Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിള ഉത്പാദനവും അറിവുകളും

കൂടുതല്‍ വിവരങ്ങള്‍

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

അശോകത്തിന്‍റെ ഔഷധഗുണങ്ങള്‍

പണ്ട് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കണ്ടു വരുന്ന മരമായിരുന്നു അശോകം. എന്നാല്‍ അപൂര്‍വ്വമായേ ഈ മരത്തെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ കാണാനുള്ളൂ. ധാരാളം ചില്ലകളുളള  ഈ ചെറിയ മരത്തില്‍ കടും ഓറഞ്ച്‌ നിറത്തിലുളള പൂക്കള്‍ കുലകളായി ഉണ്ടാകുന്നു. ഇതിന്‍റെ തൊലി, പൂവ്‌എന്നിവയാണ്‌ ഔഷധ യോഗ്യമായ ഭാഗങ്ങള്‍ . ഇതിന്‍റെ പൂവ്‌ ചതച്ച്‌വെളിച്ചെണ്ണയില്‍ ചാലിച്ച്‌ കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പന്‍, ചൊറി, ചിരങ്ങ്‌ തുടങ്ങിയ ചര്‍മ്മ രോഗങ്ങള്‍ക്ക്‌ പുരട്ടാറുണ്ട്‌. . അശോകത്തൊലി കഷായംവെച്ച്‌ ചെറുതേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ ഒച്ചയടപ്പ്‌ മാറുകയും ശബ്ദംതെളിയുകയും ചെയ്യും. അശോകപൂവ്‌ ഉണക്കി പൊടിച്ച്‌ പാലില്‍ കാച്ചി കഴിച്ചാല്‍ രക്തശുദ്ധിയുണ്ടാവും. ഇതിന്‍റെ തൊലിയില്‍ നിന്നാണ്‌ ആയുര്‍വേദ ഔഷധമായ 'അശോകാരിഷ്ടം ഉണ്ടാക്കുന്നത്‌.

ഔഷധത്തിനും അലങ്കാരത്തിനും കറ്റാര്‍ വാഴ വളര്‍ത്താം

കറ്റാര്‍വാഴയുടെ ജന്‍മദേശം വെസ്റ്റ്‌ ഇന്‍ഡീസാണ്‌. . ഇലയുടെ അരികുഭാഗത്തു മുള്ളുകളുണ്ട്‌. ഒരു വര്‍ഷം കൊണ്ടു 10 കി. ഗ്രാം തൂക്കത്തില്‍ വളരും. വരണ്ട കാലാവസ്ഥയിലാണ്‌ ഇവ നന്നായി വളരുന്നത്‌. വളരെ തടിച്ച ഇലകളില്‍ കൊഴുപ്പോടുകൂടിയ ജ്യൂസ്‌ ധാരാളമുണ്ട്‌. കടല്‍ത്തീര സംരക്ഷണത്തിനും കടല്‍വെള്ളത്തിന്‍റെ ഉപ്പുരസം കുറയ്ക്കാനും ഇവയ്ക്കു പ്രത്യേക കഴിവുണ്ട്‌..  അലങ്കാര സസ്യമായും നട്ടു വളര്‍ത്താം. കറ്റാര്‍വാഴയുടെ ചുവട്ടില്‍ നിന്നുള്ള ചിനപ്പുകളാണ്‌  നടീല്‍വസ്തു. ചെടിച്ചട്ടിയിലോ ചാക്കിലോ മണല്‍, മണ്ണ്‌, ഉണങ്ങിയ ചാണകപ്പൊടി  ഇവ തുല്യ അളവില്‍ ചേര്‍ത്തിളക്കി നിറയ്ക്കണം.

കുമാരി" എന്നാണ്‌ കറ്റാര്‍വാഴയുടെ സംസ്കൃതത്തിലെ പേര്‌. കുമാരികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷധിയായ കറ്റാര്‍വാഴയ്ക്ക്‌ എന്തു കൊണ്ടും യോജിച്ച പേരു തന്നെ. ത്വക്ക്‌ രോഗങ്ങള്‍, കര്‍ണനേത്ര രോഗങ്ങള്‍, മുടി വളര്‍ച്ചാക്കുറവ്‌, വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ അസുഖങ്ങളുടെ ചികിത്സയ്ക്ക്‌ കറ്റാര്‍വാഴ ഉപയോഗിക്കുന്നു. വാതം, പിത്തം, പൊള്ളല്‍, രക്തശുദ്ധി, ചതവ്‌ എന്നീ രോഗാവസ്ഥകളിലും ഫലപ്രദമാണ്‌. കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലും ശരീരസൌന്ദര്യ വസ്തുക്കളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നു. ചില ഹോമിയോ ഔഷധങ്ങളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നുണ്ട്‌.

മുറിവെണ്ണ മുതല്‍ ചെന്നിനായകം വരെ മുറിവ്‌, ഒടിവ്‌, ചതവ്‌ എന്നിവയുടെ ചികിത്സയിലുപയോഗിക്കുന്ന മുറിവെണ്ണയിലെ പ്രധാന ചേരുവ കറ്റാര്‍ വാഴ നീരാണ്‌. . ചെന്നിനായകം എന്ന ഔഷധമുണ്ടാക്കുന്നതും കറ്റാര്‍വാഴ നീരില്‍ നിന്നാണ്‌. കറ്റാര്‍വാഴ ചതച്ചുപിഴിഞ്ഞ്‌ നീരെടുക്കുക. ഇത്‌ തീപൊള്ളിയിടത്തു ധാര കോരുക. നല്ല ആശ്വാസം ലഭിക്കും. വേദനയും നീറ്റലും മാറും. കറ്റാര്‍വാഴനീരില്‍ പച്ചമഞ്ഞള്‍ അരച്ചുചേര്‍ത്തു പുരട്ടുക. കുഴിനഖവും വ്രണങ്ങളും മാറും. ഒരു തണ്ട്‌ കറ്റാര്‍വാഴയിലയും കല്‍ക്കണ്ടവും ജീരകവും കൂട്ടി അരച്ച്‌ സേവിച്ചാല്‍ രക്താര്‍ശസിനും അത്യാര്‍ത്തവത്തിനും ആശ്വാസമാവും. ഒരു സ്പൂണ്‍ ഇലനീരും അല്‍പം മഞ്ഞള്‍പ്പൊടിയും പത്തുതുള്ളി തേനും കൂട്ടി ഉപയോഗിച്ചാല്‍ ചുമയും ജലദോഷവും മാറും. ഇലനീര്‌ നന്നായി പുരട്ടിയാല്‍ നീര്‌, പേശീവേദന  ഇവ മാറും. ഇലരസത്തില്‍ ഉപ്പു ചേര്‍ത്ത്‌ ജലം വറ്റിച്ച്‌  കല്‍ക്കണ്ടവും ചേര്‍ത്ത്‌ ഉപയോഗിച്ചാല്‍ നല്ല വിരേചനമുണ്ടാകും.

കറ്റാര്‍വാഴനീര്‌ 5-10മി. ലിദിവസവും രണ്ടു നേരം സേവിക്കുന്നത്‌, കുടലുമായി ബന്ധപ്പെട്ട രോഗങ്ങള്‍, വയറുവേദന, ഗുന്‍മം, ആര്‍ത്തവവേദന ഇവ കുറയാന്‍ നല്ലതാണ്‌. വൈകിട്ട്‌, ഒരുഗാസ്‌ വെള്ളത്തില്‍ പോളയുടെ ചെറിയ കഷണം ഇട്ടു വയ്ക്കുക. പിറ്റേന്നു രാവിലെ (പിഴിയാതെ) ആ വെള്ളം കുടിക്കുക. അമിത രക്തസമ്മര്‍ദ്ദം കുറയും.കറ്റാര്‍വാഴയില നീരു ചേര്‍ത്തു എണ്ണ കാച്ചുക. (കറ്റാര്‍വാഴ നീര്‌ എണ്ണയില്‍വെറുതെ ചേര്‍ത്താലും മതി) ഈ എണ്ണ തേച്ചു കുളിച്ചാല്‍ മുടി നന്നായി കറുത്തിരുണ്ടു വളരും

കര്‍ക്കിടകത്തില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഞവര കൃഷി ചെയ്യാം

ഔഷധ നെല്ലിനങ്ങളില്‍ പ്രധാനിയാണ്‌ ഞവര. കര്‍ക്കിടമാസത്തില്‍ ആവശ്യക്കാര്‍ കൂടുതലുള്ള ഞവര രണ്ടു പതിറ്റാണ്ടു മുമ്പുവരെ കേരളത്തില്‍ സാധാരണ കൃഷി ചെയ്തിരുന്നു. ഔഷധമൂല്യമേറെയുള്ള ഈ നെല്ലിനെക്കുറിച്ച്‌ അഷ്ടാംഗഹൃദയത്തിലും സുശ്രുതസംഹിതയിലും പരാമര്‍ശമുണ്ട്.

തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയായ ഞവരയില്‍ മാംസ്യത്തിന്റെ അളവ് സാധാരണ ചുവന്ന നെല്ലിനേക്കാള്‍ 17 ശതമാനം കൂടുതലും നാരുകളുടെ അളവ് 30 ശതമാനം കൂടുതലുമാണ്.

വിത്തിന്‍റെ പുറംതോടിന്‍റെ  നിറമനുസരിച്ച്‌ ഞവര രണ്ടുതരത്തിലുണ്ട്. കറുപ്പു നിറത്തിലും സ്വര്‍ണനിറത്തിലും. എന്നാല്‍ കറുത്ത ഇനത്തിലാണ് ഔഷധ മൂല്യം കൂടുതലെന്ന് ആയുര്‍വേദാചാര്യന്‍മാര്‍ പറയുന്നു. വടക്കന്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്ന കറുത്ത ഞവരയ്ക്ക് രോഗപ്രതിരോധ ശക്തിയും വരള്‍ച്ചയെ അതിജീവിക്കുന്നതിനുള്ള കഴിവും കൂടുതലാണ്.

ധനുമാസത്തില്‍ നടുന്ന നെല്ലിന് ഔഷധമൂല്യം കൂടുതലുള്ളതായി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നു. വെള്ളം അധികം കെട്ടിനില്‍ക്കാത്ത ഏതു സ്ഥലത്തും ഞവര കൃഷി ചെയ്യാം. എന്നാല്‍ കൂടുതല്‍ വളര്‍ച്ചയും വിളവും ഞവര പാടത്ത് കൃഷി ചെയ്യുമ്പോഴാണ് കിട്ടുക. ഔഷധമൂല്യം കൂടുതലായി കാണുന്നത് ഇടവിള കൃഷിയിലാണ്.

സാധാരണ നെല്ലിനെ അപേക്ഷിച്ച്‌ വിളവ് കുറവാണ്. പക്ഷെ വില ഇരട്ടിയില്‍ കൂടുതല്‍ കിട്ടാന്‍ സാദ്ധ്യതയുണ്ടെന്നതിനാല്‍ ഞവര ലാഭകരം തന്നെയാണ്. ആയുര്‍വേദ ചികിത്സയ്ക്ക്പ്രാധാന്യമുള്ള കര്‍ക്കിടകത്തില്‍ ഞവരയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്

പുഷ്പങ്ങളിലെ സൗന്ദര്യ റാണിയായ വയലറ്റ് ഐറിസ്

മേഘാലയ, അസം, മണിപ്പൂര്‍, ഹിമാചല്‍പ്രദേശ്, ത്രിപുര എന്നീസംസ്ഥാനങ്ങളില്‍ വി.ഐ.പി.യായി കരുതി വളര്‍ത്തി വരുന്ന മനോഹരമായപൂച്ചെടിയാണ് 'വയലറ്റ് ഐറിസ്'.

നമ്മുടെ നാട്ടിലെ കുളവാഴച്ചെടിയോടു സാദൃശ്യം തോന്നുന്ന ഇതിന്റെ ജനനം ഖാസി മലകളിലാണ്. വനവാസിയായി പിറന്നെങ്കിലും പുഷ്പങ്ങളിലെ ഈ സൗന്ദര്യറാണി വനവാസമെല്ലാം പൂര്‍ണമായി അവസാനിപ്പിച്ച്‌ വീടുകളിലെയും പൂന്തോട്ടങ്ങളിലെയും അതിഥിയായി നിലകൊള്ളുന്നു. ഐശ്വര്യത്തിന്റെയും ആഹ്ളാദത്തിന്റെയും ചിഹ്നമായി 'വയലറ്റ്ഐറിസി'നെ ജനങ്ങള്‍ കാണുന്നു.

കടും ചുവപ്പും ഇളംചുവപ്പുമുള്ള പൂക്കളെ കൂടാതെ മഞ്ഞയുംഊതവര്‍ണവുമുള്ള പൂക്കളെയും വിരിയിക്കുന്ന അതിസുന്ദരിയായ ഈ ചെടിയുടെ ഇലകള്‍ക്ക് ഔഷധവീര്യമുണ്ടത്രെ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജനങ്ങള്‍പലവിധ രോഗങ്ങള്‍ക്കും പ്രതിവിധിയായി ഇതിന്റെ ഇലകളുടെയും വേരിന്റെയും നീര്ഉപയോഗിച്ചു വരുന്നു. അസമിലെയും ത്രിപുരയിലെയും മിക്കവാറും വീടുകളുടെ പൂമുഖത്ത് പ്രധാന സ്ഥാനം അലങ്കരിച്ചുകൊണ്ട് 'വയലറ്റ് ഐറിസ്' വളര്‍ന്നു നില്‍ക്കുന്നതു കാണാം.

വിത്തുകള്‍ പാകിയും ശിഖരങ്ങള്‍മ മുറിച്ചുവെച്ചും വളര്‍ത്താം.  വീടുകളില്‍ ചട്ടികളിലും വളര്‍ത്താനാവും.കേരളത്തിലെ ചില സ്ഥലങ്ങളിലെ കാലാവസ്ഥയും ഇതിനു പറ്റിയതാണത്രെ.

എയർ പ്ലാന്‍റുകള്‍ വളര്‍ത്താം

ചെടികൾ വളർത്തി പരാജയപ്പെട്ടവർക്കായി ചട്ടിയും മണ്ണുമൊന്നുമില്ലാതെ നിഷ്പ്രയാസം പരിപാലിക്കാൻ ഇതാ ഒരുകൂട്ടം വിചിത്ര സസ്യങ്ങൾ. ‘എയർ പ്ലാന്‍റ്സ്’ എന്നറിയപ്പെടുന്ന ഇവ ‘ടില്ലാൻസിയ’ ഗണത്തിൽപെടുന്നവയാണ്. ഒരാഴ്ചത്തേക്കു നനയ്ക്കാൻ മറന്നാലും ഈ ചെടികൾക്ക് ഒന്നും സംഭവിക്കില്ല. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഈർപ്പവും ധാതുലവണങ്ങളും ആഗിരണം ചെയ്ത് ഇവ വളർന്നോളും. ചിലയിനങ്ങൾ മനോഹരമായ പൂക്കൾകൊണ്ട് നമ്മെ ആനന്ദിപ്പിക്കുകയും ചെയ്യും. ലോകമാകമാനം സസ്യപ്രേമികൾക്കു പ്രിയപ്പെട്ട അലങ്കാരച്ചെടിയാണ് ഈ ബ്രൊമീലിയാഡ് കുടുംബാംഗം. എയർ പ്ലാന്‍റുകളുടെ പരിപാലനത്തിനും കൈമാറ്റത്തിനുമായി ക്ലബുകൾപോലുമുണ്ട് ഇപ്പോള്‍. പ്രകൃതിയിൽ മരപ്പൊത്തിലും മരത്തിന്‍റെ കമ്പിലും, പാറയിലും മറ്റും സ്വാഭാവികമായി കാണപ്പെടുന്ന ഇവയുടെ അറുനൂറിനു മേൽ ഇനങ്ങൾ ലഭ്യമാണ്. നന്നേ കുറുകിയ തണ്ടിൽ കുത്തിനിറച്ചതുപോലെ കട്ടിയുള്ള ഇലകൾ ഇവയുടെ സവിശേഷതയാണ് പാതി തണലുള്ളിടത്തും  ഒരു പരിധിവരെ വെയിലത്തും പരിപാലിക്കാം. പുല്ലിന്‍റേതുപോലുള്ള വേരുകൾ ഏതു പ്രതലത്തിലും പറ്റിപ്പിടിച്ചു വളരാൻ ചെടിയെ സഹായിക്കുന്നു. ഒറ്റനോട്ടത്തിൽ ഉണങ്ങിയ കുഞ്ഞൻ കൈതച്ചെടിയാണെന്നു തോന്നും ഇവയിൽ പലതും. ചെടികൾ വളർത്താൻ കഴിയില്ലെന്നു കരുതുന്ന ഡ്രിഫ്റ്റ് വുഡിലും, ശംഖിന്‍റെ പുറത്തും,  അക്വേറിയത്തിന്‍റെ ഭിത്തിയിലും വെള്ളാരം കല്ലിലുമൊക്കെ എയർ പ്ലാന്‍റുകൾ വേരുകൾ ഉറപ്പിച്ചു നന്നായി വളരും.  ഇലകളിൽ നിറയെ ചോക്കുപൊടിപോലുള്ള നേർത്ത ആവരണം ആവശ്യമായ ജലവും ധാതുലവണങ്ങളും അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാനും ഒപ്പം വരണ്ട കാലാവസ്ഥയിൽ വളരാനും ചെടിയെ സഹായിക്കുന്നു.ചില ഇനങ്ങൾക്ക് ഈ ആവരണം നല്ല കനത്തിലുള്ളതുകൊണ്ട് ഇലകൾക്കു മങ്ങിയ വെള്ളനിറമായിരിക്കും. ഇത്തരം ചെടികൾ വെയിലുള്ളിടത്തും വളർത്താം. നനയും വളവും വല്ലപ്പോഴും നൽകിയാൽ മതി.

മറ്റൊരിനം എയർ പ്ലാന്‍റുകളിൽ ആവരണം അത്രയ്ക്കു വ്യക്തമായി കാണാറില്ല. ഇവയ്ക്കു കൂടുതൽ തണലും നനയും ആവശ്യമാണ്. ഇളം തവിട്ട്, ചുവപ്പ് നിറങ്ങളിൽ ഇലകൾ ഉള്ള ചെടികളും ലഭ്യമാണ്. എയർ പ്ലാന്‍റ്  വർഗത്തിലെ സ്പാനിഷ് മോസ് ഒറ്റനോട്ടത്തിൽ നരച്ചു നീളമുള്ള താടിരോമങ്ങൾ പോലെയാണ്. ഇലകളും തണ്ടുകളുമെല്ലാം മങ്ങിയ ചാരനിറത്തിൽ ഒരേ രൂപത്തിലാണു കാണപ്പെടുന്നത്.പൂവിടുന്നതിനു മുന്നോടിയായി നടുവിലുള്ള തളിരിലകൾ ആകർഷകമായ ചുവപ്പ്, മഞ്ഞ, പിങ്ക് നിറങ്ങളിലാകും. പിന്നീട് ഇലച്ചാർത്തുകൾക്കിടയിൽനിന്നാണു മനോഹരമായ പൂക്കൾ വിരിഞ്ഞുവരിക. വർണ ഇലകളിൽനിന്നു വേറിട്ട നിറമായിരിക്കും പൂക്കൾക്ക്. കടും ചുവപ്പ്, നീല, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിലുള്ള പൂക്കൾ ഒന്നു രണ്ട് ആഴ്ചക്കാലം ചെടിയിൽ കാണാം.

നടീൽവസ്തു

നന്നായി വളർച്ചയെത്തിയ ചെടിയുടെ ചുവട്ടിൽനിന്ന് സ്വാഭാവികമായി തൈകൾ (പപ്സ്) ഉണ്ടായി വരും. പൂവിടുന്ന ഇനങ്ങളിൽ പലതും പൂവിട്ടുകഴിഞ്ഞാൽ തൈകൾ ഉൽപാദിപ്പിക്കും. പൂവിടാത്ത ഇനങ്ങളിൽ ചിലപ്പോൾ ഇലകളുടെ ചുവട്ടിൽ നിന്നുപോലും തൈകൾ ഉണ്ടായിവരുന്നതായി കാണാം. ഒന്നുരണ്ട് ഇഞ്ച് വലുപ്പമായ തൈ, വേരുകൾ ഇല്ലെങ്കിൽ പോലും അടർത്തിയെടുത്തു വളർത്താം.നടീൽ രീതി, പരിപാലനം എയർ പ്ലാന്‍റ് പലവിധത്തിൽ വളരും. ഏറ്റവും ലളിതമായരീതിയിൽ നേർത്ത വള്ളിയിൽ ചെടി തൂക്കിയിട്ടു വളർത്താം. പളുങ്കുപാത്രത്തിൽ ചെറിയ വെള്ളാരം കല്ലുകൾക്കിടയിൽ ചുവടുഭാഗം ഇറക്കിവച്ചും മോടിയാക്കാം. ഡ്രിഫ്റ്റ്‌വുഡിൽ പലതരം എയർ പ്ലാന്റുകൾ ഒരുമിച്ചു വളർത്തി മിനി ഗാർഡൻ തന്നെ ഒരുക്കാം. ചെടിയുടെ വേരുഭാഗം സൂപ്പർഗ്ലൂ ഉപയോഗിച്ച് ഡ്രിഫ്റ്റ്‌വുഡിലേക്ക് ഒട്ടിച്ചുവയ്ക്കാനും സാധിക്കും. ഈ വിധത്തിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് എയർ പ്ലാന്റുകൾ വലിയ വെള്ളാരംകല്ല്, ശംഖ്, അക്വേറിയത്തിന്റെ ഭിത്തി തുടങ്ങി ഏതുതരം പ്രതലത്തിലും വളർത്താം. എയർ പ്ലാന്റ് ഉപയോഗിച്ചു തയാറാക്കുന്ന ടെറേറിയത്തിനു നല്ല പ്രചാരമുണ്ട്...

സ്പ്രിങ്പോലെ കുട്ടയുടെ ആകൃതിയിൽ ചുറ്റിയെടുത്ത കമ്പിക്കുള്ളിൽ ഇറക്കിവച്ചും ചെടി ആകർഷകമാക്കാം. പലയിനങ്ങളുടെയും വേരുകൾ കാലക്രമേണ, വളരുന്നിടത്തു പറ്റിപ്പിടിച്ച് ചെടിയെ ഉറപ്പിച്ചുനിർത്തും. വള്ളിയിൽ തൂക്കിയിട്ടു വളർത്തുന്നവ സാവധാനം എല്ലാ വശങ്ങളിലേക്കും തൈകൾ ഉൽപാദിപ്പിച്ച് ഗോളാകൃതിയിലാകും. ബോൺസായ് ചട്ടിയില് ബോൺസായ് ചെടിക്കു ചുറ്റും എയർ പ്ലാന്‍റിന്‍റെ കുള്ളൻ ഇനങ്ങൾ വളർത്തി കൂടുതൽ ആകർഷകമാക്കാം.

വളരെ സാവധാനം വളരുന്ന എയർ പ്ലാന്റുകളിൽ ചിലയിനങ്ങൾ ഒരു വർഷംകൊണ്ടു രണ്ടുമൂന്ന് ഇഞ്ച് മാത്രമേ വളർച്ച കാണിക്കുകയുള്ളൂ. മഴക്കാലത്തു ചെടി അന്തരീക്ഷത്തിലുള്ള ഈർപ്പം ആവശ്യാനുസരണം വലിച്ചെടുത്തുകൊള്ളും. ഈ സമയത്ത്ചെടി വല്ലപ്പോഴും നനച്ചാൽ മതിയാകും. വേനൽക്കാലത്തു മൂന്നു നാലു ദിവസത്തിലൊരിക്കൽ സ്പ്രേയർ ഉപയോഗിച്ച് ചെടി മുഴുവനായി നനയ്ക്കണം. ചെടിയുടെ ഇലകൾ അകാരണമായി പുറകോട്ടു ചുരുളുന്നത് ജലാംശം കുറഞ്ഞതിന്‍റെലക്ഷണമാണ്.ആവശ്യമെങ്കിൽ മഗ്ഗിലെടുത്ത വെള്ളത്തിൽ ചെടി മുഴുവനായി ഒരു മണിക്കൂർ മുക്കി കുതിർക്കുന്നത് അധിക ജലാംശം നഷ്ടപ്പെടുന്നതു പരിഹരിക്കാൻ ഉപകരിക്കും. മാസത്തിലൊരിക്കൽ നനജലത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 19:19:19 (രണ്ടു ഗ്രാം / ലീറ്റർ വെള്ളം) കലർത്തി നൽകുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും നല്ല പൂക്കൾ കിട്ടാനും സഹായിക്കും. നേരിട്ടു വെയിലുള്ളിടത്തു വളർത്തുന്നവയ്ക്ക് അധിക നന നൽകാൻ ശ്രദ്ധിക്കണം. എയർ പ്ലാന്‍റുകളുടെ വേരുകൾക്കൊപ്പം ഇലയും ചെടിക്ക് ആവശ്യമായ ജലവും ധാതുലവണങ്ങളും വലിച്ചെടുക്കാൻ കഴിവുള്ളയാണ്. ഇലകൾക്കും വേരുകൾക്കും ചുറ്റിലുമായി നന്നായി വായുസഞ്ചാരം നൽകുന്നത് ചെടിയുടെ സുഗമമായ വളർച്ചയ്ക്കുനന്ന്. വളർത്തുന്നിടത്ത് ഈർപ്പം അധികമായാൽ ചെടി അപ്പാടെ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. ഇലകൾക്കു കാണുന്ന കറുപ്പുനിറം ചീയൽ രോഗത്തിന്‍റെ ബാഹ്യലക്ഷണമാണ്. ഇത്തരം ചെടികൾ നന മിതപ്പെടുത്തി ഈർപ്പം കുറഞ്ഞിടത്തേക്കു മാറ്റി സ്ഥാപിക്കണം.

അലങ്കാരത്തോടൊപ്പം ആദായവും നല്‍കുന്ന പൊയിന്‍സെറ്റിയ

ക്രിസ്മസ്-ഈസ്റ്റര്‍ സീസണില്‍ വിദേശ രാജ്യങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ചെടിയാണ് 'പൊയിന്‍സെറ്റിയ' (Poinsettia) . Euphorbia Pulcherrima' എന്നാണ് മെക്സിക്കോ സ്വദേശിയായ ഈ ചെടിയുടെ ശാസ്ത്രീയ നാമം. കടുംചുവപ്പും കടുംപച്ചയും കലര്‍ന്ന ഇതിന്‍റെ ഇലകള്‍ക്കാണ്ഏറെ പ്രാധാന്യം. അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ചെടിയും 'പൊയിന്‍സെറ്റിയ' തന്നെ. 1825 ല്‍ മെക്സിക്കോയിലെ അമേരിക്കന്‍ അംബാസിഡറായിരുന്ന ജോയല്‍ റോബര്‍ട്ട്സ് പൊയിന്‍സെറ്റാണ് ഈ മെക്സിക്കന്‍ ചെടിഅമേരിക്കയ്ക്ക് പരിചയപ്പെടുത്തിയത്. 2 അടി മുതല്‍ 13 അടി വരെയാണ് ഈചെടിയുടെ നീളം. ഇരുണ്ട പച്ച നിറവും ചുവപ്പു നിറവുമുള്ള ഇലകള്‍ക്ക് 7 മുതല്‍ 16 സെ.മീ വരെ നീളം കാണും. ഓറഞ്ച്, ക്രീം പിങ്ക്, വെള്ള നിറമുള്ള ഇലകളും ഇവയ്ക്കിടയില്‍ കാണും.നൂറിലധികം തരത്തിലുള്ള ചെടികള്‍ 'പൊയിന്‍സെറ്റിയ' വര്‍ഗത്തിലുള്ളതായി അനുമാനിക്കപ്പെടുന്നു.

ഗ്വാട്ടിമല, നിക്കാരഗ്വ, കോസ്റ്റാറിക്ക, ചിലി, പെറു, ടര്‍ക്കി എന്നിവിടങ്ങളിലും പൊയിന്‍സെറ്റിയ ചെടികള്‍ ധാരാളമായികണ്ടുവരുന്നു. അമേരിക്കയിലും മറ്റ് പല പാശ്ചാത്യരാജ്യങ്ങളിലും ഇത്ക്രിസ്മസ് ഈവ് ഫ്ലവറായി കൊണ്ടാടുമ്പോള്‍ സ്പെയിന്‍കാര്‍ ഇതിനെ ഈസ്റ്റര്‍പുഷ്പമായിട്ടാണ് കരുതുന്നത്.

നക്ഷത്രാകൃതിയിലുള്ള ഇലകള്‍ ബത്ലഹേമില്‍ വിശുദ്ധന്മാര്‍ ദര്‍ശിച്ച വാല്‍നക്ഷത്രത്തെയും കടുംചുവപ്പ് ഇലകള്‍ യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തെയും സൂചിപ്പിക്കുന്നു.വടക്കേ അമേരിക്കയിലെ മിക്കവാറും ഭവനങ്ങളിലും ദേവാലയങ്ങളിലും ഓഫീസുകളിലും ക്രിസ്മസ്-ഈസ്റ്റര്‍- ന്യൂഇയര്‍ വാലന്‍റൈന്‍സ്ഡേ ഡെക്കറേഷനുകള്‍ക്ക് ഉപയോഗിച്ചു വരുന്നത് പൊയിന്‍സെറ്റിയയുടെ ഇലകളാണ്. കടകളിലും മെഡിക്കല്‍ഷോപ്പുകളിലും ഹാര്‍ഡ്​വെയര്‍ സ്റ്റോറുകളിലുമൊക്കെ ഏതു സമയത്തും പൊയിന്‍സെറ്റിയ സുലഭമായിരിക്കും.

വീടിനുള്ളില്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ചട്ടിയില്‍ ഇവ നട്ടുവളര്‍ത്തുന്നത്. ഓസ്ട്രേലിയ, റുവാണ്ട, മാള്‍ട്ട എന്നീ രാജ്യങ്ങളിലെ കാലാവസ്ഥയില്‍ ഇത് ധാരാളമായിവളരുന്നു. 1860 മുതല്‍ ഈജിപ്തിലും പൊയിന്‍സെറ്റിയ കൃഷി ചെയ്തുവരുന്നു. വീടിനു വെളിയില്‍ മണ്ണില്‍ ചെടികള്‍ വളര്‍ന്നശേഷം ബോണ്‍സായി മാതൃകയില്‍ചട്ടികളില്‍ നട്ട് വീടുകളിലും പൊയിന്‍സെറ്റിയ വളര്‍ത്തിവരാറുണ്ട്.

പലതരത്തിലുള്ളരോഗങ്ങളാണ് പൊയിന്‍സെറ്റിയ നേരിടുന്ന പ്രധാന ഭീഷണി. പൂപ്പല്‍ രോഗമാണ്ഇവയില്‍ മുഖ്യം. ഇതിന്റെ ഇലകള്‍ തിന്നുന്ന മൃഗങ്ങളിലും മനുഷ്യക്കുട്ടികളിലും ത്വക്​രോഗം, വയറിളക്കം, ഛര്‍ദ്ദി, താല്‍ക്കാലിക അന്ധത എന്നീ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊയിന്‍സെറ്റിയയെ കര്‍ഷകര്‍ ഏറെസ്നേഹിക്കുന്നു.

പലപ്പോഴും നമ്മുടെ പൂന്തോട്ടങ്ങളിലും അടുക്കളത്തോട്ടങ്ങളിലും ചട്ടിയിലും വളര്‍ത്തുന്ന ചെടികകള്‍ പലതും മുരടിച്ചു പോകുന്നതും വേണ്ടത്രവേഗത്തില്‍ വളരാത്തതും കായ്ഫലം തരാത്തതും നമ്മെ വിഷമിപ്പിക്കാറുണ്ട്. അതിനുപരിഹാരമായി നാം രാസവളപ്പീടികയില്‍ ലഭിക്കുന്ന പല തരം രാസഹോര്‍മോണ്‍ഘടകങ്ങള്‍ വാങ്ങി തളിക്കുന്നു. പലതരം വളര്‍ച്ചാ ഹോര്‍മോണുകളാണ് കെമിക്കല്‍രൂപത്തില്‍ വില്പന നടത്തിവരുന്നത്. എന്നാല്‍, ജൈവകൃഷിയുടെ ലക്ഷ്യങ്ങള്‍ക്ക്വിരുദ്ധമാണ് ഇവയുടെ ഉപയോഗം.

പൂന്തോട്ടത്തില്‍ ടോര്‍ച്ച് ജിഞ്ചര്‍ വളര്‍ത്താം

ഇഞ്ചി വര്‍ഗത്തില്‍പ്പെട്ട മനോഹരപുഷ്പങ്ങളോടുകൂടിയ ഒരു ചെടിയാണ് ടോര്‍ച്ച് ജിഞ്ചര്‍.  ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലില്‍ സമൃദ്ധമായി വളരുന്ന ഈ ചെടി ഇന്ത്യയിലും വളരുന്നുണ്ട്. ശാസ്ത്രനാമങ്ങള്‍ നിരവധിയുണ്ടെങ്കിലും എറ്റ്ലിന്‍ ജറഇലേറ്റര്‍ എന്ന പേരാണ് കൂടുതലും ഉപയോഗിക്കുന്നത്. പൂക്കള്‍ കത്തി നില്ക്കുന്ന പന്തം പോലെ തോന്നിപ്പിക്കുന്നതുകൊണ്ടാണ് ഇതിനെ ടോര്‍ച്ച്ജിഞ്ചര്‍ എന്നു വിളിക്കുന്നത്.

ഈ പൂക്കള്‍ പുഷ്പ സംവിധാനത്തിന് പുറമെ വിവിധ ഭക്ഷ്യ വിഭവങ്ങളിലും ഉപയോഗിക്കുന്നു. മലേഷ്യക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ് അസം ലക്സ്. അരികൊണ്ടുണ്ടാക്കുന്ന മറ്റൊരു വിഭവമാണ് നാസി കെറബു. ഈ രണ്ട് വിഭവങ്ങളിലും ഇതിന്റെ പൂക്കളും തണ്ടും ഉപയോഗിച്ച്  വരുന്നു. ഇതിനു പുറമെ വിവിധ സാലഡുകളിലും ഈ പൂക്കള്‍ അരിഞ്ഞു ചേര്‍ക്കാറുണ്ട്. സാധാരണയായി ചുവപ്പ്, പിങ്ക്, ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഇവയുടെ പൂക്കള്‍ കാണപ്പെടുന്നത്.

കൃഷിരീതി

മണ്ണില്‍ വേണ്ടത്ര പൊട്ടാസ്യം ഉണ്ടായിരിക്കണം. ഒരടി താഴ്ചയുള്ള തവാരണകളില്‍ മണ്ണു പരിശോധന നടത്തി വേണ്ടത്ര പൊട്ടാസ്യം ചേര്‍ത്ത കൂട്ടുവളമിട്ടുകൊടുക്കണം. ഇവയുടെ കിഴങ്ങുകളാണ് നടുന്നത്. പത്തു ഡിഗ്രി സെന്‍റിഗ്രേഡില് താഴെ അന്തരീക്ഷ താപമുള്ള സ്ഥലങ്ങളില്‍ ഇവ വളര്‍ത്താന്‍ ബുദ്ധിമുട്ടുണ്ട്. ഭാഗികമോ, പൂര്‍ണമോ ആയ തണലില്‍ നല്ലവണ്ണം വളരും.

പ്രജനനം

കിഴങ്ങുകള് വേര്പെടുത്തി നട്ടും പാകമാ ചെടികളുടെ വിത്തുപാകിയുമാണ് ഈ ചെടികളുടെ പ്രജനനം നടത്തുന്നത്. പൂവിന്‍ തണ്ടുകള്‍ക്ക് രണ്ടുമുതല്‍ അഞ്ചു വരെ അടി നീളം കാണും.

വിത്തുകള്‍ പാകുന്ന വിധം

പാകമായ പൂക്കളില്‍ നിന്ന് വിത്തുകള്‍ അടര്‍ത്തിയെടുത്ത് ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

ആറിഞ്ച് വ്യാസത്തിലുള്ള ചട്ടികളില്‍ നല്ലവണ്ണം ഉണക്കിപ്പൊടിച്ച ചാണകവും  മണലും തുല്യ അളവില്‍ ചേര്‍ത്തു മുക്കാലിഞ്ച് ആഴത്തില്‍ രണ്ടോ മൂന്നോ വിത്തുകള്‍  തുല്യ അകലത്തില്‍ പാകുക.

ഹോസുപയോഗിക്കാതെ ഒരു പൂവാലി ഉപയോഗിച്ച് മണ്ണു മുഴുവന്‍ നനയ്ക്കുക.

ചട്ടികള്‍ സുതാര്യവും നേരിയതുമായ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി തണലില്‍ വയ്ക്കുക

മണ്ണ് എല്ലായ്പ്പോഴും നനവുള്ളതായിരിക്കണം. എന്നാല്‍വെള്ളം കെട്ടിനില്ക്കാന്‍അനുവദിക്കുകയുമരുത് വിത്തുകള്‍ ചീഞ്ഞുപോകും.

ആറോ ഏഴോ ആഴ്ചകള്‍ക്കുള്ളില്‍ വിത്തുകള്‍  മുളയ്ക്കാനാരംഭിക്കും.

നാലിലകള്‍ വന്നാല്‍വേണ്ടവിധം ഒരുക്കിയ തവാരണകളില്‍ മൂന്നടി അകലത്തില്‍ തൈകള്‍ പറിച്ചു നടണം.

തവാരണകളില്‍ വേരോടിക്കഴിഞ്ഞാല്‍ കമ്പോസ്റ്റോ അഴുകി പൊടിഞ്ഞ കോഴിവളമോ രണ്ടിഞ്ചു കനത്തിലിട്ട് ഒരു ഗാര്‍ഡന്‍ ഫോര്‍ക്ക് കൊണ്ട് ഇളക്കി മണ്ണുമായി ചേര്‍ക്കണം. ആഴ്ചയില്‍ രണ്ടോ മൂന്നോ ഇഞ്ച് കനത്തില്‍ പുതെയിട്ടു കൊടുക്കുന്നത് മണ്ണിന്‍റെ തണുപ്പു നിലനിര്‍ത്തുന്നതിനും മറ്റ് പാഴ്ചെടികള്‍ വളരുന്നത് തടയുന്നതിനും സഹായിക്കും.

വീട്ടില്‍ വേണം മഞ്ഞളെന്ന ഒറ്റമൂലി

പുരയിടത്തിന്‍റെ ഒരു മൂലയില്‍ എപ്പോഴും മഞ്ഞള്‍ച്ചെടി ഉണ്ടായിരുന്ന കാലം ഇന്ന് ഓര്‍മ്മ മാത്രമായി. വീട്ടാവശ്യങ്ങള്‍ക്കുള്ള മഞ്ഞള്‍പ്പൊടിക്കായി കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന മഞ്ഞള്‍ പുഴുങ്ങി ഉണങ്ങിപൊടിച്ചെടുക്കുന്ന ഇന്നലെകള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍വിശ്വസിക്കാന്‍ പോലും ഇപ്പോള്‍ പലര്‍ക്കും പാടാണ്. ഗുണനിലവാരമില്ലാത്ത പായ്ക്കറ്റ് മഞ്ഞള്‍ പൊടികള്‍ വാങ്ങാതെ വീട്ടില്‍ത്തന്നെ മഞ്ഞള്‍ കൃഷിചെയ്‌തെടുക്കാന്‍ ഇനിയുമാകും.

ഫ്‌ലാറ്റുകളിലും ടെറസുകളില്‍ ഗ്രോ ബാഗുകളിലും മഞ്ഞള്‍ച്ചെടി അഴകോടെയും ആരോഗ്യത്തോടെ വളരും. വിഷമില്ലാത്ത ഭക്ഷണം വേണമെന്ന വാശിമാത്രംമതി. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞള്‍ കൃഷി വ്യാപകമായുണ്ട്. മഞ്ഞളിന്‍റെ രോഗനാശനശേഷിയെ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മനസിലാക്കാനുള്ള ഗവേഷണങ്ങളും പുരോഗമിക്കുകയാണ്. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ എന്ന പദാര്‍ഥത്തിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു. വിവിധ ആയുര്‍വേദ മരുന്നുകളുടെ പ്രധാന അസംസ്‌കൃത വസ്തുവാണ് മഞ്ഞള്‍. വിവിധ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും മഞ്ഞളിനുണ്ട്.
മഞ്ഞളിന്‍റെ നടീല്‍ വസ്തു

മഞ്ഞളിന്‍റെ ചെറിയ ചിനപ്പുകളാണ് നടീല്‍ വസ്തു. തടങ്ങളിലും ഗ്രോബാഗുകളിലും ചെടിച്ചെട്ടികളിലും ഇവ നട്ട് മഞ്ഞള്‍ വളര്‍ത്തിയെടുക്കാം.മഞ്ഞള്‍ നടുന്ന തടങ്ങളില്‍ വളമായി ചാണകപ്പൊടി നല്‍കാം. തടങ്ങളില്‍ പച്ചിലകൊണ്ട് പുതയിടുന്നത് ഏറെ ഗുണകരമാണ്. നട്ട് കഴിഞ്ഞ് ഏഴ് മുതല്‍ എട്ട്മാസം വരെ കഴിയുമ്പോള്‍ മഞ്ഞള്‍ ചെടി പിഴുതെടുത്ത് മഞ്ഞള്‍ വിളവെടുക്കാം. പൂര്‍ണ്ണമായും ജൈവ വളങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

മഞ്ഞള്‍ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍പ്പൊടി തയ്യാറാക്കുന്നത്. ഭക്ഷണണ സാധനങ്ങള്‍ക്ക് നിറം പകരാന്‍ ഉപയോഗിക്കുന്നതിനൊപ്പം സൗന്ദര്യ വര്‍ധകവസ്തുക്കളിലും മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നു. അണുനാശിനിയായും മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.

മൃഗം-പക്ഷി -മത്സ്യ കൃഷി

മഴക്കാലത്ത് കോഴികളുടെ പരിചരണത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കാം

  • കോഴിക്കൂട് നിര്‍മ്മിക്കുവാനായി ഈര്‍പ്പം അധികം വരാന്‍ ഇടയില്ലാത്ത സ്ഥലം തെരഞ്ഞെടുക്കണം.
  • മഴച്ചാറ്റല്‍ ഉള്ളില്‍ വീഴാതിരിക്കാന്‍ മേല്‍ക്കൂരയുടെ ചായ്‌വ് നീട്ടിക്കൊടുക്കണം.
  • കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിന് കാരണമാകും. കൂടാതെ തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തുവരുന്ന അമോണിയ വാതകം കോഴിയുടെ ആരോഗ്യത്തിന്ഹാനികരവുമാണ്. അതുകൊണ്ട് വിരിപ്പ് (ലിറ്റര്) ഇടയ്ക്കിടെ ഇളക്കിക്കൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍ ശ്രദ്ധിക്കണം. ഇളക്കുമ്പോള്‍ കുമ്മായം 100 ചതുരശ്രഅടിയ്ക്ക് 3 കി.ഗ്രാം എന്ന തോതില്‍ ചേര്‍ത്തിളക്കുന്നത് അഭികാമ്യമാണ്.  ഇത്ചുരുങ്ങിയത് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ചെയ്യണം. നന്നായി നനഞ്ഞ വിരിപ്പ് ഉടനെ മാറ്റി പുതിയത് വിരിക്കണം.
  • ജലസ്രോതസുകളില്‍ രോഗാണുക്കളുള്ള മലിന ജലം കലരാന്‍ ഇടയുള്ളതുകൊണ്ട് അണുനാശിനി ചേര്‍ത്ത് ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക. ഇതിനായി ബ്ലീച്ചിംഗ് പൗഡറോ, വെള്ളം ശുചിയാക്കുന്നതിന് മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റ് അണുനാശിനികളോ നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ക്കാവുന്നതാണ്.
  • തീറ്റച്ചാക്കുകള്‍ ചുമരില്‍ ചാരിവയ്ക്കാതെ മരപ്പലകയുടേയോ, ഇരുമ്പുപലകയുടേയോ മുകളില്‍ സൂക്ഷിക്കുക. തീറ്റയില്‍ ഈര്‍പ്പം കലര്‍ന്നാല്‍ അത് മാരകമായ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും.
  • മഴക്കാലത്ത് താരതമ്യേന പകല്‍ വെളിച്ചം കുറവായത്‌കൊണ്ട് മുട്ടക്കോഴികളില്‍ മുട്ടയുല്‍പാദനം കുറയാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വെളിച്ചത്തിനായി ഫ്‌ളൂറസെന്റ് ലൈറ്റുകള്‍ ഇട്ട് ദിവസവും 16 മണിക്കൂര്‍ എന്ന തോതില്‍വെളിച്ചം നല്‍കണം
  • മഴക്കാലത്ത് കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ നാലാഴ്ചകളില്‍ ചൂട്‌കൊടുത്ത് വളര്‍ത്തുമ്പോള്‍ ചൂട് നിലനിര്‍ത്തുന്നതിനായി ഷെഡ്ഡിന്‍റെ ഭാഗികമായി തുറന്ന ഭാഗങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കാവുന്നതാണ്.
  • കാലാനുസൃതമായി നല്‍കേണ്ടുന്ന വിരമരുന്നുകളും, പ്രതിരോധ കുത്തിവെയ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായി നല്‍കണം.

ആടുകളിലെ പോളിയോയും ടെറ്റനസും തടയാം

വിറ്റാമിന്‍ ബി 1 അതായത് തയാമിന്‍റെ കുറവു മൂലമുള്ള രോഗമാണ് ആടുകളിലെപോളിയോ എന്‍സഫലോ മലേഷ്യ (PEM). തയമിനേസ് അടങ്ങിയ പരുഷാഹാരങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലെ  നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തയാമിന്‍ കുറയാനിട വരുത്തും. രോഗലക്ഷണങ്ങളോടൊപ്പം കാത്സ്യം, ഫോസ്ഫറസ്സ് എന്നിവയുടെ അളവിലുണ്ടാകുന്ന കുറവ് രോഗം കൂടുതല്‍ മൂര്‍ച്ഛിക്കാനിട വരുത്തും. കണ്ണിലെ കൃഷ്ണമണിയുടെ അനിയന്ത്രിതചലനങ്ങള്‍, നടക്കാന്‍ ബുദ്ധിമുട്ട്, തീറ്റയ്ക്ക് രുചി കുറവ് എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്.

രോഗം മൂലം ആടുകള്‍എഴുന്നേല്‍ക്കാന്‍ വിമുഖത കാണിക്കുകയും, ചത്തുപോവുകയും ചെയ്യാറുണ്ട്. തുടക്കത്തില്‍ ചികിത്സിച്ചാല്‍ രോഗം പൂര്‍ണ്ണമായും ഭേദപ്പെടുത്താം.

തയമിനേസ് അടങ്ങിയ പരുഷാഹാരങ്ങള്‍ ആടുകള്‍ക്ക് നല്‍കരുത്. പാറപ്പുല്ല് എന്ന പേരിലറിയപ്പെടുന്ന മലമ്പ്രദേശങ്ങളിലെ പരമ്പരാഗതമായ പുല്‍വര്‍ഗ്ഗങ്ങളിലാണ് തയമിനേസ്സ് എന്‍സൈം കൂടുതലായുള്ളത്. ഇത് ശരീരത്തിലെലഭ്യമായ തയമിന്‍, ബി.കോംപ്ലക്സ് വിറ്റാമിനിന്‍റെ അളവ് ക്രമാതീതമായികുറയ്ക്കും. രോഗലക്ഷണങ്ങള്‍ ശ്രദ്ധയിപ്പെട്ടയുടനെ തന്നെ ചികിത്സിപ്പിക്കണം.

ഒന്നിലധികം ആടുകളില്‍ രോഗബാധ സംശയിക്കുന്നുവെങ്കില്‍ അതാത്പ്രദേശത്തെ തീറ്റപ്പുല്ല് നല്‍കുന്നത് ഒഴിവാക്കണം. പോളിയോ എന്‍സഫലോ മലേഷ്യമൂലം ദഹനക്കേടും വയറുസ്തംഭനവുമുണ്ടാകും. ഏറ്റവുമടുത്തുള്ള വെറ്ററിനറി സര്‍ജന്റെ ഉപദേശപ്രകാരം ചികിത്സിപ്പിക്കേണ്ടതാണ്.

ടെറ്റനസ് ബാധ

മറ്റുള്ളവയെ അപേക്ഷിച്ച്‌ ആടുകളിലും, കുതിരകളിലും ടെറ്റനസ് ബാധയ്ക്ക് സാധ്യതയേറെയാണ്. കൈകാലുകളിലുണ്ടാകുന്ന മുറിവുകളിലൂടെ രോഗാണുക്കള്‍- ക്ലോസ്ട്രിഡിയം ടെറ്റനൈബാക്ടീരിയകള്‍ ശരീരത്തിലെത്തി രോഗബാധയ്ക്കിടവരുത്തും.  ഈയിനം ബാക്ടീരിയകള്‍ മണ്ണിലൂടെയാണ് മുറിവുകളിലൂടെ രോഗബാധയ്ക്കിട വരുത്തുന്നത്.

ആടുകള്‍ക്ക് മുറിവേറ്റാലോ, തെരുവു നായ്ക്കളുടെ കടിയേറ്റാലോ ചികിത്സയോടൊപ്പം ടെറ്റ്നസ്ടോക്സോയിഡ് കുത്തിവെയ്പ്പുമെടുക്കണം. ടെറ്റനസ് ബാധിച്ചു കഴിഞ്ഞാല്‍ മരണനിരക്ക് വളരെ കൂടുതലാണ്. ആട്ടിന്‍കുട്ടികള്‍ക്ക് 6 മാസം പ്രായത്തില്‍ കുത്തിവെയ്പ്പെടുക്കാം.

മുറ്റത്തും മട്ടുപ്പാവിലും കാടകളെ വളര്‍ത്താം

വളരെ ലാഭം തരുന്ന ഒന്നാണ് കാട വളര്‍ത്തല്‍. മുറ്റത്തും മട്ടുപ്പാവിലുംകാടകളെ വളര്‍ത്താം. രണ്ടു ചതുരശ്രയടി സ്ഥലത്ത് എട്ടു മുതല്‍ 10 കാടകളെ വരെ വളര്‍ത്താം.

ആറാഴ്ച പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ കൂടുകളില്‍ വളര്‍ത്താം. തടി ഫ്രെയിമുകളില്‍ കമ്പിവലകള്‍ കൊണ്ട് അടിച്ചുണ്ടാക്കിയ കൂടുകളാണു നല്ലത്. കൂടിന്‍റെ അടിയില്‍ കമ്പിവലയിടുന്നത് കാഷ്ഠം പുറത്തേക്കുപോകുന്ന തരത്തിലായിരിക്കണം.

കൂടിന്‍റെ ഇരു വശത്തുമായി ഓരോ വാതിലുകളും ഉണ്ടായിരിക്കണം. മഴയും വെയിലും ഏല്‍ക്കാത്ത സ്ഥലത്താണു കൂടുകള്‍വയ്ക്കേണ്ടത്. രാത്രിയില്‍, കൂട്ടിനുള്ളില്‍ ബള്‍ബിട്ട് വെളിച്ചം നല്‍കണം.

ആറാഴ്ച പ്രായമാകുമ്പോള്‍ കാടകള്‍ വളര്‍ച്ച പൂര്‍ത്തിയാക്കി മുട്ടയിട്ടു തുടങ്ങും. ഈ സമയത്താണു തീറ്റ കൂടുതലായി നല്‍കേണ്ടത്. മാംസ്യം ധാരാളമടങ്ങിയ ലേയര്‍ തീറ്റയും അസോളയും കൂട്ടി കൊടുക്കാം.

എല്ലാ ദിവസവും കൂടു വൃത്തിയാക്കിയും വൃത്തിയുള്ള തീറ്റ നല്‍കിയും കാടകളെ രോഗങ്ങളില്‍ നിന്നു രക്ഷിക്കാം.

കന്നുകാലികളെ ബാധിക്കുന്ന സാള്‍ട്ട് പോയിസനിങ്ങ്

കന്നുകാലികളുടെ ശരീരത്തിൽ ഉപ്പിന്റെ അളവു വർധിച്ചാലുണ്ടാകുന്ന രോഗമാണ് സാൾട്ട് പോയിസനിങ്. ഇത് സാൾട്ട് ടോക്സിസിറ്റി, ഹൈപ്പർ നേടീമിയ, വാട്ടർ ഡെപ്രിവേഷൻ, സോഡിയം അയൺ ഇൻടോക്സിക്കേഷൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ശരീരത്തിൽ ഉപ്പ് ആവശ്യമാണ്. ഇതിന്‍റെ അളവു ക്രമാതീതമാകുമ്പോഴാണ് രോഗാ വസ്ഥയിൽ എത്തുന്നത്.

കാരണങ്ങൾ: കന്നുകാലികൾ വെള്ളം കുടിക്കുന്നതു കുറയുകയോ തീരെ ഇല്ലാതാകുകയോ ചെയ്യുമ്പോൾ മൃഗങ്ങളുടെ ശരീരത്തിൽ സസോഡിയം നിയന്ത്രണം നടക്കാതെ വരും. അതിന്‍റെ അംശം വളരെ കൂടുന്നതോടെ മരണം വരെയുണ്ടാകാം. ഉപ്പു കലർന്ന പ്രദേശങ്ങളിൽ മേച്ചിലിനായി വിടുകയും വെള്ളം കുടിക്കാനുള്ള സൗകര്യംഇല്ലാതെ വരികയോ മലിനജലം കുടിക്കുകയോ ചെയ്താലും രോഗമുണ്ടാകാം. സോഡിയം ക്ലോറൈഡ്, ധാതുലവണങ്ങളായ കാൽസിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സെലീനിയം എന്നിവ ചേർന്നതാണ് ഉപ്പ്. പന്നി, കുതിര, പശുക്കൾ എന്നിവ യിൽ ഒരു കിലോ ഭാരത്തിന് 2.2 ഗ്രാം എന്ന തോതിലും നായ്ക്കളിൽ 4 ഗ്രാം എന്ന അളവിലും ചെമ്മരിയാടുകളിൽ 6 ഗ്രാം എന്ന അളവിലും മുകളിൽ ഉപ്പ് വിഷമായിത്തീരും.

ലക്ഷണങ്ങൾ: വായിൽനിന്ന് അമിതമായി ഉമിനീർ ഒലിക്കുക, അമിതദാഹം, വയറുവേദന, വയറിളക്കം, കോച്ചിപ്പിടി ക്കല്‍, ഭാഗിക വാതലക്ഷണം, പിൻകാലുകൾ വലിച്ചുനടക്കല്‍, കുളമ്പ് മടങ്ങിയിരിക്കല്‍, കാഴ്ചക്കുറവ്.

നൽകേണ്ട വെള്ളത്തിന്റെ അളവ്:

കറവ വറ്റിയവ (ഗർഭിണികളും) – ദിവസം 40 ലീറ്റർ വെള്ളം

ദിവസം 15 ലീറ്റർ പാൽ നൽകന്ന പശു – ദിവസം 60 ലീറ്റർ വെള്ളം

ദിവസം 25 ലീറ്റർ പാൽ നൽകുന്ന പശു – ദിവസം 100 ലീറ്റർ വെള്ളം.

5 മാസം പ്രായം – 12 ലീറ്റർ വെള്ളം.

1.5 വയസ് പ്രായം – 24 ലീറ്റർ വെള്ളം

2 വയസ് പ്രായം – 32 ലീറ്റർ വെള്ളം.

പ്രതിവിധി: ഉപ്പ് കൂടുതലാണെന്നു സംശയിക്കുന്ന തീറ്റയും വെള്ളവും ഉടൻ മാറ്റുക. ധാരാളം വെള്ളം കുടിക്കാൻ നൽ കുക. ആദ്യഘട്ടങ്ങളിൽ കുറഞ്ഞ അളവില്‍ ചുരുങ്ങിയ ഇടവേളകളിൽ നൽകുക. വലിയ മൃഗങ്ങളിൽ സാധാരണ ആരോഗ്യം വീണ്ടെടുക്കും വരെ ശരീരഭാരത്തിന്റെ 0.5 ശതമാനം വെള്ളം നൽകണം . അതിനുശേഷം ആവശ്യത്തി നു നൽകാം. മലിനജലം കുടിക്കാൻ അനുവദിക്കരുത്. ഉപ്പ് അധികമായി കാണുന്ന പ്രദേശത്തോ വെള്ളത്തിന്‍റെ ലഭ്യത ഇല്ലാത്ത സ്ഥലത്തോ കന്നുകാലികളെ വിട്ടു തീറ്റിക്കാതിരിക്കുക. ശരീരത്തിന് ഉപ്പ് ആവശ്യമാണ്. ഇതിന്‍റെ അളവു തീരെ കുറഞ്ഞാലും രോഗങ്ങൾ വരാം. മൂത്രത്തിന്‍റെ അളവു കുറയുക, ശരീരകോശങ്ങളിൽ ജലാംശം നഷ്ടപ്പെട്ടു ക്ഷീണിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, ശരീരഭാരം കുറയുക, തൊഴുത്തിൽ കാണുന്ന ചുമര്, പാത്രങ്ങൾ, സിമന്‍്റ് തറ, മരക്കഷണങ്ങൾ, മണ്ണ് എന്നിവ നക്കുകയും കഴിക്കാൻ ശ്രമിക്കുകയും ചെയ്യുക, പാലുൽപാദനം കുറയുക എന്നിവയാണ് ലക്ഷണങ്ങൾ. പശുക്കൾക്കു സാധാരണ നൽകുന്ന തീറ്റയിൽ ഒരു ശതമാനവും ആട്ടിൻതീറ്റയിൽ 1.5 ശതമാനവും കോഴിത്തീറ്റയിൽ 0.25 ശതമാനവും ഉപ്പു ചേർത്തിട്ടുണ്ട്. ഉപ്പ് അമിതമായി കഴിച്ചാൽ ധാരാളം വെള്ളം നൽകണം.

വളം - കീടനാശിനികള്‍

തോട്ടത്തില്‍ നിന്നും ഒച്ചിനെ തുരത്താന്‍ ചില മാര്‍ഗങ്ങളിതാ...

പറമ്പിലേയും തോട്ടങ്ങളിലേയുമെല്ലാം ചെടികള്‍ നശിപ്പിക്കുന്നതില്‍ പ്രധാനവില്ലനാണ് ഒച്ച്‌ . കാര്യം ആള് ചെറുതാണെങ്കിലും ഒരു ചെടിയെ ഒന്നടങ്കം നശിപ്പാക്കാന്‍ ആ ചെറിയ ഒച്ചിന് സാധിക്കും. മഴക്കാലത്താണ് ഒച്ചിന്റെ ശല്യം ഏറ്റവും രൂക്ഷമാകുന്നത്.

പൊടിച്ച മുട്ടത്തോട്

ഒച്ചിനെപ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മുട്ടത്തോട്. ഒച്ചിന്റെ ശല്യം ധരാളമായിട്ടുള്ള ചെടികള്‍ക്കും മറ്റുംചുറ്റും മുട്ടത്തോട് പൊടിച്ച്‌ ഇട്ടാല്‍ ഒച്ചിന്‍റെ ശല്യം പൂര്‍ണ്ണമായി ഇല്ലാതെയാകുന്നത് കാണാം. വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്ന ഒച്ചുകള്‍ക്ക് നേരായ പ്രതലത്തില്‍ക്കൂടി മാത്രമെ നന്നായി സഞ്ചരിക്കുവാന്‍ സാധിക്കുകയൊള്ളു. അതിനാല്‍ മുട്ടത്തോടുകള്‍ തീര്‍ക്കുന്ന പ്രതി രോധം തരണം ചെയ്യ്ത് മുന്നോട്ട് പോയി ചെടിയെ നശിപ്പിക്കാന്‍ ഒച്ചുകള്‍ക്ക് സാധിക്കുകയില്ല.

കോഴിയെയും താറാവുകളെയും വളര്‍ത്തുക

പറമ്പില്‍ നിന്നും ഒച്ചുകളെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് അവിടെ കോഴികളെയോ താറാവിനെയോ വളര്‍ത്തുക എന്നത്. അധികം ഉപദ്രവങ്ങളെന്നും ഇല്ലാത്ത് ഈ ജീവികള്‍ പറമ്പിലെ പ്രാണികളെയും ഒച്ചുകളെയുമെല്ലാം തിന്ന് തീര്‍ക്കുകയും നമ്മള്‍ക്ക് ആവശ്യത്തിന് മുട്ടയും മാംസവും നല്കുകയും ചെയ്യുന്നു. കോഴിയെയും താറാവുകളെയും വളര്‍ത്തുന്ന പറമ്പുകളില്‍ ഒച്ചിന്‍റെ ശല്യം തീരെ കുറവായിരിക്കുമെന്ന് നിരീക്ഷണത്തില്‍നിന്ന് തന്നെ നമ്മള്‍ക്ക് മനസ്സിലാക്കാം.

മണ്ണില്‍ കുറച്ച്‌ പുതിനയില വിതറുക

ഔഷധഗുണങ്ങള്‍ക്കൊപ്പം പുതിന ഇല കൊണ്ട് ഇങ്ങനെ ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. രൂക്ഷമായ ഒച്ചിന്‍റെ ശല്യമുള്ള പറമ്പുകളില്‍ പുതിന ഇല വിതറിയാല്‍ ഒച്ചുകള്‍പെട്ടന്നു തന്നെ അപ്രതിക്ഷമാകുന്നത് കാണാം. പുതിന ഇലയുടെ രൂക്ഷഗന്ധമാണ് ഒച്ചുകളെ തുരത്താന്‍ സഹായിക്കുന്നത്.

മണ്ണ് കിളച്ചിടുക

കിളച്ച്‌ മറിച്ചിട്ട മണ്ണില്‍ ഒച്ചുകള്‍ക്ക് സുഗുമായി സഞ്ചരിക്കാന്‍സാധിക്കുകയില്ല. അതിനാല്‍ കിളച്ചിട്ടിരിക്കുന്ന മണ്ണില്‍ ഒച്ചുകളെ വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് നമ്മുക്ക് കാണാന്‍ സാധിക്കുക.

മണ്ണില്‍ കടല്‍പ്പായല്‍ വിതറുക

അംമ്ലാംശം കൂടുതലുള്ള കടല്‍ പായലുകള്‍ ഒച്ചുകളെ പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കിലും കിട്ടാന്‍ബുദ്ധിമുട്ടാണെങ്കിലും ഒച്ചിന്റെ ശല്യം ധാരാളമായി ഉള്ള സ്ഥലങ്ങളില്‍കടല്‍പ്പായല്‍ ഉപയോഗിക്കുന്നത് വളരെ മികച്ച്‌ പ്രതിരോധരീതിയാണ്.

കൂടുതല്‍ ശൈല്യമുള്ളിടത്ത് ഉപ്പ് വിതറുക

ഒച്ചിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉപ്പ്. നമ്മുടെ തോട്ടങ്ങളില്‍ നിന്നും പറമ്പില്‍ നിന്നും ഒച്ചിനെ തുരത്താന്‍ മണ്ണില്‍ അല്പം ഉപ്പ് വിതറിയാല്‍ മതിയാകും.

കോള നല്ലൊരു പ്രതിവിധി

ഒരുശീതളപാനീയം എന്നതിനപ്പുറം ഒച്ചിനെ തുരത്താനും കോളയടക്കമുള്ള ശീതളപാനീയങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താം. ചില കര്‍ഷകര്‍ കീടങ്ങളെ അകറ്റിനിര്‍ത്താനും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെയും ഇതുവഴി നിയന്ത്രിക്കാം. ബിയറോ കോളയോ ഒഴിച്ചു തോട്ടത്തില്‍ അല്‍പ്പം ആഴത്തില്‍ വയ്ക്കുകയാണെങ്കില്‍ ഒച്ചുകള്‍ കൂട്ടമായി വന്ന് അതില്‍വീണ് ചത്തോളും. കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെയും ഇതുവഴി നിയന്ത്രിക്കാം. ഉറുമ്പിന്‍റെയും പാറ്റയുടെയും പുറത്ത് സ്പ്രേ ചെയ്താലും അവ നശിക്കും. അതിലടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡാണ് ശക്തി നല്‍കുന്നത്. എല്ലാ സോഫ്റ്റ് ഡ്രിങ്കുകളിലും ഇത്തരം ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ചെടികളില്‍ തളിക്കുമ്പോള്‍ മിത്രകീടങ്ങളെ ആകര്‍ഷിക്കാനും ഇതിന്‍റെ  മധുരം സഹായിക്കും

മറ്റ് മാര്‍ഗ്ഗങ്ങള്‍

ഒച്ചുമുട്ടയിട്ടു പെരുകുന്നത് മാലിന്യങ്ങളില്‍ ആയതിനാല്‍ മാലിന്യനിര്‍മാര്‍ജനം ത്വരിതപ്പെടുത്തണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇതിനായി കാടുപടലങ്ങള്‍, പുല്ലുകള്‍, ചപ്പുചവറുകള്‍, കരിയില, അടുക്കള മാലിന്യങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ കമ്പോസ്റ്റ് തയ്യാറാക്കി മാലിന്യ നിര്‍മ്മാര്‍ജനം ചെയ്യണം. ഒച്ചുകള്‍ വരുന്ന വഴിയില്‍ സന്ധ്യാസമയത്ത് ചണച്ചാക്ക് നനച്ച്‌ വിരിക്കണം. അതിനു മുകളില്‍ പപ്പായ, വാഴ, ബന്തി, ചേമ്പ്  ഇവയുടെ ഇലകളോ കാബേജിന്‍റെ ഇതളുകളോ മുറിച്ച്‌ കൂന കൂട്ടിയിടുക. ഇതില്‍ ആകൃഷ്ടരാകുന്ന ഒച്ചുകളെ ശേഖരിച്ച്‌ ഉപ്പ് വിതറുകയോ പുകയില തുരിശു ലായനി തളിക്കുകയോ ചെയ്യുമ്പോള്‍ ഒച്ചുകള്‍ ചാകും. ഇവയെ ആഴത്തില്‍ കുഴിച്ചുമൂടി ഉപ്പും കുമ്മായവും ബ്ലീച്ചിംഗ് പൗഡറും വിതറണം.

ഒച്ചിന്‍റെ ആക്രമണം കൂടുതലായി കാണുന്ന കാര്‍ഷികവിളകളില്‍ ജൈവ മിശ്രിതം തളിക്കണം. ഇതിനായി 25 ഗ്രാംപുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ ഒരു ലിറ്റര്‍ ആയി വറ്റിക്കുക. 60 ഗ്രാം തുരിശ് പൊടിച്ച്‌ ഒരു ലിറ്റര്‍ വെള്ളത്തില്‍ തലേദിവസം ലയിപ്പിച്ച്‌ വക്കുക. ഈ രണ്ടു ലായനികളും കൂടി യോജിപ്പിച്ച്‌ അരിച്ചെടുക്കുക. ഈ മിശ്രിത കാര്‍ഷിക വിളകളില്‍ പ്രയോഗിക്കുക. താഴെ വീഴുന്ന ഒച്ചുകളെ ഉപ്പോ പുകയില കഷായമോ തളിച്ച്‌ നശിപ്പിക്കുക.

മുരിങ്ങിലയില്‍ നിന്നും വളര്‍ച്ചാ ഹോര്‍മോണ്‍ ഉണ്ടാക്കാം

നമ്മള്‍ സാധാരണയായി നല്ല ഇലക്കറിയായി ഉപയോഗിച്ചുവരുന്ന മുരിങ്ങയിലയില്‍ നിന്നും നമ്മുടെ തോട്ടത്തിലെ ചെടികള്‍ വളരാന്‍ ഉപയുക്തമായ ചെലവ് തീരെയില്ലാത്ത വളര്‍ച്ചാ ഹോര്‍മോണ്‍സ്വയം തയ്യാറാക്കാം.

എങ്ങനെ തയ്യാറാക്കാം

മുരിങ്ങയുടെ 30 ദിവസമെങ്കിലും മൂപ്പുള്ള ഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത്മിക്സിയിലടിക്കുക. അതിനുശേഷം ഒരു തുണിയില്‍ കിഴികെട്ടിയോ അരിപ്പയില്‍ അരിച്ചോ സത്തും ചണ്ടിയും വേര്‍തിരിക്കണം. സത്ത് 16-20 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച്‌ സ്പ്രെയര്‍ കൊണ്ട് ചെടികളില്‍ തളിച്ചുകൊടുക്കാം. വിളകളുടെ ഇലകളിലാണ് ഇത് തളിക്കേണ്ടത്.

പച്ചക്കറിയുള്‍പ്പെടെ പല വിളകളിലും മുരിങ്ങയില സത്ത് തളിക്കാം. വിത്ത് മുളച്ച്‌ 10 ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും കായ്കള്‍ രൂപപ്പെടുമ്പോഴും ഇതുതളിക്കാം. ഉണ്ടാക്കി അഞ്ച് മണിക്കൂറിനുള്ളില്‍ മുരിങ്ങയില സത്ത് തളിക്കുന്നതാണ് നല്ലത്. അധികം മൂപ്പില്ലാത്ത ചെടികള്‍ക്കാണ് ഇത് തളിക്കുന്നതെങ്കില്‍ 30 ഇരട്ടിവെള്ളം ചേര്‍ക്കണം. പെട്ടെന്നു തളിച്ചില്ലെങ്കില്‍ ഫ്രീസറില്‍ വെച്ചശേഷം പിന്നീടും ഉപയോഗിക്കാം.

ആഫ്രിക്കന്‍രാജ്യങ്ങളിലെ ജൈവകൃഷിത്തോട്ടങ്ങളില്‍ വ്യാപകമായി  ഈ ജൈവഹോര്‍മോണ്‍ ഉപയോഗിച്ചുവരുന്നു. സാധാരണ വിളവില്‍ നിന്ന് 30 മുതല്‍ 150 വരെ ശതമാനം വിള വര്‍ധനയാണ് ഈ ജൈവഹോര്‍മോണ്‍ സാധ്യമാക്കുന്നത്. കൃഷിയിടങ്ങളിലും ഗ്രീന്‍ ഹൗസുകളിലെ വിളകളിലും മുരിങ്ങയില സത്ത് വ്യാപകമായി തളിക്കുന്നുണ്ട്. വിത്തുകളുടെ മുളയ്ക്കലും വളര്‍ച്ചയുംത്വരിതപ്പെടുത്താനും മുരിങ്ങയില സത്തിനാകും. പഞ്ചഗവ്യത്തോടൊപ്പം രണ്ട്ശതമാനം വീര്യത്തില്‍ മുരിങ്ങയില സത്ത് തളിക്കുന്നതും മെച്ചമാണെന്നും തെളിഞ്ഞിട്ടുണ്ട്.

മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗമായ ഇലകളില്‍ ധാരാളം വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി, ബീറ്റ കരോട്ടിന്‍ രൂപത്തില്‍വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, മാംഗനീസ്, മാംസ്യം എന്നിവയടങ്ങിയിരിക്കുന്നു. കൂടാതെ മുരിങ്ങയിലയില്‍ 'സൈറ്റോകൈനുകള്‍' എന്ന ഹോര്‍മോണുകള്‍ നല്ലതോതിലുണ്ട്. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളാണ് ഇവ. മറ്റു അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നത് കാല്‍സ്യം ഓക്സലേറ്റ് ക്രിസ്റ്റല്‍ രൂപത്തിലാണ്.

പഴം -പച്ചക്കറി കൃഷി

മഴക്കാലത്തെ വാഴക്കൃഷി: ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

മഴതുടങ്ങുന്നതോടെ നീര്‍വാര്‍ച്ചയുള്ള ചാലുകള്‍ തീര്‍ക്കണം. നട്ട് രണ്ടുമാസമായ പാളയന്‍കോടന്‍ ചുവടൊന്നിന് 110, 500, 335 ഗ്രാം വീതം യൂറിയ, റോക്ക്ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കാം. തുടര്‍ന്നുകളകള്‍ ചെത്തി ചുവട്ടില്‍ കൂട്ടി മണ്ണിട്ടു മൂടുക.

ഫലപുഷ്ടിയുള്ള മണ്ണില്‍ റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങള്‍ കുറയ്ക്കാം. ഇലകളില്‍ കണ്ണിന്‍റെ  ആകൃതിയിലുള്ള വലിയ പൊട്ടുകളുണ്ടാകുകയും പിന്നീട് അവ ഒന്നിച്ചുചേര്‍ന്ന് ഇലകള്‍ കരിയുകയും ചെയ്യുന്ന സിഗാട്ടോക്ക രോഗം മഴ തുടങ്ങുന്നതോടെ വ്യാപകമാകും. രോഗം രൂക്ഷമായ ഇലകള്‍ മുറിച്ചു കത്തിക്കണം.

രോഗം കാണുന്നതോടെ ബോര്‍ഡോ മിശ്രിതം ഒരു ശതമാനം, ബാവിസ്റ്റിന്‍ ഒരു ഗ്രാം, കാലിക്സിന്‍ അര മി. ലീ., ഡൈത്തേന്‍ എം-45 രണ്ടു ഗ്രാം എന്നിവയിലൊന്ന് ഒരുലീറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിനു മാറി മാറി തളിക്കുക. പകരം സ്യൂഡോമോണാസ് കള്‍ച്ചര്‍ 20 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിന് രണ്ടു മൂന്നു തവണ തളിക്കുക.

തടതുരപ്പന്‍ പുഴുവിന്‍റെ ഉപദ്രവം കഠിനമായുണ്ടായ വാഴകളും അവശിഷ്ടങ്ങളും കത്തിക്കുകയോ കുഴിച്ചു മൂടുകയോചെയ്യുക. ഒരു ചുവട്ടില്‍ രണ്ടില്‍ കൂടുതല്‍ വാഴകള്‍ കട്ടപിടിച്ച്‌ വളരാന്‍ അനുവദിക്കരുത്, വാഴയുടെ ഉണങ്ങിയ ഇലകള്‍ മുറിച്ചു കളഞ്ഞ് തോട്ടം വൃത്തിയാക്കി സൂക്ഷിക്കുക.

ഇക്കാലക്സ് രണ്ടു മി. ലീ., ഡര്‍സ്ബാന്‍ (20%) 1.5 മി.ലീ. എന്നിവയിലൊന്ന് ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിനു തളിക്കുക. ലായനി ഓലക്കവിളുകളിലും ചുവട്ടിലും വീഴണം. ഉപദ്രവംതുടരുന്നെങ്കില്‍ മൂന്നാഴ്ച കഴിഞ്ഞ് ഒരു തവണകൂടി കീടനാശിനി തളിക്കുക.

വാഴകള്‍ ശരിയായ അകലത്തില്‍ നടുക, നീര്‍വാര്‍ച്ചാ സൗകര്യം ഉണ്ടാക്കുക, തോട്ടങ്ങളിലെ കളകള്‍ നിയന്ത്രിക്കുക, ആവശ്യത്തില്‍ അധികമുള്ള കന്നുകള്‍ നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ ഇലപ്പുള്ളിരോഗം പിടിപെടാതെ വാഴകളെ സംരക്ഷിക്കാന്‍ കഴിയും.

മാണം അഴുകല്‍ രോഗം പ്രധാനമായും വയലുകളിലും നീര്‍വാര്‍ച്ച ഇല്ലാത്ത സ്ഥങ്ങളിലും നട്ടിട്ടുള്ള വാഴകളിലാണ്‌ കണ്ടുവരുന്നത്. ഇതിനെ നിയന്ത്രിക്കാന്‍ രോഗം ബാധിച്ച വാഴകള്‍ കടയോടെ പിഴുതെടുത്തു നശിപ്പിക്കണം. വാഴകള്‍ ഇങ്ങനെ നീക്കംചെയ്ത കുഴികളിലും ചുറ്റുമുള്ള വാഴകളുടെ തടങ്ങളിലും കുമ്മായം ഇടണം.

ഉത്പാദനം വർധിപ്പിക്കാൻ തെങ്ങിനു വേണം പരിചരണം

ശരിയായ പരിചരണംവഴി നാളികേര ഉത്പാദനം വർധിപ്പിക്കാൻ സാധിക്കും. കട്ടികൂട്ടിയ കാമ്പ്, കൂടുതൽ കൊപ്ര, കൂടുതൽ മച്ചിങ്ങപിടിത്തം, രോഗപ്രതിരോധശേഷി, വരൾച്ചയെ അതിജീവിക്കാനുള്ള കരുത്ത് എന്നിവയ്ക്ക് പൊട്ടാഷ് ആവശ്യമാണ്. മഴ തുടരുന്നതുകൊണ്ടു വളം ഇപ്പോൾ ചേർക്കാം. സങ്കരയിനങ്ങൾക്കും ഉൽപാദനശേഷിയുള്ള മറ്റ് ഇനങ്ങൾക്കും 370ഗ്രാം യൂറിയ, 530 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 670 ഗ്രാം പൊട്ടാഷ് എന്ന തോതിൽ ആവശ്യമാണ്. ചെന്നീരൊലിപ്പ് കാണുന്ന തെങ്ങിന് അ‍ഞ്ചു കിലോഗ്രാം വീതം വേപ്പിൻപിണ്ണാക്ക് ചേർക്കാം. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി  മാറ്റി അവിടെ ഉരുക്കിയ ടാറോ ബോർഡോ കുഴമ്പോ തേയ്ക്കണം. സ്യൂഡോമോണസ് ഒരു കിലോഗ്രാം 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി മണലുമായി ചേർത്ത് തെങ്ങിന്‍റെ കടയ്ക്കൽ ഇട്ടുകൊടുക്കന്നതു രോഗ നിയന്ത്രണത്തിനു സഹായിക്കും.

കടപ്പാട് - ഇന്‍ഫോ മാജിക്

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top