অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിപാഠങ്ങളും അറിവുകളും

കൃഷിപാഠങ്ങളും അറിവുകളും

കാൻസറിനേയും ഹൃദ്രോഗത്തേയും ചെറുക്കാൻ കാബേജ്

വളരെ രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ, ഹൃദ്രോഗം തുടങ്ങി പല മാരക രോഗങ്ങളെയും നിയന്ത്രിക്കാനും ഫലപ്രദമാണ്. കാര്യം ഇതൊക്കെയാണെങ്കിലും കുറച്ചു കാലങ്ങളായി കാബേജ് എന്നു കേൾക്കുന്പോൾ പലർക്കും ചതുർഥിയാണ്. രാസ കീടനാശിനി പ്രയോഗങ്ങളുടെ പേടിപ്പെടുത്തുന്ന കഥകളാണ് കാബേജിൽ നിന്നും മലയാളിയെ അകറ്റുന്നത്. പണം മാത്രം ലക്ഷ്യമാക്കുന്ന ചില കച്ചവടക്കാർ കാബേജിനെ ഡിഡിറ്റി തുടങ്ങിയ കീടനാശിനികളിൽ മുക്കിയാണ് വില്പനയ്ക്കു വയ്ക്കുന്നതെന്നും മനുഷ്യശരീരത്തിനു ഹാനികരമായ കീടനാശിനികളാണ് കാബേജ് കൃഷിയിൽ ഉപയോഗിക്കുന്നതെന്നുമുള്ള വാർത്തകൾ കാബേജിന്‍റെ വലിയ ഇഷ്ടക്കാരെ വരെ മാറ്റി നിർത്തി. എന്നാൽ പല കൃഷി സ്നേഹികളും ഇപ്പോൾ വീട്ടമ്മമാരും കാബേജിനെ വിഷരഹിതമാക്കാനുള്ള പ്രയത്നങ്ങൾ വിജയകരമായി തുടങ്ങിയിട്ടുണ്ട്. വിളഞ്ഞു നില്ക്കുന്ന കാബേജ് കാണുവാനും അഴകാണ്. കീടനാശിനി തളിക്കാത്ത ശുദ്ധമായ പച്ചക്കറിയും ലഭിക്കും. ഇതിന്‍റെ കൃഷിരീതിയും എളുപ്പമാണ്. നല്ല വിത്ത് കിളിർപ്പിച്ചോ തൈകൾ നട്ടോ കാബേജ് വളർത്താം. കാബേജ് തൈകൾ പുറത്തുനിന്നു വാങ്ങാനും ലഭിക്കും. സ്വന്തം വീട്ടുമുറ്റത്ത് ഈ ശീതകാല പച്ചക്കറി നട്ടുവളർത്തി നല്ല ഒന്നാന്തരം ജൈവ കാബേജ് വിളയിച്ചെടുക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വീട്ടുപറന്പിൽ സെപ്റ്റംബർ മുതൽ കാബേജ് കൃഷി തുടങ്ങാം. തുറസായസ്ഥലത്തോ, ചെറിയ പരന്ന പാത്രത്തിലോ പ്രോട്രേകളിലോ വിത്തു പാകാം.



നീർവാർച്ചയുള്ള മണ്ണും, സൂര്യപ്രകാശവും കാബേജിന്‍റെ വളർച്ചയ്ക്ക് ആവശ്യമാണ്. വിത്തു പാകുന്നതിനു മുന്പ് അര മണിക്കൂർ ജീവാണുവളമായ സ്യൂഡോമോണസ് ലായനിയിൽ ഇട്ടു വയ്ക്കാവുന്നതാണ്. ലായനി ലഭിച്ചില്ലെങ്കിൽ 20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. വിത്തു പാകിക്കഴിഞ്ഞാൽ ഇടയ്ക്കിടെ വെള്ളം നല്കണം. നാലില പ്രായമാകുന്പോൾ വിത്ത് ഇളക്കി നടാം. ഗ്രോബാഗിലാണെങ്കിൽ മണൽ, മേൽമണ്ണ്, ഉണക്കചാണകപ്പൊടി, ചകിരിച്ചോറ്, കന്പോസ്റ്റ് അഥവാ വെർമികന്പോസ്റ്റ് എന്നിവ 1:1:1 അനുപാതത്തിൽ തയാറാക്കണം. ചാണകപ്പൊടിയും കന്പോസ്റ്റും ഒന്നിച്ച് ഇളക്കി ഉപയോഗിക്കാം. ഉദാഹരണമായി രണ്ടുചട്ടി മണലാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടു ചട്ടി മേൽ മണ്ണ് രണ്ട് ചട്ടി ചാണകപ്പൊടി അഥവ കന്പോസ്റ്റ് എന്നിങ്ങനെ അനുപാതത്തിലെടുക്കുക. വീട്ടുപറന്പിലാണ് തൈ നടുന്നതെങ്കിൽ ചെറിയ വരന്പുകൾ ഉണ്ടാക്കി അതിന്‍റെ മുകളിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ടിളക്കി പരുവപ്പെടുത്തി തൈകൾ നടാം. ഫംഗസ് ആക്രമണം അധകം നേരിടാത്ത ഒരു പച്ചക്കറിയാണ് കാബേജ്. അതിനാൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നീ വളങ്ങൾ മതിയാകും. 

ട്രൈക്കോഡർമ എന്ന ജീവാണു വളം ഉപയോഗിക്കുന്നവർക്കു മണ്ണ് തയാറാക്കുന്പോൾ ആവശ്യത്തിനു ചേർ ക്കാം. ഒരു സെന്‍റിൽ കാബേജ് കൃഷി നടത്തുന്പോൾ 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ ട്രൈക്കോഡർമ എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ വളം തയാറാക്കാൻ ഇവമൂന്നും കുഴച്ച്, ചാക്കിട്ട് മൂടി ഒരാഴ്ച കഴിഞ്ഞു വേണം ഉപയോഗിക്കാൻ. ഇതിൽ നിന്നും ഒരുപിടി വീതം ഇട്ട് നിലം ഒരുക്കാം. വളരെ കുറച്ച് കൃഷിയിടമേ ഉള്ളുവെങ്കിൽ അതിനനുസരിച്ചുള്ള ചാണകപ്പൊടിയും, മറ്റുവളവും ചേർത്താൽ മതിയാകും. ഒന്നരയടി അകലത്തിൽ തൈകൾ നടാം. തൈ പറിച്ചു നടുന്ന സമയത്ത് വലിയ വെയിലിൽ നിന്നും രക്ഷനേടാൻ നാലുദിവസം ഓലവച്ച് തണൽ നല്കണം. ജീവക സമൃദ്ധമായ കാബേ ജ് പലതരം കാൻസർ നിയന്ത്രണത്തിനു സഹായിക്കും. ഗ്യാസ്ട്രിക് അൾസറിനു ഫലപ്രദമാണ്. ജീവകം ബി, സി, കെ, ഇ വിറ്റാമിൻ ഒ, സി, കെ എന്നിവ അടങ്ങിയിട്ടുള്ള കാബേജിൽ നാരുകൾ, പൊട്ടാസ്യം എന്നിവയുമുണ്ട്. ജപ്പാനിലും, അമേരിക്കയിലും നടത്തിയ ഗവേഷണങ്ങൾ അർബുദ നിയന്ത്രണത്തിനുള്ള കാബേജിന്‍റെ പ്രാധാന്യം തെളിയിച്ചിട്ടുണ്ട്. ദഹനത്തിനും കാബേജ് സഹായകമാണ്.

കാബേജ് തോരൻ, കാബേജ് മെഴുക്കുപുരട്ടി എന്നിവയാണ് സാധാരണ തയാറാക്കുന്ന വിഭവങ്ങൾ. വെള്ളത്തിലും മറ്റും ഇട്ട് വേവിക്കുന്നത് കാബേജിലെ വൈറ്റമിൻ അളവ് കുറയ്ക്കാൻ കാരണമാകും. അതിനാൽ ആവിയിൽ വേവിക്കുന്നതാണ് കൂടുതൽ നല്ലത്. പച്ചയായി സാലഡിലും മറ്റും കാബേജ് ഉപയോഗിക്കുന്നതും ഗുണകരമാണ്. നീളത്തിൽ അരിഞ്ഞ കാബേജ്, പച്ചമുളക്, സവാള, കാപ്സിക്കം, നാരങ്ങ നീര് എന്നിവ ചേർത്ത് സലാഡുകൾ എളുപ്പം തയാറാക്കാം. പൈനാപ്പിൾ നീളത്തിൽ അരി ഞ്ഞിടുന്നത് കാബേജ് സാലഡിന്‍റെ രുചി വർധിപ്പിക്കും. കാബേജ് ജ്യൂസ് ദിവസേന ധാരാളം കഴിച്ചാൽ ശരീരത്തിലെ ഇരുന്പിന്‍റെ അംശം കുറയുമെന്നും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് കാബേജ് നല്ലതല്ലെന്നു മുള്ള ദോഷവശങ്ങൾ ഒഴിച്ചാൽ കാബേജ് ഒന്നാന്തരം ഒരു ഭക്ഷ്യവിഭവമാണ്. ഗുണങ്ങൾ വളരെ യുള്ളതും ദോഷങ്ങൾ കുറഞ്ഞതുമായ പച്ചക്കറിയാണ് കാബേജ്. കാൻസറിനെ പ്രതിരോധിക്കുന്ന പച്ചക്കറിയാണെങ്കിലും കീടനാശിനികളിൽ മുങ്ങി വരുന്നതു കൊണ്ടുതന്നെ ഇത് കാൻസർ വരുത്തുന്നു എന്നുള്ള വാർത്തകൾ ഉണ്ട്. അതിനാൽ മാർക്കറ്റിൽ നിന്നും കാബേജ് വാങ്ങാൻ പലർക്കും വൈമനസ്യമുണ്ട്. ഇതിനൊക്കെയുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് വീട്ടുവളപ്പിലെ കാബേജ് കൃഷി. ഫോണ്‍: മഞ്ജുള96336 71974.

എസ്. മഞ്ജുളാദേവി

നാളികേരം: മൂല്യവർധനയ്ക്കു യന്ത്രസഹായം

ഇന്ന് വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു ഉത്പന്നമാണ് നീര. തെങ്ങിന്‍റെ മുകൾഭാഗത്ത് തന്നെ ഘടിപ്പിക്കാവുന്ന കോകോ സാപ്പ് ചില്ലർ നീര ശേഖരിക്കുന്നത് വളരെ സുഖമാക്കുന്നു. തെർമോകോൾ ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്ന ഈ ഉപകരണത്തിൽ നാലുലിറ്റർ കപ്പാസിറ്റിയുള്ള ഒരു പ്ലാസ്റ്റിക് ബാഗും, അതിനടിയിൽ ശീതീകരണ സംവിധാനവുമുണ്ട്. ഭാരക്കുറവ് കാരണം വളരെ സുഗമമായും, സുരക്ഷിതമായും ഇതുപയോഗിക്കാം. പൂന്പൊടിയും മറ്റു പ്രാണികളും വീഴുന്നതു തടയുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന അരിപ്പയും ഇതിന്‍റെ പ്രത്യേകതയാണ്.


ടെൻഡർ കോക്കനട്ട് പഞ്ച് ആൻഡ് കട്ട് മെഷീൻ

ഒരു ഇളനീർ കുടിക്കാൻ ഇനി കത്തിയും കൊടുവാളും ഉപയോഗിച്ച് കഷ്ടപ്പെടേണ്ടതില്ല. ടെൻഡർ കോക്കനട്ട് പഞ്ച് ആൻഡ് കട്ട് മെഷീൻ ഉപയോഗിച്ച് ദ്വാരമിട്ട് അതിലൂടെ സ്ട്രോ ഇറക്കി സ്മാർട്ടായി ഇളനീർകുടിക്കാം. ഇനി അത് മുറിച്ചെടുക്കാനും കഷ്ടപ്പെടേണ്ട, മെഷീനിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കത്തി വച്ച് ഒന്ന് പ്രസ് ചെയ്താൽ മതി. ഈ മെഷീൻ ഉപയോഗിച്ച് മണിക്കൂറിൽ 120 ഇളനീർവരെ പൊളിച്ചെടുക്കാം. ഏഴു മുതൽ എട്ടു മാസം വരെ പ്രായമുള്ള ഇളനീരാണ് ഈ മെഷീൻ ഉപയോഗിച്ച് പഞ്ച് ചെയ്യുന്നത്. 15,000 രൂപയാണ് ഇതിന്‍റെ വില.

സ്നോബോൾ ടെൻഡർ കോക്കനട്ട് മെഷീൻ

ഇനി ഇളനീർ ബോളായി തന്നെ കഴിക്കണമെന്നിരിക്കട്ടെ, അതിനും മാർഗമുണ്ട്. സ്നോ ബോൾ ടെൻഡർ കോക്കനട്ട് മെഷീൻ ഉപയോഗിച്ച് എട്ടു മാസം പ്രായമായ കരിക്ക് ചിരട്ടയിൽ നിന്നും ബോൾ രൂപത്തിൽ തന്നെ വേർതിരിച്ചെടുക്കാൻ സാധിക്കും. ഇന്ന് പല ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഇത്തരത്തിലുള്ള സ്നോബോൾ ഇളനീർ കപ്പുകളിലാക്കി വിളന്പുന്ന രീതി കണ്ടുവരുന്നുണ്ട്.

കോക്കനട്ട് ചിപ്സ് സ്ലൈസിംഗ് മെഷീൻ

തേങ്ങയിൽ നിന്നും ഉണ്ടാക്കാവുന്ന മറ്റൊരു ഉത്പന്നമാണ് കോക്കനട്ട് ചിപ്സ്. കോക്കനട്ട് ചിപ്സ് സ്ലൈസിംഗ് മെഷീൻ മണിക്കൂറിൽ 68 തേങ്ങ വരെ ഒരു മില്ലിമീറ്റർ കട്ടിയുള്ള ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുന്നു. ഇങ്ങനെ തയാറാക്കിയ കഷ്ണങ്ങൾ ഒരു മണിക്കൂർ പഞ്ചസാരലായനിയിൽ ഇട്ടുവച്ചശേഷം 65 ഡിഗ്രി സെൽഷ്യസിൽ അഞ്ചു മണിക്കൂർ നിർജലീകരണം നടത്തി ഉണക്കിയെടുത്താൽ ചിപ്സ് റെഡി. 20 ഗ്രാം ചിപ്സിന് 20 രൂപയാണ് വില.

കോക്കനട്ട് ഡീഹസ്ക്കിംഗ് മെഷീൻ

തെങ്ങു കയറാനും തേങ്ങ പൊളിക്കാനും ആളുകളെ കിട്ടാത്ത ഇക്കാലത്ത് കോക്കനട്ട് ഡീഹസ്ക്കിംഗ് മെഷീൻ വരെ സഹായകമാണ്. മണിക്കൂറിൽ 350 തേങ്ങ ഈ മെഷീൻ ഉപയോഗിച്ച് പൊളിച്ചെടുക്കാം. ഏകദേശം 3.5 ലക്ഷമാണ് ഇതിന്‍റെ വില.

കോക്കനട്ട് മിൽക്ക് എക്സ്ട്രാക്റ്റിംഗ് മെഷീൻ

തിരക്കേറിയ ഇക്കാലത്തെ ജീവിതശൈലിയിൽ തേങ്ങ അരയ്ക്കാനും, പാലെടുക്കാനുമൊന്നും പല വീട്ടമ്മമാർക്കും സമയമില്ല. റിട്ടോർട്ട് പൗച്ചുകളിലെത്തുന്ന തേങ്ങാപ്പാൽ ഇപ്പോൾ വിപണി കീഴടക്കിക്കഴിഞ്ഞു. ഈ മേഖലയിലെ സംരംഭകർക്ക് ഒരു കൈത്താങ്ങാണ് കോക്കനട്ട് മിൽക്ക് എക്സ്ട്രാക്റ്റിംഗ് മെഷീൻ. മണിക്കൂറിൽ 100 തേങ്ങകളിൽ നിന്നും തേങ്ങാപ്പാൽ വേർതിരിച്ചെടുക്കും. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന തേങ്ങാപ്പാൽ അണുനശീകരണം നടത്തിയ ശേഷം റിട്ടോർട്ട് പൗച്ചുകളിൽ വിപണിയിലെത്തുന്നു. 100 തേങ്ങയിൽ നിന്നും 25 ലിറ്റർ വരെ തേങ്ങാപ്പാൽ ലഭിക്കും.

വെർജിൻ കോക്കനട്ട് ഓയിൽ വിപണി കീഴടക്കിയ മറ്റൊരു ഉത്പന്നമാണ്. നാളികേര പഞ്ചസാര, സ്നോബോൾ ഇളനീർ, ചിപ്സ്, വെളിച്ചെണ്ണ, ഡി.സി പൗഡർ, കോക്കനട്ട് മിൽക്ക് തുടങ്ങിയ കേര ഉത്പന്നങ്ങൾ നാളികേരത്തിന്‍റെ ആവശ്യകത വർധിപ്പിക്കുന്നതിനും, അതുവഴി നാളികേരകർഷകർക്ക് ഭേദപ്പെട്ട വില കൈവരിക്കുന്നതിനും സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി സിപിസിആർഐ കാസർഗോഡുമായി ബന്ധപ്പെടുക. ഫോണ്‍: 04994 232894.

നിമിഷ ടി.
കാർഷിക കോളജ്, പടന്നക്കാട്, കാസർഗോഡ്

മനംമയക്കും മോഹിനിച്ചീര

പച്ചനിറത്തിൽ നല്ല ഉയരത്തിൽ നില്ക്കുന്ന പച്ചച്ചീര. പ്രകൃതിയിലെ മികച്ച പച്ചചീരകളിൽ നിന്നും കർഷകർ തെരഞ്ഞെടുത്ത ഇനമാണ് മോഹിനി. ചുവപ്പ്പച്ച ചീരകളാണ് കേരളത്തിൽ പൊതുവേ കാണപ്പെടുന്നത്. തൊടിയിലും കാട്ടു പ്രദേശങ്ങളിലും വളർന്നു നിൽക്കുന്ന ചെറിയ കുപ്പച്ചീരകളും ചീര വൈവിധ്യത്തിന്‍റെ ഭാഗമാണ്.



പ്രോട്ടീനുകളും ജീവകങ്ങളും ധാതുക്കളും സമൃദ്ധമായുള്ള ഇലക്കറിയായ ചീരയുടെ ഗുണ സന്പുഷ്ടത പഴയകാലം മുതലേ മലയാളികൾക്കറിവുള്ളതാണ്. ചീരയുടെ ഗുണഫലങ്ങളെകുറിച്ചുള്ള ശാസ്ത്രീയമായ അറിവില്ലാതിരുന്ന മുൻകാലങ്ങളിൽ തന്നെ മുത്തശിമാരും അമ്മമാരും ചീര കഴിച്ചാൽ കണ്ണിനു തെളിച്ചമുണ്ടാകുമെന്നു പറയുക പതിവായിരുന്നു. ഇന്നത്തെ പോലെ ഇറക്കുമതി ചെയ്യപ്പെട്ട പച്ചക്കറികൾ ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികളുടെ ഉച്ചഭക്ഷണത്തിന്‍റെ ഒരു പ്രധാന കറിയും ചീര ഉൾപ്പെടെയുള്ള ഇലക്കറികളായിരുന്നു. വിഷ കീടനാശിനികൾ ഇല്ലാത്ത നാടൻ പച്ചക്കറികൾ നല്കിയിരുന്ന ആരോഗ്യവും പഴയ തലമുറയ്ക്കു സ്വന്തമായിരുന്നു. രാസ കീടനാശിനി പ്രയോഗങ്ങളുടെ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന മലയാളികളിൽ ഒരു വലിയ വിഭാഗം ഇപ്പോൾ നാടൻ പച്ചക്കറികളിലേക്കും ഇലക്കറികളിലേക്കും തിരുയുകയാണ്. അതുകൊണ്ടു തന്നെ ചീരയ്ക്കും പച്ച ചീരയ് ക്കും ഇപ്പോൾ വലിയ ഡിമാൻഡാണ്. ഏതു സാഹചര്യത്തിലും വളരുന്ന ഒരു ചീരയാണ് പച്ചചീര. അതായത് വളക്കുറില്ലാത്ത മണ്ണിൽ പോലും ഇവ നന്നായി വളരും. ചാണകപൊടി തുടങ്ങിയ ജൈവവളങ്ങൾഇട്ടു കൊടുത്താൽ നല്ല പൊക്കത്തിൽ തഴച്ചു വളരും. നല്ല സാഹചര്യങ്ങളിൽ ഒരാൾ പൊക്കത്തിൽ വരെ പച്ചചീര വളരും. തണ്ടിൽ മേൽ ഇടതൂർന്നു വളരുന്നതാണ് വിത്ത്. വിത്തെടുത്തു പാകി പുതിയ തൈ ഉണ്ടാക്കാം വിത്തുപാകാതെ തന്നെ പാകമായ വിത്ത് വീണ് പൊടിച്ച് ധാരാളം പുതിയ തൈകൾ ഉണ്ടാകും.

ചീരതോരൻ, മെഴുക്കുപുരട്ടി കൂടാതെ മാംസളമായ തണ്ട് അവിയൽ തുടങ്ങിയ കറികളിൽ ഇട്ട് വിഭവങ്ങൾ രുചികരവും, ഗുണകരവുമാക്കാവുന്നതാണ്. പ്രമേഹനിയന്ത്രണത്തിനും രക്തസമ്മർദ നിയന്ത്രണത്തിനും ഫലപ്രദമാണ് ചീര എന്നു കണ്ടെത്തിയിട്ടുണ്ട്. ചീരയുടെ അരിയും, ഇലയും ആരോഗ്ത്തിനുവളരെ ശ്രേഷ്ഠമാണ്. ചിലയിടങ്ങളിൽ വേരും ഭക്ഷണത്തിൽ ഉൾപ്പെടുത്തിവരുന്നു. ചീരയുടെ വിത്തു പൊടിച്ച് ഉണ്ടാക്കുന്ന മാവും ചില സ്ഥലങ്ങളിൽ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നു. ചീര ഉൾപ്പെടെയുള്ള ഇലക്കറികളിൽ ആന്‍റി ഓക്സിഡന്‍റുകൾ ധാരാളമുണ്ട്. അതുപോലെ പച്ചചീരയിലും ആന്‍റി ഓക്സിഡന്‍റുകൾ യഥേഷ്ടമുണ്ട്. കാൻസർ നിയന്ത്രണത്തിനും ആന്‍റി ഓക്സിഡന്‍റുകൾ വലിയ പങ്കുവഹിക്കുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു.

ശരീരവളർച്ചയ്ക്കും, പുനരുജീവനത്തിനും, നീർകെട്ട് തടയാനും, അസ്ഥികളുടെ ബലം വർധിപ്പിക്കാനും പ്രതിരോധശക്തി കൂട്ടുവാനും, വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ തടയുവാനും, തലമുടി വളർച്ചയ്ക്കും, ശരീരഭാരം കുറയ്ക്കുവാനും ചീര ഉത്തമമാണ്. ചീരയില കാൽസ്യംഅളവ് അസ്ഥിക്ഷയത്തെ നിയന്ത്രിക്കുവാൻ പര്യാപ്തമാണ്. ചീരയിലെ നാരുകൾ ദഹന പ്രക്രിയയെ സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റിരോൾസ് ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുന്നു. ഹൃദയ ആരോഗ്യത്തിനു ചീര നല്ലതാണ്. ചീരയിൽ കാണുന്ന വിറ്റാമിൻ കെ ഹൃദയ ആരോഗ്യത്തിനും ഇതിലെ പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കുന്ന തിനും സഹായിക്കും. ചീരയിൽ കാണപ്പെടുന്ന ഫ്ളവനോയിഡ്സ് വെരിക്കോസ് വെയിൻ പ്രശ്നത്തെ തടയുന്ന ഘടകമാണ്. ഗർഭവതികളായ സ്ത്രീകൾ ചീര കഴിക്കുന്നത് ജനിക്കാൻ പോകുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിനും ഗുണകരമാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും കരോട്ടിനോയിഡ്സും കണ്ണുകളുടെ ആരോഗ്യത്തിനു വളരെ ഗുണകരമാണ്. തിമിരത്തെ തടയുവാനും നിയന്ത്രിക്കുവാനും ചീരയിലുള്ള ഈ ആന്‍റി ഓക്സിഡന്‍റുകൾ സഹായിക്കും. കണ്ണുകളുടെ കാഴ്ച ശക്തിയും വർധിപ്പിക്കുന്നു. ചീരയിലെ ഇരുന്പ് വിളർച്ചയെ ചെറുക്കും. ത്വക്ക് രോഗങ്ങൾക്കു പ്രകൃതിദത്തമായ പ്രതിവിധിയാണ്. വായിലെ അൾസർ, മോണപഴുപ്പ് എന്നിവയ്ക്കുള്ള ഒൗഷധമായി പച്ചച്ചീര ഇല ഉപയോഗിച്ചുവരുന്നു. ചീരയിലെ ഓക്സലേറ്റുകൾ വൃക്ക, ഗോൾബ്ലാഡർ എന്നിവയിൽ കല്ല് ഉള്ളവർക്കോ നല്ലതല്ല. ചീര ഇല ഒരു ചെറിയ ശതമാനം പേർക്കു അലർജിയുളവാക്കുന്നുണ്ട് എന്നു ചൂണ്ടികാണിക്കപ്പെടുന്നു.

എസ്. മഞ്ജുളാദേവി

കരിന്പിന്‍റെ ജനിതക കലവറയൊരുക്കി കണ്ണൂർ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

കരിന്പ് കൃഷി വ്യാവസായി കാടിസ്ഥാനത്തിൽ നടക്കുന്നില്ലെങ്കിലും കരിന്പിന്‍റെ ലോകോത്തര ജനിതക ശേഖരം കേരളത്തിലുണ്ടെന്ന കാര്യം അധികമാർക്കുമറിയില്ല. കണ്ണൂരിൽ തുളിച്ചേരി എന്ന സ്ഥലത്താണ് കരിന്പിന്‍റെ ഏറ്റവും വലിയ അന്താരാഷ്ട്ര ജനിതകശേഖരമുള്ളത്. ഇവിടത്തെ ഷുഗർകേൻ ബ്രീഡിം ഗ് ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് സെന്‍ററിൽ 3373 വൈവിധ്യമാർന്ന കരിന്പിൻ ഇനങ്ങളാണ് സംരക്ഷിക്കുന്നത്. ഗവേഷണ ആവശ്യങ്ങൾക്കായാണ് ഇവയെങ്കിലും സിഒ 62175, 86032 തുടങ്ങിയ കോയന്പത്തൂരിൽ വികസിപ്പിച്ച സങ്കരയിനം കരിന്പിൻ തൈകൾ അത്യാവശ്യക്കാർക്ക് നൽകുന്നുമുണ്ട്. 

ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന കരിന്പിന്‍റെ എല്ലാ ഇനങ്ങളും കരിന്പുജനുസായ സക്കാരത്തിന്‍റെ മറ്റു സ്പീഷിസുകളോ അനുബന്ധ ജനുസുകളോ ഉൾപ്പെട്ടിട്ടുള്ള സങ്കരയിനങ്ങളാണ്. നമ്മുടെ രാജ്യത്ത് കരിന്പിലുള്ള ഗവേഷണം 1912 മുതൽ സജീവമാണ്. ഷുഗർകേൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിവച്ച ഗവേഷണം കരിന്പിന്‍റെ വിളവു വർധിപ്പിക്കാനും ഉത്പാദനത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കാനും സഹായിച്ചു. ഇതു സാധ്യമായത് ജനിതക ശേഖരം ഉണ്ടായിരുന്നതുകൊണ്ടാണ്.

കണ്ണൂരിലുള്ള ജനിതക ശേഖരത്തിൽ മുഖ്യമായും 757 വിവിധ തരത്തിലുള്ള സക്കാരം ഒഫീസിനാരവും, 145 സക്കാരം റോബസ്റ്റവും, 42 സക്കാരം ബാർബേറിയും, 30 സക്കാരം സൈനെൻസെയും, 384 സക്കാരം സ്പൊണ്ടേനിയവും ഉൾപ്പെടുന്നു. ഇതുകൂടാതെ 240 അനുബന്ധ ജനുസുകളിൽപ്പെട്ട ഇനങ്ങളും 130 ഇന്തോ അമേരിക്കൻ സങ്കരയിനങ്ങളും 614 വിദേശ സങ്കരയിനങ്ങളും 1031 ഇന്ത്യൻ സങ്കരയിനങ്ങളുമാണുള്ളത്.

ഓരോ സങ്കരയിനത്തിനും പ്രത്യേക ഗുണങ്ങൾ ലഭിക്കുന്നത് പ്രകൃതിയിലെ ജനിതക വൈവിധ്യത്തിൽ നിന്നാണ്. കരിന്പിന് വിവിധ ഗുണങ്ങൾ ലഭ്യമാകാൻ സാധ്യതയുള്ള ജനിതക വൈ വിധ്യം വിശാലമാണ്. അതിനു കാരണം കരിന്പിന്‍റെ ജനിതക ഘടനയും വളരെ അകന്ന ബന്ധമുള്ള മറ്റു ചെടികളിൽ നിന്നു പോലും ജനിതക ഗുണങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവുമാണ്. ഉദാഹരണമായി കരിന്പിന്‍റെ ജനുസായ സക്കാരത്തിന്‍റെ മറ്റു നാലു സ്പീഷീസുകളിൽ നിന്നും അനുബന്ധ ജനുസുകളായ ഏരിയാന്തസ്, മിസ്കാന്തസ്, സ്ക്ളീ റോസ്റ്റാക്കിയ, നരംഗ, സ്വർഗം, സിയ എന്നിവയിൽ നിന്നു പോലും ക്രോമസോമുകളെ സ്വാംശീകരിക്കാൻ കഴിവുണ്ടെ ന്നതാണ്. അതുകൊണ്ട് കരിന്പിനെ സംബന്ധിച്ചിടത്തോളം ജനിതക ശേഖരത്തിന്‍റെ സമാഹരണവും ഉപയോഗവും മറ്റു വിളകളെക്കാളും പ്രാധാന്യം അർഹിക്കുന്നു.

സക്കാരം ഒഫീസിനാരം

ഈ സ്പീഷീസിലെ ഇനങ്ങളുടെ കാണ്ഡത്തിന് നല്ല ഭംഗിയും വണ്ണവുമുണ്ട്. വളരെ മൃദുവായ കാണ്ഡത്തോടുകൂടിയ, ജ്യൂസും മധുരവും കൂടുതലുള്ള ഇനം. അതുകൊണ്ടു തന്നെ ഇത് നോബിൾ കെയ്ൻ എന്നും കടിച്ചു തിന്നാൻ എളുപ്പമായതിനാൽ ച്യൂയിംഗ് കെയ്ൻ എന്നും അറിയപ്പെടുന്നു. പസഫിക് സമുദ്രത്തിലുള്ള ന്യൂഗിനിയ ദീപിൽ ഉത്ഭവിച്ചതിനാൽ ഇതിന്‍റെ ജനിതക വൈവിധ്യം ന്യൂ ഗിനിയയിലും സമീപത്തുള്ള ഇന്തോനേഷ്യ, മലേഷ്യ, ഫിജി എന്നീ ദ്വീപുകളിലുമാണുള്ളത്. ഈ സമാഹാരത്തിലുള്ള ഇനങ്ങളിൽ മിക്കതും പ്രാദേശിക പേരുകളിലാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന് ആബോ, ആഷി മൗറീഷ്യസ്, ബ്ലാക്ക് ഫിജി എന്നിങ്ങനെ. ഈ ഗ്രൂപ്പിലെ ഭൂരിഭാഗം ഇനങ്ങളും വിദേശങ്ങളിൽ നിന്നു സമാഹരിച്ചവയാണെങ്കിലും ചുരുക്കം ചില ഇനങ്ങൾ നമ്മുടെ രാജ്യത്തെ അടുക്കളത്തോട്ടങ്ങളിലും കാണുന്നു. വെള്ള, പൂവൻ, പൂന, രാംഗർഹ്, മഞ്ചരി റെഡ്, പക്കവേലി, പക്കവേലി സ്ട്രൈപ്ഡ്, തെല്ലച്ചെറുക്ക്, സഹ്റാൻപൂർ ബ്ലാക്ക്, ബ്ലാക്ക് കെയിൻ നാസിക്, പെനാങ്, ദേശി പൗണ്ട എന്നിവ ഇന്ത്യയിലെ ഇനങ്ങളാണ്. ഇവ ഇപ്പോൾ ജനിതക ശേഖരത്തിൽ സംരക്ഷിച്ചുവരുന്നു. ഈ ഇനങ്ങൾ ഉഷ്ണമേഖലാ പ്രദേശത്തു നന്നായി വളരും. പല ഇനങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും രോഗകീടാക്രമണങ്ങൾക്കും പ്രതിരോധ ശേഷി കുറഞ്ഞവയാണ്. അതിനാൽ ഇവയെ ജനിതക ശേഖരത്തിൽ സംരക്ഷിക്കാൻ കഠിന പ്രയത്നം തന്നെ വേണ്ടിവരുന്നു.

സക്കാരം റോബസ്റ്റം

സക്കാരത്തിന്‍റെ ഈ സ്പീഷീസ് ഒരു വന്യ ഇനമാണ്. ഇതു ന്യൂഗിനിയനയിൽ തന്നെ ഉത്ഭവിച്ചു എന്നാണ് കരുതപ്പെടുന്നത്. സക്കാരം ഒഫീസിനാരം ഇതിൽ നിന്നുണ്ടായെന്നാണ് ശാസ്ത്രമതം. ഏതാണ്ട് 10 മീറ്റർ ഉയരത്തിൽ വളരുന്നവയാണെങ്കിലും ഇതിൽ പഞ്ചസാരയുടെ അളവും (>10%) നീരിന്‍റെ അളവും (>30%) കുറവാണ്. കാണ്ഡം വളരെ ഉറപ്പുള്ളതും രോഗപ്രതിരോധ ശേഷിയുള്ളതും വെള്ളക്കെട്ടുള്ള പ്രദേശത്തു സാമാന്യം നന്നായി വളരുന്നതുമാണ്. വന്യ ഇനമാണെങ്കിലും അടുക്കളത്തോട്ടത്തിന്‍റെ വേലിയായി പസഫിക് ദ്വീപു സമൂഹങ്ങളിൽ വളർത്തുന്നു. ജനിതക ശേഖരത്തിലുള്ള ഈ സ്പീഷീസിന്‍റെ 145 ഇനങ്ങളും പസഫിക് ദ്വീപുകളിൽ നിന്നു സമാഹരിച്ചവയാണ്.

സക്കാരം ബാർബേറി

ബിസി 1000 എഡി 500 കാലഘട്ടത്തിൽ ന്യൂ ഗിനിയയിൽ നിന്നുവന്ന സക്കാരം ഒഫീസിനാരം ഇന്ത്യയിലെ സക്കാരം സ്പൊണ്ടേനിയവുമായി പ്രകൃതിദത്തമായി സങ്കരണം നടന്നാണ് ബാർബേറി ജ·മെടുക്കുന്ന്. കരിന്പിൽ ആദ്യകാലത്തു ഗവേഷണം നടത്തിയ ഡോ. സി.എ ബാർബർ എന്ന ശാസ്ത്രജ്ഞന്‍റെ ബഹുമാനാർഥമാണ് ഈ പേര് നൽകിയിരിക്കുന്നത്. ക്രോമസോമുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഏതാണ്ട് നാല് ഇനങ്ങൾ ഈ സ്പീഷീസിലുണ്ട്. സന്നബയിൽ, മുൻഗോ, നർഗോ രി, സരിത എന്നിവയാണിവ. ഇന്നത്തെ സങ്കരയിനങ്ങൾ വരുന്നതിനുമുന്പ് ഉത്തരേന്ത്യയിൽ ഇവ കൃഷി ചെയ്തിരുന്നു. അതുകൊണ്ട് ഇതിനെ നോർത്ത് ഇന്ത്യൻ കെയിൻ എന്നും പറയാറുണ്ട്. ഇവ പൊക്കവും വണ്ണവും കുറഞ്ഞവയാണ്. മോശം കാലാവസ്ഥയിൽ വളരാൻ പ്രാപ്തിയുണ്ട്. രോഗ പ്രതിരോധ ശേഷിയും കൂടുതലാണ്. കൃഷിയിടത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്ന ഇവയുടെ 42 ഇനങ്ങൾ ജനിതക ശേഖരത്തിലുണ്ട്.

സക്കാരം സൈനെൻസെ

സക്കാരം ബാർബേറിയുടെ ഉത്ഭവ കാലഘട്ടത്തിൽ തന്നെയാണ് ചൈനയിൽ സക്കാരം സൈനെൻസെയുടെ ജനനവും. സക്കാരം ഒഫീസിനാരവും സക്കാരം സ്പൊണ്ടേനിയവും ചേർന്നുണ്ടായ പ്രകൃതിദത്തസങ്കരയിനം. ബാഹ്യപ്രകൃത്രിയിൽ സക്കാരം ബാർബേറിയോട് സാമ്യമുണ്ടെങ്കിലും അതിലും ഉയരവും വണ്ണവുമുണ്ട്. ഇത് വളരെ വ്യാപകമായി ചൈനയിൽ പണ്ടുകാലത്ത് കൃഷി ചെയ്തിരുന്നതും ഇപ്പോൾ നിലവില്ലാത്ത ഇനവുമാണ്.

സക്കാരം സ്പൊണ്ടേനിയം

സക്കാരം സ്പീഷീസുകളിൽ ഏറ്റവും അധികം ഭൂപ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഇനം. വന്യമായതും കുപ്രസിദ്ധിയാർജിച്ചതു മായ ഒരു കള കൂടിയാണിത്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാൻ മുതൽ കിഴക്കു പസഫിക് സമുദ്രത്തിലെ ദ്വീപു സമൂഹങ്ങൾ വരെ നീണ്ടുകിടക്കുന്നതാണ് ഈ സ്പീഷീസിന്‍റെ ആവാസ വ്യവസ്ഥ. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വളരെ വ്യാപകമായി കണ്ടുവരുന്നു. ഏതു പ്രതികൂല സാഹചര്യങ്ങളിലും വളരാൻ കഴിവുള്ള ഈ സ്പീഷീസിനു കരിന്പിന്‍റെ സങ്കരയിനം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുണ്ട്. ഇന്ത്യയിൽ ഉണ്ടാക്കിയ ആദ്യത്തെ സങ്കരയിനമായ സിഒ205 ന്‍റെ പിതാവ് കൂടിയാണിത്.

അനുബന്ധ ജനുസുകൾ

പുല്ല് വർഗത്തിലെ എരിയാന്തസ്, മിസ്കാന്തസ്, നരംഗ, സ്ക്ളീറോസ്റ്റാക്കിയ എന്നീ ജനുസുകളുടെ സമാഹാരമാണ് ഈ ഗ്രൂപ്പിൽപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കൂടുതലും ഏരിയാന്തസ് സ്പീഷീസുകളുടെ സമാഹാരമാണ്.

ഇന്ത്യൻ സങ്കരയിനങ്ങൾ

ഇന്ത്യയിൽ ഉണ്ടാക്കിയിട്ടുള്ള മിക്കവാറും എല്ലാ സങ്കരയിനങ്ങളും സിഒ സീരീസിലുള്ളവയാണ്. ഉദാഹരണത്തിന് സിഒ 205, സിഒ 99006, സിഒ 62175, സിഒ 86032 എന്നിങ്ങനെ. ഇതിൽ സിഒ പ്രതിനിധാനം ചെയ്യുന്നത് 

കോയന്പത്തൂർ ഷുഗർ കെയിൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്. കരിന്പ് ഗവേഷണത്തിൽ ഒരു നൂറ്റാണ്ടു പിന്നിടുന്പോൾ മൂവായിരത്തിലധികം സങ്കരയിനങ്ങൾ ഷുഗർ കെയിൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. ജനിതകശേഖരത്തിലുള്ള ഇന്ത്യൻ സങ്കരയിനങ്ങളുടെ സമാഹാരത്തിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത് പല കാലഘട്ടങ്ങളിൽ വ്യാപകമായി ഇന്ത്യയിലും വിദേശത്തും കൃഷിചെയ്തിരുന്നതും ഇപ്പോൾ കൃഷിയിടങ്ങളിൽ കണ്ടു വരാത്തവയുമായ ഇന്ത്യൻ സങ്കരയിനങ്ങൾക്കാണ്.

വിദേശ സങ്കരയിനങ്ങൾ

640 വിദേശ സങ്കരയിനങ്ങളാണ് കണ്ണൂരിലുള്ള ജനിതക ശേഖരത്തിലുള്ളത്. ഇതിൽ ചരിത്രപ്രാധാന്യമുള്ളതും അതേസമയം പ്രകൃതിദത്തവുമായ സങ്കരയിനങ്ങളും വിദേശ രാജ്യങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവയും സങ്കരയിനങ്ങളും ഉൾപ്പെടുന്നു. ഇരുപത്തിയേഴോളം രാജ്യങ്ങളിൽ നിന്നുള്ള 1031 ഇത്തരത്തിലുള്ള സങ്കരയിനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. അമേരിക്ക, ബ്രസീൽ, ഓസ്ട്രേലിയ, അർജന്‍റീന, ഫിജി, ഹവായി, ബാർബഡോസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇനങ്ങളുള്ളത്.

ജനിതകശേഖരത്തിന്‍റെ ലഭ്യത മാത്രമല്ല, അതിന്‍റെ ഗുണങ്ങളുടെ മൂല്യനിർണയം നടത്തുകയും, ശരിയായ രീതിയിൽ ഉപയോഗിക്കുകയും വേണം. എങ്കിൽ മാത്രമേ പുതിയ, മെച്ചപ്പെട്ട, രോഗപ്രതിരോധ ശേഷിയും മറ്റു ഗുണങ്ങളും ഉൾക്കൊള്ളുന്ന സങ്കരയിനങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ. കരിന്പിന്‍റെ ഈ ജനിതക ശേഖരത്തിൽ ഉള്ളവ ഇത്തരത്തിൽ മൂല്യനിർണയം നടത്തിയവയും ചിട്ടയോടുകൂടി രേഖപ്പെടുത്തിയവയുമണ്. ഇത് കരിന്പിൽ ഗവേഷണം നടത്തുന്ന എല്ലാ ശാസ്ത്രജ്ഞ·ാർക്കും ലഭ്യമാണ്. മാത്രവുമല്ല ഇവിടെ സംരക്ഷിച്ചുപോരുന്ന എല്ലാ ഇനങ്ങളും കരിന്പിന്‍റെ പ്രധാനമായ രണ്ടു രോഗങ്ങളായ ചുവന്ന അഴുകൽ (റെഡ് റോട്ട്), ഷുഗർകേൻ മൊസൈക്ക് എന്നിവയിൽ നിന്നും വിമുക്തമാണ്. ഇത് സാധ്യമായത് കരിന്പു കൃഷി ഈ പ്രദേശത്തു താരതമ്യേന കുറവായതുകൊണ്ടും വളരെ കണിശമായി ക്വാറന്ൈ‍റൻ പ്രക്രിയ പാലിക്കുന്നതുകൊണ്ടുമാണ്. അതു കൊണ്ടുതന്നെ ജനിതക ശേഖരത്തിലുള്ള ഇനങ്ങൾ മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് സുഗമമാക്കുകയും ചെയ്യുന്നു. 

ഡോ. കെ. ചന്ദ്രൻ
ഡോ. എം. നിഷ
പി. പി. ഗിരീശൻ

ഷുഗർകേൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് സെന്‍റർ, കണ്ണൂർ

ഫോണ്‍ ഡോ. ചന്ദ്രൻ: 094474 86 554. 
ഇമെയിൽ: chandranksd62@gmail.com

കൃഷി ചെയ്യാം വെയിലിന്‍റെ ദിശനോക്കി

അനാദികാലം മുതൽ ജീവജാലങ്ങളുടെ സുസ്ഥിതിക്ക് ആധാരമാണ് വെയിൽ. വെയിൽ ഒരേ സമയം കർഷകനെ മോഹിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യും. എന്നാൽ വെയിലിന്‍റെ മനസറിയുന്ന കർഷകന് അധികം ദുഃഖിക്കേണ്ടി വരുന്നില്ല. അതുകൊണ്ടുതന്നെ വെയിലിന്‍റെ മനസറിഞ്ഞാകണം കൃഷി എന്നാണ് പഴമൊഴി

വെയിൽ ഭൂമിയിൽ എത്തുന്നത് ഏതു ദിക്കിൽ നിന്നാണോ അതിനനുസരിച്ചുള്ള പ്രത്യേകത അതിനുണ്ട്. കിഴക്കുനിന്നുമുള്ള വെയിലിന് ചൂടിന്‍റെ കാഠിന്യമില്ല. അതിനാൽ ഈ വെയിൽ ചെറു ചെടികൾക്കുത്തമമാണ്. മഞ്ഞ പൂക്കളുണ്ടാകുന്ന ചെടികളിൽ പ്രഭാത കിരണങ്ങൾ ഏറ്റാൽ പൂക്കൾക്കു കൂടുതൽ വികാസവും സൗരഭ്യവും ഉണ്ടാകും. വാഴക്കുല കിഴക്കുദിശയിലേക്ക് ചായുന്നതും കിഴക്കുനിന്നുമുള്ള വെയിൽ ഏൽക്കുന്നതും വഴി മികച്ച ഫലം പ്രതീക്ഷിക്കാം.

വടക്കുനിന്നും വെയിൽ എത്തുന്നില്ല. അതിനാൽ ഉയരത്തിൽ വളരുന്ന വൃക്ഷ വിളകൾ വടക്കുദിശയിൽ കൃഷി ചെയ്യാം. ഇതുമൂലം, ഈ ഉയർന്ന വൃക്ഷങ്ങളുടെ തണൽ മൂലം മറ്റുസസ്യങ്ങൾക്ക് അന്നജ നിർമാണത്തിന് ലഭിക്കേണ്ട സൂര്യപ്രകാശം ഇല്ലാതെ വരുന്നില്ല. വളർച്ചയ്ക്കും തടസം ഉണ്ടാകുന്നില്ല. മാത്രമല്ല, ഒരു പറന്പിന്‍റെ വടക്കുവശം തൊട്ട പറന്പിന്‍റെ തെക്കുവശമാണ്. തെക്കുവശത്തുനിന്നുമുള്ള വെയിലിന് ചൂടു കൂടുതലാണ്. തെക്കൻ വെയിലിന്‍റെ കഠിന താപത്തെ ചെറുക്കാൻ കൃഷിക്കാർ തെങ്ങിൻ പട്ട ഉപയോഗിച്ച് തണൽ ഒരുക്കാറുണ്ട്. എന്നാൽ സമീപ പറന്പിന്‍റെ വടക്കു വശത്തെ ഉയർന്ന വൃക്ഷവിളകൾക്ക് ഈ തെക്കൻ വെയിലിന്‍റെ കഠിന താപത്തെ ലഘൂകരിക്കാനാകും.

പടിഞ്ഞാറു നിന്നുമുള്ള സഞ്ചാര ദൈർഘമേറിയ വെയിലിൽ ചെങ്കിരണങ്ങൾ അധികമുണ്ട്. ഇത് സുഗന്ധവിളകൾക്ക് ഏറെ ഉത്തമമാണ്. പടിഞ്ഞാറൻ വെയിൽ ഏൽക്കുന്ന ഭാഗത്താണ് ഗ്രാന്പു ആദ്യം മൊട്ടിടുന്നത്. 

ഇഞ്ചി, മഞ്ഞൾ ഇവയുടെ വിത്തുകൾ പടിഞ്ഞാറു ദിശയിലേക്ക് ചരിച്ച് നടാറുണ്ട്. ഇതുപോലെ പടിഞ്ഞാറൻ വെയിൽ സുലഭമായി കിട്ടുന്ന കണ്ടം ഇഞ്ചി, മഞ്ഞൾ കൃഷിക്ക് ഏറെ ഉത്തമമാണ്. 
പടിഞ്ഞാറ് അഭിമുഖ മണ്‍ഭിത്തിയിൽ ചാണകം പതിച്ച് അതിൽ വിത്തുകൾ വെച്ച് അസ്തമയ കിരണമേൽപ്പിച്ച് ഉത്പാദനക്ഷമതയുള്ള വിത്തുകളുണ്ടാക്കിയിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു. വെയിലിന്‍റെ മനസറിഞ്ഞ പഴമക്കാരുടെ വിജയകഥയാണിത്.

സൂര്യകിരണങ്ങളുടെ സഞ്ചാര ദൈർഘ്യത്തിന് സസ്യ ജീവിതവും അവയുടെ പുഷ്പീകരണവുമായി ബന്ധമുണ്ട്. പല, വർണപുഷ്പങ്ങളും വികാ സം പ്രാപിക്കുന്നത് അവയ്ക്കനുയോജ്യമായ വർണകിരണങ്ങളുടെ അഥവാ വെയിലിന്‍റെ പശ്ചാത്തലമുൾക്കൊണ്ടാണ്. ചുവപ്പു സൂര്യപ്രഭ കൂടുതൽ ലഭ്യമാകാൻ ഇടയാകുന്ന പടിഞ്ഞാറോട്ടു ചരിഞ്ഞ കുന്നിൻ പ്രദേശങ്ങളാണ് തേയില, കാപ്പി ചെടികളുടെ വളർച്ചയ്ക്ക് ഉത്തമമെന്ന് ചരിത്രവും വിധിയെഴുതുന്നുണ്ട്.

വ്യത്യസ്ത മൂലകങ്ങൾ ചെടികളുടെ വളർച്ചയുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്നറിയുന്നതിന് സ്കൂഗ് എന്ന കൃഷി ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണവും ഇവിടെ ശ്രദ്ധേയമാണ്. വ്യത്യസ്ത വർണ പ്രകാശ ഫിൽട്ടറുകൾക്കു കീഴിൽ അദ്ദേഹം വളർത്തിയ തക്കാളി ചെടികളുടെ വളർച്ച വ്യത്യസ്തമായിരുന്ന ചുവന്ന പ്രകാശത്തിൽ വളർന്ന ചെടികൾ ആവശ്യാനുസരണം സിങ്ക് ലഭിക്കുന്ന ചെടികളോളം പൊക്കത്തിൽ വളരുകയുണ്ടായി. എന്നാൽ നീല വെളിച്ചത്തിൽ ചെടിയുടെ വളർച്ച വളരെ മന്ദമായിരുന്നു. ചില സസ്യങ്ങൾക്ക് ചില പ്രത്യേക ചക്രവാളദിശ ഏറെ അനുയോജ്യമാണ് എന്ന ഒരു നിഗൂഢ പ്രകൃതിനിയമമാണ് സ്കൂഗിന്‍റെ ഈ പരീക്ഷണം വഴി പുറത്തുവന്നത്. വടക്ക് അഭിമുഖ മരത്തിൽ വളവില്ല, വിളവുണ്ട് എന്ന പഴമൊഴി വിരൽ ചൂണ്ടുന്നതും ഈ നിഗൂഢ പ്രകൃതി നിയമത്തിന്‍റെ കൃഷി ന·കളിലേക്കാണ്.
പൊക്കത്തിൽ വളരുന്ന വൃക്ഷങ്ങളുടെ ഒരു പ്രത്യേകതയാണ് വളവ്. ഈ വളവിനഭിമുഖ ചക്രവാളദിശയിൽ നിന്നും അമിതവെയിൽ പ്രവാഹവും ഉണ്ടായാൽ വൃക്ഷം ആ ഭാഗത്തേക്ക് കൂടുതൽ കൂടുതൽ വളവ് പ്രകടമാക്കും. അതിനാൽ ഇത്തരം വളവ് വളർച്ചാഘട്ടത്തിൽത്തന്നെ ശ്രദ്ധയിൽപ്പെട്ടാൽ സസ്യത്തിന്‍റെ വളവുള്ള ഭാഗം വടക്കഭിമുഖമാക്കാൻ ശ്രദ്ധിക്കണം. അപ്പോൾ ആ സസ്യത്തിന്‍റെ തുടർന്നുള്ള വളർച്ച സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്തേക്കായിരിക്കും. ഇത് മരത്തിന്‍റെ വളവ് കുറച്ച് വിളവ് കൂട്ടാൻ സാഹചര്യമൊരുക്കും.

ചില സസ്യങ്ങൾ അവയുടെ അന്നജനിർമാണത്തിനുള്ള സൂര്യപ്രകാശത്തിനുവേണ്ടി അന്തരീക്ഷത്തിൽ അലയുന്നതായി തോന്നും. അവയ്ക്കു കിട്ടുന്ന പോഷകം സസ്യം ഈ അലച്ചിലിനുപയോഗിക്കുന്നതിനാൽ വിളവ് നന്നേകുറവായിരിക്കും.ഫോണ്‍ പോൾസണ്‍: 9495355436.

പോൾസണ്‍ താം

തീരദേശ കൃഷിക്ക് പാലക് ചീര

കേരളത്തിലെ കർഷകരിൽ ഭൂരിഭാഗത്തിനും അറിയാത്ത ഒരു ഇലക്കറി വിളയാണ് പാലക്. ഉപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വിളയാണ്. കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇത് വ്യാപകമായി കൃഷി ചെയ്യുന്നു. വടക്കേ ഇന്ത്യക്കാരുടെ ഒരു ഇഷ്ട വിഭവമാണ് ഉരുളക്കിഴങ്ങും പാലക്കും കൂടിയുള്ള കറി.



ഉപ്പിനെ പ്രതിരോധിക്കുന്നതിനാൽ കേരളത്തിന്‍റെ തീരപ്രദേശങ്ങൾക്കും യോജിച്ച ഒന്നാണിത്. കാക്കനാട്ട് വിഎഫ്പിസികെ നടത്തിയ പരീക്ഷണത്തിൽ സെ പ്റ്റംബർ മുതൽ കൃഷിചെയ്യാമെന്ന് തെളിഞ്ഞിട്ടുണ്ട്. 

പോഷകഗുണം: വിറ്റാമിൻ ന്ധഎ’ യുടെയും ന്ധസി’ യുടെയും കലവറയാണ് പാലക്് ചീര. ധാതുക്കളും ധാരാളം അടങ്ങിയിരിക്കു ന്നു.

ഇനം: അർക്ക അനുപമ, ഓൾ ഗ്രീൻ, പൂസാജ്യോതി ഇനങ്ങൾ കൃഷി ചെയ്യാം.

മണ്ണ് : ഉപ്പിനെ പ്രതിരോധിക്കാൻ കഴിവുള്ളതുകൊണ്ട് കേരളത്തിന്‍റെ തീരപ്രദേശങ്ങളുൾപ്പെടെ എല്ലാ മണ്ണിലും കൃഷി ചെയ്യാം. അമ്ലത കുറഞ്ഞ മണ്ണാണ് കൂടുതൽ അനുയോജ്യം. അമ്ലാംശം കൂടുതലുണ്ടെങ്കിൽ പിഎച്ച് പേപ്പർ ഉപയോഗിച്ചു നോക്കിയതിനുശേഷം കുമ്മായം ചേർത്ത് മണ്ണിനെ പാകമാക്കണം. പിഎച്ച് ഏഴിൽ താഴെയാണെങ്കിൽ കുമ്മായം ചേർത്തതിനുശേഷം വേണം കൃഷിയിറക്കാൻ.

ജൈവാംശം കുറവുള്ള ചൊരിമണൽ പ്രദേശത്ത് കൂടിയതോതിൽ കാലിവളമോ, കന്പോസ്റ്റോ, കലർപ്പില്ലാത്ത കോഴിവളമോ ചേർത്തതിനുശേഷം കൃഷിയിറക്കാം. ജൈവാംശം കൂടുതൽ വേണ്ട ഒരു വിളയാണ് പാലക്ക്.

കൃഷിസമയം : കേരളത്തിൽ ശീതകാലത്ത് നന്നായി വളരും. സെപ്റ്റംബർഒക്ടോബർ മുതൽ കൃഷി ആരംഭിക്കാം. ശീതകാലം കഴിഞ്ഞ് മഴ മറയിലും പുറത്തും എല്ലാസമയത്തും കൃഷി ചെയ്യാവുന്ന ഒരു ഇലക്കറിയാണ് പാലക്.

വിത്തിന്‍റെ അളവ് : ഒരു സെന്‍റിൽ 60 മുതൽ 80 ഗ്രാം വിത്ത് ഉപയോഗിക്കണം.

അടിസ്ഥാനവളം : ഒരുസെന്‍റ് സ്ഥലത്ത് 100 കിലോ ചാണകപ്പൊടിയോ കന്പോസ്റ്റോ അല്ലെങ്കിൽ കലർപ്പില്ലാത്ത കോഴിവളമോ ചേർക്കണം. ജൈവവളമാണ് വളർച്ചയ്ക്കു നല്ലത്.

സ്ഥലം ഒരുക്കൽ : ഒരു സെന്‍റിൽ അടിവളം ചേർത്തശേഷം നിലം കിളച്ച് കട്ടകൾ പൊടിക്കണം. ജലത്തിന്‍റെ ലഭ്യത കൂടുതലുള്ള സ്ഥലങ്ങളിൽ തടങ്ങളിലും ജലലഭ്യത കുറവുള്ള സ്ഥലങ്ങളിൽ സ്ഥലം നിരപ്പാക്കിയതിനുശേഷം ചാലുകളിലും വിത്തു പാകാം.

നടീൽ രീതി

നേരിട്ട് വിത്തു പാകേണ്ട ഒരു വിളയാണ്. 90 സെന്‍റീമീറ്റർ (മൂന്നടി) വീതിയിലും സൗകര്യപ്രദമായ നീളത്തിലും തടങ്ങൾ എടുത്ത് വരികൾ തമ്മിൽ 30 സെന്‍റീമീറ്റർ (ഒരടി) അകലത്തിലും ചെടികൾ തമ്മിൽ 20 സെന്‍റീമീറ്റർ (എട്ടിഞ്ച്) അകലത്തിലും ചെറിയ കുഴി എടുത്ത് വിത്തു പാകണം.

നിരപ്പാക്കിയ സ്ഥലത്ത് 30 സെന്‍റീമീറ്റർ അകലത്തിൽ ചാലുകളെടുത്ത് 20 സെന്‍റിമീറ്റർ അകലത്തിൽ വിത്തുകൾ പാകണം. വിത്തുകൾ പാകുന്നതിനു മുന്പ് 45 മണിക്കൂർ വെള്ളത്തിലിട്ടശേഷം പാകിയാൽ 45 ദിവസങ്ങൾക്കുള്ളിൽ വിത്തുകൾ മുളച്ചുവരും. അല്ലെങ്കിൽ മുളയ്ക്കാൻ കൂടുതൽ സമയമെടുക്കും.



മേൽവളം

മുളച്ചതിനുശേഷം വളർച്ച മോശമാണെങ്കിൽ 1520 ദിവസങ്ങൾക്കുശേഷം കലർപ്പില്ലാത്ത കോഴിവളമോ, ചാണകമോ, കന്പോസ്റ്റോ മേൽവളമായി നൽകാം. ചൊരിമണൽ പ്രദേശത്ത് വളർച്ചമോശമാണെങ്കിൽ 19:19:19 രാസവളം ഒരു ഗ്രാം 12 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കാം. രാസവളം മണ്ണിൽ ചേർക്കാെ തളിക്കുകയും ജീവാമൃതം ഉണ്ടാക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതുമാണ് നല്ലത്.

ജീവാമൃതം ഉണ്ടാക്കുന്ന രീതി

10 കിലോ പച്ചചാണകം, 10 ലിറ്റർ ഗോമൂത്രം ചാണകവും മൂത്രവും നാടൻ പശുവിന്േ‍റതു ലഭിക്കുമെങ്കിൽ നല്ലത്. വിലകുറഞ്ഞ ശർക്കര രണ്ടു കിലോ, വൻപയർ അല്ലെങ്കിൽ മുതിര പൊടിച്ചത് രണ്ടു കിലോഗ്രാം, ഒരടിതാഴ്ചയിൽ നിന്നെടുത്ത രാസവളം കലരാത്ത മണ്ണ്, പി.ജി.പി.ആർ എന്ന ജീവാണുവളമിശ്രിതം ലഭിക്കുമെങ്കിൽ 100 ഗ്രാം, 200 ലിറ്റർ വെള്ളം.

മേൽപ്പറഞ്ഞിരിക്കുന്ന സാധനങ്ങൾ ഒരു ബാരലിൽ ഇട്ടതിനുശേഷം ദിവസം രണ്ടുപ്രാവശ്യം രാവിലെയും വൈകുന്നേരവും ഒരു നീളമുള്ള കന്പുകൊണ്ട് വലത്തോട്ട് നാലു ദിവസം ഇളക്കണം. അതിനുശേഷം ഉപയോഗിക്കാം. കൊതുകും ഈച്ചയും പെരുകാതിരിക്കാൻ ചണച്ചാക്കുകൊണ്ട് ബാരൽ മൂടിയിടണം. എല്ലാ പച്ചക്കറിവിളകൾക്കും നല്ലതുപോലെ ഇളക്കിയതിനുശേഷം ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. 23 ഇരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഇലകളിൽ തളിക്കുകയും ചെയ്യാം.

കീടങ്ങൾ

മുഞ്ഞയും ഇലതീനിപുഴുക്കളും വരാൻ സാധ്യതയുണ്ട്.

നീം ഓയിൽ പ്ലസ് എന്ന ജൈവകീടനാശിനി 10 മില്ലിലിറ്ററും കലർപ്പില്ലാത്ത വേപ്പെണ്ണ 10 മില്ലിലിറ്ററും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതി.

വെളുത്തുള്ളി കാന്താരി മിശ്രിതവും തളിക്കാം : 50 ഗ്രാം കാന്താരിയും 50 ഗ്രാം വെളുത്തുള്ളിയും 50 ഗ്രാം ഇഞ്ചിയും നന്നായി അരച്ച് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് തളിക്കാം.

ഗോമൂത്രം കാന്താരി മിശ്രിതം : 50 ഗ്രാം കാന്താരി, ഒരു ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർത്ത് 10 ലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് തളിക്കാം.

രോഗങ്ങൾ

ഇലകളിൽ മഞ്ഞ പുള്ളിക്കുത്ത് കാണുന്നുണ്ടെങ്കിൽ ബോർഡോമിശ്രിതം അല്ലെങ്കിൽ നാലു ഗ്രാം ഫൈറ്റോലാൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.

വിളവെടുപ്പ്

3545 ദിവസങ്ങൾക്കകം വിളവെടുക്കാം. ഒരു സെന്‍റിൽ നിന്ന് 15 കിലോ ഇലകൾ ലഭിക്കും. മൂത്ത ഇലകൾ പറിച്ചെടുക്കുന്നതിനനുസരിച്ച് പുതിയ ഇലകൾ ഉണ്ടായിക്കൊണ്ടിരിക്കും.

വിത്തിന്‍റെ ലഭ്യത

പുതിയ വിളയായതുകൊണ്ട് പാലക് ചീരയുടെ വിത്ത് മാർക്കറ്റിൽ ലഭ്യമല്ല. ഇതിന്‍റെ വിത്ത് സുൽത്താൻബത്തേരിയിലുള്ള വയനാട് ജില്ലാ പഴം പച്ചക്കറി മാർക്കറ്റിംഗ് സഹകരണ സംഘത്തിലും (ഫോണ്‍ 04936225239) വെജ്മാർക്കറ്റ് (ഫോണ്‍ 04936226239) എന്ന സ്ഥാപനത്തിലും ലഭിക്കും. കൊറിയർ വഴി അയച്ചുതരും.

ശീതകാല പച്ചക്കറികളുടെ തൈകളും വിത്തുകളും കേരളസർക്കാർ വിഎഫ്സികെ കാക്കനാട് കൊച്ചിയുടെ (ഫോണ്‍ 0484242255) എല്ലാ ജില്ലകളിലും ഉള്ള ഓഫീസുകൾ വഴിയും വിതരണം ചെയ്യുന്നുണ്ട്. വിഎഫ്സികെയുടെ ആലത്തൂരുള്ള ഓഫീസുവഴിയും (ഫോണ്‍ 04922222706, 9447988555) വിത്തുകൾ ലഭിക്കും.

കലർപ്പില്ലാത്ത കോഴിവളം 

പാലാ രൂപതാ സോഷ്യൽ സർവീ സ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ഇടമറുക് സെന്‍റ് ആന്‍റണീസ് ഇടവകയിൽ പ്രവർത്തിക്കുന്ന വിക്ടറി സ്വാശ്രയ സംഘം കലർപ്പില്ലാത്ത കോഴിവളം വിതരണം ചെയ്യുന്നുണ്ട്. 

ഇതു വേണമെന്നുള്ളവർ താഴെകൊടുത്തിരിക്കുന്ന ഫോണ്‍ നന്പരിൽ ബന്ധപ്പെടുക. 9447500098

വൈ.ജെ. അലക്സ്

പാഷൻ ഫ്രൂട്ട് ജ്യൂസാക്കി വിൽപ്പനയ്ക്ക്

ജ്യൂസ് കുടിക്കണമെങ്കിൽ ആരോഗ്യകരമായ ജ്യൂസ് തന്നെ കുടിക്കണം. രക്തത്തിലെ കൗണ്ട് വർധിപ്പിക്കുവാൻ സഹായിക്കുന്ന പാനീയമെന്ന് പേരു വീണതോടെ പാഷൻ ഫ്രൂട്ടിന്‍റെ ജ്യൂസിന് ഡിമാൻഡ് കൂടി. ക്ഷീണവും തളർച്ചയും മാറ്റാൻ പ്രത്യേക കഴിവുള്ള ഈ ജ്യൂസിന് ആവശ്യക്കാർ ഏറെ. റോഡരികിൽ പാഷൻഫ്രൂട്ട് കൃഷിയും തോട്ടത്തിനോടു ചേർന്ന് പാഷൻ ഫ്രൂട്ട് ജ്യൂസ് വില്പനയും ആരംഭിച്ചിരിക്കുകയാണ് മുണ്ടക്കയം പറത്താനത്തെ വള്ളിയിൽ വീട്ടിൽ ലീന ജോണി.



പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് ജോണി ജോസഫിനോടൊപ്പം ചങ്ങനാശേരിയിൽ കഴിയുന്ന കാലത്താണ് ലീന പാഷൻ ഫ്രൂട്ട് കൃഷി ആരംഭിക്കുന്നത്. ക്വാർട്ടേഴ്സിലെ പാഷൻ ഫ്രൂട്ട് കൃഷി വിജയിച്ചതോടെ കൃഷി പരിചരണത്തിന് ജോണിയും സമയം കണ്ടെത്തി. സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥയായ ലീന ജോലിക്കു പോകുന്നതിനു മുന്പും വന്നുകഴിഞ്ഞും പാഷൻ ഫ്രൂട്ടിനെ പരിചരിച്ചിരുന്നു. ഇതിനിടയിൽ കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലംമാറ്റം കിട്ടി. വീട്ടുമുറ്റത്ത് സ്വന്തം ആവശ്യത്തിനായി ഒരു പാഷൻ ഫ്രൂട്ട് ചെടി. 

ബാങ്ക് ജോലി രാജിവയ്ക്കുന്പോൾ നല്ലൊരു കർഷക ആകണമെന്ന ചിന്തയായിരുന്നു ലീനയുടെ മനസിൽ. ഭർത്താവ് ജോണിജോസഫ് ഒഴിവുദിവസങ്ങളിൽ പുരയിടക്കൃഷിയിൽ സജീവമായി. പൂർണമായും ജൈവകൃഷിയാണ് പിന്തുടരുന്നത്. പാഷൻ ഫ്രൂട്ടിനും ജ്യൂസിനും ആവശ്യക്കാർ കൂടിവന്നപ്പോൾ, പാലാ രൂപതയുടെ കീഴിലുള്ള അഞ്ചേക്കർ സ്ഥലം പാട്ടത്തിനെടുത്ത് പറത്താനത്ത് ഒരു പാഷൻ ഫ്രൂട്ട് തോട്ടം ഒരുക്കി.
കേരളത്തിൽ പ്രചാരത്തിലുള്ള മഞ്ഞ, ചുവപ്പ് ഇനങ്ങളുടെ തൈകൾ നട്ട് വ്യാവസായിക കൃഷി ആരംഭിക്കുന്നത് 2015 ൽ ആണ്. ജലക്ഷാമം കൂടുതലായ പ്രദേശമായതിനാൽ പൊതയിടുന്ന രീതിയാണ് പിന്തുടരുന്നത്. വീട്ടിലെ പശുക്കളുടെ ചാണകവും കോഴിക്കാഷ്ഠവും അടിസ്ഥാനവളമായി നൽകിയാണ് തൈകൾ നട്ടത്. വളർന്ന് പന്തലിൽ കയറുന്നതുവരെ മാസത്തിൽ ഒരു തവണ ചാണകം പുളിപ്പിച്ച ലായനി ഒഴിച്ചുകൊടുത്തു. വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കാനായി ഒരു ലിറ്ററിന്‍റെ വെള്ളക്കുപ്പികൾ ശേഖരിച്ച് ചെറിയ ദ്വാരം ഇട്ട് ചെടികളുടെ ചുവട്ടിൽ സ്ഥാപിച്ചു. കുപ്പികളിൽ വെള്ളം തീരുന്നതനുസരിച്ച് വെള്ളം നിറച്ചുകൊടുക്കും. തൈകൾ വളർന്ന് എട്ടു മാസം കഴിയുന്പോൾ തണ്ടിനു മൂപ്പാകും. തണ്ടുകൾ മൂത്തുകഴിയുന്പോഴാണ് പുഷ്പിച്ചുതുടങ്ങുന്നത്.

ചെലവും അധ്വാനവും വളരെ കുറവുള്ള ഒരു കൃഷിരീതിയാണ് പാഷൻ ഫ്രൂട്ടിന്േ‍റത്. നല്ല തൈകൾ നട്ടാൽ എട്ടു വർഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുന്പോൾ പ്രൂണിംഗ്(കൊന്പുകോതൽ)നടത്തണം. ഇത് കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാനും ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു. ചുറ്റുപാടുുള്ള റബർ തോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ ഉള്ളതിനാൽ പരാഗണത്തിലൂടെ ഉത്പാദനവർധനവ് ഉണ്ടാകുന്നുണ്ട്. ചെടികളുടെ വളർച്ചയ്ക്കും ഉത്പാദന വർധനവിനും തേനീച്ചകളുടെ സഹായം ഉണ്ടെന്ന് ലീന പറയുന്നു.

ചരലിന്‍റെയും പാറയുടെയും അംശംകൂടുതലുള്ള മലയുടെ ചെരിവിലാണ് വിശാലമായ കൃഷിയിടം. പൂഞ്ഞാർഎരുമേലി റോഡിനോട് ചേർന്നു കിടക്കുന്ന സ്ഥലത്തെ പാഷൻ ഫ്രൂട്ട് തോട്ടം യാത്രക്കാർക്ക് കൗതുകമാണ്. വിനോദസഞ്ചാരികൾ ജ്യൂസ് കുടിക്കാനും തോട്ടം കാണാനും ഇതുവഴിയുള്ള യാത്രയ്ക്കിടയിൽ എത്തുന്നു. സഞ്ചാരികളുടെ ആവശ്യം കണക്കിലെടുത്ത് ലീനയും ജോണിയും ചേർന്ന് പാഷൻ ഫ്രൂട്ടിന്‍റെ തൈകൾ ഉത്പാദിപ്പിച്ച് വില്പന നടത്തുന്നുണ്ട്. മാതാപിതാക്കകളെ സഹായിക്കാൻ മക്കളായ അലീനയും ഇവാനും റോഷനും ഒഴിവുദിവസങ്ങളിലുണ്ടാവും. സ്കൂൾ വിട്ടുവന്നാൽ ഒരു ജ്യൂസ് കുടിച്ച്, അമ്മയെ സഹായിക്കാനായി ഇവർ കൂടെ കൂടും.



കാര്യമായ രോഗകീടബാധകൾ ഇല്ലാത്ത പാഷൻ ഫ്രൂട്ടിന് തുടക്കത്തിലുള്ള ചെലവാണ് പ്രധാനം. മനസിന് സുഖം നൽകുന്ന ഈ ചെടിയിൽ മികച്ച ഉത്പാദനം ഉറപ്പാണ്. ആരംഭകാലഘട്ടത്തിൽ ഒരു കിലോയ്ക്ക് 30 രൂപ ലഭിച്ചിരുന്നു. വിറ്റാമിൻ സിയും പൊട്ടാസ്യവും അടങ്ങിയ പോഷക പഴവർഗമായിരുന്ന പാഷൻ ഫ്രൂട്ടിന് പെട്ടെന്നാണ് ഡിമാൻഡ് കൂടിയത്. നാരുകൾ ഉള്ള ഈ പഴം നാഡീസംബന്ധമായ രോഗങ്ങൾക്കും ഉറക്കക്കുറവിനും ഹൈപ്പർ ടെൻഷനും നല്ലതാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ പാഷൻ ഫ്രൂട്ടിന് ആവശ്യക്കാർ കൂടി. ഇതോടെ കിലോയ്ക്ക് 150 രൂപ മുതൽ 200 രൂപ വരെ വില ഉയർന്നു. വിത്തുകൾ പാകി മുളപ്പിച്ചെടുക്കുന്ന തൈകൾക്ക് ആയുസ് കൂടുതലുണ്ട്. സ്വന്തമായി ചിട്ടപ്പെടുത്തിയ രീതിയിലൂടെ മുളപ്പിച്ചെടുക്കുന്ന തൈകളാണ് തോട്ടത്തിൽ നട്ടിരിക്കുന്നത്. കൃഷിയിലും വിപണിയിലും തൈകളുടെ ഉത്പാദനത്തിലും ലീനയോടൊപ്പം ജോണി യുമുണ്ട്. ഇന്ന് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലും ചെറിയൊരു പാഷൻ ഫ്രൂട്ട് തോട്ടം ഒരുക്കിയിട്ടുണ്ട്.

കാർഷിക അറിവുകളെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി പാഷൻ ഫ്രൂട്ട് കൃഷിയിലൂടെ മികച്ച നേട്ടം കൈവരിക്കുന്ന കുടുംബിനിയാണ് ലീന ജോണി. പാഷൻ ഫ്രൂട്ടിന്‍റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാക്കിയ വീട്ടമ്മ. തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനുമുന്പായി പറിച്ചെടുത്താൽ പുളിക്ക് പകരമായി കറികളിൽ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേർത്ത് പാനീയം ഉണ്ടാക്കി വിരുന്നുകാർക്ക് നൽകാം. ഇങ്ങനെ എത്രയെത്ര രുചിക്കൂട്ടുകൾ. ഒന്നു മനസു വച്ചാൽ നേട്ടങ്ങൾ കൈവരിക്കാൻ ഒരു കുടുംബിനിക്ക് കഴിയുമെന്നതിന് തെളിവാണ് ലീന ജോണി. ഫോണ്‍ 99470 45550.

നെല്ലി ചെങ്ങമനാട്

വരൾച്ചയെ ചെറുക്കാൻ ജലസേചനത്തിന്‍റെ രീതിശാസ്ത്രം

ഓരോ വർഷവും 300 സെന്‍റീമീറ്റർ (3000 മില്ലിമീറ്റർ) മഴ ലഭിച്ചുകൊണ്ടിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം. ജൂണ്‍ജൂലൈ മാസങ്ങളിലെ കാലവർഷവും ഒക്ടോബർഡിസംബറിലെ തുലാവർഷവും വെള്ളത്തിന്‍റെ പ്രധാന സ്രോതസുകളായിരുന്നു. ഭൂമിയുടെ ചെരിവു മൂലം കേരളത്തിൽ പെയ്യുന്ന മഴയുടെ 6070 ശതമാനവും നദികളിലൂടെ കടലിലേക്ക് ഒഴുകിപ്പോകുന്നു. എന്നാൽ ഈ വർഷം മഴക്കണക്കുകൾ എല്ലാം തെറ്റി. ഒരു വർഷം ലഭിക്കേണ്ട മഴയിൽ 60 ശതമാനമാണ് കുറവുവന്നിരിക്കുന്നത്. അതായത് ആകെ പെയ്യേണ്ട 300 സെന്‍റീമീറ്ററിനു പകരം 120 സെന്‍റീമീറ്റർ മഴമാത്രമാണ് ലഭ്യമായത്. അതിൽ കാലവർഷത്തിൽ 35 ശതമാനവും തുലാവർഷത്തിൽ 66 ശതമാനവും കുറവുണ്ടായി. വളരെ വർഷങ്ങൾക്കുശേഷം കൊടിയ വരൾച്ചയെ നേരിടാൻ കേരളം ഒരുങ്ങുകയാണ്. വെള്ളം പരമാവധി സംഭരിച്ചുവയ്ക്കാനും ജലാഗിരണശേഷി വർധിപ്പിക്കാനും, ജലം കരുതലോടെ ഉപയോഗിക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു. ഏതെല്ലാം പ്രായോഗരീതികളിലൂടെ കൃഷിയിലെ ജല ഉപയോഗം കുറയ്ക്കാമെന്ന് നമുക്കു നോക്കാം.

 



വിവിധ ജലസേചന സന്പ്രദായങ്ങൾ

വെള്ളം കെട്ടിനിർത്തിയുള്ള ജലസേചനം 

സാധാരണയായി നെല്ലിനാണ് ഈ രീതി പ്രയോഗിക്കുന്നത്. താഴ്ന്ന സ്ഥലങ്ങളിൽ കൃഷിചെയ്യുന്ന നെൽപാടങ്ങളിൽ വെള്ളം കെട്ടിനിർത്തി ഞാറു നടീൽ മുതൽ വിളവെടുപ്പു വരെയുള്ള കൃഷിപ്പണികൾ നടത്തുന്നു. ഒരു പ്രധാന കനാലിൽ നിന്നോ, കുളം, പുഴകൾ എന്നിവയിൽ നിന്നോ വെള്ളം എത്തിച്ച് കൃഷിക്കായി ഉപയോഗിക്കുന്നു. നെല്ല് മാത്രമേ ഈ രീതിയിലൂടെ കൃഷിചെയ്യാൻസാധിക്കൂ.

ചെക്ക് ബേസിൻ രീതി 

ഒരു വലിയ കൃഷിയിടത്തെ ചെറിയ അഞ്ചോ ആറോ പ്ലോട്ടുകളായി തിരിച്ച് ഓരോ പ്ലോട്ടിലേക്കും ജലസേചന കനാലിൽ നിന്നും വെള്ളമെടുക്കുന്ന രീതിയാണിത്. എല്ലാ പ്ലോട്ടിലേക്കും ഒരേപോലെ വെള്ളമെത്തിക്കാൻ കഴിയുമെങ്കിലും ഇതിനുവേണ്ട കൂലിച്ചെലവ് കൂടുതലാണ്. നെല്ല്, പച്ചക്കറികൾ എന്നിവയുടെ ജലസേചനത്തിന് ഈ രീതി ഉപയോഗിക്കുന്നു. ബണ്ടുകൾക്കും, കനാലുകൾക്കും സ്ഥലം ചെലവാക്കുന്നതിനാൽ കൃഷി ചെയ്യുവാനുള്ള സ്ഥലം കുറയുന്നു. ജലനഷ്ടവും കൂടുതലാണ്. മൊത്തം കൃഷിസ്ഥലവും വെള്ളത്താൽ കുതിരുന്നു എന്നതാണ് കാരണം.

ബേസിൻ രീതി

തെങ്ങ്, കമുക്, ഫലവൃക്ഷങ്ങൾ എന്നിവയുടെ ജലസേചനത്തിനാണ് ഈ രീതി ഉപയോഗിക്കുന്നത്. ഓരോ വൃക്ഷത്തിന്‍റെ യും ചുറ്റിൽ മാത്രമാണ് ജലസേചനം നടത്തുന്നത്. ചെക്ക് ബേസിൻ രീതിയിൽ മൊത്തം കൃഷിസ്ഥലം കുതിർക്കുന്നതിനു പകരം ബേസിൻ രീതിയിൽ വൃക്ഷങ്ങളുടെ ഏതാനും മീറ്ററിൽ മാത്രം നനയ്ക്കുന്നു എന്ന വ്യത്യാസമുണ്ട്. പക്ഷെ ജലം ഒഴുകി എത്തുന്നു എന്നുള്ളതിനാൽ നഷ്ടം കൂടുതലാണ്. മണൽ പ്രദേശങ്ങളിൽ ഈ രീതി യോജിച്ചതല്ല. മണൽ കുറഞ്ഞയിടങ്ങളിൽ പറന്പുകളിൽ ഈ രീതി വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ഫറോ ജലസേചനം 

വാഴ തുടങ്ങിയ വിളകളിൽ വരന്പിനു നടുക്ക്ചാലുകൾ ഉണ്ടാക്കി അവയിൽ വെള്ളം കെട്ടിനിർത്തി ജലസേചനം നടത്തുന്ന രീതിയാണിത്. ആദ്യത്തെ മൂന്നു രീതികളിലും വെള്ളത്തിന്‍റെ കാര്യക്ഷമമായ ഉപയോഗം 2030 ശതമാനം വരുന്പോൾ ഫറോ ജലസേചന രീതിയിൽ അത് 3540 ശതമാനം വരെ വരുന്നു. ചാലുകളിൽ വെള്ളം നിർത്തി ആവശ്യാനുസരണം ചെടിൾക്ക് തേകി നൽകുന്ന രീതിയിൽ ജലനഷ്ടം ഉണ്ടാകുമെങ്കിലും പരമാവധി ജലം കെട്ടിനിൽക്കുന്പോൾ ബാഷ്പീകരണതോത് വർധിക്കുന്നു എന്ന പ്രശ്നമുണ്ട്.

സ്പ്രിംഗ്ളർ ജലസേചനം (തളിനന)

ഈ രീതിയിൽ ജലം ചെറുകണികകളായി തളിക്കുന്ന മാർഗമാണ  അവലംബിക്കുന്നത്. അതിനാൽ തളിനന എന്നും പറയാറുണ്ട്. പന്പ്, മെയിൻ ലൈൻ, സൈഡ് (ലാറ്ററൽ)പൈപ്പ് ലൈൻ, റൈസർ പൈപ്പ്, സ്പ്രിംഗ്ളർ ഹെഡ് എന്നിവയാണ് ഇതിന്‍റെ പ്രധാന ഭാഗങ്ങൾ. വെള്ളം പൈപ്പ് വഴി എത്തിക്കുന്നതിനാൽ ഒഴുകുന്പോഴുള്ള നഷ്ടം ഇല്ലെന്നു പറയാം.



മുന്പ് പ്രതിപാദിച്ച ജലസേചനരീതികളിൽ എല്ലായിടത്തും ഒരുപോലെ വെള്ളമെത്തിക്കുക എന്നത് സാധ്യമല്ല. എന്നാൽ സ്പ്രിംഗ്ളർ രീതിയിൽ എല്ലായിടത്തും ഒരേ തോതിൽ വെള്ളമെത്തിക്കാൻ സാധിക്കും. വെള്ളം കെട്ടിനിറുത്തുന്പോൾ ഉണ്ടാകുന്നതുപോലെ വെള്ളവും മണ്ണുമായി കുഴയുന്ന അവസ്ഥയും ഈ രീതിയിൽ ഉണ്ടാകില്ല. സ്പ്രിംഗ്ളർ ജലസേചനരീതിയിൽ 35 മുതൽ 50 ശതമാനം വെള്ളത്തിന്‍റെ കാര്യക്ഷമമായ ഉപയോഗം സാധ്യമാകുന്നു. കൃഷിസ്ഥലങ്ങൾ ചെരിഞ്ഞ് സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യമായതും തളിനനയാണ്. എന്നാൽ കാറ്റിന്‍റെ വേഗം കൂടുതലുള്ള സ്ഥലങ്ങളിൽ ഇത്തരം ജലസേചനരീതി അഭികാമ്യമല്ല.

മൈക്രോസ്പ്രിംഗ്ളർ

സാധാരണ സ്പ്രിംഗ്ളർ യൂണിറ്റുകൾ ഉപയോഗിക്കുന്പോൾ ഒരു മണിക്കൂറിൽ 1000 ലിറ്റർ വരെ വെള്ള ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ മൈക്രോസ്പ്രിംഗ്ളറുകൾ ഉപയോഗിക്കുന്പോൾ ജലത്തിന്‍റെ ഉപയോഗത്തോത് മണിക്കൂറിൽ 50 മുതൽ 250 ലിറ്ററായി കുറയുന്നു. ഒരു മീറ്റർ മുതൽ നാലു മീറ്റർ വരെ സ്ഥലം നനയ്ക്കുന്നതിനും ഈ രീതി സഹായിക്കുന്നു.

ഡ്രിപ്പ് ജലസേചനം (തുള്ളി നന)

ഓരോ സസ്യത്തിനും വേണ്ട വെള്ളം തുള്ളിതുള്ളിയായി കൃത്യമായ ഇടവേളകളിൽ ചുവട്ടിലേക്ക് നൽകുന്ന രീതിയാണിത്. മറ്റു ജലസേചനരീതികളിൽ നിന്ന് വ്യത്യസ്തമായി 50 ശതമാനം മുതൽ 70 ശതമാനം വരെ വെള്ളം ലാഭിക്കാമെന്നതാണ് തുള്ളിനന രീതിയുടെ മെച്ചം. പ്രധാന പിവിസി കുഴൽ, ഉപകുഴലുകൾ, ശാഖാ കുഴലുകൾ, ഡ്രിപ്പറുകൾ, ഫിൽട്ടറുകൾ എന്നിവയാണ് ഈ രീതിയുടെ പ്രധാന ഘടകങ്ങൾ. മണ്ണിന്‍റെ സ്വഭാവം, വിളയുടെ ജലാവശ്യം, ജലലഭ്യത എന്നിവയനുസരിച്ച് മണിക്കൂറിൽ രണ്ടു ലിറ്റർ, നാലു ലിറ്റർ, എട്ടു ലിറ്റർ എന്നീ അളവുകളിൽ വെള്ളം നൽകാൻ കഴിവുള്ള ഡ്രിപ്പറുകൾ ലഭ്യമാണ്. ആഗിരണശേഷി കുറഞ്ഞ മണ്ണിൽ ജലം കുറഞ്ഞ അളവിൽ കൂടുതൽ നേരം ലഭ്യമാക്കേണ്ടിവരും. ഈ രീതിയിൽ ജലത്തോടൊപ്പം വളങ്ങളും നൽകാൻ സാധിക്കും. വെള്ളത്തിൽ അലിയുന്ന വളങ്ങൾ (19:19:19, യൂറിയ) ജലസേചനത്തോടൊപ്പം നൽകുന്നതിന് ഫെർട്ടിഗേഷൻ (ഇറിഗേഷൻ + ഫെർട്ടിലൈസർ ആപ്ലിക്കേഷൻ) എന്നു പറയുന്നു. ഇതുവഴി ജലസേചനത്തിനും, വളം ഇടുന്നതിനുള്ള കൂലിച്ചെലവും ഒഴിവാക്കാം. തോട്ടവിളകളായ തെങ്ങ്, കമുക്, ജാതി, വാർഷിക വിളയായ വാഴ, പച്ചക്കറികൾ എന്നിവയിലും ഡ്രിപ്പ് രീതി ഫലപ്രദമാണ്. ഡ്രിപ്പുകൾ ഇടയ്ക്കിടെ അടഞ്ഞുപോകുന്നതാണ് ഈ രീതിയുടെ ഒരു പ്രധാന പോരായ്മ. പായൽ, മണൽതരികൾ, മറ്റു കരടുകൾ എന്നിവ അരിച്ചുമാറ്റുന്നതിനായി വിവിധതരത്തിലുള്ള ഫിൽറ്ററുകൾ ഉപയോഗിക്കണം. കൂടാതെ ആഴ്ചയിൽ ഒരിക്കൽ ഇവ കഴുകി വൃത്തിയാക്കണം. ബേസിൻ ജലസേചന രീതിയിൽ ഒരു തെങ്ങിന് 500600 ലിറ്റർ വെള്ളം നൽകുന്പോൾ ഡ്രിപ്പ് രീതിയിൽ 30100 ലിറ്റർ വെള്ളമാണ് നൽകേണ്ടിവരുന്നത്. അതായത് പഴയരീതിയിൽ ഒരു തെങ്ങ് നനയ്ക്കുന്ന ജലം ഉപയോഗിച്ച് ഡ്രിപ്പ് രീതിയിൽ അഞ്ചു തെങ്ങുകൾ നനയ്ക്കാൻ സാധിക്കും. ജലക്ഷാമം രൂക്ഷമായ ഈ കാലഘട്ടത്തിൽ ഓരോ തുള്ളിയിൽ നിന്നും പരമാവധി ഉത്പാദനം എന്ന ആശയമാണ് ഇപ്പോൾ നാം അനുവർത്തിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്: 9447529904

ജോസഫ് ജോണ്‍ തേറാട്ടിൽ
കൃഷി ഓഫീസർ
പഴയന്നൂർ, തൃശൂർ

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 7/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate