অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സമഗ്ര കൃഷി അറിവുകള്‍-2

സമഗ്ര കൃഷി അറിവുകള്‍-2

മണ്ണിനെ മനസ്സറിഞ്ഞ കൂട്ടുകാര്‍

മണ്ണിനു മനസ്സു കൊടുത്താല്‍ മണ്ണ് ചതിക്കില്ലെന്നും പകരം പൊന്നു തരുമെന്നും ഈ കൂട്ടുകാര്‍ക്കറിയാം. കിരാലൂര്‍ എന്ന കൊച്ചു സുന്ദര ഗ്രാമത്തില്‍ ഇന്നുമുണ്ട് കൃഷിയെ പെറ്റമ്മയെപോലെ സ്നേഹിക്കുന്നവര്‍. അമ്മയും മണ്ണും എന്നും ഒരുപോലെ. കാരണം മക്കളെ ഊട്ടാന്‍ അവരോളം ശേഷി മറ്റാര്‍ക്കും കാണില്ല.

ജോലിക്കപ്പുറം കൃഷി എന്നത് വെറും സ്വപ്നം മാത്രമായി നിലനില്‍ക്കുമ്പോള്‍ ഒഴിവു സമയങ്ങളിലെ വിനോദം മാത്രമായി കൃഷിയെ കാണാതെ, കര്‍ഷകരായി മണ്ണിന്റെ മാറിലേക്ക്‌ ഇറങ്ങാന്‍ ഈ സുഹൃത്തുക്കള്‍ക്കായി. അങ്ങനെ രാജേഷും ഹരിദാസും രാമചന്ദ്രനും നല്ല കൂട്ടുകാര്‍ എന്നതിലുപരി നല്ല കര്‍ഷകര്‍ കൂടിയാണിന്ന്‍.

മുഴുവന്‍ സമയ കര്‍ഷകനായ കൂട്ടുകാരന്‍ രാമചന്ദ്രനില്‍ നിന്നും കൃഷിയെക്കുറിച്ചുള്ള അറിവ് കൃഷിയുടെ പടവുകളിലേക്ക് ചവിട്ടിക്കയറാന്‍ ഹരിദാസിനും രാജേഷിനും പ്രചോദനമായി.

മുണ്ടത്തിക്കോട് എന്‍.എസ്.എസ്. ഹൈസ്കൂളിലെ പ്യൂണായ രാജേഷും ടെയലറായ  ഹരിദാസും  ഒഴിവുസമയങ്ങളിലെല്ലാം മണ്ണിനോട് ഒത്തു ചേരുന്നു.

ഒന്പത് ഏക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് അവിടെ പൊന്നു വിളയിക്കുന്ന ഈ കര്‍ഷകര്‍ നാടിന്‍റെ അഭിമാനമാണ്. ഒരമ്മ കുഞ്ഞിനെ കാക്കുന്നുവെന്നോണം തന്‍റെ നെല്‍വയലുകളുടെ ഓരോ വളര്‍ച്ചയും ഇവരുടെ നിരീക്ഷണപാടവത്തിനു തെളിവാകുന്നു. നാടിന്‍റെ പ്രിയപ്പെട്ടവര്‍ കൃഷിക്ക്‌ മുന്‍തൂക്കം നല്‍കിയപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങള്മുണ്ടെന്ന തോന്നലോടെ നാട്ടുകാരും ഇവരോടോത്തു കൂടി.

തന്‍റെ തലമുറയ്ക്ക് മാത്രമല്ല, വളര്‍ന്നുവരുന്ന നവമുകുളങ്ങള്‍ക്കും കൃഷിയെന്നത്പാഠപുസ്തകം തന്നെയാണെന്നാണ് ഈ കൂട്ടുകാരുടെ അഭിപ്രായം.  പുസ്തകതാളുകളില്‍ കേവലം ചിത്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കര്‍ഷകന്‍ ഓരോ വീടുകളിലെയും അഭിമാനമായി മാറണം.

മണ്ണില്‍ സ്വന്തം വിയര്‍പ്പു നനച്ചു നട്ടുവളര്‍ത്തുന്ന നെല്‍ചെടിയോളം ഭംഗി മറ്റൊന്നിനും കണ്ടെത്താന്‍ ഇവര്ക്കവുന്നില്ല.

വളപ്രയോഗത്തെക്കുറിച്ചും ശരിയായ അറിവുണ്ട് ഈ കര്‍ഷകര്‍ക്ക്. രാസവളത്തെ മാത്രം ആശ്രയിക്കാതെ ജൈവവളവും  തന്‍റെ കൃഷിയിടത്തിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ ശ്രമിച്ചു. ജൈവവളമായി ചാണകവും പച്ചിലവളവും രസവളമായി പൊട്ടാഷ്, യൂറിയ, ഫാക്ടംഫോസ് മുതലായവയും അവര്‍ ഉപയോഗിക്കുന്നു

നാടിന്‍റെ ഭംഗി കൃഷിയിലാണെന്ന്കിരാലൂരിന്റെ മണ്ണ് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പൊരിവെയിലത്തും നെല്‍തിരുകള്‍ക്ക് തളര്ച്ചയില്ലാതിരിക്കാന്‍ ജലസേചനത്തിനായി ഇവര്‍ വാഴാനി കനാലിനെയാണ് ആശ്രയിക്കുന്നത്.

ഈ വിജയക്കൂട്ടായ്മ്മയ്ക്ക്‌ കരുത്തു പകരാന്‍ നെല്ല് സംഭരണത്തിനായി സപ്ലൈകോയും സന്നദ്ധരാണ്. അങ്ങനെ ഒരു നാടിന്‍റെ ഒത്തൊരുമയ്‌ക്ക് പറയാനുള്ളത് ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്ന നെല്കതിരുകളെ കുറിച്ചാണ്.

പാരമ്പര്യത്തെ കാക്കേണ്ടത് നമ്മളാണ്.  കൃഷിയും നമ്മുടെ പാരമ്പര്യമാണ്.  ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍. ആ ഓര്‍മകള്‍ക്ക് തിരി കൊളുത്താന്‍ മണ്ണിന്റെ മക്കളായ നമുക്കേ സാധിക്കൂ. അങ്ങനെ ഹരിതാഭമായ നാളെയെ  സ്വപ്നം കാണുവാനും പുതിയ തലമുറയ്ക്ക് സ്വപ്നം കാണുവാന്‍ പഠിപ്പിക്കുവാനും നമുക്ക് കഴിയണം.

രാജേഷിന്റെയും ഹരിദാസിന്റെയും രാമചന്ദ്രന്റെയും അധ്വാനത്തിന്റെ കഥ നമുക്കും കൂടിയുള്ള പാഠമാണ്. രാവിലെയും വൈകുന്നേരവും മാത്രമാണ് അവര്‍ക്ക് പാടത്തേക്ക് ഇറങ്ങുവാന്‍ കഴിയുന്നത്.

ജോലി കഴിഞ്ഞു  വിശ്രമമില്ലാതെ തങ്ങളുടെ കൃഷിയിടത്തിലേക്ക് ഇവര്‍ ഒറ്റക്കെട്ടായി ഇറങ്ങുന്നു. നിലം ഉഴുതുന്നത് മുതല്‍ നെല്ല് സപ്ലൈകോയില്‍ എത്തുന്നതു വരെ ഈ മൂവര്‍ സംഘത്തിന്‍റെ സാന്നിദ്ധ്യം  എടുത്തുപറയേണ്ടതാണ്‌.

മൂന്ന് വര്‍ഷമായി മണ്ണിനെ അറിഞ്ഞും സ്നേഹിച്ചും ജീവിക്കുന്നത് കൊണ്ട് തിരിച്ചും മണ്ണ് അവര്‍ക്ക് വേണ്ടതെല്ലാം നല്‍കി.

തിരക്കില്‍ മറന്നു പോകേണ്ടതല്ല മണ്ണിനെ എന്ന് അവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. മണ്ണിന്‍റെ മക്കളായി മണ്ണില്‍ നിന്നും അവര്‍ പാഠങ്ങള്‍  പഠിക്കുന്നു.  മനുഷ്യന്‍ മണ്ണാണെന്നും മണ്ണിനെയറിഞ്ഞു ജീവിക്കണമെന്നും അവര്‍ വരുംതലമുറയെ പഠിപ്പിക്കുന്നു.

പൌലോസിന്റെ ജീവിതത്തിന് തേന്‍ മധുരം

അനുപമ എം. വാരിയര്‍

തേന്‍ മധുരം ജീവിത മധുരമായ കഥയാണ്  കോക്കണ്ടത്തില്‍ പൌലോസിന് പറയാനുള്ളത്.  കുഞ്ഞുനാളില്‍ മരപ്പൊത്തുകളിലും മണ്‍കൂനകളിലും കൂടുകൂട്ടി തേനട ഒരുക്കിയിരുന്ന തേനീച്ചക്കുട്ടങ്ങളെ കണ്ട അതേ അത്ഭുതത്തോടെയും കൌതുകത്തോടെയുമാണ് ഇന്ന് ഇദേഹം ഇവയെ പരിപാലിക്കുന്നത് .

തേന്‍ മധുരം  കിനിയും ബാല്യകാല സ്മരണകള്‍. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ഉപജീവനത്തിനായി പല ബിസിനസ്‌ മേഖലകളിലേക്കു തിരിഞ്ഞപ്പോഴും തേനീച്ച വളര്‍ത്തല്‍ പൌലോസിന്റെ ജീവിതത്തിന്റെ  ഭാഗം തന്നെയായിരുന്നു.  പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചാലക്കുടി- അതിരപ്പിള്ളി റൂട്ടില്‍ കുറ്റിച്ചിറയില്‍ പ്രകൃതിയുടെ വരദാനമായ കോട്ടാമല കേന്ദ്രീകരിച്ച് തേനീച്ച പരിപാലനത്തില്‍ വ്യാപൃതനാണിപ്പോള്‍ ഇദേഹം.  കോട്ടാമലയുടെ താഴ് വാരത്തായി  കണ്ണെത്താദൂരത്തോളം നിരനിരയായി  തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലായാണ്  തേന്‍ ശേഖരിക്കുവാനുള്ള പെട്ടികള്‍ സജ്ജീകരിച്ചിരിക്കുന്നത്.  വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വൃക്ഷലതാദികളാലും ഔഷധസസ്യങ്ങളാലും സമ്പന്നമായ കോട്ടാമലയുടെ അടിവാരത്ത് നിന്നും കടഞ്ഞെടുക്കുന്ന ഈ പൂന്തേനിന് മധുരം മാത്രമല്ല, ഔഷധഗുണവുമേറും.

40 വര്‍ഷത്തിലേറെയായി തേനീച്ച വളര്‍ത്തലില്‍ സജീവമാണ് പൌലോസ്. ഞൊടിയന്‍ തേനീച്ചകളെയും ചെറു തേനീച്ചകളെയും വളര്‍ത്തുന്നുണ്ട്. തേനീച്ചകള്‍ക്ക്  കൂടൊരുക്കുന്നതിലും പരിപലിക്കുന്നതിലുമെല്ലാം  സവിശേഷ ശ്രദ്ധ ആവശ്യമാണെന്ന് പൌലോസ് പറയും. സാധാരണ ചെറിയ ദ്വാരങ്ങളിലും പൊത്തുകളിലും കൂടൊരുക്കുന്ന ചെറുതേനീച്ചകളുടെ തേനിന് ഔഷധഗുണം ഏറെയാണ്. തേനിന് നല്ല വില ലഭിക്കുമെങ്കിലും കുറഞ്ഞ അളവിലേ തേന്‍ ലഭിക്കൂ. വ്യാവസായികാടിസ്ഥാനത്തില്‍ തേനീച്ച വളര്‍ത്തലിന് അനുയോജ്യമായത് ഞൊടിയന്‍ തേനീച്ചകളാണ്.

നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് തേനീച്ചകള്‍ വളര്‍ച്ച കൂടുതല്‍ കാണിക്കുന്നത്.  ഈ സമയത്താണ് തേന്‍ ശേഖരിക്കുന്നതിനുള്ള പെട്ടികള്‍ സ്ഥാപിക്കേണ്ടത്. തേനീച്ചകളെ പിടിച്ച് അവയ്ക്കാവശ്യമായ തീറ്റയും മറ്റും നല്കണം. ജനുവരി  അവസാനത്തോടെ തേനീച്ച തേന്‍ ശേഖരിച്ചു തുടങ്ങും. ഒന്നരമാസത്തോളം റബ്ബര്‍ മരങ്ങളില്‍ നിന്നുള്ള പൂന്തേന്‍ ലഭിക്കും. കൂടുതല്‍ മരങ്ങള്‍ കാണപ്പെടുന്ന സ്ഥലത്താണ് കൂടുതല്‍ തേന്‍ ലഭിക്കുക. സീസണിനു ശേഷമാണ് പരിപാലനത്തില്‍ അധികം ശ്രദ്ധ ചെലുത്തേണ്ടത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ പഴകിയ അടകള്‍ പുതുക്കിക്കൊടുക്കണം. അതുപോലെ ഒക്ടോബര്‍-നവംബറിനു മുന്‍പായി റാണിയീച്ചകളെ പുതുക്കി കൊടുക്കണം.

തേന്‍ ശേഖരിക്കുന്ന സമയങ്ങളിലും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അധികമുള്ള റാണി സെല്ലുകള്‍ വേര്‍പെടുത്തി കളയണം. അല്ലെങ്കില്‍ പുതിയ റാണി ഉണ്ടായി കോളനി പിരിഞ്ഞുപോകും. വേലക്കാരായ മടിയന്‍ ഈച്ചകളുടെ സെല്ലുകളും അടര്‍ത്തി മാറ്റേണ്ടതാണ്. തേനെടുത്ത അടകള്‍ വൃത്തിയാക്കി വീണ്ടും വെച്ചുകൊടുത്താല്‍ ഈച്ചകള്‍ പുതിയ അട ഉണ്ടാക്കുന്ന സമയം ലാഭിക്കാം. തേന്‍ കൂടുതല്‍ കിട്ടുകയും ചെയ്യും.

ഇതൊക്കെ ശ്രദ്ധിച്ചാല്‍  നല്ലവണ്ണം തേന്‍  ലഭിക്കും. മഴക്കാല പരിചരണത്തിനനുസരിച്ചാണ് വേനല്‍ക്കാലത്ത് തേന്‍ കിട്ടുക. ഈച്ചകളുടെ എണ്ണത്തിനനുസരിച്ചാണ് പഞ്ചസാര ലായനിയും നല്‍കേണ്ടത്. ഒരു കൂടൊരുക്കുന്നതിനു ഏതാണ്ട് 700 രൂപയോളം ചെലവ് വരും. കാലാവസ്ഥ അനുകൂലമാകുകയും മറ്റു  രോഗബാധകള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ മുടക്കുമുതല്‍ തിരികെ ലഭിക്കുംമെന്ന് പൌലോസ് പറയുന്നു.

കീടബാധയേയും രോഗങ്ങളേയും പ്രതിരോധിക്കുക എന്നതും പ്രാധാന്യമേറിയ കാര്യമാണല്ലോ. അടപ്പുഴുവിന്റെ ശല്യം അകറ്റുന്നതിനായി തേന്‍ ശേഖരിക്കുന്ന പെട്ടിയുടെ അടിപ്പലക വൃത്തിയായി സംരക്ഷിക്കണം. പഴകിയ അടകള്‍ മാറ്റി മെഴുകും അഴുക്കുമെല്ലാം കളഞ്ഞ് വൃത്തിയാക്കണം. അതുപോലെ വിള്ളല്‍ വന്നതും ദ്രവിച്ചതുമായ പെട്ടിയുടെ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കണം.  ചിതല്‍ വരാതെ മഴ നനയാതെ സംരക്ഷിച്ചാല്‍ 12 വര്‍ഷം വരെ  പെട്ടികള്‍ ഉപയോഗിക്കാനാകും.

ഞൊടിയന്‍ തേനീച്ചകളെയാണ് പൌലോസ് കൂടുതലായി വളര്‍ത്തുന്നത്.ഞൊടിയന്‍ വിഭാഗത്തില്‍ കരിഞോടിയന്‍, ചെമ്പന്‍, ഓര്‍ഡിനറി ബ്ലാക്ക്‌ ഇനത്തില്‍പ്പെട്ടവയെയാണ് പ്രധാനമായും കാണുന്നത്. ചെമ്പന്‍ ഇനത്തില്‍ പെട്ടവയില്‍ നിന്ന് കൂടുതല്‍ തേന്‍ ലഭിക്കാറുണ്ട്. കരിഞോടിയന്‍ തേനീച്ചകളാവട്ടെ വളര്‍ന്നു കഴിഞ്ഞാല്‍ കൂട് ഉപേക്ഷിച്ചു പോകാന്‍ സാധ്യത കൂടുതലാണ്.  അതിനാല്‍ തന്നെ സീസണില്‍ അധികം ആയുസ്സ് ഇവയ്ക്ക് അവകാശപ്പെടാനാവില്ല. അനുകൂല കാലാവസ്ഥയും നല്ല പരിപാലനവുമുണ്ടെങ്കില്‍ ഒരു പെട്ടിയില്‍ നിന്നു തന്നെ 20 കിലോയിലധികം തേനെടുക്കാനാകും.

 

തൊടുപുഴയിലെ കലൂരില്‍ സാധാരണ കര്‍ഷകകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പൌലോസ് ബിസിനസ്സിലെ പരാജയവും കടബാധ്യതകളും  മൂലമാണ്‌ ചാലക്കുടിയിലേക്ക് താമസം മാറുന്നത്. ശാസ്ത്രിയ രീതിയിലുള്ള തേനീച്ച വളര്‍ത്തലില്‍ മുഴുകിയതും തൃശ്ശൂരിലെത്തിയതിനു ശേഷമാണ്. അന്ന് 150ഓളം പെട്ടികളാണ്‌ തൊടുപുഴയില്‍നിന്ന്കൊണ്ടുവന്നത്. പിന്നീടത് ഇരുനൂറായി, നാഞ്ഞുറായി. ഇപ്പോള്‍ 700ഓളം പെട്ടികളുണ്ട്.

റാണിയീച്ചയും ഒരുകൂട്ടം തേനീച്ചകളുമടങ്ങുന്ന പെട്ടികള്‍ ആവശ്യക്കാര്‍ക്ക് നല്‍കാറുണ്ട്. ഒരു പെട്ടിക്ക് 1200 രൂപയാണ് ഈടാക്കുന്നത്. 700 പെട്ടികളില്‍ നിന്നായി പ്രതിവര്‍ഷം 7 ടണ്‍ തേനെടുക്കാന്‍ സാധിക്കാറുണ്ടെന്നു പൌലോസ് പറയുന്നു. പൌലോസിനെ സംബന്ധിച്ചിടത്തോളം ഹോബി എന്നതിലുപരി തേനീച്ച വളര്‍ത്തല്‍ ഒരു നല്ല വരുമാന മാര്‍ഗം കൂടിയാണ്. കോട്ടാമല തേന്‍ എന്ന പേരില്‍ കടകള്‍ വഴി വിതരണം ചെയ്യാറുമുണ്ട്. തേനീച്ച വളര്‍ത്തലില്‍  നിന്നുള്ള വരുമാനമാണ് തന്‍റെ കടങ്ങള്‍ വീട്ടാന്‍ ഉപകരിച്ചത്. തേനീച്ച വളര്‍ത്തലില്‍ താല്‍പര്യമുള്ളവരോട് പൌലോസിനു പറയാനുള്ളത് ഇത്രമാത്രം. അത്യധ്വാനവും അര്‍പ്പണബോധവും ആവശ്യമായ മേഖലയാണിത്. എങ്കിലും തുടര്‍ച്ചയായ പരിപാലനത്തിലൂടെ നേട്ടമുണ്ടാക്കാനാവും. അതുപോലെ കടബാധ്യതകളില്‍ നിന്നു കരകയറാന്‍ സഹായിക്കുന്ന ഉത്തമോപാധി കൂടിയാണിതെന്നു പറയാന്‍ പൌലോസിനു മടിയില്ല.  കടം നിലനില്‍ക്കുമ്പോള്‍ നമ്മള്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴും കടം  കൂടിക്കൊണ്ടിരിക്കും. തേനീച്ചകളെ വളര്‍ത്തുമ്പോള്‍ നമ്മള്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴും അവ ജോലി ചെയ്തുകൊണ്ടിരിക്കും. അങ്ങനെ നോക്കുമ്പോള്‍ തേനീച്ച വളര്‍ത്തല്‍ ഒരു പ്ലസ്‌പോയിന്റ്‌ ആണ്.

തേനില്‍ മായം ചേര്‍ക്കുന്നതു പോലെയുള്ള സംഭവങ്ങള്‍ പെരുകി വരുന്ന ഇക്കാലത്ത് വിപണിയില്‍ സത്യസന്ധമായ കയ്യൊപ്പ് ചാര്‍ത്തുകയെന്നതും പ്രധാനമാണ്. ശുദ്ധമായ തേന്‍ തിരിച്ചറിയുന്നതിനും മാര്‍ഗങ്ങളുണ്ട്. പുളിച്ച തേനായാലും മായം ചേര്‍ത്തതായാലും നിറവ്യത്യാസം കാണിക്കും. ശുദ്ധമായ തേനാണ് എങ്കില്‍ വെള്ളത്തിലൊഴിച്ചാല്‍ നൂല് പോലെ ഒഴുകിയിറങ്ങി അടിയില്‍ അടിഞ്ഞുകിടക്കും. പെട്ടെന്നു കലരില്ല. അതുപോലെ ഉണങ്ങിയ തോര്‍ത്തിലൊഴിച്ചാല്‍ പെട്ടെന്നു താഴേക്ക്‌ വരില്ല. എങ്കിലും ആധികാരികമായ രീതി ലാബ്‌ ടെസ്റ്റ്‌ തന്നെയാണ്. കാറ്റ്  കടക്കാതെ, ഈര്‍പ്പം തട്ടാതെ സംരക്ഷിച്ചാല്‍ തേന്‍ കുറേകാലം കേടു കൂടാതെ ഇരിക്കും. കൂടുകളില്‍ നിന്നു ശേഖരിക്കുന്ന തേന്‍ അതേപടി കൊടുക്കാറില്ല. അവയെ ശാസ്ത്രീയമായ രീതിയില്‍ സംസ്കരിച്ചാണ് കുപ്പികളിലാക്കി വില്‍ക്കുന്നത്. ആ പ്രക്രിയ ഇങ്ങനെ. 63 ഡിഗ്രി വരെ ചൂടില്‍ തേന്‍ ചൂടാക്കുകയാണ് ചെയ്യുന്നത്. 70 ഡിഗ്രി വരെ ചൂടില്‍ വെള്ളം ചൂടാക്കിയതിനു ശേഷം മറ്റൊരു പത്രത്തില്‍ തേനെടുത്ത് ഒരിഞ്ച് അകലത്തില്‍ ഇതില്‍ തട്ടാത്ത വിധത്തില്‍ ക്രമീകരിക്കുന്നു. ചൂടായ വെള്ളത്തിന്‍റെ ഉപരിതല നിരപ്പിന്റെ താഴെ തേന്‍ നില്‍ക്കണം. വെള്ളം ചൂടാകുന്നതിനനുസരിച്ച് തേന്‍ ഇളക്കിക്കൊണ്ടിരിക്കണം. അങ്ങനെ 63 ഡിഗ്രിയിലെത്തുമ്പോള്‍ തേന്‍ നുരഞ്ഞുപൊന്തി അതിലെ ഈര്‍പ്പത്തിന്റെയും പൂമ്പൊടിയുടെയും അംശം മാറി തെളിഞ്ഞുവരും. പതഞ്ഞു വരുന്ന തേനിന്‍റെ പത മാറ്റി തണുപ്പിച്ചു കുപ്പികളിലാക്കി  സീല്‍ ചെയ്താണ് വിതരണം ചെയ്യുന്നത്. ഭാവിയില്‍ യന്ത്രസഹായത്തോടെ ഈ രീതി അവലംബിക്കാനും അതിനായി ഒരു പ്രോസസിംഗ് പ്ലാന്‍റ് തുടങ്ങുന്നതിനുള്ള ആലോചനയിലാണ്‌ പൌലോസ്.

കുറ്റിച്ചിറയില്‍ കെ.ജെ. ടെക്സ്റ്റയില്‍സ് എന്ന പേരില്‍ തുണിക്കടയും തയ്യല്‍ക്കടയും നടത്തുന്നുണ്ട് പൌലോസ്. ഭാര്യ റോസ്‌ലിക്കാണ് കടയുടെ  മേല്നോട്ടച്ചുമതല. അതിനാല്‍ തന്നെ സീസണിലും മറ്റും തനിക്ക് പൂര്‍ണമായും തേനീച്ച  പരിപാലനത്തില്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും പൌലോസ് പറയുന്നു. ഒറ്റയ്ക്ക് ചെയ്യുന്നതാണ് ഇഷ്ടമെങ്കിലും സീസണില്‍ സഹായത്തിന് സുഹൃത്ത് ബെന്നിയും നാലഞ്ചു ജോലിക്കാരുമുണ്ടാവും. ഒരു വ്യവസായമെന്നതിലുപരി ഈ മേഖല നല്‍കുന്ന സംതൃപ്തി തന്നെയാണ് പൌലോസിനെ ഇതിലേക്കടുപ്പിച്ചത്. അഗ്രികള്‍ച്ചര്‍ ബിരുദത്തിനു പഠിക്കുന്ന ജോണ്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അമല്‍, എന്‍ട്രന്‍സ് പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന മെറിന്‍ എന്നിവര്‍ മക്കളാണ്.

ഫോണ്‍ : 8086128818

കസ്തൂരി മഞ്ഞളിന്റെ കാന്തി

 

കേരളത്തില്‍ ഇഞ്ചി, മഞ്ഞള്‍ എന്നീ വിളകളെപ്പോലെ  വ്യാപകമല്ലെങ്കിലും അങ്ങിങ്ങു ചെറിയ തോതില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്തു വരുന്നു. ഔഷധസസ്യങ്ങളിലോന്നായതാകണം വന്‍തോതില്‍ കൃഷി  നടക്കാതെ വന്നതിനു കാരണം. കേരളത്തിലെ കാലാവസ്ഥ കസ്തൂരി മഞ്ഞള്‍ കൃഷിക്ക് അനുകൂലം തന്നെ.  നീര്‍വരച്ചാ സ്വഭാവമുള്ള വളക്കൂറുള്ള  മണ്ണ് കൃഷിക്ക് ഉത്തമം… കാട്ടു ചെടികളില്‍ നിന്നു കിഴങ്ങു ശേഖരിച്ചാണ് പണ്ടു കാലത്ത് ഔഷധാവശ്യത്തിന് ഉപയോഗിച്ചു പോന്നിരുന്നത്. ഇന്ന് ഇടവിളയായും അടുക്കളത്തോട്ടത്തിലും കൃഷി ആരംഭിച്ചിരിക്കുന്നു. കിഴങ്ങ് നടീല്‍വസ്തു. ഒരു ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് 1500 കിലോ ഗ്രാം വിത്ത് ആവശ്യമാണ്.

കിളച്ചൊരുക്കിയ സ്ഥലത്ത് 60×60 സെ.മീ അകലത്തില്‍ മുള മുകളിലേക്കു നില്‍ക്കത്തക്ക വിധം കിഴങ്ങ് കഷണമാക്കി നട്ട് കാലിവളവും മണ്ണും ഇട്ട് മൂടണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 10-15 ടണ്‍ ജൈവവളം വേണ്ടി വരും. വാരമെടുത്തു നടുകയാണു രീതി. കളയെടുപ്പ്, പുതയിടല്‍, മണ്ണടുപ്പിക്കല്‍ എന്നിവയും യഥാസമയം  നടത്തുക. കാര്യമായ കീടരോഗബാധ ഉണ്ടാകാറില്ല. ഏഴുമാസം കൊണ്ടു വിളവെടുപ്പിനു കാലമാകും. കിഴങ്ങുകള്‍ മുറിയാതെ കിളച്ചെടുക്കുക. വേരും തണ്ടും ഇലകളും നീക്കി വൃത്തിയാക്കി വില്‍ക്കുകയോ ഉണക്കി സൂഷിക്കുകയോ ചെയാം. ഒരു ഹെക്ടറില്‍ നിന്നു ലഭിക്കാവുന്ന പച്ചക്കിഴങ്ങ് 28 ടണ്‍. ഉണക്കുമ്പോള്‍ തൂക്കം നാലിലൊന്നായി കുറയും. കിഴങ്ങില്‍ നിന്ന് തൈലം വേര്‍തിരിച്ചെടുക്കാവുന്നതാണ്‌. ഒരു ഹെക്ടര്‍ വിളവില്‍ നിന്ന് 90 ലിറ്റര്‍ വരെ തൈലം ലഭിക്കും.

വയല്‍ സ്മൃതികളിലെ പതിരുജീവിതങ്ങള്‍

അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍

ഓര്‍മ്മകളുടെ അടരുകളിലേക്ക് ഒരാന്തരികസഞ്ചാരം കൊണ്ടു തിരിച്ചു പോകുന്നത് ആത്മ സുഖത്തിനുള്ള ആലോചനയല്ല. അത് സ്വന്തം അസ്തിത്വത്തിന്‍റെ വേരുകള്‍ തേടിയുള്ള യാത്ര കൂടിയാണ്.നഷ്ടപ്പെട്ടുപോയ ചില ബന്ധ ങ്ങള്‍, സൗഹൃദങ്ങള്‍, മനപൂര്‍വ്വമല്ലെങ്കിലും ഉപേക്ഷിക്കേണ്ടിവന്ന ഇടങ്ങള്‍ അങ്ങനെ പലതും വീണ്ടെടുക്കാന്‍ ഒരാന്തരിക യാത്ര കാരണമായേക്കും. അത്, നാം എത്തിനില്‍ക്കുന്ന, നാം പടുത്തുയര്‍ത്തിയ പൊള്ളയായ ജീവിതത്തിന്‍റെ അനര്‍ത്ഥകത ബോധ്യപ്പെടുത്താനെങ്കിലും സഹായിച്ചേക്കും.  ഗൃഹാതുരത്വം മനുഷ്യ വംശത്തിനുമാത്രമുള്ള ഒരു ജൈവവികാരമാണല്ലോ. ഓര്‍മ്മകളിലെ ബാല്യം വരെ അതിന്‍റെ വേരുകള്‍ പടര്‍ന്നുകിടക്കുന്നു. വൃക്ഷം എത്രത്തോളം ഉയരങ്ങളിലേക്കു പോകുമ്പോഴും അതിന്‍റെ വേരുകള്‍ ജലം തേടി മണ്ണിന്‍റെ അടരുകളിലേക്ക് പോകുന്നതുപോലെ മനസ്സ് ചിലപ്പോഴെങ്കിലും അസ്തിത്വത്തിന്‍റെ ഉറവകളിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്.

ചിങ്ങത്തിലെ കൊയ്ത്തു കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ തകൃതിയായി കളിച്ചിരുന്നത് വയലിലാണ്. തൊട്ടരികില്‍, ഏതെങ്കിലുമൊരു കണ്ടത്തില്‍ അമ്മമാരും അമ്മൂമമാരും കൊയ്തുകൊണ്ടിരിക്കുന്നുണ്ടാകും. ഇടയ്ക്ക് ഓരോ കറ്റ ചുമന്നു കൊണ്ടുപോകണം. അത്രയെ ഞങ്ങള്‍ ചെയ്യേണ്ടിയിരുന്നുള്ളൂ. പക്ഷെ കളിയുടെ രസം മുറിയുമ്പോഴുള്ള ആ നീരസം കൊണ്ട് ഞങ്ങള്‍ പലപ്പോഴും അനുസരണക്കേടു  കാട്ടിയിരുന്നു. തോട്ടുവരമ്പത്തിരുന്ന്‍, താഴെ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഞങ്ങള്‍ കാലിട്ടിരിക്കും. കാലനക്കാതെവച്ചാല്‍ ചെറുമീനുകള്‍ വന്നുകൊത്തും. ഇക്കിളികൂട്ടുന്ന ആ ഒരു സുഖം ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. ഉച്ചക്ക്, അമ്മമാര്‍ക്കു  കഴിക്കാന്‍ ചോറ്റുപാത്രത്തില്‍ കൊണ്ടുവന്നിരുന്ന കഞ്ഞിയില്‍നിന്ന് ഞങ്ങളും പങ്കുകൊള്ളും. കൊയ്ത്തു കഴിഞ്ഞ് അവര്‍ സന്ധ്യക്ക് കറ്റയും ചുമന്നു പോകുമ്പോഴെ ഞങ്ങള്‍ വീട്ടിലേക്കു തിരിക്കൂ. ഓരോ കറ്റകള്‍ ഞങ്ങളുടെ തലയിലുമുണ്ടാകും. നിറം മങ്ങിത്തുടങ്ങിയ ആകാശത്ത് പടിഞ്ഞാറെ ചക്രവാളത്തില്‍നിന്ന് കിളികള്‍ കൂട്ടം കൂട്ടമായ്‌, കൂടു കൂട്ടിയ മരങ്ങളിലേക്ക് പറന്നു വരുന്നുണ്ടാകും അപ്പോള്‍.

കൊയ്ത്തുകഴിഞ്ഞാല്‍ ഏറെ വൈകാതെ ഞങ്ങള്‍ കുട്ടികള്‍ക്കുള്ള പ്രധാന ജോലി കതിരു പെറുക്കലാണ്. കൊയ്തു  പോകുന്നതിനിടയില്‍ ചിതറിവീണ ചെറിയ നെല്‍ക്കതിരുകള്‍ കണ്ടങ്ങളിള്‍ കിടപ്പുണ്ടാകും. അതു കൊത്തിപ്പെറുക്കാന്‍ വയല്‍ ക്കിളികളും ധാരാളം കാണും. കതിരെല്ലാം പെറുക്കിക്കഴിഞ്ഞാല്‍ വീട്ടില്‍ വന്ന് നെല്‍മണികള്‍ ഉരിഞ്ഞ്  വേര്‍ത്തിരിക്കും. അങ്ങനെ ശേഖരിക്കുന്ന നെല്ല് നിലത്തിന്‍റെ ഉടമക്ക് നല്‍കിയാല്‍ കാശുകിട്ടും. ഇടങ്ങഴിയില്‍ അളന്നാണ് അതു തിട്ടപ്പെടുത്തുക. പകരം കിട്ടുന്ന വളരെ കുറച്ചു കാശുകൊണ്ട് പലതും വാങ്ങാന്‍ ആഗ്രഹിക്കും. ഒന്നും നടക്കാറില്ല. ജീവിതത്തിന്‍റെ കണ്ണീരില്‍ വലിയ കിനാക്കളൊന്നും നടക്കാറില്ല. വയലില്‍ കതിരുപെറുക്കി  കിട്ടിയ കാശില്‍നിന്ന് ഒരു ചാട്ടയും പമ്പരവും വാങ്ങാനുള്ളതുമാത്രം കയ്യില്‍ കിട്ടും.എങ്കിലും ഓണക്കാലത്തു പമ്പരം കൊത്തിയം വൃശ്ചികത്തില്‍ പാടത്ത് പട്ടവും ഓലപമ്പരവും പറത്തി ഞങ്ങള്‍ സങ്കടങ്ങളെ  അതിജീവിച്ചു.

കൊയ്ത്തുകാലം കഴിഞ്ഞാല്‍ അടുത്ത  കൃഷിയിറക്കുന്ന  കാലം വരെ പാടത്ത് ധാരാളം പശുക്കള്‍ പുല്ലുമേയുന്നുണ്ടാകും. നാട്ടിന്‍പുറത്തെ ചില കര്‍ഷക കുടംബങ്ങള്‍ക്ക് നെല്ലിനു പുറമെ തെങ്ങുകൃഷി കൂടി ഉണ്ടാകും. ഈ തെങ്ങുകള്‍ക്കു വേണ്ട ചാണകം ഞങ്ങള്‍ പെറുക്കി കൊടുക്കും. മധ്യവേനല്‍  സ്കൂള്‍  അവധിയില്‍ ചാണകം പെറുക്കാന്‍ ഓരോ കുട്ടയുമായ ഞങ്ങള്‍ പാടത്തേക്കിറങ്ങും. ഒരു ദിവസം രണ്ടോ മൂന്നോ കുട്ട ചാണകം മാത്രമെ  കിട്ടു. അതിനു കിട്ടുന്ന നിസ്സാര പൈസ ഞങ്ങള്‍ക്ക് ഒരു വലിയ സമ്പാദ്യമായിരുന്നു. സ്കൂള്‍ തുറക്കുമ്പോഴേക്കും പുസ്തകവും കുടയും വാങ്ങാനായി ആ പണം സൂക്ഷിച്ചു വക്കും. പക്ഷെ ജൂണ്‍ മാസമാകുമ്പോഴേക്കും, പല രാത്രികളിലെ അന്നത്തിനായ്‌ ആ പണം ഞങ്ങള്‍ക്കു പ്രയോജനപ്പെട്ടിട്ടുണ്ടാകും. ചില ചില്ലറത്തുട്ടുകള്‍ മാത്രമേ  ബാകിയുണ്ടാകൂ. വയല്‍, മുതിര്‍ന്നവര്‍ക്ക് അന്നദാതാവും ഞങള്‍ കുട്ടികള്‍ക്ക് കളിത്തൊട്ടിലുമായിരുന്നു. മീന്‍ പിടുത്തം ഇന്നത്തെപ്പോലെ ഒരു വിനോദമായിരുന്നില്ല. ഞങ്ങളില്‍ ചിലര്‍ക്ക് അതൊരു ജീവിതമാര്‍ഗ്ഗം കൂടിയായിരുന്നു. പാടത്തിനു നടുവിലൂടെ ഒഴുകിപ്പോകുന്ന തോടിന്‍റെ നീണ്ടുപോകുന്ന വരമ്പത്ത് നിരനിരയായ് ആളുകള്‍ വെടിവട്ടം  പറഞ്ഞും ചിരിച്ചും ചൂണ്ടയിട്ടിരിക്കും. തോടിനു കുറുകെ ചാട്ടം കെട്ടിയും കുരുത്തിവെച്ചും മീന്‍ പിടിക്കുന്ന കാഴ്ചകളും കാണാം. കലര്‍പ്പില്ലാത്ത സ്നേഹവും സഹകരണവും നാട്ടിന്‍പുറത്തെ അത്തരം സാധാരണക്കാര്‍ക്കിടയിലുണ്ടായിരുന്നു. നാട്ടിലെ വെറുമൊരു കൂലി വേലക്കാരനായിരുന്ന എന്‍റെ അപ്പന്‍, പണിയില്ലാത്ത ദിവസങ്ങളില്‍ ചൂണ്ടയുമായി പാടത്തേക്കിറങ്ങും. പലപ്പോഴും ഒരു ചെറുചൂണ്ടയുമായി ഞാനുണ്ടാകും കൂടെ. കിട്ടുന്ന മീനെല്ലാം പച്ച ഈര്‍ക്കിലില്‍ കോര്‍ത്ത് കോര്‍മ്പയാക്കി കൊണ്ടു വരും; ജീവിതത്തിലെ ചില നിസ്സാരമായ ‘വലിയ’ സമ്പാദ്യങ്ങള്‍.

ഓണക്കാലത്ത് പൂ പറിക്കാന്‍ ചെമ്പില കുമ്പിള്‍ കൂട്ടി വയല്‍വരമ്പിലൂടെ ഞങ്ങള്‍ നടക്കും. കൈതോല നിറഞ്ഞ തോട്ടുവക്കുകളിലും വയല്‍വരമ്പിലും ചെറുതും വലുതുമായ ധാരാളം പൂക്കളുണ്ടാകും. പൂക്കള്‍ക്കൊണ്ടു ഞങ്ങളുടെ ഓണക്കളവും നെല്ലുകൊണ്ടു പത്തായവും നിറച്ചായിരുന്നു വയല്‍ ഞങ്ങളുടെ ഓണക്കാലത്തെ പൂവണിയിച്ചിരുന്നത്. ഉഴുതു മറിച്ച പൂതമണ്ണിന്‍റെയും നെല്ലിന്‍തണ്ടിന്‍റെയും  ചേറിന്‍റെയും പച്ചഗാന്ധ൦ നിറഞ്ഞ ജൈവ സമൃദ്ധിയുടെ അത്തരം ഇടങ്ങള്‍ ഇന്നു ഭൂമിയുടെ അടരുകളിലേക്ക് ആണ്ടുപോയിരിക്കുന്നു. എന്നിട്ടും ഓര്‍മ്മകളിലെ ആ ഗാന്ധ൦ പഴയതലമുറയെ ഗൃഹാതുരത്വത്തിന്‍റെ മത്തുപിടിപ്പിക്കുന്നുണ്ട്. ജീവിതത്തിന്‍റെ ഈ മധ്യാഹ്നത്തില്‍ ഒരു വയല്‍ കാണുന്നത് അപൂര്‍വ്വമായിരിക്കുന്നു.ഞങ്ങളുടെ ജീവിതം വിതയേറ്റിയ ആ കണ്ണീര്‍പ്പാടം പുതിയ തലമുറക്കന്യമാണ്. പരല്‍മീനും വയല്‍പ്പൂക്കളും കൈത്തോടും കൊക്കും കുളക്കോഴിയും ഇല്ലാത്ത, ഓര്‍മ്മകളിലെവിടെയും ഞാറ്റടിപ്പാട്ടിന്‍റെ ഒരീണ൦. പോലുമില്ലാത്ത ബാല്യവും കൌമാരവും ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഇന്നത്തെ കുട്ടികള്‍ എത്ര നിര്‍ഭാഗ്യവാന്മാരാണ്.

ജീവിതത്തില്‍, എന്‍റെ കുടുംബത്തിന് ദേശാടനക്കാരെപ്പോലെ പലയിടങ്ങളില്‍ താമസിക്കേണ്ടിവന്നിട്ടുണ്ട്. മുന്‍പ് ഒരു വയലുണ്ടായിരുന്നിടത്ത് ഇന്ന്‍വീടുകള്‍ നിറഞ്ഞിരിക്കുന്നു. ആ വയലിലൂടെ ഒഴുകിയിരുന്ന ഒരു കൈത്തോട് വായനയും കവിതയുമായി കഴിയുന്നത്‌. അവസാനമായി പടിയിറങ്ങി പോകും മുന്‍പേ തോട്ടുവരമ്പത്ത് അപ്പന്‍ നാട്ടു പിടിപ്പിച്ച ഒരു ഞാവല്‍ ച്ചെടിയും നാട്ടു മാവും ഇന്നു വളര്‍ന്നു വലിയ മരങ്ങളായിരിക്കുന്നു. വേനലില്‍, കൃഷ്ണ മണികള്‍ പോലുമുള്ള ഞാവല്‍പ്പഴങ്ങളും വാത്സല്യം മധുരിക്കുന്ന മാമ്പഴങ്ങളും കാറ്റില്‍ ഉതിര്‍ന്നു വീഴുമ്പോള്‍ മക്കള്‍ ഓടിച്ചെന്ന് അവയെടുക്കും. ഞാനവരോട് പറയും, ” മുന്‍പ് ഇവിടെ ഒരു വയലയിരുന്നു. ഈ തോട്ടുവക്കത്ത് നിങ്ങളുടെ അപ്പൂപ്പന്‍ നട്ടതാണ് ഈ മരങ്ങള്‍. മാമ്പഴത്തിലും  ഞാവല്‍പ്പഴങ്ങളിലും അപ്പൂപ്പന്‍റെ സ്നേഹമുണ്ട്”. ബാല്യത്തിലും കൌമാരത്തിലും എത്തിയ മക്കള്‍ അതിന്‍റെ പൊരുളറിയാതെ ചിരിച്ചുകൊണ്ട് അതു തിന്നുകൊണ്ടിരിക്കും. പക്ഷെ, എനിക്കറിയാം, അവരുടെ പുഞ്ചിരിയില്‍ ദൂരെ ഒരിടത്ത് ഒരസ്ഥിമാടം സ്പന്ദിക്കുന്നുണ്ട്.

അഞ്ചപ്പാലത്ത് പാലാഴി തീര്‍ക്കുന്ന ഹബീബ്

 

“നല്ലരീതിയില്‍ പശുക്കളെ പരിപാലിക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ നല്ലത് മാത്രമെ ഉണ്ടാവുകയുളൂ”.കൊടുങ്ങലൂരിനടുത്ത്  അഞ്ചപ്പാലത്ത് ബാവ ഡയറി ഫാം നടത്തുന്ന ഹബീബ് എന്ന ക്ഷീരകര്‍ഷകന്‍റെ വാക്കുകളാണിത്. ” എല്ലാ മതഗ്രന്ഥത്തിലും  പശുവിനെ ദൈവീകവും പവിത്രവുമായാണ് പരാമര്‍ശിച്ചിരിക്കുന്നത്” ഹബീബ് കൂട്ടിച്ചേര്‍ത്തു. “പശുവിന്‍റെ മണമാണ് എന്‍റെ ബാല്യകാല സ്മരണകള്‍ക്ക്. വാപ്പയ്ക്ക് പശു വളര്‍ത്തലായിരുന്നു ജോലി. വീട്ടില്‍ 40 ഓളം പശുക്കളുണ്ടായിരുന്നു.”

ദുബായില്‍ എ.സി  ടെക്നീഷ്യന്‍ ആയിരുന്ന ഹബീബ് 23 വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. അപ്പോഴേക്കും വാപ്പ മരിച്ചിരുന്നു. വാപ്പയുടെ മരണത്തോടെ വീട്ടില്‍ പശുക്കള്‍ അന്യം നിന്നുപോയി. നാട്ടില്‍ സ്ഥിരതാമസം തുടങ്ങിയതോടെ വീട്ടാവശ്യത്തിനുവേണ്ടി ആദ്യം ഒരു പശുവിനെ വാങ്ങി ഹബീബ് . പിന്നീടത് അഞ്ചെണ്ണമായി . തൊഴുത്ത് വിപുലീകരിച്ചു.  9 വര്‍ഷം പിന്നിടുമ്പോള്‍ ഹബീബിന്‍റെ ഫാമിലെ പശുക്കളുടെ എണ്ണം 32. എച്ച്. എഫ്, ജഴ്സി , സ്വിസ്സ് ബ്രൌണ്‍, ബ്രഹ്മ(ക്രോസ് ഇനം) തുടങ്ങി വിവിധയിനത്തില്‍ പെട്ട ഗോക്കള്‍ ഹബീബിന്‍റെ ഫാമിനെ അലങ്കരിക്കുന്നു.  ബ്രഹ്മ  ഇനം പശു ദിവസേന മുപ്പത് ലിറ്റര്‍ പാല്‍ നല്‍കും. ഗുജറാത്തില്‍നിന്നുള്ള കാന്‍ഗ്രജ്   പശുവിന്‍റെ ബീജം അമേരിക്കയില്‍ സങ്കലനം നടത്തി ഉണ്ടാക്കിഎടുത്ത പുതിയ ഇനമാണ് ബ്രഹ്മ. കൊടുങ്ങല്ലുരില്‍നിന്നും അധികം ദൂരത്തല്ലാതെ സാമാന്യം തിരക്കുള്ള അഞ്ചപ്പാലം ജംഗ്ഷനിലാണ് നാല്പത് സെന്‍റ് സ്ഥലത്ത്  ബാവ ഡയറി ഫാം സ്ഥിതി ചെയ്യുന്നത്.

“ഈ തിരക്കു പിടിച്ച ജംഗ്ഷനില്‍  ഫാമോ?”

ഏതൊരാളും അത്ഭുത ത്തോടെ ചോദിച്ചു പോകും.

അതിനുള്ള മറുപടി ഹബീബിന്‍റെ വാക്കുകളില്‍. ” ഈ നാട്ടുകാരെല്ലാം തന്നെ എന്‍റെ കസ്റ്റമേഴ്സ് ആണ്. ഒരു കലര്‍പ്പുമില്ലാത്ത  പാല്‍ ജനങ്ങള്‍ക്കു കൊടുത്തുകൊണ്ടിരിക്കുന്നു.  ലാഭത്തിനുവേണ്ടി മാത്രമല്ല, ഇതൊരു ജനസേവനം കൂടിയാണ്. ഈപ്രവൃത്തിയിലൂടെ ഞാന്‍ നല്ല ആത്മസംതൃപ്തിയും അനുഭവിക്കുന്നു.മുന്നൂറ്ലിറ്റര്‍ പാല്‍ രാവിലെയും നൂറ്റി എണ്പതു ലിറ്റര്‍ പാല്‍  ഉച്ചതിരിഞ്ഞും ഇവിടെ കറക്കുന്നു. ഈ പാല്‍ അത്രയും തന്നെ നാട്ടുകാര്‍ നേരിട്ടു ഫാമിലെത്തി വാങ്ങിക്കൊണ്ടുപോകുന്നു. അതുകൊണ്ട്തന്നെ ഈ ഫാം എന്‍റെ മാത്രമല്ല നാട്ടുകാരുടേയും കൂടി ആവശ്യമാണ്‌. ഇവിടെനിന്ന്‍ ഒരു ദുര്‍ഗന്ധവും ഉയരുകയില്ല.

ഹബീബും രണ്ട് സഹായികളും തൊഴുത്‌  അപ്പപ്പോള്‍തന്നെ വൃത്തിയാക്കുന്നു. അമ്പതുകാരനായ

ഹബീബിന്‍റെ ദിനചര്യ ഇങ്ങനെ.

പുലര്‍ച്ചെ 2 മണിക്ക് രണ്ട് സഹായികളുമൊന്നിച്ച് ഫാമിലെത്തും. ആദ്യം തൊഴുത്ത് വൃത്തിയാക്കും. പിന്നീട് പശുക്കളെ കുളിപ്പിക്കും. അതിനുശേഷം കറവ ആരംഭിക്കും. മിഷ്യന്‍ ഉപയോഗിച്ചാണ് കറവ. കൈസ്പര്‍ശം പോലും പാലില്‍ ഏല്‍ക്കരുത് എന്ന്‍ നിര്‍ബന്ധബുദ്ധിക്കാരനാണ് ഹബീബ്. സമീപത്തെ 3 അമ്പലങ്ങളിലേക്ക് പാല് കൊണ്ടുപോകുന്നുണ്ട്. പിന്നീട് ചായക്കടക്കാര്‍ വരും. പിന്നെ വീടുകളില്‍നിന്നും ആളുകള്‍ വരും. 7 മണിവരെ കച്ചവടം തുടരും. 10 മണിവരെ ക്ലീനിംഗ്. 11 മണി പശുക്കളെ വീണ്ടും കുളിപ്പിക്കും. അല്പനേരത്തെ വിശ്രമത്തിനുശേഷം തിരിച്ചെത്തി ഉച്ചക്കുശേഷമുള്ള  കറവ ആരംഭിക്കും. ശുദ്ധിയുടെ കാര്യത്തില്‍ വിട്ടു വീഴ്ച്ചയുമില്ലാത്ത ഹബീബ് പശുക്കളെ ഒരു ദിവസം 3 തവണയാണ് കുളിപ്പിക്കുന്നത്. പരുത്തിക്കുരു, അരിത്തവിട്, അവല്‍, ചോളത്തവിട്, ഗോതമ്പ് തവിട്, ഉഴുന്ന് തവിട്, കെ.എസ്, ഗോദ്റേജ്  എന്നിവയാണ് പശുക്കള്‍ക്കുള്ള പ്രധാന തീറ്റ.

തൊഴുത്തില്‍ 9 സീലിംഗ് ഫാനുണ്ട്. ഇതിനു പുറമെ 4 എയര്‍ വെന്‍റിലേറ്റര്‍ ഫാനും ഉണ്ട്.

ചാണകം ചെറിയ പച്ചക്കറി  കര്‍ഷകര്‍ക്ക് ഫ്രീയായിട്ട് കൊടുക്കും. ബാക്കിയുള്ളത് വില്‍ക്കും. ഈ മേഖലയിലേക്ക് വരുന്ന പുതിയ കര്‍ഷകര്‍ക്കുള്ള ഹബീബിന്‍റെ ഉപദേശം ഇതാണ്.

“കൃഷി ഏറ്റവും ലാഭകരമായ ബിസിനസ്സാണ്. നോക്കി നടത്തിയില്ലെങ്കില്‍ വലിയ നഷ്ടo സംഭവിക്കും. ഉറക്കമൊഴിയാനും അദ്ധ്വാനിക്കാനും തയ്യാറുള്ളവര്‍ മാത്രം ഈ ഫീല്‍ഡിലേക്ക് വന്നാല്‍ മതി.

78 പശുക്കളെ കെട്ടുന്ന വിപുലീകരിച്ച വലിയ ഫാമാണ് അടുത്തലക്ഷ്യം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ഭാര്യ ഷാജിതയും ദുബായിലുള്ള മകള്‍ റുഖ്സാനയും മരുമകന്‍ മുഹസീനും ഹബീബിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  ഊര്‍ജ്ജം നല്‍കിക്കൊണ്ട് കൂടെയുണ്ട്. ഒപ്പം നല്ല പരിശുദ്ധിയുള്ള പാലിന്‍റെ ആവശ്യക്കാരായ നാട്ടുകാരും.

ഹബീബ് പി.ബി.

ബാവ ഡയറി ഫാം , അഞ്ചപ്പാലം, കൊടുങ്ങലൂര്‍

ഫോണ്‍: 9744444095

പഞ്ചഗവ്യം എന്ന ഒറ്റമൂലി

ജൈവകൃഷിയിലേക്ക് മടങ്ങുക എന്ന ഫയല്‍  കുറച്ചു നാളായി മലയാളി അവന്റെ  സ്മാര്‍ട്ട് സ്വപ്നങ്ങളുടെ ഫോള്‍ഡറില്‍ അപ് ലോഡ് ചെയ്തിട്ട്.   ജന്മനാ സിദ്ധിച്ച മടിയും ദുരഭിമാനവും കാരണം സിസ്റ്റം മൊത്തം ഹാങ്ങാവുകയാണ്.  കീടങ്ങളും, പശിമ നഷ്ടപ്പെട്ട മണ്ണും ചേര്‍ന്ന് ഉള്ള പവര്‍ സപ്ലൈയും  കെടുത്തുന്നു.

ഇതിനെല്ലാമുള്ള പരിഹാരവുമായാണ്, ജൈവികകൃഷി രീതികളുടെ പൌരാണികവും ശാസ്ത്രീയവുമായ വഴികളിലേക്ക് ഒരു കൂട്ടം കാര്‍ഷിക ശാസ്ത്രജ്ഞര്‍ നമ്മളെ നയിക്കുന്നത്. (ശാസ്ത്രീയ വിശദീകരണം ഇല്ലാത്ത എന്തെങ്കിലും നമ്മള്‍ വില വക്കുമോ?)

ആയതിനാല്‍, മണ്ണിനെയും അന്തരീക്ഷത്തെയും മലീമസമാക്കാത്ത ജൈവകീടനാശിനികളും ജൈവവളങ്ങളും ഇത്തിരി പണിപ്പെട്ടാണെങ്കിലും നമുക്കിന്നു ലഭ്യമാണ്. എന്നാല്‍ ഒരേ സമയം കീടനാശിനിയും വളവും ആയി ഉപയോഗപ്പെടുത്താവുന്ന പഞ്ചഗവ്യം തന്നെയാണ്  ഇതില്‍ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാം. കയ്യിലൊരു ഗ്ലൌസ് ഇട്ടിട്ട്‌ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂ എന്ന് തോന്നുകയാണെങ്കില്‍ ഇന്ന് തന്നെ നല്ല ദിവസം– നല്ലൊരു അടുക്കളത്തോട്ടം തുടങ്ങാന്‍.

‘ഗവ്യം’ എന്നാല്‍ ‘ഗോവില്‍ നിന്ന് ലഭിച്ചത്’.  പശുവില്‍ നിന്ന് ലഭിക്കുന്ന അഞ്ചു ഉല്പന്നങ്ങളുടെ ശ്രേഷ്ഠമായ ഒരു മിശ്രിതമാണ് പഞ്ചഗവ്യം. നാടന്‍ പശുക്കളില്‍ നിന്നു ലഭിക്കുന്നതായാല്‍ ഇത് അത്യുത്തമം തന്നെ.

5  കിലോ ചാണകം, 5 ലിറ്റര്‍ ഗോമൂത്രം, 3 ലിറ്റര്‍ പാല്‍, 3 ലിറ്റര്‍ തൈര്, 1 ലിറ്റര്‍ നെയ്യ്  എന്നിവയാണ് പഞ്ചഗവ്യത്തിന്റെ അടിസ്ഥാന ചേരുവകള്‍. ചാണകവും നെയ്യും കൂട്ടിക്കുഴച്ചതിലേക്ക് ഗോമൂത്രവും ശേഷം തൈരും ഒഴിച്ച് നന്നായി ഇളക്കണം. പിന്നീടാണ് പാല്‍ ചേര്‍ക്കുന്നത്. കറന്നു എടുത്ത ഉടനെയുള്ള പാലാണ് ചേര്‍ക്കേണ്ടത്.  ഈ മിശ്രിതം പിന്നീട് വായുഭദ്രമായ ഒരു പാത്രത്തില്‍ അടച്ചു വെക്കണം.  15 ദിവസമെങ്കിലും ഇങ്ങനെ വെക്കേണ്ടതാണ്. ഓരോ ദിവസവും നന്നായി ഇളക്കി കൊടുക്കണം. നന്നായി പുളിച്ച ഈ മിശ്രിതം ചുരുങ്ങിയത് 2 മാസത്തേക്ക് കേടുകൂടാതെ ഇരിക്കും.

ഒരു ലിറ്റര്‍ പഞ്ചഗവ്യം പത്ത് ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. ഇത് ഇലകളില്‍ തളിച്ച് കൊടുത്താല്‍ കീടങ്ങളും കുമിളുകളും ചെടിയെ ബാധിക്കുകയില്ല. മണ്ണില്‍ ഒഴിച്ച് കൊടുക്കുന്നത് മണ്ണിന്റെ നൈട്രജന്‍ ആഗിരണ ശേഷി വര്‍ദ്ധിപ്പിക്കുകയും മണ്ണിനെ ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും. നനക്കുമ്പോള്‍ വെള്ളത്തില്‍ കലര്‍ത്തിയും ഇത് നല്‍കാവുന്നതാണ്.

പഞ്ചഗവ്യത്തില്‍ അടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍, ഹോര്‍മോണുകള്‍, വിറ്റാമിനുകള്‍ എന്നിവ ചെടികള്‍ കരുത്തോടെ വളരുന്നതിനും നല്ല വിളവു തരുന്നതിനും സഹായിക്കുന്നു.

ഒരിക്കല്‍ ഉപയോഗിച്ചതിനു ശേഷം ബാക്കിയുള്ളത് മൂടി തണലില്‍ സൂക്ഷിക്കാവുന്നതാണ്.

വാല്‍ക്കഷണം:

മേല്‍ പറഞ്ഞ ചാണകം, പാല്‍, തൈര്, നെയ്യ് തുടങ്ങിയ ഓരോ ഉത്പന്നവും വെവ്വേറെ വച്ചാല്‍ പോലും മണിക്കൂറുകള്‍ക്കുള്ളില്‍ കേട് വരും എന്നത് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, നിശ്ചിത അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയാല്‍ അത് അമൃതായി മാറുന്നതായാണ് കാണുന്നത്. പശുവിനെ ‘ഗോമാതാ’വായി ആരാധിക്കുന്ന ഭാരതീയര്‍ ക്ഷേത്രങ്ങളില്‍ അഭിഷേകത്തിനും മറ്റും പഞ്ചഗവ്യം  ഉപയോഗിക്കുന്നു.  ആയുര്‍വേദത്തില്‍ ഇത്  മികച്ച ഒരു ഔഷധം കൂടിയാണ്.

ജൈവീക കീട നിയന്ത്രണോപാധികളും ഉപയോഗരീതികളും

“മുള്ളിനെ മുള്ളുകൊണ്ട്…” എന്ന നയം ശാസ്ത്രീയമായി മലയാളിയെ പഠിപ്പിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാല.  രാസകീടനാശിനികളോട് ഇനി ധൈര്യമായി “ബൈ” പറയാം..കൂട്ടുകൂടാം  പുതിയ വേട്ടക്കാരുമായി ..

ട്രൈക്കോഗ്രാമ്മ മുട്ടപരാദം

ട്രൈക്കോഗ്രാമ മുട്ടക്കാര്‍ഡുകള്‍ നെല്ലിലെ ജൈവീക കീട നിയന്ത്രണത്തില്‍ സുപ്രധാന പങ്കുവഹിയ്ക്കുന്നുണ്ട്. തണ്ടു തുരപ്പനെതിരായി ട്രൈക്കോഗ്രാമ ജപ്പോണിയ്ക്കവും, ഓലചുരുട്ടിക്കെതിരെ ട്രൈക്കോഗ്രാമ ചിലോണിസുമാണ് ഉപയോഗിക്കുന്നത്. ഒരു കാര്‍ഡില്‍ ഏകദേശം 18000-20000 വരെ മുട്ടകള്‍ ഉണ്ടാകും. ശലഭങ്ങളെ പാടത്ത് കണ്ടുതുടങ്ങുമ്പോള്‍ ഇത്തരത്തിലുള്ള പത്തുകാര്‍ഡുകള്‍(5 ടി.ജെ+5 ടി.ചി) ഒരു ഹെക്ടറിലേക്ക് എന്ന തോതില്‍ ഒരാഴ്ച ഇടവിട്ട് അഞ്ചുതവണ വെയ്ക്കേണ്ടതാണ്. ഇതിനായി കാര്‍ഡുകളെ പത്തു ചെറിയ കഷണങ്ങളാക്കി അഞ്ചുസെന്റിന് ഒരു കഷണം എന്ന തോതില്‍ വയലുകളില്‍ തെങ്ങോല ഉപയോഗിച്ചോ, പേപ്പര്‍ കപ്പുകളിലാക്കി വടികളില്‍ കുത്തിയോവച്ചു കൊടുക്കണം. ഈ കാര്‍ഡുകളില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന ട്രൈക്കോഗ്രാമ പരാദങ്ങള്‍ തണ്ടുതുരപ്പന്‍റേയും ഓലചുരുട്ടിയുടേയും മുട്ടകളെ പരദീകരിച്ച് അവയെ നശിപ്പിക്കുന്നു. സ്ഥിരമായി മുട്ടകാര്‍ഡുകള്‍ വെയ്ക്കുന്ന പാടശേഖരങ്ങളില്‍ ഒരു ഹെക്ടറിന് 5 കാര്‍ഡുകള്‍ വെച്ച് കീട നിയന്ത്രണം സാദ്ധ്യമാണ്. ഇങ്ങിനെ വെയ്ക്കുമ്പോള്‍ 10 സെന്റിന് ഒരു കഷണം എന്ന തോതില്‍ വെച്ചു കൊടുത്താല്‍ മതി. രാസകീടനാശിനികള്‍ ഉപയോഗിക്കാത്ത വയലുകളില്‍ മാത്രമേ മുട്ടകാര്‍ഡുകള്‍ വെയ്ക്കാവൂ.

മിശ്ര കുമിളുകള്‍

  • ബ്യുവേറിയ

ഇലതീനി പുഴുക്കള്‍, വണ്ടുകള്‍, നീരൂറ്റികുടിയ്ക്കുന്ന കീടങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന മിശ്രകുമിള്‍.

  • ഫ്യുസേറിയം

പയറിലും  മറ്റും കാണുന്ന കറുത്ത മുഞ്ഞയ്ക്കെതിരെ ഉപയോഗിക്കാവുന്നതാണ്‌.

  • വെര്‍ട്ടിസിലിയം

മീലിമൂട്ട, വെള്ളീച്ച, മറ്റു നീരൂറ്റികുടിക്കുന്ന കീടങ്ങള്‍ എന്നിവയ്ക്കെതിരെ പ്രായോഗിക്കാം.

  • മെറ്റാറൈസിയം

ചിതലുകള്‍, മണ്ണിലുള്ള വേരുതീനിപ്പുഴുക്കള്‍ എന്നിവയെ നശിപ്പിക്കുന്നു.

ഉപയോഗിക്കുന്ന വിധം

കുമിളുകളുടെ വിത്തുകള്‍ ‘ടാല്‍ക്കിന്‍’ കലര്‍ത്തിയാണ് വിപണനം നടത്തുന്നത്.  ഇത്തരത്തിലുള്ള 10 ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചുകൊടുക്കാവുന്നതാണ്.  ഒരു ലിറ്റര്‍ മിത്രകുമിള്‍ ലായനിയില്‍ 5 ഗ്രാം ബാര്‍സോപ്പ് അലിയിച്ച് പതപ്പിച്ച് ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.  സോപ്പിനുപകരം ‘ട്വീന്‍ 80′ എന്ന ‘എമള്‍സി ഫയര്‍’ 2 മില്ലി ഒരുലിറ്റര്‍ ലായനിയ്ക്ക് ചേര്‍ത്താലും മതി.  സാധാരണ ഷാംപൂ ‘ട്വീന്‍ 80′ പോലെ തന്നെ പ്രവര്‍ത്തിക്കുന്നതായി കണ്ടിട്ടുണ്ട്.  മീലിമൂട്ട പോലുള്ള കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കുമ്പോള്‍ 20 ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കണം.  വിളകള്‍ക്ക് ദോഷം ചെയ്യാത്ത വിധത്തില്‍ സോപ്പുലായനി തനിയെ തളിച്ചതിനുശേഷം മിശ്രകുമിള്‍ ലായനി തളിച്ചു കൊടുക്കുന്നത് കൂടുതല്‍ ഫലം ചെയ്യുന്നു.

മുന്‍കരുതലുകള്‍

  • രാസകീടനാശിനികള്‍ /രാസവളങ്ങള്‍ ഇവയ്ക്കൊപ്പം മിശ്രകുമിളുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
  • രാസകീടനാശിനികള്‍/ രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ 15 ദിവസത്തിനുശേഷമേ ഇവ ഉപയോഗിക്കാവൂ.
  • ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ ഇര്‍പ്പം ഉണ്ടായിരിക്കണം.
  • നേരിട്ടു സൂര്യ പ്രകാശം ഏല്‍ക്കാത്ത സ്ഥലങ്ങളില്‍ മാത്രം സുക്ഷിക്കുക.

ജൈവീക രോഗനിയന്ത്രണമാര്‍ഗ്ഗങ്ങള്‍

സ്യൂഡോമോണാസ്

ചേടികളുടെ വേരിനോട് ചേര്‍ന്നു ജീവിക്കുന്ന ഒരു മിത്ര ബാക്ടീരിയയാണിത്.  ഇത് ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനോടൊപ്പം രോഗ പ്രതിരോധശേഷിയും നല്‍കുന്നു.  വിളകളില്‍ കുമിള്‍, ബാക്ടീരിയ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ഇത് ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം

വിത്തില്‍ പുരട്ടുന്നതിന്:  10 ഗ്രാം സ്യൂഡോമോണാസ് പൊടി ഒരു കിലോഗ്രാംവിത്തിന് എന്ന തോതില്‍ വിത്തുമായി കലര്‍ത്തി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവെച്ച ശേഷം മുളയ്ക്കാന്‍ വെക്കണം.

വേരില്‍ മുക്കുന്നതിന്:  പറിച്ചു നടുന്നതിനുമുമ്പ് ചെടിയുടെ വേര് സ്യൂഡോമോണാസ് കലക്കിയ വെള്ളത്തില്‍ 20 മിനിറ്റുനേരം മുക്കി വെച്ചശേഷം നടാവുന്നതാണ്.

മണ്ണില്‍ ചേര്‍ക്കുന്നതിന്:  സ്യൂഡോമോണാസ് പൊടി ഒരു കിലോഗ്രാം ഒരേക്കറിന് എന്ന തോതില്‍ ചാണകപ്പൊടിയുമായോ മണലുമായോ കലര്‍ത്തി മണ്ണില്‍ ചേര്‍ത്തുകൊടുക്കാനുപയോഗിക്കാം.

തളിക്കുന്നതിന്:  2-10 ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചും രോഗത്തെ നിയന്ത്രിക്കാവുന്നതാണ്.  നെല്ലിന്‍റെ രോഗങ്ങള്‍ക്കും വഴുതന, വെള്ളരി, പയറുവര്‍ഗ്ഗവിളകള്‍, സുഗന്ധ വിളകള്‍ എന്നിവയില്‍ കാണുന്ന തൈചീയല്‍, കായ്‌ചീയല്‍, തണ്ടുചീയല്‍, ഇലപ്പൊട്ടുരോഗങ്ങള്‍, മഞ്ഞളിപ്പുരോഗങ്ങള്‍ എന്നിവയ്ക്കുമെതിരെ വളരെ ഫലപ്രദമാണ്.

ട്രൈക്കോഡെര്‍മ

വിളകളിലെ മണ്ണിലൂടെ പകരുന്ന കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള ഒരു മിശ്ര കുമിളാണ് ട്രൈക്കോഡെര്‍മ.

ഉപയോഗക്രമം

ഒരു കിലോഗ്രാം ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ 100  കിലോഗ്രാം ചാണകപ്പൊടി, 10 കിലോഗ്രാം വേപ്പിന്‍പ്പിണ്ണാക്ക് എവയുമായി കലര്‍ത്തി വെള്ളം തളിച്ച് ഇളക്കി തണലുള്ള സ്ഥലത്ത് ചെറുകൂനയാക്കി ഈര്‍പ്പമുള്ള  ചാക്ക് ഉപയോഗിച്ച് മൂടിയിടുക.  ഈ മിശ്രിതം വീണ്ടുമിളക്കി ആവശ്യത്തിന് വെള്ളം തളിച്ച് കൂനയാക്കി ഒരാഴ്ച കൂടി മൂടിയിടുക.  ഇപ്രകാരം തയ്യാറാക്കിയ ട്രൈക്കോഡെര്‍മ മിശ്രിതം മണ്ണില്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്.

വിവിധ വിളകളിലെ ഉപയോഗക്രമം:

കുരുമുളകിലെ ദ്രുതവട്ടം തടയുന്നതിന് കൊടിയൊന്നിന് 5 കിലോഗ്രാം മിശ്രിതം മഴ കിട്ടുന്നതോടൊപ്പം കൊടിയുടെ ചുവട്ടില്‍ മണ്ണില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.  ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ മൂടുചീയല്‍ തടയുന്നതിന് വിത്ത് നടുന്ന കുഴിയില്‍ 25ഗ്രാം മിശ്രിതമിട്ട് അതിനുമുകളില്‍ വിത്ത് നടാം.  നഴ്സറി തൈകള്‍ തയ്യാറാക്കുമ്പോള്‍ പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കാന്‍ ഉപയോഗിക്കാം.

വാനില, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, വഴ, വെറ്റില, ഓര്‍ക്കിഡ്, ആന്തൂറിയം എന്നിവയില്‍ കാണുന്ന മിക്ക രോഗങ്ങളേയും നിയന്ത്രിക്കാന്‍ സ്യൂഡോമോണാസ്  ട്രൈക്കോഡെര്‍മയും ഉപയോഗിക്കാവുന്നതാണ്.

മുന്‍കരുതലുകള്‍

കുമിള്‍ നാശിനികള്‍, രാസവളങ്ങള്‍, ചാരം കലര്‍ന്ന ജൈവവളങ്ങള്‍ ഇവയോടൊപ്പം സ്യൂഡോമോണാസും ട്രൈക്കോഡെര്‍മയും ഉപയോഗിക്കാന്‍ പാടുള്ളതല്ല.

  • കുമിള്‍ നാശിനികള്‍/ രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ 15 ദിവസമെങ്കിലും കഴിഞ്ഞേ ഇവ ഉപയോഗിക്കാവൂ.
  • മണ്ണില്‍ ഈര്‍പ്പമുള്ളപ്പോള്‍ മാത്രം ഇവ ഉപയോഗിക്കുക.
  • നേരിട്ടു സൂര്യ പ്രകാശം ഏല്‍ക്കാത്ത സ്ഥലങ്ങളില്‍ മാത്രം സൂക്ഷിക്കുക.

ഇത്തരത്തില്‍ ജൈവീക നിയന്ത്രണ രീതികള്‍ അനുവര്‍ത്തിക്കുന്നതുകൊണ്ട് കൃഷിയിടങ്ങളിലെ പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നു.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

വിദ്യ വിജയന്‍

വള്ളിയില്‍ പടര്‍ന്ന് പന്തലിച്ചു വളരുന്ന വള്ളി ചെടിയാണ് മുന്തിരി. വളരെ അധികം വിപണനമൂല്യം ഉള്ള ഫലം കൂടിയാണ്  മുന്തിരിങ്ങ. മുന്തിരിയുടെ നീരുകൊണ്ട് പലതരം പാനീയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മുന്തിരി വിപണിയില്‍ എന്നും പ്രിയംകരം.

വള്ളി മുറിച്ചു നട്ടാണ് മുന്തിരി വളര്‍ത്തുന്നത്. വര്‍ഷം തോറും ശിഖരം കോതല്‍ (പ്രൂണിങ്) എന്നിവ  പരിചരണത്തില്‍  ഏറ്റവും മുഖ്യം. ഇങ്ങനെ കിട്ടുന്ന വള്ളിക്കഷ്ണങ്ങള്‍ നടീലിന് ഉപയോഗിക്കുന്നു. കൂടകളില്‍ വേരുപിടിപ്പിച്ച തൈകള്‍ നഴ്സറികളില്‍ വാങ്ങാന്‍ കിട്ടും. ഇതാണ് അധികം പേരും നടാനുപയോഗിക്കുക.

90x90x90 സെ.മീ. വലിപ്പത്തില്‍ കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തിലെടുക്കുന്നു. അതില്‍ വേപ്പിന്‍ പിണ്ണാക്ക് മൂന്ന്കിലോ, റോക്ക്ഫോസ്ഫേറ്റ് ഒരു കിലോ എന്നിവ കലര്‍ത്തിയ മണ്ണിട്ടു നിറച്ചു തൈകള്‍ നടണം. പന്തല്‍ ഉറപ്പായും ഉണ്ടായിരിക്കണം . മുന്തിരിക്കൃഷിയില്‍ പ്രധാന ചെലവ് വരുന്നത്  പന്തലിനുതന്നെയാണ്.

ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണ് പന്തലിടുന്നതെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലില്‍ വള്ളി തൊടുമ്പോള്‍ തലപ്പ്‌ നുള്ളിവിടുക. പരിചരിക്കുന്നതിനും കായ്കള്‍ പറിക്കുന്നതിനുമാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.

വളങ്ങള്‍  ചടിയൊന്നിന്  വര്‍ഷന്തോറും പ്രയോഗിക്കുന്നു. ജൈവവളം 50 കി.ഗ്രാം, ഒന്നരകിലോഗ്രാം യൂറിയ, രണ്ടു കിലോ ഗ്രാം റോക്ഫോസ്ഫേറ്റ്, അഞ്ചു കി.ഗ്രാം പിണ്ണാക്കുവളങ്ങള്‍ എന്നിവയാണ് പ്രയോഗിക്കാറുള്ളത്. വേനല്‍ കാലത്ത് നന്നായി  നനച്ചുകൊടുക്കണം.

കൊമ്പുകോതല്‍ : മുന്തിരിക്കൃഷിയില്‍ അനിവാര്യവും അതിപ്രധാനുമായ കൃഷി പരിചരണമാണിത്.

പൂവിടുന്ന നാമ്പുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുക എന്നതാണിതിന്‍റെ ലക്ഷ്യം. കമ്പുകള്‍ കോതി മാറ്റുന്നതോടെ സസ്യാഹാരം അതിനു താഴെയുള്ള ഭാഗങ്ങളില്‍ കൂടുതലളവില്‍ കിട്ടുകയും വളര്‍ച്ച പുഷ്ട്ടിപ്പെടുകയും ചെയ്യും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കൊമ്പു കോതണം. ഏതെങ്കിലുമൊരു തോട്ടം സന്ദര്‍ശിച്ച് ഇക്കാര്യം നേരിട്ടരിയുന്നതു നന്നായിരിക്കും. വ്യാപകമായ കൃഷി ഇല്ലാത്തതിനാലാകാം കേരളത്തില്‍ കാര്യമായ കേടുകള്‍ കാണാറില്ല.

ലോകത്തില്‍ 8000ത്തില്‍ പരം മുന്തിരിയിനങ്ങളാണ് ഉള്ളത്.  അനാബെഷാഹി, ഗുലാബി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്റി, കാളി സാഹേബി, തോംസണ്‍, സീഡ്ലസ് തുടങ്ങിയവയാണ് ഇന്ത്യയില്‍ കൃഷിചെയുന്ന ഇനങ്ങള്‍. കൂടാതെ ശരദ്സീഡ്ലസ് എന്ന ഇനവും പ്രചാരത്തിലുണ്ട്.  ഇത് 110 ദിവസംകൊണ്ട് പഴുത്തുപാകമാകുകയും ഹെക്ടറിന് 25 ടണ്‍ വിളവ്‌ ലഭിക്കുകയും ചെയുന്നു. ഇതിനു മാംസളവും മണവും കൂടുതലാണ്.

വീട്ടുമുറ്റത്ത് കൃഷിചെയ്യാവുന്ന ഇനമാണ് “ബാംഗ്ലൂര്‍ പര്‍പ്പിള്‍”. ഇന്ന്‍ വിപണിയില്‍ സാധാരണമായി കാണുന്നതും ഈ ഇനത്തില്‍പ്പെട്ട മുന്തിരിയാണ്. തമിഴ്നാട്ടില്‍ ഇതിനെ ചാണദ്രാക്ഷ എന്നാണ് അറിയപ്പെടുന്നത്. ഇടത്തരം കുലകളാണ്ബാംഗ്ലൂര്‍ പര്‍പ്പിളിനുള്ളത്. നീല കലര്‍ന്ന കറുപ്പു നിറവും, ഉരുണ്ട കുരുവും, കട്ടിയുള്ള തൊലിയും, ഉള്ളില്‍ മാംസളവും ഉള്ളതാണ് ഈ ഇനം. എന്നാല്‍ മറ്റുള്ളതിനെ അപേക്ഷിച്ച് മധുരം അല്പം കുറവായിരിക്കും. എങ്കില്‍ കൂടിയും നമ്മുടെ കാലവസ്ഥക്ക് അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പിള്‍ തന്നെ.

ഏതുകാലത്തും നടാവുന്ന ഒന്നാണ് മുന്തിരി. വെയില്‍ അത്യാവശ്യമായതുകൊണ്ട് നല്ല വെയില്‍ കിട്ടുന്നിടത്തുവേണം മുന്തിരി  നടാന്‍. ചെടി വളരുന്നതിനൊപ്പം ഇലകള്‍ അടുപ്പിച്ചുവരുന്ന പറ്റുവള്ളികള്‍ പറിച്ചുകളയണം. തലപ്പ്‌ നുള്ളിവിട്ടത് ഒരടി വളരുമ്പോള്‍ വീണ്ടും നുള്ളികളയുക. ഇത് പന്തലില്‍ വള്ളി മുഴുവനായും  വ്യാപിക്കുന്നതുവരെ ചെയ്യുക. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടി ഒരു സെന്‍റ്  സ്ഥലത്ത് വളരുന്നു.  ശേഷം എല്ലാ തലപ്പുവള്ളികളെയും ഒരടി നീളത്തില്‍  മുറിച്ചുമാറ്റുകയും എല്ലാ ഇലകളും അടര്‍ത്തിമാറ്റുകയും ചെയ്യണം. 15 ദിവസത്തിനുശേഷം പുതിയ തളിരിലയ്ക്കൊപ്പം ഇളംപച്ചനിറത്തിലുള്ള പൂക്കള്‍ വന്നുതുടങ്ങും. 14 ദിവസത്തിനുശേഷം തലപ്പ്‌ വീണ്ടും ഒന്നരയടിയോളം വളരുന്നു. അവയുടെ തലപ്പും നുള്ളിവിടുക. ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റുക. ഒപ്പംതന്നെ സ്പ്രിംഗ് പോലെ കാണപ്പെടുന്ന വള്ളികളും നീക്കംചെയ്യുക. ഇലകള്‍ നീക്കം ചെയ്താല്‍ പന്തല്‍ വള്ളി മാത്രമായി കാണണം. പൂവിട്ട് 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്തു പാകമാകുന്നു.

ചെടിയില്‍വെച്ചുതന്നെ മുന്തിരി പഴുക്കണം. മുന്തിരി  പച്ചയായി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല.  വിളവെടുപ്പിനുശേഷം  കൊമ്പുകോതിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്നുതവണ വിളവെടുക്കാം. പഴങ്ങള്‍ കിളി കൊത്താതിരിക്കാന്‍ നെറ്റ് വിരിച്ച് സംരക്ഷിക്കാം. നന്നായി നോക്കിയാല്‍ മുന്തിരി 30വര്‍ഷo വരെ നിലനില്‍ക്കും.

ആസൂത്രണത്തോടെ പച്ചക്കറിത്തോട്ടം

നന്നായി ആസൂത്രണം ചെയ്ത് അടുക്കളതോട്ടം ഒരുക്കിയാല്‍ വീട്ടിലേയ്ക്ക് ആവശ്യമുളള അളവില്‍ പലയിനം പച്ചക്കറികള്‍ ഉറപ്പാക്കാം. ഒപ്പം തോട്ടത്തിലെ കീട, രോഗബാധ കുറയ്ക്കുകയും ചെയ്യാം. ഗൃഹനിര്‍മ്മാണത്തിനു മുമ്പായി നടത്തുന്ന കണക്കുകൂട്ടലുകളും ആസൂത്രണവും പോലെ പ്രധാനമാണ്. പച്ചക്കറിത്തോട്ടം ഒരുക്കുന്നതിനളള പ്ലാനിങ്ങ്, തോട്ടത്തിലെ ഓരോ ഇഞ്ച് സ്ഥലവും ഉപയുക്തമാക്കാന്‍ ശാസ്ത്രീയമായ പ്ലാനിങ്ങ് സഹായിക്കുന്നു.
വിസ്തൃതി അടുക്കളത്തോട്ടത്തിന് കൃത്യമായ വിസ്തൃതി ആവശ്യമില്ല. ഭൂമിയുടെ കിടപ്പ്, സ്ഥലലഭ്യത എന്നിവയനുസരിച്ച് വിസ്തൃതി നിശ്ചയിക്കാം. വീട്ടുവളപ്പിനു വിസ്താരമുളളപക്ഷം 10 സെന്‍റുവരെ വലുപ്പമുളള തോട്ടമൊരുക്കാം. സ്ഥലലഭ്യത കുറവാണെങ്കില്‍ തോട്ടത്തിന്‍റെ വിസ്തൃതിയും കുറയ്ക്കാം. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച്, ഒരാള്‍ക്ക് അരസെന്‍റ് എന്ന തോതില്‍ എടുക്കുന്നതും നന്ന്. സ്ഥലം തീരെ കുറവാണെങ്കിലും വിഷമിക്കേണ്ട. ഒരു സെന്‍റില്‍ (40 ച.മീ) പോലും മികച്ച
അടുക്കളത്തോട്ടമുണ്ടാക്കാം. ശാസ്ത്രീയമായി സംവിധാനം ചെയ്യണമെന്നുമാത്രം. സ്ഥലം തിരഞ്ഞെടുക്കല്‍ വീടിനോടു ചേര്‍ന്നുളള സ്ഥലമാണ് ഏറ്റവും നല്ലത്. മേല്‍നോട്ടത്തിനും പരിചരണത്തിനും ഇതാണ് സൗകര്യപ്രദം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമായിരിക്കണം. തണല്‍ കൂടിയാല്‍ വളര്‍ച്ചയും വിളവും കുറയും. അടുക്കളയുടെയും, കുളിമുറിയുടെയും അടുത്തായാല്‍ ഇവിടെനിന്നു പുറത്തുവരുന്ന വെളളംകൊണ്ട് നനയ്ക്കാമെന്ന മെച്ചവുമുണ്ട്. എന്നാല്‍ സോപ്പുവെളളം, ഡിറ്റര്‍ജെന്‍റുകള്‍ എന്നിവ അടങ്ങിയ വെളളം പച്ചക്കറികള്‍ക്കു നല്ലതല്ല. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുളള മണ്ണില്‍ പച്ചക്കറികള്‍ നന്നായി വളരും. മണല്‍ കൂടുതല്‍ ഉള്ളിടത്ത് തവണകളായി ജൈവവളം കൊടുക്കുന്നതാണ് ഉചിതം.
എന്നാല്‍ ഈ തോട്ടത്തിന്‍റെ നീളവും വീതിയും കുടുംബാംഗങ്ങളുടെ താല്‍പര്യത്തിന് അനുസൃതമായി മാറാം. വിസ്തൃതി ഒരു സെന്‍റില്‍ കുറയരുത് എന്ന് മാത്രം.
പത്ത് സെന്‍റ് അഥവാ 400 ച. മീറ്റര്‍ സ്ഥലത്ത് 12 പ്ലോട്ടുകളിലായാണ് പലയിനം പച്ചക്കറികള്‍ ആണ്ടുവട്ടം കൃഷി ചെയ്യുന്നത്. കേരളത്തിലെ നഗരങ്ങളില്‍ ഒരു സാധാരണ വീട്ടില്‍ ഇത്രയും സ്ഥലം സൂര്യപ്രകാശം നന്നായി ലഭിക്കുന്ന വിധം ഒഴിഞ്ഞുകിടക്കാനിടയില്ല. അതിനാല്‍ വീടിന്‍റെ പരിസരഘടന അനുസരിച്ച് മൊത്തം വിസ്തൃതിയില്‍ കുറവു വരുത്താം. എന്നാല്‍ അടിസ്ഥാന ആശയങ്ങള്‍ക്കു മാറ്റമുണ്ടാക്കാതെ നോക്കണം.
ശാസ്ത്രീയമായി വിളക്രമീകരണം നടത്തണം. അതുവഴി കീട, രോഗ ശല്യം കുറയ്ക്കാം. ഒരേ തരത്തിലുളള വിളകള്‍ ഒരു സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടിനടുത്ത് നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാന്‍.

വിം, ഡിറ്റര്‍ജെണ്ട് എന്നിവ കലര്‍ന്ന വെള്ളം ഉപയോഗിക്കരുത്

അതിര്‍ത്തി തിരിക്കാന്‍ മധുരച്ചീര നന്ന്.

വശങ്ങളില്‍ പടര്‍ന്നുകയറുന്ന പച്ചക്കറികള്‍ നടുകയാണെങ്കില്‍സ്ഥലം ലാഭിക്കാം.
(ഉദാ. കോവല്‍, നിത്യവഴുതിന, പീച്ചില്‍, പയര്‍)

വേലിക്ക് ഇടയ്ക്ക് അഗത്തിച്ചീര നടാം

ദീര്‍ഘകാല വിളകള്‍ കഴിവതും ഒരു ഭാഗത്ത് (വടക്കുവശം) നടണം.

തണല്‍ വേണ്ട വിളകള്‍ ദീര്‍ഘകാല വിളകള്‍ക്കിടയില്‍ വളര്‍ത്താം.
(ഉദാ. കാന്താരി, സാമ്പാര്‍ചീര, ചേന, എന്നിവ)

വളമായി മണ്ണിര കമ്പോസ്റ്റ്, സാധാരണ കമ്പോസ്റ്റ് എന്നിവ നിര്‍ബന്ധം.

ഒരു കുടുംബത്തില്‍പ്പെട്ട വിളകള്‍ ഒരു ഭാഗത്ത് കൃഷി ചെയ്യരുത്. (ഉദാ. തക്കാളി, വഴുതിന, മുളക്)

വീട്ടിലെ പച്ചക്കരിത്തോട്ടത്തിലേയ്ക്ക് ഇനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാലം  വിളവ് നല്‍കുന്ന ഇനങ്ങള്‍ ഉള്‍പ്പെടുത്തണം.

.

അടുക്കളയില്‍ നിന്നും അടുക്കള തോട്ടത്തിലേക്ക് വളമുണ്ടാക്കാം

വൃത്തിയായി സൂക്ഷിക്കുന്ന പുല്‍ത്തകിടിയിലും, പൂന്തോട്ടത്തിലുമൊക്കെ ഒരു ശല്യമായിട്ടാണ് മണ്ണിരയെ കാണുന്നത്. പക്ഷേ ജൈവീകമായി ഒരുക്കുന്ന ഗാര്‍ഡന് സിന്തെറ്റിക്കും, അജൈവീകമായ വളം ഉപയോഗിക്കാനേ പാടില്ല. പകരം മണ്ണിര കമ്പോസ്റ്റാണ് ഉപയോഗിക്കേണ്ടത്.
കര്‍ഷകന്‍റെ മിത്രമായ മണ്ണിരയെ കാര്‍ഷികഗവേഷണകേന്ദ്രങ്ങളില്‍ നിന്നോ, ഈര്‍പ്പമുളള മണ്ണില്‍ നിന്നോ ലഭ്യമാക്കാം. ഒരു മണ്ണിര കംപോസ്റ്റ് നിര്‍മ്മാണ യൂണിറ്റൊരുക്കുന്നതിനുളള നടപടികള്‍ ഇത്തരത്തിലാണ്.
തണുപ്പുളള ഒരു പ്രദേശംതിരഞ്ഞെടുക്കുക. ഗ്രൗണ്ട് ലെവലില്‍ നിന്ന് കട്ടകെട്ടി ഒരു കുഴി ഉണ്ടാക്കുക. കടുത്ത മഴക്കാലത്തും ഇത്തരം ഇടങ്ങളില്‍ വെളളക്കെട്ടുണ്ടാവാന്‍ പാടുളളതല്ല. 120X120 സെ.മീ. നീളവും വീതിയും 50 ഉയരവുമാണ് വേണ്ടത്. ഇത്തരത്തിലുളള രണ്ട് പീറ്റുകള്‍ വേണം. ഒറ്റച്ചുമരില്‍ ചേര്‍ത്ത് ഇവ നിര്‍മ്മിച്ചാല്‍ നിര്‍മ്മാണത്തിനുളള ചെലവ് കുറയ്ക്കാം. വെളളം ഒഴുകി പോകുന്നതിനുളള സൗകര്യം കൂടി കണക്കിലെടുത്ത് ആവശ്യമായ ചെരിവ് നല്‍കണം. ഡ്രെയിന്‍ ഹോളുകള്‍, പ്ലാസ്റ്റിക് കൊണ്ടോ എസ്.എസ് മെഷ് കൊണ്ടോ സുരക്ഷിതമാക്കണം. ഇല്ലെങ്കില്‍ മണ്ണിരകള്‍ ഇതിലൂടെ നഷ്ടപ്പെടാം. പിറ്റിലേക്ക് ഉറുമ്പുകയറുന്നത് തടയാന്‍ ഡ്രെയിന്‍ ഹോളുകള്‍, പ്ലാസ്റ്റിക് കൊണ്ടോ എസ്.എസ് മെഷ് കൊണ്ടോ സുരക്ഷിതമാക്കണം. ഇല്ലെങ്കില്‍ മണ്ണിരകള്‍ ഇതിലൂടെ നഷ്ടപ്പെടാം. പിറ്റിലേക്ക് ഉറുമ്പ് കയറുന്നത് തടയാന്‍ ഡ്രെയിന്‍ ഹോളുകള്‍ക്ക് സമീപം കിടങ്ങില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് നന്നായിരിക്കും. ഇതില്‍ 2 ഇഞ്ച് വെളളം എപ്പോഴും ഉണ്ടായിരിക്കുകയും വേണം. ചെറിയ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ക്രിസ്റ്റല്‍സ് ഇതില്‍ നിക്ഷേപിക്കുന്നത് കൊതുക് വളരുന്നത് തടയും.
ഒരിഞ്ച് പെബിള്‍സ്, ഒരിഞ്ച് മെറ്റല്‍ എന്നിവ അഞ്ച് സെന്‍റീമീറ്റര്‍  കനത്തില്‍ വിരിച്ചാണ് അടിസ്ഥാന പാളി നിര്‍മ്മിക്കുന്നത്. 5X5 സെ.മീ ഉള്ള ചകിരികഷ്ണങ്ങള്‍ കൊണ്ട് അടുത്ത 20 സെ.മീ. നിറയ്ക്കുക. മണലുകൊണ്ടും മണ്ണുകൊണ്ടും ഇവ മൂടുക. ഇനി കരിയിലകള്‍ വിരിച്ച് കംപോസ്റ്റിന്‍റെ അടിസ്ഥാനഘടന നിര്‍മ്മിക്കാം. 10സെ.മീ കനത്തില്‍ വരെ ഇത്തരത്തില്‍ നിര്‍മ്മിക്കാം. വളര്‍ച്ചയെത്തിയ മണ്ണിരകളെ ഇതില്‍ നിക്ഷേപിക്കാം. ഇലകള്‍ തിന്നു തുടങ്ങുന്ന മണ്ണിരകള്‍ ചകിരിതൊണ്ടിനിടയില്‍ തണുത്ത അന്തരീക്ഷത്തില്‍ ജീവിക്കും. 100 ഓളം മണ്ണിരകളെ ആദ്യം ഒരു പിറ്റില്‍ ഇടാവുന്നതാണ്.   പിന്നീടവ വളര്‍ന്ന് പെരുകിക്കൊണ്ടിരിക്കും. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തിടത്തായിരിക്കണം പിറ്റ് വേണ്ടത്. മഴയും കൊളളരുത്.   സുതാര്യമായ പോളിപ്രൊപ്പലൈന്‍ ഷീറ്റ് ഇതിന് ഉപയോഗിക്കാവുന്നതാണ്.

നാല്‍പ്പത്തിയഞ്ചു ദിവസമാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിന് ആവശ്യമായിവരുന്ന സമയം. പച്ചക്കറി മാലിന്യങ്ങളും, നോണ്‍ ഫെനേലിക് ഇലകളും തീറ്റയായി കൊടുക്കാവുനതാണ്. എണ്ണയും മാംസ, മത്സ്യമാലിന്യങ്ങളും ഉപയോഗിക്കരുത്. ഇത് ദുര്‍ഗന്ധം സൃഷ്ടിക്കും. ആദ്യ 45 ദിവസം കഴിഞ്ഞ് അടുത്ത കുഴിയില്‍ ഇതേ രീതി അവലംബിക്കാവുന്നതാണ്. ഗ്യാനുള്‍സ് കുഴിയില്‍ പൂര്‍ണ്ണമായും കണ്ടാല്‍ ഉറപ്പിക്കാം,  മണ്ണിര കമ്പോസ്റ്റ് നിര്‍മാണം പൂര്‍ണ്ണമായി എന്ന്. ഒന്നിടവിട്ട് ഈ രീതി രണ്ട് പിറ്റുകളിലും ആവര്‍ത്തിച്ചാല്‍ അടുക്കളത്തോട്ടത്തിവശ്യമായ ജൈവവളം ലഭിക്കും. ഈ വളം 2,3 ദിവസം വെയിലുകൊള്ളിക്കുന്നത് കീടനാശനത്തിനു സഹായിക്കും. കമ്പോസ്റ്റ് 3 എം. എം. അരിപ്പയില്‍ അരിച്ചെടുക്കുന്നത് പൂര്‍ണ്ണമായും തിന്ന് തീരത്തെ കിടക്കുന്ന വസ്തുക്കളെ വളത്തില്‍ നിന്ന് വേര്‍ത്തിരിക്കും. ഇങ്ങനെ വേര്‍തിരിക്കുന്നത് ചെടികളെ അനുബാധയില്‍നിന്ന് രക്ഷിക്കും.

മണ്ണിര കമ്പോസ്റ്റ് ഒരുക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. കഴി ഒരിക്കലും ഉണങ്ങിപോകരുത്. ഈര്‍പ്പം ആവശ്യമെങ്കില്‍, വെള്ളം പാകത്തിന് തളിച്ചുകൊടുക്കണം. അതുപോലെതന്നെ അധിക ജലം നല്‍കുന്നതും ഉചിതമല്ല. വളം വരുന്നതിനു മുന്‍പ് സൂര്യപ്രകാശം കൊള്ളിച്ചാല്‍  മണ്ണിര കൂടുതല്‍ ആഴത്തില്‍ പോകുന്നതിനു സഹായിക്കും. മണ്ണിര ഇല്ലാതെ വളം വാരിയെടുക്കാനും കഴിയും.

ലാഭം കൊയ്യാന്‍ സംയോജിത മത്സ്യകൃഷി

മത്സ്യം വളര്‍ത്തല്‍ വിവിധ രീതികളില്‍ ചെയ്യാം. ഒരു ജലശയത്തിലെ മത്സ്യ സമ്പത്ത്‌ കഴിയുന്നത്ര പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. മത്സ്യോത്പാദനം വര്‍ദ്ധിക്കുന്നതിനായി ത്വരിത വളര്‍ച്ചയുള്ളതും പരസ്പരം പൊരുത്തപ്പെടുന്നതുമായ വിവിധയിനം മത്സ്യങ്ങളെ ഒന്നിച്ച് ഒരു കുളത്തില്‍ വളര്‍ത്തുന്നതിനെ സമ്മിശ്ര മത്സ്യം വളര്‍ത്തല്‍ എന്നു പറയുന്നു. സംയോജിത മത്സ്യംവളര്‍ത്തലാണ്  മറ്റൊരു രീതി. ഈ രീതിയിലാകട്ടെ മത്സ്യം വളര്‍ത്തലിനോടൊപ്പം നെല്ല്, പച്ചക്കറി കൃഷി എന്നിവയും നടപ്പിലാക്കുന്നു. ലഭ്യമായ വിഭവങ്ങള്‍ കഴിയുന്നത്ര കാര്യക്ഷമതയോടെ ഉപയോഗിക്കപ്പെടുന്നതിനു പുറമേ, വിവിധയിനം കൃഷികളിലെ പാഴ്വസ്തുക്കള്‍ അല്ലെങ്കില്‍ അവശിഷ്ടങ്ങള്‍ ഫലപ്രദമായി വീണ്ടും ഉപയോഗിക്കാനും സാധ്യമാകുന്നു.  ഉല്‍പ്പന്നങ്ങള്‍/ പാഴ്വസ്തുക്കള്‍/ ഉപഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പുനര്‍ വിനിയോഗമാണ് സംയോജിത കൃഷിയെ ഏറെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദരീതിയുമാക്കുന്നത്.  സംയോജിത കൃഷിക്ക് നിരവധി ഗുണങ്ങളുണ്ട്. പരിസ്ഥിതി സൗഹൃദമാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.  ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തീറ്റയ്ക്കും വളപ്രയോഗതിനുമുള്ള ചെലവ് കുറവ് മതി.  കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സംയോജിത മത്സ്യം വളര്‍ത്തലില്‍  പന്നി/താറാവ്/കോഴി എന്നിവയേയും ഉള്‍പ്പെടുത്തി, അവയുടെ കൂടുകള്‍ മത്സ്യക്കുളങ്ങളുടെ കരയില്‍ നിര്‍മ്മിച്ച് തീറ്റയുടെ അവശിഷ്ട്ടങ്ങള്‍ കുളങ്ങളിലേക്ക് തിരിച്ചുവിട്ട്, മത്സ്യകൃഷിയുമായി ഫലപ്രദമായി കൂട്ടിചേര്‍ക്കാം. വളര്‍ത്തു മൃഗങ്ങള്‍ ഉപയോഗിക്കാതെ വരുന്ന തീറ്റയ്ക്കു പുറമേ,   പോഷക സമൃദ്ധമായ വിസര്‍ജ്യവസ്തുക്കളും മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി നല്‍കാവുന്നതാണ്. അതുപോലെ ഈ വിസര്‍ജ്യവസ്തുക്കള്‍ മത്സ്യകുളങ്ങളില്‍ നിക്ഷേപിച്ചാല്‍ അത്  വളമായി ഭവിച്ച് കുളത്തിലെ ജീവ പ്ലവകങ്ങളുടെ ഉല്‍പാദനo കൂട്ടുന്നു.  അതുവഴി മത്സ്യോത്പാദനവും വര്‍ദ്ധിപ്പിക്കാം. ഇങ്ങനെയുള്ള സംയോജിത കൃഷിയില്‍ കുളങ്ങളില്‍ പ്രത്യേക വളപ്രയോഗമോ  മത്സ്യങ്ങള്‍ക്ക് കൈത്തീറ്റയോ ആവശ്യമില്ലാത്തതിനാല്‍  ചെലവ് തരതമ്യേന കുറവായിരിക്കും

കോഴി/താറാവ്/പന്നി എന്നീവയോടോപ്പമുള്ളപ്പമുള്ള മത്സ്യo വളര്‍ത്തലാണ് കൂടുതല്‍ പ്രചാരത്തിലുള്ള സംയോജിതകൃഷി

മത്സ്യവും കോഴിയും

കോഴിവളര്‍ത്തല്‍-മത്സ്യവളര്‍ത്തല്‍ സംയോജിത കൃഷി തമിഴ്നാട്, കേരളം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രചാരത്തിലുണ്ട്. കോഴികള്‍ വിവിധയിനത്തില്‍  ലഭ്യമാണ്. മുട്ടക്കോഴി,  ഇറച്ചിക്കോഴി, അലങ്കരയിനം എന്നിങ്ങനെ. കോഴിവളര്‍ത്തലില്‍ സാധാരണ രണ്ട് രീതികളാണ് അവലംബിക്കാറുള്ളത്. 1.  ബാറ്റര്‍ രീതി, 2.  ഡീപ്പ് ലിറ്റര്‍ രീതി. സംയോജിത രീതിയില്‍ സാധാരണ ബ്രോയിലര്‍/ മുട്ടക്കോഴി കളെയാണ് ഉപയോഗിക്കുന്നത്.

ഒരു ഹെക്ടര്‍ മത്സ്യക്കുളത്തിന് 300-500 ഇറച്ചിക്കോഴികളാണ് ആവശ്യമായി വരുന്നത്. മുട്ടക്കോഴികളെയാണ് ഉപയോഗിക്കുന്നതെങ്കില്‍ 500 മുതല്‍ 600 എണ്ണമാണ് ഒരു ഹെക്റ്ററിന് വേണ്ടി വരുന്നത്. എട്ടാഴ്ച പ്രായമുള്ള പ്രതിരോധ കുത്തിവയ്പു നടത്തിയ കോഴിക്കുഞ്ഞുകളെയാണ് വളര്‍ത്തേണ്ടത്. മുട്ടക്കോഴികള്‍  22 ആഴ്ച മുതല്‍ മുട്ട  നല്‍കിത്തുടങ്ങും. ശരാശരി  മുട്ട ഒരു വര്‍ഷം ലഭിക്കും. 18 മാസംവരെ മുട്ട മുറയ്ക്കു ലഭിക്കും.

ഡീപ്പ് ലിറ്റര്‍ രീതിയാണ് കൂടുതല്‍ ഗുണകരം. ഡീപ്പ് ലിറ്റര്‍ രീതിയില്‍ ഉളവാക്കുന്ന വളം ഹെക്ടറൊന്നിന് 60 കി.ഗ്രാം എന്ന കണക്കിനാണ് മത്സ്യകുളത്തില്‍ നിക്ഷേപിക്കുന്നത്. അമിതമായി ആല്‍ഗയുടെ സാന്ദ്രത ദൃശ്യമായാല്‍ വളപ്രയോഗത്തിന്‍റെ നിരക്ക് ക്രമീകരിക്കേണ്ടതാണ്. മത്സ്യക്കുഞ്ഞുങ്ങള്‍ ഹെക്റ്ററൊന്നിന് 6000 എണ്ണം എന്ന തോതിലാണ് നിക്ഷേപിക്കാറുള്ളത്. കട് ല, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കോമണ്‍ കാര്‍പ്പ് എന്നീയിനങ്ങളാണ് സാധാരണ നിക്ഷേപിക്കാറുള്ളത്. ഒരു ഹെക്റ്ററില്‍ നിന്ന് 70000 മുട്ടയും 1250 കി.ഗ്രാം കോഴിയിറച്ചിയും വരെ ലഭിക്കുന്നതാണ് ഒരു വര്‍ഷ കാലയളവിനുള്ളില്‍.  കോഴികളെ മത്സ്യകുളത്തിന് 0.5 മീറ്റര്‍ മുകളിലായി സ്ഥാപിച്ച കൂടുകളിലാണ് പാര്‍പ്പിക്കാറുള്ളത്. 4500 മുതല്‍ 5000 കി.ഗ്രാം മത്സ്യവും ലഭിക്കുന്നതാണ്‌. കോഴികള്‍ക്ക് അതാത് വളര്‍ച്ചാ ഘട്ടത്തിന് അനുയോജ്യമായ തീറ്റയും ധാരാളം വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

മത്സ്യവും താറാവും

താറാവ്-മത്സ്യ സംയോജിത കൃഷി ഏറെ പ്രിയമുള്ള ഒരു രീതിയാണ്. താറാവിനായുള്ള കൂടുകള്‍ മത്സ്യക്കുളത്തിന്‍റെ മദ്ധ്യത്തിലോ അല്ലെങ്കില്‍ മത്സ്യക്കുളത്തിന്‍റെ ചുറ്റുമുള്ള വരമ്പുകളിലോ സ്ഥാപിക്കാവുന്നതാണ്. 3 മുതല്‍ 4 മാസം വരെ പ്രായമുള്ള താറാവിന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. പകല്‍ സമയങ്ങളില്‍ കുളത്തില്‍ താറാവുകള്‍ നീന്തി നടക്കാന്‍ അനുവദിക്കണം. താറാവിന്‍റെ ഇനം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒരു ഹെക്ടറിന് 200-300 താറാവ് എന്ന കണക്കിനാണ് നിക്ഷേപിക്കേണ്ടത്. താറാവ് തീരെ ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ ഭക്ഷിക്കുമെന്നതിനാല്‍ ഈ സംയോജിത രീതിയില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് 12 സെ.മീറ്ററെങ്കിലും നീളം ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. താറാവിനായുള്ള കൂടുകള്‍ ചെലവു കുറഞ്ഞ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതും നല്ല വായുസഞ്ചാരമുള്ളതും ആയിരിക്കണം.  ശ്രദ്ധാപൂര്‍വ്വം ശുചിയായി സൂക്ഷിക്കേണ്ടതുമാണ്. താറാവ് കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതായിരിക്കണം. താറാവിന് ആവശ്യമായ ആഹാരത്തിന്‍റെ ഒരു ഭാഗം കുളത്തില്‍ നിന്ന്‍ ലഭിക്കുന്നു. ഇതിനുപുറമേ ശരിയായ വളര്‍ച്ചയ്ക്ക് താറാവൊന്നിന് 100-150 ഗ്രാം നിരക്കില്‍ സമീകൃതാഹാരവും ഒപ്പം ആവശ്യത്തിന് വെള്ളവും ലഭ്യമാക്കണം. 6 മാസം മുതല്‍ താറാവ് മുട്ടയിടുവാന്‍ തുടങ്ങും. ഒരു വര്‍ഷത്തില്‍ ഒരു ഹെക്ടറില്‍ നിന്ന്‍ 500- 600 കിലോ താറാവിറച്ചിയും 17000 മുതല്‍ 18000 മുട്ടയും വരെ ലഭിക്കുതാണ്. ഇതിനു പുറമേ ഹെക്ടറിന് 3000 മുതല്‍ 3500 കി.ഗ്രാം വരെ മത്സ്യവും ലഭിക്കും.

മത്സ്യവും പന്നിയും

ഇതിനു പുറമേ പന്നിയും മത്സ്യവും സംയോജിപ്പിച്ചും കൃഷി നടത്താറുണ്ട്. ഈ രീതി ചെലവു കുറഞ്ഞ പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു പുറമേ ഉച്ഛിഷ്ട പദാര്‍ത്ഥങ്ങളുടെ ഉപകാരപ്രദമായ ഉപയോഗത്തിനും ഇടയാക്കുന്നു.

നാടന്‍ ഇനം പന്നികളും വിദേശയിനം പന്നികളും ഈ കൃഷിക്കുപയോഗിക്കം. പന്നികളുടെ വിസര്‍ജ്ജ്യവസ്തുക്കള്‍ നേരെ കുളത്തിലേക്ക് വീഴത്തക്ക രീതിയില്‍ പന്നിക്കൂടുകള്‍ കുളത്തിന്‍ കരയില്‍ നിര്‍മ്മിക്കാവുന്നതാണ്. ഒരു ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ളകുലത്തിന് 30-40 പന്നികളെ വളര്‍ത്താവുന്നതാണ്. 2 മാസം പ്രായമെത്തിയ പന്നിക്കുഞ്ഞുങ്ങളെയാണ് തിരഞ്ഞെ ടുക്കേണ്ടത്. 6 മാസത്തിനുള്ളില്‍ ഇവ 60-70 കി. ഗ്രാം. തൂക്കമെത്തും. പ്രതിദിനം പന്നിയൊന്നിന് ഒരു കിലോയെന്ന നിരക്കില്‍ പന്നിത്തീറ്റ നല്‍കണം. ഇതിനുപുറമേ പച്ചപ്പുല്ലും തീറ്റയായി നല്‍കണം. ആവശ്യമായ ധാതുലവണങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നല്‍കേണ്ടതുണ്ട്. കുടിയ്ക്കാനുള്ള ശുദ്ധജലം യഥേഷ്ടം ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. പന്നിക്കൂടുകളുടെ ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഹെക്ടറൊന്നിന് 5000-6000 എന്ന തോതില്‍ കാര്‍പ്പ് കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഇതില്‍ നിന്ന്‍ ഹെക്ടറൊന്നിന് 2500-3500 കി.ഗ്രാം മത്സ്യം  പ്രതീക്ഷിക്കാം.

ശ്രദ്ധാപൂര്‍വ്വം നടപ്പിലാക്കിയാല്‍ വളരെ ഫലപ്രദമായി പ്രാവര്‍ത്തികമാക്കാവുന്നതാണ് സംയോജിത മത്സ്യം വളര്‍ത്തല്‍. ചുരുങ്ങിയ നിരക്കില്‍ ഒരു കൃഷിയിടത്തില്‍ നിന്ന്‍ വിളവ്‌ ഗണ്യമായി ഉയര്‍ത്തുന്നതിനു പുറമെ, ഈ രീതിയിലൂടെ മാലിന്യ സംസ്കരണവും സാധ്യമാകുന്നു എന്നതിനാല്‍ തികച്ചും പ്രകൃതി സൗഹാര്‍ദവുമാണ്.

ഒരു നുള്ള് മണ്ണുണ്ടോ എടുക്കാന്‍…?

 

പത്രപ്രവര്‍ത്തനവും കൃഷിയും തമ്മില്‍ എന്തു ബന്ധം എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ കൃഷിയാണ് എനിക്ക് പത്രപ്രവര്‍ത്തനം.(പത്രപ്രവര്‍ത്തനം കൃഷിയല്ല,..ട്ടോ)എന്നു പറയാം. കൃഷിയോടുള്ള താല്‍പ്പര്യം കൊണ്ടൊന്നുമല്ല കൃഷി എഴുതി തുടങ്ങിയത്. ഒരു നഗരജീവിയായ എനിക്ക് എല്ലാം…മണ്ണിന്‍റെ മണവും പച്ചപ്പിന്‍റെ കുളിരുമെല്ലാം ആദ്യാനുഭവങ്ങളായിരുന്നു. ഒന്നില്‍ നിന്നുള്ള തുടക്കം. കൃഷിയിടങ്ങള്‍ കയറിയിറങ്ങുമ്പോള്‍ പലപ്പോഴും നിര്‍വികാരതയായിരുന്നു ആദ്യമൊക്കെ. ഞാന്‍ എന്‍റെ പണി ചെയ്യുന്നു, അവര്‍ അവരുടെ പണി ചെയ്യുന്നു,  അത്രമാത്രം. പല കര്‍ഷകരും സ്നേഹത്തോടെ തന്ന കുഞ്ഞുചെടികള്‍ ഞാന്‍ ഒരു മടിയും കൂടാതെ നിരസിച്ചു. ഇതൊന്നും എന്‍റെ പണിയല്ല, എനിക്ക് വേറെ പണിയുണ്ട് എന്ന ഭാവത്തില്‍. മണ്ണില്‍  എനിക്കെന്തു കാര്യം എന്ന അഹന്ത എന്നെ മൂടിനിന്നു.  ആ കുഞ്ഞുചെടിയുടെ പുഞ്ചിരി കാണാന്‍ എനിക്ക് മനസ്സില്ലായിരുന്നു.

മണ്ണിനും മനുഷ്യനും ഇടയില്‍ ഒന്നുമില്ലെന്ന് അല്ലെങ്കില്‍ എല്ലാം ഉണ്ടെന്ന് അല്ലെങ്കില്‍ മനുഷ്യന്‍ മണ്ണാകുന്നു എന്ന്  തിരിച്ചറിയാന്‍ വൈകി. ആ വെപ്രാളത്തിലാണ് ഞാന്‍  അഞ്ചു സെന്‍റിലെ ഇത്തിരിയോളം ചെന്ന മുറ്റത്തെത്തിയത്. കൂടെ കരുതിയ വിത്തിന് ഒരല്‍പ്പം മണ്ണു തേടി ഞാന്‍  തൊടി മുഴുവന്‍ അന്വേഷിച്ചു. ഒരു കുഞ്ഞു വിത്തിന് മുളയ്ക്കാന്‍ മണ്ണെവിടെ? എന്‍റെ കൈ അറിയാതെ ഭൂമിയില്‍ പരതി… ആദ്യ സ്പര്‍ശത്തില്‍ വിരലില്‍ കുടുങ്ങി…പ്ലാസ്റ്റിക്കിന്‍റെ ഭൂതം… ഒന്നേ നോക്കിയുള്ളൂ…മണ്ണിരകളുടെ ശവപ്പറമ്പ്… പേടിയോടെ ഞാന്‍ ഓടി….ഓടിക്കൊണ്ടേയിരിക്കുന്നു….ഒരു നുള്ള് മണ്ണിനു വേണ്ടി….ആരു തരും…ആരു തരും…ആരു……?

കടപ്പാട്-nammudemalayalam.com

അവസാനം പരിഷ്കരിച്ചത് : 6/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate