অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കര്‍ഷകന് തുണയാകുന്ന യന്ത്രങ്ങള്‍

കര്‍ഷകന് തുണയാകുന്ന യന്ത്രങ്ങള്‍

കര്‍ഷകന് തുണയാകുന്ന യന്ത്രങ്ങള്‍

കാര്ഷികമേഖല ആധുനികവല്‍ക്കരണത്തിന്‍റെ പാതയിലാണ്. കൃഷി, മൃഗസംരക്ഷണ മേഖലയില്‍ 20-)൦ നൂറ്റാണ്ടിന്‍റെ ആദ്യപാദങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് – മനുഷ്യന്‍റെ കായികശക്തി ലഘൂകരിക്കുന്നതിനുള്ള ആധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയത്. ആവി എന്‍ജിനുകളുടെ കണ്ടുപിടുത്തവും – ഡീസല്‍, പെട്രോള്‍ എന്‍ജിനുകളുടെ കടന്നുവരവും മനുഷ്യന്‍റെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതോടൊപ്പം – കാര്‍ഷിക ക്ഷീരമേഖലയിലെ പ്രവൃത്തികള്‍ ആയാസരഹിതമായി വളരെവേഗം ചെയ്തുതീര്‍ക്കാന്‍ യന്ത്രസഹായം കൂടിയേതീരൂ എന്ന തിരിച്ചറിവാണ് യന്ത്രവത്ക്കരണത്തിന് ആക്കം കൂട്ടിയത്. ആധുനികയുഗത്തിലും കേരളത്തിലെ കാര്‍ഷികമേഖലയിലെ ഊര്‍ജ്ജവിനിയോഗത്തിന്‍റെ 30 ശതമാനം മാത്രമേ യാന്ത്രികശക്തി ഉപയോഗപ്പെടുത്തുന്നുള്ളൂ. തുണ്ടുകളായി അങ്ങിങ്ങായി വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങള്‍ക്ക് യോജിച്ച ചെറിയ കാര്‍ഷികയന്ത്രങ്ങള്‍ ലഭ്യമല്ലാത്തത് കേരളത്തില്‍ സമ്പൂര്‍ണ്ണ കാര്‍ഷിക യന്ത്രവത്ക്കരണത്തിന് തടസ്സം സൃഷ്ടിക്കാറുണ്ട്. ചെറുകിട കര്‍ഷകരെ സംബന്ധിച്ചിടത്തോളം കൃഷിയന്ത്രങ്ങള്‍ സ്വന്തമായി വാങ്ങാനുള്ള സാമ്പത്തിക ബുദ്ധിമുട്ടും, ആവശ്യമായ സമയങ്ങളില്‍ അവ വാടകയ്ക്ക് പോലും കിട്ടാതെ വരുന്നതും, യന്ത്രവത്ക്കരണ നടപടികള്‍ക്ക് വിഘാതം സൃഷ്ടിക്കാറുണ്ട്. കേരളത്തിന് അനുയോജ്യമായ ചില കാര്‍ഷിക യന്ത്രങ്ങളെ പരിചയപ്പെടാം.

സബ്സോയിലര്‍ കലപ്പ അഥവാ ഉളിക്കലപ്പ (SUB SOILER PLOUGH)

കൃഷിയിടങ്ങളില്‍ ഉപയോഗിക്കപ്പെടുന്നവയില്‍ അടിസ്ഥാന കാര്‍ഷിക യന്ത്രങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഒരു കൃഷി യന്ത്രമാണ് സബ്സോയിലര്‍ കലപ്പ, മണ്ണിലൂടെ നിരങ്ങി നീങ്ങുന്ന ഏകദേശം അരിവാളിന്‍റെ ആകൃതിയിലുള്ള കലപ്പയും ആഴത്തില്‍ മണ്ണിളക്കുന്നതിന് കലപ്പയുടെ അഗ്രത്ത് പിടിപ്പിച്ചിരിക്കുന്ന കൊഴുവും (share) ചേര്‍ന്നതാണ് സബ്സോയിലര്‍ കലപ്പ.

മോള്‍ഡ് ബോര്‍ഡ് കലപ്പ (MOULD BOARD PLOUGH)

ഏറ്റവും പുരാതനവും ഏറ്റവും കൂടുതല്‍ പരിഷ്ക്കരണത്തിന് വിധേയമായിട്ടുള്ളതുമായ ഒരു ഉഴവുയന്ത്രമാണ് മോള്‍ഡ് ബോര്‍ഡ് കലപ്പ. ഏതാണ്ട് 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് പുരാതന ചൈനയിലെ കൃഷിക്കാര്‍ തങ്ങളുടെ കൃഷിയിടങ്ങളിലെ കട്ടിയുള്ള മേല്‍മണ്ണ് ഉഴുതുമറിച്ചു മണ്ണിനെ ധാന്യവിളകൃഷിക്ക് അനുയോജ്യമാക്കുവാന്‍ കല്ല്‌, തടി എന്നിവ കൊണ്ടുണ്ടാക്കിയ ഉഴവ് ഉപകരണങ്ങളിളെ ആശ്രയിച്ചിരിക്കുന്നു.

തുടര്‍ന്ന് ലോഹങ്ങളുടെ കണ്ടുപിടുത്തത്തോടെ ഇരുമ്പ് കൊണ്ട് നിര്‍മ്മിതമായ ആധുനിക മോള്‍ഡ് ബോര്‍ഡ് കലപ്പകള്‍ പ്രചാരത്തിലായി. മണ്ണിലേക്ക് തുളച്ചുകയറുന്ന കൊഴു, ഇളകിയ മണ്ണിനെ പിന്നിലേക്ക് തള്ളിനീക്കുന്ന ഹീല്‍ (heel), മണ്ണിനെ ഉയര്‍ത്തി മറിക്കുവാന്‍ പാകത്തിന് ഘടിപ്പിച്ചിരിക്കുന്ന ചിറകുപോലുള്ള മോള്‍ഡ് ബോര്‍ഡ് എന്നിവയാണ് ഇതിന്‍റെ പ്രധാനഭാഗങ്ങള്‍. ഉഴവുമാടുകളുടെ സഹായത്താല്‍ നടന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന ഏകദേശം 10 മുതല്‍ 20 കിലോഗ്രാം വരെ ഭാരംവരുന്ന ചെറിയ മോള്‍ഡ് ബോര്‍ഡ് കലപ്പ മുതല്‍ നിരപ്പായ സ്ഥലങ്ങളില്‍ ട്രാക്ടറില്‍ ഘടിപ്പിച്ച് വേഗത്തില്‍ ഉഴവു നടത്താന്‍ കഴിയുന്ന കൂറ്റന്‍ ഇരുമ്പ് കലപ്പകള്‍ വരെ ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ കല്ലുകളും വേരുകളുമില്ലാത്ത നിരപ്പായ സ്ഥലങ്ങളിലെ ഉഴവിന് ഏറ്റവും അനുയോജ്യമായ പ്രസ്തുത കലപ്പ ട്രാക്ടറിന് പുറകിലെ യന്ത്രകൈകളില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 200 മുതല്‍ 400 കിലോഗ്രാം വരെ ഭാരമുള്ള മോള്‍ഡ് ബോര്‍ഡ് കലപ്പ പ്രവര്‍ത്തിപ്പിക്കുവാന്‍ 35 മുതല്‍ 50 കുതിരശക്തി വരെയുള്ള ട്രാക്ടര്‍ വേണ്ടിവരുന്നു.

ഡിസ്ക് കലപ്പ അഥവാ ചട്ടിക്കലപ്പ (DISC PLOUGH)

മണ്ണിലേക്ക് തുളച്ചുകയറുന്ന നീളന്‍ കൊഴുവും – ഉഴുതുമറിച്ച മണ്ണിലൂടെ നിരങ്ങിനീങ്ങുന്ന കലപ്പയും മണ്ണിനെ ഇളക്കിമറിക്കുന്ന ചിറകുകളും (wings) ചേര്‍ന്ന സാധാരണ കലപ്പകളാണ് നമുക്ക് പരിചയമുള്ളത്. എന്നാല്‍ ഒരു ഇരുമ്പ് ചട്ടക്കൂടില്‍ ബെയറിംഗുകളുടെ സഹായത്താല്‍ ചെറിയ ചരിവോടുകൂടി നിരയായി ഘടിപ്പിച്ചിരിക്കുന്ന വക്രാകൃതിയിലുള്ള ഉരുക്ക് ചട്ടികളാണ് മണ്ണിനെ ഉഴുതുമറിക്കുന്നത്. ട്രാക്ടറിന്‍റെ സഹായത്താല്‍ മാത്രം പ്രവര്‍ത്തിപ്പിക്കാവുന്ന ഡിസ്ക് കലപ്പയുടെ മൂര്‍ച്ചയുള്ള അരികുകള്‍ മണ്ണിലൂടെ നിരങ്ങിയും കറങ്ങിയും മുന്നോട്ട് നീങ്ങുമ്പോള്‍ മേല്‍മണ്ണ് ഇളകിമാറുന്നു. ചെറിയ കല്ലുകളും വേരുകളും കൂടുതലായി കാണപ്പെടുന്ന നിരന്ന കൃഷിസ്ഥലങ്ങള്‍ക്ക് ഏറ്റവും ഉചിതമായ ഒരു ഉഴവുയന്ത്രമാണ് ഡിസ്ക് കലപ്പ. ഡിസ്കുകളുടെ എണ്ണത്തിനനുസരിച്ച് ട്രാക്ടറിന്‍റെ കുതിരശക്തിയും വ്യത്യാസപ്പെടുന്നു.

ഞാറുനടീല്‍ യന്ത്രം (PADDY TRANSPLANTER)

നെല്‍കൃഷിക്കുവേണ്ടി ഉഴുതു നിരപ്പാക്കിയ പാടങ്ങളില്‍ പ്രത്യേകം തയാറാക്കിയ പായ്ഞാറ്റടിയിലെ ഞാറുകള്‍ കൃത്യമായ എണ്ണത്തിലും അകലത്തിലും നടുന്നതിന് ഉപയോഗിക്കാവുന്ന യന്ത്രമാണ് ഞാറുനടീല്‍യന്ത്രം. യന്ത്രത്തിന് മുകളില്‍ പ്രത്യേകം തയാറാക്കിയ പാത്രങ്ങളില്‍ 3 മുതല്‍ 10 വരെ യന്ത്രവിരലുകള്‍ കൃത്യമായ അകലത്തില്‍ രണ്ടോ മൂന്നോ നെല്‍ച്ചെടികളെ മണ്ണില്‍ അമര്‍ത്തി നട്ട് മുന്നോട്ട് നീങ്ങുന്നു. ഒരാള്‍ക്ക് ഇരുന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതും നടന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതുമായ നടീല്‍ യന്ത്രങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.ലോകവിപണിയില്‍ ജപ്പാന്‍, ചൈന, ഫിലിപ്പൈന്‍സ് എന്നീവിടങ്ങളില്‍ നിന്നാണ് പ്രധാനാമായും നടീലിനുവേണ്ടിയുള്ള ചെറിയ കാര്‍ഷിക യന്ത്രങ്ങള്‍ലഭിക്കുന്നത്

കൊയ്ത്ത് യന്ത്രം (PADDY REAPER)

നെല്‍കൃഷിയില്‍ ഏറ്റവുംകൂടുതല്‍ മനുഷ്യാധ്വാനം വേണ്ട പ്രവര്‍ത്തനങ്ങളാണ്  ഞാറുനടീലും കൊയ്ത്തും. കൊയ്യാനും കൊയ്ത കറ്റകള്‍ പാടത്തുതന്നെ വരിയായി അടുക്കിവയ്ക്കാനും സാധ്യമാക്കുന്ന യന്ത്രമാണ് കൊയ്ത്ത് യന്ത്രം. മനുഷ്യന് നടന്നു പ്രവര്‍ത്തിപ്പിക്കാവുന്ന കൊയ്ത്ത് യന്ത്രങ്ങള്‍ 3 മുതല്‍ 10 കുതിരശക്തി വരെയുള്ള ചെറിയ യന്ത്രത്തില്‍ ഘടിപ്പിച്ചും ഇരുന്ന് പ്രവര്‍ത്തിക്കാവുന്നവ ട്രാക്ടറുകളുടെ മുന്‍വശത്ത് പ്രത്യേക ചട്ടക്കൂടില്‍ ഘടിപ്പിച്ചുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അഞ്ച് കുതിരശക്തിക്കുള്ള നടന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് മണിക്കൂറില്‍ ഏകദേശം 50 സെന്‍റ് സ്ഥലത്തെ കറ്റകള്‍ കൊയ്ത് ഒരുവശത്തായി അടുക്കിവയ്ക്കാന്‍ സാധിക്കും.

കമ്പയിന്‍   ഹാര്‍വെസ്റ്റര്‍ (COMBINE HARVESTOR)

വെള്ളക്കെട്ടില്ലാത്ത വിശാലമായ നെല്‍പ്പാടങ്ങളിലെ കറ്റകള്‍ കൊയ്തെടുത്ത് യന്ത്രത്തിനുള്ളിലേക്ക് പ്രത്യേക കണ്‍വെയറിലൂടെ ഉള്ളിലേക്ക് വലിച്ചുകയറ്റി കറ്റയില്‍ നിന്നും നെല്‍മണികള്‍ പൂര്‍ണമായി വേര്‍പെടുത്തിയ ശേഷം കറ്റകള്‍ പാടങ്ങളിലേക്കും നെല്‍മണികള്‍ പ്രത്യേക അറകളിലേക്കും സംഭരിക്കുന്ന കൂറ്റന്‍യന്ത്രങ്ങളാണ് കമ്പയിന്‍ ഹാര്‍വെസ്റ്റര്‍. മണിക്കൂറില്‍ ഒരേക്കറിലധികം നിരപ്പായ പാടങ്ങളില്‍ കറ്റ കൊയ്ത നെല്ല് വേര്‍തിരിക്കാന്‍ ഈ യന്ത്രത്തിന് സാധിക്കുന്നു.

മെതി യന്ത്രങ്ങള്‍ (THREASHING EQUIPMENT)

കൊയ്തെടുത്ത നെല്‍കറ്റകളില്‍നിന്നും നെല്‍മണികള്‍ വേര്‍തിരിക്കുന്ന യന്ത്രമാണ് മെതിയന്ത്രം. തടികൊണ്ടോ ഇരുമ്പ് തകിടുകള്‍ കൊണ്ടോ നിര്‍മിച്ച ഒരു ഡ്രമ്മും അതിന്‍റ ഉപരിതലത്തില്‍ ഉറപ്പിച്ചിരിക്കുന്ന കമ്പിക്കൊളുത്തുകളുമാണ് ഇതിന്‍റ പ്രധാനഭാഗം. മിനിറ്റില്‍ ഏകദേശം 500 പ്രാവശ്യം തിരിയുന്ന ഡ്രമ്മിലേക്ക് പിടിക്കുന്ന നെല്‍കറ്റകളില്‍നിന്ന് നെല്‍മണികള്‍ വേഗത്തില്‍ വേര്‍ത്തിരിച്ചെടുക്കാവുന്നതാണ്. ഡ്രം കറങ്ങുന്നതിന് വൈദ്യുത മോട്ടോറോ, എന്‍ജിനോ ഉപയോഗിക്കാം. കാലുകൊണ്ട് ചവിട്ടി കറക്കാവുന്ന ചെറിയ മെതിയന്ത്രങ്ങളും വിപണിയില്‍ ലഭ്യമാണ്.മെതി യന്ത്രത്തിന്‍റ വലുപ്പത്തിനനുസരിച്ച് വിലയും വ്യത്യാസപ്പെടും.

സ്പ്രേയറുകള്‍ (SPRAYERS)

ദ്രാവകരൂപത്തിലുള്ള കീടനാശിനികള്‍, കളനാശിനികള്‍ എന്നിവ തളിക്കുന്നതും ഇലകള്‍ വഴി നല്‍കാവുന്ന ജലലേയമായ രാസവള മിശ്രിതങ്ങള്‍ തളിക്കുന്നതിനും ഉപയോഗിക്കുന്നവയാണ് സ്പ്രേയറുകള്‍. യന്ത്രവല്‍കൃതവും അല്ലാത്തതുമായ സ്പ്രേയറുകളുടെ നീണ്ടനിരതന്നെ ഇന്ന് വിപണിയില്‍ കാണാം. പ്രവര്‍ത്തനരീതിയില്‍ ഏകദേശം ഒരുപോലെയാണെകിലും ഓരോ ആവശ്യങ്ങള്‍ക്കും വിവിധതരം സ്പ്രേയറുകളാണ് ഉപയോഗിക്കുന്നത്.

യന്ത്രവല്‍കൃത സ്പ്രേയറുകള്‍ (POWER SPRAYER)

വിശാലമായ കൃഷിയിടങ്ങളിലെ ധാന്യചെടികള്‍ക്കും പയര്‍വര്‍ഗവിളകള്‍ക്കും തേയില, ഏലം മുതലായ പ്ലാന്‍റേഷന്‍ വിളകള്‍ക്കും ആവശ്യമായ കീടനാശിനി പ്രയോഗങ്ങള്‍ക്കും കുമിള്‍നാശിനികള്‍-ഇലകളില്‍ തളിക്കുന്നതും പൊടിരൂപത്തിലുള്ള കുമിള്‍നാശിനി പ്രയോഗത്തിനുമാണ് യന്ത്രവല്‍കൃത സ്പ്രേയറുകള്‍ ഉപയോഗിക്കുന്നത്. അപകേന്ദ്രശക്തിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ചെറിയ എന്‍ജിനും കീടനാശിനി നിറയ്ക്കുന്നതിനുളള ഒരു ടാങ്കുമാണ് ഇതിന്‍റ പ്രധാനഭാഗങ്ങള്‍. എന്‍ജിന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ടാങ്കിനുള്ളിലെ ദ്രാവകം ശക്തിയായി അപകേന്ദ്ര പമ്പ് പുറത്തേക്ക് വലിച്ചെടുത്ത് ബഹിര്‍ഗമനനാളി വഴി പുറത്തേക്ക് ചീറ്റുന്നു. ഒരാള്‍ക്ക് മുതുകില്‍ തൂക്കിനടന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രവല്‍കൃത സ്പ്രേയറുകള്‍ ഉപയോഗിച്ച് ഒരുദിവസം 4 മുതല്‍ 6 ഹെക്ടര്‍ കൃഷിസ്ഥലത്ത് കീടനാശിനി തളിക്കാം.

നാപ്സാക്ക് സ്പ്രേയര്‍ (KNAPSACK SPRAYER)

ഉയര്‍ന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മിച്ചതും വായുകടക്കാതെ അടച്ചുവയ്ക്കുവാന്‍ കഴിയുന്ന 9 മുതല്‍ 15 ലിറ്റര്‍വരെ ഉള്‍ക്കൊള്ളുന്ന ഒരു ജാറും, അതിന്‍റെ                           ഒരു വശത്തായി ജാറിനുള്ളില്‍ വായുനിറയ്ക്കാന്‍ പാകത്തിനു ഘടിപ്പിച്ച സൈക്കിള്‍ പമ്പിന് സമാനമായ ഒരു പമ്പുമാണ് ഇതിന്‍റെ പ്രധാനഭാഗം. തളിക്കേണ്ട ദ്രാവകം പമ്പില്‍നിറച്ച് പമ്പ്മുതുകില്‍ തൂക്കി കൈപ്പിടിമുകളിലേയ്ക്കും താഴേയ്ക്കും ചലിപ്പിക്കുമ്പോള്‍ ജാറിനുള്ളില്‍ വായു നിറയുകയും പ്രസ്തുത വായു ജാറിനുള്ളില്‍ ഉന്നത മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു. ആവശ്യമായ അവസരങ്ങളില്‍ സ്പ്രേയറിന്‍റെ പുറത്തേക്കുള്ള വാല്‍വ് തുറന്ന് പിടിക്കുമ്പോള്‍ പമ്പിനുള്ളില്‍ വായു മര്‍ദ്ദം കുറയുന്ന മുറയ്ക്ക് കൈപ്പിടി പ്രവര്‍ത്തിപ്പിച്ച് ടാങ്കിനുള്ളിലെ മര്‍ദ്ദം കൂട്ടാവുന്നതാണ്.

വരമ്പ് കോരി (BUND FORMER)

ആഴത്തില്‍ ഉഴുതുനിരപ്പാക്കിയ വിശാലമായ കൃഷിയിടങ്ങളില്‍ ഒന്നിടവിട്ട് മണ്‍ത്തിട്ടകളും ചാലുകളും നിര്‍മിക്കാന്‍ ഉപയോഗിക്കാവുന്ന യന്ത്രസംവിധാനമാണ് വരമ്പ്കോരി അഥവാ ചാല് കോരി. ഒരു ഇരുമ്പ് പൈപ്പില്‍ ലംബക ആകൃതിയില്‍ ചിറകുകള്‍ പോലെ ഘടിപ്പിച്ചിരിക്കുന്ന സ്റ്റീല്‍തകിടുകളാണ് മണ്ണിനെ തടുത്തുകൂട്ടി മണ്‍തിട്ടകളാക്കി മാറ്റുന്നത്. പണകളുടെ വീതി രണ്ട് ചിറകുകളുടെ ചരിവിനും പിന്‍ഭാഗത്തെ വീതിക്കും ആനുപാതികമായി വ്യത്യാസപ്പെടുന്നു. ഉഴുതുമറിച്ച നിരപ്പായ കൃഷിയിടങ്ങളില്‍ പണകള്‍ കോരി കൃഷിചെയ്യാവുന്നവ മരച്ചീനി, നിലകടല, പച്ചക്കറികള്‍ എന്നിവയുടെ നടീലിന് കൃഷിസ്ഥലം പാകപ്പെടുത്തുവാന്‍ ഇവ ഉചിതമാണ്. പണകള്‍ വിളകള്‍ നടുവാനും ചാലുകള്‍ ജലസേചനത്തിനും സാധ്യമാകുന്ന രീതിയിലാണ് വരമ്പ് കോരിയുടെ പ്രവര്‍ത്തനം.

കേജ് വീല്‍ (CAGE WHEEL)

നെല്‍കൃഷിക്കുവേണ്ടി ഉഴുതുമറിച്ച് വെള്ളം കയറ്റിയ പാടങ്ങളില്‍ ചെളി കലക്കി മണ്ണ് പരുവപ്പെടുത്താനുള്ള യന്ത്രസംവിധാനമാണ് കേജ് വീല്‍. ട്രാക്ടറിന്‍റെ റബര്‍ ടയറുകള്‍ക്ക് സമാനമായി ട്രാക്ടറിന്‍റെ വീല്‍ ഹബുകളില്‍ ഘടിപ്പിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം. ട്രാക്ടറിന്‍റെ വീലുകള്‍ പോലെ കട്ടിയുള്ള ഇരുമ്പുതകിടുകള്‍ വൃത്താകൃതിയില്‍ വളച്ചുണ്ടാക്കിയ ഇരുമ്പ് ചക്രങ്ങളാണ് കേജ് വീല്‍. ടയറുകള്‍ മാറ്റി കേജ് വീല്‍ മാത്രമായോ ടയറുകള്‍ക്കൊപ്പം പിടിപ്പിച്ചോ ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഏകദേശം 40 മുതല്‍ 50 കിലോഗ്രാം വരെ ഭാരം വരുന്ന കേജ്  വീലുകള്‍ ട്രാക്ടറില്‍ ഘടിപ്പിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു ഹെക്ടര്‍ സ്ഥലം നാല് മണിക്കൂര്‍കൊണ്ട് ചെളി കലക്കി വിത്ത് വിതയ്ക്കാന്‍ പാകപ്പെടുത്താം.

വിത്ത്-വളം-വിതയന്ത്രം (SEED-CUM-FERTILIZER DRILL)

ഉഴുതുമറിച്ച് നിരപ്പാക്കിയ കൃഷിസ്ഥലത്തെ മണ്ണിലേക്ക് വിത്തും വളവും കൃത്യമായ അളവിലും അകലത്തിലും എത്തിക്കുന്ന യന്ത്രസംവിധാനമാണ് വിത്ത്-വളം-വിതയന്ത്രം. വിത്തും വളവും നിറയ്ക്കുന്ന പ്രത്യേക അറകള്‍- ഇവയുടെ മണ്ണിലേക്കുള്ള നീക്കം ക്രമീകരിക്കുന്നതിനുള്ള ഫ്ളൂട്ടഡ് റോളറുകള്‍ വിത്തും വളവും മണ്ണിലേക്ക് പതിക്കുന്നതിനു സഹായിക്കുന്നതിനുള്ള കുഴലുകള്‍ വിത്തിനേയും വളത്തേയും കൃത്യമായ ആഴത്തില്‍ എത്തിക്കുന്നതിനു വേണ്ടി ചാല് കോരി വിത്തിനുമുകളില്‍ ആവശ്യമായ മേല്‍മണ്ണ് ഇട്ട് മൂടുന്നതിനുള്ള സംവിധാനം എന്നിവയും ഇതില്‍ ഉണ്ടായിരിക്കും. നെല്ല്, ഗോതമ്പ്, ചോളം, ഓട്സ്, പയറുവര്‍ഗവിളകള്‍ എന്നിവയുടെ വിത്തുകള്‍ കൃത്യമായ അളവില്‍ വളവുമായി ചേര്‍ത്ത് വരിയായി മണ്ണിലെത്തിക്കാന്‍ വിതയന്ത്രം ഉപയോഗിക്കാം.

റോട്ടറി ടില്ലര്‍ അഥവാ റോട്ടവേറ്റര്‍ (ROTAVATOR)

ഉഴവുസമയത്ത് കൃഷിയിടങ്ങളില്‍ മൂന്നു പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും കാര്‍ഷിക യന്ത്രങ്ങള്‍ ചെയ്യുന്നത്.

  • കട്ടിയുള്ള മേല്‍മണ്ണിനെ ഇളക്കുന്നു.
  • ഉഴുതുമറിച്ച മണ്ണിനെ ഉയര്‍ത്തിമാറ്റി മന്കട്ടകള്‍ ഉടച്ച് മണ്ണിനെ വായുസഞ്ചാരമുള്ളതാക്കി മാറ്റുന്നു.
  • കൃഷിയിടങ്ങളിലെ കളകളെ ചുവടോടെ ഇളക്കി ഉഴുതുമറിച്ച മണ്ണുമായി കൂട്ടിയോജിപ്പിക്കുന്നു.

ഈ മൂന്ന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മൂന്നുതരം കൃഷിയന്ത്രങ്ങള്‍ സാധാരണയായി വേണ്ടിവരുന്നു. എന്നാല്‍ ഈ മൂന്നു പ്രവര്‍ത്തനങ്ങളും ഒരേസമയം ചെയ്തുതീര്‍ക്കുന്ന കാര്‍ഷിക യന്ത്രമാണ് കറങ്ങുന്ന കലപ്പയെന്നു അറിയപ്പെടുന്ന റോട്ടവേറ്റര്‍. ട്രാക്ടറിന്‍റെ പി.ടി.ഒ (power take off) ഷാഫ്റ്റില്‍നിന്നുള്ള ശക്തി ഉപയോഗപ്പെടുത്തി സ്വയം കറങ്ങുന്നതിനും കളകളേയും കട്ടികുറഞ്ഞ കല്ലുകളെയും പൊടിച്ചുമാറ്റി മേല്‍മണ്ണുമായി സംയോജിപ്പിച്ച് വായുസഞ്ചാരമുണ്ടാക്കുവാനും റോട്ടവേറ്റര്‍ അനുയോജ്യമാണ്.

പുറംഭാഗം കാഠിന്യം വരുത്തിയ സ്റ്റീല്‍ ഷാഫ്റ്റില്‍ പരസ്പരം കൂട്ടിമുട്ടാതെ ഘടിപ്പിച്ചിരിക്കുന്ന എല്‍(L) ആകൃതിയിലുള്ള ഉരുക്ക് ബ്ലേഡുകളാണ് ഇതിന്‍റെ പ്രധാന ഭാഗം. ട്രാക്ടറിന്‍റെ ശക്തി പി.ടി.ഒ ശക്തി റോട്ടവേറ്ററിലേക്ക് പകര്‍ന്നുനല്‍കുന്നതിനുള്ള പ്രൊപ്പല്ലര്‍ ഷാഫ്റ്റും അനുബന്ധ ഗിയര്‍ സംവിധാനങ്ങളും ഇതില്‍ ഉണ്ടായിരിക്കും. ട്രാക്ടറിന്‍റെ യന്ത്ര കൈകളില്‍ റോട്ടവേറ്റര്‍ ഘടിപ്പിച്ച് – പി.ടി.ഒ. സംവിധാനവുമായി യോജിപ്പിച്ചാല്‍ റോട്ടവേറ്റര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായി. തുടര്‍ന്ന് പി.ടി.ഒ. പ്രവര്‍ത്തിപ്പിക്കുമ്പോള്‍ റോട്ടവേറ്റര്‍ ശക്തിയായി തിരിയുന്നു. റോട്ടവേറ്റര്‍ മണ്ണിലേക്ക് താഴ്ത്തി ട്രാക്ടര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ കറങ്ങുന്ന റോട്ടവേറ്റര്‍ ബ്ലേഡുകള്‍ മണ്ണിനെ ഉഴുതുമറിക്കുന്നു. കളകളും കട്ടികുറഞ്ഞ കുറ്റിച്ചെടികളുമുള്ള നിരപ്പായ കൃഷിയിടങ്ങള്‍ ഉഴുതുമറിക്കാന്‍ ഏറ്റവും ഉത്തമമാണ് മൂന്ന് ജോലികള്‍ ഒരേസമയം ചെയ്യുന്ന റോട്ടവേറ്റര്‍ എന്ന കറങ്ങുന്ന കലപ്പ.

ഡിസ്ക്ക് ഹാരോ (DISC HARROW)

ഉഴവു യന്ത്രങ്ങളെ പ്രധാനമായി രണ്ട് രീതിയില്‍ തരംതിരിക്കാം.

  1. മണ്ണിനെ ഇളക്കിമറിക്കുന്ന പ്രാഥമിക യന്ത്രങ്ങളും
  2. ഇളകിയ മണ്ണിന്‍റെ മന്കട്ടകള്‍ ഉടച്ച് വായു സഞ്ചാരമുണ്ടാക്കുന്ന ദ്വിതീയ കാര്‍ഷിക യന്ത്രങ്ങളും

ദ്വിതീയ കാര്‍ഷികയന്ത്രങ്ങളില്‍ ഏറ്റവും പ്രചാരമുള്ള ഒന്നാണ് ഡിസ്ക്ക് ഹാരോ. ഒരു ഇരുമ്പ് ചട്ടക്കൂടില്‍ ഒരു നിരയായോ രണ്ട് നിരകളായോ ക്രമീകരിച്ചിട്ടുള്ള ഏകദേശം 5 മുതല്‍ 15 വരെ വക്രാകാരമായ ഉരുക്ക് ചട്ടി(ഡിസ്ക്)കളാണ് ഇതിന്‍റെ പ്രധാനഭാഗം. ഡിസ്കുകള്‍ ഇരുമ്പ് ഷാഫ്റ്റില്‍ ബെയറിംഗുകളുടെ സഹായത്താല്‍ ഉറപ്പിച്ചിരിക്കും. ട്രാക്ടറിന്‍റെ പുറകിലെ യന്ത്രക്കൈകളില്‍ ഡിസ്ക് ഹാരോ ഘടിപ്പിച്ച് ഉഴുതിട്ട കൃഷിയിടങ്ങളിലൂടെ വലിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുമ്പോള്‍ ഇരുമ്പ് ഡിസ്കുകള്‍ മണ്ണിനെ ചിതറിത്തെറിപ്പിച്ച് കട്ടകളുടച്ചു വായുസഞ്ചാരമുള്ളവയാക്കുന്നു.

200 മുതല്‍ 500 കിലോഗ്രാം ഭാരമുള്ള ഡിസ്ക്ക് ഹാരോ 30 മുതല്‍ 60 കുതിരശക്തിയുള്ള ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. നിരപ്പായ വെള്ളക്കെട്ടില്ലാതെ ഉഴുതിട്ട മണ്ണില്‍ ഇത്തരം ഡിസ്ക് ഹാരോ ഉപയോഗിച്ച് മണിക്കൂറില്‍ രണ്ട് ഏക്കര്‍ വരെ കൃഷിസ്ഥലം പുതുക്കൃഷിക്ക് പാകപ്പെടുത്താം.

കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷിക ഗൈഡ്

 

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate