অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി ആദായകരം

കൃഷി ആദായകരം

  1. മാവ് പതിവായി കായ്ക്കാൻ
  2. മാമ്പഴം പുഴുവില്ലാതെ
  3. സജീവമായി വയനാട്ടിലെ നേന്ത്രവാഴക്കുല വിപണി
  4. പൊതു ബ്രാൻഡിൽ, ഒരേ രുചിയിൽ നീര വരും
  5. നടീൽ തിരക്കിൽ കൃഷിമേഖല
  6. കാരയ്ക്ക മരങ്ങൾ വരിവരിവരിയായ്...
  7. ഇത് എന്റെ "നാഗ നക്ഷത്ര"
  8. ബ്ലാക്ക്ബെറി മറയൂർ മലനിരകളിലും
  9. പേരേലം: ഇമ്മിണി ബല്യ ഏലം
  10. മലമുകളിലെ ഏലക്കാറ്റ് കടൽത്തീരത്ത് !
  11. ജൈവത്തുടിപ്പറിഞ്ഞ് തിരുവാർപ്പിലെ മണ്ണ്; വിളഞ്ഞത് നൂറു മേനി
  12. അപൂർവ നെൽവിത്തുകളുടെ കാവലാൾ
  13. ഊരും പേരും ഉത്തരവാദിത്തവുമായി ക്യൂആർ കോഡുള്ള കോഴി
  14. കാളയെങ്കിൽ കാങ്കേയം
  15. ജെല്ലിക്കെട്ട് കാളകളുടെ കാവലൻ
  16. അയൽവാസിയുടെ ആഞ്ഞിലിമരം
  17. കർഷകർക്ക് പ്രതീക്ഷയേകാൻ ചുവപ്പൻ ഇഞ്ചി
  18. കൊക്കോകൃഷി ആദായകരം

മാവ് പതിവായി കായ്ക്കാൻ

കേരളത്തിൽ മാവുകൃഷി നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു പ്രശ്നങ്ങളാണ് സ്ഥിരമായി കായ്ക്കാത്തതും കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതും. അരനൂറ്റാണ്ടിലേറെയായി ഇവ രണ്ടിനുമുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഈ സ്വഭാവമില്ലാത്ത ഇനങ്ങൾ തിരഞ്ഞെടുത്ത് അവയുടെ കൃഷി പ്രോത്സാഹിപ്പിക്കുക, പ്രത്യേക വിളപരിപാലനമുറകൾ അവലംബിക്കുക എന്നതു മാത്രമാണ് ഇതുവരെ കണ്ടെത്ത‍ാനായിട്ടുള്ള പരിഹാര മാർഗങ്ങൾ. സാധാരണയായി മാവു നട്ടു നാലഞ്ചുവർഷമാകുന്നതോടെ പൂവിടാൻ തുടങ്ങുന്നു. അതിനു മുൻപും പൂവിടുമെങ്കിലും അതു ചെടിയുടെ വളർച്ച കുറയ്ക്കുമെന്നതിനാൽ പൂങ്കുലകൾ അടർത്തിക്കളയുന്നതിനാണ് ശുപാർശ. കാലാവസ്ഥാ വ്യതിയാനങ്ങളും പൂവിടുന്നതിനെ സ്വാധീനിക്കുന്നു. കനത്ത മഴയും മേഘം മൂടിക്കെട്ടിയ അന്തരീക്ഷവും പൂവിടുന്നതിനെ തടസ്സപ്പെടുത്തുന്നു. പൂക്കുന്നതിനു സഹായമാകുന്നതാണ് വരണ്ട കാലാവസ്ഥ. പാലക്കാട് ജില്ലയ‌ിൽ മുതലമട പോലെയുള്ള സ്ഥലങ്ങളിൽ മാവുകൃഷി വിജയകരമായി കണ്ടുവരുന്നതിനുള്ള കാരണം ഈ കാലാവസ്ഥാ പ്രത്യേകതയാണ്.

മാമ്പഴം പുഴുവില്ലാതെ

മാവിൽ പുതിയ ശാഖകൾ ഉണ്ടാകുന്നതിനു കാലാവസ്ഥ ഒരു പ്രധാന ‌ഘടകമാണ്. അനുകൂല സാഹചര്യങ്ങളാകട്ടെ മുൻകൂട്ടി പ്രവചിക്കാനുമാകില്ല. ആയതിനാൽ ക്രമംതെറ്റി അനവസരത്തിലുണ്ടാകുന്ന പൂക്കളിൽ പരാഗണം നടക്കാതെ വന്നാൽ അവ കൊഴിയുന്നതിന് ഇടയാകുന്നു. ഇതു കൂടാതെ ആന്തരികഘടകങ്ങളാലും ഒന്നിരാടം വർഷങ്ങളിൽ മാത്രം കായ്ക്കുന്നതായ ചില മരങ്ങളെയും കാണാം. ആന്തരികഘടകങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സസ്യപോഷണത്തിന്റെ അളവ്, പൂക്കളുടെ ലിംഗാനുപാതം, ഹോർമോൺ അസന്തുലിതാവസ്ഥ, പരമ്പര്യഘടകങ്ങൾ തുടങ്ങിയവയാണ്. അന്തരീക്ഷതാപനില, ഈർപ്പം, കാറ്റ്, കീടരോഗബാധ തുടങ്ങിയ ബാഹ്യഘടകങ്ങളും കായ്പിടുത്തത്തെ സ്വാധീനിക്കുന്നവയാണ്.

ശരിയായ വളപ്രയോഗം, ജലസേചനം, കീടരോഗനിയന്ത്രണം, കാര്യക്ഷമവും സമയബന്ധിതവുമായ കൃഷിപരിപാലനമുറകൾ എന്നിവ കൃത്യമായി നടത്താനായാൽ പ്രശ്നങ്ങൾ ഒരളവുവരെ പരിഹരിക്കാം.

സജീവമായി വയനാട്ടിലെ നേന്ത്രവാഴക്കുല വിപണി

വയനാട് ജില്ലയിലെ കർഷകരുടെ പ്രധാന വരുമാന സ്രോതസ്സായി മാറിയ നേന്ത്രവാഴക്കുലയുടെ സീസണിന് തുടക്കമായി. ഇനി ഓണം വരെ ഈ മേഖലയിലെ തിരക്ക് പതിവുകാഴ്ചയാകും. മറ്റു വിളവുകളൊക്കെ നഷ്ടത്തിലായതോടെയാണ് കർഷകർ വാഴക്കൃഷിയിലേക്ക് ഇറങ്ങിയത്. വയലുകൾ നശിക്കുവാനും വരൾച്ചക്കും കാരണമാണെങ്കിലും മറ്റു കൃഷികളിൽ നിന്നുള്ള വരുമാനങ്ങൾ കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവും കാരണം ജില്ലയിലെ പ്രധാന കൃഷിയായിരുന്ന നെല്ലിൽ നഷ്ടം ഏറിയതും വാഴ ക്കൃഷിയിലേക്ക് കൂടുതൽ കർഷകരെ എത്തിച്ചു. അതോടെ പ്രധാന വിളവെടുപ്പ് സീസണായ മേയ്  മുതൽ ഓണം വരെ ദിവസവും ടൺ കണക്കിന് നേന്ത്രക്കുലകളാണ് ജില്ലയിൽ നിന്ന് കയറ്റി അയക്കുന്നത്.

കഴിഞ്ഞ തവണ കിലോയ്ക്ക് അറുപത് രൂപയെന്ന റെക്കോർഡ് വില വന്നത് ഇത്തവണ കൃഷി അധികമാകുവാനും കാരണമായി. ഇത്തവണ കിലോയ്ക്ക് ഇരുപത്തിയഞ്ചിൽ തുടങ്ങിയ വില 33 വരെയെത്തിയെങ്കിലും സ്ഥിരതയില്ലാതെ ഏറ്റക്കുറച്ചലിൽ തുടരുകയാണ്.ഇവിടെ നിന്ന് മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്ത് കോയമ്പത്തൂർ ,മുംബൈ എന്നിവിടങ്ങളിലേക്കുമാണ് പ്രധാനമായും കയറ്റി അയക്കുന്നത്.

അതിൽ സംസ്ഥാനത്തിനകത്ത് പഴത്തിനും പച്ചക്കറി ആവശ്യത്തിനും മറ്റിടങ്ങളിലേക്ക് ചിപ്സിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സീസണിൽ ആയിരക്കണക്കിനാളുകളാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്.  വേനൽമഴയോടൊപ്പമെത്തിയ കാറ്റിൽ ജില്ലയിലും മറ്റൊരു പ്രധാന കൃഷി കേന്ദ്രമായ തൃശ്ശിനാപ്പള്ളിയിലും കൃഷി നശിച്ചതിനാൽ ഓണക്കാലത്തോടെ നേന്ത്രവാഴക്കുല ലഭ്യത കുറയുമെന്നും വില ഉയരാൻ സാധ്യതയുമുണ്ടെന്നും കച്ചവടക്കാർ പറയുന്നു.

പൊതു ബ്രാൻഡിൽ, ഒരേ രുചിയിൽ നീര വരും

കേരളത്തിന്റെ സ്വന്തം നീരയ്ക്ക് ഇനി മുതൽ ഒരു സ്വാദു മാത്രം. നീര ഉൽപാദനവും വിപണനവും ഒരു കുടക്കീഴിലാക്കാൻ കൃഷി വകുപ്പു കർമപദ്ധതി തയാറാക്കുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒറ്റ പൊതു ബ്രാൻഡിൽ, ഒരു സ്വാദിൽ നീര വിതരണം ചെയ്യാനാണു കൃഷി വകുപ്പിന്റെ ആലോചന. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നീര ഉൽപാദന കമ്പനികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

നീര ഉൽപാദനം, പായ്ക്കിങ്, വിതരണം എന്നീ മേഖലകളിൽ ഉൽപാദകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഒരേ സ്വാദുള്ള ഒരു ബ്രാൻഡ് എന്ന ആശയം നടപ്പാക്കുന്നത്. പൊതു ബ്രാൻഡിൽ നീര പുറത്തിറക്കുന്നതിനോടു യോഗത്തിൽ പങ്കെടുത്ത എല്ലാ കമ്പനികളും യോജിച്ചു.

ഉൽപാദന പ്രക്രിയയിലെ സാങ്കേതികവിദ്യയുടെ മാറ്റം മൂലമാണു വിവിധ കമ്പനികൾ പുറത്തിറക്കുന്ന നീരയ്ക്കു പല സ്വാദും വ്യത്യസ്ത ഗുണനിലവാരവുമായത്. ഈ സാഹചര്യത്തിൽ എല്ലാ കമ്പനികൾക്കും സ്വീകാര്യമായ പൊതു ഉൽപാദന രീതി കൃഷി വകുപ്പു നിർദേശിക്കും. കോടികളുടെ മുതൽമുടക്കുള്ള ടെട്രാ പായ്ക്ക് പ്ലാന്റ് ഇല്ലാത്തതാണു നീര ഉൽപാദന മേഖലയിലെ പ്രധാന ന്യൂനത.

സുരക്ഷിതമായ ടെട്രാ പായ്ക്കിൽ നീര ലഭിച്ചാൽ വാങ്ങാൻ വിദേശത്തുനിന്നു വരെ ആവശ്യക്കാരുണ്ട്. നിലവിൽ കൃഷി വകുപ്പിന്റെ മൂവാറ്റുപുഴ നടുക്കരയിലെ പൈനാപ്പിൾ ടെട്രാ പായ്ക്ക് യൂണിറ്റ് നീരയ്ക്കുകൂടി ഉപയോഗിക്കാമെന്നാണു കൃഷി വകുപ്പിന്റെ നിർദേശം. പാക്കിങ് ശേഷിയുടെ 30 ശതമാനമേ ഇപ്പോൾ നടുക്കര പ്ലാന്റിൽ‌ ഉപയോഗിക്കുന്നുള്ളു.

എന്നാൽ, നീര ടെട്രാ പായ്ക്ക് ചെയ്യാൻ ചില സാങ്കേതിക തടസ്സങ്ങൾ പ്ലാന്റിനുണ്ട്. ഇവ പരിഹരിക്കാനും ആവശ്യമായ ഭേദഗതി വരുത്താനും പ്ലാന്റ് ഡയറക്ടർ ബോർ‍ഡിനു നിർദേശം നൽകിയതായി മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. എന്നാൽ, വിപണി നിരക്കിന്റെ രണ്ടിരട്ടിയോളം പായ്ക്കിങ് ഫീസാണു സർക്കാർ പ്ലാന്റ് ആവശ്യപ്പെടുന്നതെന്നതു മറ്റൊരു പ്രതിസന്ധിയാണ്.

നാലു വർഷം മുൻപു കേര കർഷകർക്കു വലിയ പ്രതീക്ഷ നൽകിയ നീര ഉൽപാദനം പിന്നീട് കൂപ്പുകുത്തിയിരുന്നു. 29 കമ്പനികൾ 30,000 ലീറ്റർ വരെ നീര പ്രതിദിനം ഉൽപാദിപ്പിച്ചിരുന്നെങ്കിലും നിലവിൽ 5,000 ലീറ്ററിൽ താഴെയാണ് ഉൽപാദനം. ഈ സാഹചര്യത്തിലാണു സർക്കാർ ഇടപെട്ടത്.

ചുണ്ണാമ്പ്, നാളികേര വികസന ബോർഡ് നൽകുന്ന എഎഫ്എസ് മിശ്രിതം (ആന്റി ഫെർമന്റിങ് സൊലൂഷൻ), കോൾഡ് ചെയിൻ സംരക്ഷണം എന്നിവയിലൂടെയാണു വിവിധ കമ്പനികൾ നീര പുളിച്ചു കള്ളാകുന്നതു തടയുന്നത്.

രാസവസ്തു ഉപയോഗിച്ചു നീര പുളിക്കുന്നതു തടയുകയാണു ചുണ്ണാമ്പിലും എഎഫ്എസിലും ചെയ്യുന്നത്. നീര ചെത്തുമ്പോൾ തന്നെ ഐസ് പെട്ടി സ്ഥാപിച്ചു തണുപ്പിച്ചു പുളിക്കുന്നതു തടയുന്ന കോൾഡ് ചെയിൻ സംരക്ഷണ രീതിയുമുണ്ട്. ഇങ്ങനെ ഓരോ രീതിയിലും നീരയ്ക്ക് ഓരോ രുചിയാണുണ്ടാവുക.

വേണമെങ്കിൽ തേങ്ങ താഴെയും...

 

മൂന്ന് വർഷം കൊണ്ട് കുല വരുന്ന ഉൽപാദന ക്ഷമത കൂടിയ കുറിയ ഇനം തെങ്ങിൻ തൈകൾ കോഴിക്കോട് കുന്നമംഗലം കോക്കനട്ട് ഫെഡറേഷന്റെ നേതൃത്വത്തിൽ വളർത്തി വിൽപ്പനയ്ക്ക് ഒരുങ്ങി. തിരുപ്പൂരിൽ നിന്ന് പ്രത്യേകം നിരീക്ഷണം നടത്തിയ തെങ്ങിൻ തൈകളിൽ നിന്ന് ശേഖരിച്ച തേങ്ങയാണ് വിത്തിന് ഉപയോഗിച്ചത്. കൂടുതൽ വിളവ് ലഭിക്കുന്ന തെങ്ങിൻ തൈകൾ കർഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെഡറേഷന്റെ നേതൃത്വത്തിൽ നേരിട്ടെത്തിശേഖരിച്ച്കൃഷിവകുപ്പിന്റെമാർഗനിർദേശങ്ങളനുസരിച്ച് പരിചരിച്ചാണ് തൈകൾ വളർത്തിയത്.

പിലാശേരിയിലെ പ്രത്യേകം തയാറാക്കിയ ഓരേക്കറോളം സ്ഥലത്ത് ഇത്തവണ പതിനായിരത്തോളം കുറിയ ഇനം തെങ്ങിൻ തൈകളും കുറ്റ്യാടി തെങ്ങുകളുടെ അയ്യായിരം തൈകളുമാണ് വളർത്തിയത്. കുറിയ ഇനം തെങ്ങുകളിൽ കർഷകന് തേങ്ങയിടുന്നതിന് മറ്റുള്ളവരുടെ സഹായം കൂടാതെ കഴിയുമെന്നത് ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗുണമേൻമയേറിയ ഇനം കുറിയ ഇനം തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് പ്രചോദനമായത്. മുൻ വർഷങ്ങളിൽ വിതരണം ചെയ്ത മുന്ന് വർഷം പ്രായമായ തെങ്ങിൻ തൈകളിൽ കുല വന്നത് കർഷകരുടെ പ്രതീക്ഷ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്

നടീൽ തിരക്കിൽ കൃഷിമേഖല

തുടർച്ചയായ മഴയിൽ മണ്ണു തണുത്തതോടെ കർഷകർ നടീൽ തിരക്കിൽ. തന്നാണ്ട് കിഴങ്ങു കൃഷികൾക്ക് ശേഷം ഇപ്പോൾ നാണ്യവിളകളുടെ നടീലും സജീവമായി. കുരുമുളക്, കാപ്പി എന്നിവയും കാര്യമായി കൃഷി ചെയ്യാൻ കർഷകർ സന്നദ്ധരായിട്ടുണ്ട്. കർണാടകയിലെ സിദ്ധാപുരത്ത് നിന്ന് ലോഡ് കണക്കിന് നടീൽ വസ്തുക്കളാണ് ദിവസേന വയനാട്ടിലെത്തുന്നത്. ലക്ഷക്കണക്കിന് കുരുമുളക്, കാപ്പി, കമുക് തൈകളാണ് ഇവിടെ കൃഷിക്കാരെ കാത്തിരിക്കുന്നത്. വിവിധ കർഷക സ്വാശ്രയ സംഘങ്ങളും പ്രാദേശികമായി കുരുമുളക് വള്ളികൾ വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട്. പ്രാദേശികമായി നട്ട് വളർത്തുന്ന തൈകൾക്ക് ഇപ്പോൾ നല്ല ആവശ്യക്കാരുണ്ടെന്ന് നഴ്സറിക്കാർ പറയുന്നു. ഇവിടത്തെ മികച്ചയിനം ചെടികളിൽ നിന്ന് വളളി മുറിച്ച് മുളപ്പിക്കുന്ന തൈകൾ ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും രോഗ പ്രതിരോധ ശേഷി കൂടുതലാണെന്നും കൃഷിക്കാരും പറയുന്നു.

കരിമുണ്ട, കരിമുണ്ടി, കുരിയിലമുണ്ടി, അറക്കളമുണ്ടി,പഞ്ചമി എന്നീ ഇനങ്ങൾക്കാണ് ആവശ്യക്കാരേറെയും. നാടൻ ഇനത്തിൽ പെട്ടതും ഇവിടെ ഉത്പാദിപ്പിക്കുന്നതുമായ വള്ളി പായ്ക്കറ്റിന് 33–35 രൂപയാണ് വില. കർണാടക തൈകൾക്ക് 20–22 രൂപയും. വരൾച്ചയും ജലക്ഷാമവും മൂലം ഇക്കൊല്ലം തൈ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. നടീലിനുള്ള വള്ളിക്കും ക്ഷാമമുണ്ട്. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, പനമരം, മാനന്തവാടി പഞ്ചായത്തുകളിൽ ലക്ഷക്കണക്കിന് കുരുമുളകു വള്ളികൾ നടുന്നുണ്ട്. നല്ല വിലകിട്ടിയാൽ കുരുമുളകാണ് വരുമാനം കൂടുതലുള്ള കൃഷി. കുരുമുളകിന്റെ സർവനാശത്തെ തുടർന്ന് കൃഷിക്കാർ വീണ്ടും കൃഷിയിലേക്ക് സജീവമായി തിരിഞ്ഞിട്ടുണ്ട്.

കുരുമുളകിന് പുറമെ കാപ്പി, സിൽവർ ഓക്ക്, മഹാഗണി, അടയ്ക്കാ എന്നിവയുടെ തൈകളും നന്നായി വിറ്റഴിയുന്നുണ്ട്. ഉയരം കുറഞ്ഞ തെങ്ങ്, കമുക് ഇനങ്ങൾക്കാണ് ഇപ്പോൾ പ്രിയം. സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന വിലയും മൂലം പലർക്കും ആവശ്യാനുസരണം നടീൽ വസ്തുക്കൾ വാങ്ങി നടാനാവാത്ത അവസ്ഥയുണ്ട്. ജില്ലയിൽ സർക്കാർ ഉടമസ്ഥതയിൽ വിത്ത് ഉത്പാദന കേന്ദ്രം ആരംഭിച്ച് കർഷകർക്ക് നടീൽ വസ്തുക്കൾ എത്തിച്ചുകൊടുക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്ത് ഇവിടെ തന്നെ ഉത്പാദിപ്പിച്ച് കർഷകർക്ക് സൗജന്യമായോ, കുറഞ്ഞ വിലയ്ക്കോ നൽകുന്നത് ചെറുകിട കർഷകരെ കൃഷിയിലേക്ക് ആകർഷിക്കാനാവും. സാമ്പത്തിക പരാധീനത മൂലമാണ് പലരും കൃഷിയിലേക്ക് തിരിയാത്തത്. മുൻകാലങ്ങളിൽ കൃഷിഭവനുകളിലൂടെ തെങ്ങ്, കുരുമുളക് തൈകൾ സൗജന്യമായി നൽകിയിരുന്നു.

കാരയ്ക്ക മരങ്ങൾ വരിവരിവരിയായ്...

ഈത്തപ്പഴത്തിന്റെ (കാരയ്ക്ക) നാടായി മാറിയിരിക്കയാണ് എരഞ്ഞിമാവ് ഗ്രാമം ! കുലച്ചു നിൽക്കുന്ന ഈത്തപ്പഴങ്ങൾ കാണികൾക്ക് ആശ്ചര്യവും കൗതുകക്കാഴ്ചയുമായി മാറുകയാണ്. അറേബ്യൻ നാടുകളിലും മറ്റും സുലഭമായി കായ്ക്കുന്ന ഈത്തപ്പഴങ്ങൾ മലയോര ഗ്രാമങ്ങളുടെ മണ്ണിൽ നട്ടു പിടിപ്പിച്ച് വിളവെടുപ്പിന് പാകപ്പെടുത്തിയിരിക്കുന്നത് കോഴിക്കോട് 
കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവിലെ എപെക്സ് പബ്ലിക് സ്കൂൾ കോംപൗണ്ടിലാണ്.

സ്കൂൾ കോംപൗണ്ടിൽ ആറ് വർഷം മുൻപ് 30 ഈത്തപ്പഴങ്ങളുടെ തൈകളായിരുന്നു നട്ടു പിടിപ്പിച്ചിരുന്നത്. അതിൽ രണ്ടെണ്ണം പൂർണമായും കായ്ചിരിക്കയാണ്. മറ്റുള്ളവയിൽ ചിലതും കുലയ്ക്കാറായി നിൽക്കുകയാണ്.അറേബ്യൻ മണലാരണ്യത്തിൽ എത്തിയ പ്രതീതിയിലാണ് എപെക്സ് ക്യാംപസിൽ ഈത്തപ്പഴ മരങ്ങൾ നിരനിരയായി വളർന്നു പന്തലിച്ച് നിൽക്കുന്നത്.

പുതിയ അധ്യയന വർഷത്തെ വരവേറ്റുള്ള പ്രവേശനോൽസവത്തിനെത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗതുകക്കാഴ്ചയായിരിക്കും കായ്ചു നിൽക്കുന്ന ഈത്തപ്പഴ മരങ്ങളെന്ന് എപെക്സ് സ്കൂൾ പ്രിൻസിപ്പൽ എ.കെ. അബ്ദുല്ല പറഞ്ഞു. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്ക് ഇത്തവണ റമസാനിൽ നോമ്പ് തുറക്കുന്നതിന് ക്യാംപസിലെ കാരയ്ക്ക പ്രയോജനപ്രദമായിരിക്കുമെന്നും പ്രിൻസിപ്പൽ പറയുന്നു.

തമിഴ്നാട്ടിൽ നിന്നായിരുന്നു ആറ് വർഷം മുൻപ് 30 കാരയ്ക്കത്തൈകൾ കൊണ്ടുവന്ന് നട്ടതെന്ന് എ.കെ. അബ്ദുല്ല ഓർക്കുന്നു. ഇന്ന് മലയോര മേഖലയിലുള്ളവർക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എപെക്സിലെത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അപൂർവ കാഴ്ചയുമാണ് ഈത്തപ്പഴങ്ങൾ കുലച്ചു നിൽക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് എൻട്രൻസ് പരീക്ഷയെഴുതാനെത്തുന്നവർക്കും കൗതുകക്കാഴ്ചയാണ് ക്യാംപസിലെ ഈത്തപ്പഴ മരങ്ങൾ.ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിൽ കുഴിയെടുത്ത് മണലും മണ്ണും തുല്യ അളവിൽ നിറച്ചാണ് ഈത്തപ്പഴ മരങ്ങൾ നടുന്നത് ചാണകമാണ് മുഖ്യ വളം.

അറേബ്യൻ നാടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സുലഭമായി ലഭിക്കുന്ന ഈത്തപ്പഴം മലയോര മേഖലയിലും വേരുറക്കുമെന്ന് തെളിയിച്ചിരിക്കയാണ് എപെക്സ് ക്യാംപസ്. മലയോര ഗ്രാമങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഈത്തപ്പഴം കായ്ച വിവരമറിഞ്ഞ് ദിനം പ്രതി ക്യാംപസിലെത്തുന്നത്. സ്കൂളുകൾ തുറക്കുന്നതോടെ കാഴ്ചക്കാരുടെ എണ്ണം വർധിക്കുമെന്ന കാര്യത്തിൽ സംശംയം വേണ്ട !

ഇത് എന്റെ "നാഗ നക്ഷത്ര"

പണ്ടൊക്കെ കൃഷിയിടത്തിലെ താരമായിരുന്നു പടവലം. നീണ്ടുനീണ്ട് നിലംകുഴിച്ചു പോകുന്ന തരം പടവലയിനങ്ങള്‍ പച്ചക്കറി കൃഷിക്കാരുടെ അഭിമാനമായിരുന്നു. അവയില്‍ ചിലതെല്ലാം ചിലയിടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെങ്കിലും പല നാടന്‍വിത്തുകളും നമുക്ക് കൈമോശം വന്നിരിക്കുന്നു. അന്യംനിന്നുകൊണ്ടിരിക്കുന്ന പല വിത്തുകളും നന്നായി സംരക്ഷിക്കുന്ന കര്‍ഷകരാകട്ടെ അതിന്റെ പ്രചാരത്തിന് വേണ്ടത്ര പ്രവര്‍ത്തിച്ചുവരുന്നതായി കാണുന്നുമില്ല.

എന്തായാലും ഹൃദ്യമായ മണമുള്ള, ഔഷധഗുണമുള്ള, നമ്മള്‍ നിത്യം ഭക്ഷണത്തില്‍ പണ്ടുമുതലേ ഉള്‍പ്പെടുത്തിവരുന്ന ഈ പച്ചക്കറിയുടെ അപൂര്‍വ നാടന്‍ ഇനങ്ങള്‍ അന്യംനിന്നുപോകാന്‍ അനുവദിച്ചുകൂടാ. പത്തനംതിട്ട ജില്ലയിലെ ഒരു കർഷകൻ സമ്മാനിച്ച 6 അടി നീളമുള്ള ഒരു അപൂർവ ഇനം പടവലത്തിന്റെ വിത്തിനെ പോളിഹൗസിൽ മുളപ്പിച്ചു മറ്റൊരു ഹൈ ബ്രീഡ് ഇനം പടവലവുമായി പോളിനേഷൻ നടത്തി.

അതിൽ ഉണ്ടായതാണ് ഈ അപൂർവ ഇനം. അതിനു നൽകിയ പേരാണ് "നാഗ നക്ഷത്ര". ഇതിനു വിത്തുകൾ കുറവാണെങ്കിലും തോരനായും, മെഴുക്കുപുരട്ടിയായും ഉപയോഗിക്കാൻ വളരെ നല്ലതാണ്.

14 അടി നീളം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ 9 അടി വരെ ഉണ്ട്. മുഴുപ്പെത്തിയ ഒരു പടവലം കുറഞ്ഞത് ഒരു കിലോയോളം മാത്രമേ തൂക്കം ഉണ്ടാകുകയുള്ളൂ. 14 അടിക്കു മുകളിൽ ഉയരമുള്ള പന്തലാണ് ഇട്ടിരിക്കുന്നത്. ഭക്ഷണമായും ആയുര്‍വേദ മരുന്നായും ഉപയോഗിക്കുന്ന വര്‍ഗത്തിൽപെട്ട സസ്യമാണ് പടവലം. തനി ഭാരതീയനാണ്. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വളര്‍ത്തപ്പെടുന്നുണ്ട്. സാധാരണയായി രണ്ടുതരത്തില്‍ കണ്ടുവരുന്നു. നാം ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറിയിനമായും കാട്ടുപടവലമായും.

പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് പടവലം. ട്രിക്കോ സാന്തെസ് കുക്കുമെറിനയെന്നാണ് ശാസ്ത്രനാമം. കാട്ടുപടവലത്തിന്റെ ശാസ്ത്രനാമം ട്രിക്കോ സാന്തെസ് ഡോയിക്ടയെന്നാണ്. ഹിന്ദിയില്‍ പരവല്‍, തമിഴില്‍ പേപ്പൂടാന്‍, സംസ്‌കൃതത്തില്‍ പടോല, രാജിഫല എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്. ഇതൊരു വെള്ളരിവര്‍ഗവിളയാണ്. പന്തല്‍കെട്ടി വളര്‍ത്തിക്കൊണ്ടുവരേണ്ട ഇതിന്റെ ഇലകള്‍ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതല്‍ ഇരുണ്ടതുമായിരിക്കും. പൂക്കള്‍ക്ക് നല്ല വെള്ളനിറമാണ്. ആണ്‍പൂക്കള്‍ കുലകളായും പെണ്‍പൂക്കള്‍ ഒറ്റയ്ക്കുമാണുണ്ടാവുക. കായീച്ചയും, ഇലതീനിപ്പുഴുക്കളും ആണ് പ്രധാന വില്ലന്മാർ.

ഔഷധഗുണങ്ങള്‍

ശീതവീര്യമുള്ള ഇത് ശരീരകലകളെ തണുപ്പിക്കാന്‍ കാരണമാകുന്നു. കാട്ടുപടവലം ആയുര്‍വേദത്തില്‍ വിരശല്യത്തിന്റെ പ്രധാന മരുന്നാണ്. പിത്താശയസംബന്ധിയായ അസുഖങ്ങള്‍ക്കും മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ക്കും ഔഷധമാണ്. വയറിളക്കം മാറാനും ലൈംഗിക ചർമരോഗമായ സിഫിലിസിനും (ഉഷ്ണപ്പുണ്ണ്) ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നു. കാല്‍സ്യം, ചെമ്പ്, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്‌നീഷ്യം, എന്നീ മൂലകങ്ങള്‍ പടവലത്തില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ, തയാമിന്‍, റൈബോഫ്ലാവിന്‍, വിറ്റാമിന്‍ സി, അന്നജം, കൊഴുപ്പ് എന്നിവയും പടവലത്തില്‍ അടങ്ങിയിരിക്കുന്നു. നികോട്ടിനിക് അമ്ലം, ഓക്‌സാലിക് അമ്ലം എന്നിവയും പടവലത്തില്‍ അടങ്ങിയിരിക്കുന്നു.

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ പച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് വീട്ടിൽ വളര്‍ത്താം. പോളിഹൗസിലെ കൃഷിരീതിയെക്കുറിച്ചും, പടവലം, പാവൽ മറ്റു കൃഷിരീതിയിലെ പോളിനേഷനെക്കുറിച്ചും പഠിപ്പിച്ചത് പച്ചക്കറി കൃഷിയുടെ സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ റാന്നി ബ്ലോക്കിലെ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ ടോണി ജോൺ ആണ്‌. ഇന്ന് വീടിന്റെ മട്ടുപ്പാവിലും, പുറത്തുമായി രണ്ട് ഹൈടെക് റെയിൻ ഷെൽട്ടറും ഉണ്ട്. അതിൽ പയർ, പാവൽ, കുക്കുമ്പർ, കിവാനോ, ഷമാം, ബ്രോക്കോളി, ക്യാബേജ്, വെണ്ട, വഴുതന, തക്കാളി, മുളക് എന്നിവക്ക് പുറമെ ലീഫ് വെജിറ്റബിൾസ് ആയ സെലറി, ലെറ്റൂസ്, ബോക്ചോയി, പാർസെലി, ബാസിൽ, മല്ലി, പുതിന എന്നിവയും ഉണ്ട്, കൂടാതെ SHM ന്റെ സഹായത്തോടെ 10 സെന്റിൽ (408 M2) ഒരു പോളിഹൗസിന്റെ പണി പൂർത്തിയായിവരുന്നു.

ബ്ലാക്ക്ബെറി മറയൂർ മലനിരകളിലും

മറയൂർ മലനിരകളിലെ പഴങ്ങളുടെ കലവറയിൽ ഇനി ബ്ലാക്ക്ബെറി പഴങ്ങളും. പാലായിൽനിന്നു ഇടുക്കി മറയൂർ മലനിരകളിലെ കാന്തല്ലൂരിലെത്തിയ കുടിയേറ്റ കർഷകനും അധ്യാപകനുമായ ജോർജ് തോപ്പന്റെ പഴത്തോട്ടത്തിലാണ് ഇംഗ്ലണ്ടിൽനിന്നുള്ള രാജകീയ പഴമായ ബ്ലാക്ക്ബെറി പഴങ്ങൾ പാകമായിരിക്കുന്നത്.

മറയൂർ മലനിരകളിൽ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ആപ്പിൾ കൃഷി ആരംഭിച്ച ജോർജിന്റെ ഫല വർഗ കൃഷിയിലുള്ള താൽപര്യം മനസ്സിലാക്കിയ ഇംഗ്ലണ്ടിൽനിന്നുള്ള സുഹൃത്താണു കുറച്ചു ബ്ലാക്ക്ബെറി തൈകൾ എത്തിച്ചുനൽകിയത്. ഇതിൽനിന്ന് 500 ൽപരം തൈകൾ വികസിപ്പിച്ചെടുത്തു. നടീൽ കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ വിളവു ലഭിച്ചുതുടങ്ങും. തുടർച്ചയായി പത്തുവർഷം വരെ വിളവു ലഭിക്കും. ഒരു ചെടിയിൽനിന്നു പരമാവധി 12 കിലോ വരെ വിളവ് ലഭിക്കുമെന്നു ജോർജ് പറയുന്നു.

വീണ്ടും വിദേശി!

അനവധി രോഗങ്ങൾക്കു പ്രതിരോധ ഔഷധമായി ഉപയോഗപ്പെടുത്തുന്ന ബ്ലാക്ക്ബെറിക്ക് ഉയർന്നവിലയാണു മാർക്കറ്റിൽ ലഭിക്കുന്നത്. ഇപ്പോൾ വിളഞ്ഞിരിക്കുന്ന ബ്ലാക്ക്ബെറി പഴങ്ങൾക്കു കിലോയ്ക്ക് 1000 രൂപ നിരക്കിൽ എറണാകുളം ആസ്ഥാനമാക്കിയ സ്ഥാപനം വാങ്ങുന്നുണ്ട്.  നടീൽ കഴിഞ്ഞ തൈകൾക്കു ചാണകം മാത്രമാണു വളമായി ഉപയോഗിക്കുന്നത്. സ്‌ട്രോബറി കൃഷിയേക്കാളും നല്ല ലാഭകരമാണെന്നാണ് അനുഭവം. കർഷകർക്കു ബ്ലാക്ക്ബെറിയുടെ തൈകൾ നൽകാനും  പഴങ്ങൾ സംഭരിക്കാനും തയാറാണെന്നും ജോർജ് തോപ്പൻ പറയുന്നു.

പേരേലം: ഇമ്മിണി ബല്യ ഏലം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കാണുന്ന പ്രത്യേകയിനം ഏലച്ചെടിയായ 'പേരേലം' ഇടുക്കിയിലും തളിരിട്ടു. നെടുങ്കണ്ടം കല്ലാർ രണ്ടാംനമ്പർ ബ്ലോക്കിൽ റമദാൻ ഖാന്റെ ഏലത്തോട്ടത്തിലാണു പേരേലം വളരുന്നത്.  മൂന്നേക്കർ പുരയിടത്തിലെ ഏലത്തോട്ടത്തിൽ ഇപ്പോൾ പേരേലവും വളരുന്നുണ്ട്.

സ്വാഭാവികമായി വളർന്നുവന്ന പേരേലം ശ്രദ്ധയിൽപെട്ടത് ഈ ചെടിയിൽ പ്രത്യേകതരം മണമുണ്ടായതോടെയാണ്. ഇതേത്തുടർന്ന് ഈ ചെടിക്കു കൂടുതൽ പരിചരണവും ശ്രദ്ധയും നൽകി പരിപാലിച്ചു. പിന്നീടാണ് ഇതു ലാർജ് കാർഡമം എന്ന പേരിലറിയപ്പെടുന്ന പേരേലമാണെന്നു മനസ്സിലായത്. മൂന്നുവർഷം പ്രായമായ പേരേലം കായ്കൾ സമ്മാനിച്ചുതുടങ്ങി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഹിമാലയൻ താഴ്‌വരകളിലുമാണ് അബാമം കുഞ്ചി എന്ന ശാസ്ത്രനാമത്തിലുള്ള പേരേലം വ്യാപകമായി കൃഷിചെയ്യുന്നത്. 5000 മെട്രിക് ടൺ ആണ് പ്രതിവർഷം ഈ സംസ്ഥാനങ്ങളിലെ ഉൽപാദനം.

മറ്റ് ഏലക്കായ്കളെ അപേക്ഷിച്ചു മൂന്നുശതമാനംവരെ എസൻഷ്യൽ ഓയിൽ ഈ ഇനത്തിനു കൂടുതലായി ലഭിക്കും. കായുടെ വലുപ്പക്കൂടുതൽ മൂലം പേരേലക്കായ്ക്ക് വൻതുകയാണു ലഭിക്കുക. 1500 രൂപയാണു കുറഞ്ഞവില. ബമ്പിൾ ബീ എന്ന മലയനീച്ച പരാഗണം നടത്തിയാലേ പേരേലം കായ്ക്കൂ.

മലമുകളിലെ ഏലക്കാറ്റ് കടൽത്തീരത്ത് !

കഴിഞ്ഞവർഷം കായ്ഫലമുണ്ടായെങ്കിലും പ്രാണികളും മറ്റും അവ തിന്നുനശിപ്പിച്ചു.  ഇത്തവണ കായ്ഫലമുണ്ടായപ്പോഴേ റമദാൻ ഖാൻ സ്‌പൈസസ് ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടർ അബ്്ദുൽ ജബ്ബാർ, സുഹൃത്ത് 13ാം ബ്ലോക്കിലെ പ്രസാദ് എന്നിവരോടു ചെടിയെക്കുറിച്ചു പറഞ്ഞു. തുടർന്നു മൈലാടുംപാറ ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിആർഐ) അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഐസിആർഐ പതോളജി മേധാവി ഡോ.എ.കെ.വിജയൻ, ക്രോപ്പ് സയന്റിസ്റ്റ് ഡോ.ഭട്ട്, അഗ്രോണമിസ്റ്റ് ഡോ.നൂൽവി, എൻഡമോളജിസ്റ്റ് ഡോ.അൻസാർ അലി എന്നിവർ തോട്ടം സന്ദർശിക്കുകയും ചെടി പേരേലമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. വ്യാവസായികാടിസ്ഥാനത്തിൽ പേരേലം  കൃഷി ചെയ്യാനാവുമോ എന്നതിനെക്കുറിച്ചും കാർഷിക ഗവേഷകർ പഠനം ആരംഭിച്ചു.

പരാഗണം നടത്തേണ്ട മലയനീച്ചയുടെ കുറവ് കൃഷിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും കാർഷിക ഗവേഷകർക്കുണ്ട്. ഐസിആർഐ പേരേലത്തിന്റെ ടിഷ്യൂകൾച്ചർ ചെടികൾ വച്ചുപിടിപ്പിച്ചു പരീക്ഷണം നടത്തിവരികയാണ്. ഇതിനിടെയാണു സ്വാഭാവികമായി വളർന്ന പേരേലം അദ്ഭുതമുളവാക്കുന്നത്.പേരേലക്കായ മരുന്നുനിർമാണത്തിന് ഉപയോഗിക്കുന്നതിനാൽ വില കുറയില്ല എന്നതും ആശാവഹമാണ്. 25 വർഷമായി ഏലക്കൃഷി നടത്തിവരുന്ന റമദാൻ ഖാൻ പ്രവാസികൂടിയാണ്.

ജൈവത്തുടിപ്പറിഞ്ഞ് തിരുവാർപ്പിലെ മണ്ണ്; വിളഞ്ഞത് നൂറു മേനി

രാസവളവും കീടനാശിനിയും ഒഴിവാക്കി മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ് കോട്ടയം തിരുവാർപ്പിൽ ഒരുക്കിയ പ്രദർശനപാടത്തിൽ ലഭിച്ചത് നൂറുമേനി വിളവ്. സമീപപാടങ്ങളേക്കാൾ 10 ശതമാനം കൂടുതൽ വിളവോടെ, കുറഞ്ഞ പതിരോടെ, മികച്ച നെൽമണിത്തൂക്കത്തോടെ ലഭിച്ച വിളവ് സോയിൽ ഹെൽത്ത് കാർഡ് മുഖേന കേരളത്തിൽ മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ് നടത്തുന്ന ഇടപെടലുകൾക്ക് കൂടുതൽ കരുത്തായി.

രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന കേന്ദ്രപദ്ധതിയായ ‘സോയില്‍ ഹെല്‍ത്ത് കാര്‍ഡ്’ പദ്ധതിയാണ് തിരുവാർപ്പിൽ ഒരുക്കിയ പ്രദർശന പാടത്തിൽ മികച്ച വിളവ് സമ്മാനിച്ചത്. വള പ്രയോഗങ്ങള്‍ ശാസ്ത്രീയമാക്കി, അധികഉപയോഗം കുറച്ച് മണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൃഷിച്ചെലവു നിയന്ത്രിക്കുകയും ചെയ്യുക  സോയിൽ ഹെൽത്ത് കാർഡ് പദ്ധതിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

ജില്ലാ മണ്ണു പര്യവേഷണ അസി.ഡയറക്ടർ ഓഫിസിന്റെ മേൽനോട്ടത്തിൽ തിരുവാർപ്പ് പഞ്ചായത്തിലെ വടക്കേ നടുവിലേപ്പാടശേഖരത്തിലാണ് കുടുംബശ്രീ, കൃഷിഭവൻ, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ മണ്ണുപരിശോധന കാർഡ് (സോയിൽ ഹെൽത്ത് കാർഡ്) അടിസ്ഥാനമാക്കി നെൽകൃഷിയിറക്കിയത്. മണ്ണുപരിശോധനയുടെ ഫലമായി വളപ്രയോഗം പകുതിയായി കുറയക്കുവാനും വളത്തിന്റെ ചെലവിനത്തിൽ 50 ശതമാനത്തോളം കുറവുവരുത്തുവാനും സാധിച്ചു. രാസജൈവ ജീവാണുവളങ്ങളെ ഏകോപിപ്പിച്ചുള്ള ഈ കൃഷിരീതിയിൽ മറ്റുപാടങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിളവും കീടബാധ കുറവും കണ്ടെത്താനായി.

കൃഷിഭവന്റെ ആഭിമൂഖ്യത്തിൽ നടന്ന കൃഷിപാഠശാലയിൽ പാടത്തിൽ പ്രദർശന നെൽകൃഷി ഒരുക്കിയ  രാജമ്മ  അനൂഭവങ്ങൾ പാടശേഖര സമിതി അംഗങ്ങളുമായി പങ്കിട്ടു. സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ പി. രമേഷ്, ഓഫിസർമാരായ പി.വി.പ്രമോദ്, ഡോ. കെ.ബിനി, കൃഷി ഓഫിസർ ജ്യോതി എന്നിവരാണ് പുതുമയാർന്ന ഈ കൃഷിരീതിക്കു മേൽനോട്ടം വഹിച്ചത്. ജില്ലയിലെ കൃഷിയിടങ്ങളിലെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഇതര സ്ഥലങ്ങളിലേക്കുകൂടി മണ്ണുപരിശോധന അടിസ്ഥാനമാക്കിയുള്ള കൃഷിരീതി വ്യാപിപ്പിക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്.

മണ്ണുപരിശോധന കാർഡ് അടിസ്ഥാനമാക്കി നടപ്പാക്കിയ കൃഷിരീതി

2016 പുഞ്ച സീസണില്‍ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്തിലെ 132 ഏക്കര്‍ വരുന്ന വടക്കേനടുവിലേ പാടത്തിലെ 50 സെന്‍റ് സ്ഥലത്താണ് കൃഷി നടത്തിയത്. വിളവിറക്കുന്നതിനു മുമ്പ് വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത മണ്ണ് തിരുവനന്തപുരം പാറോട്ടുകോണത്തുള്ള സെന്‍ട്രല്‍ സോയില്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കി. കുട്ടനാടന്‍ കരിനിലങ്ങളോട് ചേര്‍ന്ന ഭൂപ്രദേശമായതിനാല്‍ മണ്ണിന്‍റെ ജനിതക ഘടന കൂടി പരിഗണിച്ചായിരുന്നു ഓരോ കൃഷി ഇടപെടലുകളും.

കര്‍ഷകര്‍ നിലം ഉഴുതു നേരിട്ട് വിത്തുവിതച്ചപ്പോള്‍ പരീക്ഷണനിലത്തില്‍ നിലമൊരുക്കി ഏക്കറിന് 100 കിലോ റോക്ക് ഫോസ്ഫേറ്റ് അടിവളമായി വിതറി ഒരാഴ്ചക്കുശേഷം വെള്ളം കയറ്റിയിറക്കി. പിന്നീട് ഏക്കറിന് 40 കിലോ എന്ന നിരക്കില്‍ നെല്‍വിത്ത് എടുത്ത് കിലോക്ക് 10 ഗ്രാം സ്യൂഡോമോണസ് എന്ന അനുപാതത്തില്‍ കലര്‍ത്തി 24 മണിക്കൂര്‍ വച്ചതിനുശേഷമാണ് വിതച്ചത്.

അമ്ളത അധികമായതിനാല്‍ 300 കിലോ ഏക്കറിനെന്നതോതില്‍ നിര്‍ദ്ദേശിച്ച കുമ്മായം പ്രദര്‍ശന നിലത്തില്‍ മാത്രം പ്രയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ ഉപേക്ഷിക്കേണ്ടിവന്നു. കര്‍ഷകര്‍ സ്വന്തം നിലങ്ങളില്‍ ഏക്കറിന് 108 കിലോ ഫാക്ടംഫോസ്, 33 കിലോ യൂറിയ, 50 കിലോ പൊട്ടാഷ് എന്നിവ രണ്ടുതവണകളായി നല്‍കിയപ്പോള്‍ ഹെല്‍ത്ത് കാര്‍ഡ് പ്രകാരം ഏക്കറിന് നിര്‍ദ്ദേശിക്കപ്പെട്ട 40 കിലോ യൂറിയ, 20 കിലോ പൊട്ടാഷ് എന്നിവ രണ്ടു തവണകളായും100 കിലോ മസൂറിഫോസ് അടിവളവുമാണ് നല്‍കിയത്. യൂറിയയുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി അഞ്ചില്‍ ഒരു ഭാഗം വേപ്പിന്‍ പിണ്ണാക്ക് കലര്‍ത്തി ഒരു ദിവസം വെച്ചതിനു ശേഷം വിതറി.

നെൽച്ചെടിയുടെ വിവിധ ഘട്ടങ്ങള്‍ നിരീക്ഷിച്ച് സൂക്ഷ്മ മൂലകങ്ങളുടെ അഭാവം മനസ്സിലാക്കി 0.5% വീര്യമുള്ള ബോറോണ്‍, സിങ്ക്, പൊട്ടാസ്യം നൈട്രേറ്റ്, മഗ്നീഷ്യം ഇവ അടങ്ങിയ ലായനി തളിവളമായി നല്‍കി. കുമിള്‍ബാധ നിയന്ത്രിക്കുവാനായി കര്‍ഷകര്‍ രാസകുമിള്‍ നാശിനി പ്രയോഗിച്ചപ്പോള്‍ പ്രദര്‍ശന നിലത്തില്‍ സ്യൂഡോമോണസ് ലായനിയാണ് തളിച്ചത്.

അപൂർവ നെൽവിത്തുകളുടെ കാവലാൾ

സൂപ്പർഫാസ്റ്റ് നെല്ലിനങ്ങൾ

നെല്ല് കൊയ്തു മെതിച്ചെടുത്തപ്പോള്‍ പ്രദര്‍ശന നിലത്തില്‍ മറ്റു നെല്‍പ്പാടങ്ങളേക്കാള്‍ ഏകദേശം 10% വിളവ് കൂടുതല്‍ ലഭിച്ചു. പതിരുമണികള്‍ കുറവായി കാണപ്പെടുകയും നെല്‍മണിതൂക്കം മറ്റുനിലങ്ങളിലേക്കാള്‍ കൂടുതലുമായിരുന്നു. വളങ്ങളുടെ ചെലവിനത്തില്‍ മറ്റു നിലങ്ങളില്‍ ഏക്കറിന് 2750 രൂപയോളം മുടക്കേണ്ടി വന്നപ്പോള്‍ പ്രദര്‍ശന നിലത്തില്‍ 1500 രൂപ മാത്രമാണ് ചെലവായത്.

മണ്ണില്‍ അശാസ്ത്രീയമായി കൂടിയ അളവില്‍ രാസ വള പ്രയോഗം നടത്തുമ്പോള്‍ പരിസ്ഥിതിക്ക് ദൂരവ്യാപകമായ ദോഷങ്ങള്‍ കൂടി വരുത്തുകയാണ് ചെയ്യുന്നത്. പാടങ്ങളില്‍ നിന്ന് തൊട്ടടുത്ത ജലാശയങ്ങളിലേക്ക് ഒഴുകി എത്തുന്ന കൂടിയ അളവിലുള്ള നൈട്രജന്‍ കളകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും  യൂട്രോഫിക്കേഷന്‍(അമിതപോഷണം) എന്ന പ്രക്രിയക്ക് കാരണമാവുകും ചെയ്യും. ജലത്തിലെ മറ്റു സസ്യ ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുകയും അവയക്ക് നാശം സംഭവിക്കുകയും ചെയ്യും. ഭൂഗര്‍ഭ ജലത്തെപ്പോലും മലിനമാക്കുന്ന അനിയന്ത്രിതമായ രാസ വള കീടനാശിനി പ്രയോഗം ജീവജാലങ്ങളുടെ ആകെ ആവാസവ്യവസ്ഥക്ക് ഭീഷണിയാണ്. മണ്ണിനെ അറിഞ്ഞ് മണ്ണിലെ ജീവന്‍റെ തുടിപ്പുകളെ നിലനിര്‍ത്താൻ‌ മണ്ണുപരിശോധന കാർഡ് അടിസ്ഥാനമാക്കിയുള്ള കൃഷിയിലൂടെ സാധിക്കും.

സോയില്‍ ഹെല്‍ത്ത് കാര്‍ഡ്  ഉപയോഗിക്കുന്നതിനു മുമ്പുള്ള വള പ്രയോഗം (ഏക്കറിന്)

നൈട്രജന്‍       44.6  കി.ഗ്രാം
ഫോസ്ഫറസ്    21.6  കി.ഗ്രാം
പൊട്ടാസ്യം      30.0   കി.ഗ്രാം

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ചതിനു ശേഷമുള്ള  വള പ്രയോഗം (ഏക്കറിന്)

നൈട്രജന്‍       13.80 കി.ഗ്രാം
ഫോസ്ഫറസ്    18.0 കി.ഗ്രാം
പൊട്ടാസ്യം      12.0 കി.ഗ്രാം

ലാഭിച്ച വളം

നൈട്രജന്‍       30.8 കി.ഗ്രാം
ഫോസ്ഫറസ്    3.6 കി.ഗ്രാം
പൊട്ടാസ്യം     18.0 കി.ഗ്രാം

അധികം ലഭിച്ച വിളവ് (ഏക്കറിന്)

92 കി.ഗ്രാം

കര്‍ഷകന് അധികം ലഭിച്ച തുക (ഏക്കറിന്)

രൂപ 3250

ഊരും പേരും ഉത്തരവാദിത്തവുമായി ക്യൂആർ കോഡുള്ള കോഴി

 

കാലിൽ ക്യൂആർ കോഡുള്ള ഇറച്ചിക്കോഴിയെ വാങ്ങിയിട്ടുണ്ടോ? മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്താൽ വളർത്തിയ കൃഷിക്കാരൻ, കഴിച്ച തീറ്റ തുടങ്ങി കോഴിയുടെ ജീവചരിത്രം മുഴുവൻ വിളമ്പുന്ന ഈ സാങ്കേതികവിദ്യ ബ്രോയിലർ വിപണിയിൽ വിശ്വാസ്യതയും ഉത്തരവാദിത്തവും വർധിക്കാൻ സഹായകമായിട്ട‍ുണ്ട്. ലോകത്തുതന്നെ ആദ്യമായി ക്യൂ ആർ കോഡുള്ള കോഴിയെ വിപണിയിലെത്തിക്കുകയാണ് കൊട്ടാരക്കരയിലെ വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി.

അടുത്ത കാലത്ത് കാർഷികകേരളം ശ്രദ്ധിച്ച ഏറ്റവും പുരോഗമനപരമായ ആശയങ്ങളിലൊന്നായിരുന്നു ആന്റിബയോട്ടിക് അംശം തീരെയില്ലാത്ത ബ്രോയിലർ കോഴിയിറച്ചിയുടെ വിപണനം. പൂർണമായും സസ്യജന്യതീറ്റ മാത്രം നൽകി വളർത്തിയ ഇവയെ സ്വന്തം വിതരണക്കാർവഴി കേരളത്തിലെ ഉപഭോക്താക്കൾക്ക് ആദ്യമായി എത്തിച്ചതും വേണാട് കമ്പനിയാണ്. ബ്രോയിലർ കോഴികളെ വാങ്ങുന്ന എല്ലാവരുടെയും ആശങ്കകൾക്കു പരിഹാരമായ ഈ പരിഷ്കാരം നടപ്പാക്കുന്നതിനു കമ്പനി സ്വീകരിച്ച വിപണനതന്ത്രങ്ങളിൽ പ്രധാനമായിരുന്നു ക്യൂആർ കോഡുള്ള ലേബലും സവിശേഷ രൂപകൽപനയോടെ ബ്ര‍ാൻഡ് ചെയ്ത കടകളും.

വേണാട് സിഗ്നേച്ചർ ചിക്കൻ എന്ന ബ്രാൻഡിലാണ് ആൻറിബയോട്ടിക് അംശമില്ലാത്ത കോഴിയിറച്ചി ഇവർ അവതരിപ്പിച്ചത്. ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നതിനൊപ്പം വേണ്ട ഉറപ്പ് നൽകാനായി ഓരോ കോഴിയുടെയും കാലുകളിൽ പ്രത്യേകം ലേബൽ ഒട്ടിക്കുകയും ചെയ്തു. ബ്രോയിലർ വിപണിയിലെ മറ്റു കോഴികളിൽനിന്ന് വേണാട് സിഗ്നേച്ചർ ചിക്കൻ തിരിച്ചറിയപ്പെടാൻ ഇതുപകരിച്ചു. എന്നാൽ വെറും ലേബൽ നൽകുന്ന ഉറപ്പ് മതിയാകില്ലെന്നു മനസ്സിലായതോടെ അതിൽ ഓരോ കോഴിയേയും സംബന്ധിച്ച സമ്പൂർണവിവരങ്ങൾ ക്യൂആർ കോഡായി രേഖപ്പെടുത്തുകയാ‍ണിവർ. സ്മാർ‌ട് ഫോണുകളിലെ ആപ്പുകളുപയോഗിച്ച് ഈ കോഡ് സ്കാൻ ചെയ്ത് അതതു കോഴികളെ സംബന്ധിച്ച പ്രസക്തമായ വിവരങ്ങൾ ഉപഭോക്താക്കൾക്കു മനസ്സിലാക്കാം. ഒരോ കോഴിയെയും വളർത്തിയ കർഷകന്റെ പേര്, വിലാസം, കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച കമ്പനി, തീറ്റ ഉൽപാദിപ്പിച്ച കമ്പനി, നൽകിയ മരുന്നുകളിലെ ആന്റിബയോട്ടിക്–ഹോർമോൺ–സ്റ്റിറോയ്ഡ് സാന്നിധ്യം, മരുന്നു നൽകിയ തീയതി, ഓരോ ബാച്ചിലെയും കോഴികളുടെ എണ്ണം, പ്രായം, ബാച്ച് നമ്പർ എന്നിവയാണ് ക്യൂആർ കോഡിലൂടെ അറിയാൻ സാധിക്കുക. കോഡിലൂടെ രേഖപ്പെടുത്തിയ വിവരങ്ങൾ സത്യസന്ധമാണെന്ന ഉറപ്പിനു കൃഷിക്കാരുടെ കൈയൊപ്പും ഓരോ കോഴിയുടെയും ലേബലിലുണ്ടാവും.

ലോകത്തുതന്നെ ആദ്യമായാണ് ക്യൂആർ കോഡാടു കൂടി കോഴിയെ വിൽക്കുന്നതെന്ന് വേണാട് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഡോ.കെ. ചന്ദ്രപ്രസാദ് പറഞ്ഞു.

കോഴിയുടെ ആരോഗ്യത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും കൃഷിക്കാരൻ ആകുലപ്പെടുമ്പോൾ ബ്രോയിലർ കോഴിയിറച്ചിയുടെ ഗുണദോഷങ്ങളെപ്പറ്റിയാണ് ഉപഭോക്താവിന്റെ ആശങ്ക ഇപ്പോഴത്തെ പരിഷ്കാരത്തിലൂടെ നാട്ടിൽ വളർത്തിയ ഇറച്ചിക്കോഴികൾ‌ക്കു മെച്ചപ്പെട്ട വിലയും ഉപഭോക്താവിനു നിലവാരമുള്ള ഇറച്ചിയും ഉറപ്പാക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിഗ്നേച്ചർ ചിക്കന്റെ വിപണനത്തിനായി വേണാട് കമ്പനി കൊട്ടിയത്തും വ‌ാളകത്തും ബ്രാൻഡഡ് ഫ്ര‍ാഞ്ചൈസി സെയിൽസ് കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ വിൽപനശാലകളുടെ എണ്ണം ഒമ്പതാവും. അ‍ഞ്ച് ഫാമുകൾക്ക് ഒരു സെയിൽസ് കൗണ്ടർ എന്ന തോതിലാവും ഇവ സ്ഥാപിക്കുക. മിതമായ തോതിൽ മാത്രമാണ് ഇപ്പോൾ വേണാട് സിഗ്നേച്ചർ ചിക്കൻ വിപണിയിലെത്തുന്നത്. ഒരു ബാച്ചിൽ പരമാവധി 500 കോഴികളെയാണ് അനുവദിക്കുക. അവയെ വിറ്റഴിച്ചവർക്ക് മറ്റ് നാല് സംരംഭകർക്ക്‌ ശേഷമാവും വീണ്ടും കമ്പനി ബ്രാൻഡിൽ വിപണനത്തിന് അവസരം ലഭിക്കുക. പരസ്പരം ബാധ്യതയാവാതെ ഉൽപാദനം ക്രമീകരിക്കാൻ ഇത് വളർത്തുകാരെ പ്രേരിപ്പിക്കുന്നു. നിലവിൽ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 25 ഫാമുകളുണ്ട്. സ്വന്തം സംരംഭകർക്ക് പുറംവിപണിയിലേക്കാൾ അ‍ഞ്ചു രൂപയെങ്കിലും കൂടുതലായിരിക്കും വേണാട് കമ്പനി വില നൽകുകയെന്ന് ഡോ. ചന്ദ്രദാസ് വ്യക്തമാക്ക‍ി. വില ക്രമാതീതമായി താഴ്ന്നാൽ ഉൽപാദനച്ചെലവിന് ആനുപാതികമായ താങ്ങുവില നൽകുകയും ചെയ്യും.

മറ്റ് ജില്ലകളിലെ താൽപര്യമുള്ള സംരംഭകർക്കും സാമൂഹ്യപ്രതിബദ്ധതയുള്ള ഈ വിപണനശൃംഖലയിൽ പങ്കാളികളാകാമെന്ന് ഡോ. ചന്ദ്രപ്രസാദ് പറഞ്ഞു. സുരക്ഷിതമായ കോഴിയിറച്ചിയെന്ന ആശയം നടപ്പാക്കുന്നതിനു ശക്തമായ എതിർപ്പുകളാണ് കമ്പനി നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ശൃംഖലയിലുള്ള സംരംഭകരെ ഒറ്റപ്പെടുത്തുന്നതിനും വിലയിടിച്ച് വിപണി പിടിക്കുന്നതിനുമുള്ള ശ്രമങ്ങൾ വ്യാപകമായുണ്ട്. എങ്കിലും ഉപഭോക്താക്കളുടെ മനമറിഞ്ഞുള്ള പ്രവർത്തനത്തിലൂടെ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണിവർ.

ഫോൺ – 94470113779447011377

കാളയെങ്കിൽ കാങ്കേയം

സുന്ദരം രാമസ്വാമിയുടെ നോവലുകളിൽ കണ്ടു പരിചയമുള്ള ഏതോ തമിഴ് ഗ്രാമീണസ്ത്രീയുടെ ഛായയുണ്ട് സൗന്ദരം രാമസ്വാമിക്ക്. മെല്ലിച്ചതെങ്കിലും ദൃഢവും ഗൗരവം നിറഞ്ഞതുമായ മുഖം. അളന്നു കുറിച്ചു മാത്രം വാക്കുകൾ. ഇടുപ്പിൽ കുത്തിവച്ചിരിക്കുന്ന പഴയ നോക്കിയ ഫീച്ചർ ഫോണിലേക്ക് ആരോ വിളിച്ചപ്പോഴും സംഭാഷണം കാര്യമാത്രപ്രസക്തം.

ശിങ്കാരവേലൻ മേയുന്ന വിജനഭൂമിയിലേക്ക് സൗന്ദരം നടന്നു. കൂടെ തനി തമിഴ് കർഷകന്റെ തലേക്കെട്ടുമായി ഭർത്താവ് രാമസ്വാമിയും. വേനലിൽ വരണ്ടുണങ്ങി കിടക്കുന്ന മണ്ണ്. വേലിച്ചെടികൾ അതിരിട്ട രണ്ടേക്കറോളം വരുന്ന സ്ഥലത്ത് ഏക ഛത്രാധിപതിയെ പോലെ ശിങ്കാരവേലൻ. സൗന്ദരത്തിന്റെ അരുമയായ കാങ്കേയം കാളക്കൂറ്റൻ.

സൗന്ദരത്തിനൊപ്പം അപരിചിതരെ കണ്ട് ശിങ്കാരവേലൻ രൂക്ഷമായി നോക്കി. അപ്രീതിയോടെ ഒരു ചുവടു മുന്നോട്ടാഞ്ഞു. അതുകണ്ട് രാമസ്വാമി രണ്ടു ചുവട് പിന്നോട്ടു വച്ചു, സൗന്ദരം നാലു ചുവടു മുന്നോട്ടും. അവരുടെ മുഖത്ത് വാൽസല്യം ഓളം വെട്ടി. മെല്ലിച്ച കൈകൾ ശിങ്കാരവേലന്റെ മുഖത്തു തഴുകി, പിന്നെ ചെവിയിൽ എന്തോ മന്ത്രിച്ചു. അതോടെ അവൻ ആശ്രമ മൃഗത്തെപ്പോലെ ശാന്തനായി.

ശിങ്കാരവേലൻ കനപ്പിച്ചൊന്ന് ഊതിയാൽ പറന്നു പോകും സൗന്ദരം. എന്നിട്ടും തെല്ലു കൂസലില്ലാതെ, താഴെ കുനിഞ്ഞിരുന്ന് കാളയുടെ മുൻകാലുകൾ രണ്ടും കൂട്ടിക്കെട്ടിയിരുന്ന ചകിരിക്കയർ അവർ അഴിച്ചുമാറ്റി. ‘‘മുൻകാലുകൾ കൂട്ടിക്കെട്ടിയ ശേഷമേ മേയാൻ വിടൂ. അല്ലെങ്കിൽ അപരിചിതർ വന്നാൽ അവരെ ഓടിച്ചിട്ടു കുത്തും’’, ശിങ്കാരവേലന്‍ കേൾക്കരുത് എന്ന കരുതലോടെ രാമസ്വാമി മന്ത്രിച്ചു.

സ്വതന്ത്രനായതിൽ സന്തോഷവാനായ അവൻ സൗന്ദരത്തോടു ചേർന്നു നിന്നു. രാമസ്വാമി കുടുംബനാഥന്റെ ഗൗരവത്തോടെ തുടര്‍ന്നു, ‘‘കാളകളെ പോറ്റിവളർത്തുന്നതൊക്കെ സൗന്ദരത്തിന്റെ വകുപ്പാണ്. അമ്മാവെ മാത്രമെ അവർ അനുസരിക്കൂ. അത്രയേറെ വാൽസല്യമുണ്ട് അവരോടു സൗന്ദരത്തിനും. വിരലുകൾകൊണ്ട് സൗന്ദരം വിസിലടിച്ചാൽ നായ്ക്കുട്ടികളെപ്പോലെ അവർ ഓടി അരികിലെത്തും. ലക്ഷണമൊത്ത കാങ്കേയം കാളക്കുട്ടികളെ കണ്ടെത്തി വാങ്ങുകയാണ് എന്റെ ഉത്തരവാദിത്തം.’’

‘‘ബാക്കി സമയമൊക്കെ ഭക്ഷണവും ഉറക്കവും’’, സൗന്ദരത്തിന്റെ ചുണ്ടിൽ അവിചാരിതമായി ചിരിയും തമാശയും വിരിഞ്ഞു. പിന്നെ അവർ തന്നെ വിശദീകരിച്ചു. കുടുംബത്തിന്റെ മുഖ്യ വരുമാനം രാമസ്വാമിയുടെ മുരിങ്ങക്കൃഷിയാണ്. ഏക്കറുകൾ വരുമത്. അതേസമയം കാങ്കേയത്തിന്റെ വിത്തുകാളകളെ ഉപയോഗിച്ചുള്ള പ്രജനനത്തിലൂടെ മികച്ച വരുമാനം സൗന്ദരവും നേടുന്നു.

ജെല്ലിക്കെട്ട് കാളൈ

പൊള്ളാച്ചി, ധാരാപുരം, മൂലനൂർ വഴി സഞ്ചരിച്ച് തലയൂർ പിരിവ് സ്റ്റോപ്പിൽ വണ്ടിയിറങ്ങിയാൽ സൗന്ദരത്തിന്റെ വീട്ടിലെത്താം. തമിഴ്നാട്ടിലെ സാമാന്യം സാമ്പത്തികശേഷിയുള്ള കർഷക കുടുംബംതന്നെയെന്നു വെളിപ്പെടുത്തുന്ന വീട്. കൃഷിയും മാടുവളർത്തലുമാണ് കുടുംബത്തിന്റെ കുലത്തൊഴിൽ.

കാങ്കേയത്തിന്റെ വിത്തുകാളകളെ പരിപാലിക്കൽ തുടങ്ങുന്നത് 25 കൊല്ലം മുമ്പ്. വീട്ടിലുണ്ടായ ഒരു കാങ്കേയം മൂരിക്കുട്ടൻ ലക്ഷണമൊത്തത് എന്നു കണ്ടപ്പോൾ വിൽക്കാൻ മനസ്സു വന്നില്ല. കറുപ്പൻ എന്നു പേരിട്ട് അവനെ സൗന്ദരം ഓമനിച്ചുവളർത്തി. മുതിർന്നപ്പോൾ ഇണചേർക്കാനായി അവനെത്തേടി പശുക്കളുമായി മറ്റു കൃഷിക്കാർ എത്തിത്തുടങ്ങി. തമിഴ്നാട്ടിൽ സ്വാഭാവിക പ്രജനനം വിലക്കിയിട്ടില്ലാത്തതിനാൽ ലക്ഷണമൊത്ത കാങ്കേയം കാളകൾക്ക് ആവശ്യക്കാർ വർധിച്ചു.

തമിഴ്നാട്ടിലിന്ന് ആകെയുള്ളത് ഒന്നേകാൽ ലക്ഷത്തിൽ താഴെ കാങ്കേയങ്ങൾ മാത്രമാണ്. തിരുപ്പൂർ ഉൾപ്പെടുന്ന കൊങ്കുനാടാണ് തമിഴ്നാടിന്റെ തനതിനമായ കാങ്കേയത്തിന്റെ ജന്മദേശം. മരുഭൂമിയിൽ ഒട്ടകം എന്നപോലെ കടുത്ത വരൾച്ചയിലും അസാമാന്യ അതിജീവനശേഷി പ്രകടിപ്പിക്കുന്നു എന്നതാണ് കാങ്കേയത്തിന്റെ കരുത്ത്.

ജലക്ഷാമവും വരൾച്ചയും കൂടുതലുള്ള പ്രദേശമാണ് കൊങ്കുനാട്. പരിമിത നന മാത്രം ആവശ്യമുള്ള മുരിങ്ങ ഇവിടെ മുഖ്യവിളയായതിനു കാരണവും മറ്റൊന്നല്ല. ഈ കാലാവസ്ഥതന്നെയാണ് കാങ്കേയത്തെ മുമ്പ് കർഷകരുടെ മിത്രമാക്കിയതും.

നാടൻ ഇനങ്ങൾക്കു പൊതുവായുള്ളതുപോലെ കാങ്കേയം പശുക്കള്‍ക്കും പാൽ കുറവാണ്. അതിനാൽ പതിനഞ്ചും ഇരുപതും ലീറ്റർ കറവയുള്ള സങ്കരയിനങ്ങൾ പ്രചാരത്തിലായപ്പോൾ ആളുകൾ കാങ്കേയത്തെ കൈവിട്ടു. ട്രാക്ടർ വന്നതോടെ ഉഴവുകാളകളും വേണ്ടാതായി. കരുത്തും ആക്രമണോൽസുകതയും കൂടുമെന്നതിനാൽ ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന നാടൻ ഇനങ്ങളിൽ കാങ്കേയവും മുൻനിരയിലുണ്ടായിരുന്നു. 2006ൽ ചെന്നൈ ഹൈക്കോടതിയുടെ മധുര ബഞ്ച് ജെല്ലിക്കെട്ട് നിരോധിച്ചതോടെ കാങ്കേയമടക്കമുള്ള നാടൻ ജനുസ്സുകളെ പോറ്റുന്നവരുടെ എണ്ണം കുറഞ്ഞു. 2014ൽ സുപ്രീം കോടതിയും ജെല്ലിക്കെട്ടിനു മൂക്കുകയറിട്ടു. എന്നാൽ തമിഴ് സ്വത്വത്തിന്റെ ദ്രാവിഡമുദ്രയുള്ള ജെല്ലിക്കെട്ടിനെ തിരിച്ചുപിടിക്കാനായി ഈയിടെ നടന്ന പ്രക്ഷോഭം കാങ്കേയത്തെ വീണ്ടും താരമാക്കിയിരിക്കുന്നു.

ജെല്ലിക്കെട്ട് കാളകളുടെ കാവലൻ

രാമസ്വാമി– സൗന്ദരം ദമ്പതിമാർ പക്ഷേ ലാഭനഷ്ടങ്ങൾ നോക്കാതെ, തറവാടിന്റെ അഭിമാനമെന്നവണ്ണം എന്നും വിത്തുകാളകളെ പരിപാലിച്ചിരുന്നു. ഇതിനിടെ ജൈവകൃഷിയുടെയും നാടൻ പശുക്കളുടെയുമെല്ലാം പ്രചാരകർ തമിഴ്നാട്ടിലും വർധിച്ചതോടെ എണ്ണത്തിൽ കുറവായ കാങ്കേയങ്ങൾക്ക് നമ്മുടെ നാട്ടിൽ വെച്ചൂർ പശുവിനെന്നപോലെ മൂല്യം വർധിച്ചു. നാടൻ പശുക്കളുടെ പാൽ, സങ്കര ഇനങ്ങളുടെ പാലിനെക്കാൾ പലമടങ്ങ് വിശിഷ്ടവും വിലപിടിച്ചതുമായ ‘A 2 മിൽക്’ എന്ന് കീർത്തി നേടി. കാങ്കേയത്തിന്റെ കാലം തെളിഞ്ഞു. മികച്ച വിത്തുകാളയ്ക്കു പ്രിയമേറിയതോടെ സ്ഥിരവരുമാനവും വന്നുതുടങ്ങി.

കിലോമീറ്ററുകൾ അകലെനിന്നുപോലും വാഹനത്തിൽ പശുക്കളുമായി ആളുകൾ ഇന്ന് സൗന്ദരത്തിന്റെ വീട്ടിലെത്തുന്നു. ഇണചേർക്കാൻ 500 രൂപയാണ് സൗന്ദരം ഈടാക്കുന്നത്. ചില ദിവസങ്ങളിൽ 7–8 പശുക്കൾ വരെ എത്തും. ഏഴു വിത്തുകാളകളാണുള്ളത്. അഴകിലും ആരോഗ്യത്തിലും വീര്യത്തിലും ഇവ ഒന്നിനൊന്നു മെച്ചം.

നിറത്തിന്റെ അടിസ്ഥാനത്തിൽ മയിലൈ (silver), വെള്ളൈ (white), സെവലൈ (red), കാരി (black) എന്നിങ്ങനെ മുഖ്യമായും നാലിനമുണ്ട് കാങ്കേയം. നാലിനത്തിലുംപെട്ട മിടുമിടുക്കന്മാർ സൗന്ദരത്തിന്റെ ശേഖരത്തിലുണ്ട്. കാങ്കേയത്തിന്റെ ലക്ഷണങ്ങൾ കൈവെള്ളയിലെന്നപോലെ എണ്ണിയെണ്ണി പറയാൻ കഴിവുള്ള രാമസ്വാമി കണ്ടെത്തിയ ഈ കാളക്കൂറ്റന്മാർക്ക് ഇന്നു പലരും ലക്ഷങ്ങൾ വില പറയുന്നു.

എന്നാൽ ഇവരെ വിൽക്കുക എന്നത് അമ്മയ്ക്കു ചിന്തിക്കാൻപോലും കഴിയില്ലെന്നു സൗന്ദരത്തിന്റെ മകൻ വീരസ്വാമി. പതിനേഴു വർഷം പോറ്റി വളർത്തിയ കറുപ്പനെ തീർത്തും ആരോഗ്യം ക്ഷയിച്ചപ്പോൾ വിൽക്കേണ്ടി വന്ന കഥ വീരസ്വാമി ഓർമിച്ചു. തന്നെ വിൽക്കാൻ പോവുകയാണെന്നറിഞ്ഞ കറുപ്പൻ ഭക്ഷണം ഉപേക്ഷിച്ചത്രെ. കയറു കൈമാറുമ്പോൾ കറുപ്പനും സൗന്ദരവും കണ്ണീർ തൂകി. കറുപ്പനെ പിരിഞ്ഞ ദുഃഖത്തിൽ ദിവസങ്ങളോളം അവർ ഉപവാസമിരുന്നു. അതെ, കാങ്കേയം സൗന്ദരത്തിന് വെറും ലാഭവഴിയല്ല, മക്കളെപ്പോലെ അണച്ചു പിടിക്കുന്ന അരുമകളാണ്.

അയൽവാസിയുടെ ആഞ്ഞിലിമരം

കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

അയൽവാസിയുടെ ആഞ്ഞിലിമരം കാരണമുള്ള ഭീഷണിക്കെതിരെ ഞാന്‍ പഞ്ചായത്തിൽ 03.06.16ൽ പരാതി കൊടുത്തിരുന്നു. 19.08.16ൽ അദാലത്തിൽ ആഞ്ഞിലിയുടെ ഉടമയും ഞാനും പങ്കെടുത്തു. ഞാൻ കിടക്കുന്ന ഷെഡ്ഡിന്റെയും ബാത്ത്റൂമിന്റെയും നനകല്ലിന്റെയും പൈപ്പിന്റെയും മുകളിലേക്കു ചാഞ്ഞുകിടക്കുന്ന ശിഖരങ്ങൾ എല്ലാം കോതിത്തരാമെന്നു സമ്മതിച്ച് എഴുതി ഒപ്പിട്ടു പരാതി തീർത്തു. ശിഖരങ്ങൾ 10.12.16 വരെയും മുറിച്ചുമാറ്റിയിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത്.

കെ. വിശ്വനാഥൻ, കറ്റാനം, ഭരണിക്കാവ്.

നിങ്ങൾ കൊടുത്ത പരാതി അദാലത്തിൽ ഒത്തുതീർപ്പാക്കിയെന്നും എന്നാൽ അതനുസരിച്ച് പ്രവർത്തിച്ചില്ലെന്നും കാണിച്ച് പഞ്ചായത്തിൽ പരാതിപ്പെടുക. നിങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയിലാണ് മരം ചാഞ്ഞുനിൽക്കുന്നതെങ്കിൽ നിങ്ങൾക്ക് റവന്യു ഡിവിഷനൽ ഓഫിസർക്കു (സബ് ഡിവിഷനൽ മജിസ്ട്രേട്ട്) പരാതി കൊടുക്കാം. ഏതെല്ലാം പരാതികൾ പഞ്ചായത്തിൽ കൊടുക്കാമെന്നും എത്ര ദിവസത്തിനകം തീരുമാനമെടുക്കണമെന്നും സിവിൽ കേസില്‍ എന്തു ചെലവു വരുമെന്നും ഈ പംക്തിയിലൂടെ മറുപടി പറയുക പ്രായോഗികമല്ല. എല്ലാ കോടതികളോടും അനുബന്ധിച്ചുള്ള താലൂക്ക് / ജില്ല നിയമ സേവന അതോറിറ്റി (Legal Services Authority) യെ സമീപിച്ച് നിങ്ങളുടെ പ്രശ്നങ്ങൾ പറയാം.

വിവരാവകാശ നിയമം

അപകടകരമായ മരങ്ങൾ വെട്ടിമാറ്റാൻ ആവശ്യപ്പെട്ടുകൊണ്ട് 27.06.16ൽ ഞാൻ റവന്യു ഡിവിഷനൽ ഓഫിസർക്കു പരാതി കൊടുത്തിരുന്നു. അതിന്റെ ഒരു വിവരവും കിട്ടാത്തതുകൊണ്ട് 21.10.16ൽ വിവരാവകാശ നിയമപ്രകാരം പരാതി കൊടുത്തു. അതിന്റെ രസീതും കിട്ടി. അതിനു ശേഷവും അറിയിപ്പൊന്നും കിട്ടാത്തതിനാൽ 20.12.16ൽ വീണ്ടും ഒരു റജിസ്റ്റേർഡ് കത്ത് അയച്ചു. അതിനും മറുപടിയില്ല. ഇനി എന്താണ് ചെയ്യേണ്ടത്.

ഷീലാമ്മ, തൊടുപുഴ.

വിവരാവകാശ നിയമപ്രകാരം നിർദിഷ്ട സമയത്തിനകം വിവരം ലഭ്യമാക്കാതെ വീഴ്ച വരുത്തുന്നത് കുറ്റകരമാണ്. പിഴശിക്ഷ കൊടുക്കാം. നിങ്ങൾ, കാലാവധി തീർന്ന് 30 ദിവസത്തിനകം ആദ്യത്തെ അപ്പീൽ കൊടുക്കേണ്ടത് ഇൻഫർമേഷൻ ഓഫിസറെക്കാളും ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥൻ മുമ്പാകെയാണ്. രണ്ടാമത്തെ അപ്പീലാണ് കമ്മിഷൻ മുമ്പാകെ കൊടുക്കേണ്ടത്. എന്നാൽ വിവരം ഇതേവരെ ലഭ്യമായിട്ടില്ലെന്നു കാണിച്ച് കമ്മിഷൻ മുൻപാകെ പരാതി കൊടുക്കാം.

കമ്മിഷൻ മേൽവിലാസം: സംസ്ഥാന വിവരാവകാശ കമ്മിഷൻ, TC 26/298, പുന്നൻ റോഡ്, തിരുവനന്തപുരം 695 001.

ഫോൺ: 0471 23351990471 2335199 , 2320920, 2330920.

ഇക്കാര്യത്തിൽ ആർഡിഒ (റവന്യൂ ഡിവിഷനൽ ഓഫിസർ) യെ നേരിൽ കണ്ടു വിവരങ്ങൾ ധരിപ്പിക്കുകയാണ് കാലതാമസം ഒഴിവാക്കി പ്രശ്നം പരിഹരിക്കാനുള്ള പ്രായോഗികമാർഗം.

കർഷകർക്ക് പ്രതീക്ഷയേകാൻ ചുവപ്പൻ ഇഞ്ചി

 

ഇരട്ടി വിളവും കൂടുതൽ ഗുണമേന്മയുമായി ചുവപ്പൻ രുചിയോടെയുള്ള ചുവന്ന ഇഞ്ചി വയനാട്ടിലും എത്തി. നാടൻ ഇഞ്ചിമാത്രം കണ്ടു പരിചയമുള്ള കർഷകന് ചുരം കയറിയെത്തിയ ചുവന്ന ഇഞ്ചി 'ഒരു അദ്ഭുത’മാണ്. ഇഞ്ചിയിലെ വ്യത്യസ്ത ഇനമായ ഇന്തൊനീഷ്യൻ ചുവന്ന ഇഞ്ചിയാണ് കോട്ടയം പാമ്പാടി കണ്ടപ്പള്ളിൽ ചെറിയാന്റെ കൃഷിയിടത്തിൽ നിന്ന് കൃഷി ഭവനും ആത്മയും ചേർന്ന് വികസിപ്പിച്ചെടുത്ത് ടിഷ്യുകൾച്ചർ തൈകളാക്കിയത്.

ഈ ഇഞ്ചി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ നടവയലിലെ ഐക്കരയിൽ ബേബിച്ചൻ എത്തിച്ചിരിക്കുന്നത് ചെറിയാന് വിദേശത്ത് നിന്ന് വന്ന സുഹൃത്താണ് ചുവന്ന ഇഞ്ചി സമ്മാനിച്ചത്. ഇത് കൃഷി ചെയ്ത് വിപുലമാക്കിയാണ് വിത്ത് എടുത്തത്‌. സാധാരണ ഇഞ്ചിയെക്കാൾ ഇരട്ടിയിലധികം വിളവ് കൂടുതൽ ഔഷധമൂല്യം, ഗുണമേൻമ, എരിവ്, മണം.

എന്നിവയൊക്കെ ഈ ഇഞ്ചിക്കുണ്ടെന്നാണ് പറയുന്നത്. ഒരു ഗ്രോ ബാഗിൽ നിന്ന് തന്നെ നാലു കിലോയിലധികം വിളവ് ലഭിക്കും .ഒരു ചുവട്ടിൽ നിന്നു നാനൂറിലേറെ ചിനപ്പുകൾ വളരും എന്നതിനാൽ അകലത്തിൽ നടണം. എന്നുമാത്രം രോഗബാധകൾ ഇല്ലാത്തതിനാൽ കീടനാശിനികളുടെ ആവശ്യം ഇല്ല. രോഗങ്ങൾമൂലം ഇഞ്ചി കൃഷിയിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട കർഷകന് ചുവന്ന ഇഞ്ചി രക്ഷയാകുമെന്നാണ് പ്രതീക്ഷ.

മരങ്ങൾ ടാപ്പിങ്ങിനു മാർക്ക് ചെയ്യാം

വേനൽമഴ നന്നായി കിട്ടിയ സ്ഥലങ്ങളിൽ ടാപ്പിങ്ങിനു പാകമായ മരങ്ങൾ മാർക്ക് ചെയ്ത് ടാപ്പിങ് തുടങ്ങാം. മരങ്ങളിൽ നിയന്ത്രിതമായി മുറിവേൽപ്പിച്ച് ആദായമെടുക്കുന്നതാണ് ടാപ്പിങ്. അതുകൊണ്ട് ശരിയായ പരിശീലനം നേടിയവരെ മാത്രം ടാപ്പിങ്ങിനു നിയോഗിക്കണം. പുതിയ മരങ്ങളിൽ ടാപ്പിങ് തുടങ്ങുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ഒട്ടുബന്ധത്തിൽനിന്ന് 125 സെ.മീ. ഉയരത്തിൽ 50 സെ.മീ. എങ്കിലും വണ്ണമെത്തിയ മരങ്ങളിൽ മാത്രമേ ടാപ്പിങ് തുടങ്ങാവൂ. തോട്ടത്തിലെ 70 ശതമാനം മരങ്ങളെങ്കിലും മുകളിൽ പറഞ്ഞത്രയും വണ്ണമെത്തിയശേഷം ടാപ്പിങ് തുടങ്ങുന്നതാണ് നല്ലത്. കേരളത്തിലെ കാലാവസ്ഥയിൽ 6–7 വർഷംകൊണ്ട് മരങ്ങൾ ഇത്രയും വണ്ണമെത്താറുണ്ട്.

ടാപ്പിങ് തുടങ്ങാത്ത മരങ്ങളിൽ ചുറ്റുവണ്ണം ഒരു വർഷം ശരാശരി 7 സെ.മീ. വീതം കൂടുമ്പോൾ ടാപ്പിങ് തുടങ്ങിയ മരങ്ങളിൽ ഇത് രണ്ടു സെ.മീ. മാത്രമാണ്. അതുകൊണ്ട് വേണ്ടത്ര വണ്ണമെത്തിയ മരങ്ങളിൽ മാത്രം ടാപ്പിങ് തുടങ്ങുക. ടാപ്പിങ് തുടങ്ങിയാൽ മരങ്ങൾ കൂടുതൽ വേഗത്തിൽ വണ്ണംവയ്ക്കുമെന്നത് തെറ്റായ ധാരണയാണ്.

വണ്ണമെത്തിയ മരത്തിന്റെ ചുറ്റളവിനെ രണ്ടു തുല്യഭാഗങ്ങളാക്കി തിരിച്ചശേഷം അതിലൊരു ഭാഗത്ത് മുൻകാന 125 സെ.മീ. ഉയരത്തിൽ വരത്തക്കവിധം മാർക്ക് ചെയ്യണം. ടെംപ്ലേറ്റ് എന്ന ഉപകരണം ഉപയോഗിച്ച് 30 ഡിഗ്രി ചെരിവിലാണ് വെട്ടുചാൽ മാർക്ക് ചെയ്യേണ്ടത്. മരത്തിന് അഭിമുഖമായി നിൽക്കുമ്പോൾ ഇടതു മുകളിൽനിന്നു വലതു താഴേക്കാണ് ചെരിവു കൊടുക്കേണ്ടത്. ഒരു വർഷം വെട്ടിയിറങ്ങാൻ സാധ്യതയുള്ള അത്രയും ഭാഗത്ത് ടെംപ്ലേറ്റ് ഉപയോഗിച്ച് മാർഗരേഖകൾ അടയാളപ്പെടുത്തണം. ടാപ്പിങ് തുടരുമ്പോൾ വെട്ടുചാലിന്റെ ചെരിവ് കൃത്യമായി പാലിക്കുന്നതിന് ഈ മാർഗരേഖകൾ ഉപകരിക്കും.

ഇപ്പോൾ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഇനങ്ങൾ പൊതുവെ ഉയർന്ന വിളവു നല്‍കുന്നവയാണ്. ഇവ മൂന്നു ദിവസത്തിലൊരിക്കൽ മാത്രമേ ടാപ്പ് ചെയ്യാവൂ. ടാപ്പ് ചെയ്യുമ്പോൾ മുറിവിന്റെ ആഴം തണ്ണിപ്പട്ടയോട് ഒരു മി.മീറ്റർ അടുത്തുവരെയേ ആകാവൂ. ടാപ്പിങ്ങിന്റെ ആഴം കൂടിപ്പോയാൽ തണ്ണിപ്പട്ടയ്ക്കു മുറിവേറ്റ്, പുതുപ്പട്ടയുടെ വളർച്ചയെ ബാധിക്കും. ആഴം കുറഞ്ഞുപോയാൽ ആദായം കുറയുകയും ചെയ്യും. വെട്ടുചാലിന് ഉള്ളിലേക്ക് ചെറിയ ചെരിവ് കൊടുത്ത് ടാപ്പ് ചെയ്യുന്നത് പാൽ പുറത്തേക്ക് ഒഴുകാതിരിക്കാൻ സഹായിക്കും.

ടാപ്പിങ്ങിന്റെ ഇടവേളയനുസരിച്ച്, അരിയുന്ന പട്ടയുടെ കനം വ്യത്യാസപ്പെടുത്തണം. മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുമ്പോൾ 1.75 മില്ലിമീറ്ററും നാലു ദിവസത്തിലൊരിക്കലാണെങ്കിൽ രണ്ടു മില്ലിമീറ്ററും ആഴ്ചയിലൊരിക്കലാണെങ്കിൽ 2.5 മില്ലിമീറ്ററും കനത്തിൽ ടാപ്പ് ചെയ്യണം. റബർ ബോർഡ് ശുപാർശ ചെയ്തിരിക്കുന്ന രീതിയിൽ ഉത്തേജകമരുന്ന് പുരട്ടിയാൽ ആദായത്തിൽ കുറവു വരാതെതന്നെ ടാപ്പിങ്ങിന്റെ ഇടവേള കൂട്ടാൻ പറ്റും.

റബർ ബോർഡ് കോൾസെന്ററിൽ വിളിക്കാം. (ഫോൺ: 0481–25766220481–2576622 )

വിലാസം: ഫാം ഓഫിസർ, പബ്ലിസിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് ഡിവിഷൻ, റബർ ബോർഡ്, കോട്ടയം.

ഫോൺ: 94479 13108

മുതിരക്കൃഷിയിൽ ശ്രദ്ധിക്കുക

മുതിര, പയറുവിളകളിൽ പ്രധാനപ്പെട്ട ഒന്നാണ്. വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാൻ യോജിച്ച വിളയാണിത്. ദക്ഷിണേന്ത്യയിലാണ് മുതിരക്കൃഷി കൂടുതലായുള്ളത്. മുതിരയിൽ കുത്തനെയും പടർന്നു വളരുന്നതുമായ രണ്ട് ഇനങ്ങളാണ് ഉള്ളത്. മുതിര മനുഷ്യർക്കെന്നതുപോലെ കുതിരകൾക്കും കന്നുകാലികൾക്കും മികച്ച തീറ്റയാണ്. മുതിരച്ചെടികൾ പച്ചിലവളമായും ഉപയോഗിക്കാം. മുതിര പരിപ്പ് മൂത്രാശയരോഗശാന്തിക്ക് അത്യുത്തമമാണ്.

ക്ഷാരമണ്ണ് ഒഴിച്ച്‌ എല്ലാ മണ്ണിലും മുതിര കൃഷി ചെയ്യാം. കൃഷിയിറക്കേണ്ട സമയം ജൂലൈ മാസം. ഈ സമയം കൃഷിയിറക്കിയാൽ ഒക്ടോബർ–‍ഡിസംബർ മാസത്തോടെ വിളവെടുക്കാം. കേരളത്തിൽ മുണ്ടകൻ വിളയിൽ ഞാറ്റടിക്കുശേഷം അവിടെ മുതിരക്കൃഷി ചെയ്യുക സാധാരണയാണ്.

വേനലിനെ അതിജീവിക്കാനാകുന്ന മുതിരയുടെ കൃഷിയിൽ പ്രത്യേക ശ്രദ്ധ ആവശ്യമില്ല. നിലം ഒരുക്കി വിത്ത് വിതയ്ക്കാം. ഹെക്ടറിനു കാലിവളം 30 ടൺ, കുമ്മായം 500 കി.ഗ്രാം, റോക്ക്ഫോസ്ഫേറ്റ് 125 കി.ഗ്രാം എന്നിവയാണു വളം ചേർക്കലിനുള്ള ശുപാർശ.

ഉഴുന്നും ചെറുപയറും പിന്നെ മുതിരയും

വിതച്ചു നാലരമാസംകൊണ്ടു വിളവെടുക്കാം. ചെടി ചുവടെ പിഴുതെടുത്ത് കളങ്ങളിൽ നിരത്തി വടികൊണ്ടു തല്ലി വിത്തുകൾ കൊഴിച്ചെടുക്കാം.

കൃഷിയിറക്കാൻ വേണ്ട വിത്തിനു തൽക്കാലം അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരാം. സ്വാശ്രയസംഘങ്ങളുടെ നേതൃത്വത്തിൽ കൂട്ടായ്മയോടെ കൃഷിയിറക്കുന്നതായിരിക്കും ഇന്നത്തെ നിലയിൽ അഭികാമ്യം.

കൊക്കോകൃഷി ആദായകരം

കൊക്കോ ഒരു ഉഷ്ണമേഖലാ സസ്യമാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് ഇതിനോടകം അനേകം കൃഷിക്കാർ തങ്ങളുടെ കൃഷിയിലൂടെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണീ വസ്തുത. എഴുപതുകളിൽ കേരളത്തിൽ കൊക്കോകൃഷി വ്യാപകമായി ആരംഭിച്ചു. ആരംഭത്തിൽ നല്ല വില ലഭിച്ചിരുന്നതിനാൽ ധാരാളം പേർ ഈ കൃഷിയിൽ ആകൃഷ്ടരായെങ്കിലും പിന്നീടുണ്ടായ വിലയിടിവിൽ മിക്കവരും കൃഷി ഉപേക്ഷിച്ചു. കൃഷി തുടർന്നവർ ഇന്ന് നല്ല ലാഭം കൊയ്യുന്നു. തെങ്ങ്, കമുക് തോട്ടങ്ങളിൽ ഇടവിളയായി കൊക്കോ കൃഷി ചെയ്താൽ മൊത്ത ആദായം മെച്ചപ്പെടും. പ്രധാന വിളകളിൽനിന്നുമുള്ള വിളവു വർധനയും ഉറപ്പാണ്.

മെയ്, ജൂൺ മാസങ്ങളിൽ കൊക്കോ കൃഷിയാരംഭിക്കുക. ഇതിനായി നല്ല നടീൽവസ്തുക്കൾ വിശ്വസ്തമായ ഏജന്‍സികളിൽനിന്നും വാങ്ങണം. കേരള കാർഷിക സര്‍വകലാശാലയുടെ മണ്ണുത്തിയിലുള്ള വിൽപന കേന്ദ്രത്തിൽനിന്നും തൈകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതാതിടങ്ങളിലെ കൃഷിഭവനുകളുമായി കൂടി ബന്ധപ്പെടുക.

കടപ്പാട്- മനോരമ ഓണ്‍ലൈന്‍.കോം

You'll need Skype CreditFree via Skype

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate