অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി പലവിധ അറിവുകള്‍

കൃഷി പലവിധ അറിവുകള്‍

  1. ഉൽപാദനം കൂട്ടാൻ യീസ്റ്റ്‌
  2. കുളമ്പുരോഗത്തിനെതിരെ മുൻകരുതൽ
  3. ശീതകാല പച്ചക്കറികൾ ഇപ്പോൾ നടാം
  4. ലാഭം കൂട്ടാൻ ശാസ്ത്രീയ തീറ്റക്രമം
  5. ഫാമുകൾക്ക്‌ ഭീഷണി
  6. അകിടുവീക്കത്തിനെതിരെ കൂടുതൽ ശ്രദ്ധ
  7. കേരളം നെൽപ്പാടങ്ങളുടെ നാട്‌, നെല്ലിനെക്കുറിച്ച്‌ അറിയുക
  8. ടർക്കി വളർത്തൽ
  9. നെൽവയൽ നികത്തൽ ഭേദഗതി കേരളത്തെ മരുഭൂമിയാക്കും
  10. തൊണ്ണൂറിന്റെ നിറവിൽ എംഎസ്‌ സ്വാമിനാഥൻ
  11. ഇനി ഡിസൈനർ പാൽ, മുട്ട ഭാവിയിലെ താരങ്ങൾ
  12. മഴക്കാലത്ത്‌ കരുതൽ കോഴികൾക്കും
  13. പന്നികൾക്ക്‌ തീറ്റ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്‌
  14. വിത്തുത്പാദനവും വിത്തു പരിചരണവും
  15. കശുമാവിലെ തടിതുരപ്പനെ നിയന്ത്രിക്കാം
  16. റംബുട്ടാന്‍ ഇല കരിയുന്നു;പ്രതിവിധി എന്താണ്
  17. തെങ്ങിന്റെ കൂമ്പുചീയല്‍ നേരിടാം
  18. ജൈവകൃഷിക്ക് മണ്ണൊരുക്കാം
  19. എളുപ്പം നനയ്ക്കാം; ജലനഷ്ടമില്ല
  20. ഒട്ടുജാതിയിലെ വിജയമന്ത്രം
  21. ഈ യന്ത്രത്തില്‍ കുരുമുളക് മെതിക്കാം, വേഗത്തില്‍
  22. ഇവിടെ കാറ്റിന് ഗ്രാമ്പൂമണം
  23. ആകാശമേലാപ്പില്‍ വെള്ളരിപ്പന്തല്‍
  24. ചെറുതല്ല കാന്താരി
  25. നഗര വനത്തില്‍
  26. പ്രവാസിയുടെ ഗോശാല
  27. ശ്രീകാര്യത്തെ മരച്ചീനിക്ക് വയനാട്ടില്‍ നൂറുമേനി
  28. മുറ്റത്തൊരു പാഷന്‍ ഫ്രൂട്ട് പന്തല്‍
  29. ഗ്രോബാഗ് ചിലവില്ലാതെ
  30. നടേണ്ടത് വിത്തു മുളപ്പിച്ച കറിവേപ്പിന്‍ തൈ
  31. ഐസ്‌ക്രീം നിറച്ച പഴം
  32. സുഗന്ധം പരത്തും കെപ്പല്‍
  33. കൊയ്യാന്‍ ഞങ്ങളുമുണ്ട്....
  34. ജൈവരീതിയില്‍ വെണ്ട കൃഷി ചെയ്യാം
  35. റംബുട്ടാന്‍ കൃഷിക്ക് പ്രിയമേറുന്നു
  36. ചുംബിക്കുന്ന ഗൗരാമി
  37. അടുക്കളയില്‍നിന്ന് ജൈവടോണിക്
  38. മുയല്‍ വിസര്‍ജ്യം കമ്പോസ്റ്റാക്കാം
  39. നീളന്‍ പീച്ചില്‍ കൃഷി
  40. ഗ്രോബാഗ് പച്ചക്കറിക്കൃഷി: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  41. ചിതലും കൃഷിയും

ഉൽപാദനം കൂട്ടാൻ യീസ്റ്റ്‌

ചെറിയ അളവിൽ യീസ്റ്റ്‌ തീറ്റയിൽ നൽകുന്നത്‌ തീറ്റയുടെ ഗുണമേന്മ വർധിപ്പിക്കുകയും ഉൽപാദനക്ഷമത കൂട്ടുകയും ചെയ്യും. കുമിൾ വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മ സസ്യമായ യീസ്റ്റ്‌ ദിവസവും നൽകുന്നത്‌ മൃഗങ്ങളുടെ ദഹനശേഷിയെ വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. സക്കാരോ മൈസസ്‌ സെറിവീസിയെ എന്ന ഇനം യീസ്റ്റാണ്‌ മൃഗങ്ങൾക്ക്‌ നൽകാൻ കൂടുതൽ അനുയോജ്യം. അയവെട്ടുന്ന മൃഗങ്ങളിൽ ദഹനം നടക്കുന്നത്‌ ആമാശയത്തിന്റെ ആദ്യ അറയായ റൂമനിലുള്ള സൂക്ഷ്മജീവികളുടെ സഹായത്താലാണ്‌. ഇത്തരം സൂക്ഷ്മ ജീവികളുടെ നിലനിൽപ്പും എണ്ണവും ഉറപ്പാക്കുന്ന പരിതസ്ഥിതി ഈ അറയിൽ ഉണ്ടാകേണ്ടതുണ്ട്‌. ഇതിൽ വ്യത്യാസം വന്നാൽ മൃഗങ്ങൾ തീറ്റയെടുക്കുന്നതിനേയും ദഹനത്തേയും അത്‌ ബാധിക്കുന്നു. പുല്ല്‌, വൈക്കോൽ തുടങ്ങിയവയോടൊപ്പം യീസ്റ്റ്‌ നൽകുമ്പോൾ റൂമനിൽ ഇവ ദഹിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മ ജീവികളുടെ എണ്ണം കൂടുന്നു. തൽഫലമായി ദഹനം കാര്യക്ഷമമാകുന്നു. യീസ്റ്റ്‌ ദിവസേന നൽകുമ്പോൾ മൃഗങ്ങൾ കൂടുതൽ തീറ്റയെടുക്കുകയും ഉൽപാദനം കൂടുകയും ചെയ്യുന്നു.
വിപണിയിൽ ലഭ്യമായ കാലിത്തീറ്റകൾ അധികമായി നൽകുമ്പോൾ റൂമനിലെ അമ്ല ക്ഷാര നിലയിൽ വ്യത്യാസം വരികയും തൽഫലമായി സൂക്ഷ്മജീവികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. എന്നാൽ സ്ഥിരമായി യീസ്റ്റ്‌ നൽകിയാൽ ഇത്തരം വ്യതിയാനങ്ങൾ ഒഴിവാക്കാൻ സാധിക്കാമെന്ന്‌ മാത്രമല്ല സൂക്ഷ്മജീവികൾ ധാരാളം വളരുകയും ചെയ്യും. ഇറച്ചിക്കായി വളർത്തുന്ന കന്നുകുട്ടികളിൽ പ്രതിദിനം രണ്ട്‌ ഗ്രാം യീസ്റ്റ്‌ നൽകുന്നത്‌ വളർച്ചയെ ത്വരിതപ്പെടുത്തും. കറവയുള്ള പശുക്കൾക്ക്‌ ദിവസേന അഞ്ച്‌ ഗ്രാം യീസ്റ്റ്‌ നൽകുന്നത്‌ ശരീരഭാരം കൂട്ടുന്നു. വിരയിളക്കിയതിനു ശേഷമാകണം യീസ്റ്റ്‌ നൽകേണ്ടത്‌. ഉദരത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ പുറന്തള്ളാനുള്ള കഴിവും യീസ്റ്റിനുള്ളതിനാൽ രോഗബാധ കുറയ്ക്കാനും കഴിയുന്നു. കുറഞ്ഞ ചിലവിൽ ഉത്പാദനവും ആരോഗ്യവും വർധിപ്പിക്കാൻ കഴിയുന്ന യീസ്റ്റ്‌ തീറ്റയിൽ ചേർക്കാൻ ഇനി മറക്കേണ്ട.
(ലേഖകൻ മണ്ണൂത്തി വെറ്ററിനറി കോളജിലെ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌)

 

കുളമ്പുരോഗത്തിനെതിരെ മുൻകരുതൽ

നമ്മുടെ സംസ്ഥാനത്ത്‌ കന്നുകാലികളിൽ കണ്ടു വരുന്ന സാംക്രമിക രോഗങ്ങളിൽ വളരെ പ്രധാനവും ഏറെ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതുമായ രോഗമാണ്‌ കുളമ്പുരോഗം.
ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ്‌ രോഗമാണിത്‌. പശു, എരുമ, പന്നി, ആട്‌, ചെമ്മരിയാട്‌ തുടങ്ങിയവയിൽ രോഗബാധ കാണപ്പെടുന്നു. കുതിരകളിൽ ഈ വൈറസ്‌ രോഗമുണ്ടാക്കുന്നില്ല. ‘പിക്കോർണ വൈറിഡേ’ എന്ന കുടുംബത്തിൽപ്പെട്ട ആഫ്തോ വൈറസ്‌’ ജാനസ്സിൽ ഉള്ള ഏഴ്‌ വൈറസുകളാണ്‌ ആഗോളതലത്തി ൽ രോഗമുണ്ടാക്കുന്നത്‌. അവയിൽ മൂന്നുതരം വൈറസുകളും, ഉപവിഭാഗങ്ങളുമാണ്‌ നമ്മുടെ സംസ്ഥാനത്ത്‌ രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്‌.
രോഗകാരികളുടെ ഇത്തരത്തിലുള്ള വൈവിധ്യവും വ്യതിയാനങ്ങളുമാണ്‌ രോഗനിയന്ത്രണം ദുഷ്കരമാക്കുന്നത്‌. ഓരോ ഇനത്തിനും അവരവരുടേതായ രീതിയിൽ രോഗം ഉണ്ടാക്കാനുള്ള ശേഷിയുള്ളതിനാൽ രോഗനിയന്ത്രണത്തിനുള്ള പ്രതിരോധ മരുന്നിലും ഇവയെ ഉൾപ്പെടുത്തിയാലേ സമ്പൂർണ സുരക്ഷ ലഭ്യമാകൂ.
വായുവിലൂടെയും, തീറ്റ, വെള്ളം, പുല്ല്‌ എന്നിവയിലൂടെയും രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നു. ശക്തമായ പനിയാണ്‌ ആദ്യ ലക്ഷണം. മൂക്കൊലിപ്പ്‌, ഉമിനീരൊലിപ്പ്‌, തീറ്റ തിന്നാതിരിക്കൽ, അയവെട്ടാതിരിക്കൽ, പാൽ കുറയൽ എന്നിവയാണ്‌ മറ്റ്‌ പ്രാരംഭ ലക്ഷണങ്ങൾ. 2-3 ദിവസത്തിനകം വായ, നാക്ക്‌, മൂക്ക്‌, മോണകൾ, അകിട്‌, ഈറ്റം എന്നിവിടങ്ങളിലും കുളമ്പുകൾക്കിടയിലും കുമിളകൾ പ്രത്യക്ഷപ്പെടുന്നു. ഈ പോളകൾ പൊട്ടി വ്രണങ്ങളായിത്തീരുന്നു. വ്രണങ്ങളിൽ പുഴുശല്യം ഉണ്ടാകാം. പശുക്കൾ കാലുകൾ ഇടയ്ക്കിടെ കുടയുകയും ചില അവസരങ്ങളിൽ മുടന്തുകയും ചെയ്യുന്നു, കുളമ്പ്‌ ഊരി പോകുന്ന അവസ്ഥയും ഉണ്ടാകും.
തീവ്രമായ രോഗബാധയിൽ വായിലെയും, മൂക്കിലെയും വ്രണങ്ങൾ മൂലം ശ്വാസതടസ്സമുണ്ടാകാം. വൈക്കോൽ പോലെയുള്ള കട്ടിയാഹാരം കഴിക്കാൻ കഴിയാതെ വരുന്നു. ചെനയുള്ള ഉരുക്കളിൽ ഗർഭമലസൽ സാധ്യതയുണ്ട്‌. കറവമാടുകളിൽ അകിടിലെ വ്രണങ്ങൾ അകിടുവീക്കത്തിനു കാരണമാകുന്നു. കന്നുകുട്ടികളിൽ രോഗം ഹൃദയപേശികളെ ബാധിക്കുന്നതിനാൽ മരണമുണ്ടാകും. വലിയ പശുക്കളിൽ മരണം കുളമ്പുരോഗബാധ മൂലമുണ്ടാകുന്നില്ലെങ്കിലും പാർശ്വ അണുബാധമൂലം കാലികൾ ചത്തുപോകാറുണ്ട്‌.
വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന അസുഖമാണ്‌ കുളമ്പുരോഗം. സാംക്രമികശക്തി കൂടുതലായതിനാൽ മൃഗങ്ങൾ തമ്മിൽ നേരിട്ടും നേരിട്ടല്ലാതെ മനുഷ്യരിലൂടെയുമുള്ള സമ്പർക്കം വഴിയും വായുമാർഗ്ഗവും അണുസംക്രമണം നടക്കും. രോഗബാധയുള്ള മൃഗങ്ങളുടേയോ, അവയുടെ വിസർജ്ജ്യവസ്തുക്കൾ, സ്രവങ്ങൾ, പാൽ, മാംസം എന്നിവയുമായുള്ള സമ്പർക്കം മൂലമോ രോഗം പടരാം. തീറ്റ സാധനങ്ങൾ, തൊഴുത്തിലെ മറ്റു വസ്തുക്കൾ, പാൽപാത്രങ്ങൾ, ജോലിക്കാർ, വാഹനങ്ങൾ, മറ്റു മൃഗങ്ങൾ എന്നിവയൊക്കെ വാഹകരാകാം. വെള്ളം, കാറ്റ്‌ എന്നിവ വഴിയും രോഗം പടർന്നു പിടിക്കാം. രോഗം മാറിയ പശുവിന്റെ ശരീരത്തിൽ നിന്നും ഒരു മാസത്തിലധികം സമയംവരെ രോഗാണുബാധ പടരാവുന്നതാണ്‌. ശരിയായ പരിചരണത്തിലൂടെ 10-15 ദിവസങ്ങൾകൊണ്ട്‌ രോഗം പൂർണമായി മാറുമെങ്കിലും ഭാവിയിൽ കിതപ്പ്‌, വന്ധ്യത, ഉൽപാദനം കുറയൽ, അമിത രോമ വളർച്ച തുടങ്ങിയ പ്രശ്നങ്ങൾ കാണിച്ചേക്കാം.
രോഗം വരാതിരിക്കാനും വന്നാൽ പടർന്നു പിടിക്കാതിരിക്കാനും ഏറെ മുൻകരുതലുകൾ വേണ്ടി വരുന്നു. ഫാമിനകത്തേക്കും പുറത്തേക്കും രോഗാണുക്കൾ കടക്കാതെ തടയാനുള്ള എല്ലാ വഴികളും നോക്കണം. രോഗബാധയുണ്ടായാൽ വിവരം മൃഗാശുപത്രിയിൽ അറിയിക്കണം. രോഗം വന്നവയെ മാറ്റിപാർപ്പിക്കണം. രോഗം വന്നവയെ പരിപാലിക്കുന്നവർ മറ്റു മൃഗങ്ങളെ കൈകാര്യം ചെയ്യാൻ പാടില്ല. രോഗമുള്ളവയുടെ കാര്യങ്ങൾ ചെയ്തതിനുശേഷം മാത്രം രോഗമില്ലാത്തവയെ ശുശ്രൂക്ഷിക്കുക. പരിചാരകർ ഓരോ തവണ ഷെഡിൽ കയറുമ്പോഴും പോരുമ്പോഴും കൈകാലുകൾ അണുനാശിനിയിൽ മുക്കി അണുവിമുക്തമാക്കണം. ഫാമിന്റെ ഗ്റ്റിനു മുമ്പിൽ അണുനാശിനി ചാക്കിൽ നനച്ചോ ചെറിയ ടാങ്കുകളിലോ നിറച്ച്‌ വച്ച്‌ മനുഷ്യരേയും , വാഹനങ്ങളേയും ഇവയിൽ കഴുകി നനഞ്ഞ പാദങ്ങൾ ടയറുകൾ ഉപയോഗിച്ച്‌ പ്രവേശിപ്പിക്കുക. നാല്‌ ശതമാനം വീര്യമുള്ള അലക്കുകാര ലായനി, രണ്ട്‌ ശതമാനം വീര്യമുള്ള കാസ്റ്റിക്‌ സോഡ, രണ്ട്‌ ശതമാനം വീര്യമുള്ള ഫോർമാലിൻ ഇവ ഉപയോഗിച്ച്‌ ഷെഡുകളും, വസ്തുക്കളും അണുവിമുക്തമാക്കാം.
വായ്ക്കുള്ളിലെ വ്രണങ്ങൾ പൊട്ടാസ്യം പെർമാംഗനേറ്റ്‌ ലായനി ഉപയോഗിച്ച്‌ കഴുകിയശേഷം ബോറിക്‌ ആസിഡ്‌ തേനിലോ ഗ്ലിസറിനിലോ ചാലിച്ച്‌ പുരട്ടുക. കാൽപാദത്തിലെ വ്രണങ്ങൾ 2 ശതമാനം വീര്യമുള്ള അലക്കുകാര ലായനിയിലോ, തുരിശു ലായനിയിലോ കഴുകി ആന്റി സെപ്റ്റിക്ക്‌ ലേപനങ്ങൾ പുരട്ടി കൊടുക്കുക. രോഗലക്ഷണമായ പനി കുറയാനുള്ള മരുന്നുകളും പാർശ്വ അണുബാധ തടയാൻ ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകാം. വൈറസ്‌ രോഗമായതിനാൽ പ്രത്യേക ചികിത്സയില്ല.
രോഗം നാട്ടിൽ പടരുന്ന സമയത്ത്‌ ഫാമിൽ സന്ദർശകരെ പൂർണമായി ഒഴിവാക്കണം. വായുവിലൂടെ രോഗം പകരുമെന്നതിനാൽ രോഗം വന്നവയെ പുറത്തേക്ക്‌ തീറ്റാൻ കൊണ്ടുപോകരുത്‌. രോഗമുള്ള പശുക്കളുടെ പാൽ കഴിയുന്നതും പുറത്തുകൊണ്ടുപോകരുത്‌. അത്യാവശ്യമെങ്കിൽ തിളപ്പിച്ചതിനുശേഷം മാത്രം കൊണ്ടുപോകുക. രോഗം പടർന്നു പിടിക്കുന്ന അവസരങ്ങളിൽ കാലികളെ വിൽക്കാനോ, വാങ്ങുവാനോ പാടില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നവ ഒരു മാസം മുൻപെങ്കിലും പ്രതിരോധ കുത്തിവെയ്പ്‌ നൽകിയവയാകണം. പക്ഷികളും, മറ്റു മൃഗങ്ങളും തൊഴുത്തിൽ കയറാതെ നോക്കണം. പശുവിനെ നോക്കുന്നവർ മറ്റു ഫാമുകളിൽ പോകരുത്‌. പുല്ലും, വൈക്കോലും രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന്‌ കൊണ്ടുവരരുത്‌. തൊഴുത്തിൽ നിന്നുള്ള മാലിന്യങ്ങളും ചത്ത പശുക്കളുടെ ജഡവും കൃത്യമായി മറവ്‌ ചെയ്യണം. ഇവ തോടുകളിലോ, പുഴയിലോ നിക്ഷേപിക്കുന്നത്‌ രോഗബാധ വ്യാപിപ്പിക്കും. കാലി പ്രദർശനങ്ങൾ, ചികിത്സാ ക്യാമ്പുകൾ ഇവ ഒഴിവാക്കണം.
പ്രതിരോധ കുത്തിവെയ്പ്‌ (വാക്സിനേഷൻ) നൽകുകയാണ്‌ രോഗ പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗ്ഗം. നാലുമാസം പ്രായത്തിൽ താഴെയുള്ള കിടാവുകളേയും ഏഴുമാസത്തിനു മുകളിൽ ചെനയുള്ള പശുക്കളേയും ഒഴിവാക്കണം. പശു, എരുമ, പന്നി എന്നിവയ്ക്ക്‌ കുത്തിവെയ്പ്‌ നൽകണം. കറവയുള്ള പശുക്കളിൽ കുത്തിവെയ്പിനുശേഷം താൽക്കാലികമായി ഏതാനും ദിവസം പാൽ കുറഞ്ഞേക്കുമെങ്കിലും പൂർവസ്ഥിതി അതിവേഗം പ്രാപിക്കുന്നതാണ്‌. ആരോഗ്യാവസ്ഥയിലുള്ള ഉരുക്കളാണ്‌ കുത്തിവെയ്പിന്‌ വിധേയമാകേണ്ടത്‌. വിരബാധയോ മറ്റു രോഗങ്ങളോ ഉള്ളവയിൽ ചില അവസരങ്ങളിൽ പാർശ്വഫലങ്ങൾ കാണുന്നു. രോഗം പടരുന്ന സമയത്ത,്‌ കന്നുകാലികൾ കൂട്ടം കൂടുന്ന പ്രദർശനങ്ങളിലോ ക്യാമ്പുകളിലോ കൊണ്ടുപോയി പ്രതിരോധ കുത്തിവെയ്പ്‌ നൽകുന്നത്‌ നന്നല്ല. കാരണം രോഗാണു ശരീരത്തിൽ കടന്നാൽ 2-7 ദിവസത്തിനകം രോഗമുണ്ടാകുന്നു. എന്നാൽ കുത്തിവെയ്പ്‌ നടത്തിയതിന്റെ ഫലമായുള്ള പ്രതിരോധശക്തി രൂപപ്പെടാൻ 14-21 ദിവസമെടുക്കുന്നു.
അടുത്ത സംസ്ഥാനങ്ങളിൽ രോഗബാധയുണ്ടാകുന്നത്‌ കേരളത്തിന്‌ ഭീഷണിയാണ്‌. പ്രതിവർഷം 10 ലക്ഷം കാലികളാണത്രേ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ നമ്മുടെ സംസ്ഥാനത്തെ അറവുശാലകളിലെത്തുന്നത്‌. അശ്രദ്ധമായി ഇത്തരം മൃഗങ്ങളെ കൈകാര്യം ചെയ്താൽ രോഗം എളുപ്പം നമ്മുടെ നാട്ടിലെത്തുകയും ചെയ്യും. നമ്മുടെ സംസ്ഥാനത്തെ കുളമ്പുരോഗ നിയന്ത്രിത സംസ്ഥാനമാക്കാനുള്ള ബൃഹത്‌ പദ്ധതിയായ ഗോരക്ഷ പദ്ധതി വഴി നടത്തി വരുന്ന കുത്തിവെയ്പുകളുമായി എല്ലാ കർഷകരും സഹകരിച്ചാൽ മാത്രമേ കുളമ്പുരോഗത്തെ വരുതിയിൽ നിർത്താൻ നമുക്ക്‌ കഴിയൂ.
(ലേഖകൻ മണ്ണുത്തി വെറ്ററിനറി കോളജ്‌ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌)

ശീതകാല പച്ചക്കറികൾ ഇപ്പോൾ നടാം

തണുപ്പുള്ള പ്രദേശത്ത്‌ മാത്രം വളർന്നിരുന്ന ക്യാബേജ്‌, കോളിഫ്ലവർ, ബീറ്റ്‌റൂട്ട്‌, സവാള എന്നിവ ഉഷ്ണമേഖലാ പ്രദേശമായ നമ്മുടെ കേരളത്തിലും വളർത്താം എന്നത്‌ പല പഠനങ്ങളും തെളിയിച്ചു കഴിഞ്ഞു. കൂടാതെ ഒട്ടേറെ കർഷകർ ശീതകാല പച്ചക്കറികൾ കൃഷി ചെയ്ത്‌ വിജയം കണ്ടിട്ടുമുണ്ട്‌. ഇക്കുറി നമ്മുടെ വീട്ടുവളപ്പിലും വിഷാംശമില്ലാത്ത ശീതകാല പച്ചക്കറികൾ വിളവെടുക്കാം. കേരളത്തിലെ ചൂടിൽ വളർത്താൻ പറ്റുന്ന ഇനങ്ങളുടെ വരവോട്‌ കൂടിയാണ്‌ ശീതകാല കൃഷി കേരളത്തിൽ സാധ്യമായത്‌. അതുകൊണ്ട്‌ ഇത്തരം ഇനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ഇനങ്ങൾ
ക്യാബേജ്‌: എൻഎസ്‌-43,
എൻഎസ്‌-160, എൻഎസ്‌-183
കോളിഫ്ലവർ: ബസന്ത്‌,
എൻഎസ്‌-60, പൂസ-മേഘ്ന
ക്യാരറ്റ്‌: പൂസ രുധിര,
സൂപ്പർ കോറോഡ
ബീറ്റ്‌റൂട്ട്‌: മധുർ
സവാള: അഗ്രിപൗണ്ട്‌ ഡാർക്ക്‌ റെഡ്‌,
അർക്ക കല്യാൺ

ഒക്ടോബർ മാസത്തോടെ ശീതകാല പച്ചക്കറികൾ നടാനുളള തയാറെടുപ്പുകൾ തുടങ്ങാം. ക്യാബേജ്‌, കോളിഫ്ലവർ എന്നിവ തൈകൾ പറിച്ച്‌ നട്ട്‌ വളർത്താവുന്നവയാണ്‌. ഇതിനായി വിത്തുകൾ ഒക്ടോബർ ആദ്യവാരത്തോടെ പാകി തയാറാക്കാം. മഴയിൽ നിന്നും സംരക്ഷണം നൽകുന്നു എന്നുള്ളതുകൊണ്ട്‌ മഴമറയിലോ പോളിഹൗസിലോ വേണം നഴ്സറി തയാറാക്കാൻ. ഇത്‌ വീട്ടുവളപ്പിൽ ബുദ്ധിമുട്ടായതിനാൽ മേൽപ്പറഞ്ഞ ഇനങ്ങളുടെ തൈകൾ വാങ്ങി നടാവുന്നതാണ്‌.
തൈകൾ നടാൻ നല്ല സൂര്യപ്രകാശവും നീർവാർച്ചയും ഉള്ള സ്ഥലംവേണം തിരഞ്ഞെടുക്കാൻ. ഒരു സെന്റിൽ 150 തൈകൾ നടാം. തൈകൾ തമ്മിൽ ഒരടിവീതിയിൽ രണ്ടടി അകലത്തിൽ ചാല്‌ കീറി അതിൽ മേൽമണ്ണും ജൈവവളവും ചേർത്ത്‌ മുക്കാൽ ഭാഗം മൂടി തൈകൾ നടാം. തൈകൾ തമ്മിൽ ഒന്നര അടി അകലം നൽകാൻ ശ്രദ്ധിക്കണം.
വേപ്പിൻ പിണ്ണാക്ക്‌, കപ്പലണ്ടി പിണ്ണാക്ക്‌, ചാണകം ഗോമൂത്രം എന്നിവ ഒരു കിലോഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ പുളിപ്പിച്ച്‌ അത്രയും തന്നെ വെള്ളം ചേർത്ത്‌ ആഴ്ചയിൽ രണ്ട്‌ പ്രാവശ്യം ചെടികൾക്ക്‌ നൽകുക. രണ്ട്‌ ആഴ്ചയിലൊരിക്കൽ ഒരു പിടി വേപ്പിൻ പിണ്ണാക്ക്‌ ചാണകപ്പൊടിയുമായി കലർത്തി ചേർക്കാം. ശീതകാല പച്ചക്കറി വിളകളുടെ വിള ദൈർഘ്യം വളരെ കുറവായതിനാൽ ഇടവിട്ടുള്ള വളപ്രയോഗം നൽകേണ്ടതാണ്‌.
തൈകൾ നട്ട്‌, ഒന്നരമാസം കഴിയുമ്പോഴേക്കും കോളിഫ്ലവറിൽ മുളകൾ വന്നു തുടങ്ങും. ക്യാബേജിൽ 50-60 ദിവസം കൊണ്ട്‌ ഹെഡുകൾ ഉണ്ടാകും. 10-12 ദിവസത്തിനുശേഷം ഇവ വിളവെടുക്കാം. ഒരു സെന്റിന്‌ ശരാശരി 80-100 കിലോഗ്രാം വിളവ്‌ ലഭിക്കാം.
ക്യാരറ്റും ബീറ്റ്‌റൂട്ടും വിത്തുകൾ നേരിട്ട്‌ പാകാം. നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള സ്ഥലമാണ്‌ അനുയോജ്യം. നിലം നന്നായി കിളച്ച്‌ പൊടി മണ്ണാക്കി, സെന്റൊന്നിന്‌ 100 കിലോഗ്രാം ജൈവവളവും ചേർത്ത്‌ ഒരടി അകലത്തിൽ ചാലുകൾ കീറി വിത്തുകൾ പാകാം. വിത്തുകൾ ആഴത്തിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഒന്നര ആഴ്ചയ്ക്ക്‌ ശേഷം ചെടികൾ തമ്മിൽ 10 സെന്റീമീറ്റർ അകലം പാലിക്കത്തക്കരീതിയിൽ ഇടയിലുള്ളവ പിഴുതുകളയുക, വിത്ത്‌ മുളച്ച്‌ 15 ദിവസത്തിനുശേഷം ജൈവവളം ചേർത്ത്‌ ചെടികൾക്ക്‌ ചുറ്റും മണ്ണ്‌ കയറ്റുക. മൂന്നാമത്തേയും അഞ്ചാമത്തേയും ആഴ്ചകളിൽ ജൈവവളം ചേർത്ത്‌ മണ്ണ്‌ കയറ്റി കൊടുക്കുക, ആഴ്ചയിൽ രണ്ട്‌ തവണ പുളിപ്പിച്ച ജൈവവളം ഒഴിച്ചു കൊടുക്കുക.
70-80 ദിവസം പ്രായമാകുമ്പോഴേക്കും കിഴങ്ങുകൾ വിളവെടുക്കാം. വിളവെടുപ്പിന്‌ മുൻപായി ജലസേചനം കുറയ്ക്കുന്നത്‌ വിളവ്‌ കൂട്ടും. വിളവെടുപ്പ്‌ വൈകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു സെന്റിൽ നിന്നും 10-15 കിലോഗ്രാം ഉൽപാദനം പ്രതീക്ഷിക്കാം.
മറ്റൊരു പ്രധാന ശൈത്യകാലവിളയാണ്‌ സവാള. സവാളയുടെ വിത്ത്‌ പാകി പറിച്ച്‌ നടുന്നതാണ്‌ അഭികാമ്യം. വിത്ത്‌ പാകി 15 സെന്റീ മീറ്റർ ഉയരമാകുമ്പോഴേക്കും തൈകൾ പറിച്ച്‌ നടാൻ പാകമാകും. ഒരടി അകലത്തിൽ വരമ്പെടുത്ത്‌ 10 സെന്റീമീറ്റർ അകലത്തിൽ ചെടികൾ നടാം. വളരെ നേരിയ വേരുപടലമായതിനാൽ നനയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണം. ഉള്ളിയാകുന്ന സമയത്ത്‌ നനവ്‌ അത്യാവശ്യമാണ്‌. നനകുറഞ്ഞാൽ വിളവിനെ ബാധിക്കും. കൂടിയാൽ അഴുക്കൽ രോഗത്തിനുള്ള സാധ്യത കൂടുകയും ചെയ്യും. വിളവെടുപ്പിന്‌ മുമ്പായി നനകുറയ്ക്കാവുന്നതാണ്‌.
സെന്റൊന്നിന്‌ 100 കിലോഗ്രാം ജൈവവളം അടിവളമായി നൽകണം. കൂടാതെ മണ്ണിര കമ്പോസ്റ്റ്‌, പുളിപ്പിച്ച പിണ്ണാക്ക്‌, കാലിവളമോ മറ്റേതെങ്കിലും ജൈവവളമോ സമൃദ്ധമായി നൽകാം. ആഴ്ചയിൽ രണ്ട്‌ തവണ പുളിപ്പിച്ച്‌ നേർപ്പിച്ച പിണ്ണാക്ക്‌ ലായനി ഒഴിച്ചുകൊടുക്കാം. കൈറ്റിൻ സ്യൂഡോമോണാസ്‌ 10 ദിവസം ഇടവിട്ട്‌ 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ തളിച്ച്‌ കൊടുത്താൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താം.
തൈകൾ നട്ട്‌ മൂന്നരമാസം പ്രായമാകുമ്പോൾ വിളവെടുക്കാം. ഇലകൾ വാടി കരിയുമ്പോഴേക്കും പറിച്ചെടുത്ത്‌ തണലിൽ ഉണക്കുക. അതിനുശേഷം തണ്ട്‌ മുറിച്ച്‌ മാറ്റി ഉണക്കി ഉപയോഗിക്കാം. ഒരു സെന്റിൽ നിന്ന്‌ ഏകദേശം 25-30 കിലോഗ്രാം വിളവ്‌ പ്രതീക്ഷിക്കാം.

തയ്യാറാക്കിയത്‌:
ജീഷ്മ ഷാജി
ഡോ. ജലജ എസ്‌ മേനോൻ
വിനീഷ കെ വി
കൃഷിവിജ്ഞാന കേന്ദ്രം, തൃശൂർ

ലാഭം കൂട്ടാൻ ശാസ്ത്രീയ തീറ്റക്രമം

തീറ്റച്ചെലവേറിയാൽ പശുപരിപാലനത്തിൽ നിന്നുള്ള ലാഭം കുറയും. പാലുത്പാദനമനുസരിച്ചും കറവയുടെ വിവിധ ഘട്ടങ്ങളിലും തീറ്റക്രമത്തിൽ ആവശ്യമായ വ്യത്യാസങ്ങൾ വരുത്തണം. അതായത്‌ തീറ്റ ആവശ്യത്തിലധികം നൽകുന്നത്‌ പാഴ്ച്ചെലവാണ്‌. തീറ്റ കുറവു നൽകിയാൽ ഉത്പാദന നഷ്ടം മാത്രമല്ല പ്രത്യുത്പാദനത്തേയും തകരാറിലാക്കും. കറവപ്പശുവിന്റെ പാലുത്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിൽ നൽകേണ്ട തീറ്റയെക്കുറിച്ചുള്ള അറിവാണ്‌ ഇവിടെ ആവശ്യം. ഇതിനായി കറവക്കാലത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കാം.

ആദ്യഘട്ടം (പ്രസവശേഷം 10-12 ആഴ്ചവരെ)
പ്രസവശേഷം പാലുത്പാദനം വർദ്ധിക്കുന്നു. ഈ സമയത്ത്‌ പാലിൽ കൊഴുപ്പ്‌ കുറവായിരിക്കും. പാലുത്പാദനം ഏറ്റവും കൂടുതൽ ഉള്ള സമയമാണിത്‌. പ്രസവശേഷം ക്രമമായി ഉയരുന്ന പാലുത്പാദനം 6-8 ആഴ്ചയോടെ പരമാവധി അളവിലെത്തുന്നു. എന്നാൽ നീണ്ട ഗർഭകാലത്തിനുശേഷം ഗർഭാശയത്തിന്റെ മർദ്ദം മൂലം ചുരുങ്ങിയ പശുവിന്റെ ആമാശയത്തിന്‌ വേണ്ടത്ര തീറ്റയെടുക്കാൻ പരിമിതിയുണ്ട്‌. അതിനാൽ ഈ സമയത്ത്‌ പശുവിന്‌ പൂർണമായ വിശപ്പുണ്ടാവില്ല. അതേ സമയം പാലുത്പാദനം കൂടുന്നതിനാൽ കൂടുതൽ പോഷകങ്ങൾ ശരീരത്തിന്‌ ആവശ്യമാൺതാനും. അതിനാൽ കുറച്ചു ഭക്ഷണത്തിൽ തന്നെ കൂടുതൽ പോഷണം ലഭിക്കുന്ന തീറ്റ ഈ സമയത്ത്‌ നൽകണം. ചലഞ്ച്‌ ഫീഡിങ്ങ്‌ എന്ന രീതി പരീക്ഷിക്കേണ്ട സമയം കൂടിയാണിത്‌. പ്രസവിച്ച്‌ കഴിഞ്ഞ്‌ ആദ്യത്തെ രണ്ടുമാസം തീറ്റയുടെ അളവ്‌ നാലു ദിവസത്തെ ഇടവേളകളിൽ അരക്കിലോഗ്രാം വീതം കൂട്ടിക്കൊടുക്കുന്നു. പാലുത്പാദനം തീറ്റയുടെ അളവിനനുസരിച്ച്‌ കൂട്ടാത്ത അളവ്‌ പിന്നീട്‌ സ്ഥിരമായി നിലനിർത്തുക. പാലിൽ നഷ്ടപ്പെടുന്ന ഊർജ്ജത്തിന്റെ അളവ്‌ നികത്താനായി ബൈപാസ്‌ ഫാറ്റ്‌ പോലെയുള്ള ഊർജ്ജസ്രോതസ്സുകൾ ഈ സമയത്ത്‌ ഉപയോഗിക്കാം. ബൈപാസ്‌ പ്രോട്ടീൻ തീറ്റകൾ, പയർ വർഗ്ഗ വിളകൾ, ധാന്യവിളകൾ എന്നിവയും ഈ സമയത്ത്‌ നൽകാം. കാലിത്തീറ്റയിൽ ചെറിയ അളവിൽ ചോളപ്പൊടി നൽകുന്ന രീതിയുമുണ്ട്‌. അസിഡിറ്റി ഒഴിവാക്കാൻ അപ്പക്കാരവും തീറ്റയിൽ ചേർക്കാം.

രണ്ടാം ഘട്ടം (12-24 ആഴ്ചക്കാലം)
പശുവിന്റെ വിശപ്പും, ദഹനവ്യവസ്ഥയുടെ പ്രവർത്തനവും പൂർണമായും തിരിച്ചെത്തുന്ന സമയമാണിത്‌. കൂടുതൽ തീറ്റ കഴിക്കാൻ പശു ശ്രമിക്കുകയും ചെയ്യുന്നു. കൃത്യമായ അളവിൽ പച്ചപ്പുല്ലും, വൈക്കോലും ഉൾപ്പെടെയുള്ള പരുഷാഹാരം കാലിത്തീറ്റയ്ക്കൊപ്പം നൽകണം. ധാതുലവണ മിശ്രിതങ്ങളും തീറ്റയിൽ ചേർക്കണം.

മൂന്നാം ഘട്ടം (24 ആഴ്ച മുതൽ കറവ വറ്റുന്നതുവരെ)
പാലുത്പാദനം കുറഞ്ഞു വരുന്നു. പശുക്കൾ ഗർഭവതിയായിരിക്കും. പ്രതിമാസം 8-10 ശതമാനം നിരക്കിൽ ഉത്പാദനത്തിൽ കുറവു വരുന്നു. തീറ്റച്ചെലവു കുറയ്ക്കാൻ കഴിയുന്ന വിധത്തിൽ ആഹാരക്രമം ക്രമീകരിക്കണം. അളവിലും ഗുണത്തിലും മാറ്റങ്ങൾ സാധ്യമായ സമയം.

നാലാം ഘട്ടം (വറ്റുകാലം)
പശുവിന്റെ അകിടിനും ദഹനവ്യൂഹത്തിനും ഒരു പരിധിവരെ അടുത്ത കറവയ്ക്കായി ഒരുങ്ങാനുള്ള സമയമാണിത്‌. അടുത്ത കറവക്കാലത്ത്‌ ഉത്പാദനം കൂട്ടാനും, അടുത്ത പ്രസവത്തിൽ ഉപാപചയ രോഗങ്ങൾ ഒഴിവാക്കാനും കഴിയുന്നവിധം തീറ്റക്രമം മാറണം. പാലുത്പാദനമില്ലാത്തതിനാൽ ഈ സമയം പശുക്കളെ കർഷകർ അവഗണിക്കാറുണ്ട്‌. ധാതുലവണ മിശ്രിതം ഒഴിവാക്കി ആനയോണിക്ക്‌ ഉപ്പുകൾ, വിറ്റമിൻ എ,ഡി,ഇ, നിയാസിൻ എന്നിവ നൽകാൻ കഴിയണം. ഗുണമേന്മയുള്ള പരുഷാഹാരമായിരിക്കണം പ്രധാന തീറ്റ വസ്തു.

അഞ്ചാം ഘട്ടം (പ്രസവത്തിനുമുമ്പുള്ള രണ്ടാഴ്ചക്കാലം)
പ്രസവത്തിന്‌ രണ്ടാഴ്ച മുമ്പുള്ള ഈ സമയത്ത്‌ പ്രത്യേക ശ്രദ്ധ നൽകണം. പ്രസവശേഷം നൽകാൻ ഉദ്ദേശിക്കുന്ന തീറ്റയുമായി പശുവിന്റെ ആമാശയത്തിന്റെ ആദ്യ അറയായ റൂമനെ പരിചയപ്പെടുത്തി കൊണ്ടുവരാനുള്ള സമയമാണിത്‌. ഏതു പുതിയ തീറ്റയോടും സമരസപ്പെടാൻ റൂമനിലെ സൂക്ഷ്മജീവികൾ രണ്ടാഴ്ച സമയം വരെ എടുക്കുന്നു. അതിനാൽ പ്രസവശേഷമുള്ള തീറ്റ പരിചയപ്പെടുത്താൻ ഈ രണ്ടാഴ്ച ഉപയോഗപ്പെടുത്തണം. ഈ സമയത്ത്‌ ഖരാഹാരം കൂട്ടി നൽകി തുടങ്ങുന്ന രീതിയെ ‘സ്റ്റീമിങ്ങ്‌ അപ്‌ ’എന്നാണ്‌ വിളിക്കുന്നത്‌.
ഇങ്ങനെ കറവ സമയത്തുള്ള തീറ്റക്രമമാണ്‌ ഈ കാലയളവിലെ മൊത്തം ഉത്പാദനത്തിന്റെ അളവിനേയും തീറ്റച്ചെലവിനേയും സ്വാധീനിക്കുന്നത്‌. ഓരോ പശുവും കറവയുടെ ഏതു ഘട്ടത്തിലാണെന്നറിഞ്ഞു വേണം തീറ്റയുടെ അളവും, ഗുണവും നിജപ്പെടുത്താൻ. തീറ്റ നൽകുന്നത്‌ പാത്രമറിഞ്ഞു വേണമെന്ന്‌ ചുരുക്കം.

ഡോ. സാബിൻ ജോർജ്ജ്‌ (ലേഖകൻ മണ്ണുത്തി വെറ്ററിനറി കോളജ്‌ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌)

ഫാമുകൾക്ക്‌ ഭീഷണി

 

പരമാവധി പാലുത്പാദനം ലക്ഷ്യമാക്കി തീവ്രരീതിയിൽ പശുക്കളെ പരിപാലിക്കുന്ന ഡെയറി ഫാമുകൾക്ക്‌ ഭീഷണിയാകുന്ന രോഗാവസ്ഥയാണ്‌ ‘സറ’’ (ടഅഞ്ഞഅ).
സബ്‌ അക്യൂട്ട്‌ റൂമിനൽ അസിഡോസിസ്‌ എന്ന ഉപാപചയ രോഗത്തിന്റെ ചുരുക്കപ്പേരാണിത്‌. പശുക്കൾ കൂടുതൽ ചുരത്താനായി രുചിയേറിയ എളുപ്പം ദഹിക്കുന്ന അന്നജ പ്രധാനമായ, എന്നാൽ നാരുകളുടെ അളവ്‌ കുറവായ സാന്ദ്രാഹാരം ധാരാളമായി നൽകുന്നതു വഴി ആമാശയത്തിന്റെ അമ്ലത ദീർഘ സമയത്തേക്ക്‌ ഉയർന്നു നിൽക്കുന്ന അവസ്ഥയാണിത്‌. കറവപ്പശുക്കളുടെ ആരോഗ്യത്തെയും ഉത്പാദനക്ഷമതയേയും ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുന്ന ഈ അവസ്ഥ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. പുല്ലിന്റേയും, വൈക്കോലിന്റേയും ലഭ്യത കുറയുകയും കാലിത്തീറ്റയെ പൂർണ്ണമായും ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നതോടെ കേരളത്തിലെ ഫാമുകളും ‘സറ’ ഭീഷണിയിലാണ്‌.
പശുവിന്റെ ആമാശയത്തിന്‌ നാല്‌ അറകളാണുള്ളത്‌, ഇതിൽ ആദ്യത്തെ അറയായ റൂമനിലാണ്‌ സൂക്ഷ്മാണുക്കളുടെ സഹായത്തോടെ പുളിപ്പാക്കൽ പ്രക്രിയയിലൂടെ ദഹനത്തിന്റെ ഭൂരിഭാഗവും നടക്കുന്നത്‌. നാരുകൾ കൂടുതലടങ്ങിയ പുല്ല്‌ തിന്നാനും ദഹിപ്പിക്കാനും കഴിയുന്നവിധമാണ്‌ റൂമൻ സംവിധാനം ചെയ്തിരിക്കുന്നത്‌. ദഹനം കൃത്യമായി നടക്കുന്നതിനായി റൂമനിലെ അമ്ലക്ഷാരനില നിശ്ചിത പരിധിക്കുള്ളിൽ നിർത്തുന്നതിനുള്ള കഴിവ്‌ സാധാരണയായി പശുക്കൾക്കുണ്ട്‌. ഇതിനായി റൂമനിലെ പി.എച്ച്‌. (അമ്ല-ക്ഷാര നിലയുടെ സൂചിക) 6-7 എന്ന നിലയിൽ നിലനിർത്തുന്നു. റൂമനിൽവെച്ച്‌ അന്നജം ദഹിച്ചുണ്ടാകുന്ന ഫാറ്റി ആസിഡുകൾ പി.എച്ച്‌. വ്യത്യാസം വരുത്തുമെങ്കിലും ഇവയെ നിശ്ചിത പരിധിയിൽ നിലനിർത്താനുള്ള സങ്കീർണ്ണമായ സംവിധാനങ്ങൾ പശുവിന്‌ പ്രകൃത്യാ തന്നെയുണ്ട്‌. അമ്ലനില കൂടുന്ന സമയത്ത്‌ തീറ്റയുടെ അളവ്‌ കുറയ്ക്കുന്നതും, കൂടുതലുള്ള അമ്ലങ്ങൾ നിർവ്വീര്യമാക്കാൻ ധാരാളം ഉമിനീർ ഉത്പാദിപ്പിക്കുന്നതുമൊക്കെ ഇത്തരം സംവിധാനങ്ങളാണ്‌. എന്നാൽ ധാന്യങ്ങൾ ധാരാളമടങ്ങിയ എളുപ്പം ദഹിക്കുന്ന തീറ്റകൾ കൂടുതൽ അളവിൽ കഴിക്കുമ്പോൾ റൂമനിലെ അമ്ലനില ഉയരുന്നു. അതായത്‌ പി.എച്ച്‌. സാധാരണ പരിധിയിലും താഴുന്നു. ഈ സമയത്ത്‌ റൂമന്റെ പി.എച്ച്‌. 5-5.5 എന്ന നിലയിലെത്തുന്നു. ഇങ്ങനെ ഒരു ദിവസം മൂന്ന്‌ മണിക്കൂർ നേരമെങ്കിലും പി.എച്ച്‌. താഴ്‌ന്ന്‌ നിൽക്കുന്ന അവസ്ഥയുണ്ടായാൽ അതിനെ നമുക്ക്‌ സറ എന്ന്‌ വിളിക്കാം.
റൂമനിലുള്ള അമ്ലനില പരിധിയിലധികം വർദ്ധിക്കുന്നതോടെ പ്രശ്നങ്ങൾക്ക്‌ തുടക്കമായി. റൂമനെ ആവരണം ചെയ്യുന്ന കോശങ്ങൾക്ക്‌ ശ്ലേഷ്മാവരണത്തിന്റെ സംരക്ഷണമില്ല. അതിനാൽ അമ്ലങ്ങൾ അടിഞ്ഞു കൂടുന്നത്‌ റൂമന്റെ ആവരണത്തെ നശിപ്പിക്കുന്നു. ഇത്‌ റൂമൻ വീക്കത്തിനും ഭിത്തിയിൽ വ്രണങ്ങൾക്കും കാരണമാകുന്നു. ഈ അവസരം മുതലെടുത്ത്‌ ബാക്ടീരിയകൾ റൂമൻ ഭിത്തിവഴി രക്തത്തിലേക്ക്‌ പ്രവേശിക്കുകയും, അവിടെ നിന്ന്‌ കരൾ, ശ്വാസകോശം, ഹൃദയ വാല്വ്‌, കിഡ്നി, സന്ധികൾ തുടങ്ങി പാദങ്ങൾവരെയും പ്രശ്നമുണ്ടാക്കുന്നു. അമ്ലനില കൂടുന്നതോടെ നാരുകളെ ദ0ഹിപ്പിക്കുന്ന പ്രക്രിയ താറുമാറാകുകയും ചെയ്യുന്നു.
വ്യക്തവും, കൃത്യവുമായ ബാഹ്യലക്ഷണങ്ങൾ പലപ്പോഴും കാണപ്പെടുന്നില്ല എന്നതാണ്‌ സറയുടെ പ്രത്യേകത. പലപ്പോഴും ആഴ്ചകളോ, മാസങ്ങളോ കഴിഞ്ഞാവും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. അതുകൊണ്ടു തന്നെയാവണം സറ എന്ന അവസ്ഥ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നത്‌. കഴിക്കുന്ന തീറ്റയുടെ അളവ്‌ കുറയുന്നതാണ്‌ ഒരു ലക്ഷണം. ഈ ലക്ഷണവും ഒരു പ്രത്യേക രീതിയിലാണ്‌ കാണപ്പെടുന്നത്‌. ഒരു ദിവസം കൂടുതൽ തീറ്റയെടുക്കുന്ന പശു അടുത്ത ദിവസം തീറ്റയുടെ അളവ്‌ കുറയ്ക്കുന്നു. പാലിലെ കൊഴുപ്പിന്റെ അളവിൽ കുറവുണ്ടാകുന്നു. വയറിളക്കം നേരിയ തോതിൽ കാണപ്പെടുന്നു. ചാണകം അയഞ്ഞു പോവുകയും പതഞ്ഞ്‌ കുമിളകൾ കാണപ്പെടുകയും ചെയ്യാം. ഇടവിട്ട ദിവസങ്ങളിൽ വയറിളക്കം കാണപ്പെടുന്നതും ലക്ഷണമാണ്‌. പലപ്പോഴും പശുവിന്റെ ശരീരത്തിൽ എപ്പോഴും ചാണകം പറ്റിയിരിക്കുന്നതായി കാണാം. അയവെട്ടൽ കുറയുകയും നല്ല തീറ്റ തിന്നിട്ടും പശു ക്ഷീണിക്കുന്നതായും കാണപ്പെടുന്നു.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പലതും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്‌ പതിവ്‌. എന്നാൽ പശുവിന്റെ പാദത്തിനും കുളമ്പിനുമുണ്ടാകുന്ന പ്രശ്നങ്ങളാണ്‌ സറയുടെ പ്രധാനവും, കൃത്യവുമായ ലക്ഷണം. കുളമ്പിന്റെ പ്രശ്നങ്ങൾ, ഫലകവീക്കം, കുളമ്പിന്റെ നിറവ്യത്യാസം, രക്തസ്രാവം, വ്രണങ്ങൾ, ആകൃതി നഷ്ടപ്പെടൽ തുടങ്ങിയ പാദത്തിന്റെ പ്രശ്നങ്ങൾ ദീർഘ കാലത്തേക്ക്‌ നിലനിൽക്കുന്നു. ഗർഭാശയ വീക്കം, പ്രത്യുത്പാദന പ്രശ്നങ്ങൾ, അകിടുവീക്കം തുടങ്ങിയ പ്രശ്നങ്ങളും പിന്നാലെയെത്തും. പ്രത്യുത്പാദന, ഉത്പാദന ക്ഷമത കുറഞ്ഞ്‌ ആരോഗ്യം നശിച്ച ഇത്തരം പശുക്കൾ അകാലത്തിൽ ഫാമുകളിൽ നിന്ന്‌ ഒഴിവാക്കപ്പെടുന്നു. ചുരുക്കം പറഞ്ഞാൽ പാലുത്പാദനം കൂട്ടാനായി നൽകിയ അമിതമായ ആഹാരം താൽക്കാലിക ലാഭം നൽകിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വൻ നഷ്ടം വരുത്തിവെയ്ക്കുന്നു. ഇതാണ്‌ സറ ഉയർത്തുന്ന വലിയ ഭീഷണി.
ദീർഘകാലം കുറഞ്ഞ അളവിൽ തീറ്റ നൽകിയിരുന്ന പശുക്കൾക്ക്‌ പെട്ടെന്ന്‌ കൂടിയ അളവിൽ എളുപ്പം ദഹിക്കുന്ന തീറ്റ നൽകന്നത്‌ സറ യ്ക്ക്‌ കാരണമാകുന്നു. പ്രസവശേഷം കറവയുടെ ആദ്യഘട്ടത്തിലാണ്‌ ഇത്‌ ഏറെ പ്രധാനം. ഈ സമയത്ത്‌ പശുക്കൾക്ക്‌ അമിതമായ രീതിയിൽ പെട്ടെന്ന്‌ കഞ്ഞിവെച്ച്‌ നൽകുന്നതും ചോളപ്പൊടി നൽകുന്നതുമൊക്കെ റൂമന്റെ അമ്ലത വർദ്ധിപ്പിക്കുന്നു. മാത്രമല്ല, കറവയുടെ ആദ്യഘട്ടത്തിൽ പശുക്കൾക്ക്‌ തിന്നാൻ കഴിയുന്നതിലധികം ധാന്യസമ്പന്നമായ ആഹാരം നൽകിയാൽ അവ പിന്നീട്‌ നാരുകളടങ്ങിയ പുല്ല്‌ കഴിക്കാൻ മടി കാട്ടുകയും നാരിന്റെ കുറവ്‌ അമ്ലനില ഉയർത്താൻ കാരണമാവുകയും ചെയ്യും. നാരുകളടങ്ങിയ തീറ്റ കൂടുതൽ ഉമിനീർ ഉത്പാദനം സാധ്യമാക്കുകയും ഉമിനീരിൽ അടങ്ങിയ ബൈകാർബണേറ്റുകൾ അമ്ലനിലയെ നിർവ്വീര്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ആവശ്യമായ അളവിൽ തീറ്റപ്പുല്ലിന്റെ ലഭ്യത ഉറപ്പാക്കണം.
പശുക്കളുടെ റൂമന്റെ ആവരണത്തിനും, അവയിലെ സൂക്ഷ്മജീവികൾക്കും തീറ്റയുമായി പൊരുത്തപ്പെടാൻ നിശ്ചിത സമയം ആവശ്യമാണ്‌. ഇത്്‌ ഒന്ന്‌ മുതൽ നാലാഴ്ചവരെ നീളുന്ന സമയമാണ്‌. അതിനാൽ വറ്റുകാലത്തിന്റെ സമയത്തുതന്നെ പ്രസവാനന്തരം നൽകാനുള്ള തീറ്റ പശുക്കളെ ശീലിപ്പിച്ച്‌ തുടങ്ങണം. കൃത്യമായ തീറ്റക്രമവും, തീറ്റ സമയവും പാലിക്കണം. പശുക്കൾക്ക്‌ നൽകുന്ന തീറ്റയിൽ നാരിന്റെ അളവ്‌ കൃത്യമായി ഉറപ്പാക്കണം. മൊത്തം ശുഷ്കാഹാരത്തിന്റെ 27-30 ശതമാനം ന്യൂട്രൽ ഡിറ്റർജന്റ്‌ ഫൈബർ ആയിരിക്കണം. ഇതിൽ തന്നെ 70-80 ശതമാനം തീറ്റപ്പുല്ലിൽ നിന്നുമായിരിക്കണം. തീറ്റപ്പുല്ല്‌ അരിഞ്ഞ്‌ നൽകുമ്പോൾ വലിപ്പം 3.5 സെ.മീ. ൽ കുറയാൻ പാടില്ല. വലിപ്പം കൂടിയാൽ പശു തിന്നാത്ത അവസ്ഥയും വരും. കൃത്യമായ അളവിൽ നാരുകളടങ്ങിയ തീറ്റ നൽകുന്ന ഫാമിൽ 40 ശതമാനം പശുക്കളും ഒരു സമയത്ത്‌ അയവെട്ടുന്ന ജോലിയിലായിരിക്കും. അമ്ലങ്ങളെ നിർവ്വീര്യമാക്കാൻ സഹായിക്കുന്ന അപ്പക്കാരവും മറ്റും തീറ്റയിൽ ചേർത്തു നൽകാം. ഡയറി ഫാമുകളിലെ തീറ്റ സാന്ദ്രാഹാരവും, പരുഷാഹാരവും ചേർത്ത്‌ നൽകുന്ന ടോട്ടൽ മിക്സ്ഡ്‌ റേഷൻ രീതിയാക്കുന്നത്‌ ഉത്തമം. ഒരു ന്യട്രീഷ്യനിസ്റ്റിന്റെ സഹായത്തോടെ തീറ്റക്രമം സംവിധാനം ചെയ്യുക തന്നെയാണ്‌ സറ തടയാനുള്ള മാർഗ്ഗം.

ലേഖകൻ മണ്ണുത്തി വെറ്ററിനറി കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌.
ഫോൺ : 9446203839

അകിടുവീക്കത്തിനെതിരെ കൂടുതൽ ശ്രദ്ധ

കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്‌ അകിടുവീക്കത്തെ ചെറുക്കുക എന്നത്‌. പശുവിന്റെ പാലുൽപാദനം കുറയ്ക്കുകയും ചിലപ്പോൾ അകിടിനെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന ഈ രോഗം ഗുണമേന്മയുള്ള പാലുൽപാദനത്തിനും തടസമാണ്‌. പുറമെ മതിയായ ലക്ഷണങ്ങൾ കാണിക്കാത്ത സബ്ക്ലിനിക്കൽ വിഭാഗത്തിൽപ്പെട്ട അകിടുവീക്കം നാമറിയാതെ തന്നെ പശുവിന്റെ പാലുൽപാദനവും,പാലിന്റെ ഗുണമേന്മയും നഷ്ടപ്പെടുത്തുന്നു. പശു പരിപാലനത്തിലെയും ശുചിത്വത്തിലെയും കുറവുകളാണ്‌ അകിടുവീക്കത്തിന്‌ കാരണമാകുന്നത്‌. അതിനാൽ ഈ രോഗം പ്രതിരോധിക്കാൻ കർഷകർ കൂടുതൽ ശ്രദ്ധിക്കണം.
ക്ഷയം മൂലമുണ്ടാകുന്ന അകിടുവീക്കമൊഴിച്ച്‌ ബാക്കിയെല്ലാത്തരം അകിടുവീക്കവും മുലക്കാമ്പുകൾ വഴി സൂക്ഷ്മാണുക്കൾ പ്രവേശിച്ച്‌ ഉണ്ടാകുന്നവയാണ്‌. ക്ഷയരോഗത്തിൽ മാത്രം ഇത്‌ രക്തം വഴി അകിടിലെത്താം. അതിനാൽ രോഗാണുക്കൾ മുലക്കാമ്പിൽ പ്രവേശിക്കാതെ സൂക്ഷിച്ചാൽ അകിടുവീക്കം തടയാം. എന്നാൽ ഇത്‌ അത്ര എളുപ്പമല്ല. പശുവിന്റെ അകിടും മുലക്കാമ്പുകളും എപ്പോഴും പരിസരവുമായി സമ്പർക്കത്തിലാണെന്നതുതന്നെ കാരണം. അതിനാൽ സമ്പൂർണ ശുചിത്വത്തിലൂടെ മാത്രമെ ഇത്‌ പൂർണമായും തടയാനാവൂ.
ബാക്ടീരിയയാണ്‌ പ്രധാനമായും അകിടുവീക്കമുണ്ടാക്കുന്നത്‌. ഇവയിൽ തന്നെ പലരീതിയിൽ അകിടിനെ ബാധിക്കുന്നവയുണ്ട്‌. ഒരു വിഭാഗം കൂടുതലായും കറവയുടെ സമയത്തായിരിക്കും അകിടിൽ പ്രവേശിക്കുക. രോഗം ബാധിച്ച പശുക്കളുടെ അകിടിൽ നിന്ന്‌ കറവക്കാരന്റെ കൈകൾ, കറവയന്ത്രം എന്നിവ വഴി ഇവ മറ്റുള്ളവയിലേക്ക്‌ പകരുന്നു. രണ്ടാമത്തെ വിഭാഗമാകട്ടെ വൃത്തിഹീനമായ പരിസരത്തിൽ നിന്നും അകിടിലെത്തുന്നവയാണ്‌. ഇവ ഏതു സമയത്തും അകിടിൽ പ്രവേശിക്കാം. പശുത്തൊഴുത്ത്‌ ചാണകം, തീറ്റ, വെള്ളം, മണ്ണ്‌ തുടങ്ങിയവ വൃത്തിഹീനമായാൽ അകിടുവീക്കമുണ്ടാകാം. മേൽപ്പറഞ്ഞവയിൽ നിന്ന്‌ ഒരു കാര്യം മനസിലാക്കുക. ഈ രോഗം തടയാൻ കറവ സമയത്തു മാത്രമല്ല, കറവകൾക്കിടയിലുള്ള സമയത്തും ശ്രദ്ധ അത്യാവശ്യമാണ്‌.
ലക്ഷണങ്ങളൊന്നും കൂടാതെ പ്രത്യക്ഷപ്പെടുന്നതാണ്‌ സബ്‌ ക്ലിനിക്കൽ രൂപം. എന്നാൽ പാലുൽപാദനം കുറയാൻ സാധ്യതയുണ്ട്‌. പാൽ മൃഗാശുപത്രിയിലെത്തിച്ച്‌ പരിശോധിപ്പിച്ചാൽ ഇത്‌ അകിടുവീക്കം മൂലമാണോ എന്നറിയാം. തീവ്രരൂപത്തിൽ പ്രത്യക്ഷപ്പെടുന്നവയിൽ അകിടിലും, മുലക്കാമ്പിലും നീർവീക്കം, വേദന, നല്ല ചൂട്‌, തീറ്റയോട്‌ മടുപ്പ്‌, പനി, പാലിൽ നിറവ്യത്യാസം എന്നിവ കാണാം. പാൽ തൈരുപോലെയോ മഞ്ഞ നിറത്തിൽ വെള്ളം പോലെയോ ആകാം. മേൽപ്പറഞ്ഞ തീവ്ര ലക്ഷണങ്ങൾ കാണിക്കാതെ മിതലക്ഷണങ്ങളുള്ള തരവുമുണ്ട്‌. പാൽ ഉൽപാദനം കുറയുകയും, പാലിൽ കട്ടകൾ പ്രത്യക്ഷപ്പെട്ട്‌ നിറവ്യത്യാസം വരുകയും ചെയ്യും.
ശാസ്ത്രീയ പരിപാലന മുറകൾ ശ്രദ്ധയോടെ പിൻതുടർന്നാൽ അകിടുവീക്കത്തെ തടഞ്ഞു നിർത്താം.
വൃത്തിയുള്ള തൊഴുത്തും പരിസരവും
ഇത്‌ പ്രസവസമയത്ത്‌ തന്നെ ശ്രദ്ധിക്കണം. പ്രസവസ്ഥലം വൃത്തിയായി സൂക്ഷിക്കണം. ചാണകം, മൂത്രം, തീറ്റയുടെ അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുക. തറ ഈർപ്പമില്ലാതെ സൂക്ഷിച്ചാൽ രോഗാണുക്കളുടെ വളർച്ച ഒരു പരിധിവരെ തടയാം. തറപൊട്ടിയാൽ വിടവുകൾക്കിടയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടും. അതിനാൽ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യുക. ചാണകവും, മൂത്രവും കെട്ടി നിൽക്കാതെ അപ്പപ്പോൾ നീക്കം ചെയ്യുക. വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ തറയ്ക്ക്‌ ചരിവ്‌ നൽകി നിർമ്മിക്കുക.
ആവശ്യത്തിന്‌ കാറ്റും വെളിച്ചവും കടക്കത്തക്ക വിധമായിരിക്കണം തൊഴുത്തിന്റെ നിർമാണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. ചാണകക്കുഴിയിൽ ആഴ്ചയിലൊരിക്കലെങ്കിലും കുമ്മായം വിതറണം. ബ്ലീച്ചിങ്ങ്‌ പൗഡർ, സോഡാക്കാരം, കുമ്മായം ഇവയിലൊന്ന്‌ തറ വൃത്തിയാക്കാൻ ഉപയോഗിക്കുക.
കറവ സമയത്ത്‌ കൂടുതൽ ശ്രദ്ധ
കറവക്കാരന്റെ കൈകൾ നന്നായി കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ തുടയ്ക്കണം. കറവ സമയത്ത്‌, തുമ്മുന്നതും, മൂക്ക്‌ ചീറ്റുന്നതും പാലിന്റെ ഗുണമേന്മയെ ബാധിക്കും. പശുവിനെ ദിവസേന കുളിപ്പിക്കുന്നത്‌ നല്ലതാണ്‌. ആദ്യത്തെ രണ്ട്‌ പിഴിച്ചിലിലുള്ള പാൽ ഉപേക്ഷിക്കുക. ഇത്‌ കറന്ന്‌ മുലക്കാമ്പുകൾ നനയ്ക്കുന്ന പതിവ്‌ പൂർണ്ണമായും ഉപേക്ഷിക്കണം. കറവയ്ക്ക്‌ മുമ്പായി അകിട്‌ പൊട്ടാസ്യം പെർമാംഗനേറ്റ്‌ ലായനിയിൽ കഴുകുക. ഒരു കപ്പ്‌ വെള്ളത്തിൽ ഒരു നുള്ള്‌ പൊട്ടാസ്യം പെർമാംഗനേറ്റ്‌ എന്ന വിധത്തിൽ ചേർത്ത്‌ ലായനിയുണ്ടാക്കൂക. കഴുകിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ തുടയ്ക്കുക. ഈ വിധത്തിൽ അകിട്‌ ഒരുക്കുന്നത്‌ പാൽ ചുരത്താൻ സഹായിക്കുന്ന ഓക്സിടോക്സിൻ ഹോർമോൺ പുറപ്പെടുവിക്കാൻ സഹായിക്കുന്നു. ഈ ഹോർമോണിന്റെ പ്രവർത്തനം 5-7 മിനിട്ടുവരെ മാത്രമെ നിലനിൽക്കൂ. ഈ സമയത്തിനുള്ളിൽ പാൽ പൂർണമായി കറന്നെടുക്കണം.
ശരിയായ കറവ രീതിയും, കറവക്രമവും പ്രാധാന്യമർഹിക്കുന്നു. നിവർത്തിയ കൈവെള്ളയിൽ മുലക്കാമ്പ്‌ ചേർത്തുവെച്ച്‌ വിരലുകൾകൊണ്ട്‌ അമർത്തി കറക്കുന്ന രീതിയാണ്‌ നല്ലത്‌. തള്ള വിരൽ മടക്കിപ്പിടിച്ച്‌ അകിടിൽ, ക്ഷതമേൽപ്പിച്ച്‌ പിഴിഞ്ഞോ, വലിച്ചോ കറക്കുന്നത്‌ നല്ലതല്ല. കറവയന്ത്രമാണ്‌ ഉപയോഗിക്കുന്നതെങ്കിൽ അകിട്‌ വൃത്തിയാക്കിയതിനുശേഷം 90 സെക്കന്റിനുള്ളിലെങ്കിലും കപ്പുകൾ ഘടിപ്പിയ്ക്കണം. ശരിയായ രീതിയിൽ കപ്പുകൾ ഘടിപ്പിക്കണം. നിർമാതാവിന്റെ നിർദ്ദേശങ്ങൾ പാലിക്കുക കറവ സമയത്ത്‌ പശുവിനെ സമ്മർദ്ദത്തിലാക്കുന്നത്‌ ഒഴിവാക്കുക. ഭയംമൂലം അഡ്രിനാലിൻ ഹോർമോൺ പുറപ്പെടുകയും, പാൽ ചുരത്തൽ തടയുകയും ചെയ്യും. കറവകൾ തമ്മിൽ 12 മണിക്കൂർ ഇടവേളയിൽ മൂന്നുനേരം കറക്കുന്നത്‌ പൂർണമായി പാൽ അകിടിൽനിന്ന്‌ നീക്കം ചെയ്യാൻ സഹായിക്കും.
കറവയ്ക്കുശേഷം
മുലക്കാമ്പുകൾ അണുനാശിനിയിൽ മുക്കിവെച്ച്‌ രോഗാണുക്കൾ പ്രവേശിക്കുന്നത്‌ തടയുന്ന രീതിയാണ്‌ ടീറ്റ്‌ ഡീപ്പിംഗ്‌ എന്നറിയപ്പെടുന്നത്‌. ഒരു കപ്പു വെള്ളത്തിൽ 5-10 തുള്ളിവരെ പോവിഡോൺ അയഡിൻ ചേർത്ത ലായനി ഇതിനായി ഉപയോഗിക്കാം. ബീറ്റാഡിൻ, വൊക്കാഡിൻ, എന്നീ പേരുകളിൽ ഇത്‌ മരുന്നുകടകളിൽ ലഭിയ്ക്കും. ഒരു മിനിട്ടുവരെ ഡിപ്പ്‌ ചെയ്യാം.
കറവയ്ക്കുശേഷം അര മണിക്കൂർവരെ മുലക്കണ്ണ്‌ തുറന്നു കിടക്കുമെന്നതിനാൽ കറവ കഴിഞ്ഞാലുടൻ പശു കിടക്കുന്നത്‌ രോഗാണുബാധയ്ക്കിടയാകും. അതുകൊണ്ട്‌ ഈ സമയത്ത്‌ തീറ്റയോ, പുല്ലോ നൽകുന്നത്‌ നല്ലതാണ്‌.
കറവക്കാലത്ത്‌ കണ്ടുവരുന്ന സബ്‌ ക്ലിനിക്കൽ അകിടുവീക്കം ഒഴിവാക്കുന്നതിനും അടുത്ത പ്രസവത്തിനുശേഷമുള്ള അകിടുവീക്കം തടയാനും സഹായിക്കുന്ന ചികിത്സാ രീതിയാണ്‌ വറ്റുകാല ചികിത്സ. ഇതിനായി കറവ വറ്റുന്ന സമയത്ത്‌, വറ്റുകാലം തുടങ്ങുമ്പോൾ നാലു മുലക്കാമ്പുകളിലും ആന്റിബയോട്ടിക്കുകൾ നൽകുക. കറവ വറ്റിക്കുന്ന രീതിയും പ്രധാനമാണ്‌. തീറ്റയുടെ അളവ്‌, കറവയുടെ തവണ എന്നിവ കുറച്ച്‌ ഒന്നു രണ്ട്‌ ആഴ്ചകൊണ്ട്‌ കറവ വറ്റിക്കുക. രണ്ടുമാസം വറ്റുകാലം അത്യന്താപേക്ഷിതമാണ്‌. വിറ്റാമിനുകളും, ധാതുലവണങ്ങളും നൽകുന്നത്‌ അകിടിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വറ്റുകാലത്തിന്റെ ആദ്യ ആഴ്ച, പ്രസവത്തിന്‌ മുമ്പുള്ള ആഴ്ച ഈ സമയത്ത്‌ അകിടുവീക്കസാധ്യത കൂടുതലായുള്ളതിനാൽ ശ്രദ്ധ നൽകണം.
മേൽ വിവരിച്ച പ്രതിരോധ നടപടികൾ വഴി അകിടുവീക്കം വരുന്നത്‌ കുറയ്ക്കാം. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ചികിത്സ അത്യന്താപേക്ഷിതമാണ്‌. ഇതിനായി ഡോക്ടറുടെ സേവനം അനിവാര്യമാണ്‌. രോഗബാധയുണ്ടായാൽ ഇത്തരം പശുക്കളെ അവസാനം മാത്രം കറന്നു രോഗം പകരുന്നത്‌ ഒഴിവാക്കുക. രോഗബാധയുള്ള അകിടിൽ നിന്നും വരുന്ന പാൽ നല്ല പാലിൽ ചേർക്കരുത്‌. അകിടുവീക്കമുള്ള മുലക്കാമ്പിൽ നിന്നും ലഭിയ്ക്കുന്ന പാൽ കറന്ന്‌ തറയിൽ ഒഴിക്കരുത്‌. ഇത്‌ ദൂരെ മാറ്റി ഉപയോഗിക്കണം. പ്രതിരോധം ശുചിത്വത്തിലൂടെ നടപ്പിലാക്കാൻ പറ്റും എന്നതിന്‌ ഉദാഹരണമാണ്‌ അകിടുവീക്കത്തിനെതിരെയുള്ള നടപടികൾ.

(ലേഖകൻ മണ്ണുത്തി വെറ്ററിനറി
കോളജ്‌ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌)

കേരളം നെൽപ്പാടങ്ങളുടെ നാട്‌, നെല്ലിനെക്കുറിച്ച്‌ അറിയുക

നെല്ലും നെൽപ്പാടങ്ങളും നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്നു പോലും പടിയിറങ്ങിക്കൊണ്ടിരിക്കുന്നു. കേരളത്തിലിപ്പോൾ ഏകദേശം രണ്ടുലക്ഷം ഹെട്കറിന്‌ താഴെ നെൽവയലുകളേ അവശേഷിക്കുന്നുള്ളു. വയലുകൾ ചുരുങ്ങിയത്‌ നെല്ലുൽപാദനത്തെയും ബാധിച്ചു. 2011-12 ലെ കണക്കുപ്രകാരം 5.69 ലക്ഷം ടൺ അരി മാത്രമാണ്‌ ഇവിടെ ഉൽപാദിപ്പിക്കുന്നത്‌. നമുക്ക്‌ ആവശ്യമുള്ളതിന്റെ 15 ശതമാനം മാത്രം.
കൃത്യമായ കണക്കുപോലും ഔദ്യോഗികമായി കിട്ടാനില്ല. 2008 വരെ നികത്തിയ വയലുകൾ ഇനി പുരിയിടങ്ങളായി മാറ്റാൻ നിയമം അനുവദിക്കുന്ന സ്ഥിതി വരെയായി. ഇനി എത്രനാൾ നെൽവയലുകളും നെല്ലുൽപാദനവും പരിമിതമായി എങ്കിലും കേരളത്തിൽ ഉണ്ടാകുമെന്ന്‌ ആർക്കും അറിയില്ല.
നെല്ലും നെൽകൃഷിയും നമ്മുടെ സംസ്കാരമാണ്‌. കേരളം നെൽപ്പാടങ്ങളുടെ നാടായിരുന്നു. വയലുകൾ വിശാലതയുടെ പര്യായങ്ങളാണ്‌. നമുക്ക്‌ അന്നം മാത്രമല്ല കുടിനീർ തരുന്ന പാനപാത്രം കൂടിയാണവ. നെൽകൃഷി മലയാളിയുടെ ജീവനാഡിയായ ആ കാലം പഴമക്കാരുടെ ഓർമ്മയിൽ മാത്രമാണ്‌ ഇന്ന്‌. എങ്കിലും നെല്ലിന്റെ പ്രതാപകാലം അവസാനിച്ചിട്ടില്ല. മുക്കാൽ പങ്കും അന്യസംസ്ഥാനത്തെ ആശ്രയിച്ചാണെങ്കിൽപോലും മലയാളിയുടെ പ്രധാന ആഹാരം അരി തന്നെ. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മുഖ്യ ഭക്ഷണമായ നെല്ല്‌ ധാന്യങ്ങളുടെ രാജാവ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.
നമ്മുടെ അന്നമായ നെല്ലിനെക്കുറിച്ച്‌ ഒന്നും അറിയില്ല എന്നത്‌ മലയാളിക്ക്‌ അഭിമാനകരമല്ല. കഥയായും കവിതയായും ലേഖനമായും വിവിധ ക്ലാസുകളിൽ നെല്ലിനെക്കുറിച്ചും നെൽകൃഷിയെപ്പറ്റിയും കുട്ടികൾ ഇന്ന്‌ പഠിക്കുന്നുണ്ട്‌.
നെല്ലിന്റെ ഉത്ഭവം
നെൽകൃഷി ആരംഭിച്ചത്‌ തെക്ക്‌-കിഴക്കൻ ഏഷ്യയിലാണെന്ന്‌ കരുതുന്നു. ലോകത്തിൽ ഇന്നുള്ള നെല്ലിന്റെ 90 ശതമാനവും ഉൽപാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തന്നെയാണ്‌. ഏകദേശം 5000 വർഷങ്ങൾക്ക്‌ മുമ്പ്‌ ഭാരതത്തിൽ നെൽകൃഷി ഉണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്‌. ഏഷ്യക്ക്‌ പുറമെ ആഫ്രിക്കയിലും ഏതാണ്ട്‌ 3500 വർഷങ്ങൾക്ക്‌ മുമ്പ്‌ നെൽകൃഷി ഉണ്ടായിരുന്നു. അറേബ്യയിൽ 11-ാ‍ം നൂറ്റാണ്ടിൽ നെൽകൃഷി തുടങ്ങി. എന്നാൽ യൂറോപ്പിൽ എ ഡി 369 ൽ മാത്രമാണ്‌ നെല്ല്‌ എത്തിയത്‌. എ ഡി 1600 ൽ അമേരിക്കയിലും എ ഡി 1700 ൽ റഷ്യയിലും നെൽകൃഷി ആരംഭിച്ചതായി രേഖയുണ്ട്‌.
നെല്ലിന്റെ ശാസ്ത്രനാമം
ഒറൈസ സറ്റൈവ എന്നാണ്‌ നെല്ലിന്റെ ശാസ്ത്രീയ നാമം. നെൽകൃഷിയുടെ ആരംഭം ഇന്ത്യയിലാണെന്ന്‌ ചിലർ വാദിക്കുന്നു. ഒറീസയായിരുന്നു അതിന്റെ ജന്മസ്ഥലമെന്നും അതുകൊണ്ടാണ്‌ ഒറൈവ സറ്റൈവ എന്ന്‌ പേരുണ്ടായതെന്നും പറയുന്നു.
കൃഷിരീതികൾ
കേരളത്തിലെ പ്രധാന കൃഷിരീതികൾ അഥവാ കൃഷികാര്യങ്ങൾ മൂന്നെണ്ണമാണ്‌ വിരിപ്പ്‌, മുണ്ടകൻ, പുഞ്ച എന്നിവയാണ്‌. വിരിപ്പ്‌: ഏപ്രിൽ-മെയ്‌ മുതൽ സെപ്തംബർ-ഒക്ടോബർ വരെയാണിത്‌. വിത്ത്‌ മുളപ്പിക്കാതെ പാടങ്ങളിൽ നേരിട്ട്‌ വിതയ്ക്കുന്ന പൊടി വിതയാണ്‌ പ്രധാനം. മഴവെള്ളംകൊണ്ട്‌ കൃഷി നടത്തുന്ന രീതിയാണ്‌. മുണ്ടകൻ: സെപ്തംബർ-ഒക്ടോബർ മുതൽ ഡിസംബർ-ജനുവരി വരെയാണിത്‌. ചെളിയിൽ നടുക, വിതയ്ക്കുക എന്നതാണ്‌ രീതി. പുഞ്ച: ഡിസംബർ-ജനുവരി മുതൽ മാർച്ച്‌ ഏപ്രിൽ വരെയാണ്‌. ചെളി വിതച്ച്‌ ഞാറ്‌ നടുന്നു. ജലസേചനം നടത്തിയാണ്‌ കൃഷി ചെയ്യുന്നത്‌. ഇതുകൂടാതെ ആദിവാസികൾ ചെയ്തുവരുന്ന പ്രത്യേകയിനം കൃഷിയാണ്‌ പുനം കൃഷി.
കലപ്പ:
നെല്ലിന്റെ ബന്ധുവാണ്‌ കലപ്പ. കലപ്പയെക്കുറിച്ച്‌ പറയാതെ നെല്ലിന്റെ കഥ പൂർണമാവില്ല. നെൽകൃഷിയുടെ വളർച്ചയ്ക്കൊപ്പം നിന്ന ഉപകരണമാണിത്‌. നിലം ഉഴുത്‌ മണ്ണിളക്കാനായി തടികൊണ്ട്‌ ഉണ്ടാക്കിയ ഈ ഉപകരണം നമ്മുടെ കാർഷിക സംസ്കാരം വാർത്തെടുത്തതിൽ പ്രധാന പങ്കാണ്‌ വഹിച്ചത്‌. സംസ്കൃതത്തിൽ കലപ്പയെ ‘ഹല’ എന്നാണ്‌ പറയുന്നത്‌.
അരിയുടെ പോഷകഘടകങ്ങൾ
(100 ഗ്രാം അരിയിൽ)
അന്നജം : 76 ഗ്രാം, കൊഴുപ്പ്‌ : 1.7 ഗ്രാം, മാംസ്യം : 7.5 ഗ്രാം, നാര്‌ : 1 ഗ്രാം, വിറ്റാമിനുകൾ : എ, ബി, സി, ഡി, ഇ. തവിട്‌ കളയാത്ത അരിയിലാണ്‌ മേൽപ്പറഞ്ഞ പോഷക ഘടകങ്ങൾ പൂർണ അളവിൽ ഉള്ളത്‌. വിറ്റാമിൻ സി കവിട്‌ കളയാത്ത അരിയിൽ വളരെ കൂടുതലാണ്‌.

ആചാരത്തിനും ഔഷധത്തിനും
അന്നത്തിന്‌ മാത്രമല്ല നെല്ലരി ആചാരത്തിനും ഔഷധത്തിനും ഉപയോഗിക്കുന്നു. നെൽപ്പറയിൽ തെങ്ങിൻ പൂക്കല കുത്തിയും അരിപ്പറയിൽ കവുങ്ങിൻ പൂക്കുല കുത്തിയും മലയാളി ആചാരങ്ങളെ വരവേൽക്കാറുണ്ട്‌. ഇടങ്ങഴിയും പറയും നാഴിയുമൊക്കെ നമ്മുടെ ജീവിതത്തിലെ വിവിധ അപൂർവ മുഹൂർത്തങ്ങളിൽ കടന്നുവരുന്നുണ്ട്‌. അരിമാവുകൊണ്ട്‌ ഐശ്വര്യത്തിന്റെ പ്രതീകമായി കോലങ്ങൾ വീട്ടുമുറ്റത്ത്‌ വരയ്ക്കുന്നത്‌ പല സമുദായങ്ങളിലുമുണ്ട്‌.
അരിക്കാടിയും തവിടെണ്ണയും ഔഷധമായി ഉപയോഗിക്കുന്നു. ഞെവര അരി, കിഴിക്കും ചില ത്വക്കുരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്‌. അഷ്ടാംഗഹൃദയം സുശ്രുത സംഹിത തുടങ്ങിയ പ്രാചീന ആയുർവേദ ഗ്രന്ഥങ്ങളിൽ നവര അരിയെക്കുറിച്ച്‌ പറയുന്നുണ്ട്‌. പ്രോട്ടീൻ ധാരാളം അടങ്ങിയ അരിയാണ്‌. കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട്‌ കഴിക്കുന്നത്‌ ശരീരത്തിൽ നിന്നും ലവണങ്ങളും ജലാംശവും നഷ്ടപ്പെടുമ്പോൾ ഉപയോഗിക്കാവുന്ന ഉത്തമ പാനീയമാണ്‌.
കേരളത്തിലെ നെല്ലറകൾ
കേരളത്തിലെ നെല്ലറകളായി വിശേഷിപ്പിക്കപ്പെടുന്നത്‌ പാലക്കാട്‌, കുട്ടനാട്‌ എന്നിവയാണ്‌. സമുദ്രനിരപ്പിൽ നിന്ന്‌ ഒന്നര മുതൽ രണ്ടര മീറ്റർ വരെ താഴെയാണ്‌ കുട്ടനാടൻ വയലുകൾ.
നെല്ലും അനുഷ്ഠാനങ്ങളും
വിശ്വാസവുമായി ബന്ധപ്പെട്ട്‌ നിരവധി അനുഷ്ഠാനങ്ങളിൽ നെല്ല്‌ ഉപയോഗിക്കുന്നുണ്ട്‌.
നിറപറയെടുപ്പ്‌: ദേവീക്ഷേത്രങ്ങളിൽ നിന്ന്‌ ഗൃഹങ്ങളിലേയ്ക്ക്‌ എഴുന്നെള്ളത്ത്‌ വരുമ്പോൾ നെല്ല്‌ സമർപ്പിക്കുന്നത്‌.
ഇല്ലം നിറ: പുതിയ നെൽക്കതിർ പൂജിക്കുകയും വീട്ടിൽ കരുതുകയും ചെയ്യുന്ന ആചാരം.
വിത്തളവ്‌: ശബരിമലയ്ക്ക്‌ കെട്ട്‌ നിറയ്ക്കുന്നതിന്‌ മുമ്പായി ചെയ്യുന്ന ചടങ്ങ്‌.
ഉച്ചാറൽ: കൃഷിയിടത്തിന്‌ വിശ്രമം നൽകുന്ന ചടങ്ങ്‌. ഈ സമയത്ത്‌ പാടങ്ങളിൽ ഒന്നും ചെയ്യാറില്ല.
പുത്തരി നിവേദ്യം: പുതിയ നെല്ലരിച്ചോറ്‌ ഭക്ഷിക്കാനായി ക്ഷേത്രങ്ങളിൽ നിവേദിക്കുന്ന ചടങ്ങാണിത്‌. നെല്ല്‌ വിളവെടുപ്പ്‌ കാലത്താണ്‌ പുത്തരി നിവേദ്യം എന്ന ചടങ്ങ്‌.
നെല്ലിനെ ബാധിക്കുന്ന ചില രോഗങ്ങൾ: പോളരോഗം, ഇലപ്പുള്ളി രോഗം, പോള അഴുകൽ, ബാക്ടീരിയൽ ബ്ലൈറ്റ്‌, കുലവാട്ടം, പുള്ളിക്കുത്ത്‌.
ലോക വ്യാപാരസംഘടനയുടെ അംഗീകാരം നേടിയ കേരളത്തിലെ നെല്ലിനങ്ങൾ: ഞവര അരി, പാലക്കാടൻ മട്ട, ജീരകശാല, പൊക്കാളി അരി തുടങ്ങിയവയാണ്‌ ലോക വ്യാപാരസംഘടന നൽകുന്ന ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ ലഭിച്ച കേരളത്തിലെ നെല്ലിനങ്ങൾ.
ഓണവും നെല്ലും
നമ്മുടെ കാർഷിക പൈതൃകത്തിന്‌ സമൃദ്ധമായ അനേകം കൊയ്ത്തുകാലങ്ങളുടെ കഥ പറയാനുണ്ട്‌. ഓണം നെല്ലുമായി ബന്ധപ്പെട്ട ഒരു കൊയ്ത്തുത്സവമാണ്‌. മലയാളിയുടെ മിക്ക ഉത്സവങ്ങളുടെ പിന്നിലും വിതയ്ക്കലിന്റെയും കൊയ്യലിന്റെയും കഥയുണ്ട്‌. കൃഷിപ്പാട്ടുകൾ, വിശ്വാസങ്ങൾ, കലകൾ തുടങ്ങി നെല്ലും പാടശേഖരങ്ങളുമായി വികസിച്ചതാണ്‌ നമ്മുടെ കാർഷിക സംസ്കാരം. ഓണം ഒരു കാർഷിക ഉത്സവത്തോടൊപ്പം ഒരു സാംസ്കാരിക ഉത്സവം കൂടിയാണല്ലോ!
നെൽവയലും ആവാസവ്യവസ്ഥയും
വയൽ വലിയൊരു ആവാസവ്യവസ്ഥയുടെ സംരക്ഷിത പ്രദേശം കൂടിയാണ്‌. നാനാജാതി സസ്യങ്ങൾ ഒരേ മനസോടെ കഴിയുന്നിടമാണ്‌ നെൽപ്പാടങ്ങൾ. ഈ സസ്യവൈവിധ്യം പരിസ്ഥിതിക്ക്‌ ചെയ്യുന്ന ഗുണങ്ങൾ വളരെയേറെയാണ്‌. മാത്രമല്ല ഔഷധസസ്യങ്ങളുടെ കലവറകൂടിയാണ്‌ ഈ നിലങ്ങൾ. പരിസ്ഥിതി സന്തുലനത്തെയും കാലാവസ്ഥയേയും നിലനിർത്താൻ വയലുകൾ ചെയ്യുന്നത്‌ മഹത്തായ സേവനമാണ്‌. മാത്രമല്ല പ്രകൃതിയുടെ ജലസ്രോതസാണ്‌ നെൽവയലുകൾ. ഒരേക്കർ വയലിന്‌ ഒരു ലക്ഷം ടൺ ജലം സംരക്ഷിച്ചുവെയ്ക്കാനുള്ള കഴിവുണ്ട്‌. നെൽപ്പാടങ്ങളിൽ വീഴുന്ന മഴയാണ്‌ ചുറ്റുമുള്ള പുരയിടങ്ങളിലെ കിണറുകളിൽ ജലമെത്തിക്കുന്നത്‌.
വിവിധ നെല്ലുൽപന്നങ്ങൾ
നെല്ലുകൊണ്ട്‌ നിരവധി വിഭവങ്ങൾ നിർമ്മിക്കുന്നുണ്ട്‌. അവിൽ, പൊരി, മലർ, തവിടെണ്ണ എന്നിവ നെല്ലിൽ നിന്നെടുക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളാണ്‌.
കുട്ടനാട്‌ എന്ന അത്ഭുതം
ഐക്യരാഷ്ട്രസഭയുടെ ഫുഡ്‌ ആൻഡ്‌ അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ നൽകുന്ന ‘ലോക പൈതൃകമുദ്ര’ നേടിയിട്ടുള്ള പ്രദേശമാണ്‌ കേരളത്തിലെ കുട്ടനാട്‌. സമുദ്രനിരപ്പിൽ നിന്നും രണ്ടര മീറ്റർ വരെ താഴെയുള്ള പാടത്ത്‌ നെൽകൃഷി ചെയ്യുന്ന രീതിക്കാണ്‌ അംഗീകാരം ലഭിച്ചത്‌. ഇത്തരം പ്രതിഭാസം ലോകത്ത്‌ ഒരിടത്തുമില്ല.
നെല്ലുൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ
നെല്ലുൽപാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ ഇന്ത്യയും ചൈനയുമാണ്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണ്‌. ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾ എല്ലാം നെൽകൃഷി ചെയ്യുന്നുണ്ട്‌. അമേരിക്ക, ബ്രസീൽ, നൈജീരിയ എന്നിവ നെൽകൃഷിയിൽ മുന്നിലാണ്‌.
ലോക അരിയുത്സവം
അമേരിക്കയിൽ റൈസ്‌ ക്യാപ്പിറ്റൽ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സ്റ്റേറ്റാണ്‌ ക്രൂലെ. എല്ലാവർഷവും ക്രൂലെയിൽ ഇന്റർനാഷണൽ റൈസ്‌ ഫെസ്റ്റിവൽ നടത്താറുണ്ട്‌. നെല്ലുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കളുടെ പ്രദർശനവും മറ്റുമാണ്‌ ഈ നെല്ലുത്സവത്തിലുണ്ടാകുക.

അരിയിലെ മറ്റ്‌ ജീവകങ്ങൾ
തവിട്‌ കളയാത്ത അരി            തവിട്‌ കളഞ്ഞ അരി
തയാമിൻ                              21.30 മില്ലി ഗ്രാം                     2.2 മില്ലി ഗ്രാം
നിയാസിൻ                          408.06 മില്ലി ഗ്രാം                  3.8 മില്ലി ഗ്രാം
റിബോഫ്ലാലിൻ                     6.80 മില്ലി ഗ്രാം                    2.3 മില്ലി ഗ്രാം
പാന്റോഫെ നിക ആസിഡ്‌   71.3 മില്ലി ഗ്രാം                          ഇല്ല

ടർക്കി വളർത്തൽ

കോഴിവളർത്തൽ, താറാവുവളർത്തൽ എന്നിവ കഴിഞ്ഞാൽ ഇറച്ചിക്കുവേണ്ടി ഏറെ പ്രാധാന്യം ടർക്കി വളർത്തലിനുണ്ട്‌. വടക്കേ അമേരിക്കയാണ്‌ ടർക്കിയുടെ ജന്മദേശം. ‘ടർക്ക്‌ ടർക്ക്‌’ എന്ന ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടായിരിക്കും ഇംഗ്ലീഷ്കാർ ഇതിനെ ടർക്കി എന്നുവിളിച്ചത്‌. ടർക്കി പട്ടാളക്കാരുടെ ഹെൽമറ്റും ടർക്കിപൂവനുമായി സാമ്യമുള്ളതിനാലാകാം ഈ പേര്‌ ലഭിച്ചത്‌ എന്ന വാദവും നിലവിലുണ്ട്‌.
ടർക്കിവളർത്തൽ – പ്രത്യേകതകൾ
* കുറഞ്ഞ മുതൽമുടക്ക്‌, കൂടിയ തീറ്റപരിവർത്തനശേഷി
* ഇതര ഇറച്ചിയേക്കാൾ ടർക്കിയിറച്ചിയിൽ മാംസ്യത്തിന്റെ അളവു കൂടുതൽ
* ടർക്കി ഇറച്ചിക്ക്‌ അധിക വില ലഭിക്കുന്നു, വലിപ്പമുള്ള മുട്ട
* ഉയർന്ന രോഗപ്രതിരോധശേഷി
* ഏതു കാലാവസ്ഥയിലും വളർത്താം
വീട്ടുവളപ്പിൽ അഴിച്ചുവിട്ടും വേലി കെട്ടി തിരിച്ച സ്ഥലത്തും കൂടുകളിൽ ഡീപ്പ്‌ ലിറ്റർ സമ്പ്രദായത്തിലും വളർത്താം. ഡീപ്പ്‌ ലിറ്റർ രീതിയിൽ വളർത്തുമ്പോൾ സമീകൃതാഹാരം നൽകേണ്ടതുണ്ട്‌. വീട്ടുകാരുമായി നന്നായി ഇണങ്ങുന്നതോടൊപ്പം വീടിന്‌ നല്ലൊരു കാവൽക്കാരൻ കൂടിയാണ്‌ ടർക്കി.
ടർക്കി-പ്രധാന ഇനങ്ങൾ
1. ബ്രോഡ്‌ ബ്രെസ്റ്റഡ്‌ ബ്രോൺസ്‌
ഇവയ്ക്ക്‌ കറുത്ത നിറമാണ്‌. പിടക്കോഴികളുടെ നെഞ്ചിലുള്ള തൂവൽത്തുമ്പുകൾക്ക്‌ വെളുത്ത നിറമാണ്‌. നിറവ്യത്യാസം നോക്കി 12 ആഴ്ച പ്രായത്തിൽ പൂവനെയും പിടയെയും തിരിച്ചറിയാം. 23-25 ആഴ്ച പ്രായത്തിൽ ഇവ ഏകദേശം 9-10 കിലോഗ്രാം വരെ തൂക്കം വയ്ക്കും. ഈ സമയത്ത്‌ ഇറച്ചിക്കായി വിൽക്കാം.
2. ബ്രോഡ്‌ ബ്രെസ്റ്റഡ്‌ ലാർജ്ജ്‌ വൈറ്റ്‌
ബ്രോഡ്‌ ബ്രെസ്റ്റഡ്‌ ബ്രോൺസും വൈറ്റ്‌ ഹോളണ്ട്‌ എന്ന ഇനവും തമ്മിൽ സങ്കരപ്രജനനം നടത്തി ഉണ്ടായതാണിത്‌. വെളുത്ത നിറമുള്ള ഇവയ്ക്ക്‌ മറ്റുള്ള ടർക്കികളെക്കാളും ചൂടുള്ള കാലാവസ്ഥ തരണം ചെയ്യാൻ കഴിവുണ്ട്‌. പിടകളെ 18-20 ആഴ്ചയിലും പൂവനെ 28-30 ആഴ്ചയിലും വിൽക്കാം.
3. ബെൽസ്‌വിൽ സ്മാൾ വൈറ്റ്‌
താരതമ്യേന ചെറിയ ടർക്കികളാണിവ. മുട്ടയുൽപാദനത്തിൽ മുന്നിലാണ്‌. വർഷത്തിൽ 70-120 മുട്ടകൾ വരെ ലഭിക്കും. അടയിരിക്കുന്ന സ്വഭാവം കുറവാണ്‌. മെച്ചപ്പെട്ട പരിചരണം നൽകിയാൽ പൂവനേയും പിടയേയും 15-16 ആഴ്ച പ്രായത്തിൽ കമ്പോളത്തിലിറക്കാം.
ടർക്കി വളർത്തൽ രീതികൾ
കൂട്ടിലിട്ടും അഴിച്ചുവിട്ടും വളർത്താം. വീട്ടുപറമ്പിൽ വേലികെട്ടി അഴിച്ചുവിട്ടു വളർത്തുന്നതാണ്‌ ലാഭകരം. അഴിച്ചുവിട്ടു വളർത്തുമ്പോൾ തീറ്റച്ചിലവ്‌ 20 മുതൽ 25 ശതമാനം വരെ കുറയ്ക്കുവാൻ കഴിയും. കൂട്ടിലിട്ടു വളർത്തുമ്പോൾ ഉയർന്ന തീറ്റപരിവർത്തനശേഷിയും വളർച്ചനിരക്കും ലഭിക്കും. കശുമാവിൻതോപ്പിലും തെങ്ങിൻതോട്ടത്തിലും അഴിച്ചുവിട്ടു വളർത്താം. ചുറ്റും വേലി കെട്ടണം. ഇങ്ങനെ വളർത്തുമ്പോൾ രാത്രി സമയത്ത്‌ പാർപ്പിക്കാനായി ചെലവ്‌ കുറഞ്ഞ കൂട്‌ ഉണ്ടാവണം. ഒരു ടർക്കിക്ക്‌ 0.37 ചതുരശ്രമീറ്റർ സ്ഥലലഭ്യത വേണം. തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങൾ കൂട്ടിൽ മാത്രം വയ്ക്കണം. പകൽസമയം അവയെ തുറന്നു വിടാം. നല്ല വൃത്തിയുള്ളതും നീർവാർച്ചയുള്ളതുമായ പ്രദേശത്ത്‌ മാത്രമേ ഈ രീതി നടപ്പിലാക്കാൻ സാധിക്കു.
കൂടിനുള്ളിലായാലും തുറസായ സ്ഥലത്തായാലും ഇവയ്ക്ക്‌ ഉയരത്തിൽ പറന്നിരിക്കാനുള്ള സൗകര്യം (റൂസ്റ്ററുകൾ) നൽകണം. 2-3 ഇഞ്ച്‌ വ്യാസമുള്ള തടികൾ ഇതിനായി സ്ഥാപിക്കണം. ഡീപ്പ്‌ ലിറ്റർ സമ്പ്രദായത്തിലും ടർക്കികളെ വളർത്താം. ഡീപ്പ്‌ ലിറ്റർ രീതിയിൽ ഇണചേരാൻ പാകത്തിനാണ്‌ ടർക്കികളെ പാർപ്പിക്കുന്നതെങ്കിൽ ഒരെണ്ണത്തിന്‌ 0.93 ചതുരശ്രമീറ്റർ എന്ന നിരക്കിൽ സ്ഥലം നൽകണം. പിടകളെ മാത്രമാണ്‌ പാർപ്പിക്കുന്നതെങ്കിൽ 0.51 ചതുരശ്ര മീറ്റർ മതിയാകും. കൂടിനുള്ളിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം.
തീറ്റയും തീറ്റക്രമവും
ഉയർന്ന വളർച്ചനിരക്കുള്ളതിനാൽ ടർക്കിതീറ്റയിൽ മാംസ്യവും ജീവകങ്ങളും ധാതുലവണങ്ങളും കൂടുതൽ അടങ്ങിയിരിക്കണം. കുഞ്ഞുങ്ങൾ, വളരുന്ന ടർക്കികൾ, മുതിർന്നവ എന്നിവയ്ക്ക്‌ പ്രത്യേക തീറ്റനൽകേണ്ടതാണ്‌. കുഞ്ഞുങ്ങൾക്ക്‌:- എട്ട്‌ ആഴ്ച പ്രായം വരെ 29% മാംസ്യം, 1.1% കാൽസ്യം, 0.7% ഫോസ്ഫറസ്‌ എന്നിവ അടങ്ങിയ സ്റ്റാർട്ടർതീറ്റ നൽകണം. വളരുന്നവയ്ക്ക്‌ – എട്ടാഴ്ച പ്രായം മുതൽ 20% മാംസ്യം, 1% കാൽസ്യം, 0.7% ഫോസ്ഫറസ്‌ എന്നിവ അടങ്ങിയ ഗ്രോവർ തീറ്റ നൽകണം. അരിയും ഗോതമ്പും എട്ട്‌ ആഴ്ച കഴിഞ്ഞാൽ തിന്നുതുടങ്ങും.
പ്രജനനത്തിനുള്ള ടർക്കികൾക്കുള്ള തീറ്റ-പ്രജനനത്തിന്‌ ഉപയോഗിക്കുന്ന ടർക്കികൾക്ക്‌ മുട്ടയിടുന്നതിന്‌ ഒരു മാസത്തിനു മുമ്പേ പോഷകസമൃദ്ധമായ തീറ്റ കൊടുത്തു തുടങ്ങണം. ഇവയുടെ തീറ്റയിൽ 16-18% മാംസ്യം, 2.3% കാൽസ്യം, 1% ഫോസ്ഫറസ്‌ എന്നിവ ഉണ്ടായിരിക്കും.
ടർക്കിമുട്ടയും ഇറച്ചിയും
ടർക്കി ഒരു വർഷം 70-120 മുട്ടകൾ ഇടും. മുട്ടയുടെ തൂക്കം 75-90 ഗ്രാം ആണ്‌. മട്ടയുടെ തോടിൽ ഇളംതവിട്ടു മുതൽ കടുംതവിട്ടുവരെ നിറത്തിലുള്ള പുള്ളികൾ കാണുന്നു. മനുഷ്യശരീരത്തിന്‌ അത്യന്താപേക്ഷിതമായ എട്ട്‌ അമിനോ അമ്ലങ്ങൾ ടർക്കിമുട്ടയിലും ഇറച്ചിയിലും ഉണ്ട്‌. കൊഴുപ്പമ്ലങ്ങൾ നല്ലൊരുഭാഗവും അപൂരിതങ്ങളാണ്‌. ടർക്കിയിറച്ചി പോഷകസമൃദ്ധവും സ്വാദേറിയതുമായ ഒരു സമീകൃതാഹാരമാണ്‌. ടർക്കിമുട്ടയിലെ മാംസ്യവും കൊഴുപ്പും എളുപ്പം ദഹിക്കുന്നു. നമ്മുടെ നാട്ടിൽ ടർക്കി ഇറച്ചി ആവശ്യത്തിനനുസരിച്ച്‌ കിട്ടുന്നില്ല.

ടർക്കിവളർത്തൽ ആദായകരമാക്കാൻ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* രോഗബാധയില്ലാത്ത സ്ഥലങ്ങളിൽ നിന്നു മാത്രം ടർക്കികളെ/കുഞ്ഞുങ്ങളെ വാങ്ങുക.
* വാങ്ങിയശേഷം 2-3 ആഴ്ച മാറ്റിപ്പാർപ്പിച്ചിട്ടു മാത്രം കൂട്ടത്തിൽ വിടുക.
* നല്ല നീർവാർച്ചയുള്ളതും വൃത്തിയുള്ളതുമായ സ്ഥലങ്ങളിൽ മാത്രം പാർപ്പിക്കുക
* കൂട്ടിനുള്ളിൽ എലി, ഈച്ച, മറ്റു പക്ഷികൾ എന്നിവയുടെ ശല്യം ഒഴിവാക്കുക
* ടർക്കിക്കുഞ്ഞുങ്ങൾക്ക്‌ സമീകൃതാഹാരം ഉറപ്പു വരുത്തുക
* ലിറ്റർ എപ്പോഴും ഉണങ്ങിയതാകാൻ ശ്രദ്ധിക്കുക
* തീറ്റപ്പാത്രം, വെള്ളപ്പാത്രം, കൂട്ടിനുള്ളിലെ മറ്റ്‌ ഉപകരണങ്ങൾ എന്നിവ എപ്പോഴും ശുചിയായി സൂക്ഷിക്കുക.
* രോഗമുള്ളവയെ മാറ്റി പാർപ്പിക്കുക
* രോഗബാധയുണ്ടായാൽ കൂട്ടിൽ ഉടനെ ഫലപ്രദമായ അണുനശീകരണം നടത്തുക
* ചത്തവയെ ദഹിപ്പിക്കുകയോ കുമ്മായം ചേർത്ത്‌ ആഴത്തിൽ കുഴിച്ചു മൂടുകയോ വേണം
* സന്ദർശകരെ ഒഴിവാക്കുക.

നെൽവയൽ നികത്തൽ ഭേദഗതി കേരളത്തെ മരുഭൂമിയാക്കും

കേരള സർക്കാരിന്റെ നിർദ്ദിഷ്ട നെൽവയൽ സംരക്ഷണ നിയമത്തിലെ മാറ്റം കേരളത്തെ ഭാവിയിൽ വൻവരൾച്ചാ ബാധിത പ്രദേശമാക്കിമാറ്റും. 2008 ൽ അന്നത്തെ എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലോകശ്രദ്ധ തന്നെ പിടിച്ച്‌ പറ്റിയ നിയമമാണ്‌. ലോകത്തിലെ തണ്ണീർത്തടങ്ങൾ മുഴുവൻ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ നാടിന്റെ ഭാവിയെ മൻനിർത്തി തലമുറയായി നമുക്ക്‌ കൈമാറി കിട്ടിയ ഭൂമി പരുക്കുകളില്ലാതെ അടുത്ത തലമുറയ്ക്ക്‌ കൈമാറേണ്ടതുണ്ടെന്ന തിരിച്ചറിവിൽ നിന്നും മാനവികമായ ഉൾക്കാഴ്ചയോടെ കൊണ്ടുവന്ന നിയമമാണ്‌ ഇപ്പോൾ ഇല്ലാതാകുന്നത്‌. ഇന്ത്യയിൽ ആദ്യമായി നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്ന നിയമം ഉണ്ടാകുന്നത്‌ കേരളത്തിലാണ്‌.

വയലുകൾ പുരയിടങ്ങളല്ല
2008ന്‌ മുമ്പ്‌ നികത്തിയ നെൽവയലുകൾ അതാതു ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം സർക്കാരിന്‌ നൽകി പുരയിടമാക്കിമാറ്റാമെന്നാണ്‌ നിയമസഭയിൽ അവതരിപ്പിച്ച ഫൈനാൻസ്‌ ബില്ലിൽ പറഞ്ഞിരിക്കുന്നത്‌. സർക്കാരിന്‌ 200 കോടി രൂപ ഇതുമൂലം വരുമാനമുണ്ടാക്കാമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഫൈനാൻസ്‌ രേഖയിലെ ഈ വ്യവസ്ഥ ഒരു നിയമമായി ഇനിവരാൻ പോകുന്നതേയുളളു. അപ്പോഴേക്കും ഇനിയും ഇളവുകൾ ഉണ്ടാവാം. ചുരുക്കത്തിൽ ധനക്കമ്മി നേരിടാൻ വേണ്ടി താൽക്കാലിക ലാഭത്തിന്‌ ഭാവിതലമുറയെ കണക്കിലെടുക്കാതെ കേരളത്തിന്റെ പച്ചപ്പുകൾ മുഴുവൻ ഇല്ലാതാക്കുകയാണ്‌ ഭരണാധികാരികൾ ചെയ്യുന്നത്‌. വയലുകൾ വിലയില്ലാത്ത വെറും പാഴ്ഭൂമിയാണെന്നുള്ള ചിന്തയിൽ നിന്നാണ്‌ ഇത്തരം നിയമങ്ങൾ രൂപപ്പെടുന്നത്‌. ഒരു റോഡോ പാലമോ, കെട്ടിടമോ കെട്ടുമ്പോഴുള്ള മൂല്യമല്ല നെൽവയലുകൾക്കുള്ളത്‌. പ്രത്യക്ഷത്തിൽ മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ പാടങ്ങളുടെ മൂല്യം നിർണയിക്കുക അസാധ്യമായിരിക്കും. വിത്ത്‌ വിതയ്ക്കാനും കൊയ്യാനുമുള്ള സ്ഥലം മാത്രമല്ല വയലുകൾ. അവ നമ്മുടെ വാട്ടർ ബാങ്കുകൾ കൂടിയാണ്‌. ഇവയുടെ ജലാഗിരണസംഭരണശേഷി അപാരമാണ്‌. ദീർഘവീക്ഷണമില്ലായ്മ നെൽവയലുകളെ കേവലം നെല്ലുൽപ്പാദന പ്രദേശങ്ങൾ മാത്രമായി കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഏഴ്‌ ഹെക്ടർ വനപ്രദേശങ്ങൾ കൊള്ളാവുന്നത്ര അളവിലുള്ള മഴവെള്ളമാണ്‌ ഒരു ഹെക്ടർ വയൽ സംരക്ഷിക്കുന്നത്‌. സമീപപ്രദേശത്തെ കിണറുകളിലെ ജലശേഷി നിലനിർത്തുന്നതിന്‌ വയലുകളുടെ പങ്ക്‌ വലുതാണ്‌. ഭൂമിയുടെ ജലസ്രോതസുകളാണിവ. തരിശായി കിടന്നാൽപോലും അത്‌ ഭൂമിക്ക്‌ ചെയ്യുന്ന ഉപകാരം ചെറുതല്ല. വയലുകളും തണ്ണീർത്തടങ്ങളും നികത്തി വൻകെട്ടിടങ്ങളും ഷോപ്പിങ്‌ മാളുകളും വിമാനത്താവളങ്ങളും ഉണ്ടാക്കുമ്പോൾ ഉള്ള താൽക്കാലികലാഭങ്ങളിലല്ല ഭരിക്കുന്നവർ ശ്രദ്ധയൂന്നേണ്ടത്‌. കുടിനീർ നൽകിയും പരിസ്ഥിതിയെ കാത്ത്‌ വച്ചും മാനവരാശിയെ നിലനിർത്തുന്ന നെൽപ്പാടങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും അമൂല്യമായ ലാഭത്തെയാണ്‌ നാം കണക്കാക്കേണ്ടത്‌. 1970 ൽ കേരളത്തിൽ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടർ നെൽപാടങ്ങളിൽ 60 ശതമാനവും നികത്തിക്കഴിഞ്ഞു.
2011-12 ലെ കണക്കനുസരിച്ച്‌ 2.08 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളാണിപ്പോൾ ഉള്ളത്‌. പ്രതിവർഷം കേരളത്തിൽ 30,000 ഹെക്ടർ നെൽപ്പാടങ്ങൾ നികത്തപ്പെടുന്നതായാണ്‌ കണക്ക്‌. ഇതിൻപ്രകാരം ഇപ്പോൾ ഏകദേശം ഒരു ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളേ അവശേഷിക്കു. കർശന നിയമമുണ്ടായിട്ട്‌ ഇതാണ്‌ സ്ഥിതിയെങ്കിൽ നിയമം ഉദാരവൽക്കരിക്കപ്പെടുമ്പോൾ എന്തായിരിക്കും അവസ്ഥ?

വയൽ നികത്തലും ഭക്ഷണപ്രതിസന്ധിയും
കേരളത്തിന്റെ നെൽപ്രദേശങ്ങളുടെ വിസ്തൃതി കുറഞ്ഞ്‌ വരുന്നതിനനുസരിച്ച്‌ നെല്ലുൽപ്പാദനവും ഓരോ വർഷവും കുറയുകയാണ്‌.
1970-71 ൽ 13.65 ലക്ഷം ടൺ നെല്ലാണ്‌ ഇവിടെ ഉൽപാദിപ്പിച്ചിരുന്നതെങ്കിൽ 2011-12 ൽ അത്‌ 5.69 ലക്ഷം ടണ്ണായി കുറഞ്ഞു. 60 ശതമാനത്തിന്റെ ഇടിവാണുണ്ടായത്‌. പക്ഷേ ഈ നാല്‌ പതിറ്റാണ്ടിനിടയിൽ ജനസംഖ്യയിൽ 50 ശതമാനത്തിന്റെ വർധനവുണ്ടായി. അതായത്‌ അരി ഉൽപാദനം കുറഞ്ഞ്‌ വരുകയും ഉപഭോഗം കൂടിവരികയും ചെയ്തു. 2021 ആകുമ്പോൾ കേരളത്തിൽ അരിയുടെ ആവശ്യം 64 ലക്ഷം ടൺ ആയിരിക്കുമെന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌.
ഇപ്പോഴത്തെ നിലവാരം വച്ച്‌ നോക്കിയാൽ അന്ന്‌ അഞ്ച്‌ ശതമാനം നെല്ലുൽപാദനമെങ്കിലും കേരളത്തിലുണ്ടാകുമോയെന്ന്‌ സംശയം. നമ്മുടെ പ്രധാന ഭക്ഷണധാന്യമായ അരിക്ക്‌ പൂർണമായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഒരവസ്ഥയിലേക്ക്‌ നാമെത്തിയിരിക്കുന്നു. നെല്ലിന്‌ സംഭവിച്ച അപകടകരമായ മാറ്റം നമ്മുടെ സാമൂഹ്യജീവിതത്തിൽ ഭാവിയിൽ വൻപ്രതിസന്ധി സൃഷ്ടിക്കും.

ലഭ്യമായ കണക്കുകൾ പ്രകാരമാണ്‌ ഇത്‌ തയാറാക്കിയിട്ടുള്ളത്‌. പ്രതിവർഷം 30,000 ഹെക്ടർ വയലുകൾ നികത്തപ്പെടുന്നതായാണ്‌ കണക്കാക്കപ്പെടുന്നത്‌. അതിൻപ്രകാരം 2014-15 ൽ ഒരു ലക്ഷം ഹെക്ടർ പാടങ്ങളേ അവശേഷിക്കാൻ സാധ്യതയുള്ളു. വിവിധ സർക്കാർ വകുപ്പുകൾ വ്യത്യസ്തമായ കണക്കുകളാണ്‌ അവരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ഇതിൻ പ്രകാരം അരി ഉൽപാദനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. മലയാളിയുടെ ആവശ്യത്തിന്റെ 15 ശതമാനം അരി മാത്രമേ നാം ഉൽപ്പാദിപ്പിക്കുന്നുള്ളു.

തൊണ്ണൂറിന്റെ നിറവിൽ എംഎസ്‌ സ്വാമിനാഥൻ

ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്‌ നേതൃത്വം നൽകിയ ഡോ. എം എസ്‌ സ്വാമിനാഥൻ തൊണ്ണൂറിന്റെ നിറവിൽ. കൃഷിക്കുവേണ്ടി ഇപ്പോഴും സജീവ പോരാട്ടം നടത്തുന്ന സ്വാമിനാഥന്റെ സംഭാവനകൾ അതുല്യമാണ്‌. തമിഴ്‌നാട്ടിലെ കുംഭകോണത്ത്‌ 1925 ഓഗസ്റ്റ്‌ 7 ന്‌ ജനിച്ച മങ്കൊമ്പ്‌ സാംബശിവൻ സ്വാമിനാഥൻ പിന്നീട്‌ ഡോ. എം എസ്‌ സ്വാമിനാഥനായി വളരുകയായിരുന്നു. അമ്പലപ്പുഴ താലൂക്കിലെ മങ്കൊമ്പുമായിട്ടുള്ള സ്വാമിനാഥന്റെ കുടുംബത്തിനുള്ള ബന്ധമാണ്‌ അദ്ദേഹത്തിന്‌ കേരളത്തിൽ വേരുകളുണ്ടാക്കിക്കൊടുത്തത്‌. തഞ്ചാവൂർ രാജാവിന്റെ സദസ്സിലെ പണ്ഡിതനായ വെങ്കിടാചെല അയ്യരിൽ ആകൃഷ്ടനായ അമ്പലപ്പുഴ രാജാവ്‌ അദ്ദേഹത്തെ നാട്ടിലേയ്ക്ക്‌ ക്ഷണിച്ചു. സ്വാമിനാഥന്റെ മുത്തച്ഛനായിരുന്നു വെങ്കിടാചെല അയ്യർ. അദ്ദേഹത്തിന്റെ സേവനങ്ങൾക്കായി ഏക്കറുകണക്കിന്‌ ഭൂമി മങ്കൊമ്പിൽ രാജാവ്‌ പതിച്ചുനൽകി. അതോടെ സ്വാമിനാഥന്റെ കുടുംബം രാജകൊട്ടാരത്തിന്റെ ഭാഗമായി.
സ്വാമിനാഥന്റെ ബാല്യം തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നെങ്കിലും സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്ന പിതാവും സർജനുമായ എം കെ സാംബശിവന്റെ നിര്യാണത്തെ തുടർന്ന്‌ അമ്മാവൻ എം കെ നാരായണസ്വാമിയുടെ തണലിലാണ്‌ സ്വാമിനാഥൻ വളർന്നത്‌. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന്‌ സുവോളജിയിൽ ഡിഗ്രി കരസ്ഥമാക്കിയ സ്വാമിനാഥൻ, തമിഴ്‌നാട്‌ കാർഷിക സർവകലാശാലയിൽ നിന്നും കൃഷിശാസ്ത്രത്തിൽക്കൂടി ബിരുദം നേടുകയുണ്ടായി. 1943 ലുണ്ടായ ബംഗാൾ ക്ഷാമം മൂലം മുപ്പതുലക്ഷം ജനങ്ങൾ മരണമടഞ്ഞ സംഭവം സ്വാമിനാഥനെ പിടിച്ചുലച്ചു. ആ സംഭവമാണ്‌ കൃഷിശാസ്ത്രത്തിൽ കൂടുതൽ അറിവുനേടാൻ സ്വാമിനാഥനെ പ്രേരിപ്പിച്ചത്‌. കൂടുതൽ വിളവുകിട്ടുന്നതിനായി നിരന്തരം നടത്തിയ അന്വേഷണങ്ങളും ചിന്തകളും ഒടുവിൽ സ്വാമിനാഥൻ റിസർച്ച്‌ ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങുന്നതിലെത്തുകയാണുണ്ടായത്‌. കേംബ്രിഡ്ജിൽ നിന്നും മറ്റും കരസ്ഥമാക്കിയ വിജ്ഞാനമുപയോഗിച്ച്‌ രാജ്യത്തെ കാർഷികമേഖലയിൽ വരുത്തേണ്ട കാതലായ മാറ്റങ്ങളെക്കുറിച്ച്‌ പിന്നീട്‌ സ്വാമിനാഥന്റെ നേതൃത്വത്തിൽ ധാരാളം പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളുമുണ്ടായി.
ഇന്ത്യയിൽ ഗോതമ്പിന്റെയും അരിയുടെയും വമ്പിച്ച വിളവിനായി നടത്തിയ പരീക്ഷണങ്ങൾ വിജയംകണ്ടതോടെ സ്വാമിനാഥന്റെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി പരമാവധി പ്രകൃതിസൗഹൃദമായ കൃഷിരീതി അവലംബിക്കണമെന്ന്‌ സ്വാമിനാഥൻ ഭരണകൂടങ്ങളോട്‌ എപ്പോഴും ആവശ്യപ്പെട്ടിരുന്നു. 1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക കൗൺസിലിന്റെ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കൂടാതെ ഇന്റർനാഷണൽ റൈസ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌, ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ്‌ നേച്ചർ ആന്റ്‌ നാച്വറൽ റിസോഴ്സ്‌ തുടങ്ങി നിരവധി ദേശീയവും അന്തർദേശീയവുമായ സംഘടനകൾക്ക്‌ അദ്ദേഹം നേതൃത്വം നൽകുകയുണ്ടായി. 2004 മുതൽ 2014 വരെ നാഷണൽ കമ്മിഷൻ ഓൺ ഫാർമേഴ്സിന്റെ ചെയർമാനായിരുന്നു.
കൃഷിയെ സംബന്ധിച്ചിടത്തോളം ജീവിക്കുന്ന ഒരു ഇതിഹാസമാണ്‌ സ്വാമിനാഥൻ. രാജ്യം 1967 ൽ പത്മശ്രീയും 1972 ൽ പത്മഭൂഷണും 1989 ൽ പത്മവിഭൂഷണും നൽകി ഈ കൃഷിശാസ്ത്രജ്ഞനെ ആദരിക്കുകയുണ്ടായി. 1971 ൽ അദ്ദേഹത്തിന്‌ മെഗസാസെ അവാർഡ്‌ ലഭിച്ചു. സമാധാനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം, കൃഷിരത്ന അവാർഡ്‌, ആദ്യ വേൾഡ്‌ ഫുഡ്‌ പ്രൈസ്‌ പുരസ്കാരം, ലാൽ ബഹുദൂർ ശാസ്ത്രി സമ്മാൻ തുടങ്ങി സ്വാമിനാഥനെ തേടിയെത്തിയ പുരസ്കാരങ്ങൾ നിരവധിയാണ്‌.
കൃഷിക്കുവേണ്ടി ഇന്നും ജീവിതം തുടരുന്ന ഈ ശാസ്ത്രജ്ഞന്‌ 90-ാ‍ം പിറന്നാൾവേളയിൽ എല്ലാ ആശംസകളും നൽകാം.

ഇനി ഡിസൈനർ പാൽ, മുട്ട ഭാവിയിലെ താരങ്ങൾ

രോഗം വരുന്നതും, രോഗം തടയുന്നതും തിരിച്ചറിവ്‌ ഇന്നുണ്ടാക്കിയിട്ടുണ്ട്‌. പാലിന്റേയും പാൽ ഉൽപന്നങ്ങളുടേയും പോഷകഗുണങ്ങൾക്കുപരിയായ ഔഷധഗുണം ഇന്ന്‌ തിരിച്ചറിയപ്പെടുന്നുമുണ്ട്‌. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചുള്ള ഘടനയും, ഗുണവുമുള്ള പാലുൽപ്പാദിപ്പിക്കുകയാണ്‌ പുതിയ ഗവേഷണ തന്ത്രം. പശുവിന്‌ നൽകിയ തീറ്റ വ്യത്യാസപ്പെടുത്തിയോ ജനിതക എഞ്ചിനീയറിങ്ങ്‌ വഴിയോ ഈ മാറ്റങ്ങൾ വരുത്താനുള്ള ഗവേഷണങ്ങൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ നമുക്കാവശ്യമുള്ള രീതിയിൽ പാലിന്റെ ഘടനയെ വ്യത്യാസപ്പെടുത്താൻ നമുക്ക്‌ കഴിഞ്ഞാൽ അതിനെ ഡിസൈനർ പാൽ എന്ന്‌ വിളിക്കാം. പാലിലെ കൊഴുപ്പ്‌, പ്രോട്ടീൻ എന്നിവയുടെ അളവ്‌ കുറയ്ക്കുകയോ, കൂടുകയോ ചെയ്യുന്ന തരത്തിലുള്ള ശ്രമങ്ങൾ ഇതിനുദാഹരണങ്ങളാണ്‌. അമ്മിഞ്ഞപ്പാൽ എന്നാൽ പ്രകൃതി ഡിസൈനർ ചെയ്ത ഡിസൈനർ പാലാണ്‌. ഇതിനൊരു പകരക്കാരനുമില്ല. ഇന്ന്‌ നൽകുന്ന പല ശിശു ആഹാരങ്ങളും (ഇൻഫന്റ്‌ ഫുഡ്സ്‌) പശുവിൻ പാലിനെ അടിസ്ഥാനമാക്കിയാണ്‌. എന്നാൽ കുഞ്ഞുങ്ങൾക്ക്‌ രോഗപ്രതിരോധശേഷി നൽകുന്ന ലാക്ടോഫെറിൻ, ലൈസോസൈം തുടങ്ങിയ അനേകം ഘടകങ്ങളിൽ പശുവിൻ പാൽ പിറകിലാണ്‌. ഡിസൈനർ പാലിലെ ഏറ്റവും വലിയ വിപ്ലവം മനുഷ്യന്റെ പാലിനോട്‌ തൊട്ടടുത്ത സാമ്യമുള്ളവ (ഹുമാനിസൈഡ്‌) ഉണ്ടാക്കുകയെന്നതാവും.
പാലിന്റെ കാര്യത്തിൽ മാത്രമല്ല, കോഴിമുട്ടയുടെ കാര്യത്തിലും ഡിസൈനിംഗ്‌ സാധ്യമാണെന്ന്‌ ഗവേഷണഫലങ്ങൾ കാണിക്കുന്നു. കോഴികൾക്ക്‌ നൽകുന്ന ആഹാരഘടനയിൽ മാറ്റം വരുത്തിക്കൊണ്ട്‌ മുട്ടയുടെ പോഷകഘടനയെ നമുക്കാവശ്യമുള്ളവിധം രൂപകൽപ്പന ചെയ്യാവുന്നതാണ്‌. നാം നൽകുന്ന തീറ്റയിലെ മാറ്റത്തിനനുസരിച്ച്‌ മഞ്ഞക്കരുവിലെ കൊഴുപ്പിൽ മാറ്റം വരുത്താൻ കഴിയും. മനുഷ്യന്‌ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പൂരിത കൊഴുപ്പമ്ലങ്ങളുടെ സ്ഥാനത്ത്‌ അപൂരിത കൊഴുപ്പമ്ലങ്ങൾ മുട്ടയുടെ മഞ്ഞക്കരുവിൽ വരത്തക്കവിധം കോഴികൾക്ക്‌ നൽകുന്ന തീറ്റയിൽ മാറ്റം വരുത്തിയാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. ഒപ്പം മഞ്ഞക്കരുവിലെ കൊഴുപ്പ്‌ വേഗത്തിൽ നശിച്ചു കേടുവരാതിരിക്കാൻ സഹായിക്കുന്ന വിറ്റമിൻ ഇ, വിറ്റമിൻ എ ഉള്ള കരോട്ടിനോയിഡ്‌, സെലീനിയം ഇവ മഞ്ഞക്കരുവിൽ ചേർക്കാനുള്ള വിദ്യയും കണ്ടുപിടിച്ചിട്ടുണ്ട്‌. പിന്നീട്‌ വിറ്റമിൻ ബി, ഇരുമ്പ്‌ എന്നിവ ധാരാളമുള്ള മുട്ടയുത്പാദനം നടത്താൻ കഴിഞ്ഞു. വെളുത്തുള്ളി, തുളസിയില, ഉള്ളി, മഞ്ഞൾപ്പൊടി, ഉലുവ തുടങ്ങിയവ തീറ്റയിൽ ചേർത്താൽ മുട്ടയുടെ ഘടനയിൽ മാറ്റം വരുത്താൻ സാധിക്കുമെന്നാണ്‌ കണ്ടെത്തൽ. ഇത്തരം മുട്ടകളിൽ കൊളസ്ട്രോളിന്റെ അളവ്‌ 25 ശതമാനത്തോളം കുറവായിരിക്കാമെന്നാണ്‌ പഠനഫലം. കോഴിമുട്ടയുടെ മഞ്ഞക്കരുവിലെ കൊഴുപ്പമ്ലങ്ങളുടെ ഘടനയിൽ മാറ്റം വരുത്താൻ തീറ്റയിൽ നൽകുന്ന എണ്ണയിൽ മാറ്റം വരുത്തണം. മീനെണ്ണ, ലിൻസീഡ്‌ ഓയിൽ, റെയ്പ്‌ സീഡ്‌ ഓയിൽ തുടങ്ങിയവ മഞ്ഞക്കരുവിലെ ഒമേഗ – 3 അമ്ലങ്ങളുടെ അളവ്‌ വർദ്ധിപ്പിക്കുന്നു. ആഹാരത്തിലെ ഘടനാമാറ്റം വഴി മുട്ടയിലെ രോഗപ്രതിരോധശേഷി നൽകുന്ന ആന്റീബോഡീസിന്റെ അളവിലും മാറ്റം വരുത്താം. തുളസിയില, മഞ്ഞൾ, ഉലുവ, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധസസ്യങ്ങളിൽ ഈ കഴിവുള്ളതിനാൽ ഇവ ആഹാരത്തിൽ ചേർത്ത്‌ നൽകാവുന്നതാണ്‌.
മാറുന്ന ജീവിതശൈലിയും, ആരോഗ്യത്തെക്കുറിച്ചുള്ള പുത്തൻ അവബോധങ്ങളും പാൽ, മുട്ട വിപണികളിലും മാറ്റം വരുത്തുന്നു. ഉപഭോക്താവിനെ പല ഭാഗങ്ങളിലായി തിരിച്ച്‌ അവരുടെ ആവശ്യമറിഞ്ഞുള്ള വിപണന തന്ത്രങ്ങൾക്കേ ഇനി ഭാവിയുള്ളൂ. അതിലേക്കുള്ള പുത്തൻ ചുവടുവെയ്പാണ്‌ ഡിസൈ നർ ഉത്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ.

മഴക്കാലത്ത്‌ കരുതൽ കോഴികൾക്കും

ശ്രദ്ധാപൂർവ്വമായ പരിചരണമില്ലെങ്കിൽ മഴക്കാലം കോഴികൾക്കും ദുരിതകാലമാകും. മുട്ടയുൽപാദനത്തിലും, രോഗപ്രതിരോധശേഷിയിലുമുണ്ടാകുന്ന കുറവായിരിക്കും പ്രധാന പ്രശ്നം. കൂട്‌ അല്ലെങ്കിൽ ഷെഡ്‌ നിർമ്മാണത്തിൽ കാണിക്കുന്ന ശ്രദ്ധ, ശുദ്ധജലം, സമീകൃത തീറ്റ ലഭ്യത, കാഷ്ഠ സംസ്ക്കരണത്തിലും പരിസര ശുചീകരണത്തിലുമുള്ള ശ്രദ്ധ തുടങ്ങിയവയാണ്‌ മഴക്കാല സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന മേഖലകൾ.
കോഴികൾക്കുള്ള ഷെഡ്‌ കിഴക്കു പടിഞ്ഞാറു ദിശയിലായാണു പണിതിരിക്കുന്നതെങ്കിൽ പകൽ സമയത്ത്‌ പരമാവധി കാറ്റും വെളിച്ചവും കൂടിനകത്ത്‌ കടക്കാൻ സഹായകരമാകും. മാത്രമല്ല വായു സഞ്ചാരം എതിർവശങ്ങളിലായി സുഗമമായി കടന്നു പോകുവാനുള്ള സൗകര്യമുണ്ടായാൽ കൂടിനുള്ളിലെ ഈർപ്പം കുറയുകയും തൽഫലമായി അസുഖങ്ങൾ കുറയുകയും ചെയ്യുന്നു. ഷെഡുകൾ ചോരാതിരിക്കാനും, നേരിട്ട്‌ കാറ്റും തൂവാനവും അടിക്കാതിരിക്കാനുമായി അറ്റകുറ്റപ്പണികൾ നടത്തുകയും, വശങ്ങളിൽ ടാർപോളിൻ ഷീറ്റ്‌ ഉപയോഗിച്ച്‌ മറയ്ക്കുകയും ചെയ്യണം. ഷെഡിന്റെ തറയിലെ ദ്വാരങ്ങൾ അടച്ച്‌ ഈർപ്പം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കാം. കൂടിനകത്ത്‌ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ഒരിക്കും അനുവദിക്കരുത്‌.
ഷെഡിന്റെ നിലത്ത്‌ വിരിച്ചിരിക്കുന്ന അറക്കപ്പൊടി, ചിന്തേര്‌, ചകിരിച്ചോറ്‌ തുടങ്ങിയ വസ്തുക്കളുടെ ഈർപ്പ നിലവാരം കുറവായിരിക്കണം. ഇത്‌ മനസ്സിലാക്കാൻ ഒരു പിടി വിരിപ്പ്‌ കയ്യിലെടുത്ത്‌ അമർത്തി നോക്കുക കൈവെള്ളയിൽ പറ്റിപ്പിടിക്കാതെ വിരലുകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന വിരിപ്പിൽ ഈർപ്പം അനുവദനീയമായ അളവിലായിരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും വിരിപ്പിൽ കുമ്മായം ചേർത്ത്‌ ഇളക്കിക്കൊടുക്കുന്നത്‌ വിരിപ്പ്‌ കട്ട പിടിക്കാതിരിക്കാനും പൂപ്പൽ ബാധ ഒഴിവാക്കാനും സഹായിക്കുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണ വിരിപ്പ്‌ മാറ്റണം. രണ്ടാഴ്ച കൂടുമ്പോൾ ഷെഡിനുള്ളിൽ കീടനാശിനികൾ സ്പ്രേ ചെയ്താൽ ഈച്ച, കൊതുക്‌ ശല്യം ഒഴിവാകും. വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം നിശ്ചിത അളവിൽ അണുനാശിനികളും ഉപയോഗിക്കാവുന്നതാണ്‌.
തീറ്റയിൽ പൂപ്പൽ വിഷബാധയേൽക്കാനുള്ള സാധ്യതയാണ്‌ മഴക്കാലത്തെ മറ്റൊരു പ്രശ്നം. ദീർഘകാലത്തേയ്ക്കുള്ള തീറ്റ വാങ്ങി സൂക്ഷിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഒരു തീറ്റച്ചാക്ക്‌ പൊട്ടിച്ചാൽ പത്തു ദിവസത്തിനുള്ളിൽ ഉപയോഗിച്ച്‌ തീർക്കാവുന്ന വിധത്തിൽ ക്രമീകരിക്കണം. പൂപ്പൽ ടോക്സിൻ ബൈൻഡർ അടങ്ങിയ സമീകൃത തീറ്റകൾ വിപണയിൽ ലഭ്യമാണ്‌. മുട്ടത്തോടിന്‌ കട്ടി ലഭിയ്ക്കാൻ കക്കപ്പൊടി തീറ്റയിൽ ചേർക്കാം. മഴക്കാലത്തേയ്ക്കുള്ള കക്കപ്പൊടി മുമ്പേ വാങ്ങി സൂക്ഷിക്കാം. ഫാമിലുപയോഗിക്കുന്ന വെള്ളം ക്ലോറിനോ ബ്ലീച്ചിംഗ്‌ പൗഡറോ ഉപയോഗിച്ച്‌ ശുദ്ധീകരിച്ച്‌ ഉപയോഗിക്കണം. 10 ഗ്രാം ബ്ലീച്ചിംഗ്‌ പൗഡർ 1000 ലിറ്റർ ജല സംഭരണിയിൽ കലക്കി ഉപയോഗിക്കുക. തലേ രാത്രി ബ്ലീച്ചിംഗ്‌ പൗഡർ കലർത്തി വെള്ളം നിറച്ച്‌ പിറ്റേ ദിവസം കാലത്ത്‌ ഉപയോഗിക്കാം. തീറ്റ, വെള്ളപ്പാത്രങ്ങൾ ദിവസവും കഴുകി ഈർപ്പം കളഞ്ഞതിന്‌ ശേഷം മാത്രം ഉപയോഗിക്കണം.
മഴക്കാലത്തിനു മുൻപേ കോഴി വസന്ത, കോളറ രോഗങ്ങൾക്കെതിരെയുള്ള കുത്തിവയ്പ്പുകൾ നടത്തിയിരിക്കണം. മഴക്കാലത്ത്‌ രോഗപ്രതിരോധ ശേഷി കൂട്ടാൻ പ്രോബയോട്ടിക്കുകൾ, വിറ്റമിൻ-സി, ആന്റി ഓക്സിഡന്റുകൾ എന്നിവ തീറ്റയിൽ ചേർക്കാം.

പന്നികൾക്ക്‌ തീറ്റ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്‌


ദ്രുതഗതിയിലുള്ള വളർച്ച, പലവിധ ആഹാരം കഴിയ്ക്കാനുള്ള കഴിവ്‌, ഉയർന്ന തീറ്റ പരിവർത്തന ശേഷി, ഉയർന്ന പ്രത്യുത്പാദന നിരക്ക്‌, വിപണിയിൽ പന്നി മാംസത്തിനും പന്നിക്കുട്ടികൾക്കുമുള്ള വലിയ ഡിമാന്റ്‌ എന്നിവയൊക്കെ പന്നി വളർത്തലിനെ ആകർഷകമാക്കുന്നു. കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവപോലെ വിപണിയിൽ പന്നികൾക്കായി പ്രത്യേക തീറ്റ ലഭ്യമല്ല. പന്നി വളർത്തൽ ഭക്ഷണാവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ്‌ നടത്താറുള്ളത്‌. ഇത്തരത്തിൽ തീറ്റച്ചെലവ്‌ കുറയ്ക്കാൻ കഴിയുന്നതിനാലാണ്‌ പന്നി വളർത്തൽ ലാഭകരമാകുന്നത്‌. എന്നാൽ തീറ്റച്ചെലവ്‌ കുറയുമ്പോൾ തന്നെ ഇങ്ങനെ നൽകുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ പ്രത്യേകിച്ച്‌ ഹോട്ടൽ വേസ്റ്റ്‌, ചിക്കൻ വേസ്റ്റ്‌ എന്നിവ സമീകൃതമല്ലാത്തതിനാൽ പോഷകന്യൂനതകൾ ഉണ്ടാകാനിടയുണ്ട്‌. അതിനാൽ വേസ്റ്റ്‌ തീറ്റയായി നൽകുമ്പോൾ പ്രത്യേക ശ്രദ്ധ നൽകണം.
ഹോട്ടൽ അവശിഷ്ടങ്ങളിലും മറ്റും വെള്ളത്തിന്റെ അളവ്‌ കൂടുതലായതിനാൽ കൃത്യമായ അളവിൽ തീറ്റ കിട്ടുന്നുണ്ടോയെന്ന്‌ നോക്കണം. ഉദാഹരണത്തിന്‌ ഹോട്ടൽ വേസ്റ്റിൽ 80 ശതമാനം ജലാംശമാണുള്ളതെങ്കിൽ രണ്ടു കിലോഗ്രാം ഖരരൂപത്തിലുള്ള തീറ്റ കിട്ടാൻ മൊത്തത്തിൽ പത്തു കിലോഗ്രാം തീറ്റയെങ്കിലും നൽകേണ്ടി വരുന്നു. ഇത്‌ വേസ്റ്റിൽ അടങ്ങിയിരിക്കുന്ന ജലാംശത്തിനനുസരിച്ച്‌ വ്യത്യാസപ്പെടും. പഴകിയ, കേടായ തീറ്റ വയറിളക്കം പോലുള്ള അസുഖങ്ങൾ വരുത്തിവെയ്ക്കുന്നു. കോഴിക്കടയിലെ അവശിഷ്ടങ്ങളാണ്‌ നൽകുന്നതെങ്കിൽ തിളപ്പിച്ചതിനുശേഷം കൊടുക്കുക. മൊത്തം തീറ്റയുടെ കാൽ ഭാഗത്തിൽ കൂടുതൽ കോഴി വേസ്റ്റ്‌ നൽകാതിരിക്കുന്നതാണ്‌ നല്ലത്‌. കോഴി വേസ്റ്റിൽ കൊഴുപ്പിന്റെ അംശം കൂടുതലായതിനാൽ വിറ്റാമിൻ പോഷക ന്യൂനതയുണ്ടാകാം. ഹോട്ടൽ വേസ്റ്റും മറ്റും തീറ്റയായി നൽകുമ്പോൾ ധാതു ജീവക മിശ്രിതം കൂടി നൽകാൻ ശ്രദ്ധിക്കണം. വേസ്റ്റ്‌ മാത്രം നൽകി വളർത്തുന്ന ഫാമുകളിൽ പന്നികളിൽ പിൻകാൽ തളർച്ച, പ്രസവത്തിൽ കുട്ടികളുടെ എണ്ണം കുറയൽ, പന്നിക്കുട്ടികളിലെ മരണ നിരക്ക്‌ കൂടുതൽ എന്നിവ കണ്ടു വരുന്നു.
കേരള വെറററിനറി സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളജിലെ ന്യൂട്രീഷൻ വിഭാഗത്തിൽ പന്നികൾക്കായി പ്രത്യേക ധാതുലവണ മിശ്രിതം തയ്യാറാക്കി വിതരണം ചെയ്യുന്നു. മേൽ പറഞ്ഞവ കൂടാതെ പന്നികൾക്ക്‌ കുടിയ്ക്കുന്നതിനായി കുടിവെള്ളം ആവശ്യത്തിനനുസരിച്ച്‌ കൂടിനുള്ളിൽ ഉണ്ടായിരിക്കണം.

വിത്തുത്പാദനവും വിത്തു പരിചരണവും

നമ്മുടെ മികച്ച പല നാടന്‍ വിത്തിനങ്ങളും നാമാവശേഷമാവാനും അന്യം നിന്നു പോവാനുമുള്ള ഒരു കാരണം വിത്തു ശേഖരണത്തിലും വിത്ത് സൂക്ഷിക്കലിലും പുതിയ തലമുറയ്ക്ക് വന്ന അജ്ഞതയാണ്.

അത്യുത്പാദന ശേഷി പ്രദാനം ചെയ്യുന്ന ഹൈടെക് പച്ചക്കറി വിത്തുകളുടെ കാലമാണിന്ന്. വലിയ പ്രജനക്ഷമത കാണിക്കാത്ത ഇവയ്ക്ക് മുളയക്കാന്‍ ശേഷി കൂടുതലാണെങ്കിലും രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ച് പരിചരിച്ചാല്‍ മാത്രമേ മികച്ച ഫലം ലഭിക്കുകയുള്ളു. എന്നാല്‍  മികച്ച ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി നമ്മുടെ കാര്‍ഷിക സര്‍കലാശാലകളും പഴം, പച്ചക്കറി പ്രമോഷന്‍ കൗണ്‍സിലും  നിരവധി വിത്തിനങ്ങള്‍ ഉദ്പാദിപ്പിച്ചിട്ടുണ്ട്.

അവയില്‍ മിക്കവയും  നമ്മുടെ നാടന്‍ വിത്തിനങ്ങളില്‍ നിന്ന് സൃഷ്ടിച്ചെടുത്തവയാണ്. ആയതിനാല്‍ത്തന്നെ നമ്മുടെ നാട്ടിലെ ജൈവ കൃഷിക്ക് ഉത്തമവുമാണ് അവ. മുമ്പ് നമ്മുടെ നാടന്‍ കര്‍ഷകര്‍ വിത്ത് ഉദ്പാദിപ്പിക്കുകയും അത് കാലങ്ങളോളം സൂക്ഷിക്കുകയും ചെയ്തിരുന്നു. വിത്ത് ശേഖരണവും വിത്ത് സൂക്ഷിക്കലും അത് പരിചരിച്ച് മുളപ്പിക്കലും വൈദഗ്ധ്യം ആവശ്യമുള്ള പ്രവര്‍ത്തിയാണ്. നമ്മുടെ മികച്ച പല നാടന്‍ വിത്തിനങ്ങളും  നാമാവശേഷമാവാനും  അന്യം നിന്നു പോവാനുമുള്ള ഒരു കാരണം വിത്തു ശേഖരണത്തിലും വിത്ത് സൂക്ഷിക്കലിലും പുതിയ തലമുറയ്ക്ക് വന്ന അജ്ഞതയാണ്.

വിത്ത് ശേഖരണം
പച്ചക്കറികളില്‍ ചെടിയിനങ്ങളിലും വള്ളിയിനങ്ങളിലും വിത്ത് ശേഖരിക്കുന്നതില്‍ ചില ക്രമമൊക്കെയുണ്ട്. വെണ്ട, വഴുതിന, തുടങ്ങിയ പച്ചക്കറികളില്‍ ആദ്യമോ രണ്ടാമതോ ഉണ്ടാവുന്ന കായാണ് വിത്തായി ചെടിയില്‍ നിലനിര്‍ത്തേണ്ടത്. അത് മൂത്ത് ഉണങ്ങിക്കഴിഞ്ഞാല്‍ ഉണങ്ങിയ ഇലയോ, പേപ്പറോ, പ്ലാസ്റ്റിക്ക് കവറോ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടലാണ് പമ്പരാഗത രീതി, പക്ഷികളുടെ ആക്രമണത്തില്‍ നിന്ന് വിത്തിനെ രക്ഷിക്കാനാണിത് .പല പക്ഷികളും മൂത്തവിത്തുകളെ ആഹാരമാക്കും.

വിത്താക്കി നിലനിര്‍ത്തുന്ന കായ കേടില്ലാത്തതും പ്രാണികളുടെയോ പഴുക്കളുടെയോ ആക്രമണം നേരിടാത്തതോ ആയിരിക്കണം. വെണ്ടയാണെങ്കില്‍ മൂത്ത് ഉണങ്ങിയാല്‍ അതിനെ നൂലുകൊണ്ട് ചുറ്റിവെക്കണം അല്ലെങ്കില്‍ പൊട്ടി വിത്തുകള്‍ നഷ്ടപ്പെട്ടു പോവാനിടയുണ്ട്. കയ്പ, പടവലം എന്നിവ നന്നായി മൂത്ത് പഴുത്താല്‍  പറിച്ച് തോടില്‍ നിന്ന് വിത്ത്  പുറത്തെടുത്ത് നന്നായി വെയിലത്ത് ഉണക്കി ചാരത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കാം.

തക്കാളി, വഴുതിന എന്നീ വഴുതിന വര്‍ഗ വിളകളും തോടില്‍ നിന്ന് പുറത്തെടുത്ത് വെയിലത്തുണക്കി ഈര്‍പ്പം തട്ടാതെ സൂക്ഷിക്കാം. ചുരയ്ക്ക, പീച്ചിങ്ങ എന്നിവയും വിത്ത് പുറത്തെടുത്ത് സൂക്ഷിക്കാവുന്നതാണ്.

മത്തന്‍, എളവന്‍, വെള്ളരി എന്നീ വിളകളുടെ മൂത്തകായ് തന്നെ പറിച്ച് വിത്തിനായി സൂക്ഷിക്കാം. പഴയകാലത്ത് മൂത്ത മത്തന്‍, എളവന്‍, വെള്ളരിയെന്നിവ പറിച്ചെടുത്ത് മാസങ്ങളോളം മച്ചിനുമുകളില്‍ കെട്ടിത്തൂക്കി ഉപയോഗിക്കാറുണ്ടായിരുന്നു. ഒരു തരത്തില്‍ വിത്ത് സൂക്ഷിച്ച് സംരക്ഷിക്കല്‍ തന്നെയാണിത്.

പയര്‍ വര്‍ഗവിളകളും വെണ്ടയും നന്നായി ഉണങ്ങിയതിന് ശേഷം ചെടിയില്‍ നിന്ന് വേര്‍പെടുത്തി ഉണങ്ങിയ വാഴയിലയില്‍ പൊതിഞ്ഞ് വാഴനാരുകൊണ്ടുതന്നെ കെട്ടി പുകയത്ത് സൂക്ഷിക്കാം. തീയും പുകയും കുറഞ്ഞ ആധുനിക അടുക്കളകളുടെ ഇക്കാലത്ത് വെയിലില്‍ നന്നായി ഉണക്കിസൂക്ഷിച്ചാലും മതി.

വിത്തു പരിചരണം
പഴയകാലത്ത് ഉണക്കി സൂക്ഷിച്ച വിത്തുകള്‍  കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകൂടാതെ നില്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ കാലാവസ്ഥയുടെയും മണ്ണിന്റെയും മാറ്റത്തോടെ വിത്തുകളുടെ മുളയ്ക്കല്‍ ശേഷി(നാടന്‍ വിത്തിനങ്ങളുടെ)യും കേടുകൂടാതിരിക്കാനുള്ള കാലയളവും കുറഞ്ഞിരിക്കുന്നെങ്കിലും  ആറുമാസമെങ്കിലും വിത്തിനങ്ങള്‍ കേടുകൂടാതെയിരിക്കുന്നത്

നടീലിനു മുമ്പ് വിത്ത് ജീവാണുവളങ്ങളായ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ത്ത് പരിചരിക്കണം. വിത്ത് ആദ്യമേതന്നെ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ശുദ്ധവെള്ളത്തില്‍ കുതിര്‍ത്തുവെക്കണം. തുണിയില്‍ കെട്ടി, രാത്രി ചാണകവെള്ളത്തില്‍ മുക്കിവെച്ചാണ് കുതിര്‍ക്കാറ് .രാവിലെയാണ് നടാറ്.

മുളച്ചുപൊന്താന്‍ പാടുള്ള ഇനങ്ങളും മഴക്കാലത്തും വിത്തുകള്‍ വെറെ മാറ്റി മുളപ്പിച്ചതിന് ശേഷമാണ് നടുക. തുണിയില്‍ കെട്ടി ചാണകവെള്ളത്തില്‍ മുക്കി പുതര്‍ത്തി മാറ്റിവെച്ച് മുളപൊട്ടുന്ന സമയത്ത് മാറ്റിനടുകയും വേറെ വേറെ ട്രേകളില്‍ മുളപ്പിച്ച് മാറ്റി നടുകയും ചെയ്യാം.

ശത്രുകീടങ്ങള്‍ വിത്തുകള്‍ തിന്നു നശിപ്പിക്കുന്നത് തടയാനും അധിക ഈര്‍പ്പം നിന്ന് വിത്തുകള്‍ ചീഞ്ഞു പോവുന്നത് തടയാനും മുളപ്പിച്ച ശേഷം മാറ്റി നടുന്നത് സഹായിക്കും. ചീര, തക്കാളി, വഴുതിന, മുളക് എന്നിങ്ങനെയുള്ള വിത്തുകള്‍ മണ്ണ് പൊടിയാക്കി വിത്ത് വിതച്ച് മുളപ്പിച്ച് രണ്ടാഴ്ചയ്ക്കുശേഷം മാറ്റി പറിച്ചു നടുകയാണ് ചെയ്യാറ് 10 ഗ്രാം സ്യൂഡോമോണസ് കലക്കിയ വെള്ളത്തില്‍ വേര് മുക്കിയതിന് ശേഷം നട്ടാല്‍ ഉത്പാദനക്ഷമത കൂടും. ചെറിയ വിത്തുകള്‍ വിതച്ച് മുളപ്പിക്കുമ്പോള്‍ ഉറുമ്പ് കൊണ്ടുപോവാന്‍ സാധ്യത കൂടുതലാണ്. അത് തടയാന്‍  വിത്തിന്റെ മൂന്നിരട്ടി റവയോ, പൊടിയറിയോ, അല്പം മഞ്ഞള്‍പൊടിയോ ചേര്‍ത്ത്  കുഴച്ച് വിതറിയാല്‍ വിത്ത് നഷ്ടപ്പെടുന്നത് തടയാം.

വിത്തുകള്‍ നടുന്നതിന്റെ രീതിയും മുളയ്ക്കല്‍ ശേഷിയെ ബാധിക്കും. ഒരു പാട് ആഴത്തിലോ തീരെ മീതയോ വിത്ത് നടരുത്. ഒരു വിത്തിന്റെ ഇരട്ടി വലിപ്പമാണ് വിതത്് നടുന്ന കുഴിയുടെ ആഴം. ആഴം കൂടിയാല്‍ വിത്തിന് മുളച്ച് പൊന്താന്‍ പ്രയാസമായിരിക്കും.

പയര്‍, ചീര, തക്കാളി, വഴുതിന എന്നിവയ്ക്ക് രണ്ടോ മൂന്നോ ദിവസമാണ് മുളച്ചു പൊന്താന്‍ വേണ്ടത്. വെണ്ട, എളവന്‍, വെള്ളരി എന്നിവ നാലോ അഞ്ചോ ദിവസം കൊണ്ട് മുളച്ച് പൊന്തും എന്നാല്‍ തോട് കട്ടിയുള്ള പടവലം, കയ്പ ചുരയ്ക്ക എന്നിങ്ങനെയുള്ള വിത്തുകള്‍ മുളച്ചുപൊന്താന്‍ ചിലപ്പോള്‍  രണ്ടാഴ്ചവരെയെടുക്കും. വിത്ത് നട്ടുകഴിഞ്ഞാല്‍ മണ്ണില്‍ ഈര്‍പ്പം നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

നല്ലവിളവ് ലഭിക്കാനും വിളകള്‍ നന്നായി വളരാനും വിത്തിന്റെ പരിചരണവും തിരഞ്ഞെടുക്കലും പ്രധാനമാണ്. പുറത്തുനിന്നും വിത്ത് വാങ്ങുകയാണെങ്കില്‍ ഒരുപാട് പഴയവിത്തും ചെള്ള് കുത്തിയ വിത്തും നിറം മാറിയ വിത്തും വാങ്ങരുത്. ജൈവപരമായും രാസപരമായും ട്രീറ്റ് ചെയ്ത വിത്തുകളും ധാരാളം മാര്‍ക്കറ്റില്‍ സുലഭമാണ്. വിത്തിന്റെ തിരഞ്ഞെടുപ്പിലും നാം ശ്രദ്ധപുലര്‍ത്തണം

കശുമാവിലെ തടിതുരപ്പനെ നിയന്ത്രിക്കാം

ആറ്, ഏഴ് മാസംവരെയാണ് പൂര്‍ണവളര്‍ച്ചയെത്തി വണ്ടാവാന്‍ എടുക്കുന്ന സമയം. ഒരു മരത്തില്‍തന്നെ അനേകം പുഴുക്കളെ കാണാന്‍ കഴിയും. പൂര്‍ണവളര്‍ച്ചയെത്തിയ പുഴുവിന് ഏഴ് സെ.മീ. നീളംകാണും.

കശുമാവിന്റെ പ്രധാന കീടമാണ് തടിതുരപ്പന്‍ വണ്ട്. പ്ലോസീഡെറസ് ഫെറുജിനിയസ് എന്ന ശാസ്ത്രനാമധാരിയുടെ കടുംതവിട്ടുനിറത്തിലുള്ള വണ്ടാണ് അക്രമകാരി. 35 മി.മി. വരെ നീളം കാണും. കശുമാവ് തോട്ടത്തിലുള്ള ചെറിയ മരങ്ങളെയും വലിയ മരങ്ങളെയും ഇത് ആക്രമിക്കുന്നു.

പെണ്‍വണ്ട് മരത്തിന് ചുവട്ടില്‍ മണ്ണില്‍  വേരോടടുപ്പിച്ചോ മണ്ണിന് മുകളില്‍ പൊങ്ങിനില്‍ക്കുന്ന വേരുകളിലോ മുട്ടയിടുന്നു. നാല് മുതല്‍ ആറ് ദിവസത്തിനകം മുട്ടകള്‍ വിരിഞ്ഞ് പുഴു തടി തുരന്ന് വേരിനുള്ളിലെത്തുന്നു.  മരത്തിനകത്തിരുന്ന് പുഴു തടിഭാഗങ്ങള്‍ തിന്നുതീര്‍ക്കുന്നു.

ആറ്, ഏഴ് മാസംവരെയാണ് പൂര്‍ണവളര്‍ച്ചയെത്തി വണ്ടാവാന്‍ എടുക്കുന്ന സമയം. ഒരു മരത്തില്‍തന്നെ അനേകം പുഴുക്കളെ കാണാന്‍ കഴിയും. പൂര്‍ണവളര്‍ച്ചയെത്തിയ പുഴുവിന് ഏഴ് സെ.മീ. നീളംകാണും. വേരിനുള്ളിലാണ് സമാധിദശ.

തടിയുടെ താഴെയുണ്ടാവുന്ന ദ്വാരങ്ങളിലൂടെ പുഴുവിസര്‍ജ്യംകലര്‍ന്ന അവശിഷ്ടങ്ങളും പശപോലുള്ള ദ്രാവകവും പുറത്തേക്ക് തള്ളിവരും. ക്രമേണ മരത്തിന്റെ ഇലകള്‍ പഴുത്തുണങ്ങി കൊഴിയും. കൊമ്പുകള്‍ ഉണങ്ങി മരങ്ങള്‍ നശിക്കും.

ജനവരി മുതല്‍ മെയ് വരെയാണ് സാധാരണഗതിയില്‍ ഇവ മരത്തിനുള്ളില്‍ കടക്കുന്നത്. ആക്രമണലക്ഷണം കാണുകയാണെങ്കില്‍ ആ ഭാഗം ചെത്തിക്കളഞ്ഞ് 10 മി.ലി. ക്ലോര്‍ പൈറിഫോസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെത്തിക്കളഞ്ഞ ഭാഗത്ത് തേച്ചുകൊടുക്കണം. ഈ ലായനി മണ്ണില്‍ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. തടിയില്‍ ഒന്നോ രണ്ടോ ദ്വാരങ്ങള്‍ തുരന്ന് വൃത്തിയാക്കി ക്ലോര്‍ പൈറിഫോസ് ലായനി ഒരു നാളം വഴി ഒഴിച്ചുകൊടുത്ത് ചെളികൊണ്ട് ദ്വാരം അടയ്ക്കണം. 50 മി.ലി. വേപ്പെണ്ണയും 5 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനിയും മേല്‍പ്പറഞ്ഞതുപോലെ ഉപയോഗിക്കാം.

തടിയിലുള്ള ദ്വാരങ്ങളിലും വിള്ളലുകളിലും കുമ്മായം ചേര്‍ത്ത ലായനി തേച്ചുപിടിപ്പിക്കാവുന്നതാണ്. തടിതുരപ്പന്‍ വണ്ടുകളെയും പുഴുക്കളെയും കണ്ടെത്തി നശിപ്പിക്കണം. ആക്രമണമേറ്റ് നശിച്ച മരങ്ങള്‍ തോട്ടത്തില്‍നിന്ന് വെട്ടിമാറ്റി തീയിട്ടു നശിപ്പിക്കണം.

തേയിലച്ചണ്ടി, ചാരം, ഇവ അല്പം ഉപ്പും ചേര്‍ത്ത് ഒരു മരത്തിന് 1520 കി.ഗ്രാം ഇട്ടുകൊടുക്കുന്നത് നല്ലതാണ്. ചെളി കാര്‍ബറില്‍മിശ്രിതം തടിയുടെ ചുവട്ടില്‍നിന്ന് ഒരു മീറ്റര്‍ വരെ ഉയരത്തില്‍ നവംബര്‍-ഡിസംബര്‍ മാസത്തിലും മാര്‍ച്ച്-ഏപ്രില്‍ മാസത്തിലും രണ്ടുതവണ തേച്ചു പിടിപ്പിക്കേണ്ടതാണ്.

റംബുട്ടാന്‍ ഇല കരിയുന്നു;പ്രതിവിധി എന്താണ്

റംബുട്ടാന്‍ ഫലസസ്യത്തിന്റെ സ്ഥിരം പ്രശ്‌നമാണ് ഇലകളുടെ അഗ്രവും അരികുകളും കരിയുന്നത്. ഇതിന് വിവിധ കാരണങ്ങളുണ്ട്.

വീട്ടുപറമ്പില്‍ നട്ട റംബുട്ടാന്‍ നന്നായി വളരുന്നുണ്ട്. എന്നാല്‍, ഇലകളുടെ അഗ്രവും അരികുകളും ഉണങ്ങിവരുന്നു. ഇത്തരം ഇലകള്‍ മുറിച്ചുനീക്കിയിട്ടും പുതുതായി വരുന്ന ഇലകള്‍ക്കും കരിച്ചിലുണ്ട്. എന്താണ് കാരണം? പ്രതിവിധി പറഞ്ഞുതരാമോ?

ഗീത മേനോന്‍, മുഖത്തല.

റംബുട്ടാന്‍ ഫലസസ്യത്തിന്റെ സ്ഥിരം പ്രശ്‌നമാണ് ഇലകളുടെ അഗ്രവും അരികുകളും കരിയുന്നത്. ഇതിന് വിവിധ കാരണങ്ങളുണ്ട്. ഒന്ന് പൊട്ടാഷ് വളത്തിന്റെ കുറവ്. ഇതിന് നിശ്ചിത അളവില്‍ പൊട്ടാഷ് ചേര്‍ക്കണം. സൂക്ഷ്മമൂലകത്തിന്റെ കുറവുകൊണ്ടും ഇല കരിയാം. അങ്ങനെയെങ്കില്‍ കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ കുമ്മായം ചേര്‍ത്താല്‍മതി.

കുമിള്‍ബാധയാണ് ഇല കരിച്ചിലുണ്ടാക്കുന്നതെങ്കില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കാം. അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് നാല് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി പ്രയോഗിക്കുക. ഇല കരിച്ചിലിനൊപ്പം ഇല കൊഴിച്ചിലുമുണ്ടെങ്കില്‍ ബാവിസ്റ്റിന്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കണം. കാരണം കണ്ടെത്തി തളിക്കാനായാല്‍ രോഗബാധ ഫലപ്രദമായി നിയന്ത്രിക്കാവുന്നതേയുള്ളൂ.

തെങ്ങിന്റെ കൂമ്പുചീയല്‍ നേരിടാം

കൂമ്പുചീയലിന്റെ കാരണമായി കണക്കാക്കുന്ന കൊമ്പന്‍ ചെല്ലിയെ തുരത്താന്‍ മണലും ഉപ്പും കലര്‍ത്തി മണ്ടയില്‍ ചേര്‍ത്തുകൊടുക്കാം

 

തെങ്ങിന്റെ കൂമ്പോല മഞ്ഞളിച്ച് ഊരിപ്പോരുന്നുണ്ടെങ്കില്‍ രോഗം കൂമ്പുചീയലാണെന്ന് ഉറപ്പിക്കാം. എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുമെങ്കിലും പ്രായംകുറഞ്ഞ തെങ്ങുകളില്‍ പ്രത്യേകിച്ചും മഴക്കാലത്ത് രോഗം കൂടുതലായി കാണുന്നു.

വളര്‍ച്ചയെത്തിയ തെങ്ങുകളില്‍ കൂമ്പോലയുടെ നിറം മഞ്ഞയാകുകയും കടഭാഗത്തുവെച്ച്  ഒടിഞ്ഞുതൂങ്ങുകയും ചെയ്യും. കൃത്യമായ പരിശോധന നടക്കാത്തതിനാല്‍ മണ്ടയിലെ മൃദുകോശങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസരത്തില്‍മാത്രമേ കൂമ്പുചീയലാണെന്ന കാര്യം കര്‍ഷകന്റെ ശ്രദ്ധയില്‍ വരൂ. അപ്പോേഴക്കും ഓലകളുടെ കടഭാഗവും കടന്ന് തടിയിലേക്കുവരെ അഴുകല്‍ വ്യാപിച്ചിരിക്കും. രോഗം മൂര്‍ച്ഛിക്കുന്നതോടെ മറ്റ് ഓലകളും ഒടിഞ്ഞുതൂങ്ങും.

കൂമ്പുചീയല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങള്‍ ചെത്തിമാറ്റണം. രോഗംബാധിച്ച തെങ്ങില്‍ നിന്നും നീക്കം ചെയ്തഭാഗങ്ങള്‍ ഉടന്‍ കത്തിച്ചുകളയണം. ചീഞ്ഞ ഓലകളും നാേമ്പാലയും മച്ചിങ്ങയും എന്തിന് ഇളംതേങ്ങവരെ തീയിട്ട് നശിപ്പിക്കണം. മണ്ടചീയല്‍ ബാധിച്ച മുറിപ്പാടിലും അതിനു ചുറ്റും ബ്‌ളീച്ചിങ് പൗഡര്‍ ലായനി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ബോര്‍ഡോക്കുഴമ്പ് പുരട്ടണം.

ബക്കറ്റോ, ചട്ടിയോ, വാഴയിലയോ കൊണ്ട് മണ്ട പൊതിഞ്ഞു സൂക്ഷിക്കുകയും വേണം. തുളയിട്ട പോളിത്തീന്‍ പാക്കറ്റിലോ തുണിയില്‍ കിഴി കെട്ടിയോ രണ്ടുഗ്രാംവീതം മാങ്കോസെബ് നാമ്പോലയ്ക്ക് തൊട്ടുതാഴേയായി നാല് ഓലക്കവിളക്കുകള്‍ക്കുള്ളില്‍ വെക്കണം.

രോഗം ബാധിച്ച തെങ്ങിന്റെ ചുറ്റുമുള്ള തെങ്ങുകളുടെ മണ്ടയില്‍ ഒരു ശതമാനംവീര്യമുള്ള ബോര്‍ഡോമിശ്രിതം പ്രതിരോധമെന്ന നിലയില്‍ തളിക്കാം. 20 ഗ്രാം  സ്യൂഡോമോണസോ പി.ജി.പി.ആര്‍2 മിശ്രിതമോ ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ട കുതിര്‍ക്കെ ഒഴിക്കുന്നത് കൂമ്പുചീയലിനെ അകറ്റിനിര്‍ത്തും. തൈത്തെങ്ങുകളെ കൂമ്പുചീയലിെന്റ കരാളഹസ്തത്തില്‍നിന്നും ഒഴിവാക്കുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്. 
മഴക്കാല ആരംഭത്തില്‍ ത്തന്നെ പൊട്ടാസ്യം ഫോസ്ഫറേറ്റ് (അക്കോമിന്‍40) അഞ്ച് മി.ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുരുത്തോലയുടെ തൊട്ടടുത്തുള്ള ഓലക്കവിളില്‍ ഒഴിച്ചുകൊടുക്കുന്നതും ഗുണംചെയ്യും.

വര്‍ഷത്തിലൊരു തവണ തെങ്ങിന്റെ മണ്ട വൃത്തിയാക്കണം. കൂമ്പുചീയലിന്റെ കാരണമായി കണക്കാക്കുന്ന കൊമ്പന്‍ ചെല്ലിയെ തുരത്താന്‍ മണലും ഉപ്പും കലര്‍ത്തി മണ്ടയില്‍ ചേര്‍ത്തുകൊടുക്കാം. കൊമ്പന്‍ചെല്ലി പുഴുക്കളെ നശിപ്പിക്കാന്‍ വളക്കുഴികളില്‍ പച്ചപെരുവലമോ ലെറ്റാറൈസിയുമോ ചേര്‍ക്കണം.

മണ്ണിലാണ് കൂമ്പുചീയലുണ്ടാക്കുന്ന ഫൈറ്റോഫ്‌േത്താറ കുമിളിന്റെ സുഷുപ്താവസ്ഥ. പുളിരസമുള്ള മണ്ണില്‍ ഫൈറ്റോഫ്‌േത്താറ വിളയാടും. അതുകൊണ്ടുതന്നെ മണ്ണിന്റെ പുളിരസം കളയുന്നതിനായി സൈന്റാന്നിന് ഒരുകിലോഗ്രാം കുമ്മായമോ ഡോളമൈറ്റോ മഴക്കാലാരംഭത്തില്‍ത്തന്നെ ചേര്‍ത്തു കൊടുക്കുന്നതാണ് പരമപ്രധാനം.

അമിനോ പ്ലസ്സിന്റെ ഗുണങ്ങളെന്താണ്? ഇത് എവിടെ കിട്ടും?

കടല്‍മീനായ മത്തി പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. സസ്യവളര്‍ച്ച വേഗത്തിലാക്കാനുള്ള സൂക്ഷ്മമൂലകങ്ങളും സൂക്ഷ്മാണുക്കളും കീടങ്ങളെ അകറ്റിനിര്‍ത്താനുള്ള ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു.

ജീവഹോര്‍മോണാണ് 'അമിനോ പ്ലസ്'. ചെടികള്‍ യഥാസമയം പൂക്കാനും കായ്ക്കാനും പ്രേരകമാണിത്. കടല്‍മീനായ മത്തി പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. സസ്യവളര്‍ച്ച വേഗത്തിലാക്കാനുള്ള സൂക്ഷ്മമൂലകങ്ങളും സൂക്ഷ്മാണുക്കളും കീടങ്ങളെ അകറ്റിനിര്‍ത്താനുള്ള ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. ചെടികള്‍ക്ക് നാലിലപ്പരുവമാകുമ്പോള്‍ ഇത് പ്രയോഗിച്ചുതുടങ്ങാം. 15 ദിവസത്തിലൊരിക്കല്‍ എന്ന ക്രമത്തില്‍ ചെടികളുടെ ഇലയിലും തണ്ടിലുമൊക്കെ തളിക്കാം.

എറണാകുളം ഞാറക്കല്‍ സി.എം.എഫ്.ആര്‍.ഐ. ആണ് ഇത് തയ്യാറാക്കിയത്. 200 മില്ലി ലിറ്റര്‍ കുപ്പിയൊന്നിന് 40 രൂപ വില. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842492450. വീട്ടിലും മറ്റും തയ്യാറാക്കാവുന്ന ഫിഷ് അമിനോ ആസിഡ് പോലുള്ള ജൈവ മിശ്രിതങ്ങളുടെ സമാനസ്വഭാവമുള്ളതാണിത്.

ജൈവകൃഷിക്ക് മണ്ണൊരുക്കാം

തുലാവര്‍ഷം കഴിഞ്ഞു. വേനല്‍ക്കാല പച്ചക്കറികൃഷിക്ക് തയ്യാറെടുക്കേണ്ട സമയമായി. ജൈവരീതിയില്‍ കൃഷിചെയ്യുന്നതിന്റെ വിവിധഘട്ടങ്ങള്‍ പരിചയപ്പെടാം

നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ ശ്രദ്ധവേണം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. ചുവന്ന മണ്ണാണെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം.

മണ്ണൊരുക്കല്‍

തുലാവര്‍ഷം കഴിഞ്ഞ് നനഞ്ഞുകുതിര്‍ന്ന മണ്ണ് നന്നായി ഇളക്കി വാരമെടുത്ത് ചിക്കിയിടണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും നേരിട്ട് വെയിലുകൊള്ളിക്കണം. കട്ടയെല്ലാമുടച്ച് നല്ല പൊടിയാക്കിയ മണ്ണില്‍ കരിയില കൂട്ടിയിട്ട് കത്തിക്കണം. കത്തിക്കഴിഞ്ഞ ചാരം മണ്ണുമായി നന്നായി കൂട്ടിക്കലര്‍ത്തണം. കരിയില മണ്ണിന് മുകളിലിട്ട് കത്തിക്കുമ്പോള്‍ ബോറന്‍പുഴു പോലുള്ള ചെടിയുടെ തണ്ടുതുരക്കുന്ന പുഴുക്കളും മറ്റ് ശത്രുകീടങ്ങളും നശിക്കും. കൂടാതെ പച്ചക്കറികള്‍ക്ക് മഞ്ഞളിപ്പും ഇലവാട്ടവും വരുത്തിവെക്കുന്ന ബാക്ടീരിയകളും ഫംഗസും നിര്‍വീര്യമാകുകയും ചെയ്യും.

തടമെടുക്കല്‍

നന്നായി ഉണക്കി ഇലകത്തിച്ച് ചാരം കലര്‍ത്തിയ മണ്ണില്‍ തടമെടുക്കേണ്ടതിന് നിശ്ചിത രീതിയുണ്ട്. വെണ്ട, പയര്‍, ചീര എന്നിവയ്ക്ക് രണ്ടടി വീതിയിലും ഒരടി ഉയരത്തിലുമുള്ള നീളന്‍ തടമാണെടുക്കാറ്. നീര്‍വാര്‍ച്ചയും ജൈവവളത്തിന്റെ പൂര്‍ണതോതിലുള്ള വലിച്ചെടുക്കലിനും പുതയിടാനും ഇങ്ങനെ വാരമെടുക്കുന്നത് സഹായിക്കും. പടവലം, കയ്പ, ചുരങ്ങ, അമര എന്നിങ്ങനെ നല്ല ജലാംശം എല്ലായ്‌പ്പോഴും തടത്തില്‍ നിര്‍ത്തേണ്ട പച്ചക്കറികള്‍ക്ക് വട്ടത്തിലോ ചതുരത്തിലോ തടമെടുക്കാം. പരമാവധി നാല് തൈകള്‍ നിലനിര്‍ത്തി വളര്‍ത്താനനുയോജ്യമായ വിസ്താരമാണ് തടത്തിനുവേണ്ടത്.

ആനക്കൊമ്പന്‍ വെണ്ട, വഴുതിന എന്നിവയ്ക്ക് മണ്ണ് കൂമ്പാരംകൂട്ടി വലിയ തടമെടുക്കണം. ചീര, തക്കാളി, കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയ്ക്ക് മണ്ണ് നന്നായി പൊടിയാക്കണം. ഇതിന് നീളത്തില്‍ അരയടി ഉയരത്തില്‍ വാരമെടുക്കണം.

വളം ചേര്‍ക്കല്‍

വേനല്‍ക്കാല പച്ചക്കറികൃഷിക്ക് ചാണകം, കോഴിക്കാഷ്ഠം, ആട്ടിന്‍കാഷ്ഠം, ജൈവ സ്‌ളറി, മണ്ണിരക്കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയിലേതെങ്കിലും ഒന്ന് സെന്റിന് 50 കിലോഗ്രാം എന്നതോതില്‍ മണ്ണില്‍ നന്നായി ചേര്‍ക്കണം. വിത്ത് നടുന്നതിന് പതിനഞ്ച് ദിവസം മുമ്പ് സെന്റൊന്നിന് മൂന്ന് കിലോ കുമ്മായം ചേര്‍ത്തുകൊടുക്കുന്നത് മണ്ണിലെ അമ്‌ളത്വം കുറയ്ക്കും. ജൈവവളം ചേര്‍ക്കുന്നതിനുമുമ്പ് 10 ഗ്രാം ട്രൈക്കോഡര്‍മയോ ഒരു കിലോ സ്യൂഡോ മോണസോ ചേര്‍ക്കണം. വേപ്പിന്‍പിണ്ണാക്ക്, ആവണക്കിന്‍പിണ്ണാക്ക് എന്നിവ സെന്റൊന്നിന് അഞ്ച് കിലോഗ്രാം എന്നതോതില്‍ ചേര്‍ക്കാം. സൂര്യതാപമേല്‍പ്പിച്ച് നന്നായി പൊടിയാക്കിയ മണ്ണ്, ഇളക്കിച്ചേര്‍ത്ത ജൈവവളം എന്നിവയാണ് മണ്ണൊരുക്കലില്‍ പ്രധാനം. വിത്തുനടുന്ന മേല്‍ഭാഗം തടം കൃത്യമായി പൊടിമണ്ണായിരിക്കണം. എന്നാലേ വിത്ത് മുളച്ച് പൊന്തിവരൂ.

വിത്ത് മുളച്ചശേഷം മേല്‍വളമായി, താഴെപ്പറയുന്നവയിലൊന്ന് ചേര്‍ക്കണം. ബയോഗ്യാസ് സ്‌ളറിയോ, ചാണകമോ 250 ഗ്രാം നാലുലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്, കടലപ്പിണ്ണാക്ക് 500 ഗ്രാം പത്തുലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്, വെര്‍മിവാഷ്, ഗോമൂത്രം, എന്നിവയിലേതെങ്കിലുമൊന്ന് രണ്ട് ലിറ്റര്‍ എട്ട് ഇരട്ടി വെള്ളവുമായി ചേര്‍ത്തത്. നാലുകിലോഗ്രാം മണ്ണിരക്കമ്പോസ്റ്റ്, അല്ലെങ്കില്‍ കോഴിക്കാഷ്ഠം എന്നിവ സെന്റൊന്നിന് 10 കിലോഗ്രാം എന്നിങ്ങനെ ചേര്‍ത്ത് ജൈവകൃഷി സമ്പുഷ്ടമാക്കാം.

എളുപ്പം നനയ്ക്കാം; ജലനഷ്ടമില്ല

ഒരു പ്‌ളാസ്റ്റിക് ടാങ്ക്, ഫില്‍റ്റര്‍, പി.വി.സി. പൈപ്പ്, ഡ്രിപ്പ് ലൈനുകള്‍, വാല്‍വുകള്‍ എന്നിവ അടങ്ങിയതാണ് ഫാമിലി ഡ്രിപ്പ് സംവിധാനം. വീട്ടിലെ പ്രധാനടാങ്കില്‍നിന്നും ചെറിയൊരു ടാങ്കിലേക്ക് കണക്ഷന്‍ നല്‍കി വാല്‍വും ഘടിപ്പിച്ചാല്‍ സംഗതി റെഡി

കൊട്ടാരക്കര സദാനന്ദപുരത്തെ കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം വീട്ടുകൃഷിക്ക് അനുയോജ്യമായ ജലസേചനരീതി ആവിഷ്‌കരിച്ചിരിക്കുന്നു. ചെലവ് കുറവാണെന്നതാണ് ഇതിന്റെ മേന്മ.

പച്ചക്കറികളുടെ വളര്‍ച്ചയ്ക്കാവശ്യമായ വെള്ളം അതിന്റെ വേരുപടലത്തില്‍ എത്തിക്കുക എന്നതാണ് ഫാമിലി ഡ്രിപ്പ് സംവിധാനത്തിന്റെ ലക്ഷ്യം. ഇവിടെ ബാഷ്പീകരണം മൂലമുണ്ടാകുന്ന ജലനഷ്ടമില്ല. ഊര്‍ന്നിറങ്ങല്‍ ഇല്ലാത്തതിനാല്‍ ടെറസ് കേടാകുമെന്ന ഭീതിയും വേണ്ട. ഫാമിലി ഡ്രിപ്പ് എന്ന സൂക്ഷ്മ ജലസേചനരീതിക്ക് ക്ഷമത കൂടുതലായതിനാല്‍ കുറച്ച് വെള്ളംകൊണ്ട് കൂടുതല്‍ നനയ്ക്കാന്‍ കഴിയും.

ഒരു പ്‌ളാസ്റ്റിക് ടാങ്ക്, ഫില്‍റ്റര്‍, പി.വി.സി. പൈപ്പ്, ഡ്രിപ്പ് ലൈനുകള്‍, വാല്‍വുകള്‍ എന്നിവ അടങ്ങിയതാണ് ഫാമിലി ഡ്രിപ്പ് സംവിധാനം. വീട്ടിലെ പ്രധാനടാങ്കില്‍നിന്നും ചെറിയൊരു ടാങ്കിലേക്ക് കണക്ഷന്‍ നല്‍കി വാല്‍വും ഘടിപ്പിച്ചാല്‍ സംഗതി റെഡി. വെള്ളത്തോടൊപ്പം വളവും നല്‍കണമെന്ന നിര്‍ബന്ധമില്ലാത്തവര്‍ക്ക് പ്രധാന ടാങ്കില്‍നിന്നുതന്നെ ജലസേചനം ക്രമീകരിക്കാം.

ലാറ്ററല്‍ പൈപ്പില്‍ നിശ്ചിത അകലത്തില്‍ ഫോര്‍വേ അസംബ്ള്‍ വഴി നാലു  മൈക്രോട്യൂബുകള്‍ നാലു ഗ്രോബാഗുകളിലേക്ക് വെള്ളംചെല്ലുന്ന വിധത്തിലാണ് ഫാമിലി ഡ്രിപ്പ് കിറ്റ് ക്രമീകരിക്കുക. ലാറ്ററലിന്റെ അറ്റത്ത് എന്‍ഡ് ക്യാപ്പ് നിര്‍ബന്ധമാണ്. മൈക്രോട്യൂബിന്റെ അറ്റത്ത് വെള്ളം തുള്ളിയായി മണ്ണിന്റെ ഉപരിതലത്തില്‍നിന്ന് അല്‍പ്പം താഴെ വേരോടുചേര്‍ത്ത് വീഴുവാന്‍ ഉതകുന്ന 'ആരോ' ഘടിപ്പിക്കുന്നു.

വെള്ളമൊഴിക്കേണ്ട സമയത്ത് വാല്‍വ് തുറന്നുകൊടുത്ത് മറ്റ് ജോലികളില്‍ ഏര്‍പ്പെടാം. നിശ്ചിതസമയം കഴിഞ്ഞ് വാല്‍വ് അടയ്ക്കണം. വാല്‍വടയ്ക്കാന്‍ സമയമില്ലാത്തവര്‍ നിരാശപ്പെടേണ്ട. നിങ്ങള്‍ക്ക് ടൈമറുള്‍പ്പെടെയുള്ള ഫാമിലി ഡ്രിപ്പ് കിറ്റ് ഉപയോഗിക്കാം. സ്വയംനിയന്ത്രിത ടൈമര്‍ ഉണ്ടെങ്കില്‍ നിശ്ചിതസമയം കഴിയുമ്പോള്‍ വാല്‍വ് താനേ അടയും. 40 ഗ്രോബാഗിന്റെ ഡ്രിപ്പ് കിറ്റിന് 850 രൂപയും 76 ബാഗുകള്‍ക്കുള്ളതിന് 1250 രൂപയുമാണ് വില. പരിസ്ഥിതിക്ക് വിലപ്പെട്ട വെള്ളവും നമ്മുടെ സമയവും പാഴാക്കാതെ ചുരുങ്ങിയ ചെലവില്‍ പച്ചക്കറികൃഷി ചെയ്യാന്‍ ഫാമിലി ഡ്രിപ്പ് സംവിധാനം സഹായിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം: 04742663535.

മറുനാടന്‍ പഴങ്ങളുടെ നഴ്‌സറി

പൂര്‍ണമായും ജൈവകൃഷിയിലധിഷ്ഠിതമാണ് ഇവിടത്തെ കൃഷി. ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി ഇവ മാത്രമേ ഉപയോഗിക്കാറുള്ളൂ.

റബ്ബര്‍കൃഷിക്കാരായ കാഞ്ഞിരപ്പള്ളിയിലെ വിഴിക്കത്തോട് ജോസ് ജേക്കബിന്റെ കുടുംബം 25 ഏക്കര്‍ സ്ഥലത്തെ റബ്ബര്‍ വെട്ടിമാറ്റിയാണ് 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ഹോംഗ്രോണ്‍ എന്ന നഴ്‌സറി ആരംഭിച്ചത്.50 വര്‍ഷമായി മുറതെറ്റാതെ നിറഫലങ്ങള്‍ തരുന്ന മുറ്റത്തുള്ള നാടന്‍ റംബുട്ടാന്‍ മരമാണ് ഇത്തരം ഒരു വഴിത്തിരിവിന് പ്രേരകമാക്കിയത്.

ഈ നഴ്‌സറി തുടങ്ങി ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ ഭാവിയിലെ പഴങ്ങളായ അത്യുത്പാദനശേഷിയുള്ള റംബുട്ടാന്‍, പുലാസന്‍, മാങ്കോസ്റ്റിന്‍, ഡുരിയാന്‍, ചെമ്പടക്ക്, ലോംഗന്‍, മില്‍ക്ക് ഫ്രൂട്ട്, ജബോട്ടിക്കാബ എന്നിവയെല്ലാം ഇവിടെയുണ്ട്.

മാത്രമല്ല നാടന്‍ മാവിനങ്ങളായ ചക്കര, കൊളംബോ, കല്ലുകെട്ടി, കോശ്ശേരി, പ്ലാവിനങ്ങളിലെ മുന്തിയ ഇനങ്ങളായ അരക്കില്ല, തേന്‍വരിക്ക, ചുവന്ന വരിക്ക എന്നിവയുടെ മരങ്ങളും അവയുടെ ഒട്ടുചെടികളും ഇവിടെ ലഭ്യമാണ്. നാട്ടില്‍ പ്രചാരമുള്ള റംബുട്ടാന്‍ ഇനങ്ങളില്‍നിന്ന് വ്യത്യസ്തമായ N.18  ചുവപ്പ് നിറമുള്ളതും E.35 മഞ്ഞനിറമുള്ളതുമായ മലേഷ്യന്‍ ഇനങ്ങളാണ്. മാധുര്യമേറിയ വലിപ്പമുള്ള വലിയ പഴം സമ്പുഷ്ടമായ ഉള്‍ക്കാമ്പ്, ചെറിയ വിത്ത്, എളുപ്പത്തില്‍ അടര്‍ത്തിയെടുക്കാവുന്ന പുറംതോട്, പഴുത്താലും ഒരു മാസത്തോളം മരത്തില്‍ നില്‍ക്കാനുള്ള ഞെട്ടുറുപ്പ് എന്നീ ഗുണങ്ങളുണ്ട്.
പഴങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന ഡുരിയാന്റെ D6 എന്ന ഇനമാണ് ഇവിടെയുള്ളത്.

താരതമ്യേന ഗന്ധംകുറഞ്ഞതും സ്വാദിഷ്ടവുമായ ഇതിന്റെ പഴങ്ങള്‍ക്ക് ഒരു കിലോ മുതല്‍ മൂന്നുകിലോവരെ ഭാരമുണ്ടാവും.

2P.15 എന്ന പുലാസനാണ് പഴവര്‍ഗത്തിലെ മറ്റൊരിനം. റംബുട്ടാന്റെ രൂപസാദൃശ്യമുണ്ടെങ്കിലും പുറംതോടിന് കറുപ്പുനിറമാണ്. കൂടുതല്‍ മധുരവും സൂക്ഷിപ്പുകാലവുമുണ്ട്. ഇഞ്ച പിഴിയുന്നതുപോലെ ഒന്നുപിരിച്ച് നടുഭാഗം അമര്‍ത്തിയാല്‍ മാംസളഭാഗം വേര്‍തിരിക്കാം.

മറുനാടന്‍ പഴങ്ങളിലെ മറ്റൊരു ആകര്‍ഷണമാണ് മാങ്കോസ്റ്റിന്‍ K 100. ഇവയുടെ ബഡ്ഡുതൈകളാണ് ഇവിടെയുള്ളത്.

ഒരു നൂറ്റാണ്ടുകാലം നിലനില്‍ക്കുന്നതും നല്ല ആദായം തരുന്നവയുമാണിത്. ഇവയ്ക്കുപുറമേ 'സെംപടാക്' എന്ന പ്ലാവ് വര്‍ഗവുമുണ്ട്. ഇതിലെ ചക്കകള്‍ക്ക് രണ്ടുമൂന്നു കിലോ മാത്രമേ ഭാരം ഉണ്ടാകൂ.

വിദേശങ്ങളില്‍നിന്നും കിട്ടാവുന്ന എല്ലാ ഇനങ്ങളും കൊണ്ടുവന്ന് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്ന് പരീക്ഷിച്ചശേഷമേ ഉത്പാദനം ആരംഭിക്കൂ എന്ന് ജോസ് ജേക്കബ് പറഞ്ഞു. പൂര്‍ണമായും ജൈവകൃഷിയിലധിഷ്ഠിതമാണ് ഇവിടത്തെ കൃഷി. ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി  ഇവ മാത്രമേ ഉപയോഗിക്കാറുള്ളൂ.

മലേഷ്യ, തായ്‌ലന്‍ഡ്, സിങ്കപ്പൂര്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി അവിടെയുള്ള പുതുതരം പഴച്ചെടികള്‍ കൊണ്ടുവന്ന് നമ്മുടെ മണ്ണില്‍ വിളയിക്കുന്ന ജോസ് ജേക്കബിനെ സംസ്ഥാനസര്‍ക്കാര്‍ 2014-15ലെ ഏറ്റവും നല്ല നഴ്‌സറിക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഫോണ്‍: 9746470310.

ഒട്ടുജാതിയിലെ വിജയമന്ത്രം

വളര്‍ന്നുവലുതായ ജാതിമരങ്ങള്‍ കാറ്റത്തും പ്രകൃതിക്ഷോഭത്തിലും കടപുഴകിവീഴുക പതിവാണ്. വര്‍ഷങ്ങളോളം പരിപാലിച്ച് നല്ലവിളവ്  കിട്ടുന്ന സമയം ഇവ നശിച്ചുപോകുന്നത് കനത്തനഷ്ടമുണ്ടാക്കുന്നു. ഇതിന് പരിഹാരംതേടിയുള്ള കണ്ടുപിടുത്തമാണ് ഇടുക്കി അടിമാലി ചെറുകുന്നേല്‍ ഗോപിയുടെത്. 10 വര്‍ഷത്തെ പരീക്ഷണത്തിനുശേഷം കണ്ടുപിടിച്ച വിദ്യയാണ് മള്‍ട്ടി റൂട്ട് ജാതി. സാധാരണ ജാതിമരത്തിന് ആഴത്തില്‍ വേരോട്ടമില്ലാത്തതിനാലാണ് ഇവ വീണു നശിക്കുന്നത്. ഇത് പരിഹരിക്കുന്നതിനായി നാടന്‍ ജാതിത്തയ്യില്‍ രണ്ടില്‍ കൂടുതല്‍ കാട്ടുജാതികള്‍ വെച്ചു പിടിപ്പിക്കുന്നതാണ് ഈ സമ്പ്രദായം.

കൂടുതല്‍ വിളവുതരുന്ന നാട്ടുജാതിയുടെ വിത്ത് മുളപ്പിച്ച് പോളീബാഗില്‍ വളര്‍ത്തി ഒരു വര്‍ഷമാകുമ്പോള്‍ അവയില്‍ നാട്ടുജാതിയുടെ കൊമ്പുകളിലെ മുകുളം ബഡ്ഡ്‌ചെയ്യുന്നു. മണ്ണ്, മണല്‍, ചാണകപ്പൊടി, ചകിരിച്ചോറ്, ഇവ ഒരേ അളവിലെടുത്ത് വലിയ ഗ്രോബാഗുകളിലും ചാക്കുകളിലും നിറച്ചാണ് തൈകള്‍ നടുന്നത്. ഒട്ടിയ ബഡ്ഡ് കിളിര്‍ക്കാന്‍ ആരംഭിക്കുമ്പോള്‍ ബാഗിന് ചുറ്റും രണ്ടില്‍ കൂടുതല്‍ കാട്ടുജാതികളും നടുന്നു. ഇവ വളര്‍ച്ച പ്രാപിക്കുമ്പോള്‍ തായ്‌ച്ചെടികളുടെ തലപ്പ് മുറിച്ചുനീക്കുകയും ചുറ്റും നട്ട കാട്ടുജാതികളുടെ തണ്ട് ചായ്ച്ച് നാട്ടുജാതിയുമായി അടുപ്പിച്ചൊട്ടിക്കുന്ന രീതിയാണ് ഇവിടെ ചെയ്യുന്നത്. ഇപ്രകാരം രണ്ടുമുതല്‍ 11 വരെ കാട്ടുജാതികള്‍ ഒട്ടിച്ച് ഒരു മരത്തിന് പല ചുവടാക്കി മാറ്റാം. നാട്ടുജാതിയിലെ കായ്കള്‍ കാട്ടുജാതിയുടെതിനെക്കാള്‍ മേന്മയുള്ളതെങ്കിലും വളര്‍ച്ചയില്‍ കാട്ടുജാതികളാണ് മുമ്പില്‍. അതുകൊണ്ടുതന്നെ ഏത് പ്രതികൂല സാഹചര്യത്തിലും മരം മറിഞ്ഞു വീഴുകയില്ല. മാത്രമല്ല ഒരു തായ്‌ച്ചെടിക്ക് പലവിധ കാട്ടുജാതി വേരുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ വളവും വെള്ളവും വലിച്ചെടുത്ത് പെട്ടെന്ന് വളരും. നല്ല വിളവ് കിട്ടുകയുംചെയ്യും.

ഗോപിയുടെ ഒട്ടുരീതി ഇപ്രകാരമാണ്. ഒരു വര്‍ഷത്തിനുമേല്‍ പ്രായമായ നേരത്തേ തയ്യാറാക്കിയ ബഡ്ഡ് ചെയ്ത (പാച്ച് ബഡ്ഡിങ്) ചെടികളെ ചാക്കുകളിലോ, വലിപ്പമുള്ള പോളീ ബാഗുകളിലോ മിശ്രിതം നിറച്ച് നട്ടശേഷം, ചുറ്റും കാട്ടുജാതിത്തൈകളും നടുന്നു. ഇവ മണ്ണില്‍ വേരുറച്ചശേഷം ബഡ്ഡ് ചെയ്ത ചെടിയുടെ തലപ്പ് മുറിച്ച് മാറ്റുന്നതോടൊപ്പം തായ്‌ച്ചെടിയുടെ ചുവട്ടില്‍നിന്നും 10 സെ.മീറ്റര്‍ ഉയരത്തില്‍ മൂന്നര സെ.മീറ്റര്‍ നീളത്തില്‍ തൊലി അല്പം തടിയോടെ  ചെത്തിമാറ്റുന്നു. ഇതില്‍ ഒട്ടിക്കേണ്ട ചെടി വളച്ച് മേല്പറഞ്ഞ അളവില്‍ മുറിവുണ്ടാക്കി രണ്ടും തമ്മില്‍ കൂട്ടിയോജിപ്പിച്ച് വീതി കുറഞ്ഞ പ്ലാസ്റ്റിക് നാടകൊണ്ട് വരിഞ്ഞുമുറുക്കിക്കെട്ടും. ഇങ്ങനെ ആവശ്യാനുസരണം പല എണ്ണം കാട്ടുജാതിയുടെ തണ്ട് ഒരു നാടന്‍ ജാതിത്തയ്യില്‍ ഒട്ടിക്കുന്നു. ഒരു മാസം കഴിയുമ്പോള്‍ കെട്ടിനു  മുകളിലായി 'ഢ' എന്ന ആകൃതിയില്‍ ഒരു മുറിവുണ്ടാക്കും.  വീണ്ടും ഒരുമാസം കഴിയുമ്പോള്‍ മുറിവ് അല്പംകൂടി താഴ്ത്തി മുറിവിന്റെ മൂന്നില്‍ രണ്ടുഭാഗമാക്കും. അതുകഴിഞ്ഞ് 30ാം നാള്‍ ഒട്ടിച്ച കാട്ടുജാതികളുടെ എല്ലാ തലപ്പുകളും വെട്ടിക്കളയും. നനമുടങ്ങാതെ നല്‍കുന്ന ഈ ചെടികള്‍ക്ക് വാട്ടം വരാതിരുന്നാല്‍ ഒട്ടു വിജയിച്ചു എന്നു കരുതാം. 100 ചെടികള്‍ ഇപ്രകാരം ഒട്ടിച്ചാല്‍ 80 എണ്ണം മാത്രമേ വിജയിക്കൂവെന്ന് ഗോപി പറയുന്നു. ഈ സമയം കാട്ടുജാതിയുടെ വേര് ഉള്‍പ്പെടെയുള്ള ചുവടുഭാഗം നാട്ടുജാതിയുടെ ചുവടായി മാറും. ഇതാണ് മള്‍ട്ടി റൂട്ട് ജാതി.

ഇത്തരം തൈകള്‍ നട്ട് ഒട്ടുകള്‍ തായ്‌ച്ചെടിയില്‍ ചേരുന്നതോടൊപ്പം ആദ്യം ഒട്ടിച്ച ബഡ്ഡ് ശക്തിയായി വളരും. ഇവ ഒന്നാം വര്‍ഷംമുതല്‍ പൂത്തുതുടങ്ങുമെങ്കിലും ഇവയെ മൂന്നാം വര്‍ഷം മുതലേ കായ്ക്കാന്‍ അനുവദിക്കാവൂ. കായ് മുഴുവനായി പൊതിഞ്ഞിരിക്കുന്ന കട്ടികൂടിയ ജാതിപത്രിയാണ് ഇതിന്റെ സവിശേഷത. ഒരു  കിലോ പത്രികള്‍ കിട്ടാന്‍ 275300 കായ്കള്‍ മതിയാകും. വ്യത്യസ്ത കാലാവസ്ഥയിലും എല്ലാ പ്രദേശത്തും ഇവ വളരുമെന്ന് ഗോപി  അഭിപ്രായപ്പെടുന്നു.
അടിമാലിയില്‍ രണ്ടേക്കര്‍ സ്ഥലത്താണ് ഗോപിയുടെ ചെറുകുന്നേല്‍ നഴ്‌സറി. ക്വിന്റല്‍ വാഴയിലും പന്നിവളര്‍ത്തലിലും മത്സ്യം വളര്‍ത്തലിലുമെല്ലാം മികവ് പ്രകടിപ്പിച്ച ഗോപിക്ക് 1994ല്‍ കര്‍ഷകോത്തമ പുരസ്‌കാരം ലഭിച്ചിരുന്നു. (ഗോപി ഫോണ്‍: 9447613755.)

ഈ യന്ത്രത്തില്‍ കുരുമുളക് മെതിക്കാം, വേഗത്തില്‍

അമ്പലവയല്‍: കുരുമുളക് മെതിക്കാന്‍ ആളെക്കിട്ടാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മണിക്കൂറില്‍ 1,000 കിലോയിലധികം കുരുമുളക് മെതിക്കാന്‍ കഴിവുളള യന്ത്രം തയ്യാര്‍. അമ്പലവയല്‍ ആര്‍.എ.ആര്‍.എസി.ലെ െ്രെഡവറായ മാളികക്കുന്നേല്‍ സിജി തോമസാണ് യന്ത്രത്തിനു പിന്നില്‍.

ഇപ്പോള്‍ വിപണിയിലുള്ള യന്ത്രങ്ങളേക്കാള്‍ പ്രവര്‍ത്തനക്ഷമതയും എളുപ്പവുമാണെന്നതാണ് ഇതിന്റെ പ്രത്യേകത. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം നിയന്ത്രിക്കാന്‍ രണ്ട് തൊഴിലാളികള്‍ മതി. യന്ത്രമുപയോഗിച്ച് പഴുത്തമണികളെ പ്രത്യേകം വേര്‍തിരിച്ചെടുക്കാനാകും. മെതിക്കുമ്പോള്‍ പഴുത്തമണികളുടെ തോല്‍ പൊളിഞ്ഞു പോകില്ലെന്നതാണ് മറ്റുയന്ത്രങ്ങളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. കുരുമുളകുമണിയും ചണ്ടിയും വേര്‍തിരിച്ച് രണ്ട് പാത്തികളില്‍നിന്ന് ശേഖരിച്ചെടുക്കാം. 

മെതിക്കുമ്പോഴുണ്ടാകുന്ന പൊടി നഷ്ടമാകാതെ ശേഖരിക്കാനും കഴിയും. പൊടിക്ക് വിപണിയില്‍ കിലോക്ക് 60 രൂപ വിലയുണ്ട്. 
തോമാട്ടുചാലിലെ കര്‍ഷകനായ ത

അമ്പലവയല്‍: കുരുമുളക് മെതിക്കാന്‍ ആളെക്കിട്ടാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മണിക്കൂറില്‍ 1,000 കിലോയിലധികം കുരുമുളക് മെതിക്കാന്‍ കഴിവുളള യന്ത്രം തയ്യാര്‍. അമ്പലവയല്‍ ആര്‍.എ.ആര്‍.എസി.ലെ െ്രെഡവറായ മാളികക്കുന്നേല്‍ സിജി തോമസാണ് യന്ത്രത്തിനു പിന്നില്‍.

ഇപ്പോള്‍ വിപണിയിലുള്ള യന്ത്രങ്ങളേക്കാള്‍ പ്രവര്‍ത്തനക്ഷമതയും എളുപ്പവുമാണെന്നതാണ് ഇതിന്റെ പ്രത്യേകത. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം നിയന്ത്രിക്കാന്‍ രണ്ട് തൊഴിലാളികള്‍ മതി. യന്ത്രമുപയോഗിച്ച് പഴുത്തമണികളെ പ്രത്യേകം വേര്‍തിരിച്ചെടുക്കാനാകും. മെതിക്കുമ്പോള്‍ പഴുത്തമണികളുടെ തോല്‍ പൊളിഞ്ഞു പോകില്ലെന്നതാണ് മറ്റുയന്ത്രങ്ങളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. കുരുമുളകുമണിയും ചണ്ടിയും വേര്‍തിരിച്ച് രണ്ട് പാത്തികളില്‍നിന്ന് ശേഖരിച്ചെടുക്കാം. 

മെതിക്കുമ്പോഴുണ്ടാകുന്ന പൊടി നഷ്ടമാകാതെ ശേഖരിക്കാനും കഴിയും. പൊടിക്ക് വിപണിയില്‍ കിലോക്ക് 60 രൂപ വിലയുണ്ട്. 
തോമാട്ടുചാലിലെ കര്‍ഷകനായ തമ്പിക്കുവേണ്ടിയാണ് ഈ യന്ത്രം നിര്‍മിച്ചത്. 230 കിലോഗ്രാം ഭാരവും നാലര അടി ഉയരവുമുള്ള യന്ത്രത്തിന് 40,000 രൂപയോളമാണ് ചെലവ്. ഒന്നര കുതിരശക്തിയുള്ള മോട്ടോറിലാണ് പ്രവര്‍ത്തനം. മെതിക്കുന്നതോടൊപ്പം കുരുമുളക് ഗുണമേന്മയനുസരിച്ച് തരംതിരിക്കുന്നതിനും ഇതില്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മെതിയില്‍ത്തന്നെ 95 ശതമാനം മണികളും ഉതിര്‍ത്തിയെടുക്കാന്‍ സാധിക്കും. അപകടസാധ്യത തീരെയില്ലാത്ത യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വളരെയെളുപ്പമാണെന്ന് കര്‍ഷകനായ വെങ്ങാട്ടൂര്‍ തമ്പി പറയുന്നു.

സിജി തോമസ് മേപ്പാടി പോളിടെക്‌നിക് കോളേജിലെ പാര്‍ട്ട്‌ടൈം ടെക്‌നിക്കല്‍ വിദ്യാര്‍ഥികൂടിയാണ്. ജോലിക്കും പഠനത്തിനുമിടയില്‍ കിട്ടുന്ന സമയമാണ് യന്ത്രങ്ങളുടെ നിര്‍മാണത്തിന് മാറ്റിവെക്കുന്നത്. ചക്ക മുറിക്കുന്ന യന്ത്രം, കുരുമുളക് തരംതിരിക്കുന്ന യന്ത്രം, കാലാവസ്ഥ നിരീക്ഷണസഹായി എന്നിവയെല്ലാം സിജിയുടെ പ്രതിഭയില്‍ പിറവിയെടുത്ത മികച്ച യന്ത്രങ്ങളാണെന്ന് ഗവേഷണകേന്ദ്രം മാനേജര്‍ സി.ടി. ജേക്കബ്ബ് സാക്ഷ്യപ്പെടുത്തുന്നു. അടയ്ക്കാതൊണ്ടില്‍നിന്ന് നൂലുണ്ടാക്കുന്നതിനുള്ള യന്ത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ സിജി.

ഇവിടെ കാറ്റിന് ഗ്രാമ്പൂമണം

ഇവിടെ കാറ്റിന് ഗ്രാമ്പൂസുഗന്ധമാണ്. വയനാട്ടില്‍ കാപ്പിപൂക്കും കാലംപോലെ അടിമുടി ഹൃദ്യസുഗന്ധം. കോഴിക്കോട്ടെ തൊട്ടില്‍പ്പാലം ഉള്‍പ്പെടുന്ന കാവിലുംപാറ പഞ്ചായത്തിന്റെ മലയോരത്തിന് മുഴുവന്‍ അവകാശപ്പെടാവുന്നതാണ് ഈ ഹൃദ്യത. പ്രതിവര്‍ഷം 25 ടണ്ണോളം ഗ്രാമ്പൂവാണ് ഈ മലയോരപഞ്ചായത്ത് വിപണിയിലെത്തിക്കുന്നത്.

ഇവിടം ഗ്രാമ്പൂവിന്റെ വിളനിലമായതിനുപിന്നില്‍ കുുതോട് ഇല്ലിക്കല്‍ ജോസഫിന്റെ പങ്ക് ചെറുതല്ല. കാരണം, മൂന്നരപ്പതിറ്റാണ്ടായി ഈ കര്‍ഷകന്‍ ഗ്രാമ്പൂകൃഷിക്ക് കച്ചകെട്ടി ഇറങ്ങിയിട്ട്. അന്നതിന് നനഞ്ഞിറങ്ങാന്‍ തക്കതായ കാരണവുമുണ്ട്.

വര്‍ഷം 1977. അന്ന് ദിവസക്കൂലി ആറുരൂപ. ഗ്രാമ്പൂ കിലോഗ്രാമിന് വില 640 രൂപ. ഒരു കിലോഗ്രാം ഗ്രാമ്പൂ വിറ്റാല്‍ ഒരു കൊല്ലത്തെ കൃഷിപ്പണി മുഴുവന്‍ നടത്താം. ഈ കണക്കുകൂട്ടലാണ് ജോസഫിനെ ഗ്രാമ്പൂ കൃഷിയിലേക്ക് അടുപ്പിച്ചത്. ഇന്ന് സംസ്ഥാനത്തെ മികച്ച ഗ്രാമ്പൂ കര്‍ഷകരിലൊരാളാണ് ജോസഫ്. 30

ഇവിടെ കാറ്റിന് ഗ്രാമ്പൂസുഗന്ധമാണ്. വയനാട്ടില്‍ കാപ്പിപൂക്കും കാലംപോലെ അടിമുടി ഹൃദ്യസുഗന്ധം. കോഴിക്കോട്ടെ തൊട്ടില്‍പ്പാലം ഉള്‍പ്പെടുന്ന കാവിലുംപാറ പഞ്ചായത്തിന്റെ മലയോരത്തിന് മുഴുവന്‍ അവകാശപ്പെടാവുന്നതാണ് ഈ ഹൃദ്യത. പ്രതിവര്‍ഷം 25 ടണ്ണോളം ഗ്രാമ്പൂവാണ് ഈ മലയോരപഞ്ചായത്ത് വിപണിയിലെത്തിക്കുന്നത്.

ഇവിടം ഗ്രാമ്പൂവിന്റെ വിളനിലമായതിനുപിന്നില്‍ കുുതോട് ഇല്ലിക്കല്‍ ജോസഫിന്റെ പങ്ക് ചെറുതല്ല. കാരണം, മൂന്നരപ്പതിറ്റാണ്ടായി ഈ കര്‍ഷകന്‍ ഗ്രാമ്പൂകൃഷിക്ക് കച്ചകെട്ടി ഇറങ്ങിയിട്ട്. അന്നതിന് നനഞ്ഞിറങ്ങാന്‍ തക്കതായ കാരണവുമുണ്ട്.

വര്‍ഷം 1977. അന്ന് ദിവസക്കൂലി ആറുരൂപ. ഗ്രാമ്പൂ കിലോഗ്രാമിന് വില 640 രൂപ. ഒരു കിലോഗ്രാം ഗ്രാമ്പൂ വിറ്റാല്‍ ഒരു കൊല്ലത്തെ കൃഷിപ്പണി മുഴുവന്‍ നടത്താം. ഈ കണക്കുകൂട്ടലാണ് ജോസഫിനെ ഗ്രാമ്പൂ കൃഷിയിലേക്ക് അടുപ്പിച്ചത്. ഇന്ന് സംസ്ഥാനത്തെ മികച്ച ഗ്രാമ്പൂ കര്‍ഷകരിലൊരാളാണ് ജോസഫ്. 30 ഏക്കര്‍ ഗ്രാമ്പൂ തോട്ടത്തിന്റെ ഉടമ. ഇടവിളയായി തെങ്ങും കുരുമുളകും. ഗ്രാമ്പൂ കിലോയ്ക്ക് 1050 രൂപയാണ് ഇപ്പോഴത്തെ വില.

പെരുംവിലയില്‍ ഒതുങ്ങുന്നില്ല ഗ്രാമ്പൂ കൃഷിയുടെ വമ്പ്. കൃഷിപ്പണി നന്നേ കുറവ്. കൊത്തുകിള വേണ്ട. കുത്തനെയുള്ള മലഞ്ചെരിവിലും കൃഷിയിറക്കാം. ആദ്യ നാലുവര്‍ഷം നനയ്ക്കണം. പിന്നീട് നന വേണ്ടേവേണ്ട.

സമുദ്രനിരപ്പില്‍നിന്ന് 1500 അടിക്ക് മുകളിലാണ് അനുയോജ്യം. ഉത്പാദനക്ഷമത കൂടിയ മരത്തില്‍നിന്ന് വിത്തെടുത്ത് പാകി കിളിര്‍പ്പിച്ച് കൂടകളില്‍ നട്ടാണ് തൈകള്‍ തയ്യാറാക്കുന്നത്. വര്‍ഷം 10,000 തൈകള്‍ ഉത്പാദിപ്പിക്കും. കാവിലുമ്പാറക്കാര്‍ക്ക് വേത് കൊടുത്തുകഴിഞ്ഞാല്‍ പിന്നെ പുറത്ത് നല്‍കും. വയനാട്, നീലഗിരി, കുടക് മേഖലകളില്‍നിന്നാണ് തൈതേടി ആളെത്തുന്നത്.

ഒന്നുരണ്ട് വര്‍ഷം പ്രായമായ തൈകളാണ് നടാന്‍ നല്ലത്. തൈ ഒന്നിന് 50 രൂപ വിലവരും. 20 അടി അകലത്തിലാണ് തൈ നടുക. രണ്ടരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് നിറച്ച് തൈ നടാം. ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. ചെടിയുടെ ചുറ്റിലും രണ്ടുമീറ്റര്‍ അകലത്തില്‍ നിരപ്പാക്കണം. തൈ നട്ടുകഴിഞ്ഞാല്‍ പിന്നെ ചുവടിളക്കലോ കൊത്തുകിളയോ വേണ്ട. കളനീക്കലും പുതയിടലും വളപ്രയോഗവുമാണ് പിന്നത്തെ പണികള്‍. ചെടികള്‍ നാലാംവര്‍ഷം പുഷ്പിക്കും. അടുത്ത വര്‍ഷംമുതല്‍ ആദായം കിട്ടിത്തുടങ്ങും. ഏക്കറില്‍ 100 തൈകള്‍ നടാം. 2,000 മരങ്ങളുണ്ട് ഈ കൃഷിയിടത്തില്‍. കാലവര്‍ഷത്തിന്റെ തുടക്കത്തിലാണ് പൂവിടല്‍. പൂങ്കുലകള്‍ മൊട്ടായിരിക്കുമ്പോഴാണ് വിളവെടുപ്പ്. അപ്പോള്‍ ചില്ലത്തലപ്പില്‍ വിടരാന്‍ വെമ്പുന്ന പൂങ്കുലകളുടെ കനത്തുനില്‍പ് കാണാം. 

ജനവരി പകുതി മുതല്‍ വിളവെടുക്കാം. കുലയില്‍ രണ്ടോ മൂന്നോ വിരിഞ്ഞ പൂക്കളുടെ സാന്നിധ്യമാണ് വിളവെടുപ്പ് ലക്ഷണം. പൂവിന്റെ ഞെട്ട് അടക്കമാണ് പറിക്കുക. ഞെട്ടും ഇലയും മറ്റും നീക്കി വൃത്തിയുള്ള പൂ ശേഖരിക്കുന്നത് സ്ത്രീ തൊഴിലാളികളാണ്. കുരുമുളക് മെതിയന്ത്രത്തിന് രൂപമാറ്റം വരുത്തി ഗ്രാമ്പൂ വേര്‍തിരിക്കാനുള്ള യന്ത്രമൊരുക്കി. ഞെട്ടില്‍നിന്ന് പൂ അടര്‍ത്താനാണ് ഇത് ഉപയോഗിക്കുന്നത്. വൃത്തിയാക്കിയ മൂന്ന് കിലോഗ്രാം ഉണങ്ങിയാല്‍ ഒരു കിലോഗ്രാം ഗ്രാമ്പൂ കിട്ടും. 10 വര്‍ഷം പ്രായമായ മരത്തില്‍നിന്ന് എട്ട് കിലോഗ്രാം ഉണങ്ങിയ ഗ്രാമ്പൂവും 15 വര്‍ഷമായാല്‍ 10 കിലോഗ്രാമും എന്നതാണ് കണക്ക്.

ഗ്രാമ്പൂതോട്ടങ്ങളില്‍ ഇത് വിളവെടുപ്പുകാലം. അലുമിനിയം ഏണി ഉപയോഗിച്ചാണ് വിളവെടുപ്പ്. കനക്കുറവും ഒടിയില്ലെന്നതും ചവിട്ടുപടികള്‍ ഉറപ്പുള്ളതുമാണ് ഇതിന്റെ സവിശേഷത. ഏണിയുടെ തലയില്‍നിന്ന് ഒരു അടി താഴെ 1215 മീറ്റര്‍ നീളമുള്ള മൂന്ന് നൈലോണ്‍ കയറുകള്‍ കെട്ടും. ഏണികള്‍ ഗ്രാമ്പൂ മരത്തില്‍ തട്ടി തട്ടിയില്ലെന്ന മട്ടില്‍ ചാരി മൂന്ന് ഭാഗത്തേക്കും കയറുകള്‍ വലിച്ചുകെട്ടും. ഏണി ആടുകയോ ഉലയുകയോ ചെയ്യില്ല. മരത്തിന് തെല്ലും ക്ഷതമേല്‍ക്കാതെ ഗ്രാമ്പൂ പറിക്കാം.

കൃഷിയില്‍ പരീക്ഷണകുതുകിയായ ജോസഫ് സ്വന്തമായി ഗ്രീന്‍ ലൂമിയ എന്നൊരു മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. മീലിമൂട്ടയുടെ ആക്രമണമുള്ള ഏത് കൃഷിയുടെയും രക്ഷകനാണിത്. കുരുമുളകിന്റെ മഞ്ഞളിപ്പിന് കാരണമായ സാവധാനവാട്ടത്തിന് അത്യുത്തമമാണിതെന്ന് ജോസഫ്.

കുടകിലും വയനാട്ടിലുമടക്കമുള്ള ഒട്ടേറെ കര്‍ഷകര്‍ ഗുണമേന്മ പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. കോപ്പര്‍ ഓക്‌സി ക്ലോറൈഡിനൊപ്പം ഇത് ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇഞ്ചിയുടെ ഒട്ടുമിക്ക രോഗങ്ങളും പമ്പകടക്കും.

പച്ചക്കറി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം നന്ന്. ഉറുമ്പോ മണ്ണിരയോ ചെറുപ്രാണികളോ ഒന്നും നശിക്കില്ല. ഇതുപയോഗിച്ച് കശുമാവിന്‍ തോട്ടത്തിലെ തേയിലക്കൊതുകിനെ തുരത്തിയിട്ടുണ്ട് ജോസഫ്. ഗ്രാമ്പൂവില്‍ നാലുതവണത്തെ ബോര്‍ഡോ മിശ്രിതപ്രയോഗം ഒറ്റത്തവണയില്‍ ഒതുക്കാനായി. 

കോട്ടയം പാലായിലെ വള്ളിക്കത്തോട്ടില്‍നിന്ന് കുടിയേറിയതാണ് പിതാവ് കുരുവിളയും മാതാവ് മറിയവും അടങ്ങിയ കുടുംബം. 2003ല്‍ മികച്ച ഗ്രാമ്പൂകര്‍ഷകനുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ പുരസ്‌കാരം കിട്ടിയിട്ടു്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9387653102.

ആകാശമേലാപ്പില്‍ വെള്ളരിപ്പന്തല്‍

ജാമും ഫ്രൂട്ട്‌സലാഡുംഐസ്‌ക്രീമും ഉണ്ടാക്കാന്‍ പറ്റിയതാണ് ആകാശവെള്ളരി.ഇതിന്റെ കൃഷിരീതി പരിചയപ്പെടാം

നെല്ലിക്കുന്നേല്‍ ബാബു മട്ടുപ്പാവിലെ ആകാശവെള്ളരി തോട്ടത്തില്‍

വെള്ളരി മലയാളിക്ക് പുതുമയല്ല; എന്നാല്‍ ആകാശവെള്ളരിയോ? തെല്ല് പുതുമയും അതിലേറെ അപരിചിതവുമാണിത്.

സാധാരണ വെള്ളരി നിലത്ത് വേരോടി വള്ളി പടര്‍ന്ന്  കായ്ക്കുമ്പോള്‍ ആകാശവെള്ളരി മേലാപ്പിലോ മട്ടുപ്പാവിലോ പന്തല്‍ കെട്ടി വളര്‍ത്തിയാലേ പടരുകയും കായ് തരികയും ചെയ്യൂ. മട്ടുപ്പാവിലെ നീലിമയില്‍ ആകാശവെള്ളരി വളര്‍ത്തി കൂടാരം തീര്‍ത്തിരിക്കുന്നു  എറണാകുളം ഇരുമ്പനത്തെ നെല്ലിക്കുന്നേല്‍ ബാബു വലേറിയന്‍ എന്ന കൃഷിസ്‌നേഹി.

ഫലസസ്യങ്ങളോട് ബാബുവിന് പണ്ടേ കമ്പമാണ്. അങ്ങനെയാണ് ഒരു ഇടുക്കിയാത്രയ്ക്കിടയില്‍ ആകാശവെള്ളരിയുടെ തൈകള്‍ കരസ്ഥമാക്കുന്നത്. ഇത് അഞ്ചുവര്‍ഷം മുമ്പുള്ള കഥ. വീടിനോടു ചേര്‍ന്ന് തൈകള്‍ നട്ട് കരുത്തുള്ള രണ്ടെണ്ണം പടര്‍ത്തി മട്ടുപ്പാവിലേക്ക് വിട്ടു. ചാണകവും എല്ലുപൊടിയും ബയോഗ്യാസ് സ്‌ളറിയുമൊക്കെ സമൃദ്ധമായി നല്‍കി. ആകാശവെള്ളരി മട്ടുപ്പാവാകെ പടര്‍ന്നു. ഇടയ്‌ക്കൊന്ന്  കൊമ്പുകോതല്‍ നടത്തും. അപ്പോള്‍ വശങ്ങളില്‍ ചില്ല പൊട്ടി വളരും. കൂടുതല്‍ കായ്ക്കാന്‍ പ്രചോദനമാകും.

ഇപ്പോള്‍ ഒരു ചെടിയില്‍നിന്ന് എഴുപത് വെള്ളരിവരെ കിട്ടും. കിലോയ്ക്ക് 120 രൂപവരെ വിലയുണ്ട്. എങ്കിലും മലയാളികള്‍ക്ക് ഈ സവിശേഷ വെള്ളരി ഇന്നും അത്ര പരിചിതമായിട്ടില്ല എന്ന് ബാബു വിഷമത്തോടെ പറയുന്നു.

നമുക്കേറെ പരിചിതമായ പാഷന്‍ ഫ്രൂട്ടിന്റെ കുടുംബാംഗമാണ് ആകാശവെള്ളരി. വള്ളിനിറയെ വിടരുന്ന പൂക്കള്‍ കണ്ടാല്‍ ഏത് അലങ്കാരച്ചെടിയും തോറ്റുപോകും. കായ് പച്ചയ്ക്ക് സലാഡ് ആയും വിളഞ്ഞാല്‍ ജാം, ജെല്ലി, ഫ്രൂട്ട് സലാഡ്, ഐസ്‌ക്രീം എന്നിവയൊരുക്കാനും നന്ന്.  തൊണ്ട് ചെത്തിക്കളയേണ്ടതില്ല. ആഗസ്ത്സപ്തംബറില്‍ നല്ല വിളവ് കിട്ടും. രണ്ടുമാസത്തെ വളര്‍ച്ച മതി കായ്കള്‍ വിളയാന്‍. ഇതിന്റെ ഇലകളുണക്കി 'ഗ്രീന്‍ ടീ' തയ്യാറാക്കി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. കായ്കളിലടങ്ങിയ 'പാസിപ്ലോറിന്‍' എന്ന ഘടകം രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ പ്രതിരോധിക്കും.

ആകാശവെള്ളരിയിലൊതുങ്ങുന്നില്ല ബാബുവിന്റെ സസ്യസ്‌നേഹം. എലന്ത, കാരമ്പോള, റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, മാതളം, പാഷന്‍ ഫ്രൂട്ട്, ചൈനീസ് ഓറഞ്ച്, മാപ്പ, പേര, പ്‌ളാവ്,  ബാങ്കോക്ക് ചാമ്പ, വെസ്റ്റിന്ത്യന്‍ ചെറി തുടങ്ങി ഒട്ടേറെ ഫലവൃക്ഷങ്ങളുടെ ഒരു പഴത്തോട്ടംകൂടിയാണ് ബാബു വലേറിയന്റെ നെല്ലിക്കുന്നേല്‍ വീട്.
(ബാബു ഫോണ്‍: 9447125219.)

ചെറുതല്ല കാന്താരി

വരുമാനമുണ്ടാക്കി ബ്രാഹ്മണകുടുംബം

കാന്താരിമുളകിനെ ഇനി നിസ്സാരമായി കാണേണ്ട.ഇതിനെയും വിപണി കീഴടക്കുകയാണ്.വേണമെങ്കില്‍ കാന്താരികൃഷിയിലും വരുമാനം കണ്ടെത്താം.കര്‍ഷകരെല്ലാം ആധുനിക കൃഷികളും വിളകളും തേടിപോകുമ്പോള്‍ ഇതിനെല്ലാം തിരുത്തായി കാന്താരി കൃഷിയില്‍ ലാഭം കൊയ്യുകയാണ് ഒരു ബ്രാഹ്മണകുടുബം.

വയനാട്ടിലെ തരുവണ മഴുവന്നൂരിലെ തറവോട്ട് മഠം കൃഷ്ണന്‍ നമ്പൂതിരിയും ഭാര്യ സത്യഭാമയുമാണ് ഒരു വര്‍ഷത്തോളമായി കാന്താരി മുളക് കൃഷിയിലൂടെ വരുമാനം നേടുന്നത്.വീടിനടുത്ത കൃഷിയിടത്തില്‍ അധികം കൃഷി ചെലവൊന്നുമില്ലാതെ വരുമാനദായകമായ ഒരു കൃഷി.രാസവളങ്ങള്‍ തീരെ വേണ്ട.ജൈവലായിനിയും ചാണകവും മതി.രണ്ടു മൂന്നുവര്‍ഷത്തോളം സ്ഥിരമായി കാന്താരി മുളക് വിളവെടുക്കാന്‍ ഇതു തന്നെ ധാരാളം. ഓരോ തവണ വിളവെടുപ്പ് കഴിയുമ്പോഴും ജൈവാമൃതം ചെടികളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കും.ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ തെഴുപ്പുകള്‍ വന്ന് ചെടി പച്ചപ്പണിയും.പിന്നെ പൂക്കാലമായി.നിറഞ്ഞു നില്‍ക്കുന്ന കാന്താരി പതിനഞ്ചാമത്തെ ദിവസം മുതല്‍ പറിച്ചുതുടങ്ങാം.

മറ്റു വിളകള്‍ക്കെല്ലാം വിലതകര്‍ച്ചയും വിളനാശവും വലിയൊരു പ്രതിസന്ധിയാകുമ്പോള്‍ വീട്ടമ്മമാര്‍ക്കു പോലും വീട്ടുമുറ്റത്ത് നിന്നൊരു വരുമാനമുണ്ടാക്കാം എന്നാണ് ഇവരുടെ അഭിപ്രായം.അഞ്ചു സെന്റ് കൃഷിയിടത്തില്‍ നിന്നും മുന്നൂറു കിലോയോളം വര്‍ഷത്തില്‍ വിളവെടുപ്പ് നടത്താം.ചെടി നട്ടുകഴിഞ്ഞാല്‍ ആറുമാസമാകുമ്പോഴേക്കും മുളക് കായ്ച്ച് തുടങ്ങും.ഓരോ പതിനഞ്ച് ദിവസം ഇടവിട്ട് വിളവെടുപ്പ് നടത്താം.ശരാശരി നൂറ്റിയമ്പത് രൂപ വില ഏതി കാലത്തും ലഭിക്കും.മുന്നൂറ് രൂപ വരെ കിലോയ്ക്ക് വില ഉയര്‍ന്ന സീസണും ഉണ്ട്.വയനാട്ടില്‍ ബത്തേരിയിലാണ് വിപണി.എന്നാല്‍ കൂടുതല്‍ പ്രീയം കുറ്റ്യാടി കോഴിക്കോട് എന്നിവടങ്ങളിലെ മാര്‍ക്കറ്റുകളിലാണ്.

കാന്താരി മുളകിന് മറുനാട്ടിലും വിദേശത്തുമെല്ലാം വന്‍ പ്രീയമുണ്ട്.കാന്താരി വറ്റല്‍ മുളക് മാത്രം വിപണനം നടത്തുന്ന സംരംഭങ്ങളും വിപണികളും ഇതിനിടയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.കുടംബശ്രീ യൂണിറ്റുകള്‍ ഇക്കോ ഷോപ്പ വഴി വയനാട്ടിലെ കാന്താരി മുളക് വിറ്റഴിക്കുന്നുണ്ട്.പോഷക പ്രദാനമായ ജൈവ ഉത്പന്നം എന്ന നിലയിലും ഭക്ഷ്യവിഭവങ്ങള്‍ക്കായുള്ള പ്രത്യേക ഫ്‌ളേവര്‍ എന്ന നിലയിലും നോര്‍ത്ത്  ഇന്ത്യയിലെ വന്‍കിട ഹോട്ടലുകളിലും കാന്താരി മുളകിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രീയമുണ്ട്.കേരളത്തിലും മേഘാലയിലുമാണ് ഇവയുള്ളത്.എന്നാല്‍ വിപണിയില്‍ ഏതുകാലത്തും ലഭ്യമാകണമെന്നില്ല.കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും മറ്റും കാന്താരി മുളക് ഉത്തമമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.വരും കാലം ഈ മുളകിന് ആവശ്യക്കാര്‍ കൂടി വരും.ഇതു മുന്നില്‍ക്കണ്ടാണ് കൃഷിയിടങ്ങളില്‍ കാന്താരി കൃഷി പുരോഗമിക്കുന്നത്.

ഒരുകാലത്ത് വയനാട്ടിലെ തോട്ടങ്ങളില്‍ ഇവ യഥേഷ്ടം ഉണ്ടായിരുന്നു.പ്രത്യേക പരിചരണം ആവശ്യമില്ലാതെ തന്നെ വീട്ടാവശ്യത്തിനുള്ള മുളകിന് ക്ഷാമമുണ്ടായില്ല.നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കെല്ലാം രുചി പകരുന്നതില്‍ കാന്താരി മുളകിന്റെ പങ്ക് ചെറുതായിരുന്നില്ല.പക്ഷികള്‍ക്കും മറ്റും പഴുത്ത കാന്താരിമുളക് ഭക്ഷണമായി.മുളകിന്റെ വ്യാപനത്തിനും ഇതു തന്നെ കാരണമായി.ഇവയെ കൃഷി എന്ന നിലയില്‍ പരിപാലിക്കുന്ന ശീലം ഇക്കലത്തുമുണ്ടായിരുന്നില്ല.സങ്കരയിനം ഭീമന്‍ മുളക് വന്നപ്പോള്‍ കാന്താരി പിന്നിലാവുകയായിരുന്നു.എന്നാല്‍ ഇതിന്റെ എരുവിനെ വെല്ലാന്‍ മറ്റൊന്നും പകരമില്ലെന്ന് ആരും സമ്മതിക്കും.മറ്റു ജൈവ പച്ചക്കറി കൃഷികള്‍ക്കൊപ്പം കാന്താരിയും വ്യാപിപ്പിച്ചതോടെ അടുക്കളത്തോട്ടം പോലെയുള്ള ചെറുസംരംഭങ്ങളില്‍ കാന്താരിയെ നിസ്സാരമായി കാണാനാകില്ല എന്നാണ് കൃഷിയെ സ്‌നേഹിക്കുന്ന ഈ കുടും ബത്തിന് പറയാനുള്ളത്.

നഗര വനത്തില്‍

കൊച്ചി നഗരത്തിലെ കമ്മത്തിന്റെ പറമ്പുനിറയെ ഔഷധച്ചെടികളും അപൂര്‍വ വൃക്ഷങ്ങളും. ചുറ്റും ഫ്‌ളാറ്റുകളാണെങ്കിലും കമ്മത്തിന്റെ വീടിന് ചുറ്റും പച്ചപ്പ്

തമ്മനത്തെ വീട്ടില്‍ ഔഷധത്തോട്ടം നനയ്ക്കുന്ന പുരുഷോത്തമ കമ്മത്ത്

കൊച്ചി നഗരത്തിന്റെ മധ്യത്തിലെ കോടികള്‍ വിലയുള്ള ഭൂമി പണംകൊണ്ട് വിലമതിക്കാനാവാത്ത പച്ചത്തുരുത്താക്കി മാറ്റിയിരിക്കയാണ് പുരുഷോത്തമ കമ്മത്ത്. ഒട്ടേറെ അപൂര്‍വ ഔഷധസസ്യങ്ങളും ഈ നഗരവനത്തില്‍ വളരുന്നു.
കൊച്ചിയിലെ തമ്മനത്ത് ഒന്നരയേക്കര്‍ വീട്ടുവളപ്പിന് നാലുവശവും അംബരചുംബികളായ ഫ്‌ളാറ്റുകളാണ്. പക്ഷേ, കോണ്‍ക്രീറ്റ് വനത്തെ തന്റെ പറമ്പിലേക്ക് കയറാന്‍ കമ്മത്ത് അനുവദിച്ചില്ല.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാട്ടില്‍ കഴിഞ്ഞിരുന്ന പൂര്‍വികരൊക്കെ സസ്യങ്ങളെയും കൃഷിയെയും സ്‌നേഹിച്ചവരായിരുന്നു.ആ പാതതന്നെ കമ്മത്തും സ്വീകരിച്ചു. തെങ്ങും കവുങ്ങും വാഴയും ഫലവൃക്ഷങ്ങളും കിഴങ്ങുവര്‍ഗങ്ങളും വീടിനുചുറ്റും നട്ടുവളര്‍ത്തി. പൂര്‍ണ ജൈവരീതിയില്‍ത്തന്നെ ഇവയെ പരിപാലിച്ചു. വീടിനുമീതേ തണല്‍ വിരിച്ച് പന്തലിച്ച് വളരുന്ന 'ജഹാംഗീര്‍' ഇനം മാവ് ഉള്‍െപ്പടെ എല്ലാം ലോഭമില്ലാതെ ഫലങ്ങള്‍ നല്‍കി.

ഔഷധസസ്യങ്ങള്‍ വളര്‍ത്തുകയും അവയെക്കുറിച്ചുള്ള അറിവുകള്‍ സംരക്ഷിക്കുകയും ചെയ്തിരുന്ന കുടുംബമായിരുന്നു പുരുഷോത്തമ കമ്മത്തിന്റേത്. ഔഷധസസ്യ സംരക്ഷണത്തില്‍ തന്റേതായ പങ്ക് നിര്‍വഹിക്കണമെന്ന ചിന്ത രൂപപ്പെട്ടത് അങ്ങനെയാണ്.

മരവുരി, കര്‍പ്പൂരം, നീര്‍മാതളം, ശിംശിപ, രക്തചന്ദനം, സോപ്പുമരം, മദനമോഹിനി, കമണ്ഡലു, പലയിനം രുദ്രാക്ഷം, ഭദ്രാക്ഷം, നാഗലിംഗം, കിളിഞാവല്‍, തമ്പകം, കറുത്ത കുന്തിരിക്കം, മേധ, മഹാമേധ, പൂക്കൈത, താതിരി, ബോധിവൃക്ഷം, നക്ഷത്രവൃക്ഷങ്ങള്‍, ഇലന്ത, കുങ്കില്യം തുടങ്ങിയ അപൂര്‍വവൃക്ഷങ്ങള്‍ക്കൊപ്പം 150ഓളം ഫലവര്‍ഗങ്ങളുമുണ്ട്. ഇതില്‍ 34 ഇനം മാവുകള്‍, മുണ്ടിനീരിന് വിശേഷപ്പെട്ട ഔഷധമായ വള്ളിപ്‌ളാവ് ഉള്‍െപ്പടെ പലയിനം പ്ലാവുകള്‍, മലവേപ്പ്, മൂന്നിനം അത്തി, കോകം, വെണ്ണപ്പഴം, കാര, കോളമരം, പലയിനം പേര, നാരകം, പിസ്ത എന്നിവ ഉള്‍പ്പെടുന്നു.

ഔഷധസസ്യങ്ങളില്‍ ഒമ്പതിനം തുളസി, അണലിവേഗം, കീരിക്കിഴങ്ങ്, തീപ്പാല, ചുരക്കള്ളി, മോദകം, കരിമുതക്ക്, അയ്യപ്പാന, ഞരമ്പോടല്‍, പീനാറി, കാട്ടമൃത്, കാട്ടുകാച്ചില്‍, ഏകനായകം, കല്ലൂര്‍വഞ്ചി, ആറ്റുവഞ്ചി, ഗുഗുലു, ഓരിലത്താമര, ഗരുഡപ്പച്ച, സമുദ്രപ്പച്ച എന്നിവ അപൂര്‍വങ്ങളില്‍ ചിലതുമാത്രമാണ്.വീട്ടുവളപ്പില്‍ത്തന്നെയുള്ള കുളത്തിലെ വെള്ളമാണ് നനയ്ക്കാന്‍ ഉപയോഗിക്കുന്നത്.

ആദ്യകാലത്ത് ഹോബിയായി തുടങ്ങിയ ഔഷധസസ്യ സംരക്ഷണം കമ്മത്തിന് ഇന്ന് ജീവിതനിയോഗമായി മാറിക്കഴിഞ്ഞു.

പ്രവാസിയുടെ ഗോശാല

പ്രതിദിനംമുപ്പത് ലിറ്റര്‍ പാല്‍വരെ സമ്മാനിക്കുന്ന പശുക്കള്‍ മുതല്‍ അധികം പാല്‍ നല്കാത്ത വെച്ചൂര്‍ പശുവരെ വിനുവിന്റെ ഗോശാലയിലുണ്ട്.

കര്‍ഷക കുടുംബത്തില്‍ പിറന്ന യുവാവായ പ്രവാസി മലയാളിയുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ േഗാശാല. നിശ്ശബ്ദ ക്ഷീരവിപ്‌ളവമാണ് പഴവിള അഗ്രോഫാം എന്ന ഈ പ്രസ്ഥാനം.വ്യാവസായികാടിസ്ഥാനത്തില്‍ കറവപശുക്കളെ വളര്‍ത്തി മാതൃകയാവുകയാണ് ചിറക്കര ഇടവട്ടം പഴവിളയില്‍ വിനുകുമാര്‍. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ തുകകൊണ്ടാണ് പഴവിള അഗ്രോഫാമിന് തുടക്കം കുറിച്ചത്. ആദ്യം പത്ത് പശുക്കളുമായാണ് തുടങ്ങിയത്. പിന്നീട് പശുക്കളുടെ എണ്ണം വര്‍ധിച്ചു. ഇപ്പോള്‍ നൂറോളം പശുക്കള്‍. എല്ലാം കാമധേനുവിനെപ്പോലെ പാല്‍ ചുരത്താന്‍ കഴിവുള്ളവ. വിനുകുമാറിന്റെ ഗോശാലയില്‍ എച്ച്.എഫ്, ജേഴ്‌സി, സ്വിസ്ബ്രൗണ്‍, ഗുജറാത്തി തുടങ്ങി വിവിധ ഇനം പശുക്കളുണ്ട്. ഇവയെ പരിചരിക്കാന്‍ തൊഴിലാളികളും.  ദിവസേന 750 ലിറ്റര്‍ പാല്‍. പ്രതിദിനംമുപ്പത് ലിറ്റര്‍ പാല്‍വരെ സമ്മാനിക്കുന്ന പശുക്കള്‍ മുതല്‍ അധികം പാല്‍ നല്കാത്ത വെച്ചൂര്‍ പശുവരെ വിനുവിന്റെ ഗോശാലയിലുണ്ട്. ഒരു ലക്ഷത്തോളം വിലയുള്ള പശുക്കള്‍ മുതല്‍ തനി നാടന്‍ പശുക്കള്‍വരെ.

വിനുവിന്റെ ഗോശാല ശാസ്ത്രീയമായി രൂപകല്പന ചെയ്തതാണ്. കുടിവെള്ളം മുതല്‍ പശുക്കളുടെ കിടപ്പ് സ്ഥാനം വരെ വൃത്തിയാക്കാന്‍ സൗകര്യങ്ങള്‍. ചൂടേല്‍ക്കാതിരിക്കാന്‍ ഓരോ പശുക്കള്‍ക്കും ഫാന്‍ സൗകര്യം. യഥേഷ്ടം പച്ചപ്പുല്ല്. എട്ട് ഏക്കര്‍ സ്ഥലത്താണ് പച്ചപ്പുല്‍കൃഷി. യന്ത്രസഹായത്താലാണ് കറവ. ഡെയറി ഫാമിനോട് ചേര്‍ന്ന് ആടുകളെ വളര്‍ത്തുന്നുമുണ്ട്. മുന്തിയഇനം ആടുകളായ മലബാറി, ജമ്‌നപ്യാരി, ചെമ്മരിയാട്, നാടന്‍ ആടുകള്‍ തുടങ്ങി എല്ലാ ആടുകളുമുണ്ട്. ഒപ്പം മുട്ടക്കോഴി, കാടക്കോഴി വളര്‍ത്തലും ഉണ്ട്.

തുടങ്ങുമ്പോള്‍ െഡയറിഫാമില്‍നിന്നും ലാഭം പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ഇപ്പോള്‍ ലാഭകരമാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന പാല്‍ ആദായവിലയ്ക്ക് ഗ്രാമീണര്‍ക്കും പ്രാദേശിക വിപണികളിലുമായാണ് വില്ക്കുന്നത്. പാല്‍ വില്പനയ്ക്ക്‌ െഡയറി ഫാമിനോട് ചേര്‍ന്ന് കൗണ്ടറുമുണ്ട്. ഫാം ഇപ്പോള്‍ വ്യാവസായിക സംരംഭമായി മാറി കഴിഞ്ഞു. പ്രതിമാസം മൂന്ന് ലക്ഷത്തോളം രൂപ ലാഭമായി കിട്ടുന്നു എന്നാണ് വിനുകുമാര്‍ പറയുന്നത്.

കൃത്രിമമായി കുളം നിര്‍മിച്ച് താറാവുകളെയും വളര്‍ത്തുന്നുണ്ട്. വിവിധ ഇനത്തില്‍പ്പെട്ട ഇരുനൂറോളംതാറാവുകള്‍ ഈ ഫാമില്‍ എപ്പോഴുമുണ്ടാകും. കുട്ടനാടന്‍ കോഴി, കരിങ്കോഴി തുടങ്ങിയ വിവിധയിനം കോഴികളും യമുവും ഫാമിലുണ്ട്. തെക്കന്‍ കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ശ്രീറാം, മണികണ്ഠന്‍, ദേവനാരായണന്‍ എന്നീ ഗജവീരന്മാരും രാജസ്ഥാനില്‍നിന്നും കൊണ്ടുവന്ന ഒട്ടകവും വിനുകുമാറിന്റെ െഡയറിഫാമിന് പ്രൗഢിയും അലങ്കാരവുമായി മാറിയിട്ടുണ്ട്. ഫോണ്‍: 9746110006

ശ്രീകാര്യത്തെ മരച്ചീനിക്ക് വയനാട്ടില്‍ നൂറുമേനി

 

തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത പുതിയ മരച്ചീനി കിഴങ്ങുവിളകള്‍ക്ക് വയനാട്ടിലെ മണ്ണില്‍ നൂറുമേനി.പരീക്ഷണടിസ്ഥാനത്തില്‍ മൊതക്കര  ബാണാസുര ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തിയ മരച്ചീനി കൃഷിയാണ് ഉത്പാദന മികവുകൊണ്ട് ശ്രദ്ധ നേടുന്നത്.സാധാരണ നിലയില്‍ വയനാട്ടില്‍ വര്‍ഷങ്ങളായി ചെയ്യുന്ന മരച്ചീനി കൃഷി എങ്ങിനെ കൂടുതല്‍ ലാഭത്തിലാക്കാം എന്ന ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരമായി നൂതന കൃഷി പരീക്ഷണങ്ങള്‍.എം 4,സുമ,ശ്രീവിജയ,ഹൃസ്വ,സി എം ആര്‍ 23,പത്മ എന്നീ അഞ്ച് ഇനങ്ങളാണ് ഒരേക്കറോളം സ്ഥലത്ത് കൃഷി നടത്തിയത്.ഒമ്പത് മാസക്കാലയളവിലാണ് ഇവ വിളവെടുപ്പിന് പാകമായത്.

രോഗ പ്രതിരോധ ശേഷിയും കരുത്തും മറ്റുള്ളവയേക്കാള്‍ കൂടുതലുണ്ട്.തനതു വിളകളെക്കാള്‍ വിളവും രുചിയുമാണ് ഈയിനം മരച്ചീനിയുടെ പ്രതേകത.വയനാടന്‍ വയലുകളില്‍ ധാരാളം കര്‍ഷകര്‍ ഇപ്പോഴും മരച്ചീനി കൃഷിയെ  ആശ്രയിക്കുന്നുണ്ട്.ചെലവുകുറഞ്ഞ രീതിയില്‍ ചെറുകിട കര്‍ഷകര്‍ക്കും മരച്ചീനി കൃഷിയിലൂടെ ലാഭം കൊയ്യാം എന്നതിലാണ് മറ്റു കൃഷികളൊക്കെ പിന്‍വാങ്ങുമ്പോഴും കപ്പകൃഷി മാത്രം മുന്നേറുന്നത്.വിലയുടെ ഏറ്റക്കുറച്ചിലുകള്‍ നോക്കിയാലും വലിയ നഷ്ടമില്ലാതെ ഈ രംഗത്ത് നിലനില്‍ക്കാന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ അനുഭവങ്ങള്‍.നൂതന ഇനങ്ങള്‍ കൂടി വന്നെത്തുന്നതോടെ വയനാടന്‍ വയലുകള്‍ ഒരു വിജയഗാഥക്കായി തയ്യാറെടുക്കുകയാണ്.

പരമ്പാരഗതമായ കൃഷി രീതിയുമായി ഏറെക്കാലം മുന്നോട്ടു പോയ ഒരു സംഘം കര്‍ഷകരുടെ കൂട്ടായ്മയാണ് ബാണാസുര ഫാര്‍മേഴ്‌സ് ക്ലബ്ബ് .ഇതിനു കീഴില്‍ തന്നെയുള്ള ജെ എല്‍ ജിയാണ് ഗ്രാമത്തില്‍ പുതിയ കാര്‍ഷിക വിപ്ലവങ്ങള്‍ക്ക് അടിത്തറ പാകുന്നത്.കാര്‍ഷിക മരവിപ്പിനെ തുടര്‍ന്ന് കര്‍ഷകര്‍ തരിശായി ഉപേക്ഷിച്ച കൃഷിയിടങ്ങള്‍ ഇന്ന് നാനാതരം വിളകള്‍ കൊണ്ട് സമൃദ്ധമാണ്.നെല്‍വയലുകളും  പാട്ടത്തിനെടുത്ത് പുതിയ വിജയഗാഥകള്‍ ഈ കൂട്ടായ്മ ഉയര്‍ത്തുകയാണ്.ചെളിയിലും മണ്ണിലും ഇറങ്ങാന്‍ മടിക്കുന്ന പുതിയ തലമുറയിലെ യുവാക്കള്‍ക്കും ഇവരുടെ സംരംഭങ്ങള്‍ കാര്‍ഷിക രംഗത്തേക്കിറങ്ങാന്‍ പ്രേരണയും കൂടിയാണ്.

മൂന്നേക്കര്‍ പാടത്ത് ജപ്പാന്‍ രീതിയിലുള്ള നെല്‍കൃഷി  ഈ കൂട്ടായ്മ നടത്തുന്നുണ്ട്.ആയിരം കണ്ണി ഗന്ധകശാല എന്നീ വിത്തിനങ്ങളാണ് കൃഷിയിറക്കിയിരിക്കുന്നത്.ഒരു ഏക്കര്‍ സ്ഥലത്ത് ചേന,ആയിരം ടിഷ്യു കള്‍ച്ചര്‍ വാഴ,ആയിരത്തലിധികം നേന്ത്രവാഴ ,ചേമ്പ് എന്നിവയെല്ലാം അഞ്ചുപേരടങ്ങിയ കര്‍ഷകരുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു.എം.ജനാര്‍ദ്ദനന്‍ പ്രസിഡന്റും വി.ശിവന്‍ സെക്രട്ടിയുമായ സംഘത്തിന് കൃഷി കാര്യങ്ങളില്‍ വിദഗ്ധ ഉപദേശങ്ങള്‍ നല്‍കുന്നത് വെള്ളമുണ്ട കൃഷി ഓഫീസറായ കെ.മമ്മൂട്ടിയാണ്. രാസകൃഷിരീതികളില്‍ നിന്നും വേറിട്ട ജൈവ കാര്‍ഷിക സംസ്‌കാരത്തെകൂടിയാണ് ഈ മാതൃക സംഘം തിരികെയെത്തിക്കുന്നത്. അത്യുല്പാദന ശേഷിയുള്ള മരച്ചീനിയുടെ നടീല്‍ വസ്തുക്കള്‍ ഇവരില്‍ നിന്നും ലഭ്യമാണ്.ഫോണ്‍ 9747178479

മുറ്റത്തൊരു പാഷന്‍ ഫ്രൂട്ട് പന്തല്‍

ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍ ഫ്രൂട്ട്. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ലെന്നതാണ് പാഷന്‍ ഫ്രൂട്ട് ഉത്പന്നങ്ങള്‍ക്ക് മാത്രമുള്ള ജനപ്രിയ രഹസ്യം

വീട്ടുമുറ്റത്തൊരു പാഷന്‍ ഫ്രൂട്ട് പന്തലിടാം. മുറ്റത്ത് തണലായി എന്നു മാത്രമല്ല വിയര്‍ത്തൊലിച്ചു വരുമ്പോള്‍ ജ്യൂസും കുടിക്കാം.

പാഷന്‍ ഫ്രൂട്ട് രണ്ടുതരമുണ്ട്. മഞ്ഞയും പര്‍പ്പിളും. സമതലങ്ങളില്‍ കൃഷി ചെയ്യുന്നതു മഞ്ഞയിനമാണെങ്കില്‍ കുന്നിന്‍പ്രദേശങ്ങള്‍ക്കുത്തമം പര്‍പ്പിളാണ്. ബാംഗ്‌ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് പുറത്തിറക്കിയ കാവേരി പര്‍പ്പിളിന്റെയും മഞ്ഞയുടെയും സങ്കരയിനമാണ്. കാവേരിക്ക് ഗുണവും മണവും രുചിയും ഉത്പാദനവും കൂടും.

നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും വിളയുകയും ചെയ്യുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ അനുയോജ്യം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം.

പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍മണ്ണുമിട്ട് കുഴി നിറയ്ക്കണം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് ഉത്തമം. രണ്ടുമാസത്തിലൊരിക്കല്‍ 150 ഗ്രാം പൊട്ടാഷും 50 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റും ചേര്‍ക്കുന്നത് ഉത്പാദനം കൂട്ടും. മെയ്ജൂണ്‍ മാസങ്ങളിലും സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലും പൂക്കുന്നതാണ് പാഷന്‍ ഫ്രൂട്ടിന്റെ രീതി. മണ്ണില്‍ നട്ട് ടെറസ്സില്‍ പന്തലിട്ടാല്‍ വീടിനകത്ത് നല്ല കുളിര്‍മകിട്ടും. ഒപ്പം നല്ല ഉത്പാദനവും.

ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍ ഫ്രൂട്ട്. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ലെന്നതാണ് പാഷന്‍ ഫ്രൂട്ട് ഉത്പന്നങ്ങള്‍ക്ക് മാത്രമുള്ള  ജനപ്രിയ രഹസ്യം. കൃഷി വകുപ്പിന്റെ നെല്ലിയാമ്പതി ഫാം പാഷന്‍ ഫ്രൂട്ട് കൃഷിക്കു മാത്രമല്ല ഉത്പന്നങ്ങള്‍ക്കും ഏറെ പ്രസിദ്ധമാണ്. ഫോണ്‍: 0492 3246225.

സമ്മര്‍ദമകറ്റാം

പാസിഫ്‌ലോറ കുടുംബത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്‌ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദം അകറ്റാനുള്ള ഒറ്റമൂലിയായെന്ന കണ്ടെത്തലാണ് ഇതിനെ പല മരുന്നുകളിലേയും അവിഭാജ്യഘടകമാക്കിയത്.

ടെന്‍ഷന്‍ മാത്രമല്ല ഹൃദ്രോഗത്തേയും കാന്‍സറിനെയും പ്രതിരോധിക്കാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും. അതുകൊണ്ടുതന്നെ ലോകവിപണിയില്‍ പാഷന്‍ ഫ്രൂട്ടിന് ഡിമാന്‍ഡ് കൂടി വരുന്നു. ഓസ്‌ട്രേലിയ, ഫിജി, ഹവായി, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ത്തന്നെ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നു. സ്വന്തം നാടായ ബ്രസീലാണ് ഉത്പാദനത്തില്‍ ഒന്നാമത്.

പാസിഫ്‌ലോറിന്‍ മാത്രമല്ല റൈസോഫ്‌ളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍ ഫ്രൂട്ടിന്റെ രുചിയും ഗുണവും കൂട്ടുന്നു

വാളിച്ച നെല്‍കൃഷിയുമായി പാലിയാണ പാടം

കുംഭമാസത്തിലെ കനത്തവെയിലില്‍ നിലമുഴുതുമുറിച്ച് വലിയ മണ്‍കട്ടകള്‍ തല്ലിയുടച്ച് പൊടിയാക്കിയ പാടത്തേക്കാണ് കര്‍ഷകര്‍ നെല്‍വിത്തെറിയുക

 

ഗതകാല കാര്‍ഷിക വയനാടിന്റെ  സ്മരണകളുണര്‍ത്തി പാലിയാണ പാടത്ത് ഇപ്പോഴും വാളിച്ച നെല്‍കൃഷി. ഒരു കാലത്ത് വയനാട്ടിലെ വലിയ  പാടശേഖരങ്ങളിലെല്ലാം വ്യാപകമായിരുന്ന പൊടിവിത അരങ്ങൊഴിയുമ്പോള്‍  ഒരുപറ്റം പരമ്പരാഗത നെല്‍കര്‍ഷകരാണ് ഈ കാര്‍ഷിക സംസ്‌കൃതിയെ ഇന്നും നിലനിര്‍ത്തുന്നത്.

വയനാട്ടില്‍ ഇന്നും പേരിന് നെല്‍കൃഷിയുള്ള വലിയ പാടശേഖരങ്ങളിലൊന്നായ പാലിയാണ പാടത്ത് ചെറക്കല്‍വീട്ടിലെ സുനില്‍ബാബുവിന് ഇത്തവണയും മൂന്ന് ഏക്കറോളം വാളിച്ച കൃഷിയുണ്ട്. മൂന്ന് പതിറ്റാണ്ടുകളോളമുള്ള കുടംബത്തിന്റെ കൃഷി ഓര്‍മ്മകളാണ് ഈ കര്‍ഷകനെയും ഈ രംഗത്ത് നിലനിര്‍ത്തുന്നത്. പൊടിവിത എന്നെല്ലാം മുന്‍ തലമുറ വിളിച്ചുപോന്ന ഈ കാര്‍ഷികരീതി ഇപ്പോള്‍ വയനാട്ടിലെ മുതിര്‍ന്ന കര്‍ഷകര്‍ പോലുംപാടെ മറന്ന സ്ഥിതിയാണ്. നെല്‍കഷി  കനത്ത നഷ്ടമെന്ന കാരണത്താല്‍ വാഴയ്ക്കും മറ്റും വഴിമാറുമ്പോള്‍ ഈ പാടത്ത് നിറയുന്ന പച്ചപ്പിന്റെ കാഴ്ചകള്‍ കുളിര്‍മ്മ പകരുകയാണ്.

കുംഭമാസത്തിലെ  കനത്തവെയിലില്‍ നിലമുഴുതുമുറിച്ച് വലിയ മണ്‍കട്ടകള്‍ തല്ലിയുടച്ച് പൊടിയാക്കിയ പാടത്തേക്കാണ് കര്‍ഷകര്‍ നെല്‍വിത്തെറിയുക.വയനാടിന്റെ തനതു നെല്‍വിത്തായ വിത്തായ വെളിയനാണ് പൊടിവിതക്ക് ഏറ്റവും  അനുയോജ്യം.ചുട്ടുപൊളുന്ന വെയിലിലായിരിക്കും ഈ വിത്തുകള്‍ മുളപൊട്ടുക.രണ്ടാഴ്ചക്കുള്ളില്‍ തന്നെ ചുവന്നമണ്ണില്‍  പച്ചപുതച്ചു തുടങ്ങും.ഇടക്ക് കിട്ടുന്ന പുതുമഴകൂടിയാകുമ്പോള്‍ നെല്‍നാമ്പുകള്‍കരുത്തോടെ വളരും.കാലവര്‍ഷം തുടങ്ങുമ്പോഴേക്കും അരയ്‌ക്കൊപ്പം പൊക്കത്തിലാകും വാളിച്ച പാടങ്ങള്‍.അമിതവളര്‍ച്ചയുണ്ടെങ്കില്‍ ഇതിന്റെ  നാമ്പുകള്‍ നിരയായി മുറിച്ചുകൊടുക്കണം.ഇല്ലെങ്കില്‍ കതിരു വെക്കുമ്പോള്‍ പാടമാകെ കാറ്റത്തടിയും.ഇതിനായി കന്നുകാലികളെ വാളിച്ച  പാടങ്ങളില്‍ മേയാന്‍ വിടുന്നതാണ് പതിവ്.മഴക്കാലത്ത് ഇവയ്ക്ക് ഇതൊരു ഒരു തീറ്റയുമാകും.

നഞ്ച കൃഷിയേക്കാള്‍ താരതമ്യേന  ചെലവ് കുറവാണെന്ന കാരണത്താലാണ് പഴയകാലം മുതല്‍ കര്‍ഷകര്‍ വാളിച്ച നെല്‍കൃഷിയെയും കൂടെ കൊണ്ട് നടന്നത്. ഞാറ് പറിക്കലും നാട്ടലുമൊന്നും വേണ്ട. നെല്ലിനൊപ്പം  ഇടതൂര്‍ന്ന് വളരുന്ന നായ്ക്കല്ല പുല്ല് കളയാന്‍ കന്നുകാലികളെ കൂട്ടിക്കെട്ടി പക്കയടിച്ചാല്‍ മതിയാകും.ഏരുപൂട്ടുന്നതു പോലെ തന്നെ കലപ്പയ്ക്ക്  പകരം പുല്ലിളക്കുന്ന കൂര്‍ത്തമുനകളുള്ള മരത്തണ്ടിനാണ് പക്ക എന്ന പേരുള്ളത്. വിളവ് നഞ്ച നാട്ടിയേക്കാള്‍ പകുതിയോളം കുറവായിരിക്കും വാളിച്ച നെല്‍കൃഷിക്ക്.എന്നാല്‍ പുല്ലിന്റെ അളവ് നാലിരട്ടിയുണ്ടാകും.വീട് മേയാനും കന്നുകാലികള്‍ക്ക് തീറ്റകൊടുക്കാനും വൈക്കോല്‍ യഥേഷ്ടം വേണ്ടി വന്നിരുന്ന പഴയകാലത്ത് വാളിച്ച നെല്‍കൃഷി ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു.

ഏക്കറ് കണക്കിന് നെല്‍പാടമുള്ള കര്‍ഷകര്‍ പകുതിയിലധികവും വാളിച്ച കൃഷിക്കായി മാറ്റിയിടാറുണ്ടായിരുന്നു.കാലം മാറിയെങ്കിലും നെല്‍കൃഷി ഇന്നും ലാഭകരമല്ല. ഇതിനിടയിലും പഴയ വയനാടിന്റെ തനതു നെല്‍വിത്തുകള്‍ കൈവിട്ടു പോകാതിരിക്കാനും ഇപ്പോഴും വെല്ലുവിളിയായി ഇത് ഏറ്റെടുത്ത് നടത്തുന്നവരാണ് ചുരുക്കം കര്‍ഷകര്‍. രാസവളപ്രയോഗവും മറ്റൊന്നുമില്ലാതെ ചാണകവും ജൈവളവും വിതറിയ  പാടത്ത് തഴച്ച് വളര്‍ന്ന വാളിച്ച പാടങ്ങളുടെ നിലനില്പ്പും ഇപ്പോള്‍ അപകടത്തിലായിരിക്കുന്നു. വാഴകൃഷിക്ക് പാടം പാട്ടത്തിനെടുക്കാന്‍ അളുകളുള്ളപ്പോള്‍ എന്തിനാണ് ഈ പാരമ്പര്യമഹിമകളും തനതുനെല്‍വിത്തുകളും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ഗ്രോബാഗ് ചിലവില്ലാതെ

കുറച്ച് മിനക്കെടാന്‍ മനസ്സുണ്ടെങ്കില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഗ്രോബാഗ് നമുക്ക് തന്നെ തയ്യാറാക്കാം

പല ജൈവകൃഷി സംഘങ്ങളും നഴ്‌സറികളും ജൈവകൃഷിക്ക് ഗ്രോബാഗുകള്‍ വിതരണം ചെയ്തു വരുന്നു. മുക്കാല്‍ കൊട്ടയില്‍ കുറവ് മണ്ണു മാത്രം കൊള്ളുന്ന ഗ്രോബാഗിന് സാധാരണയായി വിലയീടാക്കുന്നത് ഒന്നിന് 90 രൂപയ്ക്ക് മുകളിലേക്കാണ്. അതില്‍ പലതിലും ഉദ്ദേശിച്ച തരത്തില്‍ ജൈവ വളങ്ങളും മണലും ചകിരിച്ചോറും അടങ്ങിയിട്ടുണ്ടാവുമെന്ന ഉറപ്പിക്കാനുമാകില്ല.

കുറച്ച് മിനക്കെടാന്‍ മനസ്സുണ്ടെങ്കില്‍ ചിലവുകുറഞ്ഞ രീതിയില്‍ ഗ്രോബാഗ് നമുക്ക് തന്നെ തയ്യാറാക്കാം.ടെറസ്സിലെ കൃഷിക്ക് ചെടിച്ചട്ടികളേക്കാള്‍ ഗ്രോബാഗ് തന്നെയാണ് ഉത്തമം.എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ അത്യവശ്യം വലുതിന് കുറഞ്ഞത് 20 - 25 രൂപ കൊടുക്കണം എന്നാല്‍, നാം ഉപയോഗിച്ചതിന് ശേഷം ഒഴിവാക്കുന്ന സിമന്റ് ചാക്ക്, വളത്തിന്റെ ചാക്ക്, അരി, പലവഞ്ജനങ്ങളുടെ ചാക്ക് എന്നിവ ഉപയോഗിച്ചാല്‍ നമുക്ക് പരമാവധി ചിലവ് കുറയ്ക്കാം.

മണ്ണു മിശ്രിതം തയ്യാറാക്കാം
.
ആദ്യമായി മണ്ണ് മിശ്രിതം തയ്യാറാക്കാം. മുപ്പത് കൊട്ട മണ്ണിന് കുറഞ്ഞത് പത്ത് കൊട്ടയെങ്കിലും മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ എന്നിവ ചേര്‍ക്കണം  മണല്‍, ചകിരിച്ചോറ് എന്നിവ കിട്ടിയില്ലെങ്കില്‍ ചാണകപ്പൊടി അളവ് അല്പം വര്‍ദ്ധിപ്പിച്ചാലും മതി. സാധാരണയായി 30 കൊട്ടമണ്ണിന് പത്തുകൊട്ട ചാണകപ്പൊടിയാണ് ചേര്‍ക്കാറ്. അതിനോടുകൂടെ അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത്, അഞ്ച് കിലോ കുമ്മായം എന്നിവയും ചേര്‍ക്കണം ചാണകം 10 ഗ്രാം ട്രൈക്കോ സര്‍മ്മയോ ഒരു കിലോ സ്യൂഡോമോണഡോ ചേര്‍ത്തിളക്കി തണലില്‍ ഉണക്കിയത്  ചേര്‍ത്താല്‍ ഉത്തമമാണ്. ചാണകപ്പൊടിക്ക് പകരം മണ്ണിരക്കമ്പോസ്‌റ്റോ ചകിരിച്ചോറ് കമ്പോസ്‌റ്റോ ചേര്‍ത്താലും മതി.

ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം ചാക്കില്‍ നിറയ്ക്കാം അതിന് ചാക്ക് ഒരുക്കണം. അടി ഭാഗത്തെ രണ്ട് മൂലയും ഉള്ളിലേക്ക് മടക്കിയാണ് ചാക്ക് തയ്യാറാക്കേണ്ടത്. സിമന്റ് ചാക്കാണെങ്കില്‍ അത് വെള്ളത്തില്‍ നന്നായി  കഴുകി ഉണക്കിയെടുക്കണം. മൂലകള്‍ ഉള്ളിലേക്ക് മടക്കി ചാക്കില്‍ അര ഭാഗത്തിന് അല്പം മുകളിയായി വരത്തക്കവിധം മിശ്രിതം നിറയ്ക്കണം. അതില്‍ കൂടരുത്. പിന്നീട് ജൈവവളങ്ങള്‍ മേല്‍ വളമായി ചേര്‍ക്കാനും പച്ചിലകള്‍ ചേത്ത് പുതയിടാനും പിന്നീട് മണ്ണ് കൂട്ടിക്കൊടുക്കാനും ചിക്കില്‍ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.

ടെറസ്സിന് മുകളില്‍ ചാക്കുകള്‍ നിരത്തുമ്പോള്‍ ശ്രദ്ധവേണം. മുറികളുടെ ചുമരിന് മുകളിലായോ ബീമുകളുടെ മുകളിലായോ കൈവരികള്‍ക്ക് മുകളിലായോ ചാക്കുകള്‍ നിരത്തിവെയ്ക്കാം. ചാക്കുകള്‍ നേരിട്ട് ടെറസ്സില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. അടിയില്‍ ഇഷ്ടികയോ മരക്കട്ടയോ വെക്കാം. ടെറസ്സ് മുഴുവനും  പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചാലും മതി. ടെറസ്സില്‍ ഈര്‍പ്പം കെട്ടി നില്‍ക്കാതിരിക്കാനും വെള്ളം ഇറ്റുവീണ് ചളി കെട്ടാതിരിക്കാനും ചാക്ക് ഉയര്‍ത്തി വെക്കുന്നത് സഹായിക്കും. ഭാരക്കുറവ്, തുച്ഛമായ വില, മണ്ണ് മിശ്രിതത്തില്‍ ഈര്‍പ്പം പിടിച്ച് നിര്‍ത്താനുള്ള കഴിവ് എന്നതാണ് പ്ലാസ്റ്റിക്ക് ചാക്കുകളുടെ ഗുണം.

മണ്ണ് മിശ്രിതം ചാക്കില്‍ നിറയ്ക്കുന്നതിന് മുമ്പ് അതിലേക്ക് ചപ്പില കത്തിച്ച ചാരം അല്പം ചേര്‍ക്കുന്നത് പൊട്ടാഷിന്റെ കുറവ് നികത്തും. രണ്ട് മൂലകളും ഉള്ളിലേക്ക് തിരുകി വെച്ച ചാക്കിന്റെ അടിവശത്ത് രണ്ടോ മൂന്നോ ചകിരി മലര്‍ത്തിവെയ്ക്കുന്നത് ഈര്‍പ്പം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ സഹായിക്കും.

മണ്ണ് മിശ്രിതം ചാക്കില്‍ നിറച്ചതിന് ശേഷം മുകളിലെ മണ്ണ് നന്നായിപൊടിയാക്കിയതിന് മുകളിലാണ് വിത്ത് നടേണ്ടത്.

അധികം കൃഷി സ്ഥലമില്ലാത്ത പട്ടണപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ടെറസ്സിലെ കൃഷി അനുഗ്രഹമാണ്. കുറഞ്ഞ ചെലവില്‍ ഗ്രോബാഗ് തയ്യാറാക്കി ടെസ്സിലെ കൃഷി നന്നായി  ചെയ്യാം. വീട്ടിലെ ജൈവ മാലിന്യങ്ങള്‍ വളമാക്കാമെന്നതും ഒഴിവ് സമയങ്ങളില്‍ കുടുംബത്തിലെ ആര്‍ക്കും കൃഷിപ്പണികളില്‍ ഏര്‍പ്പെടാമെന്നതുമാണ് ഇതിന്റെ മറ്റൊരു വശം.

ചകിരിച്ചോര്‍, മണല്‍ എന്നിവയുടെ അഭാവത്തില്‍ മണ്ണും അല്പം കുമ്മായവും, വേപ്പിന്‍ പിണ്ണാക്കും മിശ്രിതമാക്കി ചാക്കില്‍ നിറച്ചാലും നമുക്ക് ചെലവുകുറഞ്ഞ ഗ്രോബാഗ് തയ്യാറാക്കാം.
തുടര്‍ച്ചയായി മൂന്നോനാലോ പ്രാവശ്യം വിളക്കുകള്‍ നടാന്‍ ഒരേ ചാക്ക് മതിയാവും. ഓരോ പ്രാവശ്യവും ചെടികള്‍ നശിച്ചുകഴിഞ്ഞാല്‍ കുറച്ച് ജൈവവളമോ ചാണകപ്പൊടിയോ വേപ്പിന്‍പിണ്ണാക്കോ ചേര്‍ത്ത് മണ്ണ് ഇളക്കിപ്പൊടിയാക്കി വീണ്ടും  വിത്ത് പാകാവുന്നതാണ്.

നടേണ്ടത് വിത്തു മുളപ്പിച്ച കറിവേപ്പിന്‍ തൈ

വിത്തില്‍ നിന്ന് മുളക്കുന്ന ചെടിയാണ് നന്നായി വളരുന്നത്

നഗരങ്ങളില്‍ കറിവേപ്പ് നട്ടുപിടിപ്പിക്കുന്നതെങ്ങനെ? ടെറസ്സിലും മറ്റും പച്ചക്കറി വളര്‍ത്തുന്നവരുടെ ചോദ്യമാണിത്. വലിയ മരമായി മാത്രമേ കറിവേപ്പ് വളരൂ എന്ന ധാരണയാണ് പലര്‍ക്കും. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് കറിവേപ്പില വരുന്നത്, അവ കുറ്റിച്ചെടിയായി വിളയുന്ന വലിയ പാടങ്ങളില്‍ നിന്നാണ്.

ചെറിയ ചെടിയായി നമുക്കും കറിവേപ്പില വളര്‍ത്താം. രണ്ടു ചട്ടിയില്‍ ചെടിയുണ്ടെങ്കില്‍ ഒരു വീടിന് സുഭിക്ഷം.  മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കറിവേപ്പിലയില്‍ അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി വിഷാംശം കണ്ടെത്തിയതായുള്ള കേരള കാര്‍ഷിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ധാരാളമാളുകള്‍ ഇപ്പോള്‍ കറിവേപ്പില നട്ടുവളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ തൈ പിടിച്ചുകിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് പലരുടേയും പരാതി. കറിവേപ്പില മരത്തിന്റെ അടുത്തായി, ആ മരത്തിന്റെ തന്നെ വേരില്‍ നിന്ന് പൊട്ടിമുളയ്ക്കുന്ന തൈകളാണ് പലരും ഉപയോഗിക്കുന്നത്. തൈകള്‍ പിടിച്ചുകിട്ടാത്തതിനും പിടിച്ചാല്‍ത്തന്നെ നന്നായി വളരാത്തതിനും കാരണവും ഇതു തന്നെ. മണ്ണില്‍ നിന്ന് അധികം താഴത്തു കൂടിയല്ലാതെ ഉപരിതലത്തില്‍ സമാന്തരമായി പോകുന്ന വേരില്‍ നിന്നുള്ള തൈ നട്ടാല്‍ അതിന്റെ വേരും ഉപരിതലത്തിലെ മണ്ണില്‍ സമാന്തരമായാകും സഞ്ചരിക്കുക. താഴേക്കു പോകില്ല. അതിനാല്‍ ചെടിയുടെ വളര്‍ച്ച കുറയും; വിളവും.

വിത്തില്‍ നിന്ന് മുളക്കുന്ന ചെടിയാണ് നന്നായി വളരുന്നത്. വിത്തുണ്ടാകണമെങ്കില്‍ ഒരുപാടു കാലം കാത്തിരിക്കണം. വിജയവാഡയ്ക്ക് അടുത്തുള്ള, കൃഷ്ണാനദിയുടെ കനാലുകളാല്‍ സമ്പന്നമായ പെദ്‌വട്‌ലപുഡി എന്ന കാര്‍ഷിക ഗ്രാമത്തില്‍ നിന്നുള്ള കറിവേപ്പില വിത്തുകള്‍ കേരളത്തിന് അനുഗ്രഹമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

മുംബൈ, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, തുടങ്ങിയ വന്‍ മാര്‍ക്കറ്റുകളിലേക്ക് ആവശ്യമായ ലോഡ് കണക്കിന് കറിവേപ്പില ഈ ഗ്രാമത്തില്‍ നിന്നാണ് പോകുന്നത്. പരിചയ സമ്പത്തുകൊണ്ട് തനതായ കൃഷിരീതിയാണ് ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അവിടെ നിന്നുള്ള വിത്തുകള്‍ കേരളത്തില്‍ കൊണ്ടുവന്ന് മുളപ്പിച്ച് തൈകളാക്കി  എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം വിതരണം ചെയ്യുന്നുണ്ട്. എറണാകുളത്ത് ഹൈക്കോടതി ജങ്ഷന് അടുത്തുള്ള സി.എം.എഫ്.ആര്‍.ഐയിലെ  വിപണന കേന്ദ്രത്തില്‍ നിന്ന്  ഒന്നിന്  20 രൂപ നിരക്കില്‍, ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ തൈകള്‍ കിട്ടും.

മാംസത്തിനും അലങ്കാരത്തിനും വിഗോവ താറാവുകള്‍

'വൈറ്റ്‌പെക്കിന്‍'ഫൂയിസല്‍സരി താറാവ് ജനുസ്സുകളുടെ സങ്കരവര്‍ഗമാണ് 'വിഗോവ' താറാവുകള്‍.

 

മഞ്ഞുപോലെ തൂവെള്ള നിറം, താറാവുകളില്‍ ഏറ്റവും വലുത്, മാംസം വളരെ ഉത്തമം, ആകാരഭംഗികൊണ്ട് വീടുകളില്‍ അലങ്കാരത്തിനായും വളര്‍ത്താം വിഗോവ താറാവുകളുടെ പ്രത്യേകത ഇതൊക്കെയാണ്.
ജന്മനാട് വിയറ്റ്‌നാം. 1996ല്‍ കേന്ദ്രസര്‍ക്കാര്‍ വിയറ്റ്‌നാമുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് ഇതിനെ ഇന്ത്യയിലെത്തിച്ചത്. 'വൈറ്റ്‌പെക്കിന്‍'ഫൂയിസല്‍സരി താറാവ് ജനുസ്സുകളുടെ സങ്കരവര്‍ഗമാണ് 'വിഗോവ' താറാവുകള്‍.

നാല്പത്തിയഞ്ച് ദിവസമാകുമ്പോള്‍ രണ്ട്രണ്ടര കി.ഗ്രാം തൂക്കംവരും, പ്രതിരോധശേഷി കൂടുതല്‍. നമ്മുടെ നാട്ടില്‍ വളര്‍ത്താന്‍പറ്റിയതും വീട്ടമ്മമാര്‍ക്ക് ഒരു വരുമാനമാര്‍ഗവുമാണിത്. കുടിക്കാന്‍ കുറച്ച് വെള്ളം മതി. ഒരു പരന്നപാത്രത്തില്‍ വെള്ളം ഒഴിച്ചുകൊടുത്താല്‍ തല നനയ്ക്കും.

ഒരു മാസം പ്രായമായതിന് 70 രൂപയാണ് വില. ഇറച്ചിക്ക് കിലോയ്ക്ക് 60 രൂപ. ഒരു ദിവസം പ്രായമായതിന് 48 ഗ്രാം തൂക്കം. മൂന്നാഴ്ചവരെ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കാം. മൂന്നാഴ്ചയ്ക്കുശേഷം ഗ്രോവര്‍തീറ്റ കൊടുക്കണം.
കര്‍ണാടകയിലെ ഹസര്‍ഗട്ടയിലുള്ള സെന്‍ട്രല്‍ പോള്‍ട്രി ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതിനെ ലഭിക്കും. ഫോണ്‍: 08028466238. മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരണം താറാവുവളര്‍ത്തല്‍ കേന്ദ്രത്തിലും വിഗോവ താറാവുകള്‍ ലഭ്യമാണ്. ഫോണ്‍: 04692711898.

ഐസ്‌ക്രീം നിറച്ച പഴം

നന്നായി പടര്‍ന്നുപന്തലിക്കുന്ന സ്വഭാവം ഐസ്‌ക്രീംബീന്‍ മരത്തിന് ഉള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളാണ് അനുയോജ്യം

പ്രകൃതിതന്നെ ഐസ്‌ക്രീമിന്റെ രുചിയുള്ള പള്‍പ്പ് ഒരു നീളന്‍പഴത്തിനുള്ളില്‍ ഒളിച്ചുവെച്ചിരിക്കുന്നു. അതാണ് 'ഐസ്‌ക്രീം ബീന്‍' തെക്കേ അമേരിക്കന്‍ സസ്യമായ ഐസ്‌ക്രീം ബീന്‍ അറുപതടിയോളം ഉയരെ ശാഖകളോടെ വളരാറുണ്ട്.

ഇവയുടെ ശാഖകളില്‍ വിരിയുന്ന കായ്കള്‍ക്ക് നമ്മുടെ മുരിങ്ങക്കായുമായി സാമ്യംതോന്നും. പഴുത്ത കായ്കള്‍ക്കുള്ളില്‍ കുറേ വിത്തുകളും അവയെ പൊതിഞ്ഞ് വെള്ളനിറത്തിലുള്ള മാധുര്യമേറിയ പള്‍പ്പുമുണ്ട്. ഇവ നേരിട്ട് ഭക്ഷിക്കാം. ജലവും സൂര്യപ്രകാശവും ലഭിക്കുന്ന മണ്ണാണ് ഇവയുടെ കൃഷിക്ക് അനുയോജ്യം. വിത്തില്‍നിന്ന് തയ്യാറാക്കിയ തൈകളാണ് നടീല്‍വസ്തു.

നന്നായി പടര്‍ന്നുപന്തലിക്കുന്ന സ്വഭാവം ഐസ്‌ക്രീംബീന്‍ മരത്തിന് ഉള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളാണ് അനുയോജ്യം.

വേനല്‍ക്കാലത്ത് ജലസേചനം നിര്‍ബന്ധം. രോഗ,കീടബാധകള്‍ കുറവായ ഐസ്‌ക്രീംബീന്‍ ആറുവര്‍ഷംകൊണ്ട് ഫലംതരും. കേരളത്തിലെ കാലാവസ്ഥയില്‍ ഫലവര്‍ഗത്തോട്ടത്തിലെ പുതിയ അതിഥിയായി ഐസ്‌ക്രീം ബീനും എത്തിക്കഴിഞ്ഞു.

അര്‍ക്ക രക്ഷക്കി'ന് പ്രിയമേറുന്നു

ഒരു ഹെക്ടറില്‍നിന്ന് 140 മുതല്‍ 150 ദിവസങ്ങള്‍കൊണ്ട് 90 മുതല്‍ 100 ടണ്‍ തക്കാളി തരാന്‍ കെല്‍പ്പുള്ള ഇനമാണ് അര്‍ക്ക രക്ഷക്ക്

ബെംഗളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്  വികസിപ്പിച്ച സങ്കരയിനം തക്കാളി 'അര്‍ക്ക രക്ഷക്കിന്' മറ്റുരാജ്യങ്ങളിലും പ്രിയമേറിയിരിക്കുന്നു. ഉത്പാദനത്തിലും രോഗപ്രതിരോധത്തിലും മുന്നിലുള്ള ഈയിനത്തിന്റെ വിത്തിന് യു.എസ്., പാകിസ്താന്‍ തുടങ്ങി ഏഴ് രാജ്യങ്ങളില്‍നിന്നാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.

ഒരു ഹെക്ടറില്‍നിന്ന് 140 മുതല്‍ 150 ദിവസങ്ങള്‍കൊണ്ട് 90 മുതല്‍ 100 ടണ്‍ തക്കാളി തരാന്‍ കെല്‍പ്പുള്ള ഇനമാണ് അര്‍ക്ക രക്ഷക്ക്. കടും ചുവപ്പുനിറമുള്ള പഴങ്ങള്‍ക്ക് 80 മുതല്‍ 100 ഗ്രാം വരെ ഭാരമുണ്ടാകും.

15 മുതല്‍ 20 ദിവസംവരെ വിളവെടുത്ത പഴങ്ങള്‍ കേടാകാതിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത. നേരിട്ട് ഉപയോഗിക്കാനും സംസ്‌കരണത്തിനും ഇത് ഒരുപോലെ അനുയോജ്യമാണ്. തക്കാളികൃഷിക്ക് ഭീഷണിയായ വൈറസ് ബാധ മൂലമുള്ള ഇലചുരുളല്‍, ബാക്ടീരിയാ വാട്ടം, സ്ലൈറ്റ് രോഗം എന്നിവയ്‌ക്കെതിരെ അര്‍ക്ക രക്ഷക്കിന് പ്രതിരോധശേഷിയുണ്ട്. 08028466420 എന്ന ഫോണ്‍നമ്പറില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാം.

സുഗന്ധം പരത്തും കെപ്പല്‍

25 മീറ്റേറോളം ഉയരെ മുകള്‍ഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പല്

ഒട്ടേറെ ഫലസസ്യങ്ങളുടെ നാടായ ഇന്‍ഡൊനീഷ്യയില്‍  അപൂര്‍വമായിക്കാണുന്ന പഴവര്‍ഗസസ്യമാണ് 'കെപ്പല്‍'. ഇവയുടെ പഴങ്ങള്‍ കഴിച്ചശേഷം  മനുഷ്യശരീരത്തുനിന്നും ഉണ്ടാകുന്ന വിയര്‍പ്പിനും മറ്റും സുഗന്ധദ്രവ്യങ്ങളുടെ മണം അനുഭവപ്പെടുമെന്നതിനാല്‍ 'പെര്‍ഫ്യൂം ഫ്രൂട്ട്' എന്നും കെപ്പല്‍ പഴം അറിയപ്പെടുന്നു.

25 മീറ്റേറോളം ഉയരെ മുകള്‍ഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പല്‍. തായ്ത്തടിയിലും വലിയ ശാഖകളിലും  ഗോളാകൃതിയുള്ള കായ്കള്‍ കൂട്ടത്തോടെ വിരിയുന്നു.

പുറംതൊലി മഞ്ഞനിറമാകുന്നതോടെ പഴങ്ങള്‍ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങള്‍ക്ക് സമാനമായ രുചിയാണിതിന്.  വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ഇത് പ്രതിവിധിയായി കരുതുന്നു.

കെപ്പല്‍പ്പഴങ്ങളില്‍നിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടീല്‍വസ്തു. ഇവ മരമായി വളര്‍ന്നു ഫലംതരാന്‍  എട്ടുവര്‍ഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള  ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവര്‍ഗ സ്‌നേഹികളായ കര്‍ഷകര്‍ കെപ്പല്‍ ഇപ്പോള്‍ തോട്ടത്തില്‍ വളര്‍ത്തുന്നു. കേരളത്തിലും ഇപ്പോള്‍  ഇവ വളര്‍ന്നുതുടങ്ങിയിട്ടുണ്ട്.

കൊയ്യാന്‍ ഞങ്ങളുമുണ്ട്....

എറണാകുളം കളമശേരി കണ്ടെയ്‌നര്‍ റോഡില്‍ മൂലമ്പിള്ളിക്ക് സമീപത്തുള്ള പിഴല വലിയതടം പാടം ഇനിയുള്ള 10 ദിവസങ്ങള്‍ കൊയ്ത്ത്തുല്‍സവത്തിന്റെ ലഹരിയിലാണ്

നൂറ് മേനി വിളഞ്ഞ പൊക്കാളി പാടം കാണാനും, ഓരത്തിരുന്ന് പൊക്കാളി കഞ്ഞി കുടിക്കാനും, നാടന്‍ പാട്ട് കേള്‍ക്കാനും, പുഴയില്‍ കുളിക്കാനും, പിഴല വലിയതടം പാടത്ത് എത്തിയ കുട്ടികള്‍ക്ക് മുന്നില്‍ പാടം പാഠപുസ്തകമായി. എന്നാല്‍ വെറും കാഴ്ചക്കാരായി മാറി നില്‍ക്കാതെ, കര്‍ഷകര്‍ പാടിക്കൊടുത്ത കൊയ്ത്തുപ്പാട്ടിന്റെ വരികള്‍ ഏറ്റുപാടിക്കൊണ്ട് കുട്ടികളും പൊക്കാളിപ്പാടത്തേക്കിറങ്ങി. അരയ്‌ക്കൊപ്പമുള്ള ചേറില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്‍ക്കതിര്‍ അവര്‍ കൊയ്തു തുടങ്ങിയപ്പോള്‍ പിഴലപ്പാടത്തെ കൊയ്ത്ത് അക്ഷരാര്‍ത്ഥത്തില്‍ ഉല്‍സവമായി.

എറണാകുളം കളമശേരി കണ്ടെയ്‌നര്‍ റോഡില്‍ മൂലമ്പിള്ളിക്ക് സമീപത്തുള്ള പിഴല വലിയതടം പാടം ഇനിയുള്ള 10 ദിവസങ്ങള്‍ കൊയ്ത്ത്തുല്‍സവത്തിന്റെ ലഹരിയിലാണ്. കോതാട് സ്വദേശിയായ ബെന്നിയുടെ ഉടമസ്ഥതയിലുള്ള 17 ഏക്കര്‍ പാടം നാല് വര്‍ഷം മുന്‍പ് ഒരു കൂട്ടം യുവകര്‍ഷകര്‍ ഏറ്റെടുത്തതോടെയാണ് മുടങ്ങിക്കിടന്നിരുന്ന പൊക്കാളികൃഷി ഇവിടെ വീണ്ടും ആരംഭിച്ചത്. പണമൊന്നും വാങ്ങാതെയാണ് ബെന്നി പാടം കൃഷിക്കായി വിട്ടു നല്‍കിയത്. സാജന്‍ മലയില്‍, ഫാദര്‍ സംഗീത്, ഡോ.മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍, ഷെറിന്‍ വര്‍ഗീസ്, ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി, പ്രദീപ്, പോളി ജോസ് എന്നിവരുടെ കൂട്ടായ്മയിലായിരുന്നു പൊക്കാളികൃഷിയുടെ തുടക്കം. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ കൃഷിയിറക്കാനും കൊയ്യാനും തൊഴിലാളികളെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് കൂടുതല്‍ ജനകീയമായി കൃഷി സംഘടിപ്പിക്കാന്‍ കര്‍ഷക കൂട്ടായ്മ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയെ കുറിച്ച് അറിയാനും മണ്ണിന്റേയും വെള്ളത്തിന്റേയും ചൂടും ചൂരും പകര്‍ന്നു നല്‍കാനും പൊക്കാളികൃഷിയെ വേദിയാക്കുകയാണ് ഈ കര്‍ഷകര്‍.

സെന്റ് പോള്‍സ് കോളേജ്, കളമശേരി, കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍, ഇടപ്പള്ളി അല്‍ ഫറൂഖിയ സ്‌കൂള്‍, പിഴല ഫ്രാന്‍സിസ് അസീസി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആദ്യ ദിനത്തില്‍ കൊയ്ത്തിനിറങ്ങിയത്. അരയ്‌ക്കൊപ്പം വെള്ളത്തില്‍ കൊയ്യാനിറങ്ങിയത് വേറിട്ട അനുഭവമായിരുന്നെന്ന് ഇവര്‍ പറയുന്നു. സര്‍വശിക്ഷാ അഭിയാന്റെ കീഴിലുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ ദിവസങ്ങളില്‍ പിഴലയിലെ കൊയ്ത്തുല്‍സവത്തിന് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ

'കുട്ടികള്‍ കരുത്തരാണ്'

ഇത് കുട്ടികള്‍ക്ക് കൈമാറേണ്ട പൈതൃകമാണെന്നാണ് പിഴലയിലെ കര്‍ഷകരുടെ പക്ഷം. വയലും പുഴയും നികത്തി ആര്‍ത്തിയോടെ മലയിടിച്ച് കെട്ടിപ്പൊക്കുന്ന സൗധങ്ങളല്ല വരും തലമുറയ്ക്കായി കാത്ത് വയ്‌ക്കേണ്ടതെന്ന തിരിച്ചറിവാണ് കുട്ടികളെ പാടശേഖരത്തേക്ക് കൊണ്ടു വരാന്‍ ഈ കര്‍ഷകരെ പ്രേരിപ്പിച്ചത്. കുട്ടികള്‍ കരുത്തരാണ്. അവര്‍ക്ക് ശരിയായ അറിവ് പകര്‍ന്നു നല്‍കുകയാണ് മുതിര്‍ന്നവരുടെ ഉത്തരവാദിത്തമെന്നും കര്‍ഷകര്‍ പറയുന്നു. ഇത് പരിസ്ഥിതി തീവ്രവാദമല്ല. ഈ ഭൂമി ജീവിക്കാനുള്ള ഇടമായി നിലനില്‍ക്കേണ്ടതുണ്ട്. അതിനാണ് തങ്ങളുടെ ശ്രമമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പൊക്കാളി നെല്ല്

ഉപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഏക വിത്തിനമാണ് പൊക്കാളി നെല്ല്. ഇത് വെള്ളത്തില്‍ ചീഞ്ഞു പോകില്ല. വെള്ളം എത്രത്തോളം പൊങ്ങിയാലും അതിന് മുകളില്‍ ഇവ വളരും. കളകളുടെ ശല്യമില്ല. ഒരു വളവും ആവശ്യമില്ല.

'വിത്തുണ്ട്, ഞങ്ങള്‍ തരാം'

കേരളത്തില്‍ എവിടെയെങ്കിലും പൊക്കാളികൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഉണ്ടെങ്കെില്‍ അവര്‍ക്കായി വിത്ത് നല്‍കാനും തയ്യാറാണ് ഈ കര്‍ഷകര്‍. കൃഷിഭൂമി തരിശിടാന്‍ അനുവദിക്കരുതെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസുരക്ഷ തിരിച്ചു പിടിക്കാന്‍ ഇത്തരം ചെറു ശ്രമങ്ങള്‍ അനിവാര്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണ കൊയ്ത്തുയന്ത്രങ്ങള്‍ പൊക്കാളിപ്പാടത്ത് ഇറക്കാന്‍ സാധിക്കാത്തതിനാല്‍ വെള്ളത്തിലിറക്കാന്‍ കഴിയുന്ന കൊയ്ത്തു യന്ത്രം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകര്‍.

ജൈവരീതിയില്‍ വെണ്ട കൃഷി ചെയ്യാം

സാധാരണയായി സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലും വേനല്‍ക്കാല വിളയായി ജനവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്

മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ്. സാധാരണയായി നാടന്‍ ഇനങ്ങളും സങ്കരയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നല്ല രുചിയും മണവുമുള്ള ചെറിയ ഇനം സാമ്പാര്‍ വെണ്ട മുതല്‍ അരമീറ്ററിലധികം നീളം വെക്കുന്ന ആനക്കൊമ്പന്‍ വരെയുണ്ട് വെണ്ടയിനങ്ങളില്‍ കേരളത്തിന്റേതായിട്ട്.

സാധാരണയായി സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലും വേനല്‍ക്കാല വിളയായി ജനവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാല്‍ ആനക്കൊമ്പന്‍ എന്ന ഇനം മെയ് അവസാനവും ജൂണ്‍ ആദ്യവുമായി നട്ടുവളര്‍ത്താറുണ്ട്.

മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ള മഴക്കാലത്ത് നടാന്‍ പറ്റുന്ന 'സുസ്ഥിര', ഇളംപച്ചനിറത്തിലുള്ള കായകള്‍ നല്‍കുന്ന 'സല്‍ക്കീര്‍ത്തി', അരമീറ്റര്‍ വരെ നീളംവെക്കുന്ന ഇളംപച്ചനിറമുള്ള മഴക്കാലത്തും കൃഷിയിറക്കാവുന്ന 'കിരണ്‍', എന്നിവയും നല്ല ചുവപ്പുനിറമുള്ള കായകള്‍ നല്‍കുന്ന അരുണ, സി.ഒ.1 എന്നിവയും മൊസേക്ക് രോഗത്തിനെയും നിമ വിരകളെയും ഫംഗസ് രോഗത്തെയും പ്രതിരോധിക്കുന്ന അര്‍ക്ക, അനാമിക, വര്‍ഷ, ഉപഹാര്‍, അര്‍ക്ക അഭയ, അഞ്ജിത എന്നിവയുമാണ് സങ്കരയിനങ്ങളില്‍ ചിലത്.

കൃഷിയിടം നന്നായി കിളച്ച് മണ്ണ് ഉണക്കി ചപ്പിലകള്‍ കത്തിച്ച് ചാരവുമായി മണ്ണ് നന്നായി കൂട്ടിയിളക്കണം. ഇത് വരമ്പ് രൂപത്തിലോ കുനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിന് 15 ദിവസം മുമ്പ് സെന്റിന് 3 കിലോഗ്രാം കുമ്മായം ചേര്‍ത്തിളക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ജൈവവളങ്ങള്‍ വളരെ വേഗം വിളകള്‍ക്ക് വലിച്ചെടുക്കാനും കാരണമാകും.  5 കിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കണം.

അമ്പത് കിലോ ഉണക്ക ചാണകമോ, മണ്ണിര കമ്പോസ്റ്റോ പത്ത് ഗ്രാം ട്രൈക്കോഡര്‍മയുമായി ചേര്‍ത്ത് കലര്‍ത്തി തണലില്‍ ഉണക്കിയതിന് ശേഷം അടിവളമായി മണ്ണില്‍ ചേര്‍ക്കാം. 20 കിലോ കോഴികാഷ്ടം ചാണകപ്പൊടിക്ക് പകരമായി മണ്ണില്‍ ചേര്‍ക്കാവുന്നതാണ്.

ഒരു സെന്റിന് 30-40 ഗ്രാം വിത്ത് വേണ്ടിവരും. ഓരോ ചെടികള്‍ തമ്മിലും രണ്ടടിയെങ്കിലും അകലമുണ്ടാവണം. ഒരു സെന്റില്‍ പരമാവധി 200 ചെടികള്‍ നടാം. പത്ത് ഗ്രാം സ്യൂഡോമോണസ് വിത്തുമായി (100 വിത്തിന്) കൂട്ടിക്കലര്‍ത്തി വിത്ത് പരിചരിച്ചശേഷം നടണം. വിത്ത് നട്ടതിന് ശേഷം മണ്ണില്‍ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം. വൈകീട്ട് ഒരു നേരം നനച്ചുകൊടുക്കണം.

ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റര്‍ അഞ്ച് ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് മേല്‍ വളമായി നല്‍കാം. അല്ലെങ്കില്‍ ഗോമൂത്രമോ വെര്‍മി വാഷോ രണ്ട് ലിറ്റര്‍ പത്തിരട്ടി വെള്ളവുമായി ചേര്‍ത്തതും മേല്‍വളമാക്കാം. സെന്റിന് 10 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ, കോഴിവളമോ അല്ലെങ്കില്‍ കടലപ്പിണ്ണാക്ക് ഒരു കിലോ പുതര്‍ത്തി 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയോ ചെടിയ്ക്ക് മേല്‍വളമാക്കി നല്‍കാം.

അത്യാവശ്യത്തിന് നനവ് ഓരോ വാരത്തിലും നിലനിര്‍ത്തണം. പാഴ് ചെടികള്‍ കൊണ്ടോ ശീമക്കൊന്ന ഇല കൊണ്ടോ പുതയിട്ടു കൊടുക്കുന്നത് കളകള്‍ വരാതിരിക്കാനും മണ്ണില്‍ നനവ് നിലനിര്‍ത്താനും സഹായിക്കും. മഴക്കാലത്താണ്  വെണ്ട കൃഷിയിറക്കുന്നത് എങ്കില്‍ ഇടയ്ക്ക് കളപറിച്ചുകൊടുക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. വേനല്‍ക്കാലത്ത് ചെടികള്‍ക്ക് ഓരോ ദിവസവും ഇടവിട്ട് നനയ്‌ക്കേണ്ടതാണ്.

രോഗങ്ങള്‍

മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകള്‍ തടിക്കുകയും ചെയ്യും. കായകള്‍ മഞ്ഞ കലര്‍ന്ന്  ചുരുണ്ടുപോവും. ഇലത്തുള്ളന്‍, വെള്ളീച്ച എന്നിവയാണ് മൊസേക്ക് രോഗത്തിന് കാരണമാവുന്ന വൈറസിന്റെ വാഹകര്‍.

രോഗമുള്ള ചെടികള്‍ കണ്ടാല്‍ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകള്‍ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികള്‍ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം.തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, വേരിനെ ആക്രമിക്കുന്ന നിമ വിരകള്‍, നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍.

കായയുടെ ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉള്‍ഭാഗം തിന്ന് കേടാക്കുന്ന പുഴുക്കളാണ് കായ്തുരപ്പന്‍, തണ്ടുതുരപ്പന്‍ എന്നീ പേരുകളിലറിയപ്പെടുന്നത്. വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക, അടിവളമായി അല്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുക എന്നിവയാണ് ഇതിന്റെ പ്രതിവിധി. ആക്രമണം തുടങ്ങുമ്പോള്‍ വേപ്പിന്‍ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തില്‍ തളിക്കുക. ബൂവേറിയ പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.

മുഞ്ഞ, വെള്ളീച്ച, പച്ചത്തുള്ളന്‍ എന്നിവയാണ് വെണ്ടയുടെ നിലനില്പിനെ ബാധിക്കുന്ന മറ്റ് കീടങ്ങള്‍. ഇവ ഇലയുടെ അടിവശത്ത് പറ്റിപിടിച്ചിരുന്ന് നീരൂറ്റി കുടിക്കുന്നു. ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോവും. വെള്ളീച്ച വൈറസ് രോഗവാഹകരാണ്.

വെണ്ടയെ ബാധിക്കുന്ന മറ്റൊരു കീടം ഇല ചുരുട്ടിപ്പുഴുവാണ്. വെള്ളച്ചിറകിന്റെ മുന്നില്‍ പച്ചപ്പൊട്ടുകളുള്ള ശലഭങ്ങളുടെ മുട്ട വിരിഞ്ഞാണ് ഇല ചുരുട്ടിപ്പുഴുകള്‍ ഉണ്ടാകുന്നത്. ഇത് പച്ചിലകള്‍ തിന്ന് നശിപ്പിക്കുകയും കായ് തുരക്കുകയും ചെയ്യുന്നു. വേപ്പ് അടിസ്ഥാനമാക്കി വരുന്ന ജൈവ കീടനാശിനികള്‍ ആണ് ഇതിന്  ഫലപ്രദം. ചുരുണ്ട ഇലകള്‍ പറിച്ചു നശിപ്പിച്ചു കളയുകയും വേപ്പിന്‍ കുരു സത്ത് തളിക്കുകയും ചെയ്താല്‍ ഇതിനെ നിയന്ത്രിക്കാം. മഞ്ഞക്കെണികള്‍ ഒരുക്കിയും ഇലച്ചുരുട്ടിപ്പുഴുവിന്റെ വ്യാപനം തടയാം.

ബോറന്‍ പുഴുക്കളും നിമ വിരകളുമാണ് വെണ്ട കൃഷിയുടെ ശത്രുക്കള്‍. വിത്ത് മുളച്ച് രണ്ടാഴ്ച പ്രായം കഴിഞ്ഞാല്‍ ഒന്നാകെ വാടിപ്പോകുന്നതാണ് ലക്ഷണം. വാടിപ്പോയ ചെടി പറിച്ച് അതിന്റെ തണ്ട് കീറിനോക്കിയാല്‍ വെളുത്തപ്പുഴുക്കളെ കാണാം. ഇതാണ് ബോറന്‍ പുഴു. ഇതിനെ പ്രതിരോധിക്കാന്‍ മണ്ണ് തയ്യാറാക്കുമ്പോള്‍ അടിവളമായി സെന്റൊന്നിന് അഞ്ച് കിലോ വേപ്പിന്‍പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കണം. തൈപറിച്ചു നടുകയാണെങ്കില്‍ നടുന്ന കുഴിയില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിട്ടാലും മതി. നിമ വിര കയറിയാല്‍ ആദ്യം ചെടി മുരടിക്കുകയും പിന്നീട് വാടിപ്പോവുകയും ചെയ്യും. മുരടിക്കാന്‍ തുടങ്ങുന്ന ചെടി സൂക്ഷിച്ചു നോക്കിയാല്‍ തണ്ടിന് ചെറിയ വീക്കം തോന്നാം. ബ്ലേഡുകൊണ്ട് തൈ ചെറുതായി കീറി പുഴുവിനെ ഒഴിവാക്കിയാല്‍ തൈ രക്ഷപ്പെടും.

അടിവളമായി വേപ്പിന്‍ പിണ്ണാക്കും മേല്‍വളമായി ഗോമൂത്രവും (നേര്‍പ്പിച്ചത്) നല്‍കിയാല്‍ വെണ്ട കൃഷിയെ ബാധിക്കുന്ന ഒട്ടുമിക്ക കൃമി കീടങ്ങളെയും ഒഴിവാക്കാം. സ്വാദിഷ്ടമായ വെണ്ടക്ക നമ്മുടെ മുന്നില്‍ നിരക്കുമ്പോള്‍ അത് രാസകീടനാശിനി വിമുക്തമാണെന്ന് ഉറപ്പുവരുത്താന്‍ ഇനി ജൈവകൃഷി സ്വയം നടപ്പില്‍ വരുത്തുക മാത്രമാണ് രക്ഷ

റംബുട്ടാന്‍ കൃഷിക്ക് പ്രിയമേറുന്നു

മലേഷ്യയില്‍ ജോലിചെയ്തിരുന്ന പഴവര്‍ഗസ്‌നേഹികളാണ് ഈ സുവര്‍ണസസ്യത്തെ നാട്ടിലെത്തിച്ചത്. കേരളത്തിലെ മിക്ക വീട്ടുവളപ്പുകളിലും റംബുട്ടാന്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു.

അടുത്ത നാളുകളില്‍ തോട്ടമടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ച റംബുട്ടാന്‍ മലേഷ്യയിലെയും ഇന്‍ഡൊനീഷ്യയിലെയും മഴക്കാടുകളുടെ സന്തതിയാണ്. റബ്ബര്‍ വിലയിലെ തകര്‍ച്ചയിലും റംബുട്ടാന്റെ തിളക്കം കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു. ഉഷ്ണമേഖലയിലെങ്ങും അധികം പരിചരണംകൂടാതെ മികച്ച വിളവുതരുമെന്നതും റംബുട്ടാന്റെ പ്രത്യേകതയാണ്.

പത്തനംതിട്ട ജില്ലയില്‍ മലേഷ്യയില്‍ ജോലിചെയ്തിരുന്ന പഴവര്‍ഗസ്‌നേഹികളാണ് ഈ സുവര്‍ണസസ്യത്തെ നാട്ടിലെത്തിച്ചത്. കേരളത്തിലെ മിക്ക വീട്ടുവളപ്പുകളിലും റംബുട്ടാന്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു.

റംബുട്ടാന്‍ കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ചത് മലേഷ്യയിലെ 'കിങ്' ഇനമാണ്. ചുവപ്പു പുറംതൊലിയുള്ള ഇവയുടെ പഴത്തിന് അമ്പതു ഗ്രാമിലധികം തൂക്കമുണ്ടാകും. വിത്തില്‍നിന്ന് നന്നായി ഇളകിപ്പോരുന്ന മാംസളഭാഗത്തിന് മാധുര്യമേറും. മികച്ച മാതൃവൃക്ഷത്തില്‍നിന്ന് കമ്പുകളിലെ മുകുളങ്ങള്‍ ശേഖരിച്ച് ബഡ്ഡുചെയ്‌തെടുത്ത തൈകള്‍ നട്ടുവളര്‍ത്താം. ധാരാളം ശാഖകള്‍ വളരുന്ന പതിവും ബഡ്ഡ് തൈകള്‍ക്കുണ്ട്. തോട്ടമടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ എട്ടുമീറ്റര്‍ അകലം നല്‍കണം. അരമീറ്റര്‍ താഴ്ചയുള്ള കുഴികള്‍ തയ്യാറാക്കി അഞ്ചുകിലോ ഉണക്കിപ്പൊടിച്ച ചാണകം, ഒരുകിലോ എല്ലുപൊടി, അരക്കിലോ വേപ്പിന്‍ പിണ്ണാക്ക് എന്നിവ അടിസ്ഥാനമായി നല്‍കി തടംമൂടി മുകളില്‍ ചെറുകുഴികള്‍ എടുത്ത് കൂടകള്‍ നീക്കം ചെയ്ത തൈകള്‍ നടാം.

ചുവടുറപ്പിച്ച് കമ്പുകള്‍ നാട്ടി കെട്ടിക്കൊടുക്കുകയും ചുവടുഭാഗത്ത് വെള്ളം കെട്ടിക്കിടക്കാതെ വാര്‍ന്നുപോകാന്‍ സൗകര്യമൊരുക്കുകയും വേണം. മൂന്നുവര്‍ഷം പരിചരണം നല്‍കിയാല്‍ ബഡ്ഡ് തൈകള്‍ ഫലം തന്നുതുടങ്ങും. ഉത്പാദനസ്ഥിരത കൈവരിച്ച ഒരു കിങ് റംബുട്ടാനില്‍നിന്ന് അമ്പതു കിലോയോളം പഴം ലഭിക്കും.

കേരളത്തില്‍ മറ്റു പഴവര്‍ഗങ്ങള്‍ കുറവായ ജൂണ്‍ തുടങ്ങി ആഗസ്ത് വരെയാണ് ഇവയുടെ പഴക്കാലമെന്നതും റംബുട്ടാനെ വിപണിയില്‍ പ്രിയതാരമാക്കുന്നു. പഴങ്ങള്‍ക്ക് നൂറ്റിയമ്പതു രൂപ ഇപ്പോള്‍ കര്‍ഷകന് ലഭിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495234232)

ചുംബിക്കുന്ന ഗൗരാമി

കിസ്സിങ് ഗൗരാമിയുടെ വിത്തുത്പാദനം ക്ലേശകരമല്ല. അല്പം ശ്രദ്ധയും ക്ഷമയുമുണ്ടെങ്കില്‍ തുടക്കാര്‍ക്കും പ്രജനനം നടത്താം

പരസ്പരം ചുംബിക്കുന്ന സ്വഭാവംകൊണ്ട് ഏറെ പ്രശസ്തമായ അലങ്കാരമത്സ്യമാണ് കിസ്സിങ് ഗൗരാമി അഥവാ ചുംബിക്കുന്ന ഗൗരാമി മത്സ്യം. ഹീലോസ്റ്റോമ ടിമിന്‍കി എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ മത്സ്യം നമ്മുടെ നാട്ടില്‍ ഏറെ പ്രചാരത്തിലുള്ളതാണ്.

പരസ്പരം ചുണ്ടുചേര്‍ത്ത് ചുംബിക്കുന്ന രീതിയിലുള്ള നില്‍പ്പാണ് ഇവയുടെ പേരിന് നിദാനം. ഇത് ഇണകളുടെ നീണ്ടുനില്‍ക്കുന്ന ചുംബനമല്ല. രണ്ട് ആണ്‍മത്സ്യങ്ങള്‍ തമ്മിലുള്ള നിരുപദ്രവമായ 'ശക്തിപ്രകടനമാണ്'.
പ്രകൃതിസാഹചര്യങ്ങളില്‍ 30 സെ. മീറ്ററില്‍ കൂടുതല്‍ വളരുന്ന മത്സ്യമാണ് കിസ്സിങ് ഗൗരാമി. എന്നാല്‍, അക്വേറിയങ്ങളില്‍ 1415 സെ. മീറ്ററില്‍ കൂടുതലായി വളരുന്നതായി കാണാറില്ല. യഥാര്‍ഥത്തില്‍ പച്ചയോ പച്ചകലര്‍ന്ന ചാരനിറമോ ആണ് ഈ മീനിന്. എന്നാല്‍, ഇന്ന് കമ്പോളത്തില്‍ ഏറെ പ്രചാരമുള്ളത് പിങ്കുനിറമുള്ള മത്സ്യങ്ങളാണ്.

മറ്റു മത്സ്യങ്ങളുമായി ഏറെ സമരസപ്പെട്ടു ജീവിക്കുന്ന ഒരിനമാണിത്. ചെറിയ അക്വേറിയങ്ങളില്‍പ്പോലും ഇവയെ വളര്‍ത്താം. ഏറെ അനക്കമില്ലാത്ത ജലമാണ് കൂടുതല്‍ അനുയോജ്യം. ജലത്തിന്റെ അമ്‌ളക്ഷാര നില 6.5നും 7.5നും ഇടയില്‍ ക്രമീകരിക്കണം. ജലത്തില്‍ പ്രാണവായുവിന്റെ അളവ് നന്നേ കുറയുമ്പോള്‍ അന്തരീക്ഷവായു നേരിട്ട് ശ്വസിക്കാന്‍ ഈ മീനിന് കഴിവുണ്ട്.

അക്വേറിയത്തില്‍ കൃത്രിമ തീറ്റനല്‍കി ഇവയെ വളര്‍ത്താം. എന്നാല്‍ ആഹാരത്തില്‍ ആല്‍ഗകളും മറ്റു സസ്യപദാര്‍ഥങ്ങളും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. സസ്യജന്യ തീറ്റ നല്‍കിയില്ലെങ്കില്‍ ഈ മത്സ്യം ചത്തുപോവുന്നതായി കാണാറുണ്ട്. അക്വേറിയത്തില്‍ ആല്‍ഗകള്‍ക്ക് പറ്റിപ്പിടിച്ച് വളരാന്‍ പാകത്തില്‍ കല്ലുകളും പാറക്കഷണങ്ങളും അടുക്കിവെക്കുന്നത് ഉചിതമായിരിക്കും.

കിസ്സിങ് ഗൗരാമിയുടെ വിത്തുത്പാദനം ക്ലേശകരമല്ല. അല്പം ശ്രദ്ധയും ക്ഷമയുമുണ്ടെങ്കില്‍ തുടക്കാര്‍ക്കും പ്രജനനം നടത്താം. പ്രായപൂര്‍ത്തിയായ പെണ്‍മത്സ്യങ്ങളെ പെട്ടെന്ന് തിരിച്ചറിയാം. ഇവയുടെ വയര്‍ വീര്‍ത്തിരിക്കും. ആണ്‍ മത്സ്യങ്ങളുടെ മുതുചിറകിന്റെയും ഗുദചിറകിന്റെയും അഗ്രഭാഗം കൂര്‍ത്തിരിക്കും.

മറ്റു ഗൗരാമികളെപ്പോലെ കിസ്സിങ് ഗൗരാമി കുമിളക്കൂടുകള്‍ ഉണ്ടാക്കില്ല. ആരോഗ്യമുള്ള ആണ്‍പെണ്‍ മത്സ്യങ്ങളെ ഒരുമിച്ച് പ്രജനന ടാങ്കില്‍ ഇടുക. പെണ്‍മത്സ്യങ്ങള്‍ 30 മുതല്‍ 50 വരെ മുട്ടകള്‍ ഇടും. മുട്ടകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു. മുട്ടയിടലിനുശേഷം മാതാപിതാക്കളെ മാറ്റുന്നത് ഉചിതമായിരിക്കും. സൈഫണുകള്‍ ഉപേയാഗിച്ച് മുട്ട വേറൊരു ടാങ്കിലേക്ക് മാറ്റുകയുമാവാം. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യം ഇന്‍ഫുസോറിയയും പിന്നീട് ആര്‍ട്ടീമിയ ലാര്‍വയും ആഹാരമായി നല്‍കാം. ഫോണ്‍: 9405900670.

നായകളിലെ ഹൃദയാഘാതം

മനുഷ്യരില്‍ മാത്രമല്ല; മൃഗങ്ങളിലും ഹൃദയാഘാതം ഉണ്ടാകാറുണ്ട്. നായകളില്‍ നാലുമുതല്‍ 10 വയസ്സുവരെ പ്രായമുള്ളവയിലാണ് ഹൃദയാഘാതം കൂടുതലായി കാണുന്നത്. മനുഷ്യരിലേതുപോലെ നായകളിലും ഹൃദയത്തിന് നാല് അറകളാണ് ഉള്ളത്.

ലക്ഷണങ്ങള്‍: രുചിക്കുറവ്വിശപ്പില്ലായ്മ, ഒറ്റപ്പെടാനുള്ള വ്യഗ്രത, സ്വഭാവത്തില്‍ മാറ്റം, അസ്വസ്ഥത, ശ്വാസതടസ്സം, ചുമ, ഉദരഭാഗങ്ങളിലും കൈകാലുകളിലും നീര്, ഭാരക്കുറവ്, ബോധക്ഷയം, എഴുന്നേല്‍ക്കാന്‍ പ്രയാസം, നാവ് നീലനിറത്തില്‍ കാണുക, വായില്‍നിന്ന് ധാരാളം ഉമിനീര്‍ ഒലിക്കുക എന്നിവയാണ് ഹൃദയാഘാത ലക്ഷണങ്ങള്‍.

രോഗനിര്‍ണയം: ലക്ഷണങ്ങള്‍, എക്‌സ്‌റേ, ഇലക്‌ട്രോകാര്‍ഡിയോഗ്രാം, കാര്‍ഡിയാക് അള്‍ട്രാസൗണ്ട് സ്‌കാനിങ് എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം.കാരണങ്ങള്‍:ഭക്ഷണക്രമമില്ലായ്മ, വ്യായാമക്കുറവ്, വാര്‍ധക്യം, അണുബാധ, ജന്മനാ ഹൃദയത്തിലുള്ള അസുഖം, സമീകൃതാഹാരക്കുറവ്.

പ്രതിവിധികള്‍:രോഗനിര്‍ണയം നടത്തിയ ഉടന്‍ ചികിത്സനല്‍കണം. ശരീരത്തില്‍ നീര് കൂടാതിരിക്കാന്‍ ഉപ്പുകുറഞ്ഞ ഭക്ഷണം നല്‍കണം. കൃത്യമായി വ്യായാമം നല്‍കുക. ശുദ്ധമായ വെള്ളം കുടിക്കാന്‍ നല്‍കുക, സുരക്ഷിത പാര്‍പ്പിടം ഒരുക്കുക, സുഖപ്രദമായി കിടക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുക, ഹൃദയങ്ങളെ ബാധിക്കുന്ന ചില പരാഗങ്ങളെ നിയന്ത്രിക്കുക, അമിതഭാരം നിയന്ത്രിക്കുക, ജീവകങ്ങളും അമിനോ ആസിഡുകളും ആന്റി ഓക്‌സിഡന്റ് മരുന്നുകളും നല്‍കുക.

തൈക്കുമ്പളം കേരളത്തില്‍ വളരുമോ?

തൈക്കുമ്പളം കേരളത്തില്‍ കൃഷിചെയ്യാന്‍ കഴിയുമോ? എങ്ങനെ കൃഷി ചെയ്യാം? ഉപയോഗം എന്ത്?
കേരളം പോലുള്ള ഉഷ്ണമേഖലാപ്രദേശത്ത് നന്നായി കൃഷിചെയ്യാവുന്ന വിളയാണ് തൈക്കുമ്പളം. മണല്‍പ്രദേശങ്ങളിലും വളരും. ഇതിന്റെ വിത്ത് നനഞ്ഞ തുണിയില്‍ ഒരുദിവസം കെട്ടിവെച്ച് മുളപ്പിക്കുക. നേരിട്ട് തടത്തില്‍ പാകുകയോ തൈ മുളപ്പിച്ച് നാലഞ്ചില വളരുമ്പോള്‍ ഇളക്കി നടുകയോ ചെയ്യാം. 2 x 8 അടി അകലത്തിലാണ് നടുക. അടിവളമായി കാലിവളവും വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കണം. കൂടാതെ ഒരു തടത്തിന് 50 ഗ്രാം യൂറിയ, 75 ഗ്രാം എല്ലുപൊടി, 30 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കുക. തുടര്‍ന്ന് വള്ളി വീശുമ്പോഴും പൂക്കുന്ന സമയത്തും യൂറിയ 25 ഗ്രാം വീതവും പൊട്ടാഷ് 30 ഗ്രാം വീതവും ചേര്‍ക്കണം. നട്ട് രണ്ടരമൂന്ന് മാസം മതി വിളവെടുപ്പിന് പാകമാകാന്‍. 
ധാരാളം നാരടങ്ങിയ തൈക്കുമ്പളം ജീവകപോഷക സമൃദ്ധമാണ്. സലാഡ് ആയും ഭക്ഷണത്തിനുശേഷം ഉപദംശമായി  തൈക്കുമ്പളത്തിന്റെ ജ്യൂസും ഉപയോഗിക്കാം.

ഏലം വിഷം തീണ്ടിയതെന്ന് കേന്ദ്രവും

26 ശതമാനത്തില്‍ ഒന്നോ അതിലധികമോ കീടനാശിനികളുടെ സാന്നിധ്യം കണ്ടു. അതില്‍ത്തന്നെ 7.9 ശതമാനത്തില്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ.) നിശ്ചയിച്ചിട്ടുള്ള അളവിലും കൂടുതലാണ് കീടനാശിനി വിഷാംശം.

കൊച്ചി: കേരളത്തിലെ ഏലത്തില്‍ കീടനാശിനി വിഷാംശം ഉയര്‍ന്നതോതില്‍ അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ദേശീയ തലത്തില്‍, 2014 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് വരെ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏലം ഉള്‍പ്പടെ 1,197 ഉല്പന്നങ്ങളുടെ സാമ്പിള്‍ വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ പരിശോധിച്ചിരുന്നു. ഇതില്‍ 26 ശതമാനത്തില്‍ ഒന്നോ അതിലധികമോ കീടനാശിനികളുടെ സാന്നിധ്യം കണ്ടു. അതില്‍ത്തന്നെ 7.9 ശതമാനത്തില്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ.) നിശ്ചയിച്ചിട്ടുള്ള അളവിലും കൂടുതലാണ് കീടനാശിനി വിഷാംശം.

അളവില്‍ കൂടുതല്‍ വിഷാംശം കണ്ടെത്തിയത് ഏലത്തിന്റെ സാമ്പിളുകളിലാണ്. ക്വിനാല്‍ഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് ഇതിലേറെയും. പഴം, പച്ചക്കറി, അരി എന്നിവയുടെ സാമ്പിളുകളില്‍ ഇമിഡക്ലോപ്രിഡ്, ഹൈലോത്രിന്‍, ക്ലോര്‍പൈറിഫോസ് എന്നീ കീടനാശിനികളുടെ അംശം അനുവദനീയമായ തോതിലും കൂടുതല്‍ കണ്ടു. കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പരിശോധിച്ച 131 സാമ്പിളുകളില്‍ 27.5 ശതമാനത്തില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടു. അതില്‍ത്തന്നെ 4.6 ശതമാനത്തില്‍ അനുവദിച്ചതിലും കൂടുതല്‍ അളവിലാണ് വിഷസാന്നിധ്യം. വിവിധ ജൈവസ്റ്റാളുകളിലെ ഉല്പന്നങ്ങള്‍ പരിശോധിച്ചതില്‍ ഒന്നില്‍പ്പോലും പരിധി ലംഘിച്ച വിഷാംശം കണ്ടില്ല.
സുഗന്ധവ്യഞ്ജനങ്ങളുടെ 109 സാമ്പിള്‍ പരിശോധിച്ചതില്‍ 71 എണ്ണത്തില്‍ കീടനാശിനി കണ്ടു. അതില്‍ 66 എണ്ണത്തില്‍ അത് പരിധി കടന്നതായും കണ്ടെത്തി. അരിയുടെ 72 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 19 എണ്ണത്തില്‍ കീടനാശിനി കണ്ടെങ്കിലും വിഷം പരിധി കടന്നത് 12 എണ്ണത്തിലായിരുന്നു. വിവിധ പഴങ്ങളുടെ 119 സാമ്പിള്‍ പരിശോധിച്ചെങ്കിലും കീടനാശിനി അംശമുള്ളതായി കണ്ടത് 27 എണ്ണത്തില്‍ മാത്രം. പരിധി കടന്നതോ അതില്‍ മൂന്നെണ്ണത്തില്‍ മാത്രം. കടകളിലും കൃഷിയിടങ്ങളിലും നിന്ന് ശേഖരിച്ച പച്ചക്കറിയുടെ 411 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 111 എണ്ണത്തില്‍ മാത്രമാണ് കീടനാശിനി സാന്നിധ്യം കണ്ടത്. അതില്‍ വെറും 12 എണ്ണത്തിലേ അത് പരിധി കടന്നിട്ടുള്ളൂ.

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഈ കണ്ടെത്തലും സംസ്ഥാന കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്നു നടത്തുന്ന പരിശോധനാ ഫലങ്ങളും ഒത്തുപോകുന്നതല്ല. എഫ്.എസ്.എസ്.എ.ഐ. നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ മാത്രം നോക്കിയാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇവിടെയാകട്ടെ എഫ്.എസ്.എസ്.എ.ഐ. മാനദണ്ഡങ്ങള്‍ നിശ്ചയിട്ടില്ലാത്ത കീടനാശിനികളുടെ അളവ് പരിശോധിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍, കോഡക്സ് എന്നീ അന്താരാഷ്ട്ര ഏജന്‍സികളുടെ അളവുകോല്‍ വച്ചാണ്. അതുകൊണ്ടാണ് പച്ചക്കറികളിലും പഴങ്ങളിലും വലിയതോതില്‍ വിഷാംശമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതും.

കേരളത്തില്‍ വിളയുന്നത് വിഷം തീണ്ടാത്ത പച്ചക്കറി

നമ്മുടെ നാട്ടില്‍ വിഷമടിക്കാതെ തന്നെ പച്ചക്കറികള്‍ നന്നായി വിളയുമെന്ന് ഒരിക്കല്‍ക്കൂടി തെളിയുന്നു. കാര്‍ഷിക സര്‍വകലാശാല, കേരളത്തിലെ പച്ചക്കറി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പരിശോധിച്ച 165 സാമ്പിളുകളില്‍ 163 എണ്ണവും (98.7%) 'ഭക്ഷിക്കാന്‍ സുരക്ഷിതം' എന്ന മാനദണ്ഡം നിലനിര്‍ത്തിയതായി ഫലങ്ങളില്‍ വ്യക്തമാകുന്നു.


2015 ജനവരി 1 മുതല്‍ മാര്‍ച്ച് 31 വരെ ഇവിടത്തെ കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിച്ച 165 പച്ചക്കറി സാമ്പിളുകളുടെ പരിശോധനാ വിവരങ്ങളടങ്ങിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങി. എല്ലാ ജില്ലകളിലേയും വിവരങ്ങള്‍ വെവ്വേറെ കൊടുത്തിട്ടുണ്ട്.

ജൈവ ജില്ലയായി പ്രഖ്യാപിച്ച കാസര്‍കോട്ടെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച ഒരു സാമ്പിളില്‍ വിഷാംശം കണ്ടെത്തിയെങ്കിലും അതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) പരിധി നിശ്ചയിച്ചിട്ടില്ലാത്തതാണ്.

പരിശോധനയില്‍ കോഡക്‌സും യൂറോപ്യന്‍ യൂണിയനും പുറത്ത്‌
സംസ്ഥാന കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും ഭക്ഷ്യ സാധനങ്ങളില്‍ നടത്തുന്ന കീടനാശിനി വിഷാംശ പരിശോധനയില്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ മാനദണ്ഡം ഒഴിവാക്കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) യുടെ നിര്‍ദേശപ്രകാരമാണിത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പച്ചക്കറിയുടേയും പലവ്യഞ്ജനത്തിന്റേയും സാമ്പിളെടുത്ത് പരിശോധിച്ച് ഫലം പ്രസിദ്ധീകരിക്കുന്ന പതിവ്  ഉണ്ടായിരുന്നു.more...

ഇടുക്കി, കോട്ടയം ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലൊന്നിലും വിഷാംശം കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ നിന്ന് ശേഖരിച്ച 73 പച്ചക്കറി സാമ്പിളുകളില്‍ 10 എണ്ണത്തില്‍ മാത്രമാണ് കീടനാശിനി അവശിഷ്ട വിഷാംശം കണ്ടത്. അതില്‍, 'സേഫ് ടു ഈറ്റ്' മാനദണ്ഡം ലംഘിച്ചത് രണ്ട് സാമ്പിള്‍ മാത്രം. പാവല്‍, ചുവപ്പ് ചീര, വെണ്ടയ്ക്ക, പയര്‍, വെള്ളരി എന്നിവയുടെ സാമ്പിളുകളിലാണ് കീടനാശിനി അവശിഷ്ടം കണ്ടെത്തിയത്. ക്‌ളോര്‍പൈറിഫോസ്, ഫെന്‍വാലറേറ്റ്, ലാംബ്ഡാ സൈഹാലോത്രിന്‍, ക്യുനാല്‍ഫോസ് എന്നീ കീടനാശിനികളാണ് ഈ പച്ചക്കറി സാമ്പിളുകളില്‍ ഉണ്ടായിരുന്നത്. പരിധി ലംഘിച്ച സാമ്പിളിന്റെ വിവരങ്ങള്‍ വിപണി അധികൃതരിലൂടെ കര്‍ഷകരെ അറിയിച്ച്, കീടനാശിനി പ്രയോഗത്തില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി സര്‍വകലാശാല ഉപദേശം നല്‍കും.

കര്‍ഷകരുടെ പച്ചക്കറി സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് സാക്ഷ്യപത്രം നല്‍കുന്നത് ഈ പദ്ധതിയുടെ ഭാഗമായി തുടരുന്നു. കൃഷി ഓഫീസറുടെ ശുപാര്‍ശക്കത്തുമായി പരിശോധിക്കേണ്ട പച്ചക്കറികളുടെ ഒരു കിലോ സാമ്പിള്‍ വീതം പ്ലാസ്റ്റിക് അല്ലാത്ത ബാഗില്‍ ലേബലിട്ട് വെള്ളായണി കാര്‍ഷിക കോളേജിലെ 'കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറി'യില്‍ എത്തിക്കുകയാണെങ്കില്‍ സൗജന്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. തോമസ് ബിജു മാത്യു അറിയിച്ചു.

പച്ചക്കറി പരിശോധന: ഭക്ഷ്യസുരക്ഷാ ലാബുകളില്‍
15
പുതിയ തസ്തികകള്‍

സംസ്ഥാനത്തേക്ക് വിഷലിപ്തമായ പച്ചക്കറികളും പഴങ്ങളും എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന് കീഴിലുള്ള അനലിറ്റിക്കല്‍ ലാബുകളില്‍ 15 സാങ്കേതിക വിദഗ്ദ്ധരുടെ തസ്തികകള്‍ സൃഷ്ടിച്ച് ഉടന്‍ നിയമനം നടത്താന്‍ തീരുമാനമായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ലാബുകളില്‍ സാങ്കേതിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി റിസര്‍ച്ച് ഓഫീസര്‍, ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2 എന്നീ തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ആധുനിക സംവിധാനമായ ജി.സി.എം.എസ്.എം.എസ്. ലാബുകളില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഈയം ഉള്‍പ്പെടെയുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഐ.സി.പി.എം.എസ്. തിരുവനന്തപുരം, കോഴിക്കോട് ലാബുകളില്‍ സ്ഥാപിക്കാനും നടപടികളായി.

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പുറമേ മത്സ്യം, മാംസം, ഭക്ഷ്യഎണ്ണകള്‍, കറിപൗഡറുകള്‍ മുതലായവയും, സമയബന്ധിതമായി പരിശോധിക്കാനുള്ള സംവിധാനമാണ് ലാബുകളില്‍ ഒരുക്കുന്നത്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളുടെ സാന്നിധ്യവും താമസിയാതെ കേരളത്തിലെ ഭക്ഷ്യസുരക്ഷാലാബുകളില്‍ പരിശോധിച്ചറിയാനാകും.

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ അനലിറ്റിക്കല്‍ ലാബുകള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്, ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റും കേന്ദ്രശാസ്ത്ര കൗണ്‍സിലിന് കീഴിലുള്ള മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

സാങ്കേതികവിദ്യയുടെ കൈമാറ്റത്തോടൊപ്പം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ സംസ്ഥാനത്തെ ലാബോറട്ടറികളിലെ ഫുഡ് അനലിസ്റ്റുമാര്‍ക്ക് വിദഗ്ദ്ധ പരിശീലനവും നല്‍കും. കേരളത്തിലെ അനലിറ്റിക്കല്‍ ലാബുകള്‍ എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

അടുക്കളയില്‍നിന്ന് ജൈവടോണിക്

തേങ്ങാവെള്ളവും മോരും ഒരേ അനുപാതത്തില്‍ കലര്‍ത്തി 10 ദിവസം സൂക്ഷിച്ചുവെക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലി കലര്‍ത്തി പച്ചക്കറികളില്‍ തളിക്കണം

വീട്ടില്‍നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ പച്ചക്കറികൃഷിക്കുള്ള ഒന്നാന്തരം ടോണിക്കാക്കി മാറ്റാം.കഞ്ഞിവെള്ളം കളയരുത്. പുളിപ്പിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടിലും ഇലകളിലും തളിച്ചുകൊടുക്കാം. ഉപകാരികളായ സൂക്ഷ്മാണുക്കളുടെ കൂട്ടാണ് പുളിച്ച കഞ്ഞിവെള്ളം. രോഗങ്ങളെ പ്രതിരോധിക്കാനും ചെടികളുടെ വളര്‍ച്ച കൂട്ടാനും കഞ്ഞിവെള്ളത്തിന് കഴിയും.

മത്സ്യാവശിഷ്ടം ഒന്നാന്തരം വളമാക്കാം. അറുപതില്‍പരം പോഷകമൂലകങ്ങള്‍ അടങ്ങിയ മത്സ്യത്തെ സമ്പൂര്‍ണവളത്തിനുള്ള അസംസ്‌കൃതവസ്തുവായി തിരഞ്ഞെടുക്കണം. ഏതുതരം മീനിന്റെയും അവശിഷ്ടം ചെറിയ കഷ്ണങ്ങളാക്കി അത്രതന്നെ വെല്ലവും ചേര്‍ത്ത് ഒരു കുപ്പിയില്‍ അടച്ചുവെക്കണം.

ഒന്നര മാസംകൊണ്ട് ഒന്നാന്തരം ഫിഷ് അമിനോ ആസിഡ് തയ്യാറാകും. രണ്ടുമില്ലി ഫിഷ് അമിനോ ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കറിവേപ്പില ഉള്‍പ്പെടെയുള്ള പച്ചക്കറികളില്‍ ആഴ്ചയിലൊരിക്കല്‍ തളിക്കണം. എല്ലാതരം സൂക്ഷ്മമൂലകങ്ങളും ലഭിക്കുമെന്നുമാത്രമല്ല പ്രോട്ടീന്‍ ചീലേറ്റഡ് രൂപത്തിലുള്ള നൈട്രജന്‍ ആയതിനാല്‍ ചെടികള്‍ക്ക് നല്ല കരുത്തും കിട്ടും. മത്സ്യമാലിന്യം ധാരാളമുള്ള വീടാണെങ്കില്‍ മൂടിയുള്ള ബക്കറ്റില്‍ അന്നന്നത്തെ മീന്‍ അത്രതന്നെ വെണ്ണീറുമായി കൂട്ടിക്കലര്‍ത്തിയിടുക. ബക്കറ്റ് നിറയുന്ന മുറയ്ക്ക് മറ്റൊരു ബക്കറ്റില്‍ ഇതേ പ്രവര്‍ത്തനം തുടരാം. വലിയ ചെലവില്ലാതെ തയ്യാറാക്കാവുന്ന ഏറ്റവും നല്ല വളമാണ് മത്സ്യമെന്നത് മറക്കാതിരിക്കുക.

തേങ്ങാവെള്ളവും മോരും ഒരേ അനുപാതത്തില്‍ കലര്‍ത്തി 10 ദിവസം സൂക്ഷിച്ചുവെക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലി കലര്‍ത്തി പച്ചക്കറികളില്‍ തളിക്കണം. ലാക്ടോകൈനിന്റെ വന്‍ സ്രോതസ്സായതിനാല്‍ വളര്‍ച്ചാത്വരകമായി ഇത് പ്രവര്‍ത്തിക്കും.

പറമ്പില്‍ വളരുന്ന കളകള്‍ ഉപയോഗിച്ചും ജൈവടോണിക്കുണ്ടാക്കാം. പലതരത്തിലുള്ള കളകള്‍ പറിച്ച് ഒരു ബക്കറ്റില്‍ നിക്ഷേപിക്കുക. രണ്ടരക്കിലോഗ്രാം കളകള്‍ക്ക് 10 ലിറ്റര്‍ വെള്ളം എന്നതോതില്‍ എടുക്കണം. ഇതില്‍ 20 ഗ്രാംവീതം ശര്‍ക്കര, പുളി, ഉപ്പ് എന്നിവ ലയിപ്പിക്കാം. മൂന്ന് ദിവസത്തിലൊരിക്കല്‍ മിശ്രിതം ഇളക്കണം.

രണ്ടാഴ്ചയ്ക്കുശേഷം ഈ മിശ്രിതം അരിച്ചെടുത്ത് പച്ചക്കറികള്‍ക്ക് വളമായി ചേര്‍ത്തുകൊടുക്കാവുന്നതാണ്. ചെടികള്‍ തഴച്ചുവളരുന്നതിനും കായ്ഫലമുണ്ടാകുന്നതിനും കളവളം ഉത്തമമാണ്. അടുക്കളയില്‍ ചീഞ്ഞുതുടങ്ങിയ പഴങ്ങള്‍ അല്പം യീസ്റ്റും ഒരു ചെറിയകഷ്ണം ശര്‍ക്കരയും പുളിച്ച കഞ്ഞിവെള്ളവും ചേര്‍ത്ത് രണ്ടുദിവസം വെക്കുക. പത്തിരട്ടി വെള്ളം ചേര്‍ത്ത് എല്ലാ ആഴ്ചയും പച്ചക്കറികളുടെ തടം കുതിര്‍ക്കുന്നതിനും തളിച്ചുകൊടുക്കുന്നതിനും ഉപയോഗിക്കാം.

മുയല്‍ വിസര്‍ജ്യം കമ്പോസ്റ്റാക്കാം

മുയല്‍ വിസര്‍ജ്യം ഉപയോഗിച്ച് തേങ്ങോല കമ്പോസ്റ്റ് തയ്യാറാക്കുന്ന രീതി പാലക്കാട് ഇരുമ്പുകച്ചോലയില്‍ കോപ്‌സ് ഫാം ക്‌ളബ്ബ് പ്രതിനിധിയായ ജയിംസ് പി. മാത്യു കണ്ടെത്തിയിരിക്കുന്നു. 9 അടി നീളവും ഏഴര അടി വീതിയും അരയടി ആഴവുമുള്ള കമ്പോസ്റ്റ് ടാങ്ക് തയ്യാറാക്കുക. മധ്യഭാഗത്ത് വീതിക്ക് ഭിത്തി കെട്ടിയാല്‍ രണ്ടറയാക്കാം.

ടാങ്കിന് രണ്ട് അടി മീതെ 8അടി നീളം, രണ്ട് അടി വീതി, അരയടി ഉയരം എന്നിങ്ങനെയുള്ള നെറ്റ് അടിച്ച് മുയല്‍ക്കൂട്  നിര്‍മിക്കുക. ഇത് രണ്ടടി വീതമുള്ള നാലറയായി തിരിക്കണം. ഉണങ്ങിയ ഓലമടല്‍ കാല്‍ ഭാഗം ചാണകവും മണ്ണിരയും ചേര്‍ത്ത് കമ്പോസ്റ്റ് ടാങ്കിലിടുന്നു. മുയല്‍കൂട്ടില്‍ നിന്ന് പതിക്കുന്ന വിസര്‍ജ്യം തെങ്ങോലയുമായി ചേര്‍ന്ന് കമ്പോസ്റ്റാക്കുന്നു. ആദ്യത്തെ പത്തു ദിവസം നനയ്ക്കണം.

തുടര്‍ന്ന് മുയലിന്റെ മൂത്രത്തില്‍ നിന്നുള്ള ഈര്‍പ്പം മതിയാകും. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. മുയല്‍ക്കൂടും മറ്റും ശുചിയോടെയിരിക്കും. മുയലുകള്‍ക്ക് രോഗസാധ്യത കുറയും. ഒപ്പം മികച്ച കമ്പോസ്റ്റും കിട്ടും

മുല്ലപ്പൂ സുഗന്ധമളക്കാന്‍ ഇലക്‌ട്രോണിക് മൂക്ക്

പൂവിന്റെ ഗുണമേന്മ മനസ്സിലാക്കി കൂടുതല്‍ വില വാങ്ങാനും മുല്ലയുടെ സുഗന്ധസത്ത് വേര്‍തിരിക്കാന്‍ മേന്മയുള്ള പൂക്കള്‍തന്നെ തിരഞ്ഞെടുക്കാനും ഈ യന്ത്രം സഹായകരമാണ്.

മുല്ലപ്പൂ മണത്തറിയാന്‍ ഇതാ ഇലക്‌ട്രോണിക് മൂക്ക്. വാണിജ്യാടിസ്ഥാനത്തില്‍ മുല്ലയും പിച്ചിയും കൃഷി ചെയ്യുന്നവര്‍ക്കും ഇതില്‍നിന്ന് വ്യാവസായിക ഉത്പന്നങ്ങള്‍ വേര്‍തിരിക്കുന്നവര്‍ക്കും സഹായകരമായി തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയാണ് ഇലക്‌ട്രോണിക് മൂക്ക് വികസിപ്പിച്ചിരിക്കുന്നത്.മുല്ലപ്പൂവിന്റെ ഗുണമേന്മയുടെ മാനദണ്ഡം അതിന്റെ സുഗന്ധത്തിന്റെ അഥവാ സുഗന്ധത്തിന് കാരണമായ എണ്ണകളുടെ തോതാണ്.

ക്രോമറ്റോഗ്രാഫി, സ്‌പെക്‌ട്രോഗ്രാഫി തുടങ്ങിയ ചെലവേറിയ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഈ തോത് നിര്‍ണയിക്കുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായി, ചെലവ് കുറഞ്ഞതും കൃഷിയിടത്തില്‍ വെച്ചുതന്നെ ഉപയോഗിക്കാവുന്നതുമായ സംവിധാനമാണ് ഇലക്‌ട്രോണിക് മൂക്ക്.

ഇതിന് പ്രത്യേക വൈദഗ്ദ്യവും ആവശ്യമില്ല. സെന്‍സറുകള്‍ ഉപയോഗിച്ച് സുഗന്ധത്തെ മണത്ത് സുഗന്ധ എണ്ണകളുടെ അളവ് കമ്പ്യൂട്ടര്‍ സഹായത്താല്‍ ഈ യന്ത്രം രേഖപ്പെടുത്തും. പൂവിന്റെ ഗുണമേന്മ മനസ്സിലാക്കി കൂടുതല്‍ വില വാങ്ങാനും മുല്ലയുടെ സുഗന്ധസത്ത് വേര്‍തിരിക്കാന്‍ മേന്മയുള്ള പൂക്കള്‍തന്നെ തിരഞ്ഞെടുക്കാനും ഈ യന്ത്രം സഹായകരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04226611230. ഇമെയില്‍: flowers@tnau.ac.in

നീളന്‍ പീച്ചില്‍ കൃഷി

മികച്ചരോഗ, കീടപ്രതിരോധശേഷിയും നീളന്‍ പീച്ചിലിനുണ്ട്. മൂപ്പെത്തിയ കായ്കളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകളാണ് നടില്‍ വസ്തു

സ്വാദുള്ള നീളന്‍ പീച്ചില്‍ നാട്ടില്‍ കൃഷി ചെയ്തുതുടങ്ങി. സലാഡ് വെള്ളരിപോലെ ഇതിന്റെ തന്നെ കായ്കള്‍ ഇളം പ്രായത്തില്‍ പച്ചയായികഴിക്കാം. അരമീറ്ററിലേറെ നീളമുണ്ടാകും. പന്തലില്‍ പടര്‍ത്തിയോ ചെറുമരങ്ങളില്‍ കയറ്റിവിട്ടോ കൃഷി ചെയ്യാം. മികച്ചരോഗ, കീടപ്രതിരോധശേഷിയും നീളന്‍ പീച്ചിലിനുണ്ട്. മൂപ്പെത്തിയ കായ്കളില്‍നിന്ന്  ശേഖരിക്കുന്ന വിത്തുകളാണ് നടില്‍ വസ്തു.

ഉണക്കി സൂക്ഷിക്കുന്ന വിത്തുകള്‍ അല്പസമയം വെള്ളത്തില്‍ കുതിര്‍ത്തശേഷം ജൈവവളങ്ങള്‍ ചേര്‍ത്തെടുത്ത തടങ്ങളില്‍ നേരിട്ടു നട്ടുകിളിര്‍പ്പിക്കാം. വള്ളികള്‍ വീശി തുടങ്ങുമ്പോള്‍ പന്തല്‍ ഒരുക്കി പടര്‍ത്താം. മൂന്നു മാസത്തിനുള്ളില്‍ പീച്ചിലില്‍ നിന്ന് വിളവെടുപ്പാരംഭിക്കാം. കായ്കള്‍ വിളഞ്ഞുപോകുന്നതിന് മുമ്പ് ശേഖരിക്കാന്‍ ശ്രദ്ധിക്കണം.

ജലസേചന സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ എല്ലാക്കാലത്തും നീളന്‍ പീച്ചില്‍ കൃഷി ചെയ്യാം. ഗ്രോബാഗ് കൃഷിക്കും ഇത് അനുയോജ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447808417.

അധികവിള തരുന്ന തീറ്റപ്പുല്ല്

കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. കലാമണിയുടെ നേതൃത്വത്തില്‍ ബജിറയും എലിഫെന്റ്ഗ്രാസും തമ്മില്‍ സങ്കലനം നടത്തി ഉത്പാദിപ്പിച്ചതാണിത്.

കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ യോജിച്ച അധികവിളവു തരുന്ന പുതിയയിനം തീറ്റപ്പുല്ലാണ് സി.ഒ.5 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോയമ്പത്തൂര്‍ അഞ്ച്. കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. കലാമണിയുടെ  നേതൃത്വത്തില്‍ ബജിറയും എലിഫെന്റ്ഗ്രാസും തമ്മില്‍ സങ്കലനം നടത്തി ഉത്പാദിപ്പിച്ചതാണിത്.

ഉഷ്ണ മേഖലാ പ്രദേശങ്ങള്‍ക്ക്‌ േയാജിച്ചതാണിത്.  നീര്‍വാര്‍ച്ചയുള്ള എല്ലാതരം മണ്ണിലും തനിവിളയായോ തെങ്ങിന്‍തോപ്പില്‍ ഇടവിളയായോ  വേലിയോരത്തും ബണ്ടുകളില്‍പ്പോലും ഇത് നടാം. നിലം ആഴത്തില്‍ കിളച്ചൊരുക്കി കളകള്‍ പൂര്‍ണമായും നീക്കംചെയ്ത് ഏക്കറിന് 10 ടണ്‍ കാലിവളവും 40 കിലോ ഫോസ്ഫറസും 60 കിലോ പൊട്ടാഷും അടിസ്ഥാന വളമിട്ട് മേല്‍മണ്ണ് നിരപ്പാക്കണം.

ചാണകത്തോടൊപ്പം ഏക്കറിനു രണ്ടു കിലോ അസോസ്‌പെറ്റില്ലം നേരത്തേ കൂട്ടിക്കലര്‍ത്തി ചേര്‍ത്താല്‍ പുല്ല് പെട്ടെന്നു ആരോഗ്യത്തോടെ കിളിര്‍ത്ത് നല്ല വിളവുതരും.രണ്ടു മുട്ടുകളുള്ള തണ്ടാണ് നടേണ്ടത്.  വരികള്‍ തമ്മിലും തണ്ടുകള്‍ തമ്മിലും 60 സെ.മീറ്റര്‍ അകലം വേണം. ഒരേക്കര്‍ നടാന്‍ 15,000 തണ്ടുകള്‍ വേണ്ടിവരും. മൂന്നു വരി കഴിഞ്ഞ് ഒരു വരി വേലിമസാല എന്നറിയപ്പെടുന്ന ലൂസേണ്‍കൂടി  നട്ട് രണ്ടും ചേര്‍ത്തു മുറിച്ചുകൊടുത്താല്‍ കന്നുകാലികള്‍ക്ക് പോഷകസമൃദ്ധമായ  തീറ്റയായി.

നട്ട് 75ാം നാള്‍ ആദ്യ വിളവെടുക്കാം. തുടര്‍ന്ന് 40 ദിവസത്തിലൊരിക്കലും പുല്ല് മുറിച്ചെടുക്കാം. പുല്ലു മുറിക്കുമ്പോള്‍ ചുരുങ്ങിയത് തറനിരപ്പില്‍നിന്നും 20 സെ.മീറ്ററെങ്കിലും ഉയരത്തില്‍ വരാന്‍ ശ്രദ്ധിക്കണം. രണ്ടര മീറ്റര്‍ ഉയരം വരുന്ന ഇതിന്റെ തണ്ട് കരിമ്പുപോലെ മധുരമുള്ളതായതിനാല്‍ കാലികള്‍ പ്രിയത്തോടെ തിന്നും.ഒരേക്കറില്‍നിന്നും ഒരു വര്‍ഷം ഏഴു വിളവെടുപ്പുകളില്‍കൂടി 360 ടണ്‍ പുല്ല് ലഭിക്കും.

കീടബാധ അധികം കാണാറില്ല.  എല്ലാ കാലത്തും അനുകൂല സാഹചര്യത്തില്‍  ആരോഗ്യത്തോടെ വളരുന്ന സി.ഒ.5 കേരള കന്നുകാലി വികസന ബോര്‍ഡിലെ പാലക്കാട് ധോണി ഫാമില്‍ വ്യാപകമായ തോതില്‍ കൃഷിചെയ്തിട്ടുണ്ട്. 
രണ്ട് മൂടുള്ള ഒരു തണ്ടിന് 35 പൈസാ പ്രകാരമാണ് ഇവിടുന്ന് വില്‍ക്കുന്നതെന്ന് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്ന അസിസ്റ്റന്റ് മാനേജര്‍ ധന്യ പറഞ്ഞു. ഇത്തരം പുല്ലിനങ്ങളെ ചെറു കഷ്ണങ്ങളാക്കുന്ന ആയാസരഹിതമായി കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന  'ചാഫ്കട്ടര്‍' സൗജന്യ നിരക്കില്‍ 3,050 രൂപക്ക് അര്‍ഹരായ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ബോര്‍ഡിലെ എന്‍ജിനീയറായ  കെ.എസ്. ഉദയകുമാര്‍ പറഞ്ഞു. ഇതുവഴി പുല്ല് അല്പംപോലും പാഴാകാതെ പ്രയോജനപ്പെടുത്താനാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9400637224, 9446004363.

ഗ്രോബാഗ് പച്ചക്കറിക്കൃഷി: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

വീട്ടിലേക്കാവശ്യമായ പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ഗ്രോബാഗ് കൃഷിയില്‍ കയ്‌പ്പേറിയ അനുഭവമുള്ളവര്‍ ധാരാളം. മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നതും അകത്തെ കറുത്ത ലൈനിങ്ങും ടെറസ്സിലും മുറ്റത്തും മാറ്റിവെക്കാമെന്നതുമൊക്കെ അനുകൂല ഘടകങ്ങളാണ്. എന്നാലും ഈ കൃഷി പലപ്പോഴും ഫലവത്താകുന്നില്ല. മണ്ണും വിത്തും വിളയും വിളവും അറിഞ്ഞുവേണം ഗ്രോബാഗ് പച്ചക്കറിക്കൃഷിയില്‍ കാലെടുത്തുവെക്കാന്‍.


രണ്ട് സീസണ്‍ തുടര്‍ച്ചയായി കൃഷിചെയ്താല്‍ ഗ്രോബാഗിലെ മണ്ണ് മാറ്റണം. സൂര്യതാപീകരണംചെയ്ത മണ്ണും മണലും ട്രൈക്കോഡര്‍മ വളര്‍ത്തിയ ജൈവവളവും ഒരേ അനുപാതത്തില്‍ കലര്‍ത്തി ബാഗിന്റെ മുക്കാല്‍ഭാഗം നിറയ്ക്കാം. ഗ്രോബാഗിന്റെ ഏറ്റവും താഴെ ചകിരിച്ചോര്‍ കമ്പോസ്റ്റോ മലര്‍ത്തി ആടുക്കിയ ചകിരിയോ പാകണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ചകിരി സഹായിക്കും. നനച്ച മണ്ണുമിശ്രിതത്തിലേക്ക് ഒരുപിടി കുമ്മായമോ ഡോളമൈറ്റോ കലര്‍ത്തണം. രണ്ടാഴ്ച കഴിഞ്ഞാല്‍ മണ്ണൊരുങ്ങിയതായിക്കണ്ട് കൃഷി തുടങ്ങാം. മണ്ണറിയാതെ അല്ലെങ്കില്‍ മണ്ണൊരുങ്ങാതെ വിത്തിട്ടാല്‍ കീടരോഗബാധ ഉറപ്പ്.

വിത്തുഗുണമാണ് പത്തുഗുണം. നല്ല വിത്ത് നടുന്നതോടൊപ്പം മണ്ണില്‍നിന്നുണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിനായി സ്യൂഡോമോണസ് പുരട്ടാനും ശ്രദ്ധിച്ചേ മതിയാകൂ. മണ്ണിലാണ് കീടങ്ങളുടെയും കുമിളുകളുടെയും സുഷുപ്താവസ്ഥ. തക്കംപാര്‍ത്തിരിക്കുന്ന അവയെ പ്രതിരോധിക്കുന്നതിനായി തിരഞ്ഞെടുക്കേണ്ട മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണസ്. ഒരു ഗ്‌ളാസ് വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണസ് കലര്‍ത്തി ആറുമണിക്കൂര്‍ വിത്ത് കുതിര്‍ക്കാം. ചീരപോലെ മുക്കിവെക്കാതെ നടുന്ന വിത്ത് ഇരട്ടി സ്യൂഡോമോണസും പുളിച്ച കഞ്ഞിവെള്ളവുംകൊണ്ട് നനച്ച് അരമണിക്കൂറിനുശേഷം പാകണം. ഒരിക്കലും വിത്ത് ആഴത്തില്‍ നടരുത്. വിത്തിന്റെ വലിപ്പംതന്നെയാണ്  വിത്താഴം.

പറിച്ചുനടുന്ന ചെടിയുടെ വേര് സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവെച്ച് നടാം. രണ്ടാഴ്ചയിെലാരിക്കല്‍ മണ്ണിര കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കോഴിവളമോ ചാണകപ്പൊടിയോ പുളിച്ച പിണ്ണാക്കോ ചേര്‍ക്കണം. കീടബാധ ഒഴിവാക്കുന്നതിനായി വേപ്പെണ്ണ എമല്‍ഷന്‍ ആഴ്ചയിലൊരിക്കല്‍ തളിക്കണം.

ഓരോ ഇനത്തിനും ഉത്പാദന ക്ഷമതയില്‍ വ്യത്യാസമുണ്ടാകും അതുകൊണ്ടുതന്നെ സന്തുലിത വളപ്രയോഗത്തിലൂടെ വിളവ് കൂട്ടാം. രാസകീടനാശിനികള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് ഓരോ വിളയുടെയും ആവശ്യമായ സമയത്തും ആവശ്യമായ രീതിയിലും വളപ്രയോഗം നടത്തിയാല്‍ ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ വിജയം സുനിശ്ചിതം.

ചിതലും കൃഷിയും

 

ലോകമെങ്ങും ജൈവ കൃഷി രീതി ഏറെ പ്രചാരം നേടി വരുകയാണല്ലോ. രാസവള കീടനാശിനി പ്രയോഗങ്ങളാൽ ഫലഭുഷ്ട്ടിയുള്ള നല്ല മണ്ണ് ഉപയോഗശൂന്യമായ് മാറിക്കൊണ്ടിരിക്കുന്നു എന്ന വൈരുധ്യം ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തിലാണ് കാർഷിക ശാസ്ത്രന്ജനമാർ ജൈവ കൃഷി രീതിയെ പറ്റി ചിന്തിക്കാൻ തുടങ്ങിയത്.

രാസ പ്രയോഗം കൊണ്ട് മണ്ണിര പോലും നശിച്ചുപോകുന്നതായ് കണ്ടെത്തി. ഈ വസ്തുത കണക്കിലെടുതാണ് ഇപ്പോൾ മണ്ണിര കമ്പോസ്റ്റിന് പ്രചാരം നല്കി വരുന്നത്. മണ്ണിനും വിണ്ണിനും ഗുണം ചെയ്യുന്ന മറ്റനേകം സൂക്ഷ്മ ജീവികളും രാസപ്രയോഗം കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്നു. മെച്ചപെട്ട ജൈവ കൃഷിക്ക് ഇത്തരത്തിൽ നഷ്ട്ടപെട്ട പ്രക്രിദത്തമായ എല്ലാ ഘടകങ്ങളും പുനർജീവിപ്പിക്കുകയും പുതിയവ കണ്ടെത്തുകയും ചെയ്യണം.

പ്രത്യഷത്തിൽ ഉപദ്രവകരികളായ് തോന്നുന്ന പല ജീവികളും മണ്ണിനും മനുഷ്യനും പ്രകൃതിക്കും ആവശ്യകരികലനെന്നും കാണാം. അക്കുട്ടത്തിൽ പെട്ട ഒരു കീടമാണ്‌ ചിതൽ. ഇവ കര്ഷകനെ ഒത്തിരി വിഷമിപ്പികാരുണ്ട്. കര്ഷകന്റെ കണ്ണ് ഇത്തിരി തെറ്റിയാൽ തെങ്ങിൻ തയ്യും അതുപോലെ വിലപെട്ട മറ്റു തയ്കളും അവ തിന്നു കളയും. ചിതലിന് പ്രതിവിധിയായ് ബി. എച്. സി. പൌഡർ ആണ് ഉപയോഗിച്ച വരുന്നത്. എന്നാൽ ചിതലിനെ ജൈവക്രിഷിയിലെക്ക് മുതല്കൂട്ടവുന്നതാണെന്നു ശ്രദ്ധിച്ചാൽ മനസിലാകും.

തെങ്ങ് കൃഷിയിലെക്കാന് ഇവ കൂടുതൽ ഉപകാരപെടുക. തെങ്ങിൻ തടത്തിൽ ചിതലുകൾക്ക് പ്രവർത്തിക്കാൻ ധാരാളം അവസരങ്ങൾ നല്കുക എന്നതാണ് പ്രധാനം. വേഗത്തിൽ ചിതൽ പിടിക്കുന്ന ചണ്ടി ചരക്കുകൾ തെങ്ങിൻ തടത്തിൽ മാത്രമായി ധാരാളം വിതറിയിടുക. വേനലിലും വർഷത്തിലും ഇത് ചെയ്യാം. തെങ്ങിന്റെ അരിപ്പ ചിതലിന് ഇഷ്ട്ടഹാരമാണ്. ചിതലിനെ ആകര്ഷിക്കാൻ ഇത് ഉപയോഗപെടുത്താം. ഇത് ചെയ്യുമ്പോൾ തെങ്ങിന് ചുറ്റും ചുരുങ്ങിയത് 6 സെന്റി മീറ്റരെങ്കിലും അകലത്തിൽ ചവരിടാവ്.

ഇനി ചിതൽ  എന്ത് ചെയ്യുന്നു എന്ന് നോക്കാം. നാം ഇട്ടു കൊടുത്ത ഉണങ്ങിയ ചണ്ടി ചരക്കുകൾ അവ പതുക്കെ തിന്നു മണ്ണ് ആക്കി തുടങ്ങിയിരിക്കും. ഈ മണ്ണ് അവയുടെ വിസര്ജ്യവസ്തു ധാരാളം അടങ്ങിയതാണ്. മണ്ണിന്റെ ഫലഭുഷ്ട്ടിക്കും അതുമൂലം സസ്യ വളര്ച്ചക്കും അത്യന്തപെഷിതമായ ന്യ്ട്രജനും ഫോസ്ഫരസും മറ്റും ഇതിൽ അടങ്ങിയിരിക്കും. ജലസംഭരണ ശേഷിയും കൂടും. പ്രകൃതിയുടെ പഴയ ഉഴുവുകരനായ മണ്ണിരയുടെ നിലനില്പിനും പ്രവർത്തനത്തിനും പറ്റിയ മണ്ണും ആയിരിക്കും.

ചിതലിനും മണ്ണിരക്കും  ഇഷ്ട്ടഹരമായ ഉണക്കചാണകം തെങ്ങിന ചുവട്ടിലെ ചവരോടോന്നിച് വിതറി നനച്ചു കൊടുത്താൽ

ഇവയുടെ പ്രവര്ത്തനം കൂടുതൽ ഫലപ്രധമാകും. കാലാകാലങ്ങളിൽ തെങ്ങിന് ചുറ്റും വേരുകള മുറിച് വളമിടുന്ന ഇന്നത്തെ കൃഷിരീതിയെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. വെള്ളം ചോര്ന്നു പോകതെ വരമ്പ് ഉയരത്തി കണ്ടങ്ങലായ് തിരിച്ച തെങ്ങുകളെ ചെറിയ തടത്തിൽ നിര്തുന്നതാണ് കൂടുതൽ ആരോഗ്യകരം.ഈ രീതി മൂലം കൂളിചെലവും വളങ്ങളുടെ അളവും വളരെ കുറയ്ക്കാം.

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate