অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുത്തന്‍ കൃഷിമേഖല

പരിചയപ്പെടാം, ടു ഇൻ വൺ മരച്ചീനിയെ

കണ്ടാൽ കുറ്റിച്ചെടി, ചുവടുകുഴിച്ചാൽ മരച്ചീനി. ചെടിയായും ഭക്ഷണത്തിനും രണ്ടുപയോഗമുള്ള മരച്ചീനി. നാലുപാടും ഇലകൾ വീശി, നിറയെ ശിഖരങ്ങളുമായി ഒരു തണൽച്ചാർത്ത് തീർക്കുന്ന ഹരിതസൗന്ദര്യം. കണ്ടാൽ പെട്ടെന്നാരും ഇതൊരു മരച്ചീനിയാണെന്നു പറയില്ല. എന്നാൽ കൂർത്തുനേർത്ത വിരലുകൾ പോലുള്ള ഇലകൾ ഉണ്ട് എന്നേയുള്ളൂ. സാധാരണ മരച്ചീനി ഇനത്തിൽപ്പെടുന്നതു തന്നെയാണ് ഇവയും. പടർന്നു പന്തലിച്ചത് പോലുള്ള നിൽപ്പ് കണ്ടാവും നഗരങ്ങളിൽ ചില വൃക്ഷസ്നേഹികളൊക്കെ ഇപ്പോൾ ഈ മരിച്ചീനിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്തും തൊടിയിലും നട്ടുവളർത്തുന്നത്. കേരളത്തിൽ പൊതുവേ കാണപ്പെടുന്ന മരിച്ചീനിയുടെ ഇലകളിൽ നിന്നും വ്യത്യസ്തമായ ഇലകളാണ് ഇതിന്റെ പ്രധാന സവിശേഷത. കൈവിരലുകളുടെ മാതൃകയിൽ ഏഴു കൂർത്ത ഇലഇതളുകളാണ് ഈ മരിച്ചീനിക്കുള്ളത്. മരിച്ചീനി ഇലയുടെ തണ്ട് ചുവപ്പ് തന്നെയെങ്കിലും മുഖ്യ കമ്പിന് ഇളംപച്ച നിറമാണ്. നീളമുള്ള വെള്ള നിറത്തിലെ മരിച്ചീനിയാണ് ലഭിക്കുന്നത്. ഇവ സാധാരണ പോലെ തന്നെ പുഴുങ്ങിയോ കറിവച്ചോ കഴിക്കാം.

നല്ലവളക്കൂറുള്ള മണ്ണിൽ നന്നായി പരിപാലിച്ചുവളർത്തുമ്പോഴാണ് ഇതു പോലെ നിറയെ ഇലച്ചാർത്തുള്ള ഒരു തണൽ ച്ചെടിയുടെ സൗകുമാര്യവും കുളിർമ്മയും ലഭിക്കുന്നത്. നെൽപാടങ്ങളിലും തഴച്ചുവളരും. ഈ മരിച്ചീനി ചെടിയുടെ ഭംഗിയും, തണലും കൊണ്ടാവും ഫലച്ചെടിഎന്നതിനെക്കാൾ അലങ്കാരച്ചെടിയായാണ് പലരും ഇതു വളർത്തുന്നത്. കേരളത്തിൽ പതിവായി കാണുന്ന മരിച്ചീനിയിൽ നിന്നും വ്യത്യസ്‌ഥമായതുകൊണ്ടു തന്നെ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനെ ഒരു കിഴങ്ങുവർഗമായി കരുതാത്തവരും ഉണ്ട്. അതായത് മണ്ണിൽ ശീതളഛായ പരത്തുന്ന ചെടി പിഴുതാൽ മനുഷ്യർക്കു കഴിക്കുവാൻ കഴിയുന്ന മരിച്ചീനി ലഭിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട് എന്നർഥം. ഗാമ്പിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ കാണുന്ന മരിച്ചീനി ഇനങ്ങളോട് സാമ്യമുള്ളതിനാൽ ഗാമ്പിയകസാവ എന്ന പേരിൽ ഇന്റർനെറ്റിൽ പരാമർശമുണ്ട്. 

വെറും മരിച്ചീനി അല്ല എന്ന തോന്നലുള്ളതുകൊണ്ടാവും കേരളത്തിന്റെ ചില പ്രദേശങ്ങളിൽ ഇതു ചെടിചീനി എന്നാണറിയപ്പെടുന്നത്. വ്യത്യസ്‌ഥമായ ആകൃതിയിൽ കാണപ്പെടുന്നെങ്കിലും മരച്ചീനി ഇനത്തിൽ പ്പെടുന്നത് തന്നെയാണിതെന്നു സിറ്റിസിആർഐ ക്രോപ്പ് ഇംപ്രൂവ്മെന്റ് ഡിവിഷൻ മേധാവി ഡോ. എം.എൻ. ഷീല പറയുന്നു. വെള്ളനിറത്തിലെ മരിച്ചീനി അത്ര പ്രചാരത്തിലില്ലാത്തതിനാലാണ് നാട്ടുകാർക്കു കൗതുകം തോന്നുന്നത്. തമിഴ്നാട്ടിലൊക്കെ വെള്ള നിറത്തിലെ മരിച്ചീനിയും വ്യാവസായിക അടിസ്‌ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട് എന്നും ഡോ. ഷീല പറയുന്നു. കേരളത്തിൽ പത്തനംതിട്ട, ഇലന്തൂർ എന്നിവിടങ്ങളിലും ഇത്തരം മരച്ചീനി കൃഷി ചെയ്യുന്നുണ്ട്. 1600 ഓളം വ്യത്യസ്‌ഥങ്ങളായ മരിച്ചീനി ഇനങ്ങൾ (ഇലമാതൃകകളിലെ വ്യത്യസ്തത ഉൾപ്പെടെ) സിറ്റി സിആർഐയിൽ ലഭ്യമാണ്. ഫോൺ: മഞ്ജുള– 9745505465.

എസ്. മഞ്ജുളാദേവി

ജാതി അറിഞ്ഞൊരു കൃഷി

മിരിസ്റ്റിക്ക ഫ്രാഗ്രൻസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ജാതിയുടെ ജന്മദേശം ഇന്തോനേഷ്യയിലെ ബാൻഡ ദ്വീപുകളാണ്. ബ്രിട്ടീഷുകാരാണ് ജാതികൃഷി മറ്റു പ്രദേശങ്ങളിലേക്കു വ്യാപിപ്പിച്ചത്. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര, ഗോവ, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ജാതികൃഷിയുള്ളത്. സ്‌ഥലവിസ്തൃതിയിലും ഉത്പാദനത്തിലും കേരളമാണ് മുമ്പിൽ. ജാതികൃഷിയിൽ നല്ല വിളവു കിട്ടാൻ ഏറ്റവും യോജിച്ചത് ചൂടും ഈർപ്പവുമുള്ള കാലാവസ്‌ഥയാണ്. മണൽ മണ്ണും ചെമ്മണ്ണും കൃഷിക്കനുയോജ്യമാണ്. എന്നാൽ മണ്ണിൽ ധാരാളം ജൈവാംശംവും നനയ്ക്കാൻ വേണ്ടത്ര വെള്ളവും ആവശ്യമാണ്. പക്ഷേ മണ്ണിൽ വെള്ളം കെട്ടിനിൽക്കുകയുമരുത്. ചെറിയതോതിൽ തണൽ ആവശ്യമാണെങ്കിലും 60 ശതമാനമെങ്കിലും സൂര്യപ്രകാശം കിട്ടുന്ന തോട്ടങ്ങളിലാണ് നല്ല വിളവു ലഭിക്കുന്നത്. നേരിട്ടടിക്കുന്ന വെയിലിനേക്കാൾ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ജാതിക്കൃഷിക്കുത്തമം. വിത്തുപാകി മുളപ്പിച്ച തൈകളോ ബഡ്ഡുകളോ ഒട്ടുതൈകളോ ജാതിക്കൃഷിക്കുപയോഗിക്കാം. നല്ലതുപോലെ മൂപ്പെത്തിയതും പുറന്തോട് പൊട്ടിത്തുടങ്ങിയതുമായ കായ്കൾ വിത്തിനെടുക്കാം. ഒട്ടും വൈകാതെ പുറംതോടും പത്രിയും ഇളക്കിമാറ്റി വിത്തു പാകണം. തണലും തണുപ്പുമുള്ള ഇടങ്ങളിൽ ഒന്ന് ഒന്നേകാൽ മീറ്റർ വീതിയിലും അരയടി ഉയരത്തിലും ആവശ്യമായ നീളത്തിലും വാരമെടുത്തു മണ്ണും മണലും 3:1 അനുപാതത്തിൽ കലർത്തി ഇതിൽ നടാം. പാകിയശേഷം നല്ല പൊടിമണ്ണുവിതറി വെയിലേൽക്കാതെ പച്ചിലകൊണ്ട് പുതയിടണം. പതിവായി നനയ്ക്കണം. രണ്ടുമാസത്തിനകം വിത്തുകൾ മുളയ്ക്കും. 

രണ്ടില പരുവമാക്കുമ്പോൾ ജാതിതൈ, വേരുകൾക്കു കേടുവരാതെ ഇളക്കിയെടുത്ത് പോട്ടിംഗ് മിശ്രിതം (മണൽ, മണ്ണ്, ചാണകപ്പൊടി എന്നിവ തുല്യ അനുപാത്തിൽ ചേർത്തിളക്കിയ മിശ്രിതം) നിറച്ച പോളിത്തീൻ ബാഗുകളിൽ നടണം. അടുത്ത കാലവർഷം തുടങ്ങുമ്പോൾ പ്രധാന കൃഷിയിടത്തിൽ മൂന്നടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് മേൽമണ്ണും ഒപ്പം ഉണക്കിപ്പൊടിച്ച ചാണകം അല്ലെങ്കിൽ കമ്പോസ്റ്റും നിറച്ചു അതിൽ തൈകൾ നടാം. തനിവിളയായിട്ടോ തെങ്ങിൻ തോട്ടങ്ങളിലോ കവുങ്ങിൻ തോപ്പിലോ ഇടവിളയായിട്ടു ജാതി കൃഷിചെയ്യാം. തനിവിളയായിട്ടാണ് കൃഷി ചെയ്യുന്നതെങ്കിൽ തണൽ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടിവരും. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നപക്ഷം ജാതിച്ചെടികൾ കരിഞ്ഞു പോകാൻ സാധ്യത ഉണ്ട്. അതിനാൽ ശീമക്കൊന്ന, മുള്ളില്ലാമുരിക്ക് തുടങ്ങിയ തണൽ മരങ്ങൾ നട്ടുപിടിപ്പിച്ചു ജാതികൃഷിചെയ്യാം. കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഫീൽഡ് ബഡ്ഡ് എന്ന രീതിയിലൂടെയും ഒട്ടിക്കൽ (അപ്രോച്ച് ഗ്രാഫ്റ്റിംഗ്), തളിരൊട്ടിക്കൽ (എപ്പിക്കോട്ടയിൻ ഗ്രാഫ്റ്റിംഗ്) എന്നീ രീതികളിൽ ജാതി നടീൽ വസ്തുവുണ്ടാകാം. നിത്യഹരിതമായ ഏകദേശം 20 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് ജാതി. വിത്ത് മുളച്ചുണ്ടാകുന്ന തൈകൾ വളരെ ഉയരത്തിൽ പടർന്നു പന്തലിച്ചു വളരുമ്പോൾ ബഡ്ഡു തൈകളോ ഒട്ടുതൈകളോ അത്ര ഉയരത്തിൽ വളരുന്നില്ല. ജാതികൃഷിയിൽ വിളവു കൂട്ടാൻ ശാസ്ത്രിയ മണ്ണുപരിശോധനയുടെ അടിസ്‌ഥാനത്തിൽ സന്തുലിതമായ വളപ്രയോഗം വേണം. മണ്ണിലെ പുളിപ്പിന്റെ തീവ്രതയ്ക്കനുസരിച്ചു കുമ്മായവും കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അഭാവം പരിഹരിക്കാൻ ഡോളോമൈറ്റും ഉപയോഗിക്കാവുന്നതാണ്. രാസവളമാണ് പ്രയോഗിക്കുന്നതെങ്കിൽ ഒന്നാം വർഷത്തിൽ 45 ഗ്രാം യൂറിയ, 90 ഗ്രാം മസൂറിഫോസ് അഥവ രാജ് ഫോസ്, 170–180 ഗ്രാം പൊട്ടാ ഷ് എന്നിവ ഉപയോഗിക്കാം. ഇങ്ങനെ രാസവളപ്രയോഗം ക്രമേണകൂട്ടി 15 വർഷം മുതൽ 1.10 കിലോ യൂറിയ 1.25 കിലോ മസൂറിഫോസ് അഥവ രാജ്ഫോസ്, 1.70 കിലോ പൊട്ടാഷ് എന്നിവ ഉപയോഗിക്കേണ്ടതാണ്. മേൽ സൂചിപ്പിച്ച രാസവളങ്ങൾ പകുതി വീതം രണ്ടുപ്രാവിശ്യമായിട്ടു ജൂണിലും സെപ്റ്റംബറിലും പ്രയോഗിക്കാവുന്നതാണ്. ജൈവളമാണുപയോഗിക്കുന്നെങ്കിൽ ഒന്നാം വർഷം 10 കിലോ മണ്ണിൽ പ്രയോഗിക്കുക.



ഇതു ക്രമേണ കൂട്ടി 15 വർഷമാകുമ്പോൾ 50 കിലോ വരെ ആക്കാം. സൂക്ഷ്മമൂലകമായ ബോറോണിന്റെ അഭാവത്തിൽ ജാതിക്കായ് മൂപ്പെത്താതെ വീണുപൊട്ടുന്നത് തടയാനായി ബോറാക്സ് 50 ഗ്രാം വരെ ചെടിയൊന്നിന് ചൂവട്ടിൽ ഇട്ടുകൊടുക്കുകയോ രണ്ടു മുതൽ അഞ്ചു ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുകയോ ചെയ്യാം. ജാതിയിൽ ആൺ–പെൺ മരങ്ങൾ വെവേറെ കാണപ്പെടുന്നുണ്ടെങ്കിലും അപൂർവമായി രണ്ടു പൂക്കളും ഒരുമിച്ചു കാണുന്നു. ജാതിയിൽ പരാഗണം നടത്തുന്നത് കാറ്റാണ്. വർഷം മുഴുവൻ ജാതി പുഷ്പ്പിക്കുമെങ്കിലും ഒക്ടോബർ നവംബർ മാസങ്ങളിലാണ് പൂക്കൾ കൂടുതലായി കാണപ്പെടുന്നത്. ഈ പൂക്കളാണ് ജൂൺ–ജൂലൈ മാസങ്ങളിൽ വിളഞ്ഞുപാകമാകുന്നത്. നല്ലതുപോലെ വിളഞ്ഞ കായ്കൾ പുറന്തോടുപൊട്ടി പത്രിയും കായും പുറത്തേക്കു കാണാനാവും. ബഡ്ഡുകളും ഒട്ടുകളും മൂന്നാം വർഷം മുതലും വിത്തുപാകി മുളപ്പിച്ച തൈകൾ 7–8 വർഷത്തിനുള്ളിലും കായ്ക്കും. ഏതൊരു കൃഷിയും പോലെ ജാതിയിലും കീടരോഗപ്രതിരോധമാർഗങ്ങൾ അവലംബിക്കേണ്ടതാണ്. ജൈവവളമായി ചാണകം ഇടുമ്പോൾ അത് ട്രൈക്കോഡർ മയും വേപ്പിൻ പിണ്ണാക്കും ചേർത്ത് സമ്പുഷ്ടമാക്കിയതിനുശേഷം ചേർക്കുവാൻ ശ്രദ്ധിക്കണം.

ഇലകരിച്ചിൽ, ഇലപ്പുള്ളി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്യൂഡോമോണസ് ലായനി 20 ഗ്രാം ഒരു ലിറ്ററിന് എന്ന തോതിൽ കലക്കി തടത്തിലെ മണ്ണു നനയത്തക്ക രീതിയിൽ ഒഴിച്ചു കൊടുക്കണം. ജാതിച്ചെടികൾ തമ്മിൽ 25–28 അടി അകലം പാലിച്ച് സൂര്യപ്രകാശം ക്രമീകരിച്ചു കൊടുക്കുന്ന പക്ഷം കീടരോഗ സാധ്യത കുറക്കാം. മുടിനാര് രോഗം പോലുള്ള രോഗങ്ങൾക്കു രോഗം ബാധിച്ച ഇലയും തണ്ടും മുറിച്ചു കത്തിച്ചുനശിപ്പിക്കണം. വർഷത്തിൽ രണ്ടുപ്രാവശ്യം കുമിൾനാശിനിയായ ബോർഡോമിശ്രതം തളിച്ചുകൊടുക്കാവുന്നതാണ്. ഇത്തരത്തിൽ വിവിധ കൃഷി പരിപാലനമുറകൾ സംയോജിപ്പിച്ചു ശാസ്ത്രീയമായി അവലംബിക്കുന്ന പക്ഷം ജാതികൃഷി വിജയകരമാക്കാം. 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2523421 ഇമെയിൽ kvkkottayam@kau.in 

റാണി ആർ ഉണ്ണിത്താൻ, ഡോ. ശൈലജ കുമാരി
കെവികെ, കോട്ടയം

തത്തമ്മച്ചുണ്ടുപോലൊരു പൂവ്

തത്തമച്ചുണ്ടുപോലെ വളഞ്ഞ സവിശേഷരൂപമുള്ള പൂക്കളും വെള്ളിത്തിളക്കമുള്ള ഇലകളും. അതിസുന്ദരിയായ ഈ പൂച്ചെടി വീട്ടുദ്യാനങ്ങളിൽ വളർത്തിയാലേ രക്ഷനേടുകയുള്ളൂ എന്ന അവസ്‌ഥയിലാണ്. പടർന്നു വളരുന്ന സ്വഭാവമുള്ള ഈ ചെടി ചുമരുകളിലും മതിലുകളിലുമെല്ലാം പറ്റിപ്പിടിച്ചു വളരും. പുഷ്പസുരഭിലമായ ഒരു ഹരിതമറയായും ഇതു വളർത്താം.

ലോട്ടസ് വൈൻ ഫ്ളവർ, പാരറ്റ് ബീക്ക്, പെലിക്കൻ ബീക്ക്, കോറൽ ജെം എന്നല്ലാം വിളിപ്പേരുള്ള ഈ ചെടി താമരയുടെ ജനുസിൽപ്പെട്ടതാണ്. വലിയ ഇലകൾ ഓരോന്നും മൂന്നു മുതൽ അഞ്ചു കുഞ്ഞിലകൾ വരെയായി വിഭജിച്ചിരിക്കുന്നു. ഇവയെല്ലാം സൂചിപോലെ നേർത്ത് വെള്ളിരോമങ്ങളാൽ ആവൃതമാണ്. ചെടി പരമാവധി 60 മുതൽ 90 സെന്റീമീറ്റർ വരെ ഉയരരത്തിൽ വളരും. പൂക്കൾക്ക് ചുവപ്പോ സ്വർണം കലർന്ന മഞ്ഞ നിറമോ ആകാം.

ലോട്ടസ് വൈൻ ചെടിയുടെ രണ്ട് പ്രധാന ഇനങ്ങളാണ് ഗോൾഡ് ഫ്ളാഷും റെഡ് ഫ്ളാഷും. സ്വർണ മഞ്ഞനിറമുള്ള ഇതളുകളിൽ ഓറഞ്ച് നിറം കലർന്നതാണ് ഗോൾഡ് ഫ്ളാഷ്. ചെറുതീനാളങ്ങൾ പോലെയോ തത്തമ്മച്ചുണ്ടുപോലെയോ തോന്നിക്കും. എന്നാൽ റെഡ് ഫ്ളാഷിനാകട്ടെ കടുത്ത ചുവപ്പു നിറമാണ്. രൂപത്തിൽ തത്തമ്മച്ചുണ്ടിനോട് സാമ്യം. ഇലകൾ അതിമൃദുലമാണ്. തീനാളച്ചുവപ്പുള്ള പൂക്കൾ വിടർത്തുന്ന ഈ ചെടി നല്ല വെയിൽ ഇഷ്ടപ്പെടുന്നു. കൂടകളിലും ചട്ടികളിലും വളർത്താൻ ഉത്തമം. ഇതിന്റെ തന്നെ ആമസോൺ സൺസെറ്റ് എന്ന ഇനം അത്യാകർഷകമാണ്.

അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന, നീർവാർച്ചയുള്ള മണ്ണിൽ വളരാനാണ് ലോട്ടസ് വൈൻ ഇഷ്ടപ്പെടുന്നത്. ചെറുചെടികളുടെ തലപ്പ് നുള്ളിവിട്ടാൽ ചെടി കൂടുതൽ പടർന്നു വളരും. ജലസേചനം അധികമാകുന്നതും തീരെ കുറയുന്നതും ഇലപൊഴിയാൻ ഇടയാക്കും. വരൾച്ച പ്രതിരോധശേഷിയുമുണ്ട്. നിലത്തു പടർന്ന് ഒരു മെത്തപോലെ വളരുമെന്നതിനാൽ മണ്ണു പുതച്ചു വളർത്തുന്ന പതിവുമുണ്ട്.



വിത്തു പാകിയും വേരുപിടിപ്പിച്ച തണ്ടു നട്ടും പുതിയ ചെടി വളർത്താം. തണ്ട് നടുന്ന മിശ്രിതത്തിലായാലും തടത്തിലായാലും കുറച്ച് മണൽ കൂടെ ചേർത്ത് നീർവാർച്ച ഉറപ്പാക്കാൻ ശ്രദ്ധിക്കണം. വിത്തുപാകി വളർത്തുന്ന തൈകൾ അതേ വർഷം തന്നെ പൂ ചൂടണമെന്നില്ല. എന്നാൽ ഇവ ഇലവളർച്ചയിൽ ശ്രദ്ധേയമായ ആകർഷണിയത പ്രദർശിപ്പിക്കും. എന്നാൽ തണ്ടു മുറിച്ചു നട്ടുവളർത്തുന്ന തൈകൾ അതേ വർഷം തന്നെ പുഷ്പിക്കാൻ സാധ്യത കൂടുതലാണ്. വേനൽക്കാലത്താണ് തണ്ടുമുറിച്ചു നടേണ്ടത്.

ചട്ടികളിൽ ഒതുക്കി വളർത്തിയ ലോട്ടസ് വൈൻ പൂമുഖങ്ങൾ, ജനാലപ്പടികൾ, വരാന്ത എന്നിവിടങ്ങൾ അലങ്കരിക്കാൻ ഉത്തമമാണ്. ചില തരം ഇലച്ചെടികളോടും പെറ്റൂണിയ, വയോള, സീനിയ, സ്നാപ്ഡ്രാഗൺ തുടങ്ങിയ പൂച്ചെടികളോടുമൊപ്പം ഇണക്കി ഇടകലർത്തി വളർത്താൻ ഉത്തമമാണ് ലോട്ടസ് വൈൻ ചെടി. അകത്തളച്ചെടിയായി വളർത്തുമ്പോൾ കുറഞ്ഞത് ആറുമുതൽ എട്ടു മണിക്കൂറെങ്കിലും വെയിൽ കിട്ടുന്ന ജനാലവശത്ത് വയ്ക്കാൻ ശ്രദ്ധിക്കണം. ജൈവവളങ്ങളോട് പ്രത്യേക പ്രതിപത്തിയുള്ള ഉദ്യാനസസ്യമാണിത്. ചിലന്തിച്ചെള്ള്, മുഞ്ഞ, മീലിമുട്ട എന്നിവയുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. അങ്ങനെയെങ്കിൽ വേപ്പെണ്ണ സോപ്പുമായി കലർത്തി എമൽഷൻ രൂപത്തിൽ വെള്ളത്തിൽ നേർപ്പിച്ച് തളിച്ചു കൊടുത്താൽ മതി. ഉദ്യാനങ്ങലെ പുഷ്പസുരഭിലമാക്കാൻ കഴിവുള്ള ലോട്ടസ് വൈൻ ഇനിയും നമ്മുടെ നാട്ടിൽ പ്രചരിക്കേണ്ടിയിരിക്കുന്നു.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടർ 
കൃഷിവകുപ്പ്, തിരുവനന്തപുരം

കടപ്പാട് : www.deepika.com

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate