অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരുതലോടെ കൃഷി ചെയ്യാം

കരുതലോടെ കൃഷി ചെയ്യാം

തൈകൾക്ക് നിലയ്ക്കാത്ത ഓർഡർ

സ്കൂളിലെ സമർഥരായ വിദ്യാർഥികളെയെല്ലാം ഒരു ഡിവിഷനിലാക്കിയതു പോലെയാണ് തോമസ് ചേട്ടന്റെ പുരയിടമിപ്പോൾ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കണ്ടെത്തിയ നൂറ്റമ്പതോളം നല്ലയിനം പ്ലാവുകളുടെ ബഡ് തൈകൾ ഈ പുരയിടത്തിൽ ഒരുമിച്ചു വളരുന്നു. സസ്യശാസ്ത്രജ്ഞരുടെ ഭാഷയിൽ പ്ലാവുകളുടെ ജീൻബാങ്ക്.

റബറിന്റെ അധിനിവേശത്തിൽ പുരയിടത്തിൽനിന്ന് അപ്രത്യക്ഷമായ പ്ലാവിനങ്ങൾ പാലാ രാമപുരത്തിനു സമീപം ചക്കാമ്പുഴ കട്ടക്കയം തോമസിന്റെ ബാല്യകാലസ്മരണകളിൽ എന്നും നിറഞ്ഞുനിന്നിരുന്നു. കുട്ടിക്കാലത്തു നിത്യഭക്ഷണത്തിന്റെ ഭാഗമായിരുന്ന ചക്കയിൽനിന്നു ധാന്യങ്ങളിലേക്കു ചുവടുമാറിയതാണ് നാട്ടിലെ പല ആരോഗ്യപ്രശ്നങ്ങളുടെയും അടിസ്ഥാനമെന്ന തിരിച്ചറിവും അദ്ദേഹത്തെ അസ്വസ്ഥനാക്കി. റബറിന്റെ സാമ്പത്തിക പേശീബലം കുറയുകയും ചക്കയുടെ നന്മകൾ അംഗീകരിക്കപ്പെടുകയും ചെയ്തുതുടങ്ങിയത് തന്റെ പ്രിയപ്പെട്ട പ്ലാവിനങ്ങളെ തിരിച്ചുപിടിക്കാനുള്ള അവസരമാക്കി തോമസ് മാറ്റുകയായിരുന്നു. അയലത്തു തുടങ്ങിയ ആ അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കു നീണ്ടപ്പോൾ ഏഴരയേക്കർ പുരയിടത്തിലെ ഒഴിവുള്ള ഇടങ്ങളിലെല്ലാം പ്ലാവിൻതൈകൾ വളർന്നുതുടങ്ങി.

 

പുരയിടത്തിൽതന്നെ അവശേഷിച്ചിരുന്ന ഏഴിനങ്ങളിൽനിന്ന് ഈ ശേഖരം 150 ഇനങ്ങളിലേക്കു വളർന്നുകഴിഞ്ഞു. പ്ലാവിന്റെ ഏറ്റവും മികച്ച ജനിതക ശേഖരമായി ഇതു മാറുന്നതിനു പിന്നിൽ മൂന്നു വർഷത്തെ നിരന്തരമായ അന്വേഷണവും യാത്രയും പണച്ചെലവും മാത്രമല്ല സന്മനസ്സുള്ള ഒട്ടേറെപ്പേരുടെ പ്രോത്സാഹനവുമുണ്ടെന്ന് തോമസ് സാക്ഷ്യപ്പെടുത്തുന്നു. ആവശ്യക്കാരുടെ താൽപര്യമനുസരിച്ച് ഇവയുടെ ബഡ് തൈകൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ ഈ 72കാരൻ. റബർ നഴ്സറി നടത്തിയുള്ള മുൻപരിചയമാണ് ഇക്കാര്യത്തിൽ ഇദ്ദേഹത്തിനു മുതൽക്കൂട്ട്.

കിട്ടുന്ന ഇനങ്ങളെല്ലാം നട്ടുവളർത്തിയല്ല തോമസ് ഇത്രയും വലിയ പ്ലാവിൻശേഖരമുണ്ടാക്കിയത്. ഓരോ ഇനത്തിന്റെയും ഫലങ്ങൾ പച്ചയായും പഴുപ്പിച്ചും രുചിച്ചുനോക്കിയശേഷം മാത്രമാണ് തന്റെ ശേഖരത്തിൽ ഉൾപ്പെടുത്തണമോയെന്ന് ഇദ്ദേഹം തീരുമാനിക്കുക. സവിശേഷതകളുള്ള പ്ലാവുകൾ കണ്ടെത്തിയാൽ അവയുടെ മൂത്ത ചക്ക വീട്ടിലെത്തിക്കുകയാണ് ആദ്യം ചെയ്യുക– പകുതി പച്ചയായും ബാക്കി പഴുപ്പിച്ചും കഴിക്കും. സവിശേഷമെന്നു തോന്നിയാൽ മാത്രം അവയുടെ ബഡ്തൈകളുണ്ടാക്കും– തോമസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽനിന്നു കിട്ടിയ ഇനങ്ങളുടെ ബഡ് തൈകൾ നടാനായി റബർമരങ്ങൾ വെട്ടിമാറ്റി ഒന്നരയേക്കർ സ്ഥലം നീക്കിവച്ചിട്ടുണ്ട്. ഇവിടം ഏറക്കുറെ നിറഞ്ഞ സാഹചര്യത്തിൽ പുരയിടത്തിൽതന്നെ കൂടുതൽ സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലാണിപ്പോൾ. തന്റെ ശേഖരത്തിലുള്ള ഓരോ ഇനത്തിന്റെയും സവിശേഷതകളും കണ്ടെത്തിയ സ്ഥലവും ഇദ്ദേഹം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ബഡ് തൈകൾ കൂടുതലായി ഉൽപാദിപ്പിക്കുന്നുമുണ്ട്. പ്ലാവിൻതൈകൾ തേടിയെത്തുന്നവർക്ക് വിതരണം ചെയ്യുന്നതിനാണിത്.

ഫോൺ: 9495213264

പൻറുട്ടിയിലെ പ്ലാത്തോട്ടങ്ങൾ

റബർതോട്ടവും മാന്തോപ്പും തെങ്ങിൻതോപ്പുമൊക്കെ മലയാളഭാഷയിലെ സുപരിചിത പദങ്ങളാണ്. പക്ഷേ പ്ലാത്തോട്ടമെന്നത് കേരളരാഷ്ട്രീയത്തിലെ അറിയപ്പെടുന്ന ഒരു വീട്ടുപേരുമാത്രമാണ് നമുക്ക്. പ്ലാവ് തോട്ടമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് മലയാളി ചിന്തിച്ചിട്ടില്ലെന്നു വ്യക്തം. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ പൻറുട്ടി താലൂക്കിലുള്ള പ്ലാവിൻതോട്ടങ്ങൾ നമുക്ക് കൗതുകകരമായ ഒരു കൃഷിക്കാഴ്ചയാണ്. തീരദേശജില്ലയായ കടല്ലൂരിലാണ് പൻറുട്ടി. ഇവിടുത്തെ അ‍ഞ്ചും പത്തും ഏക്കർ വീതമുള്ള പ്ലാവിൻതോപ്പുകൾ വേറിട്ട കാഴ്ചയ്ക്കൊപ്പം ചിന്തകൾക്കും ഇടം നൽകുന്നു.

മണലിന്റെ അംശം കൂടുതലുള്ള ഇവിടുത്തെ മണ്ണിൽ കശുമാവാണ് പ്രധാന വിള. തൊട്ടുപിന്നിലായി പ്ലാവുണ്ട്. പല കർഷകകുടുംബങ്ങളും പ്ലാവുകൃഷിയിലൂടെ മികച്ച വരുമാനം നേടുന്നുമുണ്ട്. പൻറുട്ടി താലൂക്കിലാകെ ആയിരം ഹെക്ടറിലധികം പ്ലാവുകൃഷിയുണ്ടെന്നാണ് പ്ലാവുകർഷകൻ കൂടിയായ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (റിട്ട.) ഹരിദോസ് പറഞ്ഞത്. ഇതിൽ പകുതിയോളം പത്ത് ഏക്കറിലധികമുള്ള പ്ലാവിൻതോട്ടങ്ങൾ തന്നെ. മുന്നൂറ് വർഷം മുമ്പ് തന്നെ ഈ മേഖലയിൽ പ്ലാവ് വരുമാനത്തിനായി കൃഷി ചെയ്തിരുന്നെന്ന് അദ്ദേഹം പറയുന്നു. കശുമാവ് തോട്ടങ്ങളുടെ അരികിലൂടെ പ്ലാവ് നടുന്ന രീതിയായിരുന്നു തുടക്കത്തിൽ കൂടുതലായുണ്ടായിരുന്നത്. എന്നാൽ വരുമാനസാധ്യത വർധിച്ചതോടെ പലരും കശുമാവിൽനിന്നു പ്ലാവിലേക്ക് തിരിയുകയാണെന്ന് ഹരിദോസ് പറഞ്ഞു.

കൃഷിക്കാരുടെ കണക്കനുസരിച്ച് ഒരു ഏക്കറിൽ 60 പ്ലാവ് നടാം. മലയാളത്തിനു പരിചയമില്ലാത്ത പരിപാലനരീതികളാണ് ഇവർ പ്ലാവിനു നൽകുന്നത്. മഴയില്ലാത്ത സീസണിൽ മാസത്തിലൊരിക്കൽ പ്ലാവുകൾക്ക് നന നൽകും. തോട്ടങ്ങളിൽ ഇതിനായി കുഴൽകിണറുകളുണ്ട്. കുഴൽകിണറിൽനിന്നു പമ്പ് ചെയ്യുന്ന ജലം ചാലുകളിലൂടെ ഓരോ പ്ലാവിനെയും ചുറ്റിയൊഴുകും. കായ്കളുടെ എണ്ണം കുറച്ച് വണ്ണം കൂട്ടുന്ന തിന്നിങ് ടെക്നോളജിയാണ് പൻറുട്ടിയിലെ പ്ലാവുകൃഷിയുടെ മറ്റൊരു സവിശേഷത. പ്ലാവിന്റെ പ്രായവും വലുപ്പവുമനുസരിച്ച് നിശ്ചിത എണ്ണം ചക്ക മാത്രം വളരാൻ അനുവദിക്കുന്ന രീതിയാണിത്. അധികമായുണ്ടാവുന്ന മുഴുവൻ ചക്കയും ചെറുപ്രായത്തിൽ തന്നെ മുറിച്ചുകളയുന്നു. ഇതുവഴി തൂക്കം കൂടുതലുള്ള വലിയ ചക്ക കിട്ടുമെന്ന് ഹരിദോസ് പറഞ്ഞു. വാണിജ്യരീതിയിലുള്ള കൃഷി വർധിച്ചതോടെ ചെറിയ തോതിലുള്ള രാസവളപ്രയോഗത്തിലേക്കു ചിലരെങ്കിലും നീങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് ഇവിടെ ചക്കയുടെ ഉൽപാദന സീസൺ. സീസണാകുന്നതോടെ പൻറുട്ടി പട്ടണത്തിൽ ചക്കവ്യാപാരകേന്ദ്രങ്ങൾ സജീവമാകും. കൃഷിക്കാർ ചെറുവണ്ടികളിൽ കൊണ്ടുവരുന്ന ചക്ക റോഡ‍രികിലെ ഷെഡുകളിൽ പ്രത്യേകം കൂട്ടിയിടും. മുംബൈ, സൂറത്ത് തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നു ചക്ക കയറിപ്പോകുന്നു. കച്ചവടം ഉറപ്പിച്ച ചക്ക രാത്രിയിൽ ലോഡ് ചെയ്യും. അതിരാവിലെ ഒട്ടേറെ ചക്കലോറികൾ ഉത്തരേന്ത്യൻ നഗരങ്ങളിലേക്കു യാത്ര പുറപ്പെടുന്നത് സീസണിൽ ഇവിടുത്തെ പതിവു കാഴ്ചയാണ്. ഇതുകൂടാതെ ചക്കപ്പഴത്തിന്റെ ചില്ലറക്കച്ചവടവും സജീവം. ബസ് സ്റ്റാൻഡിലും വഴിയരികിലുമായി ചക്കപ്പഴം വിൽക്കുന്ന നൂറിലധികം സ്ത്രീകളുണ്ടിവിടെ. വഴിയോരക്കച്ചവടക്കാരിയായ ശാന്തിയോട് വില തിരക്കി– ഒരു ചുളയ്ക്ക് രണ്ടു രൂപ. ഈച്ചയാർക്കാതെ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയ ചക്കപ്പഴം വിറ്റുതീരുന്ന മുറയ്ക്ക് ഇവർതന്നെ കൂടുതൽ ചക്ക വെട്ടി ചുള പെറുക്കിവയ്ക്കും. ചില്ലറക്കച്ചവടത്തിനുള്ള ചക്ക മൊത്തക്കച്ചവടക്കാരിൽനിന്നാണ് വാങ്ങാറുള്ളത്. അയൽക്കാരായ കൃഷിക്കാരിൽനിന്നും വാങ്ങും.

റോഡരികിലെ ചക്കപ്പഴവ്യാപാരം

പൻറുട്ടിയിലെ പ്ലാവുകർഷകരിൽ പ്രമുഖനായ കരുണാകരന് ആറര ഏക്കറോളം പ്ലാവിൻതോട്ടമുണ്ട്. ആകെ 400 മരങ്ങളാണ് ഇപ്പോൾ കായ്ഫലം നൽകുന്നത്. ഏതാനും വർഷംമുമ്പ് കടല്ലൂരിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ ഇദ്ദേഹത്തിന്റെ തോട്ടമാകെ നാശത്തിന്റെ വക്കിലെത്തിയതായിരുന്നു. ഭൂരിപക്ഷം മരങ്ങളും ഒടിഞ്ഞുപോയതിനെ തുടർന്ന് എല്ലാം പിഴുതുമാറ്റി പുതിയ തൈകൾ നടാനായി കരുണാകരൻ തീരുമാനിച്ചതായിരുന്നു. എന്നാൽ കൃഷി ഓഫിസറായ ഹരിദോസ് ഒടിഞ്ഞ മരങ്ങൾക്കു പുതുജീവൻ നൽകുന്നതിനുള്ള വിദ്യ പഠിപ്പിച്ചതോടെ ആ തീരുമാനം മാറി. ഒടിഞ്ഞ ഭാഗം മുറിച്ചുമാറ്റിയശേഷം മുറിവിൽ ബോർഡോമിശ്രിതവും മറ്റ് കുമിൾനാശിനികളും പുരട്ടി സംരക്ഷിക്കുന്ന വിദ്യയാണ് ഇവർ നടപ്പാക്കിയത്. ഇതുവഴി ഭൂരിഭാഗം മരങ്ങളും നശിച്ചുപോകാതെ സംരക്ഷിക്കാൻ കഴിഞ്ഞെന്നു കരുണാകരൻ ചൂണ്ടിക്കാട്ടി. നശിച്ച മരങ്ങൾക്ക് പകരം നട്ട തൈകളും ഇവിടെ വളർന്നുവരുന്നുണ്ട്.

മന്നവേന്ദ്രാ വിളങ്ങുന്നു...

പ്ലാവിൽനിന്നുള്ള വരുമാനത്തെക്കുറിച്ച് കരുണാകരൻ നിരത്തുന്ന കണക്ക് നമ്മുടെ കണ്ണു തുറപ്പിക്കുന്നതാണ്. വലിയ ഒരു പ്ലാവിൽ പരമാവധി 20 ചക്കയാണ് ഇദ്ദേഹം അനുവദിക്കുക. ഇപ്രകാരം ഉൽപാദിപ്പിക്കുന്ന ഓരോ ചക്കയ്ക്കും ശരാശരി 20 കിലോ തൂക്കം പ്രതീക്ഷിക്കാമെന്നു കരുണാകരൻ പറയുന്നു. അതനുസരിച്ച് ഒരു പ്ലാവിൽനിന്നും കിട്ടുന്ന 20x20= 400 കിലോ ചക്കയ്ക്ക് 20 രൂപ നിരക്കിൽ 8000 രൂപ വരുമാനം ഉറപ്പാണ്. ഒരു ഏക്കറിലെ 60 മരങ്ങളിൽ നിന്നുള്ള ആകെ ആദായം 4,80,000 രൂപ!!. ഒരു ഏക്കർ പ്ലാവുകൃഷിക്ക് വേണ്ടിവരുന്ന ചെലവാകട്ടെ പരമാവധി പതിനായിരം രൂപ. കള നശിപ്പിക്കുന്നതിനായുള്ള ഉഴവിനും മാസത്തിലൊരിക്കലുള്ള നനയ്ക്കും കുമിൾനാശിനി പ്രയോഗത്തിനും വേണ്ടിവരുന്ന തുകയാണിത്.

ഇടനിലക്കാരുടെ ചൂഷണം ഇവിടെയും പ്ലാവ് കർഷകരെ വലയ്ക്കുന്നുണ്ട്. തോട്ടമടച്ചു വില പറയുന്ന ഇവർ മൂപ്പെത്തുന്ന ചക്ക പട്ടണത്തിലെ ഏജന്റുമാരുടെ ഷെഡുകളിലെത്തിക്കുന്നു. ഇടനിലക്കാരും ഏജന്റുമാരും ചേർന്ന് വില നിശ്ചയിക്കുന്ന സംവിധാനമാണിവിടെ. ഇതുവഴി കൃഷിക്കാർക്ക് 20 ശതമാനത്തോളം വരുമാനനഷ്ടമുണ്ടെന്നാണ് കരുണാകരന്റെ കണക്ക്. ഈ ചൂഷണം മറികടക്കാനായി തന്റെ തോട്ടത്തിലെ ചക്ക മുഴുവൻ ചെന്നൈ വിപണിയിലെത്തിക്കുകയാണ് കരുണാകരൻ ചെയ്യുന്നത്. ചക്കക്കച്ചവടത്തിനായി ഒരാളെ വേതനം നൽകി നിയമിച്ചിട്ടുമുണ്ട്. പ്രമുഖ ഹോട്ടൽ ഗ്രൂപ്പ് ചക്ക ഐസ്ക്രീം നിർമിക്കാനായി കരുണാകരന്റെ തോട്ടത്തിലെ ചക്ക നേരിട്ടുവാങ്ങുന്നു.

ഫോൺ: 9443074620 (ഹരിദോസ്)

അന്തീനാട്ടിലെ മികവിന്റെ തോട്ടം

ജാതിക്കായുടെ വില താഴുകയും വീണ്ടും ഉയരുകയുമൊക്കെ ചെയ്യുമ്പോഴും പാലാ അന്തീനാട്ടിലെ കാവുകാട്ട് തറവാട്ടിൽ ജോർജ് തോമസ് എന്ന എഴുപത്തിരണ്ടുകാരൻ കൃഷിക്കാരനു കുലുക്കമില്ല. ബാങ്ക് മാനേജരുടെ കസേരയിൽനിന്നു വിരമിച്ച് പുരയിടത്തിലിറങ്ങിയപ്പോൾ തന്നെ ഉറപ്പുള്ള നിക്ഷേപമാണ് ജാതിയെന്നു തിരിച്ചറിഞ്ഞതാണദ്ദേഹം. കൂടെ കൂട്ടിയ ജാതി മരങ്ങൾ ചതിക്കില്ലെന്ന് അദ്ദേഹത്തിനുറപ്പുണ്ട്. വംശമഹിമയും ഉൽപാദനമികവുമുള്ള ഇനങ്ങൾ തിരഞ്ഞുപിടിച്ചു നട്ടുവളർത്തിയ തോട്ടമാണിതെന്നതുതന്നെ കാരണം.

ഓരോ രീതിയിൽ മികവ് തെളിയിച്ച 11 ഇനം ജാതിമരങ്ങളാണ് വീടിനോടു ചേർന്നുള്ള തോട്ടത്തിലുള്ളത്. കായ്കളുടെ എണ്ണം, വലുപ്പം, പത്രിയുടെ നിലവാരം എന്നിങ്ങനെ വിവിധ ഗുണങ്ങളിൽ മെച്ചപ്പെട്ടതെന്നു തെളിഞ്ഞവ മാത്രം കൃഷി ചെയ്തിരിക്കുന്നതിനാൽ ഈ മരങ്ങളിൽനിന്നുള്ള വിളവും തൈകളും ഒന്നിനൊന്നു മെച്ചം. ജാതിക്കയുടെ വിപണിവിലയിൽ ചിലപ്പോൾ മങ്ങലുണ്ടാകാറുണ്ടെങ്കിലും 25 വർഷത്തെ ശരാശരി വില കണക്കിലെടുത്താൽ ഏതു നാണ്യവിളയെക്കാളും ആദായകരം ജാതിയാണെന്ന കാര്യത്തിൽ ജോർജ് തോമസിനു സംശയമില്ല.

‌ഇരുപതു വർഷം മുമ്പ് കൃഷിയിൽ സജീവമായപ്പോൾ മുതൽ ജാതിയുടെ ജനിതകമികവ് ഉറപ്പാക്കാനായി വിവിധ ജാതിത്തോട്ടങ്ങൾ സന്ദർശിച്ച് ഏറ്റവും മികച്ചവ മാത്രം തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ഇടുക്കിയിലെ മുരിക്കാശേരി, മുനിയറ, കോഴിക്കോട് ജില്ലയിലെ പൂവാറംതോട് എന്നിവിടങ്ങളിൽനിന്നെല്ലാം ഇപ്രകാരം മികച്ച ഇനങ്ങൾ കണ്ടെത്താനായെന്ന് ജോർജ് തോമസ് പറയുന്നു. കൂടാതെ കേരളത്തിലെമ്പാടുമുള്ള ജാതിനഴ്സറികളിൽ നിന്നുള്ള മുന്തിയ ഇനങ്ങളും ഇവിടെയുണ്ട്.

ജാതിക്കാ

ഒരു മരത്തിൽനിന്ന് ശരാശരി 5500–6500 രൂപ ആദായം. ജനിതക മികവിനൊപ്പം ശാസ്ത്രീയമായ പരിപാലനവും ഈ നേട്ടത്തിനു പിന്നിലുണ്ട്. ജൈവവളത്തിനു പ്രാധാന്യം നൽകി അത്യാവശ്യത്തിനു മാത്രം രാസവളം നൽകുന്ന ശൈലിയാണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ചാണകം, നിലത്തു കുഴിയെടുത്തു മൂടി സൂക്ഷിച്ച കോഴിവളം, എല്ലുപൊടി കൂടുതലടങ്ങിയ സ്റ്റെറാമീൽ എന്നിവയാണ് പ്രധാന പോഷകക്കൂട്ട്. ഇതിനു പുറമേ, രാസവളമായി പൊട്ടാഷും നൽകും. മികച്ച വിളവിന് ഈ രീതിയിലുള്ള പോഷണം സഹായിക്കുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം. വർഷത്തിൽ മൂന്നു തവണ ബോർഡോമിശ്രിതം തളിക്കുന്നു. മേയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിലാണ് ഇത്.

കിണറ്റുകരയില്‍ ജാതിത്തൊണ്ടിനും വില

എല്ലാ സീസണിലും നല്ല കായ്ഫലം നൽകുന്ന മരങ്ങളും അതിവർഷത്തിലും ഉൽപാദനക്ഷമത നിലനിറുത്തുന്ന ഇനങ്ങളും ഇവിടുണ്ട്. മുപ്പതു ശതമാനത്തോളം ജാതിമരങ്ങൾ ശരാശരിയിലും അധികം ഉൽപാദനമുള്ളവയാണ്. തോട്ടത്തിലെ കൂടുതൽ മികവുള്ള മൂന്നിനങ്ങളുടെ ബഡ് തൈകൾ ഇവിടെ വിൽപനയ്ക്കുണ്ട്. എല്ലാ മാസവും വിളവെടുക്കാവുന്ന ഇനമാണ് ഇവയിൽ ശ്രദ്ധേയം. ഒരു വർഷം ആറു തവണ പൂവിടും. പൂക്കളിൽ 90 ശതമാനവും കായ് പിടിക്കുന്നതിനാൽ മറ്റിനങ്ങളെക്കാൾ കൂടുതൽ വിളവ് പ്രതീക്ഷിക്കാം. താരതമ്യേന വലുപ്പം കുറഞ്ഞ കായ്കളായതിനാൽ ഒരു കിലോ തൂക്കം ലഭിക്കുന്നതിനു 100– 110 കായ്കൾ വേണ്ടിവരും. പതിനഞ്ചു വർഷം പ്രായമായ ഈ ഇനത്തിൽനിന്ന് ഒരു വർഷം 20–25 കിലോ ജാതിക്കായ് പ്രതീക്ഷിക്കാം. ചുവന്ന നിറമുള്ള പത്രിക്കു കനം കുറവായതിനാൽ 1200–1500 പത്രിയുണ്ടെങ്കിലേ, ഉണക്കിയെടുക്കുമ്പോൾ ഒരു കിലോ കാണുകയുള്ളൂ.

ഒരു കിലോ തൂക്കം കിട്ടാൻ 85–90 കായ്കൾ മതിയാവുന്ന ഇനവും ശരാശരി 65 കായ്കളിൽനിന്ന് ഒരു കിലോ വീതം തൂക്കം കിട്ടുന്ന ഇനവും ഇവിടെയുണ്ട്. സ്വയം വികസിപ്പിച്ച സങ്കരഇനമാണ് ഈ കർഷകന്റെ മറ്റൊരു മുന്നേറ്റം. ഒരു വർഷം പ്രായമായ ബഡ്തൈകൾപോലും ഇദ്ദേഹത്തിന്റെ നഴ്സറിയിൽ മൊട്ടിട്ടു നിൽക്കുന്നതു കാണാം. മൂന്നും നാലും തട്ട് വളർച്ചയെത്തിയ ജാതി തൈകളിൽ ബഡ് ചെയ്താണ് ഒരു വർഷത്തിനകം കായ്ഫലമേകുന്ന ജാതി ഉൽപാദിപ്പിക്കുന്നത്.

ഫോൺ: 9446126438, 894342687

തേനീച്ചകളുടെ മഴക്കാല പരിചരണം

തേനീച്ചക്കർഷകരുടെ ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിഘട്ടവും മഴക്കാലമാണ്.

പല സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന കോളനികൾ മഴക്കാലത്ത് എളുപ്പം എത്തിപ്പെടാവുന്ന സ്ഥലത്തും തെങ്ങിൻതോപ്പുകളുടെ പരിസരപ്രദേശം കേന്ദ്രീകരിച്ചും മാറ്റി സ്ഥാപിക്കണം.

പിന്നീട് സൂപ്പർ ചേംബറിൽ (ബ്രൂഡ് ചേംബറിന് മുകളിൽ തേൻ ശേഖരിക്കുന്നതിന് സ്ഥാപിച്ച തട്ടുകള്‍) ഒന്നുമാത്രം നിലനിർത്തി മറ്റുള്ളവ എടുത്തുമാറ്റണം. അവശേഷിക്കുന്ന ചേംബറിലെ തേനറകൾ (റാഗലുകൾ) അറുത്തുമാറ്റിയ ശേഷം വലിയ റബർ ചിരട്ടകൾ ചേംബറിനകത്ത് ഇറക്കി ഉറപ്പിച്ചുവയ്ക്കുക. ഈ ചിരട്ടകളിലാണ് പഞ്ചസാര ലായനി ഒഴിച്ചു കൊടുക്കേണ്ടത്.

പഞ്ചസാര ലായനി തയാറാക്കുന്ന വിധം

ഒരു ലീറ്റർ വെള്ളത്തിൽ ഒരു കിലോഗ്രാം പഞ്ചസാര എന്ന കണക്കിൽ ഉപയോഗിക്കാം. പഞ്ചസാരയുടെ ഗുണനിലവാരം അനുസരിച്ച് വെള്ളത്തിനു ചെറിയ വ്യത്യാസം വരുത്താം. ചൂടുവെള്ളത്തിൽ പഞ്ചസാര ചേർത്ത് ഇളക്കി ലായനിയാക്കി തണുപ്പിച്ചശേഷം അൽപം മഞ്ഞൾപ്പൊടിയും ചേർത്ത് ഈച്ചകൾക്കു നൽകാം.

നൽകുന്ന വിധം

പഞ്ചസാര ലായനി ബ്രൂഡ് ചേംബറിന് അകത്തു വച്ചിരിക്കുന്ന ചിരട്ടയിലേക്കു പകരുമ്പോൾ പുറത്തേക്ക് തുള്ളിപ്പോകാതെ ശ്രദ്ധിക്കണം. പുറത്തേക്കു പോയാൽ ഉറുമ്പുകളുടെ ശല്യം ഉണ്ടാവാം. ചിരട്ടയ്ക്കകത്ത് ഈർക്കിലോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് ഈച്ചകൾക്ക് യഥേഷ്ടം കയറിപ്പോകുന്നതിനു സൗകര്യം ഒരുക്കണം.

എപ്പോഴൊക്കെ?

മഴക്കാലം ആരംഭിക്കുന്നതോടെ പഞ്ചസാര ലായനി നൽകിത്തുടങ്ങാം. നൽകാൻ തുടങ്ങുമ്പോൾ ആദ്യ ദിവസംതന്നെ ചിരട്ടയിലെ ലായനി, ഈച്ചകൾ പൂർണമായും കുടിച്ചുതീർത്താൽ അടുത്ത ദിവസം വീണ്ടും നൽകണം. തുടർന്ന് ആഴ്ചയിൽ ഒരു തവണ വീതം നൽകാം.

കീടനിയന്ത്രണം

തേനീച്ചക്കൂടിന്റെ വായ്ഭാഗം ഒരു ഈച്ചയ്ക്ക് കടന്നുപോകാൻ മാത്രം പാകത്തിൽ ചെറുതാക്കിയാൽ പല്ലി, കുളവി തുടങ്ങിയവയുടെ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാം. ഉറുമ്പുകളെ നിയന്ത്രിക്കുന്നതിന് കോളനികൾ സ്ഥാപിച്ചിരിക്കുന്ന സ്റ്റാൻഡിന്റെ ചുവട്ടിൽ വെളളം കെട്ടിനിർത്തിയോ മഞ്ഞൾപ്പൊടി വിതറുകയോ ചെയ്താൽ മതി.

പരുന്തുകൾ കോളനികൾ അപ്പാടെ മറിച്ചിട്ട് പുഴുമുട്ടകൾ ഭക്ഷിക്കാൻ സാധ്യതയുള്ളതിനാൽ കോളനികളെ ബലമായി ഉറപ്പിച്ചുനിർത്തണം.

മെഴുകുപുഴുക്കളുടെ ആക്രമണം തടയുന്നതിന് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് അടിപ്പലക ആഴ്ചയിൽ ഒരു തവണ കഴുകി വൃത്തിയാക്കുക.

പുതയിടൽ

മഴക്കാലത്ത് തേനീച്ചപ്പെട്ടികൾ നനയാതെ സൂക്ഷിക്കണം. ഇതിനായി പെട്ടിക്കു മുകളിൽ മേച്ചിൽ ഓടുകളോ ടാർപോളിൻ ഷീറ്റോ ഉപയോഗിച്ചു പുതയിട്ട് സംരക്ഷിക്കാം

'പശുസഖി' പദ്ധതിയും ലക്ഷ്യങ്ങളും

മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് ഉൽപാദന വിപണന മേഖലയിൽ ആവശ്യമായ എല്ലാ പിൻതുണാസംവിധാനങ്ങളും ലഭ്യമാക്കുന്നതിനായി രൂപീകരിച്ചതാണു ‘പശു സഖി’ പദ്ധതി. കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (എംകെഎസ്പി) ഉൾപ്പെടുത്തിയിട്ടാണ് ഇതിന്റെയും പ്രവർത്തനങ്ങൾ.

അയൽക്കൂട്ടം വനിതകളുടെ തൊഴിലും വരുമാനവും വർധിപ്പിക്കുന്നതിനു മൃഗസംരക്ഷണ മേഖലയിലെ ഒരു കുടുംബശ്രീ ഇടപെടലാണ് ഈ പദ്ധതിയെന്നതിൽ സംശയമില്ല. മറ്റെല്ലാ വരുമാനദായക പദ്ധതികളും എന്നപോലെ വനിതകൾക്കു കൂടുതൽ തൊഴിൽ അവസരങ്ങളും വരുമാന ലഭ്യതയും ഉറപ്പാക്കുകയെന്നതു തന്നെയാണ് ഇതിന്റെയും മുഖ്യ ലക്ഷ്യം.

മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് ഉൽപാദന വിപണന മേഖലയിൽ ആവശ്യമായ എല്ലാ പിൻതുണാസംവിധാനങ്ങളും ഈ പദ്ധതിവഴി ലഭ്യമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പാൽ, മാംസം, മുട്ട എന്നിവയുടെ ഉൽപാദനം വർധിപ്പിക്കുന്നതോടൊപ്പം അതിന്റെ വിപണനവുമായി ബന്ധപ്പെട്ട തൊഴിൽമേഖലയും കൂടുതൽ ശക്തിപ്പെടുത്തും. ഇപ്രകാരം അയൽക്കൂട്ട വനിതകൾ നടത്തുന്ന സംരംഭം വഴി ഇവയുടെ ഉപഭോഗത്തിൽ പ്രാദേശിക തലത്തിൽ സ്വയംപര്യാപ്തത നേടാനാണു ശ്രമം. ഇതിനുപരിയായി സംരംഭകരും അവരുടെ തൊഴിൽ അഭിവൃദ്ധിയുണ്ടാക്കുന്നതിനായി എല്ലാവിധ സഹായവും നൽകുന്ന കമ്യൂണിറ്റി റിസോഴ്സ് പഴ്സൻമാരും ഉൾപ്പെടുന്ന കൂട്ടായ്മകൾ പ്രാദേശികതലത്തിൽ രൂപപ്പെടുത്തുന്നതിനും പദ്ധതി വഴിയൊരുക്കും.

പരിശീലനം നൽകാൻ മികച്ച സ്ഥാപനങ്ങൾ

സംസ്ഥാന തലത്തിൽ 600 വനിതകളെ തിരഞ്ഞെടുത്തു മൃഗസംരക്ഷണ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ആവശ്യമായ പരിശീലനങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. പരിശീലന പരിപാടിക്കു സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസിലൂടെയാണു പരിശീലനം ബാച്ചുകളായി നടപ്പാക്കുന്നത്. 10 ദിവസം ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ കാർഷിക–മൃഗസംരക്ഷണ മേഖലയിലെ വ്യത്യസ്ത വിഷയങ്ങളിൽ അതതു രംഗത്തെ വിദഗ്ധരാവും ക്ലാസുകൾ നയിക്കുക. വിജയിച്ച കർഷകരുടെ വിജയാനുഭവങ്ങൾ പങ്കുവയ്ക്കാനും കൃഷിയിടങ്ങളും ഡെയറി ഫാമുകളും സന്ദർശിക്കാനുമുള്ള അവസരവും പരിശീലന കാലയളവിൽ ലഭിക്കും. ഇപ്രകാരം പരിശീലനം ലഭിച്ച വനിതകൾ പിന്നീടു ഫീൽഡ് തലത്തിൽ കമ്യൂണിറ്റി റിസോഴ്സ് പഴ്സൻമാരായി പ്രവർത്തിക്കും. ആദ്യഘട്ട പരിശീലനം മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ള വനിതകൾക്കും അട്ടപ്പാടി പട്ടികവർഗ പ്രത്യേക പദ്ധതിയിൽ നിന്നുള്ള ആറുപേർക്കും ഉൾപ്പെടെ 51 പേർക്കായിരിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ വിജയസാധ്യതകൾ വ്യക്തമായി പരിശോധിച്ച ശേഷമായിരിക്കും മറ്റു ജില്ലകളിൽ വ്യാപിപ്പിക്കുക. കൂടുതൽ റിസോഴ്സ് പ‌ഴ്സൻമാരെ ആവശ്യമായി വരുന്ന മുറയ്ക്കു വീണ്ടും അയൽക്കൂട്ടങ്ങളിൽനിന്നു തന്നെ യോഗ്യരായവരെ കണ്ടെത്തി പരിശീലനം നൽകി അവരെ അതതു പ്രദേശങ്ങളിൽ വിന്യസിക്കും.

ഉൽപാദനത്തിനൊപ്പം മാർക്കറ്റിങ്ങും വിപണനവും

പാൽ, മാംസം, മുട്ട എന്നിവയുടെ ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം മാർക്കറ്റിങ്ങും വിപണനവും കൂടുതൽ കാര്യക്ഷമമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി മറ്റു വകുപ്പുകളുടെ സംയോജനവും ഉറപ്പുവരുത്തും. ഇപ്രകാരം സംയോജന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഫീൽഡ് തലത്തിൽ പദ്ധതി നടപ്പാക്കുക.

പശു സഖിയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുന്നതു കുടുംബശ്രീ മുഖേന നിലവിൽ നടപ്പാക്കിവരുന്ന ക്ഷീരസാഗരം–നേച്ചർ ഫ്രഷ് പദ്ധതികൾക്കാണ്. അയൽക്കൂട്ടാംഗങ്ങളായ സ്ത്രീകൾ സംഘം ചേർന്നു പശു വളർത്തുന്ന സംരംഭമാണു ക്ഷീരസാഗരം. ക്ഷീരകർഷകർ ഉൽപാദിപ്പിക്കുന്ന പാൽ അതിന്റെ തനിമയും ശുദ്ധിയും നിലനിർത്തി, ഉപഭോക്താക്കൾക്കു നേരിട്ടു വിതരണം ചെയ്യുന്ന പദ്ധതിയാണു നേച്ചർ ഫ്രഷ്. പശു സഖിയിൽ വിഭാവനം ചെയ്തതു പോലെയുള്ള പിൻതുണാസംവിധാനങ്ങൾ ഉപയോഗിച്ചു ക്ഷീരസാഗരം നേച്ചർ ഫ്രഷ് പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കാനും സാധിക്കുമെന്നതാണു വലിയ നേട്ടം. സംസ്ഥാനം നേരിടുന്ന പാൽക്ഷാമം പരിഹരിക്കുന്നതിനു ഫലപ്രദമായ രീതിയിൽ പ്രാവർത്തികമാക്കാവുന്ന മികച്ച മാതൃകയായി നേച്ചർ ഫ്രഷ് മാറ്റാനും ഇതിലൂടെ സാധിക്കും.

തെങ്ങിനു വളപ്രയോഗം

ജൈവവളങ്ങൾ, രാസവളങ്ങൾ, കുമ്മായവസ്തുക്കൾ എന്നിവ തെങ്ങിനു വളമായി നൽകണം. ഇവയോരോന്നും നൽകേണ്ട സമയം നിർണയിക്കുന്നത് മഴ, നനസാധ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ്.

ജൈവവളങ്ങൾ: കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, മത്സ്യവളം തുടങ്ങിയവയ്ക്കു പുറമെ പച്ചിലവള വിളകൾ കൃഷി ചെയ്തു ചേർക്കാവുന്നതാണ്.

ഇവ ചേർക്കാൻ പറ്റിയ സമയം കാലവർഷാരംഭമാണ്. വളം ചേർക്കേണ്ടത് തെങ്ങിനു ചുറ്റും രണ്ടു മീറ്റർ‌ അകലം വരെ 15 സെ.മീ. താഴ്ചയിൽ തടമെടുത്ത് അതിലാകണം.

തെങ്ങൊന്നിന് ഒരു വർഷം 15 മുതൽ 25 വരെ കി.ഗ്രാം ജൈവവളങ്ങൾ ആവശ്യമാണ്. തെങ്ങിൽനിന്നു ശേഖരിക്കുന്ന തൊണ്ട്, മടൽ, ഓല തുടങ്ങിയവയും വളമാക്കാം. പച്ചിലവളച്ചെടികൾ തെങ്ങിൻതടത്തിൽ അല്ലെങ്കിൽ ഇടസ്ഥലത്തു വളർത്തി സെപ്റ്റംബർ മാസത്തോടെ പിഴുത് തടത്തിലിടുകയോ ഉഴുത് അതതിടത്ത് മണ്ണിൽ ചേർക്കുകയോ ചെയ്യാം.

രാസവളങ്ങൾ – ജൈവവളങ്ങൾ‌ക്കു പുറമെയാണ് രാസവള ശുപാർശ. മണ്ണു പരിശോധനാടിസ്ഥാനത്തിൽ ഓരോ കൃഷിയിടത്തിനും തെങ്ങൊന്നിനു ശുപാർശ ചെയ്തിട്ടുള്ളത്രയും രാസവളങ്ങൾ താഴെ പറയും പ്രകാരം ചേർക്കണം.

മഴയെ ആശ്രയിച്ചുള്ള കൃഷിയിൽ രണ്ടു തവണകളായി ചേർക്കണം. ആദ്യതവണ: ആകെ വേണ്ടതിന്റെ മൂന്നിലൊരു ഭാഗം മേയ്–ജൂൺ.

രണ്ടാം തവണ: ബാക്കിയുള്ള മൂന്നിൽ രണ്ടു ഭാഗം സെപ്റ്റംബർ– ഒക്ടോബർ.

നന നൽകിയുള്ള കൃഷിയെങ്കിൽ മൂന്നുമാസം ഇടവിട്ട് നാലു തവണകളായി രാസവളങ്ങൾ ചേർക്കാം.

നീലഹരിതപായൽ എന്ന ജൈവവളം

ഒരു ജൈവവളമെന്ന നിലയിലാണ് നീലഹരിത പായലിനു കൃഷിയിലുള്ള സ്ഥാനം. കെട്ടിക്കിടക്കുന്ന ജലോപരിതലത്തിൽ നീല കലർന്ന പച്ചനിറത്തോടെയുള്ള ഒരു തരം പായൽ‌ പടർന്നു വളരുന്നതായി കാണാം. ഇതിന് അന്തരീക്ഷവായുവിൽനിന്ന് നൈട്രജൻ ആഗിരണം ചെയ്ത് അമോണിയ രൂപത്തിലാക്കി മാറ്റാൻ കഴിയുമെന്നതിനാൽ കൃഷിക്ക് പ്രത്യേകിച്ച് നെൽകൃഷിയിൽ വളരെയേറെ പ്രയോജനപ്പെടും. ഇത്തരം ചെടികൾക്ക് ഒരാണ്ടിൽ ഒരു ഹെക്ടർ സ്ഥലത്ത് 25 മുതൽ 30 കി.ഗ്രാം വരെ നൈട്രജൻ ഉൽപാദിപ്പിക്കാനാകും.

നീലഹരിതപായൽ കൃഷിക്കായി രണ്ടു രീതിയിൽ വളർത്തിയെടുക്കാം. ഒന്ന്, നെൽപാടത്തുതന്നെ. രണ്ട്, പ്രത്യേകം തടങ്ങൾ തയാറാക്കി അതിൽ. രണ്ടു മീറ്റർ‌ വീതം നീളവും വീതിയും 20 സെ.മീറ്റർ താഴ്ചയുമുള്ള തൊട്ടികളിലോ മണ്ണിലെടുത്ത തടങ്ങളിലോ വളർത്തുന്നതാണ് രണ്ടാമത്തെ രീതി. തടമെടുത്തത് മണ്ണിലെങ്കിൽ പോളിത്തീൻഷീറ്റു വിരിച്ച് വെള്ളം കെട്ടി നിർത്തണം. ഇതിൽ മേൽമണ്ണ് 10 കി.ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 200 ഗ്രാം ചേർത്ത് നന്നായി കലക്കിയതിനുശേഷം അമ്ലക്ഷാരസൂചിക 6.5നും 7.5നും ഇടയിൽ വരത്തക്കവിധം കുമ്മായം ചേർക്കണം. ഈ തടത്തിൽ 500 ഗ്രാം പായൽ നിരത്തുക. ഇവിടെ കീടാക്രമണം ഉണ്ടാകാതിരിക്കാൻ കാർബോഫ്യുറാൻ എന്ന കീടനാശിനി 25 ഗ്രാം തോതിൽ‌ വിതറണം. നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടമെങ്കിൽ രണ്ടാഴ്ച കഴിഞ്ഞാൽ പായൽ ശേഖരിച്ചു തുടങ്ങാം. വെള്ളം വാർത്തുകളഞ്ഞ് തടം ഉണക്കിയതിനുശേഷം മണ്ണും പായലും ചേർന്ന മിശ്രിതം വാരി അതും വളമായി ഉപയോഗിക്കാം. ഇത്തരത്തിലുള്ള 10 കി.ഗ്രാം പായൽ വളം മതിയാകും ഒരു ഹെക്ടറിലേക്കുള്ള നെൽകൃഷിക്ക്.

നേന്ത്രവാഴയുടെ ശാസ്ത്രീയ കൃഷി

ചോദ്യം ഉത്തരം വിളകൾ

Q. നാനൂറു മൂട് നേന്ത്രവാഴ നട്ടിട്ട് അഞ്ചു മാസമായി. വാഴയ്ക്ക് എൻപികെ വളങ്ങൾക്കു പുറമേ, കുമ്മായവും സൂക്ഷ്മമൂലകങ്ങൾ ചേർക്കേണ്ടതുണ്ടെങ്കിൽ അവയും ചേർക്കേണ്ടത് എങ്ങനെ. പാനമ രോഗവും പിണ്ടിപ്പുഴു ശല്യവും കഴിഞ്ഞ കാലങ്ങളിൽ നേരിട്ടിരുന്നു. എന്താണു പ്രതിവിധി.

ഡി.കെ. അബ്ദുൽ കരീം, പാണ്ടിതൊടിയിൽ, മഞ്ചേരി

മണ്ണിൽ മൂലകങ്ങളുടെ കുറവും കൂടുതലും വാഴയുടെ വളർച്ചയെ വേഗം ബാധിക്കുമെന്നതിനാൽ വളങ്ങൾ ശ്രദ്ധയോടെ ചേർക്കണം. നടുന്നതിനു മുമ്പ് കുമ്മായം ചേർത്ത് മണ്ണിലെ അമ്ലത കുറയ്ക്കണം. ഇതിനായി വാഴയൊന്നിന് അര കിലോ എന്ന തോതിൽ കുമ്മായപ്പൊടിയോ, ഡോളമൈറ്റോ ചേർക്കാം.

സൂക്ഷ്മമൂലകക്കുറവ് വ്യാപകമായതിനാൽ അവ അടങ്ങിയ മിശ്രിതം (മൈക്രോ ഫുഡ്) വാഴയൊന്നിന് 50 ഗ്രാം വീതം നട്ട് ഒരു മാസം ആകുമ്പോഴും, നാലാം മാസവും നൽകണം. നേന്ത്രവാഴ കുലച്ചാലുടനെ ഒന്നിനു യൂറിയ 65 ഗ്രാം എന്ന തോതിൽ ചേർക്കണം.

പാനമ വാട്ടം ഉണ്ടായിരുന്ന തോട്ടങ്ങളിൽ ഇത്തവണ വാഴ വേണ്ട, മറ്റൊരു വിളയാകട്ടെ. വിള പരിക്രമം വഴി പാനമ വാട്ടത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. പാനമ വാട്ടം കുറയ്ക്കുന്നതിന് മണ്ണിന്റെ പുളിരസം കുറയ്ക്കുന്നത് സഹായകമാകും.

നേന്ത്രന്‍ നട്ട് അഞ്ചു മാസത്തിനുശേഷം രാസകീടനാശിനി പ്രയോഗം പാടില്ല. എന്നാൽ ഈ സമയത്തിനു ശേഷമായിരിക്കും പിണ്ടിപ്പുഴു ശല്യം ഉണ്ടാകുക. ഉണ്ടായാൽ ഒരേക്കറിലേക്ക് അസഫേറ്റ് 75 S.P, 400 ഗ്രാം തോതിൽ ലായനിയാക്കി തളിക്കുക.

വാഴക്കൃഷിയെ കുറിച്ചു കൂടുതൽ അറിവിനും നടീൽവസ്തുക്കൾക്കും തൃശൂർ കണ്ണാറയിലുള്ള വാഴ ഗവേഷണകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0487–2699087

ഫിഷ് അമിനോ ആസിഡ് സ്വയമുണ്ടാക്കാം

Q. ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്നത് എങ്ങനെ. ഇതിന്റെ ഉപയോഗം, കാലാവധി എന്നിവ അറിയണം. ഇതു വിൽക്കുന്നതിനു പ്രത്യേകാനുമതി വേണോ.

എം.എ. ഗോപാലൻ, തലക്കുളത്തൂർ, കോഴിക്കോട്

പച്ചമത്തി അഥവാ ചാള (അൽപം പഴകിയതായാലും മതി) 100 ഗ്രാം മൂന്നു നാലു കഷണങ്ങളാക്കുക. ഇതിലേക്കു 100 ഗ്രാം പൊടിച്ച ശർക്കര ചേർത്തിളക്കി ഒരു പാത്രത്തിൽ വായു കടക്കാതെ 15 ദിവസം അടച്ചു വയ്ക്കുക. അതിനുശേഷം ഈ മിശ്രിതം 2 മി.ലീ. എടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പത്തു ദിവസത്തിലൊരിക്കൽ ചെടിച്ചുവട്ടിൽ ഒഴിക്കുകയോ നാലില പ്രായം മുതൽ ചെടികളിൽ തളിക്കുകയോ ചെയ്യാം. ചെടികൾക്കു നല്ല വളർച്ചയുണ്ടാകും. ആവശ്യം കഴിഞ്ഞു ബാക്കി വരുന്നത് വായു കടക്കാത്ത പാത്രത്തിൽ അടച്ചുവച്ചാൽ ആറു മാസം വരെ കേടാകാതെയിരിക്കും.

ഫിഷ് അമിനോ ആസിഡ് സ്വന്തമാവശ്യത്തിന് ഉണ്ടാക്കാനോ ഉപയോഗിക്കാനോ ആരുടെയും അനുമതി വേണ്ട. വില്‍പനയ്ക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ സ്ഥലം കൃഷിഭവനുമായി ബന്ധപ്പെടുക.

നാടൻ മാവിന്റെ വളര്‍ച്ച നിയന്ത്രിക്കാം

Q. മാങ്ങയണ്ടി മുളപ്പിച്ചുണ്ടാക്കിയ നാടൻ മാവുകൾ വളരെ പൊക്കത്തിൽ വളരുന്നതിനാൽ വിളവെടുപ്പ് പ്രയാസമാണ്. ഇതിന്റെ മേലോട്ടുള്ള വളർച്ച തടയാനാകുമോ.

ഡി. സുഭഗൻ, ഫോർട്ടുകൊച്ചി

നാടൻ മാവുകൾ ഉയരത്തിൽ പടർന്നു പന്തലിച്ചു വളരുന്നു. ആകാര വലുപ്പത്തിന് ആനുപാതികമായി വിളവും ലഭിക്കും. മാവിന്റെ വളർച്ച നിയന്ത്രിക്കാനാകും.

ഇതിനുള്ള വഴികൾ: മാങ്ങയണ്ടി മുളപ്പിച്ചുള്ള തൈകൾക്കു പകരം ഗ്രാഫ്റ്റിങ്, സ്റ്റോൺ ഗ്രാഫ്റ്റിങ് രീതികളിൽ ഉൽപാദിപ്പിച്ച തൈകൾ നടുക. ഒരു യൂണിറ്റു സ്ഥലത്ത് കൂടുതൽ തൈകൾ നടാനുമാകുമെന്ന മെച്ചവുമുണ്ട്. പരിചരണങ്ങൾ അനായാസം നടത്താം. നാടൻ മാവുകളുടെയും ഒട്ടുതൈകൾ ഇപ്പോൾ വിൽപനയ്ക്കുണ്ട്. ഇപ്പോഴുള്ളതും ഉയരം കൂടിക്കൊണ്ടിരിക്കുന്നതുമായ നാടൻ മാവുകളുടെ നടുഭാഗത്തുള്ള പ്രധാന ശിഖരം മുറിച്ചു നീക്കി, മുറിഭാഗം ബോർഡോകുഴമ്പു തേച്ചു നിർത്തുക. വിളവെടുപ്പു കഴിഞ്ഞു മഴക്കാലാരംഭമായിരിക്കും ഇതിനു നല്ലത്.

കേരളത്തില്‍ സ്ട്രോബെറി

Q. കേരളത്തിൽ സ്ട്രോബെറിക്കൃഷിയുടെ സാധ്യതകളും കൃഷിരീതികളും അറിയണം.

എസ്.എൻ. വിമല, കൊട്ടേത്ത് ഹൗസ്, ആദിക്കാട്ടുകുളങ്ങര

സ്ട്രോബെറി പോഷകസമ്പന്നമായ പഴമാണ്. ജീവകം എ, ബി, ബി 2, സി എന്നിവയ്ക്കു പുറമേ കാത്സ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

മിതശീതോഷ്ണ കാലാവസ്ഥയിലും നന്നായി വളരുന്ന ഇനങ്ങൾ ലഭ്യമായതോടെ കേരളത്തിൽ വയനാട്, ഇടുക്കി, നെല്ലിയാമ്പതി പ്രദേശങ്ങളിൽ ആരംഭിച്ച കൃഷി സമതലങ്ങളിലേക്കും വ്യാപിക്കുന്നു.

ഹൈറേഞ്ച് കാലാവസ്ഥയിൽ പിങ്കോറ, ചാൻസ്‌ലർ, ഫേൺ എന്നിവയാണ് നന്നായി വളരുന്ന ഇനങ്ങൾ. സ്ട്രോബെറി തറയിൽ ചേർന്നു വളരുന്നു. മണൽ കൂടിയ മണ്ണാണ് കൃഷിക്കു പറ്റിയത്. അൽപം അമ്ലത്വമുള്ള മണ്ണ് ഏറ്റവും യോജ്യം. നീർവാർച്ചയുള്ള സ്ഥലം നിർബന്ധം.

വള്ളിത്തല മുറിച്ചെടുത്ത കഷണങ്ങളാണ് നടീൽവസ്തു. ടിഷ്യു കൾച്ചർ തൈകളും ലഭ്യമാണ്. വിത്ത് മുളപ്പിച്ചും നടാം. കിളച്ചൊരുക്കിയ മണ്ണിൽ വാരങ്ങളെടുത്ത് തൈകൾ നടണം. ട്രൈക്കോഡെർമ ചേർത്ത ചാണകപ്പൊടി ഒരു കിലോ ച.മീറ്ററിന് എന്ന തോതിൽ നൽകുന്നതു നന്ന്.

ഹൈറേഞ്ച് കാലാവസ്ഥയിൽ വർഷം മുഴുവൻ കൃഷിയിറക്കാമെങ്കിലും ഏപ്രിൽ–മേയ് മാസങ്ങളാണ് ഏറ്റവും നല്ലത്. വൈക്കോൽകൊണ്ടു പുതയിടാം. പോളിത്തീൻ ഷീറ്റ് വിരിക്കുന്നതു വഴി കായ്ചീയൽ സാധ്യത കുറയ്ക്കാം.

ഹെക്ടറിനു ജൈവവളങ്ങൾ–20 ടൺ, രാസവളങ്ങൾ–നൈട്രജൻ 50 കിലോ, ഫോസ്ഫറസ് 40 കിലോ, പൊട്ടാഷ് 20 കിലോ എന്നിവ നൽകാനാണ് ശുപാർശ. വേനൽക്കാലത്തു വെള്ളം തുള്ളിനന രീതിയിൽ നൽകണം. വേരുചീയലിനും ഇലപ്പൊട്ടു രോഗത്തിനും എതിരെ കുമിൾനാശിനികൾ മണ്ണും ചെടിയും കുതിരത്തക്കവിധം തളിക്കുക. ഏപ്രിലിൽ നട്ടാൽ സെപ്റ്റംബറിൽ പൂവിടും. തേനീച്ച നല്ല പരാഗണ സഹായിയാണ്. വിളവെടുപ്പ് 2–3 ദിവസം ഇടവിട്ട്. ഒരു ചെടിയിൽനിന്ന് 20–30 പഴങ്ങൾ (ഒന്നിന്റെ തൂക്കം 5–8 ഗ്രാം) ലഭിക്കാം.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്: കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in

സങ്കരത്തെങ്ങുകള്‍ക്കു പരിചരണം ഇങ്ങനെ

കേരളത്തിൽ നെടിയ ഇനം തെങ്ങുകളാണ് ഏറെയും. എന്നാൽ ഇന്നു മിക്കവർക്കും കുറിയ ഇനങ്ങളോ സങ്കരയിനങ്ങളോ നടാനാണു താൽപര്യം. ചുരുങ്ങിയ കാലത്തിനകം (മൂന്നു വർഷം) കായ്ക്കുന്നതും 15–20 വർഷംവരെ നിലത്തു നിന്നുകൊണ്ട് (തെങ്ങുകയറ്റത്തൊഴിലാളിയെ ആശ്രയിക്കാതെ) തേങ്ങയിടാൻ കഴിയുന്നതുമാണ് ഇവയോടുള്ള പ്രിയത്തിനു പ്രധാന കാരണങ്ങൾ.

കുറിയ ഇനത്തിന്റെ തേങ്ങ ചെറുതും കൊപ്ര മാർദവം കുറഞ്ഞതുമാണ്. കുറിയ ഇനങ്ങൾ ഒന്നിടവിട്ട വർഷങ്ങളിലാണ് കായ്ക്കുക. എന്നാൽ സങ്കരയിനങ്ങളുടെ തേങ്ങ വലുപ്പത്തിലും കൊപ്രയുടെ ഗുണത്തിലും എണ്ണയുടെ അളവിലും നെടിയ ഇനത്തോട് കിടപിടിക്കുന്നതാണ്. ഡി x ടി, ടി x ഡി സങ്കരയിനങ്ങളാണ് പ്രചാരത്തിലുള്ളത്. ആദ്യത്തേതിൽ കുറിയ ഇനം മാതൃവൃക്ഷമായും രണ്ടാമത്തേതിൽ നെടിയ ഇനം മാതൃവൃക്ഷമായും ഉപയോഗിക്കുന്നു.

കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം വികസിപ്പിച്ച ഇനങ്ങളെ ആദ്യം പരിചയപ്പെടാം.

കൽപസങ്കര: കാറ്റുവീഴ്ച രോഗം ബാധിച്ചാൽപോലും വിളവിൽ കാര്യമായ കുറവുണ്ടാകില്ലെന്ന മെച്ചമുണ്ട്. കാറ്റുവീഴ്ച ബാധിത പ്രദേശങ്ങളിലെ രോഗബാധയില്ലാത്ത പശ്ചിമതീര നെടിയ നാടൻ (WCT) തെങ്ങിന്റെ പരാഗം ചാവക്കാട് കുറിയ പച്ചയിൽ (CGD) പരാഗണം നടത്തിയാണ് കല്‍പസങ്കര വികസിപ്പിച്ചെടുത്തത്. അധികം പൊക്കം വയ്ക്കാത്തതും നട്ട് 36–40 മാസമാകുമ്പോൾ കായ്ഫലം നൽകുന്നതുമാണ്. എട്ടു വർഷം പ്രായമായ തെങ്ങിന് അഞ്ചു മീറ്ററോളമേ പൊക്കം വയ്ക്കുകയുള്ളൂ. കൊപ്രയുടെ തൂക്കം തേങ്ങ ഒന്നിന് 170 ഗ്രാമും വെളിച്ചെണ്ണ അളവ് 67.5 ശതമാനവുമാണ്. ശരാശരി വിളവ് വർഷത്തിൽ 84 തേങ്ങ. ഇളം പച്ചനിറമുള്ളതും നീണ്ടുരുണ്ടതുമായ ഇവയുടെ നാളികേരത്തിന് ശരാശരി 840 ഗ്രാം തൂക്കം. വരൾച്ചയെ അതിജീവിക്കാൻ പ്രാപ്തിയുള്ളതിനാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം.

കാറ്റുവീഴ്ചയില്ലാത്ത പ്രദേശങ്ങൾക്കായി കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം ആറു സങ്കരയിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ചന്ദ്രസങ്കര: ചാവക്കാട് കുറിയ ഓറഞ്ച് മാതൃവൃക്ഷമായും പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷമായുമുള്ള സങ്കരയിനം. 3–4 വർഷത്തിനുള്ളിൽ കായ്ക്കും. ശരാശരി വിളവ് 116 തേങ്ങയും കൊപ്രയുടെ അളവ് 215 ഗ്രാമും. ഒരു തെങ്ങിൽനിന്നു പ്രതിവർഷം 30 കിലോ കൊപ്ര ലഭിക്കുന്നു. 1985ലാണ് കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം ഇതു പുറത്തിറക്കിയത്.

ചന്ദ്രലക്ഷ: ലക്ഷദ്വീപ് ഓർഡിനറി മാതൃവൃക്ഷവും ചാവക്കാട് ഓറഞ്ച് പിതൃവൃക്ഷവുമാണ്. ആറ് വർഷംകൊണ്ട് ഇത് കായ്ക്കും. ശരാശരി വിളവ് 109 തേങ്ങ. കൊപ്രയുടെ അളവ് 195 ഗ്രാം. പ്രതിവർഷം 21 കിലോ കൊപ്ര ലഭിക്കുന്നു. വരൾച്ചയെ ഒരു പരിധിവരെ ചെറുക്കും.

കേരസങ്കര: കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം 1989ൽ പുറത്തിറക്കിയ കേരസങ്കരയ്ക്ക് പശ്ചിമതീര നെടിയ നാടൻ മാതൃവൃക്ഷവും ചാവക്കാട് കുറിയ ഓറഞ്ച് പിതൃവൃക്ഷവുമാണ്. നട്ട് അഞ്ചു വർഷത്തിനുള്ളിൽ കായ്ക്കും. പ്രതിവർഷം 108 നാളികേരം ലഭിക്കുന്നു. ഒരു നാളികേരത്തിൽ 187 ഗ്രാം കൊപ്ര. ഒരു തെങ്ങിൽനിന്ന് പ്രതിവർഷം 20 കിലോ കൊപ്ര ലഭിക്കും.

കൽപസമൃദ്ധി: കരിക്കിനും കൊപ്രയ്ക്കും യോജിച്ച ഡി x ടി സങ്കരം. മലയൻ കുറിയ മഞ്ഞ മാതൃവൃക്ഷമായും പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷമായും ഉപയോഗിക്കുന്നു. നട്ട് അഞ്ച് വർഷത്തിനുള്ളിൽ കായ്ക്കുന്നു. നന സൗകര്യമുള്ള തോട്ടങ്ങളിൽ 3–4 വർഷത്തിനുള്ളിൽ കായ്ക്കും. പ്രതിവർഷം 118 നാളികേരം. ഒരു നാളികേരത്തിൽ 220 ഗ്രാം കൊപ്രയും ഒരു തെങ്ങിൽനിന്ന് പ്രതിവർഷം 26 കിലോ കൊപ്രയും ലഭിക്കുന്നു.

കൽപശ്രേഷ്ഠ: ഡി x ടി സങ്കരയിനം. മലയൻ കുറിയ മഞ്ഞ മാതൃവൃക്ഷവും തിപ്പത്തൂർ ടോൾ പിതൃവൃക്ഷവുമാണ്. കരിക്കിനും കൊപ്രയ്ക്കും യോജ്യം. നട്ട് 6–7 വർഷത്തിനുള്ളിൽ കായ്ക്കുന്നു. നന സൗകര്യമുള്ള തോട്ടങ്ങളിൽ നാലു വർഷത്തിനുള്ളിൽതന്നെ കായ്ക്കും. പ്രതിവർഷം ശരാശരി 167 തേങ്ങ. ഒരു നാളികേരത്തിൽനിന്ന് 215 ഗ്രാം കൊപ്രയും ഒരു തെങ്ങിൽനിന്ന് പ്രതിവർഷം 36 കിലോ കൊപ്രയും ലഭിക്കും.

കാറ്റുവീഴ്ചയില്ലാത്ത പ്രദേശങ്ങൾക്കായി കേരള കാർഷിക സർവകലാശാലയും ആറു സങ്കരയിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

കേരശ്രീ: പശ്ചിമതീര നെടിയ ഇനം പിതൃവൃക്ഷമായും മലയൻ കുറിയ മഞ്ഞ മാതൃവൃക്ഷമായുമുള്ള ഈ സങ്കരയിനം, തെങ്ങൊന്നിന് 130 നാളികേരം തരുന്നു. നട്ട് അഞ്ചു വർഷംകൊണ്ട് കായ്ക്കും. ഒരു തേങ്ങയിൽനിന്ന് 216 ഗ്രാമും ഒരു തെങ്ങിൽനിന്നു ശരാശരി 28 കിലോവരെ കൊപ്രയും ലഭിക്കുന്നു.

കേരസൗഭാഗ്യ: പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷം, എസ്എസ് ആപ്രിക്കോട്ട് എന്ന മറുനാടൻ ഇനം മാതൃവൃക്ഷം. തെങ്ങൊന്നിന് പ്രതിവർഷം 116 നാളികേരം കിട്ടും. ഒരു നാളികേരത്തിൽനിന്നു 196 ഗ്രാം കൊപ്ര. ഒരു തെങ്ങിൽനിന്നു പ്രതിവർഷം 23 കിലോ കൊപ്ര ലഭിക്കുന്നു.

കേരഗംഗ: പശ്ചിമതീര നെടിയൻ നാടൻ മാതൃവൃക്ഷവും ഗംഗബോന്തം എന്ന കുറിയ ഇനം പിതൃവൃക്ഷവുമാണ്. പ്രതിവർഷം ശരാശരി 101 നാളികേരം ലഭിക്കും. ഒരു നാളികേരത്തിൽനിന്ന് 208 ഗ്രാം കൊപ്രയും തെങ്ങൊന്നിന് പ്രതിവർഷം 20 കിലോ കൊപ്രയും ലഭിക്കുന്നു.

അനന്തഗംഗ: ആ‍ൻഡമാൻ ഓർഡിനറി മാതൃവൃക്ഷമായും ഗംഗബോന്തം എന്ന കുറിയ ഇനം പിതൃവൃക്ഷമായും ഉപയോഗിക്കുന്നു. ശരാശരി വിളവ് 95 തേങ്ങ. ഒരു നാളികേരത്തിൽനിന്ന് 216 ഗ്രാം കൊപ്രയും തെങ്ങൊന്നിന് 20.5 കിലോ കൊപ്രയും ലഭിക്കുന്നു.

ലക്ഷഗംഗ: ടി x ഡി സങ്കരം. ലക്ഷദ്വീപ് ഓർഡിനറി മാതൃവൃക്ഷം. ഗംഗബോന്തം പിതൃവൃക്ഷം. പ്രതിവർഷ വിളവ് ശരാശരി 108 നാളികേരം.

തൈനടീലും പരിചരണവും

സങ്കരയിനങ്ങൾക്കു തൈകള്‍ തമ്മില്‍ ശുപാർശ ചെയ്തിട്ടുള്ള അകലം 7.5 മീറ്ററാണ്. തൈത്തെങ്ങുകൾക്ക് ആദ്യ രണ്ടു–മൂന്ന് വർഷം നല്ല പരിചരണം നൽകണം. തൈ കാറ്റത്ത് ഉലയാതെ കുറ്റിയിൽ (കാറ്റാടിക്കഴ) കെട്ടിനിർത്തുക. മഴക്കാലത്ത് തൈക്കുഴിയിൽ വെള്ളം ഊർന്ന് കെട്ടിനിൽക്കാൻ ഇടനൽകാതിരിക്കുക. തൈയുടെ കടഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക, വേനൽമാസങ്ങളിൽ തണൽ നൽകുക. നനയ്ക്കുകയും വേണം.

വേനൽമാസങ്ങളിൽ നാലു ദിവസം കൂടുമ്പോൾ 4.5 ലീറ്റർ വെള്ളം ഒഴിക്കണം. കുഴികളിൽ വളരുന്ന കളകൾ പറിച്ചു നീക്കണം. തൈ വളരുന്നതനുസരിച്ച് വശങ്ങളിൽനിന്നു മണ്ണ് വെട്ടി തടത്തിലിട്ട് കുഴിയുടെ ആഴം കുറയ്ക്കുകയും വ്യാസം കൂട്ടുകയും വേണം. നാലഞ്ചു വർഷം ഇങ്ങനെ ചെയ്യുമ്പോൾ തൈക്കുഴി വളർച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടമായി തീരും.

 

സംയോജിത വളപ്രയോഗം

ശരിയായ വളർച്ചയ്ക്കും നേരത്തേ പുഷ്പിക്കുന്നതിനും നല്ല ഉൽപാദനം ലഭിക്കുന്നതിനും തൈകൾ നട്ട് ആദ്യ വർഷംതന്നെ വളം നല്‍കണം. നട്ട് മൂന്നു മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം. തെങ്ങിന് രാസവളം ചുരുങ്ങിയത് രണ്ട് തവണകളായി വീതിച്ചു നൽകുന്നതാണ് ഉചിതം. കാലവർഷത്തിനു മുൻപ് (മേയ്–ജൂൺ മാസങ്ങളിൽ) ശുപാർശ ചെയ്തിട്ടുള്ള വളത്തിന്റെ മൂന്നിൽ ഒരു ഭാഗം കുഴിയിൽ തൈയ്ക്കു ചുറ്റും ഇട്ട് മണ്ണിൽ ഇളക്കിച്ചേർക്കണം. രണ്ടാമത്തെ വളപ്രയോഗം തുലാവർഷത്തിനു മുമ്പ് (ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ) ചെയ്യണം. ഈ സമയത്ത് 3–5 കിലോ ജൈവവളം (ആദ്യവർഷം 3 കിലോ, രണ്ടാം വര്‍ഷം 5 കിലോ, പിന്നീടുള്ള വര്‍ഷങ്ങളില്‍ 10 കിലോ വീതവും) കൂട്ടിച്ചേർത്ത് കുഴിയുടെ ഉൾഭാഗം അരിഞ്ഞിറക്കി ഭാഗികമായി മൂടണം. അതിനുശേഷം ബാക്കി രാസവളം ചേർക്കാം.

കീട, രോഗനിയന്ത്രണം

തൈത്തെങ്ങുകളെ ആക്രമിക്കുന്ന പ്രധാന കീടമാണു കൊമ്പൻചെല്ലി. നെടിയ ഇനങ്ങളെ അപേക്ഷിച്ച് കുറിയ ഇനങ്ങളിലും സങ്കരയിനങ്ങളിലും ചെല്ലിയുടെ ആക്രമണം കൂടുതലായി കാണുന്നു. ചെല്ലി നാമ്പോലയും കൂമ്പുഭാഗവും ആക്രമിക്കുന്നതിനാൽ തൈകൾ പൂർണമായും നശിക്കാനിടയാകും. അതിനാൽ ചെല്ലിക്കെതിരായ പരിഹാരമുറകൾ കൃത്യസമയത്തുതന്നെ ചെയ്യണം. കീടാക്രമണം തടയാൻ മുൻകരുതലായി 250 ഗ്രാം പൊടിച്ച മരോട്ടിപ്പിണ്ണാക്ക് അല്ലെങ്കിൽ വേപ്പി‍ൻപിണ്ണാക്ക് തുല്യ അളവ് മണലു കൂട്ടിക്കലർത്തിയ മിശ്രിതം നാമ്പോലക്കവിളിൽ ഇട്ടുകൊടുക്കണം. ഫെർട്ടറ / ഫിപ്രോണിൽ എന്ന കീടനാശിനി 3–5 ഗ്രാം സുഷിരങ്ങളിട്ട ചെറു പോളിത്തീൻ കവറുകളിലാക്കി ഓലക്കവിളിൽ വയ്ക്കുന്നതു ഫലപ്രദം.

നാമ്പുചീയൽ, ഇലപ്പുള്ളിരോഗങ്ങൾ എന്നിവയും തൈത്തെങ്ങുകളിൽ കാണാറുണ്ട്. ഇതിന് മുൻകരുതലായി ഒരു ശതമാനം ബോർഡോമിശ്രിതം തളിക്കണം. ചിതൽശല്യമുണ്ടെങ്കിൽ ക്ലോർപൈറിഫോസ് എന്ന കീടനാശിനി ഒരു ച.മീറ്റർ സ്ഥലത്തു രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഉപയോഗിക്കണം. എലിശല്യമുണ്ടെങ്കിൽ വിഷം / കെണി ഉപയോഗിച്ച് നിയന്ത്രിക്കണം.

ശുപാർശ ചെയ്തിട്ടുള്ള സങ്കരയിനങ്ങളുടെ ഗുണനിലവാരമുള്ള തൈകൾ ആവശ്യാനുസരണം ലഭിക്കുന്നില്ല എന്നതൊരു പ്രശ്നമാണ്. സങ്കരയിനം തൈകൾ ഉൽപാദിപ്പിക്കാൻ സർക്കാർ മേഖലയിൽ നാല് ഏജൻസികളാണ് പ്രവർത്തിക്കുന്നത്. (സിപിസിആർഐ, നാളികേര വികസന ബോർഡ്, കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ്). ഇവ കൂടാതെ നാഷനല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ അക്രെഡിറ്റേഷനുള്ള സ്വകാര്യ നഴ്സറികളിലും ഗുണനിലവാരമുള്ള തൈകൾ ലഭിക്കും. കൃത്യമായി പരിചരണം നല്‍കിയാല്‍ സങ്കരയിനങ്ങൾ 30 മാസത്തിനുള്ളിൽ (രണ്ടര വർഷം) പുഷ്പിക്കും.

വിലാസം: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, പ്രാദേശിക കേന്ദ്രം, കായംകുളം. ഫോൺ: 0479 2442160

അരക്കില്ലാതൊട്ടിയ നേട്ടങ്ങൾ

രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ നഷ്ടപ്പെട്ട അനിലിനെ അമ്മ സരസ്വതിയമ്മാൾ വളർത്തിയത് ഓല മെടഞ്ഞു കിട്ടുന്ന തുച്ഛമായ കൂലികൊണ്ടാണ്. അമ്മ ഓല മെടഞ്ഞിരുന്ന പുരയിടങ്ങളിലെ ചക്കകൊണ്ട് വിശപ്പടക്കിയ ബാല്യം അനിലിനു മറക്കാനാവില്ല. പിന്നീട് ആ പ്ലാവുകൾ തേടി ചെന്നപ്പോൾ അവ നിന്നിടത്ത് ബൈപാസും ഫ്ലാറ്റുമൊക്കെയാണ് കാണാനായത്. നല്ലയിനം പ്ലാവുകളുടെ സംരക്ഷണം അനിലിനൊരു വികാരമാവാൻ ഇതും കാരണമായി. അമ്മയാണ് ചക്കയെയും പ്ലാവിനെയും സ്നേഹിക്കാൻ തനിക്കു പ്രേരണയെന്ന് അനിൽ. ആ സ്നേഹം അനിലിനെ രാജ്യത്തെ പ്രഥമ പ്ലാവ് നഴ്സറിയുടെ ഉടമയുമാക്കി.

തെങ്ങിനും മാവിനും പച്ചക്കറിക്കും പൂച്ചെടിക്കുമൊക്കെ നഴ്സറിയാവാം. പക്ഷേ പ്ലാവിനു മാത്രമായി നഴ്സറി നടത്തിയാൽ പച്ച പിടിക്കുമോ? സംശയിക്കുന്നവർക്കു മുമ്പിൽ ഇരുപതുവർഷംകൊണ്ട് പത്തു ലക്ഷം പ്ലാവിൻതൈ വിറ്റ അനിൽ പറയുന്നു– ആത്മാർഥതയുണ്ടെങ്കിൽ ആദായവും അംഗീകാരവും നേടാൻ പ്ലാവ് മതി. ഇത്രയും തൈകളിൽ പകുതിയേ വേരു പിടിച്ചു വളർന്നുള്ളൂ എന്നു കരുതിയാൽപോലും അഞ്ചു ലക്ഷം പ്ലാവുകളിലൂടെ അയ്യായിരം ഏക്കറിൽ ഭൂമിയെ കുട ചൂടിക്കാൻ ആഗോളതാപനത്തിന്റെ ഈ യുഗത്തിൽ അനിൽ നിമിത്തമായി! അതിലുപരി പ്ലാവിനങ്ങളുടെ സംരക്ഷണത്തിലൂടെ ജൈവവൈവിധ്യത്തിന്റെ പടയാളിയാവാനും പാരിപ്പള്ളി പുലുക്കുഴി കശുവണ്ടി ഫാക്ടറിക്കു സമീപം ഇപ്പോഴും ചക്കച്ചിപ്സ് വിൽക്കുന്ന എഴുപത്തഞ്ചുകാരി സരസ്വതിയമ്മാളിന്റെ മകനു കഴിഞ്ഞു. ജൈവവൈവിധ്യസംരക്ഷണം സംരംഭമാക്കാമെന്നു തെളിയിക്കുകയാണ് പുത്തൂരിലെ ജാക്ക് അനിൽ ഇന്ന് തന്റെ പ്ലാവ് നഴ്സറിയിലൂടെ.

അരക്കില്ലാച്ചക്കയിലായിരുന്നു അനിലിന്റെ തുടക്കം. അരക്കുള്ളതായാലും ഇല്ലാത്തതായാലും വിജയം ഒട്ടിച്ചെടുക്കാമെന്നായതോടെ പശ്ചിമഘട്ടത്തിലെ പല പ്ലാവിനങ്ങളും അനിലിന്റെ കരങ്ങളിലിരുന്നു പെരുകി. അരക്കില്ലാത്ത ചക്ക മുതൽ അര കിലോ തൂക്കമുള്ള ചക്കവരെ, ആണ്ടുവട്ടം മുഴുവൻ ചക്ക കിട്ടുന്ന ഇനം മുതൽ ഓഫ് സീസണിലും ഫലമേകുന്ന ഇനം വരെ മംഗലാപുരത്തിനു സമീപം പുത്തൂർ നിന്നിക്കലിലെ ജാക്ക് അനിലിന്റെ പ്ലാവ്ശേഖരത്തിലുണ്ട് – ആസാമിലെ നൊഗോൺ മുതൽ കന്യാകുമാരി വരെ വിവിധ കാലാവസ്ഥകളിലും വ്യത്യസ്ത മണ്ണിലും വളരുന്ന ഇരുനൂറോളം ഇനങ്ങൾ.

ബെംഗളൂരു കാർഷിക സർവകലാശാലയും ബാഗൽകോട്ട് ഹോർട്ടികൾചർ സർവകലാശാലയും പ്ലാവിൻതൈകൾക്കായി ആശ്രയിച്ചിരുന്ന അനിലിന്റെ ഈ വർഷത്തെ ലക്ഷ്യം കേരള കാർഷിക സർവകലാശാലയ്ക്ക് ഒരു ലക്ഷം തൈകൾ നൽകുകയാണ്. പാറശാല മുതൽ ഗോകർണം വരെയുള്ള കാർഷികപ്രദർശനങ്ങളിൽ അനിലും പ്ലാവിൻതൈകളും സജീവസാന്നിധ്യമാണിപ്പോൾ. മൂന്നുവർഷത്തിനിടയിൽ കേരളത്തിൽ മാത്രം അഞ്ചു ലക്ഷത്തോളം തൈ വിറ്റു. കഴിഞ്ഞ വർഷം അരക്കോടിയോളം രൂപയുടെ തൈകൾ വിറ്റെന്നാണ് അനിലിന്റെ കണക്ക്.

സ്നേഹിച്ച അനിലിനു പ്ലാവ് തിരികെ നൽകിയത് പേരും പെരുമയും വരുമാനവുമാണ്. അനിലിനെ തേടിയെത്തിയ അംഗീകാരങ്ങൾ അറിയണമെങ്കിൽ ഫേസ്ബുക്ക് പേജ് നോക്കിയാൽ മതി. ബാഗൽകോട്ട് ഹോർട്ടികൾചർ സർവകലാശാലയുടെ വൈസ്ചാൻസലറും ബെംഗളൂരു കാർഷിക സർവകലാശാലയുടെ വൈസ്ചാൻസലറും ഇരുവശങ്ങളിലും നിന്ന് കസേരയിലിരിക്കുന്ന അനിലിനെ പൊന്നാട അണിയിക്കുന്ന ചിത്രമാണ് അവയിലൊന്ന്. മറ്റൊരു ചിത്രത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും അനിലും കൂടി മന്ത്രിയുടെ പുരയിടത്തിൽ പ്ലാവ് നട്ട് വിഷു ആഘോഷിക്കുന്നതു കാണാം. ജാക്ക് പാർക്ക് എന്ന പേരിൽ വ്യത്യസ്ത പ്ലാവിനങ്ങളുടെ ജനിതക ശേഖരമുണ്ടാക്കാനുള്ള തന്റെ നിർദേശം മന്ത്രി അംഗീകരിച്ച് ചുമതല ഏൽപിച്ചതിലുള്ള സന്തോഷത്തിലാണ് അനിൽ ഇപ്പോൾ. ഇരുപതേക്കർ സ്ഥലം ആവശ്യപ്പെട്ട അനിലിനു അമ്പതേക്കർ വാഗ്ദാനം ചെയ്ത് മന്ത്രി ഞെട്ടിച്ചു. ലോകത്ത് ആദ്യമായിട്ടാവും പ്ലാവിനുവേണ്ടി ഇങ്ങനെയൊരു പദ്ധതിയെന്ന് അനിൽ ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരു കാർഷിക സർവകലാശാല കേന്ദ്ര ജൈവ സാങ്കേതികവകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കിയ പ്ലാവ്–ചക്ക ഗവേഷണപദ്ധതിയിൽ അനിലും പങ്കാളിയായിരുന്നു. വിവിധ കൃഷിയിടങ്ങളിൽ സർവകലാശാല കണ്ടെത്തിയ മികവേറിയ ഇനങ്ങളുടെ തൈകളുണ്ടാക്കുന്നതിനാണ് അനിലിനെ ഗവേഷണസംഘത്തിൽ ഉൾപ്പെടുത്തിയത്. പദ്ധതി പൂർത്തിയായപ്പോൾ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര ജൈവ സാങ്കേതികവകുപ്പിന്റെ സർട്ടിഫിക്കറ്റും കാഷ് അവാർഡും അനിലിനെ തേടിയെത്തി. വെറും അനിൽ ജാക്ക് അനിലാകാൻ പിന്നീട് അധികകാലം വേണ്ടിവന്നില്ല. ഹവായിയിലെ പഴവർഗ ഉൽപാദക കമ്പനി ഡയറക്ടർ കെൻലോവ് തേടിയെത്തത്തക്ക വിധത്തിൽ ഇന്ന് അനിൽ പ്രശസ്തനായിക്കഴിഞ്ഞു. സ്വന്തമായി വീട്പോലുമില്ലാത്ത സാഹചര്യത്തിൽ പല വീടുകളിലും നാടുകളിലും ജോലി ചെയ്ത് ഐടിഐവരെ പഠിച്ച തന്നെ ഇന്ന് കർണാടകത്തിൽ പലയിടത്തും സ്വന്തമായി സ്ഥലം വാങ്ങാൻ പ്രാപ്തനാക്കിയത് പ്ലാവിൻതൈകളിൽ നിന്നുള്ള വരുമാനമാണെന്ന് അനിൽ പറയുന്നു. എല്ലാ സ്കൂൾ വിദ്യാർഥികളെയും ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും പഠിപ്പിക്കണമെന്ന നിർദേശവും അനിലിനുണ്ട്.

രണ്ടു ദശകം മുമ്പ് മികച്ച പ്ലാവിനങ്ങൾ തേടി പാരിപ്പള്ളിയിൽനിന്ന് മംഗലാപുരത്തെത്തിയ അനിൽ കറ‌യില്ലാത്ത ചക്ക കിട്ടുന്ന സോംപാടി വരിക്കയുടെ പത്തു തൈകളും വാങ്ങി നാട്ടിലേക്കു ട്രെയിൻ കയറി. പക്ഷേ, വീട്ടിലെത്തിക്കാനായത് ഒരു തൈ മാത്രം. ബാക്കി മുഴുവൻ സഹയാത്രികർ സ്നേഹിച്ചും നിർബന്ധിച്ചും കൈവശമാക്കി. പക്ഷേ, നല്ലയിനം പ്ലാവിനു നാട്ടിലുള്ള ഡിമാൻഡ് തിരിച്ചറിയാൻ ഈ സംഭവം അനിലിനെ സഹായിച്ചു. വൈകാതെ തന്നെ പുത്തൂരിനു സമീപം നിന്നിക്കല്ലിൽ സ്ഥലം പാട്ടത്തിനെടുത്ത് പ്ലാവ് നഴ്സറി തുടങ്ങി. സോംപാടി വരിക്കയായിരുന്നു തുടക്കത്തിൽ പ്രധാനം. പുരയിടത്തിലെ നല്ല ഇനം പ്ലാവുകളുടെ തൈകളുണ്ടാക്കാൻ പുത്തൂരിലെ കന്നടകർഷകർ അനിലിനെ സമീപിച്ചതോടെ നല്ലയിനങ്ങളുടെ ശേഖരം വലുതായി.

 

കേരളത്തിലെ ചക്കമേളകളിൽ നിന്നു വ്യത്യസ്തമാണ് കർണാടകത്തിലെ ചക്കമേളകൾ. വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള മികച്ച ഇനങ്ങൾ കണ്ടെത്തി അവയുടെ ഉടമസ്ഥനെ ആദരിക്കുന്ന ഇത്തരം മേളകൾ മികച്ച ഇനങ്ങളെ ബ്രാൻഡ് ചെയ്യാനും സഹായിക്കുന്നു. ചക്കമേളകളിൽ കണ്ടെത്തുന്ന ഇനങ്ങളുടെ തൈകളുണ്ടാക്കുന്നതിൽ അനിലും പങ്കാളിയായി. ഇന്നും ഏറെ താൽപര്യത്തോടെ കൃഷിയിടങ്ങളിലെത്തി നല്ല ഇനങ്ങളുടെ തൈകളുണ്ടാക്കി നൽകാറുണ്ട്– തികച്ചും സൗജന്യമായി. ഏതാനും തൈകൾ അനിലിനും നൽകണമെന്നു മാത്രം. ഇതുവരെ ആയിരം പ്ലാവുകളുടെയെങ്കിലും തൈയുണ്ടാക്കി നൽകിയിട്ടുണ്ടെന്ന് അനിൽ അവകാശപ്പെടുന്നു. തറവാട്ടിൽനിന്നു പിരിഞ്ഞുപോകുന്നവരും സ്ഥലം വിറ്റു പോകുന്നവരുമൊക്കെ അതുവരെ അവരുടേതായിരുന്ന പ്രിയപ്പെട്ട പ്ലാവിന്റെ തൈകൾക്കായി അനിലിന്റെ സഹായം തേടാറുണ്ട്. ഇവയിൽ കൂടുതൽ മികവ് തോന്നിയ ഇരുനൂറോളം ഇനങ്ങളാണ് അനിലിന്റെ പട്ടികയിലുള്ളത്. ചക്ക ഭക്ഷിച്ചുനോക്കിയും പാചകഗുണം, സൂക്ഷിപ്പുഗുണം, കായ്പിടിത്തം തുടങ്ങിയവ പരിഗണിച്ചുമാണ് തന്റെ ശേഖരത്തിലേക്ക് പ്ലാവിനങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് അനിൽ അവകാശപ്പെട്ടു. താൻ കണ്ടെത്തിയ ഇനങ്ങളിൽ ഏറ്റവും മികച്ച പത്തെണ്ണം മാത്രമാണ് വാണിജ്യാടിസ്ഥാനത്തിൽ അനിൽ ഉൽപാദിപ്പിച്ചു വിൽക്കുന്നത്. പ്രായം, ഇനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് നൂറു രൂപ മുതൽ 300 രൂപ വരെ വില ഈടാക്കും.

കർണാടക പുത്തൂരിലെ നിന്നിക്കൽ നഴ്സറി ഉടമ ജാക്ക് അനിൽ കേരളത്തിലെങ്ങുമുള്ള കാർഷിക പ്രദർശനങ്ങളിൽ പ്ലാവിൻതൈകൾ പ്രദർശിപ്പിച്ചും വിൽപന നടത്തിയും മലയാളികൾക്കു സുപരിചിതനായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും വിവിധ ഇനം പ്ലാവുകളുടെ വിശേഷങ്ങളുമായി സജീവമാണിദ്ദേഹം. പ്ലാവിന്റെ ഗ്രാഫ്റ്റ് തൈകൾ ഉൽപാദിപ്പിക്കുന്നതിലെ മികവാണ് അനിലിന്റെ വിജയരഹസ്യം. മറ്റുള്ളവർ ബഡ് ചെയ്താൽ കിട്ടുന്നതിന്റെ ഇരട്ടിയിലധികം തൈകൾക്ക് വേരു പിടിപ്പിക്കാൻ അനിലിനു കഴിയാറുണ്ട്. ബെംഗളൂരു കാർഷിക സർവകലാശാല ഔദ്യോഗികമായി പുറത്തിറക്കിയ 15 ഇനം പ്ലാവും നിരീക്ഷണത്തിനായി വളർത്തുന്ന എഴുപതോളം ഇനങ്ങളും അനിലിന്റെ കരങ്ങളിലൂലെ കയറിയിറങ്ങിയവ തന്നെ. സൂക്ഷിച്ചുവച്ച ഇനങ്ങളിൽ നിന്ന് പ്ലാവിൻതൈകളുണ്ടാക്കി വിൽക്കാനായി നടത്തിയ പരിശ്രമം അനിലിനെ വ്യത്യസ്തനായ കാർഷികസംരക്ഷകനും ജൈവവൈവിധ്യപ്രചാരകനുമാക്കി.

ഫോൺ– 09448778497

ചക്കയുണ്ടോ, വാങ്ങാൻ തയ്യാർ

കേരളത്തിൽ പ്ലാവിൻതോട്ടങ്ങളുണ്ടോ? ഇല്ലെന്നു പറയുന്നവർ ഇടുക്കിയിലേക്കു വരിക. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ നൂറുകണക്കിനു പ്ലാവുകളാണ് വളർന്നുനിൽക്കുന്നത്. തമിഴ്നാട്ടിലേതുപോലെ ചക്കയ്ക്കുവേണ്ടിയുള്ള പ്ലാവുകൃഷിയല്ല ഇതെന്നു മാത്രം. ഏലത്തിനു തണലേകാനായി നട്ടുവളർത്തിയ ഇവിടുത്തെ പ്ലാവുകളിൽ ചക്കയുണ്ടാവരുതെന്നാണ് കൃഷിക്കാരുടെ പ്രാർഥന. ചക്ക വീണ് ഏലച്ചെടികൾ നശിക്കുമെന്നതു തന്നെ കാരണം. വിലയേറിയ ഏലത്തിനുവേണ്ടി ചക്കയെ അവഗണിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പല എസ്റ്റേറ്റുകളിലും ചക്ക വലുതാവുന്നതിനുമുമ്പ് വെട്ടിക്കളയാൻ വേതനം നൽകി ജോലിക്കാരെ നിയോഗിച്ചിട്ടുണ്ടത്രെ.

എന്നാൽ ഇതത്ര ശരിയായ രീതിയല്ലെന്ന് കൂട്ടുകാരായ അഭിജിത്തിനും അനീഷിനും തോന്നിത്തുടങ്ങിയിട്ടു മൂന്നു വർഷത്തോളമായി. കേരളത്തിലെമ്പാടും അലയടിക്കുന്ന ചക്കപ്രേമത്തിന്റെ അലയൊലികൾ അവരുടെ കാതുകളിലുമെത്തിയിരുന്നു. ചക്കയുടെ ഔഷധഗുണവും സംരംഭസാധ്യതകളും സംസ്ഥാനത്തിന്റെയാകെ ചർച്ചാവിഷയമായതോടെ ഇടുക്കിയിലെ ചക്ക പാഴാക്കിക്കളയരുതെന്ന് ഇരുവരും തീരുമാനിച്ചു. രണ്ടു പേരുടെയും വീടുകളിൽ ഈ തീരുമാനത്തിനു പ്രോത്സാഹനം കിട്ടിയതോടെ കാര്യങ്ങൾ വേഗത്തിലായി. ശരിയായ അറിവും പരിശീലനവും നേടാനുള്ള അന്വേഷണമായി പിന്നെ.

ഏറ്റവുമധികം ചക്ക പാഴായിപ്പോകുന്ന ജില്ലയാണെങ്കിലും ഇടുക്കിയിലെ കാർഷിക പരിശീലനകേന്ദ്രങ്ങളിലൊന്നും ഈ യുവസംരംഭകർക്ക് ആവശ്യമുള്ള സാങ്കേതികവിദ്യ കിട്ടിയില്ല. ഹൈറേഞ്ചിൽനിന്ന് അറിവുതേടി തിരുവനന്തപുരത്തും കായംകുളത്തുമൊക്കെയുള്ള പരിശീലന പരിപാടികളിൽ കുടുംബാംഗങ്ങൾ മാറിമാറി പങ്കെടുത്തു. കായംകുളം കൃഷിവിജ്‍ഞാനകേന്ദ്രത്തിലെ പരിശീലനം സംരംഭകരായി മാറാനുള്ള ആത്മവിശ്വാസം നൽകി. ചക്കസംസ്കരണരംഗത്തെ പ്രമുഖ പരിശീലകയും വയനാട് വേഫാം ഉൽപാദക കമ്പനി ഡയറക്ടറുമായ പത്മിനി ശിവദാസ് വഴികാട്ടിയായി കൂടെ നിന്നതോടെ ഇടുക്കിയിലെ പ്രഥമ ചക്കസംസ്കരണ ശാലയ്ക്ക് അവർ തുടക്കം കുറിച്ചു. സംസ്ഥാനത്തുതന്നെ ഫാക്ടറിമാതൃകയിൽ പ്രവർത്തിക്കുന്ന അപൂർവം ചക്കസംസ്കരണ കേന്ദ്രങ്ങളിലൊന്നാവും കുമളി–മൂന്നാർ റോഡിലെ ശംഖുരുണ്ടാനിൽ പ്രവർത്തിക്കുന്ന എ ക്യൂബ് കമ്പനി; ഇരുപത്തിമൂന്നുകാരനായ അഭിജിത്തും ഇരുപത്താറുകാരനായ അനീഷും ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചക്കസംരംഭകരും. പയ്യന്മാർക്കൊപ്പം മുപ്പതുകാരന്റെ ചുറുചുറുക്കോടെ അഭിജിത്തിന്റെ അച്ഛൻ സുരേഷ്, അമ്മ സുഗതമ്മ, സഹോദരി ഗംഗ, അനീഷിന്റെ ചേട്ടൻ സുനീഷ്, മാതാപിതാക്കളായ രഘുനാഥ്, ഉഷ, വല്യമ്മ അംബുജം എന്നിവരും ഫാക്ടറിയിൽ സജീവമാണ്.

കുടുംബസംരംഭമായി നടത്തുന്നതുകൊണ്ട് പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചെന്നു സുരേഷ് ചൂണ്ടിക്കാട്ടി. ചക്ക വാങ്ങുന്നതുമുതൽ ഉൽപന്നങ്ങൾ വിൽക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുകയാണ് എൻജിനീയറിങ് പാസായ അഭിജിത്തും ഇന്റീരിയർ ഡിസൈൻ കോഴ്സ് പാസായ അനീഷും. ആകെ 21 ലക്ഷം മുതൽമുടക്ക് വേണ്ടിവന്ന സംരംഭത്തിനു 15 ലക്ഷം രൂപ കേരള സർക്കാർ പലിശരഹിത വായ്പയായി നൽകി. ഇതിനുപുറമെ, യൂണിയൻ ബാങ്കിൽനിന്നു മുദ്ര വായ്പയായി ആറുലക്ഷം രൂപയും വേണ്ടിവന്നു.

രണ്ടു മാസം മുൻപ് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൽനിന്ന് ഇതിനകം ഇരുപതോളം ചക്ക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു– ചക്ക എന്ന ബ്രാ‍ൻഡിൽ തന്നെ. ചക്ക ഉണക്കിയത്, ചക്കപ്പഴം ഉണക്കിയത്, ചക്കക്കുരു ഉണക്കിയത്, കരിന്തൊലി നീക്കി ഉണങ്ങിയ ചക്കക്കുരു, പുഴുങ്ങി ഉണങ്ങിയ ചക്കക്കുരു, ചക്കമുള്ളിൽനിന്നുള്ള ദാഹശമനി, കൂഞ്ഞിൽ അച്ചാർ, ചക്കമടൽ അച്ചാർ, ഇടിച്ചക്ക അച്ചാർ, ഇടിച്ചക്ക സൂപ്പുപൊടി, ഇടിച്ചക്ക കട്‌ലറ്റ്, ഇടിച്ചക്ക ഉണ്ണിയപ്പം, ചക്കക്കുരു പുട്ടുപൊടി, ചകിണി മിക്സ്ചർ, ചക്ക മുറുക്ക്, ചക്കക്കുരു പായസം, ചക്കപ്പഴം പായസം, പച്ചച്ചക്കപ്പൊടി കൊണ്ടുള്ള പായസം എന്നിവയാണ് ഇതുവരെ ഇവർ വിപണിയിലെത്തിച്ചിട്ടുള്ളത്. ഒരു ചക്ക കിട്ടിയാൽ ചുളയും കുരുവും ചകിണിയും മടലും പുറംതൊലിയുമൊക്കെ ഉൽപന്നമാക്കുന്ന ഈ സംരംഭത്തിൽ പാഴാക്കാൻ ഒന്നുമില്ല.

തേക്കടി ഫെസ്റ്റ് പ്രദർശനത്തിൽ പങ്കെടുത്തായിരുന്നു വിപണനത്തിന്റെ തുടക്കം. കൂടുതൽ പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം കയറ്റുമതിക്കാർക്കും വിതരണക്കാർക്കും ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഓർഡറുകൾപോലും പൂർണമായി പാലിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോഴെന്ന് ഇവർ പറയുന്നു. എത്രയും പെട്ടെന്ന് പരമാവധി ഉൽപാദനത്തിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണിപ്പോൾ. പ്രാദേശികമായി കുറഞ്ഞ ചെലവിൽ ചക്ക സംഭരിക്കാമെന്നതാണ് ഇവരുടെ നേട്ടം. ഏലത്തോട്ടങ്ങളിലും മറ്റും പത്തും ഇരുപതും പ്ലാവുകളിൽനിന്ന് ഒരുമിച്ച് ചക്കയിടാം.

പ്രാദേശികമായി സംഭരിക്കുന്ന ചക്കയ്ക്കു പുറമേ ഏജന്റുമാരിൽനിന്നും വാങ്ങാറുണ്ട്. ഒരു ചക്കയ്ക്ക് 25 രൂപ നിരക്കിലാണ് വാങ്ങുക. ഒരു ലോഡ് തികച്ചുകിട്ടിയാൽ കേരളത്തിലെവിടെനിന്നും ഈ വിലയ്ക്ക് ചക്ക വാങ്ങാൻ ഇവർ തയാർ. കൂടാതെ ചക്കച്ചുള കിലോയ്ക്ക് 40 രൂപ നിരക്കിലും വാങ്ങും. നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് ചക്കച്ചുളയുടെ പ്രാഥമിക സംസ്കരണം നടത്തണമെന്നു മാത്രം. വലിയൊരു സ്വപ്നത്തിന്റെ തുടക്കം മാത്രമാണിതെന്ന് ഇരുവരും പറയുന്നു. മൂന്നാർ റൂട്ടിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തത്തക്ക വിധത്തിൽ ചക്കവിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലയും ചക്കസംസ്കരണവും പാചകവും പരിശീലിപ്പിക്കുന്ന കേന്ദ്രവും ആരംഭിക്കാൻ ഇവർ തീരുമാനിച്ചുകഴിഞ്ഞു. ചക്ക ഐസ്ക്രീം നിർമിക്കാനുള്ള ആലോചനയും നടന്നുവരുന്നു.

ഫോൺ: 9946561333

വേണമെങ്കിൽ വിജയം പ്ലാവിൻചുവട്ടിലും

കേരളത്തിന്റെ കാർഷികമേഖലയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള വിളയേത്? ചക്ക തന്നെ, സംശയം വേണ്ട. നെല്ലും വാഴയും തെങ്ങും റബറുമൊക്കെ പഴയ പ്രതാപം അയവിറക്കുമ്പോൾ ശക്തമായ തിരിച്ചുവരവ് ആഘോഷിക്കുകയാണ് പ്ലാവും ചക്കയും. നാടെങ്ങും ചക്ക മഹോത്സവങ്ങൾ, ചക്ക സംരംഭങ്ങൾ, ചക്ക പ്രചാരകർ. ചക്കയുടെ നല്ലകാലമെത്തിയെന്നു തിരിച്ചറിഞ്ഞു സംരംഭമാരംഭിച്ചവരിൽ വീട്ടമ്മമാർ മുതൽ രാജ്യാന്തരതലത്തിൽ പ്രവർത്തിച്ചിരുന്ന ഐടി വിദഗ്ധർ വരെയുണ്ട്. ഒരു ചക്കയിൽനിന്ന് ആയിരം രൂപ വരുമാനം നേടാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വീട്ടമ്മയും കിൻഫ്ര പാർക്കിൽ വൻകിട ചക്കഫാക്ടറി സ്ഥാപിച്ച യുവസംരംഭകനും ഇന്നു കേരളത്തിലുണ്ട്. എന്താണ് ഈ മാറ്റത്തിനു പിന്നിലെ മാജിക്? ഇതുവരെയില്ലാതിരുന്ന എന്തു ഗുണമാണ് ഇപ്പോൾ ചക്കയ്ക്കുണ്ടായത്?

പുതിയ ഗുണങ്ങളുടെ പേരിലല്ല, പുതിയ മൂന്ന് തിരിച്ചറിവുകളുടെ പേരിലാണ് ഇപ്പോൾ ചക്ക ഗ്ലാമർ നേടുന്നത്. ആരോഗ്യത്തിന് ഉത്തമമായ ആഹാരമെന്ന തിരിച്ചറിവാണ് ഒന്നാമത്തേത്. പ്രമേഹരോഗികൾക്ക് ഭീതിയില്ലാതെ കഴിക്കാവുന്ന ആഹാരമാണ് പച്ചച്ചക്കയെന്ന വാർത്ത പ്രമേഹതലസ്ഥാനമായി മാറുന്ന കേരളം ആശ്വാസത്തോടെയാണ് കേട്ടത്. വെട്ടി സംസ്കരിച്ച് പാകം ചെയ്യാനുള്ള പ്രയാസം മാത്രമായിരുന്നു മിക്കവർക്കും ചക്ക ഭക്ഷണമാക്കുന്നതിനു തടസ്സമായിരുന്നത്. ഉണക്കി സൂക്ഷിക്കുന്ന പച്ചച്ചക്ക സുലഭമായതോടെ ഈ പ്രശ്നത്തിനു പരിഹാരമായിട്ടുണ്ട്. മാത്രമല്ല, പല വീടുകളിലും ചക്ക ഉണങ്ങിസൂക്ഷിക്കുന്ന പതിവ് തുടങ്ങിക്കഴിഞ്ഞു. സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമല്ല വിദേശവാസികളായ ബന്ധുക്കൾക്കുവേണ്ടിയും ഈ സീസണിൽ പലരും ചക്ക ഉണക്കി. നാരിന്റെ അംശം കൂടുതലുണ്ടെന്നതും ചക്കയെ ആരോഗ്യകരമായ വിഭവമാക്കുന്നുണ്ട്. ചക്കയ്ക്ക് ഇനിയുമേറെ ആരോഗ്യഗുണങ്ങളുണ്ടെന്നു പ്രമേഹസൗഹൃദ ഭക്ഷണമായി പച്ചച്ചക്കയെ ചൂണ്ടിക്കാട്ടിയ ജയിംസ് ജോസഫ് പറയുന്നു. രക്തസമ്മർദം എന്നിവയെ ചെറുക്കാനും ചക്ക ഉപയോഗം വഴി സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാക്ക്ഫ്രൂട്ട് 365 എന്ന പേരിൽ ജലാംശം നീക്കിയ പച്ചച്ചക്ക ലോകമെങ്ങും വിപണനം നടത്തുന്ന ജയിംസ് കേരളത്തിലെ ചില്ലറവിപണിയിൽ കൂടുതൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. മൈക്രോസോഫ്റ്റിന്റെ തണലിൽനിന്നും പ്ലാവിന്റെ തണലിലേക്കു മാറിയ ജയിംസ് സംസ്ഥാനത്തെ ചക്കവ്യവസായത്തിനു പുത്തൻ പരിവേഷവും ആത്മവിശ്വാസവും നൽകി.

ഭക്ഷ്യസംസ്കരണ വ്യവസായത്തിലെ സാധ്യതകളേറുന്ന അസംസ്കൃത വസ്തുവാണ് ചക്കയെന്ന തിരിച്ചറിവാണ് രണ്ടാമത്തേത്. ഈ സാധ്യത പ്രയോജനപ്പെടുത്തി നാൽപതിലധികം ചക്കസംസ്കരണ സംരംഭങ്ങളാണ് രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ ആരംഭിച്ചത്. പ്ലാവിന്റെ ചുവട്ടിൽ പാഴായി പോയിരുന്ന ഈ ഫലത്തിന്റെ മികവുകൾ വരുമാനമാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയും സാഹചര്യങ്ങളും സംരംഭകരും ഒത്തുചേർന്നപ്പോൾ ഇവിടെ ചക്കവിപ്ലവമുണ്ടായി. പച്ചച്ചക്ക ഉണക്കി സംസ്കരിക്കുന്നതിനുള്ള സാങ്കേതികവിദ്യ രൂപപ്പെടുത്തുകയും സംരംഭമാക്കുന്നതിനായി പാലക്കാട്ടെ പീപ്പിൾസ് സർവീസ് സൊസൈറ്റിക്കു കൈമാറുകയും ചെയ്ത മണ്ണാർക്കാട് ഇരുമ്പകച്ചോലയിലെ ജയിംസ് പി. മാത്യു തന്നെ സംസ്ഥാനത്തെ ചക്കവിപ്ലവത്തിന്റെ തുടക്കക്കാരൻ. സ്വന്തം മകന്റെ വിവാഹത്തിനു ചക്കസദ്യ നടത്തിയ ഇദ്ദേഹം ചക്കവൈൻ നിർമാണത്തിനുള്ള അനുമതി തേടി അടുത്ത കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലുമെത്തി. ഇതേത്തുടർന്ന് സംസ്ഥാന സർക്കാർ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി ജയിംസിന് കത്തെഴുതിയിരിക്കുകയാണ്. വൈൻ നിർമാണത്തിന് അനുമതി നൽകിയാൽ ചക്ക മാത്രമല്ല വാഴപ്പഴം, മാമ്പഴം എന്നിവയ്ക്കും ഉയർന്ന വില നേടാമെന്നാണ് ജയിംസിന്റെ പ്രതീക്ഷ. കർണാടക സർക്കാർ വൈൻബോർഡ് രൂപീകരിച്ചു മുന്തിരികർഷകരെ പിന്തുണയ്ക്കുന്നതുപോലെയുള്ള സംവിധാനം കേരളത്തിലുമാകാം.

വിഴിഞ്ഞത്തെ ശാന്തിഗ്രാം ആസ്ഥാനമായി രൂപീകരിച്ച ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലും ആലപ്പുഴ, പത്തനംതിട്ട കൃഷി വിജ്ഞാനകേന്ദ്രങ്ങളുമൊക്കെ ചക്കയുടെ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ചു. സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലും സബ്സിഡിയുമൊക്കെ തീരെ കുറവായിട്ടും ഈ രംഗത്തുണ്ടായ വളർച്ച നാളികേര കർഷകർക്ക് മാതൃകയാക്കാവുന്നതാണ്. കിൻഫ്രാ പാർക്കിൽ ലക്ഷങ്ങളുടെ മുതൽമുടക്കിൽ ചക്കസംസ്കരണ ഫാക്ടറി നടത്തുന്ന സുഭാഷ് കോറോത്തിന്റെ അർട്ടോകാർപസ് കമ്പനിയും കൃഷിയോ സംസ്കരണശാലയോ വിതരണശൃംഖലയോ ഇല്ലാതെ ചക്കബിസിനസ് നടത്തുന്ന ജാക്ക്ഫ്രൂട്ട് 365മൊക്കെ ഈ രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ തന്നെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവസംരംഭകർ ഇവർക്കു പിന്നാലെ ചക്കസംസ്കരണത്തിലേക്കു കടക്കുന്നു. ഇവർക്ക് വഴികാട്ടിയാകാനാണ് ഈ രംഗത്തെ സംരംഭക കൂട്ടായ്മയായ ജാക്ക്ഫ്രൂട്ട് കൺസോർഷ്യം ശ്രമിക്കുന്നതെന്ന് അതിനു നേതൃത്വം നൽകുന്ന സി.ഡി. സുനീഷ് പറഞ്ഞു.

കാലാവസ്ഥാമാറ്റത്തിന്റെ നാളുകളിൽ നാളെയുടെ ഭക്ഷ്യസുരക്ഷയ്ക്ക് പ്ലാവുകൾ വേണ്ടിവരുമെന്ന തിരിച്ചറിവാണ് മൂന്നാമത്തേത്. വരൾച്ചയെ അതിജീവിക്കാനും കൂടുതൽ ഉൽപാദനം നൽകാനുമുള്ള പ്ലാവിന്റെ ശേഷി വരുംവർഷങ്ങളിൽ കേരളത്തിനു പ്രയോജനപ്പെടുത്തേണ്ടിവരും. മരമെന്ന നിലയിൽ പരിസ്ഥിതി സംരക്ഷണത്തിലും പ്ലാവിനു സ്ഥാനമുണ്ട്. അന്നജസ്രോതസായ അരിക്കും ജീവകസ്രോതസായ പഴം– പച്ചക്കറികൾക്കും പകരക്കാരനാണ് ചക്കയും ചക്കക്കുരുവും. ചക്കയുടെ ചകിണിയും മടലും കൂഞ്ഞിലുമൊക്കെ ഭക്ഷ്യയോഗ്യമാക്കുന്നതുവഴി ഭക്ഷ്യസുരക്ഷയ്ക്കൊപ്പം പോഷകസുരക്ഷയും സാധ്യമാകുന്നു. മണ്ണിന്റെ ആഴങ്ങളിൽനിന്നു പോഷകങ്ങൾ മേൽമണ്ണിലെത്തിക്കാനും ശക്തമായ സൂര്യകിരണങ്ങളിൽനിന്നു ഭൂമിക്ക് സംരക്ഷണമേകാനും പ്ലാവ് ഉപകരിക്കുന്നു.

പ്ലാവ് വരുമാനമായി മാറുന്ന സാഹചര്യത്തിൽ മാത്രമേ ഈ തിരിച്ചറിവുകൾ നമുക്ക് പ്രയോജനപ്പെടുത്താനാവൂ. ഭാഗ്യവശാൽ ഈ രംഗത്ത് ഒട്ടേറെ മാതൃകകൾ ഇപ്പോൾ തന്നെ ഇവിടെ ലഭ്യമാണ്. പ്ലാവിൻതൈകളുടെ നഴ്സറി നടത്തിയും ചക്ക ഉണങ്ങിയും പൾപ് മുതൽ പൽപൊടി വരെയുള്ള ഉൽപന്നങ്ങളാക്കി മാറ്റിയും വരുമാനം നേടുന്ന ഒട്ടേറെയാളുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അവരുടെ അനുഭവങ്ങൾ ഇനിയുമേറെപ്പേർക്ക് ആത്മവിശ്വാസമേകുമെന്ന് പ്രതീക്ഷിക്കാം.

ഫോൺ: 9447010397

മന്നവേന്ദ്രാ വിളങ്ങുന്നു..

അലസനായ മലയാളിക്ക് ഏറ്റവും യോജിച്ച വിളയാണ് പ്ലാവ് എന്ന് കുത്തനാപ്പിള്ളിൽ സണ്ണി പറയുമ്പോൾ മൊത്തം മലയാളികളെയും അലസർ എന്നു വിളിച്ചതിൽ പ്രതിഷേധിക്കാൻ വരട്ടെ. ‘അലസന്റെ വിള’ എന്നു റബറിനെ പണ്ട് സായിപ്പും വിളിച്ചിട്ടുണ്ടല്ലോ.

കർഷകരുടെയും പ്രവാസികളുടെയുമൊക്കെ അധ്വാനത്തെ മറന്നിട്ടല്ല സണ്ണി ഇതു പറയുന്നത്. മറിച്ച്, കേരളത്തിന്റെ ഇന്നത്തെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ, റബർ ഉൾപ്പെടെ അധ്വാനഭാരം കുറഞ്ഞ വിളകളോടുള്ള നമ്മുടെ വർധിച്ച താൽപര്യം, പുതു തലമുറയ്ക്കു കൃഷിയോടുള്ള മനോഭാവം, ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് സണ്ണിയുടെ ഈ സംബോധന. പ്ലാവിന് ‘അലസമായ’ പരിപാലനം മതിയല്ലോ. ചക്ക പ്രമേഹക്കാർക്കു പറ്റിയ ഭക്ഷണമാണ് എന്ന കണ്ടെത്തലും ജൈവോൽപന്നങ്ങളോടുള്ള താൽപര്യവും ചേര്‍ന്നതോടെ വിപണിയും സുരക്ഷിതം.

ഇടുക്കി ചെറുതോണി തടിയമ്പാട്ട് കെ.പി. സണ്ണിക്കു പ്ലാവിനോടുള്ള ഇഷ്ടം പക്ഷേ അലസതകൊണ്ടല്ല. മികച്ച ജൈവ കർഷകനും ജൈവകൃഷിയുടെ പ്രചാരകനുമാണ് ഇദ്ദേഹം. മാത്രമല്ല, തന്റെ കാർഷിക നിലപാടുകൾ നാലുപേരറിയാനായി മൂന്നു വർഷത്തോളം 'ഇടുക്കി വൃത്താന്തം' എന്ന പേരില്‍ ഒരു പത്രം തന്നെ അച്ചടിച്ചു പുറത്തിറക്കിയിരുന്നു. പത്രമുടമയും പത്രാധിപരും ലേഖകനും വിതരണക്കാരനുമെല്ലാം സണ്ണി തന്നെ. മാസത്തിൽ ഒന്നേ ഇറങ്ങൂ. ചക്ക ഉൽപന്നനിര്‍മാണത്തിലും വിപണിയിലും സജീവമായതോടെ പത്രം തൽക്കാലം നിർത്തി.

പണ്ട്, പട്ടിണിക്കാലത്ത് ആണ്ടില്‍ ആറു മാസവും കുടുംബത്തെ പോറ്റിയിരുന്ന പ്ലാവിനെ പഴമക്കാർ സ്നേഹത്തോടെ അമ്മച്ചിപ്ലാവെന്നാണ് വിളിച്ചിരുന്നത്. ഇന്നും ഒരു കുടുംബത്തിന്റെ മുഴുവൻ പശിയടക്കാൻ പറ്റുന്ന മറ്റൊരു പഴമില്ല. പഴങ്ങളില്‍ മന്നൻ ചക്കപ്പഴം തന്നെയെന്നു സണ്ണി.

പതിനഞ്ചു വർഷം മുമ്പേ ചക്ക ഉൽപന്നങ്ങളിലേക്കു തിരിഞ്ഞ സണ്ണി, ചക്ക കട്‌ലെറ്റും, ഐസ്ക്രീമും നിർമിച്ച് നന്നായി വിൽക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സമാന ചിന്താഗതിക്കാരായ ജൈവ കർഷകരെ സംഘടിപ്പിച്ച് നബാർഡിന്റെ പിന്തുണയോടെ 2016 മാർച്ചിൽ മന്നൻ ഓർഗാനിക് ഫാർമർ പ്രൊഡ്യൂസേഴ്സ് എന്ന കമ്പനി രൂപീകരിച്ചു. 10,000 രൂപയുടെ അഞ്ച് ഓഹരികൾ വീതം എടുത്ത 22 കർഷകരാണ് അംഗങ്ങള്‍.

ഇടുക്കിയിൽ ചക്ക സുലഭമായതിനാൽ കിലോയ്ക്കു മൂന്നു രൂപ നിരക്കിലാണ് സംഭരണം. കുരുവും ചകിണിയും നീക്കിയ പഴം–പച്ച ചുളകൾ കിലോ 30 രൂപയ്ക്കും വാങ്ങുന്നു. ഇത് അരച്ചു പൾപ് രൂപത്തിലാക്കി ഡീപ് ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നു. ചക്ക സീസണ്‍ അല്ലാത്തപ്പോഴും ഉൽപന്നങ്ങൾ വിപണിയിലിറക്കാം എന്നതാണു ഗുണം. തടിയമ്പാടു യൂണിറ്റിൽ വൈവിധ്യമാർന്ന ഒട്ടേറെ ഉൽപന്നങ്ങളാണ് മന്നൻ കമ്പനി ഉണ്ടാക്കുന്നത്. സൂപ്പർമാർക്കറ്റുകളിലും വിപണനമേളകളിലും വിറ്റഴിക്കുന്നു.

ജനപ്രീതി നേടിയതും ജനം ശീലമാക്കിയതുമായ ഭക്ഷ്യോൽപന്നങ്ങള്‍ ചക്കകൊണ്ട് ഉണ്ടാക്കാനൊരുങ്ങുകയാണ് സണ്ണി. ചോക്കലേറ്റ്, ഐസ്ക്രീം, സിപ്പപ്, മിക്സ്ചർ എന്നിവ ഉദാഹരണം. ചക്കകൊണ്ടുള്ള ചോക്കലേറ്റ് കാണുമ്പോൾ ആളുകൾ കൗതുകത്തോടെ വാങ്ങുന്നു. ചക്ക മിക്സ്ചറും ചക്ക ഐസ്ക്രീമും ചക്ക സിപ്പപ്പും ഗോതമ്പുപൊടിപോലെ പൊടിപ്പിച്ചെടുത്ത ചക്കക്കുരുപ്പൊടിയുമെല്ലാം ഇങ്ങനെ എളുപ്പം വിപണി നേടുന്നു.

ചക്ക വരട്ടിയത്, ചക്കക്കുരു അവലോസുണ്ട, കുമ്പിളപ്പം, ചക്ക പപ്പടം, ചക്ക മുറുക്ക് തുടങ്ങിയവയ്ക്കും പ്രിയമേറെ. മുള്ളുനീക്കിയ ചക്കമടൽ അച്ചാറാണ് മറ്റൊരു വിശേഷ വിഭവം. ചക്കവിനാഗരി വിപണിയിലിറക്കാനും ഉദ്ദേശ്യമുണ്ട്.

ചക്കപ്പഴം വൈൻ ഒന്നാന്തരം. നല്ല വിപണനസാധ്യതയുമുണ്ട്. പക്ഷേ നിർമിക്കാനും വിൽക്കാനും കർഷകര്‍ക്ക് അനുവാദമില്ല. ചക്കയുടെ വക്കീലന്മാർ ഈ തടസ്സം നീക്കാനും ശ്രമിക്കണമെന്നാണ് സണ്ണിയുടെ പക്ഷം.

ഫോൺ: 944692676

ചക്കപ്പെരുമയിൽ പട്ടാളക്കോളനി

കേരളത്തിലെ സാമാന്യജനത്തിന് ചക്കയൊരു സദ്യയാണ്. എന്തും എപ്പോഴും തയാറാക്കാനൊക്കുന്ന വിള. പായസമോ പലഹാരമോ ഉപ്പേരിയോ ശീതളപാനീയമോ എന്നുവേണ്ട, ബിരിയാണിവരെ തയാറാക്കാൻ ഈ ഒറ്റവിള മതി. തോന്നുമ്പോൾ തോന്നുംപോലെ വേഷംകെട്ടാനുള്ള ചക്കയുടെ കഴിവ് പ്രയോജനപ്പെടുത്തുന്ന ഒരു സഹകരണ സംഘമുണ്ട് തൃശൂർ ചാലക്കുടി അതിരപ്പിള്ളിക്കടുത്ത് വെറ്റിലപ്പാറയിൽ. ചക്കകൊണ്ട് ഒട്ടേറെ വിഭവങ്ങളുണ്ടാക്കി വിപണനം നടത്തുന്ന വിമുക്തഭട സഹകരണ സംഘം. സ്വന്തമായുള്ള 235 ഏക്കർ ബഹുവിളത്തോട്ടത്തിലെ ചക്കകൊണ്ടായിരുന്നു തുടക്കം. അത് തികയാതായപ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്നുവരെ ചക്കയെത്തിച്ചാണ് മൂല്യവർധനയുടെ സാധ്യതകൾ ഇവർ പ്രയോജനപ്പെടുത്തുന്നത്.

ഐസ്ക്രീമുകളിലെ പുത്തൻതാരമായ ചക്ക ഐസ്ക്രീമിനു വേണ്ടിയുള്ള പൾപ്പ് ഉൽപാദനമാണ് പ്രധാനം. മൂത്തുപഴുത്ത ചക്കയിൽനിന്നാണ് പൾപ്പെടുക്കുന്നത്. പൾപ്പറിന്റെ സഹായത്തോടെ ചക്കച്ചുള പൾപ്പാക്കിയശേഷം റോസ്റ്ററുപയോഗിച്ച് ജലാംശം നീക്കും. ഇതുവഴി ലഭിക്കുന്ന പൾപ്പ് സാധാരണ ഊഷ്മാവിൽ ആറു മാസം വരെ കേടാകാതെ സൂക്ഷിക്കാം. സീസണല്ലെങ്കിലും ഒരു കിലോ പൾപ്പുണ്ടെങ്കിൽ ചക്കപ്പായസം അനായാസം തയാറാക്കാം.

ചക്കകൊണ്ടുള്ള ഏത് മധുരവിഭവത്തിനും കൂട്ടുപോകാൻ പൾപ്പ് റെഡി. പായസമോ ചക്കവരട്ടിയോ ചക്ക ഷേയ്ക്കോ ജ്യൂസോ അടയോ ഉണ്ണിയപ്പമോ ഐസ്ക്രീമോ ഇതുപയോഗിച്ചു തയാറാക്കാം. വർഷം അഞ്ചു ടണ്ണാണ് ഉൽപാദനം. ആധുനിക യന്ത്രസഹായത്തോടെയാണ് നിർമാണം. കിലോയ്ക്ക് 150 രൂപ നിരക്കിൽ ചൂടപ്പംപോലെ വിറ്റുതീരുന്നു. പ്രമുഖ ഐസ്ക്രീം കമ്പനികൾ പൾപ്പ് വാങ്ങുന്നത് ഇവിടെ നിന്നാണ്. ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത്. വീടുകളിലേക്കും പൾപ്പിന്റെ ഉപയോഗമെത്തിക്കാനാണ് ഇനി പരിശ്രമം. രുചിപ്രിയരെ കീഴടക്കിയ മറ്റൊന്ന് ഇവിടുത്തെ ചക്കസ്ക്വാഷാണ്. തണുപ്പിച്ച സോഡയിലോ പാലിലോ രണ്ട് സ്പൂണൊഴിച്ച് കുടിച്ചുനോക്കിയാൽ അറിയാം ചക്കരുചിയുടെ തിരതള്ളൽ.

ചക്ക ജാം, ചക്കക്കുരുകൊണ്ടു പുട്ടുപൊടി, ചക്ക പൊടിച്ചുചേർത്ത ചപ്പാത്തിപ്പൊടി, ചക്കവരട്ടി, ചിപ്സ്, മിക്സർ, നുറുക്ക്, ഉണ്ണിയപ്പം, ചക്കക്കുരു ചമ്മന്തിപ്പൊടി, ഇടിച്ചക്ക അച്ചാർ, കട്‌ലറ്റ്, ഹൽവ–  ഈ നിര എത്ര വേണമെങ്കിലും നീട്ടാം. സംഘം സെക്രട്ടറി പി.എം. ജോയി പട്ടിക നിരത്തിക്കൊണ്ട് പറഞ്ഞു. ഇടിച്ചക്ക ഏത് കാലത്തും ഉപയോഗിക്കാനായി ഡ്രയറിൽ ഉണക്കി സൂക്ഷിക്കുന്നു. നാല് മണിക്കൂർ വെള്ളത്തിലിട്ടാൽ ഇതിന്റെ തനിമ വീണ്ടെടുക്കും. ഇടിച്ചക്കകൊണ്ടുള്ള ഏത് വിഭവത്തിനും ഇതു നന്ന്.

പത്ത് സ്ഥിരം ജീവനക്കാരുമായാണ് പ്രവർത്തനം. ഫാമിലെ ചക്കയ്ക്കുപുറമേ, വർഷം ചുരുങ്ങിയത് 60 ടൺ ചക്ക പുറത്തുനിന്നു സംഭരിക്കും. കർഷകരിൽനിന്നു നേരിട്ടാണ് ഇവ വാങ്ങുന്നത്. ചുളയെടുത്ത് നൽകാൻ പുറം കരാർ നൽകിയിരിക്കുകയാണ്. അതിനായി 20 വനിതകൾ സംഘവുമായി സഹകരിക്കുന്നുണ്ട്. കലക്ടർ അധ്യക്ഷനായ സംഘത്തിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹായവുമുണ്ട്. തുമ്പൂർമൂഴിയിൽ ചക്ക ഉൽപന്നങ്ങളുടെ വിപണനത്തിനായി ഒരു കേന്ദ്രം തുറന്നുകഴിഞ്ഞു. കൂടാതെ, ജംഗിൾ സഫാരിയിൽ പങ്കെടുക്കുന്നവർക്ക് ചക്ക വിഭവങ്ങളടങ്ങിയ ഒരു കിറ്റും നൽകുന്നു. വർഷം മുഴുവൻ ചക്ക വിഭവങ്ങൾ കിട്ടാവുന്ന വിധത്തിലാണ് തുമ്പൂർമൂഴിയിലെ സെൻററിന്റെ പ്രവർത്തനമെന്ന് ഡി.ടി.പി.സി എക്സിക്യൂട്ടീവ് ഓഫിസർ മനേഷ് സെബാസ്റ്റ്യൻ പറഞ്ഞു. വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന തനിനാടൻ വിഭവം സ്വാദോടെ നൽകാനാവുന്നുണ്ട്. ചക്കപ്പായസം അടക്കമുള്ള വിഭവങ്ങൾ എന്നും കിട്ടും – മനേഷ് പറഞ്ഞു.

ചക്ക സംസ്കരിക്കുമ്പോൾ സൂക്ഷിപ്പുഗുണം ഏറുന്നതിനാൽ വിപണനം പ്രശ്നമല്ലെന്ന് ജോയി പറഞ്ഞു. രാസവസ്തുക്കൾ ചേർക്കാതെയാണ് സംസ്കരണം. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഭടന്മാരെയും കുടുംബത്തെയും പുനരധിവസിപ്പിക്കാനാണ് ആയിരം ഏക്കറിൽ വെറ്റിലപ്പാറയിൽ സെറ്റിൽമെന്റ് കോളനി സ്ഥാപിച്ചത്. ഇവരുടെ പുനരധിവാസവും ക്ഷേമവുമാണ് ലക്ഷ്യം. 185 കുടുംബങ്ങളെ 800 ഏക്കറിൽ പുനരധിവസിപ്പിച്ചു. ശേഷിക്കുന്ന സ്ഥലത്താണ് സംഘത്തിന്റെ ഫാം. 20 ഇനങ്ങളിലായി നൂറോളം പ്ലാവുകളാണ് ഫാമിലുള്ളത്. 'ചക്ക തിന്നുന്തോറും പ്ലാവ് വയ്ക്കാൻ തോന്നു'മെന്ന പഴഞ്ചൊല്ലിനെ പിൻപറ്റി ഫാമിൽ ഒഴിവുള്ള സ്ഥലങ്ങളിലെല്ലാം പ്ലാവ് വച്ചുപിടിപ്പിക്കാൻ പരിപാടിയുണ്ട്. ചക്ക പൾപ്പിനും ഉണക്ക ഉൽപന്നങ്ങൾക്കും സ്ക്വാഷിനും വിദേശ ഓർഡറുകളുണ്ട്. ഗൾഫ് നാടുകളിൽനിന്നാണ് കൂടുതൽ അന്വേഷണം. വ്യവസായവകുപ്പിന്റെ പിന്തുണയോടെയാണ് യൂണിറ്റിന്റെ പ്രവർത്തനം. യൂണിറ്റ് തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നതേ ഉള്ളുവെങ്കിലും ചക്കക്കാര്യത്തിൽ തെല്ലും ആശങ്കയില്ലവർക്ക്.

ഫോൺ: 9745240735 (ജോയ്)

കാലത്തെ വെല്ലുന്ന സുന്ദരിത്തത്തകൾ

 

ആഫ്രിക്കൻ ലൗബേർഡ്സ് എന്നാല്‍ സാക്ഷാൽ ലൗബേർഡുകൾ. പച്ചയും മഞ്ഞയും നീലയും ചുവപ്പുമൊക്കെയായി തീക്ഷ്ണവർണങ്ങൾ നിറഞ്ഞ മേനി. പരിസരവുമായി ഇണങ്ങി പ്രജനനം നടത്തുന്ന പ്രകൃതം. പീച്ച് ഫേസ്ഡും ഫിഷറും മാസ്ക്ഡും തുടങ്ങി വിവിധ ഇനങ്ങളില്‍ വർണവിന്യാസങ്ങളുടെ കുടമാറ്റങ്ങളാൽ നമ്മുടെ ഹൃദയങ്ങളിൽ ചേക്കേറുന്നവർ. നന്നായി പ്രജനനം നടത്തുന്ന ഇവയുടെ വളര്‍ത്തല്‍ നല്ല വരുമാനവഴിയുമാണ്.

ഇനങ്ങൾ

ലൗബേർഡ്‌സിനെ പീച്ച് ഫേസ്‌ഡ്, മാസ്ക്ഡ്, ഫിഷർ എന്നിങ്ങനെ മൂന്നായി തിരിക്കാം. റോസാദളംപോലെ ചുവന്ന കവിളുകളാണ് പീച്ച് ഫേസ്ഡിന്റെ സവിശേഷത. ഗോൾഡൻ ചെറി, അമേരിക്കൻ പൈഡ്, ഫേസൽ ബ്ലൂ എന്നിവ പീച്ച് ഫേസ്‌ഡിന്റെ വകഭേദങ്ങള്‍. കണ്ണിണകളെ ചുറ്റുന്ന വെള്ളവളയം പീച്ചിനുണ്ട്; ചുണ്ടുകൾക്ക് നേർത്ത മഞ്ഞനിറവും. മാസ്ക്‌ഡ് ലൗബേർഡാകട്ടെ, ചുണ്ടു ചുവന്നതും ക്രീം നിറമുള്ളതുമായി രണ്ടു വിഭാഗങ്ങളുണ്ട്. മുഖത്തെ കറുപ്പ് കലർന്ന ആവരണമാണ് പ്രധാന തിരിച്ചറിയൽ അടയാളം. കണ്ണിനു ചുറ്റുമുള്ള വെള്ളവളയങ്ങൾ നിർബന്ധം. ചുണ്ടു ചുവന്നവയിൽ ബ്ലാക്ക് മാസ്ക്ഡ്, ബ്ലൂ മാസ്ക്ഡ്, യെല്ലോ മാസ്ക്ഡ് എന്നിങ്ങനെയും ക്രീം ചുണ്ടുള്ളവയിൽ ബ്ലൂ മാസ്ക്ഡ്, മോവ്, വൈറ്റ് മാസ്ക്‌ഡ് എന്നിങ്ങനെയും ഉപവിഭാഗങ്ങളുണ്ട്. മാസ്ക്ഡ് തത്തകളിൽ മുഖത്ത് കറുത്തതോ കറുപ്പ് കലർന്നതോ ആയ ആവരണം ഉണ്ടാകുമെന്നതാണ് പ്രധാന സവിശേഷത. ചുണ്ട് ചുവന്നതോ ക്രീം കളറിലോ ആകാം.

ഫിഷർ ലൗബേർഡുകളാകട്ടെ, ടാൻസാനിയക്കാരാണ്. തലയും ചുണ്ടുമെല്ലാം ചുവന്ന ഇവയുടെ കണ്ണിനു ചുറ്റും വെള്ള വളയമുണ്ടാകും. നെഞ്ചിൽ ഓറഞ്ച് കലർന്ന ചുവപ്പ് നിറമാണ് സാധാരണ മാതൃക. യെല്ലോ ഫിഷറും ലൂട്ടിനോ ഫിഷറും ഇവയുടെ ജനിതകവ്യതിയാനങ്ങളാണ്. ലൂട്ടിനോ ഫിഷറിന് ചുവന്ന ചുണ്ടുകളും കറുത്ത കണ്ണുകളുമാണുള്ളതെങ്കിൽ യെല്ലോ ഫിഷറിനു മഞ്ഞ ചുണ്ടുകളും ചുവന്ന കണ്ണുകളുമാണുള്ളത്.

ഇത്തിരി തീറ്റക്കാര്യം

ആഫ്രിക്കൻ തത്തകൾക്ക് പയർ, കടല, ഗ്രീൻപീസ്, വെള്ളക്കടല തുടങ്ങിയവ മുളപ്പിച്ചു നൽകാം. നെല്ല്, തിന, സൂര്യകാന്തിക്കുരു എന്നിവ നന്നായി കഴുകിയുണക്കി കൊടുക്കണം. കണവനാക്കും ആര്യവേപ്പിലയും ചീരയിലയും ദിനംതോറും നൽകിയാൽ രോഗങ്ങൾ കുറയും. കുഞ്ഞുങ്ങൾ ഒന്നര മാസംകൊണ്ട് സ്വതന്ത്ര ജീവിതം തുടങ്ങിയാൽ കൈത്തീറ്റ രീതിയില്‍ ജുവനൈൽ തീറ്റ നൽകാം. ഒരു വർഷമെത്തുമ്പോള്‍ ആഫ്രിക്കൻ തത്തകൾ പ്രജനനസജ്ജരാകും.

മാതൃത്വം മൺകലങ്ങളിൽ

രണ്ടരയടി വരെ വലുപ്പമുള്ള കൂടുകൾ പ്രജനനത്തിന് ഉപയോഗിക്കാം. ഇണകളെ തിരിച്ചറിയുക വളരെ പ്രധാനമാണ്. കോളനി സമ്പ്രദായത്തിൽ ഒരുമിച്ചിരിക്കുന്നവരെയും കൊക്കുരുമ്മുന്നവരെയും ഒരുമിച്ച് ഒരു കലത്തിൽ കയറുന്നവരെയുമൊക്കെ അടയാളപ്പെടുത്തിയശേഷം ബന്ധം വേർപെടുത്തി വീണ്ടും ഇണകളെ മാറ്റി പരീക്ഷിക്കാം. ഒടുവിൽ ഏറ്റവും ചേര്‍ച്ചയുള്ള ജോഡികളെന്നു കണ്ടെത്തുന്നവയെ ഇണകളാക്കണം.

ജനനകാലത്ത് ഉയർന്ന മാംസ്യമുള്ള ആഹാരം നൽകണം. വെവ്വേറെ പാർപ്പിച്ചിരിക്കുന്ന ഇണകളിൽ ആദ്യം പെൺകിളിയെ കൂട്ടിലിടാം. ഒരു ദിവസത്തിനു ശേഷം അതിരാവിലെ ആൺകിളിയെ പ്രജനനക്കൂട്ടിലേക്ക് പ്രവേശിപ്പിക്കാം. ചെറുനാരുകളും വൈക്കോലുമൊക്കെ ഇട്ടുകൊടുത്താൽ പ്രജനനക്കൂട്ടിൽ ഒരുക്കിയ കലങ്ങളിൽ അവർ സ്വയം കൂടു കൂട്ടും. ഒരു ശീലിൽ 3–4 മുട്ടകളിടും. വർഷത്തിൽ നാലു ശീലുകൾ പ്രതീക്ഷിക്കാം. പെൺകിളികളാണ് അടയിരിക്കുന്നത്. 21–23 ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയും. ഇരുവരും ചേർന്നു തീറ്റ നല്‍കുന്ന കുഞ്ഞുങ്ങൾ പത്താം ദിവസം കണ്ണ് തുറന്നു തുടങ്ങും. 40–42 ദിവസങ്ങൾക്കുള്ളിൽ മൺകലത്തിനു പുറത്തേക്കു കുഞ്ഞുങ്ങൾ ലോകം കാണാനെത്തും. ക്രമേണ അടുത്ത ശീലിലേക്ക് പോകുന്ന ഇണക്കിളിക്കായി മൺകലം മാറ്റി പുതിയവ വയ്‌ക്കണം.

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate