অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സംസ്ക്കരണവും മൂല്യ വര്‍ധനവും

സംസ്ക്കരണവും മൂല്യ വര്‍ധനവും

ചക്ക

ഭക്ഷ്യ യോഗ്യമായ പഴവര്‍ഗങ്ങളില്‍ വൈവിധ്യം കൊണ്ടും പോഷകമൂല്യം കൊണ്ടും അതിസമ്പന്നമായ ഒരിനമാണ്‌ ചക്ക. വളപ്രയോഗം ഇല്ലാതെ കീടനാശിനികള്‍ തളിക്കാതെ കിട്ടുന്ന ചക്കയില്‍ നിന്നും ഫലവത്തായ സംസ്കരണം കൊണ്ട് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ സാധിക്കും. ഫലവത്തായ സംസ്കരണം എന്നതുകൊണ്ട്‌ ഉദേശിക്കുന്നത് വിവിധ പ്രായത്തിലുള്ള ചക്കകള്‍ കേടുകൂടാതെ സൂക്ഷിച്ചു വെക്കാന്‍ ഉതകും വിധം അനുയോജ്യമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റുക എന്നതാണ്. ഇടിയന്‍ ചക്ക , മൂത്തതും, ഇടത്തരം മൂപ്പുള്ളതുമായ ചക്ക, പഴുക്കാന്‍ തുടങ്ങിയതും, പൂര്‍ണമായും പഴുത്തതുമായ ചക്ക എന്നിങ്ങനെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ചക്ക ഉപയോഗിക്കാം.

ചക്കയുടെ പോഷകഗുണവും ഔഷധ മൂല്യവും പരമാവധി നിലനിര്‍ത്തി കൊണ്ടുള്ള സംസ്കരണ രീതിയ്ക്കായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടത്. ഗാര്‍ഹിക തലത്തിലും വ്യാവസായിക അടിസ്ഥാനത്തിലും ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങള്‍ താഴെ കൊടുക്കുന്നു.

ഇടിച്ചക്ക വിഭവങ്ങള്‍

ഒന്ന് മുതല്‍ ഒന്നര മാസം മൂപ്പെത്തിയ ചക്ക ഇടിയന്‍ ചക്കയായി ഉപയോഗിക്കുന്നു. ഇത് തോരന്‍, മെഴുക്കുപുരട്ടി തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനാണ് സാധാരണ ഉപയോഗിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റും ഇടിയന്‍ ചക്ക സംസ്കരിച്ചു വിപണനം നടത്തുന്നത് തിരക്കേറിയ ജോലിയുള്ള സ്ത്രീകള്‍ക്ക്അനുഗ്രഹമായിരിക്കും. ഇടിയന്‍ ചക്ക തയ്യാറാക്കുന്നതിന് കുറച്ചു സമയവും ബുദ്ധിമുട്ടുമുള്ളതു കൊണ്ടാണ് ആഗ്രഹമുണ്ടെങ്കിലും വൈമുഖ്യം കാണിക്കുന്നത്.

ഇടിച്ചക്കയില്‍ നിന്ന് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍:

  1. ഇടിച്ചക്ക കട്ട്ലറ്റ്
  2. തോരന്‍ മിക്സ്
  3. ഇടിച്ചക്ക അച്ചാര്‍
  4. പച്ച ചക്ക വിഭവങ്ങള്‍
  5. ചക്കച്ചുളപൊടി

മൂപ്പെത്തിയ ചക്കച്ചുളകള്‍ മുഴുവനായോ ചെറുതായോ നുറുക്കിയെടുത്തു ആവിയില്‍ പുഴുങ്ങി ഓവനിലോ ഡ്രയറിലോ ഉണക്കിയെടുക്കുക . നല്ല പോലെ ഉണങ്ങിയ ചക്കച്ചുളയുടെ ജലാംശം 6-8 % ആയിരിക്കണം. ചുളയുടെ ഘനമനുസരിച്ചു ഉണക്കുന്ന സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ഈ ഉണങ്ങിയ ചക്കച്ചുള പോളി ഫുഡ് ഗ്രേഡ് പാത്രത്തില്‍ 6 മാസം വരെ കേടുകൂടാതെ സൂക്ഷിച്ചു വെക്കാം. ആവശ്യാനുസരണം വെള്ളത്തില്‍ അര മണിക്കൂര്‍ കുതിര്‍ത്തു വിവിധ കറികള്‍ക്ക് ഉപയോഗിക്കാം ഉണങ്ങിയ ചക്കച്ചുളകള്‍ ഉണക്കി പൊടിച്ചു ഹെല്‍ത്ത് മിക്സ്, കട് ലറ്റ്മിക്സ്, സൂപ്പ് പൌഡര്‍ എന്നിവ ഉണ്ടാക്കാം.

  1. ചക്കപപ്പടം
  2. ചക്കകൊണ്ടാട്ടം
  3. ഉണങ്ങിയ ചക്കച്ചുള

മൂപ്പെത്തിയ ചക്കച്ചുളകള്‍ ചെറുതായി ആവികയറ്റി വെയിലത്ത്‌ ഉണക്കിയെടുക്കുക. ഒരേ വലുപ്പത്തില്‍ അരിഞ്ഞു കഷണങ്ങളാക്കിയാല്‍ ഒരേ പോലെ വേഗത്തില്‍ ഉണക്കിയെടുക്കാം. കാറ്റു കടക്കാതെ സീല്‍ ചെയ്ത പോളിത്തീന്‍ ബാഗിലോ, സ്ഫടിക കുപ്പികളിലോ സൂക്ഷിക്കാം. ആവശ്യാനുസരണം കറികളില്‍ ഉപയോഗിക്കാം.

  1. ചക്കബജി
  2. ചക്ക ഉപ്പേരി

മൂപ്പെത്തിയ ചക്കച്ചുളകള്‍ വിരല്‍ ആകൃതിയില്‍ മുറിച്ചു വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. വറുത്ത ചക്ക ഉപ്പേരികള്‍ തരം തിരിച്ചു പായ്ക്ക് ചെയ്യുക. കൂടുതല്‍ കാലം സൂക്ഷിക്കുന്നതിന് നല്ല പാക്കിംഗ്സമ്പ്രദായം അനിവാര്യമാണ്.

പഴുത്ത ചക്കവിഭവങ്ങള്‍

വരിയ്ക്കച്ചക്ക ചുളകളായി തന്നെ കഴിക്കാന്‍ എല്ലാവരും താല്‍പ്പര്യപ്പെടുന്നു. മാംസളമായ ചുളകള്‍ കേടുകൂടാതെ ഭംഗിയായി കവറുകളില്‍ പായ്ക്ക് ചെയ്തു സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചാല്‍ ധാരാളം ആവശ്യക്കാര്‍ ഉണ്ടാകും എന്നത് തീര്‍ച്ചയാണ്.

ചക്ക പഴുത്തു കഴിഞ്ഞാല്‍ താഴ്ന്ന ഊഷ്മാവില്‍ (7-8 സെല്‍ഷ്യസില്‍) മാത്രമേ സൂക്ഷിച്ചു വെക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അവയുടെ വിവിധ ഭാഗങ്ങള്‍ അനുയോജ്യമായ പ്രാഥമിക സംസ്കരണം അവലംബിച്ച് ദീര്‍ഘനാള്‍ സൂക്ഷിച്ചു വെയ്ക്കാം.

ചക്ക പള്‍പ്പ്

ചക്കച്ചുളകള്‍ ചെറുതായി അരിഞ്ഞു വേവിച്ച ശേഷം നല്ല പോലെ അരച്ചെടുക്കുക. ഈ പള്‍പ്പ് പൊട്ടാസ്യം മെറ്റ ബൈ സള്‍ഫേറ്റും (KMS) സിട്രിക് ആസിഡും ചേര്‍ത്തു കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. രാസ സംരക്ഷണ വസ്തുക്കള്‍ ചേര്‍ക്കാതെ ഫ്രീസറില്‍ സൂക്ഷിക്കാവുന്നതാണ്. ഈ പള്‍പ്പ് ആവശ്യാനുസരണം എടുത്തു ഉണ്ണിയപ്പം, തെരളിയപ്പം, ചക്ക ഹല്‍വ,ജാം,ചീസ് മുതലായവ തയ്യാറാക്കാം.

പഴുത്ത ചുള ഉണക്കിയത്

പഴുത്ത ചുളകള്‍ കുരു നീക്കി കടയും തലയും അരിഞ്ഞുമാറ്റി 60% വീര്യമുള്ള പഞ്ചസാര ലായനിയില്‍ 8 മണിക്കൂര്‍ മുക്കി ഉണക്കിയെടുത്ത് കനമുള്ള പോളിത്തീന്‍ ഉറകളില്‍ ആക്കി സീല്‍ ചെയ്തു വിപണനം ചെയ്യാം.

ചക്കച്ചുളതേന്‍ പ്രിസര്‍വ്

വിളഞ്ഞ ചക്കച്ചുള പിളര്‍ന്നു ഒരു മിനിട്ടു ആവി കയറ്റുക. അതിനു ശേഷം ശുദ്ധമായ തേനില്‍ മുക്കി വേവിക്കുക. ഇതില്‍ ഏലക്കതരിയും ചേര്‍ക്കാവുന്നതാണ്. തേന്‍ അല്ലെങ്കില്‍ പഞ്ചസാര ലായനി മുകളില്‍ നികക്കെ കിടക്കണം. കൂടുതല്‍ നാള്‍ കേടാകാതിരിക്കാന്‍ പൊട്ടാസ്യം മെറ്റ ബൈ സള്‍ഫേറ്റു(Kms) ചേര്‍ക്കാവുന്നതാണ്.

ചക്ക ഫ്രൂട്ട് ബാര്‍

പഴങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇടത്തരം ഈര്‍പ്പമുള്ള (20-25%) ഉല്‍പ്പന്നമാണ്‌ ഫ്രൂട്ട് ബാര്‍. ചക്കപ്പഴം ഉപയോഗിച്ച് ഒന്നാന്തരം ഫ്രൂട്ട് ബാര്‍ ഉണ്ടാക്കാം. ഇതിനായി അധികം നാരില്ലാത്ത ചക്ക വേണം ഉപയോഗിക്കുവാന്‍. പഴുത്ത ചക്കയോടൊപ്പം പപ്പായ, പൈനാപ്പിള്‍, ജാതിയ്ക്ക, ഇഞ്ചിക്കുഴമ്പ് എന്നിവയും ചേര്‍ത്ത് ഫ്രൂട്ട് ബാര്‍ വൈവിധ്യ പൂര്‍ണമാക്കാം.

  • ചക്ക ഹല്‍വ
  • ചക്കചീസ്
  • ചക്കയപ്പം
  • ചക്ക ഐസ്ക്രീം
  • ചക്കജാം

പഴങ്ങള്‍ വേവിച്ചോ വേവിക്കാതെയോ ഉടച്ചെടുത്ത് കിട്ടുന്ന കുഴമ്പ് തുല്യ അനുപാതത്തില്‍ പഞ്ചസാര ചേര്‍ത്ത് സിട്രിക് ആസിഡും കലര്‍ത്തി നിശ്ചിതഅളവില്‍ തിളപ്പിച്ചാണ് ജാം തയ്യാറാക്കുന്നത്. ചക്ക പള്‍പ്പിനോടൊപ്പം പപ്പായ, കൈതച്ചക്ക, മാങ്ങ, ഇലിമ്പന്‍പുളി, ഏത്തപ്പഴം തുടങ്ങിയവയുടെ പള്‍പ്പും ചേര്‍ക്കാവുന്നതാണ്. പഴുപ്പ് കൂടുതലാവാത്ത ചക്ക പഴങ്ങളാണ് ജാം ഉണ്ടാക്കുവാന്‍ ഉത്തമം.

ചക്കജല്ലി

പഴുത്ത ചക്കയുടെ ചുളകള്‍ ഒഴിച്ചുള്ള ബാക്കി ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി ജല്ലി തയ്യാറാക്കാം. ഇതിലേക്കായി കട്ടിയുള്ള ചവണി, മടലിന്റെ ഉള്‍ഭാഗം എന്നിവ ഉപയോഗിക്കാവുന്നതാണ്.

ചക്കയില്‍നിന്ന് പാനീയങ്ങള്‍

1. ചക്ക ഇഞ്ചി ക്രഷ്

പഴുത്ത ചക്കയുടെ നീരില്‍ പഞ്ചസാരയും ഇഞ്ചി സത്തും, പൊട്ടാസ്യം മെറ്റ ബൈ സള്‍ഫേറ്റും, സിട്രിക് ആസിഡും ചേര്‍ത്തുണ്ടാക്കുന്ന സ്വാദിഷ്ടമായ വിഭവമാണിത്.

ചക്ക നെക്ടര്‍

ഇത് സോഡാ ഉപയോഗിച്ചോ വെള്ളം ചേര്‍ത്തോ ഉപയോഗിക്കാം. ഇതിന്റെ കൂടെ പൈനാപ്പിള്‍ പള്‍പ്പ്, ഇഞ്ചി സത്ത് ഇവ ചേര്‍ത്താല്‍ കൂടുതല്‍ സ്വീകാര്യമാകും.

ചക്കവൈന്‍

പഴച്ചാറിനെ പുളിപ്പിച്ച് ആള്‍ക്കഹോള്‍ ആക്കി എടുക്കുന്നതാണ് വൈന്‍. സാധാരണ മുന്തിരി, പഴം, കശുമാങ്ങ എന്നിവയില്‍ നിന്നെല്ലാം ആണ് വൈന്‍ ഉണ്ടാക്കുന്നത്. എന്നാല്‍ കൂഴച്ചക്കകൊണ്ടും വരിയ്ക്കച്ചക്ക കൊണ്ടും പൈനാപ്പിള്‍, പഴം ഇവ ചേര്‍ത്തും ചക്കപ്പഴ വൈന്‍ തയ്യാറാക്കാം.

ചക്കക്കുരു - ഉപയോഗ സാധ്യതകള്‍

ചക്ക ഉപയോഗം കഴിഞ്ഞാല്‍ നാം വളരെയധികം പാഴാക്കി കളയുന്ന ഒന്നാണ് ചക്കക്കുരു. എന്നാല്‍ വളരെയധികം പോഷകസംബുഷ്ടമായ ഈ വിഭവത്തിന്റെ ഉപയോഗ സാധ്യതകള്‍ വലുതാണ്. അന്നജം, വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയുടെ ഒരു പ്രധാന ഉറവിടമാണ് ചക്കക്കുരു.

ചക്കക്കുരുവിന്റെ പോഷകമൂല്യത്തെ അറിഞ്ഞാല്‍ നാം തന്നെ അതിശയിച്ചു പോകും. ഏകദേശം 100ഗ്രാം ചക്കക്കുരു ഭക്ഷിക്കുമ്പോള്‍ 135 Kcal ഊര്‍ജം ലഭിക്കും. ഇന്ത്യയ്ക്കകത്തും പുറത്തും അടുത്ത കാലത്തായി നടന്ന പഠനങ്ങള്‍ ചക്കക്കുരുവിനു ജീവികളില്‍ നടക്കുന്ന ഓക്സീകരണ പ്രക്രിയ തടയാനും, ക്യാന്‍സര്‍ പോലുള്ള മാരകങ്ങളായ അസുഖങ്ങളെ ചെറുക്കുന്നതിനും കഴിയും എന്ന് തെളിയിച്ചിട്ടുണ്ട്.

ചക്കക്കുരുപൊടി

ചക്കക്കുരുപൊടി രുചിയേറിയതും പോഷകമൂല്യം നിറഞ്ഞതുമാണ്. ധാന്യപ്പൊടികളെപ്പോലെ ചക്കക്കുരുവിന്റെ പൊടിയും വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കാം. സൂപ്പിലും കട്ലറ്റിലും ചേര്‍ക്കാവുന്നതാണ്. 20 % ചക്കകുരു പൊടിയും 50% അരിപ്പൊടിയും ചേര്‍ത്ത് പുട്ട് ഉണ്ടാക്കാം. കറികള്‍ക്ക് സ്വാദേറാന്‍ ചക്കക്കുരുപൊടി വെള്ളത്തില്‍ കലക്കി ചേര്‍ക്കാവുന്നതാണ്.

പൈനാപ്പിള്‍മൂല്യവര്‍ദ്ധനം

ഊഷമളമായ മണവും .രുചിയും , ആരോഗ്യദായകമായ  ജ്യൂസുമുള്ള അത്ഭുതമായ  ഒരു ഉഷ്ണമേഖലാ ഫലമാണ് പൈനാപ്പിള്‍ .  പ്രായഭേദമന്യേ ഏവരും പൈനാപ്പിള്‍ ഇഷ്ടപ്പെടുന്നു . വളരെ പ്രാധാന്യമര്‍ഹിക്കുന്ന  ഈ ഫലം അങ്ങനെതന്നയോ  അല്ലെങ്കില്‍സംസ്കരിച്ച രൂപത്തിലോ  ഇന്നു വിപണിയില്‍ ലഭ്യമാണ് .  മനുഷ്യ ശരീരത്തിനാവശ്യമായ  ഒട്ടനവധി പോഷകങ്ങള്‍  ഇതില്‍ ധാരാളമായി  കണ്ടു വരുന്നു .  ഇതില്‍ കാത്സ്യം , പൊട്ടാസ്യം , നാരുകള്‍ , ജീവകം സി എന്നിവയുമുണ്ട് .  ശാസ്ത്രീയമായി ‘ബ്രോമിലിയേസിയെ’  എന്ന കുടുംബത്തിലാണ്  പൈനാപ്പിളിന്റെ  സ്ഥാനം . ഇതിലുള്ള ബ്രോമിലൈന്‍ എന്ന എന്‍സൈം ദഹന പ്രക്രിയയെ  ഉത്തേജിപ്പിക്കുകയും ശരീരത്തിലെ   വിവിധ കേടുപാടുകളെ നീക്കി സദാ ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

പാകമായ പൈനാപ്പിളിന്റെ നീര് ശരീരത്തിനു  വളരെ പോഷക ഗുണമേകുന്ന നല്ല  ഒരു ശീതളപാനീയമാണ് .  ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍  പൈനാപ്പിള്‍ വളരെ വലിയ  പങ്കു വഹിക്കുന്നുണ്ട് .  ശരീരത്തിന്റെ  പോഷണത്തിനും രോഗപ്രതിരോധശേഷിക്കും ആരോഗ്യം നിലനിര്‍ത്തുന്നതിനും  പൈനപ്പിളിലെ ധാതുലവണങ്ങളും വിറ്റാമിനുകളും  സഹായിക്കുന്നു.     എന്നാല്‍ ഈ ഫലത്തിന്റെ ആരോഗ്യ മൂലകങ്ങളെക്കുറിച്ച്  അറിവില്ലാത്ത നാം ഇതു വേണ്ടവിധം ഉപയോഗിക്കുന്നതില്‍  താത്പ്പര്യം  കാണിക്കുന്നില്ല .  തത്ഫലമായി പൈനാപ്പിള്‍  എന്ന ഈ മധുരക്കനിയില്‍  നിന്നും ലഭിക്കുന്ന നിരവധി  പോഷകഘടങ്ങള്‍  ഉത്പ്പാദകരായ  നമുക്ക് അന്യമാകുന്നു.

പൈനാപ്പിള്‍ , കുട്ടികള്‍ കൂടുതലായി കഴിച്ചാല്‍ മോണപഴുപ്പിനു കാരണമായി തീരും.  മറ്റു ചിലര്‍ക്ക് തലവേദനയ്ക്കും  അലര്‍ജിക്കും കാരണമാവാറുണ്ട്.  തൊലിപ്പുറത്ത് ചൊറിച്ചില്‍ .ചുമന്ന നിറം  മുതലായ ലക്ഷണങ്ങള്‍  ചിലരില്‍  കാണാറുണ്ട്‌.  അതുപക്ഷേ “ അമിതമായാല്‍ അമൃതും വിഷം “ എന്ന പഴംചൊല്ല് പോലെ അധികമായാല്‍  മാത്രം.

പൈനാപ്പിള്‍ പ്രധാനമായും 3 രീതിയിലാണ് ഉപയോഗിക്കുന്നത്.  നേരിട്ടും, ക്യാന്‍ ചെയ്തും, ജ്യൂസായും . പൈനാപ്പിള്‍ ധാരാളമായി ലഭ്യമാകുന്ന സീസണില്‍ അവ സംസ്കരിച്ച്  സൂക്ഷിച്ചാല്‍ വര്‍ഷം മുഴുവന്‍ നമുക്ക്  പൈനാപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താം.

പൈനാപ്പിള്‍ വിഭവങ്ങള്‍

പൈനാപ്പിള്‍ ജ്യൂസ്

ചേരുവകള്‍ ( 750 മില്ലി ലിറ്ററിന് )

പൈനാപ്പിള്‍     :    500ഗ്രാം

പഞ്ചസാര       :    250 ഗ്രാം

വെള്ളം  :    50 മില്ലി ലിറ്റര്‍

പൊടിച്ച ഐസ്  :   ½  കപ്പ്‌

തയ്യാറാക്കുന്ന വിധം :  പൈനാപ്പിള്‍ തൊലി കളഞ്ഞ്  ചെറുതായി അരിഞ്ഞെടുക്കുക.   പൈനാപ്പിള്‍ കഷണങ്ങളും പഞ്ചസാരയും ആവശ്യത്തിന്‌ വെള്ളവും ചേര്‍ത്ത് മിക്സിയില്‍  അടിച്ചെടുക്കുക.   ജൂസ് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക്‌ പാകത്തി , പൊടിച്ച ഐസ് ചേര്‍ത്ത് തണുപ്പിച്ച്‌ കഴിക്കുക.

പൈനാപ്പിള്‍ ലൈം

ചേരുവകള്‍ ( 750 മില്ലി ലിറ്ററിന് )

പൈനാപ്പിള്‍                          :    500ഗ്രാം

പഞ്ചസാര                              :    250 ഗ്രാം

വെള്ളം                                  :    50 മില്ലി ലിറ്റര്‍

നാരങ്ങ                                :    250 ഗ്രാം

പൊടിച്ച   ഐസ്                   :   ½  കപ്പ്‌

തയ്യാറാക്കുന്ന വിധം :-  പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.  പൈനാപ്പിള്‍ കഷണങ്ങളും  പഞ്ചസ്സാരയും നാരങ്ങയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക.  ജ്യൂസ് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക്‌ പകര്‍ത്തി  ഒഴിക്കുക.  പൊടിച്ച ഐസ് ചേര്‍ത്ത് തണുപ്പിച്ചു കഴിക്കുക.

പൈനാപ്പിള്‍ ജിഞ്ചര്‍ സ്പ്രൈറ്റ്

ചേരുവകള്‍ ( 750 മില്ലി ലിറ്ററിന് )

പൈനാപ്പിള്‍ ജൂസ് :1  കപ്പ്‌

സോഡാ                             :    ¼  കപ്പ്‌

പൊടിച്ച ഐസ്                    :    ½  കപ്പ്‌

ഇഞ്ചി                                  :   2  ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം : പൈനാപ്പിള്‍  ജൂസും ഇഞ്ചിയും മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ജൂസ് അരിച്ചെടുത്തു ഒരു ഗ്ലാസ്സിലേക്ക്‌ പകര്‍ത്തി ഒഴിക്കുക.  പൊടിച്ച ഐസും സോഡയും ചേര്‍ത്ത്  തണുപ്പിച്ചു കഴിക്കുക .

പൈനാപ്പിള്‍ മിക്സഡ്‌ ഫ്രൂട്ട് ജൂസ്

ചേരുവകള്‍  ( 350 മില്ലി  ലിറ്ററിന് )

പൈനാപ്പിള്‍ ജൂസ്       :   250  മില്ലി ലിറ്റര്‍

മുന്തിരി ജൂസ്                :  100 മില്ലി ലിറ്റര്‍

തയ്യാറാക്കുന്നവിധം :-     പൈനാപ്പിളും മുന്തിരിയും വെവ്വേറെ അടിച്ചെടുക്കുക .  അതിനു ശേഷം നന്നായി  ഇളക്കി ചേര്‍ത്ത് ഉപയോഗിക്കുക .

പൈനാപ്പിള്‍ ജൂസ് കോണ്‍സെന്ട്രേറ്റ്

ചേരുവകള്‍ ( 500 ഗ്രാമിന് )

പൈനാപ്പിള്‍                         :    500ഗ്രാം

പഞ്ചസാര                           :    500 ഗ്രാം

സിട്രിക് ആസിഡ്                 :   3 ഗ്രാം

സോഡിയം ബെന്‍ സോയെറ്റ്  :  1 ഗ്രാം

വെള്ളം                                 : 50  മില്ലി ലിറ്റര്‍

തയ്യാറാക്കുന്നവിധം  ::-പൈനാപ്പിള്‍ തൊലി  കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.  പൈനാപ്പിള്‍  കഷണങ്ങള്‍ മിക്സിയില്‍ അടിച്ചെടുക്കുക.   ജൂസ് അരിച്ചെടുക്കുക.  പൈനാപ്പിള്‍ ജൂസ് പഞ്ചസാരയും സിട്രിക്ക് ആസിഡും ചേര്‍ത് തിളപ്പിക്കുക.  നന്നായി ഇളക്കുക.   പഞ്ചസാര അലിഞ്ഞു തീരുമ്പോള്‍  സോഡിയം ബെന്‍ സോയെറ്റ് ചേര്‍ക്കുക.   തീയില്‍ നിന്നും വാങ്ങിതണുക്കാന്‍ അനുവദിക്കുക .  തണുത്തതിനു ശേഷം കുപ്പിയിലാക്കി സൂക്ഷിക്കുക.

പൈനാപ്പിള്‍ സിറപ്പ്

ചേരുവകള്‍:   (1 ലിറ്ററിന്)

പൈനാപ്പിള്‍ ജൂസ്    :   600 മില്ലി ലിറ്റര്‍

വെള്ളം                      :  200 മില്ലി ലിറ്റര്‍

പഞ്ചസാര                  :   800 ഗ്രാം

തയ്യാറാക്കുന്ന വിധം :

തിളപ്പിച്ച വെള്ളത്തിലേക്ക്‌  പഞ്ചസാര  ഇട്ട് പഞ്ചസ്സാര ലായനി തയ്യാറാക്കുക. പാനി നന്നായി തിളച്ചു വരുമ്പോള്‍ ജൂസ് ഒഴിക്കുക .  ഇതു നൂല്‍ പരുവമാകുമ്പോള്‍ വാങ്ങി വെയ്ക്കുക. ചൂടാറിയതിനു ശേഷം കുപ്പിയിലാക്കി ഉപയോഗിക്കാം.

പൈനാപ്പിള്‍ സ്ക്വാഷ്

ചേരുവകള്‍  : (500 മില്ലി ലിറ്ററിന്)

പൈനാപ്പിള്‍ ജൂസ്                :    1   കപ്പ്‌

പഞ്ചസാര                           :      2 കപ്പ്‌

വെള്ളം                              :     1 കപ്പ്

സിട്രിക് ആസിഡ്              :      1  ടീ സ്പൂണ്‍

പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ്    :  1/8 ടീ സ്പൂണ്‍

മഞ്ഞ കളര്‍                                   :   1/8  ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്തു തിളപ്പിച്ചു പാനി തയ്യാറാക്കുക.  സിട്രിക് ആസിഡു ചേര്‍ത്ത്വാങ്ങുക .  ഈ മിശ്രിതം തണുത്തതിനു ശേഷം പൈനാപില്‍ ജൂസും പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റും ചേര്‍ത്ത് നന്നായി ഇളക്കുക.  കുപ്പികളിലാക്കി അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിച്ചു ഉപയോഗിക്കാം .  ഒരു ടേബിള്‍ സ്പൂണ്‍ സ്ക്വാഷ്  ൧൫൦  മില്ലി ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക.

പൈനാപ്പിള്‍ ജാം

ചേരുവകള്‍ ( 350 ഗ്രാമിന്)

പൈനാപ്പിള്‍        :       250 ഗ്രാം)

പഞ്ചസാര                        :   250  ഗ്രാം

സിട്രിക് ആസിഡ്              :   ½  ടീ സ്പൂണ്‍

വെള്ളം                              :  2 ½  കപ്പ്‌

പെക്ടിന്‍ പൌഡര്‍              :    ½  ടീ സ്പൂണ്‍

പൈനാപ്പിള്‍ എസ്സെന്‍സ്‌     :  :   ½  ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :   ചെറുതായി വേവിച്ച പൈനാപ്പിള്‍ മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് പെക്ടിന്‍ പൌഡര്‍ ചേര്‍ത്ത് നന്നായി  ഇളക്കുക, ഇതിലേക്ക് പഞ്ചസാരയും  സിട്രിക് ആസിഡും ചേര്‍ത്ത്  30 മിനിട്ട് ജമം പരുവമാകുന്നത് വരെ വേവിക്കുക .  ഇതിലേക്ക് പൈനാപ്പിള്‍ എസ്സെന്‍സ്‌ ചേര്‍ക്കാവുന്നതാണ് .   ജാം പരുവമായത്തിനു ശേഷം തീ കുറയ്ക്കുക.  ഒരു ജാറിലേക്ക് പകര്‍ത്തി തണുത്തതിനു ശേഷം  ഉപയോഗിക്കാം.

പൈനാപ്പിള്‍ കാന്‍ ടി

ചേരുവകള്‍ (  500 ഗ്രാമിന് )

പൈനാപ്പിള്‍             :      500  ഗ്രാം)

പഞ്ചസാര               :      4 കപ്പ്‌

വെള്ളം                   :  250  മില്ലി ലിറ്റര്‍

തയ്യാറാക്കുന്ന വിധം :     നന്നായി കഴുകി വൃത്തിയാക്കിയ പൈനാപ്പിള്‍ ചെറിയ

കഷണങ്ങളായി  മുറിച്ചെടുക്കുക .  പഞ്ചസ്സയും വെള്ളവും ( 2:1) ചേര്‍ത്ത്  പഞ്ചസാര ലായനി തയ്യാറാക്കുക.  ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന പൈനാപ്പിള്‍ ചേര്‍ത്ത്  20  മിനിട്ട് വേവിച്ചു ഒരു ദിവസം വെയ്ക്കുക.   അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി എടുത്തു   16-20 മണിക്കൂര്‍ നേരം വെയിലത്ത്  വെച്ചു ഉണക്കിയെടുക്കുക.  തണപ്പിച്ചതിനു ശേഷം  പഞ്ചസാരയും ചേര്‍ത്ത് ആവശ്യാനുസരണ ഉപയോഗിക്കാം.

പൈനാപ്പിള്‍ പുഡിംഗ്

ചേരുവകള്‍ (  1 കിലോഗ്രാമിന് )

പൈനാപ്പിള്‍                           :   250  ഗ്രാം

പഞ്ചസാര                              :  250  ഗ്രാം

ഉണക്കമുന്തിരി                   :     50  ഗ്രാം

പാല്‍                              :     350  മില്ലിഗ്രാം

ബ്രെഡ്‌ സ്ലൈസുകള്‍         :     10  എണ്ണം

വെണ്ണ                             :        100 ഗ്രാം

നാരങ്ങാ നീര്                   :     1  ടേബിള്‍ സ്പൂണ്‍

പൊടിച്ച ജാതിക്ക                :       ¼ ടീസ്പൂണ്‍

പൊടിച്ച കറുവാപ്പട്ട             :      ¼  ടീസ്പൂണ്‍

ഏലയ്ക്ക പൊടിച്ചത്              :     1  ടീസ്പൂണ്‍

മുട്ടയുടെ വെള്ള                   :    2  വലുതിന്റെ

മുട്ടയുടെ മഞ്ഞ                    :     2  വലുതിന്റെ

പൊടിച്ച  ഗ്രാമ്പൂ                 :      ¼ ടീസ്പൂണ്‍

വാനില എസ്സെന്‍സ്            :    1  ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം :

ഓവന്‍  175  ഡിഗ്രി സെല്‍ഷ്യസ് ചൂടാക്കിയിടുക.  പൈനാപ്പില്‍ അരക്കപ്പ് വെള്ളവും  2  സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് വേവിച്ചു ,വെള്ളം ഊറ്റിക്കളയുക. ഒരു പാനില്‍ പാല്‍ തിളപ്പിക്കുക. , തുടരെ ഇളക്കി കൊടുക്കണം .  തിളച്ചു വരുമ്പോള്‍ ബ്രെഡ്‌ പൊടിച്ചതും ചേര്‍ത്ത്  10  മിനിറ്റ് വേവിക്കുക.  തണുക്കാനായി  മാറ്റി വെയ്ക്കുക.  ഒരു ബൗളില്‍  വെണ്ണ, പഞ്ചസാര , മുട്ടയുടെ മഞ്ഞ എന്നിവ നന്നായി യോജിപ്പിക്കുക .  ഇതിലേക്ക് പൊടിച്ച ജാതിക്ക , കറുവപ്പട്ട,  ഏലയ്ക്ക, ഗ്രാമ്പൂ , വാനില എസ്സെന്‍സ്‌  നന്നായി  ഇളക്കി വേവിച്ചു വെച്ച പൈനാപ്പിളും ചേര്‍ക്കുക.  നന്നായി യോജിപ്പിക്കുക.  ഈ മിശ്രിതം തണുത്ത പാല്‍ - ബ്രെഡ്‌ കൂട്ടിലേക്ക് ചേര്‍ത്ത് മുകളിലായി മുട്ടയുടെ വെള്ള അല്പാല്പം ഒഴിച്ചു കൊടുക്കുക. തയ്യാറാക്കിയ കൂട്ട് പുഡിംഗ് ഡിഷിലേക്ക് മാറ്റി , മുകളില്‍ ഉണക്ക മുന്തിരി തൂകി അലങ്കരിക്കുക .  ഓവനില്‍  45  മിനിട്ടോളം വെച്ച് മുകള്‍  വശം സ്വര്‍ണ്ണ നിറമാകും വരെ ബേക്ക് ചെയ്തെടുക്കുക.

തെങ്ങ് മൂല്യവര്‍ദ്ധനവ്

നാളികേരത്തിന്റെ സ്വന്തം നാടാണ് കേരളം. നാളികേര ഉത്പാദനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനവും ഉത്പാദനക്ഷമതയില്‍ രണ്ടാം സ്ഥാനവും നമുക്ക് സ്വന്തം. കേരളത്തിന്റെ കല്പവൃക്ഷമാണ് തെങ്ങ്. എല്ലാഭാഗങ്ങളും ഉപയോഗപ്പെടുത്താവുന്ന അപൂര്‍വ വൃക്ഷം. കേരളത്തിന്റെ നാളികേര ഉപയോഗത്തിന്റെ സിംഹഭാഗവും കൊപ്ര, വെളിച്ചെണ്ണ എന്നിവയായിട്ടാണ്. വിളഞ്ഞ നാളികേരം കേരളത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് രണ്ട് ശതമാനമാണെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക് . വെളിച്ചെണ്ണവില ഇടിഞ്ഞാല്‍ തേങ്ങാ വിലയും താഴോട്ടാവും. പതിനെട്ട് കോടിയോളം തെങ്ങുകളുള്ള കേരളത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും വഴി തേങ്ങയ്ക്ക് സ്ഥിരവിലയും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവും ഉറപ്പുവരുത്തുവാന്‍ കഴിയും. നാളികേരോത്പാദനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും കരിക്കായും വിളഞ്ഞ നാളികേരത്തിന്റെ നാല്‍പത് ശതമാനമെങ്കിലും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പുറമെയുള്ള ഉത്പന്നങ്ങളുമാക്കാന്‍ കഴിയുകയും ചെയ്താല്‍ വിലസ്ഥിരത നേടാന്‍ കഴിയും.

നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

  • നീര

തെങ്ങില്‍ നിന്നുള്ള മധുരക്കള്ള് പുളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ അത് നീരയാകും. ശുദ്ധമായ മധുരക്കള്ള് വായുവിലെ അണുജീവികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പുളിക്കുന്നതും ആല്‍ക്കഹോള്‍ അടങ്ങിയ കള്ളായി മാറുന്നതും. എന്നാല്‍ മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവുമധികം രുചിയും ഔഷധഗുണവും പോഷകമൂല്യവുമുള്ള പ്രകൃതിദത്ത പാനീയമെന്ന് നീരയെ വിശേഷിപ്പിക്കാം. ഇത് മദ്യാശം തീരെയില്ലാത്തതും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്നതുമാണ്

  • സംസ്‌കരിച്ച കരിക്കിന്‍ വെള്ളം

പ്രകൃതിയുടെ വരദാനമെന്ന് വിശേഷിപ്പിക്കാവുന്ന കരിക്കിന്‍ വെള്ളം പോഷകസമൃദ്ധമെന്നതിന് പുറമെ പരിശുദ്ധിയുടെ പ്രതീകവുമാണ്.ചെത്തിയൊരുക്കി സംസ്‌കരിച്ച (മിനിമല്‍ പ്രോസസ്സിംഗ്) കരിക്കുകള്‍ക്കും കയറ്റുമതി സാധ്യത ഏറെയാണ്. ഇങ്ങനെ സംസ്‌കരിക്കുന്ന കരിക്ക് 24 ദിവസം വരെ അഞ്ചു മുതല്‍ ഏഴു വരെ ഡിഗ്രി സെല്‍ഷ്യസ് ശീതീകരിച്ച അവസ്ഥയില്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.

  • മധുരപലഹാര നിര്‍മാണത്തിനും ഭക്ഷ്യവ്യവസായത്തിനും ഏറെ പ്രാധാന്യമുള്ള തേങ്ങാപ്പൊടി
  • പായ്ക്ക് ചെയ്ത തേങ്ങാപ്പാല്‍

  • കൊഴുപ്പകറ്റിയ ശേഷമുള്ള സ്‌കിംഡ് തേങ്ങാപ്പാല്‍
  • പശുവിന്‍ പാലിന് പകരം ഉപയോഗിക്കാവുന്ന കുപ്പിയിലാക്കിയ തേങ്ങാപ്പാല്‍,
  • തേങ്ങാപ്പാലില്‍ നിന്ന് ജലാംശം അകറ്റിയ തേങ്ങപ്പാല്‍ പൊടി
  • വിറ്റമിന്‍ ഇ സമ്പുഷ്ടമായ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍

  • കോക്കനട്ട് ഐസ്‌ക്രീം
  • കോക്കനട്ട് കരിക്കിന്‍വെള്ളവും കാമ്പും കലര്‍ത്തിയ കരിക്ക് പാനീയം (കോക്കനട്ട് ലസ്സി)
  • കോക്കനട്ട് ഹണി
  • ഗാഢ തേങ്ങാവെള്ളം ഉപയോഗിച്ചുള്ള കോക്കനട്ട് സ്‌പ്രെഡ്
  • നാറ്റ ഡി കൊക്കോ

ഗുണമേന്മയുള്ള വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ നിന്നാണ നാറ്റഡി കൊക്കോ നിര്‍മ്മിക്കുന്നത്. ഫൈബര്‍ കൂടുതലുള്ള നാറ്റാഡി കൊക്കോയില്‍ കൊളസ്‌ട്രോളില്ല. കൊഴുപ്പു കുറവാണ്.

  • തേങ്ങാവെള്ളത്തില്‍ നിന്നും തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കാവുന്ന സസ്യവളര്‍ച്ചാ ഹോര്‍മോണായ കൊക്കോഗ്രോ
  • തേങ്ങാപ്പാല്‍ യോഗര്‍ട്
  • തേങ്ങ പഞ്ചസാര (പാം ഷുഗര്‍)
  • പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി

  • തെങ്ങിന്‍ തടിയില്‍ നിന്നുള്ളഉത്പന്നങ്ങള്‍.

ഒരു ലക്ഷം തേങ്ങ സംസ്‌കരിക്കുന്ന യൂണിറ്റില്‍ ഏഴര ടണ്‍ വെര്‍ജിന്‍ വെളിച്ചെണ്ണ, 9 ടണ്‍ തൂള്‍ തേങ്ങ, 11500 ലിറ്റര്‍ തേങ്ങാവെള്ളം, 16.5 ടണ്‍ സ്‌കിം മില്‍ക്ക്, 11.5 ടണ്‍ ചിരട്ട എന്നിവ ലഭിക്കുമെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക്. ചിരട്ടയില്‍ നിന്ന് ചിരട്ടപ്പൊടി, ചിരട്ടക്കരി, ആക്ടിവേറ്റഡ് കാര്‍ബണ്‍ എന്നിവയും നിര്‍മിക്കാം.

മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിറ്റുട്ട്, ബാംഗ്‌ളൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി എന്നിവയുമായി ചേര്‍ന്നു നാളികേര വികസന ബോര്‍ഡ് ഗുണമേന്മയുള്ള പല മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്

പച്ചക്കറി സംസ്കരണം

പച്ചക്കറികള്‍ ഏററവുംസ്വാദിഷ്ടമായ നിലയില്‍ വളരെകുറച്ച് ദിവസമേ ഇരിയ്ക്കൂ. അതിനെയാണ് സംസ്കരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കേരളത്തില്‍ കൃഷിചെയ്യുന്ന പച്ചക്കറികള്‍ പലതും ഒരു പ്രത്യേകസീസണില്‍ മാത്രം വിളവുതരുന്നവയാണ്. ആവശ്യക്കാര്‍ കുറവാകുന്നതുകാരണം കര്‍ഷകന് ഉദ്ദേശിച്ച വിലയും ലഭിയ്ക്കുന്നില്ല.

പച്ചക്കറി സംസ്ക്കരണത്തിന്റെ വിവിധമാര്‍ഗ്ഗങ്ങള്‍

നിര്‍ജ്ജലീകരണം

സൂര്യപ്രകാശത്തിലോ, കൃത്രിമമായി ഡ്രയറുകളിലോ ജലാംശം നീക്കി ഉണക്കി സൂക്ഷിയ്ക്കുന്ന രീതിയില്‍ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയും രാസാഗ്നികളുടെ പ്രതിപ്രവര്‍ത്തനവും നിയന്ത്രണവിധേയമാക്കാം. വൃത്തിയായി കഴുകല്‍, ബ്ലാഞ്ചിങ്ങ്, സള്‍ഫൈററിങ്ങ്, ഉണക്കല്‍, എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്‍റെ വിവിധഘട്ടങ്ങള്‍.

ശീതീകരണം

താഴ്ന്ന താപനിലയില്‍ പച്ചക്കറികളിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയും രാസപ്രവര്‍ത്തനങ്ങളും സാവധാനത്തിലാകുന്നു. അതിനാല്‍ പച്ചക്കറികളും അവയുടെ ഉല്‍പന്നങ്ങളും ശീതീകരണികളില്‍ കൂടുതല്‍ നാള്‍ കേടുകൂടാതെ സൂക്ഷിക്കാം.

ചൂടാക്കല്‍വഴി ജീവാണുനാശം

പച്ചക്കറികള്‍ ക്യാനുകളിലോ,കുപ്പികളിലോ,റീട്ടോര്‍ട്ടബിള്‍ പൗച്ചസിലോ ആക്കി സീല്‍ ചെയ്തശേഷം പ്രഷര്‍കുക്കറിലോ, ഓട്ടോക്ലേവ്, റീട്ടോര്‍ട്ട് എന്നിവയിലോ, നൂറുഡിഗ്രിയോ അതിലധികമോ, ഊഷ്മാവില്‍ താപമേല്‍പ്പിച്ച് അവയിലെ സൂക്ഷ്മാണുക്കളെ പരിപൂര്‍ണ്ണമായി നശിപ്പിക്കാം.

സംരക്ഷകവസ്തുക്കള്‍ ചേര്‍ത്ത് പരിരക്ഷണം

പ്രകൃതിദത്തമായ സംരക്ഷകവസ്തുക്കളോ,രാസസംരക്ഷകവസ്തുക്കളോ ഉപയോഗിച്ച് പച്ചക്കറി ഉത്പന്നങ്ങള്‍ സംരക്ഷിക്കാം.

1955ലെ ഫലവര്‍ഗ്ഗ ഉല്പന്നനിയമത്തിന്‍റെ സാധ്യത ലഭിച്ചിട്ടുള്ള രാസസംരക്ഷകവസ്തുക്കളാണ് സള്‍ഫര്‍ഡയോക്സൈഡും, ബെന്‍സോയിക് ആസിഡും  ഇവയുടെ പല ലവണങ്ങളും രാസസംരക്ഷകവസ്തുക്കളായി ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. നിയന്ത്രിത അളവുകളില്‍ ഇവ മനുഷ്യന്‍റെ ആരോഗ്യത്തിനു ഹാനി വരുത്തുകയില്ല. സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ തടയുകയുംചെയ്യും.

എഫ്.പി.ഒ.നിബന്ധനകള്‍ അനുസരിച്ച് വേണം ഓരോ ഉല്പന്നത്തിലും ഇവ ചേര്‍ക്കുന്ന അളവ് നിശ്ചയിക്കാന്‍. ഉദാ:-സ്ക്വാഷ്-350 പി.പി.എം സള്‍ഫര്‍ഡയോക്സൈഡ്.

കിണ്വനം/പുളിപ്പിക്കല്‍

പച്ചക്കറി പള്‍പ്പില്‍ (തക്കാളി, മത്തന്‍, പൊട്ടുവെളളരി, ബീറ്ററൂട്ട്) പഞ്ചസാരയും വൈന്‍യീസ്ററും ചേര്‍ത്ത് കിണ്വനംവഴി വൈന്‍ തയ്യാറാക്കാം. വീഞ്ഞില്‍ അടങ്ങിയ ആല്‍ക്കഹോള്‍ അതിനെ സൂക്ഷ്മാണുക്കളില്‍നിന്നും സംരക്ഷിക്കുന്നു. കിണ്വനം വഴി ഉല്‍പാദിപ്പിക്കുന്ന മറ്റൊരു ഉല്‍പന്നമാണ് വിനീഗര്‍.

അണുപ്രസരണം

അണുപ്രസരണങ്ങളേല്പിച്ച്പച്ചക്കറികള്‍ അണുവിമുക്തമാക്കാം. സവാള, ഉരുളകിഴങ്ങ്, തുടങ്ങിയ പച്ചക്കറികളില്‍ സംഭരണസമയത്തു മുളവരുന്നത് തടയാനും അണുപ്രസരണം ഉപയോഗിച്ചുവരുന്നു.

പച്ചക്കറി ഉല്‍പന്നങ്ങള്‍

അച്ചാര്‍

പച്ചക്കറികളില്‍നിന്നും തയ്യാറാക്കുന്ന പ്രധാന ഉല്‍പന്നം അച്ചാറുകളാണ്. പച്ചക്കറികള്‍ കഴുകി വൃത്തിയാക്കി, മുറിച്ച് 1-2 മിനിററ് ആവികയററി ഉപ്പ്, മുളകുപൊടി, സുഗന്ധവ്യജ്ഞനങ്ങള്‍ٹഗര്‍, നല്ലെണ്ണ എന്നിവ ചേര്‍ത്തു അച്ചാര്‍ തയ്യാറാക്കുന്നു. അച്ചാറുണ്ടാക്കാന്‍ അനുയോജ്യമായ പച്ചക്കറികളാണ് വെളുത്തുള്ളി, മത്തന്‍, വഴുത പാവല്‍, കോവല്‍, വെളുത്തുളളി,മത്തന്‍,വഴുതിന,ചേമ്പിന്‍താള്‍ തുടങ്ങി.ٹ

കൊണ്ടാട്ടം

പച്ചക്കറികള്‍ സുലഭമായി ലഭ്യമാകുന്ന അവസരത്തില്‍ അവ ഡ്രയറുകളിലോ, സൂര്യപ്രകാശത്തിലോ, ഉണക്കി ദീര്‍ഘകാലം സൂക്ഷിക്കാം. പാവല്‍,പയര്‍,വെണ്‍,കൊത്തമര, മുളക്,കൂര്‍ക്ക, ചേന, പീച്ചില്‍, കോവല്‍, ചേമ്പിന്‍താള്‍, മണിത്തക്കാളി, നിത്യവഴുതന തുടങ്ങി വിവിധ ഇനം പച്ചക്കറികള്‍ ജലാംശം കളഞ്ഞ്,ഉണക്കി സൂക്ഷിക്കാം. പിന്നീട് ആവശ്യാനുസരണം എണ്ണയില്‍ വറുത്തെടുത്ത് ഉപയോഗിക്കാം.

ജാം

തക്കാളി,മത്തന്‍,തണ്ണിമത്തന്‍, തുടങ്ങിയ പച്ചക്കറികള്‍ ജാമുണ്ണ്ടാക്കാന്‍ അനുയോജ്യമാണ്.  ഇവയുടെ പള്‍പ്പില്‍ തുല്യഅളവില്‍ പഞ്ചസാര ചേര്‍ത്ത് ടി.എസ്സ്.എസ്സ്.(പഞ്ചസാരയുടെ തോത്) 68 ശതമാനം ആകുന്നതുവരെ സാവധാനം കുറുക്കിയെടുക്കുന്നതാണ് ജാം.

സോസ്

തക്കാളി പള്‍പ്പില്‍ സുഗന്ധവ്യജ്ഞനങ്ങള്‍ ചേര്‍ത്തു കുറുക്കിയെടുത്താണ് സോസ് തയ്യാറാക്കുന്നത്. പച്ചമുളകില്‍നിന്നും ഗ്രീന്‍ചില്ലിസോസ് തയ്യാറാക്കുന്നു.

ശീതളപാനീയം

പത്തുശതമാനം വീതം പഞ്ചസാരയും പള്‍പ്പും ചേര്‍ത്ത് തയ്യാറാക്കുന്ന ഉല്‍പ്പന്നമാണ് ശീതളപാനീയം. തക്കാളി, തണ്ണിമത്തന്‍,പൊട്ടുവെള്ളരി,തുടങ്ങിയ പച്ചക്കറികളില്‍നിന്നും ഏറെ സ്വാദിഷ്ടമായ പാനീയങ്ങളുണ്ടക്കാം.

വീഞ്ഞ്

പച്ചക്കറിയുടെ പള്‍പ്പില്‍ പഞ്ചസാരയും യീസ്ററും ചേര്‍ത്ത് പുളിപ്പിച്ചുണ്ടക്കുന്ന സ്വല്പം ലഹരിദായകവും എന്നാല്‍ പോഷകസമൃദ്ധവുമായ ഒരു പാനീയമാണ് വീഞ്ഞ്. തക്കാളി, ബീറ്റ്റൂട്ട്, പൊട്ടുവെളളരി, മത്തന്‍, തണ്ണിമത്തന്‍ തുടങ്ങിയ പച്ചക്കറികള്‍ വീഞ്ഞുണ്ടാക്കാന്‍ അനുയോജ്യമാണ്. വൈനില്‍ 8-10 ശതമാനം ചാരായം (ആല്‍ക്കഹോള്‍) അടങ്ങിയിരിക്കുന്നു. വൈനിലെ ചാരായത്തിന്‍റെ അംശമാണ് പരിരക്ഷകവസ്തുവായി പ്രവര്‍ത്തിക്കുന്നത്.

ചങ്ക്സ്

പഞ്ചസാര,ഉപ്പ്,തുടങ്ങിയ ലവണങ്ങളുടെ ഉയര്‍ന്ന സാന്ദ്രതയുള്ള ലായനിയില്‍ പച്ചക്കറികള്‍ കഷ്ണങ്ങളാക്കി 12-48 മണിക്കൂര്‍ മുക്കിവെച്ച് അവ ഭാഗികമായി ഉണക്കുന്നു. തുടര്‍ന്ന് ഡ്രയറുകളിലോ, സൂര്യപ്രകാശത്തിലോ, ഉണക്കല്‍ പൂര്‍ത്തിയാക്കുന്നു. മത്തന്‍, കുമ്പളം, കാരററ് തുടങ്ങിയ പച്ചക്കറികളാണ് ചങ്ക്സ് ഉണ്ടക്കാന്‍ ഉപയോഗിക്കുന്നത്.

ചിപ്സ്

കപ്പ, ഉരുളന്‍കിഴങ്ങ്, ചേന, ചേമ്പ് തുടങ്ങിയ പച്ചക്കറികള്‍ മുറിച്ച് എണ്ണയില്‍ വറുത്ത് ചിപ്സ് തയ്യാറാക്കുന്നു.

ഹല്‍വ

പള്‍പ്പില്‍ പഞ്ചസാരയും നെയ്യും ചേര്‍ത്ത് വരട്ടിയെടുത്ത് മത്തന്‍, കുമ്പളം, വെളളരി, കാരററ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളില്‍നിന്നും ഹല്‍വയുണ്ടക്കാം.

കാന്‍ഡി

പച്ചക്കറികള്‍ കഷ്ണങ്ങളാക്കി പഞ്ചസാരയുടെ അളവ് പടിപടിയായി 70ശതമാനമാക്കി ഉയര്‍ത്തിയശേഷം ഡ്രയറിലോ,വെയിലത്തോ,ഉണക്കിയുണ്ടക്കുന്ന ഉല്‍പന്നമാണ് കാന്‍ഡി. കുമ്പളങ്ങ,മത്തന്‍, തുടങ്ങിയ പച്ചക്കറികള്‍ കാന്‍ഡിയുണ്ടക്കാന്‍ വളരെ അനുയോജ്യമാണ്. ഉത്തരേന്ത്യയില്‍ വളരെ പ്രചാരമുളള ആഗ്രാപേത്ത യഥാര്‍ത്ഥത്തില്‍ കുമ്പളങ്ങ കാന്‍ഡിയാണ്.

കരോണ്ട പ്പഴം - സംസ്കരണം

  • ചെറി എന്ന പേരില്‍ നാം ബേക്കറികളില്‍നിന്നും വാങ്ങുന്നത് കരോണ്ട ചെടികളുടെ കായ്കള്‍ സംസ്കരിച്ചുണ്ടാക്കിയതാണ്. രണ്ട്-രണ്ടര മാസം പ്രായമായ കായ്കളാണ് സംസ്കരണത്തിന് അനുയോജ്യം.

ചേരുവകള്‍

കരോണ്ടപ്പഴം                             : 1.500 കി. ഗ്രാം

പഞ്ചസാര                               : 1.250 കി. ഗ്രാം

ചുണ്ണാമ്പ്                                   : 40 ഗ്രാം

റാസ്പ്ബെറി റെഡ് കളര്‍             :100 മി.ഗ്രാം

ഓറഞ്ച് റെഡ് കളര്‍                    :100 മി.ഗ്രാം

സിട്രിക് അമ്ലം                             : 1 ഗ്രാം

തയ്യാറാക്കുന്നവിധം

  1. പറിച്ചെടുത്ത കായ്കള്‍ കഴുകി വൃത്തിയാക്കിയതിനുശേഷം ഒരു മിനിററു തിളച്ച വെളളത്തില്‍ മുക്കി പിടിക്കുക.
  2. മൂര്‍ച്ചയുളള സ്റെറയിന്‍ലെസ് കത്തി ഉപയോഗിച്ച് കായ്കളുടെ ഒരു വശം മാത്രംനെടുകെ മുറിച്ച് വിത്തുകള്‍ ശ്രദ്ധയോടെ നീക്കം ചെയ്യുക.
  3. പുളിരസം നീക്കുന്നതിനായി കായ്കള്‍ നാല് ശതമാനം വീര്യമുള്ള ചുണ്ണാമ്പു ലായനിയില്‍ (40 ഗ്രാം നീററിയ ചുണ്ണാമ്പ് ഒരു ലിററര്‍ വെളളത്തില്‍ ലയിപ്പിച്ചത്)10-12മണിക്കൂര്‍ ഇട്ടുവെയ്ക്കുക.
  4. കായ്കള്‍ പിന്നീട് ശുദ്ധജലത്തില്‍ നന്നായി കഴുകി എടുക്കുക.
  5. ആകര്‍ഷകമായ സ്വാദ് നല്‍കുന്നതിനായി കായ്കള്‍ പഞ്ചസാര ലായനിയില്‍ ഇട്ട്ലായനിയുടെ വീര്യം ക്രമേണ കൂട്ടിക്കൊണ്ടിരിക്കുക.
  6. ഇതിനായി 30-35% വീര്യമുളള പഞ്ചസാര ലായനി (350 ഗ്രാം പഞ്ചസാര 1ലിററര്‍ വെള്ള ത്തില്‍ ലയിപ്പിച്ചത്) തയ്യാറാക്കുക.
  7. ഇതില്‍ ഒന്നര ഗ്രാം കെ.എം.എസ്സ് എന്ന സംരക്ഷകവസ്തുവും, നിറം നല്‍കുന്നതിനായി ഓറഞ്ച് റെഡ്,റാസ്പ്ബെറി റെഡ് എന്നീ രാസവസ്തുക്കളും മേല്‍പറഞ്ഞ അളവില്‍ ചേര്‍ത്തു കൊടുക്കുക.
  8. കായ്കള്‍ ഒരുദിവസം മുഴുവനും ഈ ലായനിയില്‍ ഇട്ടുവെയ്ക്കണം.
  9. രണ്ടാം ദിവസം ലായനിയുടെ വീര്യം 40% ആയി ഉയര്‍ത്തണം. ഇതിനായി കായ്കള്‍ ലായനിയില്‍ നിന്നും മാററി, ലായനിയിലേക്ക് ഏകദേശം 15 ഗ്രാം പഞ്ചസാര ചേര്‍ത്ത് ലായനി ചൂടാക്കുക.
  10. ചെറു ചൂടോടുകൂടി തന്നെ കായ്കള്‍ ലായനിയില്‍ ഇട്ടുവെയ്ക്കുക.
  11. പഞ്ചസാര ലായനിയുടെ വീര്യം കുറയുന്നതിനനുസരിച്ച് ദിവസേന ഇത് ആവര്‍ത്തിക്കുക.
  12. ഒരു കി.ഗ്രാം പഞ്ചസാര ഉപയോഗിച്ചു കഴിയുമ്പോള്‍ ലായനിയില്‍ നിന്നും കായ്കള്‍മാററിയതിനുശേഷം അതില്‍ ഒരു ഗ്രാം സിട്രിക് അമ്ലം കൂടി ചേര്‍ത്ത് തിളപ്പിക്കുക.
  13. ചെറുചൂടോടെ ഈ ലായനിയില്‍ വീണ്ടും പഴങ്ങള്‍ ഇട്ടുവെയ്ക്കുക.
  14. പഞ്ചസാര ലായനിയുടെ വീര്യം 70% ആകുന്നതുവരെ ഇടയ്ക്കിടെ പഞ്ചസാര ചേര്‍ത്തു കൊണ്ടിരിക്കുക.
  15. ഏതാണ്ട് ഒരാഴ്ച പഴങ്ങള്‍ ലായനിയില്‍ സൂക്ഷിക്കുക.
  16. വേണ്ടത്ര നിറവും സ്വാദും ആയി കഴിഞ്ഞാല്‍ പഴങ്ങള്‍ സിറപ്പില്‍ നിന്നും വൃത്തിയുളള സ്ഫടികഭരണികളില്‍ സൂക്ഷിച്ചു ഉപയോഗിക്കുക. ബാക്കിവരുന്ന സിറപ്പ് (ലായനി) വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതാണ്.
  • ടൂട്ടി ഫ്രൂട്ടി.

മൂപ്പെത്തിയ പപ്പായ സംസ്കരിച്ചുണ്ടാക്കുന്ന ഉല്പന്നമാണ് ടൂട്ടിഫ്രൂട്ടി.

ചേരുവകള്‍

പപ്പായ                                      : 500 ഗ്രാം

പഞ്ചസാര                                 : 1.250 കി.ഗ്രാം

സിട്രിക് അമ്ലം                              : 5 ഗ്രാം

കെ.എം.എസ്സ്                             : 1ഗ്രാം

ഓറഞ്ച് റെഡ് കളര്‍                         :100 മി. ഗ്രാം

റാസ്പ്ബെറി റെഡ് കളര്‍                   :100 മി. ഗ്രാം

തയ്യാറാക്കുന്ന വിധം

  1. നല്ലവണ്ണം മൂത്ത നേര്‍ത്ത മഞ്ഞനിറം കണ്ടുതുടങ്ങുന്ന പപ്പായ തെരഞ്ഞെടുക്കുക.
  2. തൊലിയും വിത്തുകളും നീക്കം ചെയ്ത് ഉദ്ദേശം 5 സെ.മീ.നീളവും വീതിയുമുളള ചതുര കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
  3. ഈ കഷ്ണങ്ങള്‍ സ്ററീല്‍ ഫോര്‍ക്കുകൊണ്ട് മെല്ലെ കുത്തിയശേഷം ചുണ്ണാമ്പുവെളളത്തില്‍ ഏകദേശം 4 മണിക്കൂര്‍ ഇട്ടുവെയ്ക്കണം.(15ഗ്രാം ചുണ്ണാമ്പ് 1ലിററര്‍ വെളളത്തില്‍ ലയിപ്പിച്ചതില്‍).
  4. പിന്നീട് പപ്പായ കഷ്ണങ്ങള്‍, മൂന്നു നാലു തവണ ശുദ്ധജലത്തില്‍ കഴുകിയെടുക്കുക.
  5. അതിനുശേഷം പപ്പായ കഷ്ണങ്ങള്‍ ഒരു നൈലോണ്‍ വലയിലാക്കി തിളയ്ക്കുന്ന വെള്ളത്തില്‍ 3 മിനിററുനേരം മുക്കി പിടിയ്ക്കുക.
  6. തയ്യാറാക്കിയ പപ്പായ കഷ്ണങ്ങള്‍ 35 ശതമാനം വീര്യമുള്ള പഞ്ചസാര ലായനിയില്‍ (350 ഗ്രാം പഞ്ചസാര 650 ഗ്രാം വെളളത്തില്‍ ലയിപ്പിച്ചത്) ഇട്ടുവെക്കുക.
  7. പഞ്ചസാര ലായനി പുളിച്ചു പോകാതിരിക്കാന്‍ കെ.എം.എസ്സ്.എന്ന രാസസംരക്ഷക വസ്തു ഒരു കിലോഗ്രാം പഞ്ചസാര ലായനിക്ക് ഒന്നര ഗ്രാം എന്ന തോതില്‍ ചേര്‍ക്കുക.
  8. രണ്ടാമത്തെ ദിവസം പപ്പായ കഷ്ണങ്ങള്‍ ലായനിയില്‍ നിന്നും പുറത്തെടുത്തതിനുശേഷം ലായനിയിലേക്ക് ഏകദേശം 150 ഗ്രാം പഞ്ചസാര ചേര്‍ത്തു ചൂടാക്കുക.
  9. കഷ്ണങ്ങള്‍ക്ക് പിങ്ക് നിറം കൊടുക്കുന്നതിനായി ഓറഞ്ച്റെഡ്, റാസ്പ്ബെറി റെഡ് എന്നീ ഭക്ഷ്യനിറങ്ങള്‍ ഒരു കിലോഗ്രാം കഷ്ണങ്ങള്‍ക്ക് യഥാക്രമം അരഗ്രാം, ഒരുഗ്രാം, എന്നീ തോതില്‍ ചേര്‍ക്കുക.
  10. പഞ്ചസാര ലായനിയുടെ വീര്യം 70% ആകുന്നതുവരെ പഞ്ചസാര ചേര്‍ക്കല്‍ എല്ലാ ദിവ സവും ആവര്‍ത്തിക്കുക.
  11. മൂന്നാമത്തെ ദിവസം 1കി.ഗ്രാം സിറപ്പിന് 1 ഗ്രാം സിട്രിക് ആസിഡ് ചേര്‍ത്ത് ചൂടാക്കുക.
  12. സിറപ്പിന്‍റെ വീര്യം 70% ത്തിനു മുകളില്‍ തന്നെ കുറയാതെ നില്‍ക്കുന്നു എന്നു കണ്ടാല്‍ ഉല്പന്നം പഞ്ചസാര ലായനിയില്‍ ഒരാഴ്ച ഇട്ടുവെയ്ക്കുക.
  13. പിന്നീട് പഞ്ചസാര ലായനി അരിച്ചുമാററി കഷ്ണങ്ങള്‍ 0.5 സെ.മീ.നീളവും വീതിയും ഉളള കഷ്ണങ്ങളാക്കി മുറിക്കുക.
  14. ചെറുചൂടില്‍ കഷ്ണങ്ങള്‍ ഉണക്കാന്‍ വെയ്ക്കുക.
  15. ഈ കഷ്ണങ്ങള്‍ സ്ഫടികപാത്രങ്ങളിലോ, പോളിത്തീന്‍ ഉറകളില്‍ സീല്‍ ചെയ്തോ കാററു കടക്കാത്ത വിധം സൂക്ഷിക്കാം.

1955ലെ ഫലവര്‍ഗ്ഗ ഉല്പ്പന്ന നിയമത്തിലെ നിബന്ധനകളനുസരിച്ച് വില്പനയ്ക്ക് തയ്യാറാക്കുന്ന ടൂട്ടിഫ്രൂട്ടിക്ക് താഴെ പറയുന്ന ഗുണനിലവാരങ്ങള്‍ ഉണ്ടയിരിക്കും.

ടൂട്ടിഫ്രൂട്ടി ഉണ്ടാക്കുമ്പോള്‍ പഞ്ചസാര ഡെക്സ്ട്രോസ്, ദ്രവരൂപത്തിലുള്ള ഗ്ളൂക്കോസ്, സിട്രിക് അമ്ലം, ലയനശേഷിയുളള കാല്‍സ്യം ലവണങ്ങള്‍,അസ്കോര്‍ബിക് അമ്ലം. അംഗീകാരമുളള നിറങ്ങളും സംരക്ഷക വസ്തുക്കളും എന്നിവ മാത്രമേ ഉപയോഗിക്കാവൂ. അവസാനഘട്ടത്തില്‍ ടൂട്ടിഫ്രൂട്ടി അര്‍ദ്ധതാര്യമായിരിക്കണം. ഉല്പന്നം കരിഞ്ഞ നിറമോ മണമോ ഇല്ലാത്തതായിരിക്കണം. ടൂട്ടിഫ്രൂട്ടിയിലെ പഞ്ചസാരയുടെ അളവ് 70%-ല്‍ കുറയാന്‍ പാടില്ല. മൊത്തം പഞ്ചസാരയുടെ 25% എങ്കിലും ഗ്ളൂക്കോസോ ഫ്രക്റ്റോസോ പോലുളള ഘടകങ്ങളായിരിക്കണം

വാഴയില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍

വാഴക്കായ

ചിപ്സും ഏത്തക്കായ പൊടിയും കായവരട്ടിയുമാണ് വിപണിയിലുള്ള പ്രധാന വിഭവങ്ങള്‍. സ്വദേശ വിപണിയില്‍ മാത്രമല്ല വിദേശ വിപണിയിലും ഇവയ്ക്ക് സാധ്യതകളുണ്ട്. നേന്ത്രനാണ് ചിപ്സ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. നേന്ത്രന് പുറമെ മൊന്തന്‍, പടറ്റി, കുന്നന്‍ പൂവന്‍ എന്നീ ഇനങ്ങളും വാഴയ്ക്കപ്പൊടിയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. കൂടാതെ ജാം, കാന്‍ഡി, ഫ്രൂട്ട് ബാര്‍, ഡീഹൈട്രേറ്റ് ഫ്രൂട്ട്, ബനാന വൈന്‍ തുടങ്ങി നിരവധി വിഭവങ്ങളും വാഴപ്പഴത്തില്‍ നിന്നും തയ്യാറാക്കാം.

  • ബനാന ബെവറേജസ്
  • ബനാന കേക്ക്
  • ബാനാന പൌഡര്‍
  • ബനാന ജ്യൂസ്
  • അച്ചാറുകള്‍

വാഴപ്പിണ്ടി കൊണ്ടും കൂമ്പ് കൊണ്ടും അച്ചാറുകള്‍ ഉണ്ടാക്കാം

  • ഉണക്കിയ വാഴപ്പഴം

കേരളത്തിലെ കര്‍ഷകരില്‍ ഏറിയപങ്കും കുലവെട്ടിയശേഷം വാഴപ്പോള പാഴാക്കുകയാണ് പതിവ്. അലങ്കാര സാധനങ്ങള്‍, ബാഗുകള്‍, കുപ്പായങ്ങള്‍ തുടങ്ങി വിവിധ കരകൌശല വസ്സ്തുക്കള്‍ വാഴനാരില്‍ നിന്നുണ്ടാക്കാം. ഈ സംരംഭത്തിന് വളരെ മൂലധനമൊ യന്ത്രസഹായമോ വേണ്ടി വരുന്നില്ല. വാഴപ്പോളകളെ ചീപ്പ്പോലുള്ള ലോഹ സ്ക്രാപ്പര്‍ ഉപയോഗിച്ച് ചീകി നാര് വേര്‍തിരിക്കാം. ഈ നാരിനെ നന്നായി ഉണക്കിയ ശേഷം ചായം കലര്‍ത്തിയ വെള്ളത്തിലിട്ട് കുറച്ച് നല്ലെണ്ണ യുമായി തിളപ്പിച്ച് വിവിധ വര്‍ണ്ണങ്ങളിലാക്കാം. വീണ്ടും നന്നായി ഉണക്കിയശേഷം തുന്നിയാണ് വിവിധ അലങ്കാരസാധനങ്ങളും ബാഗുകളുമൊക്കെ നിര്‍മ്മിക്കുന്നത്

കിഴങ്ങ് വിളകള്‍മൂല്യവര്‍ദ്ധനവ്

മധുരക്കിഴങ്ങ് പച്ചക്കറികളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നു. ഭാരതത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ബീഹാര്‍, ഒറീസ്സാ, വെസ്റ്റ്‌ ബംഗാള്‍, കിഴക്കേ ഉത്തര്‍ പ്രദേശ്‌ എന്നിവിടങ്ങളിലും തെക്കന്‍ സംസ്ഥാനമായ കേരളത്തിലും കൃഷി ചെയ്യപ്പെടുന്നു. ശരാശരി 20 മുതല്‍ 25 ടണ്‍ ഒരു ഹെക്ടറില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇനങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. വളരെയധികം പോഷകമൂല്യമുള്ള മധുരക്കിഴങ്ങ് സാധാരണയായി പുഴുങ്ങി കഴിക്കുന്നത് കൂടാതെ മറ്റു പല ആഹാരപദാര്‍ഥങ്ങളായും കാലിത്തീറ്റയായും ഉപയോഗിക്കാമെന്ന് കണ്ടിട്ടുണ്ട്.

മധുരക്കിഴങ്ങ് ഗുലാബ് ജാമുന്‍

ചേരുവകള്‍

മധുരക്കിഴങ്ങ് : 250 ഗ്രാം

മൈദമാവ് : 250 ഗ്രാം

പാല്‍പ്പൊടി : 250 ഗ്രാം

നെയ്യ് : രണ്ട് ടേബിള്‍ സ്പൂണ്‍

റൊട്ടിക്കാരം : ഒരു നുള്ള്

പഞ്ചസാര : ഒരു കിലോ

ഏലയ്ക്ക പൊടിച്ചത് : ½ ടീ സ്പൂണ്‍

റോസ് എസ്സന്‍സ് : ½ ടീ സ്പൂണ്‍

വെളിച്ചെണ്ണ (അല്ലെങ്കില്‍ സസ്യ എണ്ണ) : 1 കിലോ

ഉണ്ടാക്കുന്ന രീതി

മധുരക്കിഴങ്ങ് നന്നായി കഴുകി വേവിച്ചെടുക്കുക. തൊലികളഞ്ഞ് കൈകൊണ്ട് നന്നായി ഉടച്ച് എടുക്കുക. മൈദമാവ്, പാല്‍പ്പൊടി, റോട്ടിക്കാരം ഇവ ഒന്നിച്ച് ചേര്‍ത്ത് അരിച്ചെടുക്കുക. ഇതിലേക്ക് വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന മധുരക്കിഴങ്ങ് ചേര്‍ത്തു നേര്‍മയായി കുഴ്യ്ക്കുക. വീണ്ടും നെയ്യ് ചേര്‍ത്ത് കുഴയ്ക്കുക. വെള്ളം വേണമെങ്കില്‍ മാത്രം അല്പം ചേര്‍ത്ത് ചപ്പാത്തി മാവിന്‍റെ പാകത്തില്‍ കട്ടിയായി കുഴയ്ക്കുക. ഇത് ഒരു ചെറിയ ഗോലിയുടെ പാകത്തില്‍ ഉരുട്ടിയെടുക്കുക. എണ്ണ നന്നായി ചൂടാക്കിയിട്ട്, ഉരുട്ടിയ ജാമുനുകള്‍ അതിലിട്ട് വറുത്തു കോരുക. ചെറിയ ചൂടില്‍ വറുത്താല്‍ പുറം കൂടുതല്‍ കറുക്കാതെ ഭംഗിയുള്ള ജാമുനുകള്‍ ഉണ്ടാക്കാം. പഞ്ചസാര അല്പം വെള്ളത്തില്‍ ലയിപ്പിച്ച് സിറപ്പ് ആക്കിയെടുക്കുക. അടുപ്പില്‍ വച്ച് കട്ടിയുള്ള സിറപ്പ് ആക്കുക. (ഒറ്റ നുല്‍ പാകത്തിന് മുമ്പ് എടുക്കണം). ഇത് അല്പം തണുപ്പിച്ച് ഇതില്‍ ഏലക്ക പൊടിച്ചത്, റോസ് എസ്സന്‍സ് ഇവ ചെത്ത് വറുത്ത ജാമിനുകള്‍ ഇതിലിട്ട് കുതിരാന്‍ വയ്ക്കുക. ജാമുനുകള്‍ ചെറികൊണ്ട് അലങ്കരിച്ച് അല്പം സിറപ്പും ചേര്‍ത്ത് വിളമ്പുക.

മധുരക്കിഴങ്ങ് ക്രോക്കറ്റസ്

ചേരുവകള്‍

മധുരക്കിഴങ്ങ് : 1 കിലോ

സവാള : ½ കിലോ

പച്ചമുളക് : 100 ഗ്രാം.

ഇഞ്ചി : 100 ഗ്രാം.,

മൈദമാവ് : ½ കിലോ

ഉണക്ക റൊട്ടി (അല്ലെങ്കില്‍ റസ്ക്) 2 എണ്ണ : (1/2 കിലോ)

ഉപ്പ് : ആവശ്യത്തിന്

വെളിച്ചെണ്ണ (അല്ലെങ്കില്‍ സസ്യ എണ്ണ) : 1 കിലോ

ഉണ്ടാക്കുന്ന രീതി

മധുരക്കിഴങ്ങ് വെള്ളത്തില്‍ നന്നായി കഴുകി വേവിച്ചെടുക്കുക. ഇത് തൊലികളഞ്ഞ് കൈകൊണ്ട് നന്നായി ഉടച്ച് എടുക്കുക.

സവാള തൊലികളഞ്ഞ് കൊത്തി അരിയുക. പച്ചമുളക് ചെറിയ കഷ്ണങ്ങളാക്കി അരിയുക. ഇഞ്ചി തൊലികളഞ്ഞ് കൊത്തി അരിയുക. അല്പം എണ്ണ ചൂടാക്കി ഉള്ളി, മുളക്, ഇഞ്ചി ഇവ ഇളം തവിട്ടുനിറമായി വറുത്തു കോരുക. ഇത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഉടച്ചു വച്ചിരിക്കുന്ന മധുരക്കിഴങ്ങുമായി നന്നായി ചേര്‍ത്ത് കുഴയ്ക്കുക. ഈ മിശ്രിതം കൈയിലെടുത്ത് 5 മുതല്‍ 6 സെ.മി. നീളമുള്ള ചെറിയ പൈപ്പ് കുഴലിന്റെ ആകൃതിയില്‍ ആക്കിയെടുക്കുക.

മൈദമാവ് അല്പം വെള്ളത്തില്‍ കുഴച്ച് എടുക്കുക. ഉണക്കറൊട്ടി മിക്സിയില്‍ കരുകരുപ്പായി പൊടിച്ചെടുക്കുക. ഇനി മധുരക്കിഴങ്ങ് കുഴലുകള്‍ ആദ്യം മൈദമാവിലും പിന്നെ റൊട്ടിപ്പൊടിയിലും മുക്കിയെടുക്കുക. റൊട്ടിപ്പൊടി എല്ലാവശത്തും ഒരുപോലെ പറ്റിപ്പിടിക്കുവാന്‍ ശ്രദ്ധിക്കണം.

മൂട് കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ നന്നായി ചൂടാക്കി നാലോ അഞ്ചോ എണ്ണം വീതം ഇട്ട് നല്ല രീതിയില്‍ പൊരിച്ചെടുക്കുക. ചൂട് കുറഞ്ഞാല്‍ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഇത് ചൂടോടെ തക്കാളി സോസ് ചേര്‍ത്ത് കഴിയ്ക്കാം.

മധുരക്കിഴങ്ങ്- ചെറുപയര്‍ സുഖിയന്‍

ചേരുവകള്‍

മധുരക്കിഴങ്ങ് : ½ കിലോ

ചെറുപയര്‍ : 1 കപ്പ്‌

തേങ്ങ ചുരണ്ടിയത് : ½ കപ്പ്‌

നിലക്കടല (വറുത്തത്) : 2 ടേബിള്‍സ്പൂണ്‍

ശര്‍ക്കര : 1 ½ കപ്പ്‌

മൈദ : ½ കപ്പ്‌

ഏലക്ക പൊടിച്ചത് : ½ ടീ സ്പൂണ്‍

സോഡാക്കാരം : 1 നുള്ള്

മഞ്ഞകളര്‍ : 1 നുള്ള്

വെളിച്ചെണ്ണ (അല്ലെങ്കില്‍ സസ്യഎണ്ണ ) : 1 കോലോ

ഉണ്ടാക്കുന്ന രീതി

മധുരക്കിഴങ്ങ് കഴുകി വേവിച്ച് നന്നായി ചൂറാക്കുകള്‍. മൈദമാവ് സോഡാക്കാരം ചേര്‍ത്ത് അരിച്ചെടുക്കുക. ഇത് വെള്ളം ചേര്‍ത്ത് കട്ടിയായി കലക്കി എടുക്കുക. ഇതില്‍ മഞ്ഞ കളര്‍ ചേര്‍ത്ത് വീണ്ടും കലക്കുക. വേവിച്ച പയര്‍, ശര്‍ക്കര ചുരണ്ടിയത്, തേങ്ങ, നിലക്കടല വറുത്തത് ഇവ മധുരക്കിഴങ്ങില്‍ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി മൈദമാവില്‍ മുക്കി എണ്ണയില്‍ വറുത്ത് കോരുക.

മധുരക്കിഴങ്ങ്‌ ഇല പക്കോഡ

ചേരുവകള്‍

കടലമാവ് : ½ കിലോ

മധുരക്കിഴങ്ങ് ഇല ( അറിഞ്ഞത്) : 2 കപ്പ്‌

സവാള : ½ കിലോ

ഇഞ്ചി : 100 ഗ്രാം

പച്ചമുളക് : 100 ഗ്രാം

കായം : ½ ടീ സ്പൂണ്‍

മുളകുപൊടി : 1 ടീ സ്പൂണ്‍

മഞ്ഞള്‍പൊടി : ടീ സ്പൂണ്‍

ഉപ്പ് : പാകത്തിന്

സോഡാക്കാരം : രണ്ട് നുള്ള്

വെളിച്ചെണ്ണ (അല്ലെങ്കില്‍ സസ്യഎണ്ണ): 1 കിലോ

ഉണ്ടാക്കുന്ന രീതി

കടലമാവ് സോഡാക്കാരം ചേര്‍ത്ത് ഇളക്കി അരിച്ചെടുക്കുക. ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് കടലമാവ് അരിച്ചതില്‍ ചേര്‍ക്കുക. ഉപ്പ്, കായം, മുളകുപൊടി,മഞ്ഞള്‍പൊടി ഇവയും ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് കട്ടിയായി കുഴയ്ക്കുക. ഇതില്‍ അരിഞ്ഞുവച്ചിരിക്കുന്ന മധുരക്കിഴങ്ങ് ഇലയും ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. നന്നായി ചൂടായ എണ്ണയില്‍ ഈ മിശ്രിതം കുറേശ്ശെ പൊടിച്ചിട്ട് വറുത്തു കോരുക.ചൂടോടെ ഉപയോഗിക്കുക. തക്കാളി സോസ് ചേര്‍ത്ത് ഉപയോഗിച്ചാല്‍ നന്നായിരിക്കും.

മധുരക്കിഴങ്ങ് ബോണ്ട

ചേരുവകള്‍

കടലമാവ് : ½ കിലോ

മഞ്ഞള്‍പൊടി : ½ ടീ സ്പൂണ്‍

ഉപ്പ് : പാകത്തിന്

മുളകുപൊടി : 1 ടീ സ്പൂണ്‍

കായം : ½ ടീ സ്പൂണ്‍

ഇവ വെള്ളം ചേര്‍ത്ത് കട്ടിയായി കലക്കി മാറ്റി വയ്ക്കുക.

മധുരക്കിഴങ്ങ് : ½ കിലോ

സവാള : ¼ കിലോ

ഇഞ്ചി : 50 ഗ്രാം

പച്ചമുളക് : 50 ഗ്രാം

മല്ലിയില (അരിഞ്ഞത്) : 2 ടീ സ്പൂണ്‍

മഞ്ഞള്‍പൊടി : 2 നുള്ള്

ഉഴുന്നു പരിപ്പ് : 2 ടീ സ്പൂണ്‍

ഉപ്പ് : പാകത്തിന്

എണ്ണ : വറുക്കുന്നതിനു

ഉണ്ടാക്കുന്ന രീതി

മധുരക്കിഴങ്ങ് കഴുകി വേവിച്ച്, തൊലികളഞ്ഞ് ഉടച്ചെടുക്കുക. അല്പം എണ്ണയില്‍ ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ വറുത്തു കോരുക. ഉഴുന്നു പരിപ്പ് ഇളം തവിട്ടുനിറം ആയി വറുത്തു കോരുക. ഉടച്ച മധുരക്കിഴങ്ങില്‍ ഇവയും മഞ്ഞള്‍പൊടി, ഉപ്പ്, മല്ലിയില എന്നിവയും ചേര്‍ത്ത് നന്നായി കുഴച്ച് ഉരുളകളാക്കുക. ഇത് കുഴച്ചു വച്ചിരിക്കുന്ന മാവില്‍ മുക്കി വറുത്തു കോരുക. ചൂടോടെ ഉപയോഗിക്കാം.

മധുരക്കിഴങ്ങ് അച്ചാര്‍

ചേരുവകള്‍

മധുരക്കിഴങ്ങ് : ½ കിലോ

എള്ളെണ്ണ : 300 ഗ്രാം

ജീരകം : 20 ഗ്രാം

കടുക് : 25 ഗ്രാം

ഉലുവ : 15 ഗ്രാം

കായംപൊടി : 1 ടീ സ്പൂണ്‍

മുളകുപൊടി : 30 ഗ്രാം

മഞ്ഞള്‍പൊടി : 15 ഗ്രാം

വെളുത്തുള്ളി : 25 ഗ്രാം

വിനിഗര്‍ : 15 മി.ലിറ്റര്‍ ½ ഔണ്‍സ്

ഉപ്പ് : 30 ഗ്രാം

ഉണ്ടാക്കുന്ന രീതി

മധുരക്കിഴങ്ങ് വെള്ളത്തില്‍ കഴുകി, തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇത് ചൂടായ ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് ചെറുതായി വറുത്തു കോരുക. ഇഞ്ചി, ഇവ തൊലികളഞ്ഞ് നന്നായി അരച്ചെടുക്കുക. കടുക്, ഉലുവ, ജീരകം, കായം മുതലായവ ചൂടാക്കി പൊടിച്ചെടുക്കുക. ഇതില്‍ മഞ്ഞള്‍പൊടി, മുളകുപൊടി ഇവയും ചേര്‍ത്ത് നന്നായി ഇളക്കുക.

എണ്ണ ചൂടാക്കി പൊടിച്ച മിശ്രിതവും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് നേരത്തേ ചൂടാക്കി വച്ച മധുരക്കിഴങ്ങ് കാഷ്ണങ്ങള്‍ ഇട്ട് നന്നായി ഇളക്കി ചേര്‍ക്കുക. ഇതില്‍ വിനിഗര്‍ ചേര്‍ത്ത് ഇളക്കി കുപ്പികളിലാക്കി സുക്ഷിക്കാം.

മധുരക്കിഴങ്ങ്‌ ജല്ലി

ചേരുവകള്‍

മധുരക്കിഴങ്ങ് പള്‍പ്പ് : 1 കിലോ

ആക്കി അരിച്ചെടുത്തത് : 1 കിലോ

പഞ്ചസാര : 8 ഗ്രാം

പെക്ടിന്‍ : 10 ഗ്രാം

ഓറഞ്ച് എസ്സന്‍സ് : 4 ടീ സ്പൂണ്‍

ഉണ്ടാക്കുന്ന രീതി

മധുരക്കിഴങ്ങ് കഴുകി, വേവിച്ച്, തൊലികളഞ്ഞ്, മിക്സിയില്‍ അടിച്ച് കുഴമ്പാക്കി എടുക്കുക. ഇത് അല്പം കൂടി വെള്ളം ചേര്‍ത്ത് തുണിയില്‍ കൂടിയോ അരിപ്പയില്‍ കൂടിയോ അരിച്ചെടുക്കുക. പള്‍പ്പ് ആക്കിയത് ഒരു കിലോ വേണം. ഇതില്‍ പഞ്ചസാര, പെക്ടിന്‍ ഇവ ചേര്‍ത്ത് ചൂടാക്കുക. ഈ മിശ്രിതം നന്നായി കട്ടയായി ജല്ലി പരുവത്തില്‍ ആകുന്നതുവരെ ഇളക്കുക. സിട്രിക് ആസിഡും ഓറഞ്ച് എസ്സന്‍സും ചേര്‍ത്ത് വീണ്ടും ഇളക്കി, തണുക്കുമ്പോള്‍ കുപ്പികളിലാക്കാം. ഏറെനാള്‍ സുക്ഷിക്കണമെങ്കില്‍ ഒരു ടീ സ്പൂണ്‍ സോഡിയം ബന്‍സോയേറ്റോ അല്ലെങ്കില്‍ പൊട്ടാസ്യം മെറ്റാബൈസള്‍ഫൈറ്റോ കൂടി ചേര്‍ത്ത് കുപ്പികളിലാക്കണം.

മധുരക്കിഴങ്ങ് ജാം

ചേരുവകള്‍

മധുരക്കിഴങ്ങ് : 800 ഗ്രാം

(പള്‍പ്പ് ആക്കിയത്)

പഞ്ചസാര : 1 കിലോ

ആപ്പിള്‍ അല്ലെങ്കില്‍ ഏത്തപ്പഴം : 200 ഗ്രാം

നന്നായി വേവിച്ച് ഉടച്ചത്

സിട്രിക് ആസിഡ് : 10 ഗ്രാം

പൊട്ടാസ്യം മെറ്റാ : 4 ഗ്രാം

ബൈസള്‍ഫൈറ്റ്

കളര്‍ : 2 ഗ്രാം.

ഉണ്ടാക്കുന്ന രീതി

മധുരക്കിഴങ്ങ് കഴുകി, വേവിച്ച് തൊലികളഞ്ഞ് നന്നായി അരച്ച് പള്‍പ്പ് .ആക്കിയെടുക്കുക. ഇത് 800 ഗ്രാം വേണം. ആപ്പിള്‍, ഏത്തപ്പഴം മുതലായവ തൊലികളഞ്ഞ്, അരിഞ്ഞ് വേവിച്ച് അരച്ചെടുത്തത് 200 ഗ്രാം വേണം. ഇവ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പത്ത് വച്ച് ചൂടാക്കുക. കട്ടകെട്ടാതെ ഇളക്കിക്കൊണ്ടിരിക്കണം. പാകമാകുന്നതിന് മുമ്പായി സിട്രിക് ആസിഡ്, ഇവ ചേര്‍ത്ത് വീണ്ടും ഇളക്കുക. ജാം പാകമാകുമ്പോള്‍ പാത്രത്തില്‍ നിന്നും വിട്ടുപോരും. വാങ്ങിവെച്ച് പൊട്ടാസ്യം മെറ്റാബൈസള്‍ഫൈറ്റ് ചേര്‍ത്ത് ഇളക്കി തണുപ്പിച്ച് കുപ്പികളില്‍ ആക്കാം.

മധുരക്കിഴങ്ങ് സോസ്

ചേരുവകള്‍

മധുരക്കിഴങ്ങ് : 900 ഗ്രാം

തക്കാളി സത്ത് : 200 ഗ്രാം

ഉപ്പ് : 7 ഗ്രാം

ഉള്ളി : 40 ഗ്രാം

വെളുത്തുള്ളി : 5 ഗ്രാം

ഇഞ്ചി : 25 ഗ്രാം

പഞ്ചസാര : 20 ഗ്രാം

വിനിഗര്‍ : 20 ഗ്രാം

ഗ്രാമ്പ്, കറുകപ്പട്ട : 6 ഗ്രാം

മുളകുപൊടി : 10 ഗ്രാം

കുരുമുളക് : 10 ഗ്രാം

പൊട്ടാസ്യം മെറ്റാബൈസള്‍ഫൈറ്റ് : 1 ടീ സ്പൂണ്‍

ഉണ്ടാക്കുന്ന രീതി

മധുരക്കിഴങ്ങ് കഴുകി, വേവിച്ച് തൊലികളഞ്ഞ് മിക്സിയില്‍ നന്നായി അരച്ചെടുക്കണം. ഇത് നേര്‍ത്ത അരിപ്പില്‍ കൂടി അരിച്ചെടുക്കുക. തക്കാളി ചൂട് വെള്ളത്തില്‍ 10 മിനിറ്റ് ഇട്ട് തൊലികളഞ്ഞ് മിക്സിയില്‍ അരച്ചെടുക്കുക. ഇതും അരിച്ചെടുത്ത മധുരക്കിഴങ്ങ് പള്‍പ്പില്‍ ചേര്‍ക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി മുതലായവ അരച്ചെടുത്ത് ബാക്കി സ്പൈസസ് ചേര്‍ത്ത്, ഉപ്പും ചേര്‍ത്ത് ഒരു തുണി കിഴിയില്‍ കെട്ടിവയ്ക്കുക. മധുരക്കിഴങ്ങ് തക്കാളി മിശ്രിതം ഒരു സോസ്പാനില്‍ ചൂടാക്കുക. തുണിക്കിഴി ഇതില്‍ ഇറക്കി വേവിക്കുക. ഇളക്കിക്കൊണ്ടിരിക്കണം. സോസ് പാകമാകുമ്പോള്‍, വിനിഗര്‍, പൊട്ടാസ്യം മെറ്റാബൈസള്‍ഫൈറ്റ് ഇവ ചേര്‍ത്ത് വാങ്ങിവയ്ക്കുക. ഇത് ചൂടോടെ കുപ്പികളിലാക്കി സുക്ഷിക്കാം.

മധുരക്കിഴങ്ങ് മിഠായി അല്ലെങ്കില്‍ കാന്‍ഡീസ്

ചേരുവകള്‍

മധുരക്കിഴങ്ങ് : 6 എണ്ണം

പഞ്ചസാര : ½ കപ്പ്‌

വെള്ളം : ½ കപ്പ്‌

നെയ്യ് (വെണ്ണ) : 3 ടേബിള്‍സ്പൂണ്‍

ഉണ്ടാക്കുന്ന രീതി

മധുരക്കിഴങ്ങ് കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് 15-20 മിനിറ്റ് നേരം വേവിച്ച് എടുക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് തൊലി ചെത്തി ½ ഇഞ്ചു നീളത്തില്‍ അരിഞ്ഞ് എടുക്കുക. വെണ്ണ പുരട്ടിയ പാത്രത്തില്‍ കഷണങ്ങള്‍ അടുക്കി വയ്ക്കുക. പഞ്ചസാര, വെള്ളം, വെണ്ണ ഇവ ചേര്‍ത്ത് 2-3 മിനിറ്റ്തിളപ്പിക്കുക. ഇത് മധുരക്കിഴങ്ങ് കഷണക്ക് മീതെ ഒഴിക്കുക. ഇത് ഒരു ഓവനില്‍ വച്ച് 30 മിനിറ്റ് നേരം ബേക്ക് ചെയ്യുക. ഇളം ‌ബ്രെണ്‍ കളര്‍ കാന്‍ഡി ലഭിക്കണം. അല്പം കൂടി സിറപ്പ് കഷണങ്ങള്‍ക്ക് മുകളില്‍ ഒഴിച്ച് ഒരിക്കല്‍ കൂടി ബേക്ക് ചെയ്യാം.

മധുരക്കിഴങ്ങ് ബറ്റാറ്റാ ഷേക്ക്

ചേരുവകള്‍

മധുരക്കിഴങ്ങ് : 1 കിലോ

ഏലക്ക : 100 ഗ്രാം

പഞ്ചസാര : ½ കിലോ

പാല്‍ : ആവശ്യത്തിന്

ഉണ്ടാക്കുന്ന രീതി

മധുരക്കിഴങ്ങ് കഴുകി അരിഞ്ഞ്‌ വേവിച്ചെടുക്കുക. ഇത് വെയിലത്ത് വച്ച് നന്നായി ഉണക്കി മിക്സിയില്‍ പൊടിച്ചെടുക്കുക. ഇത് നേര്‍ത്ത അരിപ്പില്‍ അരിച്ചെടുത്ത പൊടിയില്‍ ഏലക്ക പൊടിച്ചു ചേര്‍ക്കുക. ഉപയോഗിക്കുമ്പോള്‍ പാല്‍ ചൂടാക്കി, ആവശ്യത്തിന് പഞ്ചസാര ഇട്ട് അതില്‍ ഒന്നോ രണ്ടോ സ്പൂണ്‍ പൊടി ഇട്ട് ഇളക്കി തിളപ്പിച്ച്,ആറിച്ച് കുടിയ്ക്കാവുന്നതാണ്.

കുരുമുളകിന്റെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

അന്താരാഷ്ട്ര വിപണിയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് കുരുമുളകും അതിന്റെ ഉപോല്പന്നങ്ങളും . കേരളത്തില്‍ കുരുമുളകിന്റെ വിളവെടുപ്പ് കാലം നവംബര്‍ മുതല്‍ ഫെബ്രുവരി മാസം വരെയാണ് . സാധാരണയായി തിരിയിട്ട് 180-200 ദിവസം കഴിയുമ്പോഴാണ് കുരുമുളക് വിളവെടുക്കുന്നത് . എന്നാല്‍ ഹൈറേഞ്ചു മേഖലകളില്‍ മൂപ്പെത്തുന്നതിനു കാലതാമസം വേണ്ടിവരും. അവിടെ അന്തരീക്ഷ ഊഷ്മാവ് താരതമ്യേന കുറവായിരിക്കും .

വിളവെടുപ്പ്

കുരുമുളക് തിരികള്‍ ശരിയായി മൂപ്പെത്തിയ ശേഷം മാത്രം പറിച്ചെടുക്കുക. മൂപ്പെത്തുന്നതിനു മുമ്പ് പറിച്ചെടുക്കുന്നത് കുരുമുളകിന്റെ ഗുണമേന്മയിലും വിലവിലും കുറവുണ്ടാക്കുന്നു. ( 10 മുതല്‍ 18 ശതമാനം വരെ )

കാലാവസ്ഥയില്‍ അസാധാരണമായിട്ടൊന്നും സംഭവിച്ചില്ലെങ്കില്‍ ഒരേ കൊടിയില്‍ ഉണ്ടാകുന്ന തിരിയില്‍ ഏറിയപങ്കും ഒരേ പ്രായമായിരിക്കും. അതുകൊണ്ട് കൊടിയിലെ ഏതാനും തിരികളിലെ മണികള്‍ പഴുത്തു തുടങ്ങുമ്പോള്‍ ആ കൊടിയിലെ കുരുമുളക് മുഴുവന്‍ പറിച്ചെടുക്കാം. രണ്ടോ മൂന്നോ പ്രാവശ്യമായി തിരിയിടുന്ന സ്വഭാവമുള്ള വള്ളികളുണ്ടെങ്കില്‍അവയില്‍ നിന്നും ഓരോ പ്രാവശ്യം മൂപ്പെത്തുന്നതിനനുസരിച്ച് കുരുമുളക് പറിച്ചെടുക്കണം, കുരുമുളകില്‍ നിന്നും ഉല്‍പ്പാദി പ്പിക്കുന്ന ഉല്‍പ്പന്നങ്ങളെ മൂന്നു രീതിയില്‍ തരം തിരിക്കുന്നു. കറുത്ത കുരുമുളകില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ , വെള്ള കുരുമുളകില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ കൂടാതെ പച്ച കുരുമുളകില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍.

കറുത്ത കുരുമുളകിന്റെ ഉല്‍പ്പാദനം

തിരിയില്‍ നിന്നും മണികള്‍ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കുന്നത്തിനു വേണ്ടി പറിച്ചെടുത്ത കുരുമുളക് വെയിലേല്‍ക്കാതെ ഒരു മുറിയല്‍ ഒരു ദിവസമെങ്കിലും കൂട്ടിയിടുന്നു . പിന്നീട് ഇവ കാലുകൊണ്ട്‌ മെതിച്ച് മണികള്‍ തിരിയില്‍ നിന്നും വേര്‍പെടുത്തുന്നു. തിരിയില്‍ അവശേഷിക്കുന്ന മണികള്‍ പിന്നീട് കൈകള്‍ ഉപയോഗിച്ച് വേര്‍തിരിക്കുന്നു .

കുരുകുളക് മണികള്‍ വേര്‍പെടുത്തുന്നതിനായി മെതിയന്ത്രങ്ങളും ഉപയോഗിച്ച് വരുന്നുണ്ട് . ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ ശുചിത്വമായി മണിക്കൂറില്‍ അര ടണ്ണ്‍ മുതല്‍ ഒന്നര ടണ്ണ്‍ വരെ കുരുമുളക് മണികള്‍ വേര്‍തിരിച്ചെടുക്കാം . യന്ത്രങ്ങള്‍ ഉപയോഗിച്ച് വേര്‍പെടുത്തിയ കുരുമുളകിന്റെ ആകൃതിയിലോ ഗുണത്തിലോ മാറ്റം വരുന്നില്ല. ഇങ്ങനെ വിവിധ രീതിയില്‍ മെതിച്ചെടുക്കുന്ന കുരുമുളക് വൃത്തിയാകിയ ശേഷം 3 മുതല്‍ 7 ദിവസം വരെ വെയിലില്‍ ഉണക്കുന്നു. സൂര്യന്റെ ചൂടിന്റെ ലഭ്യത അനുസരിച്ചു ഉണക്കുന്ന സമയം വ്യത്യാസപ്പെട്ടിരിക്കും. ശരിയായി ഉണക്കിയ കുരുമുളകിന്റെ ഈര്‍പ്പം 8-10 ശതമാനത്തില്‍ കൂടരുത് . തിരികളില്‍ നിന്ന് മാറ്റിയ കുരുമുളക് മണികള്‍ തിളപ്പിച്ച വെള്ളത്തില്‍ ഒരു മിനിട്ട്മുക്കിയെടുത്താല്‍ മണികള്‍ക്ക് നല്ല ആകര്‍ഷകത്വവും കറുപ്പ് നിറവും ലഭിക്കും. ഇതിനു പുറമേ ഉണക്കുവാന്‍ ആവശ്യമായ സമയവും കുറഞ്ഞു കിട്ടും .

കുരുമുളക് ഉണക്കുമ്പോള്‍ ഉണക്കുവാനായി ഈറ്റ കൊണ്ടുണ്ടാക്കിയ പനമ്പോ , വൃത്തിയാക്കിയ കോണ്‍ക്രീറ്റ് തറയോ , കറുപ്പ്‌ നിറമുള്ള കട്ടിയുള്ള പോളിത്തീന്‍ ഷീറ്റോ ഉപയോഗിക്കാം . പനമ്പ് ഉപയോഗിക്കുമ്പോള്‍ ഉലുവ്-കടലാസ് മിശ്രിതം (2:1) പുരട്ടി അതിന്റെ ഉപരിതലം ലഘുവാക്കാവുന്നതാണ്. ഡ്രയറുകള്‍ ഉപയോഗിക്കുമ്പോള്‍ അവയിലെ ചൂട് 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതെ ശ്രദ്ധിക്കണം .

അഴുകിപ്പിക്കല്‍ ::-കുറഞ്ഞ പക്ഷം മൂന്നു മുതല്‍ അഞ്ചു വരെയെങ്കിലും മൂത്ത് പഴുത്ത കായ്കളുള്ള തിരികള്‍ വിളവെടുക്കുക. മൂപ്പെത്താത്ത കായ്കള്‍ തിരികളില്‍ നിന്നും അടര്‍ത്തി മാറ്റുക. അതിനു ശേഷം കായ്കള്‍ മുറിയില്‍ കൂട്ടിയിട്ട് നല്ല വൃത്തിയുള്ള ചാക്കുകള്‍ കൊണ്ട് മൂടി ഒന്നു രണ്ടു ദിവസം സൂക്ഷിക്കുക, ഇങ്ങനെ ചെയ്യുന്നത് മൂലം ബാക്കിയുള്ള കായ്കള്‍ കൂടി പഴുത്തു കിട്ടും . പഴുത്ത കായ്കള്‍ തിരിയില്‍ നിന്നും അടര്‍ത്തി എടുക്കുക.

കുതിര്‍ക്കല്‍‌ അഥവാ സോക്കിങ്ങ് ::- അടര്‍ത്തിയെടുത്ത പഴുത്ത കായ്കള്‍ 50കിലോഗ്രാം തൂക്കം ഉള്‍ക്കൊള്ളൂവാന്‍ കഴിയുന്ന വൃത്തിയുള്ള ചണച്ചാക്കുകളില്‍ അയച്ച് നിറച്ചു കെട്ടുക . ഈ ചാക്കുകള്‍ നല്ല ശുദ്ധമായ ഒഴുക്കുള്ള വെള്ളത്തില്‍ നിക്ഷേപിക്കുന്നു. ഇതിലേക്കായി ടാങ്ക് കെട്ടി വെള്ളം ഒഴുക്കി വിടുന്ന രീതി കൃത്രിമമായി ഉണ്ടാക്കണം. ചാക്ക് കെട്ടുകള്‍ ഒരു കുറ്റിയോടു ബന്ധിച്ചിടുന്നത് സുരക്ഷിതമായിരിക്കും.

ഈ ചാക്കുകള്‍ ആറു മുതല്‍ ഒന്‍പതു ദിവസം വരെ ഒഴുക്കുള്ള വെള്ളത്തില്‍ മുങ്ങിക്കിടക്കണം. എന്നാല്‍ മാത്രമേ പുറമെയുള്ള തൊലി സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്താല്‍ അഴുകിപ്പോവുകയുള്ളൂ. അതിനു ശേഷം കുരുമുളക് മണികളുടെ പുറംതോട് അരിപ്പകളില്‍ ഉരച്ച് നീക്കം ചെയ്ത് കഴുകി വൃത്തിയാക്കുന്നു. പുറംതോട് കളഞ്ഞ കുരുമുളക് ജലാംശം 8-10 ശതമാനം എത്തുന്നത് വരെ നല്ലവണ്ണം വെയിലത്തിട്ടു ഉണക്കിയെടുക്കുന്നു. പഴുക്കാത്ത ബാക്കി മണികള്‍ ആവശ്യമെങ്കില്‍ പഴുപ്പിക്കുന്നതിനായി 2000 പി.പി.എം. എത്രല്‍ (Ethrel) തളിച്ച് അഴുകിപ്പിക്കാവുന്നതാണ്.

  • യന്ത്രം ഉപയോഗിച്ചുള്ള വെള്ള കുരുമുളകിന്റെ ഉല്‍പ്പാദനം:- കുരുമുളകിന്റെ ഔരം തൊലി യന്ത്രം ഉപയോഗിച്ച്നീക്കം ചെയ്യുന്നു. (Decortication) ഇത്തരത്തില്‍ യന്ത്ര സഹായത്താല്‍ പുറം തൊലി കളഞ്ഞ കുരുമുളകിന് ഉപഭോക്താക്കളും വിപണിയിലെ സ്വീകാര്യതയും കുറവാണ്.

പച്ച കുരുമുളകില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍

ജര്‍മനി ,ഫ്രാന്‍സ് മുതലായ യൂറോപ്യന്‍ രാജ്യങ്ങള്‍ പച്ച കുരുമുളകിന് നല്ല പ്രതിപത്തിയുണ്ട്. അതുകൊണ്ട് തന്നെ പച്ച കുരുമുളക് നിര്ജ്ജലീകരിച്ചോ , തണുപ്പിച്ചോ , അതെപടിയോ കയറ്റി അയയ്കുന്നതിനും , ദീര്‍ഘകാലം സൂക്ഷിച്ചു വയ്ക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ് .

നിര്‍ജ്ജലീകരിച്ച പച്ചകുരുമുളക്:- പച്ച കരുമുളക് വള്ളികളില്‍ നിന്നു മുഴുവന്‍ മൂപ്പെത്തുന്നതിനു മുമ്പ് പറിച്ചെടുത്ത് സംസ്കരിക്കുന്നതാണ് . നിര്ജ്ജലീകരിച്ച പച്ച കുരുമുളക് ഒരേ വലുപ്പവും തൂക്കവുമുള്ള പച്ച കുരുമുളകു മണികള്‍ പറിച്ചെടുത്ത് ഏകദേശം 20 മിനുറ്റ് ചൂടുവെള്ളത്തിലിട്ടു വെള്ളം ഒഴിവാക്കിയ ശേഷം തണുപ്പിച്ച് സള്‍ഫര്‍ ഡൈഓക്സൈഡില്‍മുക്കിയെടുക്കുന്നു. പച്ച നിറം നിര്‍ത്തുവാനാണ് ഇങ്ങനെ ചെയ്യുന്നത് അതിനു ശേഷം 50 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കണം. സൂര്യപ്രകാശത്തില്‍ ഉണക്കുവാന്‍ പാടില്ല.

ബോട്ടിലിലാക്കിയ ഉപ്പിലിട്ട പച്ച കുരുമുളക്:- 5-6 മാസം മൂപ്പുള്ള പച്ച കുരുമുളക് 20 ശതമാനം ഉപ്പു വെള്ളത്തില്‍ നാലാഴ്ചയിട്ട ശേഷം വെള്ളം വാര്‍ത്തു കളയുക. പിന്നീട് 16 ശതമാനം ഉപ്പു വെള്ളത്തില്‍ ദശലക്ഷത്തില്‍ നൂറംശം സള്‍ഫര്‍ ഡൈഓക്സൈഡും 0.2 ശതമാനം സിട്രിക് അമ്ലവും ചേര്‍ത്ത് വലിയ ബോട്ടിലിലാക്കി സൂക്ഷിക്കുക .

മരവിപ്പിച്ചു ഉണക്കിയ പച്ച കുരുമുളക്:- തോട്ടത്തില്‍ നിന്ന് എടുക്കുന്ന കുരുമുളക് തണുപ്പിച്ചു മരവിപ്പിച്ച് ഉണക്കിയെടുക്കുന്നതാണിത്. പച്ച കുരുമുളകിന്റെ തനിമ നിലനിര്‍ത്തുവാന്‍ ഇതിനു കഴിയും.

പച്ച കുരുമുളകിന്റെ മറ്റ് ഉല്‍പ്പന്നങ്ങള്‍

പച്ച കുരുമുളകിന്റെ വന്‍ പായ്ക്കറ്റുകളിലാക്കിയത്– ബള്‍ക്ക് പാക്ക് ചെയ്ത കുരുമുളക് മണികള്‍ വ്യത്യസ്ത അളവിലുള്ള പി.വി.സി പാത്രങ്ങളില്‍ 16 ശതമാനം വീര്യമുള്ള Brine (ഉപ്പു ലായനി ) ,1 -2% വീര്യമുള്ള അസറ്റിക് അമ്ലം എന്നിവ ഉപയോഗിച്ച് സൂക്ഷിക്കുന്നു . ഇതിനു പകരമായി കുരുമുളകിന് നല്ല നിറം ലഭിക്കുവാന്‍ 0.25% വീര്യമുള്ള സിട്രിക് ആസിഡ്, 100 പി.പി.എം ,സള്‍ഫര്‍ ഡയോക്സൈഡ് എന്നിവ ചേര്‍ത്ത 16% വീര്യമുള്ള ബ്രൈന്‍ ഉപയോഗിക്കാവുന്നതാണ് .

അച്ചാര്‍ ::- പച്ചമുളക് വിവിധ മാധ്യങ്ങളിലാക്കി (എണ്ണ ,വിനാഗിരി,ഉപ്പ് )യും പച്ചകുരുമുളക് കലര്തിയും ഉണ്ടാക്കിയ അച്ചാറുകള്‍ വിപണിയില്‍ ലഭ്യമാണ് .

സ്വാദിഷ്ടമാക്കിയ പച്ചകുരുമുളക് വിഭവങ്ങള്‍

മരവിപ്പിച്ച പച്ചകുരുമുളക്:

പച്ചകുരുമുളക് പേസ്റ്റ് :

കറുത്ത കരുമുളകില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍

കുരുമുളക് പൊടി:- സാങ്കേതിക വിദ്യ വികാസം പ്രാപിച്ച ഇക്കാലത്ത്‌ വളരെ താണ ഊഷ്മാവില്‍ മണമോ ,ഗുണത്തിന്റെ ദശലക്ഷത്തിലൊരംശമൊ നഷ്ടമാകാതെ കുരുമുളക് യന്ത്രങ്ങള്‍ (ഹാമര്‍ മില്‍ ,പിന്മില്‍ എന്നിവ) ഉപയോഗിച്ച് പൊടിച്ചാണ് കറുത്ത കുരുമുളകുപോടി ഉണ്ടാക്കുന്നത് . ഇങ്ങനെ പൊടിച്ചെടുത്ത കുരുമുളക് അരിച്ചെടുത്ത് വിവിധ അളവുകളുള്ള പായ്ക്കറ്റുകളില്‍ നിറച്ച് വില്‍ക്കുന്നു.

സ്റ്റെറിലൈസ്ഡ് പേപ്പര്‍:- ഉണങ്ങിയ കറുത്ത കുരുമുളക് പ്രത്യേക യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് ഒരു മിനിട്ട് ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയ ശേഷം പെട്ടെന്നു തണുപ്പിച്ച് പായ്ക്ക് ചെയ്യുന്ന ഉല്‍പ്പന്നം ,ഇതിനിപ്പോള്‍ പ്രത്യേക വിപണിയുണ്ട് .

വെള്ള കുരുമുളകില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍

വെള്ള കുരുമുളകുപൊടി:- വെള്ള കുരുമുളക് പൊടിയുടെ ഉല്‍പ്പാദന പ്രക്രിയ കറുത്ത കുരുമുളക് പോടിഉടെ ഉല്‍പ്പാദനത്തിനു സമാനമാണ്. പക്ഷെ ഒരു വ്യത്യാസം പൊടി ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത് വെള്ളക്കുരുമുളകാണ്.

കുരുമുളകെണ്ണ

നീരാവിയിലോ വെള്ളത്തിലോ സ്വേദനം ചെയ്തെടുക്കുന്നതാണ് കുരുമുളകെണ്ണ.

ഒളിയോറസിന്‍

കുരുമുളക് പൊടിയില്‍ നിന്ന്‍സോള്‍വന്റ് എക്സ്ട്രാക്ഷന്‍ സാങ്കേതിക വിദ്യയുടെ ഈഥൈല്‍ ആല്‍ക്കഹോള്‍, അസറ്റോണ്‍ തുടങ്ങിയ ഓര്‍ഗാനിക് അമ്ലങ്ങള്‍ ഉപയോഗിച്ചാണ് ഒളിയോറസിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌. ഇതിന്റെ ഉല്‍പ്പാദനത്തി ഉപയോഗിക്കുന്ന മറ്റൊരു സാങ്കേതിക വിദ്യയാണ് സൂപ്പര്‍ ക്രിട്ടിക്കല്‍ കാര്‍ബണ്‍ ഡൈ ഒക്സൈഡ് എക്സ്ട്രാക്ഷന്‍ .

ഈഥൈല്‍ ആല്‍ക്കഹോള്‍ ,അസറ്റോണ്‍ തുടങ്ങിയ ഓര്‍ഗാനിക് അമ്ലങ്ങള്‍ ഉപയോഗിച്ച് വാറ്റിയെടുക്കുമ്പോള്‍ കുരുമുളകിന് മണവും ,എരിവും വല്കുന്ന സത്തുക്കള്‍ മുഴുവന്‍ വേര്‍തിരിച്ചെടുക്കാം . മത്സ്യ മാംസങ്ങള്‍ കേടുകൂടാതെസൂക്ഷിക്കുവാനും കടുപ്പം കുറഞ്ഞ പാനീയങ്ങള്‍ ,ചില സുഗന്ധദ്രവ്യങ്ങള്‍ ,മിഠായികള്‍ എന്നിവ നിര്‍മ്മിക്കുവാനും സത്ത് ഉപയോഗിക്കുന്നു. ഒളിയോറസിന്റെ ഉല്‍പ്പന്നങ്ങളാണ് സമ്പുഷ്ടമായ കുരുമുളകെണ്ണ ലയിക്കാവുന്ന കുരുമുളകെണ്ണ , ദ്രാവക കുരുമുളക് , കുരുമുളക് എമല്‍ഷന്‍ സാന്ദ്രീകരിച്ച കുരുമുളക് ,മുരുമുളക് അബ്സല്യുട്ട്,കുരുമുളക് സത്ത് ,സ്പ്രേ, ഡ്രൈയിംഗ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂക്ഷ്മമായി കാപ്സ്യൂള്‍ പരുവത്തിലാക്കുന്ന മൈക്രോ എന്‍ കാപ്സുലേറ്റഡ് കുരുമുളക് ഫ്ലേവറുകള്‍, ചൂടിനെ പ്രതിരോധിക്കുവാന്‍ കഴിയ്ന്ന കുരുമുളക് എക്സ്സ്ട്രൂഡഡ് പെപ്പര്‍ എന്നിവ.

മൈക്രോ മൈക്രോ എന്‍കാപ്സുലേറ്റഡ് കുരുമുളക് ഫ്ലേവറുകള്‍:- കുരിമുളക് തൈലം അല്ലെങ്കില്‍ ഒളിയോറിസ് രണ്ടു ഘട്ടങ്ങളിലായി എന്‍കാപ്സുലേഷന്‍ ചെയ്യുന്നതുമൂലം കട്ടിയായ ആവരണം ഉണ്ടാകുകയും , സുഗന്ധ സ്വാദ് ഘടനകള്‍ വലിയ ചൂടിലും നഷ്ടപ്പെടാതിരിക്കുകയും ചെയ്യും. ചൂടു വെള്ളത്തില്‍ ലയിക്കാത്ത ഈ ഉല്‍പ്പന്നം ഉയര്‍ന്ന ചൂടില്‍ തയ്യാറാക്കുന്ന ചോക്ലേറ്റ് , കണ്‍ഫക്ഷനറി , ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്നു,’

ഫാറ്റ് ബേസ്ഡ്പെപ്പര്‍:- കൊഴുപ്പിനെ അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന കുരുമുളകാണിത്ഒളിയോറസിന്റെയും തൈലതിന്റെയും മിശ്രിതം ലായനി രൂപത്തിലുള്ള ഭക്ഷ്യ എണ്ണയിലോ, ഹൈഡ്രോജിനെറ്റഡ് കൊഴുപ്പിലോ തയ്യാറാക്കുന്നതാണിത് . മയോണസി (തണുത്ത ആഹാരപദാര്‍ത്ഥങ്ങള്‍ക്ക് മുകളില്‍ ചേര്‍ക്കുന്ന ക്രീം)ന്റെ ഘടകമായി ഉപയോഗിക്കുന്നു.

എക്സ്ട്രൂഡഡ് പെപ്പര്‍ :- ഒറ്റ ഘട്ടത്തിലായി കുരുമുളകിനെ അണുവിമുക്തമാക്കി പൊടിച്ച് എന്‍കാപ് സുലേറ്റ് ചെയ്തു സംസ്കരിച്ചെടുക്കുന്ന എന്ന പ്രത്യേകതയാണ് എക്സ്ട്രൂഡഡ് കുരുമുളകിനുള്ളത്. ചൂടിന്റെയും മാര്‍ദ്ദനത്തിന്റെയും അളവില്‍ കാര്യമായ മാറ്റം വരുത്തിയാണ് ഇതു തയ്യാറാക്കുന്നതിന് . ഇതിലേക്കായി നന്നായി സംസ്കരിച്ച് വ്യഞ്ജനങ്ങള്‍ ഇരട്ട സ്ക്രൂവില്‍ കൂടി കടത്തിവിടുമ്പോള്‍ കിട്ടുന്ന ഉല്പന്നത്തിനു കുരുമുളകിന്റെ പ്രത്യേക വാസനയും, രുചിയും, രാസഘടനയും ഉണ്ടായിരിക്കും . ഈ ഉല്‍ പന്നതില്‍ ബാക്ടിരിയ , യീസ്റ്റ് , പൂപ്പല്‍ എന്നിവ മൂലമുള്ള അണുബാധ വളരെ കുറവായിരിക്കും . എക്സ്ട്രൂഡറില്‍ കൂടി കടന്നു വരുന്ന ചെറിയ നാരു രൂപത്തിലുള്ള പദാര്‍ത്ഥം പിന്നീട് പെല്ലെറ്റ് രൂപത്തില്‍ മുറിച്ചെടുത്ത് ക്യാപ്സൂളാക്കി വിപണിയില്‍ വില്‍ക്കുന്നു. മറ്റു വ്യഞ്ജനങ്ങളും ഇതുപോലെ പെല്ലറ്റ് രൂപത്തില്‍ തയ്യാറാക്കി എടുക്കുന്നുണ്ട് . ഈ ഉല്പന്നത്തിനു വിപണിയില്‍ ‘മാസ്റ്റര്‍ സ്പൈസസ്’ ഇന്നു പറയുന്നു.

ജൈവ കുരുമുളക്

കാര്‍ഷിക വിളകളില്‍ വ്യാപകമായി അവലംബിക്കുന്ന ജൈവ കൃഷി രീതികള്‍ സുഗന്ധ വ്യഞ്ജനങ്ങളില്‍ പൊതുവായും കുരുമുളകില്‍ പ്രത്യേകിച്ച് മലബാര്‍ , വയനാട് , ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ ഉപയോഗിക്കുന്നു. ജൈവ കാര്‍ഷിക രീതിയില്‍ ഉല്‍പ്പാദിപ്പിച്ച് സാക്ഷ്യപത്രം ലഭിച്ച കുരുമുളകിന് സാധാരണ കുരുമുളകിന് ലഭിക്കുന്ന വിലയേക്കാള്‍ ഉയര്‍ന്ന വില ലഭിക്കും. ഇത് കണ്‍സ്യുമര്‍ പായ്ക്കട്ടുകലായി ലേബല്‍ ചെയ്ത് വിറ്റാല്‍ പ്രത്യേക വിപണിയും ലഭിക്കും .

ഗാര്‍ബിള്ഡ് (ചെറ്റിയ) കുരുമുളക്

നന്നായി ഉണക്കിയെടുത്ത കുരുമുളകില്‍ നിന്നും കല്ല്‌ , മണ്ണ്,മാലിന്യങ്ങള്‍ , മറ്റു പാഴ്വസ്തുക്കള്‍ ഇവയെല്ലാം നീക്കം ചെയ്ത് തരം തിരിച്ചെടുത്ത കുരുമുളകാണിത്. കുരുമുളക് തരം തിരിച്ചെടുക്കുവാനായി സാധാരണ 4.75മി.മീറ്റര്‍ 4.25 മി.മിറ്റര്‍, 4മി. മിറ്റര്‍ ദ്വാരങ്ങളുള്ള അരിപ്പകളാണ് ഉപയോഗിക്കുന്നത് . ഉദാഹരണമായി മുഖ്യ വിഭാഗങ്ങളി ലൊന്നായ തലശ്ശേരി ഗാര്‍ബിള്ഡ് ബ്ലാക്ക്പെപ്പറിന്റെ (ടി.ജി ) ഒന്നാം താരമായ ടി.ജി. എസ്.ഇ.ബി 4.75 മി.മിറ്റര്‍ അരിപ്പയില്‍ ചോര്‍ന്ന്‍ വരാത്ത കുരുമുളക് മണികളാണ് എടുക്കുന്നത്.

ഇതിന്റെ ഉണ്ടാം താരമായ ടി,ജി .ഇ.ബി യില്‍ 4.25 മി.മിറ്റര്‍ അരിപ്പയില്‍ ചോര്‍ന്നു വരാത്ത മണികളും മൂന്നാം താരമായ ടി.ജി.യില്‍ 4മി. മിറ്റര്‍ അരിപ്പയില്‍ ചോര്‍ന്നു വരാത്തവയുമാണ് . കയറ്റുമതി നിബന്ധനകള്‍ക്കു അനുസരിച്ച് ടി.ജി. തരത്തില്‍ 50 ശാതമാനം 4.25 മി.മിറ്റര്‍ അരിപ്പയില്‍ ചോര്‍ന്നു വരാത്തവയും ബാക്കി മണികള്‍ 4 മി,മീറ്റര്‍ അരിപ്പയില്‍ ചോര്‍ന്നു വരാത്തവയുമായിരിക്കും .

നന്നായി ഗാര്‍ബിള്‍ ചെയ്ത (ചെറ്റിയെടുത്ത) കുരുമുളക് ഒരു ലിറ്റര്‍ 500-600 ഗ്രാം തൂക്കമുണ്ടാകും . ഇതില്‍ പതിരുമണികള്‍10 ശതമാനത്തില്‍ താഴെയും മൊട്ടുമണികള്‍ നാലു ശതമാനത്തില്‍ താഴെയുമായിരിക്കണം . കുരുമുളകിന്റെ തനതു വസ്സനയും പ്രത്യേക എരിവും ഉള്‍ക്കൊള്ളുന്നതിന് പുറമെ ഒന്നര ശതമാനം ബാഷ്പീശീല തൈലവും മൂന്ന്‌ ശതമാനം ആല്‍ക്കലോയിഡും ഉണ്ടായിരിക്കണം .

മുഖ്യമായും 8 വിഭവങ്ങളിലായി 21 ഗ്രേഡുകളാണ് കുരുമുളകിനുള്ളത്. പ്രധാന വിഭവങ്ങള്‍ .

  1. തലശ്ശേരി ഗാര്‍ബിള്ഡ് ബ്ലാക്ക് പെപ്പര്‍ (ടി.ജി)
  2. ഗാര്‍ബിള്ഡ് മലബാര്‍ ബ്ലാക്ക് പെപ്പര്‍ (എം.ജി)
  3. അണ്‍ ഗാര്‍ബിള്ഡ് മലബാര്‍ ബ്ലാക്ക് പെപ്പര്‍ (എം.യു.ജി)
  4. ഗാര്‍ബിള്ഡ് ലൈറ്റ് ബ്ലാക്ക് പെപ്പര്‍ (ജി.എല്‍ )
  5. അണ്‍ ഗാര്‍ബിള്ഡ് ലൈറ്റ് പെപ്പര്‍ (യു.ജി.എല്‍ )
  6. മൊട്ടുമണികള്‍ /പിന്‍ ഹെഡ്സ് ( പി,എച്ച് )
  7. നോണ്‍ സ്പെസിഫൈഡ് ബ്ലാക്ക് പെപ്പര്‍ (എന്‍ .എസ് )
  8. കുരുമുളകുപൊടി

കുരുമുളക് ചായ

കുരുമുളക് സത്ത് അടങ്ങിയ ഇന്‍സ്റ്റന്റ് ചായയാണിത്. തേയില സത്തിനൊപ്പം കുരുമുളക് സത്തും പഞ്ചസാരയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നു.

കുരുമുളക് കാപ്പി

തിപ്പലി, ഇഞ്ചി ,കുരുമുളക് എന്നിവയുടെ സത്ത് ഉപയോജിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഉള്പ്പന്നമാണിത് .

കുരുമുളക് ഉപയോഗിച്ചുള്ള മധുരപലഹാരങ്ങള്‍

ആഭ്യന്തര വിദേശ വിപണിയില്‍ വിപണനം ചെയ്യുന്ന കുരുമുളകിന്റെ സ്വാടോട് കൂടിയ ഉല്‍പ്പന്നങ്ങളാണ് .

ഔഷധ ഉല്‍പ്പന്നങ്ങള്‍

കുരുമുളക് ഉപയോഗിച്ച് ആയുര്‍വേദത്തില്‍ ധാരാളം ഔഷധങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നുണ്ട് .

കുരുമുളക് അവശിഷ്ടങ്ങളില്‍ നിന്നുള്ള ഉപോല്‍പന്നങ്ങള്‍

കുരുമുളക് ഹള്ള് :- വെള്ള കുരുമുളക് ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന തൊലി പൊടിച്ചുണ്ടാക്കിയതാണിത് . വളരെ നല്ല മണവും രുചിയും പ്രദാനം ചെയ്യുന്ന കറുത്ത നിറത്തിലുള്ള കുരുമുളക് പൊടി ഈ തോന്ടില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചെടുക്കാം. ഇതില്‍ ബാഷ്പതൈലത്തിന്റെ അളവ് കൂടുതലായതിനാല്‍ കുരുമുളക് തൈലം ഉണ്ടാക്കുവാന്‍ ഇതു ഉപയോഗിക്കുന്നു.

കുരുമുളക് സാല്‍ :- കുരുമുളക് അവശിഷ്ടങ്ങളും ഉപ്പും ചേര്‍ത്തുണ്ടാക്കിയ ഉപോല്‍പ്പന്നം .

വരഗ്:- കുരുമുളക് അവശിഷ്ടങ്ങള്‍ , തണ്ട് , തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്നു.

മില്‍ഡ് കുരുമുളക്:- യന്ത്രങ്ങളിലൂടെ കുരുമുളക് രണ്ടോ നാലോ ആയി പിളര്‍ന്നത് ഉപയോഗിക്കുന്നു .

പിങ്ക് കുരുമുളക്:- മഞ്ഞയോ പിങ്കോ നിറമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുരുമുളക് മണികള്‍ പറിച്ചെടുത്ത് അതെ നിറം നിലനിര്‍ത്തുവാനായി നിര്‍ജ്ജലീകരിക്കുന്നു. പിന്നീട് സഫര്‍ ഡയോക്സൈഡ് ഉപയോഗിച്ച് നിറം നിലനിര്ത്തുന്നു. സള്‍ഫര്‍ അവശിഷ്ടം 75 ppm-ല്‍ കൂടുവാന്‍ പാടില്ല.

കടപ്പാട്-http:krishi.info

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate