অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ കൃഷി അറിവുകൾ

വിവിധ കൃഷി അറിവുകൾ

  1. ജൈവവൈവിധ്യ ശോഷണവും ഔഷധസസ്യങ്ങളും
  2. ജൈവകൃഷി ഒരു സംസ്‌കാരം
  3. വീട്ടിൽ വിളയുന്ന സംസ്‌ക്കാരം
  4. വികസനം കൃഷിയിലൂടെ
  5. പുതുകൃഷിയുടെ പ്രതീക്ഷ
  6. ഭക്ഷണം അവകാശം; കൃഷി കടമയും
  7. കാർഷിക വികസനത്തിന് അഗ്രോ ഇക്കോളജി
  8. സംയോജിത കൃഷി : പ്രശ്‌നങ്ങളും സാധ്യതകളും
  9. കരിയിലയും മണ്ണിരയും
  10. ജൈവ വേലി സമ്പുഷ്ടമാക്കാം.
  11. മഞ്ഞക്കെണി ഒരുക്കാം
  12. വിള വര്‍ധനയ്ക്ക് 'വാം'
  13. പച്ചക്കറിത്തൈകളില്‍ ഒട്ടുവിദ്യയുമായി റെജി
  14. ജാതി കൃഷിരീതി
  15. മണ്ണറിഞ്ഞ് വിത്തെറിയാം
  16. പേരയ്ക്കയുടെ രുചിയില്‍ കാബൂസി
  17. മലബാറി, അട്ടപ്പാടി ആടുകള്‍
  18. ചിപ്പിക്കൂണ്‍ കൃഷിയില്‍ അപൂര്‍വ നേട്ടവുമായി ഒരു വീട്ടമ്മ
  19. ഉറുമ്പിനെ അകറ്റാം
  20. മുത്താറി കൃഷിയിലെ രവീന്ദ്രവിജയം
  21. ഇവിടെയുണ്ട് ചീരഗ്രാമങ്ങള്‍
  22. വിളയെ സഹായിക്കാന്‍ കള നിയന്ത്രണം
  23. ചക്കക്കുരുകൊണ്ട് 'കാപ്പി'യും
  24. ഔഷധസസ്യങ്ങള്‍ കണ്ടെത്താനും പരിപാലിക്കാനും കുട്ടിപ്പോലീസ്
  25. പൊന്നാനിയില്‍ പൂവണിഞ്ഞ് നല്ലഭക്ഷണ പ്രസ്ഥാനം
  26. വിളകൾക്കും വേണം കാത്സ്യം
  27. അനശ്വര കാടകള്‍... വീടിന്റെ പൂമുഖത്ത്
  28. ചിപ്പിക്കൂണിലെ യുവവിജയഗാഥ
  29. കരിങ്കോഴികളിലെ അമേരിക്കൻ സുന്ദരി
  30. ആപ്പിൾപോലെ ഇലന്ത
  31. ഡെയ്‌ഞ്ചയുടെ പ്രത്യേകതകൾ എന്താണ്‌
  32. അഗത്തിച്ചീരയെന്ന ഔഷധമുരിങ്ങ
  33. സസ്യസംരക്ഷണത്തിന് 10 മിത്രങ്ങള്‍
  34. അടിവളം ജൈവരീതിയില്‍
  35. സാഹിവാളിനും ഗിറിനും പ്രിയമേറുന്നു
  36. പാലുത്പാദനത്തിന് മുരിങ്ങയില
  37. എന്താണ് 'വരാഹഗുണബജാലം'?
  38. ഒരുക്കാം കണ്ണാടിക്കൂട്ടിലൊരു വര്‍ണലോകം
  39. കര്‍ഷകര്‍ക്കായി പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതി
  40. ജൈവവളമായി കൂൺ അവശിഷ്ടം
  41. കരനെൽകൃഷിക്ക്‌ സാധ്യതയേറെ
  42. വേനൽച്ചൂടിൽനിന്ന്‌ കോഴികളെ സംരക്ഷിക്കാം
  43. കൂടുതൽ വിളവ് ഓരോ തുള്ളിയിലും
  44. മട്ടുപ്പാവില്‍ ജൈവ കൃഷി പണം വാരി സഹകരണ ബാങ്ക്
  45. വാഴപ്പോളപോലും വളമാക്കി രാമകൃഷ്ണന്റെ കൃഷിയിടം
  46. തെങ്ങും കൊക്കോയും എങ്ങനെ ഇടവിളകളാക്കാം ?
  47. ഒച്ചുകളിലൂടെ കന്നുകാലികളില്‍ പകരുന്ന ലിവര്‍ഫ്‌ളൂക്ക് രോഗം
  48. തുവര കൃഷിചെയ്യാം
  49. ഒരുപിടി' ജീവാണുവളംകൊണ്ട് ഒരു ഹെക്ടര്‍ കൃഷി

ജൈവവൈവിധ്യ ശോഷണവും ഔഷധസസ്യങ്ങളും

കേരളത്തിലെ വനങ്ങളില്‍ അഞ്ഞൂറ്റി അമ്പതോളം ഔഷധ സസ്യങ്ങളാണ് ഉള്ളത്. മൂന്നു-നാലു ഘട്ടങ്ങളിലൂടെയാണ് ഇതിന്റെ ശേഖരണം കടന്നുപോയിട്ടുള്ളത്. ഓരോ മേഖലയിലെയും ഔഷധസസ്യങ്ങള്‍ ശേഖരിക്കുന്നതിന് ലേലം ചെയ്തു കൊടുക്കുകയാണ് പതിവ്. ഇത് ലേലം കൊള്ളുന്നവര്‍ മലമാറ്റക്കാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ മലമാറ്റക്കാര്‍ പറയുന്ന സസ്യങ്ങള്‍ ആദിവാസികള്‍ പറിച്ചുകൊണ്ടു കൊടുക്കുകയായിരുന്നു രീതി.

രണ്ടാമത്തെ ഘട്ടം വന്നത് ആദിവാസികളുടെതന്നെ ട്രൈബല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍ ആയിരുന്നു. കോപ്പറേറ്റീവ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വന്നിട്ടുള്ള സെക്രട്ടറിമാരാണ് ഇത് ഭരിച്ചിരുന്നത്. തുടര്‍ന്ന് വനസംരക്ഷണ സമിതികളും (ഢടട), ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളും (ഋഉഇ) വന്നു. നാലാമത്തെ ഘട്ടം ഇതിന്റെ ഉടമസ്ഥത ഗ്രാമസഭകളെ ഏല്‍പ്പിക്കുക എന്നതാണ് (അത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല). വലിയ കഷ്ടത്തിലാണ് കാട്ടിലെ ഔഷധസസ്യങ്ങളുടെ സ്ഥിതി. അമിത ചൂഷണംതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. പറിച്ചെടുക്കുക എന്നല്ലാതെ ഒരെണ്ണം പോലും നട്ടുപിടിപ്പിക്കുക എന്ന സംഭവമില്ല. ഉദാഹരണത്തിന് ഇവിടെ ചിമ്മിനിയില്‍ (ഞാന്‍ ഇവിടെ വാര്‍ഡനായിരുന്നു) കാണുന്ന മരമഞ്ഞള്‍ അഥവാ ദാരുഹരീതകം എന്ന സസ്യം. ഇത് ആണും പെണ്ണും വേറെ വേറെ വള്ളികളാണ്. ഇരുപതു വര്‍ഷത്തോളം പ്രായമാവുമ്പോഴാണ് ഇതില്‍ പെണ്‍വള്ളികളില്‍ കായുണ്ടാവുക. ആയുര്‍വേദത്തില്‍ ഒരുപാടു മരുന്നുകളില്‍ ചേര്‍ക്കുന്നതാണിത്. അതുകൊണ്ടുതന്നെ വളരെ വ്യാപകമായി ശേഖരിച്ച് ഇപ്പോളിത് വംശനാശഭീഷണി നേരിടുകയാണ്. അതുപോലെ അശോകം (അംഗനപ്രിയ എന്നാണിത് അറിയപ്പെടുന്നത്). ഗര്‍ഭാശയരോഗങ്ങള്‍ക്കുപയോഗിക്കാനുള്ള മരുന്നുകളുടെ നിര്‍മ്മാണത്തില്‍ വളരെയധികം അശോകത്തിന്റെ ആവശ്യമുണ്ട്. പക്ഷേ, ഇപ്പോള്‍ ശരിയായ അശോകം ഉപയോഗിക്കുന്നില്ല (ലഭിക്കുന്നില്ല) എന്നു പറയാം. പണ്ട് ഏതോ വിദേശി നമ്മുടെ അരണമരത്തിനെ ഡ്രൂപ്പിങ്ങ് അശോക എന്നു വിളിച്ചു. അതുകൊണ്ട് ഇപ്പോള്‍ ഈ അരണമരത്തിന്റെ തൊലിയാണ് അശോകത്തിന് പകരമായി ഉപയോഗിക്കുന്നത്. മറ്റൊന്നാണ് പീച്ചിക്കാടുകളിലൊക്കെയുണ്ടായിരുന്ന ഒരു ഓര്‍ക്കിഡായ ജീവകം. ഇപ്പോളത് കാണാനേയില്ല.
ആദിവാസികളുടെ കാഴ്ചപ്പാടും മാറിയിട്ടുണ്ടെന്ന് പറയാം. പണ്ടൊക്കെ, ഞാന്‍ സര്‍വീസ് ആരംഭിക്കുന്ന കാലത്ത്, ചെറുവഴുതനയൊക്കെ പറിച്ചു കഴിഞ്ഞാല്‍ അതിന്റെ കായ മലദൈവങ്ങള്‍ക്ക് അവര്‍ വലിച്ചെറിഞ്ഞുകൊടുക്കും. വേരാണ് ഇതിന്റെ മരുന്നിന് ആവശ്യമുള്ള ഭാഗം. ആചാരത്തിന്റെ ഭാഗമാണെങ്കിലും വീണ്ടും മുളയ്ക്കാനായിട്ടാണ് അങ്ങനെ ചെയ്യുന്നത്. അതുപോലെ ശതാവരി കിഴങ്ങെടുത്തുകഴിഞ്ഞാല്‍ കട എവിടെയെങ്കിലും കുഴികുത്തി കുഴിച്ചിടും. ഇപ്പോഴാണെങ്കില്‍ ഇതെല്ലാം സമൂലം പറിച്ചുകൊണ്ടുപോയി കടയില്‍ കൊടുക്കുന്ന അവസ്ഥയാണ്. ഇന്ന് നേരത്തേ പറഞ്ഞ പോലുള്ള സൊസൈറ്റിയും വി.എസ്.എസ്.-ഉം കൂടാതെ ഒരു റെഡി മാര്‍ക്കറ്റ് ഉണ്ട്. ആദിവാസി മാത്രമൊന്നുമല്ല, എല്ലാവരും കാട്ടില്‍ കയറി ഇതൊക്കെ പറിക്കുന്നുണ്ട്. മറ്റൊരു പ്രശ്‌നമുള്ളത് ഇത് അന്യംനിന്നുപോകുന്ന ഒരു അറിവാണ് (ഉ്യശിഴ ംശറെീാ). പ്രായമായ കുറച്ച് ആദിവാസികള്‍ അടങ്ങുന്ന ഇപ്പോഴത്തെ ഒരു തലമുറക്കു ശേഷം ഈ സസ്യങ്ങള്‍ കണ്ടാല്‍ തിരിച്ചറിയുന്നവര്‍ ആരുമുണ്ടാവില്ല (എല്ലായ്‌പോഴും കെ.എഫ്.ആര്‍.ഐ. യിലെ ഡോ. ശശിയെ കൊണ്ടുവന്ന് ഇവ തിരിച്ചറിയാന്‍ പറ്റില്ലല്ലോ!). ഇവയെ തിരിച്ചറിയേണ്ടത് പ്രാദേശികമായി ശേഖരിക്കുന്നവര്‍തന്നെയാണ്. പണ്ട് ആദിവാസികളെല്ലാവരുംകൂടി കാട്ടില്‍പോവുകയും മക്കള്‍ക്കും കുഞ്ഞുമക്കള്‍ക്കുമെല്ലാം ഒരു ചെടി മറ്റൊന്നില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാണെന്നും അവയെ എങ്ങനെ തിരിച്ചറിയാമെന്നും പറഞ്ഞുകൊടുക്കാറുണ്ട്. തലമുറ തലമുറയായി കൈമാറിക്കൊണ്ടിരുന്ന ഒരു അറിവാണിത്. പുതുതലമുറയ്ക്ക് ആ അറിവ് നഷ്ടമായിരിക്കുന്നു. ജൈവവൈവിധ്യമുണ്ടായാലും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍പിന്നെ അതിന് പ്രയോജനമില്ലാതാവുന്നു. വനംവകുപ്പിന് ഈ സസ്യങ്ങള്‍ കണ്ടാല്‍ തിരിച്ചറിയില്ല. ആദിവാസി വന്ന് ഇത് ഇന്ന ചെടിയാണെന്ന് പറഞ്ഞാല്‍ അതിന് പാസ് കൊടുക്കുകയാണ്. പാസ് കൊടുത്തു കഴിഞ്ഞാല്‍ അത് വനംവകുപ്പിന്റെ അല്ലെങ്കില്‍ കേരള സര്‍ക്കാരിന്റെ അംഗീകാരമാണ്. പിന്നെയാര്‍ക്കുമത് ചോദ്യം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ ഏതെങ്കിലും സസ്യം കിട്ടാതെവന്നാല്‍ വ്യാപകമായി ‘പകരക്കാരന്‍’ രംഗത്തുവരുന്നു. ‘കണ്ടകാരിയതില്ലെങ്കില്‍ ചുണ്ടവേരതു ചേര്‍ത്തിടാം ചുണ്ടവേരതുമില്ലെങ്കില്‍ കണ്ടവേരതു ചേര്‍ത്തിടാം’ എന്ന നിലയിലാണ് ഇന്നത്തെ ഔഷധനിര്‍മ്മാണം. അതിന്റെയൊരു വലിയ പ്രശ്‌നമെന്നത്, ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആയുര്‍വേദം നശിക്കുകയാണെന്നതാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളാണെങ്കില്‍ നമ്മുടെ ആയുര്‍വേദത്തിനെയാണ് പ്രതീക്ഷയോടെ നോക്കുന്നത്. പക്ഷേ, നമ്മുടെ ഔഷധസസ്യങ്ങളുടെ ലഭ്യതയില്‍ കുറവു വന്നതുകൊണ്ട്, കാട്ടിലീ സാധനങ്ങളില്ലാത്തതുകൊണ്ട്, കാട്ടിലീ സസ്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാത്തതുകൊണ്ട്, ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അവയെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് വളരെ വ്യാപകമായി മായംചേര്‍ക്കല്‍ (മറൗഹലേൃമശേീി) നടക്കുന്നു. ആയുര്‍വേദത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു എന്നത് ഒരു വലിയ അപകടമാണ്. അതിന് നമുക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കണം. ആദ്യമായി വനംവകുപ്പിന്റെ കാഴ്ചപ്പാട് മാറ്റണം. വനംവകുപ്പ് ഇതില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വച്ചതോടെ അവര്‍ക്ക് ഒരു താല്‍പര്യവുമില്ലാതായി. ആദിവാസികളും നാട്ടുവാസികളും എല്ലാവരും കാട്ടില്‍ കയറി സസ്യങ്ങളെടുക്കുന്നു. പഴയകാലത്തെ ചില സ്റ്റാഫൊക്കെ ആദിവാസികളുടെയൊപ്പം പോയി എന്താണ് ഈ സസ്യം, എന്താണിതിന്റെ പേര് എന്നൊക്കെ ചോദിച്ചുമനസ്സിലാക്കിയിരുന്നു. ഇപ്പോള്‍ അതുമില്ല. കാട്ടിനകത്തു വളരുന്ന അഞ്ഞൂറ്റമ്പതോളം ഇനം സസ്യങ്ങള്‍ നമ്മുടെ കണ്‍മുന്‍പില്‍ ഇങ്ങനെ ഓരോന്നോരോന്നായി അന്യം നിന്നുകൊണ്ടിരിക്കുന്നത് ഏറ്റവും വലിയ ദുരന്തമാണ്. അതുകൊണ്ടുതന്നെ ഇവയെ തിരിച്ചറിയാനുള്ള ഒരു പരിശീലനപദ്ധതി വനംവകുപ്പിന്റെ ട്രെയിനിങ്ങിലുള്‍പ്പെടുത്താനുള്ള ഇച്ഛാശക്തി തലപ്പത്തുള്ളവര്‍ കാണിക്കേണ്ടതാണ്. ഔഷധസസ്യങ്ങളുടെ ഒരു തിരിച്ചറിയല്‍ പരിശീലനം വനംവകുപ്പിലുള്ളവര്‍ക്ക് കൊടുക്കാന്‍ കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍കൈ എടുക്കണം. അതുപോലെതന്നെ കൂട്, പക്ഷികളുടേയും ചിത്രശലഭങ്ങളുടേയും പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചപോലെ അന്യം നിന്നുപോയേക്കാവുന്ന ഈ അപൂര്‍വ്വ ഔഷധസസ്യങ്ങളെക്കുറിച്ചും ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കുകയും കാട്ടില്‍ പോകുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് അതിന്റെ ഒരു കോപ്പി എത്തിക്കുകയും ചെയ്യേണ്ടതാണ്.

ജൈവകൃഷി ഒരു സംസ്‌കാരം

ആലപ്പുഴ മുഹമ്മയിലുള്ള ‘ശ്രീകോവിൽ’ കേരളത്തിലെ ജൈവകർഷകരെ സംബന്ധിച്ചിടത്തോളം ഒരു തീർത്ഥാടനകേന്ദ്രമാണ്. കാൽനൂറ്റാണ്ടായി ജൈവകൃഷിയിൽ സജീവമായി നിൽക്കുകയും പരീക്ഷണങ്ങളും പ്രചാരണവും നടത്തുകയും ചെയ്യുന്ന കെ.വി. ദയാലിന്റെ പുരയിടമാണിത്, ഒപ്പം ഒരു മാതൃകാ ജൈവകൃഷിത്തോട്ടവും. ലോകത്തിന്റെ പലഭാഗത്തുനിന്നും കൊണ്ടുവന്ന് വച്ചുപിടിപ്പിച്ചിട്ടുള്ള നിരവധിയിനം വൃക്ഷങ്ങൾ നമുക്കു കാണാം. കുളത്തിന്റെയോരത്ത് ഒരു ചെറിയ കുന്നും അതിലൊരു കാവും സൃഷ്ടിച്ചിരിക്കുന്നു. എല്ലാ കൃഷിപ്പണികളും കൂലിക്കാരെ വയ്ക്കാതെ സ്വന്തമായി ചെയ്യുന്നു. കൃഷി എന്നാൽ ഒരു പഞ്ച മഹായജ്ഞമായി ഇദ്ദേഹം കരുതുന്നു. പഞ്ചഭൂതങ്ങളെ ആവാഹിച്ചെടുത്ത് അന്നമാക്കി മാറ്റുന്ന പ്രക്രിയയാണ് കൃഷി. അതൊരു യജ്ഞമാണ്. യജ്ഞം എന്ന പദത്തിന്റെ അർത്ഥം ‘തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന കർമ്മം’ എന്നാണ്. തിരിച്ചെന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് കൃഷി ചെയ്താൽ ശരിയാവില്ലെന്നും ദയാൽ പറയുന്നു. ജൈവകൃഷി പ്രചരിപ്പിക്കുന്നതിനു വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ് ദയാലിന്റേത്. എം.ജി. യൂണിവേഴ്‌സിറ്റിയിലെ ജൈവകൃഷിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ സൂത്രധാരൻ ഇദ്ദേഹമാണ്. ഇനിയത് സ്‌കൂൾ തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജൈവകൃഷിയെക്കുറിച്ച് എത്ര സംസാരിച്ചാലും മടുക്കാത്ത ദയാൽ അദ്ദേഹത്തിന്റെ ദർശനങ്ങളെക്കുറിച്ചും ആധുനിക കൃഷിരീതികളെക്കുറിച്ചും ജൈവകൃഷിയുടെ സാദ്ധ്യതകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ കൂടുമായി പങ്കുവയ്ക്കുന്നു.

കൃഷി എന്നാൽ അഗ്രികൾച്ചർ. അതിലെ അഗ്രി മാറ്റിയാൽ ബാക്കിയുള്ളത് കൾച്ചർ ആണ്. എന്നു പറഞ്ഞാൽ സംസ്‌കാരം. ഭാരതത്തിൽ ഒരാശയം ജനങ്ങൾ സ്വീകരിക്കണമെങ്കിൽ അതിനു പുറകിൽ ആത്മീയതയുടെ ഒരു സപ്പോർട്ടു വേണം. കൃഷി ഒരു സംസ്‌കാരം ആണ്, ആഹാര സമ്പാദന ഉപാധിയാണ്, ബുദ്ധിയുടെ പരിണാമ വികാസ പ്രക്രിയയാണ്. കൃഷി എന്നു പറഞ്ഞാൽ ജൈവകൃഷിരീതിയിൽ എടുത്തിരിക്കുന്ന ദർശനം അതാണ്. ഇതു വെറും ശുദ്ധമായ ഭക്ഷണം ഉണ്ടാക്കാനുള്ള പദ്ധതി മാത്രമല്ല മറിച്ച്, നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗം കൂടിയാണ്. കൃഷിയിലൂടെയല്ലാതെ മനുഷ്യൻ ശരിയിലേക്ക് വരികയില്ല. അതും ശരിയായ കൃഷിയിലൂടെ വരണം. മനുഷ്യന്റെ യാത്ര അല്ലെങ്കിൽ പുരോഗതി തെറ്റിയത് കൃഷിയിൽ തെറ്റിയപ്പോഴാണ്.
ഒരു കുട്ടി മണ്ണിലിറങ്ങി മണ്ണുവാരി അപ്പം ചുട്ടു കളിക്കുമ്പോൾ അത് ഒരു വെറും കളിയല്ല, അമ്മ അടുക്കളയിൽ ആഹാരം പാകം ചെയ്യുന്നത് കണ്ട് അത് അനുകരിച്ച് കുട്ടി ഒരു സൃഷ്ടി നടത്തുകയാണ്. ആശാൻ കളരികളിൽ ഹരിശ്രീ പഠിച്ചത് വിരലുകൊണ്ട് മണ്ണിലെഴുതിയാണ്. അപ്പോൾ അക്ഷരം തെറ്റില്ല. അപ്പോൾ ജീവനുള്ള മണ്ണ്, ജീവനുള്ള വിരലുകൾ ഇവ തമ്മിലുള്ള ബന്ധം കൃഷിയിൽ പഠിപ്പിക്കണം. കൃഷിയിലൂടെ മാത്രമേ നമുക്ക് ബുദ്ധി വികസിപ്പിക്കാൻ പറ്റൂ. ബുദ്ധി വികസിക്കുന്നതാണ് മനുഷ്യന്റെ പുരോഗതി. നിങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. അന്നം അതിപ്രധാനമാണ്. അതാണ് പണ്ടുള്ളവർ അന്നം ബ്രഹ്മമാകുന്നു എന്ന് പറയാനുള്ള കാരണം.
യഥാർത്ഥ കൃഷിയിൽ ആവശ്യത്തിൽ കൂടുതൽ ഒരു കാരണവശാലും മണ്ണിൽ നിന്ന് എടുക്കരുത്. വേണ്ടപ്പോൾ വേണ്ടത്ര എടുക്കുന്ന കലയാകണം കൃഷി. സത്യവും ധർമ്മവും നീതിയും പാലിച്ചു കൊണ്ട് ചെയ്യുന്ന കൃഷിയാണ് അഗ്രികൾച്ചർ. ബാക്കിയുള്ളത് അഗ്രി-ബിസിനസ്സാണ്. ബിസിനസ്സിൽ ഒറ്റ ലക്ഷ്യമേയുള്ളൂ-ലാഭം.

കൃഷിയിലെ പ്രശ്‌നങ്ങൾ ടെക്‌നോളജികളിലൂടെ പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല. ഭക്ഷണത്തിന്റെ ഗുണമാണ് പ്രധാനം, അളവിനേക്കാളും. പ്രകൃതിയിൽ സ്വാഭാവികമായി വളരുന്ന ഒരു സസ്യമാവുമ്പോൾ അതിൽ കീടങ്ങൾ വന്ന് കുത്തണം. കീടം കുത്തിക്കുത്തി ഒരു പ്രതിരോധശേഷി ആ സസ്യം നേടിയെടുക്കണം. അങ്ങനെയുള്ള സസ്യത്തിൽ വളരുന്ന ഫലങ്ങൾ നമ്മൾ കഴിക്കണം. അവിടെയാണ് നമ്മുടെ പ്രതിരോധശക്തിയിരിക്കുന്നത്. ഗ്രീൻ ഹൗസിൽ ഒരു സംരക്ഷിത സ്ഥലത്താണ് ചെടികൾ വളർത്തുന്നത്. അതുകൊണ്ട് അവർക്ക് പ്രതിരോധ സംവിധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ളപ്പോൾ ഈ ഭക്ഷണം കഴിക്കുന്ന മനുഷ്യർക്ക് ഒരു സംരക്ഷിത സ്ഥലത്തേ ജീവിക്കാൻ കഴിയൂ.
സാധാരണ പ്രകൃതിയിൽ ജീവിക്കാൻ കഴിയുകയില്ല. എന്താണെന്നു വച്ചാൽ, ഓരോ വർഷം കഴിയുന്തോറും കാലം മാറിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷോഷ്മാവിൽ വ്യത്യാസം വന്നുകൊണ്ടിരിക്കുന്നു. പുതിയ പുതിയ കരുത്തുള്ള വൈറസുകൾ വന്നുകൊണ്ടിരിക്കുന്നു. ഇവരെയെല്ലാം പ്രതിരോധിക്കാനുള്ള കഴിവോടുകൂടി നമ്മൾ ജീവിക്കണം. അങ്ങനെ പ്രതിരോധിക്കണമെന്നുണ്ടെങ്കിൽ പ്രൊട്ടക്ടഡ് ഏരിയയിൽ വളർത്തുന്ന ഭക്ഷണം കഴിച്ചാൽ സാധ്യമല്ല. പ്രതിരോധ സംവിധാനത്തിന്റെ പ്രശ്‌നമാണ് അവിടെ ഉദിക്കുന്നത്. ഭക്ഷണം വയറു നിറച്ച് ഉണ്ടാക്കിയെടുക്കാൻ കഴിയുമായിരിക്കും. പക്ഷേ അതിന് ക്വാളിറ്റി ഉണ്ടാകില്ല. അതുകൊണ്ട് ഒരു കാരണവശാലും ആ വഴിക്ക് പോകരുത്. കാരണം കൃഷിയിൽ തെറ്റിയതാണ് മനുഷ്യൻ തെറ്റാൻ കാരണം. വീണ്ടും തെറ്റിലേക്ക് പോകരുത്. ഇനി നമുക്ക് വേണ്ടത് ഒരു പുതുയുഗ കൃഷിയാണ്.

കൃഷി ഒരു ബിസിനസ്സായി കാണുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. അതുകൊണ്ട് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കരുത് എന്നു തന്നെയാണ് നമ്മൾ പറയുന്നത്. കൃഷിയും കൃഷിയനുബന്ധ വ്യവസായവും എന്ന കാഴ്ച്ചപ്പാടെടുക്കണം. ഉത്പാദിപ്പിക്കുന്ന വിളവിൽ നിന്നും അവന്റെ വീടിനോട് ചേർന്ന് ഒരു ചെറിയ പ്രൊഡക്ഷൻ സെന്റർ ഉണ്ടാക്കാൻ അവനു ശ്രമിക്കാം. അതൊരു ഇൻഡസ്ട്രിയായി നടത്തിക്കൊള്ളുക. അതിലെത്ര വേണമെങ്കിലും ലാഭം ഉണ്ടാക്കിക്കൊള്ളുക. ഇപ്പോൾ തേങ്ങ കൊണ്ട് വെളിച്ചെണ്ണയുണ്ടാക്കി. വെളിച്ചെണ്ണ വേണമെങ്കിൽ നമുക്കൊരു ബേബി ഓയിൽ ആക്കാം. നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിലൊക്കെ പഠിപ്പിച്ചത് ജനസംഖ്യാ വർദ്ധനവാണ് പ്രശ്‌നം എന്നാണ്. അത് തെറ്റായ ഒരു വിവരമാണ്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും ഒരു വായും വയറും മാത്രമല്ല കരുത്തുറ്റ രണ്ടു കൈകളും ഒരു വലിയ തലച്ചോറും ഉണ്ട്. അതിനെ വേണ്ടവിധം ഉപയോഗിക്കാത്തതാണ് പ്രശ്‌നം. ഉത്പാദനം നടക്കണം, അതിനാനുപാതികമായി വേണം പെരുകാൻ.
ഒരു ചെറിയ കാട്. ആ കാട് നമ്മൾ ഒന്നും ചെയ്തില്ലെങ്കിൽ വലുതാകും. കാടു വലുതാകുന്നതനുസരിച്ച് അതിൽ ജീവികളുടെ എണ്ണം കൂടും. അവിടെ ഒരു അനുപാതം ഉണ്ട്. സസ്യജാലങ്ങൾ പെരുകണം. അതിനാനുപാതികമായി ജീവജാലങ്ങൾ പെരുകണം. ഇത് പ്രകൃതിയുടെ നിയമം ആണ്. പക്ഷേ, നേരെ തിരിച്ചാണിവിടെ സംഭവിക്കുന്നത്. അനുപാതം തെറ്റിയതാണ് പ്രശ്‌നം. ഉത്പാദനം നടന്ന് മണ്ണിൽ നല്ല ഊർജ്ജമായി കഴിഞ്ഞാൽ വലിച്ചെറിയുന്നതെന്തും കിളിർക്കും, വളരുകയും വലുതാകുകയും ചെയ്യും. പക്ഷേ, അതിലെത്താൻ കുറച്ച് താമസമെടുക്കും. കാരണം കന്നിമണ്ണ് എന്നു പറഞ്ഞാൽ കോടാനുകോടി വർഷം കൊണ്ട് രൂപപ്പെടുന്ന മണ്ണാണ്. ആ മണ്ണിൽ കൃഷി എളുപ്പമാണ്. എന്തിട്ടാലും കിളിർക്കും, വിളയും.

ഞാൻ ഒരുപാട് കൃഷി കണ്ടിട്ടുണ്ട്. ബയോ ഡൈനാമിക് ഫാമിങ്ങ്, തെർമൽ പവർ കൃഷി എന്നിങ്ങനെ ഒരുപാട് രീതികൾ കണ്ടിട്ടുണ്ട്. ഇതിൽ പലേക്കറുടേതാണ് ജനങ്ങളെ ഏറ്റവും അധികം ആകർഷിച്ചുകൊണ്ടിരിക്കുന്ന ഒരു കൃഷി രീതി. ആകർഷിക്കാനുണ്ടായ കാരണം അതിനകത്തെ ആ ലാഭം എന്നു പറയുന്ന ഭാഗം തന്നെയാണ്. ജൈവ കൃഷിയിൽ ആളുകൾ കുറയാനുള്ള കാരണം നഷ്ടം സഹിച്ചും കഷ്ടം സഹിച്ചും നേരായ വഴിയിൽ വരണമെന്നുള്ളതുകൊണ്ടാണ്. ഒരു നാടൻ പശു ഉണ്ടെങ്കിൽ നമുക്ക് 30 ഏക്കറിൽ ഭയങ്കര വിളവ് ഉണ്ടാക്കാം എന്നു പറയുന്ന തെറ്റായ ഒരു സന്ദേശം കൊടുക്കുന്നുാേയെന്ന് എനിക്ക് സംശയമു്. ജൈവ കൃഷിയിലേക്ക് വന്നവർ പോലും കൃഷിയിൽ നിന്നും വിട്ടുപോകാനുള്ള ഒരു സാധ്യത അവിടെയുണ്ട്. കാരണം ഏതെങ്കിലും ഒരു ജീവിയെ മാത്രം ആശ്രയിച്ച് കൃഷി സാധ്യമല്ല. താൽക്കാലികമായിട്ട് നിലനിൽക്കുമായിരിക്കും.

കാട് എന്ന് പറയുന്നുണ്ടെങ്കിലും, അദ്ദേഹം യഥാർത്ഥ കാടിനെപ്പറ്റിയോ യഥാർത്ഥ പ്രകൃതിയെപ്പറ്റിയോ മനസ്സിലായിട്ടില്ലാത്ത ഒരാളെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മളും കാടിനെതന്നെയാണ് ആശ്രയിക്കുന്നത്. കാടിന്റെ എനർജി ഇൻപുട്ടിനെയാണ് ഞാൻ എടുക്കുന്നത്. 60 വർഷം കൊണ്ടാണ് ആധുനിക കൃഷി നമ്മൾ തള്ളിപ്പറഞ്ഞതെങ്കിൽ ഇതിന് ചിലപ്പോൾ ഒരു 80 വർഷമെടുക്കാം. അത്രയേയുള്ളു. അതിൽ കൂടുതൽ ആയുസ്സ് ഞാൻ കാണുന്നില്ല.
ഇക്കോളജിക്കൽ നിയമമനുസരിച്ച് ഒരു ജീവിയെ മാത്രം ആശ്രയിച്ച് കൃഷി ആകാം എന്നു പറയുന്നതിൽ അടിസ്ഥാനപരമായി തെറ്റുണ്ട്. ഠവല ാീൃല റശ്‌ലൃലെ, വേല ാീൃല ൗെേെമശിമയഹല-ഇക്കോളജിയുടെ നിയമം അതാണ്. വൈവിധ്യം പരമാവധി കൂടണം. അതിനെ ആശ്രയിക്കണം. സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വൈവിധ്യം പരമാവധി കൂടിയാൽ മാത്രമേ നിലനിൽപ്പുള്ളൂ. അപ്പോൾ ഒരു ജീവിയെ എന്നു പറയുമ്പോൾ തന്നെ തള്ളിക്കളയും.

നല്ല അഭിപ്രായമാണെനിക്ക്. പെർമകൾച്ചർ കൃഷിരീതിയാണ് കേരളത്തിന് ഏറ്റവും അനുയോജ്യമായത് എന്നാണ് എന്റെ അഭിപ്രായം. പക്ഷേ പ്രാക്ടിക്കൽ ആയി അതിൽ അധികം പഠനമോ ഗവേഷണങ്ങളോ നടന്നിട്ടില്ല. കമ്പാനിയൻഷിപ്പ് ഓഫ് പ്ലാന്റിങ്ങ് എന്നു പറയുന്ന ബോധപൂർവ്വമായ ഒരു ഇടപെടൽ ഇതിനകത്ത് ചെയ്യാനായിട്ട് ബിൽ മോളിസൺ ശുപാർശ ചെയ്യുന്നു.

ഭക്ഷ്യ സുരക്ഷാ ബില്ലെന്ന് പറഞ്ഞാൽ ഭക്ഷണം എല്ലാവർക്കും വീട്ടിലെത്തിച്ചുകൊടുക്കുന്നതാണ്! അതായിട്ട് യോജിക്കാനേ പറ്റില്ല. ഓരോരുത്തർക്കും ടെറിട്ടോറിയൽ സംവിധാനം വേണം. ഭൂമിയുടെ വിതരണത്തിലുള്ള തെറ്റാണത്. ഭൂമിയിന്നൊരു വിൽപ്പനച്ചരക്കാണ്. ഭൂമിയൊരിക്കലും വിൽപ്പനച്ചരക്കാവാൻ പാടില്ല. അവനു ഭൂമി കൊടുത്തു കഴിഞ്ഞാൽ അവന്റെ ഭൂമിയിൽ അവനു വേണ്ടത് വിളയിച്ച് കഴിക്കേണ്ടത് അവന്റെ ജോലിയാണ്. അല്ലാതെ അവന്റെ വീട്ടിൽ അരി എത്തിച്ചു കൊടുക്കുകയല്ല സർക്കാരിന്റെ ജോലി. ഭക്ഷ്യ സുരക്ഷയെന്നു പറഞ്ഞാൽ ഭക്ഷണം എന്താണെന്ന് നിർവ്വചിക്കേണ്ടിയിരുന്നു. ഭക്ഷണം എന്നു പറഞ്ഞാൽ സൗരോർജ്ജം തന്നെയാണെന്ന് നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോൾ ഒരു പത്ത് സെന്റ് ഒരാൾക്ക് കിട്ടിക്കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ടത്, ആ പത്ത് സെന്റിൽ ഭക്ഷണം വീഴുന്നുണ്ട്, സൗരോർജ്ജത്തിന്റെ രൂപത്തിൽ. അത് പിടിച്ചെടുക്കാൻ മനുഷ്യനുൾപ്പെടെ ഓരോ ജീവിക്കും ധാർമ്മിക ഉത്തരവാദിത്വമുണ്ട്. സൂര്യപ്രകാശം പാഴാക്കരുത്. ഒരു കിരണം പോലും പാഴാക്കരുത്. സൂര്യപ്രകാശമാണ് ഭക്ഷണമെന്ന് ഒരു നിർവ്വചനം വന്നാലേ ശരിയാവുകയുള്ളു. കിട്ടിയ എനർജി കത്തിച്ചു കളയുകയും ചെയ്യരുത്.

അവരിതേവരെ അത് ചെയ്തിട്ടേയില്ല. ഹൈബ്രിഡൈസ് ചെയ്യപ്പെടേണ്ടത് വിത്തല്ല. കാരണം ഒരു ഹൈബ്രിഡ് വിത്തുകൊണ്ടുവന്ന് മോശം മണ്ണിലിട്ടാൽ ഈ പറയുന്ന വിളവുകിട്ടില്ല. എന്നു പറഞ്ഞാൽ ഏതിനാണ് പ്രാധാന്യം? ഹൈബ്രിഡ് മണ്ണാണുണ്ടാവേണ്ടത്, വിത്തല്ല. മണ്ണിന്റെ ഗുണം മാറുന്നതനുസരിച്ച്, ഹൈബ്രിഡൈസ് ചെയ്യുന്നതിനനുസരിച്ച് വിത്തിൽ ഉത്പാദനം കൂടും.
മണ്ണു നന്നായാൽ മരം നന്നാവും. വിത്തിലൂടെ പരിഹാരം കാണാമെന്ന ഒരു ലക്ഷ്യമാണ് ആധുനിക കൃഷി മുഴുവൻ എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് അവർ ഹൈബ്രിഡ് വിത്തുണ്ടാക്കിയത്. ജനറ്റിക് എഞ്ചിനീയറിങ്ങിലൂടെ കീടം കുത്താത്ത വിളവുതരുന്ന വിത്തുണ്ടാക്കാൻ സാദ്ധ്യമല്ല. കാരണം ഹൈബ്രിഡൈസേഷൻ പ്രകൃതിയിൽ നടക്കുന്നത്, ഒരു നൂറായിരം ഘടകങ്ങളെ സാഹചര്യം അനുകൂലമാക്കിയിട്ട് വിത്തുണ്ടാക്കലാണ്. നമ്മളതല്ല, വിത്തുണ്ടാക്കിയിട്ട് അനുകൂലമല്ലാത്ത സാഹചര്യത്തിൽ വിളയിക്കാൻ നോക്കുന്നു. നടക്കില്ല. നേരെ വിപരീതമാണ്. പ്രകൃതിയുടെ നിയമാനുസൃതം മണ്ണാണ് പ്രധാനം; വിത്തല്ല.

ഈ രാസവളമെന്നു പറയുന്നത് കൃഷിക്കാർ ഇടാൻ മടിച്ചു നിന്ന ഒരു കാര്യമായിരുന്നു. കൃഷിക്കാരുടെ അടുക്കൽ രാസവളം കൊണ്ടു ചെന്നപ്പോൾ തീവളം ഞങ്ങൾ ഇടില്ല എന്നു പറഞ്ഞ കൃഷിക്കാരായിരുന്നു മുഴുവൻ. ആ കൃഷിക്കാരെ സബ്‌സിഡി കൊടുത്തും സൗജന്യം കൊടുത്തും പ്രലോഭിപ്പിച്ചും, ഡിപ്പാർട്ടുമെന്റ് തന്നെ കൃഷിക്കാരൻ കാണാതെ അവരുടെ പാടത്ത് പോയി യൂറിയ എറിഞ്ഞും അവരെ ആകർഷിച്ച് വഴി തെറ്റിച്ചതാണ്. ഇനി തിരിച്ചു കൊണ്ടു പോകണമെന്നുണ്ടെങ്കിൽ ഇതിന്റെ ഇരട്ടി പണിയെടുക്കേണ്ടി വരും. പക്ഷേ, ഗവൺമെന്റിന് ആ പണിയെടുക്കാനുള്ള ഉത്തരവാദിത്വമുണ്ട്, ബാധ്യതയുണ്ട്. കാരണം അവരാണ് വഴിതെറ്റിച്ചത്. അതിന് ചിലപ്പോൾ അങ്ങോട്ട് കൊണ്ടുപോയതിന്റെ പത്തിരട്ടി മുടക്കിയാലേ തിരിച്ചു കൊണ്ടുവരാൻ കഴിയൂ. എന്തായാലും അത് ചെയ്‌തേ പറ്റൂ.

കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചോ എന്നുള്ള ഒരു സന്ദേശം കൊടുക്കുന്നതു കൊണ്ടാണിത്. അപ്പോൾ തെറ്റും. കാരണം കേരളത്തിലെ നിത്യജീവിത ചെലവ് ഒരു തമിഴന്റെയോ കർണ്ണാടകക്കാരന്റെയോ അല്ല. നിത്യജീവിത ചെലവ് ഇത്രയും ഉയർന്നു നിൽക്കുന്ന പ്രദേശത്ത് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാമെന്ന സന്ദേശം കൊടുക്കുന്നതു തന്നെ തെറ്റാണ്, റബ്ബർ കൃഷി ഒഴിച്ച്. കൃഷിയും കൃഷി അനുബന്ധ വ്യവസായത്തിലൂടെയുമേ നമുക്ക് പോകാൻ പറ്റൂ. ജൈവകൃഷിയുടെ അടിസ്ഥാന കാര്യങ്ങൾ മുഴുവൻ വികസിച്ചിട്ടും ഉണ്ടായിരുന്നില്ല. ആ സമയത്ത് കർഷകർ മടിച്ചുനിൽക്കും. ജൈവകൃഷിയിലൂടെ നമ്മൾ പരമാവധി വിളവ് ഉണ്ടാക്കി കാണിച്ചു കൊടുത്താൽ ഓട്ടോമാറ്റിക് ആയി കൃഷിക്കാർ അതിലേക്ക് വരും. ഉദാഹരണത്തിന് മീനിന്റെ അവശിഷ്ടം രൂപാന്തരപ്പെടുത്തി മണ്ണിലേക്കു കൊടുക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ട് മാസം മൂന്നേ ആയിട്ടുള്ളു. ഇറച്ചിയുടെ അവശിഷ്ടം കൺവെർട്ട് ചെയ്ത് കൊടുക്കാൻ ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് സാധിച്ചിരിക്കുന്നത്. അപ്പോൾ ഓരോന്നോരാന്നായി വരുന്നതേയുള്ളു. പക്ഷേ, ഇത് സർക്കാർ ഇടപെട്ടിരുന്നെങ്കിൽ, യൂണിവേഴ്‌സിറ്റി ഇടപെട്ടിരുന്നെങ്കിൽ ഒരു മൂന്നു വർഷം കൊണ്ട് സാധ്യമാക്കാമായിരുന്നു.
വളരെ ചുരുങ്ങിയ ആളുകൾ ഉള്ളൊരു സംഘടന വർഷങ്ങൾ പണിയെടുക്കേണ്ടിവരും. ഒരു ഗവേഷണം സർക്കാരാണ് ഏറ്റെടുത്ത് നടത്തേണ്ടത്. എങ്ങനെ പരമാവധി ഉത്പാദനം ജൈവകൃഷിയിലൂടെ ഉണ്ടാക്കാം എന്നുള്ള ഒരു ഗവേഷണം ഉണ്ടാകുകയും ഇതിൽ നിൽക്കുന്ന ആളുകളുമായി സഹകരിച്ചുകൊണ്ട് ഒരു വർക്കും കൂടി ഉണ്ടായിരുന്നുവെങ്കിൽ വളരെ ലളിതമായി കാര്യം സാധിക്കുമായിരുന്നു. അപ്പോൾ കൃഷിക്കാർ അത് സ്വീകരിക്കും. അങ്ങനെയൊരു ശ്രമം ഇന്നേവരെ ഉണ്ടായിട്ടില്ല.

വിശാലമായ ഒരു വീക്ഷണത്തിലൂടെയേ അതിന്റെ കാര്യം മനസ്സിലാവൂ. അരിയാണോ നമ്മുടെ ഭക്ഷണം എന്ന ചോദ്യത്തിലേക്ക് ആദ്യം വരണം. അരിയാണോ, ഗോതമ്പാണോ, കിഴങ്ങാണോ നമ്മുടെ ഭക്ഷണം ആവേണ്ടത്? ഇന്നത്തെ രീതിയിലാണ് അരിഭക്ഷണം കഴിക്കുന്നതെങ്കിൽ നൂറു ശതമാനവും മനുഷ്യർ പ്രമേഹ രോഗികളാകും. കാരണം ൗിിമൗേൃമഹ രമൃയീവ്യറൃമലേ ആണ് അരി. മനുഷ്യന് അനുയോജ്യമായ ഒരു കാർബോ ഹൈഡ്രേറ്റ് അല്ല. യഥാർത്ഥ കാർബോഹൈഡ്രേറ്റ് കണ്ടെത്തേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒരു കാർബോ ഹൈഡ്രേറ്റ് ഈ ഭൂമിയിൽ എവിടെയോ ഉണ്ട്. അതു കണ്ടുപിടിക്കണം. അതുമായി ബന്ധപ്പെട്ട കൃഷി പ്രമോട്ട് ചെയ്യണം.
കാട്ടിൽ നിന്ന് ഇറങ്ങിയ മനുഷ്യൻ കണ്ണിൽ കണ്ട ഒരു പുല്ലിലെ മണികളെ ഭക്ഷണമാക്കി ശീലിച്ചതാണ്. സൂക്ഷിച്ചു വക്കാൻ പറ്റിയതായതുകൊണ്ട് നിത്യഭക്ഷണമായിപ്പോയതാണ്. നമ്മുടെ ദഹനപദ്ധതിയെപ്പറ്റിയോ ദഹനരസങ്ങളെപ്പറ്റിയോ പഠിച്ചിട്ട് തെരഞ്ഞെടുത്ത ഒരു ഭക്ഷണമല്ല അത്. ഇന്ന് നമ്മുടെ ഡൈജസ്റ്റീവ് സിസ്റ്റത്തെപ്പറ്റി നമുക്കറിയാം. ഏറ്റവും അനുയോജ്യമായ കാർബോഹൈഡ്രേറ്റ് ഏതാണെന്ന് ലബോറട്ടറിയിൽ പരീക്ഷിച്ച് കണ്ടെത്താനുള്ള സൗകര്യവും അറിവും ഇന്നുണ്ട്. അപ്പോൾ അതേതാണെന്ന് തിരിച്ചറിഞ്ഞിട്ട് ആ ചെടിയെ പ്രമോട്ട് ചെയ്യണം. അൺ നാച്ചുറൽ കാർബോ ഹൈഡ്രേറ്റ്, കോഴിയും പ്രാവും തിന്നുന്നതുപോലെ നമുക്ക് തിന്നാൻ പറ്റില്ല എന്നിരിക്കേ അത് നമ്മുടേതല്ല. പക്ഷേ, നിത്യഭക്ഷണമായിപ്പോയതാണ്.
നെല്ലിന്റെ സ്ഥാനത്ത് ഒരു മരമാണ് വരുന്നതെന്നിരിക്കട്ടെ, ജലസംഭരണം നടക്കില്ലേ? വിൻഡ് ബ്രേക്കിങ്ങ് നടക്കില്ലേ? ചൂടു കുറയ്ക്കാൻ ഉപകരിക്കില്ലേ? ഒരു തവണ നട്ടാൽ അറുപതുവർഷം ഫലം തരില്ലേ? അതുകൊണ്ടാണ് ജൈവകൃഷിയും കൃഷിയില്ലാക്കൃഷിയിലെത്തണം എന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. അതായത് മരങ്ങളിൽ നിന്നും ഭക്ഷണം വരണം. നെല്ലിനെ ആശ്രയിച്ചിനി മുന്നോട്ടു പോകാൻ കഴിയില്ല. കാരണം ഭൂമിയിലെ, നെൽകൃഷി ചെയ്യാൻ പറ്റിയ അനുകൂലമായ കൃഷിയിടങ്ങൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഭക്ഷണം വിളയുന്ന നാട് എന്ന സങ്കല്‍പം എടുക്കാനുള്ള കാരണം അതാണ്.

വീട്ടിൽ വിളയുന്ന സംസ്‌ക്കാരം

ഓന്നോ രണ്ടോ തലമുറ മുമ്പുവരെ ഓരോ കുടുംബത്തിനും ദൈനംദിന ആവശ്യത്തിനുള്ള ഭക്ഷണം വീടിനോടുചേർന്നുള്ള കൃഷിയിടങ്ങളിൽതന്നെ ഉത്പാദിപ്പിക്കുകയും മിച്ചമുള്ളത് വിപണിയിൽ വിറ്റ് ഉപജീവനം നടത്തുകയും ചെയ്തിരുന്ന ഒരു സംസ്‌ക്കാരമായിരുന്നു നമ്മുടേത്. നഷ്ടമേറി കടക്കെണിയിൽ കുരുങ്ങിയപ്പോഴും ഒരു നിയോഗമെന്നതുപോലെ ലാഭനഷ്ടങ്ങൾ കണക്കിലെടുക്കാതെ അവിരാമം നാടിന് ആവശ്യമുള്ള ഭക്ഷേ്യാ
ത്പന്നങ്ങൾ ഉല്പാദിപ്പിച്ചവരായിരുന്നു നമ്മുടെ കർഷകർ. അമ്മയും അച്ഛനും മക്കളും ഒത്തൊരുമിച്ച് അവരുടെ അദ്ധ്വാ
നശേഷി വിനിയോഗിച്ചുകൊണ്ട് സ്വാശ്രയത്വത്തോടെ നടത്തിയിരുന്ന ഈ കുടുംബകൃഷി ആഗോളവൽക്കരണത്തിന്റെയും നഗരവൽക്കരണത്തിന്റെയും തിരമാലകളിൽപെട്ട് നമുക്ക് കൈമോശം വന്നു. പുതിയ കാലത്ത് കൃഷിപ്പണിക്ക് സമൂഹത്തിൽ അന്തസ്സു നഷ്ടപ്പെടുകയും യുവതലമുറ കൃഷിയിൽ നിന്ന് അകലുകയും ചെയ്തതോടെ വീടും അതിനോടു ചേർന്നുള്ള കൃഷിയിടവുമായി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പൊക്കിൾക്കൊടി ബന്ധം മുറിഞ്ഞുപോയി. പ്രതികൂലമായ കാലാവസ്ഥയും വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും അമേരിക്കയിലെ ചെറുകിടകർഷകരെ കശക്കിയെറിഞ്ഞതിന്റെ ചിത്രം 1939-ൽ പ്രസിദ്ധീകരിച്ച ‘റാത്ത് ഓഫ് ഗ്രേപ്‌സ്’ എന്ന നോവലിൽ കാണാം. നോബൽ സമ്മാനജേതാവായ ജോൺ സ്റ്റെയിൻബെക്ക് അമേരിക്കയിലെ ചെറുകിട കർഷകരുടേയും കുടുംബകൃഷിയുടേയും തകർച്ചയാണ് ഈ നോവലിൽ വരച്ചുകാണിക്കുന്നത്. സ്റ്റെയിൻബെക്കിന്റെ നോവലിൽ വരച്ചുകാണിച്ച അതേ അവസ്ഥയിൽതന്നെയാണ് ഇന്ന് ലോകമെമ്പാടുമുള്ള ചെറുകിട-നാമമാത്രകർഷകർ. ഭക്ഷേ്യാത്പാദനം റെക്കോർഡ് നിലയിൽ എത്തിയിട്ടും ജനസംഖ്യയിൽ വലിയൊരു ഭാഗം ഇന്നും കൊടുംപട്ടിണിക്കാരായി അവശേഷിക്കുന്നു. ഇവരിൽ ഗ്രാമീണമേഖലയിലെ ഭക്ഷേ്യാത്പാദകരായ ചെറുകിട-നാമമാത്രകർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടുന്നുവെന്നതാണ് ഏറെ ദു:ഖകരമായ സത്യം. കാർഷികോത്പന്നങ്ങളുടെ വില കുതിച്ചുകയറിയിട്ടും അതിന്റെ പ്രേയാജനമൊന്നും കർഷകർക്കു ലഭിക്കുന്നില്ല. ഉത്പാദനച്ചെലവിൽ ഓരോ വർഷവുമുണ്ടാകുന്ന വർദ്ധനയും ഉപഭോക്തൃവസ്തുക്കളുടെ വിലക്കയറ്റവും കാരണം കർഷകർക്ക് കൃഷി ലാഭകരമായി നടത്തിക്കൊണ്ടുപോകാനാവുന്നില്ല. കർഷകരിൽ പലരും കൃഷിഭൂമി വിറ്റഴിക്കുകയോ കൃഷിക്ക് അവധി പ്രഖ്യാപിച്ച് ഭൂമി തരിശിടുകയോ ചെയ്യേണ്ടി വരുന്നു. കർഷകരാണ് സാമ്പത്തിക വികസനത്തിന്റെ ആണിക്കല്ല് എന്ന് ഭരണകൂടങ്ങൾ ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും കാർഷികവൃത്തിയിൽ നിന്ന് ആളുകൾ പിന്മാറുന്നത് തടയാൻ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. 1991-നും 2011-നും ഇടയിലുള്ള 20 വർഷങ്ങളിൽ ദിവസേന 2000 കർഷകർ ഇന്ത്യയിൽ കാർഷിക മേഖലയെ ഉപേക്ഷിച്ചുപോയി.
ആഗോളഭക്ഷേ്യാത്പാദനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നവരാണ് ചെറുകിട-നാമമാത്ര കർഷകരും അവരുടെ കുടുംബകൃഷിയുമെങ്കിലും ദേശീയ-അന്തർദേശിയ നയരൂപീകരണങ്ങളിൽ കുടുംബകൃഷിക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിക്കാണാറില്ല. കോർപ്പറേറ്റ് കൃഷി, അഗ്രിബിസിനസ്, ജിഎം വിളകൾ തുടങ്ങിയവയിലേക്ക് നീങ്ങാൻ നിർദ്ദേശിക്കുന്ന നയരേഖകൾ പാവപ്പെട്ട കർഷകരുടെ കുടുംബകൃഷിയെ ബോധപൂർവ്വം അവഗണിച്ചു. ചെറുകിട-നാമമാത്രകർഷകർ കഴിയുമെങ്കിൽ അവരുടെ കൃഷിഭൂമി വൻകിട കർഷകർക്ക് പാട്ടത്തിനു കൊടുക്കുകയോ വിൽക്കുകയോ ചെയ്തതിനുശേഷം വൻകിടക്കാരുടെ വയലുകളിൽ കൂലിപ്പണിയെടുക്കുന്നതായിരിക്കും നല്ലതെന്ന് ദേശീയ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ഡോ. മോൺടേക്‌സിംഹ് അലുവാലിയ അടുത്തകാലത്തു നടത്തിയ പ്രസ്താവന, നയരൂപീകരണ സമിതികളിൽ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ചെറുകിട കർഷകരോടുള്ള മനോഭാവം വ്യക്തമാക്കുന്നു. ലാഭമുള്ള വിളകൾ ലാഭം കിട്ടുന്ന സമയത്ത് വിപണിയെ ലക്ഷ്യമാക്കി
കൃഷി ചെയ്താൽ മതിയെന്ന നയം ദേശീയതലത്തിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷക്ക് വലിയ വെല്ലുവിളികൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം നയസമീപനങ്ങൾ കാർഷിക-പാരിസ്ഥിതിക (അഗ്രോ-ഇക്കോളജിക്കൽ) സമീപനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുടുംബകൃഷി എന്ന സംസ്‌ക്കാരത്തിന്റെ കടയ്ക്കൽതന്നെയാണ് കത്തിവച്ചിരിക്കുന്നത്. കോർപ്പറേറ്റ് കൃഷിയോ വാണിജ്യാടിസ്ഥാനത്തിലുള്ള ഊർജ്ജിത രാസികകൃഷിയോ ദീർഘകാലാടിസ്ഥാനത്തിൽ ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ സഹായകമല്ലെന്ന് ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തെ സുസ്ഥിരമായ ഭക്ഷ്യസ്വാശ്രയത്വത്തിലേക്കു നയിച്ചാൽ മാത്രമേ നാം ഇന്നു തേടുന്ന ഭക്ഷ്യസുരക്ഷാപ്രശ്‌നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്താനാവുകയുള്ളു. ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 2014 അന്താരാഷ്ട്ര കുടുംബകൃഷി വർഷമായി (ഇന്റർനാഷണൽ ഇയർ ഓഫ് ഫാമിലി ഫാമിംഗ്) പ്രഖ്യാപിച്ചിരിക്കുന്നത്.
കുടുംബകൃഷി എന്ന മഹത്തായ സംസ്‌ക്കാരത്തെ കാർഷിക-പാരിസ്ഥിതിക-സാമൂഹിക നയപരിപാടികളുടെ കേന്ദ്രസ്ഥാനത്തേക്ക് മടക്കികൊണ്ടുവരിക എന്നതാണ് കുടുംബകൃഷി വർഷാചരണത്തിന്റെ പ്രധാനലക്ഷ്യം. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തെ ഭക്ഷ്യസുരക്ഷിതത്വത്തിലേക്കും പോഷക സുരക്ഷിതത്വത്തിലേക്കും നയിക്കുക, കുടുംബകൃഷിയുടെ പ്രാധാന്യം വീണ്ടെടുക്കുക എന്നിവയും വർഷാചരണത്തിന്റെ ലക്ഷ്യങ്ങളാണ്. കുടുംബകൃഷിയെയും ചെറുകിടകർഷകരെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിവിഭവങ്ങളും പരിപാലനവും പരിസ്ഥിതിസംരക്ഷണവും അതിലൂടെ സുസ്ഥിരവികസനവും സാധിക്കും. വെട്ടിവെളുപ്പിക്കുന്നതോ പ്രകൃതിയെ നശിപ്പിക്കുന്നതോ അല്ല, നട്ടുപിടിപ്പിക്കുന്നതും നിലനിർത്തുന്നതുമാണ് വികസനം എന്ന വലിയ സന്ദേശം കുടുംബകൃഷി വർഷാചരണം പൊതു സമൂഹത്തിനു പകർന്നുനൽകും. കുടുംബകൃഷിയും ചെറുകിടകർഷകരും നേരിടുന്ന വെല്ലുവിളികളും പുതിയ അവസരങ്ങളും പ്രാദേശിക-ദേശീയ-അന്തർദേശീയ സമൂഹത്തിനുമുന്നിൽ കുടുംബകൃഷി വർഷാചരണത്തിന്റെ മുൻനിരയിലുള്ള സംഘടനകൾ അവതരിപ്പിക്കും. വീടും കൃഷിയും ഒന്നിക്കുന്ന കുടുംബകൃഷി എന്ന പുരാതന കൃഷി സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്ക് മനുഷ്യസംസ്‌ക്കാരത്തിന്റെയും ചരിത്രത്തിന്റെയും വീണ്ടെടുക്കൽ കൂടിയാണ്. കുടുംബകൃഷിയെയും ചെറുകിട കർഷകരെയും പ്രോത്സാഹിപ്പിക്കുന്നത് വൻതോതിലുള്ള ദാരിദ്ര്യനിർമ്മാർജ്ജനത്തിനും ഗ്രാമീണ ജനതയുടെ സുസ്ഥിരമായ സാമ്പത്തിക വികസനത്തിനും അനിവാര്യവുമാണ്.
ചെറുകിട കർഷകരും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് അവർ നടത്തുന്ന പാരിസ്ഥിതിക കൃഷിയുമാണ് (ഇക്കോളജിക്കൽ അഗ്രികൾച്ചർ) ഭാവിയിലെ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച ഏതൊരു വെല്ലുവിളിയെയും നേരിടാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. കൃഷിയിടത്തിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കാൻ വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, കന്നുകാലി വളർത്തൽ, കോഴിവളർത്തൽ, തേനീച്ചവളർത്തൽ, ഇടവിളകൃഷി, ജൈവവളനിർമ്മാണം എന്നിവയെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള സംയോജിത കൃഷിരീതികൾ നടപ്പാക്കണം. കൂടുതൽ ജനുസുകളെ ഉൾപ്പെടുത്തി ജൈവവൈവിധ്യസമ്പന്നമായ കൃഷിരീതികൾ നടപ്പാക്കുകയാണ് മണ്ണിന്റെ ഫലപുഷ്ടി നിലനിർത്താനും ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ ഉത്പാദനം നിലനിർത്താനും ഏറ്റവും ഫലപ്രദം. ഒരുകാലത്ത് കാർഷിക ജൈവവൈവിധ്യത്തിന്റെ കലവറയായിരുന്നു നമ്മുടെ കൃഷിഭൂമികൾ. ഇന്നുകാണുന്ന മികച്ച ഇനങ്ങളിൽ പലതും നൂറ്റാണ്ടുകളിലെ ബോധപൂർവ്വമായ നിർധാരണത്തിലൂടെ ചെറുകിട കർഷകർ വികസിപ്പിച്ചെടുത്തതാണ്. എന്നാൽ ഏകവിള കൃഷിയിൽ ഊന്നിയ ഹരിതവിപ്ലവത്തോടെ നമ്മുടെ കാർഷിക ജൈവവൈവിധ്യത്തിന്റെ നല്ലൊരു പങ്കും കൃഷിയിടങ്ങളിൽ നിന്നും അപ്രത്യക്ഷമായി. പതിനായിരക്കണക്കിന് പരുത്തി ഇനങ്ങൾ കൃഷിചെയ്തിരുന്ന ഇന്ത്യയിൽ ജനിതക പരിവർത്തനം വരുത്തിയ ബിടി പരുത്തിയുടെ ആവിർഭാവത്തോടെ 99 ശതമാനത്തിലേറെ കൃഷിയിടങ്ങളും ബിടി പരുത്തി ഇനങ്ങൾക്കു കീഴിലായി. ഹരിതവിപ്ലവത്തിനു മുമ്പ് പതിനായിരത്തിലേറെ നെൽവിത്തിനങ്ങൾ കൃഷി ചെയ്തിരുന്ന ഇന്ത്യയിൽ ഇപ്പോൾ പത്തോളം ഇനങ്ങളുടെ ജനിതക അടിത്തറയിലാണ് എഴുപത്തഞ്ചു ശതമാനം സ്ഥലത്തെയും നെൽകൃഷി. 1920-നു മുമ്പ് പതിനായിരത്തോളം ഗോതമ്പ് ഇനങ്ങൾ കൃഷി ചെയ്തിരുന്ന ചൈനയിൽ ഇന്ന് ആയിരത്തിൽ താഴെ ഇനങ്ങളേ കൃഷിയിടങ്ങളിൽ അവശേഷിക്കുന്നുള്ളൂ. മക്കച്ചോളത്തിന്റെ ജന്മദേശമായ മെക്‌സിക്കോയിൽ 1980-നു മുമ്പുള്ള മക്കച്ചോളം ഇനങ്ങളിൽ ഇരുപതു ശതമാനം മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ. കുടുംബകൃഷിയുടെ വീണ്ടെടുപ്പ്, നഷ്ടപ്പെട്ടുപോയ ജനിതക അടിത്തറയുടെ വീണ്ടെടുപ്പുകൂടിയാണ്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന വരുംകാലങ്ങളിൽ പ്രതികൂല കാലാവസ്ഥയോടു പൊരുതിനിൽക്കാൻ ശേഷിയുള്ള വിത്തിനങ്ങൾ ഭക്ഷ്യസുരക്ഷയോട് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.
കൃഷി, ഫോറസ്ട്രി, മത്സ്യം വളർത്തൽ, മൃഗസംരക്ഷണം എന്നിവയെല്ലാം കുടുംബത്തിന്റെ മേൽനോട്ടത്തിലും മുഖ്യമായും കുടുംബാംഗങ്ങളുടെ തൊഴിൽശേഷിയെമാത്രം ആശ്രയിച്ചും നടത്തിക്കൊണ്ടുപോകാവുന്ന ഒന്നാണ് കുടുംബകൃഷിയെന്നാണ് ലോക ഭക്ഷ്യകാർഷിക സംഘടനയുടെ നിർവ്വചനം. കൃഷിമാത്രമല്ല കൃഷി അനുബന്ധമേഖലകളും അതിന്റെ പരിധിയിൽ വരും. കുടുംബകൃഷി ഒരു ഉപജീവനമാർഗ്ഗം മാത്രമല്ല, ഭൂമിയിലെ ഏറ്റവും സുസ്ഥിരമായ ജീവിതരീതികളിൽ ഒന്നു കൂടിയാണ്. ആഗോളവ്യാപകമായി 260 കോടി ജനങ്ങൾ (ലോക ജനസംഖ്യയുടെ 30 ശതമാനം) കുടുംബകൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. സംഘടിതമായി കൃഷി നടത്തുന്ന ജനസംഖ്യയുടെ 99 ശതമാനവും കുടുംബകൃഷിയിൽ ഏർപ്പെടുന്നവരാണ്. ആഗോളവ്യാപകമായി 50 കോടി കുടുംബങ്ങളാണ് കുടുംബകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും കർഷകരിൽ 80 ശതമാനവും കുടുംബകൃഷി പരമ്പരാഗതമായി നടത്തിക്കൊണ്ടുപോകുന്ന ചെറുകിട കർഷകരാണ്. ലോകത്തിലെ കൃഷിയോഗ്യമായ ഭൂമിയുടെ 80 ശതമാനവും അവരുടെ നിയന്ത്രണത്തിലാണ്. മണ്ണ്-ജലം തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, നാടൻ വിത്തിനങ്ങളുടെ ജൈവവൈവിധ്യസംരക്ഷണം, തനത് ഗ്രാമീണ സംസ്‌ക്കാരങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും സംരക്ഷണം തുടങ്ങിയ മേഖലകളിൽ വിലമതിക്കാനാവാത്ത സേവനങ്ങളാണ് അവർ നിർവ്വഹിക്കുന്നത്. ചെറുകിട-നാമമാത്രകർഷകർ ലാഭേച്ഛയില്ലാതെ നടത്തിക്കൊണ്ടുപോകുന്ന പാരിസ്ഥിതിക സേവനങ്ങൾ (എക്കോസിസ്റ്റം സർവ്വീസ്) പലപ്പോഴും പൊതുസമൂഹം തിരിച്ചറിയുന്നതേയില്ല. വീടും കൃഷിയും ഒന്നിച്ചു ചേരുമ്പോൾ ഭക്ഷ്യസുരക്ഷക്കൊപ്പം പാരിസ്ഥിതികവും സാംസ്‌ക്കാരികവുമായ ഒട്ടേറെ അമൂല്യസേവനങ്ങളും സമൂഹത്തിനു ലഭിക്കുന്നു.
ഭക്ഷണം കഴിക്കുന്ന ഓരോരുത്തർക്കും ഭക്ഷ്യോത്പാദനത്തിൽ പങ്കാളികളാകാനുള്ള ഉത്തരവാദിത്വം കൂടി ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് അന്താരാഷ്ട്ര കുടുംബകൃഷി വർഷാചരണം. കർഷകർ മാത്രം ഭക്ഷ്യോത്പാദനത്തിൽ ഏർപ്പെടുന്ന ഭക്ഷ്യസുരക്ഷയല്ല, ഭക്ഷണം കഴിക്കുന്ന എല്ലാവരും ഭക്ഷണം ഉത്പാദിപ്പിക്കുകകൂടി പെയ്യുന്ന ‘അന്നസ്വരാജാണ്’ ഇന്നത്തെ ആവശ്യം. ഭൂമി കൈവശമുള്ളവരും ഭൂരഹിതരും ഗ്രാമവാസികളും നഗരവാസികളും എല്ലാം ഭക്ഷ്യോത്പാദനത്തിൽ പങ്കാളികളാകണം. കൃഷിയോഗ്യമായ ഒരിഞ്ചുഭൂമിപോലും തരിശിടുകയോ കാർഷികേതര ആവശ്യങ്ങൾക്കുവേണ്ടി പരിവർത്തനം ചെയ്യുകയോ പാടില്ല. നഗരവാസികൾക്ക് പരിമിതമായ സ്ഥലത്ത് കൃഷിനടത്താനാവശ്യമായ സാങ്കേതിക വിദ്യകൾ ഇന്ന് ലഭ്യമാണ്. മട്ടുപ്പാവിലെ കൃഷി, മിനിപോളിഹൗസുകൾ, ഗ്രോബാഗുകളിലെ കൃഷി, വെർട്ടിക്കൽ വെജിറ്റബിൾ ടവർ, ഹൈഡ്രോപോണിക്‌സ് തുടങ്ങിയ മണ്ണില്ലാ കൃഷിരീതികൾ എന്നിവയെല്ലാം നഗരവാസികൾക്കു മുന്നിലും ഭക്ഷേ്യാത്പാദനത്തിന്റെ പുതിയ സാധ്യതകൾ തുറന്നിടുന്നു. ഇത്തരം കൃഷിരീതികളിലൂടെ ഓരോ കുടുംബത്തിനും അവരവർക്കാവശ്യമായ പച്ചക്കറികൾ വിഷമുക്തമായി ഉത്പാദിപ്പിക്കാനാവും. ഭൂമി കൃഷിക്കെന്നതിലുപരി റിയൽ എസ്റ്റേറ്റ് ബിസിനസ്സിനുള്ള ഉപാധിയായി മാറിയതോടെ കാർഷിക സംസ്‌ക്കാരം നമ്മുടെ നാട്ടിൽ നിന്നും നാടുനീങ്ങിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും കുടുംബമൊന്നായി കാർഷികോത്പാദനത്തിൽ പങ്കാളികളായാൽ മാത്രമേ നഷ്ടപ്പെട്ടുപോയ കാർഷിക സംസ്‌കാരം നമുക്ക് തിരിച്ചുപിടിക്കാനാവുകയുള്ളൂ. ഭക്ഷ്യോത്പാദനം കർഷകന്റെ മാത്രം ഉത്തരവാദിത്വമല്ല. ആരെങ്കിലും എവിടെയെങ്കിലും എങ്ങനെയെങ്കിലും ഉത്പാദിപ്പിക്കുന്ന ഭക്ഷണം മറ്റാരെങ്കിലും പാചകം ചെയ്ത് വിളമ്പിത്തരുന്നത് ഭക്ഷിക്കുക മാത്രമാണ് തങ്ങൾ ചെയ്യേണ്ടതെന്നു വിശ്വസിക്കുന്ന പുതുതലമുറയെ കാർഷിക സംസ്‌ക്കാരത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഒരിക്കലും മറക്കരുതാത്ത പാഠങ്ങൾ പഠിപ്പിക്കാനുള്ള അവസരം കൂടിയാണ് അന്താരാഷ്ട്ര കുടുംബകൃഷി വർഷാചരണം. ഫാസ്റ്റ്ഫുഡ് സംസ്‌ക്കാരം വ്യാപകമായതോടെ പോഷകവൈവിധ്യമേറിയ നാടൻ ഭക്ഷണങ്ങളുടെ രുചിക്കൂട്ടുകളിൽ നിന്ന് പുതുതലമുറ അകന്നു. കൗമാരക്കാർ പോലും ജീവിതശൈലി രോഗങ്ങൾക്ക് കീഴടങ്ങുന്ന അനാരോഗ്യകരമായ ജീവിതമാണ് ഈ ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന്റെ ഏറ്റവും വലിയ സംഭാവന. പോഷകസമ്പന്നവും സന്തുലിതവുമായ ഒരു ഭക്ഷണക്രമത്തിലേക്ക് യുവതലമുറയെ മടക്കിക്കൊണ്ടുവരാനും അന്താരാഷ്ട്ര കുടുംബകൃഷി വർഷാചരണം സഹായിക്കും.
വൻതോതിലുള്ള നഗരവൽക്കരണത്തിന്റെയും വ്യവസായവൽക്കരണത്തിന്റെയും ആദ്യത്തെ ഇര ചെറുകിട-നാമമാത്ര കർഷകരാണ്. ഫലഭൂയിഷ്ടമായ കൃഷിഭൂമി കാർഷികേതര ആവശ്യത്തിനും വ്യവസായവികസനത്തിനും വേണ്ടി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കണം. കൃഷിക്ക് അനുയോജ്യമായ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തിയെങ്കിൽ മാത്രമേ ഭാവി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവുകയുള്ളൂ. അംബരചുംബികളായ ഫ്‌ളാറ്റുകളുടേയും പാർപ്പിടസമുച്ചയങ്ങളുടെയും നിർമ്മാണം നമ്മുടെ ഗ്രാമീണ മേഖലയുടെ മുഖഛായ തന്നെ മാറ്റിമറിച്ചുകഴിഞ്ഞു. അമേരിക്കയിൽ പോലും മണിക്കൂറിന് ഒരേക്കർ എന്ന നിരക്കിലാണ് കൃഷിഭൂമി മറ്റാവശ്യങ്ങൾക്കു വേണ്ടി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നത്. വൻകിട കോർപ്പറേറ്റുകൾ ചെറുകിട കർഷകരുടെ ഭൂമി തുച്ഛമായ വിലയ്ക്ക് വാങ്ങിക്കൂട്ടുന്നതും ആഗോളതലത്തിൽ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. ലോകമെമ്പാടും കാർഷിക മേഖലയിൽ സ്വകാര്യമൂലധന നിക്ഷേപം വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഭൂവിനിയോഗം സംബന്ധിച്ച് പ്രാദേശിക-ദേശീയ തലങ്ങളിൽ വ്യക്തമായ നിയമനിർമ്മാണം ഉണ്ടായില്ലെങ്കിൽ അവശേഷിക്കുന്ന കർഷകരും കൃഷിയിടങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടും. കുടുംബകൃഷി വർഷാചരണത്തോടനുബന്ധിച്ച് പ്രാദേശിക-ദേശീയ-അന്തർദേശീയ തലത്തിൽ കാർഷിക, പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക അജണ്ടകളിൽ ഉൾപ്പെടുത്തി കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ നടത്തേണ്ടതുണ്ട്.
കാർഷിക മേഖലക്ക് പ്രതേ്യക ഊന്നൽ നൽകുന്നുവെന്ന് സർക്കാരുകൾ പ്രഖ്യാപിക്കുമ്പോഴും വിപണിയിൽ വിലപേശാനുള്ള ചെറുകിട കർഷകരുടെ ശേഷി ഇന്നും നിസ്സാരമായി തുടരുകയാണ്. ഇവർക്ക് സാങ്കേതിക ഉപദേശം നൽകുന്ന സർക്കാർ വിജ്ഞാനവ്യാപന ഏജൻസികളുടെ പ്രവർത്തനത്തിലും പരിമിതികളുണ്ട്. വിപണിയിൽ ഫലപ്രദമായി ഇടപെടാൻ ശക്തിപകരുന്നവിധം കുടുംബകൃഷിക്കാരെ പരസ്പരം സഹകരിപ്പിച്ചുകൊണ്ട് സംഘങ്ങളായി സംഘടിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കണം. ജൈവകൃഷിയാണ് കുടുംബകൃഷിയുടെ ശക്തി. ജൈവകൃഷിയുടെ കാര്യക്ഷമതയിലേക്കും പ്രായോഗികതയിലേക്കും വിരൽചൂണ്ടുന്ന ഒട്ടേറെ മാതൃകകൾ ഇന്ന് നമുക്ക് ലഭ്യമാണ്. ആന്ധ്രാപ്രദേശിൽ സർക്കാർ സഹായത്തോടെ സെന്റർ ഫോർ സസ്റ്റയിനബിൾ അഗ്രികൾച്ചർ (സിഎസ്എ) എന്ന സംഘടന അഞ്ചുലക്ഷത്തോളം ഹെക്ടർ സ്ഥലത്ത് നടപ്പാക്കിവരുന്ന വിഷമില്ലാത്ത കൃഷി ഇത്തരമൊരു മാതൃകയാണ്. പാരിസ്ഥിതികമായി സുസ്ഥിരവും മനുഷ്യന്റെ ആരോഗ്യത്തിനു സുരക്ഷിതവുമായ ജൈവകൃഷിയാണ് ഭാവിയുടെ കൃഷി. കുടുംബകൃഷിക്കാർ ഉത്പാദിപ്പിക്കുന്ന ജൈവോല്പന്നങ്ങൾ പ്രാദേശികമായിതന്നെ സംഘടിത വിപണികളിലൂടെ വിറ്റഴിക്കാനുള്ള ശ്രമവും അന്താരാഷ്ട്ര കുടുംബകൃഷി വർഷാചരണത്തിന്റെ ഭാഗമായുണ്ടാകണം. കൃഷിഭൂമികളുടെ തുണ്ടുവൽക്കരണം ഉയർത്തുന്ന പ്രശ്‌നങ്ങൾ നേരിടണമെങ്കിലും ഇതല്ലാതെ മറ്റു പോംവഴിയൊന്നുമില്ല.
ലോകത്തിന്റെ ഭക്ഷ്യസുരക്ഷയുടെ താക്കോൽ കർഷകർക്ക് തിരികെ നൽകാനുള്ള ശ്രമമാണ് അന്താരാഷ്ട്ര കുടുംബകൃഷിവർഷാചരണത്തിലൂടെ ഐക്യരാഷ്ട്രസംഘടനയും ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റുസംഘടനകളും നടത്തുന്നത്. കൃഷി, അന്തസ്സും വരുമാനവുമുള്ള ഉപജീവനമാർഗ്ഗമാക്കി മാറ്റി, അതിനു വേണ്ട നയപരവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ അന്താരാഷ്ട്രകുടുംബകൃഷി വർഷാചരണം വഴിയൊരുക്കും. ഇന്ത്യയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അവശേഷിക്കുന്ന ചെറുകിട കർഷകരിൽ ബഹുഭൂരിപക്ഷവും മധ്യവയസ്സു പിന്നിട്ടവരാണ്. ലോകത്തിലെ മറ്റുരാജ്യങ്ങളിലെ സ്ഥിതിയും ഏറെ വിഭിന്നമല്ല. ഇന്ത്യയിൽ കാർഷിക മേഖലയിൽ നിന്നും കൊഴിഞ്ഞുപോകുന്നവരിൽ ഭൂരിപക്ഷവും വനിതാകർഷകരാണ്. 2001-നും 2011-നും ഇടയിൽ മുഴുവൻ സമയ പുരുഷകർഷകരുടെ എണ്ണത്തിൽ 27 ലക്ഷത്തോളം കുറവുണ്ടായപ്പോൾ ഇതേ കാലയളവിൽ വനിതാകർഷകരുടെ എണ്ണത്തിൽ 60 ലക്ഷത്തോളം പേരുടെ കുറവുണ്ടായതായി സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതോടൊപ്പം വനിതാകർഷകർക്കുവേണ്ടിയും പ്രതേ്യക പരിപാടികൾ നടപ്പാക്കിയാലേ രാജ്യത്തെ കൃഷിക്കു ഭാവിയുള്ളൂ. മഴയെ മാത്രം ആശ്രയിച്ചു കൃഷിനടത്തുന്ന പ്രദേശങ്ങളിലെ കൃഷി, പശ്ചിമഘട്ടമുൾപ്പെടെയുള്ള മലമ്പ്രദേശങ്ങളിലെ കൃഷി എന്നിവയെല്ലാം കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വലിയ വെല്ലുവിളികൾ നേരിടുകയാണ്. അന്താരാഷ്ട്രകുടുംബകൃഷി വർഷാചരണത്തിന്റെ ഭാഗമായി ഇതിനെയെല്ലാം പ്രത്യേകമായി അഭിസംബോധന ചെയ്യാൻ ശ്രമമുണ്ടാകണം. ചെറുകിട കർഷകരുടെ കൃഷിയിടങ്ങളിലെ ഉത്പാദനക്ഷമത കോർപ്പറേറ്റുകളുടെ ഉത്പാദനത്തെക്കാളും കൂടുതലാണെന്ന് അടുത്തകാലത്തു നടത്തിയ പല ശാസ്ത്രീയ പഠനങ്ങളും തെളിയിക്കുന്നു. എന്തുനഷ്ടം സഹിച്ചും ഭക്ഷണം ഉത്പാദിപ്പിക്കേണ്ടത് കർഷകന്റെ മാത്രം ഉത്തരവാദിത്വമാണെന്ന മനോഭാവം മാറ്റി ഓരോരുത്തരും കുടുംബത്തോടൊപ്പം ഭക്ഷേ്യാത്പാദനത്തിൽ പങ്കാളികളാകുമ്പോൾ മാത്രമായിരിക്കും അന്താരാഷ്ട്ര കുടുംബകൃഷിവർഷാചരണം ഫലവത്തായി മാറുക.

വികസനം കൃഷിയിലൂടെ

ഇക്കഴിഞ്ഞ ദിവസം തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീ പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തില്‍ അവരുടെ അച്ഛന്റെ കൃഷിസ്ഥലം ഒരു വികസന പാര്‍ക്കിനായി ഏറ്റെടുത്തതിനെക്കുറിച്ച് പറയുകയുണ്ടായി. ആലുവക്കടുത്താണ് വീട്. അവരുടെ അച്ഛന്‍ നല്ലൊരു കര്‍ഷകനായിരുന്നു. സ്വന്തം ആവശ്യത്തിനു മാത്രമല്ല, നെല്ലും പച്ചക്കറികളും ഏത്തക്കായുമെല്ലാം അവര്‍ക്ക് വില്‍ക്കാനുമുണ്ടായിരുന്നു. സ്ഥിരം പണിക്കാരും പശുക്കളും ഉണ്ടായിരുന്നു. മറ്റു കര്‍ഷകരെല്ലാം സ്ഥലം കൊടുത്തതിനുശേഷം ഒരു ഗതിയും ഇല്ലാതായപ്പോഴാണ് ഇവരുടെ അച്ഛന്‍ തന്റെ കൃഷിസ്ഥലം കൈമാറിയത്, ഏറെ വിഷമത്തോടെ. ഇന്ന് ആ സ്ഥലം തരിശിട്ടിരിക്കുകയാണ്. അത് കാണുമ്പോള്‍ വല്ലാത്ത ദുഃഖം തോന്നുകയാണെന്ന് അവര്‍ പറഞ്ഞു. തരിശിട്ടിരിക്കുന്ന കൃഷിസ്ഥലങ്ങള്‍ ഭൂമിയില്ലാത്തവര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കിയിരുന്നെങ്കില്‍ എന്തുമാത്രം ഭക്ഷണം നാട്ടില്‍ ഉണ്ടാക്കാമായിരുന്നു? എത്രപേര്‍ക്ക് ഭക്ഷണം നാട്ടില്‍ ഉണ്ടാക്കാമായിരുന്നു? എത്രപേര്‍ക്ക് തൊഴില്‍ കൊടുക്കാമായിരുന്നു? ഇതായിരുന്നു അവരുടെ ചോദ്യം. അവരൊരു സാമ്പത്തിക വിദഗ്ധയല്ല. പരിസ്ഥിതി പ്രവര്‍ത്തകയുമല്ല. എന്നാലും പരിസ്ഥിതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ഒക്കെ അവര്‍ക്ക് നല്ലൊരു ധാരണയുണ്ടെന്ന് കുറച്ചു നേരത്തെ സംഭാഷണത്തില്‍നിന്ന് മനസ്സിലായി. കടിഞ്ഞാണ്‍ വിട്ടൊരു കുതിരയെപ്പോലെയായിട്ടുണ്ട് കേരളത്തില്‍ വികസനമെന്ന് കൂടെയിരുന്ന മറ്റൊരാള്‍ സൂചിപ്പിച്ചു. എന്താണ് വികസനമെന്നോ, എവിടേക്കാണ് പോകുന്നതെന്നോ അറിയുന്നില്ല. കുന്നുകളും വയലുകളും പുഴകളും തണ്ണീര്‍തടങ്ങളും കൃഷിയിടങ്ങളും വീടുകളുമെല്ലാം ചവിട്ടിമെതിച്ചുകൊണ്ട് വികസനത്തിന്റെ ഈ കുതിര പായുകയാണ്. ഒരു യുദ്ധക്കളം പോലെയായിരിക്കുകയാണ് നാട്. ഇത് കേരളത്തിന്റെ ഒരു പൊതുബോധമാണ് എന്ന് കരുതാം. വികസനത്തിന്റെ പദ്ധതികളിലൂടെ ലഭിക്കുന്ന സാമ്പത്തിക വളര്‍ച്ചയേക്കാള്‍ കൂടുതലാണ് പ്രകൃതിയുടെ നാശത്തിലൂടെ രാജ്യങ്ങള്‍ക്കുണ്ടാകുന്ന നഷ്ടമെന്ന് ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ പോലും പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷത്തെ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പരിസ്ഥിതി നാശംമൂലം ഇന്ത്യക്കുണ്ടാകുന്ന ചെലവ് 3.75 ട്രില്യണ്‍ രൂപയാണെന്നാണ്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 5-7% വരുമത്രേ. കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടുണ്ടായ പരിസ്ഥിതിനാശം സാമ്പത്തികമായി വിലയിരുത്തിയാല്‍ എത്ര കോടികളാകും? സംസ്ഥാനത്തിനു നഷ്ടപ്പെട്ട ഭക്ഷണവും വെള്ളവും തൊഴിലും എത്രയായിരിക്കും? 100 വര്‍ഷം മുന്‍പോട്ട് ചിന്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പത്ത് വര്‍ഷത്തേക്കെങ്കിലും ഇതുകൊണ്ടുണ്ടായ നഷ്ടം കണക്കാക്കേണ്ടതില്ലേ? നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണകര്‍ത്താക്കളും സാങ്കേതികവിദഗ്ധരും ഒക്കെതന്നെ കാലത്തിനു പിറകെയാണ് നടക്കുന്നതെന്ന് തോന്നും. അവരുടെ വികസന കാഴ്ചപ്പാടുകള്‍ അപ്രകാരമാണ്. ലോകത്തെ സാമാന്യജനങ്ങള്‍ മുഴുവന്‍ ഇന്ന് ആശങ്കപ്പെടുന്നത് ഊര്‍ജ്ജത്തെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചോ അല്ല. വെള്ളത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമാണ്. ക്ഷയിക്കുന്ന ആരോഗ്യത്തെക്കുറിച്ചാണ്. നിലനില്‍പ്പിനെ കുറിച്ചാണ്. അതുകൊണ്ടുതന്നെ പുഴകളും തണ്ണീര്‍ത്തടങ്ങളും നീര്‍വയലുകളുമെല്ലാം സംരക്ഷിക്കപ്പെടണം എന്ന ആവശ്യം ലോകത്താകെ ഉയര്‍ന്നുവരികയാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സാമ്പത്തിക വികസന ചിത്രങ്ങള്‍ ലോകത്തെ ധനികരായ കുറച്ചുപേര്‍ക്കുവേണ്ടി മാത്രം ഊതി വീര്‍പ്പിച്ച് കൊട്ടിഘോഷിക്കുന്ന കാര്യങ്ങളാണ്. ഒരുപക്ഷേ, കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഗണിച്ചതുകൊണ്ടാകാം ഒരു നിയമം ഉണ്ടാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായത്. നെല്‍പ്പാടങ്ങളും നെല്‍കൃഷിയും സംരക്ഷിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ട ഒട്ടേറെ സംഘടനകളും വ്യക്തികളും ശാസ്ത്രജ്ഞരും സാമൂഹ്യ-പാരിസ്ഥിതിക പ്രവര്‍ത്തകരും ഈ കൊച്ചുകേരളത്തിലുണ്ട്. 2008-ല്‍ നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണ നിയമം നിയമസഭയില്‍ പാസായപ്പോള്‍ അവര്‍ ആശ്വസിച്ചു. ബാക്കിയുള്ള കുറച്ച് നീര്‍ത്തടങ്ങളെങ്കിലും ബാക്കിയാകുമല്ലോയെന്ന്. എന്നാല്‍, ചെറിയൊരു വിഭാഗം ആളുകള്‍ ഈ നിയമത്തെ എതിര്‍ക്കുന്നുണ്ട്. ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. അനധികൃതമായി നിലം നികത്തുന്നുണ്ട്. ഈ നിയമം കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നു എന്നു പറയുന്നവരുണ്ട്. ഇവര്‍ ഒന്നുകില്‍ ഇത്തരം വികസന പദ്ധതികളിലൂടെ ലാഭം പ്രതീക്ഷിക്കുന്നവരോ (ഉത്പന്നത്തിലൂടെയല്ല. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പണമുണ്ടാക്കുക) അതല്ലെങ്കില്‍ വികസനത്തെക്കുറിച്ച് പഴഞ്ചന്‍ ആശയങ്ങള്‍ സൂക്ഷിക്കുന്നവരോ ആണ്. കേരളത്തിന്റെ അഭിമാനമായി, വികസനത്തിന്റെ ഒരു നാഴികക്കല്ലായി കരുതപ്പെടുന്ന ഒരു പദ്ധതിയാണ് തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക്. കുറേ ചെറുപ്പക്കാര്‍ക്ക് ഇത് തൊഴില്‍ കൊടുത്തു. എന്നാല്‍ ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിപ്പോള്‍ കുടിവെള്ളമില്ലാതായിക്കഴിഞ്ഞു. ഇവിടെ കിണറുകളിലെ ജലനിരപ്പ് താഴുകയോ അല്ലെങ്കില്‍ വെള്ളത്തിന്റെ സ്വഭാവം മാറുകയോ ചെയ്തിരിക്കുന്നു. ഭൂമി വിട്ടുകൊടുത്തവര്‍ വലിയൊരു പ്രതിസന്ധിയിലായിരിക്കുകയാണ്. ഐ.ടി. വ്യവസായത്തെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ യാതൊരു ശാസ്ത്രീയ പഠനങ്ങളുമില്ലാതെ തണ്ണീര്‍ത്തടങ്ങള്‍ നികത്തി ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്താലുള്ള ഭവിഷ്യത്താണിവിടെ സൂചിപ്പിച്ചത്. ഈ പദ്ധതികള്‍ തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിക്കാതെ, കുന്നുകളിടിക്കാതെ ചെയ്യാന്‍ കഴിയില്ലേ? ഏറ്റവും ചെറിയ യൂണിറ്റുകള്‍വഴി അവയ്ക്കുചുറ്റും വികേന്ദ്രീകൃതമായി ഒരു ശൃംഖല സ്ഥാപിച്ച് വികസിപ്പിച്ചെടുക്കാവുന്ന ഒരു വ്യവസായമാണ് ഐ.ടി.യെന്ന് ഇതില്‍ പ്രവര്‍ത്തിക്കുന്ന പല വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. ഇത് ഇപ്പോള്‍ ചെയ്യുന്നതുപോലെ കേന്ദ്രീകരിച്ച ഐ.ടി. പാര്‍ക്കുകളാക്കേണ്ടെന്നും ആളുകളെ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കേണ്ടെന്നും അവര്‍ പറയുന്നു. സാങ്കേതികവിദ്യകള്‍ വികസിക്കുമ്പോള്‍, അവയ്ക്ക് നിലനില്‍പിന്റെ അടിസ്ഥാനമായ ഭൂമിയെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനെ എങ്ങിനെയാണ് വികസനമെന്ന് പറയുക? വയല്‍ തരിശിട്ടിരിക്കുകയല്ലേ? നെല്‍കൃഷി ചെയ്യുന്നത് നഷ്ടമല്ലേ? ഈ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് മാറ്റിക്കൂടേ? ഈ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ കഴിയുക നികത്തിയ നെല്‍പ്പാടങ്ങള്‍ക്കരികില്‍ ജീവിക്കുന്നവര്‍ക്കായിരിക്കും. അവരുടെ ജലലഭ്യതയില്‍ വന്നമാറ്റം, മറ്റു കൃഷികള്‍ക്കുണ്ടായ നാശം, ജൈവ വൈവിധ്യത്തില്‍ വന്ന കുറവ്, അവരുടെ സാമൂഹ്യബന്ധങ്ങളില്‍ വന്ന മാറ്റം, കുട്ടികളുടെ സ്വഭാവത്തിലും ശീലങ്ങളിലും വന്ന വ്യത്യാസം… ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ അവര്‍ക്ക് പറയാനുണ്ടാകും. വികസനത്തിന്റെ കണക്കുകളും കാര്യങ്ങളും നിരത്തുമ്പോള്‍ ഈ നഷ്ടം ഒരിക്കലും കണക്കാക്കാറില്ല. അതൊക്കെ എങ്ങിനെയെങ്കിലും ശരിയാക്കിക്കോളും. മനുഷ്യര്‍ ‘അഡ്ജസ്റ്റ്’ ചെയ്‌തോളും. അങ്ങിനെ ചെയ്തുചെയ്താണല്ലോ മനുഷ്യര്‍ ഇതുവരെ പുരോഗമിച്ചത്. ചെറിയ ചില വിട്ടുവീഴ്ചകള്‍ നമ്മള്‍ ചെയ്യേണ്ടതായി വരും. ഇതാണ് പൊതു നിലപാട്. എന്താണീ വിട്ടുവീഴ്ച? പാലിനേക്കാള്‍ വില കൊടുത്ത് വെള്ളം വാങ്ങുക. യാതൊരു പോഷക ഗുണവുമില്ലാത്ത, കീടനാശിനികളുടെ സാന്നിദ്ധ്യമുള്ള അരിയും, പച്ചക്കറികളും, പഴങ്ങളും വലിയ വില കൊടുത്ത് വാങ്ങി കഴിക്കുക. ഗ്രാമങ്ങളില്‍ ചെറുപ്പക്കാരില്ലാതാകുക. രോഗങ്ങള്‍ വര്‍ദ്ധിക്കുക. സുരക്ഷിതത്വമില്ലാതാകുക…. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെട്ടാല്‍ എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല. എന്നാല്‍ എല്ലാവര്‍ക്കും വെള്ളം കൊടുക്കാന്‍ കഴിയും. കുറേയെങ്കിലും നല്ല ഭക്ഷണം ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരം ആവാസവ്യവസ്ഥകള്‍ നശിപ്പിക്കാതെ ഇക്കാലത്തിനു യോജിച്ച വ്യവസായങ്ങള്‍ എങ്ങനെ കൊണ്ടുവരാമെന്ന് ചിന്തിക്കാന്‍ കഴിയും. ഇവയെല്ലാം നശിപ്പിച്ച് ഉയരുന്ന വ്യവസായ പാര്‍ക്കുകളും നിര്‍മ്മാണ മേഖലകളുമെല്ലാംതന്നെ കുറച്ചാളുകള്‍ക്കേ തൊഴില്‍ കൊടുക്കുന്നുള്ളൂ എന്ന കാര്യവും നമ്മള്‍ വിസ്മരിച്ചുകൂടാ. ദേശീയതലത്തില്‍തന്നെ കേരളത്തിന് ഖ്യാതി നേടിക്കൊടുത്ത സര്‍ക്കാര്‍ പദ്ധതിയാണ് കുടുംബശ്രീ മിഷന്‍. മറ്റ് ആധുനിക വ്യവസായങ്ങളിലൊന്നുംതന്നെ (ഇക്കോ ടൂറിസം ഉള്‍പ്പെടെ) ജോലി ലഭിക്കാതെ ദരിദ്രരായ സ്ത്രീകളുടെ ഈ കൂട്ടായ്മ ഇന്ന് ഒരു ലക്ഷം എക്കറില്‍ പാട്ടകൃഷി ചെയ്യുന്നുണ്ട്. ഒരുവശത്ത് ഉടമസ്ഥര്‍ ഭൂമി തരിശിടുമ്പോള്‍ തന്നെ ഈ സ്ത്രീ സംഘങ്ങള്‍ക്ക് ഭൂമി ദീര്‍ഘകാലത്തേക്ക് ലഭിക്കാനുള്ള ക്രമീകരണങ്ങളൊന്നുംതന്നെ സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു വ്യവസായ സംരംഭത്തിന് ഭൂമി കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്സുകരാണ്. ഈ സ്ത്രീകള്‍ കാണിച്ചു തരുന്നതെന്താണ്? സമൂഹത്തിലെ ഏറ്റവും അര്‍ഹതയുള്ള ഒരു വിഭാഗത്തിന് വികസനമുണ്ടാവുകയാണ്. സാമ്പത്തികവും മറ്റു വിധത്തിലും സ്ത്രീകള്‍ക്ക് വികസനമുണ്ടാകുമ്പോള്‍ മൊത്തം കുടുംബത്തിനാണതിന്റെ ഗുണം. ഈ ഗുണം കുടുംബത്തില്‍നിന്ന് സമൂഹത്തിലേക്കും വളരും. ഇതിന്റെ മുഴുവന്‍ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കുടുംബശ്രീക്ക് കഴിയുന്നതേയുള്ളൂ. എന്നാല്‍ ഒരു വയല്‍ നികന്നുപോകുന്നതോടെ ഈ വലിയൊരു സാദ്ധ്യത ഇല്ലാതാകുകയാണ്. അക്ഷയ വികസന സങ്കല്പമാകെ തകിടം മറിയുകയാണ്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരടക്കം പലര്‍ക്കും കൃഷി ഇന്നൊരു ആവേശമായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍ പ്രദാനം ചെയ്യുന്ന വലിയൊരു മേഖലയായിതന്നെ നാളെയിതു മാറാം, കൃഷിയുടെ മുഴുവന്‍ ശൃംഖലയും വളര്‍ത്തിയെടുത്താല്‍. വിത്തു തൊട്ട് കാര്‍ഷികോത്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത് പ്പന്നങ്ങളും അനുബന്ധ വ്യവസായങ്ങളും എല്ലാം തന്നെ കേരളത്തിനനുയോജ്യമായ വികസനത്തിന്റെ ഒരു വഴി ഈ ചെറുപ്പക്കാരുടെ മുന്‍പില്‍ തുറന്നു കൊടുക്കുകയാണ്. വ്യവസായങ്ങളിലെ കഠിന ജോലികളും മുഷിപ്പിക്കുന്ന ജീവിതചര്യകളും കഴിഞ്ഞ് കുറച്ചു സമയം ഇത്തരം മേഖലയിലേക്കിറങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരും ഏറെയുണ്ടിന്ന്. കാലത്തിനു മുന്‍പേ നടക്കുന്ന ഭരണാധികാരികള്‍ ഇല്ലാതായതാണ് ഈ നാടിന്റെ ഇന്നത്തെ ശാപം. ഇല്ലായിരുന്നെങ്കില്‍ ജൈവിവൈവിധ്യത്തെയും കൃഷിയെയും അടിസ്ഥാനപ്പെടുത്തിയ, ആരോഗ്യത്തെയും ശാസ്ത്രത്തെയും വളര്‍ത്തുന്ന, കലകളെയും സംസ്‌ക്കാരത്തെയും പോഷിപ്പിക്കുന്ന മറ്റൊരു വികസന സങ്കല്പത്തിലേക്ക് അവര്‍ വന്നേനെ. ഈ ഭൂമിയെ, ഇവിടത്തെ ജലത്തെ, അന്നത്തെ മുടിക്കാതെ രാജ്യത്തിനു തന്നെ മാതൃകയായ ഒരു വികസനപാത അവര്‍ തെരഞ്ഞെടുത്തേനെ. കാരുണ്യ ലോട്ടറിയും ക്യാന്‍സര്‍ പെന്‍ഷനും രണ്ട് രൂപ അരിയും നല്‍കി ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിനു പകരം സ്വന്തംകാലില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ അവരെ പഠിപ്പിച്ചേനെ. ഇത്തരത്തില്‍ ചിന്തിക്കുന്ന വിരലിലെണ്ണാവുന്ന ചിലര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത് വളര്‍ന്നു വരുന്നുണ്ട് എന്ന തോന്നല്‍ മാത്രമാണ് ഏക ആശ്വാസം.

കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ ആക്റ്റ്-പ്രധാന വകുപ്പുകള്‍

സെക്ഷന്‍ 1 (3) (xviii) – ‘തണ്ണീര്‍ത്തടം’ എന്നാല്‍ മണ്ണ് ജലപൂരിതമാക്കിക്കൊണ്ട്, കരപ്രദേശത്തിനും ജലാശയങ്ങള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്നതും, ജലനിരപ്പ് സാധാരണഗതിയില്‍ ഉപരിതലം വരെയോ അതിനോടടുത്തോ ആയിരിക്കുകയോ ആഴംകുറഞ്ഞ ജലത്താല്‍ മൂടിക്കിടക്കുകയോ അഥവാ മന്ദഗതിയില്‍ ചലിക്കുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന ജലത്തിന്റെ സാന്നിദ്ധ്യംകൊണ്ട് സവിശേഷമാകുകയോ ചെയ്യുന്ന സ്ഥലം എന്നര്‍ത്ഥമാകുന്നതും അതില്‍ കായലുകള്‍, അഴിമുഖങ്ങള്‍, ചേറ്റുപ്രദേശങ്ങള്‍, കടലോരക്കായലുകള്‍, കണ്ടല്‍ക്കാടുകള്‍, ചതുപ്പുനിലങ്ങള്‍, ഓരുള്ള ചതുപ്പുനിലങ്ങള്‍, ചതുപ്പിലെ കാടുകള്‍ എന്നിവ ഉള്‍പ്പെടുന്നതും, നെല്‍വയലുകളും നദികളും ഉള്‍പ്പെടാത്തതുമാകുന്നു.

സെക്ഷന്‍ 3 (1) നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള വിലക്ക് – ഈ ആക്റ്റ് പ്രാബല്യത്തില്‍ വരുന്ന തീയതിയിലും അന്നുമുതല്‍ക്കും ഏതെങ്കിലും നെല്‍വയലിന്റെ ഉടമസ്ഥനോ അധിവാസിയോ കൈവശക്കാരനോ, ആ ആക്റ്റിലെ വ്യവസ്ഥകള്‍ക്കനുസൃതമായല്ലാതെ, പ്രസ്തുത നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള യാതൊരു പ്രവര്‍ത്തിയും ചെയ്യാന്‍ പാടുള്ളതല്ല.

സെക്ഷന്‍ 8 (3) പൊതു ആവശ്യത്തിനായി നിലം നികത്തുന്നതിനോ പരിവര്‍ത്തനപ്പെടുത്തുന്നതിനോ പ്രാദേശികതല നിരീക്ഷണസമിതി ശുപാര്‍ശ ചെയ്തിട്ടുള്ള ഓരോ അപേക്ഷയും, സംസ്ഥാനതല സമിതി പരിശോധിച്ച് ആ പ്രദേശത്ത്, നെല്‍വയല്‍ അല്ലാത്ത മറ്റൊരു സ്ഥലം ലഭ്യമാണോ എന്നും നെല്‍വയല്‍ നികത്തുന്നതുമൂലം ഉണ്ടാകാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങളെ സംബന്ധിച്ചും വിശദമായി പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.

സെക്ഷന്‍ 9 (8) (1)-ാം ഉപവകുപ്പില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും പ്രാദേശികതല നിരീക്ഷണസമിതി – (i) അപ്രകാരമുള്ള രൂപാന്തരപ്പെടുത്തല്‍, പാരിസ്ഥിതിക വ്യവസ്ഥയേയും ചേര്‍ന്ന് കിടക്കുന്ന നെല്‍വയലിലെ കൃഷിയേയും പ്രതികൂലമായി ബാധിക്കുകയില്ലാ എന്നും; (ii) നെല്‍വയലിന്റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ ഈ ആവശ്യത്തിന് പറ്റിയ സ്ഥലം പകരം ആ ജില്ലയില്‍ സ്വന്തമായി ഇല്ല എന്നും (iii) കെട്ടിടം നിര്‍മ്മിക്കുന്നത് അയാളുടെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നും (iv) പ്രസ്തുത നെല്‍വയല്‍, മറ്റ് നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്നതല്ല എന്നും – ശുപാര്‍ശ ചെയ്താല്‍ അല്ലാതെ അപ്രകാരമുള്ള യാതൊരു അപേക്ഷയും ജില്ലാതല അധികൃതസമിതി പരിഗണിക്കുവാന്‍ പാടുള്ളതല്ല.

സെക്ഷന്‍ 11 തണ്ണീര്‍ത്തടങ്ങള്‍ രൂപാന്തരപ്പെടുത്തുന്നതിനുള്ള വിലക്ക് – ഈ ആക്റ്റിന്റെ പ്രാരംഭ തീയതിയിലും അന്നുമുതല്‍ക്കും സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങള്‍ അതേപോലെ കാത്തുസൂക്ഷിക്കേണ്ടതും അപ്രകാരമുള്ള തണ്ണീര്‍ത്തടങ്ങള്‍ രൂപാന്തരപ്പെടുത്തുന്നതിനും അവയില്‍ നിന്നും മണല്‍ നീക്കം ചെയ്യുന്നതിനും പൂര്‍ണ്ണ നിരോധനം ഉണ്ടായിരിക്കുന്നതുമാണ്. എന്നാല്‍ ഈ വകുപ്പില്‍ പറയുന്ന യാതൊന്നും തന്നെ പ്രസ്തുത തണ്ണീര്‍ത്തടത്തിന്റെ പരിസ്ഥിതിഘടന നിലനിര്‍ത്തുന്നതിനുവേണ്ടി എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് ബാധകമാകുന്നതല്ല.

സെക്ഷന്‍ 13 ജില്ലാ കളക്ടറുടെ അധികാരം – ഈ ആക്റ്റില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, കളക്ടര്‍ക്ക്, ഈ ആക്റ്റ് പ്രകാരം എടുത്ത പ്രോസിക്യൂഷന്‍ നടപടിക്ക് ഭംഗം വരാതെ, ഈ ആക്റ്റിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് രൂപാന്തരപ്പെടുത്തിയ ഏതെങ്കിലും നെല്‍വയല്‍ പൂര്‍വ്വ അവസ്ഥയില്‍ കൊണ്ടുവരുന്നതിലേക്കായി, അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്ന പ്രകാരമുള്ള നടപടി കൈക്കൊള്ളാവുന്നതും, ഇതിലേക്കായി ചെലവഴിക്കേണ്ടിവന്ന തുക, അതത് സംഗതിപോലെ, പ്രസ്തുത നെല്‍വയലിന്റെ അനുഭവക്കാരനില്‍ നിന്നോ അധിവാസിയില്‍ നിന്നോ, അയാള്‍ക്ക് പറയുവാനുള്ളത് പറയുവാന്‍ ന്യായമായ അവസരം നല്‍കിയശേഷം, ഈടാക്കാവുന്നതാണ്.

പുതുകൃഷിയുടെ പ്രതീക്ഷ

ഭക്ഷ്യ പ്രതിസന്ധിയുണ്ടായപ്പോളാണ് ആദിമമനുഷ്യൻ കൃഷി ചെയ്തു തുടങ്ങിയത് എന്നത് തെറ്റായ ഒരു കാഴ്ചപ്പാടാണ്. ശരിക്കു പറഞ്ഞാൽ ഒരു ഫലഭുക്കായിരുന്ന മനുഷ്യൻ കാട്ടിൽ യഥേഷ്ടം ലഭിച്ചിരുന്ന കായ്കനികളും കിഴങ്ങുകളും മടുത്ത് കൃഷി ചെയ്തു തുടങ്ങിയപ്പോളാണ് പ്രതിസന്ധിയുണ്ടായത്. ഫലവൃക്ഷങ്ങളിലെ സ്ഥല-ഉത്പാദന അനുപാതം കൃഷിയിടങ്ങളിലെ സ്ഥല-ഉത്പാദന അനുപാതത്തേക്കാൾ വളരെ കൂടുതലായിരുന്നു. അതായത് ഒരു ഫലവൃക്ഷത്തിൽ ഉണ്ടാകുന്നത്ര ഉത്പാദനം ഒരു കൃഷിയിടത്തിൽ നിന്നും കിട്ടണമെങ്കിൽ ആ വൃക്ഷം ഉപയോഗിക്കുന്ന വ്യാപ്തിയെക്കാൾ പതിന്മടങ്ങ് സ്ഥലവ്യാപ്തിയും പ്രയത്‌നവും വേണ്ടിവരുന്നു. തീവ്രമായ അർത്ഥത്തിൽ പറഞ്ഞാൽ കൃഷി എന്നതുതന്നെ പ്രകൃതിവിരുദ്ധമാണ്.
ഏറ്റവും ലളിതമായി ഏറ്റവും ചെലവുകുറഞ്ഞ കൃഷിരീതിയുമായി വന്ന സുഭാഷ് പലേക്കർ ഇന്ന് ഭാരതീയ കർഷകരിൽ ഒരു പുത്തൻ ആവേശമുണ്ടാക്കിയിരിക്കുന്നു. ആന്ധ്ര, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്ത് പലേക്കറുടെ പ്രകൃതികൃഷി രീതിയിൽ കൃഷി ചെയ്ത് മുന്തിയ വിളവെടുക്കുന്നു. ഏതൊരു പുതിയ രീതിയെയും സംശയത്തോടെ മാത്രം വീക്ഷിക്കുകയും ഏറ്റവും അവസാനം മാത്രം സ്വീകരിക്കുകയും ചെയ്യുന്ന മലയാളികൾക്കിടയിൽപ്പോലും പലേക്കർ ആവിഷ്‌കരിച്ച സീറോ ബജറ്റ് പ്രകൃതികൃഷിക്ക് പ്രചുരപ്രചാരം കിട്ടിക്കഴിഞ്ഞു. മനുഷ്യന്റെ ഇടപെടലില്ലാത്തിടത്തെല്ലാം വിളവിന് ഒരു കുറവുമില്ല എന്ന നിരീക്ഷണമാണ് അദ്ദേഹം അടിസ്ഥാനമാക്കിയിട്ടുള്ളത്. ലോകോരാദ്ധ്യനായ ഫുക്കുവോക്ക പറഞ്ഞതും മറ്റൊന്നായിരുന്നില്ല. ഒരു നാടൻ പശുവിന്റെ ചാണകവും മൂത്രവുമുപയോഗിച്ച് മണ്ണിലുള്ള സൂക്ഷ്മാണുക്കളെ പെരുപ്പിച്ച്, വർദ്ധിച്ച ഉത്പാദനമുണ്ടാക്കുന്ന ലളിതമായ കൃഷിരീതിയാണ് പലേക്കറുടേത്. കേരളത്തിൽ ഹിലാലും കൂട്ടരുമാണ് ഈ വിഷമില്ലാ പ്രകൃതിക്കൃഷിയുടെ ഏറ്റവും വലിയ പ്രായോഗിക വക്താക്കൾ. വിഷവിമുക്തമായ ടൺ കണക്കിന് അരിയാണ് ഇവർ ഓരോ വർഷവും അഞ്ചോളം ജില്ലകളിലായുള്ള പ്രകൃതി കൃഷിയിടങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്ന ഈ അരിയ്ക്ക് ഇപ്പോൾ വൻ ഡിമാന്റാണ്.
ചിതൽ, പാമ്പ്, എലി, പല്ലി, തവള, കാട്ടുപൂച്ച എന്നീ കർഷക മിത്രങ്ങളെ തുരത്താനേ രാസവളത്തിനും രാസകീടനാശിനികൾക്കും കഴിയൂ. എന്നാൽ ഇവയെല്ലാം കൃഷിയിടങ്ങളിലുണ്ടാവേണ്ടത് ജൈവകൃഷിക്ക് അത്യാവശ്യമാണ്. രാസവളപ്രയോഗം കൊണ്ട് മണ്ണിലുള്ള കോടാനുകോടി സൂക്ഷ്മജീവികൾ നശിച്ചുപോകുന്നു. വിത്തുകൾ വിതയ്ക്കുന്നതിനു മുമ്പേ ബീജാമൃതവും, വിതച്ചതിനുശേഷം ജീവാമൃതവും ഉപയോഗിച്ചുള്ള പ്രകൃതികൃഷിയിലൂടെ ഏറ്റവും സംശുദ്ധമായ, മികച്ച അളവിലുള്ള വിളവാണ് ലഭിക്കുക. ബീജാമൃതത്തിൽ മുക്കിയതിനു ശേഷം വിത്തുകൾ നടുകയാണെങ്കിൽ അത് കൂടുതൽ കരുത്താർജ്ജിക്കുകയും അങ്കുരണശേഷി ഉദ്ദീപിക്കപ്പെടുകയും ചെയ്യുന്നു.
ചാണകം വളമല്ല. വിളകൾക്ക് ആഹാരവുമല്ല. ഈ അറിവില്ലാത്ത കൃഷിശാസ്ത്രജ്ഞർ ഒരേക്കറിൽ കൃഷി ചെയ്യാൻ ഇരുപത്തഞ്ച് വണ്ടി ചാണകം, ഊറൽ മണ്ണ്, നൂറ്റെഴുപത്തഞ്ച് കിലോ എൻ.പി.കെ. (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്) മുതലായവ വേണമെന്ന് വാദിക്കുന്നു. വാസ്തവത്തിൽ ചാണകം വളമേയല്ല, മറിച്ച് അത് ജീവാണുക്കളുടെ സമുച്ചയമാണ്. ചാണകത്തിലുള്ള അനേകവിധം ജീവാണുക്കൾ, മണ്ണിലുള്ള പോഷകാംശവും ചെടിയുടെ വേരുകളും തമ്മിലുള്ള പാലമായി വർത്തിക്കുന്നു. ഈ സാഹചര്യത്തിൽ, ഒരേക്കറിൽ കൃഷി ചെയ്യാൻ എത്രത്തോളം ജീവാണുക്കളുടെ ആവശ്യമുണ്ട് എന്നതാണ് പ്രധാനം. ഭൂമിക്കാവശ്യമായ ജീവാണുക്കളുടെ അളവനുസരിച്ച് ചാണകത്തിന്റെ അളവും നാം തീരുമാനിക്കേണ്ടതുണ്ട്. ഒരേക്കറിൽ കൃഷിയിറക്കാൻ (അതേതുതരം മണ്ണോ വിളയോ ആയാലും) മാസം പത്തുകിലോ ചാണകം മാത്രം മതി. അതായത് ഒരു നാടൻ പശുവിന്റെ ചാണക-മൂത്രം കൊണ്ടുമാത്രം മുപ്പതേക്കർ ഭൂമിയിൽ കൃഷി ചെയ്യാനാവും.
കൃഷിഭൂമിയിൽ പൂർണ്ണമായും കൊത്തും കിളയും ഒഴിവാക്കിക്കൊണ്ടുള്ളതാണ് പ്രകൃതികൃഷിരീതി. മണ്ണിര ചെയ്യേണ്ട പണികൾ കർഷകർ ഏറ്റെടുക്കേണ്ടതില്ലെന്നാണ് പലേക്കറുടെ മതം. മണ്ണിരകൾ സദാ സമയവും പണിയെടുക്കുന്നു. അവശിഷ്ടങ്ങൾ തിന്ന് സത്തു നൽകുന്നു. 15 മുതൽ 25 അടി ആഴത്തിലേക്ക് പോകുന്നു. പിന്നെ മുകളിലേക്ക് വരുന്നു. ഇങ്ങനെ ആഴത്തിലേക്ക് പോയി വരുമ്പോൾ ഒരിക്കൽ ഉപയോഗിച്ച വഴി അവ പിന്നെ ഉപയോഗിക്കില്ല. മണ്ണിരകൾ താഴേക്കും മുകളിലേക്കും സഞ്ചരിക്കുമ്പോൾ ദ്വാരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ ദ്വാരങ്ങൾ അടയുന്നില്ല. ഇങ്ങനെ യാത്ര ചെയ്യുമ്പോൾ മണ്ണിരയുടെ ദേഹത്തുനിന്നു ചില രാസപദാർത്ഥങ്ങൾ പുറത്തുവന്ന് ദ്വാരത്തിന്റെ വശങ്ങളിൽ ഒട്ടിപ്പിടിക്കുന്നു. മണ്ണിര സ്രവിക്കുന്ന രാസപദാർത്ഥങ്ങളിൽ എല്ലാ തരത്തിലുള്ള ആൽക്കലൈഡുകളും ഗ്രോത്ത് ഹോർമോണുകളും അമിനോ ആസിഡുകളുമുണ്ട്. ഇവ സസ്യത്തിന്റെ വളർച്ചക്കു സഹായകമാകുന്നു. സസ്യം ഈ ദ്വാരങ്ങളിൽ വേരു പടർത്തുമ്പോൾ ആ വേരുകൾക്ക് വേണ്ട പോഷകാംശങ്ങളും സൂക്ഷ്മ ആഹാരദ്രവ്യങ്ങളും ധാരാളമായി ലഭിക്കുന്നു. മണ്ണിരകൾ വിശ്രമമില്ലാതെ പണിയെടുക്കുന്നതുകൊണ്ട് ഭൂമിക്ക് ഉഴമയുടെ ആവശ്യമില്ല. ചെടിയുടെ വളർച്ചയുടെ പശ്ചാത്തലത്തിൽ ഭൂമിയുടെ ഉള്ളറ നിരന്തരമായി ഉഴുതുമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രകൃതികൃഷിയിൽ എത്ര വലിയ മഴ വന്നാലും മണ്ണ് ഒലിച്ചു പോകുന്നില്ല.
മണ്ണിരകളും സൂക്ഷ്മാണുക്കളും ഏറ്റവും സ്വസ്ഥമായ അവസ്ഥയിലായിരിക്കുന്നത് ഒരു പ്രത്യേക സൂക്ഷ്മകാലാവസ്ഥയിലാണ്. പക്ഷേ, ഇതിന് പൊതയിടൽ അഥവാ മൽച്ചിങ്ങ് അത്യന്താപേക്ഷിതമാണ്. പൊതയിടലിന് വ്യാപകമായി ഉപയോഗിക്കുന്ന പല രീതികളുമുണ്ട്. ഭൂമിയുടെ മേൽപാളിയിലെ നാലര ഇഞ്ച് മണ്ണ് എല്ലാ സത്തുക്കളും ഉൾക്കൊണ്ടിരിക്കും. മണ്ണിരകളുടെയും ജീവാണുക്കളുടെയും പ്രിയപ്പെട്ട ആവാസസ്ഥലം ഈ നാലര ഇഞ്ച് മണ്ണാണ്. പ്രകൃതികൃഷിയിൽ ക്ലേദം (Humus) ഉണ്ടാവുന്നതും ഈ മേൽമണ്ണിലാണ്. വിളകൾക്ക് നടുവിലുള്ള മണ്ണിന്റെ മേൽഭാഗത്ത് മൽച്ചിങ്ങ് കൂടുന്തോറും ക്ലേദം കൂടുതൽ സമ്പന്നമാകുന്നു.
സ്വയം പര്യാപ്തമായൊരു കൃഷിരീതിയാണ് പലേക്കർ വിഭാവനം ചെയ്തിരിക്കുന്നത്. നിങ്ങളുടെ കൃഷിയിടത്തിലേക്ക് വളമായോ കീടനാശിനിയായോ ഒന്നും തന്നെ പുറത്തുനിന്നും കൊണ്ടുവരേണ്ടതില്ല. ഫുക്കുവോക്ക പഠിപ്പിച്ച, പ്രകൃതിയിൽ നിന്നും കിട്ടുന്നതൊക്കെ പ്രകൃതിയിലേക്ക് തന്നെ മടക്കി നൽകുക എന്ന തത്ത്വമാണ് ഇദ്ദേഹവും പ്രാവർത്തികമാക്കുന്നത്. എന്തായാലും കാർഷികഭാരതത്തിന്റെ വരും നാളുകളിൽ പലേക്കർക്ക് ഒഴിവാക്കാനാവാത്ത ഒരു സ്ഥാനമുണ്ടായിരിക്കുമെന്നത് തീർച്ചയാണ്.

ഭക്ഷണം അവകാശം; കൃഷി കടമയും

കൃഷിയുടെ മഹത്തായ അപൂർവ്വപ്രാധാന്യത്തെ ലോകജനതയുടെ മുമ്പിൽ ഭക്ഷ്യകാർഷിക സംഘടന അവതരിപ്പിക്കുന്നത് വളരെ വളരെ ചിന്തിപ്പിക്കുന്ന ഒരു ചെറുവാചകത്തിലൂടെയാണ് ‘ഏതാനും ആഴ്ച കഴിയ്ക്കാൻ ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളേ ലോകത്തിലുള്ളൂ’. ഒരിയ്ക്കലും മാറ്റിവയ്ക്കുവാൻ കഴിയാത്ത ആഹാരം, മുഴുവനും മാനവരാശിയ്ക്കും മൃഗങ്ങൾക്കും പക്ഷികൾക്കും ലഭ്യമാക്കുന്ന കാർഷിക വൃത്തിയുടെ വലിപ്പം മനസ്സിലാക്കാൻ മറ്റൊരു വിശദീകരണവും ആവശ്യമില്ല.
ഭൂമിയുടെ പ്രായത്തെചൊല്ലിയും കൃഷിയുടെ ഉൽപ്പത്തിയെപ്പറ്റിയും ഒക്കെ വിജ്ഞേയങ്ങളായ പ്രബന്ധങ്ങൾ നമുക്ക് സുലഭം. പക്ഷേ, കാർഷികോത്പാദനവും കർഷകക്ഷേമവും ഉത്തരം കിട്ടാത്ത പ്രശ്‌നങ്ങളായി മാറുന്നതുപോലെ കൃഷിഭൂമി കുറയുന്നതും കൃഷിയിൽ നിന്നും കർഷകർ ഒഴിഞ്ഞുപോകുന്നതും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എല്ലാ രാഷ്ട്രങ്ങളിലും. കോടിക്കണക്കിനു വരുന്ന ജനങ്ങൾക്കും അതിനേക്കാളേറെയുള്ള പക്ഷി-മൃഗാദികൾക്കും എങ്ങനെ വിശപ്പടക്കി ജീവിതം നിലനിർത്താൻ കഴിയും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഐക്യരാഷ്ട്രസഭ ലോകസമാധാനപാലനത്തിനുവേണ്ടിയുള്ള അടിയന്തരശ്രമങ്ങൾക്ക് ഈയിടെ മുന്നിട്ടിറങ്ങിയിരിക്കുന്നത് വളരെ സ്വാഗതാർഹമായ കാര്യമായിതന്നെ കരുതണം. 2014 ഇതിന്റെ ഭാഗമായി ‘കുടുംബകൃഷി’ വർഷമായി ആചരിക്കുന്നതിലൂടെ ലോകമന:സാക്ഷിയെ കൃഷിയുടെ രംഗത്തേയ്ക്ക് കുറെച്ചങ്കിലും ആകർഷിക്കാൻ കഴിഞ്ഞാൽ അത്രയും നന്ന്!
ലോകത്ത് എല്ലാ രാഷ്ട്രങ്ങളിലും കൃഷിയുണ്ട്. 95 കോടിയോളം ഹെക്ടർ ഭൂമി ഇതിനായി ഉപയോഗിക്കുന്നുമുണ്ട്. ഇതിൽ 16 കോടിയും ഇന്ത്യയിലാണ്. ലോകത്തിലെ ഏതുവിളയും കൃഷിചെയ്യാൻ കഴിയുന്ന വിധത്തിലുള്ള കാലാവസ്ഥകൾ ഇന്ത്യയിൽ ലഭ്യമാണ്. ഇന്ത്യൻ കർഷകരുടെ അനുഭവജ്ഞാനം അതുല്യമാണ്. ലോക ധാന്യവിപണിയിൽ, വിശേഷിച്ചും അരിയുടെ രംഗത്ത് ഇന്ത്യൻ ആധിപത്യം ഒന്നാം സ്ഥാനത്തേക്ക് എത്തിനോക്കുകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാഷ്ട്രമായി ഭാരതം ഉയർന്നിരിക്കുന്നു. എല്ലാ കാർഷിക വിഭവങ്ങളുടേയും രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ സ്ഥാനം നേടിയിരിക്കുന്നു. ഭക്ഷണം അവകാശമായി പ്രഖ്യാപിക്കാൻ ഇന്ത്യ നിയമനിർമ്മാണം നടത്തുമെന്ന് 1950-കളിൽ കാർഷിക കോളേജിൽ പഠിക്കുമ്പോൾ ഞങ്ങളാരും സ്വപ്‌നം കണ്ടിരുന്നുപോലുമില്ല.
ഇപ്പോഴും ഇന്ത്യയിൽ ജനസംഖ്യയുടെ 55 ശതമാനത്തിൽ അധികവും കൃഷിയിലാണ് ജീവിതസുരക്ഷ കണ്ടെത്തുന്നത്. ഇവരുടെ എണ്ണം 60 കോടിയിലേറെ വരും. 1950-ൽ ഇത് 25 കോടി മാത്രമായിരുന്നു. കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം വളരെ വർദ്ധിച്ചു, ഒപ്പം കാർഷിക ഉത്പാദനം വളരെ ഉയർന്നു. പക്ഷേ, കൃഷിക്കാരുടെ ജീവിത നിലവാരം ഉയരുന്നില്ല. അതുകാരണം ആത്മഹത്യ കാർഷിക മേഖലയിലെ ഒരു കറുത്ത പാടായി വളരുന്നു. മാത്രവുമല്ല, ഇളം തലമുറയെ കൃഷിയിലേക്ക് കടന്നുവരാൻ കർഷകർ തന്നെ അനുവദിക്കുന്നില്ല. തിളക്കമാർന്ന ഭാവിയ്ക്കു ദാഹിക്കുന്ന ഇളം തലമുറ കൃഷിയിലേക്ക് നോക്കുന്നതുപോലുമില്ല എന്നതല്ലേ സത്യം.
അതേസമയം 2020 ആകുമ്പോൾ ഇന്ത്യൻ ധാന്യാവശ്യം മാത്രം 296 ദശലക്ഷം ടൺ ആകും. ഇതിനും പുറമെ നാം ലക്ഷ്യംവയ്ക്കുന്ന കയറ്റുമതിയ്ക്കും വേണ്ടതായ ധാന്യം നാം ഉത്പാദിപ്പിക്കണം – ഇതുപോലെ പാൽ, മുട്ട, പരുത്തി, കരിമ്പ്, സുഗന്ധദ്രവ്യങ്ങൾ ഇവയുടെ എല്ലാം ഉത്പാദനം ഉയർത്തണം. ഇന്ത്യ
യിലെ കൃഷിഭൂമി കുറയുന്ന കാര്യം മറക്കാൻ പാടില്ല. അതോടൊപ്പം കൃഷിഭൂമിയിടങ്ങൾ ചെറുതായി കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ കുടുംബകൃഷി വർഷാചരണം കാർഷിക മേഖലയിലേക്കു ഒരു പുതിയ ചിന്തയ്ക്കു വഴി തെളിയ്ക്കുന്നു. അങ്ങുമിങ്ങും ചില ചർച്ചകളിൽ ഒതുങ്ങി നിൽക്കുന്ന ഒരു വിഷയം ആഗോളപ്രാധാന്യമുള്ള ഒന്നായി അങ്ങനെ നമ്മുടെ മുന്നിലേക്ക് വരികയാണ്.
കൃഷിഭൂമി വിസ്തീർണ്ണം കുറയുന്നതോടൊപ്പം കൃഷിഭൂമിയുടെ ഉത്പാദനക്ഷമതയും കുറയുന്നതായി കാണാം. പ്രകൃതിവിഭവചൂഷണം അതിരു കടക്കുന്നതിനാൽ, ജലം, ഭൂമി എന്നിവയ്ക്കു മുൻഗണന നൽകുന്ന സമ്പ്രദായം മാറിയിരിക്കുന്നു. കൃഷിഭൂമിയുടെ ഉത്പാദനക്ഷമത കുറഞ്ഞാൽ അതു സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. അനുഭവിച്ചറിയാൻ കൊള്ളുന്ന ഒരു കാര്യമല്ല അത്. വിളപരിപാലനവും മൃഗസംരക്ഷണവും പഴം-പച്ചക്കറികൃഷിയും ഔഷധകൃഷിയും ഒരുമിച്ചു കൊണ്ടുപോകണം. പരമ്പരാഗത കൃഷിമുറകൾ വിസ്മരിക്കപ്പെടുന്നതോടെ ഒരു വലിയ കച്ചവടസംസ്‌ക്കാരം കൃഷിയിലേക്ക് കടന്നുവരുന്നുണ്ട്. ഇത് പ്രകൃതിയെ പാടെ നശിപ്പിക്കുന്ന കേവല ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകൾ മാത്രമായി ചുരുങ്ങുന്നു. വമ്പിച്ച മുതൽ മുടക്കുന്നവർ അതിനനുസരിച്ച് ലാഭം കിട്ടാതെ വരുമ്പോൾ കൃഷിഭൂമിയെതന്നെ ഇല്ലാതാക്കുന്നു.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള സംയോജിത കൃഷിയും ചെറുകിട കർഷകന്റെ ശാക്തീകരണവും ഉത്പാദനക്ഷമതയും തിരിച്ചുവരണം. കൃഷിക്കാരനെന്നത് വെറും അസംസ്‌കൃതവസ്തു ഉത്പാദിപ്പിക്കുന്നവനാകരുത്. കൃഷിവിഭവങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുമ്പോൾ ഉണ്ടാക്കപ്പെടുന്ന വൻലാഭകൂമ്പാരം വിപണിശക്തികൾക്ക് മാത്രമാകുന്നു. അതിനാൽ ഈ കൊടുംലാഭത്തിൽ കൃഷിക്കാരന് അവകാശലാഭം ലഭ്യമാക്കാനുള്ള യത്‌നങ്ങൾ ഉയർന്നു വരണം. കൃഷിയിൽ കർഷകരെ പിടിച്ചു നിറുത്താനുള്ള മാർഗ്ഗങ്ങൾക്കു പകരം ഇളം തലമുറയ്ക്ക് മാന്യമായ ആദായവും സാമൂഹ്യ അംഗീകാരവും കിട്ടുന്ന ഒരു മേഖലയായി കൃഷിരംഗത്തെ മാറ്റിയെടുക്കാൻ കുടുംബകൃഷി പ്രസ്ഥാനത്തിന് കഴിയണം. ഇതത്ര ലഘുവായ കാര്യമല്ല. പക്ഷേ, തുടങ്ങിയേ മതിയാകൂ.
കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യ
യിലെ കൃഷിയിടങ്ങളിൽ ഭൂരിഭാഗവും ചെറുകിട കൃഷിയിടങ്ങളാണെന്നാണ്. കാലാവസ്ഥയുമായി മല്ലിട്ട് ഈ കൃഷിയിടങ്ങളിൽ അദ്ധ്വാനിക്കുന്ന ചെറുകിടക്കാരാണ് ഇപ്പോൾ നമുക്കാവശ്യമായ കാർഷിക വിഭവങ്ങൾ ലഭ്യമാക്കുന്നത്. ഇവരുടെ കൃഷിയിടങ്ങളിലെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ മാത്രമല്ല ജീവിതസുരക്ഷ ഉറപ്പുവരുത്താനും കുടുംബകൃഷി പ്രസ്ഥാനത്തിനു കഴിഞ്ഞാൽ മാത്രമേ നാം ആശിക്കുന്ന നിത്യഹരിതവിപ്ലവം യാഥാർത്ഥ്യമാക്കാൻ കഴിയൂ.
പറമ്പിലെ കൃഷി എന്നത് നിർവ്വചിക്കാനും വിവരിയ്ക്കാനും കഴിയാത്തവിധം സംഘടിപ്പിക്കപ്പെട്ട നമ്മുടെ സ്വന്തം കൃഷി സമ്പ്രദായമായിരുന്നു. അതുല്യമായൊരു ജൈവസംയോജിത കൃഷിരീതി. വീട്ടിലേയ്ക്കാവശ്യമുള്ള അരിയും പഞ്ചസാരയും ഒഴിച്ച് മറ്റുള്ള എല്ലാ വിഭവങ്ങളും വീട്ടുവളപ്പിലെ കൃഷിയുടെ ഭാഗമായിരുന്നു. പഴവർഗ്ഗങ്ങൾ, പച്ചക്കറി, ഔഷധസസ്യ
ങ്ങൾ, പുളി, തെങ്ങ്, പ്ലാവ്, മാവ്, നെല്ലിക്ക എന്നുവേണ്ട മണ്ണിൽ കുരുക്കുന്ന സർവ്വവും ഇവിടെ ഇടംപിടിച്ചിരുന്നു. ചേനയും ചേമ്പുമൊക്കെ കാടുപോലെ വളർന്നിരുന്നു. ഇതിനിടയിൽ പശുക്കളും ആടും കോഴിയും താറാവുമൊക്കെ വളർന്നിരുന്നു. പാലും മുട്ടയും മാംസവുമൊക്കെ ലഭ്യമാക്കിയിരുന്നു.
ജനസംഖ്യ കൂടിയതോടെ, ധാരാളം പണം മനുഷ്യസമൂഹത്തിലേക്ക് കടന്നുവന്നപ്പോൾ കൃഷി ഭൂമികൾ മറ്റാവശ്യങ്ങൾക്കായി മാറ്റപ്പെട്ടു. ഭൂമി ഒരു കാലത്ത് ജന്മിമാർ കൃഷിയ്ക്കായി വെട്ടിപ്പിടിച്ചിരുന്നുവെങ്കിൽ ഇന്നത് റിയൽ എസ്റ്റേറ്റ് ഭീമന്മാരുടെ നോട്ടത്തിൻ കീഴിലാണ്. തീർച്ചയായും അത് കൃഷിയ്ക്കല്ല. ഭൂമി ഒരു വിലപ്പെട്ട പണപ്പെട്ടിയാണ്. കണക്കുകൾ പറയുന്നത് ഇപ്പോഴും കേരളത്തിൽ ലക്ഷം കൃഷിയിടങ്ങൾ ഉണ്ടെന്നാണ്. 25 സെന്റുള്ള പുരയിടം പോലും ഇമ്മിണി വലിയ കൃഷിഭൂമിയായി ജനങ്ങൾ കരുതുന്നു. എന്നാൽ പത്തുസെന്റും 20 സെന്റും മാത്രമുള്ള കൃഷിയിടങ്ങളിൽ എന്തെല്ലാം വിളകൾ സമർത്ഥമായി വിളയിയ്ക്കാമെന്നതിന്റെ നിരവധി മാതൃകകൾ കേരളത്തിൽ സുലഭം. കൃഷി ദീപം ടെലിവിഷൻ പരിപാടിയിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കൃഷിയിൽ വിജയംകൊയ്ത 400 കർഷകരുടെ ഒരു കൂട്ടായ്മ അടുത്തകാലത്ത് സംഘടിപ്പിച്ചിരുന്നു. അവയുടെ വിപുലമായ പ്രചാരണങ്ങളും അവ നടപ്പിലാക്കാൻ ഒരു വിപുലമായ പ്രസ്ഥാനവും കുടുംബകൃഷി പ്രചാരണ വർഷത്തിൽ ഉണ്ടായാൽ മാത്രം മതി ഒരുപക്ഷേ, നമ്മുടെ നാട്ടിൽ ഒരു ഹരിതമാറ്റം സൃഷ്ടിക്കുവാൻ എന്ന് അതു കണ്ടപ്പോൾ തോന്നിപ്പോയി. കൃഷിവിളകളും മൃഗ-പക്ഷിവളർത്തലും കൂട്ടിയോജിപ്പിക്കുന്ന എത്രയെത്ര മാതൃകകൾ നമുക്കുണ്ട്. നെല്ലും മത്സ്യവും, സംയോജിത മത്സ്യ-
താറാവുകൃഷി, മത്സ്യത്തോടൊപ്പം പന്നിവളർത്തൽ, നെല്ലും താറാവും, വീട്ടുവളപ്പിൽ ചെറിയ തൊഴുത്തിലെ ഒരു പശുവും കുട്ടിയും വളർത്തൽ, ചായ്പുകളിലെ ആടുവളർത്തൽ, ഇറച്ചിക്കോഴി-പന്നി-മത്സ്യം വളർത്തൽ, മുയൽ വളർത്തൽ, ഔഷധകൃഷി, ഞണ്ടുകൃഷി, തേനീച്ച വളർത്തൽ, കരിമീൻ കൃഷി, പട്ടുനൂൽ കൃഷി ഇങ്ങനെ പോകുന്നു പ്രസ്തുത കൃഷിരീതികൾ. പറമ്പിന്റെ പിന്നിലായി അതിരുകളിൽ തേക്ക്, മഹാഗണി തുടങ്ങിയവ വളർത്തുക എന്നിങ്ങനെ എത്രയെത്ര മികച്ച കൃഷിരീതികൾ നമ്മുടെ മുമ്പിലുണ്ട്. ഭൂമി ഇല്ലാത്തവർക്ക് തേനീച്ച വളർത്തൽ, കൂൺകൃഷി, അലങ്കാരമത്സ്യകൃഷി തുടങ്ങിയവ നടത്തുവാൻ കഴിയും.
ഇവ യാഥാർത്ഥ്യമാക്കാനുള്ള ഉത്പാദകരുടെ കൂട്ടായ്മകളാണ് ആവശ്യം. അവരിലേക്ക് കൃഷിയും പരിചരണമുറകളും മാത്രം ലഭ്യമാക്കിയാൽ പോരാ, ഇത്തരം വിഭവങ്ങൾ ആവശ്യം കഴിഞ്ഞുള്ളവ ശേഖരിക്കാനും സംസ്‌ക്കരിക്കാനും വിൽക്കാനുമുള്ള സംവിധാനം സൃഷ്ടിക്കണം. അതു നമ്മുടെ വികസനതന്ത്രത്തിന്റെ ഭാഗമാകണം. ഇവിടെയാണ് വിജയത്തിന്റെ താക്കോൽ.
കൃഷിമേഖലയുടെ ഇന്നത്തെ ഇല്ലായ്മ, ഫണ്ടുകളുടെ അപര്യാപ്തതയും സാങ്കേതിക വൈദഗ്ധ്യത്തിന്റെ അഭാവവുമല്ല. ഇതു രണ്ടും ആവശ്യത്തിനുണ്ടായിട്ടും പ്രതീക്ഷിക്കുന്ന അളവിൽ ഉത്പന്നലഭ്യത ഉയരുന്നില്ല. ഇതിലേയ്ക്കു യുവജനങ്ങൾ ആകർഷിക്കപ്പെടുന്നില്ല. ഉത്പാദകൻ മുമ്പ് സൂചിപ്പിച്ചതുപോലെ വെറും ഒരു അസംസ്‌കൃതവസ്തു ഉണ്ടാക്കുന്ന വ്യക്തിയല്ല. കുടുംബകൃഷിയിലെ ഒരു പ്രധാനതത്വം നല്ല കാർഷികവിഭവങ്ങൾ സ്വയം ഉപയോഗിയ്ക്കുവാൻ ഉത്പാദകനെ പ്രേരിപ്പിക്കുക എന്നതാണ്. അപ്പോൾ കൃഷികൊണ്ട് മാത്രം ഉപജീവനം കഴിയ്ക്കാത്ത അതേ സമയം മികച്ച വിഭവങ്ങൾ ആഹാരത്തിന് ആവശ്യമുണ്ടെന്ന് തോന്നുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഇതിൽ തല്പരരാകും.
കേരളത്തിൽ തീർച്ചയായും ഒരു ജനവിഭാഗത്തെ കുടുംബകൃഷി പ്രസ്ഥാനത്തിലേയ്ക്ക് നമുക്ക് ആകർഷിക്കാൻ കഴിയും. എന്നാൽ ഈ പദ്ധതി, ഉദ്ഘാടനാഘോഷവും വിത്തുവിതരണവും, ആട്-കോഴി നൽകലും കൊണ്ട് അവസാനിയ്ക്കരുത്. കുടുംബകൃഷിയെ നമ്മുടെ ജീവിത ശൈലിയുടെ ഒരു ഭാഗമാക്കാൻ കഴിയണം.
കീടനാശിനി സൃഷ്ടിക്കുന്ന ഘോരവിപത്തിന്റെ മേഖലയായ കാസർഗോഡ് അനുഭവങ്ങൾ നാടുമുഴുവൻ വ്യാപിക്കുന്നതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമായി നാം ഐക്യരാഷ്ട്രസഭയുടെ കുടുംബകൃഷി പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തണം.
കുടുംബകൃഷി എന്ന ആശയം പ്രാവർത്തികമാക്കാൻ ജനസമൂഹത്തിനെ മൊത്തത്തിൽ അണി നിരത്താൻ നമുക്കു കഴിയുമോ എന്നതാണ് പ്രശ്‌നം. ഇതിനുത്തരം കാണാൻ വിദേശപര്യടനം ആവശ്യമില്ല. വേണ്ടവിധത്തിൽ നാം തന്നെ പ്രയത്‌നിച്ചാൽ മതിയാകും.

ഇക്കഴിഞ്ഞ 50 വർഷം കൊണ്ട് നമ്മുടെ കാർഷികരീതികളിലും ഭക്ഷണകാര്യങ്ങളിലും വന്ന മാറ്റം ശ്രദ്ധേയമാണ്. പ്രധാനമായും നാലു വിളകളെ ആശ്രയിച്ചാണ് ഇന്നത്തെ നമ്മുടെ ഭക്ഷ്യസുരക്ഷ – നെല്ല്, ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ്. കണക്കുകൾ കാണിക്കുന്നത് നമുക്ക് ആവശ്യമുള്ളതിന്റെ രണ്ടിരട്ടിയെങ്കിലും ഭക്ഷണം ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2012-ൽ ഏകദേശം 230 ദശലക്ഷം ടൺ അരിയും ഗോതമ്പും ഇന്ത്യ ഉത്പാദിപ്പിച്ചു. എന്നാൽ 300 ദശലക്ഷം ആളുകൾ ഇന്ത്യയിൽ പട്ടിണി കിടക്കുകയും ചെയ്യുന്നു. നമുക്കാവശ്യമുള്ള ഭക്ഷ്യ എണ്ണയുടെയും പയറിന്റെയും ഇറക്കുമതി കൂടിക്കൊണ്ടിരിക്കുന്നു. അടുത്ത കാലത്തായി സംസ്‌ക്കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയും അധികരിച്ചിട്ടുണ്ട്.
ഇന്ത്യ സ്വതന്ത്രയായ കാലം മുതൽ ഭരണാധികാരികൾ ശ്രദ്ധവച്ചിരുന്നൊരു കാര്യം ഭക്ഷ്യസുരക്ഷയെ പറ്റിയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. ‘ഭക്ഷണം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ടായിരിക്കുക അസാദ്ധ്യം!’. അദ്ദേഹം ഭക്ഷ്യ സ്വയം പര്യാപ്തതയെക്കുറിച്ചായിരുന്നു സ്വപ്‌നം കണ്ടിരുന്നത്. ഇന്നത്തെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഇന്ത്യ യഥാർത്ഥത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിച്ചുവോ? ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ എവിടെ എത്തിനിൽക്കുന്നു? പട്ടിണിയുടെ മാനദണ്ഡം(ഔിഴലൃ കിറലഃ) വച്ചു നോക്കുമ്പോൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ വളരെ മോശപ്പെട്ട നിലയിലാണിന്ന്.

ഉത്പാദനവർദ്ധന
ഏറെ വിവാദം സൃഷ്ടിച്ച ഹരിതവിപ്ലവം അതിന്റെ യഥാർത്ഥ രൂപത്തിൽ നടപ്പിലാക്കിയത് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. അവിടെ തനതായുണ്ടായിരുന്ന വിളകളും കാർഷികരീതികളും പൂർണ്ണമായും മാറ്റിയാണ് ഈ പ്രദേശങ്ങൾ അരിയും, ഗോതമ്പും മാത്രം കൃഷി ചെയ്യുന്ന, രാജ്യത്തിന് ഭക്ഷണം നല്കുന്ന സ്ഥലങ്ങളായി മാറിയത്. പുരോഗതിയുടെ ചിഹ്നമായി അക്കാലത്ത് പരസ്യങ്ങളിൽ വന്നിരുന്നത് ട്രാക്ടറോടിക്കുന്ന പഞ്ചാബിലെ കർഷകരുടെ മുഖങ്ങളാണ്. ഇന്ന് ഈ പ്രദേശങ്ങൾ നിലനിൽപ്പിനായി കഠിനശ്രമം നടത്തുകയാണ്. രാസവളങ്ങളുടേയും, രാസകീടനാശിനികളുടെയും അവശിഷ്ങ്ങളാൽ ഈ പ്രദേശങ്ങൾ മുഴുവനും ജീവിയ്ക്കാൻ പറ്റാത്ത സ്ഥലങ്ങളായി മാറിയിരിക്കുന്നു. ഭൂഗർഭജലം ഊറ്റിയെടുത്തുള്ള കൃഷി ജലക്ഷാമത്തിനും ഇടയാക്കിയിരിക്കുന്നു. മണ്ണിന്റെ സ്വഭാവം മാറി, ഇതൊക്കെ സംഭവിക്കുമ്പോൾ ഭക്ഷണമുത്പാദിപ്പിച്ച പഞ്ചാബിലെ ഒരു കർഷകന്റെ ശരാശരി മാസവരുമാനം വെറും 3000 രൂപ മാത്രമാണ്.
ഹരിയാനയിൽ കഴിഞ്ഞ പത്തു വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മാഫിയ തമ്പടിച്ചിരിക്കുകയാണ്. കൃഷിഭൂമിയുടെ മൂന്നിലൊന്ന് റിയൽ എസ്റ്റേറ്റിനായി മാറ്റപ്പെട്ടു കഴിഞ്ഞു. ഉത്തർപ്രദേശിലെ 23,000 ഗ്രാമങ്ങൾ ഹൈവേ വികസനത്തിനായി സർക്കാർ കുടിയൊഴിപ്പിക്കുകയാണ്. ഇന്ത്യയിലെ പട്ടിണി കിടക്കുന്നവരുടെ എണ്ണം കൂടുമോ അതോ കുറയുമോ? പാർലമെന്റിൽ ചർച്ച ചെയ്യുന്ന ഭക്ഷ്യസുരക്ഷാ ബിൽ പ്രകാരം ഇന്ത്യയിലെ 70 ശതമാനത്തോളം ആളുകൾക്ക് രണ്ടു രൂപയ്ക്കും മൂന്ന് രൂപയ്ക്കുമെല്ലാം അരിയും ഗോതമ്പും നൽകുമെന്ന് സർക്കാർ പറയുന്നു. ഇത് എങ്ങനെ നടപ്പാക്കും? എവിടെ, ആര് ഇതുണ്ടാക്കും? അതോ ഇന്ത്യ വീണ്ടും അരിയും ഗോതമ്പും ഇറക്കുമതിചെയ്യേണ്ട അവസ്ഥയിലെത്തുമോ?
ഇതിനൊരു മറുപടിയെന്നോണം ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷൻ ഒരു പുതിയ പദ്ധതി മുന്നോട്ടു വച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഒരു രണ്ടാം ഹരിതവിപ്ലവം ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ചിരിക്കുന്നു. (ബീഹാറിൽ നിന്ന് കേരളത്തിന് അരി തരാമെന്ന് പ്ലാനിംഗ് കമ്മീഷൻ വൈസ് ചെയർമാൻ പറഞ്ഞത് ഓർക്കുമല്ലോ). കാലം മാറിയതുകൊണ്ടും ജനങ്ങളുടെ അറിവു വർദ്ധിച്ചതുകൊണ്ടും ഇപ്പോൾ തന്നെ പലരും ഈ പദ്ധതിയെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതിയുടെ നിലനിൽപിന്റെ സാദ്ധ്യതകളെ പ്പറ്റിയും കർഷകനുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഈ സംസ്ഥാനങ്ങൾ തന്നെ ആശങ്കയിലാണ്.

കേരളത്തിന്റെ ഭക്ഷ്യസുരക്ഷ
ഭക്ഷ്യസുരക്ഷയെപ്പറ്റി ചിന്തിക്കുമ്പോൾ ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെടുത്തി ചിന്തിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിന്റെ നല്ലൊരു ഉദാഹരണമാണ് കേരളം. ഇന്ന് കേരളം നേരിടുന്ന ഭക്ഷ്യപ്രതിസന്ധി അത്ര പെട്ടെന്നുണ്ടായതല്ല. ഭൂവിനിയോഗത്തിലും ഉത്പാദനത്തിലും വന്ന പിഴവാണ് നമ്മുടെ പട്ടിണിക്കു കാരണം.
ഇതു പറയുമ്പോൾ കേരളത്തിൽ ഒരുകാലത്തും ഭക്ഷ്യ സ്വയംപര്യാപ്തത ഉണ്ടായിരുന്നില്ല എന്നു പറയുന്നവരുണ്ട്. എന്നാൽ യാഥാർത്ഥ്യം എന്താണ്? കേരളത്തിൽ ഗോതമ്പുത്പാദിപ്പിച്ചിരുന്നില്ല. നെല്ലുത്പാദനം ഈ പ്രദേശത്തിനു മതിയായിരുന്നില്ല. അതിനാൽ നാഞ്ചിനാടിനെയും മറ്റു പ്രദേശങ്ങളെയും നമ്മൾ ആശ്രയിച്ചിരുന്നു. എന്നാൽ ഭക്ഷണമെന്നാൽ അരിയാണെന്ന സമവാക്യം രൂപീകരിക്കുന്നതിനു മുൻപ് എന്തുമാത്രം ഭക്ഷണം കേരളം ഉത്പാദിപ്പിച്ചിരുന്നു? ചക്കയും കപ്പയും മറ്റു കിഴങ്ങുകളും വിവിധ ഇലക്കറികളും എല്ലാം തന്നിരുന്ന ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഓർമ്മ പോലും, നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് നഷ്ടമാവുകയാണ്.
ഭക്ഷണമെന്നത് ഒരു പൊതു ഓർമ്മയുടെ ഭാഗമാണ്. ഓരോ ഭക്ഷണത്തിന്റെയും ഉത്പാദനരീതികളും മണവും രുചിയുമെല്ലാം ഒരു വ്യക്തിയുടെ മനസ്സിൽ മാത്രമല്ല ഉള്ളത്. ഒരു പ്രദേശത്തിന്റെ, സമൂഹത്തിന്റെ മനസ്സുകളിൽ നിലനിൽക്കുന്ന ഒന്നാണ് ഭക്ഷണബോധം. അത് ചുറ്റുപാടുമുള്ള പ്രകൃതിയുമായും കാലാവസ്ഥയുമായും സംസ്‌കാരങ്ങളുമായൊക്കെ ബന്ധപ്പെട്ടുനിൽക്കുന്ന ഒരു കാര്യം കൂടിയാണ്. അതിന്റെ തുടർച്ച അതിനാൽ ഭക്ഷ്യസുരക്ഷക്ക് അത്യാവശ്യമാണ്. പ്രത്യേകിച്ചും കാലാവസ്ഥാമാറ്റത്തിന്റെയും കാർഷിക വ്യവസായവൽക്കരണത്തിന്റെയും ഈ കാലഘട്ടത്തിൽ. കേരളത്തിൽ ഭൂരിഭാഗം സ്ഥലത്തും ഈ തുടർച്ച നഷ്ടപ്പെട്ടിരിക്കുന്നു. നമുക്ക് നഷ്ടപ്പെട്ട യഥാർത്ഥ അരിയുടെ രുചി, കപ്പയുടെ രുചി, ചക്കയും മാങ്ങയും തരുന്ന സുരക്ഷയുടെയും ആനന്ദത്തിന്റെയും രുചി ഇവയെല്ലാം തന്നെ ഭക്ഷ്യസുരക്ഷയുടെ വ്യത്യസ്ത തലങ്ങളാണ്. എന്നാൽ പുതിയ ഭക്ഷ്യസുരക്ഷാ ബില്ലും ഉത്പാദനത്തെക്കുറിച്ചോ കർഷകനെക്കുറിച്ചോ ഒന്നും പറയുന്നില്ല. ഒരു ഉപഭോക്തൃസംസ്ഥാനമെന്ന നിലയിൽ ഈ ബിൽ കേരളത്തിന് അതിപ്രധാനമാണ്. ഇല്ലെങ്കിൽ വീണ്ടും കേരളം വഴുതിവീഴുക ഭക്ഷണം ഇറക്കുമതി ചെയ്യേണ്ടുന്ന/ഇരക്കേണ്ടുന്ന ഒരു അവസ്ഥയിലേക്കാണ്.

മാറ്റത്തിന്റെ വഴി
കേരളത്തിലെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാർഷികമേഖലയെ പുഷ്ടിപ്പെടുത്താൻ ഒരു വഴിയേയുള്ളൂ, അത് ജൈവകൃഷിയുടെ വഴിയാണ്. മൂന്നു കാരണങ്ങളാണ് ഇതിനടിസ്ഥാനം. ഒന്ന് – ജൈവകൃഷിയിലൂടെ പ്രകൃതിസുരക്ഷ ഉറപ്പാക്കാൻ കഴിയുന്നു. രണ്ട് – കർഷകന്റെ അന്തസ്സ് കൂടുന്നു. മൂന്ന് – കൃഷി സാമ്പത്തികമായി നന്നാകുന്നു. ഇത് വിശദമാക്കാം. കേരളത്തിലെ ജൈവ കർഷകരെ മാറ്റി നിറുത്തിയാൽ മറ്റു കർഷകരെല്ലാം തന്നെ വിത്തും വളവും കീടനാശിനികളും മാർക്കറ്റിൽ നിന്നു വാങ്ങി കൃഷി ചെയ്യുന്നവരാണ്. സാമ്പത്തികമൂല്യമുള്ള ഒന്നോ രണ്ടോ വിളകൾ മാത്രം കൃഷി ചെയ്യുന്നവരുമാണ്. തുടർച്ചയായ വളപ്രയോഗവും രാസകീടനാശിനികളുടെ ഉപയോഗവും മൂലം മണ്ണും, കൃഷിക്കാധാരമായ ജൈവവൈവിധ്യവും ഏറെക്കുറെ നശിച്ചു കഴിഞ്ഞു. വെള്ളവും മണ്ണും ഇതുകാരണം മലിനമായതായി പഠനങ്ങൾ തന്നെ പറയുന്നു. മണ്ണിന്റെ ഉത്പാദനക്ഷമത കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതുമൂലം കർഷകന് സാമ്പത്തികമായി നഷ്ടമുണ്ടാകുന്നു.
ആധുനിക കൃഷി ചെയ്യുന്ന കർഷകർ വല്ലാത്തൊരു അടിമത്തത്തിലേക്കാണ് വീണിരിക്കുന്നത്. എല്ലാ കാര്യങ്ങൾക്കും പരാശ്രയരായിത്തീർന്നിരിക്കുന്ന ഇവരുടെ നില ദയനീയമാണ്. സർക്കാരിന്റെ സബ്‌സിഡിയില്ലെങ്കിലോ മാർക്കറ്റ് കനിഞ്ഞില്ലെങ്കിലോ ഇവർക്ക് നിലനിൽപ്പില്ല. ഇത് അവരുടെ അഭിമാനത്തെത്തന്നെ ചോദ്യം ചെയ്യുന്ന കാര്യമാണ്. അന്തസ്സില്ലാത്ത, വരുമാനമില്ലാത്ത പ്രവർത്തി ചെയ്യാൻ ആർക്കാണ് താൽപര്യമുണ്ടാവുക? എന്നാൽ ജൈവകൃഷിയിലേക്ക് തിരിയുന്ന കർഷകർ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസവും താൽപര്യവും കൂടുതലാളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതായി കാണാൻ സാധിക്കും. ഒരുപാട് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ജൈവകൃഷിയിലേക്കെത്തുന്നത് അവരുടെ ഉള്ളിലുള്ള നന്മയുടെ മാത്രമല്ല അഭിമാനത്തിന്റെ തുടിപ്പു കൊണ്ടുകൂടിയാണ്.
മൂന്നാമതായി, ഇന്നത്തെ വളർന്നു കൊണ്ടിരിക്കുന്ന ജൈവമാർക്കറ്റ്, കർഷകർക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. അദ്ധ്വാനിക്കാൻ തയ്യാറായ ഒരു ജൈവകർഷകന്റെ അടുത്തേക്ക് ഉപഭോക്താക്കളോ, ചെറുകിട ജൈവസംരംഭകരോ എത്തിക്കൊണ്ടിരിക്കുകയാണ്. നല്ല വില നൽകി ഇവരുടെ കാർഷികോത്പന്നങ്ങൾ വാങ്ങാൻ ഒരു വിഭാഗം ഉപഭോക്താക്കൾ തയ്യാറാകുന്നുണ്ട്. ഇത് ജൈവകർഷകർക്ക് സാമ്പത്തികഭദ്രതയും ഉറപ്പാക്കും. കേരളത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ പരന്നു കിടക്കുന്ന ഓരോ ചെറിയ ടൗണിലും ഓരോ ജൈവ ചന്ത ആരംഭിക്കാവുന്നതേയുള്ളൂ. ചുറ്റുപാടുമുള്ള കർഷകരെ സഹായിക്കാൻ ഏറ്റവും നല്ല വഴി ഇതാണ്. ഈ കാലഘട്ടത്തിന് അനുയോജ്യമായ വഴിയും ഇതാണ്. ലോകത്ത് പൊതുവിൽ നടക്കുന്നൊരു ചർച്ച, എങ്ങനെ ഭക്ഷണത്തിന്റെ സഞ്ചാരം കുറയ്ക്കാം എന്നാണ്. പ്രാദേശിക ഉത്പാദനവും പ്രാദേശിക മാർക്കറ്റുകളും ശക്തിപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിന്റെ സാഹചര്യങ്ങൾ ഈയൊരു മാറ്റത്തിന് വളരെ അനുകൂലമാണ്. ഉയർന്ന സാക്ഷരത, കീടനാശിനികളെക്കുറിച്ചുള്ള അവബോധം, ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങൾ, ഭക്ഷ്യോത്പാദനത്തിന്റെ കുറവ് ഇവയെല്ലാം തന്നെ ഈ സുപ്രധാന മാറ്റത്തിന് സഹായകരമാണ്.

ഭക്ഷ്യപരമാധികാരത്തിലേക്ക്
കേരളത്തിന് ഭക്ഷ്യസുരക്ഷയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറയാം. നമ്മുടെ മാർക്കറ്റുകൾ മുഴുവൻ ഭക്ഷണസാധനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതു കാണുമ്പോൾ ഭക്ഷ്യക്ഷാമം എന്ന സംഗതി ഒരു ചരിത്രമായി മാറിയെന്നും തോന്നാം. എന്നാൽ എത്രപേർക്ക് ഈ പൊതു മാർക്കറ്റിൽ നിന്ന് അവനവന്റെ കുടുംബത്തിന് ആവശ്യമുള്ളത്ര ഭക്ഷണസാധനങ്ങൾ വാങ്ങാൻ സാധിക്കുന്നുണ്ടെന്ന് ചോദിച്ചാൽ അതിന് പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയില്ല. പ്രത്യേകിച്ചും 2008-നു ശേഷം ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ. വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരവും പ്രശ്‌നമാണ്. മാരകകീടനാശിനികളുടെ അവശിഷ്ടം തൊട്ട് പല കലർപ്പുകളാലും മാർക്കറ്റിൽ കിട്ടുന്ന ഭക്ഷണസാധനങ്ങൾ മുഴുവനുംതന്നെ നമ്മുടെ ആരോഗ്യത്തെ തകരാറിലാക്കുന്നവയാണ്. സർക്കാർ സബ്‌സിഡിയോടെ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നാണെങ്കിൽപ്പോലും ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ കഴിയാത്തവരുണ്ട്. റേഷൻ കടകളിലും ഏറെ അനിശ്ചിതത്വം നിലനിൽക്കുന്നു. പരിമിതമായ സാധനങ്ങളേ ഇവിടെ നിന്ന് ലഭിക്കുകയുള്ളൂ.
ഇതെല്ലാം കാണിക്കുന്നത് കേരളത്തിന് യഥാർത്ഥ ഭക്ഷ്യ സുരക്ഷയില്ല എന്നുതന്നെയാണ്. ആവശ്യമുള്ളതിന്റെ 10-15 ശതമാനം മാത്രം ഉത്പാദിപ്പിക്കുന്ന ഒരു സംസ്ഥാനത്തിന് തെരഞ്ഞെടുക്കാനുള്ള അവസരം കുറവായിരിക്കും. അടുത്ത കാലത്ത് നടന്നൊരു പഠനം കാണിച്ചത് തമിഴ്‌നാട്ടിൽ നിന്നു വരുന്ന പച്ചക്കറികളിൽ കേരളത്തിൽ ഉണ്ടാക്കുന്ന പച്ചക്കറികളേക്കാൾ വളരെ കൂടുതൽ കീടനാശിനി അവശിഷ്ടം ഉണ്ട് എന്നാണ്. ഇത് തെളിയിക്കുന്നത് നമ്മുടെ തൊട്ടടുത്ത് വിളയുന്ന ഭക്ഷ്യവിഭവങ്ങളെ മാത്രമേ നമുക്ക് വിശ്വസിക്കാൻ കഴിയൂ എന്നാണ്. ഇതിലൂടെ മാത്രമേ ഭക്ഷ്യപരമാധികാരം നമുക്ക് ഉറപ്പാക്കാനാകൂ. ഇതുണ്ടെങ്കിൽ മാത്രമേ യഥാർത്ഥ ഭക്ഷ്യസുരക്ഷ ഒരു പ്രദേശത്തിനു ലഭിക്കൂ. കൃഷി ചെയ്യാനും നിലനിൽക്കാനും വേണ്ട സംവിധാനങ്ങൾ ഒരുക്കിയാൽ മാത്രമേ ഈ അവസ്ഥ സംജാതമാകൂ. ഇത് ഒരുക്കുന്നതിൽ സർക്കാരിനു മാത്രമല്ല സംഘടനകൾക്കും, വിദേശമലയാളികൾക്കും, സ്ഥാപനങ്ങൾക്കുമെല്ലാം വലിയ ഉത്തരവാദിത്ത്വമുണ്ട്.
യഥാർത്ഥ ഭക്ഷ്യസുരക്ഷ ലഭിക്കണമെങ്കിൽ നമുക്കു വേണ്ട ഭക്ഷണം അതാതു കാലത്ത് ഉത്പാദിപ്പിക്കാൻ കഴിയണം. കേരളം പോലെ ഇത്ര മഴയും സൂര്യപ്രകാശവും ജൈവവൈവിധ്യവും ഉള്ള ഒരു പ്രദേശത്തിന് ഇത് സാധിച്ചെടുക്കാവുന്നതേയുളളൂ. പുതിയ പഠനങ്ങൾ പറയുന്നത് ചെറുകിട കൃഷിയിടങ്ങളാണ് കൂടുതൽ ഉത്പാദനക്ഷമം എന്നാണ്. അഞ്ചു സെന്റിൽ നിന്ന് നാലു പേരടങ്ങുന്ന കുടുംബത്തിനു വേണ്ട പച്ചക്കറി വർഷം മുഴുവൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് തിരുവനന്തപുരം ജില്ലയിലെ ഒരു കർഷകൻ കാണിച്ചു തന്നത് ഓർത്തു പോകുകയാണ്.

എന്തുകൊണ്ട് ജൈവകൃഷി?
1978-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ പേര് ‘എണ്ണ തിന്നുന്നു’ എന്നായിരുന്നു. 1973-ൽ ലോകത്തുണ്ടായ എണ്ണ പ്രതിസന്ധിയെ തുടർന്ന് നടന്ന പഠനമാണ് ഈ പുസ്തകത്തിന് ആധാരമായത്. നമ്മുടെ ആഹാരവ്യവസ്ഥ എത്രമാത്രം പെട്രോളിനെ ആശ്രയിച്ചിരിക്കുന്നു എന്നാണ് ഇതിൽ പ്രതിപാദിച്ചിരുന്നത്, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ. 2000 ആയപ്പോഴേക്കും ഈ ആശ്രിതത്വം ലോകത്ത് മുഴുവനുമായി. 1978-ൽ നിന്ന് നമ്മൾ ഒരു പാഠവും ഉൾക്കൊണ്ടില്ല എന്നർത്ഥം. ഇന്ന് ലോകത്തുള്ള ആഹാരവ്യവസ്ഥ (തീരെ അവികസിത പ്രദേശങ്ങളൊഴികെ) പൂർണ്ണമായും പെട്രോളിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. തീർത്തും പുനർനിർമ്മിക്കാൻ കഴിയാത്ത ഒരു വിഭവത്തെ ആശ്രയിച്ച് എഴുന്നൂറു കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ക്രമീകരിച്ചിരിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ച് നോക്കുക.
ഇതിന് മറ്റൊരുവശം കൂടിയുണ്ട്. ഇന്നു നമ്മൾ നേരിടുന്ന വലിയൊരു പ്രതിസന്ധി കാലാവസ്ഥാ വ്യതിയാനമാണ്. ഭൂമിയുടെ ചൂട് കൂടുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഏറെക്കുറെ എല്ലാവർക്കുമറിയാം. എന്നാൽ ഇതിലേറ്റവും പ്രധാനം കാലാവസ്ഥാ മാറ്റത്തിൽ കൃഷിയുടെ പങ്ക് എന്തെന്ന് അറിയുകയാണ്. ഇന്ന് കൃഷിയിലെ പ്രധാന ഘടകങ്ങളായ രാസവള-കീടനാശിനി നിർമ്മാണം പെട്രോളിനെയും പ്രകൃതിവാതകത്തെയും ആശ്രയിച്ചിരിക്കുന്നു. അതുപോലെ ജലസേചനം, നടീൽ, കൊയ്ത്ത്, ഭക്ഷ്യസംസ്‌ക്കരണം, വിതരണം, പാക്കേജിംഗ് ഇവക്കെല്ലാം തന്നെ പെട്രോൾ കൂടിയേ തീരൂ എന്ന അവസ്ഥയാണ്. ഇത്തരത്തിൽ പെട്രോളിയം ധാരാളമായി ഉപയോഗിക്കുന്ന ഇന്നത്തെ കൃഷി സ്വാഭാവികമായും ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നതിന് കാരണമാകുന്നു. ഏകദേശം 25 ശതമാനത്തോളം ഹരിതഗൃഹവാതകങ്ങൾ കൃഷിയിൽ നിന്നു പുറത്തു വരുന്നു എന്നാണ് കണക്ക്. മറുവശത്ത് ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കൃഷിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുകയും ചെയ്യുന്നു. പരിസ്ഥിതിനാശം, ജലദൗർലഭ്യം, വെളളപ്പൊക്കം, മണ്ണൊലിപ്പ്, കീട-രോഗാക്രമണം തുടങ്ങിയ പ്രശ്‌നങ്ങൾ നമ്മുടെ ഭക്ഷ്യരക്ഷയ്ക്കിന്നൊരു ഭീഷണിയാണ്. പാരിസ്ഥിതിക തകർച്ചയും പെട്രോളിന്റെ ലഭ്യതക്കുറവും ഒത്തുചേർന്ന് ഭാവിയിൽ ഒരു വലിയ ഭക്ഷ്യപ്രതിസന്ധി തന്നെ സംജാതമായേക്കാം. ഇതിനൊരു പരിഹാരം ജൈവകൃഷി മാത്രമാണ്. പുനരുജ്ജീവന ശേഷിയുള്ള വിഭവങ്ങളിന്മേലുള്ള ആശ്രിതത്വമാണ്.

വിത്തിൻമേലുള്ള പരമാധികാരം
ഒരു പ്രദേശത്തിന്റെ കൃഷി അടിമുടി മാറ്റപ്പെടുമ്പോൾ വിത്തുകൾക്കും നാശമുണ്ടാകുന്നു. കർഷകരുടെ കൈകളിലൂടെ, തലമുറകളിലൂടെ സംരക്ഷിക്കപ്പെട്ടു വന്ന വിത്തിന്റെ നാശം ഒരു ദേശത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയേക്കാം. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ നടക്കുന്ന കർഷക ആത്മഹത്യകൾ പരിശോധിച്ചാൽ വിത്തിന്മേൽ കർഷകന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഒരു ചിത്രം കാണാൻ കഴിയും. വിത്തുകൾ കയ്യിലുള്ള കർഷകൻ നിരാശയിലേക്ക് വീഴാറില്ലെന്ന് ചരിത്രം പറയുന്നു.
ഇതു പറയുമ്പോൾ കേരളത്തിന്റെ അവസ്ഥ, പ്രത്യേകിച്ചും ഭക്ഷ്യവിളകളുടെ വിത്തുകളെ സംബന്ധിച്ചിടത്തോളം വളരെ ദയനീയമാണെന്ന് കൂടി പറയേണ്ടി വരും. ഹരിതവിപ്ലവം ഉണ്ടാക്കിയ പാരിസ്ഥിതിക ദുരന്തത്തിൽ ഏറ്റവും പ്രധാനം വിത്തുകളുടെ നാശമാണ്. ഒരു ലക്ഷത്തോളമുണ്ടായിരുന്ന നാടൻ നെൽവിത്തുകൾ ഇന്ന് നാമമാത്രമായി ചുരുങ്ങിയത് കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽതന്നെ മൂവായിരത്തിലധികമുണ്ടായിരുന്ന നെൽവിത്തുകളിൽ ഇന്ന് കണ്ടെത്താൻ കഴിയുന്നത് കഷ്ടിച്ച് നൂറോളം എണ്ണമാണ്. ഇത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഏഷ്യയിൽ തന്നെയും കാർഷികവൈവിധ്യത്തിനേൽപ്പിച്ച ആഘാതം പഠനവിഷമാക്കേണ്ടതാണ്. ഈ നാശം കൃഷിയുടെ മാത്രമല്ല കർഷകന്റെയും നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.
ആഗോളവൽക്കരണകാലത്ത് വിത്തുകളുടെ നാശത്തിന്റെ വേഗതയും വർദ്ധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സംഭവിച്ചതിനേക്കാൾ കഠിനമാണ് ആധുനിക കാലത്തെ നാശത്തിന്റെ രീതികൾ. കാർഷിക-രാസവ്യവസായികളാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. ഒരു ഉദാഹരണം മാത്രം പറയാം. പരുത്തി കർഷകർ എല്ലാക്കാലത്തും അധികാരവടംവലിയിൽ കഷ്ടപ്പെട്ടിട്ടുള്ളവരാണ്. ഇന്ത്യയിലെ പരുത്തി കർഷകരുടെ കയ്യിൽ ഒരു കാലത്ത് അയ്യായിരത്തിലധികം പരുത്തി വിത്തിനങ്ങളുണ്ടായിരുന്നു. തൊണ്ണൂറുകളിൽ ഹൈബ്രിഡ് വിത്തുകളുടെ വരവോടെ ഇവ അപ്രത്യക്ഷമാകാൻ തുടങ്ങി. 1998 മുതൽ അനധികൃതമായും 2002 മുതൽ സർക്കാരിന്റെ അനുമതിയോടെയും ജനിതകമാറ്റം വരുത്തിയ ബി.ടി പരുത്തിക്കൃഷി വ്യാപിപ്പിക്കാൻ അമേരിക്കൻ കമ്പനിയായ മൊൺസാന്റോയും ഇന്ത്യൻ കമ്പനിയായ മഹികോയും ഒത്തു ചേർന്ന് ശ്രമമാരംഭിച്ചു. വെറും പത്തു വർഷം കൊണ്ട് പരുത്തിക്കർഷകന്റെ വിത്തിന്മേലുള്ള പരമാധികാരം നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്ന് കർഷകന് കൃഷി ചെയ്യണമെങ്കിൽ പരുത്തി വിത്തിനായി മൊൺസാന്റോ-മഹികോ കമ്പനികളെ ആശ്രയിച്ചേ പറ്റൂ. സർക്കാരിനെ സ്വാധീനിച്ച് മറ്റു പരുത്തി വിത്തുകളെല്ലാം മാർക്കറ്റിൽ നിന്നും നമ്മുടെ കാർഷികഗവേഷണ സ്ഥാപനങ്ങളിൽ നിന്നും തുടച്ചു നീക്കാൻ മൊൺസാന്റോക്ക് കഴിഞ്ഞു. ഇന്ന് ആന്ധ്ര, മഹാരാഷ്ട്ര സർക്കാരുകൾ തന്നെ ഈ അവസ്ഥയിൽ വേവലാതി പൂണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് പോലും കർഷകനു വേണ്ട വിത്ത് കൊടുക്കാൻ കഴിയുന്നില്ല. ഈ ദുരവസ്ഥയിലേക്ക് മറ്റു പ്രധാന വിളകളെയും കർഷകനെയും എത്തിക്കാനുള്ള ശ്രമങ്ങൾ വിവിധ വൻകിട വിത്തു കമ്പനികൾ ആരംഭിച്ചു കഴിഞ്ഞു.

നെൽവിത്തുകളുടെ സംരക്ഷണം
ഇന്ത്യയുടെ നെൽവിത്തുകളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചത് ഡോ. റിച്ചാറിയ എന്ന ശാസ്ത്രജ്ഞനാണ്. ഇന്ത്യയിലെ നെല്ലറയായ ഛത്തീസ്ഗഡ് ഒറീസ്സാ പ്രദേശത്തായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പത്തൊൻപതിനായിരത്തോളം നെൽവിത്തുകളാണ് ഈ പ്രദേശത്തു നിന്നു മാത്രം അദ്ദേഹം ശേഖരിച്ചത്. ഒടുവിലത് റായ്പൂരിലെ കാർഷിക സർവകലാശാലയിലെത്തി. പത്തു വർഷം മുൻപ് ഈ വിത്തുകളുടെമേൽ അവകാശം സ്ഥാപിക്കാനായി സ്വിറ്റ്‌സർലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൻജന്റ എന്ന കമ്പനി സമ്മർദ്ദം ചെലുത്താൻ തുടങ്ങി. രസകരമായിരുന്നു ഇവരുടെ വാദം. നെല്ലിലെ ജീനുകളെക്കുറിച്ച് (പാരമ്പര്യസ്വഭാവം കാത്തു സൂക്ഷിക്കുന്ന കണങ്ങൾ) അവർ ഗവേഷണം നടത്തിയെന്നും അവയെ തിരിച്ചറിയുകയും ചെയ്തുവെന്നും അതിനാൽ നെല്ലിന്മേൽ അവർക്കാണ് അവകാശം എന്നുമായിരുന്നു വാദം. കൂടാതെ ഇതിനകം ജനിതക പരിവർത്തന പ്രക്രിയയിലൂടെ അവർ പുതിയ നെൽവിത്തുകൾ ഉണ്ടാക്കാനുള്ള ഗവേഷണം തുടങ്ങുകയും ചെയ്തിരുന്നു. സുവർണ്ണനെല്ല് അഥവാ ഗോൾഡൻ റൈസ് എന്ന പേരിൽ ഒരു ജി.എം. (ജനറ്റിക്കലി മോഡിഫൈഡ് അഥവാ ജനിതകമാറ്റം വരുത്തിയ) വിത്ത് ഏഷ്യയിലെ കൃഷിയിടങ്ങളിൽ ഇറക്കാനായി കഴിഞ്ഞ പത്തു വർഷങ്ങളായി അവർ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഇക്കാലത്ത് കച്ചവടത്തിന്റെ വഴികൾ വ്യത്യസ്തമാണ്. ധാർമ്മികതയുടെ യാതൊരു അടയാളവും ബാക്കിവക്കാത്ത വൻകിട കച്ചവടക്കമ്പനികൾ സർക്കാരുകളുടെ നയങ്ങളെ തിരുത്തിക്കൊണ്ടാണ് മുന്നേറുന്നത്. ഉത്പന്നത്തിന്റെ ഗുണത്തിലൂടെ മാർക്കറ്റ് പിടിച്ചടക്കുന്ന പഴയ തന്ത്രങ്ങൾ മാറിക്കഴിഞ്ഞു.
2004-ൽ ലോകഭക്ഷ്യസംഘടനയെത്തന്നെ കൂട്ടുപിടിച്ച് സിൻജന്റ എന്ന ബഹുരാഷ്ട്ര കമ്പനി രണ്ടാം അന്താരാഷ്ട്ര നെൽവർഷം ആഘോഷിച്ചു. ഗോൾഡൻ നെല്ലിനെക്കുറിച്ചു പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഏഷ്യയിലെ കർഷകർ ഈ പരിപാടിയിൽ ക്ഷണിതാക്കൾ പോലുമായിരുന്നില്ല. ഇതിനെതിരെ ഏഷ്യയിലെ കർഷകർ ശക്തമായി തന്നെ പ്രതികരിച്ചു. ഫിലിപ്പീൻസിലെയും ബംഗ്ലാദേശിലെയും ഇന്ത്യയിലെയും തായ്‌ലന്റിലെയും കർഷകരും വിവിധ സംഘടനകളും ചേർന്ന് നെല്ല് തങ്ങളുടെ ജീവനാണെന്നും അത് ഏഷ്യയുടെ പൈതൃകമാണെന്നും പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഒരു ശില്പശാല സംഘടിപ്പിക്കാൻ തണൽ മുൻകയ്യെടുക്കുകയും ഒരുപാടാളുകൾ അതുമായി സഹകരിക്കുകയും ചെയ്തു. കൊച്ചിയിലെ കുമ്പളങ്ങിയിൽ വച്ചായിരുന്നു ഈ ശില്പശാല നടന്നത്. പത്തോളം സംസ്ഥാനങ്ങളിൽ നിന്നായി കർഷകരും വിത്ത് സംരക്ഷകരും വിദഗ്ധരും പങ്കെടുത്ത ഈ ശില്പശാല ഇന്ത്യയിലെ പാരമ്പര്യവിത്തിനങ്ങൾ സംരക്ഷിക്കുമെന്നും നെൽകൃഷി പ്രകൃതിസൗഹൃദപരമാക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പിരിഞ്ഞത്. ‘നമ്മുടെ നെൽകൃഷി നമുക്കു തന്നെ സംരക്ഷിക്കാം’ എന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നാരംഭിച്ച സേവ് അവർ റൈസ് ക്യാംപെയ്ൻ ഇന്ന് അഞ്ചോളം സംസ്ഥാനങ്ങളിൽ ശക്തമാണ്. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം എണ്ണൂറോളം നെൽവിത്തുകൾ സംരക്ഷിക്കപ്പെട്ടു വരുന്നു.
ഇതുപോലെ ദേശീയതലത്തിൽ മറ്റൊരു കൂട്ടായ്മയും രൂപപ്പെട്ടു വന്നിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ പേരിൽ നെല്ലും ഗോതമ്പും പ്രോത്സാഹിപ്പിക്കപ്പെട്ടപ്പോൾ പുറംതള്ളപ്പെട്ട ചെറുധാന്യങ്ങളെ സംരക്ഷിക്കാനായി വളർന്നുവന്ന ഈ കൂട്ടായ്മ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിൽ ഇന്ന് സജീവമാണ്. ഈ കൂട്ടായ്മക്ക് സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ ബില്ലിനെ അല്പമെങ്കിലും സ്വാധീനിക്കാനായി എന്നത് ശ്രദ്ധേയമാണ്. ഇനി മുതൽ റേഷൻകടകളിലൂടെ അരിയും ഗോതമ്പും മാത്രമല്ല റാഗിയും പാവപ്പെട്ടവർക്ക് ലഭിക്കും.

കാർഷിക വികസനത്തിന് അഗ്രോ ഇക്കോളജി

2010-ലും 2011-ലും അന്താരാഷ്ട്ര തലത്തിൽ രണ്ടു റിപ്പോർട്ടുകൾ പുറത്തിറങ്ങി. നാന്നൂറോളം ശാസ്ത്രജ്ഞർ അഞ്ചു വർഷം തുടർച്ചയായി ലോകത്തിലെ കാർഷിക മേഖലയെക്കുറിച്ച് നടത്തിയ പഠനത്തിൽ നിന്ന് അവരെത്തിച്ചേർന്നത്, കാലങ്ങളായി കാർഷിക പരിസ്ഥിതിയെക്കുറിച്ച് പഠിക്കുകയും പരീക്ഷണം നടത്തുകയും ചെയ്ത ‘ആധുനിക ജൈവകൃഷി വിദഗ്ധർ’ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്കുതന്നെയാണ്. ആൽബർട്ട് ഹൊവാർഡ്, മസനോബു ഫുക്കുവോക്ക, ബിൽ മോളിസൺ, ഭാസ്‌കർ സാവെ, നമ്മാൾവർ, സുഭാഷ് പലേക്കർ, വന്ദനശിവ തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ മുമ്പോട്ടുവച്ച വിവിധ ആശയങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണീ റിപ്പോർട്ട്. മണ്ണിനെയും വിത്തുകളെയും നന്നാക്കുന്ന, വെള്ളവും ഊർജ്ജവും കാര്യക്ഷമമായി ഉപയോഗിക്കുന്ന, കർഷകരുടെ ആത്മവിശ്വാസവും വരുമാനവും വർദ്ധിപ്പിക്കുന്ന ജൈവ കാർഷിക രീതികൾ ഭക്ഷ്യ ഉത്പാദനത്തെ രണ്ടോ മൂന്നോ ഇരട്ടി വർദ്ധിപ്പിക്കുമെന്നായിരുന്നു അവരുടെ കണ്ടെത്തൽ. കാർഷികവ്യവസായ മുതലാളിമാർക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ലെങ്കിലും ഐക്യരാഷ്ട്രസഭ ഈ റിപ്പോർട്ട് അംഗീകരിക്കുകയും ലോകരാജ്യങ്ങൾ ഇത് ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
അതുപോലെതന്നെ സുപ്രധാനമായൊരു റിപ്പോർട്ടാണ് ലോകഭക്ഷ്യ സംഘടനയിലെ ഭക്ഷ്യാവകാശ കമ്മീഷണറായ ഡോ. ഒലിവർ ഡീ ഷൂട്ടർ 2011-ൽ സമർപ്പിച്ചത്. ഏഷ്യൻ-ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടക്കുന്ന വ്യത്യസ്ത തരം (സർക്കാർ-സർക്കാരിതര) കാർഷിക പദ്ധതികൾ പരിശോധിച്ചതിനു ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ചുരുക്കത്തിൽ അദ്ദേഹം പറയുന്നത് അഗ്രോ ഇക്കോളജി അഥവാ കാർഷിക പരിസ്ഥിതി സമീപനത്തിലൂടെ മാത്രമേ സുസ്ഥിരതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനാവൂ. ഇതിനായി കർഷകരും കാർഷിക ശാസ്ത്രജ്ഞരും പരിസ്ഥിതി ശാസ്ത്രജ്ഞരും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. വികസ്വര-അവികസിത രാജ്യങ്ങളുടെ കാർഷിക നയങ്ങൾ ഈ സമീപനത്തിലേക്ക് മാറണം എന്നാണ് ഒലിവർ ഡി ഷൂട്ടർ പറയുന്നത്. പല സർക്കാരുകളും അദ്ദേഹത്തെ തങ്ങളുടെ കാർഷിക നയരൂപീകരണത്തിൽ സഹായിക്കാനായി ക്ഷണിക്കുമ്പോഴും ഇന്ത്യയിലെ കൃഷി മന്ത്രാലയത്തിനോ കാർഷിക ആസൂത്രണ വിദഗ്ധർക്കോ ഈ റിപ്പോർട്ടിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല.
ഔദ്യോഗികമായി ഒരു ജൈവകൃഷിനയം സ്വീകരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ആയിരക്കണക്കിന് കർഷകർ, പ്രത്യേകിച്ചും ചെറുപ്പക്കാർ ജൈവകൃഷി നയം സ്വീകരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. കേരളത്തിന്‍റെ ഭാവി സുരക്ഷ ഈ കര്‍ഷകരുടെ കൈകളിലാണ് ഉള്ളത്.

സംയോജിത കൃഷി : പ്രശ്‌നങ്ങളും സാധ്യതകളും

 

പച്ചക്കറിയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയാല്‍ വ്യാപാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചകാര്യം പത്രങ്ങള്‍ വിശദമായിത്തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പക്ഷേ പച്ചക്കറിയില്‍ കീടനാശിനി ഉണ്ടോ എന്ന് പരിശോധിച്ചറിയണമെങ്കില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ പോകണം; പരിശോധനയ്ക്ക് 2000 രൂപ ഫീസായി നല്‍കുകയും വേണം. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഒന്നല്ല ഈ പരിശോധന എന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പരിശോധന സംഘടിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്താല്‍ മാത്രമേ ഇക്കാര്യം ഫലവത്താവൂ. അങ്ങനെയൊരു സംവിധാനം കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയതായി വാര്‍ത്തയിലില്ല. ഫലത്തില്‍ യാതൊന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ല എന്നാണിത് വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. കേരളീയരായ നാം ഇന്ന് ഭക്ഷിച്ചുക്കൊണ്ടിരിക്കുന്ന പച്ചക്കറിയില്‍ കീടനാശിനിയുടെ അംശമുണ്ട്. സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരള ജനത ഇനിയും വിഷപച്ചക്കറിതന്നെ തിന്നുകൊണ്ടിരിക്കുകയും മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. 
എന്താണ് ഇതിനൊരു പരിഹാരമാര്‍ഗം? നമുക്ക് ആവശ്യമായ പച്ചക്കറി നാം തന്നെ ഉല്പാദിപ്പിച്ചാല്‍ ഇങ്ങനെ കീടനാശിനി അടങ്ങിയ പച്ചക്കറി കഴിക്കേണ്ടി വരില്ല. ഇപ്പോള്‍ നാം മറ്റു പല ഭക്ഷണ സാധനങ്ങള്‍ക്കുമെന്നതു പോലെ പച്ചക്കറിക്കും ആശ്രയിക്കുന്നത് അയല്‍ സംസ്ഥാനങ്ങളെയാണ്. പുറത്തു നിന്നു വാങ്ങുന്ന പച്ചക്കറിയുടെ വില പ്രതിവര്‍ഷം 1000 കോടിയോളം രൂപ വരും എന്ന് കണക്കാക്കപ്പെടുന്നു.
എന്നാല്‍, സത്യം തുറന്നു പറഞ്ഞാല്‍, പച്ചക്കറിയുടെ ഉത്പാദനം, ഉപഭോഗം, പുറം വ്യാപാരം എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ല. 1996 ഒക്‌ടോബറില്‍ കൃഷി വകുപ്പിന്റെ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് വിംഗ് നടത്തിയ ഉപഭോഗ സര്‍വേ പ്രകാരം ശരാശരി കേരളീയന്‍ പ്രതിദിനം 125 ഗ്രാം പച്ചക്കറിയാണ് കഴിക്കുന്നത്. വെള്ളരി, മത്തന്‍, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളാണ് കേരളീയരുടെ ഭക്ഷണ ക്രമത്തില്‍ പ്രധാനം. സാധാരണ ഗതിയില്‍ ഇത്തരം ഉപഭോഗ സര്‍വേകള്‍ ഉപഭോഗത്തെ കുറച്ചു കാണിക്കാനാണ് സാധ്യത. എല്ലാ ഇനം പച്ചക്കറികളും പ്രത്യേകം പ്രത്യേകം എടുത്ത് ചോദിക്കാന്‍ പലപ്പോഴും വിട്ടു പോകും. ഈ പരിമിതിയെല്ലാം മനസ്സില്‍ വെച്ചുകൊണ്ടു തന്നെ കേരളീയര്‍ക്ക് പ്രതിദിനം ശരാശരി 12.78 ലക്ഷം ടണ്‍ പച്ചക്കറി വേണമെന്ന നിഗമനത്തില്‍ എത്താം.
വെജിറ്റബിള്‍ ആന്റ് ഫുഡ് പ്രമോഷന്‍ കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ പച്ചക്കറി ഉപഭോഗം 20.35 ലക്ഷം ടണ്‍ ആണ്. 175 ഗ്രാം പച്ചക്കറികള്‍ പ്രതിദിനം കേരളീയര്‍ ഉപയോഗിക്കുന്നു എന്നാണ് കൗണ്‍സില്‍ കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ഐ.സി.എം.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്) മാനദണ്ഡപ്രകാരം ഒരാള്‍ക്ക് ഒരു ദിവസം 280 ഗ്രാം പച്ചക്കറികളാണ് ആവശ്യം. ഇങ്ങനെ കണക്കാക്കിയാല്‍ നമ്മുടെ പച്ചക്കറി ആവശ്യം 32.5 ലക്ഷം ടണ്‍ ആകും. 
ഇതിലെത്രയാണ് നമ്മുടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്? 2008ലെ കണക്കുകള്‍ പ്രകാരം 74,155 ഹെക്ടറിലാണ് പച്ചക്കറിക്കൃഷി നടക്കുന്നത്. ഇതില്‍ 26,188 ഹെക്ടര്‍ കപ്പ ഒഴികെയുള്ള കിഴങ്ങുവര്‍ഗങ്ങളും 711 ഹെക്ടര്‍ മധുരക്കിഴങ്ങ് കൃഷിയുമാണ്. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികള്‍ 47256 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. വെജിറ്റബിള്‍ ആന്റ് ഫുഡ് പ്രമോഷന്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 10.85 ലക്ഷം ടണ്‍ ആണ് നമ്മുടെ ആഭ്യന്തര പച്ചക്കറി ഉല്പാദനം. ഇന്നത്തെ നിലയില്‍ ഏകദേശം 9.5 ലക്ഷം ടണ്‍ പച്ചക്കറികളാണ് പ്രതിദിനം നാം പുറത്തു നിന്ന് വാങ്ങുന്നത്. ഐ.സി.എം.ആര്‍ കണക്കു പ്രകാരം പച്ചക്കറി ഉപഭോഗം ഉയര്‍ത്തണമെങ്കില്‍ 21.6 ലക്ഷം ടണ്‍ പച്ചക്കറി പുറമെനിന്നും നാം വാങ്ങേണ്ടി വരും. കമ്മി വളരെയേറെ ഉയരുമെന്നര്‍ത്ഥം.


പച്ചക്കറി വികസന തന്ത്രം
പച്ചക്കറിയുടെ കാര്യത്തിലുള്ള ആശ്രിതത്വം എങ്ങനെ കുറയ്ക്കാം? പച്ചക്കറി സ്വാശ്രയ കേരളം എന്ന സ്വപ്നം എങ്ങനെ സാക്ഷാത്കരിക്കാം? കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ കണക്കുകള്‍ വലിയ ആത്മവിശ്വാസം തരാന്‍ പോരുന്നവയല്ല.കേരളത്തില്‍ ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും കൃഷി വിസ്തൃതി 1993-94 ല്‍ 100 ആയിരുന്നത് ഏതാണ്ട് അതേപടി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു. ഭൂവിസ്തൃതി കുറയാനുള്ള പ്രവണത 2005-06 മുതല്‍ തിരുത്തപ്പെട്ടിട്ടുണ്ട് എന്നു മാത്രം. ഉത്പാദനം ഇന്ന് 1993-94നെക്കാള്‍ താഴെയാണ്. സമീപകാലത്ത് വിസ്തൃതിയിലുണ്ടായ വര്‍ദ്ധന ഉത്പാദനത്തില്‍ പ്രതിഫലിക്കുന്നില്ല. ഇത് കാണിക്കുന്നത് ഉത്പാദനക്ഷമതയില്‍ കുറവുണ്ടായി എന്നാണ്. ഉത്പാദനക്ഷമതയുടെ സൂചിക 2001-02ല്‍ 103 ആയിരുന്നത് 2006-07ല്‍ 97 ആയി കുറഞ്ഞിരിക്കുന്നു. മൊത്തത്തില്‍ പച്ചക്കറി മേഖലയിലെ ഇടപെടല്‍ വലിയ മുന്നേറ്റമൊന്നും സൃഷ്ടിച്ചില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ നില മാറ്റാനാകണം. 
മാറ്റങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതായത്, കൂടുതല്‍ ഭൂമിയില്‍ പച്ചക്കറി കൃഷി ആരംഭിക്കണം. അതോടൊപ്പം ഉത്പാദന ക്ഷമത ഉയര്‍ത്തുകയും വേണം. കൃഷിക്കാര്‍ക്ക് സാങ്കേതിക പിന്തുണയും അവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയും ഉറപ്പാക്കണം. ഇവയൊക്കെയാണ് ഉരുത്തിരിഞ്ഞു വരുന്ന പച്ചക്കറി വികസന തന്ത്രത്തിന്റെ പ്രധാന ചേരുവകള്‍. 
1) ഒരു ലക്ഷം ഹെക്ടറിലേക്ക് പച്ചക്കറി അടിയന്തിരമായി വ്യാപിപ്പിക്കണം. പുതുതായി 25,000 ഹെക്ടര്‍ സ്ഥലം എവിടെ നിന്നു കണ്ടെത്തും? മൂന്നു മാര്‍ഗ്ഗങ്ങളാണുള്ളത്. 
ഒന്ന്: പച്ചക്കറിക്ക് അനുയോജ്യമായ തരിശു ഭൂമികളില്‍ കൃഷിയിറക്കാന്‍ കഴിയണം. കേരളത്തില്‍ ഇത്തരം തരിശുഭൂമി പരിമിതമാണ്. സ്‌കൂളുകള്‍ പോലുള്ള പൊതു സ്ഥാപനങ്ങളുടെ വളപ്പുകളും ഫലഭൂയിഷ്ടമായ പുറമ്പോക്കുകളും പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്താനാകും. 
രണ്ട്: പുരയിട കൃഷിയുടെ സാധ്യത ഉയര്‍ത്തുകയാണ് മറ്റൊരു പോംവഴി. 60 ലക്ഷം കുടുംബങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ 20 ലക്ഷം കുടുംബങ്ങള്‍ വീട്ടു വളപ്പില്‍ പച്ചക്കറി കൃഷിക്ക് തയ്യാറാകണം; ഒരു കുടുംബം ശരാശരി 2.5 സെന്റു വീതം കൃഷി ചെയ്യുകയാണെങ്കില്‍ പോലും 2000 ഹെക്ടര്‍ ലഭ്യമാകും.
മൂന്ന്: വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കണം. പാടങ്ങളില്‍ തുടര്‍വിളയായി 500 പഞ്ചായത്തുകളില്‍ 50 ഹെക്ടര്‍ വീതം പുതുതായി പച്ചക്കറി കൃഷി ചെയ്യുന്നതിന് ലക്ഷ്യമിടേണ്ടതുണ്ട്.
2) ഉത്പാദന ക്ഷമത ഇന്ന് ശരാശരി 8 ടണ്ണായിരിക്കുന്നത് 15 ടണ്ണെങ്കിലും ആക്കി ഉയര്‍ത്താന്‍ കഴിയണം.
വെള്ളായണി കാര്‍ഷിക കോളേജിലെ ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നത് പ്രധാനപ്പെട്ട പച്ചക്കറികളുടെ ഉത്പാദനക്ഷമത ഇന്ന് ഹെക്ടറിന് 6-10 ടണ്ണായിരിക്കുന്നത് 20-30 ടണ്ണായി ഉയര്‍ത്താനാകുമെന്നാണ്. അന്തര്‍ദേശീയ ഉത്പാദന ക്ഷമതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ഉത്പാദനക്ഷമത വളരെ താഴ്ന്നതാണെന്നാണ് എഫ്.എ.ഒ.യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് തക്കാളിയുടെ ഉത്പാദനക്ഷമത ഇന്ത്യയില്‍ 9.6 ടണ്ണായിരിക്കുമ്പോള്‍ ലോക ശരാശരി 25 ടണ്ണും ജപ്പാന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയിടങ്ങളില്‍ 50-60 ടണ്ണുമാണ്. ഉള്ളിയുടെ ഉത്പാദനക്ഷമത ഇന്ത്യയില്‍ 8.5 ടണ്ണായിരിക്കുമ്പോള്‍ ലോക ശരാശരി 13.8 വികസിത രാജ്യങ്ങളിലേത് 30-45 ടണ്ണുമാണ്. 
3) നമ്മുടെ ഉപഭോഗ സംസ്‌ക്കാരത്തിനും ഒരു മാറ്റം ആവശ്യമാണ്. പോഷക മൂല്യമുള്ളതും എന്നാല്‍ നാട്ടില്‍ സുലഭവുമായ ഒട്ടേറെ പച്ചക്കറികള്‍ (പ്രത്യേകിച്ച് ഇലക്കറികള്‍) നമ്മുടെ തീന്‍ മേശയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാടന്‍ വിഭവങ്ങള്‍ പലതും അന്യം നിന്ന നിലയിലാണ്. ക്യാബേജ്, കോളിഫഌവര്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ മിത ശീതോഷ്ണ കാലാവസ്ഥാ പച്ചക്കറികളോട് ഒരു പരിഷ്‌ക്കാര ഭ്രമം നാട്ടില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഈ വിളകളാകട്ടെ ഇടുക്കി, വയനാട് തുടങ്ങിയ ഇടങ്ങളില്‍ പരിമിതമായേ കൃഷി ചെയ്യാന്‍ കഴിയൂ. കൂടുതല്‍ പരമ്പരാഗതമായ നാടന്‍ പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനുള്ള അഭിരുചി പ്രോത്സാഹിപ്പിക്കണം. മുരിങ്ങയും കോവലും പയറുമെല്ലാം വീട്ടുവളപ്പില്‍ തന്നെ നട്ടുണ്ടാക്കാനുള്ള പ്രേരണ അപ്പോഴേ ഉണ്ടാകൂ.
4) പുരയിടക്കൃഷി മുഖ്യമായും വീടുകളുടെ ആവശ്യത്തിന് തികയും. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി പ്രോത്സാഹിപ്പിച്ചു കൊണ്ടേ സ്വാശ്രയത്വം നേടാനാകൂ എന്നത് വ്യക്തം. പുരയിടകൃഷി വിജയിക്കുന്ന സ്ഥലങ്ങളില്‍ അവിടങ്ങളിലെ വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറിയുടെ ഡിമാന്റ് കുറയാം. വാണിജ്യാടിസ്ഥാനത്തില്‍ വന്‍ തോതില്‍ കൃഷി ചെയ്യുമ്പോള്‍ ഉത്പന്നങ്ങള്‍ മൊത്തത്തില്‍ വില്‍ക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പച്ചക്കറി ഡിമാന്റിലാകട്ടെ ഉത്സവങ്ങളും മറ്റുമായി ബന്ധപ്പെട്ട് ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. താരതമ്യേന ഉത്പാദനചെലവ് കുറഞ്ഞ അയല്‍പക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരഭീഷണിയും ഉണ്ട്. എല്ലാറ്റിനുമുപരി ഏതാനും ദിവസങ്ങള്‍ക്കപ്പുറം ഇലവര്‍ഗങ്ങളും അതുപോലെയുള്ള പച്ചക്കറികളും സൂക്ഷിക്കാനും കഴിയില്ല. ഇതെല്ലാം ചേര്‍ന്ന് പച്ചക്കറിയുടെ വിപണനത്തെ അതീവ സങ്കീര്‍ണമാക്കുന്നുണ്ട്. ഏതായാലും ഒരു കാര്യം വ്യക്തം. സുശക്തമായ ഒരു വിപണന സംവിധാനം ഉറപ്പു വരുത്തിക്കൊണ്ടല്ലാതെ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി വ്യാപിപ്പിക്കുവാന്‍ കഴിയില്ല. 
പുതിയ കാര്‍ഷിക മുന്നേറ്റം പരമ്പരാഗത വിപണന സമ്പ്രദായങ്ങളുടെ അടിസ്ഥാനത്തില്‍ നിലനിര്‍ത്താനാവില്ലെന്നതും വ്യക്തമാണ്. കൃഷി വകുപ്പിന്റെ മാര്‍ക്കറ്റിംഗ് വിംഗ് നടത്തിയ ഒരു പഠനം കാണിക്കുന്നത് പച്ചക്കറി വിലയുടെ 34 മുതല്‍ 60 ശതമാനം വരെ ഇടത്തട്ടുകാര്‍ കൈക്കലാക്കുന്നു എന്നുള്ളതാണ്. കമ്പോളവിലയുടെ താരതമ്യേന ചെറിയൊരു പങ്കേ യഥാര്‍ത്ഥ കൃഷിക്കാരന് ലഭിക്കുന്നുള്ളൂ. ഉപഭോക്താവിനാകട്ടെ ഉയര്‍ന്ന വില കൊടുക്കേണ്ടതായും വരുന്നു. അന്തിമവിലയില്‍ കൃഷിക്കാരന്റെ വിഹിതം ഗണ്യമായി ഉയര്‍ത്തിക്കൊണ്ടു മാത്രമേ ഉയര്‍ന്ന കൂലിച്ചെലവുള്ള കേരളത്തില്‍ ന്യായമായ ലാഭം കൃഷിക്കാരന് ഉറപ്പുവരുത്താനാകൂ. 
ഗള്‍ഫ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ പച്ചക്കറി കമ്പോളത്തെയും നാം ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ട്. പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് നാടന്‍ പച്ചക്കറി കയറ്റുമതി പരിപാടിക്കു രൂപം നല്‍കാന്‍ കഴിയും. പക്ഷേ ഇവിടെയും ഇന്ന് ഇടത്തട്ടുകാരാണ് ലാഭം കൊയ്യുന്നത്. 
5) പച്ചക്കറി വികസന തന്ത്രത്തിന്റെ മറ്റൊരടിസ്ഥാനഘടകമാണ് ശാസ്ത്ര സാങ്കേതിക പിന്തുണസംവിധാനങ്ങള്‍. നാട്ടറിവുകളുടെ പ്രാധാന്യം ഒട്ടും കുറച്ചു കാണുകയല്ല. നാട്ടറിവിനെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുമായി സംയോജിപ്പിക്കാന്‍ കഴിയണം. ഗുണന്മേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുക, വിപുലമായ വാണിജ്യ സൗകര്യം ഒരുക്കുക, കൃഷി അഭിമുഖീകരിക്കേണ്ടി വരുന്ന രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കുമെതിരെ ശാസ്ത്രീയ ഉപദേശം നല്‍കുക, നല്ല കൃഷി സമ്പ്രദായങ്ങള്‍ പരിചയപ്പെടുത്തുക തുടങ്ങിയവയൊക്കെ വളരെ പ്രധാനമാണ്.


വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പ്രസക്തി
മുകളില്‍ വിവരിച്ച വികസനതന്ത്രത്തിന് അടിസ്ഥാനപരമായി ഏറ്റവും അനുയോജ്യം വികേന്ദ്രീകൃതമായ ആസൂത്രണമാണ്. വികേന്ദ്രീകൃതമായ കൃഷിയാസൂത്രണത്തിന് ശക്തമായ പിന്തുണ കൂടിയേ തീരൂ. പ്രത്യേകിച്ച് വിപണനത്തിന്റെയും ശാസ്ത്ര സാങ്കേതിക പിന്തുണയുടേയും കാര്യത്തില്‍. വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചിട്ടയായി മോണിറ്റര്‍ ചെയ്യുകയും വേണം. 
പച്ചക്കറി വികസന തന്ത്രത്തിലെ ഒരടിസ്ഥാന വെല്ലുവിളി കൃഷിയുടെ വ്യാപനമാണല്ലോ. ഇന്നുള്ള കൃഷി വിസ്തൃതി 25 ശതമാനമെങ്കിലും വര്‍ധിപ്പിക്കണം. ഇത് വികേന്ദ്രീകൃതമായിട്ടല്ലാതെ ആസൂത്രണം ചെയ്യാനാവില്ല. 
1. കേരളത്തിന്റെ ഭൂപ്രകൃതി അത്യധികം വൈവിധ്യമാര്‍ന്നതാണ്. ഏതൊരു പഞ്ചായത്തെടുത്താലും ഒന്നിലേറെ നീര്‍ത്തടങ്ങളും കുന്നിന്‍ ചരിവുകള്‍, മണല്‍ സമതലങ്ങള്‍, ചതുപ്പ് എന്നിങ്ങനെ പലവിധ പാരിസ്ഥിതിക പ്രദേശങ്ങളും കാണാം. ഈ ഓരോ പ്രദേശത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും ഗുണഗണങ്ങള്‍ മനസ്സിലാക്കി അനുയോജ്യമായ പച്ചക്കറിയിനങ്ങളും വിത്തുകളും കൃഷി സമ്പ്രദായങ്ങളും ആവിഷ്‌കരിക്കാന്‍ കഴിഞ്ഞാലേ കൂടുതല്‍ കൃഷിസ്ഥലം പച്ചക്കറിക്കൃഷിക്ക് ഉറപ്പു വരുത്താന്‍ കഴിയൂ; കൃഷിവ്യാപനം സ്ഥായിയായി നിലനില്‍ക്കുകയും ചെയ്യൂ.
2. ഭൂപ്രകൃതി കൊണ്ട് ഓരോ പ്രദേശത്തിനും അനുയോജ്യമായ പച്ചക്കറികള്‍ വ്യത്യസ്തമായിരിക്കും. ജനങ്ങളുടെ അഭിരുചിയിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. ഇതുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഡിമാന്റിന്റെ പ്രാദേശിക ചേരുവയും ഗതിവിഗതിയും മനസ്സിലാക്കിക്കൊണ്ട് പച്ചക്കറിക്കൃഷി ആസൂത്രണം ചെയ്യുന്നതിന് പ്രാദേശിക തലത്തിലേ സാധ്യമാവൂ. ഉദാഹരണത്തിന്, പ്രതിശീര്‍ഷ ഉപഭോഗം സംബന്ധിച്ച് നേരത്തെ സൂചിപ്പിച്ച കണക്കുകള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രകടമായ അഭിരുചി വ്യത്യാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. വെള്ളരി, മത്തന്‍ തുടങ്ങിയ ഇനങ്ങളുടെ ശരാശരി ഉപഭോഗം തിരുവനന്തപുരം ജില്ലയില്‍ 40 ഗ്രാമായിരിക്കുമ്പോള്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 13 ഗ്രാം വീതവും കോഴിക്കോട്, വയനാട് ജില്ലകളില്‍ 10-12 ഗ്രാം വീതവുമാണ്. വെണ്ടയ്ക്ക തുടങ്ങിയവ മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ 33-36 ഗ്രാം വീതം ഉപയോഗിക്കുമ്പോള്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 6 ഗ്രാം വീതമാണ് ഉപയോഗം. ഇപ്രകാരം ഓരോ ഇനത്തിലും വളരെ പ്രകടമായ അന്തരമുണ്ട്.
3. കൂടുതല്‍ വിസ്തൃതിയിലേക്ക് പച്ചക്കറി വ്യാപിപ്പിക്കുന്നതിന് ഒരടിസ്ഥാന ഉപാധി ഇവിടങ്ങളില്‍ ആവശ്യത്തിന് വെള്ളം ഉറപ്പു വരുത്തുക എന്നുള്ളതാണ്. നെല്‍കൃഷിയെ മാത്രം ലക്ഷ്യമിട്ടു കൊണ്ടാണ് കേരളത്തിലെ ജലസേചന സമ്പ്രദായം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഇന്നുള്ള കനാല്‍ സംവിധാനത്തില്‍നിന്ന് പച്ചക്കറിക്കൃഷിയ്ക്കാവശ്യമായ തോതിലും സമയത്തും വെള്ളം പാടത്തെത്തിക്കുന്നതിന് സൂക്ഷ്മ തലത്തിലുള്ള ജലപരിപാലന ആസൂത്രണം കൂടിയേ തീരൂ. പുരയിട കൃഷിയുടെ കാര്യത്തില്‍ ചെറുകിട ജലസേചന പരിപാടികളേ സാധ്യമാവൂ. നമ്മുടെ വീട്ടുവളപ്പുകളുടെ വലുപ്പം എടുക്കുമ്പോള്‍ ഒരയല്‍ക്കൂട്ടത്തിന് ഒരു പൊതു സ്രോതസ് എന്ന നിലയില്‍ ആസൂത്രണം ചെയ്യുന്നതാകും അഭികാമ്യം. ചുരുക്കത്തില്‍ പച്ചക്കറി വ്യാപനത്തിന് അത്യന്താപേക്ഷിതമായ സ്ഥലജല മാനേജ്‌മെന്റ് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയേ കൈവരിയ്ക്കാനാകൂ. 
4. താഴെത്തട്ടില്‍ നിന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ സംയോജിതമായ സമീപനം കൈക്കൊള്ളാന്‍ കഴിയും. പുരയിട കൃഷിയുടെ കാര്യത്തില്‍ ഇതേറ്റവും പ്രസക്തമാണ്. 
5. ഭൂമിയുടെ പരിമിതിപോലെ തന്നെ പച്ചക്കറി വികസനത്തിന് അടിസ്ഥാനപരമായ ഒരു പ്രതിബന്ധമാണ് ഇന്നത്തെ കാര്‍ഷിക ബന്ധങ്ങള്‍. ചെറുകിട ഭൂവുടമസ്ഥരെയാണല്ലോ ലക്ഷ്യമിടുന്നത്. എന്നാല്‍ നല്ലപങ്ക് ആളുകളും ഉപജീവനത്തിനുവേണ്ടി മറ്റു മേഖലകളില്‍ പണിയെടുക്കുന്നവര്‍ ആകയാല്‍ നേരിട്ട് ഭൂമിയില്‍ പണിയെടക്കുന്നവരല്ല. വിദ്യാഭ്യാസത്തിന്റെ വ്യാപനവും മറ്റും തൊഴിലഭിരുചിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുരയിട പച്ചക്കറിക്കൃഷിയുടെ പ്രവൃത്തികളെല്ലാം കൂലിവേലക്കാരെ നിര്‍ത്തി പണിയെടുപ്പിച്ച് ലാഭകരമായി മുന്നോട്ടു പോകാന്‍ കഴിയില്ല.
മുകളില്‍ വിവരിച്ചത് പ്രശ്‌നത്തിന്റെ ഒരുവശമാണ്. ഭൂമിയില്‍ പണിയെടുക്കാന്‍ തയ്യാറുള്ള കര്‍ഷകത്തൊഴിലാളിക്ക് ഭൂമിയില്ല എന്നത് ഇതിന്റെ മറുവശമാണ്. ഭൂമി പാട്ടത്തിനെടുക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും ഈ അനൗപചാരിക പാട്ടസമ്പ്രദായം ഇന്ന് കേരളത്തിലുടനീളം സാര്‍വത്രികമാണ്. പച്ചക്കറികളില്‍ നല്ല പങ്കും വളരെ വൈവിധ്യമാര്‍ന്ന പാട്ടസമ്പ്രദായങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് നടക്കുന്നത്. ഏറ്റവും നല്ല കൃഷിക്കാരായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന പലരും ഇപ്രകാരം കൃഷി ചെയ്യുന്നവരാണ് എന്ന വാര്‍ത്തകളും വായിക്കാറുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തതുകൊണ്ട് ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഔപചാരിക ബാങ്കു വായ്പകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. തന്മൂലം കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിന് പലരും ബലിയാടാകുന്നു.
കേരളത്തിലെ ഇന്നത്തെ അതീവസങ്കീര്‍ണമായ കാര്‍ഷികബന്ധങ്ങള്‍ എന്തെന്നു മനസ്സിലാക്കി കാര്‍ഷികവികസനത്തിന് അനുയോജ്യമായ പുതിയ കാര്‍ഷിക സംഘടനാ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഏകീകൃതമായ രീതിയില്‍ സംസ്ഥാനത്തുടനീളം രൂപം കൊണ്ട ഗ്രൂപ്പ് ഫാമുകളും ഹരിതസംഘങ്ങളും പ്രത്യേക വിളകളെ അടിസ്ഥാനമാക്കിയുള്ള സമിതികളും മറ്റും ഇത്തരം സംവിധാനങ്ങളാണ്. എന്നാല്‍ കേരളത്തിലെ കാര്‍ഷികബന്ധങ്ങളുടെയും കാര്‍ഷിക അന്തരീക്ഷത്തിന്റെയും കാര്യത്തില്‍ പ്രദേശങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ട് പ്രാദേശികസംഘടനാ സംവിധാനങ്ങള്‍, പരീക്ഷിച്ചേ തീരൂ. ഇതാകട്ടെ പ്രാദേശികമായേ കഴിയൂ. അയല്‍ക്കൂട്ടങ്ങള്‍ വാര്‍ഡു സമിതികള്‍, സ്വയം സഹായസംഘങ്ങള്‍, ലേബര്‍ ബാങ്ക് തൊഴില്‍ സേന, കാര്‍ഷികസേവനത്തിനായുള്ള സംഘങ്ങള്‍ എന്നു തുടങ്ങി ഒട്ടനവധി സംഘടനാ രൂപങ്ങള്‍ ഇന്നുതന്നെ നമുക്കു കാണാനാകും. 
6. ഒരു വലിയ ജനകീയപ്രസ്ഥാനത്തിനേ പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കാനാവൂ. ആളുകളുടെ അഭിരുചിയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത നേരത്തെ സൂചിപ്പിച്ചല്ലോ. ഏതാണ്ട് 20 ലക്ഷം കുടുംബങ്ങള്‍ നേരിട്ട് കൃഷിയുമായി ബന്ധപ്പെടുകയാണ്. തൊഴിലിനോടുള്ള അവരുടെ മനോഭാവത്തില്‍ കുറച്ചെങ്കിലും മാറ്റം വന്നേ തീരൂ. പച്ചക്കറി സ്വയം പര്യാപ്തത എന്നത് ഓരോ പ്രദേശത്തിന്റെയും ആത്മാഭിമാനമാകുമ്പോഴേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. കേവലം കമ്പോളത്തിന്റെ ലാഭചേതത്തെ അടിസ്ഥാനമാക്കി മാത്രം കൈവരിക്കാന്‍ കഴിയുന്ന ഒന്നല്ല പച്ചക്കറി സ്വയം പര്യാപ്തത. കൃഷി ലാഭകരമാകുന്നതിന്റെ പ്രാധാന്യം ഒട്ടും കുറച്ചു കാണാതെ തന്നെ പുതിയൊരു കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രസക്തി എടുത്തു പറയേണ്ടതുണ്ട്. ആസൂത്രണത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും മുന്‍കൈ ഉറപ്പാക്കിക്കൊണ്ടും മാത്രമേ പുതിയ പച്ചക്കറി വികസനതന്ത്രം പൂര്‍ണവിജയത്തിലെത്തിക്കാന്‍ കഴിയൂ എന്നത് നിസ്സംശയമാണ്.
7. അവസാനമായി, ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറി വികസന പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കൈ കൂടിയേ തീരൂ. ജനകീയാസൂത്രണത്തിന്റെ ഭാഗമായി സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 35-40% ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്കു വേണ്ടി നീക്കിവച്ചിരിക്കുകയാണ്. കീഴ്ത്തട്ടില്‍ ചെയ്യാന്‍ കഴിയുന്ന ഏതാണ്ടെല്ലാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തുക വരും ഇത്. ശേഷിക്കുന്ന പണം മുകള്‍ത്തട്ടില്‍ നിന്നു മാത്രം ചെയ്യാന്‍ പറ്റുന്ന പ്രവൃത്തികള്‍ക്കേ തികയൂ. പദ്ധതിയുടെ ധനവിന്യാസത്തില്‍ വിപ്ലവകരമായ ഒരു മാറ്റമാണ് കേരളം വരുത്തിയത്. ഇതു മൂലം പച്ചക്കറി സ്വയം പര്യാപ്തത എന്ന ബൃഹത്തായ പദ്ധതിക്ക് ആവശ്യമായത്ര പണം സംസ്ഥാന പദ്ധതിയില്‍ നിന്നു മാത്രം കണ്ടെത്താനാവില്ല. തദ്ദേശഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസനം ഏറ്റെടുത്തേ തീരൂ.


സംയോജിത സമീപനത്തിന്റെ ആവശ്യകത
ഇപ്പോള്‍ നടക്കുന്ന പച്ചക്കറി പ്രോജക്ടുകളുടെ വിമര്‍ശനപരമായ ഒരു പരിശോധന പല ദൗര്‍ബല്യങ്ങളും പുറത്തു കൊണ്ടുവരുന്നുണ്ട്. മുന്‍-പിന്‍ ബന്ധങ്ങളെ വേണ്ടത്ര പരിഗണിക്കാതെയാണ് അവയില്‍ പലതും അവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇതുമൂലമാണ് ആവശ്യമായ വിത്തുകള്‍ ലഭിക്കാതെ വരുന്നതും ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വിലയിടിയുന്നതും മറ്റും. ഇവയടക്കം പല പ്രായോഗികമായ ബുദ്ധിമുട്ടുകളും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കാവുന്നവയാണ്. എന്നാല്‍ അടിസ്ഥാന സമീപനത്തിന്റെ തന്നെ ചില ഗൗരവമായ പ്രശ്‌നങ്ങളുണ്ട്. അവ ബോധപൂര്‍വം പരിഹരിച്ചേ തീരൂ. അതിലേറ്റവും പ്രധാനമാണ് സംയോജിത സമീപനത്തിന്റെ പ്രശ്‌നം.
ജനകീയാസൂത്രണത്തിന്റെ ആദ്യവര്‍ഷം എല്ലാതട്ടു പഞ്ചായത്തുകളും ഗ്രാമ പച്ചക്കറി പ്രോജക്ടുകള്‍ ആവിഷ്‌ക്കരിച്ചു. മുമ്പ് ഈ പ്രവണത സാര്‍വത്രികമായിരുന്നു. മൂന്നു തട്ടുകളുടെയും പ്രോജക്ടുകള്‍ ഉള്ളടക്കത്തില്‍ ഏതാണ്ട് ഒരുപോലെ തന്നെ ആയിരുന്നു. ഈ ഇരട്ടിപ്പ് നിര്‍വഹണത്തില്‍ ഒട്ടേറെ അപാകതകള്‍ക്കിടയാക്കി. വിവിധ തട്ടുകളിലെ പ്രോജക്ടുകള്‍ പരസ്പര പൂരകമാകുന്നതിന് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുകയുണ്ടായി. അപ്രകാരം വ്യക്തിഗത ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള പച്ചക്കറി പ്രോജക്ടുകള്‍ക്ക് കീഴ്ത്തട്ടു പഞ്ചായത്തുകള്‍ മാത്രമേ രൂപം നല്‍കുവാന്‍ പാടുള്ളൂ. മേല്‍ത്തട്ടു പഞ്ചായത്തുകള്‍ ഗ്രാമ പഞ്ചായത്തുകളുടെ പ്രോജക്ടുകളെ സംയോജിപ്പിച്ച് അവര്‍ വഴി മാത്രമേ നിര്‍വഹിക്കുവാന്‍ പാടുള്ളു. വിത്തുത്പാദനം, വിപണനം തുടങ്ങിയ പൂരക പ്രോജക്ടുകളാണ് മേല്‍ത്തട്ടു പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ടത്. രണ്ടാം വര്‍ഷം വിവിധ തട്ടുകളുടെ പ്രോജക്ടുകള്‍ തമ്മില്‍ കൂടുതല്‍ സംയോജനം കൈവരിക്കാന്‍ കഴിഞ്ഞു.
എന്നാല്‍ ഇനിയും പരിഹരിക്കേണ്ടതായി അവശേഷിക്കുന്ന ഒരു പ്രശ്‌നമാണ് സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കറി വികസന പരിപാടികളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുമായുള്ള സംയോജനത്തിന്റെ പ്രശ്‌നം. കയറ്റുമതിക്കും ആഭ്യന്തര കമ്പോളത്തിനും ആവശ്യമായ വിപണന ശൃംഖല സൃഷ്ടിക്കുക, ഗുണമേന്മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും ഉറപ്പുവരുത്തുക, കാര്‍ഷിക ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ ശാലകളും സംസ്‌കരണ ഫാക്ടറികളുമെല്ലാം സ്ഥാപിക്കുക എന്നിവയൊക്കെ മുഖ്യമായും സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടുന്നവയാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പച്ചക്കറി പ്രോജക്ടുകളെ ഈ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി ആവിഷ്‌കരിക്കുന്നത് കാര്യക്ഷമത ഉയര്‍ത്തും എന്നതിന് സംശയമില്ല.
കേരളമാകെ നടക്കുന്ന മാലിന്യസംസ്‌കരണത്തിന്റെ അനുബന്ധമെന്ന നിലയില്‍ ഇന്ന് സംയോജിത കൃഷിക്ക് പുതിയ സാധ്യത ഉയര്‍ന്നു വന്നിരിക്കുന്നു. സ്വന്തം വീട്ടിലെ മാലിന്യം വളമായി ഉപയോഗിക്കാവുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത് രാസവളം ഉപേക്ഷിക്കുന്നതിനും ഒപ്പം തന്നെ പണം കൊടുത്ത് വളം വാങ്ങുന്ന സ്ഥിതി ഇല്ലാതാക്കാനുമുള്ള സാധ്യതയാണിന്ന് വന്നു ചേര്‍ന്നിരിക്കുന്നത്. മാത്രമല്ല 1000 കോടി രൂപയാണ് പച്ചക്കറി വാങ്ങിക്കുന്നതിനായി നാം അന്യ സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. നമുക്ക് ആവശ്യമായ പച്ചക്കറി നാം തന്നെ ഉല്പാദിപ്പിച്ചാല്‍ ഈ പണം നമ്മുടെ മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കാനാവും എന്ന് മാത്രമല്ല കീടനാശിനി അടങ്ങിയ പച്ചക്കറി കഴിച്ച് മാറാരോഗികളായി മാറേണ്ട ഗതികേടില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനുമാവും.

കരിയിലയും മണ്ണിരയും

അമിത രാസവളത്തിന്റെ വ്യാപകമായ ഉപയോഗം ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവ മണ്ണിന്റെ സ്വാഭാവിക ഘടന തകര്‍ക്കുകയും അങ്ങനെ കാലങ്ങളായി ആര്‍ജിച്ചെടുത്ത സ്വാഭാവിക ഉത്പാദനക്ഷമത ഇല്ലാതായി മണ്ണ നശിക്കുകയും ചെയ്യുന്നു

 

ജൈവകൃഷിയില്‍ മാത്രമല്ല ഏതു തരം കൃഷിക്കും നല്ല വളക്കൂറുള്ള മണ്ണ് ആവശ്യമാണ്. നല്ല വളക്കൂറുള്ള മണ്ണ് നിര്‍മിച്ചെടുക്കലാണ് പരമ്പരാഗത കര്‍ഷകര്‍ ചെയ്തുവന്നിരുന്നത്. പച്ചിലകളും, നാടന്‍ പശുവിന്റെ ചാണകവും ഉണങ്ങിയ ഇലകളും മറ്റ് ജൈവ വസ്തുക്കളും സ്വാഭാവികമായി മണ്ണില്‍ അലിഞ്ഞുചേരാനനുവദിച്ചും ആയിരക്കണത്തിന് സൂക്ഷ്മ ജൈവാണുക്കള്‍ നിറഞ്ഞ ചാണകമെന്ന ജൈവ വിഘടന സഹായി ചേര്‍ത്തുമാണ് ആ പ്രക്രിയ അവര്‍ നിര്‍വഹിച്ചിരുന്നത്.

അമിത രാസവളത്തിന്റെ വ്യാപകമായ ഉപയോഗം ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവ മണ്ണിന്റെ സ്വാഭാവിക ഘടന തകര്‍ക്കുകയും അങ്ങനെ കാലങ്ങളായി ആര്‍ജിച്ചെടുത്ത സ്വാഭാവിക ഉത്പാദനക്ഷമത ഇല്ലാതായി മണ്ണ നശിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഊഷരമായ മണ്ണിനെ സ്വാഭവിക ജൈവകണങ്ങളുടെ തിരിച്ചെടുക്കലിലൂടെ വീണ്ടും ഉത്പാദനത്തിന് ഉതകുന്ന മാധ്യമമായി മാറ്റാനുള്ള ശ്രമങ്ങളാണ് ജൈവകൃഷിയിലൂടെ നാം നടത്തേണ്ടത്.

കരിയിലയും മണ്ണിരയും

കരിയിലകള്‍ ഒരമിച്ചുകൂട്ടി കത്തിച്ചോ സ്വാഭാവികമായി ചീയാനനുവദിച്ചോ, ജൈവ വിഘടന സഹായികളായ ചാണകം, കുമ്മായം, മണ്ണിര എന്നിവകൊണ്ടോ മണ്ണില്‍ ആവശ്യമായ പോഷകങ്ങള്‍ നിലനിര്‍ത്താം.
ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന മണ്ണിര കര്‍ഷകന്റെ മിത്രം മാത്രമല്ല പ്രധാനമായും മണ്ണിലേക്ക് ജലം ഊര്‍ന്നിറങ്ങാന്‍ മേല്‍മണ്ണില്‍ അശ്രാന്തം പണിയെടുക്കുന്ന പ്രാകൃതിക ഉഴവുകാര്‍കൂടിയാണ്. ഏകദേശം മൂന്നടി താഴ്ചയിലുള്ള മണ്ണുവരെ ഇളക്കി മുകളിലെത്തിക്കാന്‍ കഴിവുള്ളവരാണ് മണ്ണിരകള്‍. നമ്മുടെ നാട്ടിലെ കരിമണ്ണിലും പൂഴിപ്പറ്റ് മണ്ണിലും ചെമ്മണ്ണിലും കാണപ്പെടുന്ന മണ്ണിരകളെ വര്‍ധിപ്പക്കല്‍ തന്നെയാണ് ജൈവകൃഷിയിടമൊരുക്കാന്‍ അത്യന്താപേക്ഷിതമായ ആദ്യ ജൈവഘടകം.

മണ്ണിരകള്‍ സാധാരണയായി 3000 സ്പീഷീസുകളില്‍ കണ്ടുവരുന്നുണ്ട്.  സാധാരണയായി നമ്മുടെ നാട്ടില്‍ മണ്ണിര കമ്പോസ്റ്റിന് നിര്‍ദ്ദേശിക്കന്നത് ആഫ്രിക്കന്‍ മണ്ണിരയിനമായ യൂഡ്രിലസ് യൂജീനിയ എന്ന ഇനമാണ്. വലിയതോതില്‍ ഭക്ഷണം ഉപയോഗിക്കുമന്നെതിനാലും വളരെപ്പെട്ടന്ന്തന്നെ ദഹനം നടന്ന് വളമാക്കി മാറ്റുമെന്നതുമാണ് ഈ വിഭാഗത്തെ നിര്‍ദ്ദേശിക്കാന്‍ കാരണമായി പറയുന്നത്. ഇവ വംശവര്‍ധന നടത്തുന്നതും വര്‍ധിച്ചതോതിലാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന നാടന്‍ മണ്ണിരകള്‍ വംശവര്‍ധന നടത്തുന്നത് വളരെ കുറഞ്ഞതോതിലാണ്.  അവ ആഹാരം ഉപയോഗിച്ച് കരുപ്പ നിര്‍മിക്കുന്നതിന്റെ അളവും കുറവാണ്. നമ്മുടെ നാടന്‍ മണ്ണിരയും കരിയിലയുടെ ജൈവികമായ ജീര്‍ണിക്കലുംചേര്‍ന്ന് തയ്യാറായിവരുന്ന ജൈവ പുതപ്പാണ് ഓര്‍ഗാനിക് ഫാമിങ്ങിനാവശ്യം.

കരുപ്പ

മണ്ണിരകള്‍ ജൈവ വസ്തുക്കള്‍ ആഹാരമാക്കി അവയുടെ ദഹനപ്രക്രിയയായ ഓക്‌സിഡേഷന്‍ പ്രക്രിയയിലൂടെ പുറംതള്ളുന്ന ജൈവാവശിഷ്ടമാണ് കരുപ്പ. ലോകത്ത് ഏതൊരു ഫാക്ടറിയും നിര്‍മിക്കുന്നതിനേക്കാളും നല്ല ജൈവ വളമാണ് കരുപ്പ.

മണ്ണിരയുടെ ദേഹത്തിന്റെ വശങ്ങളിലൂടെയുള്ള സുഷിരങ്ങളിലൂടെ ഓക്‌സിജന്‍ ഉപയോഗിച്ചുള്ള ഡൈജക്ഷനാണ് അവ നടത്തുന്നത്. ഓക്‌സിഡേഷന്‍ പ്രക്രിയയിലൂടെ വിഘടനം നടക്കുന്നതിലാണ് അവയുടെ വിസര്‍ജ്യത്തിന് ദുര്‍ഗന്ധമില്ലാത്തത്. ഇങ്ങനെ വിസര്‍ജിക്കുന്ന കുരുപ്പയില്‍ എന്‍സൈമുകളും നിരവധി രാസഘടകങ്ങളും ഉണ്ട്. അവ ചെടികള്‍്കക് നല്ല വളമായും പോഷകമായും മാറുന്നു. അതുകൊണ്ടുതന്നെ മേല്‍മണ്ണില്‍ ജൈവപുതപ്പില്‍ മണ്ണിരയെ നിലനിര്‍ത്തി അവയെ വംശവര്‍ധന നടത്തി നമുക്ക് ജൈവകൃഷിയായും ഉത്പാദനക്ഷമമാക്കാം.

കരിയില

പറമ്പിനും പാടിത്തിനും അരികില്‍ എളുപ്പം മണ്ണുമായി ചേരുന്നതരം ചെടികള്‍ വെച്ചുപിടിപ്പിച്ച് അവയുടെ ഇലകളും ഇളം തണ്ടുകളും മണ്ണില്‍ പച്ചക്കും ഉണക്കിയും ചേര്‍ത്തു നമുക്ക് മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താം. പറമ്പിലും മറ്റും ഉണങ്ങിവീഴുന്ന ഇലകള്‍ പലയിടത്തും കൂട്ടിയിട്ട് കത്തിക്കുന്ന ശീലമാണ് മലയാളിക്ക്. ഇതൊഴിവാക്കി ഇവ കൃഷിയിടത്തിലെ പുതയാക്കി മാറ്റി ജൈവ പരിസ്ഥിതി സൃഷ്ടിക്കാം.

ഇലകകളും ചപ്പുചവറുകളും ജൈവാവശിഷ്ടങ്ങളും മണ്ണുമായി പെട്ടന്ന് യോജിക്കാന്‍ കരിയിലകള്‍ക്ക്മീതെ പച്ചചാണകം ചേര്‍ക്കുന്നതിന് കൂടെത്തന്നെ കുറിച്ച് കുമ്മായം (ഇത്തില്‍ നീറ്റികിട്ടുന്നത്) ചേര്‍ക്കാം. പരമ്പരാഗതമായ ചേന, ചേമ്പ്, വാഴ എന്നിവ നടുമ്പോള്‍ കുഴിയില്‍ നാം ചപ്പിലകളും ചാണകപ്പൊടിയും വെണ്ണീരും ചേര്‍ക്കാറുണ്ട്. പരാസ്ഥിതികമായും ജൈവപരമായും മണ്ണിനെ സംരക്ഷിക്കുന്നതാണ് ജൈവകൃഷിയുടെ അടിസ്ഥാന ഘട്ടം.

കരിയിലകൊണ്ട് നന്നായി പുതയിട്ടും മണ്ണിരകളുടെ വംശവര്‍ധനവിന് ആവശ്യമായ പരിസ്ഥിതിയൊരുക്കിയും അവയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ കൃഷിരീതികള്‍ അവലംബിച്ചും നമുക്ക് ജൈവകൃഷയിലേക്കിറങ്ങാം.

ജൈവ വേലി സമ്പുഷ്ടമാക്കാം.

ശീമകൊന്ന, മഞ്ചാടി, വേലിത്തറി എന്നിങ്ങനെ വിവിധയിനം ചെടികള്‍കൊണ്ട് അതിര്‍വരമ്പിടുന്ന ശീലം പണ്ടത്തെ കര്‍ഷകര്‍ക്കുണ്ടായിരുന്നു. നല്ല ജൈവ വളങ്ങളായ ഇവ മണ്ണുമായി പെട്ടന്ന് ചേരുന്നതും അതുപോലെത്തന്നെ നല്ല വളം പ്രദാനം ചെയ്യുന്നതുമാണ്. ഇന്ന് പല കൃഷിയിടങ്ങളിലെയും അതിരുകളില്‍നിന്ന് ജൈവവേലി നഷ്ടമായിരിക്കുന്നു. ജൈവകൃഷിക്ക് ഒരവശ്യഘടകമായ ജൈവവേലി പുന:സൃഷ്ടിക്കുന്നതിലൂടെ നമുക്ക് കരിയിലകളുടെ ഉത്പാദനത്തിലും കരിയില, ചാണകം, മണ്ണിര, കുമ്മായം എന്നിവയുടെ സംയോജനത്തിലൂടെ വളക്കൂറുള്ള മണ്ണും സൃഷ്ടിക്കാം.

മഞ്ഞക്കെണി ഒരുക്കാം

വളരെ സൂക്ഷ്മശരീരികളും എന്നാല്‍ ഉപദ്രവകാരികളുമായ കീടങ്ങളെ കൃഷിയിടത്തില്‍ത്തന്നെ കുടുക്കാനുള്ള എളുപ്പമാര്‍ഗമാണ് മഞ്ഞക്കെണി അഥവാ യെല്ലോ സ്റ്റിക്കി ട്രാപ്പ്.

മഞ്ഞനിറം കണ്ടാല്‍ ചെറിയ പ്രാണികള്‍ക്ക് കണ്ണ് മഞ്ഞളിക്കും. അവ മഞ്ഞനിറത്തില്‍ ആകൃഷ്ടരാകും. പറന്നെത്തി തൊടുമ്പോഴേക്കും മഞ്ഞച്ചായം പുരട്ടിയ പ്രതലത്തിലെ പശയില്‍ രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങുകയും ചെയ്യും. വളരെ സൂക്ഷ്മശരീരികളും എന്നാല്‍ ഉപദ്രവകാരികളുമായ കീടങ്ങളെ കൃഷിയിടത്തില്‍ത്തന്നെ കുടുക്കാനുള്ള എളുപ്പമാര്‍ഗമാണ് മഞ്ഞക്കെണി അഥവാ യെല്ലോ സ്റ്റിക്കി ട്രാപ്പ്.

കീടനാശിനി തളിച്ചാലും നശിക്കാത്ത കീടങ്ങളെ നിഷ്പ്രയാസം മഞ്ഞക്കെണിയില്‍ കുടുക്കാം. മഞ്ഞക്കെണിയില്‍ കുടുക്കാവുന്ന ശത്രുകീടങ്ങള്‍ ഏറെയുണ്ട്. വെള്ളീച്ച, മുഞ്ഞ, തുള്ളന്‍, ഇലപ്പേന്‍, ഉള്ളി ഈച്ച, പഴ ഈച്ച, വെള്ളരി വണ്ട്, മത്തന്‍ വണ്ട്, ഇലച്ചാടി, പുല്‍ച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പന്‍, കാബേജ് ശലഭം  കൊതുക്, കടന്നല്‍ തുടങ്ങി ഈ നിര നീളുന്നു. പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലുമാണ് ഇതിനുപയോഗം കൂടുതല്‍. ഇപ്പോഴാകട്ടെ പോളിഹൗസിലും മഞ്ഞക്കെണിക്ക് പ്രചാരം ഏറിവരുന്നു.

ഇലകള്‍ പച്ചനിറമായി കാണുന്നതിനു പകരം ചെറുപ്രാണികള്‍ പലപ്പോഴും ഇലയുടെ പ്രതലത്തില്‍നിന്നു പ്രതിഫലിക്കുന്ന തരംഗ ദൈര്‍ഘ്യം കൂടിയ മഞ്ഞയും നീലയും നിറങ്ങളാണ് കാണുക. അതുകൊണ്ടുതന്നെ മഞ്ഞക്കെണി കണ്ടാലും ഒരുകൂട്ടം പുതിയ പച്ചിലകളാണ് എന്നാണ് പാവം പ്രാണികള്‍ക്ക് തോന്നുക.

അതുകൊണ്ടാണ് മഞ്ഞക്കെണിയിലേക്ക് ആര്‍ത്തിയോടെ പറന്നെത്തുന്നത്.     ഇനി ഇതിന്റെ തന്നെ ചില വകഭേദങ്ങളും കൃഷിയിടത്തില്‍ നിലവിലുണ്ട്. ഇതിലൊന്നാണ് മഞ്ഞനിറമുള്ള വെള്ളക്കെണി. മുഞ്ഞകളാണിതിന്റെ ഗുണഭോക്താക്കള്‍. മഞ്ഞപ്പെയിന്റടിച്ച പാത്രം കണ്ട് സന്തോഷത്തോടെ എത്തുന്ന മുഞ്ഞകള്‍ പാത്രത്തില്‍ പാതി നിറച്ചിരിക്കുന്ന വെള്ളത്തിലേക്ക് വീണ് മുങ്ങിച്ചാകുകയാണ് പതിവ്.

മഞ്ഞനിറം പോലെ പ്രാണികളെ മഞ്ഞവെളിച്ചവും ഏറെ ആകര്‍ഷിക്കുന്നതായി കാണുന്നു. സാധാരണ മഞ്ഞ ബള്‍ബോ മഞ്ഞവെളിച്ചം പൊഴിക്കുന്ന എല്‍.ഇ.ഡി. ബള്‍ബോ കൊണ്ടുതന്നെ തയ്യാറാക്കുന്ന വെളിച്ചക്കെണികള്‍ ഇന്നുണ്ട്.

പച്ചക്കറിത്തോട്ടത്തിനു പുറമെ പഴത്തോട്ടത്തിലും തെങ്ങിന്‍തോപ്പിലും ഇതുപയോഗിക്കാം. വലിയ ഒരു പ്രാണിയെ കുടുക്കി നശിപ്പിച്ചാല്‍ തുടര്‍ന്നുവരുന്ന ഏതാണ്ട് 300400 കുഞ്ഞുങ്ങളെ കൊല്ലാന്‍ കഴിയും എന്ന നിലയ്ക്കാണ് ഇതിന്റെ ഉപയോഗം കണക്കാക്കിയിരിക്കുന്നത്.

അര ഏക്കറിന്  ഒരു വിളക്കുകെണി എന്നതാണ് കണക്ക്. പണ്ടുകാലത്ത് ഒരു വലിയ പാത്രം നിറച്ച്  വെള്ളവും അതിനുമീതെ മണ്ണെണ്ണ വിളക്കും കത്തിച്ചുവെച്ചു തയ്യാറാക്കിയിരുന്ന പുരാതന കെണിയുടെ പരിഷ്‌കൃത രൂപമാണ് ഇന്നത്തെ കെണികള്‍. ഇന്ന് ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന വിളക്ക് കെണികളും നിലവിലുണ്ട്. തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ ഇവ കത്തി നില്‍ക്കും.  വൈകുന്നേരം ആറുമുതല്‍ ഒമ്പതുവരെ പ്രാണികള്‍ വളരെ സജീവമാകുന്ന സമയത്താണ് കെണികള്‍ കത്തിച്ചുവെക്കുക. ജൈവകൃഷിയില്‍ മഞ്ഞക്കെണി ഒഴിച്ചുകൂടാനാവാത്ത ഘടകമാണിന്ന്. (ഫോണ്‍: 9447015939

വിള വര്‍ധനയ്ക്ക് 'വാം'

മണ്ണില്‍ ധാരാളമായി കാണുന്ന ഫോസ്‌ഫേറ്റുകളെ ലയിപ്പിക്കാന്‍ കഴിവുള്ള കുമിളാണ് 'വാം' എന്ന് ചുരുക്കത്തിലറിയപ്പെടുന്ന വെസിക്കുലര്‍ ആര്‍ബസ്‌കുലര്‍ മൈക്കോറൈസ

നമ്മുടെ മണ്ണില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ പ്രാഥമിക മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ധാരാളമുണ്ടെങ്കിലും അത് ഫോസ്‌ഫേറ്റുകളായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചെടികള്‍ക്ക് ലഭ്യമാകുന്നുള്ളൂ.

എന്നാല്‍ ഒരു ചെടിയുടെ ഊര്‍ജത്തിന്റെ മുഴുവന്‍ സ്രോതസ്സും ഫോസ്ഫറസ് ആയതുെകാണ്ട് കോശങ്ങളുടെ വളര്‍ച്ചയ്ക്കും വര്‍ധനയ്ക്കും പുഷ്പിക്കാനും വിത്തുണ്ടാകാനും ഈ പ്രാഥമിക മൂലകം കൂടിയേ തീരൂ. മണ്ണില്‍ ധാരാളമായി കാണുന്ന ഫോസ്‌ഫേറ്റുകളെ ലയിപ്പിക്കാന്‍ കഴിവുള്ള കുമിളാണ് 'വാം' എന്ന് ചുരുക്കത്തിലറിയപ്പെടുന്ന വെസിക്കുലര്‍ ആര്‍ബസ്‌കുലര്‍ മൈക്കോറൈസ. ഫോസ്ഫറസിന്റെ ലഭ്യത കൂട്ടുന്നതിനോടൊപ്പം പ്രതികൂല കാലാവസ്ഥയെയും രോഗാണുക്കളെയും ചെറുക്കുന്നതിനുള്ള കഴിവും 'വാം' ചെടികള്‍ക്ക് പ്രദാനം ചെയ്യുന്നു.

'വാം' സസ്യങ്ങളുടെ വേരുകളോട് ചേര്‍ന്നു മാത്രമേ പ്രവര്‍ത്തന നിരതമാകുകയുള്ളൂ. വിത്തില്‍ പുരട്ടിയും തവാരണകളില്‍ കൂടിയും കമ്പോസ്റ്റില്‍ ചേര്‍ത്തും വാം ഉപയോഗിക്കാം. നെല്ലറയില്‍ വിത്തു പാകുമ്പോള്‍ ചേര്‍ത്തു കൊടുത്താല്‍ തവാരണയില്‍ നിന്നും തൈകള്‍ പറിച്ചുനടുമ്പോള്‍ അവയുടെ വേരുകളില്‍ കൂടി മൈക്കോറൈസ കൃഷിയിടം മുഴുവന്‍ വ്യാപിപ്പിക്കാം. നേരിട്ട് വിത്തുപാകി വളര്‍ത്തുന്ന പച്ചക്കറികളില്‍ വിത്തുപാകുന്നതിനോടൊപ്പം കുഴിയൊന്നിന് 20 ഗ്രാം മൈക്കോറൈസയും ചേര്‍ത്ത് കൊടുക്കാം.

മൈക്കോറൈസ എന്ന വേരുകുമിള്‍ ചേര്‍ത്ത് കൃഷിചെയ്താല്‍ മരച്ചീനിയില്‍ 20 ശതമാനംവരെ വിളവര്‍ധന ഉറപ്പിക്കാമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ പഠനങ്ങള്‍ തെളിയിക്കുന്നു. വേരിനകത്ത് പരസ്പരസഹകരണത്തോടെയാണ് മൈക്കോറൈസയുടെ വാസം. ഗ്രീക്കുപദമായ മൈക്കോറൈസ എന്നാല്‍ വേരില്‍ (റൈസ) ജീവിക്കുന്ന കുമിള്‍ (മൈക്കോ) എന്നാണ് അര്‍ഥം. അന്നജത്തിനായി ചെടികളെ ആശ്രയിക്കുന്ന മൈക്കോറൈസ ധാരാളം പോഷകമൂലകങ്ങള്‍ തിരിച്ചുനല്‍കിയാണ് സഹവാസത്തിലേര്‍പ്പെടുന്നത്.

മൈക്കോറൈസ മണ്ണിലെ ഫോസ്ഫറസിന്റെയും സൂക്ഷ്മമൂലകങ്ങളുടെയും ലഭ്യത കൂട്ടുകയും ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. മൈക്കോറൈസയുടെ തന്തുക്കള്‍ വേരുകളെ അപേക്ഷിച്ച് നേര്‍ത്തതായതിനാല്‍ ജലവും മൂലകങ്ങളും വലിച്ചെടുക്കുന്നതിനുള്ള പ്രതലവും കൂടുന്നു. ഇലയില്‍ പ്രകാശസംേശ്‌ളഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു. ഫലം വേരുവളര്‍ച്ച വര്‍ധിക്കുന്നു. മരച്ചീനിയില്‍ കിഴങ്ങുകളുടെ എണ്ണവും വലിപ്പവും കൂട്ടാന്‍ മൈക്കോറൈസയ്ക്ക് കഴിയും. തണ്ടുമുറിച്ചുനട്ട് വളര്‍ത്തുന്ന മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗ വിളകളില്‍ അഞ്ച് ഗ്രാം മൈക്കോറൈസയാണ് തണ്ടില്‍ പുരട്ടേണ്ടത്. മൈക്കോറൈസ ഉപയോഗിച്ചപ്പോള്‍ 2 ടണ്‍ അധികവിളവ് ഒരേക്കറില്‍ നിന്നു ലഭിച്ചതായി മരച്ചീനി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രതിവര്‍ഷം 100 ടണ്‍ ജീവാണുവളം ഉത്പാദിപ്പിക്കുന്ന നമ്മുടെ നാട്ടില്‍ ശരിയായ രീതിയില്‍ പ്രയോഗിക്കുകയാണെങ്കില്‍ മണ്ണിന്റെ വളക്കൂറും ഉത്പാദന ക്ഷമതയും ഗുണമേന്മയും ഒപ്പം വിള വര്‍ധനയും ഉറപ്പിക്കാം. തിരുവനന്തപുരം പാറോട്ടുകോണത്തുള്ള ബയോഫെര്‍ട്ടിലൈസര്‍ ലാബില്‍ കിലോഗ്രാമിന് 50 രൂപ നിരക്കില്‍ വാം ലഭ്യമാണ്. (ഫോണ്‍: 04712530578).

വിത്ത് നടീലും തൈ സംരക്ഷണവും

ജൈവ കൃഷി രീതിയില്‍ മികച്ച വിത്തിനങ്ങള്‍ നല്ല പരിതസ്ഥിതിയില്‍ നട്ട് മുളപ്പിച്ച് പരിപാലിച്ചാലേ ചെടികള്‍ക്ക് ആരോഗ്യവും മികച്ച വിളവ് ലഭിക്കുകയും ചെയ്യൂ.

 

ഓരോ വിത്തും മുളയ്ക്കുന്നതും അത് സമൃദ്ധമായി വളരുന്നതും മികച്ച വിളവ് പ്രദാനം ചെയ്യുന്നതും നടീലിന്റെയും തൈ പരിചരണത്തിന്റെയും രീതിയുടെ മികവനുസരിച്ചാണ്. വിത്ത്  മുളപ്പിക്കാനും തൈകള്‍ നടാനും കര്‍ഷകര്‍ ഒരുക്കുന്ന ജൈവ പരിതസ്ഥിതിയും ഇതിനെ സ്വാധീനിക്കുന്നു.

ജൈവ കൃഷി രീതിയില്‍ മികച്ച വിത്തിനങ്ങള്‍ നല്ല പരിതസ്ഥിതിയില്‍ നട്ട് മുളപ്പിച്ച് പരിപാലിച്ചാലേ ചെടികള്‍ക്ക് ആരോഗ്യവും മികച്ച വിളവ് ലഭിക്കുകയും ചെയ്യൂ.

തടമൊരുക്കല്‍

ജൈവ കൃഷി രീതിയില്‍ തടമൊരുക്കലും നിലമൊരുക്കലും വാരം കോരലും അതിപ്രാധാന്യമര്‍ഹിക്കുന്നു. നിശ്ചിത അളവിലും നീര്‍വാര്‍ച്ചയിലുമുള്ള തടങ്ങളാണൊരുക്കേണ്ടത്.

പയര്‍, വെണ്ട, ചീര, തക്കാളി, വഴുതിന എന്നിവയുടെ കൃഷിക്ക് നീളത്തില്‍ രണ്ടടി വീതിയിലും ഒരടി ഉയരത്തിലുമുള്ള തടങ്ങളാണുത്തമം. മണ്ണ് കിളച്ച് പൊടിയാക്കി അതില്‍ അടിവളം വെണ്ണീര്‍ (കരിയില കത്തിച്ചത്, ചാരപ്പുളിയുള്ളതാവരുത്) എന്നിവ ചേര്‍ത്തൊരുക്കിയ മണ്ണാണ് തടമാക്കേണ്ടത്. പയര്‍പോലെ വള്ളിയായിപ്പടരുന്ന തൈകള്‍ നട്ട് പരിചരിക്കുമ്പോള്‍ അത് പടര്‍ന്നു കയറാനുള്ള സൗകര്യം കൂടി നാം കാണണം. തക്കാളി, വഴുതിന എന്നിങ്ങനെ താങ്ങു കൊടുക്കേണ്ടയിനങ്ങള്‍ക്ക് അതിനുള്ള സ്ഥലസൗകര്യം വാരങ്ങള്‍ക്കിടയില്‍ വേണ്ടത് അത്യാവശ്യമാണ്. രണ്ട് വാരങ്ങള്‍ക്കിടയില്‍ നടക്കാനും ജലസേചനത്തിനും കളപറിക്കാനും വളം നല്‍കാനുമുള്ള വഴി സൗകര്യം വേണം.

വെണ്ട, വഴുതിന പോലുള്ള പച്ചക്കറികള്‍ നടുമ്പോള്‍ ഇലകള്‍ തമ്മില്‍ കോര്‍ത്തുപോവാത്ത തരത്തില്‍ 2ത2 അടി അകലം തൈകള്‍ തമ്മില്‍ പാലിക്കണം. പയറിന്റെ തൈകള്‍ തമ്മിലും തടത്തില്‍ കുറഞ്ഞത് രണ്ടടിയെങ്കിലും അകലം ആവശ്യമാണ്.

കാബേജ്, കോളിഫ്‌ളവര്‍ എന്നിവയ്ക്ക് മൂന്നടി വീതിയിലും ഒരടി ഉയരത്തിലുമുള്ള നീളന്‍ തടങ്ങളെടുക്കാം. ഇതില്‍ വീതി ഭാഗത്തിന്റെ രണ്ടറ്റത്തും ഓരോ ചെടി വീതം നിരനിരയായി നട്ട് പരിചരിക്കാം.

തവാരണകളില്‍ മുളപ്പിച്ചെടുക്കുന്ന വിത്തുകള്‍ക്ക് തവാരണയൊരുക്കുന്നതിലും ശ്രദ്ധവേണം. അധികം ആഴത്തില്‍ വിത്ത് ആഴ്‌ത്തേണ്ടാത്തവയാണ് സാധാരണ നാം തവാരണകളില്‍ മുളപ്പിക്കാറ്. ചീര, തക്കാളി, വഴുതിന എന്നിവയും കാബേജ്, കോളിഫ് ളവര്‍, മുളക് എന്നിവയും ഇങ്ങനെ തവാരണകളില്‍ മുളപ്പിച്ചെടുക്കുന്നവയാണ്. നന്നായി വെയിലേല്‍ക്കുന്ന സ്ഥലത്താണ് തവാരണയൊരുക്കേണ്ടത്. കൃഷിഭൂമിയില്‍ നിന്ന് അല്പം ഉയരത്തില്‍ (അരയടി) ആണ് ഇതിന്  മണ്ണ് കൂട്ടേണ്ടത്. 3*3 അടി വിസ്താരത്തില്‍ തടം കൂട്ടിയതിന് ശേഷം അതിന്റെ മുകള്‍ ഭാഗത്തെ മണ്ണ് നന്നായി പൊടിയാക്കിയെടുക്കണം.

ചീര, തക്കാളി മുതലായവയുടെ വിത്തുകള്‍ ചെറുതായതിനാല്‍ മുളച്ച് പൊന്തുവാന്‍ പൊടിമണ്ണ് അത്യാവശ്യമാണ്. ഇങ്ങനെ പൊടിയാക്കിയ മണ്ണിലേക്ക് ചാണകപ്പൊടി വേപ്പിന്‍പിണ്ണാക്ക് പൊടിച്ചത് എന്നിവ ചേര്‍ക്കാം. നന്നായി നനച്ചതിന് ശേഷം അതിന് മുകളിലാണ് ചെറിയവിത്തുകള്‍ വിതറേണ്ടത്. ഇവ വിതറുന്നതിന് മുമ്പ് കുറച്ച് സ്യൂഡോമോണസ് പൊടിയുമായി കൂട്ടിക്കലര്‍ത്താം. കുറച്ച് മഞ്ഞള്‍ പൊടിയുമായി കൂട്ടിക്കലര്‍ത്തുന്നത് ഉറുമ്പ്, ചിതല്‍ എന്നിവ വിത്ത് കൊണ്ടുപോവുന്നത് തടയും. കുറച്ച് റവ അതായത് വിത്തിന്റെ മൂന്നിരട്ടിയിലധികം വിത്തുമായി കൂട്ടിക്കലര്‍ത്തി വിതറിയാല്‍ അത് മുഴുവന്‍ ഉറുമ്പ് കൊണ്ടുപോയതിന് ശേഷമേ വിത്തിനെ തൊടൂ. ആ സമയം കൊണ്ട് വിത്തിന് മുളപൊട്ടും. അങ്ങനെയും വിത്തിനെ രക്ഷിച്ചെടുത്ത് മുളപ്പിക്കാം.

തവാരണകളില്‍ മുളപ്പിച്ചെടുക്കുന്ന തൈകള്‍ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞശേഷം മാത്രമേ തടത്തിലേക്ക് പറിച്ചു നടാവൂ. അത് വൈകുന്നേരങ്ങളില്‍ മാത്രമേ മാറി നടാവൂ. നല്ല വെയിലേല്‍ക്കുന്ന സ്ഥലങ്ങളിലാണെങ്കില്‍ 'വാട്ടം' കുത്തുകയെന്നൊരു പരമ്പരാഗത രീതിയുണ്ട്. വലിയ ഇലകള്‍ പറിച്ചെടുത്ത് പുതുതായി നട്ട ചെടിക്ക് വെയിലേല്‍ക്കാതെ കുത്തിക്കൊടുക്കുന്നതാണിത്. പറിച്ച് മാറ്റിനടുന്നതിന് മുമ്പ് അഞ്ച് ഗ്രാം സ്യൂഡോമോണസ് കലക്കിയ ലായനിയില്‍ ചെടിയുടെ വേരുകള്‍ മുക്കുന്നത് വേഗം വേരുപിടിക്കാനും വളര്‍ച്ചയ്ക്കും സഹായിക്കും.

ചീര, തക്കാളി, വഴുതിന, കാബേജ്, കോളിഫഌര്‍, മുളക് എന്നിവയുടെ വേരുകള്‍ ലായനിയില്‍ മുക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള വെയില്‍ ലഭിക്കുന്ന തടത്തിലേക്കാണ് തൈകള്‍ മാറ്റി നടേണ്ടത്. ദിവസം രണ്ടുനേരം ചെറുതായി നനച്ചു കൊടുത്താല്‍ വേഗം വേരുപിടിക്കും. വേരുപിടിച്ചാല്‍ ഗോമൂത്രം പത്തിലൊന്നായി നേര്‍പ്പിച്ച് ചെടിക്ക് നല്‍കാം. വിത്ത് മുളപ്പിക്കാന്‍ വിതറിയാലും ഈര്‍പ്പം നിലനിര്‍ത്തണം. വിത്ത് വിതറിയ തവാരണയില്‍ പതുക്കെ കുടഞ്ഞോ മണ്ണിനെ മുട്ടിച്ച് ഒഴിച്ചോ ആണ് നനയ്‌ക്കേണ്ടത്. വേഗത്തിലും ശക്തിയിലും വെള്ളമൊഴിച്ചാല്‍ തവാരണകളില്‍ മുളപൊട്ടുന്ന മുളകള്‍ നശിച്ചുപോകും.

പടവലം, കയ്പക്ക, ചുരങ്ങ എന്നിങ്ങനെ പന്തലുകെട്ടി വളര്‍ത്തേണ്ടയിനങ്ങളും തടത്തില്‍ മുളപ്പിക്കാം. 3*3 വിസ്താരത്തിലുള്ള തടത്തില്‍ പരമാവധി നാല് തൈകള്‍ മാത്രം നട്ട് പരിചരിച്ചാല്‍ മതി. വിത്ത് നടുന്നതിന് മുമ്പ് സ്യൂഡോമോണസ് പൊടി കൊണ്ട് പരിചരിക്കാം. വിത്ത് നട്ടതിന് ശേഷം ഈര്‍പ്പം നിലനിര്‍ത്താന്‍ രാവിലെയും വൈകിട്ടും തുള്ളി നന നടത്താം. തടത്തില്‍ വെള്ളം കെട്ടി നിന്നാല്‍ വിത്ത് ചീഞ്ഞുപോവും. വിത്ത് മുളച്ച് മൂന്നാമത്തെ ഇല പൂര്‍ണമായും വിരിഞ്ഞാല്‍ മാത്രമേ ജൈവ വളങ്ങള്‍ വലിയ തോതില്‍ ചേര്‍ക്കാവൂ. അതുവരെ ഗോമൂത്രം, സ്‌ളറി എന്നിവ പത്തിലൊന്ന് നേര്‍പ്പിച്ച് തൈകള്‍ക്ക് ഒഴിക്കാം. തൈകളുടെ ചുറ്റുപാടുമാണൊഴിക്കേണ്ടത്. നേരെ ചുവട്ടിലൊഴിച്ചാല്‍ വേരിളകി തൈ ഉണങ്ങാനിടയാകും. ചെറിയ തൈകളെ കോഴികള്‍ മറ്റ് ജീവികള്‍ എന്നിവ നശിപ്പിക്കുന്നത് തടയാന്‍ കുലച്ചില്‍, ഓല എന്നിവ തടത്തിന് ചുറ്റും വെച്ച് സംരക്ഷണം നല്‍കാം.

മത്തന്‍, ഇളവന്‍, വെള്ളരി എന്നിവയ്ക്കും തടമെടുക്കുമ്പോള്‍ കരുതണം. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലമാണെങ്കില്‍ കൃഷി സ്ഥലത്ത് താഴ്ത്തി തടമെടുക്കാം. എളുപ്പം വെള്ളം കെട്ടിനില്‍ക്കുന്നയിടങ്ങളില്‍ ഒരടിയുയര്‍ത്തി വാരം കോരി തടമുണ്ടാക്കാം. തടമൊരുക്കിയതിന് ശേഷം വിത്ത് തുണിയില്‍ കെട്ടി ചാണകവെള്ളത്തില്‍ പുതിര്‍ത്തുവെച്ച് ചെറുതായി മുള പൊട്ടുമ്പോള്‍ നടുന്നതാണ് പരമ്പരാഗത രീതി. അങ്ങനെ നടുമ്പോള്‍ നമുക്ക് വിത്ത് നഷ്ടമാവാതെ സംരക്ഷിക്കാം. വിത്ത് നടുമ്പോള്‍ വൈകുന്നേരം തിരഞ്ഞെടുക്കാം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലമാണെങ്കില്‍ രാവിലെ നട്ടാല്‍  ഉച്ചവെയിലില്‍ വേരിന്റെ ഭാഗം വാടികരിഞ്ഞ് തൈ പിടിക്കാതെ പോവും. 3*3 വിസ്താരമുള്ള തടത്തില്‍ ഇവയും നാലില്‍ കൂടുതല്‍ നിര്‍ത്തരുത്. അധികമുള്ളതില്‍ കരുത്തില്ലാത്തതിനെ പറിച്ചു മാറ്റി വേറെ തടത്തില്‍ നടാവുന്നതാണ്. നാലാമത്തെ ഇല വിരിയുന്നതുവരെ ഇവയ്ക്കും മുള്ളുകൊണ്ടോ ഓലമടല്‍ കൊണ്ടോ സംരക്ഷണം നല്‍കാവുന്നതാണ്. ചില കര്‍ഷകര്‍ വെണ്ടയും പയറും ഇങ്ങനെ മുളപ്പിച്ച് നടാറുണ്ട്.

പോട്ടിങ്ങ് മിശ്രിതം നിറച്ച ട്രേകളിലും പ്ലാസ്റ്റിക് കവറുകളിലും വിത്തുകള്‍ നട്ട് മുളപ്പിച്ച് മാറ്റിനടാറുണ്ട്. അവ മൂന്നിലകള്‍ വന്നതിന് ശേഷമേ മാറ്റി നടാവൂ. ഇങ്ങനെ നടുമ്പോള്‍ പുതിയ മണ്ണില്‍ വേരുപിടിച്ചു വരുന്നത് വരെ തൈകള്‍ ശേഷിക്കുറവ് കാണിക്കാറുണ്ട്.

എന്തായാലും വിത്തുകളില്‍ നിന്ന് പരമാവധിയെണ്ണത്തിനെ സംരക്ഷിച്ച് മുളപ്പിക്കുകയും അവയെ തൈകളാക്കി വളര്‍ത്തി പരിപോഷിപ്പിക്കുകയുമാണ് ഉത്തമ കര്‍ഷകന്റെ കടമ. അതിന് ക്ഷമയും ശ്രദ്ധയും കഠിനാദ്ധ്വാനവും കൂടിയേ കഴിയൂ.

പച്ചക്കറിത്തൈകളില്‍ ഒട്ടുവിദ്യയുമായി റെജി

അഞ്ചുവര്‍ഷമായി രണ്ടേക്കര്‍ സ്ഥലത്ത് പയര്‍, പച്ചമുളക്, പടവലം, തക്കാളി, വഴുതിന തുടങ്ങിയവ ധാരാളം കൃഷിചെയ്തുവരുന്ന റെജി ആളോത്ത് ഇവയുടെ മികച്ച തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്നു.

പച്ചക്കറിക്കര്‍ഷകര്‍ക്കിടയില്‍ ഉത്പാദനക്ഷമതയേറിയ പുതിയ ഇനങ്ങള്‍ പ്രചാരണത്തിലെത്തിക്കഴിഞ്ഞു.

നാട്ടിലെ കാലാവസ്ഥയില്‍ ഇത്തരം തക്കാളി, പച്ചമുളക്, വഴുതന ഇനങ്ങള്‍ക്ക് വാട്ടരോഗം വ്യാപകമായി കാണാറുണ്ട്. ഇതിനുപരിഹാരമായി ഒട്ടുവിദ്യയിലൂടെ തൈകള്‍ തയ്യാറാക്കി കൃഷിചെയ്യുകയാണ് കോട്ടയം പാമ്പാടി  കുറ്റിക്കലെ റെജി ആളോത്ത് എന്ന കര്‍ഷകന്‍.

വാട്ടരോഗത്തെ പ്രകൃത്യാതന്നെ പ്രതിരോധിക്കുന്ന നാടന്‍ ചുണ്ട, കാന്താരി, വഴുതന വിത്തുകള്‍ ശേഖരിച്ച് പാകി കിളിര്‍പ്പിച്ച് ഒന്നരമാസത്തോളം വളര്‍ത്തി, സമപ്രായമുള്ള അത്യുത്പാദനം നല്‍കുന്ന തൈകള്‍ മുറിച്ച് അവയില്‍ ഒട്ടിച്ചെടുക്കുകയാണ് പതിവ്.

നാടന്‍തൈകളുടെ ചുവട്ടിലെ രണ്ടിലകള്‍ക്കുമുകളില്‍ തണ്ട് ബ്ലേഡ് ഉപയോഗിച്ച് കുറുകെ മുറിച്ചുമാറ്റുന്നു. ഇവിടം താഴേക്ക് പിളര്‍ന്നെടുക്കുന്നു. മികച്ച ഉത്പാദനം കിട്ടുന്ന തൈകള്‍ മുറിച്ച് ചുവട് ആപ്പുപോലെ ആക്കി നാടന്‍തൈകളുടെ വിടവില്‍  കടത്തിവെച്ച് പ്രത്യേകം ക്ലിപ്പിട്ട് എട്ടുദിവസം മിസ്റ്റ് ചേംബറില്‍ സൂക്ഷിക്കുന്നു. പൂര്‍ണമായും ഒട്ടിച്ചേര്‍ന്ന തൈകളുടെ ക്ലിപ്പ് മാറ്റി തോട്ടത്തില്‍ നേരിട്ടുനടുന്നു.

ശക്തിയോടെ വളരുന്ന ഈ ഒട്ടുതൈകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ പൂക്കള്‍ ഉണ്ടായിത്തുടങ്ങും. രണ്ടുവര്‍ഷംവരെ വാട്ടരോഗമൊന്നും ബാധിക്കാതെ വിളവുതരികയും ചെയ്യുമെന്ന് ഇദ്ദേഹം പറയുന്നു.

അഞ്ചുവര്‍ഷമായി രണ്ടേക്കര്‍ സ്ഥലത്ത് പയര്‍, പച്ചമുളക്, പടവലം, തക്കാളി, വഴുതിന തുടങ്ങിയവ ധാരാളം കൃഷിചെയ്തുവരുന്ന റെജി ആളോത്ത് ഇവയുടെ മികച്ച തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്നു. തോട്ടത്തിലെത്തുന്ന കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈകളുടെ ഒട്ടുസാങ്കേതികവിദ്യയില്‍ പരിശീലനവും നല്‍കുന്നുണ്ട്.
(റെജി ആളോത്ത് ഫോണ്‍: 9495064010).

ജാതി കൃഷിരീതി

 

 

 

സുഗന്ധവിളകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് ജാതി. ഒരു മരത്തില്‍നിന്നുതന്നെ കുരു, പത്രി എന്നീ രണ്ട് വിളവുകള്‍ കിട്ടുന്നുവെന്നതും പരിചരണം കുറച്ചുമതിയെങ്കിലും സമൃദ്ധമായി കായ്ഫലം ലഭിക്കുമെന്നതും ജാതിയെ വേറിട്ട കൃഷിയാക്കുന്നു. ഔഷധമൂല്യം നിറഞ്ഞ ജാതിക്കുരുവിനും പത്രിക്കും ഇപ്പോള്‍ കര്‍ഷകന് മികച്ച വില ലഭിക്കുന്നുണ്ട്.മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ്' എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്ന ജാതി ഉഷ്ണമേഖലാസസ്യമാണ്. കേരളത്തിലെ കാലാവസ്ഥ ജാതി കൃഷിക്ക് തികച്ചും അനുയോജ്യമാണ്.

'മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ്' എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്ന ജാതി ഉഷ്ണമേഖലാസസ്യമാണ്. കേരളത്തിലെ  കാലാവസ്ഥ ജാതി കൃഷിക്ക് തികച്ചും അനുയോജ്യമാണ്. എക്കല്‍ കലര്‍ന്ന മണ്ണാണ് കൃഷിചെയ്യാന്‍ കൂടുതല്‍ അനുയോജ്യമെങ്കിലും ജൈവവളങ്ങളും ജലസേചനവും നല്‍കിയാല്‍ എവിടെയും കൃഷിചെയ്യാം. ജാതിയില്‍ ആണ്‍, പെണ്‍ വൃക്ഷങ്ങള്‍ പ്രത്യേകമായി കാണുന്നു. പെണ്‍മരം മാത്രമേ ഫലം തരികയുള്ളൂ.

ജാതി വാണിജ്യമായി കൃഷിചെയ്യുമ്പോള്‍ ബഡ് തൈകളാണ് അനുയോജ്യം.  നല്ല വിളവുലഭിക്കുന്ന മാതൃവൃക്ഷങ്ങളില്‍നിന്ന് ബഡ് തൈകള്‍ തയ്യാറാക്കാം. കൂടകളില്‍ കിളിര്‍പ്പിച്ചെടുക്കുന്ന നാടന്‍ ജാതി തൈകളില്‍ ബഡ് ചെയ്‌തെടുക്കുകയാണ് പതിവ്. ഒരു വര്‍ഷത്തോളം പ്രായമായ ബഡ്  ജാതിത്തൈകള്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കാം. തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടിയെങ്കിലും അകലം പാലിക്കണം.

നാല് തെങ്ങിന് നടുവില്‍ ഒന്ന് എന്ന രീതിയില്‍ തെങ്ങിന് ഇടവിളയായും നടാം. റബ്ബര്‍ വിലയിടിവിനെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ റബ്ബര്‍  തോട്ടങ്ങളിലും കൃഷി ആരംഭിച്ചുകഴിഞ്ഞു. ജൈവവളങ്ങള്‍ ചേര്‍ത്താണ് തൈകള്‍ നടേണ്ടത്. മഴ ലഭ്യതയും ജലസേചനവും ഉറപ്പാക്കി ജാതി തൈകള്‍ കൃഷിചെയ്യാം.

ജാതികളില്‍ കാണുന്ന കുമിള്‍ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കുമിള്‍നാശിനികള്‍ തളിച്ചുകൊടുക്കുന്നത് നല്ലതാണ്. ബഡ് തൈകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും.

ഒരു ജാതിക്കായ വിളയാന്‍ ഒമ്പത് മാസമെടുക്കുമെങ്കിലും വര്‍ഷത്തില്‍ പലതവണ കായ്ക്കുന്നതിനാല്‍ എല്ലാകാലത്തും ഇവയില്‍നിന്ന് വിളവ് ലഭിക്കും. വിളഞ്ഞ് പൊട്ടിവീഴുന്ന ജാതിക്കുരുവും പത്രിയും ശേഖരിച്ചെടുക്കുകയാണ് വിളവെടുപ്പ് രീതി. കര്‍ഷകര്‍ക്കുതന്നെ ഇത് അനായാസം ചെയ്യാമെന്നതും ജാതിയെ വ്യത്യസ്തമാക്കുന്നു. ശേഖരിച്ച കായ്കളും പത്രിയും ഉണക്കി സൂക്ഷിക്കാം.
(ഫോണ്‍: 9745292354.)

മണ്ണറിഞ്ഞ് വിത്തെറിയാം

മണ്ണുപരിശോധനയ്ക്ക് സര്‍ക്കാര്‍ ഒട്ടേറെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന കൃഷിവകുപ്പിന് പുറമേ, സംസ്ഥാന മണ്ണ് പര്യവേക്ഷണസംരക്ഷണ വകുപ്പിനു കീഴിലും മണ്ണുപരിശോധനാ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു

മണ്ണ് സാമ്പിള്‍ എടുക്കുന്ന രീതിമണ്ണിന്‍ ഗുണമറിഞ്ഞതിനുശേഷം മാത്രം മതി, വിത്തിടല്‍. ഇത്, എല്ലാ കര്‍ഷകരും കര്‍ക്കശമാക്കിയാല്‍, മണ്ണില്‍നിന്ന് ഇപ്പോള്‍ കിട്ടുന്നതിന്റെ  ഇരട്ടി വിളവ് ലഭിക്കും. ആവശ്യമില്ലാതെ, രാസവളം വാരിയിടുന്ന പ്രവണത ഇതിലൂടെ ഒഴിവാക്കി, പണം ലാഭിക്കാം. മണ്ണുപരിശോധനയ്ക്ക് സര്‍ക്കാര്‍ നിരവധി സൗകര്യമാണ് നടപ്പാക്കിയിട്ടുള്ളത്. സംസ്ഥാന കൃഷിവകുപ്പിന് പുറമേ, സംസ്ഥാന മണ്ണ് പര്യവേക്ഷണസംരക്ഷണ വകുപ്പിനു കീഴിലും മണ്ണുപരിശോധനാ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. മണ്ണിന്റെ സമഗ്ര പരിശോധന വഴി മണ്ണിന്റെ സകല വിവരങ്ങളും കര്‍ഷകര്‍ക്ക് നല്‍കുന്ന 'മണ്ണാരോഗ്യകാര്‍ഡുകള്‍' മണ്ണുപര്യവേക്ഷണസംരക്ഷണവകുപ്പ് നല്‍കിവരുന്നുണ്ട്.  തിരുവനന്തപുരം കേന്ദ്ര സോയില്‍ അനലറ്റിക്കല്‍ ലാബ്, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ റീജ്യണല്‍ സോയില്‍ അനലറ്റിക്കല്‍ ലാബുകള്‍, പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലെ 'സോയില്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍', വയനാട്ടിലെ ഹൈടെക് ലാബ് എന്നിവയിലൂടെ മണ്ണുവിശകലന സാധ്യതകള്‍ ലഭ്യമാണ്. മണ്ണിന്റെ മഹത്ത്വമറിയാന്‍ 'സോയില്‍ മ്യൂസിയവും' തിരുവനന്തപുരത്തുണ്ട്.

മണ്ണു പരിശോധന നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ പലതാണ്.  ശരിയായി മണ്ണുസാമ്പിള്‍ ശേഖരിച്ച്, തണലില്‍ ഉണക്കി, ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്താണ് ലാബിലേക്ക് പരിശോധനയ്ക്കായി അയയ്‌ക്കേണ്ടത്.


മണ്ണ് പരിശോധന വഴി ലഭിക്കുന്ന വിവരങ്ങള്‍, ശാസ്ത്രീയമായി വിനിയോഗിച്ചാല്‍, നല്ല വിളവും,  നല്ല വരുമാനവും കര്‍ഷകര്‍ക്ക് ഉറപ്പാക്കാം.

സാമ്പിള്‍ ശേഖരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

  • കൃഷിയിടത്തെ മുഴുവന്‍ പ്രതിനീധീകരിക്കുന്ന തരത്തില്‍ സാമ്പിള്‍ ശേഖരിക്കണം.
  • കൃഷിയിടത്തില്‍, പലയിടത്തുനിന്നായി 1520 സ്ഥലങ്ങളിലെ മണ്ണുശേഖരിച്ച് സാമ്പിള്‍ ശേഖരിക്കണം.
  • അടുത്തസമയത്ത്, രാസവളമോ ജൈവവളമോ ചേര്‍ത്ത ഭാഗം, മഴവെള്ളം കെട്ടിനില്‍ക്കുന്ന ഭാഗം, ചതുപ്പ്, കമ്പോസ്റ്റ് കുഴി, ചാണകക്കുഴി, വലിയ വേരുള്ള ഭാഗം എന്നിവിടങ്ങളില്‍ നിന്ന് മണ്ണ് ശേഖരിക്കാന്‍ പാടില്ല.
  • മണ്ണ് സാമ്പിള്‍ ശേഖരിക്കാന്‍, തറഭാഗം വൃത്തിയാക്കി ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി'  ആകൃതിയില്‍, മണ്‍വെട്ടിയുപയോഗിച്ച് മണ്ണ് ശേഖരിക്കണം.
  • സൂക്ഷ്മമൂലകങ്ങള്‍ വിശകലനം ചെയ്യാന്‍  മണ്ണെടുക്കുന്നതിന് ഇരുമ്പായുധം ഒഴിവാക്കുന്നതാണ് നല്ലത്.
  • വി ആകൃതിയില്‍ വെട്ടിയ ഭാഗത്ത് മുകള്‍ ഭാഗത്തെ, മണ്ണ് നീക്കിയശേഷം, നിശ്ചിത ആഴത്തില്‍ മണ്ണ് ചുരണ്ടി ശേഖരിക്കണം. ഒരിഞ്ച് വീതിയിലാണ് മണ്ണ് വെട്ടിയെടുക്കേണ്ടത്.

 

  • ഹ്രസ്വകാല  വിളകള്‍, കൃഷിയിറക്കിവരുന്ന മണ്ണില്‍ ഒരടി താഴ്ചയില്‍ നിന്നും ദീര്‍ഘകാലവിളകള്‍ നട്ടിട്ടുള്ള മണ്ണില്‍ ഒന്നരയടി താഴ്ചയിലുമാണ് സാമ്പിള്‍ ശേഖരിക്കേണ്ടത്.
  • വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണ് സാമ്പിള്‍, ഒരു പോളിത്തീന്‍ ഷീറ്റിലോ, നല്ല  വൃത്തിയുള്ള തുണിയിലോ, വിരിച്ചശേഷം, മണ്ണിലെ കല്ല്, കളവിത്ത്, വേരിന്റെയംശം, ഇവ നീക്കിയിടണം.
  • സമചതുരത്തില്‍ മണ്ണ് സാമ്പിള്‍, നിരത്തി നാലാക്കി തിരിച്ച് എതിര്‍വശത്തുള്ള ഭാഗം നീക്കണം.  ഇങ്ങനെ പലപ്രാവശ്യം എതിര്‍ഭാഗം നീക്കി അരകിലോ മണ്ണുസാമ്പിള്‍ മാത്രം; തണലില്‍ ഉണക്കി, വിശദാംശങ്ങള്‍ അടങ്ങിയ കുറിപ്പോടെ ലാബുകളില്‍ നല്‍കിയാല്‍  മതി.

കര്‍ഷകന്റെ പേര്, വിലാസം, സര്‍വേനമ്പര്‍, വില്ലേജ്, സ്ഥല വിസ്തൃതി, ഇപ്പോള്‍ കൃഷിയിറക്കി വരുന്ന  വിളകളുടെ ലിസ്റ്റ് എന്നിവ  എഴുതിയ  കുറിപ്പ് നിര്‍ബന്ധമാണ്.

പേരയ്ക്കയുടെ രുചിയില്‍ കാബൂസി

 

പേരയുടെ അടുത്തബന്ധുവായ ബ്രസീലിയന്‍ ചെടിയാണ് 'കാബൂസി'. പറക്കും തളികയുടെ രൂപമുള്ള ചെറുകായ്കള്‍ ഉണ്ടാകുന്ന കാബൂസി കാഴ്ചയില്‍ കൗതുകം ജനിപ്പിക്കും. പേരക്കയുടെ തനതുരുചിയുള്ള കായ്കള്‍ പച്ചയ്ക്കും പഴുത്തും കഴിക്കാം. കേരളത്തിലെ കാലാവസ്ഥയിലും കാബൂസി വളരും. വിത്തുകള്‍ മുളപ്പിച്ചെടുക്കുന്ന തൈകളാണ് നടീല്‍വസ്തു. വെള്ളക്കെട്ടില്ലാത്ത, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നടാന്‍ തിരഞ്ഞെടുക്കണം.

വേനല്‍ക്കാലത്ത് ജലസേചനം അനിവാര്യമാണ്. അധികം ഉയരംവെക്കാതെ ധരാളം ശാഖകള്‍ വളരുന്ന സ്വഭാവമാണ് കാബൂസിച്ചെടിക്കുള്ളത്. വര്‍ഷം മുഴുവന്‍ കായ്ക്കുമെങ്കിലും വേനല്‍ക്കാലമാണ് പ്രധാന പഴക്കാലം. ബ്രസീലിയന്‍ മലയാളികള്‍ വഴി നാട്ടിലെത്തിയ കാബൂസിച്ചെടികള്‍ നാട്ടില്‍ ഫലംതന്നുതുടങ്ങിയിട്ടുണ്ട്.

മലബാറി, അട്ടപ്പാടി ആടുകള്‍

 

ഇന്ത്യന്‍ ജനുസ്സില്‍പ്പെട്ട ആടുകള്‍ 23 ഇനമാണ്. ഇതില്‍ കേരളത്തിലെ മലബാറി ആടുകളും അട്ടപ്പാടി ബ്ലാക്കും ഉള്‍പ്പെടും.

മലബാറി ആടുകള്‍

തലശ്ശേരി ആടുകള്‍ എന്നും അറിയപ്പെടുന്നു. കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ ഇവയെ കൂടുതലായി കണ്ടുവരുന്നതുകൊണ്ടാണ് ഈ പേരുവന്നത്. വിവിധ ആട് ജനുസ്സുകളുടെ സമ്മിശ്രമാണ് ഇവയെന്നാണ് അനുമാനിക്കുന്നത്. ഇവയ്ക്ക് ക്ഷീരോത്പാദനശേഷി, പ്രജനനക്ഷമത, രോഗപ്രതിരോധശേഷി എന്നിവ കൂടുതലാണ്. മലബാറി ആടുകളെ പലനിറത്തിലും കാണാം. തവിട്ട്, ചാരനിറം, കറുപ്പും വെളുപ്പും, മാന്‍നിറം എന്നിങ്ങനെയാണ് നിറങ്ങള്‍. കൊമ്പ് ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. ചെവികള്‍ നീളമുള്ളതാണ്.

ഉയരം ഏകദേശം 60 സെ. മീറ്റര്‍, തൂക്കം 30 കി. ഗ്രാം, ആണ്‍ ആടിന് 50 കി. ഗ്രാം വരെ തൂക്കം ഉണ്ടാകാം. 50 ശതമാനം ആടുകളും ഇരട്ടകളെ പ്രസവിക്കുന്നു. 25 ശതമാനം മൂന്നു കുട്ടികളെയും അഞ്ചു ശതമാനം നാലു കുട്ടികളെയും പ്രസവിക്കുന്നു. ദിവസം ശരാശരി 11.5 ലിറ്റര്‍ പാല്‍ നല്‍കും.
ഗര്‍ഭിണിയായി മൂന്നു മാസംവരെ കറക്കാം. രണ്ടു മാസം വിശ്രമത്തിനായി വിടണം. 612 മാസം പ്രായംവരെയുള്ള ആടുകള്‍ക്ക് 300400 ഗ്രാം തീറ്റയും 12 കി. ഗ്രാം പച്ചപ്പുല്ലും നല്‍കണം. പ്രായമുള്ളവയ്ക്ക്  200300 ഗ്രാം തീറ്റയും 23 കി.ഗ്രാം പച്ചപ്പുല്ലും നല്‍കാം. മുട്ടനാടുകള്‍ക്ക് 400500 ഗ്രാം തീറ്റയും 35 കി. ഗ്രാം പച്ചപ്പുല്ലും നല്‍കണം.
പ്രസവിച്ച കുട്ടികള്‍ക്ക് നാലു ദിവസംവരെ കന്നിപ്പാല്‍ നല്‍കാം. 90 ദിവസംവരെ പാല്‍ നല്‍കണം. രണ്ടാഴ്ച മുതല്‍ കുറേശ്ശയായി ആട്ടിന്‍ തീറ്റയും പച്ചപ്പുല്ലും കൊടുത്തുതുടങ്ങാം.

 

അട്ടപ്പാടി ബ്‌ളാക്ക്

പശ്ചിമഘട്ടത്തോട് ചേര്‍ന്നിരിക്കുന്ന അട്ടപ്പാടിയിലെ ഗോത്രവര്‍ഗക്കാരായ ഇറുലസ്, മുദുക്കാസ്, കുറുംബാ എന്നിവരാണ് ജീവിതമാര്‍ഗമായി അട്ടപ്പാടി ബ്‌ളാക്ക് ഇനങ്ങളെ വളര്‍ത്തിവന്നിരുന്നത്.
പാലക്കാടിെന്റ സ്വന്തമായ ഇടത്തരം വലിപ്പമുള്ള അട്ടപ്പാടി ബ്ലാക്കിന്റെ ശരീരം മെലിഞ്ഞതാണ്. കറുപ്പുനിറവും ചെമ്പിന്റെ നിറമുള്ള കണ്ണുകളും പ്രത്യേകതയാണ്. കൊമ്പുകള്‍ കറുത്തതും പിറകിലോട്ട് വളഞ്ഞിരിക്കുന്നതുമാണ്. ചെവികള്‍ കറുത്തതും പരന്നുതൂങ്ങിയതുമാണ്. പാലുത്പാദനം അല്പം കുറവാണെങ്കിലും ഇതിന്റെ മാംസത്തിനുവേണ്ടിയാണ് വളര്‍ത്തുന്നത്. രോഗപ്രതിരോധശക്തിയും ഏതുപ്രതികൂല കാലാവസ്ഥയിലും വളര്‍ത്താന്‍പറ്റുന്ന ഒരിനവുമാണ് 'അട്ടപ്പാടി ബ്‌ളാക്ക്'.

ചിപ്പിക്കൂണ്‍ കൃഷിയില്‍ അപൂര്‍വ നേട്ടവുമായി ഒരു വീട്ടമ്മ

ഷീലയുടെ കൂണ്‍പുരയില്‍ ഒറ്റമുളയില്‍ നിന്നുണ്ടായത് 450 ഗ്രാം ചിപ്പിക്കൂണ്‍. ഇത് അപൂര്‍വമാണെന്ന് കൂണ്‍ ഗവേഷണരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. പരമാവധി 300 ഗ്രാം ചിപ്പിക്കൂണേ ഒരു മുളയില്‍നിന്ന് ഉണ്ടാകാറുള്ളു.

ആധുനിക കൃഷിരീതി ഉപയോഗിച്ച് കൂണ്‍കൃഷിയില്‍ പീച്ചിയിലെ വീട്ടമ്മയായ ഷീല അനിലിന് അപൂര്‍വ്വ നേട്ടം. ഷീലയുടെ കൂണ്‍പുരയില്‍ ഒറ്റമുളയില്‍ നിന്നുണ്ടായത് 450 ഗ്രാം ചിപ്പിക്കൂണ്‍. ചിപ്പിക്കൂണ്‍ കൃഷിയില്‍ ഇത് അപൂര്‍വമാണെന്ന് കൂണ്‍ ഗവേഷണരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. പരമാവധി 300 ഗ്രാം ചിപ്പിക്കൂണേ ഒരു മുളയില്‍നിന്ന് ഉണ്ടാകാറുള്ളു.

ടെറസ്സില്‍ വെറുതെ കിടന്ന 1000 ചതുരശ്രയടി സ്ഥലത്ത്‌ െഹെടെക് കൂണ്‍പുര ഉണ്ടാക്കി ഹൈടെക് രീതിയിലുള്ള കൃഷി ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളമായി. തിരുവനന്തപുരം പ്ലാന്റേഷന്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് കൃഷി നടത്തുന്നത്.

പോളിഹൗസിനു സമാനമായതാണ് ഷീലയുടെ കൂണ്‍പുര. ഇരുമ്പുചട്ടക്കൂടിനു മുകളില്‍ ഇറക്കുമതി ചെയ്ത പ്രത്യേകതരം ഷീറ്റാണ് മേഞ്ഞിരിക്കുന്നത്. 200 മൈക്രോണ്‍ കനമുള്ള ഒരു വശം വെളുത്തനിറവും മറുവശം കറുത്ത നിറവുമുള്ള ഷീറ്റ് അള്‍ട്രാവയലറ്റ് രശ്മികളെ തടയുകയും കൂണ്‍പുരയിലെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു. കീടാക്രമണം തടയുന്നതിനും വായുസഞ്ചാരം ക്രമീകരിക്കുന്നതിനും ഉതകുന്ന പ്രത്യേകതരം വലകളാണ് കൂണ്‍പുരയുടെ നാലുവശവും മറയ്ക്കുന്നത്. ഊഷ്മാവ് കുറയ്ക്കുന്നതിനായി ഫോഗര്‍ യന്ത്രവും ഉണ്ട്.

സംസ്‌കരിച്ചെടുത്ത വൈക്കോലിലാണ് കൂണ്‍ തടങ്ങള്‍ ഉണ്ടാക്കുന്നത്. വൈക്കോല്‍ അണുവിമുക്തമാക്കുന്നതിനായി പുഴുങ്ങുകയോ ഫോര്‍മാലിന്‍ ചേര്‍ത്ത വെള്ളത്തില്‍ 24 മണിക്കൂര്‍ നേരം മുക്കിയിടുകയോ ചെയ്യും. ഇരുമ്പുവലയടിച്ച മേശയില്‍ നിരത്തിയിട്ട് വൈക്കോല്‍ ഉണക്കിയെടുക്കുന്നു. പോളിത്തീന്‍ കവറിനുള്ളില്‍ വൈക്കോല്‍ വട്ടത്തില്‍ ചുറ്റിവെയ്ക്കും. ഓരോ നിരയിലും കൂണ്‍വിത്ത് പാകും. ഇങ്ങനെ തയ്യാറാക്കുന്ന കൂണ്‍തടങ്ങള്‍ കൂണ്‍പുരയ്ക്കകത്തെ ഇരുട്ടുമുറിയില്‍ 10 ദിവസം കെട്ടിത്തൂക്കിയിടുന്നു.

അതിനുശേഷം വിളവെടുപ്പുമുറിയിലേക്ക് മാറ്റി നിരനിരയായി കെട്ടിത്തൂക്കിയിടും. അരമണിക്കൂര്‍ ഇടവിട്ട് ഓരോ തടവും നനച്ചുകൊടുക്കും. സ്‌പ്രെയര്‍ കൊണ്ടാണ് ഇത് ചെയ്യുന്നത്. കൂടാതെ ഫോഗറും പ്രവര്‍ത്തിപ്പിക്കും. 2022 ദിവസംകൊണ്ട് കൂണ്‍ വിളവെടുക്കാനാകും. സമീപപ്രദേശങ്ങളിലുള്ളവര്‍ക്കാണ് കൂണ്‍ വില്‍ക്കുന്നത്. പീച്ചി മുണ്ടേക്കുടിയില്‍ അനില്‍കുമാറിന്റെ ഭാര്യയാണ് ഷീല.

ഉറുമ്പിനെ അകറ്റാം

 

നൂറൂഗ്രാം വീതം ചാരം, കറിയുപ്പ് പൊടിച്ചത്, നീറ്റുകക്കപ്പൊടി എന്നിവ നന്നായി കലര്‍ത്തിയ ശേഷം ഉറുമ്പുകളുള്ള ഭാഗങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ പായിക്കും.

മീലിമൂട്ടയെ തുരത്താം

മീലിമൂട്ടയ്‌ക്കെതിരെ െബവേറിയാ ബാസിയാനാ, വെര്‍ട്ടിസീലിയം ലക്കാനി എന്നിവയുടെ പ്രയോഗം ഫലവത്താണ്. ഗുണമേന്മയുള്ള ഫോര്‍മുലേഷന്‍തന്നെ വാങ്ങാനും അതിരാവിലെയോ വൈകിട്ടോ ഇവ തളിക്കാനും ശ്രദ്ധിക്കണം.
ഇവയിലൊന്ന് അഞ്ചുമുതല്‍ എട്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്നതോതില്‍ ലയിപ്പിച്ച് വിളകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മീലിമൂട്ടകള്‍ക്കുമീതെ തളിക്കുക. ജീവാണു കീടനാശിനി അവയുടെ ശരീരത്തില്‍ പറ്റിയാലേ നിയന്ത്രണം സാധ്യമാവുകയുള്ളൂ.

കൂണ്‍ വിളവ് കൂട്ടാം

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂണിന്റെ വിളവ് കുറയാറുണ്ട്. കൂണ്‍ ഷെഡിനുള്ളില്‍ തണുപ്പുള്ള അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് ഇതിനു പോംവഴി. വൃത്തിയുള്ള ചാക്ക് നനച്ച് ഷെഡിനുള്ളില്‍ പലയിടത്തായി കെട്ടിത്തൂക്കുക, നിലത്ത് മണല്‍വിരിച്ച് അതു നനച്ചിടുക, ഹ്യുമിഡിഫയറോ എയര്‍കണ്ടീഷനോ ഉപയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനത്തിലൂടെ ഇതു പരിഹരിക്കാം.


വാണിജ്യകൃഷിയാണെങ്കില്‍ മാത്രം ഹ്യുമിഡിഫയറും, എ.സി.യും വെച്ചാല്‍ മതിയാകും. വീട്ടാവശ്യത്തിനുള്ള കൃഷിയാണെങ്കില്‍ ബെഡ് നനയ്ക്കുകയും നേരത്തേ പറഞ്ഞപ്രകാരം ചാക്കുകള്‍ നനച്ചുതൂക്കുകയും ചെയ്താല്‍മതി..

മുത്താറി കൃഷിയിലെ രവീന്ദ്രവിജയം

 

അധികമാരും കൈവച്ചിട്ടില്ലാത്ത മുത്താറി(റാഗി) കൃഷിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. അതില്‍ വിജയം കൊയ്യുകയും ചെയ്തു

പെന്‍ഷന്‍പറ്റി കഴിഞ്ഞാല്‍ പിന്നീടുള്ള സമയം വെറുതെയിരുന്ന് കളയാനുള്ളതല്ലെന്ന് തെളിയിക്കുകയാണ് കൂത്തുപറമ്പിനടുത്ത് കോട്ടയം കൂവപ്പാടിയിലെ തപസ്യയില്‍  കെ.രവീന്ദ്രന്‍. സര്‍ക്കാര്‍ ജോലിയോട് വിടപറഞ്ഞെങ്കിലും തന്റെ ഇഷ്ടമേഖലയായ കൃഷിയില്‍ രവീന്ദ്രന്‍ ഇന്ന് സക്രിയനാണ്. അഗ്‌നിശമന സേനയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസറായ രവീന്ദ്രന്‍ 2005 ലാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് തനിക്ക് സ്വന്തമായുള്ള 1.70 ഏക്കറില്‍ കൃഷി നടത്താനിറങ്ങി.അധികമാരും കൈവച്ചിട്ടില്ലാത്ത മുത്താറി(റാഗി) കൃഷിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. അതില്‍ വിജയം കൊയ്യുകയും ചെയ്തു.

കഴിഞ്ഞ മഴക്കാലത്താണ് 25 സെന്റ് സ്ഥലത്ത് മുത്താറി കൃഷി നടത്തിയത്.കോട്ടയം മലബാര്‍ കൃഷിഭവനില്‍ നിന്ന് ലഭിച്ച രണ്ട് കിലോ വിത്തുപയോഗിച്ചാണ് കൃഷിയിറക്കിയത്. കൃഷി ഓഫീസര്‍ യു.എന്‍.മീര കൃഷിക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ രവീന്ദ്രന് നല്‍കി.

ജൂണ്‍ രണ്ടാംവാരമാണ് വിത്ത് വിതച്ച് കൃഷിയാരംഭിച്ചത്. മൂന്നാഴ്ച കഴിഞ്ഞ് തൈകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തടങ്ങളില്‍ പറിച്ച് നട്ടു. 
ഡോളമൈറ്റ്, ചാണകപൊടി, മണ്ണിരകമ്പോസ്റ്റ്, എന്നിവ മാത്രം ഉപയോഗിച്ച് ജൈവരീതിയില്‍ കൃഷി പരിചരണം നടത്തി. ഗുണമേന്മയുള്ള ജൈവവളം ലഭിക്കാന്‍ വേണ്ടി മണ്ണിര കമ്പോസ്റ്റ് ടാങ്ക് നിര്‍മിച്ച് ആവശ്യത്തിനുള്ള വളവും ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. രോഗകീട ബാധകളൊന്നും മുത്താറി കൃഷിയെ ബാധിച്ചില്ലെന്ന് രവീന്ദ്രന്‍ പറഞ്ഞു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മഴ അല്പം ബാധിച്ചെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വിജമായിരുന്നെന്ന് രവീന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു.ഇടയകലമുള്ള തെങ്ങിന്‍ തോപ്പുകളിലും, തരിശ് പറമ്പുകളിലും ഏറെ പരിചരണമുറകളില്ലാതെ മഴയെ ആശ്രയിച്ച് മുത്താറി കൃഷി വിജയകരമായി നടത്താമെന്ന് ഇയാള്‍ പറയുന്നു

ജലസേചന വകുപ്പില്‍ നിന്ന് ടൈപ്പിസ്റ്റായി വിരമിച്ച് ഭാര്യ ഇ.പത്മിനിയാണ് കൃഷിയില്‍ രവീന്ദ്രന്റെ സഹായി. മുത്താറി കൃഷിക്ക് പുറമേ നല്ലയിനം തെങ്ങുകളും, കവുങ്ങും, നേന്ത്രന്‍, റോബസ്റ്റ, ഞാലിപൂവന്‍ എന്നീ വാഴകളും, വിവിധയിനം പച്ചക്കറികളും രവീന്ദ്രന്റെ കൃഷിതടത്തില്‍ ഇന്ന് സുലഭമായി വളരുന്നു

ഇവിടെയുണ്ട് ചീരഗ്രാമങ്ങള്‍

ഓരോ സീസണിലും വിറ്റഴിക്കുന്നത് പത്തുലക്ഷം രൂപയുടെ ചീര. ഈ ജില്ലയില്‍ മാത്രമല്ല, കണ്ണൂര്‍ ജില്ലയിലേക്കും മംഗളൂരിലേക്കുമെത്തുന്നു ഇവിടത്തെ ചീരകള്‍

നാ ട്ടിന്‍പുറങ്ങളില്‍ മിക്കയിടത്തും ചീരക്കൃഷിയുണ്ട്. എന്നാല്‍ നോക്കെത്താദൂരത്തോളം പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന ചീരത്തോട്ടങ്ങള്‍...അത്തരത്തില്‍ അനേകം തോട്ടങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങള്‍. ഇവ കാണണമെങ്കില്‍ കാഞ്ഞങ്ങാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെത്തിയാല്‍ മതി. ഓരോ സീസണിലും വിറ്റഴിക്കുന്നത് പത്തുലക്ഷം രൂപയുടെ ചീര. ഈ ജില്ലയില്‍ മാത്രമല്ല, കണ്ണൂര്‍ ജില്ലയിലേക്കും മംഗളൂരിലേക്കുമെത്തുന്നു ഇവിടത്തെ ചീരകള്‍. പച്ചച്ചീരയുമുണ്ട് പലയിടത്തും. പടന്നക്കാട് മുതല്‍ കൊളവയല്‍ വരെ നീളുന്നതാണ് ചീരഗ്രാമങ്ങള്‍.

തുലാമഴയ്ക്ക് പിന്നാലെ വയലുകളില്‍ ചീരക്കൃഷി തുടങ്ങും. വൃശ്ചിക തണുപ്പില്‍ തളിര്‍ത്ത് വളരും. 26 ദിവസം വരെയാണ് വളര്‍ച്ചാ കാലം. ഇത്തരത്തില്‍ മൂന്നു തവണയെങ്കിലും കൃഷി നടത്തുകയും വിളവെടുക്കുകയും ചെയ്യും. കുംഭച്ചൂട് കനക്കുന്നതോടെ ചീരക്കൃഷിക്കാര്‍ പിന്‍മാറും. കുടുംബശ്രീ യൂണിറ്റുകളാണ് പലയിടത്തും കൃഷിയിറക്കുന്നത്. കുടുംബശ്രീയില്‍ ഉള്‍പ്പെടാത്ത ചിലര്‍ ഒറ്റയ്ക്കും മറ്റു ചിലര്‍ കൂട്ടായും ഈ രംഗത്തുണ്ട്.

ഒരു ചീരക്കെട്ടിന് 13 മുതല്‍ 15 വരെയാണ് കര്‍ഷകര്‍ വിലയിടുന്നത്. വിപണിയില്‍ അത് 20 രൂപയ്ക്ക് കിട്ടുന്നു. സീസണായാല്‍ ഈ നാട്ടിലെ അടുക്കളയില്‍ ചീരവിഭവങ്ങള്‍ നിറയുമെന്ന് നാട്ടുകാരും പറയുന്നു.

കഴിഞ്ഞ വര്‍ഷം ചീരയിലയില്‍ വെള്ളക്കുത്ത് വീണ് എല്ലാം നശിച്ചിരുന്നു. വലിയ നഷ്ടമാണ് ഇവര്‍ക്കുണ്ടായത്. ഇക്കുറി അതിനുള്ള മുന്‍കരുതലെടുത്തു. വളര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ പ്രതിരോധം തീര്‍ത്ത് ജൈവ കീടനാശിനി പ്രയോഗിച്ചു. ഗോമൂത്രത്തില്‍ ശര്‍ക്കര ചാലിച്ചുണ്ടാക്കുന്ന പ്രത്യേക കൂട്ടാണ് ചീരയിലെ കീടങ്ങളെയകറ്റാന്‍ യോജിച്ച കീടനാശിനിയെന്ന് കര്‍ഷകര്‍ പറയുന്നു. പൂര്‍ണമായും ജൈവവളമാണ് ചീരയ്ക്കിടുന്നത്. വയലുകളില്‍ ചെറുതും വലുതുമായ തോട്ടങ്ങളുണ്. പാടശേഖരങ്ങള്‍ സ്വന്തമായുള്ളവരും അവ പാട്ടത്തിനെടുത്തും കൃഷി നടത്തുന്നു. ഓരോ തോട്ടത്തിനും സമീപത്തായി ഒരാള്‍ ആഴത്തില്‍ കുഴികുത്തിയിട്ടുണ്ടാകും. ആ കുഴിയില്‍ നിന്നാണ് ആവശ്യമായ വെള്ളം എടുക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് വെള്ളം നനയ്ക്കുന്നത്. ഉച്ചയ്ക്ക് ശേഷവും ചെറിയ തോതില്‍ വെള്ളം സ്‌പ്രേ ചെയ്യും

ചീര നാരുള്ള ഭക്ഷ്യോത്പന്നമാണ്. അതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള ദഹനത്തിന് ഉത്തമമാണിത്. ഇരുമ്പ്,പൊട്ടാസ്യം മുതലായ ധാതുക്കള്‍ ഇതിലുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചീര നല്ല ഔഷധമാണ്. ചീരയുടെ ചുവപ്പ് നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടും.

ബയോഫ്‌ളെവ്‌നോയിഡ്‌സ് എന്നറിയപ്പെടുന്ന ചീരയുടെ ഈ ചുവപ്പ് രക്തശുദ്ധീകരണവും ഉണ്ടാക്കും.
വെള്ളത്തിലലിയുന്ന വൈറ്റമിന്‍സ് ആണ് ചീരയിലേത്. അതുകൊണ്ടുതന്നെ ചീര കഴിക്കുമ്പോള്‍ വേഗത്തില്‍ നമുക്ക് വിറ്റമിന്‍സ് രക്തത്തില്‍ കലരുന്നു. 
ചീരയിലെ വിറ്റമിന്‍സ് വേഗം വെള്ളത്തിലലിയുന്നതിനാല്‍ അധികം വെള്ളമൊഴിച്ച് ഇത്  കഴുകുകയും ചെയ്യരുത്.

വിളയെ സഹായിക്കാന്‍ കള നിയന്ത്രണം

 

രാസകൃഷിയില്‍ യാതൊരു ഉപയോഗവുമില്ലാത്തതെന്ന് പറഞ്ഞ് പാടേ നശിപ്പിക്കുന്ന പലതരം കളകളും ജൈവകൃഷിയില്‍ നമുക്ക് സഹായികളാക്കി മാറ്റാം.

നല്ല വിളവ് ലഭിക്കാനും കൃഷി ആദായകരമായി മാറാനും കള നിയന്ത്രണം ജൈവകൃഷിയിലും അത്യന്താപേക്ഷിതമാണ്. കൃഷി ഭൂമികളില്‍ വിളകള്‍ക്കൊപ്പം വളരുന്ന ആവശ്യമില്ലാത്ത ചെറുചെടികളെയാണ് കളകള്‍ എന്ന് വിളിക്കുന്നത്. ഇവ മണ്ണില്‍ നിന്ന് പോഷകങ്ങളും മൈക്രോ ന്യൂട്രീഷ്യനുകളും കവര്‍ന്നെടുത്ത് വിളകള്‍ക്ക് കനത്ത നാശം ഉണ്ടാക്കുന്നു. ഇവ വളരെ വേഗം വളരുകയുംവര്‍ധിക്കുകയും ചെയ്യുന്നത് കൊണ്ട് ഇവയെ ജൈവപരമായി നിയന്ത്രിക്കുക പ്രയാസമാണ്. അതിനാല്‍ത്തന്നെ നല്ല മനുഷ്യപ്രയത്‌നം ആവശ്യമായി വരുന്നു. കളനിയന്ത്രണത്തിന് രാസ വസ്തുക്കള്‍ ഉപയോഗിക്കുന്ന രീതി വ്യപകമാണ്. മണ്ണൊരുക്കുമ്പോള്‍ തന്നെ മണ്ണിലേക്ക് സ്‌പ്രേചെയ്ത് കയറ്റുന്ന ഇത്തരം രാസകീടനാശിനികള്‍ മണ്ണിന്റെ ജൈവഘടനയെത്തന്നെ ഒന്നാകെ നശിപ്പിക്കുന്നു. കേരളത്തില്‍ കൃഷിഭൂമിയുടെ വിസ്തൃതികുറഞ്ഞു വരുന്നുണ്ടെങ്കിലും കളനാശിനിയും കീടനാശിനിയും ഉപയോഗിക്കുന്നതിന്റെ അളവ് വര്‍ധിക്കുകയാണ് ചെയ്യുന്നുത്.

കളകള്‍
മറ്റു സസ്യങ്ങളെ ഒതുക്കി മാറ്റി വളരെപ്പെട്ടെന്ന് വളരുന്ന ചെടികളെയാണ് പൊതുവേ, കളകളെന്ന് പറയാറ്. കമ്യൂണിസ്റ്റ് പച്ച, പാണല്‍, കോണ്‍ഗ്രസ് പച്ച, മലതാളിക്കീര, അമ്പൂരിപ്പച്ച, ആനകുറുന്തോട്ടി, നിലവേള, പൊലിവള്ളി, തൊട്ടാവാടി, ആനത്തൊട്ടാവാടി, തേല്‍ക്കട, കരിങ്കുറിഞ്ഞി, ചെമ്മുള്ളി, വെള്ളെരിക്ക്, ചിറ്റെരിക്ക്, കുറ്റിപ്പാണല്‍ എന്നിങ്ങനെയാണ് സാധാരണ പറമ്പുകളില്‍ കാണപ്പെടുന്ന കള സസ്യങ്ങള്‍ ഇവയില്‍ പലതിനും ആയുര്‍വേദപരമായി മികച്ച ഉപയോഗം കാണുന്നുവെങ്കിലും ഔഷധ സസ്യമെന്നതിലുപരി ഇവ വിളകളെ ദോഷകരമായി ബാധിക്കുന്നു എന്നതിനാലാണ് ജൈവകൃഷിയില്‍ ഇവയെ കളയായി ഗണിക്കാന്‍ കാരണം.

കവട്ട, തൊപ്പിപ്പുല്ല്, ഇഞ്ചിപ്പുല്ല്, കാക്കപ്പൂച്ചെടി, വൈസേലിയ, നെങ്ങണാംപുല്ല്, നീലവേള, പുല്ലാഞ്ഞി,മുടിയേന്ത്രപ്പച്ച, നരിപ്പൂച്ചി(നാറ്റപൂച്ചെടി), ചാര ആല്‍ഗ, മുങ്ങള്‍ എന്നിവയാണ് പ്രധാനമായും വയലുകളില്‍ കൃഷിയെ ബാധിക്കുന്ന കളകള്‍ ഇവയെ നിയന്ത്രിക്കാന്‍ വളരെയധികം ആയാസപ്പെടണം കാരണം ഇവയുടെ വിത്തുകള്‍ കാലങ്ങളോളം മണ്ണില്‍ കേടാകാതെ കിടക്കുന്നു. മാത്രമല്ല ഏത് സാഹചര്യത്തിലും മുളച്ച് പൊന്താന്‍ കെവല്‍പ്പുള്ളവയാണിവ. ഇവയെ നിയന്ത്രിക്കുന്നതെങ്ങനെയാണെന്ന് നോക്കാം.


കളനിയന്ത്രണം ജൈവരീതിയില്‍
സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് ഫാമിങ്ങില്‍ കളകള്‍ അനാവശ്യ ചെടികളായി അദ്ദേഹം ഗണിക്കുന്നില്ല. സ്വാഭാവിക രീതിയില്‍ ലഭിക്കുന്ന വിളയിലാണ് അദ്ദേഹത്തിന്റെ പരിഗണന എന്നാല്‍ ജൈവ കൃഷിയില്‍ കളകളെ നമുക്ക് അത്തരത്തില്‍ ഒഴിവാക്കിത്തള്ളാനാവില്ല കാരണം ഇവ വിളയുടെ ശത്രുക്കള്‍ തന്നെയാണ്.

കളനിയന്ത്രണം നാം മണ്ണൊരുക്കുമ്പോള്‍ത്തന്നെ തുടങ്ങണം. നിറച്ചും പുല്ല് നിറഞ്ഞു നില്‍ക്കുന്ന വയലുകളാണെങ്കില്‍ നന്നായി ട്രാക്ടറുപയോഗിച്ച് അടിച്ചതിന് ശേഷം പുല്ലുകള്‍ കത്തിക്കാം. അല്പം വെള്ളം നില്‍ക്കുന്ന വയലാണെങ്കില്‍ വെള്ളത്തോടുകൂടിത്തന്നെ ട്രാക്ടറാല്‍ അടിച്ച് ആ പുല്ല് അതില്‍ത്തന്നെ ചീയാനനുവദിക്കാം. അങ്ങനെയാണെങ്കില്‍ വെള്ളം വറ്റിക്കഴിഞ്ഞാല്‍ ഒരു പ്രാവശ്യം കൂടി കിളച്ച് അതില്‍ ചീയാതെ കിടക്കുന്ന ഇഞ്ചിപ്പുല്ല്, തൊപ്പിപ്പുല്ല് എന്നിവയുടെ കിഴങ്ങുകളെ പെറുക്കി മാറ്റണം അതിലെ നനവോടുകൂടി ത്തന്നെ സെന്റൊന്നിന് 10 കിലോ കുമ്മായം വിതറിയാല്‍ പുല്ലുകളുടെയും കളകളുടെയും വേരുകളും കിഴങ്ങുകളും  ചീയുന്നത് എളുപ്പത്തിലാക്കി മാറ്റാന്‍ കഴിയും.

ജൈവകൃഷിയില്‍ മനുഷ്യപ്രയത്‌നത്തിനാണ് കൂടുതല്‍ പ്രാധാന്യം അതിനാല്‍ നാം വിത്തിറക്കാന്‍ പോകുന്ന സ്ഥലത്തെ ഒരോതരിമണ്ണും നാം പരിശോധിച്ച് പുല്‍വേരുകള്‍ മാറ്റുക എത്തതിനാണ് പ്രഥമ പരിഗണന എന്നാലും പൂപ്പലുപോലുള്ള കളകളുടെയും മറ്റനവധി കള സസ്യങ്ങളുടെയും  രേണുക്കള്‍ (സ്‌പോര്‍) മണ്ണില്‍ സുഷ്പതിയില്‍ കിടന്ന് പീന്നീട് നനവ് പറ്റിയാല്‍  മുളച്ച് പൊന്തുന്നത് സാധാരണമാണ്. അങ്ങനെ വന്നാല്‍ അവ വലുതാവുന്നതിന് മുമ്പ് പറിച്ചുമാറ്റുകയാണ് നല്ലത്.

ചുവന്ന മണ്ണുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന പ്രധാന കളകളാണ് പനച്ചോത്ത്, നൊങ്ങനാം പുല്ല്, മുത്തങ്ങപ്പുല്ല് എന്നിവ ഇതില്‍ മുത്തങ്ങപ്പുല്ലിന്റെ കിഴങ്ങ് മണ്ണൊരുക്കുമ്പോള്‍ പെറുക്കി മാറ്റി അവ വീണ്ടും മുളയ്ക്കുന്നത് തടയാം. പനച്ചോത്തിനെ വെട്ടിമാറ്റാം. വേരോടെ പിഴുതാലും നന്ന്.

കളകളെ വിളസഹായിയാക്കാം
രാസകൃഷിയില്‍ യാതൊരു ഉപയോഗവുമില്ലാത്തതെന്ന് പറഞ്ഞ് പാടേ നശിപ്പിക്കുന്ന പലതരം കളകളും ജൈവകൃഷിയില്‍ നമുക്ക് സഹായികളാക്കി മാറ്റാം. കളകളുടെ വന്‍തോതിലുള്ള വളര്‍ച്ച കാണിക്കുന്നത് കൃഷിഭൂമിയിലെ വളത്തിന്റെയും  പോഷകത്തിന്റെയും അളവാണ്. കളകളെ പറിച്ച് അവ ചെടികളുടെ അടിയില്‍ത്തന്നെ പുതയിട്ട് അവയെ ജൈവവളമാക്കി മാറ്റാവുന്നതാണ്. ഓരോ തവണയും കളപറിച്ചതിന് ശേഷവും അവ പച്ചക്കറിച്ചെടികളുടെ അടിവശത്തിട്ട്  മണ്ണുകൊണ്ട് മൂടി നമുക്ക് പുതയൊരുക്കാം അതിന് മുമ്പ് അല്പം കുമ്മായം  പറച്ചിടുന്ന കളകളുടെ മുകളില്‍  വിതറുന്നത് ആ കളകള്‍ പെട്ടന്ന് അഴുകി മണ്ണുമായി ചേരാന്‍ സഹായിക്കുന്നു. ചെടികളുടെ ചുവട്ടില്‍ ഈര്‍പ്പം പിടിച്ചു നിര്‍ത്താനും ഇങ്ങനെ കളകള്‍ കൊണ്ട് പുതയിടുന്നത് സഹായിക്കുന്നു. ഇങ്ങനെ പുതയിടുമ്പോള്‍  കളകളുടെ വേരിന്റെ ഭാഗം മുറിച്ചുമാറ്റിയതിന് ശേഷം ഇലയും തണ്ടും മാത്രം ഇടുന്നതാണ് നല്ലത്. അങ്ങനെയാവുമ്പോള്‍ വീണ്ടും അവ മുളച്ചുപൊന്തില്ല. അവ ചീഞ്ഞ് പച്ചക്കറികള്‍ക്ക് വളമാകും.

കള മിത്രങ്ങള്‍
വൈസേലിയ എന്ന സാധാരണ ഈര്‍പ്പം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വളരുന്ന കളച്ചെടിയില്‍ മഞ്ഞ നിറത്തിലുള്ള പൂക്കളുണ്ടാകും ഇവ പച്ചക്കറിത്തോട്ടത്തില്‍ വരമ്പുകളില്‍ വളര്‍ത്തിയാല്‍ പൂമ്പാറ്റകളെ ആകര്‍ഷിക്കുകയും തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍ പഴുക്കളില്‍ നിന്ന്  വിളയെ രക്ഷിക്കുകയും ചെയ്യും.
സീനിയയെന്ന ധാരാളം പൂക്കളുണ്ടാവുന്ന മഞ്ഞനിറത്തിലും ഓറഞ്ച് നിറത്തിലും) ഒന്നര മീറ്റര്‍ വരെ ഉയരം വെക്കുന്ന കളച്ചെടിയും ഇതുപോലെ പൂമ്പാറ്റകളെ ആകര്‍ഷിച്ച്  വിളകളെ രക്ഷിച്ചെടുക്കുന്ന മിത്ര കളയാണ്. പല ജൈവ കര്‍ഷകരും ഇത്തരം ചെടികള്‍ വയല്‍ വരമ്പുകളില്‍ നട്ടുവളര്‍ത്താറുണ്ട്. ഉണ്ടച്ചെടി, ജമന്തി എന്നീ ഇനങ്ങളിലുള്ള ചെടികളെ ഇടവിളയാക്കിയാല്‍ ശത്രുകീടങ്ങളെ മെരുക്കാമെന്നതിലുപരി ഒരു വരുമാനമാര്‍ഗവുമായി മാറുന്നു.

മണ്ണില്‍ നിന്ന് കൃഷിച്ചെടികള്‍ വലിച്ചെടുക്കേണ്ട പോഷകങ്ങള്‍ വലിച്ചെടുത്ത് വളരുന്ന കളകള്‍ ശത്രുകീടങ്ങളുടെ ആവാസസ്ഥാനമായും പ്രവര്‍ത്തിക്കുന്നു. കീടങ്ങള്‍ കളകളില്‍ താമസിച്ച് തരം കിട്ടുമ്പോള്‍  വിളകളെ ആക്രമിക്കുന്നു. അതിനാല്‍ ജൈവകൃഷിത്തോട്ടങ്ങള്‍ വൃത്തിയാക്കിയും നിരന്തര പരിശ്രമത്താല്‍ കളകളെ പറിച്ചുമാറ്റിയും സംരക്ഷിക്കാം.

രാസ കീടനാശിനി ഉപയോഗിച്ച് കൃഷി ചെയ്യുന്ന കൃഷി ഭൂമിയുടെ വിസ്തൃതി 2012ല്‍ 1.087 ലക്ഷം ഹെക്ടറില്‍ നിന്ന് 2014ലെത്തുമ്പോള്‍ 13.58 ലക്ഷം ആയി മാറിയിരിക്കുന്നു. രാസകളനാശിനി ഉപയോഗിച്ച് കള നിയന്ത്രണം സാധ്യമാക്കിയ കൃഷിഭൂമിയുടെ അളവ് കുറയുന്നുവെങ്കിലും കളനാശിനിയുടെ ഉപയോഗത്തിന്റെ അളവ് കൂടിയാണ് വരുന്നുത്.

രാസകീടനാശിനിയും രാസവളവും നമ്മുടെ കൃഷിഭൂമിയെ നശിപ്പിച്ചതുപോലെത്തന്നെ രാസകളനാശിനികളും മണ്ണിന്റെ ജൈവാവസ്ഥ കവര്‍ന്നെടുത്ത് മണ്ണിനെ നശിപ്പിക്കുന്നു. ആയതിനാല്‍ പ്രകൃതിക്കിണങ്ങിയ രീതിയില്‍ അവയെ ജൈവപരമായി നിയന്ത്രിച്ചാല്‍ മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താം. ആയുര്‍വേദം പറയുന്നത് പോലെ ലോകത്തെ ഒരു ചെടിക്കും ഉപയോഗമില്ലാതില്ല ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാം സസ്യങ്ങളും ഉപകാരികളാണ്.

മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്തമം തേങ്ങാപ്പാല്‍

പശുവിന്‍പാലിനേക്കാള്‍ നല്ലതാണ് തേങ്ങാപ്പാല്‍. പശുവിന്‍പാലിലെ ലാക്‌ടോസ് പലര്‍ക്കും ദഹിക്കാറില്ല. എന്നാല്‍, തേങ്ങാപ്പാലിന് ഈ പ്രശ്‌നമില്ലെന്ന് പഠനങ്ങള്‍ പറയുന്നുകൊച്ചി: മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഏറ്റവും ഉത്തമപാനീയം  തേങ്ങാപ്പാലാണെന്ന് കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ തേങ്ങാപ്പാലിന് കൂടുതല്‍ പ്രചാരംനല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാളികേര വികസന ബോര്‍ഡ് (സി.ഡി.ബി.).

പശുവിന്‍പാലിനേക്കാള്‍ നല്ലതാണ് തേങ്ങാപ്പാല്‍. പശുവിന്‍പാലിലെ ലാക്‌ടോസ് പലര്‍ക്കും ദഹിക്കാറില്ല. എന്നാല്‍, തേങ്ങാപ്പാലിന് ഈ പ്രശ്‌നമില്ലെന്ന് പഠനങ്ങള്‍ പറയുന്നു. മുലപ്പാല്‍ കഴിഞ്ഞാലുള്ള മികച്ച ആരോഗ്യപാനീയമാണ് തേങ്ങാപ്പാലെന്ന് യു.എസ്. പോഷകാഹാര വിദഗ്ധന്‍ ഡോ. ജോഷ് ആക്‌സിന്റെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതായി സി.ഡി.ബി. ചെയര്‍മാന്‍ ടി.കെ. ജോസ് പറയുന്നു.

ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടിക്ക് മുലപ്പാല്‍ ലഭിക്കാത്തപ്പോഴോ കൂടുതല്‍ ആരോഗ്യപാനീയം നല്‍കേണ്ടതുള്ളപ്പോഴോ തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നതെന്ന് ഡോ. ആക്‌സ് പറയുന്നു. നാളികേര ജ്യൂസും തേങ്ങാപ്പാലും പ്രകൃതിദത്തമായ ആരോഗ്യപാനീയമായി ഉയര്‍ത്തിക്കാട്ടാനൊരുങ്ങുകയാണ് ബോര്‍ഡ്.

സി.ഡി.ബി.യുടെ കൊച്ചിയിലെ ഉത്പാദനകേന്ദ്രത്തില്‍ പാകംവന്ന നാളികേരത്തില്‍നിന്ന് ജ്യൂസ് ഉണ്ടാക്കുന്നുണ്ട്. മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്തിനകത്ത് ഈ ജ്യൂസ് വന്‍തോതില്‍ ഉത്പാദിപ്പിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.

നാളികേര ജ്യൂസില്‍ അടങ്ങിയിരിക്കുന്നത്

കൊളസ്‌ട്രോള്‍ ഇല്ല
100 മി.ലി.ല്‍ 75 കലോറി ഊര്‍ജം
കൊഴുപ്പ് 13 ശതമാനം വരെ 
കാര്‍ബോ ഹൈഡ്രേറ്റ് 1516 ശതമാനം

ചക്കക്കുരുകൊണ്ട് 'കാപ്പി'യും

 

ജാക്ക് സീഡില് നിന്നുണ്ടാക്കിയതിനാല് 'ജാഫി'യെന്നോ ചക്കക്കുരുവില്‌നിന്നായതിനാല് മലയാളത്തില് നാളെ 'ചാക്കി'യെന്നോ വിളിച്ചേക്കാവുന്ന പാനീയം


കാസര്‌കോട്: ഗബ്രിയേല് വെഗാസ് വീട്ടിലെത്തുന്നവര്ക്ക് ആദ്യം കുടിക്കാന് കൊടുക്കുന്നത് ഇതേവരെ പേരുവിളിച്ചിട്ടില്ലാത്ത പാനീയമാണ്. കുടിക്കുമ്പോള് അതിഥിയുടെ മുഖത്ത് ഭാവവ്യത്യാസമുണ്ടോ എന്ന് സൂക്ഷിച്ചുനോക്കുന്നു. കാപ്പി എങ്ങനെയെന്നു ചോദ്യവും. വളരെ നന്നായെന്ന മറുപടി കിട്ടുമ്പോള് ഗബ്രിയേലിന്റെ പൊട്ടിച്ചിരി.


ചക്കക്കുരുകൊണ്ടാണ് ഗബ്രിയേല് കാപ്പിയുണ്ടാക്കിയത്. പാലൊഴിച്ച കാപ്പി. ജാക്ക് സീഡില് നിന്നുണ്ടാക്കിയതിനാല് 'ജാഫി'യെന്നോ ചക്കക്കുരുവില്‌നിന്നായതിനാല് മലയാളത്തില് നാളെ 'ചാക്കി'യെന്നോ വിളിച്ചേക്കാവുന്ന പാനീയം. കര്ണാടക വനംവകുപ്പില്‌ െഡപ്യൂട്ടി കമ്മീഷണറായി കുടകില് ദീര്ഘകാലം പ്രവര്ത്തിച്ച ഗബ്രിയേലിന്റെ മൂഡബദ്രെയിലെ 35 ഏക്കര് തോട്ടത്തില് 16 ഏക്കര് റബ്ബറിനും അഞ്ചേക്കര് കവുങ്ങിനും പുറമെ ഇപ്പോള് എട്ടേക്കറില് അഞ്ഞൂറ് പ്ലാവുകളാണ് വളര്ന്നുകൊണ്ടിരിക്കുന്നത്.

ഫിലിപ്പൈന്‌സില് പരീക്ഷണാടിസ്ഥാനത്തില് ചക്കക്കുരുക്കാപ്പിയുണ്ടാക്കിയതിന്റെ അനുഭവങ്ങള് പത്രപ്രവര്ത്തകനായ ശ്രീപഡ്രെ വാട്‌സ് ആപ്പില് പ്രസിദ്ധപ്പെടുത്തിയത് വായിച്ചാണ് ഗബ്രിയേല് സ്വയം 'ജാഫി'യുണ്ടാക്കി കഴിക്കാന്തുടങ്ങിയത്. രുചിയിലും പോഷകത്തിലും മികച്ച കുറഞ്ഞവില മാത്രമുള്ള ചക്കയെ പ്രോത്സാഹിപ്പിക്കാന് ലോകത്തെങ്ങും പ്രവര്ത്തിക്കുന്ന ചക്ക ആക്ടിവിസ്റ്റുകളാകെ ചക്കക്കുരുവിന്റെ പുതിയ ഉപയോഗസാധ്യതയില് ആവേശഭരിതരാണെന്ന് ശ്രീപഡ്രെ പറയുന്നു.


ഫിലിപ്പൈന്‌സിലെ ഭക്ഷ്യശാസ്ത്രഗവേഷകരായ ജോണ് റായ് ബി.ഗുറ്റീസ്, ഡീന് ഒ.മിറാന്ഡ എന്നിവര് ചക്കക്കുരുക്കാപ്പിയെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‌നിന്നുള്ള പ്രചോദനമാണ് പുതിയ പാനീയനിര്മാണം  വ്യാപകമാക്കിയത്. മംഗലാപുരത്ത് നിട്ടെ യൂണിവേഴ്‌സിറ്റിയില് അധ്യാപകനായ എം.എസ്.റാവു, പത്‌നി നളിനി മയിലാങ്കൊടി, മുളിയാറിലെ വെങ്കിടകൃഷ്ണ ശര്മയുടെ മകന് രാധാകൃഷ്ണ തുടങ്ങിയവരെല്ലാം പരീക്ഷണാടിസ്ഥാനത്തില് 'ചക്കക്കുരു കാപ്പി'യുണ്ടാക്കി പരിചയപ്പെടുത്തുന്നുണ്ട്. ചക്കക്കുരുകൊണ്ടുള്ള പാനീയമുണ്ടാക്കാന് ജോണ് റായ് ബി.ഗുറ്റീസും ഡീന്.ഒ. മിറാന്ഡയും ചക്കക്കുരു രണ്ടുതരത്തിലാണ് സംസ്‌കരിച്ചത്. കുരു പുഴുങ്ങി വറുത്ത് പൊടിച്ചതും പുഴുങ്ങാതെ വെയിലത്തുണക്കി വറുത്ത് പൊടിച്ചതും. പുഴുങ്ങി വറുത്തത് പൊടിച്ചപ്പോള് കാപ്പിപ്പൊടിപോലെ നിറമുള്ള പൊടിയാണ് കിട്ടിയത്. ഉണക്കി വറുത്തുപൊടിച്ചതിന് ബ്രൗണ് നിറവും. മൂന്ന് കപ്പില് തിളച്ച വെള്ളമെടുത്ത് ആദ്യത്തേതില് പുഴുങ്ങിവറുത്തതിന്റെ മൂന്ന് ടീസ്പൂണ് പൊടിയും രണ്ടാമത്തേതില് ഉണക്കിവറുത്ത് പൊടിച്ചതിന്റെ മൂന്ന് ടീസ്പൂണും മൂന്നാമത്തേതില് സാധാരണ കാപ്പിപ്പൊടിയുടെ മൂന്ന് ടീസ്പൂണും ഇട്ടു. മൂന്ന് കപ്പിലും ഓരോ സ്പൂണ് പഞ്ചസാരയും.

ഈ പാനീയം കാപ്പിപ്രിയരായ 30 പേര്ക്ക് കുടിക്കാന് കൊടുത്ത് അഭിപ്രായമാരായുകയായിരുന്നു. ഏറ്റവും കൂടുതല്‌പേര് പ്രിയം പ്രകടിപ്പിച്ചത് പുഴുങ്ങി വറുത്തുപൊടിച്ച ചക്കക്കുരുവിട്ട പാനീയമാണ്. 6.60 പോയിന്റ്. ഉണക്കി വറുത്തതിന് 4.73 പോയിന്റ്. യഥാര്ഥ കാപ്പിക്ക് 4.97 പോയിന്റ്.   ചക്കക്കുരുപ്പാനീയം കാപ്പിക്കും ചായക്കും പകരംവെക്കാനാവുമെന്ന് അവകാശപ്പെടുന്നതോടൊപ്പം കൂടുതല് ഗവേഷണം നടത്താന് കാര്ഷിക സര്വകലാശാലകളും ഭക്ഷ്യശാസ്ത്രജ്ഞരും മുന്നോട്ടുവരണമെന്ന് അവര്‍ നിര്‌ദേശിക്കുന്നു.

ഔഷധസസ്യങ്ങള്‍ കണ്ടെത്താനും പരിപാലിക്കാനും കുട്ടിപ്പോലീസ്

 

 

കേരള വനംവന്യജീവി വകുപ്പ്, സാമൂഹിക വനവത്കരണവിഭാഗം എന്നിവയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്

ചാത്തന്നൂര്‍: ഔഷധസസ്യങ്ങള്‍ കണ്ടെത്താനും അവയെ സംരക്ഷിക്കാനും കുട്ടിപ്പോലീസ് രംഗത്ത്.

ചാത്തന്നൂര്‍ ഗവ. വി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിന് രംഗത്തെത്തിയത്. കേരള വനംവന്യജീവി വകുപ്പ്, സാമൂഹിക വനവത്കരണവിഭാഗം എന്നിവയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് സ്‌കൂളില്‍ നടത്തിയ പരിസ്ഥിതിദിന ക്യാമ്പിലാണ് 'മരങ്ങള്‍ പ്രകൃതിയുടെ സമ്പത്ത്' എന്ന സന്ദേശവുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. 
പരിസരങ്ങളില്‍ കാണുന്ന ഔഷധസസ്യങ്ങളെയും വൃക്ഷങ്ങളെയും കുറിച്ച് പഠിക്കാന്‍ ഫീല്‍ഡ് വിസിറ്റ് നടത്തി ഈ സംഘം കാവുകളും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച് അപൂര്‍വ്വമായി കാണുന്ന സസ്യങ്ങള്‍ കണ്ടെത്തി, അവയുടെ നാടന്‍പേരും ശാസ്ത്രനാമവും മനസ്സിലാക്കി, അവയുടെ ഗുണഫലങ്ങള്‍ വിശകലനം ചെയ്തു.

വംശനാശം വന്നുകൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളും മരങ്ങളും കണ്ടെത്തി അവയെ തരംതിരിച്ച് പട്ടിക തയ്യാറാക്കി അവയുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു. 
ചാത്തന്നൂരും പരിസരപ്രദേശങ്ങളിലുമായി ഇത്തരത്തിലുള്ള ഒട്ടേറെ സസ്യങ്ങളും വൃക്ഷങ്ങളും കണ്ടെത്തി. കേരള വനംവന്യജീവിവകുപ്പിലെ ഉദ്യോഗസ്ഥരായ ബാബു രാജേന്ദ്രന്‍, യേശുദാസന്‍, എസ്.സൈനുദ്ദീന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്കും പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കി.

സ്‌കൂള്‍ പ്രഥമാധ്യാപിക ഷേര്‍ളി, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്‍.അനില്‍കുമാര്‍, എ.സി.പി.ഒ. ലേഖ, ഫോറസ്റ്റ് ഓഫീസര്‍ എസ്.ബിജു, ഇന്‍സ്‌പെക്ടര്‍മാരായ അനില്‍ലാല്‍, ശോഭ എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.

 

പൊന്നാനിയില്‍ പൂവണിഞ്ഞ് നല്ലഭക്ഷണ പ്രസ്ഥാനം

മുരിങ്ങയില, വാഴക്കൂമ്പ്, കാളക്കൊമ്പന്‍വെണ്ട, ചെറുവഴുതിന, കുത്തരി, നാടന്‍കോഴിമുട്ട-ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി മാറുകയാണ് ഇവയെല്ലാം. മായംതെല്ലും ഒരിടത്തുനിന്ന് ഈ പ്രിയവിഭവങ്ങള്‍ വാങ്ങാനായാലോ. സന്തോഷം പകരുന്ന അനുഭവമാകും അത്. ഇനി കൃഷിപാഠങ്ങളും പഴയ ഭക്ഷണരീതികളും പഠിക്കണമെന്ന് തോന്നിയാലോ...അതിനുമുണ്ട് അവസരം. മലപ്പുറത്തെ പൊന്നാനിയിലെ ഒരുകൂട്ടായ്മ ഇവയെല്ലാം നമുക്ക് പരിചയപ്പെടുത്തും. മായത്തെ പടിക്കുപുറത്തുനിര്‍ത്തുന്ന ഈ കൂട്ടായ്മയുടെ  പേരുതന്നെ 'നല്ല ഭക്ഷണപ്രസ്ഥാനമെന്നാണ്. കര്‍ഷകര്‍ഷകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ കര്‍മ്മമേഖലകളിലുള്ളവര്‍ ഈപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായുണ്ട്. വീട്ടമ്മമാരും വിദ്യാര്‍ഥികളും യുവാക്കളുമെല്ലാം 

പൊന്നാനി പൊന്നണിയുന്നു

വിഷംതീണ്ടാത്ത കൃഷിയില്‍ തുടങ്ങുന്നു നല്ല ഭക്ഷണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍. തരിശ്ശുകിടന്നിരുന്ന പൊന്നാനിയിലെ പാടശേഖരങ്ങളിലേറെയും ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനംകൊണ്ട് പൊന്നണിഞ്ഞു. ജൈവരീതിയിലാണ് കൃഷിയെല്ലാം. നെല്‍ക്കൃഷി കഴിഞ്ഞാലുടന്‍ വയലേലകള്‍ എള്ളിനും പയറിനും വഴിമാറും. ചേറ്റാടിയും ചെങ്കഴമയും കുറുവയും തവളക്കണ്ണനുമെല്ലാം പൊന്നാനിയിലെ നിലങ്ങളില്‍ ഇപ്പോള്‍ സമൃദ്ധി തീര്‍ക്കുന്നു. പുതുതലമുറയ്ക്ക് പരിചയമില്ലാത്ത വിത്തിനങ്ങള്‍ ഇന്ന് ഈ നാടിന് അന്യമല്ല.  നഗരസഭയിലെ അഞ്ഞൂറോളം വീടുകളില്‍ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറിക്കൃഷിയുണ്ട്. കൃഷിയില്‍ തുടര്‍ച്ചയായ പരിശീലനം സംഘടന നല്‍കുന്നു. ഓരോ മാസവും എന്തെല്ലാം കൃഷി ചെയ്യാം, നടീല്‍രീതികള്‍ വളപ്രയോഗം എന്നിവയെപ്പറ്റിയുള്ള ബോധവത്കരണവുമുണ്ട്. പ്രചാരണത്തിന് നവമാധ്യമങ്ങളുടെ പിന്തുണയും പ്രയോജനപ്പെടുത്തുന്നു.  വാട്‌സ് ആപ്പിലൂടെയും മറ്റും കൃഷിയറിവുകള്‍ പങ്കുവയ്ക്കുകയും ചെയ്യും.

വ്യത്യസ്തം ഈ നാട്ടുചന്ത

പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സ്ഥിരം വിപണനകേന്ദ്രവും വ്യത്യസ്തമാണ്. നാടുകടന്നെത്തുന്ന പച്ചക്കറികള്‍ക്ക് ഇവിടെ ഇടമില്ല. ഓമയ്ക്കയും കോവയ്ക്കയും പയറും വെണ്ടയുമടക്കം പൊന്നാനിയിലും പരിസരത്തും വിളഞ്ഞ കായ്കറികളെല്ലാം ഇവിടെ വാങ്ങാന്‍ കിട്ടും. പ്രദേശത്തെ കര്‍ഷകരില്‍നിന്നാണ് ഇവയെല്ലാം ശേഖരിക്കുക. നാടന്‍വിഭവങ്ങള്‍ പാചകംചെയ്യാന്‍ അറിയാത്തവര്‍ക്ക് പാചകരീതികള്‍ പരിചയപ്പെടുത്തുകയും ചെയ്യും. കര്‍ക്കടകത്തിലെ പത്തിലക്കറി അങ്ങനെ പുതുതലമുറയ്ക്കും രുചികരമായ വിഭവമായി. തഴുതാമയും ചേമ്പിലയും മത്തയിലയും കുമ്പളയിലയും പയറിലയും ചീരയും വേലിച്ചീരയും മണിത്തക്കാളിയിലയും മുത്തിളിലയും പാഴാക്കാനുള്ളതല്ലെന്ന് പൊന്നാനിക്കാര്‍ക്ക് ഇപ്പോള്‍ ബോധ്യമാണ.് നാട്ടുമാങ്ങകളുടെ പ്രദര്‍ശനവും
ചക്കയുത്പന്നമേളയുമായി നല്ലഭക്ഷണപ്രസ്ഥാനം പ്രവര്‍ത്തനമേഖലയില്‍ എന്നും സജീവമാണ്.  

കൃഷി, പരിസ്ഥിതിസംരക്ഷണം

കൃഷിയിലും ആരോഗ്യസംരക്ഷണത്തിലും പരിസ്ഥിതിസംരക്ഷണത്തിലും നല്ലഭക്ഷണപ്രസ്ഥാനം ശ്രദ്ധവയ്ക്കുന്നു. പ്രകൃതിക്കിണങ്ങുന്ന കൃഷിക്കാണ് പ്രാധാന്യം നല്‍കുന്നത്. വിത്തിന്റെയും വളത്തിന്റെയും പരിപാലനത്തിന്റെയും വില്‍പ്പനയുടെയും കാര്യത്തില്‍ കര്‍ഷകര്‍ ഇവിടെ സ്വയംപര്യാപ്തതയിലാണ്. മികച്ച വിളവ് ലഭിക്കുന്ന കൃഷിരീതികള്‍ അവര്‍ക്ക് പരിചിതവുമാണ്. കീടാണുനിയന്ത്രണത്തിനും ജൈവരീതികള്‍ ഉപയോഗപ്പെടുത്തും. പരിസ്ഥിതിമലിനീകരണത്തിനെതിരെ പ്രചാരണപരിപാടികളും പ്രസ്ഥാനം നടത്തുന്നുണ്ട്. നാടന്‍വിത്തുകളുടെ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. കൃഷിചെയ്യുന്ന കുട്ടിക്കര്‍ഷകരുടെ സംഗമവും സംഘടിപ്പിക്കാറുണ്ട്. വിവിധയിനം കിഴങ്ങുവര്‍ഗങ്ങളും കൃഷിരീതികളും കര്‍ഷകര്‍ക്ക് പരിചിതമാണ്. നെല്‍വയല്‍ നികത്തുന്നതിനെതിരെ ശക്തമായ നിലപാടുകള്‍ നല്ലഭക്ഷണപ്രസ്ഥാനം കൈക്കൈാള്ളുന്നു.

ഇവിടെകിട്ടും നല്ല അവില്‍

വിളവെടുക്കുന്ന നെല്ലിന്റെ ഒരുഭാഗം കുടുംബശ്രീ യൂണിറ്റുകള്‍വഴി അവിലാക്കിമാറ്റും. 'നല്ല അവില്‍' ഇപ്പോള്‍
കടല്‍ കടന്നും രുചിയുടെ പര്യായമായി മാറുകയാണ്.

പനിമഹോത്സവം

ഡെങ്കിപ്പനിയും എലിപ്പനിയും ചിക്കുന്‍ഗുനിയയും പേടിപ്പെടുത്തുന്ന കാലത്തും നല്ല ഭക്ഷണപ്രസ്ഥാനം പ്രതിരോധപ്രചാരണപരിപാടികള്‍ക്ക് മുന്നിട്ടിറങ്ങി. പനിഭീതി പരത്തി വിഷമരുന്നുകള്‍ തീറ്റിക്കുന്നതിനെതിരെ പനിമഹോത്സവം എന്ന പരിപാടിതന്നെ സംഘടിപ്പിച്ചു. ആരോഗ്യഗ്രാമസഭയെന്ന ആശയവും നല്ലഭക്ഷണപ്രസ്ഥാനം പ്രാവര്‍ത്തികമാക്കി.

വെച്ചൂര്‍ പശു അപൂര്‍വജീവിയല്ല

നാടന്‍പശുക്കളുടെ സംരക്ഷണത്തിനും പ്രസ്ഥാനം മുന്നിട്ടിറങ്ങുന്നു. വെച്ചൂര്‍ പശുവും കാസര്‍കോടന്‍ ഡ്വാര്‍ഢും ഗുജറാത്തിലെ ഗിര്‍ പശുവുമെല്ലാം പൊന്നാനിയില്‍ ഇപ്പോള്‍ അപൂര്‍വകാഴ്ചകളല്ല. നാടന്‍കോഴിയിനങ്ങളും സുലഭം. കൃഷിക്കാവശ്യമായ വളം കാലിവളര്‍ത്തലിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം.

ഡോ. എം.സിജിന്‍, ഇ.ഇബ്രാഹിം, വി.പി.ഗംഗാധരന്‍, രജീഷ് ഊപ്പാല, ഡോ. ശംഭു നമ്പൂതിരി, എ.ആര്‍.അമ്പിളി, ഗീത, വി.അശോകകുമാര്‍, എ.രാജന്‍, സുരേഷ് വെറ്റ് ലാന്‍ഡ് തുടങ്ങിയവരാണ് നല്ലഭക്ഷണപ്രസ്ഥാനത്തിന്  നേതൃത്വം നല്‍കുന്നത്.

വിളകൾക്കും വേണം കാത്സ്യം

കാത്സ്യം എന്നാൽ, നമുക്ക്‌ പല്ലുകളുടെയും എല്ലുകളുടെയും ഉറപ്പാണ്‌. സസ്യങ്ങളുടെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. കോശഭിത്തിയുടെ നിർമാണത്തിനും കോശവിഭജനത്തിനും കാത്സ്യം വേണം. കാത്സ്യംപെക്‌റ്റേറ്റ്‌ സംയുക്തങ്ങൾ കോശഭിത്തിക്ക്‌ ഉറപ്പുനൽകുന്നു. ചെടികളിലെ എൻസൈമിന്റെയും ഹോർമോണിന്റെയും പ്രവർത്തനത്തിൽ ഇതിന്‌ പ്രധാനപങ്കുണ്ട്‌.
സസ്യങ്ങളിലെ അമ്ല അയോണുകളെ  തുലനം ചെയ്യാനും കാത്സ്യത്തിന്‌ കഴിയും. വരൾച്ചയെ ചെറുക്കാൻ വിളകളെ പ്രാപ്തമാക്കുന്നതിൽ പൊട്ടാസ്യത്തെപ്പോലെ കാത്സ്യത്തിനും പങ്കുണ്ട്‌.
കായുടെ രുചികൂട്ടാനും കാത്സ്യത്തിന്‌ കഴിയും. വേരുകളുടെ വളർച്ചയ്ക്കും വിത്തിന്റെ ഗുണത്തിനും ഇത്‌ വേണം. കാത്സ്യത്തിന്റെ കുറവ്‌ പുതുനാമ്പുകളിലും വേരുകളിലുമാണ്‌ ആദ്യം പ്രത്യക്ഷപ്പെടുക.

വേര്‌ മുരടിക്കലും കൂമ്പിലയുടെ അറ്റംമുതൽ കരിഞ്ഞുതുടങ്ങുന്നതും കാത്സ്യത്തിന്റെ അഭാവലക്ഷണമാണ്‌. പുതിയ ഇലകളുടെ വലിപ്പംകുറഞ്ഞ്‌ ആകൃതിയിൽ വ്യത്യാസംവരും. വാഴയിൽ കൂമ്പില തുറന്നുവരാൻ വൈകുന്നതും തക്കാളിയിൽ കായയുടെ അറ്റം വട്ടത്തിൽ കരിയുന്നതും നെല്ലിൽ വേരുവളർച്ച മുരടിക്കുന്നതും നമ്മുടെ നാട്ടിൽ സ്ഥിരംകാണുന്ന കാഴ്ചയാണ്‌.
ഒലിച്ചുപോകുന്ന മണ്ണിനോടൊപ്പം ക്ഷാരസ്വഭാവമുള്ള മൂലകമായ കാത്സ്യവും നഷ്ടപ്പെടുന്നു. പുളിരസം കൂടിയ നമ്മുടെ മണ്ണിൽ കാത്സ്യം തീരെ ഇല്ലെന്നുതന്നെ പറയുന്നതാണ്‌ ശരി.
മഗ്നീഷ്യത്തിനും സൾഫറിനുമൊപ്പം കാത്സ്യം സെക്കൻഡറി അഥവാ  ദ്വിതീയമൂലകത്തിൽപ്പെടുന്നു.

നൈട്രജൻ, ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ എന്നീ പ്രാഥമിക മൂലകങ്ങൾക്ക്‌ ഏറെ പ്രാധാന്യം നൽകി കൃഷി ചെയ്യുന്നതിനിടയിൽ ദ്വിതീയ മൂലകങ്ങളും സൂക്ഷ്മമൂലകങ്ങളും എന്തിന്‌ ജൈവവളങ്ങൾപോലും ഒഴിവാക്കിയാണ്‌ നമ്മൾ മുന്നോട്ടുപോകുന്നത്‌. അളവ്‌ കുറച്ചുമതി എന്ന ഒറ്റക്കാരണംകൊണ്ടാണ്‌  കാത്സ്യം രണ്ടാംസ്ഥാനക്കാരനായത്‌.
മണ്ണിന്റെ പുളിരസം മാറ്റാൻ ശരിയായ അളവിലും രീതിയിലും കുമ്മായവസ്തുക്കൾ ചേർത്താൽതന്നെ കാത്സ്യപ്രശ്നത്തിന്‌ പരിഹാരമാകും. പുളിരസം കുറയുന്നതോടൊപ്പം കാത്സ്യവും ലഭിക്കുന്നുവെന്നതാണ്‌ അധികമേന്മ. കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സംയുക്തമായ ഡോളമൈറ്റ്‌ കുമ്മായവസ്തുവായി തിരഞ്ഞെടുക്കുന്നത്‌ ഏറെ അഭികാമ്യം.
നെൽകൃഷിയിൽ ആദ്യ ഉഴവുചാലിനൊപ്പം 10 സെന്റിന്‌ 14 കിലോഗ്രാം,  പറിച്ചുനട്ട്‌ ഒരു മാസത്തിനുശേഷം വീണ്ടും 10 കിലോഗ്രാം -ഇതാണ്‌ കുമ്മായ പ്രയോഗരീതി. തെങ്ങൊന്നിന്‌ കാലവർഷത്തിന്റെ തുടക്കത്തിൽത്തന്നെ തടം തുറന്ന്‌ രണ്ടുകിലോഗ്രാം വരെ കുമ്മായം ചേർക്കണം.

കമുകിനും കുരുമുളകിനും അരക്കിലോഗ്രാം മതിയാകും. പച്ചക്കറിയിൽ ആദ്യ ഉഴവുചാലിൽ സെന്റൊന്നിന്‌ രണ്ടുകിലോഗ്രാം കുമ്മായം വേണം. ഗ്രോബാഗിലേക്കാണെങ്കിൽ 200 ഗ്രാം വരെ കുമ്മായമാകാം. വാഴയിൽ കുഴിയെടുത്ത ഉടനെ 300 ഗ്രാമും പിന്നീട്‌ ഒരുമാസത്തെ ഇടവേളകളിൽ 250 ഗ്രാം കുമ്മായം മൂന്നുതവണയെങ്കിലും നൽകണം. കാത്സ്യം ആവശ്യത്തിന്‌ ലഭിക്കുന്ന വിളകളിൽ കീടരോഗബാധ കുറയുമെന്നതാണ്‌ പുതിയ കണ്ടെത്തൽ.

അനശ്വര കാടകള്‍... വീടിന്റെ പൂമുഖത്ത്

 

പ്രത്യേകം രൂപകല്‍പ്പനചെയ്ത ഗാര്‍ഹിക കൂടുകള്‍ കാടകളെ പാര്‍പ്പിക്കുവാനും ഉടമകള്‍ക്ക് പരിചരണം ലഘുവാക്കാനും അനുയോജ്യമാണ്. ഗ്രാമങ്ങളില്‍ തളച്ചിടപ്പെടുന്ന കോഴിവളര്‍ത്തലും അനുബന്ധ കൃഷിരീതികളും നഗരങ്ങളിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

കേരള വെറ്ററിനറി സര്‍വ്വകലാശാല മുട്ടയുല്‍പ്പാദനത്തിലെ സ്വയം പര്യാപ്തതക്കായി രൂപം നല്‍കിയിട്ടുള്ള പദ്ധതിയാണ് അനശ്വര കാടവളര്‍ത്തല്‍ പദ്ധതി. ആറാഴ്ച പ്രായത്തില്‍ തന്നെ മുട്ടയിട്ടു തുടങ്ങുന്ന അത്യുല്‍പ്പാദന ക്ഷമതയുള്ള കാടകളെയാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുന്നത്. മുട്ടയിടാന്‍ പ്രായമായ 12 പെണ്‍ കാടകളെയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രാമ-നഗര ഭേദമന്യെ അനശ്വര പദ്ധതി വ്യാപിപ്പിക്കുക എന്നതാണ് സര്‍വ്വകലാശാലയുടെ ലക്ഷ്യം. വ്യാവസായിക ഉല്‍പ്പാദനം ലക്ഷ്യമിട്ട് ഉരുത്തിരിച്ചിട്ടുള്ള കാടകളെ കേരളത്തിലെ ഭവനങ്ങളുടെ പൂമുഖത്ത് അലങ്കാരപക്ഷികളായി മാറ്റുവാനാണ് അനശ്വരപദ്ധതി ലക്ഷ്യമിടുന്നത്. മുട്ടയുല്‍പാദനം ഉറപ്പുവരുത്തുവാനായി ഗുണനിലവാരമുള്ള സമീകൃത തീറ്റ നല്‍കി കാടകളെ വളര്‍ത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തില്‍ പ്രചാരത്തിലുള്ള അടുക്കള മുറ്റത്തെ കോഴിവളര്‍ത്തലിനെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയര്‍ന്ന ഉല്‍പ്പാദനവും പുത്തന്‍ സാങ്കേതികവിദ്യമൂലമുള്ള ജോലി ലഘൂകരണവും കൊണ്ട് ഏതു വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമാകുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

നഗരങ്ങളിലെ ഫഌറ്റുകളില്‍ പോലും ഗാര്‍ഗിക കൂടുകള്‍ ഉപയോഗിച്ച് കാടവളര്‍ത്തല്‍ പ്രായോഗികമാക്കാന്‍ കഴിയും. പ്രത്യേകം രൂപകല്‍പ്പനചെയ്ത ഗാര്‍ഹിക കൂടുകള്‍ കാടകളെ പാര്‍പ്പിക്കുവാനും ഉടമകള്‍ക്ക് പരിചരണം ലഘുവാക്കാനും അനുയോജ്യമാണ്. ഗ്രാമങ്ങളില്‍ തളച്ചിടപ്പെടുന്ന കോഴിവളര്‍ത്തലും അനുബന്ധ കൃഷിരീതികളും നഗരങ്ങളിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

2016 ജനുവരിയിലായിരിക്കും കാടകളെ വിതരണം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യാനും 04924208206 , 9446096855

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് 10 മുട്ടക്കാടകളെയും ഒരു ഊഞ്ഞാല്‍ ഗാര്‍ഗിക കൂടും സര്‍വ്വകലാശാല നല്‍കും. ഗുണനിലവാരമുള്ള കാടത്തീറ്റ നല്‍കി വളര്‍ത്തുകയാണെങ്കില്‍ പ്രതിവര്‍ഷം 3000 ലേറെ മുട്ടകളെങ്കിലും ഒരു വീട്ടില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ പൗള്‍ട്രിസയന്‍സ് ഫാക്കല്‍റ്റിയുടെ കീഴിലുള്ള തിരുവാഴാംകുന്ന് കോളേദ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്റ് മാനേജ്‌മെന്റില്‍ നിന്നുമാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് കാടവളര്‍ത്തലില്‍ അവബോധവും മാര്‍ഗനിര്‍ദ്ദേശവും നല്‍കും. മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്ത് /  നഗരസഭ മൃഗാശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കി കര്‍ഷകര്‍ക്ക് പ്രാദേശികമായി സാങ്കേതിക സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വയം സഹായ സംഘങ്ങളുടെയും സഹകരണത്തോടെ മുട്ട വിപണനത്തിനുള്ള സഹായങ്ങളും ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.

ഒരു കുടുംബത്തിന് ആവശഅയമായതിലേറെ മുട്ട ഉല്‍പ്പാദിപ്പിക്കുന്നതുവഴി ചെറിയൊരു വരുമാനം നേടുവാനും പദ്ധതി ഉപകാരപ്പെടും. ഒരു വര്‍ഷം വരെ അനശ്വരപദ്ധതിയില്‍ നിന്നും ലാഭകരമായി മുട്ടയുല്‍പ്പാദിപ്പിക്കാനാകും. കാടമുട്ടകള്‍ക്ക് ഔഷധഗുണമുള്ളതായി വിശ്വസിക്കപ്പെടുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാടമുട്ട ഗുണപ്രദമാണെന്ന് കരുതപ്പെടുന്നു. മുട്ടയുല്‍പ്പാദനം പൂര്‍ണ്ണമായതിനുശേഷം കാടകളെ ഇറച്ചിക്ക് ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാം. തുടര്‍ന്നും പദ്ധതി നടത്തിപ്പിനുള്ള കാടകളെ സര്‍വ്വകലാശാല ഫാമുകളില്‍ നിന്നും വാങ്ങുവാനാകും. അനശ്വരപദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിലൂടെ ഭാവിയില്‍ മുട്ട ഉല്‍പ്പാദനത്തിനായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് വെറ്ററിനറി സര്‍വ്വകലാശാല.

 

ചിപ്പിക്കൂണിലെ യുവവിജയഗാഥ

പുതിയ കൃഷിയിൽ വേറിട്ട ഉത്‌പാദനരീതി പ്രയോജനപ്പെടുത്തി വിജയഗാഥ തീർക്കുകയാണ്‌ കാക്കൂരിലെ സതീഷ്‌കുമാർ എന്ന യുവകർഷകൻ. ചിപ്പിക്കൂൺ കൃഷിയിലാണ്‌ ഈ കർഷകൻ പുത്തൻ പരീക്ഷണങ്ങളിലൂടെ ഉത്‌പാദനമികവ്‌ കൈവരിച്ചിരിക്കുന്നത്‌. ആത്മവിശ്വാസവും കൃഷിയോടുള്ള അടങ്ങാത്ത താത്‌പര്യവുമാണ്‌ പ്രതിസന്ധികളെ മറികടന്ന്‌ ഈ രംഗത്ത്‌ നിലനിൽക്കാൻ ഇയാളെ പ്രേരിപ്പിച്ചത്‌.


വർഷങ്ങൾക്ക്‌ മുമ്പ്‌ കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽനിന്ന്‌ ലഭിച്ച പരിശീലനക്ളാസിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ്‌ സതീഷ്‌കുമാർ കൂൺകൃഷിയുടെ പുതിയ ലോകത്തേക്ക്‌ കടന്നുവന്നത്‌. ഒരു വർഷത്തിലധികമായി ഈ രംഗത്ത്‌ സജീവസാന്നിധ്യമാണിദ്ദേഹം. അതോടൊപ്പം കൃഷിഭവന്റെയും ആത്മയുടെയും പിന്തുണയോടെ നൂതന ആശയങ്ങളും വേറിട്ട ഉത്‌പാദനക്രമവും തയ്യാറാക്കിയിട്ടുണ്ട്‌. ഇവയിൽ ഏറ്റവും സവിശേഷമായത്‌ ഉപയോഗശൂന്യമായ വാഴത്തടകൾ കൊണ്ട്‌ കൂൺകൃഷിക്കുള്ള ബെഡ്‌ നിർമിക്കുന്നതാണ്‌. ഇവ ശാസ്ത്രസെമിനാറുകളിൽ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്‌.
കാലപ്പഴക്കത്താൽ കേടുപാടുകൾ പറ്റിയ ഛായാചിത്രങ്ങളുടെ പുനർനിർമാണവും സ്റ്റുഡിയോ ജോലിയും തൊഴിലായി സ്വീകരിച്ച സതീഷ്‌കുമാർ ഇതിനിടയിലെ സമയമാണ്‌ കൂൺ കൃഷി ചെയ്യുന്നത്‌.

വാഴത്തടകൾ ഇനി പാഴ്‌വസ്തുവല്ല

പാകമായി കുലവെട്ടിക്കഴിഞ്ഞാൽ വാഴത്തട പാഴ്‌വസ്തുവായാണ്‌ കാണുന്നത്‌. എന്നാൽ സതീഷ്‌കുമാറിന്റെ നൂതന പരീക്ഷണത്തിൽ വെറുതെ വെട്ടിക്കളയുന്ന വാഴത്തടയും വാഴക്കൈയുമെല്ലാം ഏറെ പ്രയോജനകരമായവയാണ്‌. അദ്ദേഹം കൂൺകൃഷിക്കായുള്ള ബെഡ്‌ നിർമാണത്തിന്‌ ഇവ ഉപയോഗപ്പെടുത്താമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌. ഉണങ്ങിയ വാഴക്കൈ അരിഞ്ഞെടുത്തതും മറ്റ്‌ പ്രയോജനമൊന്നുമില്ലാത്ത വാഴത്തടയും ബെഡ്‌ നിർമാണത്തിന്‌ പൊതുവെ ഉപയോഗിക്കുന്ന വൈക്കോലിനേക്കാൾ ലാഭകരവും ഗുണപ്രദവുമാണ്‌. 
വെറുതെ കളയുന്ന സാധനമായ ഇവയ്ക്ക്‌ വില നൽകേണ്ടി വരാത്താതിനാൽ ബെഡ്‌ നിർമാണത്തിൽ സാമ്പത്തികലാഭവും കണ്ടെത്താൻ കഴിയും. വാഴത്തടയും കൈയുമെല്ലാം നന്നായി ഉണക്കിയെടുക്കണം എന്നതാണ്‌ പ്രധാന ജോലി. അരിഞ്ഞെടുത്ത വാഴക്കൈയും വാഴപ്പിണ്ടി നീക്കം ചെയ്തതിനുശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത വാഴത്തടയും നന്നായി കഴുകിയെടുക്കണം. തുടർന്ന്‌ ആവി കയറ്റി അണുവിമുക്തമാക്കി, വെയിലത്തിട്ട്‌ നനവ്‌ ക്രമീകരിക്കുക. പിഴിഞ്ഞാൽ വെള്ളം വീഴാത്ത പാകത്തിൽ ഉണക്കമാവുന്നതാണ്‌ ഏറെ നല്ലത്‌. ഇവ പിന്നീട്‌ ബെഡ്‌ നിറയ്ക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
പുതിയ ഉത്‌പാദനരീതി ആത്മയും പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രവും ചെലവൂരിലെ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ നടന്ന ശാസ്ത്രജ്ഞൻമാർ പങ്കെടുത്ത സെമിനാറിൽ സതീഷ്‌കുമാർ അവതരിപ്പിച്ചിരുന്നു. കൂടാതെ എക്സിബിഷനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ചെലവ്‌ കുറഞ്ഞ നൂതന ഉത്‌പാദനരീതി എന്ന നിലയിൽ കണ്ണൂരിൽ നടന്ന സംസ്ഥാനതല കർഷക ദിനാചരണത്തിൽ അവതരിപ്പിച്ചപ്പോൾ വലിയ സ്വീകാര്യതയാണ്‌ ലഭിച്ചത്‌.

തികഞ്ഞ കർഷകൻ
ജൈവകൃഷി രീതിയെ ഏറെ ഇഷ്ടപ്പെടുന്ന കർഷകനാണ്‌ സതീഷ്‌ കുമാർ. കൂൺ കൃഷിയോടൊപ്പം തന്നെ പുരയിടത്തോട്‌ ചേർന്ന പറമ്പിൽ തെങ്ങ്‌, കുരുമുകളക്‌, വാഴ, കവുങ്ങ്‌, പച്ചക്കറികൾ കൂടാതെ വയൽ പാട്ടത്തിനെടുത്ത്‌ നെൽകൃഷിയും നടത്തുന്നുണ്ട്‌. ഇടക്കാലത്ത്‌ തേനീച്ചകൃഷിയും പരീക്ഷിച്ചിരുന്നു. ഇത്‌ വ്യാപകമായ തോതിൽ നടത്താൻ കഴിഞ്ഞില്ലെങ്കിലും വീട്ടാവശ്യത്തിനായുള്ള തേൻ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. അലങ്കാര മത്സ്യകൃഷിയും വില്പന ലക്ഷ്യമാക്കിയില്ലെങ്കിലും ഇദ്ദേഹം നടത്തുന്നു. ഇവയ്ക്കുവേണ്ട തീറ്റയാകട്ടെ തവിടും മറ്റും ചേർത്ത്‌ സ്വന്തമായി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്‌.
കൃഷിക്കാവശ്യമായ വളമായി ചാണകവും ഗോമൂത്രവും മറ്റും ചേർത്ത ജീവാമൃതം മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ വിഷവിമുക്തമായ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ കഴിയുന്നുവെന്നത്‌ നേട്ടമാണ്‌.

പുതിയ പരീക്ഷണങ്ങൾ, സ്വപ്നങ്ങൾ
സതീഷ്‌ കുമാറിലെ കർഷകമനസ്സ്‌ പ്രവൃത്തിയിൽ പുതുപരീക്ഷണങ്ങൾ തേടുന്ന ആളാണ്‌. രണ്ട്‌ ബെഡിൽ മാത്രം കൃഷി ചെയ്തുകൊണ്ടാണ്‌ ചിപ്പിക്കൂൺ കൃഷിയിലേക്ക്‌ ചുവടുവെക്കുന്നത്‌. ഇന്നിത്‌ അറുപത്‌ ബെഡിൽ എത്തിനിൽക്കുന്നു. വൈക്കോൽ മാത്രമായിരുന്നു ആദ്യഘട്ടങ്ങളിൽ ബെഡ്‌ ഒരുക്കുന്നതിനായി ഉപയോഗിച്ചിരുന്നത്‌. ചെലവ്‌ കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി പരീക്ഷണങ്ങൾക്ക്‌ തുടക്കം കുറിക്കുകയായിരുന്നു. ഇതിൽ വാഴത്തടയുടെ പുനരുപയോഗത്തിൽ സാമ്പത്തിക ലാഭവും ഉത്‌പാദനമികവും നേടാൻ കഴിഞ്ഞു. അതോടൊപ്പം അടയ്ക്കാത്തോടുപയോഗിച്ചും ചില പരീക്ഷണങ്ങൾ നടത്തി.
ബെഡ്‌ നിർമാണത്തിനെന്നപോലെ കൂൺ വിത്ത്‌ ഉത്‌പാദനത്തിലും ഈ കർഷകൻ ഒരു കൈ പരീക്ഷിച്ചിട്ടുണ്ട്‌. പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം, വയനാട്‌, പെരുമണ്ണ എന്നിവിടങ്ങളിലെ ചില സ്ഥാപനങ്ങളിൽ നിന്നാണ്‌ വിത്ത്‌ ലഭിച്ചിരുന്നത്‌. എന്നാൽ ഇതിന്റെ ലഭ്യതക്കുറവ്‌ പ്രതിസന്ധിയുണ്ടാക്കി. ഈ സാഹചര്യത്തിലാണ്‌ വിത്തുത്‌പാദനവും സ്വന്തമായ നിലയിൽ ആരംഭിച്ചത്‌. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലുള്ള സാമ്പത്തിക മുതൽമുടക്ക്‌ വിപുലമായ തോതിൽ വിത്തുത്‌പാദനത്തിന്‌ തടസ്സമായതിനെത്തുടർന്ന്‌ താത്‌കാലികമായി നിർത്തുകയായിരുന്നു.


വിളവെടുത്ത്‌ കഴിഞ്ഞാൽ ഇരുപത്തിനാല്‌ മണിക്കൂർ നേരം സാധാരണ ഊഷ്മാവിൽ കൂൺ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ രണ്ട്‌-മൂന്ന്‌ ദിവസം വരെ കേടുവരാതെ ഉപയോഗിക്കാവുന്നതാണ്‌. എന്നാൽ, ആളുകൾക്ക്‌ ഏറ്റവും പുതിയ കൂണുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ചെറുകിട വ്യവസായ യൂണിറ്റിനും ഈ കർഷകൻ തുടക്കമിടുകയാണ്‌. ‘ഗോവിന്ദ്‌ മഷ്‌റൂം’ എന്നപേരിലുള്ള ചെറുകിട വ്യവസായ യൂണിറ്റിനുള്ള ലൈസൻസും ലഭ്യമായിട്ടുണ്ട്‌.


വരുംനാളുകളിൽ വിപുലമായ തോതിൽ കൂൺകൃഷി നടത്തുകയെന്നത്‌ സ്വപ്നമായി കരുതുന്ന സതീഷ്‌കുമാറിന്‌ പിന്തുണയും പ്രോത്സാഹനവുമായി മാതാപിതാക്കളായ സി.പി. ഗോപാലൻ, സരോജിനി, ഭാര്യ അശ്വതി, ഏകമകൻ ഗോവിന്ദ്‌, സഹോദരൻ സജീവ്‌ എന്നിവർ ഒപ്പമുണ്ട്‌.

കരിങ്കോഴികളിലെ അമേരിക്കൻ സുന്ദരി

ഇവയുടെ നിറം വെള്ളയാണെങ്കിലും കറുപ്പ്‌, നീല, ചാരം എന്നീ നിറങ്ങളിലും കാണുന്നു. മറ്റു കോഴികളെപ്പോലെ ഇവ ‘ഗാലസ്‌ഗാലസ്‌ ഡൊമസ്റ്റിക്കസ്‌’ കുടുംബത്തിൽപ്പെട്ടതാണ്‌.

കറുപ്പുനിറമുള്ള മാംസവും എല്ലുകളും ഉള്ള കോഴിവർഗങ്ങളാണ്‌ ‘കരിങ്കോഴികൾ’ എന്നറിയപ്പെടുന്നത്‌. ഇവയുടെ നിറം കറുപ്പുതന്നെ ആയിരിക്കണമെന്നില്ല. ഇന്ത്യയിൽ മധ്യപ്രദേശിലെ ഗോത്രവർഗ കുടുംബങ്ങൾ വളർത്തിവന്നിരുന്ന ‘കടക്കനാത്ത്‌’ എന്ന ഇനവും ചൈനയിൽ കാണുന്ന  ചൈന സിൽക്കി, ഇൻഡൊനീഷ്യയിൽ കാണുന്ന ‘ഐ.എം.സിമാനി’ അമേരിക്കയിലെ ‘അമേരിക്കൻ സിൽക്കി’ എന്നിവ കരിങ്കോഴികളിൽപ്പെടും.
ഇവയുടെ നിറം വെള്ളയാണെങ്കിലും കറുപ്പ്‌, നീല, ചാരം എന്നീ നിറങ്ങളിലും കാണുന്നു. മറ്റു കോഴികളെപ്പോലെ ഇവ ‘ഗാലസ്‌ഗാലസ്‌ ഡൊമസ്റ്റിക്കസ്‌’ കുടുംബത്തിൽപ്പെട്ടതാണ്‌. ഇവയുടെ ശരീരത്തിൽ ‘മെലാനിൻ പിഗ്‌മെന്റ്‌’ കൂടുതലായി കാണുന്നതിനാലാണ്‌ മാംസം കറുപ്പ്‌ നിറത്തിൽ കാണുന്നത്‌. ഏതു കാലാവസ്ഥയിലും ഇണങ്ങി ജീവിക്കും. പ്രതിരോധശക്തി കൂടുതലാണ്‌.

‘മെലാനിൻ’ രക്തക്കുഴലുകളെ വികസിപ്പിക്കുകയും കൂടുതൽ രക്തം ഹൃദയത്തിലേക്ക്‌ എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ഹൃദയസംബന്ധമായ രോഗികൾക്ക്‌ ഇവയുടെ മാംസം നല്ലതാണ്‌.
മുട്ടകൾ വിരിയിച്ചും കുഞ്ഞുങ്ങളെ സദാസമയവും സംരക്ഷിച്ചും മനുഷ്യരോട്‌ വളരെ ഇണങ്ങിയും കൊച്ചു കുട്ടികളോടൊപ്പം കളിച്ചും ഉല്ലസിക്കുന്ന ‘സുന്ദരി’ അതാണ്‌ ‘അമേരിക്കൻ സിൽക്കി’.

വെള്ള കമ്പിളി പുതച്ചതുപോലുള്ള ശരീരം, തലയിൽ കിരീടാകൃതിയിലുള്ള രോമക്കെട്ട്‌, കാൽപാദങ്ങളിലും വിരലുകളിലും താഴോട്ട്‌ തൂങ്ങിനിൽക്കുന്ന രോമക്കെട്ടുകൾ. ഓമനത്തം തുളുമ്പുന്ന ആകാരഭംഗി.തൂവലുകൾക്ക്‌ പല ഭാഗങ്ങൾ ഉണ്ട്‌. തൊലിയുടെ അടിയിൽനിന്ന്‌ വളർന്നുവരുന്നവയാണ്‌ ‘ക്യുൽ’ തൂവലുകൾ. ഇവ പകുതി വളരുമ്പോൾ പിളർന്ന്‌ ശിഖിരങ്ങളാകുന്നു. ശിഖിരങ്ങളുടെ ഓരോ ഭാഗത്തുനിന്നും നേരിയ നാരുകൾ വളർന്ന്‌ വലപോലെ തൂവലുകളെ ബന്ധിപ്പിക്കും. ഇത്തരത്തിലുള്ള വലകളിൽ കാണുന്ന നാരുകളുടെ അറ്റത്ത്‌ കാണുന്ന മൃദുലമായ തൂവലുകളാണ്‌ ‘അമേരിക്കൻ സിൽക്കി’യെ ‘സുന്ദരി’യാക്കുന്നത്‌.

ആപ്പിൾപോലെ ഇലന്ത

ഇലന്തപ്പഴങ്ങൾ ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട്‌ സമ്പുഷ്ടമായതിനാൽ ‘അമരത്വത്തിന്റെ പഴം’ എന്ന പേരിൽ അറിയപ്പെടുന്നു.


ഇലന്തപ്പഴങ്ങൾ ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട്‌ സമ്പുഷ്ടമായതിനാൽ ‘അമരത്വത്തിന്റെ പഴം’ എന്ന പേരിൽ അറിയപ്പെടുന്നു.

 

കേരളത്തിലെ കാലാവസ്ഥയിൽ കൃഷിചെയ്യാൻ യോജിച്ച പഴവർഗമാണ്‌ ഇലന്ത. ആപ്പിളുപോലെയുള്ള ചെറുകായും ആപ്പിളിന്‌ സമാനമായ രുചിയുമാണ്‌ ഇലന്തപ്പഴങ്ങൾക്കുള്ളത്‌. മൾെബറിച്ചെടിപോലെ ധാരാളം ശാഖകളുമായാണ്‌ ഇലന്തയുടെ വളർച്ച.

പത്തുമീറ്ററോളം ഉയരംവെക്കുന്ന ഇവയ്ക്ക്‌ ചെറിയ ഇലകളാണുണ്ടാവുക. വർഷം മുഴുവൻ കായ്ക്കുന്ന പ്രകൃതം. ചെറു ശിഖരങ്ങളിലാണ്‌ കായ്‌കൾ ധാരാളമായി ഉണ്ടാവുക.
ഇളംമഞ്ഞ നിറമാകുന്നതോടെ ഇവ ശേഖരിച്ച്‌ മാധുര്യത്തോടെ കഴിക്കാം. ഏതുതരം മണ്ണിലും അതിജീവിച്ച്‌ വളരുന്ന പ്രകൃതമാണ്‌ ഇലന്തയ്ക്ക്. പരിചരണവും കുറച്ചുമതി. വളർച്ചയ്ക്ക്‌ സൂര്യപ്രകാശം അനിവാര്യമാണ്‌. നന്നായി ശിഖരങ്ങളോടെ പടർന്നുപന്തലിച്ച്‌ വളരുന്ന ഇത്‌ നടാൻ തുറസ്സായ പ്രദേശങ്ങളാണ്‌ അനുയോജ്യം.

ഇലന്തപ്പഴങ്ങൾ ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട്‌ സമ്പുഷ്ടമായതിനാൽ ‘അമരത്വത്തിന്റെ പഴം’ എന്ന പേരിൽ അറിയപ്പെടുന്നു. ഇലന്തപ്പഴങ്ങൾ തുടർച്ചയായി കഴിച്ചാൽ വാർധക്യംപോലും അകറ്റാമത്രെ. തായ്‌ലൻഡിൽനിന്നുവന്ന വലിയ പഴങ്ങൾ ഉണ്ടാകുന്ന ഇലന്തച്ചെടികൾക്ക്‌ നാട്ടിൽ പ്രചാരമേറുകയാണ്‌. (ഫോൺ: 9495234232).

ഡെയ്‌ഞ്ചയുടെ പ്രത്യേകതകൾ എന്താണ്‌

എന്താണ്‌ ഡെയ്‌ഞ്ചയുടെ പ്രത്യേകതകൾ? ഇത്‌ എങ്ങനെ വളർത്താം?
ജി. മോഹൻകുമാർ, കുഴൂർ


എല്ലാതരം കൃഷിയിടങ്ങൾക്കും യോജിച്ച എത്രയും വിലകുറഞ്ഞ ജൈവപച്ചിലവളമാണ്‌ ‘ഡെയ്‌ഞ്ച’. ഇത്‌ അന്തരീക്ഷ നൈട്രജൻ വലിച്ചെടുത്ത്‌ മണ്ണിൽ ചേർക്കും; ഒപ്പം മണ്ണിലഴുകിച്ചേർന്ന്‌ മണ്ണിന്റെ ജൈവഘടന മെച്ചപ്പെടുത്തും. തെങ്ങ്‌, വാഴ എന്നിവയുടെ തടങ്ങളിലും വിതയ്ക്കുംമുമ്പ്‌ നെല്പാടത്തും ഡെയ്‌ഞ്ച വളർത്താം.
കൃഷിയിടത്തിൽ കൃഷിക്കുമുമ്പ്‌ വിതച്ച്‌ ചെടികൾ 8-10 ആഴ്ചകൊണ്ട്‌ പുഷ്പിക്കുമ്പോൾ ചുവടോടെ വെട്ടി മണ്ണിൽ ഇളക്കിച്ചേർക്കുന്നതാണ്‌ നല്ലത്. ഒരു സെന്റിന്‌ 100 ഗ്രാം ഡെയ്‌ഞ്ചവിത്ത്‌ വേണം. ഇങ്ങനെ ഒരു സെന്റിൽ വളർത്തിയാൽ 80 കിലോ പച്ചിലവളം കിട്ടും. ഒരു സെന്റിൽ 320 ഗ്രാം വരെ നൈട്രജൻ ഡെയ്‌ഞ്ച ലഭ്യമാക്കും. മണ്ണിൽച്ചേർത്ത്‌ ഒന്നരമാസംകൊണ്ട്‌ ഇതഴുകും. വിത്തിന്‌ വളരെ വില കുറവാണ്‌. 100 ഗ്രാമിന്‌ ആറ്‌ രൂപയേ വിലയുള്ളൂ.

ഏതാണ്ട്‌ മുക്കാൽപ്പങ്ക്‌ വിളഞ്ഞ അടയ്ക്ക നെടുകെ വിണ്ടുപൊട്ടുന്നു. ഇതുകാരണം നല്ലൊരു ഭാഗവും വിൽക്കാൻ കഴിയുന്നില്ല. എന്താണ്‌ കാരണം? പ്രതിവിധി എന്താണ്?
എ. മോഹൻകുമാർ, നെടുമ്പന


അടയ്ക്ക പൂർണമായി മൂക്കുംമുമ്പ്‌ മഞ്ഞനിറമായി നെടുകെ പൊട്ടിത്തുറക്കുന്നത്‌ ഒരുതരം സസ്യശരീരപരമായ പോരായ്മയാണ്‌. കുറച്ചു ദീർഘമായ വരൾച്ചയോ ഉണക്കോ കഴിഞ്ഞ്‌ പെട്ടെന്ന്‌ ഒരു മഴ കിട്ടുമ്പോൾ സംഭവിക്കുന്ന ഒരു വ്യതിയാനമായിട്ടാണ്‌ ഇത്‌ കണക്കാക്കുന്നത്‌.
രണ്ട്‌ കാര്യങ്ങളാണ്‌ ഇത്‌ തടയാൻ ചെയ്യാവുന്നത്‌. ഒന്ന്‌ തോട്ടത്തിലെ നീർവാർച്ചാ സൗകര്യം മെച്ചമാക്കുക, ഒപ്പം ബോറോൺ എന്ന സൂക്ഷ്മമൂലകത്തിന്റെ കുറവ്‌ പരിഹരിക്കാൻ രണ്ട്‌ ഗ്രാം ബോറാക്സ്‌ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി കായ്‌കളിലും അടയ്ക്കാമരത്തിന്റെ മുകൾത്തലപ്പിലും നന്നായി തളിക്കുക.

പൊന്നിഎന്ന പേരിൽ ഒരു പുതിയ വഴുതന കണ്ടെത്തിയതായി വായിച്ചറിഞ്ഞു. എന്താണിതിന്റെ പ്രത്യേകതകൾ? ഇതിന്റെ വിത്ത്‌ കിട്ടാൻ വഴിയുണ്ടോ?കലാറാണി, മാങ്ങാനം


കേരള കാർഷിക സർവകലാശാലയുടെ തിരുവല്ല കാർഷികഗവേഷണ കേന്ദ്രത്തിന്റെ സംഭാവനയാണ്‌ പുതിയ വഴുതനയായ ‘പൊന്നി’. നിലവിലുള്ള ഇനങ്ങളേക്കാൾ കൂടുതൽ വിളവ്‌ തരാൻ കഴിയുമെന്ന്‌ ഇത്‌ കൃഷിയിട നിരീക്ഷണങ്ങളിൽ തെളിയിച്ചു.
പോരാത്തതിന്‌ ബാക്ടീരിയൽ വാട്ടവും ചെറുക്കാൻ ഇതിന്‌ കഴിയും. വീട്ടിൽ വളർത്താൻ അനുയോജ്യം. 20 മാസത്തെ വളർച്ചാക്കാലം: ചെടി 175 സെ.മീ. ഉയരും, പടർന്നുവളരും. കായ്‌ ശരാശരി 150-160 ഗ്രാം തൂങ്ങും. ആദ്യം കായ്‌ പിടിച്ചുകഴിഞ്ഞ്‌ ചെടിയുടെ ശിഖരം കോതി വളർത്തിയാൽ കൂടുതൽ വിളവ്‌ കിട്ടും.

കുപ്പിക്കെണി തയ്യാറാക്കുന്ന വിധം പറഞ്ഞുതരാമോ?
രാംകുമാർ, തിരുവമ്പാടി

മറ്റു കീടക്കെണികൾ തയ്യാറാക്കുന്നതുപോലെതന്നെയാണ്‌ കുപ്പിക്കെണിയൊരുക്കുന്നതും. ഒരു പ്ലാസ്റ്റിക്‌ കുപ്പിയെടുക്കുക, മിനറൽവാട്ടർ കുപ്പിയായാലും മതി. ഇതിന്റെ അടിഭാഗത്തുനിന്ന്‌ 10 സെ.മീ. മുകളിലായി മൂന്നു മില്ലീമീറ്റർ വ്യാസത്തിൽ 3-4 സുഷിരങ്ങളിടുക. സുഷിരങ്ങൾക്ക്‌ മൂന്നു സെ.മീ. താഴെവരെ തുളസിനീര്‌, കള്ള്‌, കഞ്ഞിവെള്ളം എന്നിവ കലർത്തിയ മിശ്രിതം നിറയ്ക്കുക. ഇതാണ്‌ കുപ്പിക്കെണി. ഇത്‌ പച്ചക്കറിത്തോട്ടത്തിലും മറ്റും 10 അടി ചതുരത്തിന്‌ ഒരു കെണി എന്നതോതിൽ വെച്ചാൽ ധാരാളം ശത്രുപ്രാണികളെ കുടുക്കി നശിപ്പിക്കാം.
സെന്റർ, രാമവർമപുരം പി.ഒ., തൃശ്ശൂർ-680631. (ഫോൺ: 0487 2695869).

അഗത്തിച്ചീരയെന്ന ഔഷധമുരിങ്ങ

അഗസ്ത്യമുനിക്ക് ഏറെ പ്രിയപ്പെട്ട വൃക്ഷമായിരുന്നു എന്ന അര്‍ഥത്തില്‍, പുരാണഗ്രന്ഥങ്ങളില്‍ ഇതിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്.

ഇലയും പൂവും കായും വേരുമെല്ലാം മുരിങ്ങയെപ്പോലെ. എന്നാല്‍, ഇതിലേറെ ഔഷധമൂല്യമുള്ള ഒരു ആഹാരവൃക്ഷമാണ് അഗത്തിച്ചീര.

പയറുവര്‍ഗത്തില്‍പ്പെട്ട ഈ മരച്ചെടിയുടെ ശാസ്ത്രനാമം 'സെസ്ബാനിയ ഗ്രാന്‍ഡിഫ്‌ലോറ' എന്നാണ്. അഗസ്ത്യമുനിക്ക് ഏറെ പ്രിയപ്പെട്ട വൃക്ഷമായിരുന്നു എന്ന അര്‍ഥത്തില്‍, പുരാണഗ്രന്ഥങ്ങളില്‍ ഇതിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്.

മുരിങ്ങയോട് സാമ്യമുള്ള ഈ ചീരവൃക്ഷം പത്തടിവരെ ഉയരത്തില്‍ വളരും. മുരിങ്ങയെക്കാള്‍ ശാഖകള്‍ക്ക് ബലവും ഇലകളും പൂക്കളും കൂടുതല്‍ കിട്ടും. അഞ്ചുവര്‍ഷംവരെ ഇലയും പൂവും വിത്തുകിട്ടുന്ന കായും സമൃദ്ധമായി ലഭിക്കും. അതുകഴിഞ്ഞാല്‍ കുറയും. അപ്പോള്‍ മണ്ണുവെച്ച് തടി പാടേ മുറിച്ച് വേരെടുത്ത് ഔഷധമാക്കാം.

മുരിങ്ങയെപ്പോലെതന്നെ അഗത്തിയും തമിഴ്‌നാട്ടില്‍ സുലഭമാണ്. അവിടത്തെ ബ്രാഹ്മണരുടെ ഭക്ഷണക്രമത്തില്‍ അഗത്തി ഇലയ്ക്ക്  മുഖ്യപ്രധാന്യമാണുള്ളത്. ഇല ദാഹശമിനിയായും ഉപയോഗിക്കുന്നു.
മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകംസി, എ തുടങ്ങി അറുപതോളം പോഷകങ്ങള്‍ ഈ അത്ഭുതച്ചെടിയുടെ ഇലയില്‍ അടങ്ങിയിരിക്കുന്നു.

ഒരൗണ്‍സ് അഗത്തിയില വേവിച്ച് ചാറുകുടിച്ചാല്‍ ഒരു ടീസ്പൂണ്‍ കോഡ്‌ലിവര്‍ ഓയില്‍ കുടിക്കുന്നതിനു തുല്യമാണ്. മൂത്രാശയക്കല്ലിന് അഗത്തിയിലയിട്ട് വേവിച്ചെടുത്ത വെള്ളത്തെപ്പോലെ നല്ലൊരൗഷധം മറ്റൊന്നില്ല.

100 ഗ്രാം പുഷ്പത്തില്‍ 1.8 ഗ്രാം പ്രോട്ടീന്‍, അയൊഡിന്‍ എന്നിവ ഉള്ളതിനാല്‍ ഗൊയിറ്റര്‍ രോഗികള്‍ക്കിത് നല്ലതാണ്. ജൈവവേലിയായും അടുക്കളത്തോട്ടത്തിലും വീട്ടുമുറ്റത്തുമൊക്കെ ഈ ചീരവൃക്ഷം കൃഷിചെയ്യാം. ഒക്ടോബര്‍ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ നല്ല നടീല്‍ കാലമാണ്. തവാരണകളില്‍ വിത്തുപാകി രണ്ടുമാസം പ്രായമായ തൈകളാണ് നടാനെടുക്കുന്നത്. മാര്‍ച്ച്ഏപ്രിലിലാണ് തവാരണയൊരുക്കേണ്ടത്. ആറുമണിക്കൂര്‍ വെള്ളത്തിലിട്ട് നടുന്ന വിത്തിന്, ആദ്യ ഇരുപത് ദിവസം വൈക്കോല്‍പ്പുത നല്‍കണം. തൈയുടെ ആദ്യഘട്ടത്തിലുണ്ടാകാവുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം തയ്യാറാക്കി തളിക്കണം.

ഒരടി സമചതുരത്തില്‍ കുഴിയൊരുക്കി, ചാണകമോ കമ്പോസ്റ്റോ അടിവളമായി നല്‍കി അഗത്തിച്ചെടിനടാം. മേല്‍വളമായും ജൈവം മതിയാകും. പ്രത്യേകിച്ച് രോഗകീടങ്ങളൊന്നുമുണ്ടാകാറില്ല.

തെക്കന്‍ കേരളത്തിലെ വീട്ടുമുറ്റങ്ങളില്‍ അഗത്തി ഇതിനകം സ്ഥാനംപിടിച്ചുകഴിഞ്ഞു. പുരയിടകൃഷിക്കൊപ്പം അഞ്ച് അഗത്തിമരം നട്ട നന്ദിയോട് ഫല്‍ഗുനന്‍ എന്ന കര്‍ഷകന്‍ പൂവും ഇലയും കച്ചവടം ചെയ്യുന്നതിനൊപ്പം, വിത്തുശേഖരിച്ച് പതിനായിരം തൈകളും ഉത്പാദിപ്പിച്ചുകഴിഞ്ഞു. ഒരു തൈയ്ക്ക് പത്തുമുതല്‍ പതിനഞ്ചു രൂപവരെ വിലയുണ്ട്.

വിവരങ്ങള്‍ക്ക്: ഫല്‍ഗുനന്‍, നന്ദിയോട്, ഫോണ്‍: 9447915072.

 

സസ്യസംരക്ഷണത്തിന് 10 മിത്രങ്ങള്‍

 

മിത്ര സൂക്ഷ്മാണുകുമിളുകളെ കേരള കാര്‍ഷിക സര്‍വകലാശാല വിവിധ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിതരണംചെയ്തുവരുന്നു

ട്രൈക്കോഡെര്‍മ കട്ടസമ്പൂര്‍ണ ജൈവകൃഷിയിലേക്ക് ചുവടുമാറ്റം നടത്താനൊരുങ്ങുന്ന കേരളത്തിന് സസ്യസംരക്ഷണത്തിന് അനുയോജ്യമായ 10 മിത്രസൂക്ഷ്മാണു കുമിളുകള്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ  മണ്ണില്‍നിന്നുതന്നെ കണ്ടെത്തിയാണ് കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയത്.

സ്യൂഡോമോണസ് ഫ്‌ലൂറസെന്‍സ്: ഉപദ്രവകാരികളായ ബാക്ടീരിയകളെയും കുമിളുകളെയും നശിപ്പിക്കുന്ന മിത്രബാക്ടീരിയയാണിത്.  മണ്ണില്‍ ചെടിയുടെ വേരുപടലം കേന്ദ്രീകരിച്ചുകാണാം. ശത്രുനാശിനി മാത്രമല്ല സസ്യവളര്‍ച്ച ത്വരപ്പെടുത്തുന്ന വിവിധ ഹോര്‍മോണുകളും ഇത് നിര്‍മിക്കും. നെല്ലിന്റെ പോളരോഗം, കുലവാട്ടം, പോളകരിച്ചില്‍, കുരുമുളകിന്റെ ദ്രുതവാട്ടം, പൊഞ്ജ, ഇഞ്ചിമഞ്ഞള്‍ അഴുകല്‍, വെറ്റയുടെ ഇലപ്പുള്ളി അഴുകല്‍, പച്ചക്കറി കുമിള്‍ബാധ എന്നിവയെല്ലാം നിയന്ത്രിക്കും.

ട്രൈക്കോഡെര്‍മ: ചങ്ങാതിക്കുമിള്‍. വിവിധ ശത്രുകുമിളുകളെ നശിപ്പിക്കും. ഇത് അതിവേഗം വളര്‍ന്ന് ശത്രുകുമിളിന്റെ പുറത്ത് പറ്റിപ്പിടിച്ച് അവയെ പൂര്‍ണമായി നശിപ്പിക്കും.  ഒരു കിലോ ട്രൈക്കോഡെര്‍മ, 10 കിലോ വേപ്പിന്‍പിണ്ണാക്ക്, 100 കിലോ ഉണക്കിപ്പൊടിച്ച ചാണകം എന്നിവ  ചേര്‍ത്ത് കൂനകൂട്ടി നനഞ്ഞ ചാക്കിട്ടുമൂടി രണ്ടാഴ്ച കഴിഞ്ഞ് ആവശ്യത്തിന് പ്രയോഗിക്കാം.

പി.ജി.പി.ആര്‍1: സസ്യവളര്‍ച്ചാ സഹായിയായ റൈസോ ബാക്ടീരിയ. രോഗസാധ്യത കുറയ്ക്കുന്നു, പോഷകാഗിരണം വര്‍ധിപ്പിക്കുന്നു, കുമിള്‍ബാക്ടീരിയല്‍രോഗങ്ങളെ നിയന്ത്രിക്കുന്നു, ശത്രുകീടങ്ങളെ നിയന്ത്രിക്കുന്നു.
പി.ജി.പി.ആര്‍.2: സസ്യവളര്‍ച്ചാ സഹായിയായ സൂക്ഷ്മാണുകൂട്ടായ്മ. രോഗസാധ്യത കുറച്ച് സസ്യവളര്‍ച്ച മെച്ചപ്പെടുത്തുന്നു.

അസോസ്‌പൈറില്ലം: നൈട്രജന്‍ തരുന്ന ഒരിനം ബാക്ടീരിയ. നെല്ല്, തെങ്ങ്, കുരുമുളക്, റബ്ബര്‍, വാഴ, പച്ചക്കറികള്‍ എന്നിവയുടെ വിളവ് വര്‍ധിപ്പിക്കും. ചെടികളുടെ വേരിലും പരിസരത്തും ഇവ വളരും. സസ്യങ്ങള്‍ക്ക് കരുത്തുനല്‍കുന്ന ചില േഹാര്‍മോണുകളും ഇവ നല്‍കും.

അസറ്റോബാക്ടര്‍: മണ്ണില്‍ സ്വതന്ത്രമായി വളരാനും അന്തരീക്ഷ നൈട്രജനെ അമോണിയയാക്കി മാറ്റാനും കഴിവുള്ള മിത്ര ബാക്ടീരിയ. നൈട്രജനുപുറമേ സസ്യവളര്‍ച്ച ത്വരപ്പെടുത്തുന്ന ഇന്‍ഡോള്‍ അസറ്റിക് ആസിഡ്, ജിബറലിക് ആസിഡ്, ജീവകം ബി എന്നിവയും നല്‍കും. ഉപദ്രവകാരികളായ  കുമിള്‍വളര്‍ച്ച തടയും. നെല്ല്, കരിമ്പ്, വഴുതന, തക്കാളി എന്നിവയ്ക്ക് വിളവ് വര്‍ധിപ്പിക്കും.

മൈക്കോറൈസ: സസ്യങ്ങള്‍ക്ക് ഉപകാരികളായ ചില കുമിളുകള്‍ അവയുടെ വേരിനുള്ളിലും പുറത്തും അഭേദ്യമായ ബന്ധത്തില്‍ കഴിയുന്നു. ഈ  സൗഹൃദബന്ധമാണ് 'മൈക്കോറൈസ'. സസ്യവളര്‍ച്ച ത്വരപ്പെടുത്തുക, കീടരോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങി വിവിധ ഉപയോഗങ്ങളുണ്ട്. വേരുകളെ ഉപദ്രവകാരികളായ കുമിളുകളില്‍നിന്ന് രക്ഷിക്കുന്നു.

റൈസോബിയം: പയര്‍ചെടികളുടെ വേരുമുഴയില്‍ താമസിക്കുന്ന ബാക്ടീരിയ. ഇവ അന്തരീക്ഷ നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന അമോണിയ നൈട്രജനാക്കി മാറ്റും. മണ്ണിന്റെ വളക്കൂറ്് വര്‍ധിപ്പിക്കും.

ഫോസ്ഫറസ് ദായക ബാക്ടീരിയകള്‍:ചെടികള്‍ക്ക് കായ്ക്കാനും ഫലംതരാനും വേണ്ടുന്ന ഫോസ്ഫറസ് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കി മാറ്റാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍. ഇവ ഉത്പാദിപ്പിക്കുന്ന അമ്ലങ്ങള്‍ മണ്ണിലെ ഫോസ്ഫറസിനെ ലേയരൂപത്തിലാക്കും. ഇതിന്റെ കള്‍ച്ചര്‍ വിത്തില്‍ പുരട്ടാം. അല്ലെങ്കില്‍ തൈകളുടെ വേര് ഇതിന്റെ ലായനിയില്‍ മുക്കാം.

കമ്പോസ്റ്റിങ് ഇനോക്കുലം: ഖരമാലിന്യ സംസ്‌കരണത്തിന് പരിഹാരമാണിത്. സൂക്ഷ്മാണുക്കളുടെ ഒരു മിശ്രിതം. ഇത് മാലിന്യത്തിനുമീതേ വിതറി വായുവുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ അനായാസം ജൈവവളമായി മാറും. 20 കിലോ മാലിന്യത്തില്‍നിന്ന് ഒമ്പതുകിലോ ജൈവവളം റെഡി. കാര്‍ബണ്‍നൈട്രജന്‍ സമ്പന്നമാണ് ഈ ജൈവവളം. വെള്ളായണി  കാര്‍ഷിക കോളേജിലെ മൈക്രോ ബയോളജി വിഭാഗമാണ് ഇത് തയ്യാറാക്കിയത്.

ഈ മിത്ര സൂക്ഷ്മാണുകുമിളുകളെ കേരള കാര്‍ഷിക സര്‍വകലാശാല വിവിധ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിതരണംചെയ്തുവരുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് വെള്ളായണി  കാര്‍ഷിക കോളേജിലെ മൈക്രോ ബയോളജി വിഭാഗവുമായി ബന്ധപ്പെടാം.

കായതുരപ്പനെ അകറ്റാം;കീടനാശിനികളില്ലാതെ

പച്ചക്കറികൃഷിയിലെ പ്രധാന ശത്രുവാണ് കായതുരപ്പന്‍പുഴു, വെണ്ട, വഴുതന, പയര്‍ എന്തിന് തക്കാളിയെപ്പോലും കായതുരപ്പന്‍ വെറുതെ വിടാറില്ല

കീടത്തിന് ജീവിക്കാന്‍ പറ്റിയ എല്ലാ സാഹചര്യങ്ങളും ഒരു ചെടിയില്‍ ഒത്തുവന്നാല്‍ മാത്രമേ അതവിടെ വാസത്തിനായി തിരഞ്ഞെടുക്കൂ.ആഹാരത്തിനോ മുട്ടയിടാനോ പാര്‍പ്പിടത്തിനോ ഓടിനടക്കാനോ മണക്കാനോ പറ്റാത്ത സാഹചര്യമുണ്ടായാല്‍ കീടം അവിടം ഉപേക്ഷിക്കും. രാസകീടനാശിനി പച്ചക്കറികൃഷിയില്‍ ഉപേക്ഷിക്കണമെങ്കില്‍ ആദ്യം പയറ്റേണ്ട തന്ത്രവും അതുതന്നെ. സസ്യജന്യ സത്തും സൂക്ഷ്മജീവികളും മിത്രകീടങ്ങളുമെല്ലാം ഈ കളത്തിലെ കരുക്കളാക്കാം. പച്ചക്കറികൃഷിയിലെ പ്രധാന ശത്രുവാണ് കായതുരപ്പന്‍പുഴു, വെണ്ട, വഴുതന, പയര്‍ എന്തിന് തക്കാളിയെപ്പോലും കായതുരപ്പന്‍ വെറുതെ വിടാറില്ല. ഇതിന്റെ അടുത്ത ആളാണ് തണ്ടുതുരപ്പന്‍ പുഴു. ഇവയുടെ ആക്രമണം മൂലം ഇളംതണ്ടുകള്‍ വാടുകയും ക്രമേണ കരിഞ്ഞുണങ്ങുകയും ചെയ്യും.

പച്ചക്കറിത്തോട്ടത്തില്‍ നിരന്തര ശ്രദ്ധയുണ്ടെങ്കില്‍തന്നെ തുരപ്പന്മാരെ പുറത്താക്കാം.ആദ്യംതന്നെ കേടുബാധിച്ച തണ്ടും കായകളും മുറിച്ച് നശിപ്പിക്കണം. അഞ്ചുശതമാനം വീര്യത്തിലുള്ള വേപ്പിന്‍കുരുസത്ത് തളിക്കുന്നതാണ് തുരപ്പനെ തുരത്താനുള്ള എളുപ്പമാര്‍ഗം. ഇതിനായി 50 ഗ്രാമം വേപ്പിന്‍കുരുപൊടിച്ച് കിഴികെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവെക്കുക. കിഴി നന്നായി പിഴിഞ്ഞെടുത്ത ലായനിയില്‍ അല്പം ബാര്‍ സോപ്പ് അലിയിച്ച് ചേര്‍ത്ത് തളിക്കാന്‍ ഉപയോഗിക്കാം. ചവര്‍പ്പ് രസമുള്ള വേപ്പിന്‍കുരുവാണ് പച്ചക്കറികളില്‍ പ്രതിരോധവലയം തീര്‍ക്കുന്നത്.

10 ഗ്രാം വീതം വെളുത്തുള്ളിയും കാന്താരി മുളകും ഇഞ്ചിയും നന്നായി അരച്ച് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇതില്‍ 10 ഇരട്ടി വെള്ളവും അല്പം കായവും ചേര്‍ത്ത് തളിക്കുന്നതും തുരപ്പന്മാരെ തുരത്തും. പപ്പായ ഇല സത്തും തുരപ്പന്മാരെ പ്രതിരോധിക്കാന്‍ ഉത്തമമാണ്.  50 ഗ്രാം നുറുക്കിയ പപ്പായ ഇല 100 മി. ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി മുക്കിവെക്കുക. അടുത്ത ദിവസം ഞെരടി പിഴിഞ്ഞ് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്യണം. മേല്‍പറഞ്ഞ സസ്യച്ചാറുകള്‍ ആഴ്ചയിലൊരിക്കല്‍ പ്രയോഗിച്ചാല്‍ തുരപ്പന്മാര്‍ മാത്രമല്ല പച്ചക്കറികളെ ആക്രമിക്കുന്ന  മറ്റ് കീടങ്ങളും നാടുവിടും.
ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലൊ പറയാറ്്. അങ്ങനെ നമ്മുടെ മിത്രമായ കീടങ്ങളെ ഉപേയാഗിച്ചും തുരപ്പന്മാരെ അകറ്റാം. ട്രൈക്കോഗ്രാമ ചീലോനിസ് എന്ന കടന്നല്‍ വര്‍ഗത്തില്‍പ്പെട്ട കീടമാണ് ഇവിടെ  നമ്മുടെ മിത്രം. വഴുതനയും വെണ്ടയും വ്യാപകമായി  കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചെലവില്‍ തുരപ്പന്മാരെ നിയന്ത്രിക്കാമെന്നതാണ് നേട്ടം. അഞ്ചു സെന്റിന് ഒരു കാര്‍ഡ് എന്ന തോതില്‍ ആണ് മുട്ട കാര്‍ഡ് സ്ഥാപിക്കേണ്ടത്. മുട്ടയില്‍ നിന്ന് കടന്നല്‍ വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുന്‍പ് ഈ കാര്‍ഡുകള്‍ സസ്യങ്ങളുടെ ഇലകളുടെ അടിയിലാണ് പിന്‍ ചെയ്തുവെക്കേണ്ടത്. വിരിഞ്ഞിറങ്ങുന്ന കടന്നലുകള്‍ക്ക് പ്രത്യേകിച്ച് കാണിച്ചുകൊടുക്കേണ്ട ആവശ്യമൊന്നുമില്ല, തുരപ്പന്മാരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഇവര്‍ സ്വയം ഏറ്റെടുക്കും.

മിത്ര ബാക്ടീരിയകളും തുരപ്പന്മാരെ നശിപ്പിക്കാന്‍ മിടുക്കരാണ്. ബാസില്ലസ് തുറിന്‍ജിയന്‍സിസ് എന്ന ബാക്ടീരിയല്‍ കള്‍ച്ചറടങ്ങിയ ജീവാണു കീടനാശിനിയാണ് തുരപ്പന്മാര്‍ക്ക് അനുയോജ്യം. 
കൃഷിവകുപ്പിന്റെ ബയോകണ്‍ട്രോള്‍ ലാബില്‍ മിത്രകീടവും മിത്ര ബാക്ടീരിയയും ലഭ്യമാണ്. ഫോണ്‍: 0487 2374605.

അടിവളം ജൈവരീതിയില്‍

ആവശ്യാനുസരണം ജൈവവളം ലഭ്യമാകുന്ന കൃഷിയിടത്തില്‍ സൂഷ്മമൂലകങ്ങളുടെ കുറവും അതിന്മൂലമുണ്ടാകുന്ന മഞ്ഞളിപ്പ് പോലുള്ള രോഗങ്ങളും ഉണ്ടാകില്ല.

ചെടികളുടെ വളര്‍ച്ചയ്ക്കും സമൃദ്ധമായ വിളവിനും മികച്ച പോഷണം ആവശ്യമാണ്. ജൈവകൃഷി രീതിയില്‍ ചെടി വളരുമ്പോള്‍ മുകളില്‍ നല്‍കുന്ന വളപ്രയോഗം പോലെത്തന്നെ അടിവളവും കൃത്യവും പോഷകസമ്പുഷ്ടവുമായിരിക്കണം. ജൈവവളങ്ങളാല്‍ സമ്പുഷ്ടമായ മണ്ണ് ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിവിധ മൂലകങ്ങള്‍ നല്‍കി വിളവ് വര്‍ദ്ധിപ്പിക്കുന്നു.

ജൈവകൃഷിയില്‍ വിളകള്‍ക്ക് അടിവളമായി സെന്റിന് നൂറ് കിലോഗ്രാം ജൈവവളമെങ്കിലും നല്‍കണം. മികച്ച ജൈവവളങ്ങള്‍ മണ്ണില്‍ അണു ജീവികളുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്കും വംശവര്‍ധനവിനും പ്രവര്‍ത്തനത്തിനും അനുകൂലസാഹചര്യമൊരുക്കി മേല്‍മണ്ണിന്റെ വളക്കൂറും ഉത്പാദനശേഷിയും നിലനിര്‍ത്തുന്നു മാത്രമല്ല മണ്ണിലെ ഈര്‍പ്പം പിടിച്ചു നിര്‍ത്തുകയും അങ്ങനെ പൂര്‍ണപോഷണം ചെടികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ആവശ്യാനുസരണം ജൈവവളം ലഭ്യമാകുന്ന കൃഷിയിടത്തില്‍ സൂഷ്മമൂലകങ്ങളുടെ കുറവും അതിന്മൂലമുണ്ടാകുന്ന മഞ്ഞളിപ്പ് പോലുള്ള രോഗങ്ങളും ഉണ്ടാകില്ല.

പ്രധാന അടി വളങ്ങള്‍

നാടന്‍ കൃഷി രീതിയില്‍ നാം ചാണകവും പച്ചിലയുമാണ് അടിവളമായി നല്‍കാറ്. പച്ചില വളങ്ങള്‍, കമ്പോസ്റ്റുകള്‍, എല്ലുപൊടി, കാലി വളങ്ങള്‍, വിവിധതരം പിണ്ണാക്കുകള്‍, കോഴിക്കാഷ്ഠം എന്നിവയാണ് പ്രധാന അടിവളങ്ങള്‍. അടിവളങ്ങളുടെ കൂടെ സംയോജനമാധ്യമമായി കുമ്മായവും ഉപയോഗിച്ചുവരുന്നു.

ചാണകം

കാലിവളത്തില്‍ പ്രധാനമായത് ചാണകം തന്നെയാണ് ഗോമൂത്രം മേല്‍വളവും ജൈവകീടനാശിനിയുമാണ് ഉപയോഗിക്കാറ്. ഏകദേശം 3000ത്തോളം സൂഷ്മജൈവാണുക്കള്‍ അടങ്ങിയിട്ടുള്ള ചാണകം മികച്ച ജൈവവിഘടന ഏജന്റാണ്. പച്ചക്കറി കൃഷിയിലെ മണ്ണിന്റെ മികച്ച പോഷണം നിലനിര്‍ത്താന്‍ സെന്റൊന്നിന് നൂറ് കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം അടി വളമാക്കി ചേര്‍ത്തുകൊടുക്കാം. മണ്ണ് നന്നായി കിളച്ചുമറിച്ച് ഉണക്കിയതിന് ശേഷം ഉണക്കച്ചാണകം ചേര്‍ത്തിളക്കിയാണ് വിത്ത് നടേണ്ടത്. വിത്ത് കുത്തുന്നതിന് മുമ്പ് മണ്ണ് നനച്ച് ഈര്‍പ്പം നിലനിര്‍ത്തണം.

കുമ്മായം

ജൈവവളങ്ങള്‍ വളരെയധികം വേഗത്തില്‍ തന്നെ മണ്ണില്‍ ലയിച്ചുചേരുന്നതിനും ചെടികള്‍ക്ക് വേഗത്തില്‍ ഉപയോഗിക്കുന്നതിനും സഹായിക്കുന്നു.

മണ്ണില്‍ അമ്ലവും ക്ഷാരവും ക്രമീകരിക്കുകയാണ് കുമ്മായം ചെയ്യുന്നത്. ജൈവകൃഷിയില്‍ ഒരു സെന്റിന് അഞ്ച് കിലോ ഗ്രാം കുമ്മായം ചേര്‍ത്തിളക്കണം കുമ്മായം ചേര്‍ത്തതിന് ശേഷം മണ്ണ് നന്നായി നനച്ച് ഈര്‍പ്പം നിലനിര്‍ത്തണം.

കമ്പോസ്റ്റുകള്‍

പച്ചിലകളും ജൈവ അവശിഷ്ടങ്ങളും ഒരു പ്രത്യേക സ്ഥലത്ത് കൂട്ടിയിട്ട് നനച്ചുകൊടുത്ത് ചാണകവെള്ളം തളിച്ച് ഏകദേശം രണ്ട് മാസതോതളം സൂക്ഷിച്ചാണ് ജൈവകമ്പോസ്റ്റ് ഉണ്ടാക്കുക. പച്ചോലകളാണ് കമ്പോസ്റ്റാക്കാന്‍ എടുക്കുന്ന തെറ്റില്‍ നീറ് കിലോഗ്രാമിന് പത്ത് കിലോഗ്രാം ചാണകം എന്ന തോതില്‍ കലക്കി മുകളില്‍ തളിച്ചുകൊടുക്കണം. മറ്റ് പച്ചിലകളാണെങ്കില്‍ നൂറ് കിലോയ്ക്ക് ഏഴര കിലോ മതിയാകും. ഇതില്‍ മണ്ണിരകളെയാണ് ചേര്‍ക്കുന്നതെങ്കില്‍ മണ്ണിര കമ്പോസ്റ്റായി. മണ്ണിരകമ്പോസ്റ്റാണ് അടിവളമായി ചേര്‍ക്കുന്നതെങ്കില്‍ സെന്റൊന്നിന് 75-100 കിലോഗ്രാമും. പച്ചിലക്കമ്പോസ്റ്റാണ് ചേര്‍ക്കുന്നതെങ്കില്‍ 100-120 കിലോഗ്രാമും ചേര്‍ക്കണം.

എല്ലുപൊടി

സള്‍ഫറിന്റെയും ഫോസ്ഫറസിന്റെയും കാത്സ്യത്തിന്റെയും കുറവ് നികത്താനും പച്ചക്കറിച്ചെടികള്‍ക്ക് എളുപ്പം വേരുപിടിക്കാനും എല്ലുപൊടി ഉത്തമമാണ്. ഒരു സെന്റിന് പത്ത് കിലോഗ്രാം വെച്ച് എല്ലുപൊടി അടിവളമായി നല്‍കിയാല്‍ മണ്ണില്‍ സൂക്ഷ്മമൂലകങ്ങളുടെ കുറവ് നികത്താം.

വേപ്പിന്‍പിണ്ണാക്ക്

ശത്രുകീടങ്ങളെ ചെറുക്കാനും ചെടികള്‍ പുഷ്ടിയോടെ വീരാനും വേപ്പില്‍ പിണ്ണാക്ക് അടിവളമാക്കാം നിമവിര ബോറന്‍പുഴു. ഫംഗസ് എന്നിങ്ങനെയുള്ളവയുടെ ആക്രമണത്തില്‍ നിന്ന് ഇലംതൈകള്‍ക്കും വള്ളികള്‍ക്കും രക്ഷകിട്ടാന്‍ വേപ്പിന്‍ പിണ്ണാക്ക് നിലമൊരുക്കുമ്പോള്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കാം. വേപ്പിന്‍ പിണ്ണാക്കിലടങ്ങിയലിമൂണോയിഡുകള്‍ ആണ് ചെടികള്‍ക്കും വേരുപടലങ്ങള്‍ക്കും രക്ഷയാകുന്നത് മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ വേപ്പിന്‍ പിണ്ണാക്ക് അത്യുത്തമമാണ് കൂടാതെ ജൈവവസ്തുക്കള്‍ പെട്ടെന്ന് വിഘടിച്ച് മണ്ണുമായി ചേരാന്‍ സഹായിക്കുന്നു. സെന്റൊന്നിന് കുറഞ്ഞത് അഞ്ചുകിലോയെങ്കിലും വേപ്പിന്‍ പിണ്ണാക്ക് ജൈവകൃഷിയില്‍ അടിവളമായി ചേര്‍ക്കാം. രണ്ടുതരത്തിലാണ് വേപ്പിന്‍ പിണ്ണാക്ക് ലഭ്യമാകുന്നത് പിണ്ണാക്ക് കേക്കിന്റെ രൂപത്തിലും പൊടിയുടെ രൂപത്തിലും കേക്കിന്റെ രൂപത്തിലാണെങ്കില്‍ നന്നായി പൊടിച്ചുവേണം ചേര്‍ത്തിളക്കിക്കൊടുക്കാന്‍ വിത്ത് നടുന്നതിന് തൊട്ടുമുന്നെ ചേര്‍ക്കുന്നതാണ് ഉത്തമം അതിന്റെ മണം വിത്ത് മുളയ്ക്കുന്നതുവരെ നിലനിന്നാല്‍ വിത്ത് മോഷ്ടിച്ചുകൊണ്ടുപോവുന്ന കീടങ്ങളില്‍ നിന്നും രക്ഷകിട്ടും.

കടലപ്പിണ്ണാക്ക്

കടലപ്പിണ്ണാക്ക് സാധാരണയായി നല്ല ഫലമുണ്ടാക്കുന്ന മേല്‍വളമാണ്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് കലക്കി ചാണകവെള്ളവുമായി ചേര്‍ത്താണ് സാധാരണ നല്‍കാറ്. എന്നാല്‍ അടിവളമാക്കി ഉപയോഗിക്കുമ്പോള്‍ നന്നായി പൊട്ടിച്ച് ചാണകപ്പൊടിയുമായി ചേര്‍ത്ത് വേണം നല്‍കാന്‍ സെന്റൊന്നിന് പത്തുകിലോ കണക്കില്‍ പിണ്ണാക്ക്  അടിവളമായി നല്‍കാം. നൈട്രജന്റെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് പിണ്ണാക്ക്. പക്ഷേ പിണ്ണാക്ക് ചേര്‍ക്കുമ്പോള്‍ ചാണകത്തെളിയുമായി ചേര്‍ത്ത് തളിച്ചില്ലെങ്കില്‍ ഉറുമ്പുന്റെ ശല്യം കൂടും.

ചകിരിച്ചോറ്

സാധാരണയായി പച്ചക്കറികൃഷിയില്‍ പോട്ടിങ് മിശ്രിതം തയ്യാറാകുമ്പോഴാണ് ചകിരിച്ചോറ് ഉപയോഗിക്കാറ് എന്നാല്‍ പച്ചക്കറികൃഷിക്ക് മണ്ണൊരുക്കുമ്പോഴും നമുക്ക് ചകിരിച്ചോറ് ഉപയോഗിക്കാവുന്നതാണ്. പുതിയ ചകിരിച്ചോറില്‍ ഉപ്പിന്റെ അംശം കൂടുതലായിരിക്കും അതില്‍ വേരി പിടിക്കാന്‍ പാടാണ്. ഒരു മഴയെങ്കിലും കൊണ്ടതായിരിക്കണം ചകിരിച്ചോറ്. അല്ലെങ്കില്‍ അടിവളമായി ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി വെള്ളമടിച്ച് കഴുകിയാലും മതി. അതിന് ശേഷം അടിവളമായി ചാണകപ്പൊടിയുടെ കൂടെ ചേര്‍ത്ത് കൊടുക്കാം. ഈര്‍പ്പം കുറേ നേരം നിലനിര്‍ത്തുമെന്നതും വേരുപടലങ്ങള്‍ നന്നായി വ്യാപിച്ചു വളരുമെന്നതാണ് ചകിരിച്ചോറ് അടിവളമാക്കുന്നത് കൊണ്ടുള്ളമെച്ചം.

കോഴിക്കാഷ്ടം

ചീര, മരച്ചീനി എന്നിവയ്ക്കും മറ്റ് പച്ചക്കറികള്‍ക്കും അടിവളമായി കോഴിക്കാഷ്ടം ചേര്‍ക്കാം. സെന്റിന് 30 - 50 കിലോയാണ് കണക്ക്. നൈട്രജന്റെയും മറ്റ് ജൈവാവശിഷ്ടങ്ങളുടെയും ആധിക്യമാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നത്. കോഴിക്കാഷ്ടം അടിവളമായിച്ചേര്‍ക്കുമ്പോള്‍ പച്ചക്കറിവിളകള്‍ നല്ലപുഷ്ടി കാണിക്കാറുണ്ട്.

അടിവളം അതിവിളവിന് എന്ന ചൊല്ലുപോലെത്തന്നെ പച്ചക്കറികൃഷിയില്‍ മണ്ണൊരുക്കുമ്പോള്‍ അടിവളം ചേര്‍ക്കേണ്ടത് നല്ല വിളവിന് അത്യാവശ്യമാണ്. പഴയകാല കര്‍ഷകര്‍ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ശീമക്കൊന്നയിലയും വൈക്കേല്‍ തുരുമ്പലും ചാണകവും ചേര്‍ത്ത് ചീയിച്ചതിന് ശേഷം മണ്ണുമായി കലര്‍ത്തിയായിരുന്നു വേനല്‍ക്കാലപച്ചക്കറികള്‍ കൃഷി ചെയ്തിരുന്നത്.

സാഹിവാളിനും ഗിറിനും പ്രിയമേറുന്നു

 

 

ഇടത്തരം വലിപ്പമുള്ള ആകാരഭംഗിയുള്ള ജനുസ്സാണ് ഗിര്‍. വടക്കെ ഇന്ത്യയിലെ ഗിര്‍ വനങ്ങളിലാണ് ഇവയെ ആദ്യമായി കാണപ്പെട്ടത്.

പാലുത്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന പശു വര്‍ഗങ്ങളാണ് സാഹിവാള്‍, സിന്ധി, ഗിര്‍, ദേവ്‌നി എന്നിവ. ഇതില്‍ സഹിവാള്‍, ഗിര്‍ എന്നിവയ്ക്ക് കേരളത്തില്‍ പ്രിയമേറിവരികയാണ്.

ഉത്തരേന്ത്യയില്‍ ഏറെ പ്രസിദ്ധമായ സാഹിവാള്‍ ഇടത്തരം വലിപ്പവും സാമാന്യം മാംസളമായ ശരീരഘടനയുമുള്ള ജനുസ്സാണ്. പശ്ചിമ പാകിസ്താനിലെ വരണ്ട പ്രദേശങ്ങളിലും തെക്കന്‍ ഭാഗത്ത് പ്രത്യേകിച്ച് മോണ്‍ട്‌ഗോമറി ജില്ലയിലുമാണ് ഈ ജനുസ്സ് കാണപ്പെടുന്നത്.

പഞ്ചാബില്‍ ഈ ജനുസ്സിനെ പ്രജനനംവഴി വളര്‍ത്തിയെടുക്കുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ശൈത്യകാലാവസ്ഥ ഈ ജനുസ്സിന് യോജ്യമല്ല.

കാളകള്‍ വളരെ മാംസളമായവയും പശുക്കളാവട്ടെ നല്ല ക്ഷീരോത്പാദകരുമാണ്. നല്ല പശുക്കള്‍ 300 ദിവസംകൊണ്ട് 2700  മുതല്‍ 3200 കിലോഗ്രാം വരെ പാല്‍ നല്‍കും. 4500 കിലോഗ്രാം വരെ പാല്‍ നല്‍കുന്ന പശുക്കളുമുണ്ട്.

നീണ്ട തല, ഇടത്തരം വലിപ്പമുള്ള നെറ്റി, വശങ്ങളിലേക്ക് വളരുന്ന കട്ടിയുള്ള കൊമ്പുകള്‍, പിന്‍ഭാഗത്തേക്ക് വണ്ണംകൂടിയ അയഞ്ഞ ശരീരഘടന, പൊക്കിളിനടുത്ത ഭാഗങ്ങളില്‍ വളരെയധികം അയഞ്ഞ് തൂങ്ങിക്കിടക്കുന്ന ചര്‍മം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. നീളം കുറഞ്ഞ കൈകാലുകളും മുമ്പിലേക്ക് തള്ളി വളരുന്ന വലിയ അകിടും തെളിഞ്ഞതും കരുത്തുള്ളതുമായ ക്ഷീരസിരകളും കാണപ്പെടുന്നു. നിറം ചുവപ്പോ ഇളം ചുവപ്പോ ആയിരിക്കും. ചിലവയില്‍ വെളുത്ത പാടുകളും കാണാം.

ഇടത്തരം വലിപ്പമുള്ള ആകാരഭംഗിയുള്ള ജനുസ്സാണ് ഗിര്‍. വടക്കെ ഇന്ത്യയിലെ ഗിര്‍ വനങ്ങളിലാണ് ഇവയെ ആദ്യമായി കാണപ്പെട്ടത്. പശുക്കള്‍ ശരാശരി ക്ഷീരോത്പാദകരാണ്. നല്ല പശുക്കളില്‍നിന്ന് ആറുലിറ്ററോളം പാല്‍ ലഭിക്കും.

വലിപ്പമുള്ള തല, നന്നായി ഉന്തിനില്‍ക്കുന്ന നെറ്റി, വീതികുറഞ്ഞ മുഖം, കട്ടിയുള്ള കൊമ്പുകള്‍, ശരീരത്തിനാനുപാതികമായ കൈകാലുകള്‍, അകിട് എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍. സാധാരണയായി ചുവപ്പ്, വെളുപ്പ്, കറുപ്പ്ചുവപ്പ്, ചുവപ്പ്വെളുപ്പ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. കനം കുറഞ്ഞ നീണ്ട വാലിന്റെ അറ്റം രോമനിബിഡമായിരിക്കും. കറുത്ത വാല്‍രോമങ്ങള്‍ നിലം മുട്ടിക്കിടക്കുന്നു.

പാലുത്പാദനത്തിന് മുരിങ്ങയില

 

മുരിങ്ങ എല്ലാതരം മണ്ണിലും സമുദ്രനിരപ്പിലും ഉയര്‍ന്നതുമായ സ്ഥലങ്ങളിലും വളരും. വരള്‍ച്ചയെയും വേനലിനെയും പ്രതിരോധിക്കാന്‍ ഇതിന് കഴിവുണ്ട്

കേരളത്തിലെ കാലാവസ്ഥയില്‍ വേനല്‍ക്കാലത്തും സമൃദ്ധമായി വളരുന്ന മരമാണ് മുരിങ്ങ. വൃക്ഷവിളയായ മുരിങ്ങയുടെ ഇല കന്നുകാലികള്‍ക്ക് ഉത്തമ തീറ്റകൂടിയാണ്. വേനല്‍ക്കാലത്ത് വൈക്കോലിനൊടൊപ്പം മുരിങ്ങയില പശുക്കള്‍ക്ക് നല്‍കുന്നത് ആരോഗ്യസംരക്ഷണത്തിനും പാലുത്പാദനം നിലനിര്‍ത്തുന്നതിനും സഹായിക്കും. മുരിങ്ങയിലയില്‍ കരോട്ടിന്‍, വിറ്റമിന്‍ സി, ഇരുമ്പ് എന്നിവ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്. മറ്റ് വൃക്ഷവിളകളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കുറവാണെങ്കിലും ബൈപ്പാസ് പ്രോട്ടീന്റെ അംശം കൂടുതലായതിനാല്‍ കന്നുകാലികള്‍ക്ക് അധികഗുണം ലഭിക്കും.

വിലകൂടിയ പരുത്തിക്കുരുപ്പിണ്ണാക്കിന് പകരമായി മുരിങ്ങയില നല്‍കുമ്പോള്‍ പാലുത്പാദനത്തിലും ഘടനയിലും വ്യത്യാസമുണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുരിങ്ങയിലയില്‍ വിഷാംശമൊന്നുമില്ല എന്നതും കഴിക്കുന്നതിന് പശുക്കള്‍ വിമുഖത കാട്ടുന്നില്ല എന്നതും ഇതിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നു. 23 കിലോ വരെ മുരിങ്ങയില ദിവസേന പശുക്കള്‍ക്ക് നല്‍കുന്നത് കഴിക്കുന്ന ശുഷ്‌കപദാര്‍ഥത്തിന്റെ അളവ് കൂട്ടുന്നതിനും ദഹനവര്‍ധനയ്ക്കും പാലുത്പാദന വര്‍ധനയ്ക്കും സഹായിക്കും. പാലിന്റെ ഘടനയിലോ രുചിയിലോ വ്യത്യാസം ഉണ്ടാകുന്നുമില്ല. മുരിങ്ങയില ആടിനും നല്‍കാവുന്നതാണ്.

മുരിങ്ങ എല്ലാതരം മണ്ണിലും സമുദ്രനിരപ്പിലും ഉയര്‍ന്നതുമായ സ്ഥലങ്ങളിലും വളരും. വരള്‍ച്ചയെയും വേനലിനെയും പ്രതിരോധിക്കാന്‍ ഇതിന് കഴിവുണ്ട്. ഒരു വര്‍ഷം ഹെക്ടറില്‍നിന്ന് ശരാശരി 1015 ടണ്‍ ശുഷ്‌കപദാര്‍ഥം ഇതില്‍നിന്ന് ലഭിക്കും. വേലികളിലോ മറ്റ് വിളകളുടെ ഇടയിലോ തനിവിളയായോ മുരിങ്ങ കൃഷിചെയ്യാം.

തനിവിളയായി നടുമ്പോള്‍ 12 മീറ്റര്‍ വ്യത്യാസത്തില്‍ വിത്ത് വിതയ്ക്കാവുന്നതാണ്. ഉണങ്ങിയ വിത്ത് 50 സെന്റിമീറ്റര്‍ ആഴമുള്ള കുഴിയില്‍ ഒന്നുരണ്ട് സെന്റിമീറ്റര്‍ താഴ്ചയില്‍ വിതയ്ക്കണം. രണ്ട് വിത്ത് ഒരു കുഴിയില്‍ ഇടാം. പോളിത്തീന്‍ ബാഗുകളില്‍ വിത്തുവിതച്ച് ചെടിയായതിനുശേഷം മാറ്റിനടാവുന്നതാണ്. 45 സെന്റിമീറ്ററിനുമേല്‍ നീളമുള്ളതും ആവശ്യത്തിന് വണ്ണമുള്ളതുമായ ദൃഢമായ തണ്ടുകളും നടാന്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമാസം നനയ്ക്കുന്നത് ചെടി പിടിച്ചുവരാന്‍ സഹായിക്കും. വളപ്രയോഗം അത്യാവശ്യമല്ലെങ്കിലും ഒരു ചെടിക്ക് 810 കിലോ എന്ന തോതില്‍ നട്ട് 10 ദിവസത്തിനുശേഷം ചാണകമിടുന്നത് നല്ല വളര്‍ച്ചനല്‍കും. കടുംകൃഷിയില്‍ 40 സെന്റിമീറ്റര്‍ അകലത്തില്‍ മുരിങ്ങച്ചെടികള്‍ കൃഷിചെയ്യാവുന്നതാണ്.

നട്ട് 60 ദിവസം കഴിഞ്ഞോ 1.5 മീറ്റര്‍ ഉയരമെത്തുമ്പോഴോ ഇല വെട്ടി പശുക്കള്‍ക്ക് നല്‍കാവുന്നതാണ്. 45 ദിവസംകൊണ്ട് വളര്‍ച്ച പഴയതോതില്‍ എത്തുന്നു. വര്‍ഷത്തില്‍ ഏഴുതവണ ഇല വെട്ടാവുന്നതാണ്. പാലുത്പാദനത്തിനൊപ്പം ആന്തരിക വിരകളെ നശിപ്പിക്കുന്നതിനും മുരങ്ങയില സഹായിക്കും. (ഫോണ്‍: 9496447537).

എന്താണ് 'വരാഹഗുണബജാലം'?

 

 

വരാഹം അഥവാ പന്നിയുടെ ഇറച്ചിയും എല്ലുകളും ചേര്‍ത്തുണ്ടാക്കുന്ന ജൈവവളക്കൂട്ടാണ് 'വരാഹഗുണബജാലം

എന്താണ് 'വരാഹഗുണബജാലം'? ഇതിന്റെ പ്രയോജനവും നിര്‍മാണരീതിയും പറഞ്ഞുതരാമോ?
എസ്. സുദര്‍ശനന്‍ പിള്ള, ചണ്ണപ്പേട്ട

പേര് സൂചിപ്പിക്കുന്നതുപോലെ വരാഹം അഥവാ പന്നിയുടെ ഇറച്ചിയും എല്ലുകളും ചേര്‍ത്തുണ്ടാക്കുന്ന ജൈവവളക്കൂട്ടാണ് 'വരാഹഗുണബജാലം'.

അഞ്ചുകിലോ പന്നിയിറച്ചി എല്ലുകളോടെ എടുക്കുക. ഓരോ കിലോവീതം ഉഴുന്നും എള്ളും  രണ്ടുലിറ്റര്‍ എള്ളെണ്ണയില്‍ വറുക്കുക. ഇതിലേക്ക് രണ്ടുകിലോ ശര്‍ക്കര പൊടിച്ചുചേര്‍ക്കണം. ഈ മിശ്രിതം ഗോമൂത്രത്തിലോ വെള്ളത്തിലോ മുക്കി മണ്ണിനടിയില്‍ 30 ദിവസം കുഴിച്ചിടണം. ചെടികള്‍ കരുത്തോടെ വളരാനും പൂക്കള്‍ പിടിക്കാനും കായ്കള്‍ ഉണ്ടാകാനും ഇത് സഹായിക്കും. ഈ മിശ്രിതം 100 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച ഇലകളില്‍ തളിക്കുകയോ നനവെള്ളത്തില്‍ കലര്‍ത്തി നല്‍കുകയോ ചെയ്യാം.

കടപ്പാട്-മാതൃഭൂമി ന്യൂസ്

ഒരുക്കാം കണ്ണാടിക്കൂട്ടിലൊരു വര്‍ണലോകം

ഒന്നു മനസ്സുവെച്ചാല്‍ സമുദ്രാന്തര്‍ഭാഗത്തെ മനോഹര അന്തരീക്ഷം നമ്മുടെ വീട്ടിലെ സ്വീകരണമുറിയില്‍ ഒരു കണ്ണാടിക്കൂട്ടിലൊരുക്കാം. തിരക്കേറിയ ജീവിതത്തിനിടയില്‍ ലഭിക്കുന്ന ചെറിയ ഒഴിവു സമയം മാത്രം മതി മനസ്സിന് കുളിര്‍മയേകുന്ന നല്ലൊരു അക്വേറിയം ഒരുക്കാന്‍.

സമുദ്രത്തിന്റെ അടിത്തട്ടിലെ പാരുകളും അതിലൂടെ ഒളിമിന്നിമറിയുന്ന മത്സ്യങ്ങളും മറ്റു ജീവജാലങ്ങളുമെല്ലാം മുങ്ങല്‍ വിദഗ്ധര്‍ക്ക് മാത്രമേ നേരിട്ട് കാണാനും ആസ്വദിക്കാനും സാധിക്കാറുള്ളു. സമുദ്രാന്തര്‍ഭാഗത്തെ മനോഹരമായ സസ്യജാലങ്ങളെയും മത്സ്യക്കൂട്ടങ്ങളെയൊക്കെ കാണാന്‍ വലിയ അക്വേറിയങ്ങള്‍ തേടി സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും ഒക്കെയാണ് ടൂറിസ്റ്റുകള്‍ ഇന്നു പോവുന്നത്.

എന്നാല്‍ ഇത്രയധികമൊന്നും പണച്ചിലവില്ലാതെ; ഒന്നു മനസ്സുവെച്ചാല്‍ സമുദ്രാന്തര്‍ഭാഗത്തെ മനോഹര അന്തരീക്ഷം നമ്മുടെ വീട്ടിലെ സ്വീകരണമുറിയില്‍ ഒരു കണ്ണാടിക്കൂട്ടിലൊരുക്കാം. തിരക്കേറിയ ജീവിതത്തിനിടയില്‍ ലഭിക്കുന്ന ചെറിയ ഒഴിവു സമയം മാത്രം മതി മനസ്സിന് കുളിര്‍മയേകുന്ന നല്ലൊരു അക്വേറിയം ഒരുക്കാന്‍.

അക്വേറിയം ഒരുക്കുന്നതിന് നല്ല ക്ഷമ വേണമെന്നത് മറക്കരുത്. ആദ്യം തിരഞ്ഞെടുക്കേണ്ടത് അക്വേറിയം വെക്കേണ്ട സ്ഥലമാണ്. നേരത്തെ സൂചിപ്പിച്ച പോലെ പൂമുഖത്തോ സ്വീകരണ മുറിയിലോ അക്വേറിയം വെക്കാം. മുറിയുടെ വലിപ്പം അനുസരിച്ചു വേണം അക്വേറിയത്തിന്റെ വലിപ്പം നിശ്ചയിക്കാന്‍. സൂര്യപകാശം നേരിട്ട ഏല്‍ക്കാത്ത സ്ഥലമാണ് ഏറ്റവും അഭികാമ്യം. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് അക്വേറിയത്തിനുള്ളില്‍ എളുപ്പം പൂപ്പല്‍പിടിക്കാന്‍ കാരണമാവും. ചെടികള്‍ക്ക് ഫംഗസ് ബാധയേല്‍ക്കാനും ഇത് വഴിവെക്കും.

സ്ഥലം തിരഞ്ഞെടുത്ത് അതിനനുസരിച്ച് അക്വേറിയം വെച്ചു കഴിഞ്ഞാല്‍ പിന്നെ അതിനുള്ളില്‍ മത്സ്യങ്ങള്‍ക്ക് നീന്തിതുടിക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. അതിന് നമ്മള്‍ ആദ്യമൊരു തീം മനസ്സില്‍ നിശ്ചയിക്കണം. അതിനനുസരിച്ച് വേണം ഉള്ളില്‍ വെക്കേണ്ട പാറ കഷ്ണങ്ങളും കല്ലുകളും ചെടികളും മറ്റും തിരഞ്ഞെടുക്കാന്‍.

അക്വേറിയത്തില്‍ ചെടിവെച്ചുപിടിക്കുകയെന്ന് പറഞ്ഞാല്‍ അതത്ര എളുപ്പമുള്ള പണിയല്ല. അക്വേറിയം ഷോപ്പുകളില്‍ നിന്ന് പത്ത് രൂപ മുതല്‍ വിലക്ക് ചെടികള്‍ ലഭിക്കുമെങ്കിലും അക്വേറിയത്തിന്റെ അടിത്തട്ടില്‍ അവ വെറുതെ വെച്ചുപിടിപ്പിച്ചാല്‍ കാണാന്‍ കുറച്ച് കാലത്തേക്ക് ഭംഗിയുണ്ടാവുമെങ്കിലും പിന്നീടിവ ചീഞ്ഞു പോവുകയാണ് പതിവ്. ഒരു നല്ല പ്ലാന്റഡ് അക്വേറിയം എങ്ങനെയൊരുക്കാം എന്ന് വിശദീകരിക്കുകയാണ് 18 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള രഞ്ജിഷ്. എല്ലാകാര്യങ്ങളിലും സഹായമായി സഹോദരന്‍ രതീഷും ഒപ്പമുണ്ട്. കോഴിക്കോട് ടൗണില്‍ നിന്നും വളരെ അകലെ അല്ലാതെ രാമനാട്ടുകര ബൈപ്പാസില്‍ ഗോള്‍ഡന്‍ അക്വേറിയം ഷോപ്പ് നടത്തുന്ന രഞ്ജിഷിന് സ്വന്തമായി ഒരു ഫിഷ് ഫാമുമുണ്ട്. നിരവധി അക്വാ ഷോകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയ ഇവര്‍ തന്നെയാവും ഒരു പ്ലാന്റഡ് അക്വേറിയം ഒരുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അനുയോജ്യര്‍.

80 സെന്റിമീറ്റര്‍ നീളവും 35 സെന്റീമീറ്റര്‍ വീതിയും 55  സെന്റീമീറ്റര്‍ ഉയരവുമുള്ള ഒരു അക്വേറിയത്തില്‍ എങ്ങനെ ചെടിവെച്ചുപിടിപ്പിക്കാം എന്നാണ് ഇവിടെ വിശദീകരിക്കുന്നത്. ഈ അക്വേറിയത്തില്‍ ചെടികള്‍ക്ക് വളരാനുള്ള അടിത്തട്ട് സൃഷ്ടിക്കുകയാണ് ആദ്യപടി. ഇതിനായി ചെടിവെച്ചുപിടിപ്പിക്കേണ്ട ഭാഗത്ത് ആദ്യം ആറ്റുമണല്‍ വിതറാം. ഏഴ് കിലോ ആറ്റുമണലാണ് ഈ അക്വേറിയത്തിലേക്ക് അഭികാമ്യം. പാറക്കെട്ട് സൃഷ്ടിക്കേണ്ട ഭാഗത്ത് ആറ്റുമണല്‍ കൊണ്ട് ഒരു ചെരിവ് സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. ഇരുമ്പിന്റെ സാന്നിധ്യം കൊണ്ടും സ്വാഭാവികമായ ധാതുലവണങ്ങള്‍ ധാരാളമുള്ളതിനാലും ആറ്റുമണല്‍ ചെടികള്‍ക്ക് മികച്ച വളക്കൂര്‍ നല്‍കും. പിന്നീട് പാറക്കെട്ട് സൃഷ്ടിക്കുന്നതിനായി ശേഖരിച്ചുവെച്ചിട്ടുള്ള പാറകഷ്ണങ്ങളോ കല്ലുകളോ നമ്മുടെ മനോധര്‍മ്മമനുസരിച്ച് വെക്കാം.

അതിനുശേഷം ചെടികളുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ കോണ്‍ട്ര സോയില്‍ അഥവാ ബ്ലാക്ക് സോയില്‍ വിതറാം. കൗണ്ടര്‍ സോയിലിന് അത്യാവശ്യം വില നല്‍കേണ്ടതിനാല്‍ ചെടി വെക്കേണ്ട ഭാഗങ്ങളില്‍ മാത്രം വിതറിയാലും മതിയാകും. ചെടികള്‍ക്ക് ഒക്‌സിജനും കാര്‍ബണ്‍ ഡൈ ഒക്‌സൈഡും വലിച്ചെടുക്കാന്‍ വേണ്ട സാഹചര്യമൊരുക്കുന്നതിനാണ് കോണ്‍ട്ര സോയില്‍ ഉപയോഗിക്കുന്നത്.

ഇത്രയുമായാല്‍ അക്വേറിയത്തിനുള്ളില്‍ നമ്മള്‍ ഉദ്ദേശിച്ച രീതിയിലുള്ള പാറക്കെട്ട് തയ്യാറായിക്കഴിഞ്ഞു. പിന്നീട് പാറക്കെട്ടൊഴിവുള്ള ഭാഗങ്ങളിലും ഒരു താഴ്‌വാരമെന്നോണം ആറ്റുമണലും കോണ്‍ട്ര സോയില്‍ വിതറാന്‍ മറക്കരുത്. കോണ്‍ട്ര സോയില്‍ വിതറിക്കഴിഞ്ഞാല്‍ ഒരു പെയിന്റ് ബ്രഷ് ഉപയോഗിച്ച് എല്ലായിടത്തും സമമായി പ്രതലമൊരുക്കാന്‍ മറക്കരുത്.

പിന്നെയാണ് ഡ്രിഫ്റ്റ് വുഡ്‌ വെക്കേണ്ടത്. ഒരുപാടു കാലം വെള്ളത്തിലിട്ട് വെച്ച മരക്കഷ്ണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭംഗിയുള്ള ചില്ലകളോടു കൂടിയ മരകഷ്ണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭിക്കുമെങ്കിലും ഇവ നേരിട്ട് അക്വേറിയത്തില്‍ വെച്ചാല്‍ അവ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. പക്ഷെ അക്വേറിയത്തില്‍ വെക്കുന്നതിന് മുമ്പ് കുറച്ചുദിവസം വെള്ളത്തിലിട്ടുവെച്ചാല്‍ ഇവ വെള്ളത്തില്‍ താഴ്ന്ന് കിടക്കുന്ന പരുവത്തിലാവും. എന്നിട്ടേ അക്വേറിയത്തില്‍ വെക്കാവൂ. ഡ്രിഫ്റ്റ് വുഡ്‌ വെച്ചാല്‍, പിന്നെ ചെടികള്‍ നടുകയാണ് അടുത്ത പടി. ചെടികള്‍ കൈകൊണ്ട് നട്ടാല്‍ ഇവയുടെ വേര് കൗണ്ടര്‍ സോയിലില്‍ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഒരു ഫോഴ്‌സെപ്‌സ് ഉപയോഗിക്കാം.

ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പാടത്തും പറമ്പിലും കാണുന്ന ചെടികള്‍ അക്വേറിയത്തില്‍ വെച്ചാല്‍ അവ വളരാന്‍ സാധ്യത കുറവാണ്. ജല സസ്യങ്ങളായ എയര്‍ ഗ്രാസ്, ഗ്ലോസസ് സ്റ്റിഗ്മ, മിനയേച്ചര്‍ വാലിസ്‌നേറിയ എന്നിവയാണ് അക്വേറിയം പ്രേമികള്‍ക്ക് പ്രിയപ്പെട്ട സസ്യങ്ങളില്‍ ചിലത്. ഇവ നിശ്ചയിച്ച തീമിന് അനുസരിച്ച് വെച്ചുപിടിപ്പിക്കാം. ഇത്രയുമായാല്‍ പ്ലാന്റഡ് അക്വേറിയം റെഡി. പക്ഷെ ചെടുകള്‍ വളരുന്നതിന് ചെയ്യേണ്ടതായി പിന്നെയുമുണ്ട് മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നല്‍കുന്ന പമ്പ്, ഒക്‌സിജന്‍ നല്‍കുന്ന എയര്‍ പമ്പ്, പ്രകാശം നല്‍കുന്ന ട്യൂബ് ലൈറ്റ് എന്നിവ സജ്ജികരിക്കണം. ഒക്‌സിജന്‍ നല്‍കന്ന പമ്പ് വലിയ വില കൊടുക്കാതെ തന്നെ നമ്മുക്കിന്ന് വിപണിയില്‍ ലഭിക്കും പക്ഷെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പമ്പിന് വില 4000 രൂപയോളം വരും അതുകൊണ്ട് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പാനും മാര്‍ഗ്ഗമുണ്ട്. അത് വഴിയെ പറയാം.

ഓക്‌സിജന്‍ പമ്പില്‍ നിന്നുമുള്ള ട്യൂബ് ഒരു എയര്‍‌സ്റ്റോണ്‍ വഴി അക്വേറിയത്തില്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ പിന്നെ കാര്‍ബണ്‍ ഡൈ ഒക്‌സൈഡിന്റെ ട്യൂബ് പിടിപ്പിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. അക്വേറിയത്തില്‍ വെച്ചിട്ടുള്ള വാട്ടര്‍ ഫില്‍റ്ററില്‍ വെള്ളം പുറന്തള്ളുന്ന ഭാഗത്തിന്റെ മുകളിലായി ഈ ട്യൂബ് ഘടിപ്പിച്ചാല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വെള്ളത്തില്‍ മുഴുവന്‍ എളുപ്പം കലരുകയും ചെടികള്‍ക്ക് എളുപ്പം ലഭിക്കുകയും ചെയ്യും. പിന്നെ ചെടികള്‍ക്ക് ഏറ്റവും അത്യാവശ്യമായ പ്രകാശം ലഭിക്കുന്നതിന് ലൈറ്റ് പിടിപ്പിക്കേണ്ടതുണ്ട്. അക്വേറിയത്തിനെ മൂടുന്ന ടോപ്പിന്റെ അടിവശത്ത് ട്യൂബ് പിടിപ്പിക്കുകയാണ് നിലവിലുള്ള രീതി. ട്യൂബ് ലൈറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ആവശ്യത്തിന് പ്രകാശമുള്ളവ മാത്രം തിരഞ്ഞെടുക്കുക. ഉള്ളില്‍ നീന്തിക്കളിക്കുന്ന മീനുകളുടെ നിഴല്‍ താഴെ പതിയുന്ന അത്രയും പ്രകാശമാണ് ഒരു പ്ലാന്റഡ് അക്വേറിയത്തിന് വേണ്ടത്. പിന്നീട് ചെടികളും മറ്റും ഇളകാത്ത രീതിയില്‍ അക്വേറിയത്തില്‍ വെള്ളം നിറക്കാം.

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സമുദ്രാന്തര്‍ഭാഗത്തെപ്പോലെയുള്ള അന്തരീക്ഷം അക്വേറിയത്തില്‍ തയ്യാറായെന്ന് കരുതരുത്. ചെടികള്‍ വളര്‍ന്ന് ഭംഗിയാര്‍ജ്ജിക്കാന്‍ പിന്നെയും ഏതാനും ദിവസങ്ങളെടുക്കും. അക്വേറിയം ഒരുക്കിക്കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ച്ചകള്‍ക്ക് ശേഷം പ്ലാന്റഡ് അക്വേറിയത്തിന് ഭംഗി പകരുന്ന ടെട്രാ വിഭാഗത്തിലുള്ള മത്സങ്ങളെ നിക്ഷേപിക്കാം. സംഘമായി സഞ്ചരിക്കുന്ന ഇവയാണ് പ്ലാന്റഡ് അക്വേറിയങ്ങള്‍ക്ക് അഭികാമ്യം. നിയോണ്‍ ടെട്രാ, ഗ്ലോ ലൈറ്റ് ടെട്ര, റമ്മി നോസ് ടെട്ര, കാര്‍ഡിനല്‍ ടെട്ര, എംപറര്‍ ടെട്ര എന്നിവയാണ് ഇന്ന് വിപണിയില്‍ ലഭിക്കുന്ന ട്രെട്രാ മത്സ്യങ്ങളില്‍ ചിലത്. ചെമ്മീനിന്റെ ചെറിയ ഇനമായ ഷ്രിമ്പുകളും പ്ലാന്റഡ് അക്വേറിയത്തിന് ഭംഗി നല്‍കും. അതിന് പുറമെ ചെടികളില്‍ പിടിച്ചുപറ്റുന്ന പൂപ്പലുകളും ഇവ വൃത്തിയാക്കുമെന്നതിനാല്‍ ഷ്രിമ്പുകളെ ഒഴിവാക്കാതിരിക്കുകയാണ് നല്ലത്. ചെടികള്‍ നശിപ്പിക്കുന്ന വലിയ ഇനം മത്സ്യങ്ങളെ ഒഴിവാക്കുക തന്നെ വേണം.

കര്‍ഷകര്‍ക്കായി പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതി

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായി പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. കര്‍ഷക ആത്മഹത്യകളും കൃഷിനാശവും തടയുകയാണ് ലക്ഷ്യം.   കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന എന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആകര്‍ഷണം.  അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 50 ശതമാനം കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യവര്‍ഷം പ്രീമിയം ഇനത്തില്‍ സബ്‌സിഡി നല്‍കുന്നതിന് 5700 കോടിയും രണ്ടാംവര്‍ഷം 7200 കോടിയും മൂന്നാം വര്‍ഷം 8800 കോടിയും കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കും.

25 ശതമാനംവരെ പ്രീമിയം കര്‍ഷകര്‍ നല്‍കണമെന്നാണ് നിലവിലെ പദ്ധതിയുടെ വ്യവസ്ഥ. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവരായിരിക്കും പദ്ധതി നടത്തിപ്പുകാര്‍. പ്രകൃതിദുരന്തംമൂലമുണ്ടാകുന്ന കൃഷി നഷ്ടത്തിന് പൂര്‍ണ പരിരക്ഷ നല്‍കുന്ന രീതിയിലാണ് പദ്ധതിയെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യനായിഡു, രാധാമോഹന്‍ സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1999 മുതല്‍ നിലവിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിച്ചാണ് പുതിയ പദ്ധതി. രാജ്യത്തെ ജില്ലകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പദ്ധതി ഏര്‍പ്പെടുത്തുന്നത്. ഒരു സംസ്ഥാനത്തിനായി ഒരു ഇന്‍ഷുറന്‍സ് കമ്പനിയെ ചുമതലപ്പെടുത്താനാണ് ആലോചന.

സവിശേഷതകള്‍

*ഇന്‍ഷുറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്ക് പരിധിയുണ്ടാകില്ല
*കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയത്തിനുശേഷം സര്‍ക്കാര്‍ അടയ്‌ക്കേണ്ട തുക 90 ശതമാനമാണെങ്കില്‍പ്പോലും അത് നല്‍കും
*പ്രീമിയം നിരക്കിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥ ഒഴിവാക്കും 
*ഇന്‍ഷുറന്‍സ് പ്രകാരം ഉറപ്പുനല്‍കിയിരിക്കുന്ന മുഴുവന്‍ തുകയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും
*വായ്പകള്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും വിള ഇന്‍ഷുറന്‍സ് ലഭിക്കും
*മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക്  ആനുകൂല്യങ്ങള്‍ ലഭിക്കില്ല
*കൃഷിനാശം അടിയന്തരമായി വിലയിരുത്തി എത്രയും വേഗം നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ആധുനിക സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിക്കും 
*വിളനാശം സ്മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്താല്‍ ഉടന്‍തന്നെ നടപടിക്രമങ്ങള്‍ ആരംഭിക്കും 
*റിമോട്ട് സെന്‍സറിങ്ങും ഉപയോഗിക്കും

ജൈവവളമായി കൂൺ അവശിഷ്ടം

വിളവെടുപ്പ്‌ കഴിഞ്ഞുള്ള കൂൺ ബെഡ്‌ ജൈവകൃഷിക്ക്‌ മികച്ച വളമായി ഉപയോഗപ്പെടുത്താം. ഇതിലൂടെ ഇവ കൂടിക്കിടന്ന്‌ അഴുകിയുണ്ടാകുന്ന പരിസര മലിനീകരണത്തിനും തടയിടാം.

വിളവെടുത്തശേഷമുള്ള കൂൺ ബെഡിൽ 1.9 ശതമാനം, 0.4 ശതമാനം, 2.4 ശതമാനം എന്നീ അളവുകളിൽ നൈട്രജനും ഫോസ്‌ഫേറ്റും പൊട്ടാഷും അടങ്ങിയിട്ടുണ്ട്‌. ഈ ബെഡുതന്നെ എട്ടുമാസത്തെ കമ്പോസ്റ്റിങ്ങിനും വിധേയമാക്കപ്പെട്ടാൽ നൈട്രജനും ഫോസ്‌ഫേറ്റും പൊട്ടാഷും 1.9 ശതമാനം, 0.6 ശതമാനം, ഒരുശതമാനം എന്ന തോതിലാവും മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും വെള്ളം പിടിച്ചുവെക്കാനുള്ള ശേഷികൂട്ടാനും നല്ല സൂക്ഷ്മജീവികളുടെ വളർച്ച കൂട്ടാനും കൂൺബെഡ്‌ അവശിഷ്ടത്തിനാവും. ഇത്‌ നേരിട്ടും തുറസ്സായോ മൂടിയുള്ള രീതിയിലോ കമ്പോസ്റ്റാക്കിയും മണ്ണിൽ ചേർക്കാവുന്നതാണ്‌. മണ്ണിരക്കമ്പോസ്റ്റാക്കാനും കൂൺ അവശിഷ്ടം അനുയോജ്യമാണ്‌. സിമൻറ്‌ ടാങ്കിലോ തറയിലുണ്ടാക്കിയ കുഴിയിലോ (രണ്ടരമീറ്ററോളം വീതിയിലും അരമീറ്ററോളം ആഴവും) ഒരു നിര തൊണ്ടടുക്കണം. തൊണ്ട്‌ നനച്ചശേഷം കൂൺ അവശിഷ്ടം നിരത്തിയിടുക. ഇതിനുമീതെ ചാണകക്കുഴമ്പ്‌ വീഴ്‌ത്തണം. ഇങ്ങനെ പല അട്ടിയായി നിറച്ചുകഴിഞ്ഞ്‌ മീതെ ഓലവെച്ച്‌ മൂടാം. അവശിഷ്ടം ദ്രവിച്ചുതുടങ്ങുമ്പോൾ അരകിലോ (500 എണ്ണം) മണ്ണിരയെ ടാങ്കിൽ നിക്ഷേപിക്കണം. ടാങ്കിനെ വെയിലിൽനിന്ന്‌ സംരക്ഷിക്കാൻ മുകളിൽ കൂരയുണ്ടാക്കണം. ഒന്നൊന്നരമാസംകൊണ്ട്‌ ബെഡ്‌ ഒന്നാംതരം കമ്പോസ്റ്റാവും.

ഇത്‌ ചേർക്കുന്നതിലൂടെ പച്ചക്കറികളുടെയുംമറ്റും വിളവ്‌ പതിന്മടങ്ങാവുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ബട്ടൺ മഷ്‌റൂം എന്നയിനത്തിന്റെ കേസിങ് പ്രക്രിയയ്ക്കും ഇത്‌ ഉപയോഗപ്പെടത്താം.

കരനെൽകൃഷിക്ക്‌ സാധ്യതയേറെ

വിഷുവിന്‌ വിളക്കുതെളിയിച്ച്‌ പുനംകൃഷിക്ക്‌ വിത്തിറക്കിയിരുന്നത്‌ നമ്മുടെ ശ്രേഷ്ഠപാരമ്പര്യം. നെല്ലും തുവരയും മത്തനും കുമ്പളവുമെല്ലാം പുനംകൃഷിയിൽ യഥേഷ്ടം വിളഞ്ഞു. പൊന്നുവിളയുന്ന മണ്ണിൽ പുനംകൃഷി ഒരു നിറവായിരുന്നു. കാലം മാറി. പുനംകൃഷിയൊരുക്കിയ കുന്നുകൾ റബ്ബറിന്‌ ഒഴിഞ്ഞുകൊടുത്തു. മാറിയ സാഹചര്യത്തിലും കരനെൽകൃഷിക്ക്‌ നമ്മുടെ നാട്ടിൽ അനന്തസാധ്യതയുണ്ട്‌.


തെങ്ങിൻതോട്ടങ്ങളും മൂന്നുവർഷംവരെ പ്രായമായ റബ്ബർത്തോട്ടങ്ങളും തരിശുസ്ഥലങ്ങളും എന്തിനേറെ ചെങ്കൽപ്പാറകൾവരെ കരനെൽകൃഷിക്ക്‌ പ്രയോജനപ്പെടുത്താം. നെല്ലിന്റെ നാരായവേരുകൾക്ക്‌ വെള്ളത്തെ പിടിച്ചുനിർത്താനുള്ള കഴിവുണ്ട്‌. നെല്ല്‌ ഇടവിളയായപ്പോൾ റബ്ബറിന്റെ വളർച്ച വേഗത്തിലായതിന്റെയും തെങ്ങിന്റെ ഉത്‌പാദനം കൂടിയതിന്റെയും പിന്നിലെ രഹസ്യം മറ്റൊന്നല്ല. ഒരു വർഷംകൊണ്ടുതന്നെ ഒന്നരവർഷത്തെ വളർച്ച ലഭിക്കുന്നതുകൊണ്ടാകണം കരനെൽകൃഷി ചെയ്യാൻ മുന്നോട്ടുവരുന്ന റബ്ബർ കർഷകരുടെ എണ്ണം കൂടിവരുന്നു.

കളകളാണ്‌ കരനെൽകൃഷിയിലെ പ്രധാന തലവേദന. അനുകൂലസാഹചര്യം ഒത്തുവരുമ്പോൾ കളകൾ കൂട്ടത്തോടെ മുളച്ചുവരും. ചിലപ്പോഴെങ്കിലും കരനെല്ലിന്റെ വളർച്ചയെത്തന്നെ പ്രതികൂലമായി ബാധിച്ചെന്നുവരാം. നല്ലൊരു മുന്നൊരുക്കമുണ്ടെങ്കിൽ കരനെല്ലിനെ വരുതിയിലാക്കാം. ഇതിനായി ഫിബ്രവരി-മാർച്ച്‌ മാസത്തിൽ സ്ഥലം നന്നായി കിളച്ചിളക്കണം. ഒരു നനനൽകി പയർവിത്തു വിതയ്ക്കുന്നത്‌ കരനെൽകൃഷിക്കുള്ള ശുഭാരംഭമാവും. വൻപയർ വിത്താണ്‌ ഉത്തമം. പൂക്കുന്നതിനുമുമ്പായി വൻപയർ മണ്ണിൽ ഉഴുതുചേർക്കണം. ഇങ്ങനെ ജൈവസമ്പുഷ്ഠവും നല്ല ഇളക്കവുമുള്ള മണ്ണ്‌ വേനൽമഴയിൽ നനഞ്ഞാൽ കരനെൽകൃഷി തുടങ്ങാം. ഉമിച്ചാരവും ചാണകവുമാണ്‌ കരനെല്ലിന്‌ നൽകേണ്ട അടിവളം. വിത്തും ഉണങ്ങിപ്പൊടിഞ്ഞ ചാണകവളവും പ്രത്യേക അനുപാതത്തിൽ ചേർത്ത്‌ നുരിയിടുന്നതാണ്‌ പുനംകൃഷിയിൽ നടീൽരീതി.


പൊടിവിതയും കരനെൽകൃഷിക്കിണങ്ങും. സാധാരണഗതിയിൽ കീടരോഗബാധകളൊന്നും കാണാറില്ലെങ്കിലും ചെടിയെ കരുതിയിരിക്കണം. മത്തി സ്‌പ്രേയും വേപ്പെണ്ണ സ്‌പ്രേയുമാണ്‌ ചാഴിയെ തുരത്താൻ ഉത്തമം.വൈശാഖും സ്വർണപ്രഭയും ആതിരയുമാണ്‌ സാധാരണഗതിയിൽ കരനെൽകൃഷിക്ക്‌ യോജിച്ച വിത്തിനങ്ങൾ.
എന്നാൽ, ലാഭകരമായ കരനെല്ലാണ്‌ ലക്ഷ്യമെങ്കിൽ ഞവരയെ കൂട്ടുപിടിക്കാം. കുറഞ്ഞ വിളദൈർഘ്യവും കൂടിയ വിലയും ഞവരയുടെ ആകർഷണീയത കൂട്ടുന്ന ഘടകങ്ങളാണ്‌. ഏറ്റവും കുറഞ്ഞ വിളദൈർഘ്യമുള്ള നെല്ലിനമായ ഞവരയ്ക്ക്‌ സംസ്കൃതത്തിൽ ഷാഷ്ഠികമെന്നാണ്‌ പേര്‌. 60 ദിവസത്തെ കാലാവധിയെന്ന്‌ ചുരുക്കം. മഴ പൂർണമായും പ്രയോജനപ്പെടുത്തി വളരാൻ നമ്മുടെ ഭൗമസൂചികയിൽ ഇടംനേടിയ ഞവരയ്ക്ക്‌ കഴിയും. അത്യുത്‌പാദനശേഷിയുള്ള പല നെല്ലിനങ്ങളും കരനെൽകൃഷിയിൽ പരാജയപ്പെടുമ്പോൾ മഴ ചതിച്ചാലും ഞവര വിജയമാകുന്നതിനു പിന്നിലെ രഹസ്യം മറ്റൊന്നുമല്ല.

വേനൽച്ചൂടിൽനിന്ന്‌ കോഴികളെ സംരക്ഷിക്കാം

ധാരാളം കുടിവെള്ളം നൽകുക, ഐസ്‌ പൊടിച്ച്‌ വെള്ളത്തിലിട്ടുകൊടുക്കുക.ഷെഡ്ഡിനുചുറ്റും തണൽമരങ്ങൾ വെച്ചുപിടിപ്പിക്കണം. കാറ്റിനെ തടഞ്ഞുനിർത്താതിരിക്കാനും മറ്റുപക്ഷികൾ മരത്തിൽവന്നിരുന്ന്‌ പരിസരം മലിനപ്പെടുത്താതെയും ശ്രദ്ധിക്കണം. ഷെഡ്ഡിന്‌ മുകളിൽ വെള്ളം സ്‌പ്രിംഗ്ലർ വഴി നനച്ചുകൊടുക്കണം.

മനുഷ്യരിൽമാത്രമല്ല, മൃഗങ്ങളിലും പക്ഷികളിലും കഠിനമായ വേനൽച്ചൂട്‌ മാരകമാണ്‌. കോഴികളിൽ മുട്ട -ഇറച്ചി ഉത്‌പാദനത്തിനെയും ഇവയുടെ വിലയെയും ഇത്‌ ബാധിക്കും. 
കോഴിഷെഡ്ഡുകളിലെ താപനില സാധാരണ 23.8-29.4  ഡിഗ്രി സെന്റിഗ്രേഡ്‌ വരെയാണ്‌. 32.3 ഡിഗ്രി മുകളിലാണെങ്കിൽ ഇവ അസ്വസ്ഥത കാട്ടുകയും തീറ്റ കഴിക്കുന്നത്‌ കുറയുകയും ചെയ്യുന്നു. 37.8ന്‌ മുകളിൽ ഇവയുടെ മരണസാധ്യത കൂടുകയും ചെയ്യും.

അന്തരീക്ഷതാപനില 35 ഡിഗ്രി മുകളിലെത്തുമ്പോൾ ശരീരം ചൂടിന്‌ അടിമപ്പെടുകയും ഉപരിതല ചർമത്തിലെ ചെറിയ രക്തക്കുഴലുകളെ ആശ്രയിക്കുകയും ചെയ്യുമ്പോൾ ശരീരം തണുപ്പിച്ചുനിർത്താനുള്ള സംവിധാനം നഷ്ടപ്പെടും. മാത്രമല്ല, ഊർജവും ജലവും നഷ്ടപ്പെടുകയും നിർജലീകരണം സംഭവിക്കുകയും ചെയ്യും. കിതയ്ക്കൽ, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, കൂടുതൽ വെള്ളം കുടിക്കാനുള്ള വ്യഗ്രത, തീറ്റ കുറയുക, മുട്ട ഉത്‌പാദനം കുറയുക, മുട്ടത്തോട്‌ നേരിയതാവുക, ഭാരം കുറയുക എന്നിവയാണ്‌ ലക്ഷണങ്ങൾ. പരിഹാരങ്ങൾ ഇവയാണ്‌.

ധാരാളം കുടിവെള്ളം നൽകുക, ഐസ്‌ പൊടിച്ച്‌ വെള്ളത്തിലിട്ടുകൊടുക്കുക.ഷെഡ്ഡിനുചുറ്റും തണൽമരങ്ങൾ വെച്ചുപിടിപ്പിക്കണം. കാറ്റിനെ തടഞ്ഞുനിർത്താതിരിക്കാനും മറ്റുപക്ഷികൾ മരത്തിൽവന്നിരുന്ന്‌ പരിസരം മലിനപ്പെടുത്താതെയും ശ്രദ്ധിക്കണം. ഷെഡ്ഡിന്‌ മുകളിൽ വെള്ളം സ്‌പ്രിംഗ്ലർ വഴി നനച്ചുകൊടുക്കണം.

കൂടിന്റെ വശങ്ങളിലുള്ള നെറ്റിൽ കുടുങ്ങിയിരിക്കുന്ന പൊടിപടലങ്ങളെ നീക്കംചെയ്യണം. എങ്കിൽ കാറ്റ്‌ അനായാസം ഷെഡ്ഡിൽ കടക്കും. പഴക്കംവന്ന ലിറ്റർ മാറ്റി പുതിയത്‌ വിരിച്ചുകൊടുക്കണം.
അന്തരീക്ഷം തണുത്തിരിക്കുന്ന രാവിലെ കൂടുതൽ വെളിച്ചം നൽകി  കോഴികളെ കൂടുതൽ ഭക്ഷണം കഴിക്കാൻ സഹായിക്കുക.പോഷകാഹാരം അടങ്ങിയ മരുന്നുകൾ പ്രത്യേകിച്ച്‌ കാത്സ്യം, ജീവകം സി, ഇലക്‌ട്രോലൈറ്റ്‌ ലായനികൾ, പ്രോ ബയോട്ടിക്‌ മരുന്നുകൾ എന്നിവ യഥാസമയം നൽകണം.

ഷെഡ്ഡിൽ ധാരാളം കാറ്റുകിട്ടുന്നതിനായി ഫാനുകൾ പ്രവർത്തിപ്പിക്കണം. ഷെഡ്ഡിന്റെ വശങ്ങളിൽ നനഞ്ഞ നേരിയ ചാക്ക്‌ തൂക്കിയിടുക. ഷെഡ്ഡിന്റെ മേൽക്കൂര വശങ്ങളിൽനിന്ന്‌ 3-5 അടിയെങ്കിലും തള്ളിനിൽക്കണം. വെള്ളത്തിൽ 0.25 ശതമാനം ഉപ്പുചേർത്തുകൊടുത്താൽ വെള്ളം കൂടുതൽ കുടിക്കും. ഒരു ലിറ്റർ വെള്ളത്തിൽ 1-2 ഗ്രാം എന്ന തോതിൽ ഇലക്‌ട്രോലൈറ്റ്‌ പൗഡർ ഇട്ടുനൽകാം. യാത്രാസമയത്ത്‌ നിർബന്ധമായും ഇലക്‌ട്രോലൈറ്റ്‌ ലായനി കുടിക്കാൻ നൽകണം. വെള്ളം സംഭരിച്ചുവെച്ചിട്ടുള്ള ടാങ്ക്‌ നനഞ്ഞ ചാക്കുകൊണ്ട്‌ മൂടിവെക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം.

കൂടുതൽ വിളവ് ഓരോ തുള്ളിയിലും

മൺതരികൾക്കിടയിൽ തങ്ങിനിൽക്കുന്ന ഈർപ്പരൂപത്തിലുള്ള വെള്ളംമാത്രമേ ചെടികൾക്ക് വലിച്ചെടുക്കാൻ കഴിയൂ. അതായത് ഒരു പിടി നനഞ്ഞമണ്ണ് കൈയിലെടുത്ത് പിഴിഞ്ഞാൽ വെള്ളം ഇറ്റുവീഴാൻ തുടങ്ങുന്ന അവസ്ഥയിലുള്ള നനവുമാത്രമേ ചെടികൾക്കാവശ്യമുള്ളൂ.

‘നട്ടാൽപോരാ നനയ്ക്കണം’ എന്നത് കൃഷിയുടെ ബാലപാഠങ്ങളിലൊന്നാണ്. ഇങ്ങനെ കൃത്യമായ നന നൽകി കൃഷിചെയ്താൽ ഉത്‌പാദനം രണ്ടുമടങ്ങു വരെ വർധിപ്പിക്കാൻ കഴിയും. എന്നാൽ, കുടിവെള്ളത്തിനുവരെ മുട്ടുള്ള ഇക്കാലത്ത് നനച്ചുള്ള കൃഷി അപ്രത്യക്ഷമാവുകയാണ്. 
അതിന്റെ ഫലമായി ഉത്‌പാദനവും ഗണ്യമായികുറയുന്നു. കേരളമൊഴിച്ചുള്ള മറ്റുസംസ്ഥാനങ്ങളിൽ ജലക്ഷാമം ഇതിനേക്കാൾ രൂക്ഷമാണെങ്കിലും അവർ നനച്ച്‌ കൃഷിചെയ്യുന്നതിൽ പിന്നോട്ടുപോയിട്ടില്ല. പകരം കുറച്ചുവെള്ളംകൊണ്ട് കൂടുതൽ ഉത്‌പാദനം കൈവരിക്കാവുന്ന രീതികൾ പ്രാവർത്തികമാക്കുകയാണ്.

സസ്യവളർച്ചയ്ക്ക് എത്ര വെള്ളംവേണം?  മൺതരികൾക്കിടയിൽ തങ്ങിനിൽക്കുന്ന ഈർപ്പരൂപത്തിലുള്ള വെള്ളംമാത്രമേ ചെടികൾക്ക് വലിച്ചെടുക്കാൻ കഴിയൂ. അതായത് ഒരു പിടി നനഞ്ഞമണ്ണ് കൈയിലെടുത്ത് പിഴിഞ്ഞാൽ വെള്ളം ഇറ്റുവീഴാൻ തുടങ്ങുന്ന  അവസ്ഥയിലുള്ള നനവുമാത്രമേ ചെടികൾക്കാവശ്യമുള്ളൂ. ഈ ഈർപ്പം എല്ലായ്‌പ്പോഴും വേരിനുചുറ്റും ഉണ്ടായിരിക്കുക എന്നതാണ് ചെടിയുടെ വളർച്ചയ്ക്ക് ഏറ്റവും അനുകൂലമായ അവസ്ഥ. ഈ അവസ്ഥ ഉണ്ടാക്കിക്കൊടുക്കുകയാണ് ജലസേചനത്തിന്റെ ധർമം. അളവിൽ കൂടുതലുള്ള  വെള്ളം വേരുപടലത്തിന് താഴേക്കും ബാഷ്പീകരണം വഴിയും നഷ്ടപ്പെടുന്നു. സാധാരണയായി നമ്മൾചെയ്യുന്ന തടംനന രീതിയിൽ നനയ്ക്കുന്ന വെള്ളത്തിന്റെ 30 ശതമാനം മാത്രമേ ചെടിക്ക് ലഭിക്കൂ. വെള്ളത്തിന് കടുത്തക്ഷാമം നേരിടുന്ന അവസ്ഥയിൽ ഈ നഷ്ടം ഒട്ടും ആശാസ്യമല്ല. ഇവിടെയാണ് കണികാ ജലസേചനം (സ്‌പ്രിംഗ്ലർ), തുള്ളിനന (ഡ്രിപ്പ്‌) പോലുള്ള രീതികളുടെ വർധിത പ്രാധാന്യം.

ചെടികൾക്ക് വെള്ളം തളിച്ചുകൊടുക്കുന്ന രീതിയാണ് കണിക അഥവാ സ്‌പ്രിംഗ്ലർ. കണികാ ജലസേചനം വഴി 60 ശതമാനം വെള്ളം ചെടിക്കുതന്നെ ലഭിക്കുന്നുവെങ്കിലും ഈരീതിയിൽ ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കൂടുതലാണ്.

പണ്ടുകാലത്ത് മൺകുടവും അതിന്‌ അടിഭാഗത്തായി ഒരു തിരിയും വെച്ച് വേനൽക്കാലത്ത് ചെടികളുടെ ദാഹമകറ്റുന്ന രീതി നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു. അതിന്റെ പരിഷ്കരിച്ച പതിപ്പാണ് തുള്ളിനന. ആസ്പത്രിയിൽ രോഗികൾക്ക് ഡ്രിപ്പ് കൊടുക്കുന്നതുപോലെ ചെടികൾക്ക് അവയുടെ വേരുപടലത്തിനടുത്തായി വെള്ളം തുള്ളികളായി കൊടുക്കുന്ന രീതിയാണ് തുള്ളിനന അഥവാ ഡ്രിപ്പ്‌. ഈരീതിയിൽ നനയ്ക്കുമ്പോൾ 80 ശതമാനത്തിനുമുകളിൽ വെള്ളം ചെടിക്കുതന്നെ ലഭിക്കുന്നു. വെള്ളം ആവശ്യമുള്ളിടത്ത്, ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ള അളവിൽ ക്രമീകരിച്ചുനൽകാം. ഓരോ വിളയ്ക്കും വെള്ളം വ്യത്യസ്ത അളവിൽ ക്രമീകരിച്ച് നൽകാനും ഇതുവഴി സാധിക്കും. കൂടാതെ, വെള്ളത്തോടൊപ്പം വളംകൂടി ചേർത്ത് നൽകാം. വളവും വെള്ളവും ഒട്ടും നഷ്ടപ്പെടാതെ നൽകുന്ന ഈ രീതിയെ ‘ഫെർട്ടിഗേഷൻ’ എന്നാണ് പറയുക. തികച്ചും സ്വയമേവ പ്രവർത്തിക്കുന്ന സെൻസർ സംവിധാനമുള്ളതും സമയം ക്രമീകരിച്ചുവെക്കാവുന്നതുമായ ജലസേചനമാർഗങ്ങൾ ഇന്ന് പല പോളിഹൗസ് കൃഷിയിടങ്ങളിലും പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്.

ജലസേചനം ഒഴിവാക്കിയാൽ ഉത്‌പാദനം കുറയും എന്നകാര്യത്തിൽ സംശയമില്ല. പക്ഷേ, ആധുനികരീതികൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ലഭ്യമായ ജലം കാര്യക്ഷമമായി ഉപയോഗിച്ച് ഓരോ തുള്ളിയിലും കൂടുതൽ വിളവ് എന്ന ലക്ഷ്യം കൈവരിക്കുകയാണ് ചെയ്യേണ്ടത്. 
ആധുനിക ജലസേചനമാർഗങ്ങൾ സ്വീകരിക്കുന്നതിൽ ഏറ്റവും പിറകിലാണ് നമ്മുടെ സംസ്ഥാനം. ഇത്തരം രീതികൾ സ്ഥാപിക്കുന്നതിന്റെ മുടക്കുമുതൽ കൂടുതലാണെങ്കിലും ആവർത്തനച്ചെലവ്, മനുഷ്യാധ്വാനം എന്നിവ വളരെ കുറച്ചുമതിയാവും. ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന മട്ടുപ്പാവ്‌ കൃഷിയിലും ഇത്തരം സാങ്കേതികവിദ്യകൾ വളരെ വിജയപ്രദമായി നടപ്പാക്കാവുന്നതാണ്.

(ഫോൺ: 9037831443).

മട്ടുപ്പാവില്‍ ജൈവ കൃഷി പണം വാരി സഹകരണ ബാങ്ക്

വയനാട്ടിലെ തരുവണ സഹകരണ ബാങ്കിലെ ജീവനക്കാര്‍ വ്യത്യസ്തരാകുന്നത് ഓഫീസിനു മുകളില്‍ നടത്തു പച്ചക്കറി കൃഷിയിലൂടെയാണ്

ബാങ്ക് എന്നാല്‍ പണമിടപാട് സ്ഥാപനം.തിരക്കിനിടയില്‍ ഇവര്‍ക്കെന്തിന് സമയം.എന്നാല്‍ മനസ്സുണ്ടെങ്കില്‍ കൃഷിയും ചെയ്യാം എന്നാണ് ഇവര്‍ തെളിയിക്കുത്. വീട്ടുവളപ്പിലും ടെറസ്സിനു മുകളിലും മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ പച്ചക്കറിക്കൃഷി നടത്തി മികച്ച വിളവെടുപ്പു നടത്തുവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ വയനാട്ടിലെ തരുവണ സഹകരണ ബാങ്കിലെ ജീവനക്കാര്‍ വ്യത്യസ്തരാകുന്നത് ഓഫീസിനു മുകളില്‍ നടത്തു പച്ചക്കറി കൃഷിയിലൂടെയാണ്. ബാങ്കിംഗ് സമയത്തിനു മുന്‍പെയും അതിനു ശേഷവും സമയം കണ്ടെത്തിയാണ് ഇവര്‍ കാര്‍ഷികപരിപാലനം നടത്തുത്.

വിഷരഹിത പച്ചക്കറി ഉല്‍പാദനം എന്ന ലക്ഷ്യത്തിനായി ബാങ്ക് പ്രസിഡന്റ് സി. അബ്ദുള്‍ അഷറഫ്, സെക്രട്ടറി ടി. വിജയേശ്വരി എിവരുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ  കൂട്ടായ്മയാണ്  'നിറവ്' എന്ന സംഘടന രൂപീകരിച്ചത്. പതിനൊന്ന് പേരാണ് ഈ കൂട്ടായ്മയിലുള്ളത്. ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഭക്ഷ്യ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് 'നിറവി'ന്റെ ആശയം. ഓഫീസിന്റെ മട്ടുപ്പാവില്‍ പരിമിതമായ സ്ഥലത്ത് തക്കാളി, പച്ചമുളക്, വഴുതനങ്ങ, ബീന്‍സ്, പയര്‍,  പടവലങ്ങ, പാവയ്ക്ക, വെണ്ടയ്ക്ക, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ചാണകം എന്നിവ വെള്ളത്തില്‍ യോജിപ്പിച്ച മിശ്രിതം ദിവസങ്ങളോളം വെച്ച് പുളിപ്പിച്ചെടുത്ത തെളിഞ്ഞ ലായനിയാണ് വളമായി ഉപയോഗിക്കുത്.

വളമെന്നതിലുപരിയായി ഈ ലായനി  മികച്ച കീടനാശിനിയുമാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ കീടങ്ങളെ നശിപ്പിക്കുതിന് ചൂട് ചാരവും ഉപയോഗിക്കുന്നുണ്ട്. വീടുകളിലും മറ്റും മട്ടുപ്പാവിലെ കൃഷി നടത്തി വിജയം കൊയ്തവരുടെ വിജയകഥകളില്‍ നിന്ന് കരുത്തുള്‍ക്കൊണ്ടാണ് പച്ചക്കറി വ്യാപനത്തിന് മുന്‍കൈയ്യെടുത്തു പദ്ധതി ആവിഷ്‌ക്കരിച്ചത്. പ്ലാസ്റ്റിക്ക് കവറുകളില്‍ മണ്ണ് നിറച്ചാണ് പച്ചക്കറികള്‍ നട്ടിരിക്കുന്നത്.

കല്‍പ്പറ്റ എംപ്‌ളോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജില്ലയിലെ മികച്ച സഹകരണ ബാങ്ക് സെക്രട്ടറിയ്ക്കുള്ള 'കല പുരസ്‌ക്കാരം' നേടിയ കല്‍പ്പറ്റ സ്വദേശിയായ ടി. വിജയേശ്വരിയാണ് സഹകരണ ബാങ്കിന്റെ സെക്രട്ടറി. രാവിലെയും വൈകീട്ടും പച്ചക്കറിത്തോട്ട പരിപാലനത്തിനായി ജീവനക്കാരെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങാറുണ്ടെന്ന് അവര്‍ പറയുന്നു. വിപണിയില്‍ പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുതും കീടനാശിനി പ്രയോഗം കൂടുതലുമായ  നിലവിലെ സാഹചര്യത്തില്‍ ജൈവരീതിയിലുള്ള വളപ്രയോഗത്തിലൂടെ മികച്ച വിളവ് നേടാന്‍ കഴിഞ്ഞതായി ബാങ്ക് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുു.  ബാങ്ക് മാനേജര്‍ അബ്ദുള്‍ അഷറഫും മികച്ച പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്.

ഘട്ടം ഘട്ടമായാണ് ഇവിടെ വിളവെടുപ്പ് നടത്തുന്നത്. രണ്ട് തവണയായി നടത്തിയ വിളവെടുപ്പില്‍ അവര്‍ക്ക് മികച്ച വിളവു ലഭിച്ചു. വിളവെടുത്ത പച്ചക്കറികള്‍ തുല്യമായി പങ്കിട്ട് തങ്ങളുടെ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ചെയ്യുത്. കാബേജ്, കോളിഫ്‌ളവര്‍ എന്നീ ശീതകാല പച്ചക്കറികളുടെ വിലളവെടുപ്പു മാത്രമാണ് ഇനി ബാക്കിയുള്ളത്. ജൈവകാര്‍ഷിക സംസ്‌ക്കാരം വ്യാപകമാക്കുതിന് ഏറെ ഊല്‍ നല്‍കു ഈ കാലഘട്ടത്തില്‍ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ശമ്പളം വാങ്ങുന്നവര്‍ക്കിടയിലെ മികച്ച മാതൃകയാണിവര്‍. കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ച് 'നിറവി'ന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഒരുങ്ങുകയാണിവര്‍.


ജീവകുലത്തിന്റെയും പരിസ്ഥിതിയുടെയും നിലനല്‍പ്പിനും അതിന്റെ മന്നോട്ടുള്ള പോക്കിനും അടിസ്ഥാനകാരണങ്ങളായി വര്‍ത്തിക്കുന്ന, നഗന നേത്രങ്ങള്‍കൊണ്ട് കാണാത്ത നിരവധി ഇത്തിരിക്കുഞ്ഞന്മാരുണ്ട്. അവ നമ്മുടെ ജീവലോകത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നമുക്ക് അനുഭവിച്ചറിയാം, എന്നാല്‍ അവയെ നമ്മുടെ കണ്ണുകള്‍കൊണ്ട് കാണാനൊക്കില്ല. ആ സമര്‍ഥരായ ഇത്തിരിക്കുഞ്ഞന്മാരാണ് ജീവാണുക്കള്‍. മുമ്പ് ഇവ നമ്മുടെ ഇടയില്‍ രോഗംവിതയ്ക്കുന്ന രോഗകാരികളായി മാത്രമാണ് അറിയപ്പെട്ടിരുന്നത് എന്നാല്‍ അവരില്‍ നല്ലവരുമുണ്ട്. നമുക്ക് അത്യന്തം ഉപകാരികളായ ജീവാണുക്കള്‍.

ജൈവ വസ്തുക്കള്‍ മണ്ണുമായി ലയിച്ചുചേര്‍ക്കുന്നതും പാല് തൈരാക്കുന്നതും സൂക്ഷ്മാണുക്കളാണെന്ന് നമുക്കറിയാം. ഇത്തരത്തിലുള്ള ഉപകാരികളായ ജീവാണുക്കളെ നാള്‍ ചെല്ലുന്തോറും ശാസ്ത്രലോകം കണ്ടെത്തികൊണ്ടിരിക്കുന്നു. ഇത്തരം ജീവാണുക്കളെ പ്രയോജനകരമായ രീതിയില്‍ ഉപയുക്തമാക്കുന്നതിനുള്ള വഴികളും ശാസ്ത്രജ്ഞര്‍ കണ്ടെത്തികൊണ്ടിരിക്കുന്നു. ബയോഗ്യാസ് പ്ലാന്റുകളില്‍ ജൈവമാലിന്യങ്ങള്‍ വളരെപ്പെട്ടന്ന് അഴുകിച്ചേരാനും ദുര്‍ഗന്ധമൊഴിവാക്കാനും ഇ.എം എന്നപേരിലുള്ള ജീവാണുമിശ്രിതം നാം ഉപയോഗിച്ചുവരുന്നു.

ജൈവകൃഷിയില്‍ പല സൂക്ഷ്മ മൂലകങ്ങള്‍ക്കും ബാക്ടീരിയകള്‍ക്കും മിത്ര കുമിളകള്‍ക്കും പകരംനില്‍ക്കാനും ഇവയുടെ വശംവര്‍ധന വമ്പിച്ച തോതിലാക്കാനും ജീവാണുമിശ്രിതങ്ങള്‍ സഹായിക്കുന്നു. കാര്‍ഷികലോകത്ത് ജീവാണുമിശ്രിതങ്ങള്‍ വരുത്തുന്ന മാറ്റം പ്രവചനാതീതമാണ്. കോഴിക്കോട്ടെ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം ജീവാണുവളങ്ങളെയും കുമിള്‍നാശിനിയിയെയും കള്‍ച്ചര്‍ പരുവത്തില്‍ കാപ്‌സ്യൂര്‍ രൂപത്തിലാക്കിയിരിക്കുന്നു. പേറ്റന്റ് നേടിയെടുത്ത് പ്രായോഗികതലത്തില്‍ എത്തിച്ചാല്‍ വമ്പിച്ച കുതിച്ചുചാട്ടം തന്നെ ജൈവകൃഷിയില്‍ ഉണ്ടാകുമെന്നുറപ്പ്. ബയോ കാപ്‌സ്യൂളുകളുടെ രൂപത്തില്‍ ജീവാണുമിശ്രിതമെത്തിയാല്‍ പിന്നെ ജൈവകൃഷിയിലെ സൂക്ഷ്മാണുക്കളുടെയും സൂക്ഷ്മ മൂലകങ്ങളുടെയും കുറവെന്നത് ഒരു പ്രശ്‌നമേയല്ലാതായി മാറും. എന്താണ് ജീവാണുമിശ്രിതങ്ങള്‍ എന്ന് നമുക്കൊന്നു പരിചയപ്പെടാം.

ജീവാണു മിശ്രിതങ്ങള്‍

സസ്യങ്ങളുടെ വളര്‍ച്ചയും കരുത്തും പോഷിപ്പിക്കുകയും അവയ്ക്ക് രോഗപ്രതിരോധശേഷി നല്‍കുകയും ശത്രുകീടങ്ങളില്‍നിന്ന് രക്ഷിക്കുകയും ചെയ്യുകയാണ് ഉപകാരികളായ ജീവാണുക്കളുടെ ധര്‍മം. ജീവാണുക്കളെ കാര്‍ഷിക വിളകളുടെ വളര്‍ച്ചയ്ക്കാവശ്യമായ രീതിയില്‍ കൃത്രിമമായി വളര്‍ത്തിടെുക്കുയും അവയുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണ് സാധാരണ ചെയ്യാറ്. ചാണകം, വെണ്ണീറ്‌പോലുള്ള ജൈവ വളങ്ങളെപ്പോലെ കോരിയിട്ടുകൊടുക്കാനോ, ഗോമൂത്രം, പഞ്ചാമൃതം, ജീവാമൃതം എന്നിവയെപ്പോലെ നേര്‍പ്പിച്ച് വെള്ളത്തിന്റെകൂടെ ഒഴുക്കി നല്‍കാനോ ജീവാണുക്കളെ കഴിയില്ല. കാരണം ഇവ സൂക്ഷ്മജീവികളാണ്. ആയതിനാല്‍ മറ്റെന്തെങ്കിലും വളര്‍ച്ചാ മാധ്യമങ്ങളില്‍ ഇവയെ ചേര്‍ത്ത് പെരിപ്പിച്ചും മറ്റുള്ളവയുമായി സന്നിവേശിപ്പിച്ചുമാണ് ചെടികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത്തരം സന്നിവേശന മാധ്യമങ്ങള്‍ ജീവാണുക്കളെ ഒരു തരത്തിലും ഉപദ്രവിക്കാത്തതും വിളകള്‍ക്ക് ഹാനികരമാവാത്തതും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതുമാകണം. ഇങ്ങനെയുള്ളവയെയാണ് ജീവാണു മിശ്രിതങ്ങള്‍ എന്നുവിളിക്കുന്നത്. ഒരു വളര്‍ച്ചാ മാധ്യമത്തില്‍തന്നെ ഒന്നിലധികം ജീവാണുക്കളെ കൂട്ടിച്ചേര്‍ത്തും മിശ്രിതങ്ങള്‍ തയ്യാറാക്കാവുന്നതാണ്.

ജീവാണുമിശ്രിതങ്ങളിലടങ്ങിയ അണുക്കളെ പെരുകാനുള്ള സാഹചര്യമൊരുക്കിയാണ് വംശവര്‍ധന നടത്തുന്നത്. ഈര്‍പ്പമുള്ള ചാണകപൊടി, വേപ്പിന്‍ പിണ്ണാക്ക്‌പൊടി എന്നിവയുമായൊക്കെ കൂട്ടിച്ചേര്‍ക്കുന്നത് ഇതിനാണ്.

കമ്പോളത്തില്‍ ലഭിക്കുന്ന ജീവാണുക്കള്‍ മിശ്രിതമാക്കുന്നത് ആയതിന്റെ വളര്‍ച്ചയെ ത്വരിതമാക്കുന്ന മാധ്യമങ്ങളിലാണ്. ടാല്‍ക് പൊടി, ലിഗ്‌നൈറ്റ്‌പൊടി തുടങ്ങിയവയിലാണ് സാധാരണ വിപണനത്തിനാവശ്യമായ ജീവാണുക്കളെ മിശ്രിതമാക്കുന്നത്. ദ്രവരൂപത്തിലുള്ള മാധ്യമങ്ങളില്‍ സന്നിവേശിപ്പിച്ചും ജീവാണു മിശ്രിതങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മറ്റ് ഉപദ്രവകാരികളായ അണുക്കളില്‍നിന്ന് മുക്തമായതും ഉപകാരികളായ ജീവാണുക്കളുടെ നിലനില്‍പ്പിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ചേര്‍ന്നതുമാണ് ദ്രവ മാധ്യമങ്ങള്‍.

ജീവാണുവളങ്ങള്‍

വിവിധ ജീവാണുവളങ്ങളെ നമുക്ക് വിപണിയില്‍കിട്ടും. സ്യൂഡോ മോണസ്, ട്രൈലക്കോസര്‍മ, റൈസോബിയം, അസേ്‌സ് പെരില്ലം, അസറ്റോബാക്ടര്‍, മൈകോറൈസ എന്നിവയാണ് പ്രധാനമായും അടിസ്ഥാനമാക്കപ്പെടുന്ന ജീവാണുക്കള്‍. ബ്യൂവേറിയയെന്ന മിത്രകുമിളും ജൈവകൃഷിയില്‍ വളരെയധികം ഉപകാരപ്രദമായ ജീവാണുവാണ്.

ഉപയോഗം

ജൈവകൃഷിയില്‍ ജീവാണു വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധവേണം. സാധാരണ രാസവളങ്ങള്‍ വില്‍ക്കുന്ന വളം ഡിപ്പോകളില്‍ രാസവളവും ജീവാണുവളവും ഒരുമിച്ചാണ് സൂക്ഷിക്കുക. രാസവളങ്ങളും രാസകീടനാശിനിയും ജീവാണുവളങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ജീവാണുക്കള്‍ നശിക്കുകയും അങ്ങനെ വെറും മാധ്യമം മാത്രമായി അവശേഷിക്കുകയും ചെയ്യും. ഇത് കൃഷിക്ക് ഉപയോഗിച്ചാല്‍ ഉദ്ദേശിച്ചഫലം ലഭിക്കില്ല. അതിനാല്‍ ജീവാണുവളങ്ങള്‍ വാങ്ങുമ്പോള്‍ അവ കൃത്യമായി നിബന്ധനകള്‍ പാലിച്ച് സൂക്ഷിക്കുന്ന ഔട്ട്‌ലെറ്റില്‍നിന്നാണെന്നുറപ്പ് വരുത്തണം. കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട്‌ലെറ്റുകളില്‍നിന്നോ, വര്‍ഷങ്ങളുടെ അനുഭവസമ്പത്തും വിശ്വാസ്യതയും നിലനില്‍ക്കുന്ന നിര്‍മാതാക്കളില്‍നിന്നോ മാത്രം ഇവ വാങ്ങണം.

പൊടിരൂപത്തിലായാലും ദ്രവരൂപത്തിലായാലും ജീവാണുമിശ്രിതങ്ങള്‍ നിര്‍മിതിയുടെ തൊട്ടമാസങ്ങളില്‍ത്തന്നെ ഉപയോഗിക്കുകയാണ് നല്ലത്. ഒരോ ദിവസവും പഴകുന്നതോടെ അതിന്റെ ശേഷി കുറഞ്ഞുപോകുമെന്ന് മറക്കരുത്.

ജീവാണുക്കളെ കണ്ണുകള്‍കൊണ്ടോ ലെന്‍സുകള്‍കൊണ്ടോ കാണാന്‍ കാഴയാത്തതിനാല്‍ വളരുന്ന മാധ്യമങ്ങളില്‍ അവയുണ്ടെന്ന് ഉറപ്പ്‌വരുത്തണം. അതായത് പൂര്‍ണാരോഗ്യത്തോടെയായിരിക്കണം ജീവാണുക്കളെ മിശ്രിതത്തില്‍ ഉപയോഗിക്കേണ്ടത്.

ജൈവകൃഷിയില്‍ ജീവാണുക്കളുടെ ഫലം കൃത്യമായി ലഭിക്കണമെങ്കില്‍ മണ്ണിന്റെഘടനയും കൃത്യമായി പഠിക്കണം. കേരളത്തിന്റെ അമ്ലക്ഷാരനില മറ്റ് സ്ഥലങ്ങളിലേതുമായി വ്യത്യാസം കാണാം. അതിനാല്‍ ജീവാണുക്കള്‍ ശേഖരിക്കുന്ന മണ്ണും പ്രധാനപ്പെട്ടതാണ്. കേരളത്തിലെ മണ്ണില്‍നിന്ന് വേര്‍തിരിക്കുന്നവതന്നെയായിരിക്കണം ഇവിടെ ഉപയോഗിക്കാന്‍.
ചുരുക്കം പറഞ്ഞാല്‍ ജീവാണുവിന്റെ സ്വഭാവ സവിശേഷതയറിയുക. വിശ്വാസ്യതയുള്ള ഉദ്പാദകരുടേത് ലഭ്യമാക്കുക. ഉദ്പാദന തിയ്യതിയോ അടുത്ത് തന്നെ വാങ്ങി ഉപയോഗിക്കുക. യോജിച്ച ഭൗതികസാഹചര്യങ്ങളില്‍നിന്നുതന്നെ വേര്‍തിരിച്ച് ലഭ്യമാക്കുക എന്നിവയാണ് ജൈവകൃഷിയില്‍ ജീവാണുമിശ്രിത വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത്.

അഗ്രിയ, ട്രോപ്പിക്കല്‍ ഗ്രീന്‍, പി.സി.എല്‍, ടോഫ്‌കോ എന്നിങ്ങനെയുള്ളവയാണ് ജൈവകൃഷിയിലെ ജീവാണു വള മിശ്രിതങ്ങളുടെ നിര്‍മാതാക്കള്‍. ഇവ ജൈവ കീടനാശിനിയും ജീവാണുവളങ്ങളും ഒരുപോലെ ഉദ്പാദിപ്പിക്കുന്നുണ്ട്. സ്യൂഡോലിന്‍, സ്യൂമോണോ, എന്നിവയാണ് പ്രധാന സ്യൂഡോമോണസ് അടിസ്ഥാനമാക്കിയുള്ള മിശ്രിത വളങ്ങള്‍. ട്രൈക്കോലിന്‍, നിഗ്രോട്ട് എന്നിവ ട്രൈക്കോഡര്‍മ അടിസ്ഥാനമാക്കിയും അസോലിന്‍പി അസോസ്‌പെരില്ലം അടിസ്ഥാനമാക്കിയും വിപണിയിലുണ്ട്.

ട്രോപ്പിക്കല്‍ ഗ്രീനിന്റെ നാനോ എന്‍.പി.കെ നൈട്രജന്‍ അടിസ്ഥാനവളമാണ്. സസ്യങ്ങള്‍ പൂക്കാനും കായ്ക്കാനും കപില എന്ന ജൈവമിശ്രിതമുണ്ട്. ജൈവ കീടനാശിനികളില്‍ ബ്യൂവേറിയ, നീം ഓയില്‍, നീംബാന്‍, ടാഗ്ബംബര്‍, ടാഗ്‌ഫോര്‍ട്ട്, ബയോമെട്രയ്‌സ്, ബയോഫെര്‍ട്ട്, എന്നിങ്ങനെ ഒരുപാടിനങ്ങള്‍ ഉണ്ട്. ഫിയെസ്റ്റയെന്ന വര്‍ളര്‍ച്ചാത്വരകം നിര്‍മ്മിച്ചിരിക്കുന്നത് മത്സ്യത്തിന്റെ ഘടകങ്ങള്‍കൊണ്ടാണ്. വാഴയുടെ കൂമ്പടപ്പിന് റൂബെക്‌സ് തുടങ്ങിയവും നിരവധി ജൈവസൂക്ഷ്മ ജീവകങ്ങളും വിപണിയില്‍ ലഭിക്കും. നല്ലത് തിരഞ്ഞെടുക്കാന്‍ നാം മനസ്സുവെക്കണം.

വാഴപ്പോളപോലും വളമാക്കി രാമകൃഷ്ണന്റെ കൃഷിയിടം

പാലക്കാട്: രാമകൃഷ്ണന്റെ കൃഷിയിടത്തില്‍ ഒന്നും വെറുതെ കളയാനില്ല. വെട്ടിമാറ്റുന്ന വാഴപ്പോളപോലും മറ്റൊരുരൂപത്തില്‍ കൃഷിയിടത്തിലെത്തും. അത് ഫലങ്ങളുടെ വളര്‍ച്ചയ്ക്കുതകുന്ന വളത്തിന്റെ രൂപത്തിലാണെന്നുമാത്രം.

കോട്ടായി അയ്യംകുളത്തെ എം.എന്‍. രാമകൃഷ്ണന്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിട്ട് മുപ്പതിലധികം വര്‍ഷമായി. വഴുതന, പയര്‍, പാവല്‍, തക്കാളി, വെണ്ടയ്ക്ക, അടയ്ക്ക, ചീര, കാബേജ്, കോളിഫ്‌ലവര്‍ മുതലായവയും കുരുമുളകും തേങ്ങയും അടയ്ക്കയും വാഴയുമൊക്കെയുണ്ട്.

പയറുകള്‍തന്നെയുണ്ട് പലവിധം. കുറ്റിപ്പയറും വള്ളിപ്പയറും രണ്ടരയേക്കറില്‍ വിളഞ്ഞുനില്‍ക്കുന്നു. കുറ്റിപ്പയര്‍വിത്ത് പാരമ്പര്യമായി കൈമാറിക്കിട്ടിയതാണ്. ചീര രണ്ടുവിധത്തില്‍. പച്ചയും ചുവപ്പും. ഒരുദിവസം 150കെട്ട് ചീര ലഭിക്കും. പല വിത്തുകളും ഒറ്റത്തവണ മാത്രമേ പുറത്തുനിന്ന് വാങ്ങിയിട്ടുള്ളൂ.
ജൈവവളത്തിനുമാത്രമേ സ്ഥാനമുള്ളൂ. ഇതിനായി മണ്ണിര കമ്പോസ്റ്റും ഉണ്ട്. കൃഷിയിടത്തില്‍നിന്നുള്ള പച്ചക്കറി അവശിഷ്ടവും മറ്റും ഇതിലിടും.

ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയ്ക്കും രണ്ടരയേക്കറില്‍ സ്ഥാനമുണ്ട്. പ്ലാവും മാവും മറ്റും വീടിന് സമീപമുണ്ട്. മറ്റൊരു പ്രത്യേകത പന്തലിനും വേലിക്കും ഉപയോഗിക്കുന്നത് കൊര്‍ണ എന്ന മുളവിഭാഗത്തില്‍പ്പെട്ട ചെടിയാണ്. ചെറിയ കുളത്തില്‍ മീന്‍ വളര്‍ത്തുന്നു.  ചുമതല മകന്‍ രാജേഷിനാണ്.

കൃഷിക്കുവേണ്ടി എട്ടാംക്ലാസില്‍ പഠനമുപേക്ഷിച്ച ഈ കര്‍ഷകനെത്തേടി നിരവധി അംഗീകാരങ്ങളും എത്തി. ജില്ലയിലെ മികച്ച പഴംപച്ചക്കറി കര്‍ഷകനുള്ള 20062007വര്‍ഷത്തെ ഹരിതകീര്‍ത്തി പുരസ്‌കാരം, കാപ്‌സിക്കം കൃഷിക്ക് 20082009വര്‍ഷത്തെ കുഴല്‍മന്ദം ബ്ലോക്ക് നല്‍കിയ പുരസ്‌കാരം, 20092010ല്‍ കോട്ടായി കൃഷിഭവന്റെ പുരസ്‌കാരം, 20142015ല്‍ മികച്ച ജൈവകര്‍ഷകനുള്ള കോട്ടായി ഗ്രാമപ്പഞ്ചായത്തിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചു.

വീട്ടാവശ്യങ്ങള്‍ക്കായി കൈതച്ചക്കപോലുള്ള പഴങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. കുരുമുളകും പുറത്ത് വില്പനയ്ക്കില്ല.
നാല് പശുക്കളെയും വളര്‍ത്തുന്നു. കൃഷിയില്‍ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത് അച്ഛന്‍ നീലകണ്ഠനാണെന്ന് രാമകൃഷ്ണന്‍ പറയുന്നു. പൂര്‍ണ പിന്തുണയുമായി അമ്മ തങ്കമ്മയും ഭാര്യ ബിന്ദുവും മക്കള്‍ ഐശ്വര്യ, രമ്യ എന്നിവരുമുണ്ട്.
പച്ചക്കറികള്‍ അയ്യംകുളത്തെ കര്‍ഷകസമിതി മുഖേന വി.എഫ്.പി.സി.കെ.ക്കും കൊടുക്കും. പഞ്ചഗവ്യം, ഗോമൂത്രം തുടങ്ങിയവ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു.

കാശുണ്ടാക്കാന്‍ കശുമാവ്

കേരളത്തില്‍ മണ്ണുസംരക്ഷണത്തിനായി  തരിശുനിലങ്ങളില്‍ നടാന്‍ ഏറ്റവും യോജിച്ച വിളയാണ് കശുമാവ്.   കനകവിള, വെളുത്തസ്വര്‍ണം, എന്നെല്ലാം വിളിച്ചുവരുന്ന കശുവണ്ടിയുടെ  നല്ല ഒട്ടുതൈകള്‍ വാങ്ങി നടാം. കേരള കാര്‍ഷികസര്‍വകലാശാല, കൃഷിഫാമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തൈകള്‍ വാങ്ങിക്കാം. 

വിസ്താരമേറിയ പറമ്പുകളില്‍ പടര്‍ന്നുപന്തലിച്ചു വളര്‍ന്ന് നിറയെ കശുവണ്ടിതന്നിരുന്ന പഴയമരങ്ങള്‍ ഇന്നും പ്രൗഢിയാണ്. ഇന്നിപ്പോള്‍ മികച്ച നിരവധിയിനങ്ങള്‍ പ്രചാരത്തിലുണ്ട്.

ഉഷ്ണമേഖലയിലെ മണ്ണും കാലാവസ്ഥയും കശുമാവിന് നല്ലതാണ്. നന്നായി മഴലഭിക്കുന്ന എല്ലായിടങ്ങളിലും പ്രത്യേകിച്ച് കേരളത്തിലെ ഇടനാട്ടിലും തീരപ്രദേശങ്ങളിലും കശുമാവ്  നല്ല പ്രകടനം കാഴ്ചവെക്കും. പോര്‍ച്ചുഗീസുകാര്‍(പറങ്കികള്‍)  കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതിനാല്‍ 'പറങ്കിമാവ്' എന്നും കശുമാവിന് പേരുണ്ട്.

ഏതുമണ്ണിലും വളരുമെങ്കിലും എക്കല്‍മണ്ണിലും മണല്‍കലര്‍ന്ന പശിമരാശി മണ്ണിലും മണലംശം ഏറിയ തീരപ്രദേശമണ്ണിലും കശുമാവ് നന്നായി വളരും. ചെളിയേറിയ മണ്ണും നീര്‍വാര്‍ച്ചയില്ലാത്ത മണ്ണും നന്നല്ല. കശുമാവില്‍ ആദ്യകാലങ്ങളില്‍ കശുവണ്ടി നട്ടുണ്ടാക്കുന്ന  തൈകളാണ് 

ഉപേയാഗിച്ചിരുന്നത്. എന്നാല്‍. പിന്നീട് വായവ പതിവെക്കല്‍(ലെയറുകള്‍), മൃദുകാണ്ഡമൊട്ടിക്കല്‍(ഗ്രാഫ്റ്റിങ്) എന്നീ രീതികളിലൂടെ ഗുണമേന്മയുള്ള ഒട്ടുതൈകള്‍  തയ്യാറാക്കാമെന്നു മനസ്സിലായി.

നല്ല മാതൃകശുമാവ് മരങ്ങളെ നേരത്തേ കണ്ടെത്തി ഇവയില്‍ നിന്ന് മാര്‍ച്ച്, ഏപ്രിലില്‍ വിത്തണ്ടി ശേഖരിക്കണം. ഇതാണ് നടുന്നതിനുപയോഗിക്കുന്നത്. പ്രധാനയിനങ്ങള്‍: ആനക്കയം1, മാടക്കത്തറ1, വൃദ്ധാചലം3, കനക, ധന, അക്ഷയ, അനഘ, അമൃത, പ്രിയങ്ക, ധരശ്രീ, മാടക്കത്തറ2, സുലഭ, ദാമോദര്‍, രാഘവ്, പൂര്‍ണിമ, ശ്രീ എന്നിവയാണ്. ഇവയെല്ലാം (വൃദ്ധാചലമൊഴിച്ച്) കേരള കാര്‍ഷികസര്‍വകലാശാലയുടെ സംഭവനകളാണ്.

തെങ്ങും കൊക്കോയും എങ്ങനെ ഇടവിളകളാക്കാം ?

തെങ്ങിന്‍ തോട്ടത്തില്‍ കൊക്കോ ഇടവിളയായി നടുന്നത് എങ്ങനെയാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

മെയ്  ജൂണ്‍ മാസമാണ് കൊക്കോ തൈ നടേണ്ടത്. തെങ്ങിന്റെയും കൊക്കോയുടെയും വേരുകള്‍ കൂട്ടിമുട്ടി പോഷണത്തിനായി പരസ്പരം മത്സരിക്കാതിരിക്കാനാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ശരിയായ അകലത്തില്‍ നട്ട തെങ്ങിന്‍ തോപ്പില്‍ രണ്ടു വരികള്‍ക്കിടയില്‍ നടുവിലായി ഓരോ വരി കൊക്കോ മൂന്നു മീറ്റര്‍ അകലത്തില്‍ നടാം.
കൂടാതെ തെങ്ങിന്റെ വരിയില്‍ രണ്ടു തെങ്ങുകള്‍ക്കിടയിലായി ഓരോ കൊക്കോ വീതവും നടാം. ഇത് തെങ്ങുകള്‍ തമ്മിലുള്ള അകലം 25 അടിയിലുള്ള തോട്ടങ്ങളിലെ കാര്യം. ഇനി അകലം 30 അടിയാണെങ്കില്‍ രണ്ടു വരി തെങ്ങുകളുടെ ഇടയില്‍ രണ്ടു വരി കൊക്കോ 2.7 മീറ്റര്‍ അകലത്തില്‍ ത്രികോണാകൃതിയില്‍ നടാം. 50 സെ.മീ, നീളം, വീതി, ആഴമുള്ള കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും കലര്‍ത്തിയ മിശ്രിതം കൂടി വേണം 45 മാസം പ്രായമായ വിളപ്പൊലിമയുള്ള സങ്കരഇനം കൊക്കോ തൈകളോ ബഡ് തൈകളോ നടാന്‍. ഇതിനു വേണ്ട തൈകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0487 2371582.

ഒച്ചുകളിലൂടെ കന്നുകാലികളില്‍ പകരുന്ന ലിവര്‍ഫ്‌ളൂക്ക് രോഗം

ചാണകത്തിലൂടെ പുറത്തേക്കുവരുന്ന ഇവയുടെ മുട്ടകള്‍ മേച്ചില്‍സ്ഥലങ്ങള്‍, വെള്ളസ്രോതസ്സുകള്‍, പറമ്പുകള്‍, തൊഴുത്ത് എന്നിവിടങ്ങളില്‍ കലരുന്നു. ഇവ ഒച്ചുകളുടെ അകത്ത് പ്രവേശിച്ച് ലാര്‍വകളായി രൂപാന്തരപ്പെടുന്നു

കന്നുകാലികളില്‍ കാണുന്ന പാരസൈറ്റ് രോഗമാണ് ഫേസി യോളിയാസിസ് അഥവാ ലിവര്‍ഫ്‌ളൂക്ക്. ഇലയുടെ  ആകൃതിയിലുള്ളതും നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാവുന്നതും  ഇളംമഞ്ഞനിറത്തിലും അരികുകള്‍ കനംകുറഞ്ഞതുമായ ഈ പത്രവിരകള്‍ക്ക് യഥാക്രമം 23 സെ.മീ, 4 സെ.മീ.  നീളമുണ്ടായിരിക്കും. മഴക്കാലത്ത്, പ്രത്യേകിച്ച് ഒച്ചുകള്‍ ധാരാളമായി കണ്ടുവരുന്ന പ്രദേശങ്ങളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്.

ചാണകത്തിലൂടെ പുറത്തേക്കുവരുന്ന ഇവയുടെ മുട്ടകള്‍  മേച്ചില്‍സ്ഥലങ്ങള്‍, വെള്ളസ്രോതസ്സുകള്‍, പറമ്പുകള്‍, തൊഴുത്ത് എന്നിവിടങ്ങളില്‍ കലരുന്നു. ഇവ ഒച്ചുകളുടെ അകത്ത്  പ്രവേശിച്ച് ലാര്‍വകളായി രൂപാന്തരപ്പെടുന്നു. ലാര്‍വകള്‍ പെരുകി വെള്ളത്തിലേക്കുതന്നെ പ്രവേശിക്കും. ഇവ പുല്ല്,  ജലസസ്യങ്ങള്‍ എന്നിവയില്‍ ഒട്ടിപ്പിടിക്കും. ഇത് കലര്‍ന്ന പുല്ലും സസ്യങ്ങളും കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും കന്നുകാലികളുടെ വയറില്‍ പ്രവേശിപ്പിക്കുന്നു. ആമാശയഭിത്തികളിലെ കോശങ്ങളില്‍ വ്രണങ്ങളുണ്ടാക്കി 24 മാസം കൊണ്ട് കരളിലും കരള്‍ഗ്രന്ഥികളിലും എത്തുന്നു. ഇവിടെവെച്ച് ഇവ പ്രായപൂര്‍ത്തിയായ വിരകളായി മാറുന്നു. ഇവിടെ മുട്ടയിടുകയും അത് ആമാശയത്തില്‍ പ്രവേശിപ്പിക്കുകയും ചാണകംവഴി പുറത്തേക്കുവരികയുംചെയ്ത് വീണ്ടും ജീവിതചക്രം പുനരാരംഭിക്കുകയും ചെയ്യുന്നു.

തളര്‍ച്ച, ശരീരം ക്ഷീണിക്കല്‍, ശക്തിയായ വയറിളക്കം, ശരീരഭാരം കുറയല്‍, താടയില്‍ നീര്, വിളര്‍ച്ച എന്നിവയാണ് രോഗലക്ഷണം.കന്നുകാലികളുടെ ചാണകത്തിന്റെ  ലബോറട്ടറിപരിശോധനയിലൂടെ ഇവയുടെ മുട്ടകള്‍ കണ്ട് മനസ്സിലാക്കാവുന്നതാണ്. സംശയം തോന്നുമ്പോള്‍ ഉടന്‍ ചാണകം പരിശോധനയ്ക്ക് വിധേയമാക്കണം.

രോഗകാരണമായേക്കാവുന്ന സ്ഥലങ്ങളില്‍നിന്ന് കന്നുകാലികളെ അകറ്റിനിര്‍ത്തണം.രോഗം പരത്തുന്ന ഒച്ചുകളെ നശിപ്പിക്കണം. ഇതിന് തുരിശും (കോപ്പര്‍സള്‍ഫേറ്റ്) പൂഴിയും 1:5 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ഒച്ചുകള്‍കാണപ്പെടുന്ന പ്രദേശങ്ങളില്‍ വിതറണം.

തുവര കൃഷിചെയ്യാം

ഇന്ത്യയില്‍ ജന്മം കൊണ്ടതാണ് തുവര. 3500 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തുവരകൃഷി നമ്മുടെ നാട്ടിലുണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവാണ് തുവരയെ മറ്റു പയറുവര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മണ്ണിലെ ലഭ്യമായ ഈര്‍പ്പം ഉപയോഗപ്പെടുത്തി മൂന്നുമീറ്റര്‍ വരെ ഉയരത്തില്‍ വളരാന്‍ തുവരയ്ക്ക് കഴിയും.

പ്രോട്ടീന്റെ സംഭരണശാലയാണ് തുവര. 20 ശതമാനം സി പ്രോട്ടീന്‍ മാത്രമല്ല വിറ്റാമിനുകളും പോഷകങ്ങളും തുവരയെ നമ്മുടെ തീന്‍മേശയിലെ അവിഭാജ്യഘടകമാക്കി മാറ്റിയിരിക്കുന്നു. പരിപ്പും നെയ്യിലും തുടങ്ങി സാമ്പാറില്‍ അവസാനിക്കുന്ന സദ്യയിലെ ആദ്യവസാനക്കാരനും തുവരപ്പരിപ്പ് തന്നെ. കുതിച്ചുകയറുന്ന വിലയിലും തുവരയെ കൈയൊഴിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നമ്മുടെ പറമ്പുകളിലേക്ക് തുവരയെ ക്ഷണിച്ചുവരുത്തുന്നത് തന്നെയാണ്.

വെള്ളം കെട്ടിനില്‍ക്കാത്ത ഏത് സ്ഥലത്തും തുവര കൃഷി ചെയ്യാം. രണ്ട് പ്രാവശ്യമെങ്കിലും കിളച്ച് കട്ടയുടച്ച്‌നിലം ഒരുക്കണം. മൂന്നടി അകലത്തിലായി കുഴികളെടുത്ത് തൈകള്‍ നടാം. കേരളത്തിന് ഏറ്റവും അനുേയാജ്യമായ തുവര ഇനം ബി.എസ്.ആര്‍1 ആണ്. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഭവാനി സാഗര്‍ ദീര്‍ഘകാല വിളയാണ്. അതായത് നട്ട് അഞ്ചുവര്‍ഷം വരെ ഉത്പാദനം ഉറപ്പിക്കാം.

മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ കാല്‍ കിലോഗ്രാം സ്യൂഡോമോണസ് കലക്കി അതില്‍ എട്ടു മണിക്കൂര്‍ നേരം വിത്ത് മുക്കിവെച്ചതിന് ശേഷമേ പാകാവൂ. റൈസോബിയം കള്‍ച്ചറും വാമും പുരട്ടുന്നത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കും. നല്ല ഇടയകലമുണ്ടെങ്കില്‍ തുവര പന്തലിച്ചു വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്. നട്ട് ആദ്യത്തെ അഞ്ചുമാസം നന നല്‍കണം. അടുത്ത ഒരു മാസം നന നിര്‍ത്താം. പൂത്തതിനുശേഷമേ നന പുനരാരംഭിക്കേണ്ടതുള്ളൂ. വരള്‍ച്ചയാണ് തുവരയ്ക്ക് പൂക്കുന്നതിനുള്ള പ്രചോദനം.
നടുന്നതിന് പത്തുദിവസം മുമ്പ് കുഴിയിലും നട്ട് മൂന്നു മാസത്തിനുശേഷവും ഒരു പിടി കുമ്മായം ചേര്‍ത്തു കൊടുക്കണം. കുമ്മായം ചേര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞാല്‍ ചാണകവളവും അല്പം രാസവളവും ചേര്‍ത്ത് മണ്ണ് കൂട്ടാം.

സൂക്ഷ്മമൂലകമായ സിങ്ക് തുവരയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. രണ്ട് മാസത്തിലൊരിക്കല്‍ ചെടിയൊന്നിന് 20 ഗ്രാം സിങ്ക് സള്‍ഫേറ്റ് നല്‍കാം ഒപ്പം 50 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റും.

തുവരവാള്‍ മുക്കാല്‍ ഭാഗം ഉണങ്ങിയാല്‍ മുറിച്ചെടുത്ത് വെയിലത്തുണക്കി തല്ലിപ്പൊഴിക്കാം. സാധാരണഗതിയില്‍ യാതൊരു തരത്തിലുമുള്ള കീടബാധയും തുവരയില്‍ കാണാറില്ല.

ആഴത്തില്‍ വേരിറങ്ങുന്ന വിളയായതിനാല്‍ മണ്ണിളക്കമുള്ളതാക്കുന്നതോടൊപ്പം അന്തരീക്ഷ നൈട്രജനെ മണ്ണിലേക്കിറക്കാനും തുവരയ്ക്ക് കഴിയും. ഭവാനി സാഗര്‍ ഇനം ഒരേക്കറില്‍ 700 കിലോഗ്രാം തുവരയാണ് വാഗ്ദാനം ചെയ്യുന്നത്. കാസര്‍കോട് ജില്ലയിലെ പടന്നക്കാട് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജ് ഫാമില്‍ ഭവാനിസാഗര്‍1 തൈകള്‍ വില്പനയ്ക്കുണ്ട്. വില: തൈ ഒന്നിന് അഞ്ചു രൂപ.

ഒരുപിടി' ജീവാണുവളംകൊണ്ട് ഒരു ഹെക്ടര്‍ കൃഷി

പച്ചക്കറിക്കൃഷിക്കും ഇഞ്ചി, മഞ്ഞള്‍, കുരുമുളക് കൃഷികള്‍ക്കുമാവശ്യമായ ജീവാണുമിശ്രിതത്തിന്റെയും കുമിള്‍നാശിനിയുടെയും കള്‍ച്ചര്‍ കാപ്‌സ്യൂള്രൂപത്തിലാക്കിയിരിക്കുകയാണ്.

കോഴിക്കോട്: ഒരു ഹെക്ടറിലെ പച്ചക്കറിക്കൃഷിക്കാവശ്യമായ ജീവാണുവളം കൈക്കുമ്പിളിലൊതുക്കാമെന്നായാലോ? അല്ലെങ്കില്‍ സാധാരണ തപാലില്‍ അയച്ചുകൊടുക്കാമെന്നായാലോ?

അത്തരമൊരു വിപ്ലവകരമായ സാങ്കേതികവിദ്യയാണ് പുതുവര്‍ഷത്തില്‍ കോഴിക്കോട്ടെ ദേശീയ സുഗന്ധവിളഗവേഷണകേന്ദ്രം (ഐ.സി.എ.ആര്‍.) കര്‍ഷകര്‍ക്കു നല്‍കുന്നത്.

പച്ചക്കറിക്കൃഷിക്കും ഇഞ്ചി, മഞ്ഞള്‍, കുരുമുളക് കൃഷികള്‍ക്കുമാവശ്യമായ ജീവാണുമിശ്രിതത്തിന്റെയും കുമിള്‍നാശിനിയുടെയും കള്‍ച്ചര്‍ കാപ്‌സ്യൂള്രൂപത്തിലാക്കിയിരിക്കുകയാണ്. കാര്‍ഷികമേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കണ്ടുപിടിത്തം. 

ലോകത്ത് മറ്റെവിടെയും ജീവാണുവളം കാപ്‌സ്യൂള്‍രൂപത്തിലാക്കി കൃഷിക്കുപയോഗിക്കുന്നില്ലെന്ന് പരീക്ഷണത്തിന് ചുക്കാന്‍പിടിച്ച കേന്ദ്രം ഡയറക്ടര്‍ ഡോ. എം.ആനന്ദരാജ് പറയുന്നു. പേറ്റന്റ് നടപടി പൂര്‍ത്തിയായാല്‍ ഇത് സംരംഭകര്‍ക്കു കൈമാറും. 
ജൈവകൃഷിക്കാവശ്യമായ സൂക്ഷ്മാണുക്കളടങ്ങിയ പി.ജി.പി.ആര്‍. മിശ്രിതവും സ്യൂഡോമോണാസ് പോലുള്ള കുമിള്‍നാശിനികളും സാധാരണ ഒരു ഹെക്ടറിലേക്ക് 20 കിലോഗ്രാമാണ് ഉപയോഗിക്കുക. പരമാവധി ആറുമാസമേ ഇവ സൂക്ഷിച്ചുവെക്കാന്പറ്റൂ. പൊടി, ദ്രാവകരൂപങ്ങളിലാണ് ഇപ്പോള്‍ ഇവ വിപണിയിലുള്ളത്. ഇതിന്റെ സ്ഥാനത്ത് ബയോ കാപ്‌സ്യൂളാണെങ്കില്‍ ഇരുപതെണ്ണം മതിയാകും. ഒരുകിലോഗ്രാം പൊടിക്കുപകരം ഒരു കാപ്‌സ്യൂള്‍. ഒരു ഗ്രാം തൂക്കമേയുള്ളൂ ഒരു കാപ്‌സ്യൂളിന്.

കൃഷിക്കുപകാരികളായ സൂക്ഷ്മജീവികളുടെ കള്‍ച്ചര്‍ കാപ്‌സ്യൂള്‍രൂപത്തില്‍ കൂടുതല്‍കാലം സൂക്ഷിച്ചുവെക്കാന്‍ പറ്റുന്ന സാങ്കേതികവിദ്യയാണിത്. ആവശ്യമുള്ളപ്പോള്‍ ഇവ വെള്ളത്തില്‍ കലക്കി തയ്യാറാക്കി മണ്ണില്‍ പ്രയോഗിക്കാം. 

ഒരുലിറ്റര്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ എട്ടുമണിക്കൂറെങ്കിലും ഒരു ബയോ കാപ്‌സ്യൂള്‍ ഇട്ടുവെക്കണം. രാത്രിയിലായാല്‍ ഏറെ നന്ന്. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. നിശ്ചിതസമയമെത്തുമ്പോള്‍ ജീവാണുക്കള്‍ പതിന്മടങ്ങ് സജീവമാകും. അടുത്തദിവസം രാവിലെ 50 ലിറ്റര്‍ വെള്ളത്തില്‍ ഇത് കലക്കി ഉപയോഗിക്കാം. ദ്രാവകരൂപത്തിലും പൗഡര്‍ രൂപത്തിലുമുള്ള ജീവാണുവളങ്ങളെക്കാള്‍ ഏറെ ഗുണകരമാണ് കാപ്‌സ്യൂള്‍.

ജെലാറ്റിന്‍ ഷെല്ലിലുള്ള കാപ്‌സ്യൂള്‍ അന്തരീക്ഷ ഊഷ്മാവില്‍ ഒരുകൊല്ലംവരെ കേടുകൂടാതെ സൂക്ഷിച്ചുവെക്കാം. എന്നാല്‍, വെള്ളത്തില്‍ കലക്കിക്കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം ഉപയോഗിക്കണം.

പി.ജി.പി.ആര്‍. മിശ്രിതത്തിനും കുമിള്‍നാശിനിക്കുമൊക്കെ കിലോഗ്രാമിന് ശരാശരി 75 രൂപ മുതലാണ് വില. അതിന്റെ പകുതിയിലുംതാഴെ വില മാത്രമേ ബയോ കാപ്‌സ്യൂളിന് നല്‍കേണ്ടതുള്ളൂ. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങുമ്പോള്‍ വില ഇനിയും താഴും.

 

അവസാനം പരിഷ്കരിച്ചത് : 6/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate