অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി വിജ്ഞാനം

കൃഷി വിജ്ഞാനം

മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ?

പറമ്പിലെ സസ്യ അവശിഷ്ടങ്ങള്‍, അടുക്കളയിലെ പാഴ്വസ്തുക്കള്‍, പ്രത്യേക തരം മണ്ണിരകള്‍ എന്നിവ ഉപയോഗിച്ച് കമ്പോസ്റ്റാക്കി മാറ്റുവാനുള്ള ലളിതമായ സാങ്കേതികവിദ്യ ഇന്ന് നിലവിലുണ്ട്. ഇപ്രകാരം തയ്യാറാക്കുന്ന കമ്പോസ്റ്റ് പോഷകസമ്പൂര്‍ണവും വിളകളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യവുമായ നല്ല ഒരുജൈവവളമാണ്. ഈ ജൈവവളത്തില്‍ സസ്യങ്ങള്‍ക്കും സൂഷ്മാണുക്കള്‍ക്കും പെട്ടെന്ന് വലിച്ചെടുക്കാന്‍ കഴിയുന്ന ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. എന്‍സൈമുകള്‍, ആന്‍റിബയോട്ടിക്കുകള്‍, ഹോര്‍മോണുകള്‍ തുടങ്ങി സസ്യവളര്‍ച്ചക്കാവശ്യമായ പല ഘടകങ്ങളും ഇതില്‍ ഉണ്ട്. മണ്ണിലെ പാക്യജനകത്തിന്‍റെയും ഭാവഹത്തിന്‍റെയും ലഭ്യത കൂട്ടാന്‍ സഹായിക്കുന്ന പല സൂഷ്മജീവികളും മണ്ണിരക്കമ്പോസ്റ്റില്‍ കാണപ്പെടുന്നു. യുഡ്രിലസ് യൂജിനിയേ, ഐസീനിയഫീറ്റിഡ എന്നിവ കൂടാതെ പെരിയോനിക്സ് സാന്‍സിബേറിക്കസ് എന്നയിനവും കമ്പോസ്റ്റ് നിര്‍മാണത്തിനായി ഉപയോഗിക്കാം. പെരിയോനിക്സ് സാന്‍സിബേറിക്കസ് എന്ന നാടന്‍ ഇനം യുഡ്രിലസ് യൂജിനിയേ എന്ന ഇനത്തെക്കാള്‍ ചെറുതും നേര്‍ത്തതും നല്ല ചുവപ്പ് നിറത്തോടു കൂടിയതുമാണ്. ഇതിന് ഏകദേശം 6 മുതല്‍ 8 സെ .മീറ്റര്‍ വരെ നീളം വരും. യുഡ്രിലസ് യൂജിനിയേ എന്ന ഇനത്തിന് ഏകദേശം 1012 സെ .മീ നീളം ഉണ്ട്. അവ നീല കലര്‍ന്ന കറുപ്പുനിറത്തോടു കൂടിയതും താരതമ്യേന ഇരട്ടി വണ്ണമുള്ളതുമാണ്. പ്രകാശം തട്ടുമ്പോള്‍ ഇവയുടെ ശരീരത്തിന്‍റെ ഉപരി ഭാഗം തിളക്കമുള്ളതായ് കാണപ്പെടുന്നു.
മുട്ടകള്‍ മുഖേനയാണ് മണ്ണിര വംശവര്‍ധന നടത്തുനത്. മണ്ണിരയുടെ മുട്ടകള്‍ കൊക്കൂണുകള്‍ എന്ന് അറിയപ്പെടുന്നു. അനുകൂല കാലാവസ്ഥയില്‍ ഏകദേശം 14ڊ21 ആഴ്ചക്കള്‍ക്കകം മുട്ടകള്‍ വിരിയുന്നു .മുട്ടയുടെ ആകൃതിയും വലുപ്പവും ഇനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും അനുസരിച്ച്. യുഡ്രിലസ് യൂജിനിയേ ഇനത്തിന്‍റെ മുട്ടകള്‍ക്ക് ഏകദേശം മല്ലിമണികളുടെ വലുപ്പവവും ആകൃതിയുമാണ് ഉള്ളത്. എന്നാല്‍ നാടന്‍ ഇനമായ പെരിയോനിക്സ് ഇനത്തിന്‍റെ മുട്ടകള്‍ക്ക് വലുപ്പം കുറവാണ്. ഒരു മുട്ടയില്‍ നിന്ന് മൂന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങല്‍ പുറത്ത്വരുന്നു. മണ്ണിരയുടെ കുഞ്ഞുങ്ങളെ ജുവനൈലുകള്‍ എന്നാണറിയപ്പെടുന്നത്. ഈ കുഞ്ഞുങ്ങല്‍ 42 ദിവസം പ്രായം എത്തിയാല്‍ ഉല്പാദനശേഷി കൈവരിക്കും. ഒരു മണ്ണിരയില്‍തന്നെ ആണ്‍പെണ്‍ പ്രത്യുല്‍പാദനാവയവങ്ങള്‍ ഉണ്ട്. ഇണചേര്‍ന്നോ, ഇണചേരാതെയോ ആണ് ഇവയുടെ വംശവര്‍ധനവ്.
3 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയും 60 സെ .മീ താഴ്ചയുമുള്ള കുഴികള്‍ ഇതിനായി ഉപയോഗിക്കാം .കുഴിയുടെ അടിയിലെ മണ്ണ് വെള്ളം തളിച്ച ശേഷം നിലംതല്ലി ഉപയോഗിച്ച് അടിച്ചുറപ്പിക്കണം. പറമ്പിലും മറ്റും ഇങ്ങനെയുള്ള കുഴികള്‍ നിര്‍മിക്കുമ്പോള്‍ നീളം എത്രതന്നെ വേണമെങ്കിലും കൂട്ടാവുന്നതാണ്.
ആദ്യയമായി കുഴിയുടെ ഏറ്റവും അടിഭാഗത്തായി ഒരു വരി ഉണങ്ങിയ തൊണ്ട് മലര്‍ത്തി അടുക്കേണ്ടതാണ്. അതിനു തൊട്ടു മുകളിലായ് സസ്യ അവശിഷ്ടങ്ങള്‍, അടുക്കള വേസ്റ്റുകള്‍ തുടങ്ങിയവ തൊണ്ടിനു മീതെ നിരത്തി ഇടേണ്ടാതാണ്. ജൈവാവശിഷ്ടങ്ങള്‍ ,ചാണകം എന്നിവ 10:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് കൊടുക്കേണ്ടതാണ്. ഇപ്രകാരം കുഴി നിറയുന്നതു വരെ ജൈവാവശിഷ്ടങ്ങളും ചാണകവും നിക്ഷേപിച്ച ശേഷം 14 ദിവസം കഴിഞ്ഞാല്‍ മണ്ണിരകളെ നേരിട്ട് കമ്പോസ്റ്റ് കുഴികളിലേക്ക് ഇറക്കാവുന്നതാണ്. ചാണകവും സസ്യ അവശിഷ്ടങ്ങളും അഴുകുന്നതിന്‍റെ ആരംഭത്തില്‍ വമിക്കുന്ന താപം മണ്ണിരക്കള്‍ക്ക് ദോഷം ചെയ്യാതിരിക്കാനാണ് 14 ദിവസത്തിനുശേഷം മാത്രം മണ്ണിരകളെ കംമ്പോസ്റ്റുകുഴയിലേക്ക് നിക്ഷേപിക്കുന്നത്. 500 കിലോഗ്രാം അവശിഷ്ടങ്ങള്‍ക്ക് 2 കിലോഗ്രാം മണ്ണിരകളെ ഇടാവുന്നതാണ്. മേല്‍പ്പറഞ്ഞ രീതിയില്‍ മണ്ണിരകളെ കുഴിയില്‍ വിട്ടാല്‍ നെറ്റ് കൊണ്ട് നിര്‍മ്മിച്ച അടപ്പുകൊണ്ട് കുഴിയുടെ വാ ഭാഗം മൂടി ഇടേണ്ടതാണ്. ഇങ്ങനെ മൂടി ഇടുന്നതിനാല്‍ എലി, കാക്ക തുടങ്ങിയ ക്ഷുദ്രജീവികളില്‍ നിന്നും ഉള്ള ആക്രമണം തടയാം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചു കൊടുക്കണം. എന്നാല്‍ ജലത്തന്‍റെ അളവ് കൂടിയാല്‍ മണ്ണിരകള്‍ ചത്തുപോകാം.കമ്പോസ്റ്റ് കുഴികള്‍ പറമ്പുകളിലാണ് നിര്‍മ്മിച്ചിട്ടുള്ളതെങ്കില്‍ മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം ലഭിക്കാനായി പോളിത്തീന്‍ ഷീറ്റുളോ ഓലകളോകൊണ്ട് മേല്‍ക്കൂര കെട്ടേണ്ടതാണ്. അനുകൂല സാഹചര്യം ലഭിച്ചാല്‍ 45ڊ55 ദിവസം കൊണ്ട് കുഴികളില്‍ നിക്ഷേപിച്ച ജൈവാവശിഷ്ടങ്ങളുടെ 90% മണ്ണിരക്കമ്പോസ്റ്റായി മാറും. കമ്പോസ്റ്റ് ശേഖരിക്കുന്നതിന് 5 ദിവസം മുമ്പ് നന മതിയാക്കണം.കമ്പോസ്റ്റ് കുഴികളില്‍ നിന്നും കമ്പോസ്റ്റ് വാരി സൂര്യപ്രകാശം നേരിട്ടടിക്കുന്ന സ്ഥലത്ത് കൂനകൂട്ടിയിടണം.സൂര്യപ്രകാശത്തിന്‍റെ ചൂട് ഏല്ക്കുമ്പോള്‍ മണ്ണിരകള്‍ എല്ലാം കമ്പോസ്റ്റിന്‍റെ അടിഭാഗത്ത് എത്തിച്ചേരും. അപ്പോള്‍ കമ്പോസ്റ്റ് വാരി അരിപ്പ ഉപയോഗിച്ച് മണ്ണിരകളെയും വളത്തെയും പ്രത്യേകം ശേഖരിക്കാവുന്നതാണ്. മണ്ണിരക്കമ്പോസ്റ്റ് പച്ചക്കറിക്യഷിയില്‍ ചാണകത്തിന് പകരമായി അതേ അളവില്‍ ഉപയോഗിച്ചാല്‍ രാസവളങ്ങുടെ ഉപയോഗം പകുതിയായി കുറയ്ക്കാന്‍ സാധിക്കും. പച്ചക്കറി വിളകളില്‍ ശുപാര്‍ശ ചെയ്യുന്ന രാസവളങ്ങളോടൊപ്പം ചാണകത്തിനുപകരമായി മണ്ണിര കമ്പോസ്റ്റ് ഉപയോഗിച്ചാല്‍ 20 ശതമാനം വിളവര്‍ധനവ് ഉണ്ടാകും. കൂടാതെ ജൈവവളം ഉപയോഗിച്ച് ക്യഷി ചെയ്ത് എടുക്കുന്ന പച്ചക്കറികള്‍ അധികനാള്‍ കേടൂകൂടാതെ സൂക്ഷിച്ചു വെക്കാനാകും.

ഡ്രാഗണ്‍ പഴം വ്യാവസായികാടിസ്ഥാനത്തില്‍

ഡ്രാഗണ്‍ ഫ്രൂട്ട് കള്ളിച്ചെടിയില്‍ നിന്ന് ലഭിക്കുന്ന സ്വാദിഷ്ടമായ ഒരിനം പഴമാണ്. ഉഷ്ണമേഖല പ്രദേശങ്ങളില്‍ വിളയുന്ന ഈ പഴത്തിന്‍റെ നാട് തെക്കേ അമേരിക്കയാണ്. ഇപ്പോള്‍ ചൈന, മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വന്‍തോതില്‍ കൃഷിചെയ്യുന്നു. ഇപ്പോള്‍ ഇന്ത്യയിലും ഈ പഴം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തു വരുന്നു. പിത്തായ എന്ന പേരിലും ഡ്രാഗണ്‍ ഫ്രൂട്ട് അറിയപ്പെടുന്നു. ഗുണനിലവാരം അനുസരിച്ച് 75 മുതല്‍ 300 രൂപ വരെ ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ തൈകള്‍ക്ക് വിലയുണ്ട്. കൃഷിക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലമാണ് ആവശ്യം. തൈ നട്ട് വളര്‍ന്നു വരുമ്പോള്‍ കരിങ്കല്‍ തൂണിന് മുകളില്‍ സൈക്കിള്‍ ടയര്‍ ഉറപ്പിച്ച് അതിലേക്ക് കയറ്റിവിട്ടാണ് ഈ ചെടി വളര്‍ത്തുന്നത്. തണ്ടും ഇലയും എല്ലാം ഒന്നുതന്നെയാണ്. തണ്ടില്‍ മുള്ളുകളും കാണാം. ഈ തണ്ടിന്‍റെ അറ്റത്താണ് കായ് ഉണ്ടാകുന്നത്. തണ്ടിന്‍റെയും കായുടെയും ആകൃതികൊണ്ടും പുറത്ത് ശല്‍ക്കങ്ങള്‍പോലെയുള്ള തൊലിയും ഉള്ളില്‍ വെള്ള നിറത്തിലും പിങ്ക് നിറത്തിലുമാണ് ഈ പഴം ലഭിക്കുന്നത്. ഡ്രാഗണ്‍ പഴത്തിന് മാര്‍ക്കറ്റുകളില്‍ 400 രൂപയോളം വിലയുണ്ട്.

മരച്ചീനി കാന്‍സറിനെ പ്രതിരോധിക്കും

മരിച്ചീനി നല്ലൊരു പ്രതിരോധ ഭക്ഷ്യവിളയാണ്. മരച്ചീനി കഴിക്കുന്നത് കാന്‍സറിനെ പ്രതിരോധിക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. മരച്ചീനി മുഖ്യആഹാരമായി കഴിക്കുന്ന ചില ആഫ്രിക്കന്‍ മേഖലകളില്‍ കാന്‍സറിന്‍െറ സാധ്യത തുലോം കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നൈരീജിയ നടത്തിയ പഠനത്തില്‍നിന്ന് വ്യക്തമായത് മരച്ചീനി ഇലയില്‍നിന്ന് വേര്‍തിരിച്ചെടുത്ത രാസവസ്തുക്കള്‍ക്ക് പ്രോസ്റ്റേറ്റ്, ബ്ളാഡര്‍ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടത്തെിയിട്ടുണ്ട്. മരച്ചീനിയില്‍, വിശേഷിച്ചും ഇലകളിലും കിഴങ്ങിന്‍െറ തൊലികളിലും കാണുന്ന ലിനാമരിന്‍, ലോട്ടോസ്ട്രാലിന്‍ എന്നീ രണ്ടു രാസസംയുക്തങ്ങളാണ് കാന്‍സറിന് എതിരെ പ്രതിരോധിക്കുന്നത്. കേരളത്തിന്‍െറ തനതുവിളയായ മരച്ചീനിയുടെ അനന്തസാധ്യതകളെക്കുറിച്ച് വളരെ വിശദമായി പഠിക്കാന്‍ സമാന ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണങ്ങള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്.

തേക്കിന്‍ കൃഷിയിലൂടെ ആധായമുണ്ടാക്കാം; കൃഷിരീതികള്‍

പണിത്തരങ്ങള്‍ക്ക് ഏറ്റവും പറ്റിയ തേക്കിന്‍റെ കൃഷി ആദായകരമെന്നതില്‍ സംശയം വേണ്ട. തേക്കിന് വിപണി കണ്ടെത്താനും പ്രയാസമില്ല. വിലയിടിവിനും സാധ്യതയില്ല. 

തേക്കുതടിയിലെ സവിശേഷതകള്‍
തേക്കുതടിക്കും തെമ്മാടിക്കും എവിടെയും കിടക്കാമെന്ന് കേട്ടിട്ടില്ലേ..നല്ല ഈടും ഉറപ്പുമുള്ളതാണ് തേക്കുതടി. ഇതിലുള്ള എണ്ണയാണ് തടി കേടാകാതെ സൂക്ഷിക്കുന്നത്. കീടങ്ങളും ചിതലും തേക്കുതടിയെ ആക്രമിക്കില്ല.

നന്നായി വളരുന്നത് എവിടെ ?
തേക്കിന്‍റെ വളര്‍ച്ചയ്ക്ക് സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന തുറസായ സ്ഥലം വേണം. 1000-2500 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണിലാണ് തേക്ക് നന്നായി വളരുക. 

തേക്ക് നടുന്നതെങ്ങനെ ?
ഭൂമി ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇളക്കം കുറഞ്ഞ മണ്ണില്‍ കുഴിയെടുത്ത് കമ്പോസ്റ്റും ചാണകപ്പൊടിയും മേല്‍മണ്ണും നിറച്ച് അതില്‍ സ്റ്റമ്പ് ഇട്ടാല്‍ നല്ല വളര്‍ച്ച കിട്ടും. 

വിത്ത് ശേഖരണം
ഡിസംബര്‍- ജനുവരിയിലാണ് തേക്കുവിത്ത് ശേഖരിക്കേണ്ടത്. വിത്ത് ശേഖരിക്കാനുദ്ദേശിക്കുന്ന മരത്തിന്‍റെ ചുറ്റും വൃത്തിയായി വയ്ക്കണം. പാകമായി തറയില്‍ വീഴുന്ന വിത്തുകള്‍ ശേഖരിക്കാം. 

വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങള്‍
തേക്കിന്‍തൈ നന്നായി വളരുന്നതിന് ധാരാളം സൂര്യപ്രകാശം വേണം. കളകള്‍ പറിച്ച് മാറ്റണം. നീര്‍വാഴ്ചയുള്ള മണ്ണാണ് തേക്കിന് നല്ലത്. 

മൃഗങ്ങള്‍ തേക്കിന് ശല്യമോ
കന്നുകാലികള്‍ തേക്ക് തിന്നുകയില്ലെങ്കിലും അവ ചവിട്ടി നടന്ന് നശിപ്പിക്കാന്‍ സാധ്യതയുണ്ട്.

സ്റ്റമ്പ് ഉണ്ടാക്കുന്നത് എങ്ങനെ
സ്റ്റമ്പ് ഉണ്ടാക്കുന്നതിന് ഒരു കൊല്ലം മുന്‍പ് തേക്കിന്‍കായ് വിതയ്ക്കണം. ഫെബ്രുവരി-മാര്‍ച്ച് മാസത്തിലാണ് ഇത് ചെയ്യേണ്ടത്. 

വിത്ത് മുളപ്പിക്കുന്നത് എങ്ങനെ
തേക്കിന്‍കുരുവിന് കട്ടിയുള്ള പുറംതോടാണുള്ളത്. അതുകൊണ്ട് വിത്തുകള്‍ രാത്രി മുഴുവന്‍ ചെറുചൂടുള്ള വെള്ളത്തിലിട്ട് നന്നായി കുതിര്‍ക്കുകയും തുടര്‍ന്ന് പകല്‍ തണലത്തിട്ട് ഉണക്കുകയും ചെയ്യണം. ഇങ്ങനെ തയ്യാറാക്കുന്ന വിത്ത് മണ്ണില്‍ ഒരു സെന്‍റിമീറ്റര്‍ താഴ്ചയില്‍ കുഴിച്ചിടണം. ഇടയ്ക്കിടെ നനച്ച് കൊടുക്കണം. 

നഴ്സറി നിര്‍മ്മിക്കുമ്പോള്‍
എക്കല്‍മണ്ണാണ് തേക്ക് നഴ്സറിക്ക് ഏറ്റവും പറ്റിയത്. വടക്കോട്ട് ചരിഞ്ഞ സ്ഥലം തിരഞ്ഞെടുക്കുന്നത് കൊള്ളാം. നഴ്സറിയുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കളകള്‍നീക്കി വൃത്തിയാക്കണം.

തൈകളുടെ പരിചരണം
ഒന്നാം വര്‍ഷം - കളയെടുപ്പ്, പുതയിടില്‍
രണ്ടാം വര്‍ഷം- കളയെടുപ്പ്, ഒറ്റതിരിക്കല്‍, ഇടപോക്കല്‍
മൂന്നാംവര്‍ഷം- കളയെടുപ്പ്, തീ സംരക്ഷണം, വളമിടല്‍
നാലാം വര്‍ഷം - തീ സംരക്ഷണം, കളയെടുപ്പ്, വള്ളിവെട്ട്

ആക്രമിക്കുന്ന കീടങ്ങള്‍
ഇലതീനിപ്പുഴു, തൈകള്‍ തുരന്ന് നശിപ്പിക്കുന്ന തുരപ്പന്‍പുഴു, പ്രായമായ തേക്കുമരങ്ങളുടെ കാതല്‍ തുരന്ന് നശിപ്പിക്കുന്ന തടിതുരപ്പന്‍പുഴു

കീടനിയന്ത്രണം
തേക്കിന് മുറിവുണ്ടാകാതെ നോക്കുക, തുരന്ന ഭാഗത്ത് എക്കാലക്സ് ലായിനി പുരട്ടുക.

വളപ്രയോഗം
മണ്ണിളക്കുകയും നനയ്ക്കുന്നതും വളം ഇടുന്നതും തേക്കിന്‍റെ വളര്‍ച്ച വേഗത്തിലാക്കും. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ 30 ഗ്രാം വീതം ആദ്യവര്‍ഷവും ഇതിന്‍റെ ഇരട്ടി വീതം രണ്ടും മൂന്നും വര്‍ഷങ്ങളിലും നല്‍കാം. 

തേക്കിന്‍തടി തരംതിരിവ്
തേക്കിന്‍തടി നീളത്തിന്‍റെയും വണ്ണത്തിന്‍റെയും അടിസ്ഥാനത്തില്‍ തരം തിരിക്കാം.
185 സെന്‍റിമീറ്ററിനും അതിനുമുകളിലും - കയറ്റുമതി ഇനം
150 സെന്‍റിമീറ്റര്‍ മുതല്‍ 184 സെന്‍റിമീറ്റര്‍ വരെ - ഒന്നാം ക്ലാസ്

നിലമ്പൂര്‍ തേക്ക്
സിലിക്കയുടേയും, ഇരുമ്പ്- അലുമിനിയം ഓക്സൈഡിന്‍റേയും ഉയര്‍ന്ന അനുപാതം, ഈര്‍പ്പമുള്ള എക്കല്‍മണ്ണ്, കാത്സ്യം, മഗ്നീഷ്യം മുതലായ മൂലകങ്ങളുടെ ഉയര്‍ന്ന അളവ്, ചരല്‍ ചേര്‍ന്ന എക്കല്‍മണ്ണ് എന്നിവയാണ് നിലമ്പൂരിനെ തേക്കുകൃഷിക്ക് പ്രശസ്തമാക്കിയത്. 

ചിലവ്
ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ 20000 രൂപയോളമേ ചിലവ് വരൂ. തുടര്‍ന്ന് 4 വര്‍ഷം കൃഷി പരിപാലിക്കുന്നതിന് 35000 രൂപയും ചിലവ് കണക്കാക്കുന്നു. 
മുടക്ക് മുതല്‍ 8 വര്‍ഷം കൊണ്ടു തന്നെ ഇടമുറി വഴി തിരികെ ലഭിക്കുന്നു. അവസാന വിളവെടുപ്പില്‍ നിന്ന് ഇന്നത്തെ കമ്പോള വിലയനുസരിച്ച് ഒരു ഹെക്ടറില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് 20 ലക്ഷം രൂപ ലഭിക്കും. 

നല്ലയിനം തൈകള്‍ എവിടെ ലഭിക്കും
വനംവകുപ്പിന്‍റെ സാമൂഹിക വനവത്ക്കരണ വിഭാഗം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിശ്ചിത വിലയ്ക്ക് തേക്കിന്‍തൈകള്‍ നല്‍കുന്നതാണ്. വിവിധയിനം തേക്കുകള്‍ ആവശ്യപ്പെട്ട്കൊണ്ട് വനംവകുപ്പിനെ സമീപിക്കാം. മൂന്നിനം തേക്കിന്‍തൈകളാണുള്ളത്. ചെങ്കോട്ട തേക്ക്- ഉയരം കുറഞ്ഞ ധാരാളം ശാഖകളുള്ള ഇനം, കോല്‍തേക്ക് - കന്യാകുമാരി ജില്ലയില്‍ കാണപ്പെടുന്നു, ഈ തേക്കിന് വണ്ണം പൊതുവേ കുറവാണ്. വേഗത്തില്‍ വളരും. കല്ലുതേക്ക് - ദക്ഷിണകാനറയാണ് ജന്മദേശം. ഉയരം കുറവാണ്, തടിക്ക് കടുപ്പവും ഭാരവും കൂടും. പാറപ്രദേശങ്ങളില്‍ വരും. കോന്നി തേക്ക് - കോന്നിയാണ് ജന്മദേശം. ഇത്തിള്‍ പ്രാണി ശല്യം കുറവാണ്. വേഗത്തില്‍ വളരും, നിലമ്പൂര്‍ തേക്കിന്‍റെ രണ്ടിരട്ട് വലുപ്പം വയ്ക്കും. തേക്കിന്‍റെ മേലുള്ള കുത്തകാവകാശം 1988 ല്‍ തന്നെ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. എങ്കിലും വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിലെ തേക്ക് മരം മുറിക്കുന്നതിനും കടത്തികൊണ്ട് പോകുന്നതിനും അനുവാദം ആവശ്യമാണ്. സ്വകാര്യഭൂമിയിലെ തേക്ക് മുറിക്കുന്നതിന് അനുവാദം ആവശ്യമില്ലെങ്കിലും നീക്കം ചെയ്യുന്നതിനുള്ള നിയമാനുസരണ പ്രതിജ്ഞാപത്രം നല്‍കണമെന്ന് മാത്രം.

വാഴ; വരുമാന ത്തിന്‍റെ പുതുവഴികള്‍

വാഴയില്‍ നിന്ന് പഴം എന്ന ലക്ഷ്യം മാത്രമേ പ്രഥമ ഇനമായി നമ്മുടെ മനസിലുള്ളതെങ്കിലും ഒന്‍പതോളം മറ്റ് വരുമാന മാര്‍ഗങ്ങള്‍ വാഴ തരുന്നുണ്ട്. പക്ഷെ, അതിന് നാം അതിന് അല്‍പ്പം മനസ് വയ്ക്കണമെന്ന് മാത്രം. വീട്ടില്‍ തന്നെ ചെറിയ സാങ്കേതിക വിദ്യകള്‍ 

ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന ചില ഉത്പന്നങ്ങള്‍ നോക്കാം.

ശര്‍ക്കര വരട്ടി
ശര്‍ക്കര ഉരുക്കി കട്ടിപ്പരുവമാവുമ്പോള്‍ ഏലക്കയും ജീരകപ്പൊടിയും ചേര്‍ക്കണം. നേന്ത്രക്കായ കഴുകി വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് ആ കഷണങ്ങള്‍ ശര്‍ക്കര കട്ടിയില്‍ വറുത്ത് കോരാം. കുടില്‍ വ്യവസായമായി ചെയ്താല്‍ ലാഭം കൂടുതല്‍.

ഉപ്പേരി
നേന്ത്രക്കായയില്‍ നിന്നും ഉപ്പേരി ഉണ്ടാക്കാം

പൂക്കളില്‍ നിന്ന് അച്ചാര്‍

വാഴയുടെ ആണ്‍പൂമൊട്ടുകളില്‍ നിന്ന് വാഴപ്പൂ അച്ചാര്‍ തയ്യാറാക്കാം. പൂക്കളില്‍ നിന്ന് കേസരം നീക്കി കഷണങ്ങളായി മുറിച്ച് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുന്നു. തുടര്‍ന്ന് തണുത്ത വെള്ളത്തിലിട്ട ശേഷം പൂക്കള്‍ പൊടിച്ചെടുക്കണം. മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുകും വെളുത്തുള്ളിയും ചേര്‍ത്തിളക്കണം. ബ്രൗണ്‍ നിറമാകുമ്പോള്‍ കായപ്പൊടി ചേര്‍ക്കണം. കുഴമ്പാക്കിയ പൂക്കള്‍ ഇതിലേക്ക് ചേര്‍ത്ത് വെള്ളം വറ്റുന്നത് വരെ ഇളക്കുക. തുടര്‍ന്ന് മുളക് പൊടി മഞ്ഞള്‍പ്പൊടി ഉപ്പ് ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്ന് വാങ്ങി വച്ച് വിനാഗിരി ചേര്‍ത്ത് തണുക്കാന്‍ വയ്ക്കണം. സ്ഫടിക കുപ്പിയിലേക്ക് ഇത് മാറ്റി. തണുത്ത എണ്ണ കൂടിയൊഴിച്ചാല്‍ അച്ചാര്‍ റെഡി.

കര്‍പ്പൂരവള്ളി ജാം
നല്ല ജാം ഉണ്ടാക്കാന്‍ മികച്ച വാഴപ്പഴങ്ങള്‍ വേണം. കര്‍പ്പൂരവള്ളിയാണ് കേമന്‍. പൂവനും പാളയങ്കോടനും നന്ന്. ഒരുകിലോ പഴവും മുന്നൂറുഗ്രാം പഞ്ചസാരയും രണ്ട് ടീസ് പൂണ്‍ നാരങ്ങ നീരും അഞ്ച് ഗ്രാമ്പൂവും മതി ജാമുണ്ടാക്കാന്‍. പഴങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിച്ച് തണുക്കുമ്പോള്‍ നേര്‍ത്ത മസ്ലിന്‍ തുണിയില്‍ അരിച്ചെടുക്കണം. ഇതിലേക്ക് നാരങ്ങയും ഗ്രാമ്പുവും ചേര്‍ത്താല്‍ ജാം റെഡി.

ബനാന ഫിഗ്

കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്ക് മറ്റ് സുംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിക്കുന്ന പഴം പച്ചക്കറിയേക്കാള്‍ ഗുണമേന്മയും രുചിയും കൂടുതലാണ്. കാര്‍ഷിക വിളകള്‍ വിപണനം ചെയ്യുമ്പോള്‍ പല വെല്ലുവിളികളും നേരിടേണ്ടി വരും. ശാസ്ത്രീയ രീതിയില്‍ ഗുണമേന്മ നഷ്ടപ്പെടാതെ സംസ്കരിച്ചെടുക്കുന്ന എത്തവാഴപ്പഴം ബനാനാഫിഗ് എന്ന പേരില്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങിയിരിക്കുന്നു. നാടന്‍ ഏത്തപ്പഴം സംസ്കരിച്ചു തയാറാക്കുന്ന ഡ്രൈ ഉല്പന്നം ആണ് ബനാന ഫിഗ്. ധാരാളമായി ലഭ്യമാകുന്ന അസംസ്ക്രത വസ്തു തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ സാധ്യത. കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ സാധിക്കുന്നു എന്നതും ഇതിന്‍റെ ഒരു പ്രത്യേകതയാണ്.

വാഴക്കൂമ്പ് കട്ലറ്റ്
ചേര്‍ക്കേണ്ട ഇനങ്ങള്‍:

വാഴക്കൂമ്പ് അരിഞ്ഞത് 1/4 കിലോ 
സവാള 12 
പച്ചമുളക് 12 
ഇഞ്ചി ചെറിയ കഷ്ണം 
കുരുമുളക് പൊടി 
1/2 ടീസ്പൂണ്‍ 
ഗ്രാമ്പു 23 
വെളുത്തുള്ളി നാല് അല്ലി 
വേവിച്ച ഉരുളക്കിഴങ്ങ് 12 
പട്ട ഒരു ചെറിയ കഷണം 
എണ്ണ, ഉപ്പ് പാകത്തിന്
പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. വാഴക്കൂമ്പ് അരിഞ്ഞ് ഉപ്പുചെര്‍ത്ത് വേവിക്കുക. അരിഞ്ഞു വച്ച ചേരുവ ചീനച്ചട്ടിയില്‍ വഴറ്റുക. ഇതില്‍ ഗ്രാമ്പു, കുരുമുളക്പൊടി, പട്ട തുടങ്ങിയവയും ചേര്‍ക്കുക. വാഴക്കൂമ്പ് ഇതില്‍ ചേര്‍ത്ത് വഴന്നുകഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കുക. വെള്ളം തീരെ ഉണ്ടാവരുത്. ഉരുളക്കിഴങ്ങ് വേവിച്ച് കട്ടകളില്ലാതെ ഉടച്ചു വയ്ക്കുക. വാഴക്കൂമ്പ് കൂട്ടില്‍ ഇതു ചേര്‍ക്കുക.

ഏത്തപ്പഴ ഐസ്ക്രീം

ചെറുതായി അരിഞ്ഞ രണ്ട് ഏത്തപ്പഴവും ഒരു കപ്പ് പാലും ഒരു സ്പൂണ്‍ നാരങ്ങാ നീരും ഉണ്ടെങ്കില്‍ ഐസ്ക്രീമിന്‍റെ ചേരുവകളായി. മുട്ടയുടെ വെള്ളയും ക്രീമും ചേര്‍ത്ത് മിശ്രിതമാക്കുക. പഴം, നാരങ്ങാ നീര് , പാല് എന്നീ മിശ്രിതത്തിലേക്ക് ആദ്യമുണ്ടാക്കിയ മിശ്രിതം ചേര്‍ത്തിളക്കുക. എസന്‍സും ചേര്‍ത്തിളക്കി ഫ്രീസറില്‍ വച്ച് തണുപ്പിക്കുക.

വര്‍ണവസ്ത്രം

വാഴനാരില്‍ നിന്ന് നല്ല വസ്ത്രങ്ങളുണ്ടാക്കാന്‍ സാധിക്കും. വെള്ളത്തില്‍ ഡൈ കലര്‍ത്തി അവ വാഴനാരില്‍ ചാലിച്ചാണ് നിറം കൊടുക്കുന്നത്. പുറമേയുള്ള ഒന്നോ രണ്ടോ പോളകള്‍ പൊളിച്ച് മാറ്റി അകത്തെ പോളയില്‍ നിന്നാണ് വാഴനാര് എടുക്കുക. ഒരു ചെറുകത്തി ഉപയോഗിച്ചാണ് നാരിളക്കുന്നത്. പോളകള്‍ ചുരണ്ടികിട്ടുന്ന നാര് തണലത്തുണക്കി നനവ് മാറിയാല്‍ അതിന് നിറം കൊടുക്കാം. വാഴനാര് കൊണ്ടുള്ള ഷര്‍ട്ട് വേനല്‍ക്കാല ഉപയോഗിത്തിന് നല്ലതാണ്. ഒരു കിലോ വാഴ നാരില്‍ നിന്ന് 2 ഷര്‍ട്ട് വരെയുണ്ടാക്കാം.

ബേബി ഫുഡ്
ഏത്തക്കായയില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ബേബി ഫുഡ് ഉണ്ടാക്കാം. ഏത്തക്കപ്പൊടിച്ച് വെയിലത്തുണക്കിയാണ് ബേബി ഫുഡ് ഉണ്ടാക്കുന്നത്.

കോളിഫ്ളവറും കൃഷിരീതിയും

നീര്‍വാര്‍ച്ചാ സൗകര്യമുള്ളതും മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കോളിഫ്ളവര്‍ കൃഷിക്ക് അനുയോജ്യം. പുസ ദീപാളി, കാര്‍ത്തിക, മെയിന്‍ ക്രോപ്, വെനീറാസ്, അര്‍ക്ക കാന്തി, ഫുലേസിന്തറ്റിക്, പഞ്ചാബ് ജയന്‍റ് തുടങ്ങിയവ നല്ല ഇനം കോളിഫ്ളവര്‍ വിത്തുകളാണ്. മണല്‍, മണ്ണ്, ഉണങ്ങിയ ചാണകം എന്നിവ 1:1:1 എന്ന അനുപാതത്തില്‍ തയ്യാറാക്കിയ മിശ്രിതം ചെടിച്ചട്ടികളില്‍ നിറച്ചശേഷം വിത്ത് പാകുക. തൈകള്‍ക്ക് 15 സെന്‍റീമീറ്റര്‍ ഉയരം വന്നാല്‍ ഇളക്കി കൃഷിസ്ഥലത്ത് നടാവുന്നതാണ്. അടിവളമായി ചാണകപ്പൊടി, യൂറിയ, സൂപ്പര്‍ഫോസ്ഫേറ്റ്, പൊട്ടാഷ് ഇവ മണ്ണിളക്കുമ്പോള്‍ തന്നെ ചേര്‍ക്കാവുന്നതാണ്. കോളിഫ്ളവര്‍ പൂ വിരിഞ്ഞുകഴിഞ്ഞാല്‍ ഇലകള്‍ കൂട്ടിചേര്‍ത്ത് പൊതിഞ്ഞുകെട്ടണം. പൂവില്‍ സൂര്യപ്രകാശമേറ്റാല്‍ അതിന്‍റെ നിറം മഞ്ഞയാകാന്‍ സാധ്യതയുണ്ട്. വെള്ളനിറമാണ് കോളിഫ്ളവറിനു വേണ്ടത്

പുകയില കഷായം നിര്‍മ്മിക്കുന്നതെങ്ങനെ

ഏറ്റവും നല്ല ഒരു ജൈവ കീടനാശിനിയാണ് പുകയില കഷായം. പുകയില കഷായം നിര്‍മ്മിക്കുന്നതിനായി 250 ഗ്രാം പുകയിലയോ പുകയില ഞെട്ടോ ചെറുതായി അരിഞ്ഞ് രണ്ടര ലിറ്റര്‍ വെള്ളത്തില്‍ മുക്കി ഒരു ദിവസം വയ്ക്കുക. അതിനുശേഷം വെള്ളത്തില്‍ മുക്കിവച്ച പുകയില കഷണങ്ങള്‍ പിഴിഞ്ഞ് പുകയിലച്ചണ്ടി മാറ്റുക. അടുത്തതായി 60 ഗ്രാം സാധാരണ സോപ്പ് ചെറുതായി അരിഞ്ഞ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കുക. സോപ്പുലായനി പുകയില പുകയില കഷായവുമായി നന്നായി ചേര്‍ത്ത് ലയിപ്പിക്കുക. ഈ പുകയില കഷായം 7 ഇരട്ടി വെള്ളം ചേര്‍ത്ത് നല്ല വെയിലുള്ളപ്പോള്‍ ചെടികളില്‍ തളിച്ചാല്‍ പച്ചക്കറികളില്‍ കാണുന്ന കീടങ്ങളെ നിയന്ത്രിക്കാം

ചേമ്പ് കൃഷിയും വിത്തിനങ്ങളും

കേരളത്തില്‍ ധാരാളമായി കൃഷി ചെയ്യുന്ന ഒരു കിഴങ്ങുവര്‍ഗ്ഗ പച്ചക്കറിയാണ് ചേമ്പ്. തെക്കു കിഴക്കേ ഏഷ്യയാണ് ചേമ്പിന്‍റെ ജന്മനാട്. കറുത്തചേമ്പ്, കണ്ണന്‍ചേമ്പ്, കറുത്തകണ്ണന്‍, കരിചേമ്പ്, കൊട്ടുചേമ്പ്, പാവുചേമ്പ്, മലയാര്യന്‍ചേമ്പ്, ചുട്ടിചേമ്പ്, ശീമചേമ്പ്, ആനക്കൊമ്പന്‍, ആറാട്ടുപുഴകണ്ണന്‍, വെട്ടത്തുനാടന്‍, വാഴചേമ്പ്, താമരക്കണ്ണന്‍ എന്നിവ നല്ല വിളവു തരുന്ന ചേമ്പിനങ്ങളാണ്. എന്നാല്‍ ഇതോടൊപ്പം തന്നെ അത്യുല്‍പാദനശേഷിയുള്ള ചേമ്പിനങ്ങളുമുണ്ട്. ശ്രീപല്ലവി, ശ്രീരശ്മി തുടങ്ങിയവ. ആവശ്യത്തിന് ഈര്‍പ്പമുള്ള മണ്ണാണ് ചേമ്പിന്‍റെ കൃഷിക്കായി വേണ്ടത്. അടിസ്ഥാന വളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ക്കാം. വളമായി യൂറിയ, സൂപ്പര്‍ ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കാം

വേപ്പിന്‍ സത്ത് തയ്യാറാക്കുന്നത് എങ്ങനെ

5% വീര്യത്തില്‍ വേപ്പിന്‍കുരുസത്ത് തയ്യാര്‍ ചെയ്യാന്‍ 50 ഗ്രാം വേപ്പിന്‍കുരു ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ വേണ്ടിവരും. വേപ്പിന്‍കുരു നല്ലതുപോലെ പൊടിച്ച് പഴംതുണിയില്‍ കിഴി കെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവെയ്ക്കുക. ഇതിനു ശേഷം തുണിക്കിഴി പല തവണ ഇതേ വെള്ളത്തില്‍ മുക്കി പിഴിയുക. ഇപ്രകാരം ലഭിച്ച ലായനിവാണ് തളിക്കാന്‍ ഉപയോഗിക്കേണ്ടതാണ്.

ചീരയിലെ ഇല ചുരുട്ടിപ്പുഴുക്കളെ നിയന്ത്രിക്കാനും ഇല തിന്നുന്ന പ്രാണികളെ വകവരുത്താനുമുള്ള മാര്‍ഗമാണിത. വഴുതിന, പായല്‍, പടവലം എന്നിവയുടെ ഇല തിന്നുന്ന ഇലതീനിപ്പുഴുക്കള്‍,കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍ , പച്ചത്തുള്ളന്‍, വണ്ടുകള്‍ എന്നിവക്കെതിരെ പ്രയോഗിക്കാവുന്ന ജൈവകീടനാശിനിയാണ് വേപ്പിന്‍കുരു സത്ത്.

തക്കാളികൃഷിയും പരിപാലനവും

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്, അതിനാല്‍ ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി കൂടുതലായി വളരുന്നത്. ഗ്രോബാഗുകളിലോ, ചെടിച്ചട്ടികളിലോ, ചാക്കുകളിലോ നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാവുന്നതാണ്. വിത്ത് പാകി മുളപ്പിച്ച തൈകള്‍ ഇളക്കി നടുന്നതാണ് നല്ലത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങള്‍.
നടീല്‍ രീതി
വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. അതിനുശേഷം തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക. ഒരു മാസം പ്രായമായ തൈകള്‍ ഇളക്കി നടാവുന്നതാണ്. നേരിട്ട് മണ്ണില്‍ നടുകയാണെങ്കില്‍ മണ്ണ് നന്നായി കിളയ്ക്കുക. അതിനുശേഷം കല്ലും കട്ടയും ഒഴിവാക്കുക. അതിനുശേഷം ഉണങ്ങിയ ചാണകം, കമ്പോസ്റ്റ് ഇവ അടി വളമായി ചേര്‍ക്കുക. കുറച്ച് കുമ്മായം ചേര്‍ത്ത് മണ്ണിന്‍റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്കിലോ ഗ്രോ ബാഗിലോ ആണ് നടുന്നതെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കിയശേഷം നടുക.
കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇടവിട്ടു നല്‍കാവുന്നതാണ്. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. അതിനായി ഒരു ചെടിയുടെ നാലു വശവും ചെറിയ കമ്പുകള്‍ നിര്‍ത്തയശേഷം കട്ടി കുറഞ്ഞ നാരുകള്‍ ഉപയോഗിച്ച് വലിച്ച് കെട്ടി നിര്‍ത്താവുന്നതാണ്. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും. തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ ഇലച്ചുരുള്‍ രോഗം, വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളു രോഗങ്ങള്‍, ബാക്ടീരിയല്‍ വാട്ടം എന്നിവയാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുന്നതാണ് നല്ലത്.

കടപ്പാട്-http://nallavartha.com

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate