অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിരംഗവും അറിവുകളും

കാര്‍ഷിക വാര്‍ത്തകള്‍

വീട്ടില്‍ ജൈവകുമിള്‍ നാശിനി ഉണ്ടാക്കാം

കുമിള്‍രോഗങ്ങളെ അകറ്റാന്‍ ഫലവത്തായ ജൈവകുമിള്‍നാശിനിയുണ്ടാക്കാം. അരക്ക് ബാക്ടീരിയാ ലായനി ഉണ്ടാക്കലാണ് ആദ്യപടി. വളര്‍ച്ചയും വിളവും മെച്ചപ്പെടുത്തുന്ന മിശ്രിതമാണിത്. ഇതുണ്ടാക്കാന്‍ 20 കിലോഗ്രാം ചാണകം, 200 ലിറ്റര്‍ വെള്ളം, മൂന്നു കിലോഗ്രാം ശര്‍ക്കര, 100 ഗ്രാം കടുക്കപ്പൊടി, 10 ഗ്രാം ഇരട്ടിമധുരം എന്നിവവേണം. ചാണകവും ശര്‍ക്കരയും വെള്ളവും നന്നായി ഇളക്കിച്ചേര്‍ക്കുക. വലിയ പാത്രത്തില്‍ നിറച്ച ഈ മിശ്രിതത്തില്‍ കടുക്കപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇരട്ടിമധുരം 250 മില്ലീലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ തണുത്തശേഷം മിശ്രിതത്തില്‍ ഇളക്കിച്ചേര്‍ക്കുക.

ഇത്രയുമായാല്‍ പാത്രത്തിലെ ബാക്കിഭാഗത്ത് വെള്ളം നിറയ്ക്കുകയും അടപ്പ് നന്നായി അടയ്ക്കുകയുംവേണം. ഇതു 10 ദിവസം വെയ്ക്കണം. ഇടയ്ക്കിടെ അടപ്പുതുറന്ന് ഉള്ളിലെ മീഥേന്‍ വാതകം പുറത്തുവിടണം. പത്താം ദിവസം ലായനിക്ക് ഇളം തവിട്ടുനിറമുണ്ടാകും. ഇതിനെ പത്തിരട്ടി നേര്‍പ്പിച്ചാണ് വിളകളില്‍ തളിക്കുന്നത്.

ഇനി കുമിള്‍നാശിനിയുടെ നിര്‍മാണരീതി. 250 ഗ്രാം സ്യൂഡോമോണസ് 10 ലിറ്റര്‍ അരക്ക് ബാക്ടീരിയാ ലായനിയില്‍ ചേര്‍ത്ത് 12 മണിക്കൂര്‍ പുളിപ്പിക്കണം. അഞ്ച് ഗ്രാം കറ്റാര്‍വാഴ, കിലുക്കിയുടെ ഇല, പപ്പായ ഇല, കടലാസുപൂവിന്‍റെ ഇല എന്നിവയിലേതെങ്കിലുമൊന്ന് അഞ്ചു കിലോഗ്രാം, 100 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ അരച്ചത് 50 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് പ്രത്യേകം വെച്ച്‌ 12 മണിക്കൂര്‍ പുളിപ്പിക്കണം. ഈ രണ്ടു മിശ്രിതങ്ങളും ചേര്‍ത്ത് വെള്ളമൊഴിച്ച്‌ ആകെ അളവ് 100 ലിറ്ററാക്കുക. ഈ മിശ്രിതം വിളകളില്‍ തളിച്ച്‌ കുമിള്‍രോഗങ്ങളെ അകറ്റാം.

തീറ്റവിളകൾ കൃഷി ചെയ്യാം

കുറഞ്ഞുവരുന്ന കൃഷിസ്ഥലവും കാലിത്തീറ്റയുടെ വർധിച്ചുവരുന്ന വിലയുമാണു കേരളം ക്ഷീരമേഖലയിൽ നേരിടുന്ന പ്രധാന പ്രശ്നം. ഈ സാഹചര്യത്തിൽ ചെലവു കുറഞ്ഞ കാലിത്തീറ്റയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഫോഡർ അഥവാ തീറ്റവിളകൾ കൃഷി ചെയ്യാം.

സങ്കര നേപ്പിയർ

കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ തീറ്റപ്പുല്ലിനമാണു സങ്കര നേപ്പിയർ. കരപ്രദേശങ്ങളിലും വീട്ടുവളപ്പിലെ പുരയിടങ്ങളിലും കൃഷിചെയ്യാൻ യോജിച്ച തീറ്റപ്പുല്ലാണിത്. ധാരാളം ചിനപ്പുകളും ഇലകളും ഉണ്ടാകുകയും പെട്ടെന്നു വളരുകയും ചെയ്യുന്നു. ഉറപ്പുള്ള മണ്ണിലും സമൃദ്ധമായി വളരുന്നു. ഭാഗികമായെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളം കെട്ടി നിൽക്കാത്തതുമായ സ്ഥലമാണു കൃഷിചെയ്യാൻ അനുയോജ്യം.

സുഗുണ

കേരള കാർഷിക സർവകലാശാലയിൽ പ്രവർത്തിച്ചുവരുന്ന അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണ പദ്ധതിയിൽനിന്നും പുറത്തിറക്കിയ അത്യുൽപാദന ശേഷിയുള്ള സങ്കരനേപ്പിയർ ഇനമാണ് സുഗുണ. ഹെക്ടറൊന്നിന് 283 ടണ്ണോളം വിളവ് ലഭിക്കും. കാര്യമായ രോഗങ്ങളോ കീടങ്ങളോ ഇതിനെ ബാധിക്കുന്നില്ല. നാൽപതിലധികം ചിനപ്പുകളുണ്ടാകുന്നു. നടീൽവസ്തു വെള്ളായണി കാർഷിക കോളജിൽ ലഭ്യമാണ്.

കൃഷിരീതി

കാലവർഷാരംഭത്തിൽ കൃഷി ആരംഭിക്കാം. ചിനപ്പുകളോ തണ്ടോ നടാൻ ഉപയോഗിക്കാം. മൂന്നോ രണ്ടോ മുട്ടുള്ള കഷണങ്ങൾ മുറിച്ചെടുത്ത് ഒരു മുട്ട് മണ്ണിനടിയിലാക്കി നടുക. തുറസ്സായ സ്ഥലങ്ങളിൽ 60 x 60 സെ.മീ. അകലത്തിൽ തണ്ടുകൾ നടുക. ഇടവിളയായി കൃഷി ചെയ്യുമ്പോൾ മറ്റു വിളകളുടെ സ്ഥലപരിധി കണക്കിലെടുത്ത് അകലം ക്രമീകരിക്കാവുന്നതാണ്.അടിവളമായി ഹെക്ടറൊന്നിന് 25 ടൺ ചാണകം, 50 കിലോഗ്രാം വീതം ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ മണ്ണിൽ ചേർക്കണം. 200 കി.ഗ്രാം നൈട്രജൻ രണ്ടുമൂന്നു തവണയായി മണ്ണിൽ ചേർത്ത് ഇളക്കണം. വിളവെടുപ്പ്നടത്താവുന്നതാണ്. ഹെക്ടറൊന്നിന് ഒരു വർഷം 200 – 250 ടൺ പച്ചപ്പുല്ല് ലഭിക്കും.

ചെറുതേനിന്‍റെ ഗുണങ്ങള്‍ ചെറുതല്ല

ചെറുതേനീച്ചക്കൂടു തേടി അധികം അലയേണ്ടി വരില്ല. വീടിന്‍റെ പരിസരത്തൊന്നു കണ്ണോടിച്ചുനോക്കൂ. മതിലിലും മരങ്ങളിലും വീടിന്‍റെ തറയിലും ചുവരിലെ വിള്ളലുകളിലും വൈദ്യുതി മീറ്റർ ബോര്‍ഡ്, സ്വിച്ച് ബോർഡ്, പൈപ്പ്, പഴയ ഷെഡിലെ മുള–കമുക്, അടുക്കിവച്ച ഓട്, എസി, ഉപയോഗിക്കാതെ കിടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയിലെല്ലാം ചെറുതേനീച്ചക്കോളനി കാണാം. ഈ കോളനികളെ കൃത്രിമമായി സാഹചര്യം ഒരുക്കിക്കൊടുത്ത് വളർത്തിയെടുക്കണം. പിന്നീട് ഇവയെ ശ്രദ്ധയോടുകൂടി കൃത്രിമക്കൂട്ടിലേക്കു മാറ്റണം. നിശ്ചിത സമയത്ത് പല കോളനികളായി വേർതിരിക്കാം. ഇനി കൃഷി തുടങ്ങാം.

വളർത്താൻ പല മാർഗങ്ങൾ

ചെറുതേനീച്ചക്കോളനി അടർത്തിമാറ്റാവുന്ന സ്ഥലത്താണെങ്കിൽ ആദ്യം ചെറുതേനീച്ച ഉണ്ടാക്കിയ പ്രവേശനക്കുഴൽ ശ്രദ്ധിച്ച് കേടുവരാതെ എടുത്തു മാറ്റിവയ്ക്കണം.  കോളനി ശ്രദ്ധിച്ചു പൊളിക്കുക. പുതിയ കൂട്ടിലേക്ക് (മരത്തിന്‍റെ പെട്ടി, മുളങ്കൂട്, മൺകലം) മുട്ട, പൂമ്പൊടി, തേനറ എന്നിവയെല്ലാം എടുത്തുവയ്ക്കുക. റാണി ഈച്ചയെ കിട്ടുകയാണെങ്കിൽ കൈകൊണ്ട് തൊടാതെ ചെറിയ പ്ലാസ്റ്റിക് കൂടോ കടലാസോ ഉപയോഗിച്ച് പിടിച്ച് പുതിയ കൂട്ടിൽവയ്ക്കുക. പുതിയ കൂടിന്‍റെ ദ്വാരത്തിൽ അടർത്തിമാറ്റിവച്ച പശിമയുള്ള പ്രവേശനക്കുഴൽ ഒട്ടിക്കുക. സന്ധ്യയായാൽ യോജ്യമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാം.

മൺകലംകൊണ്ട് കെണിക്കൂട്

പൊളിക്കാൻ കഴിയാത്ത സ്ഥലത്താണെങ്കിൽ കെണിക്കൂടു വേണ്ടിവരും. പ്രവേശനക്കുഴൽ അടർത്തിയെടുത്തു മാറ്റിവയ്ക്കുക. ഒരടി ഉയരമുള്ള മൺകലമെടുത്ത് അടിയിൽ ആണികൊണ്ട് ചെറിയ ദ്വാരമിടുക. പ്രവേശനദ്വാരം നടുക്കുവരുന്ന രീതിയിൽ മൺകലം ഭിത്തിയോടോ തറയോടോ ചേർത്തുവയ്ക്കുക. മൺകലത്തിന്‍റെ അരിക് മണ്ണോ പ്ലാസ്റ്റർ ഓഫ് പാരീസോ ഉപയോഗിച്ച് അടയ്ക്കുക. മൺകലത്തിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെ മാത്രമേ ഈച്ച അകത്തേക്കും പുറത്തേക്കും പോകാൻ പാടുള്ളൂ. ഇളക്കാതെ ആറു മാസത്തിനുശേഷം കലത്തിനുള്ളില്‍ റാണി, മുട്ട, പൂമ്പൊടി, തേനറ എന്നിവ ഉണ്ടെങ്കിൽ സന്ധ്യാസമയത്ത് മൺകലം ഇളക്കിയെടുത്ത് വായ്ഭാഗം പലകകൊണ്ട് അടച്ച് യോജ്യമായ സ്ഥലത്ത് മാറ്റിവയ്ക്കാം.

ട്യൂബ് വഴിയുള്ള കെണിക്കൂട്

മണ്‍കലം വയ്ക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ അങ്ങനെയുള്ള സ്ഥലത്ത് ട്യൂബ് വഴി കെണിക്കൂടു വയ്ക്കേണ്ടിവരും. കൂടിന്‍റെ പ്രവേശനദ്വാരം അടർത്തിമാറ്റിവയ്ക്കുക. ആ ദ്വാരത്തിൽ ഒരു ഫണൽ (നാളം) അല്ലെങ്കിൽ സുതാര്യമായ പ്ലാസ്റ്റിക് പൈപ്പ് (5 ഇഞ്ച്) ഘടിപ്പിക്കുക. രണ്ടു ദിവസം ഈച്ച ഈ ഫണലിലൂടെ മാത്രമേ പുറത്തുപോകാൻ പാടുള്ളൂ. രണ്ടു ദിവസം കഴിഞ്ഞ് 14–15 ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയും മുക്കാൽ ഇഞ്ച് കനവുമുള്ള മരത്തിന്‍റെ കൂടുണ്ടാക്കി രണ്ടു വശങ്ങളിലും ഓരോ ദ്വാരമിടുക. ഒന്നര അടി നീളവും അര ഇഞ്ച് വണ്ണവുമുള്ള പ്ലാസ്റ്റിക് ട്യൂബെടുത്ത് ഒരറ്റം ഫണലിന്‍റെ വാൽ അല്ലെങ്കിൽ പ്ലാസ്റ്റിക് പൈപ്പിൽ ഘടിപ്പിക്കുക. പ്ലാസ്റ്റിക് ട്യൂബിന്‍റെ മറ്റേ അറ്റം കൂട്ടിലെ ദ്വാരത്തിൽ രണ്ടിഞ്ച് ഉള്ളിലേക്കു തള്ളിവയ്ക്കുക. ഈച്ച ഈ പ്രവേശനക്കുഴലിലൂടെ മരത്തിന്‍റെ കൂട്ടിലേക്ക് കയറി പ്ലാസ്റ്റിക് ട്യൂബിലൂടെ ഭിത്തിയിലേക്കോ തറയിലേക്കോ പ്രവേശിക്കും. കൂടിന്‍റെ മുകളിൽ വെയിലും മഴയുമേൽക്കാതെ ഓടോ, ഷീറ്റോ വച്ച് മറച്ചുവയ്ക്കണം. . ആറുമാസം കഴിഞ്ഞ് പെട്ടിയിൽ റാണി, മുട്ട, പൂമ്പൊടി, തേനറ എന്നിവ ഉണ്ടെങ്കിൽ സന്ധ്യാസമയത്ത് ട്യൂബ് പെട്ടിയിൽനിന്നു വേർപെടുത്തി ആ ദ്വാരം അടച്ചശേഷം യോജ്യമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാം.

കോളനി വിഭജനം നവംബർ, ഡിസംബർ മാസങ്ങളിലാണ് വിഭജനത്തിന് ഏറ്റവും യോജ്യം. വർഷത്തിൽ ഒന്നോ രണ്ടോ തവണ വിഭജനത്തിന് ഏറ്റവും യോജ്യം. വർഷത്തിൽ ഒന്നോ രണ്ടോ തവണ വിഭജിച്ച് കോളനികളുടെ എണ്ണം വർധിപ്പിക്കാം. ഇതിനായി നല്ല അംഗബലമുള്ള കൂടെടുക്കണം. രണ്ടു ലീറ്ററിന്‍റെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിൽ നിറയെ ദ്വാരമിടുക. വിഭജിക്കാൻ ഉദ്ദേശിക്കുന്ന കൂടിന്‍റെ പ്രവേശനദ്വാരത്തിൽ ഈ കുപ്പി ചേർത്തുവയ്ക്കുക. കൂടിന്‍റെ അരികിൽ ചെറുതായി കല്ലുകൊണ്ടോ വടികൊണ്ടോ തട്ടുക. പറക്കാൻ കഴിയുന്ന ഈച്ചകളെല്ലാം ഈ കുപ്പിയിൽ കയറും. പിന്നീട് കൂടുതുറന്ന് അതിലെ മെഴുക് എടുത്ത് പുതിയ കൂട്ടിലെ പ്രവേശനദ്വാരമൊഴികെയുള്ള വിടവുകൾ അടയ്ക്കണം. പഴയ കൂട്ടിലെ റാണിസെൽ (പുതിയ റാണി വിരിയാനുള്ള മുട്ട) ഉൾപ്പെടെയുള്ള രണ്ടു നിറങ്ങളിലുള്ള പാതി മുട്ടയും കുറച്ചു പൂമ്പൊടിയും തേനറയും പുതിയ കൂട്ടിലേക്ക് മാറ്റണം.

മഴക്കാലത്ത് പുൽത്തകിടിയും മനോഹരമാക്കാം

മഴക്കാലത്ത് പുൽത്തകിടിയുടെ ഭംഗിക്കു കോട്ടം വരുത്തുന്നത് കുമിൾ അല്ലെങ്കിൽ പായൽ (ആൽഗ) ഉണ്ടാക്കുന്ന രോഗമാണ്. വൃത്താകൃതിയിൽ പുല്ല് ഉണങ്ങിനിൽക്കുന്നതു കുമിൾരോഗ ലക്ഷണമാണ്. വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ വൃത്തത്തിന്‍റെ വ്യാപ്തി വർധിക്കുകയും പുൽത്തകിടിയുടെ മറ്റു ഭാഗങ്ങളിൽ പുതിയ വൃത്തങ്ങൾ രൂപപ്പെടുകയും ചെയ്യും. മഴക്കാലത്തു പുൽത്തകിടി നന്നായി കനം കുറച്ചു വെട്ടിനിർത്തിയാൽ കുമിൾരോഗത്തെ ഒരു പരിധിവരെ തടയാം. രോഗം കണ്ടാൽ കോണ്ടാഫ് എന്ന കുമിൾനാശിനി പ്ലാന്റ്സ്റ്റിക്കറും ചേർത്ത് ലക്ഷണമുള്ള ഭാഗത്ത് 2-3 തവണ തളിച്ചു നിയന്ത്രിക്കാം. പുൽത്തകിടി തയാറാക്കുമ്പോൾ ആവശ്യത്തിനു ചരിവ് നൽകിയില്ലെങ്കിൽ മഴക്കാലത്തു വെള്ളം കെട്ടിനിന്ന് കറുത്ത മിനുസമുള്ള പായൽ വളർന്നുവരും. പായൽശല്യം കാണുന്ന ഭാഗത്ത് പുല്ലു വളരാതെ നിലം ഉറച്ചു കാണപ്പെടും. ഇതിനു പ്രതിവിധിയായി ആ ഭാഗത്തു മാത്രം നേരിയ അളവിൽ കുമ്മായം വിതറിക്കൊടുത്തതിനുശേഷം മണ്ണ് നന്നായി ഇളക്കി വായൂസഞ്ചാരം നൽകണം.

കുപ്പമഞ്ഞൾ കൃഷി ചെയ്യാം

കുപ്പമഞ്ഞൾ കേരളത്തിൽ അങ്ങിങ്ങായി കാണുന്നതും ഏഴടിയിൽ കൂടുതൽ ഉയരത്തിൽ വളരാത്തതും ഔഷധഗുണമുള്ളതുമായ ഒരു സസ്യമാണ്. വിത്തിൽനിന്നും ഒരുതരം മഞ്ഞച്ചായം ലഭിക്കും. കുപ്പമഞ്ഞൾ എന്ന പേരിൽ മലബാർ ഭാഗത്തും തിരുവിതാംകൂർ ഭാഗത്ത് കുരങ്ങ് മൈലാഞ്ചിയെന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇതിന്‍റെ ഇംഗ്ലീഷ് പേരാണ് അനാട്ടോ. ശാസ്ത്രനാമം ബിക്സാ ഒറിലാന.

കുപ്പമഞ്ഞൾ സദാ ഇലപ്പച്ചയോടുകൂടി കാണുന്നു. പൂവിടും കാലം മേയ് അവസാനം. കുലകളായി വലിയ പൂക്കൾ ഉണ്ടാകുമെങ്കിലും ഇതിനെ ഉദ്യാനസസ്യമായി കണക്കാക്കുന്നില്ല. കാരണം പൂക്കൾ വിരിഞ്ഞ് ആറേഴു മണിക്കൂറിനകം വാടി അനാകർഷകമാകും. കായ്കൾ പരന്ന് ത്രികോണാകൃതിയിലായിരിക്കും. ഇത് ഉണങ്ങിയാൽ പൊട്ടിപ്പിളരും. ഉള്ളിൽ ഓറഞ്ചുനിറത്തോടെയുള്ള വിത്തുകൾ കാണാം. വിത്തിന്റെ ഒരറ്റം വെളുത്തുമിരിക്കും.

ചുരയ്ക്കയുടെ ഗുണങ്ങള്‍ ചെറുതല്ല

മുൻപ് അത്ര ശ്രദ്ധയൊന്നും നൽകാതെ വളർത്തിയിരുന്ന ചുരയ്ക്ക അത്ര നിസാരക്കാരനല്ലെന്ന് കണ്ടെത്തിയ കർഷകർ ഈ വിളയും നന്നായി പരീക്ഷിക്കുന്നു. വയനാട് ജില്ലയിൽ പലയിടത്തും ഈ കൃഷി തുടങ്ങിയിട്ടുണ്ട്.

വിലയിലും വിളവിലും ചുരയ്ക്കയൊരു പുലി തന്നെയാണ് പച്ചക്കറികളിൽ ഏറെ ഔഷധ ഗുണമുണമുള്ള ഒന്നാണ് ചുരയ്ക്ക. പാൽ ചുരയ്ക്ക, കുംഭചുരയ്ക്ക, കയ്പ്പ ചുരയ്ക്ക എന്നിങ്ങനെ മൂന്നു തരം ചുരയ്ക്കയുണ്ട്. നാട്ടിൻ പുറങ്ങളിൽ കുമ്മട്ടിക്കായ എന്നും ഇതിനെ വിളിക്കാറുണ്ട്. 90 ശതമാനം ജലംശവും ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയതും ഊർജവും കൊഴുപ്പും കുറവായ ചുരയ്ക്ക ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്.

പഴം- പച്ചക്കറി കൃഷി

വീട്ടുവളപ്പില്‍ ഒറിഗാനോ വളര്‍ത്താം

മെഡിറ്ററേനിയന്‍ സ്വദേശിയായ ഒറിഗാനോ പുതിനയുടെ കുടുംബാംഗമാണ് . കാട്ടുമറുവ എന്നും വിളിപ്പേരുണ്ട്. നാവില്‍ വെള്ളമൂറുന്ന സ്വാദും സുഗന്ധവും ഇഷ്ടപ്പെടുന്ന പുതുതലമുറയുടെ ഇഷ്ടവിഭവങ്ങള്‍ക്ക് രുചിയും മണവും ഗുണവും നല്‍കാന്‍ ചേര്‍ക്കുന്ന ഇലക്കറിയാണ് ഒറിഗാനോ. ഒറിഗാനോ നമ്മുടെ നാട്ടിലും വളരും. പിസ, പാസ്ത, ബര്‍ഗര്‍, വറുത്ത (ഗ്രില്‍ഡ്) ഇറച്ചി, തക്കാളി സോസ്, ഫ്രൈഡ് പച്ചക്കറികള്‍ തുടങ്ങിയ വിഭവങ്ങള്‍ക്ക് സ്വാദും സുഗന്ധവും നിറവും കിട്ടാന്‍ ഒറിഗാനോ ഇലകള്‍ കൂടിയേതീരൂ. ചെടിയുടെ ഉണക്കിയ ഇലകളും പൂക്കളുമാണ് സുഗന്ധസ്രോതസ്സുകള്‍. ചെടി 30-60 സെ.മീ. ഉയരത്തില്‍ വളരും. ഇലകള്‍ നിറഞ്ഞ തണ്ടുകളും ചെറിയ ഇലകളും ഇളംതവിട്ടുകലര്‍ന്ന പച്ചനിറമുള്ള ഇലകളും വെളുപ്പോ പിങ്കുകലര്‍ന്ന ചുവപ്പോ നിറമുള്ള കുഞ്ഞുപൂക്കളും.

വിത്തുപാകിയും കമ്പ് മുറിച്ചുനട്ടും വളര്‍ത്താം. ഒരുഭാഗം ചാണകപ്പൊടി, രണ്ടുഭാഗം മണല്‍, നാലുഭാഗം മേല്‍മണ്ണ് എന്നിവ കലര്‍ത്തി വിത്തുപാകണം. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണില്‍ നനച്ചശേഷം വേണം പാകാന്‍. തൈ രണ്ടിഞ്ച് ഉയരുമ്പോള്‍ മാറ്റിനടാം. വളരുന്ന സാഹചര്യമനുസരിച്ചാണ് ഒറിഗാനോ ഇലകളുടെ സുഗന്ധതീവ്രത നിര്‍ണയിക്കപ്പെടുക. കാര്‍വക്രോള്‍, തൈമോള്‍, ലിമോണിന്‍, പൈനിന്‍, ഒസിമിന്‍, കാരിയോഫില്ലിന്‍ എന്നീ രാസസംയുക്തങ്ങളാണ് മറുവയെ സുഗന്ധപൂരിതമാക്കുന്നത്. ഇത്തരം അറുപതോളം സംയുക്തങ്ങള്‍ ഇതില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒറിഗാനോയുടെ ഇലകള്‍ പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കാം. ഉണക്കിയ ഇലകള്‍ക്കാണ് കൂടുതല്‍ ഗന്ധം. വിഭവങ്ങള്‍ തയാറാക്കുമ്ബോള്‍ അവസാനം മാത്രമാണ് ഇലകള്‍ ചേര്‍ക്കുക; നേരത്തേ ചേര്‍ത്താല്‍ ഇലകളുടെ സുഗന്ധം നഷ്ടപ്പെടും എന്നതിനാലാണിത്. ഇറ്റലി ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ഒറിഗാനോ ചേര്‍ക്കാത്ത പിസ, സോസ്, മത്സ്യമാംസ വിഭവങ്ങള്‍ ഒന്നുംതന്നെ ഉണ്ടാവില്ല.

ഒറിഗാനോയുടെ ഉണക്കിയ ഇലകള്‍ പാചകാവശ്യത്തിന് നമ്മുടെ നാട്ടില്‍ വിപണിയില്‍ ലഭ്യമാണ്. വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ ചട്ടിയില്‍ ഒറിഗാനോ വളര്‍ത്തിയാല്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് സ്വാദും സുഗന്ധവും പകരാന്‍ ഇലകള്‍ പുതുമയോടെ ഉപയോഗിക്കാന്‍ കഴിയും.

സീതപ്പഴത്തിന്‍റെ ഗുണങ്ങള്‍

കേരളത്തിലെ വിവിധതരം മണ്ണുകളിലും കാലാവസ്ഥയിലും നന്നായി വളരുന്ന പഴച്ചെ‌ടിയാണ് സീതപ്പഴം (ആത്തയ്ക്ക). എങ്കിലും നല്ല നീർവാർച്ചയുള്ള സ്ഥലങ്ങളിലെ ചരൽ കലർന്ന ചെമ്മൺ പ്രദേശം ഏറെ നന്ന്. തുറന്ന സ്ഥലത്തും തണലിലും വളരും. കാര്യമായ പരിചരണം ഇതിനാവശ്യമില്ല. വിത്ത‍ുകൾ പാകി മുളപ്പ‍ിക്കുന്ന തൈകളാണ് പ്രധാന നടീൽവസ്ത‍ു. എന്നാൽ നല്ല മാതൃചെടികളിൽനിന്നു ബഡ്‌ഡിങ്ങോ വശം ചേർത്തൊട്ടിക്കലോ വഴിയും തൈകൾ ഉൽപാദിപ്പിക്കാം. വംശ ശുദ്ധിക്കും കനത്ത വിളവിനും മുകുളനം, ഒട്ടിക്കൽ രീതികൾ സഹായകമെങ്ക‍ിലും ഈ രീതികൾക്ക് നമ്മുടെ നാട്ടിൽ പ്രചാരമായിട്ടില്ല.

കൃഷിരീതി: തൈകൾ കാലവർഷാരംഭത്തിൽ നടാം. നീളവും വീതിയും 60 സെ.മീറ്ററും 45 സെ.മീറ്റർ താഴ്ചയുമുള്ള കുഴികൾ എടുത്ത് അതിൽ കമ്പോസ്റ്റും മേൽമണ്ണും കലർത്തി നിറച്ചുവേണം തൈ നടാൻ. രാസവളങ്ങൾ ചേർക്കുന്നതിനും ശുപാർശയുണ്ട്. തൈ ഒന്നിന് ഒരു വർഷം യൂറിയ 750 ഗ്രാം, രാജ്ഫോസ് ഒരു കിലോ, പൊട്ടാഷ് വളം750 ഗ്രാം എന്ന തോതിൽ നൽകിയപ്പോൾ ഗവേഷണകേന്ദ്രങ്ങളിൽ നല്ല വിളവു ലഭിച്ചിട്ടുണ്ട്. ആത്തയുടെ വേരുപടലം അധികം ആഴത്തിൽ പോകാത്തതിനാൽ താഴ്ത്തിയുള്ള കൊത്തും കിളയും ഒഴിവാക്കണം. വളങ്ങൾ മരത്തിനു ചുറ്റുമായി വിതറി മണ്ണ് വരണ്ടി യോജിപ്പിക്കുക. തൈ നട്ട് 3–4 വർഷം ആകുന്നതോടെ കായ്ച്ചുതുടങ്ങും. പൂവിടുന്നത് മാർച്ച് മുതൽ ഓഗസ്റ്റ് വരെ. നാലു മാസംകൊണ്ട് കായ്കൾ പറിക്കാൻ പാകമാകും. ഓഗസ്റ്റ് മുതൽ നവംബർവരെയാണ് വിളവെടുപ്പുകാലം.വീട്ടാവശ്യത്തിനാകുമ്പോൾ ചാരം, ഉമി എന്നിവയിൽ കായ്കൾ പൂഴ്ത്തിവച്ചു പഴുപ്പിക്കാം. ഒരു മരത്തിൽനിന്ന് 60–80 കായ്കൾ ലഭിക്കും. ഒന്നിന് 200–400 ഗ്രാം തൂക്കമുണ്ടാകും. വിളവെടുപ്പു കഴിഞ്ഞാൽ ശിഖരം കോതണം. ഇതുമൂലം പുതിയ ശിഖരങ്ങൾ ഉണ്ടാകും. വിളവും കൂടും.

ഉപയോഗവും ഗുണങ്ങളും: ചെ‌ടിയുടെ ഇലകൾ, തൊലി, വേര്, പഴം എന്നിവ ഔഷധഗുണമുള്ളതാണ്. ഇല ചതച്ചുപിഴിഞ്ഞെടുത്ത നീര് മൃഗങ്ങളിലെ വിരശല്യം ശമിപ്പിക്കും. ഇലകൾ കുത്തിപ്പിഴിഞ്ഞു കുഴമ്പുരൂപത്തിലാക്കി പുരട്ടുന്നത് മുറിവുകൾ കരിയാൻ സഹായിക്കും. വിളയാത്ത ഫലങ്ങളിൽ ധാരാളം ടാനിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ കായ്കൾ ഉണക്കിപ്പൊടിച്ചത് വയറിളക്കത്തിനു മരുന്നാണ്. വയറിളക്കം, ഛർദി എന്നിവയ്ക്കു പ്രതിവിധിയായി തൊലി കഷായംവച്ചതും നന്ന്. ആത്തച്ചക്കയിൽ ധാരാളം ധാതുക്കൾ, ജീവകങ്ങൾ സി, എ എന്നിവയ്ക്കു പ്രതിവിധിയായി തൊലി കഷായംവച്ചതും നന്ന്. ആത്തച്ചക്കയിൽ ധാരാളം ധാതുക്കൾ, ജീവകങ്ങൾ സി, എ എന്നിവയും അടങ്ങിയിരിക്കുന്നു. പഴത്തിലുള്ള മഗ്നീഷ്യം മാംസപേശികളുടെ സംരക്ഷണത്തിന് നന്ന്. സീതപ്പഴത്തിന്‍റെ വിത്ത് പൊടിച്ചു കീടനിയന്ത്രണത്തിന് ഉപയോഗിക്കാറുണ്ട്.

തക്കാളി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

തക്കാളി നമ്മുടെ കൃഷിയിടത്തില്‍ സാധാരണയായി കൃഷി ചെയ്യുന്ന ഒന്നാണ്. എന്നാല്‍ തക്കാളിക്ക് എപ്പോഴും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കണം. തക്കാളി ഇന്ന് ലോകവ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ഒരു പച്ചക്കറിയാണ്. ഏത് കൃഷിക്കാരനും കൃഷി ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള വിളകളില്‍ ഒന്ന് തന്നെയാണ് തക്കാളി.

തക്കാളി കൃഷി ചെയ്യുമ്പോള്‍ തക്കാളിക്ക് മാത്രമായി സ്ഥലം കണ്ടെത്തണം. ഇതിലൂടെ തക്കാളി കൃഷി ചെയ്യാനുള്ള സാഹചര്യം ഭൂമിശാസ്ത്രപരമായി ഒരുക്കിയെടുക്കണം. തക്കാളി കൃഷി ചെയ്യുക എന്നത് അല്‍പം ശ്രമകരമായ ജോലി തന്നെയാണ്. എന്നാല്‍ അതത്ര തലവേദന പിടിച്ച ജോലിയും അല്ല. ആദ്യ വിളയില്‍ തന്നെ ലാഭം ലഭിക്കുന്ന തക്കാളി കര്‍ഷകര്‍ വളരെ അപൂര്‍വ്വമാണ്. ഇവിടെ എങ്ങനെ വിദഗ്ധമായ രീതിയില്‍ മണ്ണറിഞ്ഞ് തക്കാളി കൃഷി ചെയ്യാം എന്ന് നോ്ക്കാം.

വളരാനുള്ള സ്ഥലം

വലിയ ചെടിയായി വളരുന്ന ഒന്നാണ് തക്കാളിച്ചെടി. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പറ്റുന്ന ഒന്നും ആണ് തക്കാളി. എന്നാല്‍ ചിലര്‍ തക്കാളി തൈ നടുമ്പോള്‍ തന്നെ അത് ചട്ടിയില്‍ വളര്‍ത്താന്‍ ശ്രമിക്കും. ഇത് പിന്നീട് വളരാന്‍ സ്ഥലമില്ലാതെ മാറുന്നതായി കാണാറുണ്ട്. സ്ഥലം ധാരാളം ആവശ്യമാണ് തക്കാളി കൃഷി ചെയ്യുന്നതിന്. എന്നാല്‍ ചട്ടി ഉപയോഗിച്ചാണ് കൃഷിയെങ്കില്‍ 15ലിറ്ററിന്‍റെയോ 25 ലിറ്ററിന്‍റെയോ തുളയുള്ള ബക്കറ്റ് വേണം ഉപയോഗിക്കാന്‍.

ബക്കറ്റില്‍ തക്കാളി കൃഷി ചെയ്യുമ്പോള്‍ അതൊരിക്കലും 15 ലിറ്ററില്‍ കുറവുള്ള ബക്കറ്റായിരിക്കരുത്. മാത്രമല്ല തക്കാളിയോടൊപ്പം വേണമെങ്കില്‍ നിങ്ങള്‍ക്ക് മല്ലിയിലയും അതേ ബക്കറ്റില്‍ തന്നെ കൃഷി ചെയ്യാവുന്നതാണ്. ഇത് കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള ഫലപ്രദമായ ഒരു വഴിയാണ്.

നല്ലതു പോലെ പരിപാലിക്കുക

നല്ലതു പോലെ കാല്‍സ്യം സമ്പുഷ്ടമായ മണ്ണായിരിക്കണം തക്കാളി കൃഷിക്ക് യോജിച്ചത്. ഈ മണ്ണാണ് തക്കാളിച്ചെടിയുടെ വേരുകളെ മണ്ണില്‍ ഉറപ്പിച്ച്‌ നിര്‍ത്താന് പാകത്തില്‍ ബലമുള്ളതാക്കുന്നത്. ഇത് തക്കാളിയുടെ എണ്ണവും വലിപ്പവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ആവശ്യത്തിന് കംപോസ്റ്റ് ഉപയോഗിച്ച്‌ എപ്പോഴും മണ്ണ് നനവുള്ളതാക്കി മാറ്റാന്‍ സഹായിക്കണം.

സൂര്യപ്രകാശം ലഭിക്കേണ്ടത്

ഏത് ചെടിക്കും വളരാന്‍ സൂര്യപ്രകാശം അത്യാവശ്യമാണ്. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന തരത്തിലായിരിക്കണം ചെടി വളരേണ്ടത്. ഇത് തക്കാളിക്ക് കൂടുതല്‍ നിറവും ചുവപ്പവും നല്‍കാന്‍ സഹായിക്കും. ചൂടും അത്യാവശ്യം. അതിനായി നിങ്ങളുടെ തക്കാളിച്ചെടി ദിവസവും ഒരുമണിക്കൂറെങ്കിലുംകറുത്ത പ്ലാസ്റ്റിക് കവറു കൊണ്ട് മൂടി വെക്കുക. ഇത് വേരുകളുടെ ബലത്തിനും ഉത്തേജനത്തിനും സഹായിക്കുന്നു. മാത്രമല്ല വെള്ളം നനച്ച്‌ കൊടുക്കാനും മറക്കരുത്.

നല്ലതുപോലെ വെള്ളം ആവശ്യമുള്ള വിളയാണ് തക്കാളി. വെള്ളത്തിന്‍റെ  അഭാവമെങ്കില്‍ തക്കാളി നല്ല രീതിയില്‍ വളരുകയില്ല. ആരോഗ്യമുള്ള തക്കാളി ലഭിക്കണമെന്നുണ്ടെങ്കില്‍ വെള്ളത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്. വെള്ളം നല്ലതു പോലെ നനക്കുന്നതിനനുസരിച്ച്‌ തക്കാളി വലിപ്പമുള്ളതും കൂടുതല്‍ ഫലമുള്ളതുമായി മാറും. എന്നാല്‍ അമിതമായി വെള്ളം നനക്കരുത്. മാത്രമല്ല ചെടിയുടെ താഴെ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചട്ടക്കൂട് തീര്‍ക്കുക

ചില തക്കാളി ചെടികള്‍ ചട്ടിയില്‍ നിന്നും പുറത്തേക്ക് വളരും. എന്നാല്‍ ഇവയെ കൃത്യമായി പിടിച്ച്‌ കെട്ടാന്‍ പ്രത്യേക ചട്ടക്കൂട് തീര്‍ക്കണം. കൃത്യമായി വേലി കെട്ടിയില്ലെങ്കില്‍ ഇത് പല സ്ഥലങ്ങളിലേക്കും വളര്‍ന്ന് മാറും. കൃത്യമായ പരിചരണം നിങ്ങള്‍ നല്‍കിയില്ലെങ്കില്‍ അത് ചെടി വേരോടെ നശിച്ച്‌ പോവാന്‍ കാരണമാകും. വ്യാവസായികാടിസ്ഥാനത്തിലല്ലാതെ വളര്‍ത്തുന്നവര്‍ക്ക് വീടിന്‍റെ ബാല്‍ക്കണിയിലും മറ്റും തക്കാളി ചെടി വളര്‍ത്താവുന്നതാണ്.

നീലഹരിതപായൽ കൃഷിക്കായി വളര്‍ത്തിയെടുക്കാം

ഒരു ജൈവവളമെന്ന നിലയിലാണ് നീലഹരിത പായലിനു കൃഷിയിലുള്ള സ്ഥാനം. കെട്ടിക്കിടക്കുന്ന ജലോപരിതലത്തിൽ നീല കലർന്ന പച്ചനിറത്തോടെയുള്ള ഒരു തരം പായൽ‌ പടർന്നു വളരുന്നതായി കാണാം. ഇതിന് അന്തരീക്ഷവായുവിൽ നിന്ന് നൈട്രജൻ ആഗിരണം ചെയ്ത് അമോണിയ രൂപത്തിലാക്കി മാറ്റാൻ കഴിയുമെന്നതിനാൽ കൃഷിക്ക് പ്രത്യേകിച്ച് നെൽകൃഷിയിൽ വളരെയേറെ പ്രയോജനപ്പെടും. ഇത്തരം ചെടികൾക്ക് ഒരാണ്ടിൽ ഒരു ഹെക്ടർ സ്ഥലത്ത് 25 മുതൽ 30 കി.ഗ്രാം വരെ നൈട്രജൻ ഉൽപാദിപ്പിക്കാനാകും. നീലഹരിതപായൽ കൃഷിക്കായി രണ്ടു രീതിയിൽ വളർത്തിയെടുക്കാം. ഒന്ന്, നെൽപാടത്തു തന്നെ. രണ്ട്, പ്രത്യേകം തടങ്ങൾ തയാറാക്കി അതിൽ. രണ്ടു മീറ്റർ‌ വീതം നീളവും വീതിയും 20 സെ.മീറ്റർ താഴ്ചയുമുള്ള തൊട്ടികളിലോ മണ്ണിലെടുത്ത തടങ്ങളിലോ വളർത്തുന്നതാണ് രണ്ടാമത്തെ രീതി. തടമെടുത്തത് മണ്ണിലെങ്കിൽ പോളിത്തീൻ ഷീറ്റു വിരിച്ച് വെള്ളം കെട്ടി നിർത്തണം. ഇതിൽ മേൽമണ്ണ് 10 കി.ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 200 ഗ്രാം ചേർത്ത് നന്നായി കലക്കിയതിനുശേഷം അമ്ലക്ഷാരസൂചിക 6.5നും 7.5നും ഇടയിൽ വരത്തക്ക വിധം കുമ്മായം ചേർക്കണം. ഈ തടത്തിൽ 500 ഗ്രാം പായൽ നിരത്തുക. ഇവിടെ കീടാക്രമണം ഉണ്ടാകാതിരിക്കാൻ കാർബോഫ്യുറാൻ എന്ന കീടനാശിനി 25 ഗ്രാം തോതിൽ‌ വിതറണം. നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടമെങ്കിൽ രണ്ടാഴ്ച കഴിഞ്ഞാൽ പായൽ ശേഖരിച്ചു തുടങ്ങാം. വെള്ളം വാർത്തു കളഞ്ഞ് തടം ഉണക്കിയതിനു ശേഷം മണ്ണും പായലും ചേർന്ന മിശ്രിതം വാരി അതും വളമായി ഉപയോഗിക്കാം. ഇത്തരത്തിലുള്ള 10 കി.ഗ്രാം പായൽ വളം മതിയാകും ഒരു ഹെക്ടറിലേക്കുള്ള നെൽകൃഷിക്ക് .

കേരളത്തിലെ മുന്തിരിക്കൃഷി

കേരളത്തിൽ മുന്തിരി അൽപമെങ്കിലും തോട്ടമടിസ്ഥാനത്തിൽ കൃഷിയുള്ളത് പാലക്കാടു ജില്ലയിലെ മുതലമടയിലാണ്. മറ്റിടങ്ങളില്‍ പടർന്നു പന്തലിച്ചു വളരുമെങ്കിലും കായ്ഫലം കുറവായിരിക്കും. മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്കു പറ്റിയ ഇനങ്ങളാണ് ബാംഗ്ളൂർ, പർപ്പിൾ എന്നിവ. ഏതു കാലത്തും നടാം. നല്ല വെയിൽ കിട്ടുന്ന സ്ഥലമാണ് കൃഷിക്കു യോജ്യം 15 സെ.മീ. നീളം, വീതി, താഴ്ചയിൽ കുഴിയെടുത്തു രണ്ടു ഭാഗം മണലും ബാക്കി ഭാഗം ജൈവവളങ്ങളും ഇട്ട് ഇളക്കി വെള്ളമൊഴിച്ച് അഞ്ചു ദിവസം കുതിർക്കണം. ഒരടി പൊക്കമുള്ള തൈ, ഒരു പൊടിപ്പു മാത്രം നിര്‍ത്തി വേരുകൾക്കു മുറിവേൽക്കാതെ കുഴിയുടെ മധ്യത്തിൽ നടണം. താങ്ങു നൽകുകയും വേണം. ദിവസവും നന നിർബന്ധം. ആറടി ഉയരത്തിൽ പന്തലിട്ട് അതിലേക്കു വളർത്തിക്കയറ്റണം. പന്തലിൽ കയറാൻ തുടങ്ങുന്നതോ തലപ്പുകൾ നുള്ളി നീക്കണം. ശിഖരം കോതൽ മുഖ്യപരിചരണമാണ്. ഇത് കാര്യക്ഷമമായാലേ കായ്കൾ ഉണ്ടാകൂ. ചെടി വളരന്നതോടൊപ്പം ഇലകൾ അടുപ്പിച്ചു വരുന്ന പറ്റുവള്ളികളും നീക്കണം. തലപ്പുനുള്ളി വിട്ടതു ധാരാളം ശിഖരങ്ങൾ വളരുന്നതിനിടയാക്കും. ഇവ ഒരടി ഉയരത്തിലാകുമ്പോൾ വീണ്ടും തലപ്പു നുള്ളി വിടണം. ഉദ്ദേശം 10 മാസങ്ങൾകൊണ്ട് ഒരു ചെടിയുടെ വള്ളികൾ ഒരു സെന്‍റ്സ്ഥലം നിറയും. ഇതോടെ എല്ലാ തലപ്പുകളും മുറിച്ചു മാറ്റുകയും ഇലകളെല്ലാം അടർത്തി കളയുകയും വേണം. ഇതിനുശേഷം 15 ദിവസം കഴിയുമ്പോൾ തളിരിലകളോടൊപ്പം ശിഖരം മുഴുവന്‍ പച്ചനിറത്തിലുള്ള പൂക്കളും പൊടിക്കുന്നു. തലപ്പാകട്ടെ തുടർന്ന് ഒന്നര അടിയോളം വളരും. ഇതോടെ അവയുടെ തലപ്പും നുള്ളിക്കളയണം. തുടർന്നു താഴെയുള്ള മൂന്ന് ഇലകളും അടർത്തിക്കളയണം. ഒപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മുറിച്ചു നീക്കണം. ശരിയായി ശിഖരങ്ങൾ നീക്കി ഇലകളും മാറ്റിയാൽ പന്തൽ വള്ളികൾ മാത്രമായി കാണാം. ഇതിനുശേഷം ഉണ്ടായ പൂവുകൾ നാലു മാസം കഴിയുന്നതോടെ കായ്കള്‍ പഴുത്ത് പറിക്കാറാകും. പഴം പറിച്ചെടുത്ത ശേഷം വീണ്ടും ശിഖരംകോതൽ നടത്തിയാൽ ഒരു വർഷം മൂന്നു തവണ വിളവെടുക്കാം. കിളിശല്യം ഒഴിവാക്കാൻ നെറ്റ്കൊണ്ടു മൂടിയിടുന്ന രീതിയുമുണ്ട്. വളപ്രയോഗം– നടുന്നതിനുമുമ്പ് ജൈവവളങ്ങൾക്കു പുറമേ കടലപ്പിണ്ണാക്ക് 250 ഗ്രാം വെള്ളത്തില്‍ കുതിർത്ത് രണ്ടു ദിവസം കഴിയുമ്പോൾ തെളിയെടുത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. രണ്ടുദിവസം കഴിയുമ്പോൾ തെളിയെടുത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. രണ്ടു മാസം കൂടുമ്പോൾ ചാണകം, കമ്പോസ്റ്റ്, ആട്ടിൻകാഷ്ഠം ഇവയെല്ലാംകൂടി തടമൊന്നിന് 15 കിലോ വീതം ഇടാം. മുന്തിരിച്ചെടിയിൽ പൂപ്പൽ രോഗം, ഇലമുരടിപ്പ് എന്നീ രോഗങ്ങൾ‌ ഉണ്ടാകാം. പ്രതിവിധിയായി ബോർഡോ മിശ്രിതം തളിച്ചാൽ മതി. മണ്ണിൽ ഈർപ്പം എപ്പോഴും നിലനിർത്തണം. വിളവെടുപ്പിന് ഒരാഴ്ച മുമ്പ് നന നിർത്തണം. ഇത് മധുരം കൂട്ടും.

മൃഗം-പക്ഷി -മത്സ്യ കൃഷി

നായ്കുട്ടി പരിചരണം

കേരളത്തില്‍ വളരെയധികം സജീവമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡോഗ് ബ്രീഡിങ്ങ്.ഉയര്‍ന്ന വരുമാനത്തിനൊപ്പം മാനസികോല്ലസവും പ്രദാനം ചെയ്യുന്നതാണ് ഈ മേഖല.നായ് വളര്‍ത്തലിലെ പ്രധാന വരുമാനം നായ്കുട്ടികള്‍ തന്നെയാണ്. നായ്കുട്ടികളുടെ മരണ നിരക്ക് ഏറ്റവും കൂടുതലായി കാണപെടുന്നത് ജനിച്ചു 4 ആഴ്ച്ചക്കുള്ളിലാണ്‌. അല്പം ശ്രദ്ധയും പരിപാലനവും നല്‍കിയാല്‍ നവജാത നായ്കുട്ടികളുടെ മരണ നിരക്ക് കുറച്ച്, ഉയര്‍ന്ന ലാഭം നേടാനായി സാധിക്കും.നായ്ക്കളുടെ പ്രസവം ഇതര വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ദിര്‍ഘനേരം നീണ്ടു നില്‍ക്കുന്ന പ്രസവ സമയം ഇതില്‍ ഒരു പ്രത്യേകതയാണ്. നായ്ക്കളുടെ പ്രസവം ശരാശരി 6-12 മണിക്കൂര്‍വരെ ആണെങ്കിലും കുട്ടികളുടെ എണ്ണം അനുസരിച്ച് 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. നായ്ക്കള്‍ പ്രസവത്തിനു മുന്‍പായി വിശപ്പില്ലായ്മ, പരിഭ്രാന്തി, തറയിലും ഭിത്തിയിലും മാന്തുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. പ്രസവത്തിനു ഏതാണ്ട് 24 മണിക്കൂര്‍ മുന്‍പ് ശരീരോഷ്മാവ് താഴ്ന്നും കാണപെടും.

നായ്ക്കളുടെ ബ്രീഡ് അനുസരിച്ച് ഒരു പ്രസവത്തില്‍ ശരാശരി 1- 12 വരെ കുട്ടികള്‍ വരെയുണ്ടാകാം . പ്രസവം തുടങ്ങിയാല്‍ ഓരോ നായ്കുട്ടിയും ഏകദേശം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഇടവേളയില്‍ പുറത്തു വരുന്നു. ഈ അവസരത്തില്‍ അനാവശ്യമായ മരുന്ന് പ്രയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പ്രസവത്തിനു ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു വെറ്റിനരി ഡോക്ടറുടെ സഹായം തേടണം. ആരോഗ്യവാന്മാരായ നായ്കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ഊര്‍ജ്വസ്വലരായിരിക്കും.ഒരു കവറില്‍ പൊതിഞ്ഞ രീതിയിലാണ് ഓരോ നായ്കുട്ടിയും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തു വരുന്നത്. ഫീറ്റല്‍ മെംബ്രേന്‍സ് (foetal membranes) എന്നറിയപെടുന്ന ഈ കവചം പൊട്ടിക്കുന്ന ചുമതല തള്ളപട്ടിക്കുള്ളതാണ്. തള്ളപട്ടി ഈ ദൌത്യം നിര്‍വഹിചില്ലെങ്ങില്‍, കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന കവചം നീക്കം ചെയ്തു കുട്ടിക്ക് ശ്വസിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആദ്യം തലയുടെ ഭാഗത്ത്‌ നിന്ന് മെംബ്രേന്‍സ് മാറ്റിയതിനു ശേഷം കുട്ടിയെ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് നന്നായി തുടക്കണം. ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ ദേഹത്തു പറ്റിപിടിച്ചിരിക്കുന്ന ദ്രാവകം നീക്കം ചെയ്യുന്നതിനും കുട്ടിയുടെ ശ്വസന പ്രക്രിയ സാധാരണ രീതിയില്‍ ആക്കുന്നതിനും ഉപകരിക്കും. അതിനു ശേഷം കുട്ടിയെ തല കീഴായി പിടിച്ചു മൂക്കിലും വായിലും ഉള്ള ദ്രാവകം പഞ്ഞി ഉപയോഗിച്ച് തുടച്ചു കളയണം. കുട്ടിയെ കയ്യിലെടുത്തു വീശുന്ന രീതി അവലംബിക്കരുത്. അങ്ങനെ ചെയ്‌താല്‍ തലച്ചോറില്‍ ക്ഷതമുണ്ടാകാനുള്ള സാധ്യത ഏറെയാണ്‌.

നായ്കുട്ടി സാധാരണ രീതിയില്‍ ശ്വസിച്ചു തുടങ്ങി എന്നുറപ്പായാല്‍ കുട്ടിയുടെ പോക്കിള്കൊടിയുടെ 2 സെന്‍റ്റിമീടെര്‍ അകലത്തില്‍ ഒരു നൂല് കൊണ്ട് കെട്ടിയ ശേഷം പൊക്കിള്‍കൊടി മുറിച്ചു ആ ഭാഗത്ത്‌ ആന്റിസെപ്ടിക ലോഷന്‍ പുരട്ടേണ്ടതാണ്.അതിനു ശേഷം വീണ്ടും തുണി ഉപയോഗിച്ച് നയ്കുട്ടിയുടെ ദേഹത്ത് പറ്റിപിടിച്ചിരിക്കുന്ന ദ്രാവകം പൂര്‍ണമായും തുടച്ചു കളയണം.ഈ അവസരത്തില്‍ ഒരു ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് കുട്ടിയുടെ ദേഹം ഉണക്കാവുന്നതാണ്. ദേഹം പൂര്‍ണമായും ഉണങ്ങി എന്നുറപ്പയാല്‍ കുട്ടിയെ തുണി വിരിച്ച ഒരു പെട്ടിയിലേക്ക് മാറ്റാം. നവജാത നായ്കുട്ടികള്‍ക്ക് ശരീര താപം നിയന്ത്രിക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് അവയുടെ ശരീരോഷ്മാവ് താഴ്ന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂട് നല്‍കാനായി ചൂടുവെള്ളം നിറച്ച പ്ലാസ്റ്റിക്‌ കുപ്പികളുടെ മുകളില്‍ ടവ്വല്‍ വിരിച്ചു നായ്കുട്ടികളെ അതിനു മീതെ കിടാതാവുന്നതാണ്.അന്തരീക്ഷ താപം നിലനിര്‍ത്താനായി ബള്‍ബ്‌ ഇട്ടു കൊടുക്കുന്നതും നല്ലതാണ്.അന്തരീക്ഷ താപം ആദ്യ 24 മണിക്കൂറില്‍ 30-33̊C ആയി ക്രമീകരിക്കണം.

ആരോഗ്യവാന്മാരായ നായ്ക്കുട്ടികള്‍ ഊര്‍ജ്വസ്വലരായി ഇഴഞ്ഞു നടക്കുന്നത് കാണാം. ജനിച്ചു അര മണിക്കൂറിനുള്ളില്‍ തന്നെ ഇവക്കു തള്ളയുടെ കന്നിപാല്‍ (colostrum) നല്‍കാനായി ശ്രദ്ധിക്കണം.ധാരാളം പോഷക ഗുണം നിറഞ്ഞ ഈ പാല് കുട്ടിയുടെ രോഗപ്രതിരോധശക്തി വര്ധിപിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കുഞ്ഞുങ്ങളെ അമ്മപട്ടിയുടെ അടുത്ത് നിന്ന് മാറ്റി പാര്‍പ്പിക്കുന്നുണ്ടെങ്ങില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ ഇവക്ക് അമ്മയുടെ പാല് നല്‍കാനായി ശ്രദ്ധിക്കണം. നായികുട്ടികള്‍ക്ക് ദിനം പ്രതി 5-10% വരെ ശരീരഭാരം വര്‍ധിച്ചു കൊണ്ടിരിക്കും. ഏകദേശം 10 ദിവസം പ്രായമാകുമ്പോള്‍ നായികുട്ടികള്‍ എഴുന്നേറ്റു നില്ക്കാന്‍ തുടങ്ങും.10 മുതല്‍ 14 ദിവസം പ്രായമാകുമ്പോള്‍ ഇവ കണ്ണ് തുറക്കുന്നു.ഏകദേശം 3 ആഴ്ച പ്രായമാകുമ്പോള്‍ നടക്കാനും തുടങ്ങുന്നു. നായ്കുട്ടികള്‍ക്ക് വാക്സിനും വിരമരുന്നും നല്‍കാന്‍ മറക്കരുത്. ഇരുപതു ദിവസം പ്രായമാകുമ്പോള്‍ ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിര മരുന്ന് നല്‍കാവുന്നതാണ്. അതിനു ശേഷം എല്ലാ മാസവും വിരമരുന്നു നല്‍കുന്നത് നായ്കുട്ടികളെ ഊര്‍ജ്വസ്വലരായി നില നിര്‍ത്താന്‍ സഹായിക്കും.രണ്ടു മാസം പ്രായമാകുമ്പോള്‍ ആദ്യ മള്‍ട്ടി കാമ്പോനന്റ്റ്‌ വാക്സിന്‍ എടുക്കാം.പേവിഷബാധക്കുള്ള കുത്തിവയ്പ്പ് 3 മാസം പ്രായമാകുമ്പോള്‍ നല്‍കണം.

മുട്ടയുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അത്യുത്പാദനശേഷിയുള്ള വിദേശയിനം മുട്ടക്കോഴികളെ വളര്‍ത്താം

കേരളത്തില്‍ മുട്ടയുല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ഏകമാര്‍ഗം അത്യുത്പാദനശേഷിയുള്ള വിദേശയിനം കോഴികളെയോ അവയുടെ സങ്കരയിനങ്ങളെയോ കൂടുതലായി വളര്‍ത്തുക എന്നതുമാത്രമാണ്.

ഇക്കൂട്ടത്തില്‍ വൈറ്റ്ലഗോണ്‍, മൈനോര്‍ക്ക എന്നീയിനം കോഴികളെ മുട്ടയ്ക്കായി വളര്‍ത്താം. മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്താവുന്ന ഇനങ്ങളാണ് റോഡ് ഐലന്‍റ്റെഡ്, ന്യൂഹാംഷെയര്‍, വൈറ്റ് പ്ലിമത്ത് റോക്ക് എന്നിവ.

ഇക്കൂട്ടത്തില്‍ പ്രധാനയിനങ്ങളായ വൈറ്റ്ലഗോണ്‍, മൈനോര്‍ക്ക, റോഡ് ഐലന്‍റ്റെഡ് എന്നിവയുടെ പ്രത്യേകതകള്‍:

വൈറ്റ്ലഗോണ്‍: : ലോകത്തിലേറ്റവും പ്രസിദ്ധമായ കോഴിയാണിത്. ഏറ്റവുമധികം മുട്ടയിടുന്ന കോഴിയും ഇതുതന്നെ. പേരുപോലെ ഇവയ്ക്ക് തൂവെള്ള നിറമാണ്. ഇറ്റലിയാണ് ഉത്ഭവം. കോഴികള്‍ വലുപ്പത്തില്‍ ശരാശരിയാണെങ്കിലും ഉന്മേഷവാന്മാരായിരിക്കും. നീണ്ട ചുണ്ട്, പ്രകടമായ നെഞ്ച്, ഒറ്റപ്പൂവ് എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്.  അഞ്ചു മാസമാവുമ്പോഴേക്കും മുട്ടയിട്ടുതുടങ്ങും. പൂവന്‍കോഴികള്‍ക്ക് മൂന്നുകിലോയും പിടയ്ക്ക് രണ്ടരക്കിലോയും തൂക്കംകാണും.

മൈനോര്‍ക്ക: സ്പെയിനില്‍ ഉത്ഭവിച്ച ഇനമാണിത്. നിറം വെളുപ്പ് മുതല്‍ കറുപ്പുവരെയാണ്. മുട്ടകള്‍ വലിപ്പം കൂടിയവയാണ്.

റോഡ് ഐലന്‍റ് റെഡ്: മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്തുന്ന കോഴിയാണിത്. ആര്‍.ഐ.ആര്‍. എന്ന ചുരുക്കപ്പേരില്‍ ഇതറിയപ്പെടുന്നു. ഇത് ചുവന്ന ലഗോണ്‍ കോഴിയാണെന്നൊരു തെറ്റിദ്ധാരണ സാധാരണക്കാരിലുണ്ട്. ഇംഗ്ലണ്ടിലാണ് ഉത്ഭവം. കോഴിമുട്ടയ്ക്ക് തവിട്ടുനിറമാണ്. മാംസം വളരെ സ്വാദുള്ളതാണ്. ശരാശരി മുട്ടയുത്പാദനം വര്‍ഷത്തില്‍ 150 ആണ്. പൂവന് നാലുകിലോഗ്രാമും പിടയ്ക്ക് മൂന്നു കിലോഗ്രാമും ഭാരം കാണും. വൈറ്റ്ലഗോണ്‍, റോഡ് ഐലന്റ് റെഡ് സങ്കരയിനം കോഴികള്‍ അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന് അനുയോജ്യമാണ്.

ശാസ്ത്രീയ തീറ്റക്രമം മൃഗസംരക്ഷണ മേഖലയ്ക്ക്‌

കൃഷി എന്ന വിപുലമായ നിർവചനത്തിൽ തന്നെയാണ്‌ മൃഗസംരക്ഷണവും ഉൾപ്പെടുന്നത്‌. വളരെ പണ്ടു മുതലെ കൃഷിയും കാലിവളർത്തലും നമ്മുടെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ രണ്ട്‌ അവിഭാജ്യഘടകങ്ങൾ ആയിരുന്നു. മാത്രവുമല്ല എല്ലായ്പ്പോഴും ഇവ പരസ്പരപൂരകവുമാണ്‌. അതുകൊണ്ടുതന്നെ ഗ്രാമീണ കർഷകന്‍റെ ശരാശരി വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മൃഗസംരക്ഷണത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്‌.
നമ്മുടെ ഇന്ത്യയുടെ വളർച്ചനിരക്ക്‌, വരുമാന വർദ്ധനവ്‌, ജനസംഖ്യാ പെരുപ്പം എന്നിവ കണക്കിലെടുത്താൽ 2022-ൽ പാലിന്‍റെ ആവശ്യകത ഏകദേശം 210 ദശലക്ഷം ടണ്ണോളം വരും. പക്ഷേ ഇന്ത്യയുടെ ശരാശരി വാർഷിക പാലുല്‍പാദനം 3.7 ദശലക്ഷത്തിൽനിന്നും 6 ദശലക്ഷം ടൺ ആയെങ്കിൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ തീറ്റയുടെ ലഭ്യത കുറവ്‌, സ്ഥല പരിമിതി, വിപണനതന്ത്രങ്ങളുടെ പോരായ്മ, വർദ്ധിച്ചു വരുന്ന ചെലവ്‌ എന്നിവ ഈ മേഖലയെപ്രതികൂലമായി ബാധിക്കും. ഇന്ന്‌ പാലുത്പാദനത്തിന്‍റെ ചിലവിന്‍റെ 50% തീറ്റച്ചെലവാണ്‌. ചെലവ്‌ ചുരുക്കുവാനുളള മുഖ്യ പോംവഴിയാണ്‌ ശാസ്ത്രീയ സന്തുലിത തീറ്റക്രമം. ഇത്‌ പ്രാവർത്തികമാക്കുന്നതിലൂടെ കുറഞ്ഞ ചിലവിൽ കൂടുതൽ പാൽ ലഭിക്കുവാനും തീറ്റയുടെ പാഴ്ച്ചെലവ്‌ ഒഴിവാക്കാനും സാധിക്കും. ഉത്പാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം കർഷകർ ചെലവു നിയന്ത്രിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. സന്തുലിത തീറ്റയോടൊപ്പം ധാതുലവണങ്ങളുടെ സന്തുലനത്തിലും ഉയർന്ന ഉത്പാദനക്ഷമതയ്ക്ക്‌ ഊന്നൽ നൽകേണ്ടതുണ്ട്‌..

സന്തുലിത തീറ്റയെന്നാൽ തീറ്റയുടെ ഘടകങ്ങളായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്‌, ധാതുക്കൾ, ലവണങ്ങൾ, കൊഴുപ്പ്‌ എന്നീ പോഷകങ്ങൾ പശുവിന്‍റെ ആരോഗ്യത്തിന്‌ ആവശ്യമായ അളവിൽ നൽകുന്ന ആഹാരം എന്നാണർത്ഥം. ദേശീയ ക്ഷീരവികസന ബോർഡിന്‍റെ കണക്കനുസരിച്ച്‌ സന്തുലിത തീറ്റ നൽകുക വഴി ഒരു പശുവിൽ നിന്ന്‌ കിട്ടുന്ന ഒരു ലിറ്റർ പാലിന്‍റെ  ഉൽപാദനച്ചെലവ്‌  0.25 മുതൽ 2 രൂപ വരെ കുറയ്ക്കുവാനാവുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതുപോലെ തന്നെ പാൽ ഉത്പാദനം 0.2-1 കിലോഗ്രാമും, കൊഴുപ്പിന്‍റെ അളവ്‌ 0.2-0.30 ശതമാനവും ഉയർന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ എട്ട്‌ മുതൽ 26 രൂപവരെയുള്ള ലാഭം പ്രദാനംചെയ്യും. സന്തുലിത തീറ്റ നൽകുന്നതിലൂടെ വിരശല്യവും ഒരളവുവരെ കുറയ്ക്കാം. തീറ്റ സംതുലിതമല്ലെങ്കിൽ വിരകൾ ചില പ്രത്യേക ഘടകങ്ങളെ ആശ്രയിച്ച്‌ കേന്ദ്രീകരിച്ച്‌ വിരബാധയ്ക്കിട വരുത്തും. കൂടുതൽ പെറ്റു പെരുകുകയും ചെയ്യുന്നു. എന്നാൽ സന്തുലിത തീറ്റ നൽകുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാനും വിരശല്യത്തെ ചെറുത്തു നിൽക്കുന്നതിനുള്ള ശേഷി ഉറപ്പുവരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. സാധാരണയായി പശുക്കളിൽ ഭക്ഷണം ആമാശയത്തിന്‍റെ ആദ്യ അറയായ റൂമനിൽ വച്ച്‌ പുളിപ്പിക്കൽ പ്രക്രീയയ്ക്ക്‌ വിധേയമാവുന്നതിലൂടെ അമ്ലങ്ങൾക്കു പുറമെ ധാരാളം കാർബൺ ഡൈ ഓക്സൈഡും മീഥേനും ഉണ്ടാവുന്നു. ഇവ ഉച്ഛ്വാസവായുവിലൂടെ പുറന്തള്ളപ്പെടുന്നു. മീഥേൻ നഷ്ടമാവുന്നതിലൂടെ ഭക്ഷണത്തിലൂടെ ലഭിക്കേണ്ടിയിരുന്ന ഏഴ്‌ ശതമാനം ഊർജ്ജം നഷ്ടപ്പെടുന്നു.മാത്രമല്ല, മീഥേൻ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക്‌ കാരണമാവുന്ന ഹരിത ഗൃഹവാതകമാണ്‌. കാർബൺ ഡൈ ഓക്സൈഡ്‌, നീരാവി, മീഥേൻ എന്നീ വാതകങ്ങൾ അന്തരീക്ഷ ഊഷ്മാവ്‌ ഉയർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മീഥേന്‍റെ അളവ്‌ കൂടുന്നത്‌ വികസിത രാജ്യങ്ങളുടെ വിമർശനത്തിന്‌ കാരണമാകുന്നുണ്ട്‌. ഇതിന്‌ പരിഹാരമായി ഉത്പാദനശേഷി കുറഞ്ഞ കന്നുകാലികളുടെ എണ്ണം കുറയ്ക്കുക, നിർദ്ദിഷ്ട തീറ്റക്രമത്തിലൂടെ മീഥേൻ ഉൽപാദനം കുറയ്ക്കുക എന്നീ നിർദ്ദേശങ്ങൾക്ക്‌ സാധ്യതയേറി വരുന്നു.

ഭാവിയിൽ കാർബൺ ക്രെഡിറ്റ്‌, കൂടുതൽ മീഥേൻ ഉത്പാദനത്തിനുള്ള പിഴയടക്കൽ, ഉത്പാദന നിരോധനം, പാൽ, മാംസം എന്നിവയുടെ ഇറക്കുമതി നിരോധനം തുടങ്ങിയ കർക്കശ നടപടികൾക്കും ഇത്‌ വഴിയൊരുക്കാം. ഇത്‌ നമ്മുടെ കാലിസമ്പത്തിനു തന്നെഭീഷണിയായി വരും അതുകൊണ്ട്‌ മീഥേന്‍റെ ഉത്പാദനം കുറയ്ക്കുന്നതിനുള്ള സത്വര നടപടികൾ അവലംബിക്കേണ്ടതുണ്ട്‌. സന്തുലിത തീറ്റ നൽകുന്നതിലൂടെ മീഥേനുൽപാദനം 17 മുതൽ 20 ശതമാനം വരെ കുറയ്ക്കുവാനാകും ഇപ്രകാരം ഊർജ്ജ നഷ്ടവുംകുറയ്ക്കാം. സംതുലിത തീറ്റ നൽകുന്നതിനോടൊപ്പം വെള്ളം വേണ്ടയളവിൽ നൽകണം.ശരിയായ പുൽത്തൊട്ടി നിർമ്മിക്കുക, കുട്ടികൾക്ക്‌ കന്നിപ്പാൽ നൽകുക, തീറ്റപ്പുൽ നുറുക്കി കൊടുക്കുക, വിരയിളക്കുക, പ്രതിരോധ കുത്തിവെയ്പ്‌, ശരിയായ സമയത്തുള്ള കൃത്രിമ ബീജാദാനം എന്നീ കാര്യങ്ങളിൽ കർഷകർ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതാണ്‌.

കന്നുകാലികളിലും എലിപ്പനി

മനുഷ്യരില്‍ മാത്രമല്ല എലിപ്പനി മൃഗങ്ങളിലും കണ്ടുവരുന്നു. ബാക്ടീരിയ പരത്തുന്ന രോഗമാണിത്. കരള്‍, വൃക്ക, മറ്റു ആന്തരിക അവയവങ്ങളെയൊക്കെയാണ് ബാധിക്കുന്നത്. മൃഗങ്ങളില്‍ കന്നുകാലികള്‍, ആട്, പന്നി, നായ, കുതിര എന്നിവയെയാണ് പ്രധാനമായും ഇതു ബാധിക്കുന്നത്. ലോകത്തില്‍ എല്ലാ ഭാഗങ്ങളിലും ഈ അസുഖം കണ്ടുവരുന്നു.

പകരുന്നവിധം: രോഗം ബാധിച്ച മൃഗങ്ങളുടെ മൂത്രംവഴിയാണ് പകരുന്നത്. ഇതിലെ അണുക്കള്‍ വെള്ളം, മണ്ണ് എന്നിവയില്‍ ആഴ്ചകള്‍മുതല്‍ മാസങ്ങള്‍വരെ ജീവിക്കും. ശരീരത്തിലുള്ള മുറിവുകള്‍വഴി അണുക്കളടങ്ങിയ വെള്ളമോ മണ്ണോ സ്പര്‍ശിക്കാന്‍ ഇടവന്നാല്‍ അണുക്കള്‍ ശരീരത്തില്‍ കടക്കും. കൂടാതെ കണ്ണ്, മൂക്ക്, വായ, ശ്വസനം ഇവയില്‍ക്കൂടിയും രോഗം വരും. അണുക്കളടങ്ങിയ വെള്ളം കുടിക്കുന്നതുവഴിയും രോഗം വരാം. മഴക്കാലത്ത് പ്രത്യേകിച്ച്‌ അണുക്കള്‍ അടങ്ങിയ വെള്ളത്തില്‍ക്കൂടി നടന്നാലോ കുളിച്ചാലോ ശരീരത്തില്‍ മുറിവില്ലെങ്കിലും മറ്റു ശരീരഭാഗങ്ങളില്‍ക്കൂടി രോഗംവരാം. എലി, തുരപ്പന്‍ എന്നിവയുടെ വിസര്‍ജ്യത്തില്‍ കാണുന്ന സ്പൈറോയിറ്റ് ബാക്ടീരിയയാണ് രോഗംപരത്തുന്നത്. പശുക്കളില്‍ ശക്തിയായ പനി, ഗര്‍ഭം അലസല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. നായകളില്‍ പനി കൂടാതെ ഛര്‍ദി, വയറുവേദന, ക്ഷീണം, വയറിളക്കം, ഭക്ഷണം കഴിക്കാതിരിക്കല്‍, ശരീരവേദന, കണ്ണുകള്‍ മഞ്ഞനിറത്തിലായിരിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടുമുതല്‍ 25 ദിവസത്തിനകം രോഗലക്ഷണം കാണിക്കും.

പ്രതിരോധം: അണുക്കള്‍ കലരാന്‍ ഇടയുള്ള മലിനജലം, മണ്ണ് എന്നിവയില്‍നിന്ന് ഒഴിവാകുക, രോഗവാഹകരായ എലികളെ നശിപ്പിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന മൃഗങ്ങളുടെ മൂത്രം, രക്തം, ആന്തരിക അവയവങ്ങള്‍ എന്നിവ കൈകാര്യംചെയ്യുമ്പോള്‍ കൈയുറകള്‍ ധരിക്കുക, കൈ നന്നായി അണുനാശിനി ഉപയോഗിച്ച്‌ കഴുകുകയും വേണം. നായ, പശുക്കള്‍, പന്നി എന്നിവയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുക.  മനുഷ്യരിലും ഈ രോഗം പകരുന്നത് അണുക്കള്‍ കലര്‍ന്ന വെള്ളം, മണ്ണ് എന്നിവയില്‍ക്കൂടിതന്നെയാണ്. കരള്‍, വൃക്കകള്‍ എന്നിവയെ ബാധിക്കുന്നത് കാരണം ഈ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണം.

വേണമെങ്കില്‍ മീന്‍ ക്വാറിയിലും വളര്‍ത്താം

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന പഴമൊഴി കാലിച്ചാംപൊതിയിലെ മാധവിയെന്ന വീട്ടമ്മയുടെ കാര്യത്തില്‍ യാഥാര്‍ഥ്യം. കരിങ്കല്ല് പൊട്ടിച്ചെടുത്ത ക്വാറിയില്‍ മീന്‍കൃഷി നടത്തി വിജയഗാഥ പാടുകയാണീ വീട്ടമ്മ. നാട്ടുകാര്‍ക്ക് അപകടക്കെണിയൊരുക്കി ക്വാറികള്‍ വെറുതെയിടുന്നവര്‍ക്ക് ഒരു പാഠം കൂടിയാണ് മാധവിയുടെ മീന്‍ കൃഷി. തന്റെ വീടിനടുത്ത് രണ്ടു ക്വാറികളില്‍ അഞ്ചു വര്‍ഷമായി മീന്‍ വളര്‍ത്തുന്നു. എട്ടു കിലോ തൂക്കംവരുന്ന കട്ല ഇനത്തില്‍പ്പെട്ട മീന്‍ പിടിച്ചെടുത്ത സന്തോഷത്തിലാണിപ്പോള്‍. മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് കട്ല കൃഷി

ക്വാറിയായതിനാല്‍ വിളവെടുപ്പിന് അല്പം ബുദ്ധിമുട്ടുണ്ട്. സ്വന്തം ആവശ്യത്തിന് മീന്‍പിടിച്ച്‌ ഉപയോഗിക്കുകയും ബാക്കിവരുന്നവ വില്‍പ്പന നടത്തുകയും ചെയ്യും. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നര ടണ്ണിലധികം മീന്‍ കിട്ടിയെന്ന് മാധവി പറഞ്ഞു. അടുക്കള അവശിഷ്ടങ്ങള്‍, പിണ്ണാക്ക്, തവിട്, പച്ചപ്പുല്ല്, കപ്പയില എന്നിവയാണ് മീനിന് തീറ്റയായി കൊടുക്കുന്നത്. ജലസമൃദ്ധമായ കപ്പണകളും ക്വാറികളും കുളങ്ങളുമുള്ള പ്രദേശത്ത് മത്സ്യകൃഷിക്ക് മികച്ച സാധുതയുണ്ടെന്നതിന് തെളിവാണ് മാധവിയുടെ വിജയഗാഥയെന്ന് പ്രൊജക്‌ട് അസിസ്റ്റന്റ് കെ.വി. രതീഷ്കുമാര്‍ പറയുന്നു.

കറവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആരോഗ്യമുള്ള പശുവിന്‍പാലിന് നേരിയ മധുരവും പ്രത്യേക രീതിയിലുള്ള ഹൃദ്യമായ മണവുമാണ് ഉണ്ടാവുക. പ്രകൃത്യായുള്ള നിറം തൂവെള്ള മുതല്‍ തവിട്ടുകലര്‍ന്ന ഇളംമഞ്ഞവരെ വ്യത്യാസപ്പെട്ടിരിക്കും. ഈ വ്യത്യാസത്തിന്റെ തോത് പാലിലടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെയും ഇതര പദാര്‍ഥങ്ങളുടെയും അളവിന്റെ അടിസ്ഥാനത്തിലാണ്. സമീകൃതാഹാരമായ പാല്‍ മനുഷ്യനെന്നപോലെ സൂക്ഷ്മാണുക്കള്‍ക്കും പ്രിയപ്പെട്ട ആഹാരമാണ്. പാലില്‍ വിവിധ മാര്‍ഗങ്ങളിലൂടെ കടന്നുകൂടുന്ന സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി പാല്‍ പുളിച്ച്‌ ഉപയോഗശൂന്യമാകുന്നു. അണുക്കളുടെ പ്രവര്‍ത്തനംമൂലം ലാക്ടോസ് പാക്ടിക് അമ്ളമായി മാറുമ്പോഴാണ് പാല്‍ പുളിച്ച്‌ കേടായിപ്പോകുന്നത്. പാലില്‍ ലാക്ടിക് അമ്ളം ഉല്‍പാദിപ്പിക്കുന്ന നിരവധി ബാക്ടീരിയകളുണ്ട്.

പാലില്‍ അണുക്കള്‍ പ്രധാനമായും കടന്നുകൂടുന്നത് മുലക്കാമ്പില്‍ക്കൂടിയും ചുറ്റുപാടുകളില്‍നിന്നുമാണ്. കറവയ്ക്കുമുമ്പായി കന്നുകാലികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചാണകവും മറ്റ് അഴുക്കുകളും നന്നായി തേച്ചുകഴുകി ഉണങ്ങിയ തുണികൊണ്ട് തുടച്ച്‌ വൃത്തിയാക്കണം.  പ്രാരംഭത്തില്‍ ഓരോ മുലക്കാമ്പില്‍നിന്നും അല്‍പം പാല്‍ കറന്നുകളയുന്നത് സൂക്ഷ്മാണുക്കളുടെ എണ്ണം കുറയുന്നതിന് സഹായിക്കുന്നു. വായ് വട്ടം കുറവുള്ള തിളച്ച വെള്ളത്തിലോ അണുനാശിനിയിലോ കഴുകി വൃത്തിയാക്കി ഉണക്കിയ പാത്രത്തില്‍വേണം പാല്‍ കറക്കാന്‍. കറവക്കാരന്‍ സാംക്രമികരോഗങ്ങളില്‍നിന്ന് മുക്തനും ശുചിത്വമുള്ളവനുമായിരിക്കണം. കറവയ്ക്കുമുമ്പ് കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകി അണുനാശിനിയില്‍ കഴുകിയ തുണികൊണ്ട് തുടച്ചുണക്കണം. കൂടാതെ ശുചിത്വമുള്ള വസ്ത്രം ധരിക്കുകയും വേണം. കറവസമയത്ത് പുകവലി, മുറുക്ക് തുടങ്ങിയവ ഒഴിവാക്കുകയും വേണം.

സാധാരണയായി കൈകൊണ്ടും കറവയന്ത്രങ്ങളിലുമാണ് പശുക്കളെ കറക്കുന്നത്. കൈകൊണ്ട് കറക്കുമ്പോള്‍ കൈത്തലം മുഴുവന്‍ ഉപയോഗിച്ചുകൊണ്ട് കറക്കുന്ന രീതിയാണ് ശാസ്ത്രീയമായിട്ടുള്ളത്. കൂടുതല്‍ പശുക്കളെ കറക്കാനുള്ള സ്ഥലത്ത് കറവയന്ത്രം ഉപയോഗിക്കാറുണ്ടെങ്കിലും ഒന്നും രണ്ടും പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് കൈക്കറവയാണ് കൂടുതല്‍ പ്രായോഗികം. പാല്‍ചുരത്താന്‍ പശുവിനെ പ്രധാനമായും സഹായിക്കുന്നത് ഓക്സിടോക്സിന്‍ എന്ന ഹോര്‍മോണാണ്. ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം 67 മിനിറ്റേ നീണ്ടുനില്‍ക്കൂ. തന്മൂലം പാല്‍ചുരത്തിക്കഴിഞ്ഞാല്‍ ഈ സമത്തിനുള്ളില്‍ കറവ പൂര്‍ത്തിയാക്കണം. കൂടുതല്‍ പാല്‍കിട്ടുന്നവയെ രണ്ടുകൈകൊണ്ടും കറക്കാവുന്നതാണ്.
കറവസമയത്ത് പശുവിനെ ഭയപ്പെടുത്താന്‍ പാടില്ല. അകിടില്‍ ഒട്ടുംതന്നെ പാല്‍ ബാക്കിയാക്കാതെ കറന്നെടുക്കണം. അവസാനം ലഭിക്കുന്ന പാലിലാണ് കൂടുതല്‍ കൊഴുപ്പടങ്ങിയിരിക്കുക. കറവ കഴിഞ്ഞാല്‍ പാല്‍ ഉടന്‍തന്നെ തൊഴുത്തില്‍നിന്ന് മാറ്റി വൃത്തിയുള്ള തുണിയില്‍ അരിച്ചശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കണം.

വീട്ടില്‍ പൂച്ചയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട്ടിലെ ഒരു അംഗത്തെപോലെയാണ് പൂച്ചകളെ പണ്ടുകാലത്തും ഇന്നും നമ്മള്‍ പരിചരിക്കുന്നത്. വിദേശ ഇനം പൂച്ചകളെയും ഇന്ന് വളര്‍ത്തുന്നുണ്ട്. പൂച്ചകളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

താമസ സ്ഥലം

പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ്  തന്നെ അതിന്‍റെ വാസസ്ഥലം ഒരുക്കിയിരിക്കണം. ആദ്യ ദിവസങ്ങളില്‍ ഒരു മുറി ഇതിനുവേണ്ടി നീക്കിവെയ്ക്കണം. ഇതിന്‍റെ വാതില്‍ യഥേഷ്ടം അകത്തേക്കും പുറത്തേക്കും തുറക്കാവുന്നതായിരിക്കണം. മുറിക്കകത്ത് ഒരു കാര്‍ഡ്ബോര്‍ഡ് കൊണ്ടോ, പ്ലൈവുഡ് കൊണ്ടോ ഉണ്ടാക്കിയ ഒരു കൂട് ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ ശല്യമില്ലാതെ വിശ്രമിക്കാനാണ് ഇത്. കൂടിനകത്ത് ന്യൂസ് പേപ്പറോ, തുണിയോ വെച്ചിരിക്കണം.

പൂച്ചകുട്ടികള്‍ക്ക് 89-93 ഡിഗ്രി ഫാറന്‍ഹീറ്റ് ചൂട് ആവശ്യമാണ്. ഇത്രയും അളവ് കിട്ടത്തക്കവിധത്തില്‍ കൂട്ടില്‍ ചൂട് ക്രമീകരിക്കണം. ഇതിന് ചൂടുവെള്ളം നിറച്ച കുപ്പികളോ പാഡുകളോ ഉപയോഗിക്കാം. 12 ആഴ്ചകള്‍വരെ ഇത് തുടരണം. മൂന്ന് ആഴ്ചകള്‍ വരെ ഇവയ്ക്ക് സ്വയം മൂത്രം, മലം എന്നിവ വിസര്‍ജ്ജിക്കുവാന്‍ സാധ്യമല്ല. തള്ളപ്പൂച്ച ചാകുന്ന സമയത്താണ് പൂച്ചക്കുട്ടിയെ വീടുകളിലേക്ക് കൊണ്ടുവന്നതെങ്കില്‍ വീട്ടുകാര്‍ ഭക്ഷണത്തിന് മുമ്പും, ശേഷവും പൂച്ചക്കുട്ടിയുടെ അടിവയര്‍ മുകളില്‍ നിന്ന് താഴത്തേക്ക് മൃദുവായി തടവിക്കൊടുക്കണം. അഞ്ച് ആഴ്ച പ്രായമാകുമ്പോള്‍ കുട്ടികളെ തള്ളയില്‍ നിന്ന് വേര്‍പെടുത്താം. 5-6 ആഴ്ചയാകുമ്പോള്‍ ഇവ വെള്ളം കുടിക്കുവാന്‍ തുടങ്ങും. 18 മാസം പ്രായമാകുമ്ബോള്‍ ഇവ പ്രായപൂര്‍ത്തിയാകുന്നു. ഇവയുടെ ഗര്‍ഭകാലം 60-62 ദിവസമാണ്.

പൂച്ചകളുടെ കൂട് തന്നെ അതിന്‍റെ വീടായി ഉപയോഗപ്പെടുത്തണം. ഒരു കൂടിന് 19 സ്ക്വയര്‍ഫീറ്റ് വ്യാപ്തി ഉണ്ടായിരിക്കണം. ഇതിനുള്ളില്‍ കളിക്കുവാനുള്ള കളിപ്പാട്ടങ്ങള്‍, മാന്തിക്കയറാനുള്ള തൂണുകള്‍ (സ്ക്രാച്ച്‌ പോസ്റ്റ്) മുകളില്‍ കയറി വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍, ഏണികള്‍, എന്നിവ ഒരുക്കിവെക്കാം. കൂടാതെ ഭക്ഷണപാത്രം, വെള്ളം കുടിക്കാനുള്ള പാത്രം എന്നിവ കൂടി സൗകര്യപ്പെടുത്തിവെയ്ക്കണം. ഇവ തമ്മില്‍ മൂന്ന് അടിയെങ്കിലും അകലമുണ്ടായിരിക്കണം. ഇവയുടെ ജീവിതകാലം 15-20 വര്‍ഷം ആണ്.

കുട്ടികള്‍ക്ക് കന്നിപ്പാല്‍ (കൊളസ്ട്രം) ആദ്യ 12-24 മണിക്കൂറിനുള്ളില്‍ നല്‍കണം. തള്ളപ്പൂച്ചയില്ലെങ്കില്‍ പ്രസവിച്ച്‌ 14 ദിവസമാകാത്ത മറ്റു പൂച്ചകളെ പാലിനു വേണ്ടി ആശ്രയിക്കാം. പരിശീലനത്തിലൂടെ (ടോയ്ലറ്റ് ട്രെയിനിംഗ്) മലമൂത്ര വിസര്‍ജനം യഥാസ്ഥലത്ത് നിറവേറ്റാന്‍ പഠിപ്പിക്കാം.

ആദ്യത്തെ കുറച്ച്‌ ആഴ്ചകളില്‍ പൂച്ചകള്‍ അവരുടെ ജീവിതത്തിലെ 23 ഇരട്ടി ഭാരം വയ്ക്കുന്നു. ഇതിന് വേണ്ടുന്ന 30% ഊര്‍ജവും പ്രോട്ടീനില്‍ നിന്നാണ് കിട്ടുന്നത്. അതുകൊണ്ട് തന്നെ മനുഷ്യര്‍ കഴിക്കുന്ന സാധാരണ ഭക്ഷണമോ നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണമോ ഇതിന് അനുയോജ്യമല്ല.

പൂച്ചക്കുട്ടികള്‍ക്ക് അനുയോജ്യമായ ഭക്ഷണക്രമം

പാല് (ആട്ടിന്‍ പാല് ഉത്തമം) - 2 കപ്പ്
ചൂടാകാത്ത മുട്ടയുടെ മഞ്ഞ കരു -2 എണ്ണം
(അല്ലെങ്കില്‍ ഒരു മഞ്ഞക്കരുവും ഒരു ടീസ്പൂണ്‍ ചൂടാക്കിയ വെളിച്ചണ്ണയും)
പ്രോട്ടീന്‍ പൗഡര്‍-2 ടേബിള്‍ സ്പൂണ്‍
വൈറ്റമിന്‍ ലിക്വിഡ് - 6 തുള്ളി
അറവുശാലകളില്‍ നിന്നു കിട്ടുന്ന ചെറുകുടലിലെ ഭക്ഷണാവശിഷ്ടം -1 ടീസ്പൂണ്‍ എന്നിവ നന്നായി മിശ്രിതമാക്കി 101 ഡിഗ്രി ഫാറന്‍ ഹീറ്റില്‍ (38 ഡിഗ്രി സെന്‍റിഗ്രേഡ്) ചൂടാക്കണം.

ഉപയോഗിക്കേണ്ട വിധം

4 ഔണ്‍സ് ഭാരത്തിന് താഴെയുള്ളവയ്ക്ക് ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് അര ടീസ്പൂണ്‍ വീതം കൊടുക്കണം
4 മുതല്‍ 8 ഔണ്‍സ് ഭാരമുള്ളവയ്ക്ക് ഓരോ മൂന്ന് മണിക്കൂര്‍ ഇടവിട്ട് 2 മുതല്‍ 4 ടേബിള്‍ സ്പൂണ്‍ വീതം നല്‍കണം
8 മുതല്‍ 24 ഔണ്‍സ് ഭാരമുള്ളവയ്ക്ക് ഓരോ നാല് മണിക്കൂര്‍ ഇടവിട്ട് 6 മുതല്‍ 10 ടേബിള്‍സ്പൂണ്‍ വീതം നല്‍കണം

ഭക്ഷണത്തിന്‍റെ കൂടെ തന്നെ വ്യായാമം കൊടുക്കുവാനും അവസരം കണ്ടെത്തണം.

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

റീസൈക്കിൾ ഗാർഡൻ നിര്‍മ്മിക്കാം

വീട്ടിലെ ജൈവമാലിന്യം വളമായോ ബയോഗ്യാസായോ മാറ്റി ഉപയോഗയോഗ്യമാക്കുന്ന രീതിക്ക് ഇന്നു നല്ല പ്രചാരമുണ്ട്. എന്നാൽ പ്ലാസ്റ്റിക്, ഫൈബർ, സ്റ്റീൽ, റബർ എന്നിവകൊണ്ടുള്ള വസ്തുക്കൾ ഉപയോഗകാലം കഴിഞ്ഞാൽ വീണ്ടും ഉപയോഗപ്രദമാക്കുന്നതിനു പദ്ധതികളും സാങ്കേതികവിദ്യകളുമുണ്ടെങ്കിലും ഇവയൊക്കെ വഴിയോരത്തും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും അടിഞ്ഞുകൂടുകയാണ് പതിവ്. ഇവയില്‍ പലതും വൃത്തിയാക്കി പെയിന്റ് ചെയ്ത് ചെടികൾ നടാനുള്ള പാത്രങ്ങളായി ഉപയോഗിക്കാൻ കഴിയും. ഇങ്ങനെയുള്ള പാഴ്‌വസ്തുക്കൾ ചട്ടികളാക്കി ചെടികൾ നട്ടു തയാറാക്കുന്ന റീസൈക്കിൾ ഗാർഡൻ ഇന്നു ലോകമെമ്പാടും പ്രചാരത്തിലായി വരുന്നു.

അൽപം കലാബോധവും ചെലവഴിക്കാൻ സമയവുമുള്ളവർക്ക് ഏതു പാഴ്‌വസ്തുവും അലങ്കാര ഉരുപ്പടിയായി മാറ്റിയെടുക്കാൻ കഴിയും. ഈടു നിൽക്കുന്ന പാഴ്‌വസ്തുക്കൾ കഴുകി വൃത്തിയാക്കി ആകർഷകമായ ആകൃതിയും നിറവും നൽകിയാണു ചെടികൾ നട്ടുവളർത്തുന്നതിനുള്ള പാത്രങ്ങളായി മാറ്റിയെടുക്കുന്നത്. ഇത്തരം പാത്രങ്ങളിൽ നട്ട ചെടികൾ പരമ്പരാഗത ഉദ്യാനത്തിന്റെ ഒരു ഭാഗത്ത് ഒരുമിച്ച് പ്രത്യേകം സജ്ജീകരിക്കുന്നപക്ഷം കൂടുതൽ ആകർഷകമാകും. അധികം വെയിൽ കിട്ടാത്ത വരാന്തയിലും മരത്തിന്റെ ചോലയിലും മറ്റും ഇത്തരം റീസൈക്കിൾ ചെയ്ത പാത്രങ്ങൾ കൂടുതൽ നാൾ ഭംഗിയോടെ നിലനിൽക്കും.

അടുക്കളയിൽ മിക്സി മുഖ്യസ്ഥാനം കൈയടക്കിയതോടെ സ്ഥാനഭ്രഷ്ടരായ ആട്ടുകല്ലിനും ഉരലിനും പറമ്പിലായി സ്ഥാനം. ഇവ തേച്ചുമിനുക്കി, ക്ലിയർ വാർണിഷും പൂശി നടുവിലുള്ള കുഴിയിൽ നിറച്ച മിശ്രിതത്തിൽ ഒതുങ്ങിയ പ്രകൃതമുള്ള മിനിയേച്ചർ ചെത്തിയോ നന്ത്യാർവട്ടമോ നട്ട് പുൽത്തകിടിയുടെ നടുവിൽ സ്ഥാപിച്ചാൽ പുൽത്തകിടിക്കു കൂടുതൽ അഴകും പഴമയുടെ സ്പർശവും ലഭിക്കും.

റീസൈക്കിൾ ഗാർഡൻ ഒരുക്കുന്നതിന് ആദ്യപടിയായി ഈടുനിൽക്കുന്നതും ആവശ്യത്തിനു വലുപ്പമുള്ളതും നടീൽമിശ്രിതം നിറയ്ക്കാൻ സൗകര്യമുള്ളതുമായ പാഴ്‌വസ്തുക്കൾ കണ്ടെത്തണം. ഉപയോഗശൂന്യമായ ടോയ്‌ലറ്റ് ഫ്ലഷ് ടാങ്ക്, ടയർ, മിക്സിയുടെ ബൗൾ, കാർ ബാറ്ററിയുടെ പ്ലാസ്റ്റിക് പെട്ടി, ചെറിയ ഫ്രിജിന്റെ പുറംപെട്ടി, ഉരൽ, ആട്ടുകല്ല്, പിവിസി പൈപ്പ്, ഹെൽമെറ്റ് തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താം.

ഉപയോഗം കഴിഞ്ഞ ഫ്രിജ് ആണ് ചെടി നടാൻ തയാറാക്കുന്നതെങ്കിൽ ആദ്യപടിയായി പുറത്തെ കേസ് ഒഴികെ, മോട്ടോർ, കൂളിങ് കോയിൽ, തട്ടുകൾ, വാതിൽ എല്ലാം നീക്കം ചെയ്യണം. താഴെഭാഗത്ത് വെള്ളം വാർന്നുപോകാനായി ആവശ്യാനുസരണം ദ്വാരങ്ങൾ ഇടണം. പുറംഭാഗം ഭംഗിയായി പെയിന്‍റ് ചെയ്തു വേണമെങ്കിൽ നല്ല ചിത്രങ്ങളും വരച്ച് ആകർഷകമാക്കാം. അടിഭാഗത്ത് വലുപ്പമുള്ള മെറ്റൽചീളുകൾ നിരത്തി അതിനുമേൽ പ്ലാസ്റ്റിക് നെറ്റ് വിരിക്കണം. മെറ്റലിനു മീതെ ആവശ്യാനുസരണം മിശ്രിതം നിറയ്ക്കാം. ഈ വിധത്തിൽ ഫ്ലാന്റർ ബോക്സായി തയാറാക്കിയ ഫ്രിജിൽ ചെടികൾ കൂട്ടമായാണ് നടേണ്ടത്. ഫ്രിജിന്റെ ലോഹ കേസിനുള്ളിൽ അകം ചൂടാകാതിരിക്കാനായി പ്രത്യേക ആവരണമുള്ളതുകൊണ്ട് മിശ്രിതത്തിൽനിന്ന് ഈർപ്പം വേഗത്തിൽ നഷ്ടപ്പെടില്ല എന്ന മെച്ചവുമുണ്ട്.

പഴയ ഫ്ലഷ് ടാങ്ക് ആണ് ചെടി നടാനുള്ള പാത്രമായി മാറ്റുന്നതെങ്കിൽ ഉള്ളിലുള്ള ഫിറ്റിങ്സ് എല്ലാം അഴിച്ചുനീക്കണം. ടാങ്കിന്റെ അടിഭാഗത്തെ വലിയ ദ്വാരം വഴി നടീൽമിശ്രിതം പുറത്തേക്കു പോകാതിരിക്കാന്‍ നേർത്ത കണ്ണിയുള്ള അലുമിനിയം നെറ്റ് ദ്വാരത്തിനു മുകളിൽ വയ്ക്കാം. ഇതിനു മുകളിൽ 1–2 ഇഞ്ച് കനത്തിൽ ബേബിമെറ്റൽ നിറയ്ക്കണം. മെറ്റലിലേക്കു നടീൽമിശ്രിതം ഇറങ്ങാതിരിക്കാൻ മുകളിൽ പ്ലാസ്റ്റിക് നെറ്റ് ഉപയോഗിക്കാം. നെറ്റിനു മുകളിൽ മിശ്രിതം നിറയ്ക്കാം. ടാങ്കിലെ മണ്ണിന്റെ ഉപരിതലം മുഴുവനായി നിറയുന്ന വിധത്തിൽ വേണം ചെടികൾ നടാൻ. വശങ്ങളിലേക്കു ഞാന്നു വളരുന്നവയും ഉപയോഗിക്കാം.

പഴയ ടയറാണ് നടീൽപാത്രമായി മാറ്റുന്നതെങ്കിൽ ആദ്യപടിയായി ടയർ കുറുകെ രണ്ടായി മുറിക്കണം. പകുതിയായി മുറിച്ചെടുത്ത ടയറിന്റെ താഴെഭാഗത്ത് അധികജലം വാർന്നു‍‍പോകാനും വശങ്ങളിൽ തൂക്കിയിടാനുമായി ദ്വാരങ്ങൾ ഇടണം. ഇതിനുശേഷം മോടിയായി പെയിന്റ് ചെയ്തെടുക്കാം. പെയിന്റ് ചെയ്യുന്നതിനു മുൻപ് പ്രൈമറായി സിങ്ക് ക്രോമേറ്റ് പൂശണം. ഇതിനു മുകളിൽ നല്ലനിറം പെയിന്റ് ചെയ്യാം. ടയറിന്റെ വളഞ്ഞ ഭാഗത്താണ് മിശ്രിതം നിറച്ചു ചെടികൾ നടേണ്ടത്. താഴേക്കു ഞാന്നുവളരുന്ന വള്ളിച്ചെടികളാണ് ഇതിൽ വളർത്താന്‍ നല്ലത്. നട്ടശേഷം ആവശ്യമെങ്കിൽ ടയർ പല തട്ടുകളായി തൂക്കിയിടാം. ഉപയോഗശൂന്യമായ സ്റ്റീൽ നിർമിത പാത്രങ്ങളിൽ അധികജലം വാർന്നുപോകാനായി ദ്വാരങ്ങൾ ഇടുക അത്ര എളുപ്പമല്ല. ഇത്തരം പാത്രങ്ങളിൽ മിശ്രിതം നിറച്ച് നീർബ്രഹ്മി, വാട്ടർ ലെറ്റ്യൂസ്, ആമസോൺ ചെടികൾ തുടങ്ങിയവ നടാം.

പാഴ്‌വസ്തുക്കൾ ആകർഷകമായി പെയിന്റ് ചെയ്തു തയാറാക്കിയ മഷ്റൂം, ചിത്രശലഭം, തുമ്പി, കിളിക്കൂട് എന്നിവ കൂടി വച്ച് ഉദ്യാനം കൂടുതൽ മോടിയാക്കാം. കുശവന്റെ കയ്യിലെ കളിമണ്ണുപോലെയാണ് എറണാകുളത്ത് തേവരയിൽ താമസിക്കുന്ന പ്രഫ. വി.ജെ. ആന്റണിയുടെ കരങ്ങളിൽ ഏതു പാഴ്‌വസ്തുവും. ഫിസിക്സ് പ്രഫസറായിരുന്ന ആന്റണി സാറിന്റെ വീട്ടിലെത്തുന്നവർക്ക് ഒരു പരീക്ഷണശാലയിൽ ചെന്ന പ്രതീതിയാണ്. വീടിന്റെ കാർ ഷെഡ് ആണു പരീക്ഷണശാല. അവിടെ സ്പ്രേ പെയിന്റിങ്, ഡ്രില്ലിങ്, വെൽഡിങ് തുടങ്ങി ഏത് ആവശ്യത്തിനുള്ള ആയുധങ്ങളുമുണ്ട്.

ഫിസിക്സുമായി ബന്ധപ്പെട്ട പലതരം ഉപകരണങ്ങള്‍ നിർമിച്ചിട്ടുള്ള ഈ അധ്യാപകൻ 3–4 വർഷമായി ശ്രദ്ധിക്കുന്നത് പാഴ്‌വസ്തുക്കൾ ഏതു വിധത്തിലൊക്കെ ഉപയോഗയോഗ്യമാക്കാമെന്നതിനെക്കുറിച്ചാണ്. കൊച്ചിൻ ഫ്ലവർ ഷോയിലെ പൂന്തോട്ട മത്സരത്തിൽ 2015 മുതൽ ആൻറണിയുടെ വീട്ടിലെ ഗാർഡനാണ് ഒന്നാം സ്ഥാനം നേടുന്നത്. ഈ ഉദ്യാനത്തിന്റെ ഭാഗമായി വലിയൊരു റീസൈക്കിൾ ഗാർഡൻ ഉണ്ട്.

ഉപയോഗശൂന്യമായ ഹെൽമെറ്റിൽ മിശ്രിതം നിറച്ചു ചെടികൾ നട്ടു പരീക്ഷണം നടത്തി വിജയിച്ചപ്പോൾ പഴയ ഫ്ലഷ് ടാങ്ക്, അതിനുള്ളിലുള്ള ഫ്ലോട്ട്, മിക്സിയുടെ ബൗൾ എല്ലാം ചെടി നടാനുള്ള പാത്രങ്ങളാക്കി മാറ്റി. തുടര്‍ന്ന് പാഴ്‌വസ്തുക്കൾ തേടി അന്വേഷണം വീടിനു പുറത്തേക്കും വ്യാപിപ്പിച്ചു. പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന കടയിൽനിന്നു പലവട്ടമായി 35,000 രൂപയോളം ചെലവഴിച്ച് പഴയ പെട്രോമാക്സ്, ടയർ, പിവിസി പൈപ്പ് തുടങ്ങി പലതും ശേഖരിച്ചു വീട്ടിലെത്തിച്ചു. തന്റെ വർക്ക്ഷോപ്പിൽ ആവശ്യാനുസരണം പെയിന്റ് ചെയ്ത് പുതുമ നൽകി ചെടികൾ നട്ടു. പഴയ പ്ലാസ്റ്റിക് കുപ്പികളിൽ ചെടികൾ നട്ട് ഒരു വെർട്ടിക്കൽ ഗാർഡനും വീടിന്റെ വരാന്തയിൽ ഒരുക്കി. മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള ആന്റണിയുടെ വീട്ടില്‍ മാനസികപ്രശ്നങ്ങളുമായി എത്തുന്നവർക്ക് ശാന്തിയും സമാധാനവും നൽകാൻ ഉതകുന്നതാണ് റീസൈക്കിൾ ഗാർഡൻ.

എള്ള് കൃഷി ചെയ്യാം

എണ്ണക്കുരുവിളകളിൽ പ്രധാനമാണ് എള്ള്. എള്ളെണ്ണ ഔഷധവും സുഗന്ധദ്രവ്യവും നിത്യഭക്ഷണത്തിലെ ചേരുവയുമാണ്. എള്ളിൻ പിണ്ണാക്ക് നല്ല കാലിത്തീറ്റയാണ്. എന്നാൽ കേരളത്തിൽ എള്ളുകൃഷി ഇപ്പോൾ 300 ഹെക്ടറിൽ താഴെ മാത്രം. ഉൽപാദനക്ഷമതയാകട്ടെ, ഹെക്ടറിന് 350 കിലോയും. അപ്രതീക്ഷിത മഴ, അശാസ്ത്രീയ കൃഷി എന്നിവയാണ് വിളവു കുറയാൻ കാരണമാകുന്നത്. വിളവുശേഷി കൂടിയ ഇനങ്ങൾ കൃഷി ചെയ്യുക, ശാസ്ത്രീയ വളപ്രയോഗവും കൃഷിരീതികളും അവലംബിക്കുക, യോജിച്ച സ്ഥലത്തു കൃഷിയിറക്കുക, ഉൽപാദന ഉപാധികൾ സുലഭമാക്കുക എന്നിവയിലൂടെ ഉൽപാദനക്ഷമതയും വരുമാനവും കൂട്ടാം.

കൃഷിയിറക്കേണ്ട സമയം: നെൽപ്പാടങ്ങളിൽ മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ഡിസംബർ–ഫെബ്രുവരി. പറമ്പുകളില്‍ ഓഗസ്റ്റ് തുടങ്ങി ഡിസംബർ വരെ. കൃഷിസ്ഥലത്തെ മണ്ണ് നന്നായി ഇളക്കി വെടിപ്പാക്കിയും നിരപ്പാക്കിയും ഹെക്ടറിന് അഞ്ചു ടൺ ചാണകം/കമ്പോസ്റ്റ് അടിസ്ഥാനവളമായി ചേർക്കണം. പുറമേ യൂറിയ 65 കിലോ, രാജ്ഫോസ് 90 കിലോ, പൊട്ടാഷ്‍വളം 30 കിലോയും ഇടുക. (യൂറിയ ചേർക്കുന്നതിന് മറ്റൊരു വഴി: അടിവളമായി 20 കിലോ നൽകി ബാക്കി ഒരു മാസത്തിനുശേഷം യൂറിയ ലായനി മൂന്നു ശതമാനം വീര്യത്തിൽ തയാറാക്കി തളിക്കുക.) ഒരു ഹെക്ടറിലെ കൃഷിക്ക് അഞ്ചു കിലോ വിത്ത് വേണം. വിതയ്ക്കുന്നത് എല്ലായിടത്തും ഒന്നുപോലെ വിതറിവീഴാൻ മണലുമായി കൂട്ടിക്കലർത്താറുണ്ട്. കൃഷിസ്ഥലത്തു വെള്ളം കെട്ടിക്കിടക്കരുത്. ഇത് കണക്കാക്കി ആവശ്യത്തിനു ചാലുകളെടുക്കണം. ചെടികൾ തമ്മിൽ 15–20 ദിവസം ഇടവിട്ട് നനയ്ക്കുന്നത് വിളവു 35–50 ശതമാനംകണ്ട് വർധിപ്പിക്കും. ശിഖരം പൊട്ടുമ്പോഴും നന നിർബന്ധം. കേരളത്തിൽ കീടശല്യവും രോഗബാധയും കുറവാണ്. ഇലപ്പുഴുശല്യം കണ്ടാൽ മൂന്നു ശതമാനം വീര്യത്തിൽ വേപ്പിൻ കുരുസത്ത് തയാറാക്കി തളിക്കണം. കായ്കൾ മഞ്ഞനിറമായി പൊട്ടാൻ തുടങ്ങുന്നതോടെ ചുവടെ പിഴുത്കെട്ടുകളാക്കി തണലിൽ കുത്തിനിർത്തണം. തുടർന്ന് വെയിലിൽ നിരത്തി വടികൊണ്ടു തല്ലി വിത്ത് വേർതിരിച്ചെ‌ടുക്കാം. വിത്തു ശേഖരിച്ച് ഉണക്കിപ്പാറ്റി മാലിന്യങ്ങൾ നീക്കി മൺകലത്തിലോ പാട്ടകളിലോ പോളിത്തീൻ കൂടുകളിലോ നിറച്ചു സൂക്ഷിക്കാം. നൂറു കിലോ എള്ളിൽനിന്ന‍ു 45–50 കിലോ എണ്ണ ലഭിക്കും. എള്ളുകൊണ്ടുള്ളതും എള്ളുചേർത്തതുമായ പലഹാരങ്ങളുടെ നിർമാണവും വൻ വ്യവസായമാണ്.

കനകാംബരം കൃഷിചെയ്യാം

മുല്ല പോലെത്തന്നെ ആവശ്യവും മൂല്യവും അഴകും ഒത്തിണങ്ങുന്നതാണ് പുഷ്പങ്ങളില്‍ കനകമൂല്യമുള്ള കനകാംബരം. ഒരു മീറ്ററോളം പൊക്കം വെക്കുന്ന ബഹുവര്‍ഷി സസ്യമാണിത്. മൂന്നോ അഞ്ചോ ഇതളുകളില്‍ കാണപ്പെടുന്നവയാണ് ഇതിന്‍റെ പൂക്കള്‍. അന്തരീക്ഷ  ഊഷ്മാവ് 30- 35 ഡിഗ്രി സെല്‍ഷ്യസാണ് മികച്ച വളര്‍ച്ചയ്ക്കും പൂക്കളുടെ നല്ലനിറത്തിനും അനുകൂലം. മഞ്ഞ, ഓറഞ്ച്, ലൂട്ട്യ മഞ്ഞ, സെബാക്കുലസ് റെഡ് എന്നിങ്ങനെയുള്ള നിറത്തിലാണ് പ്രധാനമായും കണ്ടു വരുന്നത്. മുല്ലയെപ്പോലെ ആകര്‍ഷകമായ മണമില്ലെങ്കിലും നല്ല നിറം പ്രദാനം ചെയ്യുന്ന ഈ ജനുസില്‍പ്പെട്ട സസ്യം വെള്ള, വയലറ്റ് എന്നിങ്ങനെയുള്ള നിറങ്ങളിലും കണ്ടുവരുന്നു. വര്‍ഷം മുഴുവനും പുഷ്പങ്ങള്‍ നല്‍കും. ക്ഷേത്രാവശ്യങ്ങള്‍ക്കും മുല്ലയോടൊപ്പവും അല്ലാതെയും കോര്‍ത്ത് മുടിയില്‍ച്ചൂടാനുമാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

ക്രോസ്സാന്‍ഡ്ര ഇന്‍ഫണ്ടിബുലിഫോര്‍മിസ് എന്നാണ്ഇതിന്‍റെ ശാസ്ത്രനാമം. മലയാളത്തില്‍ കനകാംബരം, മഞ്ഞക്കുറിഞ്ഞി എന്നും ഇംഗ്ളീഷില്‍ ട്രോപ്പിക്കല്‍ ഫ്ളെയിം എന്നും വിവക്ഷിക്കപ്പെടുന്ന ഇതിന് ഫയര്‍ക്രാക്കര്‍ പൂവ് എന്ന് അപരനാമമുണ്ട്. ഗോവയുടെ സംസ്ഥാന പുഷ്പമായ ഇതിനെ അവിടെ വിളിച്ചുവരുന്നത് അബോളിയെന്നാണ്. മഹാരാഷ്ട്രയിലും ഇതുതന്നെയാണ് പേര്. ഏകദേശം അമ്പതിലേറെ ഇനങ്ങളില്‍ കാണപ്പെടുന്ന കനകാംബരം ആഫ്രിക്ക, ഏഷ്യ എന്നീ വന്‍കരകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്നു.

രണ്ടു മൂന്നു തരത്തിലാണ് പ്രധാനമായും കനകാംബരം കണ്ടുവരുന്നത്. കരിഞ്ഞപച്ചത്തണ്ടും കരിഞ്ഞ പച്ച ഇലകളുമുള്ള കനകാംബര ഇനമാണ് കൃഷിക്കായി വ്യാപകമായി നട്ടുവരുന്നത്. ഇത് മൂന്നുമാസമാവുമ്പോള്‍ത്തന്നെ നിറയെ ശാഖകള്‍ വിരിയുകയും നിറയെ പൂക്കുറ്റികളും പൂക്കളും വിരിയുകയും ചെയ്യുന്നു. വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള കനകാംബരയിനത്തിന്‍റെ പൂക്കള്‍ക്ക് നല്ല നിറമായിരിക്കും. കടുത്ത ഓറഞ്ച് നിറത്തില്‍ പൂക്കള്‍ വിരിയുന്ന ഡല്‍ഹിയെന്നയിനത്തിനാണ് കൃഷിക്കാര്‍ക്കിടയില്‍ പ്രിയം.

കൃഷിചെയ്യാം

തമിഴ്നാട്ടില്‍ വ്യാപകമായി തലയില്‍ച്ചൂടാനും അമ്പലങ്ങളില്‍ മാലകോര്‍ക്കാനും കനകാംബരം ഉപയോഗിച്ചുവരുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും വ്യാപകമായി ദേശീയ കാര്‍ഷിക വകുപ്പിന്‍റെ  സഹായത്തോടെ കൃഷിചെയ്തുവരുന്നു.

തൈകള്‍ തയ്യാറാക്കലും കൃഷിയും

നമ്മുടെ പുരയിടങ്ങളില്‍ നട്ടുപിടിപ്പിച്ചുവന്നിരുന്ന കനകാംബരം വിത്തിലൂടെയും കമ്പുകള്‍ മുറിച്ചു നട്ടുമാണ് വളര്‍ത്തിയെടുക്കുന്നത്. വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്തും കമ്പുകള്‍ക്ക് വേരുപിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും.

വിത്തുകള്‍ ഉണ്ടാകാത്തയിനങ്ങള്‍ക്ക് കമ്ബുമുറിച്ചുനട്ട് വേരുപിടിപ്പിച്ച്‌ മാറ്റിനടാം. നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച്‌ ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍ വന്നാലോ പറിച്ച്‌ മാറ്റിനടാവുന്നതാണ്. ചട്ടികളില്‍ ഒറ്റയ്ക്കും തടങ്ങളില്‍ ഒന്നരയടി വിട്ട് നട്ടും വളര്‍ത്തിയെടുക്കാവുന്നതാണ്. സമുഖമായി വിന്യസിച്ചിരിക്കുന്ന ഇലകള്‍ക്ക് 56 സെ.മീനിളം കാണും.

ഇലയുടെ തൂമ്പില്‍ നിന്ന് മുളച്ചുവരുന്ന പൂക്കുറ്റികള്‍ മൂന്നോ നാലോ എണ്ണമുള്ള കൂട്ടങ്ങളായാണ് കണ്ടുവരുന്നത്. പുഷ്പങ്ങളെ വഹിക്കുന്ന കുറ്റികളില്‍ നിന്ന് തലനീട്ടുന്നരീതിയിലാണ് മൊട്ടുകള്‍ കണ്ടുവരുന്നത്. പൂക്കള്‍ക്ക് നാല് കേസരങ്ങളുണ്ടാകും. മഞ്ഞയോ കറുപ്പോ ആയിരിക്കും വിത്തുകളുടെ നിറം. വിത്തിനും പൂവിനും പ്രത്യേകിച്ച്‌ ഗന്ധമുണ്ടാകില്ല.

മുളച്ച്‌ രണ്ടാഴ്ചയ്ക്കുശേഷം നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം. ചില കര്‍ഷകര്‍ ചെടി തഴച്ചുവളരാന്‍ ഹെക്ടറിന് 70 കിലോഗ്രാം യൂറിയയും 300 കിലോ സൂപ്പര്‍ഫോസ്ഫേറ്റും 75 കിലോ പൊട്ടാഷും ഹെക്ടറിലേക്ക് അടിവളമായി നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നന നിര്‍ബന്ധമാണ്. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.

പൂക്കള്‍ പറിക്കാം

ചെടികള്‍ നട്ട് മൂന്നുമാസത്തിനുള്ളില്‍ അവ പുഷ്പിക്കും. വേനല്‍ക്കാലത്ത് നനയും വളവും നല്‍കിയാല്‍ വര്‍ഷം മുഴുവനും അതില്‍ നിന്ന് പൂക്കള്‍ പറിക്കാം. മഴക്കാലത്ത് പൂക്കള്‍ കുറവായിരിക്കും. ഒന്നരാടന്‍ ദിവസങ്ങളില്‍ അതിരാവിലെ പൂക്കളിറുക്കാം. ഒരു ഹെക്ടറില്‍ നിന്ന് അഞ്ചുടണ്‍ വരെ വിളവ് ലഭിക്കുന്ന കര്‍ഷകരുണ്ട്.

രോഗങ്ങളും കീടങ്ങളും

നല്ലപ്രതിരോധശേഷിയുള്ള ചെടിയാണ് കനകാംബരം. എന്നാലും ചിലപ്പോള്‍ ചില ചെടികള്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം.

ഇല ചുരുളല്‍, വേരുചീയല്‍, വാട്ടരോഗം എന്നിങ്ങനെ രോഗങ്ങളും വെള്ളീച്ചകള്‍, എഫിഡുകള്‍, നിമാവിരകള്‍ എന്നിങ്ങനെയുള്ള കീടങ്ങളുമാണ് പ്രധാനമായും കണ്ടുവരുന്നത്. തടത്തില്‍ കൂടുതല്‍വെള്ളം നിര്‍ത്താതിരിക്കുക. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കുക എന്നിവയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടി.

ബാക്ടീരിയല്‍ വാട്ടം

സാധാരണ വഴുതിന വര്‍ഗവിളകളില്‍ക്കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്. പക്ഷേ, കനകാംബരകൃഷിയെ മാരകമായി ബാധിക്കുന്ന രോഗവുമാണിത്. ഈ രോഗം വളരെപ്പെട്ടെന്ന് പടരും. വിത്തുകള്‍ കീടനാശിനിയില്‍ മുക്കിവെച്ച്‌ നടുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ഇലപച്ചയായിരിക്കുമ്പോള്‍ത്തന്നെ വാടുക, ഇലകള്‍ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടു പോവുക എന്നിവയാണിതിന്‍റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെത്തന്നെ കോപ്പര്‍ ഓക്സിക്ലോറൈഡ് വെള്ളത്തില്‍ കലക്കി(ഒരു ലിറ്ററിന് 5 ഗ്രാം തോതില്‍) ഒഴിച്ചുകൊടുക്കാം.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്‍റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച്‌ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്‍റെ പ്രതിരോധമാര്‍ഗങ്ങള്‍. .വിവിധ വര്‍ണങ്ങളിലുള്ള കനകാംബരപ്പൂക്കള്‍ നമ്മുടെ പൂന്തോട്ടത്തിന് ഒരു അലങ്കാരമാണ് മാത്രമല്ല ആദായം തരുന്ന നല്ലൊരു കൃഷിയായും ഇതിനെ വികസിപ്പിക്കാം.

ഗുണങ്ങളേറെയുള്ള കാട്ടുപുളിച്ചി

കാര്‍ഷികവനവല്‍കരണത്തിന് അനുയോജ്യം; വീട്ടുവളപ്പില്‍ നടാനുത്തമം; മണ്ണൊലിപ്പു തടയാന്‍ സഹായകം; ജൈവവേലിക്ക് ഉത്തമം, നല്ലൊരു അലങ്കാരവൃക്ഷം; കൗരകൗശലപ്പണികള്‍ക്ക് ഇണക്കമുള്ളത്... ഇങ്ങനെ സര്‍വഗുണസമ്പന്നമാണ് കാട്ടുപുളിച്ചി.

പേരു സൂചിപ്പിക്കുന്നതുപോലെ പുളിരസമുള്ള കാട്ടുപുളിച്ചി ഏതു നാട്ടുപുളിമരത്തെയും വെല്ലും. പശ്ചിമഘട്ടമലനിരകളില്‍ സമൃദ്ധമായി വളരുന്നു. പരമാവധി എട്ടുമീറ്റര്‍ ഉയരം. തടി നിവര്‍ന്നുവളരുമെങ്കിലും ചില പിളര്‍പ്പും പൊട്ടലും പതിവ്. ചാരനിറം. ദീര്‍ഘചതുരത്തില്‍ കടുംപച്ചിലകള്‍. തുകല്‍പോലെ കട്ടിയുണ്ട് ഇലകള്‍ക്ക്. കായ്കള്‍ കുലകുത്തിപ്പിടിക്കും. ആദ്യം ഇളംപച്ചയെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ വിളഞ്ഞുപഴുത്ത് കടുംചുവപ്പായിമാറും.

മാര്‍ച്ചു മുതല്‍ സെപ്റ്റംബര്‍വരെ പൂക്കാലം. കായ്കളുണ്ടാകുന്നത് ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ. നിറംമാറ്റമനുസരിച്ച്‌ കായ്കള്‍ക്ക് രുചിഭേദവുമുണ്ടാകും. തീരെ പച്ചക്കായയ്ക്ക് നേരിയ പുളിയും ചവര്‍പ്പുമാണ് രസമെങ്കില്‍ ചുവന്നാല്‍ കായ്കള്‍ക്ക് മധുരംകലര്‍ന്ന പുളിരസമാകും. സവിശേഷമായ ഈ പുളിരസമാണ് കാട്ടുപുളിച്ചിയെ ഇതരപുളിമരങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. മധ്യേഷ്യയിലും ഏഷ്യാവന്‍കരയുടെ കിഴക്കന്‍ പ്രദേശങ്ങളിലും ഈ ഫലവൃക്ഷം സമൃദ്ധമായി വളരുന്നു.

ഇതിന്‍റെ പഴം അതേപടി കഴിക്കാന്‍ നന്ന്. ധാരാളം പെക്റ്റിന്‍ ഉള്ളതിനാല്‍ ജാം, ജെല്ലി, സോസ് എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പഞ്ചസാരയേക്കാള്‍ കൂടുതല്‍ അമ്ലങ്ങളാണ് പഴത്തിലുള്ളത്. മത്സ്യം, മാംസം എന്നിവ പാകംചെയ്യുമ്പോള്‍ സ്വാദേറ്റാനും കാട്ടുപുളിച്ചി ഉപകരിക്കുന്നു. ഇലകളില്‍നിന്ന് തലവേദന ശമിപ്പിക്കാന്‍ ഔഷധം തയ്യാറാക്കുന്നു. തടി കഴുക്കോലിനും തൊലി കയര്‍നിര്‍മാണത്തിനും ഉപയോഗിക്കുന്നു. വിത്തുവഴിയാണ് വംശവര്‍ധന. ഒട്ടുതൈ തയ്യാറാക്കിയുള്ള പ്രജനനശ്രമങ്ങളും നടക്കുന്നു. ഹിമാലയത്തിന്‍റെ അടിവാരംമുതല്‍ കന്യാകുമാരിവരെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പുളിച്ചിയെ ഇനിയും നാം അറിയേണ്ടതുണ്ട്.

പൂന്തോട്ടത്തില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം

ഇന്ന് വീട്ടാവശ്യത്തിന്  കുരുമുളക്  കടയില്‍  നിന്നും  വാങ്ങേണ്ടി  വരുന്ന  സ്ഥിതിയാണ്.  ഇതിന്  പരിഹാരമാണ്  കുററി  കുരുമുളക്.  കായ്  തരുന്ന  കുരുമുളക്  ചെടികള്‍ചട്ടിയില്‍  വളര്‍ത്തിയാല്‍  മതിയാകും.  ഇവയ്ക്ക്  കൂടുതല്‍  സ്ഥലം  ആവശ്യമില്ല  എന്നു  മാത്രമല്ല  തോട്ടത്തില്‍  വെക്കുന്നത്  പൂന്തോട്ടത്തിന്  മോടി  കൂട്ടുകയും ചെയ്യും.  വര്‍ഷം  മുഴുവന്‍  കുരുമുളക്മണികള്‍ ലഭിക്കുകയും ചെയ്യും.  കുററി കുരുമുളക് നിലത്തും  കൃഷി  ചെയ്യാം.   വലിയ  ചെടിച്ചട്ടികളില്‍ മണ്ണും,  ഉണക്കി  പൊടിച്ച  കാലിവളവും  ചേര്‍ത്ത്  വേര്  പിടിപ്പിച്ച  കുരുമുളക്  തണ്ടുകള്‍  നടാം.  ഇങ്ങിനെ  നടുന്ന  കുററി  കുരുമുളകിന്  കൂടുതല്‍  വളം  ആവശ്യമാണ്. 

കുററി കുരുമുളക് ചെടികള്‍  നട്ട് ഒരു വര്‍ഷത്തിനകം  വിളവ് തരാന്‍  തുടങ്ങും.  ആദ്യത്തെ  വര്‍ഷം  ഒരു  ചെടിയില്‍  നിന്നും  500 ഗ്രാം  കുരുമുളക്  ലഭിക്കും.  ചെടിച്ചട്ടികളില്‍  നിന്നു  തന്നെ  വീട്ടാവശ്യത്തിനു  വേണ്ട  കുരുമുളക്  ഉണ്ടക്കാവുന്നതാണ്.  ചട്ടിയിലെ  ചെടികള്‍ക്ക്  രണ്ട്  മാസത്തിലൊരിക്കല്‍  2 ഗ്രാം  യൂറിയ,  3 ഗ്രാം  സൂപ്പര്‍  ഫോസ്ഫേററ്,  3 ഗ്രാം  പൊട്ടാഷ്  എന്നിവ  ചേര്‍ത്ത  വള  മിശ്രിതം  ഒരു ടീസ്പൂണ്‍ വീതം  നല്‍കണം.  കാലി  വളം 25 ഗ്രാം എന്നതോതിലും  കടലപിണ്ണാക്കും  വേപ്പിന്‍ പിണ്ണാക്കും എല്ലാ വര്‍ഷവും  മെയ്  മാസത്തില്‍  നല്‍കുന്നത് കുററി കുരുമുളകിന്റെ  വളര്‍ച്ചയ്ക്ക്  നല്ലതാണ്. 

ദിവസേന  നനക്കുന്നത്  തുടക്കത്തില്‍  തിരിയിലെ  മണിപിടിത്തം  കൂട്ടാനും  മണി  കൊഴിച്ചല്‍  കുറക്കാനും  സഹായിക്കും.  കുററി  കുരുമുളക്  ചെടിയില്‍  നിന്നും  വര്‍ഷം  മുഴുവനും  കുരുമുളക്  ലഭിക്കുകയും  അഞ്ച്  വര്‍ഷത്തോളം  നല്ല  വിളവ്  ലഭിക്കുകയും  ചെയ്യും.  പറിക്കാന്‍  ആളെ  ആവശ്യമില്ല.നടാന്‍  അധികം  സ്ഥലം  വേണ്ട,  വള്ളി  പടര്‍ത്താന്‍  മരം  വേണ്ട  എന്നിവയാണ്  പ്രത്യേകതകള്‍. 

കുററി കുരുമുളക് തൈകള്‍ തയ്യാറാക്കാം.

നന്നായി വിളവ് തരുന്നതും 8 -10  വര്‍ഷത്തോളം പ്രായമുള്ളതുമായ  മാതൃവള്ളിയില്‍  നിന്നാണ്  തൈകള്‍ക്ക്  വേണ്ടിയുള്ള  തലകള്‍  ശേഖരിക്കുന്നത്.   ഇങ്ങനെ  ശേഖരിച്ച  വള്ളികളില്‍  നിന്നും  3- 5  മുട്ടുള്ള  തണ്ടുകള്‍  പോട്ടിംഗ്  മിശ്രിതം  നിറച്ച പോളിത്തീന്‍  കവറുകളില്‍  നടുന്നു.  വേരു  പിടിക്കുവാന്‍  30-50  ദിവസം  വേണം.  വേര്  പിടിച്ച  തണ്ടുകള്‍  3  മാസത്തിന്  ശേഷം  ചട്ടിയില്‍  നടാം.

മഴക്കാലത്ത് പൂന്തോട്ടം മനോഹരമാക്കാം

കോരിച്ചൊരിയുന്ന മഴയും നിറയെ പൂവിട്ടു നിൽക്കുന്ന ഉദ്യാനവും നമ്മൾ ഒരുപോലെ ഇഷ്ടപ്പെടുന്നു. എന്നാൽ മഴക്കാലത്തു പൂന്തോട്ടം ഭംഗി ചോരാതെ നിലനിർത്തുക എളുപ്പമല്ല. വർഷകാലത്തെ ഉയർന്ന ഈർപ്പാവസ്ഥയും സൂര്യപ്രകാശത്തിന്‍റെ ലഭ്യതക്കുറവുമെല്ലാം പൂച്ചെടികളിൽ പലതരം രോഗങ്ങൾക്കു കാരണമാകാം. ഉദ്യാനത്തിൽ പരിപാലിക്കുന്ന മിക്ക ചെടികളും വിദേശികളാണ്. അവയ്ക്കൊന്നും നമ്മുടെ മഴക്കാലം പിടിക്കില്ല. അഡീനിയത്തിനും ആന്തൂറിയത്തിനും ഇല മഞ്ഞളിപ്പ്, റോസിന് ഇലപ്പുള്ളി രോഗം, ഓർക്കിഡിന് വേരുചീയൽ എന്നിവയൊക്കെ ഈ സമയത്തുണ്ടാകാം. മഴ തുടങ്ങുന്നതിനു മുൻപേ വേണ്ട മുൻകരുതലെടുക്കുകയും വർഷകാലത്തു വേണ്ട സംരക്ഷണം നൽകുകയും ചെയ്താൽ ഇത്തരം ചെടികളെ മഴക്കാലം കടത്തിയെടുക്കാം. മഴയെത്തും മുൻപേ കമ്പുകോതിയും മരുന്നു തളിച്ചും ചെടികളെ മഴക്കാലരോഗങ്ങളിൽനിന്നു രക്ഷിക്കാം. കമ്പുകോതൽ(പ്രൂണിങ്) വഴി ചെടിയിൽ ധാരാളം ശാഖകൾ ഉണ്ടാകാനും നിറയെ പൂവിടാനും അവസരമൊരുക്കാം. ശാഖകൾക്കിടയിൽ കൂടുതൽ വായുസഞ്ചാരം നൽകിയും ചെടികളെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാം.മരങ്ങൾ ഉൾപ്പെടെ മിക്ക ചെടികളും നട്ടുപിടിപ്പിക്കാൻ മഴക്കാലമാണു പറ്റിയത്. സസ്യവേരുകളുടെ ആരോഗ്യമുള്ള വളർച്ചയ്ക്കു മണ്ണിലെയും വായുവിലെയും ഈർപ്പവും തണുപ്പുമെല്ലാം നന്ന്. എന്നാൽ നിലത്തും ചട്ടിയിലും വളർത്തുന്ന ചെടികൾക്കു ചുറ്റും മഴവെള്ളം തങ്ങിനിൽക്കാതെ നന്നായി വാർന്നുപോകുന്ന വിധത്തിൽ വേണം നട്ടിരിക്കുന്നിടം ക്രമീകരിക്കാൻ. പൂത്തടങ്ങൾ തറനിരപ്പിനേക്കാൾ ഉയരത്തിൽ തയാറാക്കി നീർവാർച്ച ഉറപ്പാക്കണം. മഴക്കാലത്തു സൂര്യപ്രകാശ ലഭ്യത കുറവായതുകൊണ്ട് അകത്തളച്ചെടികൾ കൂടുതൽ വെളിച്ചം കിട്ടുന്ന ഭാഗത്തേക്കു മാറ്റി നടണം. ബലം കുറഞ്ഞതും ഉയരമുള്ള തണ്ടുകളുള്ളതുമായ ചെടികൾ മഴയ്ക്കൊപ്പമുള്ള ശക്തമായ കാറ്റിൽ ഒടിഞ്ഞുവീഴാതിരിക്കാൻ താങ്ങു നൽകണം. മഴക്കാലത്ത് ചാണകം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ വിഘടിച്ച് ചെടിയുടെ വേരുകൾക്കു ലഭ്യമാകാൻ വൈകുമെന്നതുകൊണ്ട് ഇത്തരം വളങ്ങൾ ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം

ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ കൂര്‍ക്ക കൃഷി ചെയ്യാന്‍ തുടങ്ങാം

സ്വാദിഷ്ടമായ കൂര്‍ക്ക വളര്‍ത്താന്‍ അനുയോജ്യമായ കാലമാണിനി. ജൂലായ്-ഓഗസ്റ്റ് ആണ് കൂര്‍ക്കയുടെ കൃഷികാലം. 
മണല്‍ കലര്‍ന്ന ഇര്‍പ്പമാര്‍ന്ന മണ്ണുള്ള എവിടെയും കൂര്‍ക്കവളര്‍ത്താം. കൂര്‍ക്ക ഞാറ്റടി മുന്‍കൂട്ടിയൊരുക്കണം. നടാനുള്ള കൂര്‍ക്കത്തലപ്പുകള്‍ ഇവിടെവേണം വളര്‍ത്താന്‍. നട്ട് മൂന്നാഴ്ച വളര്‍ച്ചയെത്തുമ്പോള്‍ 10-15 സെ. മീറ്റര്‍ നീളത്തില്‍ മുറിച്ച കഷണങ്ങള്‍ 30x15 സെ.മീ. വലുപ്പത്തില്‍ ഉയര്‍ത്തിക്കോരിയ തടങ്ങളില്‍ 30 സെ.മീ. അകലത്തില്‍ നടാം.

അടിവളമായി തടങ്ങള്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് വളക്കൂറുള്ളതാക്കിയിരിക്കണം. നട്ട് 30-45 ദിവസമാകുമ്പോള്‍ നേരിയതോതില്‍ കളനീക്കി മണ്ണടുപ്പിച്ചുകൊടുക്കുക. വള്ളിയുടെ ചുവട്ടില്‍ മണ്ണുകൂട്ടുന്നത് കൂടുതല്‍ കിഴങ്ങുകള്‍ പൊട്ടാനിടയാക്കും. ഓഗസ്റ്റ്-സെപ്റ്റംബര്‍ ആകുമ്പോഴേക്കും വയലറ്റു പൂക്കള്‍ വിടരും. ഡിസംബറാകുമ്പോഴേക്കും വിളവെടുപ്പിനു തയ്യാര്‍. ചെടി ഉണങ്ങുന്നതാണ് വിളവെടുപ്പുസമയത്തിന്‍റെ സൂചന. കാര്യമായ കീടരോഗബാധകളില്ലാത്തത് അനുഗ്രഹമാണ്.

ശ്രീധര, നിധി, സുഫല എന്നിവ മികച്ച ഇനങ്ങളാണ്. ശ്രീധരയും നിധിയും മികച്ച വിളവുതരുമെന്നു മാത്രമല്ല കൂര്‍ക്കക്കൃഷിയുടെ നിത്യശല്യമായ നിമവിരബാധയെ പ്രതിരോധിക്കും. പോഷകസമൃദ്ധമാണ് കൂര്‍ക്ക. കാര്‍ബോഹൈഡ്രേറ്റ്, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയ്ക്കു പുറമേ ജീവകം സി, കാത്സ്യം, ഇരുമ്പുസത്ത് എന്നിവയും അടങ്ങിയിരിക്കുന്നു.

സ്വാദിഷ്ടമായ കൂര്‍ക്കത്തോരനും മെഴുക്കുപുരട്ടിയും പ്രസിദ്ധമാണ്. പുതുതായി, കൂര്‍ക്ക അച്ചാറിന് വിപണനസാധ്യത വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ സവിശേഷമായ മണ്ണിലും കാലാവസ്ഥയിലും വളരുന്ന കൂര്‍ക്കയ്ക്ക് മറുനാട്ടിലും നല്ല ഡിമാന്‍റാണ്.

വാല്‍നട്ടിന്‍റെ അപൂര്‍വ്വ ഗുണങ്ങള്‍ അറിയാം

വാല്‍നട്ട് എന്ന പേരും ജുഗ്ലാന്‍സ് റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ടിന്‍റെ സ്വദേശം ഇറാനാണ്. ഫലം, ഇല, തോല്‍, പരിപ്പ് തുടങ്ങിയ ഭാഗങ്ങള്‍ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു. പരിപ്പില്‍ നിന്ന് ലഭിക്കുന്ന എണ്ണ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനുപയോഗിക്കുന്നു. ആക്രോട്ട് മരത്തിന്‍റെ  തടി വളരെ ബലമുള്ളതാണ്. ഇന്ത്യയില്‍ കശ്മീരില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

ഇത് മെച്ചപ്പെട്ട ഒരു ആന്‍റിഒക്സിഡന്‍റാണ്. ടൈപ്പ് 2 ഡയബെറ്റിക്കിന് ഇത് നല്ലൊരു ഔഷധമാണ്. ഒരു പിടി വാല്‍നട്ട് കഴിച്ചാല്‍, ആറ് മാസം തുടര്‍ന്നാല്‍ ഇതിന്‍റെ ഗുണം നേരിട്ടറിയാമത്രെ. മധുരമില്ലാത്തതിനാല്‍ കുട്ടികള്‍ കഴിയ്ക്കാന്‍ സാധ്യതയില്ല. പാലിലോ മറ്റൊ അരച്ച്‌ ചേര്‍ത്ത് നല്‍കിയാല്‍ ബുദ്ധിക്ക് വിശേഷം. വന്‍കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാനും ഇവന് ശേഷിയുണ്ട്.

വാല്‍നട്ട് അരച്ച്‌ മുഖത്ത് ഇടുന്നതും നല്ലതാണ്, എന്നാല്‍ വില പലപ്പോഴും ഇതിന് തടസമാണ്. ബര്‍ഫി പോലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാമെങ്കിലും നേരിട്ട് കഴിക്കുന്നതാണ് ഉത്തമം

സോമലത വീട്ടുമുറ്റത്തു വളര്‍ത്താം

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ അറിയാതെ നിലത്ത് വീണ തുള്ളികളാണ് പിന്നീട് സോമലതയായി പരിണമിച്ചതെന്നാണ് ഐതീഹ്യം. ലതകള്‍ക്കിടയിലെ രാജകുമാരിയായി പരിഗണിച്ച്‌ വരുന്ന സോമലതയുടെ നീര് പാനം ചെയ്തായിരുന്നു മുനിമാര്‍ അവരുടെ ആരോഗ്യം സംരക്ഷിച്ചിരുന്നതെന്നും പറയുന്നു.

സോമയാഗങ്ങളിലെ പ്രധാന പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും ഉന്മേഷദായിനിയുമാണ്. കല്ലടിക്കോടന്‍ മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്. ഏകദേശം രണ്ടു ഡസനിലേറെ ഇനങ്ങളില്‍ സോമലത കണ്ടു വരുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ ദിവ്യ വള്ളിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളര്‍ത്താവുന്നതുമാണ്.

ആഴം കുറഞ്ഞതും വിസ്താരമേറിയതും വൃത്താകൃതിയിലുമുള്ള പാത്രങ്ങളിലാണ് സേമലത വളര്‍ത്തേണ്ടത്. വല്ലപ്പോഴും അല്പം വെള്ളം തളിച്ചുകൊടുക്കേണ്ട ആവശ്യമേയുള്ളൂ സോമലതയ്ക്ക്. സൂര്യപ്രകാശം വളരെക്കുറച്ച്‌ മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ ചെടി അധികവും വളരുന്നത്. ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്‍ണ്ണമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കിസമയം നിദ്രയിലായിരിക്കും.

ഔഷധഗുണങ്ങളുള്ള തകര

ഇന്ത്യയില്‍ എല്ലാ ഭാഗത്തും, പ്രധാനമായും കേരളത്തില്‍ സര്‍വസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര. ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടില്‍ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്‍റെ ഔഷധഗുണം പഴമക്കാര്‍ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു.

ഇംഗ്ളീഷില്‍ റിങ് വോം പ്ലാന്റ് എന്ന് പേരുള്ള തകര, സിസാല്‍ പിനിയേസിയേ കുടുംബത്തിലെ അംഗമാണ്. ശാസ്ത്രീയനാമം കാസിയ ടോറ ലിന്‍, കാസിയ ബോറേന്‍സിസ് മിക്വ്, കാസിയ ന്യുമിലിസ് കൊളാഡ് എന്നിങ്ങനെയാണ്. ഇതില്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി കാണപ്പെടുന്നയിനം കാസിയ ടോറ ലിന്‍ ആണ്.

മഴക്കാലമാണ് ഇതിന്‍റെ ഹരിതകാലം. നന്നായി മഴ ലഭിക്കുന്ന ലോകത്തിന്‍റെ  എല്ലാഭാഗത്തും ഇത് നന്നായി വളര്‍ന്നുവരുന്നു. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന തകര മഴക്കാലത്തിനു ശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകള്‍ പുതുമഴയോടെ മുളയ്ക്കും. ഏകദേശം ഒരു മീറ്ററോളം ഉയരംവെക്കുന്ന ചെടിയില്‍ നിറയെ പച്ചയും ഇളം പച്ചയും കലര്‍ന്ന ഇലകളുണ്ടാകും. ഇലകള്‍ വിന്യസിച്ചിരിക്കുന്നത് ഏകാന്തര ക്രമത്തിലാണ്. ആദ്യം മുളയ്ക്കുന്ന ഇലകള്‍ താരതമ്യേന ചെറുതായിരിക്കും. കൈയിലിട്ടുരച്ചു നോക്കിയാല്‍ രൂക്ഷഗന്ധമാണുണ്ടാവുക.

നല്ല മഞ്ഞനിറത്തിലുള്ള പൂവുകളാണ് തകരയ്ക്ക് ഉണ്ടാവുക. മങ്ങിയ നിറത്തിലുള്ളതും കണ്ടുവരുന്നു. കായകള്‍ നേര്‍ത്തുമെലിഞ്ഞ് 10-12 സെന്‍റീമീറ്റര്‍ നീളമുണ്ടാകും. പോഡിനുള്ളില്‍ 20-25 വിത്തുകള്‍ കാണും. വിത്തുകള്‍ക്ക് തവിട്ടുകലര്‍ന്ന കറുപ്പു നിറമായിരിക്കും. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മുളച്ചുപൊന്തുന്ന ഇവ നവംബര്‍ മാസത്തോടെ വിത്തായി ജനുവരി-ഫെബ്രുവരിയാകുമ്പോഴേക്കും നശിച്ചുപോവും.

ഔഷധഗുണം: ഒട്ടേറെ രാജ്യങ്ങളില്‍ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തകര. ചൈനയിലും ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു. വിരകള്‍ക്കുള്ള മരുന്നുകളില്‍ അലോപ്പതിയിലും ഇതിന്‍റെ  വിത്തിന്‍റെ  സാന്നിധ്യമുണ്ട്. ആന്‍റി ഓക്സിഡന്‍റ് ആയി ഇത് അലോപ്പതിയില്‍ ഉപയോഗിക്കുന്നുണ്ട്.

ഇതിന്‍റെ വേര് നല്ല ആന്‍റിസെപ്റ്റിക് ഗുണമുള്ളതാണ്. അലോ ഇമോള്‍ഡിന്‍, ക്രൈസോഫനോള്‍, കാഥര്‍ടെയ്ന്‍, കാത്സ്യം, ഇരുമ്പ്,  ഫോസ് ഫറസ് , ബീറ്റാ സിറ്റോസ്റ്റിറോള്‍, ഇമോഡിന്‍, റുബ്രോഫുസാരിന്‍, സ്റ്റിഗ്മാസ്റ്റിറോള്‍, ടാര്‍ടാറിക് ആസിഡ് എന്നിങ്ങനെ തുടങ്ങി ഒട്ടേറെ രാസ സംയുക്തങ്ങളാല്‍ അനുഗൃഹീതമാണ് നമ്മുടെ തകര.

ആയുര്‍വേദത്തില്‍ ചര്‍മരോഗം, പിത്തം, കഫം, വാതം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങള്‍, രക്തദോഷം എന്നിവയ്ക്ക് തകര സമൂലം ഉപയോഗിക്കുന്നു. പാമാകുഷ്ഠം, സിദ്ധമകുഷ്ഠം, പുഴുക്കടി, എന്നിവ ശമിപ്പിക്കാന്‍ ഇതിന്‍റെ  വിത്ത് അരച്ച്‌ ലേപനം ചെയ്യാറുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന വൃണങ്ങള്‍ ശമിപ്പിക്കാന്‍ തകരയില ആവണക്കെണ്ണയില്‍ അരച്ച്‌ പുരട്ടാറുണ്ട്.

ശ്വാസകോശരോഗങ്ങള്‍ക്ക് തകരയിലയുടെ നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്. വയറുവേദനയ്ക്ക് തകരയില ഉണക്കിപ്പൊടിച്ചു കഴിക്കുന്നതും. മലബന്ധത്തിന് തകരയിലക്കഷായം കഴിക്കുന്നതും രോഗശമനമുണ്ടാക്കും. പാമ്പുകടിയേറ്റാല്‍ വിഷം ശമിപ്പിക്കാന്‍ തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ് ഇതിന്‍റെ  ഇലയുടെ നീര്. നിംബാദിചൂര്‍ണം, കാസിസാദി ഘൃതം, മഹാവിഷഗര്‍ഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുര്‍വേദമരുന്നുകളില്‍ തകര സമൂലം ഉപയോഗിക്കുന്നു.

കരളിനെയും, കണ്ണിനെയും ത്വക്കിനെയും സംരക്ഷിക്കാനും തലവേദനയെയും രക്താദിമര്‍ദത്തെയും മലബന്ധത്തെയും വിട്ടുമാറാത്ത ചൊറിയെയും അകറ്റാനും ഉപയോഗിക്കുന്ന, അങ്ങനെ നമ്മുടെ ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രധാനം ചെയ്യുന്ന തകരയെ ഈ മഴമാസങ്ങളില്‍ നാം മറക്കരുത്.
വേര് , വിത്ത്, ഇല എന്നിവയുടെ മരുന്നായുള്ള ഉപയോഗം ആയുര്‍വേദ വിധിയനുസരിച്ചാവണം അല്ലെങ്കില്‍ അധികമായാല്‍ അമൃതും വിഷമാകുന്നതുപോലെ വിപരീതമായേക്കും.

കടലയുടെ കൃഷിരീതി

മികച്ച പോഷകമൂല്യമുള്ള ഭക്ഷ്യപദാർഥമാണ് കടല. വലുപ്പം കുറഞ്ഞതും കടും തവിട്ടുനിറമുള്ളതുമായ ദേശി കടലയും, മങ്ങിയ വെള്ളനിറത്തിൽ മുഴുത്ത കാമ്പുള്ളവയും എന്നിങ്ങനെ രണ്ടിനങ്ങൾ. ഇന്ത്യയ്ക്കു യോജിച്ചത് ദേശി ഇനങ്ങളാണ്. മഴ കുറഞ്ഞ ശൈത്യമേഖലയാണു കൃഷിക്കു യോജ്യം. കളിമണ്ണില്‍ നന്നായി വളരുന്നു. കടല തനിവിളയായി കൃഷി ചെയ്യുന്നതു പരുത്തിക്കരി മണ്ണിലാണ്. മഴക്കാലം കഴിഞ്ഞാണ് കൃഷിയിറക്കേണ്ടത്. വിത്തുകൾ തമ്മിൽ 25–30 സെ.മീ. അകലം നൽകി പാകണം. ചെടികൾ നന്നായി തഴച്ചു വളരുന്നതിനാൽ കളശല്യം കുറവായിരിക്കും. കൂടുതൽ ചിനപ്പുകൾ ഉണ്ടാകാൻ ചെടിയുടെ തല നുള്ളി മാറ്റാറുണ്ട്. മണ്ണ് ഒരുക്കുന്നതിനൊപ്പം ഹെക്ടറിന് 4–5 ടൺ ജൈവവളം (കാലിവളം/കമ്പോസ്റ്റ്) ചേർക്കണം. പുറമേ, നൈട്രജൻ 20 കിലോ, 40 കിലോ ഫോസ്ഫറസ് എന്നിവയും നൽകുക. മൂന്നര മാസംകൊണ്ടു കായ്കൾ മൂപ്പാകും. വിളവെടുപ്പ് ചെടികൾ പിഴുതെടുത്തോ അരിഞ്ഞെടുത്തോ നടത്തുന്നു. കൊയ്തെടുത്തത് ഒരാഴ്ചയോളം കൂട്ടിയിടണം. പിന്നീടു വടികൊണ്ടടിച്ചോ, ചവിട്ടിയോ മണികള്‍ വേർതിരിച്ചെടുക്കാം.

വളം - കീടനാശിനികള്‍

എളുപ്പത്തില്‍ തയ്യാറാക്കാം മണ്ണിര കമ്പോസ്റ്റ്

നമ്മുടെ ചുറ്റുപാടും അടിഞ്ഞുകൂടികൊണ്ടിരിക്കുന്ന ഖരമാലിന്യങ്ങളില്‍ നിന്നും പാഴ് വസ്തുക്കളില്‍ നിന്നും കൃഷിക്കാവശ്യമായ ജൈവവളം ഉണ്ടാക്കുന്നതിനുള്ള ഉത്തമ മാര്‍ഗ്ഗമാണ് മണ്ണിര കമ്പോസ്റ്റ്. ദ്രവിക്കുന്ന മാലിന്യങ്ങളെ സംസ്കരിച്ച് സസ്യപോഷകവസ്ഥുക്കളാക്കിമാറ്റുവാന്‍ കമ്പോസ്റ്റ് നിര്‍മ്മാണത്തിലൂടെ സാദ്ധ്യമാണ്. മറ്റ് കമ്പോസ്റ്റുകളെ ആപേഷിച്ച് മണ്ണിര കമ്പോസ്റ്റിന്‍റെ ഗുണം ഇത് 50 ദിസവത്തിനുള്ളില്‍ തയ്യാറാക്കാം എന്നതാണ്. മറ്റ് കമ്പോസ്റ്റുകള്‍ തയ്യാറായിവരുന്നതിന് മുന്ന് മുതല്‍ ആറ് മാസം വരെയെടുക്കും. മണ്ണിരയുടെ ആമാശയത്തില്‍ വെച്ചുതന്നെ ജൈവ വസ്തുക്കള്‍ നന്നായി അരച്ചെടുക്കുന്നതുമൂലം സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം വേഗത്തിലാകുന്നു.

എന്‍സൈമുകള്‍ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് അവയിലടങ്ങിയിരിക്കുന്ന പോഷകങ്ങളെ ചെടികള്‍ക്കും സൂക്ഷ്മാണുക്കള്‍ക്കും എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ രൂപത്തിലാക്കുന്നു. വീട്ടില്‍ തന്നെ ചെറിയതോതില്‍ കമ്പോസ്റ്റ് നിര്‍മ്മിച്ചാല്‍ അടുക്കളതോട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. ഗാര്‍ഹികാവശിഷ്ടങ്ങള്‍ ഉപയോഗിച്ചുള്ള മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിയുന്നതാണ്. കമ്പോസ്റ്റ് കുഴി നിര്‍മ്മിക്കാന്‍ സ്ഥലപരിമിതിയുള്ളവര്‍ക്ക് വീഞ്ഞ്പ്പെട്ടിയോ,മണ്‍ചട്ടിയോ, പ്ലാസ്റ്റിക് പാത്രത്തിലോ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീഞ്ഞ്പ്പെട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍  45*30*15 സെന്റിമീറ്റര്‍ അളവിലുള്ള പെട്ടിയാണ് നല്ലത്.

പെട്ടിയുടെ ഉള്‍ഭാഗത്ത് പ്ലാസ്റ്റ്ക് ഷീറ്റ് വിരിച്ച്. അടിഭാഗത്ത് അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ ചകിരി നനച്ചശേഷം 100 മുതല്‍ 250 യൂഡ്രില്ലസ്സ് യൂജിനെ മണ്ണിരയെ നിക്ഷേപിക്കണം. ഇതിനു മുകളില്‍ നേരിയതോതില്‍ അടുക്കളയിലെ അവശിഷ്ടങ്ങള്‍ ഇട്ടുകൊടുക്കണം. തുടക്കത്തില്‍ അല്‍പം ചാണകം ചേര്‍ക്കുന്നത് നല്ലതാണ്. പെട്ടിയുടെ മുകളില്‍ ചണച്ചാക്ക് നനച്ചിടണം.പെട്ടി നിറഞ്ഞുകഴിഞ്ഞാല്‍ ചെറുതായി ഇളക്കിയ ശേഷം ഒരാഴ്ച അനക്കാതെ വയ്ക്കണം. അപ്പോഴേയ്ക്കും കമ്പോസ്റ്റ് തയ്യാറാകും. കമ്പോസ്റ്റ് തയ്യാറായതിനു ശേഷം പെട്ടി വെയ് ലത്തുവെച്ച് മണ്ണിരകളെ അടിയിലേക്ക് മാറ്റിയതിന് ശേഷം കമ്പോസ്റ്റ് ഉപയോഗിക്കാം. ഈ മണ്ണിര അടങ്ങിയ കമ്പോസ്റ്റ് പെട്ടി വീണ്ടും ഉപയോഗിക്കാവുന്നതാണ്. ധാരാളം എണ്ണമയവും എരിവുമുള്ള വസ്തുക്കള്‍ പെട്ടിയില്‍ നിക്ഷേപിക്കരുത്. എലി ശല്യം ഉണ്ടെങ്കില്‍ പെട്ടിയുടെ മുകളില്‍ കമ്പിവലവെച്ച് സൂക്ഷിക്കണം.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate