഹനിക് ആസിഡ് അടങ്ങിയിരിക്കുന്നു. എണ്ണ  ശുദ്ധീകരിച്ചാൽ ആന്റി ഓക്സിഡന്റിന്റ് കൂടുതൽ കാണപ്പെടും. എണ്ണ ജൈവ ഇന്ധനമായും ഉപയോഗപ്പെടുത്താവുന്നതാണ്. പിണ്ണാക്ക് വളമായും ജലശുദ്ധീകാരിയായും ഉപയോഗിക്കുന്നു.

  • തൊലി:

മൊരിഞ്ജിൻ, മൊരിഞ്ജിനിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്.

  • വേര്:

വേരിൽ പോളീഫിനോൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വേരിലടങ്ങിയ സ്പൈറോകിൻ എന്ന ആൽക്കലോയ്ഡ് നാഡീ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

ആ‍യുഃവേദ പ്രയോഗങ്ങൾ:

ഇല, പൂവ്, കായ്, തൊലി, വേര് എന്നിവ ആയുഃർവേദ ഔഷധങ്ങളിൽ പ്രയോജനപ്പെടുത്തുന്നു.

രസ ഘടകങ്ങൾ:

രസം

കടു, കഷായം, തിക്തം

ഗുണം

:

ലഘു, രൂക്ഷം, തീക്ഷ്ണം, സരം

വീര്യം

:

ഉഷ്ണം

വിപാക

:

കടു

  • നീര്, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിന് മുരിങ്ങ ഇലയും വിയർപ്പുണ്ടാക്കുന്നതിന് മുരിങ്ങയുടെ തൊലിയും വേരും പ്രയോജനപ്പെടുത്തുന്നു.
  • കൃമി, വ്രണം, വിഷം, വാതരോഗം എന്നിവ സമിപ്പിക്കാൻ മുരിങ്ങ വിത്തിലെ എണ്ണയും പ്രയോജനപ്പെടുത്തുന്നു.

വിവിധ ഇനങ്ങൾ :

  • നാടൻ- കുറിയ ഇനം:

കേരളത്തിൽ അങ്ങോളം കാണപ്പെടുന്ന ഇനം. വേലിക്കലായി കാണുന്ന ഈ ഇനത്തിന്റെ കായ്കൾക്ക് നീളം 10-15 സെ. മീറ്ററും നല്ല വണ്ണവുമുണ്ട്. ദശ കട്ടിയുള്ളതും ചെറു നാരുള്ളതുമാണ്. മറ്റിനങ്ങളേക്കാൾ രുചിയും സൂക്ഷിപ്പ് ഗുണവും കൂടുതലാണ്. കായ്കൾ അര വിളവാകുമ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങവുന്നതാണ്. മരമൊന്നിന് 30-50 വരെകായ്കൾ ആദ്യ വർഷത്തിലും പിന്നീട് 100-150 വരെ കായ്കൾ തുടർന്നുള്ള വർഷങ്ങളിൽ ലഭ്യമാകും. കൂടുതൽ പൂക്കുമെങ്കിലും കായ്കൾ കുറവാണ്. കാണ്ഡം നട്ടാണ് സാധാരണ പുതിയ തൈ നിർമ്മിക്കുന്നത്.

  • നാടൻ- നെടിയ ഇനം:

കേരളത്തിൽ സർവ്വസാധാരണ കാണപ്പെടുന്ന ഇനം. ഈ ഇനത്തിന്റെ കായ്കൾക്ക് 20-35 സെ. മീറ്റർ നീളമുണ്ട്. ദശ കട്ടിയുള്ളതും ചെറു നാരുള്ളതുമാണ്. കുറിയയിനങ്ങളേക്കാൾ രുചികുറവെങ്കിലും സൂക്ഷിപ്പ് ഗുണവും കൂടുതലാണ്. മരമൊന്നിന് 80-100 വരെ കായ്കൾ ആദ്യ വർഷത്തിലും പിന്നീടുള്ള വർഷങ്ങളിൽ 150-200 കാ‍യ്കൾ ലഭ്യമാകും. കായ്കൾ പാകമാകുമ്പോൾ ഭാരക്കൂടുതൽ കാരണം ശാഖകൾ ഒടിയുന്നത് പതിവാണ്. കൂടുതൽ പൂക്കുമെങ്കിലും കായ്കൾ കുറവാണ്. കാണ്ഡം നട്ടാണ് സാധാരണ പുതിയ തൈ നിർമ്മിക്കുന്നത്.

  • അനുപമ:

കേരള കാർഷിക യൂണിവേർസിറ്റി, വെള്ളാണിക്കര പുറത്തിറക്കിയ ഇനമാണ് അനുപമ. ഇടത്തരം നീളവും പച്ചനിറവുമുള്ള കായ്കളാണ് ഈ ഇനത്തിൽ നിന്നും ലഭിക്കുന്നത്. മുരിങ്ങ മരമൊന്നിന് വർഷത്തിൽ ശരാശരി 30 കി. ഗ്രാം കായ്കൾ ലഭിക്കും. മികച്ച പാചക ഗുണമേന്മയാണ് ഇതിന്റെ പ്രത്യേകത.

  • ജാഫ്ന മുരിങ്ങ:

ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനത്തിന് 60-70 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് മൃദുത്വം, സ്വാദ് എന്നിവ കൂടുതലുമാണ്. വർഷത്തിൽ കൂടുതൽ വിളവ് ലഭിക്കുന്നു എന്നത് മേന്മയാണ്.

  • ചാവക്കച്ചേരി മുരിങ്ങ:

ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനത്തിന് 90-120 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് നാര് അൽപ്പം കൂടുതലുമാണ്.

  • ചെമ്മുരിങ്ങ:

ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനമാണ്. കായുടെ അറ്റത്ത് ചുവപ്പ് നിറം കാണുന്നത് ശ്രദ്ധേയമായ പ്രത്യേകതയാണ്. ആയതുകൊണ്ടാണ് ഈ ഇനത്തിന് ഈ പേരു വന്നത്. വർഷം മുഴുവനും പൂക്കുകയും കായിടുകയും ചെയ്യുന്നു. ആയതിനാൽ നല്ല കമ്പോള മൂല്യമുണ്ട്.

  • യാഴ്പാണം മുരിങ്ങ:

ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനം ജാഫ്ന ഇനത്തിന് സമാനമാണ്. തമിഴ് നാട്ടിൽ കൃഷി ചെയ്തുവരുന്നു. ഇനത്തിന് 60-70 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് നേരിയ മൃദുത്വം, സ്വാദ് എന്നിവ കാണുന്നു. വർഷത്തിൽ കൂടുതൽ വിളവ് ലഭിക്കുന്നു.

  • പാൽ മുരിങ്ങ:

തമിഴ്നാട്ടിൽ കാണപ്പെടുന്ന ഇനമാണ്. കായ്കൾക്ക് നല്ല രുചിയും മാംസള ഭാഗത്തിന് കട്ടിയുമുണ്ടായിരിക്കും.

  • പൂന മുരിങ്ങ:

വണ്ണം കുറഞ്ഞ കായുള്ള ഇനം. കേരളത്തിൽ അപൂർവ്വമെങ്കിലും തമിഴ്നാട്ടിൽ വാണിജ്യാ‍ടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു. വർഷം മുഴുവൻ കായ് ലഭിക്കും.

  • കൊടികാൽ മുരിങ്ങ:

തമിഴ്നാട്ടിൽ കാണപ്പെടുന്ന ചെറിയ കായ്കൾ ലഭ്യമാകുന്ന ഇനമാണ് കൊടികാൽ മുരിങ്ങ. 15-20 സെ. മീറ്റർ നീളം വരുന്ന കായ്കളുണ്ട്. കുറ്റിയിനത്തിലുള്ള ഇനത്തിന്റെ വിത്തുപാകിയാണ് തൈ മുളപ്പിക്കുന്നത്.

  • കെ. എം-1(കുടുമിയൻ മലൈ-1):

തമിഴ്നാട്ടിൽ കാണപ്പെടുന്ന ചെറിയ കായ്കൾ ലഭ്യമാകുന്ന  ഈ ഇനത്തിന് കൊടികാൽ മുരിങ്ങയുമായി അഭേദ്യബന്ധമുണ്ട്. 15-20 സെ. മീറ്റർ നീളം വരുന്ന കായ്കളുണ്ട്. കുറ്റിയിനത്തിലുള്ള ഇനത്തിന്റെ വിത്തുപാകിയാണ് തൈ മുളപ്പിക്കുന്നത്. 6 മാ‍സം വിത്തു മുളപ്പിച്ചശേഷമാണ് നടുന്നത്. 2-3 വർഷങ്ങൽക്കകം നല്ല വിളവു നൽകുന്ന ഈ ഇനം മരമൊന്നിന്  വർഷത്തിൽ ശരാശരി 500 കായ്കൾ നൽകുന്നു.

  • പി.കെ.എം-1:

പെരിയകുളം തമിഴ് നാട് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് പി.കെ.എം-1. വിത്തു മുരിങ്ങ വിഭാഗത്തിൽപ്പെടുന്ന ഈ ഇനത്തിന് 6 മീറ്റർ വരെ ഉയരമുണ്ട്. 100 ദിവസത്തിനടുത്ത് പൂവിടുകയും 160 ദിവസം ആദ്യ വിളവ് ലഭ്യമാകുകയും ചെയ്യുന്നു. 200-225 കായ്കൾ വർഷത്തിൽ ലഭിക്കുന്നു. കായ്കൾക്ക് 70 സെ. മീ. നീളവും പച്ച നിറവും, നല്ല ദശയും കാണുന്നു. ഒരാണ്ടൻ ഇനത്തിൽപ്പെടുന്ന ഇനമാണ്.

  • പി.കെ.എം-2:

പെരിയകുളം തമിഴ് നാട് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള മറ്റൊരിനമാണ് പി.കെ.എം-2. വിത്തു മുരിങ്ങ വിഭാഗത്തിൽപ്പെടുന്ന ഈ ഇനത്തിന് 4-6 മീറ്റർ വരെ ഉയരമുണ്ട്. ഈ ഇനത്തിന്റെ കായ്കൾക്ക് 125-130 സെ. മീ. നീളവും കാണുന്നു. ഒരാണ്ടൻ ഇനത്തിൽപ്പെടുന്ന ഇനമാണ്.

  • ധൻരാജ്:

കർണ്ണാടക അരഭവി കാർഷിക യൂണിവേർസിറ്റി വികസിപ്പിച്ച ഇനമാണ് ധൻരാജ്. വിത്തു മുരിങ്ങാ ഇനമാണ്. വാർഷിക ഉത്പാദന ക്ഷമത കൂടുതലാണ്.

പരാഗണവും വിതരണവും :

  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താൽ പരാഗണം നടക്കുന്നു.
  • കാറ്റിന്റേയും ജലത്തിന്റേയും സഹായത്താലാണ് വിതരണം നടത്തുന്നത്.

ഉത്പാദനവും വളപ്രയോഗവും :

  • കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ സാധാരണ ഇനങ്ങളിൽ 6 മുതൽ 10 വരെ വിത്തുകൾ കാണുന്നു.
  • വിത്തുകൾ ഉപയോഗിച്ച് തൈകൾ നിർമ്മിക്കാവുന്നതാണ്.
  • വിത്തു തൈകൾ വളരാൻ കൂടുതൽ സമയം ആവശ്യമായതിനാൽ സാധാരണ നിലയിൽ വിളവുനൽകാൻ കാലതാമസമെടുക്കാറുണ്ട്.
  • എല്ലത്തരം മണ്ണിലും വളർന്നു കാണുന്ന മുരിങ്ങയുടെ കാണ്ഡം നട്ടാണ് സാധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്.
  • മുരിങ്ങ കടുത്ത വേനൽ സഹിക്കുന്നു. നല്ല വെയിലുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യവുന്നതാണ്
  • വളക്കൂറും നല്ല നീർവാർച്ചയുമുള്ള മണൽ കലർന്ന എക്കൽ മണ്ണുമാണ് മുറിങ്ങകൃഷിക്ക് കൂടുതൽ അനുയോജ്യം.
  • ഏകവർഷിയായോ ബഹുവർഷിയായോ കൃഷിചെയ്യാവുന്ന മരമാണ് മുരിങ്ങ. കമ്പ് നട്ട് ആദ്യ വർഷം കൂടുതൽ രുചിയുള്ള കായുണ്ടാകുന്നതിനാൽ ഏകവർഷി രീതി ഗുണകരമാണ്.
  • അതിരുകൾ, മണ്ണൊലിപ്പുള്ള സ്ഥലങ്ങൽ എന്നിവിടങ്ങളിൽ ബഹുവർഷിയായി കൃഷിചെയ്യവുന്നതാണ്.
  • മുരിങ്ങ കമ്പ് / കവർതൈ മഴക്കാലം തുടങ്ങുന്നതിന് മുൻപ് തുടങ്ങുന്നതാണ് നല്ലത്.
  • കമ്പുമുറിച്ച് നടുമ്പോൾ 1-1.5 മീറ്റർ നീളവും 15 സെ. മീറ്റർ വണ്ണവുമുള്ളതാണ് നടീലിന് കൂടുതൽ അനുയോജ്യം.
  • വിത്തുനടുമ്പോൾ കവറുകളിൽ കമ്പോസ്റ്റ് / ചാണകപ്പൊടി എന്നിവ നിറച്ചശേഷം 2-3 സെ.മീറ്റർ ആഴത്തിൽ വിത്തു നട്ട് 5 ഇലകൾ വരുമ്പോൾ വേരിന് ക്ഷതം വരാതെ കുഴികളിൽ നടാവുന്നതാണ്.
  • നട്ട് ആറുമാസത്തിനും ഒരുവർഷത്തിനുമിടയിൽ കായ്ക്കുന്നതാണ് ഒരാണ്ടൻ ഇനങ്ങൾ. ഗാർഹികാവശ്യങ്ങൾക്കായി വീട്ടുവളപ്പിൽ നടാൻ ഉപയോഗിക്കാവുന്നതാണ്.
  • ഗാർഹികാവശ്യത്തിനെങ്കിൽ 30-50 സെ. മീറ്റർ ആഴത്തിലും 20-40 സെ.മീറ്റർ വീതിയിലും കുഴികൾ എടുത്ത്  ചെടികൾ നടാവുന്നതാണ്. തൈകൾ തമ്മിൽ 2-2.5 മീറ്റർ അകലവുമുണ്ടായിരിക്കണം.
  • ഇലയുടെ ആവശ്യത്തിനെങ്കിൽ വളരെ അടുപ്പിച്ച് തൈകൾ നടാവുന്നതാണ്.
  • വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതെങ്കിൽ 60-75 സെ. മീറ്റർ സമചതുരത്തിലും അത്രയും താഴ്ച്ചയിലുമാണ് കുഴിയെടുക്കേണ്ടത്. കുഴിയിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്തുവേണം തൈനടുന്നത്. കുഴികൾ തമ്മിൽ 5 മീറ്റർ അകലവുമുണ്ടായിരിക്കും.
  • കമ്പ് നട്ടാൽ 6-8 മാസങ്ങൾക്കുള്ളിൽ ആദ്യ വിളവ് ലഭിക്കും. ആദ്യ വർഷം വിളവു 80-120 കായ്കളും രണ്ടാം വർഷത്തിൽ 150-250 കായ്കളും മൂന്നാം വർഷത്തിൽ 350-400 കായ്കളും ഉണ്ടാകുന്നു.
  • മുരിങ്ങയ്ക്ക് നല്ല ആകൃതി കിട്ടുന്നതിന് ശാഖകൾ ഒതുക്കി വെട്ടി നിർത്തിയും ഉയരത്തിൽ പോകുന്ന ശാഖകൾ ക്രമപ്പെടുത്തുകയും വേണം.
  • മഴക്കാലത്തിനുമുൻപ് ചെടിയ്ക്ക് ചുറ്റും തടമെടുത്ത് വെള്ളം വാർന്നുപോകാൻ അനുവദിക്കണം.
  • ജൂൺ മാസത്തിലാണ് വളപ്രയോഗം നടത്തേണ്ടത്.
  • മുരിങ്ങ നട്ട് മൂന്ന് മാസത്തിന് ശേഷം 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം യൂറിയ, 50 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം.
  • ആറുമാസത്തിനുശേഷം 15 കിലോ ചാണകപ്പൊടി, 100 ഗ്രാം യൂറിയ എന്നിവ വളമായി നൽകണം.
  • തീരെ വളം കുറഞ്ഞ പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ വർഷം തോറും രണ്ടോ മൂന്നോ തവണ 250 ഗ്രാം നിരക്കിൽ എല്ലുപൊടി, കോഴിവളം, പിണ്ണാക്ക് എന്നിവ നൽകേണ്ടതാണ്.
  • 17:17:17 കോംപ്ളക്സ് വളം 100 ഗ്രാം വീതം വർഷം മൂന്നുനാലുതവണ നൽകുക അല്ലെങ്കിൽ 100 ഗ്രാം യൂറിയ, 50 ഗ്രാം സൂപ്പർ ഫൊസ്ഫേറ്റ്, 50 ഗ്രാം പൊട്ടാഷ് എന്നിവ നൽകുക.
  • വളപ്രയോഗം നടത്തുന്നത് മരച്ചുവട്ടിൽ നിന്നും രണ്ടടി മാറ്റി തടമെടുത്ത് വളപ്രയോഗം ചെയ്യാവുന്നതാണ്.
  • ചെടിച്ചുവട് നനച്ചതിന് ശേഷം മാത്രമേ വളപ്രയോഗം നടത്താവൂ.
  • ഉത്തരേന്ത്യയിൽ വസന്തകാലത്ത് കായ്കളുണ്ടാകുമ്പോൾ തെക്കേയിന്ത്യയിൽ വർഷത്തിൽ രണ്ട് തവണ ( മാർച്ച്- ഏപ്രിൽ, ഓഗസ്റ്റ്-സെപ്തംബർ) കായ്കൾ ഉണ്ടാകാറുണ്ട്.
  • തൈ നട്ട് 60 ദിവസമാകുമ്പോൾ ഇലശേഖരിക്കാവുന്നതാണ്. വർഷത്തിൽ ഏഴുതവണ വിളവെടുക്കാൻ കഴിയും.
  • ഇലവിളവെടുക്കുന്ന ഇനത്തിന്റെ 60 സെ. മീറ്റർ ഉയരത്തിൽ വെട്ടിനിർത്തിയാൽ കൂടുതൽ ഇല ലഭ്യമാകും.

രോഗങ്ങളും രോഗ നിവാരണവും :

രോഗാണു:        ഫംഗസ് (ലീവെല്ലുല റ്റൂറിക്ക)

ലക്ഷണം:       സസ്യത്തിന്റെ കാണ്ഡത്തിലും ഇലകളിലും പൌഡർ പൂശിയപോലെ വിതറിയോ കട്ടിയായോ കാണപ്പെടുന്നു. ഇവയുടെ കോളനി രൂപത്തിലെ കൂട്ടത്തിനനുസരിച്ച് വ്യാപിക്കാറുണ്ട്. ഇലകളും ശാഖകളും ക്രമേണെ ചീഞ്ഞ് നശിച്ചു പോകുന്നു.

പ്രതിവിധി:       രോഗ ഭാഗങ്ങൾ നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. ബോർഡോ മിശ്രിതം(തുരുശ്ശ് ലായനി) മരപ്പട്ടയിൽ തേയ്ച്ചോ രോഗാണു നിയന്ത്രിക്കവുന്നതാണ്.

കീടങ്ങളും കീട നിവാരണവും :

  • കീടം: രോമപ്പുഴു

ലക്ഷണം: ഇലകളുടെ ഉപരിതലത്തിൽ ഒറ്റയ്ക്കോ കൂട്ടമായോ ലോമപ്പുഴുക്കൾ കാണുന്നു. ഇവ തളിരിലകളും മറ്റും കാർന്നുതിന്നാറുണ്ട്. ആക്രമണശേഷം ഇലഞെട്ടുകൾ മാത്രം കാണുന്നു.

നിവാരണം: മണ്ണെണ്ണ സോപ്പ് ലായനിയാണ് ഒരാണ്ടൻ ഇനങ്ങൾക്ക് പറ്റിയ കീടനിവാരണ മാർഗ്ഗം. 500 മി. ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം 1000 മി. ലിറ്റർ മണ്ണെണ്ണ ചേർത്തിളക്കിയാൽ മണ്ണെണ്ണ സോപ്പ് ലായനി തയ്യാർ. ഇതിൽ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചശേഷം കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഇലയ്ക്കായി കൃഷിചെയ്തുവരുന്ന ഇനങ്ങൾക്ക് ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.

  • കീടം: ഇലതീനിപ്പുഴുക്കൾ

ലക്ഷണം:  മുരിങ്ങയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: ഇലപ്പേൻ

ലക്ഷണം:  മുരിങ്ങയുടെ ഇലകൾ, ഇളം തണ്ട്  എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട്  എന്നിവ വാടിയതായി കാണുന്നു.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: തണ്ടുതുരപ്പൻ പുഴു

ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൽ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

  • കീടം: കായീച്ച / പഴയീച്ച

ലക്ഷണം: കായീച്ച പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ പഴുക്കുന്നതും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.

നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം: ചിതൽ

ലക്ഷണം: തറയിൽ അങ്ങിങ്ങായും തടിചുവട്ടിലും ചിതൽ പുറ്റുകളോ, മൺ വട്ടങ്ങളോ കാണുന്നതാണ് ചിതലിന്റെ ലക്ഷണം. മണ്ണിൽ ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകളും തടികളും ഒക്കെയാണ് ഇവയുടെ വളർച്ചയെ സ്വാധീനിക്കുന്ന വസ്തുക്കൾ. ചെറിയ നനവ് ഇവയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

നിവാരണം: കൃഷിയിടം വൃത്തിയായി സൂക്ഷിക്കുന്നതാണ് ശ്രദ്ധേയമായ ഏക മാർഗ്ഗം. ചിതൽ സാന്നിദ്ധ്യം ശ്രദ്ധ്യിൽപ്പെട്ടാൽ ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകൾ തടികൾ മുതലായവ നീക്കം ചെയ്യുന്നത് നല്ലതാണ്. മണ്ണെണ്ണ സോപ്പ് ലായനിയാണ് ചിതലുകൾക്ക് എതിരെ പ്രയോഗിക്കവുന്ന കീടനിവാരണ മാർഗ്ഗം. 500 മി. ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം 1000 മി. ലിറ്റർ മണ്ണെണ്ണ ചേർത്തിളക്കിയാൽ മണ്ണെണ്ണ സോപ്പ് ലായനി തയ്യാർ. ഇതിൽ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചശേഷം കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. തടിയിൽ ചിതലിന്റെ ആക്രമണമുണ്ടായാൽ ആ ഭാഗത്തെ ചിതൽ മണ്ണ് മാറ്റിയശേഷം കുമ്മായപ്പൊടിയോ തുരിശോ തേയ്ച്ച് പിടിപ്പിച്ചും അവയെ നിയന്ത്രിക്കാവുന്നതാണ്.

മറ്റ് വിശേഷങ്ങൾ:

  • ഏഷ്യയിൽ മാത്രം കണ്ടുവരുന്ന ചെറുസസ്യമാണ് മുരിങ്ങ.
  • ഹിമാലയത്തിന്റെ തെക്കൻ ചരിവ് ഭാഗങ്ങളാണ് മുരിങ്ങയുടെ ഉത്ഭവസ്ഥാനം
  • ഉത്പാദനത്തിൽ ഭാരതമാണ് ലോകത്തിൽ ഒന്നാമതാ‍യി നിൽക്കുന്നത്.
  • കൃഷിയിട വിസ്താരത്തിലും ഉത്പാദനത്തിലും ആന്ധ്രാ പ്രദേശ് ഒന്നാമതായി നിൽക്കുന്നു.
  • എം.ഒ-44, എം.ഒ-70, എം.ഒ-95 എന്നീ മുരിങ്ങകൾ കേരള കാർഷിക യൂണിവേർസിറ്റി, വെള്ളാണിക്കര പുറത്തിറക്കിയ അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങളാണ്.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരുഗ്രാം ഓറഞ്ചിലുള്ളതിനേക്കാൾ 7 മടങ്ങ് വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരു മി. ലിറ്റർ പാലിലുള്ളതിനേക്കാൾ 4 മടങ്ങ് കാത്സ്യം, 2 മടങ്ങ് കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരുഗ്രാം ക്യാരറ്റിലുള്ളതിനേക്കാൾ 4 മടങ്ങ് വൈറ്റമിൻ എ അടങ്ങിയിരിക്കുന്നു.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരുഗ്രാം വാഴപ്പഴത്തിലുള്ളതിനേക്കാൾ 3 മടങ്ങ് പൊട്ടാസ്യംഅടങ്ങിയിരിക്കുന്നു.

വാഴ – Plantain / Banana

മനുഷ്യവർഗ്ഗത്തിന്റെ ഉത്ഭവം മുതൽക്ക് കൃഷിചെയ്തുവരുന്ന സസ്യമാണ് വാഴ. വാഴയ്ക്ക് ധാരാളം ഇനങ്ങളും സങ്കര ഇനങ്ങളും ഉണ്ട്. ആയതിൽ കൂടുതൽ ഇനങ്ങൾ കേരളത്തിൽ കൃഷിചെയ്തു വരുന്നു. സഹ്യപർവ്വതം മുതൽ അറബിക്കടലോരം വരെ വാഴകൾ കാണാം. നെൽ വയലുകൾ പോലും വാഴയ്ക്ക് കൈമാറുന്നതും വൈവിധ്യമാർന്ന കാര്യം തന്നെയാണ്. വാഴപ്പഴം എല്ലാക്കാലത്തും കാണാവുന്നതും ശ്രദ്ധേയമാണ്. വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമായ വാഴപ്പഴം ഔഷധം കൂടിയാണ്.

ശാസ്ത്ര പഠന വിഭാഗം:

കുടുംബം

:

മ്യൂസേസി

ശാസ്ത്ര നാമം

:

മ്യൂസ പരഡൈസിയാക്ക / Musa paradisiaca

അറിയപ്പെടുന്ന പേരുകൾ:

മലയാളം

:

വാഴ

ഇംഗ്ളീഷ

:

പ്ളാന്റൈൻ (Plantain), ബനാന (Banana)

സംസ്കൃതം

:

കദളി, കാഷ്ഠീലഃ, മോചഃ, മോചകഃ, രംഭഃ, വാരണബൂസഃ

ഹിന്ദി

:

കേല

ബംഗാളി

:

കേല

തമിഴ്

:

വാഴൈ

തെലുങ്ക്

:

കഡലമു

സസ്യ വിശേഷങ്ങൾ:

ഏറ്റവും വലിയ ഓഷധിയായ വാഴ ഈർപ്പമുള്ള എല്ലായിടത്തും കൃഷിചെയ്യാവുന്നതാണ്. ചില ഇനങ്ങൾ ഏകവർഷിയും ചിലവ ദ്വിവർഷികളുമാണ്. സസ്യഭാഗത്തിന്റെ സിംഹഭാഗവും ജലമാണ്.

കാണ്ഡം:

വാഴ മുളയ്ക്കുന്നത് ഭൂകാണ്ഡമാ‍യ വാഴമാണത്തിൽ നിന്നാണ്. 2 മുതൽ 3 മീ. ഉയരം വരെ വളരാറുണ്ട്. ഭൂകാണ്ഡത്തിന് മുകളിൽ തൂണുപോലെ അടുക്കി പത്രാധാരത്തെ കപട കാണ്ഡമായി കണക്കാക്കുന്നു.

വേര് :

ഭൂകാണ്ഡത്തിൽ നിന്നാണ് ജല ഈർപ്പം കൂടിയ വേരുകൾ ഉണ്ടാകുന്നത്. ഇതിന് അധിക നീളം കാണില്ല. ഇക്കാരണത്താൽ ചുവടിളകാറുണ്ട്.

ഇല:

ഭൂകാണ്ഡത്തിലൂടെ പുതിയ ഇലനാമ്പുകൾ മുകളിലേക്കെത്തി പുതിയ ഇലയായി മാറുന്നു. ഇല ഇളം പച്ച നിറത്തിലുള്ള ദീർഘ ചതുരാകൃതിയിലും പരന്നതും നടുവിൽ നീളമേറിയ നടു ഞരമ്പുമുള്ളതുമാണ്. അവസാന ഇല ചെറുതും വാഴപ്പൂങ്കുലയെ പൊതിഞ്ഞും കാണപ്പെടുന്നു.

പിണ്ടി:

വാഴപ്പിണ്ടി കപട കാണ്ഡത്തിനുള്ളിൽ മധ്യഭാഗത്ത് കാണുന്നു. വെളുത്തുരുണ്ട വാഴപ്പിണ്ടി പൂങ്കുലയെ വഹിക്കുന്നു.

പൂവ്:

പൂങ്കുല അനേകം കൂട്ടങ്ങളായി കാണപ്പെടുന്നു. ഓരോ കൂട്ടത്തേയും പൊതിഞ്ഞ് സഹ പത്രപാളികൾ (വാഴപ്പോള) കാണുന്നു. വാഴപ്പോളകൾ ചേർന്ന് ഒറ്റപ്പൂങ്കുലാ (വാഴച്ചുണ്ട്) രീതിയിൽ കാണുന്നു. കൂട്ടങ്ങളിലെ പൂക്കൾ പാകമാകുന്ന മുറയ്ക്ക് വാഴപ്പോളകൾ ഇളകി ഫലങ്ങൾ രൂപപ്പെട്ടാൽ പോളകൾ പൊഴിഞ്ഞുപോകും.

ഫലം:

വാഴപ്പഴം നീണ്ടതും അൽപ്പം വളഞ്ഞതും ഉരുണ്ടതുമാണ്. പഴത്തിനുള്ളിൽ നിർജ്ജീവ ബീജങ്ങൾ ഇരുണ്ട നിറത്തിൽ കാണുന്നു.

ഉപയോഗങ്ങൾ:

വാഴയുടെ എല്ലാഭാഗവും പ്രയോജനപ്പെടുത്താവുന്നതാണ്.

കായ്:

വാഴപ്പഴം ഉത്തമമായ ആഹാരവും ഔഷധവുമാണ്. വാഴപ്പഴം ഏത് തരത്തിലും ഭക്ഷ്യയോഗ്യമാണ്. പച്ചവാഴയ്ക്ക ഭക്ഷണമായി പ്രയോജനപ്പെടുത്തുമ്പോൾ, പഴുത്ത വാഴപ്പഴം പഴ വർഗ്ഗമായി ഉപയോഗിക്കാവുന്നതുമാണ്.

കാണ്ഡം:

പച്ച വാഴപ്പോള ഉണക്കി വാഴനാരുണ്ടാക്കുന്നു. വാഴനാരുപയോഗിച്ച് കരകൌശല വസ്തുക്കളും, മറ്റു ഗാർഹിക വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു.

ഇല:

വാഴയില മലയാളികൾക്ക് ഏറെ പ്രയോജനപ്രധമാണ്. പഴമക്കാർ ആഹാരം വിളമ്പിയിരുന്നത് വാഴയിലയിലാണ്. വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ടതും ക്ഷേത്രാരാധനയ്ക്കും ഹിന്ദുക്കൾ വാഴയിലയ്ക്ക് പ്രത്യേക സ്ഥാനം നൽകിയിരുന്നു.

പിണ്ടി/ വാഴച്ചുണ്ട്:

വാഴച്ചുണ്ടും, വാഴപ്പിണ്ടിയും വിവിധ ആഹാരമായി ഉപയോഗപ്പെടുത്താറുണ്ട്.

രാസഘടകങ്ങൾ:

വാഴപ്പഴം:

സ്റ്റാർച്ച്, സുക്രോസ് (പഞ്ചസാര) എന്നിവയും ടാനിക്, ഗാലിക് എന്നീ അംമ്ളങ്ങളും ആൽബുമിൻ, കൊഴുപ്പ് എന്നിവയും വൈറ്റമിൻ എ, ബി സി എന്നിവയും ഇരുമ്പും അടങ്ങിയിട്ടുണ്ട്.

വാഴച്ചുണ്ട് / വാഴപ്പിണ്ടി:

സ്റ്റാർച്ച്, പഞ്ചസാര എന്നിവയും ടാനിക്, ഗാലിക് എന്നീ അംമ്ളങ്ങളും ആൽബുമിൻ, കൊഴുപ്പ് എന്നിവയും വൈറ്റമിൻ എ, ബി സി എന്നിവയും ഇരുമ്പും അടങ്ങിയിട്ടുണ്ട്.

ആ‍യുഃവേദ പ്രയോഗങ്ങൾ:

ഫലം, പിണ്ടി, പൂവ് എന്നിവ ഔഷധത്തിന് പ്രയോജനപ്പെടുത്തുന്നു.

രസ ഘടകങ്ങൾ

പച്ച വാഴയ്ക്ക:

രസം

:

കഷായം

ഗുണം

:

മൃദു

വീര്യം

:

ശീതം

വിപാകം

:

കടു

 

പഴുത്ത വാഴപ്പഴം:

രസം

:

മധുരം

ഗുണം

:

സ്നിഗ്ധം, മൃദു, ശീതം

വീര്യം

:

ശീതം

വിപാകം

:

മധുരം

  • വാഴപ്പഴം ദഹനശക്തി, ശരീരപുഷ്ടി, ലൈംഗിക ശക്തി എന്നിവ വർദ്ധിപ്പിക്കുന്നു.
  • പച്ച വാഴക്കായ മലബന്ധം ഉണ്ടാക്കുന്നു.
  • വാഴപ്പിണ്ടി ഉദര ശുദ്ധീകരണത്തിനും അർശ്ശസിനും, പ്രമേഹത്തിനും അത്യുത്തമമാണ്.
  • പൂവ് അധികമായി മൂത്രമൊഴുകുന്ന അസുഖം ശമിപ്പിക്കുന്നു.

വിവിധ ഇനങ്ങൾ :

  • നേന്ത്രവാഴ / ഏത്തവാഴ:

കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്ന വാഴയിനമാണിത്. തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ ജില്ലകളിൽ വ്യാപകമായി കൃഷി ചെയ്യുന്നു. വനകദളി, രാജകദളി, മാഹേന്ദ്രകദളി എന്നീ പേരുകളുണ്ട്. ഭാരതീയ ജനുസ്സായ മൂന്ന് മീറ്റർ ഉയരമുള്ള ഇതിന് 10-12 മാസം വരേ വിളവുകാലമുണ്ട്. നനവാർന്ന മണ്ണ് ഈ ഇനത്തിന് അനുയോജ്യമാണ്. ഏത്തപ്പഴം ഒരു സമീകൃതാഹാരമാണ്. പച്ചയായും പഴുത്തതായും ഉപയോഗിക്കാം. നേന്ത്രൻ വറുക്കാൻ വിശേഷപ്പെട്ടതാണ്. മൂപ്പെത്താത്തകുലകൾ കനംകുറച്ചരിഞ്ഞ് വെയിലിൽ ഉണക്കിപ്പൊടിച്ച് കുട്ടികൾക്ക് നൽകാറുണ്ട്. കനം തീരേകുറഞ്ഞ തൊലിയുള്ള പഴം പഴുക്കുന്തോറും സ്വർണ്ണവർണ്ണമായിവരുന്നു. 12-15 കിലോ ഗ്രാം ഭാ‍രമുള്ള 4-6 പടലകളും അതിൽ ഓരൊന്നിലും 6-10 വരെ കായ്കളും കാണാറുണ്ട്. പച്ചയായും പഴുത്തതായും ഉപയോഗിക്കാവുന്നതാണ്. വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

  • ചെങ്ങാലിക്കോടൻ / ചെങ്ങഴിക്കോടൻ:

നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന ഇനമാണ് ചെങ്ങാലിക്കോടൻ / ചെങ്ങഴിക്കോടൻ. തൃശ്ശൂർ ഭാഗങ്ങളിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന ഇവയുടെ കായ്കൾ ഉരുണ്ടതും ഏണുകൾ ഇല്ലാത്തതും പഴുക്കുമ്പോൾ സ്വർണ്ണ വർണ്ണത്തിൽ കാണുന്നതുമാണ്. 10-11 മാസമാണ് മൂപ്പ് കാലം. കാഴ്ച്ചക്കുലയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നു. പച്ചയായും പഴുത്തതായും ഉപയോഗിക്കാവുന്നതാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്. നനവാർന്ന മണ്ണ് ഈ ഇനത്തിന്റെ കൃഷിക്ക് അനുയോജ്യമാണ്.

  • നെടുനേന്ത്രൻ:

നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന ഇനമാണ് നെടുനേന്ത്രൻ. 11 മാസം മൂപ്പുള്ള ഈ ഇനം ചെങ്കൽ പ്രദേശങ്ങളിൽ കൃഷിചെയ്തുവരുന്നു. നല്ല ഉയരത്തിൽ വളരുന്ന ഇവയ്ക്ക് മൂപ്പെത്തിയാൽ നെടുകേ നീണ്ട് കാണുന്ന കായ്കൾ ഉണ്ടാകും. ഇക്കാരണത്താൽ ഇവയ്ക്ക് ഈ പേരുവന്നത്. ഇതിന്റെ കായ്കൾക്ക് മധുരവും സ്വാദും കൂടുതലാണ്. പച്ചയായും പഴുത്തതായും ഉപയോഗിക്കാവുന്നതാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

  • ആറ്റുനേന്ത്രൻ:

നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന ഇനമാണ് ആറ്റുനേന്ത്രൻ. 12 മാസത്തിലേറെ മൂപ്പുള്ള ഈ ഇനത്തിന് വണ്ണവും കരുത്തുമുള്ള വാഴത്തടയുമുണ്ട്. ഉയരത്തിൽ വളരുന്ന വാഴകൾക്ക് ഊന്ന് നൽകിയില്ലെങ്കിൽ കായോടൊപ്പം മറിയാറുണ്ട്. കായ്കൾക്ക് നല്ല നീളവും വണ്ണവും എണ്ണവും ഉണ്ട്. തീരപരദേശത്ത് കൃഷിക്ക് അനുയോജ്യമായ ഈ ഇനം അടയ്ക്കാത്തോട്ടങ്ങളിലും നെൽ വയലുകളുടെ സമീപത്തും കൃഷിചെയ്യാവുന്നതാണ്. പച്ചയായും പഴുത്തതായും ഉപയോഗിക്കാവുന്നതാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

  • ചങ്ങനാശ്ശേരി നേന്ത്രൻ:

വേനൽ വാഴ, പൊടിവാഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന ഇനമാണ് ചങ്ങനാശ്ശേരി നേന്ത്രൻ. മധുരവും രുചിയും കൂടുതലുള്ള ഇനമാണ്. 10-11 മാസമാണ് മൂപ്പ് കാലം. ഉയർന്ന കുന്നിൻപുറങ്ങളിൽ കൃഷിചെയ്യാനും കഴിയും. വരൾച്ചയെ പ്രധിരോധിക്കാൻ കഴിയുന്ന ഏകയിനം നേന്ത്രവാഴകൂടിയാണിത്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

  • മഞ്ചേരി വാഴ/ ചേറ്റ് വാഴ:

നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന നനവാഴ ഇനമാണ് മഞ്ചേരി വാഴ. 9 മാസമാണ് വാഴയുടെ മൂപ്പ്കാലം. മുണ്ടകൻ വയലുകളിലാണ് ഈ ഇനം കൃഷിചെയ്തുവരുന്നത്. നെൽക്കതിരുകൾ വരുമ്പോൾ നിശ്ചിത അകലത്തിൽ ചേറിൽ ചവിട്ടിതാഴ്തിയാണ് വാഴനടുന്നത്. ഇക്കാരണത്താൽ ഇതിന് ചേറ്റ് വാഴ എന്ന പേര് വന്നത്. കൊയ്ത്തു കഴിഞ്ഞാൽ വൈക്കോൽ കുറ്റികളും ചേരും ചേർത്ത് ബണ്ടുകളാക്കി അതിൽ വളം ചേർത്തും വിളവിറക്കാവുന്നതാണ്. നനവാർന്ന മധുരമുള്ള വാഴപ്പഴമാണ് ലഭിക്കുന്നത്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

  • വലിയ മഞ്ചേരി വാഴ:

കോട്ടയം വാഴയെന്നറിയപ്പെടുന്ന നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന നനവാഴ ഇനമാണ് വലിയ മഞ്ചേരി വാഴ. വയലുകളിൽ ബണ്ടെടുത്ത് ചേറ്റ് വാഴ നടുന്നരീതിയിൽ ഈ ഇനവും നടാവുന്നതാണ്. 10 മാസമാണ് വാഴയുടെ മൂപ്പ്കാലം. വാഴത്തടയ്ക്ക് കനംകുറവായ ഇവയുടെ ഇലക്ലുടെ അരികിലൂടെ ചുവന്ന നിറം കാണാവുന്നതാണ്. വാഴപ്പഴം സ്വാദിഷ്ടമാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

  • പുളിയൻ വെട്ടി:

തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയിൽ കൃഷിചെയ്തുവരുന്ന നേന്ത്രവാഴയിനമാണ് പുളിയൻ വെട്ടി ഇതിന്റെ കായകൾ നാടൻ നേന്ത്രന്റെ ഗുണങ്ങളുണ്ട്. മഞ്ചേരി വാഴപോലെ നനവാഴയായി നെൽ വയലുകളിൽ കൃഷിചെയ്യുന്നു. 9-10 മാസമാണ് വാഴയുടെ മൂപ്പ്കാലം. വാഴപ്പഴം മധുരതരവും സ്വാദിഷ്ടവുമാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

  • മേട്ടുപ്പാളയം വാഴ:

തമിഴ്നാട്ടിൽ മേട്ടുപ്പാ‍ളയത്തിൽ കൃഷിചെയ്തുവരുന്ന നേന്ത്രവാഴയിനമാണ് മേട്ടുപ്പാളയം വാഴ. ആറ്റുനേന്ത്രൻ വാഴയുമായി ഇവയ്ക്ക് സാദൃശ്യം കൂടുതലാണ്. വളരെ കരുത്തോടെ ഉയർഅത്തിൽ വളരുന്ന ഈ വാഴയിനത്തിന്റെ കായ്കൾക്ക് നല്ല വലുപ്പവുമുണ്ട്. കനംകൂടിയ തൊലിയുള്ള ഇവയുടെ പഴത്തിനുൾവശം വെളുപ്പുകലർന്ന ചാരനിറമാണ്. നല്ല വളക്കൂറുള്ള മണ്ണിൽ കൂടുതൽ വിളവുലഭിക്കുന്ന ഈ ഇനത്തിന്റെ കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ആഹാരമായി ഉപയോഗിക്കാവുന്നതാണ്.

  • കാളിയേത്തൻ:

മഞ്ചേരി വാഴപോലെ നനവാഴയായി നെൽ വയലുകളിൽ കൃഷിചെയ്യുന്നു. 9-10 മാസമാണ് വാഴയുടെ മൂപ്പ്കാലം. വാഴപ്പഴം മധുരതരവും സ്വാദിഷ്ടവുമാണ്. ഞെട്ടിന് ബലംകുറവായതിനാൽ കായ് മൂപ്പെത്തിപ്പഴുക്കുമ്പോൾ തൂങ്ങി ഒടിയാൻ ഇടയുള്ളതിനാൽ കമ്പോളങ്ങളിൽ തലകീഴായി തൂക്കിയിട്ടിരിക്കുന്ന കാഴ്ച്ച കൌതുകമാണ്. പഴത്തിന്റെ കാമ്പ് കട്ടിയുള്ളതും ഈ ഇനത്തിന്റെ സവിശേഷതയാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ആഹാരമായി ഉപയോഗിക്കാവുന്നതാണ്.

  • ക്വിന്റൽ ഏത്തൻ (മിന്റോളി):

ആഫ്രിക്കൻ സ്വദേശിയായ ഈ ഇനം ഏത്തവാഴ ‘ജയന്റ് പ്ളാന്റയിൻ‘ വിഭാഗത്തിൽ പെടുന്നതാണ്. വ്യാവസായികമായി കൃഷിചെയ്യാവുന്ന ഈ ഇനത്തിന്റെ മൂപ്പുകാലം 18 മാസമാണ്. ജൈവവളം നൽകി കൃഷിചെയ്താൽ നല്ല വലുപ്പക്കൂടുതലുള്ള കായ്കൾ ലഭിക്കുന്നതാണ്. മേൽ പടലകായ്കൾ പൂർണ്ണ വലുപ്പത്തിലാകുമ്പോൾ അടിപ്പടല കായ്കളിൽ ദശകൊണ്ട് നിറയാറില്ല. മൂപ്പെത്തിയ കായ്കളുടെ തൊലിക്ക് കട്ടികൂടുതലും മൂന്ന് ഏണുകളുമുണ്ടായിരിക്കും. മാംസളമായ പഴത്തിന്റെ ദശയ്ക്ക് കട്ടികുറവും വെളുത്ത നിറവുമാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ആഹാരമായി ഉപയോഗിക്കാവുന്നതാണ്.

  • സാൻസിബാർ:

വിദേശിയായ ഈ ഇനം ഏത്തവാഴ ‘ഹോൺ പ്ളാന്റയിൻ‘ വിഭാഗത്തിൽ പെടുന്നതാണ്. കുലവരുമ്പോൾ രണ്ടോ മൂന്നോ പടലകൾ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനുശേഷം കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ് ഉണ്ടാകാറില്ല. കായ്കൾക്ക്  35-40 സെ.മീറ്റർ നീളവും അതിനൊത്ത വണ്ണവും കാണാറുണ്ട്. കായ്കൾ ഉപ്പേരിയ്ക്ക് നല്ലതാണ്. ഈ ഇനത്തിന്റെ വാഴപ്പിണ്ടി ആഹാരമായി ഉപയോഗിക്കാവുന്നതാണ്. നനവാർന്ന മണ്ണ് ഈ ഇനത്തിന്റെ കൃഷിക്ക് അനുയോജ്യമാണ്.

  • പെടലമൂഞ്ചിൽ / പെടല മൂങ്കിലി:

ഗവേഷണ ആവശ്യങ്ങൾക്കും, കൌതുകത്തിനുമായി വളർത്തുന്ന അപൂർവ്വയിനം നേന്ത്രവാഴ. വ്യാവസായിക ആവശ്യങ്ങൾക്കായി വളർത്താറില്ല. കുലയ്ക്കൂമ്പോൾ ഒരുപടലയും അതിൽ 3-5 കായ്കളുമാണുള്ളത്. കായ്കൾക്ക് വലുപ്പമുണ്ടാകും. നനവാർന്ന മണ്ണ് ഈ ഇനത്തിന്റെ കൃഷിക്ക് അനുയോജ്യമാണ്.

  • ഒറ്റമൂഞ്ചിൽ / ഒറ്റ മൂങ്കിലി:

ഗവേഷണ ആവശ്യങ്ങൾക്കും, കൌതുകത്തിനുമായി വളർത്തുന്ന അപൂർവ്വയിനം നേന്ത്രവാഴ. അഗസ്ത്യാർകൂടം മലനിരകളിൽ കാണപ്പെടുന്ന അന്യം നിന്നുപോകുന്ന ഇനവുമായ ഇതിന് ഔഷധഗുണമുണ്ട്. പെടലമൂഞ്ചിൽ / പെടല മൂങ്കിലി പോലെ വ്യാവസായിക ആവശ്യങ്ങൾക്കായി വളർത്താറില്ല. കുലയ്ക്കൂമ്പോൾ ഒരുപടലയും അതിൽ ഒറ്റകായുമാണുള്ളത്. കായ്കൾക്ക് അസാമാന്യ വലുപ്പവും ഒരു കിലോ വരെ തൂക്കവുമുണ്ടാകും. 12 മാസമാണ് മൂപ്പുകാലം.

  • കദളിവാഴ:

‘വാഴപ്പഴങ്ങളിലെ രാജാവ് ‘എന്നറിയപ്പെടുന്ന വാഴയിനമാണ് കദളി. അണ്ണാൻ, കണ്ണൻ, വണ്ണൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചെറു വാഴകളെ അപേക്ഷിച്ച് കദളി ചെറുതും കുലകളും കായ്കളും ചെറുതുമാണ്. രുചിയിലും മധുരത്തിലും മറ്റുകായ്കളെക്കാൾ മുന്തിയതുമാണ്. പ്രത്യേക സുഗന്ധംകൊണ്ടും പഴുക്കുമ്പോൾ ഇളം പച്ചകലർന്ന മഞ്ഞ നിറത്തിലുള്ളതുകൊണ്ടും മറ്റിനങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നു. കൂടുതൽ പഴുത്താലും കുലയിൽ നിന്നും അടർന്ന് വീഴുകില്ല എന്നതും എടുത്തുപറയാവുന്ന പ്രത്യേകതയാണ്. ആചാരപരമായി ഹൈന്ദവ ക്ഷേത്രങ്ങളിൽ നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു. പടലകളിലെ കായ്കൾ പരസ്പരം തട്ടാത്ത കുലകളാണ് ലക്ഷണമൊത്ത നേർച്ചക്കുലകളായി കണക്കാക്കുന്നത്. കുലകൾ ഇളം പ്രായത്തിൽ തന്നെ കായ്ക്കിടയിൽ ഉണങ്ങിയ വാഴയില ചുറ്റി ഇത്തരത്തിലാക്കുന്നു. കായ്കളുടെ എണ്ണത്തേക്കാൾ ലക്ഷണമൊത്ത കുലകൾക്ക് വാണിജ്യമൂല്യം കൂടുതലായിരിക്കും.

  • രസകദളി:

ഞാലിപ്പൂവൻ, നെയ്പ്പൂവൻ, മധുരയണ്ണാൻ എന്നീ പേരുകളിൽ അറിയപ്പെടുന്നതും കദളി ഇനത്തിൽപ്പെടുന്ന വാ‍ഴയിനമാണ് രസകദളി. 4-4.5 മീറ്റർ ഉയരം വരാറുണ്ട്. കദളികളിൽ ഏറ്റവും ചെറിയ ഇനമായ ഇതിന്റെ തടയ്ക്കും, കാ‍യ്ക്കും വണ്ണവും വലുപ്പവും കുറവാണ്.  15-20 കിലോ ഗ്രാം ഭാരമുള്ള കുലകളിൽ 6-10 വരെ പടലകളും 60-80 വരേ കായ്കളും കാണാറുണ്ട്. മഞ്ഞ നിറമുള്ള പഴത്തിന് നല്ല മധുരവും പഴത്തൊലിക്ക് കട്ടികുറവുമാണ്. ആസ്വാദ്യകരമായ രുചിയും കാമ്പിന് കട്ടികുറവുമാണ്. ഇലയ്ക്കായി കൃഷിചെയ്യുന്ന ഇവയ്ക്ക് കാര്യമായ പരിചരണമില്ലെങ്കിലും വിളവ് ലഭിക്കാറുണ്ട്. കാര്യമായ രോഗബാധയില്ലാത്ത ഇവയെ വേനൽക്കാലത്ത് നനച്ച് വൻ വിളയായി കൃഷിചെയ്യാവുന്നതുമാണ്. വെയിൽകൊണ്ട് കായ്കൾ വേനലിൽ പൊട്ടിപ്പോകാറുണ്ട്. ആയത് ഒഴിവാക്കാൻ കുല മൂടിക്കെട്ടുക പതിവാണ്. തെങ്ങ്, കവുങ്ങ്, കിഴങ്ങ വർഗ്ഗങ്ങൾ എന്നിവയ്ക്ക് ഇടവിളയായി രസകദളി കൃഷിചെയ്യാവുന്നതാണ്. കമ്പോളത്തിൽ വിൽപ്പനയ്ക്ക് നേന്ത്രനോളം മുന്തിയ ഇനമാണ് രസകദളി. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ആഹാരമായി ഉപയോഗിക്കാവുന്നതാണ്. ശരാശരി 12  മാസമാണ് മൂപ്പ് കാലം.

  • ചെങ്കദളി:

കേരളത്തിൽ എല്ലായിടങ്ങളിലും കണ്ടുവരുന്നതും തെക്കൻ കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നതും സുലഭമായതുമായ വാഴയിനമാണ് ചെങ്കദളി. തമിഴ്നാട്ടിൽ കന്യാകുമാരി, തിരുനെല്വേലി ജില്ലക്ലിൽ വ്യാപകമായി കൃഷി ഖെയ്തുവരുന്നു. കപ്പവാഴ, രക്തകദളി, ചോരപ്പൂവൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. മൂപ്പുകാലം 15-18 മാസമാണ്. വാഴപ്പഴം, വാഴത്തട, ഇലത്തണ്ട്, ഇലക്കാല് എന്നിവയെല്ലാം ഇരുണ്ട ചുവന്ന നിറത്തിലുള്ളതാണെന്നത് ഇതിന്റെ സവിശേഷതയാണ്. 8-10 വരെ പടലകളും പടലകളിൽ 10-12 വരെ കായ്കളും ആകെ നൂറോളം കായ്കളും ഉണ്ടാകാ‍റുണ്ട്. കായ്കൾക്ക് നല്ല വണ്ണവും അതിനൊത്ത നീളവുമുണ്ട്. സവിശേഷമായ ഗന്ധമുള്ളതും കാമ്പ് കട്ടിയില്ലാത്തതും തണുപ്പുള്ളതുമാണ് പഴങ്ങൾ. തെങ്ങിൻ തോപ്പുകളിലും ചെമ്മണ്ണ് പ്രദേശങ്ങളിലും നന്നായി വളരാറുണ്ട്. ഇലപ്പുള്ളി രോഗത്തെ ചെറുക്കാനുള്ള കഴിവുണ്ടെങ്കിലും കൊക്കാൻ രോഗം, തടതുരപ്പൻ, കുറുനാമ്പ് രോഗങ്ങൾ പെട്ടെന്ന് ബാധിക്കാറുണ്ട്. കായ്, ഇല എന്നിവ ഒഴികെ മറ്റുഭാഗങ്ങൾ അത്ര പ്രയോജനപ്രദമല്ല.

  • പച്ചക്കപ്പ വാഴ:

ചെങ്കദളി വിഭാഗത്തിൽപ്പെട്ട വാഴയിനമാണ് പച്ചക്കപ്പവാഴ. വെള്ളക്കപ്പയെന്നും അറിയപ്പെടാറുണ്ട്. ചെങ്കദളി പോലെ തന്നെ വളർച്ചയും മൂപ്പുകാലവും. ഇലയ്ക്കും കായ്ക്കും പച്ച നിറമാണ്. കായ്കൾ നിറത്തിലൊഴികെ മറ്റെല്ലാ സവിശേഷതയും ചെങ്കദളിക്ക് തുല്യവുമാണ്. കായ്, ഇല എന്നിവ ഒഴികെ മറ്റുഭാഗങ്ങൾ അത്ര പ്രയോജനപ്രദമല്ല.

  • മൊന്തൻ:

കേരളത്തിൽ പച്ചക്കായ/കറിക്കായ ഇനത്തിൽ ഏറ്റവുമധികം വ്യാപകമായി കൃഷിചെയ്തുവരുന്ന വാഴയിനമാണ് മൊന്തൻ. വാളിമൊന്തൻ, വലിയമൊന്തൻ, പേമൊന്തൻ, ചാമ്പമൊന്തൻ, പൊന്തൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇലകൾ ഇളം പച്ച നിറവും സാധാരണ പൊക്കവുമുള്ള ഈ ഇനത്തിന് 12-14 വരേയാണ് മൂപ്പുകാലം. സാമാന്യം വലുപ്പമുള്ള കുലയിൽ 50-60 കായ്കളുണ്ടാകും. 20-25 കിലോ ഗ്രാം ഭാരം കുലകൾക്കുണ്ടാകും. കായ്കൾക്ക് അഞ്ച് ഏണുകൾ ഉള്ളതും തൊലിക്കട്ടിയുള്ളതും അൽപ്പം വളഞ്ഞതുമാണ്. ഇലകൾക്ക് വേണ്ടിയും കൃഷിചെയ്തുവരുന്നു. നനവാർന്ന മണ്ണ് ഈ ഇനത്തിന്റെ കൃഷിക്ക് അനുയോജ്യമെങ്കിലും വരൾച്ചയെ ഒരു പരിധിവരെ പ്രതിരോധിക്കുന്നുണ്ട്. തെങ്ങിന് ഇടവിളയായി പ്രധിരോധിക്കാവുന്നതാണ്. നിമാ വിരകളും ഇലപ്പുള്ളി, മൊസൈക്ക് രോഗങ്ങളും ഈ ഇനത്തെ കാര്യമായി ബാധിക്കാറില്ല.

  • പാളയംകോടൻ:

ദക്ഷിണേന്ത്യയിൽ സാധാരണ കണ്ടുവരുന്ന ചെറുപഴം ലഭിക്കുന്ന വാഴയിനമാണ്. മൈസൂർ പൂവൻ, ചെറുപഴം എന്നീ പേരുകളിൽ അറിയപ്പെടാറുണ്ട്. നല്ലപൊക്കവും കരുത്തുമുള്ള മധ്യഞരമ്പിൽ പിങ്ക് നിറം ഇവയെ എളുപ്പം തിരിച്ചറിയാൻ സാധിക്കും. 12-14 മാസം മൂപ്പുള്ള കുലയിൽ 8-10പടലകളും ഓരോ പടലകളിലും 12-16 വരെ കായ്കളും കാണും. നീളം കുറഞ്ഞ കായ്കൾ പഴുക്കുമ്പോൾ സ്വർണ്ണ നിറത്തിലാവുകയും പെട്ടെന്ന് കൊഴിയാതിരിക്കുകയും ചെയ്യുന്നു. വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഈ ഇനത്തിന് അധികം പരിചരണമോ, വളപ്രയോഗമോ ഇല്ലാതെ നല്ല വിളവുതരാൻ സാധിക്കാറുണ്ട്.മധുര രസത്തോടൊപ്പം പുളിരസവുമുണ്ട്. ഇലപ്പുള്ളിരോഗം, മാണവണ്ട് ആക്രമണം എന്നിവ കുറവാണ്. എന്നാൽ കൊക്കാൻ വൈറസ് രോഗം കാണാറുണ്ട്.

  • കർപ്പൂരവല്ലി/ കർപ്പൂരവള്ളി:

ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ്നാട്ടിൽ പ്രചാരമുള്ള വാഴയിനമാണ് കർപ്പൂരവള്ളി. 12-14 മാ‍സമാണ് മൂപ്പുകാലം. 20 കിലോഗ്രാമോളം ഭാരം വരുന്ന ഈ ഇനത്തിൽ 8-9 പടലകൾ വരെയും പടലകളിൽ 13-14 കായ്കളും കാണാം. 100-120 കായ്കൾ വരേ ലഭിക്കാറുണ്ട്. പഴങ്ങൾക്ക് മറ്റിനങ്ങളേക്കാൾ നല്ല മധുരം കൂടുതലുള്ള വാഴപ്പഴത്തിന് പ്രത്യേക സുഗന്ധവുമുണ്ട്. ഇടത്തരം വലുപ്പമുള്ള കായ്കൾ വിളയുമ്പോൾ തൊലിക്ക് ഇടത്തരം കട്ടിയും ചാര കലർന്ന മഞ്ഞനിറവുമുണ്ട്. വലുപ്പമുള്ള വാഴയുടെ ഇലകൾ നല്ല വലുപ്പവുമുണ്ട്. വാഴയിലയ്ക്കായും വളർത്താറുണ്ട്. കുറുനായ്മ്പ് രോഗത്തെ ചെറുക്കാനുള്ള ഈ ഇനത്തിന്റെ പ്രത്യേകതയാണ്. നനവാർന്ന ക്ഷാര മണ്ണ് ഈ ഇനത്തിന്റെ കൃഷിക്ക് അനുയോജ്യമാണ്.

  • വരിക്കവാഴ:

കേരളത്തിൽ അധികം കാണാത്ത വാഴയിനമാണ് വരിക്കവാഴ. നേന്ത്രവാഴയോട് കിടപിടിക്കാവുന്ന ഇനമാണിത്. നല്ലതുപോലെ പഴുത്താലും പെട്ടെന്ന് കൊഴിയുകയോ ചീയുകയോ ചെയ്യാറില്ല. കാമ്പിന് കാഠിന്യമേറിയതിനാൽ പുഴുങ്ങിക്കഴിക്കാവുന്നതുമാണ്. നല്ല രോഗപ്രതിരോധശേഷി എടുത്തു പറയാവുന്ന പ്രത്യേകതയാണ്.

  • കുടപ്പനില്ലാക്കുന്നൻ/കൂമ്പില്ലാക്കണ്ണൻ:

അപൂർവ്വ ഇനം വാഴകളിലൊന്നാണ് കുടപ്പനില്ലാകുന്നൻ. കൂമ്പില്ലാക്കണ്ണൻ എന്നപേരിലും അറിയപ്പെടാറുണ്ട്. കുലയിലെ കായ് പൂർണ്ണമായും വിരിഞ്ഞശേഷം കുടപ്പൻ/കൂമ്പ് ഇല്ല എന്നത് ഇതിന്റെ സവിശേഷതയാണ്. ഇക്കാരണമാണ് ഈ ഇനത്തിന് പേരുവരാൻ കാരണമായത്. പഴങ്ങൾക്ക് നല്ല സ്വാദും മധുരവും കൂടുതലാ‍ണ്. കുറുനാമ്പ് രോഗത്തെ ചെറുക്കാൻ കഴിയുന്ന ഇവയെ കാര്യമായ പരിചരണം കൂടാതെ കൃഷിചെയ്യാൻ സാധിക്കും.

  • കുന്നൻ വാഴ:

കേരളത്തിൽ സാധാരണ കണ്ടുവരുന്ന നല്ല പോഷക സമ്പന്നമായ അപൂർവ്വ ഇനം വാഴയാണ് കുന്നൻ വാഴ. ഇതിന്റെ മുക്കാൽ വിളവുള്ള കായ്കൾ ഉണക്കിപ്പൊടിച്ച് കുട്ടികൾക്ക് ആഹാരമായി നൽകാറുണ്ട്. കറിക്കായയായും, പഴമായും ഉപയോഗിക്കാവുന്ന ഇനമാണിത്. ഓരോകുലയിലും 7-9 വീതം പടലകളുമുള്ള കുലയ്ക്ക് 15-17 കിലോ ഭാരവുമുണ്ടാകും. കുന്നൻ വാഴകൾ വീട്ടുവളപ്പിലെ ചെറുവാഴയായി അധിക പരിചരണമില്ലാതെ നടാവുന്നതാണ്. കീടരോഗബാധ കുറാവാണെന്നത് എടുത്തുപറയാവുന്ന പ്രത്യേകതയാണ്. സൂക്ഷിപ്പ് ഗുണം കൂടുതലാണ്. മൂപ്പുകാലം 15-16 വരെ മാസമാണ്.

  • വിരൂപാക്ഷി:

തമിഴ്നാട്ടിൽ സാധാരണവും കേരളത്തിൽ വളരെ അപൂർവ്വമായും കാണുന്ന ഇനമാണ് വിരൂപാക്ഷി. തമിഴ്നാട്ടിലെ കൊടൈക്കനാൽ, പഴനിക്കുന്ന് എന്നിവിടങ്ങളിൽ വ്യാപകമായി കാണുന്നു.  സാ‍ധാരണ കണ്ടുവരാറുള്ള മട്ടിയുടെ ഇനത്തിലുള്ള ഇതിനെ പേങ്കദളിയെന്നും വിളിക്കാ‍റുണ്ട്. 4.5-5 മീ. ഉയരത്തിൽ വളരുന്ന ഈ ഇനത്തിന്റെ കായ്കൾ ക്രമമില്ലാത്ത രീതിയിലാണ് കാണുന്നത്. 8-12 കി. ഗ്രാമിൽ വിളവുലഭിക്കുന്ന ഇവയുടെ കുലകളിൽ 7-8 വരെ പടലകളും ആയതിൽ ഓരോന്നിലും 12-16 വരെ കായ്കളും കാണുന്നു. 80-90 വരെ കായകൾ വിളവായി കിട്ടറുണ്ട്. നല്ല മധുരവും സ്വാദും ഇതിന്റെ കായ്കൾക്കുണ്ട്. കുലകൾക്ക് നല്ല സൂക്ഷിപ്പ് ഗുണമുണ്ട്. മൂപ്പുകാലം 15-18 വരെ മാസമാണ്. വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ കൃഷിക്ക് കൂടുതൽ അനുയോജ്യമാണ്. കുറുനാമ്പ് ആക്രമണം ചെറുക്കുന്നു.

  • ശിരുമലൈ വാഴ:

തമിഴനാട്ടിലെ ശിരുമലയിൽ വ്യാപകമായി കൃഷിചെയ്യുന്ന ഇനമാണ്. മലനിരകളിൽ കൃഷി ചെയ്യാവുന്ന ഈ ഇനം വിരൂപാക്ഷിയുമായി അഭേദ്യ ബന്ധമുണ്ട്. കുലകളും കായ്കളും വിരൂപാക്ഷിയുടേതിന് ഏറക്കുറെ സമമാണ്. വിരൂപാക്ഷിയുടേതു പോലെ കഴമ്പ് അത്ര വരണ്ടതല്ല നല്ല ചാറുള്ളതും മധുരമേറിയതുമാണ്. മൂപ്പുകാലം 14-15 മാസമാണ്.

  • നാഗവാഴ:

അപൂർവ്വ സവിശേഷതകളുള്ള ഇനമാണ് നാഗവാഴ. കേരളത്തിൽ സർവ്വ സാധാരണമല്ല. നല്ല ഉയരത്തിൽ വളരുന്ന ഈ ഇനം മൂപ്പെത്താൻ16-18 മാസം വേണ്ടിവരുന്നു. വലിയ കുലകൾ ലഭിക്കുന്ന ഈ ഇനത്തിന്റെ കായ്കൾ രുചികരമാണ്. പഴുത്ത രീതിയിലും കറിക്കായ രീതിയിലും ഉപയോഗിക്കാൻ കഴിയുന്നു.  നല്ല രോഗപ്രതിരോധശേഷിയുമുണ്ട്.

  • യംഗാബീ:

അപൂർവ്വ ഇനത്തിൽപ്പെടുന്ന ഈ ഇനം ചെറുപഴ വിഭാഗത്തിൽ പെടുന്നു. പത്തുകിലോയോളം വരുന്ന ഇവയുറ്റെ പഴങ്ങൾക്ക് മധുരം കൂടുതലാണ്. കായ്കൾ പഴുക്കുമ്പോൾ സ്വർണ്ണ നിറമാകും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാവുന്ന ഈ ഇനത്തിന് കാര്യമായ പരിചരണങ്ങൾ വേണ്ട.

  • ഗ്രോമിഷൻ:

വിദേശീയ ഇനമായ ഈ ഇനം കേരളത്തിലെ തോട്ടങ്ങളിലും വീട്ടുവളപ്പിലും അപൂർവ്വമാണ്. ഇംഗ്ളീഷ് പൂവൻ എന്നറിയപ്പെടുന്നു. നല്ല ഉയരത്തിൽ വളരുന്ന ഇനമാണിത്. പഴുക്കുമ്പോൾ മഞ്ഞ നിറത്തിലാകുന്ന കായ്കൾക്ക് നല്ല മധുരമുണ്ടാകും. വലിയ കുലകൾ ഉണ്ടാകുന്നുവെന്നത് എടുത്തുപറയാവുന്ന പ്രത്യേകതയാണ്.

  • ബോഡൽസ് അൽട്ടാഫോർട്ട്:

ഒരു സങ്കരയിനം വിളയാണ് ബോഡൽസ് അൽട്ടാഫോർട്ട് വിദേശയിനം കൂടിയാണ്. പിസാംഗ് ലിലിൻ,ഗ്രോമിഷൽ എന്നിവ തമ്മിൽ സങ്കരണം നടത്തിയാണ് ഈ ഇനം വികസിപ്പിച്ചത്. ഉയരം കൂടിയ ഇനമായ ഇതിന് ഗ്രോമിഷലിനോട് സാമ്യമുണ്ട്. വലുപ്പമുള്ള കുലകളുള്ള ഇതിന് മധുരം കൂടുതലാണ്. നല്ല രോഗപ്രതിരോധശേഷിയുള്ള ഇനമാണിത്.

  • ബിഗ് എബാംഗ്:

നേന്ത്ര വാഴയിനത്തിൽപ്പെടുന്ന വാഴയിനമാണ് ബിഗ് എബാംഗ്. നേന്ത്രന്റെ സവിശേഷതകളുള്ള ഈ ഇനം വിദേശിയാണ്. കായ്കൾ വലുതാണ്. കുടപ്പൻ/വാഴക്കൂമ്പ് വളരെ ചെറുതാണ്. 10-11 മാസം മൂപ്പെത്തുന്ന ഈ ഇനത്തന്റെ കുലകളിൽ ഏഴുവരെ പടലകൾ ഉണ്ടാകാറുണ്ട്.

  • പൊപൗല്യു:

വിദേശ ഇനം വാഴയാണ് പൊപൌല്യു. പഴുത്തപഴമായി ഉപയോഗിക്കാനാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ചിപ്സുണ്ടാക്കാനും കറിവയ്ക്കാനും ഉത്തമമാണ്. കാര്യമായ പരിചരണമോ വളപ്രയോഗമോ ഇല്ലാതെ മികച്ച വിളവുനൽകുന്ന ഈ ഇനത്തിന്റെ കുലകൾ വലുതും 30 കിലോയോളം തൂക്കവുമുണ്ടാകും. ഒരുകുലയിൽ ശരാശരി 120 കായ്കൾ വരെ കാണാറുണ്ട്. നല്ല ബലമുള്ള തണ്ടുകളുള്ള ഇവയ്ക്ക് ഊന്ന് കെട്ടേണ്ടതില്ല എന്ന സവിശേഷതയുമുണ്ട്. നമ്മുടെ കാലാവസ്ഥയിൽ നല്ല വിളവ് പ്രതീക്ഷിക്കാമെങ്കിലും ഈ ഇനത്തിന് നല്ല പ്രോത്സാഹനം

  • സാബാ:

ഫിലിപ്പൈൻസിൽ നിന്നും ഇന്ത്യയിലെത്തിയ വാഴയിനമാണ് സാബാ. കറിക്കായ വിഭാഗത്തിൽപ്പെടുന്ന ഈ ഇനത്തിന്റെ മൂപ്പുകാലം 12 മാസമാണ്. അടിവരെ വലുപ്പത്തിൽ വളരുന്നു. 30-35 കിലോ തൂക്കമുള്ള വലിയകുലയും കുലയിൽ പത്തോളം പടലകളും 170-200 കായ്കളും ഇതിന്റെ പ്രത്യേകതയാണ്.  പാകമാകുമ്പോൾ വലുപ്പത്തിലും ത്രികോണാകൃതിയിലും കാണുന്നു. ഉപ്പുകലർന്ന മണ്ണിൽ വളരുന്ന ഈ ഇനത്തിന് നല്ല പരിചരണവും വളവും ഇല്ലെങ്കിലും മെച്ചപ്പെട്ട വിളവുനൽകാൻ സാ‍ധിക്കുന്നു. തണുപ്പ് പ്രതിരോധിക്കാൻ കഴിയുന്നു.

  • റോബസ്റ്റ / പച്ചച്ചിങ്ങൻ:

ഇറ്റത്തരം കുറിയ ഇനം വാഴ വിഭാഗത്തിൽ പെടുന്ന ഇനമാണ് റൊബസ്റ്റ. നാട്ടിൻപുറങ്ങളിൽ പച്ചച്ചിങ്ങൻ എന്നപേരിലും അറിയപ്പെടാറുണ്ട്. നനവാർന്ന മണ്ണ് ഈ ഇനത്തിന് അനുയോജ്യമാണ്. പൂന്തോട്ടങ്ങളിലും ഈ ഇനം വച്ചുപിടിപ്പിക്കാറുണ്ട്. ഇലകൾ ഇളം മഞ്ഞ അരികുകളുള്ള കടും പച്ച നിറമാണ്. 7-9 വരെ പടലകളുള്ള ഈ ഇനത്തിന്റെ  പടലകളിൽ 12-16 വരെ കായ്കൾ കാണാറുണ്ട്. നൂറോളം കായ്കൾ ലഭിക്കുന്ന ഈ ഇനത്തിന് 25-30 കിലോ ഭാരമുണ്ട്. റോബസ്റ്റാ കായ്കൾ നീളമേറിയതും അൽപ്പം വളഞ്ഞതുമായ പച്ചനിറമുള്ള കായ്കളാണുള്ളത്. പഴുക്കുമ്പോൾ പച്ചനിറമോ പച്ചകലർന്ന മഞ്ഞ നിറമോ ആകുന്നതും നല്ല മൃദുലവും മധുരമേറിയതും സവിശേഷ സുഗന്ധമുണ്ട്. 12-14 വരെ മൂപ്പുകാലമുണ്ട്.

  • ആയിരം കായ് പൂവൻ:

തമിഴ്നാട്ടിൽ പൊള്ളാച്ചി, കേരളത്തിൽ തൃശ്ശൂർ എന്നിവിടങ്ങളിൽ കാണുന്ന പ്രത്യേകയിനം വാഷയാണ്. രസകദളി വിഭാഗത്തിൽ പെടുന്ന ഇവയുടെ കായ്കളുടെ വിശേഷത്താൽ ഈ പേരു ലഭിച്ചത്. ആൺപൂക്കളില്ലാത്ത പൂക്കൾ പൂർണ്ണമായും കാ‍യാകുന്നു. ആദ്യ 5-6 പടലകൾ രസകദളി പോലെ സാമ്യമുള്ള വലുപ്പവും പിന്നീടുള്ളവ വലുപ്പം തീരെ കുറവുമാണ്. 25 കിലോ ഗ്രാം ഭാരമുള്ള ഈ നത്തിന് 500 ഓളം കായ് കാണാറുണ്ട്. 15 മാസമാണ് മൂപ്പുകാലം.

  • മട്ടി:

തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും കാണുന്ന വാഴയിനമാണ് മട്ടി. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. പാണ്ടി മട്ടി, വെള്ളമട്ടി, ചുവന്ന മട്ടി എന്നീ ചെറു വ്യത്യാസമുള്ള മട്ടിയിനങ്ങളുമുണ്ട്. 30 കിലോ ഭാരം വരുന്ന കുലയിൽ 18 പടല വരേ കാണുന്നു. ചെറുതും നീളമേറിയതുമായ പഴത്തിന്റെ കഴമ്പിന് നല്ല മധുരമാർന്ന രുചിയുമുണ്ട്. പഴുക്കുമ്പോൾ ഒരുമിച്ച് പെട്ടെന്ന് പഴുക്കും എന്നുള്ള സവിശേഷതയുമുണ്ട്. പഴുത്ത പഴം പായസത്തിനായി ഉപയോഗിക്കുന്നു. 12 മാസമാണ് മൂപ്പുകാലം.

  • ഗ്രാന്റ് നൈൻ:

ടിഷ്യൂ കൾച്ചർ ഇനത്തിൽപ്പെട്ട വാഴയിനം. അന്തർദ്ദേശീയ തലത്തിൽ ഫാം കൃഷിക്കനുയോജ്യമായ ഇനം കൂടിയാണ്. 10-12 വരെ കായ്കൾ ഓരോ പടലയിലും കാണുന്ന ഈ ഇനത്തിൽ ഏകദേശം 225 കായ്കൾ വരെ കാണാറുണ്ട്. 30 കി. ഗ്രാമോളം ഭാരവുമുണ്ടാകും. വളവില്ലാത്ത നല്ല് ഉരുണ്ട ആകൃതിയിലുള്ള കായ്കൾ പഴുക്കുമ്പോൾ നല്ല സ്വർണ്ണ നിറവും ആസ്വാദ്യകരമായ മധുരമുണ്ട്. കുലകൾക്ക് കൂടുതൽ സൂക്ഷിപ്പ് ഗുണവുമുണ്ട്.

  • ഡ്വാർഫ് കാവൻഡിഷ് / മോറിസ്:

അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ടതും ഉയർന്ന രീതിയിൽ ഫാമുകളിൽ കൃഷി ചെയ്യാവുന്ന വാഴയിനമാണ് ഡ്വാർഫ് കാവൻഡിഷ് അഥവാ മോറിസ്. പൊക്കം കുറഞ്ഞ ഈ ഇനത്തിന്റ്റെ കുലകൾ പലപ്പോഴും വാഴയുടെ ചുവട്ടിൽ വരെ എത്താറുണ്ട്. 20-25 കി. ഗ്രാം ഭാരം വരുന്ന കുലകളിൽ 150 ഓളം കായ്കൾ കാണാറുണ്ട്. 12 കായ്കൾ ഓരോ പടലകളിൽ കാണുന്നു. റോബസ്റ്റാ കായ്കൾ പോലെ നീളമേറിയതും അൽപ്പം വളഞ്ഞതുമായ പച്ചനിറമുള്ള കായ്കളാണുള്ളത്. പഴുക്കുമ്പോൾ നല്ല മൃദുലവും മധുരമേറിയതും സവിശേഷ സുഗന്ധമുള്ളതുമാണിത്. 12-14 വരെ മൂപ്പുകാലമുണ്ട്.

  • പൂവൻ:

തമിഴ്നാട്ടിൽ വാണിജ്യാടിസ്ഥാനത്തിൽ വ്യാപകമായും, കേരളത്തിൽ അങ്ങിങ്ങായും കണ്ടുവരുന്ന വാഷയിനമാണ് പൂവൻ. വലുപ്പമേറിയ കുലയിൽ 12 ഓളം പടലകളും പടലയിൽ 18 വരെ കായ്കളും ഉൾപ്പടെ 200 ഓളം കായ്കളും 25 കിലോ ഭാരവുമുണ്ട്. ഇടത്തരം വലുപ്പമുള്ള ഉരുണ്ട കായ്കൾ പഴുക്കുമ്പോൾ തിളങ്ങുന്ന മഞ്ഞ നിറവും കട്ടിയില്ലാത്ത തൊലിയുമാണുള്ളത്. കഴമ്പ് മൃദുലവും ചാറ് നിരഞ്ഞതും പ്രത്യേകമായ രുചിയും നല്ല മണവുമുണ്ട്. 11-14 മാസമാണ് മൂപ്പുകാലം. മൊസൈക്ക് രോഗത്തിനെതിരെ പ്രതികരിക്കുന്നു.

  • വണ്ണാൻ:

തമിഴ്നാട്ടിൽ കൂടുതൽ കൃഷിചെയ്തുവരുന്ന ഇനമാണ് വണ്ണാൻ. വലിയ പടലകളിൽ 10 ഓളം കായ്കൾ കാണാറുണ്ട്. 18 കിലോ ഗ്രാം ശരാശരി ഭാരമുള്ള കുല ലഭിക്കാറുണ്ട്. 5 ഏണുകളുള്ള ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ കായ്കൾ ലഭിക്കാറുണ്ട്. കറിക്കായായി മാത്രം ഉപയോഗിക്കാവുന്ന ഈ ഇനത്തിന്റെ കായ്കൾക്ക് തൊലി കട്ടിയും കടുത്ത പച്ചനിറവുമാണുള്ളത്. 12 മാസമാണ് മൂപ്പുകാലം. കാര്യമായ രോഗബാധയില്ല.

  • സന്ന ചെങ്കദളി:

ചെങ്കദളി/ ചുവന്ന കപ്പ വാഴയ്ക്ക് സമാനമായ ഇനമാണ് സന്നചെങ്കദളി. തണ്ടും ഇലകളും, ഇലത്തണ്ടും കായ്കളും ചുവന്ന നിറമാണ്. കായ്കൾ ചെങ്കദളിപോലെ വണ്ണമില്ല, നീണ്ടുരുണ്ട് ചെറുതായി വളഞ്ഞ തരത്തിലുള്ളതാണ്. കഴമ്പിന് ഇളം ഓറഞ്ച് നിറമാണുള്ളത്. ഇലപ്പുള്ളിരോഗത്തെ ചെറുക്കുന്നു. തെങ്ങിന് ഇടവിളയായി കൃഷിചെയ്യാവുന്നതാണ്. 12 മാസമാണ് മൂപ്പുകാലം.

  • പിസാംഗ് ലിലിൻ:

മലേഷ്യൻ ഇനമായ പിസംഗ് ലിലിൻ കേരളത്തിൽ കാവേരി, സുഗന്ധി, സുന്ദരി എന്നീപേരുകളിൽ അറിയപ്പെടുന്നു. ചെറിയ വാഴ ഇനത്തിൽപ്പെട്ടതാണ് പിസംഗ് ലിലിൻ. നല്ല നീളവും വിരൽ വണ്ണവുമുള്ള കായ്കൾ മുകളിലേയ്ക്ക് വളർന്നു നിൽക്കുന്നു. 6-8 വരെ പടലക്ലും ഒരു പടലയിൽ 10-14 വരെ കായ്കളുമുണ്ടാകും. പഴുക്കുമ്പോൾ ഹൃദ്യമായ മണവും പുളിരസമുള്ള രുചിയുമാണുള്ളത്. 6-8 വരെ മൂപ്പ്കാലമുള്ള ഈ ഇനത്തിന് കാര്യമായ പരിചരണമില്ലാതെ തോട്ടങ്ങളിൽ വളർത്താവുന്നതാണ്. തൈകൾ മാറ്റാതെ പരിചരിച്ചാൽ തൂക്കം കുറഞ്ഞ കാ‍യ്കൾ ലഭിക്കുമെങ്കിലും വർഷത്തിൽ രണ്ട് കുലവെട്ടാം.

  • പേയൻ:

കേരളത്തിൽ കൂടുതൽ കൃഷിചെയ്തുവരുന്ന കറിക്കായ ഇനമാണ് പേയൻ. വലിയ പടലകളിൽ 10 ഓളം കായ്കൾ കാണാറുണ്ട്. 18 കിലോ ഗ്രാം ശരാശരി ഭാരമുള്ള കുല ലഭിക്കാറുണ്ട്. 5 ഏണുകളുള്ള ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ കായ്കൾ ലഭിക്കാറുണ്ട്. കറിക്കായായി മാത്രം ഉപയോഗിക്കാവുന്ന ഈ ഇനത്തിന്റെ കായ്കൾക്ക് തൊലി കട്ടിയും കടുത്ത പച്ചനിറവുമാണുള്ളത്. 12 മാസമാണ് മൂപ്പുകാലം. കാര്യമായ രോഗബാധയില്ല.

  • പടറ്റി:

കേരളത്തിൽ കൂടുതൽ കൃഷിചെയ്തുവരുന്ന കറിക്കായ ഇനമാണ് പേയൻ. ചിലയിടങ്ങളിൽ പഴമായും ഉപയോഗിക്കുന്നു. ഇടത്തരം ഉയരമുള്ള വാഴയിൽ വലിയ പടലകളിൽ 10 ഓളം കായ്കൾ കാണാറുണ്ട്. 18 കിലോ ഗ്രാം ശരാശരി ഭാരമുള്ള കുല ലഭിക്കാറുണ്ട്. 5 ഏണുകളുള്ള ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ കായ്കൾ ലഭിക്കാറുണ്ട്. കായ്കൾ മൂപ്പെത്തുമ്പോൾ ഇളം മഞ്ഞകലർന്ന പച്ചനിറവുമാണുള്ളത്. 12 മാസമാണ് മൂപ്പുകാലം. കാര്യമായ രോഗബാധയില്ല.

  • ചാരപടറ്റി:

കേരളത്തിൽ കൃഷിചെയ്തുവരുന്ന പടറ്റി ഇനത്തിൽപ്പെട്ട വാഴയിനമാണ് ചാരപ്പടറ്റി. രൂപസാദൃശ്യത്തിലും വിശേഷങ്ങളിലും പടറ്റിക്കൊപ്പമാണ്. കായ്കളുടെ തൊലിയിൽ കറുത്തതോ ചാരനിറത്തിലോ അടയാളങ്ങൽ കാണുന്നു. ഇക്കാരണം കൊണ്ടാണ് ഇതിന് ചാരപ്പടറ്റി എന്ന് പേരുവരാൻ കാരണം.

  • ഏത്തപ്പടറ്റി/നേന്ത്രപടറ്റി:

കേരളത്തിൽ കൃഷിചെയ്തുവരുന്ന പടറ്റി ഇനത്തിൽപ്പെട്ട വാഴയിനമാണ് ഏത്തപ്പടറ്റി. രൂപസാദൃശ്യത്തിലും വിശേഷങ്ങളിലും പടറ്റിക്കൊപ്പമാണ്. കായ്കൾ ഏത്തന്റേതുപോലാണ്. കായ്കൾ പച്ചയ്ക്ക് കറിവെയ്ക്കാനും, വറുക്കാനും ഉത്തമമാണ്. കറിക്കായ ഇനത്തിൽപ്പെടുന്ന ഇനമാണ്.

  • കൃഷ്ണവാഴ:

ചെറിയകായ്കിട്ടുന്ന ഇനമാണ് കൃഷ്ണവാഴ. കായ്കൾക്കും ഇലകൾക്കും കടുത്ത പച്ചനിറമാണെങ്കിലും തണ്ടിന് കൃഷ്ണ (വയലറ്റ്) വർണ്ണമെന്നത് എടുത്തുപറയാവുന്ന സവിശേഷതയാണ്. ആ‍യതിനാൽ ഈ ഇനത്തിന് ഈ പേരുലഭിച്ചത്. കായ്കൾ ഞാലിപ്പൂവന് സമമാണ്. അതിമധുരമാണുള്ളത്. അപൂർവ്വ ഇനത്തിൽപ്പെട്ട ഇനം കൂടിയാണിത്.

  • കല്ലുവാഴ / മലവാഴ:

വാഴയിനങ്ങളിലെ ഏറ്റവും വന്യമായതും വളരെ അപൂർവ്വമയതുമായ ഇനമാണ് കല്ലുവാഴ. വനന്തരങ്ങളിലും പാറക്കെട്ടിലുമാണ് സാധാരണ കണ്ടുവരാറുള്ള ഇതിനെ മലവാഴയെന്നും അറിയപ്പെടുന്നു. കുലയിലും ഇലയിലും തണ്ടിലും അസാമാന്യ വലുപ്പമുള്ള ഈ ഇനം 10-12 മീറ്റർ ഉയരത്തിൽ വളരാറുണ്ട്. വാഴയിലയ്ക്കു കട്ടിയും പരപ്പും കൂടുതലാണ്. ഇലത്തണ്ട് കട്ടിയുള്ളതും ഇളം ചുവപ്പ് നിറവുമുണ്ട്. ചില ഇനത്തിൽ തണ്ടിന് ഇളം മഞ്ഞ നിറവുമുണ്ട്. വാഴക്കൂമ്പ് മുകളിലേയ്ക്ക് ഉയർന്നും കൂമ്പിന്റെ തണ്ട് നീളമേറിയും താമരപ്പൂ പോലെ വലുപ്പത്തിലുമാണ്. കാണുന്നത്. കൂമ്പിനെ അപേക്ഷിച്ച് കായ്കൾ വളരെ ചെറുതും ധാരാളവുമുണ്ട്. കായ്ക്കുള്ളിൽ കട്ടിയേറിയ കല്ലുപോലുള്ളവയുണ്ട്. വൃക്കരോഗങ്ങൾക്കും പ്രമേഹത്തിനും മറ്റ് ഔഷധങ്ങളിലും മരുന്നായി കല്ലുപയോഗിക്കുന്നു. പൂന്തണ്ട് കട്ടിയെറിയതും തറവരെ എത്തുന്നതുമാണ്. പൂമ്പോളകൾ വളരെപ്പെട്ടെന്ന് ഇളകാറില്ല. മൂപ്പുകാലം 5-12 വർഷമാണെന്നതും കൌതുകകരമാണ്. കായിലെ കല്ലുപോലുള്ള വസ്തുവിൽ നിന്നാണ് പുതിയ തൈകൾ ഉണ്ടാകുന്നത്. ഇപ്പോൾ നാട്ടിൻപുറങ്ങളിൽ അലങ്കാര ചെടിയായി നട്ടുവരുന്നു.

  • അലങ്കാര വാഴ:

ഭംഗിയ്ക്ക് വേണ്ടി ഉദ്യാ‍നങ്ങളിൽ വളർത്തിവരുന്ന ഇനമാണിവ. ചെറുതണ്ടുകളും, കൂമ്പുകളും ഇലകളുമായി നിൽക്കുന്ന അലങ്കാര വാഴകൾ കൌതുകമാണ്. ഇവയുടെ കൂമ്പുകൾ പലപ്പോഴും പൂക്കൾ പോലെ ഉയർന്ന് നിൽക്കാറുണ്ട്. ഓറഞ്ച്, മഞ്ഞ, വയലറ്റ്, ചുവപ്പ് നിറങ്ങളിൽ കൂമ്പായും, പോള ഇളകിയ രീതിയിൽ പൂപോലെയും കാണപ്പെടുന്നു. കായ്കൾ വളരെചെറുതായും ഒന്നോ രണ്ടോ പടലയായോ, അല്ലാതയോ കാണാറുണ്ട്. ഇളം പച്ച, ചുവപ്പ്, വയലറ്റ് നിറങ്ങളിൽ കാണാറുണ്ട്. മൂപ്പുകാലം 4-5 മാസമായ ഈ ഇനത്തെ ചെടിച്ചട്ടിയിലോ പൂന്തോട്ടത്തിലോ ഒറ്റയാ‍യോ കന്നുകൾ മാറ്റാതെയോ നടാവുന്നതാണ്. അലങ്കാര വാഴകളുടെ കായുൾപ്പടെ ഒരു ഭാഗവും ഭക്ഷ്യയോഗ്യമല്ല.

  • സി. ഓ.-1:

കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സങ്കരയിനം വാഴയാണ് സി. ഒ.-1. ലാദൻ, കദളി ബാൽബിസിയാന എന്നീ വാഴകളാണ് സങ്കരത്തിനായി ഉപയോഗിച്ചത്. വിരൂപാക്ഷിയുടെ രൂപപ്രകൃതിയുണ്ട്. കായ്കൾക്ക് മധുരവും സവിശേഷ സുഗന്ധവുമുണ്ട്. 1200 മീ. ഉയരമുള്ള മലമ്പ്രദേശങ്ങളിൽ വരെ നന്നായി കൃഷിചെയ്യാവുന്നതുമാണ്. 14 മാസമാണ് മൂപ്പ് കാലം.

  • ഉദയം:

ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിൽ സങ്കരയിനം വാഴയാണ് ഉദയം. പിസ്സാംഗ്  അവാക് എന്ന ഒരേയിനം വാഴകളാണ് സങ്കരത്തിനായി ഉപയോഗിച്ചത്. 30-35 ഭാരമേറിയ കുല ലഭിക്കുന്ന നല്ല ഉയരവും ഉണ്ട്. പടലകൾ തമ്മിൽ നല്ല അകലമുള്ളതിനാൽ യാത്രകളിൽ കൂടുതൽ പരിക്കുണ്ടാകുന്നില്ല. ഇക്കാരണത്താൽ വിപണിയിൽ കൂടുതൽ പ്രിയങ്കരമാണ്. വിളയുമ്പോൾ മഞ്ഞ നിറമാകുന്ന ഈ ഇനത്തിന് പുളിരസവുമുണ്ട്. ഉപ്പ് മണ്ണിൽ വളരുന്ന ഇവയ്ക്ക് കാറ്റിനെ പ്രതിരോധിക്കാൻ സാധിക്കുന്നു. കുറുനാമ്പ് രോഗത്തെ പ്രതിരോധിക്കുന്നു.

  • ബി. ആർ. എസ്.-1:

കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, കേരള കാർഷിക സർവ്വകലാശാല എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത സങ്കരയിനം വാഴയാണ് ബി. ആർ. എസ്.-1. അഗ്നീശ്വർ, പിസാംഗ് ലിലിൻ എന്നീ വാഴകളാണ് സങ്കരത്തിനായി ഉപയോഗിച്ചത്. പിസാംഗ് ലിലിന്റെ രൂപപ്രകൃതിയുണ്ട്. ഇടത്തരം വലുപ്പത്തിൽ വളരാറുള്ള വാഴകളിൽ 14-16 കി. ഗ്രാം ഭാരമുള്ള കുലകൾ ലഭിക്കും. നീളമേറിയതും കനമില്ലാത്തതുമായ കായ്കൾ പടലയോടെ മുകളിലേയ്ക്ക് നിൽക്കും.  8-9 മാസമാണ് മൂപ്പ് കാലം. വിളയുമ്പോൾ മഞ്ഞ നിറമാകുന്ന ഈ ഇനത്തിന് പുളിരസവുമുണ്ട്. ഇലപ്പുള്ളി, നിമാവിര എന്നിവയെ പ്രതിരോധിക്കുന്നു.

  • ബി. ആർ. എസ്.-2:

കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, കേരള കാർഷിക സർവ്വകലാശാല എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത സങ്കരയിനം വാഴയാണ് ബി. ആർ. എസ്.-2. വണ്ണാ‍ൻ, പിസാംഗ് ലിലിൻ എന്നീ വാഴകളാണ് സങ്കരത്തിനായി ഉപയോഗിച്ചത്. പൂവൻ വാഴയുടെ രൂപപ്രകൃതിയുണ്ട്. ഇടത്തരം വലുപ്പത്തിൽ വളരാറുള്ള വാഴകളിൽ 15-20 കി. ഗ്രാം ഭാരമുള്ള കുലകളും അതിൽ തിങ്ങിഞെരുങ്ങിയ രീതിയിൽ കാണുന്ന ചെറുതും കടും പച്ച നിറവുമുള്ള കായ്കളും ലഭിക്കും. നീളമേറിയതും കനമില്ലാത്തതുമായ കായ്കൾ പടലയോടെ മുകളിലേയ്ക്ക് നിൽക്കും.  8-9 മാസമാണ് മൂപ്പ് കാലം. വിളയുമ്പോൾ മഞ്ഞ നിറമാകുന്ന ഈ ഇനത്തിന് സവിശേഷ സുഗന്ധവും ആസ്വാദ്യകരമായ മധുര-പുളിരസവുമുണ്ട്. ഇലപ്പുള്ളി, നിമാവിര എന്നിവയെ പ്രതിരോധിക്കുന്നു.

പരാഗണവും വിതരണവും :

  • വാവലുകളുടേയും, പക്ഷികളുടേയും, തേനീച്ചകളുടേയും സഹായത്താൽ പരാഗണം നടക്കുന്നു.
  • വാഴപ്പഴത്തിലെ ബീജങ്ങൾ നിർജ്ജീവങ്ങളായതിനാൽ മുളക്കാറില്ല. കുലവാഴകളുടെ മാണത്തിൽ നിന്നു രൂപം കൊള്ളുന്ന ചെറുമാണങ്ങളിൽ നിന്നാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. അലൈംഗിക പ്രജനന രീതിയായ ടിഷ്യൂകൾച്ചർ രീതിയിലൂടെ മേൽത്തരം വിത്തുതൈകൾ ഉത്പാദിപ്പിക്കുന്നു.

ഉത്പാദനവും വളപ്രയോഗവും :

  • തുറസ്സായ ചെങ്കല്ല് കലർന്ന വെട്ടുകല്ല് പ്രദേശങ്ങളാണ് ചെങ്ങലിക്കോറ്റൻ കൃഷിക്കനുയോജ്യം.
  • ചെമ്മണ്ണ് നിറഞ്ഞ സ്ഥലം ചെങ്കദളിക്ക് അനുയോജ്യമാണ്.
  • തിരഞ്ഞെടുത്ത മാതൃ സസ്യത്തിൽ നിന്നും ഇളക്കിമാറ്റിയ മൂന്നു നാലു മാസം പ്രായമുള്ളതും ആരോഗ്യമുള്ളതുമായ സൂചിക്കന്നുകളാണ് നടീൽ വസ്തുവായി ഉപയോഗിക്കേണ്ടത്.
  • പഴയ വേരുകളും ചതഞ്ഞഭാഗങ്ങളും ഭംഗിയായി ചെത്തിമാറ്റണം. ഇവയിൽ ചാരവും ചാണകവും പുരട്ടി വെയിലിൽ 3-4 ദിവസം ഉണക്കി തണലിൽ 15 ദിവസം സൂക്ഷിച്ചുവയ്ക്കണം.
  • വാഴക്കന്ന് നടുമ്പോൾ ആദ്യകാല പോഷകങ്ങൾ വാഴക്കന്നിൽ നിന്നും ലഭ്യമാകും.
  • വാഴക്കന്ന് ചരിച്ച് നട്ടാൽ മുളങ്കരുത്ത് കൂടുകയും വിളവ് കൂടുകയും ചെയ്യുന്നു.
  • അത്തം ഞാറ്റുവേലയാണ് നേന്ത്രവാഴ നടാൻ ഏറ്റവും അനുയോജ്യം.
  • നേന്ത്രവാഴ ഒഴികേയുള്ള വാഴകൾ 3-4 ദിവസങ്ങൾക്കുള്ളിൽ നടേണ്ടതാണ്.
  • സാധായിനം നേന്ത്ര വാഴ മകരക്കൊയ്ത്ത് കഴിഞ്ഞ വയലുകളിലും കുംഭം- മേടം മാസങ്ങളിൽ പറമ്പുകളിലും കൃഷിചെയ്തുവരുന്നു. ഒന്നരയടിവരെ കുഴികളെടുത്താണ് വാഴകൾ നടുന്നത്.
  • ചെളിയിൽ കൃഷിചെയ്യുന്ന രണ്ടാമത്തെ രീതിയിൽ വാഴകൾ രണ്ടരമീറ്റർ അകലത്തിൽ വരമ്പുകളെടുത്താണ് നടുന്നത്. 2-3 ഇലകളാകുമ്പോൽ വളമിട്ട് തടത്തിൽ മണ്ണിട്ടുറപ്പിക്കണം. ചെളിയിൽ വാഴകൃഷി ചെയ്യുന്നത് ചെലവേറും എന്നൽ വിളവിൽ വ്യത്യാസവുമുണ്ട്.
  • ചെങ്ങലിക്കോടൻ സാധാരണയായി സെപ്തംബർ മാസത്തിലാണ് നടാറുള്ളത്. കുഴിയുടെ നീളവും വീതിയും 1 മീറ്റർ ധാരാളമാണ്.
  • ടിഷ്യൂ വാഴകൾ ഏതായാലും 3-4 മാസം വരെ പ്രായമായ തൈകളാണ് വിത്തു തൈകളായി നടേണ്ടത്. തൈകൾ തമ്മിലുള്ള അകലം 2-2.5 വരെ ഇനമനുസരിച്ചാവാം. 50 സെ. മീറ്ററിൽ കുറയാത്ത സമചതുരവും താഴ്ച്ചയും കുഴികൾക്ക് വേണം. കുഴിയൊന്നിന് 15-20 കി. ഗ്രാം ചാണകമോ കമ്പോസ്റ്റോ നലകണം.
  • ടിഷ്യൂ വാഴകൾ നട്ട് ഒരാഴ്ച്ചയെങ്കിലും നേരിട്ട് വെയിലടിക്കാതെ തണൽ നൽകണം. മുപ്പത് ദിവസങ്ങൾക്കകം ചെടിയൊന്നിന് 140 ഗ്രാം യൂറിയ, 570 ഗ്രാം രാജ് ഫോസ്ഫേറ്റ്, 170 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും, പിന്നീട് 60, 125,150, 180 ദിവസങ്ങൾക്ക് ശേഷം ചെടിയൊന്നിന് 140 ഗ്രാം യൂറിയ, 170 ഗ്രാം പൊട്ടാഷ് എന്നിവയും നൽകണം. പിന്നീടുള്ള പരിചരണം ഇനമനുസരിച്ച് നൽകണം.
  • ഏതു തരം വാഴയാണെങ്കിലും വളം ചെടിയുടെ ചുവട്ടിൽ നിന്നും 30 സെ. മീറ്റർ അകലത്തിലാണ് വിതറേണ്ടത്. ആയതിന് ശേഷം മണ്ണിളക്കി നനയ്ക്കുകയും വേണം.
  • ഇനമനുസരിച്ച് 1.5-2 വരെ നീളവും വീതിയും1.5-2 അടിവരെ താഴ്ചയിലുമാണ് കുഴികളെടുക്കേണ്ടത്. പൂഴിമണ്ണിലെങ്കിൽ കുഴിയ്ക്ക് അര അടിവരെ വർധിപ്പിക്കാവുന്നതാണ്.
  • സാദാ നേന്ത്രന് 1.5 അടിയും താഴ്ച്ച, ഞാലിപ്പൂവന് 1 അടിയും താഴ്ച്ച, സാബാവാഴയ്ക്ക് 2.5വരെ നീളവും വീതിയും 2 അടിവരെ താഴ്ചയിലുമാണ് കുഴികളെടുക്കേണ്ടത്.
  • ഇനമനുസരിച്ച് 2-2.5 അടിവരെ ഇടയകലത്തിലാണ് തൈകൾ നടേണ്ടത്. നേന്ത്രൻ ഇനങ്ങൾക്ക് വരിയകലവും നിരയകലവും 2 മീറ്ററും, പാളയംകോടൻ, പൂവൻ, ചെങ്കദളി, മൊന്തൻ, റോബസ്റ്റ, മോൺസ് മേരി, ഗ്രോമിഷൽ എന്നിവയ്ക്ക് വരിയകലവും നിരയകലവും 2.25 മീറ്ററും ഡ്വാർഫ് കാവൻഡിഷിന് വരിയകലവും നിരയകലവും യഥാക്രമം 2.5, 2 മീറ്ററും ആണ്.
  • തൈ നടുന്നതിന് ഒരാഴ്ച്ചയ്ക്കു മുൻപ് 250 ഗ്രാം കുമ്മായം, 250 ഗ്രാം എല്ലുപൊടി, 500 ഗ്രാം വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ്റ്, 10 കിലോ ജൈവവളം/പച്ചിലവളം എന്നിവ ഉൾപ്പെടുത്തണം.
  • തൈനടുമ്പോൾ, കുഴിയുടെ മധ്യഭാഗത്ത് കുത്തനേ നടുകയും കന്നിൻറ്റെ ചുറ്റിലുമുള്ള മണ്ണ് കാലുകൊണ്ട് ചവിട്ടി ഒതുക്കുകയും ചെയ്യണം.
  • നട്ടതിന്ശേഷം രണ്ടില വരുമ്പോൾ 100 ഗ്രാം, നാൽപ്പതുദിവസശേഷം 200ഗ്രാം, അറുപത് ദിവസ ശേഷം 300 ഗ്രാം എന്നകണക്കിന് എൻ.പി.കെ 18:18:18 മിശ്രിതമ്ലഭ്യമാക്കണം.
  • തണ്ട് വൃത്തിയാക്കൽ, ഉണങ്ങിയ ഇല നീക്കം ചെയ്യൽ എന്നിവ വാഴ രോഗങ്ങളേയും കീടങ്ങളേയും ചെറുക്കാൻ കഴിയുന്നു.
  • മൂന്നു നാലുദിവസം കൂടുമ്പോൾ നനയ്ക്കുന്ന വെള്ളത്തിൽ ചാ‍ണക സ്ളറി ചേർത്താൽ വളപ്രയോഗം കുറയ്ക്കാം.
  • നേന്ത്രൻ ഏതായാലും, പാളയങ്കോടൻ, റോബസ്റ്റ എന്നിവ കുലയെത്തുമ്പോൾ മുളയോ മറ്റ് കഴയോ ഉപയോഗിച്ച് താങ്ങ് കൊടുക്കുന്നത് നല്ലതാണ്.

രോഗങ്ങളും രോഗ നിവാരണവും :

  • കുറുനാമ്പ് രോഗം / മണ്ടയടപ്പ്  രോഗം:

രോഗാണു: വൈറസ്

ലക്ഷണം: വാഴപ്പേനുകളാണ് ഈ വൈറസിന്റെ വാഹകർ. ഏറ്റവും മാരകമായ ഈ രോഗത്തിന്റെ ലക്ഷണം രോഗ ബാധയ്ക്ക് ശേഷമേ കാണാൻ കഴിയൂ എന്നുള്ളതാണ്. രോഗ ബാധയ്ക്ക് ശേഷം 25-30 ദിവസങ്ങൾക്ക് ശേഷം ഇലകൾ ചുരുങ്ങി തിങ്ങി ഞെരുങ്ങി കൂമ്പടയും.

പ്രതിവിധി: രോഗബാധയുള്ള വാഴ പിഴുതു തീയിട്ട് നശിപ്പിക്കുക, തെരഞ്ഞെടുത്ത കീടനാശിനികൾ ഉപയോഗിച്ച് വാഴപ്പേനുകളെ നശിപ്പിക്കുക, രോഗബാധ ഇല്ലാത്തിടങ്ങളിൽ നിന്നും കന്നുകൾ തെരഞ്ഞെടുക്കുക എന്നിവയാണ് ഈ രോഗത്തിന്റ്റെ നിവാരണ മാർഗ്ഗം. കൂടാതെ കുറുനായ്മ്പ് രോഗം ഒഴിവാക്കാൻ നടുമ്പോൾ 40 ഗ്രാം കുഴിയിലും മൂന്നുമാസം കൂടുമ്പോൾ 20 ഗ്രാം ഇലക്കവിളിലും കുലയ്ക്കുന്നതുവരേ മാത്രം ഫ്യൂരിഡാൻ ഉപയോഗിക്കാവുന്നതാണ്. കുറുനായ്മ്പ് രോഗം ബാധിച്ചാൽ നായ്മ്പ് വെട്ടിമാറ്റിയശേഷം തൈര്, ഗോമൂത്രം എന്നിവയിൽ ഏതെങ്കിലും തളിച്ചാൽ രോഗം മാറിയേക്കാം.

  • കൊക്കാൻ:

രോഗാണു: വൈറസ്

ലക്ഷണം: വാഴപ്പേനുകളാണ് ഈ വൈറസിന്റെയും വാഹകർ. മാരകമായ ഈ രോഗത്തിന്റെ ലക്ഷണം രോഗ ബാധയ്ക്ക് ശേഷമേ കാണാൻ കഴിയൂ എന്നുള്ളതാണ്. രോഗ ബാധയ്ക്ക് ശേഷം വാഴയുടെ പുറം പോളയിൽ ചുവപ്പ് നിരം കാണും. ഇവ കൂടുതലായി നീളത്തിൽ വരകളായി പടരുകയും പോള തടയിൽ നിന്നും ഇളകി വാഴ ഒടിയുകയും ചെയ്യുന്നു.

പ്രതിവിധി: രോഗബാധയുള്ള വാഴക്കന്നുകൾ നശിപ്പിക്കുകയും ഒഴിവാക്കുകയുമാണ് നല്ലത്. തെരഞ്ഞെടുത്ത കീടനാശിനികൾ ഉപയോഗിച്ച് വാഴപ്പേനുകളെ നശിപ്പിക്കുക, രോഗബാധ ഇല്ലാത്തിടങ്ങളിൽ നിന്നും കന്നുകൾ തെരഞ്ഞെടുക്കുക എന്നിവയാണ് ഈ രോഗത്തിന്റ്റെ നിവാരണ മാർഗ്ഗം. രോഗബാധയുള്ള സ്ഥലങ്ങളിൽ 1 കിലോ കുമ്മായം 200 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്നിവ ചേർത്തും രോഗബാധ അകറ്റാവുന്നതാണ്.

  • ഇലപ്പുള്ളി രോഗം:

ലക്ഷണം: മഴക്കാലത്തോടെ വാഴയിലകളിൽ മഞ്ഞനിറമാർന്ന വരകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ വരകളുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേർന്ന് ഇലകൾ ഒടിഞ്ഞ് തൂങ്ങുകയും ചെയ്യുന്നു.

പ്രതിവിധി: രോഗബാധയുള്ള ഇലകൾ മുറിച്ചുമാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതാണ് ഉചിതം.

  • പനാമാ വാട്ടം:

രോഗാണു: കുമിളുകൾ

ലക്ഷണം: വാഴയുടെ കൂമ്പില ഒഴികെയുള്ള ബാക്കി പുറമേയുള്ള ഇലകൾ മഞ്ഞളിച്ച് ഒടിഞ്ഞ് തൂങ്ങുകയും വാഴത്തടയിൽ വിള്ളലുണ്ടാവുകയും ചെയ്യുന്നതാണ് പനാമാ വാട്ടം. പൂവൻ, മൊന്തൻ വാഴകളേയാണ് ഈ രോഗം ബാധിക്കുന്നത്. രോഗം മൂർച്ഛിക്കുമ്പോൾ വാഴ ചുവടോടെ മറിയുകയും ചെയ്യുന്നു. വാഴ മാണം മുറിച്ചുനോക്കിയാൽ തവിട്ടോ ചുവപ്പോ നിറത്തിലുള്ള വരകൾ കാണാവുന്നതുമാണ്.

പ്രതിവിധി: രോഗബാധയുള്ള വാഴകൾ നശിപ്പിക്കുകയും ഒഴിവാക്കുകയുമാണ് നല്ലത്. നീർവാർച്ചാ സൌകര്യം വർധിപ്പിച്ചോ രോഗബാധയുള്ള സ്ഥലങ്ങളിൽ കുമ്മായം ചേർത്തോ രോഗബാധ അകറ്റാവുന്നതാണ്.

കീടങ്ങളും കീട നിവാരണവും :

  • തടതുരപ്പൻ പുഴു :

ലക്ഷണം: കുലച്ചതോ കുല വരാറായ വാഴകളേയാണ് തടതുരപ്പൻ പുഴു ആക്രമിക്കാറുള്ളത്. തറ്റയിൽ കാണുന്ന കറുപ്പോ, ചുവപ്പോ കുത്തുകളും അവയിൽ നിന്നും ഒലിച്ചിറങ്ങുന്ന ഇളം മഞ്ഞ നിറമുള്ള കൊഴുത്ത ദ്രാവകവുമാണ് ലക്ഷണങ്ങൾ. പുഴുകുത്തിയ വാഴയുടെ ഉൾഭാഗം നശിച്ച് ഒടിഞ്ഞാണ് വാഴ നശിക്കുന്നത്.

നിവാരണം: കൃഷിയിടം വൃത്തിയായി സൂക്ഷിച്ചോ പുഴുകുത്തിയ വാഴകൾ വെട്ടിമാറ്റി തീയിടുകയോ ചെയ്താൽ ഒരുപരിധിവരെ കീടം നിയന്ത്രിക്കാം. വാഴക്കന്ന് നടുന്നതിന് മുൻപ് അൽപ്പനേരം വെള്ളത്തിൽ താഴ്തുകയോ  വാഴയുടെ ഉണങ്ങിയ ഇലകളും പോളകളും മറ്റും നീക്കുകയോ ചെയ്താൽതടപുഴുക്കൾ ഇല്ലാതാകും.കരുത്തുറ്റ കന്നുകൾ നട്ട ശേഷം മൂന്നുമാസം വളർച്ചയെത്തുമ്പോൾ ഇലക്കവിളിൽ 50 ഗ്രാം വേപ്പിൻ പിണ്ണാക്കിട്ട് കൊടുക്കുകയോ ചെയ്താൽ തടപ്പുഴുവിനെ ഇല്ലാതാക്കാം. കൂടാതെ കന്ന് നടുമ്പോൾ ഫ്യൂരിഡാൻ 40 ഗ്രാം കുഴിയിലും മൂന്നുമാസം കൂടുമ്പോൾ 20 ഗ്രാം ഇലക്കവിളിലും കുലയ്ക്കുന്നതുവരേ മാത്രം ഉപയോഗിക്കാവുന്നതാണ്.

  • മാണവണ്ട്:

ലക്ഷണം: വാഴമാണത്തിലോ തടച്ചുവട്ടിലോ കാണുന്ന കടും തവിട്ടുനിറത്തിലുള്ള വണ്ടാണ് മാണ വണ്ട്. മാണത്തിലോ തടച്ചുവട്ടിലോ ആണ് വണ്ട് മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന വണ്ടുകൾ മാണം തുരന്ന് തിന്നു നശിപ്പിക്കുന്നു. ഇല മഞ്ഞളിപ്പ്, നാമ്പ് വിടരാതിരിക്കൽ എന്നിവയാണ് ലക്ഷണം.

നിവാരണം: വാഴയുടെ ഉണങ്ങിയ ഇലകളും പോളകളും മറ്റും നീക്കുകയോ ചെയ്ത് കൃഷിയിടം വൃത്തിയായി സൂക്ഷിച്ചോ കീടബാധയില്ലാത്ത കന്നുകൾ നടുകയോ വാഴക്കന്ന് നടുന്നതിന് മുൻപ് അൽപ്പനേരം വെള്ളത്തിൽ താഴ്ത്തുകയോ വാഴക്കന്നുകുഴിയിൽ 25 ഗ്രാം ഫ്യൂരിഡാൻ ചേർക്കുകയോ ചെയ്ത് ഒരുപരിധിവരെ കീടാക്രമണം നിയന്ത്രിക്കാം. കന്നുകൾ നടുമ്പോൾ പുറം ചെത്തി വൃത്തിയാക്കിയ ശേഷം ചാരവും ചാണകവും മുക്കി 3-4 ദിവസം വെയിലിൽ ഉണക്കി നട്ടാൽ കീടത്തെ ഇല്ലാതാക്കാൻ കഴിയും.

  • ഇലതീനിപ്പുഴുക്കൾ:

ലക്ഷണം:  വാഴയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. വെയിലില്ലാത്ത നേരങ്ങളിലോ, വെയിലാറുന്ന നേരങ്ങളിലോ ആണ് ഇവയുടെ ആക്രമണം കൂടുതലായിക്കാണുന്നത്.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. തോട്ടത്തിൽ ചപ്പുചവറുകൾ കൂട്ടി തീയിടുക വഴി പുഴുവിന്റെ ശലഭങ്ങളെ ആകർഷിക്കുകയും അവയെ നശിപ്പിക്കൻ കഴിയുകയും ചെയ്യുന്നു.

  • വാഴപ്പേൻ:

ലക്ഷണം:  വാഴയെ ബാധിക്കുന്ന മാരക രോഗങ്ങളായ കുറുനാമ്പ് / മണ്ടയടപ്പ്, കൊക്കാൻ രോഗം എന്നിവ പരത്തുന്ന വാഹകജീവിയാണ് വാഴപ്പേൻ / ഏപ്പിഡ്. ഇവ ഇലക്കവിളിൽ കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. കുറുനാമ്പ് / മണ്ടയടപ്പ്, കൊക്കാൻ രോഗം എന്നിവ ഇതിന്റെ സാന്നിദ്യമറിയിക്കുന്നു.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • മീലിമൂട്ട:

ലക്ഷണം:  ഇലക്കവിളിലും തണ്ടുകളിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇലകൾ ഒടിയുകയും, തടയിലാണെങ്കിൽ വാഴമൊത്തമായും ഒടിഞ്ഞ് നശിക്കുന്നതുമാണ് ലക്ഷണം.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • നിമാ വിര:

ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം വാഴകളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല

നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം വാഴനടുന്നതിനുമുൻപ് മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. നിമാവിര ആക്രമണമില്ലാത്തിടത്തെ വിത്തു തൈകൾ ഉപയോഗിക്കുന്നത് വിരകളുടെ ആക്രമണത്തെ ചെറുക്കാം. വാഴക്കന്ന് ഇളം ചൂടുവെള്ളത്തിൽ പത്ത് മിനിട്ട് താഴ്തിവയ്ക്കൽ,  വാഴക്കന്നുകുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ എന്നിവയും കുഴികളിൽ വാഴനട്ട ശേഷം തകര, ഗുണ്ടുമല്ലി, എന്നിവ നടുകയോ ചെയ്താലും നിമവിരകളെ ഒഴിവാക്കാം.

മറ്റ് വിശേഷങ്ങൾ:

  • മലയാളിക്ക് അഘോഷങ്ങൾക്ക് വാഴയില സദ്ധ്യ ഒഴിവാക്കാനാകാത്തതാണ്.
  • ഭൂകാണ്ഡമൊഴികെയുള്ള കുലവാഴ അലങ്കാരമായി ഉപയോഗിക്കുന്നു.
  • വാഴപ്പഴക്കൂട്ടം (പഴപ്പടല) ആചാര പരമായി നിറപറയോടൊപ്പം വയ്ക്കാറുണ്ട്.
  • പഴയകാല തലമുറ ഭക്ഷണം കഴിക്കുന്നതിനും, ഭക്ഷണ സാധനങ്ങൾ അടയ്ച്ച് സൂക്ഷിക്കുന്നതിനും പൊതിഞ്ഞ് സൂക്ഷിക്കുന്നതിനും വാഴയില ഉപയോഗിച്ചിരുന്നു.
  • ക്ഷേത്രാചാരങ്ങൾക്ക് വാഴയില ഉപയോഗിക്കുന്നു.
  • വാഴക്കുഴിയിൽ ഇഞ്ചിപ്പുല്ലു നട്ടാൽ കീടശല്യം കുറയ്ക്കാം.
  • വാഴക്കിടയിൽ പയർ നടുന്നത് കള ഒഴിവാക്കാനും പിഴുത് തടത്തിലിട്ടാൽ വളവുമാണ്.
  • ടിഷ്യൂ ഇനങ്ങൾക്ക് മാണപ്പുഴു, കുറുനായ്മ്പ് രോഗങ്ങൾ കുറവാണ്.
  • നേന്ത്ര വാഴക്കുലയുടെ മുൻഭാഗത്തും എതിർഭാഗത്തുമുള്ള കന്നുകളാണ് നടാൻ കൂടുതൽ അനുയോജ്യം.
  • ത്രികോണാകൃതിയിൽ അകലത്തിൽ വാ‍ഴകൾ നട്ടാൽ പരസ്പരം അവയുടെ ചുവട് ഭാഗത്ത് കഴകെട്ടി സംരക്ഷിക്കാവുന്നതാണ്.
  • കായ്കൾ പൂ‍ർണ്ണമായി വിരിഞ്ഞശേഷം കൂമ്പൊടിച്ചാൽ കായ്കൾക്ക് പുഷ്ടിയുണ്ടാകും.
  • മുള്ളൻ പായൽ വാഴയ്ക്ക് പറ്റിയ ജൈവവളമാണ്.
  • വാഴനട്ട് 2, 4 മാസങ്ങളിൽ മാത്രം വളം നൽകിയാൽ മതി. കായ്ക്കുന്നതിന് 5 മാസത്തിന് മുൻപുള്ള വളപ്രയോഗം വാഴയ്ക്ക് അല്പം പോലും ഗുണകരമല്ല.
  • വാഴക്കുല എളുപ്പം പഴുക്കാൻ ഇലുമ്പൻ പുളി, കൂനൻ പാല എന്നിവയുടെ ഇലചുറ്റിയാൽ മതി.
  • വാഴയ്ക്ക് ഇടവിളയായി ചീരയും, പയർ, പാവൽ, പടവലം എന്നീ പടരുന്ന വിളകളും, മുളക്, വഴുതിന, തക്കാളി എന്നിവയും മത്തൻ, വെള്ളരി, കുമ്പളം എന്നീ ഇഴവിളകളും, ചേമ്പ്, ചേന, മരച്ചീനി എന്നീ കിഴങ്ങ് വർഗ്ഗങ്ങളും കൃഷിചെയ്യാവുന്നതാണ്.
  • പാളയംകോടൻ വാഴകൾക്കിടയിൽ കാച്ചിൽ വളർത്തിയാൽ താങ്ങ് കുറയ്ക്കാം.

കടപ്പാട് : Murukadas Chithara

അവസാനം പരിഷ്കരിച്ചത് : 6/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate