অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി - പുത്തന്‍ വിവരങ്ങള്‍

കൃഷി - പുത്തന്‍ വിവരങ്ങള്‍

സോയാബീന്‍ കൃഷിചെയ്യാം

ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളും അടങ്ങിയ പയര്‍വര്‍ഗ വിളയാണ് സോയാബീന്‍. ആരോഗ്യസംരക്ഷണത്തിനായി 25 ഗ്രാം സോയാപ്രോട്ടീന്‍ പ്രതിദിനം ഒരാള്‍ കഴിക്കണമെന്നതാണ് ആരോഗ്യസംഘടനയുടെ കണക്ക്. അടുക്കളത്തോട്ടത്തിന് അനുയോജ്യമായ വിളയാണിത്. കാലവര്‍ഷാരംഭത്തിനു മുമ്പും ശേഷവും കൃഷിചെയ്യുന്നതാണ് നല്ലത്. മണല്‍കലര്‍ന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം. വാരങ്ങളെടുത്ത് ഒരിഞ്ച് ആഴത്തില്‍ വിത്തിടുകയോ, തൈകള്‍ തയ്യാറാക്കി 20 സെന്റീമീറ്റര്‍ അകലം നല്‍കി തൈകള്‍ നടുകയോ ചെയ്യാം. അടിവളമായി ഒരു ചെടിക്ക് രണ്ടു കി.ഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം. മേല്‍വളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളില്‍ കൊടുക്കണം. മഴ ലഭിക്കുന്നതുവരെ നന കൊടുക്കണം.


മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണം. നാലുമാസത്തിനകം പൂവിട്ട് കായകള്‍ ലഭിക്കാന്‍ തുടങ്ങും. മൂപ്പെത്താത്ത കായകള്‍ പറിച്ചെടുത്ത് തോരനും ഉപ്പേരിയും ഉണ്ടാക്കാം. നന്നായി ഉണങ്ങിയ സോയാവിത്തുകളില്‍നിന്ന് സോയാപാല്‍ ഉണ്ടാക്കാം. 
സോയാപാല്‍ ഉണ്ടാക്കുന്നവിധം 
ധാരാളം പോഷകമടങ്ങിയ പാനീയമാണ് സോയാപാല്‍. ആരോഗ്യത്തിന് ഹാനികരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും. ഒരുലിറ്റര്‍ സോയാപാല്‍ ഉണ്ടാക്കുന്നതിന് 125 ഗ്രാം സോയവിത്ത് വേണ്ടിവരും. നന്നായി വിളഞ്ഞുണങ്ങിയ വിത്തുകള്‍ കഴുകിവൃത്തിയാക്കി 8–10 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. കുതിര്‍ത്തെടുത്ത വിത്ത് അമര്‍ത്തി പുറംതൊലി കളഞ്ഞ് പരിപ്പെടുത്ത് കഴുകിവൃത്തിയാക്കി നന്നായി അരച്ചെടുക്കുക. സോയപയറിന് ദുര്‍ഗന്ധമുണ്ട്. ചൂടുള്ള കഞ്ഞിവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ ഈ ദുര്‍ഗന്ധം മാറിക്കിട്ടും. അരച്ചെടുത്ത പയര്‍ ഇടവിട്ടടവിട്ട് പുഴുങ്ങി വീണ്ടും അരച്ചെടുക്കുക. ഇങ്ങിനെ തയ്യാറാക്കിയ മാവില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ചെറുതായി ഇളക്കി വീണ്ടും തിളപ്പിക്കുക. അതിനുശേഷം അഞ്ചുദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയ സോയാപാല്‍ ആവശ്യാനുസരണമെടുത്ത് തിളപ്പിച്ച് ഉപയോഗിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും തിളപ്പിച്ച് ദീര്‍ഘകാലം സൂക്ഷിക്കുകയും ചെയ്യാം

കുറ്റി കുരുമുളക് പരിപാലനം

സാധാരണയായി കുരുമുളക് വള്ളിയായി താങ്ങുമരങ്ങളിലാണ് വളര്‍ത്തുന്നത്. ഇതിനുവേണ്ടി താങ്ങുമരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും, വിള പരിപാലനത്തിനും, കുരുമുളക് പറിക്കാനും മറ്റും ഉത്പാദനചെലവ് വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ കുറ്റി കുരുമുളക് വളര്‍ത്തി ഉത്പാദനചെലവ് കുറക്കാവുന്നതാണ്. കുറ്റി കുരുമുളക് പറമ്പില്‍ നട്ട് കുരുമുളക് ഉത്പാദനക്ഷമത കൂട്ടാവുന്നതാണ്.


കുറ്റിക്കുരുമുളക് ചെടികള്‍ ഏകദേശം പത്തുകിലോ പോട്ടിംഗ് മിശ്രിതം (മണ്ണ്, മണല്‍, ചാണകം എന്നിവ തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തിയത്) നിറയ്ക്കാവുന്ന ചട്ടികളിലേക്ക് മാറ്റിനടുക. നട്ടതിന്റെ മേലെ ചപ്പ് വെച്ച് ദിവസേന രണ്ടുനേരം നനയ്ക്കുക. ഇവ രണ്ടാഴ്ചയെങ്കിലും തണലില്‍ വെക്കേണ്ടതാണ്. ഈ ചട്ടികള്‍ മുറ്റത്തോ, ടെറസ്സിനു മുകളിലോ വെച്ച് പരിപാലിക്കാവുന്നതുകൊണ്ട് കുടില്‍കൊട്ടാരം വ്യത്യാസമില്ലാതെ എല്ലാ വീട്ടമ്മമാര്‍ക്കും വളര്‍ത്തി അടുക്കളയിലേക്കാവശ്യമുള്ള കുരുമുളക് ഉത്പാദിപ്പിക്കാവുന്നതാണ്. കാലഭേദമില്ലാതെ ഇവ പൂക്കുന്നതുകൊണ്ട് എല്ലായ്‌പ്പോഴും പച്ച കുരുമുളക് കിട്ടുന്നതാണ്. മത്സ്യകറിയിലും മറ്റും പച്ചക്കുരുമുളക് ഉപയോഗിച്ചാല്‍ അതിന് നല്ല രുചി കിട്ടും. ഇങ്ങനെ എല്ലാവരും സ്വന്തം ആവശ്യത്തിനുള്ള കുരുമുളക് ഉത്പാദിപ്പിച്ചാല്‍ നമ്മുടെ വലിയ വലിയ കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന കുരുമുളക് നമുക്ക് വിദേശങ്ങളിലേക്ക് കയറ്റിഅയച്ച് ധാരാളം വിദേശനാണ്യം നേടാവുന്നതാണ്.
പരിപാലനം
ഒരു ചട്ടിക്ക് രണ്ടുമാസത്തിലൊരിക്കല്‍ 1ഗ്രാം നൈട്രജന്‍, 0.5ഗ്രാം ഭാവഹം, 2ഗ്രാം ക്ഷാരം(2ഗ്രാം യൂറിയ, 3ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 3ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൂട്ടിക്കലര്‍ത്തി ഒരു ടീസ്പൂണ്‍) എന്നതോതില്‍ വളം ചെയ്യാവുന്നതാണ് എന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠനം തെളിയിക്കുന്നു. രാസവളത്തിനു പകരമായി 15ഗ്രാം അഥവാ ഒരു ടേബിള്‍സ്പൂണ്‍ കടലപ്പിണ്ണാക്ക് ചേര്‍ത്താലും മതിയാവുന്നതാണ്. ഇങ്ങനെ വളം ചെയ്തപ്പോള്‍ മൂന്നുവര്‍ഷം പ്രായമായ കുറ്റികുരുമുളക് നട്ട ഒരു ചട്ടിയില്‍നിന്നും പന്നിയൂര്‍കരിമുണ്ട എന്ന വ്യത്യാസമില്ലാതെ ചട്ടി ഒന്നിന് രണ്ടാംവര്‍ഷം മുതല്‍ 465ഗ്രാം കുരുമുളകുവരെ കിട്ടുന്നതായി കണ്ടു. മഞ്ഞളിപ്പ് രോഗം കാണുകയാണെങ്കില്‍ ദശാംശം രണ്ടു ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലോറൈഡ് ലായനി ചട്ടിക്ക് 100 മില്ലീലിറ്റര്‍ എന്നതോതില്‍ കൊടുക്കാവുന്നതാണ്. ഒരു ചട്ടി കുരുമുളക് തൈ ഇങ്ങനെ വളര്‍ത്താന്‍ ഏകദേശം 30 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. പിന്നീട് പരിപാലനത്തിന് ഒരു ഭാരിച്ച ചെലവ് വരാത്തതുകൊണ്ട് ഒരു ചട്ടിയില്‍നിന്ന് പറിച്ചെടുക്കുന്ന കുരുമുളകിന്റെ വില കൂട്ടിനോക്കിയാല്‍ ഇത് വളരെ ലാഭകരമാണ്.
തറയില്‍ നടേണ്ട വിധം:
2 ത 2 മീറ്റര്‍ അകലത്തില്‍ അരമീറ്റര്‍ സമചതുരത്തിലുള്ള കുഴികള്‍ കുത്തി അതില്‍ മേല്‍മണ്ണ് പൂഴ്ത്തി, കമ്പോസ്റ്റ് അല്ലെങ്കില്‍ ചാണകം സമമായി കൂട്ടിച്ചേര്‍ത്ത് നിറയ്ക്കുക. എന്നിട്ട് തൈകള്‍ നടുക. ഇങ്ങനെ ഒരു ഹെക്ടറില്‍ 2500 ചെടികള്‍ നടാവുന്നതാണ്. 6മീറ്റര്‍ അകലത്തില്‍ തണല്‍ നല്‍കാന്‍ ശീമക്കൊന്ന വെച്ചുപിടിപ്പിക്കേണ്ടതാണ്.

അലങ്കാരച്ചെടിയായി മുന്തിരി തക്കാളി

പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറിവിളയാണ് മുന്തിരി തക്കാളി. കറന്റ് ടുമാറ്റോ, സ്‌നാക് ടുമാറ്റോ, സ്പൂണ്‍ ടുമാറ്റോ തുടങ്ങിയ ഇംഗ്‌ളീഷ് പേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ പഴത്തിന് മുന്തിപ്പഴത്തോളം വലുപ്പവും മൂന്നുഗ്രാംവരെ തൂക്കവുമുണ്ടാകും. സൊളാനിയേസി കുടുംബത്തില്‍പ്പെടുന്ന മുന്തിരി തക്കാളിയുടെ ശാസ്ത്രനാമം സൊളാനം പിസിനെല്ലിഫോളിയം എന്നാണ്. പച്ചക്കറിവിളയായും അലങ്കാരച്ചെടിയായും ഈ വിള വളര്‍ത്താം. മഞ്ഞയും ചുവപ്പും നിറംകലര്‍ന്ന അനേകം ഇനങ്ങള്‍ വിദേശരാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നു. കേരളത്തില്‍ ഇതിന്റെ കൃഷി കുറവാണ്. ഹൈറേഞ്ചുകളില്‍ അല്‍പ്പാല്‍പ്പം കൃഷി കാണാം. ഗവേഷണാവശ്യങ്ങള്‍ക്കായി ഈ വിളയെ ഉപയോഗപ്പെടുത്തുന്നു. 
തണുപ്പുകാലാവസ്ഥയാണ് അനുയോജ്യം. കൃഷിരീതികള്‍ സാധാരണ തക്കാളിയുടേതുതന്നെ. തൈകള്‍ തയ്യാറാക്കി കൃഷിയിടങ്ങളിലേക്കോ, ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. ആഴ്ചയിലൊരിക്കല്‍ ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ നല്‍കണം. വേനലില്‍ നന നല്‍കണം. പടരാന്‍ തുടങ്ങുമ്പോള്‍ കയര്‍ കെട്ടിയോ ഫ്രെയിം സ്ഥാപിച്ചോ നിര്‍ത്തണം. നന്നായി പരിപാലിച്ചാല്‍ കുറേനാള്‍ വിളവുതരും. ഗ്രോബാഗുകളില്‍ വീട്ടുമുറ്റത്തും ടെറസിലും ചെടി വളര്‍ത്താം. രോഗങ്ങളും കീടങ്ങളും ഈ വിളയ്ക്ക് പൊതുവേ കുറവാണ്.


ജീവകം എ സി മുതലായ അനേക പോഷകങ്ങളടങ്ങിയ ഈ പഴം സലാഡിനും കറിയാവശ്യത്തിനും, അച്ചാറിനുമൊക്കെ ഉപയോഗിക്കുന്നു. പഴങ്ങള്‍ ഉണക്കിയെടുത്ത് പല വിഭവങ്ങളില്‍ ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. ഇതില്‍ ആന്റി ഓക്‌സിഡന്റിന്റെ അളവ് കൂടുതലായതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

ഔഷധഗുണമേറിയ ചുരയ്ക്ക

വെള്ളരിയിനത്തില്‌പ്പെട്ട ചുരയ്ക്ക അടക്കളതോട്ടത്തില് സാധരണയായി വളര്ത്തുന്ന ഒരു പച്ചക്കറിയാണ് . ചുരയ്ക്ക ജീവകം ബിയുടെ കലവറയാണ്. ഔഷധ ഗുണം ഏറെയുള്ള ചുരയ്ക്കക്ക് വിരശല്യത്തെ ശമിപ്പിക്കാന് കഴിവുണ്ട്. ലജനേരിയ സൈസറേറിയ എന്ന ശാസ്ത്രനാമത്തില് അറിയപ്പെടുന്ന ചുരയ്ക്ക ഇന്ത്യ, മൊളുക്കാസ്, എത്യോപ്യ എന്നിവിടങ്ങളില് കാണുന്നുണ്ട്.


പുസ സമ്മര് പ്രോളിഫിക് ലോങ്, പുസ സമ്മര് പ്രോളിഫിക് റൗണ്ട്, പൂസ മേഘ്ദൂത്, പൂസ മഞ്ജരി, പൂസ സന്ദേശ്, പഞ്ചാബ് കോമള്, അര്ക്ക ബഹാര്, സാമ്രാട്ട് എന്നിവയാണ് പ്രധാന ഇനങ്ങള് ഔഷധഗുണങ്ങളും ധാരളമുണ്ട്. ചുരയ്ക്കയില്. ഇതിന്റെ നീര് ചെറുനാരങ്ങനീര് ചേര്ത്ത് കുടിച്ചാല് വാതം കുറയും. ചുരയ്ക്കയില താളിയായി തലയില് തേച്ചാല് മുടികൊഴിച്ചില് കുറയുന്നതാണ്. ഇതിന്റെ കായ്കളില് മാംസ്യം, കൊഴുപ്പ്, കാര്‌ബോേൈഹ്രഡറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു. കൂടാതെ ചുരയ്ക്ക വിത്തില് 45 ശതമാനം വരെ എണ്ണ അടങ്ങിയിട്ടുണ്ട്. സാലഡ് രൂപത്തില് കഴിച്ചാല് ശരീരത്തിന് തണുപ്പും ലഭിക്കുന്നു

കടപ്പാട് : malayalivartha

സ്ലോ ഫുഡ് കള്‍ച്ചര്‍

സി. ഹരിഹരന്‍

പരമ്പരാഗത കൃഷിരീതികള്‍, വിളവെടുപ്പ്, ജൈവവൈവിധ്യം തുടങ്ങിയവയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ലക്ഷ്യമിടുന്നതാണ് സ്ലോ ഫുഡ് കള്‍ച്ചര്‍.

ഫാസ്റ്റ് ഫുഡ് സംസ്കാരം ജനങ്ങളെ എങ്ങനെ സ്വാ ധീനിക്കുന്നു എന്നതിനെ സംബന്ധിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. പത്രമാധ്യമങ്ങളിലൂടെ ഒട്ടേറെ വാര്‍ത്തകള്‍ നാം അറിയുന്നു.

ഈ വിഷയത്തെ സംബന്ധിച്ച് വിശാലമായ കാഴ്ചപ്പാട് നമുക്കുണ്ടെങ്കിലും ഇതില്‍ നിന്ന് പൂര്‍ണമായി മാറുവാന്‍ പലപ്പോഴും നമുക്കാവുന്നില്ല. വേഗമേറിയ ജീവിതസാഹചര്യത്തില്‍ അറിഞ്ഞുകൊണ്ടു തന്നെ നാം ഫാസ്റ്റ് ഫുഡിന്‍റെ ഭീകരതയെ ആശ്രയിച്ചുപോവുകയാണ്. ലോ കത്താകമാനം ഇത് ജനങ്ങളുടെ നിലനില്‍പിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഏറെ ശുഭപ്രതീക്ഷ നല്‍കിക്കൊണ്ട് സ്ലോ ഫുഡ് കള്‍ച്ചര്‍ എന്ന സങ്കല്‍പത്തിലേക്ക് പല രാജ്യങ്ങളിലെയും ജനങ്ങള്‍ തങ്ങളുടെ ജീവിത രീതികള്‍ മാറ്റാന്‍ തുടങ്ങിയിരിക്കുന്നു. ഇതൊരു പുതിയ ആശയമല്ല. നമുക്കു നഷ്ടമായ കൃഷി ശീലത്തിലേക്ക് ഒരു തിരിച്ചുപോക്കാണ്. വരും തലമുറയ്ക്ക് ഭൂമിയില്‍ നിലനില്‍ക്കണമെങ്കില്‍ സ്ലോ ഫുഡ് കള്‍ച്ചറിലേക്ക് മാറിയേ തീരൂ എന്നു തിരിച്ചറിവുണ്ടായിരിക്കുന്നു. 1986 ല്‍ ഇറ്റലിയില്‍ രൂപംകൊണ്ട സ്ലോ ഫുഡ് എന്ന ആശയം ഇന്ന് 160 രാജ്യങ്ങളിലെ ജനങ്ങള്‍ ഏറ്റെടത്തു കഴിഞ്ഞു. തിരക്കുപിടിച്ച ജീവിതത്തിന്‍റെ അവസാനം നാം തിരിച്ചറിയുന്നത് ഇത്രയും കാലം താന്‍ ജീവിക്കുകയല്ലായിരുന്നു, മറിച്ച് അലയുകയായിരുന്നു എന്ന സത്യമാണ്. അതു നമ്മെ മറ്റി ചിന്തിപ്പിക്കുന്നു.

എന്താണ് സ്ലോ ഫുഡ് കള്‍ച്ചര്‍

നമ്മുടെ നിലനില്‍പ്, ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉറവിടം നമ്മുടെ ഭക്ഷണമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഓരോ ദേശങ്ങളിലും താമസിച്ചിരുന്ന ജനങ്ങള്‍ക്ക് ആ സ്ഥലവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത ഭക്ഷണ ശീലമുണ്ടായിരുന്നു. അതിനനുസൃതമായ മണ്ണും കാലാവസ്ഥയും കൃഷിരീതികളും ഭക്ഷണ ക്രമങ്ങളും നിലനിന്നിരുന്നു. ദീര്‍ഘായുസും ആരോഗ്യവും നല്ലചിന്തകളും കൊണ്ട് സമ്പന്നരായിരുന്നു അന്നുണ്ടായിരുന്നയാളുകള്‍. കാലത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നല്ലതുപലതും നാം കൈവിട്ടുകളയുകയും ആവശ്യമില്ലാത്തതു പലതും ചേര്‍ത്തു പിടിക്കുകയും ചെയ്തു. നഷ്ടങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു നമ്മുടെ ഭക്ഷണശീലം.

പരമ്പരാഗത ഭക്ഷണങ്ങള്‍, ചേരുവകള്‍, പാചകരീതികള്‍, കൃഷിരീതികള്‍, വിളവെടുപ്പ്, ജൈവവൈവിധ്യം, കൃഷി ചെയ്യുന്ന പാരമ്പര്യം, ഇനങ്ങള്‍ എന്നിവയെ കണ്ടെത്തുവാനും സംരക്ഷിക്കുവാനും ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് സ്ലോ ഫുഡ് കള്‍ച്ചര്‍ ലക്ഷ്യമിടുന്നത്. ഒരു ദേശത്തിന്‍റെ ചരിത്രം, സംസ്കാരികമൂല്യങ്ങള്‍, ജീവിതക്രമം, എന്നിവയ്ക്ക് അവിടത്തെ ജനങ്ങളുടെ ഭക്ഷണരീതികളുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ലോ ഫുഡ് കള്‍ച്ചര്‍ പറയുന്നു. ഈ ഫൗണ്ടേഷന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് ശുദ്ധി, വൃത്തി, ഗുണമേന്മ എന്നിവയില്‍ അധിഷ്ഠിതമായ ഏീീറ, ഇഹലമി, എമശൃ എന്നീ മുദ്രാവാക്യങ്ങള്‍. ഭക്ഷണ സംസ്കാരത്തിലൂടെ സംതൃപ്തി, തിരിച്ചറിവ്, ഉത്തവാദിത്വബോധം എന്നിവ വ്യക്തികളില്‍ വളര്‍ത്തിയെടുക്കുവാന്‍ കഴിയുമെന്നും രാഷ്ട്രീയ തത്വസംഹിതകള്‍, കൃഷി, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അവബോധമുണ്ടാക്കുവാന്‍ സാധിക്കുമെന്നും സ്ലോ ഫുഡ് കള്‍ച്ചര്‍ വിശ്വസിക്കുന്നു.

സ്ലോ ഫുഡ് കള്‍ച്ചറിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ രുചിയും ഗുണവും ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കുന്നതിലൂടെ ഉത്പാദകന്‍ ശുദ്ധ ഭക്ഷണശീലത്തിന്‍റെ കാവലാളായി മാറുകയും ഉപഭോക്താവും ഉത്പാദകനും വിശ്വാസത്തിലധിഷ്ഠിതമായ ഐക്യമുണ്ടാവുകയും ചെയ്യുന്നു. ഇത് നമ്മുടെ ജൈവ വ്യവസ്ഥയെ സംരക്ഷിക്കുന്നു.

സ്ലോ ഫുഡ് വിദ്യാഭ്യാസം

പ്രകൃതിയോടു ചേര്‍ന്നു നിന്നുള്ള കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടെ ഗുണമേന്മയെക്കുറിച്ച് സാധാരണക്കാരില്‍ അവബോധമുണ്ടാക്കുക, ഗ്രാമങ്ങളിലും പട്ടണങ്ങളിലും പ്രകൃതി ഉത്പന്നങ്ങള്‍, നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ ചര്‍ച്ചകള്‍, സിമ്പോസിയങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, നാടന്‍ ഭക്ഷണങ്ങള്‍ ജനങ്ങള്‍ക്ക് പ്രിയങ്കരങ്ങളാക്കുന്നതിന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുക, സ്ലോ ഫുഡ് കള്‍ച്ചര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ജൈവ വൈവിധ്യത്തിനു ഊന്നല്‍ നല്‍കിയുള്ള പ്രോജക്ടുകള്‍ നടപ്പിലാക്കുക എന്നിവയ്ക്ക് സ്ലോ ഫുഡ് ഫൗ ണ്ടേഷന്‍ പ്രാധാന്യം കൊടുക്കുന്നു.

വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നതും ഒട്ടേറെ അവസരങ്ങളുള്ളതുമായ ഒരു സമ്പദ്ഘടനയാക്കി നല്ല ഭക്ഷണ സംസ്കാരത്തെ മാറ്റിയെടുത്താല്‍ ഈ വളര്‍ച്ച സുസ്ഥിരവും ജനകീയവുമായിരിക്കും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള സമ്പദ്വ്യവസ്ഥ, വ്യക്തികള്‍ക്കും കുടുംബത്തിനും നിത്യവും ശുദ്ധഭക്ഷണം ലഭ്യമാക്കുകവഴി പോസിറ്റീവ് ചിന്താഗതി, കുടുംബഐക്യം ഇവ സാധ്യമാക്കിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്ലോ ഫുഡ് ഫൗ ണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

ഫൗണ്ടേഷന്‍റെ പ്രോജക്ടിന്‍റെ ഭാഗമായി 2006 ല്‍ ഏീീറ, രഹലമി, ളമശൃ, ളീീറ എന്ന പ്രോഗ്രാം രണ്ട് ആശുപത്രികളില്‍ നടപ്പാക്കി. നോര്‍ത്ത് ഇറ്റലിയില്‍ ടൂറിനിലെ ടമി ഏശീ്മിിശ ആശുപത്രിയിലും മറ്റൊന്ന് ജര്‍മനിയില്‍ ഡാംസ്റ്റാട്ടിലെ ആലിസ് ഹോസപിറ്റലിലും ആയിരുന്നു.

ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ഇവിടുത്തെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പരിശീലനം കൊടു ത്തുകൊണ്ട് പരമ്പരാഗത രീതിയില്‍ കൃഷി നടപ്പാക്കുകയും ആ ദേശത്തിന്‍റെതായ പരമ്പരാഗത ഭക്ഷണം തയാര്‍ ചെയ്ത് ഹോ സ്പിറ്റലിലെ രോഗികള്‍ക്ക് സ്ഥിരമായി നല്‍കുകയും ചെയ്തു. ഏറെ താമസിയാതെ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങി. രോഗികള്‍ ഏറെ സന്തുഷ്ടരായി. അമിത മാനസിക പിരിമുറുക്കം, നിരാശ, എന്നിവയില്‍ മാറ്റം വന്നു. ആത്മവിശ്വാസം കൂടിയതായും കണ്ടു. ഇതേത്തുട ര്‍ന്ന് ഇറ്റലി കൃഷി ഡിപ്പാര്‍ട്ടു മെന്‍റും ഹെല്‍ത്ത് ഡിപ്പാര്‍ട്ടു മെന്‍റും ഹോസ്പിറ്റല്‍ കാന്‍സര്‍ ഡിപ്പാര്‍ട്ടുമെന്‍റുമായി ചേര്‍ന്ന് പദ്ധതി വിപുലീകരിച്ചു.

ഫൗണ്ടേഷന്‍ നടത്തുന്ന മറ്റൊരു പ്രോജക്ട് ഹോട്ടല്‍ മാനേജ്മെന്‍റ് ട്രെയിനിംഗ് സ്കൂളുമായി ചേര്‍ന്നുള്ളതായിരുന്നു. മുന്‍തലമുറയുടെ ഭക്ഷണശീലങ്ങള്‍ ഏതൊക്കെയാണെന്ന് പഠനം നടത്തി, പ്രസ്തുത ഭക്ഷണത്തിന്‍റെ ചേരുവകളെക്കുറിച്ച് വിശദമായി മനസിലാക്കി, പരമ്പരാഗത ഭക്ഷണം ഉണ്ടാക്കുന്നതില്‍ പരിശീലനം നല്‍കി. 1500 വിദ്യാര്‍ഥികള്‍ ആവേശത്തോടെയാണ് ട്രെയിനിംഗില്‍ പങ്കെടുത്തത്.

ശുദ്ധഭക്ഷണം തയാറാക്കുകയും പരമ്പരാഗത രീതിയില്‍ തനതായ രുചിയും ഗുണവും നഷ്ടപ്പെടാതെ, ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന രീതികള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും ചെയ്തു.

ഓരോ ദേശത്തും നിലനിന്നിരുന്ന കൈത്തൊഴിലിനെക്കുറിച്ച് പഠനം നടത്തുകയും നിലവില്‍ പരമ്പരാഗത കൈ ത്തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നവരെകണ്ടെത്തി. അവര്‍ക്കു വേണ്ടുന്ന എല്ലാസഹായങ്ങളും ചെയ്തുകൊടുത്തു.

ഈ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഫൗണ്ടേഷന്‍ പ്രാധാന്യം കൊടുക്കുന്നു.

ഫൗണ്ടേഷന്‍റെ മറ്റൊരു പ്രോജക്ടാണ് ഋമൃവേ ാമൃസലേ (ഭൂമി മാര്‍ക്കറ്റ്). ചെറുകിട ഉത്പാദകരെ ഏകീകരിച്ചുകൊണ്ട് നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കുകവഴി ഇവ ജനപ്രിയ ബ്രാന്‍ഡ് ആക്കി മാറ്റുവാനും വരുമാനമാര്‍ഗമാക്കി മാറ്റാനും സഹായിക്കുന്നു.

ഉദ്ദേശലക്ഷ്യങ്ങള്‍

എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ് ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. നാം അനുവര്‍ത്തിച്ചുവരുന്ന ഭക്ഷണരീതികളാണ് നമ്മുടെ സാമൂഹിക, ധാര്‍മിക കാര്യങ്ങളിലും പരിസ്ഥിതി, രാഷ്ട്രീയ, ആത്മീയ മേഖലകളിലും തനതായ വ്യക്തിത്വം നേടിയെടുക്കുന്നതിന് സജ്ജമാക്കുന്നത.് എന്നാല്‍ ഫാസ്റ്റ് ഫുഡ് സംസ്കാരം ഇതിനെതിരേ പ്രവര്‍ ത്തിക്കുന്ന ഒന്നാണ്.

മനുഷ്യന്‍റെ ആരോഗ്യം നശിപ്പിക്കുകയും തികച്ചും യാന്ത്രിക ജീവിതചര്യയില്‍ നാം കുടിങ്ങിക്കിടക്കുകയും ഞാന്‍ എന്നതിനപ്പുറം, വിശാലമായ കാഴ്ചപ്പാടില്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നു. സ്ലോ ഫുഡ് കള്‍ച്ചര്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ജീവിതശൈലി മാറ്റേണ്ടതുണ്ട്. ലളിതമായ നിര്‍ദേശങ്ങള്‍ ഫൗണ്ടേഷന്‍ നല്‍കുന്നു.

ആദ്യം സ്വന്തം ചുറ്റുവട്ടത്തുനിന്നുമാവട്ടെ മാറ്റങ്ങള്‍. നിങ്ങള്‍ ക്കാവശ്യമുള്ള ശുദ്ധമായ പച്ചക്കറികളെങ്കിലും സ്വയം കൃഷി ചെയ്യാന്‍ ശ്രമിക്കുക. മറ്റൊന്ന് പുറത്തുനിന്നുള്ള കറിപൗഡറുകളും പാഴ്സല്‍ ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

നിങ്ങളുടെ കുടുംബത്തിലെ പ്രായമായവരില്‍ നിന്നോ സുഹൃത്ബന്ധങ്ങളില്‍ നിന്നോ നാടന്‍ ഭക്ഷണങ്ങളുടെ പാചകരീതികളെ ക്കുറിച്ച് അറിയുക. കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്ന അവസരത്തിലോ, മറ്റെന്തെങ്കും വിശേഷാവസരത്തിലോ നിങ്ങള്‍ ആര്‍ജിച്ച നാടന്‍ ഭക്ഷണ വിഭവങ്ങള്‍ വിളമ്പുകയും പാചകരീതികള്‍ പങ്കുവയ്ക്കുകയുംചെയ്യുക. അതുപോലെതന്നെ ധാന്യങ്ങള്‍ സ്വന്തമായി പൊടിച്ച് ഉപയോഗിക്കുക.

ഭക്ഷണം ആവശ്യമായ സമയമെടുത്ത് ആസ്വദിച്ച് തയാറാക്കുക. സ്വന്തമായി കൃഷി ചെയ്യാന്‍ പറ്റാത്തവര്‍ ഗുണമേന്മ ഉറപ്പുവരുത്തിയ പച്ചക്കറികള്‍ വാങ്ങുക. പഴവര്‍ഗങ്ങള്‍ നാട്ടിന്‍പുറത്ത് ലഭ്യമായത് മാത്രം ഉപയോഗിക്കുക. ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്ന പഴവര്‍ഗങ്ങള്‍ എത്രനല്ലതാണെങ്കില്‍ കൂടി അതിന്‍റെ ഗുണങ്ങളെല്ലാം തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാവും. രുചിയും മണവും മാത്രമല്ല ഉല്‍പന്നത്തിന്‍റെ ഗുണം നിശ്ചയിക്കുന്നത് എന്ന് ഓര്‍ക്കുക. നാടന്‍ വിത്തിനങ്ങള്‍ ഉപയോഗിച്ച് എത്ര കുറഞ്ഞ സ്ഥലമാണങ്കില്‍ കൂടി വിവിധങ്ങളായ വിളകള്‍ നിര്‍ദേശിക്കുന്നു.

കൃഷിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നത്. അമിതമായ മൂലകങ്ങള്‍ പലപ്രകാരത്തില്‍ ചെടിക്ക് പ്രയോഗിക്കുമ്പോള്‍, പ്രതിരോധശേഷി നഷ്ടപ്പെട്ട് വളരെ പെട്ടന്ന് കീടരോഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ചെടി വിധേയമാകുന്നത്. ജൈവസമ്പുഷ്ടമായ മണ്ണില്‍ സ്വാഭാവികമായി വളരുന്ന ചെടിക്ക് പ്രതിരോധ ശേഷി കൂടിയിരിക്കും. കീടരോഗബാധയുണ്ടായാല്‍ തന്നെ ഒരു പരിധിവരെ ചെറുത്തുനില്‍പിനുള്ള ശേഷിയും ചെടിക്കുണ്ടായിരിക്കും. പ്ലാസ്റ്റിക് ബാഗുകളിലെ കൃഷി തീര്‍ത്തും ഒഴിവാക്കണം. മരം കൊണ്ടുണ്ടാക്കിയ ബോക്സുകള്‍, മണ്‍ചട്ടികള്‍, ചണച്ചാക്കുകല്‍ എന്നിവ പ്രയോജനപ്പെടുത്തുക. പ്രായമായവരെയും കുട്ടികളെയും കൃഷിയില്‍ പങ്കാളികളാക്കുക. തോട്ടത്തില്‍ വളരുന്ന പച്ചക്കറികള്‍ കുട്ടികള്‍ സ്വയം പറിച്ചെടുത്ത് ഭക്ഷിക്കുവാന്‍ അവരെ പ്രേരിപ്പിക്കുക. രോഗികളായവരെയും അംഗവൈകല്യം, മാനസിക പിരിമുറുക്കമുള്ളവര്‍ എന്നിവരെ പരമ്പരാഗത ഭക്ഷണം തയാറാക്കുവാന്‍ പരിശീലിപ്പിക്കുക. കുട്ടികളെയും ഒപ്പം ചേര്‍ക്കുക. സ്കൂളില്‍ കുട്ടികള്‍ക്ക് സ്നാക്സ് കൊടുത്തുവിടുന്ന ശീലം പാടെ മാറ്റുക. അവരുടെ ലഞ്ച് ബോക്സുകളില്‍ അവര്‍ തന്നെ പാചകം ചെയ്ത നാടന്‍ വിഭവങ്ങള്‍ കൊടുത്തുവിടുക. ഫോണ്‍- 9048002625.

കീടങ്ങള്‍ക്ക് കെണിവയ്ക്കാം...

കാര്‍ഷികവിളകളിലെ കീടരോഗ നിയന്ത്രണത്തിന് രാസകീടനാശിനികളുടെയും കുമിള്‍ നാശിനികളുടെയും അനിയന്ത്രിതമായ ഉപയോഗം കുറ ക്കാം. സംയോജിത കീടരോഗനിയന്ത്രണം വഴി കാര്‍ഷിക വിളകളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കാര്‍ഷിക വിളകളിലെ കീട-രോഗ നിയന്ത്രണത്തിന് ദോഷരഹിതമായ വിവിധ മാര്‍ഗങ്ങള്‍ സംയോജിപ്പിച്ച് പ്രയോഗിക്കുന്ന രീതിയാണ് സംയോജിത കീടരോഗ നിയന്ത്രണം.

അതില്‍ പ്രധാനമായും ജൈവകീടനാശിനികളുടെയും ജൈവകുമിള്‍ നാശിനികളുടെയും ഉപയോഗം, ശത്രുകീടങ്ങളെ ആക്രമിക്കുന്ന മിത്രപ്രാണികളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണം, കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ സഹായിക്കുന്ന പലതരം കെണി കളുടെ ഉപയോഗം തുടങ്ങിയ രീതികള്‍ സംയോജിപ്പിക്കുമ്പോള്‍ സംയോജിത കീടരോഗ നിയന്ത്ര ണം സാധ്യമാകുന്നു. കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന രീതിയാണ് കെണികള്‍ ചെയ്യുന്നത്. കേരളത്തിലെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാവുന്ന ഏതാനും കെണികളെ നമുക്കു പരിചയപ്പെടാം.

1. വിളക്കുകെണി

നെല്ലിനെ ആക്രമിക്കുന്ന ചാഴി, തണ്ടുതുരപ്പന്‍പുഴു, പച്ചത്തുള്ളന്‍, ഓലചുരുട്ടിപ്പുഴു, കുഴല്‍പ്പുഴു, മുഞ്ഞ, ഗാളീച്ച തുടങ്ങിയവയുടെ പൂര്‍ണകീടങ്ങളെ ആകര്‍ ഷിച്ച് നശിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാണ് വിളക്കുകെണി. സന്ധ്യക്കുശേഷം പാടവരമ്പുകളില്‍ അരമണിക്കൂര്‍ നേരം പന്തം കൊളുത്തി നിര്‍ത്തി ശത്രുകീടങ്ങളെ ആകര്‍ഷിച്ചു കൊല്ലുന്ന രീതിയാണിത്. കൂടുതല്‍ നേരം വിളക്കുകെണി വച്ചിരുന്നാല്‍ ശത്രുകീടങ്ങളോടൊപ്പം മിത്രകീടങ്ങള്‍ നശിക്കുന്നതിനു കാരണമാകും. സന്ധ്യക്ക് ഏഴു മണിക്ക് വിളക്കുകെണി വയ്ക്കുന്നതാണ് ഉത്തമം. അഞ്ചേക്കറില്‍ ഒരു പന്തം എന്ന കണക്കില്‍ പന്തം കൊ ളുത്തി വയ്ക്കാവുന്നതാണ്. കൂടാ തെ 100 വാട്ട്സിന്‍റെ ഒരു ബള്‍ബ് വൈകിട്ട് ആറു മുതല്‍ 10 വരെ കത്തിച്ചുവയ്ച്ചും കീടങ്ങളെ നിയന്ത്രിക്കാം.

2. മഞ്ഞക്കെണി

വെള്ളരിവര്‍ഗ പച്ചക്കറികള്‍, വഴുതനവര്‍ഗച്ചെടികള്‍, വെണ്ട, മരച്ചീനി എന്നിവയില്‍ വൈറസ് രോഗം പരത്തുന്ന വെള്ളീച്ചകളെയും മുഞ്ഞ, പലതരം ഈച്ചകള്‍ എന്നിവയെയും ആകര്‍ഷിച്ച് നശിപ്പിക്കുവാന്‍ സഹായിക്കുന്ന കെണിയാണിത്.

മഞ്ഞ പ്രതലത്തിലേക്ക് കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന രീതിയാണിത്. ഏതിന്‍റെ യെങ്കിലും ഒഴിഞ്ഞ ടിന്നുകള്‍ ഇതിനായി ഉപയോഗിക്കാം. ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്‍റ് പൂശുക. പെയിന്‍റ് ഉണങ്ങിയശേഷം അതില്‍ ആവണക്കെണ്ണ പുരട്ടുക. ഇപ്രകാരം തയാറാക്കിയ കെണികള്‍ തോട്ടത്തില്‍ കമ്പുകള്‍ നാട്ടി അതിന്മേല്‍ കമിഴ്ത്തി വയ്ക്കുക. അനവധി വെള്ളീച്ചകള്‍ കെണികളില്‍ ഒട്ടിപ്പിടിക്കുന്നതായി കാണാം.

മഞ്ഞക്കെണികള്‍ ഒരുക്കുന്നതിന് ഇനി പറയുന്ന രീതിയും സ്വീകരിക്കാം. കടുംമഞ്ഞ നിറത്തിലുള്ള പോളിത്തീന്‍ ഷീറ്റ് കൊടിരൂപത്തില്‍ മുറിച്ചെടുക്കുക. ഈ കൊടികള്‍ കൃഷിയിടങ്ങളില്‍ അവിടവിടെ നാട്ടുക. മഞ്ഞക്കൊടികളുടെ ഇരുവശങ്ങളിലും ആവണക്കെണ്ണ പുരട്ടുക. മഞ്ഞനിറത്തില്‍ ആകര്‍ഷിക്കപ്പെടുന്ന വെള്ളീച്ചകള്‍ കെണികളില്‍ ഒട്ടിപ്പിടിച്ച് നശിക്കുന്നു. മഞ്ഞക്കെണിപോലെ തന്നെ നീലക്കെണിയും ഉപയോഗിക്കാമെങ്കിലും മഞ്ഞക്കെണിയാണ് കൂടുതല്‍ അനുയോജ്യം.

3. ഫിറമോണ്‍കെണി

ഒരു ജീവി എതിര്‍ലിംഗത്തില്‍പ്പെട്ട ജീവിയെ ആകര്‍ഷിക്കുന്നതിനുവേണ്ടി അതിന്‍റെ ശരീരത്തിന്‍റെ ഉപരിതലത്തില്‍ നിന്നു പുറപ്പെടുവിക്കുന്ന രാസവസ്തുവാണ് ഫിറമോണ്‍. ഈ രാസപദാര്‍ഥം ആണ്‍-പെണ്‍ കീടങ്ങളെ ആകര്‍ഷിച്ച് അതിന്‍റെ ഉറവിടത്തിലേക്ക് നയിക്കുന്നു. വിപണിയില്‍ ലഭ്യമായ ഫിറമോണ്‍ കെണികള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുക വഴി കീടങ്ങളെ ആകര്‍ഷിച്ച് കെണികളില്‍ വീഴ്ത്തി നശിപ്പിക്കുവാന്‍ സാധിക്കുന്നു.

കായീച്ചകെണിയില്‍ ആണ്‍ കായച്ചകള്‍ ആകര്‍ഷിക്കപ്പെടുന്നതിനാല്‍ പെണ്‍ ഈച്ചകള്‍ക്ക് ഇണചേരുവാനുള്ള സാധ്യത കുറയും. കായീച്ചകളുടെ വംശവര്‍ധനവ് നല്ല രീതിയില്‍ തടയാന്‍ ഈ രീതി സഹായിക്കും.

കായീച്ചയിലെ ഫെറമോണ്‍ കെണികള്‍ ആണ്‍ കായീച്ചകളെ മാത്രമാണ് ആകര്‍ഷിച്ച് നശിപ്പിക്കുന്നത്. ഫെറമോണ്‍ കെണികള്‍ ഉപയോഗിക്കുമ്പോള്‍ അതോടൊപ്പം പഴക്കെണി, തുളസിക്കെണി, കഞ്ഞിവെള്ളക്കെണി, മീന്‍കെണി എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാല്‍ പെണ്‍ കായീച്ചകളെ നശിപ്പിക്കുവാന്‍ സാധിക്കും. പന്തലില്‍ തൂക്കിയിട്ടിരിക്കുന്ന ഇത്തരം കെണികളില്‍ കായീച്ച ആകര്‍ഷിക്കപ്പെടുകയും വിഷലിപ്തമാക്കിയ ആഹാരം നക്കിക്കുടിച്ച് ചത്തൊടുങ്ങുകയും ചെയ്യും.

4. പഴക്കെണി

ഒരു പാളയന്‍കോടന്‍ പഴം തൊലിയോടുകൂടി അല്‍പ്പം ചരിവോടെ മൂന്നുനാലു കഷണങ്ങളായി മുറിക്കുക. ഒരു കടലാസില്‍ കാര്‍ബോസള്‍ഫാന്‍ 6 ജി എന്ന കീടനാശിനിയുടെ തരികള്‍ നിരത്തുക. പഴം മുറികള്‍ കടലാസില്‍ നിരത്തിയിട്ടിരിക്കുന്ന കാര്‍ബോസള്‍ഫാന്‍ തരികളില്‍ ഒറ്റപ്രാവശ്യം ഒപ്പിയെടുക്കുക. കാര്‍ബോസള്‍ഫാന്‍ തരി പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗം മുകളിലാക്കി ഒരു ചിരട്ടയില്‍വച്ച് പന്തലില്‍ തൂക്കിയിട്ട് വെള്ളരിവര്‍ഗങ്ങളിലെ കായീച്ചയുടെ ആക്രമണം നിയന്ത്രിക്കാം.

5. തുളസിക്കെണി

ഒരു കൈപ്പിടിയിലൊതുങ്ങുന്ന തുളസി ഇലകള്‍ അരച്ച്, ചാറും കൊത്തും ചിരട്ടയില്‍ എടുക്കുക. തുളസിച്ചാറ് ഉണങ്ങാതിരിക്കാന്‍ കുറച്ചുവെള്ളം ചേര്‍ക്കുക. 10 ഗ്രാം ശര്‍ക്കര പൊടിച്ചതും ഒരു നുള്ള് (ഒരു ഗ്രാം) കാര്‍ബോസള്‍ഫാന്‍ 6 ജി എന്ന കീടനാശിനിയുടെ തരിയും തുളസിച്ചാറില്‍ ചേര്‍ത്തിളക്കുക. കെണി പന്തലില്‍ തൂക്കിയിട്ട് വെള്ളരിവര്‍ഗങ്ങളിലെ കായീച്ചകളെ നിയന്ത്രിക്കാം.

6. കഞ്ഞവെള്ളക്കെണി

ഒരു ചിരട്ടയില്‍ കാല്‍ഭാഗം കഞ്ഞിവെള്ളം എടുത്ത് അതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ചു ചേര്‍ക്കുക. ഇതില്‍ ഒരു ഗ്രാം കാര്‍ബോസള്‍ഫാന്‍ 6 ജി എന്ന കീടനാശിനിയുടെ തരിയും മൂന്നുതരി യീസ്റ്റും ചേര്‍ത്ത് ഇളക്കുക. കെണി പന്തലില്‍ തൂക്കിയിട്ട് വെള്ളരിവര്‍ഗങ്ങളിലെ കായീച്ചകളെ നിയന്ത്രിക്കാം.

7. മീന്‍കെണി

ഒരു ചിരട്ട, പോളിത്തീന്‍ കൂട്ടിനുള്ളില്‍ ഇറക്കിവയ്ക്കുക. ഇതില്‍ അഞ്ചു ഗ്രാം ഉണങ്ങിയ മീന്‍പൊടി ഇടുക. കുറച്ചുവെള്ളം തളിച്ച് മീന്‍പൊടി ചെറുതായി നനയ്ക്കുക. ഒരു ഗ്രാം കാര്‍ബോസള്‍ഫാന്‍ 6 ജി എന്ന കീടനാശിനി മീന്‍പൊടിയില്‍ ചേര്‍ത്ത് ഇളക്കുക. പോളിത്തീന്‍ കൂടിന്‍റെ മുകള്‍ഭാഗം കൂട്ടിക്കെട്ടുക. ചിരട്ടയ്ക്കു മുകളിലുള്ള പോളിത്തീന്‍ കൂടിന്‍റെ ഭാഗങ്ങളില്‍ അവിടവിടെയായി കായീച്ചകള്‍ക്ക് കടന്നുകൂടാന്‍ തക്ക വിലിപ്പമുള്ള അഞ്ചു ദ്വാരങ്ങളിടുക. കെണി പന്തലില്‍ തൂക്കിയിട്ട് വെള്ളരിവര്‍ഗങ്ങളിലെ കായിച്ചകളുടെ ശല്യം കുറയ്ക്കാം.

8. ശര്‍ക്കരക്കെണി വെള്ളരിവര്‍ഗവിളകളില്‍

10 ഗ്രാം ശര്‍ക്കര ഉരുക്കി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ നാല് മില്ലി ലിറ്റര്‍ മാലത്തയോണ്‍ 50 ഇ സി ചേര്‍ത്ത് ഇളക്കുക. തയാറാക്കിയ ലായനി ചിരട്ടകളിലാക്കി പന്തലില്‍ തൂക്കിയിടുക.

ശര്‍ക്കരക്കെണി മാവില്‍ അഞ്ചു പാളയന്‍കോടന്‍ പഴം ഞെരടി കുഴമ്പാക്കിയതില്‍ 100 ഗ്രാം ശര്‍ക്കര ഉരുക്കിച്ചേര്‍ത്ത് ഒരു മില്ലി ലിറ്റര്‍ മാലത്തയോണ്‍ കൂട്ടി ഇളക്കി മാവിന്‍റെ പ്രധാന തടിയില്‍ ചുവട്ടില്‍ നിന്നു നാലടി മുകളിലായി തേച്ചുപിടിപ്പിക്കുക. ഈച്ചകള്‍ കെണിയില്‍ ആകര്‍ഷിക്കപ്പെടുകയും വിഷഭഷണം നക്കിക്കുടിച്ച് ചാകുകയും ചെയ്യും.

- പ്രശാന്ത് ബി.

ഫീല്‍ഡ് കണ്‍സള്‍ട്ടന്‍റ്, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, തിരുവനന്തപുരം.

- ലീന എസ്. എല്‍

ഡിസ്ട്രിക്ട് പ്ലാന്‍റ് ഹെല്‍ത്ത് മാനേജര്‍, ക്രോപ് ഹെല്‍ത്ത് മാനേജ്മെന്‍റ് സ്കീം, തിരുവനന്തപുരം

പഴങ്ങളുടെ പറുദീസയുമായി കൂരാച്ചുണ്ടിലെ സിറിയക് സാര്‍

പഴങ്ങളുടെ പറുദീസയൊരുക്കുകയാണ് കൂരാച്ചുണ്ട് ശങ്കരവയലില്‍ റിട്ട. അധ്യാപകനായ പന്തപ്ലാക്കല്‍ സിറിയക്സാര്‍. വിഷരഹിത പഴങ്ങള്‍ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിശ്രമജീവിതം മറ്റൊരു തലത്തിലേക്ക് ശ്രദ്ധയൂന്നുകയായിരുന്നു ഈ ചിത്രകലാധ്യാപകന്‍. ഒടുവില്‍ വര്‍ഷങ്ങളുടെ പ്രയത്നം സാഫലമായതിന്‍റെ നിര്‍വൃതിയിലാണ് ഇദ്ദേഹം.

നൂറു തരം പഴച്ചെടികള്‍ നട്ടുപിടിപ്പിച്ച് ഫലമെടുക്കുകയെന്ന ലക്ഷ്യത്തെ മുറുകെപ്പിടിച്ചായിരുന്നു യാത്ര. വീടിനോടുചേര്‍ന്നുള്ള ഒരേക്കര്‍ റബര്‍ത്തോട്ടം മുറിച്ചുനീക്കിയാണ് ഇതിനു തുടക്കം കുറിച്ചത്. അഞ്ചു വര്‍ഷമായി സ്വദേശിയും വിദേശിയുമായ വിവിധതരം പഴച്ചെടികള്‍ ഈ ഒരേക്കറില്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ചുവരികയാണിദ്ദേഹം.

വിപണിയില്‍ നിന്നു ലഭിക്കുന്ന പഴവര്‍ഗങ്ങളുടെ ഗുണനിലവാരക്കുറവും വിഷപദാര്‍ഥങ്ങളുടെ ഉപയോഗവുമാണ് ഈ അധ്യാപകനെ ഇതിലേക്കു നയിച്ചത്. ഏതിനത്തില്‍പ്പെട്ടതും വിദേശിയായയാലും നമ്മുടെ കാലാവസ്ഥയില്‍ നട്ട് വളപ്രയോഗം നടത്തി പരിചരിച്ചാല്‍ വളര്‍ന്നു ഫലമണിയുമെന്നാണ് സിറിയക്സാര്‍ പറയുന്നത്. ഇതിനായി തികച്ചും ജൈവവളങ്ങള്‍ മാത്രമാണിദ്ദേഹം നല്‍കിവരുന്നത്. നമുക്ക് ആവശ്യത്തിനുള്ള പഴവര്‍ഗങ്ങള്‍ നമ്മുടെ വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കാമെന്നുള്ള സന്ദേശം ലോകത്തിനു നല്‍കുകയാണിദ്ദേഹം.

തന്‍റെ കൃഷിയിടത്തിലെ പ്രധാന വിളകളായ അമ്പഴം, അത്തി, ബറാഭ, ചെറി, ബട്ടര്‍ ഫ്രൂട്ട്, എഗ്ഗ് ഫ്രൂട്ട്, ചാമ്പ, ഫിലോസാന്‍, പാഷന്‍ഫ്രൂട്ട്, എലന്തപ്പഴം, കോക്കം, കരബോള, സാന്തോള്‍, റംബൂട്ടാന്‍ (വിവിധയിനം), പ്ലാവുകള്‍, മുള്ളചക്ക, ചതുരനെല്ലി, കമ്പിളിനാരകം, ഗണപതി നാരകം, ടിഷ്യു നാരകം, പേര, മാങ്കോസ്റ്റിന്‍, നോനി, ഓറഞ്ച്, ഞാറപ്പഴം, സീതപ്പഴം, രാമന്‍പ്പഴം, മാവ്, ഹൈബ്രിഡ് ചാമ്പ, പിസ്ത, ചെമ്പടാക്ക്, സ്ട്രോബറി, സലാക്ക് തുടങ്ങിയ 64 തരം പഴച്ചെടികളാണ് കായ്ച്ചു നില്‍ക്കുന്നത്.

കൂടാതെ ആപ്പിള്‍, ദുരിയാന്‍, ഉറുമാമ്പഴം, ലിച്ചി, മുസാബി, ഞാവല്‍, സബര്‍ജെല്ലി, ഹോഗ്പ്ലം, ബേല്‍ഫ്രൂട്ട്, പിച്ചി, മുന്തിരി, മരമുന്തിരി, സ്റ്റാര്‍ഫ്രൂട്ട്, പ്ലം എന്നിങ്ങനെ കായിടാന്‍ പാകമായി വരുന്ന നിരവധി ചെടികളും ഒരു ചെടിയുടെ വിവിധ വര്‍ഗത്തില്‍പ്പെട്ടവയടക്കം 164 ചെടികള്‍ തോട്ടത്തില്‍ വളര്‍ന്നു കഴിഞ്ഞു.

ഏവര്‍ക്കും നയന മനോഹാരിതയേകുന്ന രുപഭംഗിയിലാണ് കൃഷിത്തോട്ടം ഡിസൈന്‍ ചെ യ്തിട്ടുള്ളത്. തോട്ടത്തില്‍ ഇതിനായി കുളവും നിര്‍മിച്ചിട്ടുണ്ട്. ഏവരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള തോട്ടം വീക്ഷിക്കാന്‍ നിരവധിപേര്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതു മാത്രമല്ല, ഒട്ടനവധി പച്ചക്കറികളും നട്ടുപരിപാലിക്കുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള ഒട്ടുമിക്കവയും തോട്ടത്തില്‍ ലഭ്യമാണ്.

കുറ്റ്യാടിക്കടുത്ത് മരുതോങ്കരയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച സിറിയക്സാര്‍ ചാത്ത ന്‍കോട്ടുനട എ. ജെ. ജോണ്‍ മെമ്മോറിയല്‍ ഹൈസ്ക്കൂളിലെ ചിത്രകലാ അധ്യാപകനായി 2006 ല്‍ സര്‍വീസില്‍ നിന്നു വിരമിച്ച് കൂരാച്ചുണ്ടില്‍ താമസിക്കുന്നു. കുളത്തുവയല്‍ സെന്‍റ് ജോര്‍ജ് ഹൈസ്കൂളില്‍ നിന്ന് ഉറുദു അധ്യാപികയായി വിരമിച്ച ജോയ്സിയാണ് ഭാര്യ. മക്കള്‍ സായൂജ്, ദീപ്തിന്‍. ഫോണ്‍: 9048833906.

നെല്ലില്‍ വിളവു വര്‍ധനയ്ക്ക് താറാവ്

പോള്‍സണ്‍ താം

തൃശൂരിലെ കോള്‍ പാടങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് ആ പാടങ്ങളിലെ താറാവു കൂട്ടങ്ങളാണ്. ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ കര്‍ഷകന്‍ വാചാലനായി. പാടത്തുള്ള കളകള്‍ താറാവ് കൊത്തിത്തിന്നുന്നതുവഴി പ്രകൃതിഹിത പ്രക്രിയയിലൂടെ കളനിയന്ത്രണം സാധ്യമാകുന്നെന്ന് അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി. കൂടാതെ മണ്ണിലുള്ള കളകളുടെ വിത്തും ഇവ ഭക്ഷിക്കുന്നു. ഇവയുടെ കൂട്ട നടത്തം മൂലം പാടങ്ങളിലെ കളകള്‍ മണ്ണില്‍ പൂഴ്ന്ന് പിന്നീട് അഴുകി മണ്ണിന്‍റെ പോഷകമൂല്യം കൂട്ടുന്നു. കൂടാതെ ഇവയുടെ നടത്തം പാടത്തെ മണ്ണ് ഉഴുതു മറിച്ച പ്രതീതിയാണുണ്ടാകുന്നത്. ഇത് മണ്‍തരികള്‍ക്കിടയില്‍ വായൂസഞ്ചാരമുണ്ടാക്കുന്നു. വായുവോട്ട മുള്ളുമണ്ണ് വേരോട്ടമുണ്ടാക്കുന്നു എന്നത് മറ്റൊരു സത്യമാണ്. ആഴത്തില്‍ പോകാത്ത നെല്‍ച്ചെടികളുടെ വേരുകള്‍ക്ക് വായുവോട്ടമുള്ള മണ്ണ് നല്ലതാണ്.

നെല്ലിനെ ആക്രമിക്കുന്ന പുഴുക്കളെയും കീടങ്ങളെയും താറാവുകൂട്ടം തിന്നു തീര്‍ക്കും. ഇതു മൂലം നെല്‍കൃഷിയുടെ കീട നിയന്ത്രണ ചെലവ് ചുരുങ്ങി കിട്ടും. താറാവ് നെല്‍ച്ചെടികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവയില്‍ മറഞ്ഞിരിക്കുന്ന കീടങ്ങള്‍ പുറത്തുവരും. താറാവുകള്‍ ഈ സമയം ഇവയെ കൊത്തിയെ ടുത്ത് ഭക്ഷണമാക്കും.

നെല്ലിന് മൂന്നാഴ്ച പ്രായമായാല്‍ 50, 60 താറാവുകളെ വയലിലേക്കിറക്കാം. പിന്നീട് ഒന്നര മാസം ഇവയെ വയലില്‍ വിഹരിക്കാന്‍ അനുവദിക്കാം. എന്നാല്‍ കതിരിട്ട പാടങ്ങളിലേക്ക് താറാവുകള്‍ പോകുന്നതു നിയന്ത്രിക്കണം.

താറാവന്‍റെ വിസര്‍ജ്യ വസ്തുക്കള്‍ മണ്ണില്‍ വീണാല്‍ അത് മണ്ണിന്‍റെ ഫലഭുഷ്ടിയെ വര്‍ധിപ്പിക്കും. താറാവിന്‍റെ വിസര്‍ജ്യം ഉത്തമമായ ജൈവവളമാണ്. രാസ വളത്തിന്‍റെ വിലയും അത് മനുഷ്യരാശിയോടു ചെയ്യുന്ന ദോഷങ്ങളും കണക്കിലെടുക്കുമ്പോഴാണ് നെല്ലിന്‍റെ വിളമികവിന് താറാവ് ചെയ്യുന്ന ഗുണങ്ങള്‍ വളരെ വലുതാണെന്ന് ബോധ്യപ്പെടുന്നത്.

1970 ല്‍ അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തക റെയ്ച്ചല്‍ കാര്‍സണ്‍, കീടനാശിനികള്‍ പരിസ്ഥിതിക്കും ആരോഗ്യത്തിനും കടുത്ത ആഘാതമേല്‍പ്പിക്കുമെന്ന് മുന്നറിയിപ്പു നല്‍കി. കീടനാശിനികളുടെ അമിത ഉപയോഗം വസന്തത്തെ ഇല്ലായ്മ ചെയ്യുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. അതുപോലെ തന്നെ കീടനാശിനികളുടെ അമിത ഉപയോഗം അവയെ അതിജീവിക്കാനുള്ള ശക്തിയും കീടങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. ഇപ്രകാരം കീടനാശിനികളെ അതി ജീവിക്കുന്ന 137 കീടങ്ങളെക്കുറിച്ച് നിശബ്ദവസന്തം എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അതുപോലെ കളനാശിനികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന കൃഷിസ്ഥലം പിന്നീട് കാര്‍ഷിക വൃത്തിക്ക് പറ്റുന്നില്ല എന്ന പരാതിയും ഉണ്ടായിട്ടുണ്ട്.

ഈ ദിശയില്‍ നമ്മുടെ ചിന്ത ചെന്നെത്തുമ്പോഴാണ് താറാവുകള്‍ വലയില്‍ വിഹരിക്കുമ്പോള്‍ അതുവഴി നെല്‍കൃഷിക്കും മാനവരാശിക്കും ലഭിക്കുന്ന നന്‍മകള്‍ വളരെ വലുതാണെന്ന് ബോധ്യപ്പെടുന്നത്. തൃശൂരിലെ കോള്‍ പാട കര്‍ഷകര്‍ പാടത്തേക്ക് താറാവുകളെ വിഹരിക്കാന്‍ വിടുന്നതിന്‍റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. ഒപ്പം ചെലവില്ലാതെ ഒരു വിളമികവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പോള്‍സണ്‍ താം, താനിക്കല്‍ വീട്, മരത്തം കോട് പി. ഒ., തൃശൂര്‍-680604

കടപ്പാട്: ദീപിക

ടിഷ്യു കള്‍ച്ചര്‍ പരിചയപ്പെടാം

മാതൃസസ്യത്തിന്‍റെ തനതുഗുണങ്ങല്‍ എല്ലാം തന്നെ അടങ്ങിയതും പ്രതിരോധ ശേഷി കൂടിയതുമായിരിക്കും പുതിയ സസ്യങ്ങല്‍. ഒരു ചെടിയുടെ കോശത്തില്‍ നിന്നോ മറ്റെതെങ്കിലും ഭാഗത്തു നിന്നോ കീടാണുവിമുക്ത അന്തരീക്ഷത്തില്‍ കൃത്രിമ മാധ്യമങ്ങളില്‍ വളര്‍ത്തിയെടുത്ത് പുതിയ ചെടികള്‍ ഉണ്ടാക്കുന്ന രീതിയാണ് ടിഷ്യുകള്‍ച്ചര്‍. സസ്യങ്ങളുടെ കായികപ്രവര്‍ത്തനത്തിന് വളരെയധികം ഉപകരിക്കുന്ന മാര്‍ഗമാണിത്. കേരളത്തില്‍ വാഴ, ഏലം, പൈനാപ്പിള്‍, കുരുമുളക്, കച്ചോലം, ഓര്‍ക്കിഡുകള്‍, കാപ്പി, ചന്ദനം എന്നിവയില്‍ ഇത് ഉപയോഗിക്കുന്നു. ടിഷ്യു കള്‍ച്ചര്‍ നടത്തുന്നതിന് ആദ്യം കൃത്രിമ മാധ്യമങ്ങളാണ് നിര്‍മിക്കേണ്ടത്. ഇവ ഖരരൂപത്തിലോ ദ്രാവകരൂപത്തിലോ നിര്‍മിക്കാം.

ദ്രാവകരുപത്തിലാണെങ്കില്‍ ചെടിക്ക് ശ്വസിക്കാന്‍ സാഹചര്യം ഉണ്ടാക്കണം. ഇതിനായി അരിപ്പുകടലാസുകൊണ്ടുള്ള താങ്ങുകളോ അല്ലെങ്കില്‍ പ്രത്യേകം യന്ത്രങ്ങളോ വെയ്ക്കണം. ദ്രാവക മാധ്യമത്തെ ഖരരൂപത്തിലാക്കുകവാന്‍ അഗര്‍ എന്ന ഒരിനം കടല്‍സസ്യഉല്‍പന്നം ഉപയോഗിക്കുന്നുണ്ട്. ഈ മാധ്യമത്തില്‍ ചെടിക്കാവശ്യമായ മൂലകങ്ങല്‍ ഊര്‍ജ്ജസ്ത്രോതസ്സുകളായ പഞ്ചസാര, വിറ്റാമിനുകള്‍, വളര്‍ച്ചാ ഹോര്‍മോണുകള്‍ എന്നിവ കൃത്യമായ രീതിയില്‍ അടങ്ങിയിരിക്കണം. ചെടിയുടെ ഇനം ഏതു ഭാഗം ഉപയോഗിക്കുന്നു, ഏതുതരം വളര്‍ച്ച (കാണ്ഡം,വേര്)യാണ് ആവശ്യം എന്നതിനനുസരിച്ച്‌ ഇവയുടെ അളവില്‍ വിത്യാസം വരുത്തണം. ടിഷ്യുകള്‍ച്ചര്‍ എല്ലാ ചെടികളിലും നടക്കാത്തതിന്‍റെ കാരണം ഇതിന്‍റെ മാധ്യമനിര്‍മ്മാണത്തിലെ ബുദ്ധിമുട്ടും ചെലവുമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ടിഷ്യു കള്‍ച്ചറിന് പ്രധാനമായും ഏഴ് ഘട്ടങ്ങളാണുള്ളത്.

മാത്യസസ്യത്തെ തിരഞ്ഞെടുക്കല്‍

എറ്റവും അനിയോജ്യമായ ഗുണങ്ങള്‍ ഉള്ളതാകണം മാതൃസസ്യം. തുറന്ന സ്ഥലത്ത് നില്‍ക്കുന്ന ചെടികളില്‍ രോഗണുക്കള്‍ ധാരാളം ഉണ്ടാകും. ഇവ മാധ്യമത്തിലെ അനുകൂല സാഹചര്യത്തില്‍ പെരുകാനിടയാകും. അതിനാല്‍ മാതൃസസ്യത്തെ നിയന്ത്രിത സാഹചര്യങ്ങളില്‍ വളര്‍ത്തുകയോ കുമിള്‍ നാശിനി പ്രയോഗിക്കുകയോ വേണം. ഇതില്‍ നിന്നുവേണം ടിഷ്യുകള്‍ച്ചര്‍ ചെയ്യാനുള്ള ഭാഗങ്ങള്‍ തിരഞ്ഞെടുക്കുവാന്‍.

സസ്യഭാഗം തയ്യാറാക്കല്‍

സാധാരണഗതിയില്‍ 23 മുകുളങ്ങളടങ്ങിയ കാണ്ഡഭാഗം,മുകുളം മാത്രമുള്ള മെരിസ്റ്റം,വാഴ, ഏലം, കൈതച്ചക്ക തുടങ്ങിയവയില്‍ ഇലകള്‍ നീക്കിയ ശേഷം ലഭിക്കുന്ന മുളകള്‍, സിരകളടങ്ങിയ ഇലയുടെ ഭാഗം എന്നിവയെല്ലാം ടിഷ്യുകള്‍ച്ചറിന് ഉപയോഗിക്കുന്നു. ഈ സസ്യഭാഗത്തെ എക്സ്പ്ലാന്‍റ് എന്നു വിളിക്കുന്നു സസ്യഭാഗങ്ങള്‍ തിരഞ്ഞെടുത്ത ശേഷം വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ കീടാണുവിമുക്തമാക്കാം.

ഇനോക്കുലേഷന്‍

കീടാണുവിമുക്ത അന്തരീക്ഷത്തില്‍ സസ്യഭാഗം മാധ്യമത്തിലേക്കുവെയ്ക്കുന്ന പ്രക്രിയയാണ് ഇത്. ഇതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ലാമിനാര്‍ എയര്‍ഫ്ളോ ക്യാബിനറ്റ്.സസ്യഭാഗം പൂര്‍ണ്ണമായും കീടാണുവിമുക്ത സാഹചര്യങ്ങളില്‍ ടെസ്റ്റ്യുബിലെ മാധ്യമത്തില്‍ പഞ്ഞിവെച്ച്‌ അടച്ചതിന് ശേഷം മാത്രം പുറത്തെടുക്കുക. ഇവ പിന്നീട് പ്രത്യേകം തയ്യാറാക്കിയ മുറികളില്‍ ആവശ്യത്തിന് വെളിച്ചവും ചൂടും നല്‍കി വെയ്ക്കണം.

സബ്കള്‍ച്ചര്‍

നാല് മുതല്‍ ആറ് വരെ ആഴ്ചയ്ക്ക് ശേഷം മാധ്യമത്തിന്‍റെ അളവ് കുറയുകയോ, ചെടി ട്യൂബില്‍ നിറയുകയോ ചെയ്താല്‍ പുതിയ മാധ്യമത്തിലേക്ക് മാറ്റുന്നതിനെ സബ്കള്‍ച്ചര്‍ എന്നു പറയുന്നു.

വേരുപിടിപ്പിക്കല്‍

ആവശ്യാനുസരണം ചെടികളായാല്‍ അവയെ വേരുപിടിപ്പിക്കുന്നതിനായി പുതിയ മാധ്യമത്തിലേക്ക് മാറ്റണം.

ഹാര്‍ഡനിങ്

ഹാര്‍ഡനിങ് പല ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. നിയന്ത്രിത അന്തരീക്ഷത്തില്‍ എല്ലാ അനുകൂല സാഹചര്യങ്ങളോടും കൂടെ വളരുന്ന ചെടിയെ സാവധാനം ബാഹ്യ അന്തരീക്ഷവുമായി പൊരുത്തപ്പെടുത്തുന്ന ഒരു പ്രക്രിയയാണിത്. ഉര്‍ജസ്രോതസ്സും ബാക്കി ഘടകങ്ങളും ചെറിയതോതില്‍ കുറച്ച്‌ ചെടിയെ സ്വയം പര്യാപ്തമാക്കണം. ചെടി ചെറിയ ചട്ടികളില്‍ നട്ട് പ്ലാസ്റ്റ്ക് ബാഗുകൊണ്ട് മൂടി അതിനുശേഷം ഈര്‍പ്പം നിലനിര്‍ത്തുന്നു. ഇത് ഘട്ടം ഘട്ടമായി മാറ്റി കൊടുക്കാവുന്നതാണ്.

പുറത്ത് നടീല്‍

ബാഹ്യഅന്തരീക്ഷവുമായി പൊരുത്തപ്പെട്ട ചെടിയെ പ്ലാസ്റ്റിക് കൂടുകളിലോ ചട്ടിയിലോ നട്ട് 12 മാസം കൂടി നിരീക്ഷിച്ച ശേഷമാണ് മണ്ണില്‍ നടുന്നത്. ടിഷ്യു കള്‍ച്ചറില്‍ മുകുളങ്ങളുടെ വളര്‍ച്ച നേരിട്ടും അല്ലാതെയും നടക്കും. കാണ്ഡത്തിലെ എല്ലാ മുകുളങ്ങളും വളരുന്നത് വഴിയാണ് നേരിട്ട് ചെടികളുണ്ടാകുന്നത്. നേരിട്ടല്ലാത്ത രീതിയില്‍ സസ്യഭാഗം വേഗത്തില്‍ കോശവിഭജനം നടത്തി കോശങ്ങളുടെ ഒരു കൂട്ടം ഉണ്ടാകുന്നു.

ഇവ കാണ്ഡം നിര്‍മിക്കാനാവശ്യമുള്ള ഹോര്‍മോണുകള്‍ അടങ്ങിയ മാധ്യമത്തില്‍ വയ്ക്കുമ്പോള്‍ പുതിയ മുകുളങ്ങള്‍ വളര്‍ന്നു വരുന്നു. ഇവയ്ക്ക് ആവശ്യത്തിന് നീളമായാല്‍ വേര്‍പെടുത്തി വേരു മുളപ്പിക്കുന്നതിനായി ഉപയോഗിക്കാം. ചിലയിനം സസ്യങ്ങള്‍ കാണ്ഡത്തിന് പകരം വിത്തുകള്‍ക്ക് സമാനമായ ഭ്രൂണമായി വളരുന്നു. ഇവയെ സൊമാറ്റിക് എംബ്രയോ എന്നു പറയുന്നു. കൃഷിയില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന മേഖലയാണ് ബയോടെക്നോളജി ഉള്‍പ്പെടുന്ന ജനിതക എഞ്ചിനീയറങ്. ഇത് കര്‍ഷിക വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്.

വാഴക്കൃഷി അത്ര ചില്ലറക്കാര്യമല്ല

നിറത്തിലും വലുപ്പത്തിലും രൂപത്തിലും രുചിയിലുമെല്ലാം വളരെയധികം വൈവിധ്യം പുലര്‍ത്തുന്ന വാഴപ്പഴയിനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് നേന്ത്രക്കായയ്ക്ക് വലിയ വിലയാണിപ്പോള്‍, നേന്ത്രന് മാത്രമല്ല ആണിപ്പൂവന്‍ (ഞാലിപ്പൂവന്‍) , മൈസൂര്‍പ്പൂവന്‍, വെണ്ണീര്‍പ്പൂവന്‍, കുന്നന്‍ എന്നിങ്ങനെ വാഴപ്പഴയിനത്തിന് മൊത്തം ഉയര്‍ന്ന വിലയാണ് വിപണിയില്‍ ആഭ്യന്തര ഉപഭോഗത്തിന്‍റെയും കയറ്റുമതിയുടെയും കാര്യത്തില്‍ ഉണ്ടായ വര്‍ധനയും കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം വന്നതും കഴിഞ്ഞ സീസണിലെ വിലത്തകര്‍ച്ചയും കൊണ്ട് കൂടുതല്‍ കര്‍ഷകര്‍ വാഴകൃഷി ചെയ്യാതിരുന്നതും വില വര്‍ധനയ്ക്ക് കാരണമായി. നിറത്തിലും വലിപ്പത്തിലും രൂപത്തിലും രുചിയിലുമെല്ലാം വളരെയധികം വൈവിധ്യം പുലര്‍ത്തുന്ന വാഴപ്പഴയിനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.വാഴപ്പഴങ്ങളുടെ വര്‍ഗങ്ങള്‍ 100 വര്‍ഷം കൊണ്ട് നാമാവശേഷമാകുമെന്ന പഠനങ്ങള്‍ അടുത്തിടെ വന്നിരുന്നു. എന്തൊക്കെയായാലും ലോകം മുഴുവന്‍ അംഗീകരിച്ച മികച്ച ഫലമാണ് വാഴപ്പഴം.

തെക്കുകിഴക്കേ ഏഷ്യയാണ് വാഴയുടെ ജന്മദേശമായി കണക്കാക്കിവരുന്നത്. ഉഷ്ണമേഖലാ പ്രദേശത്തെ പ്രധാന വിളയാണിത്. ഇവിടെയാണ് ധാരാളം കൃഷിചെയ്തുവരുന്നത്. നന്നായി നനകിട്ടുന്ന സമതലത്തിലും താഴ്ന്ന പ്രദേശത്തും വാഴ കൃഷി ചെയ്തുവരുന്നു. കേരളീയര്‍ പണ്ടുതൊട്ടേ വാഴകൃഷിയ്ക്ക് പേരുകേട്ടവരാണ് തെങ്ങിനെപ്പോലെ ഒരു കല്പ വൃക്ഷമാണ് വാഴയും അതിന്‍റെ യാതൊരു ഭാഗവും ഒഴിവാക്കാനില്ല. കിഴങ്ങ് മുതല്‍ ഇലവരെ നാം ഉപയോഗിക്കുന്നു. നമ്മുടെ ജീവിതവും ആചാരവും സംസ്ക്കാരവുമായൊക്കെ അഭേദ്യമായ ബന്ധമാണ് വാഴയ്ക്കുള്ളത്. വാഴയിലയില്‍ വിളമ്പുന്ന ചൂട് വിഭവങ്ങളാണ് സദ്യയുടെ പ്രത്യേകത. ശര്‍ക്കര ഉപ്പേരിയും, വറുത്തുപ്പേരിയും, കായപ്പുഴുക്കും കായക്കറിയും തൊട്ട് പഴം നുറുക്കും പഴംപൊരിയും പഴം ഹലുവയും വരെ ഇതിന്‍റെ ഭക്ഷണപരമായ പ്രാധാന്യത്തെ വിളിച്ചോതുന്നു. ഒടുങ്ങാത്ത പോഷകമൂല്യമുള്ള വാഴപ്പഴം നാം നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വാഴപ്പിണ്ടിയും വാഴക്കൂമ്പും ഒന്നാംതരം നാരുകളടങ്ങിയ ഭക്ഷണമായതിനാലാണ്.

ഇതിലെല്ലാം പുറമേ വാഴനാരുകൊണ്ട് ഉണ്ടാക്കുന്ന സ്വര്‍ണനിറമാര്‍ന്ന കരകൗശല വസ്തുക്കള്‍ നമ്മെ മോഹിപ്പിക്കുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ വാഴക്കൃഷി പണ്ടു മുതലെ കേരളിയരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഗുരുവായൂരിലെ കാഴ്ചക്കുലകളുടെ സ്വര്‍ണസിന്ദൂര വര്‍ണം അതുല്യമാണ്. വാഴകൃഷിയിലെ വൈവിധ്യവല്‍ക്കരണം ഉല്‍പന്ന നിര്‍മാണം മൂല്യവര്‍ധിത സംസ്കരണം എന്നിങ്ങനെ നാം വിചാരിച്ചാല്‍ എത്തിപ്പിടിക്കാവുന്ന നേട്ടങ്ങള്‍ ഏറെയാണ്. നമ്മുടെ നാടന്‍ വിപണിയില്‍ വാഴപ്പഴത്തിനും വാഴക്കയ്ക്കുമുള്ള ജനസമ്മതിയും വര്‍ധിച്ചുവരുന്ന കയറ്റുമതി സാധ്യതയും ഉയര്‍ന്ന വിലയും കണക്കാക്കിയാല്‍ വലിയ സാധ്യതയാണ് വാഴക്കൃഷിക്കുള്ളത്.ഓരോ പുരയിടത്തിലും വ്യത്യസ്തയിനങ്ങള്‍ നാം കൃഷിചെയ്തിരുന്നു. നമ്മുടെ ഭക്ഷണയിനത്തിലെ പ്രധാനയിനത്തിന് നല്‍കിയിരിക്കുന്ന സ്ഥാനം നാമിപ്പോള്‍ നമ്മുടെ ഇന്‍റര്‍ലോക് പാകിയ വീട്ടുമുറ്റങ്ങളില്‍ നല്‍കുന്നില്ല. നമ്മുടെ തോട്ടങ്ങളില്‍ നാലഞ്ചുവാഴ നട്ടുവളര്‍ത്തിയാല്‍ നമ്മുടെ കുടുംബത്തിന് വിഷമേല്‍ക്കാത്ത വാഴപ്പഴം കഴിക്കാം.

മണ്ണൊരുക്കാം

വാഴയുടെ ശാസ്ത്രിയനാമം മ്യുസ വെലൂട്ടിനയെന്നാണ്. ഇത് പ്ലാന്‍ററ്റെ വര്‍ഗത്തില്‍പ്പെടുന്ന സസ്യമാണ്. ലോകമെമ്പാടും നൂറുകണക്കിന് സ്പീഷീസുകള്‍ വാഴയിനത്തില്‍ മാത്രമുണ്ട്. 20 മുതല്‍ 27 ഡിഗ്രിവരെയാണ് അനുകൂല അന്തരീക്ഷ ഉഷ്മാവ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് വാഴ സാധാരണയായി നന്നായി ഉണ്ടാകുക. ഇളക്കമുള്ള മണ്ണില്‍ വാഴ തഴച്ചുവളരും. നന്നായി കിളച്ചിളക്കിയ മണ്ണില്‍ പച്ചലവളവും ചാണകവളവും കുമ്മായം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ക്കുക. ചാണകവളം ഉണക്ക ചാണകപ്പെടിയാണ് നല്ലത്. ഇത് 2:1 അനുപാതത്തില്‍ ചാരവുമായി ചേര്‍ത്ത് അടിവളമായി ഓരോ കുഴിക്കും നല്‍കണം.

ഓരോ കുഴിയിലും കുറഞ്ഞത് 45 മുതല്‍ 50 സെന്‍റിമീറ്റര്‍ താഴ്ചയും 30 മുതല്‍ 40 സെന്‍റിമീറ്റര്‍ വിസ്താരവുമുള്ളതായിരിക്കണം. കന്ന് വെക്കുന്നതിന് ഒരാഴ്ചമുമ്പ് 250 ഗ്രാം കുമ്മായം കുഴിയിലിട്ട് ഇളക്കണം. കന്ന് വെക്കുന്നതിന് രണ്ട് ദിവസം മുമ്പ് ചാണകവളം ചാരം ചേര്‍ത്ത് വിതറി ഇളക്കിയിടണം കന്നിനോടുകൂടി ഓരോ കുഴിക്കും 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുത്താല്‍ നന്ന്. ഇങ്ങനെ ഒരുക്കുന്ന കുഴിയിലാണ് വാഴക്കന്ന് നടുന്നത്. കേരളത്തില്‍ സാധാരണയായി വാഴക്കൃഷിക്ക് രണ്ട് സീസണുകളാണുള്ളത്. ഒന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ കന്ന് നടാവുന്ന, മഴയെ ആശ്രയിച്ചുള്ള കൃഷിയും ആഗസ്ത്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നനയെ ആശ്രയിച്ചുള്ള നനകൃഷിയും കനത്ത മഴയത്ത് വാഴക്കന്ന് നട്ടാല്‍ ചീഞ്ഞു പോവുകയോ നല്ല വേനലില്‍ കന്ന് നട്ടാല്‍ വേര് പഴുത്തുപോവുകയും ചെയ്യും.

നടീല്‍ വസ്തു തിരഞ്ഞെടുക്കല്‍

വാഴയുടെ കിഴങ്ങില്‍ നിന്ന് പൊട്ടിമുളച്ചുവരുന്ന ചെറിയ തൈകളാണ് വാഴയുടെ നടീല്‍ വസ്തു. വാഴക്കന്ന് എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. വാഴക്കൃഷിയിലെ പ്രധാന ഘട്ടം വാഴക്കന്നിന്‍റെ തിരഞ്ഞെടുപ്പാണ്. രോഗവും കീടവുമൊന്നും ബാധിക്കാത്ത മാതൃസസ്യത്തില്‍ നിന്നാണ് കന്നുകള്‍ തിരഞ്ഞെടുക്കേണ്ടത്. കന്നുകള്‍ രണ്ട് തരമുണ്ട് സൂചിക്കന്നും പീലിക്കന്നും. മാതൃസസസ്യത്തിന്‍റെ കിഴങ്ങിന്‍റെ ഭാഗത്ത് നിന്ന് മുളച്ച്‌ പൊന്തുന്ന തണ്ട് സൂചിക്കന്ന്. മൂന്ന് നാല് മാസം പ്രായമുള്ള സുചിക്കന്നുകളാണ് നാം ശേഖരിക്കേണ്ടത്. സൂചിക്കന്നിന്‍റെ അഗ്രഭാഗം കുര്‍ത്തതും അടിഭാഗം നീണ്ടതുമായിരിക്കും.സൂചിക്കന്നിനെ അപേക്ഷിച്ച്‌ പീലിക്കന്നിന് കരുത്ത് കുറവായിരിക്കും. ഇതിന്‍റെ അഗ്രഭാഗം തടിച്ചതായിരിക്കും. വളരെ പെട്ടന്ന് തന്നെ ഇലവിരിയും. നല്ല വാഴയില്‍ നിന്ന് തന്നെ വിത്ത് തിരഞ്ഞെടുക്കാം.

ഒരേ പ്രായവും എതാണ്ട് ഒരേ വലിപ്പവുമുള്ള കന്നുകള്‍ ഒരുമിച്ച്‌ വിളവിറക്കിയാല്‍ ഒരേസമയംതന്നെ കുല വെട്ടിയെടുക്കാം. രോഗകീടങ്ങള്‍ ബാധിക്കാത്ത 35 മുതല്‍ 45 വരെ സെന്‍റിമീറ്റര്‍ ചുറ്റളവും കുറഞ്ഞ 700 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ തൂക്കമുള്ള കന്നുകളാണ് നടുവാന്‍ ഉത്തമം. ഇവ മാതൃവാഴയുടെ കുലവെട്ടിയെടുത്ത് ഒരു മാസത്തിനുള്ളില്‍ തന്നെ ഇളക്കിയെടുക്കണം. കന്നിന്‍റെ വേരിന് മുകളില്‍ 20 മുതല്‍ 25 സെന്‍റിമീറ്റര്‍ മുകളില്‍ വെച്ച്‌ കന്നിന്‍റെ തലപ്പ് മുറിച്ച്‌ നീക്കണം.കന്നിന് മുകളില്‍ സാധാരണ കണ്ടുവരുന്ന മാണപ്പുഴു, നിമവിരകള്‍ എന്നിവയില്‍ നിന്ന് മുക്തമാക്കിയ സൂചികന്നുകള്‍ .വേരുകള്‍ വലിപ്പമുള്ള പാര്‍ശ്വമുളകള്‍ എന്നിവ ഒഴിവാക്കി വെണ്ണിര്‍ ചാണകം എന്നിവ 2:1 അനുപാതത്തില്‍ കലക്കിയ കുഴമ്പില്‍ മുക്കിയെടുത്ത് മൂന്ന് നാലു ദിവസം വെയിലത്തുണക്കണം. ഇങ്ങനെ ഉണക്കിയെടുത്ത കന്നുകള്‍ 15 ദിവസം വരെ നമുക്ക് സൂക്ഷിക്കാം.

നടീല്‍

നേരത്തെ തയ്യാറാക്കിയ കുഴികളില്‍ അടിഭാഗത്ത് ചെറിയൊരു പിള്ളക്കുഴിയുണ്ടാക്കി അതില്‍ ചപ്പിലകള്‍ വിതറി കന്നിനെ നേരെ നിര്‍ത്തിയാണ് നടേണ്ടത്. കന്ന് ഉണങ്ങുമ്പോള്‍ വേണമെങ്കില്‍ നമുക്ക് ജൈവ കീടനാശിനികള്‍ ഉപയോഗിക്കാം. വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചതും ചപ്പിലയും ഇട്ട പിള്ളക്കുഴിയില്‍ കന്ന് നെരത്തി പിള്ളക്കുഴി മൂടാം.

നനവാഴകൃഷിയാണെങ്കില്‍ ഉടനെ തള്ളക്കുഴിമൂടണമെന്നില്ല ക്രമേണ കന്ന് വലിയതാവുമ്പോള്‍ ഒന്നോ രണ്ടോ വട്ടം മേല്‍വളവും ചേര്‍ത്ത് കുഴിമൂടിയാല്‍ മതി പക്ഷേ ഏപ്രില്‍ ജൂണ്‍ മാസ മഴകൃഷിയില്‍ കന്ന് നട്ട് ഉടനെ കുഴി മൂടണം. ഇല്ലെങ്കില്‍ കന്ന് മഴവെള്ളം കെട്ടിനിന്ന് ചീഞ്ഞുപോവും.വേനല്‍ക്കാലത്ത് തള്ളക്കുഴി നിറച്ചും കരിയിലയിട്ട് പുതനല്‍കിയാല്‍ എപ്പോഴും ഈര്‍പ്പം നിലനില്‍ക്കും.

ഇടയകലം

വാഴക്കൃഷിയില്‍ ശ്രദ്ധക്കേണ്ട മറ്റൊരു കാര്യം ഇടയകാലമാണ്. വരിയും നിരയും തമ്മിലും കന്നുകള്‍ തമ്മില്‍ത്തമ്മിലും തല കോര്‍ത്തുപോവാത്ത രീതിയില്‍ ഇടയകാലം ആവശ്യമാണ്. നേന്ത്രവാഴയ്ക്ക 282 മീറ്റര്‍ ഇടയകലവും മൈസൂര്‍ പൂവന്‍, പൂവന്‍,ഞാലിപ്പൂവന്‍, കദളിയിനങ്ങള്‍ക്ക് 2.582.5 മീറ്റര്‍ ഇടയകലവും നല്ലതാണ്. കുറിയ ഇനത്തിനും പൊക്കം കൂടിയ ഇനത്തിനും രണ്ടര മീറ്റര്‍ ഇടയകലം നല്‍കണം. അടുത്തടുത്ത് വളരുന്ന വാഴകള്‍ നല്‍കുന്ന ഫലം,കുല വലിപ്പം വളരെ ചെറുതായിരിക്കും.

വളപ്രയോഗം

ജൈവ കൃഷിയിലെ വളപ്രയോഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ യൂറിയ നൈട്രജന്‍ ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ വാഴയുടെ വിവിധ ഘട്ടങ്ങളില്‍ നാം മികച്ച രീതിയില്‍ ഉറപ്പുവരുത്തണം.വാഴ നടുമ്പോള്‍തന്നെ ഓരോ മുരടിനും കമ്പോസ്റ്റോ കാലിവളമോ പച്ചില വളമോ പത്തുകിലോ വീതം നല്‍കണം. ജൈവവളത്തോടൊപ്പം രാസവളങ്ങളും നല്‍കിയാണ് വ്യാപകമായി വാഴ കൃഷി ചെയ്യുമ്പോള്‍ വിള വര്‍ധിപ്പിക്കാറ്. ഇടവിളകളായി പയര്‍ വര്‍ഗങ്ങല്‍ കൃഷി ചെയ്താല്‍ മണ്ണിലെ നൈട്രജന്‍റെ അളവ് വര്‍ധിപ്പിക്കാം. പയര്‍,ചണമ്പ് എന്നിവ ഇടവിളയായി വളര്‍ത്തി 50 ദിവസത്തിന് ശേഷം അവ മണ്ണില്‍ പിഴുത് ചേര്‍ത്താല്‍ വാഴയുടെ ചുവട്ടില്‍ കളകള്‍ വരുന്നത് തടയാനും അങ്ങനെ വാഴയ്ക്ക് വളം നല്‍കാനും കഴിയും.

വാഴ വളര്‍ന്ന് വലുതായി വരുമ്പോള്‍ ഓരോ 45 ദിവസവും ഇടവിട്ട് പച്ചിലത്തോല് അടിയില്‍ വെട്ടിക്കൂട്ടി.അതിന് മുകളില്‍ കാലിവളം, വെണ്ണീര്‍ എന്നിവ 2:1 ക്രമത്തില്‍ ചേര്‍ത്ത് മണ്ണിട്ട് മൂടിക്കൊടുക്കണം. രാസവളങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൃഷിയില്‍ നൈട്രജന്‍ ഘട്ടംഘട്ടമായാണ് നല്‍കേണ്ടത്. ജൈവവളങ്ങള്‍ നല്‍കുന്നതുപോലെ വാഴയുടെ കീഴില്‍ രാസവളം നല്‍കരുത് 60 മുതല്‍ 70 സെന്‍റിമീറ്റര്‍ വിട്ടാണ് വളം നല്‍കേണ്ടത്. വാഴവേരിന് അരികിലേക്ക് വളരുന്നതിനാല്‍ ആഴത്തില്‍ വളം ചേര്‍ക്കേണ്ട ആവശ്യമില്ല. ഈ സീസണില്‍ ആഗസ്ത്, ഒക്ടോബര്‍ കൃഷി ചെയ്യുന്ന നനവാഴ കൃഷിക്ക് നനനിര്‍ബന്ധമാണ്. ഒന്നരാടാനാണ് നനയ്ക്കേണ്ടത് ഒരു മൂടിന് കുറഞ്ഞത് 15 മുതല്‍ 20 ലിറ്റര്‍ വെള്ളം വേണം വേണ്ടത്ര ലഭിക്കാത്തയിടമാണെങ്കില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ നനച്ചാലും മതിയാകും.

നേന്ത്രവാഴയ്ക്ക് അഞ്ച് ദിവസത്തിലൊരിക്കല്‍ നന്നായി നനച്ചാല്‍ മതി. വാഴനട്ട് മുളച്ച്‌ പൊന്തി വരുമ്പോഴാണ് തുലാവര്‍ഷം തുടങ്ങുക വയലില്‍ നടുന്ന വാഴയ്ക്ക് ഇടയില്‍ ചാലു കീറി മണ്ണുകയറ്റി വെള്ളക്കെട്ടൊഴിവാക്കണം. പുരയിട കൃഷിയില്‍ താഴ്ന്ന ഭാഗത്ത് വാഴ നടരുത് അല്ലെങ്കില്‍ വാഴയുടെ മൂട്ടില്‍ മണ്ണ് കയറ്റിക്കൊടുത്ത് നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. വാഴയ്ക്ക് നല്‍കുന്ന അധിക വളങ്ങളെ വലിച്ചെടുത്ത് വലുതായി വരുന്ന കളകളെയാണ് നാം പരിചരണത്തില്‍ ശ്രദ്ധികേണ്ടത്. അവയെ പിഴുതുമാറ്റി വാഴയ്ക്ക് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞാല്‍ വളരെ നല്ലതാണ്. ഇടയിളക്കല്‍ നടത്തി പുതുവേരുകള്‍ പൊട്ടാന്‍ സാഹചര്യമൊരുക്കിക്കൊടുക്കണം. ഇടയിളക്കുമ്പോള്‍ വേരുമുറിയാതെ നോക്കണ്ടത് അത്യാവശ്യമാണ്. കുലകള്‍ വിരിയുന്നതിന് മുമ്പ് മുരട്ടില്‍ പൊന്തിവരുന്ന കന്നുകള്‍ ചവുട്ടി നശിപ്പിക്കുകയോ ഇളക്കി മാറ്റുകയോ വേണം.കുലചാടിയതിന് ശേഷം പൊന്തിവരുന്ന രണ്ട് മൂന്ന് കുന്നുകള്‍ മാത്രം നിര്‍ത്തിയാല്‍ മതി.

രോഗങ്ങള്‍

മഞ്ഞളിപ്പ്,വെള്ളക്കൂമ്പ്,കുറുനാമ്പ്, കൊക്കാന്‍ രോഗങ്ങളാണ് വാഴയില്‍ പ്രധാനമായും കണ്ടുവരുന്നത്. ഇതില്‍ വെള്ളക്കൂമ്പ് കാത്സ്യത്തിന്‍റെ കുറവ് കൊണ്ടാണുണ്ടാകുന്നത്. വാഴ നട്ട് നാല് അഞ്ച് മാസം പ്രായമാകുമ്പോഴാണ് വെള്ളക്കൂമ്പ് രോഗം പ്രത്യക്ഷപ്പെടുക. രോഗത്തിന്‍റെ തുടക്കത്തില്‍ സാധാരണകൂമ്പ് തന്നെയാണ് വരിക രോഗബാധ മനസ്സിലാക്കണെങ്കില്‍ ഇലയുടെ ചുവട്ടില്‍ നോക്കണം ചെറിയ ചുളിവുകളും മടക്കുകളുമാണ് ആദ്യലക്ഷണം പിന്നീട് ക്രമേണ കൂമ്പുമുതല്‍ തന്നെ ചുരണ്ട് വെള്ള നിറമായി മാറുന്നു. പിന്നീട് വരുന്ന കൂമ്പുകള്‍ ചീയുകയും ചെയ്യുന്നു. പത്ര പോഷണമെന്ന രീതിയില്‍ ഇലകള്‍ക്ക് പോഷണം നല്‍കുന്ന രീതിയിലാണ് ഇതിനെ പ്രതിരോധിക്കാറ്. കാത്സ്യത്തിന്‍റെ കൂടെ ബോറേട്ടണ്‍ കൂടിച്ചേര്‍ത്ത് തളിക്കുന്നത് ഫലസാധ്യത കൂട്ടുന്നതായി കാണുന്നു. ഈ രോഗത്തിന് പത്രപോഷണം വഴി ഒരിക്കല്‍ മാത്രം വളപ്രയോഗം നല്‍കിയാല്‍ മതിയെന്നാണ് എങ്കിലും 20 ദിവസം ഇടവിട്ട് മൂന്ന് പ്രാവശ്യം തളിച്ചാല്‍ ഫലം കിട്ടും.

വാഴപ്പേനുകള്‍ പരത്തുന്ന ഒരു തരം വൈറസ് രോഗമാണ് കുറുമ്പ് രോഗം. ഇത് മാരകമായൊരു രോഗമാണ്. വിരിഞ്ഞു വരുന്ന ഇലകള്‍ തിങ്ങിഞ്ഞെരുങ്ങി പുറത്തേക്ക് വരുന്നതിന്‍റെ നീളം കുറഞ്ഞ് കൂമ്പടഞ്ഞു പോവുന്നതാണിതിന്‍റെ ലക്ഷണം. രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്ന് കന്ന് സംഘടിപ്പിക്കുക, കന്നുകള്‍ നല്ലത് തിരഞ്ഞെടുക്കുക. രോഗബാധ പടര്‍ത്തുന്ന വാഴപ്പേനുകളെ ജൈവകീടനാശിനികള്‍ ഉപയോഗിച്ച്‌ കൊന്നൊടുക്കുക, രോഗലക്ഷണം കാണിക്കുന്ന വാഴ പിഴുതുമാറ്റി കത്തിച്ചുകളയുക തുടങ്ങിയവയാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍.കൂമ്പടച്ച വാഴയുടെ കൂമ്പ് വെട്ടിമാറ്റി തുരിശ് ലായിനിയൊഴിച്ചും പരീക്ഷണം നടത്താവുന്നതാണ്.

വാഴപ്പേനുകള്‍ പരത്തുന്ന മറ്റൊരു രോഗമാണ് കൊക്കാന്‍ രോഗം. ആദ്യഘട്ടത്തില്‍ വാഴയുടെ പുറം പോളകളില്‍ ചുവപ്പുരാശി കാണുന്നതിന്‍റെ ലക്ഷണം. ആ നിറം ക്രമേണ കടുത്ത് നീളത്തില്‍ പടര്‍ന്ന് വരകളായി മാറി പുറം പോളകള്‍ക്കിടയില്‍ നിന്ന് അടര്‍ത്തിമാറ്റുന്നു. രോഗം കഠിനമായാല്‍ വാഴത്തട ബലഹീനമായി ഉണ്ണിക്കാമ്പ് ഒടിഞ്ഞ് വാഴ നശിക്കുന്നു. ഇലമഞ്ഞളിപ്പ് രോഗം മഴക്കാലത്താണ് വാഴകളില്‍ കാണെപ്പെടുന്നത്. ആദ്യം പ്രത്യക്ഷപ്പെടുന്ന മഞ്ഞവരകള്‍ ക്രമേണ കറുത്ത പുള്ളികളായി ഇലയുടെ നടുഭാഗം കഴിഞ്ഞ് ഇല നശിക്കും ഒടിഞ്ഞ് തൂങ്ങും രോഗം ബാധിച്ച ഇലകള്‍മുറിച്ചെടുത്ത് കത്തിക്കുക ഒന്നു മുതല്‍ രണ്ട് ശതമാനം വരെ വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിക്കുക.വാഴകള്‍ക്ക് വരുന്ന മറ്റൊരു രോഗമാണ് പനാമാവാട്ടം. ഒരു തരം ഫംഗസ് രോഗമാണിത്. വാഴയുടെ ഇലകള്‍ മഞ്ഞളിപ്പ് ബാധിച്ച്‌ ഒടിഞ്ഞു തൂങ്ങി വാഴത്തടയില്‍ വിള്ളലുകള്‍ ബാധിക്കുന്നു. ഓരോ മുരടിപ്പിനും ഒരു കിലോ കുമ്മായം വീതം ചേര്‍ത്തും കുമിള്‍ നാശിനി ഉപയോഗിച്ചും ഇതിനെ നിയന്ത്രിക്കാം.

കീടങ്ങള്‍

വാഴകൃഷിയെ ബാധിക്കുന്ന പ്രധാന ശത്രുക്കളാണ് കീടങ്ങള്‍ തടതുരപ്പന്‍, മാണവണ്ട്, ഇലതീനിപ്പുഴുക്കള്‍, വാഴപ്പേന്‍ മീലിമുട്ടകള്‍ എന്നിവയാണ് പ്രധാനകീടങ്ങള്‍. ഇലകളുടെ ഹരിതകം തിന്നുതീര്‍ത്ത് വാഴയെ മൊത്തം നശിപ്പിക്കുന്ന രോഗപ്പുഴുക്കളാണ് മഴക്കാലത്ത് വാഴകൃഷിയുടെ വില്ലന്‍. കറുത്തതും തവിട്ട് നിറത്തിലും പറ്റമായി കാണപ്പെടുന്ന ഇവ മൊത്തത്തില്‍ വാഴയുടെ ഇലകളെ ആക്രമിക്കുന്നു. വാഴത്തോട്ടത്തില്‍ തീയിട്ട് ഇവയെ നശിപ്പിക്കാം. അതിരാവിലെയും രാത്രിയുമാണ് ഇവയുടെ ആക്രമണം വെയില്‍ തുടങ്ങിയാല്‍ ഇവ അടിയിലേക്ക് പിന്‍വാങ്ങും. മറ്റൊരു പ്രധാന ശത്രുവാണ് തണ്ടുതുരപ്പന്‍ പുഴു. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളെയാണിത് ആക്രമിക്കാറ്. വാഴപ്പോളകളില്‍ ചെറിയ സുഷിരങ്ങള്‍ കാമുകയും അവയില്‍ നിന്ന് മഞ്ഞ ദ്രവം ഒലിച്ചിറങ്ങുകയുമാണിതിന്‍റെ ലക്ഷണം. ഇലക്കവിളുകളില്‍ വേപ്പിന്‍കുരു പൊടിച്ചത് ഇട്ടുകൊടുക്കുക വാഴത്തടയില്‍ ചളി തേച്ചു പിടിപ്പിക്കുക. അടിയന്തര ഘട്ടത്തില്‍ മാത്രം കീടനാശിനി തളിക്കുക. ഇവയാണ് പ്രതിരോധ മാര്‍ഗം.

മാണവണ്ടാണ് മറ്റോരു ശത്രു വാഴയുടെ കിളങ്ങ് തിന്നു നശിപ്പിക്കുന്ന ഇവയുടെ ആക്രമണത്താല്‍ വാഴ ഒടിഞ്ഞ് വീഴുന്നു. കന്നിനെ ശരിയായി പരിചരിക്കുകയാണിതിന്‍റെ പ്രതിരോധ വിദ്യ. ചാരവും ചാണകവും കലക്കിയ കുഴമ്പില്‍ മുക്കി വെച്ച്‌ വെയിലത്തുണക്കി പരിചരിക്കുന്ന കന്നില്‍ മണവണ്ടിന്‍റെ ആക്രമണം കുറവായിരിക്കും. തൂമ്പടമ്പ് പകര്‍ത്തുന്ന വാഴപ്പേന്‍, നീരൂറ്റിക്കുടിച്ച്‌ വാഴയെ നശിപ്പിക്കുന്ന മിലിമുട്ടകള്‍ എന്നിവയും ഉപദ്രവകാരികളാണ്. വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ചേര്‍ത്തും വേപ്പന്‍ പിണ്ണാക്ക് തടത്തില്‍ ചേര്‍ത്തും വേപ്പെണ്ണ എമില്‍ഷെന്‍ തളിച്ചും ജൈവ വാഴ കൃഷിയില്‍ നമുക്കിതിന് സംരക്ഷിക്കാം. ഒട്ടേറെ ഔഷധഗുണവും ഓരോ ഭാഗത്തിനുമുണ്ട്. ദഹനശക്തി കൂട്ടുന്ന പ്രധാന വിഭവമായി വാഴപ്പഴം നാം ഉപയോഗിക്കുന്നു. വാഴപ്പിണ്ടി ജ്യൂസ് പ്രമേഹത്തിനും വാഴപ്പിണ്ടി ഉപ്പേരി വയര്‍ ശുദ്ധീകരിക്കാനും അര്‍ശസ്സിനും ഔഷധമാണ്.

അമിതമായി മൂത്രം പോകുന്നത് തടയാന്‍ വാഴപ്പൂവ് കഴിക്കാം. കുട്ടികളിലൂണ്ടാകുന്ന ഗ്രഹണി, വയറിളക്കം എന്നി അസുഖങ്ങള്‍ ശമിപ്പിക്കാനും അവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനും വാഴക്ക സഹായിക്കുന്നു. കല്ലുവാഴയിലെ കല്ല് മൂത്രാശയ സംബന്ധിച്ച രോഗങ്ങള്‍ക്ക് ആയുര്‍വേദ മരുന്നായി നിര്‍ദ്ദേശിച്ചിരുന്നു. വാഴയിലയും വാഴത്തടയും ഉണക്കിപ്പൊടിച്ച്‌ കരിച്ചുണ്ടാക്കുന്ന ചാരം അമ്ലത, നെഞ്ചെരിച്ചില്‍, ശീതപിത്തം, വിരബാധ എന്നിവയ്ക്ക് ഔഷധമാണ്. പ്രത്യുല്‍പാദന ശേഷികൂട്ടാന്‍ അധികം പഴുക്കാത്ത വാഴപ്പഴം( നേന്ത്രന്‍) കഴിച്ചാല്‍ ഫലമുണ്ടാകുമെന്ന് പറയപ്പെടുന്നു. വാഴയുടെ നാര് ഉണക്കി നിറം കൊടുത്ത് നിരവധി കരകൗശലവസ്തുക്കള്‍ നിര്‍മിച്ചുവരുന്നുണ്ട്. ഇങ്ങനെ എല്ലാം കൊണ്ട് ഉപകാരിയായ കല്‍പസസ്യമായ വാഴയുടെ കൃഷി വ്യാപകമായി ചെയ്യാന്‍ മിനക്കേട് ആവശ്യമാണ് എങ്കിലും ഒരു വാഴക്കന്ന് നട്ട് സംരക്ഷിച്ച്‌ രാസവളം ചേര്‍ക്കാത്ത കീടനാശിനി അമിതമായി തളിക്കാത്ത വാഴപ്പഴം വര്‍ഷത്തില്‍ കുറച്ചുകാലമെങ്കിലും കഴിക്കുവാന്‍ നാം തയ്യാറാകണം. നമ്മള്‍ ഭക്ഷണത്തിന്‍റെ വേസ്റ്റ് കളയാന്‍ നിര്‍മിക്കുന്ന കുഴിയില്‍ അല്പം മണ്ണിട്ട് ഇന്ന് തന്നെ ഒരു വാഴക്കന്ന് വയ്ക്കൂ.

ചീരകളില്‍ കേമന്‍ മധുരചീര

കേരളത്തിന്‍റെ കാലവസ്ഥയില്‍ കൃഷി ചെയ്യാന്‍ പറ്റിയ ചീരയിനമാണ് മധുര ചീര.മധുരചീര പോഷക ഗുണത്തിലും മുന്‍പനാണ്.അന്നജം,പ്രോട്ടീന്‍,കൊഴുപ്പ്,വിറ്റാമിന്‍ സി,കാത്സ്യം,ഫോസ്ഫറസ്,ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇതിനെ ചിക്കൂര്‍മാനീസ്, ബ്ലോക്കുചീര, വേലിച്ചീര എന്നീ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്നു. ഇതിന്‍റെ ഇല സാധാരണ പച്ചക്കറിയായി ഉപയോഗിക്കുന്നു. മധുര ചീര വരിയായി അതിരുകളില്‍ നട്ട് വേലിയായും ഉപയോഗപ്പെടുത്താറുണ്ട്.ശാഖകളായി വളരുന്ന ചെടിയുടെ തണ്ട് പച്ചനിറത്തില്‍ കാണപ്പെടുന്നു. ഇലകള്‍ സന്മുഖമായി ഇലത്തണ്ടുകളില്‍ ക്രമീകരിച്ചിരിക്കുന്നു. വെള്ളനിറത്തില്‍ നെരിയ ചുവപ്പ് പടര്‍ന്ന പൂക്കള്‍ വൃത്താകൃതിയില്‍ 45 ഇതളുകള്‍ വരെയുണ്ടാകാം. കായ്കള്‍ വെള്ള നിറത്തിലോ വെള്ള കലര്‍ന്ന ചുവപ്പോ നിറത്തിലോ ആയിരിക്കും.

കായ്കളില്‍ 45 വിത്തുകള്‍ വരെയുണ്ടാകാം. എല്ലാത്തരം മണ്ണിലും കൃഷിചെയ്യാവുന്ന ഒരു സസ്യമാണിത്. കമ്പുകള്‍ ആണ് സാധാരണ നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. കാലവര്‍ഷമാണ് കമ്പുകള്‍ നടാന്‍ അനുകൂല സമയം. ഇളം മൂപ്പായ കമ്പുകള്‍ 20 മുതല്‍ 30 സെന്‍റീമീറ്റര്‍ നീളത്തില്‍ മുറിച്ച്‌ നട്ടാണ് കൃഷി ചെയ്യുന്നത്.ഏകദേശം 30 സെന്‍റീമീറ്റര്‍ ആഴത്തില്‍ ചാലുകള്‍ കീറി അതില്‍ കാലിവളമോ, കമ്പോസ്റ്റോ, പച്ചിലവളമോ ചേര്‍ത്ത് നികത്തി അതിനുമുകളില്‍ കമ്പുകള്‍ നടാവുന്നതാണ്. ചെടികള്‍ക്ക് വരള്‍ച്ചയെ ചെറുക്കാന്‍ കഴുവുണ്ടെങ്കിലും വേനല്‍ക്കാലത്ത് നനയ്ക്കുന്നത് ചെടി പുഷ്ടിയോടേ വളരുന്നതിന് സഹായിക്കും.കമ്പുകള്‍ നട്ട് മുന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ ആദ്യം വിളവെടുക്കാം. വിളവെടുത്തതിനുശേഷം ചെടിക്ക് നേരിയ തോതില്‍ വളമിടുന്നത് തുടര്‍വളര്‍ച്ചയെ ശക്തിപ്പെടുത്തും.

ജൈവകൃഷിക്ക് ചകിരിച്ചോര്‍ മികച്ച കമ്പോസ്റ്റ്

ആര്‍ക്കും വീട്ടില്‍ തന്നെ തയ്യാറാക്കുവാന്‍ പറ്റുന്ന ഒന്നാണിത്. ചകിരിയില്‍ നിന്ന് ചകിരിനാര് വേര്‍തിരിച്ച ശേഷം മിച്ചം വരുന്ന ചകിരിച്ചോറില്‍ നിന്നും നല്ല കമ്പോസ്റ്റ് വളം നിര്‍മ്മിക്കാമെന്നും അധികമാര്‍ക്കും അറിയില്ല. മട്ടുപ്പാവിലെ കൃഷിക്കു എറ്റവും യോജിച്ച വളപ്രയോഗ രീതികളിലൊന്നാണ് ചകിരിച്ചോര്‍. ആര്‍ക്കും വീട്ടില്‍ തന്നെ തയ്യാറാക്കുവാന്‍ പറ്റുന്ന ഒന്നാണിത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളം കെട്ടിനില്‍ക്കാത്ത തുറസ്സായ സ്ഥലത്ത് തറയില്‍ അഞ്ച് മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി 10 സെ. മീ. കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത്പ്ലസ് ഇതിനു മുകളിലായി ഒരേ കനത്തില്‍ വിതറുക.

അതിനുശേഷം പഴയപടി 100 കിലോ ഗ്രാം ചകിരിച്ചോര്‍ പിത്ത്പ്ലസിനു മുകളില്‍ വിതറണം. അതിനു മുകളില്‍ ഒരു കിലോ ഗ്രാം യൂറിയ വിതറുക. ഇങ്ങിനെ വീണ്ടും ചകിരിച്ചോര്‍, പിത്ത്പ്ലസ്, ചകിരച്ചോര്‍, യൂറിയ എന്ന ക്രമത്തില്‍ 10 അടുക്ക് ചകിരിച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം നനച്ചുകൊടുക്കണം. ഈര്‍പ്പാംശം നിലനിര്‍ത്താന്‍ ചണച്ചാക്കോ, വാഴയിലയോ, തെങ്ങോലയോ കൊണ്ട് മുകളില്‍ പുതയിടണം. 30 മുതല്‍ 40 ദിവസംകൊണ്ട് ചകിരിച്ചോര്‍ കമ്പോസ്റ്റ് റെഡിയാകും. ഒരു ടണ്‍ ചികിരിച്ചോറില്‍ നിന്ന് 600 കി.ഗ്രാം കമ്പോസ്റ്റ് വളം ലഭിക്കും.സംസ്കരിച്ചെടുത്ത ചകിരിച്ചോറില്‍ 1.26% നൈട്രജന്‍, 0.06% ഫോസ്ഫറസ്, 1.20% പൊട്ടാഷ് എന്നിവയ്ക്കു പുറമെ ലിഗ്നില്‍ 4.80%, സെല്ലുലോസ് 10% എന്നിവ അടങ്ങിയിരിക്കുന്നു. നെല്‍കൃഷി ഏക്കറിന് നാല് ടണ്‍, തെങ്ങിന് 50 കി.ഗ്രാം, കശുമാവിന് 50 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം.മണ്ണിന്‍റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും,മണ്ണിളക്കം കൂട്ടുന്നതിനും, വേരുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും, ഉല്‍പ്പാദനം കൂട്ടുന്നതിനും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ കമ്പോസ്റ്റിനു കഴിയും.

കരകൃഷിയൊരുക്കാം; കൈതാങ്ങായി സര്‍ക്കാര്‍

മുപ്പതാണ്ടുകള്‍ക്ക് മുമ്പ് വരെയായിരുന്നു കേരളത്തില്‍ നെല്‍കൃഷിയുടെ സുവര്‍ണകാലം .  അതുവരെയുള്ള സാഹിത്യങ്ങളിലും സിനിമകളിലും പശ്ചാത്തലമായും പ്രമേയമായുമെല്ലാം കൃഷി  പ്രധാനകഥാപാത്രമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. പാടങ്ങളെല്ലാം കോണ്‍ക്രീറ്റ് കാടുകള്‍ക്ക് വഴിമാറി. അവശേഷിച്ച കൃഷിയിടങ്ങള്‍ കൂടുതല്‍ പണം കിട്ടുന്ന റബ്ബര്‍, കമുക് തുടങ്ങിയ തോട്ടവിളകളിലേക്ക് മാറിയപ്പോള്‍ കേരളത്തില്‍ നെല്‍കൃഷി നാമമാത്രമായി. 
ഇന്ന്...പുതിയ സര്‍ക്കാര്‍, യുവ മന്ത്രി... കര്‍ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ബാക്കി നില്‍ക്കുന്ന നെല്‍പാടങ്ങളെ സംരക്ഷിക്കാന്‍ ഒരു കൈതാങ്ങ്- നെല്‍കര്‍ഷകര്‍ പ്രതീക്ഷിക്കുകയാണ്. പ്രതീക്ഷിച്ചപോലെ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നു.  തരിശുകിടക്കുന്ന ഭൂമിയില്‍ കൃഷിയൊരുങ്ങുന്നു. നെല്‍കൃഷിക്കായി ആനുകൂല്യങ്ങളുമുണ്ട്. പ്രത്യേകിച്ച് കരനെല്‍കൃഷിക്ക്.



എന്താണ് കരനെല്‍കൃഷി
പാടം ഉഴുതുമറിച്ച് അവിടെ വെള്ളം കെട്ടി നിര്‍ത്തി ഞാറ് നട്ട് നടുന്നതാണ് പാടത്തുള്ള കൃഷി. പൂര്‍ണമായും മഴയെ ആശ്രയിച്ചുള്ള കൃഷി രീതിയാണിത്.  ഇതില്‍ നിന്നും വ്യത്യസ്ഥമായി കര/പറമ്പില്‍ നടത്തുന്ന നെല്‍കൃഷിയാണ് കരനെല്‍കൃഷി. ഇതിന്  വളരെ കുറച്ച് വെള്ളവും വളവും മതി. തെങ്ങ്, കമുക്, റബ്ബര്‍ തൈകള്‍ക്കിടയിലെല്ലാം കൃഷി ചെയ്യാം. ജലസേചന സൗകര്യമുണ്ടെങ്കില്‍ വര്‍ഷം മുഴുവനും. 10 സെന്‍റില്‍ നിന്ന് 120 കിലോയാണ് പ്രതീക്ഷിക്കുന്ന വിളവെടുപ്പ്.

കൃഷി രീതി
ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന ആദ്യ മഴയില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്ന നിലം നന്നായി ഉഴുതുമറിച്ച് ചാണകപ്പൊടിയും കുമ്മായവും വിതറി ഒരുക്കുക. ശേഷം മേയ് പകുതിയോടുകൂടി വിത്ത് വിതക്കാം. മഴവെള്ളം ഒഴിഞ്ഞുപോകാനായി ഉയരത്തിലായിരിക്കണം കൃഷിയിടം. ഒരു സെന്‍റ് സ്ഥലത്ത് നാനൂറ് ഗ്രാം എന്ന തോതില്‍ ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 40 കിലോ വിത്ത് മതി. അമ്പത് ശതമാനത്തോളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാകണം കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്.

വിത്ത് നടീല്‍
മുളപ്പിക്കാത്ത വിത്ത് 15 സെ.മീ x 10 സെ.മീ അകലത്തില്‍ ചെറിയ ചാല് കീറി വിത്ത് വിതക്കാം. മുളച്ച് കഴിയുമ്പോള്‍ ഞാറ് അധികമുള്ളിടത്തുനിന്ന് പറിച്ച് കുറവുള്ള സ്ഥലത്ത് നടണം. വൈശാഖ്, ഉമ, ഐശ്വര്യ, ജ്യോതി, സുവര്‍ണമോടന്‍, സ്വര്‍ണപ്രഭ, വര്‍ഷ, ഹര്‍ഷ തുടങ്ങിയ വിത്തുകളാണ് സാധാരണയായി കരനെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്.  ഏകദേശം 120 ദിവസം പ്രായമാകുന്നതോടെ  കരനെല്‍ കൊയ്യാം. ഇടക്ക് മഴലഭിക്കുകയാണെങ്കില്‍ ജലസേചനത്തിന്‍െറ ആവശ്യമില്ല. വരള്‍ച്ച ഉണ്ടായാല്‍പോലും അതിനെ അതിജീവിക്കുന്ന വിത്തിനങ്ങള്‍ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഭീഷണി, പരിഹാരം
കരനെല്‍കൃഷിക്കുള്ള  പ്രധാന ഭീഷണി കളശല്യങ്ങളാണ്. കൃഷി സ്ഥലം ഒരുക്കിയതിന് ശേഷം കള മുളച്ചു പൊങ്ങാന്‍  ഏഴ് മുതല്‍ 10  ദിവസം വരെ  വെറുതെയിടുക. ശേഷം പൊന്തി വരുന്ന കളകളെ വീണ്ടും ഉഴുത് മണ്ണോട് ചേര്‍ക്കുക. ശേഷമാണ് വിത്ത് വിതറേണ്ടത്. അതിന് ശേഷവും കൃഷിയിടത്തില്‍ കളകള്‍ വളരാതെ നോക്കണം.

കീട പ്രതിരോധം
വേപ്പ് അധിഷ്ടിത കീടനാശിനി കീടനിയന്ത്രണത്തിന് ഉപയോഗിക്കാം. ചാണകം അടിവളമായി ഉപയോഗിക്കുമ്പോള്‍ ചിതല്‍ വരാനുള്ള സാധ്യതയുണ്ട്.  സെന്‍റ് ഒന്നിന് ഒരു കിലോഗ്രാം എന്ന തോതില്‍ വേപ്പിന്‍ പിണ്ണാക്ക് നല്‍കാം. കതിരിടുന്ന സമയത്തുണ്ടാകുന്ന ചാഴ ി ശല്യം തടയാന്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം നല്ലതാണ്. സന്ധ്യാസമയത്ത് വീടിന് സമീപം തീകൂട്ടുന്നതും ചാഴിശല്യത്തെ തുരത്തും. രോഗബാധക്കുള്ള മുന്‍കരുതലായി  രണ്ടുശതമാനം വീര്യമുള്ള സ്യൂഡോമോണസ് (20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) മൂന്നാഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിക്കുക.

സര്‍ക്കാര്‍ കൂടെയുണ്ട്
കരനെല്‍കൃഷി കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അകമഴിഞ്ഞ പിന്തുണയാണുള്ളത്. സംസ്ഥാനത്ത് 26000 ഹെക്ടര്‍ കരനെല്‍കൃഷി വ്യാപിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്‍െറ ലക്ഷ്യം. ഇതിനായി കര്‍ഷകര്‍ക്ക് 4000 രൂപയാണ് സബ്സിഡിയായി നല്‍കുന്നത്. നേരത്തെ ഇത് 2000 രൂപയായിരുന്നു. വിത്തും വളവും സര്‍ക്കാര്‍ നല്‍കുന്നതോടൊപ്പം വിളവെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ ബോണസും നല്‍കും. കുറഞ്ഞത് അമ്പത് സെന്‍റില്‍ കൃഷി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് മൂന്ന് ഹെക്ടറെങ്കിലും കരനെല്‍കൃഷി നടത്തണം എന്നാണ് സര്‍ക്കാര്‍ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഔഷധം, സൗന്ദര്യവർധകം ലോങ്ങൻപഴം

സൗന്ദര്യവും അംഗലാവണ്യവും വശ്യതയും നിലനിർത്താൻ ആഗ്രഹിക്കാത്ത ഏതു സ്ത്രീകളാണുള്ളത്. അതു പ്രകൃതിദത്തമായി, പാർശ്വഫലങ്ങളില്ലാതെ ഒരു പഴമുപയോഗിച്ച് സാധിക്കുമെങ്കിൽ എത്ര ഗംഭീരമായിരിക്കും. ഇത്രയും കാലം ഇത് ആരുടേയും ശ്രദ്ധയിൽപ്പെടാതെ പോയത് അതിശയം തന്നെ. ലോങ്ങൻ പഴത്തിനാണ് ഈ ഗുണമുള്ളത്. ധാരാളം വിദേശയിനം പഴങ്ങൾ ഇറക്കുമതി ചെയ്യപ്പെടുകയും വളർത്തുകയും ചെയ്യുന്ന ഇക്കാലത്ത് സാമ്പത്തിക സാധ്യതയുള്ളതും കൂടുതൽ ആരോഗ്യദായകവുമായ പഴങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ലോങ്ങൻ പഴത്തിന്റെ സിദ്ധികളെക്കുറിച്ച് മനസിലാക്കുന്നത്. ചൈനയുടെ പരമ്പരാഗത ചികിത്സാരീതിയിൽ, രോഗവിമുക്‌തിക്കും, ആരോഗ്യപരിപാലനത്തിനും ഉപയോഗിക്കുന്ന മൂന്നു പഴങ്ങളാണ് ജുജൂബ (എലന്ത), ലോങ്ങൻ, ഗോജിബെറി എന്നിവ. ഇവയിൽ സ്ത്രീസൗന്ദര്യ പരിപാലനത്തിനായി 4000 വർഷങ്ങൾക്കുമുമ്പേ ഉപയോഗിച്ചുകൊണ്ടിരുന്ന പഴമാണ് ലോങ്ങൻ. ഉണക്കിയും, സിറപ്പായും, മധുരപാനീയങ്ങളായും, സൂപ്പായും, ചായയുണ്ടാക്കിയും ഇത് ഉപയോഗിക്കുന്നു. അമിതമായി കഴിച്ചാൽ ദഹനക്കേടുണ്ടാക്കുമെന്നല്ലാതെ യാതൊരു പാർശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ല. നമ്മുടെ നെല്ലിക്ക പോലെ ഒരു അദ്ഭുത പഴം എന്നുതന്നെ പറയാം. മറ്റുപഴങ്ങളുമായി താരതമ്യം ചെയ്താൽ ലോങ്ങന്റെ ആരോഗ്യദായകമികവ് അനുപമ മാണ്.

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു പഴം എന്നതിലുപരി അദ്ഭുതകരമായ സിദ്ധികളാണ് ലോങ്ങൻ പഴത്തിനുള്ളത്. പുതുരക്‌തം ഉത്പാദിപ്പിക്കുവാനും രക്‌തധമനികളെ ഉത്തേജിപ്പിച്ച് രക്‌തസംക്രമണം സുഗമമാക്കാനും ഈ പഴത്തിന് കഴിവുണ്ട്. ഇതിലുള്ള ഇരുമ്പ് (0.13 മില്ലിഗ്രാം) എളുപ്പം ആഗീരണം ചെയ്യപ്പെടുന്നതിനാലും വൈറ്റാമിൻ പി ഉള്ളതിനാലുമാണിത്. അനീമിയരോഗത്തിന് മരുന്നായി ചൈനയിൽ ഇതുപയോഗിക്കുന്നു. ലോങ്ങൻ പഴത്തിൽ, ഇരുമ്പ്, മുന്തിരിയിലുള്ളതിനേക്കാൾ 20 മടങ്ങും ഇലക്കറികളിലുള്ളതിനേക്കാൾ 15 മടങ്ങും കാണപ്പെടുന്നു. രക്‌തദൂഷ്യം ഇല്ലാതാക്കും. ഹൃദയാരോഗ്യം നിലനിർത്തുവാൻ ഉതകുന്ന ഒന്നാന്തരം ടോണിക്കാണ്. യൗവനവും ഊർജ്‌ജസ്വലതയും നിലനിർത്തുന്നു. ഇതിലുള്ള വിറ്റാമിൻ ‘സി’ യും ആന്റി ഓക്സിഡൻകുകളും രോഗപ്രതിരോധശക്‌തി വർധിപ്പിക്കുന്നു. കാൻസറിനെ ചെറുക്കുന്നു. എല്ലിന്റെ സുസ്‌ഥിതിക്കും ഉത്തമമാണ്.

തൊലി, തലമുടി, കണ്ണ് എന്നീ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ അത്യുത്തമമാണ് ലോങ്ങൻ. തൊലിക്ക് മാർദ്ദവവും, തിളക്കവും നൽകി, സ്ത്രീകളുടെ സൗന്ദര്യം, അംഗലാവണ്യം, വശ്യത, ലൈംഗീകത, യുവത്വം എന്നിവ ദീർഘനാൾ നിലനിർത്താനുള്ള ഒന്നാന്തരം ടോണിക്കാണ് ലോങ്ങൻ പഴം. ഇക്കാരണങ്ങളാൽ ചൈനയിലെ ചക്രവർത്തിനിമാർ യുഗങ്ങൾക്കു മുമ്പുതന്നെ സൗന്ദര്യ വർധനവിന് ഈ പഴം നിത്യേന ഉപയോഗിച്ചിരുന്നു. വേറൊരു പഴത്തിനും ഈ ഖ്യാതി ലഭിച്ചതായി കാണുന്നില്ല. പ്രായാധിക്യത്തെ ചെറുക്കുന്ന ചില ഘടകങ്ങൾ ലോങ്ങനിലുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനാലായിരിക്കാം ലോങ്ങൻ പഴം ഒരുത്തമ ഭക്ഷണമായി ചൈനക്കാർ കരുതുന്നത്. കണ്ണിന്റെ അസുഖങ്ങൾ വരാതെ കാത്തുകൊള്ളും അത്ലറ്റുകൾക്ക് പറ്റിയ നല്ല ഭക്ഷണമാണ്. കൂടാതെ പൊണ്ണത്തടി കുറയ്ക്കവാൻ ശ്രമിക്കുന്നവർക്കും കൊള്ളാം. തലമുടി വളരുവാനും പഴം നല്ലതാണ്.


ഓർമശക്‌തി വർധിപ്പിക്കാനുതകുന്ന ഒന്നാന്തരം ടോണിക്കായി ലോങ്ങൻ പഴത്തെ ചൈനക്കാർ കരുതുന്നു. പഴത്തിൽ ധാരാളം ഗ്ലൂക്കോസുള്ളതിനാൽ തലച്ചോറിനെ പരിപോഷിപ്പിക്കുകയും ഓർമക്കുറവ്, വൈകല്യം, ഉറക്കമില്ലായ്മ, ക്ഷീണം, എന്നിവ മാറ്റുകയും ചെയ്യുന്നു. ചിലപ്പോൾ അൽഷിമേഴ്സ് എന്ന രോഗത്തെ പ്രതിരോധിക്കുവാൻ കഴിയുമെന്നും കരുതപ്പെടുന്നു. ആശങ്ങകളെ ദൂരെയറ്റി ശാന്തത പ്രദാനം ചെയ്യാനും നല്ല ഉറക്കം ലഭിക്കുന്നതിനും പഴം ഉപകരിക്കും. പ്രമേഹരോഗികൾക്കും പഴം കഴിക്കാം. രക്‌തത്തിലുള്ള പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിർത്തുമെന്നാണ് കരുതന്നെങ്കിലും സൂക്ഷിച്ചുകഴിക്കുന്നതാണ് നല്ലത്. അകാരണമായി തൂക്കം കുറയുന്നവർക്ക് ഫലപ്രദമായ ഭക്ഷണമാണ്. പെട്ടെന്ന് ഊർജ്‌ജം ആവശ്യമുള്ളവർക്ക് ഏതാനും പഴങ്ങൾ കഴിക്കാം. എപ്പോഴും നല്ല ശാരീരിക ബലം പ്രദാനം ചെയ്യുന്നതിനും ക്ഷീണിതർക്ക് ഉണർവേകുവാനും പഴം ഉപകരിക്കും.
ലോങ്ങൽ പഴത്തിന്റെ ശാസ് ത്രീയനാമം Dimocarpus longan (Euphorfia Longana) എന്നാണ്. നമ്മുടെ നെല്ലിക്ക ഉൾപ്പെടുന്ന യൂഫോർബിയേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്നു. സൗത്ത് ഏഷ്യ മുഴുവനിലും കൃഷിചെയ്യുന്നുണ്ടെങ്കിലും ചൈനയാണ് ഉത്ഭവദേശം എന്നനുമാനിക്കപ്പെടുന്നു. ഈ പഴത്തിന് ഡ്രാഗൺ ഐ എന്നു കൂടി പേരുണ്ട്. നെടുകെ മുറിച്ചപഴം കറുത്ത വിത്തുകളോടെ ദർശിച്ചാൽ ഡ്രാഗൺ പ്രതിമകളിൽ കാണുന്ന കണ്ണുകൾ പോലെ കാണപ്പെടുന്നതിനാൽ ഈ പേരിൽ അറിയപ്പെടുന്നു. ചൈനീസ് ഭാഷയിൽ Long yan Rog എന്നു പറയും. ഇതൊരു മരമാണ്. ഡ്രാഗൺ ഫ്രൂട്ട് എന്നറിയപ്പെടുന്നത് കള്ളിച്ചെടി വർഗത്തിവ്പ്പെട്ട വേറൊരു പഴമാണ്. തായ്ലൻഡ് ലിച്ചി എന്ന പേരിൽ ലോങ്ങൻ കോഴിക്കോട്ടു മാർക്കറ്റിൽ വില്ക്കുന്നതായി കണ്ടിട്ടുണ്ട്.

വിത്തിൽ നിന്നും ഉത്പാദിപ്പിച്ച തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. എങ്കിലും നല്ല ഇനങ്ങൾ ഒട്ടിച്ചെടുക്കുകയോ ലെയറിംഗ് രീതിയിൽ വേരുപിടിപ്പിച്ചെടുക്കുകയോ ചെയ്യാം. കേരളത്തിലെ കാലാവസ്‌ഥ അനുയോജ്യമാണ്. ലേഖകനു ലഭിച്ച വിയറ്റ്നാം തൈകൾ നാലാം വർഷം കായ്ച്ചതായി കണ്ടു. പെരുണ്ണാമുഴിയിലെ ഐഐഎസ്ആർ ഫാമിൽ നിന്നാണ് തൈകൾ ലഭിച്ചത്. പക്ഷെ കായ്കൾ ചെറുതായിരുന്നു. ഫെബ്രുവരി–മാർച്ച് മാസങ്ങളിലാണ് പുഷ്പിച്ചത്. ഏപ്രിൽ–മേയ് മാസങ്ങളിൽ കായയ്കൾ ലഭ്യമാകും. പുഴുത്തകായുടെതൊലിക്ക് ഇളം തവിട്ടുനിറമായിരിക്കും. അമിതമായി പഴുത്താൽ തൊലിവിണ്ടുകീറും. കായ്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത്.

പ്രധാനമായും മൂന്നിനങ്ങൾ ലോങ്ങനിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ‘കൊഹാല’ എന്നയിനത്തിനാണ് വലുപ്പമുള്ള കായ്കളുള്ളത്. ഏറ്റവും നല്ല പഴങ്ങൾ തെക്കൻ ചൈനയിലെ ഫുജി പ്രോവീൻസിൽ നിന്നും ലഭിക്കുന്നു. നല്ല മധുരവും രൂചിയുമുള്ള ഈ പഴം ആരും ഇഷ്ടപ്പെടും. പഴം ഉണക്കി സൂക്ഷിക്കുവാനും കഴിയും.



കേരളത്തിലെ മിക്കവാറും എല്ലാ നഴ്സറികളിലും ലോങ്ങൻ തൈകൾ കിട്ടും. കാഞ്ഞിരപ്പള്ളിയിലുള്ള ഹോംഗ്രോൺ നഴ്സറി മാത്രമാണ് ഒട്ടുതൈകൾ നൽകുന്നതായി കണ്ടിട്ടുള്ളത്. പ്രായമായ മരങ്ങൾ പുഷ്പിക്കുന്നതിനായി തടിയുടെ ചുറ്റും വട്ടത്തിൽ തൊലികളയാറുണ്ട്. കായകൾക്ക് വലിപ്പം കിട്ടുന്നതിന് പയറുമണി വലുപ്പമാകുമ്പോൾ കുലയുടെ മൂന്നിലൊന്നോ പകുതിയോ മുറിച്ചുകളയുന്നു. വിളവെടുപ്പിനു ശേഷം കമ്പുകൾ കോതുന്നതും കൊള്ളാം. കാര്യമായ കീടങ്ങളോ രോഗങ്ങളോ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിൽ പലസ്‌ഥലങ്ങളിലും ലോങ്ങൻ വളരുന്നുണ്ട്.

ലോങ്ങൻ പോലെ പോഷകഗുണവും ആരോഗ്യദായകവുമായ വേറെ ഏതുപഴമാണുള്ളത്. നെല്ലിക്കയിൽ മാത്രമേ സമാനത കണ്ടെത്തുവാൻ കഴിയൂ. നമ്മുടെ ആയൂർവേദം പോലെ തലമുറകളിലൂടെ അനുഭവസമ്പത്തുള്ള ചൈനീസ് ചികിത്സാരീതിയെ നാം അവിശ്വസിക്കേണ്ട കാര്യമില്ല. കൂടാതെ ധാരാളം പഠനങ്ങൾ നടക്കുന്നുമുണ്ട്. അവയെല്ലാം ഈ അറിവിനെ ബലപ്പെടുത്തുന്നവയാണ്. സ്ത്രീകൾക്കുമാത്രമല്ല പുരുഷന്മാർക്കും പഴം ഉത്തമമാണ്. മേലുധരിച്ച ഉപയോഗസാധ്യതകൾ കണക്കിലെടുത്ത് ലോങ്ങ ന്റെ കൃഷി വ്യാപിപ്പിക്കുകയും സാമ്പത്തിക ഉന്നതി കൈവരിക്കുകയും ചെയ്യണം. ഫോൺ– മാത്യു–04862–288202.

പി. എ. മാത്യു
പ്രിൻസിപ്പൽ സയന്റിസ്റ്റ്(റിട്ട.)
ഐസിഎആർ

ഉദ്യാനത്തിലെ തൂവെള്ള മെഴുകുതിരികൾ

സ്തൂപിക പോലെ നെടുനീളൻ തൂവെള്ളപ്പൂക്കൾ; കടും പച്ചിലകളുടെ പശ്ചാത്തലത്തിൽ നിറയെ തൂവെള്ളപ്പൂക്കൾ മെഴുകുതിരിപോലെ നിറഞ്ഞുനിൽക്കുന്നത് വേറിട്ട കാഴ്ചയാണ്. പേര് അന്വർഥമായതുപോലെ ഈ ഉദ്യാനസസ്യത്തിന് വൈറ്റ് കാൻഡിൽ അഥവാ വെളുത്ത മെഴുകുതിരി എന്നു തന്നെയാണ് ഓമനപ്പേര്. വെളുത്ത പൂക്കൾക്കോരോന്നിനും രണ്ടു മൂന്നിഞ്ചു നീളം. വീണ്ടും വീണ്ടും പൂ ചൂടുന്ന സ്വഭാവം. വിറ്റ്ഫീൽഡ്യൂ ഇലോജേറ്റ എന്നു സസ്യനാമം. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആഫ്രിക്കൻ സ്വദേശി ടി. വിറ്റ്ഫീൽഡ് എന്ന സസ്യസ്നേഹിയുടെ സ്മരണാർഥമാണ് ഈ ഉദ്യാനസുന്ദരിക്ക് വിറ്റ് ഫീൽഡ്യൂ എന്നു പേരു നൽകിയത്. നിത്യഹരിതസ്വഭാവമുള്ള കുറ്റിച്ചെടിയാണിത്. നിവർന്നു വളരുന്നതാണ് ശീലമെങ്കിലും ശിഖരങ്ങളും മറ്റും ക്രമമല്ലാത്ത വിധം പടർന്നു വളരാനും മതി. നൈജീരിയയിലെ ഉഷ്ണമേഖലാ മഴക്കാടുകളാണ് വൈറ്റ് കാൻഡിലിന്റെ ജന്മദേശം.

വിറ്റ് ഫീൽഡിയ എന്ന ജനുസ് ഉൾപ്പെടുന്ന അക്കാന്തേസി സസ്യകുലത്തിൽ ഏതാണ്ട് പത്തിനം ചെടികളുണ്ട്. ആഫ്രിക്കൻ ഉഷ്ണമേഖലാപ്രദേശങ്ങളിലാണിവ അധികവും വളരുന്നത്.

ഇലകൾക്ക് കടുംപച്ചനിറവും തിളക്കവുമുണ്ട്. ശിഖരാഗ്രങ്ങളിലാണ് തുവെള്ളപ്പൂക്കൾ കൂട്ടമായി വിടരുക. ഓരോ പൂമൊട്ടും അഗ്രം കൂർത്ത ടോർപിഡോ പോലിരിക്കും. വളഞ്ഞു വെളുത്ത ഇതളുകളുമായി ഇതു വിടരും. എത്ര അഗാധമായ തണലത്തും സാമാന്യം നന്നായി പുഷ്പിക്കുന്ന അപൂർവം ചെടികളിലൊന്നാണ് വൈറ്റ് കാൻഡിൽ.



വളക്കൂറും നീർവാർച്ചയും തെല്ല് പുളിരസവുമുള്ള മണ്ണിൽ ഈ ചെടി നന്നായി വളരുന്നതു കണ്ടിട്ടുണ്ട്. തണലിൽ പോലും ടൺകണക്കിന് പൂവ് എന്ന അർഥത്തിൽ tons of white flowers in a shady spot എന്നാണ് പാശ്ചാത്യരായ ഉദ്യാനപാലകർ വൈറ്റ് കാൻഡിൽ ചെടിയെ വിശേഷിപ്പിക്കുന്നത്. വർഷം മുഴുവൻ ചെടി പുഷ്പിണിയായിരിക്കുമെങ്കിലും ചെടി നിറയെ പരമാവധി പൂചൂടുന്നത് നവംബർ മുതൽ മേയ് വരെയുള്ള സമയത്താണ്. വളരുന്നതനുസരിച്ച് തലപ്പ് നുള്ളിവിട്ടാൽ ചെടി കൂടുതൽ പടർന്നു വളരുകയും നിറയെ പൂ ചൂടുകയും ചെയ്യും. ചെടി പരമാവധി നാലു മുതൽ ആറടി വരെ ഉയരത്തിലാണു വളരുക. 
അധികം പൂ പിടിക്കാത്ത തണ്ടു മുറിച്ചു നട്ട് പുതിയ ചെടി വളർത്താം. പൂക്കൾ ഒരാഴ്ച വരെ ചെടിയിൽ വാടാതെ നിൽക്കും. തടത്തിനു പുറമെ ചട്ടിയിൽ വളർത്താനും ഉത്തമമാണ് വൈറ്റ് കാൻഡിൽ ചെടി. ചട്ടിയാകുമ്പോൾ 2–3 ഇഞ്ച് ഉയരത്തിൽ വളർത്തി ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. ശരിയായ രീതിയിൽ കൊമ്പുകോതിയാൽ ഇത്തരത്തിൽ ഉയരം ക്രമീകരിക്കാൻ കഴിയും. അതിരാവിലെയുള്ള സൂര്യപ്രകാശം ചെടിക്ക് ഇഷ്ടമാണ്. എന്നാൽ ഉച്ചസമയത്തും ഉച്ചതിരിഞ്ഞും ലഭിക്കുന്ന തണലാണ് ഇതിന്റെ ഇലകളുടെ കടും പച്ച നിറത്തിനു നിദാനം എന്നു കണ്ടിരിക്കുന്നു.
ഒരു പരിധിവരെ വരൾച്ചയെ ചെറുക്കാനുള്ള കഴിവും വൈറ്റ് കാൻഡിൽ ചെടിക്കുണ്ട്. വേരുപിടിച്ചുകഴിഞ്ഞാൽ ഇടയ്ക്കും മുറയ്ക്കും അല്പം വളർച്ച ത്വരിതപ്പെടുത്താൻ ഏതെങ്കിലും രാസവള മിശ്രിതം വെള്ളത്തിൽ കലർത്തി നേർപ്പിച്ച് തെളിയൂറ്റി ചെടിത്തടത്തിൽ ഒഴിച്ചുകൊടുത്താൽ മതി. മറ്റ് ഉദ്യാനസസ്യങ്ങളുമായി ഇടകലർത്തി മിക്സ്ഡ് പ്ലാന്റിംഗിനും, പശ്ചാത്തലച്ചെടിയായും തണൽ വീണ ഉദ്യാനങ്ങളിലും വളർത്താൻ ഉത്തമമാണ് വൈറ്റ് കാൻഡിൽ.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടർ, കൃഷിവകുപ്പ്, തിരുവനന്തപുരം

ദീപിക

കടപ്പാട് :www.infomagic.com , ദീപിക, മലയാളിവാര്‍ത്ത‍, മാധ്യമം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate