অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സുഗന്ധം പരത്തുന്ന ഏലം കൃഷി

സുഗന്ധം പരത്തുന്ന ഏലം കൃഷി

സുഗന്ധം പരത്തുന്ന ഏലം കൃഷി

കൃത്യമായ പരിചരണത്തിലൂടെ മാത്രമെ ഏലത്തില്‍ നിന്ന് മികച്ച വരുമാനം നേടുവാന്‍ സാധിക്കു.സുഗന്ധവൃഞ്ജനം എന്നതിനപ്പുറം നല്ല ഒരു ഔഷധം കൂടിയാണ് ഏലം.

ഒരു കുഞ്ഞിനെപ്പോലെ വേണം ഏലം സംരക്ഷിക്കാന്‍. എല്ലാ ദിവസവും തോട്ടത്തിലെത്തി പരിചരണം നടത്തണം. കൃത്യമായ പരിചരണത്തിലൂടെ മാത്രമെ ഏലത്തില്‍ നിന്ന് മികച്ച വരുമാനം നേടുവാന്‍ സാധിക്കൂ.

ഇഞ്ചി കുടുംബത്തില്‍ പെട്ട ഏലം കേരളത്തിലും അസമിലുമാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്. തണലും ഈര്‍പ്പമുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങളാണ് ഏലം കൃഷി ചെയ്യാന്‍ ഉത്തമം.

സുഗന്ധവ്യഞ്ജനം എന്നതിനപ്പുറം നല്ല ഒരു ഔഷധം കൂടിയാണ് ഏലം. പനി, വാതം, പിത്തം, കഫം തുടങ്ങിയ രോഗങ്ങള്‍ക്ക് ഏലം ഫലപ്രധമാണ്.

ഏലം കൃഷിക്ക് തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികച്ച വിളവ് തരുന്ന ഇനങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. മലാബാര്‍, മൈസൂര്‍, വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് കേരളത്തില്‍ കൃഷി ചെയ്തുവരുന്നത്.

മലബാര്‍ ഇനം സമുദ്രനിരപ്പില്‍ നിന്ന് 600 മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തില്‍ കൃഷി ചെയ്യാവുന്നതാണ്. മൈസൂര്‍, വഴുക്ക എന്നിവ സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തിലാണ് കൃഷി ചെയ്യുന്നത്.

കൃഷി സ്ഥലത്ത് തണല്‍ കൂടുന്നതും കുറയുന്നതും ഏലത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ തണല്‍ ആവശ്യത്തിന് മാത്രം നല്‍കിയാല്‍ മതിയാവും. മണ്ണിളക്കി ഒരുക്കിയ തോട്ടങ്ങളില്‍ മഴയ്ക്കുമുമ്പായി 90 സെന്റിമീറ്റര്‍ നീളത്തിലും 90 സെന്റിമീറ്റര്‍ വീതിയിലും 45 സെന്റിമീറ്റര്‍ ആഴത്തിലും കുഴികള്‍ എടുത്തു വേണം തൈകള്‍ നടുവാന്‍.

കുഴിയില്‍ നിന്ന് എടുത്ത മേല്‍മണ്ണ് മുന്നിലൊരു ഭാഗം ബാക്കി ജൈവവളങ്ങളും കൂട്ടിക്കലര്‍ത്തി മണ്ണും ചേര്‍ത്ത് നിറച്ച തൈകള്‍ നടാവുന്നതാണ്. മഴ കുറഞ്ഞ സ്ഥലങ്ങളില്‍ 65 സെന്റിമീറ്റര്‍ വീതിയിലും 30 സെന്റീമീറ്റര്‍ താഴ്ചയിലും ചാലുകള്‍ നിര്‍മ്മിച്ച് 2 മീറ്റര്‍ അകലത്തില്‍ വേണം തൈകള്‍ നടാന്‍.

കൃത്യമായ ജലസേചനം ഏലം കൃഷിക്ക് അത്യാവശ്യമായ ഒന്നാണ്. വേനല്‍ക്കാലത്ത് കൃത്യമായ വളം നല്‍കിയാല്‍ ഏലത്തില്‍ നിന്ന് കൂടുതല്‍ വിളവ് ലഭിക്കും.

ഏലം ചെടികളുടെ സംരക്ഷണത്തിനായി ഉണങ്ങിയ ഇലകള്‍, ഉണങ്ങിയ വേരുകള്‍ എന്നിവ കൃത്യസമയത്ത് നീക്കം ചെയ്യണം. അവസാനത്തെ വിളവെടുപ്പ് കാലത്താണ് ഇത്തരത്തില്‍ ചെയ്യുന്നത്.

വളപ്രയോഗം ഏലത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. രാസവളം നല്‍കുമ്പോള്‍ മണ്ണ് പരിശോധന നടത്തിയ ശേഷം മാത്രമേ നല്‍കാവു. ഏലത്തിന് എറ്റവും മികച്ച വളം ജൈവ വളമാണ്. ചെടിക്ക് 2 കിലോ വേപ്പിന്‍ പിണ്ണാക്കോ അല്ലെങ്കില്‍ കോഴിക്കാഷ്ടമോ കാലി വളമോ നല്‍കാവുന്നതാണ്. കൂടാതെ യൂറിയ, പൊട്ടാഷ് എന്നിവയും നല്‍കാം.

ഏലത്തെ ബാധിക്കുന്ന പ്രധന കീടങ്ങളാണ് ഏലപ്പേന്‍, കായ്തുരപ്പന്‍, വെള്ളീച്ച, കമ്പിളിപുഴുക്കള്‍ എന്നിവ. ഇവ പ്രധാനമായും കായ്കള്‍, ഇല, തണ്ട് എന്നിവയെയാണ് ആക്രമിക്കുന്നത്.

ഏലത്തിന്റെ വിളവെടുപ്പ് വര്‍ഷത്തില്‍ രണ്ട് തവണ നടത്താം. പാകത്തിന് വിളഞ്ഞതും അധികം പഴുക്കാത്തതുമായ ഏലക്കായ്കളാണ് വിളവ്

ഫെയര്‍ട്രേഡിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം പ്രചരിപ്പിച്ച് മാസ്സ്

ജൈവ, ഫെയര്‍ട്രേഡ് കാര്‍ഷിക രംഗത്തും ഭക്ഷോത്പാദന രംഗത്തുമാണ് മാസ്സ് പ്രവര്‍ത്തിച്ചുവരുന്നത്. കര്‍ഷകര്‍ക്കിടയില്‍ ഫെയര്‍ ട്രേഡിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം പ്രചരിപ്പിക്കുകയാണ് മാസ്സ് ചെയ്തുവരുന്നത്.

പകലന്തിയോളം കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്ക്  ഒരു തുണയാണ് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണര്‍കാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (മസ്സ്). ജൈവ, ഫെയര്‍ട്രേഡ് കാര്‍ഷിക രംഗത്തും ഭക്ഷോത്പാദന രംഗത്തുമാണ് മാസ്സ് പ്രവര്‍ത്തിച്ചുവരുന്നത്. കര്‍ഷകര്‍ക്കിടയില്‍ ഫെയര്‍ ട്രേഡിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം പ്രചരിപ്പിക്കുകയാണ് മാസ്സ് ചെയ്തുവരുന്നത്.

കര്‍ഷകരുടെ സഹകരണ പ്രസ്ഥാനമായി 2001-ല്‍ രൂപംകൊണ്ട മാസ്സ് ചെറുകിട കര്‍ഷകരെ സഹായിക്കാനായാണ് ആരംഭിച്ചത്. ജൈവ കാര്‍ഷിക രീതി പ്രോത്സാഹിപ്പിക്കാനായി ഫെയര്‍ട്രേഡ് രംഗത്ത് ഒരു ദശാബ്ദത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സംഘടന ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് കാപ്പി കര്‍ഷകര്‍ക്ക,് മെച്ചപ്പെട്ട വിപണി വിലയും സുസ്ഥിരമായ ബിസിനസ് ബന്ധങ്ങളും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഭൂരിഭാഗം സ്ത്രീകള്‍ അംഗങ്ങളായുള്ള 17 ഗ്രൂപ്പുകളുടെ ശൃംഖല പ്ലാന്റ്‌റിച്ച് ആഗ്രിടെക്കിന്റെ സഹായത്തോടെയാണ് സ്ഥാപിക്കപ്പെട്ടത്. കാപ്പിക്ക് പുറമെ കൊക്കോ, കറുവപ്പട്ട, കുരുമുളക്, വെള്ള കുരുമുളക്, വാനില, ഏലം, ഗ്രാമ്പു, ജാതിക്ക, ഇഞ്ചി, മഞ്ഞള്‍, നാളികേരം, പൈനാപ്പിള്‍ എന്നീ 12 ഫെയര്‍ട്രെയ്ഡ് സര്‍ട്ടിഫൈഡ് ഉത്പന്നങ്ങളും മാസ്സിലെ അംഗങ്ങള്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാനും സുഗന്ധവ്യഞ്ജനം, കാപ്പി, കൊക്കോ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഫെയര്‍ട്രേഡ് വഴി യൂറോപ്പിലേക്ക് കയറ്റിയയക്കുവാന്‍ 5000-ത്തിലേറെ കര്‍ഷകരെ പ്രാപ്തരാക്കുന്നതില്‍ മാസ്സ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മാസ്സിന് കീഴില്‍ 3100 ഹെക്ടര്‍ സ്ഥലത്ത് കൃഷി നടക്കുന്നുണ്ട് പൂര്‍ണ്ണമായും ജൈവ കൃഷിയാണ് നടത്തുന്നത്. ഇവിടങ്ങളില്‍ നിന്നും പ്രതിവര്‍ഷം 4000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളും 6500 ടണ്‍ കൊക്കോയും 2600 ടണ്‍ കാപ്പിയും 1870 ടണ്‍ പഴങ്ങളും ഉത്പാദിപ്പിക്കുന്നു. ജൈവ കാര്‍ഷികരംഗത്ത് മാസ്സ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പിന്തുണയും ലഭിക്കുന്നുണ്ട്.

കാര്‍ഷിക സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന മാസ്സ് അംഗങ്ങളായ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. ഒപ്പം കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്തുന്നതിന് കര്‍ഷകര്‍ക്ക് വേണ്ട എല്ല സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതില്‍ മാസ്സ് മുന്നിലാണ്. സ്വന്തമായി കാപ്പി, കൊക്കോ ഉല്‍പാദന യൂണിറ്റുകള്‍ നടത്തുന്ന മാസ്സ് ഉല്‍പന്നങ്ങളുടെ ഗുണ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേകം പരിശീലനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്നു.

മാസ്സിന്റെ പ്രസിഡന്റ് ബിജുമോന്‍ കൂര്യനാണ്. ഫെയര്‍ട്രേഡ് ആന്‍ഡ് ഓര്‍ഗാനിക് സര്‍ട്ടിഫൈഡ് സ്ഥാപനമായ പ്ലാന്റ്‌റിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ഫെയര്‍ട്രെയ്ഡ് ജൈവ ഭക്ഷ്യോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന അക്രെഡിറ്റഡ് സ്ഥാപനമാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറമെ മിഡില്‍ ഈസ്റ്റ്, ഇറ്റലി, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും പ്ലാന്റ്‌റിച്ച് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.  പ്രതിവര്‍ഷം 1110 ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്ലാന്റ്‌റിച്ച് ആഗ്രോടെക്കിന്റെ പ്രതിവര്‍ഷ വിറ്റുവരവ് 30 കോടി രൂപയാണ്.

ജൈവകൃഷിയുടെയും ഫെയര്‍ട്രേഡിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മാസ്സ് ഇടുക്കിയിലെ ഇടിഞ്ഞമലയില്‍ ഇന്റര്‍നാഷണല്‍ സസ്റ്റെയ്‌നബ്ള്‍ അക്കാദമി ഫോര്‍ ഫെയര്‍ട്രേഡ് ആന്‍ഡ് ഓര്‍ഗാനിക് ഫാര്‍മിംഗ് സ്ഥാപിക്കും. ഇന്ത്യയിലെയും വിദേശത്തെയും വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനും പരസ്പരം അറിവുകള്‍ പങ്കുവെയ്ക്കാനുമുള്ള കേന്ദ്രമായാണ് ഈ സ്ഥാപനം വിഭാവനം ചെയിതിരിക്കുന്നത്. കൂടാതെ കഫെ ഡി മോണ്ട് എന്ന പേരില്‍ മേല്‍ത്തരം കാപ്പി ലഭ്യമാക്കുന്ന കോഫി ഷോപ്പ് ശൃംഖലയും മാസ്സ് ആരംഭിക്കുന്നുണ്ട്. ഏറെ പ്രത്യേകതയും വ്യത്യസ്തവുമായ കഫെ ചെയ്ന്‍ അനുഭവമായിരിക്കും കഫെ ഡി മോണ്ട് നല്‍കുക. ജൈവ കാപ്പിയുടെ സ്വാദും മണവും ആസ്വദിക്കുന്നതോടൊപ്പം പരസ്പരം ആശയവിനിമയം നടത്താനും ഇടപഴകാനുമുള്ള അന്തരീക്ഷത്തിലൂടെ വ്യത്യസ്തമായ കോഫിഷോപ്പ് അനുഭവം പ്രദാനം ചെയ്യാന്‍ കഫെ ഡി മോണ്ട് ശ്രമിക്കുന്നത്.

മഴയുടെ മറയിലും കൃഷിയാവാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മഴക്കാലത്ത് കേരളത്തില്‍ പച്ചക്കറിക്കൃഷി കുറവാണ്. ഇതിന് പ്രതിവിധിയാണ് മഴമറ. തുടക്കത്തില്‍ തന്നെ ഒരുകാര്യം മനസ്സിലാക്കുക വാണിജ്യാടിസ്ഥാനത്തിനുള്ള കൃഷിക്ക് മഴമറ അനുയോജ്യമല്ല.

പേര് സൂചിപ്പിക്കുന്നതു പോലേതന്നെ ചെടികള്‍ക്കുള്ള കൂടയാണ് മഴമറ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മഴക്കാലത്ത് കേരളത്തില്‍ പച്ചക്കറിക്കൃഷി കുറവാണ്. ഇതിന് പ്രതിവിധിയാണ് മഴമറ. തുടക്കത്തില്‍ തന്നെ ഒരുകാര്യം മനസ്സിലാക്കുക വാണിജ്യാടിസ്ഥാനത്തിനുള്ള കൃഷിക്ക് മഴമറ അനിയോജ്യമല്ല. ചെറിയതോതിലും വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉണ്ടാക്കാനുമാണ് ഈ കൃഷിരീതി കൂടുതല്‍ ഗുണം ചെയ്യുക. മഴവെള്ളം ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ പോളി ഷീറ്റുകള്‍ മേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെ നടത്തുന്ന കൃഷിയാണ് മഴമറകൃഷി.

മഴമൂലമുള്ള പ്രതികൂല കാലാവസ്ഥയില്‍ നിന്ന് പച്ചക്കറികളെ സംരക്ഷിക്കുവാന്‍ ഇത് സഹായിക്കും. ഒരു സ്ട്രക്ചറും അതിനു മേല്‍ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേല്‍ക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങള്‍. ഗ്രീന്‍ ഹൗസുകളുമായി ഇവയ്ക്ക് നിര്‍മാണത്തില്‍ സാമ്യങ്ങളുണ്ട്. മഴമറയുടെ ചട്ടക്കുടിനായി മുള, കവുങ്ങ്, ഇരുമ്പ് പൈപ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോണ്‍ കനമുള്ള യുവി സ്‌റ്റെബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. മേല്‍ക്കൂര അര്‍ധവൃത്താകൃതിയിലോ ചെരിവുള്ള പന്തലാകൃതിയിലോ നിര്‍മിക്കാവുന്നതാണ്.

സൂക്ഷ്മ കൃഷി രീതിയില്‍ ഉപയോഗിക്കുന്ന തുള്ളിനനയും ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗവും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം തിരഞ്ഞെടുക്കുവാന്‍
2.തെക്കു വടക്ക് ദിശയാണ് മഴമറ നിര്‍മിക്കാന്‍ നല്ലത്.
3.ജലസേചന, ജലനിര്‍ഗമന സൗകര്യങ്ങള്‍ ഉറപ്പാക്കണം. 
4. മഴവെള്ളം എളുപ്പം ഒഴുകിപ്പോകാന്‍ ചെരിവുള്ള പന്തലാകൃതിയാണ് അനുയോജ്യം
5. ചട്ടക്കൂടിലെ കൂര്‍ത്ത ഭാഗങ്ങള്‍ ഷീറ്റില്‍ തട്ടി ഷീറ്റ് മുറിയാന്‍ ഇടയാകുമെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്. 
6. മുളക്കാലുകള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ പോകുന്ന ഭാഗത്ത് കരിഓയില്‍ പുരട്ടുകയോ അല്ലെങ്കില്‍ ഉപ്പിടുകയോ ചെയ്യാവുന്നതാണ്. 
7. കന്നുകാലികളുടെയോ മറ്റ് ജീവികളുടെയോ ശല്യം ഒഴിവാക്കാന്‍ മഴമറയ്ക്ക് ചുറ്റും

മറയുണ്ടാക്കുന്നത് നല്ലതാണ്. 
8. മഴമറയ്ക്കുള്ളില്‍ പൂര്‍ണ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്. 
9. ജലസേജനത്തിനും വളപ്രയോഗത്തിനുമുള്ള സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ ഉറപ്പാക്കെണ്ടതാണ്.

മഴമറയുടെ ഗുണങ്ങള്‍

1. ഉയര്‍ന്ന ഉല്‍പാദനം 
2. മഴയില്‍ നിന്നുംസംരക്ഷണം
3. പ്രതികൂല കാലവസ്ഥയിലും കൃഷിയോഗ്യമാക്കാം
4. വര്‍ഷം മുഴുവന്‍ ഉല്‍പാദനം ഉറപ്പാക്കാം
5. ഓഫ് സീസണിലും കൃഷി സാധ്യമാകുന്നു
6. വിപണന സാധ്യത മെച്ചപ്പെട്ടതാണ്
7. കൃഷി ചെലവ് കുറവാണ്
8. ജൈവകൃഷിക്കുള്ള സാധ്യത കൂടുതലാണ്

ഓരോ വീട്ടിലും ഒരു ചെറിയ മഴമറയുണ്ടെങ്കില്‍ ആ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്. കാപ്‌സിക്കം, മുളക്, വഴുതന, ചീര, വെള്ളരി, പടവലം, പാവല്‍, പയര്‍, കാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, ബീന്‍സ്, തക്കാളി എന്നിവയെല്ലാം കൃഷി ചെയ്യാം.

ആദായം നല്‍കുന്ന അലങ്കാരക്കോഴികള്‍

കൗതുകത്തിനപ്പുറം മികച്ച വരുമാന മാര്‍ഗം കൂടിയാണ് അലങ്കാരക്കോഴി വളര്‍ത്തല്‍. സമയവും താല്‍പര്യവും ഫലപ്രദമായി വിനിയോഗിച്ചാല്‍ ആര്‍ക്കും ഈ മേഖലയില്‍ നിന്ന് മികച്ച വരുമാനം സ്വന്തമാക്കാവുന്നതാണ്

അലങ്കാര പക്ഷികളെ കണ്ടാല്‍ നോക്കാത്തവരായി ആരുണ്ട്. വര്‍ണ്ണം വാരി വിതറിയ അവയുടെ അഴക് ആരെയും ആകര്‍ഷിക്കുന്നതാണ്. മക്കാവു തത്തയും ഫസന്റും മുതല്‍ കുഞ്ഞന്‍ ലൗ ബേര്‍ഡുകള്‍ വരെ നീളുന്നതാണ് അലങ്കാരപക്ഷികളുടെ പട്ടക. ഇക്കൂട്ടത്തില്‍ പ്രധാനികളാണ് അലങ്കാരക്കോഴികള്‍. വെറും കൗതുകത്തിനപ്പുറം മികച്ച വരുമാന മാര്‍ഗം കൂടിയാണ് അലങ്കാരക്കോഴി വളര്‍ത്തല്‍. സമയവും താല്‍പര്യവും ഫലപ്രദമായി വിനിയോഗിച്ചാല്‍ ആര്‍ക്കും ഈ മേഖലയില്‍ നിന്ന് മികച്ച വരുമാനം സ്വന്തമാക്കാവുന്നതാണ്. മറ്റ് കൃഷി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും പരീക്ഷിക്കാവുന്ന മേഖല കൂടിയാണ് അലങ്കാരക്കോഴി വളര്‍ത്തല്‍.

പോളിഷ്‌കേപ്പ്, ബാന്‍ഡം, ബ്രഹ്മ, ഫിനിക്സ്, അസീല്‍, സുല്‍ത്താന്‍, സെറാമ, മില്ലി ഫ്ളൂര്‍ എന്നിങ്ങനെ നീണ്ട നിര ഈ വിഭാഗത്തിലുണ്ട്. ഇവയില്‍ തന്നെ ഓരോ ഇനവും വ്യത്യസ്ത വര്‍ണങ്ങളില്‍ വിപണിയില്‍ ലഭ്യമാണ്. ഓരോ വിഭാഗത്തിനും അവരുടേതായ സവിശേഷതകളും സൗന്ദര്യവുമുണ്ട്. ചിലതിന് അങ്കവാലാണ് അഴക് നല്‍കുന്നതെങ്കില്‍ മറ്റൊന്നിന് ഷൂസിട്ടതുപോലെയുള്ള കാല്‍പാദവും ശരീരം നിറഞ്ഞു നില്‍ക്കുന്ന തൂവലുകളുമാണ് ഭംഗി നല്‍കുന്നത്.

ടെറസ്സിലും മുറ്റത്തുമായി തടിയും കമ്പിവലയും ഉപയോഗിച്ച് നിര്‍മിച്ച കൂടുകളില്‍ കോഴികളെ വളര്‍ത്താം. അലങ്കാരക്കോഴികള്‍ക്കായി കൂടൊരുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇവയുടെ കൂടുകളില്‍ നല്ല വായു സഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പുറത്തുവിടാതെ വളര്‍ത്തുന്നതിനാല്‍ ആവശ്യമായ സ്ഥലം ഉറപ്പാക്കിവേണം കൂടുകള്‍ നിര്‍മ്മിക്കാന്‍. ഒരു പൂവന്റെ കൂടെ മൂന്നോ നാലോ പിടകളെ ഒന്നിച്ചുവളര്‍ത്താം. ടെറസില്‍ വളര്‍ത്തുമ്പോള്‍ തട്ടുകളായും കൂടുകള്‍ നിര്‍മ്മിക്കാം. ഇത്തരത്തില്‍ നിര്‍മ്മിക്കുമ്പോള്‍ കാഷ്ടം ശേഖരിക്കാന്‍ സംവിധാനം ഒരുക്കണം. ഒപ്പം ഉയരത്തിലും ക്രമീകരണം വരുത്താന്‍ ശ്രദ്ധിക്കണം. മുറ്റമുള്ള വീട്ടുകാര്‍ക്ക് പുറത്തുവിട്ടും വളര്‍ത്താവുന്നതാണ്. എന്നാല്‍ വിവിധയിനങ്ങള്‍ തമ്മില്‍ ഇണചേര്‍ന്ന് വംശഗുണം നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്.

അലങ്കാരക്കോഴികളെ അടച്ചിട്ട് വളര്‍ത്തുന്നതിനാല്‍ പോഷകങ്ങള്‍ ശരിയായി ലഭിച്ചില്ലെന്ന് വരാം. ഇത് ഒഴിവാക്കാന്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന തീറ്റകള്‍ക്കൊപ്പം അരി, ഗോതമ്പ്, ചോറ് തുടങ്ങിയവ ചേര്‍ത്ത് നല്‍കാവുന്നതാണ്. ഒപ്പം ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. ശുദ്ധ ജലത്തോടൊപ്പം കാല്‍സ്യം, വിറ്റാമിന്‍ മിശ്രിതങ്ങളും നല്‍കാം. കൃത്യമായി വിരയിളക്കുകയും രോഗപ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുകയും ചെയ്യുന്നു. ഇതിനായി വെറ്ററിനറി ഡോക്ടറുടെ സഹായം തേടാം. തൂവലുകളുടെ നിറങ്ങള്‍ക്ക് വീര്യം കൂട്ടാനായി പുഴുങ്ങിയ കാരറ്റ്, മരക്കരി, ചുടുകട്ടപ്പൊടി എന്നിവ നല്‍കാവുന്നതാണ്.

അംഗലാവണ്യവും വര്‍ണഭംഗിയും നഷ്ടപ്പെടാത്തവിധത്തില്‍ പ്രജനനം ചെയ്ത് തലമുറകളെ സൃഷ്ടിക്കലാണ് അലങ്കാരക്കോഴി വളര്‍ത്തലില്‍ പ്രധാനം. അതിനാല്‍ വംശശുദ്ധി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രജനനത്തിന് ശുദ്ധ ജനുസുകളെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ആരോഗ്യവും സൗന്ദര്യവുമുള്ള ഇണകളുടെ മുട്ടകള്‍ വേണം വിരിയിക്കാനായി തിരഞ്ഞെടുക്കേണ്ടത്. നാടന്‍ കോഴികളെ അടക്കോഴികളായി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ മുട്ടകള്‍ ഒരേ സമയം വിരിയിപ്പിക്കേണ്ടി വരുമ്പോള്‍, ഇന്‍ക്യബേറ്റര്‍ ഉപയോഗിക്കാം. അലങ്കാരക്കോഴികളെ വളര്‍ത്തുന്നവര്‍ക്ക് പലപ്പോഴും വിപണി പ്രശ്നമാകാറില്ല.  ഇവയോട് താല്പര്യമുള്ളവര്‍ തേടി എത്തുന്ന പ്രവണതയുണ്ട്. ഇരുപത്തിയഞ്ചു മുതല്‍ 1,000 രൂപവരെ വില ലഭിക്കുന്ന ഇനങ്ങളുണ്ട്.

ചാഞ്ഞും ചെരിഞ്ഞും കൃഷി ചെയ്യാം

വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് നമുക്ക് എവിടെയും ചെയ്യാം. സ്ഥലം ആവശ്യമില്ലാത്ത ഈ കൃഷി രീതി ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വരെ പരീക്ഷിക്കാവുന്നതാണ്.

വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് നമുക്ക് എവിടെയും ചെയ്യാം. സ്ഥലം ആവശ്യമില്ലാത്ത ഈ കൃഷി രീതി ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വരെ പരീക്ഷിക്കാവുന്നതാണ്. സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ കുത്തനെയായി കൃഷി ചെയ്യാം. ഇത്തരത്തില്‍ ചുവരില്‍ ഒരുക്കുന്ന കൃഷിയിടത്തില്‍ ചീര, വെണ്ട, കുറ്റിപ്പയര്‍, പൂക്കളുമൊക്കെ കൃഷി ചെയ്യാന്‍ കഴിയും.

ആധുനിക കെട്ടിക നിര്‍മാണ സാങ്കേതിക വിദ്യയോട് ചേര്‍ന്നു നില്‍ക്കുന്ന കൃഷി രീതിയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്. കുത്തനെ ഉയരത്തില്‍ ചെടികള്‍ തട്ടുതട്ടായി വളര്‍ത്തുന്ന രീതിയാണ് ഇതില്‍ ചെയ്യുന്നത്. ഇങ്ങനെ സ്ഥല പരിമിതി മറികടക്കുവാന്‍ കഴിയുന്ന നവീന കാര്‍ഷിക സാങ്കേതിക വിദ്യയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്. നഗരത്തില്‍ ഹരിത ജീവിതശൈലി ഉരുക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡര്‍ പുതിയ ആശയമാണ്. വീടിനുള്ളള്‍ ഇത് ശുദ്ധവായുവിന്റെ ലഭ്യത കൂട്ടും.

ഭിത്തിയിലോ, വേലിയിലോ, മട്ടുപ്പാവിലോ എവിടെ വേണെങ്കിലും ഇത്തരത്തില്‍ ഗാര്‍ഡന്‍ ഒരുക്കാന്‍ കഴിയും. വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ നിര്‍മിക്കാനുള്ള ഫ്രെയിം മൊഡ്യൂളുകള്‍ വാങ്ങുവാന്‍ ലഭിക്കുന്നതാണ്. ഇവ ഭിത്തിയിൽ സ്‌ക്രൂ ചെയ്ത് ഉറപ്പിച്ച് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മിക്കാം. ഇതില്‍ ചെടികള്‍ നടുന്നതിനുള്ള കപ്പുകള്‍ ഉണ്ടായിരിക്കും. ഇതില്‍ ചെടികള്‍ വളര്‍ത്താന്‍ കഴിയും. കപ്പില്‍ ചകിരിച്ചോര്‍, പെര്‍മിക്കുളേറ്റ്, പെര്‍ലൈറ്റ് എന്നിവ കലര്‍ത്തിയെടുത്ത മിശ്രതത്തില്‍ വേണം ചെടികള്‍ നടാന്‍. പി വി സി പൈപ്പില്‍ ദ്വാരങ്ങള്‍ ഇട്ടശേഷം മണ്ണ് നിറച്ച് ചെടികള്‍ കുത്തനെയായി വളര്‍ത്തിയാല്‍ ചിലവ് കുറഞ്ഞ രീതിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് വീട്ടില്‍ പരിക്ഷിക്കാവുന്നതാണ്.

ഹൈഡ്രോപോണിക് സംവിധാനത്തിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ ചെടികള്‍ വളര്‍ത്താം. ചട്ടക്കൂടിനൊപ്പം ഡ്രീപ് സംവിധാനം ഉപയോഗിച്ച് ചെടികള്‍ക്ക് വെള്ളം നല്‍കുന്ന രീതിയാണ് ഇതില്‍ നല്ലത്. എല്ലാത്തരം ചെടികളും ഈ കൃഷി രീതിയില്‍ വളര്‍ത്താന്‍ കഴിയില്ല. മുകളിലേക്ക് വളരുന്ന ചെടികളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ കൃഷി ചെയ്യാന്‍ പറ്റിയവ. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തയ്യാറാക്കുന്നതിന് മുമ്പ് കെട്ടിടത്തിന് അകത്തും പുറത്തുമുള്ള സൂര്യപ്രകാശത്തിന്റെ ലഭ്യതയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. ഇലക്കറികളാണ് ഇത്തരത്തില്‍ കൃഷി ചെയ്യുന്നത് എങ്കില്‍ ആവശ്യത്തിന് ജൈവവളം നല്‍കണം. ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ ആദ്യകാലത്ത് വളര്‍ച്ചയ്ക്ക് രാസവളം നല്‍കുന്നത് നല്ലതാണ്. വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ നല്‍കുന്നതാണ് നല്ലത്. കെട്ടിടങ്ങള്‍ക്കും നഗരങ്ങള്‍ക്കും ഹരിത സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഈ കൃഷിരീതി സഹായിക്കും.

പയര്‍കൃഷിയും പരിചരണവും

എല്ലാകാലത്തും കൃഷിചെയ്യാവുന്ന ഇനമാണെങ്കിലും വേഗം കീടരോഗബാധയേല്‍ക്കുന്ന വിളയായതിനാലാണ് പയറിന്റെ ലഭ്യതയില്‍ കുറവുണ്ടാകുന്നത്. വിലകൂടുന്നതിനും കാരണമതാണ്. വിറ്റാമിന്റെ കലവറയാണ് പയര്‍.

ലയാളിക്ക്  ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് പയര്‍. ആഘോഷാവസരങ്ങളില്‍ പ്രത്യേകിച്ചും വന്‍വില വരുന്ന ഒരിനമാണിത്. ഓണം, വിഷു, ആഘോഷവേളകളില്‍ 100-150വരെയാകും പയറിന്റെ വില. എല്ലാകാലത്തും കൃഷി ചെയ്യാവുന്ന ഇനമാണെങ്കിലും വേഗം കീടരോഗബാധയേല്‍ക്കുന്ന വിളയായതാണ് പയറിന്റെ ലഭ്യതകുറവും വിലകൂടുതലിനും കാരണം. വിറ്റാമിന്റെ കലവറയാണ് പയര്‍. വന്‍പയര്‍ ധാന്യരൂപത്തിലും അതിന്റെ തോല് കളയാതെ പച്ചക്കറിരൂപത്തിലും നാം ഉപയേഗിക്കുന്നു.

അന്നജം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍ എ,ബി,സി എന്നിവയും പയറിലടങ്ങിയിരിക്കുന്നു. വിത്ത് രൂപത്തിലുപയോഗിക്കുന്ന വന്‍പയറില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുന്ന ആന്റി ഓക്‌സിഡന്റുകള്‍ പയറില്‍ ധാരാളമുണ്ട്. അന്താരാഷ്ട്ര പയര്‍വര്‍ഷമായി ഈ വര്‍ഷം ആചരിക്കുമ്പോള്‍ പയറിന്റെ ജൈവകൃഷിരീതിയെപ്പറ്റി പഠിക്കാം. ജൈവരീതിയില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ പയര്‍ രോഗത്തിനും കീടത്തിനും അതിവേഗം അടിമപ്പെടുന്നു. മിനക്കെടുന്നതിനനുസൃതമായ രീതിയില്‍ ഫലം നമുക്ക് ലഭിക്കുന്നില്ല. ചിട്ടിയോടെ ജൈവ രീതിയില്‍ ജീവാണുവളങ്ങളും ജീവാണു കീടനാശിനിയും ജൈവ കീടനാശിനിയും ഉപയോഗിച്ച് പരിപാലിച്ചാല്‍ പയര്‍കൃഷി മികച്ചതാക്കാം.

പച്ചക്കറിയായി നാം ഉപയോഗിച്ചുവരുന്ന പയറിനങ്ങള്‍ രണ്ടുതരമാണ്. കുറ്റിപ്പയറും വള്ളി പയറും. കേരളത്തിലെ കാലാവസ്ഥയില്‍ എല്ലായിപ്പോഴും കൃഷിചെയ്യാന്‍ പറ്റിയ വിളയാണ് പയര്‍.വിഗ്‌ന ജനുസ്സില്‍പ്പെട്ട ഫാബെയ്‌സീ കുടുംബക്കാരനാണ് പയര്‍. വിഗ്‌ന അംഗ്വിക്കുലേറ്റസെസ്‌ക്യൂപെഡാലിസ് ആണ് പയറിന്റെ ശാസ്ത്രീയ നാമം. സാധാരണയായി മൂന്ന്തരത്തിലാണ് പയര്‍ കാണാറ്. വന്‍പയര്‍ വിത്ത് ധാന്യനിര്‍മാണത്തിന് കൃഷി ചെയ്യുന്നയിനം പച്ചക്കറിയാവശ്യത്ത് കൃഷിചെയ്യുന്നയിനം ഇത് രണ്ടിനും ഒരുപോലെ ഉപയോഗിക്കുന്നയിനം എന്നിവയാണിത്.  പച്ചക്കറി രൂപത്തില്‍ ഉപയേഗിക്കുന്നവ കുറ്റിപ്പയര്‍ രൂപത്തിലും വള്ളിപ്പയര്‍രൂപത്തിലും വരുന്നു. ഗോമതി, ഭാഗ്യലക്ഷ്മി, പൂസബര്‍സാത്തി, പൂസകോമള്‍,അനശ്വര എന്നിവയാണ് പ്രധാന കുറ്റിപ്പയര്‍ ഇനങ്ങള്‍. കൈരളി, വരുണ്‍, അനശ്വര, കനകമണി (പി.ടി.ബി), അര്‍ക്ക ഗരിമ എന്നിവ കുറഞ്ഞതോതില്‍ പടരുന്ന സ്വഭാവമുള്ള പച്ചക്കറിയനങ്ങളാണ്.

ശാരിക, മാലിക, കെ.എം.വി, ലോല, വൈജയന്തി, മഞ്ചേരിലോക്കല്‍, വയത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍, മാല, കൈരളി, ഫിലിപ്പെന്‍സ്, കെ.എം.എ1, ശുദ്ര, എന്നിവയാണ് സാമാന്യം നന്നായി പടരുന്ന വള്ളിയിനങ്ങള്‍. അനശ്വരയുടെ മണികള്‍ക്ക് ക്രീം നിറമാണ്. ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ് ഗോമതിയുടെ വിത്തിന്. മാല, ലോല, ശാരിക, വയനാടന്‍ പയര്‍ എന്നിവയുടെ മണികള്‍ കറുപ്പ് രാശിയിലാണ്.  വന്‍പയര്‍ ധാന്യരീതിയില്‍ ഉപയോഗിക്കുന്നതിന് കൃഷി ചെയ്യുന്ന പയര്‍ ഇനങ്ങള്‍ സി152, എസ് 488, പൂസ ഫര്‍ഗുനി, പൂസദോഫസിലി, കൃഷ്ണമണി വി240, അംബ, സി.ഒ.3, പൗര്‍ണമി, ജിസി.827, എന്നിവയാണ്. കനകമണി (പി.ടി.ബി.1), സൂഈറ എന്നിവ പച്ചക്കറിക്കും വന്‍പയര്‍ ഉത്പാദനത്തിനും കൃഷി ചെയ്തുവരുന്നു.

കൃഷിക്കാലം

കേരളത്തില്ലെല്ലാകാലത്തും കൃഷി ചെയ്യാന്‍ പറ്റുന്ന വിളയാണ് പയര്‍. ഒന്നാം വിളക്കും രണ്ടാംവിളക്കുംശേഷം ഇടവിളയായി നെല്‍പാടത്തും റാബികാലത്തും വേനല്‍കാലത്തും തനി വിളയായും പറയര്‍കൃഷി ചെയ്യാവുന്നതാണ്. വീട്ടുവളപ്പുകളില്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് എല്ലാ കാലാവസ്ഥയിലും പയര്‍ വളര്‍ത്താം. വേനല്‍കാലത്ത് ജലത്തിന്റെ കുറവിനാല്‍ നെല്‍കൃഷി ചെയ്യാന്‍ സാധിക്കാത്ത നെല്‍വയലുകളില്‍ സാധാരണയായി നാം പയര്‍കൃഷി ചെയ്തുവരുന്നു.

കൂടാതെ മഴക്കാലത്ത് ജൂണ്‍ രണ്ടാം ആഴ്ചയിലാണ് വിത്തിടേണ്ടത്. കൂടാതെ റാബി വിളകാലത്ത് സപ്ംബര്‍മുതല്‍ ഡിസംബര്‍വരെ പാടത്തിന്റെ വരമ്പുകളില്‍ ഒരു അതിരുവിളയായി പയര്‍ വളര്‍ത്താം. ഞാറ് പറിഞ്ചു നടുന്നയവസരത്തില്‍തന്നെ വിത്ത് പാകിയാല്‍ മഴക്കാലത്തിന് മുമ്പേ രണ്ട്തവണ നമുക്ക് മാറി മാറി ജൈവ രീതിയില്‍ പയര്‍ വിളയിച്ചെടുക്കാം. വേനല്‍കാലത്ത് പാടങ്ങള്‍ തരിശിടുമ്പോള്‍ ജനവരി, ഫിബ്രവരി മാസങ്ങളില്‍ പയര്‍ കൃഷി ചെയ്യാം. പതിനെട്ടുമണിയന്‍ പയര്‍, കഞ്ഞിക്കുഴി പയര്‍ എന്നിവ മകിച്ച വേനല്‍ക്കാല വിളയിനങ്ങളാണ്. പുരയിടങ്ങളില്‍ തെങ്ങിന്‍തോപ്പുകളിലെ അടിത്തട്ട് വിളയായി പയര്‍ കൃഷി ചെയ്യാം. മരച്ചീനിതോട്ടങ്ങളിലെ ചങ്ങാതി വിളയായും പറയര്‍ വിളയിച്ചുവരുന്നുണ്ട്. ഇതിന് വി.26 എന്നവിത്താണ് ഉപയോഗിക്കാറ്. തെങ്ങിന് തോപ്പുകളില്‍ ഗുജറാത്ത് വി 118, കെ.പി.2 എന്നിവയാണ് സാധാരണയായി ഉപയോഗിക്കാറ്.


വിത്തിന്റെയളവ്

മലയാളി സാധാരണയായി പച്ചക്കറിക്കായി വളര്‍ത്താറ് കുരുത്തോലപ്പയര്‍, മീറ്റര്‍ പയര്‍ എന്നിങ്ങനെ വിളിക്കപ്പെടുന്നയിനങ്ങളെയാണ്. ഒരു സെന്റിലേക്ക് 30ഗ്രാം വിത്ത് മതിയാകും. എന്നാല്‍ കുറ്റിപ്പയര്‍ ഇനങ്ങള്‍ക്ക് 100-120ഗ്രാം വേണം ഒരു സെന്റിലേക്ക്. പടരുന്നയിനങ്ങളായ സങ്കരവര്‍ഗങ്ങള്‍ ഒരു സെന്റിന് 30-40ഗ്രാം മതിയാകും. കൃഷ്ണമണിയിനമാണെങ്കില്‍ സെന്റിന് 40ഗ്രാം ആവശ്യമായിവരും.

മണ്ണൊരുക്കലും തടമെടുക്കലും

മണ്ണ് നന്നായി കട്ടയുടച്ച് പൊടിയാക്കിമാറ്റി വെയിലത്ത് ഉണക്കണം. അമ്ലരസം കൂടിയ മണ്ണാണെങ്കില്‍ അതിലേക്ക് സെന്റിന് അഞ്ച്കിലോയെന്ന കണക്കില്‍ കുമ്മായം ചേര്‍ത്തിളക്കണം. ഇത് വിത്ത് നടുന്നതിന് പത്ത്ദിവസമെങ്കിലും മുമ്പോ ചെയ്യണം. സെന്റിന് 80-100കിലോ കാലിവളം അല്ലെങ്കില്‍ 50-70കിലോ കോഴിവളം എന്നിവചേര്‍ത്ത് മണ്ണിളക്കാം. അതിലേക്ക് വിത്ത് നടുന്നതിന് രണ്ടുദിവസംമുമ്പ് അഞ്ച്കിലോ വേപ്പിന്‍ പിണ്ണാക്ക്‌പൊടി, രണ്ട്കിലോ സ്യൂഡോമോണസ് എന്നിവചേര്‍ത്തിളക്കി നടാം. നീളത്തിലോ വട്ടത്തിലോ തടമെടുക്കാം. കുറ്റിപ്പയര്‍ ഇനങ്ങള്‍ക്ക് നീളത്തില്‍ രണ്ടടി വീതിയില്‍ ഒരടി ഉയരത്തില്‍ തടമെടുക്കുന്നതാണ് നല്ലത്.

ഇരു തടങ്ങള്‍ക്കും ഇടയില്‍ രണ്ടടി വീതിയില്‍ ഒഴിവിടണം. വള്ളികള്‍ പടര്‍ത്താനും പയര്‍ പറിക്കാനാവശ്യമായ വിടവായിരിക്കണമിത്. വട്ടത്തിലാണ് തടമെടുക്കുന്നതെങ്കില്‍ തടങ്ങള്‍തമ്മില്‍ 2ഃ2 അടിയെങ്കിലും അകലം വേണം. ഓരോ തടത്തിലും കരുത്തുള്ള മൂന്ന് നാല് തൈകള്‍ നിര്‍ത്താം. പന്തല്‍ ആവശ്യമില്ലാത്ത അധികം പടരാത്തയിനമായ കനകമണിക്ക് തടങ്ങള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലംവേണം. കമ്പുകള്‍കുത്തി പടര്‍ത്തുന്നയിനങ്ങളായ ശാരിക, വരുണ്‍ എന്നിവയ്ക്ക് ഒന്നരമീറ്റര്‍ അകലം വേണം. തടങ്ങള്‍ തമ്മില്‍ ഇളം പച്ചനിറവും അറ്റത്ത് ചുവന്ന നിറവുമുള്ള കെ.എം.വി.1ന് 1ഃ1 മീറ്റര്‍ അകലമാണ് തടത്തിന് വേണ്ടത്. തടങ്ങള്‍ കുഴിയായും എടുത്ത് വിത്തിടാം. അരമീറ്റര്‍ ചകലത്തില്‍ 25 സെ.മി. അളവില്‍ ചാലുകളെടുത്ത് ജൈവ വളവും കുമ്മായവും കൂട്ടിക്കലര്‍ത്തി തയ്യാറാക്കിയതിലാണ് വിത്ത് നടേണ്ടത്. ഒരു തടത്തിന് മൂന്ന് വിത്ത് നടാം.

വിത്ത് പരിചരണം

ജൈവകൃഷിയില്‍ ജീവാണു വളങ്ങളെയും ജീവാണു കീടനാശിനികളെയും  ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മികച്ച വിളവും മികച്ച പ്രതിരോധശേഷയുമുള്ള സസ്യങ്ങളെയും ലഭിക്കാന്‍ കൃഷിയിടങ്ങള്‍ക്കായത്. സൂക്ഷ്മാണ വളങ്ങളില്‍ പയറിന് തോഴനാവുന്നത് റൈസോബിയമെന്ന സൂക്ഷ്മാണുവാണ്. മണ്ണില്‍തന്നെ അധിവസിക്കുന്ന ഒരിനം ബാക്ടീരിയയാണിത്. പയര്‍ വര്‍ഗത്തില്‍പ്പെട്ട ചെടികളുടെ വേരിനുള്ളില്‍ മുഴകളുടെ രൂപത്തില്‍ വളര്‍ന്ന് മണ്ണിലടങ്ങിയിരിക്കുന്ന നൈട്രജനെ ചെടിക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കുകയാണ് റൈസോബിയത്തിന്റെ പ്രവൃത്തി. നൈട്രജന്‍ മണ്ണിലനവധിയുണ്ടെങ്കിലും അതിനെ ചെടികള്‍ക്ക് ഉപയുക്തമാകുന്ന രീതിയില്‍ പരിവര്‍ത്തിപ്പിക്കണം.

ജീവാണുവിന് വസിക്കാനൊരിടം പയറിന്റെ വേരുകള്‍ നല്‍കുമ്പോള്‍ പകരം നൈട്രജന്‍ ചെടിയ്ക്ക് ശേഖരിക്കുന്നു റൈസോബിയം. ഒരു ഹെക്ടര്‍ സ്ഥലത്ത് 40 കിലോയ്ക്കുമേല്‍ നൈട്രജന്‍ ചേര്‍ക്കാന്‍ റൈസോബിയം സഹായിക്കുന്നു. പയര്‍ വിത്തുകള്‍ റൈസോബിയം പുരട്ടിയാണ് നടേണ്ടത്. വിത്തുകള്‍ ആദ്യംതന്നെ അല്‍പം വെള്ളമോ കഞ്ഞിവെള്ളമോ ചേര്‍ത്ത് റൈസോബിയം കള്‍ച്ചറുമായി എല്ലാഭാഗത്തും നല്ലവണ്ണം കൂട്ടിയോജിപ്പിക്കണം. ഇത് ചേര്‍ക്കുമ്പോള്‍ വിത്തിന്റെ ആവരണത്തിന് കേടുപറ്റാതെ നോക്കണം. ഇങ്ങനെ റൈസോബിയം കള്‍ച്ചറുമായി ചേര്‍ത്ത വിത്തുകള്‍ വൃത്തിയുള്ള കടലാസിലോ, ചാക്കിലോ ഇട്ട് തണലത്തുണക്കിയ ഉടന്‍തന്നെ വിതക്കണം. രാസവളങ്ങളോ രാസകീടനാശിനികളുമായോ യാതൊരു സമ്പര്‍ക്കവും റൈാസോബിയംകള്‍ച്ചള്‍ ചേര്‍ത്ത വിത്തുകള്‍ക്കുണ്ടാകരുത്. കള്‍ച്ചര്‍ ഉപയേിഗിക്കുമ്പോള്‍ അതിന്റെ പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന പേരും അതിന്റെ കാലാവധിയും ശ്രദ്ധിക്കണം.

ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250-400ഗ്രാംവരെ കള്‍ച്ചര്‍ മതിയാകും. വിത്തുകള്‍ അതിന്റെ വലിപ്പത്തിന്റെ ഒന്നരയിരട്ടി ആഴത്തിലേക്ക് ഊന്നിയിടേണ്ടത്. ഫോസ്ഫറസ് ലായക സൂക്ഷ്മാണു വളങ്ങള്‍ ഒരുഗ്രാം ഒരു ചെടിക്കെന്നതോതില്‍ ചേര്‍ത്ത് കൊടുക്കുന്നത് ഫോസ്ഫറസിന്റെ ലഭ്യത കൂട്ടാന്‍ സഹായിക്കും. ഒരു സെന്റിന് 80കിലോ ചാണകവളം, 40കിലോ മണ്ണിര കമ്പോസ്റ്റ്, 25കിലോ കോഴിവളം എന്നിവയും റോക്ക് ഫോസ്‌ഫേറ്റും ചേര്‍ത്ത്‌കൊടുക്കാവുന്നതാണ്. ജൈവ വളങ്ങള്‍ 10-15 ദിവസത്തെ ഇടവേളകളില്‍വേണം ചേര്‍ത്തുകൊടുക്കാന്‍. റോക്ക് ഫോസ്‌ഫേറ്റ് അടിവളമായിത്തന്നെ നല്‍കുന്നത് ചെടിക്ക് നല്ല കരുത്തും വളര്‍ച്ചയും ഉണ്ടാകും. വളര്‍ച്ച ത്വരഗതിയിലാക്കുന്നതിന് നേര്‍പ്പിച്ച പഞ്ചഗവ്യം, ഗോമൂത്രം, കടലപിണ്ണാക്ക് കുതിര്‍ത്ത് ചാണകപ്പാലുമായി ചേര്‍ത്തത് എന്നിവ ആഴ്ചയിലെരിക്കല്‍ ഒഴിച്ചുകൊടുക്കണം.

വള്ളി പടര്‍ന്ന് നെഞ്ചുയരംവന്നാല്‍ എല്ലാത്തിന്റെയും തല നുള്ളിക്കളയണം. ഇത് നിരവധി തലപ്പുകള്‍ പുതുതായി പൊട്ടിവരിയാനും വളവ് വര്‍ധിക്കാനും കാരണമാവും. പടര്‍ന്നു വളരുന്നയിനങ്ങള്‍ക്ക് വള്ളി വീശാന്‍ തുടങ്ങുമ്പോള്‍തന്നെ പന്തല്‍ കെട്ടി പടര്‍ന്നുവളരാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. ഒന്നരാടന്‍ അത്യാവശ്യം നന നല്‍കണം. പൂവും കായും പിടിക്കാന്‍ തുടങ്ങിയാല്‍ ദിവസവും നന്നായി നനയ്ക്കുന്നത് കായ പിടിക്കാനും വിളവ് വര്‍ധിക്കാനും സഹായിക്കും. സ്യൂഡോമോണസ് 10ശതമാനം വീര്യത്തില്‍ വള്ളിയിലാകമാനം സ്‌പ്രേ ചെയ്തുകൊടുക്കാം. ചുവട്ടിലും ഒഴിക്കാം.


പയറിന് വരാവുന്ന രോഗങ്ങള്‍

1) വാട്ടരോഗം

ഒരുതരം ഫംഗസ് രോഗമാണിത്. ആദ്യംതന്നെ മണ്ണിന്റെ തൊട്ടമുകളില്‍ മുരടില്‍ അഴുകിയ ചെറിയ പാട് കാണുന്നു. ക്രമേണ ഇത് അടിചീയലായി ക്രമേണ ചെടി വാടുന്നു.മാത്രമല്ല ഇത് പെട്ടന്നുതന്നെ മറ്റ് ചെടികളിലേക്ക് ബാധിക്കുന്നു. പയര്‍വിത്ത് വിതയ്ക്കുന്നതിനു മുമ്പ് കുഴികളില്‍ ചപ്പിലയിട്ട് കത്തിക്കുക. ഒരേ സ്ഥലത്ത്തന്നെ പയര്‍ നടുന്നത് ഒഴിവാക്കുക. അതായത് വിള പരിക്രമണരീതി അവലംബിക്കണം. രോഗബാധിയതമായി കണ്ടെത്തുന്ന ചെടികള്‍ വേരോടെ പിഴുത് നശിപ്പിക്കണം. തടത്തില്‍ ചപ്പിലകള്‍ കത്തിച്ചശേഷം ഒരു ശതമാനം ബോര്‍ഡോമിശ്രിതമോ രണ്ടുശതമാനം സ്യൂഡോമോണസ് മിശ്രിതമോ ഒഴിച്ചുതളിക്കണം. അതിലാണ് വിത്ത് നടേണ്ടത്. ചെടിക്ക് രണ്ടാഴ്ച പ്രായമാവുമ്പോഴും ഇതേ ലായനി ഒഴിച്ച് നനച്ചുകൊടുക്കാം.  സ്യൂഡോമോണസ് ലായനി ഇലകളിലും തണ്ടുകളിലും തളിച്ച് നനച്ച്‌കൊടുക്കുന്നതും നല്ലതാണ്. നടീല്‍ സമയത്ത് തടത്തില്‍ ഒരു ചെടിക്ക് 50ഗ്രാം തോതില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്. ഒരിക്കല്‍ പന്തലിടാന്‍ ഉപയോഗിച്ച കയര്‍ പിന്നീടുപയോഗിക്കാതിരക്കാനും ശ്രദ്ധിക്കണം.

2) കരിള്ളിരോഗം

പയര്‍ ചെടിയുടെ തണ്ടിലും ഇലയിലും കായകളിലും ചെറിയ കറുത്ത പാടുകളായാണിതിന്റെ തുടക്കം. പിന്നീട് കായകള്‍ മുരടിക്കുന്നു. വിത്തിടുന്നതിനു മുമ്പ് തടത്തില്‍ രണ്ട്  ശതമാനം ബോര്‍ഡോമിശ്രിതം ഒഴിച്ച് നനയ്ക്കണം. ചെടികളിലാകമാനം 2ശതമാനം വീര്യത്തില്‍ സ്യൂഡോമോണസ് ലായനി തളിക്കണം. വിളവെടുപ്പിന്‌ശേഷം വള്ളികളൊക്കെ കത്തിച്ച് നശിപ്പിക്കണം. അങ്ങനെയും കരിവള്ളിരോഗം തടയാം.

3) നിമാവിരകള്‍, കുമിളുകള്‍, ബാക്ടീരിയകള്‍

മണ്ണ് നന്നായി കിളച്ച് വെയിലുകൊള്ളിക്കന്നതോടെ മണ്ണിലെ നിമാവിരകളും കുമിളുകളും ബാക്ടീരിയകളും നശിക്കുന്നു. വിളകളെയും സസ്യങ്ങളെയും കുമിള്‍രോഗത്തില്‍നിന്ന് രക്ഷിക്കാന്‍ സ്യൂഡോമോണസോ ബോര്‍ഡോ മിശ്രിതമോ മണ്ണില്‍ ഒഴിച്ചുകൊടുക്കാം.

4)ചീയല്‍രോഗം, ചുവട് വീക്കം

പയറുചെടിയുടെ മുരടുഭാഗം വണ്ണം വെക്കുകയും തണ്ട് ഉണങ്ങിപ്പോവുകയും ചെയ്യുന്നതാണിത്. ഇത് ഒറ്റയ്‌ക്കൊറ്റക്കും കൂട്ടായും പയര്‍ചെടികളില്‍ കണ്ടുവരുന്നു. ഒരേ സ്ഥലത്ത് ഒരേവിള കൃഷി ചെയ്യാതെ മറ്റുവിളകളും കൃഷിയിറക്കുക. വിത്തിടുന്നതിന് മുമ്പ് ചപ്പിലക്കൂട്ടി കത്തിക്കുക. സ്യൂഡോമോണസ് ലായനകൊണ്ട് തടനം നനയ്ക്കുക.

5)മൊസൈക്ക്‌രോഗം

മൊസൈക്കിട്ടതുപോലെ പച്ചിലകളില്‍ മഞ്ഞ പുള്ളികള്‍ വരികയും ക്രമേണ ഇല മൊത്തം മഞ്ഞനിറമായി കരിഞ്ഞ് ഉണങ്ങിപ്പോവുകയും ചെയ്യുന്നരോഗമാണിത്. ഇതിനോടൊപ്പം കായകള്‍ വളഞ്ഞ് മുരടിക്കുന്നു. രോഗമുള്ള ചെടികള്‍ ഉടന്‍തന്നെ പിഴുത് നശിപ്പിക്കുക, ആരോഗ്യമുള്ള ചെടികളില്‍നിന്നുമാത്രം വിത്ത്‌ശേഖരണം നടത്തുക. രോഗനിയന്ത്രണത്തിനായി 4ശതമാനം വീര്യത്തില്‍ വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക, അല്ലെങ്കില്‍ ഏതെങ്കിലും വേപ്പധിഷ്ഠിത് കീടനാശിനി തളിക്കുക.

6)റസ്റ്റ്

പയര്‍ ചെടികളുടെ വശങ്ങള്‍ തുരുമ്പുപിടിച്ചതുപോലെ ചെറിയ ചുവന്ന പാടുകളുണ്ടാവുന്നു. ഇലകള്‍ ചുരണ്ട് നശിക്കുന്നു. രോഗാരംഭത്തില്‍തന്നെ ഇത്തരം ഇലകള്‍ പറിച്ച് കത്തിച്ചുകളയുക. ഇലയും തണ്ടും മൊത്തമായും സ്യൂഡോമോണസ് ലായനി തളിക്കുക.

7)വേരു ചീയല്‍

പുറമേക്ക് കാണാത്തവിധം വേരുകള്‍ ചീഞ്ഞ് ചെടി വാടുന്നു. സ്യൂഡോമോണസ് ഫ്‌ളൂറസെന്റ് ഉപയോഗിച്ച് വിത്തു പരിചരണം നടത്തുക. വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ഒരു ചെടിക്ക് 100ഗ്രാം വീതം ചേര്‍ത്തുകൊടുക്കുക.

കീടങ്ങള്‍

1, മുഞ്ഞ

പയറിനെ മുഴുവനും നശിപ്പിക്കുന്ന പ്രധാന കീടമാണ് മുഞ്ഞ. സസ്യത്തിന്റെ ഇലയിലും തൂമ്പിലുനം ഇലയ്ക്കടിയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന കറുത്ത കീടമാണിത്. വളരെവേഗം പെരുകുന്ന ഇത് ചെടിയെ കീഴടക്കി മൊത്തം മുരടിപ്പിക്കുന്ന. നീരൂറ്റിക്കുടിക്കന്നതുമൂലം ഇലകള്‍ ചുരണ്ട് കരിയുകയും കായകള്‍ ചുരണ്ട് ചെറുതാവുകയും ചെയ്യുന്നു.
വേപ്പധിഷ്ഠിത കീടനാശിനി 5മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ തളിക്കുക. ഫ്യൂഡേറിയം പാലിഡോറോസിയം, ബ്യൂവേറിയ ബാസിയാനയെന്നീ മിത്രകുമിള്‍ ഉപയോഗിക്കുക. പുകയില കഷായം, വേപ്പിന്‍കുരു സത്ത് എന്നിവ തളിക്കുക. ഇവയാണ് നിയന്ത്രണ മാര്‍ഗങ്ങള്‍.

2. പയര്‍ചാഴി

പയര്‍ചാഴി പയറിന്റെ കായകളില്‍നിന്ന് നീരൂറ്റിക്കുടിക്കുന്നു. പയര്‍ ചുരുണ്ട് മടങ്ങുന്നു. വലയുപയോഗിച്ച് വണ്ടുകളെ നശിപ്പിക്കാം. വേപ്പികുരു സത്ത്‌നേര്‍പ്പിച്ചത് ബ്യൂവേറിയ ബാസീയാന എന്നിവയുപയോഗിക്കാം.

3. കായ്തുരപ്പന്‍

പുഴുക്കള്‍ കായ, പൂവ് എന്നിവ തുരന്ന് തിന്നുന്നു. കേടായ കായകള്‍ നശിപ്പിക്കുക. നട്ട് 40ദിവസത്തിന്‌ശേഷം വേപ്പിന്‍കുരു സത്ത് 5ശതമാനം വീര്യത്തില്‍ തളിക്കുക. പിന്നീട് 10ദിവസത്തിലൊരിക്കല്‍ തളിക്കുക. വെളുത്തുള്ളി, കായം, കാന്താരിമുളക് മിശ്രിതം 10ശതമാനം വീര്യത്തില്‍ തളിക്കുക. ഗോമൂത്രം 10ശതമാനം വീര്യത്തില്‍ തളിക്കുക. വേപ്പിന്‍പിണ്ണാക്ക് മണ്ണില്‍ മേല്‍വളമായി ചേര്‍ക്കുക.

4. തണ്ടീച്ച

ഈച്ചകള്‍ ഇലപ്പരിപ്പിലും ഇലഞ്ഞെട്ടിലും തണ്ടിന്‍ മുകളിലും മുട്ടയിട്ട് അവ വിരിഞ്ഞ പുഴുകള്‍ തണ്ടിന്റെ ഉള്‍ഭാഗം തുരക്കുന്നു. വേപ്പെണ്ണ എമല്‍ഷന്‍ സമൂലം തളിക്കാം.

5. ചിത്രകീടം

ഇല തുളച്ച് ഉള്‍വശം തിന്നുന്ന പ്രാണികള്‍ നാശംവരുത്തുന്ന ഇലക്ക് പുറമേ വെളുത്ത ചാലുകള്‍ കാണാം. പിന്നീട് ഇല ചുരുണ്ടുപോവുന്നു. വേപ്പെണ്ണ-സോപ്പ് എമല്‍ഷന്‍ വേപ്പിന്‍കരു സത്ത്, പെരുവലം സത്ത് എന്നിവ തളിച്ച് നിയന്ത്രിക്കാം. തികച്ചും ജൈവരീതിയില്‍ വിളയിച്ചെടുക്കാന്‍ വിഷമമാണെങ്കിലും അതിന്റെ മൂല്യം അറിയുമ്പോള്‍ പല കര്‍ഷകരും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപച്ചക്കറിയായ പയര്‍വിള കേരളീയ ഭാവനങ്ങളിലും ജൈവകൃഷിയായി സ്ഥാനം പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു പിടി പയര്‍ ഉപ്പേരിക്ക് ലഭ്യമാക്കാന്‍ നമുക്ക് യത്‌നിക്കാം.

6. ഉറുമ്പ്

കറുത്ത നിറത്തിലുള്ള ഉറുമ്പാണ് പയര്‍ നേരിടുന്ന മറ്റൊരു കീടം. അത് പയറിന്റെ പൂവിലെ തേന്‍കുടിക്കുകയും അങ്ങനെ പയര്‍ പൂവ് വിരിഞ്ഞ് കായപിടിക്കുന്നതിന് മുമ്പ് തന്നെ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാന്‍ നമുക്ക് പ്രതിരോധ പ്രാണിയായ നീറിനെ കയറ്റിവിടാം. അതിലും നില്‍ക്കുന്നില്ലങ്കില്‍ വേപ്പധിഷ്ടിത ജൈവകീടനാശിനികള്‍ ഉപയോഗിക്കാം. വേപ്പെണ്ണ എമെന്‍ഷന്‍, വേപ്പ് കീടനാശിനി എന്നിവയാണ് ഉപയോഗിക്കുന്നത് എങ്കില്‍ തുടര്‍ച്ചായായി ഒരാഴ്ച 10 ശതമാനം വീര്യത്തില്‍ വൈകിട്ട് തളിച്ച് കൊടുക്കണം. പിന്നെയും ആക്രമണം തുടരുകയാണ് എങ്കില്‍ അംഗീകരിക്കപ്പെട്ട രാസ കീടനാശിനിയായ ലാസ്ട്ര്‌വിന്‍ അഞ്ചുശതമാനം വീര്യത്തില്‍ തളിക്കം കഴിയുന്നതും അതിലേക്ക് പോകാത്തതാണ് നല്ലത്. വേല്‍കടുക്കുന്നതോടെ പൂക്കള്‍ വിരിഞ്ഞ് കായയാവാന്‍ കാത്തുനില്‍ക്കാതെ ചൂടിനാല്‍ പൊഴിഞ്ഞു പോവുന്നതും പതിവാണ്.

കുറഞ്ഞത് 16 മൂലകങ്ങളാണ് സസ്യങ്ങള്‍ വളര്‍ന്ന് നന്നായി കായ്ഫലം തരാന്‍ പ്രപ്തമാക്കുന്നത്. അതില്‍ ചിലത് മണ്ണില്‍ നിന്ന് ചെടികള്‍ വലിച്ചെടുക്കുന്നു ചിലത് നാം നല്‍കണം. മൈക്രോന്യൂട്രീഷ്യന്റ് 10 മില്ലി വീതം ഒരു ചെടിക്ക് എന്ന തോതില്‍ മാസത്തിലൊരിക്കല്‍ ഒഴിച്ച് കൊടുക്കണം. അമ്പത് ഗ്രം പൊട്ടാഷ് ഒരു ചെടിക്ക് എന്ന തോതില്‍ മാസത്തില്‍ മണ്ണില്‍ കലര്‍ത്തി കൊടുക്കാം.

pramaodpurath@gmail.com
9995873877

വളര്‍ത്താം വീട്ടില്‍ ഒരു വെണ്ട

വീട്ടില്‍ അടുക്കളതോട്ടത്തില്‍ മണ്ണിലായാലും ടെറസിലായാലും വെണ്ട കൃഷി നടത്താന്‍ കഴിയും. ടെറസില്‍ വെണ്ട കൃഷി നടത്തുമ്പോള്‍ ചാക്കിലോ ഗ്രോ ബാഗിലോവേണം കൃഷി നടത്താന്‍.

കേരളത്തിലെ കാലവസ്ഥയില്‍ മികച്ച വിളവ് തരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. വീട്ടില്‍ അടുക്കളതോട്ടത്തില്‍ മണ്ണിലായാലും ടെറസിലായാലും വെണ്ട കൃഷി നടത്താന്‍ കഴിയും. ടെറസില്‍ വെണ്ട കൃഷി നടത്തുമ്പോള്‍ ചാക്കിലോ ഗ്രോ ബാഗിലോവേണം കൃഷി നടത്താന്‍. മികച്ച വിളവ് തരുന്ന വിത്തുകള്‍ തന്നെ തിരഞ്ഞെടുക്കണം. വെണ്ടയില്‍ ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ കൂടുതല്‍ ഉണ്ട് ഒപ്പം ജൈവകങ്ങളും അടങ്ങിയിരിക്കുന്നു.

മികച്ചയിനം വെണ്ടകളാണ് അര്‍ക്ക അനാമിക, സല്‍കീര്‍ത്തി, അരുണ, സുസ്ഥിര എന്നിവ.  ശാഖകള്‍ ഇല്ലാത്ത ഇനമാണ് അര്‍ക്ക അനാമിക. ഇതിന്റെ കായ്കള്‍ പച്ചനിറത്തില്‍ ഉള്ളവയാണ്. ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍ ആണ് സല്‍കീര്‍ത്തിയുടെ പ്രത്യേകത. അരുണ ആകട്ടെ ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍ തരുന്നു. സുസ്ഥിര പേര് പോലെ തന്നെ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനമാണ്.

വിത്തുകള്‍ പാകിയാണ് വെണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുമ്പ് വിത്തുകള്‍ വെള്ളത്തില്‍ മുക്കി അല്‍പനേരം കുതിര്‍ക്കുന്നത് നല്ലതാണ്. വെണ്ട നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്റിര്‍ എങ്കിലും അകലം വേണം. തൈകള്‍ തമ്മില്‍ 50 സെന്റിമീറ്റര്‍ എങ്കിലും അകലത്തില്‍ നടുവാന്‍ ശ്രദ്ധിക്കണം. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോ ബാഗിലോ ചാക്കിലൊ ഒരു വിത്ത് വീതം നടുന്നതാണ് നല്ലത്.

വിത്ത് നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. വിത്തുകള്‍ 3- 4 ദിവസം കൊണ്ട് മുളയ്ക്കും. ഒരു കുഴിയില്‍ ഒന്നില്‍ കൂടുതല്‍ വിത്ത് പാകണം. മുളച്ച ശേഷം ആരോഗ്യമുള്ള വിത്ത് നിലനിര്‍ത്തിയാല്‍ മതി. അദ്യത്തെ രണ്ടാഴ്ച വള പ്രയോഗങ്ങള്‍ ഒഴിവാക്കാം. മുന്നില്‍ കൂടുതല്‍ ഇലകള്‍ വന്നുകഴിഞ്ഞാല്‍ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് എന്നിവ തൈകള്‍ക്ക് നല്‍കി തുടങ്ങാം. ദ്രവരൂപത്തിലുള്ള വളം നല്‍കുന്നതും നല്ലതാണ്.

തണ്ട് തുരപ്പനാണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാനകീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ട് ലയിപ്പിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ത്ത് ജൈവ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതെപോലെ വെള്ളത്തില്‍ ഇട്ട് ഉപയോഗിക്കാം. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് തടത്തില്‍ ഇടുന്നതും തണ്ട് തുരപ്പനെ ഒഴിവാക്കാന്‍ നല്ലതാണ്

എളുപ്പത്തിൽ ഉണ്ടാക്കാൻ ചില കീടനാശിനികൾ

മണ്ണിനെയും മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ എങ്ങനെ ജൈവകീടനാശിനിയുണ്ടാക്കാം എന്ന് പഠിക്കാം.

മണ്ണിനും മനുഷ്യനും ദോഷം ചെയ്യാതെ രാസകീടനാശിനികള്‍ ഉപയോഗിച്ച് എങ്ങനെ ജൈവകീടനാശിനിയുണ്ടാക്കാൻചില വഴികളുണ്ട്. നമ്മുടെ അടുക്കളതോട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും വീട്ടില്‍ തന്നെ നിര്‍മിക്കാവുന്നതുമാണ് ഈ കീടനാശിനികള്‍.

മണ്ണെണ്ണക്കുഴമ്പ്

നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ ഏറെ ഫലപ്രദമാണ് മണ്ണെണ്ണക്കുഴമ്പ്. ബാര്‍സോപ്പും മണ്ണെണ്ണയുമാണ് ഇതിലെ പ്രധാന ചേരുവകള്‍ 500 ഗ്രാം സാധാരണ ബാര്‍സോപ്പ് നേര്‍മയായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ചെറുതായി ചൂടാക്കിക്കൊണ്ട് ലയിപ്പിക്കുക. ലായനി തണുത്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് 9 ലിറ്റര്‍ മണ്ണെണ്ണ നന്നായി ഇളക്കിക്കൊണ്ട് ചേര്‍ക്കുക. ഇതില്‍ 15-20 ഇരട്ടി വെള്ളം ചേര്‍ത്തിളക്കിയ ശേഷം ചെടികളില്‍ തളിക്കാം.

പുകയിലക്കഷായം

അര കിലോഗ്രാം പുകയിലയോ, പുകയില ഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കിവയ്ക്കുക. പിന്നീട് പിഴിഞ്ഞെടുത്ത് ചണ്ടിമാറ്റുക. ഇപ്രകാരം ലഭിച്ച പുകയിലച്ചാറില്‍, 120ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞ് വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പുകയില കഷായം 67 ഇരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ പേനുകളെയും മറ്റു മൃദുല ശരീരികളായ കീടങ്ങളെയും നിയന്ത്രിക്കാം.

വേപ്പിന്‍കുരു സത്ത്

തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ് വേപ്പിന്‍കുരു സത്ത്. 50 ഗ്രം വേപ്പിന്‍ കുരു പൊടിച്ച് കിഴി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കുക. ഇത് നീരൂറ്റിയാല്‍ 5 ശതമാനം വീര്യമുള്ള സത്ത് ലഭിക്കും.

പാല്‍ക്കായ, ഗോമൂത്ര, കാന്താരിമുളക് മിശ്രിതം

കായീച്ചകളെ ഈ കീടനാശിനി ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. 20 ഗ്രാം പാല്‍ക്കായം 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായിനി തയ്യാറാക്കുക. ഇതില്‍ 500 മില്ലിലിറ്റര്‍ ഗോമൂത്രം ഒഴിച്ചിളക്കുക. അതിലേക്ക് 15 ഗ്രാം കാന്താരിമുളക് അരച്ച് ചേര്‍ക്കുക ഈ മിശ്രിതം അരിച്ചെടുത്തു ഉപയോഗിക്കാം.

പെരുവലസത്ത്

പച്ചക്കറികളില്‍ കാണുന്ന ശല്‍ക്കകീടങ്ങള്‍, ഇലച്ചെടികള്‍, പുഴുക്കള്‍ എന്നിവയ്ക്ക് എതിരെ ഈ മിശ്രിതം പ്രയോഗിക്കാം. പെരുവലം ചെടിയുടെ പൂവും ഇലയും നന്നായി അരച്ച് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത് കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം.

ഇഞ്ചി സത്ത്

തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് 2 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചെടുക്കുക. ശേഷം മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.

പപ്പായ ഇല സത്ത്

ഇലതീനി പുഴുക്കളെ അകറ്റാന്‍ പപ്പായ ഇല സത്ത് ഉപയോഗിക്കാം. 100 മി.ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം മുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി കുതിര്‍ത്തു വയ്ക്കുക.  ഇല അടുത്ത ദിവസം അരച്ച് സത്ത് തയ്യാറാക്കുക. മേല്‍ തയ്യാറാക്കിയ സത്ത് 3-4 ഇരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക.

മഞ്ഞള്‍ സത്ത്

പേനുകള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഈ കീടനാശിനി ഉപയോഗിക്കാം. 20 ഗ്രാം മഞ്ഞള്‍ നന്നായി അരച്ചെടുത്ത് 200 മി.ലിറ്റര്‍ ഗോമൂത്രവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. മിശ്രിതം 2 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാം

ഭാവികാലത്തേക്ക് ഹൈഡ്രോപോണിക്‌സ് കൃഷി

ചെടികളുടെ വളര്‍ച്ച മണ്ണില്ലാതെ കഴിയില്ല എന്ന ധാരണ തിരിത്തിക്കുറിക്കുന്നതാണ് ഹൈഡ്രോപോണിക്‌സ് കൃഷി. കാലവസ്ഥ വ്യതിയാനം കാരണം കൃഷിയിടങ്ങള്‍ നശിക്കുമ്പോള്‍ ഭാവിയിലേക്കുള്ള പ്രതീക്ഷകൂടിയാണ് ഹൈഡ്രോപോണിക്‌സ്.

ഭാവികാലത്തിന്റെ കൃഷി രീതിയാണ് ഹൈഡ്രോപോണിക്‌സ്. ചെടികളുടെ വളര്‍ച്ച മണ്ണില്ലാതെ കഴിയില്ല എന്ന ധാരണ തിരിത്തിക്കുറിക്കുന്നതാണ് ഹൈഡ്രോപോണിക്‌സ് കൃഷി. മണ്ണില്ലെങ്കിലും ചെടികള്‍ക്ക് വേണ്ട പോഷകങ്ങളെല്ലാം കൃത്യമായി ലഭിക്കണം ഈ കൃഷിരീതിയില്‍. ഇങ്ങനെ ചെടികള്‍ക്ക് പോഷകങ്ങള്‍ കൃത്യമായി ലഭിച്ചാല്‍ ചെടികള്‍ മണ്ണില്‍ വളരുന്നതിനെക്കാള്‍ ആരോഗ്യത്തോടെ വളരും എന്നാണ് ഹൈഡ്രോപോണിക്‌സിന്റെ തത്ത്വം

അന്യഗ്രഹങ്ങളില്‍ മനുഷ്യന്‍ കോളനികള്‍ സ്ഥാപിച്ചാല്‍ ഹൈഡ്രോപോണിക്‌സ് കൃഷി കൂടിയെതീരു. നാസയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളില്‍ ഈ കൃഷിരീതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഇതിന് ഉദാഹരണമാണ്. ഹൈഡ്രോപോണിക്‌സ് ഒരു പുതിയ കൃഷി രീതിയല്ല. പ്രാചിനകാലത്ത് ബാബിലോണില്‍ ഹൈഡ്രോപോണിക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെടികള്‍ വളര്‍ത്തിയിരുന്നു എന്നാണ് ചരിത്രം. കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന ഈ കാലത്ത് ഹൈഡ്രോപോണിക്‌സ് കൃഷിക്ക് വളരെ കൂടുതല്‍ പ്രാധാന്യമുണ്ട്.

ചെടികള്‍ക്ക് വേണ്ട എല്ലാ മൂലകങ്ങളും ഹൈഡ്രോപോണിക്‌സ് കൃഷിയിലൂടെ നല്‍കേണ്ടതുണ്ട്. വീടുകളിലും ഗ്രീന്‍ ഹൗസുകളിലും ഹൈഡ്രോപോണിക്‌സ് കൃഷി നടത്താം. പക്ഷേ കൃത്യമായി രൂപകല്‍പന ചെയ്തിരിക്കണമെന്നു മാത്രം. ചെടികള്‍ക്കാവശ്യമായ വെള്ളം, സൂര്യപ്രകാശം, വായു, പോഷകങ്ങള്‍ എന്നിവയെല്ലാം മുന്‍കൂട്ടി നിര്‍ണ്ണയിച്ച് കൃത്യമായി അളവില്‍ നല്‍കണമെന്നതാണ് ഹൈഡ്രോപോണിക്‌സ് സങ്കേതിക വിദ്യയുടെ മേന്മ. വീടുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലും പൈപ്പുകളുലും നമുക്ക് ഹൈഡ്രോപോണിക്‌സ് പരീക്ഷിച്ച് നോക്കാവുന്നതാണ്.

കൃത്യമായ അളവില്‍ എല്ലാ മൂലകങ്ങളും ചെടികള്‍ക്ക് നല്‍കിയാല്‍ നല്ല വിളവ് കിട്ടുമെന്നതില്‍ സംശയമില്ല. വെള്ളവും വെളിച്ചവും ക്രമീകരിച്ച് വിളകള്‍ മൂപ്പെത്തുന്നത് നേരത്തെയാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യാം. ഇതെല്ലാംപൂര്‍ണ്ണമായും ഓട്ടോമേഷനിലൂടെയും റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ചും നിയന്ത്രിക്കാം എന്നതാണ് ഈ മേഖലയിലെ പൂതിയ മുന്നേറ്റം. ഗ്രീന്‍ഹൗസുകളിലാണ് കൃഷി ചെയ്യുന്നത് എങ്കില്‍ ഏത് സമയത്തുവേണമെങ്കിലും എത് തരം വിളകളും കൃഷി ചെയ്യാം എന്നതാണ് ഹൈഡ്രോപോണിക്‌സിന്റെ വ്യത്യസ്തത.

സ്ഥലപരിമിതി മറികടക്കാന്‍ കാര്‍ഷിക വിളകളെ പലതട്ടിലായി കൃഷിചെയുന്ന വെര്‍ട്ടിക്കല്‍ കൃഷി രീതിയും ഹൈഡ്രോപോണിക്‌സിലുണ്ട്. 5-ല്‍ കൂടുതല്‍ തട്ടുകളിലായി വിളകള്‍ കുത്തനെ മുകളില്‍ മുകളിലായി വളര്‍ത്താം. ഇതില്‍ തന്നെ എറ്റവും താഴത്തെ തട്ടില്‍ മത്സ്യങ്ങളെവളര്‍ത്തിയാല്‍ ഇത് വെര്‍ട്ടിക്കല്‍ അക്വാപോണിക്‌സായി മാറും. രാസവളങ്ങള്‍ ഒഴുവാക്കി ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതാണ് ഈ കൃഷി രീതിയില്‍ നല്ലത്. ചെടികളുടെ വേര് ഉറപ്പിക്കാന്‍ ചരല്‍ കല്ലുകള്‍, പെര്‍ലൈറ്റ്, വെര്‍മ്മിക്കുലേറ്റ്, ചകരിച്ചോര്‍ തുടങ്ങിയവ ഉപയോഗിക്കാം.

ഏറ്റവും താഴത്തെ തട്ടില്‍ ശുദ്ധജല മത്സ്യങ്ങള്‍ വളര്‍ത്താം. വെള്ളത്തിനു മുകളില്‍ രണ്ടാമത്തെ തട്ടില്‍ അസോള വളര്‍ത്തന്നു. മൂന്നാമത്തെ തട്ടില്‍ മണ്ണിര വളര്‍ത്തി മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കാം. നാലാമത്തെ തട്ടില്‍ കൃഷി ചെയ്യാം. എത് തരം വിളകളും ഇതില്‍ പരീക്ഷിക്കാവുന്നതാണ്. ഇതില്‍ മത്സ്യങ്ങളുടെ വിസര്‍ജ്ജ്യമാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. കൂടാതെ മണ്ണിര കമ്പോസ്റ്റിലെ വെര്‍മ്മിവാഷും ജൈവ വളമായി വെള്ളത്തില്‍ എത്തും. താഴത്തെ ടാങ്കില്‍ നിന്നും വളം ലയിപ്പിച്ച് ചെടികളില്‍ എത്തിയ ശേഷം വേരുകള്‍ അരിച്ച് ശുദ്ധമാക്കിയ വെള്ളം മത്സ്യങ്ങള്‍ക്ക് ലഭിക്കുന്ന കൃഷിയാണ് അക്വാപോണിക്‌സ്.

പച്ചക്കറികള്‍ മാത്രമല്ല ഗോതമ്പ്, നെല്ല്, പൂച്ചെടികള്‍, പഴവര്‍ഗ്ഗങ്ങള്‍ അങ്ങനെ എല്ലാം കൃഷി ചെയ്യാന്‍ കഴിയും. ഗ്രോബാഗുകളില്‍ ചരല്‍ക്കല്ലുകള്‍ നിറച്ചതിനു ശേഷം ഡ്രിപ് രീതിയിലൂടെ പോഷകങ്ങള്‍ ലയിപ്പിച്ച് നല്‍കുന്ന രീതിയും വീടുകളില്‍ പരിക്ഷിക്കാവുന്നതാണ്. ലളിതാമായി രൂപകല്‍പന ചെയ്ത് ഉപയോഗിക്കാവുന്ന മറ്റൊരു രീതിയാണ് ഡിക്ക് സിസ്റ്റം. ഈ സാങ്കേതിക വിദ്യയാണ് വാണിജ്യ അടിസ്ഥാനത്തില്‍ കൂടുതലായി ഉപയോഗിക്കുന്നത്. ചെടികളുടെ വേരുകളെ മുക്കിയതിന് ശേഷം വെള്ളം ഒഴുകിപ്പോകുന്നതിനു പകരം നനയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളം വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ കഴിയും ഈ രീതിയില്‍. ഇത് വേരുകള്‍ക്കിടയില്‍ വായു പ്രവാഹം കൂട്ടുന്നു എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ മേന്മ.

ഹൈഡ്രോപോണിക്‌സ് സാങ്കേതിക വിദ്യ ഇന്ത്യയിലും ഉപയോഗിച്ചുവരുന്നുണ്ട്. കാലവസ്ഥ വ്യതിയാനം കാരണം കൃഷിയിടങ്ങള്‍ നശിക്കുമ്പോള്‍ ഭാവിയിലേക്കുള്ള പ്രതീക്ഷകൂടിയാണ് ഹൈഡ്രോപോണിക്‌സ്.

മല്ലിയില കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരം കറികള്‍ക്കും അത്യാവശ്യമായ ഒരു ഇലയാണ് മല്ലിയില. ഇതിന്റെ ഇലപോലെതന്നെ വേരിനും നല്ല മണമാണ്. വീട്ടില്‍ തന്നെ ബുദ്ധിമുട്ടില്ലാതെ വളര്‍ത്താന്‍ പറ്റുന്നതാണ് മല്ലിയില

പലതരം കറികള്‍ക്കും അത്യാവശ്യമായ ഒന്നാണ് മല്ലിയില. ഇതിന്റെ ഇലപോലെതന്നെ വേരിനും നല്ല മണമാണ്. വീട്ടില്‍ തന്നെ ബുദ്ധിമുട്ടില്ലാതെ വളര്‍ത്താന്‍ പറ്റുന്നതാണ് മല്ലിയില. നടാന്‍ പറ്റിയ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ മല്ലിചെടിക്ക് വേണ്ടി അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മണ്ണ് നന്നായി ഒരുക്കിയതിനുശേഷം വേണം വിത്ത് പാകാന്‍. മണ്ണില്‍ ചാണകം, പച്ചില എന്നിവ അടിവളമായി നല്‍കാം. മുമ്പ് രാസവളം ഉപയോഗിച്ച മണ്ണ് ആണെങ്കില്‍ കുറച്ച് കുമ്മായം ചേര്‍ക്കാം.

വിത്തു നടല്‍

വിത്തു മുളയ്ക്കാന്‍ ധാരാളം ഈര്‍പ്പം വേണം. മുളയ്ക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്‍ത്തതിനു ശേഷം നടുന്നതാണ് നല്ലത്. മണ്ണില്‍ വിത്ത് ഇടാൻ പാകത്തിന് കാൽ ഇഞ്ച് വലിപ്പത്തില്‍ ചെറിയ കുഴിയുണ്ടാക്കി ആറിഞ്ച് അകലത്തില്‍ വേണം വിത്ത് പാകാന്‍. വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം.

വളപ്രയോഗം

മുളച്ചു രണ്ടിഞ്ച് ഉയരം വന്നാല്‍ വളപ്രയോഗം തുടങ്ങാം. ചാണകം വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുന്നതാണ് നല്ലത്. നൈട്രജന്‍ വളങ്ങളും ഉപയോഗിക്കാം. ചെടി വലുതായാല്‍ നന കുറയ്ക്കുന്നതാണ് നല്ലത്. ചെടികള്‍ കൂട്ടംകൂടി വളരാന്‍ അനുവദിക്കരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയുന്നതാണ് നല്ലത്.

വിളവെടുപ്പ്

ചെടി നാലോ അഞ്ചോ ഇഞ്ച് ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളിയെടുക്കാം. ചെടിയുടെ മൂന്നില്‍ രണ്ടു ഭഗത്തില്‍ കൂടുതല്‍ ഇലകള്‍ ഒരേസമയം നുള്ളരുത്. അങ്ങനെ ചെയ്താല്‍ ചെടിയുടെ വളര്‍ച്ച മുരടിക്കും. ഇലയുടെ മണം കാരണം കീടശല്യം കുറവായിരിക്കും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ വീണ്ടും ഇലകള്‍ കിളിര്‍ക്കും. രണ്ടു മൂന്ന് ആഴ്ച കൂടുമ്പോള്‍ ഇല നുള്ളാം. പൂവിട്ടാല്‍ ഇലകള്‍ ഉണ്ടാകുന്നത് നില്‍ക്കും. എന്നാല്‍ പൂവ് നുള്ളിക്കളഞ്ഞാല്‍ വിണ്ടും ഇലകള്‍ ഉണ്ടാകും. അണുബാധ ഉണ്ടാകുന്ന ഇലകള്‍ അപ്പോള്‍ തന്നെ ചെടിയില്‍ നിന്നും നീക്കണം. വിത്ത് ശേഖരിക്കണം എങ്കില്‍ അതിനുള്ളത് ഇല നുള്ളാതെ പൂക്കുവാന്‍ അനുവദിക്കണം.

 

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate