অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുത്തൻ ആശയങ്ങൾ

സ്വദേശിഫാമും കംപ്യൂട്ടര് വത്കൃത കൃഷിയും

കൃഷി ചെയ്ത് വലയുന്ന കൃഷീവലന്റെ സ്ഥാനത്ത് ഹൈടെക് സംവിധാനങ്ങള് ഉപയോഗിക്കുന്ന പുതിയ കര്ഷകമുഖം അവതരിപ്പിക്കുകയാണ് കോഴിക്കോട് ജില്ലയിലെ പ്രതീഷ് ഈന്തിയാട്. ചേറും മണ്ണും പുരണ്ട പഴയ കര്ഷക സങ്കല്പ്പങ്ങളെ ആകെ മാറ്റി മറിക്കുകയാണ് പ്രതീഷ്. എയര്കണ്ടീഷന് ചെയ്ത ഒരു മുറിയിലിരുന്ന് ഒരു ടാബലറ്റോ, കംപ്യൂട്ടറോ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ആധുനിക കര്ഷകന്റെ ആവിഷ്കരണമാണ് പ്രതീഷ് തന്റെ ആല്വില്ന് ആഗ്രോ ഹൈടെക് പ്രിസിഷന് ഫാമിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് അയ്യാനിക്കോട്ടയിലാണ് പ്രതീഷിന്റെ നൂതന കൃഷി സംരംഭം. 75 സെന്റ് സ്ഥലത്ത് അത്യാധുനിക സാങ്കേതിക വിദ്യകളോടെ ആരംഭിച്ചിരിക്കുന്ന ഈ ഫാം പൂര്ണ്ണമായി കംപ്യൂട്ടര് വല്കരിച്ചിരിക്കുന്നു. കുക്കുന്പര്, പയര്, പാവല്, തക്കാളിഎന്നിവ ഈ ഫാമില് ഹൈടെക്ക് രീതിയില് ഉല്പാദിപ്പിക്കുന്നു. പ്രതിമാസം 2 ലക്ഷം പച്ചക്കറിതൈകള് വിതരണത്തിനു തയ്യാറാക്കും. 75 ലക്ഷം രൂപയാണ് ഫാമിനു ചിലവ്.

അദ്ധ്യാപക ജോലിയും സര്ക്കാര് ജോലിയും ഉണ്ടായിരുന്ന ഈ ചെറുപ്പക്കാരന് കൃഷിയോടുള്ള അഭിനിവേശം കൊണ്ടു മാത്രമാണ് ഈ നൂതന പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. കൃഷിയെ ഇനിയും ആധുനികവല്ക്കരിക്കണമെന്ന ചിന്തയാണ് ഇത്തരത്തിലൊരു സംരംഭത്തിലേക്ക് യുവകര്ഷകനെ എത്തിച്ചത്. വിവിധ രാജ്യങ്ങളിലെ ഹൈടെക് കര്ഷകരുമായി സംവദിച്ചും ഒട്ടേറെ ഫാമുകള് സന്ദര്ശിച്ചുമാണ് കോഴിക്കോട് ജില്ലയിലെ കംപ്യൂട്ടര് വത്കൃത ഫാമിനു രൂപം നല്കിയത്. മൂന്നൂറോളം ടാപ്പുചെയ്യുന്ന റബര്മരങ്ങള് മുറിച്ചുമാറ്റി മൂന്നുമീറ്റര് ആഴത്തില് മേല്മണ്ണെടുത്ത് സ്വാഭാവിക മണ്ണിലാണ് ഹൈടെക് കൃഷ്ക്ക് തുടക്കമിട്ടത്. സന്പൂര്ണ്ണ മണ്ണ് പരിശോധനയും ജലത്തിന്റെ വൈദ്യുതിചാലക ശേഷി പരിശോധനയും ഇന്ത്യയിലെ മികച്ച കേന്ദ്രങ്ങളില് നടത്തി.

രാഷ്ട്രീയ കിസാന്വികാസ് യോജന പദ്ധതിയില് ഉള്പ്പെടുത്തി 1748 സ്ക്വയര്മീറ്റര് പോളീഹൌസ് നിര്മ്മിച്ചു. ഇതില് തന്നെ 1032 സ്ക്വയര് മീറ്റര് കേരളത്തില് തന്നെ ആദ്യമായി നിര്മ്മിക്കുന്ന ഗാബിള്ടൈപ്പ് പോളീഹൈസ് ആര്ച്ച് മോഡലാണ്. മഴവെള്ളം പ്രവേശിക്കാരിതിക്കാനുള്ള സോ-ടൂത്ത് ടൈപ്പായാണ് നിര്മ്മാണം. കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഫാം രൂപകല്പ്പന.

പൂര്ണ്ണമായും കംപ്യൂട്ടര് വത്കരിച്ച കേരളത്തിലെ തന്നെ മികച്ച സംരംഭമാണ് ആല്വില്ന് ആഗ്രോ ഹൈടെക് പ്രിസിഷന് ഫാം. തൊഴിലാളികളെ ആശ്രയിക്കാതെ സ്വയം നിയന്ത്രണവിധേയമായി പ്രവര്ത്തിക്കുന്ന ഫാമാണിത്. ഇസ്രയേല് ആസ്ഥാനമായുള്ള നെറ്റാംഫിം കന്പനിയുടെ പ്രൊഫഷണല്എംഎന്സി ഓട്ടോമേഷമാണ് സ്ഥാപിച്ചത്. ഇതിനു പുറമേ വയര്ലെസ് സാങ്കേതിക വിദ്യയുലുള്ള അമേരിക്കന് കന്പനിയുടെ വാന്റജിപ്രോ എന്ന മറ്റൊരു ഓട്ടോമേഷന് സിസ്റ്റവും ഫാമിലുണ്ട്.

പാരിസ്ഥിതിക പ്രശ്നങ്ങള് സൃഷ്ടിക്കാത്ത ഈ ഫാമില് മഴവെള്ളം സംഭരിച്ചാണ് ജലസേചനസൌകര്യമൊരുക്കിയത്. വളവും വെള്ളവും ഒരുമിച്ചു നല്കാനുള്ള ഫെര്ട്ടിഗേഷന് സംവിധാനവും നെറ്റാജെറ്റ് സംവിധാനത്തിലൂടെ ഓരോ ചെടിയേയും പരിപാലിക്കാന് സാധിക്കുന്നതും ഈ ഫാമിന്റെ പ്രധാന സവിശേഷതയാണ്.

വീടിനടുത്ത് 1700 സ്ക്വയര്മീറ്റര് മഴവെള്ള സംഭരണിയിലാണ് ജലശേഖരണം. ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില് ഈ ജലത്തില് ശുദ്ധജല മത്സ്യകൃഷിയുമുണ്ട്. വീട്ടുമുറ്റത്തോട് ചേര്ന്നുള്ള ഔഷധസസ്യ, അലങ്കാര നഴ്സറിയും ഏറെ മികച്ചതാണ്.

കേരളത്തിലെ കര്ഷകര്ക്ക് വീടിനടുത്തുള്ള പാറപ്പുറത്ത് മണ്ണിട്ട് പച്ചക്കറിതൈകള് ഉല്പാദിപ്പിക്കാന് 512 ചതുരശ്രമീറ്ററില് സെമി ആര്ച്ച്ടൈപ്പ് ഹൈടെക് നഴ്സറിയും നിര്മ്മാണം പൂര്ത്തീകരിച്ചിട്ടുണ്ട്. നല്ലയിനം പച്ചക്കറി തൈകളും കട്ട്ഫ്ലവേഴ്സും ഈ നഴ്സറിയില് ഉല്പാദിപ്പിച്ച് വിതരണം നടത്തുകയാണ് ലക്ഷ്യം. ഹൈബ്രിഡ് പച്ചക്കറിത്തൈകള് രണ്ട് രൂപ നിരക്കിലും സാധാരണ പച്ചക്കറികള് ഒരുരൂപ നിരക്കിലുമാണ് വില്ക്കന് ഉദ്ദേശിക്കുന്നത്. ജില്ലയെ പച്ചക്കറി സ്വയം പര്യാപ്തതയില് എത്തിക്കാന് ഉദ്ദേശിക്കുന്ന ഈ ,പദ്ധതിയില് മാസം തോറും 2 ലക്ഷം തൈകള് ആണ് ഉല്പാദിപ്പിക്കുന്നത്.

ഓര്ഗാനിക്ക് രീതിയില് ജലത്തില് അലിയുന്ന വളങ്ങളാണ് ഉപയോഗിക്കുന്നത്. ഓര്ഗാനിക്ക് രൂതിയിലുള്ള കീടനാശിനികള് മാത്രമേ ഈ സംരംഭത്തിന് ആവശ്യമുള്ളൂ. ജനങ്ങള്ക്ക് ഗുണനിലവാരമുള്ള ഉല്പ്പന്നങ്ങളും ലഭ്യമാകും.

മൂന്ന് അഗ്രികള്ച്ചറല് എന്ജിനീയര്മാരും ഒരു ബിടെക് കംപ്യൂട്ടര് സയന്സ് ബിരുദധാരികളും ഒരു അഗ്രോണമിസ്റ്റുമാണ് ഫാമിന്റെ പ്രവര്ത്തനങ്ങള് നിയന്ത്രിക്കുന്നത്. ഗ്രാമങ്ങളിലെ വീടുകളിലെ ഒരുസെന്റ് ഭൂമിയില് സമഗ്രപോഷക പച്ചക്കറിത്തോട്ടം പദ്ധതി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കിയാല് ഗുണമേന്മയും പോഷകമൂല്യവുമുള്ള ഭക്ഷ്യവസ്തുക്കള് ലഭ്യമാകുമെന്ന ആശയം പ്രതീഷ് കര്ഷകരുമായു പങ്കു വയ്ക്കുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്ക്കനുസൃതമായി നിര്മ്മിച്ച ഈ ഫാമിന് പരിസ്ഥിതി സൌഹൃത ഐഎസ്ഒ സര്ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളായ അച്ഛന് വേലായുധന്, അമ്മ കമല, ഭാര്യ ജിഷ, മകന് ആല്വിന് എന്നിവരും ഫാമിന്റെ എല്ലാ പ്രവര്ത്തനങ്ങള്ക്കും താങ്ങും തണലുമായി പ്രതീഷിനോടൊപ്പമുണ്ട്.

കറുത്തപൊന്നിന്റെ കാവലാള്

അപൂര്വ്വ കുരുമുളകുചെടിയുടെ ശേഖരവുമായി മനോജ്

വിപണിയിലെഏറ്റക്കുറച്ചിലുകളാണ് വിളയുടെ വിധി തന്നെ നിര്ണ്ണയ്ക്കുന്നത്. വിലകൂടുന്പോള് വിളയോട് തെല്ലു സ്നേഹം. കുറഞ്ഞാല് കത്തിയെടുക്കാന് മടിക്കാത്ത ദേഷ്യവും.... ഇതുനാം കുറേകാലമായി കാണുന്നതാണ്. കര്ഷകന്റെ സ്നേഹവും സ്നേഹക്കുറവും മാറി മറിയുന്നതനുസരിച്ച് വിളകളും കൃഷിയിടങ്ങളില് മാറിക്കൊണ്ടിരുന്നു.

കൊക്കോയും കാപ്പിയും വാനിലയും ഏലവും കുരുമുളകും തെങ്ങും കര്ഷകന്റെ  പരിലാളനകളുടെ ഏറ്റക്കുറച്ചിലുകള് അനുഭവിച്ചു. ഇങ്ങേയറ്റം കര്ഷകന്റെ സുരക്ഷിത വിളയെന്ന് അഹങ്കരിച്ചിരുന്ന റബറിനുവരെ കാലക്കേടായി- കലികാലം എന്നല്ലാതെ എന്തുപറയാന്.

എന്നാല് കേരളത്തില് തനതു വിളകളെ സമചിത്തതയോടെ കരുതിയ കര്ഷകര്ക്ക് വിപണിയിലെ ഏറ്റക്കുറച്ചിലുകള് കാര്യമായ കേടുപാടുകള് വരുത്തിയിട്ടില്ലാ എന്നത് സത്യം. കുരുമുളകിനിന്ന് മാന്യമായ വിലയുണ്ട്. വിപണിയെക്കരുതാതെ വിളയെക്കരുതിയവര്ക്കേ വിളവുള്ളൂ, വിലകിട്ടുകയുള്ളൂ. കുരുമുളക് മലനാടിന്റെ  സ്വന്തം വിളയാണ്.

കച്ചവടത്തിനെത്തിയ പോര്ച്ചുഗീസുകാര് കുരുമമുളകിനൊപ്പം കുരുമുളകുചെടിയും കടത്താന് ഒരുങ്ങിയപ്പോള് അവര് ‘തിരികൊണ്ടുപൊയ്ക്കോട്ടെ, തിരുവാരിര ഞാറ്റുവേലകൊണ്ടുപോകാന് കഴിയില്ലല്ലോ’ എന്ന് ഗൂഢസ്മിതത്തോടെ പറഞ്ഞ സാമൂതിരി രാജാവിനെ ഇവിടെ സ്മരിക്കാം.

വിലയുടെ വ്യതിയാനങ്ങളിലും കുരുമുളകിനെ കരുതിയ അദ്ധ്യപക കുടുംബമാണ് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കൂട്ടിക്കല് ഏന്തയാര് പുതുപ്പള്ളില് വീട്ടില് പി.എസ്. മാനോജിന്റേത്. മനോജും ഭാര്യ സുഗന്ധിയും അച്ഛന് പി.ആര്.ശശിധരനും അമ്മ സരോജയും  എല്ലാവരും അദ്ധ്യാപകര്. മണ്ണിനോടു മമതയുള്ള, കൃഷിയെ കരുതുന്ന കര്ഷക കുടുംബം.

ഇന്ത്യയില് ആദ്യമായി ശാസ്ത്രീയ റബര്കൃഷി ആരംഭിച്ച മര്ഫി സായിപ്പിന്റെ ആസ്ഥാനം ഏന്തയാറാണെന്നതും ഓര്ക്കണം. അവിടെയാണ് 1.5 ഏക്കറിലെ കുരുമുളകുചെടി പരിക്കുകളില്ലാതെ കരുതാന് ഇവര്ക്ക് കഴിഞ്ഞത്. തോട്ടം തട്ടുതട്ടുകളായി കല്ലുകയ്യാലകള് വെച്ച് മണ്ണ്- ജലസംരക്ഷണം സുസാദ്ധ്യമാക്കിയിരിക്കുന്നു. പറന്പില് കയ്യാലകളിലല്ലാതെ കല്ലുകാണാന് കഴിയില്ലെന്നതാണ് കാര്യം. സാധാരണ കാട്ടുകല്ലുകളാണ്  കയ്യാലനിര്മ്മാണത്തിന് ഏറ്റവും അനുയോജ്യം എന്നിവര് പറയും. മണ്ണുമായു ചേര്ന്നിഴുകിച്ചേരാനുള്ള കഴിവാണ് ഇതില് പ്രധാനം. ഇത് കയ്യാലയുടെ ആരോഗ്യത്തിനും ആയുസ്സിനും മാറ്റ്കൂട്ടും.

ഈ വൈവിധ്യമാണ് ഈ തോട്ടത്തില് പ്രധാനം. പുതിയ ഇനങ്ങള്ക്ക് പഴയ ഇനങ്ങള് പൂര്ണ്ണമായും വഴിമാറുന്ന ഇക്കാലത്ത് പഴയ നാടന് ഇനങ്ങളായ പെരുംകൊടി, മലമുണ്ടി, നീലമുണ്ടി, ജീരകമുണ്ടി, മലന്പെടത്തി, നാരായക്കൊടി ,കരിമുണ്ടയിനങ്ങള്, പുതിയ കുരുമുളകിനങ്ങളായ പന്നിയൂര് ഒന്നുമുതല് നാലുവരെ. ഇങ്ങനെ കുരുമുളകിനങ്ങളുടെ ഒരു സംരക്ഷിത കലവറയാണ് ഈ കൃഷിയിടം. പോരറിയാത്ത കാട്ടിനങ്ങളില്പ്പെട്ട കുരുമുളകുചെടികളും തൊട്ടടുത്ത വനപ്രാന്തമേഖലയായ വാഗമണ്, മേലേത്തടം, ഉറുന്പിക്കര പ്രദേശങ്ങളില് നിന്നും ശേഖരിച്ച് ഇവിടെ വളര്ത്തിവരുന്നു.

ഇതില് വല്ല്യേന്ത വൈല്ഡ്പെപ്പര് എന്ന് മനോജ് തന്നെ നാമകരണം ചെയ്ത എരുവുകുറഞ്ഞതും എന്നാല് കായ്പിടുത്തം കൂടുതലായുമുള്ള വന്യ ഇനത്തില് നിന്നും വര്ഗസങ്കരണത്തിലൂടെ കൂടുതല് ഉല്പാദനശേഷിയുള്ള മികച്ച കുരുമുളകിനും ഉരുത്തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണിന്ന് ഈ യുവ അദ്ധ്യാപകന്.

ഈ കുരുമുളക് ചെടിയിനങ്ങളെ എല്ലാം തന്നെ ബുഷ്പെപ്പര് രൂപത്തിലാക്കി വീട്ടില് സൂക്ഷിച്ചിട്ടുമുണ്ട് മനോജ്. കുരുമുളക് മണിപിടിക്കുന്ന പാര്ശ്വ ശിഖരങ്ങള്(കൊടിത്തലകണ്ണികള്) മുറിച്ച് വേരുപിടിക്കാന് സഹായിക്കുന്ന ഏതെങ്കിലും മിശ്രിതത്തില് മുക്കി നട്ടാണ് കുറ്റിക്കുരുമുളകിനങ്ങള് തയ്യാറാക്കുക. കുറ്റികുരുമുളകില് നിന്നും ഒരുകിലോ വരെ പച്ചമുളക് പറിച്ചെടുക്കാന് കഴിയുപമെന്ന് അനുഭവസാക്ഷ്യം.

ഇത്തരം കുരുമുളക് ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ വളര്ത്താം. എന്നാല് കല്ലുകയ്യാലകള്ക്ക് കരുതലായി നട്ടുവളര്ത്തിയാല് രണ്ടുണ്ട് ഗുണം. മണ്ണില് നേരിട്ടു വളരുന്നതിനാല് നല്ല വളര്ച്ചയും മികച്ച വിളവും ലഭിക്കുന്നതിനൊപ്പം കയ്യാലകള്ക്ക് കാര്യമായ സംരക്ഷണവും ഉറപ്പാക്കാം. കുറഞ്ഞ സ്ഥലം മതിയെന്നതും വിളവെടുപ്പിന്റെ സൌകര്യവുമെല്ലാം തന്നെ കുറ്റികുരുമുളകരനെ ആകര്ഷകമാക്കുന്നു. ചട്ടിയിലെ കുരുമുളക് ചെടി ഒരു ഉദ്യാനാലങ്കാര വസ്തുവായി മാറിയിട്ടുണ്ടെന്ന് മാറിയിട്ടുണ്ടെന്നത് ശ്രദ്ധേയം.

കുരുമുളകു മാത്രമല്ല പറന്പില് വിളയിക്കാന് കഴിയുന്നതെല്ലാം ഈ കൃഷിയിടത്തില് ഒരുക്കിയിട്ടുണ്ട്. ഒപ്പം അത്യപൂര്വ്വ കുള്ളന് ചെടികളുടെ (ബോണ്സായി) ശേഖരവും കൃഷിയിടം പഠിക്കാന്, പ്രവര്ത്തിക്കാന് ഒക്കെ കഴിയുന്ന ശരിക്കും ഒരിടംകൂടിയാണ്. കൃഷിയിടത്തില് അദ്ധ്യാപക ദന്പതിമാരായ അച്ഛനും മുത്തച്ഛനുമൊപ്പം സ്ക്കൂള്കുട്ടികളായ ഏഴുയസ്സുകാരി മാളവികയും രണ്ടുവയസ്സുകാരന് ദേവസേനനുമുണ്ട്.

ഇതൊരുശുഭസൂചകമാണ് പറയുന്നതിനൊത്ത് പ്രവര്ത്തിക്കാനും മക്കളെ ശരിയായ ഹരിതപഥത്തിലൂടെ നയിക്കാനുമുല്ല ഈ ആര്ജ്ജവമാണ് കര്ഷകനുണ്ടാകേണ്ടത്.

അവസാനം പരിഷ്കരിച്ചത് : 11/17/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate